വിഭാഗം - 9

22:65
  • أَلَمْ تَرَ أَنَّ ٱللَّهَ سَخَّرَ لَكُم مَّا فِى ٱلْأَرْضِ وَٱلْفُلْكَ تَجْرِى فِى ٱلْبَحْرِ بِأَمْرِهِۦ وَيُمْسِكُ ٱلسَّمَآءَ أَن تَقَعَ عَلَى ٱلْأَرْضِ إِلَّا بِإِذْنِهِۦٓ ۗ إِنَّ ٱللَّهَ بِٱلنَّاسِ لَرَءُوفٌ رَّحِيمٌ ﴾٦٥﴿
  • നീ കണ്ടില്ലേ: ഭൂമിയിലുള്ളതും, തന്റെ കല്‍പ്പനയനുസരിച്ചു സമുദ്രത്തില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന കപ്പലുകളും അല്ലാഹു നിങ്ങള്‍ക്ക് കീഴ്പ്പെടുത്തിത്തന്നിരിക്കുന്നത്?! അവന്റെ അനുമതി [കല്‍പ്പന] പ്രകാരമല്ലാതെ ഭൂമിയില്‍ വീണുപോകുന്നതിന്, ആകാശത്തെ അവന്‍ പിടിച്ചു നിര്‍ത്തുകയും ചെയ്യുന്നു. നിശ്ചയമായും അല്ലാഹു ജനങ്ങളോടു വളരെ കൃപയുള്ളവന്‍ തന്നെയാണ്, കരുണാനിധിയാണ്.
  • أَلَمْ تَرَ നീ കണ്ടില്ലേ أَنَّ اللَّـهَ നിശ്ചയമായും അല്ലാഹു سَخَّرَ لَكُم നിങ്ങള്‍ക്കു കീഴ്പ്പെടുത്തിത്തന്നിരിക്കുന്നു (എന്നു) مَّا فِي الْأَرْضِ ഭൂമിയിലുള്ളതു وَالْفُلْكَ കപ്പലിലും تَجْرِي അതു നടക്കുന്നു, സഞ്ചരിക്കുന്നു فِي الْبَحْرِ സമുദ്രത്തില്‍, കടലില്‍ بِأَمْرِهِ അവന്റെ കല്‍പനയനുസരിച്ചു وَيُمْسِكُ അവന്‍ പിടിച്ചുനിറുത്തുകയും ചെയ്യുന്നു السَّمَاءَ ആകാശത്തെ أَن تَقَعَ അതു വീണുപോകുന്നതിനു عَلَى الْأَرْضِ ഭൂമിയുടെമേല്‍ إِلَّا بِإِذْنِهِ അവന്റെ അനുമതി (കല്‍പന) പ്രകാരമല്ലാതെ إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു بِالنَّاسِ മനുഷ്യരോട് لَرَءُوفٌ വളരെ കൃപയുള്ളവന്‍തന്നെ رَّحِيمٌ കരുണാനിധിയാണ്
22:66
  • وَهُوَ ٱلَّذِىٓ أَحْيَاكُمْ ثُمَّ يُمِيتُكُمْ ثُمَّ يُحْيِيكُمْ ۗ إِنَّ ٱلْإِنسَـٰنَ لَكَفُورٌ ﴾٦٦﴿
  • അവനത്രെ, നിങ്ങളെ ജീവിപ്പിച്ചിട്ടുള്ളവനും, പിന്നെ, നിങ്ങളെ അവന്‍ മരണപെടുത്തുന്നു; പിന്നെയും നിങ്ങളെ അവന്‍ ജീവിപ്പിക്കുന്നു. നിശ്ചയമായും, മനുഷ്യന്‍ വളരെ നന്ദികെട്ടവന്‍ തന്നെയാണ്!
  • وَهُوَ അവന്‍, അവനത്രെ الَّذِي أَحْيَاكُمْ നിങ്ങളെ ജീവിപ്പിച്ചവനാണ്, ജീവിപ്പിച്ചവന്‍ ثُمَّ يُمِيتُكُمْ പിന്നെ അവന്‍ നിങ്ങളെ മരിപ്പിക്കുന്നു ثُمَّ يُحْيِيكُمْ പിന്നെ അവന്‍ നിങ്ങളെ ജീവിപ്പിക്കുന്നു إِنَّ الْإِنسَانَ നിശ്ചയമായും മനുഷ്യന്‍ لَكَفُورٌ നന്ദികെട്ടവന്‍തന്നെ, കൃതഘ്നന്‍ തന്നെ

ഈ ആയത്തുകളുടെ സാരം വിവരിക്കേണ്ടുന്ന ആവശ്യമില്ല; ഉദ്ദേശ്യം വ്യക്തമാണ്. അവയുടെ ഉള്ളടക്കം വേണ്ടതുപോലെ ഗ്രഹിക്കുന്നതിനും, അതില്‍ ചിന്തിക്കുന്നതിനും അല്ലാഹു നമുക്കു ‘തൗഫീഖ്’ നല്‍കട്ടെ! آمين

അല്ലാഹുവിന്റെ – അതിവിശാലമായ ഈ പ്രപഞ്ചമഹാരംഗത്തു നടമാടിക്കൊണ്ടിരിക്കുന്ന ശക്തിപ്രഭാവത്തിന്റെ – ലക്ഷ്യലക്ഷങ്ങളെപ്പറ്റി വിവരിച്ചശേഷം, വിഷയം മറ്റൊരു ഗതിയിലേക്കു തിരിയുകയാണ്. ഏറ്റവും നല്ല മാര്‍ഗ്ഗമായി നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)ക്കു അല്ലാഹു തിരഞ്ഞെടുത്തു കൊടുത്തിട്ടുള്ളതും, അതനുസരിച്ച് പ്രവര്‍ത്തിക്കുവാനും പ്രബോധനം ചെയ്യുവാനും ആജ്ഞാപിക്കപ്പെട്ടിട്ടുള്ളതുമായ പരിപാവന മാര്‍ഗ്ഗത്തില്‍നിന്ന് ഒട്ടും വ്യതിച്ചലിക്കരുത്, അതിനെ കളങ്കപ്പെടുത്തുവാനോ, മുടക്കിക്കളയുവാനോ വേണ്ടി രംഗപ്രവേശം ചെയ്യുന്ന ഏതൊരു ദുശ്ശക്തിയെയും വകവെക്കരുത്, അങ്ങനെ സധീരം മുന്നോട്ടു മുന്നോട്ടു പോയിക്കൊണ്ടിരിക്കണം, എന്നു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യെ അഭിമുഖീകരിച്ചുകൊണ്ട് അല്ലാഹു ഉപദേശിക്കുന്നു:-

22:67
  • لِّكُلِّ أُمَّةٍ جَعَلْنَا مَنسَكًا هُمْ نَاسِكُوهُ ۖ فَلَا يُنَـٰزِعُنَّكَ فِى ٱلْأَمْرِ ۚ وَٱدْعُ إِلَىٰ رَبِّكَ ۖ إِنَّكَ لَعَلَىٰ هُدًى مُّسْتَقِيمٍ ﴾٦٧﴿
  • എല്ലാ (ഓരോ) സമുദായത്തിനും നാം ഓരോ കര്‍മ്മാനുഷ്ഠാനമുറ ഏര്‍പ്പെടുത്തിയിരിക്കുന്നു, അവര്‍ അതു അനുഷ്ഠിച്ചുവരുന്നവരാണ്. അതിനാല്‍, (ഈ) കാര്യത്തില്‍ അവര്‍ നിന്നോട് വഴക്കടിക്കാതിരുന്നുകൊള്ളട്ടെ. നിന്റെ രക്ഷിതാവിങ്കലേക്ക് നീ (ജനങ്ങളെ) ക്ഷണിച്ചുകൊള്ളുക. നിശ്ചയമായും, നീ ചൊവ്വായ സന്മാര്‍ഗ്ഗത്തില്‍ തന്നെയാകുന്നു.
  • لِّكُلِّ أُمَّةٍ എല്ലാ സമുദായത്തിനും جَعَلْنَا നാം ഏര്‍പ്പെടുത്തിയിരിക്കുന്നു, ഉണ്ടാക്കിയിരിക്കുന്നു مَنسَكًا ഒരു കര്‍മ്മാനുഷ്ഠാനമുറ, കര്‍മ്മമുറ هُمْ അവര്‍ نَاسِكُوهُ അതു അനുഷ്ഠിക്കുന്നവരാണ് فَلَا يُنَازِعُنَّكَ ആകയാല്‍ അവര്‍ നിന്നോടു വഴക്കടിക്കാതിരുന്നുകൊള്ളട്ടെ فِي الْأَمْرِ കാര്യത്തില്‍ وَادْعُ നീ വിളിച്ചുകൊള്ളുക, ക്ഷണിക്കുക إِلَىٰ رَبِّكَ നിന്റെ രക്ഷിതാവിങ്കലേക്ക് إِنَّكَ നിശ്ചയമായും നീ لَعَلَىٰ هُدًى സന്മാര്‍ഗ്ഗത്തില്‍തന്നെ مُّسْتَقِيمٍ ചൊവ്വായ, നേരായ
22:68
  • وَإِن جَـٰدَلُوكَ فَقُلِ ٱللَّهُ أَعْلَمُ بِمَا تَعْمَلُونَ ﴾٦٨﴿
  • അവര്‍ നിന്നോട് തര്‍ക്കിക്കുകയാണെങ്കില്‍ നീ പറഞ്ഞേക്കുക: "നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെക്കുറിച്ചു അല്ലാഹു നല്ലവണ്ണം അറിയുന്നവനാകുന്നു!"
  • وَإِن جَادَلُوكَ അവര്‍ നിന്നോട് തര്‍ക്കിച്ചാല്‍ فَقُلِ അപ്പോള്‍ നീ പറയുക اللَّـهُ أَعْلَمُ അല്ലാഹു ഏറ്റവും (നല്ലവണ്ണം) അറിയുന്നവനാണ് بِمَا تَعْمَلُونَ നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെക്കുറിച്ചു
22:69
  • ٱللَّهُ يَحْكُمُ بَيْنَكُمْ يَوْمَ ٱلْقِيَـٰمَةِ فِيمَا كُنتُمْ فِيهِ تَخْتَلِفُونَ ﴾٦٩﴿
  • 'യാതൊന്നില്‍ നിങ്ങള്‍ ഭിന്നിച്ചുകൊണ്ടിരിക്കുന്നുവോ അതില്‍ [അക്കാര്യത്തില്‍] ഖിയാമത്തുനാളില്‍ അല്ലാഹു നിങ്ങള്‍ക്കിടയില്‍ വിധി കല്‍പിച്ചുകൊള്ളും [ഞാന്‍ നിങ്ങളുമായി തര്‍ക്കിക്കുന്നില്ല]' എന്ന്.
  • اللَّـهُ يَحْكُمُ അല്ലാഹു വിധിച്ചുകൊള്ളും بَيْنَكُمْ നിങ്ങള്‍ക്കിടയില്‍ يَوْمَ الْقِيَامَةِ ഖിയാമത്തുനാളില്‍ فِيمَا യാതൊന്നില്‍, യാതൊരു കാര്യത്തില്‍ كُنتُمْ فِيهِ അതില്‍ നിങ്ങളായിരിക്കുന്നു تَخْتَلِفُونَ ഭിന്നിച്ചുകൊണ്ടിരിക്കും, ഭിന്നിക്കുന്ന(വര്‍)
22:70
  • أَلَمْ تَعْلَمْ أَنَّ ٱللَّهَ يَعْلَمُ مَا فِى ٱلسَّمَآءِ وَٱلْأَرْضِ ۗ إِنَّ ذَٰلِكَ فِى كِتَـٰبٍ ۚ إِنَّ ذَٰلِكَ عَلَى ٱللَّهِ يَسِيرٌ ﴾٧٠﴿
  • നിനക്കറിഞ്ഞുകൂടേ, അല്ലാഹു ആകാശഭൂമികളിലുള്ളതു (ഒക്കെയും) അറിയുന്നുവെന്ന്?! നിശ്ചയമായും, അതു (മുഴുവനും) ഒരു ഗ്രന്ഥത്തില്‍ [രേഖയില്‍] ഉണ്ട്; നിശ്ചയമായും, അതു അല്ലാഹുവിന് നിസ്സാരമത്രെ.
  • أَلَمْ تَعْلَمْ നിനക്കറിഞ്ഞുകൂടേ, നീ അറിയുന്നില്ലേ أَنَّ اللَّـهَ നിശ്ചയമായും അല്ലാഹു يَعْلَمُ അറിയുന്നു (എന്നു) مَا فِي السَّمَاءِ ആകാശത്തിലുള്ളതു وَالْأَرْضِ ഭൂമിയിലും إِنَّ ذَٰلِكَ നിശ്ചയമായും അതു فِي كِتَابٍ ഒരു ഗ്രന്ഥത്തിലുണ്ട്, രേഖയിലുണ്ട് إِنَّ ذَٰلِكَ നിശ്ചയമായും അതു عَلَى اللَّـهِ അല്ലാഹുവിന് يَسِيرٌ നിസ്സാരമാണ്, എളിയ കാര്യമാണ്

യഹൂദര്‍, ക്രിസ്ത്യാകള്‍ തുടങ്ങിയ സമുദായങ്ങള്‍ക്കു പ്രത്യേകം പ്രത്യേകം അനുഷ്ഠാന മുറകളും, കര്‍മ്മമാര്‍ഗ്ഗങ്ങളും നല്‍കപ്പെട്ടിട്ടുണ്ട്. യഹൂദര്‍ക്കു മൂസാ (عليه الصلاة والسلام) നബിയുടെ കൈക്കും, ക്രിസ്ത്യാനികള്‍ക്കു ഈസാ (عليه الصلاة والسلام) നബിയുടെ കൈക്കുമായിരുന്നു അത്. ഇതുപോലെ ദൈവികമതാവലംബികളായ സമുദായങ്ങള്‍ക്കു വേറെയും നല്‍കപ്പെട്ടിരിക്കാവുന്നതാണ്. അതതു കാലത്തിന്റെയും, സമുദായത്തിന്റെയും പരിതസ്ഥിതിക്കനുസരിച്ച കര്‍മ്മമുറകളും അനുഷ്ഠാനമാര്‍ഗ്ഗങ്ങളും നല്‍കപ്പെട്ടശേഷം പിന്നീട്, അന്ത്യപ്രവാചകന്‍ നിയോഗിക്കപ്പെട്ടപ്പോള്‍ ഏറ്റവും പരിപൂര്‍ണ്ണവും, പരിഷ്കൃതവും, ശാശ്വതവുമായ അനുഷ്ഠാനമുറ അവതരിപ്പിക്കപ്പെട്ടിരിക്കുകയാണ്.

മൂസാ (عليه الصلاة والسلام) നബിയുടെ സമുദായം ഈസാ (عليه الصلاة والسلام) നബിയില്‍ വിശ്വസിക്കുകയും, അദ്ദേഹത്തിന്റെ മാര്‍ഗ്ഗം അനുഷ്ഠിക്കുകയും ചെയ്യേണ്ടതായിരുന്നു. എന്നാല്‍, അവരില്‍ അധികമാളുകളും അതു ചെയ്തില്ല. അവരുടെ പഴയ നടപടി – ആ നടപടിയില്‍ കാലക്രമത്തിലുണ്ടായ അനാചാരദുരാചാരങ്ങള്‍ സഹിതം – അവര്‍ മുറുകെ പിടിച്ചു. അതുപോലെത്തന്നെ, മുഹമ്മദ്‌ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനി വന്നപ്പോള്‍, യഹൂദരും, ക്രിസ്ത്യാനികളും അദ്ദേഹത്തില്‍ വിശ്വസിക്കുകയും, അദ്ദേഹത്തിന്റെ കൈക്കു അല്ലാഹു അവതരിപ്പിച്ച കര്‍മ്മപദ്ധതി സ്വീകരിക്കുകയും ചെയ്‌വാന്‍ കടമപ്പെട്ടിരുന്നു. എന്നാല്‍, അവരില്‍ അധികഭാഗവും അതിനു കൂട്ടാക്കിയില്ല. ഇങ്ങനെ, ആദ്യം അല്ലാഹുവിനാല്‍ നല്‍കപ്പെട്ടതും, പിന്നീടു അതതു സമുദായങ്ങളുടെ കൈകടത്തലിനു വിധേയമായതുമായ മാര്‍ഗ്ഗങ്ങള്‍ അവരവര്‍ കൈവിടാതെ അതില്‍ ഉറച്ചുനിന്നുപോകുകയാണ് ചെയ്തത്. ഇതിനുപുറമെ, ദൈവിക മതങ്ങളല്ലാതെ, ബഹുദൈവാരാധകന്‍മാരെപ്പോലെയുള്ള കൃത്രിമമതക്കാരുടെ അനുഷ്ഠാനമുറകള്‍ വേറെയും.

ഈ വ്യത്യസ്തങ്ങളായ മാര്‍ഗ്ഗമുറകളനുസരിച്ചു ഓരോ സമുദായത്തിന്റെ ജീവിതരീതി, ചിന്താഗതി, സംസ്കാരം, വിശ്വാസം തുടങ്ങിയ ഓരോന്നിലും അതിന്റേതായ സ്വഭാവപ്രകൃതി കാണാവുന്നതാണ്‌. തങ്ങള്‍ സ്വീകരിച്ചു പുലര്‍ത്തിപ്പോരുന്ന പാരമ്പര്യം വിട്ട് ഉല്‍കൃഷ്ടവും സത്യവുമായതിനെ അന്വേഷിച്ചു സ്വീകരിക്കുവാന്‍ അവര്‍ തയ്യാറില്ലെന്നു മാത്രമല്ല, അതിനെതിരില്‍ ശത്രുതയും ധിക്കാരവും പ്രകടിപ്പിക്കുകയും ചെയ്യുന്നു. എന്നിരിക്കെ, അവരോടു തര്‍ക്കത്തിനും, വാഗ്വാദസമരത്തിനും പോകേണ്ടുന്ന ആവശ്യമില്ല – അതുകൊണ്ടു യാതൊരു പ്രയോജനവുമില്ല – വ്യഥാ വഴക്കും വാശിയും അധികരിക്കുകയേയുള്ളു. ആകയാല്‍, അല്ലാഹുവില്‍ നിന്നു ലക്ഷ്യസഹിതം തനിക്കു ലഭിച്ചിട്ടുള്ള സത്യമാര്‍ഗ്ഗത്തില്‍ ഉറച്ചുനിന്നുകൊണ്ട് ജനങ്ങളെ അതിലേക്കു് ക്ഷണിച്ചുകൊള്ളുക. സത്യം മുമ്പില്‍ തുറന്നുവെച്ചുകൊടുത്തിട്ടും തര്‍ക്കത്തിനു മിനക്കെടുന്നവരുടെ ഉത്തരവാദിത്വം തനിക്കില്ല. എന്നിങ്ങനെ അല്ലാഹു തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യോടു കല്‍പിക്കുകയാണ്. എന്നിട്ടും, അവര്‍ കുതര്‍ക്കത്തിനും, വ്യഥാ വാദത്തിനും വരികയാണെങ്കില്‍ ‘ഞാനതിനു തയ്യാറില്ല, നിങ്ങളുടെ കര്‍മ്മങ്ങളെയും, സ്ഥിതിഗതികളെയും കുറിച്ച് അല്ലാഹുവിനു വേണ്ടതുപോലെ അറിയാം, ക്വിയാമത്തുനാളില്‍ അതിനെപ്പറ്റി ശരിയായ തീരുമാനം അവന്‍ എടുത്തുകൊള്ളും. അപ്പോള്‍ അറിയാം അതിന്റെ യഥാര്‍ത്ഥ നിലപാട്.’ എന്നു പറഞ്ഞുകൊള്ളുവാനും നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യെ ഉപദേശിക്കുന്നു.

ആകാശ ഭൂമിയിലുള്ളതെല്ലാം – ഓരോ വസ്തുവും അതിന്റെ ആവശ്യങ്ങളും ഭൂത വര്‍ത്തമാന ഭാവി ചെയ്തികളും – അല്ലാഹുവിന്നു ശരിക്കറിയാം. അതെല്ലാം ഉള്‍ക്കൊള്ളുന്ന രേഖകളും അവന്റെ പക്കലുണ്ട്. അവനെ സംബന്ധിച്ചിടത്തോളം അതൊരു പ്രശ്നമല്ല, കേവലം നിസ്സാരവും നിഷ്പ്രയാസവുമാണ്. അപ്പോള്‍, അവന്‍ നിര്‍ദ്ദേശിക്കുന്ന മാര്‍ഗ്ഗമേതോ അതു മാത്രമാണ് നേരായതും ചൊവ്വായതും. അവന്‍ നിര്‍ദ്ദേശിച്ചുവെന്നുള്ളതുതന്നെ മതി അതിനു തെളിവും. അവങ്കല്‍നിന്നുള്ള ലക്ഷ്യമില്ലാത്തതേതോ അതും പിഴച്ചതും ദുര്‍മ്മാര്‍ഗ്ഗവുംതന്നെ. എന്നാല്‍ അവിശ്വാസികള്‍ സ്വീകരിച്ച മാര്‍ഗ്ഗമാകട്ടെ, അതു ഇപ്രകാരമാണ്:-

22:71
  • وَيَعْبُدُونَ مِن دُونِ ٱللَّهِ مَا لَمْ يُنَزِّلْ بِهِۦ سُلْطَـٰنًا وَمَا لَيْسَ لَهُم بِهِۦ عِلْمٌ ۗ وَمَا لِلظَّـٰلِمِينَ مِن نَّصِيرٍ ﴾٧١﴿
  • അല്ലാഹുവിനു പുറമെ, യാതൊരു അധികൃതരേഖയും അവന്‍ അവതരിപ്പിച്ചിട്ടില്ലാത്തതിനെയും, തങ്ങള്‍ക്കു യാതൊരു അറിവും ഇല്ലാത്തതിനെയും അവര്‍ ആരാധിച്ചു വരുന്നു. അക്രമം പ്രവര്‍ത്തിക്കുന്നവര്‍ക്കു യാതൊരു സഹായകനും ഉണ്ടായിരിക്കയില്ല.
  • وَيَعْبُدُونَ അവര്‍ ആരാധിച്ചു (ഇബാദത്ത് ചെയ്തു) വരുന്നുمِن دُونِ اللَّـهِ അല്ലാഹുവിനു പുറമെ مَا യാതൊന്നിനെ لَمْ يُنَزِّلْ അവന്‍ അവതരിപ്പിച്ചിട്ടില്ല, ഇറക്കിയിട്ടില്ല بِهِ അതിനു, അതിനെപ്പറ്റി سُلْطَانًا ഒരു അധികൃതരേഖയും (ലക്ഷ്യവും) وَمَا യാതൊന്നിനെയും لَيْسَ لَهُم അവര്‍ക്കില്ല بِهِ അതിനെപ്പറ്റി عِلْمٌ ഒരുഅറിവും, (ഉറപ്പും) വിവരവും وَمَا لِلظَّالِمِينَ അക്രമികള്‍ക്കു ഇല്ല مِن نَّصِيرٍ ഒരു സഹായകനും

വിഗ്രഹങ്ങള്‍ തുടങ്ങിയുള്ള ഏതു പരദൈവങ്ങളെയും ആരാധിക്കുന്നതിന് ഒന്നുകില്‍ അല്ലാഹുവിങ്കല്‍ നിന്നുള്ള വല്ല പ്രമാണവും ലഭിച്ചിരിക്കണം; അല്ലെങ്കില്‍ അവയ്ക്കു അതിനുള്ള അര്‍ഹതയും, അവകാശവും ഉണ്ടെന്നു ആരാധകന്‍മാര്‍ക്കു ഉറപ്പുണ്ടായിരിക്കണം. ഇതൊന്നുമില്ലാതെ വെറും ഊഹാടിസ്ഥാനത്തില്‍ അവര്‍ അവയെ ആരാധിച്ചു വരികയാണ്. ഈ വിഡ്ഢിത്തത്തില്‍ മുഴുകിയ ഇവര്‍, സത്യവും ദൃഷ്ടാന്തവും വിവരിച്ചുകൊടുക്കുന്നതു ചെവിക്കൊള്ളുവാനും തയ്യാറില്ല. മാത്രമല്ല:

22:72
  • وَإِذَا تُتْلَىٰ عَلَيْهِمْ ءَايَـٰتُنَا بَيِّنَـٰتٍ تَعْرِفُ فِى وُجُوهِ ٱلَّذِينَ كَفَرُوا۟ ٱلْمُنكَرَ ۖ يَكَادُونَ يَسْطُونَ بِٱلَّذِينَ يَتْلُونَ عَلَيْهِمْ ءَايَـٰتِنَا ۗ قُلْ أَفَأُنَبِّئُكُم بِشَرٍّ مِّن ذَٰلِكُمُ ۗ ٱلنَّارُ وَعَدَهَا ٱللَّهُ ٱلَّذِينَ كَفَرُوا۟ ۖ وَبِئْسَ ٱلْمَصِيرُ ﴾٧٢﴿
  • സുവ്യക്തമായ നിലയില്‍ നമ്മുടെ ലക്ഷ്യങ്ങള്‍ അവര്‍ക്കു ഓതിക്കേള്‍പ്പിക്കപ്പെടുന്നതായാല്‍ (ആ) അവിശ്വസിച്ചവരുടെ മുഖങ്ങളില്‍ അനിഷ്ടം (വെളിപ്പെടുന്നതായി) നിനക്കു മനസ്സിലാകുന്നതാണ്; നമ്മുടെ ലക്ഷ്യങ്ങള്‍ അവര്‍ക്കു ഓതിക്കേള്‍പ്പിക്കുന്നവരോട് അവര്‍ കയ്യേറ്റം നടത്തുമാറായേക്കും! പറയുക: 'എന്നാല്‍, അതിനെക്കാള്‍ ദോഷകരമായ ഒന്നിനെപ്പറ്റി നിങ്ങള്‍ക്ക് ഞാന്‍ അറിവ് തരട്ടെയോ? നരകം! (അതാണത്). അവിശ്വസിച്ചവര്‍ക്കു അല്ലാഹു അതു നിശ്ചയിച്ചു വെച്ചിരിക്കുകയാണ്. (ആ) പ്രാപ്യസ്ഥാനം വളരെ മോശപ്പെട്ടതും തന്നെ!'
  • وَإِذَا تُتْلَىٰ ഓതിക്കേള്‍പ്പിക്കപ്പെടുന്നതായാല്‍ عَلَيْهِمْ അവര്‍ക്കു, അവരില്‍ آيَاتُنَا നമ്മുടെ ലക്ഷ്യങ്ങള്‍ (വചനങ്ങള്‍) بَيِّنَاتٍ സുവ്യക്തങ്ങളായ നിലയില്‍ تَعْرِفُ നിനക്കു മനസ്സിലാക്കാം, നീ അറിയും فِي وُجُوهِ الَّذِينَ യാതൊരു കൂട്ടരുടെ മുഖങ്ങളില്‍ كَفَرُوا അവിശ്വസിച്ചിട്ടുള്ള الْمُنكَرَ അനിഷ്ടം, വെറുപ്പു يَكَادُونَ അവര്‍ ആകുമാറാകും يَسْطُونَ കയ്യേറ്റം ചെയ്‌വാന്‍, അക്രമം പ്രവര്‍ത്തിപ്പാന്‍ بِالَّذِينَ يَتْلُونَ ഓതിക്കൊടുക്കുന്നവരോട് (...രില്‍) عَلَيْهِمْ അവര്‍ക്കു آيَاتِنَا നമ്മുടെ ലക്ഷ്യങ്ങളെ قُلْ പറയുക أَفَأُنَبِّئُكُم എന്നാല്‍ നിങ്ങള്‍ക്കു ഞാന്‍ അറിവുതരട്ടെയോ, ബോധപ്പെടുത്തിത്തരട്ടെയോ بِشَرٍّ ദോഷകരമായ ഒന്നിനെപ്പറ്റി مِّن ذَٰلِكُمُ അതിനെക്കാള്‍ النَّارُ നരകമാണ് وَعَدَهَا اللَّـهُ അല്ലാഹു അതിനെ നിശ്ചയിച്ചുവെച്ചിരിക്കുന്നു, കരാര്‍ ചെയ്തിരിക്കുന്നു الَّذِينَ كَفَرُوا അവിശ്വസിച്ചിട്ടുള്ളവര്‍ക്ക് وَبِئْسَ വളരെ മോശപ്പെട്ടതാണ്, എത്ര മോശം الْمَصِيرُ പ്രാപ്യസ്ഥാനം, മടങ്ങിയെത്തുന്ന സ്ഥാനം

സത്യം അന്വേഷിച്ചറിയുവാനും, അറിഞ്ഞ സത്യം സ്വീകരിക്കുവാനും, തെളിവു പരിശോധിച്ചു മനസ്സമാധാനം വരുത്തുവാനും ഒരുക്കമില്ലാത്തവരുടെ ഒരു സ്വഭാവമാണിപ്പറഞ്ഞത്. എത്ര വ്യക്തമായ തെളിവുകളായിരുന്നാലും ശരി, അതു കേള്‍പ്പിക്കുന്നതും, കേള്‍ക്കുന്നതും അവര്‍ക്കു വെറുപ്പും അനിഷ്ടവുമായിരിക്കും. പ്രതിഷേധം രേഖപ്പെടുത്തുക മാത്രമല്ല, ഏതെങ്കിലും പ്രകാരത്തില്‍ അതു മുടക്കുവാനും, ലക്ഷ്യം കേള്‍പ്പിക്കുന്നവരെ അക്രമിക്കുവാനും മുതിരുകയും ചെയ്യും ഇന്നും അനുഭവത്തില്‍ നാം കണ്ടുകൊണ്ടിരിക്കുന്ന ഒരു പരമാര്‍ത്ഥമാണിത്. ന്യായത്തെ ന്യായം കൊണ്ടോ, ലക്ഷ്യത്തെ ലക്ഷ്യം കൊണ്ടോ എതിര്‍ക്കുവാന്‍ അവര്‍ക്കു സാധ്യമല്ല. കാരണം, അതവരുടെ പക്കല്‍ ഉണ്ടായിരിക്കയില്ല. അപ്പോള്‍, തങ്ങളുടെ പാരമ്പര്യത്തെയും സ്വാര്‍ത്ഥങ്ങളെയും നിലനിറുത്തുവാന്‍ അക്രമമാര്‍ഗ്ഗത്തെ ശരണം പ്രാപിക്കുകയല്ലാതെ അവര്‍ക്കു മറ്റു പോംവഴികള്‍ ഉണ്ടായിരിക്കയില്ല. അഹംഭാവം, ക്ഷോഭം, കോപം, വിദ്വേഷം ആദിയായവ ഇവരുടെ നിത്യസ്വഭാവങ്ങളുമായിരിക്കും. ഇങ്ങിനെയുള്ളവരോടു സദുപദേശം ചെയ്യുന്നതു കൊണ്ട് ഫലം സിദ്ധിക്കുകയില്ല. അതുകൊണ്ടാണ് ക്വുര്‍ആന്‍ അവരോടു ഗൗരവസ്വരത്തില്‍ ഇങ്ങിനെ താക്കീതു ചെയ്യുന്നത്: “നിങ്ങള്‍ക്കു അല്ലാഹുവിന്റെ ലക്ഷ്യങ്ങള്‍ വിവരിച്ചുതരുന്നവരോടു നിങ്ങള്‍ക്കുള്ള വിദ്വേഷത്തെക്കാള്‍ വിദ്വേഷവും, വെറുപ്പും നിങ്ങള്‍ക്കുണ്ടായിരിക്കേണ്ടുന്ന മറ്റൊന്നുണ്ട് – അതാണ്‌ നിങ്ങള്‍ വെറുക്കേണ്ടതു്; അതു നരകമല്ലാതെ മറ്റൊന്നുമല്ല. ഈ നില നിങ്ങള്‍ തുടര്‍ന്നുപോയാല്‍, അതില്‍നിന്നു നിങ്ങള്‍ക്കു യാതൊരു രക്ഷയും കിട്ടുന്നതല്ല; അതില്‍പരം മോശപ്പെട്ട ഒരു വാസസ്ഥലം വേറെയില്ല. അതുകൊണ്ട് നിങ്ങള്‍ നല്ലപോലെ സൂക്ഷിച്ചുകൊള്ളുക!”

അല്ലാഹു അല്ലാത്തവരെ ആരാധിക്കുന്നതിന്റെ നിരര്‍ത്ഥത അടുത്ത വചനങ്ങളില്‍ വിവരിക്കുന്നു:-

വിഭാഗം - 10

22:73
  • يَـٰٓأَيُّهَا ٱلنَّاسُ ضُرِبَ مَثَلٌ فَٱسْتَمِعُوا۟ لَهُۥٓ ۚ إِنَّ ٱلَّذِينَ تَدْعُونَ مِن دُونِ ٱللَّهِ لَن يَخْلُقُوا۟ ذُبَابًا وَلَوِ ٱجْتَمَعُوا۟ لَهُۥ ۖ وَإِن يَسْلُبْهُمُ ٱلذُّبَابُ شَيْـًٔا لَّا يَسْتَنقِذُوهُ مِنْهُ ۚ ضَعُفَ ٱلطَّالِبُ وَٱلْمَطْلُوبُ ﴾٧٣﴿
  • ഹേ, മനുഷ്യരെ! ഒരു ഉപമ (ഇതാ) വിവരിക്കപ്പെടുന്നു - അതിലേക്ക് നിങ്ങള്‍ ചെവികൊടുക്കുവിന്‍. നിശ്ചയമായും, അല്ലാഹുവിന് പുറമെ നിങ്ങള്‍ വിളിച്ചു (പ്രാര്‍ത്ഥിച്ചു) വരുന്നവര്‍, ഒരു ഈച്ചയെ (പ്പോലും) സൃഷ്ടിക്കുകയില്ലതന്നെ - അതിനായി അവര്‍ (എല്ലാവരും) ഒരുമിച്ചു കൂടിയാലും ശരി. ഈച്ച അവരില്‍ നിന്ന് വല്ലതും തട്ടിയെടുക്കുന്നതായാല്‍, അതിന്റെ പക്കല്‍ നിന്ന് അവരതു വീണ്ടെടുക്കുകയുമില്ല. അപേക്ഷിക്കുന്നവനും, അപേക്ഷിക്കപ്പെടുന്നവനും ബലഹീനന്‍ തന്നെ!
  • يَا أَيُّهَا النَّاسُ ഹേ മനുഷ്യരേ ضُرِبَ വിവരിക്കപ്പെടുന്നു, വിവരിക്കപ്പെട്ടിരിക്കുന്നു مَثَلٌ ഒരു ഉപമ, ഉദാഹരണം فَاسْتَمِعُوا ആകയാല്‍ ചെവി (ശ്രദ്ധ) കൊടുക്കുവിന്‍ لَهُ അതിനു, അതിലേക്ക് إِنَّ الَّذِينَ നിശ്ചയമായും യാതൊരു കൂട്ടര്‍ تَدْعُونَ നിങ്ങള്‍ വിളിക്കുന്നു, പ്രാര്‍ത്ഥിക്കുന്നു مِن دُونِ اللَّـهِ അല്ലാഹുവിനു പുറമെ لَن يَخْلُقُواഅവര്‍ സൃഷ്ടിക്കുന്നതല്ല തന്നെ ذُبَابًا ഒരു ഈച്ചയെയും وَلَوِ اجْتَمَعُوا അവര്‍ ഒരുമിച്ചു കൂടിയാലും ശരി لَهُ അതിനു, അതിനായി وَإِن يَسْلُبْهُمُ അവരില്‍ നിന്ന് തട്ടിയെടുക്കുന്നതായാല്‍ الذُّبَابُ ഈച്ച شَيْئًا വല്ലതും, വല്ല വസ്തുവും لَّا يَسْتَنقِذُوهُ അതവര്‍ വീണ്ടെടുക്കുകയില്ല, രക്ഷപ്പെടുത്തി എടുക്കുകയില്ല مِنْهُ അതിന്റെ പക്കല്‍നിന്ന് ضَعُفَ ബലഹീനം തന്നെ, (കഴിവില്ലാത്തതു തന്നെ) الطَّالِبُ അപേക്ഷകന്‍, തേടുന്നവന്‍ وَالْمَطْلُوبُ അപേക്ഷിക്കപ്പെടുന്നവനും, തേടപ്പെടുന്ന വസ്തുവും
22:74
  • مَا قَدَرُوا۟ ٱللَّهَ حَقَّ قَدْرِهِۦٓ ۗ إِنَّ ٱللَّهَ لَقَوِىٌّ عَزِيزٌ ﴾٧٤﴿
  • അല്ലാഹുവിന്, അവന് കല്‍പിക്കേണ്ടുന്ന യഥാര്‍ത്ഥ നിലപാട് അവര്‍ കല്‍പിച്ചിട്ടില്ല; നിശ്ചയമായും, അല്ലാഹു ശക്തനും, പ്രതാപശാലിയും തന്നെയാണ്.
  • مَا قَدَرُوا അവര്‍ കല്‍പിച്ചില്ല, കണക്കാക്കിയില്ല, വകവെച്ചില്ല اللَّـهَ അല്ലാഹുവിനു, അല്ലാഹുവിനെ حَقَّ قَدْرِهِ അവന്റെ യഥാര്‍ത്ഥ നിലപാടു, അവനെ കണക്കാക്കേണ്ട യഥാര്‍ത്ഥപ്രകാരം, അവനു കല്‍പിക്കേണ്ട മുറപ്രകാരം إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു لَقَوِيٌّ ശക്തന്‍ തന്നെ عَزِيزٌ പ്രതാപശാലിയും, പ്രതാപശാലിയായ

മനസ്സിലാക്കുവാന്‍ ഒട്ടും പ്രയാസമില്ലാത്ത വ്യക്തമായ ഒരു ഉപമ – നിത്യാനുഭവം സാക്ഷീകരിക്കുന്ന സ്പഷ്ടമായ ഒരു വസ്തുത – മനുഷ്യവര്‍ഗ്ഗത്തെ ആകമാനം വിളിച്ചുണര്‍ത്തിക്കൊണ്ട് അല്ലാഹു അവരുടെ മുമ്പില്‍ വെക്കുകയാണ്. അല്ലാഹുവിനുപുറമെ, ജനങ്ങള്‍ ആരാധിക്കുകയോ, വിളിച്ചു പ്രാര്‍ത്ഥിക്കുകയോ ചെയ്യുന്ന ഏതൊരു ആരാധ്യവസ്തുവിന്നും തന്നെ, ഒരു നിസ്സാര കാര്യത്തിനുപോലും കഴിവില്ലെന്നും, ആകയാല്‍ അല്ലാഹു മാത്രമേ ആരാധ്യനും, പ്രാര്‍ത്ഥിക്കപ്പെടുന്നവനും ആയിരിക്കുവാന്‍ നിവൃത്തിയുള്ളുവെന്നും ഇതുമൂലം സ്ഥാപിക്കുന്നു.

വിഗ്രഹങ്ങളാകട്ടെ, മനുഷ്യവര്‍ഗ്ഗത്തിലോ മറ്റോ ഉള്‍പ്പെട്ടവരാകട്ടെ, ആരാധ്യന്‍മാരായി സങ്കല്‍പിക്കപ്പെടുന്ന എല്ലാവരും ഒത്തുചേര്‍ന്നു പരിശ്രമിക്കുകയും, ആരാധകന്‍മാരെല്ലാം ഒന്നിച്ചുചേര്‍ന്നു് അവരോടു പ്രാര്‍ത്ഥിക്കുകയും ചെയ്‌താല്‍പോലും, ഒരൊറ്റ ഈച്ചയെപ്പോലും – അഥവാ ഏറ്റവും നിസ്സാരമായ ഒരു ജന്തുവെപ്പോലും – സൃഷ്ടിക്കുവാന്‍ അവര്‍ക്കു കഴിയുകയില്ലെന്നു് അല്ലാഹു ഖണ്ഡിതമായി പറഞ്ഞിരിക്കുകയാണ്. ഇതേവരെ അതിന് ആര്‍ക്കും കഴിഞ്ഞിട്ടില്ലെന്നതുപോലെ, ഭാവിയിലും അതു കഴിയുകയില്ലെന്നാണ്, لَن يَخْلُقُوا (അവര്‍ സൃഷ്ടിക്കുന്നതേയല്ല) എന്ന വാക്കു സ്പഷ്ടമാക്കുന്നത്. ജീവന്റെ കാര്യം നില്‍ക്കട്ടെ, ഈച്ചയുടെ ശരീരംപോലും, ശുദ്ധശൂന്യതയില്‍ നിന്നു നിര്‍മ്മിക്കുവാന്‍ ആര്‍ക്കാണ് സാധിക്കുക?! ജീവനെ സംബന്ധിച്ചിടത്തോളം – അങ്ങിനെ ഒന്നു നിലവിലുണ്ട് എന്നതിനപ്പുറം – അതെന്താണ്, എങ്ങിനെയാണ് എന്നുപോലും മനുഷ്യന് സൂക്ഷ്മമായി അറിയുവാന്‍ നാളിതുവരെ കഴിഞ്ഞിട്ടില്ലാത്ത ഒരു രഹസ്യമായിട്ടാണിരിക്കുന്നതും. മേലിലും അതങ്ങിനെത്തന്നെ ഇരിക്കുകയും ചെയ്യും. ഈച്ചയുടെ കാര്യംതന്നെ ഇതാണെങ്കില്‍, ഒട്ടകത്തിന്റെയും, ആനയുടെയും മറ്റും മറ്റും കഥ പറയുവാനുണ്ടോ?!

തുടര്‍ന്നുകൊണ്ട് വീണ്ടും ഒരടി മുന്നോട്ടുകടന്നു ക്വുര്‍ആന്‍ ഉറപ്പിച്ചുപറയുകയാണ്‌: സൃഷ്ടിക്കുന്ന കാര്യം ഇരിക്കട്ടെ, ആ നിസ്സാരജീവി അവരില്‍നിന്നു വല്ലതും തട്ടിയെടുത്തു കൊണ്ടുപോയാല്‍ അതു മടക്കി വാങ്ങുവാന്‍പോലും അവര്‍ക്കു സാധ്യമല്ലെന്നു! വിഗ്രഹങ്ങളെയും, ബിംബങ്ങളെയും സംബന്ധിച്ച് മാത്രമല്ല, മറ്റാരെ സംബന്ധിച്ചുമുള്ള വിധിയും ഇതുതന്നെയാണ്. ബിംബങ്ങളുടെ മുമ്പില്‍ സമര്‍പ്പിക്കപ്പെടുന്ന നിവേദ്യങ്ങളില്‍നിന്നോ, അവയുടെ തലയ്ക്കുമീതെ ഒഴിക്കപ്പെടുന്ന നെയ്യ് മുതലായവയില്‍നിന്നോ ഈച്ച വല്ലതും തട്ടിക്കൊണ്ടുപോയാല്‍ അവയ്ക്കു് അതു തിരിച്ചു വാങ്ങുവാന്‍ സാധ്യമല്ലെന്നതു ആര്‍ക്കും അറിയാവുന്നതാണ്. എന്നാല്‍, ദൈവമായി സങ്കല്‍പിക്കപ്പെടുന്നതു മനുഷ്യനോ മറ്റോ ആണെങ്കിലോ? അതും വാസ്തവത്തില്‍ അങ്ങനെത്തന്നെ. മനുഷ്യന്റെ രക്തം കുടിച്ച – അല്ലെങ്കില്‍ അവനില്‍നിന്നു മറ്റു വല്ലതും തട്ടിയെടുത്ത – ഈച്ചയില്‍നിന്നോ കൊതുവില്‍നിന്നോ അതു വീണ്ടെടുക്കുവാന്‍ അവനു കഴിയുമോ? ഒരിക്കലുമില്ല! ഒരുപക്ഷേ, അവന്‍ കുപിതനായി വല്ലപ്പോഴും ഈച്ചയെപ്പിടിച്ചു കൊന്നേക്കാം. എന്നാലും നഷ്ടപ്പെട്ടതു വീണ്ടെടുത്തു യഥാസ്ഥാനത്തു മടക്കി എത്തിക്കുക അസാധ്യം തന്നെയാണല്ലോ. ഈച്ച, കൊതു, ഉറുമ്പ് മുതലായ നിസ്സാരവസ്തുക്കളോടു പോലും പരാജയം സമ്മതിക്കേണ്ടിവരുന്നവരെ ആരാധിച്ചിട്ടെന്തു ഫലം? അവരോടു പ്രാര്‍ത്ഥിച്ചിട്ടെന്തു പ്രയോജനം? തേടുന്നവനും, തേടപ്പെടുന്നവനും അബലന്‍മാര്‍! ഇരുകൂട്ടരും ദുര്‍ബ്ബലന്‍മാര്‍!

വാസ്തവം ഇതാണെങ്കില്‍ – കഴിവുകളെല്ലാം അല്ലാഹുവിനു മാത്രമാണെങ്കില്‍ – പിന്നെ, അവനല്ലാത്ത വസ്തുക്കളെ ആരാധിക്കുകയും, അവയോടു പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നതില്‍പരം വിഡ്ഢിത്തം മറ്റെന്താണുള്ളത്?! പക്ഷെ, ജനങ്ങള്‍ അല്ലാഹുവിനു കല്പിക്കേണ്ടുന്ന നിലപാട് അവനു കല്‍പിക്കുന്നില്ല; സംഗതി ഇത്രയും വ്യക്തമായിരുന്നിട്ടും, അവര്‍ അല്ലാഹുവിന്റെ ശക്തിയെയും, പ്രതാപത്തെയുംകുറിച്ചു ഗൌനിക്കുന്നുമില്ല: ഇതാണതിനു കാരണം.

22:75
  • ٱللَّهُ يَصْطَفِى مِنَ ٱلْمَلَـٰٓئِكَةِ رُسُلًا وَمِنَ ٱلنَّاسِ ۚ إِنَّ ٱللَّهَ سَمِيعٌۢ بَصِيرٌ ﴾٧٥﴿
  • അല്ലാഹു മലക്കുകളില്‍നിന്നു് ചില ദൂതന്‍മാരെ തിരഞ്ഞെടുക്കുന്നു - മനുഷ്യരില്‍നിന്നും (തിരഞ്ഞെടുക്കുന്നു). നിശ്ചയമായും, അല്ലാഹു കേള്‍ക്കുന്നവനും കാണുന്നവനുമാകുന്നു.
  • اللَّـهُ يَصْطَفِي അല്ലാഹു തിരഞ്ഞെടുക്കുന്നു مِنَ الْمَلَائِكَةِ മലക്കുകളില്‍നിന്നു് رُسُلًا ദൂതന്‍മാരെ وَمِنَ النَّاسِ മനുഷ്യരില്‍നിന്നും إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു سَمِيعٌ കേള്‍ക്കുന്നവനാണ് بَصِيرٌ കാണുന്നവനാണ്
22:76
  • يَعْلَمُ مَا بَيْنَ أَيْدِيهِمْ وَمَا خَلْفَهُمْ ۗ وَإِلَى ٱللَّهِ تُرْجَعُ ٱلْأُمُورُ ﴾٧٦﴿
  • അവരുടെ മുന്നിലുള്ളതും, പിന്നിലുള്ളതും അവന്‍ അറിയുന്നു;
    അല്ലാഹുവിങ്കലേക്കത്രെ, കാര്യങ്ങള്‍ മടക്കപ്പെടുന്നതും.
  • يَعْلَمُ അവന്‍ അറിയും, അറിയുന്നു مَا بَيْنَ أَيْدِيهِمْ അവരുടെ മുന്നിലുള്ളത് وَمَا خَلْفَهُمْ അവരുടെ പിന്നിലുള്ളതും وَإِلَى اللَّـهِ അല്ലാഹുവിങ്കലേക്കുതന്നെ تُرْجَعُ മടക്കപ്പെടുന്നു الْأُمُورُ കാര്യങ്ങള്‍

അല്ലാഹുവിന്റെ സന്ദേശങ്ങള്‍ പ്രവാചകന്‍മാര്‍ക്ക് എത്തിച്ചുകൊടുക്കുക മുതലായ പല കാര്യങ്ങള്‍ക്കും മലക്കുകളില്‍ നിന്ന് അവന്‍ ദൂതന്‍മാരെ നിശ്ചയിക്കുന്നു. മനുഷ്യര്‍ക്ക്‌ അതു എത്തിച്ചുകൊടുക്കാനായി മനുഷ്യരില്‍ നിന്നും ദൂതന്മാരെ നിയോഗിക്കുന്നു. രണ്ടു തരത്തിലുള്ള ദൂതന്‍മാരുടെയും രഹസ്യപരസ്യങ്ങളും, ഭൂതഭാവികളും എല്ലാം അവന്‍ അറിയുന്നു. അവര്‍ അതിനു യോജിച്ചവരാണോ വിശ്വസ്തരാണോ എന്നു തുടങ്ങിയ വിവരങ്ങളൊന്നും അവന് അജ്ഞാതമല്ല. എല്ലാ കാര്യവും അവന്‍ കണ്ടും കേട്ടും കൊണ്ടിരിക്കുന്നു. ഒടുക്കം എല്ലാറ്റിന്റെയും പര്യവസാനവും, തീരുമാനവും അവന്റെ സന്നിധിയിലേക്കു തന്നെയാണുതാനും. പിന്നെ, എങ്ങിനെയാണ്, ആ ദൂതന്‍മാര്‍ മുഖാന്തരം പ്രബോധനം ചെയ്യപ്പെടുന്ന ലക്ഷ്യങ്ങള്‍ സത്യവും യഥാര്‍ത്ഥവുമാല്ലാതിരിക്കുക?!

22:77
  • يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ ٱرْكَعُوا۟ وَٱسْجُدُوا۟ وَٱعْبُدُوا۟ رَبَّكُمْ وَٱفْعَلُوا۟ ٱلْخَيْرَ لَعَلَّكُمْ تُفْلِحُونَ ۩ ﴾٧٧﴿
  • ഹേ, വിശ്വസിച്ചവരേ! നിങ്ങള്‍, 'റുകൂഉം, സുജൂദും' [കുമ്പിട്ടും, സാഷ്ടാംഗം പതിച്ചുമുള്ള നമസ്ക്കാരം] ചെയ്യുവീന്‍; നിങ്ങളുടെ റബ്ബിന് 'ഇബാദത്തും' [ആരാധനയും] ചെയ്യുവീന്‍; നന്മ പ്രവര്‍ത്തിക്കുകയും ചെയ്യുവീന്‍; നിങ്ങള്‍ക്കു വിജയം സിദ്ധിച്ചേക്കാം.
  • يَا أَيُّهَا الَّذِينَ آمَنُوا ഹേ, വിശ്വസിച്ചവരേ ارْكَعُوا നിങ്ങള്‍ റുകൂഉ ചെയ്യുവീന്‍ (കുമ്പിട്ടു നമസ്കാരം ചെയ്യുവീന്‍) وَاسْجُدُوا സുജൂദും ചെയ്യുവീന്‍ (സാഷ്ടാംഗം നമസ്ക്കരിക്കുകയും ചെയ്യുവീന്‍) وَاعْبُدُوا ഇബാദത്ത് (ആരാധന) ചെയ്കയും ചെയ്യുവീന്‍ رَبَّكُمْ നിങ്ങളുടെ റബ്ബിനു وَافْعَلُوا പ്രവര്‍ത്തിക്കുകയും ചെയ്യുവീന്‍ الْخَيْرَ നന്മ, നല്ലതു, പുണ്യം لَعَلَّكُمْ നിങ്ങളായേക്കാം, നിങ്ങളാകുവാന്‍ വേണ്ടി تُفْلِحُونَ വിജയം പ്രാപിക്കും

[ഈ സൂറത്തില്‍ ഓത്തിന്റെ സുജൂദു ചെയ്യേണ്ടുന്ന രണ്ടാമത്തെ ആയത്താണിത്. മുന്‍ഗാമികളായ പലരില്‍ നിന്നും ഈ ആയത്തിനുശേഷം സുജൂദു ചെയ്യേണ്ടതുണ്ടെന്നു കാണിക്കുന്ന ‘രിവായത്തു’കള്‍ വന്നിരിക്കുന്നു. പണ്ഡിതന്‍മാര്‍ക്കിടയില്‍ ഇതില്‍ അഭിപ്രായവ്യത്യാസമുണ്ട്. ആയത്തിന്റെ വിവരണം താഴെ വരുന്നതാണ്.]

22:78
  • وَجَـٰهِدُوا۟ فِى ٱللَّهِ حَقَّ جِهَادِهِۦ ۚ هُوَ ٱجْتَبَىٰكُمْ وَمَا جَعَلَ عَلَيْكُمْ فِى ٱلدِّينِ مِنْ حَرَجٍ ۚ مِّلَّةَ أَبِيكُمْ إِبْرَٰهِيمَ ۚ هُوَ سَمَّىٰكُمُ ٱلْمُسْلِمِينَ مِن قَبْلُ وَفِى هَـٰذَا لِيَكُونَ ٱلرَّسُولُ شَهِيدًا عَلَيْكُمْ وَتَكُونُوا۟ شُهَدَآءَ عَلَى ٱلنَّاسِ ۚ فَأَقِيمُوا۟ ٱلصَّلَوٰةَ وَءَاتُوا۟ ٱلزَّكَوٰةَ وَٱعْتَصِمُوا۟ بِٱللَّهِ هُوَ مَوْلَىٰكُمْ ۖ فَنِعْمَ ٱلْمَوْلَىٰ وَنِعْمَ ٱلنَّصِيرُ ﴾٧٨﴿
  • നിങ്ങള്‍ അല്ലാഹുവിന്റെ കാര്യത്തില്‍ സമരം ചെയ്യേണ്ട മുറപ്രകാരം സമരം ചെയ്യുവീന്‍. അവന്‍ നിങ്ങളെ തിരഞ്ഞെടുത്തിരിക്കുന്നു; മതകാര്യത്തില്‍ നിങ്ങളുടെമേല്‍ യാതൊരു വിഷമതയും ഏര്‍പ്പെടുത്തിയിട്ടുമില്ല. നിങ്ങളുടെ പിതാവ് ഇബ്രാഹീമിന്റെ മാര്‍ഗ്ഗം! (അതാണ്‌ നിങ്ങളോട് ഉപദേശിക്കുന്നത്.) മുമ്പും, ഇതിലും [മുന്‍ വേദഗ്രന്ഥങ്ങളിലും ഈ വേദത്തിലും] നിങ്ങള്‍ക്കു 'മുസ്ലിംകള്‍' എന്നു് അവന്‍ പേരുവെച്ചിരിക്കുന്നു; റസൂല്‍, നിങ്ങള്‍ക്കു സാക്ഷിയും, നിങ്ങള്‍, മനുഷ്യര്‍ക്കു് സാക്ഷികളും ആയിത്തീരുവാന്‍വേണ്ടിയാകുന്നു (അതു). ആകയാല്‍, നിങ്ങള്‍ നമസ്ക്കാരം നിലനിറുത്തുകയും 'സകാത്ത്' [വിശുദ്ധ ധര്‍മ്മം] കൊടുക്കുകയും അല്ലാഹുവിനെ മുറുകെ പിടിക്കുകയും ചെയ്യുവീന്‍! അവന്‍, നിങ്ങളുടെ യജമാനനാകുന്നു. അപ്പോള്‍, (നിങ്ങളുടെ യജമാനന്‍) എത്രയോ നല്ല സഹായകനും!
  • وَجَاهِدُوا നിങ്ങള്‍ സമരം ചെയ്യുകയും ചെയ്യുവീന്‍ فِي اللَّـهِ അല്ലാഹുവിന്റെ കാര്യത്തില്‍ حَقَّ جِهَادِهِ അവന്റെ (അവനു വേണ്ടിയുള്ള) സമരത്തിന്റെ മുറപ്രകാരം, സമരം ചെയ്യേണ്ടുന്ന മുറയനുസരിച്ചു هُوَ അവന്‍ اجْتَبَاكُمْ നിങ്ങളെ തിരഞ്ഞെടുത്തിരിക്കുന്നു وَمَا جَعَلَ അവന്‍ ആക്കിയിട്ടുമില്ല عَلَيْكُمْ നിങ്ങളുടെ മേല്‍ فِي الدِّينِ മതത്തില്‍, മതകാര്യത്തില്‍ مِنْ حَرَجٍ ഒരു വിഷമതയും, ബുദ്ധിമുട്ടും مِّلَّةَ أَبِيكُمْ നിങ്ങളുടെ പിതാവിന്റെ മാര്‍ഗ്ഗം إِبْرَاهِيمَ അതായതു ഇബ്രാഹീമിന്റെ هُوَ അവന്‍ سَمَّاكُمُ നിങ്ങള്‍ക്കു പേര്‍ വെച്ചിരിക്കുന്നു الْمُسْلِمِينَ മുസ്ലിംകള്‍ എന്നു് مِن قَبْلُ മുമ്പു وَفِي هَـٰذَا ഇതിലും لِيَكُونَ الرَّسُولُ റസൂല്‍ ആയിരിക്കുവാന്‍, ആയിത്തീരുവാന്‍ വേണ്ടി شَهِيدًا عَلَيْكُمْ നിങ്ങള്‍ക്കു സാക്ഷി وَتَكُونُوا നിങ്ങള്‍ ആയിത്തീരുവാനും شُهَدَاءَ സാക്ഷികള്‍ عَلَى النَّاسِ മനുഷ്യര്‍ക്കു, ജനങ്ങളുടെ മേല്‍ فَأَقِيمُوا ആകയാല്‍ നിങ്ങള്‍ നിലനിറുത്തുവീന്‍ الصَّلَاةَ നമസ്കാരം وَآتُوا കൊടുക്കുകയും ചെയ്യുവീന്‍ الزَّكَاةَ സകാത്തു, വിശുദ്ധ ധര്‍മ്മം وَاعْتَصِمُوا മുറുകെ പിടിക്കുകയും ചെയ്യുവീന്‍, രക്ഷ പ്രാപിക്കുകയും ചെയ്യുവീന്‍ بِاللَّـهِ അല്ലാഹുവിനെ, അല്ലാഹുവിനെക്കൊണ്ടു هُوَ അവന്‍ مَوْلَاكُمْ നിങ്ങളുടെ യജമാനനാണ്, നാഥനാണ് فَنِعْمَ അപ്പോള്‍ എത്ര നല്ലവന്‍, വളരെ നല്ലവനത്രെ الْمَوْلَىٰ യജമാനന്‍ وَنِعْمَ എത്ര നല്ലവനും, വളരെ നല്ലവനുമത്രെ النَّصِيرُ സഹായകന്‍, രക്ഷകന്‍

ഈ അവസാനത്തെ രണ്ടു ആയത്തുകളിലായി, പല ഉപദേശങ്ങളും, സന്തോഷവാര്‍ത്തകളും അല്ലാഹു നമുക്കു നല്‍കുന്നു. അതോടുകൂടി മുസ്‌ലിമിന്റെ വ്യക്തിപരമായ ബാധ്യതകളെയും, മുസ്ലിം സമുദായത്തിന്റെ മൊത്തത്തിലുള്ള ബാധ്യതകളെയും ചൂണ്ടിക്കാട്ടുകയും ചെയ്യുന്നു. ആയത്തുകളിലെ ഉള്ളടക്കം നമുക്കു ചുരുക്കത്തില്‍ ഇങ്ങിനെ ഗ്രഹിക്കാം:-

(1). ‘സത്യവിശ്വാസികളേ’ എന്നു സംബോധന ചെയ്തുകൊണ്ട് ആദ്യമായി ഉപദേശിക്കുന്നതു ‘റുകൂഉം’ ‘സുജൂദും’, ചെയ്‌വാനാകുന്നു. നമസ്കാരത്തില്‍ അനുഷ്ഠിക്കപ്പെടേണ്ടുന്ന കര്‍മ്മങ്ങള്‍ പലതുമുള്ളതില്‍, കൂടുതല്‍ പ്രധാനപ്പെട്ട രണ്ടെണ്ണമാണ് റുകൂഉം, സുജൂദും. നമസ്കാരത്തെ ഉദ്ദേശിച്ചുകൊണ്ട് ‘റുകൂഉം സുജൂദും ചെയ്യുക’ എന്നു ക്വുര്‍ആനില്‍ പലപ്പോഴും പറയാറുണ്ട്. അതുപോലെത്തന്നെ നമസ്കാരത്തിലെ മറ്റൊരു പ്രധാന ഭാഗമായ നിറുത്തവും (قِيَام) ഈ അര്‍ത്ഥത്തില്‍ ഉപയോഗിക്കാറുണ്ട്. വാക്കുകൊണ്ടും, പ്രവൃത്തികൊണ്ടും നിര്‍വ്വഹിക്കപ്പെടുന്ന പല കര്‍മ്മങ്ങളുടെയും സമാഹാരമാണ് നമസ്കാരം. ഹൃദയസാന്നിദ്ധ്യം അതിന്റെ ജീവനുമാണു. അഞ്ചു നേരത്തെ നിര്‍ബ്ബന്ധ നമസ്കാരമെന്നോ (المكتوبات) അവയ്ക്കു പുറമെയുള്ള ഐച്ഛിക നമസ്കാരമെന്നോ (النوافيل) വ്യത്യാസമില്ലാതെ, മൊത്തത്തില്‍ നമസ്കാരം വര്‍ദ്ധിപ്പിക്കുവാന്‍ ഉപദേശിക്കുകയാണ് ഇവിടെ ചെയ്തിട്ടുള്ളത്. നമസ്കാരത്തിന് ഇസ്‌ലാമിലുള്ള സ്ഥാനവും, മനുഷ്യനില്‍ ആത്മശുദ്ധിയും ദൈവഭക്തിയും ഉണ്ടാക്കുന്നതില്‍ നമസ്കാരത്തിനുള്ള സ്വാധീനശക്തിയും പരക്കെ അറിയപ്പെട്ടതാണല്ലോ.

(2). അടുത്തതായി, നമസ്കാരവും അല്ലാത്തവയും അടങ്ങുന്നതായ ‘ഇബാദത്തു’കള്‍ – ആരാധനാകര്‍മ്മങ്ങള്‍ – ചെയ്‌വാന്‍ ഉപദേശിക്കപ്പെട്ടിരിക്കുന്നു. നമസ്കാരം, ദിക്ര്‍, ദുആ, തസ്ബീഹു, ക്വുര്‍ആന്‍ പാരായണം, പാപമോചനം തേടല്‍, ബലികര്‍മ്മങ്ങള്‍ മുതലായവ – അഥവാ അല്ലാഹുവിന്റെ മുമ്പില്‍ താഴ്മ അര്‍പ്പിക്കുന്നതും, അവനോടു പ്രാര്‍ത്ഥിക്കുന്നതും, അവന്റെ സ്തുതികീര്‍ത്തനങ്ങളെ പ്രകാശിപ്പിക്കുന്നതുമായ പുണ്യകര്‍മ്മങ്ങള്‍ – ഇവയ്ക്കാണ് സാധാരണ ‘ഇബാദത്ത്’ (عِبَادَة) എന്നും, ‘ആരാധന’ എന്നും പറയുന്നത്. (ഇബാദത്തിനെ സംബന്ധിച്ച് വിശദമായ ഒരു വിവരണം സൂ: ഫാത്തിഹയുടെ വ്യാഖ്യാനത്തില്‍ നല്‍കിയിട്ടുണ്ട്).

(3). പിന്നീട് തുടര്‍ന്നു ഉപദേശിക്കുന്നതു നന്‍മ പ്രവര്‍ത്തിക്കുവാനാണ്. മേല്‍പറഞ്ഞ നമസ്ക്കാരം തുടങ്ങിയ എല്ലാ ആരാധനാകര്‍മ്മങ്ങള്‍ക്കുംപുറമെ, ജനങ്ങള്‍ക്ക് ഉപകാരം ചെയ്യുക, ദാനധര്‍മ്മം ചെയ്യുക, നന്നായി പെരുമാറുക, നല്ലതിനെ ഉപദേശിക്കുക, കുടുംബബന്ധം പാലിക്കുക, സഹജീവികളോടു ദയ കാണിക്കുക, ഇടപാടുകളിലും മറ്റും മര്യാദ പാലിക്കുക തുടങ്ങിയ സല്‍ക്കര്‍മ്മങ്ങളെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു. നമസ്കാരത്തിന്റെ കാര്യം പ്രത്യേകമായി ആദ്യം എടുത്തുപറഞ്ഞശേഷം, രണ്ടാമത്തെയും, മൂന്നാമത്തെയും ഉപദേശങ്ങളുടെ കൂട്ടത്തില്‍ വീണ്ടും വീണ്ടും അതു ആവര്‍ത്തിച്ചടക്കം ചെയ്യപ്പെട്ടിരിക്കുന്നതായും, ഇബാദത്തിന്റെ കാര്യം മൂന്നാമത്തെ ഉപദേശത്തില്‍ ഒന്നുകൂടി ഉള്‍പ്പെടുത്തി ആവര്‍ത്തിക്കപ്പെട്ടിരിക്കുന്നതായും കാണാം. ഇതില്‍ നിന്നു ഓരോ ഇനത്തിന്റെയും പ്രാധാന്യം നമുക്കു മനസ്സിലാക്കാം.

(4). ഈ ഉപദേശങ്ങള്‍ സ്വീകരിക്കുന്നപക്ഷം നിങ്ങള്‍ക്കു വിജയം സിദ്ധിച്ചേക്കാമെന്നാണ് അല്ലാഹു തുടര്‍ന്നു പറയുന്നത്. ഇതില്‍ നാം മനസ്സിരുത്തേണ്ടുന്ന ഒരു പ്രധാനസംഗതി അടങ്ങുന്നുണ്ട്. മേല്‍പറഞ്ഞ മൂന്ന് ഇനങ്ങളില്‍ (നമസ്ക്കാരം, ഇബാദത്ത്, നന്‍മ പ്രവര്‍ത്തിക്കല്‍ എന്നിവയില്‍) ഏതെങ്കിലും ഒന്നില്‍മാത്രം മുഴുകിയിരിക്കയും, മറ്റുള്ളവയില്‍ അശ്രദ്ധ കാണിക്കുകയും ചെയ്‌താല്‍പോര – സന്ദര്‍ഭത്തിനും കഴിവിനും അനുസരിച്ച് എല്ലാ ഇനത്തില്‍പെട്ട സല്‍കാര്യങ്ങളും അനുഷ്ഠിച്ചെങ്കില്‍ മാത്രമേ വിജയം കൈവരികയുള്ളു – എന്നുള്ളതാണത്. വാസ്തവത്തില്‍ മനുഷ്യന്‍ അനുഷ്ഠാനത്തില്‍ വരുത്തേണ്ടുന്ന കടമകളെല്ലാം തന്നെ ഈ മൂന്നു വാക്കില്‍ അടങ്ങിയിട്ടുണ്ട്. അവസാനത്തെ ആയത്തില്‍ പ്രത്യേകം എടുത്തുപറഞ്ഞിട്ടുള്ളത് ആ മൂന്നു ഇനത്തില്‍പെട്ട ചില പ്രധാന വിഷയങ്ങളെ മാത്രമാണെന്നു കാണാം. അതുകൊണ്ടാണ് വിജയസിദ്ധിയുടെ വാഗ്ദാനം ഈ മൂന്നു കാര്യങ്ങളോട് ചേര്‍ത്തുതന്നെ നല്‍കുന്നതും.

(5). പിന്നീട്, അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ സമരം ചെയ്‌വാന്‍ (اَلْجِهَادُ فِي سَبِيلِ اللهِ) കല്‍പിക്കുന്നു. മേല്‍ പറഞ്ഞ സല്‍ക്കാര്യങ്ങളുടെ കൂട്ടത്തില്‍ അതിപ്രധാനമായ ഒന്നത്രെ അല്ലാഹുവിനുവേണ്ടിയുള്ള – അതെ അവന്റെ മത വിഷയത്തിലുള്ള – സമരം. സമരമുഖങ്ങള്‍ പലതുണ്ട്: 1. അവിശ്വാസികള്‍ തുടങ്ങിയ ഇസ്ലാമിന്റെ പ്രത്യക്ഷ ശത്രുക്കളുമായുള്ള സമരം. ഇതില്‍ യുദ്ധംവരെയുള്ള പലതും ഉള്‍പ്പെടുന്നു. 2. പിശാചിനോടുള്ള സമരം. 3. തന്നിഷ്ടത്തോടുള്ള സമരം. ഒരു കണക്കിന് ഈ ഒടുവില്‍ പറഞ്ഞ സമരമാണ്, മറ്റു രണ്ടിലും വെച്ചു കൂടുതല്‍ പ്രയാസകരമായത്. അതുകൊണ്ടാണ് ഇമാം ബൈഹക്വീ (رحمه الله)യും മറ്റും രിവായത്തു ചെയ്യുന്ന ഒരു ഹദീഥില്‍ ഇപ്രകാരം കാണുന്നത്:- ഒരു യുദ്ധം കഴിഞ്ഞു വരുന്ന സ്വഹാബികളോട് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനി പറഞ്ഞു:- “നിങ്ങള്‍ ചെറിയ സമരത്തില്‍ നിന്നു വലിയ സമരത്തിലേക്ക് വന്നിരിക്കുന്നു.” അപ്പോള്‍ ചോദിക്കപ്പെട്ടു: “ഏതാണ് വലിയ സമരം?” തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഉത്തരം പറഞ്ഞു: مُجَاهَدَةُ الْعَبْدِ هَوَاهُ (അടിയന്‍ തന്റെ തന്നിഷ്ടത്തോട് നടത്തുന്ന സമരമാണ്).” മേല്‍ പറഞ്ഞ എല്ലാ സമരങ്ങളും, അതതിന്റെ സ്ഥാനവും, സ്ഥലവും അനുസരിച്ചു നടത്തപ്പെടണമെന്നാണ് ഇവിടെ കല്‍പിക്കപ്പെടുന്നത്. ദേഹംകൊണ്ടും, ധനംകൊണ്ടുമുള്ള എല്ലാ സമരവകുപ്പുകളും അതില്‍ ഉള്‍പ്പെടുന്നു. വേദനയേറിയ ശിക്ഷയില്‍നിന്നു രക്ഷ നല്‍കുന്നതും, പാപങ്ങള്‍ പൊറുക്കുവാനും, സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുവാനും കാരണമാക്കുന്നതുമായ കാര്യങ്ങള്‍ വിവരിച്ചുകൊണ്ട് സൂ: സ്വഫ്-ഫില്‍ (الصف) അല്ലാഹു ഇങ്ങിനെ പറയുന്നു:-

تُؤْمِنُونَ بِاللَّـهِ وَرَسُولِهِ وَتُجَاهِدُونَ فِي سَبِيلِ اللَّـهِ بِأَمْوَالِكُمْ وَأَنفُسِكُمْ ۚ ذَٰلِكُمْ خَيْرٌ لَّكُمْ إِن كُنتُمْ تَعْلَمُونَ ﴿١١﴾ – الصف

സാരം: (നിങ്ങള്‍ അല്ലാഹുവിലും, അവന്റെ റസൂലിലും വിശ്വസിക്കണം; അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ നിങ്ങളുടെ സ്വത്തുക്കള്‍കൊണ്ടും ദേഹങ്ങള്‍കൊണ്ടും സമരം ചെയ്യുകയും വേണം. അതു നിങ്ങള്‍ക്കു ഉത്തമമായിട്ടുള്ളതാണ് – നിങ്ങള്‍ അറിയുന്നവരാണെങ്കില്‍).

(6). ‘അവന്‍ നിങ്ങളെ തിരഞ്ഞെടുത്തിരിക്കുന്നു’ വെന്ന വാക്യം, മുസ്‌ലിം സമുദായത്തിന് അല്ലാഹു നല്‍കുന്ന ഒരു കീര്‍ത്തിമുദ്രയാകുന്നു. പ്രവാചകന്‍മാരില്‍വെച്ച് ഏറ്റവും ശ്രേഷ്ഠനായ റസൂലിനെയും, വേദഗ്രന്ഥങ്ങളില്‍വെച്ച് ഏറ്റവും ശ്രേഷ്ഠമായ വേദഗ്രന്ഥവും, നിയമസംഹിതയില്‍വെച്ച് കൂടുതല്‍ പരിപൂര്‍ണ്ണമായ നിയമ സംഹിതയും തന്ന് നിങ്ങളെ അവന്‍ ശ്രേഷ്ഠമാക്കിയിട്ടുണ്ട് എന്നു സാരം. അതുകൊണ്ട് മേല്‍പറഞ്ഞ ഉപദേശങ്ങളനുസരിച്ച് നടക്കുവാന്‍ മറ്റേതു സമുദായത്തെക്കാളുമധികം നിങ്ങള്‍ക്ക് ബാധ്യതയുണ്ട് എന്ന ഒരു സൂചനയും അതിലടങ്ങുന്നു.

(7). ഇത്രയും പറയുമ്പോള്‍, നിങ്ങള്‍ക്കു വഹിക്കുവാന്‍ കഴിയാത്തതോ, അനുഷ്ഠിക്കുക സാധ്യമല്ലാത്തതോ ആയ വമ്പിച്ച ഒരു ഭാരമാണ് നിങ്ങളില്‍ ചുമത്തപ്പെട്ടിരിക്കുന്നതെന്ന് കരുതേണ്ട – ‘മതത്തില്‍ നിങ്ങളുടെമേല്‍ യാതൊരു വിഷമതയും ഏര്‍പ്പെടുത്തിയിട്ടില്ല.’ (وَمَا جَعَلَ عَلَيْكُمْ فِي الدِّينِ مِنْ حَرَجٍ) – എന്ന് പരമകാരുണികനായ അല്ലാഹു നമ്മെ സമാധാനിപ്പിക്കുന്നു. നമസ്കാരം തുടങ്ങി ജിഹാദു (സമരം) വരെയുള്ള എല്ലാ കാര്യങ്ങളും ഓരോരുത്തരും അവരുടെ കഴിവനുസരിച്ച് മാത്രമാണ് ചെയ്യേണ്ടതുള്ളത്; ഓരോ ദേഹത്തിനും ചെയ്യാന്‍ നിവൃത്തിയുള്ളതല്ലാതെ അവന്‍ നിങ്ങളോട് ശാസിക്കുന്നില്ല. ( لَا يُكَلِّفُ اللَّـهُ نَفْسًا إِلَّا وُسْعَهَا) . ഓരോ കല്‍പനയും അനുസരിക്കുന്നതില്‍ സാന്ദര്‍ഭികമായി ഏര്‍പ്പെട്ടേക്കുന്ന ബുദ്ധുമുട്ടുകളില്‍ അതാതിന്നനുയോജ്യമായ വിട്ടുവീഴ്ചകളും, ഇളവുകളും (الرخصة) അവന്‍ അനുവദിച്ചിട്ടുണ്ട്. നിങ്ങളെ ഞെരുക്കണമെന്ന് അവന്‍ ഉദ്ദേശിക്കുന്നേയില്ല (وَلَا يُرِيدُ بِكُمُ الْعُسْرَ) . യാത്രകളില്‍ രണ്ടുനേരത്തെ നമസ്ക്കാരം ഒരേസമയത്ത് നിങ്ങള്‍ക്ക് കൂട്ടിച്ചേര്‍ത്തു (جمع ആക്കി) നമസ്ക്കരിക്കാം, വലിയ നമസ്ക്കാരങ്ങള്‍ ചുരുക്കി (قصر ആക്കി) നമസ്ക്കരിക്കുകയും ചെയ്യാം. യാത്രയിലോ, രോഗത്തിലോ ആകുമ്പോള്‍ നോമ്പ് നീട്ടി വെക്കാം. അങ്ങിനെ എത്രയോ ഉദാഹരണങ്ങള്‍! എനി, കടമകള്‍ നിര്‍വ്വഹിക്കുന്നതില്‍ നിങ്ങള്‍ വല്ല അലസതയും വരുത്തിയെന്നിരിക്കട്ടെ; എന്നാല്‍, നിങ്ങള്‍ക്കു നിങ്ങളുടെ റബ്ബിനോട് പാപം പൊറുത്തുതരുവാനപേക്ഷിക്കാം. നിശ്ചയമായും അവന്‍ ധാരാളം പൊറുക്കുന്നവനാണ്. (اسْتَغْفِرُوا رَبَّكُمْ إِنَّهُ كَانَ غَفَّارًا).

(8). മുമ്പ് ആര്‍ക്കുമില്ലാത്ത ഒരു പുതിയ മാര്‍ഗ്ഗമൊന്നുമല്ല നിങ്ങളോട് ഉപദേശിക്കുന്നതും, കല്‍പിക്കുന്നതും. നിങ്ങളുടെ പൂര്‍വ്വപിതാവും, എല്ലാവരാലും ആദരിക്കപ്പെടുന്ന പ്രവാചകനുമായ ഇബ്രാഹീം (عليه الصلاة والسلام) നബിയുടെ മാര്‍ഗ്ഗം പിന്‍പറ്റണമെന്നാണ്, നിങ്ങളോട് ഉപദേശിക്കപ്പെടുന്നതിന്റെ ചുരുക്കം. അദ്ദേഹം ആചരിച്ചതും, പ്രബോധനം ചെയ്തതും ഇങ്ങിനെത്തന്നെയായിരുന്നു, എന്നൊക്കെയാണ് ‘നിങ്ങളുടെ പിതാവ് ഇബ്രാഹീമിന്റെ മാര്‍ഗ്ഗം’ എന്നു പ്രസ്താവിച്ചതിന്റെ വിവക്ഷ.

സത്യവിശ്വാസികളില്‍, അറബികളും, അല്ലാത്തവരും ഉള്‍പ്പെടുമല്ലോ. അറബികളെ സംബന്ധിച്ചിടത്തോളം അവര്‍ ജൂതന്‍മാരോ ക്രിസ്ത്യാനികളോ ആയിക്കൊള്ളട്ടെ – അവരുടെ പൂര്‍വ്വപിതാവാണ് ഇബ്രാഹീം നബി (عليه الصلاة والسلام) എന്നു വ്യക്തമാകുന്നു. ക്വുര്‍ആന്‍ അവതരിച്ചു കൊണ്ടിരിക്കുമ്പോഴത്തെ മുസ്ലിംകള്‍ മിക്കവാറും അറബികളായിരുന്നു. ക്വുര്‍ആന്‍ ആദ്യമായി അഭിമുഖീകരിക്കുന്നതും അവരെയാണ്. കൂടാതെ, ക്വുര്‍ആനില്‍

النَّبِيُّ أَوْلَىٰ بِالْمُؤْمِنِينَ مِنْ أَنفُسِهِمْ – الأحزاب

(സത്യവിശ്വാസികളോട്, അവരുടെ സ്വന്തം ദേഹത്തെക്കാള്‍ ബന്ധപ്പെട്ട ആളാണ്‌ പ്രവാചകന്‍) എന്നും അല്ലാഹു പറയുന്നുണ്ട്. ആ നിലക്ക് പ്രവാചകന്‍മാര്‍ സമുദായത്തിന്റെ ആത്മപിതാക്കളുമാണ്. അതുകൊണ്ടുതന്നെയാണ്, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയുടെ ഭാര്യമാരെക്കുറിച്ചു ‘സത്യവിശ്വാസികളുടെ ഉമ്മമാര്‍’ (اُمَّهَاتُ الْمُؤْمِنِين) എന്നു പറയുന്നതും. ഇങ്ങിനെ നോക്കുമ്പോള്‍ ‘നിങ്ങളുടെ പിതാവ്’ എന്ന ഇബ്രാഹീം (عليه الصلاة والسلام) നബിയെക്കുറിച്ചു പ്രസ്താവിച്ചത്, അറബികളല്ലാത്തവരെ സംബന്ധിച്ചും അര്‍ത്ഥവത്താണെന്നു കാണാം. ഇബ്രാഹീം (عليه الصلاة والسلام) നബിയുടെ നടപടി മാര്‍ഗ്ഗത്തെപ്പറ്റി ഇങ്ങിനെ വിശേഷിപ്പിക്കപ്പെടാറുണ്ട്. الحنيفية السمحة ليلها كنهارها (സാരം: വളവും തിരിവുമില്ലാത്ത ഋജുവായ വിശാലമാര്‍ഗ്ഗം. അതിന്റെ രാത്രിയും പകല്‍പോലെതന്നെ സ്പഷ്ടവും, വ്യക്തവുമാണ്.)

(9). മുന്‍വേദങ്ങളിലും, ഈ വേദത്തിലും ‘മുസ്‌ലിംകള്‍’ എന്നു അല്ലാഹു നമുക്ക് പേരുവെച്ചിരിക്കുന്നതായി അല്ലാഹു നമ്മെ അറിയിക്കുന്നു. അല്ലാഹു മനുഷ്യവര്‍ഗ്ഗത്തിനുവേണ്ടി തൃപ്തിപ്പെട്ടുകൊടുത്ത ഒരേ മതമാണ്‌ ഇസ്‌ലാം. അത് അനുസരിക്കുന്നവര്‍ക്ക്‌ അന്നും, ഇന്നും മുസ്ലിംകള്‍ എന്നുതന്നെ പേര്‍. അല്ലാഹുവിന്റെ നിയമങ്ങള്‍ക്ക് കീഴ്പ്പെട്ടവര്‍, തന്റേതെല്ലാം അല്ലാഹുവിനായി വിട്ടുകൊടുക്കുന്നവര്‍ എന്നൊക്കെയാണ് ആ പേരിന്റെ അര്‍ത്ഥം. ഹാ! എത്ര നല്ല പേര്‍! എത്ര അര്‍ത്ഥവത്തായ നാമം! ഈ പരിപാവന നാമത്തിന്റെ യഥാര്‍ത്ഥ അര്‍ഹന്മാരില്‍ അല്ലാഹു നമ്മെ ഉള്‍പ്പെടുത്തട്ടെ! آمين

(10). മുഹമ്മദു (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യുടെ സമുദായമേ! ഇങ്ങിനെയൊക്കെ നിങ്ങള്‍ തിരഞ്ഞെടുക്കപ്പെടുകയും ബഹുമാനിക്കപ്പെടുകയും ചെയ്തിരിക്കുന്നതുമൂലം, നിങ്ങളെക്കൊണ്ട് ചില കാര്യങ്ങള്‍ ഉദ്ദേശിക്കപ്പെട്ടിട്ടുണ്ട്; അത് നിങ്ങള്‍ ഓര്‍ക്കേണ്ടതും, പ്രായോഗികമാക്കേണ്ടതുമാണ് എന്നത്രെ പിന്നീട് അല്ലാഹു നമ്മെ ഉണര്‍ത്തുന്നത്. ‘റസൂല്‍ നിങ്ങള്‍ക്കു സാക്ഷിയും, നിങ്ങള്‍ മനുഷ്യര്‍ക്ക്‌ സാക്ഷികളും ആയിത്തീരുവാന്‍ വേണ്ടി’ എന്ന വാക്യം അതാണ്‌ കാണിക്കുന്നത്. മുസ്‌ലിം സമുദായത്തില്‍ പല ജനതകളും, പലപ്പോഴായി കാലം കഴിഞ്ഞുപോയിട്ടുണ്ട്. ഓരോന്നിലും, ഒന്നോ അധികമോ പ്രവാചകന്‍മാരും ഉണ്ടായിരുന്നു. എന്നാല്‍, നിങ്ങളുടെ പ്രവാചകന്‍ അന്ത്യപ്രവാചകനാണ്‌; എനിയൊരു പ്രവാചകന്‍ എഴുന്നേല്‍പ്പിക്കപ്പെടുവാനില്ല. അതുകൊണ്ട് നിങ്ങള്‍ മുസ്‌ലിം സമുദായങ്ങളില്‍വെച്ചു അവസാനത്തെ സമുദായമാകുന്നു. ലോകാവസാനം വരെ നിങ്ങള്‍ നിലനില്‍ക്കണം. അഥവാ, നിങ്ങള്‍ വഴി ഇസ്ലാം നിലനില്‍ക്കേണ്ടതുണ്ട്. അതിനാല്‍ നിങ്ങളുടെ മാര്‍ഗ്ഗം നിങ്ങള്‍ക്കു കാണിച്ചും, പഠിപ്പിച്ചും തരുവാന്‍ വേണ്ടി നാം മുഹമ്മദ്‌ (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) നബിയെ നിങ്ങളില്‍ അയച്ചുതന്നിരിക്കുന്നു. അദ്ദേഹത്തിന്റെ പ്രബോധനവും, ചര്യയും പിന്‍തുടര്‍ന്നുകൊണ്ട് നിങ്ങള്‍ അദ്ദേഹത്തെ നിങ്ങള്‍ക്കു സാക്ഷിയും, മാതൃകയുമായി സ്വീകരിക്കേണ്ടതുണ്ട്. അതേ സാക്ഷ്യവും, മാതൃകയും നിങ്ങള്‍വഴി ലോകാവസാനംവരെയുള്ള ജനങ്ങളിലും നിലനില്‍ക്കേണ്ടതുണ്ട്. ചുരുക്കി പറഞ്ഞാല്‍ നിങ്ങളുടെ നടപടികളത്രയും, നിങ്ങള്‍ റസൂലില്‍നിന്ന് പഠിച്ചു പരിചയിക്കുകയും, അത് മറ്റുള്ളവര്‍ക്ക് അതേപടി നിങ്ങള്‍ കാണിച്ചുകൊടുക്കുകയും ചെയ്യേണ്ടതുണ്ട്. ഈ മാതൃകാസാക്ഷ്യം മുസ്‌ലിംകള്‍ നിറവേറ്റുന്നപക്ഷം, ഇതിനെക്കാള്‍ ഉന്നതവും, മഹത്വം കൂടിയതുമായ ഒരു സാക്ഷ്യത്തിന്റെ പദവി അവര്‍ക്ക് പരലോകത്തുവെച്ചും ലഭിക്കുവാനുണ്ട്. അതാണിവിടെ പ്രധാനമായും ഉദ്ദേശിക്കപ്പെടുന്നത്. പക്ഷേ, ഈ ഐഹിക സാക്ഷ്യം നിറവേറ്റാത്തവന് ആ ഉന്നത സാക്ഷ്യത്തിന്റെ പദവിക്ക് അര്‍ഹതയുണ്ടായിരിക്കയില്ല.

അതായത്: മേല്‍പറഞ്ഞ ഉദ്ദേശ്യങ്ങളനുസരിച്ചും, ഇബ്രാഹീം (عليه الصلاة والسلام) നബിയുടെ മാര്‍ഗ്ഗം പിന്‍പറ്റിയും കൊണ്ടു ജീവിക്കുന്നപക്ഷം ക്വിയാമത്തുനാളില്‍, നിങ്ങള്‍ ഉത്തമന്‍മാരും നേര്‍മാര്‍ഗ്ഗികളുമാണെന്നതിന് റസൂല്‍ നിങ്ങള്‍ക്കു സാക്ഷിയായിരിക്കും. മാത്രമല്ല, ഇതര ജനങ്ങള്‍ നല്ലവരോ, ചീത്തപ്പെട്ടവരോ എന്നതിനു നിങ്ങളും അവിടെ സാക്ഷികളായിരിക്കുമെന്നര്‍ത്ഥം. അല്ലാഹുവിന്റെ ന്യായാധിപത്യത്തില്‍ നടക്കുന്ന ആ വമ്പിച്ച കോടതിയില്‍ സ്വീകരിക്കപ്പെടുന്ന സാക്ഷികള്‍ അതിഭാഗ്യവാന്‍മാര്‍തന്നെ! അല്ലാഹു നമ്മെ അക്കൂട്ടത്തില്‍ ഉള്‍പ്പെടുത്തട്ടെ! ആമീന്‍! റസൂല്‍ നിങ്ങള്‍ക്കും, നിങ്ങള്‍ ജനങ്ങള്‍ക്കും സാക്ഷികളായിത്തീരുക എന്നു പറഞ്ഞതിനു മുന്‍ഗാമികളാല്‍ പ്രമാണിക്കപ്പെട്ടു വന്നിട്ടുള്ള വ്യാഖ്യാനം ഈ രണ്ടാമതു പറഞ്ഞതാണ്. ഈ സ്ഥാനം ലഭിക്കേണമെങ്കില്‍ ആദ്യം ചൂണ്ടിക്കാട്ടിയ സാക്ഷ്യം നാം നിറവേറ്റിയേ തീരൂ എന്നു വ്യക്തമാണ്. അതോടു ബന്ധപ്പെടുത്തിക്കൊണ്ട് അല്ലാഹു തുടര്‍ന്നു പറയുന്നതു നോക്കുക:

(11). ‘ആകയാല്‍, നിങ്ങള്‍ നമസ്കാരം നിലനിറുത്തുകയും, സകാത്തു കൊടുക്കുകയും, അല്ലാഹുവിനെ മുറുകെപ്പിടിക്കുകയും ചെയ്യുവിന്‍’. (فَأَقِيمُوا الصَّلَاةَ وَآتُوا الزَّكَاةَ وَاعْتَصِمُوا بِاللَّـهِ). ഈ മൂന്നു കാര്യങ്ങളും വാസ്തവത്തില്‍, മുകളില്‍ പറഞ്ഞ ഉപദേശങ്ങളില്‍ ഉള്‍പ്പെട്ടിട്ടുള്ളതുതന്നെയാണ്. അതെ, അതിന്റെ ഒരു വകഭേദത്തോടുകൂടിയുള്ള ആവര്‍ത്തനമാകുന്നു. ഇസ്ലാമിലെ മൗലികപ്രധാനമായ രണ്ടു നിര്‍ബ്ബന്ധ കര്‍മ്മങ്ങളുടെ – നമസ്കാരത്തിന്റെയും സകാത്തിന്റെയും – കാര്യം ഇവിടെ പ്രത്യേകം ഓര്‍മ്മിപ്പിച്ചിരിക്കുകയാണ്. മനുഷ്യനും സൃഷ്ടാവും തമ്മിലുള്ള കെട്ടുപാടുകളെ പ്രതിഫലിപ്പിക്കുന്നതും, ആത്മീയശുദ്ധി കൈവരുത്തുന്നതിന് മറ്റേതിനെക്കാളും ഉപയുക്തവുമായ ഒരു ആരാധനാകര്‍മ്മമാണ് നമസ്കാരം. മനുഷ്യനും സമുദായവും തമ്മിലുള്ള കെട്ടുപാടുകളെ പ്രതിഫലിപ്പിക്കുന്ന സാമൂഹ്യമായ കടമകളില്‍ മികച്ചു നില്‍ക്കുന്നതാണ് സകാത്ത്. മതത്തിന്റെ പേരില്‍, ക്വുര്‍ആന്റെ പേരില്‍, തൗഹീദിന്റെ പേരില്‍ – അങ്ങനെ പല നിലക്കും – മനുഷ്യന്‍ പലതും അംഗീകരിക്കേണ്ടതുണ്ട്; പ്രവര്‍ത്തിക്കേണ്ടതുണ്ട്. അവയ്ക്കെല്ലാം നിദാനമായിട്ടുള്ള ഏകാടിസ്ഥാനമാണ്, ‘നിങ്ങള്‍ അല്ലാഹുവിനെ മുറുകെപ്പിടിക്കുവിന്‍’ (وَاعْتَصِمُوا بِاللَّـهِ) എന്നു പറഞ്ഞത്. വളരെ വിപുലമായ സാരങ്ങളാണ് ആ വാക്ക് ഉള്‍ക്കൊള്ളുന്നത് എന്നു ചിന്തിക്കുന്നവര്‍ക്കറിയാം, കൂടുതല്‍ വിശദീകരിക്കേണ്ടതില്ല.

(12). അല്ലാഹു നിര്‍ദ്ദേശിച്ചതും, കല്‍പിച്ചതുമെല്ലാം നിങ്ങള്‍ സ്വീകരിക്കണം; ഒരിക്കലും അവന്‍ നിശ്ചയിച്ച പരിധി വിട്ടുപോകരുത്; എല്ലാവരും ഈ ഒരു അടിസ്ഥാനത്തില്‍ നിലകൊള്ളണം; തമ്മില്‍ ഭിന്നിച്ചുകൊണ്ടോ, അല്ലാഹുവിന്റെ മാര്‍ഗ്ഗവും പിശാചിന്റെ മാര്‍ഗ്ഗവും തമ്മില്‍ കൂട്ടിക്കലര്‍ത്തിക്കൊണ്ടോ ആയിരിക്കരുത്; നിങ്ങളുടെ ഉദ്ദിഷ്ടങ്ങള്‍ ശരിപ്പെടുന്നതിലും, വിഷമങ്ങള്‍ക്കു പരിഹാരമുണ്ടാകുന്നതിലുമെല്ലാം നിങ്ങള്‍ അല്ലാഹുവിനെ മാത്രം ശരണം പ്രാപിക്കണം; മറ്റാരിലും നിങ്ങളുടെ അപേക്ഷ അര്‍പ്പിക്കരുത്; നിങ്ങള്‍ അവനെ മാത്രം ആശ്രയിക്കുകയും, അവനില്‍ മാത്രം വിശ്വാസവും ഭക്തിയും അര്‍പ്പിക്കുകയും ചെയ്യുന്നപക്ഷം, അവന്‍ നിങ്ങള്‍ക്കു എല്ലാവിധ സഹായവും, രക്ഷയും നല്‍കുന്നതാണ്. എന്നിങ്ങിനെയുള്ള അനേകം സൂചനകള്‍ وَاعْتَصِمُوا بِاللَّـهِ (നിങ്ങള്‍ അല്ലാഹുവിനെ മുറുകെപ്പിടിക്കുവിന്‍) എന്ന തിരുവാക്യത്തില്‍ അന്തര്‍ഭവിച്ചുകിടപ്പുണ്ട്. സത്യവിശ്വാസികള്‍ക്കു സന്തോഷവും, ആവേശവും നല്‍കിക്കൊണ്ട് അല്ലാഹു ഈ അദ്ധ്യായം ഇങ്ങനെ ഉപസംഹരിക്കുന്നു: ‘അവന്‍ നിങ്ങളുടെ യജമാനനാണ്. അപ്പോള്‍ നിങ്ങളുടെ യജമാനന്‍ എത്രയോ നല്ല യജമാനന്‍! എത്രയോ നല്ല സഹായകാനും!’ (هُوَ مَوْلَاكُمْ ۖ فَنِعْمَ الْمَوْلَىٰ وَنِعْمَ النَّصِيرُ).

والحمد لله رب العالمين وله المنة والفضل