സൂറത്തുല്‍ ഹജ്ജ് : 049-064
വിഭാഗം - 7
- قُلْ يَـٰٓأَيُّهَا ٱلنَّاسُ إِنَّمَآ أَنَا۠ لَكُمْ نَذِيرٌ مُّبِينٌ ﴾٤٩﴿
- (നബിയേ) പറയുക: 'ഹേ, മനുഷ്യരേ! നിശ്ചയമായും ഞാൻ നിങ്ങൾക്ക് വ്യക്തമായ ഒരു താക്കീതുകാരൻ മാത്രമാണ്.'
- قُلْ പറയുക يَـٰٓأَيُّهَا ٱلنَّاسُ ഹേ മനുഷ്യരെ إِنَّمَآ أَنَا۠ നിശ്ചയമായും ഞാൻ لَكُمْ നിങ്ങൾക്കു نَذِيرٌ ഒരു താക്കീതുകാരൻ തന്നെ مُّبِينٌ വ്യക്തമായ, സ്പഷ്ടമായ
- فَٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ لَهُم مَّغْفِرَةٌ وَرِزْقٌ كَرِيمٌ ﴾٥٠﴿
- എന്നാൽ, വിശ്വസിക്കുകയും, സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്തവർക്ക് പാപമോചനവും, മാന്യമായ ഉപജീവനവും ഉണ്ടായിരിക്കും.
- فَٱلَّذِينَ എന്നാൽ യാതൊരുകൂട്ടർ ءَامَنُوا۟ അവർ വിശ്വസിച്ചു وَعَمِلُوا۟ അവർ പ്രവൃത്തിക്കുകയും ചെയ്തു ٱلصَّـٰلِحَـٰتِ സൽക്കർമ്മങ്ങൾ لَهُم അവർക്കുണ്ട് مَّغْفِرَةٌ പാപമോചനം وَرِزْقٌ ഉപജീവനവും, ആഹാരവും كَرِيمٌ മാന്യമായ
- وَٱلَّذِينَ سَعَوْا۟ فِىٓ ءَايَـٰتِنَا مُعَـٰجِزِينَ أُو۟لَـٰٓئِكَ أَصْحَـٰبُ ٱلْجَحِيمِ ﴾٥١﴿
- (നമ്മെ) തോൽപിക്കാമെന്ന് നടിച്ചുകൊണ്ട് നമ്മുടെ ലക്ഷ്യങ്ങളിൽ (കുഴപ്പമുണ്ടാക്കുവാൻ) പരിശ്രമം നടത്തുന്നവരാകട്ടെ, അവർ നരകത്തിന്റെ ആൾക്കാരുമത്രെ.
- وَٱلَّذِينَ യാതൊരുകൂട്ടരാകട്ടെ سَعَوْا۟ അവർ പരിശ്രമം നടത്തി (കുഴപ്പത്തിനു) فِىٓ ءَايَـٰتِنَا നമ്മുടെ ലക്ഷ്യങ്ങളിൽ مُعَـٰجِزِينَ തോൽപ്പിക്കാമെന്നു നടിക്കുന്നവരായി, അസാദ്ധ്യപ്പെടുത്തുവാൻ നോക്കുന്നവരായി أُو۟لَـٰٓئِكَ അക്കൂട്ടർ أَصْحَـٰبُ ٱلْجَحِيمِ നരകത്തിന്റെ ആൾക്കാരാണ്
ശിക്ഷയും, പ്രതിഫലവും ഒന്നും തന്നെ എന്റെ കയ്യിലില്ല, അതെല്ലാം അല്ലാഹുവിന്റെ കയ്യിൽ മാത്രമാണ് ഞാൻ അവന്റെ കൽപ്പനപ്രകാരം നിങ്ങളെ താക്കീതു ചെയ്‍വാൻവേണ്ടിമാത്രം നിയോഗിക്കപ്പെട്ടവനത്രെ ഈ താക്കീത് സ്വീകരിക്കുന്നപക്ഷം നിങ്ങൾക്കു ലഭിക്കുന്ന നേട്ടവും, അല്ലാഹുവിനെ തോൽപിക്കാമെന്നുള്ള ഭാവത്തിൽ അവന്റെ ലക്ഷ്യങ്ങളെ ധിക്കരിക്കുന്ന പക്ഷം അതിനു ശിക്ഷയും – ഇതാ – ഇപ്പറഞ്ഞ പ്രകാരമാണ് അതുകൊണ്ട് നിങ്ങൾ നിങ്ങളുടെ ഇഷ്ടം പോലെ ചെയ്തേക്കുക. എന്നിങ്ങിനെ അവരോട് പറയുവാൻ അല്ലാഹു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യെ ഉപദേശിക്കുകയാണ്. അടുത്ത ആയത്തിൽ ഇങ്ങനെ അറിയിക്കുകയും ചെയ്യുന്നു:-
- وَمَآ أَرْسَلْنَا مِن قَبْلِكَ مِن رَّسُولٍ وَلَا نَبِىٍّ إِلَّآ إِذَا تَمَنَّىٰٓ أَلْقَى ٱلشَّيْطَـٰنُ فِىٓ أُمْنِيَّتِهِۦ فَيَنسَخُ ٱللَّهُ مَا يُلْقِى ٱلشَّيْطَـٰنُ ثُمَّ يُحْكِمُ ٱللَّهُ ءَايَـٰتِهِۦ ۗ وَٱللَّهُ عَلِيمٌ حَكِيمٌ ﴾٥٢﴿
- നിനക്കുമുമ്പ് ഒരു റസൂലിനെയാകട്ടെ, നബിയെയാകട്ടെ, നാം അയക്കുകയുണ്ടായിട്ടില്ല, അദ്ദേഹം (നമ്മുടെ ലക്ഷ്യങ്ങൾ) ഓതക്കൊടുത്താൽ (ആ) ഓതിക്കൊടുക്കുന്നതിൽ പിശാച് (ദുർബ്ബോധനങ്ങൾ) ഇട്ടുകളയാതെ. എന്നാൽ പിശാച് (അതിൽ) ഇട്ടു കളയുന്നതിനെ അല്ലാഹു ദുർബ്ബലപ്പെടുത്തിക്കളയുന്നു; എന്നിട്ട്, തന്റെ (വചനങ്ങളാകുന്ന) ലക്ഷ്യങ്ങളെ അല്ലാഹു പ്രബലപ്പെടുത്തുകയും ചെയ്യുന്നു. അല്ലാഹു, സർവ്വജ്ഞനും യുക്തിജ്ഞാനിയുമാകുന്നു.
- وَمَآ أَرْسَلْنَا നാം അയച്ചിട്ടില്ല مِن قَبْلِكَ നിനക്കുമുമ്പ് مِن رَّسُولٍ ഒരു റസൂലിനെ (ദൂതനെ)യും وَلَا نَبِىٍّ നബിയെ (പ്രവാചകനെ)യും ഇല്ല إِلَّآ ഒഴികെ, അല്ലാതെ إِذَا تَمَنَّىٰٓ അദ്ദേഹം ഓതിക്കൊടുത്താൽ أَلْقَى ٱلشَّيْطَـٰنُ പിശാചു ഇട്ടുകളയും (ഇങ്ങിനെയായിട്ടല്ലാതെ) فِىٓ أُمْنِيَّتِهِۦ അദ്ദേഹം ഓതികൊടുത്തതിൽ فَيَنسَخُ ٱللَّـهُ എന്നാൽ അല്ലാഹു ദുർബ്ബലപെടുത്തും مَا يُلْقِى ٱلشَّيْطَـٰنُ പിശാചു ഇട്ടുകളയുന്നതിനെ ثُمَّ يُحْكِمُ പിന്നെ പ്രബലപ്പെടുത്തും, ശക്തിപ്പെടുത്തും ٱللَّـهُ അല്ലാഹു ءَايَـٰتِهِۦ തന്റെ ആയത്തുകളെ, ലക്ഷ്യങ്ങളെ وَٱللَّـهُ عَلِيمٌ അല്ലാഹു സർവ്വജ്ഞനാണ് حَكِيمٌ യുക്തിജ്ഞാനിയാണ്, അഗാധജ്ഞനാണ്
- لِّيَجْعَلَ مَا يُلْقِى ٱلشَّيْطَـٰنُ فِتْنَةً لِّلَّذِينَ فِى قُلُوبِهِم مَّرَضٌ وَٱلْقَاسِيَةِ قُلُوبُهُمْ ۗ وَإِنَّ ٱلظَّـٰلِمِينَ لَفِى شِقَاقٍۭ بَعِيدٍ ﴾٥٣﴿
- പിശാച് ഇട്ടു കളയുന്നതിനെ [ദുർബ്ബോധങ്ങളെ] ഹൃദയങ്ങളിൽ രോഗമുള്ളവർക്കും, ഹൃദയങ്ങൾ കടുത്തുപോയിട്ടുള്ളവർക്കും ഒരു പരീക്ഷണമാക്കുവാനായിട്ടത്രെ (അത്). നിശ്ചയമായും, അക്രമകാരികൾ വിദൂരമായ [കഠിനമായ] കക്ഷിത്വത്തിലാണ്.
- لِّيَجْعَلَ ആക്കുവാൻ വേണ്ടി مَا يُلْقِى ٱلشَّيْطَـٰنُ പിശാചു ഇട്ടുകളയുതു فِتْنَةً ഒരു പരീക്ഷണം لِّلَّذِينَ യാതൊരുകൂട്ടർക്കു فِى قُلُوبِهِم അവരുടെ ഹൃദയങ്ങളിലുണ്ട് مَّرَضٌ (ഒരു തരം) രോഗം وَٱلْقَاسِيَةِ കടുത്തവർക്കും قُلُوبُهُمْ തങ്ങളുടെ ഹൃദയങ്ങൾ وَإِنَّ ٱلظَّـٰلِمِينَ നിശ്ചയമായും അക്രമകാരികൾ لَفِى شِقَاقٍۭ കക്ഷിത്വത്തിലാണ്, പിളർപ്പിലാണ് بَعِيدٍ വിദൂരമായ (കഠിനമായ)
- وَلِيَعْلَمَ ٱلَّذِينَ أُوتُوا۟ ٱلْعِلْمَ أَنَّهُ ٱلْحَقُّ مِن رَّبِّكَ فَيُؤْمِنُوا۟ بِهِۦ فَتُخْبِتَ لَهُۥ قُلُوبُهُمْ ۗ وَإِنَّ ٱللَّهَ لَهَادِ ٱلَّذِينَ ءَامَنُوٓا۟ إِلَىٰ صِرَٰطٍ مُّسْتَقِيمٍ ﴾٥٤﴿
- അറിവ് നൽകപ്പെട്ടിട്ടുള്ളവർക്ക്, അത് നിന്റെ റബ്ബിന്റെ പക്കൽ നിന്നുള്ള യഥാർത്ഥം തന്നെയാണെന്ന് അറിയുവാനും, അങ്ങിനെ അവർ അതിൽ വിശ്വസിക്കുവാനും തൽഫലമായി അവരുടെ ഹൃദയങ്ങൾ അതിലേക്ക് വിനയപ്പെടുവാനും [ലയിക്കുവാനും] വേണ്ടിയുമാകുന്നു. നിശ്ചയമായും, അല്ലാഹു വിശ്വസിച്ചിട്ടുള്ളവരെ നേരായ പാതയിലേക്ക് നയിക്കുവനാകുന്നു.
- وَلِيَعْلَمَ ٱلَّذِينَ യാതൊരുകൂട്ടർ അറിയുവാനും أُوتُوا۟ ٱلْعِلْمَ അവർക്ക് അറിവു നൽകപ്പെട്ടിരിക്കുന്നു (അങ്ങിനെയുള്ളവർ) أَنَّهُ ٱلْحَقُّ അതു യാഥാർത്ഥം തന്നെയാണെന്നു مِن رَّبِّكَ നിന്റെ റബ്ബിന്റെ പക്കൽനിന്നുള്ള فَيُؤْمِنُوا۟ അങ്ങിനെ അവർ വിശ്വാസിക്കുവാനും بِهِۦ അതിൽ فَتُخْبِتَ അതിനാൽ വിനയപ്പെടുവാനും لَهُۥ അതിലേക്കു قُلُوبُهُمْ അവരുടെ ഹൃദയങ്ങൾ وَإِنَّ ٱللَّـهَ നിശ്ചയമായും അല്ലാഹു لَهَادِ നയിക്കുന്നവനാണ്, മാർഗ്ഗദർശനം ചെയ്യുന്നവനാണ് ٱلَّذِينَ ءَامَنُوٓا۟ വിശ്വസിച്ചിട്ടുള്ളവരെ إِلَىٰ صِرَٰطٍ പാതയിലേക്കു مُّسْتَقِيمٍ ചൊവ്വായ, നേരായ
നബിമാർ ജനങ്ങളിൽ സത്യപ്രബോധനം നടത്തുന്ന അവസരങ്ങളിലെല്ലാം തന്നെ, പിശാച് അവന്റെ വകയായി പല ദുർബോധനങ്ങളും അതിൽ കടത്തികൂട്ടി ദുഷ്പ്രചാരം ചെയ്ത് പ്രതിബന്ധം ഉണ്ടാക്കിക്കൊണ്ടിരിക്കുക പതിവാണ്. നബിമാരുടെ ശത്രുക്കളായ ജനങ്ങൾ അത് ഏറ്റ് പാടുകയും അതുവഴി ജനങ്ങളിൽ ആശയകുഴപ്പമുണ്ടാക്കി സത്യത്തിൽനിന്ന് പിൻതിരിപ്പിക്കുവാൻ പരിശ്രമിക്കുകയും ചെയ്യുന്നു. ‘ജാലവിദ്യയാണ്’, കവിതയാണ്, കെട്ടുകഥയാണ്, ഊഹാപോഹമാണ്, യുക്തിഹീനമാണ്, അശാസ്‌ത്രീയമാണ്’ എന്നിങ്ങിനെയുള്ള വിവിധ ആരോപണങ്ങൾ പുറപ്പെടുവിക്കും. പൊതുജനങ്ങളെ കബളിപ്പിക്കുന്ന പല ദുർന്യായങ്ങളും അവർ പറഞ്ഞു പരത്തും. ഈ പിശാചുക്കളെ അല്ലാഹു പെട്ടെന്ന് പിടിച്ചു ശിക്ഷിക്കാതെ വിടുന്നത് നബിമാരുടെ പ്രബോധനങ്ങൾ സത്യമല്ലാത്തതുകൊണ്ടല്ല. സത്യത്തെ അല്ലാഹു വിജയിപ്പിക്കുകതന്നെ ചെയ്യും. പക്ഷേ, അതിൽ ചില രഹസ്യങ്ങൾ അടങ്ങിയിട്ടുണ്ട്. സത്യം സ്വീകരിക്കുവാനും, അന്വേഷിച്ചറിയുവാനും തയ്യാറില്ലാത്ത ദുഷ്ടമനസ്ഥിതിയും, ധിക്കാര ബുദ്ധിയുമുള്ളവർക്ക് അതൊരു പരീക്ഷണമാകുന്നു. അതേസമയത്ത്, അറിവും, ബോധവുമുള്ള സത്യാന്വേഷികൾക്ക് അസത്യത്തിൽ നിന്ന് സത്യത്തെ ശരിക്കും തിരിച്ചറിഞ്ഞ്ആ സ്വദിക്കുവാനുള്ള ഒരവസരവുമാണത്. അല്ലാഹു അവരെ അതിനു സഹായിക്കുകയും ചെയ്യും. പിശാചുക്കളുടെ പ്രവർത്തനം എത്രകണ്ടു ബലപ്പെട്ടതാണോ അത്രകണ്ട്, സത്യത്തിന്റെ കക്ഷിയും സംശുദ്ധരായിത്തീരുകയും, ശക്തിപ്പെടുകയും ചെയ്യും. അങ്ങനെ, പിശാചിന്റെ കക്ഷിയുടെ തിന്മയും, നബിമാരുടെ കക്ഷികളുടെ നന്മയും വർദ്ധിക്കുന്നു. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയുടെ ശത്രുക്കളായ ‘മുശ്രിക്കുകളെ സംബന്ധിച്ചു പറയുന്ന കൂട്ടത്തിൽ അല്ലാഹു അപ്രകാരം പറയുന്നു :-
وَكَذَٰلِكَ جَعَلْنَا لِكُلِّ نَبِىٍّ عَدُوًّا شَيَـٰطِينَ ٱلْإِنسِ وَٱلْجِنِّ يُوحِى بَعْضُهُمْ إِلَىٰ بَعْضٍ زُخْرُفَ ٱلْقَوْلِ غُرُورًا ۚ وَلَوْ شَآءَ رَبُّكَ مَا فَعَلُوهُ ۖ فَذَرْهُمْ وَمَا يَفْتَرُونَ ﴿١١٢﴾ وَلِتَصْغَىٰٓ إِلَيْهِ أَفْـِٔدَةُ ٱلَّذِينَ لَا يُؤْمِنُونَ بِٱلْـَٔاخِرَةِ وَلِيَرْضَوْهُ وَلِيَقْتَرِفُوا۟ مَا هُم مُّقْتَرِفُونَ﴿ ١١٣﴾ – (الانعام)
സാരം: അതുപോലെ എല്ലാ നബിമാർക്കും തന്നെ, മനുഷ്യരിലും ജിന്നുകളിലുമുള്ള പിശാചുക്കളെ നാം ശത്രുക്കളായി ഏർപ്പെടുത്തിയിട്ടുണ്ട്. അവരിൽ ചിലർ മറ്റു ചിലരോടു കൃത്രിമമായി പകിട്ടു വാക്കുകൾ ബോധനം ചെയ്യുന്നതാണ്. (അതു മുടക്കണമെന്നു) അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കിൽ അവരതു ചെയ്കയില്ലായിരുന്നു. ആകയാൽ അവരേയും, അവർ കെട്ടിയുണ്ടാക്കുന്നതിനെയും (അതിന്റെ പാട്ടിന്) വിട്ടേക്കുക. പരലോകത്തിൽ വിശ്വസിക്കാത്തവരുടെ ഹൃദയങ്ങൾ അതിലേക്ക് ചെവി കൊടുക്കുവാനും, അവരതു തൃപ്തിപ്പെടുവാനും അവർ പ്രവർത്തിച്ചുണ്ടാക്കുന്നതൊക്കെ പ്രവർത്തിച്ചുണ്ടാക്കുവാനും വേണ്ടിയാണത്. (സൂ :അൻആം – 112, 113)
ഈ ആയത്തിൽനിന്നും, നാം മേൽ വിവരിച്ചതിൽനിന്നുമായി 52-54 ആയത്തുകളുടെ ഉദ്ദേശ്യം ശരിക്ക് വ്യക്തമായല്ലോ. അടിസ്ഥാനരഹിതവും, ഇസ്‌ലാമിന്റെ ശത്രുക്കളാൽ വിരചിതവുമായ ചില കഥകളുടെ വെളിച്ചത്തിൽ, നുബുവ്വത്തിന്റെ (പ്രവാചകത്വത്തിന്റെ) അടിത്തറക്കുതന്നെ കളങ്കം വരുത്തുന്ന ചില വ്യാഖ്യാനങ്ങൾ ഇവിടെ ചിലർ കൽപ്പിക്കാറുണ്ട്. ദുരുദ്ദേശ്യപൂർവ്വമല്ലെങ്കിലും – ബുദ്ധിയുടെയും, ന്യായത്തിന്റെയും, മതപ്രമാണങ്ങളുടെയും അടിസ്ഥാനത്തിൽ ശരിക്കു ചിന്തിക്കാതെ – ചില വ്യാഖ്യാതാക്കൾ തങ്ങളുടെ ഗ്രന്ഥങ്ങളിൽ അതു പകർത്തിയിട്ടുമുണ്ട്. അതനുസരിച്ച് ആയത്തുകൾക്ക് അവർ കൽപ്പിക്കുന്ന സാരം ഏതാണ്ടിങ്ങിനെയായിരിക്കും. ‘ഏതൊരു നബിയും വേദഗ്രന്ഥം ഓതിക്കേൾപ്പിക്കുമ്പോൾ അദ്ദേഹത്തിന്റെ വായിൽകൂടി, അദ്ദേഹം അറിയാതെ, പിശാചും ചില വാക്യങ്ങൾ കൂട്ടിച്ചേർത്തു പുറത്തുവിടും. പിന്നീട് അതു ദുർബ്ബലപ്പെടുത്തപ്പെടുകയും ചെയ്യും…’ ഇതിന്ന് ഇവർ നിദാനമായി എടുക്കുന്ന ഒരു കഥയുടെ ചുരുക്കം ഇതാണ് :- നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനി സൂറത്തു വന്നജ്മി (وَالنَّجْمِ) ഓതിക്കേൾപ്പിക്കുമ്പോൾ അതിൽ ‘ലാത്ത’, ‘ഉസ്സ’ എന്നീ വിഗ്രഹങ്ങളെപ്പറ്റി أَفَرَأَيْتُمُ اللَّاتَ وَالْعُزَّىٰ الخ എന്ന് പ്രസ്താവിച്ചശേഷം അവയെ പ്രശംസിച്ചുകൊണ്ട് ചില വാക്യങ്ങൾ, തിരുമേനി അറിയാതെ – പിശാചിന്റെ വകയായി – കൂട്ടിപ്പറഞ്ഞുപോയി; അതു കേട്ടപ്പോൾ അവിശ്വാസികൾ വളരെ സന്തോഷിച്ചു. ആരോ കെട്ടിച്ചമച്ചുണ്ടാക്കിയ ഈ കഥയും അതിനൊപ്പിച്ചുകൊണ്ടുള്ള വ്യാഖ്യാനങ്ങളും വിവിധ രേഖകളോടുകൂടി പല മഹാന്മാരും യുക്തിയുക്തം ഖണ്ഡിച്ചും നിഷേധിച്ചും വന്നിട്ടുള്ളതാകകൊണ്ടു, അതിനെപ്പറ്റി നാം ഇവിടെ കൂടുതലായൊന്നും വിവരിക്കേണ്ടതില്ല. പിശാചിന്റെ ദുർമ്മന്ത്രങ്ങൾ പിൻപറ്റുന്നവരെയും, സത്യ വിശ്വാസികളെയും സംബന്ധിച്ച് വീണ്ടും അല്ലാഹു പറയുന്നു:-
- وَلَا يَزَالُ ٱلَّذِينَ كَفَرُوا۟ فِى مِرْيَةٍ مِّنْهُ حَتَّىٰ تَأْتِيَهُمُ ٱلسَّاعَةُ بَغْتَةً أَوْ يَأْتِيَهُمْ عَذَابُ يَوْمٍ عَقِيمٍ ﴾٥٥﴿
- പെട്ടന്നൊരിക്കൽ അന്ത്യസമയം [ലോകവസാന സമയം] തങ്ങൾക്ക് വന്നെത്തുന്നതുവരെ, അവിശ്വാസിച്ചവർ അതിനെക്കുറിച്ചു സംശയത്തിലായിക്കൊണ്ടേയിരിക്കുന്നതാണ്; അല്ലെങ്കിൽ, ഗുണംകെട്ട ഒരു ദിവസത്തിലെ ശിക്ഷ അവർക്ക് വന്നെത്തുവോളം (അവരങ്ങിനെയിരിക്കും).
- وَلَا يَزَالُ ആയിക്കൊണ്ടിരിക്കും ٱلَّذِينَ كَفَرُوا۟ അവിശ്വസിച്ചവർ فِى مِرْيَةٍ സംശയത്തിൽ مِّنْهُ അതിനെക്കുറിച്ച് حَتَّىٰ تَأْتِيَهُمُ അവർക്കു വന്നെത്തുവോളം ٱلسَّاعَةُ അന്ത്യസമയം بَغْتَةً പെട്ടന്ന്, യാദൃശ്ചികമായി أَوْ يَأْتِيَهُمْ അല്ലെങ്കിൽ അവർക്കു വന്നെത്തുവോളം عَذَابُ يَوْمٍ ഒരു ദിവസത്തെ ശിക്ഷ عَقِيمٍ ഗുണംകെട്ട, നന്മയില്ലാത്ത
- ٱلْمُلْكُ يَوْمَئِذٍ لِّلَّهِ يَحْكُمُ بَيْنَهُمْ ۚ فَٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ فِى جَنَّـٰتِ ٱلنَّعِيمِ ﴾٥٦﴿
- അന്നത്തെ ദിവസം, ആധിപത്യം (മുഴുവനും) അല്ലാഹുവിനാകുന്നു. അവർക്കിടയിൽ അവൻ വിധികൽപിക്കും. എന്നാൽ, വിശ്വസിക്കുകയും, സൽക്കർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്തിട്ടുള്ളവർ സൗഖ്യജീവിതത്തിന്റെ സ്വർഗ്ഗങ്ങളിലായിരിക്കും.
- ٱلْمُلْكُ ആധിപത്യം, രാജത്വം يَوْمَئِذٍ അന്നു, അന്നത്തെ ദിവസം لِّلَّـهِ അല്ലാഹുവിനാണ് يَحْكُمُ അവൻ വിധിനടത്തും بَيْنَهُمْ അവർക്കിടയിൽ فَٱلَّذِينَ അപ്പോൾ യാതൊരുകൂട്ടർ ءَامَنُوا۟ അവർ വിശ്വസിച്ചു وَعَمِلُوا۟ അവർ പ്രവർത്തിക്കയും ചെയ്തു ٱلصَّـٰلِحَـٰتِ സൽക്കർമ്മങ്ങൾ فِى جَنَّـٰتِ സ്വർഗ്ഗങ്ങളിലായിരിക്കും ٱلنَّعِيمِ സുഖജീവിതത്തിന്റെ, സുഖാനുഗ്രഹത്തിന്റെ
- وَٱلَّذِينَ كَفَرُوا۟ وَكَذَّبُوا۟ بِـَٔايَـٰتِنَا فَأُو۟لَـٰٓئِكَ لَهُمْ عَذَابٌ مُّهِينٌ ﴾٥٧﴿
- അവിശ്വസിക്കുകയും, നമ്മുടെ ലക്ഷ്യങ്ങളെ കളവാക്കുകയും ചെയ്തവരാകട്ടെ, അക്കൂട്ടർക്ക് തന്നെയാണ് നിന്ദ്യമായ ശിക്ഷ.
- وَٱلَّذِينَ യാതൊരു കൂട്ടരാകട്ടെ كَفَرُوا۟ അവർ വിശ്വസിച്ചു وَكَذَّبُوا۟ കളവാക്കുകയും ചെയ്തു بِـَٔايَـٰتِنَا നമ്മുടെ ലക്ഷ്യങ്ങളെ فَأُو۟لَـٰٓئِكَ എന്നാൽ അക്കൂട്ടർ لَهُمْ അവർക്കാണ് عَذَابٌ ശിക്ഷ مُّهِينٌ നിന്ദ്യമായ, നിന്ദ്യമാക്കുന്ന, അപമാനകരമായ
എല്ലാ കാലത്തുമുള്ള സർവ്വാധിപത്യം അല്ലാഹുവിനു തന്നെയാണെങ്കിലും, ഇന്ന് ബാഹ്യമായ ചില അധികാരശക്തികൾ നിലവിലുണ്ടല്ലോ. മാത്രമല്ല, മനുഷ്യന് അവന്റെ ഐഹികജീവിതം അവസാനിക്കുന്നതുവരേക്കും പരിമിതമായ ചില സ്വാതന്ത്ര്യങ്ങൾ നൽകപ്പെട്ടിട്ടുമുണ്ട്. ഖിയാമത്തുനാളിൽ അങ്ങിനെയുള്ള യാതൊരു അധികാരത്തിന്റേയോ, സ്വാതന്ത്ര്യത്തിന്റേയോ ശകലംപോലും ഉണ്ടായിരിക്കുകയില്ല. അന്ന് സർവ്വ അധികാരങ്ങളും, ഏക ഇലാഹായ, സർവ്വാധികാരിയായ അല്ലാഹുവിനുമാത്രം! (لله الواحد القهار) സത്യവിശ്വാസികളെപ്പറ്റി പൊതുവിൽ പറഞ്ഞ ശേഷം, അവിശ്വാസികളുടെ മർദ്ദനങ്ങൾ നിമിത്തം നാടുവിടേണ്ടിവന്നവരെപ്പറ്റി പ്രത്യേകം എടുത്തുപറയുന്നു:-
വിഭാഗം - 8
- وَٱلَّذِينَ هَاجَرُوا۟ فِى سَبِيلِ ٱللَّهِ ثُمَّ قُتِلُوٓا۟ أَوْ مَاتُوا۟ لَيَرْزُقَنَّهُمُ ٱللَّهُ رِزْقًا حَسَنًا ۚ وَإِنَّ ٱللَّهَ لَهُوَ خَيْرُ ٱلرَّٰزِقِينَ ﴾٥٨﴿
- അല്ലാഹുവിന്റെ മാര്‍ഗ്ഗത്തിലായി സ്വരാജ്യംവിട്ടു (ഹിജ്ര) പോകുകയും, പിന്നീട് (ശത്രുക്കളാല്‍) കൊല്ലപ്പെടുകയോ, അല്ലെങ്കില്‍ മരണമടയുകയോ ചെയ്കയും ചെയ്തിട്ടുള്ളവരാകട്ടെ, നിശ്ചയമായും അല്ലാഹു അവര്‍ക്ക് മെച്ചപ്പെട്ട ഉപജീവനം നല്‍കുന്നതാണ്. നിശ്ചയമായും, അല്ലാഹു തന്നെയാണ് ഉപജീവനം നല്‍കുന്നവരില്‍ (ഏറ്റവും) ഉത്തമനായുള്ളവന്‍.
- وَالَّذِينَ യാതൊരുകൂട്ടര്‍ هَاجَرُوا അവര്‍ നാടുവിട്ടുപോയി, ഹിജ്രപോയി فِي سَبِيلِ اللَّـهِ അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ ثُمَّ قُتِلُوا പിന്നെ അവര്‍ കൊല്ലപ്പെട്ടു أَوْ مَاتُوا അല്ലെങ്കില്‍ മരണപ്പെട്ടു لَيَرْزُقَنَّهُمُ നിശ്ചയമായും അവര്‍ക്കു നല്‍കും اللَّـهُ അല്ലാഹു رِزْقًا حَسَنًا നല്ല ഉപജീവനം وَإِنَّ اللَّـهَ നിശ്ചയമായും അല്ലാഹു لَهُوَ അവന്‍ തന്നെയാണ് خَيْرُ الرَّازِقِينَ ഉപജീവനം നല്‍കുന്നവരില്‍ ഉത്തമന്‍
- لَيُدْخِلَنَّهُم مُّدْخَلًا يَرْضَوْنَهُۥ ۗ وَإِنَّ ٱللَّهَ لَعَلِيمٌ حَلِيمٌ ﴾٥٩﴿
- അവര്‍ തൃപ്തിപ്പെടുന്നതായ ഒരു പ്രവേശനസ്ഥലത്ത് [സ്വര്‍ഗ്ഗത്തില്‍] അവരെ അവന്‍ പ്രവേശിപ്പിക്കുകതന്നെചെയ്യും. നിശ്ചയമായും അല്ലാഹു സര്‍വ്വജ്ഞനും, ക്ഷമാലുവും തന്നെ.
- لَيُدْخِلَنَّهُم നിശ്ചയമായും അവന്‍ അവരെ പ്രവേശിപ്പിക്കും مُّدْخَلًا ഒരു പ്രവേശനസ്ഥലത്തു يَرْضَوْنَهُ അവരതു തൃപ്തിപ്പെടും (അങ്ങനെയുള്ള) وَإِنَّ اللَّـهَ നിശ്ചയമായും അല്ലാഹു لَعَلِيمٌ സര്‍വ്വജ്ഞന്‍ തന്നെ حَلِيمٌ ക്ഷമാലുവായ, സഹനശീലനായവന്‍
- ذَٰلِكَ وَمَنْ عَاقَبَ بِمِثْلِ مَا عُوقِبَ بِهِۦ ثُمَّ بُغِىَ عَلَيْهِ لَيَنصُرَنَّهُ ٱللَّهُ ۗ إِنَّ ٱللَّهَ لَعَفُوٌّ غَفُورٌ ﴾٦٠﴿
- (കാര്യത്തിന്റെ നില) അതാണ്. ആരെങ്കിലും, തന്നോട് എടുക്കപ്പെട്ട ശിക്ഷാനടപടിക്ക് തുല്യമായതുകൊണ്ട് (അങ്ങോട്ടു) പ്രതികാരനടപടി എടുക്കുകയും, പിന്നെയും തന്നോട് അതിക്രമം പ്രവര്‍ത്തിക്കപ്പെടുകയും ചെയ്യുന്നതായാല്‍, നിശ്ചയമായും അല്ലാഹു അവനെ സഹായിക്കുന്നതാകുന്നു. നിശ്ചയമായും അല്ലാഹു മാപ്പ് ചെയ്യുന്നവനും പൊറുക്കുന്നവനുമത്രെ.
- ذَٰلِكَ അതാണ് (കാര്യം) وَمَنْ عَاقَبَ ആരെങ്കിലും പ്രതികാര നടപടിയെടുത്താല്‍ بِمِثْلِ
مَا യാതൊന്നിനു തുല്യമായതുകൊണ്ട് عُوقِبَ അവന്‍ ശിക്ഷാനടപടി എടുക്കപ്പെട്ടിരിക്കുന്നു بِهِ അതുകൊണ്ട് ثُمَّ പിന്നെ, പിന്നെയും بُغِيَ عَلَيْهِ അവനോടു അതിക്രമം ചെയ്യപ്പെട്ടു (എന്നാല്‍) لَيَنصُرَنَّهُ നിശ്ചയമായും അവനെ സഹായിക്കും اللَّـهُ അല്ലാഹു إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു لَعَفُوٌّ മാപ്പ് ചെയ്യുന്നവന്‍തന്നെയാണ് غَفُورٌ പൊറുക്കുന്നവനും
- ذَٰلِكَ بِأَنَّ ٱللَّهَ يُولِجُ ٱلَّيْلَ فِى ٱلنَّهَارِ وَيُولِجُ ٱلنَّهَارَ فِى ٱلَّيْلِ وَأَنَّ ٱللَّهَ سَمِيعٌۢ بَصِيرٌ ﴾٦١﴿
- അത് [ആ സഹായം], അല്ലാഹു രാവിനെ പകലില്‍ കടത്തുകയും, പകലിനെ രാവില്‍ കടത്തുകയും ചെയ്തുകൊണ്ടിരിക്കുന്നുവെന്നും, അല്ലാഹു (എല്ലാം) കേള്‍ക്കുന്നവനും, കാണുന്നവനും ആണെന്നും ഉള്ളതുകൊണ്ടാകുന്നു.
- ذَٰلِكَ അതു بِأَنَّ اللَّـهَനിശ്ചയമായും അല്ലാഹു ആണെന്നതുകൊണ്ടാണ് يُولِجُ അവന്‍ കടത്തുന്നു (എന്നതു) اللَّيْلَ രാത്രിയെ فِي النَّهَارِ പകലില്‍ وَيُولِجُ അവന്‍ കടത്തുകയും ചെയ്യുന്നു النَّهَارَ പകലിനെ فِي اللَّيْلِ രാത്രിയില്‍ وَأَنَّ اللَّـهَ നിശ്ചയമായും അല്ലാഹു ആണെന്നതും سَمِيعٌ കേള്‍ക്കുന്നവന്‍ بَصِيرٌ കാണുന്നവനും
- ذَٰلِكَ بِأَنَّ ٱللَّهَ هُوَ ٱلْحَقُّ وَأَنَّ مَا يَدْعُونَ مِن دُونِهِۦ هُوَ ٱلْبَـٰطِلُ وَأَنَّ ٱللَّهَ هُوَ ٱلْعَلِىُّ ٱلْكَبِيرُ ﴾٦٢﴿
- അല്ലാഹുവാണ് യഥാര്‍ത്ഥത്തിലുള്ളവന്‍, അവനു പുറമെ അവര്‍ വിളിച്ചു (പ്രാര്‍ത്ഥിച്ചു) വരുന്നവ തന്നെയാണ് നിരര്‍ത്ഥമായത്, അല്ലാഹു തന്നെയാകുന്നു ഉന്നതനും മഹാനുമായുള്ളവനും, എന്നീ കാരണത്താലാണത്.
- ذَٰلِكَ അതു بِأَنَّ اللَّـهَ അല്ലാഹു ആണെന്നതുകൊണ്ടാണ് هُوَ الْحَقُّ യഥാര്‍ത്ഥത്തിലുള്ളവന്‍ അവന്‍ തന്നെ وَأَنَّ مَا يَدْعُونَ അവര്‍ വിളിക്കുന്നതു (പ്രാര്‍ത്ഥിക്കുന്നതു) ആണെന്നതും مِن دُونِهِ അവനു പുറമെ, അവനെക്കൂടാതെ هُوَ الْبَاطِلُ അതു തന്നെ നിരര്‍ത്ഥമായതു, അയഥാര്‍ത്ഥമായതു وَأَنَّ اللَّـهَ അല്ലാഹു ആണെന്നതും هُوَ الْعَلِيُّ അവന്‍ തന്നെ ഉന്നതന്‍ الْكَبِيرُ മഹാന്‍, വലിയവന്‍
“അതു” (ذَٰلِكَ) എന്ന സൂചനാനാമം (إسم الإشارة) വാക്യങ്ങളുടെ ആരംഭത്തില്‍ ചില പ്രത്യേക സാരങ്ങളെ ഉദ്ദേശിച്ചുകൊണ്ടുണ്ടാവാറുണ്ടെന്ന് 32-ാം ആയത്തിന്റെ താഴെ നാം പറഞ്ഞുവല്ലോ. 60-ാം ആയത്തിലുള്ളതും അപ്രകാരം തന്നെ. അതാണ് – അഥവാ മേല്‍ ആയത്തുകളില്‍ വിവരിച്ചതാണ് – സ്ഥിതിഗതികളുടെ യഥാര്‍ത്ഥം. അതുകൊണ്ടാണ് മര്‍ദ്ദിതരായ സത്യവിശ്വാസികള്‍ക്ക് യുദ്ധം ചെയ്തുകൊള്ളുവാന്‍ അനുവാദം നല്‍കപ്പെട്ടത്. മാത്രമല്ല, അക്രമത്തിനുപകരം, അതേ അളവില്‍ അങ്ങോട്ടും പ്രതികാരനടപടി എടുക്കുവാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ട്. അതു ലോകനീതിയത്രെ. ഈ അവകാശ നടപടി എടുക്കുമ്പോള്‍ വീണ്ടും മറുഭാഗത്തുനിന്ന് അതിക്രമവും കയ്യേറ്റവുമാണുണ്ടാകുന്നതെങ്കില്‍, അതിനെതിരില്‍, അല്ലാഹുവിന്റെ സഹായം നീതിയുടെ ഭാഗത്തുള്ളവര്‍ക്കു അവന്‍ നല്‍കാതിരിക്കുകയില്ല. അക്രമവും ധിക്കാരവും നടത്തിയവരാകട്ടെ, ശരിക്കു മടങ്ങി ഖേദിക്കുന്ന പക്ഷം, അല്ലാഹു അവര്‍ക്കു മാപ്പ് നല്‍കുവാനും, പൊറുക്കുവാനും സദാ തയ്യാറുമാകുന്നു എന്നു സാരം.
മര്‍ദ്ദിതര്‍ക്കു പ്രതികാര നടപടി എടുക്കുവാന്‍ അല്ലാഹു അവകാശം നല്‍കി; സ്വയ രക്ഷക്കുവേണ്ടി യുദ്ധം ചെയ്‌വാന്‍ അനുവാദം കൊടുത്തു: കുഴപ്പങ്ങളും കലഹങ്ങളും ഇല്ലാതാക്കുവാന്‍ വേണ്ടി ഒരു കൂട്ടരുടെ അക്രമത്തെ മറ്റൊരു കൂട്ടരെക്കൊണ്ട് അവന്‍ തടയുന്നു; സത്യത്തിന്റെ കക്ഷിയെ സഹായിക്കുമെന്ന് നിശ്ചയിച്ചു; അസത്യത്തിന്റെ കക്ഷിയെ ശിക്ഷിക്കുമെന്ന് വാഗ്ദാനം ചെയ്തു; ഇതിനെല്ലാം കാരണമെന്ത്? രാപ്പകലുകളില്‍ നടക്കുന്ന എല്ലാ കാര്യങ്ങളുടെയും നിയന്ത്രണം അവന്റെ പക്കലാണ്; അവനാണെങ്കില്‍ എല്ലാം കണ്ടറിഞ്ഞും, കേട്ടറിഞ്ഞും കൊണ്ടിരിക്കുകയും ചെയ്യുന്നു; എന്നിരിക്കെ, ലോകത്തിന്റെ നിലനില്‍പിന്നും, വ്യവസ്ഥക്കും ഇങ്ങിനെയുള്ള ചില നിയമനടപടികള്‍ അവശ്യം ആവശ്യമാണ്.
രാവ് പകലിലും, പകല്‍ രാവിലും കടത്തുന്നു എന്നു പറഞ്ഞതിന്റെ പ്രത്യക്ഷത്തിലുള്ള സാരം: രാവ് അവസാനിക്കുമ്പോഴേക്ക് പകലും, പകല്‍ അവസാനിക്കുമ്പോഴേക്ക് രാവും വരത്തക്കവണ്ണം, ഒന്നിന്റെ അവസാനത്തോടുകൂടി മറ്റേതിന്റെ ആരംഭവും ഏര്‍പ്പെടുത്തുന്നു എന്നായിരിക്കാം. രാപ്പകലുകള്‍ സമമായിരിക്കാത്തകാലത്തു് ഒന്നു ചുരുങ്ങിയും, മറ്റേതു വര്‍ദ്ധിച്ചും കൊണ്ടിരിക്കുമല്ലോ. അപ്പോള്‍, ഒന്നില്‍ കുറവുള്ളത് മറ്റേതില്‍ വര്‍ദ്ധിപ്പിക്കുകയും, ഒന്നിന്റെ വര്‍ദ്ധനവ് മറ്റേതില്‍ കുറയ്ക്കുകയും ചെയ്യുന്നു എന്നും ആയിരിക്കാം. ഏതായാലും, രാപ്പകലുകള്‍ നിയന്ത്രിക്കുന്നതും, രാപ്പകലുകളിലായി ലോകത്തുനടക്കുന്ന എല്ലാ കാര്യങ്ങളും നിയന്ത്രിക്കുന്നതും അല്ലാഹു തന്നെ. ആയതുകൊണ്ടാണ് മേല്‍പറഞ്ഞ ഭരണനിയമങ്ങള്‍ അവന്‍ നടപ്പില്‍ വരുത്തുന്നത്.
എല്ലാറ്റിനും അടിസ്ഥാന നിദാനമായിട്ടുള്ള ഒരു വസ്തുതയാണ് ഒടുവിലത്തെ വചനം കാണിക്കുന്നത്; ദൈവങ്ങളായും, ആരാധ്യവസ്തുക്കളായും അവര്‍ പലതിനെയും ഗണിച്ചു വരുന്നു. അവയില്‍ ഒന്നുപോലും, പരിപൂര്‍ണ്ണമായ അസ്ഥിത്വമോ, സ്ഥിരമായ നിലനില്‍പ്പോ, ശക്തിയോ, കഴിവോ ഒന്നും തന്നെ ഉള്ളതല്ല. കേവലം നിരര്‍ത്ഥവും, മിഥ്യയും മാത്രമാണ്. യഥാര്‍ത്ഥവും സ്ഥിരവുമായ അസ്തിത്വമുള്ളവനും, യഥാര്‍ത്ഥ ഔന്നത്യവും മഹത്വവും തികഞ്ഞവനും അല്ലാഹു ഒരേ ഒരുവന്‍ മാത്രം. ഇതാണതിന്റെയെല്ലാം ഏറ്റവും പിന്നിലുള്ള മൂല കാരണം. ഏറ്റവും ശരിയായതും, സര്‍വ്വപ്രധാനമായതുമായ ഈ യാഥാര്‍ത്ഥ്യത്തെയാണ്, ഈ ലോകത്തു കാണപ്പെടുന്ന എല്ലാ വസ്തുക്കളും, വസ്തുതകളും വെളിപ്പെടുത്തുന്നത്, നോക്കുക:-
- أَلَمْ تَرَ أَنَّ ٱللَّهَ أَنزَلَ مِنَ ٱلسَّمَآءِ مَآءً فَتُصْبِحُ ٱلْأَرْضُ مُخْضَرَّةً ۗ إِنَّ ٱللَّهَ لَطِيفٌ خَبِيرٌ ﴾٦٣﴿
- നീ കണ്ടില്ലേ: അല്ലാഹു ആകാശത്തുനിന്ന് (മഴ) വെള്ളം ഇറക്കിയിട്ട് ഭൂമി പച്ചപിടിച്ചതായിത്തീരുന്നത്?! നിശ്ചയമായും, അല്ലാഹു സസൂക്ഷ്മനും സൂക്ഷ്മജ്ഞാനിയുമാകുന്നു.
- أَلَمْ تَرَ നീ കണ്ടില്ലേ أَنَّ اللَّـهَ നിശ്ചയമായും അല്ലാഹു أَنزَلَ ഇറക്കിയിരിക്കുന്നു എന്ന് مِنَ السَّمَاءِ ആകാശത്തു നിന്ന് مَاءً വെള്ളം (മഴ) فَتُصْبِحُ എന്നിട്ടു ആയിത്തീരുന്നു الْأَرْضُ ഭൂമി مُخْضَرَّةً പച്ചപിടിച്ചതു إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു لَطِيفٌ സസൂക്ഷ്മനാണ്, സൂക്ഷ്മജ്ഞനാണ്, വളരെ സൗമ്യമുള്ളവനാണ് خَبِيرٌ സൂക്ഷ്മജ്ഞാനി, സൂക്ഷ്മമായി അറിയുന്നവന്‍
- لَّهُۥ مَا فِى ٱلسَّمَـٰوَٰتِ وَمَا فِى ٱلْأَرْضِ ۗ وَإِنَّ ٱللَّهَ لَهُوَ ٱلْغَنِىُّ ٱلْحَمِيدُ ﴾٦٤﴿
- ആകാശങ്ങളിലുള്ളതും, ഭൂമിയിലുള്ളതും (എല്ലാം) അവന്റേതാകുന്നു. നിശ്ചയമായും, അല്ലാഹു തന്നെയാണ് സ്തുത്യര്‍ഹനായ നിരാശ്രയന്‍.
- لَّهُ അവന്റേതാണ് مَا فِي السَّمَاوَاتِ ആകാശങ്ങളിലുള്ളത് وَمَا فِي الْأَرْضِ ഭൂമിയിലുള്ളതും وَإِنَّ اللَّـهَ നിശ്ചയമായും അല്ലാഹു لَهُوَ അവന്‍ തന്നെയാണ് الْغَنِيُّ നിരാശ്രയന്‍, ഐശ്വര്യവാന്‍ الْحَمِيدُ സ്തുത്യാര്‍ഹന്‍
لَطِيفٌ (ലത്വീഫ്) എന്ന വാക്കിനാണ് സസൂക്ഷ്മന്‍ എന്ന് അര്‍ത്ഥം കല്‍പിച്ചത്. സൃഷ്ടികള്‍ക്കു മനസ്സിലാക്കുവാന്‍ കഴിയാത്തവണ്ണം അതിസൂക്ഷ്മമായുള്ളവന്‍ എന്നും, അതിസൂക്ഷ്മങ്ങളായ എല്ലാ കാര്യങ്ങളും, അറിയുന്നവന്‍ എന്നും ഇവിടെ വിവക്ഷിക്കപ്പെടാവുന്നതാകുന്നു. മയം ചെയ്യുന്നവന്‍, കനിവും അലിവുമുള്ളവന്‍, സൗമ്യശീലന്‍ എന്നിങ്ങനെയുള്ള അര്‍ത്ഥങ്ങളിലും ഈ വാക്കു ഉപയോഗിക്കപ്പെടുന്നു.