വിഭാഗം - 3

22:23
  • إِنَّ ٱللَّهَ يُدْخِلُ ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ جَنَّـٰتٍ تَجْرِى مِن تَحْتِهَا ٱلْأَنْهَـٰرُ يُحَلَّوْنَ فِيهَا مِنْ أَسَاوِرَ مِن ذَهَبٍ وَلُؤْلُؤًا ۖ وَلِبَاسُهُمْ فِيهَا حَرِيرٌ ﴾٢٣﴿
  • നിശ്ചയമായും, വിശ്വസിക്കുകയും, സല്‍ക്കര്‍മ്മങ്ങള്‍ പ്രവൃത്തിക്കുകയും ചെയ്തവരെ അല്ലാഹു, താഴ്ഭാഗത്തുകൂടി നദികള്‍ ഒഴുകിക്കൊണ്ടിരിക്കുന്ന സ്വര്‍ഗ്ഗങ്ങളില്‍ പ്രവേശിപ്പിക്കുന്നതാകുന്നു. അവര്‍ക്കു അവിടെ സ്വര്‍ണ്ണത്തിന്റെ വളകളും, മുത്തും അണിയിക്കപ്പെടും; അതില്‍ അവരുടെ വസ്ത്രം പട്ടുമാണ്.
  • إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു يُدْخِلُ പ്രവേശിപ്പിക്കുന്നു الَّذِينَ آمَنُوا വിശ്വസിച്ചവരെ وَعَمِلُوا الصَّالِحَاتِ സല്‍ക്കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്ത جَنَّاتٍ സ്വര്‍ഗ്ഗങ്ങളില്‍ تَجْرِي ഒഴുകിക്കൊണ്ടിരിക്കുന്ന, നടന്നുകൊണ്ടിരിക്കുന്നു مِن تَحْتِهَا അതിന്റെ അടിഭാഗത്തുകൂടി الْأَنْهَارُ നദികള്‍, അരുവികള്‍ يُحَلَّوْنَ അവര്‍ക്കു ധരിപ്പിക്കപ്പെടും, അണിയിക്കപ്പെടും فِيهَا അതില്‍ مِنْ أَسَاوِرَ വളകള്‍ مِن ذَهَبٍ പൊന്നിന്റെ وَلُؤْلُؤًا മുത്തും وَلِبَاسُهُمْ അവരുടെ വസ്ത്രം فِيهَا അതില്‍, അവിടത്തില്‍ حَرِيرٌ പട്ടാണ്
22:24
  • وَهُدُوٓا۟ إِلَى ٱلطَّيِّبِ مِنَ ٱلْقَوْلِ وَهُدُوٓا۟ إِلَىٰ صِرَٰطِ ٱلْحَمِيدِ ﴾٢٤﴿
  • വാക്കില്‍ (സംസാരത്തില്‍] വെച്ച് പരിശുദ്ധമായ [നല്ല]തിലേക്ക് അവര്‍ക്ക് മാര്‍ഗ്ഗദര്‍ശനം ചെയ്യപ്പെട്ടിരിക്കുകയാണ്; സ്തുത്യര്‍ഹനായുള്ളവന്റെ [അല്ലാഹുവിന്റെ] പാതയിലേക്കും അവര്‍ക്ക് മാര്‍ഗ്ഗദര്‍ശനം നല്‍കപ്പെട്ടിരിക്കുന്നു.
  • وَهُدُوا അവര്‍ക്കു മാര്‍ഗ്ഗദര്‍ശനം ചെയ്യപ്പെട്ടിരിക്കുന്നു إِلَى الطَّيِّبِ നല്ലതിലേക്കും, പരിശുദ്ധമായതിലേക്കു مِنَ الْقَوْلِ വാക്കില്‍ (സംസാരത്തില്‍) നിന്ന് وَهُدُوا അവര്‍ക്കു മാര്‍ഗ്ഗദര്‍ശനം നല്‍കപ്പെടുകയും ചെയ്തിരിക്കുന്നു إِلَىٰ صِرَاطِ പാതയിലേക്കു, മാര്‍ഗ്ഗത്തിലേക്കുള്ള الْحَمِيدِ സ്തുത്യര്‍ഹനായുള്ളവന്റെ

തൗഹീദിന്റെ വാക്യം തുടങ്ങിയ ഉത്തമവും പരിശുദ്ധവുമായ വാക്കുകള്‍ സംസാരിക്കുവാനും, അല്ലാഹു നിര്‍ദ്ദേശിച്ച സത്യമാര്‍ഗ്ഗത്തില്‍ ചരിക്കുവാനുമുള്ള മാര്‍ഗ്ഗദര്‍ശനവും, ഭാഗ്യവും സിദ്ധിച്ചവരാണവര്‍. അതു കൊണ്ടാണ് അവര്‍ക്കു് ഇത്രയും മാന്യമായ പ്രതിഫലങ്ങള്‍ ലഭിച്ചത്.

22:25
  • إِنَّ ٱلَّذِينَ كَفَرُوا۟ وَيَصُدُّونَ عَن سَبِيلِ ٱللَّهِ وَٱلْمَسْجِدِ ٱلْحَرَامِ ٱلَّذِى جَعَلْنَـٰهُ لِلنَّاسِ سَوَآءً ٱلْعَـٰكِفُ فِيهِ وَٱلْبَادِ ۚ وَمَن يُرِدْ فِيهِ بِإِلْحَادٍۭ بِظُلْمٍ نُّذِقْهُ مِنْ عَذَابٍ أَلِيمٍ ﴾٢٥﴿
  • നിശ്ചയമായും, അവിശ്വസിക്കുകയും, അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ നിന്നു നാം മനുഷ്യര്‍ക്കായി - താമസമുറപ്പിച്ചവരും വെളിപ്രദേശത്തുനിന്ന് വരുന്നവരും സമമായിക്കൊണ്ട് - ഏര്‍പ്പെടുത്തിയിട്ടുള്ള മസ്ജിദുല്‍ ഹറാമില്‍ [പവിത്രമായ പള്ളിയില്‍] നിന്നും (ജനങ്ങളെ) തടഞ്ഞുകൊണ്ടിരിക്കുകയും ചെയ്യുന്നവര്‍! (അവര്‍ കരുതിക്കൊള്ളട്ടെ!) വല്ലവനും, അതില്‍ അന്യായമായി ധര്‍മ്മവിരോധം ചെയ്‌വാന്‍ ഉദ്ദേശിക്കുന്ന പക്ഷം, വേദനയേറിയ ശിക്ഷ നാം അവനെ ആസ്വദിപ്പിക്കുന്നതാണ്.
  • إِنَّ الَّذِينَ كَفَرُوا നിശ്ചയമായും അവിശ്വസിച്ചവര്‍ وَيَصُدُّونَ തടഞ്ഞുകൊണ്ടിരിക്കുകയും ചെയ്യുന്ന(വര്‍) عَن سَبِيلِ اللَّـهِ അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍നിന്നു وَالْمَسْجِدِ الْحَرَامِ പരിപാവനമായ പള്ളിയില്‍ നിന്നും الَّذِي യാതൊരു (പള്ളി) جَعَلْنَاهُ നാമതിനെ ആക്കിയിരിക്കുന്നു, ഏര്‍പ്പെടുത്തിയിരിക്കുന്നു لِلنَّاسِ മനുഷ്യര്‍ക്കുവേണ്ടി سَوَاءً സമമായിക്കൊണ്ട് الْعَاكِفُ താമസമുറപ്പിച്ചവന്‍, സ്ഥിരവാസി فِيهِ അതില്‍ وَالْبَادِ വെളിപ്രദേശത്തുനിന്നു വരുന്നവനും وَمَن يُرِدْ വല്ലവനും ഉദ്ദേശിക്കുന്നതായാല്‍ فِيهِ അതില്‍ بِإِلْحَادٍ ധര്‍മ്മവിരോധത്തെ, മതവിരോധത്തെ, മതദ്രോഹത്തെ بِظُلْمٍ അന്യായമായി, വല്ല അക്രമത്താലും نُّذِقْهُ അവനു നാം ആസ്വദിപ്പിക്കും, അനുഭവിപ്പിക്കും مِنْ عَذَابٍ ശിക്ഷയില്‍നിന്നു أَلِيمٍ വേദനയേറിയ

സ്വദേശവിദേശ വ്യത്യാസമില്ലാതെ, പൊതുവില്‍ എല്ലാ മനുഷ്യരും അല്ലാഹുവിന് ആരാധനാകര്‍മ്മങ്ങള്‍ നടത്തുവാനായി ഭൂമിയില്‍ ആദ്യം നിര്‍മ്മിക്കപ്പെട്ട വിശുദ്ധദേവാലയമായ ‘കഅ്ബഃയും, പരിസരവുമാണ് ‘മസ്ജിദുല്‍ ഹറാം’ കൊണ്ട് ഉദ്ദേശ്യം. അലംഘ്യമായ അഥവാ, പരിപാവനമായ – പള്ളി എന്ന് ഈ വാക്കിന് അര്‍ത്ഥം പറയാം. ജനങ്ങള്‍ ഇസ്‌ലാമിനെ അംഗീകരിക്കുന്നതും, സത്യവിശ്വാസികള്‍ ‘ഹജ്ജ്’, ‘ഉംറഃ’, മുതലായ കര്‍മ്മങ്ങള്‍ക്കായി ‘ഹറമി’ല്‍ പ്രവേശിക്കുന്നതും കഴിയുന്നത്രശക്തി ഉപയോഗിച്ചു തടഞ്ഞുവന്നിരുന്ന മുശ്രിക്കുകള്‍ക്ക് ഒരു താക്കീതാണിത്. ആ പുണ്യസ്ഥലത്തെ ക്രമവിരുദ്ധമായും ധര്‍മ്മവിരുദ്ധമായും അനാദരിക്കുന്ന എല്ലാവര്‍ക്കും ഇത് ബാധകമാകുന്നു. ഈ താക്കീതിന്റെ ഗൗരവത്തിനുള്ള കാരണം താഴെ ആയത്തുകളില്‍നിന്നു് ഗ്രഹിക്കാം.

വിഭാഗം - 4

22:26
  • وَإِذْ بَوَّأْنَا لِإِبْرَٰهِيمَ مَكَانَ ٱلْبَيْتِ أَن لَّا تُشْرِكْ بِى شَيْـًٔا وَطَهِّرْ بَيْتِىَ لِلطَّآئِفِينَ وَٱلْقَآئِمِينَ وَٱلرُّكَّعِ ٱلسُّجُودِ ﴾٢٦﴿
  • ഇബ്രാഹീമിന് നാം 'പുണ്യാലയത്തിന്റെ [കഅ്ബഃയുടെ] സ്ഥാനം ഉറപ്പിച്ചുകൊടുത്ത സന്ദര്‍ഭം (ഓര്‍ക്കുക); 'യാതൊരു വസ്തുവെയും എന്നോട് പങ്കുചേര്‍ക്കരുത്; 'ത്വവാഫ്' [പ്രദക്ഷണം] ചെയ്യുന്നവര്‍ക്കും, നിന്നുകൊണ്ട് (ആരാധന) നടത്തുന്നവര്‍ക്കും, 'റുകൂഉ-സുജൂദി'ലായി [സാഷ്ടാംഗം കുമ്പിട്ട് ആരാധന] നടത്തുന്നവര്‍ക്കും വേണ്ടി എന്റെ ആലയത്തെ ശുദ്ധമാക്കുകയും ചെയ്യുക!' എന്ന് (നാം പറഞ്ഞു).
  • وَإِذْ بَوَّأْنَا നാം ഉറപ്പിച്ചു (നിശ്ചയിച്ചു) കൊണ്ടുത്ത സന്ദര്‍ഭം, സൗകര്യപ്പെടുത്തിക്കൊടുത്ത സന്ദര്‍ഭം لِإِبْرَاهِيمَ ഇബ്രാഹീമിന് مَكَانَ الْبَيْتِ ആ വീട്ടിന്റെ (പുണ്യാലയത്തിന്റെ) സ്ഥാനം أَن لَّا تُشْرِكْ നീ പങ്കുചേര്‍ക്കരുതെന്ന് بِي എന്നോട് شَيْئًا ഒരു വസ്തുവെയും وَطَهِّرْ നീ ശുദ്ധമാക്കുകയും ചെയ്യുക بَيْتِيَ എന്റെ ആലയത്തെ (വീട്ടിനെ) لِلطَّائِفِينَ ത്വവാഫ് (പ്രദക്ഷിണം) ചെയ്യുന്ന വര്‍ക്കു وَالْقَائِمِينَ നില്‍ക്കുന്നവര്‍ക്കും (നിന്നു ആരാധന നടത്തുന്നവര്‍ക്കും) وَالرُّكَّعِ റുകൂഉ ചെയ്യുന്നവര്‍ക്കും (കുമ്പിട്ടു ആരാധന ചെയ്യുന്നവര്‍ക്കും) السُّجُودِ സുജൂദു ചെയ്യുന്ന (സാഷ്ടാംഗം ചെയ്യുന്ന) വരായ

കഅ്ബഃയെ പ്രദക്ഷിണം ചെയ്തോ, നിന്നുകൊണ്ടും, റുകൂഉം സുജൂദും ചെയ്തുകൊണ്ടും ആരാധനാ നമസ്ക്കാരങ്ങള്‍ നടത്തിയോ അല്ലാഹുവിനെ ആരാധിക്കുവാന്‍വേണ്ടി വരുന്ന ആളുകളുടെ ആവശ്യാര്‍ത്ഥം, ബിംബങ്ങള്‍ മുതലായ മാലിന്യങ്ങളില്‍ നിന്നു് കഅ്ബഃയെ ശുദ്ധമാക്കുവാനും തൗഹീദിന് വിരുദ്ധമായ യാതൊന്നും ചെയ്യാതിരിക്കുവാനുമുള്ള നിര്‍ദ്ദേശമാണിത്. ഇബ്രാഹീം (عليه الصلاة والسلام) നബിയും, ഇസ്മാഈല്‍ (عليه الصلاة والسلام) നബിയും കൂടി കഅ്ബഃ കെട്ടി ഉയര്‍ത്തിയതിനെക്കുറിച്ച് സൂഃ ബഖറയിലും സൂഃ ഇബ്റാഹീമിന്റെ പ്രാരംഭത്തിലും പ്രസ്‌താവിച്ചിരിക്കുന്നുവല്ലോ.

22:27
  • وَأَذِّن فِى ٱلنَّاسِ بِٱلْحَجِّ يَأْتُوكَ رِجَالًا وَعَلَىٰ كُلِّ ضَامِرٍ يَأْتِينَ مِن كُلِّ فَجٍّ عَمِيقٍ ﴾٢٧﴿
  • 'ഹജ്ജുകര്‍മ്മത്തിന് (വരുവാന്‍) ജനങ്ങളില്‍ പ്രഖ്യാപനവും ചെയ്യുക; കാല്‍നടക്കാരായും, ദൂരസ്ഥമായ സകല മാര്‍ഗ്ഗങ്ങളില്‍ കൂടിയും വന്നുകൊണ്ടിരിക്കുന്ന (ക്ഷീണിച്ച്) മെലിഞ്ഞ എല്ലാ വാഹനപ്പുറത്തായും അവര്‍ നിന്റെ അടുക്കല്‍ [ഈ ആലയത്തിങ്കല്‍] വന്നുകൊള്ളുന്നതാണ്.' (എന്നു നാം പറഞ്ഞു.)
  • وَأَذِّن നീ പ്രഖ്യാപനം ചെയ്യുക, അറിയിപ്പു നല്‍ക്കുക فِي النَّاسِ മനുഷ്യരില്‍ بِالْحَجِّ ഹജ്ജിനു, ഹജ്ജുകര്‍മ്മം ചെയ്യാന്‍ يَأْتُوكَ അവര്‍ നിന്റെ അടുക്കല്‍ വന്നുകൊള്ളും رِجَالًا കാല്‍നടക്കാരായി وَعَلَىٰ كُلِّ ضَامِرٍ എല്ലാ മെലിഞ്ഞ വാഹനപ്പുറത്തും, മെലിഞ്ഞ ഒട്ടകപ്പുറത്തും يَأْتِينَ വരുന്ന, അവ വരും مِن كُلِّ فَجٍّ എല്ലാ മാര്‍ഗ്ഗത്തില്‍കൂടിയും, എല്ലാ മലവഴിയില്‍കൂടിയും عَمِيقٍ ദൂരസ്ഥമായ

വിശുദ്ധ കഅ്ബാലയം കെട്ടിക്കഴിഞ്ഞശേഷം, ഹജ്ജുകര്‍മ്മത്തിന് വന്നുകൊള്ളുവാന്‍ ജനങ്ങളില്‍ പ്രഖ്യാപനം ചെയ്യണമെന്നു് അല്ലാഹു ഇബ്രാഹീം (عليه الصلاة والسلام) നബിയോട് കല്‍പിക്കുകയാണ് ചെയ്യുന്നത്. ഈ കല്‍പന കിട്ടിയപ്പോള്‍ ‘എന്റെ ശബ്ദം എവിടെ എത്തുവാനാണ്?’ എന്നു് അദ്ദേഹം പറയുകയുണ്ടായി. ‘വിളിച്ചുപ്രഖ്യാപിച്ചു കൊള്ളുക! വിളി എത്തിക്കുന്നത് എന്റെ ബാധ്യതയാണ്.’ എന്നു് അല്ലാഹു മറുപടി നല്‍കി. അതനുസരിച്ചു അദ്ദേഹം കല്‍പന പ്രഖ്യാപനം ചെയ്തു. അല്ലാഹു ഉദ്ദേശിച്ചവരെല്ലാം ഈ ക്ഷണം സ്വീകരിച്ചുകൊണ്ടാണ് ഹജ്ജുകര്‍മ്മത്തിന് വരുന്നത്. ഇപ്രകാരം, ഇബ്നു അബ്ബാസ് (റ), മുജാഹിദ് (رحمه الله), ഇക്രിമഃ (رحمه الله), സഈദുബ്നു ജുബൈര്‍ (رحمه الله) മുതലായവരില്‍നിന്നു് നിവേദനങ്ങള്‍ വന്നിട്ടുണ്ട്. ലോകത്തിന്റെ നാനാഭാഗത്തുനിന്നും വിവിധമാര്‍ഗ്ഗേണ എത്രയോ കഷ്ടനഷ്ടങ്ങള്‍ അനുഭവിച്ചുകൊണ്ട് കൊല്ലംതോറും ലക്ഷക്കണക്കായ അടിയാന്മാര്‍ ഇന്നുവരെയും ആ വിളിക്കു് ഉത്തരം നല്‍കിവരുന്നു. الحمد لله

ഇബ്രാഹീം നബി (عليه الصلاة والسلام) സ്ഥാപിച്ച ആ കെട്ടിടമല്ല, ഇന്ന് നിലവിലുള്ളത്. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയുടെ കാലത്തുണ്ടായ ഒരു മലവെള്ളം നിമിത്തം അതിന് കേടുപാടുകള്‍ ബാധിക്കുകയും, ഖുറൈശികള്‍ അതുപൊളിച്ചു പണിയുകയും ഉണ്ടായി. അന്നു് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)ക്കു് 35വയസ്സ് പ്രായമായിരുന്നു. പിന്നീട് യസീദിന്റെ ഖിലാഫത്തു കാലത്ത് അബ്ദുല്ലാഹിബ്നു സുബൈറു (رضي الله عنه) മായുണ്ടായ യുദ്ധത്തില്‍ അതിന് വീണ്ടും പരുക്കുകള്‍ പറ്റുകയും, ഇബ്നു സുബൈര്‍ കെട്ടിടം പുതുക്കിയുണ്ടാക്കുകയും ചെയ്തു. അധികം താമസിയാതെ, വീണ്ടും അദ്ദേഹവും ഹജ്ജാജുമായുണ്ടായ മറ്റൊരു യുദ്ധത്തില്‍ പിണഞ്ഞ കേടുപാടുകള്‍ നിമിത്തം ഹജ്ജാജു അതു് വീണ്ടും പുതുക്കിപ്പണിതു. ഇത് ഹിജ്ര 74ല്‍ ആയിരുന്നു. അന്നത്തെ കെട്ടിടമാണ് ഇന്നും നിലവിലുള്ളത്. എന്നാല്‍, ഇബ്രാഹീം നബിക്ക് മുമ്പ് അതു് സ്ഥാപിക്കപ്പെട്ടിട്ടുണ്ടായിരുന്നുവോ ഇല്ലേ – അഥവാ, ജീര്‍ണ്ണിച്ചുപോയ ഒരു പ്രാചീന കെട്ടിടം അദ്ദേഹം പുനസ്ഥാപിച്ചതാണോ, അതോ മുമ്പൊന്നുമില്ലാത്ത ഒരു പുതിയകെട്ടിടം അദ്ദേഹം സ്ഥാപിച്ചതാണോ – എന്നു് തീര്‍ത്തുപറയുവാന്‍ മതിയായ തെളിവുകളില്ല. അദ്ദേഹത്തിന് മുമ്പുതന്നെ അത് നിലവിലുണ്ടായിരുന്നുവെന്നും, ആദ്യമായി സ്ഥാപിച്ചത് മലക്കുകളോ, ആദം (عليه الصلاة والسلام) നബിയോ ആയിരുന്നുവെന്നും ചില അഭിപ്രായങ്ങള്‍ പലരില്‍നിന്നും ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. ഖുര്‍ആന്റെ ചില പ്രസ്‌താവനകള്‍ നോക്കുമ്പോള്‍ ഇബ്രാഹീം (عليه الصلاة والسلام) നബിയുടെ മുമ്പ് തന്നെ കഅ്ബഃ കെട്ടിടം ഉണ്ടായിരുന്നതായി തോന്നിയേക്കുകയും ചെയ്യും. വാസ്തവം അല്ലാഹുവിനറിയാം. ഹജ്ജിനുവേണ്ടി ജനങ്ങളെ ക്ഷണിച്ചതിലുള്ള ഉദ്ദേശ്യം എന്താണെന്നു് അടുത്ത ആയത്തുകളില്‍ അല്ലാഹു വിവരിക്കുന്നു:-

22:28
  • لِّيَشْهَدُوا۟ مَنَـٰفِعَ لَهُمْ وَيَذْكُرُوا۟ ٱسْمَ ٱللَّهِ فِىٓ أَيَّامٍ مَّعْلُومَـٰتٍ عَلَىٰ مَا رَزَقَهُم مِّنۢ بَهِيمَةِ ٱلْأَنْعَـٰمِ ۖ فَكُلُوا۟ مِنْهَا وَأَطْعِمُوا۟ ٱلْبَآئِسَ ٱلْفَقِيرَ ﴾٢٨﴿
  • അവര്‍ക്ക് പ്രയോജനകരമായ കാര്യങ്ങളില്‍ അവര്‍ സന്നിഹിതരാകുവാനും, ചില നിശ്ചിത ദിവസങ്ങളില്‍ - തങ്ങള്‍ക്ക് നല്‍കിയിയിരിക്കുന്ന കന്നുകാലി മൃഗങ്ങളുടെമേല്‍ (അവയെ അറുത്ത് ബലികഴിക്കുമ്പോള്‍) - അല്ലാഹുവിന്റെ നാമം അവര്‍ കീര്‍ത്തനം ചെയ്യുവാനും വേണ്ടിയാകുന്നു(അത്). അങ്ങിനെ, അവയില്‍ [ആ കന്നുകാലികളില്‍] നിന്ന് നിങ്ങള്‍ തിന്നുകൊള്ളുകയും, ദരിദ്രനായ പരവശന് ഭക്ഷണം നല്‍കുകയും ചെയ്യുവിന്‍.
  • لِّيَشْهَدُوا അവര്‍ സന്നിഹിതരാകുവാന്‍വേണ്ടി مَنَافِعَ പ്രയോജനകരമായ കാര്യങ്ങളില്‍ لَهُمْ അവര്‍ക്ക് وَيَذْكُرُوا അവര്‍ കീര്‍ത്തനം ചെയ്‌വാനും, പറയുവാനും اسْمَ اللَّـهِ അല്ലാഹുവിന്റെ നാമം فِي أَيَّامٍ ചില ദിവസങ്ങളില്‍ مَّعْلُومَاتٍ അറിയപ്പെട്ടവയായ, നിശ്ചിത عَلَىٰ مَا رَزَقَهُم അവര്‍ക്ക് അവന്‍ നല്‍കിയതിന്റെ മേല്‍ مِّن بَهِيمَةِ الْأَنْعَامِ കന്നുകാലി മൃഗങ്ങളില്‍നിന്നു فَكُلُوا അങ്ങനെ നിങ്ങള്‍ തിന്നുകൊള്ളുക مِنْهَا അതില്‍നിന്നു وَأَطْعِمُوا നിങ്ങള്‍ ഭക്ഷണം നല്‍കുകയും (ഭക്ഷിക്കുവാന്‍ കൊടുക്കുകയും) ചെയ്യുവിന്‍ الْبَائِسَ പരവശനു, കഷ്ടപ്പെട്ടവന്നു الْفَقِيرَ ദരിദ്രനായ
22:29
  • ثُمَّ لْيَقْضُوا۟ تَفَثَهُمْ وَلْيُوفُوا۟ نُذُورَهُمْ وَلْيَطَّوَّفُوا۟ بِٱلْبَيْتِ ٱلْعَتِيقِ ﴾٢٩﴿
  • പിന്നീട്, അവര്‍ തങ്ങളുടെ അഴുക്ക് (നീക്കല്‍) നിര്‍വ്വഹിച്ചുകൊള്ളുകയും, തങ്ങളുടെ നേര്‍ച്ചകള്‍ നിറവേറ്റുകയും, (ആ) പുരാതനാലയത്തെ 'ത്വവാഫ്' [പ്രദക്ഷണം] ചെയ്കയും ചെയ്തുകൊള്ളട്ടെ.
  • ثُمَّ പിന്നെ, അനന്തരം لْيَقْضُوا അവര്‍ നിര്‍വ്വഹിക്കട്ടെ تَفَثَهُمْ അവരുടെ അഴുക്കു (നീക്കല്‍) وَلْيُوفُوا അവര്‍ നിറവേറ്റുകയും ചെയ്യട്ടെ نُذُورَهُمْ അവരുടെ നേര്‍ച്ചകളെ, വഴിപാടുകളെ وَلْيَطَّوَّفُوا അവര്‍ ത്വവാഫും ചെയ്യട്ടെ بِالْبَيْتِ ആ ആലയത്തെ الْعَتِيقِ പുരാതനമായ, വിമുക്തമായ

مَنَافِعَ لَهُمْ (അവര്‍ക്ക് പ്രയോജനകരമായ കാര്യങ്ങള്‍) എന്നു പറഞ്ഞതില്‍ ഹജ്ജുകര്‍മ്മങ്ങള്‍, ആ പുണ്യസ്ഥലത്തുവെച്ചു ചെയ്യുന്ന മറ്റു ആരാധനാകര്‍മ്മങ്ങള്‍ എന്നിവക്കുപുറമെ ഹജ്ജുകാലത്തു നടത്തപ്പെടുന്ന കച്ചവടം മുതലായവയും ഉള്‍പ്പെടുന്നു. أَيَّامٍ مَّعْلُومَاتٍ (അറിയപ്പെട്ട ദിവസങ്ങള്‍) കൊണ്ട് ഇവിടെ ഉദ്ദേശ്യം, വലിയപെരുന്നാള്‍ ദിവസവും അതിന്റെ അടുത്ത ദിവസങ്ങളുമാണ്. ദുല്‍ഹജ്ജുമാസത്തിലെ ആദ്യത്തെ പത്തുദിവസമാണെന്നും, ആ മാസം 8, 9, 10 എന്നീ ദിവസങ്ങളാണെന്നും അഭിപ്രായങ്ങളുണ്ട്. بَهِيمَةِ ٱلْأَنْعَٰمِ (കന്നുകാലി മൃഗങ്ങള്‍) എന്നതിന്റെ വിവക്ഷ മേപ്പടി ദിവസങ്ങളില്‍ ഹജ്ജ് കാലത്തു ബലിയര്‍പ്പിക്കപ്പെടുന്ന ഒട്ടകം, മാട്, ആട് എന്നീ മൃഗങ്ങളത്രെ وَيَذْكُرُوا۟ ٱسْمَ ٱللَّهِ الخ (അവയുടെ മേല്‍ അല്ലാഹുവിന്റെ നാമം കീര്‍ത്തനം ചെയ്യപ്പെടുക) എന്നു പറഞ്ഞതിന്റെ താല്‍പര്യം അല്ലാഹുവിന്റെ നാമത്തിലും, ‘തക്ബീര്‍’ മുഴക്കിക്കൊണ്ടും അവയെ അറുത്ത് ബലികഴിക്കുക എന്നുമാണ്. ബലികര്‍മ്മങ്ങള്‍ നടത്തുന്നത് വഴി മനുഷ്യന്റെ ത്യാഗവും, ഭക്തിയും പ്രകടമാക്കുന്നതിന് പുറമെ, അതുകൊണ്ടുളവാകുന്ന മറ്റൊരു പ്രയോജനത്തെയാണ് فَكُلُوا مِنْهَا وَأَطْعِمُوا (നിങ്ങള്‍ അതില്‍നിന്നു തിന്നുകയും, ദരിദ്രനായ പരവശനു ഭക്ഷണം നല്‍കുകയും ചെയ്യുവിന്‍) എന്ന വാക്യം ചൂണ്ടിക്കാട്ടുന്നത്. ഇസ്‌ലാമിനുമുമ്പ് ബലിമൃഗങ്ങളുടെ മാംസ ഭക്ഷിക്കാറില്ലായിരുന്നുവെന്നു കാണുന്നു. ആ നിലക്കു ഇതു ഒരു പുതിയ സാമൂഹ്യസേവനമാര്‍ഗ്ഗവും കൂടിയാകുന്നു.

نفث എന്ന വാക്കിനു ‘അഴുക്ക്, മാലിന്യം’ എന്നൊക്കെയാണര്‍ത്ഥം. മുടിയെടുക്കല്‍, നഖം മുറിക്കല്‍, വാസനദ്രവ്യം ഉപയോഗിക്കല്‍ മുതലായവ ഹജ്ജ് വേളയില്‍ വിരോധിക്കപ്പെട്ട കാര്യങ്ങളാണ്. അങ്ങിനെയുണ്ടാകുന്ന ജടയും അഴുക്കും ഹജ്ജിന്റെ അവസാനത്തില്‍ നീക്കം ചെയ്യേണ്ടതുണ്ട്. അതാണിവിടെ ‘പിന്നീട് അഴുക്കു നീക്കല്‍ നിര്‍വ്വഹിക്കണം’ (ثُمَّ لْيَقْضُوا تَفَثَهُمْ) എന്നു പ്രസ്‌താവിച്ചതിന്റെ സാരം. ഇതും ഹജ്ജുകര്‍മ്മങ്ങളില്‍ ഉള്‍പ്പെട്ട ഒരു കര്‍മ്മമത്രെ. ഹജ്ജിന്റെ കര്‍മ്മങ്ങളെല്ലാം നിര്‍വ്വഹിച്ച് തങ്ങളുടെ കടമ നിറവേറ്റണമെന്നാണ് മൊത്തത്തില്‍ ഇപ്പറഞ്ഞതിന്റെ സാരമെന്നും ചിലര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഹജ്ജ് കാലത്ത് അവിടെവെച്ചു ചെയ്യാന്‍ നേര്‍ന്നിട്ടുള്ള നേര്‍ച്ച വഴിപാടുകളും, അവിടെ നിര്‍വ്വഹിക്കേണ്ടതുള്ള കടമകളും وَلْيُوفُوا نُذُورَهُمْ (തങ്ങളുടെ നേര്‍ച്ചകള്‍ നിറവേറ്റിക്കൊള്ളട്ടെ) എന്ന കല്‍പ്പനയില്‍ ഉള്‍പ്പെടുന്നു. കഅ്ബഃയുടെ അടുക്കല്‍ ചെല്ലുമ്പോള്‍ പൊതുവായും, ഹജ്ജ് കര്‍മ്മങ്ങളില്‍ പ്രത്യേകമായും ചെയ്യാനുള്ള ഒരു പുണ്യകര്‍മ്മമത്രെ ‘ത്വവാഫ്’ (طواف) അഥവാ കഅ്ബഃയെ പ്രദക്ഷിണം ചെയ്യല്‍. ഓരോ പ്രാവശ്യത്തിലും ഏഴുവട്ടം കഅ്ബഃയെ വലം വെക്കേണ്ടതുണ്ട്.

കഅ്ബഃയെ ഉദ്ദേശിച്ചാണ് البيت العتيق (പുരാതനാലയം, അല്ലെങ്കില്‍ വിമുക്തമായ ആലയം) എന്നു പറയുന്നത്. മനുഷ്യര്‍ക്കു പൊതുവില്‍ ഒന്നാമതായി ഭൂമിയില്‍ സ്ഥാപിക്കപ്പെട്ട ദേവാലയവും, ഏറ്റവും കാലപ്പഴക്കം ചെന്ന ആരാധനാമന്ദിരവും അതായത് കൊണ്ട് ആ പേരിനു അതു തികച്ചും അര്‍ഹമായതുതന്നെ. അക്രമികളുടെ അക്രമങ്ങളൊന്നും ബാധിക്കാത്ത ‘വിമുക്തമായ ആലയം’ എന്ന അര്‍ത്ഥത്തിലാണ് ആ പേര്‍ സിദ്ധിച്ചിട്ടുള്ളതെന്നും ചില ഹദീസുകളില്‍ വന്നിട്ടുണ്ട്. بَيْت اللَّـهِ (അല്ലാഹുവിന്റെ വീട് – അല്ലെങ്കില്‍ ആലയം) എന്നും الْمَسْجِد الْحَرَامِ (പരിപാവനമായ പള്ളി) എന്നും മറ്റും അതിനെപ്പറ്റി പറയാറുണ്ട്. ചിലപ്പോള്‍ മക്കായെ ഉദ്ദേശിച്ചും, ചിലപ്പോള്‍ കഅ്ബഃയുടെ ചുറ്റുപാടുമായി നിലകൊള്ളുന്ന പള്ളിയെ ഉദ്ദേശിച്ചും അങ്ങനെ പറയാറുണ്ട്.

22:30
  • ذَٰلِكَ وَمَن يُعَظِّمْ حُرُمَـٰتِ ٱللَّهِ فَهُوَ خَيْرٌ لَّهُۥ عِندَ رَبِّهِۦ ۗ وَأُحِلَّتْ لَكُمُ ٱلْأَنْعَـٰمُ إِلَّا مَا يُتْلَىٰ عَلَيْكُمْ ۖ فَٱجْتَنِبُوا۟ ٱلرِّجْسَ مِنَ ٱلْأَوْثَـٰنِ وَٱجْتَنِبُوا۟ قَوْلَ ٱلزُّورِ ﴾٣٠﴿
  • അതാണ്‌ (ഹജ്ജിന്റെ വിഷയം)! ആരെങ്കിലും, അല്ലാഹുവിന്റെ അലംഘ്യ(മായ പരിപാവന) വസ്തുക്കളെ ബഹുമാനിക്കുന്നതായാല്‍, അതവന് തന്റെ റബ്ബിന്റെ അടുക്കല്‍ ഗുണകരമാകുന്നു. നിങ്ങള്‍ക്ക് ഓതിക്കേള്‍പ്പിക്കപ്പെടുന്നതൊഴിച്ചു - (എല്ലാ) കന്നുകാലികളും (ആടുമാടൊട്ടകവും) നിങ്ങള്‍ക്ക് അനുവദിക്കപ്പെട്ടിരിക്കുന്നു. ആകയാല്‍, വിഗ്രഹങ്ങളാകുന്ന അശുദ്ധിയെ നിങ്ങള്‍ വര്‍ജ്ജിക്കുവിന്‍; കള്ളം പറയലും വര്‍ജ്ജിക്കുവിന്‍;-
  • ذَٰلِكَ അതാണ്‌ وَمَن يُعَظِّمْ ആരെങ്കിലും ബഹുമാനിക്കുന്നതായാല്‍ حُرُمَاتِ اللَّـهِ അല്ലാഹുവിന്റെ അലംഘ്യവസ്തുക്കളെ, പരിപാവന വസ്തുക്കളെ فَهُوَ എന്നാലതു خَيْرٌ لَّهُ അവന്നു ഗുണകരമാണ് عِندَ رَبِّهِ തന്റെ റബ്ബിന്റെയടുക്കല്‍ وَأُحِلَّتْ അനുവദിക്കപ്പെടുകയും ചെയ്തിരിക്കുന്നു لَكُمُ നിങ്ങള്‍ക്കു الْأَنْعَامُ കന്നുകാലികള്‍ (ആടുമാടൊട്ടകങ്ങള്‍) إِلَّا مَا يُتْلَىٰ ഓതിക്കേള്‍പ്പിക്കപ്പെടുന്നതൊഴികെ عَلَيْكُمْ നിങ്ങള്‍ക്കു فَاجْتَنِبُوا ആകയാല്‍ വര്‍ജ്ജിക്കുവിന്‍ الرِّجْسَ അശുദ്ധിയെ, മാലിന്യത്തെ مِنَ الْأَوْثَانِ വിഗ്രങ്ങളാകുന്ന, വിഗ്രഹങ്ങളില്‍ നിന്നുള്ള وَاجْتَنِبُوا വര്‍ജ്ജിക്കുകയും ചെയ്യുവിന്‍ قَوْلَ الزُّورِ കള്ളം പറയുന്നതു, കള്ളവാക്കു
22:31
  • حُنَفَآءَ لِلَّهِ غَيْرَ مُشْرِكِينَ بِهِۦ ۚ وَمَن يُشْرِكْ بِٱللَّهِ فَكَأَنَّمَا خَرَّ مِنَ ٱلسَّمَآءِ فَتَخْطَفُهُ ٱلطَّيْرُ أَوْ تَهْوِى بِهِ ٱلرِّيحُ فِى مَكَانٍ سَحِيقٍ ﴾٣١﴿
  • അല്ലാഹുവിന് വേണ്ടി നിഷ്കളങ്കമാനസരായി - അവനോട് (യാതൊന്നിനേയും) പങ്കുചേര്‍ക്കാത്ത നിലയില്‍ (ആയിരിക്കണം). ആരെങ്കിലും, അല്ലാഹുവിനോട് (വല്ലതിനെയും) പങ്കു ചേര്‍ക്കുന്നതായാല്‍ അവന്‍, ആകാശത്തു നിന്ന് വീണിട്ട് അവനെ പറവകള്‍ റാഞ്ചിക്കൊണ്ടു പോകുകയോ, ദൂരപ്പെട്ട ഒരു സ്ഥലത്ത് കാറ്റ് കൊണ്ടുപോയിടുകയോ ചെയ്തതു പോലെയായിത്തീരുന്നു! (അത്രയും ആപല്‍ക്കരമാണത്.)
  • حُنَفَاءَ നിഷ്കളങ്കഹൃദയന്മാരായി (നേരായ മനസ്സോടെ) لِلَّـهِ അല്ലാഹുവിനുവേണ്ടി غَيْرَ مُشْرِكِينَ പങ്കു ചേര്‍ക്കുന്നവരല്ലാതെ بِهِ അവനോട് وَمَن يُشْرِكْ ആരെങ്കിലും പങ്കു ചേര്‍ക്കുന്നതായാല്‍ بِاللَّـهِ അല്ലാഹുവിനോടു فَكَأَنَّمَا خَرَّ എന്നാല്‍ അവന്‍ വീണതുപോലെയായിരിക്കും مِنَ السَّمَاءِ ആകാശത്തു നിന്നു فَتَخْطَفُهُ എന്നിട്ടവനെ റാഞ്ചിക്കൊണ്ടുപോകയും الطَّيْرُ പറവകള്‍, പക്ഷികള്‍ أَوْ تَهْوِي بِهِ അല്ലെങ്കില്‍ അവനെ കൊണ്ടുപോയിടുകയും, വീഴ്ത്തുകയും الرِّيحُ കാറ്റ് فِي مَكَانٍ ഒരു സ്ഥലത്തു سَحِيقٍ ദൂരപ്പെട്ട, ആപല്‍ക്കരമായ

حُرُمَاتِ എന്ന വാക്കിനാണ് ‘അലംഘ്യമായ വസ്തുക്കള്‍’ എന്ന് അര്‍ത്ഥം കല്‍പ്പിച്ചത്. ബഹുമാനിക്കപ്പെടേണ്ടതും, അനാദരിക്കുവാന്‍ പാടില്ലാത്തതും, പരിപാവനമായതും നിശ്ചയിക്കപ്പെട്ട പരിധി ലംഘിക്കുവാന്‍ പാടില്ലെന്നു മുടക്കം ചെയ്യപ്പെട്ടിരിക്കുന്നതുമായ എല്ലാറ്റിനും – അതു കാര്യങ്ങളോ, വസ്തുക്കളോ, സ്ഥലങ്ങളോ ആകട്ടെ. ഈ വാക്കുപയോഗിക്കപ്പെടുന്നു. حُرْمَة (ഹുര്‍മത്ത്) എന്നാണതിന്റെ ഏകവചനം. മലയാള ഭാഷയില്‍ ഇതിനോടു ശരിക്കും യോജിക്കുന്ന ഒറ്റവാക്കു കാണപ്പെടുന്നില്ല. ഇതിന്റെ ധാതുവില്‍ നിന്നുതന്നെ حَريم ، حَرام ، مُحترَم ، حَرَم (ഹരീം, ഹറാം, മുഹ്തറം, ഹറം) മുതലായ രൂപങ്ങളും – അല്‍പാല്‍പം വ്യത്യസ്തങ്ങളായ അര്‍ത്ഥങ്ങളില്‍ – സന്ദര്‍ഭോചിതം നാമങ്ങളായും, വിശേഷണങ്ങളായും ഉപയോഗിക്കപ്പെടുന്നു. ഇവിടെ ഹജ്ജിന്റെ കര്‍മ്മങ്ങളും, ഓരോന്നിനും നിശ്ചയിക്കപ്പെട്ട സ്ഥാനങ്ങളും ഈ വാക്കില്‍ ഉള്‍പ്പെടുന്നു. പരിപാവന വസ്തുക്കളായി അല്ലാഹു നിശ്ചയിച്ചിട്ടുള്ളതെല്ലാം ബഹുമാനിക്കുകയെന്നത് അവന്റെ അടുക്കല്‍ വളരെ പ്രധാനപ്പെട്ട പുണ്യകര്‍മ്മമാണെന്നത്രെ 30-ാം ആയത്തിന്റെ ആദ്യഭാഗം കുറിക്കുന്നത്.

തുടര്‍ന്നുകൊണ്ട് ഹജ്ജുകാര്യങ്ങളോടും, ഖുര്‍ആന്റെ അവതരണകാലത്തു അറബികള്‍ക്കിടയില്‍ നടപ്പുണ്ടായിരുന്ന ആചാരങ്ങളോടും ബന്ധപ്പെട്ട ചില കാര്യങ്ങളെക്കുറിച്ചാണ് പ്രസ്താവിക്കുന്നത്. ആടുമാടൊട്ടകങ്ങള്‍ക്കാണല്ലോ انعام (കന്നുകാലികള്‍) എന്നു പറയുന്നത്. ഭക്ഷ്യവസ്തുക്കളായും, വാഹനങ്ങളായും, ബലിമൃഗങ്ങളായും ഇസ്‌ലാമിനു മുമ്പും അറബികള്‍ ഇവയെ ഉപയോഗപ്പെടുത്തിയിരുന്നു. പക്ഷേ, അവരാല്‍ കെട്ടിച്ചമക്കപ്പെട്ടതും, അല്ലാഹു വിരോധിച്ചതും, ബഹുദൈവാരാധനയില്‍ അധിഷ്ഠിതവുമായ പല നടപടികളും അവര്‍ അനുഷ്ഠിച്ചു വന്നിരുന്നു. വിരോധിക്കപ്പെട്ട പലതും അനുവദനീയമായും, അനുവദിക്കപ്പെട്ട പലതും വിരോധമായും അവര്‍ കരുതിവന്നു. അതുകൊണ്ട്, എല്ലാതരം ശവങ്ങളും, അല്ലാഹു അല്ലാത്തവരുടെ പേരില്‍ അറുക്കപ്പെടുകയോ ബലി ചെയ്യപ്പെടുകയോ ചെയ്യുന്നവയും ഉപയോഗിക്കുവാന്‍ പാടില്ലെന്ന് ഖുര്‍ആന്‍ കര്‍ശനമായി വിരോധിച്ചിരിക്കുന്നു. അത്തരത്തില്‍ പെടാത്ത എല്ലാ ആടുമാടൊട്ടകവും ഭക്ഷിക്കുകയും, അല്ലാഹുവിനു ബലിയര്‍പ്പിക്കുകയും ചെയ്‌വാന്‍ അനുവദിക്കപ്പെട്ടിട്ടുണ്ട് എന്നത്രെ അല്ലാഹു ഇവിടെ പ്രസ്താവിക്കുന്നത്. വിഗ്രഹങ്ങളും, അവയുമായി ബന്ധപ്പെട്ട എല്ലാ ദുരാചാരങ്ങളും അടങ്ങുന്ന അശുദ്ധികളെയും ആ ഇനത്തില്‍ അന്നു നിലവിലുണ്ടായിരുന്നതും അല്ലാത്തതുമായ എല്ലാ കള്ളവാദങ്ങളെയും വ്യാജ സംസാരങ്ങളെയും വിരോധിക്കുകയും ചെയ്യുന്നു. ഇതെല്ലാം നിഷ്കളങ്കതയോടുകൂടി വെണമെന്നാണ് 31-ാം വചനത്തിന്റെ ആദ്യഭാഗം കാണിക്കുന്നത്. ശിര്‍ക്കുകൊണ്ടുണ്ടാകുന്ന നാശത്തിന്റെ ഭയങ്കരത ഉപമാരൂപത്തില്‍ ചൂണ്ടിക്കാട്ടുകയാണ് അതിന്റെ അവസാനഭാഗം ചെയ്യുന്നത്.

22:32
  • ذَٰلِكَ وَمَن يُعَظِّمْ شَعَـٰٓئِرَ ٱللَّهِ فَإِنَّهَا مِن تَقْوَى ٱلْقُلُوبِ ﴾٣٢﴿
  • അതാണ്‌ (കാര്യം)! ആരെങ്കിലും, അല്ലാഹുവിന്റെ (മത) ചിഹ്നങ്ങളെ ബഹുമാനിക്കുന്നതായാല്‍, (അവന്‍ ഭക്തന്‍തന്നെ. കാരണം:) നിശ്ചയമായും അത്, ഹൃദയങ്ങളുടെ ഭക്തിയില്‍ നിന്നുള്ളതാണ്.
  • ذَٰلِكَ അതാണ്‌ وَمَن يُعَظِّمْ ആരെങ്കിലും ബഹുമാനിക്കുന്നതായാല്‍ شَعَائِرَ اللَّـهِ അല്ലാഹുവിന്റെ ചിഹ്നങ്ങളെ فَإِنَّهَا എന്നാല്‍ നിശ്ചയമായും അതു مِن تَقْوَى ഭക്തിയില്‍ നിന്നുള്ളതാണു, ഭക്തി നിമിത്തമാണു, സൂക്ഷമതയാലാണ് الْقُلُوبِ ഹൃദയങ്ങളുടെ

ഒരു വിഷയമോ, വാചകമോ തീര്‍ന്നശേഷം, വ്യാകരണപരമായ പ്രത്യേക ഘടനാബന്ധമൊന്നുമില്ലാത്ത മറ്റൊന്നിലേക്കു പ്രവേശിക്കുമ്പോള്‍, രണ്ടും തമ്മില്‍ വിഷയപരമായ ഒരു ബന്ധം സ്ഥാപിക്കുവാന്‍വേണ്ടി هَـٰذَا، ذَٰلِكَ، كَذَٰلِكَ (ഇതാണ്, അതാണ്‌, ഇങ്ങനെയാണ്, അങ്ങിനെയാണ്) എന്നിങ്ങനെയുള്ള സൂചനാ നാമങ്ങള്‍ അറബിഭാഷയില്‍ ഉപയോഗിക്കുക പതിവുണ്ട്. അതനുസരിച്ചാണ് ഇവിടെയും 30-ാം വചനത്തിലും ذلك (അതാണ്‌) എന്ന പദം ആരംഭത്തില്‍ വന്നുകാണുന്നത്. ഇത്തരം പ്രയോഗങ്ങളില്‍, സന്ദര്‍ഭത്തിനൊത്ത സൂചനാസാരങ്ങള്‍ പലതും അതില്‍ അടങ്ങിയിട്ടുമുണ്ടാകും. ഏതാണ്ട് ഇതുപോലെയുള്ള ചില പ്രയോഗങ്ങള്‍ നമ്മുടെ ഭാഷയിലും കാണാം. ‘അതെ, അങ്ങിനെ, ശരി’ തുടങ്ങിയ പല പദങ്ങളും ഈ ആവശ്യാര്‍ത്ഥം മലയാളത്തിലും ഉപയോഗിക്കപ്പെടുന്നു.

شَعَائِرَ (ചിഹ്നങ്ങള്‍) കൊണ്ട് വിവക്ഷിക്കപ്പെടുന്നത് മതസംബന്ധമായ പ്രത്യേക അടയാളങ്ങളായി കരുതപ്പെടുന്ന കാര്യങ്ങളാണ്. കര്‍മ്മങ്ങള്‍, വേഷഭൂഷണങ്ങള്‍, സംസാരം, പ്രവൃത്തി ആദിയായവയിലെല്ലാം തന്നെ, കക്ഷികള്‍ക്കിടയിലും, മതസ്ഥര്‍ക്കിടയിലും, സമുദായങ്ങള്‍ക്കിടയിലും പലപ്പോഴും ചില വ്യത്യസ്ത രീതികളുമുണ്ടായിരിക്കും. അതിന്റെ അടിസ്ഥാനത്തില്‍ വ്യക്തികളെ – അവര്‍ ഇന്ന കൂട്ടത്തില്‍പെട്ടവരാണെന്ന് – സാമാന്യേന കണക്കാക്കപ്പെടുകയും ചെയ്യുന്നു. ഇസ്‌ലാമിന്റേതായ പ്രത്യേക അടയാളങ്ങളമാകുന്നതെല്ലാം شَعَائِرُ اللَّـهِ شَعَائِرُ الْإِسْلَامِ (അല്ലാഹുവിന്റെ ചിഹ്നങ്ങള്‍, ഇസ്‌ലാമിന്റെ ചിഹ്നങ്ങള്‍) എന്നീ പേരുകളില്‍ അറിയപ്പെടുന്നു. ഒരു കൂട്ടരുടെ പ്രത്യേക ചിഹ്നങ്ങളെ ആദരിക്കുന്നതും, അനുകൂലിക്കുന്നതും ആ കൂട്ടരോടുള്ള പ്രത്യേക ബഹുമാനംകൊണ്ടോ അനുഭാവം കൊണ്ടോ ആണെന്നും, അതിനെ അനാദരിക്കുന്നതും, ധിക്കരിക്കുന്നതും അവരോടുള്ള വെറുപ്പുകൊണ്ടാണെന്നും വ്യക്തമാണ്. ഒരു കക്ഷിയുടെയോ, മതത്തിന്റെയോ പ്രത്യേക ചിഹ്നമായി കരുതപ്പെടുന്ന കേവലം നിസ്സാരമായ ഒരു കാര്യത്തെ അവമതിക്കുകയെന്നത്, ആ കക്ഷിയുടെയോ മതത്തിന്റെയോ തന്നെ കര്‍ശനമായ ഒരു നിയമത്തെ ലംഘിക്കുന്നതിനെക്കാള്‍ വലിയ അപരാധമായിട്ടായിരിക്കും കരുതപ്പെടുക. ഇതാണിതിന് കാരണം. അതു കൊണ്ടുതന്നെയാണ്, അല്ലാഹുവിന്റെ ചിഹ്നങ്ങളെ ഒരുവന്‍ ബഹുമാനിക്കുന്നതുകണ്ടാല്‍, അതു് അല്ലാഹുവിനോട് അയാള്‍ക്കുള്ള ഹൃദയംഗമായ ഭക്തിയുടെ ലക്ഷണമായി അല്ലാഹു പ്രസ്താവിച്ചതും.

ഈ തത്വം, ഇക്കാലത്തെ മുസ്‌ലിം സഹോദരന്മാര്‍ പ്രത്യേകം മനസ്സിരുത്തേണ്ടിയിരിക്കുന്നു. ‘ഏകസംസ്കാരാ’ ദിവാദങ്ങളില്‍ അറിഞ്ഞും അറിയാതെയും – വാക്കുകൊണ്ടല്ലെങ്കില്‍ പ്രവൃത്തികൊണ്ടെങ്കിലും – മനുഷ്യന്‍ ലയിച്ചു പോയിക്കൊണ്ടിരിക്കുന്ന ഒരു കാലമാണിത്. ദുരുദ്ദേശത്തോടുകൂടിയല്ലെങ്കിലും, അനിസ്ലാമിക ചിഹ്നങ്ങള്‍ സ്വീകരിച്ചുവരികയും, ഇസ്‌ലാമിക ചിഹ്നങ്ങളെ – അവ ചെറുതോ വലുതോ ആക്കട്ടെ – അവഗണിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നത്. മുസ്‌ലിമിനെ ക്രമേണ അമുസ്ലിമാക്കിത്തീര്‍ക്കുവാനുള്ള പൈശാചിക പ്രേരണയാണെന്നു് ഓര്‍ക്കേണ്ടിയിരിക്കുന്നു. നമ്മുടെ യുവാക്കള്‍ – പാമരന്മാര്‍ മാത്രമല്ല ചില പണ്ഡിതരും – ഇന്നത്തെ ആധുനിക പരിഷ്കാരലഹരി പിടിപെട്ടും, അനിസ്‌ലാമിക സംസ്കാരത്തിന്റെ ബാഹ്യമായ മോടിയില്‍ ആകൃഷ്ടരായും കൊണ്ട് ഇസ്‌ലാമിക ശിക്ഷണ വലയത്തിന് പുറത്തുപോയിക്കൊണ്ടിരിക്കുന്ന കാഴ്ച്ച മതഭക്തിയുള്ള ഏതൊരു മുസ്‌ലിം ഹൃദയത്തെയും വ്യസനിപ്പിക്കാതിരിക്കയില്ല. വേഷഭൂഷാദികളില്‍ നിന്നാരംഭിക്കുന്ന ഈ അനുകരണ വാഞ്ഛ ക്രമേണ ആചാരാനുഷ്ഠാനങ്ങളിലും മറ്റെല്ലാ രംഗങ്ങളിലും സ്വാധീനം ചെലുത്തുകയും ഒടുക്കം നാമത്തിലും പ്രസംഗവേദികളിലും മാത്രം മുസ്‌ലിമായിത്തീരുകയുമാണ് ഇതിന്റെ അനന്തരഫലം. (مَعَاذَ اللَّـهِ) മനഃശാസ്ത്രം പഠിപ്പിച്ചുതരുന്ന ഈ പരമാര്‍ത്ഥത്തെയാണ് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യുടെ ഒരു ഹദീസു നമ്മെ പഠിപ്പിക്കുന്നത്.

مَنْ تَشَبَّهَ بِقَوْمٍ فَهُوَ مِنْهُمْ – احمد وابو داودو صححه ابن حبان

(ആരെങ്കിലും ഒരു ജനതയോട് സാദൃശ്യം സ്വീകരിച്ചാല്‍ അവന്‍ അവരില്‍ ഉള്‍പ്പെട്ടവനാകുന്നു).

‘അല്ലാഹുവിന്റെ ചിഹ്നങ്ങള്‍’ എന്നു ഇവിടെ പറയുമ്പോള്‍ അതുകൊണ്ട് ഉദ്ദേശിക്കപ്പെടുന്നത് പ്രധാനമായും, ഹജ്ജുകാര്യ സംബന്ധമായ ബലിമൃഗങ്ങളാകുന്നു. എങ്കിലും, അതിനെപ്പറ്റിമാത്രം പറഞ്ഞുമതിയാക്കാതെ, ഒരു പൊതുതത്വമെന്ന നിലക്കാണ് ഇക്കാര്യം ഇവിടെ അല്ലാഹു പ്രസ്താവിച്ചതും, ഓര്‍മ്മപ്പെടുത്തിയതും. ഈ വസ്തുത പ്രത്യേകം ശ്രദ്ധാര്‍ഹമാണ്. മറ്റൊരു സംഗതി: ഓരോ സമുദായത്തിനും ചില ആചാരങ്ങളും സംസ്കാരങ്ങളും ഉണ്ടായിരിക്കുക സ്വാഭാവികമാണ്, അതുപോലെ ഇസ്‌ലാമിനും ചിലതെല്ലാം ഉണ്ടെന്നല്ലാതെ ഇസ്‌ലാമിക ചിഹ്നങ്ങള്‍ക്കെന്താണ് ഇത്ര വിശേഷത? എന്നൊരു സംശയം വല്ലവര്‍ക്കും തോന്നുവാന്‍ അവകാശമുണ്ട്. ‘അല്ലാഹുവിന്റെ ചിഹ്നങ്ങളെ (شَعَائِرُ اللَّـهِ) എന്നും, ‘അല്ലാഹുവിന്റെ അലംഘ്യവസ്തുക്കള്‍’ (حُرُمَاتِ اللَّهِ) എന്നുമുള്ള പ്രയോഗംതന്നെ അതിനുള്ള മറുപടിയാകുന്നു. അതായത്: അല്ലാഹു നിശ്ചയിച്ചതും, അവന്‍ ഇഷ്ടപ്പെടുന്നതുമായ ചിഹ്നങ്ങളേതോ അതാണ്‌ ഇസ്‌ലാമിന്റെ ചിഹ്നങ്ങള്‍; മറ്റുള്ളതെല്ലാം സൃഷ്ടികളുടെ നിശ്ചയങ്ങളും ഇഷ്ടങ്ങളുമാണ് എന്നു സാരം. ബലിമൃഗങ്ങളാകുന്ന ചിഹ്നങ്ങളെക്കുറിച്ചു അല്ലാഹു പറയുന്നു:-

22:33
  • لَكُمْ فِيهَا مَنَـٰفِعُ إِلَىٰٓ أَجَلٍ مُّسَمًّى ثُمَّ مَحِلُّهَآ إِلَى ٱلْبَيْتِ ٱلْعَتِيقِ ﴾٣٣﴿
  • (ബലിമൃഗങ്ങളാകുന്ന) അവയില്‍, ഒരു നിശ്ചിത അവധിവരേക്കും നിങ്ങള്‍ക്ക് പ്രയോജനങ്ങളുണ്ട്; പിന്നീട്, അവയുടെ (ബലികര്‍മ്മത്തിന്) അനുവദിക്കപ്പെട്ട സ്ഥലം (ആ) 'പുരാതനാലയത്തി'ന്നടുത്താക്കുന്നു.
  • لَكُمْ നിങ്ങള്‍ക്കുണ്ട് فِيهَا അവയില്‍ مَنَافِعُ പ്രയോജനങ്ങള്‍ إِلَىٰ أَجَلٍ ഒരു അവധിവരെ مُّسَمًّى നിശ്ചയിക്കപ്പെട്ട, നിര്‍ണ്ണയിക്കപ്പെട്ട ثُمَّ പിന്നെ, പിന്നീട് مَحِلُّهَا അവയുടെ അനുവദിക്കപ്പെട്ട സ്ഥലം, അനുവദിക്കപ്പെട്ട സമയം إِلَى الْبَيْتِ ആ ആലയത്തിനടുത്താണു, ആലയത്തിലേക്കു (എത്തുക) ആകുന്നു الْعَتِيقِ പുരാതനമായ, വിമുക്തമായ

ബലിക്കായി നിശ്ചയിക്കപ്പെട്ട മൃഗങ്ങളെ ബലിയറുക്കുന്നതിനു മുമ്പ് അവയെ വാഹനമായി ഉപയോഗിക്കാം, അവയുടെ പാല്‍ മുതലായവയും ഉപയോഗിക്കാം. ബലികര്‍മ്മം നടത്തുവാനുള്ള സമയം വന്നാല്‍, അവയെ കഅ്ബഃയുടെ അടുത്ത് – ഹറമില്‍ – വെച്ച് അറുത്ത് ബലി നടത്തേണ്ടതാണ്.