വിഭാഗം - 14

16:101
 • وَإِذَا بَدَّلْنَآ ءَايَةً مَّكَانَ ءَايَةٍ ۙ وَٱللَّهُ أَعْلَمُ بِمَا يُنَزِّلُ قَالُوٓا۟ إِنَّمَآ أَنتَ مُفْتَرٍۭ ۚ بَلْ أَكْثَرُهُمْ لَا يَعْلَمُونَ ﴾١٠١﴿
 • ഒരു 'ആയത്തി'ന്റെ [സൂക്തത്തിന്റെ] സ്ഥാനത്തു വേറെ ഒരു 'ആയത്തു' [സൂക്തം] നാം പകരമാക്കിയാല്‍, അല്ലാഹുവാകട്ടെ, അവന്‍ ഇറക്കുന്നതിനെപ്പറ്റി നല്ലവണ്ണം അറിയുന്നവനുമാണ്. അവര്‍ പറയും: 'നിശ്ചയമായും, നീ ഒരു കെട്ടിച്ചമക്കുന്നവന്‍ തന്നെയാണു' എന്നു. പക്ഷെ, (അതല്ല) അവരില്‍ അധികമാളുകള്‍ക്കും അറിഞ്ഞുകൂടാ.
 • وَإِذَا بَدَّلْنَا നാം പകരമാക്കിയാല്‍, മാറ്റം ചെയ്‌താല്‍ آيَةً ഒരു ആയത്തിനെ, സൂക്തം مَّكَانَ സ്ഥാനത്തു آيَةٍ ഒരു ആയത്തിന്റെ وَاللَّـهُ അല്ലാഹുവാകട്ടെ أَعْلَمُ ഏറ്റം (നല്ലവണ്ണം) അറിയുന്നവനാണ് بِمَا يُنَزِّلُ അവന്‍ ഇറക്കുന്നതിനെപ്പറ്റി قَالُوا അവര്‍ പറയും, പറയുകയായി إِنَّمَا നിശ്ചയമായും തന്നെ (മാത്രം) أَنتَ നീ مُفْتَرٍ ഒരു കെട്ടിച്ചമക്കുന്നവന്‍ (തന്നെ - മാത്രം) بَلْ പക്ഷെ, എന്നാല്‍ أَكْثَرُهُمْ അവരിലധികവും لَا يَعْلَمُونَ അറിയുന്നില്ല
16:102
 • قُلْ نَزَّلَهُۥ رُوحُ ٱلْقُدُسِ مِن رَّبِّكَ بِٱلْحَقِّ لِيُثَبِّتَ ٱلَّذِينَ ءَامَنُوا۟ وَهُدًى وَبُشْرَىٰ لِلْمُسْلِمِينَ ﴾١٠٢﴿
 • പറയുക: അതു [ഖുര്‍ആന്‍] നിന്റെ റബ്ബിങ്കല്‍നിന്നു പരിശുദ്ധാത്മാവ് യഥാര്‍ത്ഥപ്രകാരം ഇറക്കിയിരിക്കുകയാണ്; വിശ്വസിച്ചവര്‍ക്കു (വിശ്വാസത്തില്‍) അതു സ്ഥൈര്യം നല്‍കുവാന്‍വേണ്ടി: മാര്‍ഗ്ഗദര്‍ശനവും, മുസ്‌ലിംകള്‍ക്കു സന്തോഷവാര്‍ത്തയുമായിക്കൊണ്ടും.'
 • قُلْ പറയുക نَزَّلَهُ അതിനെ ഇറക്കിയിരിക്കുന്നു رُوحُ الْقُدُسِ പരിശുദ്ധാത്മാവ് مِن رَّبِّكَ നിന്റെ റബ്ബിങ്കല്‍നിന്നു بِالْحَقِّ യഥാര്‍ത്ഥപ്രകാരം, മുറപ്രകാരം لِيُثَبِّتَ അതു ഉറപ്പിച്ചു നിറുത്തുവാന്‍ വേണ്ടി الَّذِينَ آمَنُوا വിശ്വസിച്ചവരെ وَهُدًى മാര്‍ഗ്ഗദര്‍ശനമായും وَبُشْرَىٰ സന്തോഷവാര്‍ത്തയായും لِلْمُسْلِمِينَ മുസ്‌ലിംകള്‍ക്ക്

ഒരു ഖുര്‍ആന്‍ വചനത്തിലടങ്ങിയ വിധി മറ്റൊരു വചനം മുഖേന നീക്കം ചെയ്യുക (‘നസ്ഖു’ ചെയ്യുക) – അഥവാ ഒരു വചനമനുസരിച്ച് നിലവിലുള്ള താല്‍ക്കാലികമായ ഒരു മതവിധിയെ മാറ്റി അതിന്റെ സ്ഥാനത്തു കൂടുതല്‍ സ്ഥിരവും പ്രായോഗികവുമായ വേറൊരു വിധി നിര്‍ദ്ദേശിച്ചുകൊണ്ടുള്ള വചനം അവതരിക്കുക – എന്നു പറഞ്ഞതിന്റെ ഉദ്ദേശ്യം ഇങ്ങിനെ പുതിയ വല്ല ആയത്തുകളും അവതരിക്കുമ്പോള്‍, ഖുര്‍ആന്റെ വൈരികള്‍ ആരോപിക്കാറുള്ള ഒരാരോപണം എടുത്തുകാട്ടിക്കൊണ്ടു അതിനു മറുപടി നല്‍കുകയാണു ഈ വചനങ്ങള്‍ ചെയ്യുന്നത്. ‘ഒരിക്കല്‍ ഒന്നു കല്‍പിക്കുകയും, പിന്നീടതു മാറ്റി വേറൊന്നു കല്‍പിക്കുകയും ചെയ്യുന്ന ഏര്‍പ്പാടു അല്ലാഹുവില്‍ നിന്നുണ്ടാകുവാന്‍ നിവൃത്തിയില്ല. അതുകൊണ്ടു ഈ ഖുര്‍ആന്‍ മുഹമ്മദ്‌ കെട്ടിയുണ്ടാക്കി അല്ലാഹുവിങ്കല്‍ നിന്നുള്ളതാണെന്നു വാദിക്കുക മാത്രമാണ്. അല്ലായിരുന്നുവെങ്കില്‍ ഒരിക്കല്‍ പറഞ്ഞതു പിന്നെ മാറ്റിപ്പറയേണ്ടി വരുമായിരുന്നില്ല.’ എന്നിങ്ങിനെയാണു അവരുടെ ആരോപണം. അവതരിപ്പിക്കുന്നതു എന്തൊക്കെയാണു, അവതരിപ്പിക്കേണ്ടതു എന്തൊക്കെയാണ്, സന്ദര്‍ഭത്തിനും പരിതസ്ഥിതികള്‍ക്കും അനുയോജ്യമായതു എന്തൊക്കെയാണു എന്നിത്യാദി കാര്യങ്ങള്‍ അല്ലാഹുവിനാണ് കൂടുതല്‍ അറിയുക. അതനുസരിച്ചാണ് എല്ലാം അവന്‍ അവതരിപ്പിക്കുന്നതും. പക്ഷേ, മിക്ക ആളുകളും ഈ വക യാഥാര്‍ത്ഥ്യങ്ങളൊന്നും അറിഞ്ഞുകൂടാത്തവരാണ്. എന്നിങ്ങിനെ അതിലെ ചില യുക്തിവശങ്ങളെ ആദ്യം ചൂണ്ടിക്കാട്ടിക്കൊണ്ടു അല്ലാഹു അവര്‍ക്കു മറുപടി നല്‍കുന്നു. അതായതു:-

ഈ ഖുര്‍ആന്‍ ആരും കെട്ടിയുണ്ടാക്കിയതല്ല. അല്ലാഹുവിങ്കല്‍ നിന്നു അവന്റെ വിശ്വസ്തദൂതനായ പരിശുദ്ധാത്മാവ് – ജിബ്‌രീല്‍ (عليه الصلاة والسلام) ഇറക്കിയതാണത്. ന്യായയുക്തവും കാര്യസമ്പൂര്‍ണ്ണവും മാത്രമാണത്. സത്യവിശ്വാസികള്‍ക്കു അവരുടെ വിശ്വാസത്തിനു അതുമൂലം സ്ഥൈര്യവും ദൃഢതയും ലഭിക്കുന്നു. സന്മാര്‍ഗ്ഗവും ദുര്‍മാര്‍ഗ്ഗവും വേര്‍തിരിച്ചു കാട്ടുന്ന മാര്‍ഗ്ഗദര്‍ശനവും, അതനുസരിച്ചുജീവിക്കുന്ന മുസ്‌ലിംകള്‍ക്കു സന്തോഷവാര്‍ത്തയുമാണത് എന്നത്രെ മറുപടിയുടെ ചുരുക്കം. സത്യനിഷേധികള്‍ ഖുര്‍ആനെ കണ്ണടച്ചു നിഷേധിക്കുന്നവരാകകൊണ്ടു ഇതൊന്നും അവര്‍ മനസ്സിലാക്കുകയോ അംഗീകരിക്കുകയോ ചെയ്യുകയില്ലെന്നും, സത്യവിശ്വാസവും സന്മാര്‍ഗ്ഗവും സ്വീകരിച്ചവരെ സംബന്ധിച്ചിടത്തോളം ഓരോ ആയത്തും, ഓരോ സൂറത്തും അവര്‍ക്ക് മാര്‍ഗ്ഗദര്‍ശനവും വിശ്വാസ ദാര്‍ഢ്യവും വര്‍ദ്ധിപ്പിച്ചുകൊണ്ടിരിക്കുമെന്നും വ്യക്തമാണല്ലോ. അല്ലാഹു പറയുന്നു: ‘വല്ല സൂറത്തും അവതരിപ്പിക്കപ്പെട്ടാല്‍ അവരില്‍ ചിലര്‍ പറയും: നിങ്ങളില്‍ ആര്‍ക്കാണു ഇതു വിശ്വാസം വര്‍ദ്ധിപ്പിച്ചതു എന്നു. എന്നാല്‍, വിശ്വസിച്ചവര്‍ക്ക് അത് വിശ്വാസം വര്‍ദ്ധിപ്പിക്കുന്നതാണ്. അവര്‍ സന്തോഷം കൊള്ളുകയും ചെയ്യും. എന്നാല്‍, ഹൃദയങ്ങളില്‍ രോഗമുള്ളവരാകട്ടെ, അവര്‍ക്കതു മ്ലേഛതയിലൂടെ മ്ലേഛത വര്‍ദ്ധിപ്പിക്കുകയും, അവര്‍ അവിശ്വാസികളായുംകൊണ്ടു മരണമടയുകയും ചെയ്യും.’ (തൗബ: 124, 125).

‘നസ്ഖ്’ (نسخ)ന്റെ നിര്‍വചനം, ഖുര്‍ആനില്‍ അതുണ്ടാകുവാനുള്ള സാധ്യത, കാരണം, അതിന്റെ യുക്തി വശം, നസ്ഖിനെ നിഷേധിക്കുന്നവരുടെ ന്യായം, അതിനുള്ള മറുപടി ആദിയായവയെക്കുറിച്ച് സൂറ: അല്‍ബഖറ 106-ാം വചനത്തിന്റെ വ്യാഖ്യാനത്തിലും മുഖവുരയിലും ആവശ്യമായ വിവരണം കഴിഞ്ഞുപോയിട്ടുള്ളതുകൊണ്ട് ഇവിടെ കൂടുതല്‍ വിവരിക്കുന്നില്ല. ഖുര്‍ആന്‍ അല്ലാഹുവിന്റെ വചനമായിരിക്കെ അതില്‍ നസ്ഖ് ഉണ്ടായിരിക്കുവാന്‍ സാധ്യതയേ ഇല്ലെന്ന് കരുതുന്നവര്‍ ഈ രണ്ടു വചനങ്ങള്‍ ശരിക്കൊന്നു മനസ്സിരുത്തുകയും, തുറന്നമനസ്സോടെ അല്‍പമൊന്നു ചിന്തിക്കുകയും ചെയ്യുന്നപക്ഷം, ആ വിചാരം തീരെ കഴമ്പില്ലാത്തതാണെന്നും, ഈ ന്യായവാദത്തിന്റെ തുടക്കം ഉണ്ടായിട്ടുള്ളതു മുശ്രിക്കുകളില്‍ നിന്നാണെന്നും അവര്‍ക്കു ബോധ്യപ്പെടുന്നതാണ്. والله للموفق

16:103
 • وَلَقَدْ نَعْلَمُ أَنَّهُمْ يَقُولُونَ إِنَّمَا يُعَلِّمُهُۥ بَشَرٌ ۗ لِّسَانُ ٱلَّذِى يُلْحِدُونَ إِلَيْهِ أَعْجَمِىٌّ وَهَـٰذَا لِسَانٌ عَرَبِىٌّ مُّبِينٌ ﴾١٠٣﴿
 • അവര്‍ പറയുന്നുവെന്നു തീര്‍ച്ചയായും നാം അറിയുന്നുണ്ട്: 'അവന്നു [നബിക്കു] ഒരു മനുഷ്യന്‍ പഠിപ്പിച്ചു കൊടുക്കുകതന്നെയാണു ചെയ്യുന്നത്' എന്നു. യാതൊരുവനിലേക്കു അവര്‍ ദുസ്സൂചന നല്‍കുന്നുവോ അവന്റെ ഭാഷ അനറബിയാകുന്നു; ഇതാകട്ടെ, [ഖുര്‍ആനാകട്ടെ] സ്പഷ്ടമായ അറബിഭാഷയുമാകുന്നു.
 • وَلَقَدْ نَعْلَمُ തീര്‍ച്ചയായും നാം അറിയുന്നുണ്ടു أَنَّهُمْ يَقُولُونَ അവര്‍ പറയുന്നുവെന്നു إِنَّمَا يُعَلِّمُهُ അവന്നു പഠിപ്പിച്ചു കൊടുക്കുകതന്നെ (മാത്രം) ചെയ്യുന്നു بَشَرٌ ഒരു മനുഷ്യന്‍ لِّسَانُ الَّذِي യാതൊരുവന്റെ ഭാഷ يُلْحِدُونَ അവര്‍ തെറ്റി (മറിഞ്ഞു) പോകുന്ന (ദുസ്സൂചന നല്‍കുന്ന) إِلَيْهِ അവനിലേക്കു أَعْجَمِيٌّ അനറബി (അറബിയല്ലാത്തതു) ആകുന്നു وَهَـٰذَا ഇതാകട്ടെ لِسَانٌ ഭാഷയാണു عَرَبِيٌّ അറബിയായ مُّبِينٌ സ്പഷ്ടമായ (തനി)

മുശ്രിക്കുകളുടെ മറ്റൊരു ആരോപണവും, അതിന്റെ മറുപടിയുമാണിത്. മക്കായിലെ ഒരു കച്ചവടക്കാരനോ മറ്റോ ആയിരുന്ന ഒരു അനറബിയുടെ അടുക്കല്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ചില അവസരങ്ങളില്‍ പോകാറുണ്ടായിരുന്നു. വല്ലതും ചോദിച്ചാല്‍, കഷ്ടിച്ച് ഉത്തരം പറയത്തക്കവണ്ണം ചില അറബി വാക്കുകള്‍ അയാള്‍ക്ക് അറിയാമായിരുന്നുവത്രെ. ഈ പഴുതുപയോഗപ്പെടുത്തിക്കൊണ്ട് അയാള്‍ പഠിപ്പിച്ചുകൊടുക്കുന്നതാണു മുഹമ്മദിന്റെ ഈ ഖുര്‍ആന്‍ എന്നു മുശ്രിക്കുകള്‍ പറഞ്ഞുവന്നിരുന്നു. ഈ ആരോപണത്തിന് അടിസ്ഥാനമായി അവര്‍ സൂചിപ്പിക്കുന്ന ആ മനുഷ്യന്‍ കേവലം ഒരു അറബിയല്ല. അറബിഭാഷ അയാള്‍ക്കു വേണ്ടതുപോലെ അറിയുകയുമില്ല. ഖുര്‍ആനാണെങ്കില്‍, തനി അറബിയിലുള്ളതും, അറബി സാഹിത്യത്തിന്റെ അപ്രാപ്യ നിലവാരത്തിലുള്ളതും – എന്നിരിക്കെ, ഈ ആരോപണം നിരര്‍ത്ഥമാണെന്ന് മാത്രമല്ല, ബുദ്ധിശൂന്യതയും കൂടിയാണെന്ന് പറയേണ്ടതില്ലല്ലോ. പ്രസ്തുത അനറബി ആരായിരുന്നുവെന്ന് നിര്‍ണ്ണയിച്ചു കൊണ്ടുള്ള ചില രിവായത്തുകള്‍ കാണാമെന്നല്ലാതെ, ഒന്നും തീര്‍ത്തു പറയത്തക്ക ബലവത്തല്ല അവ. പേരറിയുന്നതില്‍ പ്രത്യേകം പ്രയോജനമൊന്നും ഇല്ലതാനും.

16:104
 • إِنَّ ٱلَّذِينَ لَا يُؤْمِنُونَ بِـَٔايَـٰتِ ٱللَّهِ لَا يَهْدِيهِمُ ٱللَّهُ وَلَهُمْ عَذَابٌ أَلِيمٌ ﴾١٠٤﴿
 • നിശ്ചയമായും, അല്ലാഹുവിന്റെ 'ആയത്തു' [ലക്‌ഷ്യം]കളില്‍ വിശ്വാസിക്കാത്തവര്‍, അവരെ അല്ലാഹു നേര്‍മാര്‍ഗ്ഗത്തിലാക്കുകയില്ല; അവര്‍ക്കു വേദനയേറിയ ശിക്ഷയും ഉണ്ട്.
 • إِنَّ നിശ്ചയമായും الَّذِينَ لَا يُؤْمِنُونَ വിശ്വാസിക്കാത്തവര്‍ بِآيَاتِ ദൃഷ്ടാന്ത (ലക്‌ഷ്യ)ങ്ങളില്‍ اللَّـهِഅല്ലാഹുവിന്റെ لَا يَهْدِيهِمُ അവരെ നേര്‍വഴിയിലാക്കുകയില്ല اللَّـهُ അല്ലാഹു وَلَهُمْ അവര്‍ക്കുണ്ടു (ഉണ്ടായിരിക്കും) താനും عَذَابٌ ശിക്ഷ أَلِيمٌ വേദനയേറിയ
16:105
 • إِنَّمَا يَفْتَرِى ٱلْكَذِبَ ٱلَّذِينَ لَا يُؤْمِنُونَ بِـَٔايَـٰتِ ٱللَّهِ ۖ وَأُو۟لَـٰٓئِكَ هُمُ ٱلْكَـٰذِبُونَ ﴾١٠٥﴿
 • അല്ലാഹുവിന്റെ 'ആയത്തു' [ലക്‌ഷ്യം] കളില്‍ വിശ്വസിക്കാത്തവര്‍ മാത്രമേ വ്യാജം കെട്ടിപ്പറയൂ. അവര്‍ തന്നെയാണു വ്യാജവാദികളും.
 • إِنَّمَا يَفْتَرِي കെട്ടിച്ചമക്കുകതന്നെ (മാത്രം) ചെയ്യുന്നു الْكَذِبَ വ്യാജം, കളവു الَّذِينَ لَا يُؤْمِنُونَ വിശ്വസിക്കാത്തവര്‍ بِآيَاتِ ദൃഷ്ടാന്തങ്ങളില്‍ اللَّـهِ അല്ലാഹുവിന്റെ وَأُولَـٰئِكَ هُمُ അക്കൂട്ടര്‍തന്നെ الْكَاذِبُونَ കളവുപറയുന്നവര്‍

മേല്‍ കണ്ടതുപോലെയുള്ള കള്ളവാദങ്ങള്‍ മുശ്രിക്കുകള്‍ വാദിക്കുവാന്‍ കാരണം അവര്‍ അല്ലാഹുവിന്റെ ലക്ഷ്യദൃഷ്ടാന്തങ്ങളില്‍ വിശ്വസിക്കാത്തവരായതാണ്. മുഹമ്മദ്‌ (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)നബി അവയില്‍ ശരിക്കും വിശ്വസിക്കുന്ന ആളായിരിക്കെ, അവരെപ്പോലെ അദ്ദേഹം ഒരിക്കലും കള്ളവും വ്യാജവും കെട്ടിപ്പറയുകയില്ല തന്നെ എന്നു താല്‍പര്യം.

16:106
 • مَن كَفَرَ بِٱللَّهِ مِنۢ بَعْدِ إِيمَـٰنِهِۦٓ إِلَّا مَنْ أُكْرِهَ وَقَلْبُهُۥ مُطْمَئِنٌّۢ بِٱلْإِيمَـٰنِ وَلَـٰكِن مَّن شَرَحَ بِٱلْكُفْرِ صَدْرًا فَعَلَيْهِمْ غَضَبٌ مِّنَ ٱللَّهِ وَلَهُمْ عَذَابٌ عَظِيمٌ ﴾١٠٦﴿
 • ആരെങ്കിലും തന്റെ വിശ്വാസത്തിനുശേഷം, അല്ലാഹുവില്‍ അവിശ്വസിച്ചാല്‍, സത്യവിശ്വാസംകൊണ്ടു തന്റെ ഹൃദയം അടങ്ങിയിരിക്കുന്നവനായിക്കൊണ്ടിരിക്കെ നിര്‍ബ്ബന്ധത്തിനു് വിധേയനായവന്‍ ഒഴികെ - [അവന്‍ ഇതില്‍നിന്നു ഒഴിവാണു]. പക്ഷേ, ആര്‍ അവിശ്വാസംകൊണ്ട് നെഞ്ച് [ഹൃദയം] വികാസപ്പെട്ടുവോ, എന്നാല്‍ അവരുടെമേല്‍ അല്ലാഹുവിങ്കല്‍ നിന്നും കോപമുണ്ടായിരിക്കും; അവര്‍ക്കു വമ്പിച്ച ശിക്ഷയും ഉണ്ടായിരിക്കും.
 • مَن كَفَرَ ആര്‍ അവിശ്വസിച്ചുവോ, ആരെങ്കിലും അവിശ്വസിച്ചാല്‍ بِاللَّـهِ അല്ലാഹുവില്‍ مِن بَعْدِ ശേഷമായി إِيمَانِهِ അവന്റെ വിശ്വാസത്തിന്റെ إِلَّا ഒഴികെ مَنْ أُكْرِهَ നിര്‍ബ്ബന്ധിക്കപ്പെട്ടവന്‍ (നിര്‍ബ്ബന്ധത്തിനുവിധേയന്‍) وَقَلْبُهُ അവന്റെ ഹൃദയമാകട്ടെ مُطْمَئِنٌّ സമാധാനമടഞ്ഞതാണു بِالْإِيمَانِ വിശ്വാസംകൊണ്ടു وَلَـٰكِن എങ്കിലും مَّن شَرَحَ വിശാലപ്പെട്ടവന്‍ بِالْكُفْرِ അവിശ്വാസംകൊണ്ടു صَدْرًا നെഞ്ചു (ഹൃദയം) ഹൃദയത്താല്‍ فَعَلَيْهِمْ എന്നാല്‍ അവരുടെമേല്‍ ഉണ്ടായിരിക്കും غَضَبٌ കോപം مِّنَ اللَّـهِ അല്ലാഹുവില്‍ നിന്നു وَلَهُمْ അവര്‍ക്കുണ്ടുതാനും عَذَابٌ ശിക്ഷ عَظِيمٌ വമ്പിച്ച

16:107
 • ذَٰلِكَ بِأَنَّهُمُ ٱسْتَحَبُّوا۟ ٱلْحَيَوٰةَ ٱلدُّنْيَا عَلَى ٱلْـَٔاخِرَةِ وَأَنَّ ٱللَّهَ لَا يَهْدِى ٱلْقَوْمَ ٱلْكَـٰفِرِينَ ﴾١٠٧﴿
 • അതു, പരലോകത്തെക്കാള്‍ ഐഹികജീവിതത്തോട് അവര്‍ സ്നേഹം കാണിച്ചതുകൊണ്ടാകുന്നു; അവിശ്വാസികളായ ജനങ്ങളെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ലെന്നുള്ളതുകൊണ്ടും (ആകുന്നു)
 • ذَٰلِكَ അത് بِأَنَّهُمُ അവര്‍ എന്നുള്ളതുകൊണ്ടാണ് اسْتَحَبُّوا അവര്‍ സ്നേഹം കാണിച്ചു الْحَيَاةَ الدُّنْيَا ഐഹിക ജീവിതത്തോടു عَلَى الْآخِرَةِ പരലോകത്തെക്കാള്‍ وَأَنَّ اللَّـهَ അല്ലാഹു എന്നുള്ളതും لَا يَهْدِي അവന്‍ നേര്‍മാര്‍ഗ്ഗത്തിലാക്കുകയില്ല (എന്നുള്ളതും) الْقَوْمَ ജനങ്ങളെ, ജനതയെ الْكَافِرِينَ അവിശ്വാസികളായ
16:108
 • أُو۟لَـٰٓئِكَ ٱلَّذِينَ طَبَعَ ٱللَّهُ عَلَىٰ قُلُوبِهِمْ وَسَمْعِهِمْ وَأَبْصَـٰرِهِمْ ۖ وَأُو۟لَـٰٓئِكَ هُمُ ٱلْغَـٰفِلُونَ ﴾١٠٨﴿
 • അക്കൂട്ടരത്രെ, തങ്ങളുടെ ഹൃദയങ്ങള്‍ക്കും, കേള്‍വിക്കും, കാഴ്ചകള്‍ക്കും അല്ലാഹു മുദ്ര കുത്തിയിട്ടുള്ളവര്‍. അക്കൂട്ടര്‍ തന്നെയാണു അശ്രദ്ധന്‍മാരും
 • أُولَـٰئِكَ അക്കൂട്ടര്‍ الَّذِينَ യാതൊരുവരാകുന്നു طَبَعَ اللَّـهُ അല്ലാഹു മുദ്രകുത്തി عَلَىٰ قُلُوبِهِمْ അവരുടെ ഹൃദയങ്ങള്‍ക്കു, ഹൃദയങ്ങളില്‍ وَسَمْعِهِمْ അവരുടെ കേള്‍വിക്കും, കേള്‍വിയിലും وَأَبْصَارِهِمْ അവരുടെ കാഴ്ചകള്‍ക്കും, കണ്ണുകളിലും وَأُولَـٰئِكَ هُمُ അക്കൂട്ടര്‍തന്നെ الْغَافِلُونَ അശ്രദ്ധര്‍, സുബോധം കെട്ടവര്‍
16:109
 • لَا جَرَمَ أَنَّهُمْ فِى ٱلْـَٔاخِرَةِ هُمُ ٱلْخَـٰسِرُونَ ﴾١٠٩﴿
 • നിസ്സംശയമത്രെ, പരലോകത്തില്‍ അവര്‍ തന്നെയാണ് നഷ്ടക്കാര്‍ എന്നുള്ളതു.
 • لَا جَرَمَ നിസ്സംശയം (തെറ്റല്ല) أَنَّهُمْ അവര്‍ എന്നുള്ളതു فِي الْآخِرَةِ പരലോകത്തില്‍ هُمُ അവര്‍തന്നെ (എന്നുള്ളതു) الْخَاسِرُونَ നഷ്ടക്കാര്‍

സത്യവിശ്വാസം സ്വീകരിച്ചശേഷം, പിന്നീടു അവിശ്വാസം സ്വീകരിക്കുന്നതിന്റെ ഭവിഷ്യത്തുകളെക്കുറിച്ചാണ് പ്രസ്താവിക്കുന്നത്. മനസ്സില്‍ ഉറച്ച വിശ്വാസവും, അതില്‍ സന്തുഷ്ടിയും ഉണ്ടായിരിക്കുന്നതോടുകൂടി, ഒഴിഞ്ഞുമാറുവാന്‍ കഴിയാത്ത വല്ല നിര്‍ബ്ബന്ധത്തിനും വിധേയമായ കാരണത്താല്‍ അവിശ്വാസം പ്രകടിപ്പിക്കേണ്ടി വരുന്നവര്‍ അതില്‍നിന്ന് ഒഴിവാണെന്നും മനപൂര്‍വ്വം അവിശ്വാസത്തിന് വഴങ്ങുന്നവരെക്കുറിച്ചാണു പ്രസ്താവിക്കുന്നതെന്നും അല്ലാഹു സ്പഷ്ടമാക്കിയിരിക്കുന്നു. അവരുടെ മേല്‍ അല്ലാഹുവിന്റെ കോപമുണ്ടായിരിക്കും; അവര്‍ക്ക് വമ്പിച്ച ശിക്ഷയുമുണ്ട്‌; അവരെ നേര്‍മാര്‍ഗ്ഗത്തിലാക്കുകയില്ല; അവരുടെ ഹൃദയങ്ങള്‍ക്കും കേള്‍വിക്കും കാഴ്ചക്കുമെല്ലാം അല്ലാഹു മുദ്രവെക്കും; അഥവാ സത്യവും ന്യായവും ആലോചിച്ചറിയുവാനോ, കണ്ടും കേട്ടും മനസ്സിലാക്കുവാനോ അവര്‍ക്ക് സാധ്യമല്ലാതാകും; തന്റേടവും സുബോധവുമില്ലാതെ ചിന്താശൂന്യരായിരിക്കും അവര്‍; പരലോകത്താകട്ടെ സകല ഗുണങ്ങളും നഷ്ടപ്പെട്ടവരുമായിരിക്കും എന്നൊക്കെ അല്ലാഹു അവര്‍ക്ക് താക്കീത് നല്‍കുന്നു. ആ മഹാപാതകത്തിനു അല്ലാഹു കല്‍പിക്കുന്ന ഗൗരവം എത്ര മഹത്തരമാണെന്ന് ഇതില്‍നിന്ന് വ്യക്തമാണ്. അവിശ്വാസിയായ ഒരാള്‍ സത്യവിശ്വാസം സ്വീകരിക്കാതിരിക്കുന്നതിനെക്കാള്‍ ഭയങ്കരമാണ്, സത്യവിശ്വാസം സ്വീകരിച്ച ഒരാള്‍ പിന്നീടു അവിശ്വാസത്തിലേക്ക് മാറുന്നതെന്ന് ഇതില്‍നിന്ന് മനസ്സിലാക്കാം.

അമ്മാറുബ്നു യാസിര്‍ (رَضِيَ اللهُ عَنْهُ) ന്റെ വിഷയത്തിലാണ് إِلَّا مَنْ أُكْرِهَ وَقَلْبُهُ مُطْمَئِنٌّ بِالْإِيمَانِ (ഹൃദയം വിശ്വാസംകൊണ്ട് അടങ്ങിയിരിക്കുന്നവനായി നിര്‍ബ്ബന്ധത്തിന് വിധേയമായവനൊഴികെ) എന്ന വാക്യം അവതരിച്ചതെന്നു കാണിക്കുന്ന പല രിവായത്തുകളും പല മഹാന്‍മാരും ഉദ്ധരിച്ചു കാണാം. ശത്രുക്കളുടെ തുടരെത്തുടരെയുള്ള അക്രമ മര്‍ദ്ദനങ്ങള്‍ അസഹനീയമായപ്പോള്‍, അവരുടെ ആവശ്യപ്രകാരം അദ്ദേഹം നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യെക്കുറിച്ചു ചില പഴിവാക്കുകള്‍ പറയുകയും അവരുടെ, ദൈവങ്ങളെക്കുറിച്ച് നല്ലവാക്കുകള്‍ പറയുകയും ചെയ്തു രക്ഷപ്പെട്ടു. വളരെ വ്യസനത്തോടുകൂടി ആ വിവരം അദ്ദേഹം നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യെ അറിയിച്ചു. അപ്പോള്‍, തന്റെ മനസ്ഥിതി എന്തായിരുന്നുവെന്ന് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അദ്ദേഹത്തോട് ചോദിച്ചു. തന്റെ മനസ്സ് ഈമാന്‍ (സത്യവിശ്വാസം) കൊണ്ടു സമാധാനമടഞ്ഞതായിരുന്നുവെന്ന് അദ്ദേഹം മറുപടി പറഞ്ഞു. അപ്പോള്‍ തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അദ്ദേഹത്തോടു ഇങ്ങിനെ പറഞ്ഞു: إن عادوا فعد (അവര്‍ ആവര്‍ത്തിച്ചാല്‍ നീയും ആവര്‍ത്തിച്ചുകൊള്ളുക.) ഇതിനെപ്പറ്റിയാണു ഈ വാക്യം അവതരിച്ചതു എന്നത്രെ പ്രസ്തുത രിവായത്തുകളുടെ ചുരുക്കം. അവതരണ സന്ദര്‍ഭം ഏതായിരുന്നാലും ആയത്തിന്റെ വിധി പൊതുവായിട്ടുള്ളതു തന്നെ. സംശയമില്ല.

സത്യവിശ്വാസം ത്യജിക്കുവാന്‍ വേണ്ടി ശത്രുക്കളുടെ ഭാഗത്തുനിന്നു അസഹ്യമായ മര്‍ദ്ദനങ്ങള്‍ അനുഭവിക്കേണ്ടിവരുമ്പോള്‍, തല്‍ക്കാലം രക്ഷ പ്രാപിക്കുവാനായി പുറമെ ‘കുഫ്ര്‍’ (അവിശ്വാസം) അഭിനയിക്കുന്നതിന് വിരോധമില്ലെന്ന് ഈ വചനത്തില്‍ നിന്നു വ്യക്തമാകുന്നു. അമ്മാര്‍ (رَضِيَ اللهُ تَعَالَى عَنْهُ) ന്റെ സംഭവത്തില്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞതും അതാണു കാണിക്കുന്നത്. ഈ വിഷയത്തില്‍ പണ്ഡിതന്‍മാര്‍ക്കിടയില്‍ പൊതുവെ ഭിന്നാഭിപ്രായമില്ലതാനും. നിര്‍ബ്ബന്ധത്തിന് വഴങ്ങിക്കൊടുക്കാതെ മര്‍ദ്ദനങ്ങള്‍ സഹിക്കുവാന്‍തന്നെ വല്ലവരും തയ്യാറാകുകയാണെങ്കില്‍ അതാണ് കൂടുതല്‍ ഉത്തമമെന്നും പല മഹാന്മാരും അഭിപ്രായപ്പെടുന്നു.

നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയില്‍ വിശ്വസിച്ചതിന്റെ പേരില്‍ മുശ്രിക്കുകളുടെ ഏറ്റവും കടുത്ത മര്‍ദ്ദനമുറകള്‍ക്കു വിധേയരായിത്തീര്‍ന്ന ബിലാല്‍, ഖബ്ബാബ്, അമ്മാറിന്റെ മാതാപിതാക്കള്‍ رَضِيَ اللهُ تَعَالَى عَنْهُم മുതലായ സഹാബികളുടെ ചരിത്രം സുപ്രസിദ്ധമാണല്ലോ. ബിലാല്‍ رَضِيَ اللهُ عَنْهُ ന്റെ കഴുത്തില്‍ കയറിട്ട് അദ്ദേഹത്തെ കുട്ടികള്‍ക്കു കളിക്കുവാന്‍ വിട്ടുകൊടുക്കുക, പതച്ച മണലില്‍കിടത്തി വലിയ പാറക്കലുകള്‍ നെഞ്ചില്‍ കയറ്റിവെക്കുക മുതലായ കടുംകൈകള്‍ ചെയ്യപ്പെട്ടപ്പോഴൊക്കെ അദ്ദേഹം أحد أحد (ഒരുവന്‍! ഒരുവന്‍!) എന്നു ഉച്ചരിച്ചുകൊണ്ടു തൗഹീദിന്റെ പ്രഖ്യാപനം നടത്തുകയായിരുന്നു ചെയ്തത്. നിങ്ങള്‍ക്ക് ഇതിനെക്കാള്‍ കോപം വമിക്കുന്ന മറ്റൊരു വാക്ക് എനിക്കറിയാമായിരുന്നെങ്കില്‍ അതായിരുന്നു ഞാന്‍ പറയുക എന്നുപോലും ആ ധീരമനസ്കനായ സഹാബി (رَضِيَ اللهُ تَعَالَى عَنْهُ) പറഞ്ഞിരുന്നുവത്രെ! അമ്മാര്‍ (رَضِيَ اللهُ تَعَالَى عَنْهُ) വിന്റെ മാതാപിതാക്കളായ യാസിറും, സുമയ്യയും (رَضِيَ اللهُ عَنْهُما) ശത്രു മര്‍ദ്ദനങ്ങളുടെ കാഠിന്യത്താല്‍ കൊല്ലപ്പെടുകയാണുണ്ടായത്. മാതാവിനെ രണ്ടു ഒട്ടകങ്ങള്‍ക്കിടയില്‍ കെട്ടിവിടുക മുതലായ കടുംകൈകളൊന്നും ഫലിക്കുന്നില്ലെന്നു കണ്ടപ്പോള്‍ ആ കഠിന ഹൃദയന്‍മാര്‍ അവസാനം അവരുടെ ഗുഹ്യസ്ഥാനത്ത് കുന്തം തറച്ച് അവരെ കൊലപ്പെടുത്തിക്കളഞ്ഞു. ഇവര്‍ രണ്ടുപേരുമായിരുന്നു ഇസ്‌ലാമിന്റെ പേരില്‍ കൊല്ലപ്പെട്ട ആദ്യത്തെ രണ്ട് രക്തസാക്ഷികള്‍. ഖബ്ബാബ് (رَضِيَ اللهُ عَنْهُ) ന്റെ യജമാനത്തി അദ്ദേഹത്തെ ഇരുമ്പ് കോല്‍ ചുട്ടുപഴുപ്പിച്ച് ശരീരത്തില്‍ ചൂട് കത്തിക്കൊണ്ടിരുന്നിട്ടും അദ്ദേഹത്തിന്റെ ഈമാന്‍ വര്‍ദ്ധിച്ചതേയുള്ളു. ഇതുപോലെയുള്ള സംഭവങ്ങള്‍ സഹാബികളുടെ – വിശേഷിച്ചും പൂര്‍വ്വസഹാബികളുടെ – ചരിത്രത്തില്‍ സുലഭമാകുന്നു. فرضي الله عنهم وارضاهم. അല്ലാഹു തുടരുന്നു:

16:110
 • ثُمَّ إِنَّ رَبَّكَ لِلَّذِينَ هَاجَرُوا۟ مِنۢ بَعْدِ مَا فُتِنُوا۟ ثُمَّ جَـٰهَدُوا۟ وَصَبَرُوٓا۟ إِنَّ رَبَّكَ مِنۢ بَعْدِهَا لَغَفُورٌ رَّحِيمٌ ﴾١١٠﴿
 • പിന്നീടു, നിശ്ചയമായും, നിന്റെ റബ്ബ്, കുഴപ്പത്തില്‍ [മര്‍ദ്ദനത്തില്‍] അകപ്പെട്ടതിനുശേഷം 'ഹിജ്ര' [നാടുവിട്ട്] പോകുകയും, പിന്നീടു സമരം ചെയ്കയും, ക്ഷമിക്കുകയും ചെയ്തവര്‍ക്ക്, (അതെ) നിശ്ചയമായും നിന്റെ റബ്ബ് - അതിനുശേഷം വളരെ പൊറുത്തുകൊടുക്കുന്നവനും, കരുണാനിധിയും തന്നെ.
 • ثُمَّ പിന്നീടു إِنَّ رَبَّكَ നിശ്ചയമായും നിന്റെ റബ്ബു لِلَّذِينَ യാതൊരുവര്‍ക്കു هَاجَرُوا അവര്‍ ഹിജ്ര പോയി مِن بَعْدِ ശേഷം مَا فُتِنُوا അവര്‍ കുഴപ്പത്തിലാക്കപ്പെട്ടതിന്റെ ثُمَّ جَاهَدُوا പിന്നെ സമരം നടത്തുകയും ചെയ്തു وَصَبَرُوا ക്ഷമിക്കുകയും ചെയ്തു إِنَّ رَبَّكَ നിശ്ചയമായും നിന്റെ റബ്ബു مِن بَعْدِهَا അതിനുശേഷം لَغَفُورٌ വളരെ പൊറുക്കുന്നവന്‍തന്നെ رَّحِيمٌ കരുണാനിധിയാണ്

നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഹിജ്രപോകുമ്പോള്‍, ദുര്‍ബ്ബലരായിരുന്ന പല സത്യവിശ്വാസികളും മക്കായില്‍ ശേഷിപ്പുണ്ടായിരുന്നു. അവരുടെ കഴിവുകേട് നിമിത്തം അവര്‍ക്ക് മക്കാവിട്ടു പോകുവാന്‍ കഴിഞ്ഞിരുന്നില്ല. കുറച്ചിട ഖുറൈശികള്‍ക്കിടയില്‍ നിന്ദ്യരായും, അവരുടെ ഇംഗിതങ്ങള്‍ക്കു വഴങ്ങിക്കൊണ്ടും, കുഫ്റിന്റെ വേഷം അനുവര്‍ത്തിച്ചു കൊണ്ടും അവര്‍ കഴിയേണ്ടി വന്നു. ക്രമേണ ഓരോ സന്ദര്‍ഭത്തിലായി അവരും മദീനായില്‍ ചെന്ന് അഭയം പ്രാപിക്കുകയും, മുസ്ലിംകളൊന്നിച്ചു സമരങ്ങളിലും മറ്റും പങ്ക് വഹിക്കുകയും ചെയ്തു. അവരെക്കുറിച്ചാണ് ഈ വചനത്തില്‍ പ്രസ്താവിച്ചിരിക്കുന്നതെന്നാണ് പല വ്യാഖ്യാതാക്കളുടെയും അഭിപ്രായം. ഇതനുസരിച്ചു ഈ വചനം മദീനായില്‍ അവതരിച്ചതായിരിക്കും. ഈ സൂറത്തിന്റെ അവസാനത്തിലെ ചില വചനങ്ങള്‍ മദീനായില്‍ അവതരിച്ചതാണെന്ന് പറയപ്പെട്ടിട്ടുള്ളതും പ്രസ്താവ്യമാകുന്നു.  അപ്പോള്‍, ആ ഇടക്കാലത്ത് അവര്‍ സ്വീകരിക്കേണ്ടി വന്ന നയങ്ങളെ അല്ലാഹു അവര്‍ക്കു മാപ്പാക്കി വിട്ടുകൊടുത്തിരിക്കുന്നുവെന്നായിരിക്കും ഈ വചനത്തിന്റെ താല്‍പര്യം. അബൂജന്‍ദല്‍, സലമത്തുബ്നുഹിശാം, അബ്ധുല്ലാഹിബ്നു സലമഃ, അബൂജഹലിന്റെ സഹോദരന്‍ അയ്യാശ് (رَضِيَ اللهُ عَنْهُم) മുതലായവര്‍ ഇക്കൂട്ടത്തില്‍ പെട്ടവരായിരുന്നു.

വിഭാഗം - 15

16:111
 • يَوْمَ تَأْتِى كُلُّ نَفْسٍ تُجَـٰدِلُ عَن نَّفْسِهَا وَتُوَفَّىٰ كُلُّ نَفْسٍ مَّا عَمِلَتْ وَهُمْ لَا يُظْلَمُونَ ﴾١١١﴿
 • എല്ലാ (ഓരോ) വ്യക്തിയും [ആളും] അതിന്റെ സ്വന്തം (കാര്യ)ത്തിന്നായി തര്‍ക്കം നടത്തിക്കൊണ്ട് വരുന്ന (ആ) ദിവസം (ഓര്‍ക്കുക)! എല്ലാ (ഓരോ) വ്യക്തി (ആള്‍)ക്കും അതു പ്രവര്‍ത്തിച്ചതു [പ്രവര്‍ത്തനഫലം] നിറവേറ്റിക്കൊടുക്കപ്പെടുകയും ചെയ്യും;- അവരാകട്ടെ, (അവരോടു) അനീതിചെയ്യപ്പെടുന്നതുമല്ല. [അങ്ങിനെയുള്ള ആ ദിവസം!]
 • يَوْمَ تَأْتِي വരുന്നദിവസം كُلُّ نَفْسٍ എല്ലാ ദേഹവും, ആത്മാവും, വ്യക്തിയും تُجَادِلُ തര്‍ക്കം നടത്തിക്കൊണ്ടു عَن نَّفْسِهَا അതിന്റെ സ്വന്തത്തിനുവേണ്ടി وَتُوَفَّىٰ നിറവേറ്റിക്കൊടുക്കപ്പെടുകയും ചെയ്യും كُلُّ نَفْسٍ എല്ലാ വ്യക്തിക്കും, ആള്‍ക്കും مَّا عَمِلَتْ അതു പ്രവര്‍ത്തിച്ചതു وَهُمْ അവരാകട്ടെ لَا يُظْلَمُونَ അക്രമിക്ക (അനീതിചെയ്യ) പ്പെടുകയില്ല

ഖിയാമത്തുനാളിനെയാണ് ആ ദിവസംകൊണ്ട് ഉദ്ദേശിച്ചിരിക്കുന്നതെന്നു വ്യക്തം. പ്രവാചകന്‍മാര്‍ പോലും ഭയവിഹ്വലരായിക്കൊണ്ടു ‘എന്റെ കാര്യം! എന്റെ കാര്യം!’ (نَفْسِي نَفْسِي) എന്നു പറയുന്ന ആ ദിവസത്തില്‍ മാതാപിതാക്കള്‍, മക്കള്‍, സഹോദരങ്ങള്‍ തുടങ്ങിയ പരസ്പര ബന്ധങ്ങളൊന്നും ഉപകരിക്കുകയില്ല. സ്വന്തം കാര്യമല്ലാതെ മറ്റൊരു കാര്യം ഊഹിക്കുവാന്‍പോലും ആര്‍ക്കും സാധ്യമല്ലാത്തവിധം ഗൗരവമേറിയതായിരിക്കും അന്നത്തെ രംഗം. അതെ, ഓരോരുത്തന്നും മതിയാവോളം അവന്റെ കാര്യം തന്നെ തികച്ചും ഉണ്ടായിരിക്കും. (لِكُلِّ امْرِئٍ مِّنْهُمْ يَوْمَئِذٍ شَأْنٌ يُغْنِيهِ) അവനവന് ഗുണകരമായ ന്യായങ്ങള്‍ സമര്‍പ്പിക്കുക, തെറ്റുകുറ്റങ്ങളില്‍ നിന്ന് ഒഴിവ് കിട്ടുവാനുള്ള ഒഴികഴിവുകള്‍ സമര്‍പ്പിക്കുക മുതലായവയാണ് ‘സ്വന്തം കാര്യത്തിനായി തര്‍ക്കം നടത്തുക’ എന്ന് പറഞ്ഞതിന്റെ താല്‍പര്യം.

16:112
 • وَضَرَبَ ٱللَّهُ مَثَلًا قَرْيَةً كَانَتْ ءَامِنَةً مُّطْمَئِنَّةً يَأْتِيهَا رِزْقُهَا رَغَدًا مِّن كُلِّ مَكَانٍ فَكَفَرَتْ بِأَنْعُمِ ٱللَّهِ فَأَذَٰقَهَا ٱللَّهُ لِبَاسَ ٱلْجُوعِ وَٱلْخَوْفِ بِمَا كَانُوا۟ يَصْنَعُونَ ﴾١١٢﴿
 • അല്ലാഹു ഒരു ഉപമ വിവരിക്കുകയാണു - ഒരു രാജ്യത്തെ: അതു നിര്‍ഭയമായതും ശാന്തമായതുമായിരുന്നു; എല്ലാ സ്ഥലത്തുനിന്നും അതിന്റെ (ആവശ്യത്തിനുള്ള) ആഹാരം അതിനു സുഭിക്ഷമായി വന്നെത്തിക്കൊണ്ടിരിക്കും;- എന്നിട്ടതു [അതിലെ ആളുകള്‍] അല്ലാഹുവിന്റെ അനുഗ്രഹങ്ങളില്‍ അവിശ്വസിച്ചു [നന്ദികേടു കാണിച്ചു]. അപ്പോള്‍ അതു [അതിലെ ആളുകള്‍] പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതു നിമിത്തം അതിന് [അവര്‍ക്കു] അല്ലാഹു വിശപ്പും, ഭയവുമാകുന്ന വസ്ത്രം ആസ്വദിപ്പിച്ചു;
 • وَضَرَبَ ആക്കിയിരിക്കുന്നു (വിവരിക്കുകയാണു) اللَّـهُ അല്ലാഹു مَثَلًا ഒരു ഉപമ قَرْيَةً ഒരു രാജ്യത്തെ كَانَتْ അതായിരുന്നു آمِنَةً നിര്‍ഭയമായതു مُّطْمَئِنَّةً ശാന്തമായതു يَأْتِيهَا അതിനു വന്നുക്കൊണ്ടിരിക്കും رِزْقُهَا അതിന്റെ ആഹാരം رَغَدًا സുഭിക്ഷമായി مِّن كُلِّ مَكَانٍ എല്ലാ സ്ഥലത്തു നിന്നും فَكَفَرَتْ എന്നിട്ടതു അവിശ്വസിച്ചു (നിഷേധിച്ചു, നന്ദികേടു കാട്ടി) بِأَنْعُمِ اللَّـهِ അല്ലാഹുവിന്റെ അനുഗ്രഹങ്ങളില്‍ فَأَذَاقَهَا اللَّـهُ അപ്പോള്‍ അതിനു അല്ലാഹു ആസ്വദി(അനുഭവി)പ്പിച്ചു لِبَاسَ വസ്ത്രത്തെ الْجُوعِ വിശപ്പിന്റെ وَالْخَوْفِ ഭയത്തിന്റെയും بِمَا كَانُوا അവരായിരുന്നതു നിമിത്തം يَصْنَعُونَ അവര്‍ തൊഴിലാക്കുക (പ്രവര്‍ത്തിക്കുക)
16:113
 • وَلَقَدْ جَآءَهُمْ رَسُولٌ مِّنْهُمْ فَكَذَّبُوهُ فَأَخَذَهُمُ ٱلْعَذَابُ وَهُمْ ظَـٰلِمُونَ ﴾١١٣﴿
 • അവര്‍ക്കു അവരില്‍നിന്നുള്ള റസൂല്‍ ചെല്ലുകയും ഉണ്ടായിട്ടുണ്ട്. എന്നാല്‍, അവര്‍ അദ്ദേഹത്തെ വ്യാജമാക്കി; അപ്പോള്‍, അവര്‍ അക്രമികളായിരിക്കെ ശിക്ഷ അവരെ പിടികൂടി.
 • وَلَقَدْ جَاءَهُمْ അവര്‍ക്കു വരുക(ചെല്ലുക)യുണ്ടായിട്ടുണ്ടു رَسُولٌ ഒരു റസൂല്‍ مِّنْهُمْ അവരില്‍നിന്നുള്ള فَكَذَّبُوهُ എന്നാലവര്‍ അദ്ദേഹത്തെ വ്യാജമാക്കി فَأَخَذَهُمُ അപ്പോള്‍ അവര്‍ക്കു പിടിപ്പെട്ടു, അവരെ പിടികൂടി الْعَذَابُ ശിക്ഷ وَهُمْ അവരാകട്ടെ, അവര്‍ ആയിരിക്കെ ظَالِمُونَ അക്രമികളുമാണ്, അക്രമികള്‍

ഇവിടെ രാജ്യം (قَرْيَة) എന്നു പറഞ്ഞതു മക്കായെ ഉദ്ദേശിച്ചാണെന്നും, ഒരു പ്രത്യേക രാജ്യത്തെ ഉദ്ദേശിച്ചല്ല – അല്ലാഹു വിവരിച്ച രൂപത്തിലുള്ള ഏതെങ്കിലും രാജ്യത്തെ പൊതുവെ ഉദ്ദേശിച്ചാണ് – എന്നും രണ്ടഭിപ്രായങ്ങളുണ്ട്‌. ഇതിലെ വിവരണം മക്കാനിവാസികളെ സംബന്ധിച്ചിടത്തോളം വളരെ അനുയോജ്യമാണെന്നുള്ളതില്‍ സംശയമില്ലതാനും. യുദ്ധങ്ങളും അക്രമങ്ങളും ഭയപ്പെടുവാനില്ലാതെ നിര്‍ഭയമായും, ശാന്തമായും ഇരിക്കുന്ന രാജ്യമാണത്. ആ രാജ്യക്കാര്‍ക്കാവശ്യമായ ഭക്ഷണസാധനങ്ങള്‍ നാനാദിക്കുകളില്‍നിന്നും ഇറക്കുമതി ചെയ്യപ്പെടുന്നു. എന്നിട്ടും അവര്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങളെ ധിക്കരിച്ചുകൊണ്ട് അവിശ്വാസത്തിലും തോന്നിയവാസത്തിലും മുഴുകിക്കൊണ്ടിരുന്നു. അവരില്‍നിന്നു തന്നെ അവരെ ഉപദേശിക്കുവാന്‍വേണ്ടി അല്ലാഹു ഒരു റസൂലിനെയും – നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയെ – അയച്ചുകൊടുത്തു. റസൂലിനെ വ്യാജമാക്കി നിഷേധിക്കുകയും അക്രമം അഴിച്ചുവിടുകയുമാണവര്‍ ചെയ്തത്. എന്നിപ്രകാരം ഇബ്നു കഥീര്‍ (رحمه الله) രേഖപ്പെടുത്തിക്കാണുന്നു. ധിക്കാരം മുഴുത്തപ്പോള്‍ അല്ലാഹു അവര്‍ക്കു ഭക്ഷണക്ഷാമം അനുഭവപ്പെടുത്തി, ഏഴുകൊല്ലം നീണ്ടുനിന്ന ആ കഠിനക്ഷാമത്തില്‍, ഒട്ടകത്തിന്റെ രക്തവും രോമവും കൂട്ടിച്ചേര്‍ത്തു അപ്പമുണ്ടാക്കി ഭക്ഷിക്കുവാന്‍പോലും അവര്‍ നിര്‍ബ്ബന്ധിതരായി. റസൂല്‍ (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയുടെ മദീനാ ഹിജ്റയെത്തുടര്‍ന്ന് – അധികം താമസിയാതെത്തന്നെ – അവരില്‍ യുദ്ധഭീതിയും ആക്രമണഭയവും സര്‍വ്വത്ര കടന്നുകൂടി. സ്വൈരജീവിതം അവര്‍ക്കില്ലാതായി. ബദ്ര്‍ യുദ്ധത്തോടെ അവരുടെ നട്ടെല്ലും ഒടിഞ്ഞുപോയി. ഒടുക്കം പല ഏറ്റുമുട്ടലുകള്‍ക്കും ശേഷം നിരുപാധികം അവര്‍ കീഴടങ്ങുകയും ചെയ്യേണ്ടിവന്നു. ചുരുക്കത്തില്‍, ഈ വചനങ്ങളില്‍ വിവരിച്ച കാര്യങ്ങളത്രയും മക്കക്കാരെ സംബന്ധിച്ചിടത്തോളം യഥാര്‍ത്ഥത്തില്‍ സംഭവിച്ചു കഴിഞ്ഞതാകുന്നു.

ഈ ഉപമ മക്കായെയും, അതിലെ നിവാസികളെയും സംബന്ധിച്ചായാലും മേല്‍ വിവരിച്ച പ്രകാരമുള്ള രാജ്യങ്ങളെ പൊതുവില്‍ ഉദ്ദേശിച്ചായാലും ശരി, അല്ലാഹുവിന്റെ ഒരു നടപടിച്ചട്ടത്തെയാണു ഈ ഉപമ ചൂണ്ടിക്കാട്ടുന്നത്. ഉപമയില്‍നിന്നു പഠിക്കേണ്ടുന്ന പാഠം അടുത്ത വചനത്തില്‍നിന്നു വ്യക്തമാണു:-

16:114
 • فَكُلُوا۟ مِمَّا رَزَقَكُمُ ٱللَّهُ حَلَـٰلًا طَيِّبًا وَٱشْكُرُوا۟ نِعْمَتَ ٱللَّهِ إِن كُنتُمْ إِيَّاهُ تَعْبُدُونَ ﴾١١٤﴿
 • അതിനാല്‍, നിങ്ങള്‍ക്കു അല്ലാഹു നല്‍കിയിട്ടുള്ളതില്‍ നിന്നു അനുവദനീയവും നല്ല (വിശിഷ്ടമായ) തുമായതു നിങ്ങള്‍ തിന്നുകൊള്ളുവിന്‍; അല്ലാഹുവിന്റെ അനുഗ്രഹത്തിനു നന്ദി കാണിക്കുകയും ചെയ്യുവിന്‍ നിങ്ങള്‍ അവനെയാണു ആരാധിക്കുന്നതെങ്കില്‍!
 • فَكُلُوا ആകയാല്‍ തിന്നുകൊള്ളുവിന്‍ مِمَّا رَزَقَكُمُ اللَّـهُ നിങ്ങള്‍ക്കു അല്ലാഹു നല്‍കിയതില്‍നിന്ന് حَلَالًا അനുവദനീയമായത് طَيِّبًا നല്ല, വിശിഷ്ടമായ وَاشْكُرُوا നന്ദി കാണിക്കുകയും ചെയ്യുവിന്‍ نِعْمَتَ اللَّـهِ അല്ലാഹുവിന്റെ അനുഗ്രഹത്തിനു إِن كُنتُمْ നിങ്ങളാണെങ്കില്‍ إِيَّاهُ അവനെ (തന്നെ) تَعْبُدُونَ നിങ്ങളാരാധിക്കുന്നു(വെങ്കില്‍)

മറ്റുള്ളവരെ ആരാധിക്കലും, അല്ലാഹുവിനോടു കൂറുകാണിക്കലും – രണ്ടും കൂടി – ഒരിക്കലും യോജിക്കുകയില്ല. അതുകൊണ്ടു ആരാധനയും നന്ദിയും അവന്നു തന്നെ ആയിരിക്കണം. ഭക്ഷ്യവസ്തുക്കള്‍ അനുവദനീയവും നല്ലതുമായിരിക്കണമെന്ന് പറയുമ്പോള്‍; ഉപയോഗിക്കാന്‍ പാടില്ലാത്ത ഭക്ഷ്യവസ്തുക്കള്‍ കുറേ അധികമുണ്ടോ എന്നു തോന്നിയേക്കാം. അതു അധികമൊന്നുമില്ലെന്നും അല്ലാഹു തുടര്‍ന്നറിയിക്കുന്നു:-

16:115
 • إِنَّمَا حَرَّمَ عَلَيْكُمُ ٱلْمَيْتَةَ وَٱلدَّمَ وَلَحْمَ ٱلْخِنزِيرِ وَمَآ أُهِلَّ لِغَيْرِ ٱللَّهِ بِهِۦ ۖ فَمَنِ ٱضْطُرَّ غَيْرَ بَاغٍ وَلَا عَادٍ فَإِنَّ ٱللَّهَ غَفُورٌ رَّحِيمٌ ﴾١١٥﴿
 • ശവവും, രക്തവും, പന്നിമാംസവും, അല്ലാഹു അല്ലാത്തവര്‍ക്കുവേണ്ടി ശബ്ധം ഉയര്‍ത്തപ്പെട്ട [അറുക്കപ്പെട്ട]തും മാത്രമേ അവന്‍ നിങ്ങളുടെമേല്‍ നിഷിദ്ധമാക്കിയിട്ടുള്ളു. എനി ആരെങ്കിലും (നിയമലംഘനം) കാംക്ഷിക്കുന്നവനല്ലാതെയും, അതിരുവിട്ടവനല്ലാതെയും (ഭക്ഷിക്കുവാന്‍) നിര്‍ബ്ബന്ധിതനാകുന്ന പക്ഷം, - അപ്പോള്‍, നിശ്ചയമായും, അല്ലാഹു വളരെ പൊറുക്കുന്നവനും, കരുണാനിധിയുമാകുന്നു.'
 • إِنَّمَا حَرَّمَ അവന്‍ നിഷിദ്ധമാക്കിയിട്ടുള്ള عَلَيْكُمُ നിങ്ങളുടെമേല്‍ الْمَيْتَةَ ശവത്തെ وَالدَّمَ രക്തത്തെയും وَلَحْمَ മാംസവും الْخِنزِيرِ പന്നിയുടെ وَمَا യാതൊന്നും أُهِلَّ ശബ്ധം ഉയര്‍ത്ത(അറുക്ക)പ്പെട്ടിരിക്കുന്നു لِغَيْرِ اللَّـهِ അല്ലാഹു അല്ലാത്തവര്‍ക്കുവേണ്ടി بِهِ അതുകൊണ്ടു, അതുവഴി فَمَنِ എനി ആര്‍, വല്ലവനും اضْطُرَّ നിര്‍ബ്ബന്ധിതനായി غَيْرَ بَاغٍ തേടുന്ന (കാംക്ഷിക്കുന്ന - ധിക്കരിക്കുന്ന) വനല്ലാതെ وَلَا عَادٍ അതിരുകടന്നവനുമല്ലാതെ فَإِنَّ اللَّـهَ എന്നാല്‍ നിശ്ചയമായും അല്ലാഹു غَفُورٌ വളരെ പൊറുക്കുന്നവനാണ് رَّحِيمٌ കരുണാനിധിയാണ്

ഈ വചനത്തിലടങ്ങിയ സംഗതികളും, ആശയങ്ങളും അല്‍ബഖറ: 173ലും, മാഇദ: 4ലും, അന്‍ആം 145ലും മുമ്പുവിവരിച്ചു കഴിഞ്ഞിട്ടുണ്ട്. മാഇദയിലും, അന്‍ആമിലും വേണ്ടത്ര വിശദീകരണങ്ങളും നല്‍കിയിട്ടുണ്ട്. അതുകൊണ്ടു ഇവിടെ പ്രത്യേകിച്ചൊന്നും വിവരിക്കുന്നില്ല. കൂടുതല്‍ വിവരങ്ങള്‍ അവിടങ്ങളില്‍ നോക്കുക. ഇത്രയും കുറഞ്ഞ വസ്തുക്കളേ അല്ലാഹു നിഷിദ്ധമാക്കിയിട്ടുള്ളുവെങ്കിലും മുശ്രിക്കുകള്‍ അവരുടെ സ്വന്തം വകയായി വേറെയും പലതും നിഷിദ്ധമാക്കിവെച്ചിരുന്നു. അതിനെക്കുറിച്ചാണ് അടുത്ത വചനത്തില്‍ പറയുന്നത്:-

16:116
 • وَلَا تَقُولُوا۟ لِمَا تَصِفُ أَلْسِنَتُكُمُ ٱلْكَذِبَ هَـٰذَا حَلَـٰلٌ وَهَـٰذَا حَرَامٌ لِّتَفْتَرُوا۟ عَلَى ٱللَّهِ ٱلْكَذِبَ ۚ إِنَّ ٱلَّذِينَ يَفْتَرُونَ عَلَى ٱللَّهِ ٱلْكَذِبَ لَا يُفْلِحُونَ ﴾١١٦﴿
 • നിങ്ങളുടെ നാവുകള്‍ വ്യാജവിവരണം നല്‍കിവരുന്നതിനാല്‍ (മാത്രം) നിങ്ങള്‍ പറയുകയും അരുത്: 'ഇതു അനുവദനീയമാണു: ഇതു നിഷിദ്ധവുമാണു' (എന്നിങ്ങിനെ); നിങ്ങള്‍ അല്ലാഹുവിന്റെ പേരില്‍ വ്യാജം കെട്ടിച്ചമക്കുവാന്‍ വേണ്ടി. [അതാണതിന്റെ കലാശമാകുക.] നിശ്ചയമായും, അല്ലാഹുവിന്റെ പേരില്‍ വ്യാജം കെട്ടിച്ചമക്കുന്നവര്‍ വിജയിക്കുകയില്ല.
 • وَلَا تَقُولُوا നിങ്ങള്‍ പറയുകയും ചെയ്യരുത് لِمَا تَصِفُ വിവരിക്കുന്നതിനാല്‍ أَلْسِنَتُكُمُ നിങ്ങളുടെ നാവുകള്‍ الْكَذِبَ വ്യാജം هَـٰذَا ഇതു حَلَالٌ അനുവദനീയമാണ് وَهَـٰذَا ഇതു حَرَامٌ നിഷിദ്ധമാണ് لِّتَفْتَرُوا നിങ്ങള്‍ കെട്ടിയുണ്ടാക്കുവാന്‍വേണ്ടി عَلَى اللَّـهِ അല്ലാഹുവിന്റെ മേല്‍ (പേരില്‍) الْكَذِبَ വ്യാജം إِنَّ നിശ്ചയമായും الَّذِينَ يَفْتَرُونَ കെട്ടിച്ചമക്കുന്നവര്‍ عَلَى اللَّـهِ അല്ലാഹുവിന്റെമേല്‍ الْكَذِبَ വ്യാജം لَا يُفْلِحُونَ അവര്‍ വിജയിക്കുകയില്ല
16:117
 • مَتَـٰعٌ قَلِيلٌ وَلَهُمْ عَذَابٌ أَلِيمٌ ﴾١١٧﴿
 • അല്‍പ(മാത്ര)മായ ഒരു സുഖാനുഭവം! അവര്‍ക്കു വേദനയേറിയ ശിക്ഷയുമുണ്ടായിരിക്കും.
 • مَتَاعٌ ഒരു സുഖാനുഭവം, സുഖം, ഉപയോഗം قَلِيلٌ അല്‍പമായ, കുറഞ്ഞ وَلَهُمْ അവര്‍ക്കുണ്ടുതാനും عَذَابٌ ശിക്ഷ أَلِيمٌ വേദനയേറിയ

എന്തെങ്കിലും തെളിവോ വല്ല പ്രമാണമോ കൂടാതെ, സ്വന്തം നാവിനാല്‍ ഉരുവിടുന്ന ചിലന്യായങ്ങളുടെ അടിസ്ഥാനത്തില്‍, അല്ലാഹു ഹലാലാക്കി (അനുവദനീയമാക്കി)യ ചില വസ്തുക്കളെ ഹറാമും (നിഷിദ്ധവും), ഹറാമാക്കിയ ചില വസ്തുക്കളെ ഹലാലുമാക്കിക്കൊണ്ടു മുശ്രിക്കുകള്‍ മതവിധികള്‍ കെട്ടിയുണ്ടാക്കിയിരുന്നതിനെക്കുറിച്ചു ആക്ഷേപിക്കുകയാണ്. മതത്തില്‍ ഹലാലെന്നും ഹറാമെന്നും വിധി കല്‍പിക്കുവാനുള്ള അധികാരവും, അവകാശവും അല്ലാഹുവിനായിരിക്കെ, ഇതു അല്ലാഹുവിന്റെ പേരില്‍ വ്യാജം കെട്ടിച്ചമക്കലാണല്ലോ. അല്ലാഹുവിന്റെ പേരില്‍ വ്യാജം കെട്ടിച്ചമക്കുന്നവര്‍ ഒരിക്കലും വിജയിക്കുകയില്ല. ഇഹത്തില്‍വെച്ചു തുച്ഛമായ വല്ല കാര്യലാഭവും ലഭിച്ചേക്കാമെങ്കിലും പരലോകത്ത് അവര്‍ക്കു കഠിന ശിക്ഷയായിരിക്കും ഫലം എന്നു സാരം.

മുശ്രിക്കുകളെ സംബന്ധിച്ചിടത്തോളം ശവം, പന്നിമാംസം മുതലായവയെ അവര്‍ അനുവദനീയമായി ഗണിച്ചിരുന്നു. ‘ബഹീറത്ത്’ ‘സാഇബത്ത്’ എന്നും മറ്റുമുള്ള പേരുകളില്‍ പല കാലികളെയും വിഗ്രഹങ്ങള്‍ക്കു വഴിപാടാക്കി വിടലും പതിവായിരുന്നു. ചിലതിനെ പുരുഷന്‍മാര്‍ക്കു മാത്രം അനുവദനീയവും, സ്ത്രീകള്‍ക്കു നിഷിദ്ധവുമാക്കിവെക്കുകയും ചെയ്തിരുന്നു. (5:106; 6:139 മുതലായ സ്ഥലങ്ങള്‍ നോക്കുക) ഇത്തരം സംഗതികളെ സൂചിപ്പിച്ചുകൊണ്ടാകുന്നു ഇതു അനുവദനീയമെന്നും, ഇതു നിഷിദ്ധമെന്നും പറയരുതെന്നു വിരോധിച്ചിരിക്കുന്നത്. എന്നാല്‍ – ഇബ്നു കഥീര്‍ (رحمه الله) ചൂണ്ടിക്കാട്ടിയതുപോലെ – ഈ സംഗതികള്‍ മാത്രമല്ല ഈ വിരോധത്തില്‍ അടങ്ങിയിരിക്കുന്നത്. അംഗീകൃതമായ തെളിവുകളുടെ അടിസ്ഥാനത്തിലല്ലാതെ നിര്‍മ്മിക്കപ്പെടുന്ന അനാചാരങ്ങളും, ഖുര്‍ആനിന്നും സുന്നത്തിനും എതിരായി പുറപ്പെടുവിക്കപ്പെടുന്ന ഫത്വാകളും നിയമങ്ങളുമെല്ലാം തന്നെ, അല്ലാഹുവിന്റെ പേരില്‍ വ്യാജം കെട്ടിച്ചമക്കുന്നതില്‍ ഉള്‍പ്പെടുന്നു. അബൂനദ്വറഃ (رَضِيَ اللهُ عَنْهُ) പറഞ്ഞതായി ഇബ്നു അബീഹാതിം (رحمه الله) ഉദ്ധരിച്ചിരിക്കുന്നു: ‘സൂറത്തുന്നഹ്ളിലെ وَلَا تَقُولُوا الخ എന്നുള്ള (ഈ) വചനം ഞാന്‍ വായിച്ചു. അതിനാല്‍, അന്നു മുതല്‍ ഇന്നുവരെ ഞാന്‍ ഫത്വാ (മതകാര്യങ്ങളുടെ വിധി) നല്‍കുവാന്‍ ഭയപ്പെട്ടുകൊണ്ടിരിക്കുകയാണു.

16:118
 • وَعَلَى ٱلَّذِينَ هَادُوا۟ حَرَّمْنَا مَا قَصَصْنَا عَلَيْكَ مِن قَبْلُ ۖ وَمَا ظَلَمْنَـٰهُمْ وَلَـٰكِن كَانُوٓا۟ أَنفُسَهُمْ يَظْلِمُونَ ﴾١١٨﴿
 • യഹൂദികളായവരുടെ മേലും (തന്നെ) മുമ്പു നാം നിനക്കു വിവരിച്ചുതന്നവയെ നാം നിഷിദ്ധമാക്കി. അവരോടു നാം അനീതി ചെയ്തിട്ടില്ല; എങ്കിലും അവര്‍ അവരോടുതന്നെയായിരുന്നു അനീതി ചെയ്തിരുന്നത്.
 • وَعَلَى الَّذِينَ യാതൊരുവരുടെ മേൽ هَادُوا യഹൂദരായ حَرَّمْنَا നാം നിഷിദ്ധമാക്കി مَا قَصَصْنَا നാം കഥനം ചെയ്തതു, (വിവരിച്ചതു) عَلَيْكَ നിനക്കു, നിന്റെമേല്‍ مِن قَبْلُ മുമ്പു وَمَا ظَلَمْنَاهُمْ നാം അവരോടു അനീതി, (അക്രമം) ചെയ്തിട്ടുമില്ല وَلَـٰكِن كَانُوا എങ്കിലും അവരായിരുന്നു أَنفُسَهُمْ തങ്ങളോടു തന്നെ, അവരുടെ സ്വന്തങ്ങളെ يَظْلِمُونَ അക്രമിക്കും (അനീതി ചെയ്യും)

അല്‍പം ചില ഭക്ഷ്യവസ്തുക്കളെ മാത്രമേ അല്ലാഹു നിഷിദ്ധമാക്കി നിയമിച്ചിട്ടുള്ളുവെന്നു 115-ാം വചനത്തില്‍ പ്രസ്താവിച്ചുവല്ലോ. എന്നാല്‍, യഹൂദികളുടെമേല്‍ മുമ്പ് നിങ്ങള്‍ക്കു വിവരിച്ചുതന്നിട്ടുള്ള ചില വസ്തുക്കളെ നിഷിദ്ധമാക്കിയിരുന്നതു ശരിയാണെന്നും, അതു അവരോടു അല്ലാഹു ചെയ്ത ഒരു അനീതിയായിരുന്നില്ല – അവര്‍ സ്വയം ചെയ്ത അക്രമങ്ങളുടെ ഫലമായിരുന്നു – എന്നുമാണു ഈ വചനത്തില്‍ പ്രസ്താവിച്ചതിന്റെ സാരം. ‘മുമ്പ് വിവരിച്ചു തന്നതു’ എന്നു പറഞ്ഞതു സൂറ: അന്‍ആം 146-ാം വചനത്തിലാകുന്നു. നഖമുള്ള വസ്തുക്കളെയും, ആടുമാടുകളുടെ കൊഴുപ്പുകളും അവര്‍ക്കു നിഷിദ്ധമാക്കിയിരുന്നുവെന്നും, അതവരുടെ ധികാരം മൂലമായിരുന്നുവെന്നുമാണു അവിടെ പറഞ്ഞതിന്റെ ചുരുക്കം. കൂടുതല്‍ വിവരം അവിടെ കഴിഞ്ഞുപോയിട്ടുണ്ട്‌. കൂടാതെ, അവരുടെ അക്രമം നിമിത്തം വിശിഷ്ടമായ ചില വസ്തുക്കളെ അവരുടെമേല്‍ നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നുവെന്നു സൂ: നിസാഉ് 160ലും കാണാം.

16:119
 • ثُمَّ إِنَّ رَبَّكَ لِلَّذِينَ عَمِلُوا۟ ٱلسُّوٓءَ بِجَهَـٰلَةٍ ثُمَّ تَابُوا۟ مِنۢ بَعْدِ ذَٰلِكَ وَأَصْلَحُوٓا۟ إِنَّ رَبَّكَ مِنۢ بَعْدِهَا لَغَفُورٌ رَّحِيمٌ ﴾١١٩﴿
 • പിന്നീട്, നിശ്ചയമായും, നിന്റെ റബ്ബ്, വിഡ്ഢിത്തം (അഥവാ വിവരക്കേടു) നിമിത്തം തിന്മ പ്രവര്‍ത്തിക്കുകയും, പിന്നീടു അതിനുശേഷം പശ്ചാത്തപിക്കുകയും, നന്നായിത്തീരുകയും ചെയ്തവര്‍ക്ക്, (അതെ) നിശ്ചയമായും നിന്റെ റബ്ബ് അതിനുശേഷം വളരെ പൊറുക്കുന്നവനും, കരുണാനിധിയും തന്നെയാകുന്നു.
 • ثُمَّ പിന്നീട്, പിന്നെ إِنَّ رَبَّكَ നിശ്ചയമായും നിന്റെ റബ്ബു لِلَّذِينَ عَمِلُوا പ്രവര്‍ത്തിച്ചവര്‍ക്ക് السُّوءَ തിന്മയെ, മോശം بِجَهَالَةٍ വിഡ്ഢിത്തംകൊണ്ടു, വിവരക്കേടു നിമിത്തം ثُمَّ പിന്നെ تَابُوا പശ്ചാത്തപിച്ചു مِن بَعْدِ ശേഷം ذَٰلِكَ അതിന്റെ وَأَصْلَحُوا അവന്‍ നന്നായിത്തീരുകയും ചെയ്തു (കര്‍മ്മങ്ങളെ) നന്നാക്കുകയും ചെയ്തു إِنَّ رَبَّكَ നിശ്ചയമായും നിന്റെ റബ്ബ് مِن بَعْدِهَا അതിനുശേഷം لَغَفُورٌ പൊറുക്കുന്നവന്‍ തന്നെയാണ് رَّحِيمٌ കരുണാനിധിയാണ്

അല്ലാഹുവിന്റെ പേരില്‍ നിയമങ്ങള്‍ കെട്ടിയുണ്ടാക്കുക പോലെയുള്ള ഗുരുതരമായ പാപങ്ങള്‍ വല്ലതും വിവരക്കേടുകൊണ്ടു ചെയ്തുപോയാല്‍ തന്നെയും പിന്നീടു ഖേദിച്ചുമടങ്ങി സ്വന്തം നില നന്നാക്കിത്തീര്‍ത്താല്‍ അല്ലാഹു പൊറുത്തുകൊടുക്കുകയും കരുണ ചെയ്യുകയും ചെയ്യുന്നതാണെന്നു സത്യവിശ്വാസികളെ സമാധാനിപ്പിക്കുകയാണ്.