സൂറത്തു-ന്നഹ്ല് : 120-128
വിഭാഗം - 16
- إِنَّ إِبْرَٰهِيمَ كَانَ أُمَّةً قَانِتًا لِّلَّهِ حَنِيفًا وَلَمْ يَكُ مِنَ ٱلْمُشْرِكِينَ ﴾١٢٠﴿
- നിശ്ചയമായും ഇബ്രാഹീം, അല്ലാഹുവിനോടു ഭക്ത്യനുസരണമുള്ള ഋജുമാനസനായ ഒരു (പ്രത്യേക) സമുദായം (അഥവാ മാതൃകാനേതാവ്) ആയിരുന്നു. അദ്ദേഹം മുശ്രിക്കുകളില്‍ പെട്ടവനായിരുന്നിട്ടുമില്ല.
- إِنَّ إِبْرَاهِيمَ നിശ്ചയമായും ഇബ്രാഹീം كَانَ ആകുന്നു, ആയിരുന്നു أُمَّةً ഒരു സമുദായം (മാതൃകാ നേതാവു) قَانِتًا ഭക്തിയുള്ള, ഒതുക്കമുള്ള, അനുസരണമുള്ള(വന്‍) لِّلَّـهِ അല്ലാഹുവിനു, അല്ലാഹുവിനോടു حَنِيفًا ഋജുമാനസനായ (നിഷ്കളങ്കഹൃദയനായ) وَلَمْ يَكُ അദ്ദേഹം ആയിരുന്നില്ല, ആയിട്ടില്ല مِنَ الْمُشْرِكِينَ മുശ്രിക്കുകളില്‍ (പങ്കുചേര്‍ക്കുന്നവരില്‍ - ബഹുദൈവ വിശ്വാസികളില്‍) പെട്ട(വന്‍)
- شَاكِرًا لِّأَنْعُمِهِ ۚ ٱجْتَبَىٰهُ وَهَدَىٰهُ إِلَىٰ صِرَٰطٍ مُّسْتَقِيمٍ ﴾١٢١﴿
- അവന്റെ [അല്ലാഹുവിന്റെ] അനുഗ്രഹങ്ങള്‍ക്കു നന്ദി കാണിക്കുന്നവന്‍ (ആയിരുന്നു). അദ്ദേഹത്തെ അവന്‍ തിരഞ്ഞെടുക്കുകയും, നേരെ (ചൊവ്വെ)യുള്ള ഒരു പാതയിലേക്കു അദ്ദേഹത്തെ അവന്‍ നയിക്കുകയും ചെയ്തിരിക്കുന്നു.
- شَاكِرًا നന്ദി കാണിക്കുന്നവന്‍, നന്ദി കാണിച്ചുകൊണ്ടു لِّأَنْعُمِهِ അവന്റെ അനുഗ്രഹങ്ങള്‍ക്കു اجْتَبَاهُ അദ്ദേഹത്തെ അവന്‍ തിരഞ്ഞെടുത്തിരിക്കുന്നു وَهَدَاهُ അദ്ദേഹത്തെ നയിക്കുകയും (വഴിചേര്‍ക്കുകയും) ചെയ്തിരിക്കുന്നു إِلَىٰ صِرَاطٍ ഒരു പാത (വഴി) യിലേക്കു مُّسْتَقِيمٍ ചൊവ്വായ, നേരെയുള്ള
- وَءَاتَيْنَـٰهُ فِى ٱلدُّنْيَا حَسَنَةً ۖ وَإِنَّهُۥ فِى ٱلْـَٔاخِرَةِ لَمِنَ ٱلصَّـٰلِحِينَ ﴾١٢٢﴿
- ഇഹത്തില്‍ അദ്ദേഹത്തിനു നാം നന്മ നല്‍കുകയും ചെയ്തു. അദ്ദേഹം പരലോകത്തിലാകട്ടെ, സദ്-വൃത്തന്മാരില്‍ പെട്ടവന്‍ തന്നെ.
- وَآتَيْنَاهُ അദ്ദേഹത്തിനു നാം നല്‍കുകയും ചെയ്തു فِي الدُّنْيَا ഇഹത്തില്‍ حَسَنَةً നന്മ, നല്ലതു وَإِنَّهُ അദ്ദേഹമാകട്ടെ, നിശ്ചയമായും അദ്ദേഹം فِي الْآخِرَةِ പരലോകത്തില്‍ لَمِنَ الصَّالِحِينَ സദ്-വൃത്തരില്‍ പെട്ട(വന്‍) തന്നെ
- ثُمَّ أَوْحَيْنَآ إِلَيْكَ أَنِ ٱتَّبِعْ مِلَّةَ إِبْرَٰهِيمَ حَنِيفًا ۖ وَمَا كَانَ مِنَ ٱلْمُشْرِكِينَ ﴾١٢٣﴿
- പിന്നീട് (ഇപ്പോള്‍), നിനക്കു നാം 'വഹ്‌യ്' [സന്ദേശം] നല്‍കിയിരിക്കുന്നു: ഋജുമാനസനായ നിലയില്‍ (ആയിരുന്ന) ഇബ്രാഹീമിന്റെ മാര്‍ഗ്ഗത്തെ പിന്‍പറ്റണമെന്ന്; അദ്ദേഹം മുശ്രിക്കുകളില്‍ പെട്ടവനായിരുന്നതുമില്ല.
- ثُمَّ أَوْحَيْنَا പിന്നെ വഹ്‌യ് നല്‍കി إِلَيْكَ നിനക്കു, നിന്നിലേക്കു أَنِ اتَّبِعْ നീ പിന്‍പറ്റുക എന്നു مِلَّةَ മാര്‍ഗ്ഗത്തെ إِبْرَاهِيمَ ഇബ്രാഹീമിന്റെ حَنِيفًا ഋജുമാനസ (നിഷ്കളങ്ക ഹൃദയ)നായ നിലയിലുള്ള وَمَا كَانَ അദ്ദേഹം ആയിരുന്നുമില്ല مِنَ الْمُشْرِكِينَ മുശ്രിക്കുക (ബഹുദൈവ വിശ്വാസി) ളില്‍ പെട്ടവന്‍
മുശ്രിക്കുകള്‍ മതാചാരങ്ങളായി ആചരിച്ചുവന്നിരുന്ന ശിര്‍ക്കുപരമായ പല കാര്യങ്ങളെക്കുറിച്ചും മുമ്പ് പ്രസ്താവിച്ചു. ഇബ്രാഹീം (عليه الصلاة والسلام)നബിയുടെ പിന്‍ഗാമികളും, അദ്ദേഹത്തിന്റെ മാതൃകയും, നടപടി ക്രമവും സ്വീകരിച്ചുവരുമെന്ന നിലക്കാണ് അതെല്ലാം അവര്‍ ആചരിച്ചുവന്നിരുന്നതും. വാസ്തവത്തില്‍ അദ്ദേഹം സ്വീകരിച്ചുവന്നിരുന്ന മാര്‍ഗ്ഗമാകട്ടെ, അതിനെല്ലാം കടകവിരുദ്ധവുമായിരുന്നു. അതുകൊണ്ടു അദ്ദേഹത്തിന്റെ യഥാര്‍ത്ഥ സ്ഥിതി ഇന്നിന്ന പ്രകാരമായിരുന്നുവെന്നും, അദ്ദേഹം സ്വീകരിച്ചിരുന്ന അതേമാര്‍ഗ്ഗം സ്വീകരിക്കുവാനും, അതു പ്രബോധനം ചെയ്‌വാനും തന്നെയാണു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയോടു കല്‍പിച്ചിരിക്കുന്നതെന്നും അല്ലാഹു ചൂണ്ടിക്കാണിക്കുകയാണ്.
‘സമുദായം, സമൂഹം’ എന്നീ അര്‍ത്ഥങ്ങളിലാണു أُمَّةً (ഉമ്മത്ത്) എന്ന വാക്കു സാധാരണ ഉപയോഗിക്കപ്പെടാറുള്ളതെന്നും, ചിലപ്പോള്‍ വേറെ അര്‍ത്ഥങ്ങളിലും അതു ഉപയോഗിക്കപ്പെടാറുണ്ടെന്നും, അവയില്‍ ഒന്നു മാതൃകാനേതാവ്’ എന്നാണെന്നും സൂ: ഹൂദിലെ 8-ാം വചനത്തിന്റെ വിവരണത്തില്‍ നാം വിവരിച്ചുവല്ലോ. ഒരു വമ്പിച്ച സമുദായത്തിനു മാതൃകയും, നേതൃത്വവും നല്‍കിയ മഹാനായതുകൊണ്ടു ഇബ്രാഹീം (عليه الصلاة والسلام) ഒരു പ്രത്യേക സമുദായം തന്നെയാണെന്നു പറയത്തക്കവിധം ശ്രേഷ്ഠനും ഉത്തമനും തന്നെയാണുതാനും. അദ്ദേഹത്തെപ്പറ്റി അല്ലാഹു ഇവിടെ പ്രശംസിച്ചു പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധിക്കുക:
(1) അല്ലാഹുവിനോടു ഭക്തിയും അനുസരണവും ഉള്ളവനായിരുന്നു.
(2) വക്രമാര്‍ഗ്ഗങ്ങളിലേക്കൊന്നും തുനിയാതെ നേര്‍മാര്‍ഗ്ഗത്തില്‍ ഉറച്ചുനില്‍ക്കുന്ന ഋജുമാനസനായിരുന്നു.
(3) ശിര്‍ക്കിന്റെ പ്രവര്‍ത്തനങ്ങളിലൊന്നും അകപ്പെടാതെ തൗഹീദില്‍ അടിയുറച്ചവനായിരുന്നു.
(4) അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ക്കു നന്ദിയുള്ളവനായിരുന്നു.
(5) അല്ലാഹു അദ്ദേഹത്തെ തിരഞ്ഞെടുത്തിരിക്കുന്നു. അതെ, അദ്ദേഹത്തെ അവന്‍ നേര്‍മ്മാര്‍ഗ്ഗത്തിന്റെ മാതൃകയും, സന്മാര്‍ഗ്ഗികളുടെ നേതാവും, ശിര്‍ക്കിന്റെ കണ്ഠകോടാലിയും, തൗഹീദിന്റെ പതാകവാഹകനുമാക്കി ഉയര്‍ത്തിയിരിക്കുന്നു.
(6) ചൊവ്വായ മാര്‍ഗ്ഗത്തിലേക്ക് അദ്ദേഹത്തെ അല്ലാഹു നയിച്ചിരിക്കുന്നു. അല്ലാഹു നേര്‍മ്മാര്‍ഗ്ഗത്തിലേക്കു നയിച്ചുകൊടുത്തവര്‍ പിന്നെ വഴിതെറ്റുന്ന പ്രശ്നമില്ലല്ലോ.
(7) ഇഹത്തില്‍ അവന്‍ അദ്ദേഹത്തിനു നന്മ നല്‍കിയിരിക്കുന്നു. ഇഹത്തില്‍ വെച്ചു അദ്ദേഹത്തിനു സിദ്ധിച്ച നിസ്തുലമായ നന്മകള്‍ കുറച്ചൊന്നുമല്ല. വേദക്കാരും, അവരുമായി ബന്ധപ്പെട്ടവരുമായ എല്ലാ സമുദായങ്ങള്‍ക്കിടയിലും കാലാവസാനം വരെ അദ്ദേഹത്തിന്റെ സല്‍പേരും സല്‍കീര്‍ത്തിയും നിലനില്‍ക്കുന്നുവെന്നുള്ളതു അവയില്‍ ഒന്നത്രെ.
(8) പരലോകത്തു സദ്‌വൃത്തന്മാരുടെ കൂട്ടത്തിലായിരിക്കും അദ്ദേഹം. പരലോകത്തു മനുഷ്യനു ലഭിക്കുവാനുള്ള സര്‍വ്വനേട്ടങ്ങളുടെയും മാനദണ്ഡം അവന്‍ സദ്‌വൃത്തനും സല്‍ക്കര്‍മ്മിയും ആയിരിക്കുകയെന്നതാണല്ലോ.
ഇബ്രാഹീം (عليه الصلاة والسلام) നബിയുടെ ഉല്‍കൃഷ്ടഗുണങ്ങളും സ്ഥാനമാനങ്ങളും ചൂണ്ടിക്കാട്ടിയശേഷം, അദ്ദേഹം സ്വീകരിച്ചുവന്ന അതേമാര്‍ഗ്ഗവും നടപടിക്രമവും പിന്‍പറ്റുവാനാണു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യോടു കല്പിച്ചിരിക്കുന്നതെന്നു അല്ലാഹു ഉണര്‍ത്തുന്നു. ഇതോടുകൂടി, മുകളില്‍ പറഞ്ഞ അദ്ദേഹത്തിന്റെ രണ്ടു ഗുണങ്ങളെ വീണ്ടും ആവര്‍ത്തിച്ച് ഓര്‍മ്മിപ്പിക്കുകയും ചെയ്തിരിക്കുന്നു. അദ്ദേഹം വക്രമാര്‍ഗ്ഗങ്ങളെല്ലാം വിട്ടു നേര്‍മ്മാര്‍ഗ്ഗത്തില്‍ മാത്രം ഉറച്ചു നിന്ന നിഷ്കളങ്കഹൃദയനായിരുന്നു (حَنِيفًا) എന്നും, ശിര്‍ക്കിന്റെ മാര്‍ഗ്ഗങ്ങളിലൊന്നും അദ്ദേഹത്തിനു പ്രവേശനമുണ്ടായിരുന്നില്ല (وَمَا كَانَ مِنَ الْمُشْرِكِينَ) എന്നുമാണത്. എല്ലാ സല്‍ഗുണങ്ങളുടെയും ഉറവിടം ഈ രണ്ടു ഗുണങ്ങളാണല്ലോ. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയുടെ പ്രബോധനമാര്‍ഗ്ഗത്തിന്റെ അടിത്തറയും അവതന്നെ.
- إِنَّمَا جُعِلَ ٱلسَّبْتُ عَلَى ٱلَّذِينَ ٱخْتَلَفُوا۟ فِيهِ ۚ وَإِنَّ رَبَّكَ لَيَحْكُمُ بَيْنَهُمْ يَوْمَ ٱلْقِيَـٰمَةِ فِيمَا كَانُوا۟ فِيهِ يَخْتَلِفُونَ ﴾١٢٤﴿
- 'ശബ്ബത്ത്' (ആചരണം) ഏര്‍പ്പെടുത്തപ്പെട്ടിരിക്കുന്നതു, അതില്‍ ഭിന്നാഭിപ്രായത്തിലായവരുടെ മേല്‍ മാത്രമാകുന്നു. നിശ്ചയമായും നിന്റെ റബ്ബു, യാതൊന്നില്‍ അവര്‍ ഭിന്നാഭിപ്രായത്തിലായിക്കൊണ്ടിരിക്കുന്നുവോ അതില്‍, അവര്‍ക്കിടയില്‍ ക്വിയാമത്തു നാളില്‍വെച്ചു, വിധി കല്‍പിക്കുക തന്നെ ചെയ്യും.
- إِنَّمَا جُعِلَ ആക്കപ്പെടുക (ഏര്‍പ്പെടുത്തപ്പെടുക) മാത്രം ചെയ്തിരിക്കുന്നു السَّبْتُ ശബ്ബത്ത് (ആചരണം) عَلَى الَّذِينَ യാതൊരുവരുടെ മേല്‍ (മാത്രം) اخْتَلَفُوا അവര്‍ ഭിന്നാഭിപ്രായത്തിലായി فِيهِ അതില്‍ وَإِنَّ رَبَّكَ നിശ്ചയമായും നിന്റെ റബ്ബ് لَيَحْكُمُ അവന്‍ വിധിക്കുക തന്നെ ചെയ്യും بَيْنَهُمْ അവര്‍ക്കിടയില്‍ يَوْمَ الْقِيَامَةِ ക്വിയാമത്തു നാളില്‍ فِيمَا യാതൊന്നില്‍ كَانُوا അവരായിരുന്നു فِيهِ അതില്‍ يَخْتَلِفُونَ അവര്‍ ഭിന്നാഭിപ്രായത്തിലാകും
ഇബ്രാഹീം (عليه الصلاة والسلام) നബിയുടെ മാര്‍ഗ്ഗം പിന്‍പറ്റുവാന്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യോടു കല്‍പിച്ചിരിക്കുകയാണല്ലോ. അങ്ങിനെയാണെങ്കില്‍, അദ്ദേഹത്തിന്റെ പിന്‍തുടര്‍ച്ചക്കാരായ വേദക്കാര്‍ ശനിയാഴ്ച ദിവസം ആഴ്ചതോറും ആചരിച്ചുവരുന്ന ശബ്ബത്താചാരണം എന്തുകൊണ്ട് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) നടത്തുന്നില്ല? അതേ സമയം വെള്ളിയാഴ്ച പ്രധാന ദിവസമായി ആചരിക്കുകയും ചെയ്യുന്നു? എന്നു ചോദിക്കപ്പെടുന്നതിനുള്ള മറുപടിയാണിത്. ശബ്ബത്തിന്റെ ആചരണം ഇബ്രാഹീം (عليه الصلاة والسلام) നബിയുടെ കാലശേഷമാണ് നിയമിക്കപ്പെട്ടിരിക്കുന്നത്. അത് ആരുടെ മേല്‍ നിയമിക്കപ്പെട്ടിരിക്കുന്നുവോ അവര്‍ തന്നെയാണ് അതില്‍ ഭിന്നിക്കുകയും ചെയ്തിരിക്കുന്നത്. അതുകൊണ്ട് ആ വിഷയത്തില്‍ അവരോട് യോജിക്കാത്തതിന്റെ പേരില്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഇബ്രാഹീം (عليه الصلاة والسلام) നബിയുടെ മാര്‍ഗ്ഗത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നുവെന്ന് പറയുവാനില്ല. അവരുടെ ഭിന്നതയെക്കുറിച്ചുള്ള തീരുമാനം അല്ലാഹു ക്വിയാമത്തുനാളില്‍ നടത്തിക്കൊള്ളുകയും ചെയ്യും എന്നത്രെ മറുപടിയുടെ സാരം.
ഇമാം ശാഫിഈ, ബുഖാരീ, മുസ്ലിം (رحمهم الله) എന്നിവര്‍ അബൂഹുറൈറ (رَضِيَ اللهُ عَنْهُ) യില്‍ നിന്നുദ്ധരിച്ച ഒരു ഹദീസില്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറയുന്നു: “നാം അവസാനം വന്നവരാകുന്നു, ക്വിയാമത്തുനാളില്‍ നാം മുമ്പന്‍മാരുമായിരിക്കും. പക്ഷേ, അവര്‍ക്ക് (വേദക്കാര്‍ക്ക്) നമ്മുടെ മുമ്പ് വേദഗ്രന്ഥം നല്‍കപ്പെടുകയും, നമുക്ക് അവരുടെ ശേഷം നല്‍കപ്പെടുകയും ചെയ്തിരിക്കുന്നു. പിന്നെ, ഈ ദിവസ (വെള്ളിയാഴ്ച ദിവസ) മാണ് അവരുടെ മേല്‍ നിയമിക്കപ്പെട്ടിരിക്കുന്നത്. എന്നിട്ട് അവരതില്‍ ഭിന്നിച്ചു. എന്നാല്‍ അല്ലാഹു നമ്മെ അതിലേക്ക് വഴിചേര്‍ത്തു തന്നിരിക്കുന്നു. അങ്ങനെ മനുഷ്യര്‍ അതില്‍ നമ്മുടെ പിന്നിലാണുള്ളതും. യഹൂദികള്‍ നാളെയും, ക്രിസ്ത്യാനികള്‍ മറ്റന്നാളും.” ഇബ്നു അബ്ബാസ് (رَضِيَ اللهُ عَنْهُ) പറഞ്ഞതായി ഇപ്രകാരം നിവേദനം ചെയ്യപ്പെട്ടിരിക്കുന്നു: “മൂസാ (عليه الصلاة والسلام) നബി യഹൂദികളോട് ജുമുഅ ദിനം (വെള്ളിയാഴ്ച) ആചരിക്കുവാന്‍ കല്‍പിച്ചു ആഴ്ചയില്‍ ഒരു ദിവസം നിങ്ങള്‍ അല്ലാഹുവിന്നായി (ആരാധനാകര്‍മ്മങ്ങള്‍ക്കുവേണ്ടി) ഒഴിഞ്ഞിരിക്കണം. അന്ന് നിങ്ങള്‍ ജോലികളൊന്നും ചെയ്യരുത് എന്നു പറഞ്ഞു. അത് വെള്ളിയാഴ്ചയായിരുന്നു. അവര്‍ അതിന് വിസമ്മതിച്ചു. അല്ലാഹു സൃഷ്ടിയില്‍ നിന്ന് ഒഴിവായ ദിവസമല്ലാതെ മറ്റൊന്നും ഞങ്ങള്‍ക്കാവശ്യമില്ല എന്നവര്‍ പറഞ്ഞു. ഇത് ശനിയാഴ്ചയാണ്. അങ്ങനെ ആ ദിവസം അദ്ദേഹം അവരില്‍ നിശ്ചയിക്കുകയും, അവരുടെമേല്‍ (കര്‍മ്മങ്ങള്‍) കര്‍ശനമാക്കുകയും ചെയ്തു. പിന്നീട് ഈസാ (عليه الصلاة والسلام) നബിയും വെള്ളിയാഴ്ച കൊണ്ടുവന്നു. അപ്പോള്‍ ക്രിസ്ത്യാനികള്‍ പറഞ്ഞു: “അവരുടെ പെരുന്നാള്‍ ദിവസം നമ്മുടെ പെരുന്നാളിന് ശേഷമായിരിക്കുവാന്‍ ഞങ്ങള്‍ ഇഷ്ടപ്പെടുന്നില്ല. അങ്ങനെ, അവര്‍ ഞായറാഴ്ച സ്വീകരിച്ചു.
ശബ്ബത്തില്‍ അവര്‍ ഭിന്നിച്ചു (اخْتَلَفُوا فِيهِ) എന്നതിന്റെ താല്‍പര്യം, വേദക്കാര്‍ അവരുടെ നബിമാരുടെ നിര്‍ദ്ദേശം സ്വീകരിക്കാതിരുന്നുവെന്നാണെന്ന് മേലുദ്ധരിച്ചതില്‍ നിന്ന് മനസ്സിലാക്കാം. ശബ്ബത്ത് നാളിനെ യഥാവിധി ആചരിക്കാതെ യഹൂദികളില്‍ ചിലര്‍ അന്ന് മത്സ്യം പിടിച്ചതും അതിനെത്തുടര്‍ന്ന് അവരെ ശിക്ഷിച്ചതും അല്ലാഹു (7:163 – 166) വിവരിച്ചിട്ടുണ്ടല്ലോ. അതാണിവിടെ ഉദ്ദേശ്യമെന്ന് വ്യാഖ്യാതാക്കള്‍ പറയുന്നു. ഇതിന് ഇവിടെ പ്രസക്തി കാണുന്നില്ല. യഹൂദികള്‍ക്കിടയിലുള്ള ഭിന്നിപ്പാണ് ഉദ്ദേശ്യമെന്നും ചിലര്‍ പറയുന്നു. യഹൂദികള്‍ക്കിടയില്‍ ശബ്ബത്ത് നാളിന്റെ ആചരണ സ്വഭാവത്തില്‍ ഭിന്നിപ്പുണ്ടായിട്ടുണ്ടെങ്കില്‍ തന്നെയും ദിവസനിര്‍ണയത്തില്‍ ഭിന്നിപ്പുണ്ടായിട്ടില്ലെന്നുള്ളതും പ്രസ്താവ്യമാകുന്നു. യഹൂദികള്‍ക്കും, അവരില്‍നിന്ന് ക്രിസ്ത്യാനികളായിത്തീര്‍ന്നവര്‍ക്കും ഇടയില്‍ മാത്രമേ അതില്‍ ഭിന്നിപ്പുണ്ടായിട്ടുള്ളു. ഇത് പോലെത്തന്നെ, ഇബ്രാഹീം നബി (عليه الصلاة والسلام) വെള്ളിയാഴ്ച ആചരിച്ചുവന്നിരുന്നുവെന്നും ചിലര്‍ പ്രസ്താവിച്ചുകാണുന്നു. ഇതിനും തെളിവുകളില്ല. ഈസാനബി (عليه الصلاة والسلام) യുടെ കാലത്ത് ശനിയാഴ്ച ദിവസം തന്നെയായിരുന്നു ശബ്ബത്താചരണം നടന്നിരുന്നതെന്നും പിന്നീട് ക്രിസ്തീയ സഭകളാണ് അതിനുപകരം ഞായറാഴ്ചയുടെ ആചരണം നടപ്പില്‍ വരുത്തിയതെന്നും ക്രിസ്ത്യാനികളുടെ രേഖകളില്‍ നിന്ന് വ്യക്തമാണ്. (*).
(*). ‘ശബ്ബത്ത്’ എന്ന ശീര്‍ഷകത്തില്‍ വേദപുസ്തക നിഘണ്ടുവില്‍ പറയുന്നു: ‘ഇക്കാലത്ത് ആഴ്ചവട്ടത്തിന്റെ ഒന്നാം ദിവസമായ ഞായറാഴ്ച പൊതുവെ ‘ ശബ്ബത്ത്’ എന്നും, ‘കര്‍ത്താവിന്റെ ദിവസം’ എന്നും പറഞ്ഞു വരുന്നു. എന്നാല്‍, യെഹൂദന്‍മാര്‍ ആഴ്ചവട്ടത്തിന്റെ ഏഴാം ദിവസത്തെ ‘ശബ്ബത്ത്’ എന്നും, ആദ്യക്രിസ്ത്യാനികള്‍ ആഴ്ചവട്ടത്തിന്റെ ഒന്നാം ദിവസത്തെ ‘കര്‍ത്താവിന്റെ ദിവസ’മെന്നും പറഞ്ഞുവെന്ന് ധരിക്കണം….. ആദ്യ ക്രൈസ്തവ സഭയില്‍, യഹൂദമതത്തില്‍ നിന്ന് ക്രിസ്ത്യാനികളായവര്‍ ഏഴാം ദിവസം ശബ്ബത്തായി ആചരിച്ചുവെങ്കിലും ആഴ്ചവട്ടത്തിന്റെ ഒന്നാം ദിവസം കര്‍ത്താവിന്റെ ദിവസമായി ആചരിക്കുക കൂടുതല്‍ പ്രചാരമായിത്തീരുകയാല്‍, ക്രൈസ്തവ സഭയില്‍ യഹൂദപ്രമാണം ക്ഷയിച്ചപ്പോള്‍ കര്‍ത്താവിന്റെ ദിവസം ഭൂരിപക്ഷം ജനങ്ങളാല്‍ ആചരിക്കപ്പെട്ടു. എബ്രായര്‍ ശബ്ബത്തിനെ സംബന്ധിച്ചുള്ള ഭാരമേറിയ കല്‍പനകളാല്‍ ജനങ്ങളെ പീഡിപ്പിക്കുന്നത് കണ്ടിട്ട് വി. പൗലോസ് ക്രിസ്ത്യാനികള്‍ ദിവസങ്ങളെ വിശേഷിപ്പിച്ചിട്ടാവശ്യമില്ലെന്ന് ഉല്‍ബോധിപ്പിക്കുന്നു… ക്രമേണ സഭ വളര്‍ന്നുവന്നതോടുകൂടി ദിവസം തോറും ഓരോരുത്തരും ആരാധനക്ക് വരുന്നത് അസാദ്ധ്യമാണെന്ന് കണ്ട് ഒരു നിശ്ചിത ദിവസം ഏര്‍പ്പെടുത്തേണ്ടതായി വന്നു….. ആഴ്ചവട്ടത്തിന്റെ ഒന്നാം ദിവസം ആരാധനാദിവസമായിത്തീര്‍ന്നു…. അതിന്നു ശബ്ബത്ത് എന്നും പേരിട്ടു.’
ഇബ്രാഹീം (عليه الصلاة والسلام) നബിയുടെ മാര്‍ഗ്ഗത്തെയാണു പിന്‍പറ്റേണ്ടതെന്നു കല്പിച്ചശേഷം, അദ്ദേഹം ആ മാര്‍ഗ്ഗത്തിലേക്കു ജനങ്ങളെ ക്ഷണിച്ചിരുന്ന പ്രകാരം അതിലേക്കു ക്ഷണിക്കുവാനും നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യോടു അല്ലാഹു കല്‍പിക്കുന്നു:-
- ٱدْعُ إِلَىٰ سَبِيلِ رَبِّكَ بِٱلْحِكْمَةِ وَٱلْمَوْعِظَةِ ٱلْحَسَنَةِ ۖ وَجَـٰدِلْهُم بِٱلَّتِى هِىَ أَحْسَنُ ۚ إِنَّ رَبَّكَ هُوَ أَعْلَمُ بِمَن ضَلَّ عَن سَبِيلِهِۦ ۖ وَهُوَ أَعْلَمُ بِٱلْمُهْتَدِينَ ﴾١٢٥﴿
- (നബിയേ) നിന്റെ റബ്ബിന്റെ മാര്‍ഗ്ഗത്തിലേക്കു യുക്തിതത്വവും, നല്ല സദുപദേശവും മുഖേന നീ (ജനങ്ങളെ) ക്ഷണിച്ചുകൊള്ളുക. കൂടുതല്‍ നല്ലതേതോ അതനുസരിച്ചു അവരോടു വിവാദം നടത്തുകയും ചെയ്യുക. നിശ്ചയമായും നിന്റെ റബ്ബു തന്നെയാണ് അവന്റെ മാര്‍ഗ്ഗംവിട്ടു പിഴച്ചുപോകുന്നവരെപ്പറ്റി ഏറ്റം അറിയുന്നവന്‍; അവന്‍ (തന്നെ), നേര്‍മ്മാര്‍ഗ്ഗം പ്രാപിക്കുന്നവരെപ്പറ്റി ഏറ്റം അറിയുന്നവനുമാകുന്നു.
- ادْعُ നീ ക്ഷണിക്കുക, വിളിക്കുക إِلَىٰ سَبِيلِ മാര്‍ഗ്ഗത്തിലേക്കു رَبِّكَ നിന്റെ റബ്ബിന്റെ بِالْحِكْمَةِ യുക്തി (തത്വം - വിജ്ഞാനം) കൊണ്ടു (മുഖേന) وَالْمَوْعِظَةِ സദുപദേശവും الْحَسَنَةِ നല്ലതായ وَجَادِلْهُم അവരോടു തര്‍ക്കം വിവാദം - വാഗ്വാദം - വാദപ്രതിവാദം) നടത്തുകയും ചെയ്യുക بِالَّتِي യാതൊന്നുമായി, യാതൊന്നനുസരിച്ചു هِيَ അതു أَحْسَنُ കൂടുതല്‍ നല്ലതാണു إِنَّ رَبَّكَ നിശ്ചയമായും നിന്റെ റബ്ബു هُوَ അവന്‍ (തന്നെ) أَعْلَمُ നല്ലവണ്ണം (ഏറ്റം കൂടുതല്‍) അറിയുന്നവനാണ് بِمَن ضَلَّ പിഴച്ച (തെറ്റിയ) വരെപ്പറ്റി عَن سَبِيلِهِ അവന്റെ മാര്‍ഗ്ഗംവിട്ട്, മാര്‍ഗ്ഗത്തില്‍നിന്നു وَهُوَ أَعْلَمُ അവന്‍ നല്ലവണ്ണം അറിയുന്നവനുമാണു بِالْمُهْتَدِينَ നേര്‍മ്മാര്‍ഗ്ഗം പ്രാപിക്കുന്നവരെപ്പറ്റി
സത്യമാര്‍ഗ്ഗത്തിലേക്കു ക്ഷണിക്കുന്നതു നിര്‍ബന്ധം ചെലുത്തിയോ, ശക്തിയും സ്വാധീനവും ഉപയോഗിച്ചോ ആവരുത്. അതിനു മൂന്നു രീതികളാണുള്ളതെന്നു ഇവിടെ അല്ലാഹു ഈ വചനത്തില്‍ ചൂണ്ടിക്കാട്ടുന്നു.
(1) യുക്തിതത്വങ്ങള്‍ (حِكْمَة). (2) നല്ല രൂപത്തിലുള്ള സദുപദേശം (الموعِظَة الْحَسَنَة). (3) കൂടുതല്‍ നല്ല രീതിയിലുള്ള വിവാദം (اَلْمُجَادِلَةُ بِالَّتِي هِيَ أَحْسَنُ) ഉപദേശിക്കുന്ന വിഷയത്തിന്റെ യഥാര്‍ത്ഥം ഗ്രഹിക്കുമാറ് അതിന്റെ യുക്തി, തെളിവു, ലക്‌ഷ്യം ആദിയായവ വിവരിച്ചുകൊടുക്കുക എന്നു ഒന്നാമത്തെതിനും, അനുഷ്ഠിക്കേണ്ടതു അനുഷ്ഠിക്കുവാനും, ഉപേക്ഷിക്കേണ്ടതു ഉപേക്ഷിക്കുവാനും ആവശ്യമായ പ്രോത്സാഹനങ്ങളും പ്രേരണകളും ന്യായങ്ങളും നല്‍കുകയെന്നു രണ്ടാമത്തേതിനും സാമാന്യമായി വിവക്ഷ നല്‍കാം. ആപേക്ഷികമായി നോക്കുമ്പോള്‍, ബുദ്ധിയും വിവേകവും ഉള്ളവരില്‍ ഒന്നാമത്തെ രീതിയും, സാധാരണക്കാരില്‍ രണ്ടാമത്തെ രീതിയും കൂടുതല്‍ ഫലവത്തായിരിക്കും.
എല്ലാവരും സാത്വികന്‍മാരും, സത്യാന്വേഷണ തല്‍പരരുമായിരിക്കയില്ലല്ലോ. അങ്ങിനെയുള്ളവരോടു തര്‍ക്കവും വാദവും നടത്തേണ്ടതായി വരും. എന്നാലതു, വായടപ്പിക്കുന്ന തരത്തിലുള്ളതോ, ഉത്തരം മുട്ടിക്കുവാന്‍ വേണ്ടിയോ ആയിരിക്കരുത്. സന്ദര്‍ഭത്തിനും ആള്‍ക്കും, പരിതസ്ഥിതിക്കും അനുസരിച്ച് കൂടുതല്‍ നയത്തോടും മയത്തോടും കൂടിയും, സത്യസന്ധമായും ആയിരിക്കേണ്ടതാണ്. സംഭാഷണം പ്രതിയോഗിയുടെ പരാജയത്തെമാത്രം ഉന്നംവെച്ചുകൊണ്ടാവരുത്. സത്യം ഗ്രഹിപ്പിക്കുകയാവണം ലക്‌ഷ്യം. സംസാരശൈലിയും ഉപയോഗിക്കുന്ന വാക്കുകളും വെറുപ്പിക്കുന്ന രൂപത്തിലാവരുത്. അല്ലാത്തപക്ഷം, പ്രതിയോഗി ഉത്തരംമുട്ടി പരാജയപ്പെട്ടാല്‍പോലും സത്യത്തോടു ഇണങ്ങാതിരിക്കുകയായിരിക്കും ഉണ്ടാകുക. ന്യായവും തെളിവും സമര്‍പ്പിക്കുന്നതു ഇരുവിഭാഗക്കാരും അംഗീകരിക്കുന്ന അടിസ്ഥാനം തെറ്റാതിരിക്കുകയും വേണം. ഇത്തരം കാര്യങ്ങള്‍ ഓരോ കക്ഷിയും മനസ്സിരുത്തായ്കകൊണ്ടാണു രണ്ടു വ്യത്യസ്തമായ അഭിപ്രായഗതിക്കാര്‍ തമ്മില്‍ നടത്തപ്പെടുന്ന ഇന്നത്തെ വാദപ്രതിവാദങ്ങളില്‍ ബഹുഭൂരിഭാഗവും ഫലശൂന്യമായിത്തീരുന്നതും, പരസ്പരം വിദ്വേഷം വളര്‍ത്തുവാന്‍ കാരണമായിത്തീരുന്നതും.
ക്ഷണിക്കുന്ന മാര്‍ഗ്ഗവും, രീതിയും എത്രതന്നെ നല്ലതായിരുന്നാലും ക്ഷണിക്കപ്പെടുന്നവരെല്ലാം സത്യം സ്വീകരിക്കുക വിരളമായിരിക്കും. അതു ക്ഷണകര്‍ത്താവിന്റെ ചുമതലയുമല്ല. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യോടു അല്ലാഹു പറയുന്നു:
….لَّيْسَ عَلَيْكَ هُدَاهُمْ وَلَـٰكِنَّ اللَّـهَ يَهْدِي مَن يَشَاءُ
(അവരെ നേര്‍മ്മാര്‍ഗ്ഗത്തിലാക്കള്‍ നിന്റെ മേല്‍ ബാധ്യതയില്ല. എങ്കിലും അല്ലാഹു അവന്‍ ഉദ്ദേശിക്കുന്നവരെ നേര്‍മാര്‍ഗ്ഗത്തിലാക്കുന്നു. (2:272)…..
إِنَّكَ لَا تَهْدِي مَنْ أَحْبَبْتَ
(നിശ്ചയമായും നീ ഇഷ്ടപ്പെട്ടവരെ നീ നേര്‍മാര്‍ഗ്ഗത്തിലാക്കുന്നതല്ല. (28:56)
നേര്‍മാര്‍ഗ്ഗത്തിലാക്കല്‍ (ഹിദായത്തു) അല്ലാഹുവിന്റെ പ്രവൃത്തിയാണെന്നും, അവന്‍ ഉദ്ദേശിക്കുന്നവരെയായിരിക്കും അവന്‍ നേര്‍മാര്‍ഗ്ഗത്തിലാക്കുന്നതെന്നുമുള്ള വസ്തുത അല്ലാഹു ക്വുര്‍ആനില്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ചു പറഞ്ഞിട്ടുള്ളതാകുന്നു. എന്നാല്‍, യുക്തമായ മാനദണ്ഡമൊന്നുമില്ലാതെ കുറേ ആളുകളെ നേര്‍മാര്‍ഗ്ഗത്തിലും, കുറെ ആളുകളെ ദുര്‍മാര്‍ഗ്ഗത്തിലുമായി നിശ്ചയിക്കുമെന്നല്ല ഇതിന്റെ അര്‍ത്ഥം. ആരൊക്കെയാണ് നേര്‍മാര്‍ഗ്ഗം സ്വീകരിക്കാതെ പിഴച്ചുപോകുന്നവര്‍, ആരൊക്കെയാണ് നേര്‍മാര്‍ഗ്ഗം പ്രാപിക്കുന്നവര്‍ എന്നൊക്കെ അവനു നല്ലതുപോലെ അറിയാം. അഥവാ അവനാണ് അതു അറിയുക. ഈ അറിവിന്റെ അടിസ്ഥാനത്തിലായിരിക്കും അതു എന്നത്രെ അവസാനവാക്യം ചൂണ്ടിക്കാട്ടുന്നത്.
- وَإِنْ عَاقَبْتُمْ فَعَاقِبُوا۟ بِمِثْلِ مَا عُوقِبْتُم بِهِۦ ۖ وَلَئِن صَبَرْتُمْ لَهُوَ خَيْرٌ لِّلصَّـٰبِرِينَ ﴾١٢٦﴿
- നിങ്ങള്‍ പ്രതികാരനടപടി എടുക്കുന്നപക്ഷം, നിങ്ങളോടു എടുക്കപ്പെട്ടതു പോലെയുള്ള നടപടികൊണ്ടു (അങ്ങോട്ടും) പ്രതികാര നടപടി എടുത്തുകൊള്ളൂവിന്‍. നിങ്ങള്‍ ക്ഷമിച്ചുവെങ്കിലാകട്ടെ, അതു (ആ) ക്ഷമിക്കുന്നവര്‍ക്ക് കൂടുതല്‍ ഉത്തമം തന്നെയാണുതാനും.
- وَإِنْ عَاقَبْتُمْ നിങ്ങള്‍ പ്രതികാര (ശിക്ഷാ) നടപടി എടുക്കുന്നപക്ഷം فَعَاقِبُوا നിങ്ങള്‍ പ്രതികാര നടപടി എടുത്തുകൊളളുവിന്‍ بِمِثْلِ مَا യാതൊന്നുപോലെയുള്ളതു (തുല്യമായതു) കൊണ്ടു عُوقِبْتُم بِهِ അതുകൊണ്ടു നിങ്ങളോടു പ്രതികാരനടപടി എടുക്കപ്പെട്ടിരിക്കുന്നു وَلَئِن صَبَرْتُمْ നിങ്ങള്‍ ക്ഷമിച്ചുവെങ്കിലോ لَهُوَ അതുതന്നെ خَيْرٌ നല്ലതാണ്, കൂടുതല്‍ ഉത്തമമാണ് لِّلصَّابِرِينَ ക്ഷമിക്കുന്നവര്‍ക്കു
- وَٱصْبِرْ وَمَا صَبْرُكَ إِلَّا بِٱللَّهِ ۚ وَلَا تَحْزَنْ عَلَيْهِمْ وَلَا تَكُ فِى ضَيْقٍ مِّمَّا يَمْكُرُونَ ﴾١٢٧﴿
- (നബിയേ) നീ ക്ഷമിച്ചുകൊള്ളുക: നിന്റെ ക്ഷമ അല്ലാഹുവിനെക്കൊണ്ടല്ലാതെ [അല്ലാഹുവിന്റെ സഹായം കൊണ്ടല്ലാതെ ഉണ്ടാകുക] ഇല്ലതാനും. അവരുടെ പേരില്‍ നീ വ്യസനിക്കുകയും ചെയ്യരുത്. അവര്‍ (കു) തന്ത്രം പ്രയോഗിക്കുന്നതിനെ സംബന്ധിച്ചു നീ ഞെരുക്കത്തില്‍ [മനസ്താപത്തില്‍] ആയിരിക്കുകയും അരുത്.
- وَاصْبِرْ ക്ഷമിക്കുകയും ചെയ്യുക وَمَا صَبْرُكَ നിന്റെ ക്ഷമ അല്ല إِلَّا بِاللَّـهِ അല്ലാഹുവിനെക്കൊണ്ടല്ലാതെ وَلَا تَحْزَنْ നീ വ്യസനിക്കുകയും ചെയ്യരുത് عَلَيْهِمْ അവരെപ്പറ്റി, അവരുടെ പേരില്‍ وَلَا تَكُ നീ ആയിരിക്കുകയും ചെയ്യരുത് فِي ضَيْقٍ ഇടുക്ക (ഞെരുക്ക)ത്തില്‍ مِّمَّا يَمْكُرُونَ അവര്‍ തന്ത്രം പ്രയോഗിക്കുന്നതിനെ സംബന്ധിച്ചു
- إِنَّ ٱللَّهَ مَعَ ٱلَّذِينَ ٱتَّقَوا۟ وَّٱلَّذِينَ هُم مُّحْسِنُونَ ﴾١٢٨﴿
- നിശ്ചയമായും അല്ലാഹു, സൂക്ഷ്മത പാലിച്ചവരോടു കൂടെയാകുന്നു; യാതൊരു കൂട്ടര്‍ (നിഷ്കളങ്കം) സുകൃതം പ്രവര്‍ത്തിക്കുന്നവരാണോ അവരോടും (കൂടിയാകുന്നു).
- إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു مَعَ കൂടെയാകുന്നു الَّذِينَ اتَّقَوا സൂക്ഷ്മതപാലിച്ചവര്‍ وَّالَّذِينَ യാതൊരുവരുടെയും هُم അവര്‍ مُّحْسِنُونَ നന്മ പ്രവര്‍ത്തിക്കുന്ന (സുകൃതം ചെയ്യുന്ന) വരാണ്, നിഷ്കളങ്കമായി ചെയ്യുന്നവരാണ്
സത്യമാര്‍ഗ്ഗത്തിലേക്കു ക്ഷണിക്കുമ്പോള്‍ അതു സ്വീകരിക്കാതെ, അതിനെതിരില്‍ അക്രമവും, ശത്രുതയും കുതന്ത്രവും പ്രയോഗിക്കുന്നവരോടു അനുവര്‍ത്തിക്കേണ്ടുന്ന നയമെന്താണെന്നു പഠിപ്പിക്കുകയാണ്. ഇങ്ങോട്ടു ചെയ്തതുപോലെയുള്ള അക്രമവും അതേ അളവില്‍ അങ്ങോട്ടും പ്രയോഗിക്കാം. പക്ഷേ, പ്രതികാര നടപടി എടുക്കാതെ ക്ഷമയും, വിട്ടുവീഴ്ചയും സ്വീകരിക്കുന്നതാണ് കൂടുതല്‍ നല്ലതും കരണീയവുമായിട്ടുള്ളതെന്നു ഉപദേശിക്കുന്നു. ഈ തത്വം പലപ്പോഴും ഖുര്‍ആന്‍ ആവര്‍ത്തിച്ചു പറയാറുള്ളതാണ്. ക്ഷമ കൈകൊള്ളുകയാണു കൂടുതല്‍ ഉത്തമമെന്നു പൊതുവില്‍ ഉപദേശിച്ചശേഷം, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യെ അഭിമുഖീകരിച്ചുകൊണ്ടു അതുപിന്നെയും ഒന്നുകൂടി ഊന്നിപ്പറഞ്ഞിരിക്കുന്നു. ക്ഷമിക്കുന്ന പക്ഷം അല്ലാഹുവിന്റെ സഹായം ലഭിക്കുന്നതാണെന്നു സൂചിപ്പിക്കുകയും ചെയ്തിരിക്കുന്നു. ക്ഷണം സ്വീകരിക്കാതെ അവിശ്വാസത്തില്‍ തന്നെ ഉറച്ചുനില്‍ക്കുന്നവരുടെ കാര്യത്തില്‍ വ്യസനപ്പെടേണ്ടതില്ലെന്നും, അവര്‍ അതിനെതിരെ അഴിച്ചുവിടുന്ന കുതന്ത്രങ്ങളെ കരുതി മനസ്താപപ്പെടേണ്ടതില്ലെന്നും നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യെ സമാശ്വസിപ്പിക്കുകയും ചെയ്യുന്നു.
അവസാനമായി, അല്ലാഹുവിന്റെ വിധിവിലക്കുകള്‍ സൂക്ഷിച്ചുപോരുന്ന ഭയഭക്തന്‍മാര്‍ക്കും, സുകൃതങ്ങള്‍ ചെയ്യുന്ന നിഷ്കളങ്കന്‍മാര്‍ക്കും ഒന്നും ഭയപ്പെടാനില്ല – അല്ലാഹു അവരുടെ ഭാഗത്താണുള്ളത് – അവന്റെ സഹായം അവര്‍ക്കു ലഭിക്കാതിരിക്കുകയില്ല എന്നു ധൈര്യപ്പെടുത്തുകയും ചെയ്യുന്നു. അല്ലാഹുവിന്റെ സഹായവും പ്രീതിയും ലഭിക്കുന്ന സല്‍ഭാഗ്യവാന്‍മാരില്‍ അല്ലാഹു നമ്മെയെല്ലാം ഉള്‍പ്പെടുത്തട്ടെ. ആമീന്‍.
اللهم لك الحمد والشكر ولك الفضل والمنة
<انتهى تسويد تفسير هذه السورة المباركة ليلة الاثنين الرابعة عشر من رمضان المبارك سنة ١٣٩٧ ه الموافق ٢٨/٨/١٩٧٧ م و من تبيبضها ضحوة يوم الاثنين الثالث من جمادى الاخرى سنة ١٣٩٩ ه الموافق ٣٠/٤/١٩٧٩ م ه م نى>