വിഭാഗം - 5

16:35
 • وَقَالَ ٱلَّذِينَ أَشْرَكُوا۟ لَوْ شَآءَ ٱللَّهُ مَا عَبَدْنَا مِن دُونِهِۦ مِن شَىْءٍ نَّحْنُ وَلَآ ءَابَآؤُنَا وَلَا حَرَّمْنَا مِن دُونِهِۦ مِن شَىْءٍ ۚ كَذَٰلِكَ فَعَلَ ٱلَّذِينَ مِن قَبْلِهِمْ ۚ فَهَلْ عَلَى ٱلرُّسُلِ إِلَّا ٱلْبَلَـٰغُ ٱلْمُبِينُ ﴾٣٥﴿
 • (അല്ലാഹുവിനോടു) പങ്കു ചേര്‍ത്തവര്‍ പറയുകയാണ്‌: 'അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍, ഞങ്ങളാകട്ടെ, ഞങ്ങളുടെ പിതാക്കളാകട്ടെ, അവനു പുറമെ യാതൊരു വസ്തുവെയും ആരാധിക്കുമായിരുന്നില്ല; അവനെ കൂടാതെ ഞങ്ങള്‍ (സ്വന്തം നിലക്കു) യാതൊന്നിനെയും നിഷിദ്ധമാക്കുകയും ചെയ്യുമായിരുന്നില്ല. അതുപോലെ, അവരുടെ മുമ്പുള്ളവരും ചെയ്തിരിക്കുന്നു. എന്നാല്‍, റസൂലുകളുടെമേല്‍ സ്പഷ്ടമായ പ്രബോധനമല്ലാതെ (ബാധ്യത)യുണ്ടോ?:
 • وَقَالَ പറയുകയും ചെയ്തു, പറയുകയാണു, പറയുന്നു الَّذِينَ أَشْرَكُوا ശിര്‍ക്കു ചെയ്തവര്‍, പങ്കു ചേര്‍ത്തവര്‍ لَوْ شَاءَ اللَّـهُ അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍ مَا عَبَدْنَا ഞങ്ങള്‍ ആരാധിക്കയില്ലായിരുന്നു, ആരാധിക്കുമായിരുന്നില്ല مِن دُونِهِ അവനു പുറമെ, അവനെക്കൂടാതെ مِن شَيْءٍ യാതൊന്നിനെയും نَّحْنُ ഞങ്ങള്‍ (തന്നെയും) وَلَا آبَاؤُنَا ഞങ്ങളുടെ പിതാക്കളുമില്ല وَلَا حَرَّمْنَا ഞങ്ങള്‍ നിഷിദ്ധമാക്കുകയുമില്ലായിരുന്നു مِن دُونِهِ അവനെ കൂടാതെ مِن شَيْءٍ യാതൊന്നിനെയും كَذَٰلِكَ അപ്രകാരം فَعَلَ ചെയ്തിരിക്കുന്നു الَّذِينَ مِن قَبْلِهِمْ അവരുടെ മുമ്പുള്ളവര്‍ فَهَلْ അപ്പോള്‍ (എന്നാല്‍) ഉണ്ടോ عَلَى الرُّسُلِ റസൂലുകളുടെമേല്‍ إِلَّا الْبَلَاغُ പ്രബോധനം (എത്തിക്കല്‍) അല്ലാതെ الْمُبِينُ പ്രത്യക്ഷമായ,സ്പഷ്ടമായ.

അല്ലാഹു അല്ലാത്ത വസ്തുക്കളെ ആരാധിച്ചുവരുന്നതിന്നും, സൂ: മാഇദഃ 106ല്‍ പ്രസ്താവിച്ചതുപോലെയുള്ള ചില ഭക്ഷ്യവസ്തുക്കളെ നിഷിദ്ധമാക്കിയിരുന്നതിനും മുശ്രിക്കുകള്‍ പറയാറുള്ള ഒരു ന്യായമാണ് അല്ലാഹു ഈ വചനത്തില്‍ ഉദ്ധരിച്ചത്. അല്ലാഹുവിന്റെ ഉദ്ദേശ്യമനുസരിച്ചാണ് എല്ലാ കാര്യവും സംഭവിക്കുന്നത്. അപ്പോള്‍ ഞങ്ങളും ഞങ്ങളുടെ പൂര്‍വീകന്മാരും അനുഷ്ഠിച്ചുവരുന്ന ഈ സമ്പ്രദായങ്ങളൊക്കെ അവന്റെ ഉദ്ദേശപ്രകാരം ഉണ്ടായതാകുന്നു. അവന്‍ ഉദ്ദേശിച്ചതാകുമ്പോള്‍ അതെല്ലാം അവന്‍ തൃപ്തിപ്പെട്ടതുമായിരിക്കും അവന്‍ തൃപ്തിപ്പെടാത്തകാര്യം അവന്‍ ഉദ്ദേശിക്കുകയും സംഭവിപ്പിക്കുകയുമില്ല. എന്നിരിക്കെ, ഞങ്ങളെപ്പറ്റി ആക്ഷേപിക്കുന്നതിനു അര്‍ത്ഥമില്ല എന്നൊക്കെയാണ് അവരുടെ ന്യായവാദത്തിന്റെ താല്‍പര്യം. റസൂലുകളുടെ നിയോഗത്തെയും, വേദഗ്രന്ഥങ്ങളുടെ അവതരണത്തെയും ചോദ്യം ചെയ്യല്‍, അല്ലാഹുവിന്റെ ഉദ്ദേശ്യമനുസരിച്ചാണു എല്ലാകാര്യങ്ങളും സംഭവിക്കുന്നതെന്ന യാഥാര്‍ത്ഥ്യത്തിന്റെ നേരെയുള്ള പരിഹാസം ഇതൊക്കെയാണു ഈ വാദത്തിന്റെ പിന്നിലുള്ളത്.

മുശ്രിക്കുകളുടെ ഈ ന്യായവാദവും, അതിനുള്ള മറുപടിയും, സൂ: അന്‍ആം : 148ല്‍ മുമ്പു കഴിഞ്ഞുപോയിട്ടുണ്ട്‌. താഴെ സൂ: സുഖ്റുഫ്: 20ലും വരുന്നുണ്ട്. ആ രണ്ടു സ്ഥലത്തും ആവശ്യമായ വിശദീകരണങ്ങള്‍ നല്‍കീട്ടുള്ളതുകൊണ്ടു ഇവിടെ കൂടുതല്‍ വിശദീകരിക്കുന്നില്ല. ‘ഖളാ ഖദ്റി’നെ (കാര്യങ്ങളെക്കുറിച്ചുള്ള അല്ലാഹുവിന്റെ വിധിനിര്‍ണ്ണയത്തെ) നിഷേധിക്കുന്നവര്‍ ഈ മൂന്നു വചനങ്ങളെയും ദുര്‍വ്യാഖ്യാനം ചെയ്യാറുള്ളതിനെപ്പറ്റി ദീര്‍ഘമായ ഒരു നിരൂപണം സൂ: ഹദീദിന് ശേഷമുള്ള വ്യാഖ്യാനക്കുറിപ്പിലും കാണാവുന്നതാണ്.

ഈ വാദത്തിനു ഇവിടെ അല്ലാഹു നല്‍കിയ മറുപടിയുടെ സാരം ഇതാകുന്നു: ഇവര്‍ മാത്രമല്ല, ഇവരുടെ മുമ്പും പലരും ഇവരെപ്പോലെ അല്ലാഹു അല്ലാത്തവരെ ആരാധിക്കലും, അല്ലാഹു അനുവദനീയമാക്കിയതിനെ നിഷിദ്ധമാക്കലും ഉണ്ടായിട്ടുണ്ട്. ആരുംതന്നെ, റസൂലുകളുടെ മാര്‍ഗ്ഗദര്‍ശനം ലഭിക്കാതെ പിഴച്ചു പോകേണ്ടി വന്നിട്ടില്ല. പക്ഷെ, റസൂലുകളെ സംബന്ധിച്ചിടത്തോളം, സത്യമാര്‍ഗ്ഗം പ്രബോധനം ചെയ്തുകൊടുക്കുകയെന്നല്ലാതെ, എല്ലാവരെയും നേര്‍മാര്‍ഗ്ഗത്തിലാക്കുകയെന്ന ബാധ്യത അവർക്കില്ല. അല്ലാഹു തുടരുന്നു:-

16:36
 • وَلَقَدْ بَعَثْنَا فِى كُلِّ أُمَّةٍ رَّسُولًا أَنِ ٱعْبُدُوا۟ ٱللَّهَ وَٱجْتَنِبُوا۟ ٱلطَّـٰغُوتَ ۖ فَمِنْهُم مَّنْ هَدَى ٱللَّهُ وَمِنْهُم مَّنْ حَقَّتْ عَلَيْهِ ٱلضَّلَـٰلَةُ ۚ فَسِيرُوا۟ فِى ٱلْأَرْضِ فَٱنظُرُوا۟ كَيْفَ كَانَ عَـٰقِبَةُ ٱلْمُكَذِّبِينَ ﴾٣٦﴿
 • തീര്‍ച്ചയായും, എല്ലാ (ഓരോ) സമുദായത്തിലും നാം റസൂലിനെ നിയോഗിച്ചയച്ചിട്ടുണ്ട്; 'നിങ്ങള്‍ അല്ലാഹുവിനെ ആരാധിക്കുകയും, 'ത്വാഗൂത്തി'നെ [ദുര്‍മ്മൂര്‍ത്തികളെ] വെടിയുകയും ചെയ്യണ'മെന്നു (പ്രബോധനം ചെയ്തുകൊണ്ട്).

  എന്നിട്ട്, അല്ലാഹു നേര്‍മ്മാര്‍ഗ്ഗത്തിലാക്കിയവര്‍ അവരുടെ കൂട്ടത്തിലുണ്ട്; ദുര്‍മ്മാര്‍ഗ്ഗം അവകാശപ്പെട്ട [സ്ഥിരപ്പെട്ട]വരും അവരുടെ കൂട്ടത്തിലുണ്ട്.

  ആകയാല്‍, നിങ്ങള്‍ ഭൂമിയില്‍ നടന്ന് (ആ) വ്യാജമാക്കിയവരുടെ പര്യവസാനം എങ്ങിനെയാണുണ്ടായതെന്നു നോ(ക്കി മനസ്സിലാ)ക്കുവിന്‍!
 • وَلَقَدْ بَعَثْنَا തീര്‍ച്ചയായും നാം അയച്ചി(നിയോഗിച്ചയച്ചി)ട്ടുണ്ട് فِي كُلِّ أُمَّةٍ എല്ലാ സമുദായത്തിലും رَّسُولًا റസൂലിനെ, (ഓരോ റസൂലിനെ) أَنِ اعْبُدُوا നിങ്ങള്‍ ആരാധിക്കണമെന്ന് اللَّـهَ അല്ലാഹുവിനെ وَاجْتَنِبُوا നിങ്ങള്‍ വെടിയുക(ഉപേക്ഷിക്ക - വിട്ടു നില്‍ക്കുക)യും വേണം الطَّاغُوتَ ത്വാഗൂത്തിനെ (ദുര്‍മ്മൂര്‍ത്തികളെ) فَمِنْهُم എന്നിട്ടു (അങ്ങനെ) അവരിലുണ്ട്‌ مَّنْ هَدَى اللَّـهُ അല്ലാഹു നേര്‍മ്മാര്‍ഗ്ഗത്തിലാക്കിയവര്‍ وَمِنْهُم അവരിലുണ്ട്‌ مَّنْ حَقَّتْ അവകാശപ്പെട്ട (സ്ഥിരപ്പെട്ട -യഥാര്‍ത്ഥമായ)വര്‍ عَلَيْهِ തന്റെ മേല്‍ الضَّلَالَةُ ദുര്‍മ്മാര്‍ഗ്ഗം, വഴിപിഴവ് فَسِيرُوا ആകയാല്‍ (എന്നാല്‍) നടക്കുവിന്‍ فِي الْأَرْضِ ഭൂമിയില്‍ فَانظُرُوا എന്നിട്ടു നോക്കുവിന്‍ كَيْفَ كَانَ എങ്ങിനെ ഉണ്ടായെന്നു (ആയെന്നു) عَاقِبَةُ പര്യവസാനം, കലാശം الْمُكَذِّبِينَ വ്യാജമാക്കിയവരുടെ.

ആ വ്യാജവാദികളൊക്കെ ശിക്ഷക്കും നാശത്തിനും ഇരയാകുകയാണുണ്ടായതെന്നു അപ്പോള്‍ നിങ്ങള്‍ക്കു ബോധ്യമാകും എന്നു സാരം. طَّاغُوت (ത്വാഗൂത്ത്) എന്നവാക്കിന്റെ അര്‍ത്ഥവും വിവക്ഷയും സംബന്ധിച്ചു അല്‍ബഖറഃ 256-ാം വചനത്തിന്റെ വ്യാഖ്യാനത്തില്‍ വിവരിച്ചു കഴിഞ്ഞിട്ടുണ്ട്. ‘ദുര്‍മൂര്‍ത്തി’ എന്നും മറ്റും അതിനു ഭാഷാന്തരം നല്‍കാമെന്നും, അല്ലാഹു അല്ലാത്ത എല്ലാ ആരാധ്യ വസ്തുക്കളെയും, പിശാചിനെയും ഉദ്ദേശിച്ചും, ജോത്സ്യക്കാര്‍, പ്രശ്നക്കാര്‍, മാരണക്കാര്‍ മുതലായവരെ ഉദ്ദേശിച്ചും അതു ഉപയോഗിക്കപ്പെടാറുണ്ടെന്നുമാണു അവിടെ പ്രസ്താവിച്ചതിന്റെ ചുരുക്കം. എല്ലാ സമുദായത്തിലും റസൂലുകളെ അയച്ചിട്ടുണ്ടെന്ന് പറഞ്ഞിരിക്കകൊണ്ട് നമ്മുടെ ഇന്ത്യയടക്കമുള്ള എല്ലാ രാജ്യങ്ങളിലും മുമ്പു റസൂലുകള്‍ വന്നിരിക്കുമെന്നാണ് മനസ്സിലാകുന്നത്. ‘ഒരു സമുദായത്തിലും തന്നെ ഒരു താക്കീതു നല്‍കുന്നവന്‍ കഴിഞ്ഞു പോകാതിരുന്നിട്ടില്ല.’ (35:24) എന്നും അല്ലാഹു പറഞ്ഞിരിക്കുന്നു. എന്നാല്‍, ഖുര്‍ആനിലോ, നബിവചനങ്ങളിലോ വ്യക്തമായിപ്രസ്താവിച്ചല്ലാതെ, ഇന്ന കാലത്തു – ഇന്ന രാജ്യത്ത് – ഇന്ന ആള്‍ അല്ലാഹുവിന്റെ റസൂലായി വന്നിട്ടുണ്ടെന്നു പറയുവാന്‍ നമുക്കു സാധ്യമല്ല.

16:37
 • إِن تَحْرِصْ عَلَىٰ هُدَىٰهُمْ فَإِنَّ ٱللَّهَ لَا يَهْدِى مَن يُضِلُّ ۖ وَمَا لَهُم مِّن نَّـٰصِرِينَ ﴾٣٧﴿
 • (നബിയേ) അവരെ നേര്‍മാര്‍ഗ്ഗത്തിലാക്കുവാന്‍ നീ അത്യാഗ്രഹിക്കുന്നുവെങ്കില്‍, നിശ്ചയമായും, അല്ലാഹു വഴിപിഴവിലാക്കുന്നവരെ അവന്‍ നേര്‍മ്മാര്‍ഗ്ഗത്തിലാക്കുകയില്ല. അവര്‍ക്കു സഹായികളായിട്ട് (ആരും) ഇല്ല താനും.
 • إِن تَحْرِصْ നീ അത്യാഗ്രഹിക്കുന്നു(അതിമോഹിക്കുന്നു)വെങ്കില്‍, عَلَىٰ هُدَاهُمْ അവരുടെ സന്‍മാര്‍ഗ്ഗത്തെപ്പറ്റി, അവര്‍ നേര്‍മ്മാര്‍ഗ്ഗത്തിലാകുന്നതിനു فَإِنَّ اللَّـهَ എന്നാല്‍ നിശ്ചയമായും അല്ലാഹു لَا يَهْدِي അവന്‍ നേര്‍മ്മാര്‍ഗ്ഗത്തിലാക്കുകയില്ല مَن يُضِلُّ അവന്‍ വഴിപിഴവിലാക്കുന്നവ(രെ) وَمَا لَهُم അവര്‍ക്കില്ലതാനും مِّن نَّاصِرِينَ സഹായികളായിട്ടു, സഹായികളില്‍നിന്നു (ആരും).

എല്ലാവരും സന്മാര്‍ഗ്ഗികളും സത്യവിശ്വാസികളും ആയിത്തീരണമെന്നു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അത്യാഗ്രഹം വെച്ചുകൊണ്ടിരിക്കുന്നുണ്ടെങ്കിലും അതു സാധ്യമാകുന്ന കാര്യമല്ല. അല്ലാഹു നേര്‍മ്മാര്‍ഗ്ഗത്തിലാക്കുന്നവരേ നേര്‍മ്മാര്‍ഗ്ഗം പ്രാപിക്കുകയുള്ളു. ദുര്‍മ്മാര്‍ഗ്ഗികളെന്നു അവന്‍ കണക്കാക്കിയവരെ നേര്‍മ്മാര്‍ഗ്ഗത്തിലാക്കുവാന്‍ ആര്‍ക്കും സാധ്യമാകുകയില്ല. إِنَّكَ لَا تَهْدِي مَنْ أَحْبَبْتَ وَلَـٰكِنَّ اللَّـهَ يَهْدِي مَن يَشَاءُ(നിശ്ചയമായും, നീ ഇഷ്ടപ്പെട്ടവരെ നീ നേര്‍മ്മാര്‍ഗ്ഗത്തിലാക്കുകയില്ല; എങ്കിലും അല്ലാഹു ഉദ്ദേശിക്കുന്നവരെ അവന്‍ നേര്‍മ്മാര്‍ഗ്ഗത്തിലാക്കുന്നു. : ഖസ്വസ്വ്: 56). ആരെയൊക്കെ നേര്‍മ്മാര്‍ഗ്ഗത്തിലാക്കണം, ആരെയൊക്കെ ദുര്‍മ്മാര്‍ഗ്ഗത്തില്‍ സ്ഥിരപ്പെടുത്തണം എന്ന കാര്യം അല്ലാഹുവിനു നല്ലപോലെ അറിയുകയും ചെയ്യാം. അഥവാ അവന്നേ അതറിയുകയുള്ളു. (താഴെ 125-ാം വചനം കാണുക.)

16:38
 • وَأَقْسَمُوا۟ بِٱللَّهِ جَهْدَ أَيْمَـٰنِهِمْ ۙ لَا يَبْعَثُ ٱللَّهُ مَن يَمُوتُ ۚ بَلَىٰ وَعْدًا عَلَيْهِ حَقًّا وَلَـٰكِنَّ أَكْثَرَ ٱلنَّاسِ لَا يَعْلَمُونَ ﴾٣٨﴿
 • അവര്‍ [അവിശ്വാസികള്‍] അല്ലാഹുവിനെക്കൊണ്ട് - തങ്ങള്‍ക്കു കഴിയുംവിധം ശക്തിയായി - സത്യം ചെയ്തു പറയുകയാണ്‌: 'മരണപ്പെടുന്നവരെ അല്ലാഹു എഴുന്നേല്‍പിക്കുകയില്ല' എന്ന്! ഇല്ലാതേ, അവന്റെമേല്‍ (ബാധ്യത) ഉള്ള ഒരു യഥാര്‍ത്ഥ വാഗ്ദത്തം! [അതവന്‍ നിറവേറ്റുക തന്നെ ചെയ്യും] എങ്കിലും, മനുഷ്യരില്‍ അധികമാളും അറിയുന്നില്ല.
 • وَأَقْسَمُوا അവര്‍ സത്യം (ശപഥം) ചെയ്തു (ചെയ്യുകയാണു) بِاللَّـهِ അല്ലാഹുവിനെക്കൊണ്ടു, അല്ലാഹുവില്‍ جَهْدَ ഞെരുങ്ങിയതു (കഴിയുന്നത്ര) أَيْمَانِهِمْ അവരുടെ സത്യങ്ങളില്‍ لَا يَبْعَثُ എഴുന്നേല്‍പിക്കുകയില്ല اللَّـهُ അല്ലാഹു مَن يَمُوتُ മരണപ്പെടുന്നവരെ بَلَىٰ ഇല്ലാതെ, അതെ وَعْدًا ഒരു വാഗ്ദത്തം عَلَيْهِ അവന്റെമേല്‍ (ബാധ്യതയുള്ള) حَقًّا യഥാര്‍ത്ഥമായ, യഥാര്‍ത്ഥമായിട്ടു وَلَـٰكِنَّ എങ്കിലും أَكْثَرَ النَّاسِ മനുഷ്യരില്‍ അധികവും لَا يَعْلَمُونَ അവര്‍ അറിയുന്നില്ല.
16:39
 • لِيُبَيِّنَ لَهُمُ ٱلَّذِى يَخْتَلِفُونَ فِيهِ وَلِيَعْلَمَ ٱلَّذِينَ كَفَرُوٓا۟ أَنَّهُمْ كَانُوا۟ كَـٰذِبِينَ ﴾٣٩﴿
 • അവര്‍ യാതൊന്നില്‍ ഭിന്നാഭിപ്രായത്തിലാകുന്നുവോ അതു അവര്‍ക്കു അവന്‍ (വ്യക്തമാക്കി) വിവരിച്ചുകൊടുക്കുവാന്‍ വേണ്ടിയാകുന്നു (അവരെ എഴുന്നേല്‍പിക്കുന്നതു്); തങ്ങള്‍ വ്യാജം പറയുന്നവരായിരുന്നുവെന്നു അവിശ്വാസികള്‍ അറിയുവാന്‍ വേണ്ടിയാകുന്നു.
 • لِيُبَيِّنَ അവന്‍ വ്യക്തമാക്കി (വിവരിച്ചു) കൊടുക്കുവാന്‍ വേണ്ടി لَهُمُ അവര്‍ക്കു الَّذِي യാതൊന്നിനെ يَخْتَلِفُونَ അവര്‍ ഭിന്നിച്ചു (അഭിപ്രായ വ്യത്യാസത്തിലായി) കൊണ്ടിരിക്കുന്നു فِيهِ അതില്‍, അതിനെപ്പറ്റി وَلِيَعْلَمَ അറിയുവാനും الَّذِينَ كَفَرُوا അവിശ്വസിച്ചവര്‍ أَنَّهُمْ كَانُوا അവരായിരുന്നുവെന്നു كَاذِبِينَ വ്യാജം പറയുന്നവര്‍.

തെളിവുകളില്‍ നിന്നും ദൃഷ്ടാന്തങ്ങളില്‍ നിന്നും കാര്യം ഗ്രഹിക്കാതെ, ഭിന്നിച്ചും വ്യാജമാക്കിയും കൊണ്ടിരിക്കുന്ന അവര്‍ക്കു അപ്പോള്‍ – മരണാനന്തരം എഴുന്നേല്‍പിക്കപ്പെടുമ്പോള്‍ – ശരിക്കും കാര്യം വ്യക്തമാകും; തങ്ങള്‍ പിഴച്ചവരും കള്ളവാദികളുമായിരുന്നുവെന്നു ബോധ്യപ്പെടുകയും ചെയ്യും എന്നു സാരം. മരണശേഷം വീണ്ടും ജീവിപ്പിക്കല്‍ അല്ലാഹുവിനെ സംബന്ധിച്ചിടത്തോളം ഒരു പ്രയാസപ്പെട്ട കാര്യമാണെന്നാണു ഇവരുടെ ധാരണയെങ്കില്‍, ആ ധാരണ തികച്ചും തെറ്റാകുന്നു. കാരണം:-

16:40
 • إِنَّمَا قَوْلُنَا لِشَىْءٍ إِذَآ أَرَدْنَـٰهُ أَن نَّقُولَ لَهُۥ كُن فَيَكُونُ ﴾٤٠﴿
 • വല്ല കാര്യവും നാം ഉദ്ദേശിച്ചാല്‍, അതിനെക്കുറിച്ച് അതിനോടു നമ്മുടെ വാക്കു 'ഉണ്ടാകുക' എന്നു പറയല്‍ മാത്രമാകുന്നു; അപ്പോള്‍ അതുണ്ടാകുന്നു!
 • إِنَّمَا قَوْلُنَا നിശ്ചയമായും നമ്മുടെ വാക്കു (മാത്രം) لِشَيْءٍ ഒരു വസ്തുവെ (കാര്യത്തെ)ക്കുറിച്ചു إِذَا أَرَدْنَاهُ അതിനെ നാം ഉദ്ദേശിച്ചാല്‍ أَن نَّقُولَ നാം പറയുക (മാത്രം) ആകുന്നു لَهُ അതിനോടു, അതിനെപ്പറ്റി كُن ഉണ്ടാകുക എന്നു فَيَكُونُ അപ്പോള്‍ അതു ഉണ്ടാകും, ഉണ്ടായിത്തീരും.

കാര്യത്തിന്റെ ഗൗരവമോ വലുപ്പചെറുപ്പമോ നമ്മെ സംബന്ധിച്ചിടത്തോളം ഒരു പ്രശ്നമേ അല്ല. ഏതൊരു കാര്യമായാലും അതുണ്ടാവണമെന്നു നാം ഉദ്ദേശിക്കുകയേ വേണ്ടൂ. അതുണ്ടാവുകതന്നെ ചെയ്യും. വല്ല ഒരുക്കമോ അദ്ധ്വാനമോ ഒന്നും നമുക്കാവശ്യമില്ല. എന്നിരിക്കെ, മനുഷ്യരെ ഒന്നാമതായി ജീവിപ്പിക്കുന്ന കാര്യവും, മരണശേഷം രണ്ടാമതു ജീവിപ്പിക്കുന്ന കാര്യവും നമ്മെ സംബന്ധിച്ചിടത്തോളം ഒരുപോലെത്തന്നെ എന്നു സാരം.

വിഭാഗം - 6

16:41
 • وَٱلَّذِينَ هَاجَرُوا۟ فِى ٱللَّهِ مِنۢ بَعْدِ مَا ظُلِمُوا۟ لَنُبَوِّئَنَّهُمْ فِى ٱلدُّنْيَا حَسَنَةً ۖ وَلَأَجْرُ ٱلْـَٔاخِرَةِ أَكْبَرُ ۚ لَوْ كَانُوا۟ يَعْلَمُونَ ﴾٤١﴿
 • തങ്ങള്‍ അക്രമിക്കപ്പെട്ടതിനുശേഷം, അല്ലാഹുവിന്റെ വിഷയത്തില്‍ 'ഹിജ്ര' [സ്വരാജ്യം ത്യജിച്ച്] പോയവര്‍, അവര്‍ക്കു ഇഹലോകത്തില്‍ നാം നല്ലതു [നല്ല താവളം] സൗകര്യപ്പെടുത്തിക്കൊടുക്കുക തന്നെ ചെയ്യും.
  പരലോകത്തെ പ്രതിഫലമാകട്ടെ, ഏറ്റവും വലിയതുമാകുന്നു. (ഹാ!) അവര്‍ അറിയുമായിരുന്നെങ്കില്‍!
 • وَالَّذِينَ هَاجَرُوا ഹിജ്ര പോയവര്‍ فِي اللَّـهِ അല്ലാഹുവി(ന്റെ കാര്യത്തി)ല്‍ مِن بَعْدِ ശേഷം مَا ظُلِمُوا അവര്‍ അക്രമിക്കപ്പെട്ടതിന്റെ لَنُبَوِّئَنَّهُمْ അവര്‍ക്കു നാം സൗകര്യം നല്‍കുക (താവളം ഏര്‍പ്പെടുത്തുക) തന്നെ ചെയ്യും فِي الدُّنْيَا ഇഹത്തില്‍ حَسَنَةً നല്ലതു وَلَأَجْرُ പ്രതിഫലംതന്നെ, പ്രതിഫലമാകട്ടെ الْآخِرَةِ പരലോകത്തിലെ أَكْبَرُ ഏറ്റവും വലുതു لَوْ كَانُوا അവരായിരുന്നെങ്കില്‍ يَعْلَمُونَ അവര്‍ അറിയും.
16:42
 • ٱلَّذِينَ صَبَرُوا۟ وَعَلَىٰ رَبِّهِمْ يَتَوَكَّلُونَ ﴾٤٢﴿
 • അതായതു, ക്ഷമിക്കുകയും, തങ്ങളുടെ റബ്ബിന്റെ മേല്‍ (കാര്യങ്ങള്‍) ഭരമേല്‍പിക്കുകയും ചെയ്യുന്നവര്‍.
 • الَّذِينَ അതായതു യാതൊരുവര്‍ صَبَرُوا അവര്‍ ക്ഷമിച്ചു وَعَلَىٰ رَبِّهِمْ അവരുടെ റബ്ബിന്റെമേല്‍ يَتَوَكَّلُونَ അവര്‍ ഭരമേല്‍പിക്കുകയും ചെയ്യുന്നു.

ഖത്താദഃ (رحمه الله) പറഞ്ഞതായി ഇബ്നുജരീര്‍ (رحمه الله) ഉദ്ധരിക്കുന്നു: ‘(ഈ വചനത്തില്‍ പറഞ്ഞ) ഇവര്‍ മുഹമ്മദ്‌ (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയുടെ സഹാബികളാകുന്നു, മക്കാനിവാസികള്‍ അവരെ ആക്രമിച്ചു, അപ്പോള്‍, അല്ലാഹു അവരെ അവിടെ നിന്നു പുറത്തുകൊണ്ടുവന്നു. അവരില്‍ ചിലര്‍ അബിസീനിയായില്‍ ചെന്നുചേര്‍ന്നു. പിന്നീടു അവന്‍ അവര്‍ക്കു മദീനായില്‍ താവളം ഒരുക്കിക്കൊടുത്തു. അങ്ങനെ, അതവരുടെ ഹിജ്രാഭവനമായി. സത്യവിശ്വാസികളായ സഹായികളെ (അന്‍സാരികളെ)യും അവര്‍ക്കു അല്ലാഹു നല്‍കി.’ ഈ വാഗ്ദാനം സഹാബികളില്‍ അല്ലാഹു പാലിച്ചതെങ്ങിനെയെന്നു ഖത്താദഃ (رحمه الله) യുടെ പ്രസ്താവനയില്‍ നിന്നു വ്യക്തമാണല്ലോ. ഈ വാഗ്ദാനം അന്നത്തെ ആ സത്യവിശ്വാസികളില്‍ മാത്രമല്ല അല്ലാഹു പാലിച്ചിരിക്കുന്നത്. സത്യവിരോധികളാല്‍ മതത്തിന്റെ പേരില്‍ അക്രമമര്‍ദ്ദനങ്ങള്‍ക്കു വിധേയരായിക്കൊണ്ടും, അല്ലാഹുവിന്റെ പ്രീതിയും പ്രതിഫലവും ലക്ഷ്യമാക്കിക്കൊണ്ടും നാടുവിട്ടുപോകേണ്ടി വരുന്ന സത്യവിശ്വാസികളില്ലെല്ലാം തന്നെ ഈ വാഗ്ദാനം അല്ലാഹു പൂര്‍ത്തിയാക്കിയിട്ടുണ്ട്. അതവന്‍ ഭാവിയിലും പാലിക്കുകയും ചെയ്യും.

16:43
 • وَمَآ أَرْسَلْنَا مِن قَبْلِكَ إِلَّا رِجَالًا نُّوحِىٓ إِلَيْهِمْ ۚ فَسْـَٔلُوٓا۟ أَهْلَ ٱلذِّكْرِ إِن كُنتُمْ لَا تَعْلَمُونَ ﴾٤٣﴿
 • നിനക്കുമുമ്പ് നാം 'വഹ്-യു' [ദിവ്യസന്ദേശം] നല്‍കിക്കൊണ്ട് പുരുഷന്‍മാരെയല്ലാതെ, (റസൂലുകളായി) നാം അയച്ചിട്ടില്ല, എന്നാല്‍, നിങ്ങള്‍ പ്രമാണത്തിന്റെ [വേദഗ്രന്ഥത്തിന്റെ] ആള്‍ക്കാരോടു ചോദി(ച്ചുനോ)ക്കുവിന്‍, നിങ്ങള്‍ക്കു അറിഞ്ഞുകൂടാതിരിക്കുകയാണെങ്കില്‍;-
 • وَمَا أَرْسَلْنَا നാം അയച്ചിട്ടില്ല مِن قَبْلِكَ നിനക്കുമുമ്പു إِلَّا رِجَالًا പുരുഷന്‍മാരെയല്ലാതെ نُّوحِي നാം വഹ്-യു നല്‍കിക്കൊണ്ടു إِلَيْهِمْ അവര്‍ക്കു فَاسْأَلُوا എന്നാല്‍ ചോദിക്കുവിന്‍ أَهْلَ الذِّكْرِ പ്രമാണത്തിന്റെ ആള്‍ക്കാരോടു إِن كُنتُمْ നിങ്ങളാണെങ്കില്‍ لَا تَعْلَمُونَ നിങ്ങള്‍ അറിയുന്നില്ല.
16:44
 • بِٱلْبَيِّنَـٰتِ وَٱلزُّبُرِ ۗ وَأَنزَلْنَآ إِلَيْكَ ٱلذِّكْرَ لِتُبَيِّنَ لِلنَّاسِ مَا نُزِّلَ إِلَيْهِمْ وَلَعَلَّهُمْ يَتَفَكَّرُونَ ﴾٤٤﴿
 • (അതെ) വ്യക്തമായ തെളിവുകളും, ഏടു [വേദം] കളുമായിട്ടാണ് (അവരെ അയച്ചതു).

  നിനക്കും (ഈ) പ്രമാണം [ഖുര്‍ആന്‍] നാം അവതരിപ്പിച്ചു തന്നിരിക്കുന്നു; മനുഷ്യര്‍ക്കു ഇറക്കപ്പെട്ടതിനെ അവര്‍ക്കു നീ വിവരിച്ചുകൊടുക്കുവാന്‍വേണ്ടി; അവര്‍ ചിന്തിച്ചുനോക്കുകയും ചെയ്തേക്കാമല്ലോ.
 • بِالْبَيِّنَاتِ വ്യക്തമായ തെളിവുകളോടെ وَالزُّبُرِ ഏടുകളോടെയും وَأَنزَلْنَا നാം അവതരിപ്പിക്കുക (ഇറക്കുക)യും ചെയ്തു إِلَيْكَ നിനക്കു الذِّكْرَ പ്രമാണം لِتُبَيِّنَ നീ വിവരിച്ചുകൊടുക്കുവാന്‍വേണ്ടി لِلنَّاسِ മനുഷ്യര്‍ക്കു مَا نُزِّلَ ഇറക്കപ്പെട്ടതിനെ إِلَيْهِمْ അവരിലേക്കു, അവര്‍ക്കു وَلَعَلَّهُمْ അവരായിരിക്കയും ചെയ്യാം, ആയിരിക്കുവാന്‍ വേണ്ടിയും يَتَفَكَّرُونَ അവര്‍ ചിന്തിച്ചുനോക്കും.

ذِّكْر (‘ദിക്ര്‍’) എന്ന വാക്കിനു പല അര്‍ത്ഥങ്ങളുണ്ടെന്നും, അവയില്‍ ഒന്നു ‘പ്രമാണം’ എന്നാണെന്നും സൂ: ഹിജര്‍: 6-ാം വചനത്തിന്റെ വ്യാഖ്യാനത്തില്‍ പറഞ്ഞുവല്ലോ. ഇവിടെയും ആ അര്‍ത്ഥത്തിലാണതുള്ളത്. ഇവിടെ ആദ്യത്തെ ‘ദിക്ര്‍’ കൊണ്ടു വിവക്ഷ മുന്‍ വേദഗ്രന്ഥങ്ങളാകുന്ന പ്രമാണങ്ങളും, രണ്ടാമത്തേതുകൊണ്ടു വിവക്ഷ ഖുര്‍ആനാകുന്ന പ്രമാണവുമാണെന്നു സന്ദര്‍ഭം കൊണ്ടു വ്യക്തമാണ്. زُّبُر (സുബുര്‍) എന്നതു زبور (സബൂര്‍)ന്റെ ബഹുവചനമാകുന്നു. ‘ഏടു, പുസ്തകം’ എന്നൊക്കെ അതിന് അര്‍ത്ഥം നല്‍കാം. പ്രവാചകന്‍മാര്‍ പ്രബോധനം ചെയ്യുന്ന നടപടിക്രമങ്ങളും നിയമനിര്‍ദ്ദേശങ്ങളും രേഖപ്പെടുത്തപ്പെട്ടിട്ടുള്ള ഏടുകളാണുദ്ദേശ്യം.

ഈ വചനങ്ങളില്‍ പ്രസ്താവിക്കപ്പെട്ട വിഷയങ്ങള്‍ ഇങ്ങിനെ സംഗ്രഹിക്കാം: (1) മനുഷ്യരിലുള്ള പുരുഷന്‍മാരെയല്ലാതെ, വഹ്-യു നല്‍കപ്പെടുന്ന റസൂലുകളായി അല്ലാഹു അയക്കുകയുണ്ടായിട്ടില്ല. ‘എന്തുകൊണ്ടു മലക്കുകളെ റസൂലുകളായി അയക്കുന്നില്ല? നമ്മെപ്പോലെയുള്ള ഒരു മനുഷ്യനെ നാം പിന്‍പറ്റുകയോ? റസൂലുകളെ അയക്കുന്നപക്ഷം അതു മലക്കുകളായിരിക്കേണ്ടതല്ലേ?’ എന്നിങ്ങിനെയുള്ള അവിശ്വാസികളുടെ ആക്ഷേപങ്ങള്‍ക്കും, കുതര്‍ക്കങ്ങള്‍ക്കുമുള്ള ഒരു മറുപടിയാണിത്‌. ഈ വിഷയകമായി ഖുര്‍ആനില്‍ ഒന്നിലധികം സ്ഥലത്തു പരാമര്‍ശങ്ങള്‍ കാണാം. അറബികളെ സംബന്ധിച്ചിടത്തോളം അവര്‍ക്ക് വേദഗ്രന്ഥങ്ങളുമായും, പ്രവാചകന്‍മാരുമായും അടുത്ത ബന്ധമൊന്നും ഇല്ലാത്തവരാകകൊണ്ട് ഈ വാസ്തവം അവര്‍ക്ക് വേണ്ടത്ര അറിഞ്ഞില്ലെന്നു വരും. അതുകൊണ്ട് അവര്‍ക്ക് വേണമെങ്കില്‍ വേദക്കാരോടന്വേഷിച്ചു നോക്കാമെന്ന് അവരെ അല്ലാഹു ഉപദേശിക്കുന്നു. വേദക്കാര്‍ക്കു ഈ വാസ്തവം അറിയാവുന്നതാണല്ലോ. ഇപ്പറഞ്ഞതുകൊണ്ടു – ചില ക്രിസ്തീയ പണ്ഡിതന്‍മാര്‍ ദുര്‍വ്യാഖ്യാനം ചെയ്യാറുള്ളതുപോലെ – വേദക്കാര്‍ സന്മാര്‍ഗ്ഗം വിട്ടുപോയിട്ടില്ല എന്നു ഇതില്‍നിന്നു വരുന്നില്ല. (2) റസൂലുകളെ അയക്കുന്നതു അവര്‍ പ്രബോധനം ചെയ്യുന്ന തത്വങ്ങള്‍ക്കു വ്യക്തമായ തെളിവുകളോടുകൂടിയും അവര്‍ ഉപദേശിക്കുന്ന നടപടിക്രമങ്ങളും നിയമങ്ങളും അടങ്ങുന്ന രേഖകളോടുകൂടിയുമായിരിക്കും. സൂ: ഹദീദില്‍ അല്ലാഹു പറയുന്നു: ‘നമ്മുടെ റസൂലുകളെ നാം വ്യക്തമായ തെളിവുകളുമായി അയച്ചിട്ടുണ്ട്. മനുഷ്യര്‍ നീതിമുറയനുസരിച്ചു നിലകൊള്ളുവാന്‍ വേണ്ടി വേദഗ്രന്ഥവും തുലാസും അവരോടു കൂടി നാം ഇറക്കുകയും ചെയ്തിരിക്കുന്നു.’ (ഹദീദു: 25).

(3). മനുഷ്യര്‍ക്കു വേണ്ടിയാണു ഖുര്‍ആന്‍ അവതരിപ്പിച്ചിരിക്കുന്നത്. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യുടെ കര്‍ത്തവ്യം അതവര്‍ക്ക് എത്തിച്ചുകൊടുക്കുക മാത്രമല്ല, അതവര്‍ക്കു വിവരിച്ചു കൊടുക്കുക കൂടിയാകുന്നു, താഴെ 64-ാം വചനത്തിലും ഈ വിഷയം ഉണര്‍ത്തിക്കാണാം. വാക്കുമൂലവും, പ്രവൃത്തിമൂലവും ജനങ്ങള്‍ക്കു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഖുര്‍ആന്‍ വിവരിച്ചുകൊടുത്തിട്ടുണ്ടുതാനും.അതാണു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ സുന്നത്ത് (ചര്യ) എന്ന പേരില്‍ അറിയപ്പെടുന്നത്. ഖുര്‍ആന്റെ വ്യാഖ്യാനവും വിശദീകരണവുമെന്ന നിലക്കു ഇസ്ലാമിന്റെ രണ്ടാമത്തെ പ്രമാണവുമാണത്. ഖുര്‍ആന്‍ മാത്രമേ ഇസ്ലാമിന്റെ പ്രമാണമായുള്ളു – നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ സുന്നത്തിനു പ്രാമാണ്യതയില്ല – എന്നു ചില വഴിപിഴച്ചവര്‍ വാദിക്കാറുള്ളതു ഇതുപോലെയുള്ള ഖുര്‍ആന്‍ വചനങ്ങളുടെ നിഷേധമാകുന്നു. മാത്രമല്ല, അല്ലഹുവിന്റേതായ ഇസ്ലാമിക ശരീഅത്തു നിയമങ്ങള്‍ക്കു പകരം അവരുടേതായ ഒരു പുതിയ ശരീഅത്തു നിയമം നിര്‍മ്മിക്കലും കൂടിയായിരിക്കും അതിന്റെ ഫലം. (4) ഖുര്‍ആന്റെ ഉള്ളടക്കങ്ങളെ – അതിലെ തത്വസിദ്ധാന്തങ്ങള്‍, സൂചനകള്‍, പാഠങ്ങള്‍, ഉപദേശനിര്‍ദ്ദേശങ്ങള്‍, ദൃഷ്ടാന്തങ്ങള്‍ ആദിയായവയെ – സംബന്ധിച്ചു ജനങ്ങള്‍ ചിന്തിച്ചു മനസ്സിലാക്കേണ്ടതുണ്ട്. അല്ലാഹു പറയുന്നു: وَلَقَدْ يَسَّرْنَا الْقُرْآنَ لِلذِّكْرِ فَهَلْ مِن مُّدَّكِرٍ (സാരം: ഓര്‍മ്മിച്ചു മനസ്സിലാക്കുവാന്‍വേണ്ടി ഖുര്‍ആനെ നാം എളുപ്പമാക്കിയിട്ടുണ്ട്. എന്നാല്‍, ഓര്‍മ്മിച്ചു മനസ്സിലാക്കുന്ന വല്ലവരും ഉണ്ടോ?! – അല്‍ഖമര്‍) ഈ വചനം സൂറത്തുല്‍ ഖമറില്‍ ഒന്നിലധികം പ്രാവശ്യം അല്ലാഹു ആവര്‍ത്തിച്ചു പറഞ്ഞിരിക്കുന്നതു കാണാം. മറ്റൊരു സ്ഥലത്തു അല്ലാഹു ചോദിക്കുന്നു: أَفَلَا يَتَدَبَّرُونَ الْقُرْآنَ أَمْ عَلَىٰ قُلُوبٍ أَقْفَالُهَا ﴿٢٤ (സാരം: അപ്പോള്‍, അവര്‍ക്കു ഖുര്‍ആന്‍ ഉറ്റാലോചിച്ചു നോക്കിക്കൂടേ?! അതല്ല, വല്ല ഹൃദയങ്ങളിലും അവയുടേതായ പൂട്ടുകള്‍ ഉണ്ടോ?! – (മുഹമ്മദു:24).

16:45
 • أَفَأَمِنَ ٱلَّذِينَ مَكَرُوا۟ ٱلسَّيِّـَٔاتِ أَن يَخْسِفَ ٱللَّهُ بِهِمُ ٱلْأَرْضَ أَوْ يَأْتِيَهُمُ ٱلْعَذَابُ مِنْ حَيْثُ لَا يَشْعُرُونَ ﴾٤٥﴿
 • എന്നാല്‍, ദുഷിച്ച (കു)തന്ത്രങ്ങള്‍ പ്രയോഗിച്ചിട്ടുള്ളവര്‍, തങ്ങളെ അല്ലാഹു ഭൂമിയില്‍ ആഴ്ത്തിക്കളയുന്നതിനെക്കുറിച്ചു നിര്‍ഭയമായിരിക്കുകയാണോ?! അല്ലെങ്കില്‍, അവര്‍ അറിയാത്തവിധത്തിലൂടെ ശിക്ഷ അവര്‍ക്കു വന്നെത്തുന്നതിനെക്കുറിച്ച്?!-
 • أَفَأَمِنَ അപ്പോള്‍ നിര്‍ഭയമായിരിക്കയോ, സമാധാനിച്ചിരിക്കയാണോ الَّذِينَ مَكَرُوا (കു)തന്ത്രം പ്രയോഗിച്ചവര്‍ السَّيِّئَاتِ ദുഷിച്ചവ (ദുഷിച്ച കുതന്ത്രങ്ങള്‍) أَن يَخْسِفَ ആഴ്ത്തിക്കളയുന്നതിനെ(ക്കുറിച്ചു) اللَّـهُ അല്ലാഹു بِهِمُ അവരെ الْأَرْضَ ഭൂമിയില്‍ أَوْ അല്ലെങ്കില്‍ يَأْتِيَهُمُ അവര്‍ക്കു വരുന്നതിനെ الْعَذَابُ ശിക്ഷ مِنْ حَيْثُ വിധത്തിലൂടെ لَا يَشْعُرُونَ അവരറിയുകയില്ല.
16:46
 • أَوْ يَأْخُذَهُمْ فِى تَقَلُّبِهِمْ فَمَا هُم بِمُعْجِزِينَ ﴾٤٦﴿
 • അല്ലെങ്കില്‍, അവര്‍ (അങ്ങുമിങ്ങും) തിരിഞ്ഞുമറിയുന്നതി(ന്നിടയി)ല്‍ അവരെ പിടികൂടുന്നതിനെക്കുറിച്ച്?! എന്നാല്‍ (അപ്പോള്‍) അവര്‍ (അവനെ പരാജയപ്പെടുത്തി) അശക്തനാക്കുന്നവരല്ല;-
 • أَوْ يَأْخُذَهُمْ അലെങ്കില്‍ (അവന്‍ - അതു) അവരെ പിടികൂടുന്നതിനെ فِي تَقَلُّبِهِمْ അവരുടെ തിരിഞ്ഞുമറിയലില്‍ فَمَا هُم എന്നാല്‍ അവരല്ല بِمُعْجِزِينَ അശക്തനാക്കുന്നവര്‍ (പരാജയപ്പെടുത്തുന്നവര്‍).

16:47
 • أَوْ يَأْخُذَهُمْ عَلَىٰ تَخَوُّفٍ فَإِنَّ رَبَّكُمْ لَرَءُوفٌ رَّحِيمٌ ﴾٤٧﴿
 • അല്ലെങ്കില്‍, പേടിപ്പെട്ടുകൊണ്ടിരിക്കുന്നതോടെ(ത്തന്നെ) അവരെ പിടികൂടുന്നതിനെക്കുറിച്ച് (നിര്‍ഭയമായിരിക്കുകയാണോ)?! എന്നാല്‍, നിങ്ങളുടെ റബ്ബ് കൃപാലുവും, കരുണാനിധിയും തന്നെയാണ്. [അതുകൊണ്ടാണ് അങ്ങിനെയൊന്നും ചെയ്യാതിരിക്കുന്നത്.]
 • أَوْ يَأْخُذَهُمْ അല്ലെങ്കില്‍ അവര്‍ക്കു പിടിപെടുന്നതിനെ عَلَىٰ تَخَوُّفٍ പേടിപ്പെട്ടുകൊണ്ടിരിക്കെ, പേടിച്ചു (കാത്തു) വരുന്നതോടെ فَإِنَّ رَبَّكُمْ എന്നാല്‍ നിശ്ചയമായും നിങ്ങളുടെ റബ്ബു لَرَءُوفٌ കൃപാലു (വളരെ കൃപയുള്ളവന്‍) തന്നെ رَّحِيمٌ കരുണാനിധിയാണ്.

നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ക്കും, ഖുര്‍ആന്നും, സത്യവിശ്വാസികള്‍ക്കും എതിരില്‍ കുടിലതന്ത്രങ്ങള്‍ പലതും നടത്തിക്കൊണ്ടിരിക്കുന്ന ഈ മുശ്രിക്കുകളെ അല്ലാഹു ഭൂമിയില്‍ ആഴ്ത്തിക്കളയുകയോ, ഓര്‍ക്കാപ്പുറത്തു അവര്‍ക്കു വല്ല ശിക്ഷയും നല്‍കുകയോ, അങ്ങുമിങ്ങും വന്നുംപോയും കൊണ്ടു സ്വൈരവിഹാരം കൊള്ളുന്നതിന്നിടക്കു അവരെ വല്ല ശിക്ഷയും പിടികൂടുകയോ, അതുമല്ലെങ്കില്‍ ശിക്ഷവരുന്നതിനെക്കുറിച്ചു ഭയപ്പെട്ടുകൊണ്ടിരിക്കവെ തന്നെ വല്ല ശിക്ഷയും അവര്‍ക്കു പിടിപെടുകയോ – ഇങ്ങിനെയൊന്നും – സംഭവിക്കുകയില്ലെന്നാണോ അവരുടെ വിചാരം?! ഇവയില്‍ ഏതുതന്നെ സംഭവിച്ചാലും അതനുഭവിക്കുകയല്ലാതെ, അതുമുടക്കുവാനോ, തടുക്കുവാനോ അവര്‍ക്കു സാധ്യമല്ല, അങ്ങിനെയൊന്നും സംഭവിക്ക്യയില്ലെന്നു സമാധാനിച്ചിരിക്കുവാന്‍ ഒരു കാരണവും അവര്‍ക്കില്ല. ശിക്ഷിക്കപ്പെടുവാന്‍ തികച്ചും അര്‍ഹരാണവര്‍. അല്ലാഹുവാകട്ടെ, ഏതിനും കഴിവുള്ളവനുമാണ്. പക്ഷെ, അങ്ങിനെയൊന്നും ചെയ്യാതെ അവന്‍ അവര്‍ക്കു ഒഴിവു നല്‍കിയിരിക്കുന്നതു അവന്റെ കൃപയും കാരുണ്യവും കൊണ്ടുമാത്രമാണ്.

പേടിപ്പെട്ടുകൊണ്ടിരിക്കുന്നതോടെ പിടികൂടുക (يَأْخُذَهُمْ عَلَىٰ تَخَوُّفٍ) എന്ന വാക്കിന് രണ്ടു പ്രകാരത്തില്‍ വ്യാഖ്യാനം നല്‍കപ്പെട്ടിട്ടുണ്ട്: (1). മേല്‍ വിവരിച്ച പ്രകാരം തങ്ങള്‍ക്കു വല്ല ശിക്ഷയും വന്നുഭവിച്ചേക്കുമോ എന്നു അവര്‍ ഭയപ്പെട്ടുകൊണ്ടിരിക്കെത്തന്നെ ശിക്ഷ വരുക എന്നും, (2) ശിക്ഷപെട്ടന്നു സംഭവിക്കാതെ പടിപടിയായി – അല്പാല്പമായി പിടികൂടുക എന്നും. ഈ വ്യാഖ്യാന പ്രകാരം تَخَوُّف എന്ന വാക്കിന്റെ അര്‍ത്ഥം പേടിച്ചുകൊണ്ടുവരുക – അഥവാ കാത്തുകാത്തുകൊണ്ടു കുറേശ്ശെയായി വരുക – എന്നായിരിക്കും. രണ്ടു പ്രകാരത്തിലായാലും ഉദ്ദേശ്യം വ്യക്തംതന്നെ. മേല്‍ ചൂണ്ടിക്കാട്ടിയതരത്തിലെല്ലാംതന്നെ മുന്‍സമുദായങ്ങളില്‍ ശിക്ഷ അനുഭവപ്പെടുകയുണ്ടായിട്ടുണ്ടെന്നു ചരിത്രം പരിശോധിച്ചാല്‍ കാണാവുന്നതാണ്.

16:48
 • أَوَلَمْ يَرَوْا۟ إِلَىٰ مَا خَلَقَ ٱللَّهُ مِن شَىْءٍ يَتَفَيَّؤُا۟ ظِلَـٰلُهُۥ عَنِ ٱلْيَمِينِ وَٱلشَّمَآئِلِ سُجَّدًا لِّلَّهِ وَهُمْ دَٰخِرُونَ ﴾٤٨﴿
 • അല്ലാഹു വസ്തുവായി സൃഷ്ടിച്ചിട്ടുള്ള യാതൊന്നിലേക്കു അവര്‍ (നോക്കി) കാണുന്നുമില്ലേ? അതിന്റെ നിഴലുകള്‍ വലത്തോട്ടും ഇടത്തോട്ടുമായി ചാഞ്ഞുകൊണ്ടിരിക്കുന്നു; അവര്‍ [ആ നിഴലുകള്‍] എളിയവരായ നിലയില്‍ അല്ലാഹുവിന്നു 'സുജൂദു' [സാഷ്ടാംഗ നമസ്കാരം] ചെയ്തുകൊണ്ടു.
 • أَوَلَمْ يَرَوْا അവര്‍ കാണുന്നു (നോക്കുന്നു) മില്ലേ إِلَىٰ مَا യാതൊന്നിലേക്ക്, യാതൊന്നിനെ خَلَقَ اللَّـهُ അല്ലാഹു സൃഷ്ടിച്ചു مِن شَيْءٍ വല്ല വസ്തുവായി, വല്ല വസ്തുവും يَتَفَيَّأُ ചാഞ്ഞുകൊണ്ടിരിക്കുന്നു, തിരിഞ്ഞുവരുന്നതു ظِلَالُهُ അതിന്റെ നിഴലുകള്‍ عَنِ الْيَمِينِ വലത്തോട്ടു وَالشَّمَائِلِ ഇടത്തോട്ടും سُجَّدًا സുജൂദു ചെയ്യുന്നവരായിക്കൊണ്ടു لِّلَّـهِ അല്ലാഹുവിനു وَهُمْ അവരാകട്ടെ, അവരായിക്കൊണ്ടു دَاخِرُونَ എളിയവര്‍ (ആയിരിക്കും, നിസ്സാരന്മാര്‍ (ആയിക്കൊണ്ടു).

ബുദ്ധിജീവികളുടേതുപോലെയുള്ള വല്ല ഗുണവിശേഷതകളും ബുദ്ധിജീവികളല്ലാത്ത വസ്തുക്കളില്‍ പ്രകടമാകുമ്പോള്‍, അവയെപ്പറ്റി ബുദ്ധി ജീവികളെന്നു തോന്നുമാറുള്ള പദപ്രയോഗം സ്വീകരിക്കുന്നതു ഭാഷാസാഹിത്യങ്ങളില്‍ പതിവാകുന്നു. ഇതനുസരിച്ചാണു സുജൂദ് ചെയ്യുന്ന നിഴലുകളെപ്പറ്റി وَهُمْ دَاخِرُونَ (അവര്‍ എളിയവരായിക്കൊണ്ടു) എന്നു പറഞ്ഞിരിക്കുന്നത്. ഇതുപോലെയുള്ള പ്രയോഗം (36: 40 മുതലായ) വേറെ ചില സ്ഥലങ്ങളിലും ഖുര്‍ആനില്‍ വന്നിട്ടുണ്ട്. ഈ വചനത്തിലടങ്ങിയ ആശയം താഴെ വിവരിക്കുന്നുണ്ട്. إن شاء الله

16:49
 • وَلِلَّهِ يَسْجُدُ مَا فِى ٱلسَّمَـٰوَٰتِ وَمَا فِى ٱلْأَرْضِ مِن دَآبَّةٍ وَٱلْمَلَـٰٓئِكَةُ وَهُمْ لَا يَسْتَكْبِرُونَ ﴾٤٩﴿
 • ആകാശത്തിലുള്ളതും, ഭൂമിയിലുള്ളതും ആയ ഏതൊരു ജീവിയും (എല്ലാം) അല്ലാഹുവിനു 'സുജൂദ്' [സാഷ്ടാംഗ നമസ്കാരം] ചെയ്യുന്നു; മലക്കുകളും (തന്നെ സുജൂദു ചെയ്യുന്നു);- അവരാകട്ടെ, അഹംഭാവം കാണിക്കുന്നുമില്ല.
 • وَلِلَّـهِ അല്ലാഹുവിനു يَسْجُدُ സുജൂദു (സാഷ്ടാംഗം) ചെയ്യുന്നു مَا فِي السَّمَاوَاتِ ആകാശത്തിലുള്ളതു وَمَا فِي الْأَرْضِ ഭൂമിയിലുള്ളതും مِن دَابَّةٍ ജീവിയായിട്ടു, ജന്തുവായി وَالْمَلَائِكَةُ മലക്കുകളും وَهُمْ അവരാകട്ടെ لَا يَسْتَكْبِرُونَ അഹംഭാവം നടിക്കുകയില്ല.
16:50
 • يَخَافُونَ رَبَّهُم مِّن فَوْقِهِمْ وَيَفْعَلُونَ مَا يُؤْمَرُونَ ۩ ﴾٥٠﴿
 • അവര്‍ തങ്ങളുടെ മീതെ (അധികാര ശക്തിയുള്ള) തങ്ങളുടെ റബ്ബിനെ ഭയപ്പെടുന്നു; തങ്ങളോടു കല്‍പിക്കപ്പെടുന്നതു (ഒക്കെയും) അവര്‍ ചെയ്യുകയും ചെയ്യുന്നു.
 • يَخَافُونَ അവര്‍ ഭയപ്പെടുന്നു رَبَّهُم അവരുടെ റബ്ബിനെ مِّن فَوْقِهِمْ അവരുടെ മീതെ وَيَفْعَلُونَ അവര്‍ ചെയ്യുക (പ്രവര്‍ത്തിക്കുക)യും ചെയ്യുന്നു مَا يُؤْمَرُونَ അവരോടു കല്‍പിക്കപ്പെടുന്നതു.

ഓത്തിന്റെ സുജൂദുചെയ്യേണ്ടുന്ന സ്ഥാനങ്ങളില്‍ ഒന്നാണു ഈ വചനവും. 48-ാം വചനത്തിലും ഈ രണ്ടു വചനങ്ങളിലുമായി പ്രസ്താവിച്ചതിന്റെ സാരം ഇങ്ങിനെ മനസ്സിലാക്കാം:- അല്ലാഹുവിന്റെ സൃഷ്ടികളില്‍ നിഴലുണ്ടാകുന്ന എല്ലാ വസ്തുക്കളുടെയും നിഴലുകള്‍ വലത്തോട്ടും ഇടത്തോട്ടുമായി ചാഞ്ഞും ചരിഞ്ഞും നീണ്ടും ചുരുങ്ങിയും കൊണ്ടിരിക്കുന്നതു മനുഷ്യന്‍ സാധാരണ കാണാറുണ്ടല്ലോ. ഇതിനെപ്പറ്റി ആലോചിച്ചാല്‍ തന്നെയും പല ദൃഷ്ടാന്തങ്ങളും അതില്‍നിന്നു മനുഷ്യനു ലഭിക്കുവാനുണ്ട്. അഥവാ, എന്തുകൊണ്ടു അങ്ങിനെയുള്ള മാറ്റങ്ങള്‍ക്കു അവ വിധേയമാകുന്നു? അതിനു കാരണമെന്ത്? ആ കാരണങ്ങളെ വ്യവസ്ഥപ്പെടുത്തിയ ശക്തി ഏതാണ്? എന്നിത്യാദി കാര്യങ്ങളെപ്പറ്റി അല്‍പബുദ്ധികള്‍ക്കുപോലും അതുവഴി ഏറെക്കുറെ വാസ്തവം ഗ്രഹിക്കുവാന്‍ അതു ഉപകരിക്കുന്നതാണ്. ആ നിഴലുകള്‍ അല്ലാഹുവിന്റെ നിയമ വ്യവസ്ഥകള്‍ക്കു വിധേയമായും, അവന്‍ നിശ്ചയിച്ച പ്രകൃതി ചട്ടങ്ങള്‍ക്കനുസരിച്ചുമാണു നിലകൊള്ളുന്നത്. ആ നിയമവ്യവസ്ഥകളില്‍ അണുവോളം മാറ്റംവരുത്തുവാന്‍ ആര്‍ക്കും സാധ്യമല്ല. എന്നുവേണ്ട, ആകാശഭൂമികളില്‍ ജീവവസ്തുക്കളായി അല്ലാഹു സൃഷ്‌ടിച്ച എല്ലാ വസ്തുക്കളും – ആത്മീയ ജീവികളായ മലക്കുകള്‍പോലും – അല്ലാഹുവിന്റെ നിയമ ചട്ടങ്ങള്‍ക്കു തികച്ചും കീഴൊതുങ്ങിയും അവന്റെ കല്‍പനാ നിര്‍ദ്ദേശങ്ങള്‍ക്കു വഴങ്ങിയുംകൊണ്ടാണ് കഴിയുന്നത്. ആരും ഇതില്‍നിന്നു ഒഴിവില്ല. അപ്പോള്‍, വിശേഷബുദ്ധിയും, അഭിപ്രായ സ്വാതന്ത്ര്യവും നല്‍കപ്പെട്ടിട്ടുള്ള മനുഷ്യര്‍ പ്രത്യേകിച്ചും അവന്റെ മുമ്പില്‍ തലകുനിക്കുവാനും, അവന്റെ കല്‍പനാ നിര്‍ദ്ദേശങ്ങളനുസരിച്ചു ജീവിക്കുവാനും അര്‍ഹരല്ലേ!?

سُجُود (സുജൂദി)ന്റെ അര്‍ത്ഥങ്ങളെയും പ്രയോഗങ്ങളെയും സംബന്ധിച്ചു ഒന്നിലധികം പ്രാവശ്യം മുമ്പ് വിവരിച്ചു കഴിഞ്ഞിട്ടുണ്ട്. അല്ലാഹു നിശ്ചയിച്ച പ്രകൃതി നിയമങ്ങള്‍ക്കു കീഴൊതുങ്ങുക (سجود بالتسخير) എന്ന അര്‍ത്ഥത്തിലും, ഇഷ്ടാനുസാരം അല്ലാഹുവിനു ഭക്തിയാരാധന അര്‍പിക്കുക (سجود بالاختيار) എന്ന അര്‍ത്ഥത്തിലും അതു ഖുര്‍ആനില്‍ ഉപയോഗിച്ചിട്ടുണ്ടെന്നും, ഒന്നാമത്തെ അര്‍ത്ഥത്തിലുള്ള സുജൂദില്‍ മനുഷ്യരടക്കമുള്ള എല്ലാ വസ്തുക്കളും ഭാഗഭാക്കാണെന്നും, രണ്ടാമത്തെ അര്‍ത്ഥത്തിലുള്ള സുജൂദു കൂടി ചെയ്‌വാന്‍ കല്‍പിക്കപ്പെട്ടവരാണു മനുഷ്യരെന്നുമൊക്കെ സന്ദര്‍ഭം പോലെ നാം മുമ്പു ചൂണ്ടിക്കാട്ടിയിട്ടുമുണ്ട്. ഒന്നാമത്തെ അര്‍ത്ഥത്തിലുള്ള സുജൂദിനെക്കുറിച്ചാണു ഈ വചനങ്ങളില്‍ പ്രസ്താവിക്കുന്നത്. വിശദീകരണത്തിനു സൂ: റഅ്ദു 15; ഹജ്ജ് 18 മുതലായ വചനങ്ങളും അവയുടെ വ്യാഖ്യാനവും നോക്കുന്നതു നന്ന്.

‘അവര്‍ അഹംഭാവം കാണിക്കുകയില്ല, അവര്‍ റബ്ബിനെ ഭയപ്പെടും, അവരോട് കല്‍പിക്കപ്പെടുന്നതു അവര്‍ ചെയ്യും’ എന്നൊക്കെ പറഞ്ഞതു മലക്കുകളെപ്പറ്റിയാണു – അഥവാ وَهُمْ (അവര്‍) എന്ന സര്‍വ്വനാമം മലക്കുകളെ ഉദ്ദേശിച്ചാണു – എന്നത്രെ മനസ്സിലാകുന്നത്. അധിക വ്യാഖ്യാതാക്കളും അങ്ങിനെയാണു പറഞ്ഞുകാണുന്നതും. മലക്കുകളടക്കം മുമ്പു പറയപ്പെട്ട എല്ലാവരെയും – ആകാശഭൂമികളിലുള്ള എല്ലാ ജീവികളെയും – ഉദ്ദേശിച്ചായിരിക്കുവാനും സാധ്യതയുണ്ട്. ചില വ്യാഖ്യാതാക്കളുടെ അഭിപ്രായം അതാകുന്നു. എന്നാല്‍, അഹംഭാവം കാണിക്കാതിരിക്കുക, റബ്ബിനെ ഭയപ്പെടുക, കല്‍പിക്കപ്പെടുന്നതു ചെയ്യുക എന്നീ ഗുണങ്ങളെ – സുജൂദിനെപ്പറ്റി പ്രസ്താവിച്ചപോലെ – എല്ലാതരം ജീവികള്‍ക്കും അനുയോജ്യമായ വിധത്തില്‍ വ്യാഖ്യാനിക്കപ്പെടുവാന്‍ കഴിഞ്ഞേക്കുമെങ്കിലും അവയൊക്കെ മലക്കുകളുടെ ഗുണങ്ങളായിരിക്കുന്നതിനാണ് കൂടുതല്‍ സാധ്യത കാണുന്നത്. മറ്റു ചില ഖുര്‍ആന്‍ വാക്യങ്ങള്‍ ഇതിനു പിന്‍ബലം നല്‍കുകയും ചെയ്യുന്നു.