സൂറത്തു-ന്നഹ്ല് : 66-83
വിഭാഗം - 9
- وَإِنَّ لَكُمْ فِى ٱلْأَنْعَـٰمِ لَعِبْرَةً ۖ نُّسْقِيكُم مِّمَّا فِى بُطُونِهِۦ مِنۢ بَيْنِ فَرْثٍ وَدَمٍ لَّبَنًا خَالِصًا سَآئِغًا لِّلشَّـٰرِبِينَ ﴾٦٦﴿
- നിശ്ചയമായും, നിങ്ങള്‍ക്കു (ആടുമാടൊട്ടകങ്ങളാകുന്ന) കാലികളിലുമുണ്ടു ഒരു (വലിയ) ചിന്താവിഷയം.
അതിന്റെ [ആ വര്‍ഗ്ഗത്തിന്റെ] വയറുകളിലുള്ളതില്‍ നിന്നു - (കുടലുകളിലെ) ചാണകച്ചണ്ടിയുടെയും, രക്തത്തിന്റെയും ഇടയില്‍നിന്നു - നിങ്ങള്‍ക്കു നാം കുടിക്കുവാന്‍ നല്‍കുന്നു, കുടിക്കുന്നവര്‍ക്കു (വേഗം) ഇറങ്ങിപ്പോകുന്ന സ്വച്ഛമായ പാല്‍. - وَإِنَّ لَكُمْ നിശ്ചയമായും നിങ്ങള്‍ക്കുണ്ടു فِي الْأَنْعَامِ കാലികളില്‍ (ആടുമാടൊട്ടകങ്ങളില്‍) لَعِبْرَةً ഒരു ചിന്താവിഷയം (ചിന്താപാഠം) نُّسْقِيكُم നിങ്ങള്‍ക്കു നാം കുടിക്കുവാന്‍ നല്‍കുന്നു مِّمَّا فِي بُطُونِهِ അതിന്റെ വയറു (ഉള്ളം - ഉള്‍ഭാഗം) കളിലുള്ളതില്‍ നിന്നു مِن بَيْنِ ഇടയില്‍നിന്നു فَرْثٍ (കുടലിലെ) ചാണകത്തിന്റെ, ചവറിന്റെ, പിണ്ടിയുടെ وَدَمٍ രക്തത്തിന്റെയും لَّبَنًا പാലിനെ خَالِصًا തനിച്ച, സ്വച്ഛമായ (കലര്‍പ്പില്ലാത്ത) سَائِغًا വേഗം (തൊണ്ടയിലൂടെ) ഇറങ്ങിപ്പോകുന്ന لِّلشَّارِبِينَ കുടിക്കുന്നവര്‍ക്കു
മനുഷ്യനു അല്ലാഹു നല്‍കിക്കൊണ്ടിരിക്കുന്ന ചില അനുഗ്രഹങ്ങളെയും, അവയിലടങ്ങിയ ദൃഷ്ടാന്തങ്ങളെയുമാണു ഈ വചനത്തിലും തുടര്‍ന്നുള്ള ചില വചനങ്ങളിലും ഓര്‍മ്മിപ്പികുന്നത്. നിങ്ങള്‍ സദാ ഉപയോഗപ്പെടുത്തിക്കൊണ്ടിരിക്കുന്ന കാലികളില്‍തന്നെ നിങ്ങള്‍ക്കു വമ്പിച്ച ചിന്താപാഠങ്ങള്‍ ഉള്‍കൊള്ളുന്നുണ്ടെന്ന മുഖവുരയോടു കൂടി, അവയില്‍നിന്നു ലഭിക്കുന്ന പാലിന്റെ ഉത്ഭവത്തെപ്പറ്റിയാണ് ഈ വചനത്തില്‍ ഓര്‍മ്മിപ്പിക്കുന്നത്. ഹൃദ്യവും രുചികരവുമായ ഒരു പാനീയവും, പോഷക പ്രധാനമായ ഒരു ആഹാരവുമാണു പാല്‍. എന്നാല്‍ അതിന്റെ ഉത്ഭവസ്ഥാനമോ? കാലികള്‍ മേഞ്ഞുതിന്നുന്ന സസ്യഭക്ഷണങ്ങള്‍ അവയുടെ ദഹനേന്ദ്രിയങ്ങളില്‍ ചെന്നു ദഹിക്കുന്നതോടെ, അവ സത്തും ചണ്ടിയുമായി വേര്‍തിരിയുന്നു. സത്തില്‍നിന്നു രക്തവും പാലും ഉണ്ടാകുന്നു. ചണ്ടിയില്‍നിന്നു ചാണകവും മൂത്രവും ഉരുത്തിരിയുന്നു. രക്തത്തിന്റെയോ, ചാണക മൂത്രാദികളുടെയോ കലര്‍പ്പൊന്നും കലരാതെ, തനി ശുദ്ധമായ പാല്‍ അവക്കിടയില്‍നിന്നു അവയുടെ അകിടുകളിലൂടെ പുറത്തു വരുന്നു. അത്ഭുതകരമായ ഈ പ്രക്രിയയുടെ പിന്നില്‍ അതിവിദഗ്ധമായ ഒരു ശക്തി പ്രവര്‍ത്തിക്കുന്നുണ്ടെന്നു സല്‍ബുദ്ധിയുള്ള ഏവര്‍ക്കും മനസ്സിലാക്കാമല്ലോ. അല്ലാഹു തുടരുന്നു:-
- وَمِن ثَمَرَٰتِ ٱلنَّخِيلِ وَٱلْأَعْنَـٰبِ تَتَّخِذُونَ مِنْهُ سَكَرًا وَرِزْقًا حَسَنًا ۗ إِنَّ فِى ذَٰلِكَ لَـَٔايَةً لِّقَوْمٍ يَعْقِلُونَ ﴾٦٧﴿
- ഈത്തപ്പനയുടെയും, മുന്തിരികളുടെയും ഫലങ്ങളില്‍ നിന്നും (നിങ്ങള്‍ക്കു കുടിക്കുവാന്‍ നല്‍കുന്നു.) (അതെ) അതില്‍നിന്നും ലഹരിയുള്ളതും [കള്ളും], നല്ലതായ ആഹാരവും നിങ്ങള്‍ ഉണ്ടാക്കുന്നു. നിശ്ചയമായും, ബുദ്ധി ഉപയോഗി(ച്ചു ചിന്തി)ക്കുന്ന ജനങ്ങള്‍ക്കു അതില്‍ ഒരു (വലിയ) ദൃഷ്ടാന്തമുണ്ട്.
- وَمِن ثَمَرَاتِ ഫലങ്ങളില്‍നിന്നും النَّخِيلِ ഈത്തപ്പനയുടെ وَالْأَعْنَابِ മുന്തിരികളുടെയും تَتَّخِذُونَ നിങ്ങള്‍ ഉണ്ടാക്കുന്നു مِنْهُ അതില്‍നിന്നു سَكَرًا മത്തുള്ള (ലഹരിയുള്ള) തു وَرِزْقًا ആഹാരവും حَسَنًا നല്ലതായ إِنَّ فِي ذَٰلِكَ നിശ്ചയമായും അതിലുണ്ടു لَآيَةً ഒരു ദൃഷ്ടാന്തം لِّقَوْمٍ يَعْقِلُونَ ബുദ്ധി കൊടുക്കുന്ന ജനങ്ങള്‍ക്ക്
ചാണകപ്പിണ്ടിയുടെയും രക്തത്തിന്റെയും ഇടയില്‍നിന്നു കലര്‍പ്പില്ലാത്ത പാലിന് ജന്മം നല്‍കിയപോലെ, ഒരേതരം ഫലങ്ങളില്‍ നിന്നുതന്നെ ലഹരിയുള്ള കള്ളും, പലതരം നല്ലതായ ആഹാരപാനീയങ്ങളും അല്ലാഹു നല്‍കികൊണ്ടിരിക്കുന്നു. ബുദ്ധി കൊടുത്തു ചിന്തിക്കുന്നവര്‍ക്ക് ഇതിലും അത്ഭുതകരമായ ദൃഷ്ടാന്തം കണ്ടെത്തുവാനുണ്ടെന്നു ഉണര്‍ത്തുകയാണ്.
കള്ളിന്റെ നിരോധം ഇസ്ലാമില്‍ നടപ്പാക്കുന്നതിനുമുമ്പു അവതരിച്ചതാണു ഈ സൂറത്ത്. ആ നിലക്ക് അനുഗ്രഹങ്ങളുടെ കൂട്ടത്തില്‍ ലഹരി പദാര്‍ത്ഥമായ കള്ളിനെയും ഉള്‍പ്പെടുത്തിയതില്‍ അസാംഗത്യമില്ല. അതേസമയം, അതോടു ചേര്‍ത്തുകൊണ്ടു ‘നല്ലതായ ആഹാരവും’ (رِزْقًا حَسَنًا) എന്നുകൂടി പറഞ്ഞിട്ടുള്ളതില്‍നിന്ന് കള്ളു ‘നല്ല ആഹാരവസ്തു’വല്ലെന്നു അതില്‍ ഒരു സൂചനയും കാണാവുന്നതാണ്. നല്ല ആഹാരമല്ലാത്തതുകൊണ്ടു തന്നെയാണ് പിന്നീടത് നിരോധിക്കപ്പെട്ടതും. കള്ളു നിരോധിച്ചുകൊണ്ടുള്ള ഒരു വചനത്തില്‍ (5:93ല്‍) അതിനെ رِجْس (മ്ലേച്ഛം) എന്നു വിശേഷിപ്പിച്ചിട്ടുള്ളതും പ്രസ്താവ്യമാകുന്നു. കള്ള് നല്ല ആഹാരവസ്തുക്കളില്‍ പെട്ടതല്ല. -മ്ളേഛവസ്തുക്കളില്‍ പെട്ടതാണ് – എന്നിരുന്നാലും, ഒരേതരം ഫലങ്ങളില്‍ നിന്നു വ്യത്യസ്തമായ രുചിയും വ്യത്യസ്തമായ ഗുണവുമുള്ള പല വസ്തുക്കള്‍ ഉല്‍പാദിപ്പിക്കുന്നത് ഒരു വലിയ ദൃഷ്ടാന്തം തന്നെയാണല്ലോ.
- وَأَوْحَىٰ رَبُّكَ إِلَى ٱلنَّحْلِ أَنِ ٱتَّخِذِى مِنَ ٱلْجِبَالِ بُيُوتًا وَمِنَ ٱلشَّجَرِ وَمِمَّا يَعْرِشُونَ ﴾٦٨﴿
- നിന്റെ റബ്ബ് തേനീച്ചക്ക് 'വഹ്-യു' [ബോധനം] നല്‍കുകയും ചെയ്തിരിക്കുന്നു; 'മലകളില്‍ നിന്നു (ചിലേടത്തു) നീ വീടുകള്‍ (കൂടുകള്‍) ഉണ്ടാക്കിക്കൊള്ളുക; വൃക്ഷങ്ങളില്‍ നിന്നും, അവര്‍ [മനുഷ്യര്‍] കെട്ടി ഉയര്‍ത്തുന്നവയില്‍ നിന്നും (ചിലതിലും ഉണ്ടാക്കിക്കൊള്ളുക) എന്ന്;-
- وَأَوْحَىٰ വഹ്-യു (ബോധനം) നല്‍കുകയും ചെയ്തിരിക്കുന്നു رَبُّكَ നിന്റെ റബ്ബു إِلَى النَّحْلِ തേനീച്ചക്കു أَنِ اتَّخِذِي നീ ഉണ്ടാക്കുക مِنَ الْجِبَالِ എന്നു മലകളില്‍നിന്നു بُيُوتًا വീടുകളെ وَمِنَ الشَّجَرِ വൃക്ഷങ്ങളില്‍ നിന്നും وَمِمَّا يَعْرِشُونَ അവര്‍ ഉയര്‍ത്തിയുണ്ടാക്കുന്ന (കെട്ടി ഉയര്‍ത്തുന്ന) തില്‍നിന്നും
- ثُمَّ كُلِى مِن كُلِّ ٱلثَّمَرَٰتِ فَٱسْلُكِى سُبُلَ رَبِّكِ ذُلُلًا ۚ يَخْرُجُ مِنۢ بُطُونِهَا شَرَابٌ مُّخْتَلِفٌ أَلْوَٰنُهُۥ فِيهِ شِفَآءٌ لِّلنَّاسِ ۗ إِنَّ فِى ذَٰلِكَ لَـَٔايَةً لِّقَوْمٍ يَتَفَكَّرُونَ ﴾٦٩﴿
- 'പിന്നെ എല്ലാ (വിധ) ഫലങ്ങളില്‍ നിന്നും നീ തിന്നുകൊള്ളുക; എന്നിട്ട് സുഗമമായ നിലയില്‍ നിന്റെ റബ്ബിന്റെ (വക) മാര്‍ഗ്ഗങ്ങളില്‍ നീ പ്രവേശിക്കുക' എന്നും). അവയുടെ വയറുകളില്‍ നിന്ന് നിറങ്ങള്‍ വ്യത്യസ്തമായ ഒരു(തരം) പാനീയം പുറത്തുവരുന്നു; അതില്‍ മനുഷ്യര്‍ക്കു (രോഗ) ശമനമുണ്ട്. നിശ്ചയമായും, അതില്‍ ചിന്തിച്ചു നോക്കുന്ന ജനങ്ങള്‍ക്കു ഒരു (വമ്പിച്ച) ദൃഷ്ടാന്തമുണ്ട്.
- ثُمَّ പിന്നെ كُلِي നീ തിന്നുക مِن كُلِّ എല്ലാറ്റില്‍നിന്നു الثَّمَرَاتِ ഫലങ്ങള്‍ فَاسْلُكِي എന്നിട്ടു നീ പ്രവേശിക്കുക, കടന്നു കൂടുക سُبُلَ വഴി (മാര്‍ഗ്ഗ) ങ്ങളില്‍ رَبِّكِ നിന്റെ റബ്ബിന്റെ ذُلُلًا പാകപ്പെട്ട (സുഗമമായ) നിലയില്‍ يَخْرُجُ പുറത്തുവരുന്നു مِن بُطُونِهَا അതിന്റെ (അവയുടെ) വയറുകളില്‍നിന്നു شَرَابٌ ഒരു പാനീയം مُّخْتَلِفٌ വ്യത്യസ്തമായ أَلْوَانُهُ അതിന്റെ നിറങ്ങള്‍ فِيهِ അതിലുണ്ടുشِفَاءٌ ശമനം لِّلنَّاسِ മനുഷ്യര്‍ക്കു إِنَّ فِي ذَٰلِكَ നിശ്ചയമായും അതിലുണ്ടു لَآيَةً ഒരു ദൃഷ്ടാന്തം لِّقَوْمٍ يَتَفَكَّرُونَ ചിന്തിക്കുന്ന ജനതക്ക്
ആടുമാടൊട്ടകങ്ങളുടെ വയറുകളില്‍നിന്നു ചാണകത്തിന്റെയും രക്തത്തിന്റെയും ഇടയിലൂടെ ശുദ്ധമായ പാല്‍ ലഭിക്കുന്നതിലും, ഈത്തപ്പഴത്തില്‍ നിന്നും, മുന്തിരിപ്പഴത്തില്‍നിന്നും ലഹരി പദാര്‍ത്ഥവും, നല്ല ഭക്ഷ്യപദാര്‍ത്ഥങ്ങളും ഉണ്ടാകുന്നതിലും അടങ്ങിയ ദൃഷ്ടാന്തങ്ങളെ ഓര്‍മ്മിപ്പിച്ചശേഷം, തേനീച്ചയിലും തേനിലും അടങ്ങിയ ദൃഷ്ടാന്തങ്ങളെപ്പറ്റി ചിന്തിച്ചുനോക്കുവാന്‍ അല്ലാഹു ഉല്‍ബോധിപ്പിക്കുന്നു. തേനീച്ചയെയും തേനിനെയും കുറിച്ച് പല ശാസ്ത്രജ്ഞന്‍മാരും പണ്ഡിതന്‍മാരും പല ഭാഷകളിലും പ്രത്യേകം ഗ്രന്ഥങ്ങളും ലേഖനങ്ങളും രചിക്കുകയുണ്ടായിട്ടുണ്ട്. തേനീച്ചയെക്കുറിച്ചു പഠിക്കുവാനും, അതിന്റെ ജീവിതരീതി നിരീക്ഷിച്ചറിയുവാനും നടത്തപ്പെട്ട പല പഠനശ്രമങ്ങളില്‍ നിന്നുമായി തല്‍ക്കര്‍ത്താക്കള്‍ക്ക് ലഭിച്ച വിശദമായ അറിവുകള്‍ പരിശോധിക്കുമ്പോള്‍, അവയുടെയെല്ലാം രത്നച്ചുരുക്കം ഈ രണ്ടു ഖുര്‍ആന്‍ വചനങ്ങളില്‍ അടങ്ങിയിട്ടുണ്ടെന്ന് കാണാവുന്നതാണ്. അത്രയുമല്ല, അവര്‍ക്ക് ഇതേവരെയും വേണ്ടത്ര എത്തും പിടിയും കിട്ടാത്ത ചില വശങ്ങളിലേക്കുള്ള ചില സൂചനകള്‍ കൂടി ഈ വചനങ്ങളില്‍ കണ്ടെത്തുവാന്‍ കഴിഞ്ഞേക്കും. ഈ വചനങ്ങളിലെ വാക്യങ്ങളുടെ വ്യക്തമായ അര്‍ത്ഥവൃത്തത്തില്‍ ഒതുങ്ങിയ സംഗതികള്‍ മാത്രം നമുക്കിവിടെ ഓര്‍മ്മിക്കാം. إن شاء الله . അല്ലാഹു പറയുന്നു:-
وَأَوْحَىٰ رَبُّكَ إِلَى النَّحْلِ (നിന്റെ റബ്ബ് തേനീച്ചക്കു വഹ്-യു നല്‍കിയിരിക്കുന്നു.) നബിമാര്‍ക്ക് ദിവ്യസന്ദേശങ്ങള്‍ നല്‍കുന്നതിനെക്കുറിച്ചാണു സാധാരണ وَحْي (വഹ്-യു) എന്നു പറയപ്പെടാറുള്ളത്. ഭാഷയില്‍ അതിനു ‘സ്വകാര്യമായി അറിയിക്കുക, വേഗം അറിയിക്കുക, പതുക്കെ സംസാരിക്കുക, സൂചന നല്‍കുക, ബോധനം നല്‍കുക’ എന്നും മറ്റും സന്ദര്‍ഭോചിതം അര്‍ത്ഥംവരും. തേനീച്ചക്കു വഹ്-യുനല്‍കി എന്നു പറഞ്ഞതിന്റെ താല്പര്യം അതിനു തോന്നിപ്പിച്ചു – അഥവാ ബോധമുണ്ടാക്കി – എന്നാകുന്നു. തോന്നിപ്പിച്ച കാര്യങ്ങളാണ് തുടര്‍ന്നുപറയുന്നത്. അതായത്, أَنِ اتَّخِذِي مِنَ الْجِبَالِ بُيُوتًا (മലകളില്‍ നിന്നു വീടുകള്‍ – അഥവാ കൂടുകള്‍ – നിര്‍മ്മിക്കുക എന്ന്). മലകളിലുള്ള പൊത്തുകള്‍, അളകള്‍ മുതലായ ചില പ്രത്യേക സ്ഥലങ്ങളിലായിരിക്കും തേനീച്ച കൂടു നിര്‍മ്മിക്കുന്നത്. ‘മലകളില്‍’ എന്നോ മറ്റോ പറയാതെ, ‘മലകളില്‍നിന്നു’ എന്ന പ്രയോഗം മലകളില്‍ നിന്നും അതിനു പറ്റിയ പ്രത്യേക സ്ഥലങ്ങളാണു സൂചിപ്പിക്കുന്നതും. തേന്‍കൂടുകള്‍ അധികവും മലമ്പ്രദേശങ്ങളിലായിരിക്കുമെങ്കിലും, മരപ്പൊത്തുകള്‍, മരക്കൊമ്പുകള്‍, മനുഷ്യനിര്‍മ്മിതങ്ങളായ വീടുകള്‍, മതിലുകള്‍, പന്തലുകള്‍ ആദിയായവയിലും സുലഭം തന്നെ. അതാണു وَمِنَ الشَّجَرِ وَمِمَّا يَعْرِشُونَ (മരങ്ങളില്‍ നിന്നും, അവര്‍ – മനുഷ്യര്‍ – കെട്ടി ഉയര്‍ത്തുന്നവയില്‍ നിന്നും) എന്നു പറഞ്ഞത്. ഇങ്ങിനെ തക്കതായ സ്ഥലങ്ങളില്‍ കൂടുകെട്ടുവാനുള്ള ബോധോദയം തേനീച്ചക്കു നല്‍കിയതു അല്ലാഹുവല്ലാതെ മറ്റാരുമല്ല. അതു അതിന്റെ ജന്മവാസനയാണെന്നു മാത്രം പറഞ്ഞു തൃപ്തിപ്പെടുന്നവര്‍ ആ വാസന അതിന്ന്‍ എങ്ങിനെ സിദ്ധിച്ചുവെന്നു ചിന്തിക്കാത്തവരായിരിക്കും.
കൂടുകെട്ടിയശേഷം തേന്‍ ശേഖരിക്കേണ്ടുന്നവിധവും അല്ലാഹു അതിനു പഠിപ്പിച്ചിരിക്കുന്നു. ثُمَّ كُلِي مِن كُلِّ الثَّمَرَاتِ (പിന്നെ, എല്ലാതരം ഫലവര്‍ഗ്ഗങ്ങളില്‍ നിന്നും നീ തിന്നുകൊള്ളുക.) الثَّمَرَات (ഫലങ്ങള്‍) എന്നു ഇവിടെ പറഞ്ഞിരിക്കുന്നതു കായഫലങ്ങള്‍ എന്ന ഉദ്ദേശ്യത്തിലല്ല. പഴങ്ങളും പൂക്കളും ഉള്‍കൊള്ളുന്ന ഫലങ്ങള്‍ എന്ന അര്‍ത്ഥത്തിലാകുന്നു. സസ്യങ്ങളില്‍നിന്നും വൃക്ഷങ്ങളില്‍ നിന്നും ലഭിക്കുന്ന എല്ലാ ഭോജ്യവസ്തുക്കള്‍ക്കും പറയപ്പെടാവുന്ന വാക്കാണു അത്. (*). തേനീച്ചകളുടെ പ്രധാന മേച്ചല്‍ സ്ഥാനം പൂക്കളാകുന്നു. കായകളും പഴങ്ങളും ഉല്‍ഭവിക്കുന്നതും പൂക്കളില്‍ നിന്നുതന്നെ. തേനീച്ച തിന്നുന്നതു ഏതുതരം ഫലങ്ങളില്‍ നിന്നായിരുന്നാലും അതു തേനിന്റെ ഉല്‍പാദനത്തിനു തടസ്സമാകുകയില്ല എന്ന ഒരു സൂചന مِن كُلِّ الثَّمَرَاتِ (എല്ലാ ഫലങ്ങളില്‍ നിന്നും) എന്ന പ്രയോഗത്തില്‍ കണ്ടെത്താവുന്നതാകുന്നു. كُلِي (തിന്നുകൊള്ളുക) എന്ന വാക്കില്‍ നിന്നു – പലരും ധരിക്കാറുള്ളതു പോലെ – പൂക്കളില്‍നിന്നും, പഴങ്ങളില്‍ നിന്നും തേന്‍ വലിച്ചെടുത്തു കൂട്ടില്‍ കൊണ്ടുപോയി ശേഖരിക്കുകയല്ല തേനീച്ച ചെയ്യുന്നതെന്നും, തേനീച്ച അവയെ സമീപിക്കുന്നതു അതിന്റെ ഭക്ഷണാവശ്യാര്‍ത്ഥമാണെന്നും, താഴെ പറയും പ്രകാരം പിന്നീട് അതിന്റെ ശരീരത്തില്‍നിന്ന് തേന്‍ പുറത്തു വരുകയാണു ചെയ്യുന്നതെന്നും മനസ്സിലാക്കാവുന്നതാകുന്നു. എല്ലാതരം ഫലങ്ങളില്‍ നിന്നും ഇഷ്ടംപോലെ ഭക്ഷിക്കാമെന്നു നിര്‍ദ്ദേശിച്ചശേഷം فَاسْلُكِي سُبُلَ رَبِّكِ ذُلُلًا (സുഗമമായ നിലയില്‍ നിന്റെ റബ്ബിന്റെ മാര്‍ഗ്ഗങ്ങളില്‍ – അഥവാ റബ്ബു നിശ്ചയിച്ചു തന്ന മാര്‍ഗ്ഗങ്ങളിലൂടെ – പ്രവേശിച്ചുകൊള്ളുക.) എന്നും നിര്‍ദ്ദേശിക്കുന്നു. ഈ വാക്യത്തിന്റെ അര്‍ത്ഥ വ്യാപ്തിയില്‍ തേനീച്ചയുടെ എല്ലാ ജീവിത ക്രമങ്ങളും, പ്രവര്‍ത്തന സ്വഭാവങ്ങളും മൊത്തത്തില്‍ അടങ്ങിയിട്ടുണ്ട്. കൂട്ടില്‍നിന്നും ഭക്ഷണം തേടിപ്പോകേണ്ടുന്ന മാര്‍ഗ്ഗങ്ങള്‍, ദൂരസ്ഥലങ്ങളില്‍ പോയി ചുറ്റിത്തിരിഞ്ഞ ശേഷം ഉന്നം തെറ്റാതെ തിരിച്ചു വരേണ്ടുന്ന വിധങ്ങള്‍, കൂട്ടില്‍വെച്ചു സ്വീകരിക്കേണ്ടുന്ന കൃത്യങ്ങള്‍, ഓരോ കൃത്യവും പാലിക്കേണ്ട മുറകള്‍ തുടങ്ങിയ കാര്യങ്ങളെല്ലാം ആ ചെറുവാക്യത്തില്‍ അല്ലാഹു ഉള്‍പ്പെടുത്തിയിരിക്കുന്നു. അവയൊന്നും തെറ്റാതെ നിര്‍വ്വഹിക്കുവാനുള്ള ബോധവും പ്രചോദനവും അല്ലാഹു ആ ചെറു ജീവിക്കു നല്‍കിയിരിക്കുന്നുവെന്നര്‍ത്ഥം. തേനീച്ചക്കു മാത്രമല്ല, എല്ലാവസ്തുക്കള്‍ക്കും അതതിന്റേതായ പ്രകൃതരൂപം നല്‍കുകയും, അനന്തരം ഓരോന്നിനും വേണ്ടുന്ന മാര്‍ഗ്ഗനിര്‍ദ്ദേശം കൊടുക്കുകയും ചെയ്തവനാണല്ലോ നമ്മുടെ റബ്ബായ അല്ലാഹു. رَبُّنَا الَّذِي أَعْطَىٰ كُلَّ شَيْءٍ خَلْقَهُ ثُمَّ هَدَىٰ – طه
(*). كما في المفردات
ആയിരക്കണക്കിലും, പതിനായിരക്കണക്കിലുമുള്ള ജോലിക്കാരാല്‍ നടത്തപ്പെടുന്ന ഒരു തൊഴില്‍ ശാലയത്രെ തേന്‍കൂട്. ആ തൊഴില്‍ശാലയില്‍ നിന്ന് ഉല്‍പാദിപ്പിക്കപ്പെടുന്ന വിഭവമാണ് തേന്‍ അതെ, يَخْرُجُ مِن بُطُونِهَا شَرَابٌ (അവയുടെ ഉള്ളങ്ങളില്‍നിന്നും ഒരു പാനീയം പുറത്തുവരുന്നു.) പാനീയംകൊണ്ടു വിവക്ഷ തേന്‍തന്നെ. കുടിക്കുവാന്‍ പറ്റിയ ദ്രവവസ്തുവാകകൊണ്ട് പാനീയം (شَرَابٌ) എന്നു പറഞ്ഞുവെങ്കിലും അതോടുകൂടി പാലുപോലെത്തന്നെ ഉത്തമമായ ഒരു ഭക്ഷ്യപദാര്‍ത്ഥം കൂടിയാണ് തേന്‍. തേനീച്ചകളുടെ ജാതിവ്യത്യാസവും, അവയുടെ മേച്ചൽ സ്ഥാനങ്ങളുടെയും കാലദേശങ്ങളുടെയും വ്യത്യാസവും അനുസരിച്ചു തേനിന്റെ വര്‍ണ്ണത്തിലും വ്യത്യാസം ഉണ്ടാകുന്നു. അതാണു مُّخْتَلِفٌ أَلْوَانُهُ (അതിന്റെ നിറങ്ങള്‍ വ്യത്യസ്തമായിരിക്കും) എന്നു പറഞ്ഞത്. ചുവപ്പ്, മഞ്ഞ, കറുപ്പ്, വെള്ള എന്നീ നിറങ്ങള്‍ക്കാണ് അതില്‍ മുന്‍തൂക്കം കാണപ്പെടാറുള്ളത്. ചിലയിനം തേനിന്നു മറ്റു ചിലതിനേക്കാള്‍ ഗുണം കൂടുമെങ്കിലും എല്ലാറ്റിന്റെയും ഉപകാരം മൊത്തത്തില്‍ ഒരുപോലെത്തന്നെ. പാനീയവും ഭക്ഷ്യപദാര്‍ത്ഥവുമെന്നപോലെ, തേന്‍ ഒരു വലിയ ഔഷധവീര്യമുള്ള വസ്തുകൂടിയാണല്ലോ. ഒരുപക്ഷെ, ഔഷധവസ്തുവെന്ന നിലക്കാണ് സാധാരണക്കാര്‍ക്കിടയില്‍ അതിനു കൂടുതല്‍ പ്രാധാന്യമുള്ളതും. എത്രയോ രോഗങ്ങള്‍ക്കു തനിച്ചായും, മിശ്രമായും തേന്‍ കൈകണ്ട ഔഷധമാണെന്നു പറയേണ്ടതില്ല. فِيهِ شِفَاءٌ لِّلنَّاسِ (അതില്‍ മനുഷ്യര്‍ക്കു രോഗശമനമുണ്ട്) എന്ന വാക്യം അതാണു ചൂണ്ടിക്കാട്ടുന്നത്.
അബൂസഈദില്‍ ഖുദ്രി (رَضِيَ اللهُ تَعَالَى عَنْهُ) ഇങ്ങിനെ പ്രസ്താവിച്ചതായി നിവേദനം ചെയ്യപ്പെട്ടിരിക്കുന്നു: ഒരു പുരുഷന്‍ റസൂല്‍ (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയുടെ അടുക്കല്‍ചെന്നു എന്റെ സഹോദരനു വയറിളക്കം (അതിസാരം) ബാധിച്ചിരിക്കുന്നുവെന്നു പറഞ്ഞു. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞു: ‘നീ പോയി അവന്നു തേന്‍ കുടിക്കുവാന്‍ കൊടുക്കുക’ അയാള്‍പോയി തേന്‍ കൊടുത്തു. പിന്നീടു വന്നു ഇങ്ങിനെ പറഞ്ഞു: ‘റസൂലേ, ഞാന്‍ അവന്നു തേന്‍ കുടിപ്പിച്ചു. എന്നിട്ടു വയറിളക്കം അധികമാവുകയല്ലാതെ ഉണ്ടായില്ല.’ തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞു: ‘നീ പോയി അവന്നു തേന്‍ കുടിക്കുവാന്‍ കൊടുക്കുക.’ അയാള്‍ പിന്നേയും തേന്‍ കുടിപ്പിച്ചു. പിന്നീടും അയാള്‍ വന്നു ‘അതവന്നു വയറിളക്കം അധികരിപ്പിക്കുകയല്ലാതെ ചെയ്തില്ല’ എന്നു പറഞ്ഞു. അപ്പോള്‍, റസൂല്‍ (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞു: ‘അല്ലാഹു സത്യം പറഞ്ഞു. നിന്റെ സഹോദരന്റെ വയര്‍ കളവും പറഞ്ഞു. നീ പോയി അവന്നു തേന്‍ കുടിപ്പിക്കുക.’ അങ്ങനെ, അദ്ദേഹം (വീണ്ടും) പോയി അവന്നു തേന്‍കൊടുത്തു. അപ്പോള്‍ അയാള്‍ക്കു സുഖപ്പെടുകയും ചെയ്തു. (ബു; മു). ആദ്യത്തെ പ്രാവശ്യങ്ങളില്‍ അയാളുടെ വയറ്റിലെ ദുഷ്ടതകള്‍ നീങ്ങിക്കഴിഞ്ഞിരുന്നില്ലെന്നും, തേന്‍ ഉഷ്ണവീര്യമുള്ളതാകകൊണ്ടു ആ ദുഷ്ടതകള്‍ അതു ഇളക്കിപ്പുറത്താക്കുകയാണ് ആദ്യം ഉണ്ടായതെന്നും, അവ നീങ്ങിക്കഴിഞ്ഞതോടെ അവസാനം വയറിന് പൂര്‍ണ്ണസുഖം കിട്ടിയെന്നുമാണ് ഈ ഹദീസിനു ഭിഷഗ്വരന്‍മാരായ ചില പണ്ഡിതന്‍മാരുടെ വ്യാഖ്യാനമെന്നു ഇബ്നുകഥീര്‍ (رحمه الله) മുതലായവര്‍ ചൂണ്ടിക്കാട്ടുന്നു. തേനിന്റെ ഗുണത്തെപ്പറ്റി വേറെയും ഹദീസുകള്‍ കാണാവുന്നതാണ്.
തേനീച്ചകളെക്കുറിച്ചു ഗവേഷണ പരീക്ഷണങ്ങള്‍ നടത്തിയ പല ശാസ്ത്രജ്ഞന്‍മാരുടെയും പ്രസ്താവനകളെ അടിസ്ഥാനമാക്കി അല്‍പം ചില സംഗതികള്‍കൂടി ഇവിടെ ഓര്‍മ്മിക്കുന്നതു സന്ദര്‍ഭോചിതമായിരിക്കും. മേല്‍ വിവരിച്ച ചില വശങ്ങളിലേക്കു അതില്‍നിന്നു അല്‍പംകൂടി വെളിച്ചംലഭിക്കുകയും ചെയ്തേക്കും. അവര്‍ പറയുന്നു: ഒരു തേനീച്ചക്കൂട്ടില്‍ ആയിരക്കണക്കിന്നു ഈച്ചകള്‍ ഉണ്ടായിരിക്കും. ചിലപ്പോള്‍, പതിനായിരംവരെയും ഉണ്ടാവാം. ഓരോകൂട്ടിലും അതിലെ മുഴുവന്‍ മേല്‍നോട്ടം വഹിക്കുന്ന ഒരു വലിയ ഈച്ചയുണ്ടായിരിക്കും. ഇതു ‘റാണി’, എന്നപേരില്‍ അറിയപ്പെടുന്നു. ഇതിന്റെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചായിരിക്കും മറ്റുള്ളവയുടെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. കൂട്ടത്തില്‍ ഏതാണ്ടു നൂറോ അഞ്ഞൂറോ എണ്ണം ആണീച്ചകളായിരിക്കും. ഇവക്കു റാണിയുമായി ഇണചേരുകയല്ലാതെ വേറെ പ്രത്യേകം ജോലിയൊന്നുമില്ല. അതുകൊണ്ടു അവര്‍ക്കു ‘മടിയന്‍മാര്‍’ എന്നു പറയപ്പെടുന്നു. ബാക്കിയെല്ലാം ‘അദ്ധ്വാനിക്കുന്നവരാ’യിരിക്കും. റാണിഈച്ച ദിവസേന ധാരാളക്കണക്കില്‍ മുട്ടയിടും റാണിയേയും, ആണീച്ചകളെയും ശുശ്രൂഷിക്കുക, പുറത്തുപോയി പൂമ്പൊടി തുടങ്ങിയ ആഹാരങ്ങള്‍ തേടിപ്പിടിച്ചു കൊണ്ടുവരുക, തേന്‍ സൂക്ഷിക്കുവാനുള്ള അറകള്‍ നിര്‍മ്മിക്കുക, അതില്‍ തേന്‍ സൂക്ഷിച്ചുവെക്കുക, പുതുതായി ജനിക്കുന്ന കുഞ്ഞുങ്ങളെ വളര്‍ത്തുക, ഉറുമ്പ് മുതലായ ശത്രുക്കളെ ചെറുക്കുക, കൂടും പരിസരവും വൃത്തിയാക്കുക തുടങ്ങിയ എല്ലാ ജോലികളും ഈ മൂന്നാം വിഭാഗത്തിന്റെ ജോലിയാകുന്നു. പൂക്കളില്‍നിന്നും മറ്റും ഈമ്പിയെടുത്തു ഭക്ഷിച്ച തേന്‍, പിന്നീടു ഈച്ചയുടെ ശരീരത്തില്‍നിന്നു ഊറിവരുന്ന ഒരുതരം ഉമിനീരും കലര്‍ന്നുകൊണ്ടു വായിലൂടെ പുറത്തേക്കുവരുന്നു. ഇതു അറകളില്‍ നിക്ഷേപിച്ചു കലര്‍പ്പുകളില്‍നിന്നു ശുദ്ധിയാക്കപ്പെടുന്നു. കൂടിന്റെ ഓരോ അറയും പ്രഗല്‍ഭരായ എഞ്ചിനീയര്‍മാര്‍ക്കു പോലും സാധ്യമല്ലാത്തവിധം സമകൃത്യത്തിലുള്ള ആറു കോണാകൃതിയില്‍ തൊട്ടുതൊട്ടും, കലാപരമായും, ഭംഗിയായും നിര്‍മ്മിക്കപ്പെട്ടിരിക്കും. വേറെ ആകൃതികളില്‍ നിര്‍മ്മിക്കപ്പെടുന്നപക്ഷം അറകള്‍ക്കിടയില്‍ മിക്കവാറും അല്‍പാല്‍പം വിടവുകള്‍ ഉണ്ടായേക്കുമെന്നു കരുതിയായിരിക്കാം ഈ ആകൃതി സ്വീകരിക്കപ്പെട്ടിരിക്കുന്നതെന്നു കരുതപ്പെടുന്നു. الله أعلم
ഇങ്ങനെയുള്ള വസ്തുതകള്‍ ഓര്‍മ്മിച്ചുകൊണ്ടു തേനീച്ചയെയും തേനിനെയും കുറിച്ചുചിന്തിക്കുമ്പോള്‍, അല്ലാഹുവിന്റെ സൃഷ്ടിവൈഭവം, പരിപാലനമുറകള്‍, മനുഷ്യന്റെ ഗുണത്തിനുവേണ്ടി അവന്‍ ഭൂമിയില്‍ സജ്ജമാക്കിവെച്ചിട്ടുള്ള സംവിധാനങ്ങള്‍ ആദിയായവക്കു അതില്‍നിന്ന് ധാരാളം ദൃഷ്ടാന്തം കണ്ടെത്താവുന്നതാണ്. അതെ, إِنَّ فِي ذَٰلِكَ لَآيَةً لِّقَوْمٍ يَتَفَكَّرُونَ (നിശ്ചയമായും അതില്‍ ചിന്തിക്കുന്ന ജനങ്ങള്‍ക്ക് ദൃഷ്ടാന്തമുണ്ട്.)
- وَٱللَّهُ خَلَقَكُمْ ثُمَّ يَتَوَفَّىٰكُمْ ۚ وَمِنكُم مَّن يُرَدُّ إِلَىٰٓ أَرْذَلِ ٱلْعُمُرِ لِكَىْ لَا يَعْلَمَ بَعْدَ عِلْمٍ شَيْـًٔا ۚ إِنَّ ٱللَّهَ عَلِيمٌ قَدِيرٌ ﴾٧٠﴿
- അല്ലാഹുവത്രെ നിങ്ങളെ സൃഷ്ടിച്ചത്; പിന്നീടു നിങ്ങളെ അവന്‍ മരണപ്പെടുത്തുന്നു. ആയുസ്സിന്റെ ഏറ്റം താഴേകിട [ദുര്‍ബ്ബലാവസ്ഥ] യിലേക്കു ഒഴിവാക്കി വിടപ്പെടുന്നവരും നിങ്ങളിലുണ്ടായിരിക്കും; അറിവിന്നുശേഷം (പിന്നെയും) യാതൊന്നും അറിയാതിരിക്കുവാന്‍വേണ്ടി. നിശ്ചയമായും അല്ലാഹു (എല്ലാം) അറിയുന്നവനും, കഴിവുള്ളവനുമാകുന്നു.
- وَاللَّـهُ അല്ലാഹു, അല്ലാഹുവത്രെ خَلَقَكُمْ നിങ്ങളെ സൃഷ്ടിച്ചു, സൃഷ്ടിച്ചതു ثُمَّ പിന്നീടു يَتَوَفَّاكُمْ നിങ്ങളെ അവന്‍ പൂര്‍ണ്ണമായി പിടിച്ചെടുക്കുന്നു (മരിപ്പിക്കുന്നു) وَمِنكُم നിങ്ങളിലുണ്ടായിരിക്കും, നിങ്ങളില്‍നിന്നു (ചിലര്‍) مَّن يُرَدُّ മടക്ക (ആക്ക-ഒഴിവാക്കി വിട) പ്പെടുന്നവര്‍ إِلَىٰ أَرْذَلِ ഏറ്റം താണപടി (ദുര്‍ബ്ബലസ്ഥിതി)യിലേക്കു الْعُمُرِ ആയുഷ്ക്കാലത്തിന്റെ, ആയുസ്സിന്റെ لِكَيْ لَا يَعْلَمَ അവര്‍ അറിയാതിരിക്കുവാന്‍വേണ്ടി بَعْدَ عِلْمٍ അറിവിനുശേഷം شَيْئًا യാതൊന്നും إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു عَلِيمٌ അറിയുന്നവനാണ് قَدِيرٌ കഴിവുള്ളവനാണ്
ചില ജീവികളിലും, പദാര്‍ത്ഥങ്ങളിലും, അടങ്ങിയ ദൃഷ്ടാന്തങ്ങളെ ചൂണ്ടിക്കാട്ടിയശേഷം, മനുഷ്യരില്‍തന്നെയും സ്ഥിതിചെയ്യുന്ന ചില ദൃഷ്ടാന്തങ്ങളെ ഓര്‍മ്മിപ്പിക്കുകയാണ്. മനുഷ്യരെ സൃഷ്ടിച്ചു ഈ നിലക്കെത്തിച്ച അല്ലാഹുതന്നെ അവന്റെ ആയുഷ്കാലവും നിയന്ത്രിക്കുന്നു. ചിലര്‍ ചെറുപ്പത്തിലേ മരണമടയുന്നു. ചിലര്‍ ഏതാനും വയസ്സുവരെ ജീവിക്കുന്നു. ചിലരാകറെ, സാധാരണയില്‍ കവിഞ്ഞ ദീര്‍ഘായുസ്സു നല്‍കപ്പെട്ടവരായിരിക്കും. അങ്ങനെ, മുമ്പ് അവര്‍ക്കുണ്ടായിരുന്ന അറിവും തന്റേടവും നഷ്ടപ്പെടുകയും, ഗ്രഹണേന്ദ്രിയങ്ങള്‍ ക്ഷയിച്ചു ശിശുക്കള്‍ കണക്കെ ആയിത്തീരുകയും ചെയ്യുന്നു. ഒരാള്‍, ദൃഡഗാത്രനും, ആരോഗ്യവാനുമായതുകൊണ്ടോ മറ്റോ ദീര്‍ഘകാലം ജീവിക്കുമെന്നോ, വേറൊരാള്‍ അവശഗാത്രനും ആരോഗ്യം കുറഞ്ഞവനുമാകകൊണ്ടു നേരത്തെ മരണമടയുമെന്നോ നിശ്ചയിക്കുക സാധ്യമല്ല. എല്ലാം അല്ലാഹുവിന്റെ നിശ്ചയം അനുസരിച്ചു നടക്കുന്നുവെന്നുമാത്രം.
സൂ: റൂം 54ല്‍ അല്ലാഹു പറയുന്നു: ‘നിങ്ങളെ ബലഹീനതയില്‍ നിന്നു സൃഷ്ടിച്ചവന്‍ അല്ലാഹുവത്രെ. പിന്നീടു, ബലഹീനതക്കുശേഷം അവന്‍ ശക്തിയുണ്ടാക്കി. പിന്നെ, ശക്തിക്കുശേഷം ബലഹീനതയും, നരയും ഉണ്ടാക്കി. അവന്‍ ഉദ്ദേശിക്കുന്നതു അവന്‍ സൃഷ്ടിക്കുന്നു.’ യാസീന്‍: 68ല്‍ പറയുന്നു: ‘ആര്‍ക്കു നാം ദീഘയുസ്സു നല്‍കുന്നുവോ അവര്‍ക്കു സൃഷ്ടിയില്‍ (പ്രകൃതിയില്‍) നാം വിപരീതാവ്സ്ഥ നല്‍കുന്നു’. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഇങ്ങനെ പ്രാര്‍ത്ഥിച്ചിരുന്നതായി അനസ് (رَضِيَ اللهُ تَعَالَى عَنْهُ) പ്രസ്താവിച്ചിരിക്കുന്നു: * ‘പിശുക്കു, ഉദാസീനത, വാര്‍ദ്ധക്യക്ഷീണം, അവശപ്രായം, ഖബ്റിലെ ശിക്ഷ, ദജ്ജാലിന്റെ കുഴപ്പം, ജീവിതത്തിലെയും മരണത്തിലെയും കുഴപ്പം എന്നിവയില്‍നിന്നു (അല്ലാഹുവേ,) ഞാന്‍ നിന്നോടു രക്ഷ തേടുന്നു.’ (ബു).
(*). أعُوذُ بِكَ مِنَ البُخْلِ، والكَسَلِ، وأرْذَلِ العُمُرِ، وعَذابِ القَبْرِ، وفِتْنَةِ الدَّجّالِ، وفِتْنَةِ المَحْيا والمَماتِ – البخاري
വിഭാഗം - 10
- وَٱللَّهُ فَضَّلَ بَعْضَكُمْ عَلَىٰ بَعْضٍ فِى ٱلرِّزْقِ ۚ فَمَا ٱلَّذِينَ فُضِّلُوا۟ بِرَآدِّى رِزْقِهِمْ عَلَىٰ مَا مَلَكَتْ أَيْمَـٰنُهُمْ فَهُمْ فِيهِ سَوَآءٌ ۚ أَفَبِنِعْمَةِ ٱللَّهِ يَجْحَدُونَ ﴾٧١﴿
- അല്ലാഹു (തന്നെ), നിങ്ങളില്‍ ചിലരെ ചിലരെക്കാള്‍ ആഹാര (വിഷയ)ത്തില്‍ ശ്രേഷ്ഠമാക്കുകയും ചെയ്തിരിക്കുന്നു. എന്നാല്‍, ശ്രേഷ്ഠമാക്കപ്പെട്ടവര്‍ തങ്ങളുടെ ആഹാരത്തെ തങ്ങളുടെ വലംകൈ ഉടമയാക്കിയവര്‍ക്കു [അടിമകള്‍ക്കു] വിട്ടുകൊടുക്കുന്നവരല്ല; എന്നിട്ട് അവര്‍ (രണ്ടുകൂട്ടരും) അതില്‍ സമമായിരിക്കുക (- അതുണ്ടാകുകയില്ല.). അപ്പോള്‍, അല്ലാഹുവിന്റെ അനുഗ്രഹത്തെയോ അവര്‍ നിഷേധിക്കുന്നത്?!
- وَاللَّـهُ അല്ലാഹു (തന്നെ) فَضَّلَ ശ്രേഷ്ഠമാക്കി, മെച്ചമാക്കി بَعْضَكُمْ നിങ്ങില്‍ ചിലരെ عَلَىٰ بَعْضٍ ചിലരെക്കാള്‍ فِي الرِّزْقِ ആഹാരത്തില്‍, ഉപജീവനത്തില്‍ فَمَا الَّذِينَ فُضِّلُوا എന്നാല്‍ ശ്രേഷ്ഠ (മെച്ച)മാക്കപ്പെട്ടവര്‍ അല്ല بِرَادِّي മടക്കു (വിട്ടുകൊടുക്കു) ന്നവര്‍ رِزْقِهِمْ അവരുടെ ആഹാരത്തെ عَلَىٰ مَا مَلَكَتْ ഉടമപ്പെടുത്തിയവര്‍ക്ക് أَيْمَانُهُمْ അവരുടെ വലംകൈകള്‍ فَهُمْ എന്നിട്ടു (അങ്ങനെ) അവര്‍ فِيهِ അതില്‍ سَوَاءٌ സമമാണു (എന്നുള്ളതു) أَفَبِنِعْمَةِ അപ്പോള്‍ അനുഗ്രഹത്തെയാണോ اللَّـهِ അല്ലാഹുവിന്റെ يَجْحَدُونَ അവര്‍ നിഷേധിക്കുന്നു, നിരാകരിക്കുന്നു
ആഹാരവിഷയത്തില്‍ – അഥവാ ഉപജീവനമാര്‍ഗ്ഗങ്ങളില്‍ – എല്ലാവരും ഒരേ നിലക്കരായിട്ടല്ല ഉള്ളത്. ചിലര്‍ക്കു കൂടുതലും, ചിലര്‍ക്ക് കഷ്ടിച്ചുമായിക്കൊണ്ടാണു അല്ലാഹു അതു നല്‍കിയിരിക്കുന്നത്. മനുഷ്യന്റെ സാമര്‍ത്ഥ്യമോ, ബുദ്ധിയോ, പ്രാപ്തിയോ അല്ല അതിന്റെ മാനദണ്ഡം. ബാഹ്യമായി നോക്കുമ്പോള്‍ അവക്കും അതില്‍ സ്ഥാനങ്ങളുണ്ടെന്നതു ശരിതന്നെ. പക്ഷേ, യഥാര്‍ത്ഥത്തിലുള്ള മാനദണ്ഡം അല്ലാഹുവിന്റെ നിശ്ചയമാകുന്നു. അല്ലായിരുന്നുവെങ്കില്‍, പ്രാപ്തരും ബുദ്ധിമാന്‍മാരുമായ എല്ലാ വ്യക്തികളും ധനാഢ്യന്‍മാരാകേണ്ടതും, അല്ലാത്തവരെല്ലാം ദരിദ്രന്‍മാരാകേണ്ടതുമായിരുന്നു. ബുദ്ധിമതികളും അതിസമര്‍ത്ഥരുമായ എത്രയോ ആളുകള്‍ ജീവിതക്ലേശം അനുഭവിച്ച് വരുന്നതും, വിവേകമോ പ്രാപ്തിയോ ഇല്ലാത്ത എത്രയോ ആളുകള്‍ ധനസമൃദ്ധിയും സുഖസൗകര്യങ്ങളുമുള്ളവരായി കഴിയുന്നതും നാം കണ്ടുവരുന്നതാണല്ലോ. ഈ യഥാര്‍ത്ഥം മറ്റൊരു സ്ഥലത്തു അല്ലാഹു ഇങ്ങിനെ വ്യക്തമാക്കിയിരിക്കുന്നു: ….أَهُمْ يَقْسِمُونَ رَحْمَتَ رَبِّكَ ۚ نَحْنُ قَسَمْنَا بَيْنَهُم مَّعِيشَتَهُمْ فِي الْحَيَاةِ الدُّنْيَا (അവരാണോ നിന്റെ റബ്ബിന്റെ കാരുണ്യം ഭാഗിച്ചുകൊടുക്കുന്നത്?! ഐഹികജീവിതത്തില്‍ അവരുടെ ജീവിതമാര്‍ഗ്ഗം നാമത്രെ അവര്‍ക്കിടയില്‍ ഭാഗിച്ചിരിക്കുന്നത്. അവരില്‍ ചിലരെ ചിലര്‍ക്കുമീതെ പലപടികള്‍ നാം ഉയര്‍ത്തുകയും ചെയ്തിരിക്കുന്നു… (സുഖ്റുഫ്: 32). ഇങ്ങനെ ജീവിതമാര്‍ഗ്ഗം വ്യത്യസ്ത രീതിയിലാക്കി നിശ്ചയിക്കുവാനുള്ള ചില കാരണങ്ങളും അവിടെ അല്ലാഹു എടുത്തുകാണിച്ചിട്ടുണ്ട്. കൂടുതല്‍ വിവരത്തിനു അവിടെ നോക്കുക.
പ്രസ്തുത തത്വം വിവരിക്കലല്ല ഇവിടെ ഉദ്ദേശ്യം. അല്ലാഹുവിന്റെ അടിമയായ മനുഷ്യന്‍ അല്ലാഹു അല്ലാത്തവരെ ആരാധിക്കുകയും, അല്ലാഹുവിന്റെ അധികാരാവകാശങ്ങളെ അവര്‍ക്കു വകവെച്ചുകൊടുക്കുകയും ചെയ്യുകയെന്ന ശിര്‍ക്കിന്റെ അര്‍ത്ഥശൂന്യത ഒരു ഉദാഹരണത്തിലൂടെ ചൂണ്ടിക്കാട്ടുകയാണു ഈ വചനത്തിന്റെ താല്‍പര്യം. എല്ലാവര്‍ക്കും ഒരേ തോതിലല്ല അല്ലാഹു ഉപജീവനമാര്‍ഗ്ഗം നല്‍കിയിരിക്കുന്നത്. യജമാനന്‍മാരെ ആശ്രയിച്ചു കഴിയുന്ന അടിമകള്‍ നിര്‍ധനരായിരിക്കും. എന്നാല്‍, യജമാന വര്‍ഗ്ഗം തങ്ങളുടെ പക്കലുള്ള തങ്ങളുടെ അടിമകള്‍ക്കു വിട്ടുകൊടുത്തുകൊണ്ടു അവരെയും പങ്കുകാരാക്കി ഇരുകൂട്ടരും അതില്‍ സമാവകാശികളാകാറില്ല. അഥവാ അതിന്നവര്‍ കൂട്ടാക്കുകയില്ല. അതേ സമയത്ത്, അല്ലാഹുവിന്റെ അടിമയും ഉടമയുമായ ചില സൃഷ്ടികള്‍ക്കു അവര്‍ അല്ലാഹുവിന്റെ അധികാരാവകാശങ്ങള്‍ വകവെച്ചു കൊടുക്കുകയും ചെയ്യുന്നു. അഥവാ അവരെ ആരാധിക്കുകയും, അല്ലാഹു നല്‍കിയ സ്വത്തില്‍ ഒരു പങ്കു നേര്‍ച്ച വഴിപാടുകളും മറ്റും വഴി അവര്‍ക്കു നീക്കിവെക്കുകയും ചെയ്യുന്നു. അങ്ങനെ, തങ്ങള്‍ക്കവകാശപ്പെട്ടത് തങ്ങളുടെ അടിമകള്‍ക്കു വിട്ടുകൊടുക്കുവാന്‍ തയ്യാറില്ലാത്ത അവര്‍ അല്ലാഹുവിന്റെ അവകാശങ്ങള്‍ അവന്റെ അടിമകള്‍ക്കു വിട്ടുകൊടുത്തു അവരെ അവനോടു സമമാക്കുന്നു. അല്ലാഹു അവര്‍ക്കു നല്‍കിയിട്ടുള്ള അനുഗ്രഹത്തെ നിഷേധിക്കലും അവനോടു കാണിക്കുന്ന ഒരു ധിക്കാരവുമാണിത്. ഇതത്രെ ഈ വചനത്തിലടങ്ങിയ ആശയത്തിന്റെ ചുരുക്കം. വഴിയെ ഉദ്ധരിക്കുന്ന സൂ: റൂമിലെ 28-ാം വചനത്തില്‍ നിന്നു ഈ ആശയം കുറേക്കൂടി വ്യക്തമായി മനസ്സിലാക്കാം.
مَا مَلَكَتْ أَيْمَانُهُمْ (അവരുടെ വലങ്കൈകള്‍ ഉടമയാക്കിയവര്‍) എന്നു പറഞ്ഞതു അടിമകളെ ഉദ്ദേശിച്ചാകുന്നു. ഈ വാക്കിന്റെ അര്‍ത്ഥത്തെയും പ്രയോഗത്തെയും സംബന്ധിച്ചും, അതിനു വികൃതമായ ചില അര്‍ത്ഥങ്ങള്‍ നല്‍കിക്കൊണ്ടു ഇസ്ലാമില്‍ അടിമത്തം എന്നൊന്നു അംഗീകരിക്കപ്പെട്ടിട്ടില്ലെന്ന ചിലരുടെ വാദത്തെ സംബന്ധിച്ചും സൂ: മുഅ്മിനൂന്റെ ശേഷം കൊടുത്തിട്ടുള്ള വ്യാഖ്യാനകുറിപ്പിലും, ഇസ്ലാമില്‍ അംഗീകരിക്കപ്പെട്ടിട്ടുള്ള അടിമത്തത്തെപ്പറ്റി സൂ: അഹ്സാബിനു ശേഷമുള്ള വ്യാഖ്യാനക്കുറിപ്പിലും വിവരിച്ചിട്ടുണ്ട്. പ്രസ്തുത വാദക്കാരായ ചിലര്‍ മറ്റൊരു പുത്തന്‍ ചിന്താഗതിക്കു ഖുര്‍ആന്റെ സാധൂകരണമുണ്ടെന്നു വരുത്തുവാന്‍വേണ്ടി ഈ വചനത്തിനു ഒരു പുതിയ അര്‍ത്ഥവ്യാഖ്യാനം നല്‍കിക്കാണുന്നു. കാലത്തിന്റെ ഒഴുക്കിനൊത്തു ഖുര്‍ആനെ വ്യാഖ്യാനിക്കുന്നതിലുള്ള താല്‍പര്യവും അത്തരം വ്യാഖ്യാനങ്ങള്‍ പുറപ്പെടുവിക്കുന്നതിലുള്ള അഭിമാനവുമാണു അതിന്റെ പിന്നിലുള്ളതെന്നു അല്‍പം ചിന്തിക്കുന്നവര്‍ക്കു മനസ്സിലാകുന്നതാണ്.
ആഹാരവിഷയത്തില്‍ മെച്ചം ലഭിച്ചവര്‍ തങ്ങളുടെ ആവശ്യം കഴിച്ചു ബാക്കിയുള്ളതു തങ്ങളുടെ വേലക്കാര്‍, ജോലിക്കാര്‍ മുതലായ സാധുക്കള്‍ക്കു നല്‍കേണ്ടതാണെന്നുള്ള തത്വത്തില്‍ ആര്‍ക്കും തര്‍ക്കമില്ല. ചിലപ്പോഴൊക്കെ നിയമദൃഷ്ട്യാ തന്നെ അതു വളരെ കര്‍ശനമായ ഒരു നിര്‍ബ്ബന്ധം കൂടിയായിരിക്കുകയും ചെയ്യും. എന്നാല്‍, ആവശ്യം കഴിച്ചു മിച്ചമുള്ളതിലെല്ലാം അവര്‍ സമാവകാശികളാണെന്നും, അതു നിര്‍ബ്ബന്ധമാണെന്നുമുള്ള സിദ്ധാന്തം ഇസ്ലാമികമോ ഖുര്‍ആനികമോ അല്ല. ഖുര്‍ആന്‍ ഒരു പഴഞ്ചനല്ലെന്നുള്ളതിനോടും നാം തികച്ചും യോജിക്കുന്നു. എന്നാലതു ഒരു നവീന ഗ്രന്ഥമാണോ? അതുമല്ല, പഴഞ്ചനനും നവീനവുമല്ലാത്ത – അഥവാ പഴയകാലത്തേക്കും നവീനകാലത്തേക്കും ഒരുപോലെ യുക്തവും പ്രായോഗികവുമായ ഒരു ഗ്രന്ഥമാണതു എന്നുള്ളതാണു വാസ്തവം. സന്ദര്‍ഭം മറ്റൊന്നായതുകൊണ്ടു ഈ വിഷയകമായി ഇവിടെ കൂടുതലൊന്നും വിവരിക്കുന്നില്ല. എന്നാലും ചില സംഗതികള്‍ ഇവിടെ ഓര്‍ക്കേണ്ടിയിരിക്കുന്നു:-
(1) مَا مَلَكَتْ أَيْمَانُهُمْ എന്ന വാക്കിനു ‘അവരുടെ നിയന്ത്രണത്തിന്‍ കീഴിലുള്ളവര്‍’ എന്നു അര്‍ത്ഥം കല്‍പിക്കുകയും, തങ്ങളുടെ കീഴിലുള്ള ജോലിക്കാരും വേലക്കാരുമൊക്കെയാണു അതുകൊണ്ടുദ്ദേശിക്കപ്പെട്ടിരിക്കുന്നതെന്നു വ്യാഖ്യാനിക്കുകയും ചെയ്തത് ശരിയല്ല. ഭാഷാസാഹിത്യത്തിലോ ഖുര്‍ആനിലോ അതിനു തെളിവുമില്ല. (2)فَهُمْ فِيهِ سَوَاءٌ എന്ന വാക്കിനു ‘വാസ്തവത്തില്‍ അവര്‍ അതില്‍ സമാവകാശികളാകുന്നു’വെന്നു അര്‍ത്ഥം കല്‍പിച്ചതും, ആവശ്യം കഴിച്ചു മിച്ചമുള്ള ആഹാരം അത്തരക്കാര്‍ക്ക് നല്‍കണമെന്നാണ് ഇതുമൂലം ഖുര്‍ആന്‍ ഉല്‍ബോധിപ്പിക്കുന്നതെന്നു വ്യാഖ്യാനിച്ചതും ഇവര്‍ കരുതിക്കൂട്ടി നടത്തിയ ഒരു കയ്യേറ്റമായേ മനസ്സിലാക്കുവാന്‍ കഴിയുന്നുള്ളു. فَهُمْ (ഫഹും) എന്നതിന്റെ സ്ഥാനത്തു وَهُمْ (വഹും) എന്നായിരുന്നു ഉള്ളതെങ്കില്‍ ഈ അര്‍ത്ഥവ്യാഖ്യാനം ഒരു വിധത്തിലെങ്കിലും വകവെച്ചുകൊടുക്കാമായിരുന്നു. അറബിഭാഷയെയും, അറബി സാഹിത്യശാസ്ത്രങ്ങളെയും കുറിച്ചു സ്വല്‍പം പരിചയമുള്ളവര്‍ക്ക് ഈ സംഗതി വേഗത്തില്‍ മനസ്സിലാകും. അല്ലാത്തവരെ സംബന്ധിച്ചിടത്തോളം കുറച്ചൊരു വിശദീകരണം ആവശ്യമായി വന്നേക്കും. അതിനിവിടെ സൗകര്യം പോരതാനും. ഖുര്‍ആന്‍ അവതരിച്ചു പതിനാല് നൂറ്റാണ്ടുകള്‍ പിന്നിടുന്നതുവരെ ഒരു പണ്ഡിതന്നും ഒരു വ്യാഖ്യാതാവിന്നും കണ്ടുപിടിക്കുവാന്‍ കഴിയാത്ത ഒരു പുതിയ അര്‍ത്ഥകല്‍പനയാണ് ഇവര്‍ സമര്‍പ്പിച്ചിരിക്കുന്നതു എന്നുള്ളതുതന്നെ നിഷ്പക്ഷബുദ്ധിയുള്ളവര്‍ക്ക് വാസ്തവം ഗ്രഹിക്കുവാന്‍ മതിയായ ഒരു തെളിവാണല്ലോ.
(3) പുതുതായി രംഗപ്രവേശം ചെയ്യുന്നതും ജനമദ്ധ്യെ പ്രചാരമുള്ളതുമായ നവീനാശയങ്ങള്‍ക്കു ഖുര്‍ആന്റെ അംഗീകാരമുണ്ടെന്നും, ഖുര്‍ആന്‍ മുമ്പുതന്നെ അത് പ്രഖ്യാപിച്ചിട്ടുണ്ടെന്നും വരുത്തുന്നതില്‍ ചില ആധുനിക പണ്ഡിതന്‍മാര്‍ സത്യദീക്ഷയില്ലാത്തവിധം അമിതമായ താല്‍പര്യം കാണിക്കാറുണ്ട്. അക്കൂട്ടത്തില്‍ ഒന്നാണ് കാറല്‍ മാര്‍ക്സിന്റെ സ്ഥിതി സമത്വവാദ (സോഷ്യലിസ) ത്തിനു ഒപ്പിക്കുവാന്‍ വേണ്ടിയുള്ള ഈ ശ്രമവും. പ്രത്യക്ഷത്തില്‍ ഇതു ഖുര്‍ആന്റെ ഒരു മഹത്വമാണെന്നു വരുത്താനുള്ള ഒരു ശ്രമമാണെന്ന് തോന്നാമെങ്കിലും യഥാര്‍ത്ഥത്തില്‍ ഖുര്‍ആനെ ദുര്‍വ്യാഖ്യാനം ചെയ്ത് തരം താഴ്ത്തലും, അതിന്റെ യഥാര്‍ത്ഥ അദ്ധ്യാപനത്തെ വികൃതമാക്കലുമാകുന്നു. കാറല്‍ മാര്‍ക്സിന്റെ സാമ്പത്തിക സിദ്ധാന്തവും, ഖുര്‍ആന്റെ സാമ്പത്തിക സിദ്ധാന്തവും തമ്മില്‍ ഏതെങ്കിലും ചില വിശദാംശങ്ങളില്‍ യോജിപ്പുണ്ടായേക്കുമെന്നതൊഴിച്ചാല്‍, അടിസ്ഥാനപരമായി രണ്ടും പരസ്പരം യോജിക്കുകയില്ലെന്നുള്ളതാണു യഥാര്‍ത്ഥം. (4) ഇവരുടെ വ്യാഖ്യാനപ്രകാരം, ആവശ്യം കഴിച്ചു മിച്ചമുള്ള ആഹാരം വേലക്കാര്‍, ജോലിക്കാര്‍ മുതലായവര്‍ക്കു അവകാശപ്പെട്ടതാണെന്നാണല്ലോ ഖുര്‍ആന്‍ ഉല്‍ബോധിപ്പിക്കുന്നത്. ‘അവരുടെ ആഹാരം’ എന്നര്‍ത്ഥമായ رِزْقُهُمْ എന്ന വാക്കിനു ‘അവരുടെ കയ്യിലുള്ള ആഹാരം’ എന്നാണു ഇവര്‍ അര്‍ത്ഥം കല്‍പിച്ചിരിക്കുന്നത്. വ്യാഖ്യാനവേളയിലാകട്ടെ, ‘അവരുടെ ആവശ്യം കഴിച്ചു മിച്ചമുള്ള ആഹാരം’ എന്നാക്കി മാറ്റുകയും ചെയ്തിരിക്കുന്നു. ഇതു ഖുര്‍ആനെ മാര്‍ക്സിസത്തോടു യോജിപ്പിക്കുവാനുള്ള സൗകര്യാര്‍ത്ഥമായിരിക്കാം. അല്ലെങ്കില്‍ ‘അവരുടെ ആഹാരം’ എന്നു അല്ലാഹു പറഞ്ഞതിനെ ‘ആവശ്യം കഴിച്ചു മിച്ചമുള്ളതാ’ക്കുവാന്‍ എന്താണ് ന്യായം?
(5) ഈ വചനത്തിന്റെ ആശയം നാം മുകളില്‍ വിവരിച്ചപോലെയാണെന്നും, ഇവരുടെ ഈ അര്‍ത്ഥ വ്യാഖ്യാനം ശരിയല്ലെന്നും കുറേക്കൂടി വ്യക്തമായി മനസ്സിലാക്കുവാന്‍ ഉതകുന്ന മറ്റൊരു വചനം നോക്കുക:
ضَرَبَ لَكُم مَّثَلًا مِّنْ أَنفُسِكُمْ ۖ هَل لَّكُم مِّن مَّا مَلَكَتْ أَيْمَانُكُم مِّن شُرَكَاءَ فِي مَا رَزَقْنَاكُمْ فَأَنتُمْ فِيهِ سَوَاءٌ تَخَافُونَهُمْ كَخِيفَتِكُمْ أَنفُسَكُمْ ۚ كَذَٰلِكَ نُفَصِّلُ الْآيَاتِ لِقَوْمٍ يَعْقِلُونَ : الروم: ٢٨
ഈ വചനത്തിനു അതേ ആളുകള്‍ തന്നെ കല്‍പ്പിച്ച അര്‍ത്ഥം ഇപ്രകാരമാണ്. ‘നിങ്ങളില്‍ നിന്നുതന്നെ അല്ലാഹു നിങ്ങള്‍ക്കിതാ ഒരു ഉപമ എടുത്തുകാണിക്കുന്നു. നിങ്ങളുടെ നിയന്ത്രണത്തിന്‍ കീഴില്‍ ജീവിക്കുന്നവരില്‍ നിന്നും നിങ്ങള്‍ക്കു നാം നല്‍കിയ ധനത്തില്‍ വല്ല പങ്കാളികളും ഉണ്ടോ? എന്നിട്ടു നിങ്ങള്‍ അതില്‍ സമാവകാശികളായിരിക്കുകയും, നിങ്ങളുടെ സ്വന്തം ആളുകളെ ഭയപ്പെടുംപോലെ അവരെ നിങ്ങള്‍ ഭയപ്പെടുകയും ചെയ്യുന്നുണ്ടോ? ബുദ്ധി ഉപയോഗിക്കുന്ന ജനതക്കുവേണ്ടി ഇങ്ങനെയാണു നാം ദൃഷ്ടാന്തങ്ങള്‍ വിവരിക്കുന്നത്’. (റൂം:28). ഇതില്‍ مَّا مَلَكَتْ أَيْمَانُكُم എന്ന വാക്കിനു ‘നിയന്ത്രണത്തിന്‍ കീഴില്‍ ജീവിക്കുന്നവര്‍’ എന്നു അര്‍ത്ഥം കല്‍പിച്ചതു ഒഴിവാക്കിയാല്‍, ഈ വചനത്തിന്റെ ആശയം ശരിയായ രൂപത്തില്‍ തന്നെ ഇവരും സ്വീകരിച്ചിരിക്കുകയാണ്. فَأَنتُمْ فِيهِ سَوَاءٌ എന്ന വാക്കിനു ‘വാസ്തവത്തില്‍ അവരതില്‍ സമാവകാശികളാണു’ എന്നു ഇവരും ഇവിടെ അര്‍ത്ഥമാക്കുന്നില്ലതാനും. അപ്പോള്‍, സൂ: റൂമില്‍ അതിനു ശരിക്കു അര്‍ത്ഥം കല്പിക്കുന്ന ഇവർ ഈ വചനത്തിൽ ആ വാക്കിനു ഇങ്ങനെ ഒരു പുതിയ അർത്ഥം കല്‍പ്പിച്ചുണ്ടാക്കിയതിന്റെ പിന്നിലുള്ള മനസ്സിലിരിപ്പു എന്തായിരിക്കുമെന്നു ആലോചിച്ച് നോക്കൂ! അല്ലാഹു നമ്മെയെല്ലാവരെയും സല്‍ബുദ്ധിയും സത്യം സ്വീകരിക്കുവാനുള്ള സന്‍മനസ്സും നല്‍കപ്പെട്ട സജ്ജനങ്ങളില്‍ ഉള്‍പ്പെടുത്തട്ടെ. ആമീന്‍.
- وَٱللَّهُ جَعَلَ لَكُم مِّنْ أَنفُسِكُمْ أَزْوَٰجًا وَجَعَلَ لَكُم مِّنْ أَزْوَٰجِكُم بَنِينَ وَحَفَدَةً وَرَزَقَكُم مِّنَ ٱلطَّيِّبَـٰتِ ۚ أَفَبِٱلْبَـٰطِلِ يُؤْمِنُونَ وَبِنِعْمَتِ ٱللَّهِ هُمْ يَكْفُرُونَ ﴾٧٢﴿
- അല്ലാഹു നിങ്ങള്‍ക്ക് നിങ്ങളില്‍നിന്നുതന്നെ ഇണകളെ ഏര്‍പ്പെടുത്തുകയും ചെയ്തിരിക്കുന്നു; നിങ്ങളുടെ ഇണകളില്‍നിന്നു നിങ്ങള്‍ക്കു മക്കളെയും, പേരമക്കളെയും അവന്‍ ഉണ്ടാക്കിത്തരികയും ചെയ്തിരിക്കുന്നു; നല്ല (വിശിഷ്ട)വസ്തുക്കളില്‍ നിന്നു നിങ്ങള്‍ക്കു അവന്‍ ഉപജീവനം നല്‍കുകയും ചെയ്തിരിക്കുന്നു.
എന്നിരിക്കെ, അയഥാര്‍ത്ഥമായതിലാണോ അവര്‍ വിശ്വസിക്കുന്നത്?! അല്ലാഹുവിന്റെ അനുഗ്രഹത്തിലാകട്ടെ, അവര്‍ അവിശ്വസി(ച്ചു നിഷേധി)ക്കുകയും ചെയ്യന്നു(വോ)? - وَاللَّـهُ അല്ലാഹു, അല്ലാഹുവത്രെ جَعَلَ ആക്കിയിരിക്കുന്നു, ഏര്‍പ്പെടുത്തിയതും لَكُم നിങ്ങള്‍ക്കു مِّنْ أَنفُسِكُمْ നിങ്ങളുടെ സ്വന്തങ്ങളില്‍നിന്നു, നിങ്ങളില്‍ (നിങ്ങളുടെ കൂട്ടത്തില്‍) നിന്നു തന്നെ أَزْوَاجًا ഇണകളെ, ഭാര്യമാരെ وَجَعَلَ അവന്‍ ഉണ്ടാക്കുക (ഏര്‍പ്പെടുത്തുക)യും ചെയ്തു لَكُم നിങ്ങള്‍ക്കു مِّنْ أَزْوَاجِكُم നിങ്ങളുടെ ഇണ (ഭാര്യ) കളില്‍നിന്നു بَنِينَ മക്കളെ وَحَفَدَةً പേരമക്കളെയും, പൗത്രരെയും وَرَزَقَكُم നിങ്ങള്‍ക്കവന്‍ നല്‍കുകയും ചെയ്തു مِّنَ الطَّيِّبَاتِ നല്ല (വിശിഷ്ട - പരിശുദ്ധ)വസ്തുക്കളില്‍ നിന്നു أَفَبِالْبَاطِلِ എന്നിരിക്കെ (അപ്പോള്‍) അയഥാര്‍ത്ഥ (നിരര്‍ത്ഥ) മായതിലോ يُؤْمِنُونَ അവര്‍ വിശ്വസിക്കുന്നു وَبِنِعْمَتِ അനുഗ്രഹത്തിലാകട്ടെ, അനുഗ്രഹത്തെ اللَّـهِ അല്ലാഹുവിന്റെ هُمْ അവര്‍ يَكْفُرُونَ അവിശ്വസിക്കുന്നു, നിഷേധിക്കുന്നു
- وَيَعْبُدُونَ مِن دُونِ ٱللَّهِ مَا لَا يَمْلِكُ لَهُمْ رِزْقًا مِّنَ ٱلسَّمَـٰوَٰتِ وَٱلْأَرْضِ شَيْـًٔا وَلَا يَسْتَطِيعُونَ ﴾٧٣﴿
- അല്ലാഹുവിനു പുറമെ അവര്‍ ആരാധിക്കുകയും ചെയ്യുന്നു, ആകാശങ്ങളില്‍ നിന്നും, ഭൂമിയില്‍ നിന്നും അവര്‍ക്കുവല്ലതും ആഹാരം നല്‍കുവാന്‍ പ്രാപ്തമാകുകയാകട്ടെ, (വല്ല കാര്യത്തിന്നും) സാധ്യമാകുകയാകട്ടെ ചെയ്യാത്തവയെ.
- وَيَعْبُدُونَ അവര്‍ ആരാധിക്കുകയും ചെയ്യുന്നു مِن دُونِ اللَّـهِ അല്ലാഹുവിനു പുറമെ, കൂടാതെ مَا لَا يَمْلِكُ അധീനമാക്കാത്ത (സാധിക്കാത്ത - പ്രാപ്തമാകാത്ത)തിനെ لَهُمْ അവര്‍ക്കു رِزْقًا ഉപജീവനത്തിനു, ആഹാരം നല്‍കുവാന്‍ مِّنَ السَّمَاوَاتِ ആകാശങ്ങളില്‍ നിന്നു وَالْأَرْضِ ഭൂമിയില്‍ നിന്നും شَيْئًا യാതൊന്നും, ഒട്ടും, വല്ലതും, ഒരു വസ്തുവും وَلَا يَسْتَطِيعُونَ അവര്‍ക്കു സാധ്യമാകുകയുമില്ല
- فَلَا تَضْرِبُوا۟ لِلَّهِ ٱلْأَمْثَالَ ۚ إِنَّ ٱللَّهَ يَعْلَمُ وَأَنتُمْ لَا تَعْلَمُونَ ﴾٧٤﴿
- അപ്പോള്‍, നിങ്ങള്‍ അല്ലാഹുവിനു ഉപമകള്‍ ഉണ്ടാക്കരുത്. നിശ്ചയമായും അല്ലാഹു, (യഥാര്‍ത്ഥം) അറിയുന്നു; നിങ്ങളാകട്ടെ, അറിയുന്നില്ലതാനും.
- فَلَا تَضْرِبُوا എന്നിരിക്കെ നിങ്ങള്‍ വിവരിക്കരുത് (ഉണ്ടാക്കരുതു) لِلَّـهِ അല്ലാഹുവിനു الْأَمْثَالَ ഉപമ (ഉദാഹരണം) കളെ إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു يَعْلَمُ അറിയുന്നു وَأَنتُمْ നിങ്ങളാകട്ടെ لَا تَعْلَمُونَ നിങ്ങള്‍ അറിയുന്നുമില്ല, നിങ്ങള്‍ക്കറിഞ്ഞുകൂടാ
മേല്‍ പ്രസ്താവിച്ച അനുഗ്രഹങ്ങളെല്ലാം നല്‍കുന്നതു അല്ലാഹുവാകുന്നു. അവരുടെ ആരാധ്യ ദൈവങ്ങള്‍ അവയൊന്നും തന്നെ നല്‍കുന്നില്ല. അവര്‍ക്കതിനു സാധ്യവുമല്ല. എന്നിരിക്കെ, അനുഗ്രഹദാതാവായ അല്ലാഹുവിനെ വിട്ടേച്ച് ഒരു നന്മയും ചെയ്‌വാന്‍ കഴിയാത്തവയെ അല്ലാഹുവിനു തുല്യമാക്കി ആരാധിച്ചുവരുന്നതിന്റെ നിരര്‍ത്ഥതയും, അപലപനീയതയും ചൂണ്ടിക്കാട്ടുകയാണ്. ആകാശത്തുനിന്നു മഴ വര്‍ഷിപ്പിച്ചും, ഭൂമിയില്‍നിന്നു ഉല്‍പന്നങ്ങള്‍ ഉല്‍പാദിപ്പിച്ചുകൊണ്ടും അല്ലാഹു ഉപജീവന മാര്‍ഗ്ഗം മനുഷ്യനു ഒരുക്കിക്കൊടുക്കുന്നു. അവരുടെ ആരാധ്യ വസ്തുക്കള്‍ക്കു അതിനും കഴിവില്ല. എന്നിട്ടും അവയെയാണു അവര്‍ ആരാധിക്കുന്നതു എന്നത്രെ 73-ാം വചനത്തില്‍ പറഞ്ഞതിന്റെ സാരം. അല്ലാഹുവിന്റെ അധികാരാവകാശങ്ങളിലോ, പ്രവര്‍ത്തനങ്ങളിലോ ഏതെങ്കിലും വസ്തുവിന്നു അവനോടു സമത്വവും, സാദൃശ്യവും സങ്കല്‍പിക്കുന്നതില്‍ നിന്നാണല്ലോ ശിര്‍ക്കു ഉല്‍ഭവിക്കുന്നത്. യഥാര്‍ത്ഥം മുകളില്‍ പറഞ്ഞ പ്രകാരമായിരിക്കെ, അത്തരത്തിലുള്ള യാതൊരു ഉപമയും സാദൃശ്യവും അവനു ഉണ്ടാക്കിത്തീര്‍ക്കരുതെന്നും, അതിന്റെ ഗൗരവവും അതുമൂലം നേരിടുന്ന ഭവിഷ്യത്തുകളും അല്ലാഹുവിനാണ് അറിയുക – നിങ്ങള്‍ക്കറിയുകയില്ല – അതുകൊണ്ടാണു ഇങ്ങിനെയൊക്കെ വിസ്തരിച്ചും ആവര്‍ത്തിച്ചും വിവരിക്കുന്നതെന്നുമാണ് 74-ാം വചനത്തിന്റെ താല്‍പര്യം.
- ضَرَبَ ٱللَّهُ مَثَلًا عَبْدًا مَّمْلُوكًا لَّا يَقْدِرُ عَلَىٰ شَىْءٍ وَمَن رَّزَقْنَـٰهُ مِنَّا رِزْقًا حَسَنًا فَهُوَ يُنفِقُ مِنْهُ سِرًّا وَجَهْرًا ۖ هَلْ يَسْتَوُۥنَ ۚ ٱلْحَمْدُ لِلَّهِ ۚ بَلْ أَكْثَرُهُمْ لَا يَعْلَمُونَ ﴾٧٥﴿
- അല്ലാഹു ഒരു ഉപമവിവരിക്കുകയാണു: ഒരു കാര്യത്തിനും കഴിയാത്ത ഉടമയാക്കപ്പെട്ട ഒരു അടിമയെ(യും), - യാതൊരുവനെയും: അവനു നമ്മുടെ വകയായി നാം നല്ലതായ ഉപജീവനം നല്‍കിയിരിക്കുന്നു: എന്നിട്ടു അവന്‍ അതില്‍നിന്നു രഹസ്യമായും, പരസ്യമായും ചിലവഴിച്ചു വരുകയും ചെയ്യുന്നു. (ഇങ്ങിനെയുള്ളവനെയും). ഇവര്‍ [ഇങ്ങിനെയുള്ളവര്‍] സമമാകുമോ?! [ഇല്ലെന്നു തീര്‍ച്ചയാണല്ലോ.]
അല്ലാഹുവിനത്രെ സ്തുതി (മുഴുവനും)! പക്ഷെ, അവരില്‍ അധികമാളും അറിയുന്നില്ല. - ضَرَبَ ആക്കിയിരിക്കുന്നു (വിവരിച്ചിരിക്കുന്നു) اللَّـهُ അല്ലാഹു مَثَلًا ഒരു ഉപമ, ഉദാഹരണം عَبْدًا ഒരടിമയെ مَّمْلُوكًا ഉടമയാക്കപ്പെട്ട لَّا يَقْدِرُ അവനു കഴിയുകയില്ല عَلَىٰ شَيْءٍ ഒരു കാര്യത്തിനും, വസ്തുവിനും وَمَن യാതൊരുവനും رَّزَقْنَاهُ അവനു നാം നല്‍കി مِنَّا നമ്മില്‍നിന്നു, (നമ്മുടെ വക) رِزْقًا ഉപജീവനം, ആഹാരം, ഒരു നല്‍കല്‍ حَسَنًا നല്ലതായ فَهُوَ എന്നിട്ടവന്‍ يُنفِقُ ചിലവഴിക്കുന്നു مِنْهُ അതില്‍നിന്നു سِرًّا രഹസ്യമായി وَجَهْرًا പരസ്യമായും هَلْ يَسْتَوُونَ അവര്‍ സമമാകുമോ الْحَمْدُ സ്തുതി (സര്‍വ്വവും - മുഴുവന്‍) لِلَّـهِ അല്ലാഹുവിനാകുന്നു بَلْ പക്ഷെ, എന്നാല്‍ أَكْثَرُهُمْ അവരില്‍ അധികമാളും لَا يَعْلَمُونَ അറിയുകയില്ല, അറിയുന്നില്ല
- وَضَرَبَ ٱللَّهُ مَثَلًا رَّجُلَيْنِ أَحَدُهُمَآ أَبْكَمُ لَا يَقْدِرُ عَلَىٰ شَىْءٍ وَهُوَ كَلٌّ عَلَىٰ مَوْلَىٰهُ أَيْنَمَا يُوَجِّههُّ لَا يَأْتِ بِخَيْرٍ ۖ هَلْ يَسْتَوِى هُوَ وَمَن يَأْمُرُ بِٱلْعَدْلِ ۙ وَهُوَ عَلَىٰ صِرَٰطٍ مُّسْتَقِيمٍ ﴾٧٦﴿
- അല്ലാഹു (വേറെ) ഒരു ഉപമയും വിവരിക്കുന്നു - രണ്ടു പുരുഷന്‍മാരെ: ആ രണ്ടിലൊരുവന്‍ ഊമയാകുന്നു; അവന്നു ഒരു കാര്യത്തിനും കഴിയുകയില്ല; അവനാകട്ടെ, തന്റെ രക്ഷാധികാരിക്കു ഒരു ഭാരവുമാണ്; - അയാള്‍ അവനെ എങ്ങോട്ടു തിരിച്ചുവിട്ടാലും അവന്‍ ഒരു നന്മയും കൊണ്ടുവരുന്നതല്ല. (ഇങ്ങിനെയുള്ള) അവനും (ജനങ്ങളോടു) നീതിയെക്കുറിച്ചു കല്‍പിക്കുനവനും - അവനാകട്ടെ നേരെ (ചൊവ്വാ) യുള്ള പാതയിലുമാണു - സമമാകുമോ?!
- وَضَرَبَ ആക്കുക (വിവരിക്കുക) യും ചെയ്തു, വിവരിക്കുകയുമാണു اللَّـهُ അല്ലാഹു مَثَلًا ഒരു ഉപമ رَّجُلَيْنِ രണ്ടു പുരുഷന്‍മാരെ أَحَدُهُمَا രണ്ടിലൊരുവന്‍ أَبْكَمُ ഊമയാകുന്നു لَا يَقْدِرُ അവനു കഴിയുകയില്ല عَلَىٰ شَيْءٍ ഒരു കാര്യത്തിനും وَهُوَ അവനാകട്ടെ كَلٌّ ഒരു ഭാര(വു)മാണ് عَلَىٰ مَوْلَاهُ അവന്റെ രക്ഷാധികാരിക്കു, യജമാനനു أَيْنَمَا എവിടെത്തന്നെ, എങ്ങോട്ടു يُوَجِّههُّ അയാള്‍ അവനെ തിരിച്ചുവിട്ടാല്‍ لَا يَأْتِ അവന്‍ വരികയില്ല بِخَيْرٍ ഒരു നന്മയും കൊണ്ടു هَلْ يَسْتَوِي സമമാകുമോ هُوَ അവനും وَمَن يَأْمُرُ കല്‍പിക്കുന്നവനും بِالْعَدْلِ നീതിക്ക്, നീതിയെപ്പറ്റി وَهُوَ അവനാകട്ടെ عَلَىٰ صِرَاطٍ പാതയിലുമാണു مُّسْتَقِيمٍ നേരെയുള്ള, ചൊവ്വായ
വിഗ്രഹാരാധനയുടെ നിരര്‍ത്ഥതയും, വിഗ്രഹാരാധകന്‍മാരുടെ ബുദ്ധിശൂന്യതയും വ്യക്തമാക്കുന്ന രണ്ടു ഉപമകളാണു അല്ലാഹു ഈ വചനങ്ങളില്‍ വിവരിക്കുന്നത്: (1) മറ്റൊരാളുടെ ഉടമസ്ഥതയിലുള്ളവനും ഇഷ്ടംപോലെ ഒന്നും പ്രവര്‍ത്തിക്കുവാനുള്ള കഴിവോ സ്വാതന്ത്ര്യമോ ഇല്ലാത്തവനുമായ ഒരടിമ. മാന്യനും, ധനികനും, രഹസ്യ പരസ്യ വ്യത്യാസമില്ലാതെ ഉദാരമായി ചിലവഴിക്കാറുള്ളവനുമായ ഒരു സ്വതന്ത്രന്‍ ഈ രണ്ടുപേരും മനുഷ്യന്‍മാര്‍ തന്നെ. പക്ഷേ, സ്ഥാനമാനങ്ങളിലും, പദവിയിലും, ഉപകാരത്തിലുമൊക്കെ രണ്ടുപേരും തമ്മില്‍ യാതൊരു സാമ്യവുമില്ലല്ലോ. എന്നിരിക്കെ, അന്നദാതാവും, അനുഗ്രഹദാതാവും, സര്‍വ്വജ്ഞനും, സര്‍വ്വശക്തനുമായ അല്ലാഹുവിനോടു യാതൊരു ഗുണദോഷവും ചെയ്‌വാനോ, സ്വന്തം കാര്യങ്ങളെങ്കിലും നിയന്ത്രിക്കുവാനോ കഴിയാത്ത ബിംബങ്ങളെ സമമാക്കുന്നതില്‍പരം വിഡ്ഢിത്തം മറ്റെന്തുണ്ട്?! (2) യാതൊന്നും സംസാരിക്കുവാന്‍ കഴിയാത്തവനും, ഒരു കാര്യത്തിനും ഏല്‍പിച്ചുവിടുവാന്‍ കൊള്ളാത്തവനും, അങ്ങനെ, രക്ഷാകര്‍ത്താക്കള്‍ക്കു ഒരു ഭാരമായി മാത്രം കഴിഞ്ഞുകൂടുന്നവനുമായ ഒരാള്‍ ബുദ്ധിയും, തന്റേടവും ഉള്ളതോടുകൂടി സന്മാര്‍ഗ്ഗനിരതനും, മറ്റുള്ളവര്‍ക്കു സദുപദേശിയുമായി വര്‍ത്തിക്കുന്ന മറ്റൊരാള്‍, മാനുഷിക ഗുണങ്ങളില്‍ ഈ രണ്ടുപേരും സമന്മാരായി ബുദ്ധിയുള്ള ആരെങ്കിലും ധരിക്കുമോ?! എന്നിരിക്കെ, നിര്‍ജ്ജീവികളും, നിശ്ചേഷ്ടങ്ങളുമായ ബിംബങ്ങളെ ലോകരക്ഷിതാവും നിയന്താവുമായ അല്ലാഹുവിനോടു സമപ്പെടുത്തി ആരാധിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നതില്‍പരം വിഡ്ഢിത്തം വേറെ എന്താണുള്ളത്?!
വിഭാഗം - 11
- وَلِلَّهِ غَيْبُ ٱلسَّمَـٰوَٰتِ وَٱلْأَرْضِ ۚ وَمَآ أَمْرُ ٱلسَّاعَةِ إِلَّا كَلَمْحِ ٱلْبَصَرِ أَوْ هُوَ أَقْرَبُ ۚ إِنَّ ٱللَّهَ عَلَىٰ كُلِّ شَىْءٍ قَدِيرٌ ﴾٧٧﴿
- അല്ലാഹുവിന്നത്രെ, ആകാശങ്ങളിലെയും, ഭൂമിയിലെയും അദൃശ്യ (ജ്ഞാന) മുള്ളതു അന്ത്യസമയത്തിന്റെ കാര്യം, കണ്ണിമവെട്ടുന്നതുപോലെ (വേഗത്തില്‍) അല്ലാതെ ഇല്ല; അഥവാ അതു അതിനേക്കാള്‍ അടുപ്പം [വേഗത] ഉള്ളതായിരിക്കും. നിശ്ചയമായും, അല്ലാഹു എല്ലാ കാര്യത്തിനും കഴിവുള്ളവനാണ്.
- وَلِلَّـهِ അല്ലാഹുവിന്നാണു غَيْبُ അദൃശ്യം (അദൃശ്യജ്ഞാനം) السَّمَاوَاتِ ആകാശങ്ങളിലെ وَالْأَرْضِ ഭൂമിയിലെയും وَمَا أَمْرُ കാര്യമല്ല السَّاعَةِ അന്ത്യസമയത്തിന്റെ إِلَّا كَلَمْحِ ഇമവെട്ടുന്നതുപോലെയല്ലാതെ الْبَصَرِ കണ്ണിന്റെ أَوْ هُوَ അല്ലെങ്കില്‍ (അഥവാ) അതു أَقْرَبُ കൂടുതല്‍ (ഏറ്റം) അടുത്തതാകുന്നു إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു عَلَىٰ كُلِّ شَيْءٍ എല്ലാ കാര്യത്തിനും قَدِيرٌ കഴിവുള്ളവനാണ്
അദൃശ്യവിവരങ്ങള്‍ അല്ലാഹുവിനു മാത്രമേ അറിയുകയുള്ളു. അവന്‍ അറിയിച്ചു കൊടുക്കാതെ ആര്‍ക്കും അതറിയാവതല്ല. അദൃശ്യങ്ങളില്‍ വളരെയേറെ പ്രാധാന്യം അര്‍ഹിക്കുന്ന വിഷയമാണു അന്ത്യസമയം. അതെപ്പോള്‍ സംഭവിക്കുമെന്നു അവന്നല്ലാതെ ആര്‍ക്കും അറിയുകയില്ല. അതു സംഭവിക്കുന്നതാകട്ടെ, ഒരു കണ്ണിമവെട്ടുന്നത്ര വേഗത്തിലായിരിക്കും. അല്ലെങ്കില്‍, അതിനേക്കാള്‍ വേഗത്തിലാണെന്നും പറയാവുന്നതാണു എന്നു സാരം. ഇതും അല്ലാഹു മാത്രമേ ആരാധ്യനാകുവാന്‍ പാടുള്ളുവെന്നതിനു മതിയായ കാരണമാണല്ലോ. അടുത്ത വചനങ്ങളില്‍ വീണ്ടും ചില ദൃഷ്ടാന്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു:-
- وَٱللَّهُ أَخْرَجَكُم مِّنۢ بُطُونِ أُمَّهَـٰتِكُمْ لَا تَعْلَمُونَ شَيْـًٔا وَجَعَلَ لَكُمُ ٱلسَّمْعَ وَٱلْأَبْصَـٰرَ وَٱلْأَفْـِٔدَةَ ۙ لَعَلَّكُمْ تَشْكُرُونَ ﴾٧٨﴿
- അല്ലാഹു, നിങ്ങളുടെ മാതാക്കളുടെ വയറുകളില്‍ നിന്നു നിങ്ങള്‍ക്കുയാതൊന്നും അറിഞ്ഞുകൂടാത്ത നിലയില്‍ നിങ്ങളെ പുറത്തുകൊണ്ടുവരുകയും ചെയ്തിരിക്കുന്നു; നിങ്ങള്‍ക്കവന്‍ കേള്‍വിയും, കാഴ്ചകളും, ഹൃദയങ്ങളും ഉണ്ടാക്കിത്തരികയും ചെയ്തിരിക്കുന്നു; നിങ്ങള്‍ നന്ദികാണിച്ചേക്കുവാന്‍ വേണ്ടി.
- وَاللَّـهُ അല്ലാഹു أَخْرَجَكُم നിങ്ങളെ പുറപ്പെടുവിക്കുകയും ചെയ്തു مِّن بُطُونِ വയറുകളില്‍നിന്നു أُمَّهَاتِكُمْ നിങ്ങളുടെ മാതാക്കളുടെ لَا تَعْلَمُونَ നിങ്ങള്‍ക്കറിഞ്ഞുകൂടാത്ത നിലയില്‍ شَيْئًا യാതൊന്നും وَجَعَلَ അവന്‍ ആക്കുക (ഉണ്ടാക്കുക)യും ചെയ്തു لَكُمُ നിങ്ങള്‍ക്കു السَّمْعَ കേള്‍വിയെ وَالْأَبْصَارَ കാഴ്ചകളും, ദൃഷ്ടികളും وَالْأَفْئِدَةَ ഹൃദയങ്ങളും لَعَلَّكُمْ നിങ്ങളാകുവാന്‍വേണ്ടി, നിങ്ങളായേക്കും تَشْكُرُونَ നിങ്ങള്‍ നന്ദി കാണിക്കും
ഹൃദയംകൊണ്ടു ചിന്തിച്ചറിയുവാനോ, കണ്ടും കേട്ടും കാര്യങ്ങള്‍ ഗ്രഹിക്കുവാനോ കഴിയാത്ത അവസ്ഥയിലാണു മനുഷ്യര്‍ ഈ ലോകത്തു ജനിക്കുന്നത്. പിന്നീടു കാര്യങ്ങള്‍ കണ്ടറിയുവാനും കേട്ടുമനസ്സിലാക്കുവാനും ചിന്തിച്ചറിയുവാനുമുള്ള കഴിവു അല്ലാഹു നല്‍കുന്നു. ഇതിനു സദാ നന്ദി കാണിക്കുവാനും കടപ്പെട്ടവനാണു മനുഷ്യന്‍. എന്നിട്ടും ആ കടമ അവന്‍ നിര്‍വ്വഹിക്കുന്നില്ലെന്നു മാത്രമല്ല, അവനല്ലാത്ത വസ്തുക്കളോടു കൂറും ഭക്തിയും കാണിച്ചുകൊണ്ടിരിക്കുകവഴി അവനോടു നന്ദികേടു കാണിക്കുകയാണവന്‍ ചെയ്യുന്നതു എന്നു സാരം. സൂറത്തുല്‍ ഇസ്രാഇല്‍ പറയുന്നു: إِنَّ السَّمْعَ وَالْبَصَرَ وَالْفُؤَادَ كُلُّ أُولَـٰئِكَ كَانَ عَنْهُ مَسْئُولًا (നിശ്ചയമായും, കേള്‍വിയും, കാഴ്ചയും, ഹൃദയങ്ങളുമെല്ലാം തന്നെ അതാതിനെപ്പറ്റി ചോദ്യം ചെയ്യപ്പെടുന്നതാകുന്നു. (ഇസ്രാഉ് 36).
- أَلَمْ يَرَوْا۟ إِلَى ٱلطَّيْرِ مُسَخَّرَٰتٍ فِى جَوِّ ٱلسَّمَآءِ مَا يُمْسِكُهُنَّ إِلَّا ٱللَّهُ ۗ إِنَّ فِى ذَٰلِكَ لَـَٔايَـٰتٍ لِّقَوْمٍ يُؤْمِنُونَ ﴾٧٩﴿
- ആകാശാന്തരീക്ഷത്തില്‍ കീഴ്പെടുത്തപ്പെട്ടവയായിക്കൊണ്ട് (പറക്കുന്ന) പക്ഷികളിലേക്കു അവര്‍ നോക്കിക്കാണുന്നില്ലേ? അവയെ അല്ലാഹു അല്ലാതെ (ആരും) പിടിച്ചു നിറുത്തുന്നില്ല! നിശ്ചയമായും, വിശ്വസിക്കുന്ന ജനങ്ങള്‍ക്കു അതില്‍ പല ദൃഷ്ടാന്തങ്ങളുമുണ്ട്.
- أَلَمْ يَرَوْا അവര്‍ (നോക്കി) കാണുന്നില്ലേ, കണ്ടില്ലേ إِلَى الطَّيْرِ പക്ഷികളിലേക്കു مُسَخَّرَاتٍ കീഴ്പെടുത്ത (നിയന്ത്രിക്ക - വിധേയമാക്ക) പ്പെട്ടവയായിക്കൊണ്ടു فِي جَوِّ അന്തരീക്ഷത്തില്‍, വായുമണ്ഡലത്തില്‍ السَّمَاءِ ആകാശത്തിന്റെ مَا يُمْسِكُهُنَّ അവയെ പിടിച്ചു നിറുത്തുന്നില്ല إِلَّا اللَّـهُ അല്ലാഹു അല്ലാതെ إِنَّ فِي ذَٰلِكَ നിശ്ചയമായും അതിലുണ്ടു لَآيَاتٍ പല ദൃഷ്ടാന്തങ്ങള്‍ لِّقَوْمٍ يُؤْمِنُونَ വിശ്വസിക്കുന്നജനങ്ങള്‍ക്ക്
കരണം മറിയുകയോ, വീണുപോകുകയോ ചെയ്യാതെ, മുകളില്‍നിന്നു പിടിച്ചു നിറുത്തുവാനോ താഴെനിന്നു താങ്ങിനിറുത്തുവാനോ ആരുമില്ലാതെ, പക്ഷികള്‍ യഥേഷ്ടം അന്തരീക്ഷത്തില്‍ പാറിക്കളിക്കുന്ന കാഴ്ച എല്ലാവരും കാണാറുള്ളതാണ്. സത്യവിശ്വാസം സ്വീകരിക്കുവാന്‍ തയ്യാറുള്ളവര്‍ക്കു ഇതില്‍ നിന്നും പല ദൃഷ്ടാന്തങ്ങളും ലഭിക്കുവാനുണ്ടെന്നു അല്ലാഹു ഓര്‍മ്മിപ്പിക്കുന്നു. കീഴ്പോട്ടുവീഴാതെ അന്തരീക്ഷത്തില്‍ പറക്കുവാന്‍ പക്ഷികള്‍ക്കു കഴിയുമാറാകുന്നതിനു ശാസ്ത്രജ്ഞന്‍മാര്‍ക്കു ചില കാരണങ്ങളൊക്കെ പറയുവാനുള്ളതു ശരിതന്നെ. പക്ഷെ, ആ കാരണങ്ങള്‍ ഒരുക്കിയതും, സൃഷ്ടിച്ചുവെച്ചതും അല്ലാഹുവല്ലാതെ മറ്റാരുമല്ലല്ലോ. അതെല്ലാം പ്രകൃതിയുടെ സൃഷ്ടിയാണെന്നു പറഞ്ഞു തൃപ്തിഅടയുന്നവരെ സംബന്ധിച്ചിടത്തോളം അതില്‍ ‘പ്രകൃതിയുടെ വികൃതി’ എന്നതില്‍ കവിഞ്ഞ രഹസ്യമൊന്നും കണ്ടെത്തുവാന്‍ കഴിഞ്ഞില്ലെന്നുവരും. എന്നാല്‍, സത്യാന്വേഷികള്‍ക്കു അതില്‍ നിന്നു വളരെ ദൃഷ്ടാന്തങ്ങള്‍ ലഭിക്കുവാനുണ്ടു നിശ്ചയം. അല്ലാഹു തുടര്‍ന്നുപറയുന്നു:-
- وَٱللَّهُ جَعَلَ لَكُم مِّنۢ بُيُوتِكُمْ سَكَنًا وَجَعَلَ لَكُم مِّن جُلُودِ ٱلْأَنْعَـٰمِ بُيُوتًا تَسْتَخِفُّونَهَا يَوْمَ ظَعْنِكُمْ وَيَوْمَ إِقَامَتِكُمْ ۙ وَمِنْ أَصْوَافِهَا وَأَوْبَارِهَا وَأَشْعَارِهَآ أَثَـٰثًا وَمَتَـٰعًا إِلَىٰ حِينٍ ﴾٨٠﴿
- അല്ലാഹു (തന്നെ), നിങ്ങള്‍ക്കു നിങ്ങളുടെ വീടുകളില്‍നിന്നും താമസം [താമസസൗകര്യം] ഏര്‍പെടുത്തിത്തരുകയും ചെയ്തിരിക്കുന്നു; കാലികളുടെ തോലുകളില്‍ നിന്നു നിങ്ങള്‍ക്കു അവന്‍ വീടുകള്‍ ഏര്‍പ്പെടുത്തിത്തരുകയും ചെയ്തിരിക്കുന്നു; നിങ്ങളുടെ യാത്രാദിവസവും, നിങ്ങളുടെ താമസദിവസവും നിങ്ങള്‍ അവയെ ലഘുവായി ഉപയോഗിക്കുമാറ്.
അവയുടെ രോമങ്ങളില്‍ നിന്നും, സൂചിമുടികളില്‍ നിന്നും, മുടികളില്‍നിന്നും (പല) ഉപകരണങ്ങളും, ഒരുകാലം വരേക്കുള്ള ഉപയോഗവും (അവന്‍) ഏര്‍പ്പെടുത്തിയിരിക്കുന്നു.) - وَاللَّـهُ അല്ലാഹു (തന്നെ) جَعَلَ لَكُم നിങ്ങള്‍ക്കു ഉണ്ടാക്കി (ഏര്‍പെടുത്തി) ത്തന്നു مِّن بُيُوتِكُمْ നിങ്ങളുടെ വീടുകളില്‍നിന്നു سَكَنًا പാര്‍പ്പിടം, താമസം, താമസസൗകര്യം وَجَعَلَ لَكُم നിങ്ങള്‍ക്കവന്‍ ഉണ്ടാക്കുകയും ചെയ്തു مِّن جُلُودِ തോലുകളില്‍ നിന്നു الْأَنْعَامِ കാലികളുടെ بُيُوتًا വീടുകളെ تَسْتَخِفُّونَهَا നിങ്ങളവയെ ലഘുവായി ഉപയോഗിക്കുമാറു يَوْمَ ദിവസം ظَعْنِكُمْ നിങ്ങളുടെ യാത്രയുടെ وَيَوْمَ ദിവസവും إِقَامَتِكُمْ നിങ്ങളുടെ താമസത്തി(പാര്‍പ്പി)ന്റെ وَمِنْ أَصْوَافِهَا അവയുടെ രോമങ്ങളില്‍ നിന്നും وَأَوْبَارِهَا അവയുടെ സൂചിമുടി (കട്ടിയുള്ള മുടി) കളില്‍ നിന്നും وَأَشْعَارِهَا അവയുടെ മുടികളില്‍നിന്നും أَثَاثًا ഉപകരണങ്ങള്‍ وَمَتَاعًا ഉപയോഗവും إِلَىٰ حِينٍ ഒരുകാലം (കുറച്ചു കാലം) വരെ
മനുഷ്യര്‍ക്കു പൊതുവെയും, ഉഷ്ണപ്രദേശങ്ങള്‍, ശൈത്യപ്രദേശങ്ങള്‍, മരുഭൂമികള്‍ മുതലായവയില്‍ വസിക്കുന്നവര്‍ക്കു വിശേഷിച്ചും അല്ലാഹു ഏര്‍പ്പെടുത്തിക്കൊടുത്തിട്ടുള്ള ചില സൗകര്യങ്ങളെ എടുത്തു കാണിക്കുകയാണ്. (1) ചൂടു, തണുപ്പു, വെയില്‍, മഴപോലെയുള്ള ശല്യങ്ങളില്‍നിന്നു സ്വസ്ഥമായി ഇഷ്ടാനുസരണം താമസിക്കുവാനുള്ള വീടുകളുണ്ടാക്കുവാന്‍ മനുഷ്യനു ഏര്‍പ്പാടു ചെയ്തുകൊടുത്തത്. (2) യാത്രകളില്‍ കൂടെകൊണ്ടുപോകുവാനും, താമസത്തിനുദ്ദേശിക്കുമ്പോള്‍ നിഷ്പ്രയാസം കെട്ടിയുണ്ടാക്കുവാനും, ആവശ്യംവരുമ്പോള്‍ വേഗം നീക്കം ചെയ്യാനും സാധിക്കുമാറ് കാലികളുടെ തോലുകൊണ്ട് തമ്പും കൂടാരവുമുണ്ടാക്കുവാന്‍ സൗകര്യപ്പെടുത്തിയത്. (3) ആടുമാടൊട്ടകങ്ങളുടെ രോമങ്ങളും മുടികളും കൊണ്ടു വസ്ത്രം, പുതപ്പു, തമ്പു തുടങ്ങി സന്ദര്‍ഭങ്ങള്‍ക്കൊത്ത പലതരം ഉപകരണങ്ങളുണ്ടാക്കി ഉപയോഗിക്കുവാന്‍ സാധിപ്പിച്ചത്. അതാതിനു വേണ്ടുന്ന വസ്തുക്കളെ സൃഷ്‌ടിച്ചു തന്നതിന്നുപുറമെ, ഓരോന്നും ഉപയോഗപ്പെടുത്തുവാനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ലഭിക്കുന്നതും, ഓരോന്നിനും ഉപയുക്തമായ സാഹചര്യങ്ങള്‍ സിദ്ധിക്കുന്നതും അല്ലാഹുവില്‍നിന്നല്ലാതെ മറ്റാരില്‍നിന്നുമല്ലല്ലോ.
ആടുമാടൊട്ടകങ്ങളാകുന്ന കാലികളാണു أَنْعَام (അന്‍ആമ്). ഓരോന്നിന്റെയും രോമം നേര്‍മ്മയിലും ബലത്തിലും തടിയിലും വ്യത്യസ്ഥമായിരിക്കും. കൂട്ടത്തില്‍ നേരിയതും മിനുത്തതും നെയ്യാടിന്റെ രോമമാകുന്നു. ഇതിനു صوف (രോമം) എന്നു പറയപ്പെടും. കൂടുതല്‍ തടിയും ബലവുമുള്ളതു ഒട്ടകത്തിന്റേതുമാകുന്നു. ഇതിനു وبير (സൂചിമുടി) എന്നും പറയപ്പെടുന്നു. കോലാടിന്റെയും മറ്റും രോമങ്ങള്‍ക്കു പൊതുവെ شعر (മുടി) എന്നും പറയപ്പെടും. (*). ഇവയുടെ ബഹുവചനങ്ങളാണു ക്രമപ്രകാരം أَصْوَاف، أَوْبَار، أَشْعَار എന്നിവ.
(*). الشعر: ما ينبت من مسام البدن ليس بصوف ولاوبرها المنجد
- وَٱللَّهُ جَعَلَ لَكُم مِّمَّا خَلَقَ ظِلَـٰلًا وَجَعَلَ لَكُم مِّنَ ٱلْجِبَالِ أَكْنَـٰنًا وَجَعَلَ لَكُمْ سَرَٰبِيلَ تَقِيكُمُ ٱلْحَرَّ وَسَرَٰبِيلَ تَقِيكُم بَأْسَكُمْ ۚ كَذَٰلِكَ يُتِمُّ نِعْمَتَهُۥ عَلَيْكُمْ لَعَلَّكُمْ تُسْلِمُونَ ﴾٨١﴿
- അല്ലാഹു, അവന്‍ സൃഷ്ടിച്ചതില്‍ നിന്നു നിങ്ങള്‍ക്കു തണലുകള്‍ ഉണ്ടാക്കിത്തരുകയും ചെയ്തിരിക്കുന്നു; മലകളില്‍നിന്നും അവന്‍ നിങ്ങള്‍ക്കു ഒളിയിടങ്ങളും ഉണ്ടാക്കിയിരിക്കുന്നു; നിങ്ങള്‍ക്കു ചൂടുതടുത്തുതരുന്ന ഉടുപ്പുകളെയും നിങ്ങള്‍ക്കവന്‍ ഉണ്ടാക്കിയിരിക്കുന്നു; നിങ്ങളുടെ (യുദ്ധത്തിന്റെ) കാഠിന്യത്തെ നിങ്ങള്‍ക്കു തടുത്തുതരുന്ന ഉടുപ്പുകളെയും (ഉണ്ടാക്കിത്തന്നിരിക്കുന്നു). അപ്രകാരം, അവന്റെ അനുഗ്രഹം അവന്‍ നിങ്ങള്‍ക്കു പൂര്‍ത്തിയാക്കിത്തരുന്നു, നിങ്ങള്‍ (അനുസരിച്ചു) കീഴൊതുങ്ങുവാന്‍ വേണ്ടി.
- وَاللَّـهُ അല്ലാഹു جَعَلَ لَكُم നിങ്ങള്‍ക്കുണ്ടാക്കിത്തന്നു مِّمَّا خَلَقَ അവന്‍ സൃഷ്ടിച്ചതില്‍നിന്നു ظِلَالًا തണലുകളെ وَجَعَلَ لَكُم നിങ്ങള്‍ക്കുണ്ടാക്കുകയും ചെയ്തു مِّنَ الْجِبَالِ മലകളില്‍നിന്നു أَكْنَانًا ഒളിയിടം (മറഞ്ഞിരിക്കുന്ന പതി) കളെ وَجَعَلَ لَكُمْ നിങ്ങള്‍ക്കുണ്ടാക്കുകയും ചെയ്തു سَرَابِيلَ ഉടുപ്പുകള്‍ تَقِيكُمُ നിങ്ങളെ കാത്തുസൂക്ഷിക്കുന്ന, നിങ്ങള്‍ക്കു തടുക്കുന്ന الْحَرَّ ചൂടിനെ (ചൂടില്‍നിന്നു) وَسَرَابِيلَ ഉടുപ്പുകളും تَقِيكُم അവ നിങ്ങളെ കാക്കുന്നു بَأْسَكُمْ നിങ്ങളുടെ (പടയുടെ) ഊക്കിനെ, (യുദ്ധ) കാഠിന്യത്തെ كَذَٰلِكَ അപ്രകാരം يُتِمُّ അവന്‍ പൂര്‍ത്തിയാക്കുന്നു نِعْمَتَهُ അവന്റെ അനുഗ്രഹം عَلَيْكُمْ നിങ്ങളുടെ മേല്‍, നിങ്ങള്‍ക്കു لَعَلَّكُمْ നിങ്ങളാകുവാന്‍ വേണ്ടി, ആയേക്കാം تُسْلِمُونَ നിങ്ങള്‍ കീഴൊതുങ്ങും
ഈ വചനത്തില്‍ എടുത്തുകാണിച്ച അനുഗ്രഹങ്ങള്‍:-
(1) ഉഷ്ണത്തില്‍ നിന്നു രക്ഷ കിട്ടുമാറു തണലേകുന്ന വൃക്ഷങ്ങള്‍, കുന്നുകള്‍, ഭിത്തികള്‍ തുടങ്ങിയ വസ്തുക്കളെ സജ്ജമാക്കിയത്. വെയിലിന്റെ ഉഷ്ണത്തില്‍ തണല്‍ കിട്ടാതിരുന്നാലത്തെ സ്ഥിതി ആരെയും പറഞ്ഞറിയിക്കേണ്ടതില്ലല്ലോ.
(2) വേണ്ടിവരുമ്പോള്‍ അഭയം പ്രാപിക്കുവാനും, ഒളിഞ്ഞിരിക്കുവാനും ഉത്തകുമാറു തുരങ്കങ്ങള്‍, ഗുഹകള്‍, മാളങ്ങള്‍, പൊത്തുകള്‍ മുതലായവ മലകളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. വല്ല ആവശ്യങ്ങള്‍ക്കും വേണ്ടി മലകളിലൂടെ സഞ്ചരിക്കേണ്ടി വരുന്നവര്‍ക്കും ചില അടിയന്തരഘട്ടങ്ങളില്‍ ജീവരക്ഷക്ക് തന്നെയും, ഇത് അത്യന്താപേക്ഷിതമായിരിക്കും.
(3) ഉഷ്ണത്തില്‍ നിന്ന് രക്ഷനല്‍കുന്ന പലതരം ഉടുപ്പും വസ്ത്രവും നല്‍കിയത്.
(4) യുദ്ധവേളയില്‍ നേരിടുന്ന കഠിനപരിക്കുകളില്‍ നിന്ന് രക്ഷകിട്ടുവാനുതകുന്ന പടയങ്കി, പടച്ചട്ട, പടത്തൊപ്പി മുതലായ ഉടുപ്പുകള്‍ ഉണ്ടാക്കുമാറാക്കിയത്. ഇതെല്ലാം ഓര്‍മ്മിപ്പിച്ചശേഷം, ഇങ്ങിനെയുള്ള അനേകമനേകം അനുഗ്രഹങ്ങള്‍ നിങ്ങള്‍ക്ക് അല്ലാഹു ചെയ്തുതന്നിരിക്കുന്നത് നിങ്ങള്‍ അവനെ അനുസരിച്ചും, അവന്നു കീഴൊതുങ്ങിയും, ജീവിക്കുവാന്‍ വേണ്ടിയാണെന്നും ഉണര്‍ത്തിയിരിക്കുന്നു. അതിന് തയ്യാറില്ലാത്തവരെപ്പറ്റി അല്ലാഹു പറയുന്നു:-
- فَإِن تَوَلَّوْا۟ فَإِنَّمَا عَلَيْكَ ٱلْبَلَـٰغُ ٱلْمُبِينُ ﴾٨٢﴿
- എനി, അവര്‍ തിരിഞ്ഞുകളഞ്ഞെങ്കില്‍, എന്നാല്‍, (നബിയേ) നിന്റെമേല്‍ സ്പഷ്ടമായ പ്രബോധനം മാത്രമാണുള്ളത്.
- فَإِن تَوَلَّوْا എനി (എന്നാല്‍) അവര്‍ തിരിഞ്ഞു കളയുകയാണെങ്കില്‍ فَإِنَّمَا എന്നാല്‍ عَلَيْكَ നിന്റെമേല്‍ الْبَلَاغُ എത്തിക്കല്‍, പ്രബോധനം (മാത്രം) الْمُبِينُ സ്പഷ്ടമായ
സന്മാര്‍ഗം വിവരിച്ചുകൊടുക്കുകയല്ലാതെ അവരെ സന്മാര്‍ഗത്തിലാക്കേണ്ട ചുമതല നബി صَلَّى اللَّهُ عَلَيْهِ وَسَلَّمَ ക്കില്ല എന്നുദ്ദേശ്യം.
- يَعْرِفُونَ نِعْمَتَ ٱللَّهِ ثُمَّ يُنكِرُونَهَا وَأَكْثَرُهُمُ ٱلْكَـٰفِرُونَ ﴾٨٣﴿
- അല്ലാഹുവിന്റെ അനുഗ്രഹത്തെ അവര്‍ (ശരിക്കും) അറിയുന്നു; (എന്നിട്ടും) പിന്നെ, അവരതിനെ നിഷേധിക്കുകയാണ്. അവരില്‍ അധികമാളുകള്‍ (നന്ദികെട്ട) അവിശ്വാസികളുമത്രെ.
- يَعْرِفُونَ അവര്‍ അറിയുന്നു نِعْمَتَ اللَّـهِ അല്ലാഹുവിന്റെ അനുഗ്രഹത്തെ ثُمَّ പിന്നെ (എന്നിട്ടും) يُنكِرُونَهَا അവരതിനെ നിഷേധിക്കുന്നു وَأَكْثَرُهُمُ അവരില്‍ അധികം (ആളുകള്‍) الْكَافِرُونَ അവിശ്വാസികളത്രെ, നന്ദികെട്ടവരാണ്
ഇതാണു സത്യനിഷേധികളുടെ സ്ഥിതി. സത്യാവസ്ഥ അറിയാതെ വഴിപിഴച്ചു പോകുകയല്ല അവര്‍ ചെയ്യുന്നത്. അതുകൊണ്ടു അതിന്റെ ഫലം അവര്‍ അനുഭവിക്കുക തന്നെ വേണ്ടിവരും.