11:77
  • وَلَمَّا جَآءَتْ رُسُلُنَا لُوطًا سِىٓءَ بِهِمْ وَضَاقَ بِهِمْ ذَرْعًا وَقَالَ هَٰذَا يَوْمٌ عَصِيبٌ ﴾٧٧﴿
  • നമ്മുടെ ദൂതന്‍മാര്‍ ലൂത്ത്വിന്‍റെ അടുക്കല്‍ ചെന്നപ്പോള്‍ അവര്‍മൂലം അദ്ദേഹത്തിനു വ്യസനം (അഥവാ അനിഷ്ടം) പിടിപെടുകയും, അവര്‍മൂലം മനസ്സിടുങ്ങുകയും ചെയ്തു: 'ഇതൊരു കഠിനമായ ദിവസമാണു' എന്നദ്ദേഹം പറയുകയും ചെയ്തു.
  • وَلَمَّا جَاءَتْ വന്നപ്പോള്‍ رُسُلُنَا നമ്മുടെ ദൂതന്‍മാര്‍ لُوطًا ലൂത്ത്വിന്‍റെ അടുക്കല്‍ سِيءَഅദ്ദേഹത്തിനു അനിഷ്ടമായി (വ്യസനം പിടിപെട്ടു) بِهِمْ അവരെക്കൊണ്ടു, അവര്‍മൂലം وَضَاقَ بِهِمْ അവരെക്കൊണ്ടു (അവരാല്‍) ഇടുങ്ങുകയും ചെയ്തു ذَرْعًا മുഴങ്കൈ (മനസ്സു) وَقَالَ അദ്ദേഹം പറയുകയും ചെയ്തു هَـٰذَا ഇതു يَوْمٌ ഒരു ദിവസമാണു عَصِيبٌ കഠിനമായ, ഞെരുക്കപ്പെട്ട.

ഇബ്രാഹീം (അ) നബിയുടെ അടുക്കല്‍നിന്നു മലക്കുകള്‍ ലൂത്ത് (അ) നബിയുടെ അടുക്കല്‍വന്നു. സുന്ദരന്മാരായ യുവാക്കളുടെ വേഷത്തിലായിരുന്നു അവര്‍ ചെന്നതു ആ നാട്ടുകാരാകട്ടെ, കാമവികാരങ്ങളടക്കുവാന്‍ സ്ത്രീകള്‍ക്കു പകരം പുരുഷന്‍മാരെ ഉപയോഗപ്പെടുത്തുക മുതലായ നീചകൃത്യങ്ങളില്‍ അതിരു കവിഞ്ഞിരിക്കുന്നവരായിരുന്നു. അവരെക്കൊണ്ട് പൊറുതി മുട്ടിയിരിക്കുകയാണു ലൂത്ത്വ് (അ). ഈ സന്ദര്‍ഭത്തില്‍ തന്‍റെ വീട്ടില്‍ ആ യുവാക്കളുടെ സാന്നിദ്ധ്യം പല അനര്‍ത്ഥങ്ങള്‍ക്കും കാരണമായേക്കുമെന്നു അദ്ദേഹം ഭയപ്പെട്ടു. അതാണ്‌ അവര്‍മൂലം അദ്ദേഹത്തിനു വ്യസനവും മനപ്രയാസവും ഉണ്ടാകുവാന്‍ കാരണം. തങ്ങള്‍ മലക്കുകളാണെന്ന വസ്തുത വെളിപ്പെടുത്തുന്നതു വരേക്കും – ഇബ്രാഹീം (അ)നെപ്പോലെത്തന്നെ – അവര്‍ കേവലം മനുഷ്യാതിഥികളായി മാത്രമേ അദ്ദേഹം മനസ്സിലാക്കിയിരുന്നുളളു. മറഞ്ഞ കാര്യം അല്ലാഹുവിനല്ലാതെ ആര്‍ക്കും അറിയുകയില്ലല്ലോ.

ضَاقَ ذَرْعًا എന്ന വാക്കിന്‍റെ സാക്ഷാല്‍ അര്‍ത്ഥം ‘അദ്ദേഹം മുഴങ്കൈ ഇടുങ്ങി’ എന്നാകുന്നു. ‘മനസ്സു മുട്ടി, പ്രയാസം തോന്നി, മനസ്സു ഇടുങ്ങി’ എന്നിങ്ങിനെയുള്ള അര്‍ത്ഥങ്ങളിലാണ് അതിന്‍റെ പ്രയോഗം. നേരെ മറിച്ചു മനസ്സിനു വിശാലതയും വികാസവും തോന്നി എന്ന അര്‍ത്ഥത്തില്‍ طال ذرعا , وسع ذرعا (മുഴങ്കൈ നീണ്ടു, വിശാലമായി) എന്നിങ്ങനെയും പറയപ്പെടാറുണ്ട്.

11:78
  • وَجَآءَهُۥ قَوْمُهُۥ يُهْرَعُونَ إِلَيْهِ وَمِن قَبْلُ كَانُوا۟ يَعْمَلُونَ ٱلسَّيِّـَٔاتِ ۚ قَالَ يَٰقَوْمِ هَٰٓؤُلَآءِ بَنَاتِى هُنَّ أَطْهَرُ لَكُمْ ۖ فَٱتَّقُوا۟ ٱللَّهَ وَلَا تُخْزُونِ فِى ضَيْفِىٓ ۖ أَلَيْسَ مِنكُمْ رَجُلٌ رَّشِيدٌ ﴾٧٨﴿
  • അദ്ദേഹത്തിന്‍റെ ജനങ്ങള്‍ അദ്ദേഹത്തിന്‍റെ അടുക്കലേക്കു (ധൃതിപ്പെട്ടു) ഓടിക്കൊണ്ടുവന്നു. മുമ്പേ അവര്‍ ദുഷ്പ്രവൃത്തികള്‍ ചെയ്തുകൊണ്ടിരിക്കുകയായിരുന്നു.
    അദ്ദേഹം പറഞ്ഞു: 'എന്‍റെ ജനങ്ങളേ, ഇതാ എന്‍റെ പെണ്‍മക്കള്‍; അവര്‍ നിങ്ങള്‍ക്കു വളരെ ശുദ്ധമായുള്ളവരാണ്. [അവരെ നിങ്ങള്‍ക്കു വിവാഹം കഴിച്ചുതരാം] ആകയാല്‍, നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുവിന്‍; എന്‍റെ അതിഥികളുടെ വിഷയത്തില്‍ എന്നെ നിങ്ങള്‍ അപമാനപ്പെടുത്താ തെയുമിരിക്കുവിന്‍. നിങ്ങളുടെ കൂട്ടത്തില്‍ തന്‍റേടമുള്ള ഒരു പുരുഷനുമില്ലേ?!'
  • وَجَاءَهُ അദ്ദേഹത്തിന്‍റെ അടുക്കല്‍ വന്നു قَوْمُهُ അദ്ദേഹത്തിന്‍റെ ജനത يُهْرَعُونَ അവര്‍ (ധൃതിപ്പെട്ടു) കുതിച്ചു (ഓടി)ക്കൊണ്ടു إِلَيْهِ അദ്ദേഹത്തിലേക്കു وَمِن قَبْلُ മുമ്പേ, മുമ്പും كَانُوا അവരായിരുന്നു يَعْمَلُونَ അവര്‍ പ്രവര്‍ത്തിക്കും السَّيِّئَاتِ ദുഷ്പ്രവൃത്തി (തിന്‍മ)കള്‍ قَالَ അദ്ദേഹം പറഞ്ഞു يَا قَوْمِ എന്‍റെ ജനങ്ങളേ هَـٰؤُلَاءِ ഇക്കൂട്ടര്‍, ഇതാ بَنَاتِي എന്‍റെ പുത്രിമാരാണു, എന്‍റെ പെണ്‍മക്കള്‍ هُنَّ അവര്‍ أَطْهَرُ ഏറ്റവും ശുദ്ധമായവരാണു لَكُمْ നിങ്ങള്‍ക്കു فَاتَّقُوا അതിനാല്‍ സൂക്ഷിക്കുവിന്‍ اللَّـهَ അല്ലാഹുവിനെ وَلَا تُخْزُونِ എന്നെ അപമാനപ്പെടുത്തുകയും അരുതു فِي ضَيْفِي എന്‍റെ അതിഥികളില്‍ (വിരുന്നുകാരില്‍) أَلَيْسَ ഇല്ലയോ مِنكُمْ നിങ്ങളില്‍ رَجُلٌ ഒരു പുരുഷന്‍ رَّشِيدٌ തന്‍റേടമുള്ള, നേര്‍മ്മാര്‍ഗ്ഗമുള്ള.
11:79
  • قَالُوا۟ لَقَدْ عَلِمْتَ مَا لَنَا فِى بَنَاتِكَ مِنْ حَقٍّ وَإِنَّكَ لَتَعْلَمُ مَا نُرِيدُ ﴾٧٩﴿
  • അവര്‍ പറഞ്ഞു: 'നിന്‍റെ പെണ്‍മക്കളില്‍ ഞങ്ങള്‍ക്കു ഒരു കാര്യവും [ആവശ്യവും] ഇല്ലെന്നു നിനക്കു അറിവുണ്ടല്ലോ, നിശ്ചയമായും, നിനക്കറിയാം ഞങ്ങള്‍ ഉദ്ദേശിക്കുന്നതെന്താണെന്നും'
  • قَالُوا അവര്‍ പറഞ്ഞു لَقَدْ عَلِمْتَ നീ അറിഞ്ഞിട്ടുണ്ടു, നിനക്കറിവുണ്ടല്ലോ مَا لَنَا ഞങ്ങള്‍ക്കില്ല എന്നു فِي بَنَاتِكَ നിന്‍റെ പെണ്‍മക്കളില്‍ مِنْ حَقٍّ ഒരു കാര്യവും (ആവശ്യവും) وَإِنَّكَ നിശ്ചയമായും നീ لَتَعْلَمُ നീ അറിയുക തന്നെ ചെയ്യും مَا نُرِيدُ ഞങ്ങള്‍ ഉദ്ദേശിക്കുന്നതു.
11:80
  • قَالَ لَوْ أَنَّ لِى بِكُمْ قُوَّةً أَوْ ءَاوِىٓ إِلَىٰ رُكْنٍ شَدِيدٍ ﴾٨٠﴿
  • അദ്ദേഹം പറഞ്ഞു: 'എനിക്കു നിങ്ങളോടു [നിങ്ങളെ തടയുവാന്‍] വല്ല ശക്തിയും ഉണ്ടായിരുന്നെങ്കില്‍! അല്ലെങ്കില്‍, ശക്തിമത്തായ വല്ല ഘടകത്തിലേക്കും (ചെന്നു) അഭയം പ്രാപിക്കാമായിരുന്നെങ്കില്‍! [ഹാ! എത്ര നന്നായേനെ!]
  • قَالَ അദ്ദേഹം പറഞ്ഞു لَوْ أَنَّ لِي എനിക്കുണ്ടായിരുന്നെങ്കില്‍ بِكُمْ നിങ്ങളോടു, നിങ്ങളെപ്പറ്റി قُوَّةً വല്ല ശക്തിയും أَوْ آوِي അല്ലെങ്കില്‍ ഞാന്‍ അഭയം പ്രാപിക്കാമായിരുന്നെങ്കില്‍ إِلَىٰ رُكْنٍ വല്ല ഘടകത്തി (ഭാഗത്തി)ലേക്കും (അവലംബത്തിലേക്കു) شَدِيدٍ ശക്തിമത്തായ, കെട്ടുറപ്പുള്ള.

ലൂത്ത്വ് (അ) ന്‍റെ വീട്ടില്‍ ചില യുവാക്കള്‍ എത്തിയ വിവരം ആ ദുഷ്ടജനങ്ങള്‍ അറിഞ്ഞു. അവര്‍ ധൃതിയില്‍ അവിടെ ഓടിയെത്തി. അദ്ദേഹം വളരെ ഉപദേശിക്കുകയും, ഗുണദോഷിക്കുകയും ചെയ്തു നോക്കി. എന്‍റെ പെണ്‍മക്കളിതാ ഇരിക്കുന്നു. അവര്‍ വിവാഹിതരോ, ദുര്‍നടപ്പുക്കാരോ അല്ല. അവരെ ഞാന്‍ വേണമെങ്കില്‍ നിങ്ങള്‍ക്കു വിവാഹം കഴിച്ചു തരുവാന്‍ തയ്യാറാണ്. അതാണല്ലോ ശുദ്ധിയും വെടിപ്പുമുള്ള കാര്യം. ഏതായാലും എന്‍റെ വീട്ടില്‍ അതിഥികളായി വന്ന ഇവരെ നിങ്ങള്‍ ഒഴിവാക്കണം. അവരോടു അപമര്യാദയായി പെരുമാറി എന്നെ അപമാനിക്കരുത്. നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കണം. ഇതൊക്കെ അവ൯ കാണുമല്ലോ. തന്‍റേടവും വിവേകവുമുള്ള ഒരാളും നിങ്ങളില്‍ ഇല്ലേ! ഉണ്ടെങ്കില്‍ ഇമ്മാതിരി ധിക്കാരബുദ്ധി നിങ്ങള്‍ക്കു തോന്നുമായിരുന്നില്ല. എന്നൊക്കെ അദ്ദേഹം പറഞ്ഞു. ഫലമുണ്ടായില്ല. തന്‍റെ പെണ്‍മക്കളെയല്ല ഞങ്ങള്‍ക്കാവശ്യമെന്നും, ഈ യുവാക്കളെ വിട്ടുകിട്ടുകയാണ് ഞങ്ങള്‍ക്കു വേണ്ടതെന്നും തനിക്കറിയാമല്ലോ. അതുകൊണ്ട് ഈ വേദാന്തമൊന്നും ഞങ്ങള്‍ക്കു കേള്‍ക്കേണ്ട എന്നായിരുന്നു ആ തെമ്മാടികളുടെ മറു പടി.

بَنَاتِي (എന്‍റെ പെണ്‍മക്കള്‍) എന്നു അദ്ദേഹം പറഞ്ഞതു തന്‍റെ ജനങ്ങളിലുള്ള പെണ്‍മക്കളെ ഉദ്ദേശിച്ചാണെന്നും, പ്രവാചകന്‍മാര്‍ ജനങ്ങളുടെ പിതാവിനു തുല്യമായ ആളായതുകൊണ്ടു അങ്ങിനെ പറഞ്ഞതാണെന്നും ചില വ്യാഖ്യാതാക്കള്‍ അഭിപ്രായപ്പെട്ടിരിക്കുന്നു. ഇബ്നു അബ്ബാസ് (റ) ല്‍ നിന്നു അങ്ങിനെ നിവേദനം ചെയ്യപ്പെട്ടതായി പറയപ്പെടുന്നുമുണ്ട്. അല്ലാഹുവിനറിയാം.ഏതായാലും, ആ തെമ്മാടികള്‍ തന്‍റെ വാക്കുകള്‍ അനുസരിക്കാത്തതിലും, അവരെ തടയുവാന്‍ അദ്ദേഹത്തി  കെല്‍പില്ലാത്തതിലും അദ്ദേഹം വമ്പിച്ച ധര്‍മ്മ സങ്കടത്തിലായി. നിങ്ങളെ നേരിടുവാനും, നിങ്ങളെ തടയുവാനുള്ള ശക്തിയും സഹായവും എനിക്കു ഉണ്ടായിരുന്നെങ്കില്‍ എന്നു അദ്ദേഹം സ്വയം വിലപിക്കുകയായി. ഈ ധിക്കാരം പ്രവര്‍ത്തിച്ച ആ തെമ്മാടികളുടെ കണ്ണിന്‍റെ കാഴ്ച അല്ലാഹു നശിപ്പിച്ചു കളഞ്ഞതായി സൂറത്തുല്‍ ഖമറില്‍ കാണാവുന്നതാണ്‌. അതിലെ വാചകം وَلَقَدْ رَاوَدُوهُ عَن ضَيْفِهِ فَطَمَسْنَا أَعْيُنَهُمْ (സാരം: അവര്‍ അദ്ദേഹത്തിന്‍റെ അതിഥികളെ കിട്ടുവാന്‍വേണ്ടി അദ്ദേഹത്തോടാവശ്യപ്പെട്ടു. അപ്പോള്‍, നാം അവരുടെ കണ്ണുകളെ തുടച്ചുനീക്കി. (ഖമര്‍: 37). ഇതെല്ലാം കഴിഞ്ഞശേഷം, തങ്ങള്‍ ആരാണെന്നും, തങ്ങളുടെ വരവിന്‍റെ ഉദ്ദേശ്യമെന്താണെന്നും അറിയിച്ചുകൊണ്ടു മലക്കുകള്‍ അദ്ദേഹത്തെ ആശ്വസിപ്പിച്ചു.

11:81
  • قَالُوا۟ يَٰلُوطُ إِنَّا رُسُلُ رَبِّكَ لَن يَصِلُوٓا۟ إِلَيْكَ ۖ فَأَسْرِ بِأَهْلِكَ بِقِطْعٍ مِّنَ ٱلَّيْلِ وَلَا يَلْتَفِتْ مِنكُمْ أَحَدٌ إِلَّا ٱمْرَأَتَكَ ۖ إِنَّهُۥ مُصِيبُهَا مَآ أَصَابَهُمْ ۚ إِنَّ مَوْعِدَهُمُ ٱلصُّبْحُ ۚ أَلَيْسَ ٱلصُّبْحُ بِقَرِيبٍ ﴾٨١﴿
  • അവര്‍ [ദൂതന്‍മാര്‍] പറഞ്ഞു: 'ലൂത്ത്വേ, ഞങ്ങള്‍ താങ്കളുടെ റബ്ബിന്‍റെ ദൂതന്‍മാരാണു; അവര്‍ [ആ ജനങ്ങള്‍] താങ്കളുടെ അടുക്കലേക്കു (ഉപദ്രവാര്‍ത്ഥം) വന്നു ചേരുകയില്ല തന്നെ. എനി, താങ്കള്‍ താങ്കളുടെ ആള്‍ക്കാരെ [കുടുംബത്തെ]യും കൊണ്ടു രാത്രിയില്‍നിന്നുള്ള ഒരംശത്തില്‍ [രാത്രി കഴിയുംമുമ്പ്] യാത്ര ചെയ്തുകൊള്ളുക; നിങ്ങളില്‍നിന്നു ഒരാളും (പോകുമ്പോള്‍) തിരിഞ്ഞുനോ ക്കുകയും ചെയ്യരുതു; താങ്കളുടെ സ്ത്രീ [ഭാര്യ] ഒഴികെ. നിശ്ചയമായും (കാര്യം:) അവര്‍ക്കു [ആ ജന ങ്ങള്‍ക്കു] ബാധിക്കുന്നതു അവള്‍ക്കും ബാധിക്കുന്നതായിരിക്കും.
    നിശ്ചയമായും, അവരുടെ നിശ്ചിത സമയം, പ്രഭാതമാകുന്നു. പ്രഭാതം (ഇതാ,) സമീപത്തിലല്ലേ?!'
  • قَالُوا അവര്‍ പറഞ്ഞു يَا لُوطُ ലൂത്ത്വേ إِنَّا നിശ്ചയമായും ഞങ്ങള്‍ رُسُلُ ദൂതന്‍മാരാണു رَبِّكَനിന്‍റെ റബ്ബിന്‍റെ لَن يَصِلُوا അവര്‍ ചേരുന്നതേയല്ല, എത്തുകയില്ല തന്നെ إِلَيْكَ നിന്‍റെ അടുക്കലേക്കു فَأَسْرِ എനി രാത്രിയില്‍ യാത്ര ചെയ്യുക بِأَهْلِكَ നിന്‍റെ സ്വന്തക്കാരെ (ആള്‍ക്കാരെ - കുടുംബത്തെ - വീട്ടുകാരെ)യും കൊണ്ടു بِقِطْعٍ ഒരംശത്തില്‍ (ഭാഗത്തില്‍) مِّنَ اللَّيْلِ രാത്രിയില്‍നിന്നുള്ള (രാത്രിയു ടെ) وَلَا يَلْتَفِتْ തിരിഞ്ഞുനോക്കുകയും അരുതു مِنكُمْ നിങ്ങളില്‍നിന്നു أَحَدٌ ഒരാളും إِلَّا امْرَأَتَكَ നിന്‍റെ സ്ത്രീ (ഭാര്യ) ഒഴികെ إِنَّهُ നിശ്ചയമായും അതു (കാര്യം) مُصِيبُهَا അവള്‍ക്കു ബാധിക്കുന്നതാണു مَا أَصَابَهُمْ അവ൪ക്കു ബാധിക്കുന്നതു إِنَّ مَوْعِدَهُمُ നിശ്ചയമായും അവരുടെ വാഗ്ദത്ത (നിശ്ചിത) സമയം الصُّبْحُ പ്രഭാതമാണു, പുലര്‍ച്ചയാണു أَلَيْسَ الصُّبْحُ പ്രഭാതമല്ലയോ بِقَرِيبٍ അടുത്തതു, സമീപസ്ഥം.

തങ്ങള്‍ മനുഷ്യരല്ല; ഈ രാജ്യക്കാരെ നശിപ്പിക്കുവാന്‍ അല്ലാഹു അയച്ച ദൂതന്‍മാരാണു (മലക്കുക ളാണു); താങ്കള്‍ ഭയപ്പെടേണ്ടതില്ല; ആ ദുഷ്ടന്‍മാര്‍ക്കു താങ്കളോടു ഒന്നും ചെയ്‌വാന്‍ കഴിയുകയില്ല; പ്രഭാതത്തോടുകൂടി അവരുടെ കഥ കഴിയും; താങ്കളും വീട്ടുകാരും അതിനുമുമ്പായി രാത്രിതന്നെ സ്ഥലം വിടണം; പോകുമ്പോള്‍ ആരും പിന്നോക്കം തിരിഞ്ഞു നോക്കരുത്; പക്ഷെ, താങ്കളുടെ ഭാര്യ ശിക്ഷയില്‍ അകപ്പെടുന്നവളാണു എന്നൊക്കെ മലക്കുകള്‍ ലൂത്ത്വ് (അ) നെ അറിയിച്ചു.

താങ്കളുടെ ഭാര്യ ഒഴികെ (إِلَّا امْرَأَتَكَ) എന്നു പറഞ്ഞതിന്‍റെ താല്‍പര്യം രണ്ടു പ്രകാരത്തില്‍ വ്യാഖ്യാ നിക്കപ്പെട്ടിരിക്കുന്നു. ഭാര്യ ഒഴിച്ചുള്ള കുടുംബത്തെയും കൊണ്ടുപോകണമെന്നും, ആരും തിരി ഞ്ഞു നോക്കരുതു- പക്ഷേ, താങ്കളുടെ ഭാര്യ തിരിഞ്ഞു നോക്കിയേക്കും – എന്നുമാണത്. രണ്ടായാ ലും കലാശം ഒന്നിലേക്കു തന്നെ. നൂഹ് (അ) നബിയുടെ ഭാര്യയെപ്പോലെത്തന്നെ ലൂത്ത്വ് (അ) നബിയുടെ ഭാര്യയും അദ്ദേഹത്തിന്‍റെ എതിരാളികളായ അവിശ്വാസികളില്‍പെട്ടവളായിരുന്നു വെന്നും, അദ്ദേഹത്തെ വഞ്ചിച്ചിരുന്നുവെന്നും സൂ: തഹ്‌രീമില്‍ കാണാവുന്നതാണ്‌. അവള്‍ ആ ശിക്ഷയില്‍ അകപ്പെട്ടതായി 7:83; 29:32 മുതലായ സ്ഥലങ്ങളില്‍ അല്ലാഹു വ്യക്തമാക്കിയി ട്ടുമുണ്ട്. മലക്കുകള്‍ ഉപദേശിച്ച പ്രകാരം ലൂത്ത്വ് (അ) നബിയും കുടുംബവും രാജ്യത്തിന്‍റെ പുറ ത്തുപോയി രക്ഷപ്പെട്ടുവെന്നു പറയേണ്ടതില്ല. അദ്ദേഹത്തിന്‍റെ നാട്ടില്‍ ഒരേ ഒരു വീടല്ലാതെ മുസ്ലിംകളുടെ വീടു ഉണ്ടായിരുന്നില്ല എന്നു 51:36ല്‍ അല്ലാഹു പ്രസ്താവിച്ചിരിക്കക്കൊണ്ടു ലൂത്ത്വ് (അ) നബിയും അദ്ദേഹത്തിന്‍റെ വീട്ടിലുണ്ടായിരുന്ന സത്യവിശ്വാസികളും മാത്രമായിരിക്കും രക്ഷപ്പെട്ടിട്ടുള്ളതെന്നും വ്യക്തമാണ്. ആ ജനതക്കു ബാധിച്ച ശിക്ഷ എന്തായിരുന്നുവെന്നു അല്ലാഹു വിവരിക്കുന്നു:-

11:82
  • فَلَمَّا جَآءَ أَمْرُنَا جَعَلْنَا عَٰلِيَهَا سَافِلَهَا وَأَمْطَرْنَا عَلَيْهَا حِجَارَةً مِّن سِجِّيلٍ مَّنضُودٍ ﴾٨٢﴿
  • അങ്ങനെ, നമ്മുടെകല്‍പന വന്നപ്പോള്‍, അതിന്‍റെ [രാജ്യത്തിന്‍റെ] മുകള്‍ഭാഗം അതിന്‍റെ താഴ്ഭാ ഗമാ(ക്കിമറി)ക്കുകയും, അതില്‍, (മേല്‍ക്കുമേല്‍ വന്നു) അട്ടിയാക്കപ്പെട്ട, ചൂളവെച്ച ഇഷ്ടികക്കല്ലു കളെ നാം വര്‍ഷിപ്പിക്കുകയും ചെയ്തു;-
  • فَلَمَّا جَاءَ അങ്ങനെ വന്നപ്പോള്‍ أَمْرُنَا നമ്മുടെ കല്‍പന جَعَلْنَا നാം ആക്കി عَالِيَهَا അതിന്‍റെമേല്‍ ഭാഗത്തെ سَافِلَهَا അതിന്‍റെ കീഴ്ഭാഗം, താഴ്ഭാഗത്തു وَأَمْطَرْنَا നാം വര്‍ഷിപ്പിക്കുക(പെയ്യിക്കുക)യും ചെയ്തു عَلَيْهَا അതിന്‍റെമേല്‍, അതില്‍ حِجَارَةً കല്ലുകളെ مِّن سِجِّيلٍ ചൂളവെച്ച ഇഷ്ടികയില്‍ നിന്നുള്ള مَّنضُودٍ അട്ടിയാക്കപ്പെട്ട, മേല്‍ക്കുമേല്‍ (തുടര്‍ന്നു) വീണ.
11:83
  • مُّسَوَّمَةً عِندَ رَبِّكَ ۖ وَمَا هِىَ مِنَ ٱلظَّٰلِمِينَ بِبَعِيدٍ ﴾٨٣﴿
  • നിന്‍റെ റബ്ബിന്‍റെ അടുക്കല്‍ അടയാളപ്പെടുത്തി വെക്കപ്പെട്ടതായും കൊണ്ട്. അതു (ഈ) അക്രമി കളില്‍ നിന്നു വിദൂരമായതൊന്നുമല്ലതാനും.
  • مُّسَوَّمَةً അടയാളപ്പെടുത്തപ്പെട്ടതായുംകൊണ്ടു عِندَ رَبِّكَ നിന്‍റെ റബ്ബിന്‍റെ അടുക്കല്‍ وَمَا هِيَ അതല്ല مِنَ الظَّالِمِينَ അക്രമികളില്‍നിന്നു بِبَعِيدٍ വിദൂരമായതു.

നിശ്ചിത സമയം എത്തിയപ്പോള്‍, രാജ്യം അടിമേലായി മറിക്കപ്പെട്ടു. ചുട്ടുപഴുപ്പിക്കപ്പെട്ട ഇഷ്ടിക ക്കല്ലുകള്‍ തുടരെത്തുടരെ മേല്‍ക്കുമേല്‍ വര്‍ഷിച്ചുകൊണ്ടിരുന്നു. നിന്‍റെ റബ്ബിങ്കല്‍ അടയാളപ്പെ ടുത്തപ്പെട്ടതു (مُّسَوَّمَةً عِندَ رَبِّكَ) എന്നു കല്ലുകളെ വിശേഷിപ്പിച്ചതിന്‍റെ സാരം, ഭൂമിയിലെ സാധാരണ കല്ലുകളില്‍ നിന്നും വ്യത്യസ്തമായ ചില പ്രത്യേക അടയാളങ്ങള്‍ ആ കല്ലുകള്‍ക്കുണ്ടായിരുന്നുവെ ന്നാണെന്നും,ആര്‍ക്കൊക്കെയാണു – എവിടെയൊക്കെയാണു – അവ ബാധിക്കേണ്ടതെന്നു കുറി ക്കുന്ന ചില അടയാളങ്ങള്‍ അവയിലുണ്ടായിരുന്നുവെന്നാണെന്നും പറയപ്പെടുന്നു. വാസ്തവം അല്ലാഹുവിനറിയാം. ഏതായാലും അവ സാധാരണ കല്ലുകളായിരുന്നില്ലെന്നും, അവരെ ശിക്ഷി ക്കുവാന്‍ ഏര്‍പ്പെടുത്തിയ ഏതോ പ്രത്യേകതരം കല്ലുകളായിരുന്നുവെന്നും മനസ്സിലാക്കേണ്ടിയി രിക്കുന്നു. അവസാനത്തെ വാക്യവും രണ്ടു തരത്തില്‍ വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ട്: (1). ആ കല്ലുകള്‍ അക്രമികളില്‍ നിന്നു വിദൂരമായതൊന്നുമല്ല; അഥവാ അവര്‍ക്കു തികച്ചും യോജിച്ച ശിക്ഷയായി രുന്നു അവയെന്ന്. (2). ആ അടിമേലായി മറിക്കപ്പെട്ട രാജ്യം ഈ അക്രമികളില്‍ – മക്കാ മുശ്രിക്കു കളില്‍ – നിന്നു വിദൂരമൊന്നുമല്ല – അഥവാ ഇവര്‍ ശാമിലേക്കും മറ്റും യാത്രപോകുമ്പോള്‍ അതി ന്‍റെ അവശിഷ്ടം ഇവര്‍ക്കു കാണാവുന്ന വിധം അധികം അകലെയല്ലാതെ കിടപ്പുണ്ടല്ലോ- എന്ന്. രണ്ടാമത്തേതാണു കൂടുതല്‍ നന്നായി തോന്നുന്നതും ഖുര്‍ആന്‍റെ വാക്കോടു യോജിച്ചു കാണുന്ന തും. الله اعلم . ഈ രാജ്യമാണ് പിന്നീട് ലൂത്ത്വ് കടല്‍ എന്നും, ചാവുകടല്‍ എന്നുമുള്ള പേരുകളില്‍ വമ്പിച്ച തടാകമായിത്തീര്‍ന്നത്. (കൂടുതല്‍ വിവരം സൂ: ശുഅറാഇനു ശേഷമുള്ള ‘ലൂത്തുകടല്‍’ എന്ന കുറിപ്പില്‍ കാണാം.)

ഖുര്‍ആനില്‍ വിവരിച്ച പല സംഭവങ്ങളെക്കുറിച്ചുമെന്നപോലെ, ലൂത്ത്വ് (അ) ന്‍റെ രാജ്യം മറിക്ക പ്പെട്ടതിനെക്കുറിച്ചും ഒരുപാടു കെട്ടുകഥകളും അതിശയോക്തി നിറഞ്ഞ വാക്കുകളും ചില ഗ്രന്ഥങ്ങളില്‍ സ്ഥലം പിടിച്ചു കാണാം. നമ്മെ സംബന്ധിച്ചിടത്തോളം അല്ലാഹുവിന്‍റെ വചനങ്ങ ളില്‍നിന്നും അതിന്‍റെ വ്യാഖ്യാനമായി വന്നിട്ടുള്ള അംഗീകൃത രേഖകളില്‍നിന്നും ലഭിക്കുന്ന വിവരം കൊണ്ടുതന്നെ മതിയാക്കാവുന്നതാണ്. നേരെമറിച്ച് ഇടക്കിടെ ഭൂമിയില്‍ അവിടവിടെ ഉണ്ടാകാറുള്ള ഭൂകമ്പങ്ങളില്‍പെട്ട സാധാരണമായ ഒരു ഭൂകമ്പം മാത്രമായിരുന്നു അതെന്നും, ആ ജനതയുടെ ധിക്കാരം മുഴുത്ത അവസരവും അതുംകൂടി ഒത്തുചേര്‍ന്നുവെന്നേയുള്ളുവെന്നും ചില ആളുകള്‍ സമര്‍ത്ഥിച്ചു കാണുന്നു. ഇതും സ്വീകരിക്കുവാന്‍ നമുക്കു സാദ്ധ്യമല്ല. അല്ലാമാ സയ്യിദ് ഖുത്ത്വബ് (റ) ചൂണ്ടിക്കാട്ടിയതുപോലെ, ഭൂകമ്പങ്ങളില്‍ പെട്ട ഒരു ഭൂകമ്പം തന്നെയായിരു ന്നു അതെന്നു വന്നാലും ആ ജനതയെ ശിക്ഷിക്കുവാന്‍ വേണ്ടി അല്ലാഹു അപ്പോള്‍ പ്രത്യേകം ഒരുക്കിയ ഒരു ശിക്ഷയായേ അതിനെ കണക്കാക്കുവാന്‍ നിവൃത്തിയുള്ളു. ഈ സൂറത്തിലും മറ്റു സൂറത്തുകളിലും വന്നിട്ടുള്ള ഖുര്‍ആന്‍ വചനങ്ങള്‍ മുമ്പില്‍വെച്ചു നോക്കുമ്പോള്‍ പ്രവാചകന്‍മാ രുടെ സത്യസന്ധതക്കു ദൃഷ്ടാന്തമായി ഉണ്ടാവാറുള്ള അസാധാരണ സംഭവങ്ങളില്‍ ഒന്നാണതെ ന്നല്ലാതെ പറയുവാന്‍ സാദ്ധ്യമല്ലതന്നെ.

ലൂത്ത്വ് (അ) നബിയെ സംബന്ധിച്ച ഈ സംഭവവും ബൈബ്ളില്‍ കുറേ വിശദികരിച്ചു പ്രസ്താവിച്ചു കാണാം.ഇബ്രാഹീം (അ) നബിയുടെ അടുക്കല്‍ മലക്കുകള്‍ ചെന്ന സംഭവം ഉദ്ധരിച്ചതില്‍ കാണാ വുന്നതുപോലെ ഖുര്‍ആന്‍റെ പ്രസ്താവനകള്‍ക്കും സിദ്ധാന്തങ്ങള്‍ക്കും നിരക്കാത്ത പലതും അതി ലും കാണാവുന്നതാണ്. അത്രയുമല്ല, വേദക്കാര്‍ അവരുടെ വേദഗ്രന്ഥത്തില്‍ കൈകടത്തിയിട്ടു ണ്ടെന്നും, അതില്‍ സത്യവും അസത്യവും കൂട്ടിക്കലര്‍ത്തിയിട്ടുണ്ടെന്നും സ്പഷ്ടമാക്കുന്ന ചില അസംബന്ധങ്ങളും തോന്നിയവാസങ്ങളും കൂടി അതില്‍ അടങ്ങിയിരിക്കുന്നു. ബൈബിളിന്‍റെ അവിശ്വാസ്യത മനസ്സിലാക്കുവാന്‍ പോരുന്നതും, സത്യാസത്യങ്ങള്‍ ഇടകലര്‍ന്നതുമായ ആ വിവരണം ഉദ്ധരിച്ചു ദീര്‍ഘിപ്പിക്കുവാന്‍ ഇവിടെ മുതിരുന്നില്ല. വേണ്ടുന്നവര്‍ ഉല്‍പത്തി 19-ാം അദ്ധ്യായം നോക്കിക്കൊള്ളട്ടെ. അതിന്‍റെ അവസാനത്തില്‍ ലൂത്ത് നബി (അ) കള്ളുകുടിച്ചു അബോധാവസ്ഥയില്‍ കിടന്നപ്പോള്‍ തന്‍റെ രണ്ടു പുത്രിമാര്‍ മാറിമാറി അദ്ദേഹവുമായി ശയിച്ചു വെന്നും, രണ്ടാളും ഗര്‍ഭം ധരിച്ചുവെന്നുംവരെ ചേര്‍ത്തു കാണാം. معاذ الله .

ഒരു പ്രവാചകവര്യനെപ്പറ്റി ഇത്രയും നീചവും നികൃഷ്ടവുമായ ഒരപവാദം – അതും ഒരു വിശുദ്ധ മായ മതഗ്രന്ഥത്തില്‍ – വേദവാക്യമായി എഴുതിച്ചേര്‍ത്ത കരങ്ങള്‍ക്കുണ്ടോ, ആ പ്രവാചകന്‍റെ പുത്രിമാരെപ്പറ്റിയും, മലക്കുകളെപ്പറ്റിയും അസംബന്ധങ്ങള്‍ എഴുതിച്ചേര്‍ക്കുവാന്‍ മടി തോന്നുന്നു?!

വിഭാഗം - 8

ഈ വിഭാഗത്തില്‍ ശുഐബ് (അ) നബിയുടെയും ജനതയുടെയും ചരിത്രമാണു വിവരിക്കുന്നത്. മദ്-യന്‍ (*) നിവാസികളായിരുന്നു അദ്ദേഹത്തിന്‍റെ ജനത, ഹിജാസിന്‍റെ വടക്കും, ശാമിന്‍റെ തെക്കു മായി സ്ഥിതി ചെയ്യുന്ന ആ പ്രദേശം ഒരു ക്ഷേമ രാജ്യമായിരുന്നു. കച്ചവടം ആ ജനതയുടെ പ്രധാ ന തൊഴിലായിരുന്നു അളത്തത്തിലും തൂക്കത്തിലും കൃത്രിമം ചെയ്യല്‍, വഞ്ചന, ചുങ്കംവാങ്ങല്‍, പിടിച്ചുപറി മുതലായ പല അഴിമതികളും അവരില്‍ സര്‍വ്വത്ര പതിവായിരുന്നു.എല്ലാവരും വിഗ്രഹാരാധകരുമായിരുന്നു. സൂ: അഅ്റാഫു, ശുഅറാഉ്, അങ്കബൂത്ത് മുതലായ സൂറത്തുകളില്‍ ഇവരെപ്പറ്റി വിവരിച്ചിട്ടുണ്ട്. ശുഅറാഇല്‍ ശുഐബ് (അ)ന്‍റെ ജനതയെപ്പറ്റി أَصْحَابُ الْأَيْكَةِ (മരക്കാവി ല്‍ താമസിക്കുന്നവര്‍) എന്നു പറഞ്ഞിരിക്കുന്നു. ഇവര്‍ മദ്-യന്‍റെ അടുത്ത സ്ഥലത്തു താമസിച്ചിരു ന്നവരാണെന്നും, രണ്ടു കൂട്ടരിലേക്കും കൂടിയാണു ശുഐബ് (അ) നിയോഗിക്കപ്പെട്ടിരുന്നതെന്നും, ആദ്യം മദ്‌-യന്‍കാരിലേക്കും, അവരുടെ നാശത്തിനുശേഷം ‘ഐക്ക’ത്തിലേക്കും നിയോഗിക്കപ്പെ ട്ടതാണെന്നും രണ്ടഭിപ്രായങ്ങളുണ്ട്. ഇതു സംബന്ധിച്ചു ശുഅറാഇന്‍റെ വ്യാഖ്യാനത്തില്‍ കൂടുതല്‍ വിവരിച്ചുകാണാം. ഈ രണ്ടുകൂട്ടരും വെവ്വേറെ ജനതയായിരുന്നാലും സ്ഥിതിഗതികളില്‍ അവര്‍ അന്യോന്യം യോജിപ്പുള്ളവരായിരുന്നുതാനും.
———
(*). മദ്‌-യന്‍ പ്രദേശം: പടം 4,6,8 എന്നിവയില്‍ നോക്കുക.

11:84
  • ۞ وَإِلَىٰ مَدْيَنَ أَخَاهُمْ شُعَيْبًا ۚ قَالَ يَٰقَوْمِ ٱعْبُدُوا۟ ٱللَّهَ مَا لَكُم مِّنْ إِلَٰهٍ غَيْرُهُۥ ۖ وَلَا تَنقُصُوا۟ ٱلْمِكْيَالَ وَٱلْمِيزَانَ ۚ إِنِّىٓ أَرَىٰكُم بِخَيْرٍ وَإِنِّىٓ أَخَافُ عَلَيْكُمْ عَذَابَ يَوْمٍ مُّحِيطٍ ﴾٨٤﴿
  • മദ്‌-യനിലേക്കു അവരുടെ [മദ്‌-യ൯കാരുടെ] സഹോദരന്‍ ശുഐബിനെയും (നാം അയച്ചു). അദ്ദേഹം പറഞ്ഞു: എന്‍റെ ജനങ്ങളേ, നിങ്ങള്‍ അല്ലാഹുവിനെ ആരാധിക്കുവിന്‍; നിങ്ങള്‍ക്കു അവനല്ലാതെ ഒരു ആരാധ്യനുമില്ല.
    നിങ്ങള്‍ അളത്തവും,തൂക്കവും കുറക്കുകയും ചെയ്യരുത്. നിശ്ചയമായും നിങ്ങളെ ഞാന്‍ ക്ഷേമ ത്തിലായി കാണുന്നു. നിശ്ചയമായും, നിങ്ങളുടെ മേല്‍ (നിങ്ങളെ) വലയം ചെയ്യുന്ന ഒരു ദിവസ ത്തിലെ ശിക്ഷയെക്കുറിച്ചു ഞാന്‍ ഭയപ്പെടുകയും ചെയ്യുന്നു.
  • وَإِلَىٰ مَدْيَنَ മദ്‌-യനിലേക്കും أَخَاهُمْ അവരുടെ സഹോദരനെ شُعَيْبًا ശുഐബിനെ قَالَ അദ്ദേഹം പറഞ്ഞു يَا قَوْمِ എന്‍റെ ജനങ്ങളേ اعْبُدُوا നിങ്ങള്‍ ആരാധിക്കുവിന്‍, ഇബാദത്തു ചെയ്യുവിന്‍ اللَّـهَ അല്ലാഹുവിനെ مَا لَكُم നിങ്ങള്‍ക്കില്ല مِّنْ إِلَـٰهٍ ഒരു ഇലാഹും ആരാധ്യനും, ദൈവവും غَيْرُهُ അവനല്ലാ തെ وَلَا تَنقُصُوا നിങ്ങള്‍ ചുരുക്കുകയും ചെയ്യരുതു الْمِكْيَالَ അളക്കുന്ന താപ്പു, അളത്തം وَالْمِيزَانَ തുലാ സ്സും, തൂക്കവും إِنِّي നിശ്ചയമായും ഞാന്‍ أَرَاكُم നിങ്ങളെ കാണുന്നു بِخَيْرٍ ഗുണത്തില്‍, ക്ഷേമത്തില്‍ وَإِنِّي أَخَافُ നിശ്ചയമായും ഞാന്‍ ഭയപ്പെടുകയും ചെയ്യുന്നു عَلَيْكُمْ നിങ്ങളുടെ മേല്‍ عَذَابَ ശിക്ഷയെ يَوْمٍ ഒരു ദിവസത്തിലെ مُّحِيطٍ വലയം ചെയ്യുന്ന (പൊതുവെ ബാധിക്കുന്ന).
11:85
  • وَيَٰقَوْمِ أَوْفُوا۟ ٱلْمِكْيَالَ وَٱلْمِيزَانَ بِٱلْقِسْطِ ۖ وَلَا تَبْخَسُوا۟ ٱلنَّاسَ أَشْيَآءَهُمْ وَلَا تَعْثَوْا۟ فِى ٱلْأَرْضِ مُفْسِدِينَ ﴾٨٥﴿
  • 'എന്‍റെ ജനങ്ങളേ, നിങ്ങള്‍ നീതിമുറപ്രകാരം അളത്തവും, തൂക്കവും പൂര്‍ത്തിയാക്കിക്കൊ ടുക്കുവിന്‍. മനുഷ്യര്‍ക്കു അവരുടെ സാധനങ്ങളെ കുറവു വരുത്തുകയും ചെയ്യരുത്. നാശകാരി കളായ നിലയില്‍ നിങ്ങള്‍ ഭൂമിയില്‍ കുഴപ്പം പ്രവര്‍ത്തിക്കുകയും ചെയ്യരുത്.
  • وَيَا قَوْمِ എന്‍റെ ജനങ്ങളേ أَوْفُوا നിറവേറ്റുവിന്‍, പൂര്‍ത്തിയായി കൊടുക്കുവിന്‍ الْمِكْيَالَ അളത്തം, താപ്പു وَالْمِيزَانَ തൂക്കവും, തുലാസ്സും بِالْقِسْطِ നീതി മുറപ്രകാരം وَلَا تَبْخَسُوا കുറവു വരുത്തുക (ഛേദ പ്പെടുത്തുക)യും ചെയ്യരുതു النَّاسَ മനുഷ്യര്‍ക്കു أَشْيَاءَهُمْ അവരുടെ വസ്തുക്കളെ, സാധനങ്ങള്‍ وَلَا تَعْثَوْا കുഴപ്പം (അനര്‍ത്ഥം) പ്രവര്‍ത്തിക്കുകയും അരുതു فِي الْأَرْضِ ഭൂമിയില്‍ مُفْسِدِينَ നാശ(കുഴപ്പ)മുണ്ടാ ക്കുന്നവരായ നിലയില്‍.
11:86
  • بَقِيَّتُ ٱللَّهِ خَيْرٌ لَّكُمْ إِن كُنتُم مُّؤْمِنِينَ ۚ وَمَآ أَنَا۠ عَلَيْكُم بِحَفِيظٍ ﴾٨٦﴿
  • 'അല്ലാഹു ബാക്കിയാക്കിത്തരുന്നതു നിങ്ങള്‍ക്കു ഗുണമായിരിക്കും; നിങ്ങള്‍ വിശ്വാസികളാ ണെങ്കില്‍! ഞാന്‍ നിങ്ങളുടെമേല്‍ (നോട്ടം ചെയ്ത്) കാത്തുപോരുന്നവനല്ലതാനും.'
  • بَقِيَّتُ ബാക്കിയാക്കുന്നതു, മിച്ചപ്പെടുത്തുന്നതു اللَّـهِ അല്ലാഹുവിന്‍റെ (വക) خَيْرٌ ഉത്തമ(ഗുണ) മാണു لَّكُمْ നിങ്ങള്‍ക്കു إِن كُنتُم നിങ്ങളാണെങ്കില്‍ مُّؤْمِنِينَ വിശ്വാസികള്‍ وَمَا أَنَا ഞാനല്ലതാനും عَلَيْكُم നിങ്ങളുടെമേല്‍ بِحَفِيظٍ കാവല്‍ക്കാരന്‍, നോട്ടക്കാരന്‍, സൂക്ഷിച്ചു പോരുന്നവന്‍.

ദിവ്യപ്രബോധനത്തില്‍ അതിപ്രധാനമായ തൗഹീദിനെക്കുറിച്ചു ഉപദേശിച്ച ശേഷം, ആ ജനങ്ങളില്‍ സര്‍വ്വത്ര നടമാടിയിരുന്ന അഴിമതികളെയും അക്രമങ്ങളെയും കുറിച്ചു ശുഐബ് (അ) അവരെ ഉപദേശിക്കുന്നു. അളവിലും തൂക്കത്തിലും കബളിപ്പിക്കുക, കൊള്ളയും പിടിച്ചുപറിയും നടത്തുക മുതലായ പല തോന്നിയവാസങ്ങളിലും മുഴുകിയവരായിരുന്നു മദ്‌-യന്‍ ജനതയെന്നു മുമ്പു പറഞ്ഞുവല്ലോ. നിങ്ങള്‍ വളരെ ഗുണത്തിലാണുള്ളത്. അക്രമവും വഞ്ചനയും നടത്താതെ തന്നെ സുഖമായി ജീവിക്കുവാനുള്ള മാര്‍ഗ്ഗങ്ങള്‍ അല്ലാഹു നിങ്ങള്‍ക്കു നല്‍കിയിട്ടുണ്ട്. പിന്നെയെന്തിനു അന്യരെ വഞ്ചിക്കുന്നു? അതു പാപത്തിന്‍റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നതും നന്ദികേടുമാണ്. ഈ നില തുടര്‍ന്നുപോയാല്‍, നിങ്ങളില്‍ ആര്‍ക്കും രക്ഷപ്പെടുവാന്‍ കഴിയാത്തവണ്ണം ഒരിക്കല്‍ വമ്പിച്ച ശിക്ഷ നിങ്ങളെ വലയം ചെയ്തേക്കുമെന്ന് ഞാന്‍ ഭയപ്പെടുന്നു. അതുകൊണ്ടാണ് ഇക്കാര്യം ഞാനിത്ര ഊന്നിപ്പറയുന്നത്. ഇത്തരം അഴിമതികളൊന്നും ചെയ്യാതെത്തന്നെ അല്ലാഹു നിങ്ങള്‍ക്കു തന്നിട്ടുള്ള ജീവിതമാര്‍ഗ്ഗങ്ങളും, സുഖസൗകര്യങ്ങളും കൊണ്ടു തൃപ്തി അടയുകയാണു നിങ്ങള്‍ക്കു ഉത്തമം. നിങ്ങളെ ഉപദേശിക്കുവാനേ എനിക്കു കഴിയുകയുള്ളു. നിങ്ങളെ തടയുക യും, നിങ്ങളുടെ ഉത്തരവാദിത്വം ഏല്‍ക്കുകയും ചെയ്യത്തക്ക മേലധികാരമോ ബാധ്യതയോ നിങ്ങളെ സംബന്ധിച്ചു എനിക്കില്ല. എന്നൊക്കെ ഓര്‍മ്മിപ്പിച്ചുകൊണ്ടു ഹൃദയസ്പൃക്കായ രീതിയി ല്‍ അദ്ദേഹം അവരെ ഉപദേശിച്ചുനോക്കി.

ആ ജനങ്ങളുടെ അഴിമതികളെയും അക്രമങ്ങളെയും കുറിച്ചു ശുഐബ് (അ) നബി കാര്യകാരണങ്ങള്‍ സഹിതം വളരെയധികം ഉപദേശിക്കുകയും, അവരുമായി ഒട്ടേറെ വാഗ്വാദങ്ങള്‍ നടത്തുകയും ചെയ്തിട്ടുള്ളതായി ഈ സൂറത്തിലും, മറ്റു സൂറത്തുകളിലും അതു സംബന്ധിച്ചു വന്നിട്ടുള്ള പ്രസ്താവനകളില്‍ നിന്ന് മനസ്സിലാക്കാവുന്നതാണ്. ഇക്കാരണത്താല്‍ خطيب الانبياء (പ്രവാചകന്മാരിലെ പ്രാസംഗികന്‍) എന്നുപോലും ചില ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ അദ്ദേഹത്തെ വിശേഷിപ്പിച്ചിരിക്കുന്നു. ഇത്രയൊക്കെ ചെയ്തിട്ടും ആ ജനത അദ്ദേഹത്തോടു പറഞ്ഞ മറുപടി എത്ര ശോചനീയമായിരുന്നുവെന്നു നോക്കുക!

11:87
  • قَالُوا۟ يَٰشُعَيْبُ أَصَلَوٰتُكَ تَأْمُرُكَ أَن نَّتْرُكَ مَا يَعْبُدُ ءَابَآؤُنَآ أَوْ أَن نَّفْعَلَ فِىٓ أَمْوَٰلِنَا مَا نَشَٰٓؤُا۟ ۖ إِنَّكَ لَأَنتَ ٱلْحَلِيمُ ٱلرَّشِيدُ ﴾٨٧﴿
  • അവര്‍ പറഞ്ഞു: 'ശുഐബേ, നിന്‍റെ നമസ്കാരമാണോ ഞങ്ങളുടെ പിതാക്കള്‍ ആരാധിച്ചു വരുന്നതിനെ ഞങ്ങള്‍ ഉപേക്ഷിക്കുവാന്‍ നിന്നോടു കല്‍പിക്കുന്നതു?! അല്ലെങ്കില്‍, ഞങ്ങളുടെ സ്വത്തുക്കളില്‍ ഞങ്ങള്‍ ഉദ്ദേശിക്കുന്നതു ഞങ്ങള്‍ ചെയ്തു വരുന്നതിനെ (ഞങ്ങള്‍ ഉപേക്ഷിക്കു വാന്‍)?!! നിശ്ചയമായും, സഹനമുള്ളവനും തന്‍റേടമുള്ളവനും തന്നെയാണു നീ!'
  • قَالُوا അവര്‍ പറഞ്ഞു يَا شُعَيْبُ ശുഐബേ أَصَلَاتُكَ നിന്‍റെ നമസ്കാരമോ تَأْمُرُكَ നിന്നോടു കല്‍പ്പി ക്കുന്നതു أَن نَّتْرُكَ ഞങ്ങള്‍ ഉപേക്ഷിക്കുവാന്‍, ഉപേക്ഷിക്കണമെന്നു مَا يَعْبُدُ ആരാധിച്ചുവരുന്നതിനെ آبَاؤُنَا ഞങ്ങളുടെ പിതാക്കള്‍ أَوْ أَن نَّفْعَلَ അല്ലെങ്കില്‍ ഞങ്ങള്‍ ചെയ്യുന്നതു فِي أَمْوَالِنَا ഞങ്ങളുടെ സ്വത്തുക്കളില്‍ مَا نَشَاءُ ഞങ്ങള്‍ ഉദ്ദേശിക്കുന്നതു إِنَّكَ നിശ്ചയമായും നീ لَأَنتَ നീ തന്നെയാണു الْحَلِيمُ സഹനമുള്ളവന്‍, സഹിഷ്ണുതയുള്ളവന്‍ الرَّشِيدُ തന്‍റേടമുള്ളവന്‍, നേര്‍വഴിക്കുള്ളവന്‍.

പുച്ഛവും, പരിഹാസവും, ധിക്കാരവും ഒത്തിണങ്ങിയ വാക്കുകള്‍! അല്ലാഹു അല്ലാത്ത വസ്തുക്കളെ ആരാധിക്കുന്നതിനെയും, ധനസംബന്ധമായ ഇടപാടുകളില്‍ ചതിയും വഞ്ചനയും നടത്തുന്നതി നെയും വിരോധിക്കുകയാണല്ലോ ശുഐബ് (അ) ചെയ്തതു അല്ലാഹു അല്ലാത്തവരെ ആരാധിക്കു ന്നതിനു അവരുടെ ന്യായീകരണം അവരുടെ പൂര്‍വ്വികന്‍മാര്‍ അങ്ങിനെ ചെയ്തു വന്നിരുന്നുവെ ന്നുള്ളതുമാത്രമാണ്. മറ്റേതിനുള്ള ന്യായം : ഞങ്ങളുടെ സ്വത്തു സംബന്ധമായ കാര്യങ്ങളില്‍ ഞങ്ങളുടെ ഇഷ്ടംപോലെ കൈകാര്യം ചെയ്യാന്‍ ഞങ്ങള്‍ക്കവകാശമുണ്ടു എന്നുമാകുന്നു. അതു കൊണ്ടു ആ രണ്ടു കാര്യങ്ങളും ഞങ്ങള്‍ ഉപേക്ഷിക്കണമെന്നു പറയുന്നതു തനി വിഡ്ഢിത്തവും നീതീകരണമില്ലാത്തതുമാണെന്നത്രെ അവരുടെ തത്വശാസ്ത്രം. ‘നിന്‍റെ നമസ്കാരമാണോ ഇതൊക്കെ നിന്നോടു കല്‍പിക്കുന്നതു? നീ സഹനമുള്ളവനും തന്‍റേടമുള്ളവനും തന്നെ!’ എന്നീ വാക്യങ്ങള്‍ അങ്ങേഅറ്റം പരിഹാസം നിറഞ്ഞ വാക്കുകളാണെന്ന് പറയേണ്ടതില്ല. ഒന്നാമത്തെ വാക്യത്തില്‍ അദ്ദേഹത്തിന്‍റെ നമസ്കാരം, പ്രാര്‍ത്ഥന മുതലായ ആരാധനാ കര്‍മ്മങ്ങളില്‍ അവര്‍ക്കുള്ള അമ൪ ഷവും വെറുപ്പുമാണ് അടങ്ങിയിരിക്കുന്നതെങ്കില്‍, രണ്ടാമത്തെ വാക്യത്തില്‍ അദ്ദേഹം ഒട്ടും വിവേകവും തന്‍റേടവുമില്ലാത്ത മൂഢമനുഷ്യനാണെന്ന ആരോപണവും അടങ്ങിയിരിക്കുന്നു.

11:88
  • قَالَ يَٰقَوْمِ أَرَءَيْتُمْ إِن كُنتُ عَلَىٰ بَيِّنَةٍ مِّن رَّبِّى وَرَزَقَنِى مِنْهُ رِزْقًا حَسَنًا ۚ وَمَآ أُرِيدُ أَنْ أُخَالِفَكُمْ إِلَىٰ مَآ أَنْهَىٰكُمْ عَنْهُ ۚ إِنْ أُرِيدُ إِلَّا ٱلْإِصْلَٰحَ مَا ٱسْتَطَعْتُ ۚ وَمَا تَوْفِيقِىٓ إِلَّا بِٱللَّهِ ۚ عَلَيْهِ تَوَكَّلْتُ وَإِلَيْهِ أُنِيبُ ﴾٨٨﴿
  • അദ്ദേഹം പറഞ്ഞു: 'എന്‍റെ ജനങ്ങളേ, നിങ്ങള്‍ കണ്ടുവോ?ഒന്നു പറഞ്ഞു തരുവിന്‍:) ഞാന്‍ എന്‍റെ റബ്ബിങ്കല്‍ നിന്നുള്ള (വ്യക്തമായ) തെളിവോടെയിരിക്കുകയും. അവന്‍റെ വകയായി അവന്‍ എനിക്കു നല്ലതായ വിഭവം നല്‍കുകയും ചെയ്തിട്ടുണ്ടെങ്കില്‍.....?!
    [അപ്പോള്‍, എനിക്കു ഇങ്ങനെയല്ലാതെ ഉപദേശിക്കുവാന്‍ കഴിയുമോ?]
    ഏതൊന്നിനെക്കുറിച്ചു ഞാന്‍ നിങ്ങളെ വിരോധിക്കുന്നുവോ അതിലേക്കു (തിരിഞ്ഞ്) നിങ്ങളുമാ യി വ്യത്യാസം പ്രവര്‍ത്തിക്കുവാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ലതാനും, എനിക്കു സാധ്യമായത്ര നന്‍മ വരുത്തുകയല്ലാതെ (മറ്റൊന്നും) ഞാന്‍ ഉദ്ദേശിക്കുന്നില്ല. എന്‍റെ 'തൗഫീഖ്, [പ്രവര്‍ത്തനവിജയം] അല്ലാഹു മൂലമല്ലാതെ ഇല്ലതാനും. അവന്‍റെ മേല്‍ ഞാന്‍ (കാര്യം) ഭരമേല്‍പിച്ചിരിക്കുന്നു; അവങ്ക ലേക്കുതന്നെ ഞാന്‍ (മനസ്സുമടങ്ങി) വിനയപ്പെടുകയും ചെയ്യുന്നു.
  • قَالَ അദ്ദേഹം പറഞ്ഞു يَا قَوْمِ എന്‍റെ ജനങ്ങളേ أَرَأَيْتُمْ നിങ്ങള്‍ കണ്ടുവോ (പറയുവിന്‍) إِن كُنتُ ഞാനാണെങ്കില്‍ عَلَىٰ بَيِّنَةٍ (വ്യക്തമായ) തെളിവോടെ, തെളിവോടുകൂടി مِّن رَّبِّي എന്‍റെ റബ്ബിങ്കല്‍ നിന്നു وَرَزَقَنِي അവന്‍ എനിക്കു നല്‍കുകയും ചെയ്തു مِنْهُ അവനില്‍ നിന്നു (അവന്‍റെ വകയായി) رِزْقًا ഉപജീവനം, വിഭവം, ആഹാരം, അനുഗ്രഹം حَسَنًا നല്ലതായ وَمَا أُرِيدُ ഞാന്‍ ഉദ്ദേശിക്കുന്നില്ലതാ നും أَنْ أُخَالِفَكُمْ നിങ്ങളോടു എതിരു (വ്യത്യാസം) ചെയ്‌വാന്‍ إِلَىٰ مَا യാതൊന്നിലേക്കു (തിരിഞ്ഞും കൊണ്ടു) أَنْهَاكُمْ നിങ്ങളെ ഞാന്‍ വിരോധിക്കുന്നു عَنْهُ അതിനെപ്പറ്റി إِنْ أُرِيدُ ഞാന്‍ ഉദ്ദേശിക്കുന്നില്ല إِلَّا الْإِصْلَاحَ നന്‍മ വരുത്തുക (നന്നാക്കിത്തീര്‍ക്കുക)യല്ലാതെمَا اسْتَطَعْتُ എനിക്കു സാധിക്കുന്നതു (സാധ്യമായത്ര)وَمَا تَوْفِيقِي എന്‍റെ തൗഫീഖ് (എനിക്കു സഹായം നല്‍കല്‍, പ്രവര്‍ത്തനവിജയം) അല്ല إِلَّا بِاللَّـهِ അല്ലാഹുവിനെക്കൊണ്ടു (അല്ലാഹു മൂലം) അല്ലാതെ عَلَيْهِ അവന്‍റെ മേല്‍ تَوَكَّلْتُ ഞാന്‍ ഭരമേല്‍പിച്ചു وَإِلَيْهِ അവനിലേക്കു തന്നെ أُنِيبُ ഞാന്‍ (മനസ്സു) മടങ്ങുന്നു, വിനയപ്പെടുന്നു.

‘ഞാന്‍ എന്‍റെ റബ്ബിങ്കല്‍ നിന്നുള്ള വ്യക്തമായ തെളിവോടു കൂടിയിരിക്കുകയും, അവങ്കല്‍നി ന്നുള്ള കാരുണ്യം അവന്‍ എനിക്കു നല്‍കിയിരിക്കുകയാണെങ്കില്‍…….’ എന്നിങ്ങിനെ നൂഹു (അ) അദ്ദേഹത്തിന്‍റെ ജനങ്ങളോടു പറഞ്ഞതായി 28-ാം വചനത്തിലും സ്വാലിഹ് (അ) അദ്ദേഹത്തിന്‍റെ ജനങ്ങളോടു പറഞ്ഞതായി 63-ാം വചനത്തിലും മുമ്പുകണ്ടുവല്ലോ. അതുപോലെയുള്ള ഒരു വാക്യംതന്നെയാണു ശുഐബ് (അ) അദ്ദേഹത്തിന്‍റെ ജനതയോടും പറഞ്ഞതായി ഈ വചനത്തില്‍ കാണുന്നത്. പക്ഷേ, അവിടങ്ങളില്‍ ‘വ്യക്തമായ തെളിവി’ (بَيِّنَة)നു പുറമെ ‘കാരുണ്യ’വും (رحمة) എന്നുകൂടിയാണുള്ളത്. കാരുണ്യം കൊണ്ടു പ്രധാനമായും അവിടങ്ങളില്‍ ഉദ്ദേശിക്കപ്പെട്ടിരിക്കു ന്നതു പ്രവാചകത്വവും അതോടു ബന്ധപ്പെട്ട കാര്യങ്ങളുമാണെന്നു രണ്ടിടത്തും നാം ചൂണ്ടിക്കാട്ടു കയും ചെയ്തിരിക്കുന്നു. ഇവിടെ കാരുണ്യത്തിന്‍റെ സ്ഥാനത്തു رِزْقًا حَسَنًا എന്നാണുള്ളത്. رِزْق (രിസ്ഖ്) എന്ന പദത്തിനു ‘ആഹാരം, ഉപജീവന മാര്‍ഗ്ഗം, കൊടുതി, പ്രദാനം’ എന്നും മറ്റും അര്‍ത്ഥ ങ്ങള്‍ വരും. ഭാഷാര്‍ത്ഥം നോക്കുമ്പോള്‍, ഭൗതികമോ, അഭൗതികമോ ആയ എല്ലാ ലഭ്യങ്ങള്‍ക്കും, വിഭവങ്ങള്‍ക്കും ഉപയോഗിക്കപ്പെടാവുന്നതാണത്. അതുകൊണ്ടു وَرَزَقَنِي مِنْهُ رِزْقًا حَسَنًا എന്ന വാക്യത്തിനു രണ്ടു പ്രകാരത്തില്‍ വിവക്ഷ നല്‍കപ്പെട്ടു കാണുന്നു: (1). നിങ്ങള്‍ ചെയ്യുന്നതുപോ ലെയുള്ള അഴിമതികളില്‍ നിന്നു സുരക്ഷിതനും, അനുവദനീയവുമായ മാര്‍ഗ്ഗത്തിലൂടെ മാത്രം ലഭ്യവുമായിക്കൊണ്ടു ജീവിക്കുവാനുള്ള വസ്തുവിഭവങ്ങള്‍ എനിക്കവന്‍ തന്നിരിക്കുന്നുവെന്നും. (2). പ്രവാചകത്വം, വിജ്ഞാനം, ദിവ്യസന്ദേശം മുതലായ അനുഗ്രഹങ്ങള്‍ എനിക്കവന്‍ പ്രദാനം ചെയ്തിരിക്കുന്നുവെന്നും. ശുഐബ് (അ) അദ്ദേഹത്തിന്‍റെ ജനങ്ങള്‍ക്കു നല്‍കിയ ഉല്‍ബോധനങ്ങ ളും, അവര്‍ അദ്ദേഹത്തിനു നല്‍കിയ മറുപടികളും നോക്കുമ്പോള്‍ ആദ്യം പറഞ്ഞ അഭിപ്രായ ത്തിനാണു മുന്‍തൂക്കം കാണുന്നത്. الله اعلم .

നിങ്ങളോടു ഞാന്‍ വിരോധിക്കുന്ന കാര്യങ്ങള്‍ ഒന്നാമതായി വര്‍ജ്ജിച്ചു വരുന്ന ആളാണു ഞാന്‍. നിങ്ങളോടു അവയെക്കുറിച്ചു വിരോധിക്കുകയും, അതോടൊപ്പം അതിനെതിരായി ഞാന്‍ പ്രവ ര്‍ത്തിക്കുകയും ചെയ്യുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്കു എന്നെ ആക്ഷേപിക്കുവാന്‍ ന്യായമുണ്ടായിരു ന്നു. പക്ഷേ, ഞാന്‍ വിരോധിക്കുന്നതിനു എതിരില്‍ ഞാന്‍ ഒന്നും ചെയ്യുന്നില്ലല്ലോ. നിങ്ങളെ കഴി യുന്നത്ര നന്നാക്കി സംസ്കരിക്കുക മാത്രമാണു എന്‍റെ ലക്ഷ്യം. അതല്ലാതെ മറ്റൊരു കാര്യലാഭവും എനിക്കതിലില്ല. ഈ ലക്ഷ്യം സാധിക്കുവാന്‍ അല്ലാഹുവിങ്കല്‍നിന്നുതന്നെ സഹായം ലഭിക്കേണ്ടി യിരിക്കുന്നു. എനിക്കു സ്വന്തമായി അതിനു യാതൊരു കഴിവുമില്ല. അതുകൊണ്ടു വിനയപൂര്‍വ്വം കാര്യങ്ങളെല്ലാം അവനില്‍ ഞാന്‍ അര്‍പ്പിക്കുന്നു. ഇതൊക്കെയാണു അദ്ദേഹം തുടര്‍ന്നു പറഞ്ഞ തിന്‍റെ താല്‍പര്യം. അദ്ദേഹം വീണ്ടും തുടരുന്നു:-

11:89
  • وَيَٰقَوْمِ لَا يَجْرِمَنَّكُمْ شِقَاقِىٓ أَن يُصِيبَكُم مِّثْلُ مَآ أَصَابَ قَوْمَ نُوحٍ أَوْ قَوْمَ هُودٍ أَوْ قَوْمَ صَٰلِحٍ ۚ وَمَا قَوْمُ لُوطٍ مِّنكُم بِبَعِيدٍ ﴾٨٩﴿
  • 'എന്‍റെ ജനങ്ങളെ, എന്നോടുള്ള കക്ഷിമാത്സര്യം നിങ്ങളെ പ്രേരിപ്പിക്കാതിരിക്കട്ടെ, നൂഹിന്‍റെ ജനതക്കോ, ഹൂദിന്‍റെ ജനതക്കോ, സ്വാലിഹിന്‍റെ ജനതക്കോ ബാധിച്ചതുപോലെയുള്ളതു [ശിക്ഷ] നിങ്ങള്‍ക്കു ബാധിക്കു(വാന്‍ ഇടയാകു)ന്നതിനു. ലൂത്ത്വിന്‍റെ ജനത(യാകട്ടെ) നിങ്ങളില്‍ നിന്നു അകലെയല്ലതാനും.
  • وَيَا قَوْمِ എന്‍റെ ജനങ്ങളെ لَا يَجْرِمَنَّكُمْ നിങ്ങളെ പ്രേരിപ്പിക്കാതിരിക്കട്ടെ, നിങ്ങള്‍ക്കു വരുത്തി ത്തീര്‍ക്കരുതു شِقَاقِي എന്‍റെ (എന്നോടുള്ള) ചേരിപിരിവു, കക്ഷിപിടിക്കല്‍, മത്സരം أَن يُصِيبَكُم നിങ്ങ ള്‍ക്കു എത്തുവാന്‍, ബാധിക്കല്‍ مِّثْلُ مَا أَصَابَ ബാധിച്ച (എത്തിയ)തു പോലുള്ളതു قَوْمَ نُوحٍ നൂഹിന്‍റെ ജനതക്കു أَوْ قَوْمَ അല്ലെങ്കില്‍ ജനതക്ക് هُودٍ ഹൂദിന്‍റെ أَوْ قَوْمَ അല്ലെങ്കില്‍ ജനതക്കു صَالِحٍ സ്വാലിഹിന്‍റെ وَمَا قَوْمُ ജനതയല്ലതാനും لُوطٍ ലൂത്ത്വിന്‍റെ مِّنكُم നിങ്ങളില്‍ നിന്നു بِبَعِيدٍ ദൂരപ്പെട്ടതു, അകലെയുള്ളത്.
11:90
  • وَٱسْتَغْفِرُوا۟ رَبَّكُمْ ثُمَّ تُوبُوٓا۟ إِلَيْهِ ۚ إِنَّ رَبِّى رَحِيمٌ وَدُودٌ ﴾٩٠﴿
  • 'നിങ്ങളുടെ റബ്ബിനോടു നിങ്ങള്‍ പാപമോചനം തേടുകയും, പിന്നെ അവനിലേക്കു പശ്ചാത്ത പിക്കുകയും ചെയ്യുവിന്‍. നിശ്ചയമായും, എന്‍റെ റബ്ബ് കരുണാനിധിയും, വളരെ (സ്നേഹ) താല്‍പര്യ മുള്ളവനുമാകുന്നു.'
  • وَاسْتَغْفِرُوا പാപമോചനം തേടുകയും ചെയ്‍വിന്‍ رَبَّكُمْ നിങ്ങളുടെ റബ്ബിനോടു ثُمَّ تُوبُوا പിന്നെ പശ്ചാത്തപിക്കു (മടങ്ങു)വിന്‍ إِلَيْهِ അവങ്കലേക്കു إِنَّ رَبِّي നിശ്ചയമായും എന്‍റെ റബ്ബു رَحِيمٌ കരുണാ നിധിയാണു وَدُودٌ വളരെ താല്‍പര്യ (സ്നേഹ) മുള്ളവനാണു.

എന്നോടുള്ള നിങ്ങളുടെ മാത്സര്യവും, കക്ഷിത്വവും തുടരുകതന്നെയാണു നിങ്ങള്‍ ചെയ്യുന്നതെ ങ്കില്‍, മുന്‍ സമുദായങ്ങളായ നൂഹ്, ഹൂദ്‌, സ്വാലിഹ് (അ) എന്നിവരുടെ ജനങ്ങള്‍ക്കു ബാധിച്ചതു പോലെയുള്ള മഹാ ശിക്ഷ നിങ്ങള്‍ക്കും ബാധിച്ചേക്കും. അതിനു നിങ്ങള്‍ ഇടവരുത്തരുത്. ആ സമുദായങ്ങളൊക്കെ കാലം കൊണ്ടും, സ്ഥലം കൊണ്ടും നിങ്ങളില്‍ നിന്നു കുറേ അകലെയാണെ ങ്കില്‍, നിങ്ങളുടെ അടുത്ത സ്ഥലത്തും അടുത്ത കാലത്തും (*) ലൂത്ത്വ് നബിയുടെ ജനതക്കു ബാധിച്ച കടുത്ത ശിക്ഷ നിങ്ങള്‍ക്കു ഓര്‍മ്മയുണ്ടല്ലോ എന്നു അദ്ദേഹം അവരെ താക്കീതുചെയ്യു ന്നു. അതോടൊപ്പം തന്നെ, നിങ്ങള്‍ എന്തു അക്രമവും പാപവും പ്രവര്‍ത്തിച്ചിരുന്നാലും നിങ്ങള്‍ ഖേദിച്ചു മടങ്ങി പാപമോചനം തേടിയാല്‍ അല്ലാഹു നിങ്ങള്‍ക്കു പൊറുത്തുതരുകയും കരുണ ചെയ്യുകയും ചെയ്യുമെന്ന് ഉപദേശിക്കുകയും ചെയ്യുന്നു. ഇതുകൊണ്ടൊന്നും ആ ജനതക്കു മാനസാ ന്തരം ഉണ്ടായില്ലെന്നു മാത്രമല്ല, അവരുടെ അഹന്തയും മത്സരബുദ്ധിയും വര്‍ദ്ധിച്ചതേയുള്ളു.
———————
(*). ലൂത്ത്വ് (അ) നബിയുടെ ശേഷമായിരുന്നു ശുഐബ് (അ) നബിയുടെ ആഗമനം. രണ്ടാള്‍ക്കുമി ടയില്‍ വളരെ കാലതാമസമൊന്നും ഉണ്ടായിരുന്നില്ല. രണ്ടു രാജ്യങ്ങളും തമ്മിലുള്ള അടുപ്പം 4ഉം 6ഉം ഭൂപടങ്ങളില്‍ നിന്നു മനസിലാക്കാം.
———————

11:91
  • قَالُوا۟ يَٰشُعَيْبُ مَا نَفْقَهُ كَثِيرًا مِّمَّا تَقُولُ وَإِنَّا لَنَرَىٰكَ فِينَا ضَعِيفًا ۖ وَلَوْلَا رَهْطُكَ لَرَجَمْنَٰكَ ۖ وَمَآ أَنتَ عَلَيْنَا بِعَزِيزٍ ﴾٩١﴿
  • അവര്‍ പറഞ്ഞു: 'ശുഐബേ, നീ പറയുന്നതില്‍ നിന്ന് മിക്കതും ഞങ്ങള്‍ക്കു ഗ്രഹിക്കു(വാന്‍ കഴിയു)ന്നില്ല; നിശ്ചയമായും, ഞങ്ങളുടെ കൂട്ടത്തില്‍ നിന്നെ ഒരു ബലഹീനനായിട്ടേ ഞങ്ങള്‍ കാണുന്നുള്ളു. നിന്‍റെ കുടുംബം ഇല്ലായിരുന്നുവെങ്കില്‍,നിന്നെ ഞങ്ങള്‍ എറിഞ്ഞുകൊല്ലുക തന്നെ ചെയ്തിരുന്നു. നീ ഞങ്ങളുടെ അടുക്കല്‍ ഒരു പ്രതാപശാലിയൊന്നുമല്ല.'
  • قَالُوا അവര്‍ പറഞ്ഞു يَا شُعَيْبُ ശുഐബേ مَا نَفْقَهُ ഞങ്ങള്‍ ഗ്രഹിക്കുന്നില്ല, ഞങ്ങള്‍ക്കു മനസ്സിലാ കുന്നില്ല كَثِيرًا വളരെ, പലതും, മിക്കതും مِّمَّا تَقُولُ നീ പറയുന്നതില്‍ നിന്നു وَإِنَّا നിശ്ചയമായും ഞങ്ങ ള്‍ لَنَرَاكَ നിന്നെ ഞങ്ങള്‍ കാണുക തന്നെ ചെയ്യുന്നു فِينَا ഞങ്ങളില്‍, ഞങ്ങളുടെ കൂട്ടത്തില്‍ ضَعِيفًا ഒരു ബലഹീനനായി, ദുര്‍ബ്ബലനായി وَلَوْلَا ഇല്ലായിരുന്നെങ്കില്‍ رَهْطُكَ നിന്‍റെ കൂട്ടം (കൂട്ടുകുടുംബ ങ്ങള്‍) لَرَجَمْنَاكَ ഞങ്ങള്‍ നിന്നെ എറിഞ്ഞു കൊല്ലുക (എറിഞ്ഞാട്ടുക) തന്നെ ചെയ്തിരുന്നു وَمَا أَنتَ നീ അല്ലതാനും عَلَيْنَا ഞങ്ങള്‍ക്കു, ഞങ്ങളുടെ അടുക്കല്‍ بِعَزِيزٍ ഒരു പ്രതാപശാലി, ഊക്കന്‍.

സത്യത്തിനും, നീതിക്കും മുമ്പില്‍ പരാജയപ്പെടുമ്പോള്‍, ധിക്കാരബുദ്ധികളില്‍ നിന്നു എക്കാലത്തും കേള്‍ക്കാറുള്ളതാണു ഇത്തരം ഭീഷണികള്‍. ന്യായത്തില്‍ മുട്ടുമ്പോള്‍ അവര്‍ അക്രമ മര്‍ദ്ദനങ്ങള്‍ക്കു മുതിരും. തങ്ങള്‍ ചെയ്യുന്നതിലെല്ലാം അവര്‍ സ്വയം സംതൃപ്തരാകുകയും ചെയ്യും. ശുഐബ് (അ) നബിയുടെ കാലക്കാരെ സംബന്ധിച്ചിടത്തോളം അവര്‍ പ്രാചീന സമുദായങ്ങളില്‍ പെട്ടവരും, ഇന്നത്തെ ജനങ്ങളെ അപേക്ഷിച്ചു പരിഷ്കാരത്തിന്‍റെയും ഉല്‍ബുദ്ധതയുടെയും താഴെ പടിയിലുള്ളവരുമാണെന്നു പറഞ്ഞേക്കാം. എന്നാല്‍, ബുദ്ധിപരമായി മനുഷ്യന്‍ വളരെ പുരോഗമിച്ചിട്ടുള്ള ഇക്കാലത്തും തൗഹീദിനെക്കുറിച്ചും ക്രയവിക്രയങ്ങളില്‍ ചതിയും കൃത്രിമവും ഉപേക്ഷിക്കേണ്ടതിനെക്കുറിച്ചും ഉപദേശിക്കുവാന്‍ മിനക്കെട്ടാലുള്ള സ്ഥിതിയോ? അനുഭവ സാക്ഷ്യങ്ങളുടെ വെളിച്ചത്തില്‍ ഒന്നാലോചിച്ചു നോക്കുക! ഉപദേശിക്കുന്നവരുടെ ഹൃദയശുദ്ധിയെയും, സല്‍ഗുണങ്ങളെയും ചോദ്യം ചെയ്ത് പുച്ഛിക്കുക, അവരെ വിഡ്ഢികളും മൂഢന്മാരുമായി തരം താഴ്ത്തുക, ദുര്‍ന്യായങ്ങളും ദുസ്സമ൪ത്ഥനങ്ങളും അവതരിപ്പിക്കുക, ഭീഷണി മുഴക്കുക കയ്യേറ്റത്തിനു മുതിരുക, ഉപദേശിക്കുംതോറും തോന്നിയവാസങ്ങള്‍ വര്‍ദ്ധിപ്പിക്കുക ഇതെല്ലാം തന്നെ. ചുരുക്കിപ്പറഞ്ഞാല്‍, ശുഐബ് (അ) നബിയുടെ ജനത പറഞ്ഞതായി 87ഉം 91ഉം വചനങ്ങളില്‍ അല്ലാഹു പ്രസ്താവിച്ച അതേ ശൈലിയുള്ള മറുപടികളായിരിക്കും അവര്‍ക്കും പറയുവാനുണ്ടായിരിക്കുക.

ധനത്തോടുള്ള മോഹവും സമ്പാദന മാര്‍ഗ്ഗങ്ങളില്‍ വഞ്ചന നടത്തലും, മനുഷ്യരില്‍ പൊതുവെയുള്ള ഒരു സ്വഭാവമായതുകൊണ്ടുതന്നെയാണു – അതില്‍ നിന്നും സത്യവിശ്വാസികള്‍ വിമുക്തരായിരിക്കുവാന്‍ വേണ്ടി – ശുഐബ് (അ) നബിയുടെയും, അദ്ദേഹത്തിന്‍റെ ജനതയുടെയും ഇടയില്‍ നടന്ന വാഗ്വാദങ്ങള്‍ വളരെ വിശദമായി പല സൂറത്തുകളിലും അല്ലാഹു ഉദ്ധരിച്ചിരിക്കുന്നതും. കയ്യൂക്കും ഭീഷണിയും മുഴക്കിയ ആ ജനതക്കു ആ പ്രാവചക വര്യന്‍ നല്‍കിയ മറുപടി ഇതായിരുന്നു:-

11:92
  • قَالَ يَٰقَوْمِ أَرَهْطِىٓ أَعَزُّ عَلَيْكُم مِّنَ ٱللَّهِ وَٱتَّخَذْتُمُوهُ وَرَآءَكُمْ ظِهْرِيًّا ۖ إِنَّ رَبِّى بِمَا تَعْمَلُونَ مُحِيطٌ ﴾٩٢﴿
  • അദ്ദേഹം പറഞ്ഞു 'എന്‍റെ ജനങ്ങളേ, എന്‍റെ കൂട്ടു കുടുംബമാണോ നിങ്ങളുടെ അടുക്കല്‍ അല്ലാഹുവിനേക്കാള്‍ കൂടുതല്‍ പരിഗണനീയം! അവനെ നിങ്ങള്‍ നിങ്ങളുടെ പിമ്പില്‍ പുറം തള്ളപ്പെട്ടവനാക്കുകയും ചെയ്തിരിക്കുന്നു(വോ)?! നിശ്ചയമായും, എന്‍റെ റബ്ബു നിങ്ങള്‍ പ്രവര്‍ത്തി ച്ചുവരുന്നതിനെ വലയം ചെയ്തു [സൂക്ഷ്മമായി അറിഞ്ഞു] കൊണ്ടിരിക്കുന്നവനാകുന്നു.'
  • قَالَ അദ്ദേഹം പറഞ്ഞു يَا قَوْمِ എന്‍റെ ജനങ്ങളേ أَرَهْطِي എന്‍റെ കൂട്ടു കുടുംബമോ, കൂട്ടമോ أَعَزُّ അധികം പ്രതാപം ഉള്ള (കൂടുതല്‍ പരിഗണനീയം) عَلَيْكُم നിങ്ങള്‍ക്കു (നിങ്ങളുടെ അടുക്കല്‍) مِّنَ اللَّـهِ അല്ലാഹുവിനെക്കാള്‍ وَاتَّخَذْتُمُوهُ അവനെ നിങ്ങള്‍ ആക്കുകയും ചെയ്തിരിക്കുന്നു(വോ) وَرَاءَكُمْ നിങ്ങ ളുടെ പിന്നില്‍, അപ്പുറം ظِهْرِيًّا പുറം തള്ളപ്പെട്ടവന്‍, പിറകോട്ടിടപ്പെട്ടതു إِنَّ رَبِّي നിശ്ചയമായും എന്‍റെ റബ്ബു بِمَا تَعْمَلُونَ നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെ مُحِيطٌ വലയം ചെയ്യുന്ന (സൂക്ഷമമായി) അറിയുന്ന)വനാണു.

അവസാനം അദ്ദേഹം അവര്‍ക്കു ഇങ്ങിനെ അന്ത്യശാസനം നല്‍കി:-

11:93
  • وَيَٰقَوْمِ ٱعْمَلُوا۟ عَلَىٰ مَكَانَتِكُمْ إِنِّى عَٰمِلٌ ۖ سَوْفَ تَعْلَمُونَ مَن يَأْتِيهِ عَذَابٌ يُخْزِيهِ وَمَنْ هُوَ كَٰذِبٌ ۖ وَٱرْتَقِبُوٓا۟ إِنِّى مَعَكُمْ رَقِيبٌ ﴾٩٣﴿
  • 'എന്‍റെ ജനങ്ങളേ, നിങ്ങളുടെ സ്ഥാനം [നിലപാടു] അനുസരിച്ചു നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊള്ളു വിന്‍; ഞാന്‍ (എന്‍റെ സ്ഥാനമനുസരിച്ചും) പ്രവര്‍ത്തിക്കുന്നവനാണു.
    പിറകെ നിങ്ങള്‍ക്കറിയാം, ആര്‍ക്കാണ് അപമാനപ്പെടുത്തുന്ന ശിക്ഷ വന്നെത്തുന്നതെന്നും, ആരാണ് വ്യാജം പറയുന്നവനെന്നും! (വരാനിരിക്കുന്നതു) നിങ്ങള്‍ പ്രതീക്ഷിച്ചു കൊണ്ടിരിക്കുക യും ചെയ്യുവിന്‍, നിശ്ചയമായും ഞാനും നിങ്ങളോടൊപ്പം പ്രതീക്ഷിക്കുന്നവനാകുന്നു.
  • وَيَا قَوْمِ എന്‍റെ ജനങ്ങളേ اعْمَلُوا നിങ്ങള്‍ പ്രവര്‍ത്തിക്കുവിന്‍ عَلَىٰ مَكَانَتِكُمْ നിങ്ങളുടെ സ്ഥാനം (നിലപാടു - സ്ഥിതി) അനുസരിച്ച് إِنِّي നിശ്ചയമായും ഞാന്‍ عَامِلٌ പ്രവര്‍ത്തിക്കുന്നവനണു سَوْفَ വഴിയെ, പിറകെ تَعْلَمُونَ നിങ്ങള്‍ അറിയും مَن ആര്‍ക്കാണു, ആരാണു يَأْتِيهِ അവനു വരും, വന്നെ ത്തുന്നതു عَذَابٌ (ഒരു) ശിക്ഷ يُخْزِيهِ അവനെ അപമാനപ്പെടുത്തുന്ന وَمَنْ ആരാണെന്നും هُوَ അവന്‍ كَاذِبٌ കളവു (വ്യാജം) പറയുന്നവനാണു وَارْتَقِبُوا നിങ്ങള്‍ പ്രതീക്ഷിക്കുക (നോക്കിയിരിക്കുക)യും ചെയ്യുവിന്‍ إِنِّي നിശ്ചയമായും ഞാന്‍ مَعَكُمْ നിങ്ങളോടൊപ്പം رَقِيبٌ പ്രതീക്ഷിക്കുന്ന (നോക്കിയിരി ക്കുന്ന)വനാണു.

അധികം താമസിയാതെ നിങ്ങള്‍ക്കു പൊതു ശിക്ഷ വരുവാന്‍ പോകുന്നു. അപ്പോള്‍, ഞാന്‍ പറയു ന്നതിന്‍റെ സത്യാവസ്ഥ നിങ്ങള്‍ക്കു അനുഭവംകൊണ്ട് ബോദ്ധ്യപ്പെടും. തല്‍ക്കാലം നാം ഇരു കൂട്ടരും കാത്തിരുന്നു കാണുക എന്നു സാരം. താമസിയാതെ ശിക്ഷ സംഭവിക്കുകതന്നെ ചെയ്തു.

11:94
  • وَلَمَّا جَآءَ أَمْرُنَا نَجَّيْنَا شُعَيْبًا وَٱلَّذِينَ ءَامَنُوا۟ مَعَهُۥ بِرَحْمَةٍ مِّنَّا وَأَخَذَتِ ٱلَّذِينَ ظَلَمُوا۟ ٱلصَّيْحَةُ فَأَصْبَحُوا۟ فِى دِيَٰرِهِمْ جَٰثِمِينَ ﴾٩٤﴿
  • നമ്മുടെ കല്‍പന വന്നപ്പോള്‍, ശുഐബിനെയും അദ്ദേഹത്തോടൊപ്പം വിശ്വസിച്ചവരെയും നമ്മുടെ പക്കല്‍ നിന്നുള്ള കാരുണ്യം കൊണ്ടു നാം രക്ഷപ്പെടുത്തി;
    (ആ) അക്രമം പ്രവര്‍ത്തിച്ചവര്‍ക്കു ഘോര ശബ്ദം പിടിപ്പെടുകയും ചെയ്തു. അങ്ങനെ, അവര്‍ അവരു ടെ വസതികളില്‍ (ചത്ത്) കമിഴ്ന്നു വീണവരായി;-
  • وَلَمَّا جَاءَ വന്നപ്പോള്‍ أَمْرُنَا നമ്മുടെ കല്‍പന نَجَّيْنَا നാം രക്ഷപ്പെടുത്തി شُعَيْبًا ശുഐബിനെ وَالَّذِينَ യതൊരുവരെയും آمَنُوا مَعَهُ അദ്ദേഹത്തിന്‍റെ കൂടെ വിശ്വസിച്ച بِرَحْمَةٍ കാരുണ്യം കൊണ്ടു مِّنَّا നമ്മില്‍ നിന്നുള്ള, നമ്മുടെ വക وَأَخَذَتِ പിടികൂടുകയും ചെയ്തു الَّذِينَ യതൊരുവരെ ظَلَمُوا അക്രമം ചെയ്ത الصَّيْحَةُ ഘോര ശബ്ദം, അട്ടഹാസം فَأَصْبَحُوا അങ്ങനെ (എന്നിട്ടു) അവരായി (രാവിലെ) فِي دِيَارِهِمْ അവരുടെ വസതി (പാര്‍പ്പിടം) കളില്‍ جَاثِمِينَ കമിഴ്ന്നു വീണവര്‍.
11:95
  • كَأَن لَّمْ يَغْنَوْا۟ فِيهَآ ۗ أَلَا بُعْدًا لِّمَدْيَنَ كَمَا بَعِدَتْ ثَمُودُ ﴾٩٥﴿
  • (അതെ) അവര്‍ അവിടത്തില്‍ ഉണ്ടായിട്ടില്ലാത്തതു പോലെ! അല്ലാ! (അറിയുക:) ഥമൂദുഗോത്രം (കാരുണ്യത്തില്‍നിന്നു) ദൂരപ്പെട്ടതുപോലെ, മദ്‌-യനും [മദ്‌-യന്‍കാര്‍ക്കും] വിദൂരത!
  • كَأَن لَّمْ يَغْنَوْا അവര്‍ ധന്യമാകാത്ത (ഉണ്ടാവാത്ത - നിവസിക്കാത്ത) പോലെ فِيهَا അവയില്‍, അവിടത്തി أَلَا അല്ലാ, അറിയുക بُعْدًا വിദൂരത لِّمَدْيَنَ മദ്‌-യന്നു كَمَا بَعِدَتْ ദൂരപ്പെട്ടതുപോലെ ثَمُودُ ഥമൂദ്.

മദ്‌-യന്‍ നിവാസികള്‍ക്ക് ബാധിച്ച ആ ഘോരശബ്ദം (الصَّيْحَةُ) എങ്ങിനെയുള്ളതായിരുന്നുവെന്നു ഖുര്‍ആനില്‍ വിവരിക്കപ്പെട്ടിട്ടില്ല. ശുഐബ് (അ) നബിയോടു ആ ജനത ‘നീ സത്യവാന്‍മാരില്‍ പെട്ടവനാണെങ്കില്‍ ആകാശത്തു നിന്നു ഞങ്ങള്‍ക്കുമീതെ തുണ്ടങ്ങള്‍ വീഴ്ത്തുക’ എന്നു ആവശ്യ പ്പെട്ടുവെന്നും, അങ്ങനെ അവര്‍ അദ്ദേഹത്തെ വ്യാജമാക്കിയപ്പോള്‍ അവര്‍ക്കു മേഘത്തണലിന്‍റെ ദിവസത്തെ ശിക്ഷ ( عَذَابُ يَوْمِ الظُّلَّة) ബാധിച്ചുവെന്നും സൂ: ശുഅറാഉ് : 187-189 വചനങ്ങളില്‍ പ്രസ്താവിച്ചിരിക്കുന്നു. മുകള്‍ ഭാഗത്തുനിന്നു മേഘത്തിലൂടെയോ മറ്റോ സംഭവിച്ച ഒരു ഘോരശ ബ്ദമായിരിക്കാം അതെന്നു ഇതില്‍ നിന്നു അനുമാനിക്കാം. വസ്തുത അല്ലാഹുവിനറിയാം.

വിഭാഗം - 9

11:96
  • وَلَقَدْ أَرْسَلْنَا مُوسَىٰ بِـَٔايَٰتِنَا وَسُلْطَٰنٍ مُّبِينٍ ﴾٩٦﴿
  • നമ്മുടെ ദൃഷ്ടാന്തങ്ങളും, സ്പഷ്ടമായ (അധികൃത) രേഖയുമായി മൂസായെയും നാം അയക്കുകയുണ്ടായി;-
  • وَلَقَدْ أَرْسَلْنَا നാം അയച്ചിട്ടുണ്ടു مُوسَىٰ മൂസായെ بِآيَاتِنَا നമ്മുടെ ദൃഷ്ടാന്തങ്ങളുമായി وَسُلْطَانٍ (അധികൃത) രേഖയുമായി مُّبِينٍ സ്പഷ്ടമായ.
11:97
  • إِلَىٰ فِرْعَوْنَ وَمَلَإِي۟هِۦ فَٱتَّبَعُوٓا۟ أَمْرَ فِرْعَوْنَ ۖ وَمَآ أَمْرُ فِرْعَوْنَ بِرَشِيدٍ ﴾٩٧﴿
  • ഫിര്‍ഔന്‍റെയും, അവന്‍റെ പ്രധാനികളുടെയും അടുക്കലേക്ക്. എന്നിട്ടു, അവര്‍ ഫിര്‍ഔന്‍റെ കല്‍പനയെ പിന്‍പറ്റി. ഫിര്‍ഔന്‍റെ കല്‍പന തന്‍റേടമുള്ളതു (അഥവാ നേര്‍വഴിക്കുള്ളതു) അല്ലതാനും.
  • إِلَىٰ فِرْعَوْنَ ഫിര്‍ഔന്‍റെ അടുക്കലേക്കു وَمَلَئِهِ അവന്‍റെ പ്രധാനികളുടെയും, സംഘത്തിന്‍റെയും فَاتَّبَعُوا എന്നിട്ടവര്‍ പിന്‍പറ്റി أَمْرَ فِرْعَوْنَ ഫി൪ഔന്‍റെ കല്‍പനയെ وَمَا أَمْرُ കല്പനയല്ലതാനും فِرْعَوْنَ ഫി൪ഔന്‍റെ بِرَشِيدٍ തന്‍റേടമുള്ളതു, നേര്‍വഴിക്കുള്ളതു.
11:98
  • يَقْدُمُ قَوْمَهُۥ يَوْمَ ٱلْقِيَٰمَةِ فَأَوْرَدَهُمُ ٱلنَّارَ ۖ وَبِئْسَ ٱلْوِرْدُ ٱلْمَوْرُودُ ﴾٩٨﴿
  • ഖിയാമത്തുനാളില്‍ അവന്‍ തന്‍റെ ജനതക്കു മുമ്പിലായിവരും; എന്നിട്ടു അവന്‍ അവരെ (ദാഹം തീര്‍ക്കുവാന്‍) നരകത്തിങ്കല്‍ വരുത്തുന്നതാണു. (ദാഹശമനത്തിനു) വരുന്ന (ആ) താവളം എത്രയോ ചീത്തയും!
  • يَقْدُمُ അവന്‍ മുമ്പിലായി വരും, മുന്നിട്ടു വരും قَوْمَهُ അവന്‍റെ ജനങ്ങള്‍ക്കു يَوْمَ الْقِيَامَةِ ഖിയാമത്തു നാളില്‍ فَأَوْرَدَهُمُ എന്നിട്ടവരെ അവന്‍ വരുത്തും (കൊണ്ടുവരും) النَّارَ നരകത്തില്‍ وَبِئْسَ വളരെ ചീത്തയും, എത്രയോ മോശവും الْوِرْدُ (ആ ദാഹശമനത്തിനുള്ള) വരവു, വരുന്ന താവളം الْمَوْرُودُ വരപ്പെടുന്നതായ.

ഇഹലോകത്തുവെച്ചു ഫി൪ഔന്‍ അവന്‍റെ ആള്‍ക്കാര്‍ക്കു ദുര്‍മ്മാര്‍ഗ്ഗത്തിനു നേതൃത്വം വഹിച്ചിരുന്നല്ലോ. അതുപോലെ, പരലോകത്തുവെച്ചുണ്ടാകുന്ന ശിക്ഷകളിലും അവന്‍ അവര്‍ക്കു നേതൃത്വം വഹിക്കും. അഥവാ ശിക്ഷയില്‍ അവന്‍ അവരുടെ മുമ്പിലുണ്ടായിരിക്കും. അങ്ങനെ അവന്‍ മുമ്പിലായിക്കൊണ്ടു അവരെ നരകത്തില്‍ കൊണ്ടുചെന്നു ചാടിക്കും എന്നു സാരം.

ورود (വറൂദു) എന്ന മൂലപദത്തിന്‍റെ സാക്ഷാല്‍ അര്‍ത്ഥം വെള്ളം കുടിക്കുവാന്‍ വേണ്ടിയുള്ള വരവു എന്നാകുന്നു. സന്ദര്‍ഭമനുസരിച്ചു വെള്ളത്തിനും, ദാഹശമനത്തിനും അല്ലാതെയുള്ള വരവിലും അതുപയോഗിക്കപ്പെടും. ഫി൪ഔന്‍ മുമ്പിലും അവന്‍റെ ജനങ്ങള്‍ പിമ്പിലുമായിക്കൊണ്ടുള്ള വരവിനേ – പരിഹാസ രൂപത്തില്‍ – ഒരു ഇടയന്‍ തന്‍റെ മൃഗങ്ങളെ വെള്ളത്താവളത്തിങ്കലേക്കു വെള്ളം കുടിപ്പിക്കുവാന്‍ കൊണ്ടു പോകുന്നതിനോടു ഉപമിച്ചു കൊണ്ടാണു فَأَوْرَدَهُمُ النَّارَ (എന്നിട്ടവന്‍ അവരെ ദാഹം തീര്‍ക്കുവാന്‍ നരകത്തിങ്കല്‍ കൊണ്ടുവരും) എന്നു പറഞ്ഞതു. പക്ഷേ, ഇടയന്‍ മൃഗങ്ങളെ കൊണ്ടുപോയി ദാഹശമനം വരുത്തുകയാണു ചെയ്യുന്നതെങ്കില്‍, ഫി൪ഔന്‍ അവന്‍റെ ആള്‍ക്കാര്‍ക്കു വെള്ളത്തിനു പകരം നരകാഗ്നിയില്‍ ചാടിക്കുകയാണു ചെയ്യുന്നതെന്നു താല്‍പര്യം.

11:99
  • وَأُتْبِعُوا۟ فِى هَٰذِهِۦ لَعْنَةً وَيَوْمَ ٱلْقِيَٰمَةِ ۚ بِئْسَ ٱلرِّفْدُ ٱلْمَرْفُودُ ﴾٩٩﴿
  • ഇതില്‍ [ഈ ലോകത്തില്‍] വെച്ചു ശാപം അവര്‍ക്കു (പിന്നാലെ) തുടര്‍ത്തപ്പെട്ടിരിക്കുന്നു; ഖിയാമത്തുനാളിലും (തന്നെ) (ആ) നല്‍കപ്പെട്ട സമ്മാനം എത്രയോ ചീത്ത!
  • وَأُتْبِعُوا അവര്‍ തുടര്‍ത്തപ്പെട്ടിരിക്കുന്നു, അവര്‍ക്കു പിന്നാലെ ആക്കപ്പെട്ടിരിക്കുന്നു فِي هَـٰذِهِ ഇതില്‍ لَعْنَةً ശാപം وَيَوْمَ ദിവസത്തിലും الْقِيَامَةِ ഖിയാമത്തിന്‍റെ بِئْسَ വളരെ മോശം, എത്രയോ ചീത്ത الرِّفْدُ (ആ) കൊടുതി, സമ്മാനം, സഹായം الْمَرْفُودُ കൊടുക്കപ്പെട്ട, സമ്മാനിക്കപ്പെട്ട.

അവര്‍ ഈ ലോകം വിട്ടു പിരിഞ്ഞതു ശാപത്തോടെയാണ്. അതവരെ വിട്ടുപിരിയാതെ അനുഗമിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. അങ്ങനെ, ഖിയാമത്തു നാളിലും അവര്‍ക്കു ശാപംതന്നെ. ഇത്രയേറെ ദുഷിച്ച ഒരു സമ്മാനം ലഭിക്കുവാനുള്ള ദുര്‍ഭാഗ്യം വേറെ ആര്‍ക്കുമില്ലെന്നു സാരം. രാവിലെയും വൈകുന്നേരവും ഫി൪ഔനും അവന്‍റെ ആള്‍ക്കാര്‍ക്കും നരകം പ്രദര്‍ശിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുമെന്നും, അന്ത്യസമയത്തില്‍ അവരെ നരകത്തില്‍ കടത്തുവാന്‍ കല്‍പനയുണ്ടാകുമെന്നും 40:46ല്‍ പ്രസ്താവിച്ചിരിക്കുന്നു.

മുകളില്‍ പ്രസ്താവിക്കപ്പെട്ട നബിമാരുടെയും സമുദായങ്ങളുടെയും ചരിത്ര സംഭവങ്ങളെ ചൂണ്ടിക്കാട്ടിക്കൊണ്ടു അല്ലാഹു പറയുന്നു:-

11:100
  • ذَٰلِكَ مِنْ أَنۢبَآءِ ٱلْقُرَىٰ نَقُصُّهُۥ عَلَيْكَ ۖ مِنْهَا قَآئِمٌ وَحَصِيدٌ ﴾١٠٠﴿
  • അതു രാജ്യങ്ങളുടെ വൃത്താന്തങ്ങളില്‍പെട്ട (ചില)താകുന്നു; നാം നിനക്കതു കഥനം ചെയ്തു (വിവരിച്ചു) തരുകയാണ്‌. (നശിപ്പിക്കപ്പെടാതെ) നില കൊള്ളുന്ന (ചില)തും, കൊയ്തെടുക്കപ്പെട്ട (ചില)തും അവയിലുണ്ടു.
  • ذَٰلِكَ അതു مِنْ أَنبَاءِ വൃത്താന്ത(വര്‍ത്തമാന)ങ്ങളില്‍ പെട്ടതാണു الْقُرَىٰ രാജ്യങ്ങളുടെ نَقُصُّهُ നാം അത് കഥനം ചെയ്തു, വിവരിച്ചു عَلَيْكَ നിനക്ക്, നിന്‍റെ മേല്‍ مِنْهَا അവയിലുണ്ടു, അവയില്‍ ചിലതു قَائِمٌ നിലകൊള്ളുന്നതു, നിലനില്‍ക്കുന്നതാണു وَحَصِيدٌ കൊയ്തെടുക്കപ്പെട്ടതും.

സാരം: മേല്‍വിവരിച്ച പൊതു ശിക്ഷകള്‍ക്കു വിധേയമായ രാജ്യങ്ങളില്‍ ചിലതു പാടെ നശിച്ചു പോകാതെ നിലനിന്നു വരുന്നു. മറ്റു ചിലതു കൊയ്തെടുക്കപ്പെട്ട വിളകള്‍ കണക്കെ നിശ്ശേഷം നശിപ്പിക്കപ്പെടുകയും ചെയ്തിരിക്കുന്നു.