ജുസ്ഉ് - 12

11:6
  • وَمَا مِن دَآبَّةٍ فِى ٱلْأَرْضِ إِلَّا عَلَى ٱللَّهِ رِزْقُهَا وَيَعْلَمُ مُسْتَقَرَّهَا وَمُسْتَوْدَعَهَا ۚ كُلٌّ فِى كِتَـٰبٍ مُّبِينٍ ﴾٦﴿
  • ഭൂമിയിലുള്ള ഒരു ജീവജന്തുവും തന്നെ, അവയുടെ ഉപജീവനം (അഥവാ ആഹാരം) അല്ലാഹുവിന്‍റെ മേല്‍ (ബാധ്യത) ഇല്ലാതെയില്ല. അവയുടെ വാസസ്ഥാനവും, അവയുടെ സൂക്ഷിപ്പുസ്ഥാനവും അവന്‍ അറിയുകയും ചെയ്യുന്നു.
    എല്ലാം (തന്നെ) സ്പഷ്ടമായ ഒരു (രേഖാ) ഗ്രന്ഥത്തിലുണ്ട്.
  • وَمَا مِن دَابَّةٍ ഒരു ജന്തുവുമില്ല, ജീവികളില്‍ നിന്നു (ഒന്നും) ഇല്ല فِي الْأَرْضِ ഭൂമിയില്‍ إِلَّا عَلَى اللَّـهِ അല്ലാഹുവിന്‍റെ മേല്‍ ഇല്ലാതെ رِزْقُهَا അതിന്‍റെ (അവയുടെ) ഉപജീവനം, ആഹാരം وَيَعْلَمُ അവന്‍ അറിയുകയും ചെയ്യും مُسْتَقَرَّهَا അവയുടെ താവളം, വാസസ്ഥലം, തങ്ങുന്ന ഇടം وَمُسْتَوْدَعَهَا അവയു ടെ സൂക്ഷിപ്പുസ്ഥാനവും كُلٌّ എല്ലാം فِي كِتَابٍ ഒരു ഗ്രന്ഥത്തില്‍ (രേഖയില്‍) ഉണ്ടു مُّبِينٍ സ്പഷ്ടമായ.

ബുദ്ധികൊടുത്തു ചിന്തിക്കുന്ന ഓരോ സത്യവിശ്വാസിയെയും ഇരുത്തിച്ചിന്തിപ്പിക്കുവാന്‍ പോരുന്ന ഒരു വചനമാണിത്. മനുഷ്യനടക്കം ഈ ഭൂമിയിലുള്ള എല്ലാ ജീവജന്തുക്കള്‍ക്കും അതതിന്‍റെ പ്രകൃതിക്കും ആവശ്യത്തിനുമനുസരിച്ച ഉപജീവനമാര്‍ഗ്ഗം ഏര്‍പ്പെടുത്തിക്കൊടുക്കുന്ന ബാധ്യത അല്ലാഹുവിനുണ്ട്. അതവന്‍ നിര്‍വ്വഹിച്ചിട്ടുമുണ്ട്. അഥവാ ആഹാരമാര്‍ഗ്ഗം ശരിപ്പെടുത്തിക്കൊണ്ടല്ലാതെ ഒരു ജീവിയെയും ഭൂമിയില്‍ അല്ലാഹു സൃഷ്ടിച്ചിട്ടില്ല. ഓരോ ജീവിയുടെയും സ്ഥിരമായ സ്ഥാനം, താല്‍ക്കാലികമായ സ്ഥാനം ഏതൊക്കെയാണെന്നു അവന്നറിയാം. അതെ, എവിടെനിന്നു വന്നു, എങ്ങോട്ടു പോകുന്നു, നാട്ടിലോ, കാട്ടിലോ, കരയിലോ, വെള്ളത്തിലോ, മണ്ണിനു മീതെയോ, താഴെയോ എന്നൊക്കെ അവനറിയാവുന്നതാണ്. അതെല്ലാം കണക്കിലെടുത്തുകൊണ്ടു തന്നെ അതതിന്‍റെ ആഹാരമാര്‍ഗ്ഗങ്ങള്‍ ശരിപ്പെടുത്തിയിരിക്കുന്നു. ഏതെങ്കിലും ഒരു ജീവവര്‍ഗ്ഗത്തിനു ആഹാരത്തിനുള്ള വക ശരിപ്പെടുത്താതെ അവന്‍ ഒഴിവാക്കിയിട്ടില്ല. ഏതെല്ലാം ജീവികള്‍ ഏതെല്ലാം തരത്തില്‍ ഉണ്ടെന്നും, ഓരോന്നിന്‍റെയും പെരുപ്പവും വര്‍ദ്ധനവും എത്രകണ്ടുവരുമെന്നും, ഓരോന്നിനും യോജിച്ച ആഹാരം ഏതാണ് എന്നുമൊക്കെ കൃത്യവും സൂക്ഷ്മവുമായ അറിവും രേഖയും അവന്‍റെ പക്കലുണ്ട്. എന്നൊക്കെ ഈ വചനത്തില്‍ നിന്നു വ്യക്തമാകുന്നു.

അപ്പോള്‍, ജനപ്പെരുപ്പം നിമിത്തം ഭൂമിയില്‍ ഉപജീവനമാര്‍ഗ്ഗമില്ലാതെ അടുത്ത ഭാവിയില്‍ മനുഷ്യന്‍ കഷ്ടപ്പെടുമെന്നു കണക്കുകള്‍ വലിച്ചുനീട്ടിക്കൊണ്ട് മനുഷ്യജനനം തന്നെ ചുരുക്കിക്കളയു വാന്‍ വേണ്ടി ഇക്കാലത്ത് പൊതുവെ കാണപ്പെടുന്ന വെപ്രാളം, അല്ലാഹുവിലും, അവന്‍റെ വാഗ്ദാനത്തിലും, കഴിവിലുമുള്ള വിശ്വാസരാഹിത്യത്തില്‍ നിന്നു ഉല്‍ഭവിച്ചതാണെന്നു തീര്‍ച്ച തന്നെ. അല്ലാഹു ഈ ഭൂമിയില്‍ നിക്ഷേപിച്ചുവെച്ചിട്ടുള്ള ആഹാരമാര്‍ഗ്ഗങ്ങളെയും, പ്രകൃതിവിഭവങ്ങളെയും തേടിപ്പിടിച്ചു ഉപയോഗപ്പെടുന്നതുന്നതിനു പകരം, അല്ലാഹുവിനെ കണക്കാക്കേണ്ടുന്ന പ്രകാരം കണക്കാക്കുവാന്‍ കൂട്ടാക്കാത്ത ശുഷ്ക്കബുദ്ധികളാല്‍ ആവിഷ്കരിക്കപ്പെട്ട ഒരു വിഡ്ഢിത്തമെന്നതില്‍ കവിഞ്ഞ് ഒരു സത്യവിശ്വാസിക്ക്‌ ആ സംരംഭത്തെ കാണുവാന്‍ ഒക്കുകയില്ല. മനുഷ്യ സമുദായം എണ്ണത്തില്‍ വളരെ കുറവായിരിക്കുമ്പോള്‍ ആഹാരം എവിടെയും സുഭിക്ഷമായിരിക്കുമെന്നും, എണ്ണം വര്‍ദ്ധിച്ചുവരും തോറും അതു കുറഞ്ഞുകൊണ്ടിരിക്കുമെന്നുമുള്ള അനുമാനം അടിയോടെ ശരിയല്ലെന്നു ചരിത്രവും അനുഭവവും വെച്ചുകൊണ്ട് ആലോചിച്ചാല്‍ നിഷ്പക്ഷ ബുദ്ധികള്‍ക്കു മനസ്സിലാക്കുവാന്‍ സാധിക്കുന്നതാണ്.

അദ്ധ്വാനവും പ്രയത്നവും കൂടാതെ ഓരോരുത്തന്‍റെയും ആഹാരം അവന്‍റെ മുമ്പില്‍ തയ്യാറാക്കപ്പെട്ടു കൊടുക്കുമെന്നല്ല അല്ലാഹു പറഞ്ഞതിന്‍റെ അര്‍ത്ഥം. അവന്‍ സൃഷ്‌ടിച്ച ജീവവര്‍ഗ്ഗങ്ങള്‍ക്കെല്ലാം അതാതിനു യോജിച്ചതും ആവശ്യമായതുമായ ആഹാരമാര്‍ഗ്ഗങ്ങള്‍ ഈ ഭൂമിയില്‍ അവന്‍ ഒരുക്കിവെച്ചിട്ടുണ്ട് എന്നത്രെ അര്‍ത്ഥം. മനുഷ്യന്‍റെ ആഹാരത്തിനുള്ള മാര്‍ഗ്ഗം അന്വേഷിച്ച് തേടിപ്പിടിക്കല്‍ അവന്‍റെ കടമയാകുന്നു. മനുഷ്യ൪ പെരുകുംതോറും പുതിയ പുതിയ മാര്‍ഗ്ഗങ്ങളും ചൂഷണരീതികളും കണ്ടുപിടിച്ചു ഉപയോഗപ്പെടുത്തി ക്കൊണ്ടിരിക്കുന്നുണ്ടു താനും.

11:7
  • وَهُوَ ٱلَّذِى خَلَقَ ٱلسَّمَـٰوَٰتِ وَٱلْأَرْضَ فِى سِتَّةِ أَيَّامٍ وَكَانَ عَرْشُهُۥ عَلَى ٱلْمَآءِ لِيَبْلُوَكُمْ أَيُّكُمْ أَحْسَنُ عَمَلًا ۗ وَلَئِن قُلْتَ إِنَّكُم مَّبْعُوثُونَ مِنۢ بَعْدِ ٱلْمَوْتِ لَيَقُولَنَّ ٱلَّذِينَ كَفَرُوٓا۟ إِنْ هَـٰذَآ إِلَّا سِحْرٌ مُّبِينٌ ﴾٧﴿
  • അവന്‍ തന്നെയാണു ആകാശങ്ങളെയും ഭൂമിയെയും ആറു ദിവസങ്ങളിലായി സൃഷ്ടിച്ചവനും; അവന്‍റെ 'അ൪ശു' [സിംഹാസനം] വെള്ളത്തിന്‍മേലായിരുന്നു - നിങ്ങളില്‍ ആരാണ് കര്‍മ്മത്തില്‍ കൂടുതല്‍ നല്ലവനെന്നു നിങ്ങളെ പരീക്ഷിക്കുവാന്‍ വേണ്ടി.
    (നബിയേ) 'മരണത്തിനുശേഷം, നിങ്ങള്‍ (വീണ്ടും) എഴുന്നേല്‍പിക്കപ്പെടുന്നവരാണു' എന്നു നീ പറഞ്ഞുപോയെങ്കില്‍, നിശ്ചയമായും (ആ) അവിശ്വസിച്ചവര്‍ പറയും: 'ഇതൊരു സ്പഷ്ടമായ ജാലവിദ്യയല്ലാതെ (മറ്റൊന്നും) അല്ല' എന്ന്!
  • وَهُوَ الَّذِي അവന്‍ തന്നെ യാതൊരുവനും, അവന്‍ യാതൊരുവനുമത്രെ خَلَقَ അവന്‍ സൃഷ്ടിച്ചു السَّمَاوَاتِ ആകാശങ്ങളെ وَالْأَرْضَ ഭൂമിയെയും فِي سِتَّةِ ആറില്‍ أَيَّامٍ നാളുകള്‍, ദിവസങ്ങള്‍ (ഘട്ടങ്ങള്‍) وَكَانَ ആയിരുന്നു عَرْشُهُ അവന്‍റെ സിംഹാസനം عَلَى الْمَاءِ വെള്ളത്തിന്‍മേല്‍ لِيَبْلُوَكُمْ നിങ്ങളെ അവന്‍ പരീക്ഷിക്കുവാന്‍വേണ്ടി أَيُّكُمْ നിങ്ങളില്‍ ഏതാള്‍ (ആര്‍) أَحْسَنُ അധികം നല്ലവന്‍ (എന്നു) عَمَلًا പ്രവൃ ത്തി, കര്‍മ്മത്തില്‍ وَلَئِن قُلْتَ നീ പറഞ്ഞുവെങ്കില്‍ إِنَّكُم നിശ്ചയമായും നിങ്ങള്‍ مَّبْعُوثُونَ എഴുന്നേല്‍പ്പിക്കപ്പെടുന്നവരാണു مِن بَعْدِ ശേഷം الْمَوْتِ മരണത്തിന്‍റെ لَيَقُولَنَّ നിശ്ചയമായും പറയും الَّذِينَ كَفَرُواഅവിശ്വസിച്ചവര്‍ إِنْ هَـٰذَا ഇതല്ല إِلَّا سِحْرٌ ജാലവിദ്യ (ആഭിചാരം) അല്ലാതെ مُّبِينٌ സ്പഷ്ടമായ.
11:8
  • وَلَئِنْ أَخَّرْنَا عَنْهُمُ ٱلْعَذَابَ إِلَىٰٓ أُمَّةٍ مَّعْدُودَةٍ لَّيَقُولُنَّ مَا يَحْبِسُهُۥٓ ۗ أَلَا يَوْمَ يَأْتِيهِمْ لَيْسَ مَصْرُوفًا عَنْهُمْ وَحَاقَ بِهِم مَّا كَانُوا۟ بِهِۦ يَسْتَهْزِءُونَ ﴾٨﴿
  • ഒരു എണ്ണപ്പെട്ട [നിര്‍ണ്ണയിക്കപ്പെട്ട] കാലയളവുവരെ അവരില്‍നിന്നു നാം ശിക്ഷ പിന്തിച്ചുവെച്ചുവെങ്കിലാകട്ടെ, അവര്‍ പറയുക തന്നെ ചെയ്യും: 'എന്താണതിനെ തടഞ്ഞുവെക്കുന്നത്?!'
    അല്ലാ! (അറിയുക:) അതവര്‍ക്കു വന്നെത്തുന്ന ദിവസം, അതു അവരില്‍നിന്ന് തിരിച്ചുവിടപ്പെടുന്നതല്ല; അവര്‍ യാതൊന്നിനെപ്പറ്റി പരിഹസിച്ചു (പറഞ്ഞു) കൊണ്ടിരിക്കുന്നുവോ അതു അവരില്‍ വന്നനുഭവപ്പെടുകയും ചെയ്യും.
  • وَلَئِنْ أَخَّرْنَا നാം പിന്തിച്ചുവെങ്കില്‍ عَنْهُمُ അവരില്‍നിന്നു الْعَذَابَ ശിക്ഷയെ إِلَىٰ أُمَّةٍ ഒരു കാലയളവു വരെ مَّعْدُودَةٍ എണ്ണപ്പെട്ട, നിര്‍ണ്ണയിക്കപ്പെട്ട لَّيَقُولُنَّ അവര്‍ പറയുക തന്നെ ചെയ്യും مَا يَحْبِسُهُ അതിനെ തടഞ്ഞുവെക്കുന്നതെന്തു أَلَا അല്ലാ, അറിയുക يَوْمَ ഒരു ദിവസം يَأْتِيهِمْ അതവര്‍ക്കു വരുന്ന لَيْسَ അതല്ല مَصْرُوفًا തിരിച്ചുവിടപ്പെടുന്നതു عَنْهُمْ അവരില്‍നിന്നു وَحَاقَ ഇറങ്ങിവരുക (അനുഭവപ്പെടുക)യും ചെയ്യും بِهِم അവരില്‍ مَّا كَانُوا അവരായിരുന്ന യാതൊന്നു بِهِ അതിനെപ്പറ്റി يَسْتَهْزِئُونَ അവര്‍ പരിഹസിക്കുക.

എല്ലാ ജീവവസ്തുക്കളുടെയും അന്നദാതാവു അല്ലാഹുവാണെന്നു കഴിഞ്ഞ വചനത്തില്‍ പ്രസ്താവിച്ച ശേഷം, എല്ലാ വസ്തുക്കളുടെയും സൃഷ്ടാവും, അധിപതിയും അവന്‍ തന്നെയാണെന്നും, മനുഷ്യരെ സൃഷ്ടിച്ചതിന്‍റെ ലക്ഷ്യമെന്താണെന്നും പ്രസ്താവിക്കുന്നു. ആകാശഭൂമികളെ ആറു ദിവസങ്ങളിലായിട്ടാണു സൃഷ്ടിച്ചിരിക്കുന്നതു എന്ന് പറഞ്ഞതിന്‍റെ താല്പര്യത്തെപ്പറ്റിയും, അല്ലാഹുവിന്‍റെ അ൪ശി’നെ (സിംഹാസനത്തെ)പ്പറ്റിയും അഅ്റാഫ് : 54ന്‍റെ വ്യാഖ്യാനത്തില്‍ വിവരിച്ചിട്ടുണ്ട്. കൂടാതെ, സജദഃ, ഫുര്‍ഖാന്‍ മുതലായ സൂറത്തുകളിലും ഏറെക്കുറെ വിവരണം കാണാം. അവിടങ്ങളിലൊന്നും പ്രസ്താവിക്കപ്പെട്ടിട്ടില്ലാത്ത ഒരു വിഷയം ഈ വചനത്തില്‍ അല്ലാഹു പ്രസ്താവിച്ചിരിക്കുന്നു. وَكَانَ عَرْشُهُ عَلَى الْمَاءِ (അവന്‍റെ അ൪ശു വെള്ളത്തിലായിരുന്നു) എന്നത്രെ അത്. അതിനെപ്പറ്റിയാണ് ഇവിടെ പ്രത്യേകമൊന്നു ആലോചിക്കുവാനുള്ളത്.

ഇമാം അഹ്മദു, ബുഖാരീ, മുസ്‌ലിം (റ) മുതലായവര്‍ രേഖപ്പെടുത്തിയ ചില ഹദീസുകളില്‍ നബി (സ്വ) ഇപ്രകാരം പറഞ്ഞിരിക്കുന്നു: ‘എല്ലാ വസ്തുക്കളുടെയും മുമ്പ് അല്ലാഹു ഉണ്ടായിരുന്നു. അവന്‍റെ ‘അ൪ശു’ വെള്ളത്തിന്മേലായിരുന്നു. ‘ദിക്റി’ല്‍ (പ്രമാണരേഖയില്‍) അവന്‍ എല്ലാം എഴുതുക (രേഖപ്പെടുത്തുക)യും ചെയ്തു. പിന്നീടവന്‍ ആകാശങ്ങളെയും ഭൂമിയെയും സൃഷ്ടിച്ചു.’ ഈ അര്‍ത്ഥത്തിലുള്ള ഹദീസുകളും രിവായത്തുകളും പലതും വേറെയും കാണാം. ആകാശഭൂമികളെ സൃഷ്ടിക്കുകയും, അവ രൂപം കൊള്ളുകയും ചെയ്യുന്നതിന്‍റെ മുമ്പത്തെ അവസ്ഥയെക്കുറിച്ചാണ് وَكَانَ عَرْشُهُ عَلَى الْمَاءِ (അവന്‍റെ അ൪ശു വെള്ളത്തിന്മേലായിരുന്നു) എന്നു പറഞ്ഞതെന്ന് അല്ലാഹു പറഞ്ഞ വാചകത്തില്‍നിന്നും, നബി (സ്വ)യുടെ ഈ പ്രസ്താവനയില്‍നിന്നും സ്പഷ്ടമാകുന്നു. എന്നിരിക്കെ, ‘വെള്ളം’ (الْمَاءِ) കൊണ്ടു ഇവിടെ വിവക്ഷ നമുക്കു സുപരിചിതമായ അര്‍ത്ഥത്തിലുള്ള വെള്ളമായിരിക്കുവാന്‍ തരമില്ല. ഏതായാലും വെള്ളം (الْمَاء) എന്നു പറയാവുന്ന ഒരു വസ്തു ആകാശഭൂമികളെ സൃഷ്ടിക്കുന്നതിനു മുമ്പ്തന്നെ ഉണ്ടായിരുന്നുവെന്ന് തീര്‍ച്ചതന്നെ. ശാസ്ത്രീയ നിരീക്ഷണങ്ങള്‍ക്ക് അത് വേണ്ടതുപോലെ വ്യക്തമാക്കുവാന്‍ കഴിഞ്ഞിട്ടില്ല എന്നതുകൊണ്ടു ആ വാസ്തവത്തിനു ദോഷമൊന്നുമില്ല. നമുക്ക് അറിയാത്തതിനെപ്പറ്റി ‘അല്ലാഹുവിനറിയാം’ എന്നു സമാധാനിക്കുവാനേ നമുക്ക് നിവൃത്തിയുള്ളു. അത് നമ്മുടെ കടമയുമാണ്.

ജീവികള്‍ക്കു ആഹാരമാര്‍ഗ്ഗങ്ങള്‍ ഏര്‍പ്പെടുത്തിയതും, എല്ലാ വസ്തുക്കളെയും സൃഷ്ടിച്ചതും അല്ലാഹുവാണെന്നു ഓര്‍മ്മിപ്പിച്ചതിനെത്തുടര്‍ന്നു لِيَبْلُوَكُمْ أَيُّكُمْ أَحْسَنُ عَمَلًا  (നിങ്ങളില്‍ ആരാണ് കൂടുതല്‍ നല്ല കര്‍മ്മം ചെയ്യുന്നവരെന്നു നിങ്ങളെ പരീക്ഷിക്കുവാന്‍ വേണ്ടി) എന്നു അല്ലാഹു പ്രസ്താവി ക്കുന്നു. ഇവിടെ ഒരു സംഗതി മനസ്സിരുത്തേണ്ടതുണ്ട്. അല്ലാഹുവാണു ലോകസൃഷ്ടാവും, നിയന്താവുമെന്ന് ഖുര്‍ആനില്‍ അല്ലാഹു ഇടക്കിടെ ഓര്‍മ്മപ്പെടുത്തിക്കൊണ്ടിരിക്കാറുണ്ട്. ഇതിന്‍റെ ആവശ്യം കേവലം ചരിത്രം പഠിപ്പിക്കലോ, ശാസ്ത്രം വിവരിക്കലോ അല്ല. അവന്‍ മാത്രമാണ് ഇലാഹും, റബ്ബും (ആരാധ്യനും, രക്ഷിതാവും) എന്നും, അവനെ ആരാധിച്ചും അനുസരിച്ചും ജീവിക്കുവാന്‍ ബാധ്യസ്ഥരാണ് അവന്‍റെ സൃഷ്ടികള്‍ എന്നും ബുദ്ധിജീവികളെ ഓര്‍മ്മിപ്പിക്കുകയാണതിന്‍റെ ഉദ്ദേശ്യം, അതിലേക്കാണ് മേല്‍ പ്രസ്താവനകളോടു ബന്ധപ്പെടുത്തിക്കൊണ്ട് നിങ്ങളെ പരീക്ഷിക്കുവാന്‍വേണ്ടി എന്ന വാക്യവും വിരല്‍ചൂണ്ടുന്നത്. ഓരോരുത്തനും എന്തു പ്രവര്‍ത്തിക്കുമെന്നു അല്ലാഹുവിനു കണ്ടു മനസ്സിലാക്കുവാന്‍വേണ്ടിയല്ല ഈ പരീക്ഷണം. കാരണം, അതവനു മുമ്പേ അറിയുന്നതാണ്. ഓരോരുത്തന്‍റെയും പ്രവര്‍ത്തനം അനുഭവത്തില്‍ വരുത്തുമാറാക്കി അതു രേഖപ്പെടുത്തുകയും, തദടിസ്ഥാനത്തില്‍ അവര്‍ക്ക് പ്രതിഫലം നല്‍കുകയുമാണ് പരീക്ഷണത്തിന്‍റെ ലക്‌ഷ്യം. പ്രതിഫലനടപടിയാകട്ടെ, മരണാനന്തരം പരലോകത്തുവെച്ചാണു താനും. അതുകൊണ്ട് അതിനെ നിഷേധിക്കുന്നവരെപ്പറ്റിയാണ്‌ അടുത്ത വാക്യങ്ങളില്‍ പ്രസ്താവിക്കുന്നത്.

പരലോക നിഷേധികളെപ്പറ്റി പറഞ്ഞതിന്‍റെ സാരം ഇങ്ങിനെ പറയാം: സൃഷ്ടാവും രക്ഷിതാവും അന്നദാതാവുമൊക്കെ അല്ലാഹുവാണെന്നു സമ്മതിച്ചാല്‍ തന്നെയും മരണാനന്തര ജീവിതത്തെയും, പ്രതിഫലനടപടിയെയും അവര്‍ സമ്മതിക്കുവാന്‍ ഒരുക്കമില്ല. അതിനെപ്പറ്റി പറയുമ്പോള്‍, ഇതൊക്കെ തനി ജാലവിദ്യയാണ്‌ – അല്ലെങ്കില്‍ ആഭിചാരമാണു – ഞങ്ങളെ കബളിപ്പിക്കുവാനുള്ള ഉപായമാണ് – എന്നിങ്ങിനെ പറഞ്ഞു തള്ളിക്കളയുകയാണവര്‍ ചെയ്യുന്നത്. തല്‍ക്കാലം ആ നിഷേധത്തിന്‍റെ പേരില്‍ അവര്‍ക്കു ശിക്ഷയൊന്നും നല്‍കാതെ കുറച്ചു കാലംവരെ അവര്‍ക്കു ഒഴിവു കൊടുത്താല്‍, അപ്പോഴും തന്നെ അവര്‍ പരിഹാസവും നിഷേധവും തുടരുകയാണ് ചെയ്യുക. നബി (സ്വ) താക്കീതു ചെയ്യുന്ന ആ ശിക്ഷ എന്താണു എനിയും ഉണ്ടാവാത്തത്? അങ്ങിനെ ഒന്നുണ്ടെങ്കില്‍ അത് കാണേണ്ടതല്ലേ? എന്നൊക്കെയായിരിക്കും അവര്‍ പറയുക. ഈ പരിഹാസവും നിഷേധവും അങ്ങു മാറ്റിവെക്കുകയാണവര്‍ക്ക് നല്ലത്. ആ ശിക്ഷ ഒരിക്കല്‍ അവര്‍ അനുഭവിക്കേണ്ടി വരുകതന്നെ ചെയ്യും. അതു വന്നുകഴിഞ്ഞാല്‍ പിന്നെ അതു തട്ടിനീക്കുവാനോ, അതില്‍ നിന്നു ഒഴിവാകുവാനോ സാധ്യമാകുന്നതല്ല.

اُمَّة (ഉമ്മത്ത്‌) എന്ന വാക്കിനാണു ഇവിടെ ‘കാലയളവ്’ എന്നു നാം അര്‍ത്ഥം കല്പിച്ചത്. ‘സമുദായം’ അഥവാ ഏതെങ്കിലും ഒരു പ്രത്യേക മാര്‍ഗ്ഗത്തിലും സമ്പ്രദായത്തിലും യോജിക്കുന്ന സമൂഹം എന്ന അര്‍ത്ഥത്തിലാണതു സാധാരണയായി ഉപയോഗിക്കപ്പെടാറുള്ളതു. വേറെ പല അര്‍ത്ഥങ്ങളിലും അതു ഉപയോഗിക്കപ്പെടാറുണ്ട്. ഖുര്‍ആനില്‍ തന്നെയും അതിനു താഴെ പറയുന്നതുപോലുള്ള ഉദാഹരണങ്ങള്‍ കാണാം:- കാലയളവു എന്ന അര്‍ത്ഥത്തില്‍ ഇവിടെയെന്നപോലെ സൂ : യൂസുഫ് 45ലും, മാതൃകനേതാവു (الامام المقتدى) എന്ന അര്‍ത്ഥത്തില്‍ നഹ്ല്‍ 120ലും, മതവും നടപടിമാര്‍ഗ്ഗവും (الدين والملة) എന്നീ അര്‍ത്ഥങ്ങളില്‍ സുഖ്റുഫ് 23ലും, ഒരു സംഘം ആളുകള്‍ (جماعة) എന്ന അര്‍ത്ഥത്തില്‍ ഖസ്വസ്വ് 23ലും, ഒരു വിഭാഗം ആളുകള്‍ (طائفة) എന്ന അര്‍ത്ഥത്തില്‍ അഅ്റാഫ് 159ലും ഉപയോഗിച്ചുകാണാം. നബിമാരുടെ സമുദായങ്ങളെപ്പറ്റി ആ വാക്കു ഉപയോഗിക്കുമ്പോള്‍, അവര്‍ ഏതൊരു ജനതയിലേക്കു റസൂലായി അയക്കപ്പെട്ടിരിക്കുന്നുവോ അവരെ (امة الدعوة) ഉദ്ദേശിച്ചും, അവരുടെ ദൗത്യം സ്വീകരിച്ച ജനങ്ങളെ (امة الاجابة) മാത്രം ഉദ്ദേശിച്ചും അതു ഉപയോഗിക്കാറുണ്ട്. ഒന്നാമത്തെ അര്‍ത്ഥത്തില്‍ യൂനുസ് 47ലും, രണ്ടാമത്തെ അര്‍ത്ഥത്തില്‍ ആലുഇംറാന്‍ 110ലും ഉപയോഗിച്ചിരിക്കുന്നു. അതതു സ്ഥലങ്ങളുടെ സന്ദര്‍ഭം കൊണ്ട് ഈ അര്‍ത്ഥവ്യത്യാസങ്ങള്‍ മനസ്സിലാക്കുവാന്‍ കഴിയുന്നതാണ്.

വിഭാഗം - 2

11:9
  • وَلَئِنْ أَذَقْنَا ٱلْإِنسَـٰنَ مِنَّا رَحْمَةً ثُمَّ نَزَعْنَـٰهَا مِنْهُ إِنَّهُۥ لَيَـُٔوسٌ كَفُورٌ ﴾٩﴿
  • നമ്മുടെ പക്കല്‍നിന്നു വല്ല കാരുണ്യത്തെയും നാം മനുഷ്യന് ആസ്വദിപ്പിക്കുകയും, പിന്നീടതിനെ അവനില്‍ നിന്നു നാം നീക്കുകയും ചെയ്തുവെങ്കില്‍, നിശ്ചയമായും അവന്‍, വളരെ നിരാശനും, നന്ദി കെട്ടവനുമായിരിക്കും.
  • وَلَئِنْ أَذَقْنَا നാം ആസ്വദി(അനുഭവി)പ്പിച്ചുവെങ്കില്‍ الْإِنسَانَ മനുഷ്യന്നു, മനുഷ്യനെ مِنَّا നമ്മുടെ പക്കല്‍ നിന്നു, നമ്മുടെ വകയായി رَحْمَةً ഒരു കാരുണ്യം, വല്ല കരുണയും ثُمَّ പിന്നീടു نَزَعْنَاهَا അതിനെ നാം നീക്കം ചെയ്തു مِنْهُ അവനില്‍നിന്നു إِنَّهُ നിശ്ചയമായും അവന്‍ لَيَئُوسٌ (വളരെ) നിരാശന്‍ (തന്നെ) ആയിരിക്കും كَفُورٌ നന്ദികെട്ട, നന്ദികെട്ടവന്‍.
11:10
  • وَلَئِنْ أَذَقْنَـٰهُ نَعْمَآءَ بَعْدَ ضَرَّآءَ مَسَّتْهُ لَيَقُولَنَّ ذَهَبَ ٱلسَّيِّـَٔاتُ عَنِّىٓ ۚ إِنَّهُۥ لَفَرِحٌ فَخُورٌ ﴾١٠﴿
  • അവനെ ബാധിച്ച ഒരു ദുരിതത്തിനു ശേഷം, അവനു നാം ഒരനുഗ്രഹം ആസ്വദിപ്പിച്ചുവെങ്കിലാകട്ടെ, അവന്‍ നിശ്ചയമായും പറയും: 'എന്നില്‍നിന്നു തിന്‍മകള്‍ പോയി(ക്കഴിഞ്ഞു)!' (അതെ,) നിശ്ചയമായും അവന്‍, ആഹ്ളാദഭരിതനും, അഹങ്കാരിയുമായിരിക്കും;
  • وَلَئِنْ أَذَقْنَاهُ നാം അവനു ആസ്വദിപ്പിച്ചുവെങ്കില്‍ نَعْمَاءَ ഒരു അനുഗ്രഹം, സുഖസന്തോഷം بَعْدَ ضَرَّاءَ ഒരു കഷ്ടപ്പാടിനു (ദുരന്തത്തിനു) ശേഷം مَسَّتْهُ അവനെ ബാധിച്ചതായ لَيَقُولَنَّ നിശ്ചയമായും അവന്‍ പറയും ذَهَبَ പോയി (കഴിഞ്ഞുപോയി) السَّيِّئَاتُ തിന്‍മകള്‍ عَنِّي എന്നില്‍നിന്നു إِنَّهُ നിശ്ചയമായും അവന്‍ لَفَرِحٌ ആഹ്ളാദ (സന്തോഷ) ഭരിതന്‍ തന്നെയായിരിക്കും فَخُورٌ അഹങ്കാരി (ദുരഭിമാനി) യായിരിക്കും.
11:11
  • إِلَّا ٱلَّذِينَ صَبَرُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ أُو۟لَـٰٓئِكَ لَهُم مَّغْفِرَةٌ وَأَجْرٌ كَبِيرٌ ﴾١١﴿
  • ക്ഷമിക്കുകയും, സല്‍ക്കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരൊഴികെ. അക്കൂട്ടര്‍ - അവര്‍ക്കു പാപമോചനവും, വലുതായ പ്രതിഫലവും ഉണ്ടായിരിക്കും.
  • إِلَّا الَّذِينَ യാതൊരുവരൊഴികെ صَبَرُوا അവര്‍ ക്ഷമിച്ചു وَعَمِلُوا പ്രവര്‍ത്തിക്കുകയും ചെയ്തു الصَّالِحَاتِ സല്‍ക്കര്‍മ്മങ്ങള്‍ أُولَـٰئِكَ അക്കൂട്ടര്‍ لَهُم അവര്‍ക്കുണ്ടു مَّغْفِرَةٌ പാപമോചനവും وَأَجْرٌ പ്രതിഫലവും كَبِيرٌ വലിയ, വമ്പിച്ച.

മനുഷ്യന്‍റെ പൊതുവെയുള്ള ചില ദുസ്വഭാവങ്ങളെയാണു അല്ലാഹു ചൂണ്ടിക്കാട്ടുന്നത്. സുഖത്തിലും, സന്തോഷത്തിലും കഴിഞ്ഞുകൂടുന്നതിനിടക്ക് വല്ല കഷ്ടതയോ, ബുദ്ധിമുട്ടോ, നേരിടുമ്പോഴേക്കും ഭാവിയെക്കുറിച്ച് നിരാശയും, മുമ്പ് ലഭിച്ചിരുന്ന സുഖസൗകര്യങ്ങളെക്കുറിച്ച് നന്ദികേടും പ്രകടമാക്കുക. നേരെമറിച്ച് ബുദ്ധിമുട്ടിലും വിഷമത്തിലും കഴിഞ്ഞുകൂടിക്കൊണ്ടിരിക്കെ വല്ല അനുഗ്രഹവും സിദ്ധിക്കുമ്പോള്‍ അതില്‍ മതിമറന്ന് ആഹ്ലാദിക്കുകയും, അഹങ്കാരവും ദുരഭിമാനവും പ്രകടിപ്പിക്കുകയും ചെയ്യുക. ക്ഷമാശീലരും സല്‍ക്കര്‍മ്മികളുമായ ആളുകള്‍ മാത്രമേ ഈ ദുര്‍ഗ്ഗുണങ്ങള്‍ തീണ്ടാത്തവരുണ്ടായിരിക്കുകയുള്ളുവെന്നും അല്ലാഹു ചൂണ്ടിക്കാട്ടുന്നു.

ഒരു നബി വചനം ഇവിടെ സ്മരണീയമാകുന്നു. തിരുമേനി (സ്വ) പറയുന്നു: ‘സത്യവിശ്വാസിയുടെ കാര്യം അത്ഭുതം തന്നെ. അവന്‍റെ കാര്യങ്ങളെല്ലാം അവനു ഗുണകരമായിരിക്കും. അവന്നൊരു സന്തോഷം ബാധിച്ചാല്‍ അവന്‍ നന്ദി കാണിക്കും. അപ്പോള്‍, അതവനു ഗുണമായിത്തീരുന്നു. അവന്നൊരു ദുരിതം ബാധിച്ചാല്‍ അവന്‍ ക്ഷമ കാണിക്കുകയും ചെയ്യും. അപ്പോള്‍ അതും അവനു ഗുണമായിത്തീരുന്നു. ഇത് സത്യവിശ്വാസികള്‍ക്കല്ലാതെ മറ്റാര്‍ക്കും ഇല്ലാത്തതാണ്.’ (ബു; മു).

11:12
  • فَلَعَلَّكَ تَارِكٌۢ بَعْضَ مَا يُوحَىٰٓ إِلَيْكَ وَضَآئِقٌۢ بِهِۦ صَدْرُكَ أَن يَقُولُوا۟ لَوْلَآ أُنزِلَ عَلَيْهِ كَنزٌ أَوْ جَآءَ مَعَهُۥ مَلَكٌ ۚ إِنَّمَآ أَنتَ نَذِيرٌ ۚ وَٱللَّهُ عَلَىٰ كُلِّ شَىْءٍ وَكِيلٌ ﴾١٢﴿
  • (നബിയേ) നിനക്കു 'വഹ്-യു' [ദിവ്യസന്ദേശം] നല്‍കപ്പെടുന്നതില്‍ ചിലതു നീ ഉപേക്ഷിക്കുന്ന വനും, അതുമൂലം നിന്‍റെ നെഞ്ചു[ഹൃദയം] ഇടുങ്ങിയവനുമായേക്കും?! [അങ്ങിനെ ഉണ്ടാവരുത്] 'ഇയാളുടെ [നബിയുടെ] മേല്‍ വല്ല നിക്ഷേപവും ഇറക്കപ്പെടുകയോ, ഇയാളുടെ കൂടെ വല്ല മലക്ക് വരുകയോ ചെയ്യാത്തതെന്താണ്' എന്നു അവര്‍ പറയുന്നതിനാല്‍! നിശ്ചയമായും, നീ ഒരു താക്കീതുകാരന്‍ മാത്രമാകുന്നു.

    അല്ലാഹുവാകട്ടെ, എല്ലാ കാര്യത്തിലും (അധികാരം) ഏറ്റെടുത്തവനുമാകുന്നു.
  • فَلَعَلَّكَ എന്നാല്‍ (ഒരുപക്ഷെ) നീ ആയേക്കാം (ആയേക്കുമോ) تَارِكٌ ഉപേക്ഷിക്കുന്ന (വിട്ടുകളയു ന്ന)വന്‍ بَعْضَ ചിലതിനെ مَا يُوحَىٰ വഹ്-യ് നല്‍കപ്പെടുന്നതില്‍ إِلَيْكَ നിനക്കു, നിന്നിലേക്കു وَضَائِقٌ بِهِ അതുമൂലം ഇടുങ്ങി (ഞെരുങ്ങി)യവനും صَدْرُكَ നിന്‍റെ നെഞ്ചു (ഹൃദയം) أَن يَقُولُوا അവര്‍ പറയുന്നതിനാല്‍ لَوْلَا أُنزِلَ ഇറക്കപ്പെടാത്തതെന്തു, ഇറക്കപ്പെട്ടുകൂടേ عَلَيْهِ അയാളുടെമേല്‍, ഇയാള്‍ക്ക് كَنزٌ വല്ല നിക്ഷേപവും, ഒരുനിധി أَوْ جَاءَ അല്ലെങ്കില്‍ വരുക مَعَهُ അയാളുടെ (ഇയാളുടെ) കൂടെ, ഒപ്പം مَلَكٌ വല്ല മലക്കും, ഒരു മലക്കു إِنَّمَا أَنتَ നിശ്ചയമായും നീ (മാത്രം - തന്നെ) نَذِيرٌ ഒരു താക്കീതുകാരന്‍ (മാത്രം - തന്നെ) وَاللَّـهُ അല്ലാഹുവാകട്ടെ عَلَىٰ كُلِّ شَيْءٍ എല്ലാകാര്യത്തിലും, എല്ലാ വസ്തുവിന്‍മേലും وَكِيلٌ (അധികാരം - ഉത്തരവാദം - കാവല്‍) ഏറ്റെടുത്തവനാണു, ഏല്‍പിക്കപ്പെട്ടവനാണു.

മുശ്രിക്കുകള്‍ നിഷേധത്തില്‍ ശഠിച്ചു നില്‍ക്കുകയും, പരിഹാസവാക്കുകളും ദുഷ്തര്‍ക്കങ്ങളും പറഞ്ഞു കൊണ്ടിരിക്കുകയും ചെയ്യുന്നതില്‍ നബി (സ്വ)ക്കു വളരെ മനോവേദനയുണ്ടായിരുന്നു.  وَلَقَدْ نَعْلَمُ أَنَّكَ يَضِيقُ صَدْرُكَ بِمَا يَقُولُونَ : الحجر: ٩٧ (അവര്‍ പറഞ്ഞു വരുന്നതു നിമിത്തം നിന്‍റെ നെഞ്ച് – ഹൃദയം – ഇടുങ്ങിപ്പോകുന്നുവെന്നു നാം അറിയുകതന്നെ ചെയ്യുന്നുണ്ട്. 15:97.). ഇയാള്‍ ഒരു ദൈവദൂതനാണെങ്കില്‍ എന്തുകൊണ്ടു അയാള്‍ക്കു വല്ല നിക്ഷേപവും ഇറക്കപ്പെടുന്നില്ല? അല്ലെങ്കില്‍ അവനെ സത്യപ്പെടുത്തുമാറ് വല്ല മലക്കുകളും എന്തുകൊണ്ട് അവനോടൊപ്പം അയക്കപ്പെടുന്നില്ല? എന്നും മറ്റുമുള്ള പല കുതര്‍ക്കങ്ങളും നടത്തുക അവരുടെ പതിവായിരുന്നു. ഇതുപോലെ വേറെയും പല തര്‍ക്കങ്ങളും അവര്‍ ഉന്നയിച്ചിരുന്നതായി ഫുര്‍ഖാന്‍ 7,8; ഇസ്രാഉ് : 90:93 മുതലായ സ്ഥലങ്ങളില്‍ കാണാവുന്നതാണ്. അവരുടെ ഇത്തരം വാക്കുകള്‍ കാരണം നബി (സ്വ)യുടെ മനസ്സ് വേദനിക്കുകയോ, അവിടുന്നു പ്രബോധനത്തില്‍ വല്ല അയവോ വിട്ടുവീഴ്ചയോ വരുത്തുകയോ ചെയ്യരുത്. ഭവിഷ്യത്തുകളെപ്പറ്റി താക്കീതു നല്‍കുക മാത്രമേ നബി (സ്വ)ക്ക് കടമയുളളു. അതു ചെയ്‌താല്‍ മതി. അതിനപ്പുറമുള്ള കാര്യങ്ങളെല്ലാം അല്ലാഹു ആയിക്കൊള്ളും. സകല കാര്യത്തിന്‍റെയും മുഴുവന്‍ അധികാരം ഏറ്റെടുത്തിട്ടുള്ളവന്‍ അല്ലാഹുവാണ് എന്നു നബി (സ്വ)യെ അല്ലാഹു സമാധാനിപ്പിക്കുകയാണ്.

11:13
  • أَمْ يَقُولُونَ ٱفْتَرَىٰهُ ۖ قُلْ فَأْتُوا۟ بِعَشْرِ سُوَرٍ مِّثْلِهِۦ مُفْتَرَيَـٰتٍ وَٱدْعُوا۟ مَنِ ٱسْتَطَعْتُم مِّن دُونِ ٱللَّهِ إِن كُنتُمْ صَـٰدِقِينَ ﴾١٣﴿
  • അതല്ല, അവര്‍ പറയുന്നുവോ: 'അവന്‍ ഇതു കെട്ടിച്ചമച്ചിരിക്കയാണ്' എന്നു?! പറയുക: 'എന്നാ ല്‍ ഇതുപോലെയുള്ള കെട്ടിച്ചമച്ചുണ്ടാക്കപ്പെട്ട ഒരു പത്തു 'സൂറത്തു' [അദ്ധ്യായം]കള്‍ നിങ്ങള്‍ കൊണ്ടുവരുവിന്‍; അല്ലാഹുവിനു പുറമെ, നിങ്ങള്‍ക്കു സാധ്യമായവരെ(യെല്ലാം) നിങ്ങള്‍ (സഹാ യത്തിനു) വിളിച്ചു കൊള്ളുവിന്‍, നിങ്ങള്‍ സത്യം പറയുന്നവരാണെങ്കില്‍! [അതൊന്നു കാണാമല്ലോ!].
  • أَمْ يَقُولُونَ അതല്ല (ഒരുപക്ഷെ) അവര്‍ പറയുന്നുവോ افْتَرَاهُ അവന്‍ (ഇവന്‍) അതു (ഇതു) കെട്ടിയു ണ്ടാക്കിയെന്നു قُلْ പറയുക فَأْتُوا എന്നാല്‍ വരുവിന്‍ بِعَشْرِ പത്തുകൊണ്ടു سُوَرٍ സൂറത്തു (അദ്ധ്യായം) കള്‍ مِّثْلِهِ അതു (ഇതു) പോലെയുള്ള مُفْتَرَيَاتٍ കെട്ടിച്ചമക്കപ്പെട്ട وَادْعُوا വിളിക്കുകയും ചെയ്യുവിന്‍ مَنِ اسْتَطَعْتُم നിങ്ങള്‍ക്കു സാധ്യമായവരെ مِّن دُونِ കൂടാതെ, പുറമെ اللَّـهِ അല്ലാഹുവിനെ, അല്ലാഹുവിന്‍റെ إِن كُنتُمْ നിങ്ങളാണെങ്കില്‍ صَادِقِينَ സത്യം പറയുന്നവര്‍.
11:14
  • فَإِلَّمْ يَسْتَجِيبُوا۟ لَكُمْ فَٱعْلَمُوٓا۟ أَنَّمَآ أُنزِلَ بِعِلْمِ ٱللَّهِ وَأَن لَّآ إِلَـٰهَ إِلَّا هُوَ ۖ فَهَلْ أَنتُم مُّسْلِمُونَ ﴾١٤﴿
  • എന്നിട്ട് അവര്‍ [നിങ്ങള്‍ വിളിക്കുന്നവര്‍] നിങ്ങള്‍ക്കു ഉത്തരം നല്‍കിയില്ലെങ്കില്‍ നിങ്ങള്‍ അറിഞ്ഞു കൊള്ളണം: അല്ലാഹുവിന്‍റെ അറിവോടെ മാത്രമാണതു അവതരിപ്പിക്കപ്പെട്ടിരിക്കുന്ന തെന്നും, അവനല്ലാതെ ആരാധ്യനേ ഇല്ലെന്നും! അപ്പോള്‍, നിങ്ങള്‍ അല്ലാഹുവിനു കീഴൊതുങ്ങുന്ന വര്‍ ആകുമോ?!'
  • فَإِلَّمْ يَسْتَجِيبُوا എന്നിട്ടവര്‍ ഉത്തരം ചെയ്തില്ലെങ്കില്‍ لَكُمْ നിങ്ങള്‍ക്കു فَاعْلَمُوا എന്നാല്‍ അറിയുവിന്‍ أَنَّمَا أُنزِلَ അതു അവതരിപ്പിക്കപ്പെട്ടിരിക്കുന്നുവെന്നു بِعِلْمِ اللَّـهِ അല്ലാഹുവിന്‍റെ അറിവോടെ (മാത്രം) وَأَن لَّا إِلَـٰهَ ആരാധ്യനില്ലെന്നും إِلَّا هُوَ അവനല്ലാതെ فَهَلْ أَنتُم അപ്പോള്‍ (എന്നാല്‍) നിങ്ങള്‍ ആകുന്നു വോ مُّسْلِمُونَ മുസ്ലിംകള്‍, കീഴൊതുങ്ങിയവര്‍.

സൂറത്തുല്‍ ഫുര്‍ഖാന്‍ 4ലും മറ്റും കാണാവുന്നതുപോലെ, ‘ഖുര്‍ആന്‍ അല്ലാഹുവിങ്കല്‍നിന്നുള്ള തൊന്നുമല്ല; മുഹമ്മദ്‌ കെട്ടിയുണ്ടാക്കിയ ഒരു നുണയാണത്; വേറെ ചിലര്‍ അവനെ അതിനു സഹായിച്ചിട്ടുമുണ്ട്’ എന്നിങ്ങനെയുള്ള മുശ്രിക്കുകളുടെ ആരോപണങ്ങള്‍ക്ക് മറുപടിയാണിത്. നിങ്ങളുടെ വാദം ശരിയാണെങ്കില്‍, അല്ലാഹുവിനെ മാത്രം ഒഴിവാക്കി നിങ്ങളുടെ ദൈവങ്ങളട ക്കം നിങ്ങള്‍ക്ക് സാധ്യമാകുന്ന ആരെയും സഹായത്തിനു വിളിച്ചുകൂട്ടിക്കൊണ്ടു ഖുര്‍ആന്‍റെ അദ്ധ്യായങ്ങള്‍ക്ക് തുല്യമായ ഒരു പത്തു അദ്ധ്യായം നിങ്ങളൊന്നു രചിച്ചുകൊണ്ടുവരുവിന്‍. എന്നിട്ട് ആര്‍ക്കും അതിനു കഴിയാതെ വരുകയാണെങ്കില്‍ – കഴിയുകയില്ലെന്നു തീര്‍ച്ച തന്നെ – നിങ്ങളുടെ ആരോപണം തികച്ചും പൊള്ളയാണെന്നു സ്പഷ്ടമായി. അതെ, ഖുര്‍ആന്‍ അല്ലാഹുവി ന്‍റെ അറിവോടെ അവന്‍ അവതരിപ്പിച്ചതാണെന്നു അതോടെ തെളിഞ്ഞു കഴിഞ്ഞു. എന്നിരിക്കെ, ഖുര്‍ആനും, അതിന്‍റെ പരമപ്രധാന സിദ്ധാന്തമായ തൗഹീദും അംഗീകരിച്ച് മുസ്ലിംകളായിത്തീരു വാന്‍ ബാധ്യസ്ഥരാണ് നിങ്ങള്‍. അതിനു നിങ്ങള്‍ തയ്യാറുണ്ടോ? എന്നു അവരോട് ചോദിക്കുവാന്‍ അല്ലാഹു നബി (സ്വ) യോടു കല്‍പിക്കുന്നു.

ഖുര്‍ആന്‍റേതുപോലെയുള്ള പത്തു സൂറത്തുകള്‍ നിര്‍മ്മിക്കുവാനാണ് ഇവിടെ അവരെ അല്ലാഹു വെല്ലുവിളിച്ചിരിക്കുന്നത്. ഇതുപോലെ വേറെ ഒരു ഖുര്‍ആന്‍ കൊണ്ടുവരുവാന്‍ സൂ: ഇസ്രാഉ് 88ലും ഒരു സൂറത്തെങ്കിലും കൊണ്ടുവരുവാന്‍ അല്‍ബഖറഃ 23,24ലും യൂനുസ് : 38ലും വെല്ലു വിളിച്ചിട്ടുണ്ട്. ഈ വെല്ലുവിളികളെ സംബന്ധിച്ച് കൂടുതല്‍ വിവരം അവിടങ്ങളില്‍ കൊടുത്തിട്ടുണ്ട്.

11:15
  • مَن كَانَ يُرِيدُ ٱلْحَيَوٰةَ ٱلدُّنْيَا وَزِينَتَهَا نُوَفِّ إِلَيْهِمْ أَعْمَـٰلَهُمْ فِيهَا وَهُمْ فِيهَا لَا يُبْخَسُونَ ﴾١٥﴿
  • ആരെങ്കിലും ഐഹിക ജീവിതത്തെയും, അതിന്‍റെ അലങ്കാരത്തെയും ഉദ്ദേശിച്ചിരുന്നാല്‍ അവര്‍ക്കു അവരുടെ പ്രവര്‍ത്തന(ഫല)ങ്ങളെ അതില്‍ വെച്ചു നാം നിറവേറ്റിക്കൊടുക്കുന്നതാണു: അവരാകട്ടെ, അതില്‍ വെച്ചു നഷ്ടപ്പെടുത്തപ്പെടുകയുമില്ല.
  • مَن كَانَ ആര്‍ ആയി, വല്ലവനും ആയിരുന്നാല്‍ يُرِيدُ ഉദ്ദേശിക്കുന്നു الْحَيَاةَ ജീവിതത്തെ الدُّنْيَا ഐഹിക, ഇഹത്തിലെ وَزِينَتَهَا അതിന്‍റെ അലങ്കാരത്തെ (ഭംഗിയെ)യും نُوَفِّ നാം നിറവേറ്റി(പൂര്‍ ത്തിയാക്കി) കൊടുക്കും إِلَيْهِمْ അവര്‍ക്കു أَعْمَالَهُمْ അവരുടെ പ്രവരത്തന (കര്‍മ്മ)ങ്ങള്‍ فِيهَا അതില്‍ വെച്ചു وَهُمْ അവര്‍, അവരാകട്ടെ فِيهَا അതില്‍, അവിടത്തില്‍ لَا يُبْخَسُونَ അവര്‍ നഷ്ടപ്പെടുത്തപ്പെടുകയില്ല.
11:16
  • أُو۟لَـٰٓئِكَ ٱلَّذِينَ لَيْسَ لَهُمْ فِى ٱلْـَٔاخِرَةِ إِلَّا ٱلنَّارُ ۖ وَحَبِطَ مَا صَنَعُوا۟ فِيهَا وَبَـٰطِلٌ مَّا كَانُوا۟ يَعْمَلُونَ ﴾١٦﴿
  • പരലോകത്തുവെച്ചു നരകമല്ലാതെ (മറ്റൊന്നും) ഇല്ലാത്തവരത്രെ അക്കൂട്ടര്‍; അവര്‍ പണിതതു [പ്രവര്‍ത്തിച്ചു] വെച്ചതു അവിടെ പൊളിഞ്ഞു പോകുകയും ചെയ്യും; അവര്‍ പ്രവര്‍ത്തിച്ചു കൊണ്ടി രുന്നതു (അവിടെ) നിഷ്ഫലമായിരിക്കും.
  • أُولَـٰئِكَ അക്കൂട്ടര്‍ الَّذِينَ യാതൊരുവരാണു لَيْسَ لَهُمْ അവര്‍ക്കു ഇല്ല فِي الْآخِرَةِ പരലോകത്തില്‍ إِلَّا النَّارُ നരകമല്ലാതെ وَحَبِطَ പൊളിഞ്ഞു പോകുന്നതുമാണു مَا صَنَعُوا അവര്‍ പണിതതു, ചെയ്തതു فِيهَا അവിടെ وَبَاطِلٌ നിഷ്ഫലമായതുമാണു مَّا كَانُوا അവരായിരുന്നതു يَعْمَلُونَ അവര്‍ പ്രവര്‍ത്തിക്കും.

ഭൗതികജീവിതത്തെയും, അതിലെ സുഖസൗകര്യങ്ങളെയും ജീവിതലക്ഷ്യമാക്കുന്നവരും,പാര ത്രിക നന്‍മയെക്കാള്‍ ഐഹിക നന്മകള്‍ക്കു പ്രാധാന്യം നല്‍കുന്നവരുമായ ആളുകള്‍ ഈ ലോക ത്തുവെച്ചു ചെയ്യുന്ന നല്ല കര്‍മ്മങ്ങളുടെ ഫലം ഇവിടെവെച്ചു തന്നെ അല്ലാഹു അവര്‍ക്ക് കൊടു ത്തുതീര്‍ക്കും. പരലോകത്ത് ആ കര്‍മ്മങ്ങള്‍മൂലം അവര്‍ക്കു യാതൊരു പ്രയോജനവും സിദ്ധിക്കു കയില്ല. അവിടെ നരക ശിക്ഷ മാത്രമായിരിക്കും അവര്‍ക്കാധാരം. ഈ യാഥാര്‍ത്ഥ്യം ഖുര്‍ആന്‍ ഒന്നിലധികം സ്ഥലത്തു വ്യക്തമാക്കിയിട്ടുള്ളതാണ്. പരലോകത്തില്‍ വിശ്വസിക്കാത്തവര്‍ക്കും, വിശ്വസിക്കുന്നതോടൊപ്പം ഐഹിക നേട്ടങ്ങള്‍ക്കു പാരത്രികനേട്ടങ്ങളെക്കാള്‍ വില കല്പിക്കുന്ന വര്‍ക്കും ബാധകമാണു ഈ താക്കീതു. അല്ലാഹു നമ്മെ കാത്തുരക്ഷിക്കട്ടെ. ആമീന്‍.

സൂറത്തുല്‍ ഇസ്രാഇല്‍ അല്ലാഹു പറയുന്നു: مَّن كَانَ يُرِيدُ الْعَاجِلَةَ —- الى قوله مَحْظُورًا (സാരം: ആരെങ്കി ലും ക്ഷണികമായ ഈ ലോകത്തെ ഉദ്ദേശിക്കുന്നതായാല്‍ അവര്‍ക്കു – നാം വേണമെന്നു വെക്കു ന്നവര്‍ക്കു – നാം ഉദ്ദേശിക്കുന്നത് നാം വേഗമങ്ങു നല്‍കുന്നതാണ്. പിന്നീട് അവനു നാം നരകത്തെ ഏര്‍പ്പെടുത്തുന്നു. ആക്ഷേപവിധേയനും നിന്ദ്യനുമായിക്കൊണ്ട് അവന്‍ അതില്‍ കടന്നെരിയുന്ന താണ്. ആരെങ്കിലും പരലോകത്തെ ഉദ്ദേശിക്കുകയും, സത്യവിശ്വാസിയായിക്കൊണ്ട് അതിനു വേണ്ടി അതിന്‍റെതായ പരിശ്രമം നടത്തുകയും ചെയ്യുന്നതായാല്‍ അങ്ങിനെയുള്ളവരുടെ ആ പരിശ്രമം നന്ദിപൂര്‍വ്വം സ്വീകരിക്കപ്പെടുന്നതായിരിക്കും. എല്ലാവര്‍ക്കും – അക്കൂട്ടര്‍ക്കും ഇക്കൂട്ട ര്‍ക്കും – തന്നെ, നിന്‍റെ റബ്ബിന്‍റെ ദാനത്തില്‍ നിന്നു നാം അയച്ചുകൊടുക്കും. നിന്‍റെ റബ്ബിന്‍റെ ദാനം മുടക്കം ചെയ്യപെട്ടതായിരിക്കയില്ല…. (ഇസ്രാഉ് 18-20)). സൂ: ശൂറായില്‍ പറയുന്നു: مَن كَانَ يُرِيدُ حَرْثَ الْآخِرَةِ —- الى قوله مِن نَّصِيبٍ (സാരം: ആരെങ്കിലും പരലോകത്തെ കൃഷിയെ – അഥവാ വരുമാന ത്തെ – ഉദ്ദേശിക്കുന്ന പക്ഷം അവനു അവന്‍റെ കൃഷിയില്‍ നാം വര്‍ദ്ധിപ്പിച്ചുകൊടുക്കും. ആരെങ്കി ലും ഇഹലോകത്തെ കൃഷിയെ – വരുമാനത്തെ – ഉദ്ദേശിക്കുന്നപക്ഷം, അവന്നു അതില്‍നിന്നും നാം നല്‍കും. പരലോകത്തില്‍ അവനു യാതൊരു ഓഹരിയും ഇല്ലതാനും. (ശൂറാ 20)).ഉദ്ദേശ്യങ്ങ ള്‍ക്കനുസരിച്ചായിരിക്കും കര്‍മ്മങ്ങള്‍ കണക്കാക്കപ്പെടുന്നതെന്നും, ഓരോരുത്തനും അവന്‍ ഉദ്ദേശിച്ചതാണ് ലഭിക്കുന്നതെന്നും ഹദീസില്‍ വന്നിട്ടുള്ളതും പ്രസ്താവ്യമത്രെ.

വായു, വെള്ളം, ഭക്ഷണം, ആരോഗ്യം, ധനം, കീര്‍ത്തി, സ്വാധീനം എന്നിങ്ങനെ കണക്കറ്റ അനുഗ്ര ഹങ്ങള്‍ നല്ലവരെന്നോ ചീത്തപ്പെട്ടവരെന്നോ വ്യത്യാസം കൂടാതെ എല്ലാവര്‍ക്കും ഈ ലോകത്ത് അല്ലാഹു – അവന്‍ ഉദ്ദേശിച്ച തോതില്‍ – നല്‍കിക്കൊണ്ടിരിക്കുന്നു. പരലോകത്തെ ലക്ഷ്യമാക്കാ ത്തവരുടെ സല്‍ക്കര്‍മ്മഫലങ്ങള്‍ അതോടെ അവസാനിക്കുന്നതും പരലോകത്തുവെച്ച് ശിക്ഷ മാത്രം അനുഭവിക്കേണ്ടി വരുന്നതുമാണ്. നേരെമറിച്ച് പരലോകത്തെ ലക്ഷ്യമാക്കി പ്രവര്‍ത്തി ക്കുന്നവര്‍ക്ക് അതിനുപുറമെ അവിടെവെച്ചും വമ്പിച്ച അനുഗ്രഹങ്ങള്‍ ലഭിക്കുകയും ചെയ്യും. ഇതാണ് ഈ വചനങ്ങളുടെയെല്ലാം ആകെ സാരം. സൂ: അഹ്ഖാഫില്‍ അല്ലാഹു പറയുന്നു: وَيَوْمَ يُعْرَضُ الَّذِينَ كَفَرُوا عَلَى النَّارِ — الى قوله – عَذَابَ الْهُونِ . (സാരം: അവിശ്വാസികള്‍ നരകത്തിങ്കല്‍ പ്രദര്‍ശി പ്പിക്കപ്പെടുന്ന ദിവസം അവരോട് പറയപ്പെടും: നിങ്ങളുടെ വിശിഷ്ട വസ്തുക്കളെയെല്ലാം ഐഹിക ജീവിതത്തില്‍വെച്ച് നിങ്ങള്‍ പാഴാക്കിക്കളയുകയും, അവയെക്കൊണ്ടു നിങ്ങള്‍ സുഖമെടുക്കു കയും ചെയ്തു. എനി, ഇന്നു നിങ്ങള്‍ക്ക് നിന്ദ്യതയുടെ ശിക്ഷ പ്രതിഫലം നല്‍കപ്പെടുന്നു. (അഹ്ഖാഫ് 20)). അല്ലാഹു തുടര്‍ന്നു പറയുന്നു:-

11:17
  • أَفَمَن كَانَ عَلَىٰ بَيِّنَةٍ مِّن رَّبِّهِۦ وَيَتْلُوهُ شَاهِدٌ مِّنْهُ وَمِن قَبْلِهِۦ كِتَـٰبُ مُوسَىٰٓ إِمَامًا وَرَحْمَةً ۚ أُو۟لَـٰٓئِكَ يُؤْمِنُونَ بِهِۦ ۚ وَمَن يَكْفُرْ بِهِۦ مِنَ ٱلْأَحْزَابِ فَٱلنَّارُ مَوْعِدُهُۥ ۚ فَلَا تَكُ فِى مِرْيَةٍ مِّنْهُ ۚ إِنَّهُ ٱلْحَقُّ مِن رَّبِّكَ وَلَـٰكِنَّ أَكْثَرَ ٱلنَّاسِ لَا يُؤْمِنُونَ ﴾١٧﴿
  • അപ്പോള്‍ യാതൊരുവനോ? അവന്‍ തന്‍റെ റബ്ബിങ്കല്‍നിന്നും വ്യക്തമായ ഒരു തെളിവോടെയാ കുന്നു; അവങ്കല്‍ [റബ്ബിങ്കല്‍] നിന്നുള്ള ഒരു സാക്ഷി അതിനെ തുടര്‍ന്നുകൊണ്ടിരിക്കുകയുംചെ യ്യുന്നു; (കൂടാതെ) അതിനു മുമ്പായി മാതൃക [വഴികാട്ടി]യും, കാരുണ്യവുമായിക്കൊണ്ട് മൂസയു ടെ (വേദ) ഗ്രന്ഥമുണ്ടുതാനും. [ഇവനുണ്ടോ ഐഹിക ജീവിതത്തെ ലക്ഷ്യമാക്കുന്നവനെപ്പോലെ ഖുര്‍ആനില്‍ അവിശ്വസിക്കുന്നു?!]
    (ഇങ്ങിനെയുള്ള) അക്കൂട്ടര്‍ ഇതില്‍ [ഖുര്‍ആനില്‍] വിശ്വസിക്കുന്നതാണു. കക്ഷികളില്‍നിന്നു ഇതില്‍ ആര്‍ അവിശ്വസിക്കുന്നുവോ, എന്നാല്‍ നരകമത്രെ അവന്‍റെ വാഗ്ദത്തസ്ഥാനം. ആകയാല്‍, നീ ഇതിനെ സംബന്ധിച്ച് യാതൊരു സന്ദേഹത്തിലും ആയിരിക്കരുതു; നിശ്ചയമായും, ഇതു നിന്‍റെ റബ്ബിങ്കല്‍നിന്നുള്ള യഥാര്‍ത്ഥമത്രെ. എങ്കിലും, മനുഷ്യരില്‍ അധികപേരും വിശ്വസിക്കുന്നില്ല.
  • أَفَمَن അപ്പോള്‍ യാതൊരുവനോ كَانَ അവനായിരിക്കുന്നു, ആകുന്നു عَلَىٰ بَيِّنَةٍ വ്യക്തമായ തെളിവോടെ مِّن رَّبِّهِ തന്‍റെ റബ്ബിങ്കല്‍നിന്നു وَيَتْلُوهُ അതിനോടു അടുത്തു, (തുടര്‍ന്നു) കൊണ്ടുമിരി ക്കുന്നു شَاهِدٌ ഒരു സാക്ഷി مِّنْهُ അവങ്കല്‍നിന്നുള്ള وَمِن قَبْلِهِ അതിന്‍റെ മുമ്പായിഉണ്ടുതാനും كِتَابُ مُوسَىٰ മൂസായുടെ ഗ്രന്ഥം إِمَامًا മാതൃകയായി, വഴികാട്ടിയായി وَرَحْمَةً കാരുണ്യമായും أُولَـٰئِكَ അക്കൂട്ടര്‍ يُؤْمِنُونَ بِهِ ഇതില്‍ (അതില്‍) വിശ്വസിക്കുന്നതാണു, വിശ്വസിക്കും وَمَن يَكْفُرْ ആര്‍ (വല്ലവനും) അവി ശ്വസിക്കുന്നുവോ بِهِ ഇതില്‍, അതില്‍ مِنَ الْأَحْزَابِ (സഖ്യ) കക്ഷികളില്‍ നിന്നു, (ശത്രു) സംഘങ്ങളി ല്‍പെട്ട فَالنَّارُ എന്നാല്‍ നരകം, നരകമത്രെ مَوْعِدُهُ അവന്‍റെ വാഗ്ദത്തസ്ഥാനമത്രെ, വാഗ്ദത്തം فَلَا تَكُ ആകയാല്‍ നീ ആയിരിക്കരുതു فِي مِرْيَةٍ വല്ല സന്ദേഹത്തിലും مِّنْهُ ഇതിനെ (അതിനെ)പ്പറ്റി إِنَّهُ الْحَقُّ നിശ്ചയമായും അതു യഥാര്‍ത്ഥമാണു مِن رَّبِّكَ നിന്‍റെ റബ്ബിങ്കല്‍ നിന്നു وَلَـٰكِنَّ പക്ഷെ, എങ്കിലും أَكْثَرَ النَّاسِ മനുഷ്യരില്‍ അധികവും لَا يُؤْمِنُونَ വിശ്വസിക്കുന്നില്ല.

ഈ വചനത്തില്‍ പ്രസ്താവിച്ചതിന്‍റെ താല്‍പര്യം ഇങ്ങിനെ വിവരിക്കാം: മനുഷ്യന്‍ സ്വതവേ തന്നെ തന്‍റെ രക്ഷിതാവിങ്കല്‍നിന്നു ലഭിച്ച വ്യക്തമായ ചില തെളിവുകളോടെയാണ് നിലകൊള്ളുന്നത്. ചിന്താശക്തി, വിവേചനബുദ്ധി, സത്യം സ്വീകരിക്കുവാനുള്ള നൈസര്‍ഗ്ഗികബോധം മുതലായവ അല്ലാഹു അവനു നല്‍കിയിട്ടുണ്ട്. അതിനെത്തുടര്‍ന്ന്‍ അല്ലാഹുവിങ്കല്‍നിന്നുള്ള ഖുര്‍ആനാകുന്ന ഒരു സാക്ഷിയും അതിനെ പിന്‍താങ്ങി അവയെ ശക്തിപ്പെടുത്തുന്നു. മാത്രമല്ല അതിനുമുമ്പ് തന്നെ മൂസാ (അ) നബി കൈക്കു അവതരിച്ചിട്ടുള്ള തൗറാത്താകുന്ന വേദഗ്രന്ഥവും നിലവിലുണ്ട്. അതാകട്ടെ, പിന്‍പറ്റുവാനും മാതൃകയാക്കുവാനും പര്യാപ്തമായ ഒരു അനുഗ്രഹീത ഗ്രന്ഥവുമാണ്. അതും തന്നെ ഖുര്‍ആന്‍റെ സിദ്ധാന്തങ്ങളെ സത്യപ്പെടുത്തുകയും അതില്‍ വിശ്വസിക്കുവാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നു. ഈ യാഥാര്‍ത്ഥ്യങ്ങളുടെ നേരെ കണ്ണടക്കാതെ അവയെ വിലയി രുത്തുന്ന ആളുകള്‍ ഖുര്‍ആനിലും അതിന്‍റെ സിദ്ധാന്തങ്ങളിലും വിശ്വസിക്കുക തന്നെ ചെയ്യും. നേരെമറിച്ച് അവയുടെ നേരെ കണ്ണടച്ച് ഭൗതിക ജീവിതവും അതിലെ സുഖസൗകര്യങ്ങളും കൊണ്ടു തൃപ്തിഅടയുന്ന സത്യനിഷേധികളെപ്പോലെ അവര്‍ ഒരിക്കലും അവിശ്വസിക്കുകയില്ല. അവിശ്വസിക്കുന്നവര്‍ ഏതു കക്ഷിയില്‍പ്പെട്ടവരായിരുന്നാലും അവര്‍ക്കാധാരം നരകമായിരി ക്കും. അവര്‍ വിശ്വസിക്കാതിരിക്കുന്നതുകൊണ്ട് ഖുര്‍ആനെക്കുറിച്ച് ആരും യാതൊരു സംശയ വും കരുതേണ്ടതില്ല. അതു അല്ലാഹു അവതരിപ്പിച്ച യഥാര്‍ത്ഥ സത്യം തന്നെയാണ്. പക്ഷേ, വേണ്ട ത്ര തെളിവുകളുണ്ടായിരുന്നിട്ടും അധികമാളുകളും അതില്‍ വിശ്വസിക്കുവാന്‍ കൂട്ടാക്കാതിരി ക്കുകയാണെന്നുമാത്രം. അതെ, അഹന്ത, ദുര്‍വാശി, അനുകരണം, അന്ധവിശ്വാസം, അസൂയ, ഗര്‍വ്വ്‌, ചിന്താവിഹീനത ആദിയായ പല കാരണങ്ങളാല്‍ വിശ്വസിക്കാത്തതാണവര്‍. അതുകൊ ണ്ടു ഖുര്‍ആന്‍ സത്യസന്ധമല്ലെന്നോ, അല്ലാഹുവിങ്കല്‍നിന്നുള്ളതല്ലെന്നോ വരുന്നില്ല.

فَلَا تَكُ فِي مِرْيَةٍ مِّنْهُ (ആകയാല്‍ അതിനെ സംബന്ധിച്ച് നീ യാതൊരു സന്ദേഹത്തിലും ആയിരിക്ക രുതു) എന്ന വാക്യത്തിലെ നിര്‍ദ്ദേശം നബി (സ്വ)യെക്കാള്‍ മറ്റുള്ളവരെ ബാധിക്കുന്നതാണ്. ഖുര്‍ ആനെപ്പറ്റി ഒരു കാരണവശാലും ഒരുസംശയവും ഉണ്ടായിരിക്കുവാന്‍ അവകാശമില്ലാത്ത ആളാ ണല്ലോ നബി (സ്വ) തിരുമേനി. بَيِّنَة (തെളിവു) شَاهِدٌ (സാക്ഷി) എന്നീ വാക്കുകള്‍കൊണ്ടുള്ള വിവക്ഷ മേല്‍ വിവരിച്ചതില്‍ നിന്നു മനസ്സിലായല്ലോ. വേറെ നിലക്കും ആ വാക്കുകള്‍ക്ക് ഇവിടെ വിവക്ഷ നല്‍കപ്പെട്ടിട്ടുണ്ട്. കൂടുതല്‍ യുക്തമായി തോന്നിയ അഭിപ്രായമനുസരിച്ചാണ് ഈ വിവരണം നാം സ്വീകരിച്ചത്.

11:18
  • وَمَنْ أَظْلَمُ مِمَّنِ ٱفْتَرَىٰ عَلَى ٱللَّهِ كَذِبًا ۚ أُو۟لَـٰٓئِكَ يُعْرَضُونَ عَلَىٰ رَبِّهِمْ وَيَقُولُ ٱلْأَشْهَـٰدُ هَـٰٓؤُلَآءِ ٱلَّذِينَ كَذَبُوا۟ عَلَىٰ رَبِّهِمْ ۚ أَلَا لَعْنَةُ ٱللَّهِ عَلَى ٱلظَّـٰلِمِينَ ﴾١٨﴿
  • ആരാണ്, അല്ലാഹുവിന്‍റെ പേരില്‍ വ്യാജം കെട്ടിച്ചമച്ചവനെക്കാള്‍ അക്രമിയായുള്ളവന്‍?! [ആരുമില്ല] അക്കൂട്ടര്‍, തങ്ങളുടെ റബ്ബിങ്കല്‍ പ്രദര്‍ശിപ്പിക്ക [ഹാജറാക്ക]പ്പെടുന്നതാണു; സാക്ഷികള്‍ പറയുകയും ചെയ്യും: 'ഇക്കൂട്ടര്‍ അല്ലാഹുവിന്‍റെ പേരില്‍ വ്യാജം പറഞ്ഞവരാകുന്നു. അല്ലാ! (അറി ഞ്ഞേക്കുക:) അല്ലാഹുവിന്‍റെ ശാപം അക്രമികളുടെ മേലുണ്ടാവട്ടെ;
  • وَمَنْ ആരാണു أَظْلَمُ അധികം അക്രമി مِمَّنِ افْتَرَىٰ കെട്ടിച്ചമച്ചവനേക്കാള്‍ عَلَى اللَّـهِ അല്ലാഹുവി ന്‍റെ പേരില്‍ كَذِبًا വ്യാജം أُولَـٰئِكَ അക്കൂട്ടര്‍ يُعْرَضُونَ അവര്‍ പ്രദര്‍ശിപ്പിക്ക(കാട്ട - ഹാജറാക്ക)പ്പെടും عَلَىٰ رَبِّهِمْ അവരുടെ റബ്ബിങ്കല്‍ وَيَقُولُ പറയുകയും ചെയ്യും الْأَشْهَادُ സാക്ഷികള്‍, ഹാജറുള്ളവര്‍ (രംഗത്തു ള്ളവര്‍) هَـٰؤُلَاءِ ഇക്കൂട്ടരത്രെ, ഇവര്‍ الَّذِينَ كَذَبُوا വ്യാജം (കള്ളം) പറഞ്ഞവര്‍ عَلَىٰ رَبِّهِمْ തങ്ങളുടെ റബ്ബി ന്‍റെ മേല്‍ أَلَا അല്ലാ, അറിയുക لَعْنَةُ اللَّـهِ അല്ലാഹുവിന്‍റെ ശാപം عَلَى الظَّالِمِينَ അക്രമികളുടെ മേല്‍ ഉണ്ടാവട്ടെ, ഉണ്ടായിരിക്കും.
11:19
  • ٱلَّذِينَ يَصُدُّونَ عَن سَبِيلِ ٱللَّهِ وَيَبْغُونَهَا عِوَجًا وَهُم بِٱلْـَٔاخِرَةِ هُمْ كَـٰفِرُونَ ﴾١٩﴿
  • അതായതു, അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ നിന്നു തടയുകയും, അതിനു വക്രത(യുണ്ടാവണമെ ന്നു) ആഗ്രഹിക്കുകയും ചെയ്യുന്നവരുടെ (മേല്‍); അവരാകട്ടെ - പരലോകത്തില്‍ അവിശ്വസിച്ചവരുമാണവര്‍.'
  • الَّذِينَ يَصُدُّونَ തിരിഞ്ഞു കളയുന്ന (തിരിച്ചു വിടുന്ന)വര്‍ عَن سَبِيلِ മാര്‍ഗ്ഗത്തില്‍ നിന്നു اللَّـهِ അല്ലാ ഹുവിന്‍റെ وَيَبْغُونَهَا അതിനു ആഗ്രഹിക്കുകയും, തേടുകയും عِوَجًا വളവു, വക്രത وَهُم അവരാകട്ടെ بِالْآخِرَةِ പരലോകത്തില്‍ هُمْ كَافِرُونَ അവര്‍ അവിശ്വാസികളാണു (താനും).

ഇഹത്തില്‍ വെച്ചു അല്ലാഹുവിന്‍റെ പേരില്‍ കള്ളം കെട്ടിപ്പറഞ്ഞുകൊണ്ടിരുന്ന ആളുകള്‍ക്കു മഹ്ശ ൪ മഹാ സമ്മേളന സമയത്തു അനുഭവപ്പെടാനിരിക്കുന്ന അപമാനവും വഷളത്തവും അല്ലാഹു മു ന്‍കൂട്ടി അറിയിക്കുകയാണ്. അല്ലാഹുവിന്‍റെ മുമ്പില്‍ അവര്‍ അവിടെ ഹാജരാക്കപ്പെടുമ്പോള്‍, അവരെ ചൂണ്ടിക്കൊണ്ടു അവര്‍ മുമ്പ് ചെയ്തിരുന്ന അക്രമങ്ങളും അനീതികളും അവിടെ പരസ്യ പ്പെടുത്തുകയും, അവര്‍ ശപിക്കപ്പെട്ടവരായി പ്രഖ്യാപിക്കപ്പെടുകയും ചെയ്യുന്നു. അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍നിന്നു സ്വയം തെറ്റിപ്പോകുക, മറ്റുള്ളവരെ തെറ്റിപ്പിക്കുക, സത്യ സനാതന മാര്‍ഗ്ഗ ത്തെ വക്രവും കൊള്ളരുതാത്തതുമായി ചിത്രീകരിക്കുക മുതലായ കൃത്യങ്ങളായിരുന്നുവല്ലോ അവര്‍ ചെയ്തിരുന്നത്. അതെല്ലാം അവിടെവച്ച് അവരെപ്പറ്റി പരസ്യപ്പെടുത്തപ്പെടും.

അല്ലാഹുവിനു സമന്മാരോ മക്കളോ ഉണ്ടെന്ന വാദം, അവന്‍റെ അടുക്കല്‍ വല്ലവരും ശുപാര്‍ശ നട ത്തി തങ്ങള്‍ക്കു രക്ഷകിട്ടുമെന്ന വാദം, പരലോകജീവിതത്തെയും പ്രതിഫല നടപടികളെയും കുറിച്ചുള്ള നിഷേധം, വേദഗ്രന്ഥങ്ങളും പ്രവാചകന്‍മാരും മുഖേന വ്യക്തമായി അറിയിക്കപ്പെട്ടി ട്ടുള്ള കാര്യങ്ങളുടെ നിഷേധം, അവയെ കല്പിച്ചുകൂട്ടി ദുര്‍വ്യാഖ്യാനം ചെയ്യല്‍ ആദിയായവയെ ല്ലാം അല്ലാഹുവിന്‍റെ പേരില്‍ കള്ളം പറഞ്ഞുണ്ടാക്കല്‍ തന്നെ. സാക്ഷികള്‍ (الْأَشْهَادُ) എന്നു പറഞ്ഞ തില്‍, മലക്കുകള്‍, പ്രവാചകന്‍മാര്‍, സജ്ജനങ്ങള്‍ എന്നിവരെല്ലാം ഉള്‍പ്പെടുമായിരിക്കും. സ്വന്തം അവയവങ്ങള്‍ പോലും പാപികള്‍ക്കെതിരായി സാക്ഷി പറയുമെന്ന് (41:20; 36:65 മുതലായ സ്ഥലങ്ങളില്‍) അല്ലാഹു അറിയിച്ചിട്ടുണ്ടുതാനും. സൂറത്തുല്‍ മുഅ്മിനില്‍ അല്ലാഹു പറയുന്നു: إِنَّا لَنَنصُرُ رُسُلَنَا وَالَّذِينَ آمَنُوا — الى قوله — سُوءُ الدَّارِ (സാരം: ഐഹിക ജീവിതത്തിലും, സാക്ഷികള്‍ നില കൊള്ളുന്ന ദിവസത്തിലും നമ്മുടെ റസൂലുകളെയും, വിശ്വസിച്ചവരെയും നിശ്ചയമായും നാം സഹായിക്കും. അതായതു, അക്രമികള്‍ക്കു അവരുടെ ഒഴികഴിവു ഉപകാരം ചെയ്യാത്ത ദിവസ ത്തില്‍. അവര്‍ക്കു ശാപമുണ്ടായിരിക്കും. അവര്‍ക്കു കടുത്ത വാസസ്ഥലമുണ്ടായിരിക്കും. (40: 51,52).

ഇബ്നുഉമര്‍ (റ) ല്‍ നിന്നു അഹ്മദു, ബുഖാരീ, മുസ്‌ലിം (റ) മുതലായ പലരും ഉദ്ധരിച്ച ഒരു ഹദീസിന്‍റെ സാരം ഇങ്ങിനെയാകുന്നു:- റസൂല്‍ (സ്വ) ഇപ്രകാരം പറയുന്നതു ഞാന്‍ കേട്ടിരിക്കുന്നു: ‘സത്യവി ശ്വാസിയെ അല്ലാഹു അടുത്തുവരുത്തി അവന്‍റെ കാവലിലാക്കുകയും, (മറ്റു) മനുഷ്യരില്‍ നിന്നു അവരെ മറച്ചു നിറുത്തുകയും, അവന്‍റെ പാപങ്ങളെ അവനെക്കൊണ്ടു ഏറ്റു പറയിക്കുകയും ചെയ്യും. അവനോട് അവന്‍ പറയും: ഇന്ന പാപം നിനക്കറിയാമോ? ഇന്ന പാപം നിനക്കറിയാമോ? അവന്‍ പറയും: റബ്ബേ, എനിക്കറിയാം. അങ്ങനെ അവന്‍റെ പാപങ്ങളെ അവനെക്കൊണ്ടു സമ്മതി പ്പിക്കുകയും, താന്‍ നാശത്തില്‍ പതിച്ചു (ശിക്ഷാര്‍ഹനായി) എന്നു അവനു മനസ്സില്‍ തോന്നുകയും ചെയ്യുമ്പോള്‍, അല്ലാഹു: എന്നാല്‍, ഇഹത്തില്‍വെച്ചു നിനക്കു ഞാന്‍ അവയെ (മറ്റുള്ളവര്‍ കാണാ തെ) മറച്ചു തന്നു. ഇന്നു നിനക്കു ഞാന്‍ അവയെ പൊറുത്തു തരുന്നു. പിന്നീട് അവന്‍റെ നന്‍മകള്‍ രേഖപ്പെടുത്തിയ ഗ്രന്ഥം അവനു നല്‍കപ്പെടും. അവിശ്വാസിയും, കപടവിശ്വാസിയുമാകട്ടെ, അവരെക്കുറിച്ചു സാക്ഷികള്‍ പറയും: … هَـٰؤُلَاءِ الَّذِينَ كَذَبُوا عَلَىٰ رَبِّهِمْ (ഇക്കൂട്ടര്‍, അല്ലാഹുവിന്‍റെ പേരി ല്‍ കളവു പറഞ്ഞവരാണ്. അല്ലാ അറിഞ്ഞേക്കുക: അല്ലാഹുവിന്‍റെ ശാപം അക്രമികളുടെ മേലു ണ്ടാവട്ടെ)’ ഈ അക്രമികളെപ്പറ്റി അല്ലാഹു തുടര്‍ന്നു പറയുന്നു:-

11:20
  • أُو۟لَـٰٓئِكَ لَمْ يَكُونُوا۟ مُعْجِزِينَ فِى ٱلْأَرْضِ وَمَا كَانَ لَهُم مِّن دُونِ ٱللَّهِ مِنْ أَوْلِيَآءَ ۘ يُضَـٰعَفُ لَهُمُ ٱلْعَذَابُ ۚ مَا كَانُوا۟ يَسْتَطِيعُونَ ٱلسَّمْعَ وَمَا كَانُوا۟ يُبْصِرُونَ ﴾٢٠﴿
  • അക്കൂട്ടര്‍, ഭൂമിയില്‍വെച്ചു (അല്ലാഹുവിനെ) അശക്തരാ(ക്കി തോല്‍പി)ക്കുന്നവരായിരുന്നില്ല; അല്ലാഹുവിനെ കൂടാതെ അവര്‍ക്കു യാതൊരു രക്ഷാകര്‍ത്താക്കളും ഉണ്ടായിരുന്നുമില്ല. അവ൪ ക്കു ശിക്ഷ ഇരട്ടിയായി നല്‍കപ്പെടുന്നതാണ്. അവര്‍ക്കു കേള്‍ക്കുവാന്‍ സാധ്യമായിരുന്നില്ല; അവ ര്‍ കണ്ടറിഞ്ഞിരുന്നതുമില്ല.
  • أُولَـٰئِكَ അക്കൂട്ടര്‍ لَمْ يَكُونُوا അവരായിരുന്നില്ല, ആയിട്ടില്ല مُعْجِزِينَ അസാധ്യ (അശക്ത)മാക്കുന്ന (തോല്‍പിക്കുന്ന)വര്‍ فِي الْأَرْضِ ഭൂമിയില്‍ വെച്ചു وَمَا كَانَ ഉണ്ടായിരുന്നതുമില്ല لَهُم അവര്‍ക്കു مِّن دُونِ اللَّـهِ അല്ലാഹുവിനു പുറമെ, അല്ലാഹുവിനെ കൂടാതെ مِنْ أَوْلِيَاءَ രക്ഷാകര്‍ത്താക്കളില്‍ നിന്നു (ആ രും) ബന്ധുമിത്രങ്ങളായി (ഒരുവരും) يُضَاعَفُ ഇരട്ടിയായി നല്‍കപ്പെടും لَهُمُ അവര്‍ക്കു الْعَذَابُ ശിക്ഷ مَا كَانُوا അവരായിരുന്നില്ല يَسْتَطِيعُونَ അവര്‍(ക്കു) സാധ്യമാകു (മായിരുന്നില്ല) السَّمْعَ കേള്‍ക്കുവാന്‍ وَمَا كَانُوا അവരായിരുന്നതുമില്ല يُبْصِرُونَ അവര്‍ കണ്ടറിയും.

വേണ്ടുന്നതൊന്നും കേട്ടു മനസ്സിലാക്കുവാനോ, കണ്ടറിയുവാനോ കൂട്ടാക്കാതെ നിലപാടാണവര്‍ ഇഹത്തില്‍ വെച്ചു കൈക്കൊണ്ടിരുന്നതു. അതാണവര്‍ക്ക് ഇത്രയും കടുത്ത അനുഭവം നേരിടുവാ ന്‍ കാരണം. വല്ല അഭയമോ, സഹായമോ സമ്പാദിച്ചുകൊണ്ടു അല്ലാഹുവിന്‍റെ പിടിയില്‍ പെടാതെ അവനെ തോല്‍പിച്ചു രക്ഷപ്പെടുമാറുള്ള രക്ഷാകര്‍ത്താക്കളും ഭൂമിയില്‍ അവര്‍ക്കുണ്ടായിരുന്ന തു കൊണ്ടൊന്നുമല്ല ഇഹലോകത്തുവെച്ചു അല്ലാഹു അവരെ ശിക്ഷിക്കാതിരുന്നത്. ശിക്ഷാനടപ ടി പരലോകത്തുവെച്ചായിരിക്കുമെന്നുള്ള അവന്‍റെ നിശ്ചയം അനുസരിച്ചാകുന്നു അതു എന്നു സാരം. അവരുടെ കുറ്റത്തിന്‍റെ ഗൗരവത്തിനും കാഠിന്യത്തിനും പുറമെ, മറ്റുള്ളവരെക്കൂടി വഴി തെറ്റിക്കുന്നവരായിരുന്നുവല്ലോ അവര്‍. അതാണവര്‍ക്കു ഇരട്ടിക്കണക്കില്‍ ശിക്ഷ ലഭിക്കുവാനു ള്ള കാരണം. വീണ്ടും അല്ലാഹു തുടരുന്നു:-

11:21
  • أُو۟لَـٰٓئِكَ ٱلَّذِينَ خَسِرُوٓا۟ أَنفُسَهُمْ وَضَلَّ عَنْهُم مَّا كَانُوا۟ يَفْتَرُونَ ﴾٢١﴿
  • അക്കൂട്ടരത്രെ, തങ്ങളെത്തന്നെ (സ്വയം) നഷ്ടപ്പെടുത്തിയവര്‍. അവര്‍ കെട്ടിച്ചമച്ചിരുന്നതു (എ ല്ലാം) അവരെ വിട്ടു തെറ്റി (മറഞ്ഞു) പോകുകയും ചെയ്യുന്നതാണ്.
  • أُولَـٰئِكَ അക്കൂട്ടര്‍ الَّذِينَ خَسِرُوا നഷ്ടപ്പെടുത്തിയവരാണു أَنفُسَهُمْ തങ്ങളുടെ സ്വന്തങ്ങളെ, ദേഹങ്ങ ളെ (തങ്ങളെത്തന്നെ) وَضَلَّ പിഴച്ചു (തെറ്റി - മറഞ്ഞു - പാഴായി) പോകുകയും ചെയ്യും عَنْهُم അവരെ വിട്ട്, അവരില്‍നിന്നു مَّا كَانُوا അവരായിരുന്നതു يَفْتَرُونَ അവര്‍ കെട്ടിച്ചമക്കും.
11:22
  • لَا جَرَمَ أَنَّهُمْ فِى ٱلْـَٔاخِرَةِ هُمُ ٱلْأَخْسَرُونَ ﴾٢٢﴿
  • നിസ്സംശയമത്രെ, അവര്‍ തന്നെയാണ് പരലോകത്തില്‍ ഏറ്റവും നഷ്ടക്കാര്‍ എന്നുള്ളതു!
  • لَا جَرَمَ കുറ്റമല്ല, തെറ്റല്ല, നിസ്സംശയം (യഥാര്‍ത്ഥം തന്നെ - സത്യമായും) വിരോധമില്ല, ഒഴിവില്ല أَنَّهُمْ അവര്‍ (ആകുന്നു) എന്നതു فِي الْآخِرَةِ പരലോകത്തില്‍ هُمُ അവര്‍ തന്നെ (യാണു) الْأَخْسَرُونَ അധി കം നഷ്ടപ്പെട്ടവര്‍ (എന്നതു).

لَا جَرَمَ (ലാ -ജറമ) എന്നാ വാക്കിന്‍റെ ഘടനയെയും സാക്ഷാല്‍ അര്‍ത്ഥത്തെയും കുറിച്ചു ഭാഷാപ ണ്ഡിതന്മാര്‍ക്കിടയില്‍ പല അഭിപ്രായങ്ങളാണുള്ളത്. എങ്കിലും അതിന്‍റെ തൊട്ടുപറയുന്ന കാര്യം സംശയ രഹിതവും ന്യായയുക്തവുമാണെന്ന അര്‍ത്ഥത്തിലാണതിന്‍റെ പ്രയോഗം എന്നുള്ളതില്‍ എല്ലാവരും യോജിക്കുന്നു.

അവിശ്വാസികളായ അക്രമകാരികളുടെ പര്യവസാനത്തെപ്പറ്റി വിവരിച്ചശേഷം സത്യവിശ്വാസി കളായ സല്‍ക്കര്‍മ്മികളുടെ ഭാവി എന്തായിരിക്കുമെന്നു തുടര്‍ന്നുവിവരിക്കുന്നു:

11:23
  • إِنَّ ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ وَأَخْبَتُوٓا۟ إِلَىٰ رَبِّهِمْ أُو۟لَـٰٓئِكَ أَصْحَـٰبُ ٱلْجَنَّةِ ۖ هُمْ فِيهَا خَـٰلِدُونَ ﴾٢٣﴿
  • നിശ്ചയമായും, വിശ്വസിക്കുകയും, സല്‍ക്കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും, തങ്ങളുടെ റബ്ബിങ്ക ലേക്കു (മടങ്ങി) വിനയപ്പെടുകയും ചെയ്തിട്ടുള്ളവര്‍, അക്കൂട്ടര്‍ - സ്വര്‍ഗ്ഗത്തിന്‍റെ ആള്‍ക്കാരാകുന്നു. അവരതില്‍ നിത്യവാസികളായിരിക്കും.
  • إِنَّ നിശ്ചയമായും الَّذِينَ آمَنُوا വിശ്വസിച്ചവര്‍ وَعَمِلُوا പ്രവര്‍ത്തിക്കുകയും ചെയ്തു الصَّالِحَاتِ സല്‍ ക്കര്‍മ്മങ്ങള്‍ وَأَخْبَتُوا വിനയപ്പെടുക (ഭക്തിപ്പെടുക)യും ചെയ്തു إِلَىٰ رَبِّهِمْ തങ്ങളുടെ റബ്ബിങ്കലേക്കു أُولَـٰئِكَ അക്കൂട്ടര്‍ أَصْحَابُ الْجَنَّةِ സ്വര്‍ഗ്ഗക്കാരാകുന്നു هُمْ فِيهَا അവര്‍ അതില്‍ خَالِدُونَ നിത്യവാസികളാണു.

സത്യവിശ്വാസികളുടെ പര്യവസാനത്തെപ്പറ്റി ചുരുക്കി വിവരിച്ചശേഷം രണ്ടുകൂട്ടരുടെയും ഇട ക്കു ഉപമാരൂപത്തില്‍ ഒരു താരതമ്യം ചൂണ്ടിക്കാട്ടുന്നു:-

11:24
  • مَثَلُ ٱلْفَرِيقَيْنِ كَٱلْأَعْمَىٰ وَٱلْأَصَمِّ وَٱلْبَصِيرِ وَٱلسَّمِيعِ ۚ هَلْ يَسْتَوِيَانِ مَثَلًا ۚ أَفَلَا تَذَكَّرُونَ ﴾٢٤﴿
  • (ഈ) രണ്ടു കൂട്ടരുടെയും ഉപമ, അന്ധനും, ബധിരനും, കാണുന്നവനും, കേള്‍ക്കുന്നവനും(എന്ന) പോലെയാകുന്നു. ഇവര്‍ (രണ്ടു കൂട്ടരും) ഉപമയില്‍ സമമാകുമോ?! അപ്പോള്‍, നിങ്ങള്‍ ആലോചി ച്ചു നോക്കുന്നില്ലേ?!
  • مَثَلُ ഉപമ, ഉദാഹരണം, മാതൃക الْفَرِيقَيْنِ രണ്ടുകൂട്ടരുടെ (സംഘങ്ങളുടെ) كَالْأَعْمَىٰ അന്ധനെപ്പോ ലെയാണു وَالْأَصَمِّ ബധിരനെയും وَالْبَصِيرِ കാണുന്നവനെയും وَالسَّمِيعِ കേള്‍ക്കുന്നവനെയും هَلْ يَسْتَوِيَانِ ഈരണ്ടു കൂട്ടര്‍ സമമാകുമോ, ഒപ്പമാകുമോ مَثَلًا ഉപമയില്‍ أَفَلَا تَذَكَّرُونَ അപ്പോള്‍ നിങ്ങള്‍ ആലോചി ക്കുന്നില്ലേ.

അവിശ്വാസികളെ അന്ധന്മാരോടും ബധിരന്മാരോടും, സത്യവിശ്വാസികളെ നേരെ മറിച്ച് കാഴ്ച യും കേള്‍വിയും ഉള്ളവരോടും ഉപമിപ്പിച്ചിരിക്കുകയാണ്.

വിഭാഗം - 3

നബി (സ്വ) യെയും, ഖുര്‍ആനെയും നിഷേധിക്കുന്ന ഈ മുശ്രിക്കുകളെപ്പോലെ, മുന്‍പ്രാവചകന്‍മാരെയും അവരുടെ പ്രബോധനങ്ങളെയും നിഷേധിച്ചിരുന്ന ചില സമുദായങ്ങളുടെ കഥകളാണു തുടര്‍ന്നു വിവരിക്കുന്നത്. ഒന്നാമത്തെ സമുദായമായ നൂഹ് (അ) നബിയുടെ സമുദായത്തിന്‍റെ കഥ കൊണ്ടുതന്നെ അതാരംഭിക്കുകയും ചെയ്യുന്നു:-

11:25
  • وَلَقَدْ أَرْسَلْنَا نُوحًا إِلَىٰ قَوْمِهِۦٓ إِنِّى لَكُمْ نَذِيرٌ مُّبِينٌ ﴾٢٥﴿
  • നൂഹിനെ അദ്ദേഹത്തിന്‍റെ ജനതയിലേക്കു നാം അയക്കുകയുണ്ടായി; (അദ്ദേഹം പറഞ്ഞു:) 'നിശ്ചയമായും, ഞാന്‍ നിങ്ങള്‍ക്കു സ്പഷ്ടമായ ഒരു താക്കീതുകാരനാകുന്നു.'
  • وَلَقَدْ أَرْسَلْنَا നാം അയക്കുകയുണ്ടായി, അയച്ചിട്ടുണ്ടു نُوحًا നൂഹിനെ إِلَىٰ قَوْمِهِ തന്‍റെ ജനതയിലേ ക്കു إِنِّي നിശ്ചയമായും ഞാന്‍ لَكُمْ നിങ്ങള്‍ക്കു نَذِيرٌ താക്കീതു (മുന്നറിയിപ്പു) കാരനാണു مُّبِينٌ സ്പഷ്ടമായ.
11:26
  • أَن لَّا تَعْبُدُوٓا۟ إِلَّا ٱللَّهَ ۖ إِنِّىٓ أَخَافُ عَلَيْكُمْ عَذَابَ يَوْمٍ أَلِيمٍ ﴾٢٦﴿
  • (അതായതു) നിങ്ങള്‍ അല്ലാഹുവിനെയല്ലാതെ ആരാധിക്കരുതെന്ന്. വേദനയേറിയ ഒരു ദിവസ ത്തിലെ ശിക്ഷയെ നിങ്ങളുടെ മേല്‍ ഞാന്‍ ഭയപ്പെടുന്നു.'
  • أَن لَّا تَعْبُدُوا നിങ്ങള്‍ ആരാധിക്കരുതെന്നു إِلَّا اللَّـهَ അല്ലാഹുവിനെയല്ലാതെ إِنِّي أَخَافُ നിശ്ചയ മായും ഞാന്‍ ഭയപ്പെടുന്നു عَلَيْكُمْ നിങ്ങളുടെ മേല്‍ عَذَابَ يَوْمٍ ഒരു ദിവസത്തിലെ ശിക്ഷ أَلِيمٍ വേദനയേറിയ.
11:27
  • فَقَالَ ٱلْمَلَأُ ٱلَّذِينَ كَفَرُوا۟ مِن قَوْمِهِۦ مَا نَرَىٰكَ إِلَّا بَشَرًا مِّثْلَنَا وَمَا نَرَىٰكَ ٱتَّبَعَكَ إِلَّا ٱلَّذِينَ هُمْ أَرَاذِلُنَا بَادِىَ ٱلرَّأْىِ وَمَا نَرَىٰ لَكُمْ عَلَيْنَا مِن فَضْلٍۭ بَلْ نَظُنُّكُمْ كَـٰذِبِينَ ﴾٢٧﴿
  • അപ്പോള്‍, അദ്ദേഹത്തിന്‍റെ ജനതയില്‍നിന്ന് അവിശ്വസിച്ചവരായ പ്രധാനികള്‍ പറഞ്ഞു: 'ഞ ങ്ങളെപ്പോലെയുള്ള ഒരു മനുഷ്യനായിട്ടല്ലാതെ നിന്നെ ഞങ്ങള്‍ കാണുന്നില്ല; ഞങ്ങളില്‍ ഏറ്റവും താണവരായുള്ളവരല്ലാതെ- (അതും) പ്രഥമ വീക്ഷണത്തില്‍ (ചിന്തിക്കാതെ) - നിന്നെ (ആരും) പി ന്‍പറ്റിയതായി ഞങ്ങള്‍ കാണുന്നുമില്ല; ഞങ്ങളെക്കാള്‍ നിങ്ങള്‍ക്കു വല്ല ശ്രേഷ്ഠതയും (ഉള്ളതായും) ഞങ്ങള്‍ കാണുന്നില്ല. എന്നല്ല, നിങ്ങളെ വ്യാജം പറയുന്നവരായാണ് ഞങ്ങള്‍ കരുതുന്നതു.'
  • فَقَالَ അപ്പോള്‍ പറഞ്ഞു الْمَلَأُ പ്രമാണികള്‍, പ്രധാനികള്‍, സംഘക്കാര്‍ الَّذِينَ كَفَرُوا അവിശ്വസിച്ച വരായ مِن قَوْمِهِ അദ്ദേഹത്തിന്‍റെ ജനതയില്‍ നിന്നു مَا نَرَاكَ നിന്നെ ഞങ്ങള്‍ കാണുന്നില്ല إِلَّا بَشَرًا ഒരു മനുഷ്യനായല്ലാതെ مِّثْلَنَا ഞങ്ങളെപ്പോലെയുള്ള وَمَا نَرَاكَ നിന്നെ ഞങ്ങള്‍ കാണുന്നുമില്ല اتَّبَعَكَ നി ന്നെ പിന്‍പറ്റിയതായി إِلَّا الَّذِينَ യാതൊരു കൂട്ടരൊഴികെ هُمْ അവര്‍ أَرَاذِلُنَا ഞങ്ങളിലെ ഏറ്റം താണവ രാണു, അധമരാണു بَادِيَ الرَّأْيِ പ്രഥമമായ അഭിപ്രായത്തില്‍, പ്രഥമവീക്ഷണത്തില്‍ وَمَا نَرَىٰ ഞങ്ങ ള്‍ കാണുന്നുമില്ല لَكُمْ നിങ്ങള്‍ക്കു عَلَيْنَا ഞങ്ങളെക്കാള്‍ مِن فَضْلٍ ഒരു ശ്രേഷ്ഠതയും بَلْ പക്ഷെ എന്നല്ല نَظُنُّكُمْ നിങ്ങളെ ഞങ്ങള്‍ കരുതുന്നു, ഭാവിക്കുന്നു كَاذِبِينَ വ്യാജം പറയുന്നവരായി.

സത്യനിഷേധികളായ ആ പ്രമാണിവര്‍ഗ്ഗത്തിന്‍റെ മറുപടിയില്‍നിന്നു അവരുടെ അഹന്തയും മൂഢ തയും ഒരുപോലെ വ്യക്തമാകുന്നതാണ്. 1-ാമതായി: നൂഹ് (അ) ഒരു മനുഷ്യനാണ് – മലക്കല്ല – എന്നാണവരുടെ ആരോപണം. മനുഷ്യരെ ഉപദേശിക്കുവാന്‍ മനുഷ്യനല്ലാതെ പറ്റുകയില്ലെന്നും, മലക്കു ഉപദേശകനായി നിയോഗിക്കപ്പെടുന്നത് അപ്രായോഗികമാണെന്നും അവര്‍ മനസ്സിലാക്കി യില്ല. താണതരക്കാരായ ആളുകളാണ് അദ്ദേഹത്തെ പിന്‍പറ്റിയിരിക്കുന്നത്; അതാകട്ടെ, ശരിക്കും ആലോചിക്കാതെ പ്രഥമദൃഷ്ടിയില്‍ അദ്ദേഹത്തിന്‍റെ ഉപദേശം ശരിയാണെന്നു ധരിച്ചുവശായതു മാണ്. ഇതാണ് 2-ാമത്തെ ആരോപണം. ഔന്നത്യത്തിന്‍റെ കുത്തകവാദവും, അധമത്വത്തിന്‍റെ മുദ്ര കുത്തലും പ്രമാണിവര്‍ഗ്ഗത്തിന്‍റെ എക്കാലത്തുമുള്ള പതിവാണ്. ഒരു കാര്യം സത്യമോ ന്യായമോ ആണെന്നുള്ളതിന്‍റെ ലക്ഷണം അക്കാര്യം സ്വീകരിക്കുന്നവര്‍ പ്രമാണികളോ താണ നിലവാര ത്തിലുള്ളവരോ ആയിരിക്കലല്ലല്ലോ. മാത്രമല്ല, മിക്കവാറും എല്ലായ്പ്പോഴും സത്യം സ്വീകരിക്കു വാന്‍ ആദ്യം മുന്നോട്ടുവരുക ദുര്‍ബ്ബല വിഭാഗക്കാരും സാധാരണക്കാരുമായിരിക്കും താനും. പ്രമാ ണി വര്‍ഗ്ഗത്തിന്‍റെ അഹന്തയും ദുരഭിമാനവും അതിനു വിലങ്ങുതടിയായിരിക്കലാണ് പതിവ്.

ഏതൊരു റസൂലിനെയും അയക്കുമ്പോള്‍, അതതു നാട്ടിലെ സുഖലോലുപന്‍മാരായ ആളുകള്‍ ത ങ്ങളുടെ പൂര്‍വ്വാചാരങ്ങളെ കൈവിടുവാന്‍ വിസമ്മതിക്കാതിരുന്നിട്ടില്ല എന്ന് അല്ലാഹുതന്നെ (43 :23ല്‍) പ്രസ്താവിച്ചിട്ടുള്ളതാണ്. റോമാചക്രവര്‍ത്തിയായ ഹിറഖ്ലിയുസിനെ ഇസ്ലാമിലേക്ക് ക്ഷണിച്ചുകൊണ്ടു നബി (സ്വ) തിരുമേനിയുടെ കത്ത് കിട്ടിയപ്പോള്‍, അദ്ദേഹം ശാമിലുണ്ടായിരുന്ന അബൂ സുഫ്യാനെ (റ) വിളിപ്പിച്ച് നബി (സ്വ)യെപ്പറ്റി പലതും അന്വേഷിച്ചറിഞ്ഞ കൂട്ടത്തില്‍ നബി (സ്വ) യെ പിന്‍പറ്റിക്കൊണ്ടിരിക്കുന്നത് പ്രമാണി വിഭാഗമോ, ദുര്‍ബ്ബലവിഭാഗമോ എന്നു ചോദിക്കുകയു ണ്ടായി. ദുര്‍ബ്ബല വിഭാഗത്തില്‍പെട്ടവരാണെന്നായിരുന്നു അബൂസുഫ്യാന്‍റെ (റ) മറുപടി. റസൂലുക ളുടെ അനുയായികള്‍ അങ്ങിനെത്തന്നെ ആയിരിക്കുമെന്നു അപ്പോള്‍ ഹിറഖ്ലിയൂസ് പറയുകയു ണ്ടായി. നൂഹ് (അ) നബിയില്‍ വിശ്വസിച്ചിരുന്നവര്‍ ചെരിപ്പുപണിക്കാരും മറ്റുമായിരുന്നുവെന്നാ ണ് പറയപ്പെടുന്നത്. അല്ലാഹുവിനറിയാം. നബി (സ്വ) തിരുമേനിയില്‍ ആദ്യമാദ്യം വിശ്വസിച്ച പല രും ദുര്‍ബ്ബലരും സാധുക്കളുമായിരുന്നുവെന്നുള്ളതു പ്രസിദ്ധമാണല്ലോ.

നൂഹ് (അ) നെ പിന്‍പറ്റിയ ആ നിസ്സാരന്‍മാര്‍പോലും നൂഹ് (അ) പറയുന്നതിന്‍റെ ന്യായാന്യായതക ളെപ്പറ്റി ചിന്തിക്കാതെ വഞ്ചിതരായതാണെന്നാണല്ലോ പ്രമാണി വര്‍ഗ്ഗത്തിന്‍റെ ആരോപണം. പ്രവാ ചകന്‍മാരുടെ ദൗത്യസന്ദേശങ്ങള്‍ വക്രതയില്ലാത്തതും. പ്രഥമ വീക്ഷണംകൊണ്ടു തന്നെ സത്യത ബോധ്യപ്പെടുന്നതുമായിരിക്കും. അവിടെ വിമര്‍ശനത്തിനോ കൂടുതല്‍ ചിന്തക്കോ ആവശ്യമുണ്ടാ യിരിക്കയില്ല. അതേ സമയത്തു പ്രമാണിവര്‍ഗ്ഗത്തില്‍ സ്വാഭാവികമായും ഉണ്ടാകുന്ന ദുസ്വാര്‍ത്ഥ ങ്ങളൊന്നും സാധാരണക്കാരെ തീണ്ടിയിരിക്കുകയുമില്ലല്ലോ. അതുകൊണ്ടാണു സാധാരണക്കാര്‍ പ്രവാചകന്മാരെ പിന്‍പറ്റുവാന്‍ മടികൂടാതെ മുമ്പോട്ടുവരുവാന്‍ കാരണമാകുന്നത്. നിഷേധികളു ടെ 3-ാമത്തെ ആക്ഷേപം. നൂഹ് (അ) നബിക്കും അദ്ദേഹത്തില്‍ വിശ്വസിച്ചവര്‍ക്കും തങ്ങളേക്കാള്‍ മെച്ചപ്പെട്ട യോഗ്യതകളൊന്നും കാണുന്നില്ലെന്നുള്ളതാണ്. അവരുടെ ദൃഷ്ടിയില്‍ ധനം, പ്രതാപം മുതലായ ഭൗതിക നേട്ടങ്ങളാണല്ലോ യോഗ്യതയുടെ അളവുകോല്‍. ആത്മീയാഭിവൃദ്ധി, മനസംസ് കാരം, സാന്‍മാര്‍ഗ്ഗിക നിഷ്ഠപോലുള്ള ഗുണങ്ങളൊന്നും അവരുടെ ദൃഷ്ടിയില്‍ യോഗ്യതയായി കാ ണുകയുമില്ല. ആ സ്ഥിതിക്കു ഈ ആക്ഷേപവും പരിഗണനനീയമാകുന്നില്ല.