സൂറത്തു ഹൂദ് : 01-05
ഹൂദ്
മക്കായില്‍ അവതരിച്ചതു – വചനങ്ങള്‍ 123 – വിഭാഗം (റുകുഅ്) 10
بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെ തിരുനാമത്തില്‍.
വിഭാഗം - 1
തൗഹീദു, പ്രാവചകത്വം, മരണാനന്തരജീവിതം മുതലായി കഴിഞ്ഞ സൂറത്തിലെ വിഷയങ്ങള്‍ തന്നെയാണ് ഈ സൂറത്തിലെയും പ്രധാന വിഷയം. അതില്‍ സംക്ഷിപ്തമായി പ്രസ്താവിക്കപ്പെട്ട ചില വിഷയങ്ങളും സംഭവങ്ങളും ഇതില്‍ വിശദീകരിച്ചു, അതില്‍ വിശദീകരിക്കപ്പെട്ട ചിലതു ഇതില്‍ സംക്ഷിപ്തമായും പ്രതിപാദിക്കപ്പെട്ടിരിക്കുന്നു. ‘സൂറത്തു ഹൂദും, അതിന്‍റെ സഹോദരികളായ സൂറത്തുകളും എന്നെ നരപ്പിച്ചു’ എന്നു നബി (സ്വ) പറഞ്ഞതായി തിര്‍മദീ, ത്വബ്റാനീ, ഹാകിം (റ) മുതലായവര്‍ ഉദ്ധരിച്ച ഹദീസുകളില്‍ വന്നിരിക്കുന്നു. ഖിയാമത്തുനാളിലെ സ്ഥിതിഗതികളെ ക്കുറിച്ചും മറ്റും ശക്തമായ ഭാഷയിലുള്ള താക്കീതുകളും പരാമര്‍ശങ്ങളും അടങ്ങിയിട്ടുള്ള സൂറത്തുല്‍ വാഖിഅഃ മുതലായ ചില സൂറത്തുകളാണ് ‘സഹോദരികളായ സൂറത്തുകള്‍’ കൊണ്ടുവിവക്ഷയെന്നു പ്രസ്തുത ഹദീസിന്‍റെ ചില രിവായത്തുകളില്‍നിന്നു വ്യക്തമാകുന്നു. പ്രസ്തുത സൂറത്തുകളിലെ വിഷയങ്ങളുടെ ഗൗരവം നിമിത്തം എനിക്കു വേഗത്തില്‍ നര പിടിപെട്ടുവെന്നത്ര തിരുമേനി (സ്വ) പറഞ്ഞതിന്‍റെ സാരം. 50 മുതല്‍ 60 കൂടിയുള്ള വചനങ്ങള്‍ ഹൂദു (അ) നെയും അദ്ദേഹത്തിന്‍റെ ജനതയെയും സംബന്ധിച്ചാണ്. ഈ അദ്ധ്യായത്തിന് സൂറത്ത് ഹൂദ് എന്ന നാമകരണത്തിന്‍റെ കാരണമതാണ്.
- الٓر ۚ كِتَـٰبٌ أُحْكِمَتْ ءَايَـٰتُهُۥ ثُمَّ فُصِّلَتْ مِن لَّدُنْ حَكِيمٍ خَبِيرٍ ﴾١﴿
- 'അലിഫ് - ലാം - റാ'. ഒരു (മഹത്തായ) ഗ്രന്ഥം! അതിന്‍റെ 'ആയത്തു' [സൂക്തം]കള്‍ ബലവത്താക്കപ്പെട്ടിരിക്കുന്നു; പിന്നെ, അതു വിശദീകരിക്കപ്പെടുകയും ചെയ്തിരിക്കുന്നു; അഗാധജ്ഞനും, സൂക്ഷ്മജ്ഞനുമായ ഒരുവന്‍റെ അടുക്കല്‍ നിന്നുള്ളതാണു. (അതു);
- الٓر 'അലിഫ് - ലാം - റാ' كِتَابٌ ഒരു ഗ്രന്ഥം أُحْكِمَتْ ബലവത്താക്കപ്പെട്ടിരിക്കുന്നു آيَاتُهُ അതിന്‍റെ ആയത്തുകള്‍ ثُمَّ പിന്നെ, പുറമെ فُصِّلَتْ അതു വിശദീകരിക്ക (വിസ്തരിക്ക)പ്പെട്ടിരിക്കുന്നു مِن لَّدُنْ അടുക്കല്‍നിന്നു حَكِيمٍ ഒരു അഗാധജ്ഞന്‍റെ, യുക്തിമാന്‍റെ خَبِيرٍ സൂക്ഷ്മജ്ഞനായ.
- أَلَّا تَعْبُدُوٓا۟ إِلَّا ٱللَّهَ ۚ إِنَّنِى لَكُم مِّنْهُ نَذِيرٌ وَبَشِيرٌ ﴾٢﴿
- നിങ്ങള്‍ അല്ലാഹുവിനെയല്ലാതെ ആരാധിക്കരുത് എന്നു, നിശ്ചയമായും, ഞാന്‍ നിങ്ങള്‍ക്ക് അവനില്‍ നിന്ന് ഒരു താക്കീതുകാരനും, സന്തോഷവാര്‍ത്ത അറിയിക്കുന്നവനുമാണ്;
- أَلَّا تَعْبُدُوا നിങ്ങള്‍ ആരാധിക്കരുതെന്നു إِلَّا اللَّـهَ അല്ലാഹുവിനെയല്ലാതെ إِنَّنِي നിശ്ചയമായും ഞാന്‍ لَكُم നിങ്ങള്‍ക്കു مِّنْهُ അവനില്‍നിന്നു نَذِيرٌ താക്കീതു(മുന്നറിയിപ്പു)കാരനാണു وَبَشِيرٌ സന്തോഷ മറിയിക്കുന്നവനുമാണു.
- وَأَنِ ٱسْتَغْفِرُوا۟ رَبَّكُمْ ثُمَّ تُوبُوٓا۟ إِلَيْهِ يُمَتِّعْكُم مَّتَـٰعًا حَسَنًا إِلَىٰٓ أَجَلٍ مُّسَمًّى وَيُؤْتِ كُلَّ ذِى فَضْلٍ فَضْلَهُۥ ۖ وَإِن تَوَلَّوْا۟ فَإِنِّىٓ أَخَافُ عَلَيْكُمْ عَذَابَ يَوْمٍ كَبِيرٍ ﴾٣﴿
- നിങ്ങള്‍ നിങ്ങളുടെ റബ്ബിനോടു പാപമോചനം തേടുവിന്‍, പിന്നെ അവനിലേക്ക് പശ്ചാത്തപിക്കുകയും ചെയ്യുവിന്‍ എന്നും. (എന്നാല്‍) നിങ്ങളെ അവന്‍ ഒരു നിര്‍ണ്ണയിക്കപ്പെട്ട അവധിവരെ നല്ല (സുഖമായ) അനുഭവം അനുഭവിപ്പിക്കുന്നതാണ്; വല്ല ശ്രേഷ്ടതയുമുള്ള എല്ലാവര്‍ക്കും അവ(രവ)രുടെ ശ്രേഷ്ടത അവന്‍ (വകവെച്ചു)കൊടുക്കുകയും ചെയ്യും.
നിങ്ങള്‍ തിരിഞ്ഞു കളയുന്നുവെങ്കില്‍, നിശ്ചയമായും ഞാന്‍ ഒരു വലിയ ദിവസത്തെ ശിക്ഷ നിങ്ങളുടെ മേല്‍ ഭയപ്പെടുകയും ചെയ്യുന്നു. - وَأَنِ اسْتَغْفِرُوا നിങ്ങള്‍ പാപമോചനം തേടണമെന്നും رَبَّكُمْ നിങ്ങളുടെ റബ്ബിനോടു ثُمَّ تُوبُوا പിന്നെ പശ്ചാത്തപിക്കുവിന്‍, മടങ്ങുവിന്‍ إِلَيْهِ അവനിലേക്കു يُمَتِّعْكُم അവന്‍ നിങ്ങള്‍ക്കു അനുഭവം നല്‍കും, സൗഖ്യം നല്‍കും مَّتَاعًا അനുഭവം, സൗഖ്യം حَسَنًا നല്ലതായ إِلَىٰ أَجَلٍ ഒരവധിവരെ مُّسَمًّى നിര്‍ണ്ണയിക്കപ്പെട്ട وَيُؤْتِ അവന്‍ നല്‍കുകയും ചെയ്യും كُلَّ ذِي فَضْلٍ ശ്രേഷ്ഠതയുള്ള എല്ലാവര്‍ക്കും فَضْلَهُ അവന്‍റെ ശ്രേഷ്ഠത وَإِن تَوَلَّوْا നിങ്ങള്‍ തിരിഞ്ഞുകളയുന്നപക്ഷം فَإِنِّي എന്നാല്‍ ഞാന്‍ أَخَافُ ഞാന്‍ ഭയപ്പെടുന്നു عَلَيْكُمْ നിങ്ങളുടെ മേല്‍ عَذَابَ ശിക്ഷയെ يَوْمٍ ഒരു ദിവസത്തെ كَبِيرٍ വലുതായ.
- إِلَى ٱللَّهِ مَرْجِعُكُمْ ۖ وَهُوَ عَلَىٰ كُلِّ شَىْءٍ قَدِيرٌ ﴾٤﴿
- അല്ലാഹുവിങ്കലേക്കാണ് നിങ്ങളുടെ മടക്കം. അവനാകട്ടെ, എല്ലാ കാര്യത്തിനും കഴിവുള്ളവനുമാകുന്നു
- إِلَى اللَّـهِ അല്ലാഹുവിലേക്കാണു مَرْجِعُكُمْ നിങ്ങളുടെ മടക്കം, മടങ്ങിവരവു وَهُوَ അവനാകട്ടെ عَلَىٰ كُلِّ شَيْءٍ എല്ലാ കാര്യത്തിനും قَدِيرٌ കഴിവുള്ളവനാകുന്നു.
الر പോലെയുള്ള കേവലാക്ഷരങ്ങളെപ്പറ്റി സൂറത്തുല്‍ ബഖറയുടെ ആരംഭത്തിലും മറ്റും വിവരിച്ചു കഴിഞ്ഞിട്ടുണ്ട്. ഇതൊരു മഹത്തായ ഗ്രന്ഥമാണെന്ന ആമുഖത്തോടുകൂടി ഈ വചനങ്ങളില്‍ പറഞ്ഞതിന്‍റെ സാരം ഇങ്ങിനെ വിവരിക്കാം:-
വാചകങ്ങളും, ഘടനയും, പ്രതിപാദന രീതിയുമെല്ലാം ബലവത്തായതും, കെട്ടുറപ്പുള്ളതുമാണു അതിലെ സൂക്തങ്ങള്‍. കൂടാതെ, വിധിവിലക്കുകള്‍, നിയമനിര്‍ദ്ദേശങ്ങള്‍, ഉപമകള്‍, ചരിത്രപാഠങ്ങള്‍, ദൃഷ്ടാന്തങ്ങള്‍, സന്തോഷവാര്‍ത്തകള്‍, താക്കീതുകള്‍ എന്നിങ്ങിനെയുള്ള അതിലെ പരാമര്‍ശ വിഷയങ്ങളെല്ലാം സവിസ്തരം പ്രതിപാദിക്കപ്പെടുകയും ചെയ്തിരിക്കുന്നു. അഗാധജ്ഞനും, സൂക്ഷ്മജ്ഞനുമായ അല്ലാഹുവാണു അത് അവതരിപ്പിച്ചിരിക്കുന്നത്. അതിന്‍റെ സന്ദേശങ്ങളില്‍ കേന്ദ്രപ്രധാനമായി നിലകൊള്ളുന്നത് അല്ലാഹുവിനെയല്ലാതെ ആരാധിക്കരുതെന്ന തൗഹീദാകുന്നു. രണ്ടാമതായി നിലകൊള്ളുന്നത് സത്യവിശ്വാസം സ്വീകരിച്ച സന്‍മാര്‍ഗ്ഗികള്‍ക്ക് പുണ്യഫലങ്ങളെക്കുറിച്ചു സന്തോഷവാര്‍ത്തയും, അവിശ്വാസികളായ ദുര്‍മ്മാര്‍ഗ്ഗികള്‍ക്ക് ശിക്ഷയെക്കുറിച്ചുള്ള താക്കീതും നല്‍കുവാനായി അയക്കപ്പെട്ട ദൈവദൂതനാണു ഞാന്‍ (മുഹമ്മദ് – സ്വ) എന്നുള്ളതാകുന്നു. ഈ രണ്ട് മൗലിക തത്വങ്ങളും അംഗീകരിക്കുന്നതോടൊപ്പം അതിനു മുമ്പ് ചെയ്തുപോയതും, പിന്നീട് ചെയ്തേക്കുന്നതുമായ പാപങ്ങളെക്കുറിച്ച് മാപ്പിന്നപേക്ഷിക്കുകയും അവയില്‍നിന്നെല്ലാം അവനോടു പശ്ചാത്തപിച്ച് മടങ്ങുകയും ചെയ്യേണ്ടതാണ്. ഇങ്ങിനെ ചെയ്യുന്നപക്ഷം, നിങ്ങളുടെ ഈ ജീവിതം അവസാനിക്കുന്നതുവരെ അലട്ടുകളൊന്നും കൂടാതെ നിങ്ങള്‍ക്ക് സുഖമായി കഴിഞ്ഞുകൂടാം. അതോടുകൂടി നേര്‍വഴിക്കു ജീവിച്ചും നന്‍മകള്‍ പ്രവര്‍ത്തിച്ചുംകൊണ്ട് ശ്രേഷ്ടമായ നിലപാട് സമ്പാദിച്ചുവെച്ചിട്ടുള്ള ഓരോ വ്യക്തിക്കും അവരുടെ യഥാര്‍ത്ഥ പദവി ഇരു ജീവിതത്തിലും അംഗീകരിക്കപ്പെടുകയും ചെയ്യും. നേരെമറിച്ച് ഇതൊന്നും സ്വീകരിക്കുവാന്‍ തയ്യാറില്ലാതെ പിന്‍തിരിഞ്ഞു കളയുന്നപക്ഷം, ഖിയാമത്തുനാളാകുന്ന ആ ഭയങ്കര ദിവസത്തില്‍ നിങ്ങള്‍ വമ്പിച്ച ശിക്ഷക്ക് വിധേയരായിത്തീരുന്നതാണ്. എല്ലാവരും അല്ലാഹുവിങ്കലേക്കാണു മടങ്ങിച്ചെല്ലുന്നതെന്ന് നിങ്ങള്‍ ഓര്‍മ്മിക്കണം. അവനു നിങ്ങളെ രണ്ടാമതു ജീവിപ്പിച്ച് നിങ്ങളുടെ മേല്‍ നടപടി എടുക്കുവാന്‍ ഒരു പ്രയാസവുമില്ല. അവന്‍ സര്‍വ്വശക്തനാണല്ലോ.
- أَلَآ إِنَّهُمْ يَثْنُونَ صُدُورَهُمْ لِيَسْتَخْفُوا۟ مِنْهُ ۚ أَلَا حِينَ يَسْتَغْشُونَ ثِيَابَهُمْ يَعْلَمُ مَا يُسِرُّونَ وَمَا يُعْلِنُونَ ۚ إِنَّهُۥ عَلِيمٌۢ بِذَاتِ ٱلصُّدُورِ ﴾٥﴿
- അല്ലാ! (അറിയുക:) അവനില്‍ നിന്നും തങ്ങള്‍ മറഞ്ഞു പോകുവാന്‍ വേണ്ടി അവര്‍ തങ്ങളുടെ നെഞ്ചുകളെ തിരിച്ചു കളയുന്നു! അല്ലാ! (അറിഞ്ഞേക്കുക:) അവര്‍ തങ്ങളുടെ വസ്ത്രങ്ങള്‍ (കൊണ്ടു പുതച്ചു) മൂടിയിടുന്ന സമയത്തു അവര്‍ രഹസ്യമാക്കുന്നതും, പരസ്യമാക്കുന്നതും അവന്‍ അറിയുന്നു. നിശ്ചയമായും അവന്‍, നെഞ്ച് [ഹൃദയം] കളിലുള്ളതിനെപ്പറ്റി അറിയുന്നവനാണു.
- أَلَا അല്ലാ, അറിയുക إِنَّهُمْ നിശ്ചയമായും അവര്‍ يَثْنُونَ അവര്‍ മടക്കുന്നു, ചുരുട്ടുന്നു, തിരിക്കുന്നു صُدُورَهُمْ അവരുടെ നെഞ്ചുകളെ لِيَسْتَخْفُوا അവര്‍ മറയുവാന്‍ വേണ്ടി مِنْهُ അവനില്‍നിന്നു, അദ്ദേഹ ത്തില്‍ നിന്നു أَلَا അല്ലാ, അറിയുക حِينَ സമയത്തു, നേരത്തു يَسْتَغْشُونَ അവര്‍ മൂടിയിടുന്ന (പുതപ്പിടുന്ന) ثِيَابَهُمْ അവരുടെ വസ്ത്രങ്ങളെ يَعْلَمُ അവന്‍ അറിയും مَا يُسِرُّونَ അവര്‍ രഹസ്യമാക്കുന്നതു وَمَا يُعْلِنُونَ അവര്‍ പരസ്യമാക്കുന്നതും إِنَّهُ നിശ്ചയമായും അവന്‍ عَلِيمٌ അറിയുന്നവനാണു بِذَاتِ ഉള്ളതിനെപ്പറ്റി الصُّدُورِ നെഞ്ചു (ഹൃദയം) കളില്‍.
ഏതെങ്കിലും ഒരു പ്രത്യേക സംഭവത്തെ സൂചിപ്പിച്ചുകൊണ്ട് അവതരിച്ചതായിരിക്കും ഈവചനമെന്നാണ് മനസ്സിലാകുന്നത്. الله اعلم . ഒന്നിലധികം സംഭവങ്ങള്‍ ഇവിടെ രിവായത്തു ചെയ്യപ്പെട്ടും കാണാം. പക്ഷേ, ഓരോന്നും ഓരോ നിലക്കു വിമര്‍ശന വിധേയമായിട്ടാണിരിക്കുന്നത്. അതുകൊണ്ട് അവ ഉദ്ധരിച്ചു ദീര്‍ഘിപ്പിക്കേണ്ടുന്ന ആവശ്യം കാണുന്നില്ല. ആയത്തിന്‍റെ സാരം ചുരുക്കത്തി ല്‍ ഇങ്ങിനെ മനസ്സിലാക്കാം:
റസൂല്‍ (സ്വ) തിരുമേനി ഖുര്‍ആനോ മറ്റോ ജനങ്ങളെ കേള്‍പ്പിക്കുന്ന രംഗങ്ങളില്‍ നിന്നു അവിശ്വാസികളില്‍ ചിലര്‍ ഉപായത്തില്‍ ഒളിഞ്ഞും തിരിഞ്ഞും പോകുകയും അതവഗണിക്കുകയും ചെയ്തിരുന്നു. يَثْنُونَ صُدُورَهُمْ (അവര്‍ തങ്ങളുടെ നെഞ്ചുകള്‍ തിരിക്കും) എന്ന പ്രയോഗത്തെ പല വ്യാഖ്യാതാക്കളും പല പ്രകാരത്തില്‍ വിശദീകരിക്കാറുണ്ടെങ്കിലും അവരുടെ പ്രതിഷേധവും വെറുപ്പുമാണതു പ്രകാശിപ്പിക്കുന്നതെന്നുള്ളതില്‍ സംശയമില്ല. സന്തോഷവും സ്നേഹവും തോന്നുമ്പോള്‍ മുഖവും നെഞ്ചും മുമ്പോട്ടു തിരിച്ചു അഭിമുഖമായിരിക്കുകയാണല്ലോ പതിവ്. അതുകൊണ്ടൊന്നും ആ അവിശ്വാസികള്‍ രക്ഷപ്പെടുവാന്‍ പോകുന്നില്ല; അവരുടെ എല്ലാ രഹസ്യപരസ്യങ്ങളും അല്ലാഹു അറിയുന്നുണ്ട്; അവര്‍ – രാത്രിയിലോ മറ്റോ – വസ്ത്രമിട്ട് മൂടിപ്പുതച്ചു കിടക്കുമ്പോള്‍ പോലും അവര്‍ അല്ലാഹുവിന്‍റെ ദൃഷ്ടിയില്‍നിന്നു മറഞ്ഞുപോകുന്നില്ല; അവരുടെ ഹൃദയങ്ങളില്‍ ഒളിച്ചുവെച്ച വിചാരവികാരങ്ങള്‍ പോലും അല്ലാഹുവിനു അജ്ഞാതമല്ല എന്നൊക്കെയാണ് ഈ വചനത്തില്‍ പറഞ്ഞതിന്‍റെ സാരം. والله اعلم .