സൂറത്തുല്‍ ഖസ്വസ്വ് : 26-49
- قَالَتْ إِحْدَىٰهُمَا يَٰٓأَبَتِ ٱسْتَـْٔجِرْهُ ۖ إِنَّ خَيْرَ مَنِ ٱسْتَـْٔجَرْتَ ٱلْقَوِىُّ ٱلْأَمِينُ ﴾٢٦﴿
- ആ രണ്ടു സ്ത്രീകളില്‍ ഒരുവള്‍ (പിതാവിനോടു) പറഞ്ഞു: 'പിതാവേ, ഇദ്ദേഹത്തെ നിങ്ങള്‍ (നമുക്ക്) കൂലിക്ക് വിളിച്ചേക്കുക. നിശ്ചയമായും നിങ്ങള്‍, കൂലിക്ക് വിളിക്കുന്നവരില്‍വെച്ച് നല്ലവന്‍, ശക്തിമാനും വിശ്വസ്തനുമായുള്ളവനാണ്.'
- قَالَتْ إِحْدَاهُمَا അവര്‍ രണ്ടില്‍ ഒരുവള്‍ പറഞ്ഞു يَا أَبَتِ എന്റെ ബാപ്പാ, പിതാവേ اسْتَأْجِرْهُ ഇദ്ദേഹത്തെ കൂലിക്കു വിളിക്കുക, കൂലിവേലക്കു വെക്കുക إِنَّ خَيْرَ നിശ്ചയമായും നല്ലവന്‍, ഉത്തമന് مَنِ اسْتَأْجَرْتَ നിങ്ങള്‍ കൂലിക്കു വിളിക്കുന്നവരില്‍ الْقَوِيُّ ശക്തിമാനാണ്, കഴിവുള്ളവനാണ് الْأَمِينُ വിശ്വസ്തനായ, വിശ്വസ്തനാണ്
തങ്ങളുടെ കാലികളെ മേയ്ക്കാന്‍ കൊള്ളാവുന്ന ഒരു കൂലിക്കാരനെ കിട്ടുന്നത് ആ സ്ത്രീകളെ സംബന്ധിച്ചിടത്തോളം വളരെ ആശ്വാസമായിരിക്കുമല്ലോ. അല്പമാത്രമായ പരിചയത്തില്‍നി ന്നു മൂസാ (അ) ആ ജോലിക്കു കൊള്ളാവുന്ന ആളാണെന്നും, ആരോഗ്യവാനും സത്യസന്ധനുമാ ണെന്നും അവള്‍ക്കു മനസ്സിലായിരുന്നു. അതുകൊണ്ടാണ് അദ്ദേഹത്തെ കൂലിക്കാരനായി നിശ്ചയിക്കുവാന്‍ അവള് പിതാവിനോട് ശുപാര്‍ശ ചെയ്യുന്നത്.
കൂലിക്കാരനുണ്ടായിരിക്കേണ്ടുന്ന രണ്ടു പ്രധാന ഗുണങ്ങള്‍ ആ സ്ത്രീ രത്നം ചൂണ്ടിക്കാട്ടിയതു ശ്രദ്ധേ യമാണ്. കൂലിവേലക്കാരനു മാത്രമല്ല, ഏതു വിഭാഗത്തില്‍പെട്ട ഉദ്യോഗസ്ഥന്മാര്ക്കും, ശമ്പളക്കാര്‍ക്കും – വാസ്തവത്തില്‍ ഇവരെല്ലാം ഓരോതരം കൂലിവേലക്കാര്‍ തന്നെയാണുതാനും – ആ രണ്ടു ഗുണങ്ങളും അനിവാര്യമാണ്. കൂലിക്കാരാകട്ടെ, ശമ്പളക്കാരാകട്ടെ, ഉദ്യോഗസ്ഥാനുദ്യോഗസ്ഥ മേധാവികളാകട്ടെ – ആരായിരുന്നാലും – അഴിമതിയുടെയും, കൊള്ളരുതായ്മയുടെയും, സ്വാര്‍ത്ഥ താല്പര്യങ്ങളുടെയും സങ്കേതങ്ങളാണവരില്‍ മിക്കവരും എന്ന് മുറവിളി കൂട്ടിക്കൊണ്ടിരിക്കുന്ന ഒരു കാലമാണല്ലോ ഇന്ന്. ഇതിനു കാരണം പരിശോധിക്കുന്നപക്ഷം, എല്ലാറ്റിന്റേയും യഥാര്‍ത്ഥ കാരണം ഒന്നായിരിക്കും. അതെ, ആ സ്ത്രീ ചൂണ്ടിക്കാട്ടിയ രണ്ടു വാക്കുകളുടെ അഭാവം തന്നെ. ‘കൂലിക്കു വിളിക്കുന്നവരില്‍വെച്ച് നല്ലവന്‍ മിടുക്കനും വിശ്വസ്തനുമാണ്’ എന്ന അവളുടെ തത്വ ശാസ്ത്രം ഇന്ന് അവഗണിക്കപ്പെട്ടിരിക്കുകയാണ്. തല്‍സ്ഥാനത്ത് ജോലികള്‍ക്കും തസ്തികകള്‍ക്കു മുള്ള യോഗ്യത ഇക്കാലത്ത് സ്വാധീനം, ശുപാര്‍ശ, കക്ഷിതാല്പര്യം എന്നിവയും, സാങ്കേതിക സാക്ഷ്യപത്രങ്ങളുമായിക്കലാശിച്ചിരിക്കുന്നു! ഒരാളെ ഒരു ജോലിക്കു ഏല്പിക്കുമ്പോള് ആ ജോലിക്കു അയാള്‍ യഥാര്‍ത്ഥത്തില്‍ കഴിവും, പ്രാപ്തിയും ഉള്ളവനാണോ എന്ന് ഒന്നാമതായി പരിശോധിക്കണം. അയാള്‍ക്ക് ബിരുദമോ, സാക്ഷ്യപത്രമോ ഉണ്ടായിക്കൊള്ളട്ടെ, ഇല്ലാതിരിക്ക ട്ടെ. രണ്ടാമതായി അയാള്‍ വിശ്വസ്തനും നിഷ്കളങ്കനുമാണോ എന്നാണ് ആലോചിക്കേണ്ടത്. അയാളുടെ കക്ഷിയോ. സ്വാധീനമോ അല്ല. വിശ്വസ്ഥനല്ലെങ്കില്‍ ശക്തിയും പ്രാപ്തിയുമുണ്ടായിട്ടു കാര്യമില്ലെന്നു മാത്രമല്ല, പലപ്പോഴും അവനെക്കൊണ്ട് ദോഷം സംഭവിക്കുകയും ചെയും. പ്രാപ്തനല്ലെങ്കില്‍ വിശ്വസ്തതകൊണ്ടും വലിയ ഗുണമൊന്നും ലഭിക്കാനില്ല.
ജോലിക്കാരന് കഴിവുള്ളവനും, വിശ്വസ്തനും (الْقَوِيُّ الْأَمِينُ) ആയിരിക്കുക എന്ന തത്വം ഇത്രയും പ്രാധാന്യമര്‍ഹിക്കുന്നതുകൊണ്ട് തന്നെയാണ് കേവലം ഒരു സ്ത്രീയുടെ ആ വാക്ക് അല്ലാഹു ഇവിടെ ഉദ്ധരിച്ചതും. സുലൈമാന്‍ നബി (അ) ബില്‍ഖീസിന്റെ സിംഹാസനം ആരാണ് വേഗം കൊണ്ടുവരിക എന്നന്വേഷിച്ചപ്പോള്‍, അങ്ങുന്ന് ഈ സ്ഥാനത്തുനിന്നു എഴുന്നേറ്റുപോകുംമുമ്പ് ഞാന്‍ കൊണ്ടുവരാമെന്നു പറഞ്ഞ ജിന്നും പറയുകയുണ്ടായി: وَإِنِّي عَلَيْهِ لَقَوِيٌّ أَمِينٌ (ഞാന്‍ അതിനു കഴിവുള്ളവനും വിശ്വസ്തനുമാണ്) എന്ന്. നാം മനസ്സിരുത്തേണ്ടതിനും, അനുഷ്ഠാനത്തില്‍ കൊണ്ടു വരേണ്ടതിനും വേണ്ടി പലരുടെയും വാക്കുകള്‍ ഇതുപോലെ ഖുര്‍ആനില്‍ ഓരോ സന്ദര്‍ഭങ്ങളില്‍ അല്ലാഹു ഉദ്ധരിച്ചുകാണാം.
പിതാവ് മകളുടെ ശുപാര്‍ശ സ്വീകരിച്ചുവെന്നുമാത്രമല്ല, അതിനെക്കാള്‍ ഉപരിയായ ഒരു സ്ഥാനം കൂടി മൂസാ (അ)ക്ക് നല്കുവാനാണ് ആഗ്രഹിച്ചത്.
- قَالَ إِنِّىٓ أُرِيدُ أَنْ أُنكِحَكَ إِحْدَى ٱبْنَتَىَّ هَٰتَيْنِ عَلَىٰٓ أَن تَأْجُرَنِى ثَمَٰنِىَ حِجَجٍ ۖ فَإِنْ أَتْمَمْتَ عَشْرًا فَمِنْ عِندِكَ ۖ وَمَآ أُرِيدُ أَنْ أَشُقَّ عَلَيْكَ ۚ سَتَجِدُنِىٓ إِن شَآءَ ٱللَّهُ مِنَ ٱلصَّٰلِحِينَ ﴾٢٧﴿
- അദ്ദേഹം [വൃദ്ധന്] പറഞ്ഞു: 'താങ്കള്‍ എട്ട് വര്‍ഷം എനിക്കു കൂലിവേല ചെയ്യുമെന്നതിന്റെ പേരില്‍ എന്റെ ഈ രണ്ടു പുത്രിമാരില്‍ ഒരുവളെ താങ്കള്‍ക്കു വിവാഹം ചെയ്തുതരുവാന്‍ ഞാന്‍ ഉദ്ദേശിക്കുന്നുണ്ട്.' എനി, പത്തുവര്‍ഷം താങ്കള്‍ പൂര്‍ത്തിയാക്കുകയാണെങ്കില്‍ (അത്) താങ്കളുടെ വക (ഔദാര്യം) ആയിരിക്കുന്നതാണ്. താങ്കള്‍ക്ക് വിഷമമുണ്ടാക്കുവാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. അല്ലാഹു ഉദ്ദേശിച്ചാല്‍ സജ്ജനങ്ങളില്‍ പെട്ടവനായി എന്നെ താങ്കള്‍ക്കു കാണാവുന്നതാണ്.
- قَالَ അദ്ദേഹം പറഞ്ഞു إِنِّي നിശ്ചയമായും ഞാന്‍ أُرِيدُ ഞാന്‍ ഉദ്ദേശിക്കുന്നു أَنْ أُنكِحَكَ താങ്കള്‍ക്കു വിവാഹം ചെയ്തുതരുവാന്‍ إِحْدَى ابْنَتَيَّ എന്റെ രണ്ടു പെണ്മക്കളില് ഒരുവളെ هَاتَيْنِ ഈരണ്ട് عَلَىٰ أَن تَأْجُرَنِي താങ്കളെനിക്കു കൂലിവേല ചെയ്യുന്നതിന്റെ പേരില്‍ (നിശ്ചയത്തോടെ) ثَمَانِيَ حِجَجٍ എട്ടു വര്‍ഷം فَإِنْ أَتْمَمْتَ എനി താന്‍ പൂര്‍ത്തിയാക്കിയാല്‍ عَشْرًا പത്തു (കൊല്ലം) فَمِنْ عِندِكَ എന്നാല്‍ (അതു) തന്റെ പക്കല്‍ നിന്നാണ് (തന്റെ വകയാണ്) وَمَا أُرِيدُ ഞാന്‍ ഉദ്ദേശിക്കുന്നില്ല أَنْ أَشُقَّ ഞാന്‍ ബുദ്ധിമു ട്ടുണ്ടാക്കാന്‍, വിഷമമുണ്ടാക്കാന്‍ عَلَيْكَ താങ്കളുടെമേല്‍ سَتَجِدُنِي എന്നെ താങ്കള്‍ക്കു കാണാം, കണ്ടെത്താം إِن شَاءَ اللَّـهُ അല്ലാഹു ഉദ്ദേശിച്ചാല്‍ مِنَ الصَّالِحِينَ സദ്വൃത്തന്മാരുടെ കൂട്ടത്തില്‍, നല്ലവരില്‍ പെട്ട(വനായി)
- قَالَ ذَٰلِكَ بَيْنِى وَبَيْنَكَ ۖ أَيَّمَا ٱلْأَجَلَيْنِ قَضَيْتُ فَلَا عُدْوَٰنَ عَلَىَّ ۖ وَٱللَّهُ عَلَىٰ مَا نَقُولُ وَكِيلٌ ﴾٢٨﴿
- അദ്ദേഹം [മൂസാ] പറഞ്ഞു: 'അത് എന്റെയും നിങ്ങളുടെയും ഇടയിലുള്ളതത്രെ'. [നാം തമ്മിലുള്ള നിശ്ചയമാണത്.] (ഈ പറഞ്ഞ) രണ്ട് കാലാവധികളില്‍ ഞാന്‍ ഏതൊന്ന് നിറവേറ്റിയാലും എന്റെ പേരില്‍ യാതൊരു അതിക്രമവും ഉണ്ടാകാവതല്ല. നാം പറയുന്നതിന് അല്ലാഹു സാക്ഷ്യം വഹിക്കുന്നവനാകുന്നു.'
- قَالَ അദ്ദേഹം പറഞ്ഞു ذَٰلِكَ അതു بَيْنِي وَبَيْنَكَ എന്റെയും താങ്കളുടെയും ഇടയിലുള്ളതത്രെ (നമ്മുടെ നിശ്ചയമാണ്) أَيَّمَا الْأَجَلَيْنِ രണ്ടു കാലാവധികളില്‍ ഏതൊന്നും قَضَيْتُ ഞാന്‍ നിര്‍വ്വഹിക്കുന്നതായാല്‍, തീര്‍ത്താല്‍ فَلَا عُدْوَانَ ഒരതിക്രമവും ഇല്ല (ഉണ്ടായിക്കൂടാ) عَلَيَّ എന്റെ മേല്‍ وَاللَّـهُ അല്ലാഹു عَلَىٰ مَا نَقُولُ നാം പറയുന്നതിന്റെ മേല്‍, പറയുന്നതിനു وَكِيلٌ സാക്ഷ്യം വഹിക്കുന്നവനാണ്
അങ്ങനെ, ചുരുങ്ങിയതു എട്ടുകൊല്ലം – അധികരിച്ചാല്‍ പത്തുകൊല്ലം കൂലിവേല ചെയ്തുകൊടുക്കാമെന്ന നിശ്ചയത്തിന്മേല് മൂസാ (അ) നബി വിവാഹിതനായി.
വിഭാഗം - 4
- ۞ فَلَمَّا قَضَىٰ مُوسَى ٱلْأَجَلَ وَسَارَ بِأَهْلِهِۦٓ ءَانَسَ مِن جَانِبِ ٱلطُّورِ نَارًا قَالَ لِأَهْلِهِ ٱمْكُثُوٓا۟ إِنِّىٓ ءَانَسْتُ نَارًا لَّعَلِّىٓ ءَاتِيكُم مِّنْهَا بِخَبَرٍ أَوْ جَذْوَةٍ مِّنَ ٱلنَّارِ لَعَلَّكُمْ تَصْطَلُونَ ﴾٢٩﴿
- എന്നിട്ട്, മൂസാ കാലാവധി നിറവേറ്റുകയും, തന്റെ വീട്ടുകാരുമായി (സ്വരാജ്യത്തേക്ക്) പോകുകയും ചെയ്തപ്പോള്‍, 'ത്വൂര്' (പര്‍വ്വതത്തി)ന്റെ ഭാഗത്തുനിന്നു അദ്ദേഹം ഒരു തീ ദര്‍ശിച്ചു. അദ്ദേഹം തന്റെ വീട്ടുകാരോടു പറഞ്ഞു: 'നിങ്ങള്‍ (ഇവിടെ) നില്ക്കുക- ഞാന്‍ ഒരു തീ ദര്‍ശിച്ചിരിക്കുന്നു! അവിടെ നിന്നു നിങ്ങള്‍ക്കു വല്ല വര്‍ത്തമാനമോ, അല്ലെങ്കില്‍ ഒരു തീക്കൊള്ളിയോ ഞാന്‍ കൊണ്ടുവന്നേക്കാം, നിങ്ങള്‍ക്കു തീക്കായാമല്ലോ!'
- فَلَمَّا قَضَىٰ എന്നിട്ട് നിര്‍വ്വഹിച്ചപ്പോള്‍ مُوسَى മൂസാ الْأَجَلَ കാലാവധി وَسَارَ നടക്കുക (പോകുക)യും بِأَهْلِهِ തന്റെ വീട്ടുകാരുമായി, കുടുംബസമേതം آنَسَ അദ്ദേഹം ദര്‍ശിച്ചു, കണ്ടു സന്തോഷിച്ചു مِن جَانِبِ الطُّورِ 'ത്വൂറി'ന്റെ ഭാഗത്തുനിന്നു نَارًا ഒരു തീ, അഗ്നി قَالَ لِأَهْلِهِ അദ്ദേഹം തന്റെ വീട്ടുകാരോടു പറഞ്ഞു امْكُثُوا നിങ്ങള്‍ നില്ക്കുവിന് (താമസിക്കിന്) തങ്ങുവിന്‍ إِنِّي آنَسْتُ ഞാന്‍ കണ്ടിരിക്കുന്നു نَارًا ഒരു തീ لَّعَلِّي آتِيكُم ഞാന്‍ നിങ്ങള്‍ക്കു വന്നേക്കാം مِّنْهَا അതില്‍നിന്നു بِخَبَرٍ വല്ല വര്‍ത്തമാനവും കൊണ്ട് أَوْ جَذْوَةٍ അല്ലെങ്കില്‍ ഒരു കനല് (കൊള്ളി) مِّنَ النَّارِ തീയില്‍നിന്നുള്ള لَعَلَّكُمْ تَصْطَلُونَ നിങ്ങള്‍ക്കു തീ കായാം, തീ കായുവാന്‍ വേണ്ടി
ഇരുട്ടിയ രാത്രി, അതിശൈത്യം, വഴി അറിയായ്മ, എല്ലാം കൂടി ഗതിമുട്ടിയ അവസരത്തിലാണദ്ദേഹം അകലെ ഒരു തീ കണ്ടാനന്ദിക്കുന്നത്. വീട്ടുകാരെ പറഞ്ഞാശ്വസിപ്പിച്ചുകൊണ്ട് അദ്ദേഹം അങ്ങോട്ടുപോയി.
- فَلَمَّآ أَتَىٰهَا نُودِىَ مِن شَٰطِئِ ٱلْوَادِ ٱلْأَيْمَنِ فِى ٱلْبُقْعَةِ ٱلْمُبَٰرَكَةِ مِنَ ٱلشَّجَرَةِ أَن يَٰمُوسَىٰٓ إِنِّىٓ أَنَا ٱللَّهُ رَبُّ ٱلْعَٰلَمِينَ ﴾٣٠﴿
- അങ്ങനെ, അദ്ദേഹം അതിനടുത്ത് ചെന്നപ്പോള്‍, അനുഗ്രഹീതമായ (ആ) പ്രദേശത്തുള്ള താഴ്വരയുടെ വലത്തെ തീരത്തു നിന്ന് - വൃക്ഷത്തില്‍നിന്ന് - അദ്ദേഹത്തോടു വിളിച്ചുപറയപ്പെട്ടു: 'ഹേ, മൂസാ! നിശ്ചയമായും ഞാന്‍ ലോകരുടെ രക്ഷിതാവായ അല്ലാഹുവത്രെ' എന്ന്.
- فَلَمَّا أَتَاهَا അങ്ങനെ അതിനടുക്കല്‍ ചെന്നപ്പോള്‍ نُودِيَ അദ്ദേഹം വിളിക്കപ്പെട്ടു (വിളിച്ചുപറ യപ്പെട്ടു) مِن شَاطِئِ الْوَادِ താഴ്വരയുടെ തീരത്തുനിന്നു, ഓരത്തുനിന്നു الْأَيْمَنِ വലത്തേ فِي الْبُقْعَةِ പ്രദേശത്തിലുള്ള, സ്ഥലത്തിലുള്ള الْمُبَارَكَةِ അനുഗ്രഹീതമായ, ആശിര്‍വദിക്കപ്പെട്ട مِنَ الشَّجَرَةِ വൃക്ഷത്തില്‍ നിന്നു أَن يَا مُوسَىٰ ഹേ മൂസാ എന്ന് إِنِّي നിശ്ചയമായും ഞാന്‍ أَنَا اللَّـهُ ഞാന്‍ അല്ലാഹുവ ത്രെ رَبُّ الْعَالَمِينَ ലോകരുടെ രക്ഷിതാവായ
- وَأَنْ أَلْقِ عَصَاكَ ۖ فَلَمَّا رَءَاهَا تَهْتَزُّ كَأَنَّهَا جَآنٌّ وَلَّىٰ مُدْبِرًا وَلَمْ يُعَقِّبْ ۚ يَٰمُوسَىٰٓ أَقْبِلْ وَلَا تَخَفْ ۖ إِنَّكَ مِنَ ٱلْءَامِنِينَ ﴾٣١﴿
- 'നിന്റെ വടി (നിലത്ത്) ഇടുക' എന്നും (പറയപ്പെട്ടു). എന്നിട്ടത് ഒരു (ചെറു) സര്‍പ്പമെന്നോണം പിടഞ്ഞു നടക്കുന്നതായി കണ്ടപ്പോള്‍ അദ്ദേഹം പിന്നോക്കം തിരിഞ്ഞുപോന്നു; പിമ്പോട്ടു നോക്കിയതു (പോലു)മില്ല. (അല്ലാഹു പറഞ്ഞു:) 'ഹേ, മൂസാ! മുന്നോട്ടു വരുക, പേടിക്കുകയും വേണ്ടാ! നിശ്ചയമായും, നീ നി൪ഭയന്‍മാരില്‍ [സുരക്ഷിതരില്‍]പെട്ടവനാകുന്നു'.
- وَأَنْ أَلْقِ നീ ഇടുക എന്നും عَصَاكَ നിന്റെ വടി فَلَمَّا رَآهَا എന്നിട്ടതിനെ അദ്ദേഹം കണ്ടപ്പോള്‍ تَهْتَزُّ പിടഞ്ഞു നടക്കുന്നതായി, പിടയുന്നതായി كَأَنَّهَا جَانٌّ അതൊരു ചെറുസര്‍പ്പമെന്നോണം وَلَّىٰ അദ്ദേഹം തിരിഞ്ഞു مُدْبِرًا പിന്നിട്ടുകൊണ്ട് (പിന്നോക്കം) وَلَمْ يُعَقِّبْ പിമ്പോട്ടു നോക്കിയതുമില്ല, തിരിഞ്ഞുനോക്കിയതുമില്ല يَا مُوسَىٰ ഹേ മൂസാ أَقْبِلْ മുന്നോട്ടുവരുക وَلَا تَخَفْ നീ പേടിക്കേണ്ട إِنَّكَ നിശ്ചയമായും നീ مِنَ الْآمِنِينَ നിര്‍ഭയന്‍മാരില്‍ (സുരക്ഷിതരില്‍) പെട്ടവനാണ്
തീ പ്രകാശിച്ചു കണ്ട ആ വൃക്ഷത്തെപ്പറ്റി ‘ഒരു മുള്‍പ്പടര്‍പ്പ്’ എന്ന് ബൈബ്ളിലും, (*) ഒരു മുള്ളുമരം എന്നും മറ്റും ചില വ്യാഖ്യാതാക്കളും പറഞ്ഞുകാണാം. വാസ്തവം അല്ലാഹുവിനറിയാം. അതിന്റെ പേരറിയുന്നതില്‍ പ്രത്യേക പ്രയോജനമൊന്നും ഇല്ലല്ലോ. മൂസാ (അ) അവിടെ ദര്‍ശിച്ച തീയാകട്ടെ, അതു സാധാരണ അറിയപ്പെടുന്ന തീയല്ലായിരുന്നു. അതിന്റെ യാഥാര്‍ത്ഥ്യം അല്ലാഹുവിനേ അറിയുകയുള്ളു. അവിടെവെച്ചാണ് മറ്റാര്‍ക്കും ലഭിക്കാത്ത ആ ഭാഗ്യം – അല്ലാഹുവിന്റെ സംസാരം കേട്ടാസ്വദിക്കുവാനുള്ള മഹാഭാഗ്യം – മൂസാ (അ) നബിക്കു സിദ്ധിച്ചതു എന്നുമാത്രമേ നാം മനസ്സിലാക്കേണ്ടതുള്ളൂ. മൂസാ (അ) നബിയെ അഭിമുഖീകരിച്ച് സൂ: അഅ്റാഫ് : 144ല്‍ അല്ലാഹു ഇപ്രകാരം പ്രസ്താവിച്ചിരിക്കുന്നു:
يَا مُوسَىٰ إِنِّي اصْطَفَيْتُكَ عَلَى النَّاسِ بِرِسَالَاتِي وَبِكَلَامِي – الأعراف
(മൂസാ, എന്റെ ദൗത്യങ്ങള്‍കൊണ്ടും, എന്റെ സംസാരംകൊണ്ടും ഞാന്‍ നിന്നെ മനുഷ്യരെക്കാള്‍ ശ്രേഷ്ഠമാക്കിയിരിക്കുന്നു.) സൂ: മര്‍യം 52ലും ഇതിനെക്കുറിച്ച് സൂചനയുണ്ട്. തന്റെ അപേക്ഷ പ്രകാരം സ്വസഹോദരന്‍ ഹാറൂന്‍ (അ) നബിയെ തനിക്കു സഹായകനെന്ന നിലയില്‍ റസൂലായി നിയോഗിച്ചതും മൂസാ (അ) നബിക്കു സിദ്ധിച്ച ഒരു പ്രത്യേക ഭാഗ്യംതന്നെയാണ്. ഇവിടേക്കാവശ്യമായ പല വിവരവും സൂ: ത്വാഹയില്‍ കഴിഞ്ഞുപോയിട്ടുള്ളത് കൊണ്ട് ഇവിടെ ആവര്‍ത്തിക്കേണ്ടതില്ല. വടി സര്‍പ്പമായി മാറുന്നതു കാണിച്ചശേഷം അല്ലാഹു മൂസാ (അ) നബിയോടു പറയുന്നു: –
(*) പുറപ്പാട് 3:2
- ٱسْلُكْ يَدَكَ فِى جَيْبِكَ تَخْرُجْ بَيْضَآءَ مِنْ غَيْرِ سُوٓءٍ وَٱضْمُمْ إِلَيْكَ جَنَاحَكَ مِنَ ٱلرَّهْبِ ۖ فَذَٰنِكَ بُرْهَٰنَانِ مِن رَّبِّكَ إِلَىٰ فِرْعَوْنَ وَمَلَإِي۟هِۦٓ ۚ إِنَّهُمْ كَانُوا۟ قَوْمًا فَٰسِقِينَ ﴾٣٢﴿
- 'നിന്റെ കൈ നിന്റെ കുപ്പായാത്തിന്റെ മാറില്‍ കടത്തുക; യാതൊരു ദൂഷ്യവും കൂടാതെ അതു വെളുത്തതായി പുറത്തു വരുന്നതാണ്. ഭയപ്പാടിന് (പരിഹാരമായി) നീ നിന്റെ പാര്ശ്വത്തെ നിന്നി ലേക്കു കൂട്ടിപ്പിടിക്കുകയും ചെയ്തുകൊള്ളുക. അങ്ങിനെ, അതുരണ്ടും, [വടിയും, കൈയും] ഫിര്‍ഔന്റെയും, അവന്റെ പ്രധാനികളുടെയും അടുക്കലേക്ക് നിന്റെ രക്ഷിതാവിങ്കല്‍ നിന്നുള്ള രണ്ടു തെളിവുകളാകുന്നു. നിശ്ചയമായും, അവര്‍ തോന്നിയവാസികളായ ഒരു ജനതയായിരിക്കുന്നു.'
- اسْلُكْ നീ കടത്തുക, പ്രവേശിപ്പിക്കുക يَدَكَ നിന്റെ കൈ فِي جَيْبِكَ നിന്റെ (കുപ്പായത്തിന്റെ, മാറില്‍ تَخْرُجْ അതു പുറത്തുവരും, പ്രത്യക്ഷപ്പെടും بَيْضَاءَ വെള്ളനിറമുള്ളതായി مِنْ غَيْرِ سُوءٍ ഒരു ദൂഷ്യവും (കെടുതലും) കൂടാതെ وَاضْمُمْ നീ ചേര്‍ക്കുകയും (കൂട്ടിപ്പിടിക്കുകയും) ചെയ്യുക إِلَيْكَ നിന്നിലേക്കു جَنَاحَكَ നിന്റെ പാര്ശ്വത്തെ, പക്ഷത്തെ مِنَ الرَّهْبِ ഭയപ്പാടിനു, ഭയപ്പാടിനാല്‍ فَذَانِكَ അങ്ങനെ അതു രണ്ടും بُرْهَانَانِ രണ്ടു തെളിവുകളാണ്, ലക്ഷ്യങ്ങളാണ് مِن رَّبِّكَ നിന്റെ രക്ഷിതാവിങ്കല്‍നിന്നു إِلَىٰ فِرْعَوْنَ ഫിര്‍ഔന്റെ അടുക്കലേക്ക് وَمَلَئِهِ അവന്റെ പ്രധാനികളുടെയും, സംഘക്കാരുടെയും إِنَّهُمْ നിശ്ചയമായും അവര്‍ كَانُوا ആയിരിക്കുന്നു, ആകുന്നു قَوْمًا ഒരു ജനത فَاسِقِينَ തോന്നിയവാസികളായ, ദുര്‍ന്നടപ്പുകാരായ
‘ഭയപ്പാടിന് നീ നിന്റെ പാര്ശ്വത്തെ നിന്നിലേക്കു കൂട്ടിപ്പിടിക്കുക’ എന്നു പറഞ്ഞതിന്റെ താല്പര്യം ഇതാണ്: വടി പാമ്പായിത്തീരുമ്പോഴോ, കൈ വെള്ളനിറം പൂണ്ടു പ്രത്യക്ഷപ്പെടുമ്പോഴോ, ഫിര്‍ഔന്റെ അടുക്കല്‍ ചെല്ലുമ്പോഴോ ഒന്നും തന്നെ നീ ഭയപ്പെടേണ്ടതില്ല. ഭയം തോന്നുന്നപ ക്ഷം, അതിനു പരിഹാരമായി നീ നിന്റെ പാര്‍ശ്വം – അഥവാ കൈ – നിന്റെ നെഞ്ഞില്‍ ചേര്‍ത്തു വെച്ച് കൂട്ടിപ്പിടിക്കുക. എന്നാല്‍ ആ ഭയം നീങ്ങിക്കൊള്ളും. വടി പാമ്പായി മാറിയപ്പോള്‍ മൂസാ (അ) നബിക്കു വലിയ ഭയം അനുഭവപ്പെട്ടുവല്ലോ. മേലില്‍ അങ്ങിനെ സംഭവിക്കുന്നപക്ഷം ഇപ്രകാരം ചെയ്താല്‍ മതിയെന്ന് അല്ലാഹു ഉപദേശിക്കുകയാണ്. ഈ ഉപദേശം മൂസാ (അ) നബിയെ സംബന്ധിച്ചിടത്തോളം പ്രത്യേകം ഫലവത്തായിരിക്കുമെന്നു പറയേണ്ടതില്ല. അല്ലാഹു സഹായിച്ച് ഭയവേളയില്‍, ഹൃദയത്തിനുമീതെ കൈവെച്ചുകൊണ്ട് – ഇബ്നുകഥീര്‍ (റ) ചൂണ്ടിക്കാട്ടിയതുപോലെ – നമുക്കും ഇതു ഉപയോഗപ്പെടുത്താവുന്നതാണ്. ഇതുമൂലം ഭയത്തിനു അല്പമെങ്കിലും ലാഘവം കൂടുമെന്നതു ഏറെക്കുറെ അനുഭവങ്ങള്‍ കൊണ്ടു തന്നെ മനസ്സിലാക്കാവുന്നതുമാണ്.
- قَالَ رَبِّ إِنِّى قَتَلْتُ مِنْهُمْ نَفْسًا فَأَخَافُ أَن يَقْتُلُونِ ﴾٣٣﴿
- അദ്ദേഹം [മൂസാ] പറഞ്ഞു: 'എന്റെ രക്ഷിതാവേ! അവരില്‍പെട്ട ഒരാളെ ഞാന്‍ കൊന്നിട്ടുണ്ട്; അതിനാല്‍ അവരെന്നെ കൊല്ലുമെന്ന് ഞാന്‍ ഭയപ്പെടുന്നു.
- قَالَ അദ്ദേഹം പറഞ്ഞു رَبِّ റബ്ബേ, രക്ഷിതാവേ إِنِّي قَتَلْتُ ഞാന്‍ കൊന്നിട്ടുണ്ടു مِنْهُمْ അവരില്‍നി ന്നു نَفْسًا ഒരാളെ فَأَخَافُ അതിനാല്‍ ഞാന്‍ ഭയപ്പെടുന്നു أَن يَقْتُلُونِ അവരെന്നെ കൊല്ലുമെന്നു
- وَأَخِى هَٰرُونُ هُوَ أَفْصَحُ مِنِّى لِسَانًا فَأَرْسِلْهُ مَعِىَ رِدْءًا يُصَدِّقُنِىٓ ۖ إِنِّىٓ أَخَافُ أَن يُكَذِّبُونِ ﴾٣٤﴿
- 'എന്റെ സഹോദരന് ഹാറൂനാകട്ടെ, എന്നെക്കാള്‍ വ്യക്തമായി സംസാരിക്കുന്നവനാകുന്നു. അതുകൊണ്ട് അദ്ദേഹത്തെ എന്റെ സത്യത സ്ഥാപിക്കുന്ന ഒരു സഹായകനായി എന്നോടൊപ്പം (നിയോഗിച്ച്) അയച്ചു തരേണമേ! നിശ്ചയമായും, അവരെന്നെ വ്യാജമാക്കുമെന്ന് ഞാന്‍ ഭയപ്പെടുന്നു.'
- وَأَخِي هَارُونُ എന്റെ സഹോദരന് ഹാറൂനാകട്ടെ هُوَ അവന്, അദ്ദേഹം أَفْصَحُ مِنِّي എന്നെക്കാള്‍ ചാതുര്യം (വടിവ്, വ്യക്തത) ഉള്ളവനാണ് لِسَانًا സംസാരം, ഭാഷ, നാവ് فَأَرْسِلْهُ അതുകൊണ്ട് അദ്ദേഹത്തെ അയക്കണേ, നിയോഗിക്കണേ مَعِيَ എന്നോടൊപ്പം رِدْءًا സഹായകനായിട്ട്, ഉതവിയായി يُصَدِّقُنِي അവന് എന്നെ സത്യപ്പെടുത്തും (എന്റെ സത്യത സ്ഥാപിക്കും) إِنِّي أَخَافُ നിശ്ചയമായും ഞാന്‍ ഭയപ്പെടുന്നു أَن يُكَذِّبُونِ അവര്‍ എന്നെ വ്യാജമാക്കുമെന്നു
വാക്ചാതുര്യം , അഥവാ സംസാരവൈഭവം തന്നെക്കാള്‍ സഹോദരനു കൂടുതലുള്ളതുകൊണ്ട് താന്‍ പ്രബോധനം ചെയ്യുന്ന തത്വങ്ങളും, തെളിവുകളും കൂടുതല്‍ വ്യക്തവും യുക്തവുമായ നിലയില്‍ ജനങ്ങളെ പറഞ്ഞു മനസ്സിലാക്കുവാനും, അതുവഴി തന്റെ സത്യതക്ക് കൂടുതല്‍ ദൃഢീകരണം ലഭിക്കുവാനും ഉദ്ദേശിച്ചുകൊണ്ടാണ് മൂസാ നബി (അ) സഹോദരനെക്കൂടി റസൂലായി നിയോഗിച്ചയച്ചുകൊടുക്കുവാന്‍ അപേക്ഷിക്കുന്നതു: മൂസാ (അ) നബിക്കു സംസാരത്തില്‍ അല്പം വിഷമം ഉണ്ടായിരുന്നതിനെക്കുറിച്ച് സൂ: ത്വാഹായിലും, ശുഅറാഇലും പ്രസ്താവിച്ചിട്ടുണ്ട്. ഫിര്ഔന് ഒരിക്കല്‍ മൂസാ (അ) നബിയെ പരിഹസിച്ചു പറയുന്ന മദ്ധ്യെ ഇങ്ങിനെ പറഞ്ഞതായി സൂ: സുഖ്റൂഫ് 52ല്‍ കാണാം. وَلَا يَكَادُ يُبِينُ : الزخرف (അവന് വ്യക്തമായി സംസാരിച്ചേക്കുന്നതുമല്ല). ഇതിനും പുറമെ, ഈജിപ്തുകാരുടെ ദൃഷ്ടിയില് ഒരു പഴയ കൊലപാതകിയുമാണല്ലോ മൂസാനബി (അ). ആ നിലക്കും സഹോദരന്റെ സഹായവും വാചാലതയും പ്രയോജനപ്പെടുമല്ലോ.
- قَالَ سَنَشُدُّ عَضُدَكَ بِأَخِيكَ وَنَجْعَلُ لَكُمَا سُلْطَٰنًا فَلَا يَصِلُونَ إِلَيْكُمَا ۚ بِـَٔايَٰتِنَآ أَنتُمَا وَمَنِ ٱتَّبَعَكُمَا ٱلْغَٰلِبُونَ ﴾٣٥﴿
- അവന് [അല്ലാഹു] പറഞ്ഞു: 'നിന്റെ സഹോദരനെക്കൊണ്ട് നിന്റെ തോള് കൈക്ക് നാം ബലം കൂട്ടിത്തരാം. നിങ്ങള്‍ക്കു രണ്ടാള്‍ക്കും നാം ഒരധികൃതശക്തി ഉണ്ടാക്കിത്തരുകയും ചെയ്യാം. അതിനാല്‍, അവര്‍ നിങ്ങളിലേക്ക് വന്നെത്തുന്നതല്ല. നമ്മുടെ ദൃഷ്ടാന്തങ്ങള്‍ മുഖേന നിങ്ങളെ പിന്തുടര്ന്നവരും ആയിരിക്കും വിജയികള്‍.'
- قَالَ അവന് പറഞ്ഞു سَنَشُدُّ നാം ബലം കൂട്ടിത്തരാം, ശക്തിപ്പെടുത്താം عَضُدَكَ നിന്റെ തോള്‍കൈക്ക്, (കരങ്ങള്‍ക്ക്) بِأَخِيكَ നിന്റെ സഹോദരനെക്കൊണ്ട് وَنَجْعَلُ നാം ഉണ്ടാക്കുകയും (ഏര്‍പ്പെടുത്തുകയും) ചെയ്യാം لَكُمَا നിങ്ങള്‍ക്കു രണ്ടാള്‍ക്കും سُلْطَانًا ഒരു പ്രാബല്യം, ശക്തി, തെളിവ്, പ്രമാണം, അധികാരം, സ്വാധീനം فَلَا يَصِلُونَ അതിനാല്‍ അവര്‍ വന്നെത്തുകയില്ല, ചേരുകയില്ല, എത്തുകയില്ല إِلَيْكُمَا നിങ്ങളിലേക്കു بِآيَاتِنَا നമ്മുടെ ദൃഷ്ടാന്തങ്ങള്‍ നിമിത്തം, (കൊണ്ട്) أَنتُمَا നിങ്ങള്‍ രണ്ടാളുമാണ് وَمَنِ اتَّبَعَكُمَا നിങ്ങളെ പിന്തുടര്ന്നുവരും الْغَالِبُونَ വിജയികള്‍, പ്രബലര്‍
സഹോദരന് മുഖേന നിന്റെ കരങ്ങള്‍ക്ക് – അഥവാ പ്രവര്‍ത്തനങ്ങള്‍ക്ക് – നാം ശക്തിയും ബലവും നല്‍കുകയും, ശത്രുക്കള്‍ക്കെതിരില്‍ നിങ്ങളുടെ പക്ഷത്ത് തെളിവും പ്രാബല്യവും തന്ന് നിങ്ങളെ സഹായിക്കുകയും ചെയ്യും. അവര്‍ക്ക് നിങ്ങളെ കയ്യേറ്റം ചെയ്യാനും, നിങ്ങളെ പരാജയപ്പെടുത്തുവാനും സാധിക്കുന്നതല്ല. നാം കൽപിച്ചു തന്ന ദൃഷ്ടാന്തങ്ങളുമായി പോയിക്കൊള്ളുക. അതുവഴി, നിങ്ങളും നിങ്ങളുടെ അനുയായികളും തന്നെയായിരിക്കും വിജയം വരിക്കുക. ശത്രുക്കള്‍ പരാജയമടയുക തന്നെ ചെയ്യും എന്നു സാരം.
ഈ വാഗ്ദാനങ്ങള്‍ അല്ലാഹു അവര്‍ക്കു തികച്ചും നിറവേറ്റിക്കൊടുത്തിട്ടുമുണ്ട്. അധികാരപ്രമത്ത തയുടെയും, ധിക്കാരഭരണത്തിന്റെയും പരമകാഷ്ഠയിലെത്തിയ ഫിര്‍ഔന്റെ ഭരണാതി൪ത്തിക്കുള്ളില്‍വെച്ച് – ഞാനാണ് നിങ്ങളുടെ ഏറ്റവും ഉന്നതനായ റബ്ബ് എന്നും, ഞാനല്ലാതെ നിങ്ങള്‍ക്കൊരു ഇലാഹും ഉള്ളതായി എനിക്കറിവില്ല എന്നും നിസ്സങ്കോചം വീരവാദംചെയ്ത ആ ഏകാധിപതിയുടെ മുമ്പില്‍വെച്ച് – തരിമ്പുപോലും തലകുനിക്കാതെ, അണുഅളവും പതറാതെ, തൗഹീദിന്റെ പ്രബോധനം അവര്‍ നടത്തി. പതിനായിരക്കണക്കിലോ, ലക്ഷക്കണക്കിലോ ജനസംഖ്യ വരുന്ന ഇസ്രാഈല്‍ ജനതയെ അത്യത്ഭുതകരമാംവിധം അവര്‍ രക്ഷപ്പെടുത്തി. ആ വമ്പിച്ച ജനതക്ക് ഒരു പുതിയ ജീവിതവും ജീവിതക്രമവും നല്കി. ഇതെല്ലാം അല്ലാഹുവിന്റെ ആ വാഗ്ദാനത്തിന്റെ പൂര്‍ത്തീകരണം ഒന്നുമാത്രമാണ്.
- فَلَمَّا جَآءَهُم مُّوسَىٰ بِـَٔايَٰتِنَا بَيِّنَٰتٍ قَالُوا۟ مَا هَٰذَآ إِلَّا سِحْرٌ مُّفْتَرًى وَمَا سَمِعْنَا بِهَٰذَا فِىٓ ءَابَآئِنَا ٱلْأَوَّلِينَ ﴾٣٦﴿
- അങ്ങിനെ, മൂസാ അവരുടെ അടുക്കല്‍ വ്യക്തമായ തെളിവുകളുമായി നമ്മുടെ ദൃഷ്ടാന്തങ്ങളും കൊണ്ട് ചെന്നപ്പോള്‍ അവര്‍ പറഞ്ഞു: 'ഇതു വ്യാജനിര്‍മ്മിതമായ ഒരു ജാലവിദ്യയല്ലാതെ (മറ്റൊന്നും തന്നെ) അല്ല; നമ്മുടെ പൂര്‍വ്വപിതാക്കളില്‍ നാം ഇതിനെപ്പറ്റി കേട്ടിട്ടുമില്ല.'
- فَلَمَّا جَاءَهُم അങ്ങനെ അവരുടെ അടുക്കല്‍ചെന്നപ്പോള്‍ مُّوسَىٰ മൂസാ بِآيَاتِنَا നമ്മുടെ ദൃഷ്ടാന്തങ്ങളും കൊണ്ട് بَيِّنَاتٍ വ്യക്തങ്ങളായ നിലയില്‍ തെളിവുകളായിട്ടു قَالُوا അവര്‍ പറഞ്ഞു مَا هَـٰذَا ഇതല്ല إِلَّا سِحْرٌ ജാലവിദ്യയല്ലാതെ مُّفْتَرًى വ്യാജനിര്‍മ്മിതമായ, കെട്ടിച്ചമക്കപ്പെട്ട وَمَا سَمِعْنَا നാം (ഞങ്ങള്‍) കേട്ടിട്ടുമില്ല بِهَـٰذَا ഇതിനെക്കുറിച്ച് فِي آبَائِنَا നമ്മുടെ പിതാക്കളില്‍ الْأَوَّلِينَ പൂര്വ്വന്മാരായ, മുന്‍കഴിഞ്ഞ
- وَقَالَ مُوسَىٰ رَبِّىٓ أَعْلَمُ بِمَن جَآءَ بِٱلْهُدَىٰ مِنْ عِندِهِۦ وَمَن تَكُونُ لَهُۥ عَٰقِبَةُ ٱلدَّارِ ۖ إِنَّهُۥ لَا يُفْلِحُ ٱلظَّٰلِمُونَ ﴾٣٧﴿
- മൂസാ പറഞ്ഞു: 'എന്റെ റബ്ബ് നല്ലവണ്ണം അറിയുന്നവനാണ്; അവന്റെ പക്കല്‍നിന്നുള്ള സന്മാര്ഗ്ഗവും കൊണ്ടുവന്നിട്ടുള്ളവ൯ ആരാണെന്നും, ഈ (ഇഹലോകമാകുന്ന) ഭവനത്തിന്റെ (ശുഭ) പര്യവസാനം ആര്‍ക്കാണുണ്ടായിരിക്കുകയെന്നുമുള്ളതിനെ സംബന്ധിച്ച്. കാര്യം, അക്രമികള്‍ നിശ്ചയമായും വിജയിക്കുകയില്ല.'
- وَقَالَ مُوسَىٰ മൂസാ പറഞ്ഞു رَبِّي എന്റെ റബ്ബ് أَعْلَمُ നല്ലവണ്ണം (ഏറ്റവും) അറിയുന്നവനാണു بِمَن جَاءَ വന്നവനെപ്പറ്റി, ആരാണ് വന്നതെന്നു بِالْهُدَىٰ സന്മാര്ഗ്ഗവും കൊണ്ടു مِنْ عِندِهِ അവന്റെ പക്കല്‍നിന്നു وَمَن ഒരുവനെപ്പറ്റിയും, ആരാണെന്നും تَكُونُ لَهُ അവന്നുണ്ടായിരിക്കും عَاقِبَةُ (ശുഭമായ) പര്യവസാനം الدَّارِ ഭവനത്തിന്റെ (ഈ ലോകത്തിന്റെ) إِنَّهُ നിശ്ചയമായും കാര്യം لَا يُفْلِحُ വിജയിക്കുകയില്ല, ഭാഗ്യം പ്രാപിക്കയില്ല الظَّالِمُونَ അക്രമികള്‍
ഇതൊന്നും ചിന്തിക്കുവാന്‍ ശ്രമിക്കുകയല്ല ഫിര്ഔന് ചെയ്തത്. അവന്റെ അഹങ്കാരവും ധിക്കാരവും അങ്ങേഅറ്റം മുഴക്കുകയാണുണ്ടായത്.
- وَقَالَ فِرْعَوْنُ يَٰٓأَيُّهَا ٱلْمَلَأُ مَا عَلِمْتُ لَكُم مِّنْ إِلَٰهٍ غَيْرِى فَأَوْقِدْ لِى يَٰهَٰمَٰنُ عَلَى ٱلطِّينِ فَٱجْعَل لِّى صَرْحًا لَّعَلِّىٓ أَطَّلِعُ إِلَىٰٓ إِلَٰهِ مُوسَىٰ وَإِنِّى لَأَظُنُّهُۥ مِنَ ٱلْكَٰذِبِينَ ﴾٣٨﴿
- ഫിര്ഔന് പറഞ്ഞു: 'പ്രാധാനികളേ, ഞാനല്ലാതെ യാതൊരു ഇലാഹും [ആരാധ്യനും] നിങ്ങള്‍ ക്കുള്ളതായി ഞാന്‍ അറിയുന്നില്ല. അതുകൊണ്ട് ഓ ഹാമാന്! എനിക്കുവേണ്ടി നീ കളിമണ്ണില്‍ നെരിപ്പൂട്ടുക. [ഇഷ്ടികയുണ്ടാക്കി ചൂള വെക്കുക] എന്നിട്ട് എനിക്കൊരു ഉന്നത സൗധമുണ്ടാക്കിത്തരുക. മൂസായുടെ ഇലാഹിങ്കലേക്ക് എനിക്ക് ചെന്ന് നോക്കാമല്ലോ! നിശ്ചയമായും, അവനെ വ്യാജം പറയുന്നവരില്‍ പെട്ടവനെന്നത്രെ ഞാന്‍ ധരിക്കുന്നത്.'
- وَقَالَ فِرْعَوْنُ ഫിര്ഔന് പറഞ്ഞു يَا أَيُّهَا الْمَلَأُ ഹേ പ്രധാനികളേ مَا عَلِمْتُ ഞാനറിഞ്ഞിട്ടില്ല, എനിക്കറിവില്ല لَكُم നിങ്ങള്‍ക്കു مِّنْ إِلَـٰهٍ ഒരു ഇലാഹിനെയും غَيْرِي ഞാനല്ലാതെ, ഞാനൊഴികെ فَأَوْقِدْ അതുകൊണ്ടു നീ കത്തിക്കുക, നെരിപ്പൂട്ടുക لِي എനിക്കുവേണ്ടി يَا هَامَانُ ഓ ഹാമാനേ عَلَى الطِّينِ കളിമണ്ണില്‍, മണ്ണിന്മേല് فَاجْعَل لِّي എന്നിട്ടു എനിക്കുണ്ടാക്കുക صَرْحًا ഒരു ഉന്നതസൗധം, കൊത്തളം, സ്തംഭം لَّعَلِّي أَطَّلِعُ ഞാന്‍ എത്തിനോക്കാം, എന്നിക്ക് ചെന്നുനോക്കുവാന്‍ إِلَىٰ إِلَـٰهِ مُوسَىٰ മൂസായുടെ ഇലാഹിങ്കലേക്കു وَإِنِّي നിശ്ചയമായും ഞാന്‍ لَأَظُنُّهُ അവനെ ഞാന്‍ ധരിക്കുന്നു, വിചാരിക്കുന്നു مِنَ الْكَاذِبِينَ വ്യാജം (കളവു) പറയുന്നവരില്‍ പെട്ടവനാണെന്നു
ഞാനല്ലാതെ നിങ്ങള്‍ക്കൊരു ഇലാഹും ഉള്ളതായി ഞാന്‍ അറിയുന്നില്ലെന്നും, (79:24ല്‍ പറയുന്നതുപോലെ) ഞാന്‍ നിങ്ങളുടെ അത്യുന്നതനായ റബ്ബാണെന്നും ഫിര്ഔന് പ്രഖ്യാപിച്ചതുകൊണ്ട് ഈ ആകാശഭൂമികള്‍ സൃഷ്ടിച്ചു നിയന്ത്രിച്ചു വരുന്നവന് താന്‍ തന്നെയാണെന്നു ഫിര്ഔന് വാദി ക്കുന്നതായി കരുതേണ്ടതില്ല. ഇമാംറാസീ (റ)യും മറ്റും ചൂണ്ടിക്കാട്ടിയതുപോലെ, ആ വാദം പുറപ്പെടുവിക്കുവാന്‍മാത്രം ഭോഷനല്ലായിരുന്നു ഫിര്‍ഔനെന്നും, ഒരു പക്ഷേ അതവന് പറഞ്ഞാല്‍ തന്നെയും അല്പം ബുദ്ധിയുള്ള ഏവരും അതു സമ്മതിക്കുകയില്ലെന്നും വ്യക്തമാണ്. നാട്ടിനെയും, പ്രജകളെയും സ്വേച്ഛയനുസരിച്ച് ഭരിച്ചു നിയന്ത്രിച്ചുപോരുന്ന ഏറ്റവും വലിയ രക്ഷിതാവും, അവരുടെ എല്ലാവിധ ആരാധനാ വണക്കങ്ങള്‍ക്കും അവകാശിയായഎകാരാധ്യനും താനാണെ ന്നും അതിനാല്‍ വേറൊരു റബ്ബിനെയും, ഇലാഹിനെയും (രക്ഷിതാവിനെയും ആരാധ്യനെയും) അവിടെ അവതരിപ്പിക്കുവാന്‍ പാടില്ലെന്നുമാണ് അവന്റെ വാദം. രാജാക്കള്‍ ആരാധ്യപുരുഷന്‍മാ രായി ഗണിക്കപ്പെടുകയും, അവരില്‍ ദിവ്യത്വം കല്പിക്കപ്പെടുകയും ചെയ്യുന്ന പതിവ് അടുത്ത കാലംവരെ പല നാട്ടിലും നടപ്പുള്ളതായിരുന്നു. ഫിര്‍ഔനെ സംബന്ധിച്ചിടത്തോളം ഈ നില കൂടുതല്‍ മൂര്‍ദ്ധന്യത്തിലെത്തിയിരുന്നുവെന്നുമാത്രം.
ജനമദ്ധ്യെ മൂസാ (അ) നബിയെ പരിഹസിക്കുവാനും, തൗഹീദിന്റെ പ്രബോധനത്തില്‍ ജനങ്ങള്‍ക്ക് ആശയക്കുഴപ്പവും, സംശയവും ഉളവാക്കാനുംവേണ്ടി ഫിര്ഔന് പ്രയോഗിക്കുന്ന ഒരു സൂത്രമത്രെ തന്റെ മന്ത്രി ഹാമാനെ വിളിച്ചുകൊണ്ടുള്ള ആ കല്പന. കളിമണ്ണ് കൊണ്ട് ഇഷ്ടികയുണ്ടാ ക്കി ചൂളവെച്ച് ചുട്ടെടുത്താണല്ലോ മിക്ക നാട്ടിലും കെട്ടിടങ്ങളുണ്ടാക്കുന്നത്. വേഗം കുറെ ഇഷ്ടികയുണ്ടാക്കി ഒരു ഉന്നതമായ സൗധം കെട്ടിപ്പൊക്കണം. ഭൂമിയിലെവിടെയും ഞാനല്ലാതെ ഒരു ഇലാഹില്ലാത്ത സ്ഥിതിക്ക് മൂസായുടെ പുതിയ ഇലാഹിനെ ആകാശത്തൊന്നു പരിശോധിച്ചുനോ ക്കണം എന്നാണവന് പറയുന്നത്. ഇങ്ങനെ ഒരു സൗധം ഫിര്ഔന് ഉണ്ടാക്കിയതായോ അതില്‍ കേറി നോക്കിയതായോ യാതൊരു തെളിവുമില്ല. വേറൊരു ഇലാഹും ഉള്ളതായി താന്‍ അറിയു ന്നില്ല എന്നും, മൂസാ കളവു പറയുന്നവനാണെന്നാണു താന്‍ ധരിക്കുന്നതെന്നും പറഞ്ഞതു താനൊരു നിഷ്പക്ഷവാദിയും സത്യാന്വേഷിയുമാണെന്നു വരുത്തിത്തീര്‍ക്കുവാനാകുന്നു. വാസ്തവത്തില്‍ ഇത്രയും കടുത്ത ധിക്കാരത്തിനും, നിഷേധത്തിനും ഫിര്‍ഔനും കക്ഷിയും ഒരുമ്പെടു വാനുള്ള കാരണമെന്താണെന്ന് അല്ലാഹു വ്യക്തമാക്കുന്നു: –
- وَٱسْتَكْبَرَ هُوَ وَجُنُودُهُۥ فِى ٱلْأَرْضِ بِغَيْرِ ٱلْحَقِّ وَظَنُّوٓا۟ أَنَّهُمْ إِلَيْنَا لَا يُرْجَعُونَ ﴾٣٩﴿
- അവനും അവന്റെ സൈന്യങ്ങളും നാട്ടില്‍ ന്യായരഹിതമായി അഹങ്കാരം നടിച്ചു;
നമ്മുടെ അടുക്കലേക്ക് അവര്‍ മടക്കപ്പെടുകയില്ലെന്ന് അവര്‍ ധരിക്കുകയും ചെയ്തു. - وَاسْتَكْبَرَ അവന് അഹങ്കാരം (ഗര്‍വ്വു) നടിച്ചു هُوَ അവന് وَجُنُودُهُ അവന്റെ സൈന്യങ്ങളും فِي الْأَرْضِ ഭൂമിയില്‍ (നാട്ടില്‍) بِغَيْرِ الْحَقِّ ന്യായം കൂടാതെ, ന്യായരഹിതമായി وَظَنُّوا അവര്‍ ധരിക്കുകയും ചെയ്തു أَنَّهُمْ നിശ്ചയമായും അവര്‍ إِلَيْنَا നമ്മുടെ അടുക്കലേക്കു لَا يُرْجَعُونَ മടക്കപ്പെടുകയില്ല (എന്ന്)
- فَأَخَذْنَٰهُ وَجُنُودَهُۥ فَنَبَذْنَٰهُمْ فِى ٱلْيَمِّ ۖ فَٱنظُرْ كَيْفَ كَانَ عَٰقِبَةُ ٱلظَّٰلِمِينَ ﴾٤٠﴿
- അതിനാല്‍, അവനെയും അവന്റെ സൈന്യങ്ങളെയും നാം പിടിച്ചു; എന്നിട്ട് സമുദ്രത്തില്‍ എറിഞ്ഞു കളഞ്ഞു. അപ്പോള്‍, (ആ) അക്രമികളുടെ പര്യവസാനം എങ്ങിനെയാണുണ്ടായതെന്നു നോക്കുക!
- فَأَخَذْنَاهُ അതിനാല്‍ നാം അവനെ പിടിച്ചു وَجُنُودَهُ തന്റെ സൈന്യങ്ങളെയും فَنَبَذْنَاهُمْ എന്നിട്ടു അവരെ നാം എറിഞ്ഞു فِي الْيَمِّ സമുദ്രത്തില്‍ فَانظُرْ അപ്പോള്‍ നോക്കുക كَيْفَ كَانَ എങ്ങനെ ഉണ്ടായെന്നു, ആയെന്നു عَاقِبَةُ الظَّالِمِينَ അക്രമികളുടെ പര്യവസാനം, അന്ത്യഫലം
- وَجَعَلْنَٰهُمْ أَئِمَّةً يَدْعُونَ إِلَى ٱلنَّارِ ۖ وَيَوْمَ ٱلْقِيَٰمَةِ لَا يُنصَرُونَ ﴾٤١﴿
- നാം അവരെ നരകത്തിലേക്കു ക്ഷണിക്കുന്ന നേതാക്കളാക്കി; ഖിയാമത്തുനാളില്‍ അവര്‍ക്കു സഹായം നല്‍കപ്പെടുന്നതുമല്ല.
- وَجَعَلْنَاهُمْ അവരെ നാം ആക്കി أَئِمَّةً നേതാക്കന്മാര്, മുമ്പന്മാര് يَدْعُونَ ക്ഷണിക്കുന്ന, വിളിക്കുന്ന إِلَى النَّارِ നരകത്തിലേക്കു وَيَوْمَ الْقِيَامَةِ ഖിയാമത്തുനാളില്‍ لَا يُنصَرُونَ അവര്‍ സഹായിക്കപ്പെടുന്നതുമല്ല
- وَأَتْبَعْنَٰهُمْ فِى هَٰذِهِ ٱلدُّنْيَا لَعْنَةً ۖ وَيَوْمَ ٱلْقِيَٰمَةِ هُم مِّنَ ٱلْمَقْبُوحِينَ ﴾٤٢﴿
- ഈ ഐഹികലോകത്ത് നാം അവര്‍ക്കു (പിന്നാലെ) ശാപം തുടര്‍ത്തുകയും ചെയ്തു. ഖിയാമത്തുനാളിലാകട്ടെ, അവര്‍ വഷളാക്കപ്പെട്ട [ശപിക്കപ്പെട്ട]വരുടെ കൂട്ടത്തിലുമായിരിക്കും.
- وَأَتْبَعْنَاهُمْ നാം അവരെ അനുഗമിച്ചു, പിന്തുടര്ത്തുകയും ചെയ്തു فِي هَـٰذِهِ الدُّنْيَا ഈ ഐഹിക ലോകത്തു لَعْنَةً ശാപം وَيَوْمَ الْقِيَامَةِ ഖിയാമത്തുനാളിലാകട്ടെ هُم അവര്‍ مِّنَ الْمَقْبُوحِينَ വഷളാക്കപ്പെട്ട (ചീത്തപ്പെടുത്തപ്പെട്ട)വരിലായിരിക്കും
അവനെയും, അവന്റെ സൈന്യങ്ങളെയും പിടിച്ച് കടലില്‍ എറിഞ്ഞു എന്ന പ്രയോഗത്തില്‍, ആ സംഭവം അല്ലാഹുവിനെ സംബന്ധിച്ചിടത്തോളം വളരെ നിസ്സാരമായ ഒരു നടപടിയായിരുന്നുവെന്ന് സൂചന കാണാം. 6-ാം വചനത്തില്‍ ദുര്‍ബ്ബലരായ ഇസ്രാഈല്യരെപ്പറ്റി അവരെ നേതാക്കന്മാരാക്കുവാന്‍ നാം ഉദ്ദേശിക്കുന്നുവെന്നും മറ്റും അല്ലാഹു പറഞ്ഞുവല്ലോ. എന്നാല്‍ ഇതേവരെയും നേതാക്കളായി ഗണിക്കപ്പെട്ടിരുന്നവര്‍ ഫിര്‍ഔനും അവന്റെ ആള്‍ക്കാരും തന്നെയായിരുന്നു. അവരുടെ നേതൃത്വത്തിന്റെ സ്വഭാവമാണ് 41-ാം വചനത്തില്‍ നാം കാണുന്നത്. അതെ, അവര്‍ നേതാക്കളായിരുന്നു പക്ഷേ, നരകത്തിലേക്കു ജനങ്ങളെ ക്ഷണിക്കുന്നതിലായിരുന്നു അവരുടെ നേതൃത്വം. അധികാരപ്രമത്തതയിലും ഭൗതികമായ നേട്ടങ്ങളിലും അഹങ്കരിച്ചുകൊണ്ട് അല്ലാഹുവിനെ ധിക്കരിച്ചുവരുന്ന എല്ലാവരും ഫിര്‍ഔനെയും, അവന്റെ ആള്‍ക്കാരെയും മാതൃകയാക്കുക യാണ് ചെയ്യുന്നതെന്ന സൂചനയും ഈ വചനത്തില്‍ കാണാവുന്നതാണ്.
വിഭാഗം - 5
- وَلَقَدْ ءَاتَيْنَا مُوسَى ٱلْكِتَٰبَ مِنۢ بَعْدِ مَآ أَهْلَكْنَا ٱلْقُرُونَ ٱلْأُولَىٰ بَصَآئِرَ لِلنَّاسِ وَهُدًى وَرَحْمَةً لَّعَلَّهُمْ يَتَذَكَّرُونَ ﴾٤٣﴿
- പൂര്‍വ്വ തലമുറകളെ നശിപ്പിച്ചതിനുശേഷം, ജനങ്ങള്‍ക്ക് ഉള്‍ക്കാഴ്ചകളായും, മാര്‍ഗ്ഗദര്‍ശമായും, കാരുണ്യമായുംകൊണ്ട് നാം മൂസാക്ക് വേദഗ്രന്ഥം നല്കുകയുണ്ടായി; അവര്‍ ഉറ്റാലോചിക്കുവാന്‍ വേണ്ടി.
- وَلَقَدْ آتَيْنَا നാം കൊടുക്കുകയുണ്ടായി, നല്‍കിയിട്ടുണ്ട് مُوسَى മൂസാക്ക് الْكِتَابَ വേദഗ്രന്ഥം مِن بَعْدِ ശേഷമായി مَا أَهْلَكْنَا നാം നശിപ്പിച്ചതിന്റെ الْقُرُونَ തലമുറകളെ, കാലക്കാരെ الْأُولَىٰ പൂര്‍വ്വ, ആദ്യത്തെ, മുന്‍കഴിഞ്ഞ بَصَائِرَ ഉള്‍ക്കാഴ്ചകളായി, അന്തര്‍ബോധങ്ങളായിട്ടു لِلنَّاسِ മനുഷ്യര്‍ക്കു وَهُدًى മാര്‍ഗ്ഗദര്‍ശ നമായും وَرَحْمَةً കാരുണ്യമായും لَّعَلَّهُمْ അവരായേക്കാം يَتَذَكَّرُونَ ചിന്തിക്കുന്ന, ഉറ്റാലോചിക്കുന്ന
മൂസാ (അ) നബിക്കു മുമ്പും എത്രയോ പ്രവാചകന്മാര് കഴിഞ്ഞുപോയിട്ടുണ്ട്. ആ പ്രവാചകന്മാരുടെ സമുദായങ്ങള്‍ക്കാവശ്യമായ ദൈവീകസന്ദേശങ്ങളും, മാര്ഗ്ഗദര്ശനങ്ങളും ആ പ്രവാചകന്മാര് മുഖാന്തരം നല്കപ്പെട്ടു കൊണ്ടിരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അദ്ദേഹത്തിനുമുമ്പുള്ള ഒരു സമുദായത്തിനും ‘ശരീഅത്താ’കുന്ന നിയമസംഹിത (الشريعة) എന്ന നിലക്കു ഒരു വേദഗ്രന്ഥം നല്കപ്പെട്ടതായി അറിയപ്പെടുന്നില്ല. അദ്ദേഹത്തിനുമുമ്പ് ഇസ്ലാമിന്റെ പേരില്‍ ധര്‍മ്മസമരം (ജിഹാദ്) നടന്നിരുന്നതായും അറിയപ്പെടുന്നില്ല. അറിയപ്പെട്ടിടത്തോളം, ഒന്നാമത്തെ ശരീഅത്ത് നിയമഗ്രന്ഥമത്രെ തൗറാത്ത്. അതുമുതല്‍ക്കാണ് ജിഹാദ് ആരംഭിച്ചിട്ടുള്ളതും, മുന്‍സമുദായങ്ങളില്‍ ഉണ്ടായതുപോലെ പ്രവാചകനെ ധിക്കരിക്കുകമൂലം ഒരു സമുദായം ആകമാനം നാശമടയത്ത ക്ക ഉന്‍മൂലശിക്ഷ (عذاب الاستئصال) തൗറാത്തിനുശേഷം സംഭവിക്കുകയും ഉണ്ടായിട്ടില്ല.
വേദഗ്രന്ഥം അവതരിച്ചതിന്റെ ഉദ്ദേശ്യങ്ങളായി മൂന്നു കാര്യങ്ങള്‍ അല്ലാഹു ഇവിടെ ഉണര്‍ത്തിയിരിക്കുന്നു:
1) അത് മനുഷ്യന് ഉള്‍ക്കാഴ്ച – അഥവാ അന്തര്‍ബോധം – നല്കുന്നു. അതായത്: ഹൃദയമാകുന്ന കണ്ണുകൊണ്ടു നോക്കി (ചിന്തിച്ചു) യഥാര്‍ത്ഥ്യങ്ങള്‍ ഗ്രഹിക്കുവാന്‍ ഉതകുന്നതാണ്.
2) അതു മാര്‍ഗ്ഗദര്‍ശനമാണ്. അതായത്: സത്യാസത്യങ്ങള്‍ ഇന്നതാണെന്നു അതു കാട്ടികൊടുക്കുന്നു.
3) അതു അല്ലാഹുവിന്റെ കാരുണ്യമാകുന്നു. മനുഷ്യനു അവന്റെ സൃഷ്ടാവായ അല്ലാഹുവിനെക്കുറിച്ച് അറിയുവാന്‍ പര്യാപ്തമായ ദൃഷ്ടാന്തങ്ങള്‍ അവന്റെ മുമ്പില്‍ പലതുമുണ്ട്. അവന് വിശേഷബുദ്ധിയും, വിവേചന ശക്തിയും നല്കപ്പെട്ടിട്ടുണ്ട്. എന്നിരിക്കെ അതിനുപുറമെ മനുഷ്യന്റെ ജയാപജയമാര്‍ഗ്ഗങ്ങളും ഗുണദോഷഫലങ്ങളും സ്പഷ്ടമായി തുറന്നുകാണിച്ചു കൊടുക്കുന്ന ഒരു പ്രമാണം കൂടി അവന് നല്‍കുകയെന്നത് അല്ലാഹുവിന്റെ മഹത്തായ കാരുണ്യവും വമ്പിച്ച അനുഗ്രഹവും തന്നെ. സംശയമില്ല.
- وَمَا كُنتَ بِجَانِبِ ٱلْغَرْبِىِّ إِذْ قَضَيْنَآ إِلَىٰ مُوسَى ٱلْأَمْرَ وَمَا كُنتَ مِنَ ٱلشَّٰهِدِينَ ﴾٤٤﴿
- (നബിയേ) മൂസാക്ക് നാം (ആ) കാര്യം നിര്‍വ്വഹിച്ചുകൊടുത്തപ്പോള്‍ (ത്വൂര് പര്‍വ്വതത്തിന്റെ) പടിഞ്ഞാറുവശത്തെ പാര്‍ശ്വത്തില്‍ നീയുണ്ടായിരുന്നില്ല; നീ (അതിന്) സാക്ഷികളില്‍പ്പെട്ടവനുമായിരുന്നില്ല.
- وَمَا كُنتَ നീ ഉണ്ടായിരുന്നില്ല, നീ ആയിരുന്നില്ല بِجَانِبِ الْغَرْبِيِّ പടിഞ്ഞാറുവശത്തിന്റെ പാര്‍ശ്വത്തില്‍, ഓരത്തില് إِذْ قَضَيْنَا നാം നിര്‍വ്വഹിച്ചപ്പോള്‍, നിറവേറ്റിയപ്പോള്‍ إِلَىٰ مُوسَى മൂസാക്ക് الْأَمْرَ (ആ) കാര്യം, കല്പന وَمَا كُنتَ നീ ആയിരുന്നതുമില്ല مِنَ الشَّاهِدِينَ സാക്ഷികളില്‍, ഹാജരുള്ളവരില്‍ (പെട്ടവന്)
- وَلَٰكِنَّآ أَنشَأْنَا قُرُونًا فَتَطَاوَلَ عَلَيْهِمُ ٱلْعُمُرُ ۚ وَمَا كُنتَ ثَاوِيًا فِىٓ أَهْلِ مَدْيَنَ تَتْلُوا۟ عَلَيْهِمْ ءَايَٰتِنَا وَلَٰكِنَّا كُنَّا مُرْسِلِينَ ﴾٤٥﴿
- എങ്കിലും നാം (പിന്നീട്) പല തലമുറകളെയും ഉണ്ടാക്കി; എന്നിട്ട് അവരില്‍ ആയുഷ്കാലം ദീര്‍ഘമായിക്കഴിഞ്ഞു. മദ്യൻകാര്‍ക്ക് നമ്മുടെ ലക്ഷ്യങ്ങള്‍ ഓതിക്കേള്‍പ്പിച്ചു കൊണ്ട് നീ അവരില്‍ നിവസിക്കുന്ന ആളുമായിരുന്നില്ല. എങ്കിലും, നാം ദൗത്യം നല്കുന്ന [റസൂലുകളെ നിയോഗിക്കുന്ന]വരാകുന്നു.
- وَلَـٰكِنَّا എങ്കിലും നാം أَنشَأْنَا നാം ഉണ്ടാക്കി, ഉത്ഭവിപ്പിച്ചു قُرُونًا പല തലമുറകളെ, കാലക്കാരെ فَتَطَاوَلَ എന്നിട്ടു ദീര്‍ഘമായി, നീണ്ടുനിന്നു عَلَيْهِمُ അവരില്‍, അവര്‍ക്കു الْعُمُرُ ആയുഷ്കാലം, ആയുസ്സ് وَمَا كُنتَ നീ ആയിരുന്നതുമില്ല ثَاوِيًا നിവസിക്കുന്നവന്‍, പാര്ക്കുന്നവന് فِي أَهْلِ مَدْيَنَ മദ്യൻകാരില്‍ تَتْلُو നീ ഓതിക്കൊടുത്തുകൊണ്ട് عَلَيْهِمْ അവര്‍ക്ക്, അവരില്‍ آيَاتِنَا നമ്മുടെ ലക്ഷ്യങ്ങള്‍, ദൃഷ്ടാന്ത ങ്ങള് وَلَـٰكِنَّا എങ്കിലും നാം كُنَّا നാം ആകുന്നു مُرْسِلِينَ ദൗത്യം നല്കുന്നവര്, അയക്കുന്നവര്‍
- وَمَا كُنتَ بِجَانِبِ ٱلطُّورِ إِذْ نَادَيْنَا وَلَٰكِن رَّحْمَةً مِّن رَّبِّكَ لِتُنذِرَ قَوْمًا مَّآ أَتَىٰهُم مِّن نَّذِيرٍ مِّن قَبْلِكَ لَعَلَّهُمْ يَتَذَكَّرُونَ ﴾٤٦﴿
- ത്വൂര് (പര്‍വതത്തി)ന്റെ പാര്‍ശ്വത്തില്‍, നാം (മൂസായെ) വിളിച്ചപ്പോഴും നീ ഉണ്ടായിരുന്നില്ല; എങ്കിലും, നിന്റെ രക്ഷിതാവിങ്കല്‍നിന്നുള്ള ഒരു (വമ്പിച്ച) അനുഗ്രഹമായിട്ടത്രെ (ഇതൊക്കെ നിനക്ക് അറിയിച്ചുതന്നത്). നിനക്കുമുമ്പ് ഒരു താക്കീതുകാരനും ചെന്നിട്ടില്ലാത്ത ഒരു ജനതക്ക് നീ താക്കീതു നല്‍കുവാനായിട്ടാകുന്നു (അത്); അവര്‍ ഉറ്റാലോചിച്ചേക്കാമല്ലോ.
- وَمَا كُنتَ നീ ഉണ്ടായിരുന്നില്ല, ആയിരുന്നില്ല بِجَانِبِ الطُّورِ ത്വൂറിന്റെ പാര്‍ശ്വത്തില്‍, അരികില്‍ إِذْ نَادَيْنَا നാം വിളിച്ചപ്പോള്‍ وَلَـٰكِن എങ്കിലും, പക്ഷേ رَّحْمَةً കാരുണ്യമായിട്ട്, അനുഗ്രഹമായിട്ട് مِّن رَّبِّكَ നിന്റെ റബ്ബിന്റെ പക്കല്‍നിന്നുള്ള لِتُنذِرَ നീ താക്കീതു (മുന്നറിയിപ്പ് നല്കുവാന്) قَوْمًا ഒരു ജനതക്ക് مَّا أَتَاهُم അവര്‍ക്ക് വന്നിട്ടില്ല مِّن نَّذِيرٍ ഒരു താക്കീതുകാരനും, മുന്നറിയിപ്പുകാരനും مِّن قَبْلِكَ നിനക്കുമുമ്പ് لَعَلَّهُمْ അവര്‍ ആയേക്കാം, ആകുവാന്‍വേണ്ടി يَتَذَكَّرُونَ ഉറ്റാലോചിക്കും
ത്വൂര് മലയുടെ പടിഞ്ഞാറുഭാഗത്തുവെച്ച് മൂസാ (അ) നബിയെ അല്ലാഹു വിളിച്ച് സംഭാഷണം നടത്തുകയും അദ്ദേഹത്തെ റസൂലായി നിയോഗിക്കുകയും മറ്റും ഉണ്ടായപ്പോള്‍ നബി (സ്വ) തിരുമേനി അവിടെ ഉണ്ടായിരുന്നതുകൊണ്ടോ, പ്രസ്തുത സംഭവങ്ങള്‍ക്കു ദൃക്സാക്ഷിയായിരുന്നതു കൊണ്ടോ ഒന്നുമല്ല ആ സംഭവങ്ങള്‍ ഇത്രയും സൂക്ഷമമായും, വ്യക്തമായും അവിടുന്നു വിവരിക്കുന്നത്. അതുപോലെത്തന്നെ, മദ്-യനിലെ സംഭവങ്ങള്‍ വിവരിക്കുവാന്‍ സാധിച്ചത് അന്നവിടെ -ഇന്ന് മക്കായിലെന്നതുപോലെ- ആ രാജ്യക്കാര്‍ക്കു അല്ലാഹുവിന്റെ ലക്ഷ്യങ്ങള്‍ പ്രബോധനം ചെയ്തുകൊണ്ട് അവര്‍ക്കിടയില്‍ നബി (സ്വ) താമസിച്ചു വന്നിരുന്നതുകൊണ്ടും അല്ല. ചുരുക്കത്തില്‍, നബി (സ്വ)യുടെ എത്രയോ മുമ്പുകഴിഞ്ഞ മേല്‍ പ്രസ്താവിച്ച സംഭവങ്ങള്‍ അവിടുന്നു വിവരിക്കുന്നത് ആ സംഭവങ്ങളൊന്നും അവിടുന്നു കണ്ടറിഞ്ഞതുകൊണ്ടല്ല.
പക്ഷേ, മൂസാ (അ) നബിക്കുശേഷം പല തലമുറകളും ഉല്‍ഭവിക്കുകയും നശിക്കുകയും ചെയ്തു. ദീര്‍ഘമായ കാലവും കഴിഞ്ഞുപോയി. കാലപ്പഴക്കത്തില്‍ അദ്ദേഹത്തിന്റെ ചരിത്രയാഥാര്‍ത്ഥ്യങ്ങളും, അദ്ദേഹത്തിന്റെ അധ്യാപനതത്വങ്ങളും ജനങ്ങള്‍ക്കിടയില്‍ വിസ്മരിക്കപ്പെട്ടു. കേട്ടുകേള്‍വികളും ഊഹാപോഹങ്ങളുമായി അവ അവശേഷിച്ചു. ഈ തലമുറയുടെ റസൂലായി നബി (സ്വ) നിയോഗിക്കപ്പെട്ടിരിക്കുകയാണ്. ഇടക്കിടെ റസൂലുകളെ അയക്കുന്നതു അല്ലാഹുവിന്റെ പതിവുമായിരുന്നു. അങ്ങിനെ, അല്ലാഹുവിന്റെ കാരുണ്യംകൊണ്ട് വഹ്യുമൂലം നബി (സ്വ)ക്ക് അറിയി ച്ചുകൊടുക്കുന്നതാണ് ഈ വിവരങ്ങളെല്ലാം. നബി (സ്വ)യുടെ ജനതയാകുന്ന ഖുറൈശീ അറബിക ളാകട്ടെ, യഹൂദരെയും, ക്രിസ്ത്യാനികളെയുംപോലെ – വേദഗ്രന്ഥങ്ങളുമായോ, പ്രവാചകന്മാരു മായോ പരിചയപ്പെടാത്തവരാണ്. വേദക്കാരെ സംബന്ധിച്ചിടത്തോളം – അനേകം നീക്കു പോക്കു കളോടുകൂടിയാണെങ്കിലും – ഇത്തരം കാര്യങ്ങളെക്കുറിച്ച് അവരുടെ പക്കല്‍ ഏതാനും ചില അറിവുകള്‍ ഉണ്ടായിരിക്കും. ഈ ജനതക്ക് അതിന് അവസരമുണ്ടായിട്ടില്ല. അതുകൊണ്ട് മുന്‍ പ്രവാചകന്മാരുടെയും, അവരുടെ ജനതകളുടെയും ചരിത്രങ്ങള്‍ അവയ്ക്ക് ദൃക്സാക്ഷിയായിരുന്ന ഒരാളെപ്പോലെ ശരിക്ക് വിവരിച്ചുകൊടുത്ത് അവരെ താക്കീതുചെയ്യുവാന്‍ വേണ്ടിയാണ് ഇതെല്ലാം നബി (സ്വ)ക്ക് അല്ലാഹു അറിയിച്ചുകൊടുത്തിട്ടുള്ളത്. ഇത്തരം സംഭവങ്ങള്‍ കേട്ടറിയുമ്പോള്‍ അവര്‍ക്ക് ചിന്തിക്കുവാനും, തങ്ങളുടെ കാര്യത്തില്‍ ഉറ്റാലോചിക്കുവാനും അതു കാരണമായത്തീരുമല്ലോ. ഇതാണ് ഈ വചനങ്ങളുടെ താല്പര്യം. അടുത്ത ആയത്തില്‍ നബി (സ്വ) തിരുമേനിയെ ഈ സമുദായത്തിലേക്ക് റസൂലായി നിയോഗിക്കുവാനുള്ള കാരണം ചൂണ്ടിക്കാട്ടുന്നു:-
- وَلَوْلَآ أَن تُصِيبَهُم مُّصِيبَةٌۢ بِمَا قَدَّمَتْ أَيْدِيهِمْ فَيَقُولُوا۟ رَبَّنَا لَوْلَآ أَرْسَلْتَ إِلَيْنَا رَسُولًا فَنَتَّبِعَ ءَايَٰتِكَ وَنَكُونَ مِنَ ٱلْمُؤْمِنِينَ ﴾٤٧﴿
- അവരുടെ കരങ്ങള്‍ മുന്‍ ചെയ്തിട്ടുള്ളതിന്റെ ഫലമായി അവര്‍ക്ക് വല്ല വിപത്തും ബാധിക്കുകയും, അപ്പോള്‍ അവര്‍ (ഇങ്ങിനെ) പറഞ്ഞേക്കുകയും ചെയ്യുകയില്ലായിരുന്നുവെങ്കില്‍ (നിന്നെ നാം അവരിലേക്ക് അയക്കുമായിരുന്നില്ല); 'ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ക്കു നീ ഒരു റസൂലിനെ അയച്ചു തന്നുകൂടായിരുന്നോ, എന്നാല്‍ ഞങ്ങള്‍ നിന്റെ ലക്ഷ്യങ്ങളെ പിന്‍പറ്റുകയും, ഞങ്ങള്‍ സത്യവിശ്വാസികളില്‍ പെട്ടവരാകുകയും ചെയ്യുമായിരുന്നുവല്ലോ.'
- وَلَوْلَا ഇല്ലായിരുന്നുവെങ്കില്‍ أَن تُصِيبَهُم അവര്‍ക്കു ബാധിക്കുക مُّصِيبَةٌ വല്ല വിപത്തും, ബാധയും بِمَا قَدَّمَتْ മുന്‍ചെയ്തതു (മുമ്പു പ്രവര്‍ത്തിച്ചതു) നിമിത്തം أَيْدِيهِمْ അവരുടെ കരങ്ങള്‍, കൈകള്‍ فَيَقُولُوا അപ്പോള്‍ അവര്‍ പറയുകയും رَبَّنَا ഞങ്ങളുടെ രക്ഷിതാവേ لَوْلَا أَرْسَلْتَ നീ അയച്ചു കൂടായിരുന്നോ, എന്തുകൊണ്ട് അയച്ചുതന്നില്ല إِلَيْنَا ഞങ്ങളിലേക്ക് رَسُولًا ഒരു റസൂലിനെ, ദൈവദൂതനെ فَنَتَّبِعَ എന്നാല്‍ ഞങ്ങള്‍ പിന്‍പറ്റുമായിരുന്നു, തുടരുമായിരുന്നു آيَاتِكَ നിന്റെ ലക്ഷ്യങ്ങളെ, ദൃഷ്ടാന്തങ്ങളെ وَنَكُونَ ഞങ്ങളാകുകയും ചെയ്യുമായിരുന്നു مِنَ الْمُؤْمِنِينَ സത്യവിശ്വാസികളില്‍പെട്ട (വര്)
അവിശ്വാസം, ദുര്‍ന്നടപ്പ് മുതലായവ നിമിത്തം പല വിപത്തുകളും അനുഭവിക്കുവാന്‍ അവകാശപ്പെട്ടവരാണ് വാസ്തവത്തില്‍ അവര്‍. അങ്ങനെ വല്ലതും അനുഭവപ്പെടുമ്പോള്‍, തങ്ങളിലേക്ക് ഒരു റസൂലിനെ – ദൈവദൂതനെ – അയച്ചുതരാത്തതു കൊണ്ടാണ് തങ്ങള്‍ ഈ ശിക്ഷക്ക് അര്‍ഹരാകേണ്ടി വന്നതെന്നും, ഒരു റസൂല്‍ തങ്ങളില്‍ വന്നിരുന്നുവെങ്കില്‍ തങ്ങള്‍ സത്യവിശ്വാസികളായിരുന്നുവെന്നും ന്യായവാദം ചെയ്യാതിരിക്കുവാന്‍ വേണ്ടിയാണ് അവരിലേക്കു റസൂലിനെ അയച്ചത് എന്നു സാരം. എന്നാല്‍, അവര്‍ക്കൊരു റസൂല്‍ വന്നപ്പോള്‍ അവര്‍ ചെയ്തതെന്താണ്?-
- فَلَمَّا جَآءَهُمُ ٱلْحَقُّ مِنْ عِندِنَا قَالُوا۟ لَوْلَآ أُوتِىَ مِثْلَ مَآ أُوتِىَ مُوسَىٰٓ ۚ أَوَلَمْ يَكْفُرُوا۟ بِمَآ أُوتِىَ مُوسَىٰ مِن قَبْلُ ۖ قَالُوا۟ سِحْرَانِ تَظَٰهَرَا وَقَالُوٓا۟ إِنَّا بِكُلٍّ كَٰفِرُونَ ﴾٤٨﴿
- എന്നാല്‍, നമ്മുടെ പക്കല്‍നിന്ന് യഥാര്‍ത്ഥം അവര്‍ക്ക് വന്നപ്പോഴോ, അവര്‍ പറയുകയാണ്: 'മൂസാക്കു നല്‍കപ്പെട്ടതുപോലെയുള്ളതു [ദൃഷ്ടാന്തങ്ങള്‍] ഇവനു നല്‍കപ്പെടാത്തതെന്താണ്?!' എന്ന്. മുമ്പ് മൂസാക്കു നല്‍കപ്പെട്ടതിലും അവര്‍ അവിശ്വസിക്കുകയുണ്ടായില്ലേ?! അവര്‍ പറഞ്ഞു: 'പരസ്പം പിന്തുണ നല്കുന്ന രണ്ടു ജാലവിദ്യകളാണ് എന്ന്. 'നിശ്ചയമായും, ഞങ്ങള്‍ എല്ലാറ്റിലും അവിശ്വസിക്കുന്നവരാണ്' എന്നും അവര്‍ പറയുന്നു!
- فَلَمَّا جَاءَهُمُ അങ്ങനെ അവര്‍ക്കു വന്നപ്പോള്‍ الْحَقُّ യഥാര്‍ത്ഥം, സത്യം مِنْ عِندِنَا നമ്മുടെ പക്കല്‍ നിന്നു قَالُوا അവ൪ പറഞ്ഞു لَوْلَا أُوتِيَ അവനു നല്‍കപ്പെടാത്തതെന്തു, കൊടുക്കപ്പെടരുതോ مِثْلَ مَا أُوتِيَ നല്കപ്പെട്ടതുപോലെ مُوسَىٰ മൂസാക്കു أَوَلَمْ يَكْفُرُوا അവര്‍ അവിശ്വസിക്കയും ചെയ്തില്ലേ بِمَا أُوتِيَ നല്കപ്പെട്ടതില് مُوسَىٰ മൂസാക്കു مِن قَبْلُ മുമ്പു قَالُوا അവര്‍ പറഞ്ഞു سِحْرَانِ രണ്ടു ജാലവിദ്യകള്‍ تَظَاهَرَا രണ്ടും പരസ്പരം പിന്തുണ നല്കുന്നു وَقَالُوا അവര്‍ പറയുകയും ചെയ്തു إِنَّا നിശ്ചയമായും ഞങ്ങള്‍ بِكُلٍّ എല്ലാറ്റിലും كَافِرُونَ അവിശ്വസിക്കുന്നവരാണ്
കഴിഞ്ഞ ആയത്തില്‍ പ്രസ്താവിച്ച കാരണത്താലാണ്, അല്ലാഹുവിങ്കല്‍ നിന്നുള്ള യഥാര്‍ത്ഥ സത്യമാകുന്ന ഖുര്‍ആനുംകൊണ്ട് നബി (സ്വ) നിയുക്തനായതു. അപ്പോഴത്തെ ആക്ഷേപം: മൂസാനബി ക്കു വടി, കൈ, മുതലായ ദൃഷ്ടാന്തങ്ങള്‍ ലഭിച്ചതുപോലെ ‘എന്തുകൊണ്ട് മുഹമ്മദിനുണ്ടായില്ല’ എന്നായിരുന്നു! എന്നാല്‍, അതേ മൂസാനബിയില്‍ ഇവരും ഇവരുടെ മുന്‍ഗാമികളും വിശ്വസിച്ചിരു ന്നുവോ? അതുമില്ല. മൂസായും ഹാറൂനും പരസ്പരം സഹകരിച്ചു പ്രവര്‍ത്തിക്കുന്ന രണ്ടു ജാലവിദ്യ ക്കാരാണെന്ന് ഇവരുടെ പൂര്വ്വികന്മാര് അന്നു പറഞ്ഞു ‘മൂസായും മുഹമ്മദും രണ്ടുപേരും ഒരേ തരത്തിലുള്ള രണ്ടു ജാലവിദ്യക്കാരാണ്, രണ്ടാളും കൊണ്ടുവന്നിട്ടുള്ളതും ജാലവിദ്യയാണ്. രണ്ടി ലും വിശ്വസിക്കുവാന്‍ ഞങ്ങള്‍ തയ്യാറില്ല എന്ന് ഇപ്പോള്‍ ഇവരും പറയുന്നു.
سِحْرَانِ എന്നതിനു പകരം ساحْرَانِ എന്നും വായനയുണ്ട്. അപ്പോള്‍ ساحْرَانِ تَظَاهَرَا എന്നതിന് ‘പരസ്പരം പിന്തുണ നല്കുന്ന രണ്ട് ജാലവിദ്യക്കാര്‍’ എന്നര്‍ത്ഥമായിരിക്കും. രണ്ടായാലും ഉദ്ദേശ്യം ഒന്നുതന്നെ.
- قُلْ فَأْتُوا۟ بِكِتَٰبٍ مِّنْ عِندِ ٱللَّهِ هُوَ أَهْدَىٰ مِنْهُمَآ أَتَّبِعْهُ إِن كُنتُمْ صَٰدِقِينَ ﴾٤٩﴿
- (നബിയേ) പറയുക: 'എന്നാല്‍, അല്ലാഹുവിങ്കല്‍ നിന്നുമുള്ള ഒരു വേദഗ്രന്ഥം - അത് അവ രണ്ടിനെക്കാളും കൂടുതല്‍ മാര്‍ഗ്ഗദര്‍ശകമായിക്കൊണ്ട് - നിങ്ങള്‍ കൊണ്ടുവരുക, ഞാന്‍ അതു പിന്‍പറ്റിക്കൊള്ളാം; നിങ്ങള്‍ സത്യവാന്മാരാണെങ്കില് (കാണട്ടെ)!'
- قُلْ പറയുക فَأْتُوا എന്നാല്‍ വരുവിന്‍ بِكِتَابٍ ഒരു വേദഗ്രന്ഥംകൊണ്ട് مِّنْ عِندِ اللَّـهِ അല്ലാഹുവിന്റെ പക്കല്‍നിന്ന് هُوَ അതു أَهْدَىٰ കൂടുതല്‍ മാര്‍ഗ്ഗദര്‍ശകമാണ് مِنْهُمَا അതു രണ്ടിനെക്കാള്‍ أَتَّبِعْهُ (എന്നാല്‍) ഞാനതിനെ പിന്‍പറ്റാം إِن كُنتُمْ നിങ്ങളാണെങ്കില്‍ صَادِقِينَ സത്യവാന്മാര്, സത്യവാദികള്‍
‘അവ രണ്ടും’ എന്നു പറഞ്ഞതു രണ്ടു നബിമാരും കൊണ്ടുവന്ന വേദഗ്രന്ഥങ്ങളെ – ഖുര്‍ആനെയും തൗറാത്തിനെയും – ഉദ്ദേശിച്ചാകുന്നു. മാര്ഗ്ഗദര്ശനത്തില് രണ്ടിനെയും കവച്ചുവെക്കുന്ന ഒരു ദൈവീകഗ്രന്ഥം കൊണ്ടുവന്നു തങ്ങളുടെ വാദം സ്ഥാപിക്കുവാന്‍ അവരെ അല്ലാഹു വെല്ലുവിളിക്കുകയാണ്.