28:69
 • وَرَبُّكَ يَعْلَمُ مَا تُكِنُّ صُدُورُهُمْ وَمَا يُعْلِنُونَ ﴾٦٩﴿
 • നിന്‍റെ രക്ഷിതാവ് അവരുടെ നെഞ്ചുകള്‍ [ഹൃദയങ്ങള്‍] ഗോപ്യമാക്കിവെക്കുന്നതും, അവര്‍ പരസ്യമാക്കുന്നതും അറിയുന്നതാണ്.
 • وَرَبُّكَ നിന്‍റെ രക്ഷിതാവ്, റബ്ബ് يَعْلَمُ അറിയുന്നതാണ് مَا تُكِنُّ ഗോപ്യമാക്കുന്നതു, ഒളിച്ചുവെക്കുന്നതു صُدُورُهُمْ അവരുടെ നെഞ്ചുകള്‍ (ഹൃദയങ്ങള്‍) وَمَا يُعْلِنُونَ അവര്‍ പരസ്യമാക്കുന്നതും, വെളിവാക്കുന്നതും
28:70
 • وَهُوَ ٱللَّهُ لَآ إِلَـٰهَ إِلَّا هُوَ ۖ لَهُ ٱلْحَمْدُ فِى ٱلْأُولَىٰ وَٱلْـَٔاخِرَةِ ۖ وَلَهُ ٱلْحُكْمُ وَإِلَيْهِ تُرْجَعُونَ ﴾٧٠﴿
 • അവനത്രെ അല്ലാഹു; അവനല്ലാതെ ആരാധ്യനേയില്ല. ആദ്യലോകത്തും, അവസാനലോകത്തും [ഇഹത്തിലും, പരത്തിലും] സ്തുതികീര്‍ത്തനം അവന്നാകുന്നു. അവനുതന്നെയാണ് വിധികര്‍തൃത്വവും; അവങ്കലേക്കു തന്നെ നിങ്ങള്‍ മടക്കപ്പെടുകയും ചെയ്യുന്നു.
 • وَهُوَ അവനത്രെ, അവനാണ് اللَّـهُ അല്ലാഹു لَا إِلَـٰهَ ഒരു ഇലാഹുമില്ല إِلَّا هُوَ അവനല്ലാതെ لَهُ അവന്നാണ്‌ الْحَمْدُ സ്തുതികീര്‍ത്തനം, പുകഴ്ച്ച فِي الْأُولَىٰ ആദ്യത്തേതില്‍ (ഇഹത്തില്‍) وَالْآخِرَةِ അവസാനത്തേതിലും (പരത്തിലും) وَلَهُ അവനു തന്നെയാണ് الْحُكْمُ വിധികര്‍തൃത്വം, അധികാരം وَإِلَيْهِ അവങ്കലേക്കുതന്നെ تُرْجَعُونَ നിങ്ങള്‍ മടക്കപ്പെടുന്നു

ഈ വചനത്തില്‍ പ്രസ്താവിച്ച നാലു യാഥാര്‍ത്ഥ്യങ്ങള്‍ക്ക് ആസ്പദങ്ങളായ ചില ഉദാഹരണങ്ങള്‍ തുടര്‍ന്നുള്ള വചനങ്ങളില്‍ കാണാം:-

28:71
 • قُلْ أَرَءَيْتُمْ إِن جَعَلَ ٱللَّهُ عَلَيْكُمُ ٱلَّيْلَ سَرْمَدًا إِلَىٰ يَوْمِ ٱلْقِيَـٰمَةِ مَنْ إِلَـٰهٌ غَيْرُ ٱللَّهِ يَأْتِيكُم بِضِيَآءٍ ۖ أَفَلَا تَسْمَعُونَ ﴾٧١﴿
 • (നബിയേ) പറയുക: 'നിങ്ങള്‍ കണ്ടുവോ [മനസ്സിലാക്കിയിട്ടുണ്ടോ?] ഖിയാമത്തുനാള്‍വരെ സദാസമയത്തും നിങ്ങളുടെ മേല്‍ അല്ലാഹു രാത്രി (തന്നെ) ആക്കുകയാണെങ്കില്‍, അല്ലാഹു അല്ലാത്ത ഏതൊരു ഇലാഹാണ് നിങ്ങള്‍ക്ക് ഒരു വെളിച്ചം കൊണ്ടുവന്നുതരുക?! എന്നിരിക്കേ, നിങ്ങള്‍ കേട്ടറിയുന്നില്ലേ?!'.
 • قُلْ പറയുക أَرَأَيْتُمْ നിങ്ങള്‍ കണ്ടുവോ إِن جَعَلَ اللَّـهُ അല്ലാഹു ആക്കിയാല്‍ عَلَيْكُمُ നിങ്ങളുടെ മേല്‍, നിങ്ങളില്‍ اللَّيْلَ രാത്രിയെ سَرْمَدًا സദാസമയത്തും, നിത്യമായും إِلَىٰ يَوْمِ الْقِيَامَةِ ഖിയാമത്തുനാള്‍ വരെ مَنْ إِلَـٰهٌ ഏതൊരു ഇലാഹാണ് غَيْرُ اللَّـهِ അല്ലാഹു അല്ലാത്ത يَأْتِيكُم നിങ്ങള്‍ക്കു കൊണ്ടുവരുന്നതു بِضِيَاءٍ ഒരു വെളിച്ചം, പ്രഭ أَفَلَا تَسْمَعُونَ എന്നിരിക്കെ നിങ്ങള്‍ കേള്‍ക്കുന്നില്ലേ
28:72
 • قُلْ أَرَءَيْتُمْ إِن جَعَلَ ٱللَّهُ عَلَيْكُمُ ٱلنَّهَارَ سَرْمَدًا إِلَىٰ يَوْمِ ٱلْقِيَـٰمَةِ مَنْ إِلَـٰهٌ غَيْرُ ٱللَّهِ يَأْتِيكُم بِلَيْلٍ تَسْكُنُونَ فِيهِ ۖ أَفَلَا تُبْصِرُونَ ﴾٧٢﴿
 • പറയുക: 'നിങ്ങള്‍ കണ്ടുവോ [മനസ്സിലാക്കുന്നുവോ]? ഖിയാമത്തുനാള്‍വരെ സദാസമയത്തും നിങ്ങളുടെ മേല്‍ അല്ലാഹു പകല്‍ (തന്നെ) ആക്കുകയാണെങ്കില്‍, അല്ലാഹു അല്ലാത്ത ഏതൊരു ഇലാഹാണ് നിങ്ങള്‍ക്കു ശാന്തമായിരിക്കാവുന്ന ഒരു രാത്രി നിങ്ങള്‍ക്കു കൊണ്ടുവന്നുതരുക?! എന്നിരിക്കെ, നിങ്ങള്‍ കണ്ടറിയുന്നില്ലേ?!'.
 • قُلْ പറയുക أَرَأَيْتُمْ നിങ്ങള്‍ കണ്ടുവോ إِن جَعَلَ اللَّـهُ അല്ലാഹു ആക്കിയാല്‍ عَلَيْكُمُ നിങ്ങളുടെ മേല്‍ النَّهَارَ പകലിനെ سَرْمَدًا സദാസമയത്തും, നിത്യം إِلَىٰ يَوْمِ الْقِيَامَةِ ഖിയാമത്തുനാള്‍ വരെ مَنْ إِلَـٰهٌ ഏതൊരു ഇലാഹാണ് غَيْرُ اللَّـهِ അല്ലാഹു അല്ലാത്ത يَأْتِيكُم നിങ്ങള്‍ക്കു കൊണ്ടുവരുക بِلَيْلٍ ഒരു രാത്രി യെ تَسْكُنُونَ നിങ്ങള്‍ ശാന്തമായിരിക്കും, അടങ്ങിയിരിക്കാവുന്ന فِيهِ അതില്‍ أَفَلَا تُبْصِرُونَ അപ്പോള്‍ നിങ്ങള്‍ കാണുന്നില്ലേ
28:73
 • وَمِن رَّحْمَتِهِۦ جَعَلَ لَكُمُ ٱلَّيْلَ وَٱلنَّهَارَ لِتَسْكُنُوا۟ فِيهِ وَلِتَبْتَغُوا۟ مِن فَضْلِهِۦ وَلَعَلَّكُمْ تَشْكُرُونَ ﴾٧٣﴿
 • അവന്‍റെ കാരുണ്യത്താലത്രെ അവന്‍ നിങ്ങള്‍ക്ക് രാവും പകലും ഉണ്ടാക്കിത്തന്നിരിക്കുന്നതു; നിങ്ങള്‍ക്കതില്‍ ശാന്തമായിരിക്കുവാനും, അവന്‍റെ അനുഗ്രഹത്തില്‍നിന്നും (ജീവിതമാര്‍ഗ്ഗം) അന്വേഷിച്ചുണ്ടാക്കുവാനും വേണ്ടി. (മാത്രമല്ല) നിങ്ങള്‍ നന്ദിചെയ്യുവാന്‍ വേണ്ടിയും.
 • وَمِن رَّحْمَتِهِ അവന്‍റെ കാരുണ്യത്താലാണ് جَعَلَ അവന്‍ ഉണ്ടാക്കിയത്, ഏര്‍പ്പെടുത്തിയത് لَكُمُ നിങ്ങള്‍ക്കു اللَّيْلَ രാത്രി وَالنَّهَارَ പകലും لِتَسْكُنُوا നിങ്ങള്‍ ശാന്തമായിരിക്കുവാന്‍, അടങ്ങിയിരിക്കു വാന്‍ فِيهِ അതില്‍ وَلِتَبْتَغُوا നിങ്ങള്‍ അന്വേഷിക്കുവാനും, തേടുവാനും مِن فَضْلِهِ അവന്‍റെ അനുഗ്രഹ ത്തില്‍ നിന്ന് وَلَعَلَّكُمْ تَشْكُرُونَ നിങ്ങള്‍ നന്ദി ചെയ്‌വാനും

അല്‍പമൊന്നു ചിന്തിച്ചുനോക്കുക! മുഴുവന്‍ സമയവും ഭൂലോകമാകെ രാത്രിയായിരുന്നുവെ ങ്കില്‍, അല്ലെങ്കില്‍ മുഴുവന്‍ സമയവും പകലായിരുന്നുവെങ്കില്‍ എന്തായിരിക്കും അവസ്ഥ?! പകല്‍വെളിച്ചത്തില്‍ വിവിധ രംഗങ്ങളില്‍ വ്യാപരിച്ചും, അത്യദ്ധ്വാനം ചെയ്തും പോരുന്ന മനുഷ്യന് സ്വൈരപൂര്‍വ്വം വിശ്രമംകൊള്ളുവാന്‍ ഉതകുന്ന – അല്ല; അതിനു നിര്‍ബ്ബന്ധിതനാകുന്ന – രാത്രിയും, ശാന്തമായ വിശ്രമത്തിനുശേഷം തിരിച്ചുകിട്ടിയ ഉണര്‍വ്വും, ഉന്മേഷവും ഉപയോഗപ്പെ ടുത്തികൊണ്ട് ആയിരമായിരം കാര്യങ്ങളില്‍ വിഹരിക്കേണ്ടതിന് അനിവാര്യമായ പകലും മാറി മാറി ലഭിക്കാത്ത ഒരു ഭൂലോകത്തെപ്പറ്റി സങ്കല്‍പ്പിച്ചുനോക്കുക! മനുഷ്യനെന്നുവേണ്ടാ, ഇതരജീവികള്‍ക്കുപോലും ഇവിടെ ജീവിക്കുവാന്‍ സാദ്ധ്യമാകുമോ?! ഒരിക്കലുമില്ല! ഈ ഒരേ അനുഗ്രഹത്തിന്‍റെ പേരില്‍ മാത്രം രാവും പകലും മനുഷ്യന്‍ അല്ലാഹുവിനെ സ്തുതിക്കുവാനും അവനോട് നന്ദിയുള്ളവനായിരിക്കുവാനും കടപ്പെട്ടവനത്രെ.

28:74
 • وَيَوْمَ يُنَادِيهِمْ فَيَقُولُ أَيْنَ شُرَكَآءِىَ ٱلَّذِينَ كُنتُمْ تَزْعُمُونَ ﴾٧٤﴿
 • അവന്‍ [അല്ലാഹു] അവരെ വിളിപ്പിച്ച് 'നിങ്ങള്‍ ജല്‍പിച്ചുകൊണ്ടിരുന്ന എന്‍റെ പങ്കുക്കാര്‍ എവിടെ?' എന്നു ചോദിക്കുന്ന ദിവസം (ഓര്‍ക്കുക)!
 • وَيَوْمَ يُنَادِيهِمْ അവന്‍ അവരെ വിളിക്കുന്ന ദിവസം فَيَقُولُ എന്നിട്ടു പറയുകയും أَيْنَ എവിടെയാണ് شُرَكَائِيَ എന്‍റെ പങ്കുകാര്‍ الَّذِينَ യാതൊരു കൂട്ടരായ كُنتُمْ تَزْعُمُونَ നിങ്ങള്‍ ജല്‍പിച്ചുവന്നിരുന്നു, വാദിച്ചിരുന്നു, ധരിച്ചിരുന്നു
28:75
 • وَنَزَعْنَا مِن كُلِّ أُمَّةٍ شَهِيدًا فَقُلْنَا هَاتُوا۟ بُرْهَـٰنَكُمْ فَعَلِمُوٓا۟ أَنَّ ٱلْحَقَّ لِلَّهِ وَضَلَّ عَنْهُم مَّا كَانُوا۟ يَفْتَرُونَ ﴾٧٥﴿
 • എല്ലാ സമുദായത്തില്‍നിന്നും ഓരോ സാക്ഷിയെ നാം പുറത്തു കൊണ്ടുവരുന്നതാണ്; എന്നിട്ട് നാം പറയും: 'നിങ്ങളുടെ തെളിവ് കൊണ്ടുവരുവിന്‍' എന്നു! അപ്പോള്‍ അവര്‍ക്കറിയാം, ന്യായം അല്ലാഹുവിനാണ് ഉള്ളതെന്ന്. അവര്‍ കെട്ടിച്ചമച്ചുകൊണ്ടിരുന്നതു (മുഴുക്കെ) അവരെ വിട്ടുമാറി (മറഞ്ഞു) പോകുന്നതുമാണ്.
 • وَنَزَعْنَا നാം പുറത്തുകൊണ്ടു വരുന്നതാണ്, നീക്കിയെടുക്കും مِن كُلِّ أُمَّةٍ എല്ലാ സമുദായത്തി ല്‍നിന്നും شَهِيدًا ഒരു സാക്ഷിയെ فَقُلْنَا എന്നിട്ടു നാം പറയും هَاتُوا കൊണ്ടുവരുവിന്‍ بُرْهَانَكُمْ നിങ്ങളുടെ തെളിവ് فَعَلِمُوا അപ്പോള്‍ അവര്‍ അറിയുന്നതാണ് أَنَّ الْحَقَّ നിശ്ചയമായും ന്യായം لِلَّـهِ അല്ലാഹുവിനാണ് (എന്ന്) وَضَلَّ വഴി മാറിപ്പോകയും ചെയ്യും, മറഞ്ഞു പോകും, തെറ്റിപ്പോകും عَنْهُم അവരെവിട്ട്, അവരില്‍നിന്ന് مَّا كَانُوا അവരായിരുന്നതു يَفْتَرُونَ കെട്ടിച്ചമച്ചിരുന്ന, കളവു കെട്ടിയിരുന്ന

ഓരോ സമുദായത്തിലേക്കും നിയോഗിക്കപ്പെട്ട പ്രവാചകന്‍മാരാണ് ഇവിടെ സാക്ഷികൊണ്ടുദ്ദേശ്യം. ഓരോ സമുദായവും അവരവരുടെ നബിമാരുടെ പ്രബോധനത്തില്‍ എന്തു നില കൈക്കൊണ്ടുവെന്നു അവരുടെ മുമ്പാകെ വെച്ചു തെളിവു കൊടുക്കുന്നതിനാണ് അവരെ സാക്ഷികളായി കൊണ്ടുവരുന്നത്. അല്ലാഹു എല്ലാം അറിയുന്നവനാണെങ്കിലും, അവന്‍റെ നീതിന്യായപാലനം അവരെ ബോദ്ധ്യപ്പെടുത്തുവാനായിട്ടത്രെ സാക്ഷികളും, തെളിവുകളും ഹാജറാക്കപ്പെടുന്നത്. തങ്ങളുടെ നിലപാട് ന്യായീകരിക്കുവാനുള്ള തെളിവുകള്‍ സമര്‍പ്പിക്കുവാന്‍ അല്ലാഹു അവിശ്വാസികളെ ആഹ്വാനം ചെയ്യുമെങ്കിലും അവര്‍ക്കുണ്ടോ അതിന്നു സാദ്ധ്യമാകുന്നു?! അപ്പോള്‍ ഏക ഇലാഹായിരിക്കുവാനുള്ള അവകാശവും, അര്‍ഹതയും എല്ലാം തന്നെ അല്ലാഹുവിന്നാണുള്ളതെന്ന് അവര്‍ക്ക് തികച്ചും ബോദ്ധ്യപ്പെടും.

സമ്പല്‍സമൃദ്ധിയും, സുഖസൗകര്യങ്ങളും വാസ്തവത്തില്‍ അല്ലാഹുവില്‍നിന്നുള്ള അനുഗ്രഹമാണ്. പക്ഷേ, അവ ദുരുപയോഗപ്പെടുത്തുന്ന പക്ഷം, അവ മനുഷ്യനെ ഉന്‍മത്തനും ധിക്കാരിയുമാ ക്കിത്തീര്‍ക്കുന്നു. അങ്ങനെ, അവന്‍ അല്ലാഹുവിന്‍റെ ശാപകോപങ്ങള്‍ക്ക് അവകാശിയാകുകയും ചെയ്യുന്നു. ഇങ്ങിനെ അല്ലാഹുവിന്‍റെ ശാപകോപത്തിന്ന് ഇരയായ ഒരു മുഴുത്ത ധിക്കാരിയായിരുന്നു ഖാറൂന്‍. അവന്‍റെ കഥയാണ് അടുത്ത വചനങ്ങളില്‍ പ്രസ്താവിക്കുന്നതു:-

വിഭാഗം - 8

28:76
 • إِنَّ قَـٰرُونَ كَانَ مِن قَوْمِ مُوسَىٰ فَبَغَىٰ عَلَيْهِمْ ۖ وَءَاتَيْنَـٰهُ مِنَ ٱلْكُنُوزِ مَآ إِنَّ مَفَاتِحَهُۥ لَتَنُوٓأُ بِٱلْعُصْبَةِ أُو۟لِى ٱلْقُوَّةِ إِذْ قَالَ لَهُۥ قَوْمُهُۥ لَا تَفْرَحْ ۖ إِنَّ ٱللَّهَ لَا يُحِبُّ ٱلْفَرِحِينَ ﴾٧٦﴿
 • നിശ്ചയമായും, ഖാറൂന്‍ മൂസായുടെ ജനതയില്‍പെട്ടവനായിരുന്നു. എന്നിട്ട് അവന്‍ അവരുടെ മേല്‍ ധിക്കാരം കാണിച്ചു. അവന്‍റെ താക്കോലുകള്‍ തന്നെ, ശക്തന്മാരായ ഒരു സംഘത്തിന് (പേറാന്‍ കഴിയാത്ത) ഭാരമായിരിക്കത്തക്കവണ്ണം നിക്ഷേപങ്ങളെ നാം അവനു നല്‍കുകകയും ചെയ്തിരുന്നു. അങ്ങിനെയിരിക്കെ, അവന്‍റെ ജനങ്ങള്‍ അവനോടു പറഞ്ഞു: 'നീ പുളകം കൊള്ളേണ്ടാ - നിശ്ചയമായും പുളകം കൊള്ളുന്നവരെ അല്ലാഹു ഇഷ്ടപ്പെടുകയില്ല!
 • إِنَّ قَارُونَ നിശ്ചയമായും ഖാറൂന്‍ كَانَ അവനായിരുന്നു مِن قَوْمِ مُوسَىٰ മൂസായുടെ ജനതയില്‍പെട്ട (വന്‍) فَبَغَىٰ എന്നിട്ടവന്‍ ധിക്കാരം കാണിച്ചു عَلَيْهِمْ അവരുടെമേല്‍ وَآتَيْنَاهُ നാം അവനു കൊടുക്കുകയും ചെയ്തിരുന്നു مِنَ الْكُنُوزِ നിക്ഷേപങ്ങളില്‍ (നിധികളില്‍, ഭണ്ഡാരങ്ങളില്‍) നിന്നു مَا യാതൊന്ന്‍ إِنَّ مَفَاتِحَهُ നിശ്ചയമായും അതിന്‍റെ താക്കോലുകള്‍ لَتَنُوءُ അതു (പേറാന്‍ കഴിയാത്ത) ഭാരമായിരുന്നു بِالْعُصْبَةِ ഒരു സംഘത്തിന്, കൂട്ടത്തിന് أُولِي الْقُوَّةِ ശക്തന്മാരായ إِذْ അങ്ങിനെയിരിക്കെ, അപ്പോള്‍ قَالَ لَهُ അവനോടു പറഞ്ഞു قَوْمُهُ അവന്‍റെ ജനങ്ങള്‍ لَا تَفْرَحْ നീ പുളകം കൊള്ളേണ്ട, ആഹ്ലാദിക്കരുതു إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു لَا يُحِبُّ അവന്‍ ഇഷ്ടപ്പെടുകയില്ല الْفَرِحِينَ പുളകം (ആഹ്ലാദം) കൊള്ളുന്ന വരെ.
28:77
 • وَٱبْتَغِ فِيمَآ ءَاتَىٰكَ ٱللَّهُ ٱلدَّارَ ٱلْـَٔاخِرَةَ ۖ وَلَا تَنسَ نَصِيبَكَ مِنَ ٱلدُّنْيَا ۖ وَأَحْسِن كَمَآ أَحْسَنَ ٱللَّهُ إِلَيْكَ ۖ وَلَا تَبْغِ ٱلْفَسَادَ فِى ٱلْأَرْضِ ۖ إِنَّ ٱللَّهَ لَا يُحِبُّ ٱلْمُفْسِدِينَ ﴾٧٧﴿
 • അല്ലാഹു നിനക്കു നല്‍കിയിട്ടുള്ളതില്‍ നീ പരലോക (ഗുണ)ത്തെ തേടിക്കൊള്ളുക; ഇഹത്തില്‍ നിന്നുമുള്ള നിന്‍റെ പങ്ക് നീ വിസ്മരിക്കുകയുംവേണ്ടാ! നിനക്ക് അല്ലാഹു നന്‍മ ചെയ്തുതന്ന പ്രകാരം നീയും നന്‍മ ചെയ്യുക; നീ നാട്ടില്‍ കുഴപ്പത്തിനു മുതിരരുത്. നിശ്ചയമായും, കുഴപ്പമുണ്ടാക്കുന്നവരെ അല്ലാഹു ഇഷ്ടപ്പെടുകയില്ല.'
 • وَابْتَغِ നീ തേടുക, അന്വേഷിക്കുക فِيمَا آتَاكَ നിനക്കു നല്‍കിയിട്ടുള്ളതില്‍ اللَّـهُ അല്ലാഹു الدَّارَ الْآخِرَةَ പരലോകത്തെ, പരലോകഭവനം وَلَا تَنسَ നീ വിസ്മരിക്കുകയും വേണ്ടാ نَصِيبَكَ നിന്‍റെ പങ്ക്, ഓഹരി مِنَ الدُّنْيَا ഇഹത്തില്‍ നിന്നു وَأَحْسِن നീയും നന്‍മ ചെയ്യുക كَمَا أَحْسَنَ اللَّـهُ അല്ലാഹു നന്‍മ ചെയ്തതുപോലെ إِلَيْكَ നിനക്കു وَلَا تَبْغِ നീ മുതിരരുത്, തേടരുതു, ശ്രമം നടത്തരുതു الْفَسَادَ കുഴപ്പത്തിനു, നാശത്തിനു فِي الْأَرْضِ ഭൂമിയില്‍, (നാട്ടില്‍) إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു لَا يُحِبُّ ഇഷ്ടപ്പെടുകയില്ല الْمُفْسِدِينَ കുഴപ്പമുണ്ടാക്കുന്നവരെ
28:78
 • قَالَ إِنَّمَآ أُوتِيتُهُۥ عَلَىٰ عِلْمٍ عِندِىٓ ۚ أَوَلَمْ يَعْلَمْ أَنَّ ٱللَّهَ قَدْ أَهْلَكَ مِن قَبْلِهِۦ مِنَ ٱلْقُرُونِ مَنْ هُوَ أَشَدُّ مِنْهُ قُوَّةً وَأَكْثَرُ جَمْعًا ۚ وَلَا يُسْـَٔلُ عَن ذُنُوبِهِمُ ٱلْمُجْرِمُونَ ﴾٧٨﴿
 • അവന്‍ പറഞ്ഞു: 'എന്‍റെ അടുക്കല്‍ (തക്ക) അറിവുള്ളതിന്‍റെ പേരില്‍ തന്നെയാണ് എനിക്കിതു നല്‍കപ്പെട്ടിരിക്കുന്നതു.' അവന്‍റെ മുമ്പ് അവനെക്കാള്‍ കടുത്ത ശക്തിയുള്ളവരും കൂടുതല്‍ സംഘബലമുള്ളവരുമായിരുന്ന തലമുറകളെ അല്ലാഹു നശിപ്പിക്കുകയുണ്ടായിട്ടുണ്ടെന്നതു അവന്‍ അറിഞ്ഞിട്ടില്ലേ?! കുറ്റവാളികളോട് തങ്ങളുടെ പാപങ്ങളെക്കുറിച്ച് ചോദിക്കപ്പെടുകയില്ല.
 • قَالَ അവന്‍ പറഞ്ഞു إِنَّمَا أُوتِيتُهُ നിശ്ചയമായും എനിക്കതു നല്‍കപ്പെട്ടിരിക്കുന്നു عَلَىٰ عِلْمٍ അറിവിന്‍റെ പേരില്‍, അറിവുള്ളതോടെത്തന്നെ عِندِي എന്‍റെ പക്കല്‍ أَوَلَمْ يَعْلَمْ അവന്‍ അറിഞ്ഞിട്ടില്ലേ أَنَّ اللَّـهَ നിശ്ചയമായും അല്ലാഹു قَدْ أَهْلَكَ നശിപ്പിച്ചിട്ടുണ്ടെന്നു مِن قَبْلِهِ അവന്‍റെ മുമ്പ് مِنَ الْقُرُونِ തലമുറകളില്‍ നിന്നു مَنْ هُوَ أَشَدُّ കൂടുതല്‍ കടുത്തവരെ مِنْهُ അവനെക്കാള്‍ قُوَّةً ശക്തി, ശക്തിയാല്‍ وَأَكْثَرُ കൂടുതല്‍ അധികമുള്ളവരും جَمْعًا സംഘം, കൂട്ടം وَلَا يُسْأَلُ ചോദിക്കപ്പെടുകയില്ല عَن ذُنُوبِهِمُ തങ്ങളുടെ പാപങ്ങളെപ്പറ്റി الْمُجْرِمُونَ കുറ്റവാളികളോടു, മഹാപാപികളോടു

ഖാറൂനെക്കുറിച്ച് ഈ ആയത്തുകളിലും, തുടര്‍ന്നുള്ള ചില ആയത്തുകളിലും പ്രസ്താവിച്ചതല്ലാതെ ഖുര്‍ആനില്‍ അധിക വിവരങ്ങളൊന്നും പ്രസ്താവിച്ചിട്ടില്ല. 76-ാം വചനത്തില്‍ ഖാറൂന്‍ മൂസാ (അ) നബിയുടെ ജനങ്ങളില്‍പെട്ടനായിരുന്നുവെന്നു പറഞ്ഞിട്ടുള്ളതില്‍നിന്നും മറ്റു ചില പ്രസ്താവ നകളില്‍ നിന്നുമായി അവന്‍ ഇസ്രാഈല്‍ വിഭാഗത്തില്‍പെട്ടവനായിരുന്നുവെന്ന് അനുമാനിക്കാം. അടുത്ത സൂറ: 39ല്‍ وَقَارُونَ وَفِرْعَوْنَ وَهَامَانَ (ഖാറൂനെയും, ഫിര്‍ഔനെയും, ഹാമാനെയും (ഓര്‍ക്കുക)) എന്നു പ്രസ്താവിക്കുന്നുണ്ട്. മൂസാ (അ) നബിയുടെ കടുത്ത ശത്രുക്കളില്‍ ഒരു പ്രധാനിയായിരുന്നു അവന്‍ എന്നാണ് ഈ മൂന്നുപേരെയും ഒന്നിച്ചു പറഞ്ഞതില്‍നിന്നു മനസ്സിലാക്കേണ്ടതു. അവന്‍ മൂസാ (അ)ന്‍റെ പിതൃവ്യപുത്രനായിരുന്നുവെന്നും, ആദ്യം അദ്ദേഹത്തെ പിന്‍പറ്റിയിരുന്നുവെന്നും, പിന്നീട് സമ്പത്തും, ആഡംബരശേഷിയും വര്‍ദ്ധിച്ചതോടെ അസൂയയും ധിക്കാരവും മുഴുത്ത് കപടവിശ്വാസിയും ശത്രുവുമായിത്തീര്‍ന്നുവെന്നും പല മുഫസ്സിറുകളും പ്രസ്താവിച്ചു കാണാം. ഈ പ്രസ്താവനകള്‍ മിക്കവാറും ശരിയായിരിക്കുമെന്നാണ് 76-ാം വചനത്തില്‍നിന്നു മനസ്സിലാകുന്നത്.

ബൈബ്ലില്‍ ഖാറൂന്റെ കഥ ഏറെക്കുറെ വിവരിച്ചിട്ടുണ്ട്. അതില്‍ ചില ഭാഗം ഖുര്‍ആന്റെ പ്രസ്താവനക്ക് എതിരില്ലാത്തതാണ്. കോരഹ് എന്ന പേരിലാണ് അതില്‍ ഖാറൂനെക്കുറിച്ച് പ്രതിപാദിച്ചിട്ടുള്ളത്. അതില്‍ ഇങ്ങിനെ കാണാം; ‘എന്നാല്‍ ലേവിയുടെ മകനായ കെഹാത്തിന്‍റെ മകന്‍ യിസ്ഹാറിന്റെ മകന്‍ കോരഹ്, (*)…. ദാഥാന്‍, അബീരാം, …..ഓന്‍ എന്നിവര്‍ യിസ്രായേല്‍ മക്കളില്‍ സദാ പ്രമാണികളും സംഘസദസ്യന്‍മാരും പ്രമാണികളുമായ ഇരുന്നൂറ്റിഅമ്പതു പുരുഷന്‍മാരെ കൂട്ടി മോശെയോടു മത്സരിച്ചു. അവന്‍ മോശെക്കും അഹറോന്നും വിരോധമായി കൂട്ടംകൂടി അവരോടു: മതി, മതി; സഭ ഒട്ടൊഴിയാതെ എല്ലാവരും വിശുദ്ധന്‍മാരാകുന്നു; യഹോവ (ദൈവം) അവരുടെ മദ്ധ്യെ ഉണ്ട്. പിന്നെ നിങ്ങള്‍ യഹോവയുടെ സഭക്കുമീതെ നിങ്ങളെത്തന്നെ ഉയര്‍ത്തുന്നതെന്ത്? എന്നു പറഞ്ഞു….’ (സംഖ്യാ പുസ്തകം, അദ്ധ്യായം : 16.). മോശെ (**)യുടെ പിതാവായ അംറാം കഹാത്തി (***)ന്റെ മകനാണെന്നും ബൈബിള്‍ (പുറപ്പാട്, അ: 6) പറയുന്നു. ബൈബ്ലിന്റെ ഈ പ്രസ്താവനകളും മേല്‍പറഞ്ഞതിനെ അനുകൂലിക്കുന്നവയാണ്. അസൂയയും, ധിക്കാരവും, നേതൃത്വമോഹവും കാരണമാണ് അവന്‍ മൂസാ (അ) നബിക്കും, ഹാറൂന്‍ (അ) നബിക്കും എതിരായി പുറപ്പെട്ട തെന്നാണ് ഈ പ്രസ്താവനയുടെ സാരം.


(*). قارون بن يصهب (او يصهر) بن قاهث
(**). موسى بن عمران بن قاهث
(***). കെഹാത്ത്, കഹാത്ത് എന്നീ രണ്ടു പ്രയോഗങ്ങളും ഒരാളെക്കുറിച്ചു തന്നെയാണെന്നു വേദപുസ്തക നിഖണ്ഡുവില്‍ കാണാം.


ഖാറൂന്‍റെ ധനനിക്ഷേപങ്ങളുടെ താക്കോലുകള്‍പോലും ശക്തന്‍മാരായ ഒരു കൂട്ടം (*) ആളുകള്‍ക്കു ഞെരുങ്ങി എടുക്കുവാന്‍ മാത്രം ഉണ്ടായിരുന്നുവെന്ന് അല്ലാഹു പ്രസ്താവിച്ചതില്‍നിന്നു അവന്‍റെ ധനത്തിന്‍റെ ആധിക്യം മനസ്സിലാക്കാമല്ലോ. مَفَاتِح (‘മഫാതിഹ്’) എന്ന വാക്കിനു താക്കോലുകള്‍ എന്നര്‍ത്ഥം. താക്കോലല്ല ഇവിടെ ഉദ്ദേശ്യമെന്നും സ്വര്‍ണ്ണം, വെള്ളി, മുതലായവ സൂക്ഷിച്ചിട്ടുള്ള ഖജാനകള്‍ കുറെ ആളുകള്‍ക്കു വഹിക്കുവാന്‍ തക്കവണ്ണം വളരെയുണ്ടായിരുന്നുവെന്നാണുദ്ദേശ്യമെന്നും ചിലര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. അല്ലാഹുവിനറിയാം. രണ്ടായാലും അവന്‍റെ ധനാധിക്യത്തെയാണതു കുറിക്കുന്നത്. അവന്‍ അതില്‍ അഹങ്കാരം കൊള്ളുകയും പുളകം കൊള്ളുകയും ചെയ്തു. മൂസാ (അ) മാത്രമല്ല, ജനങ്ങളും അവനെ ഉപദേശിച്ചുനോക്കി. അല്ലാഹു നിനക്കു തന്നരുളിയ ഈ വമ്പിച്ച അനുഗ്രഹങ്ങള്‍ നിന്‍റെ പരലോകഗുണത്തിനും നല്ല കാര്യങ്ങള്‍ക്കുംവേണ്ടി നീ വിനിയോഗിക്കണം, അതേസമയത്ത് ഭൗതികമായ നിന്‍റെ ആവശ്യങ്ങളും സുഖജീവിതവും നീ പാടെ ഉപേക്ഷിക്കേണ്ടതുമില്ല, പക്ഷേ അതിന് ഒരതിരുണ്ടായിരിക്കണം. ധിക്കാരത്തിനും നാട്ടില്‍ കുഴപ്പമുണ്ടാക്കാനും അത് കാരണമാകരുത്. ഈ നില തുടര്‍ന്നാല്‍ അല്ലാഹുവിന്‍റെ കോപത്തിനു നീ വിധേയനായേക്കും എന്നൊക്കെ അവര്‍ ഉപദേശിച്ചു. ഇതൊന്നും അവന്‍ സ്വീകരിച്ചില്ലെന്നു മാത്രമല്ല, തനിക്കുവേണ്ടുന്ന അറിവും, ത്രാണിയും തനിക്കുതന്നെയുണ്ട്. അതുകൊണ്ടുതന്നെയാണ് ഇതെല്ലാം തനിക്കു ലഭിച്ചതും. മറ്റുള്ളവരുടെ മാര്‍ഗ്ഗദര്‍ശനമോ ഉപദേശമോ തനിക്കാവശ്യമില്ല. എന്നിങ്ങനെ പൊങ്ങച്ചം നടിക്കയാണ് അവന്‍ ചെയ്തത്.


(*). عُصْبَة (ഉസ്വ്ബത്ത്) എന്ന വാക്ക് അല്‍പം ആളുകള്‍മാത്രം ഉള്‍ക്കൊള്ളുന്ന സംഘത്തിനാണ് ഉപയോഗിക്കുകയെന്നു സൂ: നൂറില്‍വെച്ച് നാം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.


പക്ഷേ, ഖാറൂനെക്കാള്‍ വമ്പിച്ച ശക്തിയും സ്വാധീനവുമുള്ള എത്രയോ ആളുകള്‍ ഇതുപോലെ ധിക്കാരവും അനുസരണക്കേടും പ്രവര്‍ത്തിച്ചതുനിമിത്തം അല്ലാഹുവിന്‍റെ ശിക്ഷക്കും ശാപകോപത്തിനും പാത്രമായിത്തീര്‍ന്നിട്ടുണ്ടെന്ന വസ്തുത അവന്‍ ഓര്‍ത്തില്ല. ഫിര്‍ഔന്‍റെ ചരിത്രവും, അവനും സൈന്യങ്ങളും ഭൂമിയില്‍വെച്ചുതന്നെ അനുഭവിച്ച ദൈവീകശിക്ഷയും ഖാറൂന്‍ ഇതിനകം കണ്ടുകഴിഞ്ഞതാണല്ലോ. അക്രമവും, ധിക്കാരവും അതിരുകവിയുമ്പോള്‍ അല്ലാഹു ഈ ലോകത്തുവെച്ചുതന്നെ ചില നടപടികള്‍ എടുക്കുന്നു. പരലോകശിക്ഷ അതിനുപുറമെയും. അല്ലാഹു സര്‍വ്വജ്ഞനും, സൂക്ഷ്മജ്ഞനുമാകകൊണ്ട് ശിക്ഷ നടത്തേണ്ടതിനു കുറ്റവാളികളെക്കുറിച്ച് അവന് ഒരന്വേഷണം നടത്തുകയോ അവരുടെ കുറ്റങ്ങളെക്കുറിച്ച് അവരോട് ചോദിച്ചറിയുകയോ ചെയ്യേണ്ടുന്ന ആവശ്യമില്ല. അതു പതിവുമില്ല.

ഖാറൂനെക്കുറിച്ച് പ്രസ്താവിച്ച ഈ വചനങ്ങളില്‍നിന്ന് നമുക്ക് അവനെപ്പറ്റി ചുരുക്കത്തില്‍ ഇത്രയും കാര്യങ്ങള്‍ മനസ്സിലാക്കാവുന്നതാണ്:- അവന്‍ വളരെ വമ്പിച്ച ഒരു ധനികനായിരുന്നു: അതോടുകൂടി (1). അവന്‍ ജനങ്ങളോട് വളരെ ധിക്കാരം പ്രവര്‍ത്തിച്ചിരുന്നു. (2). തനിക്കുലഭിച്ച സമ്പല്‍സമൃദ്ധിയില്‍ അവന്‍ പുളകംകൊള്ളുകയും അഹങ്കരിക്കുകയും ചെയ്തിരുന്നു. (3). പരലോക കാര്യങ്ങളില്‍ അവന്‍ ശ്രദ്ധ പതിച്ചതേയില്ല. അവന്‍റെ ധനവും കഴിവും പരലോക ഗുണത്തിനായി വിനിയോ ഗിക്കാന്‍ ശ്രമിച്ചതുമില്ല. (4). മറ്റുള്ളവര്‍ക്ക് നന്‍മയും ഉപകാരവും ചെയ്തതുമില്ല. (5). നാട്ടില്‍ പലതരം കുഴപ്പമുണ്ടാക്കുകയും ചെയ്തിരുന്നു. (6). തനിക്കു ലഭിച്ച സമ്പത്തും, ഭാഗ്യവുമെല്ലാം തന്‍റെ യോഗ്യതകൊണ്ടു ലഭിച്ചതാണെന്നായിരുന്നു അവന്‍റെ വിചാരം. (7). തനിക്കു മുമ്പ് തന്നെക്കാള്‍ വമ്പിച്ച ശക്തിയും പ്രതാപവും ഉണ്ടായിരുന്ന പലരും അല്ലാഹുവിനെ ധിക്കരിച്ചു ജീവിച്ചതു മൂലം, അവന്‍റെ ശിക്ഷക്കു വിധേയരായിട്ടുണ്ടെന്ന പരമാര്‍ത്ഥം അവന്‍ വിസ്മരിച്ചു കളഞ്ഞു. അഥവാ താന്‍ അല്ലാഹുവിന്‍റെ ശിക്ഷാനടപടിക്കു വിധേയനായേക്കാമെന്ന ബോധം അവന്നുണ്ടായില്ല. (8). സദുപദേശം നല്‍കിയവരുടെ ഉപദേശം സ്വീകരിക്കുവാന്‍ തയ്യാറായില്ലെന്നു മാത്രമല്ല, അവരോട് അഹങ്കാരപൂര്‍വ്വം താന്‍ സ്വീകരിച്ച നിലപാടും തന്‍റെ പ്രവൃത്തിയും ന്യായീകരിക്കുകയാണ് ചെയ്തത്.

ഇതിനെല്ലാം പുറമെ അസൂയ, അധികാരപ്രമത്തത, നേതൃത്വമോഹം, ധനപരമായ കടമകളെ നിഷേധിക്കല്‍ എന്നിവയും അവന്‍റെ ദുസ്വഭാവങ്ങളില്‍ പണ്ഡിതന്‍മാര്‍ രേഖപ്പെടുത്തിക്കാണു ന്നു. മൂസാ (അ) നബിയുടെ പേരില്‍ ചില ആരോപണങ്ങള്‍ അവന്‍ നടത്തിയതായും ചിലര്‍ പ്രസ്താവിക്കുന്നു. അല്ലാഹുവിനറിയാം. ഏതായാലും, കണക്കിലേറെ ധനവും, വേണ്ടത്ര സുഖസൗകര്യങ്ങളും ലഭിച്ചിട്ടുള്ളവരില്‍ – അല്ലാഹു കാത്തുരക്ഷിച്ചവരിലൊഴികെ – പലപ്പോഴും കാണപ്പെടുന്ന സമ്പ്രദായങ്ങളാണിവ. ഇങ്ങിനെയുള്ളവര്‍ക്ക് ഒരു പാഠമായിരിക്കുവാന്‍ വേണ്ടിത്തന്നെയാണ് ഖാറൂന്‍റെ ചരിത്രവും, അവന്‍റെ പര്യവസാനവും അല്ലാഹു ഖുര്‍ആനില്‍ പ്രസ്താവിച്ചതും.

28:79
 • فَخَرَجَ عَلَىٰ قَوْمِهِۦ فِى زِينَتِهِۦ ۖ قَالَ ٱلَّذِينَ يُرِيدُونَ ٱلْحَيَوٰةَ ٱلدُّنْيَا يَـٰلَيْتَ لَنَا مِثْلَ مَآ أُوتِىَ قَـٰرُونُ إِنَّهُۥ لَذُو حَظٍّ عَظِيمٍ ﴾٧٩﴿
 • അങ്ങനെ, അവന്‍ തന്‍റെ ആഡംബരത്തിലായും കൊണ്ട് തന്‍റെ ജനങ്ങളില്‍ പ്രത്യക്ഷപ്പെട്ടു. (ഇതുകണ്ട്) ഐഹികജീവിതത്തെ ഉദ്ദേശിക്കുന്നവര്‍ പറഞ്ഞു: 'ഹാ! ഖാറൂന്ന് നല്‍കപ്പെട്ടതുപോലെ ഞങ്ങള്‍ക്കുമുണ്ടായിരുന്നെങ്കില്‍ നന്നായേനെ! നിശ്ചയമായും അവന്‍ ഒരു വമ്പിച്ച ഭാഗ്യവാന്‍ തന്നെയാണ്!'.
 • فَخَرَجَ അങ്ങനെ അവന്‍ പ്രത്യക്ഷപ്പെട്ടു عَلَىٰ قَوْمِهِ തന്‍റെ ജനങ്ങളില്‍ فِي زِينَتِهِ തന്‍റെ ആഡംബര ത്തില്‍, അലങ്കാരത്തില്‍, മോടിയില്‍ قَالَ പറഞ്ഞു الَّذِينَ يُرِيدُونَ ഉദ്ദേശിക്കുന്നവര്‍ الْحَيَاةَ الدُّنْيَا ഐഹിക ജീവിതത്തെ يَا لَيْتَ ഹാ, ഉണ്ടായിരുന്നെങ്കില്‍ നന്നായേനെ لَنَا ഞങ്ങള്‍ക്കു مِثْلَ مَا യാതൊന്നുപോലെ أُوتِيَ قَارُونُ ഖാറൂന്നു നല്‍കപ്പെട്ട إِنَّهُ നിശ്ചയമായും അവന്‍ لَذُو حَظٍّ ഒരു ഭാഗ്യവാന്‍തന്നെ عَظِيمٍ വമ്പിച്ച
28:80
 • وَقَالَ ٱلَّذِينَ أُوتُوا۟ ٱلْعِلْمَ وَيْلَكُمْ ثَوَابُ ٱللَّهِ خَيْرٌ لِّمَنْ ءَامَنَ وَعَمِلَ صَـٰلِحًا وَلَا يُلَقَّىٰهَآ إِلَّا ٱلصَّـٰبِرُونَ ﴾٨٠﴿
 • അറിവു നല്‍കപ്പെട്ടിട്ടുള്ളവര്‍ പറഞ്ഞു: 'നിങ്ങളുടെ നാശം! വിശ്വസിക്കുകയും സല്‍ക്കര്‍മ്മം പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുള്ളവര്‍ക്കു അല്ലാഹുവിന്‍റെ (പക്കല്‍നിന്നുള്ള) പ്രതിഫലം കൂടുതല്‍ ഉത്തമമായിരിക്കും. സഹനശീലന്‍മാര്‍ക്കല്ലാതെ അതു (സാധിച്ച്) കിട്ടുന്നതുമല്ല.'
 • وَقَالَ പറഞ്ഞു الَّذِينَ أُوتُوا നല്‍കപ്പെട്ടവര്‍ الْعِلْمَ അറിവ് وَيْلَكُمْ നിങ്ങളുടെ കഷ്ടം, നാശം ثَوَابُ اللَّـهِ അല്ലാഹുവിന്‍റെ പ്രതിഫലം, കൂലി خَيْرٌ ഉത്തമമാണ് لِّمَنْ യാതൊരു കൂട്ടര്‍ക്കു آمَنَ വിശ്വസിച്ച وَعَمِلَ صَالِحًا സല്‍ക്കര്‍മ്മം പ്രവര്‍ത്തിക്കുകയും ചെയ്ത وَلَا يُلَقَّاهَا അതു സാധിച്ചു കൊടുക്കപ്പെടുകയില്ല, കിട്ടുകയില്ല إِلَّا الصَّابِرُونَ ക്ഷമാലുക്കള്‍ക്കല്ലാതെ, സഹനശീലന്‍മാര്‍ക്കല്ലാതെ

ഖാറൂന്‍ തന്‍റെ ആര്‍ഭാട സാമഗ്രികള്‍ സഹിതം ആഡംബരപൂര്‍വ്വം പുറത്തുവരുന്നതു കാണുമ്പോള്‍ കാണികളില്‍ അതിന്‍റെ പ്രതികരണം രണ്ടു തരത്തിലാണ് പ്രത്യക്ഷപ്പെട്ടത്. ഒരു തരക്കാര്‍ അതില്‍ ആകൃഷ്ടരാകുന്നു. അവരെ സംബന്ധിച്ചിടത്തോളം ഖാറൂന്‍ ഒരു മഹാഭാഗ്യവാനും അത്യുല്‍കൃഷ്‌ടനുമാണ്. ഹാ, തങ്ങള്‍ക്കും അതുപോലെയുള്ള നിലപാടു ലഭിച്ചിരുന്നുവെങ്കില്‍ നന്നായേനെ! എന്ന് അവര്‍ വ്യാമോഹിക്കുന്നു. ഐഹിക സുഖവും, ഭൗതിക നേട്ടങ്ങളുമാണ് ജീവിതലക്ഷ്യമെന്നു കരുതുന്നവരാണിവര്‍. മറ്റൊരുതരം ആളുകളാകട്ടെ, യാതൊരു നിലയും വിലയും അതിനു കല്‍പിക്കുന്നില്ല. അവരുടെ ദൃഷ്ടിയില്‍ അതെല്ലാം നിസ്സാരമാണ്. അല്ലാഹുവിലും പര ലോകത്തിലും വിശ്വസിച്ചുകൊണ്ട് പ്രസ്തുത കഴിവുകള്‍ യഥാവിധി വിനിയോഗിക്കുന്നപക്ഷം അതിനെക്കാള്‍ എത്രയോ ഉപരിയായ നേട്ടങ്ങള്‍ ലഭിക്കുവാനിരിക്കുന്നുണ്ടെന്നും, അല്ലാത്തപക്ഷം നശ്വരമായ ഈ നേട്ടങ്ങളെല്ലാം ഭാവിയില്‍ ആപത്തായിട്ടാണ് കലാശിക്കുവാനിരിക്കുന്നതെന്നും, അതെല്ലാം കേവലം പരീക്ഷണം മാത്രമാണെന്നും അവര്‍ക്കറിയാം. ആകയാല്‍ അവര്‍ക്ക് അതി ലൊന്നും യാതൊരു മതിപ്പും തോന്നുന്നില്ല. ഐഹികസുഖം ജീവിതാധാരമായി കരുതുന്ന ധനാഢ്യന്‍മാരിലും, അതേ ലക്‌ഷ്യംവെച്ചുകൊണ്ടു അതിനായി അയവിറക്കി കാലം കഴിച്ചുകൂട്ടുന്ന നിര്‍ധനന്‍മാരിലും സാധാരണ കാണപ്പെടാറുള്ള അവസ്ഥ തന്നെയാണിത്. അതെ, ഖാറൂന്‍റെയും അനുയായികളുടെയും സ്വഭാവം. അവരുടെ അറിവിന്‍റെ ആകെത്തുകയും അതുതന്നെയായിരി ക്കും. അല്ലാഹു നബി (സ്വ) യോടു പറയുന്നതു നോക്കുക:

فَأَعْرِضْ عَن مَّن تَوَلَّىٰ عَن ذِكْرِنَا وَلَمْ يُرِدْ إِلَّا الْحَيَاةَ الدُّنْيَا : النجم : ٢٩

(നമ്മുടെ സ്മരണ വിട്ടുതിരിഞ്ഞുകളയുകയും, ഐഹികജീവിതത്തെയല്ലാതെ ഉദ്ദേശിക്കാതിരിക്കുകയും ചെയ്യുന്നവരില്‍നിന്നു നീ ശ്രദ്ധ തിരിച്ചുകൊള്ളുക; അറിവില്‍നിന്നുള്ള അവരുടെ ആകെത്തുകയത്രെ അതു.)

നബി (സ്വ) പ്രസ്താവിച്ചതായി അബൂകബ്ശത്തല്‍ അന്‍മാരി (റ) നിവേദനം ചെയ്യുന്ന ഒരു ഹദീസിന്‍റെ അര്‍ദ്ധഭാഗം ഈ സന്ദര്‍ഭത്തില്‍ ഓര്‍മ്മിക്കുന്നതു നന്നായിരിക്കും. അതിന്‍റെ സാരം ഇതാണ്: ‘ഇഹലോകം നാലുകൂട്ടരുടേതാണ്. അഥവാ നാലു തരക്കാരെ അതില്‍ കാണാം. ഒന്ന്: അല്ലാഹു ധനവും അറിവും നല്‍കിയിട്ടുള്ള മനുഷ്യന്‍. അവന്‍ അതുമൂലം തന്‍റെ റബ്ബിനെ സൂക്ഷിക്കുകയും, അതില്‍ അവന്‍റെ കുടുംബബന്ധം പാലിക്കുകയും ചെയ്യുന്നു; അതില്‍ അല്ലാഹുവിന് ചില അവകാശങ്ങ ളുണ്ടെന്നും അവന്ന് അറിയാം. ഇങ്ങിനെയുള്ളവന്‍ ഏറ്റവും ശ്രേഷ്ഠമായ പദവിയിലുള്ളവനത്രെ. വേറൊരുവന്‍: അല്ലാഹു അവന്ന്‍ അറിവു നല്‍കിയിട്ടുണ്ട്, ധനം കൊടുത്തിട്ടില്ല; എന്നാലവന്‍ നല്ല വിചാരക്കാരനാണ്; എനിക്കു കുറെ ധനമുണ്ടായിരുന്നുവെങ്കില്‍, ഇന്ന ആള്‍ (ആദ്യം പറഞ്ഞ തര ത്തിലുള്ള ആള്‍) പ്രവര്‍ത്തിക്കുന്നതുപോലെ എനിക്കും പ്രവര്‍ത്തിക്കാമായിരുന്നു എന്ന് അവന്‍ കരുതും. അതാണവന്‍റെ ഉദ്ദേശ്യം. അതിനാല്‍, ഈ രണ്ടുപേരുടെയും പ്രതിഫലം ഒരുപോലെയായിരിക്കും. മറ്റൊരുവന്‍: അവന്ന്‍ അല്ലാഹു ധനം നല്‍കി, അറിവു നല്‍കിയിട്ടില്ല, അങ്ങനെ അവന്‍ തന്‍റെ ധനത്തില്‍ തപ്പിവീണു (അനിയന്ത്രിതമായി കൈകാര്യം ചെയ്തു) കൊണ്ടിരിക്കും. അതിലവന്‍ തന്‍റെ റബ്ബിനെ സൂക്ഷിക്കുകയും തന്‍റെ കുടുംബബന്ധം പാലിക്കുകയും ചെയ്കയില്ല. അതില്‍ അല്ലാഹുവിന് അവകാശമുണ്ടെന്ന് അറിയുകയുമില്ല. അതിനാല്‍ ഇവനത്രെ ഏറ്റവും ദുഷിച്ച പദവിക്കാരന്‍. ഇനിയൊരാള്‍: ഇവന്ന് അല്ലാഹു ധനവും നല്‍കിയിട്ടില്ല. അറിവും നല്‍കിയിട്ടില്ല. എന്നിട്ട് ഇവന്‍ പറയും: എനിക്കു കുറെ ധനമുണ്ടായിരുന്നുവെങ്കില്‍ ഞാന്‍ ഇന്ന ആള്‍ (മൂന്നാമത്തേവന്‍) പ്രവര്‍ത്തിക്കുന്നപ്രകാരം പ്രവര്‍ത്തിക്കുമായിരുന്നു എന്ന്. അതാണവന്‍റെ ഉദ്ദേശ്യം. അതി നാല്‍ ഈ രണ്ടു പേരുടെയും കുറ്റം ഒരുപോലെയാകുന്നു.’ (തിര്‍മദി).

80-ാം ആയത്തിന്‍റെ അവസാനം ‘സഹനശീലന്‍മാര്‍ക്കല്ലാതെ അതു സാധിച്ചുകിട്ടുകയില്ല’ (وَلَا يُلَقَّاهَا إِلَّا الصَّابِرُونَ) എന്നു പറഞ്ഞ വാക്യം അറിവു നല്‍കപ്പെട്ട ആ ജനങ്ങളുടെ പ്രസ്താവനയുടെ ഭാഗമായിരിക്കുവാനും, അല്ലാഹുവിന്‍റെ പ്രസ്താവനയായിരിക്കുവാനും സാധ്യതയുണ്ട്. ജനങ്ങളുടെ വാക്യമായിരിക്കുമ്പോള്‍, അല്ലാഹുവിങ്കല്‍നിന്നുള്ള പ്രതിഫലം ലഭിക്കുവാന്‍ സഹനശീലന്‍മാര്‍ക്കേ ഭാഗ്യം ലഭിക്കുകയുള്ളുവെന്നു സാരം. അല്ലാഹുവിന്‍റെ വാക്യമായിരിക്കുമ്പോള്‍, ഇങ്ങനെ പറയുവാനുള്ള മനസ്ഥിതിയും ഭാഗ്യവും സഹനശീലന്‍മാര്‍ക്കല്ലാതെ സിദ്ധിക്കുകയില്ല എന്നും സാരമായിരിക്കും.

28:81
 • فَخَسَفْنَا بِهِۦ وَبِدَارِهِ ٱلْأَرْضَ فَمَا كَانَ لَهُۥ مِن فِئَةٍ يَنصُرُونَهُۥ مِن دُونِ ٱللَّهِ وَمَا كَانَ مِنَ ٱلْمُنتَصِرِينَ ﴾٨١﴿
 • അങ്ങനെ, അവനെയും അവന്‍റെ ഭവനത്തെയും നാം ഭൂമിയില്‍ ആഴ്ത്തിക്കളഞ്ഞു. അപ്പോള്‍, അല്ലാഹുവിനെക്കൂടാതെ തന്നെ സഹായിക്കുന്ന ഒരു കക്ഷിയും അവന്നുണ്ടായില്ല; അവന്‍ (സ്വയം) രക്ഷാനടപടിയെടുക്കുന്നവരില്‍പെട്ടവനുമായില്ല.
 • فَخَسَفْنَا بِهِ അങ്ങനെ നാം അവനെ ആഴ്ത്തി, വിഴുങ്ങിച്ചു وَبِدَارِهِ അവന്‍റെ ഭവനത്തെയും, വീടിനെയും الْأَرْضَ ഭൂമിയില്‍, ഭൂമിയെ(ക്കൊണ്ട്) فَمَا كَانَ അപ്പോള്‍ ഉണ്ടായില്ല لَهُ അവന്നു مِن فِئَةٍ ഒരു കക്ഷിയും, കൂട്ടരും يَنصُرُونَهُ അവനെ സഹായിക്കുന്ന, രക്ഷിക്കുന്ന مِن دُونِ اللَّـهِ അല്ലാഹുവിനെ കൂടാതെ, പുറമെ وَمَا كَانَ അവന്‍ ആയതുമില്ല مِنَ الْمُنتَصِرِينَ സ്വയരക്ഷ പ്രാപിക്കുന്നവരില്‍, രക്ഷാ നടപടിയെടുക്കുന്നവരില്‍.

ഇതായിരുന്നു ഖാറൂന്‍റെ ജീവിതത്തിന്‍റെ അന്ത്യം. ഖുര്‍ആന്‍ ആ സംഭവം ഒറ്റവാക്യത്തില്‍ ചുരുക്കി പറഞ്ഞിരിക്കുകയാണ്. മൂസാ (അ) ഖാറൂന്നും കൂട്ടുക്കാര്‍ക്കും നല്‍കിയ ചില മുന്നറിയിപ്പുകള്‍ ഉദ്ധരിച്ചുകൊണ്ട് ബൈബ്ള്‍ ഈ സംഭവത്തെക്കുറിച്ച് ഇങ്ങിനെ പറഞ്ഞുകാണുന്നു: ‘അവന്‍ ഈ വാക്കുകളെല്ലാം പറഞ്ഞുതീര്‍ന്നപ്പോള്‍, അവരുടെ കീഴെ ഭൂമി പിളര്‍ന്നു. ഭൂമി വായ്‌ തുറന്നു അവരെയും, അവരുടെ കുടുംബങ്ങളെയും കോരഹിനോടു ചേര്‍ന്നിട്ടുള്ള എല്ലാവരെയും അവരുടെ സര്‍വ്വ സമ്പത്തിനെയും വിഴുങ്ങിക്കളഞ്ഞു. അവരും അവരോടു ചേര്‍ന്നിട്ടുള്ള എല്ലാവരും ജീവനോടെ പാതാളത്തിലേക്കിറങ്ങി; ഭൂമി അവരുടെ മേല്‍ അടയുകയും അവര്‍ സഭയുടെ ഇടയില്‍ നിന്നു നശിക്കയും ചെയ്തു.’ (സംഖ്യ അ: 16). ചില ഗ്രന്ഥങ്ങളില്‍ ഈ സംഭവത്തെക്കുറിച്ചു പല വിശദീകരണങ്ങളും കാണാവുന്നതാണ്. പക്ഷേ, ഖുര്‍ആന്‍ പലപ്പോഴും ചെയാറുള്ളതുപോലെ ഇവിടെയും കൂടുതലൊന്നും പ്രസ്താവിച്ചിട്ടില്ല. എന്നിരിക്കെ – ഇബ്നുകഥീര്‍ (റ) പറഞ്ഞതുപോലെ – കേവലം ‘ഇസ്രാഈലിയ്യാത്തു’കളായ ആ പ്രസ്താവനകളില്‍ നാം ശ്രദ്ധ കൊടുക്കേണ്ടതില്ല. ഖാറൂനെ മഹാ ഭാഗ്യവാനായി ഗണിച്ചിരുന്നവര്‍ക്കു അവന്‍റെ സംഭവം കണ്ടപ്പോള്‍ ബോധംവീണു:

28:82
 • وَأَصْبَحَ ٱلَّذِينَ تَمَنَّوْا۟ مَكَانَهُۥ بِٱلْأَمْسِ يَقُولُونَ وَيْكَأَنَّ ٱللَّهَ يَبْسُطُ ٱلرِّزْقَ لِمَن يَشَآءُ مِنْ عِبَادِهِۦ وَيَقْدِرُ ۖ لَوْلَآ أَن مَّنَّ ٱللَّهُ عَلَيْنَا لَخَسَفَ بِنَا ۖ وَيْكَأَنَّهُۥ لَا يُفْلِحُ ٱلْكَـٰفِرُونَ ﴾٨٢﴿
 • ഇന്നലെ അവന്‍റെ സ്ഥാനത്തിന് കൊതിച്ചുകൊണ്ടിരുന്നവര്‍ (ഇന്ന്) പുലര്‍ച്ചക്കു പറയുകയായി: 'അഹോ!' അല്ലാഹു അവന്‍റെ അടിയാന്‍മാരില്‍നിന്ന് താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഉപജീവനം [ജീവിതവിഭവം] വിശാലപ്പെടുത്തിക്കൊടുക്കുകയും (താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക്) കണക്കാക്കി [കുടുസ്സാക്കി] കൊടുക്കുകയും ചെയ്യുന്നതാണെന്നു തോന്നുന്നു! നമ്മളില്‍ അല്ലാഹു ദാക്ഷിണ്യം ചെയ്തിട്ടില്ലായിരുന്നുവെങ്കില്‍, നമ്മെയും അവന്‍ (ഭൂമിയില്‍) ആഴ്ത്തുമായിരുന്നു! 'അഹോ! കാര്യം, അവിശ്വാസികള്‍ ജയിക്കുകയില്ലെന്നുതന്നെ തോന്നുന്നു!'.
 • وَأَصْبَحَ രാവിലെ (പുലര്‍ച്ചക്ക്) ആയി الَّذِينَ تَمَنَّوْا കൊതിച്ചവര്‍, വ്യാമോഹിച്ചവര്‍ مَكَانَهُ അവന്‍റെ സ്ഥാനം بِالْأَمْسِ ഇന്നലെ يَقُولُونَ പറയുക(യായി) وَيْ അഹോ, ഹാ (ആശ്ചര്യം തന്നെ) كَأَنَّ اللَّـهَ അല്ലാഹു ആകുന്നപോലെയിരിക്കുന്നു (തോന്നുന്നു) يَبْسُطُ അവന്‍ വിശാലമാക്കും (എന്നപോലെ) الرِّزْقَ ഉപജീവനം, ആഹാരം, ജീവിതവിഭവം لِمَن يَشَاءُ അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് مِنْ عِبَادِهِ തന്‍റെ അടിയാന്‍മാരില്‍നിന്നു وَيَقْدِرُ അവന്‍ കണക്കാക്കുകയും, (കുടുസ്സാക്കുകയും)ചെയ്യും لَوْلَا ഇല്ലായിരുന്നുവെങ്കി ല്‍ أَن مَّنَّ ദാക്ഷിണ്യം (നന്‍മ, അനുഗ്രഹം) ചെയ്യല്‍ اللَّـهُ അല്ലാഹു عَلَيْنَا നമ്മുടെ മേല്‍ لَخَسَفَ بِنَا അവന്‍ നമ്മെ ആഴ്ത്തുമായിരുന്നു وَيْكَأَنَّهُ അഹോ കാര്യം ആയതുപോലെ ഇരിക്കുന്നു (തോന്നുന്നു) لَا يُفْلِحُ വിജയിക്കുകയില്ല, ഭാഗ്യം പ്രാപിക്കയില്ല (എന്നപോലെ) الْكَافِرُونَ അവിശ്വാസികള്‍, നന്ദികെട്ടവര്‍

അതെ, ധനവും, സുഖസൗകര്യങ്ങളും മനുഷ്യന്‍റെ സാക്ഷാല്‍ ഭാഗ്യത്തെയോ, നന്‍മയെയോ യോഗ്യതയെയോ നിര്‍ണ്ണയിക്കുന്ന ഒരു അളവുകോലല്ല; ജീവിതത്തിലെ സുഖസൗകര്യങ്ങള്‍ അല്ലാഹു ചിലര്‍ക്കു കൂടുതലായും, ചിലര്‍ക്കു കുറവായും നല്‍കുന്നു; അതവന്‍റെ ഉദ്ദേശമനുസരിച്ചു നടക്കുന്നുവെന്നല്ലാതെ അതിനൊരു മാനദണ്ഡം നിശ്ചയിക്കുവാനോ, അതില്‍ കൈകടത്തുവാനോ ആര്‍ക്കും സാദ്ധ്യമല്ല; അവന്‍റെ നിയമത്തിനും ഇഷ്ടത്തിനും എതിരായി അവ വിനിയോഗിക്കുവാന്‍ മനുഷ്യനവകാശമില്ല; അവന്‍ നല്‍കിയ വിഭവങ്ങള്‍ തന്നിഷ്ടപ്രകാരം വിനിയോഗിക്കുന്നതു അവനോടുള്ള നന്ദികേടും, അവനില്‍ വിശ്വാസമില്ലായ്മയുമാണ്‌; ഇങ്ങിനെയുള്ളവര്‍ അവസാനം പരാജയത്തിലും നാശത്തിലും കലാശിക്കുകതന്നെ ചെയ്യും; എന്നൊക്കെ അവര്‍ക്കു ബോധ്യമായി. ഖാറൂന്‍റെ ധിക്കാരം കൂടുതല്‍ മുഴുത്തു കാണുകയുണ്ടായതു പരലോകവിഷയങ്ങളെക്കുറിച്ച് അവനെ ഉപദേശിച്ചപ്പോഴാണല്ലോ. എന്നാല്‍ പരലോകഗുണത്തിന് അര്‍ഹരായുള്ളവര്‍ ആരായിരിക്കുമെന്ന് അടുത്ത വചനത്തില്‍ അല്ലാഹു ചൂണ്ടിക്കാട്ടുന്നു:-

വിഭാഗം - 9

28:83
 • تِلْكَ ٱلدَّارُ ٱلْـَٔاخِرَةُ نَجْعَلُهَا لِلَّذِينَ لَا يُرِيدُونَ عُلُوًّا فِى ٱلْأَرْضِ وَلَا فَسَادًا ۚ وَٱلْعَـٰقِبَةُ لِلْمُتَّقِينَ ﴾٨٣﴿
 • ആ പരലോകഭവനം, ഭൂമിയില്‍ ഔന്നത്യമാകട്ടെ, കുഴപ്പമാകട്ടെ ഉദ്ദേശിക്കാത്തവര്‍ക്കത്രെ നാം ഏര്‍പ്പെടുത്തിക്കൊടുക്കുക. (ശുഭമായ) പര്യവസാനം ഭയഭക്തന്മാര്‍ക്കാകുന്നു.
 • تِلْكَ الدَّارُ ആ ഭവനം الْآخِرَةُ പരലോകമാകുന്ന نَجْعَلُهَا നാം അതിനെ ഏര്‍പ്പെടുത്തുന്നു, ആക്കുന്നു لِلَّذِينَ യാതൊരു കൂട്ടര്‍ക്കു لَا يُرِيدُونَ ഉദ്ദേശിക്കാത്ത عُلُوًّا മേന്‍മ, ഔന്നത്യം فِي الْأَرْضِ ഭൂമിയില്‍, നാട്ടി ല്‍ وَلَا فَسَادًا കുഴപ്പത്തെയും തന്നെ وَالْعَاقِبَةُ പര്യവസാനം (അന്ത്യഗുണം) لِلْمُتَّقِينَ ഭയഭക്തന്മാര്‍ക്കാണ്, സൂക്ഷമതയുള്ളവര്‍ക്കാണ്
28:84
 • مَن جَآءَ بِٱلْحَسَنَةِ فَلَهُۥ خَيْرٌ مِّنْهَا ۖ وَمَن جَآءَ بِٱلسَّيِّئَةِ فَلَا يُجْزَى ٱلَّذِينَ عَمِلُوا۟ ٱلسَّيِّـَٔاتِ إِلَّا مَا كَانُوا۟ يَعْمَلُونَ ﴾٨٤﴿
 • ആര്‍ നന്‍മയും കൊണ്ടുവന്നുവോ അവനു അതിനെക്കാള്‍ ഉത്തമമായതുണ്ടായിരിക്കും; ആരെങ്കിലും തിന്‍മയും കൊണ്ടുവന്നാല്‍, തിന്‍മകള്‍ പ്രവര്‍ത്തിച്ചവര്‍ക്ക് അവര്‍ പ്രവര്‍ത്തിച്ചിരുന്നതിനല്ലാതെ പ്രതിഫലം നല്‍കപ്പെടുന്നതുമല്ല.
 • مَن جَاءَ ആര്‍ വന്നുവോ, ആരെങ്കിലും വന്നാല്‍ بِالْحَسَنَةِ നന്‍മ (സല്‍ക്കാര്യം) കൊണ്ടു فَلَهُ എന്നാ ലവന്നുണ്ടു خَيْرٌ ഉത്തമമായതു, കൂടുതല്‍ നല്ലതു مِّنْهَا അതിനെക്കാള്‍ وَمَن جَاءَ ആരെങ്കിലും വന്നാല്‍ بِالسَّيِّئَةِ തിന്മയും കൊണ്ടു فَلَا يُجْزَى എന്നാല്‍ പ്രതിഫലം നല്‍കപ്പെടുകയില്ല الَّذِينَ عَمِلُوا പ്രവര്‍ത്തിച്ചവര്‍ക്കു السَّيِّئَاتِ തിന്‍മകളെ إِلَّا مَا യാതൊന്നിനല്ലാതെ كَانُوا يَعْمَلُونَ അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന

കഴിഞ്ഞ ആയത്തുകളിലും മറ്റും പരലോകത്തെപ്പറ്റി പ്രസ്താവിക്കുകയുണ്ടായല്ലോ. ആ മഹത്തായ ഭവനം – അതെ, സകലവിധ സുഖൈശ്വര്യങ്ങളും സമ്പൂര്‍ണ്ണമായ സ്വര്‍ഗ്ഗീയ ഭവനം – ഈ ലോകത്തു അഹംഭാവവും ഗര്‍വ്വും നടിക്കാതെ, അക്രമവും അനീതിയും ചെയ്യാതെ, വിനയത്തോടും, മര്യാദയോടും, അച്ചടക്കത്തോടുംകൂടി ജീവിക്കുന്ന സജ്ജനങ്ങള്‍ക്കാണ് അല്ലാഹു നല്‍കുക. നബി (സ്വ) തിരുമേനി അരുളിചെയ്ത ചില വചനങ്ങള്‍ ഇവിടെ ശ്രദ്ധേയമാകുന്നു:-

(1). إِنَّ اللَّهَ أَوْحَى إِلَيَّ أَنْ تَوَاضَعُوا حَتَّى لَا يَبْغِيَ أَحَدٌ عَلَى أَحَدٍ، وَلَا يَفْخَرَ أَحَدٌ عَلَى أَحَدٍ – رواه مسلم
(2). ما نَقَصَتْ صَدَقَةٌ مِنْ مَالٍ وَمَا زَادَ اللَّهُ عَبْدًا بِعَفْوٍ إِلَّا عِزًّا وَمَا تَوَاضَعَ أَحَدٌ لِلَّهِ إِلَّا رَفَعَهُ اللَّهُ : مسلم
(3). لا يَدْخُلُ الْجَنَّةَ مَنْ كَانَ فِي قَلْبِهِ مِثْقَالُ ذَرَّةٍ مِنْ كِبْرٍ، قَالَ رَجُلٌ: إِنَّ الرَّجُلَ يُحِبُّ أَنْ يَكُونَ ثَوْبُهُ حَسَنًا، وَنَعْلُهُ حَسَنَةً، قَالَ: إِنَّ اللَّهَ جَمِيلٌ يُحِبُّ الْجَمَالَ، الْكِبْرُ بَطَرُ الْحَقِّ، وَغَمْطُ النَّاسِ: مسلم
(4). إن الله يحب العبد التَّقيَّ الغنيَّ الخفيَّ : مسلم
(5). لا ينظرُ الله يوم القيامة إلى مَنّ جرَّ إزارَهُ بطراً : متفق عليه

അര്‍ത്ഥം: (1). ഒരാള്‍ ഒരാളോട് അന്തസ്സു നടിക്കാതെയും, ഒരാള്‍ ഒരാളോട് അതിക്രമം പ്രവര്‍ത്തിക്കാതെയും ഇരിക്കത്തക്കവണ്ണം നിങ്ങള്‍ അന്യോന്യം വിനയം കാണിക്കണമെന്ന് അല്ലാഹു എനിക്ക് വഹ്-യു നല്‍കിയിരിക്കുന്നു. (2). യാതൊരു ദാനധര്‍മ്മവും തന്നെ ധനത്തില്‍ കുറവു വരുത്തുന്നതല്ല; മാപ്പു നല്‍കുന്നതുമൂലം ഏതൊരു അടിയാന്നും വീര്യം (യോഗ്യത) അല്ലാതെ അല്ലാഹു വര്‍ദ്ധിപ്പിക്കുന്നതുമല്ല; അല്ലാഹുവിന്നുവേണ്ടി – അല്ലാഹുവിന്‍റെ പ്രതിഫലം ഉദ്ദേശിച്ച് – ഏതൊരുവനും വിനയം കാണിക്കുന്നതായാല്‍ അല്ലാഹു അവനെ ഉയര്‍ത്താതിരിക്കുന്നതുമല്ല. (3). ഒരു അണുഅളവ് അഹംഭാവം ആരുടെയെങ്കിലും ഹൃദയത്തില്‍ ഉണ്ടായിരുന്നാല്‍ അവന്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുകയില്ല. ഇതു പറഞ്ഞപ്പോള്‍ ഒരു പുരുഷന്‍ ചോദിച്ചു: ഒരു മനുഷ്യന്‍ അവന്‍റെ വസ്ത്രം നല്ലതായിരിക്കണമെന്നും, തന്‍റെ ചെരിപ്പ് നല്ലതായിരിക്കണമെന്നും ഇഷ്ടപ്പെടുന്നു – ഇതു അഹംഭാവമാണോ? തിരുമേനി (സ്വ) പറഞ്ഞു: അല്ലാഹു സുന്ദരനാണ്; അവന്‍ സൗന്ദര്യം ഇഷ്ടപ്പെടുന്നു. അഹംഭാവം എന്നാല്‍, ന്യായമായ കാര്യത്തോടു ഗര്‍വ്വ്‌ (ധിക്കാരം) കാണിക്കുകയും, ജനങ്ങളോടു പുച്ഛം കാണിക്കലുമാണ്. (4). ഭയഭക്തനും, ധനികനും (ജനമദ്ധ്യെ പേരും കീര്‍ത്തിയും ആര്‍ജ്ജിക്കാതെ) അജ്ഞാതനുമായുള്ള അടിയാനെ അല്ലാഹു ഇഷ്ടപ്പെടുന്നു.’ (5). ഗര്‍വ്വു കാരണം വസ്ത്രം ഇഴച്ചു നടക്കുന്നവനിലേക്ക് ഖിയാമത്തുനാളില്‍ അല്ലാഹു (കോപം നിമിത്തം) നോക്കുന്നതല്ല. [അവസാനത്തെ ഹദീസ് ബുഖാരിയും മുസ്‌ലിമും (റ) ഉദ്ധരിച്ചതും, ബാക്കിയെല്ലാം മുസ്‌ലിം ഉദ്ധരിച്ചതുമാണ്.].

84-ാം ആയത്തിന്‍റെ ആശയം സ്പഷ്ടമാണ്. കഴിഞ്ഞ സൂ: 89-ാം വചനത്തിന്‍റെ വിവരണത്തില്‍ പറഞ്ഞ കാര്യങ്ങള്‍ ഇവിടെയും ശ്രദ്ധേയമാകുന്നു.

28:85
 • إِنَّ ٱلَّذِى فَرَضَ عَلَيْكَ ٱلْقُرْءَانَ لَرَآدُّكَ إِلَىٰ مَعَادٍ ۚ قُل رَّبِّىٓ أَعْلَمُ مَن جَآءَ بِٱلْهُدَىٰ وَمَنْ هُوَ فِى ضَلَـٰلٍ مُّبِينٍ ﴾٨٥﴿
 • (നബിയേ) നിശ്ചയമായും, നിനക്കു ഖുര്‍ആനെ നിയമിച്ചു തന്നിട്ടുള്ളവന്‍, നിന്നെ ഒരു മടക്ക സ്ഥാനത്തേക്ക് തിരിച്ചുകൊണ്ടുവരുന്നവനാകുന്നു. പറയുക: 'സന്‍മാര്‍ഗ്ഗം കൊണ്ടുവന്നിട്ടുള്ളതാരാണെന്നും, ഏതൊരുവനാണ് സ്പഷ്ടമായ ദുര്‍മ്മാര്‍ഗ്ഗത്തിലുള്ളവനെന്നും എന്‍റെ റബ്ബ് നല്ലവണ്ണം അറിയുന്നവനാണ്.'
 • إِنَّ നിശ്ചയമായും الَّذِي فَرَضَ നിയമിച്ചവന്‍, നിര്‍ബ്ബന്ധമാക്കിയവന്‍ عَلَيْكَ നിന്‍റെ മേല്‍ الْقُرْآنَ ഖുര്‍ആനെ لَرَادُّكَ നിന്നെ തിരിച്ചുകൊണ്ടുവരുന്നവന്‍ (ആക്കുന്നവന്‍) തന്നെയാണ് إِلَىٰ مَعَادٍ ഒരു മടക്കസ്ഥാനത്തേക്ക് قُل പറയുക رَّبِّي എന്‍റെ റബ്ബ് أَعْلَمُ നല്ലവണ്ണം (ഏറ്റവും) അറിയുന്നവനാണ് مَن جَاءَ വന്നവനെ, വന്നതാരാണെന്നു بِالْهُدَىٰ സന്മാര്‍ഗ്ഗവും കൊണ്ട് وَمَنْ ഒരുവനെയും, ആരാണെന്നും هُوَ അവന്‍ فِي ضَلَالٍ ദുര്‍മ്മാര്‍ഗ്ഗത്തിലാണ്, വഴിപിഴവിലാണ് مُّبِينٍ വ്യക്തമായ

ഈ വചനം മദീനാ ഹിജ്രക്കിടയില്‍ ജൂഹ്ഫാ (الجحفة)യില്‍വെച്ച് അവതരിച്ചതാണെന്നു സൂറത്തിന്‍റെ പ്രാരംഭത്തില്‍ നാം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നബി (സ്വ) മക്കായില്‍ നിന്നു ഗൂഢമായി പുറപ്പെട്ട് രണ്ടു മൂന്ന് ദിവസം ഥൌര്‍ മലയിലെ (ثور) ഗുഹയില്‍ ഒളിച്ചിരുന്നശേഷം അതില്‍നിന്നു പുറത്തുവന്ന പ്പോള്‍, പിതൃദേശത്തേക്കുതന്നെ തിരിച്ചു പോയാല്‍കൊള്ളാമെന്ന് ആഗ്രഹം തോന്നുകയുണ്ടായെന്നും, അപ്പോഴാണ്‌ ഈ വചനം അവതരിച്ചതെന്നും മുഖാത്തില്‍ (مقاتل – رح) പ്രസ്താവിച്ചതായി നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്. ഇതനുസരിച്ച് ‘മടക്കസ്ഥാനം’ (مَعَاد) കൊണ്ടുള്ള വിവക്ഷ മക്കയായിരിക്കുന്നതാണ്. മറ്റു ചില മഹാന്‍മാരുടെ അഭിപ്രായവും ഇതുതന്നെ. അപ്പോള്‍, ചരിത്ര പ്രസിദ്ധമായ മക്കാ വിജയം ഉണ്ടായതോടുകൂടി അല്ലാഹുവിന്‍റെ ഈ വാഗ്ദാനം – മടക്കസ്ഥാനത്തേക്ക് തിരിച്ചുകൊണ്ടുവരുമെന്ന വാഗ്ദാനം – പാലിക്കപ്പെടുകയും ചെയ്തു. നബി (സ്വ)യെ സംബന്ധിച്ചിടത്തോളം ഇതൊരു പ്രവചനവും, അതിന്‍റെ സാക്ഷാല്‍ക്കാരം അവിടുത്തെ പ്രവാചകത്വത്തിന് ഒരു ദൃഷ്ടാന്തവുമായിരിക്കും. ‘നിനക്കു ഖുര്‍ആനെ നിയമിച്ചുതന്നു’ (فَرَضَ عَلَيْكَ الْقُرْآنَ) എന്നതിന്‍റെ താൽപര്യം, അത് പാരായണം ചെയ്യുന്നതും. അനുഷ്ഠാനത്തില്‍ വരുത്തുന്നതുമെല്ലാം നിര്‍ബ്ബന്ധമാക്കിയിരിക്കുന്നുവെന്നത്രെ.

‘മടക്കസ്ഥാനം’ എന്നു പറഞ്ഞതു പരലോകത്തെ ഉദ്ദേശിച്ചാണെന്നും, സ്വര്‍ഗ്ഗത്തെ ഉദ്ദേശിച്ചാണെന്നും, ഖിയാമത്തുനാളില്‍ നബി (സ്വ)ക്കു നല്‍കപ്പെടുമെന്ന് ഖുര്‍ആനില്‍ (17: 79 ല്‍) സൂചിപ്പിക്കപ്പെട്ടിട്ടുള്ള ആ ‘പ്രശംസനീയ സ്ഥാന’ത്തെ (المقام المحمود) ഉദ്ദേശിച്ചാണെന്നും ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ക്കിടയില്‍ അഭിപ്രായങ്ങളുണ്ട്.

28:86
 • وَمَا كُنتَ تَرْجُوٓا۟ أَن يُلْقَىٰٓ إِلَيْكَ ٱلْكِتَـٰبُ إِلَّا رَحْمَةً مِّن رَّبِّكَ ۖ فَلَا تَكُونَنَّ ظَهِيرًا لِّلْكَـٰفِرِينَ ﴾٨٦﴿
 • നിനക്കു വേദഗ്രന്ഥം കിട്ടുമെന്നു നീ പ്രതീക്ഷിക്കുന്നുണ്ടായിരുന്നില്ല (അഥവാ ആഗ്രഹിക്കുന്നുണ്ടായിരുന്നില്ല); എങ്കിലും, നിന്‍റെ രക്ഷിതാവിങ്കല്‍ നിന്നുള്ള കാരുണ്യമായിട്ടത്രെ (നിനക്കതു കിട്ടിയത്). ആകയാല്‍, നിശ്ചയമായും നീ അവിശ്വാസികള്‍ക്ക്‌ പിന്‍തുണ നല്‍കുന്നവനായിരിക്കരുത്.
 • وَمَا كُنتَ നീ ആയിരുന്നില്ല, ഉണ്ടായിരുന്നില്ല تَرْجُو പ്രതീക്ഷിക്കുക, ആഗ്രഹിക്കുക, അഭിലഷി ക്കുക أَن يُلْقَىٰ ഇട്ടുതരപ്പെടുമെന്ന്, കിട്ടുമെന്ന്, നല്‍കപ്പെടുന്നതു إِلَيْكَ നിനക്ക്, നിങ്കലേക്കു الْكِتَابُ ഗ്രന്ഥം, വേദഗ്രന്ഥം إِلَّا رَحْمَةً എങ്കിലും കാരുണ്യമായിട്ടു, അനുഗ്രഹമായിട്ടല്ലാതെ مِّن رَّبِّكَ നിന്‍റെ രക്ഷിതാവിങ്കല്‍നിന്നു فَلَا تَكُونَنَّ അതിനാല്‍ തീര്‍ച്ചയായും നീ ആകരുത് ظَهِيرًا പിന്‍തുണ നല്‍കുന്നവന്‍ സഹായി, അരു നില്‍ക്കുന്നവന്‍ لِّلْكَافِرِينَ അവിശ്വാസികള്‍ക്കു

ഒരു വേദഗ്രന്ഥം ലഭിക്കുമെന്ന പ്രതീക്ഷയാകട്ടെ, ലഭിക്കേണമെന്ന ആഗ്രഹമാകട്ടെ നബി (സ്വ)ക്ക് ഉണ്ടായിരുന്നില്ല; അല്ലാഹു അവന്‍റെ അനുഗ്രഹവും കാരുണ്യവുംകൊണ്ടുമാത്രം, അവിടുത്തേക്ക്‌ ഖുര്‍ആന്‍ അവതരിപ്പിച്ചു കൊടുത്തതാണ് എന്ന് ഈ വചനം സ്പഷ്ടമാക്കുന്നു. പ്രവാചകത്വം സിദ്ധിക്കലും, വേദഗ്രന്ഥം ലഭിക്കലും മനുഷ്യന്‍റെ പരിശ്രമംകൊണ്ടോ, യോഗ്യതകൊണ്ടോ, ആഗ്രഹം കൊണ്ടോ ഒന്നും സാധ്യമാകുന്ന കാര്യമല്ല. ഏതൊരാളെ അവമൂലം അനുഗ്രഹിക്കുവാന്‍ അല്ലാഹു ഉദ്ദേശിക്കുന്നുവോ അവര്‍ക്കതു അവന്‍ നല്‍കുമെന്നേയുള്ളു. അതിന് അവന്‍ ഇഷ്ടപ്പെടുന്നവരെ അവന്‍തന്നെ തിരഞ്ഞെടുക്കുന്നു. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ പ്രവാചകത്വവും വേദഗ്രന്ഥവും മനുഷ്യന്‍റെ പ്രവര്‍ത്തനഫലമായി സിദ്ധിക്കുന്നത് (الكسبى) അല്ല, നേരെമറിച്ച് അല്ലാഹുവിനാല്‍ പ്രദാനം ചെയ്യപ്പെടുന്നത് (الوهي) ആകുന്നു. ഇസ്‌ലാമിലെ സര്‍വ്വ സ്വീകാര്യമായ ഒരടിസ്ഥാനതത്വമത്രെ ഇത്. ഈ തത്വത്തിനെതിരായി ഏതെങ്കിലും തല്പരകക്ഷികളില്‍നിന്നോ, ഇസ്ലാമിന്‍റെ ശത്രുക്കളില്‍നിന്നോ ഇറക്കുമതി ചെയ്യപ്പെട്ടിട്ടുള്ള യാതൊരു നിര്‍വ്വചനവും, ഏതൊരു വ്യാഖ്യാനവും ഇസ്‌ലാമിലെ പ്രവാചകത്വത്തിന്‍റെ നിര്‍വ്വചനമോ വ്യാഖ്യാനമോ അല്ലതന്നെ. അതെല്ലാം ‘കുഫ്റും’ അതിനെ അനുകൂലിക്കുന്നതു കുഫ്റിനു അരു നില്‍ക്കലുമത്രെ.

ഇസ്‌ലാമിക പ്രമാണങ്ങളില്‍ നിന്നോ, പഠിച്ചറിഞ്ഞ പണ്ഡിതന്‍മാരില്‍നിന്നോ അല്ലാതെ പാശ്ചാത്യന്‍ സാഹിത്യങ്ങള്‍ വഴി ഇസ്‌ലാമിനെ പരിചയപ്പെടുന്ന ചിലര്‍ക്കും തത്വശാസ്ത്രത്തിന്‍റെയും ബുദ്ധിയുടെയും അടിസ്ഥാനത്തില്‍മാത്രം പ്രവാചകത്വത്തെ വ്യാഖ്യാനിക്കുവാന്‍ മുതിരുന്ന ചിലര്‍ക്കും ഈ തത്വം ഗ്രഹിക്കുവാന്‍ കഴിയാതെ വമ്പിച്ച അമളി പിണയാറുണ്ട്. നബി (സ്വ) തിരുമേനി പ്രവാചകത്വം ലഭിക്കുന്നതിനുമുമ്പ് ഹിറാ മലയിലെ ഗുഹയില്‍ പോയി ഏകാന്തവാസം ചെയ്തിരുന്നത്, ഈ ലോകത്തെ സത്യത്തിലേക്കു നയിക്കുവാനുള്ള ഒരു വെളിച്ചം തേടിക്കൊണ്ടായിരുന്നുവെന്നും, അതിനായി ഒരു ആത്മീയപരിശ്രമം നടത്തുകയായിരുന്നു അവിടുന്നു ചെയ്തിരുന്നതെന്നും, അങ്ങിനെയിരിക്കെയാണ് ആ തേടിയ വെളിച്ചം – അതെ, വഹ്‌യ് – പെട്ടെന്ന്‍ ലഭിച്ചതെന്നും ഇവര്‍ പ്രസ്താവിക്കുന്നതു കാണാം. ഈ ചിത്രീകരണം യഥാര്‍ത്ഥത്തില്‍ പ്രവാചകത്വത്തിന്‍റെ അടിത്തറയെത്തന്നെ പൊളിച്ചു കളയുന്നതാണെന്ന് ഇവര്‍ മനസ്സിലാക്കാത്തതാണ് അത്ഭുതം. ഈ ഒരു ആയത്തില്‍ മാത്രമല്ല, ഒന്നിലധികം സ്ഥലത്ത് ഖുര്‍ആന്‍ ചെയ്ത വ്യക്തമായ പ്രസ്താവനകള്‍ക്കും, ബലവത്തായ പല ഹദീസുകള്‍ക്കും വിരുദ്ധമാണിത്. മലക്കുകളില്‍നിന്നും മനുഷ്യരില്‍നിന്നും ദൂതന്‍മാരെ അല്ലാഹു തിരഞ്ഞെടുക്കുകയാണ് ചെയ്യുന്നത് എന്നു സൂ: ഹജ്ജ് 75ല്‍ അല്ലാഹു പറഞ്ഞതു നാം കണ്ടു. സൂ: ശൂറായില്‍ അല്ലാഹു പറയുന്നു:

مَا كُنتَ تَدْرِى مَا ٱلْكِتَـٰبُ وَلَا ٱلْإِيمَـٰنُ وَلَـٰكِن جَعَلْنَـٰهُ نُورًا نَّهْدِى بِهِۦ مَن نَّشَآءُ مِنْ عِبَادِنَا – الشورى ٥٢

(കിത്താബ് – വേദഗ്രന്ഥം – എന്താണെന്നോ, ഈമാന്‍ – സത്യവിശ്വാസം – എന്താണെന്നോ നിനക്കറിയുമായിരുന്നില്ല. എങ്കിലും, നാം ഇതിനെ നമ്മുടെ അടിയാന്‍മാരില്‍നിന്ന് നാം ഉദ്ദേശിക്കുന്നവര്‍ക്ക് മാര്‍ഗ്ഗദര്‍ശനം നല്‍കുന്ന ഒരു പ്രകാശമാക്കിയിരിക്കുകയാണ്.) കൂടുതല്‍ വിവരം അവിടെവെച്ചാവാം. إِنْ شَاءَ اللَّهُ

28:87
 • وَلَا يَصُدُّنَّكَ عَنْ ءَايَـٰتِ ٱللَّهِ بَعْدَ إِذْ أُنزِلَتْ إِلَيْكَ ۖ وَٱدْعُ إِلَىٰ رَبِّكَ ۖ وَلَا تَكُونَنَّ مِنَ ٱلْمُشْرِكِينَ ﴾٨٧﴿
 • അല്ലാഹുവിന്‍റെ ലക്ഷ്യങ്ങള്‍ നിനക്കു അവതരിപ്പിക്കപ്പെട്ടതിനുശേഷം, അവയില്‍നിന്ന് നിന്നെ അവര്‍ [അവിശ്വാസികള്‍] തടഞ്ഞുകളയുകയും ചെയ്യരുത്. നീ നിന്‍റെ രക്ഷിതാവിങ്കലേക്ക് ക്ഷണിക്കുകയും ചെയ്യണം; ബഹുദൈവ വിശ്വാസികളില്‍ പെട്ടുപോകയും ചെയ്യരുത്.
 • وَلَا يَصُدُّنَّكَ അവർ നിന്നെ തടഞ്ഞു കളയുകയും ചെയ്യരുതു عَنْ آيَاتِ اللَّـهِ അല്ലാഹുവിന്‍റെ ലക്ഷ്യങ്ങളില്‍നിന്ന് بَعْدَ إِذْ أُنزِلَتْ അവ അവതരിക്കപ്പെട്ട (ഇറക്കപ്പെട്ട)തിനുശേഷം إِلَيْكَ നിനക്കു, നിങ്കലേക്കു وَادْعُ ക്ഷണിക്കുകയും ചെയ്യുക إِلَىٰ رَبِّكَ നിന്‍റെ രക്ഷിതാവിങ്കലേക്കു وَلَا تَكُونَنَّ നിശ്ചയമായും നീ ആകുകയും അരുതു (പെട്ടുപോകരുത്) مِنَ الْمُشْرِكِينَ ബഹുദൈവ വിശ്വാസികളില്‍, പങ്കുചേര്‍ക്കുന്നവരില്‍

28:88
 • وَلَا تَدْعُ مَعَ ٱللَّهِ إِلَـٰهًا ءَاخَرَ ۘ لَآ إِلَـٰهَ إِلَّا هُوَ ۚ كُلُّ شَىْءٍ هَالِكٌ إِلَّا وَجْهَهُۥ ۚ لَهُ ٱلْحُكْمُ وَإِلَيْهِ تُرْجَعُونَ ﴾٨٨﴿
 • അല്ലാഹുവോടുകൂടെ വേറെ ഒരു ആരാധ്യനെ നീ വിളി(ച്ചു പ്രാര്‍ത്ഥി)ക്കുകയും അരുത്; അവനല്ലാതെ ആരാധ്യനേയില്ല. അവന്‍റെ തിരുമുഖം ഒഴികെ എല്ലാ വസ്തുക്കളും നാശമടയുന്നതത്രെ. നിയമാധികാരം അവന്നാണ്‌; അവങ്കലേക്കു തന്നെ നിങ്ങള്‍ മടക്കപ്പെടുകയും ചെയ്യുന്നു.
 • وَلَا تَدْعُ നീ വിളിക്കുക (പ്രാര്‍ത്ഥിക്കുക)യും അരുതു مَعَ اللَّـهِ അല്ലാഹുവോടുകൂടി إِلَـٰهًا آخَرَ വേറെ ഒരാരാധ്യനെ لَا إِلَـٰهَ ആരാധ്യനേ ഇല്ല إِلَّا هُوَ അവനല്ലാതെ كُلُّ شَيْءٍ എല്ലാ വസ്തുവും هَالِكٌ നാശമടയുന്നതാണ് إِلَّا وَجْهَهُ അവന്‍റെ മുഖം (അവന്‍) അല്ലാതെ لَهُ അവന്നാണ്‌ الْحُكْمُ അധികാരം, വിധി وَإِلَيْهِ അവങ്കലേക്കുതന്നെ تُرْجَعُونَ നിങ്ങള്‍ മടക്കപ്പെടുന്നു

അല്ലാഹുവിങ്കല്‍ ഏറ്റവും വെറുക്കപ്പെട്ടതായ ശിര്‍ക്കിന്‍റെ ആള്‍ക്കാര്‍ക്കു യാതൊരുവിധത്തിലും സഹായിക്കയോ, കൂട്ടുനില്‍ക്കയോ ചെയ്യാതെ, തൗഹീദില്‍ ഉറച്ചുനില്‍ക്കുവാനും, അതിലേക്കു ക്ഷണിക്കുവാനും നബി (സ്വ) യോടു ഊന്നിപ്പറഞ്ഞുകൊണ്ടാണ് അല്ലാഹു ഈ സൂറത്തു അവസാനിപ്പിക്കുന്നത്. ഇതിനു നാലു കാരണങ്ങളും അവന്‍ ഉണര്‍ത്തിക്കുന്നു.

(1). അവനല്ലാതെ വേറെ യാതൊരു ഇലാഹും ഇല്ലതന്നെ.

(2). അവനല്ലാത്ത എല്ലാ വസ്തുക്കളും നാശത്തിന് വിധേയമാണ്; അവന്‍ മാത്രമേ നാശത്തിനു വിധേയനാകാത്തവനായുള്ളു.

(3). നിയമാധികാരം അഥവാ വിധികര്‍തൃത്വം അവനുമാത്രമാണ്.

(4). എല്ലാവരും അവങ്കലേക്കുതന്നെയാണ് മടങ്ങിച്ചെല്ലുന്നതും. ഈ നാലു കാര്യങ്ങളും തൌഹീദിന്‍റെ അനിവാര്യതക്ക് മതിയായ അടിസ്ഥാനങ്ങളാകുന്നുതാനും. ഹാ, എത്ര മഹത്തായ സമാപനം!

അല്ലാഹു നമ്മെയെല്ലാം, തൗഹീദില്‍ ജീവിക്കുകയും, തൗഹീദില്‍ മരിക്കുകയും തൗഹീദോടുകൂടി അവങ്കലേക്കു മടങ്ങിച്ചെല്ലുകയും ചെയ്യുന്ന സല്‍ഭാഗ്യവാന്‍മാരില്‍ ഉള്‍പ്പെടുത്തട്ടെ. ആമീന്‍.

[.التسويد: ١٣-٣-١٣٨١ ه/ ٢٦-٨-٦١م. التبيض: ٢٣-٤-١٣٨٧ / ٣١-٧-٦٧م]