വിഭാഗം - 6

28:50
  • فَإِن لَّمْ يَسْتَجِيبُوا۟ لَكَ فَٱعْلَمْ أَنَّمَا يَتَّبِعُونَ أَهْوَآءَهُمْ ۚ وَمَنْ أَضَلُّ مِمَّنِ ٱتَّبَعَ هَوَىٰهُ بِغَيْرِ هُدًى مِّنَ ٱللَّهِ ۚ إِنَّ ٱللَّهَ لَا يَهْدِى ٱلْقَوْمَ ٱلظَّـٰلِمِينَ ﴾٥٠﴿
  • എന്നിട്ട് അവര്‍ നിനക്ക് (അതിന്) ഉത്തരം തന്നില്ലെങ്കില്‍, അവര്‍ തങ്ങളുടെ ഇച്ഛകളെമാത്രം പിന്‍പറ്റിക്കൊണ്ടിരിക്കുകയാണെന്ന് നീ അറിഞ്ഞുകൊള്ളുക. അല്ലാഹുവിങ്കല്‍ നിന്നുള്ള യാതൊരു മാര്‍ഗ്ഗദര്‍ശനവും കൂടാതെ, തന്‍റെ ഇച്ഛയെ പിന്‍പറ്റുന്നവനെക്കാള്‍ വഴിപിഴച്ചവന്‍ ആരാണുള്ളത്?! നിശ്ചയമായും, അല്ലാഹു അക്രമികളായ ജനതയെ നേര്‍മ്മാര്‍ഗ്ഗത്തിലാക്കുകയില്ല.
  • فَإِن لَّمْ يَسْتَجِيبُوا എന്നിട്ടവര്‍ മറുപടി (ഉത്തരം) തന്നില്ലെങ്കില്‍ لَكَ നിനക്ക് فَاعْلَمْ എന്നാല്‍ അറിയുക أَنَّمَا يَتَّبِعُونَ നിശ്ചയമായും അവര്‍ പിന്‍പറ്റുന്നു എന്ന് أَهْوَاءَهُمْ അവരുടെ ഇച്ഛകളെ (മാത്രം) وَمَنْ أَضَلُّ ആരാണ് അധികം വഴി തെറ്റിയവന്‍ مِمَّنِ اتَّبَعَ പിന്‍പറ്റിയവനെക്കാള്‍, തുടര്‍ന്നവനെക്കാള്‍ هَوَاهُ തന്‍റെ ഇച്ഛയെ بِغَيْرِ هُدًى ഒരു മാര്‍ഗ്ഗദര്‍ശനവും കൂടാതെ مِّنَ اللَّـهِ അല്ലാഹുവിങ്കല്‍നിന്ന് إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു لَا يَهْدِي അവന്‍ മാര്‍ഗ്ഗദര്‍ശനം നല്‍കുകയില്ല, വഴി കാട്ടുകയില്ല الْقَوْمَ الظَّالِمِينَ അക്രമികളായ ജനതക്ക്
28:51
  • وَلَقَدْ وَصَّلْنَا لَهُمُ ٱلْقَوْلَ لَعَلَّهُمْ يَتَذَكَّرُونَ ﴾٥١﴿
  • തീര്‍ച്ചയായും, (ഈ) വചനം നാം അവര്‍ക്ക് (ഒന്നിനുശേഷം മറ്റൊന്നായി) ചേര്‍ത്തു വിവരിച്ചിട്ടുണ്ട് - അവര്‍ ഉറ്റാലോചിക്കുവാന്‍വേണ്ടി.
  • وَلَقَدْ وَصَّلْنَا (ഒന്നിനുശേഷം ഒന്നായി) നാം ചേര്‍ത്തിട്ടുണ്ട്, വിവരിച്ചുകൊടുത്തിട്ടുണ്ട് لَهُمُ അവര്‍ക്ക് الْقَوْلَ വചനം, വാക്ക് لَعَلَّهُمْ അവരായേക്കാം, ആകുവാന്‍വേണ്ടി يَتَذَكَّرُونَ ഉറ്റാലോചിക്കുന്ന(വര്‍)

‘വചനം’ (الْقَوْلَ) കൊണ്ടുദ്ദേശ്യം ഖുര്‍ആനാകുന്നു. ഖുര്‍ആന്‍റെ അവതരണം ഒരു പ്രാവശ്യമായിട്ടല്ല, അനേകം ഗഡുക്കളിലായിട്ടാണുള്ളത്. അതിലെ വിഷയങ്ങളാകട്ടെ, വിവിധ രൂപത്തില്‍ വിവരിച്ചു വിശദീകരിക്കുകയും, ആവര്‍ത്തിച്ചു പ്രസ്താവിക്കുകയും ചെയ്തിട്ടുണ്ട്. ചുരുക്കത്തില്‍, ഗ്രഹിക്കുവാനും, ചിന്തിക്കുവാനും, വേണ്ടുന്ന മാര്‍ഗ്ഗങ്ങളെല്ലാം അതില്‍ സ്വീകരിക്കപ്പെട്ടിരിക്കുന്നു.

28:52
  • ٱلَّذِينَ ءَاتَيْنَـٰهُمُ ٱلْكِتَـٰبَ مِن قَبْلِهِۦ هُم بِهِۦ يُؤْمِنُونَ ﴾٥٢﴿
  • ഇതിനുമുമ്പ് നാം വേദഗ്രന്ഥം നല്‍കിയിട്ടുള്ളവര്‍തന്നെയും ഇതില്‍ [ഖുര്‍ആനില്‍] വിശ്വസിക്കുന്നു.
  • الَّذِينَ യാതൊരു കൂട്ടര്‍ آتَيْنَاهُمُ നാം അവര്‍ക്ക് നല്‍കിയിരിക്കുന്നു الْكِتَابَ വേദഗ്രന്ഥം مِن قَبْلِهِ ഇതിനുമുമ്പ് هُم അവരാകട്ടെ (അവര്‍തന്നെ) بِهِ അതില്‍ يُؤْمِنُونَ വിശ്വസിക്കുന്നു,വിശ്വസിച്ചുവരുന്നു
28:53
  • وَإِذَا يُتْلَىٰ عَلَيْهِمْ قَالُوٓا۟ ءَامَنَّا بِهِۦٓ إِنَّهُ ٱلْحَقُّ مِن رَّبِّنَآ إِنَّا كُنَّا مِن قَبْلِهِۦ مُسْلِمِينَ ﴾٥٣﴿
  • ഇതവര്‍ക്ക് ഓതിക്കേള്‍പ്പിക്കപ്പെടുന്നതായാല്‍ അവര്‍ പറയും: 'ഞങ്ങള്‍ ഇതില്‍ വിശ്വസിച്ചിരിക്കുന്നു; നിശ്ചയമായും, ഇതു നമ്മുടെ രക്ഷിതാവിങ്കല്‍നിന്നുള്ള യഥാര്‍ത്ഥമാകുന്നു; ഞങ്ങള്‍ ഇതിനുമുമ്പേ 'മുസ്‌ലിം'കളായി [അനുസരണമുള്ളവരായി]രിക്കുന്നു.'
  • وَإِذَا يُتْلَىٰ ഇത് ഓതിക്കൊടുക്കപ്പെടുന്നതായാല്‍ عَلَيْهِمْ അവര്‍ക്കു قَالُوا അവര്‍ പറയും آمَنَّا بِهِ ഞങ്ങള്‍ ഇതില്‍ വിശ്വസിച്ചിരിക്കുന്നു إِنَّهُ നിശ്ചയമായും ഇതു الْحَقُّ യഥാര്‍ത്ഥമാണ് مِن رَّبِّنَا നമ്മുടെ റബ്ബിങ്കല്‍ നിന്നുള്ള إِنَّا كُنَّا നിശ്ചയമായും ഞങ്ങളായിരിക്കുന്നു مِن قَبْلِهِ ഇതിനുമുമ്പായി مُسْلِمِينَ മുസ്ലിംകള്‍
28:54
  • أُو۟لَـٰٓئِكَ يُؤْتَوْنَ أَجْرَهُم مَّرَّتَيْنِ بِمَا صَبَرُوا۟ وَيَدْرَءُونَ بِٱلْحَسَنَةِ ٱلسَّيِّئَةَ وَمِمَّا رَزَقْنَـٰهُمْ يُنفِقُونَ ﴾٥٤﴿
  • അക്കൂട്ടര്‍ക്ക് - അവര്‍ ക്ഷമിച്ചതു നിമിത്തം - അവരുടെ പ്രതിഫലം രണ്ടു പ്രാവശ്യം [ഇരട്ടിയായി] നല്‍കപ്പെടുന്നതാകുന്നു. അവര്‍, നന്‍മകൊണ്ട് തിന്‍മയെ തടുക്കുന്നു; നാം അവര്‍ക്ക് നല്‍കിയിട്ടുള്ളതില്‍നിന്ന് അവര്‍ ചിലവഴിക്കുകയും ചെയ്യുന്നു.
  • أُولَـٰئِكَ അക്കൂട്ടര്‍ يُؤْتَوْنَ അവര്‍ക്കു കൊടുക്കപ്പെടും أَجْرَهُم അവരുടെ പ്രതിഫലം مَّرَّتَيْنِ രണ്ടു പ്രാവശ്യം بِمَا صَبَرُوا അവര്‍ സഹിച്ചതുകൊണ്ട്, ക്ഷമിച്ചതുനിമിത്തം وَيَدْرَءُونَ അവര്‍ തടുക്കുന്നു بِالْحَسَنَةِ നന്‍മകൊണ്ട് السَّيِّئَةَ തിന്‍മയെ وَمِمَّا رَزَقْنَاهُمْ നാമവര്‍ക്കു നല്‍കിയതില്‍നിന്നു يُنفِقُونَ അവര്‍ ചിലവഴിക്കയും ചെയ്യും
28:55
  • وَإِذَا سَمِعُوا۟ ٱللَّغْوَ أَعْرَضُوا۟ عَنْهُ وَقَالُوا۟ لَنَآ أَعْمَـٰلُنَا وَلَكُمْ أَعْمَـٰلُكُمْ سَلَـٰمٌ عَلَيْكُمْ لَا نَبْتَغِى ٱلْجَـٰهِلِينَ ﴾٥٥﴿
  • വ്യര്‍ത്ഥമായുള്ളതു കേട്ടാല്‍, അവര്‍ അതില്‍നിന്നും തിരിഞ്ഞുകളയുകയും (ഇങ്ങിനെ) പറയുകയും ചെയ്യുന്നതാണ്: 'ഞങ്ങള്‍ക്കു ഞങ്ങളുടെ കര്‍മ്മങ്ങള്‍; നിങ്ങള്‍ക്കു നിങ്ങളുടെ കര്‍മ്മങ്ങളും. നിങ്ങള്‍ക്കു 'സലാം!' ഞങ്ങള്‍ മൂഢന്‍മാരെ ആവശ്യപ്പെടുന്നില്ല.'
  • وَإِذَا سَمِعُوا അവര്‍ കേട്ടാല്‍ اللَّغْوَ വ്യര്‍ത്ഥമായത്, അനാവശ്യം أَعْرَضُوا അവര്‍ തിരിഞ്ഞു കളയും, അശ്രദ്ധ കാണിക്കും عَنْهُ അതില്‍നിന്ന് وَقَالُوا അവര്‍ പറയുകയും ചെയ്യും لَنَا ഞങ്ങള്‍ക്കു أَعْمَالُنَا ഞങ്ങളുടെ കര്‍മ്മങ്ങള്‍ وَلَكُمْ നിങ്ങള്‍ക്കു أَعْمَالُكُمْ നിങ്ങളുടെ കര്‍മ്മങ്ങളും سَلَامٌ സലാം, ശാന്തി, സമാധാനം عَلَيْكُمْ നിങ്ങള്‍ക്ക്, നിങ്ങള്‍ക്കുണ്ടാവട്ടെ لَا نَبْتَغِي ഞങ്ങള്‍ ആവശ്യപ്പെടുന്നില്ല, (വേണ്ടതില്ല) الْجَاهِلِينَ അജ്ഞന്‍മാരെ, മൂഢന്‍മാരെ

ഒരുനിലക്ക് വേദക്കാരായ യഹൂദന്‍മാരെയും, ക്രിസ്ത്യാനികളെയും അപേക്ഷിച്ച് ഖുര്‍ആനില്‍ വിശ്വസിക്കുവാന്‍ വേഗം മുമ്പോട്ടു വരേണ്ടതു ഖുറൈശീ അറബികളാണ്. കാരണം, വേദക്കാരു ടെ കയ്യില്‍ നാമമാത്രമാണെങ്കിലും വേദഗ്രന്ഥം – തൗറാത്തും ഇഞ്ചീലും – ഉണ്ട്. ഖു൪ആനാണെങ്കില്‍ അവര്‍ക്കു പ്രത്യേകമായി അവതരിച്ചതുമല്ല, എന്നിട്ടും ഖുര്‍ആന്‍ കേട്ടമാത്രയില്‍ അതില്‍ വിശ്വസിക്കുവാന്‍ – അതിന്‍റെ സത്യസാക്ഷ്യങ്ങളുടെ ബഹുലതയും വ്യക്തതയും കാരണമായി – അവരില്‍ പലരും മുന്നോട്ടുവരുന്നു. അബീസീനിയാ, ശാം മുതലായ രാജ്യങ്ങളില്‍ നിന്നുപോലും വേദക്കാരായ പലരും വന്നു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യില്‍ വിശ്വസിക്കയുണ്ടായി. ഇവരില്‍ പലരും മതപുരോഹിതന്‍മാരും പണ്ഡിതന്‍മാരുമായിരുന്നു. അബീസീനിയായിലെ ചക്രവര്‍ത്തിയായ നജ്ജാശീ (നെഗാശീ) എഴുപതു പേരടങ്ങിയ ഒരു നിവേദകസംഘത്തെ അയക്കുകയും, റസൂല്‍ (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അവര്‍ക്ക് സൂറത്തുയാസീന്‍ ഓതിക്കേള്‍പ്പിച്ചപ്പോള്‍ അവര്‍ കരഞ്ഞുകൊണ്ട് ഇസ്ലാമിനെ ആശ്ലേഷിക്കുകയും ചെയ്തു. ഇങ്ങിനെയുള്ളവരെപ്പറ്റിയാണ്‌ ഈ വചനങ്ങളില്‍ പ്രസ്താവിക്കുന്നത്. അല്ലാഹു പറയുന്നു:-

وَإِنَّ مِنْ أَهْلِ الْكِتَابِ لَمَن يُؤْمِنُ بِاللَّـهِ وَمَا أُنزِلَ إِلَيْكُمْ وَمَا أُنزِلَ إِلَيْهِمْ خَاشِعِينَ لِلَّـهِ لَا يَشْتَرُونَ بِآيَاتِ اللَّـهِ ثَمَنًا قَلِيلًا ۗ أُولَـٰئِكَ لَهُمْ أَجْرُهُمْ عِندَ رَبِّهِمْ – آل عمران

(നിശ്ചയമായും, വേദക്കാരിലുണ്ട് ചിലര്‍, അവര്‍ അല്ലാഹുവിലും, നിങ്ങള്‍ക്ക് ഇറക്കപ്പെട്ടതിലും, അവര്‍ക്ക് ഇറക്കപ്പെട്ടതിലും അല്ലാഹുവിന് ഭക്തി അര്‍പ്പിച്ചുകൊണ്ട് വിശ്വസിക്കുന്നു. അല്ലാഹുവിന്‍റെ ആയത്തുകള്‍ക്ക് അവര്‍ അല്‍പമായ വില വാങ്ങുന്നില്ല. അക്കൂട്ടര്‍ക്ക് തങ്ങളുടെ റബ്ബിന്‍റെ അടുക്കല്‍ തങ്ങളുടെ പ്രതിഫലമുണ്ട്. (ആലു- ഇംറാന്‍ -199).

തങ്ങളുടെ വേദഗ്രന്ഥത്തില്‍നിന്നും അവര്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യെക്കുറിച്ചു മനസ്സിലാക്കിയിരുന്നു. അതുകൊണ്ട് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യുടെ നിയോഗവാര്‍ത്ത അറിഞ്ഞ ഉടനെ അവര്‍ വിശ്വസിക്കുകയും ചെയ്തു. അങ്ങനെ, നേരത്തെത്തന്നെ അവര്‍ മുസ്ലിംകളായിത്തീര്‍ന്നിരുന്നു. ആദ്യത്തില്‍ അവരുടെ വേദത്തിലും, അനന്തരം ഖുര്‍ആനിലും വിശ്വസിച്ചതിനാല്‍ അല്ലാഹു അവര്‍ക്കു ഇരട്ടി പ്രതിഫലം നല്‍കുന്നതാണ്. രണ്ടു ഗ്രന്ഥവും സ്വീകരിക്കുവാനും, അനുഷ്ഠാനത്തില്‍ വരുത്തുവാനും, അതിന്‍റെ പേരില്‍ ശത്രുക്കളില്‍നിന്നുണ്ടാകുന്ന മര്‍ദ്ദനങ്ങള്‍ അവഗണിക്കുവാനുമുള്ള അവരുടെ സഹനവും, ക്ഷമയുമാണതിനു കാരണം. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പ്രസ്താവിച്ചതായി അബൂമൂസല്‍ അശ്അരീ (റ) പറയുന്നു:-

ثَلاَثَةٌ يُؤْتَوْنَ أَجْرَهُمْ مَرَّتَيْنِ: رَجُلٌ مِنْ أَهْلِ الكتاب آمَنَ بِنَبِيِّهِ ثُمَّ آمن بي وَعَبْدٌ مَمْلُوكٌ أَدَّى حَقَّ الله وَحَقَّ مواليه ، وَرَجُلٌ كَانَتْ لَهُ أَمَةٌ فأدبها فَأَحْسَنَ تأديبها ثُمَّ أَعْتَقَهَا فتزجَهَا :متفق عليه

സാരം: മൂന്നാളുകള്‍ക്കു അവരുടെ പ്രതിഫലം രണ്ടു പ്രാവശ്യം നല്‍കപ്പെടുന്നതാണ്. ഒന്ന്: തന്‍റെ പ്രവാചകനില്‍ (ആദ്യം) വിശ്വസിക്കുകയും പിന്നീട് എന്നില്‍ വിശ്വസിക്കുകയും ചെയ്ത വേദക്കാരനായ മനുഷ്യന്‍. മറ്റൊന്ന്: അല്ലാഹുവിനോടുള്ള ബാധ്യതയും, തന്‍റെ യജമാനന്‍മാരോടുള്ള ബാധ്യതയും നിറവേറ്റിയ അടിമ. വേറൊന്ന്: ഒരു അടിമസ്ത്രീ ഉണ്ടായിരുന്നിട്ട് അവള്‍ക്കു നല്ലപോലെ മര്യാദ പഠിപ്പിക്കുക (ശിക്ഷണം നല്‍കുക)യും, പിന്നീട് അവളെ അടിമത്തത്തില്‍നിന്ന് മോചിപ്പിച്ച്‌ വിവാഹം ചെയ്ത മനുഷ്യന്‍. (ബു. മു).

മേല്‍ പ്രസ്താവിച്ച ഭാഗ്യവാന്‍മാരായ വേദക്കാരുടെ ഗുണങ്ങളായി മൂന്നു കാര്യങ്ങള്‍ അല്ലാഹു ഇവിടെ എടുത്തു കാട്ടുന്നു. ഓരോ ഗുണവും നമുക്ക് മാതൃകയായിരിക്കേണ്ടതാകുന്നു.

(1) അവര്‍ തിന്‍മകളെ നന്‍മകൊണ്ടു തടുക്കുന്നു. അഥവാ തിന്‍മയെ തടുക്കുവാന്‍ തിന്‍മ ഉപയോഗിക്കുകയില്ല. സഹനം, ക്ഷമ, മാപ്പ്, ഉപകാരം, വിട്ടുവീഴ്ച ഇത്യാദി ഗുണങ്ങളായിരിക്കും അവരുടെ ആയുധങ്ങള്‍. മുസ്‌ലിം (റ) നിവേദനംചെയ്യുന്ന ഒരു ഹദീസ് ഇപ്രകാരമാകുന്നു: നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യോടു ഒരാള്‍ ഇങ്ങിനെ പറയുകയുണ്ടായി: ‘അല്ലാഹുവിന്‍റെ റസൂലേ, എനിക്ക് ചില കുടുംബങ്ങളുണ്ടു: ഞാനവരോടു കുടുംബബന്ധം പാലിക്കുന്നു. അവര്‍ ബന്ധം മുറിക്കുകയും ചെയ്യുന്നു; ഞാന്‍ അവര്‍ക്ക് നന്‍മചെയ്യുന്നു, അവര്‍ എന്നോടു തിന്‍മചെയ്യുന്നു; ഞാന്‍ അവരെക്കുറിച്ചു സഹനമവലംബിക്കുന്നു, അവരെന്നോട് വിഡ്ഢിത്തം പ്രവര്‍ത്തിക്കുന്നു (ഞാന്‍ എന്തുചെയ്യണം)?’ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) മറുപടി പറഞ്ഞു: ‘താന്‍ പറഞ്ഞപ്രകാരമാണ് തന്‍റെ സ്ഥിതിയെങ്കില്‍, അവര്‍ക്കു താന്‍ ചുടുവെണ്ണീര്‍ തീറ്റുന്ന (*) മാതിരിയുണ്ടല്ലോ! താന്‍ അതേ സ്ഥിതിയില്‍ നിലകൊള്ളുമ്പോഴെല്ലാം അവര്‍ക്കെതിരില്‍ (തന്നെ സഹായിക്കുവാന്‍) അല്ലാഹുവിങ്കല്‍ നിന്നുമുള്ള ഒരു പിന്തുണ തന്നോടൊപ്പം ഉണ്ടായിക്കൊണ്ടിരിക്കുന്നതാണ്.’

(لَئِنْ كُنْتَ كَمَا قُلْتَ فَكَأَنَّمَا تُسِفُّهُمُ المَلَّ، وَلا يَزَالُ معكَ مِنَ اللَّهِ ظَهِيرٌ عَلَيْهِمْ مَا دُمْتَ عَلَى ذَلكَ – رواه مسلم)


(*). ചുടുവെണ്ണീര്‍ തിന്നുന്നവര്‍ക്ക് വേദന അനുഭവിക്കേണ്ടിവരുന്നതുപോലെ, അവര്‍ക്ക് നിന്‍റെ ഉപകാരം മൂലം പാപം അനുഭവിക്കേണ്ടി വരുമല്ലോ എന്നു സാരം. (رياض الصالحين).


(2). അവര്‍ക്കു അല്ലാഹു നല്‍കിയ കഴിവുകളില്‍നിന്ന് (നല്ലകാര്യങ്ങളില്‍) അവര്‍ ചിലവഴിക്കുന്നു. അഥവാ സക്കാത്തുപോലെയുള്ള നിര്‍ബ്ബന്ധ കടമകള്‍ മാത്രമല്ല, സാധുക്കള്‍ക്കും കഷ്ടപ്പെട്ടവര്‍ക്കും സഹായം നല്‍കുക, അല്ലാഹുവിന്‍റെ മാര്‍ഗ്ഗങ്ങളില്‍ വിനിയോഗിക്കുക മുതലായവയും അവര്‍ ചെയ്യുന്നു.

(3). വ്യര്‍ത്ഥമായ വല്ലതും കേട്ടാല്‍ അതില്‍ ശ്രദ്ധപതിക്കുകയോ, പങ്കെടുക്കുകയോ ചെയ്യാതെ അവര്‍ തിരിഞ്ഞുപോകും. ഇസ്ലാമിന്‍റെ വീക്ഷണത്തില്‍ അനാവശ്യവും, അനഭിലഷണീയവുമായ എല്ലാ കാര്യവും വ്യര്‍ത്ഥത്തില്‍ ഉള്‍പ്പെടുന്നു. പരദൂഷണം, വ്യാജം, നിരര്‍ത്ഥമായ സംസാരം, ചീത്ത വാക്ക് മുതലായവയും, ഖുര്‍ആനെയോ, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യെയോ, ഇസ്‌ലാമിക സിദ്ധാന്തങ്ങളെയോ സംബന്ധിച്ച് പഴിവാക്കുകള്‍ പറയുന്നതുമെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു. ഇങ്ങനെയുള്ള വല്ല രംഗങ്ങളും അവരെ അഭിമുഖീകരിക്കുന്നപക്ഷം അവര്‍: ‘ഞങ്ങള്‍ക്കു ഞങ്ങളുടെ കര്‍മ്മം, നിങ്ങള്‍ക്കു നിങ്ങളുടെ കര്‍മ്മം’ (لَنَا أَعْمَالُنَا وَلَكُمْ أَعْمَالُكُمْ) എന്നും ‘ഞങ്ങള്‍ക്കു മൂഢജനങ്ങളുടെ ആവശ്യമില്ല’ (لَا نَبْتَغِي الْجَاهِلِينَ) എന്നും പറഞ്ഞ് ‘സലാം’ കൊടുത്ത് പിരിഞ്ഞുപോ കുകയാണവര്‍ ചെയ്യുക. ഹാ! എത്ര അനുകരണീയമായ സ്വഭാവങ്ങള്‍!

വേദക്കാരായ ആളുകള്‍, ഒറ്റയായും, കൂട്ടായും – ദൂരദേശങ്ങളില്‍നിന്നുപോലും – വന്ന് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യില്‍ വിശ്വസിക്കുന്ന വസ്തുത വിവരിച്ചശേഷം, സ്വജനതയില്‍നിന്നും അനുഭവപ്പെട്ടുകൊണ്ടിരിക്കുന്ന നിഷേധത്തിലും, കടുത്ത ശത്രുതയിലും വ്യാകുലപ്പെടേണ്ടതില്ലെന്ന് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യെ സമാധാനിപ്പിക്കുന്നതാണ് അടുത്ത വചനം.

28:56
  • إِنَّكَ لَا تَهْدِى مَنْ أَحْبَبْتَ وَلَـٰكِنَّ ٱللَّهَ يَهْدِى مَن يَشَآءُ ۚ وَهُوَ أَعْلَمُ بِٱلْمُهْتَدِينَ ﴾٥٦﴿
  • (നബിയേ) നിശ്ചയമായും, നീ ഇഷ്ടപ്പെട്ടവരെ നീ നേര്‍മാര്‍ഗ്ഗത്തിലാക്കുകയില്ല; എങ്കിലും, അല്ലാഹു അവന്‍ ഉദ്ദേശിക്കുന്നവരെ നേര്‍മ്മാര്‍ഗ്ഗത്തിലാക്കുന്നു. സന്‍മാര്‍ഗ്ഗം പ്രാപിക്കുന്നവരെക്കുറിച്ച് അവന്‍ നല്ലവണ്ണം അറിയുന്നവനുമത്രെ.
  • إِنَّكَ നിശ്ചയമായും നീ لَا تَهْدِي നീ നേര്‍മാര്‍ഗ്ഗത്തിലാക്കുകയില്ല مَنْ أَحْبَبْتَ നീ ഇഷ്ടപ്പെട്ടവരെ وَلَـٰكِنَّ اللَّـهَ എങ്കിലും അല്ലാഹു يَهْدِي അവന്‍ നേര്‍മ്മാര്‍ഗ്ഗത്തിലാക്കുന്നു مَن يَشَاءُ അവന്‍ ഉദ്ദേശിക്കുന്നവരെ وَهُوَ അവന്‍, അവനാകട്ടെ أَعْلَمُ നല്ലവണ്ണം (ഏറ്റവും) അറിയുന്നവനാണ് بِالْمُهْتَدِينَ സന്‍മാര്‍ഗ്ഗം പ്രാപിക്കുന്നവരെപ്പറ്റി

നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയുടെ ഏറ്റവും പ്രിയപ്പെട്ട പിതൃവ്യനും, സ്വന്തം പിതാവിന്‍റെ സ്ഥാനം ഏറ്റെടുത്തു പോറ്റിവളര്‍ത്തിയ പിതാവുമായ അബൂത്വാലിബിന്‍റെ സംഭവമാണ് ഈ ആയത്തിന്‍റെ അവതരണത്തിനു സന്ദര്‍ഭമായിരുന്നതെന്ന് ബുഖാരീ (റ), മുസ്‌ലിം (റ) മുതലായ പലരും ഉദ്ധരിക്കുന്ന ഹദീസുകളില്‍നിന്ന് സ്പഷ്ടമാകുന്നു. അദ്ദേഹത്തിന് മരണം ആസന്നമായപ്പോള്‍, തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അദ്ദേഹത്തിന്‍റെ അടുക്കല്‍ ചെന്ന് ‘എന്‍റെ പിതൃവ്യരേ! അല്ലാഹുവിന്‍റെ അടുക്കല്‍ താങ്കള്‍ക്കുവേണ്ടി ഞാന്‍ സാക്ഷ്യം വഹിക്കത്തക്കവണ്ണം ഒരു വാക്ക് (لااله الاالله എന്ന തൗഹീദിന്‍റെ കലിമഃ) താങ്കള്‍ ഉച്ചരിക്കണം!’ എന്നിങ്ങനെ അപാരമായ വികാരാവേശത്തോടുകൂടി പറയുകയുണ്ടായി. പക്ഷേ, ഖുറൈശികളില്‍ നിന്നുണ്ടായേക്കാവുന്ന പരിഹാസത്തിനാണദ്ദേഹം മുന്‍ഗണന നല്‍കിയതു. തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യെ സംബന്ധിച്ചിടത്തോളം ഇതെത്രത്തോളം ഖേദകരമാണെന്നു പറയേണ്ടതില്ലല്ലോ. ഈ സംഭവത്തെത്തുടര്‍ന്നാണ് ഈ വചനം അവതരിച്ചതെന്ന് വരുമ്പോള്‍ അതിന്‍റെ ഉള്ളടക്കത്തിന്‍റെ ഗൗരവവും, അഗാധതയും ഏറെക്കുറെ നമുക്കു ഊഹിക്കാവുന്നതാണ്.

ചില ആളുകള്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യോടു : ‘താങ്കള്‍ സത്യത്തിലാണെന്ന് ഞങ്ങള്‍ക്കറിയാം; പക്ഷേ, താങ്കളെ പിന്‍പറ്റിയാല്‍ അറബികള്‍ ഞങ്ങളെ റാഞ്ചിക്കൊണ്ടു പൊയ്ക്കളഞ്ഞേക്കും. (ബഹിഷ്കരിക്കും)’ എന്ന് പറയുകയുണ്ടായതിനെ സൂചിപ്പിച്ചുകൊണ്ടും, ഇതുപോലെ ജനഭയം മുന്‍നിറുത്തി ഇസ്‌ലാമിനെ കൈവെടിയുന്നവരെ താക്കീതു ചെയ്തുകൊണ്ടും അല്ലാഹു പറയുന്നു:-

28:57
  • وَقَالُوٓا۟ إِن نَّتَّبِعِ ٱلْهُدَىٰ مَعَكَ نُتَخَطَّفْ مِنْ أَرْضِنَآ ۚ أَوَلَمْ نُمَكِّن لَّهُمْ حَرَمًا ءَامِنًا يُجْبَىٰٓ إِلَيْهِ ثَمَرَٰتُ كُلِّ شَىْءٍ رِّزْقًا مِّن لَّدُنَّا وَلَـٰكِنَّ أَكْثَرَهُمْ لَا يَعْلَمُونَ ﴾٥٧﴿
  • അവര്‍ പറയുന്നു: '(മുഹമ്മദേ) തന്‍റെ കൂടെ ഞങ്ങള്‍ (ഈ) സന്‍മാര്‍ഗ്ഗം പിന്‍തുടര്‍ന്നാല്‍, ഞങ്ങള്‍ ഞങ്ങളുടെ നാട്ടില്‍ നിന്ന് റാഞ്ചി എടുക്കപ്പെടും.' എന്നു! നാം [അല്ലാഹു] ഒരു നിര്‍ഭയമായ 'ഹറം' [അലംഘനീയമായ പവിത്രസ്ഥലം] അവര്‍ക്കു സൗകര്യ പ്പെടുത്തിക്കൊടുത്തിട്ടില്ലേ?! നമ്മുടെ പക്കല്‍നിന്നുള്ള ആഹാരമായി എല്ലാ വസ്തുക്കളുടെയും ഫലങ്ങള്‍ അവിടേക്ക് ശേഖരിച്ചു കൊണ്ടുവരപ്പെടുന്നു. എങ്കിലും, അവരില്‍ അധികമാളുകളും അറിയുന്നില്ല.
  • وَقَالُوا അവര്‍ പറയുന്നു إِن نَّتَّبِعِ ഞങ്ങള്‍ പിന്‍പറ്റിയാല്‍ الْهُدَىٰ സന്‍മാര്‍ഗ്ഗം, നേര്‍വഴി, മാര്‍ഗ്ഗദ൪ ശനം مَعَكَ താങ്കളുടെകൂടെ نُتَخَطَّفْ ഞങ്ങള്‍ റാഞ്ചി എടുക്കപ്പെടും, പറ്റിച്ചെടുക്കപ്പെടും مِنْ أَرْضِنَا ഞങ്ങളുടെ ഭൂമിയില്‍ (നാട്ടില്‍)നിന്ന് أَوَلَمْ نُمَكِّن നാം സൗകര്യം ചെയ്തു കൊടുത്തിട്ടില്ലേ, സ്വാധീനം നല്‍കിയിട്ടില്ലേ لَّهُمْ അവര്‍ക്ക് حَرَمًا ഒരു ഹറമിനെ (പവിത്രസ്ഥലത്തെ, അലംഘനീയമായ സ്ഥാനത്തെ) آمِنًا നിര്‍ഭയമായ, സ്വസ്ഥമായ, വിശ്വസനീയമായ, സുരക്ഷിതമായ يُجْبَىٰ ശേഖരിച്ചു കൊണ്ടുവരപ്പെടുന്നു إِلَيْهِ അതിലേക്ക് ثَمَرَاتُ ഫലങ്ങള്‍ كُلِّ شَيْءٍ എല്ലാ വസ്തുക്കളുടെയും رِّزْقًا ആഹാരമായിട്ടു, ഉപജീവനമായിട്ടു مِّن لَّدُنَّا നമ്മുടെ പക്കല്‍നിന്നുള്ള وَلَـٰكِنَّ أَكْثَرَهُمْ എങ്കിലും അവരില്‍ അധികമാളും لَا يَعْلَمُونَ അറിയുന്നില്ല

മക്കാ ഹറമില്‍വെച്ച് യുദ്ധം രക്തച്ചൊരിച്ചല്‍ തുടങ്ങിയ യാതൊന്നും പാടില്ലാത്തതാകുന്നു. അവിടെ അഭയം പ്രാപിച്ചവരുടെ നേരെ കയ്യേറ്റം ചെയ്‌വാനും പാടില്ല. ഈ നിയമം ഇസ്ലാമിലും, ഇസ്ലാമിനുമുമ്പ് അറബികള്‍ക്കിടയിലും അംഗീകരിക്കപ്പെട്ടതാണ്. എന്നിരിക്കെ, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യില്‍ വിശ്വസിക്കുകയും, അവിടത്തെ പിന്‍പറ്റുകയും ചെയ്തതുനിമിത്തം അവിടെ നിവസിക്കുന്നവരെ ആരെങ്കിലും പുറത്താക്കുമെന്നോ കയ്യേറ്റം നടത്തുമെന്നോ പറയുന്നതില്‍ ന്യായമില്ല. മക്കാ പരിസരങ്ങള്‍ കേവലം ഭക്ഷ്യോല്‍പാദക കേന്ദ്രമല്ലെങ്കിലും നാനാഭാഗങ്ങളില്‍ നിന്നുമായി – പ്രത്യേകിച്ച് ത്വാഇഫില്‍നിന്നു – എല്ലാ ആവശ്യ വസ്തുക്കളും അവിടെ ഇറക്കുമതി ചെയ്യപ്പെടുന്നുണ്ട്. അന്നും ഇന്നും നടന്നുകൊണ്ടിരിക്കുന്ന ഒരു യാഥാ൪ത്ഥ്യമത്രെ ഇത്. എന്നിരിക്കെ, ശത്രുക്കളുടെ ആക്രമണവും, ഉപരോധവും ഖുറൈശികള്‍ക്കു ഭയപ്പെടേണ്ടതായിട്ടുമില്ല. പക്ഷേ, മിക്കവരും തങ്ങളുടെ ഭാവിനന്മയും, വിജയമാര്‍ഗ്ഗവും മനസ്സിലാക്കാതിരിക്കുകയാണ്.

28:58
  • وَكَمْ أَهْلَكْنَا مِن قَرْيَةٍۭ بَطِرَتْ مَعِيشَتَهَا ۖ فَتِلْكَ مَسَـٰكِنُهُمْ لَمْ تُسْكَن مِّنۢ بَعْدِهِمْ إِلَّا قَلِيلًا ۖ وَكُنَّا نَحْنُ ٱلْوَٰرِثِينَ ﴾٥٨﴿
  • ജീവിതരീതിയില്‍ അഹങ്കരിച്ച എത്രയോ രാജ്യങ്ങളെ നാം നശിപ്പിച്ചിട്ടുണ്ട്;- എന്നിട്ടതാ, അവരുടെ [ആ രാജ്യക്കാരുടെ] വാസസ്ഥലങ്ങള്‍! അവര്‍ക്കുശേഷം ദുര്‍ല്ലഭമായിട്ടല്ലാതെ അവയില്‍ നിവസിക്കപ്പെടുകയുണ്ടായിട്ടില്ല. നാം തന്നെ (അവയ്ക്ക്) അവകാശികളായിത്തീരുകയും ചെയ്തു.
  • وَكَمْ എത്രയോ, എത്രയാണ് أَهْلَكْنَا നാം നശിപ്പിച്ചിരിക്കുന്നു مِن قَرْيَةٍ രാജ്യത്തില്‍നിന്ന് بَطِرَتْ അഹങ്കരിച്ചു, ഗര്‍വ്വ്‌ കാണിച്ചു مَعِيشَتَهَا അതിന്‍റെ ജീവിതരീതിയില്‍, ഉപജീവനക്രമത്തില്‍ فَتِلْكَ എന്നിട്ടതാ مَسَاكِنُهُمْ അവരുടെ വാസസ്ഥലങ്ങള്‍ لَمْ تُسْكَن അവ നിവസിക്കപ്പെട്ടിട്ടില്ല, പാര്‍പ്പുണ്ടായിട്ടില്ല مِّن بَعْدِهِمْ അവരുടെ ശേഷം إِلَّا قَلِيلًا അല്‍പമല്ലാതെ, ദുര്‍ല്ലഭമായിട്ടല്ലാതെ وَكُنَّا നാമായിത്തീരുക യും ചെയ്തു نَحْنُ നാം തന്നെ الْوَارِثِينَ അനന്തരാവകാശികള്‍

ജനങ്ങള്‍ ഐഹിക സുഖങ്ങളില്‍ മതിമറന്നുപോകുക നിമിത്തം അല്ലാഹുവിന്‍റെ ശാപകോപങ്ങള്‍ക്കു വിധേയരാകുകയും, അങ്ങിനെ ശിക്ഷമൂലം രാജ്യക്കാര്‍ മുഴുവനും നശിപ്പിക്കപ്പെടുകയും ചെയ്ത സംഭവങ്ങള്‍ പലതും മുമ്പ് ഉണ്ടായിട്ടുണ്ട്. നശിപ്പിക്കപ്പെട്ട രാജ്യങ്ങള്‍ ഇന്നുവരെ – ചുരുങ്ങിയ തോതിലൊഴികെ – ജനവാസമില്ലാതെ ശൂന്യമായി കിടക്കുകയാണ്. അല്ലാഹുവല്ലാതെ അവയ്ക്കൊന്നും അവകാശപ്പെടുവാന്‍ പിന്‍ഗാമികളില്ലാതെ അവ ശൂന്യമായിത്തീര്‍ന്നു. എന്നാല്‍, അങ്ങനെ പല രാജ്യങ്ങളും നശിപ്പിക്കപ്പെട്ടിരിക്കുന്നതു തക്കതായ ന്യായം കൂടാതെയാണോ? ഒരിക്കലുമല്ല. കാരണം;-

28:59
  • وَمَا كَانَ رَبُّكَ مُهْلِكَ ٱلْقُرَىٰ حَتَّىٰ يَبْعَثَ فِىٓ أُمِّهَا رَسُولًا يَتْلُوا۟ عَلَيْهِمْ ءَايَـٰتِنَا ۚ وَمَا كُنَّا مُهْلِكِى ٱلْقُرَىٰٓ إِلَّا وَأَهْلُهَا ظَـٰلِمُونَ ﴾٥٩﴿
  • (നബിയേ) നിന്‍റെ റബ്ബ്, രാജ്യങ്ങളുടെ കേന്ദ്രത്തില്‍ അവര്‍ക്ക് നമ്മുടെ ലക്ഷ്യങ്ങള്‍ ഓതിക്കേള്‍പ്പിക്കുന്ന ഒരു റസൂലിനെ നിയോഗിക്കുന്നതുവരേക്കും അവയെ [രാജ്യങ്ങളെ] നശിപ്പിക്കുന്നവനല്ല; രാജ്യക്കാര്‍ അക്രമികളായിരിക്കവെ അല്ലാതെ നാം [അല്ലാഹു] അവയെ നശിപ്പിക്കുന്നവരുമല്ല.
  • وَمَا كَانَ رَبُّكَ നിന്‍റെ റബ്ബല്ല مُهْلِكَ الْقُرَىٰ രാജ്യങ്ങളെ നശിപ്പിക്കുന്നവന്‍ حَتَّىٰ يَبْعَثَ അവന്‍ നിയോഗിക്കുന്നതുവരെ, അയക്കാതെ فِي أُمِّهَا അവയുടെ കേന്ദ്രത്തില്‍, മര്‍മ്മസ്ഥാനത്തു رَسُولًا ദൈവദൂതനെ, റസൂലിനെ يَتْلُو عَلَيْهِمْ അവര്‍ക്കു ഓതികൊടുക്കും آيَاتِنَا നമ്മുടെ ലക്ഷ്യങ്ങളെ وَمَا كُنَّا നാം അല്ല താനും مُهْلِكِي الْقُرَىٰ രാജ്യങ്ങളെ നശിപ്പിക്കുന്നവര്‍ إِلَّا وَأَهْلُهَا അവയിലെ ആളുകള്‍ ആയിട്ടല്ലാതെ ظَالِمُونَ അക്രമികള്‍

28:60
  • وَمَآ أُوتِيتُم مِّن شَىْءٍ فَمَتَـٰعُ ٱلْحَيَوٰةِ ٱلدُّنْيَا وَزِينَتُهَا ۚ وَمَا عِندَ ٱللَّهِ خَيْرٌ وَأَبْقَىٰٓ ۚ أَفَلَا تَعْقِلُونَ ﴾٦٠﴿
  • വസ്തുവഹകളായി നിങ്ങള്‍ക്കു എന്തൊന്ന് നല്‍കപ്പെട്ടിട്ടുണ്ടെങ്കിലും അത് ഐഹികജീവിതത്തിന്‍റെ സുഖഭോഗവും, അതിന്‍റെ അലങ്കാരവും (മാത്രം) ആകുന്നു. അല്ലാഹുവിങ്കലുള്ളത് ഉത്തമമായതും, കൂടുതല്‍ ശേഷിക്കുന്നതുമാണ്. എന്നിരിക്കെ, നിങ്ങള്‍ ബുദ്ധി കൊടു(ത്തുചിന്തി)ക്കുന്നില്ലേ?!
  • وَمَا أُوتِيتُم നിങ്ങള്‍ക്കു നല്‍കപ്പെട്ടിട്ടുള്ളതു (എന്തും) مِّن شَيْءٍ വസ്തുവായിട്ടു, ഏതു വസ്തുവില്‍നിന്നും فَمَتَاعُ الْحَيَاةِ ജീവിതത്തിന്‍റെ സുഖഭോഗമാണ്, ഉപകരണമാണ് الدُّنْيَا ഐഹികമായ, ദുനിയാവിന്‍റെ وَزِينَتُهَا അതിന്‍റെ അലങ്കാരവും, മോടിയും وَمَا عِندَ اللَّـهِ അല്ലാഹുവിന്‍റെ അടുക്കലുള്ളതു خَيْرٌ ഉത്തമമാണ്, കൂടുതല്‍ നല്ലതാണ് وَأَبْقَىٰ ഏറ്റവും ശേഷിക്കുന്നതുമാണ് أَفَلَا تَعْقِلُونَ എന്നിരിക്കെ നിങ്ങള്‍ ബുദ്ധികൊടുക്കുന്നില്ലേ

ഭൗതികമായ സുഖസൗകര്യങ്ങള്‍ വേണ്ടത്ര ലഭിക്കുന്നതു തങ്ങളുടെ ഏറ്റവും വലിയ നേട്ടമായും, തങ്ങള്‍ക്കു അല്ലാഹുവിങ്കല്‍ വലിയ സ്ഥാനമുണ്ടെന്നുള്ളതിന്‍റെ നാന്ദിയായും പലരും കരുതാറുണ്ട്. ഈ ധാരണ തികച്ചും തെറ്റാണ്. ഈ ജീവിതത്തില്‍ വെച്ചു ലഭിക്കുന്ന ഏതു സുഖഭോഗമാര്‍ഗ്ഗങ്ങളും – അവ എത്രതന്നെ ഉന്നത തരമായിരുന്നാലും ശരി – നശ്വരമായ ഈ ജീവിതത്തില്‍മാത്രം ഉപയോഗപ്പെടുന്നതും, വെറും താല്‍ക്കാലികങ്ങളുമാകുന്നു. പരലോകത്തുവെച്ചു ലഭിക്കുവാനിരിക്കുന്ന സുഖഭോഗങ്ങളാകട്ടെ, ഏതു നിലക്കും അവയെക്കാള്‍ എത്രയോ ഉന്നതവും, ഉത്കൃഷ്ടവുമായിരിക്കും. അവ നാശത്തിനു വിധേയമാകാതെ എന്നെന്നും നിലനില്‍ക്കുന്നതുമായിരിക്കും.

വിഭാഗം - 7

28:61
  • أَفَمَن وَعَدْنَـٰهُ وَعْدًا حَسَنًا فَهُوَ لَـٰقِيهِ كَمَن مَّتَّعْنَـٰهُ مَتَـٰعَ ٱلْحَيَوٰةِ ٱلدُّنْيَا ثُمَّ هُوَ يَوْمَ ٱلْقِيَـٰمَةِ مِنَ ٱلْمُحْضَرِينَ ﴾٦١﴿
  • അപ്പോള്‍, ഏതൊരുവനോടു നാം നല്ലൊരു വാഗ്ദാനംചെയ്യുകയും, എന്നിട്ട് അവനതുകണ്ടെത്തി (അനുഭവി) ക്കുന്നവനായിരിക്കുകയും ചെയ്യുന്നുവോ അവന്‍, ഐഹിക ജീവിതത്തിന്‍റെ സുഖഭോഗം നാം അനുഭവിപ്പിച്ചുകൊടുക്കുകയും, പിന്നീട് ഖിയാമത്തുനാളില്‍ താന്‍ (ശിക്ഷക്ക്) ഹാജറാക്കപ്പെടുന്നവരില്‍ ഉള്‍പ്പെടുകയും ചെയ്യുന്നവനെപ്പോലെയാണോ?!
  • أَفَمَن അപ്പോള്‍ ഒരുവനാണോ, ആരാണോ وَعَدْنَاهُ നാം അവനോടു വാഗ്ദാനം ചെയ്തു وَعْدًا حَسَنًا നല്ലൊരു വാഗ്ദാനം فَهُوَ എന്നിട്ടവന്‍ لَاقِيهِ അതിനെ കാണുന്നവനാണ്, അനുഭവിക്കുന്നവനാണ് كَمَن ഒരുവനെപ്പോലെ مَّتَّعْنَاهُ നാമവനു സുഖഭോഗം നല്‍കി, അനുഭവിപ്പിച്ചു مَتَاعَ الْحَيَاةِ ജീവിതത്തിന്‍റെ സുഖഭോഗം الدُّنْيَا ഐഹികമായ ثُمَّ هُوَ പിന്നെ അവന്‍ يَوْمَ الْقِيَامَةِ ഖിയാമത്തുനാളില്‍ مِنَ الْمُحْضَرِينَ ഹാജറാക്കപ്പെടുന്നവരില്‍ പെട്ടവനുമാണ്

സ൯മാര്‍ഗ്ഗത്തില്‍ ചരിക്കുന്ന സത്യവിശ്വാസികള്‍ക്ക് അല്ലാഹു നല്‍കുമെന്ന് ഏറ്റിട്ടുള്ള മഹത്തായ വാഗ്ദാനങ്ങളില്‍ വിശ്വസിക്കുകയും, അതിനര്‍ഹരായിത്തീരുകയും, അങ്ങിനെ അതു ലഭിക്കുവാന്‍ ഭാഗ്യമുണ്ടായിരിക്കുകയും ചെയ്യുന്നവരും – ക്ഷണികമായ ഐഹിക സൗഖ്യങ്ങളില്‍ അവരുടെ നില കേവലം മോശമായിരുന്നാലും ശരി – ഐഹികജീവിതത്തില്‍ എല്ലാവിധ സുഖസൗകര്യങ്ങളും ലഭിച്ചിട്ടുണ്ടെങ്കിലും പരലോകത്ത് ശിക്ഷാര്‍ഹരായിത്തീരുന്ന കേഡികളും ഒരിക്കലും സമമല്ല. സുഖസമ്പൂര്‍ണ്ണമായ ഐഹികജീവിതം അവസാനിച്ചതിനെത്തുടര്‍ന്ന് യാതൊരു തരത്തിലുള്ള ശിക്ഷാനടപടികളും ഭാവിയില്‍ അനുഭവപ്പെടുവാനില്ലെന്ന് സങ്കല്‍പ്പിച്ചാല്‍പോലും ഒടുക്കമില്ലാത്ത പരലോകജീവിതത്തിലെ സുഖാനുഭവങ്ങള്‍ക്കുവേണ്ടി മനുഷ്യന്‍ യത്നിക്കേണ്ടതുണ്ട്. എന്നിരിക്കെ, അവിടെവെച്ച് ശാശ്വതവും കഠിനകഠോരവുമായ ശിക്ഷാനടപടികൂടി നേരിടാനി രിക്കുന്ന സ്ഥിതിക്ക് തീര്‍ച്ചയായും അവന്‍ അതിനുള്ള മാര്‍ഗ്ഗം അവലംബിക്കേണ്ടതല്ലേ?! പരലോകത്തില്‍ ശിക്ഷാര്‍ഹരായുള്ളവര്‍ നേരിടേണ്ടി വരുന്ന ചില സന്ദര്‍ഭങ്ങള്‍ ചുവടെ വിവരിക്കുന്നു:-

28:62
  • وَيَوْمَ يُنَادِيهِمْ فَيَقُولُ أَيْنَ شُرَكَآءِىَ ٱلَّذِينَ كُنتُمْ تَزْعُمُونَ ﴾٦٢﴿
  • അവരെ അവന്‍ [അല്ലാഹു] വിളിച്ച് (ഇങ്ങനെ) പറയുന്ന ദിവസം (ഓര്‍ക്കുക); 'നിങ്ങള്‍ ജല്പിച്ചു കൊണ്ടിരുന്നതായ എന്‍റെ പങ്കുകാര്‍ എവിടെ?!'
  • وَيَوْمَ يُنَادِيهِمْ അവരെ അവന്‍ വിളിക്കുന്ന ദിവസം فَيَقُولُ എന്നിട്ടവന്‍ പറയും أَيْنَ شُرَكَائِيَ എന്‍റെ പങ്കുകാര്‍ എവിടെ الَّذِينَ كُنتُمْ تَزْعُمُونَ നിങ്ങള്‍ ജല്‍പിച്ചിരുന്ന
28:63
  • قَالَ ٱلَّذِينَ حَقَّ عَلَيْهِمُ ٱلْقَوْلُ رَبَّنَا هَـٰٓؤُلَآءِ ٱلَّذِينَ أَغْوَيْنَآ أَغْوَيْنَـٰهُمْ كَمَا غَوَيْنَا ۖ تَبَرَّأْنَآ إِلَيْكَ ۖ مَا كَانُوٓا۟ إِيَّانَا يَعْبُدُونَ ﴾٦٣﴿
  • (അന്ന്) ഏതൊരുത്തരുടെ മേല്‍ (ശിക്ഷയുടെ) വാക്ക് അവകാശപ്പെട്ടിരിക്കുന്നുവോ അവര്‍ പറയുന്നതാണ്: 'ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ വഴി തെറ്റിച്ചിട്ടുള്ളവര്‍ (ഇതാ) ഇക്കൂട്ടരാണ്; ഞങ്ങള്‍ (സ്വയം) വഴി തെറ്റിയതു പോലെ, ഞങ്ങള്‍ അവരെയും വഴിതെറ്റിച്ചതാണ്. (അവരെ സംബന്ധിച്ച്) നിങ്കലേക്ക് ഞങ്ങള്‍ (ഇതാ) ഉത്തരവാദമൊഴിഞ്ഞുതന്നു; ഞങ്ങളെ അവര്‍ ആരാധിച്ചുവരികയായിരുന്നില്ല.'
  • قَالَ الَّذِينَ യാതൊരു കൂട്ടര്‍ പറയുന്നതാണ് حَقَّ عَلَيْهِمُ അവരില്‍ അവകാശപ്പെട്ടു, സ്ഥിരപ്പെട്ടിരിക്കുന്നു الْقَوْلُ വാക്ക്, വാക്യം رَبَّنَا ഞങ്ങളുടെ റബ്ബേ هَـٰؤُلَاءِ ഇക്കൂട്ടരാണ് الَّذِينَ أَغْوَيْنَا ഞങ്ങള്‍ വഴിതെറ്റിച്ചവര്‍ أَغْوَيْنَاهُمْ അവരെ ഞങ്ങള്‍ വഴി തെറ്റിച്ചു كَمَا غَوَيْنَا ഞങ്ങള്‍ വഴി തെറ്റിയതുപോലെ تَبَرَّأْنَا ഞങ്ങള്‍ ഉത്തരവാദിത്വം ഒഴിഞ്ഞു, കുറ്റം ഒഴിഞ്ഞു إِلَيْكَ നിങ്കലേക്ക്, നിന്‍റെ അടുക്കല്‍ مَا كَانُوا അവരായിരുന്നില്ല إِيَّانَا ഞങ്ങളെ يَعْبُدُونَ ആരാധിക്കും
28:64
  • وَقِيلَ ٱدْعُوا۟ شُرَكَآءَكُمْ فَدَعَوْهُمْ فَلَمْ يَسْتَجِيبُوا۟ لَهُمْ وَرَأَوُا۟ ٱلْعَذَابَ ۚ لَوْ أَنَّهُمْ كَانُوا۟ يَهْتَدُونَ ﴾٦٤﴿
  • 'നിങ്ങളുടെ (ആരാധ്യന്മാരായ) പങ്കുകാരെ വിളിക്കുവിന്‍!' എന്നു പറയപ്പെടുകയും ചെയ്യും; അപ്പോള്‍ അവര്‍ അവരെ വിളി(ച്ചു നോ)ക്കും, എന്നാലവര്‍ തങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതല്ല; ശിക്ഷയെ അവര്‍ (അനുഭവത്തില്‍) കാണുകയും ചെയ്യുന്നതാണ്. 'തങ്ങള്‍ സ൯മാര്‍ഗ്ഗം പ്രാപിച്ചിരുന്നുവെങ്കില്‍ കൊള്ളാമായിരുന്നു.' (എന്നവര്‍ കൊതിക്കും)!
  • وَقِيلَ പറയപ്പെടുകയും ചെയ്യും ادْعُوا നിങ്ങള്‍ വിളിക്കുവിന്‍, പ്രാര്‍ത്ഥിക്കുവിന്‍ شُرَكَاءَكُمْ നിങ്ങളുടെ പങ്കാളികളെ فَدَعَوْهُمْ അപ്പോള്‍ അവര്‍ അവരെ വിളിക്കും فَلَمْ يَسْتَجِيبُوا അപ്പോഴവര്‍ ഉത്തരം നല്‍കുകയില്ല لَهُمْ അവര്‍ക്കു وَرَأَوُا അവര്‍ കാണുകയും ചെയ്യും الْعَذَابَ ശിക്ഷ لَوْ أَنَّهُمْ كَانُوا അവരായിരുന്നെങ്കില്‍ (കൊള്ളാമായിരുന്നു) يَهْتَدُونَ നേര്‍മ്മാര്‍ഗ്ഗം പ്രാപിച്ചിരുന്നു (എങ്കില്‍)

അല്ലാഹുവിന്‍റെ ശിക്ഷക്കു ബാധ്യസ്ഥരായ ശിര്‍ക്കിന്‍റെ നേതാക്കളും, പ്രചാരകന്‍മാരുമാണ് ‘വാക്കിന്നവകാശപ്പെട്ടവര്‍’ (الَّذِينَ حَقَّ عَلَيْهِمُ الْقَوْلُ) എന്നു പറഞ്ഞതുകൊണ്ടുദ്ദേശ്യം. ശിര്‍ക്കിന്‍റെ നേതാക്കളെയും, നീതന്‍മാരെയും വഷളാക്കുവാനായി, ആരാധകന്‍മാരോടു ചോദിക്കുന്ന ചോദ്യമാണ് 62-ാം വചനത്തില്‍ കാണുന്നത്. ഈ ചോദ്യം തന്നെ അവര്‍ക്കൊരു അസഹ്യമായ ശിക്ഷയായിരിക്കുമെന്നു പറയേണ്ടതില്ല. ഈ അവസരത്തില്‍ തങ്ങളുടെ കുറ്റത്തില്‍ വല്ല ഇളവും ലഭിച്ചെങ്കിലോ എന്ന ഭാവേന നേതാക്കളായ ആരാധ്യന്‍മാര്‍ അല്ലാഹുവിന്‍റെ മുമ്പില്‍ ബോധിപ്പിക്കുന്ന മറുപടിയാണ് 63-ാം വചനത്തിലുള്ളത്. ‘ഞങ്ങള്‍ ഏതായാലും സ്വയം പിഴച്ചുപോയി, അപ്രകാരം അവരും ആയിത്തീരട്ടെ എന്നുവെച്ചു അവരെയും ആ പിഴവിലേക്കു പ്രേരിപ്പിച്ചു, അതില്‍ കവിഞ്ഞു ഞങ്ങളൊന്നും ചെയ്തിട്ടില്ല. അവര്‍ ഞങ്ങളുടെ നിര്‍ബ്ബന്ധംകൊണ്ടും ശക്തി കൊണ്ടും വഴിപിഴച്ചതല്ല, വാസ്തവത്തില്‍ അവര്‍ ഞങ്ങളെ ആരാധിച്ചു വന്നിട്ടുമില്ല, അവര്‍ തങ്ങളുടെ തന്നിഷ്ടപ്രകാരം വിഗ്രഹങ്ങള്‍ തുടങ്ങിയ മറ്റു പലതിനെയുമാണ് ആരാധിച്ചിരുന്നതു, ‘അതുകൊണ്ട് അവരുടെ കുറ്റത്തിന് ഞങ്ങള്‍ ഉത്തരവാദപ്പെട്ടവരല്ല, ഞങ്ങളുടെ നിരപരാധിത്വം ഞങ്ങളിതാ ബോധിപ്പിക്കുന്നു.’ എന്നൊക്കെയാണ് അവരുടെ മറുപടിയുടെ സാരം.

പരദൈവാരാധകന്‍മാരുടെ നിസ്സഹായതയും, വഷളത്തവും കൂടുതല്‍ സ്പഷ്ടമാക്കത്തക്കവണ്ണം അവരുടെ ആരാധ്യവസ്തുക്കളെ വിളിച്ചപേക്ഷിക്കുവാന്‍ അവരോടു കല്‍പിക്കപ്പെടുമെന്നും, അതിരില്ലാത്ത പരിഭ്രമത്തിലും, ദുഃഖത്തിലും മുഴുകിയ അവര്‍ അവയെ വിളിച്ചുനോക്കുമ്പോള്‍ അവ ഉത്തരം നല്‍കുകപോലും ചെയ്കയില്ലെന്നുമാണ് 64-ാം വചനം കാണിക്കുന്നത്. ഇവിടെ വെച്ച് ഇരുകൂട്ടരും – ആരാധകരും നീതരുമായുള്ളവരും, നേതാക്കളും ആരാധ്യന്‍മാരുമായുള്ളവരും എല്ലാം തന്നെ – കൊതിച്ചുപോകും: ഹാ! തങ്ങള്‍ സന്‍മാര്‍ഗ്ഗം പ്രാപിച്ചിരുന്നുവെങ്കില്‍ എത്ര നന്നായേനെ എന്ന്.

അല്ലാഹുവിന്‍റെ തിരുസന്നിധിയില്‍ വിചാരണക്കായി എല്ലാവരും ഹാജറാക്കപ്പെടുന്ന അതിഗുരുതരമായ ഘട്ടത്തില്‍ – സജ്ജനങ്ങള്‍, ദുര്‍ജ്ജനങ്ങള്‍, വിശ്വാസികള്‍, അവിശ്വാസികള്‍ എന്നിങ്ങനെയുള്ള എല്ലാ വിഭാഗക്കാരും, പ്രവാചകന്‍മാരും, സാക്ഷികളും ഒന്നടങ്കം സമ്മേളിപ്പിക്കപ്പെടുന്ന ആ വമ്പിച്ച മഹാസദസ്സില്‍ – അല്ലാഹു ചോദിക്കുന്ന മറ്റൊരു ചോദ്യം തുടര്‍ന്നു പറയുന്നു:

28:65
  • وَيَوْمَ يُنَادِيهِمْ فَيَقُولُ مَاذَآ أَجَبْتُمُ ٱلْمُرْسَلِينَ ﴾٦٥﴿
  • അവരെ വിളിച്ച് 'എന്താണ് നിങ്ങള്‍ മുര്‍സലുകള്‍ക്ക് ഉത്തരം നല്‍കിയത്?' എന്ന് അവന്‍ [അല്ലാഹു] പറയുന്ന ദിവസം (ഓര്‍ക്കുക)!-
  • وَيَوْمَ يُنَادِيهِمْ അവന്‍ അവരെ വിളിക്കുന്ന ദിവസം فَيَقُولُ എന്നിട്ടു പറയും مَاذَا എന്താണ്, എന്തൊന്നാണ് أَجَبْتُمُ നിങ്ങള്‍ ഉത്തരം (മറുപടി) നല്‍കി الْمُرْسَلِينَ മുര്‍സലുകള്‍ക്കു
28:66
  • فَعَمِيَتْ عَلَيْهِمُ ٱلْأَنۢبَآءُ يَوْمَئِذٍ فَهُمْ لَا يَتَسَآءَلُونَ ﴾٦٦﴿
  • അന്നത്തെ ദിവസം, വര്‍ത്തമാനങ്ങള്‍ അവര്‍ക്ക് അന്ധമായിരിക്കുന്നതാണ്; അതിനാല്‍, അവര്‍ അന്യോന്യം (യാതൊന്നും) ചോദിച്ചറിയുകയില്ല.
  • فَعَمِيَتْ അപ്പോള്‍ അന്ധമായിരിക്കുന്നതാണ് عَلَيْهِمُ അവര്‍ക്ക്, അവരില്‍ الْأَنبَاءُ വര്‍ത്തമാനങ്ങള്‍ يَوْمَئِذٍ അന്ന്, ആദിവസം فَهُمْ അതിനാല്‍ അവര്‍ لَا يَتَسَاءَلُونَ അവരന്യോന്യം ചോദിച്ചറിയുകയില്ല
28:67
  • فَأَمَّا مَن تَابَ وَءَامَنَ وَعَمِلَ صَـٰلِحًا فَعَسَىٰٓ أَن يَكُونَ مِنَ ٱلْمُفْلِحِينَ ﴾٦٧﴿
  • എന്നാല്‍, ആര്‍ പശ്ചാത്തപിക്കുകയും, വിശ്വസിക്കുകയും, സല്‍ക്കര്‍മ്മം പ്രവര്‍ത്തിക്കുകയും ചെയ്തിരിക്കുന്നുവോ അവന്‍, വിജയികളില്‍ പെട്ടവനായേക്കാവുന്നതാണ്.
  • فَأَمَّا مَن تَابَ എന്നാല്‍ ആര്‍ പശ്ചാത്തപിച്ചുവോ, പശ്ചാത്തപിച്ചവന്‍ وَآمَنَ വിശ്വസിക്കയും وَعَمِلَ പ്രവര്‍ത്തിക്കുകയും صَالِحًا സല്‍കര്‍മ്മം, നല്ലതു فَعَسَىٰ أَن يَكُونَ അവനായേക്കാം مِنَ الْمُفْلِحِينَ വിജയികളില്‍, ഭാഗ്യവാന്‍മാരില്‍ (പെട്ടവന്‍)

പ്രവാചകന്‍മാരെ നിഷേധിച്ചു വന്ന അവര്‍ക്കു അല്ലാഹുവിന്‍റെ ഭാഗത്തുനിന്നുള്ള ഈ ചോദ്യത്തിന് ഉത്തരമായി ഒരക്ഷരം ഉരിയാടുവാനാകട്ടെ, തങ്ങള്‍ അനുവര്‍ത്തിച്ചുവന്ന നയത്തിന് എന്തെങ്കിലും ന്യായീകരണമോ, ഒഴിവുകഴിവോ സമര്‍പ്പിക്കുവാനാകട്ടെ സാധ്യമാകുന്നതല്ല. എന്താണ് പറയേണ്ടതെന്ന് ഒരെത്തും പിടിയും കിട്ടാതെ അവര്‍ കുഴങ്ങുന്നതാണ്. ഐഹികജീവിതത്തിലെ പതിവനുസരിച്ച് ആരോടെങ്കിലും വല്ലതും ചോദിക്കുവാനോ, അന്വേഷിക്കുവാനോ, അപേക്ഷിക്കുവാനോ സാധ്യമാകുമോ? അതും സാധ്യമല്ല. അല്ലാഹുവിന്‍റെ സൃഷ്ടികളില്‍ വെച്ച് ഏറ്റവും ഉല്‍കൃഷ്ടരായ പ്രവാചകന്‍മാര്‍പോലും വമ്പിച്ച പരിഭ്രമത്തിലായിത്തീരുന്ന ആ ഘട്ടത്തില്‍, സൃഷ്ടികളില്‍വെച്ച് ഏറ്റവും നികൃഷ്ടരായ ആ മഹാപാപികള്‍ക്കു വല്ല മനസ്സമാധാനത്തിനും അവകാശമുണ്ടാകുന്നതെങ്ങനെ?! പ്രവാചകന്‍മാരുടെ അന്നത്തെ നിലയെ സംബന്ധിച്ച് അല്ലാഹു സൂറത്തുല്‍ മാഇദയില്‍ ഇപ്രകാരം പറയുന്നു:-

يَوْمَ يَجْمَعُ اللَّـهُ الرُّسُلَ فَيَقُولُ مَاذَا أُجِبْتُمْ ۖ قَالُوا لَا عِلْمَ لَنَا ۖ إِنَّكَ أَنتَ عَلَّامُ الْغُيُوبِ : سورة المائدة : ١٠٩

(അല്ലാഹു റസൂലുകളെ ഒരുമിച്ചുകൂട്ടുന്ന ദിവസം! എന്നിട്ടവരോട് അവന്‍ പറയും: ‘നിങ്ങള്‍ക്ക് എന്താണ് ഉത്തരം നല്‍കപ്പെട്ടതു?’ അവര്‍ പറയുന്നതാണ്: ‘ഞങ്ങള്‍ക്ക് അറിവില്ല. നിശ്ചയമായും നീ തന്നെയാണ് അദൃശ്യകാര്യങ്ങളെ ധാരാളം അറിയുന്നവന്‍) എന്നിരിക്കെ മറ്റുള്ളവരുടെ പരിഭ്രമത്തെക്കുറിച്ചു പറയേണ്ടതുണ്ടോ?!!

ഏതു ഭയങ്കര കുറ്റം ചെയ്തവനാകട്ടെ, പശ്ചാത്തപിച്ചു മടങ്ങുകയും, സത്യവിശ്വാസം കൈക്കൊള്ളുകയും, നല്ല കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നപക്ഷം അവര്‍ക്കു രക്ഷയുണ്ട്. അങ്ങിനെയുള്ളവര്‍ സല്‍ഭാഗ്യവാന്മാരാണ്. വിജയികളാണ്. പരമകാരുണികനും അത്യുദാരനുമായ അല്ലാഹു ‘ആയേക്കാം’ (عَسَىٰ أَن يَكُونَ) എന്നു പറഞ്ഞാല്‍ അക്കാര്യം സുദൃഢം തന്നെയാണെന്ന് ഉറപ്പിക്കാവുന്നതാണ്. അന്നത്തെ ദിവസം അവന്‍ നമുക്കെല്ലാം വിജയവും, രക്ഷയും നല്‍കി അനുഗ്രഹിക്കട്ടെ. ആമീന്‍.

28:68
  • وَرَبُّكَ يَخْلُقُ مَا يَشَآءُ وَيَخْتَارُ ۗ مَا كَانَ لَهُمُ ٱلْخِيَرَةُ ۚ سُبْحَـٰنَ ٱللَّهِ وَتَعَـٰلَىٰ عَمَّا يُشْرِكُونَ ﴾٦٨﴿
  • നിന്‍റെ റബ്ബ്, അവന്‍ ഉദ്ദേശിക്കുന്നതു സൃഷ്ടിക്കുകയും, തിരഞ്ഞെടുക്കുകയും ചെയ്യുന്നു. അവര്‍ക്ക് [സൃഷ്ടികള്‍ക്ക്] തിരഞ്ഞെടുപ്പിനവകാശമില്ല. അവര്‍ പങ്കുചേര്‍ക്കുന്നതില്‍നിന്നു അല്ലാഹു മഹാപരിശുദ്ധനും, അത്യുന്നതനായുള്ളവനുമത്രെ!
  • وَرَبُّكَ നിന്‍റെ റബ്ബ്, രക്ഷിതാവ് يَخْلُقُ സൃഷ്ടിക്കുന്നു مَا يَشَاءُ അവന്‍ ഉദ്ദേശിക്കുന്നത് وَيَخْتَارُ തിരഞ്ഞെടുക്കുകയും ചെയ്യുന്നു مَا كَانَ لَهُمُ അവര്‍ക്കില്ല, അവര്‍ക്കു ആകാവതല്ല (അവകാശമില്ല) الْخِيَرَةُ തിരഞ്ഞെടുക്കല്‍ سُبْحَانَ اللَّـهِ അല്ലാഹു മഹാപരിശുദ്ധന്‍ وَتَعَالَىٰ അവന്‍ അത്യുന്നതനുമാകുന്നു, അതീതനാകുകയും ചെയ്തിരിക്കുന്നു عَمَّا يُشْرِكُونَ അവര്‍ പങ്കുചേര്‍ക്കുന്നതില്‍നിന്ന്

എന്തെല്ലാമാണ് സൃഷ്ടിക്കേണ്ടത്, എങ്ങനെയെല്ലാമാണത് സൃഷ്ടിക്കേണ്ടത്, ഏതെല്ലാം കാര്യങ്ങളാണു നടപ്പില്‍ വരുത്തേണ്ടത്, ഏതിനൊക്കെയാണ് മുന്‍ഗണന നല്‍കേണ്ടത്, എന്നിങ്ങിനെയുള്ള ഒന്നിലുംതന്നെ, അവന്‍റെ ഉദ്ദേശമനുസരിച്ച് അവന്‍ പ്രവര്‍ത്തിക്കുകയല്ലാതെ, അതില്‍ മറ്റാരുടെയെങ്കിലും ഇഷ്ടത്തിനോ, അഭിപ്രായത്തിനോ യാതൊരുവിധ പങ്കുമില്ലതന്നെ. എന്നിരിക്കെ, അവനെ സംബന്ധിക്കുന്ന ഏതെങ്കിലും കാര്യത്തില്‍ മറ്റൊരാളെ പങ്കാളിയായി ഗണിക്കുന്ന പ്രശ്നമേ ഇല്ല. അങ്ങിനെയുള്ള ഏതു സങ്കല്‍പ്പത്തിനും അവന്‍ അതീതനാകുന്നു, പരിശുദ്ധനാകുന്നു, അത്യുന്നതനാകുന്നു. ഒരു അറബിക്കവി പറഞ്ഞതെത്ര വാസ്തവം:-

” الْعَبْدُ ذُو ضَجَرٍ، وَالرَّبُّ ذُو قَدَرٍ * وَالدَّهْرُ ذُو دُوَلٍ، وَالرِّزْقُ مَقْسُومُ
وَالْخَيْرُ أَجْمَعُ فِيمَا اخْتَارَ خَالِقُنَا * وَفِي اخْتِيَارِ سِوَاهُ اللَّوْمُ وَالشُّومُ “

(സാരം:- അടിയാന്‍ മടുപ്പ് ബാധിക്കുന്നവനത്രെ; റബ്ബാകട്ടെ, എല്ലാം നിര്‍ണ്ണയിക്കുന്നവനും! കാലം മാറിക്കൊണ്ടിരിക്കുന്നതും, ആഹാരം ഭാഗിച്ചുകൊടുക്കപ്പെടുന്നതുമാണ്. നന്‍മ മുഴുവനും സ്ഥിതിചെയ്യുന്നതു നമ്മുടെ സൃഷ്ടാവ് തിരഞ്ഞെടുക്കുന്നതിലത്രെ. മറ്റുള്ളവര്‍ തിരഞ്ഞെടുക്കുന്നതിലാണ് ആക്ഷേപവും ദുശ്ശകുനവുമുള്ളത്.)

68-ാം ആയത്തിന്‍റെ വെളിച്ചത്തില്‍ അല്‍പം ചിന്തിച്ചുനോക്കുക. വരാനിരിക്കുന്ന കാര്യങ്ങളെയോ, മറഞ്ഞ സംഗതികളെയോ അറിയേണ്ടതിനും, കാര്യകാരണബന്ധങ്ങള്‍ക്കതീതമായ മാര്‍ഗ്ഗങ്ങളില്‍കൂടി ഉദ്ദേശങ്ങള്‍ സാധിക്കേണ്ടതിനുംവേണ്ടി, പലതരം പ്രശ്നക്കാരെ – അവര്‍ ഏതുപേരില്‍ അറിയപ്പെട്ടാലും ശരി – സമീപിക്കുന്നതും, അവരില്‍ വിശ്വാസമര്‍പ്പിക്കുന്നതും വമ്പിച്ച വിഡ്ഢിത്തം മാത്രമല്ല, മഹാപാപംകൂടിയാണെന്നു കാണാം. ‘അവര്‍ പങ്കുചേര്‍ക്കുന്നതില്‍നിന്നും അല്ലാഹു മഹാ പരിശുദ്ധനും പരമോന്നതനുമാണ്’ എന്നു ആയത്തിന്‍റെ അവസാനത്തില്‍ പറഞ്ഞതു നോക്കുമ്പോള്‍, ഇത്തരം പ്രവര്‍ത്തികള്‍ ശിര്‍ക്കിന്‍റെ ഇനത്തില്‍ ഉള്‍പ്പെട്ടേക്കുമെന്നുകൂടി മനസ്സിലാക്കേണ്ടിയിരിക്കുന്നു. അതുകൊണ്ടുതന്നെയാണ് പ്രശ്നക്കാരെസംബന്ധിച്ച് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) വളരെ താക്കീതുകള്‍ നല്‍കുന്നതും. തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഇപ്രകാരം പറഞ്ഞതായി മുസ്‌ലിം റ) രേഖപ്പെടുത്തിയിരിക്കുന്നു:

مَنْ أتى عَرَّافًا فَسَأَلهُ عَنْ شَئٍ لم تقْبَل لَهُ صَلاةُ أربعينَ ليلةً : مسلم

(ആരെങ്കിലും ഒരു ‘അ൪-റാഫി’ന്‍റെ – അഥവാ പ്രശ്നക്കാരന്‍റെ – അടുക്കല്‍ ചെന്ന് അവനോട് വല്ല കാര്യത്തെക്കുറിച്ചും ചോദിക്കുന്നപക്ഷം നാല്‍പതു ദിവസത്തെ നമസ്കാരം അവന് സ്വീകരിക്കപ്പെടുന്നതല്ല.) മറഞ്ഞ കാര്യങ്ങളോ, ഭാവികാര്യങ്ങളോ ഏതെങ്കിലും പ്രകാരത്തില്‍ ഗണിച്ചുപറയുന്ന എല്ലാവര്‍ക്കും ഉപയോഗിക്കുന്ന പേരാണ് ‘അ൪-റാഫ്’ (عَرَّاف). മറഞ്ഞ കാര്യങ്ങള്‍ അറിയാമെന്നു കരുതപ്പെടുന്ന പുരോഹിതന്‍മാരായ ഗണിതക്കാര്‍ക്ക് ‘കാഹിന്‍’ (كاهن) എന്നും പറയപ്പെടും. ‘കാഹിനി’ന്‍റെ അടുക്കല്‍ പോകുകയും, അവന്‍ പറഞ്ഞതു വിശ്വസിക്കുകയും ചെയ്യുന്നവന്‍ മുഹമ്മദു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)ക്ക് അവതരിപ്പിക്കപ്പെട്ടതില്‍നിന്നും ബന്ധമറ്റുപോകുന്നതാണ്’ എന്ന് ഇമാം അഹ്മദും (റ) അബൂദാവൂദും (റ) രിവായത്ത് ചെയ്തിട്ടുള്ള ഒരു ഹദീസിലും വന്നിട്ടുണ്ട്.

വല്ല പ്രധാനപ്പെട്ട കാര്യങ്ങളിലും ഏര്‍പ്പെടുവാന്‍ ഉദ്ദേശിക്കുന്നവന്‍, അക്കാര്യം തനിക്ക് ഗുണകരമായിരിക്കുമോ, ദോഷകരമായിരിക്കുമോ എന്നറിയാതെ വിഷമിക്കുന്നപക്ഷം, അവനു മനസ്സമാധാനം ലഭിക്കുവാന്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) നിര്‍ദ്ദേശിച്ചിട്ടുള്ള മാര്‍ഗ്ഗമാണ് ‘ഇസ്തിഖാറത്ത്’ (الاستخارة). ഗുണകരമായതു കാണിച്ചുതരുവാന്‍ അല്ലാഹുവിനോടു തേടുക എന്നത്രെ ഈ വാക്കിന്‍റെ വിവക്ഷ. ഇസ്തിഖാറത്തിന്‍റെ ഏറ്റവും നല്ല രൂപം ഇമാം ബുഖാരീ (റ) ഉദ്ധരിക്കുന്ന ഒരു ഹദീസില്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) നമുക്കു പഠിപ്പിച്ചുതന്നിരിക്കുന്നു. അതിപ്രകാരമാണ്‌:-

عن جابِرٍبن عبد الله رضيَ اللَّه عنه قال : كانَ النبي صَلّى اللهُ عَلَيْهِ وسَلَّم يُعَلِّمُنَا الاسْتِخَارَةَ في الأُمُور كُلِّهَا كما يعلمنا السُّورَةِ منَ القُرْآنِ ، يَقُولُ إِذا هَمَّ أَحَدُكُمْ بالأمر ، فَليَركعْ رَكعتَيْنِ مِنْ غَيْرِ الفرِيضَةِ ثم ليقُلْ : اللَّهُم إِني أَسْتَخِيرُكَ بعِلْمِكَ ، وأستقدِرُكَ بقُدْرِتك ، وأَسْأَلُكَ مِنْ فضْلِكَ العَظِيم ، فإِنَّكَ تَقْدِرُ ولا أَقْدِرُ ، وتعْلَمُ ولا أَعْلَمُ ، وَأَنتَ علاَّمُ الغُيُوبِ . اللَّهُمَّ إِنْ كنْتَ تعْلَمُ أَنَّ هذا الأمرَ خَيْرٌ لي في دِيني وَمَعَاشي وَعَاقِبَةِ أَمْرِي ، فاقْدُرْهُ لي وَيَسِّرْهُ لي، ثمَّ بَارِكْ لي فِيهِ ،اللَّهُمَّ إِن كُنْتَ تعْلمُ أَنَّ هذَا الأَمْرَ شرٌّ لي في دِيني وَمَعاشي وَعَاقبةِ أَمَرِي ، فاصْرِفهُ عَني ، وَاصْرفني عَنهُ، وَاقدُرْ لي الخَيْرَ حَيْثُ كانَ ، ثُمَّ رَضِّني بِهِ » قال : ويسمِّي حاجته . رواه البخاري.

(സാരം: ജാബിര്‍ (റ) പറയുന്നു: ഖുര്‍ആനിലെ സൂറത്തു പഠിപ്പിച്ചു തരുന്നതുപോലെ – അത്ര പ്രാധാന്യം കല്‍പിച്ചുകൊണ്ടു – എല്ലാ കാര്യങ്ങളിലും ‘ഇസ്തിഖാറത്ത്’ – നല്ലതിനെ തേടല്‍- ചെയ്യേണ്ട ക്രമം നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഞങ്ങള്‍ക്കു പഠിപ്പിച്ചുതന്നിരുന്നു. അവിടുന്ന് ഇങ്ങിനെ പറഞ്ഞിരുന്നു: ‘നിങ്ങളില്‍ ഒരാള്‍ ഒരു കാര്യത്തിന്ന് ഉദ്ദേശിച്ചാല്‍ അവന്‍ ‘ഫ൪ള്വ്’ (നിര്‍ബ്ബന്ധ) നമസ്ക്കാരമല്ലാത്ത രണ്ടു റക്അത്ത് നമസ്കരിച്ചുകൊള്ളട്ടെ. പിന്നീട് …..اللَّهُم إِني أَسْتَخِيرُكَ എന്നു (തുടങ്ങി അവസാനം വരെയുള്ള ദുആ) പറഞ്ഞുകൊള്ളുകയും ചെയ്യട്ടെ. അതോടുകൂടി അവന്‍റെ ആവശ്യം എടുത്തു പറയുകയും വേണം.’ (ബു). ഈ പ്രാര്‍ത്ഥന എല്ലാവരും പഠിക്കേണ്ടതും അര്‍ത്ഥം ഗ്രഹിച്ചിരിക്കേണ്ടതും ആവശ്യമാകുന്നു.

പ്രാര്‍ത്ഥനയുടെ അര്‍ത്ഥം:- ‘അല്ലാഹുവേ, നിന്‍റെ അറിവുനിമിത്തം ഞാന്‍ നിന്നോട് ഗുണത്തിനപേക്ഷിക്കുന്നു. നിന്‍റെ കഴിവുനിമിത്തം ഞാന്‍ നിന്നോട് കഴിവിന്നപേക്ഷിക്കയും ചെയ്യുന്നു. നിന്‍റെ മഹത്തായ അനുഗ്രഹത്തില്‍നിന്ന് ഞാന്‍ നിന്നോട് ചോദിക്കുന്നു. കാരണം, നിശ്ചയമായും നിനക്കു കഴിവുണ്ട്. എനിക്കു കഴിവില്ല; നിനക്കറിയാം, എനിക്കറിയുകയില്ല; നീ അദൃശ്യകാര്യങ്ങളെ നന്നായി അറിയുന്നവനാണല്ലോ. അല്ലാഹുവേ! (എന്‍റെ ഉദ്ദേശത്തിലിരിക്കുന്ന) ഇക്കാര്യം, എന്‍റെ മതത്തിലും, എന്‍റെ ജീവിതത്തിലും, എന്‍റെ കാര്യത്തിന്‍റെ പര്യവസാനത്തിലും (ഭാവിയിലും) എനിക്ക് ഗുണകരമാണെന്ന് നീ അറിയുന്നുവെങ്കില്‍ അത് എനിക്കു നീ സാധിപ്പിച്ചുതരുകയും, അതെനിക്കു നിഷ്പ്രയാസമാക്കിത്തരുകയും ചെയ്യേണമേ! അനന്തരം അതില്‍ എനിക്കു ‘ബര്‍ക്കത്തും’ (അഭിവൃദ്ധിയും) നല്‍കേണമേ! അല്ലാഹുവേ! ഇക്കാര്യം എന്‍റെ മതത്തിലും, എന്‍റെ ജീവിതത്തിലും, എന്‍റെ കാര്യത്തിന്‍റെ പര്യവസാനത്തിലും എനിക്കു ദോഷകരമാണെന്ന് നീ അറിയുന്നുവെങ്കില്‍ അത് എന്നില്‍ നിന്ന് നീ തിരിച്ചുവിടേണമേ! എന്നെ അതില്‍നിന്നും തിരിച്ചു തരേണമേ! നന്‍മ സ്ഥിതിചെയ്യുന്നതു എവിടെയായിരുന്നാലും നീ അതെനിക്ക് നിശ്ചയിച്ചുതരുകയും, പിന്നീട് എനിക്കതില്‍ തൃപ്തി വരുത്തിത്തരുകയും വേണമേ!’

ഈ പ്രാര്‍ത്ഥനയില്‍ ‘എന്‍റെ ജീവിതത്തിലും എന്‍റെ കാര്യത്തിന്‍റെ പര്യവസാനത്തിലും’ (وَمَعَاشي وَعَاقِبَةِ أَمْرِي) എന്നതിന്‍റെ സ്ഥാനത്ത് ‘എന്‍റെ കാര്യത്തിന്‍റെ താല്‍ക്കാലികാവസ്ഥയിലും, ഭാവിയി ലും’ (في عَاجِلِ أَمْرِي وَآجِله) എന്നും നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്. പ്രാര്‍ത്ഥിക്കുന്നവന്‍റെ യുക്തംപോലെ രണ്ടിലൊന്നു ഉപയോഗിക്കാവുന്നതാണ്.