വിഭാഗം - 11

5:81
  • لُعِنَ ٱلَّذِينَ كَفَرُوا۟ مِنۢ بَنِىٓ إِسْرَٰٓءِيلَ عَلَىٰ لِسَانِ دَاوُۥدَ وَعِيسَى ٱبْنِ مَرْيَمَ ۚ ذَٰلِكَ بِمَا عَصَوا۟ وَّكَانُوا۟ يَعْتَدُونَ ﴾٨١﴿
  • ഇസ്‌റാഈല്‍ സന്തതികളില്‍ നിന്ന് അവിശ്വസിച്ചവര്‍ ദാവൂദിന്‍റെയും, മര്‍യമിന്‍റെ മകന്‍ ഈസായുടെയും നാവിലൂടെ ശപിക്കപ്പെട്ടിരിക്കുന്നു. അത്, അവര്‍ അനുസരണക്കേട് ചെയ്യുകയും, അതിരു വിട്ടുകൊണ്ടിരിക്കുകയും ചെയ്തതു നിമിത്തമത്രെ.
  • لُعِنَ ശപിക്കപ്പെട്ടിരിക്കുന്നു الَّذِينَ كَفَرُوا അവിശ്വസിച്ചവര്‍ مِن بَنِي إِسْرَائِيلَ ഇസ്‌റാഈല്‍ സന്തതികളില്‍ നിന്ന് عَلَىٰ لِسَانِ നാവിലായി, നാവിലൂടെ دَاوُودَ ദാവൂദിന്‍റെ وَعِيسَى ഈസായുടെയും ابْنِ مَرْيَمَ മര്‍യമിന്‍റെ മകന്‍ ذَٰلِكَ അത് بِمَا عَصَوا അവര്‍ അനുസരണക്കേട് ചെയ്തതുകൊണ്ടാകുന്നു وَّكَانُوا അവര്‍ ആയിരുന്നു يَعْتَدُونَ അവര്‍ അതിരുവിടും
5:82
  • كَانُوا۟ لَا يَتَنَاهَوْنَ عَن مُّنكَرٍ فَعَلُوهُ ۚ لَبِئْسَ مَا كَانُوا۟ يَفْعَلُونَ ﴾٨٢﴿
  • അവര്‍ ചെയ്ത ദുരാചാരെ ത്തക്കുറിച്ചു അവര്‍ പരസ്പരം വിരോധിക്കാറില്ലായിരുന്നു. അവര്‍ ചെയ്തുകൊണ്ടിരുന്നത് വളരെ ചീത്ത തന്നെ!
  • كَانُوا അവരായിരുന്നു لَا يَتَنَاهَوْنَ അവര്‍ പരസ്പരം വിരോധിക്കയില്ല, ഒഴിഞ്ഞു നില്‍ക്കാതെ عَن مُّنكَرٍ ദുരാചാരത്തെക്കുറിച്ച്, വെറുക്കപ്പെട്ടതില്‍ നിന്ന് فَعَلُوهُ അവര്‍ ചെയ്ത لَبِئْسَ വളരെ (എത്രയോ) ചീത്ത തന്നെ مَا كَانُوا അവരായിരുന്നത് يَفْعَلُونَ അവര്‍ ചെയ്യും
5:83
  • تَرَىٰ كَثِيرًا مِّنْهُمْ يَتَوَلَّوْنَ ٱلَّذِينَ كَفَرُوا۟ ۚ لَبِئْسَ مَا قَدَّمَتْ لَهُمْ أَنفُسُهُمْ أَن سَخِطَ ٱللَّهُ عَلَيْهِمْ وَفِى ٱلْعَذَابِ هُمْ خَٰلِدُونَ ﴾٨٣﴿
  • അവരില്‍ നിന്നു പലരെയും അവിശ്വസിച്ചവരോട് മൈത്രീബന്ധം സ്ഥാപിക്കുന്നതായി നിനക്ക് കാണാം. അവരുടെ സ്വന്തങ്ങള്‍ തങ്ങള്‍ക്കു വേണ്ടി മുന്നൊരുക്കി വെച്ചിട്ടുള്ളത് വളരെ ചീത്ത തന്നെ! അതായത്, അല്ലാഹു അവരുടെ മേല്‍ ക്രോധിച്ചിരിക്കുകയാണെന്നുള്ളത്. ശിക്ഷയിലാകട്ടെ, അവര്‍ ശാശ്വതന്മാരുമാകുന്നു. [ഇതാണവര്‍ തങ്ങള്‍ക്ക് വേണ്ടി ഒരുക്കിവെച്ചിരിക്കുന്നത്]
  • تَرَىٰ നീ കാണും, നിനക്കു കാണാം كَثِيرًا مِّنْهُمْ അവരില്‍ നിന്ന് വളരെ, പലരെയും يَتَوَلَّوْنَ അവര്‍ മൈത്രീബന്ധം സ്ഥാപിക്കുന്നതായി (അടുത്തു ബന്ധപ്പെടുന്നതായി) الَّذِينَ كَفَرُوا അവിശ്വസിച്ചവരോട് لَبِئْسَ വളരെ ചീത്ത (മോശം) തന്നെ مَا قَدَّمَتْ മുന്‍ചെയ്തു (മുന്നൊരുക്കി)വെച്ചത് لَهُمْ അവര്‍ക്കു(തങ്ങള്‍ക്ക്) വേണ്ടി أَنفُسُهُمْ അവരുടെ സ്വന്തങ്ങള്‍ (സ്വയം), തങ്ങള്‍ തന്നെ أَن سَخِطَ ക്രോധിച്ചുവെന്നുള്ളത് اللَّهُ അല്ലാഹു عَلَيْهِمْ അവരുടെ മേല്‍ وَفِي الْعَذَابِ ശിക്ഷയിലാകട്ടെ هُمْ അവര്‍ خَالِدُونَ ശാശ്വതന്മാരാകുന്നു, നിത്യവാസികളുമാണ്
5:84
  • وَلَوْ كَانُوا۟ يُؤْمِنُونَ بِٱللَّهِ وَٱلنَّبِىِّ وَمَآ أُنزِلَ إِلَيْهِ مَا ٱتَّخَذُوهُمْ أَوْلِيَآءَ وَلَٰكِنَّ كَثِيرًا مِّنْهُمْ فَٰسِقُونَ ﴾٨٤﴿
  • അവര്‍ അല്ലാഹുവിലും, നബിയിലും, അദ്ദേഹത്തിലേക്ക് അവ തരിപ്പിക്കപ്പെട്ടതിലും വിശ്വസിച്ചു കൊണ്ടിരുന്നെങ്കില്‍ അവര്‍ അവരെ ബന്ധുമിത്രങ്ങളാക്കുമായിരുന്നില്ല. എങ്കിലും, അവരില്‍ വളരെ ആളു കളും തോന്നിയവാസികളാകുന്നു.
  • وَلَوْ كَانُوا അവരായിരുന്നുവെങ്കില്‍ يُؤْمِنُونَ അവര്‍ വിശ്വസിക്കുന്നു(ണ്ടായിരുന്നെങ്കില്‍) بِاللَّهِ അല്ലാഹുവില്‍ وَالنَّبِيِّ നബിയിലും وَمَا أُنزِلَ അവതരിപ്പിക്കപ്പെട്ടതിലും إِلَيْهِ അദ്ദേഹത്തിലേക്ക് مَا اتَّخَذُو അവര്‍ ആക്കു (സ്വീകരിക്കു)മായിരുന്നില്ല هُمْ അവരെ أَوْلِيَاءَ മിത്രങ്ങള്‍, ബന്ധപ്പെട്ടവര്‍ وَلَٰكِنَّ എങ്കിലും كَثِيرًا വളരെ (ആളുകള്‍), പലരും مِّنْهُمْ അവരില്‍ നിന്ന് فَاسِقُونَ തോന്നിയവാസി (ധിക്കാരി)കളാണ്

ഇസ്‌റാഈല്‍ സമുദായത്തിന്‍റെ- അവരില്‍ ബഹുഭൂരിഭാഗം വരുന്ന അവിശ്വാസികളുടെ-ധിക്കാരത്തിന്‍റെയും അനുസരണക്കേടിന്‍റെയും ചരിത്രം പുതിയതൊന്നുമല്ല. അതിനൊരു നീണ്ട കാല പാരമ്പര്യം തന്നെയുണ്ട്. അവരിലേക്ക് നിയോഗിക്കപ്പെട്ട പ്രവാചകന്മാരില്‍ പ്രമുഖരായ രണ്ടു പ്രവാചകന്മാരാണ് ദാവൂദ് നബി (അ)യും, ഈസാ നബി (അ)യും. രണ്ടുപേര്‍ മുഖാന്തരവും അവര്‍ ശപിക്കപ്പെടുകയാണുണ്ടായത്. അവരുടെ അനുസരണക്കേടും ധിക്കാരവും തന്നെയാണതിന് കാരണം. ദുരാചാരങ്ങളും നിഷിദ്ധങ്ങളും അവര്‍ക്കിടയില്‍ സര്‍വ്വത്രയായിരുന്നു. ആരെന്തു തോന്നിയവാസം ചെയ്താലും അത് തടയുവാനോ, ഗുണദോഷിക്കുവാനോ ആളുണ്ടായിരുന്നില്ല. അത്രത്തോളം അവര്‍ ദുഷിച്ചിരുന്നു എന്നൊക്കെയാണ് ആദ്യത്തെ രണ്ടു വചനങ്ങളുടെ താല്‍പര്യം. ….كَانُوا لَا يَتَنَاهَوْنَ എന്ന വാക്യത്തിനു ‘അവര്‍ ചെയ്തുപോയ ദുരാചാരത്തില്‍ നിന്ന് അവര്‍ ഒഴിഞ്ഞു മാറുമായിരുന്നില്ല’ എന്നും അര്‍ത്ഥം വരാം. ഒരിക്കല്‍ ഒരു തോന്നിയവാസം ചെയ്താല്‍ അതില്‍ നിന്നു സ്വയം പശ്ചാത്തപിച്ചു മടങ്ങുകയോ, മറ്റുള്ളവര്‍ അത് മുടക്കം ചെയ്യുകയോ പതിവില്ല. അങ്ങനെ, അതു പിന്നെയും പിന്നെയും ആവര്‍ത്തിച്ചു കൊണ്ടിരിക്കും എന്നായിരിക്കും അപ്പോള്‍ സാരം. രണ്ടായാലും തത്വത്തില്‍ ഒന്നു തന്നെ. ഇങ്ങിനെയുള്ള ഒരു പാരമ്പര്യത്തിന്‍റെ പിന്‍ഗാമികളാണ് ഇപ്പോള്‍ നിലവിലുള്ളവരും. അതുകൊണ്ട് അവരില്‍ നിന്ന് വളരെയൊന്നും നന്മ പ്രതീക്ഷിക്കേണ്ടതില്ല എന്നാണിതിലെ സൂചന.

വേദക്കാരും പ്രവാചകന്മാരുടെ അനുയായികളെന്ന് അവകാശപ്പെടുന്നവരുമായ സ്ഥിതിക്ക് അവരുടെ അടുപ്പവും കൂടുതല്‍ ബന്ധവും സത്യവിശ്വാസികളുമായിട്ടാണ് വേണ്ടത്. പക്ഷേ, അവരില്‍ അധികമാളുകളും ബന്ധുമിത്രങ്ങളാക്കിപ്പോരുന്നത് മുശ്‌രിക്കുകളാകുന്ന അവിശ്വാസികളെയാണ്. ഇതിനുള്ള കാരണവും മുകളില്‍ പറഞ്ഞതു തന്നെ. അല്ലാഹുവിന്‍റെ ക്രോധവും ശാപവും ശാശ്വതമായ ശിക്ഷയുമാണ് തങ്ങളുടെ ഭാവിക്കു വേണ്ടി അവര്‍ അതുമൂലം നേടിവെച്ചിരിക്കുന്നത്. വാസ്തവത്തില്‍ ഇവരും ആ അവിശ്വാസികളും തമ്മില്‍ വ്യത്യാസമൊന്നുമില്ല. ഇരുകൂട്ടരും സത്യനിഷേധികള്‍ തന്നെ. അല്ലായിരുന്നുവെങ്കില്‍ ഇവര്‍ അല്ലാഹുവിലും അവന്‍റെ പ്രവാചകനിലും വേദ ഗ്രന്ഥത്തിലും വിശ്വസിക്കേണ്ടതായിരുന്നു. ഞങ്ങള്‍ അവരെപ്പോലെ അവിശ്വാസികളല്ല – ഞങ്ങള്‍ വിശ്വാസികളാണ് – എന്നുള്ള ഇവരുടെ വാദം ശരിയാണെങ്കില്‍ അവര്‍ ആ അവിശ്വാസികളെ ബന്ധുമിത്രങ്ങളായി സ്വീകരിക്കുകയില്ലല്ലോ എന്നൊക്കെയാണ് പിന്നെത്തെ രണ്ടു വചനങ്ങളുടെ താല്‍പര്യം.

സല്‍ക്കാര്യങ്ങള്‍ കൊണ്ടു ഉപദേശിക്കലും, ദുഷ്‌കാര്യങ്ങളെക്കുറിച്ചു വിരോധിക്കലും സത്യവിശ്വാസികളുടെ മേല്‍ പൊതുവിലും, അറിവും കഴിവുമുള്ളവരുടെ മേല്‍ വിശേഷിച്ചും കടമയാകുന്നു. ഈ വിഷയം ക്വുര്‍ആന്‍ വചനങ്ങളിലും, നബി വചനങ്ങളിലും വളരെ ഊന്നിപ്പറഞ്ഞിട്ടുള്ളതുമാണ്. മാതൃകക്കായി ചില നബി വചനങ്ങള്‍ ഇവിടെ ഉദ്ധരിക്കാം.

1. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞതായി ഇബ്‌നുമസ്ഊദ് (റ) ഉദ്ധരിച്ച ഒരു ഹദീഥിന്‍റെ സാരം ഇങ്ങിനെയാകുന്നു: ‘ഇസ്‌റാഈല്യരില്‍ ആദ്യം പോരായ്മ (വീഴ്ച) കടന്നുകൂടിയതിങ്ങിനെയാണ്: ഒരാള്‍ ഒരു തെറ്റു ചെയ്യുന്നതായി കാണുമ്പോള്‍, എടോ, അല്ലാഹുവിനെ സൂക്ഷിക്കണം, ഈ പ്രവൃത്തി ഉപേക്ഷിക്കണം, ഇത് പാടില്ലാത്തതാണ് എന്നിങ്ങിനെ അവനോട് മറ്റൊരാള്‍ പറയും. പിന്നീട് പിറ്റേ ദിവസം അവനെ അതേ മാതിരി കാണുമ്പോള്‍ അയാള്‍ അവനൊന്നിച്ചു ഭക്ഷണ പാനീയത്തിലും സഹവാസത്തിലും പങ്കെടുക്കുകയും ചെയ്യും. അതിന് അത് തടസ്സമായിരിക്കയില്ല. അങ്ങനെ ചെയ്‌വാന്‍ തുടങ്ങിയപ്പോള്‍ അല്ലാഹു അവരുടെ ഹൃദയങ്ങളെ തമ്മില്‍ തല്ലിച്ചു (അവര്‍ക്കിടയില്‍ ഭിന്നിപ്പുണ്ടയി)’. പിന്നീട് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഈ ക്വുര്‍ആന്‍ വചനങ്ങള്‍ ഓതുകയും ചെയ്തു. എന്നിട്ട് പറഞ്ഞു: ‘അത് പാടില്ല, അല്ലാഹുവിനെത്തന്നെയാണ! നിങ്ങള്‍ സദാചാരം കൊണ്ടു കല്‍പിക്കുകയും ദുരാചാരത്തെക്കുറിച്ച് വിരോധിക്കുകയും തന്നെ വേണം. നിങ്ങള്‍ അക്രമിയുടെ കൈക്ക് പിടിക്കുകയും ചെയ്യണം. അവനെ യഥാര്‍ത്ഥത്തിലൂടെ ചരിക്കുമാറാക്കുകയും വേണം’ (ദാ; തി; ജ).

2. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞതായി ഹുദൈഫത്തുബ്നുല്‍ യമാന്‍ (റ) ഉദ്ധരിക്കുന്നു: ‘എന്‍റെ ആത്മാവ് യാതൊരുവന്‍റെ കയ്യിലാണോ അവന്‍ തന്നെയാണ! നിങ്ങള്‍ സദാചാരം കൊണ്ടു കല്‍പിക്കുകയും, ദുരാചാരത്തെക്കുറിച്ചു വിരോധിക്കുകയും ചെയ്യുകതന്നെ വേണം. അല്ലാത്തപക്ഷം, അല്ലാഹു അവന്‍റെ അടുക്കല്‍ നിന്നും നിങ്ങളുടെ മേല്‍ വല്ല ശിക്ഷാനടപടിയും അയച്ചേക്കാവുന്നതാണ്. പിന്നീട് നിങ്ങള്‍ അവനോട് പ്രാര്‍ത്ഥിക്കുമ്പോള്‍ അവന്‍ നിങ്ങള്‍ക്ക് ഉത്തരം നല്‍കുകയില്ല’ (അ; തി).

3. അബൂഉമാമഃ (റ) ഉദ്ധരിച്ച ഒരു നബിവചനം: ‘ജിഹാദില്‍ (ധര്‍മസമരത്തില്‍) വെച്ചു ഏറ്റവും ശ്രേഷ്ഠമായത്, ഒരു അക്രമിയായ ഭരണാധികാരിയുടെ അടുക്കല്‍വെച്ചു പറയപ്പെടുന്ന സത്യത്തിന്‍റെ ഒരു വാക്യമാകുന്നു’. (ജ.)

4. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞതായി അബൂസഈദില്‍ ഖുദ്‌രി (റ) ഉദ്ധരിക്കുന്നു: ‘നിങ്ങളില്‍ ആരെങ്കിലും ഒരു ദുരാചാരം കണ്ടാല്‍ അവനത് തന്‍റെ കൈകൊണ്ടു മാറ്റിക്കൊള്ളട്ടെ. അതിന് സാധിക്കാത്തപക്ഷം തന്‍റെ നാവുകൊണ്ട്; അതിനും സാധിക്കാത്ത പക്ഷം തന്‍റെ ഹൃദയംകൊണ്ട്. സത്യവിശ്വാസത്തില്‍ ഏറ്റവും ദുര്‍ബ്ബലമായതത്രെ അത്’ (മു).

5:85
  • ۞ لَتَجِدَنَّ أَشَدَّ ٱلنَّاسِ عَدَٰوَةً لِّلَّذِينَ ءَامَنُوا۟ ٱلْيَهُودَ وَٱلَّذِينَ أَشْرَكُوا۟ ۖ وَلَتَجِدَنَّ أَقْرَبَهُم مَّوَدَّةً لِّلَّذِينَ ءَامَنُوا۟ ٱلَّذِينَ قَالُوٓا۟ إِنَّا نَصَٰرَىٰ ۚ ذَٰلِكَ بِأَنَّ مِنْهُمْ قِسِّيسِينَ وَرُهْبَانًا وَأَنَّهُمْ لَا يَسْتَكْبِرُونَ ﴾٨٥﴿
  • നിശ്ചയമായും, വിശ്വസിച്ചവരോട് മനുഷ്യരില്‍ വെച്ച് ഏറ്റവും കഠിന ശത്രുതയുള്ളവര്‍ യഹൂദികളും, ശിര്‍ക്ക് ചെയ്യുന്നവരുമായി [ബഹുദൈവ വിശ്വാസികളുമായി] നീ കാണുന്നതാണ്. നിശ്ചയമായും, വിശ്വസിച്ചവരോട് അവരില്‍വെച്ച് ഏറ്റവും അടുത്ത സ്‌നേഹബന്ധമുള്ളവര്‍, ഞങ്ങള്‍ 'നസ്‌റാനി'കളാണെന്ന് പറയുന്നവരായും [ക്രിസ്ത്യാനികളായും] നീ കാണുന്നതാണ്. അവരില്‍ ചില പണ്ഡിതാചാര്യന്മാരും, പുരോഹിതന്മാരും ഉണ്ടെന്നുള്ളതും, അവര്‍ അഹംഭാവം നടിക്കുന്നില്ലെന്നുള്ളതും നിമിത്തമാകുന്നു അത്.
  • لَتَجِدَنَّ നിശ്ചയമായും നീ കണ്ടെത്തും (കാണും - നിനക്കനുഭവപ്പെടും أَشَدَّ النَّاسِ മനുഷ്യരില്‍ ഏറ്റം കഠിനമായവരെ عَدَاوَةً ശത്രുത, ശത്രുതയില്‍ لِّلَّذِينَ آمَنُوا വിശ്വസിച്ചവരോട് الْيَهُودَ യഹൂദികളായി, യഹൂദരാണെന്ന് وَالَّذِينَ أَشْرَكُوا ശിര്‍ക്കു ചെയ്തവരും (ബഹുദൈവ വിശ്വാസികളും) وَلَتَجِدَنَّ നിശ്ചയമായും നീ കണ്ടെത്തുക(കാണുക)യും ചെയ്യും أَقْرَبَهُم അവരില്‍ ഏറ്റവും അടുത്തവരെ مَّوَدَّةً സ്‌നേഹബന്ധം, താല്‍പര്യത്തില്‍ لِّلَّذِينَ آمَنُوا വിശ്വസിച്ചവരോട് الَّذِينَ قَالُوا പറഞ്ഞവര്‍, പറയുന്നവര്‍ إِنَّا نَصَارَىٰ ഞങ്ങള്‍ നസ്‌റാനികള്‍ ആണെന്ന് ذَٰلِكَ അത് بِأَنَّ مِنْهُمْ അവരിലുണ്ട് എന്നതു കൊണ്ടാകുന്നു قِسِّيسِينَ പണ്ഡിതന്മാര്‍, ആചാര്യന്മാര്‍, വിദ്വാന്മാര്‍ وَرُهْبَانًا പുരോഹിതന്മാരും, സന്യാസികളും, ഭക്തന്മാരും وَأَنَّهُمْ അവര്‍ എന്നുള്ളതും لَا يَسْتَكْبِرُونَ അഹംഭാവം നടിക്കുകയില്ല (എന്നുള്ളതും)

അടുത്ത ആയത്തുകളുടെ വിശദീകരണം വായിക്കുക.

ജുസ്ഉ് - 7

5:86
  • وَإِذَا سَمِعُوا۟ مَآ أُنزِلَ إِلَى ٱلرَّسُولِ تَرَىٰٓ أَعْيُنَهُمْ تَفِيضُ مِنَ ٱلدَّمْعِ مِمَّا عَرَفُوا۟ مِنَ ٱلْحَقِّ ۖ يَقُولُونَ رَبَّنَآ ءَامَنَّا فَٱكْتُبْنَا مَعَ ٱلشَّٰهِدِينَ ﴾٨٦﴿
  • റസൂലിലേക്ക് അവതരിപ്പിക്കപ്പെട്ടതിനെ അവര്‍ കേട്ടാല്‍, യഥാര്‍ത്ഥത്തില്‍ നിന്നും അവര്‍ മനസ്സിലാക്കിയത് നിമിത്തം, അവരുടെ കണ്ണൂകള്‍ അശ്രുവിനാല്‍ ഒഴുകുന്നതായി നിനക്ക് കാണാം. അവര്‍ പറയും: 'ഞങ്ങളുടെ റബ്ബേ, ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു; ആകയാല്‍,നീ ഞങ്ങളെ സാക്ഷ്യം വഹിക്കുന്നവരോടൊപ്പം രേഖപ്പെടു ത്തണേ!
  • وَإِذَا سَمِعُوا അവര്‍ കേട്ടാല്‍ مَا أُنزِلَ അവതരിപ്പിക്കപ്പെട്ടത് إِلَى الرَّسُولِ റസൂലിലേക്ക് تَرَىٰ നിനക്ക് കാണാം أَعْيُنَهُمْ അവരുടെ കണ്ണുകളെ تَفِيضُ അവ ഒഴുകുന്നതായി مِنَ الدَّمْعِ കണ്ണുനീരിനാല്‍ مِمَّا عَرَفُوا അവര്‍ മനസ്സിലാക്കിയ (അറിഞ്ഞ)തിനാല്‍ مِنَ الْحَقِّ യഥാര്‍ത്ഥത്തില്‍ നിന്നും يَقُولُونَ അവര്‍ പറയും, പറഞ്ഞും കൊണ്ട് رَبَّنَا ഞങ്ങളുടെറബ്ബേ (രക്ഷിതാവേ) آمَنَّا ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു فَاكْتُبْنَا ആകയാല്‍ ഞങ്ങളെ നീ രേഖപ്പെടുത്തേണമേ مَعَ الشَّاهِدِينَ സാക്ഷ്യം വഹിക്കുന്നവരുടെ കൂടെ
5:87
  • وَمَا لَنَا لَا نُؤْمِنُ بِٱللَّهِ وَمَا جَآءَنَا مِنَ ٱلْحَقِّ وَنَطْمَعُ أَن يُدْخِلَنَا رَبُّنَا مَعَ ٱلْقَوْمِ ٱلصَّٰلِحِينَ ﴾٨٧﴿
  • അല്ലാഹുവിലും, യഥാര്‍ത്ഥത്തില്‍ നിന്നും ഞങ്ങള്‍ക്ക് വന്നിട്ടുള്ളതിലും വിശ്വസിക്കാതിരിക്കുമാറ്ഞങ്ങള്‍ക്കെന്താണ് (തടസ്സം) ഉള്ളത്, സദ്‌വൃത്തരായ ജനങ്ങളോടൊപ്പം ഞങ്ങളുടെ റബ്ബ് ഞങ്ങളെ പ്രവേശിപ്പിക്കുവാന്‍ ഞങ്ങള്‍ മോഹിച്ചുകൊണ്ടിരിക്കെ!?
  • وَمَا لَنَا ഞങ്ങള്‍ക്കെന്താണു(ള്ളത്) لَا نُؤْمِنُ ഞങ്ങള്‍ വിശ്വസിക്കാതെ (ഇരിക്കുമാറ്) بِاللَّهِ അല്ലാഹുവില്‍ وَمَا جَاءَنَا ഞങ്ങള്‍ക്ക് വന്നിട്ടുള്ളതിലും مِنَ الْحَقِّ യഥാര്‍ത്ഥത്തില്‍ നിന്ന് وَنَطْمَعُ ഞങ്ങള്‍ മോഹിച്ചുകൊണ്ടിരിക്കെ, ഞങ്ങള്‍ ആഗ്രഹിക്കുകയും ചെയ്യുന്നു أَن يُدْخِلَنَا ഞങ്ങളെ പ്രവേശിപ്പിക്കുവാന്‍ رَبُّنَا ഞങ്ങളുടെ റബ്ബ് مَعَ الْقَوْمِ ജനങ്ങളോടു കൂടെ الصَّالِحِينَ സദ്‌വൃത്തരായ
5:88
  • فَأَثَٰبَهُمُ ٱللَّهُ بِمَا قَالُوا۟ جَنَّٰتٍ تَجْرِى مِن تَحْتِهَا ٱلْأَنْهَٰرُ خَٰلِدِينَ فِيهَا ۚ وَذَٰلِكَ جَزَآءُ ٱلْمُحْسِنِينَ ﴾٨٨﴿
  • അങ്ങനെ, അവര്‍ (ആ) പറഞ്ഞതുകൊണ്ട് അടിഭാഗത്തിലൂടെ അരുവികള്‍ ഒഴുകിക്കൊണ്ടിരിക്കുന്ന സ്വര്‍ഗങ്ങളെ അല്ലാഹു അവര്‍ക്ക്പ്രതിഫലം നല്‍കി; (അവര്‍) അതില്‍നിത്യവാസികളായ നിലയില്‍; സുകൃതവാന്മാരുടെ പ്രതിഫലമത്രെ അത്.
  • فَأَثَابَهُمُ അങ്ങനെ (അതിനാല്‍) അവര്‍ക്ക് പ്രതിഫലംകൊടുത്തു اللَّهُ അല്ലാഹു بِمَا قَالُوا അവര്‍ പറഞ്ഞതിനാല്‍ جَنَّاتٍ സ്വര്‍ഗങ്ങളെ تَجْرِي ഒഴുകും مِن تَحْتِهَا അതിന്‍റെ അടിയിലൂടെ الْأَنْهَارُ അരുവികള്‍ خَالِدِينَ നിത്യവാസികളായിക്കൊണ്ട് فِيهَا അതില്‍, അവയില്‍ وَذَٰلِكَ അത് جَزَاءُ പ്രതിഫലമാകുന്നു الْمُحْسِنِينَ നന്മ ചെയ്യുന്നവരുടെ, സുകൃതം ചെയ്യുന്നവരുടെ
5:89
  • وَٱلَّذِينَ كَفَرُوا۟ وَكَذَّبُوا۟ بِـَٔايَٰتِنَآ أُو۟لَٰٓئِكَ أَصْحَٰبُ ٱلْجَحِيمِ ﴾٨٩﴿
  • അവിശ്വസിക്കുകയും, നമ്മുടെ 'ആയത്തു' [ലക്ഷ്യം]കളെ വ്യാജമാക്കുകയും ചെയ്തവരാകട്ടെ, അക്കൂട്ടര്‍, ജ്വലിക്കുന്ന നരകത്തിന്‍റെആള്‍ക്കാരാകുന്നു.
  • وَالَّذِينَ كَفَرُوا അവിശ്വസിച്ചവരാകട്ടെ وَكَذَّبُوا അവര്‍ വ്യാജമാക്കുകയും ചെയ്തു بِآيَاتِنَا നമ്മുടെ ആയത്തു (ലക്ഷ്യം)കളെ أُولَٰئِكَ അക്കൂട്ടര്‍ أَصْحَابُ ആള്‍ക്കാരാണ് الْجَحِيمِ ജ്വലിക്കുന്ന നരകത്തിന്‍റെ

ക്വുര്‍ആന്‍ അവതരിക്കുന്ന കാലത്ത് ഇസ്‌ലാമിന്‍റെ പ്രത്യക്ഷ ശത്രുക്കളായുള്ളത് യഹൂദികളും, മുശ്‌രിക്കുകളും, ക്രിസ്ത്യാനികളുമാണല്ലോ. ഈ മൂന്നു കൂട്ടരില്‍ യഹൂദികളും, മുശ്‌രിക്കുകളുമാണ് സത്യവിശ്വാസികളോട് ഏറ്റവുമധികം ശത്രുതവെച്ചു കൊണ്ടിരിക്കുന്നതെന്നും, മൂന്നു കൂട്ടരില്‍വെച്ച് അവരോട് കൂടുതല്‍ സ്‌നേഹമുള്ളവര്‍ ക്രിസ്ത്യാനികളാണെന്നും അല്ലാഹു സത്യവിശ്വാസികളെ അറിയിക്കുന്നു. ആ നിലക്കായിരിക്കണം ഓരോ കൂട്ടരോടുമുള്ള പെരുമാറ്റമെന്നാണിതിന്‍റെ സൂചന. യഹൂദികളുടെയും മുശ്‌രിക്കുകളുടെയും ശത്രുത കൂടുതല്‍ കഠിനമാകുവാനുള്ള കാരണം അല്ലാഹു ഇവിടെ വ്യക്തമാക്കിയിട്ടില്ല. വ്യക്തമാക്കാതെത്തന്നെ അത് അറിയാവുന്നതുമാണ്. ക്രിസ്ത്യാനികളുടെ ശത്രുത അത്ര കഠിനമല്ലാതിരിക്കുവാനും, മറ്റേവരെ അപേക്ഷിച്ചു അവര്‍ക്ക് സത്യവിശ്വാസികളോട് കൂടുതല്‍ താല്‍പര്യം തോന്നുവാനുമുള്ള കാരണം അല്ലാഹു തന്നെ തുടര്‍ന്നു വിവരിച്ചിരിക്കുന്നു.

ക്രിസ്ത്യാനികളെപ്പറ്റി ക്വുര്‍ആനില്‍ സാധാരണ ഉപയോഗിക്കാറുള്ള വാക്ക് نَصَارَى (നസ്വ്‌റാനികള്‍) എന്നാണ്. ഇവിടെ الَّذِينَ قَالُوا إِنَّا نَصَارَىٰ (ഞങ്ങള്‍ നസ്വ്‌റാനികളാണെന്ന്പറയുന്നവര്‍) എന്നത്രെ അല്ലാഹു ഉപയോഗിച്ചവാക്ക്. ഈ പ്രയോഗ ത്തിലടങ്ങിയ സൂചനയെപ്പറ്റി 15-ാം വചനത്തിന്‍റെ വ്യാഖ്യാനത്തില്‍ മുമ്പ് വിവരിച്ചിട്ടുണ്ട്. ഗര്‍വ്വും അഹംഭാവവുമില്ലാത്ത ശുദ്ധഹൃദയരായ ചില പണ്ഡിതാചാര്യന്മാരും, ഭക്തരായ പുരോഹിതന്മാരും ക്രിസ്ത്യാനികളില്‍ ഉണ്ടെന്നുള്ളതാണ് അവര്‍ക്ക് സത്യവിശ്വാസികളോട് കൂടുതല്‍അടുപ്പമുണ്ടാകുവാന്‍ അല്ലാഹു ചൂണ്ടിക്കാട്ടിയ കാരണം. അവരുടെ ഏതാനും ഗുണങ്ങളും അതോടൊപ്പം എടുത്തു കാണിച്ചിരിക്കുന്നു. അല്ലാഹുവിന്‍റെ വചനങ്ങള്‍ കേട്ടാല്‍ കണ്ണുനീരൊഴുക്കിക്കൊണ്ട് അതിനോട് അവര്‍ അനുസരണവും ഭക്തിയും കാണിക്കുകയും അതില്‍ അവര്‍ വിശ്വസിക്കുകയും ചെയ്യുമെന്നും, തങ്ങളെ സത്യത്തിന്സാക്ഷ്യം വഹിക്കുന്ന സജ്ജനങ്ങളില്‍ ഉള്‍പ്പെടുത്തുവാന്‍ വേണ്ടി പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുമെന്നും അല്ലാഹുവിങ്കല്‍ നിന്നുള്ള അനുഗ്രഹവും പ്രതിഫലവും മോഹിച്ചുകൊണ്ടിരിക്കുന്നവരാണ് അവരെന്നുമാണത്.

ഇന്നത്തെ ക്രിസ്ത്യാനികളുടെ നില എന്തുതന്നെയാണെങ്കിലും നബി തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ കാലത്ത് യഹൂദികളെയും മുശ്‌രിക്കുകളെയും അപേക്ഷിച്ച് നോക്കുമ്പോള്‍, ക്രിസ്ത്യാനികള്‍ ഇസ്‌ലാമിനോട് അവലംബിച്ച നയം വളരെ ശാന്തമായിരുന്നുവെന്ന്കാണാവുന്നതാണ്. മക്കയില്‍ നിന്നു മുസ്‌ലിംകള്‍ ഒന്നാമതായി ഹിജ്‌റഃ പോയത് ഒരു ക്രിസ്തീയ ഭരണത്തിന്‍കീഴിലായിരുന്ന ഹബ്ശ (അബീസീനിയ)യിലേക്കാണല്ലോ. അവിടത്തെ രാജാവായിരുന്ന നജ്ജാശീ (*) അവരെ ആദരിക്കുകയും, ഇസ്‌ലാമിനെപ്പറ്റി അന്വേഷിച്ചറിയുകയും ചെയ്തു. ജഅ്ഫറുബ്‌നു അബീത്വാലിബ് (റ) സൂറത്തുമര്‍യം ഓതിക്കേള്‍പ്പിച്ചപ്പോള്‍, ഈസാ (അ)യെയും മര്‍യം (അ)നെയും സംബന്ധിച്ച യാഥാര്‍ത്ഥ്യം മനസ്സിലാക്കിയ അദ്ദേഹവും കൂടെയുള്ളവരും കണ്ണൂനീരൊഴുക്കി. രാജാവ് ഇസ്‌ലാം മതം സ്വീകരിക്കുകയും ചെയ്തു. അദ്ദേഹം മരണപ്പെട്ട വാര്‍ത്ത വഹ്‌യ്മൂലം അറിഞ്ഞപ്പോള്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അദ്ദേഹത്തിന്‍റെ പേരില്‍ ജനാസഃ നമസ്‌കാരം നടത്തിയ സംഭവം പ്രസിദ്ധമാണ്. റോമാ ചക്രവര്‍ത്തിയായിരുന്ന ഹിറക്വ്‌ലി യൂസിനെ ഇസ്‌ലാമിലേക്ക് ക്ഷണിച്ചു കൊണ്ട്നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) കത്തയച്ചപ്പോള്‍, അദ്ദേഹം കത്ത് സാദരം സ്വീകരിക്കുകയും, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ ദൗത്യം സത്യമാണെന്നു മനസ്സിലാക്കി ഇസ്‌ലാമിലേക്കു ചായ്‌വ് കാണിക്കുകയും ചെയ്തു. പക്ഷേ, ക്രിസ്തീയ നേതാക്കളുടെ കഠിനമായ പ്രതിഷേധം കാരണം രാജാധികാരം നഷ്ടപ്പെട്ടേക്കുമെന്ന് ഭയന്നു പിന്നീട് ഒഴിഞ്ഞു മാറുകയാണുണ്ടായത്. ഹിറക്വ്‌ലിയൂസിന്‍റെ കീഴില്‍ മിസ്വ്‌റിലെ (ഈജിപ്തിലെ) ഭരണാധികാരിയായിരുന്ന മുക്വൗക്വിസിന് തിരുമേനി അയച്ച കത്ത് അദ്ദേഹവും സസന്തോഷം സ്വീകരിച്ചു തിരുമേനിക്ക് പല സമ്മാനങ്ങളും കാഴ്ചവസ്തുക്കളും അയക്കുകയും ചെയ്തു. തിരുമേനിയുടെ പുത്രന്‍ ഇബ്‌റാഹീം എന്ന കുട്ടിയുടെ മാതാവായിരുന്ന മാരിയത്തുല്‍ ക്വിബ്ത്വിയ്യഃ (റ) ആ സമ്മാനങ്ങളില്‍പെട്ട ഒരു അടിമ സ്ത്രീയായിരുന്നു. പല രാജ്യങ്ങളും മുസ്‌ലിംകള്‍ക്ക് കപ്പം കൊടുത്തുകൊണ്ട്സമാധാനം പാലിച്ചതല്ലാതെ അവര്‍ക്കെതിരെ ഒരു യുദ്ധത്തിനു അവര്‍ മുതിരുകയുണ്ടായില്ല. അദിയ്യുബ്‌നു ഹാതിം (റ) പോലെയുള്ള പ്രധാന നേതാക്കളടക്കം വളരെ ക്രിസ്ത്യാനികള്‍ ഇസ്‌ലാമില്‍ പ്രവേശിക്കുകയും ചെയ്തു. യഹൂദികളില്‍ നിന്നാകട്ടെ, അബ്ദുല്ലാഹിബ്‌നു സലാമും (റ) വളരെ കുറഞ്ഞ വ്യക്തികളും മാത്രമേ ഇസ്‌ലാം അംഗീകരിച്ചുള്ളൂ.


(*) ആയിരക്കണക്കിനു വര്‍ഷങ്ങളായി അബീസീനിയാ എന്ന എത്യോപ്യാ ഭരിച്ചുപോന്നിരുന്ന നജ്ജാശീ (നെഗാശി) രാജവംശം അതിന്‍റെ അവസാന കാലങ്ങളില്‍ മുസ്‌ലിംകളുടെ നേരെ ശത്രുതയും പക്ഷഭേദവും കാണിക്കുകയാണ് ചെയ്തത്. അടുത്തകാലത്തു-ഇതെഴുതുന്നതിന്‍റെ രണ്ടു മൂന്നു വര്‍ഷം മുമ്പ് – അവിടെ ഉണ്ടായ ചില വിപ്ലവങ്ങളെത്തുടര്‍ന്ന് അവസാനത്തെ രാജാവായ ഹെയ്‌ലീസലാസീ സ്ഥാനഭ്രഷ്ടനാക്കപ്പെടുകയും, അങ്ങനെ ആ ഭരണം അസ്തമിക്കുകയും ചെയ്തിരിക്കുന്നു.


മേല്‍ വിവരിച്ചതില്‍ നിന്ന് ഇസ്‌ലാമിനോടുള്ള ക്രിസ്ത്യാനികളുടെ സമീപനം മറ്റുള്ളവരെ അപേക്ഷിച്ചു വളരെ നല്ല നിലയിലായിരുന്നുവെന്നും, മറ്റുള്ളവരെപ്പോലെ അവര്‍ മര്‍ക്കട മുഷ്ടിയുള്ളവരായിരുന്നില്ലെന്നും മനസ്സിലാക്കാമല്ലോ. അല്ലാഹുവിന്‍റെ ഈ പ്രശംസ അവര്‍ക്ക് ലഭിക്കുവാനുള്ള കാരണവും അതൊക്കെത്തന്നെ. ഇങ്ങിനെയുള്ള ഏതെങ്കിലും ഒരു പെരുമാറ്റമോ സ്വഭാവമോ വേദക്കാരായ യഹൂദികളില്‍ നിന്ന്പ്രകടമായ ചരിത്രമില്ല. കഴിഞ്ഞ ഏതാനും കാലങ്ങളില്‍ മുസ്‌ലിംകള്‍ക്കെതിരെ അവര്‍പ്രത്യക്ഷമായ പടയെടുപ്പ് നടത്തിയിട്ടില്ലെങ്കില്‍ അതവരുടെ ദൗര്‍ബ്ബല്യം കൊണ്ട്മാത്രമായിരുന്നു. ഇസ്‌റാഈല്‍ രാഷ്ട്രം സ്ഥാപിതമായതോടു കൂടി തങ്ങള്‍ക്ക് തിരിച്ചുകിട്ടിയ ശക്തിയും കെട്ടുറപ്പും അവര്‍ മുസ്‌ലിംകള്‍ക്കെതിരെ ഉപയോഗപ്പെടുത്തി വരുന്നത് ഇന്നു ആര്‍ക്കും അജ്ഞാതമല്ല. പില്‍ക്കാല ക്രിസ്ത്യാനികളെ സംബന്ധിച്ചു പറയുകയാണെങ്കില്‍, ക്വുര്‍ആന്‍ അവതരിക്കുന്ന കാലത്തെ സ്ഥിഗതികളില്‍ നിന്നു അവരും വ്യത്യാസപ്പെട്ടിരിക്കുന്നു. മുസ്‌ലിംകള്‍ക്കെതിരെ അനേകം രക്തക്കളങ്ങള്‍ഒഴുക്കുകയും അക്രമങ്ങ ളും സംഘട്ടനങ്ങളും നടത്തുകയും ചെയ്ത ചരിത്രമാണവര്‍ക്കുള്ളത്. അന്തലൂസ്യായില്‍ (സ്‌പെയ്‌നില്‍) നിന്നു മുസ്‌ലിംകളെ നിഷ്‌കാസനം ചെയ്തതും യുദ്ധങ്ങളുമൊക്കെ അവയില്‍ ചിലതാണ്.

മറ്റൊരു വശത്തിലൂടെ നോക്കിയാല്‍-ഇ്‌നുകഥീര്‍, ബൈദ്വാവീ (റ) മുതലായവര്‍സൂചിപ്പിച്ചു കാണുന്നതു പോലെ-യഹൂദരെയും, മുശ്‌രിക്കുകളെയും അപേക്ഷിച്ച്എക്കാലത്തും ഇസ്‌ലാമിനോടും മുസ്‌ലിംകളോടും കൂടുതല്‍ അടുപ്പമുണ്ടായിരിക്കുവാന്‍ സ്വാഭാവികമായും കാരണമുള്ളത് ക്രിസ്ത്യാനികള്‍ക്കാകുന്നു. കര്‍ക്കശമായ മതശാസനകളും, നിയമങ്ങളും ക്രിസ്തുമതത്തില്‍ കുറവാണ്. കാരുണ്യം, വിനയം, എതിരാളികളോട് സഹിഷ്ണുത, സഹനം മുതലായ സ്വഭാവ ഗുണങ്ങള്‍ക്ക് അതില്‍കൂടുതല്‍ സ്ഥാനവും നല്‍കപ്പെട്ടിരിക്കുന്നു. മിക്കതിലും അതിരുകവിയലാണുള്ളതെന്നത്രെ വസ്തുത. വലത്തേ മുഖത്ത് അടിച്ചവന് ഇടത്തേ മുഖവും തിരിച്ചുകൊടുക്കണമെന്നതു പോലെയുള്ള ക്രിസ്തുമത തത്വങ്ങള്‍ ഇതിന് ഉദാഹരണമാണ്. ഇത്തരം തത്വങ്ങളെ പൊക്കിക്കാട്ടിക്കൊണ്ട് അന്യരെ ക്രിസ്തുമതത്തിലേക്ക് ആകര്‍ഷിക്കുവാന്‍പാതിരിമാര്‍ ശ്രമം നടത്തുക പതിവാണ്. ക്രിസ്ത്യാനികളില്‍ നിന്നുണ്ടായ മേല്‍ സൂചിപ്പിച്ചതു പോലെയുള്ള കഠിന സംഘട്ടനങ്ങളുടെ കാരണം സൂക്ഷ്മമായി പരിശോധിച്ചാല്‍, പ്രസ്തുത സ്വഭാവ ഗുണങ്ങളില്‍ നിന്ന്-സ്വാര്‍ത്ഥപരമായ പ്രേരണകള്‍ നിമിത്തം-അവര്‍ അകന്നുപോയതാണെന്നു പറയാം.

ക്രിസ്ത്യാനികള്‍ക്ക് സത്യവിശ്വാസികളോടുള്ള ശത്രുതയില്‍ ലാഘവം ഉണ്ടാകുവാനുള്ള കാരണം ഇമാം ഇബ്‌നു തൈമിയ്യ (റ) ഇങ്ങിനെ ചൂണ്ടിക്കാട്ടുന്നു: ‘അല്ലാഹുവിന്‍റെയും മതത്തിന്‍റെയും ശത്രുക്കളോട് ക്രിസ്തു മതത്തില്‍ ശത്രുതയും വിദ്വേഷവും ഇല്ല. എന്നിരിക്കെ, മര്യാദ പാലിക്കുന്നവരായ സത്യവിശ്വാസികളോട് അവരുടെ ശത്രുതയും വിദ്വേഷവും എങ്ങിനെയായിരിക്കും?! ഇത് അവരെ സംബന്ധിക്കുന്ന ഒരു പ്രശംസയൊന്നുമല്ല. തുടര്‍ന്ന് 85-ാം വചനം മുഖേന തങ്ങളുടെ സത്യതക്കും ക്വുര്‍ആന്‍സാക്ഷ്യം വഹിക്കുന്നതായി ക്രിസ്തീയ പണ്ഡിതന്മാര്‍ സമര്‍ത്ഥിച്ചു വരാറുള്ളതിന് ഇമാം അവര്‍കള്‍ ഇങ്ങിനെ മറുപടി നല്‍കുന്നു: ‘ആ വചനത്തില്‍ നിന്ന് അതിന് തെളിവു ലഭിക്കുന്നില്ല. കാരണം, അടുത്ത (86-ാം) വചനത്തില്‍, റസൂലിന് അവതരിക്കപ്പെട്ടത് അവര്‍ കേട്ടാല്‍ യഥാര്‍ത്ഥം മനസ്സിലാകുന്നതു നിമിത്തം അവരുടെ കണ്ണുകള്‍ അശ്രുക്കളാല്‍ ഒഴുകുന്നതാണ്. (….وَإِذَا سَمِعُوا مَا أُنزِلَ إِلَى الرَّسُولِ) എന്നുകൂടി അല്ലാഹു പറഞ്ഞിരിക്കുന്നുവല്ലോ’ (*) അതായത്, റസൂലിന് അവതരിച്ച ക്വുര്‍ആന്‍കേട്ട് സത്യം മനസ്സിലാക്കുകയും, അങ്ങനെ തങ്ങളുടെ പക്കല്‍ വന്ന തെറ്റുകള്‍ മനസ്സിലാക്കുകയും ചെയ്തുകൊണ്ട്അവര്‍ വ്യസനപ്പെട്ടു കണ്ണുനീരൊഴുക്കുന്നുവെങ്കില്‍മാത്രമേ ഈ വചനം അവരുടെ സത്യതക്ക് സാക്ഷ്യമായിത്തീരുകയുള്ളൂ. അങ്ങിനെയുള്ളവര്‍ ക്രിസ്തുമതം വിട്ടു മുസ്‌ലിംകളായിത്തീരുകയും ചെയ്യുമല്ലോ.

قِسِيسُون (ക്വിസ്സീസൂന്‍) എന്ന വാക്കിന് ‘പണ്ഡിതാചാര്യന്മാര്‍’ എന്നും رُهْبَان (റുഹ്ബാന്‍) എന്ന വാക്കിന് ‘പുരോഹിതന്മാര്‍’ എന്നുമാണ് നാമിവിടെ വിവര്‍ത്തനം ചെയ്തിരിക്കുന്നത്. ‘പഠനത്തിന് മിനക്കെട്ടവര്‍, ഭക്തരായ പണ്ഡിതന്മാര്‍, മതോപദേശികള്‍, ഗുരുവര്യന്മാര്‍, ധര്‍മാദ്ധ്യക്ഷന്മാര്‍, ആചാര്യന്മാര്‍, പാതിരിയച്ചന്മാര്‍’ എന്നൊക്കെയുള്ള അര്‍ത്ഥങ്ങളില്‍ ഒന്നാമത്തെ വാക്ക് ഉപയോഗിക്കപ്പെടുന്നു. ‘ആരാധനയില്‍മുഴുകിയവര്‍, സന്യാസികള്‍, മഠവാസികള്‍, യോഗികള്‍, ഭക്തന്മാര്‍’ എന്നൊക്കെ രണ്ടാമത്തെതിനും അര്‍ത്ഥങ്ങള്‍ വരും. വേദക്കാരുടെ ഇടയിലാണ് അധികവും ഈ വാക്കുകളുടെ ഉപയോഗമുള്ളത്.


(*) راجع ص 55 وص 56 ج 2 من الجواب الصحيح لمن بدل دين المسيح لابن
تيمية رح – طبع مطابع المجد التجارية

വിഭാഗം - 12

വേദക്കാരെക്കുറിച്ചും അവരെ അഭിമുഖീകരിച്ചും വളരെ കാര്യങ്ങള്‍ വിവരിച്ച ശേഷം സത്യവിശ്വാസികളെ അഭീമുഖീകരിച്ചു കൊണ്ട് അല്ലാഹു പറയുന്നു:

5:90
  • يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ لَا تُحَرِّمُوا۟ طَيِّبَٰتِ مَآ أَحَلَّ ٱللَّهُ لَكُمْ وَلَا تَعْتَدُوٓا۟ ۚ إِنَّ ٱللَّهَ لَا يُحِبُّ ٱلْمُعْتَدِينَ ﴾٩٠﴿
  • ഹേ, വിശ്വസിച്ചവരേ,നിങ്ങള്‍ക്ക് അല്ലാഹു അനുവദനീയമാക്കിത്തന്നിട്ടുള്ളതിലെ (നല്ല) വിശിഷ്ടവസ്തുക്കളെ നിങ്ങള്‍നിഷിദ്ധമാക്കരുത്; നിങ്ങള്‍ അതിരുവിടുകയും ചെയ്യരുത്. നിശ്ചയമായും അല്ലാഹു, അതിരുവിടുന്നവരെ ഇഷ്ടപ്പെടുകയില്ല.
  • يَا أَيُّهَا الَّذِينَ آمَنُوا ഹേ, വിശ്വസിച്ചവരേ لَا تُحَرِّمُوا നിങ്ങള്‍ ഹറാമാ(നിഷിദ്ധമാ)ക്കരുത് طَيِّبَاتِ നല്ല വസ്തുക്കളെ, വിശിഷ്ടമായവയെ مَا أَحَلَّ അനുവദനീയമാക്കിത്തന്നതിലെ اللَّهُ അല്ലാഹു لَكُمْ നിങ്ങള്‍ക്ക് وَلَا تَعْتَدُوا നിങ്ങള്‍ അതിരു വിടുകയും അരുത് إِنَّ اللَّهَ നിശ്ചയമായും അല്ലാഹു لَا يُحِبُّ ഇഷ്ടപ്പെടുകയില്ല, സ്‌നേഹിക്കുന്നതല്ല الْمُعْتَدِينَ അതിരുവിടുന്നവരെ وَكُلُوا നിങ്ങള്‍ തിന്നുകയും ചെയ്യുവിന്‍
5:91
  • وَكُلُوا۟ مِمَّا رَزَقَكُمُ ٱللَّهُ حَلَٰلًا طَيِّبًا ۚ وَٱتَّقُوا۟ ٱللَّهَ ٱلَّذِىٓ أَنتُم بِهِۦ مُؤْمِنُونَ ﴾٩١﴿
  • അല്ലാഹു നിങ്ങള്‍ക്ക് നല്‍കിയതില്‍ നിന്ന് അനുവദനീയവും വിശിഷ്ടവുമായത് നിങ്ങള്‍ തിന്നുകൊള്ളുകയും ചെയ്യുവിന്‍. നിങ്ങള്‍യാതൊരു അല്ലാഹുവില്‍ വിശ്വസിക്കുന്നവരാണോ അവനെ നിങ്ങള്‍സൂക്ഷിക്കുകയും ചെയ്യുവിന്‍.
  • وَكُلُوا തിന്നുകയും ചെയ്യുവിന്‍ مِمَّا رَزَقَكُمُ നിങ്ങള്‍ക്ക് നല്‍കിയതില്‍ നിന്ന് اللَّهُ അല്ലാഹു حَلَالًا അനുവദനീയമായത് طَيِّبًا നല്ലത്, വിശിഷ്ടമായത് وَاتَّقُوا اللَّهَ അല്ലാഹുവിനെ നിങ്ങള്‍ സൂക്ഷിക്കുകയും ചെയ്യുവിന്‍ الَّذِي യാതൊരുവനായ أَنتُم بِهِ നിങ്ങള്‍ അവനില്‍ مُؤْمِنُونَ വിശ്വസിക്കുന്നവരാണ്

ക്രിസ്ത്യാനികള്‍ അവരുടെ വിശ്വാസങ്ങളിലും ആചാരാനുഷ്ഠാനങ്ങളിലും അതിരുകവിയുകയും, അവര്‍ക്ക് അനുവദനീയമായിരുന്ന ചില സുഖസൗകര്യങ്ങളെ പരിത്യജിച്ചു സന്യാസ ജീവിതം അനുഷ്ഠിക്കുകയും ചെയ്തു വന്നതുപോലെ സത്യവിശ്വാസികള്‍ ചെയ്യരുതെന്നും, അല്ലാഹു തങ്ങള്‍ക്ക് അനുവദിച്ചു കൊടുത്ത നല്ല വസ്തുക്കളൊന്നും അവര്‍ സ്വയം നിഷിദ്ധമാക്കിത്തീര്‍ക്കരുതെന്നും അല്ലാഹു കല്‍പിക്കുന്നു. നേരെമറിച്ചു അവ ഉപയോഗപ്പെടുത്തുന്നതില്‍ അതിരു വിട്ടുപോകരുതെന്നും കല്‍പിക്കുന്നു. അല്ലാഹു അനുവദനീയമാക്കിത്തന്നവയെ ഉപയോഗിക്കാതെ സ്വയം നിഷിദ്ധമാക്കിത്തീര്‍ക്കുന്നത് അവന്‍റെ അനുഗ്രഹത്തിനു നേരെയുള്ള നന്ദികേടാകുന്നു. മറിച്ച് അവ അമിതമായി ഉപയോഗപ്പെടുത്തുന്നത് അക്രമവും അനീതിയുമായിരിക്കും. അനുവദിക്കപ്പെട്ട വസ്തുക്കളില്‍- അവ ഭക്ഷ്യവസ്തുക്കളാവട്ടെ, അല്ലാത്തവയാകട്ടെ-മിതത്വം പാലിക്കാതിരിക്കുന്നതും. അനുവദിക്കപ്പെടാത്ത വസ്തുക്കളെ ഉപയോഗിക്കുന്നതും – രണ്ടും തന്നെ – അതിരു കവിയലായിരിക്കുന്നതാണ്. അനുവദനീയമായ നല്ല വസ്തുക്കള്‍ എന്ന് പറഞ്ഞതിന്‍റെ വിവക്ഷയെപ്പറ്റി അല്‍ബക്വറഃ 168 ന്‍റെ വ്യാഖ്യാനത്തില്‍ വിവരിച്ചിട്ടുള്ളത് ഓര്‍ക്കുക.

സ്വഹാബികളില്‍ പെട്ട ചില ആളുകള്‍ ഒരുമിച്ചു കൂടി തങ്ങളില്‍ ചിലര്‍ മേലില്‍മാംസം കഴിക്കുകയില്ലെന്നും, ചിലര്‍ സദാ നോമ്പു പിടിക്കുമെന്നും, വേറെ ചിലര്‍വിവാഹം കഴിക്കുകയില്ലെന്നും, മറ്റു ചിലര്‍ രാത്രിയില്‍ ഉറങ്ങാതെ നമസ്‌കരിക്കുമെന്നുമൊക്കെ നിശ്ചയിക്കുകയുണ്ടായി. നബി തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ആ വിവരം അറിഞ്ഞപ്പോള്‍, അവരെപ്പറ്റി ആക്ഷേപിച്ചു. ‘ഞാന്‍ മാംസം കഴിക്കുന്നു, ഞാന്‍ നോമ്പ് പിടിക്കുകയും പിടിക്കാതിരിക്കുകയും ചെയ്യുന്നു. ഞാന്‍ രാത്രി ഉറങ്ങുകയും നമസ്കരിക്കുകയും ചെയ്യുന്നു, ഞാന്‍ സ്ത്രീകളെ വിവാഹം കഴിക്കുന്നു, ഇതാണ് എന്‍റെ ചര്യ. എന്‍റെ ചര്യയോട് വെറുപ്പുള്ളവര്‍ എന്‍റെ കൂട്ടത്തില്‍പെട്ടവരല്ല’. എന്നിങ്ങിനെ അവിടുന്ന് അവരോട് പറയുകയും ചെയ്തു. ഇതുപോലെയുള്ള ചില സംഭവങ്ങളാണ് ഈ വചനങ്ങളുടെ അവതരണത്തിനു കാരണമെന്ന് പല രിവായത്തുകളിലും വന്നിരിക്കുന്നു.

5:92
  • لَا يُؤَاخِذُكُمُ ٱللَّهُ بِٱللَّغْوِ فِىٓ أَيْمَٰنِكُمْ وَلَٰكِن يُؤَاخِذُكُم بِمَا عَقَّدتُّمُ ٱلْأَيْمَٰنَ ۖ فَكَفَّٰرَتُهُۥٓ إِطْعَامُ عَشَرَةِ مَسَٰكِينَ مِنْ أَوْسَطِ مَا تُطْعِمُونَ أَهْلِيكُمْ أَوْ كِسْوَتُهُمْ أَوْ تَحْرِيرُ رَقَبَةٍ ۖ فَمَن لَّمْ يَجِدْ فَصِيَامُ ثَلَٰثَةِ أَيَّامٍ ۚ ذَٰلِكَ كَفَّٰرَةُ أَيْمَٰنِكُمْ إِذَا حَلَفْتُمْ ۚ وَٱحْفَظُوٓا۟ أَيْمَٰنَكُمْ ۚ كَذَٰلِكَ يُبَيِّنُ ٱللَّهُ لَكُمْ ءَايَٰتِهِۦ لَعَلَّكُمْ تَشْكُرُونَ ﴾٩٢﴿
  • നിങ്ങളുടെ സത്യങ്ങളിലെ വ്യര്‍ത്ഥവാക്കു മൂലം അല്ലാഹു നിങ്ങളെ പിടികൂടുകയില്ല. പക്ഷേ, നിങ്ങള്‍ (മനഃപൂര്‍വ്വം) സത്യങ്ങളെ ഉറപ്പിക്കുന്ന തുമൂലം അവന്‍ നിങ്ങളെ പിടികൂടുന്നതാണ്. അപ്പോള്‍ അതിന്‍റെ [അതു ലംഘിച്ചതിന്‍റെ] പ്രായശ്ചിത്തം, നിങ്ങള്‍നിങ്ങളുടെ വീട്ടുകാര്‍ക്ക് ഭക്ഷിക്കുവാന്‍ കൊടുക്കാറുള്ളതിന്‍റെ മദ്ധ്യനിലക്കുള്ളതില്‍ നിന്ന് പത്ത് സാധുക്കള്‍ക്ക് ഭക്ഷണം കൊടുക്കലാകുന്നു ; അല്ലെങ്കില്‍ അവര്‍ക്ക് വസ്ത്രം (കൊടുക്കുക); അല്ലെങ്കില്‍ഒരു അടിമയെ സ്വതന്ത്രമാക്കുക. എനി വല്ലവര്‍ക്കും (അതൊന്നും) കിട്ടിയില്ലെങ്കില്‍, മൂന്നു ദിവസത്തെ നോമ്പു പിടിക്കലാണ് (വേണ്ടത്) അത്, നിങ്ങള്‍ ശപഥം ചെയ്താല്‍നിങ്ങളുടെ സത്യ(ലംഘന)ങ്ങള്‍ക്കുള്ള പ്രായശ്ചിത്തമത്രെ. നിങ്ങളുടെ സത്യങ്ങളെ നിങ്ങള്‍കാത്തു സൂക്ഷിക്കുകയും ചെയ്യുവിന്‍. അപ്രകാരം അല്ലാഹു അവന്‍റെ 'ആയത്തു' [ലക്ഷ്യം]കളെ നിങ്ങള്‍ക്ക് വിവരിച്ചു തരുന്നു; നിങ്ങള്‍നന്ദി കാണിച്ചേക്കാമല്ലോ.
  • لَا يُؤَاخِذُكُمُ നിങ്ങളെ പിടികൂടുക(പിടിച്ചു ശിക്ഷിക്കുക)യില്ല اللَّهُ അല്ലാഹു بِاللَّغْوِ വ്യര്‍ത്ഥമായത് (പൊയ്‌വാക്ക്-നിരര്‍ത്ഥമായത്) മൂലം فِي أَيْمَانِكُمْ നിങ്ങളുടെ സത്യങ്ങളില്‍ وَلَٰكِن എങ്കിലും يُؤَاخِذُكُم നിങ്ങളെ അവന്‍ പിടികൂടും بِمَا عَقَّدتُّمُ നിങ്ങള്‍ ഉറപ്പിക്കുന്നതു മൂലം, സ്ഥാപിച്ചു പറയുന്നതു കൊണ്ട് الْأَيْمَانَ സത്യങ്ങളെ فَكَفَّارَتُهُ എന്നാല്‍ (അപ്പോള്‍) അതിന്‍റെ പ്രായശ്ചിത്തം إِطْعَامُ ഭക്ഷണം നല്‍കലാണ് عَشَرَةِ പത്ത് مَسَاكِينَ സാധുക്കള്‍ക്ക്, പാവങ്ങള്‍ക്ക് مِنْ أَوْسَطِ മദ്ധ്യ നിലയിലുള്ളതില്‍നിന്ന് مَا تُطْعِمُونَ നിങ്ങള്‍ ഭക്ഷണം നല്‍കുന്നതില്‍ أَهْلِيكُمْ നിങ്ങളുടെ ആള്‍ക്കാര്‍ക്ക് أَوْ كِسْوَتُهُمْ അല്ലെങ്കില്‍ അവരുടെ ഉടുപ്പ്, അവര്‍ക്കുള്ള വസ്ത്രം (നല്‍കല്‍) أَوْ تَحْرِيرُ അല്ലെങ്കില്‍ സ്വതന്ത്രമാക്കല്‍ رَقَبَةٍ ഒരു അടിമയെ فَمَن لَّمْ يَجِدْ എനി ആര്‍ക്കെങ്കിലുംകിട്ടാത്തപക്ഷം, വല്ലവനും എത്തപ്പെടാതിരുന്നാല്‍ فَصِيَامُ എന്നാല്‍ നോമ്പ് പിടിക്കല്‍ ثَلَاثَةِ أَيَّامٍ മൂന്നു ദിവസങ്ങള്‍ ذَٰلِكَ അത് كَفَّارَةُ പ്രായശ്ചിത്തമാകുന്നു أَيْمَانِكُمْ നിങ്ങളുടെ സത്യങ്ങളുടെ إِذَا حَلَفْتُمْ നിങ്ങള്‍ ശപഥം (സത്യം) ചെയ്താല്‍ وَاحْفَظُوا നിങ്ങള്‍ സൂക്ഷിക്കുക(കാക്കുക)യും ചെയ്യുവിന്‍ أَيْمَانَكُمْ നിങ്ങളുടെ സത്യങ്ങളെ كَذَٰلِكَ അപ്രകാരം يُبَيِّنُ اللَّهُ അല്ലാഹു വിവരിക്കുന്നു لَكُمْ നിങ്ങള്‍ക്ക് آيَاتِهِ അവന്‍റെ ആയത്തുകളെ لَعَلَّكُمْ നിങ്ങളായേക്കാം, ആകുവാന്‍ വേണ്ടി تَشْكُرُونَ നിങ്ങള്‍ നന്ദിചെയ്യും

മനഃപൂര്‍വ്വമല്ലാതെ നാവിലൂടെ വന്നു പോകുന്ന സത്യവാചകങ്ങളുടെ പേരില്‍ – അവ പാലിക്കാത്ത പക്ഷം-അല്ലാഹു നടപടി എടുക്കുകയില്ല. ഉദ്ദേശ്യപൂര്‍വ്വം ഉറപ്പിച്ചു പറയുന്ന സത്യങ്ങള്‍ പാലിക്കല്‍ നിര്‍ബന്ധമാകുന്നു. ഇല്ലാത്തപക്ഷം അതിന്‍റെ പേരില്‍അല്ലാഹു നടപടിയെടുക്കും. അഥവാ അത് ശിക്ഷാര്‍ഹമാകുന്നു എന്നൊക്കെയാണ് ആയത്തിന്‍റെ ആദ്യ ഭാഗത്തില്‍ പ്രസ്താവിക്കുന്നത്. സത്യങ്ങളെ സംബന്ധിച്ച പല വിവരങ്ങളും അല്‍ ബക്വറഃയില്‍ മുമ്പ് കഴിഞ്ഞു പോയിട്ടുണ്ട്. അതിലെ 224, 225 എന്നീവചനങ്ങളും വ്യാഖ്യാനങ്ങളും നോക്കുക. വ്യര്‍ത്ഥമായ വാക്ക് (اللغو) കൊണ്ടുള്ളവിവക്ഷ എന്താണെന്നും അവിടെ വിവരിച്ചിട്ടുണ്ട്.

ഇന്നപ്രകാരം ചെയ്തുകൊള്ളാം, അല്ലെങ്കില്‍ ചെയ്യുകയില്ല എന്ന് ഒരാള്‍ സത്യം ചെയ്തു പറഞ്ഞാല്‍, അത് നിറവേറ്റല്‍ അയാളുടെ കടമയായിത്തീരുന്നു. എങ്കിലും ആ സത്യം മൂലം വല്ല സല്‍ക്കാര്യത്തിനും തടസ്സം നേരിടുന്ന പക്ഷം, പ്രായശ്ചിത്തം (كفارة) ) നല്‍കിക്കൊണ്ട് അതില്‍ നിന്ന് മടങ്ങേതാകുന്നു. ഇതിനെപ്പറ്റി സൂറത്തുല്‍ബക്വറഃയില്‍ മുമ്പ് വിവരിച്ചിട്ടുള്ളതാണ്. ഏത് കാരണത്താലായാലും സത്യം ലംഘിക്കുന്നവര്‍ അതിന് പ്രായശ്ചിത്തം നല്‍കേതുണ്ടെന്നും ആ പ്രായശ്ചിത്തം എപ്രകാരമാണെന്നുമാണ് പിന്നീടുള്ള വാക്യങ്ങളില്‍ അല്ലാഹു പ്രസ്താവിക്കുന്നത്. പത്തുസാധുക്കള്‍ക്ക് ഭക്ഷണം കൊടുക്കുക, അല്ലെങ്കില്‍ പത്തു സാധുക്കള്‍ക്ക് വസ്ത്രം നല്‍കുക, അല്ലെങ്കില്‍ ഒരു അടിമയെ മോചിപ്പിച്ചു വിടുക. ഇതാണ് സത്യം പിഴച്ചാലുള്ള പ്രായശ്ചിത്തം. ഇവയില്‍ ആദ്യം പറഞ്ഞ ചിലത് പിന്നീട് പറഞ്ഞതിനെക്കാള്‍ലാഘവം കൂടിയതാണെങ്കിലും മൂന്നില്‍ ഏതെങ്കിലും ഒന്നു മാത്രമേ നിര്‍ബന്ധമുള്ളൂ. ഒന്നും സാധിക്കാതെ വന്നാല്‍ മൂന്നു ദിവസം നോമ്പ് നോല്‍ക്കല്‍ നിര്‍ബന്ധമാകുന്നു.

നിങ്ങള്‍ നിങ്ങളുടെ കുടുംബങ്ങള്‍ക്ക് നല്‍കുന്ന മദ്ധ്യനിലയിലുള്ള ഭക്ഷണത്തില്‍ നിന്നായിരിക്കണം സാധുക്കള്‍ക്ക് ഭക്ഷണം നല്‍കുന്നത് എന്ന് അല്ലാഹു വ്യക്തമാക്കിയിരിക്കുന്നു. അതതു സ്ഥലങ്ങളില്‍ പൊതുജന മദ്ധ്യെ സാധാരണ ഉപയോഗിക്കപ്പെട്ടു വരുന്ന ഭക്ഷണപദാര്‍ത്ഥമാണ് ഇതു കൊണ്ടുദ്ദേശ്യം. എന്നാല്‍, ഓരോരുത്തര്‍ക്കും നല്‍കേണ്ടുന്ന ഭക്ഷ്യപദാര്‍ത്ഥത്തിന്‍റെ അളവ് എത്രയെന്നും വസ്ത്രം ഏതൊക്കെ-അല്ലെങ്കില്‍ എത്രയൊക്കെ-യെന്നും ഇവിടെ പ്രസ്താവിക്കപ്പെട്ടിട്ടില്ല. അതുകൊണ്ട് ഈ വിഷയത്തില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായവ്യത്യാസം കാണാം. (വിശദവിവരങ്ങള്‍ക്ക് യഥാസ്ഥാനങ്ങളെ സമീപിക്കേണ്ടതാകുന്നു). കഴിയുന്നതും കൂടുതല്‍നന്നാക്കിയും പൂര്‍ണമായ തോതിലും ഓരോന്നും നല്‍കലാണ് ഏറ്റവും ഉത്തമമെന്ന്പറയേണ്ടതില്ലല്ലോ. അത്യാവശ്യ സന്ദര്‍ഭം നേരിടുമ്പോള്‍ മാത്രം സത്യം ചെയ്യുക, ഏതെങ്കിലും തിന്മക്ക് കാരണമാകുന്ന വിധത്തിലോ, നന്മക്ക് തടസ്സം നേരിടാവുന്ന വിധത്തിലോ സത്യം ചെയ്യാതിരിക്കുക, സത്യം ചെയ്തശേഷം അതിനെ അവഗണിക്കാതെ കര്‍ശനമായി പാലിക്കുക, ലംഘിച്ചു പോയെങ്കില്‍ ഉടനടി പ്രായശ്ചിത്തം നിറവേറ്റുക എന്നിവയെല്ലാം ഉള്‍പ്പെടുന്ന ഒരു കല്പനയാണ് നിങ്ങളുടെ സത്യങ്ങളെ നിങ്ങള്‍ കാത്തുസൂക്ഷിക്കുവിന്‍ (وَاحْفَظُوا أَيْمَانَكُمْ) എന്ന വാക്യം

5:93
  • يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ إِنَّمَا ٱلْخَمْرُ وَٱلْمَيْسِرُ وَٱلْأَنصَابُ وَٱلْأَزْلَٰمُ رِجْسٌ مِّنْ عَمَلِ ٱلشَّيْطَٰنِ فَٱجْتَنِبُوهُ لَعَلَّكُمْ تُفْلِحُونَ ﴾٩٣﴿
  • ഹേ, വിശ്വസിച്ചവരേ, നിശ്ചയമായും കള്ളും, 'മൈസിറും' [ചൂതാട്ടവും], ബലി പീഠങ്ങളും (അഥവാ പ്രതിഷ്ഠകളും), അമ്പുകോലുകളും പിശാചിന്‍റെ പ്രവര്‍ത്തനത്തില്‍പെട്ട മ്ലേച്ഛം മാത്രമാകുന്നു. അതിനാല്‍ നിങ്ങളത് വര്‍ജ്ജിക്കുവിന്‍- നിങ്ങള്‍ വിജയം പ്രാപിച്ചേക്കാം.
  • يَا أَيُّهَا الَّذِينَ آمَنُوا ഹേ വിശ്വസിച്ചവരേ إِنَّمَا الْخَمْرُ നിശ്ചയമായും (തന്നെ - മാത്രം) കള്ള് (മദ്യം) وَالْمَيْسِرُ മയ്‌സിറും (ചൂതാട്ടവും) وَالْأَنصَابُ ബലിപീഠങ്ങളും, പ്രതിഷ്ഠകളും وَالْأَزْلَامُ അമ്പുകോലുകളും رِجْسٌ മ്ലേച്ഛം (തന്നെ-മാത്രം)ആകുന്നു مِّنْ عَمَلِ പ്രവര്‍ത്തനത്തില്‍ പെട്ട الشَّيْطَانِ പിശാചിന്‍റെ فَاجْتَنِبُوهُ അതിനാല്‍ അതിനെ നിങ്ങള്‍വര്‍ജ്ജിക്കുവിന്‍, വെടിയുവിന്‍ لَعَلَّكُمْ നിങ്ങളായേക്കാം تُفْلِحُونَ നിങ്ങള്‍ വിജയംപ്രാപിക്കും
5:94
  • إِنَّمَا يُرِيدُ ٱلشَّيْطَٰنُ أَن يُوقِعَ بَيْنَكُمُ ٱلْعَدَٰوَةَ وَٱلْبَغْضَآءَ فِى ٱلْخَمْرِ وَٱلْمَيْسِرِ وَيَصُدَّكُمْ عَن ذِكْرِ ٱللَّهِ وَعَنِ ٱلصَّلَوٰةِ ۖ فَهَلْ أَنتُم مُّنتَهُونَ ﴾٩٤﴿
  • നിശ്ചയമായും പിശാച് ഉദ്ദേശിക്കുക തന്നെ ചെയ്യുന്നു: കള്ളിലൂടെയും, 'മൈസിറി' [ചൂതാട്ടത്തി]ലൂടെയും നിങ്ങള്‍ക്കിടയില്‍ ശത്രുതയും വിദ്വേഷവും ഉണ്ടാക്കുവാനും; അല്ലാഹുവിനെ ഓര്‍ക്കുന്നതില്‍ നിന്നും, നമസ്‌കാരത്തില്‍ നിന്നും നിങ്ങളെ തടയുവാനും. ആകയാല്‍,നിങ്ങള്‍ വിരമിക്കുന്നവരാണോ?! [വിരമിക്കുവാന്‍ തയ്യാറുണ്ടോ?!]
  • إِنَّمَا يُرِيدُ നിശ്ചയമായും ഉദ്ദേശിക്കുകതന്നെ (മാത്രം) ചെയ്യുന്നു الشَّيْطَانُ പിശാച് أَن يُوقِعَ ഉണ്ടാക്കുവാന്‍ (തന്നെ-മാത്രം) بَيْنَكُمُ നിങ്ങള്‍ക്കിടയില്‍ الْعَدَاوَةَ ശത്രുത وَالْبَغْضَاءَ വിദ്വേഷവും فِي الْخَمْرِ കള്ളില്‍ (കള്ളിലൂടെ) وَالْمَيْسِرِ മൈസിറിലും وَيَصُدَّكُمْ നിങ്ങളെ തടയു(തടുക്കു)വാനും عَن ذِكْرِ اللَّهِ അല്ലാഹുവിനെ ഓര്‍മിക്കുന്നതില്‍ നിന്ന് وَعَنِ الصَّلَاةِ നമസ്‌കാരത്തില്‍ നിന്നും فَهَلْ أَنتُم എന്നാല്‍ (അതിനാല്‍) നിങ്ങള്‍ ആകുന്നുവോ مُّنتَهُونَ വിരമിക്കുന്നവര്‍

الخمر (കള്ള്) എന്നാല്‍ ലഹരിയുണ്ടാക്കുന്ന എല്ലാ പാനീയങ്ങളുമാണ് ഉദ്ദേശ്യമെന്നും مَيْسِرِ (ചൂതാട്ടം) എന്ന വാക്കില്‍, എളുപ്പമാര്‍ഗത്തിലൂടെ-വെറും ഭാഗ്യമെന്ന നിലക്ക്-ധനം സമ്പാദിക്കുവാന്‍ ഉതകുന്ന പന്തയങ്ങള്‍, ഷോടതികള്‍ മുതലായവയും, എല്ലാതരം ചൂതുകളികളും ഉള്‍പ്പെടുമെന്നും അല്‍ബക്വറഃ 219-ാം വചനത്തിന്‍റെ വ്യാഖ്യാനത്തില്‍ നാം ചൂണ്ടിക്കാട്ടുകയുണ്ടായിട്ടുണ്ട്. انصاب (ബലിപീഠങ്ങള്‍) എന്ന വാക്ക് نصب (നുസ്വബ്)ന്‍റെ ബഹുവചനമാണ്. ബിംബങ്ങള്‍ക്ക് ബലിയര്‍പ്പിക്കപ്പെടുന്ന മൃഗങ്ങളെ അറുക്കുവാന്‍ വേണ്ടി പ്രതിഷ്ഠിക്കപ്പെടുന്ന കല്ലുകളാണ് അത്‌ കൊണ്ട് വിവക്ഷയെന്നും, ഭാഗ്യനിര്‍ഭാഗ്യങ്ങളും ഓഹരികളും നിജപ്പെടുത്താന്‍ വേണ്ടി പ്രത്യേക രൂപത്തില്‍ അടയാളപ്പെടുത്തപ്പെട്ടിട്ടുള്ള ഒരു തരം അമ്പുകോലുകളാണ് ازلام കൊണ്ടു വിവക്ഷയെന്നും ഈ സൂറത്തിലെ 4-ാം വചനത്തിന്‍റെ വ്യാഖ്യാനത്തിലും വിവരിച്ചിട്ടുണ്ട്. കൂടുതല്‍ വിവരം അവിടങ്ങളില്‍ നോക്കുക. ആരാധനാ കര്‍മങ്ങള്‍ക്കായി പ്രതിഷ്ഠിക്കപ്പെടുന്ന എല്ലാ തരം പ്രതിഷ്ഠകള്‍ക്കും انصاب എന്ന് പറയപ്പെടുമെന്ന് ക്വുര്‍ആന്‍ വ്യാഖ്യാതാക്കളില്‍ ഒരു പക്ഷത്തിന് അഭിപ്രായമുണ്ട്.

കള്ളിന്‍റെ നിരോധം മൂന്നു ഘട്ടങ്ങളിലായിട്ടാണ് നടപ്പാക്കപ്പെട്ടതെന്ന് പല ഹദീഥുകളില്‍ നിന്നും വ്യക്തമാകുന്നു. ഭക്ഷണസാധനം കണക്കെ ചിരകാലമായി കള്ള് കുടിക്കു അറബികളില്‍ സര്‍വ്വത്ര പ്രചാരം സിദ്ധിച്ചിട്ടുണ്ടായിരുന്നതു കൊണ്ട് ഒറ്റയടിക്ക് അത് നിശ്ശേഷം നിരോധിക്കുന്ന പക്ഷം, അതവര്‍ക്ക് വളരെ വിഷമമായി അനുഭവപ്പെടുമല്ലോ. അതുകൊണ്ട് ആദ്യം സൂ:അല്‍ബക്വറഃയിലെ يَسْأَلُونَكَ عَنِ الْخَمْرِ وَالْمَيْسِرِ …. (കള്ളിനെയും ചൂതാട്ടത്തെയും സംബന്ധിച്ചു അവര്‍ നിന്നോട് ചോദിക്കും……) എന്ന 219-ാം വചനം അവതരിച്ചു. ആ രണ്ടിലും വലിയ കുറ്റമുണ്ടെന്നും, അതേ സമയത്ത് ചിലപ്രയോജനങ്ങളും അവയില്‍ അടങ്ങിയിട്ടുണ്ടെന്നും, എങ്കിലും കുറ്റത്തിന്‍റെ ഭാഗമാണ് മികച്ചു നില്‍ക്കുന്നതെന്നും അറിയിച്ചുകൊണ്ട് ആ വചനം മുഖേന അല്ലാഹു അവരെ അതില്‍ നിരുല്‍സാഹപ്പെടുത്തി. പിന്നീട് സൂ: നിസാഇലെ . … لَا تَقْرَبُوا الصَّلَاةَ وَأَنتُمْ سُكَارَىٰ(നിങ്ങള്‍ ലഹരി ബാധിതരായിക്കൊണ്ട് നമസ്‌കാരത്തെ സമീപിക്കരുത്.) എന്നു തുടങ്ങുന്ന 43-ാം വചനം അവതരിക്കുകയും, ഭാഗികമായ നിരോധം ഏര്‍പ്പെടുത്തുകയും ചെയ്തു. ബലിപീഠങ്ങളില്‍ വെച്ച് അറുക്കപ്പെട്ടവയും, അമ്പുകോലുകള്‍ വഴി ഭാഗ്യം നോക്കലും ഈ സൂറത്തിലെ 4-ാം വചനം മുഖേന നിഷിദ്ധമാക്കുകയും ചെയ്തു. ഇപ്പോള്‍, ഈ വചനത്തില്‍ പ്രസ്തുത നാലും-കള്ളും, ചൂതാട്ടവും, ബലിപീഠങ്ങളും, അമ്പുകോലുകളും-കര്‍ശനമായി വിരോധിക്കപ്പെട്ടിരിക്കുകയാണ്.

ഇവ നാലും പിശാചിന്‍റെ പ്രവര്‍ത്തനങ്ങളാണ് എന്നും, വഷളും, നീചവുമായ ഏര്‍പ്പാടുകളാണെന്നും, കള്ളിനെയും ചൂതാട്ടത്തെയും സംബന്ധിച്ചിടത്തോളം അതിനുപുറമെ, അത് രണ്ടും മനുഷ്യന്‍ തമ്മതമ്മില്‍ ശത്രുതയും വിദ്വേഷവും ഉണ്ടാക്കിത്തീര്‍ക്കുവാനുള്ള പൈശാചിക പ്രേരണകളാണെന്നും, അല്ലാഹുവിനെക്കുറിച്ചുള്ള ഓര്‍മയും ബോധവും നശിപ്പിക്കുന്നതാണെന്നും, നമസ്‌കാരത്തെക്കുറിച്ചു ശ്രദ്ധയില്ലാതാക്കുന്നതാണെന്നും പ്രത്യേകം ചൂണ്ടിക്കാട്ടിയിരിക്കുന്നു. അഥവാ ഇവയെല്ലാം വിരോധിച്ചുകൊണ്ടുള്ള വിധി പുറപ്പെടുവിക്കുന്നതോടൊപ്പം ആ വിധിയിലടങ്ങിയ തത്വങ്ങളും കൂടി അല്ലാഹു വിവരിച്ചു തന്നിരിക്കുന്നു. എന്തെങ്കിലും പ്രതിഫലം നിശ്ചയിച്ചു കൊണ്ടുള്ള ചൂതാട്ടങ്ങള്‍ മാത്രമെ നിരോധത്തിനു വിധേയമാകുകയുള്ളൂവെന്നു ചിലര്‍ധരിക്കാറുള്ളത് ശരിയല്ലെന്ന് ഈ വിധിന്യായങ്ങളില്‍ നിന്നു മനസ്സിലാക്കാം. കള്ളുകൊണ്ടും, ചൂതാട്ടം കൊണ്ടും ജനമദ്ധ്യേ നടമാടിക്കൊണ്ടിരിക്കുന്ന അനര്‍ത്ഥങ്ങളും തോന്നിയവാസങ്ങളും എല്ലാവര്‍ക്കും അറിയാവുന്നതാണല്ലോ.

ഇത്രയെല്ലാം പ്രസ്താവിച്ചു കഴിഞ്ഞ ശേഷം അല്ലാഹു സത്യവിശ്വാസികളോട്ചോദിക്കുന്നു: കാര്യം ഇങ്ങിനെയെല്ലാമായിരിക്കെ, നിങ്ങള്‍ വിരമിക്കുവാന്‍ തയ്യാറുണ്ടോ? (فَهَلْ أَنتُم مُّنتَهُونَ) എന്ന്! ഈ ചോദ്യത്തിന്‍റെ ഗൗരവം ഒന്നാലോചിച്ചു നോക്കുക! സത്യവിശ്വാസത്തിന്‍റെ കണിക പോലും ഹൃദയത്തിലുള്ള ഒരാള്‍ക്ക് ഞാന്‍ തയ്യാറില്ല, എന്ന് പറയുവാന്‍ ധൈര്യം വരുമോ?! അതിനു അവന്‍റെ നാവ് അനങ്ങുമോ! നിശ്ചയമായും ഇല്ല. ഈ വചനം അവതരിച്ചപ്പോള്‍ അതു വരേക്കും കള്ളുകുടി നിറുത്തല്‍ചെയ്തിട്ടില്ലാത്ത ചില സ്വഹാബികള്‍ ഉച്ചൈസ്തരം പ്രഖ്യാപിച്ചു: انتهينا انتهينا (ഞങ്ങള്‍ വിരമിച്ചു! വിരമിച്ചു!)

പല മാര്‍ഗങ്ങളിലൂടെയും നിവേദനം ചെയ്യപ്പെട്ട ഒരു ഹദീഥിന്‍റെ സാരം ഇപ്രകാരമാകുന്നു: അനസ് (റ) പറയുകയാണ്: ഞാന്‍ അബൂത്വല്‍ഹാ (റ)യുടെ വീട്ടില്‍ (*) ആളുകള്‍ക്ക് കള്ളു കൊടുക്കുന്നവനായിരുന്നു. അബൂഉബൈദഃ, ഉബയ്യബ്‌നു കഅ്ബ്, സുഹൈലുബ്‌നു ബൈദ്വാഉ് (റ) മുതലായവര്‍ക്ക് ഞാന്‍ കള്ളുകൊടുത്തു കൊണ്ടിരിക്കുകയാണ്. അവര്‍ക്കു ലഹരി പിടിപെട്ട് തുടങ്ങിയിരുന്നു. ആ സന്ദര്‍ഭത്തില്‍ മുസ്‌ലിംകളില്‍പെട്ട ഒരാള്‍ വന്നിട്ടു പറഞ്ഞു: ‘കള്ള് ഹറാമാക്കപ്പെട്ടത് നിങ്ങള്‍ അറിഞ്ഞിട്ടില്ലേ? മദീനായിലെ തെരുവുകളില്‍ കള്ളുകളെല്ലാം ഒഴുകിക്കഴിഞ്ഞിരിക്കുന്നു’. അബൂത്വല്‍ഹ(റ) പറഞ്ഞു: ‘അനസേ, പാത്രത്തില്‍ ശേഷിപ്പുള്ള കള്ളെല്ലാം ചിന്തിക്കളയുക’. അല്ലാഹുവിനെത്തന്നെയാണ! പിന്നീട് ആരും കുടിച്ചില്ല. ശേഷിപ്പുള്ളതൊക്കെ തെരുവില്‍ ചിന്തിക്കളഞ്ഞു. അക്കാലത്ത് അവിടെ കാരക്കയില്‍ നിന്നു നിര്‍മിക്കപ്പെടുന്ന കള്ളായിരുന്നു ഉണ്ടായിരുന്നത്. ഈ അവസരത്തില്‍ ചില ആളുകള്‍ പറയുകയുണ്ടായി:

‘ഇന്ന ആളും, ഇന്ന ആളും (യുദ്ധത്തില്‍) കൊല്ലപ്പെട്ടിട്ടുല്ലോ. അവരുടെ വയറ്റില്‍കള്ളുായിരുന്നുവല്ലോ. (അവര്‍ക്ക് കുറ്റം ഉണ്ടാകുകയില്ലേ?)’ ഇതു സംബന്ധിച്ച് … لَيْسَ عَلَى الَّذِينَ آمَنُوا എന്നുള്ള (അടുത്ത 96-ാമത്തെ) വചനം അവതരിക്കയുണ്ടായി.(അ; ബു; മു.)


(*) അനസുബ്‌നു മാലിക് (റ)ന്‍റെ മാതാവിനെ വിവാഹം കഴിച്ചിരുന്ന ആളും ഒരു കള്ള് വ്യാപാരിയും ആയിരുന്നു അബൂത്വല്‍ഹത്തല്‍ അന്‍സ്വാരീ (റ).


കള്ള് കുടിക്കുന്നവരെയും, കുടിപ്പിക്കുന്നവരെയും, വില്‍ക്കുന്നവരെയും, വാങ്ങുന്നവരെയും വാറ്റുന്നവരെയും വാറ്റിക്കുന്നവരെയും കൊണ്ടു പോകുന്നവരെയും ആര്‍ക്കു വേണ്ടി കൊണ്ടുപോകുന്നുവോ അവരെയും, അതിന്‍റെ വില ഉപയോഗിക്കുന്നവരെയും റസൂല്‍ (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ശപിച്ചിരിക്കുന്നുവെന്ന് ഇബ്‌നു ഉമര്‍ (റ) പ്രസ്താവിച്ചതായി ഒരു ഹദീഥില്‍ വന്നിരിക്കുന്നു. (അ). മറ്റൊരു ഹദീഥില്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞതായി അദ്ദേഹം ഉദ്ധരിക്കുന്നു: ‘എല്ലാ ലഹരിയുണ്ടാക്കുന്നതും കള്ളാണ്; ലഹരിയുണ്ടാക്കുന്നതെല്ലാം ഹറാമാകുന്നു. ഒരാള്‍ കള്ള് കുടിച്ചിട്ട് അതില്‍ നിന്ന് ഖേദിച്ചു മടങ്ങാതെ മരണപ്പെടുന്ന പക്ഷം അവന്‍ പരലോകത്ത് (സ്വര്‍ഗത്തില്‍) അതു കുടിക്കുകയില്ല’ (ബു; മു). ഒരിക്കല്‍ ഉമര്‍ (റ) നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ മിമ്പറില്‍ (പ്രസംഗ പീഠത്തില്‍) കയറിചെയ്ത പ്രസംഗത്തില്‍ ഇങ്ങിനെ പറഞ്ഞു: ‘കള്ളിനെ നിഷിദ്ധമാക്കിക്കൊണ്ട് ക്വുര്‍ആന്‍ അവതരിച്ചിരിക്കുന്നു. അഞ്ചു വസ്തുക്കളില്‍ നിന്നാണ് കള്ള് ഉണ്ടാക്കപ്പെടുന്നത്. മുന്തിരിയും, കാരക്കയും, തേനും, ഗോതമ്പും, യവവും. കള്ള് എന്നാല്‍ ബുദ്ധിയെമൂടിക്കളയുന്ന (ലഹരിയുണ്ടാക്കുന്ന)തെല്ലാം തന്നെയാകുന്നു’ (ബു). ലഹരിയുണ്ടാക്കുന്ന പാനീയം എന്നല്ലാതെ, മുന്തിരിക്കള്ള് എന്നോ മറ്റോ തരവ്യത്യാസം കള്ളില്‍പരിഗണിക്കപ്പെടുകയില്ലെന്നത്രെ ഉമര്‍ (റ) പറഞ്ഞതിന്‍റെ താല്‍പര്യം. ആയത്തില്‍ഉപയോഗിച്ച വാക്ക് خمر (ഖംറ്) എന്നാണല്ലോ. ആ വാക്ക് അക്കാലത്ത് അധികവും ഉപയോഗിച്ചിരുന്നത് മുന്തിരിക്കള്ളിനായിരുന്നു. മറ്റുള്ള കള്ളുകള്‍ക്ക് فضيخ (ഫദ്വീഖ്) എന്നും പറഞ്ഞു വന്നിരുന്നു. അതാണ് ഉമര്‍ (റ) അങ്ങിനെ പറയുവാന്‍ കാരണം.

പല പ്രദേശങ്ങളില്‍ നിന്നുമുള്ള നിവേദക സംഘങ്ങള്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ അടുക്കല്‍ വന്നു ഇസ്‌ലാമിനെക്കുറിച്ചു പഠിച്ചുപോയിരുന്നുവല്ലോ. അബ്ദുല്‍ കൈ്വസ് ഗോത്രത്തിന്‍റെ നിവേദക സംഘവും അവയില്‍ ഒന്നായിരുന്നു. അവര്‍ക്ക് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പലതും പഠിപ്പിച്ച കൂട്ടത്തില്‍ കള്ളിന്‍റെ പാത്രങ്ങള്‍പോലും വര്‍ജ്ജിക്കുവാന്‍ ഉപദേശിക്കുകയുണ്ടായി. അപ്പോള്‍, അവരുടെ സംഘത്തില്‍ ഏറ്റവും ചെറുപ്പക്കാരനും ബുദ്ധിമാനുമായിരുന്ന അശജ്ജ് (عبد الله بن عوف الاشبح رض) അല്‍പമൊന്ന് കൈകൊണ്ട് ആംഗ്യം കാണിച്ചുകൊണ്ട് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യോട് ചോദിച്ചു: ‘റസൂലേ, ഞങ്ങളുടെ നാട് ഒരു പരുക്കനും കാലാവസ്ഥ ഗുണമില്ലാത്തതുമാണ്. ഞങ്ങള്‍ക്ക് ഈ പാനീയം കുടിക്കാത്ത പക്ഷം വയറു തടിക്കുന്നതാണ്. അതുകൊണ്ട് ഞങ്ങള്‍ക്ക് ഇത്രകു കുടിക്കുവാന്‍അനുവദിച്ചു കൂടേ?’ അപ്പോള്‍ തിരുമേനി അവിടുത്തെ രണ്ടു കൈപത്തികള്‍ കാട്ടിക്കൊണ്ട് ‘ഞാന്‍ തനിക്ക് ഇത്രത്തോളം കുടിക്കുവാന്‍ അനുവദിച്ചാല്‍ താന്‍ ഇത്രേത്താളം കുടിച്ചേക്കും’ എന്നു പറഞ്ഞ് രണ്ടു കൈകളും നീട്ടി അകറ്റിക്കാണിക്കുകയുണ്ടായി. തിരുമേനി തുടര്‍ന്നു: ‘അങ്ങനെ, ഒരാള്‍ കുടിച്ചു ലഹരി പിടിച്ചാല്‍ അവന്‍തന്‍റെ പിതൃവ്യപുത്രന്‍റെ (സഹോദരന്‍റെ) നേരെ എഴുന്നേറ്റ് വാളുകൊണ്ട് വെട്ടുകയും ചെയ്യും’, പല ചരിത്ര ഗ്രന്ഥങ്ങളിലും ഹദീഥ് ഗ്രന്ഥങ്ങളിലും കാണാവുന്ന ഒരു സംഭവമാണിത്.

കള്ളുണ്ടാക്കുന്ന ഒരാളായിരുന്നു ത്വാരിക്വ്ബ്‌നു സുവൈദിന്‍ ജുഅഫീ (റ). അദ്ദേഹത്തോട് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അത് വിരോധിച്ചപ്പോള്‍, ഞാനതു മരുന്നിന്നായിട്ടാണ് ഉണ്ടാക്കാറുള്ളതെന്ന് അദ്ദേഹം പറഞ്ഞു. തിരുമേനിയുടെ മറുപടി ഇതായിരുന്നു: ‘അത് മരുന്നല്ല; എങ്കിലും രോഗമാണ്.’ (അ; മു; ദാ) കള്ള് മനുഷ്യന്‍റെ ആരോഗ്യത്തിന് ദോഷകരമാണെന്നു പൊതുവെ എല്ലാവര്‍ക്കും അറിയാവുന്നതാണല്ലോ.

കള്ള് കുടിക്കുന്നവരുടെ മേല്‍ സ്വീകരിക്കപ്പെടേണ്ടുന്ന ഒരു പ്രത്യേക ശിക്ഷാനിയമം (حد) ക്വുര്‍ആന്‍ കൊണ്ടാേമറ്റോ സ്ഥാപിതമായിട്ടില്ല. എങ്കിലും ഭരണകര്‍ത്താവിന്‍റെയുക്തമനുസരിച്ച് തക്കതായ വല്ല ശിക്ഷയും (تعزير) നല്‍കേതാണ് എന്നത്രെനബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ സുന്നത്തില്‍നിന്ന് അറിയപ്പെടുന്നത്. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ കാലത്ത് നാല്‍പത്അടിയാണ് കള്ള് കുടിച്ചവര്‍ക്ക് നല്‍കപ്പെട്ടിരുന്ന ശിക്ഷ. (ബു. മു). അബൂബക്ര്‍ (റ)ന്‍റെ ഖിലാഫത്തു കാലത്തും ഉമര്‍ (റ)ന്‍റെ ഖിലാഫത്തിന്‍റെ ആദ്യകാലങ്ങളിലും അങ്ങിനെത്തന്നെയായിരുന്നു. പിന്നീട് ജനങ്ങളില്‍ കുടി അധികമായെന്ന് കണ്ടപ്പോള്‍, ഉമര്‍ (റ) എണ്‍പത് അടിവീതം ശിക്ഷ നല്‍കി (ബു.)

5:95
  • وَأَطِيعُوا۟ ٱللَّهَ وَأَطِيعُوا۟ ٱلرَّسُولَ وَٱحْذَرُوا۟ ۚ فَإِن تَوَلَّيْتُمْ فَٱعْلَمُوٓا۟ أَنَّمَا عَلَىٰ رَسُولِنَا ٱلْبَلَٰغُ ٱلْمُبِينُ ﴾٩٥﴿
  • നിങ്ങള്‍ അല്ലാഹുവിനെ അനുസരിക്കുവിന്‍; റസൂലിനെയും അനുസരിക്കുവിന്‍; (അനുസരണക്കേട്) കാത്തുകൊള്ളുകയും ചെയ്യുവിന്‍. എനി, നിങ്ങള്‍ തിരിഞ്ഞു കളയുകയാണെങ്കില്‍, നിങ്ങള്‍ അറിഞ്ഞു കൊള്ളണം: നമ്മുടെ റസൂലിന്‍റെ മേല്‍വ്യക്തമായ പ്രബോധനം മാത്രമാണ് (ബാധ്യത) ഉള്ളതെന്ന്.
  • وَأَطِيعُوا اللَّهَ നിങ്ങള്‍ അല്ലാഹുവിനെ അനുസരിക്കുകയും ചെയ്യുവിന്‍ وَأَطِيعُوا الرَّسُولَ റസൂലിനെയും നിങ്ങള്‍ അനുസരിക്കുവിന്‍ وَاحْذَرُوا നിങ്ങള്‍ കാത്തുകൊള്ളുക (ജാഗ്രത വെക്കുക)യും ചെയ്യുക فَإِن تَوَلَّيْتُمْ എനി നിങ്ങള്‍ തിരിഞ്ഞുകളഞ്ഞെങ്കില്‍ فَاعْلَمُوا നിങ്ങള്‍ അറിയുവിന്‍ أَنَّمَا മാത്രമെന്ന്, നിശ്ചയമായും എന്ന് عَلَىٰ رَسُولِنَا നമ്മുടെ റസൂലിന്‍റെ മേല്‍ (ഉള്ളത്) الْبَلَاغُ പ്രബോധനം, എത്തിക്കല്‍ (മാത്രമാണെന്ന്) الْمُبِينُ പ്രത്യക്ഷമായ, വ്യക്തമായ
5:96
  • لَيْسَ عَلَى ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّٰلِحَٰتِ جُنَاحٌ فِيمَا طَعِمُوٓا۟ إِذَا مَا ٱتَّقَوا۟ وَّءَامَنُوا۟ وَعَمِلُوا۟ ٱلصَّٰلِحَٰتِ ثُمَّ ٱتَّقَوا۟ وَّءَامَنُوا۟ ثُمَّ ٱتَّقَوا۟ وَّأَحْسَنُوا۟ ۗ وَٱللَّهُ يُحِبُّ ٱلْمُحْسِنِينَ ﴾٩٦﴿
  • വിശ്വസിക്കുകയും, സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരുടെ മേല്‍ അവര്‍ (മുമ്പ്) ഭക്ഷിച്ചതില്‍ കുറ്റമില്ല; അവര്‍ സൂക്ഷിക്കുകയും, വിശ്വസിക്കുകയും, സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും, പിന്നെയും സൂക്ഷിക്കുകയും വിശ്വസിക്കുകയും പിന്നെയും സൂക്ഷിക്കുകയും സുകൃതം ചെയ്യുകയും ചെയ്താല്‍. അല്ലാഹു സുകൃതം ചെയ്യുന്നവരെ ഇഷ്ടപ്പെടുകയും ചെയ്യുന്നു.
  • لَيْسَ ഇല്ല عَلَى الَّذِينَ യാതൊരുവരുടെ മേല്‍ آمَنُوا വിശ്വസിച്ച وَعَمِلُوا പ്രവര്‍ത്തിക്കുകയും ചെയ്ത الصَّالِحَاتِ സല്‍കര്‍മങ്ങള്‍ جُنَاحٌ കുറ്റം, തെറ്റ് فِيمَا طَعِمُوا അവര്‍ ഭക്ഷിച്ചതില്‍ إِذَا مَا اتَّقَوا അവര്‍ സൂക്ഷിച്ചാല്‍ وَّآمَنُوا അവര്‍ വിശ്വസിക്കുകയും وَعَمِلُوا അവര്‍ പ്രവര്‍ത്തിക്കുകയും الصَّالِحَاتِ സല്‍ക്കര്‍മങ്ങളെ ثُمَّ اتَّقَوا പിന്നെയും അവര്‍ സൂക്ഷിച്ചു وَّآمَنُوا അവര്‍ വിശ്വസിക്കുകയും ചെയ്തു ثُمَّ اتَّقَوا പിന്നെയും അവര്‍ സൂക്ഷിച്ചു وَّأَحْسَنُوا അവര്‍ നന്മ (സുകൃതം) പ്രവര്‍ത്തിക്കുകയും وَاللَّهُ അല്ലാഹു, അല്ലാഹുവാകട്ടെ يُحِبُّ സ്‌നേഹിക്കുന്നു, ഇഷ്ടപ്പെടുന്നു الْمُحْسِنِينَ നന്മ (സുകൃതം) ചെയ്യുന്നവരെ

കഴിഞ്ഞ വചനത്തില്‍ കള്ള് തുടങ്ങിയ വസ്തുക്കളെ കര്‍ശനമായി നിരോധിച്ചശേഷം, അതിനെത്തുടര്‍ന്ന് അല്ലാഹുവിന്‍റെയും റസൂലിന്‍റെയും കല്‍പനകള്‍ അനുസരിക്കണമെന്നും, അനുസരിക്കാതെ തിരിഞ്ഞുകളയുന്നപക്ഷം അതിന്‍റെ ഭവിഷ്യത്തിനെപ്പറ്റി ജാഗരൂകരായിരുന്നു കൊള്ളണമെന്നും, അല്ലാഹുവിന്‍റെ സന്ദേശങ്ങള്‍ ജനങ്ങള്‍ക്ക് എത്തിച്ചുകൊടുക്കുകയല്ലാതെ -അവരെ അനുസരിപ്പിക്കുക- റസൂലിനു ചുമതലയില്ലെന്നും ആദ്യത്തെതിനു മുമ്പ് അവ ഉപയോഗിച്ചവര്‍ക്ക് അതിന്‍റെ പേരില്‍ കുറ്റമൊന്നും ഇല്ലെന്നും രണ്ടാമത്തെ വചനത്തില്‍ അറിയിക്കുന്നു. മുമ്പ് കള്ള് കുടിച്ചിരുന്ന സത്യവിശ്വാസികളില്‍ ചിലര്‍ ഈ കല്‍പന വരും മുമ്പ് മരണമടഞ്ഞു പോയപ്പോള്‍ അവര്‍ അത് നിമിത്തം കുറ്റക്കാരായിത്തീരുമോ എന്നു ചിലര്‍ക്ക് സംശയമുണ്ടായെന്ന്മേലെ ഉദ്ധരിച്ച അനസ് (റ)ന്‍റെ ഹദീഥില്‍ കണ്ടുവല്ലോ. അങ്ങനെയുള്ള സംശയങ്ങള്‍ക്കും മറുപടി കൂടിയാണിത്. അവര്‍ സൂക്ഷിക്കുകയും വിശ്വസിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും (…إِذَا مَا اتَّقَوْا وَآمَنُوا وَعَمِلُوا) എന്ന് തുടങ്ങിയവാക്യങ്ങളുടെയും സാരം ഇതാണ്; അവര്‍ ശരിക്കും സത്യവിശ്വാസികളും, സല്‍കര്‍മങ്ങള്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നവരും, അല്ലാഹുവിന്‍റെ വിധി വിലക്കുകളെ സൂക്ഷിച്ചു പോരുന്നവരും ആയിരിക്കുകയും, വീണ്ടും വീണ്ടും അതേ നിലയില്‍ തന്നെ -അവസാനംവരെ- തുടര്‍ന്നുപോരുകയും ചെയ്താല്‍ അവര്‍ക്ക് ഒരു കുറ്റവും വരാനില്ല. അവര്‍ സുകൃതവാന്മാരായിരിക്കും. അങ്ങിനെയുള്ളവര്‍ അല്ലാഹുവിന്‍റെ സ്‌നേഹത്തിന് പാത്രമായിരിക്കുന്നതുമാണ്.

വിഭാഗം - 13

5:97
  • يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ لَيَبْلُوَنَّكُمُ ٱللَّهُ بِشَىْءٍ مِّنَ ٱلصَّيْدِ تَنَالُهُۥٓ أَيْدِيكُمْ وَرِمَاحُكُمْ لِيَعْلَمَ ٱللَّهُ مَن يَخَافُهُۥ بِٱلْغَيْبِ ۚ فَمَنِ ٱعْتَدَىٰ بَعْدَ ذَٰلِكَ فَلَهُۥ عَذَابٌ أَلِيمٌ ﴾٩٧﴿
  • ഹേ, വിശ്വസിച്ചവരേ, നിങ്ങളുടെ കൈകളും, കുന്തങ്ങളും എത്തത്തക്കവിധം വേട്ട(യാടിപ്പിടിക്കപ്പെടുന്ന) ജന്തുക്കളില്‍പെട്ട വല്ലതും മുഖേന നിശ്ചയമായും അല്ലാഹുനിങ്ങളെ പരീക്ഷണം നടത്തുന്നതാണ്; അദൃശ്യമായ നിലയില്‍, അല്ലാഹുവിനെ ഭയപ്പെടുന്നവരെ അവന്‍ (വേര്‍തിരിഞ്ഞ്) അറിയുവാന്‍ വേണ്ടി എന്നിട്ട് അതിനുശേഷം ആരെങ്കിലും അതിരുവിട്ടാല്‍, അവന് വേദനയേറിയ ശിക്ഷയുണ്ടായിരിക്കും.
  • يَا أَيُّهَا الَّذِينَ آمَنُوا വിശ്വസിച്ചവരേ لَيَبْلُوَنَّكُمُ നിശ്ചയമായും നിങ്ങളെ പരീക്ഷണം ചെയ്യുക തന്നെ ചെയ്യും اللَّهُ അല്ലാഹു بِشَيْءٍ വല്ല വസ്തുവെയും കൊണ്ട്, വല്ലതും മുഖേന مِّنَ الصَّيْدِ വേട്ടജന്തുവില്‍പെട്ട تَنَالُهُ അതിനോട് എത്തുമാറ്, അതിനെ കിട്ടത്തക്കവണ്ണം أَيْدِيكُمْ നിങ്ങളുടെ കൈകള്‍, കൈകള്‍ക്ക് وَرِمَاحُكُمْ നിങ്ങളുടെ കുന്തങ്ങളും, കുന്തങ്ങള്‍ക്കും لِيَعْلَمَ اللَّهُ അല്ലാഹു അറിയുവാന്‍ വേണ്ടി مَن يَخَافُهُ അവനെ ഭയപ്പെടുന്നവനെ, ആര്‍ ഭയപ്പെടുമെന്ന് بِالْغَيْبِ അദൃശ്യത്തില്‍ (കാണാതെ) فَمَنِ എന്നിട്ടു വല്ലവരും, ആര്‍ اعْتَدَىٰ അതിരുവിട്ടു(വെങ്കില്‍) بَعْدَ ذَٰلِكَ അതിനു ശേഷം فَلَهُ عَذَابٌ എന്നാലവന് ശിക്ഷയുണ്ടായിരിക്കും أَلِيمٌ വേദനയേറിയ

ഹജ്ജിലോ ഉംറഃയിലോ പ്രവേശിച്ചു കഴിഞ്ഞാല്‍ അത് അവസാനിക്കുന്നതു വരെ ഒരു ജീവിയെയും വേട്ടയാടിപ്പിടിക്കുവാനോ, വേട്ടയാടുന്നതില്‍ പങ്കു വഹിക്കാനോ പാടില്ലാത്തതാണ്. ജാഹിലിയ്യത്തിലും ഇസ്‌ലാമിലും അംഗീകരിക്കപ്പെട്ടിട്ടുള്ള ഒരു നിയമമാണത്. സത്യവിശ്വാസികളുടെ കൂട്ടത്തില്‍ അല്ലാഹുവിനെ ശരിക്കും ഭയപ്പെടുന്ന നിഷ്‌ക്കളങ്കന്മാരും, വേണ്ടത്ര ഭയപ്പാടില്ലാത്തവരും ഉണ്ടായിരിക്കുമല്ലോ. രണ്ടു കൂട്ടരും പ്രത്യക്ഷത്തില്‍ വേര്‍തിരിഞ്ഞു വെളിപ്പെടുവാന്‍ വേണ്ടി അവരെ ഒരു പരീക്ഷണം നടത്തുമെന്ന് അല്ലാഹു അറിയിക്കുന്നു. അതായത്, അവര്‍ ഇഹ്‌റാമില്‍ പ്രവേശിച്ചശേഷം അവരുടെ കൈകൊണ്ടും കുന്തം കൊണ്ടും വേഗത്തില്‍ വേട്ടയാടിപിടിക്കത്തക്കവണ്ണം, സൗകര്യത്തില്‍ ചെറുതും വലുതുമായ ജീവികള്‍ അവരുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കും. വേണ്ടത്ര ഭയപ്പാടും ഭക്തിയും ഇല്ലാത്തവര്‍ അത് കാണുമ്പോള്‍ അവയെ പിടിച്ചു ഭക്ഷിക്കുവാന്‍ ശ്രമിക്കുകയും യഥാര്‍ത്ഥ ഭയഭക്തന്മാരായ ആളുകള്‍ തങ്ങള്‍ക്ക് പാടില്ലാത്ത ആ കൃത്യത്തില്‍ നിന്ന് മനഃപൂര്‍വ്വം ഒഴിഞ്ഞു നില്‍ക്കുകയും ചെയ്യുക സ്വാഭാവികമാണ്. അങ്ങനെ, രണ്ടു തരക്കാരും വേര്‍തിരിച്ചറിയപ്പെടുമാറാകുമെന്നര്‍ത്ഥം. ഇങ്ങിനെയൊരു പരീക്ഷണം ഉണ്ടാകുമെന്ന് അറിയിച്ചിട്ടു പിന്നെയും വല്ലവരും വല്ല ജീവികളെയും വേട്ടയാടിപിടിക്കുന്ന പക്ഷം അതു നിയമലംഘനവും അതിരു കവിയലുമാണെന്നും, അവര്‍ക്ക് കഠിനശിക്ഷയുണ്ടായിരിക്കുമെന്നും അല്ലാഹുതാക്കീതും ചെയ്യുന്നു.

ഹുദൈിയ്യാ സംഭവമുണ്ടായ കൊല്ലത്തില്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യും സ്വഹാബികളും ഉംറഃക്ക് പോയിരുന്ന അവസരത്തില്‍ അവര്‍ ഇങ്ങിനെ ഒരു പരീക്ഷണത്തിന് വിധേയരാകുകയുണ്ടായെന്നും, ആ സന്ദര്‍ഭത്തിലാണ് ഈ വചനം അവതരിച്ചതെന്നും മുക്വാതില്‍ (റ) പ്രസ്താവിച്ചതായി നിവേദനം ചെയ്യപ്പെട്ടിരിക്കുന്നു. (അല്ലാഹുവിന്നറിയാം) ഏതായാലും ഇത്തരം പരീക്ഷണങ്ങളെ സത്യവിശ്വാസികള്‍ക്ക് ചിലപ്പോള്‍ നേരിടേണ്ടി വരുമെന്നും, ആ പരീക്ഷണങ്ങളില്‍ വിജയം വരിക്കുന്ന യഥാര്‍ത്ഥ ഭയഭക്തരായിരിക്കണം സത്യവിശ്വാസികള്‍ എന്നുമുള്ള ഒരു ആഹ്വാനമാണ് ഇതില്‍ അടങ്ങിയിരിക്കുന്നത്.

5:98
  • يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ لَا تَقْتُلُوا۟ ٱلصَّيْدَ وَأَنتُمْ حُرُمٌ ۚ وَمَن قَتَلَهُۥ مِنكُم مُّتَعَمِّدًا فَجَزَآءٌ مِّثْلُ مَا قَتَلَ مِنَ ٱلنَّعَمِ يَحْكُمُ بِهِۦ ذَوَا عَدْلٍ مِّنكُمْ هَدْيًۢا بَٰلِغَ ٱلْكَعْبَةِ أَوْ كَفَّٰرَةٌ طَعَامُ مَسَٰكِينَ أَوْ عَدْلُ ذَٰلِكَ صِيَامًا لِّيَذُوقَ وَبَالَ أَمْرِهِۦ ۗ عَفَا ٱللَّهُ عَمَّا سَلَفَ ۚ وَمَنْ عَادَ فَيَنتَقِمُ ٱللَّهُ مِنْهُ ۗ وَٱللَّهُ عَزِيزٌ ذُو ٱنتِقَامٍ ﴾٩٨﴿
  • ഹേ, വിശ്വസിച്ചവരേ, നിങ്ങള്‍ 'ഇഹ്‌റാമി'ല്‍ പ്രവേശിച്ച വരായിരിക്കെ വേട്ട(യാടിപ്പിടിക്കപ്പെടുന്ന)ജന്തുക്കളെ കൊല്ലരുത്നിങ്ങളില്‍ ആരെങ്കിലും കല്‍പിച്ചുകൂട്ടി അതിനെ കൊല്ലുന്ന പക്ഷം, അവര്‍ കൊന്നതിന് തുല്യമായി കാലികളില്‍ നിന്ന് ഒരു പ്രതിഫലം [പ്രായശ്ചിത്തം] വേണ്ടതാണ്. നിങ്ങളില്‍ നിന്നുള്ള നീതിമാന്മാരായരാള്‍അതിനെപ്പറ്റി വിധി കല്‍പിക്കുന്ന വിധം (അതുപോലെയുള്ളത്); കഅ്ബത്തിങ്കല്‍ എത്തിച്ചേരുന്ന ഒരു ബലി മൃഗമായിക്കൊണ്ട്. അല്ലെങ്കില്‍ ഒരു പ്രായശ്ചിത്തം- അതായത് സാധുക്കള്‍ക്ക് ഭക്ഷണം (നല്‍കുക)-അല്ലെങ്കില്‍ അതിനു സമാനം നോമ്പ് [രണ്ടിലൊന്ന് വേണം]; അവന്‍റെ കാര്യത്തിന്‍റെ [അവന്‍ചെയ്തതിന്‍റെ] ദുഷ്ഫലം അവന്‍അനുഭവിക്കുവാന്‍ വേണ്ടി(യാണ്അത്) . മുന്‍കഴി ഞ്ഞതിനെപ്പറ്റി അല്ലാഹു മാപ്പു നല്‍കിയിരിക്കുന്നു. വല്ലവരും (എനി) ആവര്‍ത്തിക്കുന്ന പക്ഷം, അവനോട് അല്ലാഹു ശിക്ഷാ നടപടി എടുക്കുന്നതുമാണ്.അല്ലാഹു പ്രതാപശാലിയും, ശിക്ഷാനടപടി എടുക്കുന്നവനുമാകുന്നു.
  • يَا أَيُّهَا الَّذِينَ آمَنُوا ഹേ വിശ്വസിച്ചവരേ لَا تَقْتُلُوا നിങ്ങള്‍ കൊലപ്പെടുത്തരുത് الصَّيْدَ വേട്ട (വേട്ടയാടി പിടിക്കപ്പെടുന്ന) ജന്തുവെ وَأَنتُمْ നിങ്ങള്‍ ആയിരിക്കെ حُرُمٌ ഇഹ്‌റാം ചെയ്തവര്‍ (ഇഹ്‌റാമില്‍ പ്രവേശിച്ചവര്‍) وَمَن قَتَلَهُ അതിനെ ആരെങ്കിലും കൊല്ലുന്നപക്ഷം مِنكُم നിങ്ങളില്‍ നിന്ന് مُّتَعَمِّدًا കല്‍പിച്ചു (കരുതി) കൂട്ടിയവനായിട്ട് فَجَزَاءٌ എന്നാല്‍ ഒരു പ്രതിഫലമാകുന്നു (വേണ്ടത്) مِّثْلُ യാതൊന്നുപോലെയുള്ള, തുല്യമായി مَا قَتَلَ അവന്‍ കൊന്ന مِنَ النَّعَمِ കാലി (ആടുമാടൊട്ടകം)കളില്‍ നിന്ന് يَحْكُمُ بِهِ അതിനെപ്പറ്റി വിധി കല്‍പിക്കും ذَوَا عَدْلٍ രണ്ടു നീതിമാന്മാര്‍ مِّنكُمْ നിങ്ങളില്‍ നിന്ന് هَدْيًا ബലിമൃഗമായിക്കൊണ്ട് بَالِغَ الْكَعْبَةِ കഅ്ബത്തിങ്കല്‍ എത്തുന്ന أَوْ كَفَّارَةٌ അല്ലെങ്കില്‍ ഒരു പ്രായശ്ചിത്തം طَعَامُ അതായത് ഭക്ഷണം مَسَاكِينَ സാധുക്കളുടെ, പാവങ്ങള്‍ക്ക് أَوْ عَدْلُ അല്ലെങ്കില്‍ കിടയായത്, സമാനമായത് ذَٰلِكَ അതിന്‍റെ, അതിന് صِيَامًا നോമ്പ്, നോമ്പായിട്ട് لِّيَذُوقَ അവന്‍ രുചി നോക്കു (ആസ്വദിക്കു- അനുഭവിക്കു)വാന്‍ വേണ്ടി وَبَالَ ദോഷം, കെടുതി, ദുഷ്ഫലം أَمْرِهِ അവന്‍റെ കാര്യത്തിന്‍റെ عَفَا اللَّهُ അല്ലാഹു മാപ്പു നല്‍കിയിരിക്കുന്നു عَمَّا سَلَفَ മുന്‍കഴിഞ്ഞതിനെക്കുറിച്ച് وَمَنْ عَادَ വല്ലവരും മടങ്ങിയാല്‍, (ആവര്‍ത്തിച്ചാല്‍-വീണ്ടുംചെയ്താല്‍) فَيَنتَقِمُ അപ്പോള്‍ ശിക്ഷാ (പ്രതികാര) നടപടിയെടുക്കും اللَّهُ അല്ലാഹു مِنْهُ അവനോട്, അവനെക്കുറിച്ച് وَاللَّهُ عَزِيزٌ അല്ലാഹു പ്രതാപശാലിയാകുന്നു ذُو انتِقَامٍ ശിക്ഷാ (പ്രതികാര) നടപടിയെടുക്കുന്നവന്‍

ഹജ്ജിന്നോ ഉംറഃക്കോ വേണ്ടി ഇഹ്‌റാമില്‍ പ്രവേശിച്ചു കഴിഞ്ഞാല്‍ പിന്നീട് ജന്തുക്കളെ വേട്ടയാടി പിടിക്കുവാന്‍ പാടില്ലെന്ന് ഈ സൂറത്തിലെ 2 ഉം 3 ഉം വചനങ്ങളില്‍നിന്നു തന്നെ അറിയാവുന്നതാണ്. ഈ വചനത്തില്‍ അത് വ്യക്തമായിത്തന്നെ വിരോധിച്ചിരിക്കുന്നു. ഈ കല്‍പന വന്നിട്ട് പിന്നെയും ആരെങ്കിലും വല്ല ജന്തുക്കളെയും വേട്ടയാടിപ്പിടിക്കുന്നപക്ഷം അതിന്‍റെ പ്രായശ്ചിത്തം എന്താണെന്നും വിവരിച്ചിരിക്കുന്നു. കടിക്കുന്ന നായ, പാമ്പ് മുതലായ ഉപദ്രവ ജീവികളെ എവിടെ വെച്ചും കൊല്ലാവുന്നതാണെന്ന് ബലവ ത്തായ പല ഹദീഥുകളിലും വന്നിട്ടുള്ളതു കൊണ്ട് അവയല്ലാത്ത ഇതര ജീവികളെ വേട്ടയാടുന്നതിനെപ്പറ്റിയാണ് ഈ നിരോധം എന്ന് മനസ്സിലാക്കാം. ഒരാള്‍ ഒരു ജീവിയെ വേട്ടയാടി പിടിക്കുന്ന പക്ഷം, ആട്, മാട്, ഒട്ടകം എന്നിവയില്‍അതിനോട് കിടയൊക്കുന്ന ഒരു മൃഗത്തെ ബലി കഴിക്കണമെന്നും, കൊല്ലപ്പെട്ട ജീവി അവയില്‍ ഏതിനോടാണ് തുല്യതയുള്ളതെന്ന കാര്യം സത്യവിശ്വാസികളായ രണ്ടു നീതിമാന്മാരുടെ അഭിപ്രായം അനുസരിച്ചു തിരുമാനിക്കപ്പെടേണ്ടതാണെന്നും അറിയിക്കുന്നു.

കൊല്ലപ്പെട്ട ജീവിയുടെ സ്ഥിതിയും തരവും നോക്കി അത് ആടിനോട് തുല്യമായി കാണുന്ന പക്ഷം ഒരു ആടിനെയും, മാടിനോട് തുല്യമായിക്കാണുന്ന പക്ഷം ഒരു മാടിനെയും, ഒട്ടകത്തോട് തുല്യമായിക്കാണുന്ന പക്ഷം ഒരു ഒട്ടകത്തെയുമാണ്ബലി കഴിക്കേണ്ടത്. ഉദാഹരണമായി: ഒട്ടകപ്പക്ഷിയെ വേട്ടയാടുന്നവന്‍ ഒട്ടകത്തെയും, കാട്ടുപശു പോലെയുളളവയെ വേട്ടയാടിയവന്‍ മാടിനെയും, മാനിനെ വേട്ടയാടിയവന്‍ആടിനെയും ബലി അറുക്കേണ്ടതാണെന്ന് സ്വഹാബികളുടെ കാലത്ത് കണക്കാക്കപ്പെട്ടിരുന്നതായി ചില രിവായത്തുകളില്‍ വന്നിട്ടുണ്ട്. ഓരോ വസ്തുവിന്‍റെയും തുല്യത നിശ്ചയിക്കുന്നതില്‍ വ്യത്യസ്തമായ അഭിപ്രായങ്ങള്‍ ഉണ്ടാകാവുന്നതാകകൊണ്ട് അത് രണ്ടു നീതിമാന്മാരുടെ വിധിക്ക് വിട്ടിരിക്കുകയാണ്. പ്രായശ്ചിത്തമായി നിശ്ചയിക്കപ്പെട്ട ബലിമൃഗങ്ങളെ കഅ്ബഃയുടെ പരിസരങ്ങളില്‍ കൊണ്ടുചെന്നു സാധാരണ ബലിമൃഗങ്ങളെപ്പോലെ അവിടെവെച്ചു തന്നെ ബലികഴിക്കണമെന്നും, അല്ലാത്ത പക്ഷം അതിന്‍റെ വില കണക്കാക്കി അതിനുള്ള ഭക്ഷണസാധനം സാധുക്കള്‍ക്ക് കൊടുക്കുകയോ, അല്ലെങ്കില്‍ അതിന്‍റെ തോതനുസരിച്ച്-ആ വിലക്ക് എത്ര സാധുവിന്‍റെ ഭക്ഷണം വരുമോ അത്ര എണ്ണം-നോമ്പ് നോല്‍ക്കുകയോ ചെയ്യേണ്ടതാണെന്നും അല്ലാഹു വ്യക്തമാക്കിയിരിക്കുന്നു. മേല്‍പറഞ്ഞ കാര്യങ്ങളില്‍ ഓരോന്നിനെയും സംബന്ധിക്കുന്ന കൂടുതല്‍ വിശദീകരണങ്ങളും, അവയില്‍ പണ്ഡിതന്മാര്‍ക്കിടയിലുള്ള അഭിപ്രായവ്യത്യാസങ്ങളും കര്‍മശാസ്ത്ര ഗ്രന്ഥങ്ങളില്‍ നിന്നും മറ്റും അറിയേണ്ടതാകുന്നു.

പ്രായശ്ചിത്തം ഇത്ര കര്‍ശനമാക്കിയിരിക്കുന്നത്, അല്ലാഹു നിരോധിച്ചിട്ട് പിന്നെയും ആ തെറ്റു ചെയ്യുന്നതിന്‍റെ അനന്തരഫലം അനുഭവിക്കുവാന്‍ വേണ്ടിയാണെന്നും, ഈ കല്‍പന വരുന്നതിനു മുമ്പ് വല്ലവരും ഇഹ്‌റാമില്‍ വേട്ടയാടുകയുണ്ടായിട്ടുണ്ടെങ്കില്‍അത് അല്ലാഹു മാപ്പാക്കിത്തന്നിട്ടുണ്ടെന്നും, മേലില്‍ അതാവര്‍ത്തിക്കുന്നവര്‍ക്ക് കഠിനശിക്ഷ ലഭിക്കുമെന്നും അല്ലാഹു തുടര്‍ന്നു അറിയിക്കുന്നു.

ഇഹ്‌റാമില്‍ കല്‍പിച്ചു കൂട്ടി വേട്ടയാടിയവര്‍ മാത്രമേ പ്രായശ്ചിത്തം ചെയ്യേതുള്ളൂ വെന്നാണ് ആയത്തില്‍നിന്ന് ബാഹ്യത്തില്‍ മനസ്സിലാകുന്നത്. കല്‍പിച്ചു കൂട്ടിയല്ലാതെ, അബദ്ധത്തില്‍ ചെയ്താലും മേല്‍ പറഞ്ഞവിധം പ്രായശ്ചിത്തം നല്‍കാറുണ്ടായിരുന്നതായിട്ടാണ് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെയും സ്വഹാബികളുടെയും ചര്യകളില്‍നിന്ന് അറിയപ്പെടുന്നത്. ഏതായാലും കല്‍പിച്ചുകൂട്ടി ചെയ്തവര്‍ മാത്രമേ അല്ലാഹുവിങ്കല്‍കുറ്റക്കാരാവുകയുളളൂവെന്നതില്‍ സംശയമില്ല.

5:99
  • أُحِلَّ لَكُمْ صَيْدُ ٱلْبَحْرِ وَطَعَامُهُۥ مَتَٰعًا لَّكُمْ وَلِلسَّيَّارَةِ ۖ وَحُرِّمَ عَلَيْكُمْ صَيْدُ ٱلْبَرِّ مَا دُمْتُمْ حُرُمًا ۗ وَٱتَّقُوا۟ ٱللَّهَ ٱلَّذِىٓ إِلَيْهِ تُحْشَرُونَ ﴾٩٩﴿
  • സമുദ്രത്തിലെ വേട്ട(യാടിപ്പിടിക്കപ്പെടുന്ന) ജന്തുക്കളും, അതിലെ ഭക്ഷ്യങ്ങളും നിങ്ങള്‍ക്ക് അനുവദനീയമാക്കപ്പെട്ടിരിക്കുന്നു; നിങ്ങള്‍ക്കും, യാത്രാസംഘങ്ങള്‍ക്കും ഉപയോഗത്തിന്നായിക്കൊണ്ട്. നിങ്ങള്‍ 'ഇഹ്‌റാമി'ല്‍ പ്രവേശിച്ചവരായിരിക്കുമ്പോഴൊക്കെയും നിങ്ങളുടെ മേല്‍ കരയിലെ വേട്ട(യാടിപ്പിടിക്കപ്പെടുന്ന) ജന്തുക്കള്‍ നിഷിദ്ധമാക്കപ്പെടുകയും ചെയ്തിരിക്കുന്നു. യാതൊരു അല്ലാഹുവിങ്കലേക്കു നിങ്ങള്‍ ഒരുമിച്ചു കൂട്ടപ്പെടുമോ അവനെ നിങ്ങള്‍ സൂക്ഷിക്കുകയുംചെയ്യുവിന്‍.
  • أُحِلَّ لَكُمْ നിങ്ങള്‍ക്ക് അനുവദനീയമാക്കപ്പെട്ടിരിക്കുന്നു صَيْدُ الْبَحْرِ സമുദ്രത്തിലെ വേട്ട ജന്തു(ക്കള്‍) وَطَعَامُهُ അതിലെ ഭക്ഷണവും (ഭക്ഷ്യവും) مَتَاعًا لَّكُمْ നിങ്ങള്‍ക്ക് ഉപയോഗത്തിനായിക്കൊണ്ട്, സുഖഭോഗമായിട്ട് وَلِلسَّيَّارَةِ യാത്രാസംഘത്തിനും وَحُرِّمَ عَلَيْكُمْ നിങ്ങളുടെ മേല്‍ നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു صَيْدُ الْبَرِّ കരയിലെവേട്ട ജന്തു(ക്കള്‍) مَا دُمْتُمْ നിങ്ങളായിക്കൊണ്ടിരിക്കുമ്പോള്‍ حُرُمًا ഇഹ്‌റാമില്‍പ്രവേശിച്ചവര്‍ وَاتَّقُوا اللَّهَ നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്യുവിന്‍ الَّذِي യാതൊരുവനായ إِلَيْهِ അവങ്കലേക്ക് تُحْشَرُونَ നിങ്ങള്‍ ഒരുമിച്ചു കൂട്ടപ്പെടുന്നു

ഈ വചനത്തില്‍ രണ്ടു വിധികള്‍ അടങ്ങിയിരിക്കുന്നു: (1) സമുദ്രത്തില്‍ നിന്ന്‌ വേട്ടയാടി പിടിക്കപ്പെടുന്നവയും, അതില്‍ നിന്ന് ലഭിക്കുന്ന ഭക്ഷ്യവസ്തുക്കളും അനുവദനീയമാണെന്ന്. പൊതുവില്‍ എല്ലാവരുടെയും, പ്രത്യേകിച്ചു സമുദ്രത്തിലൂടെ യാത്ര ചെയ്യുന്നവരുടെയും ഉപയോഗത്തെ മുന്‍നിറുത്തിയാണിത് അനുവദനീയമാക്കപ്പെട്ടിരിക്കുന്നതെന്നും അല്ലാഹു ചൂണ്ടിക്കാട്ടുന്നു. വേട്ടയാടി പിടിക്കപ്പെടുന്ന ജന്തു (صيد) ക്കളും, ഭക്ഷ്യവസ്തു (طعام)ക്കളും എന്ന് രണ്ടു തരമായി സമുദ്രവിഭവങ്ങളെ തരം തിരിച്ചിരിക്കയാല്‍ ഓരോന്നു കൊണ്ടും ഉദ്ദേശ്യമെന്താണെന്ന് പലരും പല പ്രകാരത്തില്‍ വിവരിച്ചു കാണാം. ഏതെങ്കിലും വിധേനയുള്ള പരിശ്രമം മൂലം ലഭ്യമാകുന്നതും, കരക്കണഞ്ഞതു കൊണ്ടോ മറ്റോ അദ്ധ്വാനം കൂടാതെ ലഭ്യമാകുന്നതും എന്നാണ് ആ വിവരണങ്ങളുടെ സാരമെന്ന് സാമാന്യമായി പറയാം. ഏതായാലും സമുദ്രത്തില്‍ നിന്ന് വേട്ടയാടി പിടിക്കപ്പെടാറുള്ളതും ഭക്ഷണാവശ്യാര്‍ത്ഥം ഉപയോഗിക്ക പ്പെടാറുള്ളതുമായ എല്ലാവസ്തുക്കളും അനുവദനീയമാണെന്നും മ്‌ളേച്ഛമല്ലാത്തതും ഉപദ്രവകരമല്ലാത്തതുമായഎല്ലാ കടല്‍വിഭവങ്ങളെയും ഭക്ഷിക്കാവുന്നതാണെന്നും ഇതില്‍ നിന്നും മൊത്തത്തില്‍മനസ്സിലാക്കാവുന്നതാണ്.

സമുദ്ര ജീവികള്‍ ചത്താലും ഭക്ഷിക്കുന്നതിനു വിരോധമില്ലെന്നു ഹദീഥുകളില്‍വ്യക്തമായി പ്രസ്താവിക്കപ്പെട്ടിട്ടുണ്ട്. ഒരു നബി വചനത്തിലെ വാചകം: ‘സമുദ്രജലം ശുദ്ധമായതും, അതിലെ ശവം അനുവദനീയവുമാണ്’ എന്നാകുന്നു. പ്രധാനപ്പെട്ട പല ഹദീഥു പണ്ഡിതന്മാരും രേഖപ്പെടുത്തിയിട്ടുള്ളതാണിത്. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ കാലത്തുണ്ടായ ഒരു സംഭവം ഇതിനു തെളിവാകുന്നു: അബൂഉബൈദഃ (റ) ന്‍റെ നേതൃത്വത്തില്‍മുന്നൂറു പേരടങ്ങുന്ന ഒരു സൈന്യസംഘത്തെ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഒരിക്കല്‍ സമുദ്രതീര പ്രദേശത്തേക്കയക്കുകയുണ്ടായി. വഴിമദ്ധ്യേ അവരുടെ ഭക്ഷ്യപദാര്‍ത്ഥങ്ങള്‍ തീര്‍ന്നുപോയി. ചിലരുടെ പക്കല്‍ ശേഷിച്ചിരുന്ന അല്‍പാല്‍പ വസ്തുക്കളെ അദ്ദേഹം ഒരുമിച്ചു കൂട്ടി അതില്‍ നിന്നു എല്ലാവര്‍ക്കും ഓരോ ചെറിയ വിഹിതം-ഓരോ കാരക്ക വീതം-സമമായി ഭാഗിച്ചു കൊടുത്തു കൊണ്ടിരുന്നു. ഇങ്ങിനെയിരിക്കെ കടല്‍വക്കത്തു ഒരുകുന്നോളം പോന്ന ഒരു വലിയ തിമിംഗല മല്‍സ്യം ചത്തു കിടക്കുന്നതായി അവര്‍ കണ്ടു. വിശന്നു വലഞ്ഞിരുന്ന അവര്‍ അതിനെ വെട്ടിമുറിച്ചു കഷ്ണങ്ങളാക്കി ഏതാനും ദിവസങ്ങളോളം അത് ഭക്ഷിച്ചുപോന്നു. മല്‍സ്യത്തിന്‍റെ രണ്ടു വാരിയെല്ലുകള്‍ ചേര്‍ത്തുവെച്ചു നാട്ടിപ്പിടിപ്പിച്ചപ്പോള്‍ ഒരു വലിയ ഒട്ടകത്തിനു അതിന്‍റെ ഉള്ളില്‍കൂടി തൊടാതെ കടന്നു പോകാമായിരുന്നുവത്രെ. സൈന്യം മടങ്ങിവന്നു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യോട് വിവരം പറഞ്ഞപ്പോള്‍ തിരുമേനി പറഞ്ഞു: ‘അത് അല്ലാഹു നിങ്ങള്‍ക്ക് നല്‍കിയ ആഹാരമാണ്. അതിന്‍റെ മാംസം നിങ്ങളുടെ കൈവശം ബാക്കിയുണ്ടോ? ഉണ്ടെങ്കില്‍ നമുക്കും ഭക്ഷിക്കുവാന്‍ തരുക’. അങ്ങനെ തിരുമേനിയും അതില്‍ നിന്ന് ഭക്ഷിക്കുകയുണ്ടായി. ബുഖാരി, മുസ്‌ലിം (റ) മുതലായവര്‍ ഉദ്ധരിച്ചതാണ് ഈ സംഭവം.

(2) ഇഹ്‌റാമില്‍ പ്രവേശിച്ചവര്‍ക്ക് കര ജീവികളെ വേട്ടയാടിപ്പിടിക്കുവാനോ, വേട്ടയാടി പിടിക്കപ്പെട്ടതിനെ ഭക്ഷിക്കുവാനോ പാടില്ല. ഇഹ്‌റാമില്‍ പ്രവേശിച്ചവന് വേട്ടയാടുന്നതില്‍ വല്ല പങ്കും വഹിക്കുവാനാകട്ടെ, അവനെ ഉദ്ദേശിച്ചു മറ്റാരെങ്കിലും വേട്ടയാടിക്കൊണ്ടുവന്നതിനെ തിന്നുവാനാകട്ടെ പാടില്ലെന്നു കൂടി ഹദീഥുകളില്‍ നിന്ന്മനസ്സിലാക്കുവാന്‍ കഴിയും. നേര്‍ക്കു നേരെ വേട്ടയില്‍ പങ്കു വഹിച്ചില്ലെങ്കിലും അതിന് സഹായകമായിത്തീരുന്ന ഭാഗികമായ വല്ല ഇടപെടലുകളെങ്കിലും ഉണ്ടാകുന്നതു പോലും സൂക്ഷിക്കേണ്ടതുണ്ട് എന്നൊരു സൂചനകൂടി അവസാനത്തെ വാക്യത്തില്‍ അടങ്ങിയിരിക്കുന്നതായി കാണാവുന്നതാണ്. ഇഹ്‌റാമില്‍ പ്രവേശിക്കുന്നവര്‍ക്ക് ജന്തുക്കളെ വേട്ടയാടിപ്പിടിക്കുവാന്‍ പാടില്ലെന്ന് നിയമിച്ചതില്‍ അന്തര്‍ഭവിച്ചിട്ടുള്ള ചില തത്വങ്ങള്‍അടുത്ത വചനത്തില്‍ നിന്നു മനസ്സിലാക്കാവുന്നതാകുന്നു. അല്ലാഹു പറയുന്നു:-

5:100
  • ۞ جَعَلَ ٱللَّهُ ٱلْكَعْبَةَ ٱلْبَيْتَ ٱلْحَرَامَ قِيَٰمًا لِّلنَّاسِ وَٱلشَّهْرَ ٱلْحَرَامَ وَٱلْهَدْىَ وَٱلْقَلَٰٓئِدَ ۚ ذَٰلِكَ لِتَعْلَمُوٓا۟ أَنَّ ٱللَّهَ يَعْلَمُ مَا فِى ٱلسَّمَٰوَٰتِ وَمَا فِى ٱلْأَرْضِ وَأَنَّ ٱللَّهَ بِكُلِّ شَىْءٍ عَلِيمٌ ﴾١٠٠﴿
  • (ആ) അലംഘനീയ വീടാകുന്ന കഅ്ബഃയെ അല്ലാഹു മനുഷ്യര്‍ക്ക് ഒരു നിലനില്‍പ് (കേന്ദ്രം) ആക്കിയിരിക്കുന്നു; അലംഘനീയമായ മാസത്തെയും, ബലി(ക്ക് കൊണ്ടുപോകുന്ന) മൃഗത്തെയും, (അവയുടെ) കഴുത്തില്‍ തൂക്കപ്പെട്ട (അടയാള) വസ്തുക്കളെയും (അവര്‍ക്ക് നിലനില്‍പാക്കിയിരിക്കുന്നു). അത്, ആകാശങ്ങളിലുള്ളതും, ഭൂമിയിലുള്ളതും (എല്ലാം) അല്ലാഹു അറിയുന്നുവെന്ന് നിങ്ങള്‍ അറിയുവാന്‍ വേണ്ടിയത്രെ; അല്ലാഹു എല്ലാ കാര്യെത്തക്കുറിച്ചും അറിയുന്നവനാകുന്നുവെന്നും (അറിയുവാന്‍ വേണ്ടിയാണ്).
  • جَعَلَ اللَّهُ അല്ലാഹു ആക്കി, ഏര്‍പ്പെടുത്തിയിരിക്കുന്നു الْكَعْبَةَ കഅ്ബഃയെ الْبَيْتَ الْحَرَامَ അലംഘനീയ വീടാകുന്ന (വീടായ) قِيَامًا ഒരു നിലനില്‍പ് لِّلنَّاسِ മനുഷ്യര്‍ക്ക് وَالشَّهْرَ മാസത്തെയും الْحَرَامَ അലംഘനീയമായ وَالْهَدْيَ ബലിമൃഗത്തെയും وَالْقَلَائِدَ (ബലിമൃഗങ്ങളുടെ) കഴുത്തില്‍ തൂക്കപ്പെട്ടവയും, കണ്ഠാഭരണങ്ങളെയും ذَٰلِكَ അത് لِتَعْلَمُوا നിങ്ങള്‍ അറിയുവാന്‍ വേണ്ടിയാണ് أَنَّ اللَّهَ അല്ലാഹു (ആകുന്നു) എന്ന് يَعْلَمُ അറിയുന്നതാണ് (എന്ന്) مَا فِي السَّمَاوَاتِ ആകാശങ്ങളിലുള്ളത് وَمَا فِي الْأَرْضِ ഭൂമിയിലുള്ളതും وَأَنَّ اللَّهَ അല്ലാഹു (ആകുന്നു) എന്നും بِكُلِّ شَيْءٍ എല്ലാ കാര്യത്തെ (വസ്തുവെ)ക്കുറിച്ചും عَلِيمٌ അറിയുന്നവനാണ് (എന്നും)
5:101
  • ٱعْلَمُوٓا۟ أَنَّ ٱللَّهَ شَدِيدُ ٱلْعِقَابِ وَأَنَّ ٱللَّهَ غَفُورٌ رَّحِيمٌ ﴾١٠١﴿
  • നിങ്ങള്‍ അറിഞ്ഞുകൊള്ളുക: അല്ലാഹു ശിക്ഷാ നടപടി കഠിനമായുള്ളവനാണെന്നും, അല്ലാഹു വളരെ പൊറുക്കുന്നവനും, കരുണാനിധിയുമാണെന്നും.
  • اعْلَمُوا നിങ്ങള്‍ അറിയുവിന്‍ أَنَّ اللَّهَ അല്ലാഹു ആകുന്നു എന്ന് شَدِيدُ കഠിനമായവനാണ് (എന്ന്) الْعِقَابِ ശിക്ഷാ നടപടി, പ്രതികാര നടപടി وَأَنَّ اللَّهَ അല്ലാഹു (ആകുന്നു) എന്നും غَفُورٌ വളരെപൊറുക്കുന്നവന്‍ رَّحِيمٌ കരുണാനിധി
5:102
  • مَّا عَلَى ٱلرَّسُولِ إِلَّا ٱلْبَلَٰغُ ۗ وَٱللَّهُ يَعْلَمُ مَا تُبْدُونَ وَمَا تَكْتُمُونَ ﴾١٠٢﴿
  • റസൂലിന്‍റെ മേല്‍ പ്രബോധനമല്ലാതെ (ബാധ്യത) ഇല്ല. അല്ലാഹുവാകട്ടെ, നിങ്ങള്‍ വെളിവാക്കുന്നതും, നിങ്ങള്‍ മൂടിവെക്കുന്നതും അറിയുന്നുതാനും.
  • مَّا عَلَى الرَّسُولِ റസൂലിന്‍റെ മേല്‍ ഇല്ല إِلَّا الْبَلَاغُ എത്തിക്കല്‍ (പ്രബോധനം) അല്ലാതെ وَاللَّهُ അല്ലാഹുവാകട്ടെ يَعْلَمُ അറിയും, അറിയുന്നു താനും مَا تُبْدُونَ നിങ്ങള്‍ വെളിവാക്കുന്നത് وَمَا تَكْتُمُونَ നിങ്ങള്‍ ഒളിച്ചു (മറച്ചു) വെക്കുന്നതും

ഇബ്‌റാഹീം നബി (അ) തന്‍റെ മകന്‍ ഇസ്മാഈല്‍ (അ)നെയും, അദ്ദേഹത്തിന്‍റെ മാതാവിനെയും മക്കയില്‍ കൊണ്ടുവന്നാക്കിയ കാലത്ത് അവിടെ ജനവാസമോ, ജലസൗകര്യം മുതലായവയോ ഉണ്ടായിരുന്നില്ല. പിന്നീട് ‘സംസം’ വെള്ളം പ്രത്യക്ഷപ്പെട്ടതോടെ ജനങ്ങള്‍ ക്രമേണ അവിടെ വന്നു താമസമാക്കുവാന്‍ തുടങ്ങി. അല്ലാഹുവിന്‍റെ കല്പന പ്രകാരം ഇബ്‌റാഹീം നബി (അ)യും ഇസ്മാഈല്‍ നബി (അ)യും കൂടി കഅ്ബാ മന്ദിരം കെട്ടി ഉയര്‍ത്തിയ ശേഷം ഇബ്‌റാഹീം (അ) പല പ്രാര്‍ത്ഥനകളും ചെയ്ത കൂട്ടത്തില്‍, ആ രാജ്യത്തിന്‍റെ നന്മക്കും അഭിവൃദ്ധിക്കും വേണ്ടിയും പ്രാര്‍ത്ഥിച്ചു എന്നൊക്കെ സൂഃ അല്‍ബക്വറഃയില്‍ വെച്ചു നാം കണ്ടുവല്ലോ. കാലക്രമത്തില്‍അറേബ്യാ ഉപഭൂഖണ്ഡത്തിന്‍റെ പൊതു കേന്ദ്രം തന്നെയായിത്തീര്‍ന്നു മക്കാ നഗരം. ആരാധനാ കേന്ദ്രം മാത്രമല്ല, അഭയത്തിന്‍റെയും, കച്ചവടത്തിന്‍റെയും സംസ്‌കാരത്തിന്‍റെയുമെല്ലാം കേന്ദ്രം തന്നെയായി ആ രാജ്യം പരിലസിച്ചു.

ഇതിനെല്ലാം പുറമെ, നാലു മാസക്കാലം യുദ്ധം നിരോധിക്കപ്പെട്ടിരിക്കകൊണ്ട് ആ കാലങ്ങളില്‍ ആര്‍ക്കും എവിടെ നിന്നും അവിടെ നിര്‍ഭയം വന്ന് ആരാധനാ കര്‍മങ്ങള്‍ നടത്തിപ്പോകുവാനും, കച്ചവടങ്ങളും കച്ചവട യാത്രകളും നടത്തുവാനും സാധിക്കുമായിരുന്നു. ഹറമില്‍വെച്ചു കഠിന ശത്രുക്കള്‍പോലും പരസ്പരം കണ്ടുമുട്ടിയാല്‍മുഖത്തോടു മുഖം നോക്കി തിരിഞ്ഞു പോകുകയല്ലാതെ, അവനെതിരെ എന്തെങ്കിലും കയ്യേറ്റം നടത്തുവാന്‍ നിവൃത്തിയില്ല. ഹറമിന്‍റെ അതിര്‍ത്തിക്കുള്ളില്‍പെട്ട മരങ്ങളും ചെടികളും നശിപ്പിക്കുവാനോ, ജന്തുക്കളെ കൊല്ലുവാനോ പാടില്ല. ഹജ്ജിനോ ഉംറഃക്കോ ഇഹ്‌റാമില്‍ പ്രവേശിച്ചവന്-അവര്‍ ഹറമിന് പുറത്തായിരുന്നാലും-ജന്തുക്കളെ വേട്ടയാടിക്കൂടാ. കഅ്ബഃ പരിസരങ്ങളില്‍വെച്ചു ബലി കര്‍മത്തി നായി ക്കൊണ്ടുവരപ്പെടുന്ന മൃഗങ്ങളെ ആര്‍ക്കും ഉപദ്രവിക്കാവതല്ല. ബലി മൃഗങ്ങളെ തിരിച്ചറിയുവാനായി അവയുടെ കഴുത്തില്‍ വല്ല ചെരുപ്പോ മറ്റോ കെട്ടിത്തൂക്കിയിരിക്കും. അത് കണ്ടാല്‍പിന്നീട് ആരും അവയെ ഉപദ്രവിക്കുകയേ ഇല്ല. മൊത്തത്തില്‍പറഞ്ഞാല്‍, ജനങ്ങളുടെ-വിശേഷിച്ചും അറബികളുടെ- സമാധാന ജീവിതത്തിന്‍റെയും അഭിവൃദ്ധിയുടെയും നിലനില്‍പു കേന്ദ്രം തന്നെയായിരുന്നു മക്കാ നഗരം. അതിനൊക്കെ കാരണം പരിശുദ്ധ കഅ്ബഃയും തന്നെ. ഈ നിലനില്‍പിന്‍റെ ഉപാധികളില്‍ പ്രധാനമായ ചിലതാണ് 100-ാം വചനത്തില്‍ ആദ്യം അല്ലാഹു ചൂണ്ടിക്കാട്ടിയത്. മനുഷ്യരടക്കം ആകാശ ഭൂമികളില്‍ എന്തെല്ലാം സ്ഥിതി ചെയ്യുന്നുണ്ട്, അവയുടെ നിലനില്‍പിനും അഭിവൃദ്ധിക്കും ആവശ്യമായത് എന്തെല്ലാമാണ് എന്നിത്യാദി കാര്യങ്ങളെല്ലാം അല്ലാഹുവിനറിയാം. അതുകൊണ്ടുതന്നെയാണ് അവന്‍ ഇങ്ങിനെയുള്ള ക്രമീകരണങ്ങള്‍ചെയ്തു വരുന്നതും. അവയെപ്പറ്റി ചിന്തിച്ചാല്‍ നിങ്ങള്‍ക്ക് തന്നെ അത് മനസ്സിലാക്കുവാന്‍ കഴിയുന്നതുമാണ് എന്നൊക്കെയാണ് അതിലെ തുടര്‍ന്നുള്ള വ്യാക്യങ്ങളുടെ സാരം. 101, 102 വചനങ്ങളിലെ ആശയങ്ങള്‍ പ്രത്യേകം വിവരിക്കേണ്ടുന്ന ആവശ്യമില്ലല്ലോ.

5:103
  • قُل لَّا يَسْتَوِى ٱلْخَبِيثُ وَٱلطَّيِّبُ وَلَوْ أَعْجَبَكَ كَثْرَةُ ٱلْخَبِيثِ ۚ فَٱتَّقُوا۟ ٱللَّهَ يَٰٓأُو۟لِى ٱلْأَلْبَٰبِ لَعَلَّكُمْ تُفْلِحُونَ ﴾١٠٣﴿
  • (നബിയേ) പറയുക: 'ചീത്തയും നല്ലതും (അഥവാ ദുഷിച്ചതും വിശിഷ്ടമായതും) സമമാകുകയില്ല; ചീത്തയുടെ പെരുപ്പം നിന്നെ ആശ്ചര്യപ്പെടുത്തിയാലും ശരി. ആകയാല്‍, ബുദ്ധിമാന്മാരേ, നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുവിന്‍; നിങ്ങള്‍ വിജയം പ്രാപിച്ചേക്കാം.
  • قُل പറയുക لَّا يَسْتَوِي സമമാകുകയില്ല الْخَبِيثُ ചീത്തയായത്, ദുഷിച്ചത് وَالطَّيِّبُ നല്ലതും, വിശിഷ്ടമായതും وَلَوْ أَعْجَبَكَ നിന്നെ ആശ്ചര്യപ്പെടുത്തിയാലും ശരി كَثْرَةُ ആധിക്യം الْخَبِيثِ ചീത്തയുടെ, ദുഷിച്ചതിന്‍റെ فَاتَّقُوا അതിനാല്‍ നിങ്ങള്‍ സൂക്ഷിക്കുവിന്‍ اللَّهَ അല്ലാഹുവിനെ يَا أُولِي الْأَلْبَابِ ബുദ്ധിമാന്മാരേ, (സല്‍) ബുദ്ധിയുള്ളവരേ لَعَلَّكُمْ നിങ്ങളായേക്കാം, ആകുവാന്‍ വേണ്ടി تُفْلِحُونَ നിങ്ങള്‍ വിജയം പ്രാപിക്കും

വളരെ ഗൗരവപൂര്‍വ്വം മനസ്സിരുത്തേുന്ന ഒരു യാഥാര്‍ത്ഥ്യമാണ് ഈ ചെറുവചനത്തില്‍ നമ്മെ അറിയിക്കുവാന്‍ അല്ലാഹു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യോട് കല്‍പിക്കുന്നത്. മിക്ക ആളുകള്‍ക്കും ആശയക്കുഴപ്പവും അമളിയും പിണയുവാന്‍ കാരണമായിത്തീരുന്ന ഒരു തെറ്റുദ്ധാരണ ഇതുമൂലം അല്ലാഹു തിരുത്തിയിരിക്കുന്നു. കാര്യങ്ങളാവട്ടെ, വസ്തുക്കളാകട്ടെ, നല്ലത് എപ്പോഴും നല്ലത് തന്നെ. ചീത്ത എപ്പോഴും ചീത്തയും തന്നെ. ചീത്തയുടെ ആധിക്യം അതിനെ നല്ലതാക്കി തീര്‍ക്കുകയോ, നല്ലതിന്‍റെ കുറവ് അതിനെ ചീത്തയാക്കിത്തീര്‍ക്കുകയോ ചെയ്യുന്നില്ല. ചീത്തയായുള്ളതിന് സര്‍വ്വത്ര പ്രചാരം സിദ്ധിച്ചാലും അതിനെ ചീത്തയായിത്തന്നെ ഗണിക്കുകയും അതില്‍ നിന്ന് ഒഴിഞ്ഞുമാറിക്കൊണ്ട് അല്ലാഹുവിനെ സൂക്ഷിക്കുകയുമാണ് ബുദ്ധിമാന്മാര്‍ ചെയ്യേണ്ടത്. അതാണ് വിജയത്തിനുള്ള മാര്‍ഗം. നേരെ മറിച്ച് അതിന്‍റെ ആധിക്യത്തില്‍ വഞ്ചിക്കപ്പെടുകയും, അങ്ങനെ അതില്‍ അകപ്പെടുകയും ചെയ്യുന്നത് വിഡ്ഢിത്തവും പരാജയവും മാത്രമായിരിക്കും എന്നൊക്കെയാണ് ഈ വചനത്തില്‍ പ്രസ്താവിച്ചതിന്‍റെ സാരം.

ഏത് രംഗത്ത് നോക്കിയാലും നന്മയെ അപേക്ഷിച്ചു തിന്മക്കായിരിക്കും ജനമദ്ധ്യെ മുന്‍തൂക്കവും പ്രചാരവും കാണുക. സ്വഭാവഗുണങ്ങള്‍, പെരുമാറ്റങ്ങള്‍, ധാര്‍മിക മര്യാദകള്‍, മതപരവും സദാചാരപരവുമായ അച്ചടക്കങ്ങള്‍, അനുഷ്ഠാന നിയമങ്ങള്‍ തുടങ്ങിയ എല്ലാ തുറകളിലും ഇതുതന്നെയാണ് അനുഭവം. പരിഷ്‌കാരത്തിലും സംസ്‌കാരത്തിലും മനുഷ്യന്‍ അങ്ങേയറ്റം പുരോഗമിച്ചിട്ടുണ്ടെന്ന് അവകാശപ്പെടുന്ന ഇക്കാലത്ത് ഈ യാഥാര്‍ത്ഥ്യം പൂര്‍വ്വാധികം സ്പഷ്ടമായിക്കൊണ്ടാണിരിക്കുന്നത്. ഒരു കാര്യം, അല്ലെങ്കില്‍ ഒരു ആശയം-അതെത്ര തന്നെ നീചമോ നികൃഷ്ടമോ ആയിക്കൊള്ളട്ടെ- ജനമദ്ധ്യേ പ്രചരിച്ചു കഴിഞ്ഞാല്‍ അതിന്‍റെ നീചരതയും നികൃഷ്ടതയും അതോടെ അവഗണിക്കപ്പെടുകയും ക്രമേണ അതൊരു മാന്യതയും ഉല്‍കൃഷ്ടതയുമായി രൂപാന്തരപ്പെടുകയും ചെയ്യുന്നത് വിരളമല്ല. ഭരണരംഗത്തും, രാഷ്ട്രീയ രംഗത്തും, സാമൂഹ്യരംഗത്തും, ആദര്‍ശരംഗത്തും, നിയമരംഗത്തുമെല്ലാം തന്നെ ഇതാണവസ്ഥ. ജനായത്തം, ജനകീയം എന്നൊക്കെയുള്ള പുരോഗമനാശയങ്ങളുടെ അടിത്തറ പരിശോധിച്ചാല്‍ ഭൂരിപക്ഷത്തിന്‍റെ അഭീഷ്ടങ്ങളാണ് നന്മയുടെയും തിന്മയുടെയും മാനദണ്ഡം എന്നായിരിക്കും അതിന്‍റെ ആകെത്തുക. ഒരു കള്ളം നൂറുവട്ടം ആവര്‍ത്തിക്കപ്പെട്ടാല്‍അതൊരു സത്യമായിത്തീരുമെന്ന പ്രതീതിയാണ് പരക്കെയുള്ളതെന്ന് പറയാം. മദ്യപാനം, വ്യഭിചാരം, അന്യന്‍റെ അവകാശം കയ്യേറല്‍ മുതലായ നീചകൃത്യങ്ങള്‍ പോലും ഈ അളവുകോല്‍ കൊണ്ടാണ് ഇന്ന് അളക്കപ്പെടുന്നത്. ധാര്‍മികവും, സദാചാരപരവുമായ തുറകളില്‍ ഇക്കാലത്ത് മനുഷ്യരില്‍ പ്രചരിച്ചുവരുന്ന അരാജകത്വത്തിന്‍റെ പ്രധാന കാരണവും അതുതന്നെ. അഥവാ നന്മക്കും തിന്മക്കും സ്ഥിരതയില്ലായ്മ. നല്ലതിനെ നല്ലതായും, ചീത്തയെ ചീത്തയായും അഗീകരിച്ചു കൊണ്ടുള്ള സുസ്ഥിരമായ ഒരു അടിസ്ഥാനത്തില്‍ കാര്യങ്ങള്‍ കയ്യാളപ്പെടാത്ത പക്ഷം, മനുഷ്യത്വം മൃഗീയതയിലേക്കും പൈശാചികത്വത്തിലേക്കും അധഃപതിക്കുകയേ ചെയ്കയുള്ളൂ. സമാധാനം ലോകത്തു നിന്ന് നിശ്ശേഷം നഷ്ടപ്പെടുകയും ചെയ്യും.

മുസ്‌ലിം സമുദായത്തില്‍ കടന്നുകൂടി സ്ഥിരപ്രതിഷ്ഠ പ്രാപിച്ചു കഴിഞ്ഞ അനാചാരങ്ങളും, അന്ധവിശ്വാസങ്ങളും, അല്ലാഹുവിന്‍റെയും റസൂലിന്‍റെയും അധ്യാപനങ്ങള്‍ക്ക് നിരക്കാത്ത അഭിപ്രായാദര്‍ശങ്ങളുമെല്ലാം തന്നെ, ഭൂരിപക്ഷത്തിന്‍റെയും ന്യൂനപക്ഷത്തിന്‍റെയും പേരില്‍ വിലയിരുത്തുന്ന ഒരു സമ്പ്രദായം പലരിലും കാണാം.അല്ലാഹു ചൂണ്ടിക്കാട്ടിയ ഈ യാഥാര്‍ത്ഥ്യത്തിന് കടകവിരുദ്ധമത്രെ ഈ വിലയിരുത്തല്‍. മിക്കപ്പോഴും സത്യത്തിന്‍റെ പക്ഷം ന്യൂനപക്ഷവും അസത്യത്തിന്‍റെ പക്ഷം ഭൂരിപക്ഷവുമായിരിക്കും. ‘മനുഷ്യരില്‍ അധികമാളുകളും വിശ്വസിക്കുകയില്ല’ (11:17). ‘മനുഷ്യരില്‍ അധികമാളുകളും അറിയുകയില്ല’ (12:21). ‘മനുഷ്യരില്‍ അധികമാളുകളും നന്ദി കാണിക്കുകയില്ല’ (12:38) എന്നിങ്ങിനെയുള്ള അനേകം ക്വുര്‍ആന്‍ വചനങ്ങളില്‍നിന്നും ഈ വാസ്തവം വ്യക്തമായി മനസ്സിലാക്കാവുന്നതാകുന്നു. യഥാര്‍ത്ഥ പണ്ഡിതന്മാരുടെ ലക്ഷണങ്ങള്‍ പറയുന്ന മദ്ധ്യേ ഇമാം ഗസ്സാലി (റ) അദ്ദേഹത്തിന്‍റെ ‘ഇഹ്‌യാഉലുമുദ്ദീന്‍’ എന്ന ഗ്രന്ഥത്തില്‍ പറയുകയാണ്: ‘പുതുനിര്‍മിതങ്ങളായ കാര്യങ്ങളില്‍ (അനാചാരങ്ങളില്‍) ഭൂരിപക്ഷം ആളുകള്‍ യോജിച്ചാലും അവയെ അവന്‍ (പണ്ഡിതന്‍) കഠിനമായി സൂക്ഷിക്കേണ്ടതാണ്. സ്വഹാബികളുടെ കാലശേഷം പുതുതായി നിര്‍മിക്കപ്പെട്ട കാര്യങ്ങളില്‍ സൃഷ്ടികള്‍ ഏകോപിച്ചു കാണുന്നത്‌ കൊണ്ട് അവന്‍വഞ്ചിതനാവരുത്…’ ചുരുക്കിപ്പറഞ്ഞാല്‍ ഒരു കാര്യം നല്ലതും ശരിയുമാണെന്ന്നിശ്ചയിക്കുന്നതിന് അതിന്‍റെ പ്രചാരമോ ജനസമ്മതിയോ മാനദണ്ഡമല്ല. അല്ലാഹു ഏതൊന്ന് നല്ലതാണെന്ന് നിശ്ചയിച്ചിട്ടുണ്ടോ അത് എപ്പോഴും നല്ലതു തന്നെ. അത് അനുസരിക്കുവാന്‍ ആളുണ്ടെങ്കിലും ഇല്ലെങ്കിലും ശരി. അവന്‍ ചീത്തയെന്ന് നിശ്ചയിച്ചത് എപ്പോഴും ചീത്തയും തന്നെ. അതിനെ അനുകൂലിക്കുന്നവരുടെ ആധിക്യം കൊണ്ടോ ഭൂരിപക്ഷം കൊണ്ടോ അത് ചീത്തയല്ലാതാകുന്നില്ല.