സൂറത്തുല്‍ മാഇദഃ : 30-37
വിഭാഗം - 5
- وَٱتْلُ عَلَيْهِمْ نَبَأَ ٱبْنَىْ ءَادَمَ بِٱلْحَقِّ إِذْ قَرَّبَا قُرْبَانًا فَتُقُبِّلَ مِنْ أَحَدِهِمَا وَلَمْ يُتَقَبَّلْ مِنَ ٱلْـَٔاخَرِ قَالَ لَأَقْتُلَنَّكَ ۖ قَالَ إِنَّمَا يَتَقَبَّلُ ٱللَّهُ مِنَ ٱلْمُتَّقِينَ ﴾٣٠﴿
- (നബിയേ,) അവര്‍ക്കു ആദമിന്റെ രണ്ടു പുത്രന്‍മാരുടെ വൃത്താന്തവും യഥാര്‍ത്ഥ പ്രകാരം ഓതിക്കൊടുക്കുക: അതായത്, അവര്‍ രണ്ടാളും ഒരു 'ക്വുര്‍ബാന്‍' [ബലികര്‍മ്മം] നടത്തിയ സന്ദര്‍ഭം; എന്നിട്ട് അവരില്‍ ഒരാളില്‍നിന്നു അതു സ്വീകരിക്കപ്പെട്ടു; മറ്റേവനില്‍ നിന്നു സ്വീകരിക്കപ്പെട്ടതുമില്ല. അവന്‍ [മറ്റേവന്‍] പറഞ്ഞു: 'നിശ്ചയമായും ഞാന്‍ നിന്നെ കൊലപ്പെടുത്തും.' അവന്‍ [സ്വീകരിക്കപ്പെട്ടവന്‍] പറഞ്ഞു: 'സൂക്ഷ്മത പാലിക്കുന്ന [ഭയഭക്തിയുള്ള] വരില്‍ നിന്നേ അല്ലാഹു സ്വീകരിക്കൂ.
- وَاتْلُ ഓതിക്കൊടുക്കുക (പാരായണം ചെയ്യുക)യും ചെയ്യുക عَلَيْهِمْ അവര്‍ക്കു, അവരില്‍ نَبَأَ വൃത്താന്തം, വര്‍ത്തമാനം ابْنَيْ آدَمَ ആദമിന്റെ രണ്ടു പുത്രന്മാരുടെ بِالْحَقِّ യഥാര്‍ത്ഥ പ്രകാരം إِذْ قَرَّبَا അവര്‍ രണ്ടാള്‍ ക്വുര്‍ബാന്‍ (ബലികര്‍മം) നടത്തിയപ്പോള്‍ قُرْبَانًا ഒരു ബലികര്‍മം فَتُقُبِّلَ എന്നിട്ട് സ്വീകരിക്കപ്പെട്ടു مِنْ أَحَدِهِمَا ആ രണ്ടിലൊരാളില്‍നിന്നു وَلَمْ يُتَقَبَّلْ സ്വീകരിക്കപ്പെട്ടതുമില്ല مِنَ الْآخَرِ മറ്റെവനില്‍നിന്നു قَالَ അവന്‍ പറഞ്ഞു لَأَقْتُلَنَّكَ നിശ്ചയമായും ഞാന്‍ നിന്നെ കൊല്ലും قَالَ അവന്‍ പറഞ്ഞു إِنَّمَا يَتَقَبَّلُ സ്വീകരിക്കയുള്ളൂ اللَّهُ അല്ലാഹു مِنَ الْمُتَّقِينَ സൂക്ഷ്മത പാലിക്കുന്നവരില്‍ (ഭയഭക്തരില്‍) നിന്നു മാത്രം
- لَئِنۢ بَسَطتَ إِلَىَّ يَدَكَ لِتَقْتُلَنِى مَآ أَنَا۠ بِبَاسِطٍ يَدِىَ إِلَيْكَ لِأَقْتُلَكَ ۖ إِنِّىٓ أَخَافُ ٱللَّهَ رَبَّ ٱلْعَـٰلَمِينَ ﴾٣١﴿
- 'എന്നെ കൊലപ്പെടുത്തുവാന്‍ വേണ്ടി എന്റെ നേരെ നിന്റെ കൈ നീ നീട്ടിയാല്‍ തന്നെ, നിന്നെ കൊലചെയ്‌വാന്‍ വേണ്ടി നിന്റെ നേരെ എന്റെ കൈ ഞാന്‍ നീട്ടുന്നവനേ അല്ല. നിശ്ചയമായും ഞാന്‍, ലോക രക്ഷിതാവായ അല്ലാഹുവിനെ ഭയപ്പെടുന്നു.
- لَئِن بَسَطتَ നീ നീട്ടിയാല്‍ (വിരുത്തിയാല്‍)തന്നെ إِلَيَّ എന്റെ നേരെ, എന്നിലേക്കു يَدَكَ നിന്റെ കൈ لِتَقْتُلَنِي നീ എന്നെ കൊല്ലുവാന്‍ വേണ്ടി مَا أَنَا ഞാനല്ല بِبَاسِطٍ നീട്ടുന്ന (വിരുത്തുന്ന)വന്‍, നീട്ടുന്നവനേ يَدِيَ എന്റെ കൈ إِلَيْكَ നിന്റെ നേരെ لِأَقْتُلَكَ ഞാന്‍ നിന്നെ കൊല്ലുവാന്‍ വേണ്ടി إِنِّي നിശ്ചയമായും ഞാന്‍ أَخَافُ ഞാന്‍ ഭയപ്പെടുന്നു اللَّهَ അല്ലാഹുവിനെ رَبَّ الْعَالَمِينَ ലോകരക്ഷിതാവായ
- إِنِّىٓ أُرِيدُ أَن تَبُوٓأَ بِإِثْمِى وَإِثْمِكَ فَتَكُونَ مِنْ أَصْحَـٰبِ ٱلنَّارِ ۚ وَذَٰلِكَ جَزَٰٓؤُا۟ ٱلظَّـٰلِمِينَ ﴾٣٢﴿
- നിശ്ചയമായും ഞാന്‍, എന്റെ കുറ്റവും നിന്റെ കുറ്റവും കൊണ്ടു നീ മടങ്ങുവാന്‍ [രണ്ടു കുറ്റവും നീ ഏറ്റെടുക്കുവാന്‍] ഉദ്ദേശിക്കുന്നു; അങ്ങനെ, നീ നരകത്തിന്റെ ആള്‍ക്കാരില്‍ പെട്ടവനായിരിക്കുവാന്‍.അതാവട്ടെ, അക്രമികളുടെ പ്രതിഫലവുമാകുന്നു.
- إِنِّي أُرِيدُ നിശ്ചയമായും ഞാന്‍ ഉദ്ദേശിക്കുന്നു أَن تَبُوءَ നീ മടങ്ങു (സമ്പാദിക്കു - ഏല്‍ക്കു - വഹിക്കു)വാന്‍ بِإِثْمِي എന്റെ കുറ്റം കൊണ്ടു (കുറ്റവും) وَإِثْمِكَ നിന്റെ കുറ്റവും فَتَكُونَ അങ്ങനെ നീ ആയിരിക്കുക مِنْ أَصْحَابِ ആള്‍ക്കാരില്‍ പെട്ട(വന്‍) النَّارِ നരകത്തിന്റെ وَذَٰلِكَ അതാകട്ടെ جَزَاءُ പ്രതിഫലമാകുന്നു الظَّالِمِينَ അക്രമികളുടെ
വ്യക്തമായ തെളിവുകളും ദൃഷ്ടാന്തങ്ങളും നിലവിലുണ്ടായിരുന്നിട്ടും ഇസ്രാഈല്യര്‍ നബി (صَلَّى اللّٰهُ عَلَيْهِ وَسَلَّم) യില്‍ വിശ്വസിക്കാതെ, ശത്രുതയില്‍ വര്‍ത്തിച്ചുവരുന്നതിനും, നബി (صَلَّى اللّٰهُ عَلَيْهِ وَسَلَّم) യെയും സ്വഹാബികളെയും നശിപ്പിക്കുവാന്‍ ഗൂഢതന്ത്രങ്ങള്‍ നടത്തിവരുന്നതിനുമൊക്കെ യഥാര്‍ത്ഥ കാരണം അവരുടെഅസൂയയാകുന്നു. അസൂയ ഹൃദയത്തില്‍കടന്നുകൂടിയാല്‍ അതു മനുഷ്യനെ ഏതു നികൃഷ്ട കൃത്യങ്ങള്‍ക്കും പ്രേരിപ്പിക്കുമെന്നുള്ളതിനു ഒരു ഉദാഹരണമായി ആദിമ കാലത്തു സംഭവിച്ച ഒരു സംഭവം അല്ലാഹു ഉദ്ധരിക്കുന്നു. ആദം (عليه الصلاة والسلام)ന്റെ സ്വന്തം മക്കളില്‍ കഴിഞ്ഞ ആ സംഭവത്തെപ്പറ്റി പലവാര്‍ത്തകളും കേട്ടുകേള്‍വികളും വേദക്കാര്‍ക്കിടയില്‍ ഉണ്ടായിരുന്നു. എങ്കിലും സത്യത്തിനു നിരക്കാത്ത പലതും അതില്‍ കടന്നുകൂടിയിരുന്നതുകൊണ്ടായിരിക്കാം ‘യഥാര്‍ത്ഥപ്രകാരം ആ വൃത്താന്തം അവര്‍ക്കു ഓതിക്കൊടുക്കുക’ എന്ന മുഖവുരയോടു കൂടി അതു വിവരിക്കുന്നത്. സംഭവത്തില്‍ നിന്നു പഠിക്കേണ്ട പാഠങ്ങള്‍ ഉള്‍ക്കൊള്ളുന്ന വശത്തിന് അതില്‍ അല്ലാഹു മുന്‍ഗണന നല്‍കുകയും ചെയ്തിരിക്കുന്നു.
ആദം (عليه الصلاة والسلام) ന്റെ രണ്ടു പുത്രന്മാര്‍ ഓരോ ബലി കര്‍മ്മം നടത്തി. ഒരാളുടേതു സ്വീകരിക്കപ്പെട്ടു. മറ്റേയാളുടേതു സ്വീകരിക്കപ്പെട്ടില്ല. തന്റേതു സ്വീകരിക്കപ്പെടാതെ തന്റെ സഹോദരന്റേതു മാത്രം സ്വീകരിക്കപ്പെട്ടതില്‍ അവനു – സ്വീകരിക്കപ്പെടാത്തവനു – അസൂയയായി. അസൂയ നിമിത്തം സഹോദരനെ കൊലപ്പെടുത്തണം എന്നായി. അതവനോടു തുറന്നു പറയുകതന്നെ ചെയ്തു. എന്നാല്‍, ആ സഹോദരന്‍ – ബലി സ്വീകരിക്കപ്പെട്ടവന്‍ – അവനെപ്പോലെ ദുഷ്ടനായിരുന്നില്ല. അവന്‍ ഗുണകാംക്ഷയും ശാന്തതയും നിറഞ്ഞ മറുപടിയാണ് അതിനു നല്‍കിയത്: ‘അല്ലാഹുവിനെ സൂക്ഷിക്കുന്ന ഭയഭക്തന്മാരില്‍ നിന്നേ അല്ലാഹു കര്‍മ്മങ്ങള്‍ സ്വീകരിക്കയുള്ളൂ – നിനക്കു സൂക്ഷ്മതയും ഭയഭക്തിയും ഇല്ലാത്തതുകൊണ്ടായിരിക്കാം നിന്റെ ബലി സ്വീകരിക്കപ്പെടാത്തതു – അതില്‍ എന്നോടു അസൂയപ്പെടേണ്ടതില്ല. നിന്റെ നില നന്നാക്കലാണ് അതിനുള്ള പരിഹാര മാര്‍ഗം. അതിനു മുതിരാതെ എന്റെ കഥ കഴിക്കുവാന്‍ തന്നെയാണു നീ ഒരുങ്ങുന്നതെങ്കില്‍ അതുപോലെ അങ്ങോട്ടും ഒരുക്കം കൂട്ടുവാന്‍ ഞാന്‍ സന്നദ്ധനല്ല. ഞാന്‍ അല്ലാഹുവിനെ ഭയപ്പെടുന്നു. അവന്റെ ശിക്ഷക്കു പാത്രമാകുന്ന ആ പാപകൃത്യത്തിനു ഞാന്‍ ആളല്ല. നിനക്കതു ചെയ്‌തേ തീരൂ എന്നുണ്ടെങ്കില്‍ ആ കുറ്റത്തിന്റെ പങ്കു മുഴുവനും നീ തന്നെ സമ്പാദിച്ചുകൊള്ളട്ടെ എന്നാന്നു ഞാന്‍ കരുതുന്നത്. അതില്‍ പങ്കു വഹിക്കുവാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. എന്നാല്‍, ആ കൃത്യം നീ ചെയ്തു കളഞ്ഞാല്‍ നീ നരക ശിക്ഷക്കു വിധേയനായിത്തീരുമെന്നു നീ ഓര്‍ക്കണം. അതാണു അക്രമകാരികള്‍ക്കു കിട്ടുവാനിരിക്കുന്ന ശിക്ഷ’. എന്നൊക്കെ ആ സഹോദരന്‍ അവനോടു ഉപദേശിച്ചു. ഇത്രയും കാര്യങ്ങളാണ് ഈ വചനങ്ങളില്‍നിന്നു നമുക്കു മനസ്സിലാക്കുവാന്‍ കഴിയുന്നത്.
എനി, ആദമിന്റെ രണ്ടു പുത്രന്മാര്‍ ആരായിരുന്നു? ബലി ചെയ്തതു എന്തായിരുന്നു?എങ്ങിനെയായിരുന്നു? അതു സ്വീകരിക്കപ്പെട്ടതും സ്വീകരിക്കപ്പെടാത്തതും എങ്ങിനെ അറിഞ്ഞു? ഒരാളുടെ കുറ്റം മറ്റൊരാള്‍ വഹിക്കുകയില്ല എന്നിരിക്കെ, എന്റെ കുറ്റവും നിന്റെ കുറ്റവുമായി നീ മടങ്ങുക -അഥവാ രണ്ടു കുറ്റവും നീ സമ്പാദിക്കുക – എന്നു പറഞ്ഞതിന്റെ താല്‍പര്യം എന്തു? എന്നിവെയപ്പറ്റിയാണ് ആലോചിക്കുവാനുള്ളത്.
‘ആദമിന്റെ രണ്ടു പുത്രന്മാര്‍ (ابْنَيْ آدَمَ) എന്ന് പറഞ്ഞതില്‍നിന്ന് രണ്ടു പേരും അദ്ദേഹത്തിന്റെ നേരെ മക്കളായിരുന്നുവെന്നാണ് വ്യക്തമാകുന്നത്. മിക്കവാറും എല്ലാ ക്വുര്‍ആന്‍ വ്യാഖ്യാതാക്കളും സ്വീകരിച്ചു വരുന്നതും അങ്ങിനെത്തന്നെ. കൊല നടത്തിയ മകന്റെ പേര്‍ ക്വാബീല്‍ (قابيل) എന്നും, കൊല്ലപ്പെട്ടവന്റെ പേര്‍ ഹാബീല്‍ (ھابيل) എന്നുമാണ് അറിയപ്പെടുന്നത്. മനുഷ്യര്‍ എന്ന ഉദ്ദേശ്യത്തില്‍ ‘ആദമിന്റെ മക്കള്‍ (بَنُو آدَمَ)’ എന്നു പറയുക സാധാരണമാണല്ലോ. അതുപോലെ രണ്ടു മനുഷ്യന്മാര്‍ എന്നേ ഇവിടെ ഉദ്ദേശ്യമുള്ളൂവെന്നും, ഇസ്രാഈല്യരില്‍പെട്ട രണ്ടു പേരായിരിക്കണം അവര്‍ എന്നും ചുരുക്കം ചില വ്യാഖ്യാതാക്കള്‍ക്കു അഭിപ്രായമുണ്ട്. ഈ അഭിപ്രായത്തിനുള്ള പ്രധാന കാരണം, അടുത്ത രണ്ടു വചനങ്ങളില്‍ ഈ കൊലയെപ്പറ്റി വിവരിച്ചശേഷം 35-ാം വചനത്തില്‍, ഇക്കാരണം നിമിത്തമാണ് ഇസ്രാഈല്യരില്‍ കൊലക്കു പകരം കൊല ശിക്ഷ നിശ്ചയിച്ചതു (…..مِنْ أَجْلِ ذَٰلِكَ كَتَبْنَا) എന്നു അല്ലാഹു പറയുന്നതാകുന്നു. ഇതു അതിനു തക്കതായ ഒരു കാരണമാകുന്നില്ലെന്നു അവിടെവെച്ചു മനസ്സിലാക്കാവുന്നതാണ്. മാത്രമല്ല, മൃതദേഹം മണ്ണില്‍ മൂടി മറക്കുവാന്‍പോലും ഘാതകനു അറിഞ്ഞു കൂടാത്തവിധം മനുഷ്യ ബുദ്ധിയും പരിചയവും എത്തിക്കഴിഞ്ഞിട്ടില്ലാത്ത ഒരു കാലത്താണുതു സംഭവിച്ചതെന്നു അടുത്ത വചനങ്ങളില്‍ നിന്നു സ്പഷ്ടമാകുന്നു. ഇസ്രാഈല്യര്‍ക്കിടയിലോ മറ്റോ പില്‍ക്കാലത്തു നടന്ന ഒരു സംഭവമാണെങ്കില്‍ ഒരിക്കലും അങ്ങിനെ വരുവാന്‍ ന്യായമില്ല. വിവരണത്തില്‍ കുറച്ചൊക്കെ വ്യത്യാസത്തോടുകൂടിയാണെങ്കിലും ഈ വധ സംഭവം ബൈബ്‌ളിലും ഉദ്ധരിച്ചിട്ടുണ്ട്. ആദം (عليه الصلاة والسلام) ന്റെയും ഹവ്വാ (عليها الصلاة والسلام)ന്റെയും ആദ്യ പുത്രന്മാരായ കയീനും (ക്വാബീലും) അനുജന്‍ ഹാബെലും (ഹാബീലും) ആണ് ഇതിലെ കഥാ പുരുഷന്മാരെന്നും കയീന്‍ ഹാബെലിനെ കൊന്നുവെന്നും അതിലും വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. (ഉല്‍പത്തി, അ:4). വേണ്ടാ നബി (صَلَّى اللّٰهُ عَلَيْهِ وَسَلَّم) തിരുമേനിയുടെ ഒരു വചനംതന്നെ അതാണു ശരിയെന്നു കാണിച്ചുതരുന്നു. റസൂല്‍ (صَلَّى اللّٰهُ عَلَيْهِ وَسَلَّم) പറഞ്ഞതായി ഇബ്‌നുമസ്ഊദ് (رَضِيَ اللهُ تَعَالَى عَنْهُ) ഉദ്ധരിക്കുന്നു: ‘ഏതൊരാളും അക്രമമായി കൊല്ലപ്പെടുന്ന പക്ഷം ആ രക്തത്തില്‍ (രക്തം ചിന്തിയതിന്റെ ശിക്ഷയില്‍) നിന്നു ഒരു പങ്കു ആദമിന്റെ ഒന്നാമത്തെ പുത്രന്റെ മേല്‍ ഇല്ലാതിരിക്കുകയില്ല. കാരണം, അവനാണു കൊല നടപ്പില്‍ വരുത്തിയവരില്‍ ഒന്നാമത്തെ ആള്‍. ‘ (അ:ഹാ: തി: ന: ജ)
അവര്‍ നടത്തിയ ബലികര്‍മ്മം (قُرْبَان) സംബന്ധിച്ചു തിട്ടമായി വല്ലതും പറയത്തക്ക തെളിവുകളൊന്നും നമുക്കില്ല. ഒരാള്‍ കര്‍ഷകനും, അയാള്‍ ബലിക്കു സമര്‍പ്പിച്ചതു ധാന്യവുമായിരുന്നുവെന്നും, മറ്റേയാള്‍ കാലികളെ പോറ്റുന്നവനും, അയാള്‍ സമര്‍പ്പിച്ചതു ആടുമായിരുന്നുവെന്നും ചില ക്വുര്‍ആന്‍ വ്യാഖ്യാതാക്കളും ബൈബ്‌ളും പറഞ്ഞു കാണുന്നുവെന്നുമാത്രം. ബലിക്കു സമര്‍പ്പിക്കപ്പെട്ട വസ്തു അഗ്നിയാല്‍ കരിക്കപ്പെട്ടു പോകുന്നതാണു ബലികര്‍മ്മം സ്വീകരിക്കപ്പെടുന്നതിന്റെ ലക്ഷണമെന്നും പറഞ്ഞു കാണുന്നു. (*) ഒന്നും ഉറപ്പിച്ചു പറയുവാന്‍ ഹദീഥിലോ മറ്റോ തെളിവു കാണുന്നില്ല. അതു പോലെത്തന്നെ, രണ്ടു പേരും ബലികര്‍മ്മം നടത്തുവാന്‍ കാരണമെന്തായിരുന്നുവെന്നുള്ളതും നമുക്ക് അജ്ഞാതമാകുന്നു. സ്വീകാര്യമായ വല്ല തെളിവും കൂടാതെ കേവലം ചില കഥകളെ മാത്രം ആസ്പദമാക്കി വല്ലതും പറയുന്നതു ശരിയല്ലല്ലോ. അല്ലാഹു മൗനമവലംബിച്ച ആ വിഷയത്തെപ്പറ്റി നമുക്കും മൗനമവലംബിക്കാം. മനുഷ്യരില്‍ അസൂയ കടന്നു കൂടുന്നതിന്റെയും, അതു നിമിത്തം സംഭവിക്കുന്ന അനിഷ്ടസംഭവങ്ങളുടെയും പാഠങ്ങള്‍ മനസ്സിലാക്കുവാന്‍ അതൊന്നും ഇവിടെ അറിഞ്ഞിരിക്കേണ്ടുന്ന ആവശ്യം ഇല്ലല്ലോ.
(*) പലതരം ബലികര്‍മ്മങ്ങളെയും, യാഗയോഗങ്ങളെയും കുറിച്ചു ബൈബ്‌ളില്‍ വിവരിക്കുന്നുണ്ട്. ചിലതിനെ അഗ്നികൊണ്ടു ചുട്ടുകരിക്കുന്നതായും, ചിലതു മുകളില്‍ നിന്നും അഗ്നി ഇറങ്ങി കരിഞ്ഞുപോകുന്നതായും അതില്‍ നിന്നു മനസ്സിലാകുന്നു. ഇതു ശരിയായിരുന്നാല്‍ തന്നെയും തൗറാത്തിനും ഇസ്രാഈല്യര്‍ക്കും എത്രയോ മുമ്പു നടന്നതും, മനുഷ്യചരിത്രത്തില്‍ ഒന്നാമത്തേതായിരിക്കാവുന്നതുമായ ആ ബലി കര്‍മ്മം എങ്ങിനെ നടന്നുവെന്നു അനുമാനിക്കുവാന്‍ അതൊരു മാനദണ്ഡമായി സ്വീകരിക്കുവാന്‍ വഴി കാണുന്നില്ല. الله أعلم
“എന്റെ കുറ്റവും നിന്റെ കുറ്റവും കൊണ്ടു നീ മടങ്ങുക” (أَن تَبُوءَ بِإِثْمِي وَإِثْمِكَ) എന്നു പറഞ്ഞതിന്റെ താല്‍പര്യം ഒന്നിലധികം പ്രകാരത്തില്‍ വിവരിക്കപ്പെടാറുണ്ട്. ഒരാളുടെ കുറ്റം മറ്റൊരാള്‍ വഹിക്കുകയില്ലെന്ന മൗലിക തത്വത്തിനു ബാഹ്യത്തില്‍ എതിരായി തോന്നുന്നതാണ് ഈ വ്യത്യാസത്തിനു കാരണം. എന്നെ നീ കൊല്ലുന്ന പക്ഷം എന്നെ കൊല്ലുന്ന കുറ്റവും, നിന്റെ ബലി സ്വീകരിക്കപ്പെടാതിരിക്കുമാറു നീ ചെയ്ത മറ്റു കുറ്റങ്ങളും നീ വഹിക്കേണ്ടി വരുമെന്നാണ് ഒരഭിപ്രായം. അക്രമത്തിന്റെ പ്രതികാര നടപടിയെന്ന നിലക്കു പരലോകത്തുവെച്ചു അക്രമിയുടെ സല്‍ക്കര്‍മ്മങ്ങള്‍ – അവന്‍ ചെയ്ത അക്രമത്തിന്റെ തോതനുസരിച്ചു – അക്രമത്തിനു വിധേയനായ ആള്‍ക്കു നല്‍കപ്പെടുമെന്നും, സല്‍ക്കര്‍മ്മങ്ങള്‍ പോരാതെ വരുന്നപക്ഷം ആ കുറവു തീരുന്നതുവരെ ഇവന്റെ പാപങ്ങളില്‍ നിന്ന് അവന്റെമേല്‍ ചുമത്തപ്പെടുമെന്നും ഹദീഥില്‍ വന്നിട്ടുണ്ട്. അതനുസരിച്ചു നിന്റെ മറ്റു കുറ്റങ്ങള്‍ക്കു പുറമെ, എന്നെ കൊല്ലുന്നതുമൂലം എന്റെ കുറ്റങ്ങളും കൂടി നീ വഹിക്കേണ്ടതായി വരുമെന്നാണ് ആ വാക്കിന്റെ താല്‍പര്യമെന്നത്രെ വേറൊരഭിപ്രായം. വേറെയും ചില അഭിപ്രായങ്ങള്‍ ഇല്ലാതില്ല. ആദ്യത്തെ അഭിപ്രായത്തിലാണു കൂടുതല്‍ വ്യക്തത കാണുന്നത്. الله أعلم
അവസാനം സംഭവം എങ്ങിനെ കലാശിച്ചുവെന്നു അല്ലാഹു വിവരിക്കുന്നു:-
- فَطَوَّعَتْ لَهُۥ نَفْسُهُۥ قَتْلَ أَخِيهِ فَقَتَلَهُۥ فَأَصْبَحَ مِنَ ٱلْخَـٰسِرِينَ ﴾٣٣﴿
- എന്നിട്ട് അവന്റെ [ബലി സ്വീകരിക്കപ്പെടാത്തവന്റെ] സഹോദരനെ കൊല്ലുന്നതിന് അവന്റെ മനസ്സു വഴങ്ങിക്കൊടുത്തു; അങ്ങനെ അവന്‍ അവനെ കൊല ചെയ്തു. ആകയാല്‍, അവന്‍ നഷ്ടക്കാരില്‍ പെട്ടവനായിത്തീര്‍ന്നു.
- فَطَوَّعَتْ എന്നിട്ടു വഴിപ്പെട്ടു, വഴങ്ങി لَهُ അവനു نَفْسُهُ അവന്റെ ആത്മാവ്, സ്വന്തം (മനസ്സു) قَتْلَ കൊലക്ക്, കൊല്ലുന്നതിനു أَخِيهِ തന്റെ സഹോദരന്റെ, സഹോദരനെ فَقَتَلَهُ അങ്ങനെ അവന്‍ അവനെ കൊന്നു فَأَصْبَحَ അങ്ങനെ (അതിനാല്‍) അവന്‍ (ആയി) مِنَ الْخَاسِرِينَ നഷ്ടക്കാരില്‍ പെട്ട(വന്‍)
- فَبَعَثَ ٱللَّهُ غُرَابًا يَبْحَثُ فِى ٱلْأَرْضِ لِيُرِيَهُۥ كَيْفَ يُوَٰرِى سَوْءَةَ أَخِيهِ ۚ قَالَ يَـٰوَيْلَتَىٰٓ أَعَجَزْتُ أَنْ أَكُونَ مِثْلَ هَـٰذَا ٱلْغُرَابِ فَأُوَٰرِىَ سَوْءَةَ أَخِى ۖ فَأَصْبَحَ مِنَ ٱلنَّـٰدِمِينَ ﴾٣٤﴿
- അപ്പോള്‍, ഭൂമിയില്‍ (മാന്തി) കുഴിച്ചു നോക്കുന്ന ഒരു കാക്കയെ അല്ലാഹു അയച്ചു; തന്റെ സഹോദരന്റെ നഗ്നജഢം [മൃതദേഹം] മറവു ചെയ്യുന്നതെങ്ങിനെയെന്നു അതവനു കാണിച്ചു കൊടുക്കുവാന്‍ വേണ്ടി. അവന്‍ പറഞ്ഞു: "എന്റെ കഷ്ടമേ! ഞാന്‍ ഈ കാക്കയെപ്പോലെ ആയിരിക്കുകയും, അങ്ങനെ എന്റെ സഹോദരന്റെ നഗ്നജഢം [മൃതദേഹം] മറവു ചെയ്യുകയും ചെയ്‌വാന്‍ എനിക്കു കഴിയാതായിപ്പോയോ?!"അങ്ങനെ, അവന്‍ ഖേദക്കാരില്‍ പെട്ടവനായിത്തീര്‍ന്നു.
- فَبَعَثَ അപ്പോള്‍ അയച്ചു, നിയോഗിച്ചു اللَّهُ അല്ലാഹു غُرَابًا ഒരു കാക്കയെ يَبْحَثُ അതു കുഴിച്ചു നോക്കി (അന്വേഷണം നടത്തി)ക്കൊണ്ടു فِي الْأَرْضِ ഭൂമിയില്‍ لِيُرِيَهُ അവനു കാണിച്ചു കൊടുക്കുവാന്‍വേണ്ടി كَيْفَ يُوَارِي അവന്‍ എങ്ങിനെ മറക്കും (മൂടും) എന്നു سَوْءَةَ നഗ്ന ജഢം أَخِيهِ തന്റെ സഹോദരന്റെ قَالَ അവന്‍ പറഞ്ഞു يَا وَيْلَتَا എന്റെ കഷ്ടമേ, നാശമേ أَعَجَزْتُ ഞാന്‍ സാധിക്കാതായോ, എനിക്കു കഴിയാതായോ أَنْ أَكُونَ ഞാനായിരിക്കുവാന്‍ مِثْلَ പോലെ, തുല്യം, മാതിരി هَٰذَا الْغُرَابِ ഈ കാക്കയുടെ فَأُوَارِيَ എന്നിട്ടു ഞാന്‍ (മൂടി) മറക്കുവാന്‍ سَوْءَةَ أَخِي എന്റെ സഹോദരന്റെ നഗ്നജഢം فَأَصْبَحَ അങ്ങനെ അവനായിത്തീര്‍ന്നു مِنَ النَّادِمِينَ ഖേദക്കാരില്‍ (സങ്കട)ക്കാരില്‍ പെട്ട(വന്‍)
അതെ, കുറേ മനഃപ്രയാസത്തോടു കൂടിയാണെങ്കിലും അവസാനം തന്റെ സഹോദരനെ കൊലപ്പെടുത്തുവാന്‍ തന്നെ അവന്‍ തീരുമാനിച്ചു. ആ കടും പാതകം ചെയ്യുകതന്നെ ചെയ്തു. അങ്ങനെ, നിര്‍ദ്ദോഷിയും ഗുണകാംക്ഷിയുമായിരുന്ന തന്റെ ഏകോദരസഹോദരന്‍ അവനു നഷ്ടപ്പെട്ടു. പരലോക നഷ്ടമാകട്ടെ, ഏറ്റവും വമ്പിച്ചതും. അവിവേകം പ്രവര്‍ത്തിച്ചു കഴിഞ്ഞപ്പോള്‍ അന്തംവിടുകയായി. സഹോദരന്റെ മൃതദേഹം കൊണ്ടു എന്തു ചെയ്യണമെന്ന് അവന് അറിഞ്ഞുകൂടാ. മുമ്പൊരു സംഭവം ഇതുപോലെ മനുഷ്യന്‍ കാണുകയുണ്ടായിട്ടില്ലല്ലോ. മൃതദേഹം മറക്കുവാനുള്ള മാര്‍ഗ്ഗം അല്ലാഹു തന്നെ അവനു – അല്ല, മനുഷ്യവര്‍ഗ്ഗത്തിനു – കാട്ടിക്കൊടുത്തു. ഒരു കാക്കപ്പക്ഷിക്കു നിലത്തു മാന്തി കുഴിയുണ്ടാക്കുവാന്‍ അവന്‍ തോന്നിപ്പിച്ചു. അതു കണ്ടപ്പോള്‍ അങ്ങിനെ ഒരു കുഴിയുണ്ടാക്കി സഹോദരന്റെ മൃതദേഹം അതില്‍ മറച്ചു മൂടാമെന്നു അവന്‍ മനസ്സിലാക്കി. അനുഭവത്തില്‍ നിന്നും പരിസരങ്ങളില്‍ നിന്നും പാഠം പഠിച്ചുകൊണ്ടാണല്ലോ മനുഷ്യബുദ്ധി വളരുന്നത്. കാക്കയുടെ പ്രവൃത്തി കണ്ടപ്പോള്‍ ‘അയ്യോ! ഞാന്‍ ഇത്ര വിഡ്ഢിയായല്ലോ! ഈ കാക്കയുടെ അത്രപോലും ബുദ്ധി എനിക്കു തോന്നിയില്ലല്ലോ!’ എന്നായി. തന്റെ അവിവേകത്തിലും, തീരാനഷ്ടത്തിലും അവന്‍ ഖേദക്കാരനായിത്തീര്‍ന്നു.
മനുഷ്യസഹജമായ ഒരു സ്വഭാവമാണിത്. ദീര്‍ഘദൃഷ്ടിയും വീണ്ടുവിചാരവുമില്ലാതെ, അപ്പപ്പോള്‍ ഉണ്ടായിത്തീരുന്ന വികാരങ്ങള്‍ക്ക് അധീനപ്പെട്ടു വല്ല കൊടും കൃത്യങ്ങളും പ്രവര്‍ത്തിക്കുക, പ്രവര്‍ത്തിച്ചു കഴിയുമ്പോഴേക്കും ‘അയ്യോ, പറ്റിപ്പോയല്ലോ. എനിയെന്തു വേണം’ എന്നൊക്കെ സ്വയം അപലപിക്കുകയും ചെയ്യുക. ഈ ദുഃസ്വഭാവത്തിനു വശംവദരാകാതിരിക്കുവാന്‍ സൂക്ഷിക്കണമെന്നു ഈ സംഭവ വിവരണത്തില്‍ നിന്നും നാം പഠിക്കേണ്ടതുണ്ട്. കോപം, അസൂയ മുതലായവയില്‍ നിന്നു ഉടലെടുക്കുന്ന ഇത്തരം വികാരങ്ങളെ നിയന്ത്രിക്കുവാന്‍ കഴിയുന്നവരത്രെ ധീരന്മാരും മാന്യന്മാരും. അതാണ് ഒരു ഹദീഥില്‍ നബി (صَلَّى اللّٰهُ عَلَيْهِ وَسَلَّم) ചൂണ്ടിക്കാട്ടുന്നത്: ‘മല്‍പിടുത്തത്തില്‍ വീഴ്ത്തുന്നതുകൊണ്ടല്ല ഊക്കനാകുന്നത്. കോപിക്കുമ്പോള്‍ തന്നെത്താന്‍ അധീനപ്പെടുത്തുന്നവനാണു ഊക്കന്‍’ (ബു:മു).
ഈ രണ്ടു സഹോദരന്മാര്‍ ഇസ്‌റാഈല്‍ ജനതയില്‍ പെട്ടവരായിരുന്നുവെന്ന അഭിപ്രായത്തിനു നിരക്കാത്തതാണല്ലോ കാക്കയെപ്പറ്റിയുള്ള അല്ലാഹുവിന്റെ പ്രസ്താവന. കാരണം, ഇസ്‌റാഈല്യരുടെ കാലക്കാര്‍ക്കു മൃതദേഹം ഭൂമിയില്‍ കുഴി മാന്തി മറക്കുന്നതിനെപ്പറ്റി അറിയുകയില്ലെന്നു വരുവാന്‍ ഒട്ടും ന്യായമില്ല. അതുകൊണ്ടു കാക്കയെക്കുറിച്ചു അല്ലാഹു നല്‍കിയ വിവരണത്തിന്റെ സാരം ചില ആധുനിക തല്‍പരന്മാര്‍ ഇപ്രകാരവും വ്യാഖ്യാനിച്ചു കാണുന്നു: ‘ഇത്തരം ഭയങ്കര കൃത്യങ്ങള്‍ ചെയ്താല്‍ പരിഭ്രമിച്ചുപോകലും മേലില്‍ എന്തു ചെയ്യണമെന്നു തോന്നാതെ സ്തംഭിച്ചു നില്‍ക്കലും സാധാരണമാണ്. അങ്ങനെ സ്തംഭിച്ചു നില്‍ക്കുമ്പോള്‍ ഒരു കാക്ക വന്നു നിലത്തു മാന്തുന്നതു ഘാതകന്‍ കണ്ടു. അപ്പോഴാണ് ആയാള്‍ക്കത് തോന്നിയത്. എന്നല്ലാതെ, ഭൂമിയിലെ ഒന്നാമത്തെ കൊല സംഭവമായിരുന്നു ഇതെന്നും, മറവ് ചെയ്യുന്ന സമ്പ്രദായം അറിയാമായിരുന്നില്ല എന്നൊന്നും ഇതിനര്‍ത്ഥമില്ല’. ഇവര്‍ ഈ പറഞ്ഞതും, അല്ലാഹു അര്‍ത്ഥ ശങ്കക്കിടമില്ലാത്തവിധം പ്രസ്താവിച്ച വാക്കുകളും തമ്മില്‍ എത്ര അകലം! അല്ലാഹു ഒരു കാക്കയെ അയച്ചു (فَبَعَثَ اللَّهُ غُرَابًا) എന്നും ‘അവന്റെ സഹോദരന്റെ മൃതദേഹം എങ്ങിനെ മറവു ചെയ്യണമെന്നു അവനു കാട്ടിക്കൊടുക്കുവാന്‍ വേണ്ടിയാണതു (………لِيُرِيَهُ كَيْفَ يُوَارِي) എന്നും അല്ലാഹു പറയുന്നു. ഈ കാക്കയെപ്പോലെ ആയി എന്റെ സഹോദരന്റെ മൃതദേഹം മറക്കുവാന്‍ എനിക്കു കഴിയാതായോ?! കഷ്ടം!! (………..قَالَ يَا وَيْلَتَا أَعَجَزْتُ) എന്നു ഘാതകനും പറയുന്നു. അതേ സമയത്തു ഇവര്‍ പറയുന്നതെന്താണ്? ‘അങ്ങിനെയല്ല, കാക്കയുടെ മാന്തല്‍ യാദൃശ്ചികമായി ഒത്തുകൂടിയതാണു, അപ്പോഴേ ഘാതകനു മൃതദേഹം മറക്കുന്ന കാര്യം ഓര്‍മ്മവന്നുള്ളൂ ‘വെന്നു! ഇതു കേവലം ബാലിശമായ ഒരു ദുര്‍വ്യാഖ്യാനമായിപ്പോയി എന്നേ മനസ്സിലാക്കുവാന്‍ കഴിയുന്നുള്ളൂ.
- مِنْ أَجْلِ ذَٰلِكَ كَتَبْنَا عَلَىٰ بَنِىٓ إِسْرَٰٓءِيلَ أَنَّهُۥ مَن قَتَلَ نَفْسًۢا بِغَيْرِ نَفْسٍ أَوْ فَسَادٍ فِى ٱلْأَرْضِ فَكَأَنَّمَا قَتَلَ ٱلنَّاسَ جَمِيعًا وَمَنْ أَحْيَاهَا فَكَأَنَّمَآ أَحْيَا ٱلنَّاسَ جَمِيعًا ۚ وَلَقَدْ جَآءَتْهُمْ رُسُلُنَا بِٱلْبَيِّنَـٰتِ ثُمَّ إِنَّ كَثِيرًا مِّنْهُم بَعْدَ ذَٰلِكَ فِى ٱلْأَرْضِ لَمُسْرِفُونَ ﴾٣٥﴿
- അക്കാരണത്താല്‍, ഇസ്‌റാഈല്‍ സന്തതികളുടെ മേല്‍ നാം രേഖപ്പെടുത്തി: ഒരു ദേഹത്തി(നെ കൊല ചെയ്തതി)നോ, അല്ലെങ്കില്‍ ഭൂമിയില്‍ വല്ലകുഴപ്പ(പ്രവര്‍ത്തന)ത്തിനോ (പകരം) അല്ലാതെ ആരെങ്കിലും ഒരു ദേഹത്തെ കൊലപ്പെടുത്തിയാല്‍, അവന്‍ മനുഷ്യരെ മുഴുവന്‍ കൊല ചെയ്തതുപോലെയാകുന്നുവെന്നു; ആരെങ്കിലും അതിനെ [ഒരുദേഹത്തെ] ജീവിപ്പിക്കുന്നതായാല്‍ അവന്‍ മനുഷ്യരെ മുഴുവന്‍ ജീവിപ്പിച്ചതുപോലെയാകുന്നുവെന്നും. നമ്മുടെ റസൂലുകള്‍ വ്യക്തമായ തെളിവുകളുമായി അവര്‍ക്കു ചെല്ലുകയുമുണ്ടായിട്ടുണ്ട്. പിന്നെ, അതിനുശേഷവും അവരില്‍നിന്നു വളരെ ആളുകള്‍ ഭൂമിയില്‍ അതിരു കവിഞ്ഞവര്‍ തന്നെയാകുന്നു.
- مِنْ أَجْلِ ذَٰلِكَ അക്കാരണത്താല്‍ كَتَبْنَا നാം നിയമിച്ചു, രേഖപ്പെടുത്തി عَلَىٰ بَنِي إِسْرَائِيلَ ഇസ്‌റാഈല്‍ സന്തതികളുടെ മേല്‍ أَنَّهُ കാര്യം എന്നു مَن قَتَلَ ആരെങ്കിലും കൊന്നാല്‍, ആര്‍ കൊല ചെയ്തുവോ نَفْسًا ഒരു ദേഹത്തെ, ആളെ بِغَيْرِ കൂടാതെ, അല്ലാതെ نَفْسٍ ഒരു ദേഹം, ആള്‍, ദേഹത്തിനു (പകരം) أَوْ فَسَادٍ അല്ലെങ്കില്‍ കുഴപ്പം, കുഴപ്പത്തിനു, നാശത്തിനു فِي الْأَرْضِ ഭൂമിയില്‍ فَكَأَنَّمَا قَتَلَ എന്നാലവന്‍ കൊന്നതു പോലെയാകുന്നു النَّاسَ മനുഷ്യരെ جَمِيعًا മുഴുവന്‍ وَمَنْ أَحْيَاهَا ആരെങ്കിലും അതിനെ ജീവിപ്പിച്ചാല്‍ فَكَأَنَّمَا أَحْيَا എന്നാലവന്‍ ജീവിപ്പിച്ചതു പോലെയാണു النَّاسَ മനുഷ്യരെ جَمِيعًا മുഴുവന്‍ وَلَقَدْ جَاءَتْهُمْ അവര്‍ക്കു വരുകയുണ്ടായിട്ടുണ്ട്, തീര്‍ച്ചയായും വന്നിരിക്കുന്നു رُسُلُنَا നമ്മുടെ റസൂലുകള്‍, ദൂതന്മാര്‍ بِالْبَيِّنَاتِ വ്യക്തമായ തെളിവുകളുമായി ثُمَّ പിന്നെ, അനന്തരം إِنَّ كَثِيرًا വളരെ (ആളുകള്‍) مِّنْهُم അവരില്‍ നിന്നു بَعْدَ ذَٰلِكَ അതിനുശേഷം فِي الْأَرْضِ ഭൂമിയില്‍ لَمُسْرِفُونَ അതിരുകവിഞ്ഞ (വിട്ട) വര്‍തന്നെ
മേല്‍ കണ്ടതു പോലെ, ഭൂമിയില്‍ മനുഷ്യവാസം തുടങ്ങിയ ആരംഭകാലം മുതല്‍ക്കു തന്നെ കൊലപാതകം ഭൂമിയില്‍ സംഭവിച്ചു തുടങ്ങിയിട്ടുണ്ട്. അതിനുള്ള കാരണമാണെങ്കില്‍ അവിവേകവും ദുര്‍വികാരവുമായിരിക്കും. അതിന്‍റെ ഭവിഷ്യത്താകട്ടെ, അതിഭയങ്കരവും. ആകയാല്‍, ന്യായമായ കാരണം കൂടാതെ – ഒരാളെ കൊലപ്പെടുത്തിയതിന്‍റെ പ്രതികാരമായിട്ടോ, ഭൂമിയില്‍ വല്ല കുഴപ്പവും ഉണ്ടാക്കുന്നതിന്‍റെ ശിക്ഷയായിട്ടോ അല്ലാതെ – ഒരാളെ ഒരാള്‍ കൊല്ലുന്നതു മനുഷ്യരെ മുഴുവന്‍ കൊല്ലുന്നതുപോലെ അത്രയും ഗൗരവപ്പെട്ട ഒരു മഹാപാതകമാണെന്നും, നേരെമറിച്ച് ഒരാളുടെ ജീവന്‍ രക്ഷിക്കുന്നതു മുഴുവന്‍ മനുഷ്യരുടെയും ജീവന്‍ രക്ഷിക്കുന്നതുപോലെ അത്രയും മഹത്തായ ഒരു പുണ്യ കര്‍മ്മമാണെന്നും അല്ലാഹു ഇസ്‌റാഈല്യര്‍ക്കു രേഖപ്പെടുത്തിക്കൊടുത്തിരുന്നു. അതിനും പുറമെ, വേണ്ടത്ര തെളിവുകള്‍ സഹിതം അല്ലാഹുവിന്‍റെ സന്ദേശങ്ങള്‍ എത്തിച്ചുകൊടുക്കുവാനായി വളരെ റസൂലുകളും അവരില്‍ ഉണ്ടായിട്ടുണ്ട്. ഇതെല്ലാമായിട്ടും അവരില്‍ പലരും പിന്നെയും തോന്നിയവാസവും നിയമലംഘനവും വഴി അതിരുവിടുകയാണു ചെയ്തത്. ഇതാണ് ഈ വചനത്തിലടങ്ങിയ ആശയം.
ഒരു മതഗ്രന്ഥത്തിന്‍റെയും നിയമസംഹിതയുടെയും അനുയായികളായി അറിയപ്പെട്ട സമുദായങ്ങളില്‍ ഒന്നാമത്തെ സമുദായം ഇസ്‌റാഈല്‍ സമുദായമാണല്ലോ. മറ്റേതു സമുദായത്തെക്കാളുമധികം ക്വുര്‍ആനില്‍ പരാമര്‍ശങ്ങളുള്ളതും അവരെക്കുറിച്ചു തന്നെ. അവരെക്കുറിച്ചു സംസാരിച്ചു വരുന്ന മദ്ധ്യെയാണ് ഈ സംഭവം ഇവിടെ ഉദ്ധരിച്ചതും. അതുകൊണ്ടാണ്, അക്കാരണത്താല്‍ – അഥവാ ആദമിന്‍റെ പുത്രന്മാര്‍ മുതല്‍ക്കു തന്നെ മനുഷ്യവധം ഭൂമിയില്‍ ആരംഭിച്ചുവെന്ന കാരണത്താല്‍ – ഇസ്‌റാഈല്യര്‍ക്കു അങ്ങിനെ രേഖപ്പെടുത്തിക്കൊടുത്തിട്ടുണ്ടെന്നു പറഞ്ഞതു. അല്ലാതെ, ഇസ്‌റാഈല്യരില്‍പെട്ട രണ്ടു സഹോദരന്മാരില്‍ നടന്ന ഒരു കൊലപാതകം നിമിത്തമാണു ഇസ്‌റാഈല്യരില്‍ കൊലക്കുറ്റം നിഷിദ്ധമാക്കിയതെന്നോ, കൊലക്കുറ്റത്തിന്‍റെ ഗൗരവം അവരെ അറിയിക്കേണ്ടി വന്നതെന്നോ ഇസ്‌റാഈല്യര്‍ക്കു മുമ്പു ലോകത്തു കൊലപാതകം നടന്നിട്ടില്ലെന്നോ, ഇസ്‌റാഈല്യരുടെ മുമ്പ് മനുഷ്യവധം ഒരു വമ്പിച്ച കുറ്റമായി നിശ്ചയിക്കപ്പെട്ടിരുന്നില്ലെന്നോ ഒന്നുമല്ല ഇതിനര്‍ത്ഥം. ഇസ്‌റാഈല്യരില്‍ കൊലക്കുറ്റത്തിനു വിധിക്കപ്പെട്ട നിയമപരമായ വശത്തെക്കുറിച്ചുമല്ല ഈ വചനത്തില്‍ പ്രസ്താവിക്കുന്നതു. കൊലക്കുറ്റം അടക്കമുള്ള കയ്യേറ്റങ്ങളില്‍ തൗറാത്തിലെ നിയമം എന്തായിരുന്നുവെന്നു താഴെ 48-ാം വചനത്തില്‍ വേറെത്തന്നെ അല്ലാഹു പ്രത്യേകം പ്രസ്താവിക്കുന്നുണ്ട്.
പ്രതികാര നടപടിയെന്ന നിലക്കോ, ഭൂമിയില്‍ കുഴപ്പമുണ്ടാക്കിയതിന്‍റെ പേരിലോ അല്ലാതെയുള്ള മനുഷ്യവധത്തെപ്പറ്റിയാണ് അല്ലാഹു ഈ വചനത്തില്‍ പ്രസ്താവിച്ചത്. ആ രണ്ടു തരത്തിലുള്ള വധവും ആക്ഷേപാര്‍ഹമല്ലെന്നു ഇതില്‍നിന്നു വ്യക്തമാകുന്നു. പ്രതിക്കൊലയെ സംബന്ധിച്ച വിവരങ്ങള്‍ സൂറത്തുല്‍ ബക്വറഃ : 178, 179 വചനങ്ങളില്‍ മുമ്പ് കഴിഞ്ഞുപോയി. ഭൂമിയില്‍ കുഴപ്പമുണ്ടാക്കുന്നതു സംബന്ധിച്ച വിവരം അടുത്ത ആയത്തില്‍ വരുന്നുമുണ്ട്. എനി, ഒരാളെ കൊന്നാല്‍ എല്ലാവരെയും കൊന്നതു പോലെയാണെന്നും, ഒരാളെ ജീവിപ്പിച്ചാല്‍ എല്ലാവരെയും ജീവിപ്പിച്ചതുപോലെയാണെന്നും പറഞ്ഞതിന്‍റെ സാരമെന്താണെന്നു നോക്കാം. മേല്‍ പ്രസ്താവിച്ച രണ്ടു കാര്യങ്ങള്‍ – പ്രതിക്രിയയും കുഴപ്പമുണ്ടാക്കലും – അല്ലാതെ കൊലപാതകത്തിനു ന്യായീകരണമില്ല. അപ്പോള്‍, നിര്‍ദ്ദോഷിയായ ഒരു ജീവനെ അന്യായമായി നശിപ്പിക്കുവാന്‍ മുതിരുന്നവനെ സംബന്ധിച്ചിടത്തോളം – അവനു വേണ്ടിവന്നാല്‍ – ആരെയും കൊല്ലാമെന്നുള്ള നിലപാടാണല്ലോ ഉള്ളത്. മറിച്ച് ഒരാളെ മരണ ഹേതുക്കളില്‍നിന്നു രക്ഷപ്പെടുത്തുകയോ, കൊലപ്പെടുത്തുവാനുള്ള പ്രേരണയും അവസരവും ഉണ്ടായിട്ടുപോലും അതിന്നു തയ്യാറാകാതെ ഒഴിഞ്ഞു നില്‍ക്കുകയോ ചെയ്യുന്നവനെ സംബന്ധിച്ചിടത്തോളം എല്ലാ മനുഷ്യരുടെ ജീവനും പരിശുദ്ധമായിരിക്കുന്നതുമാണ്. കഴിവതും എല്ലാവരെയും രക്ഷപ്പെടുത്തുവാനുള്ള മനഃസ്ഥിതിയും അവനുണ്ടായിരിക്കും. നിര്‍ദ്ദോഷിയായ ഒരാളെ കൊലചെയ്ത ഘാതകനെ ജനങ്ങള്‍ വെറുപ്പോടും സംശയത്തോടും കൂടിയല്ലാതെ വീക്ഷിക്കാതിരിക്കുന്നതും, ഒരാളുടെ ജീവന്‍ രക്ഷപ്പെടുത്തിയ ആളെ സന്തോഷത്തോടും സല്‍പ്രതീക്ഷയോടും കൂടി വീക്ഷിച്ചു വരുന്നതും അതുകൊണ്ടാണ്. ഒരു സത്യവിശ്വാസിയെ കല്‍പിച്ചു കൂട്ടി കൊലപ്പെടുത്തുന്നവന്‍റെ പ്രതിഫലം ശാശ്വതമായ നരക ശിക്ഷയാണെന്നും, അല്ലാഹു അവന്‍റെ നേരെ കോപിക്കുകയും അവനെ ശപിക്കുകയും ചെയ്യുമെന്നും, അവനു വമ്പിച്ച ശിക്ഷ ഒരുക്കി വെച്ചിട്ടുണ്ടെന്നുമൊക്കെ (وَمَن يَقْتُلْ مُؤْمِنًا مُّتَعَمِّدًا) സൂറഃ നിസാഉ് 93ല്‍ അല്ലാഹു അറിയിച്ചിട്ടുണ്ടല്ലോ. അതുപോലെ കൊലപാതകത്തിന്‍റെ ഗൗരവം കാണിക്കുന്നതാണ് ഈ പ്രസ്താവനയും. എന്നല്ലാതെ, ഒരാളെ കൊന്നവന്‍റെമേല്‍ എല്ലാവരെയും കൊന്നതു പോലെയുള്ള നിയമപരമായ ശിക്ഷാനടപടി എടുക്കേണ്ടതുണ്ടെന്നോ, ഒരാളെ രക്ഷപ്പെടുത്തിയവനു എല്ലാവരെയും രക്ഷപ്പെടുത്തിയതിനുള്ള പാരിതോഷികം നല്‍കണമെന്നോ അല്ല. والله أعلم
- إِنَّمَا جَزَٰٓؤُا۟ ٱلَّذِينَ يُحَارِبُونَ ٱللَّهَ وَرَسُولَهُۥ وَيَسْعَوْنَ فِى ٱلْأَرْضِ فَسَادًا أَن يُقَتَّلُوٓا۟ أَوْ يُصَلَّبُوٓا۟ أَوْ تُقَطَّعَ أَيْدِيهِمْ وَأَرْجُلُهُم مِّنْ خِلَـٰفٍ أَوْ يُنفَوْا۟ مِنَ ٱلْأَرْضِ ۚ ذَٰلِكَ لَهُمْ خِزْىٌ فِى ٱلدُّنْيَا ۖ وَلَهُمْ فِى ٱلْـَٔاخِرَةِ عَذَابٌ عَظِيمٌ ﴾٣٦﴿
- നിശ്ചയമായും, അല്ലാഹുവിനോടും, അവന്‍റെ റസൂലിനോടും പോരാടുകയും, ഭൂമിയില്‍ കുഴപ്പത്തിനു പരിശ്രമം നടത്തുകയും ചെയ്യുന്നവരുടെ പ്രതിഫലം, അവര്‍ നിര്‍ദ്ദയം കൊല്ലപ്പെടുകയോ, ക്രൂശിക്കപ്പെടുകയോ (തന്നെ) ആകുന്നു; അല്ലെങ്കില്‍, (ഒന്നൊന്നിന്) എതിരില്‍ നിന്നായി അവരുടെ കൈകളും കാലുകളും മുറിച്ചു കളയപ്പെടുകയോ, (സ്വന്തം) ഭൂമിയില്‍നിന്നു അവര്‍ നാടുകടത്തപ്പെടുകയോ, (തന്നെ) ആകുന്നു. അതവര്‍ക്കു ഇഹത്തില്‍ ഒരു അപമാനമായിരിക്കും; അവര്‍ക്കു പരലോകത്തിലാകട്ടെ, വമ്പിച്ച ശിക്ഷയുമുണ്ടായിരിക്കും;
- إِنَّمَا جَزَاءُ നിശ്ചയമായും പ്രതിഫലം (തന്നെ - മാത്രം) الَّذِينَ യാതൊരുകൂട്ടരുടെ يُحَارِبُونَ പോരാടുന്ന, യുദ്ധം നടത്തുന്ന اللَّهَ وَرَسُولَهُ അല്ലാഹുവിനോടും അവന്‍റെ റസൂലിനോടും وَيَسْعَوْنَ പരിശ്രമിക്കുക (അദ്ധ്വാനിക്കുക - പ്രവര്‍ത്തിക്കുക) യും ചെയ്യുന്നു فِي الْأَرْضِ ഭൂമിയില്‍ (നാട്ടില്‍) فَسَادًا കുഴപ്പത്തിനു أَن يُقَتَّلُوا അവര്‍ ധാരാളം (നിര്‍ദ്ദയമായി) കൊല്ലപ്പെടുകയാണു أَوْ يُصَلَّبُوا അല്ലെങ്കില്‍ (ധാരാളം) ക്രൂശിക്കപ്പെടുക أَوْ تُقَطَّعَ അല്ലെങ്കില്‍ (ധാരാളം) മുറിക്കപ്പെടുക أَيْدِيهِمْ അവരുടെ കൈകള്‍ وَأَرْجُلُهُم അവരുടെ കാലുകളും مِّنْ خِلَافٍ എതിരില്‍ നിന്നായി, എതിര്‍വശത്തു നിന്നു أَوْ يُنفَوْا അല്ലെങ്കില്‍ അവര്‍ നിഷേധിക്ക(നീക്കം ചെയ്യ) പ്പെടുക (നാടു കടത്തപ്പെടുക) مِنَ الْأَرْضِ ഭൂമിയില്‍ (നാട്ടില്‍) നിന്നു ذَٰلِكَ അതു لَهُمْ അവര്‍ക്കു خِزْيٌ അപമാനമാണു, നിന്ദ്യതയാകുന്നു فِي الدُّنْيَا ഇഹത്തില്‍ وَلَهُمْ അവര്‍ക്കുണ്ടുതാനും فِي الْآخِرَةِ പരലോകത്തില്‍ عَذَابٌ عَظِيمٌ വമ്പിച്ച ശിക്ഷ
- إِلَّا ٱلَّذِينَ تَابُوا۟ مِن قَبْلِ أَن تَقْدِرُوا۟ عَلَيْهِمْ ۖ فَٱعْلَمُوٓا۟ أَنَّ ٱللَّهَ غَفُورٌ رَّحِيمٌ ﴾٣٧﴿
- അവരുടെ മേല്‍ (നടപടി എടുക്കുവാന്‍) നിങ്ങള്‍ക്കു കഴിയുന്നതിനു മുമ്പായി പശ്ചാത്തപിച്ചവരൊഴികെ. എന്നാല്‍, നിങ്ങള്‍ അറിഞ്ഞുകൊള്ളുക: അല്ലാഹു വളരെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നുവെന്ന്.
- إِلَّا الَّذِينَ യാതൊരുവരൊഴികെ تَابُوا പശ്ചാത്തപിച്ച, അവര്‍ ഖേദിച്ചു മടങ്ങി مِن قَبْلِ മുമ്പായി أَن تَقْدِرُوا നിങ്ങള്‍ക്കു കഴിയുന്നതിനു عَلَيْهِمْ അവരുടെ മേല്‍, അവരോടു فَاعْلَمُوا എന്നാല്‍ നിങ്ങള്‍ അറിയുവിന്‍, അറിയുക أَنَّ اللَّهَ അല്ലാഹു (ആകുന്നു) എന്നു غَفُورٌ വളരെ പൊറുക്കുന്നവന്‍ رَّحِيمٌ കരുണാനിധി
ശിക്ഷാക്രമം വിവരിച്ചപ്പോള്‍ يُقْتَلُوا (യുക്വ്-തലൂ) يُصْلَبُوا (യുസ്വ്‌ലബൂ) تُقْطَعَ (തുക്വ്-ത്വഅ) എന്നിങ്ങിനെ സാധാരണക്രിയാരൂപങ്ങള്‍ ഉപയോഗിക്കാതെ يُقَتَّلُوا، يُصَلَّبُوا، تُقَطَّعَ (യുക്വത്തലൂ, യുസ്വല്ലബൂ, തുക്വത്ത്വഅ) എന്നിങ്ങനെയാണ് ഈക്രിയകള്‍ അല്ലാഹു ഉപയോഗിച്ചിരിക്കുന്നത്. അവരെ കൊല്ലുകയും ക്രൂശിക്കുകയും, കൈകാല്‍ മുറിക്കുകയും ചെയ്യുന്നതില്‍ യാതൊരു വിട്ടുവീഴ്ചയും ദയയും അവരോട് കാണിക്കേണ്ടതില്ലെന്നും, ശിക്ഷാനടപടികള്‍ നിഷ്‌ക്കരുണം നടപ്പില്‍ വരുത്തണമെന്നുമാണ് ഈ ക്രിയാരൂപങ്ങള്‍ കാണിക്കുന്നത്. അല്ലാഹുവിനോടും റസൂലിനോടും പോരാടുക എന്നു പറഞ്ഞതിന്റെ താല്‍പര്യം, ധാര്‍മ്മിക വ്യവസ്ഥകള്‍ക്കെതിരെ അക്രമങ്ങളും സമരങ്ങളും നടത്തുക എന്നത്രെ. ഇസ്‌ലാമിക ഭരണത്തിനും, മുസ്‌ലിംകള്‍ക്കും എതിരെ നടത്തപ്പെടുന്ന അട്ടിമറി പ്രവര്‍ത്തനങ്ങളും, കൊള്ള, കൊല, കവര്‍ച്ച മുതലായ ഭീകരപ്രവര്‍ത്തനങ്ങളും നടത്തുന്ന എല്ലാവരുടെയും നേരെ ഭരണാധികാരികള്‍ കൈക്കൊള്ളേണ്ടുന്ന ശിക്ഷാനടപടികളെക്കുറിച്ചാണു ഈ വചനത്തില്‍ പ്രസ്താവിക്കുന്നത്. അവര്‍ മുസ്‌ലിമെന്നോ, അമുസ്‌ലിമെന്നോ, വ്യക്തിയെന്നോ, സംഘമെന്നോ, ഏതു കക്ഷിയെന്നോ ഉള്ള വ്യത്യാസം നോക്കേണ്ടതില്ല. തുരപ്പന്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന കപട വിശ്വാസികളെപ്പറ്റി സൂറത്തുല്‍ ബക്വറഃയില്‍ അല്ലാഹു പറയുന്നു: ‘അവന്‍ തിരിഞ്ഞു പോയാല്‍ ഭൂമിയില്‍ കുഴപ്പമുണ്ടാക്കുവാനും, വിളയും സന്തതിയും നശിപ്പിക്കുവാനും അവന്‍ അതില്‍ പരിശ്രമം നടത്തുകയായി. അല്ലാഹു കുഴപ്പത്തെ ഇഷ്ടപ്പെടുകയില്ലതാനും’ (2:205). കൊലപ്പെടുത്തുക, ക്രൂശിക്കുക, ഒരു വശത്തെ കയ്യും മറ്റേ വശത്തെ കാലും എന്ന നിലക്കു കൈകാലുകള്‍ മുറിക്കുക, നാടുകടത്തി വിടുക എന്നീ നാലില്‍ ഏതെങ്കിലും ഒരു ശിക്ഷാനടപടിയാണ് അവരുടെ നേരെ സ്വീകരിക്കപ്പെടേണ്ടതു എന്നു മാത്രമേ അല്ലാഹു ഇവിടെ വ്യക്തമാക്കിയിട്ടുള്ളൂ. ഇവയില്‍ ഇന്നിന്ന നടപടി ഇന്നിന്ന തരത്തിലുള്ളവര്‍ക്കാണെന്നു സൂചിപ്പിക്കപ്പെട്ടിട്ടില്ല. കുറ്റത്തിന്‍റെ സ്വഭാവവും, ഭരണാധികാരിയുടെ അഭിപ്രായവും അനുസരിച്ചു ഇവയില്‍ കൂടുതല്‍ യുക്തമായി തോന്നുന്ന നടപടി സ്വീകരിക്കാമെന്നാണ് ഇതില്‍ നിന്നു മനസ്സിലാക്കേണ്ടത്.
ഇതു സംബന്ധിച്ചു ഇബ്‌നു കഥീര്‍ (رحمه الله) അദ്ദേഹത്തിന്റെ തഫ്‌സീറില്‍ ചെയ്ത പ്രസ്താവനയുടെ ചുരുക്കം ഇപ്രകാരമാകുന്നു:- ‘ഈ ആയത്തിനെക്കുറിച്ചു ഇബ്‌നുഅബ്ബാസ് (رَضِيَ اللهُ تَعَالَى عَنْهُ) ല്‍ നിന്ന് ഉദ്ധരിച്ചുകൊണ്ട് അബൂത്വല്‍ഹത്ത് പറയുന്നു: ‘മുസ്‌ലിം സമൂഹത്തില്‍ ആരെങ്കിലും വന്ന് ആയുധമേന്തുകയും, വഴിപോക്കരെ ഭയപ്പെടുത്തുകയും ചെയ്യുന്നതായാല്‍ മുസ്‌ലിംകളുടെ ഭരണനേതാവിനു അവരെ പിടികിട്ടുന്ന പക്ഷം, അഭിപ്രായ സ്വാതന്ത്ര്യമുണ്ടായിരിക്കും. വേണമെങ്കില്‍ അവരെ കൊലപ്പെടുത്താം, വേണമെങ്കില്‍ ക്രൂശിക്കാം, വേണമെങ്കില്‍ കയ്യും കാലും മുറിക്കാം’ ഇപ്രകാരം തന്നെയാണു സഈദുബ്‌നുല്‍ മുസയ്യബ്, മുജാഹിദ്, അത്വാഉ് , ഹസന്‍ബസ്വരീ, ഇബ്‌റാഹീം നക്വ്ഈ, ദ്വഹഹാക്ക് (رحمهم الله) എന്നിവരും പറഞ്ഞിരിക്കുന്നത്. അവരില്‍ നിന്നുള്ള രിവായത്തുകളെല്ലാം ഇബ്‌നു ജരീര്‍ (رحمه الله) ഉദ്ധരിച്ചിട്ടുണ്ട്. ഇമാം മാലിക് (رحمه الله) ല്‍ നിന്നും അദ്ദേഹം അതുപോലെ ഉദ്ധരിച്ചിരിക്കുന്നു. ഈ വചനത്തിലുള്ള പോലെ أَوْ (അല്ലെങ്കില്‍) എന്ന അവ്യയം ചേര്‍ത്തു പറഞ്ഞിട്ടുള്ള (5:98, 2:196, 5:92 മുതലായ) ആയത്തുകളില്‍ പ്രസ്താവിക്കപ്പെട്ട കാര്യങ്ങള്‍ ഇഷ്ടംപോലെ ചെയ്‌വാന്‍ സ്വാതന്ത്ര്യമുണ്ടല്ലോ. അപ്പോള്‍, അതേ അവ്യയം ഉപയോഗിച്ചു പറഞ്ഞ ഇകാര്യങ്ങളിലും ഇഷ്ടം പോലെ തിരഞ്ഞെടുക്കുവാന്‍ സ്വാതന്ത്ര്യമുണ്ടായിരിക്കണം എന്നുള്ളതാണ് ഈ അഭിപ്രായത്തിനുള്ള പിന്‍ബലം. ഭൂരിപക്ഷം പണ്ഡിതന്മാരുടെയും അടുക്കല്‍ ഈ ശിക്ഷാനടപടികള്‍ ഓരോന്നും ഓരോ അവസരങ്ങളില്‍ സ്വീകരിക്കപ്പെടേണ്ടതാണ് എന്നത്രെ. അതായതു: ആളുകളെ കൊല്ലുകയും ധനം പിടിച്ചെടുക്കുകയും ചെയ്തിട്ടുള്ളവരെ കൊല്ലുകയും ക്രൂശിക്കുകയും വേണം. ധനം പിടിച്ചെടുത്തിട്ടില്ലെങ്കില്‍ കുരിശില്‍ കയറ്റേണ്ടതില്ല. ധനം എടുത്തു – കൊലചെയ്തിട്ടില്ല – എങ്കില്‍ കൈകാലുകള്‍ മുറിക്കണം. വഴിപോക്കരെ ഭീതിപ്പെടുത്തി – ധനം എടുത്തിട്ടില്ല – എങ്കില്‍ നാടു കടത്തണം എന്നൊക്കെ. മേല്‍ പ്രസ്താവിച്ച ചില മഹാന്മാരില്‍ നിന്നും, മുന്‍ഗാമികളായ വേറെ പലരില്‍ നിന്നും ഇങ്ങിനെ രിവായത്തുകള്‍ വന്നിട്ടുമുണ്ട്. കുരിശിലിടുന്നതു ജീവനോടെ ആകാമോ, അതല്ല മൃതദേഹം ജനങ്ങള്‍ കാണത്തക്കവിധം കുരിശില്‍ തൂക്കിയാല്‍ മതിയോ എന്നതിലും ഭിന്നാഭിപ്രായമുണ്ട്’. (اه . ابن كثير)
വിശദാംശങ്ങളില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ വളരെ അഭിപ്രായ വ്യത്യാസമുള്ള ഒരു വിഷയമാണിത്. ആയത്തിന്റെ വാചകരീതിയും മേല്‍കണ്ടതു പോലെയുള്ള പണ്ഡിതാഭിപ്രായങ്ങളും, ആ അഭിപ്രായങ്ങള്‍ക്കുള്ള ന്യായങ്ങളും എല്ലാം കൂടി പരിശോധിക്കുമ്പോള്‍ മനസ്സിലാകുന്നതു ഇതാണു: കുറ്റകൃത്യങ്ങളുടെ സ്വഭാവം കൂടി പരിഗണിച്ചുകൊണ്ട് ഭരണാധിപനു കൂടുതല്‍ അനുയോജ്യമായിക്കാണുന്ന നടപടി ഏതാണോ അതു സ്വീകരിക്കുവാന്‍ സ്വാതന്ത്ര്യമുണ്ടായിരിക്കും. വാസ്തവം അല്ലാഹുവിനറിയാം.
ഇതെല്ലാം കേവലം ഐഹികമായ ശിക്ഷകള്‍ മാത്രമാണ്. അത്തരം അക്രമപ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരെ അപമാനിക്കുകയും നിന്ദിക്കുകയുമാണതിന്റെ ലക്ഷ്യം. അഥവാ, മേലില്‍ അങ്ങിനെയുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുവാന്‍ അവര്‍ക്കോ മറ്റുള്ളവര്‍ക്കോ ധൈര്യം തോന്നാതിരിക്കുവാന്‍ വേണ്ടിയാണത്. ഇതുകൊണ്ടു പരലോക ശിക്ഷയില്‍ നിന്നു അവര്‍ക്കു ഒഴിവു ലഭിക്കുവാന്‍ പോകുന്നില്ല. അവിടെ വെച്ചു വമ്പിച്ച ശിക്ഷ ഇതിനു പുറമെ വേറെയും അവര്‍ അനുഭവിക്കേണ്ടി വരുമെന്നു അല്ലാഹു അറിയിക്കുന്നു. പക്ഷേ – അവര്‍ എന്തുതന്നെ അക്രമം നടത്തിയിരുന്നാലും – അവരെ പിടികൂടുവാന്‍ കഴിയുന്നതിനു മുമ്പായി അവര്‍ സ്വയം ഖേദിച്ചു മടങ്ങി കീഴടങ്ങുന്ന പക്ഷം, അവരുടെ മേല്‍ ശിക്ഷാനടപടിയെടുക്കേണ്ടതില്ലെന്നും, അല്ലാഹു അവര്‍ക്കു പൊറുത്തുകൊടുത്തേക്കുമെന്നും രണ്ടാമത്തെ വചനത്തില്‍ അറിയിക്കുന്നു. ആരെയും വൃഥാ ശിക്ഷിക്കണമെന്ന് അല്ലാഹുവിനു ഉദ്ദേശ്യമില്ലല്ലോ.
ജനായത്തം, അഭിപ്രായ സ്വാതന്ത്ര്യം എന്നൊക്കെ പേരു പറഞ്ഞുകൊണ്ടു നാട്ടില്‍ നടമാടിക്കൊണ്ടിരിക്കുന്ന കുഴപ്പങ്ങളെയും അക്രമ പ്രവര്‍ത്തനങ്ങളെയും രാഷ്ട്രീയമെന്നും അല്ലാത്തതെന്നും വേര്‍തിരിക്കുകയും, രാഷ്ട്രീയത്തിന്റെ പേരില്‍ നടത്തപ്പെടുന്ന കൊള്ള, കൊല മുതലായവക്കു ശിക്ഷയില്‍ ലഘൂകരണം നല്‍കപ്പെടുകയും ചെയ്യുന്ന സമ്പ്രദായം ഇന്നു മിക്ക നാടുകളിലും ഉള്ളതാണ്. ഇതുമൂലം പൊതുജനങ്ങള്‍ അനുഭവിക്കുന്ന കഷ്ടപ്പാടും നഷ്ടങ്ങളും ഇന്നു ആരെയും പറഞ്ഞറിയിക്കേണ്ടതില്ല. ഇസ്‌ലാമില്‍ ഇങ്ങിനെയൊരു വിഭജനമില്ല തന്നെ. ഈ വിഭജനത്തിനു യുക്തിയുടെയോ നീതിയുടെയോ ധാര്‍മ്മികതയുടെയോ പിന്‍ബലമില്ലാത്തതാണ്. കക്ഷികളുടെ അധികാര മോഹത്തില്‍നിന്നു മാത്രം ഉടലെടുത്ത ഒരു കിരാതനിയമം മാത്രമാണിത്.
‘രാഷ്ട്രീയമായി പുരോഗമിച്ച നാടുകള്‍’ എന്നു വിശേഷിപ്പിക്കപ്പെടുന്ന രാജ്യങ്ങളിലാണ് ഇത്തരം വികൃത നിയമങ്ങള്‍ അധികം കാണുന്നത്. അതിന്‍റെ ഫലമോ? ജനങ്ങളുടെ ജീവനും സ്വത്തിനും രക്ഷയില്ലാത്തവിധം അസമാധാനവും, നാട്ടില്‍ അരാജകത്വവും! മനുഷ്യ സ്വഭാവങ്ങളെക്കുറിച്ചു മനുഷ്യരെക്കാള്‍ അറിയുന്ന അല്ലാഹുവിന്റെ നിയമങ്ങള്‍ മാത്രമേ യഥാര്‍ത്ഥത്തില്‍ മനുഷ്യവംശത്തിന് ഇഹത്തിലും പരത്തിലും സമാധാനം നല്‍കുകയുള്ളൂ.
ഈ വചനത്തില്‍ പ്രസ്താവിച്ച ശിക്ഷാ നടപടി എടുക്കേണ്ടി വന്ന ഒരു സന്ദര്‍ഭം നബി തിരുമേനി (സ.അ) യുടെ കാലത്തുണ്ടായി. ഉക്ല്‍, ഉറയ്‌നഃ: (عُكْل أَوْ عُرَيْنَةَ) എന്നീ ഗോത്രങ്ങളില്‍പെട്ട ഒരു സംഘം ആളുകള്‍ റസൂല്‍ (صَلَّى اللّٰهُ عَلَيْهِ وَسَلَّم) തിരുമേനിയുടെ അടുക്കല്‍ വന്ന് ഇസ്‌ലാം സ്വീകരിച്ചു. അവര്‍ ആരോഗ്യമില്ലാത്തവരായിരുന്നു. വയറ് തടിക്കുകയും ശരീരം മഞ്ഞ വര്‍ണ്ണമായിത്തീരുകയും ചെയ്തിരുന്നു. അവര്‍ക്കു മദീനയിലെ പ്രകൃതി പിടിക്കാതായപ്പോള്‍, അവരോടു ‘ബൈത്തുല്‍മാല്‍’ (പൊതുഭണ്ഡാരം) വക ഒട്ടകങ്ങളെ മേക്കുന്ന ഇടയന്റെ ഒന്നിച്ചു വെളിയില്‍ പോയി താമസിക്കുവാനും (ഭക്ഷണത്തിനു) അവയുടെ പാലും (ചികിത്സക്കു) അവയുടെ മൂത്രവും ഉപയോഗിച്ചു കൊള്ളുവാനും നബി (صَلَّى اللّٰهُ عَلَيْهِ وَسَلَّم) കല്‍പിച്ചു. അങ്ങനെ, അവിടെവെച്ച് അവരുടെ ആരോഗ്യനില നന്നായിത്തീര്‍ന്നപ്പോള്‍, അവര്‍ നബി (صَلَّى اللّٰهُ عَلَيْهِ وَسَلَّم) യുടെ മേക്കാരനെ മൃഗീയമാംവിധം കൊല്ലുകയും, ഒട്ടകങ്ങളുമായി കടന്നുകളയുകയും ചെയ്തു. വിവരമറിഞ്ഞപ്പോള്‍ അവരെ തിരഞ്ഞു പിടിക്കുവാന്‍ നബി (صَلَّى اللّٰهُ عَلَيْهِ وَسَلَّم) ആളയച്ചു. കണ്ടുകിട്ടിയ ശേഷം അവരുടെ കൈകാലുകള്‍ മുറിക്കുവാനും കണ്ണുകുത്തുവാനും നബി (صَلَّى اللّٰهُ عَلَيْهِ وَسَلَّم) കല്‍പിച്ചു. അങ്ങനെ അവര്‍ വെയിലത്തു കിടന്നു ചാവുകയാണുണ്ടായത്. ഈ സംഭവം പ്രധാനപ്പെട്ട ഹദീഥു ഗ്രന്ഥങ്ങളിലെല്ലാം ഉദ്ധരിച്ചിട്ടുള്ളതാണ്. അംഗഛേദം ചെയ്തുകൊല്ലുന്നതും, കൊല്ലപ്പെട്ട ശരീരത്തെ അംഗഭംഗം വരുത്തുന്നതും നബി (صَلَّى اللّٰهُ عَلَيْهِ وَسَلَّم) വിരോധിച്ചിട്ടുള്ളതു പ്രസിദ്ധമാകുന്നു. എന്നാല്‍ അവരോടു ഇത്രയും നിഷ്‌കരുണം പെരുമാറുവാന്‍ കാരണം, അവര്‍ ചെയ്ത നന്ദികേടോ, വിശ്വാസവഞ്ചനയോ അല്ല. അവര്‍ നബി (صَلَّى اللّٰهُ عَلَيْهِ وَسَلَّم) യുടെ ഇടയനെ കൈകാലുകള്‍ മുറിക്കുകയും, കണ്ണുകുത്തുകയും ചെയ്തുകൊണ്ടാണു കൊലപ്പെടുത്തിയിരുന്നത്. ഇതാണതിനു കാരണമെന്നു ഹദീഥിന്റെ ചില മാര്‍ഗ്ഗങ്ങളില്‍ വ്യക്തമാക്കപ്പെട്ടിരിക്കുന്നു.