മാഇദഃ (ഭക്ഷണത്തളിക)
മദീനായില്‍ അവതരിച്ചതു – വചനങ്ങള്‍ 123 – വിഭാഗം (റുകുഉ്) 16

بِسْمِ اللَّـهِ الرَّ‌حْمَـٰنِ الرَّ‌حِيمِ

പരമ കാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍

വിഭാഗം - 1

ഒരു ഭക്ഷണത്തളികയെകുറിച്ചു 115-ാം വചനത്തില്‍ പ്രസ്താവിക്കുന്നുണ്ട്. അതുകൊണ്ടാണ് ഈ സൂറത്തിനു ഭക്ഷണത്തളിക എന്നര്‍ത്ഥമായ ‘മാഇദഃ’ (المائدة) എന്നു പേര്‍ വന്നത്. കൂടാതെ العقود (കരാറുബന്ധങ്ങള്‍) എന്നും ഇതിനു പേരു പറയപ്പെട്ടിട്ടുണ്ട്. പലതരം കരാറു ബന്ധങ്ങളെക്കുറിച്ചും ഈ സൂറത്തില്‍ വിവരിക്കപ്പെട്ടിട്ടുള്ളതിനു പുറമെ ഇതിന്റെ തുടക്കംതന്നെ കരാറു ബന്ധങ്ങളെ നിറവേറ്റണമെന്നു കല്‍പിച്ചുകൊണ്ടുമാകുന്നു. ഹുദൈബിയ്യാ സന്ധി കഴിഞ്ഞു അധികം താമസിയാതെയാണ് ഈ സൂറത്തിന്റെ അവതരണമുണ്ടായത് എന്നത്രെ മനസ്സിലാകുന്നത്. الّله أعلم

വിവിധ തുറകളിലുള്ള ഒട്ടധികം മതനിയമങ്ങള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്. മറ്റു സൂറത്തുകളില്‍ സ്പര്‍ശിക്കപ്പെട്ടിട്ടില്ലാത്ത ചില നിയമങ്ങളും ഇതില്‍ കാണാം. കഴിഞ്ഞ സൂറത്തിന്‍റെ ആരംഭം يَا أَيُّهَا النَّاسُ (ഹേ, മനുഷ്യരേ) എന്ന സംബോധനയോടു കൂടിയായിരുന്നു. ഒന്നിലധികം സ്ഥലങ്ങളില്‍ അതു ആവര്‍ത്തിക്കപ്പെട്ടിട്ടുമുണ്ട് .ഇതിന്റെ തുടക്കം يَا أَيُّهَا الَّذِينَ آمَنُوا (ഹേ, വിശ്വസിച്ചവരേ) എന്നു വിളിച്ചു കൊണ്ടാകുന്നു. ഈ വിളി പല പ്രാവശ്യം ഇതില്‍ ആവര്‍ത്തിക്കപ്പെട്ടും കാണാം. ഇസ്‌ലാമിനു പ്രചാരം വര്‍ദ്ധിക്കുകയും, പല പ്രദേശങ്ങളും ഇസ്‌ലാമിക പ്രദേശങ്ങളായി മാറുകയും ചെയ്ത അവസരത്തിലാണ് ഇതിന്റെ അവതരണം എന്ന് ഇതു സൂചിപ്പിക്കുന്നു. والّله أعلم


(*) വചനങ്ങള്‍ 120 എന്നും എണ്ണപ്പെട്ടിട്ടുണ്ട്. എണ്ണം കണക്കാക്കുന്നതില്‍ അഭിപ്രായ വ്യത്യാസം ഉണ്ടാകുവാന്‍ കാരണം മുഖവുരയില്‍ പ്രസ്താവിച്ചിട്ടുണ്ട്.

5:1
  • يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ أَوْفُوا۟ بِٱلْعُقُودِ ﴾١﴿
  • ഹേ, വിശ്വസിച്ചവരേ, നിങ്ങള്‍ കരാറു ബന്ധങ്ങളെ (പാലിച്ചു) നിറവേറ്റുവിന്‍.
  • يَا أَيُّهَا الَّذِينَ آمَنُوا ഹേ വിശ്വസിച്ചവരേ أَوْفُوا നിങ്ങള്‍ നിറവേറ്റുവിന്‍, നിര്‍വ്വഹിക്കുവിന്‍ بِالْعُقُودِ കരാറുബന്ധങ്ങളെ, ഇടപാടുബന്ധങ്ങളെ

വ്യവസ്ഥകള്‍ പാലിക്കപ്പെടുവാന്‍ ബാധ്യസ്ഥമായ എല്ലാ കരാറു ബന്ധങ്ങളും യഥാവിധി പാലിക്കണമെന്നു സത്യവിശ്വാസികളോടു അല്ലാഹു കല്‍പിക്കുകയാണ്. സത്യവിശ്വാസം സ്വീകരിച്ചവരെന്ന നിലക്ക് അല്ലാഹുവിനോടു ബാധ്യതയുള്ള കാര്യങ്ങളും, വിവാഹസംബന്ധമോ മുതലിടപാടു സംബന്ധമോ ആയ നിശ്ചയങ്ങള്‍, സന്ധി, സഖ്യം മുതലായവ സംബന്ധിച്ച വ്യവസ്ഥകള്‍ എന്നിങ്ങനെ മനുഷ്യര്‍ തമ്മതമ്മില്‍ നിര്‍വ്വഹിക്കേണ്ടുന്ന എല്ലാതരം ഇടപാടുകളും ഇതില്‍ ഉള്‍പ്പെടുന്നു. വിശ്വസിച്ചവരേ എന്നു വിളിച്ചുകൊണ്ടുള്ള ഈ കല്പനയില്‍, വിശ്വാസികളായ നിങ്ങള്‍ മറ്റുള്ളവരേക്കാള്‍ അതിനു കടമപ്പെട്ടവരാകുന്നുവെന്നുള്ള ഒരു സൂചനകൂടി കാണാവുന്നതാണ്.

5:2
  • أُحِلَّتْ لَكُم بَهِيمَةُ ٱلْأَنْعَٰمِ إِلَّا مَا يُتْلَىٰ عَلَيْكُمْ غَيْرَ مُحِلِّى ٱلصَّيْدِ وَأَنتُمْ حُرُمٌ ۗ إِنَّ ٱللَّهَ يَحْكُمُ مَا يُرِيدُ ﴾٢﴿
  • നിങ്ങള്‍ക്കു (വഴിയെ) ഓതിക്കേള്‍പ്പിക്കപ്പെടുന്നതൊഴിച്ച് (മറ്റുള്ള) കന്നുകാലി ജന്തുക്കള്‍ നിങ്ങള്‍ക്കു അനുവദിക്കപ്പെട്ടിരിക്കുന്നു; നിങ്ങള്‍ 'ഇഹ്‌റാമി'ല്‍ പ്രവേശിച്ചവരായും കൊണ്ടു വേട്ടയാടല്‍ അനുവദനീയമാക്കുന്നവരല്ലാത്ത നിലയില്‍. [അതനുവദനീയമാക്കിക്കൊണ്ടു പാടില്ല.] നിശ്ചയമായും അല്ലാഹു, അവന്‍ ഉദ്ദേശിക്കുന്നതു വിധിക്കുന്നതാണ്.
  • أُحِلَّتْ ഹലാല്‍ (അനുവദനീയം) ആക്കപ്പെട്ടിരിക്കുന്നു لَكُم നിങ്ങള്‍ക്കു بَهِيمَةُ കാലിജന്തുക്കള്‍, മിണ്ടാജീവികള്‍ الْأَنْعَامِ ആടുമാടൊട്ടകങ്ങളിലെ, നാല്‍ക്കാലികളാകുന്ന إِلَّا مَا يُتْلَىٰ ഓതിക്കേള്‍പിക്കപ്പെടുന്നതൊഴികെ عَلَيْكُمْ നിങ്ങള്‍ക്കു, നിങ്ങളുടെ മേല്‍ غَيْرَ مُحِلِّي അനുവദനീയമാക്കുന്നവരല്ലാത്ത നിലയില്‍ الصَّيْدِ വേട്ടയാടലിനെ وَأَنتُمْ നിങ്ങള്‍, നിങ്ങളാകട്ടെ حُرُمٌ ഇഹ്റാം ചെയ്തവരാകുന്നു (താനും) إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു يَحْكُمُ അവന്‍ വിധിക്കും مَا يُرِيدُ അവന്‍ ഉദ്ദേശിക്കുന്നതു

ഒട്ടകം, ആട്, മാട് എന്നീ കാലി ജന്തുക്കളില്‍ നിന്നു താഴെ നിങ്ങള്‍ക്കു ഓതിക്കേള്‍പ്പിച്ചു വിവരിച്ചു തരുന്നവ ഒഴിച്ചു ബാക്കിയെല്ലാം നിങ്ങള്‍ക്കു ഭക്ഷിക്കല്‍ അനുവദനീയമാക്കിത്തന്നിരിക്കുന്നു. പക്ഷെ, ഹജ്ജിനോ ഉംറക്കോ വേണ്ടി ‘ഇഹ്‌റാമി’ല്‍ പ്രവേശിച്ചിട്ടുള്ള അവസരത്തില്‍ വേട്ടയാടുകയോ, പിടിച്ചു തിന്നുകയോ ചെയ്യുന്നതു അനുവദനീയമാണെന്നു കരുതരുത്. അതു പാടില്ലാത്തതാകുന്നു. ഇഹ്‌റാമില്‍ പ്രവേശിക്കാത്തവരെക്കുറിച്ചാണു അനുവദനീയമാക്കപ്പെട്ടിരിക്കുന്നത് എന്നു സാരം.

بَهِيمَةُ (ബഹീമത്തു) എന്ന വാക്കു മിണ്ടാജീവികളായ എല്ലാറ്റിനും പറയപ്പെടാമെങ്കിലും കാട്ടുജീവികളും പറവകളുമല്ലാത്ത ജന്തുക്കള്‍, നാല്‍ക്കാലി മൃഗങ്ങള്‍ എന്നീ ഉദ്ദേശത്തിലാണതു സാധാരണ ഉപയോഗിക്കപ്പെടാറുള്ളത്. أَنْعَام (അന്‍ആം) എന്ന വാക്കു ആട്, മാട്, ഒട്ടകം എന്നീ മൃഗങ്ങളിലാണു പൊതുവെ ഉപയോഗിക്കുന്നത്. ചിലപ്പോള്‍ ഒട്ടകത്തെ മാത്രം ഉദ്ദേശിച്ചും പറയപ്പെടും. മലയാളക്കാര്‍ കാലികള്‍ എന്നും ‘നാല്‍കാലികള്‍’ എന്നും പറഞ്ഞു വരാറുള്ളതിന്റെ സ്ഥാനത്തു അറബികള്‍ ആ വാക്കു ഉപയോഗിക്കുന്നു. നമ്മുടെ നാട്ടില്‍ ഒട്ടകമില്ലാത്തതു കൊണ്ടു ആടുമാടുകളെ ഉദ്ദേശിച്ചാണല്ലോ നാം ആ വാക്കു ഉപയോഗിക്കാറുള്ളത്. അറബികളുടെ പ്രധാന കാലിസമ്പത്തു ഒട്ടകമായതുകൊണ്ട് അവിടെ ഒട്ടകത്തിനു പ്രത്യേക സ്ഥാനം കല്‍പിക്കപ്പെടുക സ്വാഭാവികമാണ്. مَا يُتْلَىٰ عَلَيْكُمْ (നിങ്ങള്‍ക്കു ഓതിക്കേള്‍പ്പിക്കപ്പെടുന്നതു) കൊണ്ടുദ്ദേശ്യം അടുത്ത 4-ാം വചനത്തില്‍ വിവരിക്കപ്പെട്ട വസ്തുക്കളാണെന്നുള്ളതില്‍ ക്വുര്‍ആന്‍ വ്യാഖ്യാതാക്കള്‍ മുഴുവനും യോജിച്ചിരിക്കുന്നു. (*). ഹജ്ജിനോ, ഉംറഃക്കോ, രണ്ടിനും കൂടിയോ ഔപചാരികമായി പ്രവേശിച്ചവര്‍ – അഥവാ ഇഹ്‌റാമില്‍ പ്രവേശിച്ചവര്‍ – എന്നത്രെ حُرُمٌ (ഹുറുമുന്‍) എന്ന വാക്കുകൊണ്ടു വിവക്ഷ. ഈ പ്രവേശനത്തോടുകൂടി വാസനദ്രവ്യം ഉപയോഗിക്കല്‍, വിവാഹസംബന്ധമായ കാര്യങ്ങള്‍, വേട്ടയാടല്‍, വേട്ടയാടിയത് ഭക്ഷിക്കല്‍, പുരുഷന്മാര്‍ തലമറക്കല്‍ മുതലായ പല കാര്യങ്ങളും നിഷിദ്ധമാകുന്നു. അതുകൊണ്ടാണു ഇതിനു إحرام (ഇഹ്‌റാം – ഹറാമാക്കിത്തീര്‍ക്കല്‍) എന്നു പറയുന്നതു. ഇഹ്‌റാമില്‍ പ്രവേശിച്ചവര്‍ വേട്ടയാടുന്നതിനെപ്പറ്റി താഴെ 98-ാം വചനത്തില്‍ വിവരിക്കുന്നുമുണ്ട്. ഇഹ്‌റാമില്‍ പ്രവേശിച്ചവര്‍ വേട്ടയാടുന്ന പക്ഷം അവര്‍ അതിനെ അനുവദനീയമാക്കുന്ന ഒരു പ്രതീതി ഉളവാകുമല്ലോ. അതുകൊണ്ടാണ് غَيْرَ مُحِلِّي الصَّيْدِ (വേട്ടയാടല്‍ അനുവദനീയമാക്കിയവരല്ലാതെ) എന്നു പറഞ്ഞത്.


(*) كما فى الرازي وغيره


إِنَّ اللَّهَ يَحْكُمُ مَا يُرِيدُ (അല്ലാഹു അവന്‍ ഉദ്ദേശിക്കുന്നതു വിധിക്കും) എന്ന വാക്യം വളരെ അര്‍ത്ഥവത്തും ശ്രദ്ധേയവുമാകുന്നു. യുക്തി താല്‍പര്യങ്ങളെയോ മറ്റോ അടിസ്ഥാനമാക്കികൊണ്ട് അല്ലാഹുവിന്റെ വിധിവിലക്കുകളിലും നിയമനിര്‍ദ്ദേശങ്ങളിലും വിമര്‍ശനം നടത്തുന്ന ആളുകള്‍ ഇതുപോലെയുള്ള ക്വുര്‍ആന്‍ വാക്യങ്ങള്‍ പ്രത്യേകം ഓര്‍മ്മ വെക്കേണ്ടതാകുന്നു. ഇന്നിന്ന കാര്യം എന്തുകൊണ്ടു വിരോധിച്ചു, അല്ലെങ്കില്‍ കല്‍പിച്ചു, എന്തു കൊണ്ടു ഇന്നിന്ന പ്രകാരം നിയമിച്ചില്ല എന്നൊന്നും ആര്‍ക്കും ചോദ്യം ചെയ്‌വാന്‍ അവകാശമില്ലെന്നാണതു കുറിക്കുന്നതു. അഖിലാണ്ഡ വസ്തുക്കളും അവന്റേതാണ്. അവയുടെ നിയന്ത്രണാധികാരവും അവനു തന്നെ. ചെറുതും വലുതുമെന്നോ, ഭൂത -വര്‍ത്തമാന- ഭാവിയെന്നോ വ്യത്യാസമില്ലാതെ എല്ലാ കാര്യവും അറിയുന്നവനാണവന്‍. മനുഷ്യന്‍ എത്ര തന്നെ പുരോഗമിച്ചാലും അവന്‍ സര്‍വ്വജ്ഞനോ, ഭാവിയെക്കുറിച്ചു അറിയുന്നവനോ ആകുന്നതല്ല. മനുഷ്യരുടെ പൊതുനന്മ ഏതിലാണെന്നുള്ള സൂക്ഷ്മജ്ഞാനവും അല്ലാഹുവിനു മാത്രമേയുള്ളൂ. എന്നിരിക്കെ, അല്ലാഹുവിന്റെ വിധി നിയമങ്ങളെക്കുറിച്ചു ചോദ്യം ചെയ്‌വാന്‍ മനുഷ്യനു എന്താണു അര്‍ഹതയുള്ളതു?! അല്ലാഹു എന്തു കല്‍പിച്ചുവോ, എന്തു വിരോധിച്ചുവോ അതിലായിരിക്കും – അതില്‍ മാത്രമായിരിക്കും – നീതിയും യുക്തിയും, മനുഷ്യന്റെ നന്മയും അതില്‍ തന്നെയായിരിക്കും – നിശ്ചയം. അതിലടങ്ങിയ യുക്തി രഹസ്യങ്ങള്‍ കഴിവതും ആരാഞ്ഞറിയുവാന്‍ ശ്രമിക്കുകയാണു മനുഷ്യന്‍ ചെയ്യേണ്ടത്.

5:3
  • يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ لَا تُحِلُّوا۟ شَعَـٰٓئِرَ ٱللَّهِ وَلَا ٱلشَّهْرَ ٱلْحَرَامَ وَلَا ٱلْهَدْىَ وَلَا ٱلْقَلَـٰٓئِدَ وَلَآ ءَآمِّينَ ٱلْبَيْتَ ٱلْحَرَامَ يَبْتَغُونَ فَضْلًا مِّن رَّبِّهِمْ وَرِضْوَٰنًا ۚ وَإِذَا حَلَلْتُمْ فَٱصْطَادُوا۟ ۚ وَلَا يَجْرِمَنَّكُمْ شَنَـَٔانُ قَوْمٍ أَن صَدُّوكُمْ عَنِ ٱلْمَسْجِدِ ٱلْحَرَامِ أَن تَعْتَدُوا۟ ۘ وَتَعَاوَنُوا۟ عَلَى ٱلْبِرِّ وَٱلتَّقْوَىٰ ۖ وَلَا تَعَاوَنُوا۟ عَلَى ٱلْإِثْمِ وَٱلْعُدْوَٰنِ ۚ وَٱتَّقُوا۟ ٱللَّهَ ۖ إِنَّ ٱللَّهَ شَدِيدُ ٱلْعِقَابِ ﴾٣﴿
  • ഹേ, വിശ്വസിച്ചവരേ, അല്ലാഹുവിന്റെ [മത] ചിഹ്നങ്ങളെ നിങ്ങള്‍ അനുവദനീയമാ(ക്കി അനാദരി)ക്കരുത്; 'ഹറാമാ'യ [അലംഘനീയ] മാസത്തെയും അരുതു, (കഅ്ബയുടെ അടുക്കലേക്കു) ബലിക്കായി കൊണ്ടു പോകുന്ന മൃഗങ്ങളെയും അരുതു, (അവയുടെ) കഴുത്തില്‍ തൂക്കപ്പെട്ട (അടയാള) വസ്തുക്കളെയും അരുതു; തങ്ങളുടെ റബ്ബിങ്കല്‍ നിന്നുള്ള അനുഗ്രഹവും പ്രീതിയും തേടിക്കൊണ്ട് 'ബൈതുല്‍ ഹറാമി'നെ [അലംഘനീയ മന്ദിരത്തെ] ഉന്നം വെച്ചു പോകുന്നവരെയും അരുത്. നിങ്ങള്‍ 'ഹലാലാ'യാല്‍ [ഇഹ്റാമില്‍ നിന്നു ഒഴിവായാല്‍] നിങ്ങളെ വേട്ടയാടിക്കൊള്ളുക. ഒരു ജനതയോടുള്ള അമര്‍ഷം - അവര്‍ 'മസ്ജിദുല്‍ ഹറാമി'ല്‍ [അലംഘനീയമായ പള്ളിയില്‍] നിന്നു നിങ്ങളെ തടഞ്ഞുവെച്ചുവെന്നതിനാല്‍ - അതിക്രമം പ്രവര്‍ത്തിക്കുവാന്‍ നിശ്ചയമായും നിങ്ങളെ പ്രേരിപ്പിക്കുകയും ചെയ്യരുത്. പുണ്യത്തിലും, ഭയഭക്തിയിലും നിങ്ങള്‍ പരസ്പരം സഹായിക്കുകയും ചെയ്യുവിന്‍; കുറ്റത്തിലും, അതിക്രമത്തിലും നിങ്ങള്‍ പരസ്പരം സഹായിക്കുകയും അരുതു; അല്ലാഹുവിനെ നിങ്ങള്‍ സൂക്ഷിക്കുകയും ചെയ്യുവിന്‍. നിശ്ചയമായും, അല്ലാഹു ശിക്ഷാ നടപടി കഠിനമായുള്ളവനാണ്.
  • يَا أَيُّهَا الَّذِينَ آمَنُوا ഹേ വിശ്വസിച്ചവരേ لَا تُحِلُّوا നിങ്ങള്‍ അനുവദനീയമാക്കരുതു (അനാദരിക്കരുതു) شَعَائِرَ اللَّـهِ അല്ലാഹുവിന്റെ ചിഹ്നങ്ങളെ, അടയാളങ്ങളെ وَلَا الشَّهْرَ മാസത്തെയും അരുത് الْحَرَامَ ഹറാമായ, അലംഘനീയ وَلَا الْهَدْيَ ബലി(ക്കു കൊണ്ടു പോകുന്ന) മൃഗത്തെയും അരുതു وَلَا الْقَلَائِدَ കഴുത്തില്‍ തൂക്കിയിടുന്നവയെ (കണ്ഠാഭരണങ്ങളെ)യും അരുതു وَلَا آمِّينَ കരുതി (ഉന്നംവെച്ചു)പ്പോകുന്നവരെയും അരുതു الْبَيْتَ الْحَرَامَ ഹറാമായ വീട്ടിനെ, അലംഘനീയ മന്ദിരത്തെ يَبْتَغُونَ (അവര്‍) തേടിക്കൊണ്ടു فَضْلًا അനുഗ്രഹം, ദയവു مِّن رَّبِّهِمْ തങ്ങളുടെ റബ്ബിങ്കല്‍ നിന്നു وَرِضْوَانًا പ്രീതിയും, പൊരുത്തപ്പാടും وَإِذَا حَلَلْتُمْ നിങ്ങള്‍ ഹലാലായാല്‍, ഇഹ്റാം അഴിച്ചാല്‍ فَاصْطَادُوا അപ്പോള്‍ വേട്ടയാടിക്കൊള്ളുവിന്‍ وَلَا يَجْرِمَنَّكُمْ നിശ്ചയമായും നിങ്ങളെ പ്രേരിപ്പിക്കയും ചെയ്യരുതു شَنَآنُ ഈര്‍ഷ്യത, അമര്‍ഷം قَوْمٍ ഒരു ജനതയുടെ (ജനതയോടുള്ള) أَن صَدُّوكُمْ അവര്‍ നിങ്ങളെ തടഞ്ഞതിനാല്‍ عَنِ الْمَسْجِدِ പള്ളിയില്‍ നിന്നു الْحَرَامِ ഹറാമായ, അലംഘനീയ أَن تَعْتَدُوا നിങ്ങള്‍ അതിക്രമം ചെയ്‌വാന്‍, ക്രമം തെറ്റുന്നതിന്നു وَتَعَاوَنُوا നിങ്ങള്‍ പരസ്പരം സഹായിക്കയും ചെയ്യുവിന്‍ عَلَى الْبِرِّ പുണ്യത്തില്‍, നല്ല കാര്യത്തിന്നു وَالتَّقْوَىٰ ഭയഭക്തിയിലും, സൂക്ഷ്മതക്കും وَلَا تَعَاوَنُوا നിങ്ങള്‍ പരസ്പരം സഹായിക്കുകയും അരുത് عَلَى الْإِثْمِ കുറ്റത്തില്‍, പാപത്തിനു وَالْعُدْوَانِ അതിക്രമത്തിലും, ക്രമം തെറ്റുന്നതിനും وَاتَّقُوا സൂക്ഷിക്കുകയും ചെയ്യുവിന്‍ اللَّـهَ അല്ലാഹുവിനെ إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു شَدِيدُ കഠിനമായവനാണു الْعِقَابِ ശിക്ഷാനടപടി

ح ر م (ഹാഉ്, റാഉ്, മീം) എന്നീ അക്ഷരങ്ങള്‍ ഉള്‍ക്കൊള്ളുന്ന ധാതുവില്‍നിന്നു ഉത്ഭവിക്കുന്ന പദങ്ങളില്‍, ഏതെങ്കിലും തരത്തിലുള്ള ഒരു മുടക്കിന്റെ – അഥവാ തടസ്സത്തിന്റെ- അര്‍ത്ഥം അടങ്ങിയിരിക്കും. മുടക്കപ്പെട്ട വസ്തുവിന്റെ ദോഷത്തില്‍ നിന്നും കൊള്ളരുതായ്മയില്‍നിന്നും ഉത്ഭവിക്കുന്നതോ, അല്ലെങ്കില്‍ അതിന്റെ പവിത്രതയില്‍നിന്നും ആദരണീയതയില്‍നിന്നും ഉത്ഭവിക്കുന്നതോ ആയിരിക്കാം ആ മുടക്കം. അതുകൊണ്ടാണു കളവു, വ്യഭിചാരം പോലെയുള്ള കാര്യങ്ങളെയും, കളവു മുതല്‍, പന്നിമാംസം പോലെയുള്ള വസ്തുക്കളെയും സംബന്ധിച്ചു حَرَام (ഹറാം) എന്നു പറയുമ്പോള്‍ അതിനു ‘നിഷിദ്ധം, വിരോധം’ എന്നിങ്ങനെയും, ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യപ്പെടേണ്ടുന്ന കാര്യങ്ങളെയോ വസ്തുക്കളെയോ സംബന്ധിച്ചു അതേ വാക്കു പറയുമ്പോള്‍ ‘അലംഘനീയം, പവിത്രം’ എന്നിങ്ങിനെയും അര്‍ത്ഥം കല്‍പിക്കപ്പെടുന്നത്. حُرمَة (ഹുര്‍മത്ത്) എന്ന വാക്കിനും ഇതു പോലെ സമയോചിതം ‘നിഷിദ്ധത’ എന്നും ‘അലംഘനീയത’ എന്നും അര്‍ത്ഥം വരും. حرّم (ഹര്‍റമ) എന്ന ക്രിയക്കും ‘നിഷിദ്ധമാക്കി’ എന്നും ‘അലംഘനീയമാക്കി’ എന്നിങ്ങനെയും അര്‍ത്ഥം മാറി വരും.

ഈ ധാതുവില്‍ നിന്നുള്ള പദങ്ങളുടെ വിപരീതാര്‍ത്ഥങ്ങളില്‍ ഉപയോഗിക്കപ്പെടാറുള്ള പദങ്ങളാണ് ح ل ل (ഹാഉ്, ലാം, ലാം) എന്ന ധാതുവില്‍ നിന്നുള്ള حَلَّلَ، حِلّ، حَلَال (ഹല്ലല, ഹില്ല്, ഹലാല്‍) മുതലായവ. ആ നിലക്ക് ഇവക്ക് ‘അനുവദനീയം, അനാദരവു, അനുവദനീയമാക്കി, അനാദരിച്ചു’ എന്നിങ്ങിനെയും സന്ദര്‍ഭോചിതം അര്‍ത്ഥം കല്‍പ്പിക്കപ്പെടുന്നു. ഇവയുടെ ധാതുപരമായ അര്‍ത്ഥമാകട്ടെ ‘കെട്ടഴിക്കുക’, ‘ഇറങ്ങി വരുക’ എന്നൊക്കെയാകുന്നു. (കൂടുതല്‍ വിശദമായി അറിയുവാനാഗ്രഹിക്കുന്നവര്‍ അറബി നിഘണ്ടുക്കളെ ആശ്രയിക്കേണ്ടതാകുന്നു. ഈ വാക്കുകള്‍ ക്വുര്‍ആനിലും ഹദീഥിലും ഇസ്‌ലാമിക ഗ്രന്ഥങ്ങളിലും സാധാരണ വരാറുള്ളതാകകൊണ്ടു സന്ദര്‍ഭങ്ങള്‍ നോക്കി അവയുടെ ആശയം ഗ്രഹിക്കുവാന്‍ സഹായകമായ ഒരു സൂചന നല്‍കലാണ് ഇവിടെ ഉദ്ദേശിക്കുന്നതു.)

സത്യവിശ്വാസികള്‍ അനാദരിക്കുവാന്‍ പാടില്ലാത്ത – അഥവാ അവര്‍ പവിത്രമായി കരുതി ആദരിച്ചു പോരേണ്ടുന്ന – അഞ്ചു കാര്യങ്ങളെയാണ് അല്ലാഹു ഈ വചനത്തില്‍ എടുത്തു കാട്ടിയിരിക്കുന്നത്.

(1) شَعَائِرَ اللَّـهِ (അല്ലാഹുവിന്റെ ചിഹ്നങ്ങള്‍) ഇസ്‌ലാമിന്റെ പ്രത്യേക അടയാളമായി കരുതപ്പെടുന്ന എല്ലാ കാര്യങ്ങള്‍ക്കും വസ്തുക്കള്‍ക്കും പൊതുവില്‍ ഉപയോഗിക്കപ്പെടുന്ന ഒരു വാക്കാണിതു. ഏതെങ്കിലും ഒരു മതത്തിന്റെയോ, സംഘടനയുടെയോ, സംസ്‌കാരത്തിന്റെയോ പ്രത്യേക അടയാളമായി കണക്കാക്കപ്പെടുന്നതെല്ലാം അതിന്റെ شَعَائِر (ചിഹ്നങ്ങള്‍) ആകുന്നു. ഹജ്ജു – ഉംറഃ കര്‍മ്മങ്ങളോടും, മക്കാ ഹറമിനോടും ബന്ധപ്പെട്ട ചിഹ്നങ്ങളാണ് ഇവിടെ പ്രധാനമായും ഉദ്ദേശ്യമെന്നു സന്ദര്‍ഭംകൊണ്ടു മനസ്സിലാക്കാം. അതാതില്‍ പാലിക്കപ്പെടേണ്ടുന്ന മര്യാദകളും ആദരവും ലംഘിക്കാതെ അതിന്റെ പവിത്രത സൂക്ഷിക്കല്‍ നിര്‍ബന്ധമാണെന്നു ചുരുക്കത്തില്‍ പറയാം. അല്ലാഹു പറയുന്നു:

وَمَن يُعَظِّمْ شَعَائِرَ اللَّهِ فَإِنَّهَا مِن تَقْوَى الْقُلُوبِ – سورة الحج

(ആരെങ്കിലും അല്ലാഹുവിന്റെ ചിഹ്നങ്ങളെ ബഹുമാനിക്കുന്ന പക്ഷം, നിശ്ചയമായും അതു ഹൃദയങ്ങളുടെ ഭയഭക്തിയില്‍ നിന്നുള്ളതാകുന്നു. (സൂ:ഹജ്ജ് 32). ചിഹ്നങ്ങളെക്കുറിച്ച് ആ വചനത്തിന്റെ വ്യാഖ്യാനം നോക്കുക. ഏതെങ്കിലും ഒരു മതത്തിന്റെയോ ഭരണകൂടത്തിന്റെയോ മറ്റോ നിയമങ്ങളെ ലംഘിക്കുന്നതിനെക്കാള്‍ ഗൗരവപ്പെട്ട ഒരു കുറ്റമായിട്ടാണ് അതിന്റെ ചിഹ്നങ്ങളെ അനാദരിക്കല്‍ കണക്കാക്കപ്പെടുക. ഇസ്‌ലാമിലും അതങ്ങിനെത്തന്നെ. ചിഹ്നത്തെ അനാദരിക്കുന്നതിന്റെ പിന്നിലുള്ളതു ധിക്കാരവും പരിഹാസവുമായിരിക്കും. ഇതാണതിനു കാരണം. നിയമം ലംഘിക്കുന്നതിനു കാരണം പലതും ആയിരിക്കാവുന്നതാണല്ലോ. അല്ലാഹുവിന്റെ ചിഹ്നങ്ങളെപ്പറ്റി മൊത്തത്തില്‍ പറഞ്ഞശേഷം അവയില്‍ ചിലതിനെ അല്ലാഹു പ്രത്യേകം തുടര്‍ന്നു പറഞ്ഞിരിക്കുകയാണ്:-

(2) الشَّهْرَ الْحَرَامَ (ഹറാമായ – അഥവാ അലംഘനീയമായ- മാസം): ദുല്‍ക്വഅ്ദഃ, ദുല്‍ഹിജ്ജഃ, മുഹര്‍റം എന്നീ തുടര്‍ന്നുള്ള മൂന്നു മാസങ്ങളും റജബു മാസവുമാണ് ഹറാമായ മാസങ്ങള്‍ എന്നു ഹജ്ജത്തുല്‍ വിദാഇലെ പ്രസിദ്ധ പ്രസംഗത്തില്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പ്രഖ്യാപിച്ചിട്ടുണ്ട്. (ബു., മു). ഈ മാസങ്ങളില്‍ യുദ്ധം നിരോധിക്കപ്പെട്ടിരിക്കുന്നു. അതുകൊണ്ട് അക്കാലത്തു യുദ്ധം നടത്തുന്നത് അതിനെ അനാദരിക്കലായിരിക്കും. പക്ഷേ, അക്കാലത്തു തന്നെ ശത്രുക്കള്‍ ഇങ്ങോട്ടുവന്ന് ആക്രമണം നടത്തിയാല്‍ അവരോടു പ്രത്യാക്രമണം നടത്തുന്നതിനു വിരോധമില്ല താനും. ഇതിനെപ്പറ്റി സൂ: അല്‍ബക്വറഃ 194ല്‍ പ്രസ്താവിച്ചിട്ടുണ്ടല്ലോ.

(3, 4) الْهَدْي وَالْقَلَائِد (ബലി കര്‍മ്മത്തിനായി കഅ്ബയുടെ അടുക്കലേക്കു കൊണ്ടുപോകുന്ന മൃഗങ്ങളും അവയുടെ പ്രത്യേക അടയാളമായിക്കൊണ്ട് അവയുടെ കഴുത്തില്‍ കെട്ടിത്തൂക്കിയ വസ്തുക്കളും): കഅ്ബഃയുടെ അടുക്കലേക്കു ബലിമൃഗങ്ങളെ കൊണ്ടുപോകുമ്പോള്‍ അവയുടെ കഴുത്തില്‍ ചെരുപ്പോ, മരത്തൊലിയോ ഒരടയാളമായി കെട്ടിത്തൂക്കുന്ന പതിവു മുന്‍കാലത്തുണ്ടായിരുന്നു. ഹജ്ജിനും ഉംറഃക്കും പോകുന്ന ആളുകളും അതുപോലെ ചില അടയാളങ്ങള്‍ സ്വീകരിക്കലും പതിവുണ്ടായിരുന്നു. അന്യരുടെ കയ്യേറ്റത്തില്‍ നിന്നും അനാദരവില്‍നിന്നും സുരക്ഷിതത്വം ലഭിക്കലായിരിക്കും ഇതിന്റെ ഉദ്ദേശ്യം. ഇങ്ങിനെയുള്ള അടയാളങ്ങള്‍ക്കും ബലിമൃഗങ്ങള്‍ക്കും ഉപദ്രവം വരുത്തുന്നതോ, അവയെ നിസ്സാരപ്പെടുത്തുന്നതോ ആയ പ്രവൃത്തികളൊന്നും ചെയ്യരുതെന്നും, അവയൊക്കെ അല്ലാഹുവിന്റെ ചിഹ്നങ്ങളില്‍പെട്ടതാണെന്നും സാരം. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനി ഹജ്ജിനു പോയപ്പോള്‍ 60ല്‍ പരം ഒട്ടകങ്ങളെ ബലി മൃഗങ്ങളായി കൂടെ കൊണ്ടുപോവുകയും ദുല്‍ഹുലൈഫഃ എന്ന വാദില്‍ അക്വീക്വില്‍വെച്ച് അവിടുന്നു ഇഹ്‌റാമില്‍ പ്രവേശിക്കുകയും ബലി മൃഗങ്ങള്‍ക്കു അടയാളം കെട്ടുകയും ചെയ്തത് പ്രസ്താവ്യമാകുന്നു.

(5) آمِّينَ الْبَيْتَ الْحَرَامَ يَبْتَغُونَ فَضْلًا مِّن رَّبِّهِمْ وَرِضْوَانًا (അല്ലാഹുവിന്റെ അനുഗ്രഹവും പ്രീതിയും തേടികൊണ്ട് അലംഘനീയ മന്ദിരമായ കഅ്ബഃയെ ഉന്നംവെച്ചു ചെല്ലുന്നവര്‍): ഇവരെയും ഉപദ്രവിക്കുകയോ, തടയുകയോ, അപമാനിക്കുകയോ ചെയ്യരുതെന്നു താല്‍പര്യം. കഅ്ബഃയും അതിന്റെ പരിസര പ്രദേശമായ ഹറമും ഇബ്‌റാഹീം (عليه الصلاة والسلام) നബി മുതല്‍ക്കേ ഒരു അഭയ കേന്ദ്രവും, ഇസ്‌ലാമിന്റെ സങ്കേതവുമായി നിശ്ചയിക്കപ്പെട്ടിട്ടുള്ളതാണു. (2:125, 3:97 മുതലായ സ്ഥലങ്ങള്‍ ഓര്‍ക്കുക). അതുകൊണ്ട് ആ സ്ഥാനങ്ങളെ ഉന്നംവെച്ചു പോകുന്നവരോടു മര്യാദകേടായി വല്ലതും പ്രവര്‍ത്തിക്കുന്നതു വിരോധിക്കപ്പെട്ടിരിക്കുന്നു. ഹജ്ജിനോ ഉംറഃക്കോവേണ്ടി പോകുന്നവരെ മാത്രമല്ല, വല്ല ഉപജീവന മാര്‍ഗവും തേടി അങ്ങോട്ടു പോകുന്നവരെയും ഉപദ്രവിക്കാന്‍ പാടില്ല. അല്ലാഹുവിങ്കല്‍ നിന്നുള്ള അനുഗ്രഹവും പ്രീതിയും തേടിപ്പോകുക (يَبْتَغُونَ فَضْلًا مِّن رَّبِّهِمْ وَرِضْوَانًا) എന്ന വാക്കില്‍ ഇതും ഉള്‍പ്പെടുമെന്നു പല വ്യാഖ്യാതാക്കളും ചൂണ്ടിക്കാട്ടിയിരിക്കുന്നു. അല്‍ബക്വറഃ 198-ാം വചനവും ഇതിനു പിന്‍ബലം നല്‍കുന്നതായി കാണാം.

മേല്‍പറഞ്ഞ അഞ്ചു കാര്യങ്ങളും ഏറെക്കുറെ മുശ്‌രിക്കുകളും അംഗീകരിച്ചു വന്നിരുന്നു. അവര്‍ അംഗീകരിച്ചു വന്നിരുന്ന ആ നല്ല കാര്യങ്ങള്‍ മുസ്‌ലിംകളും കര്‍ശനമായി പലിക്കേണ്ടതുണ്ട്, ജാഹിലിയ്യാ സമ്പ്രദായങ്ങളെന്നുവെച്ച് അവയെ അവഗണിച്ചുകൂടാ. കഅ്ബാ മന്ദിരത്തെ മാനിച്ചുകൊണ്ട് അങ്ങോട്ടു പോകുന്നവര്‍ ആരായാലും – അക്കാലത്തെ സംബന്ധിച്ചിടത്തോളം അവര്‍ മുശ്‌രിക്കുകളായിരുന്നാലും – അവരെ വിലക്കിക്കൂടാ എന്നൊക്കെ ഈ വചനം മുഖേന അല്ലാഹു അറിയിക്കുന്നു. ഹുദൈബിയ്യാ സന്ധിക്കുശേഷം മുസ്‌ലിംകളും മുശ്‌രിക്കുകളും തമ്മില്‍ സമാധാനം നിലവിലുള്ള കാലത്താണ് ഇതെല്ലാം അവതരിച്ചതെന്നു മുമ്പു സൂചിപ്പിച്ചുവല്ലോ. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യും സ്വഹാബികളും ഉംറഃക്കുവേണ്ടി പുറപ്പെട്ടു ചെന്നപ്പോള്‍ ഹുദൈബിയ്യയില്‍വെച്ചു മുശ്‌രിക്കുകള്‍ അവരെ തടഞ്ഞു വെച്ചതിനെത്തുടര്‍ന്നാണ് ആ സന്ധി ഉണ്ടായതു. അതുകൊണ്ട് അവര്‍ ഇങ്ങോട്ടു ചെയ്തതുപോലെയുള്ള അക്രമങ്ങള്‍ അങ്ങോട്ടു ചെയ്യരുതെന്നു കൂടി ഇതില്‍ അടങ്ങിയിട്ടുണ്ട്. ഇക്കാര്യം തുടര്‍ന്നുള്ള വാക്യങ്ങളില്‍ അല്ലാഹു വ്യക്തമായിത്തന്നെ പറയുന്നുമുണ്ടു. എന്നാല്‍, പിന്നീട് സ്ഥിതിഗതികള്‍ മാറിയശേഷം, മുശ്‌രിക്കുകള്‍ മസ്ജിദുല്‍ ഹറാമിനെ സമീപിക്കരുതെന്നും, അവര്‍ അല്ലാഹുവിന്റെ പള്ളികളില്‍ പെരുമാറിക്കൂടാ എന്നും കല്‍പനയുണ്ടായി. ഇതു ഹിജ്‌റഃ 9-ാം കൊല്ലത്തിലായിരുന്നു. ഇതിനെപ്പറ്റി സൂഃ ബറാഅത്തില്‍ വെച്ച് കാണാവുന്നതാണു. إن شاء لله

ഇഹ്‌റാമിലായിരിക്കെ വേട്ടയാടുവാന്‍ പാടില്ലെന്നു കഴിഞ്ഞ വചനത്തില്‍ സൂചിപ്പിച്ചുവല്ലോ. ഹലാലായിക്കഴിഞ്ഞാല്‍ – ഹജ്ജും ഉംറഃയും കഴിഞ്ഞു ഇഹ്‌റാമില്‍നിന്നു ഒഴിവായാല്‍ – പിന്നെ ജന്തുക്കളെ വേട്ടയാടിപ്പിടിക്കുകയും, പിടിച്ചു തിന്നുകയും ചെയ്യുന്നതിനു വിരോധമില്ല. ഇതാണു وَإِذَا حَلَلْتُمْ فَاصْطَادُوا (നിങ്ങള്‍ ഹലാലായാല്‍ വേട്ടയാടിക്കൊള്ളുക) എന്ന വാക്യത്തില്‍ പറയുന്നത്. ഇത്രയും കാര്യങ്ങള്‍ പ്രസ്താവിച്ചശേഷം വളരെ പ്രധാനപ്പെട്ടതും, മനുഷ്യന്‍ സദാ ഓര്‍മ്മയില്‍ വെച്ചിരിക്കേണ്ടതുമായ ചില ഉപദേശങ്ങള്‍ അല്ലാഹു സത്യവിശ്വാസികള്‍ക്കു നല്‍കുന്നു:-

(1) وَلَا يَجْرِمَنَّكُمْ شَنَآنُ قَوْمٍ അതായതു, നിങ്ങളെ മസ്ജിദുല്‍ ഹറാമിലേക്കു പ്രവേശിക്കുവാന്‍ അനുവദിക്കാതെ ഒരു ജനത (ക്വുറൈശി മുശ്‌രിക്കുകള്‍) നിങ്ങളെ തടഞ്ഞുവെച്ച കാരണത്താല്‍ നിങ്ങള്‍ക്കു അവരോടു അമര്‍ഷവും വിദ്വേഷവും ഉണ്ടാകും. അതൊന്നും അതിക്രമം പ്രവര്‍ത്തിക്കുവാന്‍ നിങ്ങള്‍ക്കു പ്രേരണയാകുവാന്‍ പാടില്ല. അവര്‍ ക്രമക്കേടു കാണിച്ചതുകൊണ്ടു നിങ്ങള്‍ ക്രമവിരുദ്ധമായി പ്രവര്‍ത്തിച്ചുകൂടാ എന്നു താല്‍പര്യം. ഹുദൈബിയ്യയില്‍ വെച്ചു മുശ്‌രിക്കുകള്‍ സത്യവിശ്വാസികളെ തടഞ്ഞുവെച്ച സംഭവമാണ് ഇവിടെ സത്യവിശ്വാസികളുടെ അമര്‍ഷത്തിനു കാരണമായി അല്ലാഹു എടുത്തു പറഞ്ഞത്. എന്നുവെച്ച് മറ്റേതെങ്കിലും കാരണവശാല്‍ ഒരു ജനതയോടു അമര്‍ഷമോ വിദ്വേഷമോ നേരിട്ടാല്‍ അതിക്രമം ചെയ്യുന്നതിനു വിരോധമില്ലെന്നു കരുതിക്കൂടാ. അടുത്ത 9-ാം വചനത്തില്‍ ഇക്കാര്യം കൂടുതല്‍ വിശദമായി പ്രസ്താവിച്ചു കാണാം.

(2) وَتَعَاوَنُوا عَلَى الْبِرِّ وَالتَّقْوَىٰ അതായതു, പുണ്യകരങ്ങളായ സല്‍ക്കാര്യങ്ങളിലും, ദുഷ്‌കാര്യങ്ങള്‍ വര്‍ജ്ജിച്ച് അല്ലാഹുവിനോടുള്ള ഭയഭക്തി പാലിക്കുന്ന വിഷയത്തിലും സത്യവിശ്വാസികള്‍ അന്യോന്യം സഹായിച്ചും സഹകരിച്ചും കൊണ്ടിരിക്കേണ്ടതാണു. അതും പോരാ;

(3) وَلَا تَعَاوَنُوا عَلَى الْإِثْمِ وَالْعُدْوَانِ അതായതു, കുറ്റകരവും അതിക്രമപരവുമായ കാര്യങ്ങളിലൊന്നും പരസ്പരം സഹായസഹകരണം ചെയ്യാതിരിക്കുകയും വേണം. സല്‍കാര്യങ്ങളില്‍ സഹായ സഹകരണം നല്‍കുന്നത് ദുഷ്‌കാര്യങ്ങളില്‍ പരസ്പരം സഹായിക്കുന്നതിനെയും, ദുഷ്‌കാര്യങ്ങളില്‍ സഹകരിക്കാതിരിക്കുന്നത് സല്‍കാര്യങ്ങളില്‍ സഹകരിക്കാതിരിക്കുന്നതിനെയും നീതീകരിക്കുകയില്ലെന്നു ഓര്‍ക്കേണ്ടതുണ്ട്. നല്ലകാര്യങ്ങളില്‍ സഹായസഹകരണം ചെയ്‌വാന്‍ കല്‍പിച്ചു മതിയാക്കാതെ, ചീത്ത കാര്യങ്ങളില്‍ സഹായസഹകരണം ചെയ്യാതിരിക്കുകയും വേണമെന്നു കൂടി കല്‍പ്പിച്ചിരിക്കുന്നതു അതാണു ചൂണ്ടിക്കാട്ടുന്നതു.

ഹാ! എത്ര വിലപ്പെട്ട ഉപദേശങ്ങള്‍!! അല്ലാഹുവിന്റെ ഈ മൂന്നു ഉപദേശങ്ങള്‍ മനുഷ്യസമുദായം സ്വീകരിച്ചു വന്നിരുന്നുവെങ്കില്‍, അക്രമവും അസമാധാനവും അതിരുകവിഞ്ഞ ഈ ഭൂലോകം നിശ്ചയമായും ശാന്തസുന്ദരമായ മറ്റൊരു ലോകമായി മാറുമായിരുന്നു! ഒരാള്‍ ശത്രുവായിരുന്നാലും നല്ല കാര്യങ്ങളില്‍ അയാളുമായി സഹകരിക്കുക, ഒരാള്‍ മിത്രമായിരുന്നാലും ചീത്ത കാര്യങ്ങളില്‍ അയാളുമായി സഹകരിക്കാതിരിക്കുക, അന്യരോടുള്ള വെറുപ്പും വിദ്വേഷവും അവരോടു ക്രമവിരുദ്ധമായി പ്രവര്‍ത്തിക്കുവാന്‍ കാരണമാകാതിരിക്കുക, ഇവയെല്ലാം കേവലം പുണ്യകര്‍മ്മങ്ങളും ഉല്‍കൃഷ്ട സ്വഭാവങ്ങളുമാണ് എന്നുള്ളതിനു പുറമെ, ശത്രുവെ മിത്രമാക്കുവാനും, മിത്രത്തെ നേര്‍വഴിക്കു തിരിക്കുവാനും കൂടി അവ സഹായിക്കുന്നു.

ചില നബി വചനങ്ങള്‍ ഇവിടെ അനുസ്മരിക്കുന്നതു സന്ദര്‍ഭോചിതമായിരിക്കും:

1. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞു: ‘അക്രമിയാകുമ്പോഴും അക്രമിക്കപ്പെട്ടവനാകുമ്പോഴും നീ നിന്റെ സഹോദരനെ സഹായിക്കുക’. അപ്പോള്‍ ചോദിക്കപ്പെട്ടു: ‘അക്രമിക്കപ്പെട്ടവനായിരിക്കുമ്പോള്‍ എനിക്കവനെ സഹായിക്കാം. എന്നാല്‍, അക്രമിയായിരിക്കുമ്പോള്‍ ഞാനവനെ എങ്ങിനെ സഹായിക്കും?’. തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഉത്തരം പറഞ്ഞു: “അവനെ നീ അക്രമത്തില്‍നിന്നു തടയുകയും മുടക്കുകയും ചെയ്യണം. അതാണവന്നുള്ള സഹായം’ (അ:ബു).

2. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞു: ‘മനുഷ്യരുമായി സമ്പര്‍ക്കം പുലര്‍ത്തുകയും, അവരുടെ ഉപദ്രവത്തില്‍ ക്ഷമ കൈക്കൊള്ളുകയും ചെയ്യുന്ന സത്യവിശ്വാസി, ജനങ്ങളുമായി സമ്പര്‍ക്കമുണ്ടാക്കുകയും, അവരുടെ ഉപദ്രവത്തില്‍ ക്ഷമിക്കുകയും ചെയ്യാത്ത സത്യവിശ്വാസിയെക്കാള്‍ വമ്പിച്ച പ്രതിഫലം ലഭിക്കുന്നവനാകുന്നു’ (അ: തി).

3. ‘ഒരു അക്രമിയെ സഹായിക്കുവാന്‍വേണ്ടി – അവന്‍ അക്രമിയാണെന്നു അറിഞ്ഞും കൊണ്ടു അവന്റെകൂടെ വല്ലവനും നടക്കുന്നപക്ഷം അവന്‍ ഇസ്‌ലാമില്‍നിന്നും പുറത്തു പോയി’ (ത്വബ്റാനി).

മേല്‍പറഞ്ഞ ഉപദേശങ്ങള്‍ക്കുശേഷം, അല്ലാഹുവിനെ സൂക്ഷിച്ചുകൊള്ളണമെന്നും, ഇല്ലാത്തപക്ഷം അവന്‍ കഠിനമായ ശിക്ഷാനടപടി എടുക്കുന്നതാണെന്നും അല്ലാഹു ഓര്‍മ്മിപ്പിക്കുന്നു. (وَاتَّقُوا اللَّهَ إِنَّ اللَّهَ شَدِيدُ الْعِقَابِ)

5:4
  • حُرِّمَتْ عَلَيْكُمُ ٱلْمَيْتَةُ وَٱلدَّمُ وَلَحْمُ ٱلْخِنزِيرِ وَمَآ أُهِلَّ لِغَيْرِ ٱللَّهِ بِهِۦ وَٱلْمُنْخَنِقَةُ وَٱلْمَوْقُوذَةُ وَٱلْمُتَرَدِّيَةُ وَٱلنَّطِيحَةُ وَمَآ أَكَلَ ٱلسَّبُعُ إِلَّا مَا ذَكَّيْتُمْ وَمَا ذُبِحَ عَلَى ٱلنُّصُبِ وَأَن تَسْتَقْسِمُوا۟ بِٱلْأَزْلَـٰمِ ۚ ذَٰلِكُمْ فِسْقٌ ۗ ٱلْيَوْمَ يَئِسَ ٱلَّذِينَ كَفَرُوا۟ مِن دِينِكُمْ فَلَا تَخْشَوْهُمْ وَٱخْشَوْنِ ۚ ٱلْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ وَأَتْمَمْتُ عَلَيْكُمْ نِعْمَتِى وَرَضِيتُ لَكُمُ ٱلْإِسْلَـٰمَ دِينًا ۚ فَمَنِ ٱضْطُرَّ فِى مَخْمَصَةٍ غَيْرَ مُتَجَانِفٍ لِّإِثْمٍ ۙ فَإِنَّ ٱللَّهَ غَفُورٌ رَّحِيمٌ ﴾٤﴿
  • നിങ്ങളുടെ മേല്‍ ശവവും രക്തവും, പന്നിമാംസവും, അല്ലാഹു അല്ലാത്തവര്‍ക്കുവേണ്ടി ശബ്ദം ഉയര്‍ത്തപ്പെട്ട [അറുക്കപ്പെട്ട]തും നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു; കുടുങ്ങിച്ചത്തതും, തല്ലിക്കൊല്ലപ്പെട്ടതും, വീണു ചത്തതും, കുത്തേറ്റു ചത്തതും, ദുഷ്ടജന്തു തിന്നതും (നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു); നിങ്ങള്‍ അറുത്തതൊഴികെ ബലിപീഠത്തിങ്കല്‍ (അഥവാ പ്രതിഷ്ഠകളുടെ അടുക്കല്‍) വെച്ച് അറുക്കപ്പെട്ടതും (നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു) - അമ്പുകോലുകള്‍ കൊണ്ടു നിങ്ങള്‍ ഓഹരി [ഭാഗ്യം] നോക്കലും (നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു). അതു തോന്നിയവാസമാകുന്നു. ഇന്നത്തെ ദിവസം, നിങ്ങളുടെ മതത്തെക്കുറിച്ച് അവിശ്വസിച്ചവര്‍ നിരാശപ്പെട്ടിരിക്കുകയാണ്. എനി, നിങ്ങള്‍ അവരെ പേടിക്കരുതു; എന്നെ പേടിക്കുകയും ചെയ്യുവിന്‍. ഇന്നു നിങ്ങള്‍ക്കു നിങ്ങളുടെ മതം ഞാന്‍ പൂര്‍ത്തിയാക്കിത്തന്നിരിക്കുന്നു. എന്റെ അനുഗ്രഹം നിങ്ങള്‍ക്കു ഞാന്‍ പൂര്‍ണ്ണമാക്കിത്തരുകയും ചെയ്തിരിക്കുന്നു. മതമായി ഇസ്‌ലാമിനെ ഞാന്‍ നിങ്ങള്‍ക്കു തൃപ്തിപ്പെട്ടു തരുകയും ചെയ്തിരിക്കുന്നു. എനി, വല്ലവനും കുറ്റത്തിലേക്ക് ചായ്‌വ് കാണിക്കുന്നവനല്ലാത്ത നിലയില്‍ പട്ടിണിയില്‍(പെട്ട്) നിര്‍ബന്ധിതനായിത്തീരുന്ന പക്ഷം, അപ്പോള്‍ (അതിനു വിരോധമില്ല). നിശ്ചയമായും, അല്ലാഹു വളരെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.
  • حُرِّمَتْ ഹറാം (നിഷിദ്ധം) ആക്കപ്പെട്ടിരിക്കുന്നു عَلَيْكُمُ നിങ്ങളുടെമേല്‍ الْمَيْتَةُ ശവം, ചത്തതു وَالدَّمُ രക്തവും, ചോരയും وَلَحْمُ മാംസവും الْخِنزِيرِ പന്നിയുടെ وَمَا أُهِلَّ ശബ്ദം ഉയര്‍ത്തപ്പെട്ടതും لِغَيْرِ اللَّـهِ അല്ലാഹു അല്ലാത്തവര്‍ക്കുവേണ്ടി بِهِ അതുമൂലം وَالْمُنْخَنِقَةُ കുടുങ്ങിച്ചത്തതും وَالْمَوْقُوذَةُ തല്ലി (അടിച്ചു) ക്കൊല്ലപ്പെട്ടതും وَالْمُتَرَدِّيَةُ (ഉയരത്തുനിന്നു) വീണു ചത്തതും وَالنَّطِيحَةُ കുത്തേറ്റു ചത്തതും وَمَا أَكَلَ തിന്നതും السَّبُعُ ദുഷ്ടമൃഗം, കാട്ടുജീവി إِلَّا مَا യാതൊന്നൊഴികെ ذَكَّيْتُمْ നിങ്ങള്‍ അറുത്ത وَمَا ذُبِحَ അറുക്കപ്പെട്ടതും عَلَى النُّصُبِ നാട്ടപ്പെട്ടതിന്‍മേല്‍, ബലിപീഠത്തിങ്കല്‍, പ്രതിഷ്ഠക്കല്‍വെച്ചു وَأَن تَسْتَقْسِمُوا നിങ്ങള്‍ ഓഹരി (ഭാഗ്യം) നോക്കലും بِالْأَزْلَامِ അമ്പു കോലുകള്‍ കൊണ്ടു ذَٰلِكُمْ അതു, അതൊക്കെ فِسْقٌ തോന്നിയവാസമാകുന്നു الْيَوْمَ ഇന്നു, ഇന്നേദിവസം يَئِسَ നിരാശപ്പെട്ടിരിക്കുന്നു الَّذِينَ كَفَرُوا അവിശ്വസിച്ചവര്‍ مِن دِينِكُمْ നിങ്ങളുടെ മതത്തെ فَلَا تَخْشَوْهُمْ എനി (അതിനാല്‍) അവരെ നിങ്ങള്‍ പേടിക്കരുതു وَاخْشَوْنِ എന്നെ പേടിക്കുകയും ചെയ്യുവിന്‍ الْيَوْمَ ഇന്നു്, ഈ ദിവസം أَكْمَلْتُ لَكُمْ നിങ്ങള്‍ക്കു ഞാന്‍ പൂര്‍ത്തിയാക്കിത്തന്നു دِينَكُمْ നിങ്ങളുടെ മതം وَأَتْمَمْتُ ഞാന്‍ പൂര്‍ണ്ണമാക്കുകയും ചെയ്തിരിക്കുന്നു عَلَيْكُمْ നിങ്ങള്‍ക്കു, നിങ്ങളില്‍ نِعْمَتِي എന്റെ അനുഗ്രഹം وَرَضِيتُ ഞാന്‍ തൃപ്തിപ്പെടുകയും ചെയ്തിരിക്കുന്നു لَكُمُ നിങ്ങള്‍ക്കു الْإِسْلَامَ ഇസ്‌ലാമിനെ دِينًا മതമായിട്ടു فَمَنِ എന്നാല്‍ (എനി) ആരെങ്കിലും, ഏതൊരുവന്‍ اضْطُرَّ അവന്‍ നിര്‍ബ്ബന്ധിതനായി, കഷ്ടപ്പെട്ടു فِي مَخْمَصَةٍ പട്ടിണിയില്‍, വല്ല പട്ടിണിയിലും غَيْرَ مُتَجَانِفٍ ചായ്‌വു കാണിക്കാത്തവനായിക്കൊണ്ടു لِّإِثْمٍ കുറ്റത്തിലേക്കു, വല്ല കുറ്റത്തിലേക്കും فَإِنَّ اللَّـهَ എന്നാല്‍ നിശ്ചയമായും അല്ലാഹു غَفُورٌ വളരെ പൊറുക്കുന്നവനാണ് رَّحِيمٌ കരുണാനിധിയാണ്

2-ാം വചനത്തില്‍ കാലിജന്തുക്കള്‍ നിങ്ങള്‍ക്കു അനുവദനീയമാക്കപ്പെട്ടിരിക്കുന്നവെന്നു പറഞ്ഞപ്പോള്‍, നിങ്ങള്‍ക്കു വഴിയെ ഓതിക്കേള്‍പ്പിക്കപ്പെടുന്നതൊഴികെ ( إِلَّا مَا يُتْلَىٰ عَلَيْكُمْ ) എന്നു പറഞ്ഞിരുന്നുവല്ലോ. ഈ വചനത്തില്‍ വിവരിക്കപ്പെട്ടവയാണ് അതുകൊണ്ട് ഉദ്ദേശിക്കപ്പെട്ടിരിക്കുന്നതു. ഇതില്‍ ഭക്ഷിക്കല്‍ നിഷിദ്ധമാക്കപ്പെട്ടതായി പ്രസ്താവിക്കപ്പെട്ട ആദ്യത്തെ നാലിനെയും ശവം, രക്തം, പന്നിമാംസം, അല്ലാഹു അല്ലാത്തവര്‍ക്കു വേണ്ടി ശബ്ദം ഉയര്‍ത്തപ്പെട്ടതു (അറുക്കപ്പെട്ടതു) എന്നിവയെ കുറിച്ചു സൂറത്തുല്‍ ബക്വറഃ 173 ല്‍ മുമ്പു പ്രസ്താവിച്ചിട്ടുള്ളതാണു. ആവശ്യമായ വിവരണവും അതിന്റെ വ്യാഖ്യാനത്തില്‍ നാം നല്‍കിയിട്ടുണ്ടു. അതുകൊണ്ട് ഇവിടെ വീണ്ടും അതാവര്‍ത്തിക്കുന്നില്ല.

അവിടെ പ്രസ്താവിക്കപ്പെട്ടിട്ടില്ലാത്ത ചില വസ്തുക്കള്‍ കൂടി ഇവിടെ പ്രസ്താവിക്കപ്പെട്ടിരിക്കുന്നു. ഇതാണവ:

(1) الْمُنْخَنِقَةُ (കുടുങ്ങിച്ചത്തത്). സ്വയം കുടുങ്ങിയതായാലും അല്ലെങ്കിലും ശരി. വല്ല കുടുക്കിലും പെട്ട് ശ്വാസം മുട്ടിച്ചത്തതെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു.

(2) الْمَوْقُوذَةُ (തല്ലിക്കൊല്ലപ്പെട്ടത്). വടി മുതലായ മൂര്‍ച്ചയില്ലാത്ത വസ്തുക്കള്‍ക്കൊണ്ട് അടിയേറ്റു ചത്തത്.

(3) الْمُتَرَدِّيَةُ (വീണു ചത്തത്). ഉയരത്തുനിന്നു കീഴ്‌പ്പോട്ടു വീണോ കിണര്‍ മുതലായ കുണ്ടുകളില്‍ വീണോ ചത്തവ.

(4) النَّطِيحَةُ (കുത്തേറ്റു ചത്തത്). മറ്റൊരു മൃഗം കുത്തിയതു കൊണ്ടോ പരസ്പരം കുത്തിയോ ചത്തത്.

(5) مَا أَكَلَ السَّبُعُ (ദുഷ്ടമൃഗം തിന്നത്). നരി, ചെന്നായ മുതലായ ഹിംസ്ര ജീവികളുടെ ആക്രമണം കൊണ്ടു ജീവന്‍ പോയത്.

ഈ അഞ്ചും വാസ്തവത്തില്‍ ശവത്തിന്റെ ചില ഇനങ്ങളാകുന്നു. സാധാരണ ഗതിയില്‍ സ്വയം ചത്തതല്ലാതെ, ഇങ്ങിനെയുള്ള പ്രത്യേക കാരണങ്ങളാല്‍ ജീവനാശം വന്ന ശവത്തില്‍ ഉള്‍പ്പെടുമോ, എന്നു സംശയിക്കപ്പെടാമല്ലോ. ആ സംശയം അസ്ഥാനത്താണെന്നത്രെ ഈ വിശദീകരണം കാട്ടിത്തരുന്നതു.

കുടുക്കില്‍ അകപ്പെടുക മുതലായി മേല്‍പറഞ്ഞ ഏതെങ്കിലും ഒരു അപകടത്തില്‍ പെട്ടെങ്കിലും ചത്തുപോകും മുമ്പായി പിടിച്ച് അറുക്കുവാന്‍ കഴിഞ്ഞാല്‍ അതു നിഷിദ്ധമല്ല. അതാണു إِلَّا مَا ذَكَّيْتُمْ (നിങ്ങള്‍ അറുത്തതൊഴികെ) എന്നു പറഞ്ഞത്. പക്ഷേ, അറുക്കുമ്പോള്‍ ശരിക്കു ജീവനുണ്ടായിരിക്കണം. അറുത്തശേഷം കൈകാലുകള്‍ കുടയുക, പിടക്കുക മുതലായ ലക്ഷണങ്ങള്‍ കണ്ടാല്‍ അറവു മൂലമാണു ജീവന്‍ പോയതെന്നു മനസ്സിലാക്കാം. ഇല്ലാത്തപക്ഷം അതു ശവത്തില്‍ പെട്ടതായിരിക്കും. അറുത്താല്‍ വിരോധമില്ലെന്നുള്ളതു ആദ്യം പറഞ്ഞ നാലിനും ബാധകമല്ല. കാരണം അറവുകൊണ്ടു ജീവന്‍പോയതു ശവമായിരിക്കയില്ല. രക്തത്തെ സംബന്ധിച്ചിടത്തോളം അറവു സാധ്യവുമല്ല. പന്നിയാകട്ടെ, അറുത്താലും ഇല്ലെങ്കിലും നിഷിദ്ധം തന്നെ, പന്നിമാംസം (لَحْمُ الْخِنزِيرِ) എന്നു പേരെടുത്തു പറഞ്ഞതില്‍നിന്നുതന്നെ അതു മനസ്സിലാക്കാം. കൂടാതെ, അതു മ്ലേച്ഛമായതാണു (فَإِنَّهُ رِجْسٌ) എന്നു 6:145 ല്‍ അല്ലാഹു അതിനെ വിശേഷിപ്പിച്ചിട്ടുമുണ്ടു. അല്ലാഹു അല്ലാത്തവരുടെ നാമത്തില്‍ അറുക്കപ്പെട്ടതും, അല്ലാഹു അല്ലാത്തവരുടെ പേരില്‍ നേര്‍ച്ചവഴിപാടാക്കപ്പെട്ടതും അങ്ങിനെതന്നെ. അതു ശിര്‍ക്കില്‍ പെട്ടതാകകൊണ്ടു അറവു നിമിത്തം അതു അനുവദനീയമാകുവാന്‍ പോകുന്നില്ല. അറവുമൂലം ആ ശിര്‍ക്കിനെ ദൃഢപ്പെടുത്തലായിരിക്കും ഉണ്ടായിത്തീരുക.

സൂറത്തുല്‍ ബക്വറഃയിലും മറ്റും പ്രസ്താവിക്കപ്പെട്ടിട്ടില്ലാത്ത ഒരു പുതിയ ഇനമാണു ഇവിടെ 10-ാമത്തെതായി പ്രസ്താവിക്കപ്പെട്ടിരിക്കുന്ന مَا ذُبِحَ عَلَى النُّصُبِ (ബലിപീഠത്തിങ്കല്‍ അറുക്കപ്പെട്ടതു). ജാഹിലിയ്യാ കാലത്തു കഅ്ബഃയുടെ ചുറ്റുപാടിലായി കുറേ കല്ലുകള്‍ പ്രതിഷ്ഠിക്കപ്പെട്ടിരുന്നു. വിഗ്രഹങ്ങള്‍ക്കു വഴിപാടായി അറുക്കപ്പെടുന്ന ബലി മൃഗങ്ങള്‍ ആ കല്ലുകളുടെ അടുക്കല്‍ വെച്ചാണ് അറുക്കപ്പെട്ടിരുന്നതു. ഇത്തരം 360 കല്ലുകള്‍ അന്നവിടെ പ്രതിഷ്ഠിക്കപ്പെട്ടിരുന്നുവത്രെ. ഇന്നും ക്ഷേത്രങ്ങളില്‍ ബലികര്‍മ്മങ്ങള്‍ നടത്തുവാനായി സ്ഥാപിക്കപ്പെട്ട ബലിപീഠങ്ങള്‍ കാണാം. ചില മഹാത്മാക്കളുടെ ക്വബ്ര്‍ സ്ഥാനങ്ങളിലേക്ക് ആടു, കോഴി മുതലായവയെ നേര്‍ച്ച നേരുകയും, അവിടെ കൊണ്ടുപോയി അറുക്കുകയും ചെയ്യുന്ന ഒരു പതിവു അന്ധവിശ്വാസത്തില്‍ അടിയുറച്ച ചില മുസ്‌ലിംകള്‍ക്കിടയിലും പതിവുണ്ടു. ഇതെല്ലാം ഈ ഇനത്തില്‍ ഉള്‍പെട്ടതും തനി നിഷിദ്ധവുമാകുന്നു.

مَا أُهِلَّ لِغَيْرِ اللَّهِ بِهِ (അല്ലാഹു അല്ലാത്തവര്‍ക്കു വേണ്ടി ശബ്ദം ഉയര്‍ത്തപ്പെട്ടതു) എന്നു പറഞ്ഞതു കൊണ്ടുദ്ദേശ്യം അല്ലാഹു അല്ലാത്തവരുടെ പേരില്‍ അറുക്കപ്പെട്ടവയും അല്ലാഹു അല്ലാത്തവര്‍ക്കു നേര്‍ച്ചയാക്കപ്പെട്ടവയുമാണെന്നു സൂറത്തുല്‍ ബക്വറഃയില്‍ വെച്ചു നാം കണ്ടുവല്ലോ. എന്നിരിക്കെ, അതുകൊണ്ടു മതിയാക്കാതെ مَا ذُبِحَ عَلَى النُّصُبِ (ബലിപീഠത്തിങ്കല്‍ വെച്ചു അറുക്കപ്പെട്ടവയും) എന്നുകൂടി പറഞ്ഞതില്‍ നിന്നു ഒരു കാര്യം വ്യക്തമാകുന്നു. അതായതു: ബലിപീഠങ്ങളിലോ, ആ പേരു പറയപ്പെടുകയില്ലെങ്കിലും ബലിപീഠത്തിന്റെ സ്ഥാനം കല്‍പിക്കപ്പെടുന്ന മറ്റു സ്ഥാനങ്ങളിലോ വെച്ചു അറുക്കപ്പെടുന്ന പക്ഷം ആ അറുക്കപ്പെടുന്ന വസ്തു അതേ കാരണം കൊണ്ടുമാത്രം ഹറാമായി (നിഷിദ്ധമായി)രിക്കുന്നതാണു. അറുക്കുമ്പോള്‍ അല്ലാഹുവിന്റെ പേരു പറഞ്ഞുവോ (‘ബിസ്മി’ ചൊല്ലിയോ) ഇല്ലേ എന്നോ, അല്ലാഹുവിനുള്ള വഴിപാടായി അറുക്കപ്പട്ടതാണോ അല്ലേ എന്നോ ഉള്ള വ്യത്യാസത്തിനൊന്നും ഇവിടെ പരിഗണനയില്ല. ഇമാം ഇബ്‌നുകഥീര്‍ (رحمه الله) മുതലായവര്‍ ഈ സംഗതി ഇവിടെ പ്രത്യേകം ചൂണ്ടിക്കാട്ടിയിട്ടുള്ളതു ശ്രദ്ധേയമാകുന്നു.

അറബികള്‍ക്കിടയില്‍ ഭക്ഷിക്കുക പതിവുണ്ടായിരുന്ന മ്ലേച്ഛങ്ങളായ ഈ പത്തു വസ്തുക്കളെ നിഷിദ്ധങ്ങളായി പ്രഖ്യാപിച്ചതിനെത്തുടര്‍ന്നു അവരില്‍ പതിവുണ്ടായിരുന്ന മറ്റൊരു ദുരാചാരത്തെയും അല്ലാഹു നിഷിദ്ധമാക്കി പ്രഖ്യാപിക്കുന്നു. അതാണു وَأَن تَسْتَقْسِمُوا بِالْأَزْلَامِ (അമ്പുകോലുകള്‍കൊണ്ടു ഓഹരി നോക്കലും – അഥവാ ഭാഗ്യ നിര്‍ഭാഗ്യവും ഗുണദോഷവും പരീക്ഷിക്കലും) എന്നു പറഞ്ഞത്. ഇതിന്റെ രൂപത്തെപ്പറ്റി ഒന്നിലധികം പ്രകാരത്തിലുള്ള നിവേദനങ്ങള്‍ കാണാം. മൊത്തത്തില്‍ അതിന്റെ രൂപം ഇങ്ങിനെയാണു: മുന്‍ഭാഗത്തു മുനയും, പിന്‍ഭാഗത്തു തൂവലും ഘടിപ്പിക്കാത്ത അമ്പിന്‍ തണ്ടുപോലെയുള്ള അല്‍പം കൊള്ളിക്കഷ്ണങ്ങളും ഓരോന്നിലും ചില പ്രത്യേക അടയാളങ്ങളും വെച്ചിരിക്കും. അവ കൂട്ടിക്കിലുക്കി അതില്‍നിന്നു ഒരു കൊള്ളി എടുക്കുക. അതിന്മേലുള്ള അടയാളത്തെ അടിസ്ഥാനമാക്കി ഭാഗ്യനിര്‍ഭാഗ്യങ്ങളും ഉദ്ദിഷ്ട കാര്യങ്ങളുടെ ഗുണദോഷ ഫലങ്ങളും തീരുമാനിക്കുക. അതിനുള്ള അംഗീകൃതവും മതപരവുമായ ഒരു മാര്‍ഗ്ഗമായിട്ടാണ് അവര്‍ ഇതിനെ കണക്കായിരുന്നതു. അന്ധവിശ്വാസവും പ്രശ്‌നം നോക്കലുമാണിതെന്നു മാത്രമല്ല, വിഗ്രഹങ്ങളുടെ ആശീര്‍വാദങ്ങളോടു കൂടിയാണിതു നടത്തപ്പെടുന്നതും. ഇതൊക്കെ സൂചിപ്പിച്ചുകൊണ്ടാണു അതിനെപ്പറ്റി ذَٰلِكُمْ فِسْقٌ (അതു തോന്നിയവാസമാണു) എന്നു അല്ലാഹു പ്രസ്താവിച്ചത്. ഈ വാക്കു മേല്‍ പറഞ്ഞ പത്തു വസ്തുക്കളെയും ചൂണ്ടിക്കൊണ്ടുളളതായിരിക്കുവാനും സാധ്യതയുണ്ടു. അപ്പോള്‍, അവയില്‍ ഓരോന്നും ഉപയോഗിക്കുന്നതു തോന്നിയവാസമാണ് എന്നായിരിക്കും അര്‍ത്ഥം.

ഒന്നിലധികം പേര്‍ക്കു തുല്യമായ അവകാശമോ അര്‍ഹതയോ ഉള്ള ഒരു വിഷയത്തില്‍ – ഏതെങ്കിലും ചിലര്‍ക്കു മുന്‍ഗണന നല്‍കുവാന്‍ പ്രത്യേക കാരണം ഇല്ലാത്തപ്പോള്‍ – അതില്‍ നേരിടുന്ന തര്‍ക്കത്തിനൊരു പരിഹാരമായി ചിലപ്പോള്‍ നറുക്കെടുപ്പു നടത്തുന്നതിനു ഇസ്‌ലാമില്‍ അംഗീകാരം നല്‍കപ്പെട്ടിട്ടുണ്ടു. ഉദാഹരണമായി, നമസ്‌കാരത്തില്‍ ‘ഇമാമത്തിന്’ (നേതൃത്വം വഹിക്കുന്നതിനു) ഒരേ തരത്തില്‍ അര്‍ഹരായ ഒന്നിലധികം ആളുകളുണ്ടായിരിക്കുകയും തര്‍ക്കം നേരിടുകയും ചെയ്താല്‍ നറുക്കുമൂലം അവരില്‍ ഒരാളെ തീര്‍ച്ചപ്പെടുത്താവുന്നതാണു. എന്നാല്‍, ഏതെങ്കിലും കാര്യത്തിന്റെയോ, ആളുടെയോ ഭാഗ്യനിര്‍ഭാഗ്യങ്ങളെയോ, ഗുണദോഷങ്ങളെയോ നിര്‍ണ്ണയിക്കുവാനുള്ള മാര്‍ഗ്ഗമായി അതു അംഗീകരിക്കപ്പെട്ടിട്ടില്ല. അങ്ങിനെയുള്ള എല്ലാതരം നറുക്കെടുപ്പുകളും, ഷോടതി, ചൂതാട്ടം, പ്രശ്‌നം വെക്കല്‍, ശകുനം നോക്കല്‍, ജോത്സ്യം പറയല്‍ മുതലായവയും ഇസ്‌ലാമില്‍ വിരോധിക്കപ്പെട്ടവയാകുന്നു. (93, 94 വചനങ്ങളില്‍ കൂടുതല്‍ വിവരം കാണാം). ഒരു കാര്യത്തില്‍ പ്രവേശിക്കുന്നതു നന്നായിരിക്കുമോ ഇല്ലേ എന്നു മുന്‍കൂട്ടി അറിയുവാനുള്ള സാഹചര്യങ്ങളില്ലാത്തപ്പോള്‍, വേണ്ടപ്പെട്ടതു തോന്നിപ്പിച്ചു തരുവാനും, അതില്‍ സഹായം നല്‍കുവാനും വേണ്ടി അല്ലാഹുവിനോടു പ്രാര്‍ത്ഥിക്കുക. ഇതാണു ഒരു മുസ്‌ലിമിനു ചെയ്‌വാനുള്ളത്. ഇതിനു ഏറ്റവും നല്ല രൂപം ഇന്നതാണെന്നു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) നമുക്കു പഠിപ്പിച്ചു തന്നിട്ടുമുണ്ട്. രണ്ടു റക്അത്തു സുന്നത്തു (നിര്‍ബ്ബന്ധമായി നിശ്ചയിക്കപ്പെടാത്ത നമസ്‌കാരം) നമസ്‌കരിക്കുക; അതിനുശേഷം അവനവന്‍ ഉദ്ദേശിക്കുന്ന കാര്യം യഥാര്‍ത്ഥത്തില്‍ നല്ലതാണെങ്കില്‍ അതിനു വേണ്ടുന്ന സഹായം നല്‍കുവാനും, അല്ലാത്തപക്ഷം അതില്‍നിന്ന് തന്നെ ഒഴിവാക്കിത്തരുവാനും അല്ലാഹുവിനോടു ഹൃദയംഗമമായി പ്രാര്‍ത്ഥിക്കുക. ഇതാണതിന്റെ ചുരുക്കം. ഇമാം അഹ്മദ്, ബുഖാരി (رحمهما الله) മുതലായ പ്രധാന ഹദീഥു പണ്ഡിതന്മാര്‍ രേഖപ്പെടുത്തിയിട്ടുള്ള ആ ഹദീഥും, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പഠിപ്പിച്ചു തന്ന ആ പ്രാര്‍ത്ഥനയുടെ മൂലവും പൂര്‍ണ്ണരൂപവും അടക്കം സൂഃ ക്വസ്വസ്വ് 68-ാം വചനത്തിന്റെ വ്യാഖ്യാനത്തില്‍ ഉദ്ധരിച്ചിട്ടുണ്ടു. അവിടെ നോക്കുക.

സത്യവിശ്വാസികളെ സംബന്ധിച്ച് വളരെയേറെ സന്തോഷകരമായ രണ്ടു കാര്യങ്ങളാണ് പിന്നീടു അല്ലാഹു ഈ വചനത്തില്‍ അറിയിക്കുന്നതു.

(1) അവിശ്വാസികള്‍ ഇന്ന് നിങ്ങളുടെ മതത്തെ സംബന്ധിച്ചു നിരാശപ്പെട്ടിരിക്കുന്നു. എനി, നിങ്ങള്‍ അവരെ പേടിക്കേണ്ട, എന്നെ – അതെ, എന്നെ മാത്രം – പേടിച്ചുകൊള്ളുക. (الْيَوْمَ يَئِسَ الَّذِينَ كَفَرُوا) അതായതു, നിങ്ങളുടെ മതത്തെ കുറേ കഴിയുമ്പോള്‍ നിങ്ങള്‍ കയ്യൊഴിച്ചേക്കും, അല്ലെങ്കില്‍ അതില്‍ കുറേയൊക്കെ വിട്ടുവീഴ്ചകള്‍ക്കു നിങ്ങള്‍ തയ്യാറായേക്കും എന്നിങ്ങനെ പല പ്രതീക്ഷകളും ആശകളും അവിശ്വാസികള്‍ വെച്ചു പുലര്‍ത്തിയിരുന്നു. അതെല്ലാം ഇപ്പോള്‍ അവര്‍ക്കു നഷ്ടപ്പെട്ടിരിക്കയാണു. നിങ്ങള്‍ ഒരിക്കലും ഇസ്‌ലാമിനെ കയ്യൊഴിക്കുകയോ, അവരുടെ മതത്തിലേക്കു മടങ്ങുകയോ ചെയ്കയില്ല; ഇസ്‌ലാമിനെ നശിപ്പിക്കുവാനോ നിങ്ങളെ ഉന്മൂലനം ചെയ്യുവാനോ അവര്‍ക്കു സാധ്യമല്ല! അവര്‍ക്കുവേണ്ടി മതത്തില്‍ ഒരു വിട്ടുവീഴ്ചക്കും നിങ്ങള്‍ തയ്യാറാകുകയില്ല എന്നൊക്കെ അവര്‍ക്കിപ്പോള്‍ ബോധ്യമായി കഴിഞ്ഞിട്ടുണ്ടു. അവരുടെ ശൗര്യവും, വീര്യവുമെല്ലാം നശിച്ചു പരാജയബോധം വന്നു കഴിഞ്ഞിരിക്കുന്നു. അതുകൊണ്ടു മേലില്‍ അവരെപ്പറ്റി നിങ്ങള്‍ പേടിക്കേണ്ടതായി ഒന്നുമില്ല. എന്നാല്‍, അല്ലാഹുവിനെക്കുറിച്ചുള്ള പേടി കൈവിടുകയും അരുതു. അവന്‍ നിങ്ങളെ സഹായിക്കുകയും കൂടുതല്‍ ശക്തിപ്പെടുത്തുകയും ചെയ്യും എന്നു താല്‍പര്യം. ഈ വചനം അവതരിക്കുമ്പോള്‍ അറേബ്യ മുഴുവനും ഇസ്‌ലാമിനു അധീനമായിക്കഴിഞ്ഞിട്ടുണ്ടെന്നു താഴെ ഉദ്ധരിക്കുന്ന ഉമര്‍ (رَضِيَ اللهُ تَعَالَى عَنْهُ) ന്റെ പ്രസ്തവനയില്‍നിന്നു മനസ്സിലാക്കാം. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഒരിക്കല്‍ ഇങ്ങനെ പറയുകയുണ്ടായി: ‘നമസ്‌കരിക്കുന്ന ആളുകള്‍ (സത്യവിശ്വാസികള്‍) അറേബ്യാ ദ്വീപില്‍ പിശാചിനെ ആരാധിക്കുന്നതിനെക്കുറിച്ച് അവന്‍ നിരാശപ്പെട്ടിട്ടുണ്ടു. പക്ഷേ, അവര്‍ക്കിടയില്‍ വഴക്കടിപ്പിക്കുന്നതില്‍ (അവന്റെ ആശ നശിച്ചിട്ടില്ല)’. (മുസ്‌ലിം).

(2) ഇന്നു നിങ്ങള്‍ക്കു നിങ്ങളുടെ മതം ഞാന്‍ പൂര്‍ത്തിയാക്കി തന്നിരിക്കുന്നു. എന്റെ അനുഗ്രഹം ഞാന്‍ നിങ്ങളില്‍ പരിപൂര്‍ണ്ണമാക്കുകയും, ഇസ്‌ലാമിനെ ഞാന്‍ നിങ്ങള്‍ക്കു മതമായി തൃപ്തിപ്പെട്ടു തരുകയും ചെയ്തിരിക്കുന്നു. (الْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ) ഏതൊരു മതത്തെ ലോകത്തു നിലനിറുത്തുവാന്‍ വേണ്ടി സത്യവിശ്വാസികള്‍ ചരിത്രത്തില്‍ ഇണകാണാത്ത കഷ്ടനഷ്ടങ്ങള്‍ ഇതഃപര്യന്തം സഹിച്ചുകൊണ്ടിരുന്നുവോ ആ മതത്തെ – ഇസ്‌ലാമിനെ – അല്ലാഹു അവര്‍ക്കു ഇപ്പോള്‍ പൂര്‍ത്തിയാക്കിക്കൊടുത്തിരിക്കുകയാണ്. അഥവാ മതത്തില്‍ ആവശ്യമായ സര്‍വ്വനിയമ നിര്‍ദ്ദേശങ്ങളും പ്രശ്‌ന പരിഹാരങ്ങളും ഇപ്പോള്‍ നല്‍കിക്കഴിഞ്ഞിരിക്കുന്നു. അതില്‍ എനി ഒന്നും കൂട്ടുകയോ കുറക്കുകയോ ചെയ്യേണ്ടതില്ല. ഒരു റസൂലോ വേദഗ്രന്ഥമോ എനി വരേണ്ടുന്ന ആവശ്യവുമില്ല. കാലദേശ വ്യത്യാസം കൂടാതെ മനുഷ്യ നന്മക്കാവശ്യമായതെല്ലാം അവതരിപ്പിച്ചു തന്നിരിക്കുന്നു. ലോകത്തു മതങ്ങള്‍ പലതുണ്ടെങ്കിലും അല്ലാഹു ഇഷ്ടപ്പെടുന്ന മതം ഇസ്‌ലാം ഒന്നു മാത്രമാണു. അതു നല്‍കുക വഴി അവന്റെ പരിപൂര്‍ണ്ണമായ അനുഗ്രഹം അതിന്റെ അനുയായികളായ നിങ്ങള്‍ക്കു കിട്ടിക്കഴിഞ്ഞിരിക്കുന്നു. അതിലുപരിയായി ഒരനുഗ്രഹവും മനുഷ്യര്‍ക്കു ലഭിക്കുവാനില്ല. എല്ലാ നന്മയുടെയും വിജയത്തിന്റെയും ഉറവിടം അതാണു. എന്നൊക്കെയുളള സന്തോഷവാര്‍ത്തകളാണ് ഇതില്‍ അടങ്ങിയിരിക്കുന്നതു. ഈ വചനം അവതരിച്ചതിനുശേഷം ഏതാനും ചില ക്വുര്‍ആന്‍ സൂക്തങ്ങളൊക്കെ അവതരിച്ചിട്ടുണ്ടെങ്കിലും നിയമപരമായ പുതിയ വിധികളൊന്നും പിന്നീടു അവതരിക്കുകയുണ്ടായിട്ടില്ല.

അഹ്മദ്, ബുഖാരി, മുസ്‌ലിം (رحمهم الله) മുതലായവര്‍ ഇപ്രകാരം നിവേദനം ചെയ്തിരിക്കുന്നു: യഹൂദനായ ഒരാള്‍ ഉമര്‍ (رَضِيَ اللهُ تَعَالَى عَنْهُ) ന്റെ അടുക്കല്‍ വന്നിട്ടു പറഞ്ഞു: ‘അമീറുല്‍ മുഅ്മിനീന്‍! നിങ്ങളുടെ ഗ്രന്ഥത്തില്‍ നിങ്ങള്‍ ഒരു ആയത്തു (സൂക്തം) ഓതി വരുന്നു. യഹൂദികളായ ഞങ്ങള്‍ക്കായിരുന്നു അതു അവതരിച്ചതെങ്കില്‍ ഞങ്ങള്‍ ആ ദിവസത്തെ ഒരു ഉല്‍സവ ദിവസമാക്കുമായിരുന്നു’. ഉമര്‍ (رَضِيَ اللهُ تَعَالَى عَنْهُ) ചോദിച്ചു: ‘ഏതു ആയത്താണതു? ‘യഹൂദന്‍ മറുപടി പറഞ്ഞു الْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ – ا لخ എന്നുള്ളതാണതു.’ അപ്പോള്‍ ഉമര്‍ (رَضِيَ اللهُ تَعَالَى عَنْهُ) പറഞ്ഞു: ‘റസൂല്‍ (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിക്കു ഈ ആയത്തു അവതരിച്ച ദിവസവും, അവതരിച്ച നാഴികയും എനിക്കു തീര്‍ച്ചയായും അറിയാം. അറഫാ ദിവസവും ഒരു വെളളിയാഴ്ച വൈകുന്നേരവുമാണതു അവതരിച്ചതു. ഞങ്ങളെ സംബന്ധിച്ചേടത്തോളം അതിനായി ഒരു പുതിയ ഉല്‍സവ ദിവസം എനി ഏര്‍പ്പെടുത്തേണ്ടുന്ന ആവശ്യമില്ല.’ അറഫാ ദിവസവും, വെള്ളിയാഴ്ച ദിവസവും മുസ്‌ലിംകള്‍ക്കു മുമ്പേ ആഘോഷ ദിവസങ്ങളാണ് എന്നത്രെ ഉമര്‍ (رَضِيَ اللهُ تَعَالَى عَنْهُ) പറഞ്ഞതിന്റെ സാരം. ഹിജ്‌റഃ 9-ാം കൊല്ലത്തില്‍ ഉണ്ടായ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ ഹജ്ജത്തുല്‍ വിദാഉ് (حجة الوداع) എന്ന വിശ്രുത ഹജ്ജിലായിരുന്നു ഇതിന്റെ അവതരണം. അന്നത്തെ അറഫാദിനം വെള്ളിയാഴ്ചയായിരുന്നു താനും. ഈ വചനം അവതരിച്ചതിനു ശേഷം നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനി 81 ദിവസമേ ജീവിച്ചിരുന്നിട്ടുള്ളൂവെന്നു ഇബ്‌നു ജരീറും (رحمه الله) മറ്റും രിവായത്തു ചെയ്തിരിക്കുന്നു.

ഭക്ഷിക്കുവാന്‍ പാടില്ലാത്ത വസ്തുക്കളെപ്പറ്റി വിവരിച്ചതിനെ തുടര്‍ന്നാണല്ലോ ഈ രണ്ടു കാര്യങ്ങളും അല്ലാഹു അറിയിച്ചിരിക്കുന്നതു. അപ്പോള്‍ അതിനു മുമ്പവതരിച്ച നിയമങ്ങള്‍ പൊതുവിലും, ഈ നിയമം പ്രത്യേകിച്ചും മാറ്റം വരാത്തതാണെന്നും അലംഘനീയമാണെന്നും വന്നു. എനി, വല്ല പരിതഃസ്ഥിതിയിലും ആ നിഷിദ്ധമായ വസ്തുക്കളല്ലാതെ മറ്റൊന്നും ഭക്ഷിക്കുവാന്‍ കിട്ടാതെ പട്ടിണി കിടന്നു കഷ്ടപ്പെടേണ്ടി വന്നാല്‍ എന്തു ചെയ്യും? ഇതിനുള്ള മറുപടി കൂടി നല്‍കിക്കൊണ്ടാണു അല്ലാഹു ഈ വചനം അവസാനിപ്പിക്കുന്നതു.

فَمَنِ اضْطُرَّ فِي مَخْمَصَةٍ غَيْرَ مُتَجَانِفٍ لِّإِثْمٍ ۙ فَإِنَّ اللَّهَ غَفُورٌ رَّحِيمٌ (വല്ലവനും കുറ്റത്തിലേക്കു ചായ്‌വു കാണിക്കുന്നവനല്ലാത്ത നിലക്കു പട്ടിണിയില്‍പെട്ടു നിര്‍ബ്ബന്ധിതനായിത്തീര്‍ന്നാല്‍, അപ്പോള്‍ അല്ലാഹു പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു) അങ്ങനെ നിര്‍ബ്ബന്ധിതാവസ്ഥയില്‍പെട്ട് കഷ്ടപ്പെടുന്ന പക്ഷം, ഒരു കരുതിക്കൂട്ടലോ താല്‍പര്യമെടുക്കലോ ഇല്ലാതെ അത്യാവശ്യമായ അളവില്‍ മാത്രം ആ നിഷിദ്ധ വസ്തുക്കള്‍ ഏതെങ്കിലും ഉപയോഗിച്ചുകൊള്ളുന്നതിനു വിരോധമില്ല. അതു അല്ലാഹു പൊറുത്തുകൊടുക്കും. അവന്‍ കരുണയുള്ളവനാണല്ലോ എന്നു സാരം. ഇവിടെ غَيْرَ مُتَجَانِفٍ لِّإِثْمٍ (കുറ്റത്തിലേക്കു ചായ്‌വു കാണിക്കുന്നവനായിട്ടല്ലാതെ) എന്നു പറഞ്ഞതിന്റെ സ്ഥാനത്തു സൂഃ അല്‍ബക്വറഃ 173 ല്‍ ഉള്ളതു غَيْرَ بَاغٍ وَلَا عَادٍ (നിയമലംഘനം കാംക്ഷിക്കുന്നവനും അതിരുവിട്ടവനുമല്ലാത്ത നിലയില്‍) എന്നാകുന്നു. രണ്ടും ഒരേ സാരത്തില്‍ കലാശിക്കുന്നു. കുറ്റകരമായ വല്ല പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെട്ടതു നിമിത്തം ഉണ്ടായിത്തീരുന്ന നിര്‍ബ്ബന്ധിതാവസ്ഥയില്‍ ഈ ഇളവു അനുവദിക്കപ്പെടുകയില്ലെന്നു ഈ വാക്കുകളെ ആധാരമാക്കി ഇമാം ശാഫിഈ (رحمه الله) മുതലായ ചില മഹാന്മാര്‍ അഭിപ്രായപ്പെട്ടിരിക്കുന്നു. ഈ അഭിപ്രായം പ്രത്യക്ഷത്തില്‍ ശരിയാണ്. പക്ഷേ-ഇബ്നുജരീര്‍ (رحمه الله) മുതലായവര്‍ ചൂണ്ടിക്കാട്ടിയതു പോലെ – ജീവന്‍പോലും അപകടത്തിലാകുമാറ് കുറ്റകൃത്യം ചെയ്തതു തെറ്റു തന്നെ. എങ്കിലും നിഷിദ്ധമായ വസ്തുക്കളെ ഉപയോഗിച്ചിട്ടെങ്കിലും അതില്‍നിന്നു രക്ഷപ്പെടുവാന്‍ മാര്‍ഗ്ഗമുള്ളപ്പോള്‍ അതു ഉപയോഗിക്കാതെ ആത്മഹത്യക്കു വിധേയനാകുന്നതു മറ്റൊരു തെറ്റുംകൂടിയായിരിക്കുമല്ലോ.

അനിവാര്യമായ ഘട്ടത്തില്‍ ചെയ്തുപോകുന്ന ആ തെറ്റു പൊറുത്തുകൊടുക്കുന്നവനാണ് അല്ലാഹു എന്നു പറഞ്ഞു മതിയാക്കാതെ, അവന്‍ കരുണാനിധിയാണ് എന്നുകൂടി പറഞ്ഞിരിക്കുന്നതു നോക്കുക. അവന്റെ കാരുണ്യാധിക്യംകൊണ്ടാണ് ഇങ്ങിനെയുള്ള ഇളവു നല്‍കുന്നതെന്നും, മനുഷ്യനെ കഷ്ടപ്പെടുത്തി ഞെരുക്കുവാന്‍ അവന്‍ ഉദ്ദേശിക്കുന്നില്ലെന്നുമാണ് അതു സൂചിപ്പിക്കുന്നത്. ഒരു ഹദീഥില്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറയുന്നു: ‘നിശ്ചയമായും, അല്ലാഹുവിനോടു അനുസരണക്കേടു കാണിക്കുന്നതിനെ അവന്‍ വെറുക്കുന്നതുപോലെ, അവന്റെ ഇളവു (വിട്ടുവീഴ്ച)കളെ സ്വീകരിക്കുന്നതിനെ അവന്‍ ഇഷ്ടപ്പെടുകയും ചെയ്യുന്നു’. (അ, ഇബ്‌നു ഹിബ്ബാന്‍).

5:5
  • يَسْـَٔلُونَكَ مَاذَآ أُحِلَّ لَهُمْ ۖ قُلْ أُحِلَّ لَكُمُ ٱلطَّيِّبَـٰتُ ۙ وَمَا عَلَّمْتُم مِّنَ ٱلْجَوَارِحِ مُكَلِّبِينَ تُعَلِّمُونَهُنَّ مِمَّا عَلَّمَكُمُ ٱللَّهُ ۖ فَكُلُوا۟ مِمَّآ أَمْسَكْنَ عَلَيْكُمْ وَٱذْكُرُوا۟ ٱسْمَ ٱللَّهِ عَلَيْهِ ۖ وَٱتَّقُوا۟ ٱللَّهَ ۚ إِنَّ ٱللَّهَ سَرِيعُ ٱلْحِسَابِ ﴾٥﴿
  • (നബിയേ) എന്താണ് അവര്‍ക്കു അനുവദിക്കപ്പെട്ടിരിക്കുന്നതു എന്ന് അവര്‍ നിന്നോടു ചോദിക്കുന്നു. പറയുക:- (നല്ല) വിശിഷ്ടമായ വസ്തുക്കള്‍ നിങ്ങള്‍ക്കു അനുവദിക്കപ്പെട്ടിരിക്കുന്നു. അല്ലാഹു നിങ്ങള്‍ക്കു പഠിപ്പിച്ചു തന്നതില്‍നിന്നും (ചിലതു) പഠിപ്പിച്ചുകൊണ്ടു നിങ്ങള്‍ നായാട്ടു പരിശീലിപ്പിക്കുന്ന നിലയില്‍ വേട്ട ജന്തുക്കളില്‍പെട്ട വല്ലതിനെയും നിങ്ങള്‍ പഠിപ്പിക്കുന്നതായാല്‍; അപ്പോള്‍, അവ നിങ്ങള്‍ക്കായി പിടിച്ചു തന്നതില്‍നിന്നും നിങ്ങള്‍ തിന്നുകൊള്ളുവിന്‍, അതില്‍ അല്ലാഹുവിന്റെ നാമം നിങ്ങള്‍ പറയുകയും ചെയ്യുവിന്‍. നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്യണം. നിശ്ചയമായും, അല്ലാഹു വേഗം വിചാരണ നടത്തുന്നവനാകുന്നു.
  • يَسْأَلُونَكَ അവര്‍ നിന്നോടു ചോദിക്കുന്നു, ചോദിക്കും مَاذَا എന്തൊന്നാണു أُحِلَّ لَهُمْ അവര്‍ക്കു അനുവദിക്കപ്പെട്ടിരിക്കുന്നു قُلْ പറയുക أُحِلَّ لَكُمُ നിങ്ങള്‍ക്കു അനുവദിക്കപ്പെട്ടിരിക്കുന്നു الطَّيِّبَاتُ നല്ല (ശുദ്ധമായ - വിശിഷ്ട) വസ്തുക്കള്‍ وَمَا عَلَّمْتُم നിങ്ങള്‍ പഠിപ്പിക്കുന്നതു, വല്ലതിനെയും പഠിപ്പിച്ചാല്‍ مِّنَ الْجَوَارِحِ വേട്ട ജന്തുക്കളില്‍നിന്നു مُكَلِّبِينَ നായാട്ടു പരിശീലിപ്പിക്കുന്നവരായി تُعَلِّمُونَهُنَّ അവയെ നിങ്ങള്‍ പഠിപ്പിച്ചുകൊണ്ടു مِمَّا عَلَّمَكُمُ നിങ്ങളെ പഠിപ്പിച്ചതില്‍നിന്നു اللَّـهُ അല്ലാഹു فَكُلُوا എന്നാല്‍ നിങ്ങള്‍ തിന്നുകൊള്ളുവിന്‍ مِمَّا أَمْسَكْنَ അവ പിടിച്ച (പിടിച്ചു തന്ന)തില്‍ നിന്നു عَلَيْكُمْ നിങ്ങള്‍ക്ക്, നിങ്ങളുടെ പേരില്‍ وَاذْكُرُوا നിങ്ങള്‍ പറയുക (സ്മരിക്കുക)യും ചെയ്‍വിന്‍ اسْمَ اللَّـهِ അല്ലാഹുവിന്റെ നാമം عَلَيْهِ അതില്‍, അതിന്റെമേല്‍ وَاتَّقُوا സൂക്ഷിക്കുകയും ചെയ്യുക اللَّـهَ അല്ലാഹുവിനെ إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു سَرِيعُ വേഗമുള്ളവനാണു الْحِسَابِ വിചാരണ

കഴിഞ്ഞ വചനത്തില്‍ ഭക്ഷിക്കല്‍ ഹറാമായ (നിഷിദ്ധമായ) ഏതാനും വസ്തുക്കളെപ്പറ്റി വിവരിച്ചപ്പോള്‍, ഭക്ഷിക്കല്‍ ഹലാലായ (അനുവദനീയമായ) വസ്തുക്കള്‍ ഏതൊക്കെയാണ് എന്നു ഒരു ചോദ്യം സ്വാഭാവികമായും ഉണ്ടാകുമല്ലോ. അതിനു ഈ വചനത്തില്‍ അല്ലാഹു മറുപടി നല്‍കുന്നു. എന്നാല്‍, അനുവദനീയമായ വസ്തുക്കളുടെ ഒരു പട്ടിക നിരത്തുകയല്ല ഈ മറുപടിയില്‍ അല്ലാഹു ചെയ്തിരിക്കുന്നതു. അനുവദിക്കപ്പെട്ടവയെ എണ്ണിപ്പറയുന്നപക്ഷം ആ പട്ടിക നിഷിദ്ധ വസ്തുക്കളുടേതുപോലെ കേവലം ചെറുതായിരിക്കയില്ല. വളരെ നീണ്ടതു തന്നെയായിരിക്കും. അതുകൊണ്ടു അനുവദനീയമായ വസ്തുക്കളെ മനസ്സിലാക്കുവാന്‍ ഉതകുന്ന ഒരു പൊതുതത്വം ചൂണ്ടിക്കാട്ടുകയാണ് അല്ലാഹു ചെയ്തിരിക്കുന്നതു. നല്ല വിശിഷ്ടമായ വസ്തുക്കളെല്ലാം അനുവദനീയമാക്കപ്പെട്ടിരിക്കുന്നു (أُحِلَّ لَكُمُ الطَّيِّبَاتُ) എന്നത്രെ മറുപടി. ‘നല്ലവ, പരിശുദ്ധമായവ, വിശിഷ്ടമായവ, ഹൃദ്യമായവ എന്നൊക്കെ സന്ദര്‍ഭമനുസരിച്ചു വിവര്‍ത്തനം നല്‍കാവുന്ന വാക്കാണ് طيّبات (ത്വയ്യിബാത്ത്) ‘രുചികരമായ അഥവാ സ്വാദിഷ്ടമായ (المستلذات)’ എന്നതിന്റെ സാക്ഷാല്‍ അര്‍ത്ഥം. (*) മ്ലേച്ഛതയില്‍ നിന്നോ, പാപത്തില്‍നിന്നോ ശുദ്ധമായിട്ടുള്ളവ എന്ന ഉദ്ദേശ്യത്തിലും അതു ഉപയോഗിക്കപ്പെടാറുണ്ട്. ക്വുര്‍ആനിലും ഈ അര്‍ത്ഥങ്ങളില്‍ അതു ഉപയോഗിക്കപ്പെട്ടിരിക്കുന്നു.


(*) كما فى مفردات الامام الراغب – رح


ആദ്യം പറഞ്ഞ അര്‍ത്ഥമാണ് ഇവിടെ കൂടുതല്‍ യോജിക്കുന്നതും, ക്വുര്‍ആന്‍ വ്യാഖ്യാതാക്കള്‍ പൊതുവെ സ്വീകരിച്ചിട്ടുള്ളതും. എന്നാല്‍, അങ്ങിനെയുള്ള വസ്തുക്കള്‍ക്കു ഒരു നിര്‍വ്വചനമോ പരിധിയോ നിശ്ചയിക്കുന്നതില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ വ്യത്യസ്തമായ വീക്ഷണഗതികള്‍ കാണാം. അതു കേവലം സ്വാഭാവികമാണു താനും. ശുദ്ധപ്രകൃതിക്കാരും, നാഗരികതയും സംസ്‌കാരവും സിദ്ധിച്ചവരുമായ ജനങ്ങള്‍ക്കിടയില്‍ വെറുപ്പും അറപ്പും തോന്നപ്പെടാത്തതെല്ലാം ‘ത്വയ്യിബാത്തി’ല്‍ പെടുമെന്നാണു ഭൂരിപക്ഷാഭിപ്രായവും കൂടുതല്‍ യുക്തമായതും എന്നു പറയാം. ക്വുര്‍ആന്‍ അവതരിച്ച കാലത്തെ അറബികളുടെ പൊതു നിലയാണു പരിഗണിക്കപ്പെടേതെന്നും മറ്റും വേറെയും അഭിപ്രായങ്ങളുണ്ട്. ഏറ്റക്കുറവുണ്ടായിരിക്കുമെങ്കിലും ആ അഭിപ്രായങ്ങള്‍ ഒന്നും തന്നെ വിമര്‍ശനങ്ങളില്‍ നിന്നു ഒഴിവല്ല. ഏതായാലും അല്ലാഹു നിഷിദ്ധമാക്കിയിട്ടുള്ള വസ്തുക്കളില്‍ അടങ്ങിയ വ്യക്തമായ ദോഷവശങ്ങള്‍ ഇല്ലാത്തതും, അവ നിഷിദ്ധമാക്കുവാന്‍ കാരണമായ തത്വങ്ങള്‍ ഉള്‍ക്കൊള്ളാത്തവയും ആയിരിക്കുമ്പോഴേ അവക്ക് ‘ത്വയ്യിബാത്ത്’ എന്നു പറയാവൂ. ഇതില്‍ ആര്‍ക്കും തര്‍ക്കത്തിനവകാശമില്ല.

നല്ലതും വിശിഷ്ടവുമായ കാര്യങ്ങള്‍ അനുവദനീയമായിരിക്കുക, ചീത്തയും അശുദ്ധവുമായ കാര്യങ്ങള്‍ നിഷിദ്ധങ്ങളായിരിക്കുക എന്നുള്ളതു ഇസ്‌ലാമിലെ മൗലികമായ ഒരു പൊതു തത്വമത്രെ. റസൂല്‍ (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയുടെ ദൗത്യോദ്യമങ്ങള്‍ വിവരിക്കുന്ന കൂട്ടത്തില്‍ അല്ലാഹു പറയുന്നു:

وَيُحِلُّ لَهُمُ الطَّيِّبَاتِ وَيُحَرِّمُ عَلَيْهِمُ الْخَبَائِثَ – سورة الأعراف (അദ്ദേഹം അവര്‍ക്കു നല്ല വിശിഷ്ടമായവയെ അനുവദനീയമാക്കിക്കൊടുക്കുകയും, ദുഷിച്ചു ചീത്തയായവയെ അവരില്‍ നിഷിദ്ധമാക്കുകയും ചെയ്യും. (അഅ്‌റാഫ് 157) ഒരു വാസ്തവം ഓര്‍ക്കേണ്ടതുണ്ട്: അല്ലാഹുവോ അവന്റെ റസൂലോ ഒരു കാര്യം നിഷിദ്ധമാണെന്നു വിധിച്ചാല്‍ പിന്നെ, അതു നല്ലതെന്നോ പരിശുദ്ധമായതെന്നോ വിധിക്കുവാനും കണക്കാക്കുവാനും ആര്‍ക്കും അവകാശമില്ല. നേരെമറിച്ചു ഒരു കാര്യം അനുവദനീയമെന്നു അല്ലാഹുവും റസൂലും വിധിച്ചാല്‍ പിന്നെ അതു ചീത്തയോ അശുദ്ധമോ എന്നു പറയുവാനും ആര്‍ക്കും നിവൃത്തിയില്ല. അല്ലാഹുവും റസൂലും ഒന്നു നിഷിദ്ധമാക്കിയാല്‍ അതു ദുഷിച്ചതും അല്ലാഹുവും റസൂലും അനുവദനീയമാക്കിയാല്‍ അതു വിശിഷ്ടമായതും തന്നെ സംശയമില്ല.

അല്ലാഹുവിന്റെയും റസൂലിന്റെയും വചനങ്ങളില്‍ – ക്വുര്‍ആനിലും സുന്നത്തിലും – രണ്ടിലൊരു വിധി വ്യക്തമാക്കപ്പെട്ടിട്ടില്ലാത്ത വസ്തുക്കളില്‍ ഏതെങ്കിലും ചിലതിനെപ്പറ്റി അവ വിശിഷ്ടമോ നികൃഷ്ടമോ – ശുദ്ധമോ അശുദ്ധമോ – (ത്വയ്യിബോ ഖബീഥോ) എന്നുളളതില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ ഏകാഭിപ്രായമുണ്ടായിരിക്കുവാന്‍ പ്രയാസമായിരിക്കും. ഇതില്‍ നിന്നാണു ചില വസ്തുക്കളെപ്പറ്റി അവ ഭക്ഷിക്കുവാന്‍ പാടുണ്ടെന്നും ഇല്ലെന്നും അഭിപ്രായ വ്യത്യാസം ഉണ്ടായിത്തീരുന്നതു. അതു കേവലം സ്വാഭാവികമാണു. അതുകൊണ്ടു സംശയം നേരിടുമ്പോള്‍, അല്ലാഹുവിന്റെയും റസൂലിന്റെയും പ്രസ്താവനകളും അവയിലടങ്ങിയ തത്വങ്ങളും ആസ്പദമാക്കി കൂടുതല്‍ സൂക്ഷ്മവും സുരക്ഷിതവുമായ അഭിപ്രായം സ്വീകരിക്കലാണ് ഈ വിഷയത്തില്‍ കരണീയമെന്നു ചുരുക്കത്തില്‍ പറയാം.

ഭക്ഷിക്കുവാന്‍ അനുവദിക്കപ്പെട്ടവയെപ്പറ്റി മൊത്തത്തില്‍ പ്രസ്താവിച്ചശേഷം, വേട്ടജന്തുക്കള്‍ പിടിച്ചു കൊണ്ടുവരുന്ന ജീവികളെപ്പറ്റി അല്ലാഹു പ്രത്യേകം ഉണര്‍ത്തിയിരിക്കുന്നു. അവ ശവങ്ങളുടെ കൂട്ടത്തില്‍ പെടുമോ എന്നു സംശയിക്കപ്പെടുവാന്‍ ന്യായമുണ്ടല്ലോ. അല്ലാഹു മനുഷ്യര്‍ക്കു പലതരം അറിവുകളും നല്‍കി അനുഗ്രഹിച്ചിട്ടുണ്ടു. നായാട്ടു നടത്തി ഭക്ഷ്യവസ്തുക്കളെ സമ്പാദിക്കുവാനും, അതിനായി ചില മൃഗങ്ങളെയും പക്ഷികളെയും നായാട്ടു പരിശീലിപ്പിക്കുവാനുള്ള അറിവും അക്കൂട്ടത്തില്‍ ചിലതത്രെ. അങ്ങിനെ പരിശീലിപ്പിച്ച ജന്തുക്കള്‍ അവയുടെ സ്വന്താവശ്യാര്‍ത്ഥമല്ലാതെ അവയുടെ യജമാനന്മാരുടെ ആവശ്യാര്‍ത്ഥം – വല്ല ജീവികളെയും പിടിച്ചുകൊണ്ടുവന്നു കൊടുത്താല്‍, അവ ചത്തു പോയിട്ടുണ്ടെങ്കില്‍ തന്നെയും അവ ഭക്ഷിക്കാവുന്നതാണു എന്നു അല്ലാഹു അറിയിക്കുന്നു. വേട്ടജന്തുക്കള്‍ (الْجَوَارِح) എന്നു പറഞ്ഞതില്‍ വേട്ടക്കു ഉപയോഗിപ്പെടുത്തുന്ന നായ, നരി, പ്രാപ്പിടിയന്‍ മുതലായ മൃഗങ്ങളും പക്ഷികളും ഉള്‍പെടും. നിങ്ങള്‍ക്കായി പിടിച്ചു കൊണ്ടുവന്നതു (مَّا أَمْسَكْنَ عَلَيْكُمْ) എന്നു പറഞ്ഞതിന്റെ ഉദ്ദേശ്യം അവയുടെ സ്വന്തം ആവശ്യത്തിനു വേണ്ടി പിടിച്ചതാവരുതു – അവയെ വിട്ടയച്ച യജമാനനു വേണ്ടിയായിരിക്കണം പിടിച്ചതു – എന്നുമാകുന്നു. പരിശീലനം നല്‍കുന്നതിന്റെ ഉദ്ദേശ്യവും അതാണല്ലോ. പരിശീലിപ്പിക്കപ്പെടാത്ത നായ മുതലായ ജന്തുക്കള്‍ വല്ല ജീവിയെയും പിടിച്ചു കൊണ്ടുവന്നാല്‍, അവ ചത്തു പോയിട്ടുണ്ടെങ്കില്‍ അവ നിഷിദ്ധമാണെന്നു ഈ വചനത്തില്‍ നിന്നു വ്യക്തമാണു. ഉരുവില്‍നിന്നു അതിനെ പിടിച്ചു കൊണ്ടുവന്ന വേട്ടജന്തു ഒട്ടും ഭക്ഷിക്കാതിരിക്കലാണ് അതു യജമാനന്റെ കല്‍പനപ്രകാരം പിടിച്ചതാണെന്നുള്ളതിന് തെളിവു എന്നത്രെ അധികപക്ഷം പണ്ഡിതന്മാരുടെയും അഭിപ്രായം. ഹദീഥും ഇതിനെയാണു ബലപ്പെടുത്തുന്നത്.

അദിയ്യുബ്നു ഹാതിം (رَضِيَ اللهُ تَعَالَى عَنْهُ) പ്രസ്താവിച്ചതായി ബുഖാരിയും മുസ്‌ലിമും (رحمه الله) ഇപ്രകാരം ഉദ്ധരിച്ചിരിക്കുന്നു: ഞാന്‍ പറഞ്ഞു: ‘അല്ലാഹുവിന്റെ റസൂലേ, പഠിപ്പിക്കപ്പെട്ട (പരിശീലിപ്പിക്കപ്പെട്ട) നായകളെ ഞാന്‍ (ഉരുക്കളിലേക്കു) വിട്ടയക്കുന്നു. ഞാന്‍ അല്ലാഹുവിന്റെ നാമം പറയുകയും ചെയ്യുന്നു. (ഇതിന്റെ വിധിയെന്താണ്?)’ തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞു: ‘നിന്റെ പഠിപ്പിക്കപ്പെട്ട നായയെ നീ വിട്ടയക്കുകയും അല്ലാഹുവിന്റെ നാമം പറയുക (ബിസ്മി ചൊല്ലുക)യും ചെയ്താല്‍, അതു നിനക്കു വേണ്ടി പിടിച്ചുകൊണ്ടു തന്നതില്‍നിന്നും നീ ഭക്ഷിച്ചുകൊള്ളുക’. ഞാന്‍ ചോദിച്ചു: ‘അവ (ഉരുവിനെ) കൊന്നുവെങ്കിലോ?’ തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞു: ‘അവ കൊന്നാലും. (വിരോധമില്ല. പക്ഷേ,) ആ നായകളില്‍ പെട്ടതല്ലാത്ത വല്ല നായയും അതില്‍ പങ്കു ചേരാതിരുന്നെങ്കില്‍ (മാത്രം). കാരണം, നീ നിന്റെ നായയുടെ പേരില്‍ മാത്രമാണല്ലോ അല്ലാഹുവിന്റെ നാമം പറഞ്ഞിട്ടുള്ളതു. മറ്റൊന്നിന്റെ പേരില്‍ നീ നാമം പറഞ്ഞിട്ടില്ലല്ലോ’. ഞാന്‍ ചോദിച്ചു: ‘ഞാന്‍ കത്തിയമ്പു (മിഅ്‌റാദ്വ്) കൊണ്ടു (*) ഉരുവിനെ എയ്യുന്നു.

അങ്ങിനെ അതെനിക്ക് കിട്ടുന്നു (ഇതിന്റെ വിധിയോ?). തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞു: ‘നീ മിഅ്‌റാദ്വു’ കൊണ്ട് എയ്തിട്ട് അതു (അതിന്റെ മൂര്‍ച്ചയുള്ള ഭാഗം തട്ടി) കീറി മുറിപ്പെടുത്തിയാല്‍ നീ ഭക്ഷിച്ചുകൊള്ളുക. (അതല്ല-അതിന്റെ) ഘനം കൊണ്ടു ആപത്തു ബാധിച്ചതായാല്‍ അതു തല്ലിക്കൊല്ലപ്പെട്ടതായിരിക്കും. അതു നീ ഭക്ഷിക്കരുതു’. മറ്റൊരു രിവായത്തില്‍ വാചകം ഇങ്ങിനെയാകുന്നു: ‘നിന്റെ നായയെ അയക്കുമ്പോള്‍ നീ അല്ലാഹുവിന്റെ നാമം പറയുക. എന്നിട്ട് അതു നിനക്കായി പിടിച്ചു കൊണ്ടുവരുന്ന പക്ഷം, അതു (ആ ഉരു) ജീവനുള്ളതായി കണ്ടാല്‍ അതിനെ നീ അറുക്കുക. കൊല്ലപ്പെട്ടതായി കാണുകയും, അതില്‍നിന്നു അതു (കൊണ്ടു വന്ന വേട്ടജന്തു) തിന്നാതിരിക്കുകയും ചെയ്താല്‍ നീ അതു തിന്നു കൊള്ളുക. നായ അതിനെ പിടിക്കുന്നതു അതിന്റെ അറവാകുന്നു’. വേറൊരു വാചകത്തില്‍ ഇങ്ങിനെയും ഉണ്ടു: ‘അതു അതില്‍ നിന്നു തിന്നിട്ടുണ്ടെങ്കില്‍ നീ അതു തിന്നരുതു. കാരണം, അതു അതിനു വേണ്ടിത്തന്നെ പിടിച്ചതായിരിക്കും അതെന്നു ഞാന്‍ ഭയപ്പെടുന്നു’ (ബു; മു).


(*) ‘മിഅ്‌റാദ്വ്’ (المعراض) എന്നാല്‍ പിന്നില്‍ തൂവല്‍ ഘടിപ്പിക്കാത്തതും, മധ്യഭാഗം കട്ടിയുള്ളതുമായ ഒരുതരം അമ്പാകുന്നു. മിക്കവാറും അവയുടെ മൂര്‍ച്ചമൂലമായിരിക്കയില്ല ഉരുക്കള്‍ ചത്തു പോകുന്നത്. അതിന്റെ സമ്മര്‍ദ്ദവും ഘനവും കൊണ്ടായിരിക്കും.


وَاذْكُرُوا اسْمَ اللَّهِ عَلَيْهِ (അതിന്റെമേല്‍ അല്ലാഹുവിന്റെ നാമം പറയുകയും ചെയ്യുക) എന്നതിന്റെ ഉദ്ദേശ്യത്തില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ മൂന്നഭിപ്രായങ്ങളുണ്ടു.

(1) പരിശീലിപ്പിക്കപ്പെട്ട വേട്ടജന്തുവെ ഉരുവിന്റെ നേരെ വിടുമ്പോള്‍ ‘ബിസ്മി’ ചൊല്ലുക എന്നും.

(2) പിടിച്ചു കൊണ്ടുവരപ്പെട്ട ഉരുവിനു ജീവനുണ്ടെങ്കില്‍ അതിനെ അറുക്കുമ്പോള്‍ ബിസ്മി ചൊല്ലുക എന്നും
(3) ഉരുവിന്റെ മാംസം ഭക്ഷിക്കുമ്പോള്‍ ബിസ്മി ചൊല്ലുക എന്നും. عَلَيْهِ (അതിന്മേല്‍ – അല്ലെങ്കില്‍ അതില്‍) എന്നതിലെ സര്‍വ്വനാമം (ضمير) ഏതിനെ ഉദ്ദേശിച്ചാണെന്നുള്ളതില്‍ നിന്നാണ് ഈ അഭിപ്രായങ്ങള്‍ ഉണ്ടായിരിക്കുന്നതു.

ഈ മൂന്നില്‍ ഏതാണു നിര്‍ബ്ബന്ധം എന്നുള്ളതിലാണു ഭിന്നിപ്പുള്ളതു. മൂന്നവസരത്തിലും ബിസ്മി ചൊല്ലുന്നതു വേണ്ടപ്പെട്ട കാര്യമാണെന്നതില്‍ തര്‍ക്കമില്ല. മേല്‍ ഉദ്ധരിച്ചതു പോലെയുള്ള ഹദീഥുകളില്‍നിന്നു ഒന്നാമത്തെ അഭിപ്രായമാണു കൂടുതല്‍ ശരിയായതെന്നു വ്യക്തമാകുന്നു. വേട്ടമൃഗത്തെ വിടുമ്പോള്‍ അല്ലാഹുവിന്റെ നാമം (ബിസ്മി) പറയല്‍ നിര്‍ബ്ബന്ധമില്ല – ഉരുവിന്റെ മാംസം ഭക്ഷിക്കുമ്പോള്‍ പറഞ്ഞാല്‍ മതി – എന്ന അഭിപ്രായക്കാര്‍ക്കുള്ള തെളിവ് ഇതാണു: ചില ആളുകള്‍ റസൂല്‍ (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയോടു ചോദിച്ചു: ‘അടുത്ത കാലത്തു ഇസ്‌ലാമില്‍ വന്ന ആളുകള്‍ മാംസം കൊണ്ടുവരാറുണ്ടു. അതില്‍ (അറുക്കുന്ന സമയത്തു) അല്ലാഹുവിന്റെ നാമം പറയപ്പെട്ടിട്ടുണ്ടോ എന്നു ഞങ്ങള്‍ക്കറിയുകയില്ല. (ഈ മാംസം ഭക്ഷിക്കാമോ?)’ തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) മറുപടി പറഞ്ഞു: ‘നിങ്ങള്‍ അല്ലാഹുവിന്റെ നാമം പറഞ്ഞ് തിന്നുകൊള്ളുവിന്‍’. ആഇശഃ (رَضِيَ اللهُ تَعَالَى عَنْها) യില്‍ നിന്നു ബുഖാരി (رحمه الله) ഉദ്ധരിച്ചതാണിതു. ഈ ഹദീഥു ആ അഭിപ്രായത്തിനു മതിയായ തെളിവാകുന്നില്ലെന്ന് അല്‍പം ആലോചിച്ചാല്‍ അറിയാവുന്നതാണു. (വിശദ വിവരം ഹദീഥു വ്യാഖ്യാന ഗ്രന്ഥങ്ങളില്‍ നിന്നറിയേണ്ടതാകുന്നു) അവസാനം وَاتَّقُواالّلهَ (നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്യണം) എന്നും إِنَّ الَّله سَرِيع اُلْحِسَابِ (അല്ലാഹു വിചാരണ വേഗം നടത്തുന്നവനാണു) എന്നുമുള്ള വാക്യങ്ങള്‍ മുഖേന മേല്‍പറഞ്ഞ നിയമങ്ങള്‍ ശരിക്കും സൂക്ഷ്മമായി പാലിക്കേണ്ടതുണ്ടെന്നും, എല്ലായ്‌പോഴും അല്ലാഹുവിനെക്കുറിച്ചുള്ള ബോധവും ഓര്‍മ്മയും ഉണ്ടായിരിക്കണമെന്നും സത്യവിശ്വാസികളെ അല്ലാഹു ഓര്‍മ്മിപ്പിക്കുന്നു.

5:6
  • ٱلْيَوْمَ أُحِلَّ لَكُمُ ٱلطَّيِّبَـٰتُ ۖ وَطَعَامُ ٱلَّذِينَ أُوتُوا۟ ٱلْكِتَـٰبَ حِلٌّ لَّكُمْ وَطَعَامُكُمْ حِلٌّ لَّهُمْ ۖ وَٱلْمُحْصَنَـٰتُ مِنَ ٱلْمُؤْمِنَـٰتِ وَٱلْمُحْصَنَـٰتُ مِنَ ٱلَّذِينَ أُوتُوا۟ ٱلْكِتَـٰبَ مِن قَبْلِكُمْ إِذَآ ءَاتَيْتُمُوهُنَّ أُجُورَهُنَّ مُحْصِنِينَ غَيْرَ مُسَـٰفِحِينَ وَلَا مُتَّخِذِىٓ أَخْدَانٍ ۗ وَمَن يَكْفُرْ بِٱلْإِيمَـٰنِ فَقَدْ حَبِطَ عَمَلُهُۥ وَهُوَ فِى ٱلْـَٔاخِرَةِ مِنَ ٱلْخَـٰسِرِينَ ﴾٦﴿
  • ഇന്നു നിങ്ങള്‍ക്കു (നല്ല) വിശിഷ്ടമായ വസ്തുക്കള്‍ (പൊതുവെ) അനുവദിക്കപ്പെട്ടിരിക്കുന്നു. വേദഗ്രന്ഥം നല്‍കപ്പെട്ടവരുടെ ഭക്ഷണവും നിങ്ങള്‍ക്കു അനുവദനീയമാകുന്നു: നിങ്ങളുടെ ഭക്ഷണം അവര്‍ക്കും അനുവദനീയമാകുന്നു. (കൂടാതെ) സത്യവിശ്വാസിനികളില്‍നിന്നുള്ള ചാരിത്ര്യ ശുദ്ധകളായ സ്ത്രീകളും, നിങ്ങളുടെ മുമ്പ് വേദഗ്രന്ഥം നല്‍കപ്പെട്ടവരില്‍നിന്നുള്ള ചാരിത്ര്യ ശുദ്ധകളായ സ്ത്രീകളും (അനുവദനീയമാകുന്നു); അവരുടെ പ്രതിഫലങ്ങള്‍ [മഹ്‌റുകള്‍] നിങ്ങള്‍ അവര്‍ക്കു കൊടുത്താല്‍;- (അതെ, നിങ്ങള്‍) വിടന്മാരായല്ലാതെയും, (രഹസ്യ) വേഴ്ചക്കാരെ സ്വീകരിക്കുന്നവരായല്ലാതെയും ചാരിത്ര്യ ശുദ്ധരായിക്കൊണ്ട് (കൊടുത്താല്‍). ആരെങ്കിലും സത്യവിശ്വാസത്തെ അവിശ്വസിക്കുന്ന [നിഷേധിക്കുന്ന] പക്ഷം, അവന്റെ കര്‍മ്മം പൊളിഞ്ഞു (നിഷ്ഫലമായി) പോയി! അവന്‍ പരലോകത്തിലാകട്ടെ, നഷ്ടക്കാരില്‍ പെട്ടവനുമാകുന്നു.
  • الْيَوْمَ ഇന്നു, ഈ ദിവസം أُحِلَّ لَكُمُ നിങ്ങള്‍ക്ക് അനുവദിക്കപ്പെട്ടിരിക്കുന്നു الطَّيِّبَاتُ നല്ല, വിശിഷ്ടമായവ وَطَعَامُ ഭക്ഷണവും الَّذِينَ أُوتُوا കൊടുക്കപ്പെട്ടവരുടെ الْكِتَابَ (വേദ)ഗ്രന്ഥം حِلٌّ لَّكُمْ നിങ്ങള്‍ക്കു അനുവദനീയമാണു وَطَعَامُكُمْ നിങ്ങളുടെ ഭക്ഷണവും حِلٌّ لَّهُمْ അവര്‍ക്കു അനുവദനീയമാകുന്നു وَالْمُحْصَنَاتُ ചാരിത്ര്യ ശുദ്ധകളും مِنَ الْمُؤْمِنَاتِ സത്യവിശ്വാസികളായ സ്ത്രീകളില്‍നിന്നു وَالْمُحْصَنَاتُ ചാരിത്ര്യ ശുദ്ധകളും مِنَ الَّذِينَ أُوتُوا الْكِتَابَ ഗ്രന്ഥം നല്‍കപ്പെട്ടവരില്‍നിന്ന് مِن قَبْلِكُمْ നിങ്ങളുടെ മുമ്പു إِذَا آتَيْتُمُوهُنَّ അവര്‍ക്കു നിങ്ങള്‍ കൊടുത്താല്‍ أُجُورَهُنَّ അവരുടെ പ്രതിഫലങ്ങള്‍ مُحْصِنِينَ ചാരിത്ര്യ ശുദ്ധരായിക്കൊണ്ടു غَيْرَ مُسَافِحِينَ വിടന്മാരല്ലാത്ത നിലയില്‍ وَلَا مُتَّخِذِي സ്വീകരിക്കുന്ന (ഉണ്ടാക്കുന്ന) വരല്ലാതെയും أَخْدَانٍ (സ്വകാര്യ) വേഴ്ചക്കാരെ, രഹസ്യ കൂട്ടുകെട്ടുകാരെ وَمَن يَكْفُرْ ആരെങ്കിലും (വല്ലവരും) അവിശ്വസിക്കുന്ന (നിരാകരിക്കുന്ന - നിഷേധിക്കുന്ന) പക്ഷം بِالْإِيمَانِ സത്യവിശ്വാസത്തില്‍, വിശ്വാസത്തെ فَقَدْ حَبِطَ എന്നാല്‍ പൊളിഞ്ഞുപോയി, നിഷ്ഫലമായി കഴിഞ്ഞു عَمَلُهُ അവന്റെ പ്രവൃത്തി, കര്‍മ്മം وَهُوَ അവനാകട്ടെ فِي الْآخِرَةِ പരലോകത്തില്‍ مِنَ الْخَاسِرِينَ നഷ്ടക്കാരില്‍ (പെട്ടവന്‍) ആകുന്നു

‘ഇന്നു നിങ്ങള്‍ക്കു വിശിഷ്ട വസ്തുക്കള്‍ അനുവദനീയമാക്കപ്പെട്ടിരിക്കുന്നു’ എന്നു ഒരിക്കല്‍ കൂടി ആവര്‍ത്തിച്ചുകൊണ്ട് അതൊരു സ്ഥിരമായ പൊതുനിയമമാണെന്നും, അതില്‍ മാറ്റമൊന്നും വരാനില്ലെന്നും സൂചിപ്പിച്ചിരിക്കുന്നു. തുടര്‍ന്നുകൊണ്ട് വേദക്കാരുടെ – യഹൂദികളുടെയും ക്രിസ്ത്യാനികളുടെയും – ഭക്ഷണവും അനുവദനീയങ്ങളില്‍ പെട്ടതാണെന്നറിയിക്കുന്നു. ഭക്ഷണം (طَعَام) എന്ന വാക്കില്‍ എല്ലാ ഭക്ഷ്യവസ്തുക്കളും ഉള്‍പെടുമെങ്കിലും ഇവിടെ പ്രധാനമായും ഉദ്ദേശ്യം അവരാല്‍ അറുക്കപ്പെട്ട വസ്തുക്കളുടെ മാംസമാണെന്നു സന്ദര്‍ഭം കൊണ്ടു മനസ്സിലാക്കാം. മാത്രമല്ല, ധാന്യവര്‍ഗ്ഗങ്ങള്‍, ഫലവര്‍ഗ്ഗങ്ങള്‍ മുതലായ വസ്തുക്കള്‍ ആരുടേതായാലും ഭക്ഷിക്കുന്നതിനു വിരോധമില്ലെന്നുള്ളതു പരക്കെ സംശയരഹിതമായ കാര്യമാണ്. അതുകൊണ്ട് വേദക്കാരുടെ ഇതര ഭക്ഷ്യവസ്തുക്കളെപ്പോലെത്തന്നെ അവര്‍ അറുത്തതിന്റെ മാംസവും ഭക്ഷിക്കാമെന്നാണ് ‘വേദം നല്‍കപ്പെട്ടവരുടെ ഭക്ഷണം നിങ്ങള്‍ക്കു അനുവദനീയമാണു (وَطَعَامُ الَّذِينَ أُوتُوا الْكِتَابَ حِلٌّ لَّكُمْ) എന്നു പറഞ്ഞതിന്റെ താല്‍പര്യമെന്നതില്‍ ആര്‍ക്കും ഭിന്നാഭിപ്രായമില്ല.

വേദക്കാര്‍ അറുക്കുമ്പോള്‍ അല്ലാഹുവിന്റെ നാമം പറഞ്ഞിരിക്കേണമെന്നുണ്ടോ, ഇല്ലേ, അല്ലെങ്കില്‍ അല്ലാഹു അല്ലാത്ത ആരുടെയെങ്കിലും നാമങ്ങള്‍ പറഞ്ഞ് അവര്‍ അറുത്താലും ഭക്ഷിക്കാമോ, ഇല്ലേ, എന്നൊന്നും അല്ലാഹു വ്യക്തമാക്കിയിട്ടില്ല. അതുകൊണ്ട് ഈ വിഷയങ്ങളില്‍ ഭിന്നാഭിപ്രായമുണ്ടുതാനും. അല്ലാഹുവിന്റെ നാമത്തിലല്ലാതെ ഈസാ (عليه الصلاة والسلام), ഉസൈര്‍ (عليه الصلاة والسلام) മുതലായവരുടെ നാമത്തില്‍ – അവര്‍ അറുത്താല്‍ അതു ഭക്ഷിക്കുവാന്‍ പാടില്ലെന്നാണ് ഇബ്‌നു ഉമര്‍, റബീഅഃ (رَضِيَ اللهُ تَعَالَى عَنْهُما) മുതലായവരുടെ അഭിപ്രായം. വേദക്കാരുടെ ഭക്ഷണം അനുവദനീയമാണെന്നു പറഞ്ഞതില്‍, ശവം, കള്ള്, പന്നിമാംസം എന്നിവയൊന്നും ഉള്‍പ്പെടുന്നില്ലെന്നു തീര്‍ച്ചയാണല്ലോ. അതുപോലെ, അല്ലാഹു അല്ലാത്തവരുടെ പേരുപറഞ്ഞ് അറുത്തതും ഉള്‍പ്പെടുകയില്ലെന്നത്രെ ഈ അഭിപ്രായത്തിനുള്ള ന്യായം. അത്വാഉ്, ശഅ്ബീ (റ) മുതലായവരുടെ അഭിപ്രായത്തില്‍ അതു ഭക്ഷിക്കുന്നതിനു വിരോധമില്ലെന്നാകുന്നു. അവര്‍ അറുത്തു തിന്നുന്ന ഭക്ഷണം അല്ലാഹു നമുക്കു അനുവദിച്ചു തന്നിരിക്കുന്നു; അറുക്കുമ്പോള്‍ അവര്‍ ആരുടെ നാമങ്ങളാണു പറയുക എന്നു അല്ലാഹുവിനു അറിയാമല്ലോ. ഇതാണ് ഈ അഭിപ്രായത്തിനുള്ള ന്യായം. അറുക്കുമ്പോള്‍ അവര്‍ അല്ലാഹു അല്ലാത്തവരുടെ നാമം ഉച്ചരിക്കുന്നത് കേട്ടാല്‍ ഭക്ഷിച്ചുകൂടാ, കേള്‍ക്കാത്തപക്ഷം വിരോധമില്ല എന്നത്രെ ഹസന്‍(റ)ന്റെ പക്ഷം. ആദ്യത്തെ അഭിപ്രായത്തിലാണു കൂടുതല്‍ സൂക്ഷ്മത കാണുന്നതു. الله أعلم

ക്വുര്‍ആന്റെ വിധി സ്വീകരിക്കുവാന്‍ തയ്യാറില്ലാത്തവരാണു വേദക്കാര്‍. എന്നിരിക്കെ, നിങ്ങളുടെ ഭക്ഷണം അവര്‍ക്കും അനുവദനീയമാണു (وَطَعَامُكُمْ حِلٌّ لَّهُمْ) എന്നു പറഞ്ഞതിന്റെ ഉദ്ദേശ്യമെന്താണ്? നിങ്ങള്‍ അറുത്തതിനെ അവര്‍ക്കു ഭക്ഷിക്കുവാന്‍ കൊടുക്കുന്നതില്‍ നിങ്ങള്‍ക്കു നിയമതടസ്സമൊന്നുമില്ല എന്നാണ് ആ വാക്യത്തിന്റെ താല്‍പര്യമെന്നു പലരും പറയുന്നു. നിങ്ങള്‍ക്കും വേദക്കാര്‍ക്കും ഒന്നിച്ചു ഭക്ഷണം കഴിക്കുന്നതിനു വിരോധമില്ലെന്നാണു ഉദ്ദേശ്യമെന്നും ചിലര്‍ പറഞ്ഞു കാണുന്നു. നിങ്ങള്‍ക്കു നിങ്ങളുടെ മതനിയമപ്രകാരം അനുവദിക്കപ്പെട്ട വസ്തുക്കള്‍ ഏതെങ്കിലും അവര്‍ നിങ്ങള്‍ക്കു ഭക്ഷിക്കുവാന്‍ തരുന്ന പക്ഷം അതു നിങ്ങള്‍ക്കു ഭക്ഷിക്കാം, അതു അവരുടെ നിയമപ്രകാരം അവര്‍ക്കു വിരോധിക്കപ്പെട്ടതായിരുന്നാലും വിരോധമില്ല. അഥവാ നിങ്ങള്‍ക്കു അനുവദിക്കപ്പെട്ടതാണോ അല്ലേ എന്നേ നിങ്ങള്‍ നോക്കേണ്ടതുളളൂ എന്നാണിതിന്റെ താല്‍പര്യമെന്നും ചിലര്‍ പറയുന്നു. (അല്ലാഹുവിനറിയാം). ഏതായാലും മുസ്‌ലിംകള്‍ക്കും വേദക്കാര്‍ക്കുമിടയില്‍ ഭക്ഷണകാര്യത്തില്‍ അന്യോന്യം സഹകരിക്കാവുന്നതു പോലെ, വിവാഹകാര്യത്തില്‍ ഇരുഭാഗത്തുനിന്നും ഒരുപോലെ സഹകരണം അനുവദിക്കപ്പെട്ടിട്ടില്ല. അഥവാ, വേദക്കാരായ സ്ത്രീകളെ മുസ്‌ലിംകള്‍ക്കു ഇങ്ങോട്ടു വിവാഹം ചെയ്‌തെടുക്കുവാനല്ലാതെ, അങ്ങോട്ടു വിവാഹം ചെയ്തു കൊടുക്കുവാന്‍ അനുവദിക്കപ്പെട്ടിട്ടില്ല. ഭര്‍ത്താവിന്റെ നിയന്ത്രണത്തിന്‍ കീഴില്‍ ജീവിക്കേണ്ടവളാണല്ലോ ഭാര്യ. മുസ്‌ലിമിനു ജനിക്കുന്ന കുട്ടി നിയമപരമായി മുസ്‌ലിമായിരിക്കയും ചെയ്യും. ആ സ്ഥിതിക്കു വേദക്കാരിയായ സ്ത്രീയെ മുസ്‌ലിം വിവാഹം ചെയ്യുന്നതുമൂലം മതരംഗത്തോ, കുടുംബരംഗത്തോ വലിയ ദോഷമൊന്നും ഭവിക്കുവാനില്ല. നേരെ മറിച്ച് മുസ്‌ലിം സ്ത്രീകളെ അവര്‍ക്കു വിവാഹം കഴിച്ചു കൊടുക്കുന്നതു നിമിത്തം നേരിടാവുന്ന ഭവിഷ്യത്തു പ്രത്യേകം എടുത്തു പറയേണ്ടതില്ലല്ലോ. അതാണ് ഏകപക്ഷീയമായ ഈ അനുവാദത്തിനു കാരണം.

സത്യവിശ്വാസിനികളായ സ്ത്രീകളും വേദക്കാരായ സ്ത്രീകളും എന്നു പറയാതെ, രണ്ടു കൂട്ടരില്‍ നിന്നുമുള്ള مُحْصَنَات (ചാരിത്ര്യശുദ്ധകളായ) സ്ത്രീകള്‍ എന്നാണ് അല്ലാഹു പറഞ്ഞിരിക്കുന്നതു. ആ വാക്കിനു ‘പതിവ്രതകള്‍, ചാരിത്ര്യം സംരക്ഷിക്കപ്പെട്ടവര്‍, ചാരിത്ര്യശുദ്ധകള്‍, വിവാഹിതര്‍, സ്വതന്ത്രകള്‍’ എന്നൊക്കെ സന്ദര്‍ഭോചിതം അര്‍ത്ഥം വരാമെന്നും, അതിനുള്ള കാരണം ഇന്നതാണെന്നും സൂഃ നിസാഉ് 24 ന്റെ വ്യാഖ്യാനത്തില്‍ നാം മുമ്പു വിവരിച്ചു കഴിഞ്ഞിട്ടുണ്ട്. ഇവിടെ ആ വാക്കുകൊണ്ടുദ്ദേശ്യം എന്താണെന്നുള്ളതില്‍ രണ്ടു മൂന്നു അഭിപ്രായങ്ങള്‍ കാണാമെങ്കിലും ദുര്‍നടപടികളിലൊന്നും അകപ്പെടാതെ ചാരിത്ര്യം സൂക്ഷിച്ചുപോരുന്ന സ്ത്രീകള്‍ എന്നാണെന്നുള്ളതാണ് കൂടുതല്‍ ശരിയായ അഭിപ്രായം. സത്യവിശ്വാസികളില്‍പ്പെട്ടവരായിരുന്നാല്‍ തന്നെയും ദുര്‍ന്നടപ്പുകാരും, വേശ്യാവൃത്തരുമായ സ്ത്രീകളെ വിവാഹം കഴിക്കുന്നതു അനഭിലഷണീയമായ ഏര്‍പ്പാടാണല്ലോ. (ഇതിനെപ്പറ്റി സൂറത്തുന്നൂര്‍ 3 ഉം 26 ഉം വചനങ്ങളും അവയുടെ വ്യാഖ്യാനവും നോക്കുക.) മുസ്‌ലിം ഭരണത്തിനു കീഴൊതുങ്ങിക്കഴിയുന്ന (ദിമ്മികളായ) വേദക്കാരില്‍നിന്നുള്ള സ്ത്രീകളെ മാത്രമേ വിവാഹം ചെയ്‌വാന്‍ പാടുള്ളൂവെന്നും, മുസ്‌ലിംകളുമായി സമരത്തിലും ശത്രുതയിലും കഴിഞ്ഞുകൂടുന്ന (ഹര്‍ബീകളായ) വേദക്കാരില്‍ നിന്നുള്ള സ്ത്രീകളെ വിവാഹം കഴിച്ചുകൂടാ എന്നുമാണു പണ്ഡിതന്മാരില്‍ ഒരു വിഭാഗത്തിന്റെ അഭിപ്രായം. രണ്ടായാലും വിരോധമില്ലെന്നാണു മറ്റൊരഭിപ്രായം. ക്വുര്‍ആന്റെ വാചകത്തില്‍ നിന്നു പ്രത്യക്ഷത്തില്‍ മനസ്സിലാകുന്നതും ഇതാണു. ഈ വിഷയകമായി പണ്ഡിതന്മാര്‍ക്കിടയില്‍ പല അഭിപ്രായങ്ങളും വിശദീകരണങ്ങളും നിലവിലുണ്ട്. അവയെപ്പറ്റി ഇവിടെ പ്രസ്താവിച്ചു ദീര്‍ഘിപ്പിക്കേണ്ടുന്ന ആവശ്യം കാണുന്നില്ല. കൂടുതല്‍ അറിയേണ്ടുന്നവര്‍ യഥാസ്ഥാനങ്ങളെ ആശ്രയിക്കുക.

മതവ്യത്യാസം നോക്കാതെയുള്ള മിശ്രവിവാഹം ഉദ്ബുദ്ധതയുടെയും പുരോഗമനത്തിന്റെയും ലക്ഷണമായി പ്രചാരണം നടത്തപ്പെടുന്ന കാലമാണല്ലോ ഇത്. വേദക്കാരായ സ്ത്രീകളെ മുസ്‌ലിംകള്‍ക്കു വിവാഹം കഴിക്കാമെന്നുളള ഈ അനുവാദത്തെ പൊക്കിപ്പിടിച്ചു ഇസ്‌ലാംമതം മിശ്രവിവാഹത്തെ പ്രോല്‍സാഹിപ്പിക്കുന്നുവെന്നു സമര്‍ത്ഥിച്ചുകൊണ്ട് ചില മുസ്‌ലിം വേഷധാരികളും അതിനു ശിങ്കിടിപാടാതെയുമില്ല. വേദക്കാര്‍ അവരുടെ വിശ്വാസാചാരങ്ങളില്‍ വളരെയധികം മാറ്റത്തിരുത്തങ്ങള്‍ വരുത്തി പിഴച്ചുപോയിട്ടുണ്ടെങ്കിലും ദൈവികമായ ഒരു വേദഗ്രന്ഥത്തിന്റെയും, ഒരു പ്രവാചകന്റെയും അനുയായികളായിട്ടാണവര്‍ നിലകൊള്ളുന്നത് എന്ന നിലക്കാണ് ഈ അനുവാദം അല്ലാഹു നല്‍കിയിരിക്കുന്നത്. വേദക്കാരെ ഇസ്‌ലാമിലേക്ക് ആകര്‍ഷിക്കുവാനുള്ള ഒരു മാര്‍ഗവുമാണത്. നേരെമറിച്ച് ഇന്നത്തെ മിശ്രവിവാഹ ദൗത്യത്തിന്റെ പ്രധാന ലക്ഷ്യം തന്നെ ക്രമേണ മതത്തിന്റെ ജീവനെ നശിപ്പിക്കലും വിശ്വാസികളെ മതത്തില്‍നിന്ന് അകറ്റി നിറുത്തലും, അങ്ങനെ, നിര്‍മ്മത നിരീശ്വര സിദ്ധാന്തങ്ങള്‍ക്കു വഴിയൊരുക്കലും ആകുന്നു. ഈ വചനത്തിലെ അവസാന വാക്യത്തിന്റെ ആശയം മാത്രം ഒന്നു മനസ്സിരുത്തി ആലോചിച്ചാല്‍ ഇസ്‌ലാമിനു ഈ മിശ്രവിവാഹവുമായുളള ബന്ധം എന്താണെന്നു മനസ്സിലാക്കാവുന്നതാണ്.

വിവാഹം നടത്തുമ്പോള്‍ ഭാര്യക്കു മഹ്‌റ് (വിവാഹമൂല്യം) നല്‍കേണ്ടതുണ്ടല്ലോ. വേദക്കാരായ സ്ത്രീകളെ വിവാഹം ചെയ്യുമ്പോഴും ഇതു നിര്‍ബ്ബന്ധമാണെന്നു إِذَا آتَيْتُمُوهُنَّ أُجُورَهُنَّ (അവര്‍ക്കു അവരുടെ പ്രതിഫലം നിങ്ങള്‍ കൊടുത്താല്‍) എന്ന വാക്കില്‍നിന്നു വ്യക്തമാണു. വേദക്കാരികളെ വിവാഹം ചെയ്യുന്ന പുരുഷന്മാരെ സംബന്ധിച്ച് അവര്‍ ചാരിത്ര്യശുദ്ധി പാലിക്കുന്നവരായിരിക്കണം; വ്യഭിചാരത്തിലും ദുര്‍വൃത്തിയിലും താല്‍പര്യമുള്ളവരാകരുത്; കാമുകികളെയും കൃത്രിമ ഭാര്യമാരെയും സ്വീകരിക്കുന്നവരാകരുതു; അഥവാ അവരെ വിവാഹം ചെയ്യുവാന്‍ പ്രേരിതരാകുന്നതു ഇത്തരം ദുര്‍വികാരങ്ങള്‍ മൂലമായിരിക്കരുത് (مُحْصِنِينَ غَيْرَ مُسَافِحِينَ وَلَا مُتَّخِذِي أَخْدَانٍ) എന്നും അല്ലാഹു ഉണര്‍ത്തിയിരിക്കുന്നു. ഈ വാക്കുകളും അവയുടെ അര്‍ത്ഥോദ്ദേശ്യങ്ങളും സൂഃ നിസാഉ് 25 ന്റെ വ്യാഖ്യാനത്തില്‍ വിവരിച്ചിട്ടുള്ളതു ഇവിടെയും ഓര്‍ക്കുക. അടിമസ്ത്രീകളെ വിവാഹം ചെയ്യുമ്പോള്‍ ആ സ്ത്രീകളെപ്പറ്റി ഇതൊക്കെ ആലോചിക്കേണ്ടതുണ്ട് എന്ന നിലക്കാണ് അവിടെ ആ വാക്കുകള്‍ അല്ലാഹു പറഞ്ഞതെങ്കില്‍, വേദക്കാരായ സ്ത്രീകളെ വിവാഹം ചെയ്യുന്ന പുരുഷന്മാരെക്കുറിച്ച് ആലോചിക്കേണ്ടുന്ന കാര്യങ്ങളായിട്ടാണ് ഇവിടെ പറഞ്ഞത്. ഈ വ്യത്യാസം പ്രത്യേകം ഗൗനിക്കേണ്ടതാകുന്നു.

അല്ലാഹു ഈ വചനം അവസാനിപ്പിക്കുന്നതു സത്യവിശ്വാസത്തെ വല്ലവനും നിരാകരിക്കുന്ന പക്ഷം അവന്റെ കര്‍മ്മങ്ങള്‍ മുഴുവന്‍ നിഷ്ഫലമായിപ്പോകുമെന്നും അവന്‍ പരലോകത്തു തീരാനഷ്ടക്കാരനായിത്തീരുമെന്നും (…وَمَن يَكْفُرْ بِالْإِيمَانِ) താക്കീതു ചെയ്തുകൊണ്ടാകുന്നു. ഇതു ഒരു പൊതുതത്വമാണെങ്കിലും വേദക്കാരുടെ ഭക്ഷണം – അവര്‍ അറുത്തതു – ഉപയോഗിക്കുന്നതിനോടും അവരുടെ സ്ത്രീകളെ വിവാഹം ചെയ്യുന്നതിനോടും ഈ തത്വത്തിനു പ്രത്യേക ബന്ധം ഉള്ളതുകൊണ്ടാണ് ഇവിടെ അതു ഉണര്‍ത്തുവാന്‍ കാരണം. ഈ അനുവാദങ്ങള്‍ ദുരുപയോഗപ്പെടുത്തുന്നതും, അതില്‍ അതിരുകവിയല്‍ വന്നുപോകുന്നതും അവിശ്വാസത്തിലേക്കു നയിച്ചേക്കും; അങ്ങിനെ സത്യവിശ്വാസത്തിനു ഭംഗം നേരിട്ടു സത്യനിഷേധിയാകുവാന്‍ കാരണമാകും; അവസാനം ഇസ്‌ലാമില്‍ ചെയ്ത സല്‍ക്കര്‍മ്മങ്ങളെല്ലാം നിഷ്ഫമായിത്തീരുകയും പരലോക ഗുണം നിശ്ശേഷം നഷ്ടപ്പെടുകയും ചെയ്യും എന്നൊക്കെയുള്ള താക്കീതാണ് ഇതില്‍ അടങ്ങിയിരിക്കുന്നത്.

വിഭാഗം - 2

5:7
  • يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ إِذَا قُمْتُمْ إِلَى ٱلصَّلَوٰةِ فَٱغْسِلُوا۟ وُجُوهَكُمْ وَأَيْدِيَكُمْ إِلَى ٱلْمَرَافِقِ وَٱمْسَحُوا۟ بِرُءُوسِكُمْ وَأَرْجُلَكُمْ إِلَى ٱلْكَعْبَيْنِ ۚ وَإِن كُنتُمْ جُنُبًا فَٱطَّهَّرُوا۟ ۚ وَإِن كُنتُم مَّرْضَىٰٓ أَوْ عَلَىٰ سَفَرٍ أَوْ جَآءَ أَحَدٌ مِّنكُم مِّنَ ٱلْغَآئِطِ أَوْ لَـٰمَسْتُمُ ٱلنِّسَآءَ فَلَمْ تَجِدُوا۟ مَآءً فَتَيَمَّمُوا۟ صَعِيدًا طَيِّبًا فَٱمْسَحُوا۟ بِوُجُوهِكُمْ وَأَيْدِيكُم مِّنْهُ ۚ مَا يُرِيدُ ٱللَّهُ لِيَجْعَلَ عَلَيْكُم مِّنْ حَرَجٍ وَلَـٰكِن يُرِيدُ لِيُطَهِّرَكُمْ وَلِيُتِمَّ نِعْمَتَهُۥ عَلَيْكُمْ لَعَلَّكُمْ تَشْكُرُونَ ﴾٧﴿
  • ഹേ, വിശ്വസിച്ചവരേ, നിങ്ങള്‍ നമസ്‌കാരത്തിലേക്കു നിന്നാല്‍ [നമസ്‌കാരത്തിനു ഒരുങ്ങിയാല്‍] നിങ്ങളുടെ മുഖങ്ങളും, മുട്ടുകള്‍ വരെ കൈകളും കഴുകുവിന്‍; നിങ്ങളുടെ തലകളെ തടവുകയും ചെയ്യുവിന്‍; രണ്ടു നെരിയാണികള്‍വരെ നിങ്ങളുടെ കാലുകളും (കഴുകുവിന്‍) നിങ്ങള്‍ 'ജനാബത്തു'കാര്‍ [വലിയ അശുദ്ധി ബാധിച്ചവര്‍] ആയിരുന്നാല്‍ (കുളിച്ച്) ശുദ്ധമാകുകയും ചെയ്യുവിന്‍. നിങ്ങള്‍ രോഗികളോ, അല്ലെങ്കില്‍ ഒരു യാത്രയിലോ ആയിരുന്നാല്‍ അല്ലെങ്കില്‍, നിങ്ങളിലൊരുവന്‍ (മലമൂത്ര) വിസര്‍ജ്ജന സ്ഥലത്തു നിന്ന് വരുകയോ,-അല്ലെങ്കില്‍ നിങ്ങള്‍ സ്ത്രീകളുമായി സ്പര്‍ശനം നടത്തുകയോ ചെയ്തു, എന്നിട്ട് നിങ്ങള്‍ക്കു വെള്ളം കിട്ടിയില്ല (എങ്കില്‍), അപ്പോള്‍, നിങ്ങള്‍ (നല്ല) ശുദ്ധമായ ഭൂമുഖത്തെ (അഥവാ മണ്ണിനെ) കരുതിക്കൊള്ളുവിന്‍, എന്നിട്ട് നിങ്ങളുടെ മുഖങ്ങളും കൈകളും അതിനാല്‍ തടവിക്കൊള്ളുവിന്‍. നിങ്ങളുടെമേല്‍ ഒരു വിഷമവും ഏര്‍പ്പെടുത്തുവാന്‍ അല്ലാഹു ഉദ്ദേശിക്കുന്നില്ല; എങ്കിലും നിങ്ങളെ ശുദ്ധിയാക്കുവാനും, അവന്റെ അനുഗ്രഹം നിങ്ങളില്‍ പൂര്‍ണമാക്കുവാനും അവന്‍ ഉദ്ദേശിക്കുന്നു: നിങ്ങള്‍ നന്ദി ചെയ്‌തേക്കാമല്ലോ (അഥവാ നന്ദി ചെയ്‌വാന്‍വേണ്ടിയാകുന്നു).
  • يَا أَيُّهَا الَّذِينَ آمَنُوا ഹേ, വിശ്വസിച്ചവരേ إِذَا قُمْتُمْ നിങ്ങള്‍ നിന്നാല്‍ إِلَى الصَّلَاةِ നമസ്‌കാരത്തിലേക്ക് فَاغْسِلُوا നിങ്ങള്‍ കഴുകുവിന്‍ وُجُوهَكُمْ നിങ്ങളുടെ മുഖങ്ങള്‍وَأَيْدِيَكُمْ നിങ്ങളുടെ കൈകളും إِلَى الْمَرَافِقِ കൈമുട്ടുകള്‍വരെ وَامْسَحُوا തടവുകയും ചെയ്യുവിന്‍ بِرُءُوسِكُمْ നിങ്ങളുടെ തലകളെ وَأَرْجُلَكُمْ നിങ്ങളുടെ കാലുകളെയും (കഴുകുവിന്‍) إِلَى الْكَعْبَيْنِ രണ്ടു നെരിയാണി (ഞെരിയാണി)കള്‍ വരെ وَإِن كُنتُمْ നിങ്ങളായിരുന്നാല്‍ جُنُبًا ജനാബത്തുകാര്‍ فَاطَّهَّرُوا എന്നാല്‍ നിങ്ങള്‍ ശുദ്ധിയായിക്കൊള്ളുവിന്‍ وَإِن كُنتُم നിങ്ങളായിരുന്നാല്‍ مَّرْضَىٰ രോഗികള്‍ أَوْ عَلَىٰ سَفَرٍ അല്ലെങ്കില്‍ ഒരു (വല്ല) യാത്രയില്‍ أَوْ جَاءَ അല്ലെങ്കില്‍ വന്നു أَحَدٌ مِّنكُم നിങ്ങളില്‍ നിന്നു ഒരാള്‍ مِّنَ الْغَائِطِ വിസര്‍ജ്ജന (കടവിറങ്ങുന്ന - മറക്കിരിക്കുന്ന) സ്ഥാനത്തുനിന്നു أَوْ لَامَسْتُمُ അല്ലെങ്കില്‍ നിങ്ങള്‍ സ്പര്‍ശനം നടത്തി النِّسَاءَ സ്ത്രീകളുമായി فَلَمْ تَجِدُوا എന്നിട്ട് നിങ്ങള്‍ക്കു കിട്ടിയില്ല مَاءً വെള്ളം, ജലം فَتَيَمَّمُوا എന്നാല്‍ കരുതി (എടുത്തു) കൊള്ളുവിന്‍ صَعِيدًا ഭൂമുഖത്തെ, മണ്ണിനെ طَيِّبًا ശുദ്ധമായ, നല്ല فَامْسَحُوا എന്നിട്ട് തടവുവിന്‍ بِوُجُوهِكُمْ നിങ്ങളുടെ മുഖങ്ങളെ وَأَيْدِيكُم നിങ്ങളുടെ കൈകളെയും مِّنْهُ അതിനാല്‍ (അതുകൊണ്ടു) مَا يُرِيدُ اللَّهُ അല്ലാഹു ഉദ്ദേശിക്കുന്നില്ല لِيَجْعَلَ ആക്കു(ഏര്‍പ്പെടുത്തു)വാന്‍ عَلَيْكُم നിങ്ങളുടെ മേല്‍ مِّنْ حَرَجٍ വിഷമത്തില്‍ നിന്നും (ഒന്നും) وَلَٰكِن يُرِيدُ എങ്കിലും അവന്‍ ഉദ്ദേശിക്കുന്നു لِيُطَهِّرَكُمْ നിങ്ങളെ ശുദ്ധമാക്കുവാന്‍ وَلِيُتِمَّ അവന്‍ പൂര്‍ണ്ണമാക്കുവാനും نِعْمَتَهُ അവന്റെ അനുഗ്രഹം عَلَيْكُمْ നിങ്ങളില്‍, നിങ്ങള്‍ക്കു لَعَلَّكُمْ നിങ്ങളാകുവാന്‍വേണ്ടി, ആയേക്കാം تَشْكُرُونَ നിങ്ങള്‍ നന്ദി ചെയ്യും

നമസ്‌കാര കര്‍മ്മത്തിന്റെ രൂപത്തെപ്പറ്റിയോ, അതിലെ പ്രധാന ഘടകങ്ങളായ റുകൂഉ്, സുജൂദ് മുതലായവ എങ്ങിനെയെല്ലാം ആയിരിക്കണമെന്നോ ക്വുര്‍ആനില്‍ വിശദീകരിക്കപ്പെട്ടിട്ടില്ല. അവയെല്ലാം നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയുടെ വചനങ്ങളില്‍നിന്നും പ്രവൃത്തികളില്‍ നിന്നുമാണ് അറിയപ്പെട്ടിരിക്കുന്നത്. കേവലം ശാഖോപശാഖകളായ അല്‍പം ചില വിശദാംശങ്ങളിലല്ലാതെ അതിന്റെ അനുഷ്ഠാന രൂപങ്ങളില്‍ മുസ്‌ലിംകള്‍ക്കിടയില്‍ ഭിന്നാഭിപ്രായങ്ങളില്ലതാനും. الحمد لله എന്നാല്‍, നമസ്‌കാരത്തില്‍ പ്രവേശിക്കുന്നതിനു മുമ്പായി ചെയ്യേണ്ടുന്ന ശുദ്ധി കര്‍മ്മത്തെ – വുദ്വൂഇനെയും തയമ്മുമിനെയും – സംബന്ധിച്ച് അല്ലാഹു വിശദമായിത്തന്നെ വിവരിച്ചു തന്നിരിക്കുന്നു. ഇസ്‌ലാമില്‍ ശുദ്ധീകരണത്തിനു കല്‍പിക്കപ്പെട്ടിട്ടുള്ള സ്ഥാനവും, നമസ്‌കാരത്തില്‍ വുദ്വൂവിനും തയമ്മുമിനുമുള്ള സ്ഥാനവും ഇതില്‍നിന്നു മനസ്സിലാക്കാം. നമസ്‌കാരത്തിനു ശ്രമിക്കുമ്പോള്‍ വുദ്വൂ ചെയ്‌വാന്‍ കല്‍പിച്ചിരിക്കകൊണ്ട് ഓരോ നമസ്‌കാരത്തിനും പ്രത്യേകം പ്രത്യേകം വുദ്വൂ എടുത്തേ തീരൂ എന്നോ, നമസ്‌കാരത്തിനു കുറച്ചുമുമ്പു ചെയ്തിരുന്ന വുദ്വൂ കൊണ്ടു മതിയാക്കിക്കൂടാ എന്നോ ഉദ്ദേശ്യമില്ല. ഒരു വുദ്വൂ എടുത്തു കഴിഞ്ഞാല്‍ അതു മുറിഞ്ഞു (നിഷ്ഫലമായി) പോകാത്തപ്പോഴെല്ലാം അതുകൊണ്ടു മതിയാക്കി നമസ്‌കരിക്കാവുന്നതാണെന്നും, ഒരു വുദ്വൂ കൊണ്ടു ഒന്നിലധികം നമസ്‌കാരം നിര്‍വ്വഹിക്കുന്നതിനു വിരോധമില്ലെന്നും, എന്നാലും അതോടുകൂടി ഓരോ നമസ്‌കാരത്തിനും പ്രത്യേകം പ്രത്യേകം വുദ്വൂ പുതുക്കുന്നതു നല്ലതാണെന്നും നബിചര്യയില്‍ നിന്നു അറിയപ്പെട്ടിട്ടുള്ളതാണു.

വുദ്വൂഇന്റെ ഘടകങ്ങള്‍ (أركان) എന്ന നിലക്കു മുഖം കഴുകുക, മുട്ടുവരെ കൈകള്‍ കഴുകുക, തല തടവുക, നെരിയാണിവരെ കാല്‍കഴുകുക ഇത്രയും കാര്യങ്ങളാണ് അല്ലാഹു പ്രസ്താവിച്ചതു. തുടക്കത്തില്‍ മുന്‍കൈ രണ്ടും കഴുകുക, വായയും മൂക്കും ശുദ്ധിയാക്കുക, ചെവികള്‍ തടവുക, എല്ലാം മുമ്മൂന്നു പ്രാവശ്യമാക്കുക മുതലായവ വുദ്വൂവില്‍ അംഗീകരിക്കപ്പെടേണ്ടുന്ന മര്യാദകളും അതിന്റെ പ്രാവര്‍ത്തിക രൂപവുമാണെന്നു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യും നമുക്കു കാണിച്ചു തന്നിരിക്കുന്നു. കഴുകപ്പെടേണ്ടുന്ന അവയവങ്ങളായ മുഖത്തെയും കൈകളെയും കുറിച്ചു പറഞ്ഞതോടൊപ്പം കാല്‍ കഴുകുന്നതിനെപ്പറ്റി പ്രസ്താവിക്കാതെ ഇടക്കുവെച്ചു തലതടവുകയും വേണമെന്നു കല്‍പിച്ചിരിക്കകൊണ്ട് ഓരോന്നും അല്ലാഹു വിവരിച്ച അതേ വഴിക്കു വഴി ക്രമത്തില്‍തന്നെ നിര്‍വ്വഹിക്കേണ്ടതുണ്ടെന്നു മനസ്സിലാക്കാം. നബിചര്യയും അതാണു കാട്ടിത്തരുന്നത്. തലയുടെ എത്ര ഭാഗം തടവണമെന്നു ആയത്തില്‍ വ്യക്തമായി പ്രസ്താവിക്കപ്പെട്ടിട്ടില്ലാത്തതു കൊണ്ടു മുഴുവന്‍ ഭാഗവും തടവല്‍ നിര്‍ബ്ബന്ധമാണെന്നും, കുറച്ചുഭാഗം തടവിയാല്‍ മതിയാകുമെന്നും പണ്ഡിതന്മാര്‍ക്കിടയില്‍ രണ്ടഭിപ്രായമുണ്ടു. മുഴുവന്‍ തടവുകയാണു നല്ലതെന്നുള്ളതില്‍ പക്ഷാന്തരമില്ല താനും. (വിശദ വിവരങ്ങള്‍ക്കു ഹദീഥു ഗ്രന്ഥങ്ങളും കര്‍മ്മ ശാസ്ത്ര ഗ്രന്ഥങ്ങളും ആശ്രയിക്കേണ്ടതാകുന്നു).

وَإِن كُنتُم مَّرْضَىٰ (നിങ്ങള്‍ രോഗികളായിരുന്നാല്‍) എന്നു തുടങ്ങി ‘തയമ്മുമി’നെ സംബന്ധിച്ച വിവരണം അവസാനിക്കുന്നതു വരെയുള്ള വാക്യങ്ങളും, അവയെക്കുറിച്ചുള്ള അത്യാവശ്യ വിവരണങ്ങളും സൂഃ നിസാഉ് 43ല്‍ മുമ്പു കഴിഞ്ഞു പോയിട്ടുള്ളതുകൊണ്ട് ഇവിടെ പ്രത്യേകം ഒന്നും പ്രസ്താവിക്കുന്നില്ല. കുളിക്കേണ്ടുന്ന കാരണങ്ങള്‍ നേരിടുമ്പോള്‍ അതിനു സാധിക്കാത്ത പക്ഷം, കുളിക്കു പകരം അനുഷ്ഠിക്കേണ്ടുന്ന കാര്യമെന്ന നിലക്കായിരുന്നു അവിടെ തയമ്മുമിനെപ്പറ്റി വിവരിച്ചതു. വുദ്വൂവിനു സൗകര്യപ്പെടാത്ത പക്ഷം അതിനു പകരം സ്വീകരിക്കപ്പെടേുന്ന പ്രതിവിധി എന്ന നിലക്കാണു തയമ്മുമിനെപ്പറ്റി ഇവിടെ പ്രസ്താവിച്ചിരിക്കുന്നതു. ഇതു മാത്രമേ വ്യത്യാസമുള്ളൂ. കുളിക്കു പകരമുള്ള തയമ്മുമും, വുദ്വൂവിനു പകരമുള്ള തയമ്മുമും സ്വഭാവത്തില്‍ വ്യത്യാസമില്ലെന്നുകൂടി ഇതില്‍നിന്നു വ്യക്തമായി.

തുടര്‍ന്നുകൊണ്ട് അല്ലാഹു സത്യവിശ്വാസികളെ ഉണര്‍ത്തുന്നു: നിങ്ങള്‍ക്കു വല്ല വിഷമവും ഉണ്ടാക്കുവാന്‍ അല്ലാഹു ഉദ്ദേശിക്കുന്നില്ലെന്നും, നിങ്ങളെ ശുദ്ധിയാക്കുവാനും, നിങ്ങള്‍ക്കു അവന്റെ അനുഗ്രഹം പൂര്‍ണ്ണമാക്കിത്തരുവാനുമാണ് അല്ലാഹു ഉദ്ദേശിക്കുന്നതെന്നും (…….مَا يُرِيدُ اللَّهُ لِيَجْعَلَ عَلَيْكُم) സൂറത്തുല്‍ ഹജ്ജ് 78ല്‍ വ്യക്തമാക്കപ്പെട്ടിട്ടുള്ളതു പോലെ, മതശാസനകളില്‍ അല്ലാഹു മനുഷ്യര്‍ക്കു യാതൊരു വിഷമവും ഉണ്ടാക്കിയിട്ടില്ല. അവരുടെ കഴിവും സൗകര്യവും കണക്കിലെടുത്തു കൊണ്ടു തന്നെയാണ് എല്ലാ നിയമങ്ങളും നിയമിച്ചിരിക്കുന്നതു. നമസ്‌കാരവേളയില്‍ വുദ്വൂ ചെയ്യണമെന്നും, അതിനു സാധിക്കാതെ വരുമ്പോള്‍ തയമ്മും ചെയ്താല്‍ മതിയെന്നും കല്‍പിച്ചതിനെത്തുടര്‍ന്നാണ് ഇവിടെ ഈ വിഷയം അല്ലാഹു ഉണര്‍ത്തുന്നത്. അപ്പോള്‍, വുദ്വൂഉം തയമ്മുമും നിയമിച്ചതു കൊണ്ടുദ്ദേശ്യം നിങ്ങളെ വിഷമിപ്പിക്കുകയല്ല – നിങ്ങളെ ശുദ്ധിയുള്ളവരും അനുഗൃഹീതരുമാക്കുകയാണു – എന്നായിരിക്കും പ്രധാനമായും ഇവിടെ ഉദ്ദേശ്യം. കേവലം ശാരീരികവും ബാഹ്യവുമായ മാലിന്യങ്ങളില്‍നിന്നുള്ള ശുദ്ധി മാത്രമല്ല വുദ്വൂഉം, തയമ്മുമും കൊണ്ടുദ്ദേശ്യം. ആത്മീയവും മാനസികവുമായ ശുദ്ധിയും കൂടിയാകുന്നു. വുദ്വൂഇല്‍ ഓരോ അവയവം കഴുകും തോറും ആ അവയവം കൊണ്ടു ചെയ്ത തെറ്റുകള്‍ നീങ്ങിപ്പോകുന്നതാണെന്നും മറ്റും നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അരുളിച്ചെയ്തിട്ടുള്ളതു പ്രസ്താവ്യമാണല്ലോ. (മാ, മു) വുദ്വൂ കഴിഞ്ഞ ശേഷം اللَّهُمَّ اجْعَلْنِي مِنَ التَوَّابِينَ ، واجْعَلْني مِنَ المُتَطَهِّرِينَ (അല്ലാഹുവേ, എന്നെ നീ പശ്ചാത്തപിച്ചു മടങ്ങുന്നവരുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തേണമേ, എന്നെ ശുദ്ധിയായവരുടെ കൂട്ടത്തിലും ഉള്‍പ്പെടുത്തേണമേ!) എന്നു പ്രാര്‍ത്ഥിക്കുവാന്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പ്രോത്സാഹിപ്പിച്ചിട്ടുള്ളതും (തി) സ്മരണീയമാകുന്നു. മണ്ണുകൊണ്ടു തയമ്മും ചെയ്യുന്നത് ശരീരത്തിലെ ചില രോഗ ബീജങ്ങള്‍ നശിക്കുവാന്‍ സഹായകമാണെന്നും മറ്റും വൈദ്യശാസ്ത്രജ്ഞന്മാര്‍ പറഞ്ഞു കാണുന്നു. ഇതും ബാഹ്യമായ ഒരു ശുദ്ധീകരണമാണല്ലോ. അതില്ലെങ്കില്‍ തന്നെയും അല്ലാഹുവിന്റെ കല്പന അനുസരിക്കുന്നതു പാപങ്ങള്‍ പൊറുക്കപ്പെടുവാനും അവന്റെ അനുഗ്രഹം സിദ്ധിക്കുവാനും കാരണമാണെന്നു പറയേണ്ടതില്ല. ചുരുക്കിപ്പറഞ്ഞാല്‍, വുദ്വൂ, കുളി, തയമ്മും എന്നിവയൊക്കെ ബാഹ്യവും, ആന്തരീകവുമായ ശുദ്ധികള്‍ പ്രദാനം ചെയ്യുന്നു. അവ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ക്കു കാരണമാകുകയും ചെയ്യുന്നു; അതിനു നാം അല്ലാഹുവിനോടു നന്ദിയുളളവരായിരിക്കേണ്ടതുമുണ്ടു. അതാണ് لَعَلَّكُمْ تَشْكُرُونَ (നിങ്ങള്‍ നന്ദി കാണിച്ചേക്കാം) എന്ന വാക്യം ചൂണ്ടിക്കാട്ടുന്നതു. ഈ വാക്യത്തിനു ‘നിങ്ങള്‍ നന്ദികാണിക്കുവാന്‍ വേണ്ടി’ എന്നും അര്‍ത്ഥം വരാം. രണ്ടായാലും ഒരേ സാരത്തില്‍ തന്നെ കലാശിക്കുന്നു.

5:8
  • وَٱذْكُرُوا۟ نِعْمَةَ ٱللَّهِ عَلَيْكُمْ وَمِيثَـٰقَهُ ٱلَّذِى وَاثَقَكُم بِهِۦٓ إِذْ قُلْتُمْ سَمِعْنَا وَأَطَعْنَا ۖ وَٱتَّقُوا۟ ٱللَّهَ ۚ إِنَّ ٱللَّهَ عَلِيمٌۢ بِذَاتِ ٱلصُّدُورِ ﴾٨﴿
  • നിങ്ങള്‍ക്കു അല്ലാഹു ചെയ്ത അനുഗ്രഹത്തെയും, അവന്‍ നിങ്ങളോടു ഉറപ്പുവാങ്ങിയിട്ടുള്ള അവന്റെ [അവനോടു നല്‍കിയ] ഉറപ്പിനെയും ഓര്‍ക്കുവിന്‍ (അതെ) 'ഞങ്ങള്‍ കേള്‍ക്കുകയും, അനുസരിക്കുകയും ചെയ്തു' എന്നു നിങ്ങള്‍ പറഞ്ഞപ്പോള്‍ (വാങ്ങിയ ഉറപ്പ്). അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്യുവിന്‍. നിശ്ചയമായും അല്ലാഹു, നെഞ്ചു [ഹൃദയം] കളിലുള്ളതിനെക്കുറിച്ചു അറിയുന്നവനാകുന്നു.
  • وَاذْكُرُوا ഓര്‍മ്മിക്കുകയും ചെയ്യുവിന്‍ نِعْمَةَ اللَّـهِ അല്ലാഹുവിന്റെ (അല്ലാഹു ചെയ്ത) അനുഗ്രഹം عَلَيْكُمْ നിങ്ങള്‍ക്കു وَمِيثَاقَهُ അവന്റെ (അവനോടുള്ള) ഉറപ്പും, കരാറും الَّذِي وَاثَقَكُم നിങ്ങളോടു അവന്‍ ഉറപ്പു (കരാറു) വാങ്ങിയതായ بِهِ അതിനെപ്പറ്റി إِذْ قُلْتُمْ നിങ്ങള്‍ പറഞ്ഞപ്പോള്‍, പറഞ്ഞ സന്ദര്‍ഭം سَمِعْنَا ഞങ്ങള്‍ കേട്ടു وَأَطَعْنَا ഞങ്ങള്‍ അനുസരിക്കയും ചെയ്തു وَاتَّقُوا സൂക്ഷിക്കുകയും ചെയ്‍വിന്‍ اللَّـهَ അല്ലാഹുവിനെ إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു عَلِيمٌ അറിയുന്നവനാണു بِذَاتِ الصُّدُورِ നെഞ്ചു (ഹൃദയം) കളിലുള്ളതിനെപ്പറ്റി

അല്ലാഹുവിന്റെ അനുഗ്രഹം (نِعْمَةَ اللَّـهِ) എന്ന വാക്കില്‍ അല്ലാഹു മനുഷ്യര്‍ക്കു ചെയ്ത കണക്കറ്റ അനുഗ്രഹങ്ങള്‍ ഉള്‍പെടുമെങ്കിലും സന്മാര്‍ഗത്തിലേക്കുള്ള മാര്‍ഗ്ഗദര്‍ശനമാണ് ഇവിടെ മുഖ്യമായും ഉദ്ദേശിക്കപ്പെട്ടിരിക്കുന്നതെന്നു സന്ദര്‍ഭംകൊണ്ടു മനസ്സിലാക്കാം. നിങ്ങളോടു അവന്‍ ഉറപ്പു മേടിച്ചിട്ടുള്ള അവന്റെ ഉറപ്പു (وَمِيثَاقَهُ الَّذِي وَاثَقَكُم بِهِ) കൊണ്ടുദ്ദേശ്യം, ബുദ്ധിപരമായോ, പ്രവാചകന്മാര്‍ വഴിയോ ലഭിക്കുന്ന തെളിവുകളുടെ അടിസ്ഥാനത്തില്‍, അല്ലാഹുവിന്റെ നിയമനിര്‍ദ്ദേശങ്ങള്‍ അനുസരിക്കുവാന്‍ മനുഷ്യനുള്ള ബാധ്യതയാണ് എന്നു ചിലരും, സൂഃ അഅ്‌റാഫ് 172ല്‍ കാണാവുന്ന പ്രകാരം ആദം (عليه الصلاة والسلام)ന്റെ സന്താനങ്ങളോട് ആത്മീയ ലോകത്തുവെച്ച് അല്ലാഹു വാങ്ങിയ കരാറാണുദ്ദേശ്യമെന്നു  വേറെ ചിലരും പ്രസ്താവിച്ചിരിക്കുന്നു. തങ്ങളോടു കല്‍പിക്കുന്നതെല്ലാം തങ്ങള്‍ സ്വീകരിക്കുകയും അനുസരിക്കുകയും ചെയ്തുകൊള്ളാമെന്നു സത്യവിശ്വാസികള്‍ പല സന്ദര്‍ഭങ്ങളിലും നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യോട് പ്രതിജ്ഞ ചെയ്യലും വാക്കുകൊടുക്കലും ഉണ്ടായിട്ടുണ്ട്. ഇതാണിവിടെ ഉദ്ദേശ്യമെന്നത്രെ പല വ്യാഖ്യാതാക്കളും പറയുന്നത്. ക്വുര്‍ആന്റെ വാക്കുകളോടു കൂടുതല്‍ യോജിച്ചു കാണുന്നതും ഇതാണ്. ഉബാദത്തുബ്‌നുസ്വ്‌സ്വാമിത്ത് (عبادة بن الصامت – رض) പ്രസ്താവിച്ചതായി ബുഖാരിയും, മുസ്‌ലിമും (رحمهما الله) രേഖപ്പെടുത്തിയ ഒരു പ്രസിദ്ധ ഹദീഥില്‍ ഇപ്രകാരം വന്നിട്ടുമുണ്ട്: “എളുപ്പത്തിലും, ഞെരുക്കത്തിലും സന്തോഷത്തിലും, വെറുപ്പിലും (എല്ലാം തന്നെ) കേള്‍ക്കുവാനും, അനുസരിക്കുവാനും ഞങ്ങള്‍ റസൂല്‍ (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയോടു ‘ബൈഅത്തു’ (പ്രതിജ്ഞ) ചെയ്തിരിക്കുന്നു.”

5:9
  • يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ كُونُوا۟ قَوَّٰمِينَ لِلَّهِ شُهَدَآءَ بِٱلْقِسْطِ ۖ وَلَا يَجْرِمَنَّكُمْ شَنَـَٔانُ قَوْمٍ عَلَىٰٓ أَلَّا تَعْدِلُوا۟ ۚ ٱعْدِلُوا۟ هُوَ أَقْرَبُ لِلتَّقْوَىٰ ۖ وَٱتَّقُوا۟ ٱللَّهَ ۚ إِنَّ ٱللَّهَ خَبِيرٌۢ بِمَا تَعْمَلُونَ ﴾٩﴿
  • ഹേ, വിശ്വസിച്ചവരേ, നിങ്ങള്‍ അല്ലാഹുവിനുവേണ്ടി (ഉറച്ച്) നിലകൊള്ളുന്നവരായിരിക്കുവിന്‍, നീതിമുറക്കു സാക്ഷ്യം വഹിക്കുന്നവരായിക്കൊണ്ട്. ഒരു ജനതയോടുള്ള അമര്‍ഷം നിങ്ങള്‍ നീതി പാലിക്കാതിരിക്കുവാന്‍ നിങ്ങളെ നിശ്ചയമായും പ്രേരിപ്പിക്കരുത്. നിങ്ങള്‍ നീതി പാലിക്കണം, അതു ഭയഭക്തിയോടു കൂടുതല്‍ അടുപ്പമുള്ളതത്രെ. അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്യുവിന്‍.നിശ്ചയമായും അല്ലാഹു, നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെക്കുറിച്ചു സൂക്ഷ്മമായി അറിയുന്നവനാകുന്നു.
  • يَا أَيُّهَا الَّذِينَ آمَنُوا ഹേ വിശ്വസിച്ചവരേ كُونُوا ആയിരിക്കുവിന്‍, ആയിത്തീരുവിന്‍ قَوَّامِينَ (ശരിക്കു - ഉറച്ചു) നിലകൊള്ളുന്നവര്‍ لِلَّـهِ അല്ലാഹുവിനുവേണ്ടി, അല്ലാഹുവിന്നായി شُهَدَاءَ സാക്ഷികളായിട്ടു, സാക്ഷ്യം വഹിക്കുന്നവരായി بِالْقِسْطِ നീതിമുറക്കു وَلَا يَجْرِمَنَّكُمْ നിശ്ചയമായും നിങ്ങളെ പ്രേരിപ്പിക്കരുത് شَنَآنُ അമര്‍ഷം, ഈര്‍ശ്യത قَوْمٍ ഒരു ജനതയുടെ (ജനതയോടുള്ള) عَلَىٰ أَلَّا تَعْدِلُوا നിങ്ങള്‍ നീതിപാലിക്കാതെ (ചെയ്യാതെ) യിരിക്കുന്നതിനു اعْدِلُوا നിങ്ങള്‍ നീതിപാലിക്കുവിന്‍, മര്യാദ കാട്ടുവിന്‍ هُوَ أَقْرَبُ അതു കൂടുതല്‍ അടുപ്പമുള്ളതാണു, അധികം അടുത്തതാണു لِلتَّقْوَىٰ ഭയഭക്തി (സൂക്ഷ്മത)യോടു وَاتَّقُوا സൂക്ഷിക്കുകയും ചെയ്യുവിന്‍ اللَّـهَ അല്ലാഹുവിനെ إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു خَبِيرٌ സൂക്ഷ്മമായി അറിയുന്നവനാണു بِمَا تَعْمَلُونَ നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി

നീതിമുറക്കു സാക്ഷ്യം വഹിച്ചുകൊണ്ട് അല്ലാഹുവിനുവേണ്ടി നിലകൊള്ളുക എന്നു പറഞ്ഞതിന്റെ താല്‍പര്യം സൂഃ അന്നിസാഇലെ 135-ാം വചനത്തിന്റെ വ്യാഖ്യാനത്തില്‍ വിവരിച്ചിട്ടുണ്ട്. ഒരു ജനതയോടുള്ള അമര്‍ഷം നീതിപാലിക്കാതിരിക്കുവാന്‍ പ്രേരിപ്പിക്കരുത് എന്നു പറഞ്ഞതു പൊതുവായ ഒരു പ്രധാന തത്വമാകുന്നു. ഒരു കൂട്ടരോടു വല്ല കാരണത്താലും ഈര്‍ഷ്യതയും വെറുപ്പുമുണ്ടെങ്കില്‍ അവരോട് അതിന്റെ പേരില്‍ അനീതിയും അക്രമവും പ്രവര്‍ത്തിക്കുവാന്‍ പാടില്ലെന്നും, നീതിയും മര്യാദയും പാലിക്കുന്നതിനു ഒരിക്കലും അതു തടസ്സമാകരുതെന്നുമാണ് അല്ലാഹു കല്‍പിക്കുന്നത്. ഈ കല്‍പന ജനങ്ങള്‍ ശരിക്കും പാലിക്കുന്നപക്ഷം ലോകത്തു സമാധാനാന്തരീക്ഷം നിലനില്‍ക്കുവാന്‍പോലും അതു ഉതകുന്നതാണെന്നു കാണാവുന്നതാണ്. മിക്ക കല്‍പനകളും വിവരിച്ചശേഷം അതിനെ തുടര്‍ന്നു നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്യുവിന്‍ (وَاتَّقُوا اللَّهَ) എന്നു അല്ലാഹു ആവര്‍ത്തിച്ചുണര്‍ത്താറുള്ളതു നാം പ്രത്യേകം ശ്രദ്ധ ചെലുത്തേണ്ടതാകുന്നു.

5:10
  • وَعَدَ ٱللَّهُ ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ ۙ لَهُم مَّغْفِرَةٌ وَأَجْرٌ عَظِيمٌ ﴾١٠﴿
  • വിശ്വസിക്കുകയും, സല്‍ക്കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരോടു അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു. അവര്‍ക്കു പാപമോചനവും, മഹത്തായ പ്രതിഫലവും ഉണ്ട് (എന്നു).
  • وَعَدَ اللَّـهُ അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു الَّذِينَ آمَنُوا വിശ്വസിച്ചവരോടു وَعَمِلُوا പ്രവര്‍ത്തിക്കുകയും ചെയ്ത الصَّالِحَاتِ സല്‍ക്കര്‍മ്മങ്ങള്‍ لَهُم അവര്‍ക്കുണ്ട് مَّغْفِرَةٌ പാപമോചനം وَأَجْرٌ പ്രതിഫലവും عَظِيمٌ വമ്പിച്ച, മഹത്തായ
5:11
  • وَٱلَّذِينَ كَفَرُوا۟ وَكَذَّبُوا۟ بِـَٔايَـٰتِنَآ أُو۟لَـٰٓئِكَ أَصْحَـٰبُ ٱلْجَحِيمِ ﴾١١﴿
  • അവിശ്വസിക്കുകയും, നമ്മുടെ 'ആയത്തു' [ലക്‌ഷ്യം] കളെ വ്യാജമാക്കുകയും ചെയ്തവരാകട്ടെ, അക്കൂട്ടര്‍, ജ്വലിക്കുന്ന അഗ്നിയുടെ [നരകത്തിന്റെ] ആൾക്കാരാകുന്നു.
  • وَالَّذِينَ كَفَرُوا അവിശ്വസിച്ചവരാകട്ടെ وَكَذَّبُوا വ്യാജമാക്കുകയും ചെയ്ത بِآيَاتِنَا നമ്മുടെ ആയത്തുകളെ أُولَـٰئِكَ അക്കൂട്ടര്‍ أَصْحَابُ ആള്‍ക്കാരാകുന്നു الْجَحِيمِ ജ്വലിക്കുന്ന അഗ്നിയുടെ

5:12
  • يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ ٱذْكُرُوا۟ نِعْمَتَ ٱللَّهِ عَلَيْكُمْ إِذْ هَمَّ قَوْمٌ أَن يَبْسُطُوٓا۟ إِلَيْكُمْ أَيْدِيَهُمْ فَكَفَّ أَيْدِيَهُمْ عَنكُمْ ۖ وَٱتَّقُوا۟ ٱللَّهَ ۚ وَعَلَى ٱللَّهِ فَلْيَتَوَكَّلِ ٱلْمُؤْمِنُونَ ﴾١٢﴿
  • ഹേ, വിശ്വസിച്ചവരേ, നിങ്ങള്‍ക്കു അല്ലാഹു ചെയ്ത അനുഗ്രഹത്തെ നിങ്ങള്‍ ഓര്‍ക്കുവിന്‍, (അതായതു) ഒരു ജനത നിങ്ങളുടെ നേരെ അവരുടെ കൈകള്‍ നീട്ടുവാന്‍ കരുതിയപ്പോള്‍, എന്നിട്ട് നിങ്ങളില്‍നിന്നും അവരുടെ കൈകളെ അവന്‍ തട്ടിനീക്കി. നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്യണം. അല്ലാഹുവിന്റെമേല്‍ ഭരമേല്‍പിച്ചുകൊള്ളട്ടെ സത്യവിശ്വാസികള്‍.
  • يَا أَيُّهَا الَّذِينَ آمَنُوا ഹേ വിശ്വസിച്ചവരേ اذْكُرُوا ഓര്‍ക്കുവിന്‍ نِعْمَتَ اللَّـهِ അല്ലാഹുവിന്റെ അനുഗ്രഹത്തെ عَلَيْكُمْ നിങ്ങള്‍ക്കു, നിങ്ങളുടെ മേല്‍ إِذْ هَمَّ കരുതിയപ്പോള്‍, ഉദ്ദേശിച്ച സ്ഥിതിക്കു قَوْمٌ ഒരു ജനത (ചില ആളുകള്‍) أَن يَبْسُطُوا അവര്‍ നീട്ടുവാന്‍, വിരുത്തുവാന്‍ إِلَيْكُمْ നിങ്ങളിലേക്കു, നിങ്ങളുടെ നേരെ أَيْدِيَهُمْ അവരുടെ കൈകളെ فَكَفَّ എന്നിട്ടു അവന്‍ തടുത്തു أَيْدِيَهُمْ അവരുടെ കൈകളെ عَنكُمْ നിങ്ങളില്‍നിന്നു وَاتَّقُوا اللَّـهَ നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്‍വിന്‍ وَعَلَى اللَّـهِ അല്ലാഹുവിന്റെ മേല്‍ (തന്നെ) فَلْيَتَوَكَّلِ ഭരമേല്‍പിച്ചുകൊള്ളട്ടെ الْمُؤْمِنُونَ സത്യവിശ്വാസികള്‍

ഈ വചനത്തില്‍ അല്ലാഹുവിന്റെ അനുഗ്രഹം (نِعْمَتَ اللَّهِ) എന്നു പറഞ്ഞതു ഒരു പ്രത്യേക സംഭവത്തെ സൂചിപ്പിച്ചതാണെന്നും, അല്ലെന്നും രണ്ടഭിപ്രായമുണ്ട്. സത്യവിശ്വാസികളെ ഉന്മൂലനം ചെയ്യാന്‍ പരിപാടിയിട്ട് കഴിവതെല്ലാം ചെയ്തുകൊണ്ടിരിക്കുകയായിരുന്നുവല്ലോ ഇസ്‌ലാമിന്റെ ശത്രുക്കള്‍. ഇപ്പോള്‍, അവരുടെ അക്രമങ്ങളും പരിപാടികളും പരാജയപ്പെടുത്തിക്കൊണ്ടു മുസ്‌ലിംകള്‍ക്കു അല്ലാഹു വിജയവും പ്രതാപവും നല്‍കിക്കഴിഞ്ഞിരിക്കുകയാണ്. ഈ മഹത്തായ പൊതു അനുഗ്രഹമാണ് ഇവിടെ ഉദ്ദേശമെന്നത്രെ രണ്ടാമത്തെ അഭിപ്രായക്കാരുടെ പക്ഷം. ഒരു പ്രത്യേക സംഭവത്തെയാണ് സൂചിപ്പിക്കുന്നതെന്ന ഒന്നാമത്തെ അഭിപ്രായക്കാര്‍ ഒന്നിലധികം സംഭവങ്ങള്‍ ഇവിടെ ഉദ്ധരിച്ചു കാണാം. ചിലര്‍ അവയില്‍ ചിലതിനു മുന്‍ഗണനയും നല്‍കുന്നു. സംഭവങ്ങള്‍ ഇവയാണ്:-

(1) അസ്ഫാന്‍ യുദ്ധത്തില്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യും സ്വഹാബികളും ദ്വുഹ്ര്‍ നമസ്‌കാരം ജമാഅത്തായി നമസ്‌കരിച്ചു. ഇതു കണ്ട ശത്രുക്കള്‍, അടുത്ത നമസ്‌കാരത്തില്‍ ആ തക്കം നോക്കി മുസ്‌ലിംകളെ പരാജയപ്പെടുത്തുവാന്‍ പരിപാടിയിട്ടു. പക്ഷേ, യുദ്ധത്തില്‍ ഭയപ്പാടിന്റെ നമസ്‌കാരം (صلاة الخوف) നടത്തുവാനുള്ള കല്‍പനമൂലം സത്യവിശ്വാസികളെ അല്ലാഹു രക്ഷിക്കുകയും അവരുടെ കുതന്ത്രം പരാജയപ്പെടുത്തുകയും ചെയ്തു.

(2) ഒരു യുദ്ധയാത്രയില്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഒരു മരത്തണലില്‍ വിശ്രമിക്കുകയായിരുന്നു. സ്വഹാബികള്‍ ഓരോ ജോലിയില്‍ വ്യാപൃതരുമായിരുന്നു. മുഹാരിബ് (محارب) ഗോത്രക്കാരനായ ഒരാള്‍ ഈ തക്കം നോക്കിവന്ന് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ വാളെടുത്തു. അതു ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ‘മുഹമ്മദേ, ഇപ്പോള്‍ നിന്നെ ആര്‍ രക്ഷിക്കും?’ എന്നു ചോദിച്ചു. തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഉത്തരം പറഞ്ഞു: ‘അല്ലാഹു’. അവന്‍ സ്തംഭിച്ചുപോയി. വാള്‍ കൈയില്‍നിന്നു വീണു. തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) വാളെടുത്തു അതേചോദ്യം അവനോടു ചോദിച്ചു. ‘ആരുമില്ല, രക്ഷിക്കണേ?’ എന്നായിരുന്നു അവന്റെ മറുപടി. തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അവന്റെ നേരെ നടപടിയൊന്നും എടുക്കാതെ അവനു മാപ്പു നല്‍കി വിട്ടയച്ചു.

(3) ഒരിക്കല്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യെയും സ്വഹാബികളെയും യഹൂദികള്‍ ഒരു വിരുന്നിനു ക്ഷണിച്ചു. ഭക്ഷണത്തില്‍ വിഷം കലര്‍ത്തി അവരെ കൊലപ്പെടുത്തുവാനായിരുന്നു പരിപാടി. അല്ലാഹു നേരത്തെതന്നെ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ക്കു അതിനെപ്പറ്റി വഹ്‌യു മുഖേന അറിവു കൊടുത്തു. അങ്ങിനെ, തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യും സ്വഹാബികളും അതില്‍ പങ്കെടുക്കുകയുണ്ടായില്ല.

(4) യഹൂദഗോത്രമായ ബനൂനദ്വീറിന്റെ അടുക്കല്‍ കുറച്ചു പണം കടം ചോദിക്കുവാനായി നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ചെന്നു. കൊടുക്കാമെന്നു സമ്മതിച്ച ശേഷം ഒരു ചുമരിനു താഴെയായി നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ക്കു ഇരിക്കുവാന്‍ അവര്‍ സ്ഥലം ഏര്‍പ്പാടു ചെയ്തു. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അവിടെ ഇരിക്കുമ്പോള്‍ മാളിക മുകളില്‍നിന്നു ഒരു ആസ്സ് കല്ലെടുത്തു തിരുമേനി(صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യുടെ തലക്കു മീതെയിട്ട് തിരുമേനി(صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യുടെ കഥ കഴിക്കുവാന്‍ അവര്‍ ഒരാളെ ശട്ടം കെട്ടുകയും ചെയ്തു. ഈ ഗൂഢരഹസ്യം അല്ലാഹു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ക്കു അറിയിച്ചുകൊടുത്തു. അപ്പോള്‍, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യും കൂടെയുണ്ടായിരുന്ന സ്വഹാബികളും സ്ഥലം വിട്ടുപോന്നു.

ചരിത്ര ഗ്രന്ഥങ്ങളില്‍ രേഖപ്പെടുത്തപ്പെട്ടിട്ടുള്ള ഈ നാലു സംഭവങ്ങളില്‍ ഏതെങ്കിലും ഒന്നോ, അല്ലെങ്കില്‍ ഇതുപോലുള്ള സംഭവങ്ങള്‍ പൊതുവെയോ ആയിരിക്കാം ഇവിടെ ഉദ്ദേശ്യം. അല്ലാഹു സത്യവിശ്വാസികള്‍ക്കു ചെയ്തുകൊടുത്ത വമ്പിച്ച അനുഗ്രഹങ്ങളാണിവയെല്ലാം എന്നു പറയേണ്ടതില്ലല്ലോ.