വിഭാഗം - 3

കഴിഞ്ഞ 8-ാം വചനത്തിലും അതിനു ശേഷവുമായി അല്ലാഹു ചെയ്തുതന്ന അനുഗ്രഹങ്ങളെയും, അവനോടു ചെയ്ത കരാറുകളെയും ഓര്‍മ്മിക്കണമെന്നും, നീതിക്കു സാക്ഷ്യം വഹിച്ചുകൊണ്ട് അല്ലാഹുവിനുവേണ്ടി നിലകൊള്ളുന്നവരായിരിക്കണമെന്നും മറ്റും അല്ലാഹു സത്യവിശ്വാസികളെ ഉപദേശിച്ചുവല്ലോ. തുടര്‍ന്നുള്ള ഏതാനും വചനങ്ങളില്‍ വേദക്കാരും അല്ലാഹുവിനോടു ചില കരാറുകള്‍ ചെയ്തിരുന്നുവെന്നും, അവര്‍ അതൊക്കെ ലംഘിച്ചു ദുര്‍മാര്‍ഗ്ഗത്തില്‍ മുഴുകുകയാണു ചെയ്തതെന്നും, അങ്ങനെ അവര്‍ അല്ലാഹുവിന്റെ ശാപകോപങ്ങള്‍ക്കു പാത്രമായിത്തീര്‍ന്നുവെന്നും ചൂണ്ടിക്കാട്ടുന്നു. അവരുടെ ചരിത്രത്തില്‍നിന്നു പാഠം പഠിച്ചുകൊണ്ടു സത്യവിശ്വാസികള്‍ അവരെപ്പോലെ ആകുവാന്‍ ഇടവരാതെ സൂക്ഷിക്കുവാന്‍ വേണ്ടിയാണിത്. മുസ്‌ലിം സമുദായത്തിനു അല്ലാഹു തൗഫീക്വും സല്‍ബുദ്ധിയും നല്‍കട്ടെ. آمين

5:13
  • وَلَقَدْ أَخَذَ ٱللَّهُ مِيثَـٰقَ بَنِىٓ إِسْرَٰٓءِيلَ وَبَعَثْنَا مِنْهُمُ ٱثْنَىْ عَشَرَ نَقِيبًا ۖ وَقَالَ ٱللَّهُ إِنِّى مَعَكُمْ ۖ لَئِنْ أَقَمْتُمُ ٱلصَّلَوٰةَ وَءَاتَيْتُمُ ٱلزَّكَوٰةَ وَءَامَنتُم بِرُسُلِى وَعَزَّرْتُمُوهُمْ وَأَقْرَضْتُمُ ٱللَّهَ قَرْضًا حَسَنًا لَّأُكَفِّرَنَّ عَنكُمْ سَيِّـَٔاتِكُمْ وَلَأُدْخِلَنَّكُمْ جَنَّـٰتٍ تَجْرِى مِن تَحْتِهَا ٱلْأَنْهَـٰرُ ۚ فَمَن كَفَرَ بَعْدَ ذَٰلِكَ مِنكُمْ فَقَدْ ضَلَّ سَوَآءَ ٱلسَّبِيلِ ﴾١٣﴿
  • ഇസ്രാഈല്‍ സന്തതികളുടെ ഉറപ്പു [കരാര്‍] അല്ലാഹു വാങ്ങുകയുണ്ടായി; അവരില്‍നിന്ന് പന്ത്രണ്ട് നായകന്മാരെ നാം [അല്ലാഹു] നിയോഗിക്കുകയും ചെയ്തു. അല്ലാഹു (അവരോടു) പറയുകയും ചെയ്തു: 'നിശ്ചയമായും, ഞാന്‍ നിങ്ങളുടെ കൂടെയുണ്ട്; നിങ്ങള്‍ നമസ്‌കാരം നിലനിറുത്തുകയും, സകാത്തു കൊടുക്കുകയും, എന്റെ റസൂലുകളില്‍ വിശ്വസിക്കുകയും, അവരെ (സഹായിച്ചു) ശക്തിപ്പെടുത്തുകയും, അല്ലാഹുവിനു നല്ലതായ കടം കൊടുക്കുകയും ചെയ്തുവെങ്കില്‍, തീര്‍ച്ചയായും, നിങ്ങളുടെ തിന്മകളെ നിങ്ങള്‍ക്കു ഞാന്‍ മൂടിമറ(ച്ചു മാപ്പാ)ക്കുകയും, അടിഭാഗത്തിലൂടെ അരുവികള്‍ ഒഴുകിക്കൊണ്ടിരിക്കുന്ന സ്വര്‍ഗ്ഗങ്ങളില്‍ നിങ്ങളെ ഞാന്‍ പ്രവേശിപ്പിക്കുകയും തന്നെ ചെയ്യും. എന്നാല്‍, ഇതിനുശേഷം നിങ്ങളില്‍നിന്ന് ആരെങ്കിലും അവിശ്വസിക്കുന്ന പക്ഷം, തീര്‍ച്ചയായും അവന്‍ ശരിയായ മാര്‍ഗ്ഗം പിഴച്ചുപോയി.'
  • وَلَقَدْ أَخَذَ വാങ്ങുക (മേടിക്കുക എടുക്കുക) യുണ്ടായിട്ടുണ്ട് اللَّـهُ അല്ലാഹു مِيثَاقَ ഉറപ്പു, കരാര്‍ بَنِي إِسْرَائِيلَ ഇസ്രാഈല്‍ സന്തതികളുടെ وَبَعَثْنَا നാം നിയോഗിക്കുക (എഴുന്നേല്‍പിക്കുക) യും ചെയ്തു مِنْهُمُ അവരില്‍നിന്നു اثْنَيْ عَشَرَ പന്ത്രണ്ടു نَقِيبًا നായകന്‍, തലവന്‍, നേതാവു,മേലാല്‍ وَقَالَ اللَّـهُ അല്ലാഹു പറയുകയും ചെയ്തു إِنِّي مَعَكُمْ നിശ്ചയമായും ഞാന്‍ നിങ്ങളുടെ കൂടെയുണ്ട്, കൂടെയാണ് لَئِنْ أَقَمْتُمُ നിങ്ങള്‍ നിലനിറുത്തിയെങ്കില്‍ الصَّلَاةَ നമസ്കാരം وَآتَيْتُمُ നിങ്ങള്‍ കൊടുക്കുകയും ചെയ്തു الزَّكَاةَ സകാത്തു وَآمَنتُم നിങ്ങള്‍ വിശ്വസിക്കുകയും ചെയ്തു بِرُسُلِي എന്റെ റസൂലുകളില്‍ وَعَزَّرْتُمُوهُمْ അവരെ നിങ്ങള്‍ സഹായിക്കുകയും ചെയ്തു, ശക്തിപ്പെടുത്തുകയും ചെയ്തു وَأَقْرَضْتُمُ നിങ്ങള്‍ കടം കൊടുക്കുകയും ചെയ്തു اللَّـهَ അല്ലാഹുവിനു قَرْضًا حَسَنًا നല്ലതായ കടം لَّأُكَفِّرَنَّ തീര്‍ച്ചയായും ഞാന്‍ മൂടി (മറച്ചു) വെക്കും عَنكُمْ നിങ്ങളില്‍നിന്നു, നിങ്ങള്‍ക്കു سَيِّئَاتِكُمْ നിങ്ങളുടെ തിന്‍മകളെ وَلَأُدْخِلَنَّكُمْ നിങ്ങളെ ഞാന്‍ പ്രവേശിപ്പിക്കുകയും തന്നെ ചെയ്യും جَنَّاتٍ സ്വര്‍ഗ്ഗങ്ങളില്‍, തോപ്പുകളില്‍ تَجْرِي ഒഴുകുന്ന, നടക്കും مِن تَحْتِهَا അതിന്റെ അടിയിലൂടെ الْأَنْهَارُ അരുവികള്‍ فَمَن كَفَرَ എന്നാല്‍ (എനി) ആരെങ്കിലും (വല്ലവരും) അവിശ്വസിച്ചാല്‍ بَعْدَ ذَٰلِكَ അതിനു (ഇതിനു) ശേഷം مِنكُمْ നിങ്ങളില്‍ നിന്നു فَقَدْ ضَلَّ എന്നാലവന്‍ പിഴച്ചു കഴിഞ്ഞു سَوَاءَ السَّبِيلِ ശരിയായ മാര്‍ഗ്ഗം, ചൊവ്വു വഴി

5:14
  • فَبِمَا نَقْضِهِم مِّيثَـٰقَهُمْ لَعَنَّـٰهُمْ وَجَعَلْنَا قُلُوبَهُمْ قَـٰسِيَةً ۖ يُحَرِّفُونَ ٱلْكَلِمَ عَن مَّوَاضِعِهِۦ ۙ وَنَسُوا۟ حَظًّا مِّمَّا ذُكِّرُوا۟ بِهِۦ ۚ وَلَا تَزَالُ تَطَّلِعُ عَلَىٰ خَآئِنَةٍ مِّنْهُمْ إِلَّا قَلِيلًا مِّنْهُمْ ۖ فَٱعْفُ عَنْهُمْ وَٱصْفَحْ ۚ إِنَّ ٱللَّهَ يُحِبُّ ٱلْمُحْسِنِينَ ﴾١٤﴿
  • എന്നിട്ട് അവര്‍ തങ്ങളുടെ ഉറപ്പ് (വല്ലാതെ) ലംഘിച്ചതു നിമിത്തം നാം അവരെ ശപിച്ചു. അവരുടെ ഹൃദയങ്ങളെ നാം കടുത്തതാക്കുകയും ചെയ്തു. വാക്കുകളെ അതിന്റെ സ്ഥാനങ്ങളില്‍നിന്നും അവര്‍ മാറ്റം വരുത്തുന്നു; അവര്‍ക്ക് ഉല്‍ബോധനം നല്‍കപ്പെട്ടതില്‍ നിന്നും ഒരു (വലിയ) ഭാഗം അവര്‍ മറന്നു കളയുകയും ചെയ്തു. അവരില്‍നിന്നു - അവരില്‍ അല്‍പം ആളുകളൊഴികെ - (ഉണ്ടാകുന്ന) ചതിയെ നീ നോക്കി മനസ്സിലാക്കി)ക്കൊണ്ടേ ഇരിക്കുകയും ചെയ്യുന്നു. എന്നാല്‍, അവര്‍ക്കു നീ മാപ്പു നല്‍കുകയും, വിട്ടുകൊടുക്കുകയും ചെയ്തുകൊള്ളുക. നിശ്ചയമായും അല്ലാഹു, സുകൃതം ചെയ്യുന്നവരെ സ്‌നേഹിക്കുന്നു.
  • فَبِمَا نَقْضِهِم എന്നിട്ടു (എന്നാല്‍) അവരുടെ ലംഘനം കൊണ്ടു ലംഘിച്ചതു നിമിത്തം مِّيثَاقَهُمْ അവരുടെ ഉറപ്പു, കരാര്‍ لَعَنَّاهُمْ നാമവരെ ശപിച്ചു وَجَعَلْنَا നാം ആക്കുകയും ചെയ്തു قُلُوبَهُمْ അവരുടെ ഹൃദയങ്ങളെ قَاسِيَةً കടുത്തതു, കടുപ്പമുള്ളവ يُحَرِّفُونَ അവര്‍ മാറ്റം വരുത്തുന്നു الْكَلِمَ വാക്കു, വാക്കുകളെ عَن مَّوَاضِعِهِ അതിന്റെ സ്ഥാനങ്ങളില്‍ നിന്നു وَنَسُوا അവര്‍ മറക്കുക (വിസ്മരിക്കുക) യും ചെയ്തു حَظًّا ഒരു ഭാഗം, പങ്കു, ഓഹരി مِّمَّا ذُكِّرُوا അവര്‍ക്കു ഉല്‍ബോധനം ചെയ്യപ്പെട്ടതില്‍ നിന്നു بِهِ അതിനെപ്പറ്റി وَلَا تَزَالُ നീ ആയിക്കൊണ്ടേയിരിക്കും تَطَّلِعُ നീ നോക്കി (അറിഞ്ഞു മനസ്സിലാക്കി - കണ്ടു) കൊണ്ടു عَلَىٰ خَائِنَةٍ ചതി പ്രയോഗത്തെപ്പറ്റി (ചതിയെ) مِّنْهُمْ അവരില്‍നിന്നു إِلَّا قَلِيلًا അല്‍പം (ആള്‍) ഒഴികെ مِّنْهُمْ അവരില്‍ നിന്നു فَاعْفُ എന്നാല്‍ നീ മാപ്പു നല്‍കുക عَنْهُمْ അവര്‍ക്കും, അവരെപ്പറ്റി وَاصْفَحْ വിട്ടുകൊടുക്കുക (തിരിഞ്ഞു കളയുക)യും ചെയ്യുക إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു يُحِبُّ സ്നേഹിക്കുന്നു, ഇഷ്ടപ്പെടും الْمُحْسِنِينَ സുകൃതം (പുണ്യം - നന്‍മ) ചെയ്യുന്നവരെ

ഇസ്രാഈല്യരോട് അല്ലാഹു വാങ്ങിയ കരാര്‍ എന്തായിരുന്നുവെന്ന് ഏറെക്കുറെഈ വചനത്തില്‍ നിന്നുതന്നെ മനസ്സിലാക്കാവുന്നതാണു. 3:187, 4:154 മുതലായ സ്ഥലങ്ങളിലും അതു സംബന്ധിച്ച വിവരങ്ങള്‍കഴിഞ്ഞു പോയിട്ടുണ്ടു. സൂ: അഅ്‌റാഫ് 160ല്‍ കാണാവുന്നതുപോലെ, ഇസ്രാറാഈല്‍ സമുദായം പന്ത്രണ്ടു (*) ഗോത്രങ്ങള്‍ ഉള്‍ക്കൊണ്ടതായിരുന്നു. ഇസ്രാഈല്‍ എന്നുകൂടി പേരുണ്ടായിരുന്ന യഅ്ക്വൂബ് (عليه السلام) നബിയുടെ പന്ത്രണ്ടു മക്കളുടെ പിന്തുടര്‍ച്ചക്കാരായിരുന്നു പ്രസ്തുത ഗോത്രങ്ങള്‍. ഈ ഓരോ ഗോത്രത്തിന്റെയും നേതാക്കളായി നിശ്ചയിക്കപ്പെട്ടിരുന്ന തലവന്മാരെപ്പറ്റിയാണു പന്ത്രണ്ടു നായകന്മാര്‍ (اثْنَيْ عَشَرَ نَقِيبًا) എന്നു പറഞ്ഞത്. നാം നിയോഗിച്ചു (بَعَثْنَا) എന്നു പറഞ്ഞതില്‍നിന്നു ഈ തലവന്മാരുടെ നിയോഗം അല്ലാഹുവിന്റെ കല്പന പ്രകാരമായിരുന്നുവെന്നും, അവരെ നിയോഗിച്ചതിനോടു ചേര്‍ത്തിക്കൊണ്ടു ഈകരാറിനെക്കുറിച്ചു പറഞ്ഞതില്‍നിന്ന് അവര്‍ മുഖാന്തിരമാണ് ഇസ്രാഈല്യരുടെ കരാര്‍ നടന്നതെന്നും മനസ്സിലാകുന്നു. ബൈബ്ളിന്റെ പ്രസ്താവനകളില്‍നിന്നും അങ്ങിനെത്തന്നെ മനസ്സിലാകുന്നുണ്ട്. لله أعلم


(*). പന്ത്രണ്ടു ഗോത്രങ്ങളുടെ പേരുകളും, മൂസാ (عليه الصلاة والسلام) നബിക്കുശേഷം ഫലസ്തീനില്‍ അവര്‍ കുടിയേറിപ്പാര്‍ത്തിരുന്ന സ്ഥലങ്ങളും മറ്റും ഒന്നാം വാല്യത്തില്‍ കൊടുത്ത 5-ാം നമ്പ്ര് ഭൂപടത്തില്‍ കാണാവുന്നതാണ്.


മൂസാ (عليه السلام) നബിയും ഇസ്രാഈല്യരും ചെങ്കടല്‍ കടന്നുപോന്ന ശേഷം സീനാ താഴ്‌വരയില്‍ താമസിച്ചിരുന്ന കാലത്തു അവര്‍ക്കു വാഗ്ദാനം ചെയ്യപ്പെട്ടിരുന്ന കന്‍ആന്‍ (ഫലസ്തീന്‍) ദേശത്തെ ശത്രുക്കളെക്കുറിച്ച് ഒരു നിരീക്ഷണം നടത്തി വിവരം സമര്‍പ്പിക്കുവാന്‍ അല്ലാഹുവിന്റെ കല്‍പന പ്രകാരം അവരുടെ പന്ത്രണ്ടു ഗ്രോത്രത്തില്‍ നിന്നുമായി പന്ത്രണ്ടു നേതാക്കളെ മൂസാ (عليه السلام) അയച്ചിരുന്നു. (ഈ സംഭവത്തെപ്പറ്റി അല്‍പം ആയത്തുകള്‍ക്കു ശേഷം താഴെ വിവരിക്കുന്നുണ്ട്). ഈ പന്ത്രണ്ടു പേരാണ് ഇവിടെ പ്രസ്താവിച്ച ‘പന്ത്രണ്ടു നായകന്മാരെ’ കൊണ്ടുദ്ദേശിക്കപ്പെട്ടിരിക്കുന്നതു എന്നത്രെ ഇബ്‌നു ജരീര്‍ (رحمه الله) തുടങ്ങിയ പല വ്യാഖ്യാതാക്കളും പറഞ്ഞു കാണുന്നത്. ഈ പന്ത്രണ്ടു നേതാക്കളുടെ പേരുകള്‍ ഇബ്‌നു ഇസ്ഹാക്വ് (رحمه الله) ല്‍ നിന്നു ഇബ്‌നുകഥീര്‍ (رحمه لله) അദ്ദേഹത്തിന്റെ തഫ്‌സീറില്‍ ഉദ്ധരിക്കുകയും ചെയ്തിരിക്കുന്നു. പിന്നീടു ഇബ്‌നുകഥീര്‍ (رحمه الله) പറയുകയാണ്: ‘തൗറാത്തിലെ നാലാം പുസ്തകത്തില്‍ (ബൈബ്‌ളിലെ സംഖ്യാ പുസ്തകത്തില്‍) ഞാന്‍ ഇവരുടെ പേരുകള്‍ കാണുകയുണ്ടായി. അതു ഇബ്‌നു ഇസ്ഹാക്വ് പറഞ്ഞതില്‍നിന്നും വ്യത്യസ്തമാണ്. ‘ തുടര്‍ന്നുകൊണ്ടു താന്‍ കണ്ട ആ പേരുകള്‍ അദ്ദേഹം ബൈബ്‌ളില്‍നിന്നു ഉദ്ധരിക്കുകയും ചെയ്തിരിക്കുന്നു. എന്നാല്‍, പ്രസ്തുത (സംഖ്യാ) പുസ്തകം ഇന്നത്തെ ബൈബ്‌ളില്‍ പരിശോധിച്ചാല്‍, ഇബ്‌നു ഇസ്ഹാക്വ് (عليه السلام) പറഞ്ഞ പേരുകളും അതിലുള്ളതാണെന്നും, പക്ഷേ, രണ്ടും രണ്ടവസരങ്ങളില്‍ അവരില്‍ നിശ്ചയിക്കപ്പെട്ടിരുന്ന നേതാക്കളായിരുന്നുവെന്നും മനസ്സിലാകുന്നു. ഓരോ സ്ഥലങ്ങളില്‍ അവരവര്‍ കണ്ടതു അവരവര്‍ ഉദ്ധരിച്ചതായിരിക്കാം. (അല്ലാഹുവിനറിയാം) ബൈബ്‌ളിന്റെ പ്രതികള്‍ ഇന്നുള്ള പോലെത്തന്നെയായിരുന്നു അന്നുള്ളതെന്നും, എല്ലാ ഭാഷയിലുമുള്ള എല്ലാ പ്രതികളും ഒരുപോലെയായിരുന്നുവെന്നും നിശ്ചയിക്കുവാന്‍ വയ്യ താനും.

തങ്ങള്‍ ശരിക്കും പാലിച്ചുകൊള്ളാമെന്ന് ഉറപ്പു നല്‍കിയിട്ടു പിന്നെയും ആ കരാര്‍ ലംഘിച്ചു തോന്നിയവാസത്തില്‍ മുഴുകിയതിന്റെ ഫലമായി അല്ലാഹു അവരെ ശപിച്ചു കളഞ്ഞു. അതെ, അവന്റെ കാരുണ്യം അവര്‍ക്കു നഷ്ടപ്പെടുകയും കോപത്തിനു അവര്‍ പാത്രമായിത്തീരുകയും ചെയ്തു. മേലിലെങ്കിലും നന്നായിത്തീരുവാന്‍ മാര്‍ഗ്ഗമില്ലാത്തവണ്ണം അവരുടെ ഹൃദയങ്ങള്‍ കടുത്തു ദുഷിക്കുകയുമുണ്ടായി. അങ്ങനെ മതശാസനകളും വേദവാക്യങ്ങളും ഹിതത്തിനൊത്തു മാറ്റി മറിക്കുകയും, ദുര്‍വ്യാഖ്യാനം ചെയ്യുകയും അവരുടെ പതിവായി. പലതും അനുഷ്ഠാന രംഗത്തുനിന്നും സ്മൃതിപഥത്തില്‍നിന്നും നീങ്ങിപ്പോകുകയും ചെയ്തിരിക്കുന്നു. ചുരുക്കത്തില്‍, അവരുടെ ഭാവിയെപ്പറ്റിയെങ്കിലും ഒരു ശുഭപ്രതീക്ഷക്കു വകയില്ലാതായിരിക്കുന്നു. ഇത്രയും ചൂണ്ടിക്കാട്ടിയശേഷം അല്ലാഹു പറയുന്നു: وَلَا تَزَالُ تَطَّلِعُ عَلَىٰ خَائِنَةٍ مِّنْهُمْ (അവരില്‍ നിന്നുണ്ടാകുന്ന ചതിയെ നീ നോക്കി മനസ്സിലാക്കിക്കൊണ്ടേയിരിക്കുന്നു). വിശ്വാസവഞ്ചനയും ചതിപ്രയോഗങ്ങളും യഹൂദികളുടെ സ്വഭാവമാണല്ലോ. തക്കം കിട്ടുമ്പോഴെല്ലാം ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കും പിന്‍കുഴിതോണ്ടുന്നതില്‍ അവര്‍ ഒരിക്കലും വീഴ്ച വരുത്താറില്ല. വളരെ ചുരുക്കം വ്യക്തികള്‍ മാത്രമേ ഇതില്‍നിന്നു ഒഴിവുള്ളൂ. അവരെപ്പറ്റിയാണ് إِلَّا قَلِيلًا مِّنْهُمْ (അവരില്‍ നിന്നും അല്പം ആളുകളൊഴികെ) എന്നു പറഞ്ഞത്. യഹൂദികളില്‍നിന്നു ഇസ്‌ലാമിനെ അംഗീകരിക്കുവാന്‍ മുമ്പോട്ടുവന്ന അബ്ദുല്ലാഹിബ്‌നു സലാം (رَضِيَ اللهُ تَعَالَى عَنْهُ) പോലെയുള്ളവരായിരിക്കും ഇവര്‍.

ഇങ്ങിനെയൊക്കെയാണു യഹൂദികളുടെ സ്ഥിതിഗതികള്‍. എന്നാലും അവരോടു മാപ്പിന്റെയും വിട്ടുവീഴ്ചയുടെയും നയം സ്വീകരിക്കണമെന്നും, അതു സുകൃതവാന്മാരുടെ സ്വഭാവമാണെന്നും, അല്ലാഹു സുകൃതവാന്മാരുടെ പക്ഷത്താണുള്ളതു – അവര്‍ക്കായിരിക്കും അവന്റെ സഹായവും അനുഗ്രഹവും ലഭിക്കുക – എന്നുമൊക്കെ അവസാനം അല്ലാഹു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ക്കു ഉപദേശം നല്‍കുന്നു. ഇങ്ങോട്ടു അക്രമങ്ങളും ചതിപ്രയോഗങ്ങളും നടത്തുന്നവരോട് അങ്ങോട്ടും അതേപോലെ ചെയ്‌വാന്‍ അവകാശമുണ്ടെങ്കിലും, അതിന്നൊരുമ്പെടാതെ വിട്ടുവീഴ്ച ചെയ്യലും, അവഗണിച്ചു മാപ്പു നല്‍കലുമാണ് കൂടുതല്‍ ഉല്‍കൃഷ്ടമായ സ്വഭാവമെന്നും, അങ്ങിനെയുള്ളവര്‍ക്കാണ് അല്ലാഹുവിന്റെ സഹായവും സ്‌നേഹവും ലഭിക്കുകയെന്നും അല്ലാഹു പലപ്പോഴും ഉപദേശിക്കാറുള്ളതാണല്ലോ. അതാണു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനി സത്യവിശ്വാസികള്‍ക്കു കാണിച്ചു കൊടുത്ത മാതൃകയും.

5:15
  • وَمِنَ ٱلَّذِينَ قَالُوٓا۟ إِنَّا نَصَـٰرَىٰٓ أَخَذْنَا مِيثَـٰقَهُمْ فَنَسُوا۟ حَظًّا مِّمَّا ذُكِّرُوا۟ بِهِۦ فَأَغْرَيْنَا بَيْنَهُمُ ٱلْعَدَاوَةَ وَٱلْبَغْضَآءَ إِلَىٰ يَوْمِ ٱلْقِيَـٰمَةِ ۚ وَسَوْفَ يُنَبِّئُهُمُ ٱللَّهُ بِمَا كَانُوا۟ يَصْنَعُونَ ﴾١٥﴿
  • 'ഞങ്ങള്‍ 'നസ്രാനി'കളാണെന്നു പറയുന്നവരില്‍ [ക്രിസ്ത്യാനികളില്‍] നിന്നും (തന്നെ) നാം അവരുടെ ഉറപ്പു വാങ്ങിയിരിക്കുന്നു. എന്നിട്ട്, അവര്‍ക്കു ഉല്‍ബോധനം നല്‍കപ്പെട്ടതില്‍ നിന്നു ഒരു (വലിയ) ഭാഗം അവർ മറന്നു കളഞ്ഞു. അങ്ങനെ, അവര്‍ക്കിടയില്‍ ക്വിയാമത്തു നാള്‍വരേക്കും നാം ശത്രുതയും, വിദ്വേഷവും ഇളക്കിവിട്ടു. അവര്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നതിനെപ്പറ്റി വഴിയെ അല്ലാഹു അവരെ ബോധ്യപ്പെടുത്തുകയും ചെയ്യും.
  • وَمِنَ الَّذِينَ യാതോരുവരില്‍ നിന്നും (തന്നെ) قَالُوا പറഞ്ഞ, അവര്‍ പറഞ്ഞു إِنَّا نَصَارَىٰ ഞങ്ങള്‍ നസ്രാനികളാണു എന്നു أَخَذْنَا നാം വാങ്ങി, മേടിച്ചു مِيثَاقَهُمْ അവരുടെ കരാര്‍, ഉറപ്പു فَنَسُوا എന്നിട്ടവര്‍ മറന്നു حَظًّا ഒരു ഓഹരി, ഭാഗം مِّمَّا യാതൊന്നില്‍ നിന്നു ذُكِّرُوا بِهِ അതിനെപ്പറ്റി അവര്‍ക്കു ഉല്‍ബോധിപ്പിക്ക (ഓര്‍മ്മിപ്പിക്ക)പ്പെട്ടും فَأَغْرَيْنَا അപ്പോള്‍ (അതിനാല്‍) നാം ഇളക്കി വിട്ടു بَيْنَهُمُ അവര്‍ക്കിടയില്‍ الْعَدَاوَةَ ശത്രുത, പക وَالْبَغْضَاءَ വിദ്വേഷവും, ഈര്‍ഷ്യതയും إِلَىٰ يَوْمِ الْقِيَامَةِ ക്വിയാമത്തു നാള്‍വരെ وَسَوْفَ വഴിയെ, പിറകെ يُنَبِّئُهُمُ അവരെ ബോധ്യപ്പെടുത്തും اللَّـهُ അല്ലാഹു بِمَا كَانُوا അവര്‍ ആയിരുന്നതിനെപ്പറ്റി يَصْنَعُونَ പ്രവര്‍ത്തിക്കും

യഹൂദികളില്‍നിന്നു മാത്രമല്ല, ക്രിസ്ത്യാനികളില്‍ നിന്നും തന്നെ തങ്ങള്‍ അല്ലാഹുവിന്റെ കല്‍പനകള്‍ പാലിച്ചുകൊള്ളാമെന്ന് അല്ലാഹു കരാര്‍ വാങ്ങുകയുണ്ടായിട്ടുണ്ടെന്നും, അവരും ആ കരാര്‍ വേണ്ടതുപോലെ പാലിച്ചില്ലെന്നും, അതിന്‍ ഫലമായി അവര്‍ക്കിടയില്‍ കാലാവസാനംവരെ നീണ്ടു നില്‍ക്കുന്ന ശത്രുതയും വിദ്വേഷവും ഉണ്ടായിത്തീര്‍ന്നുവെന്നും, അവരുടെ പ്രവര്‍ത്തനങ്ങളുടെ ശരിയായ പ്രതിഫലം അവര്‍ വഴിയെ അനുഭവിക്കുവാനിരിക്കുന്നുവെന്നുമാണ് ഈ വചനത്തില്‍ അല്ലാഹു പറഞ്ഞതിന്റെ ചുരുക്കം. എന്നാല്‍, യഹൂദരുടെ അത്ര തന്നെ ധിക്കാരവും അക്രമവും ക്രിസ്ത്യാനികളില്‍ നിന്നുണ്ടായിട്ടില്ലെന്നു ഈ വചനത്തില്‍നിന്നും മറ്റും മനസ്സിലാക്കാവുന്നതാകുന്നു. യഹൂദികളെക്കുറിച്ച് ആക്ഷേപിക്കാറുള്ള അത്ര ശക്തിയായ ഭാഷയില്‍ ക്രിസ്ത്യാനികളെക്കുറിച്ചു ക്വുര്‍ആനില്‍ ആക്ഷേപിച്ചു കാണാനില്ലാത്തതിന്റെ കാരണവും അതു തന്നെയാകുന്നു.

യഹൂദികളുടെ കരാറിനെക്കുറിച്ചു പ്രസ്താവിച്ചപ്പോള്‍ ഇസ്രാഈല്‍ സന്തതികളുടെ കരാര്‍ (مِيثَاقَ بَنىِ إسْلراءِيل) എന്നാണ് അല്ലാഹു പറഞ്ഞതു. യഹുദികളെ ഉദ്ദേശിച്ച് ഇസ്രാഈല്യര്‍ – ഇസ്രാഈല്‍ സന്തതികള്‍-എന്നു മുമ്പേ പറയപ്പെടാറുള്ളതാണ്. ക്രിസ്ത്യാനികളെപ്പറ്റി സാധാരണമായി نَصَارَىٰ (നസ്വ്‌റാനികള്‍) എന്നാണു പറയെപ്പടാറെങ്കിലും ഇവിടെയും, താഴെ 85-ാം വചനത്തിലും അല്ലാഹു ഉപയോഗിച്ച വാക്കു ‘ഞങ്ങള്‍ നസ്വ്‌റാനികളാണെന്നു പറയുന്നവര്‍ (الَّذِينَ قَالُوا إِنَّا نَصَارَىٰ)’ എന്നാകുന്നു. ഈ പേര്‍ അവര്‍ സ്വയം സ്വീകരിച്ച പേരാണെന്നും, ആ പേരില്‍ അവര്‍ അഭിമാനം കൊള്ളുന്നുണ്ടെന്നുമുള്ള ഒരു സൂചന ഈ പ്രയോഗത്തിലടങ്ങിയിരിക്കുന്നതായി കാണാം. ഈ പേരിന്റെ ഉത്ഭവത്തെപ്പറ്റി രണ്ടഭിപ്രായങ്ങള്‍ പറയപ്പെടുന്നു. ഈസാ (عليه السلام) വളര്‍ന്നു വന്ന രാജ്യമായ നസ്വ്‌റത്തി (الناصرية) നോടു (*) ബന്ധപ്പെടുത്തിക്കൊണ്ടുണ്ടായ പേരാണെന്നത്രെ ചില ക്വുര്‍ആന്‍ വ്യാഖ്യാതാക്കളും പൊതുവെ ക്രിസ്ത്യാനികളും പറയുന്നത്. ഈ പേര്‍ വാസ്തവത്തില്‍ ക്രിസ്ത്യാനികള്‍ തങ്ങള്‍ക്ക് സ്വയം തൃപ്തിപ്പെട്ട പേരായിരിക്കുവാന്‍ ന്യായമില്ല. കാരണം, അവരുടെ ശത്രുക്കള്‍ അവരെ നിന്ദിച്ചുകൊണ്ടു ചിലപ്പോള്‍ ‘ഗലീലക്കാര്‍’ എന്നും ചിലപ്പോള്‍ ‘നസ്രായ മതക്കാര്‍’ എന്നും പറയാറുണ്ടായിരുന്നതായി ബൈബ്‌ളില്‍ കാണാം. (ലൂക്കോസ് 13:3 ഉം അപ്പോ. പ്രവൃത്തികള്‍ 24:5 ഉം നോക്കുക) (**) അതോടുകൂടി, നസറേത്ത് എന്ന ദേശത്തിനു മുന്‍കാലത്തു ഒരു വിശേഷതയും ഉണ്ടായിരുന്നില്ലെന്നും, പില്‍ക്കാലത്തുമാത്രം ക്രിസ്ത്യാനികള്‍ അങ്ങോട്ടു പുണ്യയാത്ര പോകാന്‍ തുടങ്ങിയതാണെന്നും വേദപുസ്തക നിഘണ്ടുവും പറയുന്നു. എന്നിരിക്കെ, നസറേത്തുമായി ബന്ധപ്പെട്ടവരെന്ന അര്‍ത്ഥത്തില്‍ ഈ പേര്‍ ക്രിസ്ത്യാനികള്‍ സ്വയം സ്വീകരിച്ചതോ അവര്‍ തങ്ങള്‍ക്കു തൃപ്തിപ്പെട്ടതോ ആവാന്‍ തരമില്ല. കവിഞ്ഞപക്ഷം, ക്രമേണ ആ പേരില്‍ അവര്‍ അറിയപ്പെട്ടുവെന്നു വെക്കുവാനേ തരമുള്ളൂ.


(*) ഫലസ്തീനിലെ ഗലീലിയ (الجليل) തടാകത്തിന്റെ ഏതാണ്ടു തെക്കുവശം ഏകദേശം 14 നാഴികെ ദൂരെയാണു നസേറത്ത് എന്ന നാസിരിയ്യ (Nazereth) പട്ടണം.

(**) ഈസാ (عليه الصلاة والسلام) ന്റെ സ്വദേശമായ നസാറത്തിനോടു ബന്ധപ്പെടുത്തിക്കൊണ്ടാണു നസ്വറായ മതക്കാര്‍ എന്നു പറയുന്നതു. ആ ദേശം ഉള്‍കൊള്ളുന്ന ജില്ലയാണു ഗലീലാ (الجليل او جليلة)


രണ്ടാമത്തെ അഭിപ്രായം ഇതാണു: ‘ഹവാരി’കള്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഈസാ (عليه الصلاة والسلام) നബിയുടെ ശിഷ്യഗണത്തോടു مَنْ أَنصَارِي إِلَى اللَّهِ (അല്ലാഹുവിങ്കലേക്കു എന്റെ സഹായികള്‍ ആരാണു?) എന്നു അദ്ദേഹം ചോദിച്ചതായും, نَحْنُ أَنصَارُ اللَّـهِ (ഞങ്ങള്‍ അല്ലാഹുവിന്റെ – അല്ലാഹുവിന്റെ മാര്‍ഗ്ഗത്തിലേക്കുള്ള – സഹായികളാണു) എന്നു അവര്‍ മറുപടി പറഞ്ഞതായും അല്ലാഹു (3:52ല്‍) പ്രസ്താവിച്ചിട്ടുണ്ടല്ലോ. ഇതിനെ അടിസ്ഥാനമാക്കി സഹായം എന്ന അര്‍ത്ഥത്തിലുള്ള نصرة (നുസ്വ്‌റത്ത്) എന്ന വാക്കില്‍ നിന്നാണു ‘നസ്വ്‌റാനി’കള്‍ (نَصَارَىٰ) എന്ന പേര്‍ ഉത്ഭവിച്ചതു. ഈ അഭിപ്രായമാണ് പല ക്വുര്‍ആന്‍ വ്യാഖ്യാതാക്കളും പറഞ്ഞിട്ടുള്ളതു. ഇതനുസരിച്ചു ഈ പേര്‍ – അല്ലാഹുവിന്റെ വാക്കില്‍ നിന്നു മനസ്സിലാകുന്നതു പോലെ – ക്രിസ്ത്യാനികള്‍ സ്വയം സ്വീകരിച്ചതും തൃപ്തിപ്പെട്ടതും ആയിരിക്കുവാന്‍ ന്യായമുണ്ട് (*). അപ്പോള്‍ അല്ലാഹുവിന്റെ മതത്തെ സഹായിക്കുന്ന ഒരു സമുദായമെന്നു അഭിമാനം കൊള്ളുകയും, അതേ സമയത്തു അതിനു നിരക്കാത്തതായ മാര്‍ഗ്ഗം സ്വീകരിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നവരാണു ക്രിസ്ത്യാനികള്‍ എന്നൊരു സൂചനകൂടി അല്ലാഹുവിന്റെ ആ പ്രയോഗത്തില്‍ അന്തര്‍ഭവിച്ചിരിക്കുന്നതായി കാണാം. الله أعلم


(*) ക്രിസ്ത്യാനികളെപ്പറ്റി نَصَارَىٰ (നസ്വാറാ – നസ്വ്‌റാനികള്‍) എന്നല്ലാതെ, ക്രിസ്ത്യാനികള്‍ എന്നു നേര്‍ക്കുനേരെ അര്‍ത്ഥമായ مسيحيون (മസീഹിയ്യൂന്‍) എന്നോ മറ്റോ ക്വുര്‍ആനില്‍ ഉപയോഗിക്കപ്പെട്ടിട്ടില്ല. വാസ്തവത്തില്‍ ഈ പേരും തന്നെ ക്രിസ്ത്യാനികള്‍ തങ്ങള്‍ക്ക് ആദ്യം സ്വീകരിച്ചു വന്നതല്ല. ആദ്യകാല ക്രിസ്ത്യാനികള്‍ തങ്ങളെപ്പറ്റി ‘ശിഷ്യന്മാര്‍, സഹോദരന്മാര്‍, വിശുദ്ധന്മാര്‍, വിശ്വാസികള്‍’ എന്നൊക്കെയായിരുന്നു പറഞ്ഞുവന്നിരുന്നത്. കുറേ കഴിഞ്ഞപ്പോള്‍ അന്താക്കിയ (انطاكية -അന്തിയോക്കിയ) യിലെ ജനങ്ങളാണ് പരിഹാസ രൂപത്തില്‍ അവരെപ്പറ്റി ഈ പേര്‍ ഉപയോഗിച്ചത്. എങ്കിലും, ‘മസീഹ്’ (مسيح) എന്ന ക്രിസ്തുവിന്റെ (ഈസാനബിയുടെ) നാമത്തോടു ബന്ധപ്പെട്ട പേരാണ് അതെന്ന നിലക്കു ആ പേര്‍ തങ്ങള്‍ക്കു യുക്തമാണെന്നു അവര്‍ക്കു തോന്നി. അങ്ങിനെ ക്രിസ്താബ്ദം 150 നു ശേഷം ക്രമേണ ആ പേര്‍ പ്രസിദ്ധമായിത്തീര്‍ന്നു. (വേ. പു. നിഘണ്ടു പേ. 114) അഭിഷേകം ചെയ്യപ്പെട്ട ആള്‍ എന്നാണ് مَسِيح എന്ന വാക്കിനര്‍ത്ഥം. ഇതേ അര്‍ത്ഥത്തില്‍ ഹിബ്രു ഭാഷയില്‍ മശീഹാ എന്നും, യവന (ഗ്രീക്ക്) ഭാഷയില്‍ ക്രിസ്തു (Christ) എന്നും പറയപ്പെടുന്നു. യവന വാക്കില്‍ നിന്നാണ് ഈ പേര്‍ പ്രചരിച്ചത്).


ക്രിസ്ത്യാനികള്‍ അവരുടെ കരാര്‍ പാലിക്കാതെ, അവര്‍ ഉല്‍ബോധനം ചെയ്യപ്പെട്ട കാര്യങ്ങളില്‍ വലിയൊരു ഭാഗം വിസ്മരിച്ചു കളഞ്ഞുവെന്നും, അതുനിമിത്തം ക്വിയാമത്തു നാള്‍വരേക്കും അവര്‍ക്കിടയില്‍ ശത്രുതയും വിദ്വേഷവും അല്ലാഹു ഉളവാക്കിയിരിക്കുന്നുവെന്നും അല്ലാഹു പറഞ്ഞുവല്ലോ. വാസ്തവത്തില്‍, ക്രിസ്ത്യാനികളെപ്പോലെ അത്രയധികം ഭിന്നിപ്പും ശത്രുതയും നിലവിലുള്ള ഒരു മതക്കാരെ വേറെ ലോകത്തു കാണുകയില്ല. അല്ലാഹുവിനെയും, ഈസാ (عليه الصلاة والسلام) നബിയെയും സംബന്ധിച്ച പരസ്പര വിരുദ്ധമായ സിദ്ധാന്തങ്ങളുടെയും, വ്യാഖ്യാനങ്ങളുടെയും അടിസ്ഥാനത്തില്‍ നൂറുക്കണക്കില്‍ കക്ഷികള്‍ ക്രിസ്ത്യാനികളിലുണ്ട്. പ്രധാന കക്ഷികള്‍ക്കെല്ലാം തന്നെ, പള്ളിയും, സഭയും, മതാദ്ധ്യക്ഷന്മാരും വേറെ വേറെയാണ്. കക്ഷികള്‍ തമ്മത്തമ്മില്‍ വിവാഹം കഴിക്കുകയോ, ആരാധനകളില്‍ പങ്കുചേരുകയോ ഇല്ല. ഓരോ കക്ഷിയും മറ്റേവരെ അവിശ്വാസികളായി കണക്കാക്കുന്നു. മതപരവും അല്ലാത്തതുമായ കാരണങ്ങളാല്‍ എത്രയോ രക്തച്ചൊരിച്ചിലുകളും സംഘട്ടനങ്ങളും അവര്‍ക്കിടയില്‍ ഉണ്ടായിട്ടുണ്ട്. കാലാനുസൃതമായ ചില നീക്കുപോക്കുകള്‍ ഉണ്ടാകാറുള്ളതല്ലാതെ, കക്ഷികള്‍ തമ്മിലുള്ള അകല്‍ച്ചക്കും ഭിന്നതക്കും ഒരു മാറ്റവും ഇന്നുവരെ ഉണ്ടായിട്ടില്ല. ഉണ്ടാവാന്‍ അവകാശവുമില്ല. എനി, ക്രിസ്ത്യാനികളും യഹൂദികളും തമ്മിലുള്ള അവസ്ഥയാകട്ടെ ഇതിനെക്കാള്‍ കഠിനവും ശക്തവുമാകുന്നു. മുന്‍കാലം തൊട്ട് ഇന്നുവരെയും അവര്‍ തമ്മില്‍ കഠിന ശത്രുക്കള്‍ തന്നെ. രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കു മുന്‍ഗണന നല്‍കപ്പെടുകയും, മതസിദ്ധാന്തങ്ങള്‍ അവഗണിക്കപ്പെടുകയും ചെയ്യുന്ന ഇക്കാലത്തു ചിലപ്പോഴെല്ലാം മുസ്‌ലിംകള്‍ക്കെതിരില്‍ അവര്‍ യോജിച്ചു പോയേക്കുമെങ്കിലും ഇരുകൂട്ടരുടെയും ഹൃദയങ്ങള്‍ പരസ്പരം ശത്രുത നിറഞ്ഞതായിത്തന്നെ ഇരിക്കുന്നു. യഥാര്‍ത്ഥത്തില്‍, മുസ്‌ലിംകളോടുള്ളതിനെക്കാള്‍ വെറുപ്പും വിദ്വേഷവുമാണു ക്രിസ്ത്യാനികള്‍ക്കു യഹൂദികളോടുള്ളത്.

യഹൂദികളെയും, ക്രിസ്ത്യാനികളെയും കുറിച്ചു പ്രത്യേകം പ്രത്യേകമായി പ്രസ്താവിച്ചശേഷം, രണ്ടു കൂട്ടരെയും ഒന്നിച്ചഭിമുഖീകരിച്ചു കൊണ്ട് അല്ലാഹു പറയുന്നു:-

5:16
  • يَـٰٓأَهْلَ ٱلْكِتَـٰبِ قَدْ جَآءَكُمْ رَسُولُنَا يُبَيِّنُ لَكُمْ كَثِيرًا مِّمَّا كُنتُمْ تُخْفُونَ مِنَ ٱلْكِتَـٰبِ وَيَعْفُوا۟ عَن كَثِيرٍ ﴾١٦﴿
  • വേദക്കാരേ, വേദഗ്രന്ഥത്തില്‍നിന്നും നിങ്ങള്‍ മറച്ചുവെച്ചു കൊണ്ടിരുന്നതില്‍ പലതും നിങ്ങള്‍ക്കു വിവരിച്ചു തന്നുകൊണ്ട് നമ്മുടെ റസൂല്‍ നിങ്ങളില്‍ (ഇതാ) വന്നിട്ടുണ്ട്. പലതിനെക്കുറിച്ചും (വിവരിക്കാതെ) അദ്ദേഹം മാപ്പു നല്‍(കി വിട്ടുതരു)കയും ചെയ്യുന്നു.
  • يَا أَهْلَ الْكِتَابِ വേദക്കാരെ قَدْ جَاءَكُمْ നിങ്ങള്‍ക്കു വന്നിട്ടുണ്ടു رَسُولُنَا നമ്മുടെ റസൂല്‍ يُبَيِّنُ لَكُمْ നിങ്ങള്‍ക്കു വിവരിച്ചു തന്നുകൊണ്ടു كَثِيرًا വളരെ, പലതും مِّمَّا كُنتُمْ നിങ്ങള്‍ ആയിരുന്നതില്‍ നിന്ന് تُخْفُونَ നിങ്ങള്‍ മറച്ചു വെക്കും مِنَ الْكِتَابِ (വേദ) ഗ്രന്ഥത്തില്‍ നിന്നു وَيَعْفُو അദ്ദേഹം മാപ്പു നല്‍കുക (വിട്ടുതരുക)യും ചെയ്യുന്നു عَن كَثِيرٍ പലതിനെയും, അധികത്തെക്കുറിച്ചും
5:17
  • قَدْ جَآءَكُم مِّنَ ٱللَّهِ نُورٌ وَكِتَٰبٌ مُّبِينٌ ﴾١٧﴿
  • അല്ലാഹുവിങ്കല്‍ നിന്നു നിങ്ങള്‍ക്കു ഒരു പ്രകാശവും, സ്പഷ്ടവുമായ ഒരു വേദഗ്രന്ഥവും വന്നിട്ടുണ്ട്;-
  • قَدْ جَاءَكُم നിങ്ങള്‍ക്കു വന്നിട്ടുണ്ടു مِّنَ اللَّـهِ അല്ലാഹുവിങ്കല്‍ നിന്നു نُورٌ ഒരു പ്രകാശം وَكِتَابٌ ഒരു ഗ്രന്ഥവും مُّبِينٌ സ്പഷ്ടമായ, വ്യക്തമാക്കുന്ന
5:18
  • يَهْدِى بِهِ ٱللَّهُ مَنِ ٱتَّبَعَ رِضْوَٰنَهُۥ سُبُلَ ٱلسَّلَـٰمِ وَيُخْرِجُهُم مِّنَ ٱلظُّلُمَـٰتِ إِلَى ٱلنُّورِ بِإِذْنِهِۦ وَيَهْدِيهِمْ إِلَىٰ صِرَٰطٍ مُّسْتَقِيمٍ ﴾١٨﴿
  • തന്റെ പ്രീതിയെ പിന്‍പറ്റിയവരെ അതുമൂലം അല്ലാഹു സമാധാനത്തിന്റെ (അഥവാ രക്ഷയുടെ) മാര്‍ഗ്ഗങ്ങളില്‍ ചേര്‍ക്കുന്നതാണ്; അവന്റെ അനുമതി പ്രകാരം അവരെ അന്ധകാരങ്ങളില്‍ നിന്ന് അവന്‍ പ്രകാശത്തിലേക്കു പുറപ്പെടുവിക്കുകയും ചെയ്യുന്നതാണ്; നേരായ (ചൊവ്വെയുള്ള) ഒരു പാതയിലേക്കു അവരെ അവന്‍ നയിക്കുകയും ചെയ്യും.
  • يَهْدِي بِهِ അതുമൂലം (അതുകൊണ്ടു) വഴിചേര്‍ക്കുന്നു, നയിക്കും اللَّـهُ അല്ലാഹു مَنِ اتَّبَعَ പിന്‍പറ്റിയവരെ رِضْوَانَهُ അവന്റെ പ്രീതിയെ سُبُلَ മാര്‍ഗ്ഗങ്ങളില്‍, വഴികളില്‍ السَّلَامِ സമാധാനത്തിന്റെ, ശാന്തിയുടെ, രക്ഷയുടെ وَيُخْرِجُهُم അവരെ പുറത്തു വരുത്തുകയും ചെയ്യും مِّنَ الظُّلُمَاتِ അന്ധകാരങ്ങളില്‍ നിന്നു إِلَى النُّورِ പ്രകാശത്തിലേക്കു بِإِذْنِهِ അവന്റെ അനുമതി (ഉത്തരവു) കൊണ്ടു وَيَهْدِيهِمْ അവരെ ചേര്‍ക്കുക (നയിക്കുക)യും ചെയ്യും إِلَىٰ صِرَاطٍ ഒരു പാതയിലേക്കു مُّسْتَقِيمٍ നേരെയുള്ള, ചൊവ്വായ

ജനങ്ങള്‍ക്കു വിവരിച്ചു കൊടുക്കാതെ വേദഗ്രന്ഥത്തിലെ പല സത്യങ്ങളും വേദക്കാര്‍ ഒളിച്ചുവെച്ചിരുന്നു. പണ്ഡിതന്മാര്‍ക്കിടയിലുള്ള രഹസ്യങ്ങളായി മാത്രം അവ അവശേഷിച്ചിരുന്നു. അങ്ങിനെയുള്ള പല രഹസ്യ സത്യങ്ങളും ക്വുര്‍ആന്‍ വഴിയും, വഹ്‌യു മൂലവും നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തുറന്നു കാട്ടിയിരുന്നു. ഇതു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ സത്യതക്കുള്ള തെളിവാണു. വേദഗ്രന്ഥങ്ങളെക്കുറിച്ചു മുന്‍പരിചയമൊന്നും ഇല്ലാത്ത സ്ഥിതിക്കു അല്ലാഹുവിങ്കല്‍ നിന്നു അറിവ് കിട്ടിയല്ലാതെ അവിടുത്തേക്കു അതിനു സാധ്യമല്ലല്ലോ. എന്നാല്‍, വേദക്കാര്‍ ഒളിച്ചുവെച്ചു വന്നിരുന്ന കാര്യങ്ങള്‍ മുഴുവനും നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തുറന്നു കാട്ടുകയുണ്ടായില്ല. ആവശ്യവും സന്ദര്‍ഭവും അനുസരിച്ചു മാത്രമേ വ്യക്തമാക്കിയിട്ടുള്ളൂ. മറ്റുള്ളവയെക്കുറിച്ചു മൗനം അവലംബിക്കുകയാണു ചെയ്തിരിക്കുന്നതു. ഇതു അവരെ സംബന്ധിച്ചിടത്തോളം അവര്‍ക്കു സിദ്ധിച്ച ഒരു ദാക്ഷിണ്യം കൂടിയാകുന്നു. ‘പ്രകാശവും സ്പഷ്ടവുമായ വേദഗ്രന്ഥവും’ എന്നു പറഞ്ഞതു ക്വുര്‍ആനെയും, അതുമൂലം ലഭിക്കുന്ന വിജ്ഞാന വെളിച്ചത്തെയും ഉദ്ദേശിച്ചാകുന്നു. ‘അല്ലാഹുവിന്റെ പ്രീതിയെ പിന്‍പറ്റുന്നതു’ അവന്റെ പ്രീതിയുടെ ഏകമാര്‍ഗ്ഗമായ ഇസ്‌ലാമിക മാര്‍ഗ്ഗത്തെ പിന്‍പറ്റുന്നതു കൊണ്ടുമാകുന്നു.

5:19
  • لَّقَدْ كَفَرَ ٱلَّذِينَ قَالُوٓا۟ إِنَّ ٱللَّهَ هُوَ ٱلْمَسِيحُ ٱبْنُ مَرْيَمَ ۚ قُلْ فَمَن يَمْلِكُ مِنَ ٱللَّهِ شَيْـًٔا إِنْ أَرَادَ أَن يُهْلِكَ ٱلْمَسِيحَ ٱبْنَ مَرْيَمَ وَأُمَّهُۥ وَمَن فِى ٱلْأَرْضِ جَمِيعًا ۗ وَلِلَّهِ مُلْكُ ٱلسَّمَـٰوَٰتِ وَٱلْأَرْضِ وَمَا بَيْنَهُمَا ۚ يَخْلُقُ مَا يَشَآءُ ۚ وَٱللَّهُ عَلَىٰ كُلِّ شَىْءٍ قَدِيرٌ ﴾١٩﴿
  • അല്ലാഹു തന്നെയാണു മര്‍യമിന്റെ മകന്‍ 'മസീഹു' എന്നു പറയുന്നവര്‍ തീര്‍ച്ചയായും അവിശ്വസിച്ചിരിക്കുന്നു. (നബിയേ,) പറയുക: എന്നാല്‍, അല്ലാഹുവിങ്കല്‍ നിന്നു വല്ല കാര്യത്തെയും ആരാണ് സ്വാധീനമാ(ക്കി തടു)ക്കുക? മര്‍യമിന്റെ മകന്‍ 'മസീഹി'നെയും, അദ്ദേഹത്തിന്റെ ഉമ്മയെയും, ഭൂമിയിലുള്ളവരെ മുഴുവനും നശിപ്പിക്കുവാന്‍ അവന്‍ ഉദ്ദേശിച്ചുവെങ്കില്‍!ആകാശങ്ങളുടെയും, ഭൂമിയുടെയും, അവ രണ്ടിനുമിടയിലുള്ളതിന്റെയും രാജാധിപത്യം അല്ലാഹുവിനത്രെ. അവന്‍ ഉദ്ദേശിക്കുന്നതു അവന്‍ സൃഷ്ടിക്കുന്നു. അല്ലാഹു എല്ലാ കാര്യത്തിനും കഴിവുള്ളവനുമത്രെ.'
  • لَّقَدْ كَفَرَ തീര്‍ച്ചയായും അവിശ്വസിച്ചിട്ടുണ്ടു الَّذِينَ قَالُوا പറഞ്ഞവര്‍ إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു هُوَ الْمَسِيحُ അവന്‍തന്നെ മസീഹു ابْنُ مَرْيَمَ മര്‍യമിന്റെ മകന്‍ قُلْ പറയുക فَمَن എന്നാല്‍ ആര്‍ يَمْلِكُ സ്വാധീനമാക്കും, ഉടമപ്പെടുത്തും مِنَ اللَّـهِ അല്ലാഹുവില്‍ നിന്നു شَيْئًا വല്ല കാര്യത്തെയും, വല്ല വസ്തുവിനും إِنْ أَرَادَ അവന്‍ ഉദ്ദേശിച്ചാല്‍ أَن يُهْلِكَ അവന്‍ നശിപ്പിക്കുവാന്‍ الْمَسِيحَ മസീഹിനെ ابْنَ مَرْيَمَ മര്‍യമിന്റെ മകന്‍ وَأُمَّهُ അദ്ദേഹത്തിന്റെ ഉമ്മയെ (മാതാവിനെ) യും وَمَن فِي الْأَرْضِ ഭൂമിയിലുള്ളവരെയും جَمِيعًا മുഴുവന്‍ وَلِلَّـهِ അല്ലാഹുവിനാണു مُلْكُ السَّمَاوَاتِ ആകാശങ്ങളുടെ രാജാധിപത്യം وَالْأَرْضِ ഭൂമിയുടെയും وَمَا بَيْنَهُمَا രണ്ടിനുമിടയിലുള്ളതിന്റെയും يَخْلُقُ അവന്‍ സൃഷ്ടിക്കുന്നു مَا يَشَاءُ അവന്‍ ഉദ്ദേശിക്കുന്നതു وَاللَّـهُ അല്ലാഹു عَلَىٰ كُلِّ شَيْءٍ എല്ലാ കാര്യത്തിനും قَدِيرٌ കഴിവുള്ളവനാണു

ഈസാ (عليه السلام) ദൈവം തന്നെയാണു – ദൈവം മനുഷ്യരൂപത്തില്‍ അവതരിച്ചതാണു – എന്നും, ത്രയദൈവങ്ങളില്‍ ഒന്നാണദ്ദേഹം എന്നുമൊക്കെയാണു ക്രിസ്ത്യാനികളുടെ വാദങ്ങള്‍. ഇതില്‍ ആദ്യത്തെ വാദക്കാരെപ്പറ്റിയാണു  ഈ വചനത്തില്‍ പ്രസ്താവിക്കുന്നത്. മറ്റേവരെപ്പറ്റി 76-ാം വചനത്തില്‍ പ്രസ്താവിക്കുന്നുണ്ട്. അദ്ദേഹത്തെയും, അദ്ദേഹത്തിന്റെ മാതാവായ മര്‍യമിനെയും, എന്നു വേണ്ടാ, ഭൂമിയിലുള്ളവരെ മുഴുവനും തന്നെ നശിപ്പിക്കുവാന്‍ അല്ലാഹു ഉദ്ദേശിക്കുകയാണെങ്കില്‍ അതില്‍ നിന്നു ആരെയെങ്കിലും, ഏതെങ്കിലും വിധേന തടയുവാനോ, രക്ഷപ്പെടുത്തുവാനോ കഴിവും സ്വാധീനവുമുള്ള ഒരാള്‍ പോലുമില്ല. അഖിലാണ്ഡ വസ്തുക്കളും അവന്റെ ഉടമസ്ഥതയിലും അധികാരത്തിലും ചൊല്‍പടിക്കും നിലക്കൊള്ളുന്നവയാണ്; അവന്‍ ഉദ്ദേശിക്കുന്നതു എന്തും തന്നെ അവന്‍ സൃഷ്ടിക്കും. ആര്‍ക്കും അതില്‍ പങ്കൊന്നുമില്ല . ഈസാ (عليه السلام) നെ പിതാവില്ലാതെ സൃഷ്ടിച്ചതും അവന്‍ തന്നെ. അവന്റെ കഴിവില്‍ പെടാത്ത ഒരു കാര്യവുമില്ല. ഈ യാഥാര്‍ത്ഥ്യങ്ങള്‍ ഓരോന്നും തന്നെ, മറ്റെല്ലാവരെയും പോലെ ഈസാ (عليه السلام) നബിയും അല്ലാഹുവിന്റെ സൃഷ്ടിയും ഉടമയിലുമാണെന്നും, അദ്ദേഹം ദൈവമായിരിക്കുവാന്‍ നിവൃത്തിയില്ലെന്നും അല്ലാഹുവിന്റെ രക്ഷയല്ലാതെ അദ്ദേഹത്തിനും രക്ഷയില്ലെന്നും സ്ഥാപിക്കുന്നു.

5:20
  • وَقَالَتِ ٱلْيَهُودُ وَٱلنَّصَـٰرَىٰ نَحْنُ أَبْنَـٰٓؤُا۟ ٱللَّهِ وَأَحِبَّـٰٓؤُهُۥ ۚ قُلْ فَلِمَ يُعَذِّبُكُم بِذُنُوبِكُم ۖ بَلْ أَنتُم بَشَرٌ مِّمَّنْ خَلَقَ ۚ يَغْفِرُ لِمَن يَشَآءُ وَيُعَذِّبُ مَن يَشَآءُ ۚ وَلِلَّهِ مُلْكُ ٱلسَّمَـٰوَٰتِ وَٱلْأَرْضِ وَمَا بَيْنَهُمَا ۖ وَإِلَيْهِ ٱلْمَصِيرُ ﴾٢٠﴿
  • യഹൂദികളും, നസ്രാനി [ക്രിസ്ത്യാനി]കളും പറയുന്നു: 'ഞങ്ങള്‍ അല്ലാഹുവിന്റെ മക്കളും അവന്റെ ഇഷ്ടക്കാരുമാകുന്നു' എന്നു! പറയുക: എന്നാല്‍ (പിന്നെ), എന്തിനാണു നിങ്ങളുടെ പാപങ്ങള്‍ നിമിത്തം നിങ്ങളെ അവന്‍ ശിക്ഷിക്കുന്നത്?! പക്ഷെ, അവന്‍ സൃഷ്ടിച്ചവരില്‍ പെട്ട മനുഷ്യരത്രെ നിങ്ങള്‍. അവന്‍ ഉദ്ദേശിക്കുന്നവര്‍ക്കു അവന്‍ പൊറുത്തുകൊടുക്കും; അവന്‍ ഉദ്ദേശിക്കുന്നവരെ അവന്‍ ശിക്ഷിക്കുകയും ചെയ്യും. ആകാശങ്ങളുടെയും, ഭൂമിയുടെയും, അവ രണ്ടിനുമിടയിലുള്ളതിന്റെയും രാജാധിപത്യം അല്ലാഹുവിനത്രെ. അവനിലേക്കു തന്നെയാണു തിരിച്ചു വരവും.
  • وَقَالَتِ പറഞ്ഞു, പറയുന്നു الْيَهُودُ യഹൂദികള്‍ وَالنَّصَارَىٰ നസ്രാനീ (ക്രിസ്ത്യാനി)കളും نَحْنُ ഞങ്ങള്‍, നാം أَبْنَاءُ اللَّـهِ അല്ലാഹുവിന്റെ പുത്രന്‍മാരാണു (മക്കളാണു) وَأَحِبَّاؤُهُ അവന്റെ ഇഷ്ടക്കാരും, സ്നേഹിതരും قُلْ فَلِمَ പറയുക എന്നാല്‍ എന്തിനാണു يُعَذِّبُكُم അവന്‍ നിങ്ങളെ ശിക്ഷിക്കുന്നു بِذُنُوبِكُم നിങ്ങളുടെ പാപങ്ങള്‍ നിമിത്തം بَلْ أَنتُم പക്ഷെ (എങ്കിലും - എന്നാല്‍) നിങ്ങള്‍ بَشَرٌ മനുഷ്യരാണു مِّمَّنْ خَلَقَ അവന്‍ സൃഷ്ടിച്ചവരില്‍പെട്ട يَغْفِرُ അവന്‍ പൊറുക്കും لِمَن يَشَاءُ അവന്‍ ഉദ്ദേശിക്കുന്നവര്‍ക്കു وَيُعَذِّبُ അവന്‍ ശിക്ഷിക്കുകയും ചെയ്യും مَن يَشَاءُ അവന്‍ ഉദ്ദേശിക്കുന്നവരെ وَلِلَّـهِ അല്ലാഹുവിനാണു مُلْكُ രാജത്വം, ആധിപത്യം السَّمَاوَاتِ ആകാശങ്ങളുടെ وَالْأَرْضِ ഭൂമിയുടെയും وَمَا بَيْنَهُمَا അവ രണ്ടിനുമിടയിലുള്ളതിന്റെയും وَإِلَيْهِ അവനിലേക്കുതന്നെ الْمَصِيرُ തിരിച്ചെത്തല്‍, മടക്കം, കലാശം

തങ്ങള്‍ അല്ലാഹുവിന്റെ മക്കളും ഇഷ്ടക്കാരുമാണ്, അഥവാ വിജയവും രക്ഷയും ഞങ്ങളുടെ ജന്മാവകാശമാണ്. ഞങ്ങള്‍ പാപം ചെയ്താലും അവന്‍ ഞങ്ങള്‍ക്കു പൊറുത്തു തരും എന്നിങ്ങിനെയുള്ള വേദക്കാരുടെ ജല്‍പനങ്ങള്‍ക്കുള്ള മറുപടിയാണിത്. നിങ്ങള്‍ പാപം ചെയ്താല്‍ നിങ്ങളെ ശിക്ഷിക്കുമെന്നു നിങ്ങളുടെ വേദഗ്രന്ഥത്തില്‍ പറയുന്നു, അല്‍പം ദിവസങ്ങളില്‍ നിങ്ങള്‍ക്കു നരകശിക്ഷയുണ്ടായേക്കാമെന്നു നിങ്ങളും സമ്മതിക്കാറുണ്ട്. (2:80). ഈ ലോകത്തുവെച്ചു പല ശിക്ഷകള്‍ക്കും പരീക്ഷണങ്ങള്‍ക്കും നിങ്ങള്‍ പാത്രമായിട്ടുമുണ്ട്. അങ്ങിനെയാണെങ്കില്‍, ഇതൊന്നും ഉണ്ടാവാന്‍ പാടില്ലല്ലോ. പക്ഷെ, വാസ്തവം അതൊന്നുമല്ല. എല്ലാവരെപ്പോലെയുള്ള മനുഷ്യ സൃഷ്ടികള്‍ തന്നെയാണു നിങ്ങളും. എല്ലാവരെയും പോലെ നിങ്ങളും അവന്റെ അടുക്കലേക്കു തന്നെ മടങ്ങിച്ചെല്ലുകയും ചെയ്യും. അപ്പോള്‍, മറ്റുള്ളവരെപ്പോലെ നിങ്ങളുടെ മേലും അവന്‍ രക്ഷാശിക്ഷകളുടെ നടപടി എടുക്കുക തന്നെ ചെയ്യും. എല്ലാവരും അല്ലാഹുവിന്റെ അടിമകളും ഉടമയിലുമാകുന്നു. നിങ്ങള്‍ക്കായി ഒരു പ്രത്യേക സ്ഥാനമോ നടപടിക്രമമോ ഇല്ലാ എന്നാണു മറുപടിയുടെ സാരം.

ഈസാ (عليه السلام) നെപ്പറ്റി ക്രിസ്ത്യാനികള്‍ അല്ലാഹുവിന്റെ മകന്‍ എന്നു പറഞ്ഞ അതേ അര്‍ത്ഥത്തിലല്ല തങ്ങള്‍ അല്ലാഹുവിന്റെ മക്കളാണെന്നു അവര്‍ പറയുന്നത്. ഇസ്രാഈല്യരുടെ വംശപിതാവായ യഅ്ക്വൂബ് (عليه السلام) നെക്കുറിച്ച് ‘എന്റെ പുത്രന്‍’ എന്നു തങ്ങളുടെ വേദഗ്രന്ഥത്തില്‍ പ്രസ്താവിച്ചിട്ടുണ്ടെന്നും, അതുകൊണ്ടു അദ്ദേഹത്തിന്റെ സന്തതികളായ തങ്ങള്‍ അല്ലാഹുവിന്റെ പുത്രപൗത്രന്മാരാണെന്നുമാണ് അവര്‍ പറയുന്നത്. ശാരീരികമായ മക്കള്‍ എന്ന അര്‍ത്ഥത്തിലല്ല – ആത്മീയമായ മക്കള്‍ എന്ന അര്‍ത്ഥത്തിലാണു – തങ്ങള്‍ ഇതു പറയുന്നതെന്നു അവര്‍ ഇതിനു ന്യായീകരണവും നല്‍കും. അതോടുകൂടി, ആ അടിസ്ഥാനത്തില്‍ തങ്ങള്‍ക്കു അല്ലാഹുവിന്റെ ശിക്ഷയെപ്പറ്റി ഭയെപ്പടേണ്ടതായിട്ടില്ല എന്നും അവര്‍ വാദിക്കും. അതുകൊണ്ടാണ് എന്നാല്‍ പിന്നെ എന്തിനാണു അല്ലാഹു നിങ്ങളുടെ പാപങ്ങള്‍ നിമിത്തം നിങ്ങളെ ശിക്ഷിക്കുന്നത്? (فَلِمَ يُعَذِّبُكُم بِذُنُوبِكُم) എന്നു അവരോടു ചോദിക്കുന്നത്. യഅ്ക്വൂബ് (عليه الصلاة والسلام)നെ സംബന്ധിച്ചോ, ഈസാ (عليه الصلاة والسلام)നെ സംബന്ധിച്ചോ – തൗറാത്തിലോ ഇന്‍ജീലിലോ – ‘പുത്രന്‍’ എന്നുള്ള സംബോധനയോ വിശേഷണമോ യഥാര്‍ത്ഥത്തില്‍ ഉണ്ടെന്നു വന്നാല്‍ തന്നെയും അതു ഒരു അലങ്കാരാര്‍ത്ഥത്തിലല്ലാതെ – സാക്ഷാല്‍ അര്‍ത്ഥത്തില്‍ – അല്ലെന്നു തീര്‍ച്ചയാണ്. നിലവിലുള്ള ബൈബ്ളില്‍ തന്നെയും ഇതിനു പല ഉദാഹരണങ്ങളും നിലവിലുണ്ട്. (*) ഒന്നു മാത്രം ഇവിടെ ഉദ്ധരിക്കാം ‘… ഹൃദയശുദ്ധിയുള്ളവര്‍ ഭാഗ്യവാന്മാര്‍, അവര്‍ ദൈവത്തെ കാണും. സമാധാനം ഉണ്ടാക്കുന്നവര്‍ ഭാഗ്യവാന്മാര്‍. അവര്‍ ദൈവത്തിന്റെ പുത്രന്മാര്‍ എന്നു വിളിക്കപ്പെടും’. (മത്തായി 5:8, 9).


(*) ഉദാഹരണങ്ങള്‍ പലതും വേദപുസ്തക നിഘണ്ടു ഉദ്ധരിച്ചു കാണാം. ‘പുത്രന്‍, മകന്‍’ എന്നീ പദങ്ങള്‍ പല അര്‍ത്ഥത്തിലും ഉപയോഗിക്കപ്പെടാറുണ്ടെന്നും കൂട്ടത്തില്‍ ‘വലിയവന്‍ എളിയവനെ മകന്‍ എന്നു പറയാറുണ്ട്’ എന്നും അതില്‍ വ്യക്തമാക്കിയിരിക്കുന്നു. (പേ. 246 നോക്കുക).

5:21
  • يَـٰٓأَهْلَ ٱلْكِتَـٰبِ قَدْ جَآءَكُمْ رَسُولُنَا يُبَيِّنُ لَكُمْ عَلَىٰ فَتْرَةٍ مِّنَ ٱلرُّسُلِ أَن تَقُولُوا۟ مَا جَآءَنَا مِنۢ بَشِيرٍ وَلَا نَذِيرٍ ۖ فَقَدْ جَآءَكُم بَشِيرٌ وَنَذِيرٌ ۗ وَٱللَّهُ عَلَىٰ كُلِّ شَىْءٍ قَدِيرٌ ﴾٢١﴿
  • വേദക്കാരേ, റസൂലുകളില്‍ നിന്നുമുള്ള ഒരു വിടവു ഘട്ടത്തില്‍ നിങ്ങള്‍ക്കു (കാര്യം) വിവരിച്ചു തന്നുകൊണ്ടു നമ്മുടെ റസൂല്‍ (ഇതാ) നിങ്ങള്‍ക്കു വന്നു കഴിഞ്ഞിരിക്കുന്നു; (അതെ) ഒരു സന്തോഷവാര്‍ത്ത അറിയിക്കുന്നവനാകട്ടെ, താക്കീതു നല്‍കുന്നവനാകട്ടെ ഞങ്ങള്‍ക്കു വന്നിട്ടില്ലെന്നു നിങ്ങള്‍ പറയുമെന്നതിനാല്‍. [അങ്ങിനെ പറയാതിരിക്കുവാന്‍ വേണ്ടിയാണതു.] എന്നാല്‍, സന്തോഷവാര്‍ത്ത അറിയിക്കുന്നവനും, താക്കീതുകാരനും നിങ്ങള്‍ക്കു (ഇതാ) വന്നു കഴിഞ്ഞു. അല്ലാഹു എല്ലാ കാര്യത്തിനും കഴിവുള്ളവനുമാകുന്നു.
  • يَا أَهْلَ الْكِتَابِ വേദക്കാരേ قَدْ جَاءَكُمْ നിങ്ങള്‍ക്കു വന്നിട്ടുണ്ട്, വന്നു കഴിഞ്ഞു رَسُولُنَا നമ്മുടെ റസൂല്‍ يُبَيِّنُ لَكُمْ നിങ്ങള്‍ക്കു വിവരിച്ചു തന്നുകൊണ്ടു عَلَىٰ فَتْرَةٍ ഒരു വിടവിലായി, അഭാവത്തില്‍ مِّنَ الرُّسُلِ റസൂലുകളില്‍നിന്നു, റസൂലുകളുടെ أَن تَقُولُوا നിങ്ങള്‍ പറയുമെന്നതിനാല്‍ مَا جَاءَنَا ഞങ്ങള്‍ക്കു വന്നിട്ടില്ല مِن بَشِيرٍ ഒരു സന്തോഷവാര്‍ത്ത അറിയിക്കുന്നവനും وَلَا نَذِيرٍ ഒരു താക്കീതുകാരനുമില്ല فَقَدْ جَاءَكُم എന്നാല്‍ നിങ്ങള്‍ക്കു വന്നുകഴിഞ്ഞു, വന്നിട്ടുണ്ട് بَشِيرٌ സന്തോഷവാര്‍ത്ത അറിയിക്കുന്നവന്‍ وَنَذِيرٌ താക്കീതുകാരനും وَاللَّـهُ അല്ലാഹു عَلَىٰ كُلِّ شَيْءٍ എല്ലാ കാര്യത്തിനും قَدِيرٌ കഴിവുള്ളവനാണു

അടുത്ത വചനത്തില്‍ നിന്നു മനസ്സിലാക്കാവുന്നതുപോലെ, ഈസാ നബി (عليه السلام) വരെയുള്ള കാലഘട്ടങ്ങളില്‍ ഇസ്രാഈല്യരില്‍ വളരെയധികം നബിമാരും റസൂലുകളും കഴിഞ്ഞുപോയിട്ടുണ്ട്. പലപ്പോഴും ഒരേ കാലത്തുതന്നെ ഒന്നിലധികം പ്രവാചകന്മാര്‍ അവരില്‍ ഉണ്ടായിരുന്നു. ഈസാ (عليه السلام)ക്കു ശേഷം അന്ത്യപ്രവാചകനായ മുഹമ്മദു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയല്ലാതെ മറ്റൊരു റസൂലും ഉണ്ടായിട്ടില്ല. റസൂലുകളില്‍ നിന്നുള്ള ഒരു വിടവുകാലത്തു (فَتْرَةٍ ല്‍) നമ്മുടെ റസൂല്‍ വന്നു എന്നു പറഞ്ഞതു അതുകൊണ്ടാണ്. ഈ കാലഘട്ടം ഏതാണ്ടു 600 കൊല്ലമായിരുന്നു. നിങ്ങള്‍ക്കു വേദഗ്രന്ഥവും പ്രവാചകന്മാരുടെ വിജ്ഞാന പാരമ്പര്യവും ഉണ്ടായിട്ടും നിങ്ങള്‍ പിഴച്ചുപോയിരിക്കുകയാണ്. എന്നാലും, ഞങ്ങള്‍ക്കു വേണ്ടുന്ന ഉപദേശങ്ങളും താക്കീതുകളും നല്‍കുവാന്‍ ഒരു റസൂലും വരാത്തതുകൊണ്ടാണ് ഞങ്ങള്‍ പിഴച്ചുപോയതെന്നു നിങ്ങള്‍ പറഞ്ഞേക്കുവാന്‍ ഇടയുണ്ട്. അതിന്നവസരം ഉണ്ടാകാതിരിക്കുവാന്‍ വേണ്ടി ഇതാ നിങ്ങളിലേക്കു നമ്മുടെ റസൂല്‍ വന്നു കഴിഞ്ഞിരിക്കുന്നു. എനി, അദ്ദേഹത്തിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളെ പിന്‍പറ്റി നടക്കുകയേ നിങ്ങള്‍ക്കു നിവൃത്തിയുള്ളൂ. അങ്ങിനെയുള്ള ഒഴികഴിവുകള്‍ക്കൊന്നും എനി പഴുതില്ലാ എന്നാണ് അല്ലാഹു പറഞ്ഞതിന്റെ താല്‍പര്യം.

റസൂലുകളുടെ പ്രബോധനത്തിന്റെ രണ്ടു പ്രധാന വശങ്ങളാണല്ലോ സന്മാര്‍ഗ്ഗം സ്വീകരിക്കുന്നവര്‍ക്കു അല്ലാഹുവിങ്കല്‍ നിന്നുള്ള പ്രതിഫലത്തെക്കുറിച്ചു സന്തോഷവാര്‍ത്ത അറിയിക്കലും, ദുര്‍മാര്‍ഗ്ഗം സ്വീകരിക്കുന്നവര്‍ക്കു അവന്റെ ശിക്ഷകളെക്കുറിച്ചു താക്കീതു നല്‍കലും, അതാണു പ്രവാചകന്മാരെപ്പറ്റി بَشِيرٍ (സന്തോഷവാര്‍ത്ത അറിയിക്കുന്നവന്‍) എന്നും نَذِيرٍ (താക്കീതു – മുന്നറിയിപ്പു – നല്‍കുന്നവന്‍) എന്നും ക്വുര്‍ആനില്‍ പലപ്പോഴും പറഞ്ഞു കാണുവാന്‍ കാരണം.

വിഭാഗം - 4

5:22
  • وَإِذْ قَالَ مُوسَىٰ لِقَوْمِهِۦ يَـٰقَوْمِ ٱذْكُرُوا۟ نِعْمَةَ ٱللَّهِ عَلَيْكُمْ إِذْ جَعَلَ فِيكُمْ أَنۢبِيَآءَ وَجَعَلَكُم مُّلُوكًا وَءَاتَىٰكُم مَّا لَمْ يُؤْتِ أَحَدًا مِّنَ ٱلْعَـٰلَمِينَ ﴾٢٢﴿
  • മൂസാ തന്റെ ജനതയോടു പറഞ്ഞ സന്ദര്‍ഭം (ഓര്‍ക്കുക): 'എന്റെ ജനങ്ങളെ, നിങ്ങള്‍ക്കു അല്ലാഹു ചെയ്ത അനുഗ്രഹത്തെ നിങ്ങള്‍ ഓര്‍ക്കുവിന്‍: നിങ്ങളില്‍ അവന്‍ (പല) നബിമാരെ ഏര്‍പ്പെടുത്തുകയും, നിങ്ങളെ അവന്‍ രാജാക്കളാക്കുകയും ചെയ്തിരിക്കെ; ലോകരില്‍ നിന്നു ഒരാള്‍ക്കും അവന്‍ നല്‍കിയിട്ടില്ലാത്തതു നിങ്ങള്‍ക്കു അവന്‍ നല്‍കുകയും ചെയ്തിരിക്കുന്നു' (എന്നിരിക്കെ).
  • وَإِذْ قَالَ പറഞ്ഞ സന്ദര്‍ഭം مُوسَىٰ മൂസാ لِقَوْمِهِ തന്റെ ജനതയോടു يَا قَوْمِ എന്റെ ജനങ്ങളെ اذْكُرُوا നിങ്ങള്‍ ഓര്‍ക്കുവിന്‍ نِعْمَةَ اللَّهِ അല്ലാഹുവിന്റെ (അല്ലാഹു ചെയ്ത) അനുഗ്രഹം عَلَيْكُمْ നിങ്ങളുടെ മേല്‍, നിങ്ങള്‍ക്കു إِذْ جَعَلَ അവന്‍ ഏര്‍പ്പെടുത്തിയിരിക്കെ, ആക്കിയതിനാല്‍ فِيكُمْ നിങ്ങളില്‍ أَنبِيَاءَ നബിമാരെ وَجَعَلَكُم നിങ്ങളെ അവന്‍ ആക്കുകയും ചെയ്തു مُّلُوكًا രാജാക്കള്‍ وَآتَاكُم നിങ്ങള്‍ക്കവന്‍ നല്‍കുകയും مَّا لَمْ يُؤْتِ അവന്‍ നല്‍കിയിട്ടില്ലാത്തതു أَحَدًا ഒരാള്‍ക്കും مِّنَ الْعَالَمِينَ ലോകരില്‍നിന്നു
5:23
  • يَـٰقَوْمِ ٱدْخُلُوا۟ ٱلْأَرْضَ ٱلْمُقَدَّسَةَ ٱلَّتِى كَتَبَ ٱللَّهُ لَكُمْ وَلَا تَرْتَدُّوا۟ عَلَىٰٓ أَدْبَارِكُمْ فَتَنقَلِبُوا۟ خَـٰسِرِينَ ﴾٢٣﴿
  • 'എന്റെ ജനങ്ങളെ, നിങ്ങള്‍ക്കു അല്ലാഹു നിശ്ചയിച്ചു (രേഖപ്പെടുത്തി) തന്നതായ (ആ) പരിശുദ്ധ ഭൂമിയില്‍ നിങ്ങള്‍ പ്രവേശിക്കുവിന്‍; നിങ്ങള്‍ പിന്നോക്കം മടങ്ങിപ്പോരുകയും ചെയ്യരുതു; എന്നാല്‍, നിങ്ങള്‍ നഷ്ടക്കാരായി മാറുന്നതാണ്.'
  • يَا قَوْمِ എന്റെ ജനങ്ങളെ ادْخُلُوا നിങ്ങള്‍ പ്രവേശിക്കുവിന്‍ الْأَرْضَ (ആ) ഭൂമിയില്‍ الْمُقَدَّسَةَ പരിശുദ്ധമാക്കപ്പെട്ട, വിശുദ്ധ الَّتِي كَتَبَ നിശ്ചയിച്ച (രേഖപ്പെടുത്തിയ-നിയമിച്ച)തായ اللَّهُ അല്ലാഹു لَكُمْ നിങ്ങള്‍ക്കു وَلَا تَرْتَدُّوا നിങ്ങള്‍ മടങ്ങുകയും അരുതു عَلَىٰ أَدْبَارِكُمْ നിങ്ങളുടെ പിന്‍ഭാഗങ്ങളിലായി (പിന്നോക്കം) فَتَنقَلِبُوا എന്നാല്‍ നിങ്ങള്‍ മറിയും, മാറും (ആയിത്തീരും) خَاسِرِينَ നഷ്ടക്കാരായി

ലോകത്തു ഇതരസമുദായങ്ങളെ അപേക്ഷിച്ച് ഏറ്റവും സംസ്‌കാര സമ്പന്നരും പരിഷ്‌കൃതരുമായിരുന്നു ഇസ്രാഈല്‍ ജനത. അതേ സമയത്ത് അനുസരണക്കേടിന്റെയും ധിക്കാരത്തിന്റെയും ഒരു നീണ്ട പാരമ്പര്യവും അവര്‍ക്കുണ്ട്. മൂസാ (عليه الصلاة والسلام) അവര്‍ക്കു നല്‍കിയ സദുപദേശങ്ങള്‍, താക്കീതുകള്‍, ശാസനകള്‍, നിര്‍ദ്ദേശങ്ങള്‍ ആദിയായവയെപ്പറ്റി ക്വുര്‍ആനില്‍ വളരെയധികം സ്ഥലങ്ങളില്‍ വിവരിച്ചു കാണാം. ബൈബ്ള്‍ പരിശോധിച്ചാല്‍ അവയുടെ ആധിക്യം കണ്ടു നാം വിസ്മയിച്ചു പോകും. ആ പ്രവാചകവര്യന്‍ അവര്‍ക്കു നല്‍കിയ ചില ഉപദേശങ്ങളാണ് ഈ വചനങ്ങളിലുള്ളത്. എത്ര ഹൃദയസ്പൃക്കായ ശൈലിയിലാണു അദ്ദേഹം അവരെ അഭിമുഖീകരിക്കുന്നതെന്നു നോക്കുക! താഴെ കാണാവുന്ന പ്രകാരം, അവര്‍ക്കു വാഗ്ദാനം ചെയ്യപ്പെട്ടിരുന്ന ഫലസ്തീന്‍ ഭൂമിയിലെ ശത്രുക്കളുമായി സമരം നടത്തി മുന്നോട്ടു നീങ്ങുവാന്‍ അവര്‍ വിസമ്മതിച്ചുകൊണ്ടിരുന്ന അവസരത്തിലാണ് ഈ ഉപദേശങ്ങള്‍ അദ്ദേഹം നല്‍കുന്നത്. ആദ്യം അല്ലാഹു അവര്‍ക്കു ചെയ്തുകൊടുത്ത അനുഗ്രഹങ്ങളെ മൊത്തത്തിലും, ചിലതിനെപ്പറ്റി പ്രത്യേകവും അനുസ്മരിപ്പിച്ചുകൊണ്ടാണു അദ്ദേഹം അവരെ ഉപദേശിക്കുന്നത്. നിങ്ങള്‍ നന്ദിയും അനുസരണവും കാണിക്കുന്ന പക്ഷം മേലിലും അല്ലാഹു നിങ്ങളെ അനുഗ്രഹിച്ചു കൊണ്ടിരിക്കുമെന്നും ഇല്ലാത്തപക്ഷം നിങ്ങള്‍ നന്ദികെട്ടവരായി നാശമടയുകയും ചെയ്യുമെന്നും അദ്ദേഹം അവരെ ഓര്‍മിപ്പിച്ചു.

മൂന്നു കാര്യങ്ങളാണ് മൂസാ (عليه السلام) നബി പ്രത്യേകം അവരെ ഓര്‍മിപ്പിക്കുന്നത്.

(1). നിങ്ങളില്‍ അല്ലാഹു പല നബിമാരെയും നിയോഗിക്കുകയുണ്ടായിട്ടുണ്ടെന്ന്. ഇസ്രാഈല്യരുടെ ഗോത്രപിതാവായ യഅ്ക്വൂബ് നബി (عليه السلام) മുതല്‍ മൂസാ (عليه السلام) നബിവരെയും ഇടക്കിടെ അവര്‍ക്കു മാര്‍ഗ്ഗദര്‍ശികളായ പ്രവാചകന്മാര്‍ അവരില്‍ ഉണ്ടായിക്കൊണ്ടിരുന്നിട്ടുണ്ട്. ആ നിലക്ക് അവര്‍ വളരെ അച്ചടക്കവും അനുസരണവും ഉള്ളവരായിരിക്കേണ്ടതുണ്ടല്ലോ. അതാണദ്ദേഹം ഓര്‍മിപ്പിച്ചത്. അദ്ദേഹത്തിന് ശേഷവും ധാരാളക്കണക്കില്‍ പ്രവാചകന്മാര്‍ അവരില്‍ ഉണ്ടായിട്ടുണ്ട്.

(2) നിങ്ങളെ അവന്‍ രാജാക്കളാക്കിയിരിക്കുന്നുവെന്ന്. നിങ്ങളില്‍ രാജാക്കളെ ഏര്‍പ്പെടുത്തി എന്നല്ല -നിങ്ങളെ രാജാക്കളാക്കി എന്നാണു- അല്ലാഹു പറഞ്ഞ വാക്ക്. എല്ലാവരും രാജാക്കളല്ലെന്നുള്ളതിനാല്‍ ഇവിടെ രാജാക്കള്‍ (مُلُوكًا) എന്ന വാക്കിനു ഒന്നിലധികം വ്യാഖ്യാനം നല്‍കപ്പെട്ടു കാണാം.

മുമ്പു നിങ്ങള്‍ ഫിര്‍ഔന്റെ കീഴില്‍ അടിമകളും പരാശ്രയരുമായിരുന്നു. ഇപ്പോള്‍ നിങ്ങള്‍ സ്വതന്ത്രരും പരാശ്രയമില്ലാത്തവരുമായിരിക്കുന്നുവെന്നാണ് ഒരു വ്യാഖ്യാനം. അതതു കാലത്തുണ്ടായിരുന്ന നബിമാരുടെയും റസൂലുകളുടെയും കയ്യിലായിരുന്നു അതതു കാലത്തെ സമുദായ നേതൃത്വവും സ്ഥിതി ചെയ്തിരുന്നത്. അതു കൊണ്ട് ആ പ്രവാചകന്മാരെയും റസൂലുകളെയും ഉദ്ദേശിച്ചുതന്നെയാണു രാജാക്കള്‍ എന്നും പറഞ്ഞിരിക്കുന്നതു എന്നത്രെ മറ്റൊരഭിപ്രായം. മൂസാ (عليه السلام) നബിക്ക് മുമ്പ് അവരില്‍ ചില രാജാക്കള്‍ ഉണ്ടായിട്ടുണ്ടെന്നും അവരെ ഉദ്ദേശിച്ചാണു രാജാക്കളെന്നു പറഞ്ഞതെന്നും വേറെയും അഭിപ്രായമുണ്ട്. പരാശ്രയം കൂടാതെ സുഖജീവിതം നയിക്കുവാന്‍ ആവശ്യമായ മാര്‍ഗ്ഗങ്ങളും, ഭാര്യാമക്കള്‍, ഭൃത്യന്മാര്‍ മുതലായ സുഖസൗകര്യങ്ങളും ലഭിച്ചവര്‍ എന്ന അര്‍ത്ഥത്തിലാണു രാജാക്കള്‍ എന്നു പറഞ്ഞിരിക്കുന്നതെന്നു നാലാമതൊരഭിപ്രായവും ഉണ്ട്. ഒരു പക്ഷേ, ഇവയില്‍ ചിലതോ, എല്ലാംകൂടിയോ ആയിരിക്കാം ഇവിടെ ഉദ്ദേശ്യമെന്നു പറയുവാനേ ന്യായം കാണുന്നുള്ളൂ. الله أعلم

(3) ലോകരില്‍ മറ്റാര്‍ക്കും നല്‍കിയിട്ടില്ലാത്ത പല നന്മകളും നിങ്ങള്‍ക്കു അല്ലാഹു നല്‍കിയിട്ടുണ്ടെന്ന്. മത-സംസ്‌കാര-നാഗരീക തുറകളിലെല്ലാം മറ്റേതു സമുദായത്തെക്കാളും മികച്ചു നിന്നിരുന്ന സമുദായമായിരുന്നു ഇസ്രാഈല്‍ സമുദായം. കന്‍ആനില്‍ ഇബ്‌റാഹീം (عليه السلام) നബിയുടെ കാലം മുതല്‍ ഈജിപ്തില്‍ യൂസുഫ് (عليه السلام) നബിയുടെ കാലം കഴിയുന്നതുവരെ അതു നീണ്ടുനിന്നു. അദ്ദേഹത്തിനു ശേഷം ക്രമേണ അവരുടെ പഴയ പ്രതാപവും പ്രശസ്തിയും നശിച്ചു കൊണ്ടിരുന്നു. പിന്നീടു മൂസാ (عليه السلام) നബിയുടെ കൈക്ക് അവര്‍ തങ്ങളുടെ പഴയ പേരും യശസ്സും വീണ്ടെടുത്തുകൊണ്ടിരിക്കുകയാണ്. മറ്റൊരു സമുദായത്തിനും കണ്ടനുഭവിക്കുവാന്‍ കഴിയാത്ത എത്രയോ ദൃഷ്ടാന്തങ്ങളും അത്ഭുതങ്ങളും കണ്ടവരാണവര്‍. പ്രവാചകത്വ ശൃംഖല മുറിഞ്ഞു പോകാതിരുന്നതു ഇതിനെല്ലാം മകുടം ചാര്‍ത്തുകയും ചെയ്യുന്നു. ഇതെല്ലാമായിരിക്കും ഇവിടെ ഉദ്ദേശ്യമെന്നു സാമാന്യമായി പറയാം. ഏതായാലും, അക്കാലത്തെ സമുദായങ്ങളെ അപേക്ഷിച്ചു അവര്‍ക്കു പ്രത്യേകമായി ലഭിച്ചിട്ടുള്ള അനുഗ്രഹളെയും സ്ഥാനമാനങ്ങളെയും ഉദ്ദേശിച്ചു കൊണ്ടാണു മറ്റാര്‍ക്കും നല്‍കാത്തതു നിങ്ങള്‍ക്കു അല്ലാഹു നല്‍കിയിരിക്കുന്നുവെന്നു പറഞ്ഞത്.

ഇബ്‌റാഹീം (عليه السلام) നബിയുടെ സാക്ഷാല്‍ സ്വദേശമായിരുന്ന ഇറാക്വില്‍ നിന്നു ഹിജ്ര പോന്നു അദ്ദേഹം ഫലസ്തീനിലെ ബൈത്തുല്‍ മുക്വദ്ദസില്‍ താമസമാക്കി. അവിടെ വെച്ചാണു അദ്ദേഹം കാലഗതി പ്രാപിച്ചതും. അങ്ങിനെ, അദ്ദേഹത്തിന്റെ കുടുംബം ആ ദേശക്കാരായിത്തീര്‍ന്നു. കുറെ കഴിഞ്ഞപ്പോള്‍, സൂറത്തു യൂസുഫില്‍ അല്ലാഹു വിവരിച്ച സുപ്രസിദ്ധ സംഭവങ്ങളെത്തുടര്‍ന്ന് യൂസുഫ് (عليه السلام) നബി ഈജിപ്തിലെ ഒരു ഭരണാധികാരിയായിത്തീര്‍ന്നതോടെ അദ്ദേഹത്തിന്റെ പിതാവും ഇബ്‌റാഹീം (عليه السلام) നബിയുടെ പൗത്രനുമായ യഅ്ക്വൂബ് (عليه السلام) നബി കുടുംബസമേതം ഈജിപ്തിലേക്ക് താമസം മാറ്റി. മുമ്പു സൂചിപ്പിച്ചപോലെ, ആ കുടുംബത്തിനുണ്ടായിരുന്ന പേരും പ്രശസ്തിയും ക്രമേണ നാശോന്മുഖമായിത്തീര്‍ന്നു. ഒടുക്കം അവര്‍ കൊപ്തി (القبط) വര്‍ഗ്ഗക്കാരായ ഫറോവാ രാജാക്കളു(الفراغنة)ടെ ഭരണത്തിന്‍ കീഴില്‍ ഒരു അടിമ വര്‍ഗ്ഗമായിത്തീര്‍ന്നു. അങ്ങിനെയിരിക്കെയാണു – ഏറെക്കുറെ നാനൂറു കൊല്ലങ്ങള്‍ക്കു ശേഷം മൂസാ (عليه السلام) നബിയൊന്നിച്ചു ചെങ്കടല്‍ കടന്ന് ഫിര്‍ഔനില്‍ന നിന്നു അവര്‍ രക്ഷപ്പെട്ടത്. അവരുടെ പിതൃ ദേശമായ ഫലസ്തീന്‍ പ്രദേശം അവര്‍ക്കു വീണ്ടും വാസസ്ഥലമായി ലഭിക്കുമെന്നു മൂസാ (عليه السلام) മുഖാന്തരം അവര്‍ക്കു വാഗ്ദാനം ചെയ്യപ്പെട്ടിരുന്നു. യഅ്ക്വൂബ് (عليه السلام) നബി മുതല്‍ക്കേ ഈ വാഗ്ദാനം നിലവിലുണ്ടായിരുന്നുവെന്നും പറയപ്പെട്ടിട്ടുണ്ട്.

ഇസ്രാഈല്യര്‍ ഈജിപ്തു വിട്ട് സീനാ മരുഭൂമിയില്‍ വന്നു താവളമടിച്ചിരുന്ന കാലത്താണു അവര്‍ക്കു അല്ലാഹു നല്‍കിയ അനുഗ്രഹങ്ങളെ ഓര്‍മിപ്പിച്ചുകൊണ്ടു മൂസാ (عليه السلام) അവരോടു: ജനങ്ങളെ, അല്ലാഹു നിങ്ങള്‍ക്കു നിശ്ചയിച്ചു തന്ന ആ പരിശുദ്ധ ഭൂമിയില്‍ പ്രവേശിച്ചുകൊള്ളുവിന്‍ (يَا قَوْمِ ادْخُلُوا الْأَرْضَ الْمُقَدَّسَةَ) എന്നു പറയുന്നത്. പക്ഷെ, വേഗത്തിലങ്ങു കടന്നുചെന്നു കുടിയിരിക്കുവാന്‍ സാദ്ധ്യമല്ലാത്ത പരിതഃസ്ഥിതിയായിരുന്നു അന്നവിടെയുള്ളത്. അവിടെ അമാലിക്വഃ വര്‍ഗ്ഗക്കാര്‍ (العمالقة – അമലേക്യര്‍) കുടിയേറിയിരിക്കുകയാണ്. അവരാകട്ടെ, ബഹുദൈവാരാധകരും അതികായന്മാരും ശക്തരുമായിരുന്നു. അവരോടു സമരം നടത്തി വിജയിച്ചിട്ടു വേണം ഇസ്രാഈല്യര്‍ക്കവിടെ പ്രവേശനം ലഭിക്കുവാന്‍. ഇസ്രാഈല്യരാകട്ടെ – അവരുടെ മടിയും ഭീരുത്വവും അനുസരണക്കേടും നിമിത്തം – അതിനു തയ്യാറുമില്ല. അതുകൊണ്ടാണ് അദ്ദേഹം നിങ്ങള്‍ പിന്നോക്കം മടങ്ങിപ്പോരരുതെന്നും, പിന്നോക്കം വെച്ചാല്‍ നിങ്ങള്‍ നഷ്ടക്കാരായിത്തീരുമെന്നും (وَلَا تَرْتَدُّوا عَلَىٰ أَدْبَارِكُمْ) പറയുന്നത്. അദ്ദേഹത്തിന്റെ ഈ ഉപദേശത്തിനു അവരില്‍ നിന്നുണ്ടായ പ്രതികരണം ഇതായിരുന്നു:-

5:24
  • قَالُوا۟ يَـٰمُوسَىٰٓ إِنَّ فِيهَا قَوْمًا جَبَّارِينَ وَإِنَّا لَن نَّدْخُلَهَا حَتَّىٰ يَخْرُجُوا۟ مِنْهَا فَإِن يَخْرُجُوا۟ مِنْهَا فَإِنَّا دَٰخِلُونَ ﴾٢٤﴿
  • അവര്‍ പറഞ്ഞു: 'മൂസാ, നിശ്ചയമായും, സ്വേച്ഛാധികാരികളായ (അഥവാ പരാക്രമശാലികളായ) ഒരു ജനത അവിടത്തിലുണ്ട്; ഞങ്ങളാകട്ടെ, അവിടെനിന്നു അവര്‍ പുറത്തുപോകുംവരേക്കും അവിടെ ഞങ്ങള്‍ പ്രവേശിക്കുകയില്ല തന്നെ. എനി, അവര്‍ അവിടെ നിന്നു പുറത്തു പോകുന്നപക്ഷം, ഞങ്ങള്‍ (അവിടെ) പ്രവേശിക്കുന്നവരാണ്.'
  • قَالُوا അവര്‍ പറഞ്ഞു يَا مُوسَىٰ മൂസാ إِنَّ فِيهَا നിശ്ചയമായും അതില്‍ (അവിടത്തില്‍) ഉണ്ട് قَوْمًا ഒരു ജനത جَبَّارِينَ സ്വേച്ഛാധികാരി (ധിക്കാരി - പരാക്രമശാലി)കളായ وَإِنَّا ഞങ്ങളാകട്ടെ, നിശ്ചയമായും ഞങ്ങള്‍ لَن نَّدْخُلَهَا അതില്‍ (അവിടെ) പ്രവേശിക്കയേ ഇല്ല حَتَّىٰ يَخْرُجُوا അവര്‍ പുറത്തു പോകുന്നതുവരേക്കു مِنْهَا അതില്‍ (അവിടെ) നിന്നു فَإِن يَخْرُجُوا എനി (എന്നാല്‍) അവര്‍ പുറത്തുപോകുന്ന പക്ഷം مِنْهَا അതില്‍നിന്നു فَإِنَّا എന്നാല്‍ ഞങ്ങള്‍ دَاخِلُونَ പ്രവേശിക്കുന്നവരാണ്

അവിടെയുള്ള ആളുകള്‍ അതിശക്തന്മാരും ക്രൂരന്മാരുമാണ്. അവരോടു യുദ്ധം ചെയ്തു തോല്‍പ്പിച്ച് അവിടെ പ്രവേശിക്കുവാന്‍ ഞങ്ങള്‍ക്കാവുകയില്ല. ഏതെങ്കിലും വിധേന അവര്‍ അവിടെ നിന്നു ഒഴിഞ്ഞു പോയാലല്ലാതെ അങ്ങോട്ടു കടക്കുവാന്‍ ഒരു കാലത്തും ഞങ്ങള്‍ക്കു സാധ്യമല്ല. അവര്‍ ഒഴിഞ്ഞു പോയാല്‍ മാത്രം ഞങ്ങള്‍ അവിടെ പ്രവേശിക്കാം. ഇതായിരുന്നു അവരുടെ മറുപടി.

5:25
  • قَالَ رَجُلَانِ مِنَ ٱلَّذِينَ يَخَافُونَ أَنْعَمَ ٱللَّهُ عَلَيْهِمَا ٱدْخُلُوا۟ عَلَيْهِمُ ٱلْبَابَ فَإِذَا دَخَلْتُمُوهُ فَإِنَّكُمْ غَـٰلِبُونَ ﴾٢٥﴿
  • ഭയപ്പെടുന്നവരില്‍പെട്ട രണ്ടു പുരുഷന്‍മാര്‍ - അല്ലാഹു അവരുടെ മേല്‍ അനുഗ്രഹം ചെയ്തിരിക്കുന്നു - പറഞ്ഞു: 'നിങ്ങള്‍ അവരുടെ മേല്‍ (ആ) വാതില്‍ കടന്നു ചെല്ലുവിന്‍. അങ്ങനെ, നിങ്ങള്‍ കടന്നു ചെന്നാല്‍, നിശ്ചയമായും, നിങ്ങള്‍ (അവരെ) ജയിക്കുന്നവരായിരിക്കും:-
  • قَالَ رَجُلَانِ രണ്ടു പുരുഷന്‍മാര്‍ പറഞ്ഞു مِنَ الَّذِينَ യാതൊരുവരില്‍പെട്ട يَخَافُونَ അവര്‍ ഭയപ്പെടുന്നു أَنْعَمَ اللَّـهُ അല്ലാഹു അനുഗ്രഹം ചെയ്തിരിക്കുന്നു عَلَيْهِمَا അവര്‍ രണ്ടാളുടെമേല്‍ ادْخُلُوا നിങ്ങള്‍ പ്രവേശിക്കുവിന്‍ عَلَيْهِمُ അവരുടെമേല്‍ الْبَابَ (പട്ടണ) വാതില്‍, പടിവാതില്‍, കവാടം فَإِذَا دَخَلْتُمُوهُ എന്നാല്‍ നിങ്ങളതു കടന്നാല്‍ فَإِنَّكُمْ എന്നാല്‍ നിശ്ചയമായും നിങ്ങള്‍ غَالِبُونَ ജയിക്കുന്നവരായിരിക്കും, വിജയികളാണു

5:26
  • وَعَلَى ٱللَّهِ فَتَوَكَّلُوٓا۟ إِن كُنتُم مُّؤْمِنِينَ ﴾٢٦﴿
  • 'അല്ലാഹുവിന്റെ മേല്‍ (മാത്രം) ഭരമേല്‍പിക്കുകയും ചെയ്യുവിന്‍ - നിങ്ങള്‍ സത്യവിശ്വാസികളാണെങ്കില്‍!'
  • وَعَلَى اللَّـهِ അല്ലാഹുവിന്റെ മേല്‍ فَتَوَكَّلُوا നിങ്ങള്‍ ഭരമേല്‍പിക്കുവിന്‍ إِن كُنتُم നിങ്ങള്‍ ആണെങ്കില്‍ مُّؤْمِنِينَ സത്യവിശ്വാസികള്‍
5:27
  • قَالُوا۟ يَـٰمُوسَىٰٓ إِنَّا لَن نَّدْخُلَهَآ أَبَدًا مَّا دَامُوا۟ فِيهَا ۖ فَٱذْهَبْ أَنتَ وَرَبُّكَ فَقَـٰتِلَآ إِنَّا هَـٰهُنَا قَـٰعِدُونَ ﴾٢٧﴿
  • അവര്‍ [ആ ജനത] പറഞ്ഞു: 'മൂസാ, നിശ്ചയമായും, അവരവിടെ നിലവിലുള്ളപ്പോള്‍ ഒരിക്കലും ഞങ്ങള്‍ അവിടെ പ്രവേശിക്കുകയില്ല തന്നെ. ആകയാല്‍, നീയും, നിന്റെ റബ്ബും പോയിട്ട് നിങ്ങള്‍ (അങ്ങു) യുദ്ധം ചെയ്തുകൊള്ളുക; 'ഞങ്ങള്‍, ഇവിടെ ഇരിക്കുകയാണ്'.
  • قَالُوا അവര്‍ പറഞ്ഞു يَا مُوسَىٰ മൂസാ إِنَّا لَن نَّدْخُلَهَا ഞങ്ങള്‍ അതില്‍ (അവിടെ) പ്രവേശിക്കയേ ഇല്ല أَبَدًا ഒരിക്കലും, ഒരുകാലവും مَّا دَامُوا അവര്‍ (നിലവില്‍) ഉണ്ടായിരിക്കുമ്പോള്‍ فِيهَا അതില്‍ (അവിടെ) فَاذْهَبْ ആകയാല്‍ (എന്നാല്‍) പോകുക أَنتَ وَرَبُّكَ നീയും നിന്റെ റബ്ബും فَقَاتِلَا എന്നിട്ടു രണ്ടാളും യുദ്ധം ചെയ്യുക إِنَّا هَاهُنَا നിശ്ചയമായും ഞങ്ങള്‍ ഇവിടെ قَاعِدُونَ ഇരിക്കുന്നവരാണു (ഇരിക്കുകയാണു)

അല്ലാഹു അക്ബര്‍! എത്ര മുരത്ത ഹൃദയങ്ങള്‍!! ശത്രുക്കളുമായി യുദ്ധം ചെയ്‌വാനും, വാഗ്ദാനം ചെയ്യപ്പെട്ട ദേശത്തേക്കു പ്രവേശിക്കുന്നതില്‍ നേരിടുന്ന പ്രതിബന്ധങ്ങളെ ചെറുത്തു മുന്നോട്ടു നീങ്ങുവാനും ഇസ്രാഈല്യര്‍ ഒരുക്കമില്ലായിരുന്നു. ഹീനതയും ഭീരുത്വവും അനുസരണമില്ലായ്മയും അവരെ അങ്ങേയറ്റം അധഃപതിപ്പിച്ചിരിക്കുകയാണ്. ഒഴികഴിവുകളും പിടിവാശിയുമല്ലാതെ മറ്റൊന്നും അവരില്‍ കാണാതായി. അപ്പോള്‍, ഫലസ്തീനില്‍ ചെന്ന് ആ നാട്ടിന്റെയും, അവിടെയുള്ള ജനങ്ങളുടെയും സ്ഥിതിഗതികള്‍ നിരീക്ഷണം ചെയ്തുവരുവാന്‍ മൂസാ (عليه السلام) അവരിലുള്ള പ്രധാനികളുടെ ഒരു സംഘത്തെ നിയമിച്ചയച്ചു. ഈ സംഘത്തെക്കുറിച്ചു 13-ാം വചനത്തിന്റെ വിവരണത്തില്‍ നാം മുമ്പു സംസാരിച്ചു കഴിഞ്ഞിട്ടുണ്ട്. പ്രസ്തുത സംഘം അന്വേഷണം നടത്തി തിരിച്ചു വന്നു. മിക്കവരുടെയും പ്രസ്താവനകള്‍ ഇസ്രാഈല്യരെ കൂടുതല്‍ നിരാശരും ഭീരുക്കളുമാക്കുന്നവയായിരുന്നു. രണ്ടു പേര്‍ മാത്രം വസ്തുതകള്‍ ശരിയാംവണ്ണം വിവരിക്കുകയും വിജയസാധ്യത ചൂണ്ടിക്കാട്ടുകയും ചെയ്തു. ഇവരെപ്പറ്റിയാണ് قَالَ رَجُلَانِ مِنَ الَّذِينَ يَخَافُونَ (ഭയപ്പെടുന്നവരുടെ കൂട്ടത്തില്‍പ്പെട്ട രണ്ടു പുരുഷന്മാര്‍ പറഞ്ഞു) എന്നു അല്ലാഹു പ്രസ്താവിച്ചതു. അല്ലാഹുവിനെ ഭയെപ്പടുന്നവരായ രണ്ടാളുകള്‍ എന്നും, ശത്രുക്കളെ ഭയപ്പെടുന്നവരും അതോടുകൂടി സത്യാവസ്ഥ തുറന്നു കാട്ടുന്നവരുമായ രണ്ടാളുകള്‍ എന്നും ഈ വാക്കിനു അര്‍ത്ഥം ആകാവുന്നതാകുന്നു. ഈ രണ്ടുപേരില്‍ ഒരാള്‍ നൂനിന്റെ മകന്‍ യൂശഉം (عليه السلام), മറ്റേതു യഫുന്നായുടെ മകന്‍ കാലബും (يوشع بن نون، كالب بن يفنا) ആയിരുന്നുവെന്നു ചില ക്വുര്‍ആന്‍ വ്യാഖ്യാതാക്കള്‍ പറഞ്ഞു കാണുന്നു. ബൈബിളിലും അങ്ങിനെ തന്നെയാണുള്ളത്. മൂസാ (عليه السلام) നബിയുടെ ഭൃത്യനും, അദ്ദേഹത്തിനുശേഷം ഇസ്രാഈല്യരുടെ നേതൃത്വം കൈവന്ന പ്രവാചകനുമായിരുന്നു യൂശഉ് (عليه السلام). കാലബിനെപ്പറ്റി കൂടുതലൊന്നും അറിയപ്പെടുന്നില്ലെങ്കിലും അദ്ദേഹവും ഒരു സല്‍പുരുഷനായിരുന്നുവെന്നതില്‍ സംശയമില്ല. أَنْعَمَ اللَّهُ عَلَيْهِمَا (അവര്‍ രണ്ടാളുടെ മേലും അല്ലാഹു അനുഗ്രഹം ചെയ്തിരിക്കുന്നു) എന്ന വാക്കില്‍ നിന്നു തന്നെ ഇതു വ്യക്തമാണല്ലോ. (*)


(*). ‘കാലേബ് (കാലബ്) യിസ്രായേല്യരെ യഹോവയിലനുസരണമുള്ളവരാക്കുന്നതിനു അവരെ പരിശീലിപ്പിക്കുന്ന വിഷയത്തില്‍ ധീരനായിരുന്നു. ഒറ്റുകാരില്‍ ഇവനും യോശുവ (യൂശഉ്)യുമാണ് വിശ്വസ്തന്മാര്‍’. എന്നു വേ. പു. നിഘണ്ടുവിലും കാണുന്നു.


മറ്റുള്ളവര്‍ പറയുന്നതുപോലെ, ആ നാട്ടിലെ ജനങ്ങള്‍ ശക്തന്മാരും മല്ലന്മാരും ക്രൂരന്മാരുമൊക്കെ തന്നെയാണെങ്കിലും അവരെ നിങ്ങള്‍ ഭയപ്പെടേണ്ടതില്ല. സധൈര്യം പട്ടണത്തിന്റെ പടിവാതില്‍ ആക്രമിച്ചു ഉള്ളോട്ടു കടന്നു കഴിഞ്ഞാല്‍, അവരുടെ വീര്യം നശിച്ചു പോകും. അവരെ പരാജയപ്പെടുത്തി വിജയം വരിക്കുവാന്‍ നിങ്ങള്‍ക്കു പിന്നെ പ്രയാസമുണ്ടാകുകയില്ല. നിങ്ങള്‍ സത്യവിശ്വാസികളും അവര്‍ അവിശ്വാസികളുമാണല്ലോ. നിങ്ങള്‍ കാര്യങ്ങള്‍ അല്ലാഹുവില്‍ അര്‍പ്പിച്ചുകൊണ്ടും അവന്റെ സഹായം ഉറപ്പിച്ചുകൊണ്ടും മുന്നോട്ടു നീങ്ങുക. വിജയം നിങ്ങള്‍ക്കു തന്നെയായിരിക്കും എന്നൊക്കെയായിരുന്നു ആ രണ്ടു മാന്യന്മാര്‍ അവരോടു പറഞ്ഞതിന്റെ സാരം. ഇതൊന്നും ആ നന്ദികെട്ടവരുടെ ഹൃദയം തീണ്ടിയില്ല. ഈജിപ്തില്‍ നിന്നു തുടങ്ങി ഇതഃപര്യന്തം ആ പ്രവാചകവര്യന്റെ – മൂസാ (عليه السلام) നബിയുടെ – കൈക്കു അവര്‍ അനുഭവത്തില്‍ കണ്ടുവന്നിട്ടുള്ള വമ്പിച്ച ദൃഷ്ടാന്തങ്ങളില്‍ നിന്നൊന്നും പാഠം പഠിക്കാത്ത അവര്‍, കേവലം ദുര്‍വ്വാശിക്കാരായ ചെറുകുട്ടികള്‍ കണക്കെ മൂസാ (عليه السلام) നോടു പറഞ്ഞു: ‘മൂസാ! ആ ജനങ്ങള്‍ അവിടെയുണ്ടാകുന്ന കാലത്തോളം ഞങ്ങള്‍ ആ നാട്ടിലേക്കു പ്രവേശിക്കുകയേ ഇല്ല. കൂടിയേ കഴിയൂ എങ്കില്‍ നീയും നിന്റെ റബ്ബും പോയി യുദ്ധം ചെയ്തു അവരെ അവിടെനിന്നു തുരത്തി വിടുക. അതുവരെ ഞങ്ങള്‍ ഇവിടെത്തന്നെ ഇരിക്കാം. അതു കണ്ടതിനു ശേഷമേ ഞങ്ങള്‍ അങ്ങോട്ടു നീങ്ങൂ…..’ അല്ലാഹു അക്ബര്‍! ثُمَّ قَسَتْ قُلُوبُكُم مِّن بَعْدِ ذَٰلِكَ فَهِيَ كَالْحِجَارَةِ أَوْ أَشَدُّ قَسْوَةً (അതിനു ശേഷം നിങ്ങളുടെ ഹൃദയങ്ങള്‍ കടുത്തുപോയി. അവ കല്ലു പോലെയോ അതിനെക്കാള്‍ കടുപ്പമേറിയതോ ആയിരിക്കുന്നു (2:74).) എന്നു അല്ലാഹു പറഞ്ഞതു ഈ ജനതയെപ്പറ്റിയാണല്ലോ!

നേരെമറിച്ച് നബി (صَلَّى اللّٰهُ عَلَيْهِ وَسَلَّم) തിരുമേനിയുടെ സ്വഹാബികള്‍ ഓര്‍ക്കാപ്പുറത്തു നേരിടേണ്ടിവന്ന അവരുടെ ഒന്നാമത്തെ യുദ്ധം അവരെ അഭിമുഖീകരിച്ചപ്പോള്‍ – അവരുടെ മൂന്നിരട്ടി വരുന്നതും, സര്‍വ്വ സന്നാഹങ്ങളോടുകൂടി ഒരുങ്ങി വന്നതുമായ ശത്രുക്കളുമായി ബദ്‌റില്‍ വെച്ചു പെട്ടന്നു യാതൊരു സന്നാഹവുമില്ലാതെ ഏറ്റുമുട്ടേണ്ട ഘട്ടം വന്നപ്പോള്‍ – നബി (صَلَّى اللّٰهُ عَلَيْهِ وَسَلَّم) അവരുടെ അഭിപ്രായം ആരാഞ്ഞതിനു അവര്‍ നല്‍കിയ മറുപടിയും, ഇസ്രാഈല്യരുടെ ഈ മറുപടിയും തമ്മിലുള്ള അന്തരം ഒന്നാലോചിച്ചു നോക്കുക! അവര്‍ പറഞ്ഞു: ‘മൂസാ (عليه السلام) നബിയോട് ഇസ്രാഈല്യര്‍ പറഞ്ഞതുപോലെ, താങ്കളും താങ്കളുടെ റബ്ബും പോയി യുദ്ധം ചെയ്തു കൊള്ളുക, ഞങ്ങള്‍ ഇവിടെ ഇരിക്കുകയാണു എന്നു ഞങ്ങള്‍ പറയുകയില്ല. അങ്ങുന്നു ‘ബറകുല്‍ ഗിമാദി’ലേക്കു തന്നെ ഞങ്ങളെ കൊണ്ടുപോയാലും ഞങ്ങള്‍ അങ്ങയോടൊപ്പം പോരുവാന്‍ തയ്യാറാണ്’. (അ; ന; ഇബ്‌നുഹിബ്ബാന്‍). വളരെ പ്രയാസങ്ങള്‍ തരണം ചെയ്യേണ്ടുന്ന ഒരു പ്രദേശമാണു ‘ബറകുല്‍ഗിമാദ്’.

ഇസ്രാഈല്യരുടെ ഈ ചരിത്ര സംഭവം ബൈബ്‌ളില്‍ വളരെ വിസ്തരിച്ചു വിവരിച്ചിട്ടുണ്ട്. ഇസ്രാഈല്യരുടെ കറുത്തചരിത്ര സംഭവങ്ങളിലേക്കു അവരുടെ തന്നെ രേഖകളില്‍ അടങ്ങിയിരിക്കുന്ന ചില ഉദാഹരണങ്ങള്‍ എന്ന നിലക്കു സന്ദര്‍ഭോചിതമായി കാണുന്ന അതിലെ പ്രസക്ത ഭാഗം ഇവിടെ ചുരുക്കി ഉദ്ധരിക്കാം. ഇസ്‌റാഈല്യരുടെ സംഭവ ബഹുലമായ ആ യാത്രാവിവരണ മദ്ധ്യെ സംഖ്യാപുസ്തകം പറയുന്നു:-

‘ ….അതിനുശേഷം ജനം ഹസേരോത്തില്‍ നിന്ന് പുറപ്പെട്ട് പാറാന്‍ (*) മരുഭൂമിയില്‍ പാളയമിറങ്ങി. യിസ്രയേല്‍ മക്കള്‍ക്കു ഞാന്‍ കൊടുക്കുവാനിരിക്കുന്ന കനാന്‍ ദേശം (**) ഒറ്റുനോക്കുവാന്‍ പന്ത്രണ്ടു ഗോത്രത്തില്‍ നിന്നും ഓരോ പ്രഭുക്കളെ അയക്കണമെന്നു യഹോവ മോശെയോടു കല്പിച്ച പ്രകാരം അവന്‍ അവരെ അയച്ചു’. (യഫുന്നയുടെ മകന്‍ കാലേബും, നൂന്റെ മകന്‍ ഹോശെയെന്ന യോശുവായും അടക്കം പന്ത്രണ്ടു പ്രഭുക്കളുടെ പേരും വിവരിച്ച ശേഷം അതു തുടരുന്നു:) അവിടെ കുടിയിരിക്കുന്ന ജനങ്ങളെയും ആ നാട്ടിനെയും സംബന്ധിച്ച എല്ലാ വിവരവും ഒറ്റുനോക്കി മടങ്ങിവന്നു. സര്‍വ്വസഭ മുമ്പാകെ വര്‍ത്തമാനം അറിയിച്ചു: അതു പാലും തേനും ഒഴുകുന്ന ദേശം തന്നെ. അതിലെ ഫലങ്ങള്‍ ഇതാ. ജനങ്ങള്‍ ഏറ്റവും ബലവാന്മാരും, പട്ടണങ്ങള്‍ വലുതും ഉറപ്പുള്ളതും തന്നെ. കാലേബ് മുമ്പോട്ടു വന്നു അതു നമുക്കു ജയിക്കുവാന്‍ കഴിയും എന്നു പറഞ്ഞു. എങ്കിലും കൂടെ പോയിരുന്നവര്‍ പറഞ്ഞു: നമുക്കു അവരുടെ നേരെ ചെല്ലുവാന്‍ കഴിയുകയില്ല. അവര്‍ അതികായന്മാര്‍. അവര്‍ ആളെ തിന്നു കളയും. അവിടെ മല്ലന്മാരുടെ സന്തതികളും അനാക്യ മല്ലന്മാരും ഉണ്ട്. (***) അവരുടെ കാഴ്ചക്കു ഞങ്ങളെ വെട്ടുകിളികളെപ്പോലെ തോന്നി. (****). ഇതു കേട്ട സഭയൊക്കെ നിലവിളിച്ചു. എല്ലാവരും മോശെക്കും അഹറോനും വിരോധമായി പിറുപിറുത്തു: ഞങ്ങള്‍ മിസ്രയീമിലോ മരുഭൂമിയിലോ മരിച്ചു പോയിരുന്നെങ്കില്‍ വാളാല്‍ കൊല്ലപ്പെടുകയില്ലായിരുന്നു. ഞങ്ങളെ അവിടെ നിന്നു എന്തിനു കൊണ്ടുവന്നു?! ഞങ്ങളുടെ ഭാര്യമാരും കുട്ടികളും കൊള്ളയടിക്കപ്പെടുമല്ലോ…! അപ്പോള്‍ മോശയും അഹറോനും സഭയുടെ മുമ്പാകെ കവിണ്ണു വീണു. യോശുവയും കാലേബും വസ്ത്രം കീറി ഇങ്ങിനെ പറഞ്ഞു: ഞങ്ങള്‍ ഒറ്റു നോക്കിയ ദേശം ഏറ്റം നല്ലതു തന്നെ. യഹോവ നമ്മില്‍ പ്രസാദിക്കുന്നുവെങ്കില്‍ അവന്‍ നമുക്കു അതു തരും. നിങ്ങള്‍ യഹോവയോടു മത്സരിക്കരുത്. ആ ജനത്തെ ഭയപ്പെടരുത്. അവര്‍ നമുക്കു ഇരയാകുന്നു. യഹോവ നമ്മുടെ കൂടെയുള്ളതുകൊണ്ടു നമുക്കു അവരെ ഭയപ്പെടേണ്ടതില്ല. ജനങ്ങളുടെ മറുപടി: അവരെ കല്ലെറിയേണം എന്നായിരുന്നു’. (സംഖ്യാ പുസ്തകം, അധ്യായം 13, 14).


(*) (**) 4 -ാം പടം നോക്കുക.

(***) അനാക്യര്‍ = നീണ്ട കഴുത്തുള്ളവര്‍. യെഹൂദാ ഗോത്രത്തിന്റെ അതിര്‍ത്തിയില്‍ വസിച്ചിരുന്ന പൂര്‍വ്വ ജനങ്ങളാണു ഇവര്‍. (വേ. പു. നി)

(****) ഇത്തരം ഇസ്രാഈലീ വര്‍ണ്ണനകളെ അടിസ്ഥാനമാക്കിക്കൊണ്ടുണ്ടായ ഏതാനും കെട്ടുകഥകളും, അതിശയോക്തി കലര്‍ന്ന ചില വാര്‍ത്തകളും ചില ക്വുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥങ്ങളില്‍ സ്ഥലം പിടിച്ചിട്ടുണ്ട്. അവയെ ചൂണ്ടിക്കാട്ടിക്കൊണ്ടു ഇബ്‌നു കഥീര്‍ (رحمة الله عليه) പറയുകയാണ്: وهذا شيء يستحيى من ذكره (ഇതൊക്കെ പറയുവാന്‍ ലജ്ജിക്കേണ്ടുന്ന വിഷയമാണ്).

5:28
  • قَالَ رَبِّ إِنِّى لَآ أَمْلِكُ إِلَّا نَفْسِى وَأَخِى ۖ فَٱفْرُقْ بَيْنَنَا وَبَيْنَ ٱلْقَوْمِ ٱلْفَـٰسِقِينَ ﴾٢٨﴿
  • അദ്ദേഹം [മൂസാ] പറഞ്ഞു: 'എന്റെ റബ്ബേ! നിശ്ചയമായും ഞാന്‍, എന്റെ സ്വന്തത്തെയും എന്റെ സഹോദരനെയുമല്ലാതെ അധീനമാക്കുന്നില്ല! ആകയാല്‍, ഞങ്ങളുടെയും (ഈ) ധിക്കാരികളായ ജനതയുടെയും ഇടയില്‍ നീ വേര്‍പെടുത്തിത്തരേണമേ!'
  • قَالَ അദ്ദേഹം പറഞ്ഞു رَبِّ إِنِّي റബ്ബേ നിശ്ചയമായും ഞാന്‍ لَا أَمْلِكُ ഞാന്‍ സ്വാധീനമാക്കുന്നില്ല (എനിക്കു വിധേയമല്ല) إِلَّا نَفْسِي എന്റെ സ്വന്ത (ദേഹ) മല്ലാതെ وَأَخِي എന്റെ സഹോദരനും فَافْرُقْ ആകയാല്‍ നീ പിരിച്ചു (വേര്‍പെടുത്തി) തരേണമേ بَيْنَنَا ഞങ്ങള്‍ക്കിടയില്‍ وَبَيْنَ الْقَوْمِ (ഈ) ജനങ്ങള്‍ക്കിടയിലും الْفَاسِقِينَ തോന്നിയ വാസികളായ, ധിക്കാരികളായ

ഹാ! എത്ര വേദനാ നിര്‍ഭരമായ പ്രാര്‍ത്ഥന! എത്ര തന്നെ ഉപദേശിച്ചിട്ടും, എന്തു തന്നെ കണ്ടനുഭവിച്ചിട്ടും അനുസരണഭാവം കാണിക്കാത്ത – മിരട്ടുശീലരായ – ആ ജനതയുടെ മറുപടികേട്ട് മൂസാ (عليه السلام) മനം നൊന്തുകൊണ്ട് അല്ലാഹുവിനോടു അപേക്ഷിക്കുകയാണു: ‘എന്റെ റബ്ബേ! എന്റെ സ്വന്തം ദേഹവും, എന്റെ സുഖദുഃഖങ്ങളില്‍ ആദ്യന്തം പങ്കുകൊണ്ടു വരുന്ന എന്റെ സഹോദരന്‍ ഹാറൂനുമല്ലാതെ മറ്റാരും എനിക്കു വഴങ്ങാതായിരിക്കുന്നു! ഞങ്ങളുടെ കാര്യമല്ലാതെ ഈ ജനതയുടെ കാര്യങ്ങളൊന്നും എന്റെ നിയന്ത്രണത്തിന് അധീനമല്ലാതായി തീര്‍ന്നിരിക്കുന്നു.’ അതുകൊണ്ടു ഞങ്ങള്‍ ഇരുകൂട്ടര്‍ക്കുമിടയില്‍ ഒരു അന്തിമ തീരുമാനമുണ്ടാക്കി കാര്യം കലാശിപ്പിച്ചു തരേണമേ!’

അല്ലാഹു അദ്ദേഹത്തിനു ഉത്തരം നല്‍കി:-

5:29
  • قَالَ فَإِنَّهَا مُحَرَّمَةٌ عَلَيْهِمْ ۛ أَرْبَعِينَ سَنَةً ۛ يَتِيهُونَ فِى ٱلْأَرْضِ ۚ فَلَا تَأْسَ عَلَى ٱلْقَوْمِ ٱلْفَـٰسِقِينَ ﴾٢٩﴿
  • അവന്‍ [റബ്ബു] പറഞ്ഞു: 'എന്നാല്‍, നിശ്ചയമായും അതു [ആ രാജ്യം] അവരുടെ മേല്‍ നാല്‍പതുകൊല്ലം നിഷിദ്ധമാക്കപ്പെട്ടതാകുന്നു; (അതെ) ഭൂമിയില്‍ അന്തംവിട്ടു (അലഞ്ഞു) നടക്കും. ആകയാല്‍, (ആ) ധിക്കാരികളായ ജനങ്ങളുടെ പേരില്‍ നീ വ്യസനപ്പെടരുത്.'
  • قَالَ അവന്‍ പറഞ്ഞു فَإِنَّهَا എന്നാല്‍ നിശ്ചയമായും مُحَرَّمَةٌ അതു നിഷിദ്ധമാക്ക (മുടക്ക) പ്പെട്ടതാണു عَلَيْهِمْ അവരുടെ മേല്‍, അവക്കു أَرْبَعِينَ നാല്‍പതു سَنَةً ۛ കൊല്ലം يَتِيهُونَ അവര്‍ അന്തം വിട്ടു (അലഞ്ഞു - പരിഭ്രമിച്ചു) തിരിയും فِي الْأَرْضِ ഭൂമിയില്‍ فَلَا تَأْسَ അതിനാല്‍ നീ വ്യസനിക്കേണ്ട, വ്യാകുലപ്പെടരുതു عَلَى الْقَوْمِ ജനതയുടെ പേരില്‍ الْفَاسِقِينَ തോന്നിയവാസി (ധിക്കാരി) കളായ

അവരുടെ ധിക്കാരത്തിനും മര്‍ക്കടമുഷ്ടിക്കും ഈ ഐഹിക ജീവിതത്തില്‍ തന്നെ അല്ലാഹു അവര്‍ക്കു നല്‍കിയ ഒരു ശിക്ഷയാണതു: നാല്‍പതുകൊല്ലം അവര്‍ ഈ ഭൂമിയില്‍ – സീനാ മരുഭൂമിയില്‍ – വട്ടം കറങ്ങിക്കൊണ്ടു കഴിഞ്ഞു കൂടട്ടെ എന്നു. അതെ, അപ്പോഴേക്കും ആ ദുഷിച്ച തലമുറ നാശമടയുകയും, അവരുടെ ഇളം തലമുറ രംഗത്തു വരുകയും ചെയ്യും. അപ്പോള്‍ അവര്‍ക്കു പുതിയൊരു ചൈതന്യവും ആവേശവും ഉണ്ടായിക്കൊള്ളും. അങ്ങനെ, അവര്‍ക്കു വാഗ്ദാനം ചെയ്യപ്പെട്ട പുണ്യഭൂമി ജയിച്ചടക്കുവാനും, തങ്ങളുടെ അവകാശം വീണ്ടെടുക്കുവാനും അവര്‍ക്കു സാധിച്ചുകൊള്ളും. അതുകൊണ്ടു ഇപ്പോള്‍ അവരെ അവരുടെ പാട്ടിനു വിട്ടേക്കുക. അവരെപ്പറ്റി വ്യാകുലപ്പെടേണ്ടതില്ല എന്നു സാരം.

അങ്ങനെ, സീനാവനാന്തരങ്ങളിലും മരുഭൂപ്രദേശങ്ങളിലുമായി ലക്ഷ്യമില്ലാതെ അലഞ്ഞു തിരിഞ്ഞു കൊണ്ടു നാല്‍പതുകൊല്ലം ഇസ്രാഈല്യര്‍ കഴിഞ്ഞുകൂടേണ്ടി വന്നു. ഇതിനിടയില്‍ പലതും അവരില്‍ സംഭവിച്ചു. നാല്‍പതുകൊല്ലം കഴിയാറായപ്പോഴേക്കും അവിടവിടെവെച്ചു ശത്രുക്കളുമായി പല ഏറ്റുമുട്ടലുകളും കഴിഞ്ഞ് പതുക്കെ അവര്‍ മുന്നേറിക്കൊണ്ടിരുന്നു. ഇതിനിടെ-ബൈബിളിന്റെ കണക്കു പ്രകാരം മിസ്രയീമില്‍ (ഈജിപ്തില്‍) നിന്നുപോന്ന 40-ാം കൊല്ലം 5 മാസം കഴിഞ്ഞ് – ഹോര്‍ പര്‍വ്വതത്തി (جبل حور) ല്‍ വെച്ച് (*) ഹാറൂന്‍ (عليه الصلاة والسلام) കാലഗതി പ്രാപിച്ചു. (സംഖ്യാ 33 ല്‍ 38) അധികം താമസിയാതെ – ഏറെക്കുറെ ആറുമാസം കഴിഞ്ഞ് – മോവാബ് (مواب) പ്രദേശത്തു (**) അബാരീം പര്‍വ്വതത്തില്‍ (***) നെബോ മലയില്‍വെചു വാഗ്ദാനം ചെയ്യപ്പെട്ട ആ രാജ്യം നോക്കിക്കണ്ടശേഷം മൂസാ (عليه الصلاة والسلام) നബിയും കാലഗതിയടഞ്ഞു. ആ രാജ്യത്തില്‍ പ്രവേശിക്കുവാന്‍ അദ്ദേഹത്തിനു വിധിയുണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ പിന്‍ഗാമിയായിരുന്ന യൂശഉ് (യോശുവാ) നബിയുടെ കാലത്തു അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് പല യുദ്ധങ്ങള്‍ക്കുശേഷം ഇസ്‌റാഈല്യര്‍ ആ രാജ്യം ജയിച്ചടക്കിയതും, അതില്‍ കുടിയേറി താമസിച്ചതും, അവര്‍ക്കിടയില്‍ രാജ്യം ഭാഗിക്കപ്പെട്ടതും.
(****)


(*) (**) (***) 1 -ാം പടം നോക്കുക.
(****) ഫലസ്തീനില്‍ ഇസ്രാഈല്‍ ഗ്രോത്രങ്ങള്‍ക്കു ഭാഗിക്കപ്പെട്ട സ്ഥലങ്ങള്‍ 2-ാം ഭൂപടത്തില്‍ കാണാം.