വിഭാഗം - 3

39:22
  • أَفَمَن شَرَحَ ٱللَّهُ صَدْرَهُۥ لِلْإِسْلَٰمِ فَهُوَ عَلَىٰ نُورٍ مِّن رَّبِّهِۦ ۚ فَوَيْلٌ لِّلْقَٰسِيَةِ قُلُوبُهُم مِّن ذِكْرِ ٱللَّهِ ۚ أُو۟لَٰٓئِكَ فِى ضَلَٰلٍ مُّبِينٍ ﴾٢٢﴿
  • എന്നാൽ, അല്ലാഹു ഒരുവന്റെ നെഞ്ചിന് [ഹൃദയത്തിന്നു] ‘ഇസ്‌ലാമി'ലേക്കു വികാസം നൽകി. അങ്ങനെ അവൻ തന്റെ രക്ഷിതാവിങ്കൽനിന്നുള്ള പ്രകാശത്തിലാകുന്നു. ഇങ്ങിനെയുള്ളവനോ?! [ഇവനും ഹൃദയം കടുത്തവനും സമമായിരിക്കുമോ? ഇല്ല]. അപ്പോൾ, അല്ലാഹുവിന്റെ സ്മരണയെ (അഥവാ കീർത്തനത്തെ) സംബന്ധിച്ചു ഹൃദയം കടുത്തുപോയിട്ടുള്ളവർക്കു നാശം! അക്കൂട്ടർ, സ്പഷ്ടമായ ദുർമാർഗ്ഗത്തിലാകുന്നു.
  • أَفَمَنۡ എന്നാൽ യാതൊരുവനോ شَرَحَ اللَّهُ അല്ലാഹു വികാസം നൽകി صَدۡرَهُ അവന്റെ നെഞ്ചിനു (ഹൃദയത്തിനു) لِلإِسۡلامِ ഇസ്ലാമിലേക്കു فَهُوَ എന്നിട്ടവൻ عَلَى نُورٍ പ്രകാശത്തിലാണ് مِنۡ رَبِّهِ തന്റെ റബ്ബിങ്കൽനിന്നു فَوَيۡلٌ അപ്പോൾ നാശം, കഷ്ടം لِلۡقَاسِيَةِ കടുത്തവർക്കാണ് قُلُوبُهُمۡ തങ്ങളുടെ ഹൃദയങ്ങൾ مِنۡ ذِكۡرِ اللَّهِ അല്ലാഹുവിന്റെ ദിക്റിനെ (സ്മരണ - കീർത്തനം) സംബന്ധിച്ചു أُولَئِكَ അക്കൂട്ടർ فِي ضَلالٍ വഴിപിഴവിലാണ്, ദുർമ്മാർഗ്ഗത്തിലാണ് مُبِينٍ പ്രത്യക്ഷമായ

ذِكْر ٱللَّهِ (അല്ലാഹുവിന്റെ സ്മരണ) എന്നതിന്റെ അർത്ഥങ്ങളും ഉദ്ദേശ്യങ്ങളും സൂ: അങ്കബൂത്ത് 45-ാം വചനത്തിന്റെ വിവരണത്തിൽ നാം വിവരിച്ചിരിക്കുന്നു. അവിടെ നോക്കുക. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞതായി ഇബ്നു ഉമർ (رضي الله عنهما) നിവേദനം ചെയ്യുന്നു. ‘നിങ്ങൾ അല്ലാഹുവിന്റെ ‘ദിക്ർ’ അല്ലാത്ത വിഷയത്തിൽ സംസാരം അധികരിപ്പിക്കരുത്. കാരണം ‘ദിക്ർ’ അല്ലാത്തതിൽ സംസാരം വർധിപ്പിക്കുന്നതു ഹൃദയത്തിനു കാഠിന്യം ഉണ്ടാക്കുന്നതാണ്. ജനങ്ങളിൽനിന്ന്‌ അല്ലാഹുവിനോടു ഏറ്റവും അകന്നതു കടുത്ത ഹൃദയമത്രെ. (തിർമിദി)

39:23
  • ٱللَّهُ نَزَّلَ أَحْسَنَ ٱلْحَدِيثِ كِتَٰبًا مُّتَشَٰبِهًا مَّثَانِىَ تَقْشَعِرُّ مِنْهُ جُلُودُ ٱلَّذِينَ يَخْشَوْنَ رَبَّهُمْ ثُمَّ تَلِينُ جُلُودُهُمْ وَقُلُوبُهُمْ إِلَىٰ ذِكْرِ ٱللَّهِ ۚ ذَٰلِكَ هُدَى ٱللَّهِ يَهْدِى بِهِۦ مَن يَشَآءُ ۚ وَمَن يُضْلِلِ ٱللَّهُ فَمَا لَهُۥ مِنْ هَادٍ ﴾٢٣﴿
  • അല്ലാഹു ഏറ്റവും നല്ല വർത്തമാനം അവതരിപ്പിച്ചിരിക്കുന്നു; അതായതു, പരസ്പരസാദൃശ്യമുള്ള ആവർത്തിതവചനങ്ങളായ ഒരു ഗ്രന്ഥം. തങ്ങളുടെ രക്ഷിതാവിനെ ഭയപ്പെടുന്നവരുടെ തൊലികൾ അതു നിമിത്തം വിറകൊള്ളുന്നതാകുന്നു. പിന്നീട് അവരുടെ തൊലികളും, ഹൃദയങ്ങളും അല്ലാഹുവിന്റെ സ്മരണയിലേക്കു (അഥവാ കീർത്തനത്തിലേക്കു) മയപ്പെട്ടു വരുകയും ചെയ്യും. അതു [ആ ഗ്രന്ഥം] അല്ലാഹുവിന്റെ മാർഗ്ഗദർശനമത്രെ; അവൻ ഉദ്ദേശിക്കുന്നവർക്കു അതുമൂലം അവൻ മാർഗ്ഗദർശനം നൽകുന്നു. യാതൊരുവനെ അല്ലാഹു വഴിപിഴവിലാക്കുന്നുവോ അവനു വഴികാട്ടുന്ന ഒരുവനുമില്ല.
  • اللَّهُ نَزَّلَ അല്ലാഹു അവതരിപ്പിച്ചിരിക്കുന്നു أَحۡسَنَ الۡحَدِيثِ ഏറ്റവും നല്ല വർത്തമാനം, വിഷയം كِتَابًا അതായതു ഒരു ഗ്രന്ഥം مُتَشَابِهًا പരസ്പര സാദൃശ്യമുള്ള مَثَانِيَ ആവർത്തിത (വചന)ങ്ങളായ تَقۡشَعِرُّ വിറകൊള്ളും, രോമാഞ്ചപ്പെടും مِنۡهُ അതിനാൽ جُلُودُ തൊലികൾ الَّذِينَ يَخۡشَوۡنَ ഭയപ്പെടുന്നവരുടെ رَبَّهُمۡ തങ്ങളുടെ റബ്ബിനെ ثُمَّ പിന്നീടു تَلِينُ മയപ്പെടും, മാർദ്ദവമാകും جُلُودُهُمۡ അവരുടെ തൊലികൾ وَقُلُوبُهُمۡ അവരുടെ ഹൃദയങ്ങളും إِلَى ذِكۡرِ اللَّهِ അല്ലാഹുവിന്റെ ഓർമ്മ (സ്മരണ)യിലേക്കു ذَلِكَ അതു هُدَى اللَّهِ അല്ലാഹുവിന്റെ മാർഗ്ഗദർശനമാണ് يَهۡدِي بِهِ അതുകൊണ്ടു അവൻ മാർഗ്ഗദർശനം നൽകുന്നു مَنۡ يَشَاءُ അവൻ ഉദ്ദേശിക്കുന്നവർക്കു وَمَنۡ يُضۡلِلِ اللَّهُ അല്ലാഹു ആരെയെങ്കിലും വഴിപിഴവിലാക്കിയാൽ فَمَالَهُ എന്നാൽ അവന്നില്ല مِنۡ هَادٍ ഒരു മാർഗ്ഗദർശകനും, വഴികാട്ടിയും

ഖുര്‍ആന്റെ ചില സവിശേഷതകളെപറ്റിയാണ് ഈ വചനത്തില്‍ പ്രസ്താവിക്കുന്നത്.

1. അതു ‘ഏറ്റവും നല്ല വർത്തമാനം’ (أَحْسَنَ الْحَدِيثِ) ആകുന്നു. അതിന്റെ അര്‍ത്ഥം ഗ്രഹിച്ചും ആശയം മനസ്സിലാക്കിയും, ഉൽബോധനങ്ങളെപ്പറ്റി ചിന്തിച്ചുംകൊണ്ടു സാവകാശത്തിൽ അതു പാരായണം ചെയ്യുന്നവർക്കു ‘ഏറ്റവും നല്ല വർത്തമാനം’ തന്നെയാണതെന്നു നിസ്സംശയം പറയാം. അനുഭവം തന്നെ അതിനു സാക്ഷ്യം വഹിക്കുന്നതാണ്.

2. പരസ്പര സാദൃശ്യമുള്ളതു (مُتَشَابِهَ) ആകുന്നു. അതിന്റേതായ ഒരു പ്രത്യേക തരത്തിലുള്ള ഘടനക്രമം, ആകർഷകമായ പ്രതിപാദനം, വശ്യമായ സാഹിത്യശൈലി, അര്‍ത്ഥ ഗാംഭീര്യത, സത്യത, വ്യക്തത, ആശയപ്പൊരുത്തം, സിദ്ധാന്ത മഹത്വം ആദിയായ തുറകളിലെല്ലാം അതിന്റെ എല്ലാ വശങ്ങളും ഒന്നിനൊന്നു സാദൃശ്യമുള്ളതും ഒന്നിനൊന്നു മെച്ചപ്പെട്ടതുമാണ്.

3. ആവർത്തിത വചനങ്ങൾ (مَثانِيَ) ആകുന്നു. അതിലെ വാർത്തകൾ, നിയമങ്ങൾ, വിധിവിലക്കുകൾ, തത്വങ്ങൾ, തെളിവുകൾ, വാഗ്ദാനങ്ങൾ, താക്കീതുകൾ, ഉപദേശങ്ങൾ, കഥകൾ, ഉപമകൾ എന്നിങ്ങിനെയുള്ളതെല്ലാംതന്നെ ആവർത്തിച്ചാവർത്തിച്ചു പറയപ്പെട്ടിരിക്കുന്നു. ഒരു വിഷയം കഴിയുമ്പോഴേക്കു മറ്റൊരു വിഷയം, ഒരു വശം തീരുമ്പോഴേക്കു അതിന്റെ മറുവശം, ഒരിക്കൽ ചുരുക്കിപ്പറഞ്ഞശേഷം പിന്നീടൊരിക്കൽ അതിന്റെ വിശദീകരണം, ഇങ്ങിനെ പല നിലക്കും വിഷയങ്ങൾ വിസ്തരിച്ചു വിവരിക്കപ്പെടുകയും ചെയ്യുന്നു. മുഖവുരയിൽ ‘ഖുർആന്റെ പ്രതിപാദനരീതി’യെപ്പറ്റി പ്രസ്താവിച്ച ഭാഗങ്ങൾ ഇവിടെ ഓർക്കുക. മറ്റൊരു നിലക്കും ഖുർആൻ ആവർത്തിത വചനങ്ങളാണെന്നു കാണാം. മറ്റേതൊരു ഗ്രന്ഥത്തെക്കാളും കൂടുതൽ പാരായണം ചെയ്യപ്പെടുന്നതും, കൂടുതൽ ഉപയോഗപ്പെടുന്നതുമാണല്ലോ ഖുർആൻ.

4. അല്ലാഹുവിനെ ഭയപ്പെടുന്നവരുടെ തൊലികൾ അതുമൂലം വിറകൊള്ളുന്നതാണ്. (تَقْشَعِرُّ مِنْهُ جُلُودُ ٱلَّذِينَ يَخْشَوْنَ رَبَّهُمْ). അതിലടങ്ങിയ മഹത്തരങ്ങളായ തത്വവിജ്ഞാനങ്ങൾ, ശക്തിമത്തായ താക്കീതുകൾ, സുവ്യക്തമായ ലക്ഷ്യദൃഷ്ടാന്തങ്ങൾ മുതലായവ കാണുമ്പോൾ, സത്യവിശ്വാസവും ഭയഭക്തിയുമുlളളവരുടെ ഹൃദയങ്ങൾക്കു നടുക്കവും, രോമാഞ്ചവും അനുഭവപ്പെടുന്നു. ഖുർആന്റെ അര്‍ത്ഥവും, ആശയവും മനസ്സിലായതുകൊണ്ടോ, അതിന്റെ സാഹിത്യ രസം ആസ്വദിക്കുന്നതുകൊണ്ടോ, ആസ്വാദ്യമായ സ്വരത്തിൽ അതു പാരായണം ചെയ്യുന്നതുകൊണ്ടോ, അതു ഉൽബോധനം ചെയ്യുന്ന തത്വങ്ങൾ യുക്തങ്ങളാണെന്നു മനസ്സിലായതുകൊണ്ടോ, മാത്രമല്ല ഈ പ്രതികരണം അവരിൽ ഉണ്ടാകുന്നത്. അല്ലാഹുവിലുള്ള യഥാർത്ഥവിശ്വാസവും ഭയപ്പാടുമാണ് അതിനു നിദാനം. ബാക്കിയെല്ലാം അതിനു പോഷണം നൽകുന്നവയാണുതാനും. ‘തങ്ങളുടെ രക്ഷിതാവിനെ ഭയപ്പെടുന്നവരുടെ തൊലികൾ’ എന്നാണല്ലോ അല്ലാഹു പറഞ്ഞിരിക്കുന്നത്. സു: അൻഫാലിൽ അല്ലാഹു പറയുന്നത് നോക്കുക: ‘യാതൊരു കൂട്ടർ മാത്രമാണ് സത്യവിശ്വാസികൾ: അല്ലാഹുവിനെക്കുറിച്ച് പ്രസ്താവിക്കപ്പെട്ടാൽ അവരുടെ ഹൃദയങ്ങൾ പേടിച്ചു -നടുങ്ങി- പ്പോകുന്നതാണ്. അവന്റെ ആയത്തുകൾ അവരിൽ ഓതിക്കേൾപ്പിക്കപ്പെട്ടാൽ അതവർക്കു വിശ്വാസം വർദ്ധിപ്പിക്കുന്നു. അവരുടെ രക്ഷിതാവിന്റെ മേൽതന്നെ അവർ ഭരമേല്‍പിക്കയും ചെയ്യും. അതായത്, നമസ്കാരം നില നിറുത്തുകയും, തങ്ങൾക്കു നാം നല്‍കിയിട്ടുള്ളതിൽ നിന്നു ചിലവഴിക്കുകയും ചെയ്യുന്നവർ, യഥാര്‍ത്ഥമായും അക്കൂട്ടർ തന്നെയാണ് സത്യവിശ്വാസികൾ. അവർക്കു തങ്ങളുടെ രക്ഷിതാവിങ്കൽ പല പദവികളും പാപമോചനവും, മാന്യമായ ഉപജീവനവും ഉണ്ട്.

(إِنَّمَا الْمُؤْمِنُونَ الَّذِينَ إِذَا ذُكِرَ اللَّـهُ وَجِلَتْ قُلُوبُهُمْ …. وَرِزْقٌ كَرِيمٌ: الانفال: ٢-٤)

5. ആദ്യം നടുക്കവും ഞെട്ടലും അനുഭവപ്പെട്ടശേഷം, പിന്നീടവരുടെ തൊലികളും ഹൃദയങ്ങളും അല്ലാഹുവിന്റെ സ്മരണയിലേക്കു മയപ്പെട്ട് വരുന്നു. (ثُمَّ تَلِينُ جُلُودُهُمْ وَقُلُوبُهُمْ إِلَىٰ ذِكْرِ ٱللَّهِ) അല്ലാഹുവിന്റെ അതിവിശാലമായ കാരുണ്യം അവർ പ്രതീക്ഷിക്കുന്നു. അവന്റെ വിധിവിലക്കുകളെ അനുസരിക്കുന്നതിലും, ഉപദേശനിര്‍ദ്ദേശങ്ങളെ മാനിക്കുന്നതിലുമുള്ള അവരുടെ സന്നദ്ധത ആ പ്രതീക്ഷക്കു അവർക്കു പ്രചോദനം നൽകുന്നു. അവന്റെ വാഗ്ദാനങ്ങളിൽ അവർ അക്ഷരംപ്രതി വിശ്വസിക്കുന്നു. അതവർക്കു പ്രോത്സാഹനവും ആവേശവും നൽകുന്നു. അങ്ങനെ തങ്ങളുടെ ഭാവി നന്മകൾ വർദ്ധിക്കുന്നതിനും, തങ്ങളുടെ പക്കൽ വന്നുപോയ പാപങ്ങൾക്കു മോചനം ലഭിക്കുന്നതിനും, അല്ലാഹുവിന്റെ ശിക്ഷക്കു പാത്രമായിത്തീരാതിരിക്കേണ്ടതിനും അവർ യത്നിക്കുന്നു. അതെ, അല്ലാഹുവിനെക്കുറിച്ചുള്ള സ്മരണ അവരുടെ മനസ്സിലും, വാക്കിലും പ്രവർത്തിയിലും സദാ സ്ഥാനം പിടിക്കുന്നു. ഇങ്ങിനെയുള്ള സൽഭാഗ്യവാന്മാരിൽ അല്ലാഹു നമ്മെയെല്ലാം ഉൾപ്പെടുത്തട്ടെ. ആമീൻ.

39:24
  • أَفَمَن يَتَّقِى بِوَجْهِهِۦ سُوٓءَ ٱلْعَذَابِ يَوْمَ ٱلْقِيَٰمَةِ ۚ وَقِيلَ لِلظَّٰلِمِينَ ذُوقُوا۟ مَا كُنتُمْ تَكْسِبُونَ ﴾٢٤﴿
  • എന്നാൽ, ഖിയാമത്തുനാളിൽ ശിക്ഷയുടെ കെടുതി [അഥവാ കടുത്ത ശിക്ഷ]യെ തന്റെ മുഖംകൊണ്ടു കാ(ത്തു തടു)ക്കേണ്ടി വരുന്നതായ ഒരുവനോ?! [ഇവനും, അന്നത്തെ ദിവസം നിർഭയനായിരിക്കുന്നവനും സമമാകുമോ? ഇല്ല.] അക്രമികളോടു പറയപ്പെടും: 'നിങ്ങൾ യാതൊന്നു സമ്പാദിച്ചുണ്ടാക്കിയിരുന്നുവോ അതു ആസ്വദിച്ചുകൊള്ളുവിൻ!'
  • أَفَمَنۡ എന്നാൽ യാതൊരുവനോ يَتَّقِي അവൻ കാക്കും, സൂക്ഷിക്കും, തടുക്കും بِوَجۡهِهِ തന്റെ മുഖം കൊണ്ടു سُوءَ الۡعَذَابِ കടുത്ത ശിക്ഷയെ, ശിക്ഷയുടെ കെടുതിയെ يَوۡمَ الۡقِيَامَةِ ഖിയാമത്തുനാളിൽ وَقِيلَ പറയപ്പെടും لِلظَّالِمِينَ അക്രമികളോടു ذُوقُوا നിങ്ങൾ രുചിനോക്കുവിൻ, ആസ്വദിക്കുവിൻ مَا كُنۡتُمۡ നിങ്ങൾ ആയിരുന്നതിനെ تَكۡسِبُونَ നിങ്ങൾ സമ്പാദിച്ചുണ്ടാക്കുക

സത്യനിഷേധികളായ അവിശ്വാസികളെ ഖിയാമത്തുനാളിൽ (തലകീഴായി) ഒരുമിച്ച് കൂട്ടപ്പെടുമെന്നു സൂ: ഫുർഖാൻ 34ൽ പ്രസ്താവിച്ചിട്ടുണ്ടല്ലോ. കാലുകളിൽ നടത്തുവാൻ കഴിഞ്ഞ അല്ലാഹുവിനു മുഖങ്ങളിലും നടത്തുവാനും കഴിയുമെന്നും, വഴിമദ്ധ്യെ ഉണ്ടാകുന്ന കല്ലുമുള്ളു മുതലായ തടസ്സങ്ങളെ അവർ തങ്ങളുടെ മുഖങ്ങൾ കൊണ്ടു തടുത്തുനോക്കുമെന്നും, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പ്രസ്താവിച്ചതിനെ തൽസ്ഥാനത്തു നാം ഉദ്ധരിച്ചിട്ടുമുണ്ട്. അവർ നരകത്തിൽ മുഖങ്ങളിലായി വലിച്ചിഴക്കപ്പെടും (يُسْحَبُونَ فِي النَّارِ عَلَى وُجُوهِهِمْ) എന്നു സൂ: ഖമറിലും അല്ലാഹു പറഞ്ഞിരിക്കുന്നു. ആമങ്ങളിലും ചങ്ങലകളിലും അവർ ബന്ധിക്കപ്പെടും (الْأَغْلَالُ فِي أَعْنَاقِهِمْ وَالسَّلَاسِلُ) എന്നു അടുത്ത അദ്ധ്യായം 71ലും കാണാം. ചുരുക്കത്തിൽ തങ്ങൾക്കു നേരിടുന്ന ശിക്ഷകളെ കൈകാലുകളെക്കൊണ്ടോ മറ്റോ തടുത്തുനോക്കുവാൻ മാർഗ്ഗമില്ലാതെ ഏറ്റവും മാന്യാവയവമായ മുഖംകൊണ്ടു തടുത്തുനോക്കുവാൻ അവർ നിർബ്ബന്ധിതരാവുകയും അതു ഫലപ്പെടാതിരിക്കുകയും ചെയ്യുന്ന ആ വമ്പിച്ച ദുരവസ്ഥയാണ് അല്ലാഹു ഇവിടെ ചൂണ്ടിക്കാട്ടുന്നത്. ഇങ്ങിനെയുള്ള നിർഭാഗ്യവാന്മാരും, അല്ലാഹുവിന്റെ പ്രീതിക്കും അനുഗ്രഹങ്ങൾക്കും പാത്രമായ സൽഭാഗ്യവാന്മാരും തമ്മിലുള്ള വ്യത്യാസം എത്ര വ്യക്തം?!

39:25
  • كَذَّبَ ٱلَّذِينَ مِن قَبْلِهِمْ فَأَتَىٰهُمُ ٱلْعَذَابُ مِنْ حَيْثُ لَا يَشْعُرُونَ ﴾٢٥﴿
  • ഇവരുടെ മുമ്പുണ്ടായിരുന്നവർ വ്യാജമാക്കി; അതിനാൽ, അവർ അറിയാത്ത വിധത്തിൽകൂടി അവർക്കു ശിക്ഷ വന്നു.
  • كَذَّبَ കളവാക്കി, വ്യാജമാക്കി الَّذِينَ مِنۡ قَبۡلِهِمۡ അവരുടെ (ഇവരുടെ) മുമ്പുള്ളവർ فَأَتَاهُمُ അതിനാൽ അവർക്കു വന്നെത്തി الۡعَذَابُ ശിക്ഷ مِنۡ حَيۡثُ വിധേന, വിധത്തിലൂടെ لاَيَشۡعُرُونَ അവർ അറിയാത്ത (ഊഹിക്കാത്ത)
39:26
  • فَأَذَاقَهُمُ ٱللَّهُ ٱلْخِزْىَ فِى ٱلْحَيَوٰةِ ٱلدُّنْيَا ۖ وَلَعَذَابُ ٱلْءَاخِرَةِ أَكْبَرُ ۚ لَوْ كَانُوا۟ يَعْلَمُونَ ﴾٢٦﴿
  • അങ്ങനെ, ഇഹലോക ജീവിതത്തിൽ അല്ലാഹു അവർക്കു അപമാനം ആസ്വദിപ്പിച്ചു; പരലോക ശിക്ഷയാകട്ടെ, ഏറ്റവും വലുതാണ് താനും. അവർക്ക് അറിയാമായിരുന്നുവെങ്കിൽ! [എന്നാലതു സംഭവിക്കുമായിരുന്നില്ല.]
  • فَأَذَاقَهُمُ അപ്പോൾ അവരെ ആസ്വദിപ്പിച്ചു اللَّهُ അല്ലാഹു الۡخِزۡيَ അപമാനം, നിന്ദ്യത, വഷളത്വം فِى ٱلْحَيَوٰةِ ٱلدُّنْيَا ഐഹിക ജീവിതത്തിൽ وَلَعَذَابُ الآخِرَةِ പരലോക ശിക്ഷയാകട്ടെ أَكۡبَرُ കൂടുതൽ (ഏറ്റവും) വലുതുമാണ് لَوْ كَانُوا۟ അവരായിരുന്നുവെങ്കിൽ يَعۡلَمُونَ അറിയും
39:27
  • وَلَقَدْ ضَرَبْنَا لِلنَّاسِ فِى هَٰذَا ٱلْقُرْءَانِ مِن كُلِّ مَثَلٍ لَّعَلَّهُمْ يَتَذَكَّرُونَ ﴾٢٧﴿
  • തീർച്ചയായും ഈ ഖുർആനിൽ ജനങ്ങൾക്കുവേണ്ടി (ആവശ്യമായ) എല്ലാ ഉപമകളും നാം വിവരിച്ചിട്ടുണ്ട്; അവർ ആലോചിച്ചുനോക്കുവാൻ വേണ്ടി.
  • وَلَقَدۡضَرَبۡنَا തീർച്ചയായും നാം വിവരിച്ചിട്ടുണ്ടു, ഏർപ്പെടുത്തിയിട്ടുണ്ടു لِلنَّاسِ മനുഷ്യർക്കു فِي هَذَا الۡقُرۡآنِ ഈ ക്വുർആനിൽ مِنۡ كُلِّ مَثَلٍ എല്ലാ (വിധ) ഉപമകളെയും, ഉദാഹരണത്തിൽനിന്നും لَعَلَّهُمۡ അവരായേക്കാം, ആകുവാൻ يَتَذَكَّرُونَ ഉറ്റാലോചിക്കുന്ന, ഓർമ്മിക്കുന്ന(വർ)
39:28
  • قُرْءَانًا عَرَبِيًّا غَيْرَ ذِى عِوَجٍ لَّعَلَّهُمْ يَتَّقُونَ ﴾٢٨﴿
  • (അതെ) യാതൊരു വക്രതയുള്ളതല്ലാത്ത, അറബി (ഭാഷയിലുള്ള) ഒരു ഖുർആൻ! അവർ സൂക്ഷിക്കുവാൻവേണ്ടി.
  • قُرۡآنًا عَرَبِيًّا അറബിയായ ക്വുർആൻ غَيۡرَ ذِي ഉള്ളതല്ലാത്ത عِوَجٍ യാതൊരു വളവും, വക്രതയും لَعَلَّهُمۡ يَتَّقُونَ അവർ സൂക്ഷിക്കുവാൻ, സൂക്ഷിച്ചേക്കാം
39:29
  • ضَرَبَ ٱللَّهُ مَثَلًا رَّجُلًا فِيهِ شُرَكَآءُ مُتَشَٰكِسُونَ وَرَجُلًا سَلَمًا لِّرَجُلٍ هَلْ يَسْتَوِيَانِ مَثَلًا ۚ ٱلْحَمْدُ لِلَّهِ ۚ بَلْ أَكْثَرُهُمْ لَا يَعْلَمُونَ ﴾٢٩﴿
  • ഒരു പുരുഷനെ അല്ലാഹു ഒരു ഉപമയാക്കി വിവരിക്കയാണ്: പരസ്പരം ശണ്ഠകൂടുന്ന (കുറെ) പങ്കാളികൾ അവനിലുണ്ടു; ഒരു പുരുഷനു (മാത്രം) തനിച്ചായുള്ള (വേറെ) ഒരു പുരുഷനെയും (ഉപമയായി എടുക്കുന്നു.) ഇവർ രണ്ടുപേരും ഉപമയിൽ സമമാകുമോ?! [ഇല്ല.] അല്ലാഹുവിനു സർവ്വ സ്തുതിയും! പക്ഷേ, അവരിൽ അധികമാളുകളും അറിയുന്നില്ല.
  • ضَرَبَ اللَّهُ അല്ലാഹു വിവരിക്കുന്നു, ആക്കിയിരിക്കുന്നു مَثَلاً ഒരു ഉപമ , ഉദാഹരണം رَجُلاً ഒരു പുരുഷനെ (മനുഷ്യനെ) فِيهِ അവനിലുണ്ടു شُرَكَاءُ (പല) പങ്കാളികൾ مُتَشَاكِسُونَ പരസ്പരം വഴക്കടിക്കുന്ന, ശണ്ഠകൂടുന്ന وَرَجُلاً ഒരു പുരുഷനെയും سَلَمًا തനിച്ച, രക്ഷപ്പെട്ട لِرَجُلٍ ഒരു പുരുഷനു (മനുഷ്യനു) هَلۡ يَسۡتَوِيَانِ രണ്ടുപേരും സമമാകുമോ مَثَلاً ഉപമയിൽ, ഉദാഹരണം കൊണ്ടു الۡحَمْدُ (സർവ്വ) സ്തുതി لِلَّهِ അല്ലാഹുവിനാണ് بَلۡ أَكۡثَرُهُمۡ പക്ഷേ അവരിൽ അധികമാളുകളും لايَعۡلَمُونَ അറിയുന്നില്ല

മനുഷ്യർക്കു ഉറ്റാലോചിക്കുന്നതിനു വേണ്ടത്ര ഉപമകൾ അല്ലാഹു ഈ ഖുർആനിൽ വിവരിച്ചിട്ടുണ്ട്. വിവരണത്തിലോ വിഷയത്തിലോ ഒന്നുംതന്നെ യതൊരു വക്രതയും കൂടാതെ, വ്യക്തമായ ഭാഷയിലാണ് ആ ഖുർആൻ ഉള്ളതും. അതു മനസ്സിലാക്കുവാൻ അവർക്കു യാതൊരു പ്രയാസവുമില്ല. അവർക്കു വന്നേക്കാവുന്ന എല്ലാ ദോഷബാധകളെയും അവർ സൂക്ഷിക്കുവാൻ വേണ്ടിയാണ് അങ്ങിനെ ചെയ്തിരിക്കുന്നത് . എന്നിട്ടും അവർ ഉറ്റാലോചിക്കുന്നില്ല, സൂക്ഷിക്കുന്നുമില്ല. ഏക ഇലാഹിനുപുറമെ മറ്റു ദൈവങ്ങളെ സ്വീകരിച്ചു ആരാധിക്കുന്നതിൽ നിന്നു അവർ വിരമിക്കുന്നുമില്ല. ഇവർക്കു കാര്യം വേഗത്തിൽ ഗ്രഹിക്കുവാൻ പോരുന്ന വ്യക്തമായ ഒരു ഉപമ വിവരിക്കാം:-

പരസ്പരം രജ്ഞിപ്പും യോജിപ്പുമില്ലാതെ, നിത്യം വഴക്കടിച്ചുകൊണ്ടിരിക്കുന്ന സ്വാർത്ഥികളായ ഒന്നിലധികം യജമാനന്മാരുടെ കീഴിൽ, ഒരിക്കലും സ്വൈര്യം കൂടാതെ ജീവിച്ചുവരുന്ന ഒരു അടിമയുടെ സ്ഥിതിയും, ഒരേ യജമാനന്റെ മാത്രം കീഴിൽ സ്വൈര്യസമാധാനത്തോടുകൂടി വർത്തിച്ചുവരുന്ന ഒരു അടിമയുടെ സ്ഥിതിയും തുലനം ചെയ്തുനോക്കുക. ബഹുദൈവങ്ങളെ ആരാധിക്കുന്നവർ ഒന്നാമത്തേവനെപ്പോലെയും, ഏകദൈവത്തെ മാത്രം ആരാധിക്കുന്നവർ രണ്ടാമത്തേവനെപ്പോലെയുമാകുന്നു. ഒന്നാമത്തേവന്റെ മനഃക്ലേശങ്ങളും, രണ്ടാമത്തേവന്റെ മനസ്സമാധാനവും വ്യക്തമാണല്ലോ. അതുപോലെ, ഏതു ദൈവങ്ങളെയാണ് തൃപ്തിപ്പെടുത്തേണ്ടതു, ഓരോരുത്തരെയും എങ്ങിനെ പൂജിക്കണം, എങ്ങിനെ പ്രസാദിപ്പിക്കണം, ആദിയായ അലട്ടുകൾ ബഹുദൈവവിശ്വാസികളെ ശല്യപെടുത്തികൊണ്ടിരിക്കുന്നു. ഏക ദൈവവിശ്വാസിയാകട്ടെ, ഏക ഇലാഹായ അല്ലാഹുവിന്റെ പ്രീതിമാത്രം ഉന്നംവെച്ചും അവനിൽ സർവ്വസ്വം അർപ്പിച്ചും സ്വസ്ഥമായിക്കഴിയുന്നു. അല്പമെങ്കിലും നിഷ്‌പക്ഷബുദ്ധിയോടെ ആലോചിക്കുന്ന ഏവർക്കും ഈ വ്യത്യാസം ഗ്രഹിക്കുവാൻ കഴിയുന്നതാണ്. الحمد لله (അല്ലാഹുവിനു സ്തുതി!) പക്ഷേ, അധികം ആളുകളും ഇതൊന്നും ഗ്രഹിക്കുന്നില്ല.

39:30
  • إِنَّكَ مَيِّتٌ وَإِنَّهُم مَّيِّتُونَ ﴾٣٠﴿
  • (നബിയേ) നിശ്ചയമായും നീ മരണപ്പെട്ടുപോകുന്നവനാണ്; അവരും മരണപ്പെട്ടുപോകുന്നവർ തന്നെ.
  • إِنَّكَ നിശ്ചയമായും നീ مَيِّتٌ മരണമടയുന്നവനാണ് وَإِنَّهُمۡ അവരുംതന്നെ مَيِّتُونَ മരണമടയുന്നവരാണ്
39:31
  • ثُمَّ إِنَّكُمْ يَوْمَ ٱلْقِيَٰمَةِ عِندَ رَبِّكُمْ تَخْتَصِمُونَ ﴾٣١﴿
  • പിന്നീടു, നിങ്ങൾ ഖിയാമത്തുനാളിൽ നിങ്ങളുടെ രക്ഷിതാവിന്റെ അടുക്കൽവെച്ച് (തർക്കിച്ച്) വഴക്കടിക്കുന്നതാകുന്നു.
  • ثُمَّ പിന്നെ إِنَّكُمۡ നിശ്ചമായും നിങ്ങൾ يَومَ اْلقِيامَةِ ക്വിയാമത്തുനാളിൽ عِنْدَ رَبِّكُمْ നിങ്ങളുടെ റബ്ബിന്റെ അടുക്കൽ تَخْتَصِمُونَ നിങ്ങൾ തർക്കം (വിവാദം, വഴക്കു) നടത്തുന്നതാണ്

വേണ്ടത്ര ഉപദേശങ്ങളും, ലക്ഷ്യങ്ങളും ലഭിച്ചിട്ടു പിന്നെയും സത്യവിശ്വാസം സ്വീകരിക്കാൻ തയാറില്ലാത്തവർക്കുളള ഒരു താക്കീതാണിത്. അധികം താമസിയാതെ എല്ലാവരും മരണപ്പെടുകയും, അനന്തരം ഖിയാമത്തുനാളിൽ അലഹുവിന്റെ മുമ്പിൽ ഹാജരാക്കപ്പെടുകയും ചെയ്യും. അവിടെവെച്ച് സത്യത്തിന്റെയും, അസത്യത്തിന്റെയും ചേരികൾ തമ്മിൽ തർക്കവും വിവാദവും നടക്കും. അപ്പോൾ അല്ലാഹു ഇരുകൂട്ടരുടെയും ഇടയിൽ അവസാന തീരുമാനമെടുക്കുന്നതാണ്. ഈ തീരുമാനമാകട്ടെ, അവർക്കു അങ്ങേ അറ്റം ദോഷവുമായിരിക്കും. അതിനു കാത്തിരിക്കാതെ നേരത്തെത്തന്നെ സത്യം സ്വീകരിക്കുകയാണ് അവർക്കു ഉത്തമം എന്നു സാരം. താഴെ വചനങ്ങൾ നോക്കുക:-

ജുസ്ഉ് - 24

വിഭാഗം - 4

39:32
  • ۞ فَمَنْ أَظْلَمُ مِمَّن كَذَبَ عَلَى ٱللَّهِ وَكَذَّبَ بِٱلصِّدْقِ إِذْ جَآءَهُۥٓ ۚ أَلَيْسَ فِى جَهَنَّمَ مَثْوًى لِّلْكَٰفِرِينَ ﴾٣٢﴿
  • അപ്പോൾ, അല്ലാഹുവിന്റെ പേരിൽ വ്യാജം പറയുകയും, തനിക്കു സത്യം വന്നപ്പോൾ അതിനെ വ്യാജമാക്കുകയും ചെയ്തിട്ടുള്ളവനെക്കാൾ അക്രമി ആരുണ്ട് ?! നരകത്തിൽ (ഇങ്ങിനെയുള്ള) അവിശ്വാസികൾക്കു പാർപ്പിടമില്ലയോ?! [തീർച്ചയായും ഉണ്ട്].
  • فَمَنْ أَظْلَمُ അപ്പോൾ ആരാണ് ഏറ്റം അക്രമി مِمَّنْ كَذَّبَ കളവു (വ്യാജം) പറഞ്ഞവനെക്കാൾ عَلَى اللَّهِ അല്ലാഹുവിന്റെ മേൽ وَكَذَّبَ വ്യാജമാക്കുകയും ചെയ്ത بِالصِّدْقِ സത്യത്തെ إِذْجَاءَهُ അതവന്നു വന്നപ്പോൾ أَلَيْسَ ഇല്ലയോ فِى جَهَنَّمَ ജഹന്നമിൽ, നരകത്തിൽ مَثْوًى പാർപ്പിടം, വാസസ്ഥലം لِلۡكَافِرِينَ അവിശ്വാസികൾക്കു
39:33
  • وَٱلَّذِى جَآءَ بِٱلصِّدْقِ وَصَدَّقَ بِهِۦٓ ۙ أُو۟لَٰٓئِكَ هُمُ ٱلْمُتَّقُونَ ﴾٣٣﴿
  • യാതൊരുവർ സത്യവും കൊണ്ടുവരുകയും, അതിനെ സത്യമാ(ക്കി വിശ്വസി)ക്കുകയും ചെയ്തുവോ, അക്കൂട്ടർ തന്നെയാണ് സൂക്ഷ്മതയുള്ളവർ.
  • وَالَّذِي യാതൊരുവൻ جَاءَ വന്നു بِالصِّدْقِ സത്യവുംകൊണ്ടു وَصَدَّقَ بِهِ അതിനെ സത്യമാക്കുക (വിശ്വസിക്കുക)യും ചെയ്തു أُولَـٰئِكَ هُمُ അക്കൂട്ടർ തന്നെ الْمُتَّقُونَ സൂക്ഷ്മതയുള്ളവർ
39:34
  • لَهُم مَّا يَشَآءُونَ عِندَ رَبِّهِمْ ۚ ذَٰلِكَ جَزَآءُ ٱلْمُحْسِنِينَ ﴾٣٤﴿
  • അവർക്കു തങ്ങളുടെ രക്ഷിതാവിങ്കൽ അവർ ഉദ്ദേശിക്കുന്നതെന്തോ അതുണ്ടായിരിക്കും. സുകൃതവാന്മാരുടെ പ്രതിഫലമത്രെയത്.
  • لَهُمۡ അവർക്കുണ്ടു مَايَشَاءُونَ അവർ ഉദ്ദേശിക്കുന്നതു عِنۡدَ رَبِّهِمْ തങ്ങളുടെ റബ്ബിന്റെ അടുക്കൽ ذَٰلِكَ جَزَآءُ അതു പ്രതിഫലമാണു الْمُحْسِنِينَ സുകൃതവാന്മാരുടെ, നന്മ ചെയ്യുന്നവരുടെ
39:35
  • لِيُكَفِّرَ ٱللَّهُ عَنْهُمْ أَسْوَأَ ٱلَّذِى عَمِلُوا۟ وَيَجْزِيَهُمْ أَجْرَهُم بِأَحْسَنِ ٱلَّذِى كَانُوا۟ يَعْمَلُونَ ﴾٣٥﴿
  • അവർക്കു തങ്ങൾ പ്രവർത്തിച്ചിട്ടുള്ളതിലെ തിന്മയെ അല്ലാഹു (മാപ്പ് നൽകി) മൂടിവെക്കുന്നതിനും, അവർ പ്രവൃത്തിച്ചുകൊണ്ടിരുന്നതിലെ നന്മക്കനുസരിച്ച് അവർക്കു പ്രതിഫലം കൊടുക്കുന്നതിനും വേണ്ടി (യാണത്).
  • لِيُكَفِّرَ اللَّـهُ അല്ലാഹു മൂടി (മറച്ചു, മാപ്പാക്കി) വെക്കുവാൻ عَنْهُمْ അവരിൽനിന്നു, അവർക്കു أَسْوَأَ ഏറ്റവും മോശമായതിനെ, തിന്മയെ الَّذِي عَمِلُوا അവർ പ്രവർത്തിച്ചിട്ടുള്ള وَيَجْزِيَهُمْ അവർക്കു പ്രതിഫലം കൊടുക്കുവാനും أَجْرَهُمۡ അവരുടെ കൂലി بِأَحْسَنِ നന്മക്കു, നല്ലതനുസരിച്ചു الَّذِي كَانُوا يَعْمَلُونَ അവർ പ്രവർത്തിച്ചുകൊണ്ടിരുന്ന

അല്ലാഹുവിനു പങ്കുകാരും, സമന്മാരുമുണ്ടെന്നും, മക്കളുണ്ടെന്നും മറ്റുമുള്ള വാദങ്ങളാണ് ‘അല്ലാഹുവിന്റ പേരിൽ വ്യാജം പറഞ്ഞു’ (كَذَبَ عَلَى ٱللَّهِ) എന്നു പറഞ്ഞതു കൊണ്ടുദ്ദേശ്യം. ‘സത്യം’ (الصِّدْق) കൊണ്ടു വിവക്ഷ ഖുർആനും നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പ്രബോധനം ചെയുന്ന തത്വങ്ങളുമാകുന്നു . ‘സത്യംകൊണ്ടു വരുകയും, അതിനെ സത്യമാക്കുകയും ചെയ്തവർ’ (الَّذِي جَاءَ بِالصِّدْقِ وَصَدَّقَ بِهِ) നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയും സത്യവിശ്വാസികളും ആകുന്നു.

സത്യവിശ്വാസം സ്വീകരിച്ചുകൊണ്ട് സുകൃതങ്ങൾ ചെയ്തുവരുന്നവരുടെ പക്കൽ സ്വാഭാവികമായി വന്നേക്കാവുന്ന തെറ്റുകുറ്റങ്ങളെ അല്ലാഹു മാപ്പു നൽകുകയും, അവരുടെ എറ്റവും നല്ല സുകൃതങ്ങളുടെ തോതനുസരിച്ചു തന്നെ അവർക്കു മഹത്തായ പ്രതിഫലം നൽകുകയും ചെയ്യുമെന്നു അല്ലാഹു വാഗ്‌ദാനം ചെയ്യുന്നു. സൂറത്തുൽ ഹുദിൽ ഇപ്രകാരം പറയുന്നു:

وَأَقِمِ ٱلصَّلَو‌ٰةَ طَرَفَىِ ٱلنَّهَارِ وَزُلَفًا مِّنَ ٱلَّيْلِ ۚ إِنَّ ٱلْحَسَنَـٰتِ يُذْهِبْنَ ٱلسَّيِّـَٔاتِ – هود: ١١٤

(പകലിന്റെ രണ്ടു തലക്കലും, രാത്രിയിൽനിന്നു കുറച്ചു സമയങ്ങളിലും നമസ്‌കാരം നിലനിറുത്തിപ്പോരുക. നിശ്ചയമായും നന്മകൾ തിന്മകളെ പോക്കിക്കളയുന്നതാകുന്നു). നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞതായി അബുദർറ് (رضي الله عنه) നിവേദനം ചെയുന്നു: ‘നീ എവിടെയായിരുന്നാലും അല്ലഹുവിനെ സൂക്ഷിച്ചുകൊള്ളണം. തിന്‍മയെത്തുടര്‍ന്ന്  (ഒരു തിൻമ ചെയ്താൽ അതിന്റെ ഉടനെ ഒരു) നൻമ ചെയ്യുകയും വേണം . എന്നാൽ അതു തിന്മയെ മായിച്ചുകളഞ്ഞേക്കും. ജനങ്ങളുമായി നല്ല സ്വഭാവത്തോടെ ഇടപെടുകയും ചെയ്യുക.’ (അ; തി; ദാ;).

39:36
  • أَلَيْسَ ٱللَّهُ بِكَافٍ عَبْدَهُۥ ۖ وَيُخَوِّفُونَكَ بِٱلَّذِينَ مِن دُونِهِۦ ۚ وَمَن يُضْلِلِ ٱللَّهُ فَمَا لَهُۥ مِنْ هَادٍ ﴾٣٦﴿
  • അല്ലാഹുവിന്റെ അടിയാന്ന് അവൻ [അല്ലാഹു] മതിയായവനല്ലേ?! അവനു പുറമെയുള്ളവരെക്കൊണ്ട് (നബിയേ) നിന്നെ അവർ ഭയപ്പെടുത്തിക്കൊണ്ടിരിക്കുന്നു ! യാതൊരുവനെ അല്ലാഹു വഴിപിഴവിലാക്കുന്നുവോ അവനു വഴികാട്ടുന്ന ഒരുവനുമില്ല.
  • أَلَيْسَ اللَّـهُ അല്ലാഹു അല്ലയോ بِكَافٍ മതിയായവൻ, പോരുന്നവൻ عَبْدَهُ അവന്റെ അടിയാന്നു, അടിമക്കു وَيُخَوِّفُونَكَ അവർ നിന്നെ ഭയപ്പെടുത്തുന്നു بِالَّذِينَ യാതൊരുവരെക്കൊണ്ടു مِنۡ دُونِهِ അവന്നു പുറമെയുള്ള وَمَنۡ ആരെങ്കിലും, യാതൊരുവൻ يُضْلِلِ اللَّـهُ അല്ലാഹു വഴിപിഴവിലാക്കുന്നതായാൽ فَمَا لَهُ എന്നാൽ അവന്നില്ല مِنْ هَادٍ ഒരു വഴികാട്ടിയും
39:37
  • وَمَن يَهْدِ ٱللَّهُ فَمَا لَهُۥ مِن مُّضِلٍّ ۗ أَلَيْسَ ٱللَّهُ بِعَزِيزٍ ذِى ٱنتِقَامٍ ﴾٣٧﴿
  • യാതൊരുവന് അല്ലാഹു മാർഗ്ഗദർശനം നല്‍കുന്നുവോ അവനെ വഴിപിഴപ്പിക്കുന്ന ഒരുവനും ഇല്ല. അല്ലാഹു ശിക്ഷാനടപടിയെടുക്കുന്നവനായ പ്രതാപശാലി അല്ലയോ?!
  • وَمَنۡ ആരെങ്കിലും, യാതൊരുവൻ يَهْدِ اللَّـهُ അല്ലാഹു മാർഗ്ഗദർശനം നൽകിയാൽ, വഴികാട്ടിയാൽ فَمَا لَهُ എന്നാൽ അവന്നില്ല مِنۡ مُضِلٍّ ഒരു വഴിപിഴപ്പിക്കുന്നവനും أَلَيْسَ اللَّـهُ അല്ലാഹു അല്ലേ بِعَزِيزٍ പ്രതാപശാലി ذِي انۡتِقَامٍ ശിക്ഷാനടപടിയുടെ ആൾ (ശിക്ഷ നൽകുന്ന)

അല്ലാഹുവിന്റെ അസ്തിത്വം സമ്മതിക്കുന്ന ഏതൊരുവനേയും ഇരുത്തിച്ചിന്തിപ്പിക്കേണ്ടുന്ന ഗൗരവമേറിയ ഒരു വാക്യമത്രെ (أَلَيْسَ ٱللَّهُ بِكَافٍ عَبْدَهُۥ) അല്ലാഹുവിന്റെ അടിയാന്നു അല്ലാഹു പോരേ) എന്ന വാക്യം. അല്ലാഹു അല്ലാതെ ഏതൊന്നിനെയും – അതു കല്ലോ, മണ്ണോ, ഗ്രഹങ്ങളോ, ദേവന്മാരോ, മലക്കുകളോ, ജിന്നുകളോ, പിശാചുക്കളോ മഹാത്മാക്കളോ ആരെങ്കിലും ആയിക്കൊള്ളട്ടെ – ആരാധിക്കുകയോ, വിളിച്ചു പ്രാർത്ഥിക്കുകയോ ചെയ്യുന്നവർ ഈ വ്യക്തമായ സത്യത്തെ ധിക്കരിക്കുകയാണ്. തങ്ങളുടെ എല്ലാ കാര്യങ്ങൾക്കും അല്ലാഹു മതിയാകുകയില്ലെന്ന ധാരണയിൽനിന്നാണല്ലോ അതെല്ലാം ഉണ്ടായിത്തീരുന്നത്.

ഹൂദ് നബി (عليه الصلاة والسلام) യുടെ ജനത അദ്ദേഹത്തോട്, ‘ഞങ്ങളുടെ ചില ദൈവങ്ങൾ നിനക്കു എന്തോ കെടുതി ബാധിപ്പിച്ചിരിക്കുന്നുവെന്നല്ലാതെ ഞങ്ങൾക്കു പറയുവാനില്ല’ (إِن نَّقُولُ إِلَّا اعْتَرَاكَ بَعْضُ آلِهَتِنَا بِسُوءٍ -هود 54) എന്നു പറയുകയുണ്ടായി. അതുപോലെ, തങ്ങളുടെ ദൈവങ്ങളുടെ കോപശാപത്തെക്കുറിച്ച് മുശ്രിക്കുകൾ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യെയും ഭീഷണിപ്പെടുത്താറുണ്ടായിരുന്നു. وَيُخَوِّفُونَكَ بِالَّذِينَ مِن دُونِهِ (അവനു പുറമെയുള്ളവരെക്കൊണ്ടു അവർ നിന്നെ ഭയപ്പെടുത്തുന്നു) എന്നു പറഞ്ഞതു അങ്ങിനെയുള്ള ഭീഷണികളെക്കുറിച്ചാകുന്നു. വിഗ്രഹാരാധനയെ ആക്ഷേപിക്കുന്നവരോടു അവയുടെ ആരാധകൻമാരും, മഹാത്മാക്കളുടെ പേരിൽ നേർച്ച വഴിപാടു മുതലായ ആരാധനാകർമ്മങ്ങൾ നടത്തുന്നതിനെ ആക്ഷേപിക്കുന്നവരോടു തൽകർത്താക്കളും ഇതുപോലെയുള്ള ഭീഷണികൾ പുറപ്പെടുവിക്കാറുണ്ട്. പക്ഷേ, ശിര്‍ക്കിന്റെ യാതൊരു കലർപ്പും കൂടാതെ അല്ലാഹുവിൽ വിശ്വസിക്കുകയും, അവന്റെ അടിയാനായി ജീവിക്കുകയും, നന്മയും തിന്മയും ബാധിക്കുന്നതു അല്ലാഹുവിങ്കൽനിന്നു മാത്രമാണെന്നു ഉറപ്പിക്കുകയും ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം ഇത്തരം ഭീഷണിക്കു യാതൊരു സ്ഥാനവുമില്ലല്ലോ.

39:38
  • وَلَئِن سَأَلْتَهُم مَّنْ خَلَقَ ٱلسَّمَٰوَٰتِ وَٱلْأَرْضَ لَيَقُولُنَّ ٱللَّهُ ۚ قُلْ أَفَرَءَيْتُم مَّا تَدْعُونَ مِن دُونِ ٱللَّهِ إِنْ أَرَادَنِىَ ٱللَّهُ بِضُرٍّ هَلْ هُنَّ كَٰشِفَٰتُ ضُرِّهِۦٓ أَوْ أَرَادَنِى بِرَحْمَةٍ هَلْ هُنَّ مُمْسِكَٰتُ رَحْمَتِهِۦ ۚ قُلْ حَسْبِىَ ٱللَّهُ ۖ عَلَيْهِ يَتَوَكَّلُ ٱلْمُتَوَكِّلُونَ ﴾٣٨﴿
  • ആകാശങ്ങളെയും, ഭൂമിയെയും സൃഷ്‌ടിച്ചതാരാണ് എന്നു നീ അവരോടു ചോദിച്ചുവെങ്കിൽ, നിശ്ചയമായും അവർ പറയും: 'അല്ലാഹു' എന്ന്. പറയുക: (ശരി) എന്നിരിക്കെ, അല്ലാഹുവിനു പുറമെ നിങ്ങൾ വിളി(ച്ചു പ്രാർത്ഥി) ക്കുന്നവയെ കണ്ടുവോ? [അവയെപ്പറ്റി എനിക്കൊന്നു പറഞ്ഞു തരുവിൻ:] അല്ലാഹു വല്ല ഉപദ്രവത്തെയും എനിക്കു ഉദ്ദേശിച്ചെങ്കിൽ, അവന്റെ ഉപദ്രവം നീക്കിക്കളയുന്നവയാണോ അവ?! അല്ലെങ്കിൽ, അവൻ എനിക്കു വല്ലകാരുണ്യത്തെയും ഉദ്ദേശിച്ചാൽ അവന്റെ കാരുണ്യം പിടിച്ചുവെക്കുന്നവയാണോ അവ?!! പറയുക: 'എനിക്കു അല്ലാഹു മതി! ഭരമേൽപ്പിക്കുന്നവർ അവന്റെ മേൽ തന്നെ ഭരമേൽപ്പിക്കുന്നതാണ്.'
  • وَلَئِنۡ سَأَلْتَهُمۡ നീ അവരോടു ചോദിച്ചുവെങ്കിൽ مَنْ خَلَقَ ആർ സൃഷ്ടിച്ചു, സൃഷ്ടിച്ചതാർ السَّمَاوَاتِ ആകാശങ്ങൾ وَالْأَرْضَ ഭൂമിയും لَيَقُولُنَّ തീർച്ചയായും അവർ പറയും اللَّـهُ അല്ലാഹു قُلْ പറയുക أَفَرَأَيْتُمۡ എന്നാൽ (എന്നിരിക്കെ) നിങ്ങൾ കണ്ടുവോ (ഒന്നു പറഞ്ഞുതരിൻ) مَا تَدْعُونَ നിങ്ങൾ വിളിക്കുന്നവയെ مِنۡ دُونِ اللَّـهِ അല്ലാഹുവിനു പുറമെ إِنْ أَرَادَنِيَ എന്നെ (എനിക്കു) ഉദ്ദേശിച്ചാൽ اللَّـهُ അല്ലഹു بِضُرٍّ വല്ല ഉപദ്രവംകൊണ്ടും, കെടുതിയെയും هَلْ هُنَّ അവയാണോ كَاشِفَاتُ നീക്കം ചെയ്യുന്ന (തുറവിയാക്കുന്ന)വ ضُرِّهِ അവന്റെ ഉപദ്രവത്തെ أَوْ أَرَادَنِي അല്ലെങ്കിൽ എന്നെ (എനിക്കു) ഉദ്ദേശിച്ചാൽ بِرَحْمَةٍ വല്ല കാരുണ്യം കൊണ്ടും, അനുഗ്രഹത്തെയും هَلْ هُنَّ അവയാണോ مُمْسِكَاتُ പിടിച്ചുവെക്കുന്നവ, നിറുത്തിവെക്കുന്നവ رَحْمَتِهِ അവന്റെ കാരുണ്യം قُلْ പറയുക حَسْبِيَ എനിക്കു മതി اللَّـهُ അല്ലാഹു عَلَيْهِ يَتَوَكَّلُ അവന്റെമേൽ ഭരമേൽപിക്കും, അർപ്പിക്കുന്നു الْمُتَوَكِّلُونَ ഭരമേൽപിക്കുന്നവർ

ആകാശഭൂമികളുടെ സൃഷ്ടാവു അല്ലാഹുവാണെന്നു അറിവുള്ളതോടുകൂടി, മറ്റേതെങ്കിലും വസ്തുക്കളെ ആരാധിക്കുകയും അവമൂലം നന്മയും തിന്മയും ലഭിച്ചേക്കുമെന്നു വിശ്വസിക്കുകയും ചെയ്യുന്നതു തനി വിഡ്ഢിത്തമാണ്; അല്ലാഹു ഉദ്ദേശിച്ചതിനപ്പുറം യാതൊന്നും ചെയ്‌വാന്‍ ആർക്കും സാദ്ധ്യമല്ല; കാര്യങ്ങൾ ഭരമേൽപ്പിക്കുവാൻ തികച്ചും അർഹനായുള്ളവൻ അല്ലാഹു മാത്രമാണ്; മറ്റുള്ളവരിൽ കാര്യങ്ങൾ അർപ്പിക്കുന്നതു നിഷ്പ്രയോജനമാണ്; തന്റേടമുള്ളവർ അല്ലാഹുവിൽ മാത്രമേ കാര്യങ്ങൾ ഭരമേൽപ്പിക്കുകയുള്ളൂ; അഥവാ അതാണ് വേണ്ടത്; അവനിൽ ഭരമേൽപ്പിച്ചുകഴിഞ്ഞാൽ പിന്നെ മറ്റാരുടെയും സഹായമോ, ഇടപെടലോ ആവശ്യവുമില്ല; എന്നൊക്കെയാണ് ഈ വചനങ്ങൾ ചൂണ്ടിക്കാട്ടുന്നത്.

ഇബ്നു അബ്ബാസ് (رضي الله عنهما) ഉദ്ധരിക്കുന്ന ഒരു ഹദീസിൽ ഇപ്രകാരം വന്നിരിക്കുന്നു: ‘നീ അല്ലാഹുവിനെ കാത്തു കൊള്ളുക, അവൻ നിന്നെ കാക്കും. നീ അല്ലാഹുവിനെ കാക്കുക, നിന്റെ മുമ്പിൽ നിനക്കവനെ കണ്ടെത്താം. സന്തോഷ വേളയിൽ നീ അല്ലാഹുവിങ്കലേക്കു അന്വേഷിച്ചുചെല്ലുക, കാഠിന്യത്തി (ഞെരുക്കത്തി) ന്റെ വേളയിൽ അവൻ നിന്നെ അറിഞ്ഞുകൊള്ളും (സഹായിക്കും). നീ (വല്ലതും) ചോദിക്കുന്നപക്ഷം അല്ലാഹുവിനോടു ചോദിക്കുക. നീ സഹായം തേടുന്നപക്ഷം, അല്ലാഹുവിനെക്കൊണ്ടു സഹായം തേടുക. നീ അറിയണം: അല്ലാഹു നിന്റെ പേരിൽ നിശ്ചയിച്ചിട്ടില്ലാത്ത ഒരു ഉപദ്രവം നിനക്കു ചെയ്‌വാനായി സമുദായം ഒരുമിച്ചുചേർന്നാലും അവർ നിനക്കു യാതൊരു ഉപദ്രവവും വരുത്തുകയില്ല. അല്ലാഹു നിന്റെ പേരിൽ നിശ്ചയിച്ചിട്ടില്ലാത്ത ഒരു ഉപകാരം നിനക്കു ചെയ്‌വാനായി സമൂഹം ഒരുമിച്ചുചേർന്നാലും അവർ നിനക്കു യാതൊരു ഉപകാരവും ചെയ്കയില്ല…. (ابن ابي حاتم)

39:39
  • قُلْ يَٰقَوْمِ ٱعْمَلُوا۟ عَلَىٰ مَكَانَتِكُمْ إِنِّى عَٰمِلٌ ۖ فَسَوْفَ تَعْلَمُونَ ﴾٣٩﴿
  • (നബിയേ) പറയുക: 'എന്റെ ജനങ്ങളേ, നിങ്ങൾ നിങ്ങളുടെ നിലപാടനുസരിച്ച് പ്രവർത്തിച്ചേക്കുവിൻ, ഞാൻ (എന്റെ നിലയനുസരിച്ചും) പ്രവർത്തിക്കുന്നവനത്രെ. എന്നാൽ വഴിയെ നിങ്ങൾക്കു അറിയാറാകും:-
  • قُلْ പറയുക يَا قَوْمِ എന്റെ ജനങ്ങളേ اعْمَلُوا നിങ്ങൾ പ്രവർത്തിക്കുക عَلَی مَكَانَتِكُمْ നിങ്ങളുടെ സ്ഥാനം (നിലപാടു) അനുസരിച്ചു إِنِّي നിശ്ചയമായും ഞാൻ عَامِلٌ പ്രവർത്തിക്കുന്നവനാണ് فَسَوْفَ എന്നാൽ വഴിയെ تَعْلَمُونَ നിങ്ങൾക്കറിയാം
39:40
  • مَن يَأْتِيهِ عَذَابٌ يُخْزِيهِ وَيَحِلُّ عَلَيْهِ عَذَابٌ مُّقِيمٌ ﴾٤٠﴿
  • തന്നെ അപമാനപ്പെടുത്തുന്ന ശിക്ഷ വന്നെത്തുകയും തന്റെ മേൽ (സ്ഥിരമായി) നിലനിൽക്കുന്ന ശിക്ഷ വന്നിറങ്ങുകയും ചെയ്യുന്നതു ആർക്കായിരിക്കുമെന്നു!
  • مَنۡ ആരാണ്, ആർക്കാണ് يَأْتِيهِ അവന്നു വന്നെത്തുക عَذَابٌ ശിക്ഷ يُخْزِيهِ അവനെ അപമാനപ്പെടുത്തുന്ന, വഷളാക്കുന്ന وَيَحِلُّ عَلَيْهِ അവന്റെമേൽ ഇറങ്ങിവരുകയും ചെയ്യും عَذَابٌ مُقِيمٌ നിലനിൽക്കുന്ന ശിക്ഷ

അപമാനപ്പെടുത്തുന്ന -അഥവാ വഷളാക്കുന്ന- ശിക്ഷ എന്നു പറഞ്ഞതു ഭൂമിയിൽവെച്ചുതന്നെ താമസംവിനാ അവർ അനുഭവിക്കുവാൻ പോകുന്ന കൊല, ചിറ, കീഴൊതുങ്ങൽ ആദിയായവയും, നിലനിൽക്കുന്ന ശിക്ഷ എന്നു പറഞ്ഞതു പരലോകശിക്ഷയുമാകുന്നു.

39:41
  • إِنَّآ أَنزَلْنَا عَلَيْكَ ٱلْكِتَٰبَ لِلنَّاسِ بِٱلْحَقِّ ۖ فَمَنِ ٱهْتَدَىٰ فَلِنَفْسِهِۦ ۖ وَمَن ضَلَّ فَإِنَّمَا يَضِلُّ عَلَيْهَا ۖ وَمَآ أَنتَ عَلَيْهِم بِوَكِيلٍ ﴾٤١﴿
  • (നബിയേ) നിശ്ചയമായും നാം, മനുഷ്യർക്കു വേണ്ടി യഥാർത്ഥ (മുറ) പ്രകാരം നിനക്കു വേദഗ്രന്ഥം ഇറക്കിത്തന്നിരിക്കുന്നു. ആകയാൽ, ആരെങ്കിലും സന്മാർഗ്ഗം പ്രാപിച്ചാൽ അതവന്റെ ദേഹത്തിനു (അഥവാ ആത്മാവിനു) തന്നെയാണ് (ഗുണമാവുക). ആരെങ്കിലും വഴി പിഴച്ചു പോയാൽ, അവൻ വഴിപിഴക്കുന്നതും അതിന്റെമേൽ (ദോഷമായിക്കൊണ്ട്) മാത്രമായിരിക്കും. നീ അവരുടെ മേൽ (ബാധ്യത) ഏൽപിക്കപ്പെട്ടവനല്ലതാനും.
  • إِنَّا أَنۡزَلْنَا നിശ്ചയമായും നാം ഇറക്കിയിരിക്കുന്നു عَلَيْكَ നിന്റെ മേൽ, നിനക്കു الْكِتَابَ വേദഗ്രന്ഥം لِلنَّاسِ മനുഷ്യർക്കുവേണ്ടി بِالْحَقِّ യഥാർത്ഥ(മുറ)പ്രകാരം فَمَنِ اهْتَدَى ആകയാൽ ആരെങ്കിലും സൻമാർഗ്ഗം പ്രാപിച്ചാൽ فَلِنَفْسِهِ തനിക്കുതന്നെ, അവന്റെ ദേഹത്തിനു (ആത്മാവിനു) വേണ്ടിയാകുന്നു وَمَنۡ ضَلَّ ആരെങ്കിലും വഴിപിഴച്ചാൽ فَإِنَّمَا يَضِلُّ എന്നാലവൻ വഴിപിഴക്കുന്നു عَلَيْهَا അതിന്റെ മേൽ (ദോഷമായി) മാത്രം وَمَا أَنۡتَ നീ അല്ല عَلَيْهِمۡ അവരുടെ മേൽ بِوَكِيلٍ (ബാധ്യത) ഏൽപിക്കപ്പെട്ടവൻ (ഉത്തരവാദി, അധികാരക്കാരൻ)

നല്ല മാർഗ്ഗവും, ചീത്ത മാർഗ്ഗവും യഥാവിധി വിവരിച്ചുകൊണ്ടുള്ള വേദഗ്രന്ഥം എല്ലാം ജനങ്ങൾക്കുമായി നാം അവതരിപ്പിച്ചുതന്നിട്ടുള്ളതുകൊണ്ട് സത്യം അറിയാതെ എനി ആരും വഴിപിഴച്ചുപോകേണ്ടതായി നേരിടുന്നില്ല. ഓരോരുത്തനും അവന്റെ ഇഷ്ടംപോലെ ഏതു മാർഗ്ഗവും സ്വീകരിക്കാം. പക്ഷേ, അതിന്റെ ഗുണവും ദോഷവും അവനവന്‍ തന്നെ അനുഭവിക്കണം. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യെ സംബന്ധിച്ചിടത്തോളം ആ ഗ്രന്ഥം ജനങ്ങൾക്കു എത്തിച്ചും വിവരിച്ചും കൊടുക്കൽ മാത്രമേ ചുമതലയുള്ളൂ. അതവർ അംഗീകരിക്കാത്തപക്ഷം, അതിന്റെ ബാധ്യതയാകട്ടെ, അവരതു അംഗീകരിച്ചേ തീരൂ എന്ന നിർബ്ബന്ധമാകട്ടെ, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ മേൽ ഇല്ല എന്നു സാരം. മരണാനന്തരമുള്ള ഉയിർത്തെഴുന്നേൽപാണല്ലോ അവിശ്വാസികളുടെ നിഷേധത്തിനു വിധേയമായ ഒരു പ്രധാന വിഷയം. അതിന്റെ സാധ്യതയെ സ്ഥാപിക്കുന്ന ഒരു പ്രത്യേക ദൃഷ്ടാന്തം അടുത്ത വചനത്തിൽ അല്ലാഹു ഓർമ്മപ്പെടുത്തുന്നു: