വിഭാഗം - 5

39:42
 • ٱللَّهُ يَتَوَفَّى ٱلْأَنفُسَ حِينَ مَوْتِهَا وَٱلَّتِى لَمْ تَمُتْ فِى مَنَامِهَا ۖ فَيُمْسِكُ ٱلَّتِى قَضَىٰ عَلَيْهَا ٱلْمَوْتَ وَيُرْسِلُ ٱلْأُخْرَىٰٓ إِلَىٰٓ أَجَلٍ مُّسَمًّى ۚ إِنَّ فِى ذَٰلِكَ لَـَٔايَـٰتٍ لِّقَوْمٍ يَتَفَكَّرُونَ ﴾٤٢﴿
 • (ജീവാത്മാക്കളുള്ള) ദേഹങ്ങളെ അവയുടെ മരണവേളയിൽ അല്ലാഹു പൂർണ്ണമായി (പിടിച്ച്) എടുക്കുന്നു; മരണപ്പെടാത്തവയെ അവയുടെ ഉറക്കിലും (പിടിച്ചെടുക്കുന്നു). എന്നിട്ട് യാതൊന്നിന്റെ മേൽ അവൻ മരണം വിധിച്ചുവോ അതിനെ അവൻ (വിട്ടയക്കാതെ) പിടിച്ചുവെക്കുന്നു; മറ്റേതിനെ ഒരു നിർണ്ണയിക്കപ്പെട്ട അവധിവരെ വിട്ടയക്കുകയും ചെയ്യുന്നു. നിശ്ചയമായും, ചിന്തിക്കുന്ന ആളുകൾക്കു അതിൽ ദൃഷ്ടാന്തങ്ങളുണ്ട്.
 • ٱللَّهُ يَتَوَفَّى അല്ലാഹു പൂർണ്ണമായെടുക്കുന്നു (പിടിച്ചെടുക്കുന്നു) الْأَنۡفُسَ ആത്മാക്കളെ (ജീവാത്മാക്കളെ) ദേഹങ്ങളെ حِينَ مَوْتِهَا അവയുടെ മരണവേളയിൽ, മരിക്കുമ്പോൾ وَالَّتِي യാതൊന്നിനെയും لَمْ تَمُتْ മരണപ്പെടാത്ത فِي مَنَامِهَا അതിന്റെ ഉറക്കിൽ فَيُمْسِكُ എന്നിട്ടവൻ പിടിച്ചുവെക്കുന്നു الَّتِي യാതൊന്നിനെ قَضَی عَلَيْهَا അതിന്റെമേൽ അവൻ വിധിച്ചു الْمَوْتَ മരണം وَيُرْسِلُ വിട്ടയക്കുകയും ചെയ്യും الْأُخْرَى മറ്റേതിനെ إِلَی أَجَلٍ ഒരു അവധിവരെ مُسَمًّى നിർണ്ണയിക്കപ്പെട്ട إِنَّ فِي ذَلِكَ നിശ്ചയമായും അതിലുണ്ടു لآيَاتٍ ദൃഷ്ടാന്തങ്ങൾ لِقَوْمٍ ഒരു ജനതക്കു, ചില ആളുകൾക്കു يَتَفَكَّرُونَ ചിന്തിക്കുന്ന

تَوَفَّى  (‘തവഫ്-ഫാ) എന്ന വാക്കിന്റെ അര്‍ത്ഥം ‘പൂര്‍ത്തിയാക്കി എടുത്തു, തീര്‍ത്തു വാങ്ങി, നിറവേറ്റിയെടുത്തു’ എന്നൊക്കെയാണ്. ഒരാള്‍ക്കു കിട്ടുവാനുള്ള കടം മുഴുവന്‍ വസൂലാക്കിയാല്‍ تَوَفَّى الَّدَيْنٍ (അവന്‍ കടം മുഴുവനും തീര്‍ത്തുവാങ്ങി) എന്നു പറയപ്പെടും. ഒരാള്‍ മരണപ്പെട്ടാല്‍  അയാളുടെ കാലം കഴിഞ്ഞുപോയി എന്ന അര്‍ത്ഥത്തില്‍ َتُوُفّي (തുവുഫ്-ഫിയ’) എന്നു കര്‍മ്മണി പ്രയോഗരൂപത്തി (مجهول) ലും പറയപ്പെടുന്നു. അല്ലാഹു അയാളുടെ കാലം പൂര്‍ത്തിയാക്കി എന്ന അര്‍ത്ഥത്തില്‍ تَوَفَّاه الله (‘തവഫ്-ഫാഹു-ല്ലാഹു’) എന്നും പറയപ്പെടും. ചുരുക്കത്തില്‍ ‘മരണപ്പെടുത്തി’ എന്നോ ‘മരണപ്പെട്ടു’ എന്നോ അല്ല ഈ വാക്കിന്റെ സാക്ഷാല്‍ അര്‍ത്ഥം. കര്‍ത്താവും കര്‍മ്മവും അനുസരിച്ച് ചില സന്ദര്‍ഭങ്ങളില്‍ അതിന്റെ അര്‍ത്ഥം സാക്ഷാല്‍ക്കരിക്കപ്പെടുന്നതു മരണം മുഖേനയായിരിക്കുമെന്നുമാത്രം. മരണവേളയിലും, ഉറങ്ങുന്ന അവസരത്തിലും അല്ലാഹു ആത്മാക്കളെ പിടിച്ചെടുക്കുന്നതിനെപ്പറ്റി ഈ ഒരേ ക്രിയ ഉപയോഗിച്ചുകൊണ്ട് പറഞ്ഞിട്ടുള്ളതില്‍നിന്നുതന്നെ ഈ വസ്തുത മനസ്സിലാക്കാമല്ലോ. സൂ: സജദഃ 11-ാം വചനത്തിന്റെ വിവരണത്തിലും നാം ഇതിനെക്കുറിച്ചു സംസാരിച്ചിട്ടുണ്ട്. ചില തല്‍പരകക്ഷികള്‍ ഈസാ (عليه الصلاة والسلام) മരണപ്പെട്ടുപോയിരിക്കുന്നുവെന്ന തങ്ങളുടെ വാദത്തെ സ്ഥാപിക്കുവാന്‍ ഈ വാക്കു (تَوَفَّى) ചൂഷണം ചെയ്യാറുള്ളതുകൊണ്ടാണ് ഇതിനെപ്പറ്റി പ്രത്യേകം നാം ഉണര്‍ത്തുന്നത്. نَفْس (നഫ്സു) എന്ന വാക്കിന്റെ പല അര്‍ത്ഥങ്ങള്‍ 6-ാം വചനത്തില്‍ നാം വിവരിച്ചതു ഓര്‍ക്കുക.

ജീവനുള്ള ആളുകള്‍ മരണമടയുന്നതോടെ അവരുടെ ആത്മാക്കളെ അല്ലാഹു തീരെ പിടിച്ചെടുക്കുന്നു. അവര്‍ അതോടെ ഇങ്ങിനി മടങ്ങിവരാത്ത വിധം മറ്റൊരു ലോകത്തേക്കു നീങ്ങുകയും ഈ ലോകവുമായുള്ള ബന്ധം അവസാനിക്കുകയും ചെയ്യുന്നു. മരണമടഞ്ഞിട്ടില്ലാത്തവരുടെ ആത്മാവും അല്ലാഹു സദാ പിടിച്ചെടുക്കാറുണ്ട്. അതെ, ഉറങ്ങുന്ന അവസരത്തില്‍, ഉറങ്ങുന്നവന്‍ യഥാര്‍ത്ഥത്തില്‍ മരണമടയുന്നില്ലെങ്കിലും ഏതാണ്ടു മരണമടഞ്ഞവരെപ്പോലെ നിശ്ചേഷ്ടരാകുകയും, ഈ ബാഹ്യലോകബന്ധത്തില്‍നിന്നും കുറെ നേരത്തേക്ക് അകന്നുപോകുകയും ചെയ്യുന്നു. കുറേ കഴിയുമ്പോള്‍ വീണ്ടും അവര്‍ ജീവചൈതന്യമുള്ളവരായിത്തീരുന്നു. ഇതെല്ലാം അല്ലാഹുവിന്റെ പ്രവര്‍ത്തനമത്രെ. അല്‍പമൊന്നു ചിന്തിച്ചുനോക്കുക.

മരണപ്പെട്ടവനില്‍നിന്ന് എന്താണപ്പോള്‍ നഷ്ടപ്പെട്ടതു? ജീവിച്ചിരുന്നപ്പോള്‍ അതു അവനില്‍ എവിടെയായിരുന്നു? അതെവിടെനിന്നു വന്നതായിരുന്നു? ഇപ്പോള്‍ അതെങ്ങോട്ടുപോയി? ഉറങ്ങിക്കിടക്കുന്നവനും മരണപ്പെട്ടവനെപ്പോലെത്തന്നെ നിശ്ചേഷ്ടനാണ്; ബോധരഹിതനുമാണ്. ഇതെങ്ങിനെ സംഭവിച്ചു? അവന്റെ ജീവാത്മാവു വേര്‍പ്പെട്ടുപോയോ? ഇല്ലെങ്കില്‍, ഉണര്‍ച്ചയില്‍ ഉണ്ടായിരുന്ന ഏതൊരു വസ്തുവാണ് അവനില്‍നിന്ന് ഇപ്പോള്‍ നഷ്ടപ്പെട്ടതു? അതിനു കാരണമെന്ത്? ഉണരുന്നതുവരെ അതെവിടെയായിരുന്നു? അതു വീണ്ടും തിരിച്ചുവരാന്‍ കാരണമെന്ത്? തിരിച്ചുകൊണ്ടുവരുന്നതു ആരാണ്? ശ്വാസോച്ഛാസവും, ബോധപൂര്‍വ്വമല്ലാത്ത ചില ചലനങ്ങളും ഉറങ്ങുന്നവനില്‍ അവശേഷിക്കുവാന്‍ മാത്രം അവനില്‍ തങ്ങിനില്‍ക്കുന്ന ജീവാംശം ഏതായിരിക്കും? അവന്‍ കണ്ണടച്ച് അല്‍പസമയത്തിനകം അതുവരെ അവനുണ്ടായിരുന്ന അറിവും, കഴിവും ബോധവുമെല്ലാം പെട്ടന്നു വിട്ടുമാറുന്നതെങ്ങിനെ? ഉണരുന്ന അതേ നിമിഷത്തില്‍തന്നെ അവ വീണ്ടും സിദ്ധമാകത്തക്കവണ്ണം അവ എവിടെയായിരുന്നു ഒളിഞ്ഞിരുന്നത്? ഇതിനിടയില്‍ അജ്ഞാതമായ ഒരു ലോകത്തു -സ്വപ്നലോകത്തുവെച്ചു- അതുവരെ ഊഹിക്കുക പോലും ചെയ്‌വാന്‍ കഴിയാത്ത പല അനുഭവങ്ങളും അവന്‍ അനുഭവിക്കുന്നു. പുറമെയുള്ളവര്‍ക്കു അതൊന്നും അറിയാന്‍ കഴിയുന്നുമില്ല. ഉറങ്ങിക്കിടക്കുന്നവന്റെ ആത്മാവിനുമാത്രം അനുഭവപ്പെടുന്ന ഒന്നല്ല സ്വപ്നമെന്നു തീര്‍ച്ചയാണ്. അവന്റെ ശരീരത്തിനും ചില ആസ്വാദനങ്ങള്‍ സ്വപ്നത്തില്‍ ഉണ്ടാകുന്നുണ്ട്. എന്താണിതിന്റെയെല്ലാം രഹസ്യം? ഉറങ്ങിക്കിടക്കുന്നവന്‍ ചിലപ്പോള്‍ ഉച്ചത്തില്‍ ശബ്ദിക്കുകയോ, എഴുന്നേറ്റു വല്ലതും പ്രവര്‍ത്തിക്കുകയോ ചെയ്യുന്നതു നാം കാണുന്നു. ഉണര്‍ന്നശേഷം അതിനെപ്പറ്റി അറിയുന്നുമില്ല. അവന്റെ ഇച്ഛക്കോ ഉദ്ദേശത്തിനോ അതില്‍ പങ്കുമില്ല. ഇങ്ങിനെയുള്ള ഓരോന്നിനെസംബന്ധിച്ചും ചിന്തിച്ചുനോക്കുക! നിശ്ചയമായും അതിലെല്ലാം ചിന്തിക്കുന്നവര്‍ക്കു പല പാഠങ്ങളും ദൃഷ്ടാന്തങ്ങളും ലഭിക്കുവാനുണ്ട്. (إِنَّ فِي ذَٰلِكَ لَآيَاتٍ لِّقَوْمٍ يَتَفَكَّرُونَ) ഇതെല്ലാം ഒരു വ്യവസ്ഥപ്രകാരം നടത്തിക്കൊണ്ടിരിക്കുന്ന കര്‍ത്താവിനു മരണപ്പെട്ടവരെ വീണ്ടും ജീവിപ്പിക്കുവാനും കഴിയുമെന്നു മനസ്സിലാക്കുവാന്‍ കഴിയാത്ത ബുദ്ധി എത്രമാത്രം ശോചനീയം?!

ബുഖാരി – മുസ്‌ലിം (رحمهما الله) ഉദ്ധരിച്ചിട്ടുള്ള ഒരു നബിവചനത്തിന്റെ സാരം ഇപ്രകാരമാകുന്നു: ‘നിങ്ങളൊരാള്‍ വിരുപ്പിലേക്കു – ഉറങ്ങുവാന്‍ – ചെല്ലുമ്പോള്‍ തന്റെ വസ്ത്രത്തിന്റെ തലപ്പുകൊണ്ടു അതൊന്നു തട്ടിക്കുടഞ്ഞു കൊള്ളട്ടെ, കാരണം അവന്‍ അതു വിട്ടുപോന്നതിനുശേഷം അതില്‍ വല്ലതും സംഭവിച്ചിട്ടുണ്ടോ എന്നവന്നു അറിയുകയില്ലല്ലോ. പിന്നീടു അവന്‍ ഇങ്ങിനെ പറഞ്ഞുകൊള്ളട്ടെ:

بِاسْمِكَ رَبِّي وَضَعْتُ جَنْبِي وَبِكَ أَرْفَعُهُ إِنْ أَمْسَكْتَ نَفْسِي فَارْحَمْهَا وَإِنْ أَرْسَلْتَهَا فَاحْفَظْهَا بِمَا تَحْفَظُ بِهِ عِبَادَكَ الصَّالِحِينَ

(എന്റെ റബ്ബേ, നിന്റെ നാമത്തില്‍ എന്റെ പാര്‍ശ്വം -ശരീരത്തിന്റെ ഭാഗം- ഞാന്‍ ഇതാ വെക്കുന്നു. നിന്നെ കൊണ്ടുതന്നെ ഞാനതിനെ ഉയര്‍ത്തുകയും ചെയ്യും. എന്റെ ആത്മാവിനെ നീ പിടിച്ചുവെക്കുന്നപക്ഷം, അതിനു കരുണ ചെയ്യേണമേ! നീ അതിനെ വിട്ടുതരുന്ന പക്ഷം നിന്റെ സദ്‌വൃത്തരായ അടിയാന്‍മാരെ നീ കാത്തുസൂക്ഷിക്കുന്ന പ്രകാരം നീ എന്നെ കാത്തുസൂക്ഷിക്കുകയും ചെയ്യേണമേ!)

39:43
 • أَمِ ٱتَّخَذُوا۟ مِن دُونِ ٱللَّهِ شُفَعَآءَ ۚ قُلْ أَوَلَوْ كَانُوا۟ لَا يَمْلِكُونَ شَيْـًٔا وَلَا يَعْقِلُونَ ﴾٤٣﴿
 • അതല്ല, അല്ലാഹുവിനു പുറമെ, വല്ല ശുപാർശക്കാരെയും അവർ ഏർപ്പെടുത്തിയിരിക്കുന്നുവോ?! പറയുക: 'അവർ [ആ ശുപാർശക്കാർ] യാതൊന്നും അധീനമാക്കുന്നുമില്ല, (ബുദ്ധികൊണ്ടു) മനസ്സിലാക്കുന്നുമില്ല, എന്നിരുന്നാൽപോലുമോ?!' [എന്നാലും അവരെ ശുപാർശക്കാരായി സ്വീകരിക്കുകയോ?!]
 • أَمِ അതല്ല, അഥവാ اتَّخَذُوا അവർ ആക്കി (ഏർപ്പെടുത്തി)യിരിക്കുന്നുവോ مِنۡ دُونِ اللَّـهِ അല്ലാഹുവിനു പുറമെ شُفَعَاءَ ചില ശുപാർശക്കാരെ قُلْ പറയുക أَوَلَوْ كَانُوا അവർ ആയിരുന്നാൽ പോലുമോ لَا يَمْلِكُونَ അവർ സ്വാധീനമാക്കുന്നില്ല (പ്രാപ്തമാകുന്നില്ല) شَيْئًا യാതൊന്നും, ഒട്ടും وَلَا يَعْقِلُونَ അവർ ഗ്രഹിക്കുന്നുമില്ല, മനസ്സിലാക്കുന്നുമില്ല
39:44
 • قُل لِّلَّهِ ٱلشَّفَـٰعَةُ جَمِيعًا ۖ لَّهُۥ مُلْكُ ٱلسَّمَـٰوَٰتِ وَٱلْأَرْضِ ۖ ثُمَّ إِلَيْهِ تُرْجَعُونَ ﴾٤٤﴿
 • പറയുക: 'അല്ലാഹുവിനാണ് ശുപാർശ മുഴുവനും. [അവന്റെ ഹിതമനുസരിച്ചേ അതു നടക്കൂ]. ആകാശങ്ങളുടെയും, ഭൂമിയുടെയും രാജാധിപത്യം അവന്നാകുന്നു. പിന്നീടു അവനിലേക്കു തന്നെ നിങ്ങൾ മടക്കപ്പെടുകയും ചെയ്യുന്നു'.
 • قُلۡ പറയുക لِلَّـهِ അല്ലാഹുവിനാണ് الشَّفَاعَةُ ശുപാർശ جَمِيعًا മുഴുവനും لَهُ അവന്നാണ് مُلْكُ السَّمَاوَاتِ ആകാശങ്ങളുടെ രാജത്വം, ആധിപത്യം وَالْأَرْضِ ഭൂമിയുടെയും ثُمَّ إِلَيْهِ പിന്നെ അവങ്കലേക്കു تُرْجَعُونَ നിങ്ങൾ മടക്കപ്പെടുന്നു

വിഗ്രഹങ്ങൾ അല്ലാഹുവിന്റെ അടുക്കൽ തങ്ങൾക്കു ശുപാർശ ചെയ്യുമെന്നു മുശ്രിക്കുകൾ പറയുന്നതിനെ പരാമർശിച്ചുകൊണ്ടുള്ളതാണ് ഈ വചനങ്ങൾ. യാതൊരുവിധ കഴിവോ, ബുദ്ധിയോ, ബോധമോ ഇല്ലാത്ത അവയുടെ ശുപാർശ പ്രതീക്ഷിക്കുന്നതിലുള്ള വിഡ്ഢിത്തവും അല്ലാഹുവിന്റെ മുമ്പിൽ ഇഷ്ടം പോലെ ശുപാർശ സമർപ്പിക്കുവാൻ ആർക്കും സാധ്യമല്ലെന്ന വസ്തുതയുമാണ് അവ ചൂണ്ടിക്കാട്ടുന്നത്. ശുപാർശ ചെയ്യുന്നവർക്കു പോലും മുൻകൂട്ടി അനുമതി ലഭിക്കാതെ അല്ലാഹുവിങ്കൽ ശുപാർശ സാധ്യമല്ല. مَنْ ذَا الَّذِي يَشْفَعُ عِنْدَهُ إِلَّا بِإِذْنِهِ (അവന്റെ അനുവാദപ്രകാരമല്ലാതെ അവന്റെ അടുക്കൽ ശുപാർശ ചെയ്യുന്നവർ ആരുണ്ട് ?! (2: 255) وَلَا يَشْفَعُونَ إِلاَّ لِمَنِ ارْتَضَى (അവൻ തൃപ്തിപ്പെട്ടു കൊടുത്തവർക്കല്ലാതെ അവർ ശുപാർശ ചെയ്കയുമില്ല (21: 28).

39:45
 • وَإِذَا ذُكِرَ ٱللَّهُ وَحْدَهُ ٱشْمَأَزَّتْ قُلُوبُ ٱلَّذِينَ لَا يُؤْمِنُونَ بِٱلْـَٔاخِرَةِ ۖ وَإِذَا ذُكِرَ ٱلَّذِينَ مِن دُونِهِۦٓ إِذَا هُمْ يَسْتَبْشِرُونَ ﴾٤٥﴿
 • അല്ലാഹുവിനെക്കുറിച്ചു മാത്രം പ്രസ്താവിക്കപ്പെട്ടാൽ, പരലോകത്തിൽ വിശ്വസിക്കാത്തവരുടെ ഹൃദയങ്ങൾ അറച്ചു ചുളുങ്ങുന്നതാണ്. അവനു പുറമെയുള്ളവരെപ്പറ്റി പ്രസ്താവിക്കപ്പെട്ടാൽ, അപ്പോഴതാ അവർ, സന്തോഷം പ്രകടിപ്പിക്കുകയും ചെയ്യുന്നു!
 • وَإِذَا ذُكِرَ പ്രസ്താവിക്കപ്പെട്ടാൽ, പറയപ്പെട്ടാൽ اللَّـهُ അല്ലാഹുവിനെക്കുറിച്ചു وَحْدَهُ അവൻ മാത്രമായി اشْمَأَزَّتْ അറക്കും, ചുളുങ്ങും (ഇറുകും) قُلُوبُ ഹൃദയങ്ങൾ الَّذِينَ لَا يُؤْمِنُونَ വിശ്വസിക്കാത്തവരുടെ بِالْآخِرَةِ പരലോകത്തിൽ وَإِذَاذُكِرَ പ്രസ്താവിക്കപ്പെട്ടാൽ الَّذِينَ مِنۡ دُونِهِ അവനു പുറമെയുള്ളവരെപ്പറ്റി إِذَا هُمْ അപ്പോഴതാ അവർ يَسْتَبْشِرُونَ സന്തോഷം പ്രകടിപ്പിക്കുന്നു, സന്തുഷ്ടരാകുന്നു

മുശ്രിക്കുകൾ അല്ലാഹുവിന്റെ അസ്തിത്വം നിഷേധിക്കുന്നവരല്ലെങ്കിലും അല്ലാഹുവിനെക്കുറിച്ചു മാത്രം വല്ലതും പ്രസ്താവിക്കപ്പെടുമ്പോൾ – അതിൽ തങ്ങളുടെ ആരാധ്യ വസ്തുക്കൾക്കു സ്ഥാനം കൽപ്പിക്കപ്പെട്ടില്ലെന്ന കാരണത്താൽ – അവരുടെ ഹൃദയത്തിൽ അറപ്പും വെറുപ്പും പ്രകടമാകുന്നു. നേരെ മറിച്ച് തങ്ങളുടെ ദൈവങ്ങളുടെ പേരും കൂടി കൂട്ടിച്ചേർത്തു പറയുകയോ, അല്ലെങ്കിൽ അല്ലാഹുവിന്റെ പേരുപറയാതെ അവയുടെ പേരുകൾ മാത്രം പ്രസ്താവിക്കപ്പെടുകയോ ആണെങ്കിൽ അവർ സന്തുഷ്ടരുമായിരിക്കും. മുസ്‌ലിം സമുദായത്തിൽതന്നെ, ശിർക്കുപരമായ അന്ധവിശ്വാസങ്ങൾ ഹൃദയത്തിൽ സ്ഥലം പിടിച്ചിട്ടുള്ള ചിലരിലും ഈ സ്വഭാവം കാണാറുണ്ടെന്നു വ്യസനപൂർവ്വം പറയേണ്ടിയിരിക്കുന്നു. ‘അല്ലാഹുവിന്റെ കൃപകൊണ്ട്’, ‘അല്ലാഹു സുഖപ്പെടുത്തട്ടെ’, ‘അല്ലാഹുവേ കാക്കണേ’ എന്നൊക്കെ പറയുന്ന സന്ദർഭങ്ങളിൽ, അല്ലാഹുവിന്റെ കൂടെ നേർച്ചക്കാരുടേയോ, ചില ശൈഖൻമാരുടേയോ പേരുകൾ കൂടി കൂട്ടിച്ചേർക്കുന്നതും, അല്ലെങ്കിൽ അല്ലാഹുവിന്റെ പേർ പറയാതിരിക്കുന്നതുമായിരിക്കും അവർക്കു ഇഷ്ടം! ഈ വചനമോ, അല്ലെങ്കിൽ അടുത്ത വചനമോ പോലെയുള്ള ഒരു ആയത്തെങ്കിലും ഇവർ നിഷ്പക്ഷമായി ശ്രദ്ധിച്ചിരുന്നുവെങ്കിൽ തങ്ങളുടെ ഈ അപരാധത്തിന്റെ ഭയങ്കരത ഇവർക്കു മനസ്സിലാക്കാമായിരുന്നു!

39:46
 • قُلِ ٱللَّهُمَّ فَاطِرَ ٱلسَّمَـٰوَٰتِ وَٱلْأَرْضِ عَـٰلِمَ ٱلْغَيْبِ وَٱلشَّهَـٰدَةِ أَنتَ تَحْكُمُ بَيْنَ عِبَادِكَ فِى مَا كَانُوا۟ فِيهِ يَخْتَلِفُونَ ﴾٤٦﴿
 • (നബിയേ) പറയുക: 'അല്ലാഹുവേ, ആകാശങ്ങളെയും, ഭൂമിയെയും (മാതൃകയില്ലാതെ) സൃഷ്ടിച്ചുണ്ടാക്കിയവനേ, അദൃശ്യത്തെയും, ദൃശ്യത്തെയും അറിയുന്നവനേ! നിന്റെ അടിയാന്മാർക്കിടയിൽ, അവർ ഭിന്നിച്ചുകൊണ്ടിരിക്കുന്ന വിഷയത്തിൽ നീ തന്നെ വിധി കൽപിക്കുന്നതാണ്.'
 • قُلِ പറയുക اللَّـهُمَّ അല്ലാഹുവേ فَاطِرَ السَّمَاوَاتِ ആകാശങ്ങളുടെ സൃഷ്ടാവേ, സൃഷ്ടാവായ وَالْأَرْضِ ഭൂമിയുടെയും عَالِمَ الْغَيْبِ അദൃശ്യം അറിയുന്നവനേ, അറിയുന്നവനായ وَالشَّهَادَةِ ദൃശ്യവും (പ്രത്യക്ഷമായതും) أَنۡتَ تَحْكُمُ നീ (തന്നെ) വിധി കൽപിക്കുന്നതാണ് بَيْنَ عِبَادِكَ നിന്റെ അടിയാന്മാർക്കിടയിൽ فِي مَا യാതൊന്നിൽ كَانُوا فِيهِ അതിൽ അവരായിരുന്നു يَخْتَلِفُونَ ഭിന്നിച്ചുകൊണ്ടിരിക്കും

അതിമഹത്തായ ഒരു പ്രാർത്ഥനാ കീർത്തനം! നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിക്കും സത്യവിശ്വാസികൾക്കും മനശ്ശാന്തിയും, അവിശ്വാസികൾക്കു താക്കീതും അടങ്ങുന്ന ഈ പ്രാർത്ഥനാ വാക്യങ്ങൾ അല്ലാഹു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ക്കു പഠിപ്പിക്കുന്നു. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യാകട്ടെ, അതു അനുഷ്ഠാനത്തിൽ വരുത്തുകയും ചെയ്തിരിക്കുന്നു. നാമും അതിനെ പിൻപറ്റേണ്ടതുണ്ടെന്നു പറയേണ്ടതില്ല. രാത്രി സുന്നത്തു നമസ്കാരം തുടങ്ങുന്ന അവസരത്തിൽ തിരുമേനി ഇപ്രകാരം പറയാറുണ്ടായിരുന്നുവെന്നു ആയിശ (رضي الله عنهما) നിവേദനം ചെയ്തിരിക്കുന്നു!

اَللّهُمَّ رَبَّ جِبرِيلَ وَ مِيكَائيلَ وَ إسرَافِيلَ فَاطِرَ السَّمَاوَاتِ وَالأرضِ عَالِمَ الغَيبِ وَ الشَهادَةِ أنتَ تَحكُمُ بَينَ عِبَادِكَ فِيمَا كَانُو فِيهِ يَختَلِفُونَ. إهدِنِي لِمَ اختُلِفَ فِيهِ من الحَقِّ بِإذنِكَ إنَّكَ تَهدِى مَن يَشآءُ إلَى صِراطٍ مُّستَقِيم – مسلم و أبو داود و البيهقي

 (അല്ലാഹുവേ! ജിബ്രീലിന്റെയും മീകാഈലിന്റെയും ഇസ്രാഫീലിന്റെയും രക്ഷിതാവേ! ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടി കർത്താവേ! അദൃശ്യവും ദൃശ്യവും അറിയുന്നവനേ! നിന്റെ അടിയാൻമാർ ഭിന്നിച്ചുകൊണ്ടിരിക്കുന്ന കാര്യത്തിൽ അവർക്കിടയിൽ നീ തന്നെ വിധി കൽപ്പിക്കുന്നു. ഭിന്നിപ്പിനു വിധേയമായിട്ടുള്ള യഥാർത്ഥത്തിലേക്കു നിന്റെ അനുമതി പ്രകാരം എനിക്കു നീ മാർഗ്ഗദർശനം നൽകേണമേ! നിശ്ചയമായും നീ ഉദ്ദേശിക്കുന്നവരെ നീ നേരായ പാതയിലേക്കു വഴി കാട്ടുന്നതാണ്. (മു: ദാ: ബ.) ഏതാണ്ടു ഇതുപോലെയുള്ള വേറെയും ഹദീസുകൾ കാണാം.

39:47
 • وَلَوْ أَنَّ لِلَّذِينَ ظَلَمُوا۟ مَا فِى ٱلْأَرْضِ جَمِيعًا وَمِثْلَهُۥ مَعَهُۥ لَٱفْتَدَوْا۟ بِهِۦ مِن سُوٓءِ ٱلْعَذَابِ يَوْمَ ٱلْقِيَـٰمَةِ ۚ وَبَدَا لَهُم مِّنَ ٱللَّهِ مَا لَمْ يَكُونُوا۟ يَحْتَسِبُونَ ﴾٤٧﴿
 • അക്രമം പ്രവർത്തിച്ചവർക്കു ഭൂമിയിലുള്ളതു മുഴുവനും, അതോടുകൂടി അതിന്റെ അത്രയുംകൂടി ഉണ്ടായിരുന്നാലും, ഖിയാമത്തുനാളിൽ, കടുത്ത ശിക്ഷനിമിത്തം അവരതു (മുഴുവനും) തെണ്ടം കൊടുത്തേക്കുന്നതാണ്. അവർ കണക്കു കൂട്ടിയിട്ടില്ലാത്ത (പലതും) അല്ലാഹുവിങ്കൽനിന്ന് അവർക്കു വെളിവാകുകയും ചെയ്യും.
 • وَلَوْ أَنَّ ഉണ്ടായിരുന്നുവെങ്കിൽ لِلَّذِينَ ظَلَمُوا അക്രമം ചെയ്തവരാകട്ടെ مَا فِي الْأَرْضِ ഭൂമിയിലുള്ളതു جَمِيعًا മുഴുവനും وَمِثْلَهُ അതിന്റെ അത്രയും مَعَهُ അതോടുകൂടി لَافْتَدَوْا بِهِ അവരതു തെണ്ടം കൊടുക്കുന്നതാണ് (അതു കൊടുത്തു മോചനം തേടും) مِنۡ سُوءِ الْعَذَابِ ശിക്ഷയുടെ കെടുതി (കഠിന ശിക്ഷ) നിമിത്തം يَوْمَ الْقِيَامَةِ ക്വിയാമത്തുനാളിൽ وَبَدَا لَهُمۡ അവർക്കു വെളിവാകുക (വ്യക്തമാകുക)യും ചെയ്യും مِنَ اللَّـهِ അല്ലാഹുവിങ്കൽനിന്നു مَا لَمْ يَكُونُوا അവർ ആയിരുന്നില്ലാത്തതു يَحْتَسِبُونَ കണക്കാക്കുക, വിചാരിക്കും
39:48
 • وَبَدَا لَهُمْ سَيِّـَٔاتُ مَا كَسَبُوا۟ وَحَاقَ بِهِم مَّا كَانُوا۟ بِهِۦ يَسْتَهْزِءُونَ ﴾٤٨﴿
 • അവർ സമ്പാദിച്ചുവെച്ചതിന്റെ തിന്മകളും അവർക്കു വെളിപ്പെടും; അവർ യാതൊന്നിനെക്കുറിച്ചു പരിഹാസം കൊണ്ടിരുന്നുവോ അതു അവരിൽ (വന്നു) വലയം ചെയ്യുകയും ചെയ്യും.
 • وَبَدَا لَهُمْ അവർക്കു വെളിവാകുകയും ചെയ്യും سَيِّئَاتُ തിൻമകൾ (കെടുതികൾ) مَا كَسَبُوا അവർ സമ്പാദിച്ച(പ്രവർത്തിച്ച)തിന്റെ وَحَاقَ بِهِمۡ അവരിൽ(വന്നു) വലയം ചെയ്കയും ചെയ്യും مَا യാതൊന്നു كَانُوا بِهِ അതിനെക്കുറിച്ചു അവരായിരുന്നു يَسْتَهْزِئُونَ പരിഹാസം കൊള്ളും

അക്രമികൾക്കു അവരുടെ പ്രവർത്തനഫലമായി പരലോകത്തുവെച്ച് കഠിനശിക്ഷ അനുഭവപ്പെടുമ്പോൾ, അതിൽനിന്നു മോചനം ലഭിക്കുവാൻ വേണ്ടി എന്തുപോലും തെണ്ടം കൊടുത്തും രക്ഷനേടുവാൻ അവർ തയ്യാറായിരിക്കും. പക്ഷേ, ഫലമെന്ത്?! തങ്ങൾക്കു ഊഹിക്കുവാൻപോലും കഴിഞ്ഞിരുന്നില്ലാത്ത കഠിനകഠോരങ്ങളായ ശിക്ഷകളായിരിക്കും അവിടെ അനുഭവപ്പെടുക. മുമ്പവർക്കു അനുമാനിക്കുവാന്‍പോലും കഴിയാതിരുന്ന പല യാഥാർത്ഥ്യങ്ങളും അവർക്കു വ്യക്തമാകുകയും ചെയ്യും. അല്ലാഹു നമ്മെ കാത്തുരക്ഷിക്കട്ടെ. ആമീൻ. മിക്ക മനുഷ്യരിലും കാണപ്പെടുന്ന ഒരു പൊതുസ്വഭാവം അടുത്ത ആയത്തിൽ അല്ലാഹു വിവരിക്കുന്നു:-

39:49
 • فَإِذَا مَسَّ ٱلْإِنسَـٰنَ ضُرٌّ دَعَانَا ثُمَّ إِذَا خَوَّلْنَـٰهُ نِعْمَةً مِّنَّا قَالَ إِنَّمَآ أُوتِيتُهُۥ عَلَىٰ عِلْمٍۭ ۚ بَلْ هِىَ فِتْنَةٌ وَلَـٰكِنَّ أَكْثَرَهُمْ لَا يَعْلَمُونَ ﴾٤٩﴿
 • എന്നാൽ, മനുഷ്യനെ വല്ല ഉപദ്രവവും സ്പർശിച്ചാൽ അവൻ നമ്മെ വിളി(ച്ചു പ്രാർത്ഥി)ക്കുന്നതാണ്; പിന്നീടു നമ്മുടെ പക്കൽനിന്ന് വല്ല അനുഗ്രഹവും നാം അവനു (ദാനമായി) അധീനപ്പെടുത്തിക്കൊടുത്താൽ അവൻ പറയും: 'നിശ്ചയമായും, ഇതെനിക്കു നല്‍കപ്പെട്ടിരിക്കുന്നതു (തക്കതായ) അറിവോടെതന്നെയാണ്' എന്നു! പക്ഷേ, അതൊരു പരീക്ഷണമാകുന്നു. എങ്കിലും, അവരിൽ അധികമാളും അറിയുന്നില്ല.
 • فَإِذَا مَسَّ എന്നാൽ ബാധിച്ചാൽ, തൊട്ടാൽ, സ്പർശിച്ചാൽ الْإِنۡسَانَ മനുഷ്യനെ ضُرٌّ വല്ല ഉപദ്രവും دَعَانَا അവൻ നമ്മെ വിളിക്കും ثُمَّ പിന്നീടു إِذَا خَوَّلْنَاهُ അവന്നു നാം അധീനമാക്കി (ദാനമായി)ക്കൊടുത്താൽ نِعْمَةً مِنَّا നമ്മിൽനിന്നു വല്ല അനുഗ്രഹവും قَالَ അവൻ പറയും إِنَّمَا أُوتِيتُهُ നിശ്ചയമായും അതെനിക്കു നൽകപ്പെട്ടിരിക്കുന്നു عَلَی عِلْمٍ അറിവോടെത്തന്നെ, അറിവുള്ളതിന്റെ പേരിൽ بَلْ هِيَ പക്ഷേ അതു فِتْنَةٌ ഒരു പരീക്ഷണമാണ് وَلَـكِنَّ أَكْثَرَهُمْ എങ്കിലും അവരിൽ അധികമാളും لَا يَعْلَمُونَ അറിയുന്നില്ല

عَلَى عِلمٍ (അറിവോടെത്തന്നെ) എന്ന വാക്കിനു രണ്ടു പ്രകാരത്തിൽ വിവക്ഷ നൽകപ്പെടാവുന്നതാണ്.

(1) എനിക്കു വേണ്ടത്ര അറിവും സാമർത്ഥ്യവും ഉള്ളതാണ് ഇതു ലഭിക്കുവാൻ കാരണം എന്നും,

(2) അല്ലാഹുവിനു എന്റെ അർഹതയെക്കുറിച്ചു ശരിക്കു അറിയുന്നതുകൊണ്ടാണിതു ലഭിച്ചതു എന്നും.

തത്വത്തിൽ രണ്ടും ഒന്നുതന്നെ. ആപത്തും വിഷമവും വരുമ്പോൾ വിനയവും ഭക്തിയും പ്രദർശിപ്പിക്കുകയും, സുഖസൗകര്യങ്ങൾ ലഭിക്കുമ്പോൾ അതെല്ലാം തങ്ങളുടെ യോഗ്യതകൊണ്ടു സിദ്ധിച്ചതാണെന്നു അഹങ്കരിക്കുകയും ചെയ്യുമെന്നു സാരം. ഇതു അല്ലാഹുവിനോടുള്ള നന്ദികേടാണെന്നു മാത്രമല്ല, ധിക്കാരബുദ്ധിയും കൂടിയാണല്ലോ. ഇതിന്റെ അനന്തരഫലം അല്ലാഹു പറയുന്നതു നോക്കുക:

39:50
 • قَدْ قَالَهَا ٱلَّذِينَ مِن قَبْلِهِمْ فَمَآ أَغْنَىٰ عَنْهُم مَّا كَانُوا۟ يَكْسِبُونَ ﴾٥٠﴿
 • ഇവരുടെ മുമ്പുള്ളവർ ഇതു [ഇങ്ങിനെയുള്ള വാക്ക്] പറയുകയുണ്ടായിട്ടുണ്ട്. എന്നിട്ട് അവർ സമ്പാദിച്ചുവെച്ചിരുന്നതു അവർക്കു പ്രയോജനപ്പെട്ടില്ല;-
 • قَدْ قَالَهَا അതു പറയുകയുണ്ടായിട്ടുണ്ടു الَّذِينَ യാതൊരു കൂട്ടർ مِنۡ قَبْلِهِمْ അവരുടെ (ഇവരുടെ) മുമ്പുള്ള فَمَا أَغْنَى എന്നിട്ട് പ്രയോജനപ്പെട്ടില്ല, ഐശ്വര്യമാക്കിയില്ല عَنْهُمۡ അവർക്കു مَا كَانُوا يَكْسِبُونَ അവർ സമ്പാദിച്ചു (പ്രവർത്തിച്ചു) കൊണ്ടിരുന്ന
39:51
 • فَأَصَابَهُمْ سَيِّـَٔاتُ مَا كَسَبُوا۟ ۚ وَٱلَّذِينَ ظَلَمُوا۟ مِنْ هَـٰٓؤُلَآءِ سَيُصِيبُهُمْ سَيِّـَٔاتُ مَا كَسَبُوا۟ وَمَا هُم بِمُعْجِزِينَ ﴾٥١﴿
 • അങ്ങനെ, അവർ സമ്പാദിച്ചതിന്റെ തിന്മകൾ അവർക്കു ബാധിച്ചു. (അതുപോലെ) ഇക്കൂട്ടരിൽനിന്നും അക്രമം പ്രവർത്തിച്ചിട്ടുള്ളവരാകട്ടെ, തങ്ങൾ സമ്പാദിച്ചു വെച്ചിട്ടുള്ളതിന്റെ തിന്മകൾ അവർക്കും അടുത്ത് ബാധിക്കുന്നതാകുന്നു: അവർ (അല്ലാഹുവിനെ പരാജയപ്പെടുത്തി) അസാധ്യമാക്കുന്നവരല്ലതാനും.
 • فَأَصَابَهُمْ അങ്ങനെ അവർക്കു ബാധിച്ചു سَيِّئَاتُ مَا യാതൊന്നിന്റെ കെടുതികൾ كَسَبُوا അവർ സമ്പാദിച്ച, പ്രവർത്തിച്ച وَالَّذِينَ ظَلَمُوا അക്രമം ചെയ്തവരാകട്ടെ مِنْ هَـؤُلَاءِ ഇക്കൂട്ടരിൽനിന്നു سَيُصِيبُهُمْ ഉടനെ അവർക്കു ബാധിക്കും سَيِّئَاتُ കെടുതി (തിന്മ)കൾ مَا كَسَبُوا അവർ സമ്പാദിച്ചതിന്റെ وَمَا هُمۡ അവരല്ലതാനും بِمُعْجِزِينَ അസാധ്യമാക്കുന്നവർ
39:52
 • أَوَلَمْ يَعْلَمُوٓا۟ أَنَّ ٱللَّهَ يَبْسُطُ ٱلرِّزْقَ لِمَن يَشَآءُ وَيَقْدِرُ ۚ إِنَّ فِى ذَٰلِكَ لَـَٔايَـٰتٍ لِّقَوْمٍ يُؤْمِنُونَ ﴾٥٢﴿
 • അവർക്കറിഞ്ഞുകൂടേ, അല്ലാഹു ഉദ്ദേശിക്കുന്നവർക്കു അവൻ ഉപജീവനം വിശാലപ്പെടുത്തിക്കൊടുക്കുകയും, (ഉദ്ദേശിക്കുന്നവർക്കു) കുടുസ്സാക്കുകയും ചെയ്യുന്നുവെന്ന് ?! നിശ്ചയമായും അതിൽ വിശ്വസിക്കുന്ന ജനങ്ങൾക്കു ദൃഷ്ടാന്തങ്ങളുണ്ട്.
 • أَوَلَمْ يَعْلَمُوا അവർക്കറിഞ്ഞുകൂടേ أَنَّ اللَّـهَ നിശ്ചയമായും അല്ലാഹു يَبْسُطُ വിശാലമാക്കുന്നു (എന്നു) الرِّزْقَ ഉപജീവനം, ആഹാരം لِمَنۡ يَشَاءُ അവൻ ഉദ്ദേശിക്കുന്നവർക്കു وَيَقْدِرُ അവൻ കുടുസ്സാക്കുക(കണക്കാക്കുക)യും ചെയ്യും إِنَّ فِي ذَالِكَ നിശ്ചയമായും അതിലുണ്ട് لَآيَاتٍ ദൃഷ്‌ടാന്തങ്ങൾ لِقَوۡمٍ ഒരു ജനതക്കു يُؤْمِنُونَ വിശ്വസിക്കുന്ന

ഈ വചനത്തിന്റെ ആശയം സൂ: സബഅ് 39ലും മറ്റും വിവരിക്കപ്പെട്ടിട്ടുള്ളതാണ്. എനി കൂടുതൽ ആവർത്തിക്കേണ്ടതില്ല. അവിശ്വാസികളെ സംബന്ധിച്ച പല താക്കീതുകളും, ആക്ഷേപങ്ങളുമായിരുന്നു കഴിഞ്ഞ കുറെ ആയത്തുകളിലെ പ്രതിപാദ്യവിഷയങ്ങൾ. തുടർന്നുള്ള ചില വചനങ്ങളിൽ അല്ലാഹു സത്യവിശ്വാസികൾക്കു ആശ്വാസവും ആവേശവും നൽകുന്നു:-

വിഭാഗം - 6

39:53
 • قُلْ يَـٰعِبَادِىَ ٱلَّذِينَ أَسْرَفُوا۟ عَلَىٰٓ أَنفُسِهِمْ لَا تَقْنَطُوا۟ مِن رَّحْمَةِ ٱللَّهِ ۚ إِنَّ ٱللَّهَ يَغْفِرُ ٱلذُّنُوبَ جَمِيعًا ۚ إِنَّهُۥ هُوَ ٱلْغَفُورُ ٱلرَّحِيمُ ﴾٥٣﴿
 • (നബിയേ, എന്റെ അടിയൻമാരോടു ഞാൻ പ്രസ്താവിച്ചതായി) പറയുക: 'തങ്ങളുടെ (സ്വന്തം) ആത്മാക്കളോട് അതിരു കവിഞ്ഞു പോയിട്ടുള്ള എന്റെ അടിയാൻമാരേ, നിങ്ങൾ അല്ലാഹുവിന്റെ കാരുണ്യത്തെ സംബന്ധിച്ചു നിരാശപ്പെട്ടുപോകരുതു! നിശ്ചയമായും അല്ലാഹു പാപങ്ങളെ മുഴുവനും പൊറുക്കുന്നതാകുന്നു. നിശ്ചയമായും അവൻ തന്നെയാണ് വളരെ പൊറുക്കുന്നവനും, കരുണാനിധിയുമായുള്ളവൻ.
 • قُلْ പറയുക يَا عِبَادِيَ എന്റെ അടിയാന്മാരേ الَّذِينَ أَسْرَفُوا അതിരു കവിഞ്ഞവരായ عَلَی أَنۡفُسِهِمْ തങ്ങളുടെ ആത്മാക്കളോടു لَا تَقْنَطُوا നിങ്ങൾ നിരാശപ്പെടരുതു, ആശ മുറിയരുതു مِنۡ رَحْمَةِ اللَّـهِ അല്ലാഹുവിന്റെ കാരുണ്യത്തെ സംബന്ധിച്ചു إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു يَغْفِرُ الذُّنُوبَ അവൻ പാപങ്ങൾ പൊറുക്കും جَمِيعًا മുഴുവൻ إِنَّهُ هُوَ തീർച്ചയായും അവൻ തന്നെ الْغَفُورُ വളരെ പൊറുക്കുന്നവൻ الرَّحِيمُ കരുണാനിധി

അതിമഹത്തായ ഒരു സന്തോഷ വാർത്ത! അത്യുദാരമായ ഒരു വാഗ്ദാനം! കുറ്റങ്ങളും പാപങ്ങളും വഴി അവനവനു തന്നെ നാശം വരുത്തിവെക്കുന്ന ആളുകളിൽ അതു പ്രഖ്യാപനം ചെയ്‍വാൻ പരമകാരുണികനായ അല്ലാഹു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയോടു കൽപിക്കുകയാണ്. അതിലെ ഓരോ വാക്കും ഒന്ന് പരിശോധിച്ച് നോക്കുക!

يَا عِبَادِيَ (എന്റെ അടിയാന്മാരേ) എന്ന കാരുണ്യത്തിന്റെ സംജ്ഞ നൽകിക്കൊണ്ടാണു അല്ലാഹു അവരെ വിളിക്കുന്നത്.ഏതു മഹാപാപിക്കും ആശ്വാസം നൽകുന്നതും അകംനിറഞ്ഞ ആവേശത്തോടുകൂടി സ്വയം പശ്ചാത്തപിച്ചു പിൻമടങ്ങുവാൻ പ്രേരിപ്പിക്കുന്നതുമായ ഒരു മുഖവുരയോടുകൂടിയാണു അവരെ അതു കേൾപിക്കുന്നതും. അതെ, لَا تَقْنَطُوا۟ مِن رَّحْمَةِ ٱللَّهِ ۚ (നിങ്ങൾ അല്ലാഹുവിന്റെ കാരുണ്യത്തെ സംബന്ധിച്ചു നിരാശപ്പെട്ടുപോകരുത്) എന്ന്! തുടർന്നുകൊണ്ടു അവരെ അറിയിക്കുന്നതോ? നിശ്ചയമായും അല്ലാഹു പാപങ്ങളെല്ലാം പൊറുക്കുന്നതാണ് (إِنَّ ٱللَّهَ يَغْفِرُ ٱلذُّنُوبَ جَمِيعًا) പാപങ്ങൾ പൊറുക്കുന്നതിൽ യാതൊരു പിശുക്കും അവനില്ല.അത്രയുമല്ല, അതവനു വളരെ ഇഷ്ടവും കൂടിയാണ്. അവന്റെ അടിയാന്മാർക്കു പാപമോചനം നൽകുവാനും, കരുണ ചെയ്‌വാനും അവനല്ലാതെ മാറ്റാരാണുള്ളത്?! ആരും ഇല്ല.

إِنَّهُۥ هُوَ ٱلْغَفُورُ ٱلرَّحِيمُ)) നിശ്ചയമായും അവൻ തന്നെയാണ് വളരെ പൊറുക്കുന്നവനും കരുണാനിധിയും.) എത്ര മഹത്തായ സന്തോഷവാർത്ത!

ഒരു ആയത്തിൽ അല്ലാഹു പറയുന്നു: ‘എന്റെ കാരുണ്യം എല്ലാ വസ്തുക്കൾക്കും വിശാലമായിരിക്കയാണ്.’ (وَرَحْمَتِي وَسِعَتْ كُلَّ شَيْءٍ: الاعراف : ١٥٦). അല്ലാഹുവിന്റെ മഹത്തായ കാരുണ്യത്തിന്റെ നൂറിൽ ഒരംശം മാത്രമേ ഈ ഭൂമിയിലേക്കു അവൻ പ്രത്യക്ഷപ്പെടുത്തിയിട്ടുള്ളുവെന്നും, ആ ഒരംശം നിമിത്തമാണ് ഈ ഭൂമുഖത്തുള്ള വസ്തുക്കളെല്ലാം പരസ്പരം കാണിക്കുന്ന ദയയെന്നും ബാക്കി തൊണ്ണൂറ്റി ഒമ്പതു ഭാഗവും ഖിയാമത്തുനാളിൽ അല്ലാഹു പ്രത്യക്ഷപ്പെടുത്തുമെന്നും നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അരുളിച്ചെയ്യുന്ന ഒരു ഹദീസ് ഇമാം ബുഖാരിയും മുസ്‌ലിമും (رحمهما الله) ഉദ്ധരിച്ചിരിക്കുന്നു.

അല്ലാഹുവിന്റെ കാരുണ്യത്തിലും ദയവിലും നിരാശപ്പെടുവാൻ ഒരു സത്യവിശ്വാസിക്കും പാടില്ലാത്തതാകുന്നു. അതു അല്ലാഹുവിനെക്കുറിച്ചുള്ള തെറ്റായ ധാരണകളിൽനിന്നു ഉളവാകുന്നതും,സ്വന്തം ഭാവിയെ അപകടത്തിലാക്കുന്നതുമാകുന്നു. അതുകൊണ്ടാണ് ഇബ്രാഹിം നബി( عليه وسلم ) ഇങ്ങിനെ പറഞ്ഞത് :

قَالَ وَمَن يَقْنَطُ مِن رَّحْمَةِ رَبِّهِ إِلَّا الضَّالُّونَ – الحجر ٥٦

(ആരാണ് തന്റെ റബ്ബിന്റെ കാരുണ്യത്തെക്കുറിച്ചു നിരാശപ്പെടുക -വഴി പിഴച്ചവരല്ലാതെ!) യഅ്ഖൂബ് നബി (عليه وسلم) പറഞ്ഞു:

إِنَّهُ لَا يَيْأَسُ مِن رَّوْحِ اللَّـهِ إِلَّا الْقَوْمُ الْكَافِرُونَ – يوسف ٨٧

(അല്ലാഹുവിൽനിന്നുള്ള ആശ്വാസത്തെക്കുറിച്ച് അവിശ്വാസികളല്ലാതെ ആശ മുറിയുന്നതല്ല) അല്ലാഹു പറഞ്ഞതായി നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഇങ്ങിനെ ഉദ്ധരിക്കുന്നു:

أَنَا عِنْدَ ظَنِّ عَبْدِي بِي – متفق

(എന്റെ അടിയാൻ എന്നെപ്പറ്റി ധരിക്കുന്നതിനനുസരിച്ചായിരിക്കും ഞാൻ. (ബു ; മു.)

അല്ലാഹുവിന്റെ കാരുണ്യത്തെക്കുറിച്ചു നിരാശപ്പെടുവാൻ പാടില്ലെന്നും, എല്ലാ പാപങ്ങളും അവൻ പൊറുക്കുമെന്നും പറഞ്ഞതുകൊണ്ടു ഓരോരുത്തനും ഇഷ്ടംപോലെ പാപം ചെയ്യാമെന്നോ, ചെയ്തുകഴിഞ്ഞ പാപങ്ങളെക്കുറിച്ച് ഒന്നും ഭയപ്പെടേണ്ടതില്ലെന്നോ അതിനർത്ഥമില്ല. അതു കേവലം മൗഢ്യവും ധിക്കാരവുമത്രെ. എന്തുതന്നെ തെറ്റുകുറ്റങ്ങൾ ഒരാൾ ചെയ്തുപോയിട്ടുണ്ടെങ്കിലും അവനു നിരാശക്കു അവകാശമില്ല. അവൻ പശ്ചാതപിക്കുകയും പാപമോചനം തേടുകയും ചെയ്താൽ അല്ലാഹു അതെല്ലാം വിട്ടുകൊടുത്തു മാപ്പുനൽകും എന്നത്രെ ആ പറഞ്ഞതിന്റെ ഉദ്ദേശ്യം. മാത്രമല്ല, പശ്ചാത്തപിക്കുന്നവർക്ക് മാപ്പു നൽകുന്നതിൽ അല്ലാഹുവിനു യാതൊരു വൈമനസ്യമോ പിശുക്കോ ഇല്ല, അതവനു വളരെ ഇഷ്ടവും കൂടിയാണുതാനും. മനുഷ്യൻ പശ്ചാത്തപിച്ചു മടങ്ങുന്നതിൽ അല്ലാഹുവിനുള്ള സന്തോഷത്തിന്റെ ആധിക്യത്തെ ഒരു ഉദാഹരണത്തിലൂടെ നബി (صلى الله عليه وسلم) ഒരു ഹദീസിൽ ഇപ്രകാരം വിവരിച്ചിരിക്കുന്നു: ‘ഒരാളുടെ വാഹനമായ ഒട്ടകം ഒരു മരുഭൂമിയിൽവെച്ച് വിറളിയെടുത്തു ഓടിപ്പോയി. അവന്റെ ഭക്ഷണപാനീയങ്ങളെല്ലാം അതിന്റെ പുറത്തായിരുന്നു. അവൻ നിരാശയോടും ക്ഷീണത്തോടുംകൂടി ഒരു മരത്തണലിൽ അഭയം തേടി. (ഒട്ടകത്തെ കണ്ടുകിട്ടാത്തപക്ഷം അവന്റെ ഭാവി അപകടത്തിലാണല്ലോ.) അങ്ങനെയിരിക്കെ, പെട്ടെന്നു ആ കാണാതായ വാഹനം അതിന്റെ പുറത്തുള്ള സാമാനങ്ങളോടുകൂടി മുമ്പിൽ പ്രത്യക്ഷപ്പെടുകയും തന്റെ ഹിതത്തിനു വഴങ്ങുകയും ചെയ്തു. അപ്പോൾ ആ വാഹനക്കാരൻ സന്തോഷാധിക്യം നിമിത്തം മതിമറന്നു അബദ്ധത്തിൽ ഇങ്ങിനെ പറഞ്ഞുപോയി: ‘അല്ലാഹുവേ, നീ എന്റെ അടിയാനാണ്. ഞാൻ നിന്റെ രക്ഷിതാവും!’ഈ മനുഷ്യനുണ്ടാകുന്ന സന്തോഷത്തേക്കാൾ കൂടുതൽ സന്തോഷമായിരിക്കും അല്ലാഹുവിന്റെ അടിയാൻ പശ്ചാത്തപിച്ചു മടങ്ങുന്നതിൽ അല്ലാഹുവിനുള്ള സന്തോഷം. (كما في مسلم) ഏതൊരു പാപാത്തിൽനിന്നും പശ്ചാത്തപിച്ചു മടങ്ങുന്നതു മരണം വന്നെത്തുന്നതിനും മുമ്പായിരിക്കേണ്ടതുണ്ട്. മരണവേളയിലെ പശ്ചാത്താപം സ്വീകാര്യമായിരിക്കയില്ല, അല്ലാഹു പറയുന്നു:

إِنَّمَا التَّوْبَةُ عَلَى اللَّـهِ لِلَّذِينَ يَعْمَلُونَ السُّوءَ بِجَهَالَةٍ ثُمَّ يَتُوبُونَ مِن قَرِيبٍ فَأُولَـٰئِكَ يَتُوبُ اللَّـهُ عَلَيْهِمْ ۗ وَكَانَ اللَّـهُ عَلِيمًا حَكِيمًا ﴿١٧﴾ وَلَيْسَتِ التَّوْبَةُ لِلَّذِينَ يَعْمَلُونَ السَّيِّئَاتِ حَتَّىٰ إِذَا حَضَرَ أَحَدَهُمُ الْمَوْتُ قَالَ إِنِّي تُبْتُ الْآنَ وَلَا الَّذِينَ يَمُوتُونَ وَهُمْ كُفَّارٌ ۚ أُولَـٰئِكَ أَعْتَدْنَا لَهُمْ عَذَابًا أَلِيمًا – النساء :١٧،١٨

(സാരം: വിഡ്ഢിത്തത്തിൽ തിന്മ പ്രവർത്തിക്കുകയും, പിന്നീടു ഉടനെ പശ്ചാത്തപിച്ചു മടങ്ങുകയും ചെയ്യുന്നവർക്കുമാത്രമേ ‘തൗബ’ (പശ്ചാത്താപം സ്വീകരിക്കൽ)അല്ലാഹുവിന്റെ മേൽ ബാധ്യതയുള്ളു. അക്കൂട്ടരിൽ അല്ലാഹു പശ്ചാത്താപം സ്വീകരിക്കുന്നതാണ്. അല്ലാഹു സർവ്വജ്ഞനും അഗാധജ്ഞനുമാകുന്നു. മരണം ആസന്നമാകുന്നതുവരെ തിന്മകൾ പ്രവർത്തിച്ചുകൊണ്ടിരുന്നിട്ട് അന്നേരം, ‘ഞാനിപ്പോൾ ഖേദിച്ചു മടങ്ങി’ എന്നു പറയുന്നവർക്കും, അവിശ്വാസികളായുംകൊണ്ട് മരണമടയുന്നവർക്കും അല്ല ‘തൗബഃ’യുള്ളത്. അക്കൂട്ടർക്കു നാം വേദനയേറിയ ശിക്ഷ ഒരുക്കിവെച്ചിരിക്കുന്നു. (സൂ:നിസാഉ്: 17, 18)

സൂ : നിസാഇലെ ഈ വചനങ്ങളിൽ പ്രസ്താവിക്കപ്പെട്ടിട്ടില്ലാത്ത മൂന്നാമതൊരു തരക്കാരുടെ കാര്യം അവശേഷിക്കുന്നതായി കാണാം. അതായതു, വിഡ്ഢിത്തത്തിലല്ലാതെ- ദേഹേച്ഛകൾക്കും മറ്റും വശംവദരായികൊണ്ടും, കൽപ്പിച്ചുകൂട്ടിയും-അക്രമങ്ങളും പാപങ്ങളും ചെയ്തുകൊണ്ടിരിക്കുകയും, അവയെപ്പറ്റി ഖേദിച്ചുമടങ്ങാതിരിക്കുകയും ചെയ്തവർ. ഇങ്ങിനെയുള്ളവരെക്കുറിച്ചാണ് ഇവിടെ ‘ സ്വന്തം ആത്മാക്കളോടു അതിരു കവിഞ്ഞവർ’

(ٱلَّذِينَ أَسْرَفُوا۟ عَلَىٰٓ أَنفُسِهِمْ) എന്നു പറഞ്ഞിരിക്കുന്നതെന്നു മനസ്സിലാക്കേണ്ടിയിരിക്കുന്നു. അവരെ അഭിമുഖീകരിച്ചുകൊണ്ടാണ് അല്ലാഹുവിന്റെ കാരുണ്യത്തെക്കുറിച്ചു നിങ്ങൾ നിരാശപ്പെടരുതെന്നും, എല്ലാ പാപങ്ങളും അല്ലാഹു പൊറുക്കുമെന്നും പറയുന്നതും. സൂ: നിസാഇലെ ആയത്തുകളിൽ പ്രസ്താവിക്കപ്പെട്ട രണ്ടു തരക്കാരിലും – പശ്ചാത്താപം സ്വീകരിക്കൽ ഒരു ബാധ്യതയായി അല്ലാഹു ഏറ്റെടുത്തിട്ടുള്ളവരിലും, പശ്ചാത്താപം സ്വീകരിക്കുകയില്ലെന്നു അല്ലാഹു തീർത്തു പറഞ്ഞിട്ടുള്ളവരിലും – ഇവർ ഉൾപ്പെടുന്നില്ലെന്നു സ്പഷ്ടമാണല്ലോ. ചുരുക്കത്തിൽ, പാപങ്ങളുടെ പെരുപ്പമോ കാഠിന്യമോ നിമിത്തം ആരും നിരാശപ്പെടേണ്ടതില്ല. വന്നുപോയതിനെപ്പറ്റി പാപമോചനം തേടി ഖേദിച്ചു മടങ്ങുന്നപക്ഷം നിശ്ചയമായും അല്ലാഹു പൊറുത്തുകൊടുക്കും എന്നു താല്പര്യം.

‘നിങ്ങൾ ആകാശഭൂമികൾ നിറക്കുമാറു തെറ്റുകുറ്റങ്ങൾ ചെയ്താലും, പിന്നീടു നിങ്ങൾ അല്ലാഹുവിനോടു പാപമോചനം തേടിയാൽ അവൻ നിങ്ങൾക്കു പൊറുത്തുതരും’.(لَوْ أَخْطَأْتُمْ حَتَّى تَمْلَأَ خَطَايَاكُمْ مَا بَيْنَ السَّمَاءِ وَالْأَرْضِ ، ثُمَّ اسْتَغْفَرْتُمْ اللَّهَ ، لَغَفَرَ لَكُمْ الخ – احمد) എന്നതുപോലെയുള്ള നബിവചനങ്ങളും ഇതാണ് ചൂണ്ടിക്കാട്ടുന്നത്. എന്നാൽ, എല്ലാ പശ്ചാത്താപവും മരണം ആസന്നമാകുന്നതിനു മുമ്പായിരുന്നെങ്കിൽ മാത്രമേ അതു സ്വീകര്യമാവുകയുള്ളൂ. അതിനുമുമ്പായി ഖേദിച്ചു മടങ്ങാത്ത പാപങ്ങളെ അവന്റെ ദയവുകൊണ്ടുമാത്രം പൊറുത്തുകൊടുത്തെങ്കിൽ ഭാഗ്യമെന്നല്ലാതെ, മറ്റൊരു പ്രതീക്ഷക്കും അവകാശമില്ലതന്നെ. ‘കുഫ്ർ’, ‘ശിർക്ക്’ (അവിശ്വാസം, ബഹുദൈവവിശ്വാസം) എന്നീ പാപങ്ങളാകട്ടെ, സത്യവിശ്വാസം സ്വീകരിക്കുകവഴി മരണത്തിനുമുമ്പ് ബോധവസ്ഥയിൽതന്നെ അതിൽനിന്നു വിരമിക്കാത്തപക്ഷം അവ അല്ലാഹു ഒരിക്കലും പൊറുക്കുന്നതല്ലെന്നും, സത്യവിശ്വാസത്തോടുകൂടിയല്ലാത്ത സൽക്കർമ്മങ്ങളെ അല്ലാഹു സ്വീകരിക്കുന്നതല്ലെന്നും ഖുർആൻ ആവർത്തിച്ചു പ്രസ്താവിക്കാറുള്ളതുമാണ്. സൂ: നിസാഉ് 116 ൽ അല്ലാഹു പറയുന്നതു കാണുക:

إِنَّ اللَّـهَ لَا يَغْفِرُ أَن يُشْرَكَ بِهِ وَيَغْفِرُ مَا دُونَ ذَٰلِكَ لِمَن يَشَاءُ ۚ وَمَن يُشْرِكْ بِاللَّـهِ فَقَدْ ضَلَّ ضَلَالًا بَعِيدًا ﴿١١٦﴾ :النساء

(നിശ്ചയമായും അല്ലാഹു അവനോടു പങ്കുചേർക്കപ്പെടുന്നതു പൊറുക്കുകയില്ല. അതല്ലാത്തതു അവൻ ഉദ്ദേശിക്കുന്നവർക്കു അവൻ പൊറുത്തുകൊടുത്തേക്കും. അല്ലാഹുവിനോടു ആർ പങ്കുചേർക്കുന്നുവോ അവൻ തീർച്ചയായും വിദൂരമായ വഴിപിഴവു പിഴച്ചുപോയി) അല്ലാഹു നമ്മുടെ പാപങ്ങൾ പൊറുത്തുതരികയും, അവന്റെ വിശാലമായ കാരുണ്യം സിദ്ധിക്കുന്ന ഭാഗ്യവാന്മാരിൽ നമ്മെ ഉൾപ്പെടുത്തുകയും ചെയ്യട്ടെ. ആമീൻ.

39:54
 • وَأَنِيبُوٓا۟ إِلَىٰ رَبِّكُمْ وَأَسْلِمُوا۟ لَهُۥ مِن قَبْلِ أَن يَأْتِيَكُمُ ٱلْعَذَابُ ثُمَّ لَا تُنصَرُونَ ﴾٥٤﴿
 • നിങ്ങളുടെ രക്ഷിതാവിങ്കലേക്കു (വിനയപ്പെട്ട്) മടങ്ങുകയും, അവനു കീഴൊതുങ്ങുകയും ചെയ്യുവിൻ, – നിങ്ങൾക്കു ശിക്ഷ വരുന്നതിന് മുമ്പായി. (അതുവന്നാൽ) പിന്നെ, നിങ്ങൾക്കു സഹായം ലഭിക്കുകയില്ല.
 • وَأَنِيبُوا നിങ്ങൾ മടങ്ങുക(വിനയപ്പെടുക, ഭക്തിപ്പെടുക)യും ചെയ്യുവിൻ إِلَی رَبِّكُمۡ നിങ്ങളുടെ രക്ഷിതാവിങ്കലേക്കു وَأَسْلِمُوا നിങ്ങൾ കീഴൊതുങ്ങുക (അനുസരണം കാണിക്കുക)യും ചെയ്യുവിൻ لَهُ അവന്നു, അവനിലേക്കു مِنۡ قَبْلِ മുമ്പായി أَنۡ يَأْتِيَكُمُ നിങ്ങൾക്കു വരുന്നതിന് الْعَذَابُ ശിക്ഷ ثُمَّ പിന്നെ لَا تُنۡصَرُونَ നിങ്ങൾ സഹായിക്കപ്പെടുകയില്ല
39:55
 • وَٱتَّبِعُوٓا۟ أَحْسَنَ مَآ أُنزِلَ إِلَيْكُم مِّن رَّبِّكُم مِّن قَبْلِ أَن يَأْتِيَكُمُ ٱلْعَذَابُ بَغْتَةً وَأَنتُمْ لَا تَشْعُرُونَ ﴾٥٥﴿
 • നിങ്ങളുടെ രക്ഷിതാവിങ്കൽനിന്ന് നിങ്ങൾക്കു ഇറക്കപ്പട്ടിട്ടുള്ളതിൽ നല്ലതിനെ പിൻപറ്റുകയും ചെയ്യുവിൻ – നിങ്ങൾ അറിയാത്ത നിലയിൽ പെട്ടെന്നു ശിക്ഷ നിങ്ങൾക്കു വന്നെത്തുന്നതിനു മുമ്പായി.
 • وَاتَّبِعُوا നിങ്ങൾ പിൻപറ്റുകയും ചെയ്യുവിൻ أَحْسَنَ مَا യാതൊന്നിൽ നല്ലതിനെ أُنۡزِلَ إِلَيْكُمۡ നിങ്ങൾക്കു ഇറക്കപ്പെട്ട مِنۡ رَبِّكُمۡ നിങ്ങളുടെ രക്ഷിതാവിങ്കൽനിന്നു مِنً قَبْلِ أَنۡ يَأْتِيَكُمُ നിങ്ങൾക്കു വരുന്നതിനുമുമ്പ് الْعَذَابُ ശിക്ഷ بَغْتَةً പെട്ടന്നു, യാദൃശ്ചികമായി وَأَنۡتُمْ നിങ്ങൾ لَا تَشْعُرُونَ അറിയാത്ത നിലയിൽ

അല്ലാഹുവിങ്കൽനിന്നു കാരുണ്യവും പാപമോചനവും ലഭിക്കുന്നതിനുള്ള ഉപാധികൾ ഈ വചനങ്ങളിൽ അല്ലാഹു എടുത്തുകാട്ടുന്നു:

1) മാനസാന്തരപ്പെട്ടുകൊണ്ടും, ഭയഭക്തിയോടുകൂടിയും അല്ലാഹുവിങ്കലേക്കു മടങ്ങുക.

2) അവന്റെ വിധിവിലക്കുകൾ അനുസരിച്ചുകൊണ്ട് അവനു കീഴ്പ്പെട്ടു ജീവിക്കുക.

3) അവന്റെ ഉപദേശങ്ങളും നിർദ്ദേശങ്ങളും സ്വീകരിച്ചു അതനുസരിച്ചു വർത്തിച്ചു പോരുക. ഇവയാണത്.

അല്ലാഹു അവതരിപ്പിച്ചിട്ടുള്ളതെല്ലാം നല്ലതുതന്നെയായിരിക്കുമെന്നതിൽ സംശയമില്ല. എങ്കിലും വ്യക്തിയുടെയോ, പരിതസ്ഥിതിയുടെയോ, സന്ദർഭത്തിന്റെയോ വ്യത്യാസമനുസരിച്ച് ചിലപ്പോൾ അവയിൽ ചിലതു നന്മയിൽ ഏറ്റക്കുറവും വ്യത്യാസവും ഉള്ളതായെന്നുവരാം. രണ്ടുപ്രകാരത്തിൽ അനുഷ്ഠിക്കുന്നതിനു വിരോധമില്ലാത്ത ഒരു കാര്യം അവയിൽ കൂടുതൽ ഗുണകരമായതു എപ്രകാരമായിരിക്കുമോ അപ്രകാരം ചെയ്യുക, കൂടുതൽ സൂക്ഷ്മവും സംശയരഹിതമായിട്ടുള്ളതേതോ അതു സ്വീകരിക്കുക, എന്നിങ്ങിനെ സ്വന്തം ഗുണവും പൊതു നന്മയും ഗൗനിച്ചു കൊണ്ട് അല്ലാഹുവിന്റെ നിയമങ്ങളും ഉപദേശങ്ങളും പിൻപറ്റുന്നതിനെ ഉദ്ദേശിച്ചായിരിക്കും وَاتَّبِعُوا أَحْسَنَ مَا أُنزِلَ إِلَيْكُم (നിങ്ങൾക്കു ഇറക്കപ്പെട്ടതിൽ നല്ലതിനെ പിൻപറ്റുവിൻ) എന്നു പറഞ്ഞിരിക്കുന്നത്. അല്ലാഹുവിനറിയാം.

39:56
 • أَن تَقُولَ نَفْسٌ يَـٰحَسْرَتَىٰ عَلَىٰ مَا فَرَّطتُ فِى جَنۢبِ ٱللَّهِ وَإِن كُنتُ لَمِنَ ٱلسَّـٰخِرِينَ ﴾٥٦﴿
 • വല്ല ആളും പറഞ്ഞേക്കുമെന്നതിനാൽ (അഥവാ പറയാതിരിക്കുവാൻ വേണ്ടി): 'ഹാ! അല്ലാഹുവിന്റെ പക്ഷത്തു (ചെയ്യേണ്ടുന്ന കടമയിൽ) ഞാൻ വീഴ്ചവരുത്തിയതിൽ എന്റെ സങ്കടമേ! നിശ്ചയമായും ഞാൻ കളിയാക്കുന്നവരുടെ കൂട്ടത്തിൽ ആയിപ്പോയല്ലോ!'
 • أَنً تَقُولَ പറഞ്ഞേക്കുന്നതിനാൽ (പറയാതിരിക്കുവാൻ) نَفْسٌ വല്ല ആത്മാവും (ഓരോ ആളും, ദേഹം) يَا حَسۡرَتَا എന്റെ സങ്കടമേ (കഷ്‌ടമേ) عَلَى مَا فَرَّطۡتُ ഞാൻ വീഴ്ചവരുത്തിയതിൽ فِي جَنبِ اللَّـهِ അല്ലാഹുവിന്റെ പക്ഷത്തു (കാര്യത്തിൽ) وَإِنۡ كُنۡتُ നിശ്ചയമായും ഞാൻ ആയിരിക്കുന്നു لَمِنَ السَّاخِرِينَ കളിയാക്കുന്ന (പരിഹസിക്കുന്ന) വരിൽപെട്ട(വൻ)
39:57
 • أَوْ تَقُولَ لَوْ أَنَّ ٱللَّهَ هَدَىٰنِى لَكُنتُ مِنَ ٱلْمُتَّقِينَ ﴾٥٧﴿
 • അല്ലെങ്കിൽ (ഒരാൾ ഇങ്ങനെ) പറഞ്ഞേക്കുമെന്നതിനാൽ: '(ഹാ !) അല്ലാഹു എന്നെ സന്മാർഗ്ഗത്തിലാക്കിയിരുന്നുവെങ്കിൽ, ഞാൻ സൂക്ഷ്മതയുള്ളവരിൽ പെട്ടവനാകുമായിരുന്നുവല്ലോ!'
 • أَوْ تَقُولَ അല്ലെങ്കിൽ പറയുന്നതിനാൽ لَوْ أَنَّ اللَّـهَ അല്ലാഹു ആയിരുന്നെങ്കിൽ هَدَانِي എന്നെ സന്മാർഗത്തിലാക്കി(യിരുന്നുവെങ്കിൽ) لَكُنۡتُ ഞാൻ ആകുമായിരുന്നു مِنَ الْمُتَّقِينَ സൂക്ഷമതയുള്ളവരിൽ പെട്ട(വൻ)
39:58
 • أَوْ تَقُولَ حِينَ تَرَى ٱلْعَذَابَ لَوْ أَنَّ لِى كَرَّةً فَأَكُونَ مِنَ ٱلْمُحْسِنِينَ ﴾٥٨﴿
 • അല്ലെങ്കിൽ ശിക്ഷ കാണുന്ന സമയത്തു (ഇങ്ങിനെ) പറഞ്ഞേക്കുമെന്നതിനാൽ: 'എനിക്കു ഒരു (ഒറ്റ) മടക്കം കിട്ടിയിരുന്നെങ്കിൽ! എന്നാൽ, ഞാൻ സുകൃതവാൻമാരിൽ പെട്ടവനാകുമായിരുന്നുവല്ലോ!'
 • أَوْ تَقُولَ അല്ലെങ്കിൽ അതു പറഞ്ഞേക്കുന്നതിനാൽ حِينَ تَرَى അതു കാണുമ്പോൾ الْعَذَابَ ശിക്ഷ لَوْ أَنَّ لِي എനിക്കുണ്ടായിരുന്നെങ്കിൽ كَرَّةً ഒരു മടക്കം, ചാട്ടം, ഓട്ടം فَأَكُونَ എന്നാൽ ഞാനാകുമായിരുന്നു مِنَ الْمُحْسِنِينَ സുകൃതവാന്മാരിൽ

അവസരം പാഴാകുന്നതിനുമുമ്പ് – അഥവാ മരണത്തിനുമുമ്പ് – ഖേദിച്ചു മടങ്ങാത്ത പക്ഷം അവസാനം ഇങ്ങിനെയെല്ലാം വിലപിക്കേണ്ടതായി വരും; ആ വിലാപം കൊണ്ടു യാതൊരു ഫലവും ഉണ്ടാകുന്നതുമല്ല; അതിനു ഇടം വരുത്താതിരിക്കുവാനാണ് ഇത്രയും ബലമായി താക്കീതു ചെയ്യുന്നത് എന്നു സാരം. കുറ്റവാളികൾ പറയുന്ന മൂന്നു വിലാപ വാക്യങ്ങളാണ് അല്ലാഹു ഇവിടെ ഉദ്ധരിച്ചത്. ഒന്നാമത്തേതു അല്ലാഹുവിനോടുള്ള കടമകൾ നിറവേറ്റുന്നതിൽ തങ്ങൾ വീഴ്ച വരുത്തിയതിനെക്കുറിച്ചുള്ള സങ്കടവും, മൂന്നാമത്തേതു തങ്ങളെ ഐഹികജീവിതത്തിലേക്കു ഒരു പ്രാവശ്യം കൂടി മടക്കിക്കിട്ടിയാൽ കൊള്ളാമെന്ന വ്യാമോഹവുമാണ്. രണ്ടാമത്തെ വാക്യമാകട്ടെ, തങ്ങൾക്കു അല്ലാഹുവിങ്കൽ നിന്നുള്ള മാർഗ്ഗദർശനം ലഭിക്കാത്തതുകൊണ്ടാണ് തങ്ങൾക്കു ഈ ദുരവസ്ഥ വന്നെത്തുവാൻ കാരണമെന്ന ഒരു ആരോപണമാകുന്നു. എല്ലാറ്റിനും – പ്രത്യേകിച്ച് രണ്ടാമത്തേതിനും – അല്ലാഹുവിന്റെ ഭാഗത്തു നിന്നുള്ള മറുപടി ഇതാണ്:-

39:59
 • بَلَىٰ قَدْ جَآءَتْكَ ءَايَـٰتِى فَكَذَّبْتَ بِهَا وَٱسْتَكْبَرْتَ وَكُنتَ مِنَ ٱلْكَـٰفِرِينَ ﴾٥٩﴿
 • 'ഇല്ലാതെ! തീർച്ചയായും എന്റെ 'ആയത്തുകൾ' [സന്ദേശങ്ങളും ലക്ഷ്യങ്ങളും] നിനക്കു വരികയുണ്ടായി; എന്നിട്ട് നീ അവയെ വ്യാജമാക്കുകയും, നീ അഹംഭാവം നടിക്കുകയും ചെയ്തു; നീ അവിശ്വാസികളിൽ പെട്ടവനും ആയിരുന്നു.' (ഇതാണ് കാരണം,)
 • بَلَى ഇല്ലാതെ (ഉണ്ട്) قَدْ جَاءَتْكَ നിനക്കു വരികയുണ്ടായിട്ടുണ്ടു آيَاتِي എന്റെ ആയത്തുകൾ فَكَذَّبْتَ بِهَا എന്നിട്ടു നീ അതിനെ വ്യാജമാക്കി وَاسْتَكْبَرْتَ നീ അഹംഭാവം (ഗർവ്വ്) നടിക്കുകയും ചെയ്തു وَكُنۡتَ നീ ആകുകയും ചെയ്തു, ആയിരുന്നുതാനും مِنَ الْكَافِرِينَ അവിശ്വാസികളിൽ
39:60
 • وَيَوْمَ ٱلْقِيَـٰمَةِ تَرَى ٱلَّذِينَ كَذَبُوا۟ عَلَى ٱللَّهِ وُجُوهُهُم مُّسْوَدَّةٌ ۚ أَلَيْسَ فِى جَهَنَّمَ مَثْوًى لِّلْمُتَكَبِّرِينَ ﴾٦٠﴿
 • ഖിയാമത്തുനാളിലാകട്ടെ, അല്ലാഹുവിന്റെ മേൽ വ്യാജം പറഞ്ഞിട്ടുള്ളവരെ, അവരുടെ മുഖങ്ങൾ കറുത്തിരുണ്ടതായി നിനക്കു കാണാവുന്നതാണ്. അഹംഭാവികൾക്കു 'ജഹന്നമി'ൽ [നരകത്തിൽ] പാർപ്പിടമില്ലയോ?!
 • وَيَوْمَ الْقِيَامَةِ ഖിയാമത്തുനാളിലോ تَرَى നിനക്കുകാണാം, നീ കാണും الَّذِينَ كَذَبُوا വ്യാജം (കളവു) പറഞ്ഞവരെ عَلَى اللَّـهِ അല്ലഹുവിന്റെമേൽ وُجُوهُهُمۡ അവരുടെ മുഖങ്ങൾ مُسْوَدَّةٌ കറുത്തിരുണ്ടവയായിരിക്കും أَلَيۡسَ فِي جَهَنَّمَ ജഹന്നമിൽ ഇല്ലേ مَثْوًى പാർപ്പിടം, താമസസ്ഥലം لِّلْمُتَكَبِّرِينَ അഹംഭാവികൾക്കു
39:61
 • وَيُنَجِّى ٱللَّهُ ٱلَّذِينَ ٱتَّقَوْا۟ بِمَفَازَتِهِمْ لَا يَمَسُّهُمُ ٱلسُّوٓءُ وَلَا هُمْ يَحْزَنُونَ ﴾٦١﴿
 • സൂക്ഷ്മത പാലിച്ചവരെ, അവരുടെ സൗഭാഗ്യം നിമിത്തം അല്ലാഹു രക്ഷപ്പെടുത്തുകയും ചെയ്യും. അവരെ തിന്മ സ്പർശിക്കുകയില്ല; അവർ വ്യസനപ്പെടുകയുമില്ല.
 • وَيُنَجِّى اللَّهُ അല്ലാഹു രക്ഷപ്പെടുത്തും الّذِينَ اتّقَواْ സൂക്ഷിച്ചവരെ بِمَفَازَتِهِمۡ അവരുടെ ഭാഗ്യം (വിജയം) കൊണ്ട് لاَ يَمَسُّهُمُ അവരെ സ്പർശിക്കയില്ല السُّوءُ തിന്മ, കെടുതൽ وَلَا هُمۡ അവരില്ലതാനും يَحۡزَنُونَ വ്യസനപ്പെടും

ഇബ്‌നുമസ്ഊദ് (رضي الله عنه) പറഞ്ഞതായി മുസ്‌ലിം (رحمه الله) ഉദ്ധരിക്കുന്നു: ‘ഹൃദയത്തിൽ ഒരു അണു അളവു അഹംഭാവം ഉള്ളവൻ സ്വർഗ്ഗത്തിൽ പ്രവേശിക്കയില്ല’ എന്നു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറയുകയുണ്ടായി. അപ്പോൾ ഒരാൾ ചോദിച്ചു: ‘ഒരു മനുഷ്യൻ അവന്റെ വസ്ത്രം നല്ലതായിരിക്കുവാനും, ചെരുപ്പു നല്ലതായിരിക്കുവാനും, ഇഷ്ടപെടുന്നു. (ഇതു അഹംഭാവം ആകുമോ?)’. തിരുമേനി പറഞ്ഞു: “നിശ്ചയമായും അല്ലാഹു സുന്ദരനാണ്. അവൻ സൗന്ദര്യം ഇഷ്ടപെടുന്നു. അഹംഭാവമെന്നതു യാഥാർഥ്യത്തോടു ധിക്കാരവും ജനങ്ങളോടു അവഗണനയും കാണിക്കലാണ് .”

(إِنَّ اللَّهَ جَمِيلٌ يُحِبُّ الْجَمَالَ الْكِبْرُ بَطَرُ الْحَقِّ وَغَمْطُ النَّاسِ – مسلم)

39:62
 • ٱللَّهُ خَـٰلِقُ كُلِّ شَىْءٍ ۖ وَهُوَ عَلَىٰ كُلِّ شَىْءٍ وَكِيلٌ ﴾٦٢﴿
 • അല്ലാഹു എല്ലാ വസ്തുവിന്റെ [എല്ലാറ്റിന്റെ]യും സൃഷ്ടാവാകുന്നു; അവൻ എല്ലാ വസ്തുവിന്റെ [എല്ലാറ്റിന്റെ] മേലും കൈകാര്യം നടത്തുന്നവനുമാകുന്നു.
 • اللَّهُ അല്ലാഹു خَالِقُ كُلِّ شَيْءٍ എല്ലാ വസ്തുവിന്റെ(എല്ലാറ്റിന്റെ)യും സൃഷ്ടാവാണ് وَهُوَ അവൻ عَلَی كُلِّ شَيۡءٍ എല്ലാ വസ്തുവി (എല്ലാറ്റി)ന്റെ മേലും وَكِيلٌ കൈകാര്യം നടത്തുന്നവനാണ് (അധികാരക്കാരനാണ്)

شَيۡءٌ (‘ശൈഉ്’) എന്ന വാക്കിനു സാധാരണയായി ‘വസ്തു’ അല്ലെങ്കിൽ ‘കാര്യം’ എന്നൊക്കെയാണ് മലയാളത്തിൽ വിവർത്തനം നല്‍കപ്പെടാറുള്ളത്. ഇതൊന്നും വാസ്തവത്തിൽ അതിന്റെ ശരിയായ അർത്ഥം ദ്യോതിപ്പിക്കുന്നില്ല. അതിന്റെ അർത്ഥം ശരിക്കും സ്ഫുരിക്കുന്ന ഒറ്റവാക്കു മലയാളത്തിൽ കാണപ്പെടുന്നില്ല. ഏതൊന്നിനെ അറിയുവാനും, അതിനെക്കുറിച്ചു വർത്തമാനം പറയപ്പെടുവാനും സാധിക്കുമോ അങ്ങിനെയുള്ളതു – ما يصلح أن يعلم ويخبر عنه – എന്നാണ് ആ വാക്കിനു (شَيۡءٌ) ഭാഷാ നിഘണ്ടുക്കൾ അർത്ഥം കൊടുക്കുന്നത്. ചുരുക്കത്തിൽ, എല്ലാ ഓരോ പദാർത്ഥത്തിനും, ഓരോ സംഗതിക്കും – അഥവാ ഓരോ സാധനത്തിനും കാര്യത്തിനുമെല്ലാം തന്നെ – ഉപയോഗിക്കുന്ന ഒരു പദമാണത്. كُلِ شَيُءٍ (എല്ലാ വസ്തുവും) എന്നു പറയുമ്പോൾ, അതിൽ അടങ്ങാത്ത – ചെറുതോ വലുതോ ആയ – ഒരു വസ്തുവും ബാക്കി ഉണ്ടായിരിക്കുന്നതുമല്ല. وَاللَّـهُ عَلَىٰ كُلِّ شَيْءٍ قَدِيرٌ (അല്ലാഹു എല്ലാറ്റിനും കഴിവുള്ളവനാണ്) وهُو بِكُلِ شَيءٍ عَلِيمٌ (അവൻ എല്ലാറ്റിനെക്കുറിച്ചും അറിയുന്നവനാണ്.) എന്നിങ്ങനെയുള്ള വാക്യങ്ങളെല്ലാം ഇതനുസരിച്ചാണുതാനും. ഇതേ വാക്ക് ഉപയോഗിച്ചുകൊണ്ടുതന്നെയാണ് ‘അല്ലാഹു എല്ലാറ്റിന്റെയും സൃഷ്ടാവാണെ’ന്നും, ‘അവൻ എല്ലാറ്റിന്റെയും കൈകാര്യകാരനാണെ’ന്നും ഈ ആയത്തിലും അല്ലാഹു പ്രസ്താവിക്കുന്നത്. അപ്പോൾ, അല്ലാഹുവിന്റെ അറിവിലും, കഴിവിലുമെന്നപോലെത്തന്നെ, അവന്റെ സൃഷ്ടിയിലും കൈകാര്യ നടത്തിപ്പിലും ഉൾപ്പെടാത്തതായി ഒരു വസ്തുവോ, ഒരു കാര്യമോ അവശേഷിക്കുന്നില്ല എന്ന് സ്പഷ്ടമാക്കുന്നു (*)


(*) ഈ പരമാർത്ഥത്തെ മൂടിവെച്ചുകൊണ്ട് മനുഷ്യപ്രവർത്തനങ്ങൾ അല്ലാഹുവിന്റെ സൃഷ്ടിയിൽപ്പെട്ടതല്ലെന്നും മറ്റും വാദിക്കുന്ന ചില തല്പരകക്ഷികളുണ്ട്. കൂടുതൽ വിവരം സൂറത്തുൽ ഹദീദിന്റെ അവസാനത്തിൽ ഖളാ – ഖദ്‌റിന്റെ വ്യാഖ്യാനക്കുറിപ്പിൽ വരുന്നതാണ്. اِن شّاء الله

39:63
 • لَّهُۥ مَقَالِيدُ ٱلسَّمَـٰوَٰتِ وَٱلْأَرْضِ ۗ وَٱلَّذِينَ كَفَرُوا۟ بِـَٔايَـٰتِ ٱللَّهِ أُو۟لَـٰٓئِكَ هُمُ ٱلْخَـٰسِرُونَ ﴾٦٣﴿
 • ആകാശങ്ങളുടെയും, ഭൂമിയുടെയും ഖജനാക്കൾ (അഥവാ താക്കോലുകൾ) അവന്റേതാകുന്നു. അല്ലാഹുവിന്റെ 'ആയത്തു’കളിൽ [ലക്ഷ്യങ്ങളിലും, വചനങ്ങളിലും] അവിശ്വസിച്ചവരാകട്ടെ, അവർ തന്നെയാണ് നഷ്ടക്കാർ.
 • لَهُ അവന്നാണ് , അവന്റേതാണ് مَقَالِيدُ السَّمَاوَاتِ ആകാശങ്ങളുടെ ഖജനാക്കൾ, താക്കോലുകൾ (ഭരണകാര്യങ്ങൾ) وَالأَرۡضِ ഭൂമിയുടെയും وَالَّذِينَ كَفَرُوا അവിശ്വസിച്ചവർ بِاَيَاتِ اللَّهِ അല്ലാഹുവിന്റെ ആയത്തുകളിൽ أُولَئِكَ هُمُ അവർ തന്നെയാണ് الۡخَاسِرُونَ നഷ്ട്ടപ്പെട്ടവർ

സകല വസ്തുക്കളുടെയും സൃഷ്ടിയും, കൈകാര്യവും, ഭരണാധിപത്യവും അല്ലാഹുവിനാണ് എന്നിരിക്കെ, അവനെ അല്ലാതെ മറ്റെന്തിനെയെങ്കിലും ആരാധിക്കണമെന്നു പറയുന്നതിനെക്കാൾ വിഡ്ഢിത്തവും, മൂഢത്വവും മറ്റെന്താണ്?!