സുമർ (കൂട്ടങ്ങൾ)

മക്കായില്‍ അവതരിച്ചത്‌ – വചനങ്ങള്‍ 75 – വിഭാഗം (റുകൂഅ്‌) 8

بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ

പരമ കാരുണികനും, കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍

വിഭാഗം - 1

39:1
 • تَنزِيلُ ٱلْكِتَـٰبِ مِنَ ٱللَّهِ ٱلْعَزِيزِ ٱلْحَكِيمِ ﴾١﴿
 • വേദഗ്രന്ഥത്തിന്റെ അവതരണം പ്രതാപശാലിയായ- അഗാധജ്ഞനായ- അല്ലാഹുവിങ്കൽ നിന്നാകുന്നു.
 • تَنزِيلُ ٱلْكِتَٰبِ വേദഗ്രന്ഥത്തിന്റെ അവതരണം, ഇറക്കൽ مِنَ اللَّـهِ അല്ലാഹുവിങ്കൽ നിന്നാണ് الْعَزِيزِ പ്രതാപശാലിയായ الْحَكِيمِ അഗാധജ്ഞനായ, തത്വജ്ഞാനിയായ
39:2
 • إِنَّآ أَنزَلْنَآ إِلَيْكَ ٱلْكِتَـٰبَ بِٱلْحَقِّ فَٱعْبُدِ ٱللَّهَ مُخْلِصًا لَّهُ ٱلدِّينَ ﴾٢﴿
 • നിശ്ചയമായും (ഈ) ഗ്രന്ഥം യഥാർത്ഥ (മുറ)പ്രകാരം നിനക്കു നാം അവതരിപ്പിച്ചു തന്നിരിക്കുന്നു. ആകയാൽ, മതം (അഥവാ കീഴ്‌വണക്കം) അല്ലാഹുവിന് നിഷ്കളങ്കമാക്കികൊണ്ടു നീ അവനെ ആരാധിച്ചു കൊള്ളുക.
 • إِنَّا أَنزَلْنَا നിശ്ചയമായും നാം ഇറക്കിയിരിക്കുന്നു إِلَيْكَ നിനക്കു, നിങ്കലേക്കു الْكِتَاب (ഈ) ഗ്രന്ഥം, വേദഗ്രന്ഥം بِالْحَقِّ യഥാർത്ഥ സമേതം, സത്യവുമായി, മുറപ്രകാരം, ന്യായമാംവണ്ണം فَاعْبُدِ اللَّـهَ ആകയാൽ നീ അല്ലാഹുവിനെ ആരാധിക്കുക مُخۡلِصًا لَهُ അവനു നിഷ്കളങ്കമാക്കി (ശുദ്ധമാക്കി)ക്കൊണ്ട് الدِّينَ മതം, കീഴ്‌വണക്കം, അനുസരണം, നടപടി
39:3
 • أَلَا لِلَّهِ ٱلدِّينُ ٱلْخَالِصُ ۚ وَٱلَّذِينَ ٱتَّخَذُوا۟ مِن دُونِهِۦٓ أَوْلِيَآءَ مَا نَعْبُدُهُمْ إِلَّا لِيُقَرِّبُونَآ إِلَى ٱللَّهِ زُلْفَىٰٓ إِنَّ ٱللَّهَ يَحْكُمُ بَيْنَهُمْ فِى مَا هُمْ فِيهِ يَخْتَلِفُونَ ۗ إِنَّ ٱللَّهَ لَا يَهْدِى مَنْ هُوَ كَـٰذِبٌ كَفَّارٌ ﴾٣﴿
 • അല്ലാ (അറിഞ്ഞേക്കുക)! നിഷ്കളങ്കമായ മതം (അഥവാ കീഴ്‌വണക്കം) അല്ലാഹുവിന്നുള്ളതാകുന്നു. അവനു പുറമെ കാര്യകർത്താക്കളെ ഏർപ്പെടുത്തിയിട്ടുള്ളവരാകട്ടെ, (അവർ പറയുന്നു:) 'അല്ലാഹുവിങ്കലേക്കു ഞങ്ങളെ (ശരിയായ) ഒരു അടുപ്പം അവർ അടുപ്പിച്ചു തരുവാൻ വേണ്ടിയല്ലാതെ, ഞങ്ങൾ അവരെ ആരാധിക്കുന്നില്ല.' നിശ്ചയമായും, തങ്ങൾ യാതൊന്നിൽ ഭിന്നിച്ചു കൊണ്ടിരിക്കുന്നുവോ അതിൽ, അല്ലാഹു അവർക്കിടയിൽ വിധി കൽപ്പിക്കുന്നതാകുന്നു. ഏതൊരുവൻ വളരെ നന്ദികെട്ട കള്ളവാദിയാണോ അങ്ങിനെയുള്ളവനെ അല്ലാഹു നേർമാർഗ്ഗത്തിലാക്കുകയില്ല തന്നെ.
 • أَلَا അല്ലാ (അറിഞ്ഞേക്കുക) لِلَّـهِ അല്ലാഹുവിനാണ്, അല്ലാഹുവിന്റേതാണ് الدِّينُ الْخَالِصُ നിഷ്കളങ്ക (ശുദ്ധ)മതം (കീഴ്‌വണക്കം...) وَالَّذِينَ اتَّخَذُوا ഉണ്ടാക്കിയ (ഏർപ്പെടുത്തിയ, സ്വീകരിച്ച)വർ مِنۡ دُونِهِ അവനു പുറമെ أَوْلِيَاءَ കാര്യകർത്താക്കളെ, ബന്ധുക്കളെ, സഹായികളെ مَا نَعْبُدُهُمْ ഞങ്ങൾ അവരെ ആരാധിക്കുന്നില്ല إِلَّا لِيُقَرِّبُونَا അവർ ഞങ്ങളെ അടുപ്പിക്കുവാനല്ലാതെ إِلَى اللَّـهِ അല്ലാഹുവിലേക്കു (അല്ലാഹുവിങ്കൽ) زُلْفَى ഒരു സാമീപ്യം, അടുപ്പം إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു يَحْكُمُ بَيْنَهُمْ അവർക്കിടയിൽ വിധികൽപിക്കും فِي مَا യാതൊന്നിൽ هُمْ فِيهِ അവർ അതിൽ يَخْتَلِفُونَ ഭിന്നിച്ചുകൊണ്ടിരിക്കുന്നു إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു لَا يَهْدِي അവൻ സന്മാർഗത്തിലാക്കുക (വഴികാട്ടുക)യില്ല مَنْ യാതൊരുവനെ هُوَ كَاذِبٌ അവൻ കള്ളവാദിയാണ്, അസത്യവാനാണ് كَفَّارٌ വളരെ നന്ദികെട്ടവനാണ്, കൃതഘ്നനായ
39:4
 • لَّوْ أَرَادَ ٱللَّهُ أَن يَتَّخِذَ وَلَدًا لَّٱصْطَفَىٰ مِمَّا يَخْلُقُ مَا يَشَآءُ ۚ سُبْحَـٰنَهُۥ ۖ هُوَ ٱللَّهُ ٱلْوَٰحِدُ ٱلْقَهَّارُ ﴾٤﴿
 • വല്ല സന്താനത്തെയും സ്വീകരിക്കണമെന്ന് അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കിൽ, അവൻ സൃഷ്ടിക്കുന്നവയിൽ നിന്ന് (തന്നെ) അവൻ ഉദ്ദേശിക്കുന്നതു അവൻ തിരഞ്ഞെടുക്കുമായിരുന്നു. (പക്ഷേ) അവൻ മഹാപരിശുദ്ധൻ! സർവ്വാധിപതിയായ ഏകനായ അല്ലാഹുവത്രെ അവൻ.
 • لَوۡ أَرَادَ اللَّـهُ അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കിൽ أَنۡ يَتَّخِذَ അവൻ സ്വീകരിക്കുവാൻ, ഏർപ്പെടുത്താൻ وَلَدًا വല്ല സന്താനത്തെയും لَاصْطَفَى അവൻ തിരഞ്ഞെടുക്കു (പ്രത്യേകപ്പെടുത്തു)മായിരുന്നു مِمَّا يَخْلُقُ അവൻ സൃഷ്ടിക്കുന്നതിൽ നിന്നു مَا يَشَاءُ അവൻ ഉദ്ദേശിക്കുന്നതിനെ سُبْحَانَهُ അവൻ എത്രയോ പരിശുദ്ധൻ هُوَ اللَّـهُ അവൻ അല്ലാഹുവത്രെ الْوَاحِدُ ഏകനായ الْقَهَّارُ സർവ്വാധിപതിയായ

വിശുദ്ധ ഖുർആന്റെ സത്യതയും, തൗഹീദും സ്ഥാപിച്ച ശേഷം, മുശ്‌രിക്കുകൾ തങ്ങളുടെ ശിർക്കുപരമായ പ്രവർത്തനങ്ങൾക്കു ന്യായീകരണം നൽകുന്നതു എങ്ങിനെയാണെന്നു അല്ലാഹു വിവരിക്കുന്നു. തങ്ങളുടെ ആരാധ്യന്മാർ അല്ലാഹുവിന്റെ അടുക്കൽ തങ്ങൾക്കു സാമീപ്യവും പ്രീതിയും നേടിക്കൊടുക്കുമെന്നത്രെ അവരുടെ വാദം. ഈ വാദം തനി കള്ളവും നന്ദികെട്ട സത്യനിഷേധവുമാണെന്നു അല്ലാഹു ചൂണ്ടികാണിക്കുന്നു. അല്ലാഹുവിന്റെ സൃഷ്ടികളിൽപെട്ട ചിലരെ അവന്റെ മക്കളായി ഗണിക്കുകയും ആ നിലക്കു അവരെ ആരാധിക്കുകയും ചെയ്യുന്നവർക്കുള്ള ഖണ്ഡനമാണ്‌ 4ആം വചനം. അല്ലാഹുവിനു വേണമെങ്കിൽ അവന്റെ സൃഷ്ടികളിൽ നിന്നു തന്നെ അവൻ ഉദ്ദേശിക്കുന്നവരെ അവന്റെ മക്കളാക്കി വെക്കാവുന്നതാണ്‌. പക്ഷെ, അവനതു ഉദ്ദേശിച്ചിട്ടില്ല. ഉദ്ദേശിക്കുകയുമില്ല. എങ്ങനെ ഉദ്ദേശിക്കും?! അവൻ എല്ലാ വിധേനയും ഏകൻ. അവനു ഇണയോ തുണയോ ഇല്ല. അവനു സമമായി ഒരാളുമില്ല. അവനല്ലാത്തതെല്ലാം അവന്റെ സൃഷ്ടിയും, അവന്റെ ഉടമയിലുമാണ്. അവൻ എല്ലാത്തിന്റെയും സർവ്വാധികാരിയും! പിന്നെ എങ്ങിനെയാണ് അവനു സന്താനമുണ്ടായിരിക്കുക?! അതെ, അവൻ സർവ്വോപരി പരിശുദ്ധനത്രെ!

39:5
 • خَلَقَ ٱلسَّمَـٰوَٰتِ وَٱلْأَرْضَ بِٱلْحَقِّ ۖ يُكَوِّرُ ٱلَّيْلَ عَلَى ٱلنَّهَارِ وَيُكَوِّرُ ٱلنَّهَارَ عَلَى ٱلَّيْلِ ۖ وَسَخَّرَ ٱلشَّمْسَ وَٱلْقَمَرَ ۖ كُلٌّ يَجْرِى لِأَجَلٍ مُّسَمًّى ۗ أَلَا هُوَ ٱلْعَزِيزُ ٱلْغَفَّـٰرُ ﴾٥﴿
 • ആകാശങ്ങളെയും, ഭൂമിയെയും അവൻ യഥാർത്ഥ (മുറ) പ്രകാരം സൃഷ്ടിച്ചിരിക്കുന്നു. രാത്രിയെ(ക്കൊണ്ടു) പകലിൻമേൽ അവൻ ചുറ്റിപ്പൊതിയുന്നു; പകലിനെ (ക്കൊണ്ട്) രാത്രിയുടെ മേലും ചുറ്റിപ്പൊതിയുന്നു. സൂര്യനെയും,ചന്ദ്രനെയും, അവൻ കീഴ്പ്പെടുത്തി വെക്കുകയും ചെയ്തിരിക്കുന്നു. എല്ലാം (തന്നെ) നിർണയിക്കപ്പെട്ട ഒരു അവധിവരെ സഞ്ചരിച്ചു കൊണ്ടിരിക്കുന്നു. അല്ലാ (-അറിയുക:) അവൻ പ്രതാപശാലിയാണ്‌,വളരെ പൊറുക്കുന്നവനാണ്.
 • خَلَقَ അവൻ സൃഷ്ടിച്ചിരിക്കുന്നു السَّمَاوَاتِ ആകാശങ്ങളെ وَالْأَرْضَ ഭൂമിയെയും بِالْحَقِّ യഥാർത്ഥ(മുറ, ന്യായ, കാര്യ, സത്യ)പ്രകാരം يُكَوِّرُ അവൻ ചുറ്റിപ്പൊതിയുന്നു, ചുറ്റിയിടുന്നു اللَّيْلَ രാത്രിയെ عَلَى النَّهَارِ പകലിന്മേൽ وَيُكَوِّرُ ചുറ്റിപ്പൊതിയുകയും ചെയ്യുന്നു النَّهَارَ പകലിനെ عَلَى اللَّيْلِ രാത്രിയുടെമേൽ وَسَخَّرَ അവൻ കീഴ്പ്പെടുത്തിവെക്കുകയും ചെയ്തു الشَّمْسَ وَالْقَمَرَ സൂര്യനെയും,ചന്ദ്രനെയും كُلٌّ എല്ലാം(ഓരോന്നും) يَجْرِي നടക്കും, സഞ്ചരിക്കുന്നു لِأَجَلٍ ഒരു അവധി(പരിധി)വരെ مُّسَمًّى നിര്‍ണ്ണയിക്കപ്പെട്ട أَلَا അല്ലാ (അറിയുക) هُوَ അവൻ الْعَزِيزُ പ്രതാപശാലിയാണ് الْغَفَّارُ വളരെ പൊറുക്കുന്നവനായ

രാവും പകലും ഒന്ന് മറ്റേതിന്റെ മേൽ ചെന്നു മൂടുകയും അങ്ങിനെ അവ ഭൂമിയുടെ മീതെ ഉരുണ്ടുനീങ്ങിക്കൊണ്ടിരിക്കുകയുമാണല്ലോ. ഭൂമി ഗോളാകൃതിയിലായതു കൊണ്ടാണ് ഇങ്ങിനെ സംഭവിക്കുന്നത്. അല്ലായിരുന്നുവെങ്കിൽ രാവിന്ശേഷം പകലും പകലിനു ശേഷം രാത്രിയും പെട്ടെന്നായിരിക്കും അനുഭവപ്പെടുക. സൂര്യചന്ദ്രന്മാരുടെ ചലനത്തെക്കുറിച്ചു ഇതിനുമുമ്പു ഒന്നിലധികം പ്രാവശ്യം നാം വിവരിച്ചിട്ടുണ്ട്. പ്രാപഞ്ചികമായ ദൃഷ്ടാന്തങ്ങളെക്കുറിച്ചു പറഞ്ഞശേഷം, മനുഷ്യന്റെ ഉത്പത്തിയെയും, അവൻ നിത്യേന ഉപയോഗപ്പെടുത്തി കൊണ്ടിരിക്കുന്ന കന്നുകാലികളെയും, അവന്റെ വളർച്ചയുടെ ആദ്യഘട്ടങ്ങളെയും സംബന്ധിച്ച് അടുത്ത വചനത്തിൽ ഓർമിപ്പിക്കുന്നു:

39:6
 • خَلَقَكُم مِّن نَّفْسٍ وَٰحِدَةٍ ثُمَّ جَعَلَ مِنْهَا زَوْجَهَا وَأَنزَلَ لَكُم مِّنَ ٱلْأَنْعَـٰمِ ثَمَـٰنِيَةَ أَزْوَٰجٍ ۚ يَخْلُقُكُمْ فِى بُطُونِ أُمَّهَـٰتِكُمْ خَلْقًا مِّنۢ بَعْدِ خَلْقٍ فِى ظُلُمَـٰتٍ ثَلَـٰثٍ ۚ ذَٰلِكُمُ ٱللَّهُ رَبُّكُمْ لَهُ ٱلْمُلْكُ ۖ لَآ إِلَـٰهَ إِلَّا هُوَ ۖ فَأَنَّىٰ تُصْرَفُونَ ﴾٦﴿
 • നിങ്ങളെ അവൻ ഒരേ ജീവനിൽ (അഥവാ ദേഹത്തിൽ) നിന്നു സൃഷ്ടിച്ചു; പിന്നെ, അതിൽ നിന്നുതന്നെ അതിന്റെ ഇണയെ ഉണ്ടാക്കുകയും ചെയ്തു. കന്നുകാലികളിൽ നിന്നു എട്ടു(തരം) ഇണകളെയും നിങ്ങൾക്കുവേണ്ടി ഇറക്കി (ഉൽപാദിപ്പിച്ചു) തന്നു. നിങ്ങളുടെ മാതാക്കളുടെ വയറുകളിൽ വെച്ച് ഒരു (രൂപത്തിലുള്ള) സൃഷ്ടിക്കുശേഷം (വേറെ രൂപത്തിലുള്ള) ഒരു സൃഷ്ടിയായും കൊണ്ട് -മൂന്ന് അന്ധകാരങ്ങളിലായി- നിങ്ങളെ അവൻ സൃഷ്ടിച്ചുണ്ടാക്കുന്നു. അങ്ങിനെയുള്ളവനത്രേ നിങ്ങളുടെ രക്ഷിതാവായ അല്ലാഹു! അവന്നാണ് രാജാധിപത്യം. അവനല്ലാതെ ആരാധ്യനേ ഇല്ല. എന്നിരിക്കെ, എങ്ങിനെയാണ് നിങ്ങൾ (ഈ യാഥാർത്ഥ്യത്തിൽ നിന്നു) തിരിച്ചുവിടപെടുന്നത്?!
 • خَلَقَكُمۡ നിങ്ങളെ അവൻ സൃഷ്ടിച്ചു مِنۡ نَفۡسٍ ഒരു ജീവനിൽ (ദേഹത്തിൽ, ആളിൽ, ആത്മാവിൽ) നിന്നു وَاحِدَةٍ ഒരേ ثُمَّ جَعَلَ പിന്നെ ആക്കുക (ഉണ്ടാക്കുക)യും ചെയ്തു مِنْهَا അതിൽ നിന്നു (തന്നെ) زَوْجَهَا അതിന്റെ ഇണ (ഭാര്യയെ) وَأَنزَلَ لَكُمۡ നിങ്ങൾക്കു അവൻ ഇറക്കുകയും ചെയ്തു مِنَ الۡاَنۡعَامِ കന്നുകാലി (ആടുമാടൊട്ടകം)കളിൽ നിന്നു ثَمَانِيَةَ أَزْوَاجٍ എട്ടു ഇണകളെ يَخْلُقُكُمْ നിങ്ങളെ അവൻ സൃഷ്ടിക്കുന്നു فِي بُطُونِ വയറുകളിൽ(വെച്ച്) أُمَّهَاتِكُمْ നിങ്ങളുടെ മാതാക്കളുടെ خَلْقًا ഒരു സൃഷ്ടിയായി കൊണ്ട് مِنۡ بَعْدِ خَلْقٍ ഒരു സൃഷ്ടിക്കുശേഷം فِي ظُلُمَاتٍ ഇരുട്ടു (അന്ധകാരം)കളിലായി ثَلَاثٍ മൂന്നു ذَلِكُمُ അങ്ങിനെയുള്ളവൻ, അതത്രെ اللَّـهُ അല്ലാഹു رَبُّكُمْ നിങ്ങളുടെ രക്ഷിതാവായ لَهُ അവന്നാണ് الْمُلْكُ രാജത്വം, രാജാധിപത്യം لَا إِلَـٰهَ ഒരു ആരാധ്യനും (ഇലാഹും) ഇല്ല إِلَّا هُوَ അവനല്ലാതെ فَأَنَّى അപ്പോൾ എങ്ങിനെ تُصْرَفُونَ നിങ്ങൾ തിരിച്ചുവിടപ്പെടുന്നു

نَفۡس (നഫ്സ്) എന്ന വാക്ക് ‘ജീവൻ, ആത്മാവ്, രക്തം, മനസ്സ്, കണ്ണ്, ശരീരം, ദേഹം, താൻ (സ്വയം) ആൾ, മഹത്വം, യോഗ്യത എന്നിങ്ങനെ പല അർത്ഥങ്ങൾക്കും വരുന്നതാകുന്നു. نَفْس وَٰحِدَة (ഒരേ ജീവൻ അഥവാ ഒരേ ദേഹം) എന്നു ഈ വചനത്തിൽ പറഞ്ഞിട്ടുള്ളതു മനുഷ്യപിതാവായ ആദം (عليه السلام) നബിയെ ഉദ്ദേശിച്ചാണെന്നും زَوْجَهَا (അതിന്റെ ഇണ) എന്നു പറഞ്ഞതു മനുഷ്യമാതാവായ ഹവ്വാഉ് (عليها السلام) നെ ഉദ്ദേശിച്ചാണെന്നുമുള്ളതിൽ മുസ്‌ലിംകൾക്കിടയിലും വേദക്കാർക്കിടയിലും ഭിന്നാഭിപ്രായമില്ല. മനുഷ്യവർഗ്ഗത്തിന്റെ ഉത്പത്തിയെക്കുറിച്ച് ഭൗതികശാസ്ത്രങ്ങളും, നിലവിലുള്ള ജീവശാസ്ത്രതത്വങ്ങളും എന്തുതന്നെ പറഞ്ഞാലും ശരി, അതെല്ലാം കേവലം അവയുടെ അഭിപ്രായങ്ങളും അനുമാനങ്ങളും മാത്രം ആയിരിക്കുവാനേ തരമുള്ളൂ. മനുഷ്യസൃഷ്ടാവിന്റെ പ്രസ്താവനകളിൽ നിന്നു നേർക്കുനേരെ വ്യക്തമായി മനസ്സിലാക്കാവുന്നതെന്തോ അതു മാത്രമേ ഇവിടെ യഥാർത്ഥമായി അംഗീകരിക്കപ്പെടുവാൻ നിവൃത്തിയുള്ളൂ. നിലവിലുള്ള മനുഷ്യവർഗ്ഗം ഒന്നടങ്കം ഒരേ മാതാപിതാക്കളിൽ നിന്നു ജനിച്ച്‌ പെരുകി ഉണ്ടായതാണ് എന്നുള്ള യാഥാർത്ഥ്യം ഈ സൂറത്തിൽ മാത്രമല്ല, മറ്റു പല സൂറത്തുകളിലും അസന്നിഗ്ദ്ധമായി പ്രഖ്യാപിച്ചിട്ടുള്ളതാണ്. അല്ലാഹു പറയുന്നു:-

١) يَـٰٓأَيُّهَا ٱلنَّاسُ ٱتَّقُوا۟ رَبَّكُمُ ٱلَّذِى خَلَقَكُم مِّن نَّفْسٍ وَٰحِدَةٍ وَخَلَقَ مِنْهَا زَوْجَهَا وَبَثَّ مِنْهُمَا رِجَالًا كَثِيرًا وَنِسَآءً – النسآء ١

٢) هُوَ ٱلَّذِى خَلَقَكُم مِّن نَّفْسٍ وَٰحِدَةٍ وَجَعَلَ مِنْهَا زَوْجَهَا لِيَسْكُنَ إِلَيْهَا – الاعراف ١٨٩

٣) يَـٰٓأَيُّهَا ٱلنَّاسُ إِنَّا خَلَقْنَـٰكُم مِّن ذَكَرٍ وَأُنثَىٰ وَجَعَلْنَـٰكُمْ شُعُوبًا وَقَبَآئِلَ لِتَعَارَفُوٓا۟ – الحجرات ١٣

സാരം:

1. ഹേ മനുഷ്യരേ, നിങ്ങളെ ഒരേ ദേഹത്തിൽനിന്നു സൃഷ്ടിക്കുകയും, അതിൽനിന്നു അതിന്റെ ഇണയെ സൃഷ്ടിക്കുകയും രണ്ടുപേരിൽ നിന്നുമായി വളരെ പുരുഷന്മാരെയും സ്ത്രീകളെയും വർദ്ധിപ്പിക്കുകയും ചെയ്തിട്ടുള്ളവനായ നിങ്ങളുടെ റബ്ബിനെ നിങ്ങൾ സൂക്ഷിക്കുവിൻ. (സൂ: നിസാഉ് :1)

2. നിങ്ങളെ ഒരേ ദേഹത്തിൽനിന്നു സൃഷ്ടിക്കുകയും, അതിൽനിന്നു അതിന്റെ ഇണയെ – അവൻ അവളുടെ അടുക്കൽ മനസ്സമാധാനപ്പെടുവാൻ വേണ്ടി – ഉണ്ടാക്കുകയും ചെയ്തവനത്രെ അവൻ. (സൂ: അഅ്റാഫ്: 189)

3. ഹേ മനുഷ്യരേ, നിങ്ങളെ നാം ഒരു ആണിൽനിന്നും ഒരു പെണ്ണിൽനിന്നുമായി സൃഷ്ടിച്ചിരിക്കുന്നു. നിങ്ങളന്യോന്യം പരിചയപ്പെടുവാൻ വേണ്ടി, നിങ്ങളെ നാം ശാഖകളും ഗോത്രങ്ങളും ആക്കുകയും ചെയ്തിരിക്കുന്നു. (സൂ: ഹുജുറാത്ത് 13).

മനുഷ്യപിതാവ് ആദം (عليه السلام) നബിയായതു കൊണ്ടാണ് മനുഷ്യർക്ക്‌ بَنُو آدَم  (ആദമിന്റെ സന്തതികൾ) എന്നും മനുഷ്യന് ആദമിയ്യ് آدمي എന്നും പറയുന്നത്. മനുഷ്യസൃഷ്ടിയുടെ തുടക്കം – അഥവാ ഒന്നാമത്തെ മനുഷ്യനായ ആദ്യപിതാവിനെ സൃഷ്ടിച്ചത് – മണ്ണിൽനിന്നാണെന്നും ഖുർആൻ ആവർത്തിച്ചു പറഞ്ഞിരിക്കുന്നു. എന്നാൽ ആദ്യമാതാവിന്റെ ഉത്ഭവത്തെപ്പറ്റി ഖുർആൻ എന്തു പറയുന്നു എന്നാണ് എനി നോക്കുവാനുള്ളത്. ‘നിങ്ങളെ ഒരേ ദേഹത്തിൽ നിന്നും സൃഷ്ടിച്ചു’. (خَلَقَكُم مِّن نَّفْسٍ وَاحِدَةٍ) എന്നു പറഞ്ഞതിനെ തുടർന്ന് ഇവിടെയും, സൂ: അഅ്റാഫിലും ഈ വിഷയകമായി അല്ലാഹു പറഞ്ഞ വാക്ക് وَجَعَلَ مِنْهَا زَوْجَهَا (അതിൽനിന്ന് അതിന്റെ ഇണയെ ഉണ്ടാക്കുകയും ചെയ്തു.) എന്നാണ്. സൂ: നിസാഇലാകട്ടെ, ‘അതിൽനിന്നു അതിന്റെ ഇണയെ സൃഷ്ടിക്കുകയും ചെയ്തു’. (وَخَلَقَ مِنْهَا زَوْجَهَا) എന്നാകുന്നു. ഈ രണ്ടു പ്രയോഗവും ഉദ്ദേശത്തിൽ ഒന്നായിരിക്കുമെന്നു വ്യക്തമാണ്. പക്ഷേ, കൂടുതൽ വിശദീകരണം ഖുർആനിൽ നിന്നു ലഭിക്കുന്നില്ല. ഇമാം ബുഖാരി (رحمه الله) മുസ്ലിം (رحمه الله) എന്നിവർ ഉദ്ധരിക്കുന്ന ഒരു ഹദീസിൽ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഇപ്രകാരം പറയുന്നു:

واسْتَوْصُوا بالنِّساءِ خَيْرا فإِنَّهُنَّ خُلِقْنَ مِنْ ضِلَعٍ، وإنَّ أعْوَجَ شَيْء فِي الضِّلَع أعْلاَهُ فإنْ ذَهَبْتَ تُقِيمُهُ كَسَرْتَهُ، وإنْ تَرَكْتَهُ لَمْ يَزَلْ أعْوَجَ، فاسْتَوْصُوا بالنِّساءِ خَيْرامتفق عليه

സാരം:

നിങ്ങൾ സ്ത്രീകളെ കുറിച്ച് എന്റെ ഒസിയ്യത്തു നന്നായി പാലിക്കണം. കാരണം, അവർ വാരിയെല്ലിനാൽ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. വാരിയെല്ലുകളിൽ വെച്ച് ഏറ്റവും വളവുള്ളതു അതിന്റെ മേൽഭാഗത്തുള്ളതാണ്. നീ അതു നിവർത്തി ചൊവ്വാക്കുവാൻ പോയാൽ നീ അതു പൊട്ടിക്കേണ്ടിവരും. അങ്ങനെ തന്നെ വിട്ടാൽ അതു വളഞ്ഞു കൊണ്ടേ ഇരിക്കുകയും ചെയ്യും……….) ഇതുപോലെ വേറൊരു ഹദീസ് മുസ്ലിമും (رحمه الله) ഉദ്ധരിക്കുന്നുണ്ട്. ‘സ്ത്രീ വാരിയെല്ലിനാൽ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു’ എന്നല്ലാതെ ആ വാരിയെല്ല് ആരുടേതാണെന്നോ മറ്റോ ഹദീസിലില്ല. സ്ത്രീകളോടു സൗമ്യമായും നയത്തിലും പെരുമാറണം, അവരുടെ സ്വഭാവത്തിൽ പ്രകൃത്യാ പല പാകപ്പിഴവുകളും അനുഭവപ്പെടും, അതു ക്ഷമിക്കണം എന്നൊക്കെയാണ് ഈ ഹദീസിന്റെ താൽപര്യം. അഥവാ, സ്ത്രീയുടെ സൃഷ്ടിയെക്കുറിച്ച് പ്രതിപാദിക്കലല്ല അതിന്റെ ഉദ്ദേശ്യം. അതു കൊണ്ട് ‘സ്ത്രീ വാരിയെല്ലിനാൽ സൃഷ്ടിക്ക’പ്പെട്ടിരിക്കയാണെന്ന വാക്യം കേവലം ഒരു ഉപമാരൂപത്തിൽ പറഞ്ഞ അലങ്കാരപ്രയോഗമാണെന്നു ചിലർ പറയുന്നു. പക്ഷേ, ഭൂരിഭാഗം പണ്ഡിതന്മാരുടെയും അഭിപ്രായം, ആദം (عليه السلام) നബിയുടെ വാരിയെല്ലിൽ നിന്നാണ്  ഹവ്വാ (عليها السلام) സൃഷ്ടിക്കപ്പെട്ടിരിക്കുന്നതു എന്ന യഥാർത്ഥമാണ് ഈ ഹദീസുകളിൽ അടങ്ങിയിരിക്കുന്നതു എന്നത്രേ. وَخَلَقَ مِنْهَا زَوْجَهَا (ആ ദേഹത്തിൽ നിന്നുതന്നെ അതിന്റെ ഇണയെ സൃഷ്ടിക്കുകയും ചെയ്തു) എന്നും وَجَعَلَ مِنْهَا زَوْجَهَا (അതിൽ നിന്നുതന്നെ അതിന്റെ ഇണയെ ഉണ്ടാക്കുകയും ചെയ്തു) എന്നുമുള്ള ഖുർആൻ വാക്യങ്ങൾക്കു ഖുർആൻ വ്യാഖ്യാതാക്കൾ പൊതുവിൽ അംഗീകരിച്ചിട്ടുള്ള വ്യാഖ്യാനവും ഇതുതന്നെ.

ബൈബ്ളിന്റെ പഴയ നിയമത്തിൽ വിഷയം കുറേക്കൂടി വിസ്തരിച്ചു പറയുന്നുണ്ട്. അതു പറയുന്നു: ‘……മനുഷ്യൻ എല്ലാ കന്നുകാലികൾക്കും, ആകാശത്തിലെ പറവകൾക്കും, എല്ലാ കാട്ടുമൃഗങ്ങൾക്കും പേരിട്ടു: എങ്കിലും മനുഷ്യനു തക്കതായൊരു തുണ കണ്ടുകിട്ടിയില്ല. ആകയാൽ യഹോവയായ ദൈവം മനുഷ്യനു ഒരു ഗാഢനിദ്ര വരുത്തി. അവൻ ഉറങ്ങിയപ്പോൾ അവന്റെ വാരിയെല്ലുകളിൽ ഒന്നു് എടുത്തു അതിനുപകരം മാംസം പിടിപ്പിച്ചു. യഹോവയായ ദൈവം മനുഷ്യനിൽനിന്നു എടുത്ത വാരിയെല്ലിനെ ഒരു സ്ത്രീയാക്കി അവളെ മനുഷ്യന്റെ അടുക്കൽ കൊണ്ടുവന്നു. അപ്പോൾ മനുഷ്യൻ: ഇതു ഇപ്പോൾ എന്റെ അസ്ഥിയിൽനിന്നു അസ്ഥിയും എന്റെ മാംസത്തിൽനിന്നു മാംസവും ആകുന്നു…… എന്നു പറഞ്ഞു. അതുകൊണ്ടു പുരുഷൻ അപ്പനെയും, അമ്മയെയും വിട്ടുപിരിഞ്ഞു ഭാര്യയോടു പറ്റിച്ചേരും. അവർ ഏക ദേഹമായിത്തീരും.’ (ഉൽപത്തി: 2ൽ 20-24). ഈ ഉദ്ധരണിയിലെ ചില വശങ്ങൾ ഖുർആനോടും മേൽകണ്ട ഹദീസിനോടും യോജിക്കുന്നുവെന്ന് പറയേണ്ടതില്ല.

وخَلَقَ مِنْهَا زَوْجَهَا (അതിൽനിന്നു തന്നെ അതിന്റെ ഇണയെ സൃഷ്ടിച്ചു) എന്ന വാക്യത്തിനു ചിലർ അർത്ഥമാക്കുന്നത്‌ ‘അതിന്റെ വർഗ്ഗത്തിൽനിന്നു സൃഷ്ടിച്ചു’ (اي من جنسها) എന്നത്രേ. ഇതനുസരിച്ച് ആദം (عليه السلام) നെ മണ്ണിൽനിന്നു സൃഷ്ടിച്ചതുപോലെ, ഹവ്വാഉ് (عليها السلام) നെയും മണ്ണിൽനിന്നു സൃഷ്ടിച്ചു എന്നായിരിക്കുമല്ലോ. ഇതിനു തെളിവായി, ‘നിങ്ങളുടെ ദേഹങ്ങളിൽ നിന്നുതന്നെ നിങ്ങൾക്കു ഇണകൾ ഉണ്ടാക്കി’ (جَعَلَ لَكُمْ مِنْ أَنْفُسِكُمْ أَزْوَاجًا – النحل) എന്നും, ‘നിങ്ങൾക്കു നിങ്ങളുടെ ദേഹങ്ങളിൽനിന്നു ഒരു റസൂൽ വന്നിരിക്കുന്നു’ (جَاءَكُمْ رَسُولٌ مِّنْ أَنفُسِكُمْ – التوبة) എന്നും പോലെയുള്ള വാക്യങ്ങളാണിവർ ചൂണ്ടിക്കാട്ടുന്നത്. ഇവിടങ്ങളിൽ ‘നിങ്ങളുടെ വർഗ്ഗത്തിൽനിന്നു ഇണകളെ ഉണ്ടാക്കി’ എന്നും, ‘നിങ്ങളുടെ വർഗ്ഗത്തിൽനിന്നു റസൂൽ വന്നു’ എന്നുമാണല്ലോ ഉദ്ദേശ്യം. ഈ അഭിപ്രായക്കാരിൽ ചിലർ ഇങ്ങിനെ ചില ന്യായങ്ങളും പറഞ്ഞുകാണുന്നു: مِنْ نَفْسٍ وَاحِدَةٍ (ഒരു ദേഹത്തിൽനിന്നു) എന്ന വാക്യത്തിലെ مِنْ എന്ന അവ്യയം ഒരു വസ്തുവിന്റെ അംശത്തെ കുറിക്കുവാനുള്ളത് (التبعيضي) തന്നെ ആയിക്കൊള്ളണമെന്നില്ല. ഒന്നിന്റെ തുടക്കം കാണിക്കുന്നതും (الابتدائي) ആയിരിക്കാം. അതായതു ഒരു ദേഹത്തിൽനിന്നും മനുഷ്യരെ സൃഷ്ടിച്ചു’ എന്നല്ല, ‘ആ ദേഹം മുതൽക്കു മനുഷ്യരെ സൃഷ്ടിച്ചു തുടങ്ങി’ എന്നും അതിനു അർത്ഥം ആയിരിക്കാം. മാത്രമല്ല ആദം (عليه السلام) നെ മണ്ണിനാൽ സൃഷ്ടിക്കുവാൻ കഴിവുള്ളവനാണെന്നു സ്ഥാപിതമായിക്കഴിഞ്ഞാൽ  ഹവ്വാഉ് (عليها السلام) നെ മണ്ണിൽനിന്നു സൃഷ്ടിക്കുവാനും അവൻ കഴിവുള്ളവനായല്ലോ. അപ്പോൾ പിന്നെ, ആദം (عليه السلام) ന്റെ വാരിയെല്ലിൽ നിന്നു അദ്ദേഹത്തിനു ഇണയെ സൃഷ്ടിക്കുന്നതിൽ എന്താണ് ഒരു പ്രയോജനമുള്ളത്?! (كما في الرازي)

ഇവരുടെ അഭിപ്രായവും ന്യായവും പല കാരണങ്ങളാൽ സ്വീകരിക്കുവാൻ മാർഗ്ഗം കാണുന്നില്ല. ഉദാഹരണമായി:

1) മനുഷ്യന്റെ സൃഷ്ടിയെക്കുറിച്ചു ഖുർആനിൽ വ്യത്യസ്ത വാക്കുകളിലായി പല പ്രസ്താവനകളും കാണാം.

مِمَّا يَعْلَمُونَ، مِّن تُرَابٍۢ ، مِنْ صَلْصَالٍ، مِنْ طِينٍ، مِنْ نُطْفَةٍ، مِنْ مَاءٍ، مِنْ ذَكَرٍ وَأُنْثَى

(അവർക്കറിയാവുന്നതിൽനിന്നു, മണ്ണിൽനിന്നു, ചെലചെല ശബ്ദമുള്ള മണ്ണിൽ നിന്നു, കളിമണ്ണിൽ നിന്നു, ഇന്ദ്രിയത്തുള്ളിയിൽ നിന്നു, ജലത്തിൽ നിന്നു, ഒരു ആണിൽ നിന്നും പെണ്ണിൽനിന്നുമായി) എന്നിങ്ങിനെ പലതും. ഇവിടങ്ങളിലെല്ലാം مِنْ എന്ന അവ്യയത്തിനു നൽകപ്പെടുന്നതും നൽകപ്പെടേണ്ടതുമായ അർത്ഥത്തിൽ നിന്നു വ്യത്യസ്തമായ ഒരു അർത്ഥം ഇവിടെ മാത്രം കൽപ്പിക്കുവാൻ പ്രത്യേകം തെളിവു വേണ്ടിയിരിക്കുന്നു.

2) نَفۡس എന്ന വാക്കിനു ‘വർഗ്ഗം’ (جنس) എന്നർത്ഥമില്ല. അതിന്റെ ബഹുവചനമാണ് أَنْفُس എന്ന വാക്ക്. ചില സന്ദർഭങ്ങളിൽ ഇതിന്റെ ഉദ്ദേശ്യം പ്രായോഗികമായിത്തീരുന്നതു വർഗ്ഗത്തെ ആശ്രയിച്ചായിരിക്കുമെന്നു മാത്രം. അതിന്റെ മുമ്പും പിമ്പുമുള്ള വാക്കുകൾ നോക്കിവേണം അതു തീരുമാനിക്കുക. ചില സ്ഥലത്തു ‘വർഗ്ഗ’മാണു ഉദ്ദേശ്യമെന്നുവെച്ച് മറ്റു സ്ഥലങ്ങളിലും അങ്ങിനെ ആയിക്കൊള്ളണമെന്നില്ല. ഒരു വാക്കിന്റെ സാക്ഷാൽ അർത്ഥം ഉദ്ദേശിക്കുവാൻ പ്രത്യേക തടസ്സം ഉള്ളപ്പോൾ മാത്രമേ അതിനു ആലങ്കാരികമായ മറ്റൊരർത്ഥം കല്‍പ്പിക്കാവൂ എന്നതു ഭാഷാസാഹിത്യത്തിൽ ഒരു അംഗീകൃത നിയമമാകുന്നു. ഹവ്വാഉ് (അ) ന്റെ സൃഷ്ടി മറ്റൊരു രൂപത്തിലാണെന്നു വേറെ തെളിവുണ്ടെങ്കിൽ മാത്രമേ ഇതു സാധുവാകുകയുള്ളൂ.

3) ആദം (عليه السلام) നെപ്പോലെത്തന്നെ ഹവ്വാഉ് (عليها السلام) നെയും ആദ്യമേ മണ്ണിൽനിന്നു സൃഷ്ടിച്ചതാണെങ്കിൽ نَفْسٍ وَاحِدَةٍ (ഒരേ ദേഹം) എന്നതിന്റെ സ്ഥാനത്തു نفَسَيْنِ (രണ്ടു ദേഹങ്ങൾ) എന്നു പറയേണ്ടതായിരുന്നു.

4) ആദ്യത്തെ مِنْ നുള്ള അതേ അർത്ഥം തന്നെയാണ് അതിനോട് ചേർന്ന വാക്യത്തിൽ (مِنْهَا എന്നതിലെ) രണ്ടാമത്തെ مِنْ നും സാധാരണഗതിയിൽ ഉണ്ടായിരിക്കേണ്ടത്. കൂടാതെ, രണ്ടാമത്തെ مِنْ തുടക്കം കുറിക്കുന്നതാണെന്നു വെക്കുവാൻ വഴിയുമില്ല. കാരണം مِنْهَا എന്നതിന്റെ തൊട്ടുമുമ്പു ഈ സൂറത്തിലെയും അഅ്റാഫിലെയും ആയത്തുകളിൽ – جَعَلَ എന്ന ക്രിയയാണുള്ളത്. ഈ ക്രിയക്ക് ‘ആക്കി, ഉണ്ടാക്കി, ഏർപ്പെടുത്തി’ എന്നൊക്കെയാണര്‍ത്ഥം. അപ്പോൾ ആദം മുതൽ ഹവ്വാഇനെ ഉണ്ടാക്കി -അഥവാ ആക്കി – എന്നു അതിനു അർത്ഥം കൊടുക്കേണ്ടിവരുമല്ലോ.

5) സൂറ: അഅ്റാഫിലെ ആയത്തിൽ لِيَسْكُنَ إِلَيْهَا (അവൻ അവളുടെ അടുക്കൽ മനസ്സമാധാനമടയുവാൻ) എന്നു പറഞ്ഞിട്ടുള്ളതു ശ്രദ്ധേയമാകുന്നു. പ്രഥമ മനുഷ്യരായ രണ്ടു ഭാര്യാഭർത്താക്കളെക്കുറിച്ചാണല്ലോ ഇതു പറഞ്ഞിരിക്കുന്നത്. പരസ്പരം ഇണക്കവും മനസ്സമാധാനവും ഉണ്ടായിത്തീരുവാൻ രണ്ടുപേരും ഒരേ വർഗത്തിൽപ്പെട്ടവരാണെന്നതു ഒരു കാരണം തന്നെ. പക്ഷേ, ഇതു മനുഷ്യവർഗ്ഗത്തിന്റെ മാത്രം പ്രത്യേകതയല്ല. അതോടുകൂടി ഭാര്യ ഭർത്താവിന്റെ ഒരംശത്തിൽ നിന്നുണ്ടായവളാണെന്നും കൂടി വരുമ്പോൾ പ്രസ്തുത കാര്യം കൂടുതൽ ശക്തമായിത്തീരുമെന്നു പറയേണ്ടതില്ല.

6) ആദം (عليه السلام) നെ മണ്ണുകൊണ്ടു സൃഷ്ടിച്ചതോടുകൂടി ഹവ്വാഉ്  (عليها السلام) നെയും മണ്ണുകൊണ്ടു സൃഷ്ടിക്കുവാനുള്ള അല്ലാഹുവിന്റെ കഴിവു സ്ഥാപിതമായിരിക്കെ, പിന്നെ വാരിയെല്ലു കൊണ്ടു സൃഷ്ടിക്കേണ്ടുന്ന ആവശ്യമെന്താണെന്ന ചോദ്യത്തിൽ യാതൊരു കഴമ്പും ഇല്ല. കാരണം, മണ്ണിൽനിന്നു മാത്രമല്ല, വാരിയെല്ലിൽനിന്നും മനുഷ്യനെ സൃഷ്ടിക്കുവാനുള്ള അവന്റെ കഴിവുകൂടി ഇതുമൂലം സ്ഥാപിതമാകുകയാണ് ചെയ്യുന്നത്. ഈ ചോദ്യം ഇവിടെ മാത്രമല്ല, മനുഷ്യരെ ഇന്ദ്രിയത്തിൽനിന്നോ ജലത്തിൽനിന്നോ സൃഷ്ടിച്ച വിഷയം പറയുമ്പോഴും ഉന്നയിക്കാമല്ലോ.

ചുരുക്കത്തിൽ, ഭൂരിഭാഗം മുഫസ്സിറുകളും സ്വീകരിച്ചിട്ടുള്ള ഒന്നാമത്തെ അഭിപ്രായത്തിനാണ് തെളിവുകളുടെ പിൻബലം കൂടുതലുള്ളത്. അതുകൊണ്ടു തന്നെയാണ് അവരെല്ലാം അതു സ്വീകരിച്ചിട്ടുള്ളതും. والله أعلم

മനുഷ്യന്റെ ആരംഭത്തെപ്പറ്റി പ്രസ്താവിച്ചശേഷം, അവന്റെ ഭക്ഷണവും വാഹനവും മറ്റുമായിക്കൊണ്ടു അവൻ നിത്യേന ഉപയോഗിച്ചുകൊണ്ടിരിക്കുന്ന കന്നുകാലികളെ (الْأَنْعَام) അവനുവേണ്ടി അല്ലാഹു സൃഷ്ടിച്ചു കൊടുത്ത അനുഗ്രഹത്തെ ഓർമ്മപ്പെടുത്തുകയാണ് ചെയ്യുന്നത്. എട്ടുതരം ഇണകൾ (ثَمَانِيَةَ أَزْوَاجٍ) എന്നു പ്രത്യേകം എടുത്തു പറഞ്ഞിട്ടുള്ളതിന്റെ ഉദ്ദേശ്യം ചെമ്മരിയാട്, കോലാട്, ഒട്ടകം, മാട് എന്നീ നാലു വർഗ്ഗങ്ങളിൽനിന്നുള്ള ആണും പെണ്ണുമാണെന്നു സൂറത്തുൽ അൻആം 143-144ൽ നിന്നു മനസ്സിലാക്കാവുന്നതാണ്.

മനുഷ്യൻ അവന്റെ മാതാവിന്റെ വയറ്റിൽ – ഗർഭത്തിൽ – വെച്ചു സൃഷ്ടിക്കപ്പെടുന്നതിൽ അടങ്ങിയ അത്ഭുത രഹസ്യങ്ങളെക്കുറിച്ചാണ് അടുത്ത വാക്യം ഓർമ്മിപ്പിക്കുന്നത്. ‘ഒരു സൃഷ്ടിരൂപത്തിനുശേഷം മറ്റൊന്നായി’ (خَلْقًا مِنْ بَعْدِ خَلْقٍ) സൃഷ്ടിക്കുന്നു എന്നു പറഞ്ഞതു ഇന്ദ്രിയം, രക്തപിണ്ഡം, മാംസപിണ്ഡം, പൂർണ്ണശിശു എന്നിങ്ങിനെയുള്ള ഗർഭകാല ദശകളെ ഉദ്ദേശിച്ചാകുന്നു. ഇവയെപ്പറ്റി സൂറ: ഹജ്ജ്: 5, സൂറ: മുഅ്മിനൂൻ: 13-14 എന്നീ സ്ഥലങ്ങളിൽ വിവരിച്ചിട്ടുള്ളതു ഓർക്കുക. ‘മൂന്നുതരം അന്ധകാരങ്ങളിൽ (فِي ظُلُمَاتٍ ثَلاثٍ) എന്നു പറഞ്ഞതിന്റെ വിവക്ഷ, മാതാവിന്റെ വയറ്, ഗർഭാശയം, ശിശുവെ മൂടിപ്പൊതിഞ്ഞിരിക്കുന്ന നേരിയ ഒരു ഉറ (മറുപിള്ള- അഥവാ മറുകുട്ടി) എന്നീ മൂന്നിന്റെയും ഉള്ളിൽവെച്ച് ശിശു കഴിച്ചുകൂട്ടേണ്ടിവരുന്ന അജ്ഞാതാവസ്ഥയെ ചൂണ്ടിക്കാട്ടുന്നു. ഈ മൂന്നു ഇരുട്ടറകൾ പൊതുവിൽ എല്ലാവർക്കും അറിയപ്പെടുന്നവയത്രെ. എന്നാൽ, ഇവയ്ക്ക് പുറമെ പരക്കെ അറിയപ്പെടാത്തതും, ശരീരശാസ്ത്രപടുക്കളായ ആളുകൾക്കുമാത്രം അറിയാവുന്നതുമായ മറ്റൊരു മൂന്നു ഇരുട്ടറകളെ സംബന്ധിച്ചും ചില മഹാന്മാർ ഇവിടെ പ്രസ്താവിച്ചുകാണുന്നു. ഗർഭാശയത്തിനുള്ളിൽതന്നെയുള്ള മൂന്നു പ്രത്യേക അറകളിലായിട്ടാണുപോൽ ശിശു സംരക്ഷിക്കപ്പെടുന്നത്. ഈ അറകൾ ശസ്ത്രക്രിയകൊണ്ടുമാത്രമേ അറിയപ്പെടുവാൻ സാധിക്കയുള്ളൂവെന്നും അവർ പറയുന്നു. الله أعلم ഏതായാലും ഗർഭസ്ഥശിശുവിന്റെ ഉത്ഭവം മുതൽ പ്രസവംവരെയുള്ള കാലത്തെ ഓരോ പ്രകൃതിമാറ്റങ്ങളും, ഓരോ ഘട്ടത്തിലും അതിനുവേണ്ടുന്ന മുൻകരുതലുകൾ അല്ലാഹു ചെയ്തുവെച്ചിരിക്കുന്നതുമെല്ലാം അല്ലാഹുവിന്റെ മഹത്വത്തെയും അനുഗ്രഹത്തെയും പറ്റി ചിന്തിക്കുവാൻ ധാരാളം മതിയായതത്രെ! ഈ മുഖവുരയെത്തുടർന്നു അല്ലാഹു പറയുകയാണ്:-

ഹേ, മനുഷ്യരെ! ഇതെല്ലാം ആരുടെ പ്രവർത്തനങ്ങളാണോ, ആ മഹാ ശക്തിയാണു നിങ്ങളുടെ റബ്ബായ അല്ലാഹു! (ذَٰلِكُمُ اللَّـهُ رَبُّكُمْ) സകല വസ്തുവിന്റെയും ഭരണാധിപത്യം അവനുതന്നെ. (لَهُ المُلْكُ) എന്നിരിക്കെ, ആരാധ്യനായിരിക്കുവാൻ മറ്റാർക്കും അർഹതയില്ല. അവനല്ലാതെ ആരാധ്യന്‍ ഇല്ല. (لَا إِلَهَ إِلَّا هُوَ) ഇത്രയും വ്യക്തമായ ദൃഷ്ടാന്തങ്ങൾ ഉണ്ടായിരിക്കെ, അല്പബുദ്ധിയെങ്കിലും കൊടുത്തു ആലോചിച്ചാൽ ഈ വാസ്തവം ആർക്കും മനസ്സിലാക്കാമെന്നിരിക്കെ, പിന്നെ എങ്ങിനെയാണ് – ഹേ, അവിശ്വാസികളേ, ബഹുദൈവ വിശ്വാസികളേ – നിങ്ങൾ സത്യത്തിൽ നിന്നു തിരിച്ചുവിടപ്പെടുന്നത്?! (فَأَنَّى تُصْرَفُونَ) നിങ്ങൾക്കു ബുദ്ധിയില്ലേ, നിങ്ങൾ ചിന്തിക്കുന്നില്ലേ?!

39:7
 • إِن تَكْفُرُوا۟ فَإِنَّ ٱللَّهَ غَنِىٌّ عَنكُمْ ۖ وَلَا يَرْضَىٰ لِعِبَادِهِ ٱلْكُفْرَ ۖ وَإِن تَشْكُرُوا۟ يَرْضَهُ لَكُمْ ۗ وَلَا تَزِرُ وَازِرَةٌ وِزْرَ أُخْرَىٰ ۗ ثُمَّ إِلَىٰ رَبِّكُم مَّرْجِعُكُمْ فَيُنَبِّئُكُم بِمَا كُنتُمْ تَعْمَلُونَ ۚ إِنَّهُۥ عَلِيمٌۢ بِذَاتِ ٱلصُّدُورِ ﴾٧﴿
 • നിങ്ങൾ അവിശ്വസിക്കുക (അഥവാ നന്ദികേടു കാണിക്കുക)യാണെങ്കിൽ, നിശ്ചയമായും അല്ലാഹു നിങ്ങളിൽനിന്നും (ആശ്രയം വേണ്ടാത്ത) ധന്യനാകുന്നു. അവന്റെ അടിയാൻമാർക്കു അവിശ്വാസത്തെ അവൻ തൃപ്തിപ്പെടുകയില്ല. നിങ്ങൾ (വിശ്വസിച്ച്) നന്ദി കാണിക്കുകയാണെങ്കിൽ അവൻ നിങ്ങൾക്കതു തൃപ്തിപ്പെട്ടു തരുന്നതുമാണ്. കുറ്റം വഹിക്കുന്ന ഒരു ദേഹവും മറ്റൊന്നിന്റെ കുറ്റം വഹിക്കുന്നതല്ല. പിന്നീട് (ഒടുക്കം) നിങ്ങളുടെ രക്ഷിതാവിങ്കലേക്കാണ് നിങ്ങളുടെ മടങ്ങിവരവ്. അപ്പോൾ, നിങ്ങൾ പ്രവർത്തിച്ചുകൊണ്ടിരുന്നതിനെപ്പറ്റി അവൻ നിങ്ങളെ ബോധ്യപ്പെടുത്തുന്നതാണ്. നിശ്ചയമായും, അവൻ നെഞ്ചു [ഹൃദയം] കളിലുള്ളതിനെപ്പറ്റി അറിയുന്നവനാകുന്നു.
 • إِنۡ تَكْفُرُوا നിങ്ങൾ അവിശ്വസിക്കുന്നതായാൽ, നന്ദികേടു കാണിച്ചാൽ فَإِنَّ اللَّـهَ എന്നാൽ നിശ്ചയമായും അല്ലാഹു غَنِيٌّ അനാശ്രയനാണ്, ധന്യനാണ്, ഐശ്വര്യനാണ് عَنۡكُمْ നിങ്ങളിൽ നിന്നു وَلَا يَرْضَى അവൻ തൃപ്തിപ്പെടുകയില്ല لِعِبَادِهِ തന്റെ അടിയാൻമാർക്കു الْكُفْرَ അവിശ്വാസം, നന്ദികേടു وَإِنۡ تَشْكُرُوا നിങ്ങൾ നന്ദികാണിക്കുന്നതായാൽ يَرْضَهُ അതവൻ തൃപ്തിപ്പെടും لَكُمْ നിങ്ങൾക്കു وَلَا تَزِرُ കുറ്റം വഹിക്കുക (ഏൽക്കുക) യില്ല وَازِرَةٌ ഒരു കുറ്റക്കാരി, കുറ്റം വഹിക്കുന്ന ഒരു ദേഹം وِزْرَ أُخْرَى മറ്റൊന്നിന്റെ കുറ്റം ثُمَّ പിന്നീടു إِلَی رَبِّكُمۡ നിങ്ങളുടെ റബ്ബിങ്കലേക്കാണ് مَرۡجِعُكُمۡ നിങ്ങളുടെ മടക്കം, തിരിച്ചുവരവു فَيُنَبِّئُكُمۡ അപ്പോൾ അവൻ നിങ്ങളെ ബോധ്യപ്പെടുത്തും, (അറിയിക്കും) بِمَا യാതൊന്നിനെപ്പറ്റി كُنۡتُمْ تَعْمَلُونَ നിങ്ങൾ പ്രവർത്തിച്ചുകൊണ്ടിരുന്ന إِنَّهُ عَلِيمٌ നിശ്ചയമായും അവൻ അറിയുന്നവനാണ് بِذَاتِ الصُّدُورِ നെഞ്ചുകളിലു (ഹൃദയങ്ങളിലു)ള്ളതിനെപ്പറ്റി

‘മറച്ചുവെക്കുക’, അല്ലെങ്കിൽ ‘മൂടിവെക്കുക’ എന്നു ഭാഷാർത്ഥമുള്ള രണ്ടു ക്രിയാനാമങ്ങളാണു كُفْرٌ, كُفْرَان (‘കുഫ്ർ, കുഫ്റാൻ’) എന്നീ വാക്കുകൾ. ഈ അർത്ഥത്തിന്റെ അടിസ്ഥാനത്തിലാണ് കർഷകനെ ഉദ്ദേശിച്ച് كَافِر  (‘കാഫിർ’) എന്നു ഉപയോഗിക്കപ്പെടുന്നത്. ‘ഈമാനി’ന്റെ എതിരിൽ, അവിശ്വാസം എന്ന അർത്ഥത്തിലാണ് ‘കുഫ്ർ’ സാധാരണ ഉപയോഗിക്കപ്പെടുക. ‘ശുക്റി’ ന്റെ എതിരിൽ നന്ദികേടു എന്ന അർത്ഥത്തിൽ ‘കുഫ്റാനും’ അതുപോലെത്തന്നെ. രണ്ടിന്റെയും ക്രിയാരൂപങ്ങളും മറ്റും ഒരേ പ്രകാരമാണുതാനും. അതുകൊണ്ടു അവയ്ക്കു സന്ദർഭം നോക്കി അർത്ഥം കൽപിക്കേണ്ടതാകുന്നു. ഈ വചനത്തിൽ ഈ രണ്ടു അർത്ഥങ്ങൾക്കും സാധ്യതയുണ്ട്, അല്ലാഹുവിനോടുള്ള നന്ദിയിൽനിന്നാണ് സത്യവിശ്വാസം ഉടലെടുക്കുന്നത്. നേരെമറിച്ച് അവിശ്വാസം അവനോടു കാണിക്കുന്ന നന്ദികേടുമാകുന്നു. അതുകൊണ്ട് സത്യവിശ്വാസവും നന്ദിയും (ഈമാനും, ശുക്റും) തമ്മിലും, അവിശ്വാസവും നന്ദികേടും (കുഫ്റും, കുഫ്റാനും) തമ്മിലും അഭേദ്യബന്ധമാണുള്ളത്. സൂറത്തു ഇബ്രാഹീം 7, 8 ആയത്തുകളിൽ അല്ലാഹു ഇപ്രകാരം പറയുന്നു:-

١) …لَئِن شَكَرْتُمْ لَأَزِيدَنَّكُمْ ۖ وَلَئِن كَفَرْتُمْ إِنَّ عَذَابِي لَشَدِيدٌ – سورة ابراهيم : ٧

٢) …إِن تَكْفُرُوا أَنتُمْ وَمَن فِي الْأَرْضِ جَمِيعًا فَإِنَّ اللَّـهَ لَغَنِيٌّ حَمِيدٌ – سورة ابراهيم : ٨

1. നിങ്ങൾ നന്ദി കാണിച്ചാൽ നിശ്ചയമായും ഞാൻ നിങ്ങൾക്കു വർദ്ധിപ്പിച്ചുതരും. നിങ്ങൾ നന്ദികേടു കാണിച്ചുവെങ്കിലോ നിശ്ചയമായും എന്റെ ശിക്ഷ കഠിനമായതാണ്.

2. നിങ്ങളും ഭൂമിയിലുള്ളവരുമെല്ലാം കൂടി അവിശ്വസിക്കുന്നതായാലും അല്ലാഹു അനാശ്രയനും സ്തുത്യർഹനും തന്നെയാകുന്നു.)

അൽപം ദീർഘമായ ഒരു ഹദീസിൽ, അല്ലാഹു പറഞ്ഞതായി നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഇപ്രകാരം ഉദ്ധരിക്കുന്നു: ‘എന്റെ അടിയാൻമാരേ, നിങ്ങളിൽ ആദ്യമുള്ളവരും അവസാനമുള്ളവരും, നിങ്ങളിലുള്ള മനുഷ്യരും ജിന്നുകളുമെല്ലാംതന്നെ, നിങ്ങളിൽ ഏറ്റവും ദുഷിച്ച ഒരുവന്റെ ഹൃദയത്തോടുകൂടിയവരായിരുന്നാലും, അതു എന്റെ രാജാധിപത്യത്തിൽ നിന്നു യാതൊന്നുംതന്നെ കുറവു വരുത്തുന്നതല്ല.’ (മുസ്ലിം)

39:8
 • وَإِذَا مَسَّ ٱلْإِنسَـٰنَ ضُرٌّ دَعَا رَبَّهُۥ مُنِيبًا إِلَيْهِ ثُمَّ إِذَا خَوَّلَهُۥ نِعْمَةً مِّنْهُ نَسِىَ مَا كَانَ يَدْعُوٓا۟ إِلَيْهِ مِن قَبْلُ وَجَعَلَ لِلَّهِ أَندَادًا لِّيُضِلَّ عَن سَبِيلِهِۦ ۚ قُلْ تَمَتَّعْ بِكُفْرِكَ قَلِيلًا ۖ إِنَّكَ مِنْ أَصْحَـٰبِ ٱلنَّارِ ﴾٨﴿
 • മനുഷ്യനെ വല്ല ഉപദ്രവവും [അനിഷ്ടകാര്യവും] ബാധിച്ചാൽ, അവൻ തന്റെ റബ്ബിങ്കലേക്കു (ഭക്തിപൂർവ്വം) മടങ്ങിക്കൊണ്ട് അവനോടു പ്രാർത്ഥിക്കും. പിന്നീട് അവൻ തന്റെ പക്കൽനിന്നു വല്ല അനുഗ്രഹവും അവനു അധീനപ്പെടുത്തിക്കൊടുത്താൽ, അവൻ മുമ്പ് യാതൊരു കാര്യത്തിലേക്കു (വേണ്ടി) പ്രാർത്ഥന ചെയ്തിരുന്നുവോ അതവൻ മറന്നുകളയുകയായി. അല്ലാഹുവിന്റെ മാർഗ്ഗത്തിൽനിന്നു് (ജനങ്ങളെ) വഴിപിഴപ്പിക്കുവാനായി അല്ലാഹുവിനു അവൻ സമന്മാരെ [പങ്കുകാരെ] ആക്കുകയും ചെയ്യും. (നബിയേ) പറയുക: 'നീ നിന്റെ അവിശ്വാസംകൊണ്ട് അൽപ്പമൊന്നു സുഖമെടുത്തു കൊള്ളുക. (എന്നാൽ) നിശ്ചയമായും നീ നരകത്തിന്റെ ആൾക്കാരിൽപെട്ടവനത്രെ.'
 • وَإِذَا مَسَّ സ്പർശിച്ചാൽ (ബാധിച്ചാൽ) ٱلْإِنسَـٰنَ മനുഷ്യനെ ضُرٌّ വല്ല ഉപദ്രവവും (അനിഷ്ടകാര്യവും, ദോഷവും) دَعَا അവൻ പ്രാർത്ഥിക്കും, വിളിക്കും رَبَّهُۥ തന്റെ റബ്ബിനോടു, റബ്ബിനെ مُنِيبًا മനസ്സു മടങ്ങികൊണ്ടു, ഭക്തനായിക്കൊണ്ടു إِلَيْهِ അവനിലേക്കു ثُمَّ إِذَا خَوَّلَهُۥ പിന്നെ അവൻ അവനു അധീനമാക്കിയാൽ (കൊടുത്താൽ) نِعْمَةً വല്ല അനുഗ്രഹവും مِّنْهُ തന്റെ പക്കൽനിന്നു نَسِىَ അവൻ മറക്കും, വിസ്മരിക്കും مَا യാതൊരു കാര്യം كَانَ يَدْعُوٓا۟ അവൻ പ്രാർത്ഥിക്കു (വിളിക്കു) മായിരുന്നു إِلَيْهِ അതിലേക്കു, അതിനായി مِن قَبْلُ മുമ്പു وَجَعَلَ അവൻ ആക്കുകയും ചെയ്യും لِلَّهِ അല്ലാഹുവിനു أَندَادًا സമൻമാരെ, തുല്യൻമാരെ لِّيُضِلَّ അവൻ വഴിപിഴപ്പിക്കുവാൻ عَن سَبِيلِهِ അവന്റെ മാർഗ്ഗത്തിൽനിന്നു قُلْ പറയുക تَمَتَّعْ നീ സുഖമെടുത്തുകൊള്ളുക, ഉപയോഗമെടുക്കുക بِكُفْرِكَ നിന്റെ അവിശ്വാസം കൊണ്ടു قَلِيلًا അൽപം, കുറച്ചു إِنَّكَ നിശ്ചയമായും നീ مِنْ أَصْحَـٰبِ ٱلنَّارِ നരകത്തിന്റെ ആൾക്കാരിൽ പെട്ടവനാണ്
39:9
 • أَمَّنْ هُوَ قَـٰنِتٌ ءَانَآءَ ٱلَّيْلِ سَاجِدًا وَقَآئِمًا يَحْذَرُ ٱلْـَٔاخِرَةَ وَيَرْجُوا۟ رَحْمَةَ رَبِّهِۦ ۗ قُلْ هَلْ يَسْتَوِى ٱلَّذِينَ يَعْلَمُونَ وَٱلَّذِينَ لَا يَعْلَمُونَ ۗ إِنَّمَا يَتَذَكَّرُ أُو۟لُوا۟ ٱلْأَلْبَـٰبِ ﴾٩﴿
 • (അങ്ങിനെയുള്ള മനുഷ്യനാണോ ഉത്തമൻ,) അതല്ല (ഇങ്ങിനെയുള്ള) ഒരുവനോ? അവൻ ‘സുജൂദ്' [സാഷ്ടാംഗ നമസ്കാരം] ചെയ്തുകൊണ്ടും, നിന്നു (നമസ്കരിച്ചു) കൊണ്ടും രാത്രിസമയങ്ങളിൽ ഭക്തനായിരിക്കും;അവൻ പരലോകത്തെകുറിച്ച് ജാഗ്രതയായിരിക്കുകയും, തന്റെ റബ്ബിന്റെ കാരുണ്യം അഭിലഷിച്ചു [പ്രതീക്ഷിച്ചു] കൊണ്ടിരിക്കുകയും ചെയ്യുന്നു. (ഈ രണ്ടിൽ ആരാണ് ഉത്തമൻ?!) പറയുക: ‘അറിയുന്നവരും, അറിയാത്തവരും സമമാകുമോ?!’ നിശ്ചയമായും, ബുദ്ധിമാൻമാരേ ആലോചിച്ചു നോക്കുകയുള്ളൂ.
 • أَمَّنْ അതല്ല (അഥവാ) യാതൊരുവനോ هُوَ അവൻ قَانِتٌ ഭക്തനാണ്, താഴ്മ അർപ്പിക്കുന്ന (വിനയപ്പെടുന്ന)വനാണ് آنَاءَ اللَّيْلِ രാത്രിസമയങ്ങളിൽ سَاجِدًا സുജൂദു ചെയ്യുന്നവനായി وَقَائِمًا നിൽക്കുന്നവനായും يَحْذَرُ അവൻ ജാഗ്രതയായിരിക്കും, ഭയപ്പെടും, കാക്കും الۡأَخِرَۃَ പരലോകത്തെ وَيَرْجُو അവൻ അഭിലഷിക്കുക(പ്രതീക്ഷിക്കുക)യും ചെയ്യും رَحْمَةَ رَبِّهِ തന്റെ റബ്ബിന്റെ കാരുണ്യം قُلْ പറയുക هَلْ يَسْتَوِي സമമാകുമോ الَّذِينَ يَعْلَمُونَ അറിയുന്നവർ وَالَّذِينَ യാതൊരുവരും لَا يَعْلَمُونَ അറിയാത്ത, അവർ അറിയുകയില്ല إِنَّمَا يَتَذَكَّرُ നിശ്ചയമായും ആലോചിക്കുകയു(ള്ളൂ) أُولُو الْأَلْبَابِ ബുദ്ധിമാന്മാർ (മാത്രം)

ആപത്തുകൾ വരുമ്പോൾ മാത്രം അല്ലാഹുവിങ്കലേക്കു ഭക്തിയും പ്രാർത്ഥനയും അർപ്പിക്കുകയും, ആപത്തു നീങ്ങി സുഖമായിക്കഴിഞ്ഞാൽ അതെല്ലാം മറന്ന് ആരാധനക്കും പ്രാർത്ഥനക്കും വേറെ ദൈവങ്ങളെ സ്വീകരിക്കുകയും ചെയ്യുന്ന നന്ദികെട്ട അവിശ്വാസിയും, നേരെമറിച്ച് അല്ലാഹുവിന്റെ കാരുണ്യത്തെ ആശിച്ചും പ്രതീക്ഷിച്ചും കൊണ്ടു, പരലോകത്തുവെച്ചു അല്ലാഹുവിന്റെ ശിക്ഷയും കോപവും നേരിടുന്നതിനെക്കുറിച്ചു ജാഗരൂകനായിക്കൊണ്ടും രാത്രി സമയങ്ങളിൽ സുജൂദിലും നിറുത്തത്തിലുമായി ഭയഭക്തിയോടെ അല്ലാഹുവിനെ നമസ്കരിച്ചാരാധിക്കുന്ന സത്യവിശ്വാസിയും അല്ലാഹുവിന്റെ അടുക്കൽ ഒരിക്കലും സമമാകുകയില്ല എന്നു സാരം. ആദ്യം പറഞ്ഞവന്‍ യാഥാർത്ഥ്യം ചിന്തിച്ചറിയാത്ത വിഡ്ഢിയും, രണ്ടാമത്തേവൻ യാഥാർത്ഥ്യം മനസ്സിലാക്കിയവനും ബുദ്ധിമാനുമത്രെ.

സത്യവിശ്വാസികൾ സദാ ഭയപ്പാടും, പ്രതീക്ഷയും (الْخَوْفُ وَالرَّجَاءُ) ഉള്ളവരായിരിക്കണം. അഥവാ അല്ലാഹുവിന്റെ ശിക്ഷയെയും കോപത്തെയും കുറിച്ചുള്ള ഭയവും, അവന്റെ പ്രതിഫലത്തിലും കാരുണ്യത്തിലുമുള്ള പ്രതീക്ഷയും കൈവിടാൻ പാടില്ല. ഈ തത്വം ഖുർആനും, നബിവചനങ്ങളും പലപ്പോഴും ഉണർത്താറുള്ളതാണ്.

വിഭാഗം - 2

39:10
 • قُلْ يَـٰعِبَادِ ٱلَّذِينَ ءَامَنُوا۟ ٱتَّقُوا۟ رَبَّكُمْ ۚ لِلَّذِينَ أَحْسَنُوا۟ فِى هَـٰذِهِ ٱلدُّنْيَا حَسَنَةٌ ۗ وَأَرْضُ ٱللَّهِ وَٰسِعَةٌ ۗ إِنَّمَا يُوَفَّى ٱلصَّـٰبِرُونَ أَجْرَهُم بِغَيْرِ حِسَابٍ ﴾١٠﴿
 • പറയുക: 'വിശ്വസിച്ചവരായ എന്റെ അടിയാന്മാരേ, നിങ്ങളുടെ റബ്ബിനെ നിങ്ങൾ സൂക്ഷിക്കുവിൻ. ഈ ഇഹലോകത്തുവെച്ച് നന്മ പ്രവർത്തിക്കുന്നവർക്കു നന്മയുണ്ട്. അല്ലാഹുവിന്റെ ഭൂമിയാകട്ടെ, വിശാലമായതുമാകുന്നു. നിശ്ചയമായും, സഹനശീലൻമാർക്കു അവരുടെ പ്രതിഫലം, കണക്കില്ലാതെയത്രെ നിറവേറ്റിക്കൊടുക്കപ്പെടുക'.
 • قُلْ പറയുക يَا عِبَادِ എന്റെ അടിയാന്മാരേ الَّذِينَ آمَنُوا വിശ്വസിച്ചവരായ اتَّقُوا رَبَّكُمْ നിങ്ങളുടെ റബ്ബിനെ സൂക്ഷിക്കുവിൻ لِلَّذِينَ أَحْسَنُوا നന്മ പ്രവർത്തിച്ചവർക്കുണ്ടു فِي هَـذِهِ الدُّنْيَا ഈ ഇഹത്തിൽ വെച്ചു حَسَنَةٌ നന്മ وَأَرْضُ اللَّـهِ അല്ലാഹുവിന്റെ ഭൂമിയാകട്ടെ وَاسِعَةٌ വിശാലമായതാണ് إِنَّمَا يُوَفَّى നിശ്ചയമായും നിറവേറ്റിക്കൊടുക്കപ്പെടും الصَّابِرُونَ ക്ഷമാശീലന്‍മാര്‍ക്കു أَجْرَهُمۡ അവരുടെ പ്രതിഫലം بِغَيْرِ حِسَابٍ കണക്കില്ലാതെ (വിചാരണകൂടാതെ) ത്തന്നെ

സത്യവിശ്വാസികൾ, അവിശ്വാസികളെപ്പോലെ ആപത്തു വരുമ്പോൾ മാത്രം അല്ലാഹുവിനെ ഓർമ്മിക്കുന്നവരാകാതെ, സദായ്പ്പോഴും അല്ലാഹുവിനെ സൂക്ഷിച്ചു ഭയഭക്തിയോടിരിക്കണമെന്നു ഉപദേശിക്കുന്നു. ഈ ലോകത്തു വെച്ചാണ് നൻമചെയ്തു പുണ്യം സമ്പാദിക്കേണ്ടത്. നന്മ ചെയ്യുന്നവർക്കു ഇഹത്തിലും പരത്തിലും നന്മ ലഭിക്കുകയും ചെയ്യും. അല്ലാഹുവിന്റെ വിധിവിലക്കുകൾ അനുസരിക്കുവാനും, അവനെ ആരാധിക്കുവാനും ഒരു സ്ഥലത്തു വെച്ചു സാധിക്കാതെ വരുന്നപക്ഷം മറ്റെവിടെയെങ്കിലും പോയിട്ടെങ്കിലും അതു സാധ്യമാക്കേണ്ടതാണ്. അതിനു വേണ്ടി കുറെ സഹനവും ക്ഷമയും കൈക്കൊള്ളേണ്ടി വന്നേക്കാം. എന്നാലും, അതു നിർവ്വഹിക്കുകതന്നെ വേണം. അല്ലാഹുവിന്റെ ഭൂമി കുടുസ്സല്ല, അതിലെ നിവാസികളുടെ ആവശ്യങ്ങൾക്കു അതു ധാരാളം മതിയാകത്തക്കവണ്ണം വിശാലമാണ്. ക്ഷമാശീലൻമാരായ ആളുകൾക്കു അല്ലാഹുവിൽനിന്നു ലഭിക്കുവാനിരിക്കുന്ന പ്രതിഫലമാകട്ടെ, കണക്കറ്റതുമാണ്. ഒരു കവി പറഞ്ഞ വാക്യം ശ്രദ്ധേയമാകുന്നു:-

 ارَىَ الصَّبْرَ مَحْمُودًا وَّعَنْهُ مَذاهِبٌ • فَكَيْفَ اِذا مالَمْ يَكُن عَنْهُ َمذْهَبٌ هُناكَ يَحِقُ الصَّبْرُ والصَّبْرُ وَاجِبٌ • وَمَا كَانَ مِنهُ ﮐاللضَّرُورَةِ أوجَبُ

(സാരം: ക്ഷമയെ ഉപേക്ഷിക്കുവാൻ പല പോംവഴികളും ഉണ്ടായിരിക്കുമ്പോൾ തന്നെ ക്ഷമ സ്വീകരിക്കുന്നതു പ്രശംസനീയമായ ഒരു കാര്യമായി ഞാൻ കാണുന്നു. എന്നിരിക്കെ, മറ്റൊരു പോംവഴി ഇല്ലാത്തപ്പോഴത്തെ സ്ഥിതി എന്തായിരിക്കും? അവിടെ ക്ഷമ വേണ്ടപ്പെട്ടതും അതു നിർബ്ബന്ധവുമാണ്. നിർബ്ബന്ധിതാവസ്ഥയിലാണെങ്കിലോ, കൂടുതൽ നിർബ്ബന്ധവുമായിരിക്കുമല്ലോ).

وَأَرْضُ ٱللَّـهِ وَٰسِعَةٌ (അല്ലാഹുവിന്റെ ഭൂമി വിശാലമായതാണ്) എന്ന വാക്യം പ്രത്യേകം ശ്രദ്ധാർഹമാകുന്നു. സൂ: അങ്കബൂത്ത് 56ൽ ഈ വിഷയകമായി അല്ലാഹു പറഞ്ഞിട്ടുള്ള വാക്യം يَا عِبَادِيَ الَّذِينَ آمَنُوا إِنَّ أَرْضِي وَاسِعَةٌ (ഹേ, വിശ്വസിച്ചവരായ എന്‍റെ അടിയാന്മാരെ, നിശ്ചയമായും എന്‍റെ ഭൂമി വിശാലമായതാകുന്നു;) എന്നാകുന്നു. അടുത്ത ഭാവിയിൽ ജനപ്പെരുപ്പം നിമിത്തം മനുഷ്യനു വസിക്കുവാൻ ഭൂമിയിൽ സ്ഥലമില്ലാതാകുകയും, ഭക്ഷണം പോരാതെ വരികയും ചെയ്യുമെന്നു കണക്കു കൂട്ടി ഭയപ്പെട്ടുകൊണ്ടിരിക്കുന്നവരുടെ കൂട്ടത്തിൽ സത്യവിശ്വാസികൾ പങ്കുചേരേണ്ടതില്ലെന്നും, മനുഷ്യനാവശ്യമായത്ര സ്ഥലവും ആഹാരമാർഗ്ഗവും അല്ലാഹു ഒരുക്കിവെച്ചിട്ടുണ്ടെന്നും, അതു മനുഷ്യൻ ശരിയായ രൂപത്തിൽ കൈകാര്യം ചെയ്യുകയേ വേണ്ടതുള്ളുവെന്നും ഇതുപോലെയുള്ള വചനങ്ങളിൽ നിന്നു അവർക്കു മനസ്സിലാക്കാം. ‘അല്ലാഹുവിന്റെ ഭൂമി എന്നും’, ‘എന്റെ ഭൂമി’ എന്നുമുള്ള പ്രയോഗങ്ങളും , ‘സത്യവിശ്വാസികളേ’ എന്നു വിളിച്ചുകൊണ്ടുള്ള സംബോധനയും സത്യവിശ്വാസികളെ ഇരുത്തിച്ചിന്തിപ്പിക്കേണ്ടതാണ്. ഇതിനെപ്പറ്റി സൂ: അങ്കബൂത്തിൽ നാം വായിച്ചതു ഓർക്കുക.

39:11
 • قُلْ إِنِّىٓ أُمِرْتُ أَنْ أَعْبُدَ ٱللَّهَ مُخْلِصًا لَّهُ ٱلدِّينَ ﴾١١﴿
 • പറയുക: 'മതം (അഥവാ കീഴ്‌വണക്കം) അല്ലാഹുവിനു നിഷ്കളങ്കമാക്കിക്കൊണ്ടു ഞാൻ അവനെ ആരാധിക്കുവാൻ നിശ്ചയമായും എന്നോടു കൽപിക്കപ്പെട്ടിരിക്കുന്നു'.
 • قُلْ പറയുക إِنِّي أُمِرْتُ നിശ്ചയമായും ഞാൻ കൽപ്പിക്കപ്പെട്ടിരിക്കുന്നു أَنْ أَعْبُدَ ഞാൻ ആരാധിക്കുവാൻ اللَّـهَ അല്ലാഹുവിനെ مُخۡلِصاً لَهُ അവനു നിഷ്‌കളങ്ക (ശുദ്ധ)മാക്കിക്കൊണ്ടു الدِّينَ മതം, കീഴ്‌വണക്കം, ആരാധന, നടപടി
39:12
 • وَأُمِرْتُ لِأَنْ أَكُونَ أَوَّلَ ٱلْمُسْلِمِينَ ﴾١٢﴿
 • 'ഞാൻ 'മുസ്‌ലിം'കളിൽ ഒന്നാമത്തെവനായിരിക്കുന്നതിനും എന്നോടു കൽപിക്കപ്പെട്ടിരിക്കുന്നു'.
 • وَأُمِرْتُ എന്നോടു കൽപിക്കപ്പെടുകയും ചെയ്തിരിക്കുന്നു لِأَنْ أَكُونَ ഞാൻ ആയിരിക്കുവാൻ أَوَّلَ الْمُسْلِمِينَ മുസ്‌ലിംകളിൽ (കീഴൊതുക്കമുള്ളവരിൽ) ഒന്നാമൻ

അല്ലാഹുവിലും, പരലോകം മുതലായ കാര്യങ്ങളിലും വിശ്വസിച്ചുകൊണ്ടു അല്ലാഹുവിനു കീഴ്പെടുന്നവൻ എന്നത്രെ ‘മുസ്‌ലിം’ എന്ന വാക്കിന്റെ അർത്ഥം, ഇങ്ങിനെയുള്ളവർ ഏതു ദേശത്തിലോ കാലത്തോ ഉളളവരായാലും അവർ ഈ പേരിനു അർഹരാണ്. ഈ സമുദായത്തിലെ ഒന്നാമത്തെ മുസ്‌ലിം നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനി തന്നെ.

39:13
 • قُلْ إِنِّىٓ أَخَافُ إِنْ عَصَيْتُ رَبِّى عَذَابَ يَوْمٍ عَظِيمٍ ﴾١٣﴿
 • പറയുക: 'ഞാൻ എന്റെ റബ്ബിനോടു അനുസരണക്കേടു കാണിക്കുന്നപക്ഷം, ഒരു വമ്പിച്ച ദിവസത്തിലെ ശിക്ഷയെ നിശ്ചയമായും ഞാൻ ഭയപ്പെടുന്നു'.
 • قُلْ പറയുക إِنِّي أَخَافُ നിശ്ചയമായും ഞാൻ ഭയപ്പെടുന്നു إِنْ عَصَيْتُ ഞാൻ അനുസരണക്കേടു (എതിരു) ചെയ്‌താൽ رَبِّي എന്റെ റബ്ബിനോടു عَذَابَ يَوْمٍ ഒരു ദിവസത്തിലെ ശിക്ഷ عَظِيمٍ വമ്പിച്ച
39:14
 • قُلِ ٱللَّهَ أَعْبُدُ مُخْلِصًا لَّهُۥ دِينِى ﴾١٤﴿
 • പറയുക: 'എന്റെ മതം (അഥവാ കീഴ്‌വണക്കം) അല്ലാഹുവിനു നിഷ്കളങ്കമാക്കിക്കൊണ്ടു അവനെത്തന്നെ ഞാൻ ആരാധിക്കുന്നു.'
 • قُلِ പറയുക اللَّـهَ أَعْبُدُ അല്ലാഹുവിനെത്തന്നെ ഞാൻ ആരാധിക്കുന്നു مُخْلِصًا لَّهُ അവനു നിഷ്കളങ്കമാക്കിക്കൊണ്ടു دِينِي എന്റെ മതം, കീഴ്‌വണക്കം
39:15
 • فَٱعْبُدُوا۟ مَا شِئْتُم مِّن دُونِهِۦ ۗ قُلْ إِنَّ ٱلْخَـٰسِرِينَ ٱلَّذِينَ خَسِرُوٓا۟ أَنفُسَهُمْ وَأَهْلِيهِمْ يَوْمَ ٱلْقِيَـٰمَةِ ۗ أَلَا ذَٰلِكَ هُوَ ٱلْخُسْرَانُ ٱلْمُبِينُ ﴾١٥﴿
 • 'എന്നാൽ, നിങ്ങൾ അവനുപുറമെ നിങ്ങൾ ഉദ്ദേശിച്ചതിനെ ആരാധിച്ചുകൊള്ളുക!' പറയുക: '(പക്ഷേ) തങ്ങൾക്കു തന്നെയും, തങ്ങളുടെ ആൾക്കാർക്കും ഖിയാമത്തുനാളിൽ നഷ്ടം വരുത്തിയവരത്രെ നിശ്ചയമായും നഷ്ടക്കാർ!' അല്ലാ (-അറിഞ്ഞേക്കുക): അതുതന്നെയാണ് പ്രത്യക്ഷമായ നഷ്ടം!
 • فَاعْبُدُوا എന്നാൽ നിങ്ങളാരാധിച്ചുകൊള്ളുക مَا شِئْتُمۡ നിങ്ങളുദ്ദേശിച്ചതിനെ مِنۡ دُونِهِ അവനു പുറമെ قُلْ പറയുക إِنَّ الْخَاسِرِينَ നിശ്ചയമായും നഷ്‌ടക്കാർ الَّذِينَ خَسِرُوا നഷ്‌ടം വരുത്തിയവരത്രെ أَنفُسَهُمْ തങ്ങളെത്തന്നെ,തങ്ങളുടെ ദേഹങ്ങൾക്കു, ആത്മാക്കൾക്കു وَأَهْلِيهِمْ തങ്ങളുടെ സ്വന്തക്കാർക്കും (ആൾക്കാർക്കും) يَوْمَ الْقِيَامَةِ ഖിയാമത്തുനാളിൽ أَلَا അല്ലാ (അറിഞ്ഞേക്കുക) ذَلِكَ هُوَ അതുതന്നെയാണ് الْخُسْرَانُ നഷ്‌ടം الْمُبِينُ പ്രത്യക്ഷമായ
39:16
 • لَهُم مِّن فَوْقِهِمْ ظُلَلٌ مِّنَ ٱلنَّارِ وَمِن تَحْتِهِمْ ظُلَلٌ ۚ ذَٰلِكَ يُخَوِّفُ ٱللَّهُ بِهِۦ عِبَادَهُۥ ۚ يَـٰعِبَادِ فَٱتَّقُونِ ﴾١٦﴿
 • അവർക്കു (നരകത്തിൽ) അവരുടെ മുകൾഭാഗത്തു നിന്നു് അഗ്നികൊണ്ടുള്ള തണലുകൾ ഉണ്ടായിരിക്കും; അവരുടെ താഴ്ഭാഗത്തുനിന്നും തണലുകളുണ്ടായിരിക്കും. അതു -അതിനെപ്പറ്റി- അല്ലാഹു അവന്റെ അടിയാന്മാരെ ഭയപ്പെടുത്തുകയാണ്. എന്റെ അടിയാന്മാരെ, ആകയാൽ നിങ്ങൾ എന്നെ സൂക്ഷിക്കുവിൻ!
 • لَهُمۡ അവർക്കുണ്ടായിരിക്കും مِنۡ فَوۡقِهِمۡ അവരുടെ മുകളിൽനിന്നു ظُلَلٌ തണലു (നിഴലു)കൾ مِنَ النَّارِ അഗ്നികൊണ്ടു وَمِنۡ تَحْتِهِمْ അവരുടെ താഴ്ഭാഗത്തു നിന്നും ظُلَلٌ തണലുകളുണ്ടായിരിക്കും ذَلِكَ അതു يُخَوِّفُ اللَّـهُ അല്ലാഹു ഭയപ്പെടുത്തുന്നു بِهِ അതിനെപ്പറ്റി, അതുകൊണ്ടു عِبَادَهُ തന്റെ അടിയാന്മാരേ يَا عِبَادِ എന്റെ അടിയാന്മാരേ فَاتَّقُونِ അതിനാൽ എന്നെ നിങ്ങൾ സൂക്ഷിക്കുവിൻ

അല്ലാഹു അല്ലാത്തവരെ ആരാധിക്കുകയും, അല്ലാഹുവിനോടു അനുസരണക്കേടു കാണിക്കുകയും ചെയ്യുന്നവർക്കുള്ള കനത്ത താക്കീതുകളാണിവ എന്നു പറയേണ്ടതില്ല. മുകളിലൂടെയും, അടിയിലൂടെയും അഗ്നിയുടെ നിഴലുണ്ടായിരിക്കുമെന്നു പറഞ്ഞതിന്റെ താൽപര്യം, എല്ലാ ഭാഗത്തുനിന്നും അഗ്നി അവരെ പൊതിഞ്ഞുകൊണ്ടിരിക്കുമെന്നാണ്.

لَهُم مِّن جَهَنَّمَ مِهَادٌ وَمِن فَوْقِهِمْ غَوَاشٍ – الاعراف – ٤١

(അവർക്കു ‘ജഹന്നമി’ൽനിന്നു – കിടക്കുവാനുള്ള – തൊട്ടിലുണ്ടായിരിക്കും; അവരുടെ മേൽഭാഗത്തുനിന്നു മൂടികളും ഉണ്ടായിരിക്കും).

يَوْمَ يَغْشَىٰهُمُ ٱلْعَذَابُ مِن فَوْقِهِمْ وَمِن تَحْتِ أَرْجُلِهِمْ – العنكبوت ٥٥

(അവരുടെ മേൽഭാഗത്തുനിന്നും അവരുടെ താഴ്ഭാഗത്തുനിന്നും ശിക്ഷ അവരെ മൂടുന്ന ദിവസം) അവസാനത്തെ വാചകത്തിൽ, അല്ലാഹു എത്രമാത്രം ദയവോടും കനിവോടും കൂടിയാണ് ജനങ്ങളെ ഉപദേശിക്കുന്നതെന്നു നോക്കുക!

39:17
 • وَٱلَّذِينَ ٱجْتَنَبُوا۟ ٱلطَّـٰغُوتَ أَن يَعْبُدُوهَا وَأَنَابُوٓا۟ إِلَى ٱللَّهِ لَهُمُ ٱلْبُشْرَىٰ ۚ فَبَشِّرْ عِبَادِ ﴾١٧﴿
 • യാതൊരു കൂട്ടർ 'ത്വാഗൂത്തി'നെ [ധിക്കാരിയായ പിശാചിനെ]- അതായതു അതിനെ ആരാധിക്കുന്നതിനെ - വർജ്ജിക്കുകയും, അല്ലാഹുവിലേക്കു (ഭക്തിപൂർവ്വം) മടങ്ങുകയും ചെയ്യുന്നുവോ അവർക്കു സന്തോഷവാർത്തയുണ്ട്. ആകയാൽ, (നബിയേ) എന്റെ അടിയാന്മാർക്കു സന്തോഷവാർത്ത അറിയിക്കുക;-
 • وَالَّذِينَ യാതൊരു കൂട്ടർ اجْتَنَبُوا അവർ വർജ്ജിച്ചു, അകന്നുനിന്നു الطَّاغُوتَ ത്വാഗൂത്തിനെ (പിശാചിനെ, ധിക്കാരിയെ) أَنۡ يَعْبُدُوهَا അതായതു അതിനെ ആരാധിക്കുന്നതിനെ وَأَنَابُوا അവർ മടക്കം കാണിക്കുക (വിനയപ്പെടുക) യും ചെയ്തു إِلَى اللَّـهِ അല്ലാഹുവിങ്കലേക്കു لَهُمُ അവർക്കുണ്ട് الْبُشْرَى സന്തോഷം, സന്തോഷവാർത്ത فَبَشِّرْ ആകയാൽ സന്തോഷമറിയിക്കുക عِبَادِي എന്റെ അടിയാന്മാരെ
39:18
 • ٱلَّذِينَ يَسْتَمِعُونَ ٱلْقَوْلَ فَيَتَّبِعُونَ أَحْسَنَهُۥٓ ۚ أُو۟لَـٰٓئِكَ ٱلَّذِينَ هَدَىٰهُمُ ٱللَّهُ ۖ وَأُو۟لَـٰٓئِكَ هُمْ أُو۟لُوا۟ ٱلْأَلْبَـٰبِ ﴾١٨﴿
 • അതായതു, (പറയുന്ന) വാക്കു ശ്രദ്ധിച്ചു കേൾക്കുകയും, എന്നിട്ട് അതിൽ നല്ലതിനെ പിൻപറ്റുകയും ചെയ്യുന്നവർക്കു: അല്ലാഹു മാർഗ്ഗദർശനം നൽകിയിട്ടുള്ളവരത്രെ അക്കൂട്ടർ; അവർ തന്നെയാണ് ബുദ്ധിമാന്മാരും.
 • الَّذِينَ يَسْتَمِعُونَ അതായതു ശ്രദ്ധിച്ചു കേൾക്കുന്ന (ചെവികൊടുക്കുന്ന)വരെ الْقَوْلَ വാക്കിനെ, പറയുന്നതിനെ فَيَتَّبِعُونَ എന്നിട്ടു പിൻപറ്റുന്നു أَحْسَنَهُ അതിൽ നല്ലതിനെ أُولَـئِكَ അക്കൂട്ടർ الَّذِينَ യാതൊരുവരത്രെ هَدَاهُمُ اللَّـهُ അല്ലാഹു അവർക്കു മാർഗ്ഗദർശനം നൽകിയിരിക്കുന്നു وَأُولَـٰئِكَ هُمْ അക്കൂട്ടർ തന്നെ أُولُو الْأَلْبَابِ ബുദ്ധിമാന്മാർ

‘അതിരുകവിച്ചൽ’, ‘ധിക്കാരം’ എന്നീ അർത്ഥങ്ങളുള്ള طُغْيان (ത്വുഗ്യാൻ) എന്ന മൂലത്തിൽനിന്നുള്ളതാണ് ‘ത്വാഗൂത്ത്’ (طَاغُوتَ) അച്ചടക്കമില്ലാതെ തോന്നിയവാസത്തിലും, ദുർന്നടപ്പിലും അതിരു കവിഞ്ഞവർക്കെല്ലാം ഈ വാക്കു ഉപയോഗിക്കാം. ഇവിടെ അതുകൊണ്ടുദ്ദേശ്യം വിഗ്രഹങ്ങളാണെത്രെ ചിലരുടെ അഭിപ്രായം. മനുഷ്യനെ വഴി തെറ്റിക്കുവാൻ അവ കരണമാണല്ലോ. ജിന്നുകളിലോ മനുഷ്യരിലോ ഉള്ള എല്ലാ മുഴുത്ത ധിക്കാരികളും, അല്ലാഹു അല്ലാത്ത എല്ലാ ആരാധ്യവസ്തുക്കളും ഉൾപ്പെടുമെന്നാണ്  വേറെ ചിലരുടെ അഭിപ്രായം. ഇമാം റാഗിബ് (رحمه الله) നൽകുന്ന അർത്ഥവും ഏതാണ്ടു ഇതേപ്രകാരം തന്നെ. എങ്കിലും, അധികം ഖുർആൻ വ്യാഖ്യാതാക്കളും അതുകൊണ്ടുദ്ദേശ്യം പിശാചാണെന്നാണ് പറഞ്ഞുകാണുന്നത്. വാക്കർത്ഥം നോക്കുമ്പോൾ, പൊതുവിൽ ഉപയോഗിക്കപെടാമെങ്കിലും പിശാചിനുമാത്രമേ അതു പറയപ്പെടാറുള്ളുവെന്നും ചില മഹാന്മാർ പ്രസ്താവിച്ചിട്ടുണ്ട്. അല്ലാഹു അല്ലാത്തവരെ ആരാധിക്കലും, മറ്റെല്ലാ ദുർന്നടപ്പുകളും പിശാചിന്റെ ദുർബോധനം നിമിത്തമാണല്ലോ ഉണ്ടാകുന്നത്. അതുകൊണ്ടു അവയെല്ലാം വാസ്തവത്തിൽ പിശാചിനെ ആരാധിക്കലാണെന്നു സാരം.

അല്ലാഹുവിന്റെ അനുമോദനത്തിനു പാത്രവാന്മാരായിത്തീരുന്ന നല്ല അടിയാന്മാരുടെ ഒരു ഉത്തമലക്ഷണം അല്ലാഹു പ്രസ്താവിച്ചിരിക്കുന്നതു ശ്രദ്ധിക്കുക: ‘പറയുന്ന വാക്കു ശ്രദ്ധിച്ചു കേൾക്കുകയും, അതിൽ നല്ലതിനെ പിൻപറ്റുകയും ചെയുക’. ഹാ! എത്ര മഹത്തായ ഒരു സ്വഭാവമാണിത്?! ഇവർക്കു അല്ലാഹു നൽകുന്ന സന്തോഷവാർത്ത നോക്കുക: ‘അവരാണ് അല്ലാഹു മാർഗ്ഗദർശനം നൽകിയവർ, അവരാണ് ബുദ്ധിമാന്മാരും’! ഇതിലധികം ഉന്നതമായ ഉത്തമ പദവിയും, ഭാഗ്യവും മറ്റെന്തുണ്ട്?! പക്ഷേ, ഇപ്പറഞ്ഞ ഗുണം സാക്ഷാത്ക്കരിക്കുകയും, പ്രയോഗത്തിൽ വരുത്തുകയും ചെയ്യുന്നവർ വളരെ വിരളമാണെന്നു പറയേണ്ടിയിരിക്കുന്നു. അറിവുള്ളവരെന്നു ഗണിക്കപ്പെടുന്നവരിൽപ്പോലും ഇങ്ങനെയുള്ളവർ തുലോം കുറവാണെന്നതാണ് പരമാർത്ഥം – ഇക്കാലത്തു വിശേഷിച്ചും. അല്ലാഹുവിന്റെയും റസൂലിന്റെയും വ്യക്തമായ പ്രസ്താവനകൾപോലും സ്വന്തം യുക്തിതാല്പര്യങ്ങളുടെ ഉരക്കലിൽ പരിശോധിക്കുവാനും, വിമർശനവിധേയമാക്കുവാനും മുതിരുന്ന കാലമാണല്ലോ ഇത്.

ഒരാൾ – അയാൾ എത്ര മഹാനായാലും ശരി – ഒരു കാര്യം പറയുവാൻ തുടങ്ങുമ്പോഴേക്കും അതിനെ എതിർക്കുക, ഇടക്കു കടന്നു തർക്കിക്കുക, വിഷയം തീരുംമുമ്പും, പറഞ്ഞതു മനസ്സിരുത്താതെയും അതിനെ നിഷേധിക്കുക, വക്താവിന്റെ നേർക്കു ഏതെങ്കിലും നിലക്കുള്ള അനാദരവുനിമിത്തം അയാൾ പറഞ്ഞതെന്തും നിരസിക്കുക എന്നിത്യാദി ദോഷങ്ങളിൽ നിന്നു സംശുദ്ധമായവർ മഹാഭാഗ്യവാന്മാർ തന്നെ. പറയുന്നതെല്ലാം സ്വീകരിക്കണമെന്നല്ല അല്ലാഹു ഇവിടെ ചൂണ്ടിക്കാട്ടിയത്. എല്ലാം ശ്രദ്ധാപൂർവം കേൾക്കുക, എന്നിട്ടു അതിൽ നല്ലതിനെ സ്വീകരിച്ചു പിൻപറ്റുക. അത്രമാത്രം. ഹാ! എത്ര മഹത്തായ ഉപദേശം! എത്ര ആദരണീയമായ സ്വഭാവം!

39:19
 • أَفَمَنْ حَقَّ عَلَيْهِ كَلِمَةُ ٱلْعَذَابِ أَفَأَنتَ تُنقِذُ مَن فِى ٱلنَّارِ ﴾١٩﴿
 • അപ്പോൾ, ശിക്ഷയുടെ വാക്ക് (സ്ഥിരപ്പെട്ട്‌) യഥാർത്ഥമായിത്തീർന്നിട്ടുള്ളവനോ?! [നിനക്കവനെ നേർമാർഗ്ഗത്തിലാക്കാമോ?! ഇല്ല.] എന്നിരിക്കെ, നരകത്തിലുള്ളവനെ നീ രക്ഷപ്പെടുത്തുമോ?! [അതുമില്ല.]
 • أَفَمَنْ അപ്പോൾ ഒരുവനോ حَقَّ عَلَيْهِ അവന്റെ മേൽ യാഥാർത്ഥമായി, സ്ഥിരപ്പെട്ടിരിക്കുന്നു كَلِمَةُ الْعَذَابِ ശിക്ഷയുടെ വാക്കു كَلِمَةُ الْعَذَابِ ശികഷയുടെ വാക്കു أَفَأَنۡتَ അപ്പോൾ നീയോ تُنۡقِذُ രക്ഷപ്പെടുത്തുന്നു مَنۡ ഒരുവനെ فِی النَّارِ നരകത്തിലുള്ള

ഉപദേശങ്ങളൊന്നും കേട്ടനുസരിക്കാതെ, ശിക്ഷക്കുള്ള അർഹത സ്ഥിരപ്പെട്ടുകഴിഞ്ഞവനെക്കുറിച്ചു എന്തു പറയുവാനാണ്?! അവന്റെ കാര്യം (നബിയേ) താൻ ഏറ്റെടുത്തു അവനെ നല്ലവഴിക്ക് ആക്കിത്തീർക്കുവാൻ കഴിയുമോ?! കഴിയുമായിരുന്നുവെങ്കിൽ അങ്ങിനെയുള്ളവരെ നരകത്തിൽനിന്നു തനിക്കു രക്ഷപ്പെടുത്താമായിരുന്നു. പക്ഷെ അതുണ്ടാകുമോ?! ഒരിക്കലുമില്ല; എന്നു സാരം.

39:20
 • لَـٰكِنِ ٱلَّذِينَ ٱتَّقَوْا۟ رَبَّهُمْ لَهُمْ غُرَفٌ مِّن فَوْقِهَا غُرَفٌ مَّبْنِيَّةٌ تَجْرِى مِن تَحْتِهَا ٱلْأَنْهَـٰرُ ۖ وَعْدَ ٱللَّهِ ۖ لَا يُخْلِفُ ٱللَّهُ ٱلْمِيعَادَ ﴾٢٠﴿
 • പക്ഷേ, തങ്ങളുടെ രക്ഷിതാവിനെ സൂക്ഷിച്ചിട്ടുള്ളവരാകട്ടെ, (തട്ടുതട്ടായി) മേൽക്കുമേലെ നിർമ്മിക്കപ്പെട്ടിട്ടുള്ള ചില മണിമാടങ്ങൾ അവർക്കുണ്ടായിരിക്കും; അവയുടെ അടിഭാഗത്തുകൂടി നദികൾ ഒഴുകിക്കൊണ്ടിരിക്കുന്നതാണ്; അല്ലാഹുവിന്റെ വാഗ്ദാനം! നിശ്ചയമായും, അല്ലാഹു വാഗ്ദാന നിശ്ചയം ലംഘിക്കുകയില്ല.
 • لَـكِنِ പക്ഷേ الَّذِينَ اتَّقَوْا സൂക്ഷിച്ചവർ رَبَّهُمْ തങ്ങളുടെ റബ്ബിനെ لَهُمْ അവർക്കുണ്ട് غُرَفٌ മണിമാളികകൾ, ഉന്നത അറകൾ مِنۡ فَوْقِهَا അവയുടെ മീതെ ഉണ്ടായിരിക്കും غُرَفٌ മണിമാടങ്ങൾ مَبۡنِيَّۃٌ നിർമ്മിക്ക(സ്ഥാപിക്ക, കെട്ടിയുണ്ടാക്ക)പ്പെട്ട تَجْرِي നടക്കും, ഒഴുകും مِنۡ تَحْتِهَا അതിന്റെ അടിയിൽകൂടി الْأَنْهَارُ നദികൾ, അരുവികൾ وَعْدَ اللَّـهِ അല്ലാഹുവിന്റെ വാഗ്‌ദാനം لَا يُخْلِفُ اللَّـهُ അല്ലാഹു ലംഘിക്കുകയില്ല, വ്യത്യാസം ചെയ്കയില്ല الْمِيعَادَ വാഗ്ദാനം, നിശ്ചയം

ഇമാം അഹ്മദും (رحمه الله) മറ്റും ഉദ്ധരിച്ചിട്ടുള്ള ഒരു നബിവചനത്തിൽ ഇപ്രകാരം വന്നിരിക്കുന്നു: ‘സ്വർഗ്ഗത്തിൽ ചില മണിമാടങ്ങളുണ്ട്. അവയുടെ പുറഭാഗം ഉള്ളിൽനിന്നു കാണപ്പെടും; ഉൾഭാഗം പുറമെനിന്നും കാണപ്പെടും. അല്ലാഹു അവയെ ഒരുക്കിവെച്ചിരിക്കുന്നതു, ഭക്ഷണദാനം ചെയുകയും, സൗമ്യമായി സംസാരിക്കുകയും, തുടരെ നോമ്പു പിടിക്കുകയും, ജനങ്ങൾ ഉറങ്ങുന്ന അവസരത്തിൽ (രാത്രി) നമസ്ക്കാരം നടത്തുകയും ചെയ്യുന്നവർക്കു വേണ്ടിയാകുന്നു’.

39:21
 • أَلَمْ تَرَ أَنَّ ٱللَّهَ أَنزَلَ مِنَ ٱلسَّمَآءِ مَآءً فَسَلَكَهُۥ يَنَـٰبِيعَ فِى ٱلْأَرْضِ ثُمَّ يُخْرِجُ بِهِۦ زَرْعًا مُّخْتَلِفًا أَلْوَٰنُهُۥ ثُمَّ يَهِيجُ فَتَرَىٰهُ مُصْفَرًّا ثُمَّ يَجْعَلُهُۥ حُطَـٰمًا ۚ إِنَّ فِى ذَٰلِكَ لَذِكْرَىٰ لِأُو۟لِى ٱلْأَلْبَـٰبِ ﴾٢١﴿
 • നീ കണ്ടില്ലേ,അല്ലാഹു ആകാശത്തുനിന്നു (മഴ) വെള്ളം ഇറക്കിയിരിക്കുന്നത്?! എന്നിട്ട് അതവൻ ഭൂമിയിലെ ഉറവിടങ്ങളിൽ പ്രവേശിപ്പിച്ചു; പിന്നെ, അതുമൂലം വർണ്ണങ്ങൾ വ്യത്യസ്തമായ (വിവിധ തരത്തിലുള്ള) കൃഷിയെ അവൻ ഉല്പാദിപ്പിക്കുന്നു. പിന്നീട് അതു നീരുവറ്റി (ഉണങ്ങി) പ്പോകുന്നു; അപ്പോഴതു മഞ്ഞവർണ്ണം പൂണ്ടതായി നിനക്കു കാണാം; പിന്നീടു അതിനെ അവൻ തുരുമ്പലാക്കുന്നു [ഉണക്കച്ചുള്ളികളാക്കുന്നു.] നിശ്ചയമായും, ബുദ്ധിമാൻമാർക്കു അതിൽ സ്മരണ [ചിന്തിക്കുവാനുള്ള വക]യുണ്ട്.
 • أَلَمۡ تَرَ നീ കണ്ടില്ലേ أَنَّ اللَّهَ أَنۡزَلَ അല്ലാഹു ഇറക്കിയിരിക്കുന്നതു مِنَ السَّمَاءِ ആകാശത്തു നിന്നു مَاءً വെള്ളം فَسَلَكَهُ എന്നിട്ടതിനെ പ്രവേശിപ്പിച്ചു يَنَابِيعَ ഉറവിടങ്ങളിൽ فِي الأرۡضِ ഭൂമിയിൽ ثُمَّ يُخۡرِجُ പിന്നെ അവൻ പുറപ്പെടുവിക്കുന്നു, ഉൽപാദിപ്പിക്കുന്നു بِهِ അതുമൂലം, അതുകൊണ്ടു زَرۡعًا വിള, കൃഷി مُخۡتَلِفًا വ്യത്യസ്തമായ أَلۡوَانُهُ അതിന്റെ വർണ്ണങ്ങൾ ثُمَّ يَهِيجُ പിന്നെ അതു നീരുവറ്റുന്നു, ഉണങ്ങുന്നു فَتَرَاهُ അപ്പോൾ നിനക്കതു കാണാം مُصۡفَرًّا മഞ്ഞ വർണ്ണം പൂണ്ടതായി ثُمَّ يَجۡعَلُهُ പിന്നെ അവനതിനെ ആക്കുന്നു حُطاَمًا തുരുമ്പു, വൈക്കോൽ, നുറുങ്ങു إِنَّ فِي ذَلِكَ നിശ്ചയമായും അതിലുണ്ടു لَذِكۡرَی സ്മരണ, ഉപദേശം, ചിന്താവിഷയം لِأُولِي الألۡبَابِ ബുദ്ധിമാന്മാർക്കു

നിത്യവും കണ്ടനുഭവപ്പെട്ടുകൊണ്ടിരിക്കുന്ന ഇത്തരം ദൃഷ്ടാന്തങ്ങളെപ്പറ്റി ബുദ്ധിപൂർവം ചിന്തിക്കുന്നപക്ഷം, അല്ലാഹുവിന്റെ സൃഷ്ടിമാഹാത്മ്യം, അവന്റെ അപാരമായ കഴിവു എന്നിവക്കുപുറമെ, മനുഷ്യന്റെ മരണാനന്തര ജീവിതം മുതലായ കാര്യങ്ങളെക്കുറിച്ചു പല പാഠങ്ങളും ലഭിക്കുന്നതാണ് എന്നു സാരം.