സൂറത്തുസുമര്‍ : 64-75
വിഭാഗം - 7
- قُلْ أَفَغَيْرَ ٱللَّهِ تَأْمُرُوٓنِّىٓ أَعْبُدُ أَيُّهَا ٱلْجَـٰهِلُونَ ﴾٦٤﴿
- (നബിയേ) പറയുക: എന്നിരിക്കെ, അല്ലാഹു അല്ലാത്തവരെയാണോ ഞാനാരാധിക്കണമെന്നു നിങ്ങളെന്നോടു കൽപിക്കുന്നത്, ഹേ, (അറിവില്ലാത്ത) വിഡ്ഢികളേ?!
- قُلۡ പറയുക أَفَغَيۡرَ اللَّهِ എന്നിരിക്കെ(അപ്പോൾ) അല്ലാഹു അല്ലാത്തവരെയോ تَأۡمُرُونِّي നിങ്ങളെന്നോടു കൽപിക്കുന്നു أَعۡبُدُ ഞാനാരാധിക്കുവാൻ أَيُّهَا الجَاهِلُونَ ഹേ വിഡ്ഢികളേ, അറിവില്ലാത്തവരേ
സകല വസ്തുക്കളുടെയും സൃഷ്ടിയും, കൈകാര്യവും, ഭരണാധിപത്യവും അല്ലാഹുവിനാണ് എന്നിരിക്കെ, അവനെ അല്ലാതെ മറ്റേതിനെയെങ്കിലും ആരാധിക്കണമെന്നു പറയുന്നതിനെക്കാൾ വിഡ്ഢിത്തവും, മൂഢത്വവും മറ്റെന്താണ്?!
- وَلَقَدْ أُوحِىَ إِلَيْكَ وَإِلَى ٱلَّذِينَ مِن قَبْلِكَ لَئِنْ أَشْرَكْتَ لَيَحْبَطَنَّ عَمَلُكَ وَلَتَكُونَنَّ مِنَ ٱلْخَـٰسِرِينَ ﴾٦٥﴿
- (നബിയേ) നിനക്കും, നിന്റെ മുമ്പുള്ളവരിലേക്കും തീർച്ചയായും 'വഹ്‌യു' [ദിവ്യസന്ദേശം] നൽകപ്പെട്ടിട്ടുണ്ട്: 'നീ (അല്ലാഹുവിനോടു) പങ്കുചേർത്തുവെങ്കിൽ, നിശ്ചയമായും നിന്റെ കർമ്മം (മുഴുവനും) നിഷ്ഫലമായിപ്പോകും; നിശ്ചയമായും നീ നഷ്ടക്കാരിൽ പെട്ടവനായിത്തീരുകയും ചെയ്യും' എന്ന്.
- وَلَقَدۡ أُوحِيَ തീർച്ചയായും വഹ്‌യു നൽകപ്പെട്ടിട്ടുണ്ട് إِلَيۡكَ നിനക്കു, നിന്നിലേക്കു وَإِلَی الَّذِينَ مِنۡ قَبۡلِكَ നിന്റെ മുമ്പുളളവരിലേക്കും لٙئِنۡ أٙشۡرٙكۡتٙ നീ ശിർക്കു ചെയ്തുവെങ്കിൽ لَيَحۡبَطَنَّ നിശ്ചയമായും നിഷ്ഫലമാകും, പൊളിയും عَمَلُكَ നിന്റെ കർമ്മം, പ്രവൃത്തി وَلَتَكُونَنَّ നീ ആകുകയും ചെയ്യും مِنَ الۡخَاسِرِينَ നഷ്ടപ്പെട്ടവരിൽ
- بَلِ ٱللَّهَ فَٱعْبُدْ وَكُن مِّنَ ٱلشَّـٰكِرِينَ ﴾٦٦﴿
- പക്ഷേ, നീ അല്ലാഹുവിനെത്തന്നെ ആരാധിച്ചു കൊള്ളുക. നീ നന്ദി കാണിക്കുന്നവരുടെ കൂട്ടത്തിൽ ആയിരിക്കയും ചെയ്യുക.
- بَلِ اللهَ എങ്കിലും (പക്ഷേ) അല്ലാഹുവിനെത്തന്നെ فَاعۡبُدۡ നീ ആരാധിക്കുക وكُنۡ നീ ആകുകയും ചെയ്യുക مِنَ الشَّاكِرِينَ നന്ദിയുളളവരിൽ (പെട്ടവൻ)
അവർ പരദൈവങ്ങളെ സ്വീകരിക്കുകയും, ആരാധിക്കുകയും ചെയ്യുന്നതിനും, തൗഹീദ് സ്വീകരിക്കാതിരിക്കുന്നതിനുമുളള കാരണം അല്ലാഹു ചൂണ്ടിക്കാട്ടുന്നു;
- وَمَا قَدَرُوا۟ ٱللَّهَ حَقَّ قَدْرِهِۦ وَٱلْأَرْضُ جَمِيعًا قَبْضَتُهُۥ يَوْمَ ٱلْقِيَـٰمَةِ وَٱلسَّمَـٰوَٰتُ مَطْوِيَّـٰتٌۢ بِيَمِينِهِۦ ۚ سُبْحَـٰنَهُۥ وَتَعَـٰلَىٰ عَمَّا يُشْرِكُونَ ﴾٦٧﴿
- അല്ലാഹുവിന്നു അവന്റെ യഥാർത്ഥ നിലപാട് (അഥവാ മഹത്വം) അവർ കൽപിച്ചില്ല. ഭൂമി മുഴുവനും ഖിയാമത്തുനാളിൽ അവന്റെ പിടിയിലടങ്ങിയതായിരിക്കും; ആകാശങ്ങളാകട്ടെ, അവന്റെ വലങ്കയ്യിൽ ചുരുട്ടിപ്പിടിക്കപ്പെട്ടവയുമായിരിക്കും. അവർ പങ്കുചേർക്കുന്നതിൽനിന്നു അവൻ മഹാപരിശുദ്ധനും അത്യുന്നതി പ്രാപിച്ചവനുമത്രെ!
- وَمَا قَدَرُوا അവർ കണക്കാക്കിയില്ല, വക വെച്ചില്ല, കൽപിച്ചില്ല اللهَ അല്ലാഹുവിനെ حَقَّ قَدۡرِهِ അവനെ കണക്കാക്കേണ്ട പ്രകാരം, അവന്റെ യഥാർത്ഥനിലപാടു (മഹത്വം) وَالۡاَرۡضُ جَمِيعًا ഭൂമി മുഴുവനും قَبۡضَتُهُ അവന്റെ (ഒരു) പിടി (പിടിയിലടങ്ങിയതു) ആയിരിക്കും يَوْمَ ٱلْقِيَٰمَةِ ഖിയാമത്തു നാളിൽ وَالسَّمَاوَاتُ ആകാശങ്ങൾ مَطۡوِيَّاتٌ ചുരുട്ടിപിടിക്കപ്പെട്ടവയായിരിക്കും بِيَمِينِهِ അവന്റെ വലങ്കൈയിൽ سُبۡحَانَهُ അവൻ മഹാപരിശുദ്ധൻ, അവനെ പരിശുദ്ധപ്പെടുത്തുന്നു وَتَعَالَی അവൻ അത്യുന്നതി പ്രാപിക്കയും ചെയ്തിരിക്കുന്നു عَمَّا يُشۡرِكُونَ അവർ പങ്കു ചേർക്കുന്നതിൽനിന്നു
അല്ലാഹുവിനു കൽപിക്കേണ്ടുന്ന യഥാർത്ഥ നിലപാടും മഹത്വവും അവർ കൽപിച്ചില്ല (وَمَا قَدَرُوا اللَّـهَ حَقَّ قَدْرِهِ) എന്ന വാക്യം വളരെ ശ്രദ്ധേയമാകുന്നു. സൂറത്തുൽ അൻആം 91-ലും, സൂറത്തുൽ ഹജ്ജ് 74-ലും ഈ വാക്യം ആവർത്തിക്കപ്പെട്ടിട്ടുണ്ട്. പരദൈവങ്ങളെ സ്വീകരിക്കുന്നവരും, സൃഷ്ടികളെ വിളിച്ചു പ്രാർത്ഥിക്കുന്നവരും മാത്രമല്ല, അല്ലാഹു ഈ ലോകത്തു നടത്തിക്കൊണ്ടിരിക്കുന്ന നടപടിക്രമങ്ങളെയോ, നിയമനിർദ്ദേശങ്ങളെയോ- അവ തങ്ങളുടെ യുക്തിക്കും ഹിതത്തിനും ഇണങ്ങുന്നില്ലെന്ന കാരണത്താൽ – ചോദ്യം ചെയ്‍വാൻ മുതിരുന്നവരും വാസ്തവത്തിൽ അല്ലാഹുവിനു അവന്റെ യഥാർത്ഥ നിലയും വിലയും കൽപിക്കാത്തവരത്രെ. അഥവാ, സൃഷ്ടികളെ കണക്കാക്കുന്ന അതേ മാനദണ്ഡം കൊണ്ടുതന്നെ അല്ലാഹുവിനെയും കണക്കാക്കുകയാണവർ ചെയ്യുന്നത്.
ഖിയാമത്തുനാളിൽ ഭൂമി മുഴുവനും അല്ലാഹുവിന്റെ പിടിയിലടങ്ങിയതായിരിക്കുമെന്നും, ആകാശങ്ങൾ അവന്റെ വലങ്കയ്യിൽ ചുരുട്ടിപ്പിടിക്കപ്പെട്ടതായിരിക്കുമെന്നും പറഞ്ഞതിന്റെ യഥാർത്ഥ വ്യാഖ്യാനം എന്താണെന്നു നമുക്കറിഞ്ഞുകൂടാ. അല്ലാഹുവിനെ സംബന്ധിക്കുന്ന ഇത്തരം പ്രസ്താവനകളുടെ സാക്ഷാൽ ഉദ്ദേശ്യം അല്ലാഹുവിനറിയാമെന്നുവെക്കലാണ് പൗരാണിക മഹാന്മാർ സ്വീകരിച്ച നയം. ഇതിനു تفويض (അല്ലാഹുവിങ്കലേക്കു വിട്ടേക്കുക) എന്നു പറയപ്പെടുന്നു. സന്ദർഭമനുസരിച്ച് അനുയോജ്യമായ വ്യാഖ്യാനം നൽകുകയാണ് പിൻഗാമികളായ പല മഹാന്മാരും ചെയ്യാറുള്ളത്. ഇതിനു تأويل (വ്യാഖ്യാനം നൽകുക) എന്നും പറയപ്പെടും. മുൻഗാമികൾ സ്വീകരിച്ചുവന്ന നയമാണ് കൂടുതൽ സുരക്ഷിതമായിട്ടുള്ളത്. (സൂറ: ത്വാഹാ 5-ാം വചനത്തിന്റെ വിവരണത്തിൽ ഇതിനെപ്പറ്റി നാം വിവരിച്ചിട്ടുണ്ട്.)
ഏതായാലും ഒരു കാര്യം വ്യക്തമാണ്. ഇന്ന് കേവലം നാമമാത്രമാണെങ്കിലും – ഒരു പ്രകാരത്തിലല്ലെങ്കിലും മറ്റൊരു പ്രകാരത്തിൽ – ഭൂമിയിൽ പലരും അധികാരാവകാശങ്ങൾ നടത്തിവരുന്നുണ്ട് . ഖിയാമത്തുനാളിൽ, പ്രത്യക്ഷത്തിലോ പരോക്ഷത്തിലോ ആർക്കുംതന്നെ യാതൊരു അധികാരമോ, അവകാശമോ, കൈകാര്യമോ ഉണ്ടായിരിക്കുകയില്ല. لِمَنِ الْمُلْكُ الْيَوْمَ ۖ لِلَّهِ الْوَاحِدِ الْقَهَّارِ (അന്നു ആർക്കാണ് രാജാധികാരം? ഏകനായ സർവ്വാധികാരിയായ അല്ലാഹുവിനു തന്നെ!) ഇമാം ബുഖാരി, മുസ്‍ലിം (رحمهما الله) മുതലായവർ ഉദ്ധരിച്ചിട്ടുള്ള ഒരു നബിവചനം ഇപ്രകാരമാകുന്നു:
يَقْبِضُ اللَّهُ الأَرْضَ ، وَيَطْوِي السَّمَاءَ بِيَمِينِهِ ، ثُمَّ يَقُولُ : أَنَا المَلِكُ ، أَيْنَ مُلُوكُ الأَرْضِ – متفق عليه
(അല്ലാഹു ഭൂമിയെ എടുത്തുപിടിക്കും. ആകാശത്തെ അവന്റെ വലങ്കൈകൊണ്ടു ചുരുട്ടിപ്പിടിക്കയും ചെയ്യും. എന്നിട്ട് അവൻ പറയും: ഞാനത്രെ രാജാവു! ഭൂമിയിലെ രാജാക്കൾ എവിടെ?!)
അടുത്ത വചനങ്ങളില്‍ ലോകാവസാനഘട്ടത്തെയും, ഓരോരുത്തനും അവനവന്റെ കർമ്മഫലങ്ങള്‍ക്കനുസരിച്ച് സ്വർഗ്ഗത്തിലോ, നരകത്തിലോ പ്രവേശനം ലഭിക്കുന്നത് വരേക്കുള്ള ചില ഗൗരവഘട്ടങ്ങളെയും കുറിച്ചു പ്രസ്താവിക്കുന്നു:-
- وَنُفِخَ فِى ٱلصُّورِ فَصَعِقَ مَن فِى ٱلسَّمَـٰوَٰتِ وَمَن فِى ٱلْأَرْضِ إِلَّا مَن شَآءَ ٱللَّهُ ۖ ثُمَّ نُفِخَ فِيهِ أُخْرَىٰ فَإِذَا هُمْ قِيَامٌ يَنظُرُونَ ﴾٦٨﴿
- കാഹളത്തിൽ ഊതപ്പെടും. അപ്പോൾ ആകാശങ്ങളിലുള്ളവരും ഭൂമിയിലുള്ളവരും - അല്ലാഹു ഉദ്ദേശിച്ചവരൊഴികെ - ബോധംകെട്ട് (അഥവാ മരണമടഞ്ഞു) പോകുന്നതാണ്. പിന്നീടു അതിൽ മറ്റൊന്ന് (കൂടി) ഊതപ്പെടും. അപ്പോൾ അവരതാ, എഴുന്നേറ്റ് നോക്കുന്നവരായിരിക്കും.
- وَنُفِخَ ഊതപ്പെടും فِى الصُّورِ കാഹളത്തിൽ, കൊമ്പിൽ فَصَعِقَ അപ്പോൾ ബോധംകെട്ടുപോകും, സ്തംഭിക്കും (നാശമടയും) مَنۡ فِى السَّمَاوَتِ ആകാശത്തിലുളളവർ وَمَنۡ فِى الۡأَرًضِ ഭൂമിയിലുളളവരും إِلَّا مَنۡ യാതൊരുവരൊഴികെ شَاءَالله അല്ലാഹു ഉദ്ദേശിച്ച ثُمَّ نُفِخَ പിന്നെ ഊതപ്പെടും فِيهِ അതിൽ أُخۡرَى മറ്റൊന്നു فَاِذَا هُمۡ അപ്പോൾ അവരതാ قِيَامٌ എഴുന്നേറ്റു നിൽക്കുന്നവരായിരിക്കും يَنًظُرُونَ നോക്കിക്കൊണ്ടു
ലോകാവസാനസമയത്തു ജീവജാലങ്ങളെല്ലാം മരണമടഞ്ഞു പോകുന്നതിനുള്ള കാഹളം ഊത്തിനെക്കുറിച്ചാണു ആദ്യം പ്രസ്താവിച്ചത്. അതിനുശേഷം പുനർജീവിതം നൽകുന്നതിനുള്ള ഊത്താണ് ‘മറ്റൊരു ഊത്ത്’ എന്നു പറഞ്ഞത്. ഇവ രണ്ടിനും മുമ്പായി, സൃഷ്ടികളെല്ലാം പേടിച്ചുനടുങ്ങുമാറുള്ള മറ്റൊരു ഊത്തുകൂടി ഉണ്ടായിരിക്കുമെന്നു ചില മഹാന്മാർ അഭിപ്രായപ്പെടുന്നു. ഖുർആനിൽനിന്നും, ഹദീസിൽനിന്നുമായി ചില തെളിവുകളും അവർ ചൂണ്ടിക്കാട്ടുന്നുണ്ട്. ഇതിനെക്കുറിച്ചും മറ്റും സൂറത്തുൽ നംല്, 87-ാം വചനത്തിന്റെ വിവരണത്തിൽ നാം വിവരിച്ചിരിക്കുന്നു.
ഇടിമിന്നൽ പോലെ പെട്ടെന്നു വല്ല അപായവും സംഭവിക്കുന്നതു മൂലം സ്തംഭിച്ചു മരണപ്പെടുകയോ, ബോധക്ഷയം നേരിടുകയോ ചെയ്യുന്നതിനാണ് صَعِقَ എന്നു പറയുന്നത്. ഇവിടെ മരണം തന്നെയാണ് ഉദ്ദേശ്യം. ഈ മരണത്തിൽ നിന്നു അല്ലാഹു ഉദ്ദേശിച്ച ചിലരെ അവൻ ഒഴിവാക്കുന്നു. ഇവർ ആരായിരിക്കുമെന്നു നമുക്കറിവില്ല. ചില പ്രത്യേക മലക്കുകളാണെന്നും, സ്വർഗ്ഗ ലോകത്തുള്ളവരാണെന്നും മറ്റും ചില വ്യാഖ്യാതാക്കൾ പ്രസ്താവിച്ചു കാണാം. ഒന്നും നിർണ്ണയിച്ചു പറയത്തക്ക തെളിവുകളില്ല. അതുകൊണ്ടാണ് ഖത്താദഃ (رحمه الله) മുതലായവർ അവരെപ്പറ്റി لا نَدْرِى مَن هُم (അവർ ആരാണെന്നു നമുക്കറിയുകയില്ല) എന്നു പറഞ്ഞത്. രണ്ടു ഊത്തുകൾക്കിടയിൽ എത്ര കാലതാമസമുണ്ടായിരിക്കുമെന്ന കാര്യവും അല്ലാഹുവിനറിയാം.
- وَأَشْرَقَتِ ٱلْأَرْضُ بِنُورِ رَبِّهَا وَوُضِعَ ٱلْكِتَـٰبُ وَجِا۟ىٓءَ بِٱلنَّبِيِّـۧنَ وَٱلشُّهَدَآءِ وَقُضِىَ بَيْنَهُم بِٱلْحَقِّ وَهُمْ لَا يُظْلَمُونَ ﴾٦٩﴿
- ഭൂമി, അതിന്റെ രക്ഷിതാവിന്റെ പ്രകാശംകൊണ്ടു പ്രശോഭിക്കും. (കർമ്മങ്ങൾ രേഖപ്പെടുത്തപ്പെട്ട) ഗ്രന്ഥം (കൊണ്ടുവന്നു) വെക്കപ്പെടുകയും, പ്രവാചകന്മാരെയും സാക്ഷികളെയും കൊണ്ടുവരപ്പെടുകയും ചെയ്യും. അവർക്കിടയിൽ [ജനങ്ങളിൽ] യഥാർത്ഥ പ്രകാരം വിധി നടത്തപ്പെടുകയും ചെയ്യും. അവരോടു അനീതി ചെയ്യപ്പെടുകയില്ലതാനും.
- وَأَشۡرَقَتِ പ്രശോഭിക്കുന്നതുമാണ് الۡأَرۡضُ ഭൂമി بِنُورِ رَبِّهَا അതിന്റെ റബ്ബിന്റെ പ്രകാശംകൊണ്ടു وَوُضِعَ വെക്കപ്പെടുകയും ചെയ്യും الۡكِتَابُ ഗ്രന്ഥം, രേഖ وَجِيءَ വരപ്പെടും بِالنَّبِيِّينَ പ്രവാചകന്മാരെകൊണ്ടു وَالشُّهَدَاءِ സാക്ഷികളെയും وَقُضِيَ بَينَهُمۡ അവരുടെ ഇടയിൽ വിധി നടത്തപ്പെടും بِالۡحَقِّ യഥാർത്ഥം (മുറ,ന്യായം, സത്യം) പ്രകാരം وَهُمۡ അവർ لاَ يُظۡلَمُونۡ അക്രമം (അനീതി) ചെയ്യപ്പെടുകയില്ല
- وَوُفِّيَتْ كُلُّ نَفْسٍ مَّا عَمِلَتْ وَهُوَ أَعْلَمُ بِمَا يَفْعَلُونَ ﴾٧٠﴿
- ഓരോ ദേഹത്തിനും [ആൾക്കും] അതു പ്രവർത്തിച്ചതു [കർമ്മഫലം] നിറവേറ്റിക്കൊടുക്കപ്പെടുന്നതാണ്. അവർ ചെയ്തുകൊണ്ടിരിക്കുന്നതിനെക്കുറിച്ച് അവൻ ഏറ്റവും അറിയുന്നവനാണ് താനും.
- وَوُفِّيَتۡ നിറവേറ്റിക്കൊടുക്കപ്പെടുകയും ചെയ്യും كُلُّ نَفۡسٍ എല്ലാ ആൾക്കും, ദേഹത്തിനും, ആത്മാവിനും مَا عَمِلَتۡ അതു പ്രവർത്തിച്ചതു وَهُوَ اَعۡلَمُ അവൻ ഏറ്റവും അറിയുന്നവനുമാണ് بِمَا يَفۡعَلُونَ അവർ ചെയ്യുന്നതിനെപ്പറ്റി
പുനരുത്ഥാനത്തിനുശേഷം സൃഷ്ടികളുടെ ന്യായവിസ്താരത്തെക്കുറിച്ചു വിവരിക്കുകയാണ്. എല്ലാവരും വിചാരണാ നിലയത്തിലേക്കു കൊണ്ടുവരപ്പെടുന്നു. ലോകരക്ഷിതാവും, രാജാധിരാജനും, നീതിമാന്മാരിൽ വെച്ച് ഏറ്റവും വലിയ നീതിമാനും, ന്യായാധിപന്മാരിൽ വെച്ച് ഏറ്റവും വലിയ ന്യായാധിപനുമായ അല്ലാഹു അവരുടെ വിചാരണ നടത്തും. ഓരോരുത്തന്റെയും സകല കർമ്മങ്ങളും, ചെയ്തികളും രേഖപ്പെടുത്തപ്പെട്ടിട്ടുള്ള രേഖാഗ്രന്ഥങ്ങൾ ഹാജറാക്കപ്പെട്ടിരിക്കും. അതതു സമുദായങ്ങളിലെ പ്രവാചകന്മാരടക്കം പല തരത്തിലുള്ള സാക്ഷികളെയും സദസ്സിൽ കൊണ്ടുവരപ്പെടും. യാതൊരുവിധ സാക്ഷിയുടെയോ, രേഖയുടെയോ സഹായം കൂടാതെത്തന്നെ, ചെറുതും വലുതുമായ എല്ലാ കാര്യങ്ങളും സസൂക്ഷ്‌മം അറിയുന്നവനാണ് അല്ലാഹു. എന്നിരുന്നാലും ഓരോരുത്തരെയും സംബന്ധിക്കുന്ന വിഷയങ്ങൾ തെളിവുകളും സാക്ഷികളും മുഖേന സ്ഥാപിച്ചു അവരവരെ ബോധ്യപ്പെടുത്തി – അണുത്തൂക്കം അനീതിയോ അഴിമതിയോ ഇല്ലാതെ – ശരിക്കു ശരിയായി വിധി നടത്തി തീരുമാനമെടുക്കുന്നതാണ്.
നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനി ഇപ്രകാരം അരുളിച്ചെയ്തിരിക്കുന്നു: ‘നിങ്ങളിൽ ഒരാളുംതന്നെ, അവനോടു അവന്റെ റബ്ബ് സംസാരിക്കാതിരിക്കയില്ല. അവന്റെയും തന്റെയും ഇടക്കു ഒരു അഭിഭാഷകനാകട്ടെ, ഒരു മറയാകട്ടെ ഉണ്ടായിരിക്കയില്ല. അപ്പോൾ അവൻ വലത്തോട്ടു നോക്കും. താൻ മുൻ ചെയ്തുവെച്ച കർമ്മമല്ലാതെ അവൻ കാണുകയില്ല. ഇടത്തോട്ടും നോക്കും. അപ്പോഴും മുൻചെയ്തതല്ലാതെ കാണുകയില്ല. മുമ്പോട്ടും നോക്കും. അപ്പോൾ അവന്റെ മുഖത്തിനുനേരെ നരകമല്ലാതെ ഒന്നും കാണുകയില്ല. അതുകൊണ്ട് നിങ്ങൾ ഒരു കാരക്കക്കീറു (ധർമ്മം ചെയ്തു) കൊണ്ടെങ്കിലും നരകത്തെ സൂക്ഷിച്ചുകൊള്ളുക. (ബു.മു.) വിചാരണക്കു ശേഷമുണ്ടാകുന്ന നടപടി ഇപ്രകാരമായിരിക്കും:-
വിഭാഗം - 8
- وَسِيقَ ٱلَّذِينَ كَفَرُوٓا۟ إِلَىٰ جَهَنَّمَ زُمَرًا ۖ حَتَّىٰٓ إِذَا جَآءُوهَا فُتِحَتْ أَبْوَٰبُهَا وَقَالَ لَهُمْ خَزَنَتُهَآ أَلَمْ يَأْتِكُمْ رُسُلٌ مِّنكُمْ يَتْلُونَ عَلَيْكُمْ ءَايَـٰتِ رَبِّكُمْ وَيُنذِرُونَكُمْ لِقَآءَ يَوْمِكُمْ هَـٰذَا ۚ قَالُوا۟ بَلَىٰ وَلَـٰكِنْ حَقَّتْ كَلِمَةُ ٱلْعَذَابِ عَلَى ٱلْكَـٰفِرِينَ ﴾٧١﴿
- അവിശ്വസിച്ചവർ 'ജഹന്ന' മി [നരകത്തി]ലേക്കു കൂട്ടംകൂട്ടമായി നയിക്കപ്പെടും. അങ്ങനെ, അവർ അതിന്നടുത്തു വന്നാൽ അതിന്റെ വാതിലുകൾ തുറക്കപ്പെടും; അതിലെ കാവൽക്കാർ അവരോടു (ഇപ്രകാരം) പറയുകയും ചെയ്യും. 'നിങ്ങൾക്കു നിങ്ങളുടെ റബ്ബിന്റെ ‘ആയത്തു’കൾ [സന്ദേശങ്ങളും - ലക്ഷ്യങ്ങളും] ഓതിത്തരുകയും, നിങ്ങളുടെ ഈ ദിവസത്തെ കണ്ടുമുട്ടുന്നതിനെക്കുറിച്ചു നിങ്ങൾക്കു മുന്നറിയിപ്പു നൽകുകയും ചെയ്തുകൊണ്ട് നിങ്ങളിൽനിന്നുള്ള (ദൈവ) ദൂതൻമാർ നിങ്ങൾക്കു വന്നിരുന്നില്ലേ?!' അവർ പറയും: 'ഇല്ലാതേ! [വന്നിരുന്നു.] പക്ഷേ, അവിശ്വാസികളുടെ മേൽ ശിക്ഷയുടെ വാക്ക് (യഥാർത്ഥമായി) സ്ഥിരപ്പെട്ടുപോയി!
- وَسِيقَ നയിക്ക(തെളിക്ക)പ്പെടും الَّذِينَ كَفَرُو അവിശ്വസിച്ചവർ إِلَی جَهَنَّمَ ജഹന്നമിലേക്കു زُمَرًا സമൂഹങ്ങളായി, കൂട്ടമായി حَتَّی إِذَا جَاءُوهاَ അങ്ങനെ അവർ അതിന്നടുക്കൽ വന്നാൽ فُتِحَتۡ തുറക്കപെടും أَبۡوَابُهَا അതിന്റെ വാതിലുകൾ وَقَالَ لَهُمۡ അവരോടു പറയുകയും ചെയ്യും خَزَنَتُهَا അതിന്റെ കാവൽക്കാർ أَلَمۡ يَأتِكُمۡ നിങ്ങൾക്കു വന്നില്ലേ رُسُلٌ مِنۡكُمۡ നിങ്ങളിൽ നിന്നുള്ള ദൂതന്മാർ يَتۡلُونَ عَلَيۡكُمۡ നിങ്ങൾക്കു ഓതിത്തരുന്ന, ഓതിത്തന്നും കൊണ്ട് آيَاتِ رَبِّكُمۡ നിങ്ങളുടെ റബ്ബിന്റെ ആയത്തുകളെ وَ يُنۡزِرُونَكُمۡ നിങ്ങൾക്കു അവർ മുന്നറിയിപ്പു (താക്കീതു) നൽകുകയും لِقَاءَ يَوۡمِكُمۡ നിങ്ങളുടെ ദിവസത്തെ കാണുന്നതിനെപ്പറ്റി هَذَا ഈ قَالُو അവർ പറയും بَلَ ഇല്ലാതേ (അതെ) وَلَكِنۡ حَقَّتۡ പക്ഷേ യഥാർത്ഥമായി, സ്ഥിരപ്പെട്ടു كَلِمَۃُ الۡعَذَابِ ശിക്ഷയുടെ വാക്കു عَلَ الۡكَافِرِينَ അവിശ്വാസികളുടെ മേൽ
- قِيلَ ٱدْخُلُوٓا۟ أَبْوَٰبَ جَهَنَّمَ خَـٰلِدِينَ فِيهَا ۖ فَبِئْسَ مَثْوَى ٱلْمُتَكَبِّرِينَ ﴾٧٢﴿
- (അവരോടു) പറയപ്പെടും: 'ജഹന്നമി'ൽ നിത്യവാസികളെന്ന നിലയിൽ അതിന്റെ വാതിലുകളിൽകൂടി നിങ്ങൾ പ്രവേശിക്കുവിൻ! ' അപ്പോൾ, അഹംഭാവികളുടെ പാർപ്പിടം എത്ര ചീത്ത!
- قِيلَ പറയപ്പെടും ادۡخُلُو പ്രവേശിക്കുവിൻ أَبۡوَابَ جَهَنَّمَ നരകത്തിന്റെ വാതിലുകളിൽ കൂടി خَالِدِينَ فِيهَا അതിൽ നിത്യവാസികൾ (ശാശ്വതന്മാർ) ആയ നിലക്കു فَبِئْسَ അപ്പോൾ എത്ര ചീത്ത مَثۡوَی പാർപ്പിടം الۡمُتَكَبِّرِينَ അഹംഭാവികളുടെ
ദൈവദൂതൻമാർ വരാത്തതുകൊണ്ടോ, അല്ലാഹുവിന്റെ ലക്ഷ്യങ്ങളും സന്ദേശങ്ങളും ലഭിക്കാത്തതുകൊണ്ടോ അല്ല തങ്ങൾ പിഴച്ചുപോയിട്ടുള്ളതെന്നും, പക്ഷെ തങ്ങളുടെ അവിശ്വാസം നിമിത്തം തങ്ങൾ ശിക്ഷക്കു ബാധ്യസ്ഥരായതാണെന്നും അവര്‍ ഇപ്പോൾ സമ്മതിച്ചു പറയുന്നു. എന്നാൽ, അവർ സത്യനിഷേധികളായിത്തീരുവാനുള്ള മൂലകാരണം, സത്യത്തിനു നേരെ കണ്ണടച്ച് അഹംഭാവം കൈക്കൊണ്ടതാണെന്നു അവസാനത്തെ വാക്യത്തിൽ അല്ലാഹു സൂചിപ്പിക്കുന്നു.
- وَسِيقَ ٱلَّذِينَ ٱتَّقَوْا۟ رَبَّهُمْ إِلَى ٱلْجَنَّةِ زُمَرًا ۖ حَتَّىٰٓ إِذَا جَآءُوهَا وَفُتِحَتْ أَبْوَٰبُهَا وَقَالَ لَهُمْ خَزَنَتُهَا سَلَـٰمٌ عَلَيْكُمْ طِبْتُمْ فَٱدْخُلُوهَا خَـٰلِدِينَ ﴾٧٣﴿
- തങ്ങളുടെ രക്ഷിതാവിനെ സൂക്ഷിച്ചുവന്നിട്ടുള്ളവർ സ്വർഗ്ഗത്തിലേക്കു കൂട്ടംകൂട്ടമായി നയിക്കപ്പെടും. അങ്ങനെ, അവർ അതിന്നടുത്തുവരുകയും, അതിന്റെ വാതിലുകൾ തുറക്കപ്പെട്ടിരിക്കുകയും ചെയ്താൽ.......! [ഹാ! അവർക്കു ലഭിക്കുവാനിരിക്കുന്നതു അവർണ്ണനീയം!] അതിന്റെ കാവൽക്കാർ അവരോടു (ഇപ്രകാരം) പറയുകയും ചെയ്യും: 'നിങ്ങൾക്കു 'സലാം'! [സമാധാനശാന്തി!] നിങ്ങൾ (സുകൃതം ചെയ്ത്) പരിശുദ്ധരായി. ആകയാൽ, നിത്യവാസികളായ നിലയിൽ നിങ്ങളിതിൽ പ്രവേശിച്ചുകൊള്ളുവിൻ!'
- وَسِيقَ നയിക്കപ്പെടും الَّذِينَ اتَّقَوۡا സൂക്ഷിച്ചവരെ رَبَّهُمۡ തങ്ങളുടെ റബ്ബിനെ إِلَ الۡجَنَّۃِ സ്വർഗ്ഗത്തിലേക്കു زُمَرًا കൂട്ടങ്ങളായി حَتَّی إِذَا جَاءُوهاَ അങ്ങനെ അവർ അതിന്നടുത്തുവന്നാൽ وَ فُتِحَتۡ തുറക്കപ്പെടുകയും أَبۡوَابُهَا അതിന്റെ വാതിലുകൾ وَقَالَ لَهُمۡ അവരോടു പറയുകയും ചെയ്യും خَزَنَتُهَا അതിന്റെ കാവൽക്കാർ سَلَامٌ സലാം, സമാധാനം, ശാന്തി عَلَيۡكُمۡ നിങ്ങൾക്കു طِبۡتُمۡ നിങ്ങൾ നന്നായി, പരിശുദ്ധരായി فَادۡخُلُوهاَ ആകയാൽ അതിൽ പ്രവേശിക്കുവിൻ خاَلِدِينۡ നിത്യവാസികളായ നിലയിൽ
- وَقَالُوا۟ ٱلْحَمْدُ لِلَّهِ ٱلَّذِى صَدَقَنَا وَعْدَهُۥ وَأَوْرَثَنَا ٱلْأَرْضَ نَتَبَوَّأُ مِنَ ٱلْجَنَّةِ حَيْثُ نَشَآءُ ۖ فَنِعْمَ أَجْرُ ٱلْعَـٰمِلِينَ ﴾٧٤﴿
- അവർ പറയും: 'അല്ലാഹുവിന് സർവസ്തുതിയും! (അതെ) തന്റെ വാഗ്ദാനം ഞങ്ങൾക്കു സത്യമാക്കിത്തരുകയും സ്വർഗ്ഗത്തിൽനിന്നു ഞങ്ങൾ ഉദ്ദേശിക്കുന്നിടത്തു ഞങ്ങൾക്കു വസിക്കുവാൻ സൗകര്യപ്പെടുമാറു (ഈ സ്വർഗ്ഗ) ഭൂമിയെ ഞങ്ങൾക്കു അവകാശപ്പെടുത്തിത്തരുകയും ചെയ്തിട്ടുള്ളവനു (സ്തുതി).' അപ്പോൾ (സൽക്കർമ്മങ്ങൾ) പ്രവർത്തിച്ചവരുടെ പ്രതിഫലം എത്ര നല്ലത്!
- وَقَالُو അവർ പറയുന്നതുമാണ് الحَمۡدُ സ്തുതി (സർവ്വസ്തുതിയും) لِلَّهِ അല്ലാഹുവിന്നാണ് الَّذِي صَدَقَنَا ഞങ്ങൾക്കു സത്യമാക്കിത്തന്ന, ഞങ്ങളോട് സത്യം പറഞ്ഞ وَعۡدَهُ തന്റെ വാഗ്ദാനം وَأَوۡرَثۡنَا ഞങ്ങൾ അവകാശപ്പെടുത്തുകയും ചെയ്ത الأَرۡضَ (ഈ) ഭൂമി نَتَبَوَّأُ ഞങ്ങൾ വസിക്കുമാറ്, സൗകര്യപ്പെടുമാറ് مِنَ الۡجِنَّۃِ സ്വർഗ്ഗത്തിൽനിന്നു حَيۡثُ نَشَاءُ ഞങ്ങൾ ഉദ്ദേശിക്കുന്നിടത്ത് فَنِعۡمَ അപ്പോൾ എത്ര നല്ലതു, വളരെ നല്ലതു أَجۡرُ പ്രതിഫലം, കൂലി الۡعَالَمِينۡ പ്രവർത്തിച്ചവരുടെ
അവിശ്വാസികൾ നരകത്തിലേക്കും, സത്യവിശ്വാസികൾ സ്വർഗ്ഗത്തിലേക്കും കൂട്ടം കൂട്ടമായി നയിക്കപ്പെടുമെന്നു പറഞ്ഞതുകൊണ്ട് രണ്ടു കൂട്ടരുടേയും വരവ് ഒരേ പ്രകാരത്തിലായിരിക്കുമെന്നു ധരിക്കാവതല്ല. അവിശ്വാസികൾ, കുറ്റവാളികളും നിന്ദ്യരുമായതുകൊണ്ടു അവരെ നരകത്തിലേക്കു നിർബ്ബന്ധപൂർവ്വം ബലം പ്രയോഗിച്ചായിരിക്കും കൊണ്ടുവരുന്നത്. നേരേമറിച്ച് സത്യവിശ്വാസികളെ സ്വർഗ്ഗത്തിലേക്കു വളരെ മാന്യമായ നിലയിൽ സ്വാഗതം ചെയ്തുകൊണ്ടായിരിക്കും കൊണ്ടുപോകുന്നത്. ഭയഭക്തന്മാരായുള്ളവരെ അതിഥികളെന്ന നിലയിൽ ഒരുമിച്ചുകൂട്ടുമെന്നും, കുറ്റവാളികളെ ദാഹിച്ച നിലയിൽ തെളിച്ചുകൊണ്ടു വരുമെന്നും സൂ: മർയം 85, 86ലും, വ്യാജവാദികളെ നരകത്തിലേക്കു പിടിച്ചു തള്ളുമെന്നു സൂ: ത്വൂർ 13ലും കാണാം.
നരകം കുറ്റവാളികള്‍ക്കുള്ള കാരാഗൃഹമാണല്ലോ. അവരെ നരകത്തിന്റെ പടിവാതുക്കല്‍ കൊണ്ടുചെല്ലുമ്പോള്‍ മാത്രമാണ് അതിന്റെ കവാടം തുറക്കപ്പെടുന്നത്. സ്വര്‍ഗ്ഗമാകട്ടെ, സജ്ജനങ്ങളുടെ ആതിഥേയ സ്ഥാനവും. അതിനാല്‍ അവരുടെ വരവു പ്രമാണിച്ചു അതു നേരത്തെത്തന്നെ അവരെ സ്വാഗതം ചെയ്‌വാനായി തുറന്നുവെച്ചിരിക്കും. അവിശ്വാസികള്‍ നരകത്തിങ്കല്‍ ചെന്നാല്‍ വാതിലുകള്‍ തുറക്കപ്പെടും (إِذَا جَاءُوهَا فُتِحَتْ أَبْوَابُهَا) എന്നും, സജ്ജനങ്ങള്‍ സ്വര്‍ഗത്തില്‍ വരുകയും അതിന്റെ വാതിലുകള്‍ തുറക്കപ്പെട്ടിരിക്കുകയും ചെയ്‌താല്‍ (إِذَا جَاءُوهَا وَفُتِحَتْ أَبْوَابُهَا) എന്നും വ്യത്യസ്ത രൂപത്തില്‍ പറഞ്ഞിരിക്കുന്നതു ഇതാണു സൂചിപ്പിക്കുന്നത്. അവിശ്വാസികള്‍ നരകത്തില്‍ ചെല്ലുമ്പോള്‍ അതിലെ പാറാവുകാര്‍ അവരോടു ചോദിക്കുന്ന ചോദ്യം അവര്‍ക്കു കൂടുതല്‍ നിരാശയും സങ്കടവും ഉണ്ടാക്കുമല്ലോ. നിത്യവാസികളെന്ന നിലക്കാണു നിങ്ങളുടെ പ്രവേശനം – അഥവാ നിങ്ങള്‍ക്ക് എനി രക്ഷയില്ല – എന്ന വാക്കു കേള്‍ക്കുമ്പോള്‍ വിശേഷിച്ചും. നേരെമറിച്ച് സ്വര്‍ഗ്ഗത്തിലേക്കു വരുന്നവരോടു അതിലെ പാറാവുകാര്‍ പറയുന്നതോ? അനുമോദനത്തിന്റെയും ആശംസയുടെയും ശാന്തിയുടെയും വാക്യങ്ങളാണ്. നിത്യവാസികളെന്ന അനുമോദനമാകട്ടെ, മേല്‍ക്കുമേല്‍ സന്തോഷവും അന്തസ്സും വര്‍ദ്ധിപ്പിക്കുന്നു. സ്വര്‍ഗ്ഗത്തിന്റെ ആളുകള്‍ സ്വര്‍ഗ്ഗത്തിലും, നരകത്തിന്റെ ആള്‍ക്കാര്‍ നരകത്തിലും പ്രവേശിച്ചുകഴിഞ്ഞാല്‍, ‘ഹേ, സ്വര്‍ഗ്ഗക്കാരേ, എനി മരണമില്ല. ഹേ, നരകക്കാരേ എനി മരണമില്ല’ എന്ന പ്രഖ്യാപനം ചെയ്യുമെന്നും, അപ്പോള്‍ സ്വര്‍ഗ്ഗക്കാര്‍ക്കു അവരുടെ സന്തോഷത്തിനുമേല്‍ സന്തോഷവും, നരകക്കാര്‍ക്കു അവരുടെ വ്യസനത്തിനുമേല്‍ വ്യസനവും വര്‍ദ്ധിക്കുമെന്നും നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞതായി ഹദീസില്‍ വന്നിട്ടുണ്ട്. (ബു; മു).
നരകത്തിനു ഏഴു വാതിലുകളാണുള്ളതെന്നും, ഓരോ വാതിലിലൂടെയും പ്രവേശിക്കുന്നവര്‍ കുറ്റവാളികളില്‍ നിന്നുള്ള ഓരോ പ്രത്യേക വിഭാഗക്കാരായിരിക്കുമെന്നും (لَهَا سَبْعَةُ أَبْوَابٍ لِّكُلِّ بَابٍ مِّنْهُمْ جُزْءٌ مَّقْسُومٌ : الحجر : ٤٤) അല്ലാഹു പ്രസ്താവിച്ചിരിക്കുന്നു. സ്വര്‍ഗ്ഗത്തിന്റെ വാതിലുകള്‍ എട്ടെണ്ണമാണെന്നും, ഓരോന്നിലൂടെയും പ്രവേശിക്കുന്നവര്‍ അവരവരുടെ കര്‍മ്മങ്ങള്‍ക്കനുസരിച്ച് സ്ഥാനവ്യത്യാസമുള്ളവരായിരിക്കുമെന്നും നബിവചനങ്ങളില്‍നിന്നും മനസ്സിലാക്കാം. നമസ്കാരം, നോമ്പ്, ദാനധര്‍മ്മം, ധര്‍മ്മസമരം ആദിയായ സല്‍ക്കര്‍മ്മങ്ങളില്‍ നിരതരായവര്‍ക്കു അതതിന്റെ പേരില്‍ നിശ്ചയിക്കപ്പെട്ട പ്രത്യേകം കവാടങ്ങളില്‍നിന്നു സ്വാഗതം ലഭിക്കുമെന്നും എല്ലാ വാതിലുകളില്‍നിന്നും വിളിച്ചു സ്വാഗതം ചെയ്യപ്പെടുന്ന ആളുകളും ഉണ്ടായിരിക്കുമെന്നും, അബൂബക്കര്‍ (رضي الله عنه) അക്കൂട്ടത്തില്‍ ഉള്‍പ്പെടുമെന്നു ഞാന്‍ പ്രതീക്ഷിക്കുന്നു എന്നും നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഒരു ഹദീസില്‍ പ്രസ്താവിച്ചിരിക്കുന്നു. (ബു; മു).
സ്വര്‍ഗ്ഗത്തിന്റെയും, നരകത്തിന്റെയും വാതിലുകളെപ്പറ്റി പറയുമ്പോള്‍, അവ രണ്ടും കേവലം രണ്ടു വമ്പിച്ച കെട്ടിടങ്ങള്‍ മാത്രമായിരിക്കുമെന്നു ധരിക്കാവതല്ല. സ്വര്‍ഗ്ഗത്തിന്റെ വിശാലത ആകാശഭൂമികളുടെ വിശാലതപോലെയാണ്. (عَرْضُهَا كَعَرْضِ السَّمَاءِ وَالْأَرْضِ –الحديد) എന്നത്രെ അല്ലാഹു പറയുന്നത്. ഹദീസിലും ഇതു സംബന്ധിച്ചു പലതും കാണാം. ചുരുക്കത്തില്‍, സ്വര്‍ഗ്ഗം മനുഷ്യന്റെ ഭാവനക്കും അനുമാനത്തിനും അതീതവും അതിവിശാലവുമായ ഒരു മഹാലോകമത്രെ. സ്വര്‍ഗ്ഗത്തിന്റെ ഓരോ വാതിലിന്റെയും വിസ്താരം മക്കാ, ബുസ്രാ എന്നീ രാജ്യങ്ങള്‍ തമ്മിലുള്ള ദൂരംപോലെയാണ് (ബു.) എന്നും നാല്‍പതു കൊല്ലത്തെ വഴി ദൂരമുണ്ടെന്നും (മു.) മറ്റുമുള്ള ഹദീസുകളും ഇവിടെ സ്മരണീയമാകുന്നു. അപ്പോള്‍, വാതിലുകള്‍ എന്നു പറഞ്ഞതു വമ്പിച്ച ചില പ്രവേശനമാര്‍ഗ്ഗങ്ങളെയാണ് കുറിക്കുന്നതെന്നു മനസ്സിലാക്കാം. നരകത്തിന്റെ വിശാലതയെ സംബന്ധിച്ചും തന്നെ ഏറെക്കുറെ ഇപ്പറഞ്ഞതില്‍നിന്നു മനസ്സിലാക്കുവാന്‍ കഴിയുന്നതാണ്.
സമസ്ത സൃഷ്ടികളുടെയും വിചാരണയും വിധിയും അവസാനിച്ചു. അവരവരുടെ വിധി എന്നെന്നേക്കുമായി നടപ്പില്‍ വരുത്തുകയും ചെയ്തു. എനിയൊരു പുനര്‍വിചാരണയുടെയോ, അപ്പീല്‍ കോടതിയുടെയോ നാമം പോലും പറയുവാനില്ല. ഗൗരവമേറിയ – അതിലപ്പുറം ഗൗരവമേറിയ ഒരു സംഭവവും നടക്കാനില്ലതന്നെ – ആ ഘട്ടത്തില്‍ മലക്കുകളുടെ പ്രതികരണമെന്തായിരിക്കുമെന്നു അടുത്ത വചനത്തില്‍ അല്ലാഹു പ്രസ്താവിക്കുന്നു. അല്ലാഹു അറിയിച്ചുതന്നതുപോലെ, സത്യവിശ്വാസികളുടെ നന്മയില്‍ താല്‍പര്യമുള്ളവരും അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ചു കൊണ്ടിരുന്നവരുമാണല്ലോ മലക്കുകള്‍. അല്ലാഹു പറയുന്നു:
- وَتَرَى ٱلْمَلَـٰٓئِكَةَ حَآفِّينَ مِنْ حَوْلِ ٱلْعَرْشِ يُسَبِّحُونَ بِحَمْدِ رَبِّهِمْ ۖ وَقُضِىَ بَيْنَهُم بِٱلْحَقِّ وَقِيلَ ٱلْحَمْدُ لِلَّهِ رَبِّ ٱلْعَـٰلَمِينَ ﴾٧٥﴿
- 'അർശി'ന്റെ [രാജകീയ സിംഹാസനത്തിന്റെ] ചുറ്റുപാടിലും പൊതിഞ്ഞു നിൽക്കുന്നവരായി മലക്കുകളെ നിനക്കു കാണാം: അവർ തങ്ങളുടെ രക്ഷിതാവിനെ സ്തുതിച്ചുകൊണ്ടു 'തസ്ബീഹു' [സ്തോത്രകീർത്തനം] നടത്തുന്നതാണ്. അവർക്കിടയിൽ [സൃഷ്ടികളിൽ] യഥാർത്ഥ പ്രകാരം (കാര്യം) തീരുമാനിക്കപ്പെട്ടും കഴിഞ്ഞു. (സർവ്വരാലും) പറയപ്പെടും: 'ലോകരുടെ രക്ഷിതാവായ അല്ലാഹുവിനു സർവ്വസ്തുതിയും!'
- وَتَرَی നിനക്കു കാണുകയും ചെയ്യാം الْمَلَائِكَةَ മലക്കുകളെ حَافِّينَ പൊതിഞ്ഞവരായി, ചുറ്റിലും നിൽക്കുന്നവരായി مِنۡ حَوۡلِ الۡعَرۡشِ അർശിന്റെ ചുറ്റുപാടിൽകൂടി يُسَبِّحُونَ അവർ തസ്ബീഹു (സ്തോത്ര കീർത്തനം, മഹത്വം ഉൽഘോഷിക്കൽ) നടത്തും بِحَمۡدِ رَبِّهِمۡ തങ്ങളുടെ റബ്ബിനെ സ്തുതിച്ചുകൊണ്ടു, സ്തുതിയോടെ وَقُضِيَ തീരുമാനിക്കപ്പെടുക (വിധിക്ക)പ്പെടുകയും ചെയ്തു بَيۡنَهُمۡ അവർക്കിടയിൽ بِالۡحَقِّ യഥാർത്ഥ(ന്യായ, മുറ)പ്രകാരം وَقِيلَ പറയപ്പെടുകയും ചെയ്യും الۡحَمۡدُ (സർവ്വ) സ്തുതി لِلَّهِ അല്ലാഹുവിനാണ് رَبِّ الۡعالَمِينۡ ലോകരുടെ റബ്ബായ
അല്ലാഹു അവന്റെ അതിവിശാലമായ കാരുണ്യംകൊണ്ടും, അവന്റെ അതിമഹത്തായ ദയവുകൊണ്ടും നമ്മെയെല്ലാം അവന്റെ പ്രീതി ലഭിച്ച് സ്വർഗ്ഗം പൂകുന്ന നല്ല അടിയാന്മാരിൽ ഉൾപ്പെടുത്തി അനുഗ്രഹിക്കട്ടെ; ആമീൻ.
والحمد لله رب العالمين وله الفضل والمنة