വിഭാഗം - 18

6:145
  • قُل لَّآ أَجِدُ فِى مَآ أُوحِىَ إِلَىَّ مُحَرَّمًا عَلَىٰ طَاعِمٍ يَطْعَمُهُۥٓ إِلَّآ أَن يَكُونَ مَيْتَةً أَوْ دَمًا مَّسْفُوحًا أَوْ لَحْمَ خِنزِيرٍ فَإِنَّهُۥ رِجْسٌ أَوْ فِسْقًا أُهِلَّ لِغَيْرِ ٱللَّهِ بِهِۦ ۚ فَمَنِ ٱضْطُرَّ غَيْرَ بَاغٍ وَلَا عَادٍ فَإِنَّ رَبَّكَ غَفُورٌ رَّحِيمٌ ﴾١٤٥﴿
  • (നബിയേ) പറയുക: 'എനിക്ക് 'വഹ്യു' [ദിവ്യ ബോധനം] നല്‍കപ്പെട്ടിട്ടുള്ളതില്‍, ഭക്ഷിക്കു(വാനുദ്ദേശിക്കു)ന്ന ഒരാളുടെ മേലും നിഷിദ്ധമാക്കപ്പെട്ടതായൊന്നും ഞാന്‍ കാണുന്നില്ല, അതു [ഭക്ഷണം] ശവം, അല്ലെങ്കില്‍ ചിന്തപ്പെട്ട രക്തം, അല്ലെങ്കില്‍ പന്നിമാംസം - കാരണം, അതു മ്ലേച്ഛമാകുന്നു - അല്ലെങ്കില്‍ അല്ലാഹു അല്ലാത്തവര്‍ക്കു വേണ്ടി ശബ്ദം ഉയര്‍ത്തപ്പെട്ട [അറുക്കപ്പെട്ട] തോന്നിയവാസം (എന്നിവ) ആയിരുന്നാലല്ലാതെ. എന്നാല്‍, ആരെങ്കിലും (നിയമ ലംഘനം) കാംക്ഷിക്കുന്നവനല്ലാതെയും, അതിരു വിട്ടവനല്ലാതെയും (അവ ഭക്ഷിക്കുവാന്‍) നിര്‍ബ്ബന്ധിതനായിത്തീരുന്ന പക്ഷം, അപ്പോള്‍, നിശ്ചയമായും നിന്റെ റബ്ബ് വളരെ പൊറുക്കുന്നവാനും കരുണാനിധിയുമാകുന്നു.
  • قُل നീ പറയുക لَّا أَجِدُ ഞാന്‍ കാണുന്നില്ല فِي مَا أُوحِيَ വഹ്‌യ്‌ നല്‍കപ്പെട്ടതില്‍ إِلَيَّ എനിക്ക്‌, എന്നിലേക്ക്‌ مُحَرَّمًا ഒരു നിഷിദ്ധമാക്കപെട്ടതും, ഹറാമാക്കപെട്ടത്‌ عَلَىٰ طَاعِمٍ ഒന്നും ഒരു ഭക്ഷണം കഴിക്കുന്നവന്റെമേലും يَطْعَمُهُ അതിനെ ഭക്ഷിക്കുന്ന إِلَّا أَن يَكُونَ അതായിരുന്നാലല്ലാതെ مَيْتَةً ശവം, ചത്തത്‌ أَوْ دَمًا അല്ലെങ്കില്‍ രക്തം مَّسْفُوحًا ചിന്തപെട്ട (ഒഴുകുന്ന) أَوْ لَحْمَ അല്ലെങ്കില്‍ മാംസം خِنزِيرٍ പന്നിയുടെ فَإِنَّهُ എന്നാല്‍ (കാരണം) رِجْسٌ അത്‌ മ്ലേച്ഛമാണ്‌ أَوْ فِسْقًا അല്ലെങ്കില്‍ തോന്നിയവാസം أُهِلَّ ശബ്‌ദം ഉയര്‍ത്തപ്പെട്ട لِغَيْرِ اللَّهِ അല്ലാഹു അല്ലാത്തവര്‍ക്കുവേണ്ടി بِهِ അതിനെ, അതില്‍, അതുമൂലം فَمَنِ എന്നാല്‍ (എനി-അപ്പോള്‍) ആരെങ്കിലും, വല്ലവനും اضْطُرَّ നിര്‍ബന്ധിതനായി (എങ്കില്‍) غَيْرَ بَاغٍ കാംക്ഷിക്കുന്ന (തേടുന്ന-നിയമലംഘനം നടത്തുന്ന)വനല്ലാതെ وَلَا عَادٍ അതിരു വിടുന്നവനല്ലാതെയും فَإِنَّ رَبَّكَ എന്നാല്‍ നിശ്ചയമായും നിന്റെ റബ്ബ്‌ غَفُورٌ വളരെ പൊറുക്കുന്നവനാണ്‌ رَّحِيمٌ കരുണാനിധിയാണ്‌

ആഹാരത്തിനും മറ്റുമായി അല്ലാഹു മനുഷ്യര്‍ക്കുവേണ്ടി സൃഷ്ടിച്ചു കൊടുത്ത ഉല്‍പന്നങ്ങളില്‍ നിന്നും, കാലികളില്‍ നിന്നും ചിലതു ഹലാലും (അനുവദനീയവും), ചിലതു ഹറാമും (നിഷിദ്ധവും) ആക്കിക്കൊണ്ടിരിക്കുന്ന മുശ്രിക്കുകളോട് എനിക്കു ലഭിച്ച ദിവ്യസന്ദേശങ്ങളിലൊന്നും തന്നെ ഈ നാലു വസ്തുക്കളല്ലാതെ മറ്റൊന്നും നിഷിദ്ധമാക്കപ്പെട്ടിട്ടുള്ളതായി കാണുന്നില്ലെന്നു പറയുവാന്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യോടു അല്ലാഹു കല്‍പിക്കുന്നു. മതനിയമം നിയമിക്കുവാനുള്ള അധികാരം അല്ലാഹുവിനു മാത്രമേയുള്ളു. അതുകൊണ്ടു ഈ നാലിനു പുറമെ വല്ലതും നിഷിദ്ധമാണെന്നോ, ഈ നാലില്‍ ഏതെങ്കിലും അനുവദനീയമാണെന്നോ പറയുവാന്‍ ആര്‍ക്കും അവകാശമില്ലെന്നു താല്‍പര്യം.

ഈ വചനത്തില്‍ പ്രസ്താവിക്കപ്പെട്ട വസ്തുക്കള്‍ – ശവം, രക്തം, പന്നിമാംസം, അല്ലാഹു അല്ലാത്തവര്‍ക്കു വേണ്ടി ശബ്ദം ഉയര്‍ത്തപ്പെട്ടതു (അഥവാ അല്ലാഹു അല്ലാത്തവരുടെ പേരില്‍ അറുക്കപ്പെട്ടതു) എന്നീ നാലു വസ്തുക്കള്‍ – മാത്രമേ ഭക്ഷിക്കല്‍ നിഷിദ്ധമാക്കപ്പെട്ടിട്ടുള്ളുവെന്നു സൂ: അല്‍ബക്വറ 173ലും, സൂ: മാഇദ 4 ലും ഇതിനുമുമ്പു അല്ലാഹു പ്രസ്താവിച്ചതു നാം കണ്ടു. താഴെ സൂ: നഹ്ല്‍ 115ല്‍ വീണ്ടും വരുന്നുമുണ്ട്. മാഇദയിലെ വചനത്തിലെ ഈ നാലിനു പുറമെ, കുടുങ്ങിച്ചതടതു, വീണുചത്തതു മുതലായ ചില ഇനങ്ങള്‍കൂടി പറയപ്പെട്ടിട്ടുണ്ടെങ്കിലും അവയില്‍ ശവത്തില്‍ ഉള്‍പെട്ടതും, അതിന്റെ വിശദീകരണമായി പറയപ്പെട്ടതുമാണെന്നു അവിടെ നാം ചൂണ്ടിക്കാട്ടുകയുണ്ടായി. ഈ നാലിനെക്കുറിച്ചും അത്യാവശ്യം അറിഞ്ഞിരിക്കേണ്ടുന്ന വിവരങ്ങള്‍ പലതും സൂറത്തുല്‍ ബക്വറയില്‍ വെച്ചും, ചിലതെല്ലാം മാഇദയില്‍വെച്ചും വിവരിക്കുകയും ചെയ്തിരിക്കുന്നു. അതുകൊണ്ട് ഇവിടെ അതാവര്‍ത്തിക്കേണ്ടുന്ന ആവശ്യമില്ല. എന്നാല്‍, മറ്റു സ്ഥലങ്ങളില്‍ പ്രസ്താവിക്കപ്പെടാത്ത ചില കാര്യങ്ങള്‍ ഈ വചനത്തില്‍ വ്യക്തമാക്കപ്പെട്ടിട്ടുള്ളതിനെപ്പറ്റിയാണു ഇവിടെ അല്‍പം വിവരിക്കുവാനുള്ളതു.

അവിടങ്ങളില്‍ രക്തം (دَم) എന്നു മാത്രമേ പറഞ്ഞിട്ടുള്ളു. ഇവിടെ അതിനെ ചിന്തപ്പെട്ടതു (مَّسْفُوح) എന്നു വിശേഷിപ്പിച്ചിരിക്കുന്നു. അതായതു, അറവു മൂലമോ, മുറിക്കപ്പെട്ടോ മറ്റോ ഒഴുകി വരുന്ന രക്തം എന്നര്‍ത്ഥം. അതുകൊണ്ട് ആ സ്ഥലങ്ങളിലും ‘രക്തം’ കൊണ്ടുദ്ദേശിക്കപ്പെട്ടിരിക്കുന്നതു ഒഴുകുന്ന രക്തം (دَم مَّسْفُوح) ആണെന്നും, മാംസത്തില്‍ നിന്നും വേറിടാതെ അതോടുപറ്റി നില്‍ക്കുന്ന രക്തക്കലര്‍പ്പിനു വിരോധമില്ലെന്നും ഇതില്‍ നിന്നു മനസ്സിലാക്കാം. മറ്റു സ്ഥലങ്ങളില്‍ പന്നിമാംസം വിരോധിച്ചതിനു പ്രത്യേക കാരണമൊന്നും പറഞ്ഞിട്ടില്ല. ഇവിടെ ‘അതിനു കാരണം അതു മ്ലേച്ഛമാണു (فَإِنَّهُ رِجْسٌ)’ എന്നു പ്രത്യേകം പറഞ്ഞിരിക്കുന്നു. പന്നിമാംസം കഴിക്കുന്നവര്‍ക്കു അതു ഒരു ആസ്വാദ്യ വസ്‌തുവായി തോന്നാമെങ്കിലും അതു രോഗാംശം കലര്‍ന്നതാണെന്നു പല വൈദ്യ വിശാരദന്മാരും സമ്മതിച്ചതാണ്‌. ഒരു പക്ഷെ, പ്രസ്‌തുത രോഗാംശങ്ങളെ പരിശോധിച്ചു നീക്കം ചെയ്‌വാന്‍ ഏതെങ്കിലും ശാസ്‌ത്രീയ പരിഹാരം ഉണ്ടെന്നു വന്നാല്‍ തന്നെയും അതൊരു മ്ലേച്ഛ വസ്‌തുവാണെന്ന്‌ അതിനെപറ്റി മനുഷ്യരെക്കാള്‍ അറിയുന്നവനായ സൃഷ്‌ടാവു പറയുമ്പോള്‍ – ആ മ്ലേച്ഛതയെക്കുറിച്ചു നമുക്കു വേണ്ടതുപോലെ മനസ്സിലാക്കുവാന്‍ കഴിയാതിരുന്നാല്‍ തന്നെയും – അതില്‍ നമുക്കു അജ്ഞാതമായ ചില ദോഷവശങ്ങളുണ്ടായിരിക്കുമെന്നു തീര്‍ച്ചയാണ്‌. കാഷ്‌ടങ്ങള്‍ തുടങ്ങിയ മ്ലേച്ഛ വസ്‌തുക്കള്‍ തിന്നുക പതിവാക്കിയ മറ്റൊരു മൃഗത്തെ പന്നിയെപ്പോലെ വേറെ കാണുവാന്‍ പ്രയാസം. അതോടുകൂടി മ്‌ളേച്ഛത ശരീരാരോഗ്യത്തെ ബാധിക്കുന്നതു തന്നെയാവണമെന്നില്ല താനും. സ്വഭാവ വികാരാദികളെ ദുഷിപ്പിക്കുന്ന വല്ല ദോഷങ്ങളും ആയിരിക്കുവാനും സാധ്യതയുണ്ട്‌. ഇതിനുദാഹരണമായി ചില പണ്ഡിതന്മാര്‍ ചിലതൊക്കെ ചൂണ്ടിക്കാട്ടാതെയുമില്ല. പന്നിമാംസം വിരോധിച്ചതിനു കാരണം അതു മ്‌ളേച്ഛമായതാണെന്നു പറഞ്ഞതില്‍നിന്നു കാഷ്‌ടം, മൂത്രം മുതലായ മ്ലേച്ഛമായ എല്ലാ മലിന വസ്‌തുക്കളും ഭക്ഷിക്കുവാന്‍ പാടില്ലെന്നുകൂടി മനസ്സിലാക്കാവുന്നതാണ്‌. പ്രത്യേക കാരണമോ, തെളിവോ ഇല്ലാത്തപ്പോള്‍, ദുഷിച്ച സാധനങ്ങള്‍ പൊതുവെ നിഷിദ്ധമാണെന്നും, വിശിഷ്‌ട വസ്‌തുക്കള്‍ പൊതുവെ അനുവദനീയമാണെന്നുമുള്ളതു ഒരു പൊതുതത്വവുമത്രെ. (5:5; 7:157 മുതലായവയും വ്യാഖ്യാനവും നോക്കുക).

മാഇദഃയിലെ ആയത്തില്‍, ഈ നാലു നിഷിദ്ധ വസ്‌തുക്കളെക്കുറിച്ചും പറഞ്ഞശേഷം അവയെ ചൂണ്ടിക്കൊണ്ട്‌ ‘അതൊക്കെ തോന്നിയവാസമാകുന്നു (ذَٰلِكُمْ فِسْقٌ) എന്നു പറഞ്ഞിരിക്കുന്നു. ഇവിടെ, അല്ലാഹു അല്ലാത്തവരുടെ നാമത്തില്‍ അറുക്കപ്പെട്ടതിനെപറ്റി മാത്രമാണു ‘തോന്നിയവാസം (فِسْقًا)’ എന്നു ഉപയോഗിച്ചതു. നിഷിദ്ധ വസ്‌തുക്കളെ ഉപയോഗിക്കുന്നതൊക്കെ തോന്നിയവാസം തന്നെയാണെങ്കിലും അല്ലാഹു അല്ലാത്തവരുടെ നാമത്തില്‍ അറുക്കുന്നതു കൂടുതല്‍ ഗൗരവപ്പെട്ട കുറ്റമാണെന്നു ഇതില്‍നിന്നു മനസ്സിലാക്കാവുന്നതാകുന്നു. അല്‍ബക്വറഃയിലും, മാഇദഃയിലുമെന്ന പോലെ ഇവിടെയും നിര്‍ബ്ബന്ധിതാവസ്ഥ നേരിടുമ്പോള്‍, നിയമലംഘനത്തിന്റെ ഉദ്ദേശ്യമില്ലാതെ അത്യാവശ്യമായ തോതില്‍ അവ ഉപയോഗിക്കുന്നതിനു വിരോധമില്ലെന്നു അവസാനം അല്ലാഹു ചൂണ്ടിക്കാട്ടിയിരിക്കുന്നു. ഇതു സംബന്ധിച്ച വിശദീകരണം മുമ്പു കഴിഞ്ഞു പോയിട്ടുള്ളതു ഇവിടെയും ഓര്‍മ്മിക്കുക.

നാലു സൂറത്തുകളിലാണല്ലോ ഈ നാലു വസ്‌തുക്കളും നിഷിദ്ധങ്ങളായി പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്‌. രണ്ടെണ്ണം മക്കീ സൂറത്തുകളും രണ്ടെണ്ണം മദനീ സൂറത്തുകളുമാകുന്നു. മക്കീ സൂറത്തായ നഹ്‌ലിലും, മദനീസൂറത്തായ അല്‍ബക്വറഃയിലും ഈ നാലു വസ്‌തുക്കള്‍ മാത്രമേ നിഷിദ്ധമാക്കപ്പെട്ടിട്ടുള്ളൂ (… إِنَّمَا حَرَّمَ) എന്നു പറഞ്ഞപ്പോള്‍, മക്കീ സൂറത്തായ ഈ സൂറത്തില്‍, ഈ നാലെണ്ണമല്ലാതെ വേറെ ഒന്നും നിഷിദ്ധമാക്കപ്പെട്ടതായി എനിക്കു വഹ്‌യ്‌ ലഭിച്ചിട്ടില്ലെന്നു പ്രഖ്യാപിക്കണം (…قُل لَّا أَجِدُ فِي مَا أُوحِيَ إِلَيَّ مُحَرَّمًا) എന്ന്‌ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യോടു കല്‍പിക്കുകയാണു ചെയ്‌തിരിക്കുന്നതു. മദനീ സൂറത്തായ മാഇദഃയിലാകട്ടെ, നിങ്ങള്‍ക്കു ഓതിക്കേള്‍പിക്കപ്പെടുന്നതല്ലാത്ത മറ്റു കാലിജന്തുക്കള്‍ നിങ്ങള്‍ക്കു അനുവദനീയമാക്കപ്പെട്ടിരിക്കുന്നു (أُحِلَّتْ لَكُم بَهِيمَةُ الْأَنْعَامِ) എന്നു (2-ാം വചനത്തില്‍) ആദ്യമൊന്നു പ്രസ്‌താവിച്ചശേഷം പിന്നീടാണ്‌ (4-ാം വചനത്തില്‍) ഈ നാലു വസ്‌തുക്കള്‍ നിങ്ങള്‍ക്കു നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു (…حُرِّمَتْ عَلَيْكُمُ) എന്നു പറഞ്ഞിരിക്കുന്നത്‌. രണ്ടാം വചനത്തില്‍ ഒഴിവാക്കപെട്ട വസ്‌തുക്കള്‍ 4-ാം വചനത്തില്‍ പ്രസ്‌താവിക്കപെട്ട നാലെണ്ണം തന്നെയാണെന്നുള്ളതില്‍ ആര്‍ക്കും ഭിന്നാഭിപ്രായമില്ല താനും. ചുരുക്കത്തില്‍, ഈ നാലു വസ്‌തുക്കള്‍ മാത്രമേ ഭക്ഷിക്കല്‍ നിഷിദ്ധമാക്കപ്പെട്ടിട്ടുള്ളൂവെന്നു ഈ നാലു സൂറത്തുകളിലും വ്യക്തമായി പ്രസ്‌താവിക്കപ്പെട്ടിരിക്കുന്നു. അതുകൊണ്ട്‌ ഈ നാലിന്നു പുറമെയുള്ള വസ്‌തുക്കളൊന്നും തന്നെ നിഷിദ്ധമല്ലെന്നാണ്‌ മുന്‍ഗാമികളിലും പിന്‍ഗാമികളിലുമുള്ള ചില പണ്ഡിതന്മാരുടെ അഭിപ്രായം. സ്വഹാബികളില്‍ ഇബ്‌നു അബ്ബാസും, ഇബ്‌നു ഉമറും, ആഇശായും (رَضِيَ اللهُ تَعَالَى عَنْهُم) ഈ അഭിപ്രായക്കാരായിട്ടാണ്‌ അറിയപ്പെടുന്നത്‌. ഇമാം മാലിക്കും (رحمه الله) ഈ അഭിപ്രായക്കാരനാണെന്നു കാണുന്നു. ക്വുര്‍ആന്‍ വ്യാഖ്യാതാക്കളില്‍ ഇമാം റാസീ (رحمه الله) യും ഇതാണു ബലപ്പെടുത്തിയിരിക്കുന്നത്‌.

എന്നാല്‍ ഈ നാലു വസ്‌തുക്കള്‍ക്കു പുറമെ ചില വസ്‌തുക്കള്‍കൂടി നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) വിരോധിച്ചിരിക്കുന്നതായി പ്രബലമായ ഹദീഥുകളില്‍ വന്നിട്ടുള്ളത്‌ പ്രസിദ്ധമാണ്‌. ഇതിനെപറ്റി പ്രസ്‌തുത അഭിപ്രായക്കാരായ പണ്ഡിതന്മാര്‍ പറയുന്നതിന്റെ ചുരുക്കം. ഇതാണു : ഇസ്‌ലാമിലെ ഒരു സുസ്ഥിരമായ നിയമമെന്ന നിലക്കോ, കുറ്റകരമായ ഹറാം (നിഷിദ്ധം) എന്ന നിലക്കോ ഉള്ള വിരോധമല്ല ആ ഹദീഥുകളുടെ താല്‍പര്യം. കേവലം വൃത്തി കെട്ടതും, മതദൃഷ്‌ട്യാ വെറുക്കപ്പെട്ടതും (مكروه) എന്ന നിലക്കുള്ള വിരോധമാണ്‌. ആ ഹദീഥുകളുടെ ചില രിവായത്തുകളില്‍, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) വിരോധിച്ചു (نهي النبي صلى الله عليه وسلم ) എന്നും, ചിലതില്‍ അതിനു പകരം, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഹറാമാക്കിയ (حرّم النبي صَلَّى اللَّهُ عَلَيْهِ وَسَلَّمَ) എന്നും കാണുന്നു. ഇതിനു കാരണം, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) വിരോധിച്ചതിന്റെ അര്‍ത്ഥം നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) നിഷിദ്ധമായി പ്രഖ്യാപിച്ചുവെന്നാണെന്നു അതിന്റെ നിവേദകന്മാര്‍ ധരിച്ചതായിരിക്കുമെന്നും വ്യാഖ്യാനിക്കപ്പെടുന്നു.

പക്ഷെ, സ്വന്തം യുക്തിക്കനുസരിച്ചു മതകാര്യങ്ങളെ വിലയിരുത്തുവാന്‍ ബദ്ധപ്പാടു കാണിക്കാറുള്ള ചില ആധുനിക പണ്ഡിതന്മാര്‍ പ്രസ്‌തുത ഹദീഥുകളെപ്പറ്റി വിധി കല്‍പിക്കുന്നതു വേറെ രൂപത്തിലാകുന്നു. ഈ നാലു വസ്‌തുക്കള്‍ മാത്രമാണ്‌ നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നതെന്നു ക്വുര്‍ആന്‍ വ്യക്തമാക്കിയിരിക്കെ, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ആ നാലിനു പുറമെ വേറെ ചിലതുംകൂടി വിരോധിക്കുവാന്‍ അവകാശമില്ല. അതുകൊണ്ട്‌ അങ്ങിനെയുള്ള ഹദീഥുകളൊന്നും സ്വീകാര്യമേ അല്ല, ഇതാണ്‌ അവരുടെ തീരുമാനം. ഇതു വാസ്‌തവത്തില്‍ യാഥാര്‍ത്ഥ്യത്തിനു നേരെ താല്‍പര്യപൂര്‍വ്വം കണ്ണടച്ചു ഇരുട്ടാക്കലാണെന്ന്‌ നിഷ്‌പക്ഷ ബുദ്ധിയുള്ള എല്ലാവര്‍ക്കും അറിയാവുന്നതാകുന്നു. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ ഹദീഥുകള്‍ക്കു ഇവരുടെ അടുക്കല്‍ വലിയ നിലയും വിലയുമൊന്നും ഇല്ലെന്നുള്ളതില്‍ നിന്നാണ്‌ ഈ മറുപടിയുടെ ഉല്‍ഭവമെന്നു അവരുടെ പല പല പ്രസ്‌താവനകളില്‍ നിന്നും മനസ്സിലാക്കാം.

കാട്ടുജീവികളില്‍ നിന്നു ദന്തമുള്ളവ, നീണ്ട നഖമുള്ളവ – അഥവാ തേറ്റപല്ലുകള്‍ വഴി ജന്തുക്കളെ വേട്ടയാടിപ്പിടിക്കുന്ന മൃഗങ്ങളും, കാലിലെ നഖം ഉപയോഗിച്ചു ജന്തുക്കളെ വേട്ടയാടിപ്പിടിക്കുന്ന മാംസഭുക്കുകളായ പക്ഷികളും വീട്ടു കഴുത (വളര്‍ത്തു കഴുത) എന്നിങ്ങിനെ ചിലതുകൂടി നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) വിരോധിച്ചിരിക്കുന്നുവെന്നാണ്‌ പ്രസ്‌തുത ഹദീഥുകളില്‍ വന്നിട്ടുള്ളത്‌. അതുകൊണ്ട്‌ ഈ നാലിനു പുറമെ അവയും ഭക്ഷിക്കുവാന്‍ പാടില്ലാത്തവയായിട്ടാണു മുന്‍ഗാമികളിലും പിന്‍ഗാമികളിലുമുള്ള ഭൂരിഭാഗം പണ്ഡിതന്മാരും എണ്ണിവരുന്നത്‌. നിഷിദ്ധതയെ ക്വുര്‍ആന്‍ നാലെണ്ണത്തില്‍ പരിമിതപ്പെടുത്തിയിരിക്കെ, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അവക്കു പുറമെ ചിലതുകൂടി എങ്ങിനെ നിരോധിച്ചുവെന്ന സംശയത്തിനു അവര്‍ പല മറുപടിയും നല്‍കുന്നുണ്ട്‌. അവയില്‍ പ്രസക്തമായതിന്റെ സാരം ഇവിടെ ചുരുക്കി ഉദ്ധരിക്കാം:-

ഒന്ന്‌: ഈ നാലു വസ്‌തുക്കള്‍ മാത്രമാണു നിഷിദ്ധമായവ – നാലിനു പുറമെയുള്ള വസ്‌തുക്കള്‍ അനുവദനീയമാണു – എന്നു പറയുമ്പോള്‍, ആ അനുവദനീയ വസ്‌തുക്കള്‍ക്കു ഒരു നിര്‍വ്വചനമോ അടിസ്ഥാനമോ ഉണ്ടായിരിക്കണമല്ലോ. അഥവാ ഈ നാലെണ്ണത്തെ ഒഴിവാക്കിയിരിക്കുന്നതു ഏതില്‍ നിന്നായിരിക്കുമെന്നു ആലോചിക്കേണ്ടതുണ്ട്‌.(*) ഈ നാലുമല്ലാത്ത സകല വസ്‌തുക്കളും ഭക്ഷിക്കല്‍ അനുവദനീയമാണെന്നു ആരും വാദിക്കുന്നില്ല. മ്ലേച്ഛവും മലിനവുമായതും വിഷവസ്‌തുക്കളും ഭക്ഷിച്ചുകൂടാത്തതാണെന്നു എല്ലാവരും സമ്മതിക്കും. അതിനു ക്വുര്‍ആനില്‍ നിന്നും ഹദീഥില്‍ നിന്നും തെളിവും ലഭിക്കുന്നു. അപ്പോള്‍, ആ നാലെണ്ണം ഒഴിച്ചുള്ള മുഴുവന്‍ വസ്‌തുക്കളും അനുവദനീയമാണെന്നാണു അല്ലാഹു പറഞ്ഞതിന്റെ താല്‍പര്യമെന്നു വരുവാന്‍ നിവൃത്തിയില്ല. അപ്പോള്‍, ഒന്നുകില്‍ മുശ്‌രിക്കുകള്‍ ചിലതു നിഷിദ്ധവും ചിലതു അനുവദനീയവുമാക്കി തരം തിരിച്ചിരുന്ന വസ്‌തുക്കളില്‍ നിന്ന്‌, അല്ലെങ്കില്‍ ആടുമാടൊട്ടകങ്ങളില്‍ നിന്ന്‌ ആ നാലെണ്ണം മാത്രം നിഷിദ്ധമാക്കപ്പെടുകയും അവയില്‍ ആ നലെണ്ണമല്ലാത്തതൊക്കെ അനുവദനീയമാക്കപ്പെടുകയും ചെയ്‌തിരിക്കുന്നുവെന്നേ അതിന്‌ അര്‍ത്ഥമാകുവാന്‍ തരമുള്ളൂ. അങ്ങിനെയാണെങ്കില്‍, പന്നിമാംസത്തിനു അതില്‍ എങ്ങിനെ സ്ഥാനമുണ്ടായി? എന്നു ചോദിക്കപ്പെടാം. ആടുമാടുകളെപോലെയുള്ള ഒരു ജീവിയായിട്ടാണ്‌ അന്നും ഇന്നും പന്നിയെ ഭക്ഷിക്കാറുള്ളവര്‍ ഗണിച്ചു വരുന്നത്‌. ആ സ്ഥിതിക്കു മറ്റു മൂന്നിനെക്കുറിച്ചും പറഞ്ഞപ്പോള്‍ അതോടു ചേര്‍ത്തു പന്നിയെക്കൂടി എടുത്തു പറയുന്നതില്‍ അസാംഗത്യമില്ല. ആടുമാടൊട്ടകങ്ങളി (أَنْعَام) ല്‍ പെടാത്ത ഒരു പ്രത്യേക ഇനമായതുകൊണ്ടു തന്നെയാണ്‌ അതിനെപറ്റി പ്രത്യേകം (ഈ വചനത്തില്‍) فَإِنَّهُ رِجْسٌ (കാരണം, അതു മ്‌ളേച്ഛമാണു) എന്നു എടുത്തു പറഞ്ഞിരിക്കുന്നതും.


(*) يعنى ما هو المستثنى منه بالا وما هو المقصور بانما


രണ്ട്‌: നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയുടെ കര്‍ത്തവ്യങ്ങളെക്കുറിച്ചു പറയുന്ന കൂട്ടത്തില്‍ وَيُحِلُّ لَهُمُ الطَّيِّبَاتِ وَيُحَرِّمُ عَلَيْهِمُ الْخَبَائِثَ – الا عراف (അവര്‍ക്കു അദ്ദേഹം വിശിഷ്‌ട വസ്‌തുക്കളെ അനുവദനീയമാക്കിക്കൊടുക്കുകയും, ദുഷിച്ച വസ്‌തുക്കളെ അവരുടെമേല്‍ നിഷിദ്ധമാക്കുകയും ചെയ്യും (7:157) എന്നു അല്ലാഹു പറയുന്നു. അപ്പോള്‍, മ്‌ളേച്ഛവും ദുഷിച്ചതുമായ വസ്‌തുക്കളെന്നു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) കാണുകയോ അവിടുത്തേക്ക്‌ വഹ്‌യു മൂലം അറിയുകയോ ചെയ്യുന്ന വസ്‌തുക്കളെ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ക്കു നിഷിദ്ധമായി പ്രഖ്യാപിക്കാമെന്ന്‌ ഇതില്‍ നിന്നു മനസ്സിലാകുന്നു. മറ്റൊരു സ്ഥലത്തു (يَسْأَلُونَكَ مَاذَا أُحِلَّ لَهُمْ قُلْ أُحِلَّ لَكُمُ الطَّيِّبَاتُ – المائدة) തങ്ങള്‍ക്കു എന്താണു അനുവദനീയമാക്കപ്പെട്ടിരിക്കുന്നതെന്നു അവര്‍ നിന്നോടു ചോദിക്കുന്നു. പറയുക: നിങ്ങള്‍ക്കു വിശിഷ്‌ട വസ്‌തുക്കള്‍ അനുവദനീയമാക്കപ്പെട്ടിരിക്കുന്നു (5:5) എന്നും പറയുന്നു. ക്വുര്‍ആനില്‍ എടുത്തു പറയപ്പെട്ട ഈ നാലുമല്ലാത്തവയെല്ലാം അനുവദനീയമാക്കപ്പെട്ടിരിക്കുന്നുവെന്നോ മറ്റോ പറയാതെ പൊതുവില്‍ വിശിഷ്‌ട വസ്‌തുക്കളെല്ലാം അനുവദനീയമാക്കപ്പെട്ടിരിക്കുന്നുവെന്നാണ്‌ ഈ വചനം കാണിച്ചു തരുന്നത്‌. ചുരുക്കത്തില്‍, വിശിഷ്‌ടമല്ലാത്തതും, ദുഷിച്ചതുമായ ചില വസ്‌തുക്കളെയാണ്‌ പ്രസ്‌തുത ഹദീഥുകളില്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) വിരോധിച്ചതെന്നത്രെ ഇതില്‍ നിന്നൊക്കെ വ്യക്തമാകുന്നത്‌. വാസ്‌തവം അല്ലാഹുവിന്നറിയാം. ‘അല്ലാഹുവിന്റെ റസൂല്‍ നിഷിദ്ധമാക്കിയത്‌ അല്ലാഹു നിഷിദ്ധമാക്കിയതു പോലെതന്നെയാണു’ എന്നു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പ്രസ്താവിച്ചിട്ടുമുണ്ട്. (ദാ; ജ; ദാരിമീ).

മൂന്ന്‌: ഈ നാലു വസ്‌തുക്കള്‍ മാത്രമേ നിഷിദ്ധമുള്ളൂവെന്നു പ്രസ്‌താവിക്കുന്ന ഓരോ വചനങ്ങളുടെയും തൊട്ടു മുമ്പും പിമ്പും പറയപ്പെട്ടിട്ടുള്ള കാര്യങ്ങള്‍ കൂടി പരിശോധിക്കുന്നതു സന്ദര്‍ഭോചിതമായിരിക്കും. അല്ലാഹു നല്‍കിയിട്ടുള്ള വിശിഷ്‌ട വസ്‌തുക്കളെ ഭക്ഷിച്ചുകൊള്ളുവാനും, അവനോടു നന്ദികാണിക്കുവാനും തൊട്ടു മുമ്പുള്ള വചനത്തില്‍ ആഹ്വാനം ചെയ്‌തുകൊണ്ടാണു അല്‍ബക്വറഃയിലും, നഹ്‌ലിലും ഈ നാലു വസ്‌തുക്കള്‍ മാത്രമേ നിഷിദ്ധമാക്കപ്പെട്ടിട്ടുള്ളൂവെന്നു പ്രസ്‌താവിച്ചിരിക്കുന്നത്‌. സൂ: നഹ്‌ലില്‍ അതിനെത്തുടര്‍ന്നു മുശ്‌രിക്കുകള്‍ ചില വസ്‌തുക്കളെ ഹറാമും ഹലാലുമായി കെട്ടിപ്പറഞ്ഞതിനെക്കുറിച്ചു ആക്ഷേപിക്കുകയും ചെയ്യുന്നു. (ആടുമാടൊട്ടകങ്ങളാകുന്ന) കാലികളില്‍, നിങ്ങള്‍ക്കു ഓതിക്കേള്‍പിക്കപ്പെടുന്നതൊഴിച്ചു ബാക്കിയെല്ലാം നിങ്ങള്‍ക്കു അനുവദനീയമാക്കപ്പെട്ടിരിക്കുന്നുവെന്നു ആദ്യം പറഞ്ഞ ശേഷമാണ്‌ പിന്നീടു ഈ നാലു വസ്‌തുക്കളും നിങ്ങള്‍ക്കു നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നുവെന്നു സൂ: മാഇദഃയില്‍ പറഞ്ഞിരിക്കുന്നത്‌. കൂടാതെ, കാലികളില്‍ നിന്നും നിങ്ങള്‍ക്കു ഓതിക്കേള്‍പ്പിക്കപ്പെടുന്നതൊഴിച്ചു ബാക്കിയുള്ളവ നിങ്ങള്‍ക്കു അനുവദനീയമാക്കപ്പെട്ടിരിക്കുന്നുവെന്നു സൂ: ഹജ്ജ്‌ 30-ാം വചനത്തിലും കാണാം. ഈ സൂറത്തിലാകട്ടെ, ഈ വചനത്തിന്റെ മുമ്പും പിമ്പുമുള്ള പല വചനങ്ങളിലും പ്രധാന പ്രതിപാദ്യ വിഷയം തന്നെ, മുശ്‌രിക്കുകള്‍ ചില കാലികളെ നിഷിദ്ധമാക്കിയതിനെപറ്റിയാണുതാനും. ഇതെല്ലാം കണക്കിലെടുക്കുമ്പോള്‍, ആടുമാടൊട്ടകങ്ങളാകുന്ന കാലികളില്‍ നിന്നു – അല്ലെങ്കില്‍ മുശ്‌രിക്കുകള്‍ ഹറാമും ഹലാലുമാക്കി തരംതിരിക്കാറുണ്ടായിരുന്ന വസ്‌തുക്കളില്‍ നിന്നു – ഈ നാലെണ്ണത്തെ മാത്രമെ അല്ലാഹു നിഷിദ്ധമാക്കിയിട്ടുള്ളൂവെന്നായിരിക്കും ഉദ്ദേശ്യമെന്നുവെക്കുവാന്‍ ന്യായമുണ്ട്‌. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, ഈ നാലു വസ്‌തുക്കളും ക്വുര്‍ആന്‍ മുഖേന ഖണ്ഡിതവും സ്‌പഷ്‌ടവുമായി നിരോധിക്കപ്പെട്ടിരിക്കുന്നു. മ്ലേച്ഛവും ഉപദ്രവകരവുമായ വസ്‌തുക്കള്‍ നിരോധിക്കപ്പെട്ടവയാണെന്നുള്ളതു ഒരു പൊതു തത്വവുമാണ്‌. അതു വിവരിക്കല്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ കര്‍ത്തവ്യങ്ങളില്‍ പെട്ടതാണെന്ന നിലക്കു നാലിനു പുറമെ മറ്റു ചില വസ്‌തുക്കള്‍ കൂടി നിരോധിക്കപ്പെട്ടവയാണെന്ന്‌ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) നമുക്കു വ്യക്തമാക്കിത്തരുകയും ചെയ്‌തു. അപ്പോള്‍, നാലിനു പുറമെ, ഹദീഥുകളില്‍ വല്ലതും വിരോധിക്കപ്പെട്ടു കാണുന്നതിനെപ്പറ്റി ആശയക്കുഴപ്പത്തിനവകാശമില്ല.

ചുരുക്കിപ്പറഞ്ഞാല്‍, ഒന്നുകില്‍ നല്ല വിശിഷ്‌ട വസ്‌തുക്കള്‍ (الطَّيِّبَات) അനുവദനീയങ്ങളാണെന്നും, ദുഷിച്ചതും മ്ലേച്ഛമായതുമായ വസ്‌തുക്കള്‍ (الرِّجْس وَالْخَبِيثَاتِ ) നിഷിദ്ധങ്ങളാണെന്നുമുള്ള പൊതു തത്വത്തിന്റെ വിശദീകരണമെന്നോണം, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) വിരോധിച്ചതായി ബലപ്പെട്ട ഹദീഥുകളില്‍ വന്നിട്ടുള്ള വസ്‌തുക്കളും – ക്വുര്‍ആനില്‍ നിന്നും വ്യക്തമായി അറിയപ്പെട്ട ഈ നാലു വസ്‌തുക്കള്‍ക്കു പുറമെ – നിഷിദ്ധങ്ങളായുണ്ടെന്നു വെക്കുക. അല്ലെങ്കില്‍ – മേല്‍ ചൂണ്ടിക്കാട്ടിയതുപോലെ – ഈ നാലു വസ്‌തുക്കള്‍ മാത്രമേ പരിപൂര്‍ണമായ അര്‍ത്ഥത്തില്‍ നിരോധിക്കപ്പെട്ടവയായുള്ളുവെന്നും, ചില വസ്‌തുക്കളെക്കൂടി നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) വിരോധിച്ചിരിക്കുന്നതു ഈ നാലു വസ്‌തുക്കളെപ്പോലെത്തന്നെ അവയും നിഷിദ്ധങ്ങളാണെന്ന അര്‍ത്ഥത്തിലല്ലെന്നും, കേവലം നന്നല്ലാത്തതും വെറുക്കപ്പെട്ടതും (مكروه) ആണവ എന്ന അര്‍ത്ഥത്തിലാണെന്നും വെക്കുക. എന്നല്ലാതെ – പ്രത്യേകമായ താല്‍പര്യം പുലര്‍ത്തുന്ന ആളുകള്‍ പറയുന്നതുപോലെ – ക്വുര്‍ആനില്‍ നിഷിദ്ധമാക്കിയ ഈ നാലു വസ്‌തുക്കള്‍ക്കു പുറമെ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) വല്ലതും വിരോധിച്ചതായി കാണുന്ന ഹദീഥുകളെല്ലാം അടിസ്ഥാന രഹിതങ്ങളാണെന്നു വാദിക്കുന്നതിനു യാതൊരു ന്യായീകരണവും ഇല്ല.

ഈ രണ്ടു നിഗമനങ്ങളില്‍ നാം ആദ്യം ചൂണ്ടിക്കാട്ടിയതാണു ഭൂരിപക്ഷം പണ്ഡിതന്മാരുടെയും അഭിപ്രായം. എങ്കിലും ക്വുര്‍ആന്‍ വചനങ്ങളോടും, കര്‍മശാസ്‌ത്ര നിദാന (علم الاصول) തത്വങ്ങളോടും കൂടുതല്‍ യോജിച്ചു കാണുന്നതു രണ്ടാമതു പറഞ്ഞതാകുന്നു. രണ്ടില്‍ ഏതെങ്കിലും ഒന്നാണ്‌ ശരിയെന്നു തോന്നുന്നവര്‍ മറ്റേ അഭിപ്രായക്കാരെ തെറ്റുകാരും പിഴച്ചവരുമായി ഗണിച്ചു കൂടാത്തതാണ്‌. ഹറാമല്ലെന്നു വന്നാല്‍ തന്നെയും ഈ നാലിനു പുറമെ, ബലപ്പെട്ട ഹദീഥുകളില്‍ വിരോധിക്കപ്പെട്ടു കാണുന്ന എല്ലാ വസ്‌തുക്കളെയും വര്‍ജ്ജിക്കുന്നതാണു മുസ്‌ലിംകള്‍ക്കു ഉത്തമമെന്നുള്ളതില്‍ പണ്ഡിതന്മാരില്‍ ആര്‍ക്കും സംശയമില്ല. ഒരു കൂട്ടര്‍ക്കു വിശിഷ്‌ടമെന്നു തോന്നുന്ന വസ്‌തു മറ്റൊരു കൂട്ടര്‍ക്കു മ്ലേച്ഛമായി തോന്നിയേക്കാം. അതുകൊണ്ടു വിശിഷ്‌ടമായതും, മ്ലേച്ഛമായതും കണിശമായി വേര്‍തിരിക്കത്തക്ക മാനദണ്ഡം ഒട്ടില്ലതാനും. അതേ സമയത്തു നമ്മുടെ ചില ഫുക്വഹാക്കള്‍ (കര്‍മശാസ്‌ത്ര പണ്ഡിതന്മാര്‍) നിഷിദ്ധവസ്‌തുക്കളുടെയും, അനുവദനീയ വസ്‌തുക്കളുടെയും നീണ്ട പട്ടികകള്‍ വിവരിച്ചു കാണുന്നതിനു മതിയായ ഒരു അടിസ്ഥാനവുമില്ലെന്നും, അതവരുടെ സ്വന്തം അഭിപ്രായം മാത്രമാണെന്നും മനസ്സിലാക്കേണ്ടതുമാകുന്നു. والله الهدى الى الصواب

6:146
  • وَعَلَى ٱلَّذِينَ هَادُوا۟ حَرَّمْنَا كُلَّ ذِى ظُفُرٍ ۖ وَمِنَ ٱلْبَقَرِ وَٱلْغَنَمِ حَرَّمْنَا عَلَيْهِمْ شُحُومَهُمَآ إِلَّا مَا حَمَلَتْ ظُهُورُهُمَآ أَوِ ٱلْحَوَايَآ أَوْ مَا ٱخْتَلَطَ بِعَظْمٍ ۚ ذَٰلِكَ جَزَيْنَٰهُم بِبَغْيِهِمْ ۖ وَإِنَّا لَصَٰدِقُونَ ﴾١٤٦﴿
  • യഹൂദികളായവരുടെ മേലാകട്ടെ, നഖമുള്ള എല്ലാറ്റിനെയും നാം നിഷിദ്ധമാക്കി; മാടില്‍ നിന്നും ആടില്‍ നിന്നും അവയുടെ കൊഴുപ്പുകളെയും അവരുടെമേല്‍ നാം നിഷിദ്ധമാക്കി; അവയുടെ മുതുകുകളോ, കുടലുകളോ വഹിച്ച [ഉള്‍ക്കൊണ്ട] തോ, അല്ലെങ്കില്‍ എല്ലുമായി (പറ്റി) കലര്‍ന്നതോ ഒഴികെ. അതു, അവരുടെ ധിക്കാരം മൂലം അവര്‍ക്കു നാം പ്രതിഫലം നല്‍കിയതാണ്. നിശ്ചയമായും നാം സത്യം പറയുന്നവര്‍ തന്നെ.
  • وَعَلَى الَّذِينَ യാതൊരുത്തരുടെ മേലാകട്ടെ هَادُوا യഹൂദികളായ (യഹൂദ നാമം സ്വീകരിച്ച) حَرَّمْنَا നാം നിഷിദ്ധമാക്കി كُلَّ ذِي ظُفُرٍ നഖമുള്ള എല്ലാറ്റിനെയും وَمِنَ الْبَقَرِ മാട്ടില്‍നിന്നും وَالْغَنَمِ ആടില്‍ നിന്നും حَرَّمْنَا عَلَيْهِمْ അവരുടെമേല്‍ നാം നിഷിദ്ധമാക്കി شُحُومَهُمَا അവര്‍ രണ്ടിന്റെയും കൊഴുപ്പുകള്‍ إِلَّا مَا حَمَلَتْ വഹിച്ച (ഉള്‍ക്കൊണ്ട) തൊഴികെ ظُهُورُهُمَا അവയുടെ (രണ്ടിന്റെയും) മുതുകുകള്‍ أَوِ الْحَوَايَا അല്ലെങ്കില്‍ കുടലുകള്‍ أَوْ مَا اخْتَلَطَ അല്ലെങ്കില്‍ കലര്‍ന്നതു بِعَظْمٍ എല്ലിനോടു ذَٰلِكَ അതു جَزَيْنَاهُم അവര്‍ക്കു നാം പ്രതിഫലം നല്‍കി (നല്‍കിയതാണു) بِبَغْيِهِمْ അവരുടെ ധിക്കാരം (അതിക്രമം - നിയമലംഘന) കൊണ്ടു وَإِنَّا നിശ്ചയമായും നാം لَصَادِقُونَ സത്യം പറയുന്നവര്‍തന്നെ

6:147
  • فَإِن كَذَّبُوكَ فَقُل رَّبُّكُمْ ذُو رَحْمَةٍ وَٰسِعَةٍ وَلَا يُرَدُّ بَأْسُهُۥ عَنِ ٱلْقَوْمِ ٱلْمُجْرِمِينَ ﴾١٤٧﴿
  • (നബിയേ) എനി, നിന്നെ അവര്‍ വ്യാജമാക്കുകയാണെങ്കില്‍ പറയുക: "നിങ്ങളുടെ രക്ഷിതാവ് വിശാലമായ കാരുണ്യമുള്ളവനാകുന്നു; കുറ്റവാളികളായ ജനങ്ങളില്‍ നിന്ന് അവന്റെ ശൗര്യം (അഥവാ ശിക്ഷ) തട്ടി നീക്കപ്പെടുന്നതുമല്ല.'
  • فَإِن كَذَّبُوكَ എനി (എന്നാല്‍) അവര്‍ നിന്നെ വ്യാജമാക്കിയെങ്കില്‍ فَقُل എന്നാല്‍ പറയുക رَّبُّكُمْ നിങ്ങളുടെ റബ്ബു ذُو رَحْمَةٍ കാരുണ്യമുള്ളവനാകുന്നു وَاسِعَةٍ വിശാലമായ وَلَا يُرَدُّ തട്ടിക്കളായ (തടുക്ക) പ്പെടുകയുമില്ല بَأْسُهُ അവന്റെ ശൗര്യം (ശക്തി- ശിക്ഷ) عَنِ الْقَوْمِ ജനങ്ങളില്‍ നിന്നു الْمُجْرِمِينَ കുറ്റവാളികളായ

നഖമുള്ള വസ്‌തുക്കള്‍ (ذِي ظُفُرٍ) കൊണ്ടുദ്ദേശ്യം, ഒട്ടകം, ഒട്ടകപക്ഷി, വാത്തു, താറാവ്‌ മുതലായവയെപോലെ വിരലുകള്‍ – അല്ലെങ്കില്‍ കുളമ്പുകള്‍ – പിളര്‍ന്നതല്ലാത്ത ജീവികളാണെന്നാണു ക്വുര്‍ആന്‍ വ്യാഖ്യാതാക്കള്‍ പറഞ്ഞു കാണുന്നത്‌. ജീവികളെ വേട്ടയാടിപ്പിടിക്കുന്നതും അല്ലാത്തതുമായ എല്ലാതരം നഖമുള്ള വസ്തുക്കളും ഉള്‍പെടുമെന്നും, ഇല്ലെന്നും അഭിപ്രായങ്ങള്‍ വേറെയും കാണാം. നഖമുള്ള എല്ലാ ജീവികളും, ആടുമാടുകളുടെ മുതുകുകളിലോ, കുടലുകളിലോ എല്ലുകളിലോ ചേര്‍ന്നു നില്‍ക്കുന്നതല്ലാത്ത കൊഴുപ്പുകളും യഹൂദികള്‍ക്കു അല്ലാഹു നിഷിദ്ധമാക്കിയിരുന്നു. അവരുടെ നിയമ ലംഘനവും ധിക്കാരവും നിമിത്തം അവര്‍ക്കു നല്‍കിയ ഒരു ശിക്ഷയായിരുന്നു അത്‌. അഥവാ മുന്‍പ്രവാചകന്മാര്‍ മുതല്‍ക്കേ ഇസ്‌ലാമില്‍ അംഗീകരിക്കപ്പെട്ടുവന്ന സുസ്ഥിരമായ ഒരു മതവിധിയായിരുന്നില്ല അത്‌. ഇതാണു സത്യാവസ്ഥ. ഇതവര്‍ സമ്മതിക്കുവാന്‍ തയ്യാറാകുന്നില്ലെങ്കില്‍ അവരെ അറിയിക്കണം: അല്ലാഹുവിന്റെ കാരുണ്യത്തിന്റെ വിശാലത കൊണ്ടാണ്‌ അവന്‍ നിങ്ങളുടെ മേല്‍ ശിക്ഷാനടപടി എടുക്കാതെ അയച്ചു വിട്ടിരിക്കുന്നത്‌. ഇപ്പോള്‍ നിങ്ങളെ അവന്‍ ഒഴിവാക്കിയിട്ടുണ്ടെങ്കിലും ഭാവിയില്‍ കുറ്റവാളികളെ അവന്‍ ശിക്ഷിക്കാതിരിക്കുകയില്ല, എന്നൊക്കെയാണ്‌ മേല്‍പറഞ്ഞതിന്റെ സാരം. ‘യഹൂദികളായവരുടെ അക്രമം നിമിത്തം അവര്‍ക്കു അനുവദനീയമാക്കപ്പെട്ടിരുന്ന ചില വിശിഷ്‌ട വസ്‌തുക്കളെ അവരുടെമേല്‍ നാം നിഷിദ്ധമാക്കി’ എന്നു സൂ:നിസാഉ്‌ 160ല്‍ അല്ലാഹു പറഞ്ഞിട്ടുള്ളതിന്റെ ഒരു വിശദീകരണമാണ്‌ 146-ാം വചനം എന്നു പറയാം.

ഈ നിഷിദ്ധമാക്കലിനെപറ്റി പറഞ്ഞപ്പോള്‍ – ഇവിടെയും സൂറത്തുന്നിസാഇലും – ‘യഹൂദരായവരുടെ മേല്‍ (وَعَلَى الَّذِينَ هَادُوا)’ എന്നാണ്‌ അല്ലാഹു ഉപയോഗിച്ചിരിക്കുന്നത്‌. അഥവാ മറ്റു പല സന്ദര്‍ഭങ്ങളിലും കാണാവുന്നതുപോലെ ‘വേദക്കാരുടെ മേല്‍’ എന്നോ, ‘ഇസ്‌റാഈല്യരുടെ മേല്‍’ എന്നോ പറഞ്ഞില്ല. മൂസാ നബി (عليه الصلاة والسلام) യുടെ കാലത്തോ അടുത്ത കാലങ്ങളിലോ യഹൂദികള്‍ എന്ന പേര്‍ ഇസ്‌റാഈല്യര്‍ക്കുണ്ടായിരുന്നില്ല. പില്‍ക്കാലങ്ങളില്‍ മാത്രമാണ്‌ അവര്‍ ആ പേരില്‍ അറിയപ്പെട്ടതും, അവരുടെ രിബ്ബീമാരാല്‍ (മതനേതാക്കളാല്‍) ക്രോഡീകരിക്കപെട്ട യഹൂദ നിയമ സംഹിത അവര്‍ സ്വീകരിച്ചു വന്നതും. എന്നിരിക്കെ, ഇവയെ നിഷിദ്ധമാക്കിയ വിവരം മൂസാ (عليه الصلاة والسلام) കൊണ്ടുവന്ന തൗറാത്തില്‍ ഉണ്ടായിരിക്കുവാന്‍ അവകാശമില്ല. പക്ഷെ, തൗറാത്താണെന്നു വാദിക്കപ്പെടാറുള്ള ബൈബിളിലെ പുസ്‌തകങ്ങളില്‍ ഒട്ടകം, മുയല്‍, കുഴിമുയല്‍ മുതലായവയും, ആടിന്റെയും മാടിന്റെയും കൊഴുപ്പും (മേദസ്സും) ഭക്ഷിക്കുവാന്‍ പാടില്ലാത്തതാണെന്നു കാണുന്നുമുണ്ട്‌. (ലേവ്യര്‍: 11ല്‍ 4-8; ആവര്‍ത്തനം: 14ല്‍ 7,8; ലേവ്യര്‍:7 ല്‍ 23-25 നോക്കുക) പില്‍ക്കാലത്ത്‌ അവരുടെ പണ്ഡിത പുരോഹിതന്മാരാല്‍ ആവിഷ്‌ക്കരിക്കപ്പെട്ട മത നിയമങ്ങളും, വേദഗ്രന്ഥത്തിലെ ചില ഭാഗങ്ങള്‍ക്കു അവര്‍ നല്‍കിവന്ന വ്യാഖ്യാനങ്ങളും വേദഗ്രന്ഥത്തില്‍ അതിന്റെ മൂലത്തോടു ചേര്‍ത്തു വേദഗ്രന്ഥമെന്നോണം അവര്‍ സ്വീകരിച്ചു പോന്നിട്ടുണ്ട്‌; നിലവിലുള്ള ബൈബിളിലെ പല ഭാഗങ്ങളും അങ്ങിനെയുള്ളവയാകുന്നു. അക്കൂട്ടത്തില്‍ ഇതു പിന്നീടു എഴുതിച്ചേര്‍ക്കപ്പെട്ടതായിരിക്കണം. വേദക്കാര്‍ ഈ വാസ്‌തവം സമ്മതിക്കുവാന്‍ മടിച്ചേക്കുക സ്വാഭാവികമാണ്‌. പക്ഷേ, ചില ഭക്ഷ്യവസ്‌തുക്കള്‍ തങ്ങള്‍ക്കു നിഷിദ്ധമാണെന്ന്‌ വേദക്കാര്‍ വാദിച്ചപ്പോള്‍, നിങ്ങള്‍ പറയുന്നത്‌ സത്യമാണെങ്കില്‍ നിങ്ങള്‍ തൗറാത്തു കൊണ്ടുവന്ന്‌ അതൊന്നു വായിക്കുവാന്‍ (فَأْتُوا بِالتَّوْرَاةِ فَاتْلُوهَا إِن كُنتُمْ صَادِقِينَ) എന്നു അവരെ വെല്ലുവിളിക്കുവാന്‍ അല്ലാഹു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യോട്‌ കല്‍പിച്ചതും അവര്‍ക്കതിനു കഴിയാതെ ചില ഉപായങ്ങള്‍ പ്രവര്‍ത്തിച്ചതും സൂ: ആലുഇംറാന്‍ 93 ലും വ്യാഖ്യാനത്തിലും നാം മുമ്പു കണ്ടുവല്ലോ.

6:148
  • سَيَقُولُ ٱلَّذِينَ أَشْرَكُوا۟ لَوْ شَآءَ ٱللَّهُ مَآ أَشْرَكْنَا وَلَآ ءَابَآؤُنَا وَلَا حَرَّمْنَا مِن شَىْءٍ ۚ كَذَٰلِكَ كَذَّبَ ٱلَّذِينَ مِن قَبْلِهِمْ حَتَّىٰ ذَاقُوا۟ بَأْسَنَا ۗ قُلْ هَلْ عِندَكُم مِّنْ عِلْمٍ فَتُخْرِجُوهُ لَنَآ ۖ إِن تَتَّبِعُونَ إِلَّا ٱلظَّنَّ وَإِنْ أَنتُمْ إِلَّا تَخْرُصُونَ ﴾١٤٨﴿
  • 'ശിര്‍ക്കു' ചെയ്യുന്നവര്‍ [അല്ലാഹുവിനോടു പങ്കു ചേര്‍ക്കുന്നവര്‍] പറഞ്ഞേക്കും: "അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍, ഞങ്ങളാകട്ടെ, ഞങ്ങളുടെ പിതാക്കളാകട്ടെ, 'ശിര്‍ക്കു' ചെയ്യുമായിരുന്നില്ല; ഞങ്ങള്‍ യാതൊരു വസ്തുവെയും നിഷിദ്ധമാക്കുകയും ചെയ്യുമായിരുന്നില്ല." അപ്രകാരം, അവരുടെ മുമ്പുള്ളവരും വ്യാജമാക്കിയിരിക്കുന്നു - (അതെ) നമ്മുടെ ശൗര്യം [ശിക്ഷ] അവര്‍ രുചി നോക്കുന്നതുവരെ. പറയുക: 'നിങ്ങളുടെ പക്കല്‍ വല്ല അറിവുമുണ്ടോ - ഞങ്ങള്‍ക്കു നിങ്ങള്‍ അതു വെളിപ്പെടുത്തിത്തരുവാന്‍?! നിങ്ങള്‍ ഊഹാത്തെയല്ലാതെ പിന്‍പറ്റുന്നില്ല; നിങ്ങള്‍ മതിപ്പിട്ടു പറയുകയല്ലാതെ ചെയ്യുന്നുമില്ല.'
  • سَيَقُولُ പറയും, പറഞ്ഞേക്കും الَّذِينَ أَشْرَكُوا ശിര്‍ക്കു ചെയ്തവര്‍, പങ്കു ചേര്‍ത്തവര്‍ (ബഹുദൈവ വിശ്വാസികള്‍) لَوْ شَاءَ اللَّـهُ അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍ مَا أَشْرَكْنَا ഞങ്ങള്‍ ശിര്‍ക്കു ചെയ്യുമായിരുന്നില്ല وَلَا آبَاؤُنَا ഞങ്ങളുടെ പിതാക്കളും (ചെയ്ക) ഇല്ല وَلَا حَرَّمْنَا ഞങ്ങള്‍ നിഷിദ്ധമാക്കുകയുമില്ല مِن شَيْءٍ ഒരു വസ്തുവിനെയും كَذَٰلِكَ അപ്രകാരം كَذَّبَ വ്യാജമാക്കി, കളവാക്കി الَّذِينَ യാതൊരുവര്‍ (യാതൊരു കൂട്ടരും) مِن قَبْلِهِمْ അവരുടെ മുമ്പുള്ള حَتَّىٰ ذَاقُوا അവര്‍ രുചി നോക്കുന്ന (അനുഭവിച്ച) തുവരെ بَأْسَنَا നമ്മുടെ ശൗര്യം, ശിക്ഷ قُلْ പറയുക هَلْ عِندَكُم നിങ്ങളുടെ പക്കലുണ്ടോ مِّنْ عِلْمٍ വല്ല അറിവും, വിവരവും فَتُخْرِجُوهُ എന്നിട്ടതു നിങ്ങള്‍ വെളിവാക്കി (പുറത്തു) കൊണ്ടുവരുവാന്‍, വെളിപ്പെടുത്തുമാറ് لَنَا ഞങ്ങള്‍ക്കു إِن تَتَّبِعُونَ നിങ്ങള്‍ പിന്‍പറ്റുന്നില്ല إِلَّا الظَّنَّ ഊഹാത്തെയല്ലാതെ وَإِنْ أَنتُمْ നിങ്ങളല്ല താനും إِلَّا تَخْرُصُونَ നിങ്ങള്‍ മതിപ്പിടുക (മട്ടം പറയുക) യല്ലാതെ
6:149
  • قُلْ فَلِلَّهِ ٱلْحُجَّةُ ٱلْبَٰلِغَةُ ۖ فَلَوْ شَآءَ لَهَدَىٰكُمْ أَجْمَعِينَ ﴾١٤٩﴿
  • പറയുക: 'അപ്പോള്‍, അല്ലാഹുവിനാണു തികഞ്ഞ [പ്രബലമായ] ന്യായമുള്ളതു. എന്നാല്‍, അവന്‍ ഉദ്ദേശിച്ചിരുന്നെങ്കില്‍, നിങ്ങളെ മുഴുവനും അവന്‍ സന്മാര്‍ഗ്ഗത്തിലാക്കുക തന്നെ ചെയ്യുമായിരുന്നു.'
  • قُلْ പറയുക فَلِلَّـهِ അപ്പോള്‍ അല്ലാഹുവിനാണു (ഉള്ളതു) الْحُجَّةُ ന്യായം, തെളിവു الْبَالِغَةُ തികഞ്ഞതായ فَلَوْ شَاءَ എന്നാല്‍ (അപ്പോള്‍) അവന്‍ ഉദ്ദേശിച്ചിരുന്നെങ്കില്‍ لَهَدَاكُمْ അവന്‍ നിങ്ങളെ നേര്‍മ്മാര്‍ഗ്ഗത്തിലാക്കുകതന്നെ ചെയ്തിരുന്നു أَجْمَعِينَ മുഴുവന്‍, എല്ലാവരെയും

മുശ്‌രിക്കുകളുടെ പല വിശ്വാസാചാരങ്ങളെക്കുറിച്ചും പ്രസ്‌താവിച്ച ശേഷം, അവര്‍ അവയെ ന്യായീകരിക്കുവാന്‍ കൊണ്ടു വരാവുന്ന ഒരു വാദം ഉദ്ധരിച്ചുകൊണ്ട്‌ അല്ലാഹു അതിനെ ശക്തിയായി ഖണ്ഡിക്കുന്നു. ‘മുശ്‌രിക്കുകള്‍ പറഞ്ഞു’വെന്നോ ‘പറയുന്നു’ വെന്നോ പറയാതെ, അവര്‍ പറഞ്ഞേക്കും അഥവാ വഴിയെ പറയും (سَيَقُولُ) എന്നാണ്‌ അല്ലാഹു പറയുന്നത്‌. ഈ വചനം അവതരിക്കുമ്പോള്‍ അവര്‍ ആ വാദം പുറത്തു പറഞ്ഞു കഴിഞ്ഞിട്ടില്ലെന്നാണു ഇതില്‍നിന്നു മനസ്സിലാകുന്നത്‌. അവരുടെ ഇതേവാദം സൂ: നഹ്‌ല്‍ 35 ലും, അതിന്‍റെ ചുരുക്കം സുഖ്‌റുഫ്‌ 20 ലും അല്ലാഹു ഉദ്ധരിച്ചിട്ടുണ്ട്‌. ആ രണ്ടിടത്തും ‘മുശ്‌രിക്കുകള്‍ പറഞ്ഞു – അവര്‍ പറയുന്നു’ (وَقَالَ الَّذِينَ أَشْرَكُوا،وَقَالُوا) എന്നാണ്‌ പ്രയോഗം. അപ്പോള്‍, അതവര്‍ ചിലപ്പോള്‍ തുറന്നു പറയുകതന്നെ ചെയ്‌തിട്ടുണ്ടെന്നും വ്യക്തമാകുന്നു. അല്ലാഹു പറഞ്ഞ കാര്യം സംഭവിക്കാതിരിക്കുകയില്ലല്ലോ.

അല്ലാഹു ഉദ്ദേശിച്ച പ്രകാരമല്ലാതെ ഒന്നും സംഭവിക്കുകയില്ല. അപ്പോള്‍, ഞങ്ങളും ഞങ്ങളുടെ പൂര്‍വ്വികന്മാരും പല ആരാധ്യന്മാരെ സ്വീകരിച്ചു വരുന്നതും, അവര്‍ക്കു വേണ്ടി നേര്‍ച്ചയും വഴിപാടുകളും നടത്തുന്നതും, അങ്ങനെ ചില വസ്‌തുക്കളെ ഞങ്ങള്‍ നിഷിദ്ധമാക്കിത്തീര്‍ക്കുന്നതുമെല്ലാം അവന്റെ ഉദ്ദേശ്യപ്രകാരം ഉണ്ടാകുന്നതാണ്‌. അതില്‍ നിന്നു ഒഴിഞ്ഞു നില്‍ക്കുവാന്‍ ഞങ്ങള്‍ക്കു കഴിയുകയില്ല. എന്നിരിക്കെ അതിലൊന്നും ഞങ്ങള്‍ തെറ്റുകാരല്ല. ഞങ്ങളെ ആക്ഷേപിക്കുന്നതും ശരിയല്ല എന്നൊക്കെയാണു മുശ്‌രിക്കുകളുടെ വാദം. ആത്മാര്‍ത്ഥത തൊട്ടു തീണ്ടാത്ത ഒരു വാദമാണത്‌. മുശ്‌രിക്കുകളെ സംബന്ധിച്ചിടത്തോളം, അവരുടെ അന്ധവിശ്വാസങ്ങള്‍ക്കും ദുരാചാരങ്ങള്‍ക്കും ന്യായം പറഞ്ഞൊപ്പിക്കുക മാത്രമല്ല – നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യെയും, സത്യവിശ്വാസികളെയും പരിഹസിക്കല്‍ കൂടിയാണ്‌ – അവരുടെ ഉദ്ദേശ്യം. കാരണം, മുശ്‌രിക്കുകള്‍ അല്ലാഹുവിന്റെ വിധി നിര്‍ണ്ണയത്തിലും ഉദ്ദേശ്യത്തിലും വിശ്വസിക്കുന്നവരല്ല. അഥവാ വിശ്വസിച്ചിരുന്നുവെന്നു സങ്കല്‍പിച്ചാല്‍ തന്നെയും ഈ പറയുന്നതില്‍ അവര്‍ക്കു ആത്മാര്‍ത്ഥതയുമില്ല. തങ്ങള്‍ ചെയ്യുന്നതൊക്കെ അല്ലാഹുവിന്റെ ഉദ്ദേശ്യപ്രകാരം ഉണ്ടായിട്ടുള്ളതാകകൊണ്ട്‌ അതെല്ലാം അവന്‍ തൃപ്‌തിപെട്ടതുമായിരിക്കും; പിന്നെ എന്തിനാണ്‌ പ്രവാചകന്മാരും വേദഗ്രന്ഥങ്ങളുമൊക്കെ അവയെപറ്റി ഞങ്ങളെ ആക്ഷേപിക്കുന്നതു? ഞങ്ങള്‍ കുറ്റക്കാരല്ലല്ലോ! എന്നൊക്കെയാണവര്‍ ഇതുമുഖേന സമര്‍ത്ഥിക്കുന്നതു.

അല്ലാഹുവിന്റെ ഉദ്ദേശ്യത്തിന്റെ പേരിലുള്ള ഈ കള്ളവാദം ഇവരില്‍നിന്നു മാത്രമല്ല, മുമ്പ്‌ ഇവരുടെ പൂര്‍വ്വികന്മാരില്‍നിന്നും ഉണ്ടാകാറുണ്ടായിരുന്നുവെന്നു كَذَٰلِكَ كَذَّبَ الَّذِينَ مِن قَبْلِهِمْ (അപ്രകാരം അവരുടെ മുമ്പുള്ളവരും വ്യാജമാക്കി) എന്നുപറഞ്ഞുകൊണ്ട്‌ അല്ലാഹു ചൂണ്ടിക്കാട്ടുന്നു. അതെ, അക്രമങ്ങളും തോന്നിയവാസങ്ങളും ന്യായീകരിക്കുവാന്‍ മുമ്പു മുതല്‍ക്കേ അതിന്റെ ആള്‍ക്കാര്‍ ഉപയോഗപ്പെടുത്താറുള്ള ഒരു ഊന്നുവടിയാണ്‌ ഈ ന്യായവാദം. ഇന്നും ഇതു പോലെ പലരും പറയുന്നത്‌ കേള്‍ക്കാം. ‘അപ്രകാരം അവരുടെ മുമ്പുള്ളവര്‍ വ്യാജം പറഞ്ഞു’വെന്ന്‌ പറയാതെ, ‘അവരുടെ മുമ്പുള്ളവരും വ്യാജമാക്കി’ (كَذَّبَ) എന്നാണു അല്ലാഹു പറഞ്ഞത്‌. അപ്പോള്‍, അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കില്‍ ഞങ്ങളതു ചെയ്യുമായിരുന്നില്ല എന്നു അവര്‍ പറഞ്ഞതു വ്യാജമല്ല – അതു സത്യം തന്നെയാണ്‌. പക്ഷേ, അതുമൂലം അവര്‍ ഉദ്ദേശിക്കുന്നതു അവരുടെ സത്യനിഷേധത്തെ ന്യായീകരിക്കലാണ്‌ എന്ന്‌ ഈ വാക്കു സൂചിപ്പിക്കുന്നു. അവര്‍ പറഞ്ഞ വാക്കു കളവാണെങ്കില്‍ അപ്രകാരം അവരുടെ മുമ്പുള്ളവരും കളവു പറഞ്ഞു (كَذَبَ) എന്നാണല്ലോ പറയേണ്ടിയിരുന്നത്‌.

മുശ്‌രിക്കുകളുടെ ഈ വാദത്തെ മൂന്നു പ്രകാരത്തിലാണു എതിര്‍ക്കുവാന്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യോടു കല്‍പിക്കുന്നത്‌.

(1) നിങ്ങളുടെ ഈ ന്യായവാദം ശരിവെക്കുന്ന വല്ല വിവരവും – ബുദ്ധിപരമോ, പ്രമാണപരമോ ആയ വല്ല തെളിവും – നിങ്ങള്‍ക്കു കാണിക്കുവാനുണ്ടെങ്കില്‍ അതൊന്നു കാണിക്കുവിന്‍ എന്നു. ഒന്നുമില്ലെന്നു തീര്‍ച്ചയാണല്ലോ.

(2) നിങ്ങള്‍ ഊഹത്തെ മാത്രം പിന്‍പറ്റുകയാണു ചെയ്യുന്നതെന്നു. നിങ്ങള്‍ പറയുന്നതും ചെയ്യുന്നതും ശരിയാണെന്നു നിങ്ങള്‍ക്കു തന്നെ ഉറപ്പില്ല. ഉണ്ടെങ്കില്‍ അതു സ്ഥാപിക്കുവാന്‍ ന്യായവും ഉണ്ടാകേണ്ടതല്ലേ?! എന്നു സാരം.

(3) നിങ്ങള്‍ ഈ പറയുന്നതു നിങ്ങള്‍ സൂക്ഷ്‌മമായി പറയുന്നതല്ല – വെറുതെ മതിപ്പിട്ടു പറയുകയാണെന്നു. അല്ലാഹു അങ്ങിനെ ഉദ്ദേശിച്ചുവെന്നു അറിഞ്ഞ ശേഷമോ, അറിഞ്ഞതുകൊണ്ടോ അല്ല, നിങ്ങള്‍ അതൊക്കെ ചെയ്‌തത്‌. ചെയ്‌തു കഴിഞ്ഞ ശേഷം അതൊരു കാരണമാക്കി എടുത്തു പറയുക മാത്രമാണു ചെയ്യുന്നത്‌ എന്നു താല്‍പര്യം. ഇങ്ങിനെ, ആ വാദത്തിന്റെ പൊള്ളത്തരം സ്ഥാപിച്ചശേഷം അല്ലാഹു പറയുന്നു: قُلْ فَلِلَّهِ الْحُجَّةُ الْبَالِغَةُ (പറയുക: അപ്പോള്‍, അല്ലാഹുവിനാണു തികച്ചും ന്യായമുള്ളത്‌). അപ്പോള്‍, പ്രവാചകന്മാര്‍ മുഖേന നിങ്ങളുടെ ദുര്‍മ്മാര്‍ഗ്ഗങ്ങളെയും ദുരാചാരങ്ങളെയും നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിലും, അവയുടെ പേരില്‍ നിങ്ങളെ ആക്ഷേപിക്കുന്നതിലുമെല്ലാം അല്ലാഹുവിനു തികച്ചും ന്യായമുണ്ടെന്നു സാരം.

തുടര്‍ന്നുകൊണ്ട്‌ അല്ലാഹു പറയുന്നു: فَلَوْ شَاءَ لَهَدَاكُمْ أَجْمَعِينَ (എന്നാല്‍, അവന്‍ ഉദ്ദേശിച്ചിരുന്നുവെങ്കില്‍ നിങ്ങളെ മുഴുവനും അവന്‍ നേര്‍മ്മാര്‍ഗ്ഗത്തിലാക്കുമായിരുന്നു). അതായതു, നിങ്ങള്‍ മുഴുവനും (മലക്കുകളെപോലെ) ശുദ്ധപ്രകൃതിക്കാരായ സന്മാര്‍ഗ്ഗികളായിത്തന്നെ ഇരിക്കണമെന്നാണ്‌ അല്ലാഹു ഉദ്ദേശിച്ചിരുന്നതെങ്കില്‍, അതങ്ങിനെതന്നെ ആകുമായിരുന്നു. പക്ഷേ, അവന്‍ ഉദ്ദേശിച്ചതു അങ്ങിനെയല്ല. സത്യാസത്യങ്ങളും, നന്മതിന്മകളും വേണ്ടതുപോലെ തെളിവുസഹിതം മനസ്സിലാക്കിക്കൊടുക്കുകയും, അതോടൊപ്പം സന്മാര്‍ഗ്ഗത്തിലേക്കു ക്ഷണിക്കുകയും ചെയ്യുക. എന്നിട്ട്‌ ഇഷ്‌ടമുള്ളവര്‍ സ്വീകരിക്കട്ടെ, ഇഷ്‌ടമുള്ളവര്‍ നിരസിക്കട്ടെ (فَمَنْ شَاءَ فَلْيُؤْمِنْ وَمَنْ شَاءَ فَلْيَكْفُرْ) എന്നുവെച്ച് അവര്‍ക്ക്‌ ഇച്ഛാസ്വാതന്ത്ര്യം നല്‍കുകയും ചെയ്യുക. ഇതാണവന്‍ നിശ്ചയിച്ചിരിക്കുന്നത്‌ എന്നു താല്‍പര്യം.

ഈ യാഥാര്‍ത്ഥ്യം വളരെ സ്ഥലങ്ങളില്‍ ക്വുര്‍ആന്‍ – വ്യക്തമായ രൂപത്തിലും സൂചനാരൂപത്തിലുമായി – പ്രസ്‌താവിച്ചു കാണാം. സൂ: ഹൂദില്‍ അല്ലാഹു പറയുന്നു: وَلَوْ شَاءَ رَبُّكَ لَجَعَلَ النَّاسَ أُمَّةً وَاحِدَة (സാരം: നിന്റെ റബ്ബു ഉദ്ദേശിച്ചിരുന്നുവെങ്കില്‍ മനുഷ്യരെ അവന്‍ ഒരേ ഒരു സമുദായമാക്കുമായിരുന്നു. അവന്‍ കരുണ ചെയ്‌തവരൊഴികെ (മറ്റെല്ലാവരും) ഭിന്നാഭിപ്രായക്കാരായിക്കൊണ്ടേ ഇരിക്കുന്നതാണ്‌. അതിനായിട്ടാണ്‌ അവന്‍ അവരെ സൃഷ്‌ടിച്ചിരിക്കുന്നതും. ജിന്നുകളില്‍ നിന്നും, മനുഷ്യരില്‍ നിന്നുമെല്ലാം ഞാന്‍ നരകത്തെ നിറക്കുക തന്നെ ചെയ്യുമെന്നുള്ള നിന്റെ റബ്ബിന്റെ വാക്യം പരിപൂര്‍ണ്ണമായിരിക്കുന്നു (ഹൂദ്‌: 118,119). സൂ: യൂനുസില്‍ പറയുന്നു: …وَلَوْ شَاءَ رَبُّكَ لآمَنَ مَنْ فِي الأرْضِ كُلُّهُمْ (സാരം: നിന്റെ റബ്ബു ഉദ്ദേശിച്ചിരുന്നുവെങ്കില്‍ ഭൂമിയിലുള്ളവര്‍ മുഴുവനും വിശ്വസിക്കുമായിരുന്നു. അപ്പോള്‍, മനുഷ്യരെ അവര്‍ സത്യവിശ്വാസികളായിത്തീരുവാന്‍ നീ നിര്‍ബന്ധിക്കുന്നുവോ?! (യൂനുസ്‌:99). സത്യവിശ്വാസികളും, സത്യനിഷേധികളും തമ്മില്‍ നടമാടുന്ന ശണ്‌ഠകളെ ചൂണ്ടിക്കാട്ടിക്കൊണ്ട്‌ അല്‍ബക്വറഃയില്‍ പറയുന്നു: وَلَوْ شَاءَ اللَّهُ مَا اقْتَتَلُوا وَلَٰكِنَّ اللَّهَ يَفْعَلُ مَا يُرِيدُ (അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കില്‍ അവര്‍ ശണ്‌ഠകൂടുകയില്ലായിരുന്നു. പക്ഷേ, അല്ലാഹു അവന്‍ ഉദ്ദേശിക്കുന്നതു ചെയ്യുന്നു (അല്‍ബക്വറഃ:253). ഇതുപോലെ പല വചനങ്ങളും കാണാം.

അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കില്‍ ഞങ്ങള്‍ ശിര്‍ക്കും മറ്റും ചെയ്യുമായിരുന്നില്ല. (لَوْ شَاءَ اللَّهُ مَاأَشْرَكْنَا) എന്നു തങ്ങളുടെ പ്രവൃത്തികളെ ന്യായീകരിക്കുവാന്‍വേണ്ടി മുശ്‌രിക്കുകള്‍ പറഞ്ഞ ആ വാക്കു സത്യവിരുദ്ധമാണെന്നല്ല – അതുവഴി അവര്‍ ഉദ്ദേശിക്കുന്ന ആശയവും ലക്ഷ്യവും തെറ്റാണെന്നു – അവര്‍ക്കു നല്‍കിയ മറുപടിയുടെ സാരമെന്നു ഇതില്‍ നിന്നൊക്കെ വ്യക്തമാണല്ലോ. അവരുടെ ആ വാക്കു വാസ്‌തവത്തില്‍ ശരിതന്നെയാണെന്ന്‌ ഈ സൂറത്തില്‍ ഇതിനു മുമ്പും നാം വായിച്ചു കഴിഞ്ഞ ചില വചനങ്ങളില്‍ നിന്നുതന്നെ തെളിഞ്ഞതുമാണ്‌. 106, 107 വചനങ്ങളില്‍ അല്ലാഹു പറഞ്ഞു: وَأَعْرِضْ عَنِ الْمُشْرِكِينَ ﴿١٠٦﴾ وَلَوْ شَاءَ اللَّـهُ مَا أَشْرَكُوا (മുശ്‌രിക്കുകളില്‍ നിന്നു തിരിഞ്ഞു കളയുക. അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കില്‍ അവര്‍ ശിര്‍ക്കു പ്രവര്‍ത്തിക്കുമായിരുന്നില്ല). 137-ാം വചനത്തില്‍ പറഞ്ഞു: وَلَوْ شَاءَ اللَّهُ مَا فَعَلُوهُ ۖ فَذَرْهُمْ وَمَا يَفْتَرُونَ (അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍ അവരതു ചെയ്യുമായിരുന്നില്ല. അതുകൊണ്ടു അവരെയും അവര്‍ കെട്ടിപ്പറയുന്നതും വിട്ടേക്കുക).

മേല്‍വിവരിച്ചതില്‍നിന്ന്‌ ഈ (148-ാം) വചനമാകട്ടെ, ഇതുപോലെ സൂ: നഹ്‌ല്‍ 35; സുഖ്‌റുഫ്‌:20 എന്നിവിടങ്ങളിലെ മേല്‍ സൂചിപ്പിച്ച വചനങ്ങളാകട്ടെ, എല്ലാ കാര്യവും അല്ലാഹുവിന്റെ ഉദ്ദേശ്യവും വിധി നിശ്ചയവും അനുസരിച്ചു മാത്രമാണു നടക്കുന്നതെന്നും, അവന്‍ ഉദ്ദേശിക്കാത്തതോ അവന്റെ ഉദ്ദേശ്യത്തിനു വിരുദ്ധമായോ ഒരു കാര്യവും സംഭവിക്കുകയില്ലെന്നുമുള്ള യാഥാര്‍ത്ഥ്യത്തെ നിഷേധിക്കുന്നില്ല; നേരെമറിച്ച്‌ അതിനെ സ്ഥാപിക്കുകയാണ്‌ ചെയ്യുന്നതു എന്ന്‌ സ്‌പഷ്‌ടമാണ്‌. എന്നാല്‍, യുക്തിവാദികളും വക്രതാല്‍പര്യക്കാരുമായ ചില ആളുകള്‍ മുശ്‌രിക്കുകളുടെ ഈ വാക്കിനെ അടിസ്ഥാനപ്പെടുത്തി – മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, അല്ലാഹുവിന്റെ സ്വന്തം വാക്കുകളായി അവന്‍ തന്നെ പറഞ്ഞ പല വാക്യങ്ങളെയും മൂടിവെച്ചുകൊണ്ടു – ആ യാഥാര്‍ത്ഥ്യങ്ങളെ നിഷേധിക്കാറുണ്ട്‌. അതിന്റെ നാനാവശങ്ങളെക്കുറിച്ചും, അതില്‍ ഈ തല്‍പര കക്ഷികളുടെ വാദമുഖങ്ങളെക്കുറിച്ചും സൂറത്തുല്‍ ഹദീദിനുശേഷം കൊടുത്തിട്ടുള്ള വ്യാഖ്യാനക്കുറിപ്പില്‍ വേണ്ടത്ര വിശദമായി നാം വിവരിച്ചിട്ടുണ്ട്‌. കൂടുതല്‍ അറിയുവാനാഗ്രഹിക്കുന്നവര്‍ അവിടെ നോക്കിക്കൊള്ളട്ടെ. والله الموفق للصواب

6:150
  • قُلْ هَلُمَّ شُهَدَآءَكُمُ ٱلَّذِينَ يَشْهَدُونَ أَنَّ ٱللَّهَ حَرَّمَ هَٰذَا ۖ فَإِن شَهِدُوا۟ فَلَا تَشْهَدْ مَعَهُمْ ۚ وَلَا تَتَّبِعْ أَهْوَآءَ ٱلَّذِينَ كَذَّبُوا۟ بِـَٔايَٰتِنَا وَٱلَّذِينَ لَا يُؤْمِنُونَ بِٱلْءَاخِرَةِ وَهُم بِرَبِّهِمْ يَعْدِلُونَ ﴾١٥٠﴿
  • (നബിയേ) പറയുക: ("നിങ്ങള്‍ നിഷിദ്ധമാക്കിയ) ഇതു അല്ലാഹു നിഷിദ്ധമാക്കിയിരിക്കുന്നുവെന്നു സാക്ഷ്യപ്പെടുത്തുന്ന നിങ്ങളുടെ (വക) സാക്ഷികളെ കൊണ്ടുവരുവിന്‍!" എന്നിട്ട് അവര്‍ സാക്ഷ്യം വഹിച്ചുവെങ്കില്‍, അവരോടൊപ്പം നീ സാക്ഷ്യം വഹിക്കരുത്. നമ്മുടെ 'ആയത്തു' [ലക്‌ഷ്യം]കളെ വ്യാജമാക്കുന്നവരുടെ ഇച്ഛകളെ നീ പിന്‍പറ്റുകയും ചെയ്യരുത്; യാതൊരു കൂട്ടരുടെയും (ഇച്ഛകളെ) നീ പിന്‍പറ്റരുത്): അവര്‍ പരലോകത്തില്‍ വിശ്വസിക്കുന്നില്ല. അവരാകട്ടെ, തങ്ങളുടെ റബ്ബിനോടു (മറ്റുള്ളവരെ) സമപ്പെടുത്തുകയും ചെയ്യുന്നു.
  • قُلْ പറയുക هَلُمَّ കൊണ്ടുവരുവിന്‍ شُهَدَاءَكُمُ നിങ്ങളുടെ സാക്ഷികളെ الَّذِينَ يَشْهَدُونَ സാക്ഷ്യം വഹിക്കുന്നവരായ أَنَّ اللَّـهَ അല്ലാഹു എന്നു حَرَّمَ هَـٰذَا ഇതു നിഷിദ്ധമാക്കിയിരിക്കുന്നു (എന്നു) فَإِن شَهِدُوا എന്നിട്ടു (എന്നാല്‍) അവര്‍ സാക്ഷ്യം വഹിച്ചെങ്കില്‍ فَلَا تَشْهَدْ നീ സാക്ഷ്യം വഹിക്കരുതു مَعَهُمْ അവരോടൊപ്പം وَلَا تَتَّبِعْ പിന്‍പറ്റുകയും ചെയ്യരുത് أَهْوَاءَ ഇച്ഛ (തന്നിഷ്ടം)കളെ الَّذِينَ كَذَّبُوا വ്യാജമാക്കിയവരുടെ بِآيَاتِنَا നമ്മുടെ ലക്ഷ്യ (ദൃഷ്ടാന്ത)ങ്ങളെ وَالَّذِينَ യാതൊരുവരുടെയും لَا يُؤْمِنُونَ അവര്‍ വിശ്വസിക്കുന്നില്ല بِالْآخِرَةِ പരലോകത്തില്‍ وَهُم അവരാകട്ടെ بِرَبِّهِمْ തങ്ങളുടെ റബ്ബിനോടു يَعْدِلُونَ സമപ്പെടുത്തുന്നു

നിങ്ങള്‍ നിഷിദ്ധമാക്കിയ ഈ വസ്‌തുക്കളെ നിങ്ങള്‍ നിഷിദ്ധമാക്കിയതല്ല – അല്ലാഹു നിഷിദ്ധമാക്കി നിശ്ചയിച്ചതാണു – എന്ന് തക്കതായ തെളിവു സഹിതം സ്ഥാപിക്കുന്ന വല്ല സാക്ഷികളെയും നിങ്ങള്‍ക്കു സമര്‍പ്പിക്കുവാനുണ്ടെങ്കില്‍ അവരെയൊന്നു ഹാജരാക്കുക എന്നു മുശ്‌രിക്കുകളെ വെല്ലുവിളിക്കുകയാണ്‌. അതവര്‍ക്കു സാധ്യമല്ലല്ലോ. ഒരു പക്ഷേ, വല്ല വിഡ്‌ഢികളും അതിനു മുമ്പോട്ടു വന്നാല്‍, അവര്‍ സത്യബോധമില്ലാത്ത കള്ളസാക്ഷികളുമായിരിക്കുമെന്നു തീര്‍ച്ചയാണ്‌. ലക്ഷ്യങ്ങളും ദൃഷ്‌ടാന്തങ്ങളും വ്യാജമാക്കിത്തള്ളുകയും, പരലോകത്തില്‍ വിശ്വസിക്കാതിരിക്കുകയും, അതോടുകൂടി അല്ലാഹുവിനു സമന്മാരെ ഉണ്ടാക്കുകയും ചെയ്യുന്നവര്‍ മാത്രമേ അതിനു മുമ്പോട്ടു വരൂ. അതുകൊണ്ട്‌ അവരുടെ സാക്ഷ്യത്തിന്‌ ഒട്ടും വില കല്‍പിക്കാതെ തള്ളിക്കളയുകയും, അവരുടെ ഇംഗിതത്തിനു വഴങ്ങാതിരിക്കുകയും വേണം എന്നു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യെ ഉണര്‍ത്തുകയും ചെയ്യുന്നു.

വിഭാഗം - 19

6:151
  • ۞ قُلْ تَعَالَوْا۟ أَتْلُ مَا حَرَّمَ رَبُّكُمْ عَلَيْكُمْ ۖ أَلَّا تُشْرِكُوا۟ بِهِۦ شَيْـًٔا ۖ وَبِٱلْوَٰلِدَيْنِ إِحْسَٰنًا ۖ وَلَا تَقْتُلُوٓا۟ أَوْلَٰدَكُم مِّنْ إِمْلَٰقٍ ۖ نَّحْنُ نَرْزُقُكُمْ وَإِيَّاهُمْ ۖ وَلَا تَقْرَبُوا۟ ٱلْفَوَٰحِشَ مَا ظَهَرَ مِنْهَا وَمَا بَطَنَ ۖ وَلَا تَقْتُلُوا۟ ٱلنَّفْسَ ٱلَّتِى حَرَّمَ ٱللَّهُ إِلَّا بِٱلْحَقِّ ۚ ذَٰلِكُمْ وَصَّىٰكُم بِهِۦ لَعَلَّكُمْ تَعْقِلُونَ ﴾١٥١﴿
  • പറയുക (നബിയേ): "വരുവിന്‍! നിങ്ങളുടെ റബ്ബ് നിങ്ങളുടെമേല്‍ നിഷിദ്ധമാക്കിയതു (എന്തെല്ലാമാണെന്നു) ഞാന്‍ നിങ്ങള്‍ക്കു ഓതിക്കേള്‍പ്പിക്കാം: അതായതു: നിങ്ങള്‍ അവനോടു ഒരു വസ്തുവെയും പങ്കുചേര്‍ക്കരുത്; മാതാപിതാക്കളോടാകട്ടെ, നന്മ പ്രവര്‍ത്തിക്കുകയും (വേണം); ദാരിദ്ര്യം നിമിത്തം നിങ്ങള്‍ നിങ്ങളുടെ സന്താനങ്ങളെ കൊലപ്പെടുത്തുകയും ചെയ്യരുത്; നാമത്രെ, നിങ്ങള്‍ക്കും അവര്‍ക്കും ആഹാരം നല്‍കുന്നത്. നീചവൃത്തികളെ - അവയില്‍ നിന്നു പ്രത്യക്ഷമായതിനെയും, പരോക്ഷമായതിനെയും - നിങ്ങള്‍ സമീപിക്കുകയും ചെയ്യരുത്. അല്ലാഹു നിഷിദ്ധമാക്കി (അഥവാ പരിപാവനമാക്കി) വെച്ച ദേഹത്തെ [ആളെ] ന്യായപ്രകാരമല്ലാതെ കൊലപ്പെടുത്തുകയും അരുത്. അതൊക്കെ, നിങ്ങള്‍ ബുദ്ധി കൊടു(ത്ത് ഗ്രഹി)ക്കുവാന്‍വേണ്ടി അല്ലാഹു നിങ്ങളോടു 'വസ്വിയ്യത്ത്' ചെയ്തിരിക്കയാണ്.
  • قُلْ تَعَالَوْا പറയുക വരുവിന്‍ أَتْلُ ഞാന്‍ ഓതിത്തരാം, പാരായാണം ചെയ്യാം مَا حَرَّمَ നിഷിദ്ധമാക്കിയതു رَبُّكُمْ നിങ്ങളുടെ റബ്ബു عَلَيْكُمْ നിങ്ങളുടെ മേല്‍, നിങ്ങള്‍ക്കു أَلَّا تُشْرِكُوا അതായതു നിങ്ങള്‍ ശിര്‍ക്കു (പങ്കു ചേര്‍ക്കല്‍) ചെയ്യരുതു (എന്നു) بِهِ അവനോടു, അവനില്‍ شَيْئًا ഒരു വസ്തുവെയും وَبِالْوَالِدَيْنِ മാതാപിതാക്കളോടാകട്ടെ إِحْسَانًا നന്മ ചെയ്യലും (വേണമെന്നു) وَلَا تَقْتُلُوا നിങ്ങള്‍ കൊലപ്പെടുത്തുക (വധിക്കുക) ഉം ചെയ്യരുത് أَوْلَادَكُم നിങ്ങളുടെ സന്താനങ്ങളെ, കുട്ടികളെ مِّنْ إِمْلَاقٍ ദാരിദ്ര്യം നിമിത്തം نَّحْنُ നാമത്രെ, നാം (തന്നെ) نَرْزُقُكُمْ നിങ്ങള്‍ക്കു ആഹാരം (ഉപജീവനം) നല്‍കുന്നു وَإِيَّاهُمْ അവര്‍ക്കും وَلَا تَقْرَبُوا നിങ്ങള്‍ സമീപിക്കുകയും അരുത് الْفَوَاحِشَ നീചവൃത്തികളെ مَا ظَهَرَ പ്രത്യക്ഷമായ مِنْهَا അവയില്‍നിന്നു وَمَا بَطَنَ പരോക്ഷമായതു وَلَا تَقْتُلُوا നിങ്ങള്‍ കൊലപ്പെടുത്തുകയും അരുത് النَّفْسَ ദേഹത്തെ (ആളെ - ആത്മാവിനെ) الَّتِي حَرَّمَ اللَّـهُ അല്ലാഹു ഹറാമാക്കിയ (നിഷിദ്ധമാക്കിയ - പരിപാവനമാക്കിയ) إِلَّا بِالْحَقِّ ന്യായ (മുറ - അവകാശ) പ്രകാരമല്ലാതെ ذَٰلِكُمْ (അതു) ഒക്കെ وَصَّاكُم بِهِ അതിനെപ്പറ്റി അവന്‍ നിങ്ങളോടു വസിയ്യത്തു ചെയ്തിരിക്കുന്നു لَعَلَّكُمْ നിങ്ങലാകുവാന്‍, ആയേക്കാം تَعْقِلُونَ നിങ്ങള്‍ ബുദ്ധികൊടുക്കും

6:152
  • وَلَا تَقْرَبُوا۟ مَالَ ٱلْيَتِيمِ إِلَّا بِٱلَّتِى هِىَ أَحْسَنُ حَتَّىٰ يَبْلُغَ أَشُدَّهُۥ ۖ وَأَوْفُوا۟ ٱلْكَيْلَ وَٱلْمِيزَانَ بِٱلْقِسْطِ ۖ لَا نُكَلِّفُ نَفْسًا إِلَّا وُسْعَهَا ۖ وَإِذَا قُلْتُمْ فَٱعْدِلُوا۟ وَلَوْ كَانَ ذَا قُرْبَىٰ ۖ وَبِعَهْدِ ٱللَّهِ أَوْفُوا۟ ۚ ذَٰلِكُمْ وَصَّىٰكُم بِهِۦ لَعَلَّكُمْ تَذَكَّرُونَ ﴾١٥٢﴿
  • 'ഏറ്റവും നന്നായുള്ളതേതോ അതനുസരിച്ചല്ലാതെ, അനാഥയുടെ ധനത്തെ നിങ്ങള്‍ സമീപിക്കുകയും ചെയ്യരുതു; അവന്‍ അവന്റെ ശക്തി [പ്രായപൂര്‍ത്തി] പ്രാപിക്കുന്നതുവരെ. അളവും, തൂക്കവും നീതിമുറ പ്രകാരം നിറവേറ്റിക്കൊടുക്കുകയും ചെയ്യുവിന്‍; ഒരാത്മാവിനോടും [ആളോടും] നാം അതിന്റെ കഴിവ(നുസരിച്ച)ല്ലാതെ ശാസിക്കുകയില്ല. നിങ്ങള്‍ (വല്ലതും) പറഞ്ഞാല്‍, നിങ്ങ നീതിപാലിക്കുകയും ചെയ്യുവിന്‍; (ആരെക്കുറിച്ചു പറയപ്പെടുന്നുവോ) അവന്‍ അടുത്ത ബന്ധമുള്ളവനായിരുന്നാലും ശരി, അല്ലാഹുവിന്റെ (വക) കരാറിനെ നിറവേറ്റുകയും ചെയ്യുവിന്‍. അതൊക്കെ നിങ്ങള്‍ ഉറ്റാലോചിക്കുവാന്‍ വേണ്ടി അവന്‍ നിങ്ങളോടു 'വസ്വിയ്യത്ത്' ചെയ്തിരിക്കയാണ്.
  • وَلَا تَقْرَبُوا നിങ്ങള്‍ സമീപിക്കുക (അടുക്കുക)യും ചെയ്യരുതു مَالَ الْيَتِيمِ അനാഥയുടെ ധനത്തെ إِلَّا بِالَّتِي യാതൊന്നനുസരിച്ചല്ലാതെ هِيَ أَحْسَنُ അതു ഏറ്റം നല്ലതാണു حَتَّىٰ يَبْلُغَ അവന്‍ പ്രാപിക്കുന്നതുവരെ أَشُدَّهُ അവന്റെ ശക്തി (പ്രായപൂര്‍ത്തി) وَأَوْفُوا നിറവേറ്റുകയും ചെയ്യുവിന്‍ الْكَيْلَ അളവ് وَالْمِيزَانَ തൂക്കവും بِالْقِسْطِ നീതി മുറപ്രകാരം لَا نُكَلِّفُ നാം ശാസിക്കുകയില്ല (നിര്‍ബ്ബന്ധപ്പെടുത്തുന്നതല്ല) نَفْسًا ഒരു ദേഹത്തോ (ആത്മാവിനോ - ആളോ)ടും إِلَّا وُسْعَهَا അതിന്റെ സൗകര്യം (കഴിവു) അല്ലാതെ وَإِذَا قُلْتُمْ നിങ്ങള്‍ പറഞ്ഞാല്‍ فَاعْدِلُوا അപ്പോള്‍ നീതി ചെയ്യുവിന്‍ وَلَوْ كَانَ അവനായിരുന്നാലും (ശരി) ذَا قُرْبَىٰ അടുത്ത ബന്ധമുള്ളവന്‍ وَبِعَهْدِ اللَّـهِ അല്ലാഹുവിന്റെ (വക) കരാറിനെ, അല്ലാഹുവിന്റേതായ പ്രതിജ്ഞ أَوْفُوا നിറവേറ്റുകയും ചെയ്യുവിന്‍ ذَٰلِكُمْ അതു (ഒക്കെ) وَصَّاكُم بِهِ അതിനെപ്പറ്റി അവന്‍ വസിയ്യത്തു ചെയ്തിരിക്കുന്നു لَعَلَّكُمْ നിങ്ങളാകുവാന്‍വേണ്ടി, ആയേക്കാം تَذَكَّرُونَ നിങ്ങള്‍ ഉറ്റാലോചിക്കും, ഓര്‍മ്മവെക്കും
6:153
  • وَأَنَّ هَٰذَا صِرَٰطِى مُسْتَقِيمًا فَٱتَّبِعُوهُ ۖ وَلَا تَتَّبِعُوا۟ ٱلسُّبُلَ فَتَفَرَّقَ بِكُمْ عَن سَبِيلِهِۦ ۚ ذَٰلِكُمْ وَصَّىٰكُم بِهِۦ لَعَلَّكُمْ تَتَّقُونَ ﴾١٥٣﴿
  • 'ഇതാ, എന്റെ പാത (നേരെ) ചൊവ്വായ നിലയില്‍ (സ്ഥിതി ചെയ്യുന്നു). അതിനാല്‍, അതിനെ നിങ്ങള്‍ പിന്‍പറ്റിക്കൊള്ളുവിന്‍. നിങ്ങള്‍ (മറ്റു) മാര്‍ഗ്ഗങ്ങളെ പിന്‍പറ്റുകയും ചെയ്യരുതു; എന്നാല്‍ അവ നിങ്ങളെ അവന്റെ മാര്‍ഗ്ഗം വിട്ടു ഭിന്നിപ്പിച്ചു കളയും. അതൊക്കെ, നിങ്ങള്‍ സൂക്ഷ്മത പാലിക്കുവാന്‍വേണ്ടി അവന്‍ നിങ്ങളോട് 'വസ്വിയ്യത്ത്' ചെയ്തിരിക്കുകയാണ്.
  • وَأَنَّ هَـٰذَا ഇതാണെന്നും, ഇതായതിനാല്‍ صِرَاطِي എന്റെ പാത (വഴി) مُسْتَقِيمًا നേരായ (ചൊവ്വായ) നിലയില്‍ فَاتَّبِعُوهُ അതിനാല്‍ അതിനെ പിന്‍പറ്റുവിന്‍ وَلَا تَتَّبِعُوا നിങ്ങള്‍ പിന്‍പറ്റുകയും അരുത് السُّبُلَ (മറ്റു) മാര്‍ഗ്ഗങ്ങളെ فَتَفَرَّقَ بِكُمْ അപ്പോള്‍ (എന്നാല്‍) അവ നിങ്ങളെയും കൊണ്ടു ഭിന്നിക്കും (നിങ്ങളെ ഭിന്നിപ്പിക്കും) عَن سَبِيلِهِ അവന്റെ മാര്‍ഗ്ഗത്തില്‍നിന്നു് ذَٰلِكُمْ അതു (ഒക്കെ) وَصَّاكُم بِهِ അതിനെപ്പറ്റി അവന്‍ നിങ്ങളോട് വസ്വിയ്യത്ത് ചെയ്തിരിക്കുന്നു لَعَلَّكُمْ നിങ്ങളാകുവാന്‍വേണ്ടി, ആയേക്കാം تَتَّقُونَ നിങ്ങള്‍ സൂക്ഷ്മത പാലിക്കുക

കഴിഞ്ഞ ഏതാനും വചനങ്ങളില്‍, മുശ്‌രിക്കുകളുടെ പല ദുരാചാരങ്ങളെയും വാദങ്ങളെയും കുറിച്ചു വിവരിച്ചു. അല്ലാഹു നിഷിദ്ധമായി നിയമിക്കാത്ത പലതും നിഷിദ്ധമാക്കിക്കൊണ്ടുള്ള അവരുടെ നടപടികളെ അവര്‍ മതത്തിന്റെ പേരില്‍ വെച്ചു കെട്ടിയതിനെകുറിച്ചും സംസാരിച്ചു. അതിനുശേഷം, കാലദേശ വ്യത്യാസമില്ലാതെ വേദഗ്രന്ഥങ്ങള്‍ മുഖേന മനുഷ്യസമുദായത്തിന്റെമേല്‍ അല്ലാഹു നിഷിദ്ധവും നിര്‍ബന്ധവുമാക്കി കല്‍പിച്ചു വന്നിട്ടുള്ള മൂലപ്രധാനങ്ങളായ ശാസനകള്‍ ഏതൊക്കെയാണെന്നു അവര്‍ക്കു ഓതിക്കേള്‍പ്പിച്ചു കൊടുക്കുവാന്‍ അല്ലാഹു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യോടു കല്‍പിക്കുന്നു. വാസ്‌തവത്തില്‍, ഈ വചനങ്ങളിലടങ്ങിയ ശാസനകളെല്ലാം മനുഷ്യന്റെ നൈസര്‍ഗ്ഗികമായ ബോധം കൊണ്ടു തന്നെ മനുഷ്യന്‍ അംഗീകരിക്കുവാന്‍ ബാധ്യസ്ഥനാകുന്നു. എന്നിരിക്കിലും – താഴെ 156, 157 വചനങ്ങളില്‍ കാണാവുന്നതുപോലെ – വേദഗ്രന്ഥങ്ങളുമായും പ്രവാചകന്മാരുമായും പരിചയ ബന്ധം സിദ്ധിച്ചിട്ടില്ലാത്ത അവര്‍, അവയെക്കുറിച്ചു തങ്ങള്‍ക്കു അറിവു കിട്ടിയിട്ടില്ലെന്ന്‌ ഒഴികഴിവ്‌ പറയാതിരിക്കുവാന്‍ വേണ്ടി അല്ലാഹു അവ വിവരിച്ചു കൊടുക്കുകയാണ്‌.

ക്വുര്‍ആന്‍ മുഖേന മാത്രമല്ല, തൗറാത്തു മുഖേനയും ഈ സനാതന തത്വങ്ങള്‍ അല്ലാഹു ജനങ്ങള്‍ക്കു വിവരിച്ചു കൊടുത്തിട്ടുണ്ടെന്നു അടുത്ത വചനത്തില്‍ സൂചനയുണ്ട്‌. ബൈബിളിന്‍റെ പഴയ നിയമത്തില്‍ ഈ മൂന്നു വചനങ്ങളിലടങ്ങിയ വിധി വിലക്കുകള്‍ മിക്കവാറും ഇന്നും കാണാവുന്നതാണ്‌ (പുറപ്പാടു പുസ്‌തകം 20-ാം അദ്ധ്യായവും, ആവര്‍ത്തനം 5-ാം അദ്ധ്യായവും നോക്കുക). അതിലെ ചില വാക്യങ്ങള്‍ പ്രത്യേകം ശ്രദ്ധേയമാകുന്നു. ശിര്‍ക്കിനെപറ്റി പറയുന്നു: ‘യഹോവ (അല്ലാഹു) ആയ ഞാനാണു നിന്റെ ദൈവം, അന്യദൈവങ്ങള്‍ നിനക്കുണ്ടാകരുത്‌. സ്വര്‍ഗ്ഗത്തിലോ, ഭൂമിയിലോ, വെള്ളത്തിലോ ഉള്ള ഒന്നിന്റെയും പ്രതിമ ഉണ്ടാക്കരുത്‌. അവയെ നമസ്‌കരിക്കുകയോ സേവിക്കുകയോ അരുത്‌…’ മാതാപിതാക്കളെപറ്റി പറയുന്നു: ‘നിനക്ക് ദീര്‍ഘായുസ്സുണ്ടാകുവാനും, നിനക്കു ദേശത്തു നന്നായിത്തീരുവാനും യഹോവ നിന്നോടു കല്‍പിച്ചപോലെ നിന്റെ അപ്പനെയും, അമ്മയെയും ബഹുമാനിക്കുക’.

قُلْ تَعَالَوْا أَتْلُ مَا حَرَّمَ رَبُّكُمْ عَلَيْكُمْ (പറയുക: നിങ്ങള്‍ വരുവിന്‍, നിങ്ങളുടെ റബ്ബു നിങ്ങളുടെ മേല്‍ നിഷിദ്ധമാക്കിയിട്ടുള്ളതിനെ ഞാന്‍ നിങ്ങള്‍ക്കു ഓതിത്തരാം) എന്നു പറഞ്ഞുകൊണ്ടാണല്ലോ ഈ പ്രഖ്യാപനം തുടങ്ങുന്നത്‌. നിഷിദ്ധമാക്കപ്പെട്ട കാര്യങ്ങളോടൊപ്പം ചില നിര്‍ബ്ബന്ധകടമകളും അതില്‍ അടങ്ങിയിട്ടുണ്ടുതാനും. നിഷിദ്ധങ്ങളെ വര്‍ജ്ജിക്കല്‍ നിര്‍ബ്ബന്ധവും നിര്‍ബ്ബന്ധങ്ങളെ വര്‍ജ്ജിക്കല്‍ നിഷിദ്ധവുമാണെന്ന സ്ഥിതിക്കു രണ്ടും തമ്മില്‍ അന്യമല്ലാത്തവിധം ഒരേ പട്ടികയില്‍ ഇടകലര്‍ത്തിയും പരസ്‌പരം ബന്ധപ്പെടുത്തിയുംകൊണ്ട്‌ വിവരിക്കുകയാണ്‌ ചെയ്‌തിരിക്കുന്നത്‌. ഈ വചനങ്ങളിലടങ്ങിയ ശാസനകള്‍ ഇവയാകുന്നു:-

(1) ശിര്‍ക്കു ചെയ്യരുത്‌: പാപങ്ങളില്‍വെച്ചു ഏറ്റവും വമ്പിച്ചതും, അല്ലാഹുവിന്റെ കോപശാപങ്ങള്‍ക്കു ഏറ്റവും വിധേയമായ കുറ്റവും, പൊറുത്തു കൊടുക്കുകയില്ലെന്ന്‌ അല്ലാഹു വ്യക്തമായി പ്രസ്‌താവിച്ച മഹാ പാപവുമാണ്‌ ശിര്‍ക്ക്‌. അതുകൊണ്ടു ഒന്നാമതായി ഇവിടെയെന്നപോലെ, മറ്റു പലേടത്തും പാപങ്ങളില്‍ ആദ്യം ശിര്‍ക്കിനെക്കുറിച്ചു കാണാം. അല്ലാഹുവിന്റെ സത്തയിലോ, പ്രവൃത്തിയിലോ, ഗുണവിശേഷങ്ങളിലോ, നാമവിശേഷണങ്ങളിലോ, അധികാരാവകാശങ്ങളിലോ, അവനു സമന്മാരെയോ, പങ്കുകാരെയോ ഏര്‍പ്പെടുത്തുമാറുള്ള എല്ലാ വിശ്വാസാചാരനുഷ്‌ഠാനങ്ങളും ശിര്‍ക്കില്‍പെടുന്നു.

(2) മാതാപിതാക്കള്‍ക്ക്‌ നന്മചെയ്യണം: മനുഷ്യന്റെ സൃഷ്‌ടാവും, രക്ഷിതാവുമായ അല്ലാഹുവിനോടുള്ള പരമപ്രധാനമായ കടമയെക്കുറിച്ചു പറഞ്ഞ ഉടനെ, അതോടു ചേര്‍ത്തുകൊണ്ടു പറഞ്ഞ കാര്യം മാതാപിതാക്കള്‍ക്കു നന്മ ചെയ്യണമെന്നാണ്‌. അപ്പോള്‍, അല്ലാഹുവിനോടുള്ള ആ കടമയെക്കഴിച്ചാല്‍ – സൃഷ്‌ടികളോടുള്ള കടമകളില്‍ – ഏറ്റവും മുന്നിട്ടു നില്‍ക്കുന്നതു മാതാപിതാക്കളോടുള്ള കടമയാണെന്നത്രെ ഇതു കാണിച്ചുതരുന്നത്‌. ബാഹ്യത്തില്‍ മനുഷ്യന്റെ ഉല്‍ഭവത്തിനു കാരണക്കാരും, അവനെ തീറ്റിപോറ്റി വളര്‍ത്തുകയും, അവന്റെ കൈകാര്യങ്ങള്‍ നടത്തിപ്പോരുകയും ചെയ്‌തവരും അവരാണല്ലോ. ശിര്‍ക്കു ചെയ്യരുതെന്നു വിരോധിക്കുന്നതോടൊപ്പം മാതാപിതാക്കളോടു നന്മ പ്രവര്‍ത്തിക്കണമെന്നതു ക്വുര്‍ആനില്‍ പലപ്പോഴും കാണാവുന്നതാണ്‌. മാതാപിതാക്കളോടുള്ള കടമക്ക്‌ അല്ലാഹു എത്രമാത്രം സ്ഥാനം കല്‍പിച്ചിട്ടുണ്ടെന്നു ഇതില്‍നിന്നു വ്യക്തമാണ്‌. ‘ശിര്‍ക്ക്‌ ചെയ്യരുത്‌’ എന്നു പറഞ്ഞതുപോലെ ‘മാതാപിതാക്കളെ ഉപദ്രവിക്കരുത്‌’ എന്നോ മറ്റോ പറയാതെ ‘അവര്‍ക്കു നന്മ ചെയ്യണം’ എന്നാണു അല്ലാഹു അവിടങ്ങളിലൊക്കെ ഉപയോഗിക്കാറുള്ള വാക്കു്. അവരോടുള്ള കടപ്പാടിന്റെ ഗൗരവം ഒന്നുകൂടി ഊന്നിക്കാണിക്കുന്നതാണ്‌ ഈ പ്രയോഗം.

അത്രയുമല്ല, അല്ലാഹുവിന്റെ അടുക്കല്‍ ഏറ്റവും വെറുക്കപ്പെട്ട – അവന്‍ ഒരിക്കലും പൊറുക്കാത്ത – മഹാപാപമാണല്ലോ ശിര്‍ക്ക്‌. എന്നിട്ടുപോലും സൂ:ലുക്വ്‌മാനില്‍ പറയുന്നത്‌ നോക്കുക:

وَإِنْ جَاهَدَاكَ عَلى أَنْ تُشْرِكَ بِي مَالَيْسَ لَكَ بِهِ عِلْمٌ فَلاتُطِعْهُمَا وَصَاحِبْهُماَ فِي الدُّنْيا مَعْرُوفًا – لقمان

(സാരം: നിനക്കു വിവരമില്ലാത്ത വല്ലതിനെയും നീ എന്നോടു പങ്കുചേര്‍ക്കുവാന്‍ അവര്‍ – മാതാപിതാക്കള്‍ – രണ്ടു പേരും നിന്നെ ബുദ്ധിമുട്ടിക്കുന്ന പക്ഷം, നീ അവരെ അനുസരിക്കരുത്‌. ഇഹത്തില്‍ വെച്ചു നീ അവരോടു സദാചാരമനുസരിച്ചു സഹവസിക്കുകയും ചെയ്യണം). അപ്പോള്‍, മാതാപിതാക്കളെപറ്റി മക്കള്‍ക്കു എന്തുതന്നെ വിമര്‍ശനങ്ങളുണ്ടായാലും – അവ എത്ര ഗൗരവപ്പെട്ടതായിരുന്നാലും – അവരോടുള്ള പെരുമാറ്റം മാന്യവും സ്‌നേഹപരവുമായിരിക്കുവാനേ പാടുള്ളൂവെന്നാണ്‌ ഇതിലടങ്ങിയ തത്വം. ഇബ്‌നു മസ്‌ഊദ്‌ (رَضِيَ اللهُ تَعَالَى عَنْهُ) പറയുന്നു: കര്‍മ്മങ്ങളില്‍ വെച്ചു ഏറ്റവും ശ്രേഷ്‌ഠമായതു ഏതാണെന്നു ഞാന്‍ റസൂല്‍ (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയോടു ചോദിച്ചു. അവിടുന്ന്‌ പറഞ്ഞു: ‘നമസ്‌കാരം അതിന്റെ സമയത്തിനു നമസ്‌കരിക്കലാകുന്നു’. പിന്നെ ഏതാണെന്നു ഞാന്‍ ചോദിച്ചു. അവിടുന്നു പറഞ്ഞു: ‘മാതാപിതാക്കള്‍ക്കു നന്മ ചെയ്യുക’. പിന്നെ ഏതാണെന്നു ഞാന്‍ ചോദിച്ചു, അവിടുന്നു പറഞ്ഞു: ‘അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ സമരം ചെയ്യുക’ (ബു; മു). മാതാപിതാക്കളുടെ വിഷയത്തില്‍ വന്ന ക്വുര്‍ആന്‍ വാക്യങ്ങളും നബിവാക്യങ്ങളും ഇവിടെ ഉദ്ധരിക്കുന്ന പക്ഷം അതു വളരെ നീണ്ടുപോകുന്നതാണ്‌.

(3) ദാരിദ്ര്യം നിമിത്തം സന്താനങ്ങളെ കൊല്ലരുത്‌: മാതാപിതാക്കളെപ്പറ്റി പ്രസ്‌താവിച്ചതിനെത്തുടര്‍ന്നു മക്കളുടെ കാര്യവും ഉണര്‍ത്തിയിരിക്കുകയാണ്‌. മനുഷ്യവധം തന്നെ ഒരു മഹാപാപം. അതു സ്വന്തം മക്കളെയാകുമ്പോള്‍ അതിന്റെ ക്രൂരത കൂടുതലാകുന്നു. അതു ദാരിദ്ര്യഭയം നിമിത്തം കൂടിയാകുമ്പോഴോ?! സകല ജീവികള്‍ക്കും ആഹാരം നല്‍കുന്നതാണെന്നു അല്ലാഹു ഏറ്റിട്ടുള്ള ബാധ്യത അവന്‍ നിര്‍വ്വഹിക്കുമെന്നതിലുള്ള വിശ്വാസക്കുറവ്‌, ആഹാര കാര്യങ്ങളുടെ നിയന്ത്രണമെല്ലാം തന്റെ കൈക്കു മാത്രമാണു നടക്കുന്നതെന്ന മിഥ്യാബോധം, അല്ലാഹു നല്‍കുന്ന പരീക്ഷണങ്ങളില്‍ ക്ഷമ കൈകൊള്ളുവാന്‍ തയ്യാറില്ലായ്‌മ, സ്വന്തം മക്കളെ കൊലപ്പെടുത്തിയിട്ടെങ്കിലും സ്വന്തം ജീവിതം സുഖകരമായിരിക്കണമെന്നുള്ള ദുര്‍മ്മോഹം ഇതൊക്കെയാണതിന്റെ പിന്നിലുള്ള പ്രേരണകള്‍. വാസ്‌തവത്തില്‍, ആ വധിക്കപ്പെടുന്ന മക്കള്‍ക്കു മാത്രമല്ല, ആ ക്രൂരകൃത്യത്തിനു ഒരുമ്പെടുന്ന മാതാപിതാക്കള്‍ക്കു തന്നെയും ആഹാരം നല്‍കുന്നതു അല്ലാഹുവാകുന്നു. ഒരു പക്ഷേ, ആ വധിക്കപ്പെട്ട കുട്ടി ജീവിച്ചിരുന്നെങ്കിലായിരിക്കും അവരുടെ ജീവിതം കൂടുതല്‍ ധന്യമായിത്തീരുക. നേരെമറിച്ച്‌ ആ കുട്ടിയെ വധിച്ചതിനുശേഷം ദാരിദ്ര്യം കൂടുതല്‍ അനുഭവപെട്ടുവെന്നും വന്നുകൂടായ്‌കയില്ല. ഇതൊക്കെയാണ്‌ نَّحْنُ نَرْزُقُكُمْ وَإِيَّاهُمْ (നാമത്രെ നിങ്ങള്‍ക്കും അവര്‍ക്കും ആഹാരം നല്‍കുന്നതു) എന്ന വാക്യത്തിലെ സൂചനകള്‍. നിലവിലുള്ള ദാരിദ്ര്യത്തെ മുന്‍നിറുത്തി സന്താനഹത്യ ചെയ്യുന്നതിനെപറ്റിയാണ്‌ ഇവിടെ അല്ലാഹു പറഞ്ഞത്‌. ഭാവിയില്‍ ദാരിദ്ര്യം അനുഭവപ്പെട്ടേക്കുമെന്ന ഭയം നിമിത്തം സന്താനഹത്യ ചെയ്യുന്നതിനെപറ്റി സൂറത്തുല്‍ ഇസ്‌റാഉ്‌ 31ല്‍ പ്രസ്‌താവിക്കുന്നുണ്ട്‌. അതിനെതുടര്‍ന്ന്‌ نَّحْنُ نَرْزُقُهُمْ وَإِيَّاكُمْ (നാമത്രെ അവര്‍ക്കും നിങ്ങള്‍ക്കും ആഹാരം നല്‍കുന്നതു) എന്നാണു അല്ലാഹു പറഞ്ഞ വാക്ക്‌. അതായതു നിങ്ങള്‍ക്കു മാത്രമല്ല, അവര്‍ക്കു കൂടി ആഹാരം കൊടുക്കുന്ന അന്നദാതാവു നാമാണ്‌. അതു നാം ചെയ്‌തുകൊള്ളും എന്നു സാരം.

ഇബ്‌നുമസ്‌ഊദ്‌ (رَضِيَ اللهُ تَعَالَى عَنْهُ) വീണ്ടും പറയുന്നു: പാപങ്ങളില്‍ വെച്ചു ഏറ്റവും വമ്പിച്ചതു ഏതാണെന്നു ഞാന്‍ റസൂല്‍ (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയോടു ചോദിച്ചു: അവിടുന്നു പറഞ്ഞു: ‘നിന്നെ സൃഷ്‌ടിച്ചതു അല്ലാഹുവായിരിക്കെ, നീ അവന്നു സമന്മാരെ ഏര്‍പ്പെടുത്തലാണ്‌’, പിന്നെ ഏതാണെന്നു ഞാന്‍ ചോദിച്ചു. അവിടുന്നു പറഞ്ഞു: ‘നീ നിന്റെ കുട്ടി നിന്നോടൊപ്പം ഭക്ഷണം കഴിക്കുന്നതിനെ ഭയന്ന്‌ നീ അതിനെ കൊല ചെയ്യലാണ്‌’, പിന്നെ ഏതാണെന്നു ഞാന്‍ ചോദിച്ചു. അവിടുന്ന്‌ പറഞ്ഞു: ‘നിന്റെ അയല്‍ക്കാരന്റെ സഹധര്‍മ്മിണിയുമായി നീ വ്യഭിചാരത്തില്‍ ഏര്‍പ്പെടലാകുന്നു’. പിന്നീടു തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) (തെളിവായി) സൂ: ഫുര്‍ക്വാനിലെ 68-ാം വചനം ഓതുകയും ചെയ്‌തു. (ബു; മു.)

ഇന്നു നമ്മുടെ നാട്ടിലും മറ്റു ചില രാഷ്‌ട്രങ്ങളിലും ചില ആകര്‍ഷകമായ പേരുകള്‍ നല്‍കികൊണ്ട്‌ സ്വീകരിച്ചു വരുന്ന സന്താന നിയന്ത്രണ സംരംഭത്തെക്കുറിച്ചല്ല ഈ രണ്ടു ക്വുര്‍ആന്‍ വചനങ്ങളിലും പ്രസ്‌താവിക്കപ്പെട്ടിരിക്കുന്നത്‌. ജനിച്ച സന്താനങ്ങളെ കൊല ചെയ്യാമെന്നോ, ചെയ്യണമെന്നോ എവിടെയും നിയമവുമില്ല. പക്ഷേ, നിലവിലുള്ളതോ, അല്ലെങ്കില്‍ തൊട്ടടുത്ത കാലത്തു ഭാവിയിലുണ്ടാകുമെന്നു തീര്‍ത്തു പറയാവുന്നതോ അല്ലാത്തതും, ചില കണക്കു കൂട്ടലുകള്‍ പ്രകാരം ഭാവിയില്‍ ഉണ്ടായേക്കുമെന്നു ഊഹിക്കപ്പെടുന്നതുമായ ദാരിദ്ര്യത്തെയും ജനസാന്ദ്രതയെയും ഭയന്നുകൊണ്ടും, സന്താനങ്ങള്‍മൂലം സുഖാഡംബരങ്ങള്‍ക്കു ദോഷം സംഭവിച്ചേക്കുമെന്ന ഭയം നിമിത്തവും ആസൂത്രണം ചെയ്യപ്പെടുന്ന ഒരു പ്രസ്ഥാനമാണത്‌. എന്നിരിക്കെ, സത്യവിശ്വാസികളെ സംബന്ധിച്ചിടത്തോളം അതിനു മതത്തിലുള്ള സ്ഥാനം എന്തായിരിക്കുമെന്നു ആര്‍ക്കും ഊഹിച്ചറിയാവുന്നതാണ്‌. ആ പ്രസ്ഥാനം നടപ്പില്‍ വരുത്തിക്കൊണ്ടിരുന്ന ചില രാഷ്‌ട്രങ്ങള്‍ – അനുഭവം പ്രതികൂലമായതു നിമിത്തം – അതില്‍നിന്നു പിന്‍മടങ്ങേണ്ടി വന്നിട്ടുള്ളതും പ്രസ്‌താവ്യമത്രെ.(*)


(*) ‘ശിശുക്കളെ ആവശ്യമുണ്ട്‌’ എന്ന തലക്കെട്ടില്‍ ‘മലയാള മനോരമ’ ദിനപത്രം 6-6-1981 ല്‍ കൊടുത്ത ഒരു റിപ്പോര്‍ട്ടില്‍ ഇങ്ങിനെ കാണാം: ‘റഷ്യയിലെ നവ വധൂവരന്മാരുടെ മുമ്പില്‍ പുതിയൊരു വെല്ലുവിളി – കുറഞ്ഞത്‌ രണ്ടു കുട്ടികളെങ്കിലും ഉണ്ടാവാന്‍ യത്‌നിക്കുക…. ജനസംഖ്യാ ദാരിദ്ര്യം സോവിയറ്റു യൂണിയനിലെ പ്രധാന പ്രശ്‌നങ്ങളില്‍ ഒന്നാണിന്ന്‌. പല ജോലികള്‍ക്കും ആളെകിട്ടുന്നില്ല….’


(4) പ്രത്യക്ഷത്തിലുള്ളതും പരോക്ഷത്തിലുള്ളതുമായ നീചവൃത്തികളെ സമീപിച്ചുകൂടാ: നീചവൃത്തികളുടെ മുന്‍പന്തിയില്‍ നില്‍ക്കുന്നതത്രെ വ്യഭിചാരം. നിയമ വിരുദ്ധവും പ്രകൃതി വിരുദ്ധവുമായ ഭോഗപ്രക്രിയകള്‍, അശ്ലീലമായ നഗ്‌നപ്രകടനങ്ങള്‍, മോഷണം, മദ്യപാനം മുതലായവയെല്ലാം ഇതില്‍ ഉള്‍പെടുന്നു. പരസ്യമെന്നോ, രഹസ്യമെന്നോ, തെളിഞ്ഞതെന്നോ, ഒളിഞ്ഞതെന്നോ വ്യത്യാസമില്ലാതെ എല്ലാതരം ദുര്‍വൃത്തികളും ഉപേക്ഷിക്കണമെന്നു മാത്രമല്ല, അവയെ സമീപിക്കുകപോലും ചെയ്യരുതെന്നാണ്‌ അല്ലാഹു കല്‍പിക്കുന്നത്‌. അതായത്‌, ദുര്‍വൃത്തികളില്‍ ചെന്നുപെടുവാനോ, അതിലേക്കു ആകര്‍ഷിക്കപ്പെടുവാനോ ഇടയാകുന്ന കാര്യങ്ങള്‍കൂടി വര്‍ജ്ജിക്കേണ്ടതുണ്ട്‌ എന്നത്രെ ഇതു കാണിക്കുന്നത്‌.

(5) അല്ലാഹു നിഷിദ്ധമാക്കിയ ദേഹത്തെ കൊലപ്പെടുത്തരുത്‌: അഥവാ അവന്‍ പാവനത്വം കല്‍പിച്ചിട്ടുള്ള ജീവനെ ഹനിക്കരുത്‌. മനുഷ്യവധം നീചവൃത്തികളുടെ മുന്‍നിരയില്‍ സ്ഥിതി ചെയ്യുന്നതാണെങ്കിലും, അതിന്റെ ഗൗരവം നിമിത്തം അതു പ്രത്യേകംതന്നെ എടുത്തു പറഞ്ഞിരിക്കുകയാണ്‌.

ഇബ്‌നുമസ്‌ഊദ്‌ (رَضِيَ اللهُ تَعَالَى عَنْهُ) ല്‍ നിന്ന്‌ നിവേദനം ചെയ്യപ്പെട്ട ഒരു നബി വചനത്തിന്റെ സാരം ഇപ്രകാരമാകുന്നു: ‘അല്ലാഹുവല്ലാതെ ഇലാഹില്ലെന്നും, ഞാന്‍ അല്ലാഹുവിന്റെ റസൂലാണെന്നും സാക്ഷ്യം വഹിക്കുന്ന ഒരാളുടെ രക്തം മൂന്നിലൊരു കാര്യം കൊണ്ടല്ലാതെ അനുവദനീയമാകുകയില്ല; വിവാഹിതന്‍ വ്യഭിചാരം ചെയ്യുക, ഒരാളെ കൊലപ്പെടുത്തിയതിനു പകരം കൊലപ്പെടുത്തുക, മതം ഉപേക്ഷിച്ച് സംഘം (മുസ്‌ലിം സമുദായം) വിട്ടുപോകുക’ (ബു; മു). മുസ്‌ലിം (رحمه الله) ന്റെ ഒരു നിവേദനത്തിലെ വാചകം ‘മുസ്‌ലിമായ മനുഷ്യന്‍റെ രക്തം….’ എന്നാകുന്നു. ആഇശഃ(رَضِيَ اللهُ تَعَالَى عَنْها)യില്‍ നിന്നുള്ള ഒരു ഹദീഥിലെ വാചകം ഇങ്ങനെയാണ്‌: ‘മൂന്നിലൊരു കാര്യം കൊണ്ടല്ലാതെ ഒരു മുസ്‌ലിമായ മനുഷ്യന്റെ രക്തം അനുവദനീയമാകുകയില്ല; വിവാഹിതനായ വ്യഭിചാരി, അവന്‍ എറിഞ്ഞുകൊല്ലപ്പെടും, കല്‍പിച്ചുകൂട്ടി കൊല ചെയ്‌തവനും, അവന്‍ കൊല്ലപ്പെടും. ഇസ്‌ലാമില്‍നിന്നു പുറത്തുപോകുകയും, അല്ലാഹുവിനോടും അവന്റെ റസൂലിനോടും പോരാടുകയും ചെയ്‌ത മനുഷ്യനും, അവന്‍ ക്രൂശിക്കപ്പെടുകയോ, നാടു കടത്തപ്പെടുകയോ ചെയ്യപ്പെടും’ (ദാ; ന). ഈ ഹദീഥുകളില്‍ ഒന്നാമതായി പറയപ്പെട്ടവനെ സംബന്ധിച്ചു സൂറത്തുന്നൂര്‍ 2-ാം വചനത്തിന്റെയും, രണ്ടാമതായി പറയപ്പെട്ടവനെ സംബന്ധിച്ചു സൂ: നിസാഉ്‌ 93-ാം വചനത്തിന്റെയും, മൂന്നാമതായി പറയപ്പെട്ടവനെ സംബന്ധിച്ചു സൂ: മാഇദഃ 36-ാം വചനത്തിന്റെയും വ്യാഖ്യാനങ്ങളില്‍ വിവരിച്ചതു നോക്കുക. മുസ്‌ലിംകളുമായി സഖ്യത്തിലും സമാധാനത്തിലും കഴിഞ്ഞുകൂടുന്ന അമുസ്‌ലിംകളെ കൊലപ്പെടുത്തുന്നതു അല്ലാഹുവിന്റെ ഉത്തരവാദിത്വത്തെ വഞ്ചിക്കലാണെന്നും, സ്വര്‍ഗ്ഗത്തിന്റെ വാസനപോലും നഷ്‌ടപ്പെടുത്തുന്നതാണ്‌ അതെന്നും അബൂഹുറൈറഃ (رَضِيَ اللهُ تَعَالَى عَنْهُ) ഉദ്ധരിച്ച ഒരു നബി വചനത്തിലും വന്നിരിക്കുന്നു (ജ; തി).

(6) പ്രായപൂര്‍ത്തി എത്തുന്നതുവരെ അനാഥക്കുട്ടിയുടെ ധനത്തെ ഏറ്റവും നല്ല വഴിക്കല്ലാതെ സമീപിക്കരുത്‌: അനാഥയുടെ ധനം തിന്നരുതെന്നോ, അക്രമിക്കരുതെന്നോ പറയാതെ, ഏറ്റവും നല്ല മാര്‍ഗ്ഗത്തിലൂടെ മാത്രമേ സമീപിക്കാവൂ എന്നത്രെ അല്ലാഹു പറഞ്ഞത്‌. അപ്പോള്‍, അനാഥയുടെ സ്വത്തിനു എന്തുമാത്രം വിലയാണ്‌ അല്ലാഹു കല്‍പിച്ചിരിക്കുന്നതെന്നു ആലോചിച്ചു നോക്കുക! അവന്റെ സ്വത്തു കൈകാര്യം ചെയ്യുമ്പോള്‍ അതില്‍ അവനു വല്ല ഗുണവും ഉണ്ടോ എന്നു നോക്കിയാലും പോരാ, ഏറ്റവും ഗുണം എന്താണെന്നുതന്നെ നോക്കേണ്ടതുണ്ടെന്നും, അതിനു ഹാനികരമായതൊന്നും ചെയ്യരുതെന്നുമത്രെ ഇതു സൂചിപ്പിക്കുന്നത്‌. അനാഥകളുടെ ധനത്തെ സംബന്ധിച്ചും സൂറത്തുന്നിസാഇല്‍വെച്ചു പലതും നാം കാണുകയുണ്ടായി. അതുകൊണ്ട്‌ ഇവിടെ കൂടുതലൊന്നും പ്രസ്‌താവിക്കുന്നില്ല.

(7) അളവും തൂക്കവും പൂര്‍ത്തിയാക്കിക്കൊടുക്കണം: അഥവാ അതില്‍ കൃത്രിമവും കുറവും വരുത്തരുത്‌. ഇതിനെപറ്റിയും ക്വുര്‍ആനിലും ഹദീഥിലും ധാരാളം പ്രസ്‌താവനകള്‍ കാണാവുന്നതാണ്‌. അളത്തത്തിലും തൂക്കത്തിലും വഞ്ചിക്കുന്നവരെപറ്റി ഗൗരവ സ്വരത്തില്‍ സൂ: മുത്വഫ്‌ഫിഫീനില്‍ അല്ലാഹു ചോദിക്കുന്നു: أَلَا يَظُنُّ أُولَـٰئِكَ أَنَّهُم مَّبْعُوثُونَ ﴿٤﴾ لِيَوْمٍ عَظِيمٍ ﴿٥﴾ يَوْمَ يَقُومُ النَّاسُ لِرَبِّ الْعَالَمِينَ ﴿٦﴾ (അക്കൂട്ടര്‍ വിചാരിക്കുന്നില്ലേ, ഒരു വമ്പിച്ച ദിവസത്തേക്കു – അതായതു ലോക രക്ഷിതാവിങ്കലേക്ക് മനുഷ്യര്‍ എഴുന്നേറ്റു വരുന്ന ദിവസം – തങ്ങള്‍ എഴുന്നേല്‍പിക്കപ്പെടുന്നവരാകുന്നുവെന്ന്‌?!) അളത്തവും തൂക്കവും ശരിക്കു നിര്‍വ്വഹിക്കണമെന്നു ശുഐബ്‌ നബി (عليه الصلاة والسلام) തന്റെ ജനതയോട്‌ ഉപദേശിക്കുകയും, അതു അനുസരിക്കാതിരുന്ന ആ ജനത മുഴുവനും ഒരു പൊതു ശിക്ഷക്കു പാത്രമാകുകയും ചെയ്‌ത സംഭവം സൂ: ശുഅറാഇല്‍ കാണാവുന്നതാണ്‌. ഈ കല്‌പനയോടു ചേര്‍ന്നുകൊണ്ട്‌ അല്ലാഹു ഒരു പൊതുതത്വം ഇവിടെ ഓര്‍മിപ്പിച്ചിരിക്കുന്നതു ശ്രദ്ധിക്കുക: لَا نُكَلِّفُ نَفْسًا إِلَّا وُسْعَهَا (ഒരാളോടും ആ ആളുടെ കഴിവനുസരിച്ചല്ലാതെ നാം ശാസിക്കുകയില്ല). എത്ര സൂക്ഷിച്ചാലും ഇടപാടുകളില്‍ മനുഷ്യനു ചിലപ്പോള്‍ പരിപൂര്‍ണമായും കൃത്യം പാലിക്കുവാന്‍ കഴിയാതെ വന്നേക്കുമെന്നു പരമകാരുണികനായ അല്ലാഹുവിനു അറിയാമല്ലോ. അതുകൊണ്ടാണിതു ഇവിടെ ഉണര്‍ത്തുന്നത്‌. കഴിയുന്നത്ര സൂക്ഷിച്ചിട്ടു പിന്നെയും വല്ല ക്രമക്കേടും വന്നുപോയാല്‍, അവന്‍ പൊറുത്തു കൊടുക്കുമെന്നാണ്‌ ഇതിലടങ്ങിയ സൂചന.

(8) വല്ല കാര്യവും പറയുമ്പോള്‍ അതില്‍ നീതി പാലിക്കണം: അടുത്ത ബന്ധുക്കളും അല്ലാത്തവരുമെന്ന വ്യത്യാസം പാടില്ല. അഥവാ അടുത്ത ബന്ധമുള്ളവരുടെ ഗുണത്തിനുവേണ്ടിയോ, അവര്‍ക്കു വല്ല ദോഷവും ബാധിക്കാതിരിക്കുവാന്‍ വേണ്ടിയോ സത്യത്തിനും നീതിക്കും നിരക്കാത്ത വാക്കുകള്‍ പറയരുത്‌. സൂ: നിസാഉ്‌ 135; മാഇദഃ:9 മുതലായ വചനങ്ങളിലും, അവയുടെ വ്യാഖ്യാനത്തിലും വിവരിച്ച കാര്യങ്ങള്‍ ഇവിടെയും ഓര്‍ക്കുക.

(9) അല്ലാഹുവിന്റെ വക കരാറുകള്‍ നിറവേറ്റണം: عَهْد اللَّـهِ എന്ന വാക്കിനാണു ഇവിടെ അല്ലാഹുവിന്റെ കരാര്‍ എന്നു അര്‍ത്ഥം നല്‍കപ്പെട്ടിരിക്കുന്നത്‌. عَهْد എന്ന പദത്തിന്റെ അര്‍ത്ഥോദ്ദേശ്യങ്ങളെക്കുറിച്ചു പല പ്രാവശ്യം മുമ്പു വിവരിച്ചിട്ടുണ്ട്‌. മനുഷ്യന്‍ അല്ലാഹുവിനോടും, അവനെ മുന്‍നിറുത്തിയും ചെയ്യുന്ന പ്രതിജ്ഞകളും, മനുഷ്യന്റെ നൈസര്‍ഗ്ഗികമായ ബോധത്തിന്റെയും തെളിവുകളുടെയും അടിസ്ഥാനത്തില്‍ അല്ലാഹുവിനോടു അവന്‍ പാലിക്കേണ്ടുന്ന ബാധ്യതകളും അതില്‍ ഉള്‍പെടുന്നു. മനുഷ്യന്‍ മനുഷ്യനോടു ചെയ്യുന്ന കരാറുകളും അതില്‍ ഉള്‍പ്പെടുന്നതാണ്‌. അല്ലാഹു പറയുന്നു: وَأَوْفُوا بِعَهْدِ اللَّهِ إِذَا عَاهَدتُّمْ (നിങ്ങള്‍ പരസ്‌പരം കരാര്‍ – അഥവാ ഉടമ്പടി – നടത്തിയാല്‍ നിങ്ങള്‍ അല്ലാഹുവിന്റെ വക കരാറു നിറവേറ്റുവിന്‍ (16:91). മനുഷ്യനില്‍ നാലു കാര്യങ്ങള്‍ ഉണ്ടായാല്‍ അവന്‍ തനി കപടവിശ്വാസിയാകുമെന്നും, അവയില്‍ ഒന്നുണ്ടായാല്‍ കാപട്യത്തിന്റെ ഒരു കാര്യം അവനില്‍ ഉണ്ടാകുന്നതാണെന്നും പറഞ്ഞുകൊണ്ടടു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) എണ്ണിപ്പറഞ്ഞ കാര്യങ്ങള്‍ ഇവയാണ്‌: ‘വര്‍ത്തമാനത്തില്‍ കളവു പറയുക, വാഗ്‌ദത്തം പാലിക്കാതിരിക്കുക, കരാറു വഞ്ചിക്കുക, തമ്മില്‍ പിണങ്ങിയാല്‍ തോന്നിവാസം പ്രവര്‍ത്തിക്കുക’ (ബു; മു).

ഈ കാര്യങ്ങളൊക്കെ അല്ലാഹു നിങ്ങളോടു ചെയ്യുന്ന വസ്വിയ്യത്താണ്‌ (ذَٰلِكُمْ وَصَّاكُم بِهِ) എന്നു ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടു അവയുടെ പരിപാവനത്വവും ഗൗരവവും അല്ലാഹു ചൂണ്ടിക്കാട്ടിയിരിക്കുന്നു. ആദ്യത്തെ അഞ്ചു കാര്യങ്ങള്‍ക്കു ശേഷം നിങ്ങള്‍ ബുദ്ധികൊടുത്തു മനസ്സിലാക്കുവാന്‍ വേണ്ടിയാണ്‌ ഇതു വിവരിക്കുന്നത്‌ (لَعَلَّكُمْ تَعْقِلُونَ) എന്നും, പിന്നത്തെ നാലു കാര്യങ്ങള്‍ക്കു ശേഷം നിങ്ങള്‍ ഉറ്റാലോചിക്കുവാന്‍ വേണ്ടിയാണു അതു (لَعَلَّكُمْ تَذَكَّرُونَ) എന്നും പറഞ്ഞിരിക്കുന്നു. അവസാനം മേല്‍പറഞ്ഞ കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടിക്കൊണ്ട്‌ അല്ലാഹു പറയുന്നു:- ഇതാ, ഇതാണു ഞാന്‍ നിങ്ങള്‍ക്കു നിര്‍ദ്ദേശിച്ചു തന്നിട്ടുള്ള – വക്രതയും കോട്ടവുമില്ലാതെ നേര്‍ക്കു നേരെ നിലകൊള്ളുന്ന – എന്റേതായ പാത (وَأَنَّ هَٰذَا صِرَاطِي مُسْتَقِيمًا). ഇതിലേക്കാണു ഞാന്‍ നിങ്ങളെ ക്ഷണിക്കുന്നത്‌. ഇതു നിങ്ങള്‍ പിന്‍പറ്റിക്കൊള്ളുവിന്‍ (فَاتَّبِعُوه). ഇതാണ്‌ നിങ്ങള്‍ക്കുള്ള ഏക രക്ഷാമാര്‍ഗ്ഗം. ഇതല്ലാത്ത മാര്‍ഗ്ഗങ്ങള്‍ വേറെയും പലതുണ്ട്‌. അവയില്‍ നിങ്ങള്‍ ഏതു സ്വീകരിച്ചാലും നിങ്ങള്‍ ആ നേര്‍മാര്‍ഗ്ഗത്തില്‍നിന്നു വേറിട്ടു വഴിപിഴച്ചുപോകും. അതുകൊണ്ട്‌ ആ മാര്‍ഗ്ഗങ്ങളെയൊന്നും നിങ്ങള്‍ പിന്‍പറ്റിപ്പോകരുത്‌. (وَلَا تَتَّبِعُوا السُّبُلَ فَتَفَرَّقَ بِكُمْ عَن سَبِيلِهِ) ഇതെല്ലാം – ഇങ്ങിനെയൊക്കെ – ഇത്രയൊക്കെ – വിവരിച്ചു തരുന്നതു അല്ലാഹു നിങ്ങളോട്‌ ചെയ്യുന്ന വസ്വിയ്യത്തായിക്കൊണ്ടാണു (ذَٰلِكُمْ وَصَّاكُم بِهِ). നിങ്ങളെ വിഷമിപ്പിക്കുവാന്‍ ഉദ്ദേശിച്ചുകൊണ്ടോ, ഇതു മൂലം അവനു വല്ല നേട്ടവും ഉള്ളതു കൊണ്ടോ ചെയ്യുന്ന വസ്വിയ്യത്തല്ല. നിങ്ങളുടെ ഗുണത്തിനു വേണ്ടിത്തന്നെയുള്ള വസ്വിയ്യത്താകുന്നു. അതെ, നിങ്ങള്‍ സൂക്ഷ്‌മത പാലിച്ചു ഭയഭക്തരായിത്തീരുവാന്‍ വേണ്ടിയാണ്‌ (لَعَلَّكُمْ تَتَّقُونَ).

അല്ലാഹു അക്‌ബര്‍! മനുഷ്യന്‍ ചിന്തിച്ചു മനസ്സിലാക്കുവാന്‍ വേണ്ടി അല്ലാഹു കാര്യങ്ങള്‍ വിവിധ രൂപത്തില്‍ വിവരിച്ചു മനസ്സിലാക്കിക്കൊടുക്കുന്നത്‌ എങ്ങിനെയൊക്കെയാണെന്ന്‌ ആലോചിച്ചു നോക്കൂ! (انظُرْ كَيْفَ نُصَرِّفُ الْآيَاتِ لَعَلَّهُمْ يَفْقَهُونَ – الأنعام ٦٥) അല്ലാഹുവേ! ഞങ്ങളെയെല്ലാം കാര്യങ്ങള്‍ ചിന്തിച്ചു ഗ്രഹിക്കുന്ന സജ്ജനങ്ങളുടെ കൂട്ടത്തില്‍ നീ ഉള്‍പ്പെടുത്തേണമേ! ആമീന്‍.

ഇബ്‌നുമസ്‌ഊദ്‌ (رَضِيَ اللهُ تَعَالَى عَنْهُ)ല്‍ നിന്നും, ജാബിര്‍ (رَضِيَ اللهُ تَعَالَى عَنْهُ) വില്‍നിന്നും – വാക്കുകളില്‍ അല്‍പാല്‍പം വ്യത്യാസത്തോടുകൂടിയാണെങ്കിലും – പല മാര്‍ഗ്ഗങ്ങളില്‍ കൂടി നിവേദനം ചെയ്യപ്പെട്ടിട്ടുള്ള ഒരു ഹദീഥിന്റെ സാരം ഇപ്രകാരമാകുന്നു: നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) നിലത്തു ഒരു നേര്‍രേഖ വരച്ചു, പിന്നീടു അതിന്റെ വലത്തോട്ടും ഇടത്തോട്ടുമായി ചില രേഖകള്‍ വരച്ചു. എന്നിട്ട്‌ മധ്യത്തിലെ നേര്‍രേഖയില്‍ കൈവച്ചുകൊണ്ട്‌ وَأَنَّ هَٰذَا صِرَاطِي مُسْتَقِيمًا فَاتَّبِعُوهُ …… الخ (ഇതാ, നേരെ ചൊവ്വെയുള്ള എന്‍റെ പാത….) എന്ന വചനം ഓതി! എന്നിട്ടു പറഞ്ഞു: ‘ഇതാണ്‌ അല്ലാഹുവിന്റേതായ ചൊവ്വായ മാര്‍ഗ്ഗം, മറ്റുള്ളവയും ചില മാര്‍ഗ്ഗങ്ങളാകുന്നു. ഓരോ മാര്‍ഗ്ഗത്തിലും തന്നെ അതിലേക്കു ക്ഷണിച്ചുകൊണ്ടിരിക്കുന്ന പിശാച്‌ ഉണ്ടായിരിക്കും’. (അ; ഹാ; ന; ജ.)

വിഭാഗം - 20

6:154
  • ثُمَّ ءَاتَيْنَا مُوسَى ٱلْكِتَٰبَ تَمَامًا عَلَى ٱلَّذِىٓ أَحْسَنَ وَتَفْصِيلًا لِّكُلِّ شَىْءٍ وَهُدًى وَرَحْمَةً لَّعَلَّهُم بِلِقَآءِ رَبِّهِمْ يُؤْمِنُونَ ﴾١٥٤﴿
  • പിന്നെ [മറ്റൊരു കാര്യം]: നന്മ പ്രവര്‍ത്തിച്ചവരുടെ മേല്‍ (അനുഗ്രഹത്തിന്റെ) ഒരു പൂര്‍ത്തീകരണമായിക്കൊണ്ടു മൂസാക്കു നാം (വേദ) ഗ്രന്ഥം നല്‍കി. എല്ലാ കാര്യത്തിനും വിശദീകരണവും, മാര്‍ഗ്ഗദര്‍ശനവും, കാരുണ്യവുമായിക്കൊണ്ടും, അവര്‍ തങ്ങളുടെ റബ്ബുമായി കണ്ടുമുട്ടുന്നതില്‍ വിശ്വസിക്കുവാന്‍വേണ്ടി (അഥവാ, വിശ്വസിച്ചേക്കാം).
  • ثُمَّ പിന്നെ آتَيْنَا നാം നല്‍കി, കൊടുത്തു مُوسَى മൂസാക്കു الْكِتَابَ ഗ്രന്ഥം تَمَامًا ഒരു പൂര്‍ത്തികരണമാ (പൂര്‍ണ്ണതയാ) യിട്ടു عَلَى الَّذِي യാതൊരാള്‍ക്കു (യാതൊരുവര്‍ക്കു) أَحْسَنَ നന്മചെയ്ത وَتَفْصِيلًا വിശദീകരണമായും لِّكُلِّ شَيْءٍ എല്ലാ കാര്യത്തിനും وَهُدًى മാര്‍ഗ്ഗദര്‍ശനമായും وَرَحْمَةً കാരുണ്യമായും لَّعَلَّهُم അവര്‍ ആയേക്കാം, ആകുവാന്‍ വേണ്ടി بِلِقَاءِ കണ്ടുമുട്ടുന്നതില്‍ (കാഴ്ചയെപ്പറ്റി) رَبِّهِمْ തങ്ങളുടെ റബ്ബിനെ يُؤْمِنُونَ അവര്‍ വിശ്വസിക്കും
6:155
  • وَهَٰذَا كِتَٰبٌ أَنزَلْنَٰهُ مُبَارَكٌ فَٱتَّبِعُوهُ وَٱتَّقُوا۟ لَعَلَّكُمْ تُرْحَمُونَ ﴾١٥٥﴿
  • (ഇതാ) ഇതും നാം അവതരിപ്പിച്ചതായ ഒരു അനുഗ്രഹീത [വര്‍ദ്ധിച്ച നന്മകളുള്ള] ഗ്രന്ഥമാകുന്നു. അതിനാല്‍, അതിനെ പിന്‍പറ്റുകയും, സൂക്ഷ്മത പാലിക്കുകയും ചെയ്യുവിന്‍; നിങ്ങള്‍ക്കു കരുണ ചെയ്യപ്പെട്ടേക്കാം.
  • وَهَـٰذَا ഇതാ, ഇതും كِتَابٌ ഒരു ഗ്രന്ഥമാകുന്നു أَنزَلْنَاهُ നാമതു അവതരിപ്പിച്ചിരിക്കുന്നു مُبَارَكٌ അനുഗ്രഹീത فَاتَّبِعُوهُ അതിനാല്‍ അതു പിന്‍പറ്റുവിന്‍ وَاتَّقُوا സൂക്ഷിക്കുകയും ചെയ്യുവിന്‍ لَعَلَّكُمْ നിങ്ങളായേക്കാം, ആകുവാന്‍ വേണ്ടി تُرْحَمُونَ നിങ്ങള്‍ക്കു കരുണ ചെയ്യപ്പെടും

ثُمَّ (പിന്നെ) എന്ന അവ്യയം ഇവിടെ സാധാരണപോലെ കാലക്രമം കുറിക്കുന്നതല്ല. ഒരു വിഷയത്തില്‍ നിന്നു മറ്റൊന്നിലേക്കുള്ള നീക്കത്തെ കുറിക്കുന്നതാകുന്നു. ‘പിന്നെ’ എന്ന പദം മലയാളത്തിലും ഇങ്ങിനെ ഉപയോഗിക്കാറുണ്ടല്ലോ. അല്ലാഹു മനുഷ്യരെ ക്ഷണിച്ചുകൊണ്ടിരിക്കുന്ന നേരായ മാര്‍ഗ്ഗം വിവരിച്ചതിനുശേഷം അല്ലാഹു പറയുകയാണു: പിന്നെ, മറ്റൊരു വിഷയം നിങ്ങളെ ഓര്‍മ്മിപ്പിക്കുന്നു. മൂസാ നബിക്കു നാം തൗറാത്തു നല്‍കുകയുണ്ടായ വിവരം നിങ്ങള്‍ക്കറിയാമല്ലോ. സല്‍പ്രവൃത്തികള്‍ ചെയ്യുന്ന നല്ല ആളുകളെ സംബന്ധിച്ചിടത്തോളം അതു അവര്‍ക്കു ലഭിച്ച അനുഗ്രഹങ്ങളുടെ ഒരു പൂര്‍ത്തീകരണം തന്നെയായിരുന്നു. ആവശ്യമായ എല്ലാ കാര്യങ്ങളുടെയും വിശദീകരണവും, സന്മാര്‍ഗ്ഗത്തിലേക്കുള്ള വഴികാട്ടിയും, അല്ലാഹുവില്‍നിന്നും ജനങ്ങള്‍ക്കു ലഭിച്ച വമ്പിച്ച കാരുണ്യവുമായിരുന്നു ആ ഗ്രന്ഥം. അതുപോലെത്തന്നെ നാം അവതരിപ്പിച്ച ഒരു അനുഗൃഹീത ഗ്രന്ഥമാണ്‌ ഈ ക്വുര്‍ആനും. നടാടെ പുത്തനായി അവതരിച്ച ഒന്നല്ല അത്‌. ആകയാല്‍ അതിന്റെ അദ്ധ്യാപനങ്ങള്‍ പിന്‍പറ്റി ദോഷബാധകളെ സൂക്ഷിച്ചുകൊണ്ട്‌ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ക്കു പാത്രമായിത്തീരുവാന്‍ ശ്രമിക്കുവിന്‍.

എന്നാല്‍ പിന്നെ, മൂസാ (عليه الصلاة والسلام) നബിക്കു നല്‍കപ്പെട്ട ആ ഗ്രന്ഥത്തിനു പുറമെ മറ്റൊരു ഗ്രന്ഥം കൂടി എന്തിനു അവതരിപ്പിച്ചു? എന്നു ആ മുശ്‌രിക്കുകള്‍ ചോദിച്ചേക്കാമല്ലോ. ഇതിനു അല്ലാഹു മറുപടി നല്‍കുന്നു:-

6:156
  • أَن تَقُولُوٓا۟ إِنَّمَآ أُنزِلَ ٱلْكِتَٰبُ عَلَىٰ طَآئِفَتَيْنِ مِن قَبْلِنَا وَإِن كُنَّا عَن دِرَاسَتِهِمْ لَغَٰفِلِينَ ﴾١٥٦﴿
  • (അതെ) നിങ്ങള്‍ പറയുമെന്നതിനാല്‍: "ഞങ്ങളുടെ മുമ്പുള്ള രണ്ടു വിഭാഗക്കാര്‍ക്കു മാത്രമാണു (വേദ) ഗ്രന്ഥം അവതരിപ്പിക്കപ്പെട്ടിരിക്കുന്നതു; നിശ്ചയമായും, അവരുടെ പഠനത്തെക്കുറിച്ചു ഞങ്ങള്‍ അശ്രദ്ധര്‍ [അപരിചിതര്‍] ആയിരുന്നു താനും.'
  • أَن تَقُولُوا നിങ്ങള്‍ പറയുമെന്നതിനാല്‍, പറയുന്നതു കാരണം إِنَّمَا أُنزِلَ നിശ്ചയമായും ഇറക്കപ്പെട്ടിരിക്കുന്നു (എന്നുമാത്രം) الْكِتَابُ വേദ ഗ്രന്ഥം عَلَىٰ طَائِفَتَيْنِ രണ്ടു വിഭാഗക്കാര്‍ക്കു (മാത്രം) مِن قَبْلِنَا ഞങ്ങളുടെ മുമ്പു وَإِن كُنَّا നിശ്ചയമായും ഞങ്ങളായിരുന്നു عَن دِرَاسَتِهِمْ അവരുടെ പഠനത്തെ (പഠിപ്പിനെ) പ്പറ്റി لَغَافِلِينَ അശ്രദ്ധര്‍ (തന്നെ)
6:157
  • أَوْ تَقُولُوا۟ لَوْ أَنَّآ أُنزِلَ عَلَيْنَا ٱلْكِتَٰبُ لَكُنَّآ أَهْدَىٰ مِنْهُمْ ۚ فَقَدْ جَآءَكُم بَيِّنَةٌ مِّن رَّبِّكُمْ وَهُدًى وَرَحْمَةٌ ۚ فَمَنْ أَظْلَمُ مِمَّن كَذَّبَ بِـَٔايَٰتِ ٱللَّهِ وَصَدَفَ عَنْهَا ۗ سَنَجْزِى ٱلَّذِينَ يَصْدِفُونَ عَنْ ءَايَٰتِنَا سُوٓءَ ٱلْعَذَابِ بِمَا كَانُوا۟ يَصْدِفُونَ ﴾١٥٧﴿
  • അല്ലെങ്കില്‍, നിങ്ങള്‍ പറയുമെന്നതിനാല്‍: "ഞങ്ങള്‍ക്കു (വേദ) ഗ്രന്ഥം അവതരിപ്പിക്കപ്പെട്ടിരുന്നെങ്കില്‍, ഞങ്ങള്‍ അവരെക്കാള്‍ സന്മാര്‍ഗ്ഗം പ്രാപിച്ചവര്‍ തന്നെ ആകുമായിരുന്നു." എന്നാല്‍, നിങ്ങളുടെ റബ്ബിങ്കല്‍ നിന്നും നിങ്ങള്‍ക്കു വ്യക്തമായ തെളിവും, മാര്‍ഗ്ഗദര്‍ശനവും, കാരുണ്യവും (ഇതാ) വന്നു കഴിഞ്ഞിരിക്കുന്നു. അപ്പോള്‍, അല്ലാഹുവിന്റെ ആയത്തു [ലക്‌ഷ്യം]കളെ വ്യാജമാക്കുകയും, അവയെ വിട്ടുതിരിഞ്ഞു പോകുകയും ചെയ്തവനെക്കാള്‍ അക്രമി ആരാണു?! നമ്മുടെ 'ആയത്തു' [ലക്‌ഷ്യം]കളെ വിട്ടുതിരിഞ്ഞു പോകുന്നവര്‍ക്കു നാം കടുത്ത ശിക്ഷ പ്രതിഫലം നല്‍കിക്കൊള്ളാം; അവര്‍ തിരിഞ്ഞു പോയിക്കൊണ്ടിരിക്കുന്നതു നിമിത്തം!
  • أَوْ تَقُولُوا അല്ലെങ്കില്‍ നിങ്ങള്‍ പറയുമെന്നതിനാല്‍ لَوْ أَنَّا ഞങ്ങളായിരുന്നെങ്കില്‍ أُنزِلَ عَلَيْنَا ഞങ്ങള്‍ക്കു (ഞങ്ങളുടെ മേല്‍) അവതരിപ്പിക്കപ്പെട്ടിരുന്നു(വെങ്കില്‍) الْكِتَابُ ഗ്രന്ഥം لَكُنَّا ഞങ്ങളായിരിക്കുക തന്നെ ചെയ്യും أَهْدَىٰ مِنْهُمْ അവരെക്കാള്‍ സന്മാര്‍ഗ്ഗം പ്രാപിച്ചവര്‍ فَقَدْ جَاءَكُم എന്നാല്‍ നിങ്ങള്‍ക്കു വന്നിട്ടുണ്ട്, വന്നു കഴിഞ്ഞു بَيِّنَةٌ (വ്യക്തമായ) തെളിവു مِّن رَّبِّكُمْ നിങ്ങളുടെ റബ്ബിങ്കല്‍ നിന്നു وَهُدًى മാര്‍ഗ്ഗദര്‍ശനവും وَرَحْمَةٌ കാരുണ്യവും فَمَنْ അപ്പോള്‍ ആരാണു أَظْلَمُ അധികം അക്രമി مِمَّن كَذَّبَ വ്യാജമാക്കിയവനെക്കാള്‍ بِآيَاتِ اللَّـهِ അല്ലാഹുവിന്റെ ആയത്തുകളെ وَصَدَفَ അവന്‍ തിരിഞ്ഞുപോകുക (തിരിച്ചുവിടുക)യും ചെയ്തു عَنْهَا അതില്‍ നിന്നു سَنَجْزِي നാം പ്രതിഫലം കൊടുത്തുകൊള്ളും, (കൊള്ളാം) الَّذِينَ يَصْدِفُونَ തിരിഞ്ഞു പോകുന്നവര്‍ക്കു عَنْ آيَاتِنَا നമ്മുടെ ആയത്തുകളില്‍നിന്നു, ലക്ഷ്യങ്ങള്‍ വിട്ട് سُوءَ الْعَذَابِ ശിക്ഷയില്‍ മോശമായതു (കടുത്ത ശിക്ഷ) بِمَا كَانُوا അവരായിരുന്നതു നിമിത്തം يَصْدِفُونَ തിരിഞ്ഞുപോകും

‘മുമ്പുള്ള രണ്ടു വിഭാഗക്കാര്‍’ എന്നു പറഞ്ഞതു യഹൂദികളും ക്രിസ്ത്യാനികളും ആകുന്നു. അവര്‍ക്കല്ലേ വേദഗ്രന്ഥം അവതരിച്ചിട്ടുള്ളു, അറബികളാകുന്ന ഞങ്ങള്‍ക്കു അവതരിച്ചിട്ടില്ലല്ലോ…. എനിങ്ങനെ ആ മുശ്രികുകള്‍ പറയാതിരിക്കുവാന്‍ എന്നു സാരം. ആ നിഷേധികളുടെ നിഷേധം എത്രമാത്രം കടുത്തതാണെന്നു അല്ലാഹു ചൂണ്ടിക്കാട്ടുന്നു:-

6:158
  • هَلْ يَنظُرُونَ إِلَّآ أَن تَأْتِيَهُمُ ٱلْمَلَٰٓئِكَةُ أَوْ يَأْتِىَ رَبُّكَ أَوْ يَأْتِىَ بَعْضُ ءَايَٰتِ رَبِّكَ ۗ يَوْمَ يَأْتِى بَعْضُ ءَايَٰتِ رَبِّكَ لَا يَنفَعُ نَفْسًا إِيمَٰنُهَا لَمْ تَكُنْ ءَامَنَتْ مِن قَبْلُ أَوْ كَسَبَتْ فِىٓ إِيمَٰنِهَا خَيْرًا ۗ قُلِ ٱنتَظِرُوٓا۟ إِنَّا مُنتَظِرُونَ ﴾١٥٨﴿
  • അവര്‍ [ആ മുശ്രിക്കുകള്‍] നോക്കി (ക്കാത്തു) ക്കൊണ്ടിരിക്കുന്നുവോ? മലക്കുകള്‍ അവരുടെ അടുക്കല്‍ വരുകയോ, അല്ലെങ്കില്‍ നിന്റെ റബ്ബു (തന്നെ) വരുകയോ, അല്ലെങ്കില്‍ നിന്റെ റബ്ബിന്റെ ചില ദൃഷ്ടാന്തങ്ങള്‍ വരുകയോ ചെയ്യുന്നതല്ലാതെ! നിന്റെ റബ്ബിന്റെ ചില ദൃഷ്ടാന്തങ്ങള്‍ വരുന്ന ദിവസം, മുമ്പ് വിശ്വസിക്കുകയോ, തന്റെ വിശ്വാസത്തില്‍ വല്ല നന്‍മയും (ചെയ്തു) സമ്പാദിക്കുകയോ ചെയ്തിരുന്നിട്ടില്ലാത്ത ഒരു ആത്മാവിനും [ആള്‍ക്കും] അതിന്റെ (അപ്പോഴത്തെ) വിശ്വാസം ഉപകരിക്കുകയില്ല. പറയുക: "നിങ്ങള്‍ (നോക്കി) കാത്തിരിക്കുവിന്‍; ഞങ്ങള്‍ (നോക്കി) കാത്തുകൊണ്ടിരിക്കുന്നവരാണ്."
  • هَلْ يَنظُرُونَ അവര്‍ നോക്കുന്നു (കാത്തിരിക്കുന്നു)വോ إِلَّا أَن تَأْتِيَهُمُ അവര്‍ക്കു വരുന്നതിനെയല്ലാതെ الْمَلَائِكَةُ മലക്കുകള്‍ أَوْ يَأْتِيَ അല്ലെങ്കില്‍ വരുന്നതിനെ رَبُّكَ നിന്റെ റബ്ബു أَوْ يَأْتِيَ അല്ലെങ്കില്‍ വരുന്നതിനെ بَعْضُ آيَاتِ ദൃഷ്ടാന്തങ്ങളില്‍ ചിലതു, ചില ദൃഷ്ടാന്തങ്ങള്‍ رَبِّكَ നിന്റെ റബ്ബിന്റെ يَوْمَ يَأْتِي വരുന്ന ദിവസം بَعْضُ آيَاتِ ദൃഷ്ടാന്തങ്ങളില്‍ ചിലതു, ചില ദൃഷ്ടാന്തങ്ങള്‍ رَبِّكَ നിന്റെ റബ്ബിന്റെ لَا يَنفَعُ ഉപകാരം (ഫലം) ചെയ്കയില്ല نَفْسًا ഒരു ആത്മാവിനും (ആള്‍ക്കും) إِيمَانُهَا അതിന്റെ വിശ്വാസം لَمْ تَكُنْ آمَنَتْ അതു വിശ്വസിച്ചിരുന്നില്ല مِن قَبْلُ മുമ്പു, മുമ്പേ أَوْ كَسَبَتْ അല്ലെങ്ക്ല്‍ സമ്പാദിക്കുകയുണ്ടായി (രുന്നില്ല) فِي إِيمَانِهَا അതിന്റെ വിശ്വാസത്തില്‍ خَيْرًا നന്‍മ, ഗുണം قُلِ പറയുക انتَظِرُوا നിങ്ങള്‍ (നോക്കി) കാത്തിരിക്കുവിന്‍ إِنَّا مُنتَظِرُونَ ഞങ്ങള്‍ നോക്കിക്കാത്തിരിക്കുന്നവരാണു

ധാരാളം തെളിവുകളും ദൃഷ്‌ടാന്തങ്ങളും ലഭിച്ചു കഴിഞ്ഞിട്ടു പിന്നെയും അവര്‍ വിശ്വസിക്കുവാന്‍ തയ്യാറില്ലെങ്കില്‍, എനി ഏതുവരെയാണ്‌ അവര്‍ക്കു കാത്തിരിക്കുവാനുള്ളത്‌? മലക്കുകളോ, അല്ലെങ്കില്‍ അല്ലാഹു തന്നെയോ വന്നു കാണണമെന്നാണോ? അതു രണ്ടും ഈ ലോകത്തുവെച്ചു അവര്‍ക്കു കാണുവാന്‍ സാധിക്കുന്ന കാര്യങ്ങളല്ല. അതല്ലെങ്കില്‍ പുതുതായി ചില പ്രത്യേക ദൃഷ്‌ടാന്തങ്ങള്‍ കാണണമെന്നാണോ? അങ്ങിനെയാണെങ്കില്‍ എനി ചില പ്രത്യേക ദൃഷ്‌ടാന്തങ്ങള്‍ വരുവാനുണ്ട്‌. അവ വരുമ്പോള്‍ അവര്‍ വിശ്വസിക്കുവാന്‍ നിര്‍ബ്ബന്ധിതരാകുകയും ചെയ്യും. പക്ഷേ, ആ വിശ്വാസം കൊണ്ടു ഒരു ഫലവും സിദ്ധിക്കുവാനില്ല. വിശ്വസിക്കുവാനും നിഷേധിക്കുവാനും സ്വാതന്ത്ര്യമുള്ളപ്പോള്‍ സ്വേഷ്‌ടമനുസരിച്ചുള്ള വിശ്വാസം കൊണ്ടേ പ്രയോജനമുള്ളൂ. അതുകൊണ്ട്‌ അത്തരം ദൃഷ്‌ടാന്തങ്ങള്‍ വല്ലതും വരുമ്പോള്‍, അതിന്റെ മുമ്പു വിശ്വസിച്ചിരിക്കുകയും, ആ വിശ്വാസമനുസരിച്ചു നല്ല കര്‍മ്മങ്ങള്‍ ചെയ്‌തു സമ്പാദിച്ചിരിക്കുകയും ചെയ്‌തിട്ടില്ലാത്തവര്‍ അപ്പോള്‍ വിശ്വസിക്കുന്ന ആ വിശ്വാസംകൊണ്ടു ഒരു പ്രയോജനവും ഉണ്ടാകുകയില്ല. അതിനാല്‍, നേരത്തെത്തന്നെ വിശ്വസിക്കുകയാണു അവര്‍ക്കു നല്ലത്‌. അതിനു അവര്‍ തയ്യാറില്ലെങ്കില്‍, നിങ്ങളുടെ ഭാവി നിങ്ങള്‍ കാത്തിരുന്നു കണ്ടുകൊള്ളുക – ഞങ്ങളുടെ ഭാവി ഞങ്ങളും കാത്തിരിക്കട്ടെ – എന്നു പറഞ്ഞു അവരില്‍ നിന്നു ഒഴിഞ്ഞുമാറിക്കൊള്ളുക എന്നു സാരം.

لَوْلَا أُنزِلَ عَلَيْنَا الْمَلَائِكَةُ أَوْ نَرَىٰ رَبَّنَا (ഞങ്ങളുടെ മേല്‍ മലക്കുകളെ ഇറക്കപ്പെടുകയോ, ഞങ്ങള്‍ ഞങ്ങളുടെ റബ്ബിനെ കാണുകയോ ചെയ്‌തുകൂടേ?! (25:21) എന്നു മുശ്‌രിക്കുകള്‍ ചോദിക്കുകയുണ്ടായിട്ടുണ്ട്‌. പലതരം ദൃഷ്‌ടാന്തങ്ങളെ നിനച്ചുണ്ടാക്കി അവയില്‍ ഏതെങ്കിലും ഒന്നു കാണാതെ ഞങ്ങള്‍ വിശ്വസിക്കുകയില്ല എന്നു പറഞ്ഞ കൂട്ടത്തില്‍ أَوْ تَأْتِيَ بِاللَّهِ وَالْمَلَائِكَةِ قَبِيلًا (അല്ലെങ്കില്‍ നീ അല്ലാഹുവിനെയും, കൂട്ടം കൂട്ടമായി മലക്കുകളെയും കൊണ്ടുവരണം – 17:92) എന്നും അവര്‍ പറഞ്ഞിരുന്നു. അവരുടെ ഇത്തരം വാക്കുകളെ സൂചിപ്പിച്ചുകൊണ്ടായിരിക്കും അല്ലാഹുവിനെയോ, മലക്കുകളെയോ, ചില പ്രത്യേക ദൃഷ്‌ടാന്തങ്ങളെയോ കാണുവാന്‍ കാത്തിരിക്കുകയാണോ നിങ്ങള്‍ എന്നു അല്ലാഹു അവരോടു ചോദിക്കുന്നത്‌. അല്ലാഹുവിനെയും, മലക്കുകളെയും ഈ ജീവിതത്തില്‍വെച്ചു അവര്‍ക്കു കാണുവാന്‍ സാധിക്കുന്ന കാര്യമല്ലാത്തതുകൊണ്ട്‌ അതിനെപറ്റി മറുപടി പറയേണ്ടുന്ന ആവശ്യമില്ല. ദൃഷ്‌ടാന്തങ്ങളാണെങ്കില്‍, ചിലതെല്ലാം ഈ ലോകത്തു തന്നെ അവര്‍ കാണുകയും ചെയ്‌തിരിക്കുന്നു. എനിയും ചിലതു അനുഭവപ്പെടുവാനിരിക്കുന്നുണ്ടു താനും. ആ സ്ഥിതിക്കു അവ വന്നുകഴിഞ്ഞാലുണ്ടാകുന്ന അവസ്ഥ എന്തായിരിക്കുമെന്നു മാത്രം അല്ലാഹു വിവരിച്ചു. വരാനിക്കുന്ന പ്രസ്‌തുത ദൃഷ്‌ടാന്തങ്ങള്‍ ഏതെല്ലാമാണ്‌? എപ്പോഴാണു സംഭവിക്കുക? എന്നൊന്നും അല്ലാഹു വ്യക്തമാക്കിയിട്ടില്ല. ഈ ഭൗതിക പ്രകൃതി നടപടികള്‍ക്കതീതമായതും, യാഥാര്‍ത്ഥ്യങ്ങളുടെ നഗ്നമായ രൂപം അനുഭവത്തില്‍ വ്യക്തമാകുന്നതുമായ ഏതെങ്കിലും ദൃഷ്‌ടാന്തങ്ങളായിരിക്കാം അവ. അഥവാ, ക്വിയാമത്തു നാളിന്റെ അടയാളങ്ങളായി ഹദീഥുകളില്‍ വന്നിട്ടുള്ള വല്ല ദൃഷ്‌ടാന്തങ്ങളോ, ഏതെങ്കിലും വമ്പിച്ച ശിക്ഷാനടപടികളോ, മരണാസന്ന വേളയില്‍ ഭൗതിക ദൃഷ്‌ടിക്കപ്പുറമുള്ള കാഴ്‌ചകള്‍ അനുഭവപ്പെടുന്നതോ ഒക്കെ ആകാവുന്നതാണ്‌. ഏതായാലും ശരി, അതു വന്നു കഴിഞ്ഞാല്‍ പിന്നീടുണ്ടാകുന്ന വിശ്വാസം സ്വീകാര്യമല്ലെന്നു അല്ലാഹു സ്‌പഷ്‌ടമാക്കുന്നു.

ക്വിയാമത്തുനാളിന്റെ മുന്നോടിയായി പല അടയാളങ്ങളും ദൃഷ്‌ടാന്തങ്ങളും സംഭവിക്കുന്നതാണെന്നു ഹദീഥുകളില്‍നിന്നു അറിയപ്പെട്ടതാകുന്നു. ഈ വിഷയത്തില്‍ വന്നിട്ടുള്ള ഹദീഥുകളില്‍ ചിലതെല്ലാം ദുര്‍ബ്ബലമാണെങ്കിലും പലതും ബലവത്തായതും സ്വീകരിക്കാതിരിക്കുവാന്‍ നിര്‍വ്വാഹമില്ലാത്തതുമാകുന്നു, ഉദാഹരണമായി: റസൂല്‍ (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞതായി അബൂഹുറൈറഃ (رَضِيَ اللهُ تَعَالَى عَنْهُ) ഉദ്ധരിക്കുന്നു: ‘സൂര്യന്‍ അതിന്റെ അസ്‌തമന സ്ഥാനത്തു (പടിഞ്ഞാറു) നിന്നു ഉദയം ചെയ്യുന്നതുവരെ അന്ത്യസമയം നിലനില്‍ക്കുകയില്ല (സംഭവിക്കയില്ല). അതു മനുഷ്യന്‍ കാണുമ്പോള്‍, ഭൂമിയിലുള്ളവരൊക്കെ വിശ്വസിക്കും. അതാണ്‌ ……لَا يَنفَعُ نَفْسًا إِيمَانُهَا (ഒരാത്മാവിനും അതിന്റെ വിശ്വാസം ഉപകരിക്കുകയില്ല…..) എന്നു അല്ലാഹു പറഞ്ഞ അവസരം’ (ബു; മു; ദാ; ജ; ന).

6:159
  • إِنَّ ٱلَّذِينَ فَرَّقُوا۟ دِينَهُمْ وَكَانُوا۟ شِيَعًا لَّسْتَ مِنْهُمْ فِى شَىْءٍ ۚ إِنَّمَآ أَمْرُهُمْ إِلَى ٱللَّهِ ثُمَّ يُنَبِّئُهُم بِمَا كَانُوا۟ يَفْعَلُونَ ﴾١٥٩﴿
  • നിശ്ചയമായും, തങ്ങളുടെ മതത്തെ ഭിന്നിപ്പിക്കുകയും, പല കക്ഷികളായിത്തീരുകയും ചെയ്തിട്ടുള്ളവര്‍, അവരെ സംബന്ധിച്ചു നീ ഒന്നിലുമല്ല. [ഒരു ബാധ്യതയും നിനക്കില്ല.] അവരുടെ കാര്യം അല്ലാഹുവിങ്കലേക്കു മാത്രമാകുന്നു. [അവന്‍ തീരുമാനമെടുത്തുകൊള്ളും]. പിന്നീട്, അവര്‍ ചെയ്തു കൊണ്ടിരിക്കുന്നതിനെപ്പറ്റി അവന്‍ അവരെ ബോധപ്പെടുത്തും.
  • إِنَّ നിശ്ചയമായും الَّذِينَ فَرَّقُوا ഭിന്നിച്ചവര്‍ دِينَهُمْ തങ്ങളുടെ മതത്തെ وَكَانُوا അവരായിരിക്കുകയും ചെയ്തു شِيَعًا (പല) കക്ഷികള്‍ لَّسْتَ നീ അല്ല مِنْهُمْ അവരെ സംബന്ധിച്ചു فِي شَيْءٍ യാതൊന്നിലും إِنَّمَا أَمْرُهُمْ നിശ്ചയമായും അവരുടെ കാര്യം إِلَى اللَّـهِ അല്ലാഹുവിങ്കലേക്കു (മാത്രം) ആകുന്നു ثُمَّ പിന്നീടു يُنَبِّئُهُم അവന്‍ അവരെ ബോധാപ്പെടുത്തും بِمَا كَانُوا അവര്‍ ആയിരുന്നതിനെപ്പറ്റി يَفْعَلُونَ അവര്‍ ചെയ്യും

മതത്തില്‍ ഭിന്നിപ്പുണ്ടാക്കിയവര്‍ അക്കാലത്തെ സംബന്ധിച്ചിടത്തോളം, വേദക്കാരാണെന്നു പറയാമെങ്കിലും ക്വുര്‍ആന്റെ വാക്കുകളില്‍ നിന്നു വ്യക്തമാകുന്നത്‌ അത്‌ ഒരു പൊതുവായ പ്രസ്‌താവനയാണെന്നത്രെ. അതെ, ഇബ്‌നു കഥീര്‍ (رحمه الله) ചൂണ്ടിക്കാട്ടിയതുപോലെ, ഇസ്‌ലാമിലും അതിന്റെ നടപടികളിലും ഛിദ്രവും, കക്ഷിത്വവും, ആശയക്കുഴപ്പവുമുണ്ടാക്കുന്ന എല്ലാവരും അതില്‍ ഉള്‍പ്പെടുന്നതാണ്‌. വ്യക്തികളോ സമൂഹമോ എന്ന വ്യത്യാസവും അതിലില്ല. അങ്ങിനെയുള്ള ആരോടും നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ക്ക്‌ ബന്ധമോ ബാധ്യതയോ ഇല്ലെന്നും, അവരുടെ കാര്യം അല്ലാഹു ഏറ്റുകൊള്ളാമെന്നും, അവരുടെ മേലുള്ള നടപടി അവന്‍ എടുത്തുകൊള്ളുമെന്നും അല്ലാഹു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യെ അറിയിക്കുകയാണ്‌. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യെ അഭിമുഖീകരിച്ചുകൊണ്ടാണ്‌ അല്ലാഹു പ്രസ്‌താവിച്ചതെന്നുവെച്ച്‌ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ കാലത്തുള്ളവരെ മാത്രം ബാധിക്കുന്നതാണു ഇതെന്നു ധരിച്ചുകൂടാ.

ഒരവസരത്തില്‍, ആരാധനകള്‍ ചെയ്യുന്നതിലും, വിവാഹം കഴിക്കുന്നതിലുമൊക്കെ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യെ മാതൃകയാക്കാതിരുന്നവരെപറ്റി നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറയുകയുണ്ടായി: فَمَنْ رَغِبَ عَنْ سُنَّتِي فَلَيْسَ مِنِّي (സാരം: എന്റെ ചര്യവിട്ടു മറ്റൊന്നിനെ ആഗ്രഹിക്കുന്നവര്‍ എന്നില്‍ പെട്ടവരല്ല. (ബു; മു). ക്വിയാമത്തുനാളില്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ അടുക്കല്‍ ‘ഹൗദ്വുല്‍ കൗഥര്‍’ (الحوض الكوثر) എന്ന ജലാശയത്തില്‍ നിന്നു പാനം ചെയ്‌വാന്‍ ചെല്ലുന്നവരില്‍, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ക്ക്‌ പരിചയമുണ്ടായിരുന്ന ചിലര്‍ക്കു അതു തടയപ്പെടുമെന്നും, അവര്‍ എന്റെ കൂട്ടത്തില്‍ പെട്ടവരാണല്ലോ എന്നു അവിടുന്നു പറയുമ്പോള്‍, താങ്കളുടെ ശേഷം അവര്‍ എന്തൊക്കെയാണു പുതുതായി ഉണ്ടാക്കിത്തീര്‍ത്തിരിക്കുന്നതെന്നു താങ്കള്‍ക്കറിയുകയില്ലെന്നു മറുപടി പറയപ്പെടുമെന്നും, അപ്പോള്‍ തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഇപ്രകാരം പറയുന്നതാണെന്നും ഹദീഥില്‍ വന്നിരിക്കുന്നു. سُحْقًا ، سُحْقًا ، لِمَنْ غَيَّرَ بَعْدِي (സാരം: എന്റെ കാലശേഷം ഭേദഗതി വരുത്തിയവര്‍ക്കു വിദൂരനാശം! വിദൂരനാശം! (ബു; മു). ഈ ഹദീഥുകളില്‍ നിന്നു ഏതു കാലത്തും മതത്തില്‍ ഭിന്നിപ്പുണ്ടാക്കിയവരോടു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ക്ക്‌ ബന്ധമില്ലെന്നു പറഞ്ഞതിന്റെ സാരം സാമാന്യമായി മനസ്സിലാക്കാമല്ലോ.

6:160
  • مَن جَآءَ بِٱلْحَسَنَةِ فَلَهُۥ عَشْرُ أَمْثَالِهَا ۖ وَمَن جَآءَ بِٱلسَّيِّئَةِ فَلَا يُجْزَىٰٓ إِلَّا مِثْلَهَا وَهُمْ لَا يُظْلَمُونَ ﴾١٦٠﴿
  • ആര്‍ നന്മ കൊണ്ടുവന്നുവോ അവനു അതിന്റെ പത്തത്ര [പത്തിരട്ടി ഗുണം] ഉണ്ടായിരിക്കും;
    ആര്‍ തിന്‍മ കൊണ്ടുവന്നുവോ അവനു അതിന്റെ അത്രക്കല്ലാതെ പ്രതിഫലം നല്‍കപ്പെടുകയുമില്ല; അവരാകട്ടെ, അവരോട് അനീതി ചെയ്യപ്പെടുകയുമില്ല.
  • مَن جَاءَ ആര്‍ വന്നുവോ, ആരെങ്കിലും വന്നാല്‍ بِالْحَسَنَةِ നന്മയുമായി, നന്മ കൊണ്ടു فَلَهُ എന്നാലവനുണ്ടു عَشْرُ പത്തു أَمْثَالِهَا അതിന്റെ അത്രകള്‍, മാതിരികള്‍ وَمَن جَاءَ ആരെങ്കിലും വന്നാല്‍, ആര്‍ വന്നുവോ بِالسَّيِّئَةِ തിന്മയുമായി, തിന്മകൊണ്ടു فَلَا يُجْزَىٰ എന്നാല്‍ അവനു പ്രതിഫലം നല്‍കപ്പെടുകയില്ല إِلَّا مِثْلَهَا അതിന്റെ അത്ര (മാതിരി) അല്ലാതെ وَهُمْ അവരാകട്ടെ, അവരോ لَا يُظْلَمُونَ അവരോടു അക്രമം (അനീതി) ചെയ്യപ്പെടുകയുമില്ല

ഒരാള്‍ ഒരു നന്മ ചെയ്‌താല്‍ ചുരുങ്ങിയപക്ഷം, അതിന്റെ പത്തിരട്ടിക്കുള്ള പ്രതിഫലം നല്‍കുമെന്നും, ഒരു തിന്മ ചെയ്‌താല്‍ അതിനു അത്രമാത്രം പ്രതിഫലമേ നല്‍കുകയുള്ളുവെന്നും പരമകാരുണികനും കരുണാനിധിയുമായ അല്ലാഹു നമ്മെ അറിയിക്കുന്നു. തിന്മ ചെയ്‌തവനു ഒരു തിന്മയുടെ പ്രതിഫലമേ നല്‍കുകയുള്ളുവെന്നതിനു പുറമെ, അവനോടു ഏതെങ്കിലും തരത്തിലുള്ള യാതൊരു അനീതിയും ചെയ്യപ്പെടുകയില്ലെന്നുകൂടി എടുത്തു പറയുന്നു. ചില സ്ഥലങ്ങളില്‍ مَن جَاءَ بِالْحَسَنَةِ فَلَهُ خَيْرٌ مِّنْهَا (ആരെങ്കിലും നന്മയുമായി വന്നാല്‍ അവനു അതിനെക്കാള്‍ ഉത്തമമായതുണ്ടായിരിക്കും – നംല്‌:89; ക്വസ്വസ്വ്‌:84) എന്നു പറഞ്ഞിട്ടുള്ളതിന്റെ ഒരു വിശദീകരണമാണു ഈ വചനം. ചില സല്‍ക്കര്‍മ്മങ്ങള്‍ക്കു പത്തിരട്ടിക്കുമേല്‍ എഴുന്നൂറിരട്ടിവരെയും കൂടുതലും പ്രതിഫലം നല്‍കപ്പെടുന്നതാണെന്നു അല്‍ബക്വറഃ : 261 ലും അല്ലാഹു അറിയിച്ചിരിക്കുന്നു.

ഈ വിഷയത്തില്‍ ‘ക്വുദ്‌സി’യായ (അല്ലാഹു അരുളിച്ചെയ്‌തതായി നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഉദ്ധരിക്കുന്ന) ഒരു ഹദീഥ്‌ ഇബ്‌നു അബ്ബാസ്‌ (رَضِيَ اللهُ تَعَالَى عَنْهُ) വഴി പല ഹദീഥു പണ്ഡിതന്മാരും രേഖപ്പെടുത്തിയിട്ടുള്ളതു പ്രസിദ്ധമത്രെ. അതില്‍ അല്ലാഹു അരുളിച്ചെയ്‌തതായി നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഇപ്രകാരം പറയുന്നു: “നിങ്ങളുടെ റബ്ബു വളരെ കരുണയുള്ളവനാണ്‌. ഒരാള്‍ ഒരു നന്മ ചെയ്‌വാന്‍ ഉദ്ദേശിച്ചു, എന്നിട്ടതു ചെയ്‌തില്ല, എന്നാലും അതവനു ഒരു നന്മയായി രേഖപ്പെടുത്തും. അതവന്‍ ചെയ്‌താല്‍ പത്തു നന്മയായും എഴുന്നൂറുവരെയും, വളരെയധികം ഇരട്ടിവരെയും രേഖപ്പെടുത്തും. ഒരാള്‍ ഒരു തിന്മ ചെയ്യുവാന്‍ ഉദ്ദേശിച്ചു, എന്നിട്ടതു ചെയ്‌തില്ല, എന്നാല്‍ അതവനു ഒരു നന്മയായി രേഖപ്പെടുത്തും. അവനതു ചെയ്‌താല്‍ ഒരേ ഒന്നായി അതു രേഖപ്പെടുത്തും. ചിലപ്പോള്‍, അവന്‍ അതു മായിച്ചു (മാപ്പാക്കി) കൊടുക്കുകയും ചെയ്യും. നാശമടഞ്ഞവനല്ലാതെ (നിര്‍ഭാഗ്യനായവനല്ലാതെ) അല്ലാഹുവിങ്കല്‍വെച്ചു നാശമടയുകയുമില്ല’ (അ; ബു; മു; ന).

തിന്മ ചെയ്‌വാന്‍ ഉദ്ദേശിച്ചിട്ട്‌ അതു ചെയ്യാതിരുന്നാല്‍ അതൊരു നന്മയായി രേഖപ്പെടുത്തുമെന്നതിനു ഇബ്‌നു കഥീര്‍ (رحمه الله) നല്‍കിയ വിശദീകരണം ശ്രദ്ധേയമാകുന്നു. അദ്ദേഹം പറയുന്നു: ‘അറിയുക; തിന്മ പ്രവര്‍ത്തിക്കാതെ വിട്ടുകളയുന്നവര്‍ മൂന്നുതരത്തിലായിരിക്കും; ചിലപ്പോള്‍ അവര്‍ അല്ലാഹുവിനു (അല്ലാഹുവിന്റെ പ്രീതിക്കു) വേണ്ടി ഉപേക്ഷിച്ചതായിരിക്കും. ഇവര്‍ അല്ലാഹുവിനെ ഉദ്ദേശിച്ച്‌ ഒഴിഞ്ഞു നിന്നതിനാല്‍ അതൊരു നന്മയായി രേഖപ്പെടുത്തുന്നു. അതവരുടെ ഉദ്ദേശ്യവും കര്‍മ്മവുമാണല്ലോ. ബലപ്പെട്ട ചില രിവായത്തുകളില്‍ ‘എന്റെ ഹേതുവായിട്ടാണ്‌ അതവന്‍ ഉപേക്ഷിച്ചത്‌’ എന്നു (ഹദീഥില്‍) അതിനു കാരണം പറഞ്ഞിരിക്കുന്നതു അതുകൊണ്ടാകുന്നു. ചിലപ്പോള്‍ മറവികൊണ്ടോ അശ്രദ്ധകൊണ്ടോ ആയിരിക്കും അതവന്‍ ഉപേക്ഷിക്കുന്നത്‌. ഇതു അവനു ഗുണവുമല്ല, ദോഷവുമല്ല. കാരണം, അവന്‍ അതു രണ്ടും ചെയ്‌തിട്ടില്ല. ചിലപ്പോള്‍, സാധിക്കായ്‌കകൊണ്ടോ, അതിനുവേണ്ട മാര്‍ഗ്ഗങ്ങളും പരിശ്രമങ്ങളും നടത്തി കുഴങ്ങിയതുകൊണ്ടോ ആയിരിക്കും ഉപേക്ഷിക്കുന്നത്‌. ഇങ്ങിനെയുള്ളവന്‍ ആ തിന്മ പ്രവര്‍ത്തിച്ചവനു സമമായിക്കും. അത്‌കൊണ്ടാണു പ്രബലമായ ഹദീഥില്‍ ‘രണ്ടു മുസ്‌ലിംകള്‍ വാളുമായി പരസ്‌പരം ഏറ്റുമുട്ടിയാല്‍ കൊന്നവനും, കൊല്ലപ്പെട്ടവനും നരകത്തിലാണു’ എന്നു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞത്‌. കൊന്നവന്റെ കാര്യം ശരി, കൊല്ലപ്പെട്ടവന്റെ സ്ഥിതിയെന്താണ്‌? എന്നു സ്വഹാബികള്‍ ചോദിച്ചപ്പോള്‍ ‘അവന്‍ അവന്റെ ചങ്ങാതിയെ കൊലപ്പെടുത്തുവാന്‍ മോഹിക്കുന്നവനായിരുന്നുവല്ലോ’ എന്നാണു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഉത്തരം പറഞ്ഞത്‌.’

‘ആരെങ്കിലും എല്ലാ മാസവും മൂന്നു നോമ്പു (വീതം) നോറ്റാല്‍, അവന്‍ മുഴുവന്‍ കാലവും നോമ്പ്‌ പിടിച്ചമാതിരിയായി’ (അ; ജ; ന; തി) എന്നും, ‘ഒരു ജുമുഅഃ ആ ജുമുഅഃയുടെയും അടുത്ത ജുമുഅഃയുടെയും ഇടക്കുള്ള പാപവും, കൂടുതലായി മൂന്നു ദിവസത്തെ പാപവും പൊറുക്കപ്പെടുന്നതാണ്‌’ (ത്വബ്‌റാനീ) എന്നും മറ്റും ഒന്നിനു പത്തിരട്ടി പ്രതിഫലം കാണിച്ചുകൊണ്ടുള്ള ഹദീഥുകള്‍ ഈ വചനത്തിനു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) നല്‍കിയ വിശദീകരണവും, ഉദാഹരണങ്ങളുമാകുന്നു. കഥ അറിയാതെ, ഒറ്റ നോട്ടത്തില്‍ സ്വന്തം യുക്തിയുടെ തീരുമാനത്തിനു മുതിരുന്ന ആളുകള്‍ ഇതൊന്നും മനസ്സിരുത്തുകയോ ചിന്തിക്കുകയോ ചെയ്യാറില്ല. അതുകൊണ്ടാണു ചിലര്‍ ഇങ്ങിനെയുള്ള ഹദീഥുകളുടെ നേരെ അവഗണനാനയം സ്വീകരിച്ചുവരുന്നതും.

6:161
  • قُلْ إِنَّنِى هَدَىٰنِى رَبِّىٓ إِلَىٰ صِرَٰطٍ مُّسْتَقِيمٍ دِينًا قِيَمًا مِّلَّةَ إِبْرَٰهِيمَ حَنِيفًا ۚ وَمَا كَانَ مِنَ ٱلْمُشْرِكِينَ ﴾١٦١﴿
  • പറയുക: നിശ്ചയമായും ഞാന്‍, എന്റെ റബ്ബ്, (നേരെ) ചൊവ്വായുള്ള പാതയിലേക്ക് എന്നെ നയിച്ചു തന്നിരിക്കുന്നു; (അതെ) നേരെ (ഉറച്ച്) നിലകൊള്ളുന്നതായ മതം - ഋജുമാനസനായിക്കൊണ്ടുള്ള ഇബ്രാഹീമിന്റെ മാര്‍ഗ്ഗം! അദ്ദേഹം 'മുശ്രിക്കു' [ബഹുദൈവ വിശ്വാസി] കളില്‍ പെട്ടവനായിരുന്നിട്ടുമില്ല.'
  • قُلْ إِنَّنِي പറയുക നിശ്ചയമായും ഞാന്‍ هَدَانِي എന്നെ നയിച്ചിരിക്കുന്നു, എനിക്കു വഴികാട്ടിത്തന്നിരിക്കുന്നു رَبِّي എന്റെ റബ്ബു إِلَىٰ صِرَاطٍ പാതയിലേക്കു مُّسْتَقِيمٍ നേരെയുള്ള, ചൊവ്വെയുള്ള دِينًا മതം قِيَمًا നേരെ നിലകൊള്ളുന്നതായ, ഉറച്ചു നില്‍ക്കുന്ന مِّلَّةَ അതായതു മാര്‍ഗ്ഗം إِبْرَاهِيمَ ഇബ്രാഹീമിന്റെ حَنِيفًا ഋജുമാനസനായിക്കൊണ്ടുള്ള وَمَا كَانَ അദ്ദേഹം ആയിരുന്നില്ല مِنَ الْمُشْرِكِينَ മുശ്രിക്കുകളില്‍പെട്ട (വന്‍)
6:162
  • قُلْ إِنَّ صَلَاتِى وَنُسُكِى وَمَحْيَاىَ وَمَمَاتِى لِلَّهِ رَبِّ ٱلْعَٰلَمِينَ ﴾١٦٢﴿
  • പറയുക: 'നിശ്ചയമായും, എന്റെ നമസ്കാരവും, എന്റെ (ബലി മുതലായ) ആരാധനാ കര്‍മ്മങ്ങളും' എന്റെ ജീവിതവും, എന്റെ മരണവും (എല്ലാം) ലോകരുടെ രക്ഷിതാവായ അല്ലാഹുവിനുള്ളതാകുന്നു.;-
  • قُلْ പറയുക إِنَّ صَلَاتِي നിശ്ചയമായും എന്റെ നമസ്കാരം وَنُسُكِي എന്റെ ആരാധനാകര്‍മ്മങ്ങളും, ബലികര്‍മ്മങ്ങളും وَمَحْيَايَ എന്റെ ജീവിതവും وَمَمَاتِي എന്റെ മരണവും لِلَّـهِ അല്ലാഹുവിനാണ്, അല്ലാഹുവിനുവേണ്ടിയത്രെ رَبِّ الْعَالَمِينَ ലോകരുടെ റബ്ബായ, ലോകരക്ഷിതാവായ
6:163
  • لَا شَرِيكَ لَهُۥ ۖ وَبِذَٰلِكَ أُمِرْتُ وَأَنَا۠ أَوَّلُ ٱلْمُسْلِمِينَ ﴾١٦٣﴿
  • 'അവനു പങ്കുകാരേ ഇല്ല. അപ്രകാരമത്രെ' എന്നോടു കല്‍പിക്കപ്പെട്ടിരിക്കുന്നത്; ഞാന്‍ 'മുസ്ലിം,കളില്‍ [അവനു കീഴൊതുങ്ങിയവരില്‍] ഒന്നാമനുമത്രെ.
  • لَا شَرِيكَ പങ്കുകാരേ ഇല്ല لَهُ അവനു وَبِذَٰلِكَ അതുകൊണ്ടത്രെ أُمِرْتُ ഞാന്‍ കല്‍പിക്കപ്പെട്ടിരിക്കുന്നത് وَأَنَا ഞാനാകട്ടെ أَوَّلُ ഒന്നാമനാണ്‌ الْمُسْلِمِينَ മുസ്ലിംകളിലെ

തൗഹീദിനെ സംബന്ധിച്ച പല ദൃഷ്‌ടാന്തങ്ങളും, ഇബ്‌റാഹീം (عليه الصلاة والسلام)നബിയുടെ പിന്തുടര്‍ച്ചക്കാരെന്ന്‌ അവകാശപ്പെടുന്ന അറബികളുടെ ശിര്‍ക്കുപരമായ വിശ്വാസാചാരങ്ങളെ സംബന്ധിച്ച പല പരാമര്‍ശങ്ങളും അടക്കം ഈ സൂറത്തില്‍ ഇതിനു മുമ്പു വളരെ അധികം കാര്യങ്ങള്‍ വിവരിച്ചു കഴിഞ്ഞു. അതിനുശേഷം, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അവരെ ക്ഷണിച്ചുകൊണ്ടിരിക്കുന്നതും, അവര്‍ നിഷേധത്തില്‍ മുഴുകിക്കൊണ്ടിരിക്കുന്നതുമായ ആ മാര്‍ഗ്ഗം ഏതാണെന്നും, മേല്‍ വിവരിച്ചതിന്റെ ആകെത്തുക ചുരുക്കത്തില്‍ എന്താണെന്നും അവരെ അറിയിക്കുവാന്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യോടു അല്ലാഹു കല്‍പിക്കുന്നു.

വക്രതയോ ചാഞ്ചല്യമോ കൂടാതെ നേര്‍ക്കുനേരെ ഉറച്ചു നില്‍ക്കുന്ന ഒരു മതം – അതെ, ശിര്‍ക്കിന്റെ മാലിന്യങ്ങളൊന്നും തീണ്ടാതെ നിഷ്‌കളങ്കനായിരുന്ന ഇബ്‌റാഹീം (عليه الصلاة والسلام) ആചരിച്ചു വന്നിരുന്ന മാര്‍ഗ്ഗമേതോ അതു – അതാണെനിക്കു അല്ലാഹു അനുഗ്രഹിച്ചു തന്ന മതം. അതിലേക്കാണു ഞാന്‍ നിങ്ങളെ ക്ഷണിക്കുന്നത്‌. ശിര്‍ക്കിന്റെ എല്ലാ വകുപ്പുകളില്‍ നിന്നും സംശുദ്ധമായിരിക്കുക, നമസ്‌കാരം, പ്രാര്‍ത്ഥന, ബലികര്‍മ്മങ്ങള്‍ ആദിയായ ആരാധനകളെല്ലാം അല്ലാഹുവിനുമാത്രം അര്‍പ്പിക്കുക, ജീവിക്കുന്നതും മരിക്കുന്നതുമെല്ലാം അവന്റെ പ്രീതിയെ ലക്ഷ്യം വെച്ചും, അവന്റെ ആജ്ഞാ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചും ആയിരിക്കുക. ഇതാണ്‌ എന്നോടു ആജ്ഞാപിക്കപ്പെട്ട മതത്തിന്റെ സത്ത. ഇതിന്റെ പ്രബോധനമാണ്‌ എന്റെ കൃത്യം. ഇതംഗീകരിക്കുന്നവരാണു മുസ്‌ലിംകള്‍. അവരില്‍ ഒന്നാമന്‍ ഞാന്‍ തന്നെയാണു താനും എന്നിങ്ങിനെയാണു പ്രസ്‌തുത അറിയിപ്പിന്റെ താല്‌പര്യം.

نُسُك (നുസുക്‌) എന്ന വാക്കിനു ‘ആരാധനകള്‍’ എന്നാണു വാക്കര്‍ത്ഥം. ഹജ്ജ്‌ – ഉംറ സംബന്ധമായ കര്‍മ്മങ്ങളെയും, ബലികര്‍മ്മങ്ങളെയും പ്രത്യേകം ഉദ്ദേശിച്ചുകൊണ്ടു ആ വാക്കു ഉപയോഗിക്കപ്പെടാറുണ്ട്‌. ബലി കര്‍മ്മങ്ങളെപറ്റി മുന്‍വചനങ്ങളില്‍ കഴിഞ്ഞ പരാമര്‍ശങ്ങളെയും, ഈ വചനങ്ങള്‍ മക്കാ മുശ്‌രിക്കുകളെയാണു മുഖാമുഖമായി അഭിമുഖീകരിക്കുന്നതെന്നുള്ളതിനെയും കണക്കിലെടുത്തുകൊണ്ടു ഈ അര്‍ത്ഥങ്ങളാണു പലരും ഇവിടെ അതിനു നല്‍കിയിരിക്കുന്നത്‌. وَأَنَا أَوَّلُ الْمُسْلِمِينَ (ഞാന്‍ ഒന്നാമത്തെ മുസ്‌ലിമാണു) എന്നു പറഞ്ഞതിന്റെ ഉദ്ദേശ്യം ഈ സമുദായത്തിലെ ഒന്നാമനും, ഞാന്‍ നിങ്ങളോടു പ്രബോധനം ചെയ്യുന്ന തത്വങ്ങളെ ആദ്യമായി സ്വീകരിക്കുന്നവനും ഞാനാണു എന്നത്രെ. മനുഷ്യാരംഭം മുതല്‍ക്കേ മനുഷ്യ വര്‍ഗ്ഗത്തിനു അല്ലാഹു നിശ്ചയിച്ച മതം ഇസ്‌ലാമാണല്ലോ (إِنَّ الدِّينَ عِندَ اللَّهِ الْإِسْلَامُ) ആ മതം അംഗീകരിച്ചവരെല്ലാം മുസ്‌ലിംകളുമാകുന്നു. (هُوَ سمّاَّكُمُ الْمُسْلِمِين) നൂഹ്‌ (عليه الصلاة والسلام) നബി അദ്ദേഹത്തിന്റെ ജനങ്ങളോടു മുസ്‌ലിമായിരിക്കുവാന്‍ എന്നോടു കല്‍പിക്കപ്പെട്ടിരിക്കുന്നുവെന്ന്‌ പറഞ്ഞു (10:72). ഇബ്‌റാഹീം (عليه الصلاة والسلام) നബിയും, യഅ്‌ക്വൂബ്‌ (عليه الصلاة والسلام) നബിയും മക്കളോടു ചെയ്‌ത വസ്വിയ്യത്തില്‍ നിങ്ങള്‍ മുസ്‌ലിംകളായിട്ടല്ലാതെ മരിക്കരുതെന്നു പറഞ്ഞിരുന്നു (2:132). യൂസുഫ്‌ (عليه الصلاة والسلام) നബി എന്നെ മുസ്‌ലിമായി മരിപ്പിക്കേണമേ എന്നും പ്രാര്‍ത്ഥിച്ചു (12:101). നിങ്ങള്‍ മുസ്‌ലിംകളാണെങ്കില്‍ അല്ലാഹുവില്‍ ഭരമേല്‍പ്പിക്കണമെന്നു മൂസാ (عليه الصلاة والسلام) നബി അദ്ദേഹത്തിന്റെ ജനതയോടു പറഞ്ഞു (10:84). ഈസാ (عليه الصلاة والسلام) നബിയുടെ ശിഷ്യന്മാരായ ‘ഹവാരി’കളും പറഞ്ഞു ഞങ്ങള്‍ മുസ്‌ലിംകളാകുന്നു (5:114). ചുരുക്കിപ്പറഞ്ഞാല്‍, ആദം (عليه الصلاة والسلام) നബി മുതല്‍ ലോകാവസാനം വരെയുള്ള മനുഷ്യര്‍ക്കു അല്ലാഹു നിശ്ചയിച്ചു തൃപ്‌തിപ്പെട്ട ഏകമതം ഇസ്‌ലാമും, അതു സ്വീകരിച്ചവരെല്ലാം മുസ്‌ലിംകളുമാകുന്നു.

ഒരു ഹദീഥില്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞിരിക്കുന്നു: ‘ഒരു പിതൃകുടുംബത്തില്‍പെട്ട സഹോദരങ്ങളാണ്‌ പ്രവാചകന്മാര്‍. അവരുടെ മാതാക്കള്‍ പലതായിരിക്കും. അവരുടെ മതം ഒന്നാകുന്നു’ (ബു; മു). അതായതു – ഇബ്‌നുകഥീര്‍ (رحمه الله) ചൂണ്ടിക്കാട്ടിയതുപോലെ – അല്ലാഹുവിനെ മാത്രം ആരാധിക്കുകയും, അവനോടു ഒന്നിനെയും പങ്കുചേര്‍ക്കാതിരിക്കുകയും ചെയ്യുകയെന്ന മൗലികാടിസ്ഥാനത്തില്‍ അവരെല്ലാം ഒന്നാകുന്നു. ശരീഅത്തില്‍ (മതപരമായ നിയമ നടപടി ക്രമത്തില്‍) അവര്‍ വ്യത്യസ്‌ത മാര്‍ഗ്ഗമുള്ളവരായിരിക്കും എന്നര്‍ത്ഥം.

6:164
  • قُلْ أَغَيْرَ ٱللَّهِ أَبْغِى رَبًّا وَهُوَ رَبُّ كُلِّ شَىْءٍ ۚ وَلَا تَكْسِبُ كُلُّ نَفْسٍ إِلَّا عَلَيْهَا ۚ وَلَا تَزِرُ وَازِرَةٌ وِزْرَ أُخْرَىٰ ۚ ثُمَّ إِلَىٰ رَبِّكُم مَّرْجِعُكُمْ فَيُنَبِّئُكُم بِمَا كُنتُمْ فِيهِ تَخْتَلِفُونَ ﴾١٦٤﴿
  • പറയുക: 'എല്ലാ വസ്തുക്കളുടെയും റബ്ബ് [രക്ഷിതാവു] അല്ലാഹുവായിരിക്കെ, അവനല്ലാത്തവരെ ഞാന്‍ റബ്ബായി (തേടി) തിരയുകയോ?!എല്ലാ (ഓരോ) ആത്മാവും [ആളും] അതിന്റെമേല്‍ (ബാധ്യത) ആയിക്കൊണ്ടല്ലാതെ (ഒന്നും) സമ്പാദിച്ചു വെക്കുകയുമില്ല;കുറ്റം വഹിക്കുന്ന ഒരാത്മാവും [ആളും] മറ്റൊന്നിന്റെ കുറ്റം വഹിക്കുകയുമില്ല.പിന്നെ, നിങ്ങളുടെ റബ്ബിങ്കലേക്കായിരിക്കും നിങ്ങളുടെ മടങ്ങി വരവു. അപ്പോള്‍, യാതൊന്നില്‍ നിങ്ങള്‍ ഭിന്നാഭിപ്രായപ്പെട്ടു കൊണ്ടിരിക്കുന്നുവോ അതിനെപ്പറ്റി അവന്‍ നിങ്ങളെ ബോധാപ്പെടുത്തുന്നതാണ്.
  • قُلْ പറയുക أَغَيْرَ اللَّـهِ അല്ലാഹു അല്ലാത്തവരെയോ أَبْغِي ഞാന്‍ തേടുന്നു, തിരയുന്നു رَبًّا റബ്ബായിട്ട്, രക്ഷിതാവായി وَهُوَ رَبُّ അവനാകട്ടെ റബ്ബാകുന്നു كُلِّ شَيْءٍ എല്ലാ വസ്തുവിന്റെയും وَلَا تَكْسِبُ സമ്പാദിക്കുകയുമില്ല, ചെയ്തുവെക്കുകയുമില്ല كُلُّ نَفْسٍ എല്ലാ ആത്മാവും, ആളും, ദേഹവും, വ്യക്തിയും إِلَّا عَلَيْهَا അതിന്റെമേല്‍ (ബാധ്യത) ആയിക്കൊണ്ടാല്ലാതെ وَلَا تَزِرُ കുറ്റം വഹിക്കുക (പേറുക)യുമില്ല وَازِرَةٌ ഒരു കുറ്റക്കാരിയും, കുറ്റം പേറുന്നതും وِزْرَ കുറ്റത്തെ, ഭാരത്തെ أُخْرَىٰ മറ്റൊന്നിന്റെ ثُمَّ പിന്നെ إِلَىٰ رَبِّكُم നിങ്ങളുടെ റബ്ബിങ്കലേക്കാണു مَّرْجِعُكُمْ നിങ്ങളുടെ മടക്കം, മടങ്ങിപ്പോക്കു فَيُنَبِّئُكُم അപ്പോള്‍ അവന്‍ നിങ്ങളെ ബോധാപ്പെടുത്തും بِمَا كُنتُمْ നിങ്ങളായിരുന്നതിനെപ്പറ്റി فِيهِ അതില്‍, അതിന്റെ കാര്യത്തില്‍ تَخْتَلِفُونَ നിങ്ങള്‍ വ്യത്യാസപ്പെട്ടു (ഭിന്നാഭിപ്രായത്തിലായി) കൊണ്ടു.

ഓരോ ആളും അവരവരുടെ കര്‍മ്മങ്ങള്‍ക്കു് ഉത്തരവാദിയായിരിക്കും كُلُّ امْرِئٍ بِمَا كَسَبَ رَهِينٌ (എല്ലാ ഓരോരുത്തനും അവന്‍ സമ്പാദിച്ചുവെച്ചതിനു പണയമാകുന്നു – 52:21). ഒരാളുടെ കുറ്റം മറ്റൊരാള്‍ വഹിക്കുകയില്ല. وَإِن تَدْعُ مُثْقَلَةٌ إِلَىٰ حِمْلِهَا لَا يُحْمَلْ مِنْهُ شَيْءٌ وَلَوْ كَانَ ذَا قُرْبَىٰ (ഭാരം പിടിപെട്ട ഒരു ദേഹം അതിന്‍റെ ചുമടെടുക്കുവാന്‍ – മറ്റൊരാളെ – വിളിച്ചാല്‍, അടുത്ത ബന്ധമുള്ളവനായാലും ശരി, അതില്‍നിന്നു ഒന്നും തന്നെ വഹിക്കപ്പെടുകയില്ല – 35:18) ഇതു അല്ലാഹുവിന്റെ ഖണ്ഡിതമായ ഒരു നിയമതത്വമാകുന്നു. ആരാധ്യവസ്‌തുക്കളുടെയോ, ശുപാര്‍ശകന്മാരുടെയോ ഇടപെടലുകളൊന്നും അവിടെ നടക്കുകയില്ല. നന്മയെങ്കില്‍ നന്മ, തിന്മയെങ്കില്‍ തിന്മ. അതതിന്റെ കര്‍ത്താവു തന്നെ അതതിന്റെ ഫലം തികച്ചും അനുഭവിക്കും.

എന്നാല്‍, ഒരാള്‍ ഒരു നല്ല കാര്യം നടപ്പില്‍ വരുത്തിയാല്‍ അതിന്റേയും, അതു പ്രവര്‍ത്തിച്ചവരുടെയും, പ്രതിഫലം – അവരുടെ പ്രതിഫലത്തില്‍ ഒരു കുറവും വരാതെ – അവനു ലഭിക്കുമെന്നും, ഒരാള്‍ ഒരു ചീത്ത കാര്യം നടപ്പില്‍ വരുത്തിയാല്‍ അതിന്റെയും, അതു പ്രവര്‍ത്തിച്ചവരുടെയും കുറ്റം – അവരുടെ കുറ്റത്തില്‍ ഒരു കുറവും വരാതെ – അവനുണ്ടാകുമെന്നും നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അരുളിച്ചെയ്‌തിട്ടുണ്ട്‌ (മു). ഇതു ആ തത്വത്തിനു എതിരോ വിരുദ്ധമോ ആകുന്നില്ല. ആ പ്രതിഫലവും, ആ കുറ്റവും അവന്‍ നടപ്പാക്കിയതിന്റെ ഫലമാണല്ലോ. അതുകൊണ്ടാണ്‌ ‘അവരുടെ പ്രതിഫലത്തിലും കുറ്റത്തിലും ഒരു കുറവും വരാതെ’ എന്ന്‌ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പ്രത്യേകം എടുത്തു പറഞ്ഞിരിക്കുന്നതും. അവര്‍ ചെയ്‌തതിന്റെ പ്രതിഫലവും, കുറ്റവും അവര്‍ക്കു തന്നെ. അവന്‍ നടപ്പാക്കിയതിന്റെയും അതു നടന്നുകൊണ്ടിരിക്കുന്നതിന്റെയും പ്രതിഫലവും കുറ്റവുമാണു അവനു ലഭിക്കുന്നതു എന്നര്‍ത്ഥം.

6:165
  • وَهُوَ ٱلَّذِى جَعَلَكُمْ خَلَٰٓئِفَ ٱلْأَرْضِ وَرَفَعَ بَعْضَكُمْ فَوْقَ بَعْضٍ دَرَجَٰتٍ لِّيَبْلُوَكُمْ فِى مَآ ءَاتَىٰكُمْ ۗ إِنَّ رَبَّكَ سَرِيعُ ٱلْعِقَابِ وَإِنَّهُۥ لَغَفُورٌ رَّحِيمٌۢ ﴾١٦٥﴿
  • അവനത്രെ, നിങ്ങളെ ഭൂമിയിലെ (മാറിമാറിവരുന്ന) പിന്‍ഗാമികള്‍ ആക്കിയവന്‍.നിങ്ങളില്‍ ചിലരെ ചിലര്‍ക്കു മീതെ അവന്‍ ചില പദവികള്‍ ഉയര്‍ത്തുകയും ചെയ്തിരിക്കുന്നു; നിങ്ങള്‍ക്കു അവന്‍ നല്‍കിയതില്‍ നിങ്ങളെ അവന്‍ പരീക്ഷണം ചെയ്‌വാന്‍ വേണ്ടി.നിശ്ചയമായും, നിന്റെ രക്ഷിതാവ് വേഗം ശിക്ഷാനടപടി എടുക്കുന്നവനാകുന്നു; നിശ്ചയമായും, അവന്‍ വളരെ പൊറുക്കുന്നവനും, കരുണാനിധിയും തന്നെയാണുതാനും.
  • وَهُوَ അവനത്രെ الَّذِي جَعَلَكُمْ നിങ്ങളെ ആക്കിയവന്‍ خَلَائِفَ പിന്‍ഗാമികള്‍, പിന്നിലുള്ളവര്‍, മാറി മാറി വരുന്നവര്‍ الْأَرْضِ ഭൂമിയിലെ وَرَفَعَ അവന്‍ ഉയര്‍ത്തുകയും ചെയ്തിരിക്കുന്നു بَعْضَكُمْ നിങ്ങളില്‍ ചിലരെ فَوْقَ بَعْضٍ ചിലര്‍ക്കു മീതെ دَرَجَاتٍ ചില പദവികള്‍ لِّيَبْلُوَكُمْ നിങ്ങളെ അവന്‍ പരീക്ഷണം ചെയ്‌വാന്‍ വേണ്ടി فِي مَا آتَاكُمْ നിങ്ങള്‍ക്കു അവന്‍ നല്‍കിയതില്‍ إِنَّ رَبَّكَ നിശ്ചയമായും നിന്റെ റബ്ബു سَرِيعُ വേഗമുള്ളവനാണു الْعِقَابِ ശിക്ഷാനടപടി وَإِنَّهُ നിശ്ചയമായും അവന്‍ لَغَفُورٌ വളരെ പൊറുക്കുന്നവന്‍ തന്നെ رَّحِيمٌ കരുണാനിധി(യും)

خليفة (ഖലീഫഃ) എന്ന പദത്തിന്റെ ബഹുവചനമാണ്‌ خلائف (ഖലാഇഫ്‌). ഒരാളുടെ പിന്നില്‍ അയാളുടെ സ്ഥാനത്തു വരുന്ന ആള്‍ എന്നാണു ആ പദത്തിനര്‍ത്ഥം. മലയാളത്തില്‍ ‘പിന്‍ഗാമി’ എന്നോ ‘പ്രതിനിധി’ എന്നോ സന്ദര്‍ഭം പോലെ അതിനു വിവര്‍ത്തനം നല്‍കാം. ഒരു തലമുറക്കുശേഷം മറ്റൊരു തലമുറയായും, ഒരു സമുദായത്തിനു ശേഷം മറ്റൊരു സമുദായമായും നിങ്ങളെ ഭൂമിയില്‍ മാറി മാറി വന്നുകൊണ്ടിരിക്കുന്നവരാക്കിയതു അല്ലാഹുവാണ്‌. എല്ലാവരെയും അവന്‍ ഒരേ നിലവാരത്തിലുള്ളവരായിട്ടല്ല ആക്കിയിരിക്കുന്നത്‌. ഉപജീവനമാര്‍ഗ്ഗം, ബുദ്ധി, അറിവു, സ്വഭാവഗുണം, കഴിവു, പ്രാപ്‌തി, രൂപം ആദിയായവയിലും, നടപടിക്രമങ്ങളിലുമെല്ലാം ചിലരെ ചിലരെക്കാള്‍ ഉയര്‍ന്നവരും, ചിലരെ താണവരുമാക്കി വെച്ചിരിക്കുകയാണ്‌. അവരവര്‍ക്കു ലഭിച്ചതില്‍ അവരവര്‍ എങ്ങിനെ വര്‍ത്തിക്കുന്നുവെന്നും, അതെങ്ങിനെ ഉപയോഗപ്പെടുത്തുന്നുവെന്നുമുള്ള ഒരു പരീക്ഷണമാണതു എന്നു സാരം.

خلائف എന്ന വാക്കിനും ഇതേ അര്‍ത്ഥത്തിലുള്ള മറ്റൊരു രൂപമായ خلفاء (ഖുലഫാഉ്‌) എന്ന വാക്കിനും ‘പ്രതിനിധികള്‍’ എന്നര്‍ത്ഥം കല്‍പിച്ചുകൊണ്ടു ഭൂമിയില്‍ അല്ലാഹുവിന്റെ ചില അധികാരങ്ങള്‍ നടപ്പില്‍ വരുത്തുവാനായി മനുഷ്യനെ അതില്‍ അവന്റെ പ്രതിനിധിയാക്കി വെച്ചിരിക്കുകയാണെന്നും, ഈ അധികാരത്തില്‍ ഒരോരുത്തരുടെയും കഴിവും പ്രാപ്‌തിയും അനുസരിച്ചു ചിലര്‍ക്കു ചിലരെക്കാള്‍ ഉയര്‍ച്ചയും ഉണ്ടായിരിക്കുമെന്നുമാണ്‌ ഈ വചനത്തിന്റെ ആശയമെന്നു വരുത്തുന്ന ചില വ്യാഖ്യാനങ്ങള്‍ ഇവിടെയും, ഇതുപോലെയുള്ള വേറെ ചില സ്ഥലങ്ങളിലും ചിലര്‍ നല്‍കിക്കാണാം. ഈ അര്‍ത്ഥവ്യാഖ്യാനം ശരിയല്ലെന്നും, ഇതു അല്‍പം അതിരുകവിഞ്ഞ ഒരു വ്യാഖ്യാനമാണെന്നും അല്‍ബക്വറഃ 30-ാം വചനത്തിന്റെ വ്യാഖ്യാനത്തില്‍ നാം വിവരിച്ചിട്ടുണ്ട്‌. ഈ വ്യാഖ്യാനം ശരിയല്ലെന്നു ഇതേ വചനം തന്നെ ശരിക്കു മനസ്സിരുത്തിയാല്‍ മനസ്സിലാക്കാം. കൂടാതെ, താഴെ ഉദ്ധരിക്കുന്നതുപോലെയുള്ള വചനങ്ങളില്‍ നിന്നു കൂടുതല്‍ വ്യക്തമാകുകയും ചെയ്യും:-

നിങ്ങളുടെ മുമ്പു പല തലമുറകളെയും അവരുടെ അക്രമം നിമിത്തം നാം നശിപ്പിച്ചു കളഞ്ഞിട്ടുണ്ടെന്നു പറഞ്ഞു കൊണ്ടു സൂ: യൂനുസില്‍ അല്ലാഹു പറയുന്നു: ثُمَّ جَعَلْنَاكُمْ خَلَائِفَ فِي الْأَرْضِ مِن بَعْدِهِمْ (പിന്നീടു അവരുടെശേഷം ഭൂമിയില്‍ നിങ്ങളെ നാം ‘ഖലാഇഫാ’ക്കി (യൂനുസ്‌:14). അതേ സൂറത്തില്‍, നൂഹ്‌ (عليه الصلاة والسلام) നബിയോടൊപ്പം ജലപ്രളയത്തില്‍ നിന്നു രക്ഷപെട്ടവരെക്കുറിച്ചു പറയുന്നു: خَلَائِفَ وَأَغْرَقْنَا الَّذِينَ كَذَّبُوا بِآيَاتِنَا (അവരെ നാം ‘ഖലാഇഫാക്കി, നമ്മുടെ ദൃഷ്‌ടാന്തങ്ങളെ വ്യാജമാക്കിയവരെ നാം മുക്കി നശിപ്പിക്കുകയും ചെയ്‌തു (യൂനുസ്‌ 73). ഹൂദ്‌ (عليه الصلاة والسلام) നബി തന്റെ ജനതയോടു പറഞ്ഞു: وَاذْكُرُوا إِذْ جَعَلَكُمْ خُلَفَاءَ مِن بَعْدِ قَوْمِ نُوحٍ (നൂഹിന്റെ ജനതക്കു ശേഷം അവന്‍ നിങ്ങളെ ‘ഖുലഫാഉ്‌’ ആക്കിയതു നിങ്ങള്‍ ഓര്‍ക്കുവിന്‍ : അഅ്‌റാഫ്‌ 69). ഇതുപോലെ വേറെയും കാണാം. ഇവിടെയൊക്കെ അധികാരത്തിലുള്ള പ്രാതിനിധ്യമല്ല ഉദ്ദേശ്യമെന്നും, മുമ്പുള്ളവരുടെ പിന്‍ഗാമിത്വമാണു ഉദ്ദേശ്യമെന്നും പറയേണ്ടതില്ലല്ലോ.

മനുഷ്യന്‍ സദാ അല്ലാഹുവിന്റെ ശിക്ഷാ നടപടിയെക്കുറിച്ചു ഭയപ്പെട്ടുകൊണ്ടിരിക്കുകയും, അതോടൊപ്പം അവന്റെ കാരുണ്യത്തിലും അനുഗ്രഹത്തിലും സല്‍പ്രതീക്ഷയോടു കൂടിയിരിക്കുകയും വേണമെന്നു ഓര്‍മിപ്പിച്ചു കൊണ്ടാണു ഈ സൂറത്തു അല്ലാഹു സമാപിക്കുന്നത്‌. കാരുണ്യത്തെയും, പാപമോചനത്തെയും സംബന്ധിച്ചു സന്തോഷവാര്‍ത്ത അറിയിക്കുന്നതോടൊപ്പം ശിക്ഷയെക്കുറിച്ചു ഭയവാര്‍ത്ത അറിയിക്കലും ക്വുര്‍ആന്റെ ഒരു പതിവാകുന്നു. സൂ: ഹിജ്‌ര്‍ 49, 50 ല്‍ അല്ലാഹു പറയുന്നു: ‘എന്റെ അടിയാന്മാര്‍ക്കു വൃത്താന്തമറിയിക്കുക: ഞാന്‍ തന്നെയാണു വളരെ പൊറുക്കുന്നവനും, കരുണാനിധിയുമെന്നും, എന്റെ ശിക്ഷ തന്നെയാണു വേദനയേറിയ ശിക്ഷയെന്നും’.

നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനി അരുളിച്ചെയ്‌തിരിക്കുന്നു: ‘അല്ലാഹുവിന്റെ പക്കലുള്ള ശിക്ഷയെന്താണെന്നു സത്യവിശ്വാസി അറിയുമായിരുന്നെങ്കില്‍, (അവരില്‍) ഒരാളും അവന്റെ സ്വര്‍ഗ്ഗത്തില്‍ പ്രതീക്ഷവെക്കുമായിരുന്നില്ല. അല്ലാഹുവിന്റെ പക്കലുള്ള കാരുണ്യത്തെപറ്റി അവിശ്വാസി അറിയുമായിരുന്നെങ്കില്‍, (അവരില്‍) ഒരാളും സ്വര്‍ഗത്തെക്കുറിച്ചു നിരാശപ്പെടുമായിരുന്നില്ല. കാരുണ്യത്തെ അല്ലാഹു നൂറുഭാഗമാക്കി ഒരു ഭാഗമാണു സൃഷ്‌ടികളില്‍ വെച്ചിരിക്കുന്നത്‌. അതു മൂലമാണവര്‍ പരസ്‌പരം കരുണ കാണിച്ചു വരുന്നത്‌. തൊണ്ണൂറ്റൊമ്പതും അവന്‍ (പരലോകത്തേക്കായി) സൂക്ഷിച്ചു വെച്ചിരിക്കയാണ്‌’ (അ; തി).

നമ്മെയെല്ലാം അല്ലാഹു അവന്റെ കാരുണ്യത്തിനു പാത്രമാക്കുകയും, അവന്റെ ശിക്ഷയില്‍നിന്നു രക്ഷ ലഭിക്കുകയും ചെയ്യുന്ന സല്‍ഭാഗ്യരായ ജനങ്ങളില്‍ ഉള്‍പെടുത്തി അനുഗ്രഹിക്കട്ടെ. ആമീന്‍.

اللهم لك الحمد ولك الفضل والمنة

كان الفراغ من تسويد تفسير هذه السورة العظيمة ضحى يوم الجمعة 17 محرم الحرام سنة 1397 هجرة الموافق 7777 م.
وكان الفراغ من تبيضه ليلة الاحدا التاسع والعشرون من شوال سنة 1398 . الموقف 21978 م) م.نى.