വിഭാഗം - 16

6:130
  • يَـٰمَعْشَرَ ٱلْجِنِّ وَٱلْإِنسِ أَلَمْ يَأْتِكُمْ رُسُلٌ مِّنكُمْ يَقُصُّونَ عَلَيْكُمْ ءَايَـٰتِى وَيُنذِرُونَكُمْ لِقَآءَ يَوْمِكُمْ هَـٰذَا ۚ قَالُوا۟ شَهِدْنَا عَلَىٰٓ أَنفُسِنَا ۖ وَغَرَّتْهُمُ ٱلْحَيَوٰةُ ٱلدُّنْيَا وَشَهِدُوا۟ عَلَىٰٓ أَنفُسِهِمْ أَنَّهُمْ كَانُوا۟ كَـٰفِرِينَ ﴾١٣٠﴿
  • 'ജിന്നുകളുടെയും മനുഷ്യരുടെയും സമൂഹമേ, നിങ്ങള്‍ക്കു നിങ്ങളില്‍ പെട്ട ദൂതന്‍മാര്‍ വന്നില്ലേ? നിങ്ങള്‍ക്കു എന്റെ 'ആയത്തു' [ലക്‌ഷ്യം] കള്‍ വിവരിച്ചു കൊണ്ടും, നിങ്ങളുടെ (ഇന്നത്തെ) ഈ ദിവസവുമായി കണ്ടുമുട്ടുന്നതിനെക്കുറിച്ചു നിങ്ങള്‍ക്കു മുന്നറിയിപ്പു നല്‍കിക്കൊണ്ടും' (എന്ന് അവരോടു പറയപ്പെടും).

    അവര്‍ പറയും: 'ഞങ്ങള്‍ ഞങ്ങളുടെ സ്വന്തങ്ങള്‍ക്കെതിരെ (ഇതാ) സാക്ഷ്യം വഹിച്ചിരിക്കുന്നു.' ഐഹിക ജീവിതം അവരെ വഞ്ചിച്ചിരിക്കുകയാണു. തങ്ങള്‍ അവിശ്വാസികളായിരുന്നുവെന്ന് അവര്‍ അവരുടെ സ്വന്തങ്ങള്‍ക്കെതിരെ സാക്ഷ്യപ്പെടുത്തുകയും ചെയ്തു.
  • يَا مَعْشَرَ സമൂഹമേ, കൂട്ടമേ الْجِنِّ ജിന്നിന്റെയും وَالْإِنسِ മനുഷ്യന്റെയും أَلَمْ يَأْتِكُمْ നിങ്ങള്‍ക്കു വന്നില്ലേ رُسُلٌ റസൂലുകള്‍, ദൂതന്മാര്‍ مِّنكُمْ നിങ്ങളില്‍ നിന്നു, നിങ്ങളില്‍ പെട്ട يَقُصُّونَ അവര്‍ വിവരിച്ചു കൊണ്ടു عَلَيْكُمْ നിങ്ങള്‍ക്കു آيَاتِي എന്‍റെ ആയത്തുകളെ وَيُنذِرُونَكُمْ നിങ്ങളെ അവര്‍ താക്കീതു നല്‍കിക്കൊണ്ടും, മുന്നറിയിച്ചുകൊണ്ടും لِقَاءَ കണ്ടുമുട്ടുന്നതിനെ يَوْمِكُمْ هَٰذَا നിങ്ങളുടെ ഈ ദിവസത്തെ قَالُوا അവര്‍ പറയും شَهِدْنَا ഞങ്ങള്‍ സാക്ഷ്യം വഹിച്ചു عَلَىٰ أَنفُسِنَا ഞങ്ങളുടെ സ്വന്തങ്ങളുടെ മേല്‍ (ഞങ്ങള്‍ക്കുതന്നെ എതിരായി) وَغَرَّتْهُمُ അവരെ വഞ്ചിക്കുകയും ചെയ്‌തിരിക്കുന്നു الْحَيَاةُ الدُّنْيَا ഐഹിക ജീവിതം وَشَهِدُوا അവര്‍ സാക്ഷ്യം വഹിക്കുക, (പറയുക)യും ചെയ്‌തു عَلَىٰ أَنفُسِهِمْ അവരുടെ സ്വന്തങ്ങള്‍ക്കെതിരില്‍ أَنَّهُمْ كَانُوا അവരായിരുന്നുവെന്നു كَافِرِينَ അവിശ്വാസികള്‍.

കഴിഞ്ഞവചനങ്ങളില്‍ പ്രസ്താവിച്ചതിന്റെ തുടര്‍ച്ച തന്നെയാണ് ഈ വചനവും. ആവശ്യമായത്ര തെളിവുകളും താക്കീതുകളും നല്‍കിക്കൊണ്ടു നിങ്ങള്‍ക്കു നേര്‍മ്മാര്‍ഗ്ഗം വിവരിച്ചു തരുമാറ് നിങ്ങളില്‍ ഞാന്‍ റസൂലുകളെ അയച്ചിരുന്നുവല്ലോ, പിന്നെ നിങ്ങള്‍ എന്തിനു ദുര്‍മ്മാര്‍ഗ്ഗം സ്വീകരിച്ചു? എന്നു ജിന്നുകളെയും മനുഷ്യരെയും അഭിമുഖീകരിച്ചുകൊണ്ട് അല്ലാഹു ചോദിക്കും. അതൊക്കെ ശരിയാണു, പക്ഷെ അതൊന്നും ഞങ്ങള്‍ ചെവിക്കൊള്ളാതെ പിഴച്ചുപോകയാണുണ്ടായത് എന്നു അവര്‍ ഏറ്റു പറയും. അങ്ങനെ അവര്‍ക്കു തന്നെ എതിരായി അവര്‍ സ്വയം തെളിവു നല്‍കുന്നതാണ്. ഈ ഗതികേടിനു കാരണം ഐഹിക ജീവിതത്തില്‍ അവര്‍ വഞ്ചിതരായി പാരത്രിക ജീവിതം മറന്നു കളഞ്ഞതാണ്. ഇപ്പോഴാണവര്‍ക്കു കുറ്റബോധം വരുന്നത്. ആ ബോധംകൊണ്ടു എനി പ്രയോജനമൊന്നുമില്ല എന്നു സാരം.

ജിന്നുകളെയും മനുഷ്യരെയും സംബോധന ചെയ്തുകൊണ്ടു ‘നിങ്ങളില്‍ നിന്നുള്ള ദൂതന്‍മാര്‍ (റസൂലുകള്‍) നിങ്ങള്‍ക്കു വന്നില്ലേ’ (أَلَمْ يَأْتِكُمْ رُسُلٌ مِّنكُمْ) എന്നു ചോദിച്ചതില്‍ നിന്ന് മനുഷ്യരായ റസൂലുകളെപ്പോലെ ജിന്നുകളായ റസൂലുകളും ഉണ്ടായിരുന്നുവെന്നാണു വരുന്നത്. ദ്വഹ്ഹാക്വ് (رحمة الله عليه) ന്റെ അഭിപ്രായവും അതാണെന്നു കാണുന്നു. പക്ഷെ, ഭൂരിപക്ഷം പണ്ഡിതന്‍മാരുടെയും അഭിപ്രായം, പ്രവാചകത്വം സിദ്ധിച്ച ദൈവദൂതന്‍മാര്‍ എന്ന അര്‍ത്ഥത്തിലുള്ള റസൂലുകള്‍ ജിന്നു വര്‍ഗ്ഗത്തില്‍ ഇല്ല എന്നാകുന്നു. رَسُول (റസൂല്‍) എന്ന വാക്കിന്റെ സാക്ഷാല്‍ അര്‍ത്ഥം ‘ദൂതന്‍മാര്‍’ എന്നാണല്ലോ. മലക്കുകളെപ്പറ്റിയും ‘റസൂല്‍’ എന്ന വാക്കു ക്വുര്‍ആന്‍ (35: 1ലും മറ്റും) ഉപയോഗിച്ചിരിക്കുന്നു. കൂടാതെ, ജിന്നുകളിലും മതോപദേശം നല്‍കുന്നവരും താക്കീതു നല്‍കുന്നവരും ഉണ്ടായിരുന്നതായി ക്വുര്‍ആനില്‍ നിന്നു വ്യക്തമാകുന്നുണ്ട്. (46: 29 -32). ഇങ്ങിനെയുള്ള ഏതെങ്കിലും ഒരര്‍ത്ഥത്തിലുള്ളവരായിരിക്കും ജിന്നുകളിലെ റസൂലുകള്‍ (ദൂതന്‍മാര്‍) കൊണ്ടുദ്ദേശ്യമെന്നു മനസ്സിലാക്കാം. അല്ലെങ്കില്‍, രണ്ടു സമൂഹത്തെയും ഒന്നിച്ചു സംബോധന ചെയ്തുകൊണ്ടുള്ള സംഭാഷണത്തില്‍, രണ്ടിലൊരു സമൂഹത്തിലെ – അഥവാ മനുഷ്യരിലെ – റസൂലുകളെയും ആ റസൂലുകള്‍ മുഖാന്തരം മറ്റേവര്‍ക്കും – അഥവാ ജിന്നുകള്‍ക്കും – സത്യം ഗ്രഹിക്കുവാന്‍ സാധിച്ചിരുന്നതിനെയും ഉദ്ദേശിച്ച് അങ്ങിനെ പറഞ്ഞതായിരിക്കുവാനും സാധ്യതയുണ്ട് എന്നൊക്കെയാണു ക്വുര്‍ആന്‍ വ്യാഖ്യാതാക്കളുടെ വ്യാഖ്യാനം. ജിന്നും ശ്വൈതാനെയും സംബന്ധിച്ച് സൂറത്തു അസ്സാഫാത്തിന് ശേഷം കൊടുത്തിട്ടുള്ള വ്യാഖ്യാനക്കുറുപ്പില്‍ കുറേ കൂടി വിശദീകരണം കാണാവുന്നതാണ്).

6:131
  • ذَٰلِكَ أَن لَّمْ يَكُن رَّبُّكَ مُهْلِكَ ٱلْقُرَىٰ بِظُلْمٍ وَأَهْلُهَا غَـٰفِلُونَ ﴾١٣١﴿
  • അതു, വല്ല അക്രമവും നിമിത്തം നിന്റെ റബ്ബ് രാജ്യങ്ങളെ നശിപ്പിക്കുന്നവനല്ലെന്നുള്ളതിനാലാകുന്നു; അവയിലെ ആള്‍ക്കാര്‍ (വിവരമില്ലാതെ) അശ്രദ്ധരായിരിക്കെ.
  • ذَٰلِكَ അതു أَن لَّمْ يَكُن അല്ലാത്ത (ആയിരിക്കാത്ത)തിനാലാണു رَّبُّكَ നിന്റെ റബ്ബു مُهْلِكَ നശിപ്പിക്കുന്നവന്‍ الْقُرَىٰ രാജ്യങ്ങളെ بِظُلْمٍ വല്ല അക്രമംകൊണ്ടും, അനീതിയായിട്ടു وَأَهْلُهَا അതിലെ ആള്‍ക്കാര്‍ (ആയിരിക്കെ) غَافِلُونَ അശ്രദ്ധര്‍ (ബോധമില്ലാത്തവര്‍).

ഓരോ രാജ്യക്കാര്‍ക്കും സത്യാസത്യം വിവരിച്ചുകൊടുക്കാതെയും, അവര്‍ക്കു അതിനെപ്പറ്റി മനസ്സിലാക്കുവാന്‍ അവസരം നല്‍കാതെയും അവരുടെ അക്രമങ്ങള്‍ നിമിത്തം അവരെ ഒരിക്കലും അല്ലാഹു നശിപ്പിക്കുകയില്ല, അങ്ങിനെ നശിപ്പിക്കുന്ന പക്ഷം അതു അനീതിയാണല്ലോ. അനീതി അല്ലാഹു ചെയ്കയില്ല തന്നെ. അതുകൊണ്ടാണു റസൂലുകളെ അയച്ച് എല്ലാവര്‍ക്കും ഉപദേശവും താക്കീതും നല്‍കിക്കൊണ്ടിരിക്കുന്നതു എന്നു സാരം.

6:132
  • وَلِكُلٍّ دَرَجَـٰتٌ مِّمَّا عَمِلُوا۟ ۚ وَمَا رَبُّكَ بِغَـٰفِلٍ عَمَّا يَعْمَلُونَ ﴾١٣٢﴿
  • എല്ലാവര്‍ക്കുമുണ്ടായിരിക്കും അവ(രവ)ര്‍ പ്രവര്‍ത്തിച്ചതു മൂലംചില പദവികള്‍. അവര്‍ പ്രവര്‍ത്തിച്ചുവരുന്നതിനെപ്പറ്റി നിന്റെ രക്ഷിതാവു അശ്രദ്ധനേ അല്ല.
  • وَلِكُلٍّ എല്ലാവര്‍ക്കുമുണ്ടു دَرَجَاتٌ ചില പദവികള്‍ مِّمَّا عَمِلُوا അവര്‍ പ്രവര്‍ത്തിച്ചതു മൂലം, പ്രവര്‍ത്തിച്ചതു സംബന്ധിച്ചു وَمَا رَبُّكَ നിന്റെ റബ്ബു അല്ല بِغَافِلٍ അശ്രദ്ധനേ عَمَّا يَعْمَلُونَ അവര്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി.
6:133
  • وَرَبُّكَ ٱلْغَنِىُّ ذُو ٱلرَّحْمَةِ ۚ إِن يَشَأْ يُذْهِبْكُمْ وَيَسْتَخْلِفْ مِنۢ بَعْدِكُم مَّا يَشَآءُ كَمَآ أَنشَأَكُم مِّن ذُرِّيَّةِ قَوْمٍ ءَاخَرِينَ ﴾١٣٣﴿
  • നിന്റെ റബ്ബ് (പരാശ്രയമില്ലാത്ത) ധന്യനും, കാരുണ്യശാലിയുമായുള്ളവനത്രെ.

    അവന്‍ ഉദ്ദേശിക്കുന്നപക്ഷം, നിങ്ങളെ അവന്‍ പോക്കി (നശിപ്പിച്ചു) കളയുകയും, നിങ്ങളുടെ ശേഷം അവന്‍ ഉദ്ദേശിക്കുന്നതിനെ അവന്‍ പിന്നാലെ കൊണ്ടുവരുകയും ചെയ്യും; (അതെ) മറ്റൊരു ജനതയുടെ സന്തതികളില്‍ നിന്നായി നിങ്ങളെ അവന്‍ ഉണ്ടാക്കിയതുപോലെ.
  • وَرَبُّكَ നിന്റെ റബ്ബു الْغَنِيُّ ധന്യനത്രെ ذُو الرَّحْمَةِ കാരുണ്യശാലി, കരുണയുള്ളവനായ إِن يَشَأْ അവന്‍ ഉദ്ദേശിക്കുന്ന പക്ഷം يُذْهِبْكُمْ നിങ്ങളെ അവന്‍ പോക്കി (നശിപ്പിച്ചു) കളയും وَيَسْتَخْلِفْ അവന്‍ പിന്നാലെ കൊണ്ടുവരുകയും ചെയ്യും, പകരമാക്കും مِن بَعْدِكُم നിങ്ങളുടെ ശേഷം مَّا يَشَاءُ അവന്‍ ഉദ്ദേശിക്കുന്നതു كَمَا أَنشَأَكُم അവന്‍ നിങ്ങളെ ഉണ്ടാക്കിയതുപോലെ مِّن ذُرِّيَّةِ സന്തതികളില്‍ നിന്നു قَوْمٍ ജനതയുടെ آخَرِينَ വേറെ.
6:134
  • إِنَّ مَا تُوعَدُونَ لَـَٔاتٍ ۖ وَمَآ أَنتُم بِمُعْجِزِينَ ﴾١٣٤﴿
  • നിശ്ചയമായും, നിങ്ങളോടു വാഗ്ദത്തം ചെയ്യപ്പെടുന്ന കാര്യം വരുന്നതു തന്നെയാണു. നിങ്ങള്‍ (അവനെ) അസാധ്യമാക്കു [പരാജയപ്പെടുത്തു]ന്നവരല്ല താനും.
  • إِنَّ مَا تُوعَدُونَ നിശ്ചയമായും നിങ്ങളോടു വാഗ്ദത്തം ചെയ്യപ്പെടുന്നതു لَآتٍ വരുന്നതുതന്നെ وَمَا أَنتُم നിങ്ങളല്ലതാനും بِمُعْجِزِينَ അസാദ്ധ്യമാക്കുന്ന (പരാജയപ്പെടുത്തുന്ന) വര്‍.

ഓരോരുത്തരുടെയും കര്‍മ്മങ്ങള്‍ക്കനുസരിച്ചു – നല്ലതോ ചീത്തയോ ആയ – സ്ഥാനപദവികള്‍ ലഭിക്കുന്നതാണ്. ഓരോരുത്തരുടെയും കര്‍മ്മങ്ങളെക്കുറിച്ചു അല്ലാഹു അറിഞ്ഞും വീക്ഷിച്ചും കൊണ്ടിരിക്കുന്നുണ്ട്‌. അവനു ഒരു കാര്യത്തിലും ആരുടേയും ആശ്രയം വേണ്ടതില്ല. നിങ്ങള്‍ സല്‍ക്കര്‍മ്മങ്ങള്‍ ചെയ്യുന്നില്ലെന്നുവെച്ച് അവനു ഒരു ദോഷവും ബാധിക്കുവാനില്ല. അതേ സമയത്ത് അവന്‍ വളരെ കാരുണ്യ ശീലനുമാകുന്നു. അതുകൊണ്ടാണു നിങ്ങളുടെമേല്‍ പെട്ടന്നുള്ള നടപടിയൊന്നും അവന്‍ എടുക്കാതിരിക്കുന്നത്. വേണമെങ്കില്‍ നിങ്ങളെ ഈ ഭൂമുഖത്തു നിന്നു തുടച്ചു നീക്കി മറ്റൊരു കൂട്ടരേ തല്‍സ്ഥാനത്തു കൊണ്ടുവരുവാനും അവനു കഴിയും. മുന്‍കഴിഞ്ഞുപോയ ജനങ്ങളുടെ ശേഷം, അവരുടെ പിന്‍തലമുറകളായിട്ടാണല്ലോ നിങ്ങളെ അവന്‍ രംഗത്തു കൊണ്ടുവന്നത്. പക്ഷെ, അവന്റെ കാരുണ്യം നിമിത്തം അവനതു ചെയ്യാതിരിക്കുകയാണ്. പരലോകം, ന്യായവിചാരണ, രക്ഷാശിക്ഷകള്‍ ആദിയായി പ്രവാചകന്‍മാര്‍ മുഖേന നിങ്ങളോടു വാഗ്ദത്തം ചെയ്യപ്പെടുന്ന കാര്യങ്ങളെല്ലാം സംഭവിക്കുകതന്നെ ചെയ്യും. അതില്‍ സംശയിക്കേണ്ടതില്ല. അതൊക്കെ സംഭവിക്കുമ്പോള്‍ നിങ്ങള്‍ക്കു അല്ലാഹുവിനെ പരാജയപ്പെടുത്തി രക്ഷപ്പെടാമെന്ന ധാരണ നിങ്ങള്‍ക്കുണ്ടെങ്കില്‍ അതങ്ങു വിട്ടേക്കുക.

6:135
  • قُلْ يَـٰقَوْمِ ٱعْمَلُوا۟ عَلَىٰ مَكَانَتِكُمْ إِنِّى عَامِلٌ ۖ فَسَوْفَ تَعْلَمُونَ مَن تَكُونُ لَهُۥ عَـٰقِبَةُ ٱلدَّارِ ۗ إِنَّهُۥ لَا يُفْلِحُ ٱلظَّـٰلِمُونَ ﴾١٣٥﴿
  • (നബിയേ) പറയുക: 'എന്റെ ജനങ്ങളെ, നിങ്ങള്‍ നിങ്ങളുടെ സ്ഥാനപ്രകാരം [നിലപാടനുസരിച്ചു] പ്രവര്‍ത്തിച്ചു കൊള്ളുവിന്‍. നിശ്ചയമായും ഞാന്‍ (എന്റെ സ്ഥാനമനുസരിച്ചു) പ്രവര്‍ത്തിക്കുന്നവനാകുന്നു. എന്നാല്‍, പിറകെ നിങ്ങള്‍ക്കറിയാറാകും, ആര്‍ക്കാണു (ഈ ഐഹിക) ഭവനത്തിന്റെ (ശുഭ) പര്യവസാനം ആയിരിക്കുകയെന്നു. നിശ്ചയമായും കാര്യം: അക്രമികള്‍ വിജയിക്കുകയില്ല.'
  • قُلْ പറയുക يَا قَوْمِ എന്റെ ജനങ്ങളേ اعْمَلُوا നിങ്ങള്‍ പ്രവര്‍ത്തിക്കുവിന്‍ عَلَىٰ مَكَانَتِكُمْ നിങ്ങളുടെ സ്ഥാനപ്രകാരം (നിലപാടനുസരിച്ചു) إِنِّي നിശ്ചയമായും ഞാന്‍ عَامِلٌ പ്രവര്‍ത്തിക്കുന്നവനാണു فَسَوْفَ എന്നാല്‍ (അപ്പോള്‍), പിറകെ (വഴിയെ) تَعْلَمُونَ നിങ്ങളറിയും, നിങ്ങള്‍ക്കറിയാം مَن تَكُونُ لَهُ ആരാണു അവന്നായിരിക്കുക, ഉണ്ടാക്കുക عَاقِبَةُ അന്ത്യം, പര്യവസാനം, അവസാനഫലം الدَّارِ (ഈ) ഭവനത്തിന്റെ വീടിന്റെ إِنَّهُ നിശ്ചയമായും അതു (കാര്യം) لَا يُفْلِحُ വിജയിക്കുകയില്ല الظَّالِمُونَ അക്രമികള്‍.

ഈ വചനത്തിന്റെ സാരം രണ്ടു പ്രകാരത്തില്‍ വ്യാഖ്യാനിക്കപ്പെടാവുന്നതാണ്.

(1). നിങ്ങള്‍ നിങ്ങളുടെ യഥാര്‍ത്ഥ സ്ഥിതിഗതികള്‍ മനസ്സിലാക്കി കഴിവതും നല്ലനിലയില്‍ വര്‍ത്തിച്ചു പോരണം, ഞാനും എന്റെ സ്ഥിതിക്കനുസരിച്ചു വര്‍ത്തിച്ചു വരുന്നു. അപ്പോള്‍, ഈ ജീവിതത്തില്‍ നിന്നു സമ്പാദിച്ചതിന്റെ ഗുണഫലം വഴിയെ അനുഭവത്തില്‍ വരും. അക്രമം പ്രവര്‍ത്തിക്കുന്നവര്‍ക്കു വിജയം ലഭിക്കുവാനില്ല. സല്‍ക്കര്‍മ്മങ്ങള്‍ക്കേ വിജയം ലഭിക്കൂ.

(2). നിങ്ങള്‍ നിങ്ങളുടെ നിലപാടും ഹിതവും അനുസരിച്ചു പ്രവര്‍ത്തിച്ചുകൊള്ളുക. ഞാനതു മുടക്കുന്നില്ല. എന്റെ ഹിതവും നിലപാടും അനുസരിച്ചു ഞാനും പ്രവര്‍ത്തിച്ചുകൊള്ളാം. അതിന്റെ ഫലം ഭാവിയില്‍ നിങ്ങള്‍ക്കറിയുമാറാകും. അക്രമികള്‍ക്കു രക്ഷയില്ലെന്നു നിങ്ങളോര്‍ക്കണം.

ആദ്യത്തെ വ്യാഖ്യാനം ഒരു സദുപദേശമെന്ന നിലക്കും, രണ്ടാമത്തേതു ഒരു താക്കീതു എന്നുള്ള നിലക്കുമുള്ളതായിരിക്കും. ഇതാണു വ്യാത്യാസം.

6:136
  • وَجَعَلُوا۟ لِلَّهِ مِمَّا ذَرَأَ مِنَ ٱلْحَرْثِ وَٱلْأَنْعَـٰمِ نَصِيبًا فَقَالُوا۟ هَـٰذَا لِلَّهِ بِزَعْمِهِمْ وَهَـٰذَا لِشُرَكَآئِنَا ۖ فَمَا كَانَ لِشُرَكَآئِهِمْ فَلَا يَصِلُ إِلَى ٱللَّهِ ۖ وَمَا كَانَ لِلَّهِ فَهُوَ يَصِلُ إِلَىٰ شُرَكَآئِهِمْ ۗ سَآءَ مَا يَحْكُمُونَ ﴾١٣٦﴿
  • വിളയായും, കാലികളായും അല്ലാഹു സൃഷ്ടിച്ചുണ്ടാക്കിയതില്‍ നിന്ന് ഒരു ഓഹരി അവര്‍ അവന് ആക്കി വെച്ചിരിക്കുന്നു. എന്നിട്ട് അവര്‍ പറയുകയാണ്‌: 'ഇതു അല്ലാഹുവിനുള്ളതാണ് - (അതെ) അവരുടെ ജല്‍പനമനുസരിച്ച്, ഇതു ഞങ്ങളുടെ 'പങ്കാളികള്‍'ക്കു [ദൈവങ്ങള്‍ക്കു]ള്ളതുമാണു.'

    എന്നാല്‍, അവരുടെ 'പങ്കാളികള്‍'ക്കുള്ളതു അല്ലാഹുവിലേക്കു ചേരുകയില്ല; അല്ലാഹുവിനുള്ളതാകട്ടെ, അതവരുടെ 'പങ്കാളികളി'ലേക്കു ചേരുകയും ചെയ്യും.

    അവര്‍ വിധി കല്‍പിക്കുന്നതു വളരെ ചീത്ത!
  • وَجَعَلُوا അവര്‍ ആക്കി (വെച്ചു), ഏര്‍പ്പെടുത്തി لِلَّهِ അല്ലാഹുവിനു مِمَّا ذَرَأَ അവന്‍ സൃഷ്‌ടിച്ചുണ്ടാക്കിയതില്‍ നിന്നു مِنَ الْحَرْثِ വിള (കൃഷി)യില്‍ നിന്നു, വിളയായിട്ടു وَالْأَنْعَامِ കാലികളിലും نَصِيبًا ഒരു പങ്കു, ഓഹരി فَقَالُوا എന്നിട്ടു അവര്‍ പറഞ്ഞു, പറയുകയാണു هَٰذَا لِلَّهِ ഇതു അല്ലാഹുവിനാണു بِزَعْمِهِمْ അവരുടെ ജല്‍പനമനുസരിച്ച്‌, ജല്‍പനത്തില്‍ وَهَٰذَا ഇതു لِشُرَكَائِنَا നമ്മുടെ പങ്കാളികള്‍ക്കാണു فَمَا كَانَ എന്നിട്ടു (എന്നാല്‍) ആയിത്തീര്‍ന്നതു لِشُرَكَائِهِمْ അവരുടെ പങ്കാളികള്‍ക്കു فَلَا يَصِلُ അതു (എത്തി)ചേരുകയില്ല إِلَى اللَّهِ അല്ലാഹുവിലേക്കു وَمَا كَانَ ആയിത്തീര്‍ന്നതോ لِلَّهِ അല്ലാഹുവിനു فَهُوَ يَصِلُ അതു ചേരുന്നു, ചേരും إِلَىٰ شُرَكَائِهِمْ അവരുടെ പങ്കാളികളിലേക്കു سَاءَ വളരെ ചീത്ത, മോശം مَا يَحْكُمُونَ അവര്‍ വിധിക്കുന്നതു.

അറബികള്‍ക്കിടയില്‍ ചിരകാലമായി നടപ്പിലുണ്ടായിരുന്ന ചില ദുരാചാരങ്ങളെയും, ശിര്‍ക്കുപരമായ പ്രവര്‍ത്തനങ്ങളെയും കുറിച്ചാണു ഈ വചനത്തിലും, തുടര്‍ന്നുള്ള ഏതാനും വചനങ്ങളിലും പ്രതിപാദിക്കപ്പെട്ടിരിക്കുന്നത്. കൃഷിയുല്‍പന്നങ്ങളുടെയും, ആടുമാടൊട്ടകങ്ങള്‍ മുതലായവയുടെയും സൃഷ്ടാവും, നിയന്താവും അല്ലാഹുവാണെന്ന് അവര്‍ക്കും അറിയാവുന്നതാണ്. എന്നാലും തങ്ങളുടെ വിഗ്രഹാദി ദൈവങ്ങളുടെ അനുഗ്രഹാശിസ്സുകൊണ്ടാണു അവയെല്ലാം തങ്ങള്‍ക്കു ലഭിക്കുന്നതെന്നും, അവയുടെ പ്രീതിയും ‘ബര്‍ക്കത്തും’ ഇല്ലാത്തപക്ഷം തങ്ങള്‍ക്കു കഷ്ടനഷ്ടങ്ങള്‍ സംഭവിക്കുമെന്നും ആയിരുന്നു അവരുടെ വിശ്വാസം. ചില മാഹാത്മക്കളെയും നേര്‍ച്ചക്കാരെയും സംബന്ധിച്ച് ഇതുപോലെയുള്ള ചില ധാരണകളും, വിശ്വാസങ്ങളും മുസ്ലിം പോതുജനങ്ങളിലും വേരൂന്നിയിട്ടുള്ളതു ഒരു ദുഃഖസത്യമത്രെ. ചില പുതിയ നായീകരണങ്ങള്‍ കണ്ടുപിടിച്ച് ആ പഴയ ജാഹിലിയ്യാ സമ്പ്രദായങ്ങളെ ഇസ്ലാമീകരിച്ചു മുതലെടുക്കുവാന്‍ ഒരു വിഭാഗം പണ്ഡിതന്‍മാരും രംഗത്തുണ്ടെന്നുള്ളതാണു കൂടുതല്‍ ശോചനീയം. ആ മുശ്രിക്കുകള്‍ അവരുടെ ദൈവങ്ങള്‍ക്കായി നീക്കിവെക്കുന്ന സ്വത്തുക്കള്‍ അവസാനം അവരിലുള്ള പുരോഹിത വര്‍ഗ്ഗത്തിലേക്കായിരിക്കും എത്തിച്ചേരുക. ഏറെക്കുറെ അതുപോലെയുള്ള കാര്യലാഭങ്ങള്‍ തന്നെയാണു ഇവരെയും അതിനു പ്രേരിപ്പിക്കുന്നത്.

കൃഷിസ്ഥലങ്ങളിലും, തോട്ടങ്ങളിലും ഒരു ഭാഗം അല്ലാഹുവിന്റെയും, മറ്റൊരു ഭാഗം അവരുടെ ദൈവങ്ങളുടെയും പേരില്‍ അവര്‍ തിരിച്ചുവെക്കും. അല്ലാഹുവിന്റെ ഓഹരിയില്‍നിന്നുള്ള ലഭ്യം സാധുക്കള്‍ക്ക് ധര്‍മ്മമായി നല്‍കും. ദൈവങ്ങളുടെ ഓഹരിയില്‍നിന്നുള്ള വരുമാനം അവയുടെ പേരിലുള്ള നേര്‍ച്ച, ബലി, പൂജ മുതലായ വഴിപാടുകള്‍ക്കും ചിലവഴിക്കും. ഇതു ഒടുക്കം ആ ദൈവങ്ങളുടെ ക്ഷേത്ര പൂജാരികള്‍ തുടങ്ങിയ പുരോഹിത വര്‍ഗ്ഗത്തിനാണു ലഭിക്കുകയെന്നു പറയേണ്ടതില്ലല്ലോ. ഇങ്ങിനെ, അല്ലാഹു ഉല്‍പാദിപ്പിച്ചുകൊടുത്ത ഉല്‍പന്നങ്ങളെ മുഴുവന്‍ അവന്റെ മാര്‍ഗ്ഗത്തില്‍ ചിലവഴിക്കുകയോ, അവന്റെ അനുഗ്രഹങ്ങളെന്ന നിലക്കു സ്വന്തം എടുത്തുപയോഗിക്കുകയോ ചെയ്യാതെ, അതില്‍ ഒരു ഓഹരി മാത്രം അവന് അവര്‍ നീക്കിവെക്കുന്നു. മാത്രമല്ല, അവന്റെ സമന്മാരും പങ്കാളികളുമായി അവര്‍ സങ്കല്‍പിച്ചുണ്ടാക്കിയ കൃത്രിമ ദൈവങ്ങള്‍ക്കും ഒരോഹരി അവര്‍ നിശ്ചയിച്ചുവെക്കുന്നു.

കാര്യം അവിടംകൊണ്ടും അവസാനിക്കുന്നില്ല. ദൈവങ്ങളുടെ ഓഹാരിയെപ്പറ്റി അവര്‍ പ്രത്യേകം ശ്രദ്ധിക്കുകയും നന്നായി ശുശ്രൂഷ നടത്തുകയും ചെയ്യും. അല്ലാഹുവിന്റേതിനെപ്പറ്റി അത്രയൊന്നും ശ്രദ്ധ പതിക്കുകയില്ല. കാറ്റ് മുതലായ വല്ല കാരണത്താലും അല്ലാഹുവിന്റെ ഓഹരിയില്‍നിന്നു ദൈവങ്ങളുടെ ഓഹരിയിലേക്കു വല്ലതും കൊഴിഞ്ഞു ചാടിപ്പോയാല്‍ അതു ദൈവങ്ങളുടേതായി കണക്കാക്കും. നേരെമറിച്ചു ദൈവങ്ങളുടെ ഓഹരിയില്‍നിന്നു അങ്ങോട്ടു വല്ലതും കലര്‍ന്നുപോയാല്‍ ഈ നിയമം ഒട്ടില്ലതാനും. ദൈവങ്ങളുടെ ഭാഗത്തില്‍ നിന്നുള്ള വെളളത്തെ ആശ്രയിച്ചാണ് അല്ലാഹുവിന്റെ ഓഹരിയിലെ വിള വളര്‍ന്നതെങ്കില്‍ ആ വിളവും ദൈവങ്ങള്‍ക്കുതന്നെ അവകാശപ്പെട്ടതും. മറിച്ചായാല്‍ ദൈവങ്ങളുടെ അവകാശത്തില്‍ കുറവു വരുത്തുകയുമില്ല. ക്ഷാമം പോലെയുള്ള നിര്‍ബ്ബന്ധിതാവസ്ഥകള്‍ നേരിട്ടാലും അല്ലാഹുവിന്റെ ഓഹരിയില്‍ നിന്നല്ലാതെ, ദൈവങ്ങളുടെ ഓഹരിയില്‍ നിന്നു – അവയുടെ കോപശാപങ്ങളെക്കുറിച്ചുള്ള ഭയം നിമിത്തം – അവര്‍ എടുത്തു പറ്റുമായിരുന്നില്ല. ചുരുക്കിപ്പറഞ്ഞാല്‍ എന്തെങ്കിലും കാരണത്തെച്ചൊല്ലി ദൈവങ്ങളുടെ ഓഹരിക്കു മുതല്‍കൂട്ടു നല്‍കുവാനും, അല്ലാഹുവിന്റെ ഓഹരിക്കു നഷ്ടം വരുവാനുമായിരിക്കും അവര്‍ ശ്രമിക്കുക. ഇതിനു അവര്‍ പറയുന്ന കാരണം, അല്ലാഹു ധന്യനും, ദൈവങ്ങള്‍ ദരിദ്രരുമാണെന്നായിരിക്കും. ഇതെല്ലാം സൂചിപ്പിച്ചു കൊണ്ടാണു അല്ലാഹുവിന്റെ ഓഹരിയെക്കുറിച്ചു പറഞ്ഞപ്പോള്‍ بِزَعْمِهِمْ (അവരുടെ ജല്‍പന പ്രകാരം) എന്നു അല്ലാഹു വിശേഷിപ്പിച്ചത്.

കന്നുകാലികളെ സംബന്ധിച്ചാണെങ്കില്‍, അല്ലാഹുവിന്റെ സൃഷ്ടികളായ അവയെ അവനു നേര്‍ച്ചയോ ബലിയോ ആക്കുന്നതിനു പകരം, അവയെ തങ്ങളുടെ ദൈവങ്ങള്‍ക്കു നേര്‍ച്ച വഴിപാടുകളാക്കുകയാണവര്‍ ചെയ്യുക. അറക്കുമ്പോള്‍ അവന്റെ നാമത്തില്‍ അറുക്കാതെ മറ്റു ദൈവങ്ങളുടെ നാമങ്ങളില്‍ അറുക്കുകയും ചെയ്യും. ‘ബഹീറത്തു, സാഇബത്ത്, ഹാമ്, വസ്വീലത്ത്, എന്നിവയെപ്പറ്റി സൂ: മാഇദ 106ല്‍ പ്രസ്താവിച്ചുവല്ലോ. ഇങ്ങിനെയുള്ള തോന്നിയവാസങ്ങളെയാണു ഈ വചനത്തില്‍ അല്ലാഹു ചൂണ്ടിക്കാട്ടുന്നത്. ഇതുവഴി, അല്ലാഹുവിനു പങ്കുകാരെ ഉണ്ടാക്കി ആരാധനകളര്‍പ്പിക്കുകയെന്നതിനു പുറമെ, അല്ലാഹുവിനാണെന്നും ദൈവങ്ങള്‍ക്കാണെന്നും ജല്‍പിച്ചു കൊണ്ടു നീക്കിവെച്ച ഓഹരികളില്‍പോലും പക്ഷഭേദവും അനീതിയും കാണിക്കുകയാണവര്‍ ചെയ്യുന്നത്. അതാണു അവസാനം سَاءَ مَا يَحْكُمُونَ (അവര്‍ വിധി കല്‍പിക്കുന്നതു വളരെ ചീത്ത) എന്നു പറഞ്ഞത്.

6:137
  • وَكَذَٰلِكَ زَيَّنَ لِكَثِيرٍ مِّنَ ٱلْمُشْرِكِينَ قَتْلَ أَوْلَـٰدِهِمْ شُرَكَآؤُهُمْ لِيُرْدُوهُمْ وَلِيَلْبِسُوا۟ عَلَيْهِمْ دِينَهُمْ ۖ وَلَوْ شَآءَ ٱللَّهُ مَا فَعَلُوهُ ۖ فَذَرْهُمْ وَمَا يَفْتَرُونَ ﴾١٣٧﴿
  • അതുപോലെ (ത്തന്നെ) മുശ്രിക്കുകളില്‍ പെട്ട പലര്‍ക്കും അവരുടെ സന്താനങ്ങളെ കൊലപ്പെടുത്തുന്നതു അവരുടെ പങ്കാളികള്‍ ഭംഗിയാക്കിക്കാണിച്ചു കൊടുത്തിരിക്കുന്നു; (അതെ) അവരെ അവര്‍ നാശത്തില്‍ പതിപ്പിക്കുവാനും, അവര്‍ക്കു അവരുടെ മതം (തിരിച്ചറിയാതെ) കൂട്ടിക്കലര്‍ത്തുവാനും വേണ്ടി. [അതാണിതുകൊണ്ട് ഉണ്ടായിത്തീരുന്നത്].

    അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കില്‍ അവരതു ചെയ്യുമായിരുന്നില്ല. ആകയാല്‍, അവരെയും, അവര്‍ കെട്ടിച്ചമച്ചുണ്ടാക്കുന്നതിനെയും നീ (അങ്ങു) വിട്ടേക്കുക.
  • وَكَذَٰلِكَ അതുപോലെ زَيَّنَ ഭംഗിയാക്കി (അലങ്കാരമാക്കി)ക്കാട്ടിയിരിക്കുന്നു لِكَثِيرٍ പലര്‍ക്കും, വളരെ ആള്‍ക്കു مِّنَ الْمُشْرِكِينَ മുശ്‌രിക്കുകളില്‍ നിന്നു قَتْلَ കൊലയെ, വിധിക്കുന്നതിനെ أَوْلَادِهِمْ തങ്ങളുടെ സന്താനങ്ങളെ شُرَكَاؤُهُمْ അവരുടെ പങ്കാളികള്‍ لِيُرْدُوهُمْ അവരെ അവര്‍ നാശത്തില്‍ പതിപ്പിക്കുവാന്‍ وَلِيَلْبِسُوا അവര്‍ കൂട്ടിക്കലര്‍ത്തുവാനും عَلَيْهِمْ അവരുടെ മേല്‍, അവര്‍ക്കു دِينَهُمْ അവരുടെ മതത്തെ, മതനടപടിയെ وَلَوْ شَاءَ ഉദ്ദേശിച്ചിരുന്നെങ്കില്‍ اللَّهُ അല്ലാഹു مَا فَعَلُوهُ അതവര്‍ ചെയ്യുകയില്ലായിരുന്നു فَذَرْهُمْ അതിനാല്‍ അവരെ നീ വിട്ടേക്കുക وَمَا يَفْتَرُونَ അവര്‍ കെട്ടിയുണ്ടാക്കുന്നതിനെയും.

അറബി മുശ്രിക്കുകള്‍ക്കിടയില്‍ നടപ്പുണ്ടായിരുന്ന അതിനികൃഷ്ടമായ മറ്റൊരു ദുരാചാരത്തെക്കുറിച്ചാണു പറയുന്നത്. ദാരിദ്ര്യം, അപമാനം, പ്രാരാബ്ധം, യുദ്ധകാലത്തുണ്ടാകുന്ന ശല്യം ആദിയായവയെ ഭയന്ന്‍ സ്വന്തം പെണ്‍കുഞ്ഞുങ്ങളെ വധിക്കുക; അല്ലെങ്കില്‍ ജീവനോടെ കുഴിച്ചുമൂടുക. ഇതാണത്‌. കൂടാതെ, ദൈവങ്ങളെ പ്രീതിപ്പെടുത്തുവാന്‍വേണ്ടി – ഇക്കാലത്തു ചില അപരിഷ്‌കൃത വര്‍ഗക്കാര്‍ ചെയ്യാറുള്ളതുപോലെ – ആണ്‍കുഞ്ഞുങ്ങളെ വിഗ്രഹങ്ങള്‍ക്കുവേണ്ടി ബലി അര്‍പ്പിക്കലും പതിവുണ്ടായിരുന്നുവെന്നു ചിലര്‍ പറഞ്ഞു കാണുന്നു. അല്ലാഹുവിനറിയാം. പെണ്‍കുഞ്ഞുങ്ങളെ കൊല്ലുന്നതിനെപറ്റി മാത്രമേ ക്വുര്‍ആനില്‍ വ്യക്തമാക്കപ്പെട്ടു കാണുന്നുള്ളൂ. ജീവകാരുണ്യമോ, സ്വന്തം മക്കളോടുള്ള വാത്സല്യമോ, പിഞ്ചുപൈതലിനോടുള്ള ദയയോ തോന്നാത്ത ഈ കടുംകൈ പ്രവര്‍ത്തിക്കുവാന്‍ അവര്‍ക്കു പ്രേരണ നല്‍കുന്നതു പിശാചുക്കളുടെ ദുര്‍ബ്ബോധനങ്ങളും, പുരോഹിത വര്‍ഗത്തിന്റെ നിയമനിര്‍മ്മാണങ്ങളുമായിരുന്നു. ഇവരാണു ഇവിടെ ‘പങ്കാളികള്‍’ (شُرَكَاء) കൊണ്ടു വിവക്ഷ. അല്ലാഹുവിന്റെ നിയമങ്ങള്‍ക്കു വിരുദ്ധമായ നിയമങ്ങള്‍ നിര്‍മ്മിക്കുന്ന ഇവരെ റബ്ബുകളാക്കുകയാണല്ലോ അവര്‍ ചെയ്യുന്നത്‌. പ്രസ്‌തുത നിയമോപദേശങ്ങള്‍ മൂലം അവര്‍ ഇഹത്തിലും പരത്തിലും കഷ്‌ടനഷ്‌ടങ്ങള്‍ അനുഭവിക്കേണ്ടിവരുന്നു. അതൊക്കെ മതനിയമങ്ങളായി തെറ്റിദ്ധരിക്കപ്പെടുകയും ചെയ്യുന്നു. അതെല്ലാം സൂചിപ്പിച്ചുകൊണ്ടാണു, അവര്‍ – ആ പങ്കാളികള്‍ – അവരെ നാശത്തില്‍ പതിപ്പിക്കുവാനും, അവരുടെ മതം അവര്‍ക്കു തിരിച്ചറിയാതാക്കുവാനും (لِيُرْدُوهُمْ وَلِيَلْبِسُوا عَلَيْهِمْ دِينَهُمْ) എന്നു പറഞ്ഞത്‌.

അത്തരം ദുര്‍വൃത്തികളൊന്നും അവര്‍ ചെയ്യാതിരിക്കുകതന്നെ വേണമെന്നാണ്‌ അല്ലാഹു നിശ്ചയിച്ചിരുന്നതെങ്കില്‍ അവര്‍ അതൊന്നും ചെയ്യുമായിരുന്നില്ല. പക്ഷേ, നല്ലതും ചീത്തയും വിവേചിച്ചറിയുവാനുള്ള സൗകര്യവും, സാഹചര്യവും നല്‍കിക്കൊണ്ട്‌ അവരുടെ ഹിതത്തിനു വിട്ടുകൊടുത്തിരിക്കുകയാണ്‌ അല്ലാഹു. അതു കൊണ്ടു അവര്‍ ചെയ്യുന്നത്‌ ചെയ്യട്ടെ എന്നുവെച്ച്‌ അവരെ അവഗണിച്ചു കളയുകയേ വേണ്ടൂ. അവരുടെ മേലുള്ള നടപടി അല്ലാഹു എടുത്തുകൊള്ളും. എന്നിങ്ങിനെ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യെ ഉപദേശിക്കുകയാണ്‌ ആയത്തിന്റെ അന്ത്യഭാഗം ചെയ്യുന്നത്‌’.

6:138
  • وَقَالُوا۟ هَـٰذِهِۦٓ أَنْعَـٰمٌ وَحَرْثٌ حِجْرٌ لَّا يَطْعَمُهَآ إِلَّا مَن نَّشَآءُ بِزَعْمِهِمْ وَأَنْعَـٰمٌ حُرِّمَتْ ظُهُورُهَا وَأَنْعَـٰمٌ لَّا يَذْكُرُونَ ٱسْمَ ٱللَّهِ عَلَيْهَا ٱفْتِرَآءً عَلَيْهِ ۚ سَيَجْزِيهِم بِمَا كَانُوا۟ يَفْتَرُونَ ﴾١٣٨﴿
  • അവര്‍ പറയുകയാണു: ഇവ വിലക്കപ്പെട്ടതായ ചില കാലികളും വിളകളുമാകുന്നു; അവരുടെ ജല്‍പനമനുസരിച്ച്‌ നാം ഉദ്ദേശിക്കുന്നവരല്ലാതെ അവ ഭക്ഷിച്ചുകൂടാ- (വേറെ) ചില കാലികളും അവയുടെ പുറങ്ങള്‍ (സവാരിക്കു) നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു. (കൂടാതെ വേറെ) ചില കാലികളും; അവയുടെ മേല്‍ അല്ലാഹുവിന്റെ നാമം അവര്‍ ഉച്ചരിക്കുകയില്ല. അവന്റെ [അല്ലാഹുവിന്റെ] പേരില്‍ കെട്ടിച്ചമച്ചുകൊണ്ട്‌.

    അവര്‍ കെട്ടിച്ചമച്ചു കൊണ്ടിരിക്കുന്നതിനു അവന്‍ അവര്‍ക്കു (വഴിയെ) പ്രതിഫലം നല്‍കുന്നതാണ്‌.
  • وَقَالُوا അവര്‍ പറയുകയും ചെയ്‌തു, പറയുകയാണു هَٰذِهِ أَنْعَامٌ ഇവ ചില കാലികളാണു وَحَرْثٌ വിളയും, വിളകളും حِجْرٌ വിലക്കപെട്ട لَّا يَطْعَمُهَا അവ ഭക്ഷിക്കുകയില്ല, ഭക്ഷിച്ചുകൂടാ إِلَّا ഒഴികെ مَن نَّشَاءُ നാം (ഞങ്ങള്‍) ഉദ്ദേശിക്കുന്നവര്‍ بِزَعْمِهِمْ അവരുടെ ജല്‍പനമനുസരിച്ചു وَأَنْعَامٌ ചില കാലികള്‍ حُرِّمَتْ നിഷിദ്ധ (നിരോധിക്ക) പ്പെട്ടിരിക്കുന്നു ظُهُورُهَا അവയുടെ പുറങ്ങള്‍, മുതുകുകള്‍ وَأَنْعَامٌ ചില കാലികള്‍ لَّا يَذْكُرُونَ അവര്‍ പറയുക (ഉച്ചരിക്കുക)യില്ല اسْمَ اللَّهِ അല്ലാഹുവിന്റെ നാമം عَلَيْهَا അതിന്റെമേല്‍ افْتِرَاءً കെട്ടിച്ചമച്ച്‌ عَلَيْهِ അവന്റെ മേല്‍ (പേരില്‍) سَيَجْزِيهِم അവര്‍ക്കു അവന്‍ (വഴിയെ) പ്രതിഫലം നല്‍കും بِمَا كَانُوا അവരായിരുന്നതിനു يَفْتَرُونَ കെട്ടിച്ചമക്കുക.

6:139
  • وَقَالُوا۟ مَا فِى بُطُونِ هَـٰذِهِ ٱلْأَنْعَـٰمِ خَالِصَةٌ لِّذُكُورِنَا وَمُحَرَّمٌ عَلَىٰٓ أَزْوَٰجِنَا ۖ وَإِن يَكُن مَّيْتَةً فَهُمْ فِيهِ شُرَكَآءُ ۚ سَيَجْزِيهِمْ وَصْفَهُمْ ۚ إِنَّهُۥ حَكِيمٌ عَلِيمٌ ﴾١٣٩﴿
  • അവര്‍ പറയുന്നു: (ഇതാ) ഈ കാലികളുടെ വയറുകളിലുള്ളതു നമ്മുടെ ആണുങ്ങള്‍ക്കു മാത്രമുള്ളതും, നമ്മുടെ ഭാര്യമാര്‍ക്കു നിഷിദ്ധമാക്കപ്പെട്ടതുമാകുന്നു'.

    അതു ചത്തതായിരുന്നാല്‍ അവര്‍ (എല്ലാവരും) അതില്‍ പങ്കാളികളുമായിരിക്കും.

    അവരുടെ (ഈ) വിവരണത്തിനു അവന്‍ അവര്‍ക്കു (വഴിയെ) പ്രതിഫലം നല്‍കുന്നതാണ്‌. നിശ്ചയമായും അവന്‍, അഗാധജ്ഞനാകുന്നു; സര്‍വ്വജ്ഞനാകുന്നു.
  • وَقَالُوا അവര്‍ പറയുന്നു مَا فِي بُطُونِ വയറുകളിലുള്ളതു هَٰذِهِ الْأَنْعَامِ ഈ കാലികളുടെ خَالِصَةٌ മാത്രമാ(തനിച്ചാ)യുള്ളതാണു لِّذُكُورِنَا നമ്മുടെ ആണുങ്ങള്‍ക്കു وَمُحَرَّمٌ നിഷിദ്ധമാക്കപ്പെട്ടതുമാണു عَلَىٰ أَزْوَاجِنَا നമ്മുടെ ഭാര്യമാര്‍ക്കു وَإِن يَكُن അതാണെങ്കിലോ, ആകുന്നപക്ഷം مَّيْتَةً ചത്തതു, ശവം فَهُمْ فِيهِ എന്നാലവര്‍ അതില്‍ شُرَكَاءُ പങ്കാളികളാണു سَيَجْزِيهِمْ അവര്‍ക്കവന്‍ പ്രതിഫലം നല്‍കും وَصْفَهُمْ അവരുടെ വിവരണത്തിനു إِنَّهُ നിശ്ചയമായും അവന്‍ حَكِيمٌ അഗാധജ്ഞനാണു عَلِيمٌ സര്‍വ്വജ്ഞനാണു.
6:140
  • قَدْ خَسِرَ ٱلَّذِينَ قَتَلُوٓا۟ أَوْلَـٰدَهُمْ سَفَهًۢا بِغَيْرِ عِلْمٍ وَحَرَّمُوا۟ مَا رَزَقَهُمُ ٱللَّهُ ٱفْتِرَآءً عَلَى ٱللَّهِ ۚ قَدْ ضَلُّوا۟ وَمَا كَانُوا۟ مُهْتَدِينَ ﴾١٤٠﴿
  • തീര്‍ച്ചയായും, ഒരു വിവരവുമില്ലാതെ - ഭോഷത്തമായിട്ടു - തങ്ങളുടെ സന്താനങ്ങളെ കൊല്ലുകയും, തങ്ങള്‍ക്ക്‌ അല്ലാഹു നല്‍കിയതിനെ നിഷിദ്ധമാക്കുകയും ചെയ്‌തിട്ടുള്ളവര്‍ നഷ്‌ടപ്പെട്ടുപോയിരിക്കുന്നു; (അതെ) അല്ലാഹുവിന്റെ പേരില്‍ കെട്ടിച്ചമച്ചു കൊണ്ട്‌.

    തീര്‍ച്ചയായും, അവര്‍ വഴിപിഴച്ചുപോയി; അവര്‍ സന്മാര്‍ഗം പ്രാപിച്ചവരായിരുന്നതുമില്ല.
  • قَدْ خَسِرَ നഷ്‌ടപ്പെട്ടിട്ടുണ്ടു الَّذِينَ قَتَلُوا കൊന്ന أَوْلَادَهُمْ തങ്ങളുടെ സന്താനങ്ങളെ سَفَهًا വിഡ്‌ഢിത്തമായി, ഭോഷത്താല്‍ بِغَيْرِ عِلْمٍ ഒരു അറിവും (വിവരവും) ഇല്ലാതെ وَحَرَّمُوا അവര്‍ നിഷിദ്ധമാക്കുകയും ചെയ്‌തു مَا رَزَقَهُمُ അവര്‍ക്കു നല്‍കിയതിനെ اللَّهُ അല്ലാഹു افْتِرَاءً കെട്ടിച്ചമച്ചുകൊണ്ടു عَلَى اللَّهِ അല്ലാഹുവിന്റെ മേല്‍ قَدْ തീര്‍ച്ചയായും ضَلُّوا അവര്‍ വഴിപിഴച്ചു وَمَا كَانُوا അവരായതുമില്ല, ആയിരുന്നുമില്ല مُهْتَدِينَ നേര്‍മാര്‍ഗം പ്രാപിച്ചവര്‍.

മുശ്‌രിക്കുകള്‍ കെട്ടിയുണ്ടാക്കി ആചരിച്ചു വന്നിരുന്ന പല ദുഃസ്സമ്പ്രദായങ്ങളും ആദ്യത്തെ രണ്ടു വചനങ്ങളില്‍ അല്ലാഹു എടുത്തുകാട്ടുന്നു.

(1) പൊതു ഉപയോഗം തടയപ്പെടുകയും, തങ്ങള്‍ ഉദ്ദേശിക്കുന്ന ചില ആളുകള്‍ക്കല്ലാതെ ഭക്ഷിക്കുവാന്‍ പാടില്ലെന്നു നിശ്ചയിക്കുകയും ചെയ്‌തുകൊണ്ടു കൃഷികളില്‍നിന്നും കാലികളില്‍നിന്നും ഒരു ഭാഗം തങ്ങളുടെ വിഗ്രഹ ദൈവങ്ങള്‍ക്കു വഴിപാടാക്കി വെക്കുക. അവര്‍ ഉദ്ദേശിക്കുന്നവര്‍ എന്നു പറഞ്ഞതു ക്ഷേത്രപൂജാരികളും പുരോഹിതന്മാരും തന്നെ. അവര്‍ക്കേ അതു ഭക്ഷിച്ചുകൂടൂ എന്നര്‍ത്ഥം.

(2) പുറത്തു കയറി സവാരി ചെയ്യാന്‍ പാടില്ലെന്നു നിശ്ചയിച്ചുകൊണ്ടു കാലികളെ ദൈവങ്ങള്‍ക്കു വഴിപാടാക്കിവെക്കുക. ‘ബഹീറത്തു’, ‘സാഇബത്തു’ മുതലായവ ഇതില്‍ ഉള്‍പെടുന്നു. ദൈവങ്ങളുടെ പേരില്‍ ഇങ്ങിനെ ഒരു പ്രത്യേകതരം വഴിപാടുതന്നെ പതിവുണ്ടായിരുന്നുവെന്നും പറയപ്പെടുന്നുണ്ട്‌.

(3) അല്ലാഹുവിന്റെ നാമം ഉച്ചരിക്കപ്പെടാത്ത കാലികളെ ഏര്‍പ്പെടുത്തുക. ഇതില്‍ രണ്ടുതരം ഉണ്ട്‌; അറുക്കുമ്പോള്‍ അല്ലാഹുവിന്റെ നാമം പറയാതെ, ദൈവങ്ങളുടെ നാമങ്ങളില്‍ അറുക്കപ്പെടുന്നവയും, അറുക്കുമ്പോള്‍ മാത്രമല്ല – പുറത്തു കയറിയോ മറ്റോ ഉപയോഗിക്കുമ്പോഴും – അല്ലാഹുവിന്റെ നാമം ഉച്ചരിച്ചുകൂടാത്തവയും. ഈ രണ്ടാം തരത്തില്‍പെട്ട മൃഗങ്ങളുടെ പുറത്തു കയറി ഹജ്ജിനും പോയിക്കൂടായിരുന്നു. കാരണം, അവ വിഗ്രങ്ങള്‍ക്കുള്ളതാകകൊണ്ട്‌ അവയുടെ നാമം മാത്രമേ അവയെ സംബന്ധിച്ചിടത്തോളം ഉപയോഗിക്കാവൂ എന്നാണു സങ്കല്‍പം.

(4) ചില കാലികളുടെ ഗര്‍ഭത്തിലുള്ള കുട്ടി ജനിച്ചാല്‍ – അതിനു ജീവനുണ്ടെങ്കില്‍ – പുരുഷന്മാര്‍ക്കു മാത്രമേ ഉപയോഗിച്ചുകൂടൂ – സ്‌ത്രീകള്‍ക്കു പാടില്ല – എന്നു നിശ്ചയിക്കുക. അവയുടെ പാലിനും ഈ പന്തി വിരോധം ഉണ്ടായിരുന്നുവെന്നു പറയപ്പെടുന്നു. ജനിക്കുമ്പോള്‍ കുട്ടിക്കു ജീവനില്ലാത്തപക്ഷം, ആണിനും പെണ്ണിനും തിന്നാമെന്നുമാണു വയ്‌പ്‌. ഇതെല്ലാം തന്നെ, അവര്‍ സ്വയം കെട്ടിച്ചമച്ചുണ്ടാക്കി അല്ലാഹുവിന്റെ പേരില്‍ വെച്ചുകെട്ടി വരുന്ന ദുരാചാരങ്ങളാണെന്നും, അല്ലാഹു എല്ലാം കണ്ടറിഞ്ഞുകൊണ്ടിരിക്കുന്നുണ്ടെന്നും, എല്ലാറ്റിനും തക്ക ശിക്ഷാ നടപടി എടുക്കാതെ വിടുകയില്ലെന്നും അല്ലാഹു അവരെ താക്കീതു ചെയ്യുന്നു.

ബുദ്ധിപരമായ ന്യായങ്ങളോ, രേഖാമൂലമുള്ള തെളിവുകളോ ഒന്നും കൂടാതെ – തനി വിഡ്‌ഢിത്തമായി – അല്ലാഹു അനുഗ്രഹിച്ചു നല്‍കിയ സ്വന്തം മക്കളെ വധിച്ചു കളയുകയും സ്വന്തം സ്വത്തുക്കളെ സ്വയം നിഷിദ്ധമാക്കുകയുമാണ്‌ അവര്‍ ചെയ്യുന്നത്‌. ഇതാകട്ടെ, അല്ലാഹുവിന്റെ പേരില്‍വെച്ചു കെട്ടിയുണ്ടാക്കിയ നിയമങ്ങളെ അടിസ്ഥാനമാക്കിയും. ഇതുവഴി, അവര്‍ അവര്‍ക്കുതന്നെ തീരാനഷ്‌ടം വരുത്തുകയാണു ചെയ്യുന്നതെന്നു അവസാനത്തെ വചനത്തില്‍ അല്ലാഹു ചൂണ്ടിക്കാട്ടുന്നു. ഇഹത്തിലെ നഷ്‌ടം വ്യക്തമാണ്‌. തങ്ങള്‍ക്കു താങ്ങും തണലുമായിരിക്കേണ്ടുന്ന അതു രണ്ടും അവര്‍ക്കു നഷ്‌ടപ്പെട്ടു. പരലോകത്തിലാകട്ടെ, രക്ഷക്കുള്ള സകല മാര്‍ഗ്ഗങ്ങളും നഷ്‌ടപ്പെട്ടു. ശാശ്വതമായ നരകശിക്ഷക്കു അര്‍ഹരായിത്തീരുകയും ചെയ്‌തു. അതെ, ‘അവര്‍ വഴിപിഴച്ചുപോയി, അവര്‍ നേര്‍മാര്‍ഗം പ്രാപിക്കുന്നവരായിരുന്നുമില്ല’. ഇബ്‌നു അബ്ബാസ്‌ (رَضِيَ اللهُ تَعَالَى عَنْهُ) പറഞ്ഞതായി ബുഖാരി (رحمه الله) ഉദ്ധരിക്കുന്നു: ‘അറബികളുടെ അജ്ഞത അറിയുവാന്‍ നിനക്കു താല്‍പര്യം തോന്നുന്നുവെങ്കില്‍ സൂറത്തു അന്‍ആമില്‍ നൂറ്റിമുപ്പതിനു മീതെയുള്ള قَدْ خَسِرَ الَّذِينَ قَتَلُوا – الخ എന്ന ഈ വചനം ഓതിക്കൊള്ളുക’. അദ്ദേഹം പറഞ്ഞതെത്ര വാസ്‌തവം!

വിഭാഗം - 17

6:141
  • وَهُوَ ٱلَّذِىٓ أَنشَأَ جَنَّـٰتٍ مَّعْرُوشَـٰتٍ وَغَيْرَ مَعْرُوشَـٰتٍ وَٱلنَّخْلَ وَٱلزَّرْعَ مُخْتَلِفًا أُكُلُهُۥ وَٱلزَّيْتُونَ وَٱلرُّمَّانَ مُتَشَـٰبِهًا وَغَيْرَ مُتَشَـٰبِهٍ ۚ كُلُوا۟ مِن ثَمَرِهِۦٓ إِذَآ أَثْمَرَ وَءَاتُوا۟ حَقَّهُۥ يَوْمَ حَصَادِهِۦ ۖ وَلَا تُسْرِفُوٓا۟ ۚ إِنَّهُۥ لَا يُحِبُّ ٱلْمُسْرِفِينَ ﴾١٤١﴿
  • അവനത്രെ, ഉണ്ടാക്കിയവന്‍:

    പന്തലില്‍ (പടര്‍ത്തി) ഉയര്‍ത്തപ്പെട്ടതും, പന്തലില്‍ (പടര്‍ത്തി) ഉയര്‍ത്തപ്പെടാത്തതുമായ തോട്ടങ്ങളെയും, തിന്നാനുള്ള വിഭവം വ്യത്യസ്തമായ നിലയില്‍ ഈത്തപ്പനയും, കൃഷിയും, പരസ്പരസാദൃശ്യമുള്ളതും, പരസ്പര സാദൃശ്യമില്ലാത്തതുമായ നിലയില്‍ ഒലീവും, മാതളവും (എല്ലാം തന്നെ).

    അതു (കായ്ച്ച്‌) ഫലം നല്‍കുമ്പോള്‍ അതിന്റെ ഫലത്തില്‍ നിന്നും നിങ്ങള്‍ തിന്നുകൊള്ളുവിന്‍: അതു കൊയ്ത് (വിളവ്‌) എടുക്കുന്ന ദിവസം അതിന്റെ കടമ കൊടു(ത്തു തീര്‍)ക്കുകയും ചെയ്യുവിന്‍; അമിതം പ്രവര്‍ത്തിക്കുകയും ചെയ്യരുത്.

    നിശ്ചയമായും അവന്‍, അമിതം പ്രവര്‍ത്തിക്കുന്നവരെ ഇഷ്ടപ്പെടുന്നതല്ല.
  • وَهُوَ الَّذِي അവനത്രെ യാതൊരുവന്‍ أَنشَأَ ഉണ്ടാക്കിയ, നിര്‍മ്മിച്ച جَنَّاتٍ തോട്ടങ്ങളെ مَّعْرُوشَاتٍ ഉയര്‍ത്തിയുണ്ടാക്കപ്പെട്ട, പന്തലില്‍ പടര്‍ത്തപ്പെട്ട وَغَيْرَ مَعْرُوشَاتٍ ഉയര്‍ത്തപ്പെടാത്തതും وَالنَّخْلَ ഈത്തപ്പനയും وَالزَّرْعَ കൃഷിയും, വിളയും مُخْتَلِفًا വ്യത്യസ്‌തമായിക്കൊണ്ടു أُكُلُهُ അതിന്റെ കനി (തിന്നാനുള്ള വിഭവം) وَالزَّيْتُونَ ഒലീവും وَالرُّمَّانَ മാതളവും, ഉറുമാനും مُتَشَابِهًا പരസ്‌പര സാദൃശ്യമുള്ളതായി وَغَيْرَ مُتَشَابِهٍ പരസ്‌പര സാദൃശ്യമുള്ളതല്ലാതെയും كُلُوا നിങ്ങള്‍ തിന്നുകൊള്ളുവിന്‍ مِن ثَمَرِهِ അതിന്റെ ഫലത്തില്‍ നിന്നും إِذَا أَثْمَرَ അതു ഫലം നല്‍കിയാല്‍, കായ്‌ച്ചാല്‍ وَآتُوا നിങ്ങള്‍ കൊടുക്കുകയും ചെയ്യുക حَقَّهُ അതിന്റെ കടമ, അവകാശം يَوْمَ حَصَادِهِ അതിന്റെ കൊയ്‌ത്തിന്റെ (വിളവെടുപ്പു) ദിവസം وَلَا تُسْرِفُوا നിങ്ങള്‍ അമിതം പ്രവര്‍ത്തിക്കുകയും ചെയ്യരുതു إِنَّهُ നിശ്ചയമായും അവന്‍ لَا يُحِبُّ ഇഷ്‌ടപ്പെടുക (സ്‌നേഹിക്കുക)യില്ല الْمُسْرِفِينَ അമിതം പ്രവര്‍ത്തിക്കുന്നവരെ.

6:142
  • وَمِنَ ٱلْأَنْعَـٰمِ حَمُولَةً وَفَرْشًا ۚ كُلُوا۟ مِمَّا رَزَقَكُمُ ٱللَّهُ وَلَا تَتَّبِعُوا۟ خُطُوَٰتِ ٱلشَّيْطَـٰنِ ۚ إِنَّهُۥ لَكُمْ عَدُوٌّ مُّبِينٌ ﴾١٤٢﴿
  • കാലികളില്‍ നിന്നും (ഭാരം) ചുമക്കുന്നവയും, 'ഫര്‍ശും' [ചെറുതരം മൃഗങ്ങളും] (ഉണ്ടാക്കിയിരിക്കുന്നു).

    നിങ്ങള്‍ക്കു അല്ലാഹു നല്‍കിയതില്‍ നിന്നും നിങ്ങള്‍ തിന്നു കൊള്ളുവിന്‍; പിശാചിന്റെ കാലടികളെ നിങ്ങള്‍ പിന്‍പറ്റുകയും ചെയ്യരുത്.

    നിശ്ചയമായും അവന്‍, നിങ്ങള്‍ക്കു പ്രത്യക്ഷ ശത്രുവാണ്.
  • وَمِنَ الْأَنْعَامِ കാലികളില്‍ നിന്നും حَمُولَةً ഭാരം വഹിക്കുന്നവയെയും وَفَرْشًا 'ഫര്‍ശും' (ചെറുതരം മൃഗങ്ങളെയും) كُلُوا നിങ്ങള്‍ തിന്നു കൊള്ളുവിന്‍ رَزَقَكُمُ നിങ്ങള്‍ക്കു നല്‍കിയതില്‍ നിന്നു اللَّهُ അല്ലാഹു وَلَا تَتَّبِعُوا നിങ്ങള്‍ പിന്‍പറ്റുകയും അരുതു خُطُوَاتِ കാലടികളെ الشَّيْطَانِ പിശാചിന്റെ إِنَّهُ നിശ്ചയമായും അവന്‍ لَكُمْ നിങ്ങള്‍ക്കു عَدُوٌّ ശത്രുവാണ്‌ مُّبِينٌ പ്രത്യക്ഷമായ (തനി).

ചിലതൊക്കെ അനുവദനീയവും (ഹലാലും), ചിലതൊക്കെ നിഷിദ്ധവും (ഹറാമും) ആക്കി വേര്‍തിരിച്ചു കൊണ്ടും, ചിലതു ദൈവങ്ങള്‍ക്കും ചിലതു തങ്ങള്‍ക്കുമായി ഭാഗിച്ചു കൊണ്ടും ഈ മുശ്‌രിക്കുകള്‍ തരം തിരിച്ചു കൊണ്ടിരിക്കുന്ന വിളകള്‍, കായ്‌കനികള്‍, മൃഗസമ്പത്തുകള്‍ ഇവയെല്ലാം മനുഷ്യര്‍ക്കു ഭക്ഷിക്കുവാന്‍വേണ്ടി അല്ലാഹു സൃഷ്‌ടിച്ചുണ്ടാക്കിയ അനുഗ്രഹങ്ങളാകുന്നു. അതില്‍ സാധുക്കള്‍ക്കു കൊടുക്കേണ്ടുന്ന അവകാശം അതിന്റെ സമയത്തു കൊടുത്തുതീര്‍ത്തു ബാക്കിയെല്ലാം ദുരുപയോഗപ്പെടുത്തുകയോ, ദുര്‍വ്വിനിയോഗം നടത്തുകയോ ചെയ്യാതെ പ്രയോജനപ്പെടുത്തേണ്ടതാണു എന്നൊക്കെയാണു അല്ലാഹു ഈ വചനങ്ങളില്‍ പറഞ്ഞതിന്റെ രത്‌നച്ചുരുക്കം. ആദ്യത്തെ വചനത്തില്‍ അറബികളുടെ പ്രധാന ഉല്‍പന്നങ്ങളെയും, രണ്ടാമത്തേതില്‍ പ്രധാന കാലി സമ്പത്തുകളെയും – അവയിലുള്ള വൈവിധ്യങ്ങളെ സൂചിപ്പിച്ചുകൊണ്ടു – എടുത്തു പറഞ്ഞിരിക്കുന്നു. അതായത്‌:-

(1) മുന്തിരിപോലെ പന്തലിന്‍മേലോ വൃക്ഷത്തിന്‍മേലോ പടര്‍ന്നു ഉയരത്തില്‍ വളര്‍ന്നു വരുന്നതും, നിലത്തിലൂടെയോ, സ്വന്തംതടി മരത്തിലോ ആയി വളര്‍ന്നു വരുന്നതുമായ പല ഇനം തോട്ടങ്ങള്‍.

(2) ഗുണം, മണം, രുചി, രൂപം ആദിയായവയില്‍ പരസ്‌പരം വ്യത്യസ്‌തങ്ങളായ പലതരം ഈത്തപ്പനകളും കൃഷികളും. തോട്ടങ്ങള്‍ എന്നു പറഞ്ഞതില്‍ ഈത്തപ്പനത്തോട്ടവും അല്ലാത്തതും ഉള്‍പെടുമെങ്കിലും അറബികളെ സംബന്ധിച്ചിടത്തോളം കൂടുതല്‍ പ്രാമുഖ്യം കല്‍പിക്കപ്പെടുന്നതാണല്ലോ ഈത്തപ്പനത്തോട്ടം. കൂടാതെ, പിഞ്ച്‌, ചള്ള്‌, മൂത്തതു, പച്ച, പഴുത്തതു, ഉണങ്ങിയതു എന്നീ വ്യത്യാസം കൂടാതെ എല്ലാ പ്രായത്തിലും അതിന്റെ ഫലം ആഹാരയോഗ്യവും രുചികരവുമാണുതാനും. ഈത്തപ്പനയിലെ ജാതി വ്യത്യാസം നോക്കുമ്പോള്‍ വളരെയധികം തരങ്ങള്‍ അതില്‍ കാണാം. കൃഷിയുല്‍പന്നങ്ങളിലെ വൈവിധ്യത്തെപ്പറ്റി വിസ്‌തരിക്കേണ്ടതുമില്ല. ഗോതമ്പു, നെല്ലു മുതലായ ഓരോന്നിലും എത്രയെത്ര തരങ്ങളാണുള്ളത്‌? ആലോചിച്ചു നോക്കുക!

(3) കാഴ്‌ചയിലും ആകൃതിയിലും സാദൃശ്യം തോന്നുമെങ്കിലും രുചിയിലും നന്മയിലും മാറ്റമുള്ളതും, പരസ്‌പരം തീരെ സാദൃശ്യം തോന്നാത്തതുമായ പലതരം ഒലീവു വൃക്ഷങ്ങളും, മാതളച്ചെടികളും. മാതളപ്പഴത്തിന്റെ ഭംഗിയും പ്രയോജനവും സ്വാദും പ്രസിദ്ധമാണ്‌. ‘സൈത്തെണ്ണ’എന്നു പറയപ്പെടാറുള്ള ഒലീവെണ്ണ ഒരു ഔഷധ വസ്‌തുവെന്നതില്‍ കവിഞ്ഞ്‌ നമ്മുടെ നാടുകളില്‍ അതിനെപറ്റി അധികം അറിഞ്ഞുകൂടാ. എങ്കിലും അറബി രാജ്യങ്ങളില്‍ – ഫലസ്‌തീന്‍ മുതലായ വടക്കന്‍ അറബി പ്രദേശങ്ങളില്‍, മുന്‍കാലങ്ങളില്‍, പ്രത്യേകിച്ചും – അതിന്റെ പ്രയോജനം വമ്പിച്ചതാകുന്നു. കറിയായും ലേപനമായും, ഔഷധമായും, വിളക്കെണ്ണയായും അതു ഉപയോഗിക്കപ്പെടുന്നു.

(4) ആടുമാടൊട്ടകങ്ങളാകുന്ന കാലികളില്‍ ഭാരം ചുമക്കുവാന്‍ പറ്റിയവയും, ഭക്ഷണം, വാഹനം, രോമം മുതലായ ആവശ്യങ്ങള്‍ക്കു പറ്റിയവയും.

فرش (ഫര്‍ശ്‌) എന്ന പദത്തിനു പലരും പല വ്യാഖ്യാനമാണു പറഞ്ഞു കാണുന്നത്‌. ‘വിരിപ്പാക്കപെട്ടതു – അഥവാ വാഹനമായി ഉപയോഗിക്കപ്പെടുന്നതു, അറുക്കുവാന്‍ നിലത്തു കിടത്തപ്പെടുന്നതു – അറുത്തു തിന്നുവാന്‍ വേണ്ടി വളര്‍ത്തപ്പെടുന്നതു, രോമമെടുത്തു വിരിപ്പുണ്ടാക്കുന്നതു, ചെറുതരം മൃഗങ്ങള്‍’ എന്നും മറ്റുമാണവ. ചെറിയതരം മരങ്ങള്‍ക്കും, ഞാറുപോലെ പരന്നു നില്‍ക്കുന്ന സസ്യങ്ങള്‍ക്കും, ചുള്ളി വിറകുകള്‍ക്കും, മരുഭൂമിക്കും, ചില്ലറ വീട്ടുപകരണങ്ങള്‍ക്കും ആ വാക്കു ഉപയോഗിക്കപെടുമെന്നു നിഘണ്ടുകളിലും കാണാം. എല്ലാറ്റിലും തന്നെ, അതിന്റെ സാക്ഷാല്‍ ഭാഷാര്‍ത്ഥമായ ‘വിരിപ്പു’ എന്ന അര്‍ത്ഥം പരിഗണിക്കപ്പെട്ടിട്ടുണ്ട്‌. ഭാരം വഹിക്കുവാന്‍ ഉതകുന്ന മൃഗങ്ങള്‍ (’حَمُولَة) കേവലം വലുതായിരിക്കുമല്ലോ. അതിനെതിരിലാണു ഈ പദം ഇവിടെ ഉപയോഗിക്കപ്പെട്ടിരിക്കുന്നതെന്ന വസ്‌തുതയും, മേല്‍ക്കണ്ട അര്‍ത്ഥങ്ങളില്‍ പൊതുവെ ചെറുപ്പം കൂടി പരിഗണിക്കപ്പെട്ടിട്ടുള്ളതും കണക്കിലെടുത്തുകൊണ്ടാണു നാം അതിനു ‘ചെറുതരം മൃഗങ്ങള്‍’ എന്നു ഭാഷാന്തരം നല്‍കിയിരിക്കുന്നത്‌. അതിനു തികച്ചും യോജിക്കുന്ന ഒറ്റവാക്കു മലയാളത്തില്‍ കാണപ്പെടുന്നില്ല.

തോട്ടങ്ങളെയും കൃഷിയെയും സംബന്ധിച്ചു പറഞ്ഞശേഷം ആദ്യത്തെ വചനത്തില്‍ كُلُوا مِن ثَمَرِهِ إِذَا أَثْمَرَ (അതു ഫലം നല്‍കുമ്പോള്‍ അതിന്റെ ഫലം നിങ്ങള്‍ തിന്നുകൊള്ളുവിന്‍) എന്നും, കാലികളെക്കുറിച്ചു പറഞ്ഞശേഷം രണ്ടാമത്തെ വചനത്തില്‍ كُلُوا مِمَّا رَزَقَكُمُ اللَّهُ (നിങ്ങള്‍ക്കു അല്ലാഹു നല്‍കിയതില്‍ നിന്നു നിങ്ങള്‍ തിന്നു കൊള്ളുവിന്‍) എന്നും പറഞ്ഞതു ശ്രദ്ധേയമാകുന്നു. ഇതെല്ലാം നിങ്ങള്‍ക്കു ഭക്ഷിക്കുവാന്‍ വേണ്ടി ഞാന്‍ സൃഷ്‌ടിച്ചു തന്നതാണ്‌; എന്നിട്ട്‌ നിങ്ങള്‍ അവയില്‍ ചിലതു നിഷിദ്ധമാക്കുകയും, കൃത്രിമ ദൈവങ്ങളെ സങ്കല്‍പിച്ച് അവര്‍ക്കായി നീക്കിവെക്കുകയും ചെയ്യുന്നതു അക്രമവും നന്ദികേടുമാണല്ലോ എന്നൊരു സൂചന അതില്‍ അടങ്ങിയിരിക്കുന്നു. ആദ്യത്തേതില്‍ وَآتُوا حَقَّهُ يَوْمَ حَصَادِهِ (അതു കൊയ്‌തെടുക്കുന്ന ദിവസം അതിന്റെ കടമ നിങ്ങള്‍ കൊടുത്തു തീര്‍ക്കുവിന്‍) എന്നു പറഞ്ഞിട്ടുള്ളതും പ്രത്യേകം ശ്രദ്ധേയമാകുന്നു. തോട്ടകൃഷിയാകട്ടെ, ധാന്യ കൃഷിയാകട്ടെ, വിളവെടുപ്പു വേളയില്‍ അതില്‍ നിന്ന്‌ സാധുക്കള്‍ക്കും ദരിദ്രര്‍ക്കും ഒരവകാശം കൊടുത്തു തീര്‍ക്കേണ്ടുന്ന കടമയുണ്ട്‌ എന്നാണു അതില്‍ നിന്നു വ്യക്തമാകുന്നത്‌.

ഈ വാക്യത്തിന്റെ താല്‍പര്യത്തില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ വ്യത്യസ്‌തമായ അഭിപ്രായങ്ങള്‍ കാണാം.

(1) ഇസ്‌ലാമിലെ നിയമപ്രകാരമുള്ള സകാത്തിനു പുറമെ നിലവിലുള്ള മറ്റൊരു കടമയാണിതു. ഇബ്‌നു ഉമര്‍, അത്വാഉ്‌, മുജാഹിദ്‌, സഈദുബ്‌നു ജുബൈര്‍ (رَضِيَ اللهُ تَعَالَى عَنْهُم) മുതലായവര്‍ ഈ അഭിപ്രായക്കാരാകുന്നു. ഇതനുസരിച്ചു വിളവെടുക്കുന്ന സമയത്തു വരുന്ന സാധുക്കള്‍ക്കും പാവങ്ങള്‍ക്കും അല്‌പം വല്ലതും കൊടുക്കല്‍ ഉടമസ്ഥനു നിര്‍ബന്ധമാകുന്നു. മുന്‍കാലത്തു ഒരു തോട്ടക്കാരന്‍ തങ്ങളുടെ തോട്ടത്തില്‍നിന്നു വിളവെടുക്കുന്നതു സാധുക്കളാരും അറിയാതിരിക്കുവാന്‍വേണ്ടി രാത്രിയില്‍ ഗൂഢമായി വിളവെടുക്കുവാന്‍ പരിപാടിയിടുകയും, അവര്‍ തോട്ടത്തില്‍ ചെന്നപ്പോഴേക്കും ഒരു അത്യാഹിതം വഴി അല്ലാഹു അവരുടെ തോട്ടം നശിപ്പിച്ചുകളയുകയും ചെയ്‌ത സംഭവം സൂറത്തുല്‍ ക്വലമില്‍ അല്ലാഹു വിവരിക്കുന്നുണ്ട്‌. അനന്തരാവകാശ സ്വത്തുക്കള്‍ ഓഹരി ചെയ്യുന്ന സമയത്തു കുടുംബങ്ങളും അനാഥകളും സാധുക്കളും സന്നിഹിതരായാല്‍ അവര്‍ക്കു അതില്‍ നിന്നു വല്ലതും കൊടുക്കുകയും, നല്ല വാക്കു പറഞ്ഞുവിടുകയും വേണമെന്നു സൂറത്തുന്നിസാഉ്‌ 8 ലും അല്ലാഹു പ്രസ്‌താവിച്ചിരിക്കുന്നു.

(2) സകാത്തു നിര്‍ബന്ധമാക്കപ്പെട്ടതോടെ ഈ നിര്‍ബന്ധം ദുര്‍ബ്ബലപ്പെട്ടുപോയിരിക്കുന്നു. ഈ സൂറത്തു മക്കീ സൂറത്താണല്ലോ. സകാത്തിന്റെ നിയമം അന്നു നിലവിലില്ല. മിക്കവാറും ഹിജ്‌റഃ രണ്ടാം കൊല്ലത്തിലാണു സകാത്തിന്റെ നിയമം ഉണ്ടായത്‌. അതിനുശേഷം ഈ കടമ നിലവിലില്ല. എന്നാലും അതൊരു നല്ല കാര്യമാണെന്നുള്ളതില്‍ തര്‍ക്കമില്ല. ഇതാണ്‌ ഇബ്‌നു അബ്ബാസ്‌ (رَضِيَ اللهُ تَعَالَى عَنْهُ), മുഹമ്മദുബ്‌നുല്‍ ഹനഫിയ്യ, ഹസന്‍, നഖ്‌ഈ, താഊസ്‌, ക്വത്താദ, ദ്വഹ്‌ഹാക്‌ (رحمهم الله) മുതലായവരുടെ അഭിപ്രായം. പണ്ഡിതന്മാരില്‍ അധികവും ഇതാണു സ്വീകരിച്ചിരിക്കുന്നതും. വിളവെടുക്കുമ്പോഴാണല്ലോ വിളവിന്റെ അളവും കൃത്യവും അറിയുന്നതും അതു കൈവശം വരുന്നതും. അതാണു കൊയ്‌തെടുക്കുന്ന ദിവസം കൊടുക്കണമെന്നു പറഞ്ഞതിന്റെ താല്‍പര്യമെന്നും ഇവര്‍ പറയുന്നു.

(3) ഈ കല്‍പന ഒരു നിര്‍ബന്ധ കല്‍പനയല്ല. കേവലം ഐച്ഛികമായ ഒരു കടമ മാത്രമാണ്‌ എന്നത്രെ വേറെ ഒരു വിഭാഗം പണ്ഡിതന്മാരുടെ അഭിപ്രായം. പല നിലക്കും ഒന്നാമത്തെ അഭിപ്രായത്തിനാണു മുന്‍തൂക്കം കാണുന്നത്‌. (അല്ലാഹുവിന്നറിയാം.)

കൊയ്‌തെടുക്കുമ്പോള്‍ കടമ കൊടുത്തു തീര്‍ക്കണമെന്നു പറഞ്ഞതിനെത്തുടര്‍ന്നു وَلَا تُسْرِفُوا (നിങ്ങള്‍ അമിതമാക്കുകയും ചെയ്യരുത്‌) എന്നുകൂടി അല്ലാഹു ഉണര്‍ത്തിയിരിക്കുന്നു. സ്വന്തം ഉപയോഗിക്കുന്നതിലായാലും മറ്റുള്ളവര്‍ക്കു കൊടുക്കുന്നതിലായാലും അതു അമിതമാകുവാന്‍ പാടില്ലത്തതാകുന്നു. അമിതവ്യയത്തെപറ്റി ക്വുര്‍ആനിലും ഹദീഥിലും വളരെയധികം വിരോധിച്ചിട്ടുള്ളതാണ്‌. إِنَّهُ لَا يُحِبُّ الْمُسْرِفِينَ (അമിതമാക്കുന്നവരെ അവന്‍ ഇഷ്‌ടപ്പെടുകയില്ല) എന്നു പറഞ്ഞുകൊണ്ടു ഇവിടെയും ആ വിരോധത്തെ ഓര്‍മിപ്പിച്ചിരിക്കുകയാണ്‌. ഉല്‍പന്നങ്ങളെ അപേക്ഷിച്ച്‌ കാലികളുടെ വിഷയത്തിലാണ്‌ മുശ്‌രിക്കുകള്‍ കൂടുതല്‍ ദുരാചാരങ്ങളും ശിര്‍ക്കുകളും സ്വീകരിച്ചു വന്നിരുന്നത്‌. കൂടാതെ, കൃഷിയില്‍ നിന്നുള്ള വരുമാനങ്ങള്‍ ചില പ്രത്യേക കാലങ്ങളില്‍ മാത്രം ലഭിക്കുന്നതും, കാലികളുടെ വരുമാനവും ഉപയോഗവും എല്ലാ കാലത്തും ലഭിക്കുന്നതുമായിരിക്കും. ഇതെല്ലാം കാരണമായിട്ടായിരിക്കാം കാലികളെക്കുറിച്ചു പറഞ്ഞപ്പോള്‍, അല്ലാഹു നല്‍കിയതില്‍നിന്നു തിന്നുകൊള്ളുവിന്‍ (كُلُوا مِمَّا رَزَقَكُمُ اللَّهُ) എന്നു പറഞ്ഞു മതിയാക്കാതെ പിശാചിന്റെ കാലടികളെ പിന്‍പറ്റരുതെന്നും അവന്‍ നിങ്ങള്‍ക്കു പ്രത്യക്ഷശത്രുവാണെന്നും (وَلَا تَتَّبِعُوا خُطُوَاتِ الشَّيْطَانِ إِنَّهُ لَكُمْ عَدُوٌّ مُّبِينٌ) പ്രത്യേകം ഉണര്‍ത്തിയത്‌. (അല്ലാഹുവിന്നറിയാം) കാലികള്‍ (أَنْعَام) എന്ന വാക്കില്‍ ഏതെല്ലാം ഉള്‍പെടുമെന്നു അടുത്ത വചനത്തില്‍ കാണാവുന്നതാണ്‌:-

6:143
  • ثَمَـٰنِيَةَ أَزْوَٰجٍ ۖ مِّنَ ٱلضَّأْنِ ٱثْنَيْنِ وَمِنَ ٱلْمَعْزِ ٱثْنَيْنِ ۗ قُلْ ءَآلذَّكَرَيْنِ حَرَّمَ أَمِ ٱلْأُنثَيَيْنِ أَمَّا ٱشْتَمَلَتْ عَلَيْهِ أَرْحَامُ ٱلْأُنثَيَيْنِ ۖ نَبِّـُٔونِى بِعِلْمٍ إِن كُنتُمْ صَـٰدِقِينَ ﴾١٤٣﴿
  • (അതെ) എട്ടു ഇണകളെ (അവന്‍ ഉണ്ടാക്കിയിരിക്കുന്നു). ചെമ്മരിയാടില്‍ നിന്നു രണ്ടും, കോലാടില്‍ നിന്നു രണ്ടും (ഇണകള്‍).

    നീ പറയുക: '(ഇവയിലെ) രണ്ടു ആണിനെയാണോ അവന്‍ [അല്ലാഹു] നിഷിദ്ധമാക്കിയതു, അതല്ല - രണ്ടു പെണ്ണിനെയോ?!

    അതല്ല - (ആ) രണ്ടു പെണ്ണിന്റെ ഗര്‍ഭാശയങ്ങള്‍ ഉള്‍പെടുത്തിയിട്ടുള്ളതിനെയാണോ?! ഒരു (ന്യായമായ) അറിവോടെ, നിങ്ങള്‍ എന്നോടു (ഒന്ന്‌) വിവരം അറിയിക്കുവിന്‍ - നിങ്ങള്‍ സത്യവാന്മാരാണെങ്കില്‍!'
  • ثَمَانِيَةَ أَزْوَاجٍ എട്ടു ഇണകളെ مِّنَ الضَّأْنِ ചെമ്മരിയാട്ടില്‍ (നെയ്യാട്ടില്‍) നിന്നു اثْنَيْنِ രണ്ടു (എണ്ണം) وَمِنَ الْمَعْزِ കോലാട്ടില്‍ നിന്നും اثْنَيْنِ രണ്ടു (എണ്ണം) قُلْ നീ പറയുക آلذَّكَرَيْنِ രണ്ടു ആണിനെയാണോ حَرَّمَ അവന്‍ നിഷിദ്ധമാക്കി أَمِ الْأُنثَيَيْنِ അതല്ല (അതോ) രണ്ടുപെണ്ണിനെയോ أَمَّا അതല്ല യാതൊന്നിനെയോ اشْتَمَلَتْ عَلَيْهِ അതിനെ ഉള്‍പെടുത്തിയിരിക്കുന്നു أَرْحَامُ ഗര്‍ഭാശയങ്ങള്‍ الْأُنثَيَيْنِ രണ്ടു പെണ്ണിന്റെ نَبِّئُونِي നിങ്ങളെനിക്കു വിവരമറിയിക്കുവിന്‍ بِعِلْمٍ വല്ല അറിവോടെയും, അറിഞ്ഞുകൊണ്ടു إِن كُنتُمْ നിങ്ങളാണെങ്കില്‍ صَادِقِينَ സത്യവാന്മാര്‍, സത്യം പറയുന്നവര്‍.
6:144
  • وَمِنَ ٱلْإِبِلِ ٱثْنَيْنِ وَمِنَ ٱلْبَقَرِ ٱثْنَيْنِ ۗ قُلْ ءَآلذَّكَرَيْنِ حَرَّمَ أَمِ ٱلْأُنثَيَيْنِ أَمَّا ٱشْتَمَلَتْ عَلَيْهِ أَرْحَامُ ٱلْأُنثَيَيْنِ ۖ أَمْ كُنتُمْ شُهَدَآءَ إِذْ وَصَّىٰكُمُ ٱللَّهُ بِهَـٰذَا ۚ فَمَنْ أَظْلَمُ مِمَّنِ ٱفْتَرَىٰ عَلَى ٱللَّهِ كَذِبًا لِّيُضِلَّ ٱلنَّاسَ بِغَيْرِ عِلْمٍ ۗ إِنَّ ٱللَّهَ لَا يَهْدِى ٱلْقَوْمَ ٱلظَّـٰلِمِينَ ﴾١٤٤﴿
  • ഒട്ടകത്തില്‍ നിന്നു രണ്ടും, മാടില്‍ നിന്നു രണ്ടും (ഇണകളും).

    നീ പറയുക: '(ഇവയിലെ) രണ്ടു ആണിനെയാണോ അവന്‍ നിഷിദ്ധമാക്കിയതു, അതല്ല - രണ്ടു പെണ്ണിനെയോ?! അതല്ല - (ആ) രണ്ടു പെണ്ണിന്റെ ഗര്‍ഭാശയങ്ങള്‍ ഉള്‍പെടുത്തിയതിനെയാണോ?!

    അതല്ല, ഇതിനെപ്പറ്റി അല്ലാഹു നിങ്ങളോടു 'വസ്വിയ്യത്തു' ചെയ്‌തപ്പോള്‍ നിങ്ങള്‍ (ദൃക്‌കു) സാക്ഷികളായി (ഹാജരുണ്ടായി)രുന്നുവോ?!

    അപ്പോള്‍, ഒരറിവുമില്ലാതെ, മനുഷ്യരെ വഴിപിഴപ്പിക്കുവാനായി അല്ലാഹുവിന്റെ പേരില്‍ വ്യാജം കെട്ടിച്ചമച്ചവനെക്കാള്‍ അധികം അക്രമി ആരാണുള്ളത്‌?!

    നിശ്ചയമായും അല്ലാഹു, അക്രമികളായ ജനങ്ങളെ സന്മാര്‍ഗത്തിലാക്കുകയില്ല.
  • وَمِنَ الْإِبِلِ ഒട്ടകത്തില്‍നിന്നും اثْنَيْنِ രണ്ടു (എണ്ണം) وَمِنَ الْبَقَرِ മാട്ടില്‍ നിന്നും اثْنَيْنِ രണ്ടു (എണ്ണം) قُلْ നീ പറയുക آلذَّكَرَيْنِ രണ്ടു ആണിനെയോ حَرَّمَ അവന്‍ നിഷിദ്ധമാക്കിയതു أَمِ الْأُنثَيَيْنِ അതല്ല രണ്ടു പെണ്ണിനെയോ أَمَّا അതല്ല യാതൊന്നിനെയോ اشْتَمَلَتْ عَلَيْهِ അതിനെ ഉള്‍പെടുത്തിയിരിക്കുന്നു أَرْحَامُ ഗര്‍ഭാശയങ്ങള്‍ الْأُنثَيَيْنِ രണ്ടു പെണ്ണിന്റെ أَمْ كُنتُمْ അതല്ല (അതോ) നിങ്ങളായിരുന്നോ شُهَدَاءَ ദൃക്കുസാക്ഷികള്‍, ഹാജറുള്ളവര്‍ إِذْ وَصَّاكُمُ നിങ്ങളോടു വസ്വിയ്യത്തു ചെയ്‌ത (കല്‍പിച്ച)പ്പോള്‍ اللَّهُ അല്ലാഹു بِهَٰذَا ഇതിനു, ഇതിനെപറ്റി فَمَنْ أَظْلَمُ അപ്പോള്‍ (എന്നാല്‍-എന്നിരിക്കെ) അധികം അക്രമി مِمَّنِ افْتَرَىٰ കെട്ടിച്ചമച്ചവനെക്കാള്‍ عَلَى اللَّهِ അല്ലാഹുവിന്റെ മേല്‍ كَذِبًا വ്യാജം لِّيُضِلَّ അവന്‍ വഴിപിഴപ്പിക്കുവാന്‍വേണ്ടി النَّاسَ മനുഷ്യരെ بِغَيْرِ عِلْمٍ ഒരു അറിവും (വിവരവും) ഇല്ലാതെ إِنَّ നിശ്ചയമായും اللَّهَ അല്ലാഹു لَا يَهْدِي അവന്‍ സന്മാര്‍ഗത്തിലാക്കുക (വഴിചേര്‍ക്കുക)യില്ല الْقَوْمَ ജനങ്ങളെ الظَّالِمِينَ അക്രമികളായ.

വിഷയത്തിലും ഘടനയിലും മുന്‍ വചനങ്ങളുമായി ബന്ധമുള്ളതാണ് ഈ വചനങ്ങളും. കാലികള്‍ (أَنْعَام) അഥവാ ആടുമാടൊട്ടകങ്ങള്‍ ആകെ എട്ടു ഇനങ്ങളാണുള്ളത്. ചെമ്മരിയാടു, കോലാടു, ഒട്ടകം, മാടു എന്നീ നാലു വര്‍ഗ്ഗത്തില്‍ ആണും പെണ്ണുമായി ആകെ എട്ട് ഇനങ്ങള്‍. ഇവയെല്ലാം നിങ്ങള്‍ക്കു ഭക്ഷണപാനീയങ്ങള്‍ക്കും, സവാരി മുതലായ ആവശ്യങ്ങള്‍ക്കും വേണ്ടി അല്ലാഹു സൃഷ്ടിച്ചു തന്നതാണ്. എന്നിട്ട് അവയില്‍ ചില ആണിനെയും, ചില പെണ്ണിനെയും, ചില ഗര്‍ഭശിശുക്കളെയും നിങ്ങള്‍ നിഷിദ്ധമാക്കിത്തള്ളുന്നു. അതൊക്കെ അല്ലാഹു കല്‍പിച്ച മതവിധികളെന്ന നിലക്കാണു ചെയ്യുന്നതും. അല്ലാഹു നിഷിദ്ധമാക്കിയിട്ടുണ്ടെങ്കില്‍ അതു ഈ ഇനങ്ങളില്‍ നിന്നുള്ള ആണിനെയാണോ, അതല്ല പെണ്ണിനെയാണോ, അതല്ല പെണ്ണിന്റെ ഗര്‍ഭത്തിലുള്ളതിനെയാണോ?! അങ്ങിനെയാണെങ്കില്‍ എല്ലാ ആണും, അല്ലെങ്കില്‍ എല്ലാ പെണ്ണും, അല്ലെങ്കില്‍ എല്ലാ ഗര്‍ഭസ്ഥശിശുവും നിഷിദ്ധമായിരിക്കേണ്ടതല്ലേ?! ചിലതിനെ നിഷിദ്ധമെന്നും, ചിലതിനെ അനുവദനീയമെന്നും വേര്‍തിരിക്കുവാനുള്ള ന്യായമെന്താണ്?! അല്ലാഹു അങ്ങിനെയുള്ള യാതൊരു നിയമവും കല്‍പിച്ചിട്ടില്ല. ഉണ്ടെന്നു നിങ്ങള്‍ക്കു വാദമുണ്ടെങ്കില്‍ അതിനു എന്താണു തെളിവ്?! അവന്‍ അതു കല്‍പിച്ചരുളിയപ്പോള്‍ നിങ്ങളതിനു ദൃക്കുസാക്ഷികളായി അവിടെ ഹാജരുണ്ടായിരുന്നുവോ?! എന്നൊക്കെയാണ് അല്ലാഹു പറഞ്ഞതിന്റെ സാരം.

ആക്ഷേപവും, പരിഹാസവും നിറഞ്ഞ ചോദ്യങ്ങള്‍ ചോദിച്ച് ഉത്തരം മുട്ടിക്കുകയല്ല, ന്യായപൂര്‍വ്വമോ പ്രമാണപരമോ ആയ വല്ല അടിസ്ഥാനവും അറിവും ഈ വിഷയത്തില്‍ നിങ്ങള്‍ക്കുണ്ടെങ്കില്‍, നിങ്ങള്‍ അതൊന്നു സമര്‍പ്പിക്കുവിന്‍ എന്നു അവരെ അല്ലാഹു വെല്ലുവിളിക്കുകയാണ്. ഞങ്ങളുടെ പൂര്‍വ്വികന്‍മാര്‍ അങ്ങിനെ ചെയ്തു വരുന്നതു കണ്ട് ഞങ്ങളും അനുകരിച്ചുവെന്നല്ലാതെ മറ്റെന്താണ് അവര്‍ക്കു പറയുവാനുള്ളത്?! ഇല്ല, ഒന്നുമില്ല. അപ്പോള്‍, നാമമാത്രമെങ്കിലും യാതൊരു ന്യായവും കൂടാതെ അല്ലാഹുവിന്റെ പേരില്‍ കള്ളം പറഞ്ഞുണ്ടാക്കി മനുഷ്യരെ വഴിപിഴപ്പിക്കുകയാണ് അവരിലുള്ള പുരോഹിത വര്‍ഗ്ഗം ചെയ്യുന്നതെന്നു സ്പഷ്ടം. ഇതില്‍പ്പരം അക്രമവും അനീതിയും എന്താണ്?! ഈ അക്രമം കൈവെടിഞ്ഞ് നേര്‍മ്മാര്‍ഗ്ഗം സ്വീകരിക്കുവാന്‍ തയ്യാറാകാത്ത കാലത്തോളം അവര്‍ക്കു രക്ഷയ്യില്ലതന്നെ.