വിഭാഗം - 11

6:91
 • وَمَا قَدَرُوا۟ ٱللَّهَ حَقَّ قَدْرِهِۦٓ إِذْ قَالُوا۟ مَآ أَنزَلَ ٱللَّهُ عَلَىٰ بَشَرٍ مِّن شَىْءٍ ۗ قُلْ مَنْ أَنزَلَ ٱلْكِتَـٰبَ ٱلَّذِى جَآءَ بِهِۦ مُوسَىٰ نُورًا وَهُدًى لِّلنَّاسِ ۖ تَجْعَلُونَهُۥ قَرَاطِيسَ تُبْدُونَهَا وَتُخْفُونَ كَثِيرًا ۖ وَعُلِّمْتُم مَّا لَمْ تَعْلَمُوٓا۟ أَنتُمْ وَلَآ ءَابَآؤُكُمْ ۖ قُلِ ٱللَّهُ ۖ ثُمَّ ذَرْهُمْ فِى خَوْضِهِمْ يَلْعَبُونَ ﴾٩١﴿
 • അല്ലാഹുവിന് അവന്റെ യഥാര്‍ത്ഥ നിലപാടു (അഥവാ മഹത്വം) അവര്‍ കല്‍പിച്ചില്ല; 'അല്ലാഹു ഒരു മനുഷ്യന്റെ മേലും യാതൊന്നും (തന്നെ) അവതരിപ്പിച്ചിട്ടില്ല' എന്നു അവര്‍ പറഞ്ഞപ്പോള്‍.പറയുക: 'പ്രകാശവും, മനുഷ്യര്‍ക്കു മാര്‍ഗ്ഗദര്‍ശനവുമായിക്കൊണ്ടു മൂസാ കൊണ്ടു വന്ന (ആ) ഗ്രന്ഥം അവതരിപ്പിച്ചതാരാണ്?! നിങ്ങള്‍ അതിനെ (ചിലതൊക്കെ) വെളിവാക്കുകയും, പലതും മറച്ചുവെക്കുകയും ചെയ്തുകൊണ്ടുള്ള തുണ്ടുതാളുകളാക്കിക്കൊണ്ടിരിക്കുന്നു. നിങ്ങള്‍ക്കാകട്ടെ, നിങ്ങളുടെ പിതാക്കള്‍ക്കാകട്ടെ അറിഞ്ഞുകൂടാത്തതു നിങ്ങള്‍ക്കു പഠിപ്പിക്കപ്പെടുകയും ചെയ്തിരിക്കുന്നു.' പറയുക: അല്ലാഹുവാണു (അതവതരിപ്പിച്ചതു).' പിന്നീടു, അവരുടെ അനാവശ്യത്തില്‍ വിളയാടിക്കൊണ്ടിരിക്കുമാറ് അവരെ നീ വിട്ടേക്കുക.
 • وَمَا قَدَرُوا അവര്‍ കല്‍പിച്ചില്ല, കണക്കാക്കിയില്ല, വകവെച്ചില്ല اللَّـهَ അല്ലാഹുവിനു, അല്ലാഹുവിനെ حَقَّ قَدْرِهِ അവന്റെ യഥാര്‍ത്ഥ നിലപാടു, കണക്കാക്കേണ്ട പ്രകാരം, മഹത്വത്തിന്റെ മുറക്കു إِذْ قَالُوا അവര്‍ പറഞ്ഞപ്പോള്‍, പറഞ്ഞതിനാല്‍ مَا أَنزَلَ اللَّـهُ അല്ലാഹു അവതരിപ്പിച്ചിട്ടില്ല عَلَىٰ بَشَرٍ ഒരു മനുഷ്യന്റെ മേലും مِّن شَيْءٍ ഒരു വസ്തുവും (യാതൊന്നും) قُلْ പറയുക مَنْ أَنزَلَ ഇറക്കിയതാര്‍, ആര്‍ അവതരിപ്പിച്ചു الْكِتَابَ الَّذِي യാതൊരു ഗ്രന്ഥം جَاءَ بِهِ അതിനെ കൊണ്ടുവന്നു مُوسَىٰ മൂസാ نُورًا പ്രകാശമായിക്കൊണ്ടു وَهُدًى മാര്‍ഗ്ഗദര്‍ശനവും لِّلنَّاسِ മനുഷ്യര്‍ക്കു تَجْعَلُونَهُ അതിനെ നിങ്ങള്‍ ആക്കുന്നു قَرَاطِيسَ പല തുണ്ടു താളുകള്‍ تُبْدُونَهَا അവയെ നിങ്ങള്‍ വെളിവാക്കിക്കൊണ്ടു وَتُخْفُونَ നിങ്ങള്‍ മറച്ചുവെച്ചുകൊണ്ടും كَثِيرًا പലതും, വളരെ وَعُلِّمْتُم നിങ്ങള്‍ക്കു പഠിപ്പിക്കപ്പെടുകയും ചെയ്തിരിക്കുന്നു مَّا لَمْ تَعْلَمُوا നിങ്ങള്‍ക്കറിഞ്ഞു കൂടാത്തതു, നിങ്ങള്‍ അറിഞ്ഞിട്ടില്ലാത്തതു أَنتُمْ നിങ്ങള്‍ وَلَا آبَاؤُكُمْ നിങ്ങളുടെ പിതാക്കളും ഇല്ലാത്തതു قُلِ പറയുക اللَّـهُ അല്ലാഹുവാണു ثُمَّ ذَرْهُمْ പിന്നെ അവരെ വിട്ടേക്കുക فِي خَوْضِهِمْ അവരുടെ മുഴുകലില്‍ (അനാവശ്യത്തില്‍) يَلْعَبُونَ അവര്‍ വിളയാടുമാറ്, കളിച്ചുകൊണ്ടു

وَمَا قَدَرُوا اللَّهَ حَقَّ قَدْرِهِ إِذْ قَالُوا مَا أَنزَلَ اللَّهُ عَلَىٰ بَشَرٍ مِّن شَيْءٍ

(അല്ലാഹുവിന് അവന്റെ യഥാര്‍ത്ഥ നിലപാടു അവര്‍ കല്‍പിച്ചില്ല – അഥവാ അവന്റെ മഹത്വത്തെ അവര്‍ കണക്കാക്കേണ്ട പ്രകാരം കണക്കാക്കിയില്ല) എന്നുള്ള വാക്യം ഇവിടെ മാത്രമല്ല ഹജ്ജ് 74ലും, സുമാര്‍ 67ലും കാണാവുന്നതാണ്. അവിശ്വാസത്തെയും, ശിര്‍ക്കിനെയും കുറിച്ചു സംസാരിക്കുന്ന മദ്ധ്യെയാണു എല്ലാ സ്ഥലത്തും ആ വാക്യമുള്ളത്. അല്ലാഹുവിന്റെ മഹത്വം അവര്‍ വേണ്ടതുപോലെ മനസ്സിലാക്കിയില്ല – അവനെ സംബന്ധിച്ച് അറിഞ്ഞിരിക്കേണ്ടുന്ന പ്രകാരം അറിഞ്ഞില്ല – അതാണ്‌ അതിനൊക്കെ കാരണമെന്നു സാരം. അല്ലാഹു സര്‍വ്വലോക നിയന്താവാണ്, സര്‍വ്വജ്ഞനും യുക്തിമാനുമാണ്‌, സര്‍വ്വശക്തനും കാരുണ്യവാനുമാണു, മനുഷ്യ പ്രകൃതിയെക്കുറിച്ചും അവന്റെ വിജയപരാജയങ്ങളെക്കുറിച്ചും മനുഷ്യനെക്കാള്‍ അറിയുന്നവനാണ്, അവര്‍ക്കു വേണ്ടുന്ന മാര്‍ഗ്ഗദര്‍ശനങ്ങളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും നല്‍കുവാനുള്ള പരിപാടികള്‍ അവന്‍ നടപ്പില്‍ വരുത്തിയിട്ടുണ്ട്. പ്രവാചകന്മാരും വേദഗ്രന്ഥങ്ങളുമൊക്കെ അതിന്റെ ചില കണ്ണികളാണ് എന്നിത്യാദി യാഥാര്‍ത്ഥ്യങ്ങള്‍ മനസ്സിലാക്കാത്തതാണല്ലോ അവിശ്വാസത്തിനും ബഹുദൈവ വിശ്വാസത്തിനും കാരണമായിത്തീരുന്നത്.

‘ഒരു മനുഷ്യന്റെ മേലും അല്ലാഹു ഒന്നും തന്നെ അവതരിപ്പിച്ചിട്ടില്ല’ എന്നു പറഞ്ഞതു ആരായിരുന്നുവെന്നുള്ളതില്‍ വ്യാഖ്യാതാക്കള്‍ക്കിടയില്‍ രണ്ടഭിപ്രായങ്ങള്‍ കാണുന്നു:

(1) മക്കാമുശ്രിക്കുകളായിരിക്കണമെന്നു. വേദഗ്രന്ഥങ്ങളെയും പ്രവാചകന്‍മാരെയും സംബന്ധിച്ച് പറയത്തക്ക പരിചയങ്ങളൊന്നും ഇല്ലാത്തവരാണല്ലോ അറബീ മുശ്രിക്കുകള്‍. മലക്കുകളെയല്ലാതെ, മനുഷ്യനെ റസൂലായി അയച്ചതിലും അവര്‍ക്കു എതിര്‍പ്പുണ്ട്. യഹൂദികളെ സംബന്ധിച്ചിടത്തോളം അവര്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യെയും, ക്വുര്‍ആനെയും നിഷേധിക്കുന്നതു ശരി, പക്ഷേ, മൂസാ (عليه الصلاة والسلام) നബിക്കു തൗറാത്ത് അവതരിച്ചതിനെ അവര്‍ നിഷേധിക്കുകയില്ല. എന്നിരിക്കെ, അല്ലാഹു ആര്‍ക്കും യാതൊന്നും അവതരിപ്പിച്ചിട്ടില്ലെന്നു അവരെങ്ങിനെ പറയും? ഈ സൂറത്തു അവതരിച്ചതു മക്കീ കാലഘട്ടത്തിലാണ്. അക്കാലത്തു യഹൂദികളുമായി ഒരേറ്റുമുട്ടല്‍ ഉണ്ടായിട്ടുമില്ല. അതുകൊണ്ട് ഇതു മക്കാമുശ്രിക്കുകളുടെ വകയായിരിക്കുവാനാണ് ന്യായം എന്നത്രെ ഈ അഭിപ്രായക്കാര്‍ പറയുന്നത്. ഇബ്നു അബ്ബാസ്, മുജാഹിദ് (رَضِيَ اللهُ تَعَالَى عَنْهُما), ഇബ്നു ജരീര്‍, ഇബ്നു കഥീര്‍ (رحمهما الله) മുതലായവര്‍ ഈ അഭിപ്രായക്കാരാകുന്നു. ഈ അഭിപ്രായപ്രകാരം, അങ്ങിനെയാണെങ്കില്‍ – മൂസാ (عليه الصلاة والسلام) കൊണ്ടുവന്ന വേദഗ്രന്ഥം ആരാണ് അവതരിപ്പിച്ചതു (مَنْ أَنزَلَ الْكِتَابَ الَّذِي جَاءَ بِهِ مُوسَىٰ) എന്ന് ചോദിക്കുന്നതില്‍ എന്താണര്‍ത്ഥം? എന്നൊരു സംശയത്തിനവകാശമുണ്ട്. യഹൂദികള്‍ വേദക്കാരാണെന്നും അവരുടെ കൈവശമുള്ള തൗറാത്തു മൂസാ (عليه الصلاة والسلام) നബിക്കു അവതരിച്ചതാണെന്നും യഹൂദികളുമായുള്ള ചിരകാല പരിചയത്തില്‍നിന്നു മുശ്രിക്കുകളും വിശ്വസിച്ചുവശായിട്ടുണ്ട്. ആ വിശ്വാസത്തെ അടിസ്ഥാനമാക്കിയാണ് ഈ ചോദ്യം എന്നത്രെ ഈ സംശയത്തിനു നല്‍കപ്പെടുന്ന മറുപടി.

(2) യഹൂദികലായിരിക്കണം അതിന്റെ വക്താക്കള്‍ എന്നു. മൂസാ (عليه الصلاة والسلام) കൊണ്ടുവന്ന ആ ഗ്രന്ഥം ആര്‍ അവതരിപ്പിച്ചുവെന്ന ചോദ്യം മുശ്രിക്കുകളോടു ചോദിച്ചതാവാന്‍ തരമില്ല. യഹൂദികളോടു ചോദിച്ചതാവാനേ തരമുള്ളൂ – എന്നാണ് ഈ അഭിപ്രായക്കാരുടെ ന്യായം. അല്ലാഹു ആര്‍ക്കും ഒന്നും അവതരിപ്പിച്ചുകൊടുത്തില്ലെന്നു യഹൂദികള്‍ എങ്ങിനെ വാദിക്കും? എന്നൊരു അപവാദം ഈ അഭിപ്രായത്തിന്നെതിരിലും ഉന്നയിക്കപ്പെടാം. ക്വുര്‍ആന്റെ നേരെയുള്ള അവരുടെ വൈരാഗ്യത്തിന്റെ കാഠിന്യം നിമിത്തം അവരങ്ങിനെ പറഞ്ഞതാണ്. അല്ലാതെ തൗറാത്തിന്റെ അവതരണത്തെ നിഷേധിക്കലല്ല അവരുടെ ഉദ്ദേശ്യം. ക്വുര്‍ആനോടുള്ള എതിര്‍പ്പുമൂലം യഹൂദികള്‍ ഇതുപോലെ വേറെയും പലതും പറയുക വിദൂരമൊന്നുമല്ല എന്നൊക്കെയാണ് ഈ അഭിപ്രായക്കാര്‍ അതിനു നല്‍കുന്ന മറുപടി. ഒരു പക്ഷേ, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ക്കും ക്വുര്‍ആനുമെതിരില്‍ മുശ്രിക്കുകളെ ഇളക്കി വിടുവാന്‍ വേണ്ടി യഹൂദികള്‍ പടച്ചുണ്ടാക്കിയതും, മുശ്രിക്കുകള്‍ ഏറ്റുപാടിയാതുമായിരിക്കുവാനും സാധ്യത കാണുന്നു. അങ്ങിനെയാണെങ്കില്‍ മേല്‍കണ്ട സംശയങ്ങള്‍ക്കു പിന്നെ അധികമൊന്നും സ്ഥാനമില്ല താനും. الله أعلم

ഏതായാലും ‘നിങ്ങള്‍ അതിനെ – മൂസാനബി കൊണ്ടുവന്ന ഗ്രന്ഥത്തെ – വെളിവാക്കുകയും പലതും മറച്ചു വെക്കുകയും ചെയതുകൊണ്ടുള്ള തുണ്ടുതാളുകളാക്കുന്നു (تَجْعَلُونَهُ قَرَاطِيسَ تُبْدُونَهَا وَتُخْفُونَ كَثِيرًا)’ എന്ന വാക്യം യഹൂദികളെ ഉദ്ദേശിച്ചാണെന്നു വ്യക്തമാണു. ജനങ്ങള്‍ക്കിടയില്‍ വെളിവാക്കാവുന്ന ഭാഗങ്ങളും, പൊതുജനങ്ങളെ അറിയിക്കാതെ പണ്ഡിതന്‍മാര്‍ക്കും നേതാക്കള്‍ക്കുമിടയില്‍ രഹസ്യമാക്കി വെച്ചിരുന്ന ഭാഗങ്ങളും എന്നിങ്ങിനെ തൗറാത്തിനെ അവര്‍ തരംതിരിച്ച് എഴുതിവെച്ചിരുന്നതിനെയാണ് ഇതു ചൂണ്ടിക്കാട്ടുന്നത്. മൂസാ (عليه الصلاة والسلام) നബി കൊണ്ടുവന്ന തൗറാത്തിന്റെ അദ്ധ്യാപനങ്ങളെ നിങ്ങള്‍ അലങ്കോലപ്പെടുത്തിക്കൊണ്ടിരിക്കുകയാണെങ്കിലും അതിന്റെ അവതരണത്തെ നിഷേധിക്കുവാന്‍ നിങ്ങള്‍ക്കു സാധ്യമല്ലെന്നു സാരം. ‘നിങ്ങള്‍ക്കും നിങ്ങളുടെ പിതാക്കള്‍ക്കും അറിഞ്ഞുകൂടാതിരുന്ന കാര്യം നിങ്ങള്‍ക്കു പഠിപ്പിക്കപ്പെട്ടു (وَعُلِّمْتُم مَّا لَمْ تَعْلَمُوا أَنتُمْ وَلَا آبَاؤُكُمْ) എന്നു പറഞ്ഞതു ക്വുര്‍ആന്‍ മുഖേന – അല്ലെങ്കില്‍ തൗറാത്തു മുഖേന – ജനങ്ങള്‍ക്കു അല്ലാഹു വിവരിച്ചുകൊടുത്തിട്ടുള്ള അറിവുകളെ സൂചിപ്പിക്കുന്നു.

അവസാനമായി, അവരെപ്പറ്റി നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യോടു കല്‍പിച്ചതിന്റെ താല്‍പര്യം ഇതാണ്: മൂസാ (عليه الصلاة والسلام) ക്കു ലഭിച്ച ഗ്രന്ഥം അല്ലാഹു അവതരിപ്പിച്ചതാണെന്നു സമ്മതിക്കുകയല്ലാതെ അവര്‍ക്കു നിവൃത്തിയില്ല. ആകയാല്‍, അല്ലാഹു ആര്‍ക്കും ഒന്നും അവതരിപ്പിക്കുകയുണ്ടായിട്ടില്ല – അഥവാ ക്വുര്‍ആന്‍ അവതരിപ്പിച്ചു തന്നതു അല്ലാഹുവാണെന്നു മുഹമ്മദ്‌ (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറയുന്നതു ശരിയല്ല – എന്ന വാദം തികച്ചും നിരര്‍ത്ഥവും ബാലിശവുമാകുന്നു. അതിനെ ഒട്ടും സാരമാക്കേണ്ടതില്ല. അത്തരം അനാവശ്യങ്ങളില്‍ മുഴുകി രസിച്ചുംകൊണ്ട് അവരങ്ങു നടക്കട്ടെ. അതിന്റെ ഭവിഷ്യത്തു അവര്‍ക്കു അറിയാറാകും!

6:92
 • وَهَـٰذَا كِتَـٰبٌ أَنزَلْنَـٰهُ مُبَارَكٌ مُّصَدِّقُ ٱلَّذِى بَيْنَ يَدَيْهِ وَلِتُنذِرَ أُمَّ ٱلْقُرَىٰ وَمَنْ حَوْلَهَا ۚ وَٱلَّذِينَ يُؤْمِنُونَ بِٱلْـَٔاخِرَةِ يُؤْمِنُونَ بِهِۦ ۖ وَهُمْ عَلَىٰ صَلَاتِهِمْ يُحَافِظُونَ ﴾٩٢﴿
 • (ഇതാ) ഇതും നാം അവതരിപ്പിച്ച ഒരു ഗ്രന്ഥമത്രെ; അനുഗ്രഹീതമായ [വര്‍ദ്ധിച്ച നന്മകളുള്ള]തും, അതിന്റെ മുമ്പിലുള്ളതിനെ സത്യപ്പെടുത്തുന്നതുമാണ് (അതു). 'ഉമ്മുല്‍ക്വുറാ'യെ [രാജ്യങ്ങളുടെ കേന്ദ്രത്തെ]യും. അതിന്റെ ചുറ്റുപുറമുള്ളവരെയും നീ താക്കീതു ചെയ്‌വാന്‍ വേണ്ടിയും (കൂടിയാകുന്നു). പരലോകത്തില്‍ വിശ്വസിക്കുന്നവര്‍ അതില്‍ വിശ്വസിക്കുന്നതാണ്‌; അവര്‍, തങ്ങളുടെ നമസ്കാരത്തെപ്പറ്റി കാത്തുസൂക്ഷിക്കുകയും ചെയ്യും.
 • وَهَـٰذَا كِتَابٌ ഇതാ ഒരു ഗ്രന്ഥം, ഇതും ഒരു ഗ്രന്ഥമാണു أَنزَلْنَاهُ നാമതു ഇറക്കി, നാം അവതരിപ്പിച്ച مُبَارَكٌ അനുഗ്രഹീതമായ, ആശിര്‍വ്വദിക്കപ്പെട്ട مُّصَدِّقُ സത്യപ്പെടുത്തുന്ന الَّذِي യാതൊന്നിനെ بَيْنَ يَدَيْهِ അതിന്റെ മുമ്പിലുള്ള وَلِتُنذِرَ നീ താക്കീതു (മുന്നറിയിപ്പു) നല്‍കുവാനും أُمَّ الْقُرَىٰ ഉമ്മുല്‍ക്വുറായെ, രാജ്യങ്ങളുടെ മാതാവിനു (കേന്ദ്രത്തിനു) وَمَنْ حَوْلَهَا അതിന്റെ ചുറ്റിലുമുള്ളവരെയും وَالَّذِينَ يُؤْمِنُونَ വിശ്വസിക്കുന്നവര്‍ بِالْآخِرَةِ പരലോകത്തില്‍ يُؤْمِنُونَ അവര്‍ വിശ്വസിക്കും بِهِ ഇതില്‍, അതില്‍ وَهُمْ അവരാകട്ടെ عَلَىٰ صَلَاتِهِمْ തങ്ങളുടെ നമസ്കാരത്തെപ്പറ്റി يُحَافِظُونَ കാത്തുസൂക്ഷിക്കുന്നതുമാണ്

ഒരു മനുഷ്യനും അല്ലാഹു യാതൊന്നും അവതരിപ്പിച്ചു കൊടുക്കുകയുണ്ടായിട്ടില്ലെന്നു പറയുന്നതു കളവാണെന്നും, മൂസാ (عليه الصلاة والسلام) നബിക്കു തൗറാത്തു നല്‍കിയിട്ടുള്ളതിനെ അവര്‍ക്കു നിഷേധിക്കുക സാധ്യമല്ലെന്നും കഴിഞ്ഞ വചനത്തില്‍ അല്ലാഹു ചൂണ്ടിക്കാണിച്ചു. അതുപോലെ, അല്ലാഹു അവതരിപ്പിച്ച ഒരു വേദഗ്രന്ഥം തന്നെയാണ് ക്വുര്‍ആന്‍ എന്നും, അതു നന്മകള്‍ നിറഞ്ഞ അനുഗ്രഹീത ഗ്രന്ഥവും, മുന്‍വേദഗ്രന്ഥങ്ങള്‍ക്ക് സത്യസാക്ഷ്യം വഹിക്കുന്നതുമാണെന്നും, മക്കാ നിവാസികളെയും മക്കായുടെയും ചുറ്റുപുറങ്ങളിലായി നിവസിക്കുന്ന എല്ലാ മനുഷ്യരെയും താക്കീത് ചെയ്‌വാന്‍വേണ്ടി അവതരിപ്പിക്കപ്പെട്ടതാണതെന്നും ഈ വചനത്തില്‍ പ്രസ്താവിക്കുന്നു. ഈ ഐഹിക ജീവിതത്തിനുവേണ്ടി പാരത്രിക ജീവിതം കൂടിയുണ്ടെന്ന ബോധമുള്ളവര്‍ അതില്‍ വിശ്വസിക്കാതിരിക്കുകയില്ലെന്നും, അവര്‍ അല്ലാഹുവിന് നമസ്കാരവും ഭയഭക്തിയും അര്‍പ്പിക്കുന്നവരായിരിക്കുമെന്ന്‍ ചൂണ്ടിക്കാട്ടുന്നു.

أُمَّ الْقُرَىٰ (ഉമ്മുല്‍ക്വുറാ) എന്നാല്‍ രാജ്യങ്ങളുടെ മാതാവ് – അഥവാ കേന്ദ്രം – എന്നു വാക്കര്‍ത്ഥം. മക്കാ രാജ്യമാണുദ്ദേശ്യം. 2:125ന്റെയും, 42:7ന്റെയും വ്യാഖ്യാനത്തില്‍ പ്രസ്താവിച്ചതുപോലെ, പല നിലക്കും രാജ്യങ്ങളുടെ കേന്ദ്രസ്ഥാനമായിരുന്നു മക്കാ രാജ്യം.َمَنْ حَوْلَهَا (അതിന്റെ ചുറ്റുപുറവുമുള്ളവര്‍) എന്നു പറഞ്ഞതിന്റെ താല്‍പര്യം അതിന്റെ തൊട്ട പരിസര പ്രദേശത്തുകാര്‍ എന്നു മാത്രമല്ല. അതിന്റെ ചുറ്റുപുറങ്ങളിലുമായി സ്ഥിതി ചെയ്യുന്ന എല്ലാ രാജ്യക്കാരുമെന്നാണുദ്ദേശ്യം. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) നിയോഗിക്കപ്പെട്ടിരിക്കുന്നതു ലോക മനുഷ്യര്‍ക്കാകമാനമുള്ള റസൂലായിട്ടാണെന്നു അല്ലാഹു ഒന്നിലധികം പ്രാവശ്യം സ്പഷ്ടമാക്കിയിട്ടുള്ളതാണല്ലോ. (7:158; 34:28 മുതലായ സ്ഥലങ്ങള്‍ നോക്കുക).

6:93
 • وَمَنْ أَظْلَمُ مِمَّنِ ٱفْتَرَىٰ عَلَى ٱللَّهِ كَذِبًا أَوْ قَالَ أُوحِىَ إِلَىَّ وَلَمْ يُوحَ إِلَيْهِ شَىْءٌ وَمَن قَالَ سَأُنزِلُ مِثْلَ مَآ أَنزَلَ ٱللَّهُ ۗ وَلَوْ تَرَىٰٓ إِذِ ٱلظَّـٰلِمُونَ فِى غَمَرَٰتِ ٱلْمَوْتِ وَٱلْمَلَـٰٓئِكَةُ بَاسِطُوٓا۟ أَيْدِيهِمْ أَخْرِجُوٓا۟ أَنفُسَكُمُ ۖ ٱلْيَوْمَ تُجْزَوْنَ عَذَابَ ٱلْهُونِ بِمَا كُنتُمْ تَقُولُونَ عَلَى ٱللَّهِ غَيْرَ ٱلْحَقِّ وَكُنتُمْ عَنْ ءَايَـٰتِهِۦ تَسْتَكْبِرُونَ ﴾٩٣﴿
 • ആരാണ് അധികം അക്രമി? അല്ലാഹുവിന്റെ പേരില്‍ വ്യാജം കെട്ടിച്ചമച്ചുണ്ടാക്കുകയോ, അല്ലെങ്കില്‍ തനിക്കു യാതൊന്നും വഹ്യു [ദിവ്യസന്ദേശം] നല്‍കപ്പെട്ടിട്ടില്ലാതിരിക്കെ 'എനിക്കു വഹ്യു നല്‍കപ്പെട്ടിരിക്കുന്നു' വെന്നു പറയുകയോ ചെയ്തവനെക്കാള്‍! അല്ലാഹു അവതരിപ്പിച്ചതുപോലെ ഞാന്‍ അവതരിപ്പിച്ചുകൊള്ളാമെന്നു പറഞ്ഞവനെക്കാളും! (ആ) അക്രമികള്‍ മരണവെപ്രാളത്തിലായിരിക്കുമ്പോള്‍, നീ കണ്ടിരുന്നുവെങ്കില്‍! [ഹാ! അതൊരു ഭയങ്കര കാഴ്ച തന്നെയായിരിക്കും] മലക്കുകള്‍ (അവരുടെ നേരെ) തങ്ങളുടെ കൈകള്‍ നീട്ടിക്കൊണ്ടുമിരിക്കും; (അവര്‍ പറയും:) 'നിങ്ങള്‍ നിങ്ങളുടെ ആത്മാക്കളെ പുറത്താക്കുവിന്‍. ഇന്നു നിങ്ങള്‍ക്കു ഹീനത [നിന്ദ്യത]യുടെ ശിക്ഷ പ്രതിഫലം നല്‍കപ്പെടുന്നതുമാണ്; നിങ്ങള്‍ അല്ലാഹുവിന്റെ പേരില്‍ യഥാര്‍ത്ഥമല്ലാത്തതു പറഞ്ഞുകൊണ്ടിരുന്നതും, അവന്റെ 'ആയത്തു' [ലക്‌ഷ്യം] കളെ സംബന്ധിച്ചു നിങ്ങള്‍ അഹംഭാവം നടിച്ചുകൊണ്ടിരുന്നതും നിമിത്തം.'
 • وَمَنْ أَظْلَمُ ആരാണധികം അക്രമി, കൂടിതല്‍ അക്രമി ആര്‍ مِمَّنِ افْتَرَىٰ കെട്ടിച്ചമച്ചവനെക്കാള്‍ عَلَى اللَّـهِ അല്ലാഹുവിന്റെ മേല്‍ كَذِبًا വ്യാജം أَوْ قَالَ അല്ലെങ്കില്‍ പറഞ്ഞ (വനെക്കാള്‍) أُوحِيَ إِلَيَّ എനിക്കു വഹ്യു നല്‍കപ്പെട്ടിരിക്കുന്നു وَلَمْ يُوحَ വഹ്യ് നല്‍കപ്പെട്ടിട്ടില്ലാതെ إِلَيْهِ അവനു, അവനിലേക്കു شَيْءٌ യാതൊന്നും وَمَن قَالَ പറഞ്ഞവനെക്കാളും سَأُنزِلُ ഞാന്‍ ഇറക്കാം مِثْلَ പോലെ, മാതിരി مَا أَنزَلَ اللَّـهُ അല്ലാഹു അവതരിപ്പിച്ചതു وَلَوْ تَرَىٰ നീ കണ്ടിരുന്നുവെങ്കില്‍ إِذِ الظَّالِمُونَ അക്രമികള്‍ ആകുമ്പോള്‍ فِي غَمَرَاتِ വെപ്രാള (കാഠിന്യ) ങ്ങളില്‍ الْمَوْتِ മരണത്തിന്റെ وَالْمَلَائِكَةُ മലക്കുകള്‍ بَاسِطُو വിരുത്തിയ (നീട്ടിയ) വരായിരിക്കും أَيْدِيهِمْ അവരുടെ കൈകളെ أَخْرِجُوا പുറത്താക്കുവിന്‍, വെളിക്കുവരുത്തുവിന്‍ أَنفُسَكُمُ നിങ്ങളുടെ ആത്മാക്കളെ الْيَوْمَ ഇന്നു, ഈ ദിവസം تُجْزَوْنَ നിങ്ങള്‍ക്കു പ്രതിഫലം നല്‍കപ്പെടും عَذَابَ الْهُونِ നിന്ദ്യത (എളിമ - ഹീനത) യുടെ ശിക്ഷ بِمَا كُنتُمْ നിങ്ങളായിരുന്നതു നിമിത്തം تَقُولُونَ പറയുക, പറഞ്ഞുണ്ടാക്കുക عَلَى اللَّـهِ അല്ലാഹുവിന്റെ പേരില്‍, അല്ലാഹുവിനെപ്പറ്റി غَيْرَ الْحَقِّ യഥാര്‍ത്ഥം (ന്യായം - സത്യം) അല്ലാത്തതു وَ كُنتُمْ നിങ്ങള്‍ ആയിരുന്നതും عَنْ آيَاتِهِ അവന്റെ ആയത്തുകളെപ്പറ്റി تَسْتَكْبِرُونَ നിങ്ങള്‍ അഹംഭാവം (ഗര്‍വ്വു) കാണിക്കുക
6:94
 • وَلَقَدْ جِئْتُمُونَا فُرَٰدَىٰ كَمَا خَلَقْنَـٰكُمْ أَوَّلَ مَرَّةٍ وَتَرَكْتُم مَّا خَوَّلْنَـٰكُمْ وَرَآءَ ظُهُورِكُمْ ۖ وَمَا نَرَىٰ مَعَكُمْ شُفَعَآءَكُمُ ٱلَّذِينَ زَعَمْتُمْ أَنَّهُمْ فِيكُمْ شُرَكَـٰٓؤُا۟ ۚ لَقَد تَّقَطَّعَ بَيْنَكُمْ وَضَلَّ عَنكُم مَّا كُنتُمْ تَزْعُمُونَ ﴾٩٤﴿
 • (അവരോട് പറയപ്പെടും) നിങ്ങളെ നാം ഒന്നാം പ്രാവശ്യം സൃഷ്‌ടിച്ചതുപോലെ, നമ്മുടെ അടുക്കല്‍ ഒറ്റപ്പെട്ടവരായിക്കൊണ്ടു നിങ്ങള്‍ (ഇതാ) വന്നു കഴിഞ്ഞു; നിങ്ങള്‍ക്കു നാം അധീനപ്പെടുത്തിത്തന്നതു (ഒക്കെ) നിങ്ങള്‍ നിങ്ങളുടെ പിന്‍പുറത്ത് വിട്ടേച്ചുപോരുകയും ചെയ്തിരിക്കുന്നു. 'നിങ്ങളുടെ കാര്യത്തില്‍ (അല്ലാഹുവിന്റെ) പങ്കുകാരാണെന്നു നിങ്ങള്‍ ജല്‍പിച്ചവരായ നിങ്ങളുടെ (ആ) ശുപാര്‍ശകന്‍മാരെ നിങ്ങളോടൊപ്പം നാം കാണുന്നുമില്ല. നിങ്ങള്‍ക്കിടയില്‍ (ബന്ധം) മുറിഞ്ഞു പോകുക തന്നെ ചെയ്തിട്ടുണ്ട്. നിങ്ങള്‍ ജല്‍പിച്ചുകൊണ്ടിരുന്നതു (ഒക്കെയും) നിങ്ങളെ വിട്ടുമറഞ്ഞു പോകയും ചെയ്തിരിക്കുന്നു.'
 • وَلَقَدْ جِئْتُمُونَا നിങ്ങള്‍ നമ്മുടെ അടുക്കല്‍ വന്നിട്ടുണ്ട് (വന്നു കഴിഞ്ഞു) فُرَادَىٰ ഒറ്റപ്പെട്ട(ഓരോരു)വരായി كَمَا خَلَقْنَاكُمْ നിങ്ങളെ നാം സൃഷ്‌ടിച്ചതുപോലെ أَوَّلَ مَرَّةٍ ഒന്നാം പ്രാവശ്യം وَتَرَكْتُم നിങ്ങള്‍ ഉപേക്ഷിക്കുക (വിടുക) യും ചെയ്തു مَّا خَوَّلْنَاكُمْ നാം നിങ്ങള്‍ക്കു അധീനമാക്കി (വിധേയമാക്കി) ത്തന്നതു وَرَاءَ ظُهُورِكُمْ നിങ്ങളുടെ പിന്‍പുറത്ത് وَمَا نَرَىٰ നാം കാണുന്നുമില്ല مَعَكُمْ നിങ്ങളുടെ കൂടെ شُفَعَاءَكُمُ നിങ്ങളുടെ ശുപാര്‍ശകരെ الَّذِينَ യാതൊരുവരായ زَعَمْتُمْ നിങ്ങള്‍ ജല്‍പിച്ചു أَنَّهُمْ فِيكُمْ അവര്‍ നിങ്ങളില്‍ ആകുന്നുവെന്നു شُرَكَاءُ പങ്കുകാര്‍ لَقَد تَّقَطَّعَ മുറിഞ്ഞു (ബന്ധമറ്റു) പോക തന്നെ ചെയ്തു بَيْنَكُمْ നിങ്ങള്‍ക്കിടയില്‍ وَضَلَّ عَنكُم നിങ്ങളില്‍നിന്നു മറഞ്ഞു (അപ്രത്യക്ഷമായി) പോകയും ചെയ്തു مَّا كُنتُمْ تَزْعُمُونَ നിങ്ങള്‍ ജല്‍പിച്ചിരുന്നത്

അല്ലാഹുവിനു സമന്‍മാരും പങ്കുകാരുമുണ്ട്. അവനു സന്താനങ്ങളുണ്ട് എന്നിവപോലെയുള്ള കള്ളാരോപണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നവര്‍, എനിക്കു വഹ്യ് ലഭിച്ചിട്ടുണ്ട് – അഥവാ ഞാനും പ്രവാചകനാണു – എന്നു വാദിക്കുന്ന മുസൈലമത്തുല്‍ കദ്ദാബിനെപ്പോലെയുള്ള കള്ള പ്രവാചകന്‍മാര്‍, വേണമെങ്കില്‍ ഈ ക്വുര്‍ആന്‍ പോലെയുള്ള ഗ്രന്ഥം എനിക്കും അവതരിപ്പിക്കുവാന്‍ കഴിയുമെന്നു വീമ്പിളക്കുന്ന ധിക്കാരികള്‍ എന്നിങ്ങിനെയുള്ളവര്‍ക്കെല്ലാമുള്ള കനത്ത താക്കീതാണിതു. അക്രമികള്‍ പലതരക്കാരുണ്ടെങ്കിലും അവരില്‍വെച്ചു ഏറ്റവും കടുത്ത അക്രമികളാണിവര്‍. ഈ ഭൗതിക ജീവിതത്തില്‍വെച്ചു അവര്‍ക്കു ഏതു അക്രമവും പറയുവാനും പ്രവര്‍ത്തിക്കുവാനുമുള്ള സൗകര്യമുണ്ടെങ്കിലും അതെല്ലാം മരണത്തോടുകൂടി അവസാനിക്കും. മരണവേളയില്‍ തന്നെ അതിന്റെ ഫലം അവര്‍ക്കു അനുഭവപ്പെട്ടു തുടങ്ങും. തുടര്‍ന്നുകൊണ്ടുള്ള അനുഭവങ്ങളാണെങ്കില്‍ അതിനെക്കാള്‍ എത്രയോ ഭയങ്കരവുമായിരിക്കും. അവരുടെ ഈ ധിക്കാരവും ധാര്‍ഷ്ട്യവുമൊന്നും അപ്പോള്‍ കാണപ്പെടുകയില്ല. തങ്ങളെ രക്ഷിക്കുവാനും സഹായിക്കുവാനും പോന്നവരെന്നു നടിച്ചുകൊണ്ട് അവര്‍ അല്ലാഹുവിന്റെ സമന്മാരാക്കിവെക്കുകയും ആരാധിച്ചും പൂജിച്ചും വിളിച്ചു പ്രാര്‍ത്ഥിച്ചും വരുകയും ചെയ്തിരുന്നവരാരും അവിടെ അവര്‍ക്കു രക്ഷക്കുണ്ടായിരിക്കയില്ല. ഇതെല്ലാം അവരെ അല്ലാഹു താക്കീതു ചെയ്കയാണ്.

മനുഷ്യരുടെ മരണസംബന്ധമായ കാര്യങ്ങള്‍ ഏല്‍പിക്കപ്പെട്ടിട്ടുള്ള മലക്കുകളെപ്പറ്റിയാണു …وَالْمَلَائِكَةُ بَاسِطُو أَيْدِيهِمْ (മലക്കുകള്‍ അവരുടെ കൈകള്‍ നീട്ടിക്കൊണ്ടിരിക്കും….) എന്നു പറഞ്ഞത്. അവിശ്വാസികളുടെ മരണവേളയില്‍ മലക്കുകള്‍ അവരുടെ മുഖത്തും പിന്‍വശത്തും അടിക്കുകയും മറ്റും ചെയ്യുന്നതാണെന്നും, അവരോടു വളരെ കഠിനമായ രീതിയില്‍ പെരുമാറുമെന്നും (8:50 മുതലായ സ്ഥലങ്ങളില്‍) അല്ലാഹു വ്യക്തമാക്കിയിട്ടുണ്ട്. നേരെ മറിച്ച് സജ്ജനങ്ങളുടെ മരണ സമയത്തു മലക്കുകള്‍ അവരോടു വളരെ സൗമ്യതയിലും സ്നേഹത്തിലും പെരുമാറുമെന്നും (16:32ലും മറ്റുമായി) ക്വുര്‍ആനില്‍നിന്നും, ഹദീഥില്‍ നിന്നും വ്യക്തമായി അറിയപ്പെട്ടിട്ടുള്ളതുമാണ്.

وَتَرَكْتُم مَّا خَوَّلْنَاكُمْ (നിങ്ങള്‍ക്കു നാം അധീനപ്പെടുത്തിത്തന്നതൊക്കെ നിങ്ങള്‍ വിട്ടേച്ചു പോന്നു) എന്നു പറഞ്ഞതിന്റെ സാരം ഇതാണ്: ഇഹത്തില്‍വെച്ചു നിങ്ങള്‍ക്കു ലഭിച്ചിരുന്ന സുഖസൗകര്യങ്ങള്‍, കഴിവുകള്‍, സ്വാതന്ത്ര്യങ്ങള്‍ ഇവയൊന്നും ഇപ്പോള്‍ നിങ്ങള്‍ക്കില്ല. അതെല്ലാം ഉപയോഗപ്പെടുത്തിക്കൊണ്ടാണല്ലോ നിങ്ങള്‍ നമ്മുടെ സന്ദേശങ്ങളെ ധിക്കരിച്ചത്. ഇപ്പോള്‍ അതെല്ലാം നിങ്ങള്‍ക്ക് നഷ്ടപ്പെട്ടുപോയിരിക്കയാണ്‌. ഒരു ഹദീഥില്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറയുന്നു: ‘ആദമിന്റെ മകന്‍ – മനുഷ്യന്‍ – എന്റെ ധനം! എന്റെ ധനം! എന്നു പറഞ്ഞുകൊണ്ടിരിക്കുന്നു. (മനുഷ്യാ) നിനക്കു നിന്റെ ധനത്തില്‍നിന്നു നീ തിന്നുനശിപ്പിച്ചതോ, നീ ഉടുത്തുപഴക്കിയതോ, നീ ധര്‍മം കൊടുത്തു സമ്പാദിച്ചു വെച്ചതോ അല്ലാതെ വല്ലതും നിനക്കുണ്ടോ?! ഇതല്ലാത്തതെല്ലാം പോയിപ്പോകുന്നതും, ജനങ്ങള്‍ക്കായി നീ വിട്ടേച്ചുപോകുന്നതുമായിരിക്കും.’ (മു).

വിഭാഗം - 12

തൗഹീദിന്റെയും, പരലോകത്തിന്റെയും വിഷയത്തിലാണല്ലോ മുശ്രിക്കുകളുടെ നിഷേധം കേന്ദ്രീകരിച്ചിരിക്കുന്നത്. ഈ സൂറത്തിലെ പ്രധാന പതിപാദ്യ വിഷയവും അതു രണ്ടുംതന്നെ. ആ രണ്ടിനും വ്യക്തവും സ്പഷ്ടവുമായ ചില നിത്യസത്യങ്ങളാകുന്ന ദൃഷ്ടാന്തങ്ങളാണ് തുടര്‍ന്നുള്ള വചനങ്ങളില്‍ കാണുന്നത്:-

6:95
 • إِنَّ ٱللَّهَ فَالِقُ ٱلْحَبِّ وَٱلنَّوَىٰ ۖ يُخْرِجُ ٱلْحَىَّ مِنَ ٱلْمَيِّتِ وَمُخْرِجُ ٱلْمَيِّتِ مِنَ ٱلْحَىِّ ۚ ذَٰلِكُمُ ٱللَّهُ ۖ فَأَنَّىٰ تُؤْفَكُونَ ﴾٩٥﴿
 • നിശ്ചയമായും അല്ലാഹു, ധാന്യവും, കുരുവും പിളര്‍ത്തുന്നവനാണ്. നിര്‍ജ്ജീവമായതില്‍നിന്നു അവന്‍ ജീവിയെ പുറത്തു വരുത്തുന്നു; ജീവിയില്‍ നിന്ന് നിര്‍ജ്ജീവമായതിനെ പുറത്തു വരുത്തുന്നവനുമാകുന്നു. (അങ്ങിനെയുള്ള) അവനത്രെ അല്ലാഹു; എന്നിരിക്കെ, എങ്ങിനെയാണ് നിങ്ങള്‍ (അവനെ വിട്ടു) തെറ്റിക്കപ്പെടുന്നത്?!
 • إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു فَالِقُ പിളര്‍ത്തുന്നവനാണ് الْحَبِّ ധാന്യത്തെ, ധാന്യമണി وَالنَّوَىٰ കുരുവും, അണ്ടിയും, വിത്തും يُخْرِجُ അവന്‍ പുറത്തു വരുത്തുന്നു (ഉല്‍പാദിപ്പിക്കും) الْحَيَّ ജീവിയെ, ജീവസ്സുള്ളതു مِنَ الْمَيِّتِ നിര്‍ജ്ജീവമായതില്‍നിന്നു, ചത്തതില്‍നിന്നു وَمُخْرِجُ പുറത്തുവരുന്നവനുമാണു الْمَيِّتِ നിര്‍ജ്ജീവമായതിനെ مِنَ الْحَيِّ ജീവനുള്ളതില്‍നിന്നു ذَٰلِكُمُ അത(അവന)ത്രെ اللَّـهُ അല്ലാഹു فَأَنَّىٰ എന്നിരിക്കെ എങ്ങിനെയാണു تُؤْفَكُونَ നിങ്ങള്‍ തെറ്റിക്ക (തിരിച്ചു വിട -നുണയില) കപ്പെടുന്നതു

6:96
 • فَالِقُ ٱلْإِصْبَاحِ وَجَعَلَ ٱلَّيْلَ سَكَنًا وَٱلشَّمْسَ وَٱلْقَمَرَ حُسْبَانًا ۚ ذَٰلِكَ تَقْدِيرُ ٱلْعَزِيزِ ٱلْعَلِيمِ ﴾٩٦﴿
 • പ്രഭാതത്തെ പിളര്‍ത്തുന്നവനാണ് (അവന്‍). രാത്രിയെ അവന്‍ ശാന്തമാക്കുകയും ചെയ്തിരിക്കുന്നു; സൂര്യനെയും, ചന്ദ്രനെയും അവന്‍ (സമയത്തിന്റെ) കണക്കും (ആക്കിയിരിക്കുന്നു). അതു (ഒക്കെയും) സര്‍വ്വജ്ഞനായ (ആ) പ്രതാപശാലിയുടെ നിര്‍ണ്ണയം [വ്യവസ്ഥ] ആകുന്നു.
 • فَالِقُ പിളര്‍ത്തുന്നവനാണു الْإِصْبَاحِ പ്രഭാതത്തെ, പുലര്‍ച്ചനേരത്തെ وَجَعَلَ അവന്‍ ആക്കുകയും ചെയ്തു اللَّيْلَ രാത്രിയെ سَكَنًا ശാന്തം, അടങ്ങിയതു, ഒതുക്കം وَالشَّمْسَ സൂര്യനെയും وَالْقَمَرَ ചന്ദ്രനെയും حُسْبَانًا കണക്കു (ആക്കി) ذَٰلِكَ അതു تَقْدِيرُ നിര്‍ണ്ണയമാണു, വ്യവസ്ഥപ്പെടുത്തലാണു الْعَزِيزِ പ്രതാപശാലിയുടെ الْعَلِيمِ (സര്‍വ്വ)ജ്ഞാനിയായ
6:97
 • وَهُوَ ٱلَّذِى جَعَلَ لَكُمُ ٱلنُّجُومَ لِتَهْتَدُوا۟ بِهَا فِى ظُلُمَـٰتِ ٱلْبَرِّ وَٱلْبَحْرِ ۗ قَدْ فَصَّلْنَا ٱلْـَٔايَـٰتِ لِقَوْمٍ يَعْلَمُونَ ﴾٩٧﴿
 • അവനത്രെ, നിങ്ങള്‍ക്കു നക്ഷത്രങ്ങളെ - അവ മൂലം കരയിലെയും, കടലിലെയും അന്ധകാരങ്ങളില്‍ നിങ്ങള്‍ വഴി കാണുവാന്‍ വേണ്ടി - ഏര്‍പ്പെടുത്തിയവനും. അറിയുന്ന ജനങ്ങള്‍ക്കു നാം ദൃഷ്ടാന്തങ്ങള്‍ വിശദീകരിച്ചു കൊടുത്തിട്ടുണ്ട്.
 • وَهُوَ അവനത്രെ الَّذِي جَعَلَ لَكُمُ നിങ്ങള്‍ക്കു ആക്കി (ഉണ്ടാക്കി - ഏര്‍പ്പെടുത്തി) ത്തന്നവന്‍ النُّجُومَ നക്ഷത്രങ്ങളെ لِتَهْتَدُوا നിങ്ങള്‍ നേര്‍മ്മാര്‍ഗ്ഗം പ്രാപിക്കു (വഴി കാണു) വാന്‍ വേണ്ടി بِهَا അവ മൂലം فِي ظُلُمَاتِ അന്ധകാരങ്ങളില്‍ الْبَرِّ കരയിലെയും وَالْبَحْرِ കടലിലെയും قَدْ فَصَّلْنَا നാം വിശദീകരിച്ചിട്ടുണ്ടു الْآيَاتِ ദൃഷ്ടാന്തലക്ഷ്യ - അടയാള)ങ്ങളെ لِقَوْمٍ ജനങ്ങള്‍ക്കു يَعْلَمُونَ അവര്‍ അറിയുന്നു
6:98
 • وَهُوَ ٱلَّذِىٓ أَنشَأَكُم مِّن نَّفْسٍ وَٰحِدَةٍ فَمُسْتَقَرٌّ وَمُسْتَوْدَعٌ ۗ قَدْ فَصَّلْنَا ٱلْـَٔايَـٰتِ لِقَوْمٍ يَفْقَهُونَ ﴾٩٨﴿
 • അവനത്രെ, ഒരേ ആത്മാവില്‍ (അഥവാ വ്യക്തിയില്‍) നിന്നു നിങ്ങളെ (സൃഷ്ടിച്ച്) ഉണ്ടാക്കിയവനും. അങ്ങനെ, (നിങ്ങള്‍ക്കു) തങ്ങുന്ന സ്ഥാനവും, സൂക്ഷിപ്പുസ്ഥാനവുമുണ്ട്. ഗ്രഹിക്കുന്ന ജനങ്ങള്‍ക്കു നാം ദൃഷ്ടാന്തങ്ങള്‍ വിശദീകരിച്ചു കൊടുത്തിട്ടുണ്ട്.
 • وَهُوَ അവനത്രെ الَّذِي أَنشَأَكُم നിങ്ങളെ ഉണ്ടാക്കിയവന്‍ مِّن نَّفْسٍ ആത്മാവി (ആളി - ദേഹത്തി - വ്യക്തിയി)ല്‍ നിന്നു وَاحِدَةٍ ഒരേ فَمُسْتَقَرٌّ എന്നിട്ടു തങ്ങുന്ന (താമസിക്കുന്ന - ഉറച്ചു നില്‍ക്കുന്ന) ഇടമുണ്ടു وَمُسْتَوْدَعٌ സൂക്ഷിച്ചുവെക്കുന്ന ഇടവും قَدْ فَصَّلْنَا നാം വിശദീകരിച്ചിട്ടുണ്ടു الْآيَاتِ ദൃഷ്ടാന്തങ്ങളെ لِقَوْمٍ ജനങ്ങള്‍ക്കു, ഒരു ജനതക്കു يَفْقَهُونَ അവര്‍ ഗ്രഹിക്കുന്നു
6:99
 • وَهُوَ ٱلَّذِىٓ أَنزَلَ مِنَ ٱلسَّمَآءِ مَآءً فَأَخْرَجْنَا بِهِۦ نَبَاتَ كُلِّ شَىْءٍ فَأَخْرَجْنَا مِنْهُ خَضِرًا نُّخْرِجُ مِنْهُ حَبًّا مُّتَرَاكِبًا وَمِنَ ٱلنَّخْلِ مِن طَلْعِهَا قِنْوَانٌ دَانِيَةٌ وَجَنَّـٰتٍ مِّنْ أَعْنَابٍ وَٱلزَّيْتُونَ وَٱلرُّمَّانَ مُشْتَبِهًا وَغَيْرَ مُتَشَـٰبِهٍ ۗ ٱنظُرُوٓا۟ إِلَىٰ ثَمَرِهِۦٓ إِذَآ أَثْمَرَ وَيَنْعِهِۦٓ ۚ إِنَّ فِى ذَٰلِكُمْ لَـَٔايَـٰتٍ لِّقَوْمٍ يُؤْمِنُونَ ﴾٩٩﴿
 • അവനത്രെ, ആകാശത്തുനിന്നു (മഴ) വെള്ളം ഇറക്കിയവനും. എന്നിട്ടു അതുമൂലം എല്ലാ വസ്തുക്കളുടെയും മുളയെ നാം [അല്ലാഹു] പുറത്തു വരുത്തി; എന്നിട്ട് അതില്‍നിന്നു നാം പച്ച (ച്ചെടി)കളെ പുറത്ത് വരുത്തി അതില്‍ നിന്ന് പരസ്പരം (മേല്‍ക്കുമേല്‍) തിങ്ങിക്കൊണ്ടിരിക്കുന്ന ധാന്യം നാം പുറപ്പെടുവിക്കുന്നു. ഈത്തപ്പനയില്‍ നിന്നു - അതിന്റെ കുലയില്‍ നിന്നു - താണു (തൂങ്ങി) നില്‍ക്കുന്ന കതിര്‍പ്പുകളും (ഉണ്ടായിത്തീരുന്നു). മുന്തിരികളുടെ തോട്ടങ്ങളും, ഓലീവു വൃക്ഷവും, മാതളച്ചെടിയും (പുറത്തു വരുത്തുന്നു); സാദൃശ്യപ്പെട്ടതും, പരസ്പര സാദൃശ്യമില്ലാത്തതുമായിക്കൊണ്ട്. അതു കായ്ക്കുമ്പോള്‍ അതിന്റെ കായയിലേക്കും, അതു മൂപ്പെത്തുന്നതിലേക്കും നിങ്ങള്‍ നോക്കുക! നിശ്ചയമായും, വിശ്വസിക്കുന്ന ജനങ്ങള്‍ക്കു അതിലെല്ലാം പല ദൃഷ്ടാന്തങ്ങളുണ്ട്‌.
 • وَهُوَ അവനത്രെ الَّذِي أَنزَلَ ഇറക്കിയവന്‍ مِنَ السَّمَاءِ ആകാശത്തുനിന്നു مَاءً വെള്ളം فَأَخْرَجْنَا എന്നിട്ടു നാം പുറപ്പെടുവിച്ചു بِهِ അതുകൊണ്ടു, അതുമൂലം نَبَاتَ മുളയെ, സസ്യത്തെ كُلِّ شَيْءٍ എല്ലാ വസ്തുവിന്റെയും فَأَخْرَجْنَا എന്നിട്ടു നാം പുറപ്പെടുവിച്ചു مِنْهُ അതില്‍നിന്നു, അതിനാല്‍ خَضِرًا പച്ചയായവ نُّخْرِجُ مِنْهُ അതില്‍നിന്നു നാം പുറപ്പെടുവിക്കുന്നു حَبًّا ധാന്യത്തെ مُّتَرَاكِبًا പരസ്പരം കയറിയ (ഇടതിങ്ങിയ - കൂടിക്കലര്‍ന്ന) وَمِنَ النَّخْلِ ഈത്തപ്പനയില്‍ നിന്നും مِن طَلْعِهَا അതിന്റെ കുലയില്‍ നിന്നു قِنْوَانٌ കതിര്‍പ്പുകള്‍ دَانِيَةٌ താണു (തൂങ്ങി) നില്‍ക്കുന്ന وَجَنَّاتٍ തോട്ടങ്ങളെയും مِّنْ أَعْنَابٍ മുന്തിരികളില്‍ നിന്നു (മുന്തിരികളുടെ) وَالزَّيْتُونَ ഓലീവു മരത്തെയും وَالرُّمَّانَ മാതളത്തെയും مُشْتَبِهًا സാദൃശ്യമുള്ളതായിക്കൊണ്ടു وَغَيْرَ مُتَشَابِهٍ പരസ്പര സാദൃശ്യമില്ലാത്തതായും انظُرُوا നിങ്ങള്‍ നോക്കുക إِلَىٰ ثَمَرِهِ അതിന്റെ കായയിലേക്കു, ഫലത്തിലേക്കു إِذَا أَثْمَرَ അതു കായിച്ചാല്‍, ഫലമുണ്ടായാല്‍ وَيَنْعِهِ അതിന്റെ മൂപ്പെത്തുന്നതിലേക്കും (പാകമാകുന്നതിലേക്കും - പഴുപ്പിലേക്കും) إِنَّ فِي ذَٰلِكُمْ നിശ്ചയമായും അതില്‍ (എല്ലാം) ഉണ്ട് لَآيَاتٍ പല ദൃഷ്ടാന്തങ്ങള്‍ لِّقَوْمٍ يُؤْمِنُونَ വിശ്വസിക്കുന്ന ജനങ്ങള്‍ക്ക്

അല്ലാഹുവിന്റെ ഏകത്വം, സൃഷ്ടിവൈഭവം, ശക്തിമാഹാത്മ്യം ആദിയായവക്കു നിത്യദൃഷ്ടാന്തങ്ങളായി നിലകൊള്ളുന്നതും, സാധാരണ ബുദ്ധികള്‍ക്കുപോലും ആലോചിച്ചറിയാവുന്നതുമായ കുറേ യാഥാര്‍ത്ഥ്യങ്ങളാണ് ഈ വചനങ്ങളില്‍ അല്ലാഹു എടുത്തു കാണിച്ചിരിക്കുന്നത്. അവയെ ഇങ്ങിനെ സംഗ്രഹിക്കാം:-

(1). ധാന്യവര്‍ഗ്ഗത്തിന്റെ മണികളെയും, ഫലവര്‍ഗ്ഗത്തിന്റെ കുരുക്കളെയും – അഥവാ അണ്ടി, പരിപ്പു മുതലായവയെയും – പിളര്‍ത്തി അവയില്‍ നിന്നു സസ്യങ്ങളെയും വൃക്ഷങ്ങളെയും ഉല്‍പാദിപ്പിക്കുന്നത്. വിത്തിറക്കുന്നതിലും, അതു മുളച്ചു വളരുവാനാവശ്യമായ ഒരുക്കങ്ങള്‍ ചെയ്യുന്നതിലും മനുഷ്യ പ്രവര്‍ത്തനങ്ങള്‍ക്കു പങ്കുണ്ടെങ്കിലും അതിനെ പിളര്‍ത്തി മുളപ്പിക്കുകയും വളര്‍ത്തുകയും വിജയിപ്പിക്കുകയും ചെയ്യുന്നതില്‍ മനുഷ്യന് ഒരു പങ്കുമില്ലല്ലോ.

(2). ജീവനോ വളര്‍ച്ചയോ ഇല്ലാത്ത നിര്‍ജ്ജീവ വസ്തുക്കളില്‍ നിന്നു ജീവനും വളര്‍ച്ചയുമുള്ള വസ്തുക്കളെ ഉല്‍പാദിപ്പിക്കുന്നത്. വിത്തുകളില്‍നിന്നു സസ്യലതാദികളെ ഉല്‍പാദിപ്പിക്കുന്നതും, മനുഷ്യനടക്കമുള്ള ജീവികളുടെ ബീജങ്ങളില്‍നിന്നു അതതു വര്‍ഗ്ഗ വര്‍ദ്ധന നടത്തുന്നതും, ജീവ ചൈതന്യമില്ലാത്ത വസ്തുക്കളില്‍നിന്നു ചില പ്രാണിവര്‍ഗ്ഗങ്ങളെ ഉല്‍പാദിപ്പിക്കുന്നതുമെല്ലാം ഇതില്‍ ഉള്‍പെടുന്നു.

(3). ജീവനും, ജീവസ്സുമുള്ള വസ്തുക്കളില്‍നിന്നു മേല്‍ സൂചിപ്പിച്ചതുപോലെയുള്ള പലതരം നിര്‍ജ്ജീവ വസ്തുക്കളെയും ഉല്‍പാദിപ്പിക്കുന്നത്.

(4). രാത്രിയുടെ ഇരുട്ടില്‍നിന്നു പ്രഭാതം പുലരുന്നത്.

(5). രാത്രിയെ വിശ്രമത്തിനു ഉപയുക്തമായവിധം ശാന്തമാക്കിയത്.

(6). നാഴിക – വിനാഴികള്‍, ദിവസ – മാസ – സംവത്സരങ്ങള്‍ എന്നിങ്ങിനെ സമയം കണക്കാക്കുവാന്‍ ഉതകുമാറ് ആസൂത്രിതമായ നിലയില്‍ സൂര്യചന്ദ്ര നക്ഷത്രങ്ങളെ നിയന്ത്രിച്ചുപോരുന്നത്.

(7). കരയിലൂടെയും കടലിലൂടെയും യാത്ര ചെയ്യുന്നവര്‍ക്കു ദിക്കുകളും ഉദ്ദിഷ്ട സ്ഥലങ്ങളും തിരിച്ചറിയത്തക്കവണ്ണം നക്ഷത്രങ്ങളെ – അവയുടെ സ്ഥാനങ്ങളും, ഗതിവിഗതികളും, സമയങ്ങളും വ്യവസ്ഥപ്പെടുത്തിക്കൊണ്ടു – ഏര്‍പ്പെടുത്തിയതു. പൂര്‍വ്വകാലത്തെ യാത്രകള്‍ കരയിലൂടെയും, കടലിലൂടെയുമായിരുന്നതുകൊണ്ട് അക്കാലത്തുള്ളവര്‍ക്കു മാത്രമേ നക്ഷത്രങ്ങള്‍ മാര്‍ഗ്ഗദര്‍ശനമായിരിക്കുകയുള്ളുവെന്നു ധരിക്കേണ്ടതില്ല. വായു മണ്ഡലത്തിലൂടെയും, ഗോളാന്തരങ്ങളിലൂടെയും നടത്തപ്പെടുന്ന ഇന്നത്തെ പരിഷ്കൃത വാഹന യാത്രകളിലും നക്ഷത്രങ്ങളുടെ മാര്‍ഗ്ഗദര്‍ശനവും അവശ്യം ആവശ്യം തന്നെ. നക്ഷത്രങ്ങളുടെയും, ഗ്രഹങ്ങളുടെയും സ്ഥാനങ്ങളും ഗതിവിഗതികളും വകവെക്കാതെയുള്ള ഗോളാന്തര യാത്ര നടത്തുക സാധ്യമല്ല തന്നെ.

(8). ഒരേ ആളില്‍നിന്നു കണക്കറ്റ വ്യക്തികളടങ്ങുന്ന മനുഷ്യവര്‍ഗ്ഗത്തെ സൃഷ്ടിച്ചതു. ഓരോ വ്യക്തിയും സംബന്ധിച്ചിടത്തോളം, അതിന്റെ ബീജം അതിന്റെ മാതാപിതാക്കളുടെ ശരീരംശമെന്നോണം കുറെ കാലം അവരില്‍ തങ്ങിനില്‍ക്കുകയും, അനന്തരം മാതാവിന്റെ ഗര്‍ഭാശയത്തില്‍ നിക്ഷേപിക്കപ്പെടുകയും, പിന്നീട് അവിടെവെച്ച് ചില ദശാമാറ്റങ്ങള്‍ തരണം ചെയ്ത് മനുഷ്യരൂപം പൂണ്ടു പുറത്തുവരുകയുമാണല്ലോ ചെയ്യുന്നത്. ഇതിനെപ്പറ്റിയാണ് തങ്ങുന്ന ഇടവും സൂക്ഷിക്കുന്ന ഇടവും ഉണ്ടു (فَمُسْتَقَرٌّ وَمُسْتَوْدَعٌ) എന്നു പറഞ്ഞതു.

(9). ആകാശത്തു നിന്നു മഴവെള്ളം ഇറക്കി എല്ലാവിധ സസ്യങ്ങളെയും മുളപ്പിച്ച് പച്ചചെടികളാക്കി വളര്‍ത്തുകയും, അവയില്‍നിന്നു ആഹാര വസ്തുക്കളായ ധാന്യോല്‍പന്നങ്ങള്‍ സമൃദ്ധമാക്കുകയും ചെയ്യുന്നതു. പ്രത്യേകിച്ചും ഈത്തപ്പനകള്‍ കുലയിടുന്നു. അവയുടെ കതിര്‍പ്പുകള്‍ തുരുതുരെ തിങ്ങിത്തൂങ്ങി നില്‍ക്കുന്നു. മുന്തിരിത്തോട്ടങ്ങള്‍, ഓലീവു വൃക്ഷങ്ങള്‍, മാതളച്ചെടികള്‍ ആദിയായവയെല്ലാം ഉല്‍പാദിതമാകുന്നു. ആകൃതി, സ്വഭാവം, രുചി, ഗുണം, വര്‍ണ്ണം ആദിയായവയില്‍ ചിലതെല്ലാം പരസ്പരം സാദൃശ്യമുള്ളവയായിരിക്കുമെങ്കില്‍, ചിലതെല്ലാം പരസ്പരം വ്യത്യസ്തങ്ങളുമായിരിക്കും. ഫലം കായ്ക്കുമ്പോള്‍ ആദ്യം പിഞ്ചും ചളളുമായിരിക്കും. പിന്നീടതു മൂത്തു പഴുത്തു പാകത്തിലായിത്തീരുന്നു.

മനുഷ്യന്‍ സദാ കണ്ടും അനുഭവിച്ചും കൊണ്ടിരിക്കുന്ന നിത്യ യാഥാര്‍ത്ഥ്യങ്ങളാണല്ലോ ഇതെല്ലാം. നിത്യേന കണ്ടുകൊണ്ടിരിക്കുന്ന കാര്യങ്ങളായതുകൊണ്ടു മാത്രം നമുക്കു ഇതൊന്നും അത്ഭുതങ്ങളായി തോന്നുന്നില്ലെന്നു മാത്രം. വാസ്‌തവത്തില്‍ അല്ലാഹുവിന്റെ മഹിതമഹത്വങ്ങളെയും ഏകത്വത്തെയും വിളിച്ചോതുന്ന ദൃഷ്‌ടാന്തങ്ങളത്രെ ഇവ ഓരോന്നും. പക്ഷേ, അന്ധമായ സത്യനിഷേധവും, ബാഹ്യേന്ദ്രിയങ്ങള്‍ക്കതീതമായതൊന്നും നിലവിലില്ലെന്ന മൂഢവിശ്വാസവും തീണ്ടാത്ത നിഷ്‌പക്ഷ ഹൃദയങ്ങള്‍ക്കേ ഇതിലൊക്കെ അടങ്ങിയ ദൃഷ്‌ടാന്തങ്ങള്‍ കണ്ടെത്തുവാന്‍ കഴിയൂ. അറിയുന്ന ആളുകള്‍ക്കും, ഗ്രഹിക്കുന്ന ആളുകള്‍ക്കും, വിശ്വസിക്കുന്ന ആളുകള്‍ക്കുമാണു ഇതിലൊക്കെ ദൃഷ്‌ടാന്തങ്ങളുള്ളതെന്നു അല്ലാഹു ചൂണ്ടിക്കാണിച്ചതും അതുകൊണ്ടു തന്നെ.

6:100
 • وَجَعَلُوا۟ لِلَّهِ شُرَكَآءَ ٱلْجِنَّ وَخَلَقَهُمْ ۖ وَخَرَقُوا۟ لَهُۥ بَنِينَ وَبَنَـٰتٍۭ بِغَيْرِ عِلْمٍ ۚ سُبْحَـٰنَهُۥ وَتَعَـٰلَىٰ عَمَّا يَصِفُونَ ﴾١٠٠﴿
 • അവര്‍ ജിന്നുകളെ അല്ലാഹുവിനു പങ്കുകാരാക്കുകയും ചെയ്‌തിരിക്കുന്നു; അവരെ അവന്‍ സൃഷ്‌ടിച്ചിരിക്കയുമാണ്‌ (എന്നിട്ടും)! ഒരു വിവരവുമില്ലാതെ അവര്‍ അവനു പുത്രന്മാരെയും പുത്രികളെയും കെട്ടിയുണ്ടാക്കുകയും ചെയ്‌തിരിക്കുന്നു. അവന്‍ മഹാപരിശുദ്ധന്‍! അവര്‍ വിശേഷിപ്പിച്ചു പറയുന്നതില്‍നിന്നു (ഒക്കെയും) അവന്‍ വളരെ ഉന്നതി പ്രാപിക്കുകയും ചെയ്‌തിരിക്കുന്നു.
 • وَجَعَلُوا അവര്‍ ആക്കുക (ഉണ്ടാക്കുക)യും ചെയ്‌തു لِلَّهِ അല്ലാഹുവിനു شُرَكَاءَ പങ്കാളികള്‍ الْجِنَّ ജിന്നുകളെ وَخَلَقَهُمْ അവരെ അവന്‍ സൃഷ്‌ടിക്കുകയും ചെയ്‌തിരിക്കുന്നു, സൃഷ്‌ടിച്ചിരിക്കെ وَخَرَقُوا لَهُ അവര്‍ അവനുകെട്ടി (സങ്കല്‍പിച്ചു) ഉണ്ടാക്കുകയും ചെയ്‌തു بَنِينَ പുത്രന്മാരെ وَبَنَاتٍ പുത്രിമാരെയും بِغَيْرِ عِلْمٍ ഒരു അറിവും (വിവരവും) ഇല്ലാതെ سُبْحَانَهُ അവന്‍ മഹാ പരിശുദ്ധന്‍ وَتَعَالَىٰ അവന്‍ വളരെ ഉന്നതി പ്രാപിക്കുകയും ചെയ്‌തിരിക്കുന്നു عَمَّا يَصِفُونَ അവര്‍ വര്‍ണ്ണി(വിവരി-വിശേഷിപ്പി)ച്ചു പറയുന്നതില്‍നിന്നു

ബഹുദൈവ വിശ്വാസികള്‍ അല്ലാഹുവിനു പുറമെ വിഗ്രഹങ്ങളെ മാത്രമല്ല ദൈവങ്ങളാക്കി ആരാധിച്ചും പ്രാര്‍ത്ഥിച്ചും വരുന്നത്. പല ദേവീദേവന്‍മാരെയും, ഭൂതപ്പിശാചുക്കളെയും അവര്‍ ദൈവങ്ങളാക്കി സങ്കല്‍പിക്കുകയും ആരാധിക്കുകയും ചെയ്തുവരുന്നു. വനങ്ങള്‍, നദികള്‍, മഹാരോഗങ്ങള്‍, രാജ്യങ്ങള്‍, കുലവര്‍ഗ്ഗങ്ങള്‍ എന്നിങ്ങിനെ പലതിന്റെയും പേരില്‍ ദേവന്‍മാരെയും, ദേവതകളെയും സങ്കല്‍പിച്ചുണ്ടാക്കി അവക്കു പ്രത്യേകതരം പൂജാകര്‍മ്മങ്ങള്‍ നടത്തലും, നേര്‍ച്ച വഴിപാടുകള്‍ അര്‍പ്പിക്കലും എല്ലാ കാലത്തുമുള്ള അവരുടെ പതിവത്രെ. സ്ഥല കാലങ്ങള്‍ക്കനുസരിച്ചു ചില വ്യത്യാസങ്ങളുണ്ടായിരിക്കുമെന്നു മാത്രം. വേണ്ട, മുസ്‌ലിം സമുദായത്തിനുള്ളില്‍ തന്നെ, മതത്തിന്റെ പ്രാഥമിക തത്വങ്ങള്‍പോലും അറിഞ്ഞുകൂടാത്ത വിഡ്ഢികള്‍ക്കിടയില്‍ ഇത്തരം ശിര്‍ക്കു നിറഞ്ഞ അന്ധവിശ്വാസങ്ങളും ദുരാചാരങ്ങളും പലതും കാണാവുന്നതാണ്. മുശ്രിക്കുകള്‍ക്കിടയില്‍ നടപ്പിലുള്ള പലതരം ശിര്‍ക്കുപരമായ വിശ്വാസാചാരങ്ങള്‍ – ഒരു പ്രകാരത്തിലല്ലെങ്കില്‍ മറ്റൊരു പ്രകാരത്തില്‍ – നാമമാത്രവ്യത്യാസത്തോടുകൂടി മുസ്ലിം സമുദായ മദ്ധ്യെയും നിലവിലുണ്ടെന്നുള്ളതു അത്യധികം ദുഃഖകരമാണെങ്കിലും അനിഷേധ്യമായ ഒരു സത്യമത്രെ.

മലക്കുകളെ അല്ലാഹുവിന്റെ പെണ്മക്കളായി അറബി മുശ്രിക്കുകള്‍ സങ്കല്‍പിച്ചിരുന്നു. ഈസാ (عليه الصلاة والسلام) നബിയെയും, ഉസൈര്‍
(عليه الصلاة والسلام) നെയും അവന്റെ പുത്രന്‍മാരായി വേദക്കാരും വിശ്വസിച്ചിരുന്നു. ഇതില്‍ ഉസൈര്‍ (عليه الصلاة والسلام) നെ സംബന്ധിച്ച വാദത്തിനു ഇന്ന് അത്ര പ്രസക്തി കാണപ്പെടുന്നില്ലെങ്കിലും മറ്റുള്ള വാദങ്ങളും, അക്ഷരത്തിലോ അര്‍ത്ഥത്തിലോ അവക്കു തുല്യമായ മറ്റു പല വാദങ്ങളും അന്ന്തൊട്ട് ഇന്നോളം ജനമദ്ധ്യെ നിലവിലുണ്ട്. ഇതെല്ലാം അല്ലാഹുവിന്റെ അധികാരാവകാശങ്ങളിലും, അവന്റെ ഗുണമാഹാത്മ്യങ്ങളിലും അവനു പങ്കുകാരെയും തുല്യന്‍മാരെയും ഉണ്ടാക്കലാകുന്നു. അവനാകട്ടെ, ഇത്തരത്തില്‍പെട്ട എല്ലാ സങ്കല്‍പങ്ങളില്‍നിന്നും, വര്‍ണ്ണനകളില്‍ നിന്നും എത്രയോ പരിശുദ്ധനും ഉന്നതനുമാണു താനും. (سُبْحَانَهُ وَتَعَالَىٰ عَمَّا يَصِفُونَ)

വിഭാഗം - 13

6:101
 • بَدِيعُ ٱلسَّمَـٰوَٰتِ وَٱلْأَرْضِ ۖ أَنَّىٰ يَكُونُ لَهُۥ وَلَدٌ وَلَمْ تَكُن لَّهُۥ صَـٰحِبَةٌ ۖ وَخَلَقَ كُلَّ شَىْءٍ ۖ وَهُوَ بِكُلِّ شَىْءٍ عَلِيمٌ ﴾١٠١﴿
 • ആകാശങ്ങളെയും, ഭൂമിയെയും മാതൃകയില്ലാതെ ഉണ്ടാക്കിയവനാണ് (അവന്‍). അവന് എങ്ങിനെയാണൊരു സന്താനമുണ്ടാകുക - അവനു ഒരു കൂട്ടുകാരി [സഖി]യുമില്ലതാനും (-എന്നിരിക്കെ)?! എല്ലാ വസ്തുക്കളെയും അവന്‍ സൃഷ്ടിക്കുകയും ചെയ്തിരിക്കുന്നു; അവന്‍ എല്ലാ വസ്തുവെക്കുറിച്ചും അറിയുന്നവനുമാകുന്നു.
 • بَدِيعُ മാതൃകയില്ലാതെ ഉണ്ടാക്കിയവന്‍ السَّمَاوَاتِ ആകാശങ്ങളെ وَالْأَرْضِ ഭൂമിയെയും أَنَّىٰ يَكُونُ എങ്ങിനെയുണ്ടാകും, ഉണ്ടാകുന്നതെങ്ങിനെ لَهُ അവനു وَلَدٌ സന്താനം, ഒരു കുട്ടി وَلَمْ تَكُن ഇല്ലതാനും, ഉണ്ടായിട്ടുമില്ല لَّهُ അവനു صَاحِبَةٌ ഒരു കൂട്ടുകാരി, സഖി (സഹധര്‍മ്മിണി) وَخَلَقَ അവന്‍ സൃഷ്ടിക്കുകയും ചെയ്തിരിക്കുന്നു كُلَّ شَيْءٍ എല്ലാ വസ്തുവെയും وَهُوَ അവനാകട്ടെ بِكُلِّ شَيْءٍ എല്ലാ വസ്തുവെപ്പറ്റിയും عَلِيمٌ അറിയുന്നവനാണ്

കഴിഞ്ഞ വചനത്തില്‍ ബഹുദൈവ വിശ്വാസികള്‍ ജിന്നുകളെ അല്ലാഹുവിനു പങ്കുകാരാക്കിയതിനെയും അവനു പുത്രന്‍മാരും പുത്രികളുമുണ്ടെന്നു വാദിച്ചതിനെയും കുറിച്ചു പ്രസ്താവിച്ചു. അവനു പങ്കുകാരും സമന്മാരും ഉണ്ടാവാന്‍ നിവൃത്തിയില്ലെന്നുള്ളതിനു അനേകം ദൃഷ്ടാന്തങ്ങള്‍ അതിനു മുമ്പുള്ള വചനങ്ങളില്‍ വിവരിച്ചു കഴിഞ്ഞിരിക്കകൊണ്ടു ജിന്നുകളെ പങ്കാളിയാക്കിയതിനെ സംബന്ധിച്ചു വിശേഷിച്ചു തെളിവൊന്നും പ്രത്യേകം പ്രസ്താവിക്കേണ്ടതായിട്ടില്ല. പിന്നെ, സന്താനവാദത്തെ സംബന്ധിച്ചാണു പറയുവാനുള്ളത്. അതാണീ വചനത്തില്‍ കാണുന്നത്. അവനു സന്താനമുണ്ടായിരിക്കുവാനും നിവൃത്തിയില്ലെന്നുള്ളതിനു അല്ലാഹു ചില കാരണങ്ങള്‍ ഈ വചനത്തില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നു:

(1). ആകാശഭൂമികളെ മുഴുവനും ഒരു മുന്‍ മാതൃകയില്ലാതെ നവീനമായി നിര്‍മ്മിച്ചുണ്ടാക്കിയവനാണവന്‍. എന്നിരിക്കെ, അവയില്‍പെട്ട ഏതെങ്കിലും ഒന്നിനെ അവന്റെ സന്താനമായി സങ്കല്‍പിക്കുന്നതെങ്ങിനെയാണ്?! സന്താനത്തെ പുത്തനായി നിര്‍മ്മിച്ചുണ്ടാക്കുകയല്ലല്ലോ ചെയ്യുക.

(2). അല്ലാഹുവിനു ഒരു സന്താനമുണ്ടാകേണമെങ്കില്‍ അവന് ഒരു കൂട്ടുകാരി – അഥവാ ഒരു സഹധര്‍മ്മിണി – വേണമല്ലോ. ആ കൂട്ടുകാരിയായിരിക്കണം അതിന്റെ മാതാവ്. അല്ലാഹുവിനു കൂട്ടുകാരിയേ ഇല്ല. ഒരു കൂട്ടുകാരിയുള്ളതായി ഈ മുശ്രിക്കുകളും ജല്‍പിക്കുന്നില്ല. എന്നിരിക്കെ അവനു സന്താനമുണ്ടെന്നു പറയുന്നതിനു എന്താണര്‍ത്ഥം?! (*).


(*). ക്രിസ്ത്യാനികള്‍ യേശുവിനെ (ഈസാ നബിയെ) പ്പറ്റി ദൈവപുത്രനെന്നു പറയുന്നതു സാധാരണ അര്‍ത്ഥത്തിലുള്ള പ്രകൃതി ജനനത്തിന്റെ അടിസ്ഥാനത്തിലല്ലെന്നും, അതുകൊണ്ട് ദൈവത്തിനു (അല്ലാഹുവിനു) ഒരു കൂട്ടുകാരി ഇല്ലാത്ത സ്ഥിതിക്കു അവന് എങ്ങിനെ സന്താനമുണ്ടാകുമെന്ന ന്യായം തങ്ങളെ ബാധിക്കുന്നില്ലെന്നും മറ്റും ഇക്കാലത്തു അവര്‍ ഉരുവിടാറുണ്ട്. ഈ വാദം അടിമുടി തെറ്റാണെന്നുള്ളതിരിക്കട്ടെ, അതു ശരിയാണെന്നു സമ്മതിച്ചു കൊടുത്താല്‍ തന്നെയും ഏതര്‍ത്ഥത്തിലും ഏതടിസ്ഥാനത്തിലുമുള്ള പുത്രത്വവും പിതൃത്വവും സ്ഥാപിക്കേണമെങ്കില്‍, അതേ അര്‍ത്ഥത്തിലും അതേ അടിസ്ഥാനത്തിലുമുള്ള ഒരു മാതൃത്വവും ഉണ്ടായിരിക്കാതെ അതെങ്ങിനെ ശരിയാകും?! കള്ളവാദത്തിനും വേണ്ടേ പ്രത്യക്ഷത്തിലെങ്കിലും ഒരു ന്യായം?!


(3). വസ്തുക്കളായി എന്തെല്ലാമുണ്ടോ അതെല്ലാം അവന്റെ സൃഷ്ടിയാണ്. സന്താനം സൃഷ്ടിയായിരിക്കുകയില്ലല്ലോ. ആകുന്നപക്ഷം സൃഷ്ടികളെല്ലാം സന്താനങ്ങളായിരിക്കേണ്ടതായി വരും.

(4). സര്‍വ്വ വസ്തുകളെക്കുറിച്ചും സസൂക്ഷ്മവും സവിസ്തരവും അറിയുന്നവനാണവന്‍. അപ്പോള്‍, അവന്‍ അറിയാതെ അവനു എങ്ങിനെ സന്താനമുണ്ടാകും? അവനു മക്കളുണ്ടായിരിക്കുക, എന്നിട്ട് അവന്‍ അറിയാതിരിക്കുക, ഇതു ഒരിക്കലും സംഭവ്യമല്ലല്ലോ.

അല്ലാഹുവിന്റെ സമന്മാര്‍, പങ്കാളികള്‍, സന്താനങ്ങള്‍ എന്നിങ്ങിനെയുള്ള ഏതെങ്കിലും സങ്കല്‍പത്തില്‍ ദിവ്യത്വം കല്‍പിക്കപ്പെടുവാന്‍ നാമമാത്ര അര്‍ഹതപോലും ആര്‍ക്കും ഏതിനും ഇല്ലെന്നു ദൃഷ്ടാന്തങ്ങള്‍ സഹിതം സ്ഥാപിച്ച ശേഷം അല്ലാഹു പറയുന്നു:-

6:102
 • ذَٰلِكُمُ ٱللَّهُ رَبُّكُمْ ۖ لَآ إِلَـٰهَ إِلَّا هُوَ ۖ خَـٰلِقُ كُلِّ شَىْءٍ فَٱعْبُدُوهُ ۚ وَهُوَ عَلَىٰ كُلِّ شَىْءٍ وَكِيلٌ ﴾١٠٢﴿
 • (അങ്ങിനെയുള്ള) ആ അവനത്രെ നിങ്ങളുടെ റബ്ബായ അല്ലാഹു. അവനല്ലാതെ ആരാധ്യനേ ഇല്ല. എല്ലാ വസ്തുക്കളുടെയും സൃഷ്ടാവാകുന്നു (അവന്‍). ആകയാല്‍ നിങ്ങള്‍ അവനെ ആരാധിക്കുവിന്‍. അവന്‍ എല്ലാ വസ്തുക്കളുടെയും മേല്‍ (കൈകാര്യം) ഏറ്റെടുത്തവനുമാകുന്നു.
 • ذَٰلِكُمُ അങ്ങിനെയുള്ളവന്‍, അവനത്രെ اللَّـهُ അല്ലാഹു رَبُّكُمْ നിങ്ങളുടെ രക്ഷിതാവു لَا إِلَـٰهَ ഒരു ആരാധ്യനേയില്ല, ദൈവമില്ല إِلَّا هُوَ അവനല്ലാതെ خَالِقُ സൃഷ്ടാവാണു, സൃഷ്ടിച്ചവനാണു كُلِّ شَيْءٍ എല്ലാ വസ്തുവെയും فَاعْبُدُوهُ അതിനാല്‍ അവനെ ആരാധിക്കുവിന്‍ وَهُوَ അവന്‍, അവനാകട്ടെ عَلَىٰ كُلِّ شَيْءٍ എല്ലാ വസ്തുവിന്‍മേലും, കാര്യത്തിനും وَكِيلٌ (ബാധ്യത) ഏല്‍പിക്കപ്പെട്ട (ഏറ്റെടുത്ത) വനാണ്
6:103
 • لَّا تُدْرِكُهُ ٱلْأَبْصَـٰرُ وَهُوَ يُدْرِكُ ٱلْأَبْصَـٰرَ ۖ وَهُوَ ٱللَّطِيفُ ٱلْخَبِيرُ ﴾١٠٣﴿
 • അവനെ ദൃഷ്ടികള്‍ കണ്ടെത്തുകയില്ല; അവനാകട്ടെ ദൃഷ്ടികളെ കണ്ടെത്തുകയും ചെയ്യുന്നു. അവന്‍, സസൂക്ഷ്മനായുള്ളവനത്രെ; സൂക്ഷ്മജ്ഞാനിയത്രെ.
 • لَّا تُدْرِكُهُ അവനെ കണ്ടെത്തുക (കണ്ടുപിടിക്കുക) യില്ല الْأَبْصَارُ ദൃഷ്ടികള്‍, കണ്ണുകള്‍ وَهُوَ അവനാകട്ടെ يُدْرِكُ കണ്ടെത്തുന്നു, കാണുകയും ചെയ്യും الْأَبْصَارَ ദൃഷ്ടികളെ وَهُوَ അവന്‍ اللَّطِيفُ സസൂക്ഷ്മനത്രെ, സൗമ്യനാകുന്നു الْخَبِيرُ സൂക്ഷ്മജ്ഞാനി

സൃഷ്ടികളുടെ കണ്ണുകൊണ്ടു കണ്ടു പിടിക്കുവാനും, അവരുടെ കാഴ്ചക്കു എത്തിച്ചേരുവാനും സാധ്യമല്ലാത്തവിധം അതിസൂക്ഷ്മനും സൗമ്യനുമായുള്ളവനുമത്രെ അല്ലാഹു. അതേ സമയം എല്ലാ ദൃഷ്ടികളെയും കാഴ്ചകളെയും കണ്ടറിയുന്ന സൂക്ഷ്മജ്ഞാനിയുമാണവന്‍. കേവലം ചെറുതെങ്കിലും അതിവിപുലവും ആഴമേറിയതുമായ തത്വങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു വചനമാണിത്. അല്ലാഹുവിന്റെ പരമോന്നതവും പരിശുദ്ധവുമായ ഗുണമാഹാത്മ്യങ്ങളെ മനസ്സിലാക്കുന്നതിന് അടിസ്ഥാന നിദാനങ്ങളായി കരുതപ്പെടുന്ന രണ്ടു തിരുവചനങ്ങളില്‍ ഒന്നാണിത്. മറ്റൊന്നു

لَيْسَ كَمِثْلِهِ شَيْءٌ وَهُوَ السَّمِيعُ الْبَصِيرُ  – الشورى ١١

(അവനെപ്പോലെ ഒരു വസ്തുവും ഇല്ല; അവന്‍ എല്ലാം കേട്ടറിയുന്നവനാണു; കണ്ടറിയുന്നവനാണ്.) എന്ന വചനമാണ്. (ശൂറാ :11). അല്ലാഹുവിന്റെ ഗുണവിശേഷങ്ങളെയും വിശേഷണ നാമങ്ങളെയും ഈ രണ്ടു വാക്യങ്ങളുടെ അടിസ്ഥാനത്തിലല്ലാതെ വ്യാഖ്യാനിക്കുവാന്‍ പാടില്ലെന്നു പല മഹാന്‍മാരും ചൂണ്ടിക്കാട്ടിയിരിക്കുന്നു.

ചില യുക്തി ന്യായങ്ങളെ മുന്‍നിറുത്തി പരലോകത്തുവെച്ചും സൃഷ്ടികള്‍ക്ക് അല്ലാഹുവിനെ കാണുവാന്‍ സാധ്യമല്ലെന്നു വാദിക്കുന്ന മുഅ്തസിലഃ കക്ഷിക്കാര്‍, ഈ വചനം തങ്ങള്‍ക്കു തെളിവായി എടുത്തു പറയാറുണ്ട്‌. വാസ്തവത്തില്‍, സത്യവിശ്വാസികള്‍ക്കു പരലോകത്തുവെച്ച് അല്ലാഹുവിനെ കാണുവാനുള്ള മഹാഭാഗ്യം സിദ്ധിക്കുമെന്നു ക്വുര്‍ആനില്‍തന്നെ വ്യക്തമായി പ്രസ്താവിക്കപ്പെട്ടിട്ടുള്ളതാണ്. അല്ലാഹു പറയുന്നു:

﴾وُجُوهٌ يَوْمَئِذٍ نَّاضِرَةٌ ﴿٢٢﴾ إِلَىٰ رَبِّهَا نَاظِرَةٌ ﴿٢٣

(ചില മുഖങ്ങള്‍ അന്നത്തെ ദിവസം – ക്വിയാമത്തു നാളില്‍ – പ്രസന്നങ്ങളായിരിക്കും; അവയുടെ റബ്ബിന്റെ നേരെ നോക്കിക്കാണുന്നവയായിരിക്കും. (75: 22, 23). മറ്റൊരു സ്ഥലത്തു സത്യനിഷേധികളെക്കുറിച്ചു പറയുന്നു:

كَلَّا إِنَّهُمْ عَن رَّبِّهِمْ يَوْمَئِذٍ لَّمَحْجُوبُونَ – المطففين ١٥

(വേണ്ട, നിശ്ചയമായും അവര്‍, തങ്ങളുടെ റബ്ബില്‍ നിന്നു അന്ന് മറയിടപ്പെട്ടവര്‍ തന്നെയായിരിക്കും). ഹദീഥുകളാകട്ടെ, ഈ വിഷയത്തില്‍ നിരവധിയുണ്ടു താനും. കൂടുതല്‍ വിവരം 75: 22-25ന്റെ വ്യാഖ്യാനത്തിലും മറ്റും കാണുക.

6:104
 • قَدْ جَآءَكُم بَصَآئِرُ مِن رَّبِّكُمْ ۖ فَمَنْ أَبْصَرَ فَلِنَفْسِهِۦ ۖ وَمَنْ عَمِىَ فَعَلَيْهَا ۚ وَمَآ أَنَا۠ عَلَيْكُم بِحَفِيظٍ ﴾١٠٤﴿
 • (പറയുക:) 'നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നു നിങ്ങള്‍ക്കു ഉള്‍ക്കാഴ്ച(ക്കുള്ള തെളിവു)കള്‍ വന്നു കഴിഞ്ഞിരിക്കുന്നു. അതിനാല്‍, ആര്‍ (മനോദൃഷ്ടികൊണ്ടു) കണ്ടറിഞ്ഞുവോ (അതിന്റെ ഗുണം) അവന്റെ സ്വന്തത്തിനു തന്നെ. ആര്‍ (കണ്ടറിയാതെ) അന്ധനായോ (അതിന്റെ ദോഷം) അതിന്റെമേല്‍ തന്നെ. ഞാന്‍ നിങ്ങളുടെമേല്‍ ഒരു കാവല്‍ക്കാരനല്ല.'
 • قَدْ جَاءَكُم നിങ്ങള്‍ക്കു വന്നു കഴിഞ്ഞു بَصَائِرُ (ഉള്‍) കാഴ്ചകള്‍ (തെളിവു)കള്‍ مِن رَّبِّكُمْ നിങ്ങളുടെ റബ്ബിങ്കല്‍നിന്നു فَمَنْ أَبْصَرَ എന്നാല്‍ (അതിനാല്‍) ആര്‍ കണ്ടറിഞ്ഞുവോ فَلِنَفْسِهِ എന്നാല്‍ ഗുണം അവന്റെ സ്വന്തത്തിനു (അവനു) തന്നെയാണു وَمَنْ عَمِيَ ആര്‍ അന്ധനായോ فَعَلَيْهَا എന്നാല്‍ ദോഷം അതിന്റെമേല്‍ (തന്നെ) ആയിരിക്കും وَمَا أَنَا ഞാനല്ലതാനും عَلَيْكُم നിങ്ങളുടെ മേല്‍ ഒരു بِحَفِيظٍ സൂക്ഷിപ്പു (കാവല്‍)കാരന്‍.

ഹൃദയം കൊണ്ട് കണ്ടറിഞ്ഞ് കാര്യങ്ങള്‍ ഗ്രഹിക്കുവാന്‍ വേണ്ടത്ര തെളിവുകള്‍ നിങ്ങള്‍ക്കു കിട്ടിക്കഴിഞ്ഞിട്ടുണ്ട്. തെളിവു കിട്ടിയില്ലെന്ന ഒഴികഴിവുകള്‍ക്കു എനി നിവൃത്തിയില്ല. അതുകൊണ്ടു സത്യം മനസ്സിലാക്കി സ്വീകരിക്കുവാന്‍ തയ്യാറുള്ളവര്‍ അതിനൊരുങ്ങിക്കൊള്ളട്ടെ. അതിന്റെ ഗുണം അവര്‍ക്കു തന്നെയായിരിക്കും. അതല്ല, കണ്ണടച്ച് അന്ധരായിക്കഴിയുവനാണു വല്ലവരും ഉദ്ദേശിക്കുന്നതെങ്കില്‍ അവര്‍ അങ്ങിനെയും ചെയ്തുകൊള്ളട്ടെ. അതിന്റെ ഭവിഷ്യത്തു അവര്‍ തന്നെ അനുഭവിക്കേണ്ടി വരും. എന്നല്ലാതെ, നിങ്ങളുടെ ഉത്തരവാദിത്വമൊന്നും ഞാന്‍ ഏറ്റെടുത്തിട്ടില്ല. സത്യാവസ്ഥയും, അതിന്റെ തെളിവുകളും വിവരിച്ചുതരുക മാത്രമേ എന്റെ ബാധ്യതയുള്ളു. അതു ഞാന്‍ നിര്‍വ്വഹിക്കുകയും ചെയ്തിട്ടുണ്ടു എന്നിങ്ങിനെ ജനങ്ങളെ അറിയിക്കുവാന്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യോടു അല്ലാഹു കല്‍പിക്കുകയാണ്.

بَصِيرَة (ബസ്വീറത്ത്)ന്റെ ബഹുവചനമാണു بَصَائِرُ (ബസ്വാഇര്‍). ഉള്‍ക്കാഴ്ച, അഥവാ മനോദൃഷ്ടി എന്ന അര്‍ത്ഥത്തിലാണ് അതിന്റെ ഉപയോഗം. പുറംകാഴ്ച, അഥവാ ബാഹ്യദൃഷ്ടി എന്ന അര്‍ത്ഥത്തില്‍ بَصَر (ബസ്വര്‍) എന്ന വാക്കും ഉപയോഗിക്കുന്നു. ഇതിന്റെ ബഹുവചനം ابْصَار (അബ്സ്വാര്‍) എന്നത്രെ. അല്ലാഹു പറയുന്നു:

فَإِنَّهَا لَا تَعْمَى الْأَبْصَارُ وَلَـٰكِن تَعْمَى الْقُلُوبُ الَّتِي فِي الصُّدُورِ

(സാരം: ബാഹ്യദൃഷ്ടികള്‍ക്കല്ല അന്ധത ബാധിക്കുന്നത്. പക്ഷേ, നെഞ്ചുകളിലുള്ള ഹൃദയങ്ങള്‍ക്കാണു അന്ധത ബാധിക്കുന്നത്. ഹജ്ജ്: 46).

6:105
 • وَكَذَٰلِكَ نُصَرِّفُ ٱلْـَٔايَـٰتِ وَلِيَقُولُوا۟ دَرَسْتَ وَلِنُبَيِّنَهُۥ لِقَوْمٍ يَعْلَمُونَ ﴾١٠٥﴿
 • അപ്രകാരം, ദൃഷ്ടാന്തങ്ങളെ നാം വിവിധ രൂപത്തില്‍ വിവരിക്കുന്നു. 'നീ പഠിച്ചുവെച്ചിരിക്കുന്നു' വെന്നു അവര്‍ പറയുവാന്‍ വേണ്ടിയും, അറിയാവുന്ന ജനങ്ങള്‍ക്കു ഇതു നാം വിവരിച്ചു കൊടുക്കുവാന്‍ വേണ്ടിയും (കൂടിയാണത്).
 • وَكَذَٰلِكَ അതുപോലെ, അപ്രകാരം نُصَرِّفُ നാം വിവിധ രൂപത്തില്‍ വിവരിക്കുന്നു الْآيَاتِ ദൃഷ്ടാന്തങ്ങളെ وَلِيَقُولُوا അവര്‍ പറയുവാന്‍ വേണ്ടിയും دَرَسْتَ നീ പഠിച്ചുവെച്ചിരിക്കുന്നു وَلِنُبَيِّنَهُ അതിനെ നാം വിവരിച്ചു കൊടുക്കുവാനും لِقَوْمٍ ഒരു ജനത (ജനങ്ങള്‍)ക്കു يَعْلَمُونَ അറിയുന്ന.

ഇങ്ങിനെ വിവിധ രൂപത്തിലായി ദൃഷ്ടാന്തങ്ങള്‍ വിവരിച്ചു തന്നു കൊണ്ടിരിക്കുന്നതു കാര്യം മനസ്സിലാക്കുന്നവര്‍ക്കു അതു മനസ്സിലാക്കുവാനുള്ള സൗകര്യത്തിനു വേണ്ടിയാകുന്നു. അതിനു പുറമെ, അതിന്റെ അനന്തരഫലമായി മറ്റൊരു സംഗതികൂടി ഉണ്ടായിത്തീരുന്നു. ഇതൊക്കെ നീ മറ്റാരില്‍ നിന്നോ പഠിച്ചു വെച്ചു ഞങ്ങളോടു പറയുകയാണു – ഇതൊന്നും അല്ലാഹുവില്‍ നിന്നുള്ളതല്ല – എന്നിങ്ങിനെ ആ അവിശ്വാസികള്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യോടു പറയുവാനും ഇതു കാരണമാകുന്നു. അഥവാ അങ്ങിനെ കലാശിക്കും എന്നു സാരം. ഒരാള്‍ ഒരു വാഹന അപകടത്തില്‍ പെട്ടെന്നു മരണപ്പെടുമ്പോള്‍ ‘അവന്‍ മരിക്കുവാന്‍വേണ്ടി ആ വാഹനത്തില്‍ കയറി’ എന്നു പറയാറുള്ളതുപോലെയുള്ള ഭാഷാപരമായ ഒരു ശൈലിയാണു وَلِيَقُولُوا الخ (അവന്‍ പറയുവാന്‍ വേണ്ടിയും…) എന്ന വാക്യം.

‘ഇതു മുഹമ്മദു കെട്ടിയുണ്ടാക്കിയ നുണ മാത്രമാണു, വേറെ ചിലര്‍ അവനെ അതിനു സഹായിക്കുകയും ചെയ്തിരിക്കുന്നു. ഇതു പൂര്‍വ്വികന്‍മാരുടെ പുരാണകഥകള്‍ അല്ലാതെ മറ്റൊന്നുമല്ല. അതവന്‍ എഴുതിയെടുത്തിരിക്കുകയാണ്.’ (25: 4, 5) എന്നും, ‘അവന് ഏതോ ഒരു മനുഷ്യന്‍ പഠിപ്പിക്കുന്നതു തന്നെയാണിത്’ (16:103) എന്നുമൊക്കെ അവിശ്വാസികള്‍ പറയാറുണ്ടായിരുന്നുവല്ലോ. അല്ലാഹു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറയുന്നു:-

6:106
 • ٱتَّبِعْ مَآ أُوحِىَ إِلَيْكَ مِن رَّبِّكَ ۖ لَآ إِلَـٰهَ إِلَّا هُوَ ۖ وَأَعْرِضْ عَنِ ٱلْمُشْرِكِينَ ﴾١٠٦﴿
 • (നബിയേ) നിനക്കു നിന്റെ റബ്ബിങ്കല്‍നിന്നു 'വഹ്യു' നല്‍കപ്പെട്ടിട്ടുള്ളതിനെ നീ പിന്‍പറ്റിക്കൊളളുക.
  അവനല്ലാതെ ആരാധ്യനേയില്ല. 'മുശ്രിക്കു' [ബഹുദൈവ വിശ്വാസി]കളില്‍ നിന്നു നീ തിരിഞ്ഞുകളയുകയും ചെയ്യുക.
 • اتَّبِعْ നീ പിന്‍പറ്റുക مَا أُوحِيَ വഹ്യു നല്‍കപ്പെട്ടിട്ടുള്ളതിനെ إِلَيْكَ നിനക്കു مِن رَّبِّكَ നിന്റെ റബ്ബില്‍നിന്നു لَا إِلَـٰهَ ആരാധ്യനേയില്ല إِلَّا هُوَ അവനല്ലാതെ وَأَعْرِضْ തിരിഞ്ഞുകളയുകയും (അവഗണിക്കുകയും) ചെയ്യുക عَنِ الْمُشْرِكِينَ മുശ്രിക്കുകളില്‍ നിന്നു, ബഹുദൈവ വിശ്വാസികളെപ്പറ്റി

6:107
 • وَلَوْ شَآءَ ٱللَّهُ مَآ أَشْرَكُوا۟ ۗ وَمَا جَعَلْنَـٰكَ عَلَيْهِمْ حَفِيظًا ۖ وَمَآ أَنتَ عَلَيْهِم بِوَكِيلٍ ﴾١٠٧﴿
 • അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍ അവര്‍ ശിര്‍ക്കു ചെയ്യുമായിരുന്നില്ല. നിന്നെ അവരുടെമേല്‍ നാം ഒരു കാവല്‍ക്കാരനാക്കിയിട്ടില്ല താനും. നീ അവരുടെ മേല്‍ (ബാധ്യത) ഏറ്റെടുത്ത (അഥവാ ഏല്‍പിക്കപ്പെട്ട) വനല്ലതാനും.
 • وَلَوْ شَاءَ اللَّـهُ അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍ مَا أَشْرَكُوا അവര്‍ ശിര്‍ക്കു (പങ്കുചേര്‍ക്കല്‍) ചെയ്യുമായിരുന്നില്ല وَمَا جَعَلْنَاكَ നിന്നെ നാം ആക്കിയിട്ടുമില്ല عَلَيْهِمْ അവരുടെമേല്‍, അവരില്‍ حَفِيظًا സൂക്ഷിപ്പു (കാവല്‍) ക്കാരന്‍ وَمَا أَنتَ നീ അല്ലതാനും عَلَيْهِم അവരുടെ മേല്‍ بِوَكِيلٍ ഏറ്റെടുത്തവന്‍, ഏല്‍പിക്കപ്പെട്ടവന്‍

മലക്കുകളെപ്പോലെ എല്ലാവരും പരിശുദ്ധരും സത്യവിശ്വാസികളുമായിരിക്കണം – ആരും ശിര്‍ക്കു ചെയ്യുന്നവരായിക്കൂടാ – എന്ന് അല്ലാഹു ഉദ്ദേശിച്ചിട്ടില്ല. അങ്ങിനെ അവന്‍ ഉദ്ദേശിച്ചിരുന്നുവെങ്കില്‍ അങ്ങിനെത്തന്നെ സംഭവിക്കുമായിരുന്നു. പക്ഷെ, സത്യാസത്യങ്ങള്‍ ഗ്രഹിച്ച് സത്യം സ്വീകരിക്കുന്നവര്‍ അതു സ്വീകരിച്ചുകൊള്ളട്ടെ, അല്ലാത്തവര്‍ മുശ്രിക്കുകളുമായിരുന്നുകൊള്ളട്ടെ, രണ്ടിന്റെയും ഫലം പിന്നീടവര്‍ അനുഭവിച്ചുകൊള്ളും എന്നാണവന്‍ നിശ്ചയിച്ചു വെച്ചിരിക്കുന്നത്. അതുകൊണ്ടു ജനങ്ങളെ സത്യവിശ്വാസത്തിലേക്കു നിര്‍ബ്ബന്ധിച്ചു വലിച്ചിഴക്കുകയോ അവരുടെ ഉത്തരവാദിത്വം നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഏറ്റെടുക്കുകയോ വേണ്ടതില്ല എന്നു സാരം.

6:108
 • وَلَا تَسُبُّوا۟ ٱلَّذِينَ يَدْعُونَ مِن دُونِ ٱللَّهِ فَيَسُبُّوا۟ ٱللَّهَ عَدْوًۢا بِغَيْرِ عِلْمٍ ۗ كَذَٰلِكَ زَيَّنَّا لِكُلِّ أُمَّةٍ عَمَلَهُمْ ثُمَّ إِلَىٰ رَبِّهِم مَّرْجِعُهُمْ فَيُنَبِّئُهُم بِمَا كَانُوا۟ يَعْمَلُونَ ﴾١٠٨﴿
 • അല്ലാഹുവിനു പുറമെ അവര്‍ വിളി(ച്ചു പ്രാര്‍ത്ഥി)ക്കുന്നവരെ നിങ്ങള്‍ ശകാരിക്കരുത്‌. (കാരണം) അപ്പോള്‍, വിവരമില്ലാതെ അവര്‍ അല്ലാഹുവിനെ അതിരുവിട്ട് ശകാരിച്ചേക്കും. അപ്രകാരം, എല്ലാ സമുദായത്തിനും അവ(രവ)രുടെ പ്രവര്‍ത്തനം നാം ഭംഗിയാക്കിക്കൊടുത്തിരിക്കുന്നു. പിന്നീടു, അവരുടെ റബ്ബിങ്കലേക്കാണ് അവരുടെ മടങ്ങിവരവ്. അപ്പോള്‍, അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതിനെപ്പറ്റി അവരെ അവന്‍ ബോധാപ്പെടുത്തുന്നതാണ്.
 • وَلَا تَسُبُّوا നിങ്ങള്‍ പഴിക്കരുത്, ശകാരിക്കരുത്‌ الَّذِينَ يَدْعُونَ അവര്‍ വിളിക്കുന്ന (പ്രാര്‍ത്ഥിക്കുന്ന) വരെ مِن دُونِ اللَّـهِ അല്ലാഹുവിനു പുറമെ فَيَسُبُّوا അപ്പോള്‍ അവര്‍ പഴിച്ചേക്കും, ശകാരിക്കും اللَّـهَ അല്ലാഹുവിനെ عَدْوًا ക്രമം തെറ്റി (അതിരുവിട്ടു) കൊണ്ടു بِغَيْرِ عِلْمٍ വിവരമില്ലാതെ كَذَٰلِكَ അപ്രകാരം زَيَّنَّا നാം ഭംഗിയാക്കി (അലങ്കാരമാക്കി) യിരിക്കുന്നു لِكُلِّ أُمَّةٍ എല്ലാ സമുദായത്തിനും عَمَلَهُمْ അവരുടെ പ്രവര്‍ത്തനം ثُمَّ പിന്നെ, പിന്നീടു إِلَىٰ رَبِّهِم അവരുടെ റബ്ബിങ്കലേക്കാണു مَّرْجِعُهُمْ അവരുടെ മടങ്ങിവരവു فَيُنَبِّئُهُم അപ്പോള്‍ അവന്‍ അവരെ ബോധപ്പെടുത്തും, തെര്യപ്പെടുത്തും بِمَا كَانُوا അവരായിരുന്നതിനെപ്പറ്റി يَعْمَلُونَ അവര്‍ പ്രവര്‍ത്തിക്കും

ബഹുദൈവ വിശ്വാസികള്‍ വിളിച്ചാരാധിച്ചു വരുന്ന വസ്‌തുക്കളെ മുസ്‌ലിംകള്‍ പഴിച്ചും ശകാരിച്ചും സംസാരിക്കുന്നപക്ഷം, ആ വിവരം കെട്ടവര്‍ക്ക്‌ അതു സഹിക്കുവാന്‍ കഴിയുകയില്ല, അവര്‍ പകരം അല്ലാഹുവിനെപറ്റി അതിരു കവിഞ്ഞ പഴിവാക്കുകള്‍ പറയുവാന്‍ അതു കാരണമായിത്തീരും. അതുകൊണ്ട്‌ അവരുടെ ആരാധ്യ വസ്‌തുക്കളെ മുസ്‌ലിംകള്‍ പഴിച്ചു പറയരുതെന്നു അല്ലാഹു വിരോധിക്കുന്നു. ഒരു കാര്യം സ്വതവേ നിര്‍ദ്ദോഷകരമായിരുന്നാല്‍പോലും അതു അനിഷ്‌ടകരമായ ഒരു ദോഷത്തിനു കാരണമായിത്തീരുന്നപക്ഷം അതില്‍നിന്നു ഒഴിഞ്ഞു നില്‍ക്കേണ്ടതുണ്ട്‌ എന്നത്രെ ഇതിലടങ്ങിയ തത്വം. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഒരിക്കല്‍ ഇങ്ങിനെ പറയുകയുണ്ടായി: ‘തന്‍റെ മാതാപിതാക്കളെ പഴിച്ചവന്‍ ശപിക്കപ്പെട്ടവനാകുന്നു’. ഇതു കേട്ടപ്പോള്‍ സ്വഹാബികള്‍ ചോദിച്ചു: ‘റസൂലേ, ഒരാള്‍ എങ്ങിനെ അയാളുടെ മാതാപിതാക്കളെ പഴിക്കും?’ തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഉത്തരം പറഞ്ഞു: ‘അവന്‍ മറ്റേവന്റെ വാപ്പയെ പഴിക്കും. അപ്പോള്‍ അവന്‍, ഇവന്റെ വാപ്പയെയും ഉമ്മയെയും പഴിക്കും ഇങ്ങിനെയാണതു’. (ബു; മു).

ഓരോ സമുദായത്തിനും അവരുടെ പ്രവര്‍ത്തനം നാം ഭംഗിയാക്കിയിരിക്കുന്നു. (زَيَّنَّا لِكُلِّ أُمَّةٍ عَمَلَهُمْ) എന്ന വാക്യത്തിന്റെ താല്‍പര്യം: ഓരോ സമുദായക്കാരും ആചരിച്ചുവരുന്ന നടപടിക്രമങ്ങള്‍ നല്ലതും വേണ്ടപ്പെട്ടതുമാണെന്ന്‌ അവര്‍ക്കു തോന്നുക സ്വാഭാവികമാണ്‌; അങ്ങിനെയുള്ള ഒരു സ്വഭാവ പ്രകൃതിയാണ്‌ മനുഷ്യനു നല്‍കപ്പെട്ടിരിക്കുന്നതു; അതനുസരിച്ചു അവരുടെ ദൈവങ്ങളെ ബഹുമാനിക്കുന്നതും വന്ദിക്കുന്നതുമൊക്കെ നല്ല കാര്യമാണെന്ന്‌ അവര്‍ കരുതിവെക്കുകയാണ്‌; അതുകൊണ്ടു അവയെ നിങ്ങള്‍ പഴിക്കുന്നപക്ഷം അവര്‍ കൂടുതലായി ധിക്കാരത്തിനും അക്രമത്തിനും മുതിരുകയാണുണ്ടാകുക എന്നൊക്കെയാകുന്നു.

6:109
 • وَأَقْسَمُوا۟ بِٱللَّهِ جَهْدَ أَيْمَـٰنِهِمْ لَئِن جَآءَتْهُمْ ءَايَةٌ لَّيُؤْمِنُنَّ بِهَا ۚ قُلْ إِنَّمَا ٱلْـَٔايَـٰتُ عِندَ ٱللَّهِ ۖ وَمَا يُشْعِرُكُمْ أَنَّهَآ إِذَا جَآءَتْ لَا يُؤْمِنُونَ ﴾١٠٩﴿
 • തങ്ങള്‍ക്കു കഴിയും പ്രകാരം അവര്‍ അല്ലാഹുവില്‍ സത്യം ചെയ്‌ത്‌ (ഉറപ്പിച്ച്‌) പറയുന്നു:
  തങ്ങള്‍ക്കു വല്ല(പ്രത്യേക) ദൃഷ്‌ടാന്തവും വന്നുകിട്ടിയെങ്കില്‍, തീര്‍ച്ചയായും അവര്‍ അതില്‍ വിശ്വസിക്കുകതന്നെ ചെയ്യുമെന്ന്‌. പറയുക: 'നിശ്ചയമായും, ദൃഷ്‌ടാന്തങ്ങള്‍ അല്ലാഹുവിന്റെ അടുക്കല്‍ (മാത്രം) ആണുള്ളത്‌: നിങ്ങള്‍ക്കു എന്തറിയാം, അതു വന്നുകിട്ടിയാല്‍ അവര്‍ വിശ്വസിക്കുന്നതല്ല എന്നുള്ളതു?!'
 • وَأَقْسَمُوا അവര്‍ സത്യം ചെയ്‌തു (പറഞ്ഞു), സത്യം ചെയ്യുന്നു, (ചെയ്യുകയാണു) بِاللَّهِ അല്ലാഹുവില്‍, അല്ലാഹുവിനെക്കൊണ്ടു جَهْدَ കഴിയും പ്രകാരം (ബുദ്ധിമുട്ടാവുന്നത്ര) أَيْمَانِهِمْ തങ്ങളുടെ സത്യ (ശപഥ) ങ്ങളില്‍വെച്ചു لَئِن جَاءَتْهُمْ തീര്‍ച്ചയായും തങ്ങള്‍ക്കു വന്നുവെങ്കില്‍ آيَةٌ വല്ല ദൃഷ്‌ടാന്തവും, ഒരു ദൃഷ്‌ടാന്തം لَّيُؤْمِنُنَّ അവര്‍ വിശ്വസിക്കുക തന്നെ ചെയ്യും بِهَا അതില്‍ قُلْ പറയുക إِنَّمَا الْآيَاتُ നിശ്ചയമായും ദൃഷ്‌ടാന്തങ്ങള്‍ عِندَ اللَّهِ അല്ലാഹുവിന്റെ അടുക്കല്‍ (മാത്രം) ആകുന്നു وَمَا يُشْعِرُكُمْ നിങ്ങള്‍ക്കു എന്തറിയാം, നിങ്ങളെ ബോധ്യപ്പെടുത്തുന്നതെന്തു أَنَّهَا അതു (ആകുന്നു) എന്നുള്ളതു إِذَا جَاءَتْ അതുവന്നാല്‍ لَا يُؤْمِنُونَ അവര്‍ വിശ്വസിക്കുകയില്ല (എന്നു)

നിങ്ങള്‍ക്കു അതറിയുകയില്ല, എന്നാല്‍, അല്ലാഹുവിനറിയാം: ദൃഷ്ടാന്തം കണ്ടാലും അവര്‍ വിശ്വസിക്കുകയില്ലെന്ന്.

6:110
 • وَنُقَلِّبُ أَفْـِٔدَتَهُمْ وَأَبْصَـٰرَهُمْ كَمَا لَمْ يُؤْمِنُوا۟ بِهِۦٓ أَوَّلَ مَرَّةٍ وَنَذَرُهُمْ فِى طُغْيَـٰنِهِمْ يَعْمَهُونَ ﴾١١٠﴿
 • അവര്‍ ഇതില്‍ [ക്വുര്‍ആനില്‍] ആദ്യ പ്രാവശ്യം (തന്നെ) വിശ്വസിക്കാതിരുന്നപോലെ, അവരുടെ ഹൃദയങ്ങളെയും, ദൃഷ്‌ടികളെയും നാം മറിച്ചുകൊണ്ടിരിക്കുന്നതാണ്‌. അവരുടെ അതിരു കവിച്ചലില്‍ (അന്ധാളിച്ചു) അലഞ്ഞുകൊണ്ടിരിക്കുമാറ്‌ അവരെ നാം വിട്ടേക്കുന്നതുമാണ്‌.
 • وَنُقَلِّبُ നാം മറിച്ചുകൊണ്ടിരിക്കുന്നു أَفْئِدَتَهُمْ അവരുടെ ഹൃദയങ്ങളെ وَأَبْصَارَهُمْ അവരുടെ ദൃഷ്‌ടി(കാഴ്‌ച)കളെയും كَمَا لَمْ يُؤْمِنُوا അവര്‍ വിശ്വസിക്കാത്തപോലെ بِهِ ഇതില്‍, അതില്‍ أَوَّلَ مَرَّةٍ ഒന്നാം (ആദ്യ) പ്രാവശ്യം وَنَذَرُهُمْ അവരെ നാം വിടുകയും ചെയ്യുന്നു فِي طُغْيَانِهِمْ അവരുടെ അതിരുകവിച്ചലില്‍, ധിക്കാരത്തില്‍ يَعْمَهُونَ അവര്‍ അന്തംവിട്ടു(പരിഭ്രമിച്ചു-അന്ധാളിച്ചു-അലഞ്ഞു)കൊണ്ടിരിക്കുമാറ്‌

ആദ്യം മുതല്‍ക്കേ അവര്‍ ക്വുര്‍ആനെ എതിര്‍ക്കുകയും നിഷേധിക്കുകയുമാണു ചെയ്‌തു വന്നത്‌. തെളിവുകളിലും ലക്ഷ്യങ്ങളിലും അവര്‍ ശ്രദ്ധകൊടുത്തതേയില്ല. എനി, പുതിയൊരു ദൃഷ്‌ടാന്തം കണ്ടാലും അവര്‍ വിശ്വസിക്കുവാന്‍ പോകുന്നില്ല. അവരുടെ മനസ്സിനും കാഴ്‌ചക്കുമൊക്കെ തകരാറ്‌ ബാധിച്ചിരിക്കുന്നു. ഹൃദയം കൊണ്ട്‌ ആലോചിച്ചോ, കണ്ണുകൊണ്ട്‌ കണ്ടറിഞ്ഞോ കാര്യം മനസ്സിലാക്കി അവര്‍ സത്യം സ്വീകരിച്ചേക്കുമെന്നുള്ള പ്രതീക്ഷക്കു എനി അവകാശമില്ല. അവര്‍ കൂടുതല്‍ കൂടുതല്‍ ദുഷിച്ചുകൊണ്ടിരിക്കുകയാണ്‌. അവര്‍ ചെയ്യുന്നതൊക്കെ ചെയ്‌തുകൊള്ളട്ടെ എന്നുവെച്ച്‌ തല്‍ക്കാലം നാം അവരെ അയച്ചുവിടുകയാണു ചെയ്യുന്നത്‌ എന്നു താല്‍പര്യം.

‘അവരുടെ പ്രവര്‍ത്തനത്തെ അവര്‍ക്കു നാം ഭംഗിയാക്കി’, ‘അവരുടെ ഹൃദയങ്ങളെയും കാഴ്‌ചകളെയും നാം മറിച്ചുകൊണ്ടിരിക്കുന്നു’, ‘അവരുടെ അതിക്രമത്തില്‍ അന്ധാളിച്ചു വിഹരിക്കുവാന്‍ നാം അവരെ വിട്ടുകളയുന്നു’ എന്നിത്യാദി പ്രയോഗങ്ങളില്‍ അടങ്ങിയ ആശയങ്ങളെപറ്റി പലസന്ദര്‍ഭങ്ങളിലും നാം മുമപ് വിവരിച്ചു കഴിഞ്ഞിട്ടുള്ളതാണ്‌.