സൂറത്തുല്‍ അന്‍ആം : 111-129
ജുസ്ഉ് - 8
വിഭാഗം - 14
- وَلَوْ أَنَّنَا نَزَّلْنَآ إِلَيْهِمُ ٱلْمَلَـٰٓئِكَةَ وَكَلَّمَهُمُ ٱلْمَوْتَىٰ وَحَشَرْنَا عَلَيْهِمْ كُلَّ شَىْءٍ قُبُلًا مَّا كَانُوا۟ لِيُؤْمِنُوٓا۟ إِلَّآ أَن يَشَآءَ ٱللَّهُ وَلَـٰكِنَّ أَكْثَرَهُمْ يَجْهَلُونَ ﴾١١١﴿
- നാം അവരിലേക്കു മലക്കുകളെ ഇറക്കിയെന്നിരുന്നാലും, മരണപ്പെട്ടവര്‍ അവരോടു സംസാരിക്കുകയും ചെയ്തു (വെന്നാലും). അവര്‍ക്കു (ദൃഷ്ടാന്തമായി) എല്ലാ വസ്തുക്കളെയും കൂട്ടംകൂട്ടമായി നാം ശേഖരിച്ചു (കൂട്ടി) കൊടുക്കുകയും ചെയ്തു (വെന്നാലും), അവര്‍ വിശ്വസിക്കുവാന്‍ (തയ്യാര്‍) ആകുന്നതല്ല - അല്ലാഹു ഉദ്ദേശിക്കുന്നതായാലല്ലാതെ.
പക്ഷേ, അവരിലധികമാളുകളും അറിയാതിരിക്കുകയാണ്. - وَلَوْ أَنَّنَا നാമായിരുന്നെങ്കില്‍ نَزَّلْنَا നാം ഇറക്കി (യിരുന്നു) إِلَيْهِمُ അവരിലേക്കു الْمَلَائِكَةَ മലക്കുകളെ وَكَلَّمَهُمُ അവരോടു സംസാരിക്കുകയും ചെയ്തു الْمَوْتَىٰ മരണപ്പെട്ടവര്‍ وَحَشَرْنَا നാം ശേഖരിക്കുക (ഒരുമിച്ചു കൂട്ടുക)യും ചെയ്തു عَلَيْهِمْ അവര്‍ക്കു كُلَّ شَيْءٍ എല്ലാ വസ്തുക്കളും قُبُلًا കൂട്ടങ്ങളായി, കൂട്ടം കൂട്ടമായി مَّا كَانُوا അവര്‍ ഉണ്ടാകുകയില്ല, ആകുകയില്ല لِيُؤْمِنُوا അവര്‍ വിശ്വസിക്കുക, വിശ്വസിക്കുവിന്‍ إِلَّا أَن يَشَاءَ ഉദ്ദേശിക്കുന്നതായാലല്ലാതെ اللَّـهُ അല്ലാഹു وَلَـٰكِنَّ പക്ഷേ أَكْثَرَهُمْ അവരില്‍ അധികവും يَجْهَلُونَ അറിയാതിരിക്കുന്നു (അജ്ഞരാണ്).
109-ാം വചനത്തിലെ വിഷയവുമായി ബന്ധപ്പെട്ടതാണു ഈ വചനവും, തങ്ങള്‍ക്കു വല്ല പ്രത്യേക ദൃഷ്ടാന്തവും കാണിച്ചു തന്നാല്‍ തങ്ങള്‍ വിശ്വസിച്ചുകൊള്ളാമെന്ന് അവര്‍ – മുശ്രിക്കുകള്‍ – സത്യം ചെയ്തു പറയുന്നതിന് അര്‍ത്ഥമില്ല. എത്ര വമ്പിച്ച ദൃഷ്ടാന്തം കണ്ടാലും അവര്‍ വിശ്വസിക്കുവാന്‍ മുമ്പോട്ടു വരുകയില്ല. അത്രയും ദുഷിച്ചു കടുത്തു പോയിട്ടുണ്ട് അവരുടെ ഹൃദയങ്ങള്‍ എന്നാണു ചുരുക്കം, അവര്‍ക്കു ആകാശത്തു നിന്നു ഒരു വാതില്‍ തുറന്നു കൊടുത്തിട്ട് അവര്‍ അതിലൂടെ കയറിപ്പോയാലും ഞങ്ങളുടെ കാഴ്ചക്കു ലഹരി ബാധിച്ചിരിക്കുകയാണു, ഞങ്ങള്‍ക്കു മാരണം ബാധിച്ചിരിക്കുകയാണു എന്നൊക്കെ അവര്‍ പറയുമെന്നു സൂറ: ഹിജ്ര്‍ 14,15 വചനങ്ങളില്‍ അല്ലാഹു പ്രസ്താവിച്ചിരിക്കുന്നു. അതുപോലെയുള്ള ഒരു പ്രസ്താവനയാണിതും.
അല്ലാഹുവിന്റെ ഉദ്ദേശ്യം കൂടാതെ ഒരു കാര്യവും – നന്മയാകട്ടെ തിന്മയാകട്ടെ – സംഭവിക്കുകയില്ലെന്നും, ഓരോന്നിനും ഇന്നിന്ന പ്രകാരമെന്നുള്ള ഒരു വ്യവസ്ഥ അവന്‍ നിശ്ചയിച്ചു വെച്ചിട്ടുണ്ടെന്നും ക്വുര്‍ആനില്‍ നിന്നും നബിവചനങ്ങളില്‍ നിന്നും പരക്കെ അറിയപ്പെട്ടതാണ്. ഈ വിഷയത്തില്‍ നാനാവശങ്ങളെയും സംബന്ധിച്ചു സൂറത്തുല്‍ ഹദീദിനു ശേഷമുള്ള ‘ക്വള്വാ ക്വദ്ര്‍’ എന്ന ശീര്‍ഷകത്തില്‍ നല്‍കിയ വ്യാഖ്യാനക്കുറിപ്പില്‍ തെളിവുകള്‍ സഹിതം വിശദമായി വിവരിച്ചിട്ടുണ്ട്. അല്ലാഹു ഉദ്ദേശിച്ചാലല്ലാതെ അവര്‍ വിശ്വസിക്കുകയില്ല (مَّا كَانُوا لِيُؤْمِنُوا إِلَّا أَن يَشَاءَ اللَّـهُ) എന്നിങ്ങിനെയുള്ള ക്വുര്‍ആന്‍ വാക്യങ്ങളുടെ താല്‍പര്യവും, അവക്കു ചില തല്‍പരകക്ഷികള്‍ നല്‍കാറുള്ള ദുര്‍വ്യാഖ്യാനങ്ങള്‍ക്കു മറുപടിയും അതില്‍നിന്നു നല്ലപോലെ മനസ്സിലാക്കാവുന്നതാണ്. إن شاء الله
- وَكَذَٰلِكَ جَعَلْنَا لِكُلِّ نَبِىٍّ عَدُوًّا شَيَـٰطِينَ ٱلْإِنسِ وَٱلْجِنِّ يُوحِى بَعْضُهُمْ إِلَىٰ بَعْضٍ زُخْرُفَ ٱلْقَوْلِ غُرُورًا ۚ وَلَوْ شَآءَ رَبُّكَ مَا فَعَلُوهُ ۖ فَذَرْهُمْ وَمَا يَفْتَرُونَ ﴾١١٢﴿
- അതുപോലെ, എല്ലാ പ്രവാചകന്‍മാര്‍ക്കും നാം ഓരോ ശത്രുവെ ഏര്‍പ്പെടുത്തിയിരിക്കുന്നു, അതായതു, മനുഷ്യരിലെയും ജിന്നുകളിലെയും പിശാചുക്കളെ, അവരില്‍ ചിലര്‍ ചിലരോടു [തമ്മതമ്മില്‍] വഞ്ചനയായി മോടിവാക്കു സ്വകാര്യബോധം നല്‍കിക്കൊണ്ടിരിക്കുകന്നതാണ്.
നിന്റെ രക്ഷിതാവ് ഉദ്ദേശിച്ചിരുന്നെങ്കില്‍ അവരതു ചെയ്യുമായിരുന്നില്ല. ആകയാല്‍, അവരെയും, അവര്‍ കെട്ടിച്ചമക്കുന്നതിനെയും നീ (അങ്ങു) വിട്ടേക്കുക. - وَكَذَٰلِكَ അപ്രകാരം, അതുപോലെ جَعَلْنَا നാം ആക്കി (ഏര്‍പ്പെടുത്തി)യിരിക്കുന്നു لِكُلِّ نَبِيٍّ എല്ലാ പ്രവാചകനും عَدُوًّا ഒരു (ഓരോ) ശത്രുവെ شَيَاطِينَ അതായതു പിശാചുക്കളെ الْإِنسِ മനുഷ്യരിലെ وَالْجِنِّ ജിന്നിലെയും يُوحِي വഹ്യ് (രഹസ്യ ഭാഷണം) നല്‍കുന്നതാണു بَعْضُهُمْ അവരില്‍ ചിലര്‍ إِلَىٰ بَعْضٍ ചിലരിലേക്കു, ചിലരോടു زُخْرُفَ الْقَوْلِ മോടിവാക്കു, കൃത്രിമവാക്കു, തങ്കമൊഴി غُرُورًا വഞ്ചന (ചതി) യായിട്ടു, കൃത്രിമമായി وَلَوْ شَاءَ ഉദ്ദേശിച്ചിരുന്നെങ്കില്‍ رَبُّكَ നിന്റെ റബ്ബു مَا فَعَلُوهُ അവരതു ചെയ്യുമായിരുന്നില്ല فَذَرْهُمْ അതിനാല്‍ അവരെ വിട്ടേക്കുക وَمَا يَفْتَرُونَ അവര്‍ കെട്ടിച്ചമക്കുന്നതിനെയും.
- وَلِتَصْغَىٰٓ إِلَيْهِ أَفْـِٔدَةُ ٱلَّذِينَ لَا يُؤْمِنُونَ بِٱلْـَٔاخِرَةِ وَلِيَرْضَوْهُ وَلِيَقْتَرِفُوا۟ مَا هُم مُّقْتَرِفُونَ ﴾١١٣﴿
- പരലോകത്തില്‍ വിശ്വസിക്കാത്തവരുടെ ഹൃദയങ്ങള്‍ അതിലേക്കു ചായുവാന്‍വേണ്ടിയും, അവരതു തൃപ്തിപ്പെടുവാന്‍വേണ്ടിയും, അവര്‍ പ്രവര്‍ത്തിച്ചുണ്ടാക്കുന്നതു അവര്‍ പ്രവര്‍ത്തിച്ചുണ്ടാക്കുവാന്‍വേണ്ടിയുമാകുന്നു (അതു).
- وَلِتَصْغَىٰ ചായുവാനും, മറിയുവാനും إِلَيْهِ അതിലേക്കു أَفْئِدَةُ ഹൃദയങ്ങള്‍ الَّذِينَ യാതൊരുവരുടെ لَا يُؤْمِنُونَ വിശ്വസിക്കാത്ത بِالْآخِرَةِ പരലോകത്തില്‍ وَلِيَرْضَوْهُ അതവര്‍ തൃപ്തിപ്പെടുവാനും وَلِيَقْتَرِفُوا അവര്‍ പ്രവര്‍ത്തിച്ചു (സമ്പാദിച്ചു) ണ്ടാക്കുവാനും مَا യാതൊന്നു هُم അവര്‍ مُّقْتَرِفُونَ പ്രവര്‍ത്തിച്ചുണ്ടാക്കുന്നവരാണ്.
നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിക്കു മാത്രമല്ല ശത്രുക്കളെക്കൊണ്ടുള്ള ശല്യവും ബുദ്ധിമുട്ടും ഉണ്ടായിട്ടുള്ളത്. കഴിഞ്ഞുപോയ എല്ലാ നബിമാര്‍ക്കും ഇതുപോലെ, മനുഷ്യരായ പിശാചുക്കളും, ജിന്നുകളുമായ പിശാചുക്കളും ശത്രുക്കളായുണ്ടായിരുന്നു. അവര്‍ പരസ്പരം – ഇരുകൂട്ടരും തമ്മിലും, ഓരോ കൂട്ടരും തമ്മതമ്മിലും – വഞ്ചനാപരമായ കൃത്രിമവാക്കുകള്‍ മോടിപിടിപ്പിച്ചു സ്വകാര്യമായി കൈമാറിക്കൊണ്ടിരിക്കും, അവരുടെ പതിവാണത്. അല്ലാഹു ഉദ്ദേശ്യപൂര്‍വ്വം നടപ്പിലാക്കുന്നതു തന്നെയാണിതൊക്കെ. അഥവാ, അതില്‍ പല യുക്തി രഹസ്യങ്ങളും അടങ്ങിയിട്ടുണ്ട്. അതൊക്കെ അതിന്റെ പാട്ടിനു നടന്നുകൊള്ളട്ടെ എന്നത്രെ ആദ്യത്തെ വചനത്തിന്റെ ചുരുക്ക സാരം.
രണ്ടാമത്തെ വചനത്തിന്റെ സാരം ഇപ്രകാരമാകുന്നു:- അനുകൂലങ്ങളുടെയും പ്രതികൂലങ്ങളുടെയും സംഘട്ടനത്തില്‍ നിന്നും, നല്ലതും ചീത്തയും തമ്മിലുള്ള പോരാട്ടത്തില്‍ നിന്നും ഉരുത്തിരിഞ്ഞുണ്ടാകേണ്ടതാണു യഥാര്‍ത്ഥ നന്മ. തിന്മക്കു സാധ്യതയും പ്രചോദനവുമില്ലാത്ത – നന്മക്കു മാത്രം സാഹചര്യങ്ങള്‍ നിലവിലുള്ള – ഒരു ചുറ്റുപാടില്‍ ഉണ്ടാകുന്ന നന്മക്കു വളരെയൊന്നും സ്ഥാനം കല്‍പിക്കപ്പെടുവാനില്ല. സത്യവിശ്വാസവും സന്മാര്‍ഗ്ഗവും അവയുടെ പ്രതികൂല ശക്തികളെ ജയിച്ചടക്കി രൂപം കൊള്ളേണ്ടതുണ്ട്. കൂടാതെ, നല്ലതും ചീത്തയും തിരഞ്ഞെടുക്കുവാനുള്ള അഭിപ്രായ സ്വാതന്ത്ര്യം മനുഷ്യനു നല്‍കപ്പെട്ടിട്ടുള്ള സ്ഥിതിക്ക് അല്ലാഹുവെക്കുറിച്ചും പരലോകത്തെക്കുറിച്ചും വിശ്വാസമില്ലാത്ത സത്യനിഷേധികള്‍ക്കു അവരുടെ ഇഷ്ടപ്രകാരം വിഹാരിക്കുവാനുള്ള അവസരം ഇവിടെ ഉണ്ടായിരിക്കുകയും വേണ്ടതുണ്ടല്ലോ. അങ്ങിനെ, പ്രവാചകന്‍മാര്‍ പ്രബോധനം ചെയ്യുന്ന ദൈവീക സന്ദേശങ്ങളെ എതിര്‍ക്കുന്നതില്‍ മനുഷ്യരിലും ജിന്നുകളിലുമുള്ള പിശാചുക്കള്‍ നേതൃത്വം വഹിക്കുകയും, അല്ലാഹുവിലും പരലോകത്തിലും വിശ്വാസമില്ലാത്തവര്‍ അവരുടെ ദുര്‍മ്മന്ത്രങ്ങളിലും ദുഷ്ചെയ്തികളിലും ആകൃഷ്ടരായിത്തീരുകയും ചെയ്യുമെന്നു അല്ലാഹു നിശ്ചയിച്ചിരിക്കുകയാണ്. എല്ലാം അല്ലാഹുവിന്റെ ഉദ്ദേശ്യവും അറിവും അനുസരിച്ചു നടക്കുന്നതു തന്നെ.
ദുഷ്ടരായ മനുഷ്യരെക്കുറിച്ചാണു മനുഷ്യപ്പിശാചുക്കള്‍ എന്നുപറഞ്ഞതു. ജിന്നുകളിലുള്ള ദുഷ്ടവിഭാഗമാണു ജിന്നു പിശാചുക്കള്‍. الشياطين (പിശാചുക്കള്‍) എന്നു ഉപാധികൂടാതെ ഉപയോഗിക്കുമ്പോള്‍ ജിന്നു പിശാചുക്കളെ ഉദ്ദേശിച്ചായിരിക്കും സാധാരണ അതു പറയപ്പെടാറുള്ളത്. ജിന്നിനെയും പിശാചിനെയും സംബന്ധിച്ചു കൂടുതല്‍ വിവരം അറിയുവാന്‍ സൂറത്തുസ്സ്വാഫാത്തിനു ശേഷമുള്ള ‘ജിന്നും ശ്വൈത്താനും’ എന്ന വ്യാഖ്യാനക്കുറിപ്പ് നോക്കുക.
- أَفَغَيْرَ ٱللَّهِ أَبْتَغِى حَكَمًا وَهُوَ ٱلَّذِىٓ أَنزَلَ إِلَيْكُمُ ٱلْكِتَـٰبَ مُفَصَّلًا ۚ وَٱلَّذِينَ ءَاتَيْنَـٰهُمُ ٱلْكِتَـٰبَ يَعْلَمُونَ أَنَّهُۥ مُنَزَّلٌ مِّن رَّبِّكَ بِٱلْحَقِّ ۖ فَلَا تَكُونَنَّ مِنَ ٱلْمُمْتَرِينَ ﴾١١٤﴿
- (പറയുക:) 'അപ്പോള്‍, അല്ലാഹു അല്ലാത്തവരെയോ ഞാന്‍ വിധി കര്‍ത്താവായി (തേടി) അന്വേഷിക്കുന്നതു? അവനത്രെ, വിശദീകരിക്കപ്പെട്ട നിലയില്‍ നിങ്ങള്‍ക്കു വേദഗ്രന്ഥം ഇറക്കിത്തന്നിട്ടുള്ളവന്‍ (എന്നിരിക്കെ)!'
നാം വേദഗ്രന്ഥം നല്‍കിയിട്ടുള്ളവരാകട്ടെ, അവര്‍ക്കറിയാം: അതു നിന്റെ റബ്ബിങ്കല്‍നിന്നു യഥാര്‍ത്ഥ പ്രകാരം ഇറക്കപ്പെട്ടതാണെന്നു.
അതിനാല്‍, നിശ്ചയമായും, നീ സന്ദേഹപ്പെടുന്നവരുടെ കൂട്ടത്തിലായിത്തീരരുത്. - أَفَغَيْرَ اللَّـهِ അപ്പോള്‍ അല്ലാഹു അല്ലാത്തവരെയോ أَبْتَغِي ഞാന്‍ തേടുന്നു, അന്വേഷിക്കുന്നു حَكَمًا വിധികര്‍ത്താവായിട്ടു وَهُوَ الَّذِي അവനത്രെ യാതൊരുവന്‍ أَنزَلَ إِلَيْكُمُ നിങ്ങളിലേക്കു അവതരിപ്പിച്ച, ഇറക്കിയ الْكِتَابَ (വേദ)ഗ്രന്ഥത്തെ مُفَصَّلًا വിശദീകരിക്കപ്പെട്ടതായിക്കൊണ്ടു وَالَّذِينَ യാതൊരു കൂട്ടരാവട്ടെ آتَيْنَاهُمُ അവര്‍ക്കു നാം നല്‍കിയിരിക്കുന്നു الْكِتَابَ (വേദ) ഗ്രന്ഥം يَعْلَمُونَ അവരറിയും, അവര്‍ക്കറിയാം أَنَّهُ مُنَزَّلٌ അതു ഇറക്കപ്പെട്ടതാണെന്നു مِّن رَّبِّكَ നിന്റെ റബ്ബിങ്കല്‍നിന്നു بِالْحَقِّ യഥാര്‍ത്ഥ (മുറ) പ്രകാരം فَلَا تَكُونَنَّ അതിനാല്‍ നിശ്ചയമായും നീ ആയിരിക്കരുതു مِنَ الْمُمْتَرِينَ സന്ദേഹപ്പെടുന്നവരില്‍ (പെട്ടവന്‍).
സംശയപ്പെടരുതെന്നു പറഞ്ഞതു പ്രത്യക്ഷത്തില്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യോടാണെങ്കിലും യഥാര്‍ത്ഥത്തില്‍ ജനങ്ങളെ ഉന്നം വെച്ചു കൊണ്ടുള്ളതാകുന്നു. മുശ്രിക്കുകള്‍ വേദഗ്രന്ഥങ്ങളെക്കുറിച്ചു പരിചയമില്ലാത്തവരായതുകൊണ്ട് അവര്‍ ഇതില്‍ – ക്വുര്‍ആനില്‍ – സംശയിച്ചേക്കുവാനിടയുണ്ട്. വേദക്കാരെ സംബന്ധിച്ചിടത്തോളം ഇതിലെ ഉള്ളടക്കങ്ങളും തത്വങ്ങളും അവര്‍ക്കു സുപരിചിതമാണ്. അതുകൊണ്ട് അവര്‍ക്കതിന്റെ സത്യത്ത അറിയാവുന്നതാണ് എന്നു സാരം. വേദക്കാര്‍ ക്വുര്‍ആനെ നിഷേധിക്കുന്നതു അവര്‍ക്കു അതറിയാത്തതുകൊണ്ടല്ലെന്നും, അവരുടെ അസൂയയും സ്വാര്‍ത്ഥവും കാരണമാണെന്നും അല്ലാഹു വ്യക്തമായി പ്രസ്താവിക്കാറുള്ളതാണ്.
- وَتَمَّتْ كَلِمَتُ رَبِّكَ صِدْقًا وَعَدْلًا ۚ لَّا مُبَدِّلَ لِكَلِمَـٰتِهِۦ ۚ وَهُوَ ٱلسَّمِيعُ ٱلْعَلِيمُ ﴾١١٥﴿
- നിന്റെ റബ്ബിന്റെ വചനം സത്യത്തിലും, നീതിയിലും പരിപൂര്‍ണ്ണമായിരിക്കുന്നു. അവന്റെ വചനങ്ങള്‍ക്കു മാറ്റം വരുത്തുന്നവനേ ഇല്ല.
അവന്‍ (എല്ലാം) കേള്‍ക്കുന്നവനും അറിയുന്നവനുമത്രെ. - وَتَمَّتْ പരിപൂര്‍ണ്ണമായിരിക്കുന്നു كَلِمَتُ വാക്കു, വചനം رَبِّكَ നിന്റെ റബ്ബിന്റെ صِدْقًا സത്യത്തിലും, (സത്യത്താല്‍ - സത്യം കൊണ്ടു) وَعَدْلًا നീതിയിലും (നീതിയാലും) لَّا مُبَدِّلَ മാറ്റം വരുത്തുന്ന (പകരമുണ്ടാക്കുന്ന) വരില്ല لِكَلِمَاتِهِ അവന്റെ വചന (വാക്കു - വാക്യ) ങ്ങള്‍ക്കു وَهُوَ السَّمِيعُ അവന്‍ കേള്‍ക്കുന്നവനത്രെ الْعَلِيمُ അറിയുന്നവന്‍.
- وَإِن تُطِعْ أَكْثَرَ مَن فِى ٱلْأَرْضِ يُضِلُّوكَ عَن سَبِيلِ ٱللَّهِ ۚ إِن يَتَّبِعُونَ إِلَّا ٱلظَّنَّ وَإِنْ هُمْ إِلَّا يَخْرُصُونَ ﴾١١٦﴿
- ഭൂമിയിലുള്ളവരില്‍ അധികമാളുകളെയും നീ അനുസരിക്കുന്നപക്ഷം അവര്‍ അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ നിന്നു നിന്നെ വ്യതിച്ചലിപ്പിക്കുന്നതാണ്.
അവര്‍ ഊഹത്തെയല്ലാതെ പിന്‍പറ്റുന്നില്ല; അവര്‍ മതിപ്പിട്ടു പറയുകയല്ലാതെ ചെയ്യുന്നുമില്ല. - وَإِن تُطِعْ നീ അനുസരിക്കുന്നപക്ഷം أَكْثَرَ അധികമാളെയും مَن فِي الْأَرْضِ ഭൂമിയിലുള്ളവരില്‍ يُضِلُّوكَ അവര്‍ നിന്നെ വഴിപിഴപ്പിക്കും, വ്യതിച്ചലിപ്പിക്കും عَن سَبِيلِ മാര്‍ഗ്ഗത്തില്‍ (വഴിയില്‍) നിന്നു اللَّـهِ അല്ലാഹുവിന്റെ إِن يَتَّبِعُونَ അവര്‍ പിന്‍പറ്റുന്നില്ല إِلَّا الظَّنَّ ഊഹത്തെ (ഭാവനയെ) അല്ലാതെ وَإِنْ هُمْ അവരല്ലതാനും إِلَّا يَخْرُصُونَ അവര്‍ മതിപ്പിടുക (മതിപ്പു പറയുക) യല്ലാതെ.
- إِنَّ رَبَّكَ هُوَ أَعْلَمُ مَن يَضِلُّ عَن سَبِيلِهِۦ ۖ وَهُوَ أَعْلَمُ بِٱلْمُهْتَدِينَ ﴾١١٧﴿
- നിശ്ചയമായും, നിന്റെ രക്ഷിതാവ് തന്നെയാണ് അവന്റെ മാര്‍ഗ്ഗത്തില്‍നിന്നു വ്യതിചലിക്കുന്നവരെ ഏറ്റവും അറിയുന്നവന്‍. അവന്‍ തന്നെയാണു സന്മാര്‍ഗ്ഗം പ്രാപിക്കുന്നവരെപ്പറ്റി ഏറ്റവും അറിയുന്നവനും.
- إِنَّ رَبَّكَ നിശ്ചയമായും നിന്റെ റബ്ബു هُوَ അവന്‍ തന്നെ أَعْلَمُ ഏറ്റവും അറിയുന്നവന്‍ مَن يَضِلُّ പിഴച്ചു (വ്യതിചലിച്ചു) പോകുന്നവരെ عَن سَبِيلِهِ അവന്റെ മാര്‍ഗ്ഗത്തില്‍നിന്നു وَهُوَ അവന്‍ തന്നെ أَعْلَمُ ഏറ്റം അറിയുന്നവനും بِالْمُهْتَدِينَ നേര്‍വഴി (സന്മാര്‍ഗ്ഗം) പ്രാപിക്കുന്നവരെപ്പറ്റി അറിയുന്നവനും.
അല്ലാഹുവിന്റെ വചനങ്ങളെല്ലാം സത്യസമ്പൂര്‍ണ്ണങ്ങളായിരിക്കും. അവന്റെ കല്‍പനാ നിര്‍ദ്ദേശങ്ങള്‍ നീതിയുക്തങ്ങളുമായിരിക്കും, അവയില്‍ നീക്കുപോക്കിനു സ്ഥാനമില്ല. അവക്കു പകരം അവയോടു കിടയൊക്കുന്നതോ, അവയെക്കാള്‍ പ്രായോഗികമോ യുക്തമോ ആയതോ വേറൊന്ന് ആവിഷ്കരിക്കുവാന്‍ ആര്‍ക്കും സാധ്യമല്ല. അവന്റെ സൃഷ്ടികള്‍ക്കു എന്തെല്ലാമാണ് ആവശ്യമായത്, അവരുടെ വിജയം ഏതിലാണ്, അവരുടെ പ്രകൃതി സ്വഭാവങ്ങള്‍ക്കു അനുയോജ്യവും പ്രായോഗികവുമായതു എന്തൊക്കെയാണ് എന്നിത്യാദി കാര്യങ്ങള്‍ അറിയുന്നവന്‍ അവന്‍ മാത്രമാകുന്നു. എന്നാല്‍, ഭൂവാസികളായ മനുഷ്യരില്‍ ഭൂരിഭാഗവും ഈ യാഥാര്‍ത്ഥ്യങ്ങള്‍ ഗ്രഹിക്കാത്ത – അല്ലെങ്കില്‍ ഗൗനിക്കാതെ – ഈ ഋജു പന്ഥാവില്‍ നിന്നു പിഴച്ചു പോയിരിക്കുകയാണ്. ചില ഊഹാങ്ങളെയും അനുമാനങ്ങളെയും അടിസ്ഥാനമാക്കി അവര്‍ തെറ്റായ പല മാര്‍ഗ്ഗങ്ങളും നടപടി ക്രമങ്ങളും പിന്‍പറ്റികൊണ്ടിരിക്കുന്നു. സുദൃഢമായ ഏതെങ്കിലും തെളിവുകളെ അടിസ്ഥാനമാക്കിയല്ല അതൊന്നും, ‘അതാണു നല്ലത്. ഇതാണു വേണ്ടത്. ജനഹിതം ഇന്നതാണ്, മുന്‍വഴക്കം ഇന്നതാണ്, സൗകര്യം ഇന്നിന്നപ്രകാരമാണ് എന്നിത്യാദി ചില മതിപ്പും കണക്കുകൂട്ടലുമാണ് അവരുടെ അവലംബം. അതുകൊണ്ടു ഭൂരിപക്ഷത്തിന്റെ അഭിപ്രായമോ, അംഗീകാരമോ കൊണ്ട് ഒരു കാര്യം ശരിയെന്നു കരുതി അതിനെ അനുകരിക്കുകയോ, പിന്‍തുടരുകയോ ചെയ്തുകൂടാ. അല്ലാഹുവിന്റെ വിധിയെന്താണു, അവന്‍ കാണിച്ചുതന്ന മാര്‍ഗ്ഗം ഏതാണ് എന്നുള്ളതായിരിക്കണം എല്ലാറ്റിന്റെയും മാനദണ്ഡം. അതാണു നേരായ മാര്‍ഗ്ഗം. ആരെല്ലാമാണ് – ഏതുതരം ആളുകളാണ് – അതില്‍നിന്നു പിഴച്ചുപോകുന്നവരെന്നും ഏറ്റവും അറിയുന്നവനും അല്ലാഹുതന്നെ.
ഈ വചനങ്ങളില്‍നിന്നു മനസ്സിലാക്കേണ്ടുന്ന ചില പ്രധാന വസ്തുതകള്‍ ഇവയാണ്: (1) ക്വുര്‍ആനിലുടെയോ, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) മുഖേനയോ അല്ലാഹു അറിയിച്ചുതന്ന ഒരു തത്വത്തെയോ, വിധിയെയോ – കാലദേശ പരിതസ്ഥിതികളുടെയോ ജനഹിതത്തിന്റെയോ മറ്റോ പേരില്‍ – മാറ്റി നിശ്ചയിക്കുവാനോ, ഭേദഗതി ചെയ്‌വാനോ ആര്‍ക്കും അവകാശമില്ല. അതു സ്വീകാര്യമോ ഗുണകരമോ ആയിരിക്കയുമില്ല. ഉദാഹരണമായി: ഇന്നത്തെ ലോകഗതിയും അന്താരാഷ്‌ട്ര സാമ്പത്തിക വ്യവസ്ഥകളും കണക്കിലെടുക്കുമ്പോള്‍, ഇസ്ലാമില്‍ പലിശ ഇടപാടുകളുടെ നിരോധനത്തിനു കുറെയൊക്കെ അയവു വരുത്തേണ്ടതുണ്ടെന്നു ആധുനിക വാദികളായ ചില പണ്ഡിതന്‍മാര്‍ അഭിപ്രായപ്പെടാറുള്ളതു അല്ലാഹുവിന്റെ പ്രസ്താവനകള്‍ക്കും, ഇസ്ലാമിന്റെ അടിസ്ഥാന തത്വങ്ങള്‍ക്കും വിരുദ്ധമാകുന്നു.
(2). ഭൂരിപക്ഷത്തിന്റെ തീരുമാനമോ അഭിപ്രായമോ ഇസ്ലാമികമായ ഒരു വിധി നിര്‍ണ്ണയിക്കുവാനുള്ള മാനദണ്ഡമാകുന്നതല്ല. അല്ലാഹുവും റസൂല്‍ (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യും എന്തു കാണിച്ചു തരുന്നുവെന്നുള്ളതു മാത്രമാണിതിന്റെ മാനദണ്ഡം. അല്ലാഹുവിന്റെയും റസൂല്‍ (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ന്റെയും വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ക്കു നിരക്കാത്ത ഭൂരിപക്ഷാഭിപ്രായത്തിനു – അല്ല, സമസ്ത ജനങ്ങളുടെ അഭിപ്രായത്തിനു തന്നെയും – മതത്തില്‍ വിലയില്ല.
(3). അല്ലാഹു ചിലരെ നേര്‍വഴിയിലാക്കുമെന്നും, ചിലരെ വഴിപിഴവിലാക്കുമെന്നും പോലെയുള്ള പ്രസ്താവനകളുടെ ഉദ്ദേശ്യം, ഒരു പ്രത്യേക മാനദണ്ഡമോ, യുക്തമായ അടിസ്ഥാനമോ ഇല്ലാതെ, അല്ലാഹു കുറേ ആളുകളെ നല്ലവരും, കുറേ ആളുകളെ ചീത്തപ്പെട്ടവരുമാക്കിത്തീര്‍ക്കുമെന്നല്ല, തക്കതായ കാരണങ്ങളുടെയും, യുക്തമായ വ്യവസ്ഥകളുടെയും അടിസ്ഥാനത്തില്‍ മാത്രമായിരിക്കും അതു. ഈ വാസ്തവമത്രെ إِنَّ رَبَّكَ هُوَ أَعْلَمُ مَن يَضِلُّ عَن سَبِيلِهِ ۖ وَهُوَ أَعْلَمُ بِالْمُهْتَدِينَ (നിന്റെ റബ്ബിന്റെ മാര്‍ഗ്ഗത്തില്‍നിന്നു പിഴച്ചു പോകുന്നവര്‍ ആരാണെന്നു അവന്‍ ഏറ്റവും അറിയുന്നവനാണു. നേര്‍മ്മാര്‍ഗ്ഗം പ്രാപിക്കുന്നവരെക്കുറിച്ചും അവന്‍ ഏറ്റവും അറിയുന്നവനാണ്.) എന്ന വചനത്തില്‍ കാണുന്നത്. സൂ: നഹ്ല്‍ 125; ക്വസ്വസ്വ് :56; ക്വലം : 7 എന്നിവിടങ്ങളിലും ഇതു പോലെയുള്ള വാക്യങ്ങള്‍ കാണാവുന്നതാണ്.
- فَكُلُوا۟ مِمَّا ذُكِرَ ٱسْمُ ٱللَّهِ عَلَيْهِ إِن كُنتُم بِـَٔايَـٰتِهِۦ مُؤْمِنِينَ ﴾١١٨﴿
- അതിനാല്‍, അല്ലാഹുവിന്റെ നാമം ഉച്ചരി(ച്ചു അറു)ക്കപ്പെട്ടതില്‍ നിന്നു നിങ്ങള്‍ തിന്നുകൊള്ളുവിന്‍; നിങ്ങള്‍ അവന്റെ 'ആയത്തു' [ലക്ഷ്യം]കളില്‍ വിശ്വസിക്കുന്നവരാണെങ്കില്‍.
- فَكُلُوا അതിനാല്‍ നിങ്ങള്‍ തിന്നു(ഭക്ഷിക്കു)വിന്‍ مِمَّا ذُكِرَ പറയ (ഉച്ചരിക്ക) പ്പെട്ടതില്‍നിന്നു اسْمُ اللَّهِ അല്ലാഹുവിന്റെ നാമം عَلَيْهِ അതിന്റെ മേല്‍ إِن كُنتُم നിങ്ങളാണെങ്കില്‍ بِآيَاتِهِ അവന്റെ ആയത്തു (ദൃഷ്ടാന്തം - ലക്ഷ്യം -വചനം) കളില്‍ مُؤْمِنِينَ വിശ്വസിക്കുന്നവര്‍.
- وَمَا لَكُمْ أَلَّا تَأْكُلُوا۟ مِمَّا ذُكِرَ ٱسْمُ ٱللَّهِ عَلَيْهِ وَقَدْ فَصَّلَ لَكُم مَّا حَرَّمَ عَلَيْكُمْ إِلَّا مَا ٱضْطُرِرْتُمْ إِلَيْهِ ۗ وَإِنَّ كَثِيرًا لَّيُضِلُّونَ بِأَهْوَآئِهِم بِغَيْرِ عِلْمٍ ۗ إِنَّ رَبَّكَ هُوَ أَعْلَمُ بِٱلْمُعْتَدِينَ ﴾١١٩﴿
- അല്ലാഹുവിന്റെ നാമം ഉച്ചരി(ച്ചു അറു)ക്കപ്പെട്ടതില്‍ നിന്നു തിന്നാതിരിക്കുമാറ് നിങ്ങള്‍ക്കു (തടസ്സം) എന്താണ്?
നിങ്ങളുടെ മേല്‍ അവന്‍ നിഷിദ്ധമാക്കിയതു അവന്‍ നിങ്ങള്‍ക്കു വിശദീകരിച്ചുതന്നിട്ടുമുണ്ട് (എന്നിരിക്കെ)! (പക്ഷേ) നിങ്ങള്‍ യാതൊന്നിനു നിര്‍ബന്ധിതരാക്കപ്പെട്ടുവോ അതൊഴികെ. [അതിനു വിരോധമില്ല താനും.]
ഒരു വിവരവും ഇല്ലാതെ, വളരെ ആളുകളും അവരുടെ ഇച്ഛകള്‍ക്കനുസരിച്ചു (ആളുകളെ) വഴിപിഴപ്പിച്ചുകൊണ്ടിരിക്കുന്നു.
നിശ്ചയമായും നിന്റെ റബ്ബ് അതിരുവിടുന്നവരെപറ്റി ഏറ്റം അറിയുന്നവനത്രെ. - وَمَا لَكُمْ നിങ്ങള്‍ക്കു എന്താണു أَلَّا تَأْكُلُوا നിങ്ങള്‍ തിന്നാതിരിക്കുവാന്‍, തിന്നാതിരിക്കുമാറ് مِمَّا ذُكِرَ പറയപ്പെട്ടതില്‍ നിന്നു اسْمُ اللَّهِ അല്ലാഹുവിന്റെ നാമം عَلَيْهِ അതിന്റെ മേല്‍ وَقَدْ فَصَّلَ അവന്‍ വിശദീകരിച്ചിട്ടുമുണ്ട്, വിശദീകരിച്ചിരിക്കെ لَكُم നിങ്ങള്‍ക്കു مَّا حَرَّمَ അവന്‍ ഹറാമാ(നിഷിദ്ധമാ)ക്കിയതിനെ عَلَيْكُمْ നിങ്ങളുടെ മേല്‍ إِلَّا مَا യാതൊന്നൊഴികെ اضْطُرِرْتُمْ നിങ്ങള്‍ നിര്‍ബന്ധിതരാക്കപ്പെട്ടു إِلَيْهِ അതിലേക്കു, അതിനു وَإِنَّ كَثِيرًا നിശ്ചയമായും പലരും, വളരെ ആളുകള്‍ لَّيُضِلُّونَ അവര്‍ വഴിപിഴപ്പിക്കുകതന്നെ ചെയ്യുന്നു بِأَهْوَائِهِم അവരുടെ ഇച്ഛകള്‍ക്കനുസരിച്ചു, തന്നിഷ്‌ടങ്ങള്‍ കൊണ്ടു بِغَيْرِ عِلْمٍ ഒരു വിവരവുമില്ലാതെ, അറിവു കൂടാതെ إِنَّ رَبَّكَ നിശ്ചയമായും നിന്റെ റബ്ബ് هُوَ أَعْلَمُ അവന്‍ ഏറ്റം (നല്ലവണ്ണം) അറിയുന്നവനാണ് بِالْمُعْتَدِينَ അതിരുവിടുന്നവരെപറ്റി.
അല്ലാഹുവിന്റെ നിയമനിര്‍ദ്ദേശങ്ങള്‍ക്ക് എതിരായ ദുര്‍ബോധനങ്ങള്‍ വഴി മനുഷ്യരെ വഞ്ചിച്ചു വഴിപിഴപ്പിക്കുന്നവരെ അനുസരിക്കരുതെന്നും മറ്റും കഴിഞ്ഞ വചനങ്ങളില്‍ പ്രസ്താവിച്ചു. ആ ദുര്‍ബോധാനങ്ങളുടെ ഫലമായി മുശ്രിക്കുകള്‍ക്കിടയില്‍ പ്രചാരത്തിലുണ്ടായിരുന്ന ഒരു സമ്പ്രദായത്തെപ്പറ്റിയാണ് ഈ വചനത്തില്‍ പ്രസ്താവിക്കുന്നത്. അതായതു, ജീവികളെ അറുക്കുമ്പോള്‍ അവര്‍ അവരുടെ ആരാധ്യ വസ്തുക്കളുടെ – വിഗ്രഹങ്ങളുടെ – നാമത്തില്‍ മാത്രമേ അറുക്കാറുണ്ടായിരുന്നുള്ളു. താനേ ചത്തുപോയ ശവങ്ങളെ അവര്‍ ഭക്ഷിക്കുകയും ചെയ്തിരുന്നു. അല്ലാഹുവിന്റെ നാമത്തിലല്ലാതെ അറുക്കുവാന്‍ പാടില്ലെന്നും, ശവം നിഷിദ്ധമാണെന്നും കല്‍പിക്കപ്പെട്ടപ്പോള്‍, അതിനെതിരില്‍ അവര്‍ കുതര്‍ക്കങ്ങള്‍ പുറപ്പെടുവിച്ചുകൊണ്ടിരുന്നു. ‘നിങ്ങള്‍ അല്ലാഹുവിനെ ആരാധിക്കുന്നവരാണെന്നാണല്ലോ പറയുന്നത്. എന്നിട്ടും അല്ലാഹു കൊലപ്പെടുത്തിയതിനെ (ശവത്തെ) ഭക്ഷിക്കുവാന്‍ പാടില്ലെന്നും, നിങ്ങള്‍ കൊലപ്പെടുത്തിയതിനെ (അറുത്തതിനെ) ഭക്ഷിക്കാമെന്നും പറയുന്നതിന് എന്താണ് ന്യായമുള്ളത്?!’ എന്നും മറ്റും. അതിലൊന്നും അവരെ അനുസരിക്കരുതെന്നും, നിങ്ങള്‍ സത്യവിശ്വാസികളായിരിക്കെ അല്ലാഹുവിന്റെ നാമത്തില്‍ അറുക്കപ്പെട്ടതിനെ ഭക്ഷിക്കുവാന്‍ നിങ്ങള്‍ ഒട്ടും മടിക്കേണ്ടതില്ലെന്നും, അതല്ലാത്തതു – ശവവും അന്യ നാമങ്ങളില്‍ അറുക്കപ്പെട്ടതും – ഭക്ഷിക്കരുതെന്നും സത്യവിശ്വാസികളോട് അല്ലാഹു കല്‍പിക്കുകയാണ്.
നിങ്ങള്‍ നിര്‍ബ്ബന്ധിതരാകുന്ന അവസരങ്ങളിലൊഴിച്ച് മറ്റെല്ലായ്പ്പോഴും നിങ്ങള്‍ക്കു ഭക്ഷിക്കുവാന്‍ പാടില്ലാത്തതു ഏതൊക്കെയാണെന്നു അല്ലാഹു വിവരിച്ചു തന്നിട്ടുണ്ട്. അതില്‍ അല്ലാഹുവിന്റെ നാമത്തില്‍ അറുക്കപ്പെട്ടതു പറഞ്ഞിട്ടില്ലല്ലോ. എന്നിരിക്കെ, അതു ഭക്ഷിക്കുന്നതിനു നിങ്ങള്‍ എന്തിനു മടിക്കണം? എന്നു ശക്തിമത്തായ സ്വരത്തില്‍ അല്ലാഹു സത്യവിശ്വാസികളോടു ചോദിച്ചതില്‍ നിന്നും മുശ്രിക്കുകളുടെ തര്‍ക്കവും ആക്ഷേപവും വളരെ രൂക്ഷമായിരുന്നുവെന്നു മനസ്സിലാക്കാം. ഒരു വിവരവും കൂടാതെ – അഥവാ ന്യായമോ തെളിവോ ഒന്നുമില്ലാതെ – പലരും അവരുടെ തന്നിഷ്ടങ്ങള്‍ക്കനുസരിച്ചു ജനങ്ങളെ വഴിപിഴപ്പിച്ചുകൊണ്ടിരിക്കുന്നു (وَإِنَّ كَثِيرًا لَّيُضِلُّونَ بِأَهْوَائِهِم بِغَيْرِ عِلْمٍ) എന്നു 119-ാം വചനത്തിലും, നിങ്ങളോടു തര്‍ക്കം നടത്തുവാന്‍വേണ്ടി ആ പിശാചുക്കള്‍ അവരുടെ ബന്ധുമിത്രങ്ങള്‍ക്കു സ്വകാര്യ ബോധനം നടത്തിവരുന്നുണ്ട് (وَإِنَّ الشَّيَاطِينَ لَيُوحُونَ إِلَىٰ أَوْلِيَائِهِمْ لِيُجَادِلُوكُمْ) എന്നു 121-ാം വചനത്തിലും പ്രസ്‌താവിച്ചതില്‍ നിന്നു ഇതു കൂടുതല്‍ വ്യക്തമാകുന്നു. അതോടുകൂടി, തങ്ങളുടെ കുതര്‍ക്കങ്ങള്‍ കേട്ട് മുസ്‌ലിംകള്‍ വഞ്ചിതരായിപോയേക്കുമെന്ന പ്രതീക്ഷ ആ മുശ്‌രിക്കുകള്‍ വെച്ചുകൊണ്ടിരിക്കേണ്ടാ എന്നൊരു സൂചനയും അതില്‍ കാണാം.
مَاذُكِرَ اسْمُ الَّلهِ عَلَيْه (അല്ലാഹുവിന്റെ നാമം ഉച്ചരിക്കപ്പെട്ടതു -അഥവാ പറയപ്പെട്ടതു) എന്നു പറഞ്ഞതിന്റെ വിവക്ഷ അല്ലാഹുവിന്റെ നാമം ഉച്ചരിച്ചുകൊണ്ട് അറുക്കപ്പെട്ടതു എന്നാകുന്നു. مَا أُهِلَّ بِهِ (ശബ്‌ദം ഉയര്‍ത്തപ്പെട്ടതു) എന്ന വാക്കും ഇതേ ഉദ്ദേശത്തില്‍ ഉപയോഗിക്കപ്പെടുമെന്നു സൂറത്തുല്‍ ബക്വറഃ 173 ലും, മാഇദഃ 4 ലും വെച്ചു നാം കണ്ടുവല്ലോ. അതുപോലെയുള്ള ഒരു പ്രയോഗം തന്നെയാണ് ഇതും. നിങ്ങള്‍ക്കു നിഷിദ്ധമാക്കപ്പെട്ടതു ഏതാണെന്നു നിങ്ങള്‍ക്കു വിശദീകരിച്ചു തന്നിട്ടുണ്ടു (وَقَدْ فَصَّلَ لَكُم مَّا حَرَّمَ عَلَيْكُمْ) എന്നു പറഞ്ഞതു താഴെ 145-ാം വചനത്തിലും, സൂ: നഹ്‌ല്‍ 115 ലും നിഷിദ്ധമാക്കപ്പെട്ടിട്ടുള്ള ശവം, രക്തം, പന്നിമാംസം, അല്ലാഹുവല്ലാത്തവരുടെ നാമത്തില്‍ അറുക്കപ്പെട്ടതു എന്നിവയെ ഉദ്ദേശിച്ചായിരിക്കാം. സൂറത്തുല്‍ ബക്വറഃയിലും, മാഇദഃയിലും അവ നിഷിദ്ധമായി പ്രസ്‌താവിക്കപ്പെട്ടിട്ടുണ്ടെങ്കിലും ആ രണ്ടു സൂറത്തുകളും മദീനായില്‍ അവതരിച്ചതും, ഈ സൂറത്തു മക്കായില്‍ അവതരിച്ചതുമാകകൊണ്ടു ഇവിടെ ഉദ്ദേശ്യം അതായിരിക്കുവാന്‍ തരമില്ല الله أعلم. നിര്‍ബന്ധിതാവസ്ഥയില്‍ ഈ നാലും ഭക്ഷിക്കുന്നതിനു വിരോധമില്ലെന്നു അവിടങ്ങളിലും വ്യക്തമാക്കപ്പെട്ടിട്ടുള്ളതാണ്.
- وَذَرُوا۟ ظَـٰهِرَ ٱلْإِثْمِ وَبَاطِنَهُۥٓ ۚ إِنَّ ٱلَّذِينَ يَكْسِبُونَ ٱلْإِثْمَ سَيُجْزَوْنَ بِمَا كَانُوا۟ يَقْتَرِفُونَ ﴾١٢٠﴿
- കുറ്റത്തില്‍ പ്രത്യക്ഷമായതിനെയും പരോക്ഷമായതിനെയും നിങ്ങള്‍ വിട്ടുകളയുവിന്‍.
നിശ്ചയമായും, കുറ്റം സമ്പാദിക്കുന്നവര്‍, അവര്‍ പ്രവര്‍ത്തിച്ചിരുന്നതിന് അവര്‍ക്കു പ്രതിഫലം നല്‍കപ്പെടും. - وَذَرُوا നിങ്ങള്‍ വിടുക (ഉപേക്ഷിക്കുക) ظَاهِرَ പ്രത്യക്ഷ (ബാഹ്യ - വ്യക്ത) മായതിനെ الْإِثْمِ പാപത്തില്‍, കുറ്റത്തില്‍ وَبَاطِنَهُ അതില്‍ പരോക്ഷ (അവ്യക്ത) മായതും, മറഞ്ഞതും إِنَّ നിശ്ചയമായും الَّذِينَ يَكْسِبُونَ സമ്പാദിക്കുന്നവര്‍ الْإِثْمَ കുറ്റം, പാപം سَيُجْزَوْنَ അവര്‍ക്കു പ്രതിഫലം നല്‍കപ്പെടും بِمَا كَانُوا അവരായിരുന്നതിനു يَقْتَرِفُونَ അവര്‍ പ്രവര്‍ത്തിക്കും, ചെയ്തുണ്ടാക്കും.
പ്രത്യക്ഷമായതോ പരോക്ഷമായതോ – അഥവാ പരസ്യമായതോ രഹസ്യമായതോ – ആയ എല്ലാതരം പാപങ്ങളെയും വര്‍ജ്ജിക്കണം. കാരണം, ഏതു തരത്തിലുള്ള പാപമായാലും അല്ലാഹു അതിനു തക്ക പ്രതിഫലം നല്‍കുക തന്നെ ചെയ്യുമെന്നു സാരം. നവ്വാസുബ്നുസംആന്‍ (نواس بن سمعان – (رَضِيَ اللهُ تَعَالَى عَنْهُ)) പറഞ്ഞതായി ഇബ്നുഅബീഹാതിം (റ) ഇപ്രകാരം ഉദ്ധരിച്ചിരിക്കുന്നു: റസൂല്‍ (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയോടു ഞാന്‍ കുറ്റ (പാപ) ത്തെപ്പറ്റി ചോദിച്ചു അവിടുന്നു പറഞ്ഞു: ‘തന്റെ മനസ്സില്‍ കെട്ടിപ്പിണവുണ്ടാക്കുകയും, ജനങ്ങള്‍ കണ്ടറിയുന്നതില്‍ തനിക്കു അനിഷ്ടം തോന്നുകയും ചെയ്യുന്ന കാര്യമാകുന്നു.’
- وَلَا تَأْكُلُوا۟ مِمَّا لَمْ يُذْكَرِ ٱسْمُ ٱللَّهِ عَلَيْهِ وَإِنَّهُۥ لَفِسْقٌ ۗ وَإِنَّ ٱلشَّيَـٰطِينَ لَيُوحُونَ إِلَىٰٓ أَوْلِيَآئِهِمْ لِيُجَـٰدِلُوكُمْ ۖ وَإِنْ أَطَعْتُمُوهُمْ إِنَّكُمْ لَمُشْرِكُونَ ﴾١٢١﴿
- അല്ലാഹുവിന്റെ നാമം ഉച്ചരി(ച്ച് അറു) ക്കപ്പെടാത്തതില്‍നിന്നു നിങ്ങള്‍ തിന്നരുത്.
നിശ്ചയമായും അതു, തോന്നിയവാസം തന്നെയാകുന്നു. നിശ്ചയമായും പിശാചുക്കള്‍, നിങ്ങളോടു തര്‍ക്കം നടത്തുവാന്‍വേണ്ടി തങ്ങളുടെ മിത്രങ്ങളോടു സ്വകാര്യബോധനം നല്‍കിക്കൊണ്ടിരിക്കുക തന്നെ ചെയ്യും.
അവരെ നിങ്ങള്‍ അനുസരിക്കുന്ന പക്ഷം, നിശ്ചയമായും, നിങ്ങള്‍ 'മുശ്രിക്കു'കള്‍ തന്നെയായിരിക്കും. - وَلَا تَأْكُلُوا നിങ്ങള്‍ തിന്നരുത് مِمَّا لَمْ يُذْكَرِ പറയ (ഉച്ചരിക്ക)പ്പെടാത്തതില്‍ നിന്നു اسْمُ اللَّـهِ അല്ലാഹുവിന്റെ നാമം عَلَيْهِ അതിന്‍മേല്‍ وَإِنَّهُ നിശ്ചയമായും അതു لَفِسْقٌ തോന്നിയവാസം തന്നെയാണു وَإِنَّ الشَّيَاطِينَ നിശ്ചയമായും പിശാചുക്കള്‍ لَيُوحُونَ അവര്‍ സ്വകാര്യബോധനം നല്‍കുന്നു إِلَىٰ أَوْلِيَائِهِمْ അവരുടെ (ബന്ധു) മിത്രങ്ങള്‍ക്കു لِيُجَادِلُوكُمْ അവര്‍ നിങ്ങളോടു തര്‍ക്കം നടത്തുവാന്‍ വേണ്ടി وَإِنْ أَطَعْتُمُوهُمْ അവരെ നിങ്ങള്‍ അനുസരിക്കുന്ന പക്ഷം إِنَّكُمْ നിശ്ചയമായും നിങ്ങള്‍ لَمُشْرِكُونَ മുശ്രിക്കുകള്‍ തന്നെയാകുന്നു.
ജീവികളെ അറുക്കുന്നതു അല്ലാഹുവിന്റെ നാമത്തിലായിരിക്കേണ്ടതാണു. അല്ലാഹുവിന്റെ നാമത്തിലല്ലാതെ അറുക്കുന്നതു തോന്നിയവാസമാകുന്നു. അതുകൊണ്ടു സത്യവിശ്വാസികള്‍ക്ക് അതു ഭക്ഷിക്കുവാന്‍ പാടില്ല. അതിനെതിരില്‍ ഗൂഢപ്രചരണവും കുതര്‍ക്കവും നടത്തിവരുന്ന ശത്രുനേതാക്കളാകുന്ന പിശാചുക്കള്‍ പറയുന്നതൊന്നും നിങ്ങള്‍ അനുസരിക്കരുതു. അനുസരിക്കുന്ന പക്ഷം അതു ശിര്‍ക്കു പ്രവര്‍ത്തിക്കലായിരിക്കും എന്നു സാരം. അല്ലാഹു നിഷിദ്ധമാക്കിയതിനെ അനുവദനീയമാക്കലും, അല്ലാഹു അല്ലാത്തവര്‍ക്കു ദൈവത്വം കല്‍പിക്കലുമാണല്ലോ അതു.
അല്ലാഹുവിന്റെ നാം പറയപ്പെടാത്തതു (مِمَّا لَمْ يُذْكَرِ اسْمُ اللَّـهِ عَلَيْهِ) എന്ന വാക്കില്‍, അല്ലാഹു അല്ലാത്തവരുടെ നാമം പറഞ്ഞു അറുക്കപ്പെട്ടതും, സ്വയം ചത്തതും, ആരുടെ നാമവും പറയാതെ അറുക്കപ്പെട്ടതും ഉള്‍പെടുന്നു. അല്ലാഹു അല്ലാത്തവരുടെ നാമത്തില്‍ അറുക്കപ്പെട്ടതും സ്വയം ചത്തതും നിഷിദ്ധമാണെന്നു 2:173; 5:4; 6:145; 16:115 എന്നിവിടങ്ങളില്‍ വ്യക്തമാക്കപ്പെട്ടിട്ടുള്ളതാണു. ആരുടെ നാമവും പറയപ്പെടാതെ അറുത്തതിനെ സംബന്ധിച്ചു – അറുത്ത ആള്‍ മുസ്ലിമായിരുന്നാല്‍ തന്നെയും – പണ്ഡിതന്‍മാര്‍ക്കിടയില്‍ ഭിന്നാഭിപ്രായമാണുള്ളതു. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, അറുക്കുമ്പോള്‍, അല്ലാഹുവിന്റെ നാമം പറയല്‍ – ‘ബിസ്മില്ലാഹ്’ ചൊല്ലല്‍ – നിര്‍ബ്ബന്ധമുണ്ടോ ഇല്ലേ എന്നതില്‍ അഭിപ്രായ വ്യത്യാസമുണ്ടു. മുന്‍ഗാമികളും പിന്‍ഗാമികളുമായ പല മഹാന്‍മാരും അറുക്കുമ്പോള്‍ ബിസ്മില്ലാഹ് ചൊല്ലല്‍ നിര്‍ബന്ധമാണെന്നും, മറന്നുകൊണ്ടായാലും, കല്‍പിച്ചുകൂട്ടിക്കൊണ്ടായാലും ബിസ്മില്ലാ ചൊല്ലാതെ അറുക്കപ്പെട്ടതു ഭക്ഷിച്ചുകൂടാ എന്നുമുള്ള അഭിപ്രായക്കാരാകുന്നു. ഈ വചനത്തില്‍ നിന്നും മറ്റും മനസ്സിലാകുന്നതും അതു തന്നെ. وَإِنَّهُ لَفِسْقٌ (അതു തോന്നിയവാസം തന്നെയാണ്) എന്നു അല്ലാഹു പറഞ്ഞിരിക്കുന്നതു പ്രത്യേകം ശ്രദ്ധേയമാകുന്നു. ബലവത്തായ പല ഹദീഥുകളും അതാണു കാണിച്ചു തരുന്നതും.
എന്നാല്‍, ഇമാംശാഫിഈ (رحمة الله عليه) യുടെയും മറ്റു ചിലരുടെയും അഭിപ്രായം അറുക്കുമ്പോള്‍ ബിസ്മില്ലാഹ് ചൊല്ലണമെന്നു നിര്‍ബ്ബന്ധമില്ല – അതു വേണ്ടപ്പെട്ട കാര്യവും നല്ലതുമാണെന്നേയുള്ളു – എന്നാകുന്നു. അല്ലാഹുവിന്റെ നാമം പറയപ്പെടാതെ അറുത്തതു (مِمَّا لَمْ يُذْكَرِ اسْمُ اللَّـهِ عَلَيْهِ) എന്ന വാക്കിന്റെ താല്‍പര്യം, അല്ലാഹു അല്ലാത്തവരുടെ പേരില്‍ അറുക്കപ്പെട്ടതു (مَا أُهِلَّ لِغَيْرِ اللَّهِ بِهِ ) എന്നത്രെ അവരുടെ അഭിപ്രായം. താഴെ 145-ാം വചനത്തില്‍, അല്ലാഹു അല്ലാത്തവരുടെ പേരില്‍ അറുക്കപ്പെട്ടതിനെപ്പറ്റിയാണു ‘തോന്നിയവാസം’ (فِسْقٌ) എന്നു വിശേഷിപ്പിച്ചിരിക്കുന്നതു. അതുപോലെ, ആ വിശേഷണം (وَإِنَّهُ لَفِسْقٌ എന്നുള്ളതു) ഇവിടെയും അതിനെ ഉദ്ദേശിച്ചാണു – അല്ലാഹുവിന്റെ പേരു പറയാതെ അറുത്തതിനെ ഉദ്ദേശിച്ചല്ല – എന്നും അവര്‍ പറയുന്നു. കൂടാതെ, ആയിശാ (رَضِيَ اللهُ تَعَالَى عَنْها) യുടെ ഒരു ഹദീഥും ഇതിനു തെളിവായി ഉദ്ധരിക്കപ്പെടുന്നു. അതിങ്ങിനെയാണു: ചില ആളുകള്‍ റസൂല്‍ (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയോടു പറഞ്ഞു: ‘അടുത്ത കാലത്തു ഇസ്ലാമില്‍വന്ന ചില ജനങ്ങള്‍ ഞങ്ങളുടെ അടുക്കല്‍ മാംസവും കൊണ്ടുവരുന്നു. അതില്‍ അല്ലാഹുവിന്റെ നാമം പറയപ്പെട്ടിരിക്കുമോ ഇല്ലേ (ബിസ്മില്ലാഹ് ചൊല്ലിയിരിക്കുമോ ഇല്ലേ) എന്നു ഞങ്ങള്‍ക്കറിയുകയില്ല. (ഇതു ഞങ്ങള്‍ക്കു ഭക്ഷിക്കാമോ?)’ തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഉത്തരം പറഞ്ഞു: “നിങ്ങള്‍ അതില്‍ അല്ലാഹുവിന്റെ നാമം പറഞ്ഞു (ബിസ്മില്ലാഹ് ചൊല്ലി) ഭക്ഷിച്ചുകൊള്ളുവിന്‍.” (ബുഖാരി).
അപ്പോള്‍, അറുക്കുമ്പോള്‍ ബിസ്മിചൊല്ലല്‍ നിര്‍ബ്ബന്ധമുണ്ടെങ്കില്‍, അതിന്റെ സൂക്ഷ്മാവസ്ഥ അന്വേഷിക്കാതെ അതു ഭക്ഷിക്കുവാന്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അനുവാദം കൊടുക്കുമായിരുന്നില്ല. അവിശ്വാസികള്‍ അവരുടെ വിഗ്രഹങ്ങളുടെയും മറ്റും പേരുകള്‍ പറഞ്ഞു കൊണ്ടു മാത്രം അറുക്കുകയും, അതിനെ ന്യായീകരിക്കുകയും ചെയ്യുന്നവരായിരുന്നതുകൊണ്ടാണ് അല്ലാഹുവിന്റെ നാമത്തില്‍ അറുക്കുന്നതിനെപ്പറ്റി ഇത്രയും ശക്തിയായ ഭാഷയില്‍ പ്രസ്താവിക്കുവാന്‍ കാരണം. അല്ലാഹുവില്‍ വിശ്വസിക്കുന്ന സത്യവിശ്വാസികള്‍ അറുക്കുമ്പോഴും അല്ലാഹുവിന്റെ നാമം പറഞ്ഞു (ബിസ്മിചൊല്ലി) ക്കൊണ്ടു അറുത്താലേ ഭക്ഷിക്കുവാന്‍ പാടുള്ളൂവെന്ന് അതില്‍ നിന്നു മനസ്സിലാക്കിക്കൂടാ. എന്നൊക്കെയാണ് ഈ അഭിപ്രായത്തിനു ന്യായീകരണം. മൂന്നാമതു അഭിപ്രായം ഇതാണു: മുസ്ലിംകളെ സംബന്ധിച്ചിടത്തോളം, അവര്‍ മറന്നുകൊണ്ടു ബിസ്മി വിട്ടുകളഞ്ഞാല്‍ വിരോധമില്ല. കല്‍പിച്ചു കൂട്ടി വിട്ടുകളഞ്ഞാല്‍ അതു നിഷിദ്ധമായിരിക്കും. ഇതു ഇമാം അബൂഹനീഫഃ (رحمة الله عليه) യുടെയും മറ്റു ചില മഹാന്‍മാരുടെയും അഭിപ്രായമാകുന്നു. ഇതിന്റെ മുമ്പു പറഞ്ഞ അഭിപ്രായത്തെക്കാള്‍ യുക്തമായിത്തോന്നുന്നതു ഇതാകുന്നു. الله أعلم
وَإِنَّ الشَّيَاطِينَ لَيُوحُونَ إِلَىٰ أَوْلِيَائِهِمْ لِيُجَادِلُوكُمْ (നിങ്ങളോടു തര്‍ക്കം നടത്തുവാന്‍വേണ്ടി പിശാചുക്കള്‍ അവരുടെ മിത്രങ്ങളോടു സ്വകാര്യബോധനം നടത്തുന്നു) എന്നു പറഞ്ഞതു – മുമ്പു സൂചിപ്പിച്ചതുപോലെ – അല്ലാഹു കൊലപ്പെടുത്തിയതു (ശവം) തിന്നുകൂടാ എന്നും, നിങ്ങള്‍ കൊലപ്പെടുത്തിയതു (അറുക്കപ്പെട്ടതു) തിന്നാമെന്നും പറയുന്നതു ശരിയല്ലെന്നും മറ്റുമൊക്കെ മുശ്രിക്കുകളും യഹൂദികളും വാദിച്ചും തര്‍ക്കിച്ചും കൊണ്ടിരിക്കുന്നതിനെ ഉദ്ദേശിച്ചാകുന്നു. وَإِنْ أَطَعْتُمُوهُمْ إِنَّكُمْ لَمُشْرِكُونَ (നിങ്ങള്‍ അവരെ അനുസരിക്കുന്നപക്ഷം നിങ്ങളും മുശ്രിക്കുകള്‍ തന്നെ) എന്നു പറഞ്ഞതിന്റെ താല്‍പര്യം വ്യക്തമാണു. അവരെ അനുസരിക്കുക എന്നതിന്റെ അര്‍ത്ഥം അവരെപ്പോലെ അല്ലാഹു നിഷിദ്ധമാക്കിയതിനെ അനുവദനീയമാക്കുകയും, അല്ലാഹു അനുവദനീയമാക്കിയതിനെ നിഷിദ്ധമാക്കുകയും ചെയ്യുക എന്നാണല്ലോ. ഇതു ശിര്‍ക്കാണെന്നുള്ളതില്‍ സംശയമില്ല. اتَّخَذُوا أَحْبَارَهُمْ وَرُهْبَانَهُمْ أَرْبَابًا مِّن دُونِ اللَّـهِ – التوبة (അവര്‍ – വേദക്കാര്‍ – തങ്ങളുടെ പണ്ഡിതന്‍മാരെയും പുരോഹിതന്‍മാരെയും അല്ലാഹുവിനു പുറമെ റബ്ബുകളാക്കിയിരിക്കുന്നു. (9:31)) എന്ന ക്വുര്‍ആന്‍ വചനം കൊണ്ടുദ്ദേശ്യം അവര്‍ നിഷിദ്ധമാക്കിയതിനെയും അനുവദനീയമാക്കിയതിനെയും അതേപടി അനുസരിക്കലാണെന്നു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പ്രസ്താവിച്ചതു പ്രസിദ്ധമാണല്ലോ. അല്ലാതെ – ചില സ്ഥാപിത താല്‍പര്യക്കാര്‍ സമര്‍ത്ഥിച്ചു കാണാറുള്ളതുപോലെ – അല്ലാഹു അല്ലാത്ത വല്ലവരെയും അനുസരിക്കുന്നതെല്ലാം ശിര്‍ക്കായിത്തീരുമെന്ന അര്‍ത്ഥത്തിലല്ലതന്നെ.
വിഭാഗം - 15
- أَوَمَن كَانَ مَيْتًا فَأَحْيَيْنَـٰهُ وَجَعَلْنَا لَهُۥ نُورًا يَمْشِى بِهِۦ فِى ٱلنَّاسِ كَمَن مَّثَلُهُۥ فِى ٱلظُّلُمَـٰتِ لَيْسَ بِخَارِجٍ مِّنْهَا ۚ كَذَٰلِكَ زُيِّنَ لِلْكَـٰفِرِينَ مَا كَانُوا۟ يَعْمَلُونَ ﴾١٢٢﴿
- നിര്‍ജ്ജീവനായിരുന്നിട്ട് നാം അവനെ ജീവിപ്പിക്കുകയും, നാം അവന് ഒരു പ്രകാശം - അവന്‍ അതുമായി മനുഷ്യരില്‍ നടക്കുമാറ് - ഉണ്ടാക്കിക്കൊടുക്കുകയും ചെയ്തിട്ടുള്ളവന്‍ (ഇങ്ങിനെയുള്ള) ഒരുവനെപ്പോലെയാണോ?! അവന്റെ ഉപമ (അവന്‍) അന്ധകാരങ്ങളിലാണ്; അതില്‍ നിന്നു അവന്‍ (രക്ഷപ്പെട്ട്) പുറത്ത് കടക്കുന്നവനേയല്ല. [ഇങ്ങിനെയുള്ളവനെപ്പോലെയാണോ അവന്‍?]
അതുപോലെ, അവിശ്വാസികള്‍ക്കു അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതു ഭംഗിയായി കാണിക്കപ്പെട്ടിരിക്കുന്നു. - أَوَمَن യാതൊരുവനോ كَانَ അവനായിരുന്നു مَيْتًا നിര്‍ജ്ജീവന്‍ (ശവം) فَأَحْيَيْنَاهُ എന്നിട്ടു നാമവനെ ജീവിപ്പിച്ചു وَجَعَلْنَا لَهُ അവനു നാം ആക്കുക (ഏര്‍പ്പെടുത്തുക - ഉണ്ടാക്കുക) യും ചെയ്തു نُورًا ഒരു പ്രകാശം, വെളിച്ചം يَمْشِي بِهِ അതും കൊണ്ടു (അതുമായി) അവനു നടക്കാം, നടക്കുമാറ് فِي النَّاسِ മനുഷ്യരില്‍, ജനങ്ങളിലൂടെ كَمَن യാതൊരുവനെപ്പോലെ(യോ) مَّثَلُهُ അവന്റെ മാതിരി, ഉപമ فِي الظُّلُمَاتِ അന്ധകാരങ്ങളിലാണു لَيْسَ അവനല്ല بِخَارِجٍ പുറത്തു പോകുന്ന (കടക്കുന്ന)വനേ مِّنْهَا അതില്‍ (അവയില്‍ നിന്നു) كَذَٰلِكَ അതുപോലെ, അപ്രകാരം زُيِّنَ ഭംഗിയായി (അലങ്കാരമായി) കാണിക്കപ്പെട്ടിരിക്കുന്നു لِلْكَافِرِينَ അവിശ്വാസികള്‍ക്കു مَا كَانُوا അവരായിരിക്കുന്നതു يَعْمَلُونَ അവര്‍ പ്രവര്‍ത്തിക്കും.
അന്ധവിശ്വാസത്തിലും ദുരാചാരങ്ങളിലും മുഴുകി ഹൃദയവികാസവും, ആത്മീയബോധവും നശിച്ച് ജീവശ്ശവമായിത്തീര്‍ന്ന ശേഷം, അതില്‍നിന്നു വിമുക്തമായി സത്യവിശ്വാസവും, സന്മാര്‍ഗ്ഗവും പ്രാപിക്കുമാറ് ക്വുര്‍ആനുണ്ടാകുന്ന വെളിച്ചം ലഭിക്കുകയും, ആ വെളിച്ചവുംകൊണ്ടു ജനങ്ങള്‍ക്കു ഒരു മാതൃകയാകുമാറ് അവരുടെ ഇടയിലൂടെ ചരിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന സത്യവിശ്വാസികളുടെ ഒരു വിഭാഗം. തന്നിഷ്ടം, അജ്ഞത, ദുര്‍ന്നടപ്പു, അവിശ്വാസം ആദിയായ അന്ധകാരങ്ങളില്‍പെട്ട് സത്യവും സന്മാര്‍ഗ്ഗവും കാണാതെ നട്ടം തിരിഞ്ഞുകൊണ്ടിരിക്കുന്ന അവിശ്വാസികളായ മറ്റൊരു വിഭാഗം, ഈ രണ്ടു വിഭാഗക്കാരും തമ്മില്‍ എങ്ങിനെ സമമാകും? എങ്ങിനെ പൊരുത്തപ്പെടും?! അതു സംഭവ്യമല്ല എന്നു ചൂണ്ടിക്കാട്ടുകയാണ് അല്ലാഹു.
അന്ധവിശ്വാസം, സത്യനിഷേധം, ദുര്‍മ്മാര്‍ഗ്ഗം ആദിയായവയെ ഇരുട്ട്, അന്ധത, ബധിരത, നിര്‍ജ്ജീവത – അഥവാ മരണം – ആദിയായവയോടും, സത്യവിശ്വാസം, കാര്യബോധം, സന്മാര്‍ഗ്ഗം ആദിയായവയെ വെളിച്ചം, കാഴ്ച , ജീവിതം ആദിയായവയോടും ഉപമിച്ചുകൊണ്ടുള്ള പ്രസ്താവനകള്‍ ക്വുര്‍ആനില്‍ പലേടത്തും കാണാവുന്നതുമാകുന്നു.
ഹൃദയം ദുഷിച്ചു തോന്നിയവാസങ്ങള്‍ക്കു അടിമപ്പെട്ടവര്‍ക്കു തങ്ങള്‍ ചെയ്യുന്നതും, പറയുന്നതുമെല്ലാം – അതെത്ര നീച്ചമോ നികൃഷ്ടമോ ആയിരുന്നാലും – നല്ലതും അലങ്കാരവുമായി തോന്നലും, അതില്‍ അഭിമാനം കൊള്ളലും പതിവാണല്ലോ. അതാണു ‘അവിശ്വാസികള്‍ക്കു അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതു ഭംഗിയായി കാണിക്കപ്പെട്ടിരിക്കുന്നു’ എന്നു പറഞ്ഞതു.
- وَكَذَٰلِكَ جَعَلْنَا فِى كُلِّ قَرْيَةٍ أَكَـٰبِرَ مُجْرِمِيهَا لِيَمْكُرُوا۟ فِيهَا ۖ وَمَا يَمْكُرُونَ إِلَّا بِأَنفُسِهِمْ وَمَا يَشْعُرُونَ ﴾١٢٣﴿
- അപ്രകാരം, എല്ലാ രാജ്യത്തിലും അതിലെ കുറ്റവാളികളില്‍ വലിയവന്‍മാരെ നാം ഏര്‍പ്പെടുത്തിയിരിക്കുന്നു, അവരതില്‍ (കു)തന്ത്രം പ്രയോഗിക്കുവാനായിട്ട്.
(വാസ്തവത്തില്‍) അവര്‍ അവരോടു തന്നെയല്ലാതെ (കു)തന്ത്രം പ്രയോഗിക്കുന്നുമില്ല. അവര്‍ക്കു ബോധം വരുന്നില്ലതാനും. - وَكَذَٰلِكَ അതുപോലെ, അപ്രകാരം جَعَلْنَا നാം ആക്കി (ഏര്‍പ്പെടുത്തി) യിരിക്കുന്നു فِي كُلِّ قَرْيَةٍ എല്ലാ രാജ്യത്തിലും أَكَابِرَ വലിയവന്‍മാരെ (മൂപ്പന്‍മാരെ) مُجْرِمِيهَا അതിലെ കുറ്റവാളികളിലെ لِيَمْكُرُوا അവര്‍ തന്ത്രം പ്രവര്‍ത്തിക്കുവാന്‍ വേണ്ടി, ചതി പ്രയോഗിക്കുവാന്‍ فِيهَا അതില്‍ وَمَا يَمْكُرُونَ അവര്‍ തന്ത്രം പ്രവര്‍ത്തിക്കുന്നുമില്ല إِلَّا بِأَنفُسِهِمْ അവരുടെ സ്വന്തങ്ങളില്‍ (തങ്ങളോടുതന്നെ) അല്ലാതെ وَمَا يَشْعُرُونَ അവര്‍ അറിയുന്നില്ലതാനും, അവര്‍ക്കു ബോധം വരുന്നുമില്ല.
- وَإِذَا جَآءَتْهُمْ ءَايَةٌ قَالُوا۟ لَن نُّؤْمِنَ حَتَّىٰ نُؤْتَىٰ مِثْلَ مَآ أُوتِىَ رُسُلُ ٱللَّهِ ۘ ٱللَّهُ أَعْلَمُ حَيْثُ يَجْعَلُ رِسَالَتَهُۥ ۗ سَيُصِيبُ ٱلَّذِينَ أَجْرَمُوا۟ صَغَارٌ عِندَ ٱللَّهِ وَعَذَابٌ شَدِيدٌۢ بِمَا كَانُوا۟ يَمْكُرُونَ ﴾١٢٤﴿
- അവര്‍ക്കു വല്ല ദൃഷ്ടാന്തവും (അഥവാ ലക്ഷ്യവും) വന്നാല്‍, അവര്‍ പറയും: 'അല്ലാഹുവിന്റെ റസൂലുകള്‍ [ദൂതന്‍മാര്‍]ക്കു നല്‍കപ്പെട്ടതു പോലെ ഞങ്ങള്‍ക്കു നല്‍കപ്പെടുന്നതുവരേക്കും ഞങ്ങള്‍ വിശ്വസിക്കുകയേ ഇല്ല.'
അല്ലാഹു നല്ലവണ്ണം അറിയുന്നവനാണ്, തന്റെ 'രിസാലത്തു' [ദൗത്യം] ഏര്‍പ്പെടുത്തേണ്ടുന്ന ഇടം (ഏതാണെന്നു).
കുറ്റം പ്രവര്‍ത്തിച്ചവര്‍ക്കു അല്ലാഹുവിന്റെ അടുക്കല്‍ എളിമത്വവും, കഠിനശിക്ഷയും ബാധിക്കുന്നതാണു; അവര്‍ (കു)തന്ത്രം പ്രയോഗിച്ചിരുന്നതു നിമിത്തം. - وَإِذَا جَاءَتْهُمْ അവര്‍ക്കു വന്നാല്‍ آيَةٌ വല്ല ആയത്തും (ദൃഷ്ടാന്തം - ലക്ഷ്യം - വചനം) قَالُوا അവര്‍ പറയും, പറയുകയായി لَن نُّؤْمِنَ ഞങ്ങള്‍ വിശ്വസിക്കുകയില്ല തന്നെ حَتَّىٰ نُؤْتَىٰ ഞങ്ങള്‍ക്കു നല്‍കപ്പെടുന്നതുവരേക്കും (നല്‍കപ്പെടാതെ) مِثْلَ യാതൊന്നുപോലെ مَا أُوتِيَ നല്‍കപ്പെട്ടു رُسُلُ اللَّـهِ അല്ലാഹുവിന്റെ റസൂലുകള്‍ [ദൂതന്‍മാര്‍]ക്കു നല്‍കപ്പെട്ടതു പോലെ اللَّـهُ അല്ലാഹു أَعْلَمُ നല്ലവണ്ണം (ഏറ്റം) അറിയുന്നവനാണു حَيْثُ يَجْعَلُ അവന്‍ ആക്കുന്നേടം, ഏര്‍പ്പെടുത്തുന്ന ഇടം رِسَالَتَهُ അവന്റെ ദൗത്യം سَيُصِيبُ ബാധിക്കും, വഴിയെ എത്തും الَّذِينَ أَجْرَمُوا കുറ്റം പ്രവര്‍ത്തിച്ചവര്‍ക്കു صَغَارٌ എളിമത്വം, നിന്ദ്യത, അല്‍പത عِندَ اللَّـهِ അല്ലാഹുവിന്റെ അടുക്കല്‍ وَعَذَابٌ ശിക്ഷയും شَدِيدٌ കഠിനമായ بِمَا كَانُوا അവരായിരുന്നതു നിമിത്തം يَمْكُرُونَ തന്ത്രം പ്രയോഗിക്കും.
സത്യം തെളിഞ്ഞു കാണുമാറുള്ള തെളിവുകള്‍ ഏതു കണ്ടാലും അവര്‍ വിശ്വസിക്കുവാന്‍ പോകുന്നില്ല. ദുശ്ശാഠ്യവും, മര്‍ക്കടമുഷ്‌ടിയും പിടിപെട്ടു കഴിഞ്ഞാല്‍ പിന്നെ ധിക്കാരവും ധാര്‍ഷ്‌ട്യവും വര്‍ദ്ധിക്കുകയാണല്ലോ ഉണ്ടാകുക. അല്ലാഹുവിന്റെ ദൂതന്മാരെന്ന് അവകാശപ്പെടുന്ന ഈ റസൂലുകള്‍ക്കു ലഭിച്ചതു പോലെയുള്ളതു ഞങ്ങള്‍ക്കും ലഭിക്കാതെ ഞങ്ങള്‍ ഒരിക്കലും വിശ്വസിക്കുകയില്ല; എന്തുകൊണ്ടു അവരെപ്പോലെ ഞങ്ങള്‍ക്കും ദിവ്യസന്ദേശം ലഭിച്ചുകൂടാ? എന്തുകൊണ്ടു ഞങ്ങളുടെ അടുക്കലേക്കു മലക്കുകളെ അയച്ചുകൂടാ? അവര്‍ക്കു നല്‍കപ്പെട്ടതുപോലെയുള്ള ദൃഷ്‌ടാന്തങ്ങള്‍ എന്തുകൊണ്ടു ഞങ്ങള്‍ക്കും നല്‍കപ്പെട്ടുകൂടാ? എന്നൊക്കെ അവര്‍ പറഞ്ഞുകൊണ്ടിരിക്കും. അതിന് അല്ലാഹു നല്‍കുന്ന മറുപടിയാണ് ‘തന്‍റെ ദൗത്യം – ‘രിസാലത്തു’- ഏര്‍പ്പെടുത്തേണ്ടതു എവിടെയാണെന്നു അല്ലാഹുവിനു നല്ലപോലെ അറിയാം’ എന്ന വാക്യം. അതായതു, അതു ഏല്‍പിക്കുവാനും ഏറ്റെടുക്കുവാനും പറ്റിയവര്‍ ആരാണ്, എങ്ങിനെയുള്ളവരാണു എന്നൊക്കെ അവന് ആരും പറഞ്ഞു കൊടുക്കേണ്ടതില്ല. അവനു തന്നെയാണു അതിനെപറ്റി നന്നായി അറിയുക. യുക്തംപോലെ അവന് തന്നെ അതു ചെയ്‌തുകൊള്ളും എന്നു സാരം. പ്രവാചകത്വമെന്നതു ഏതെങ്കിലും യോഗ്യതകൊണ്ടോ പദവികൊണ്ടോ ലഭിക്കുന്നതല്ല. അല്ലാഹുവിന്റെ കാരുണ്യം കൊണ്ടു മാത്രം ലഭിക്കുന്ന ഒരു അനുഗ്രഹമാണത്. يَخْتَصُّ بِرَحْمَتِهِ مَنْ َيَشَاءُ (അവന്റെ കാരുണ്യം കൊണ്ടു അവന്‍ ഉദ്ദേശിക്കുന്നവരെ അവന്‍ പ്രത്യേകപ്പെടുത്തും – 2:105; 3:74). ‘ഈ രണ്ടു രാജ്യങ്ങളിലെ – മക്കായിലെയും ത്വാഇഫിലെയും – ഏതെങ്കിലും ഒരു മഹാനായ ആള്‍ക്കു എന്തുകൊണ്ടു ഈ ക്വുര്‍ആന്‍ അവതരിപ്പിക്കപ്പെട്ടില്ല?’ എന്നു ചോദിച്ച മുശ്രിക്കുകള്‍ക്കു അല്ലാഹു നല്‍കിയ മറുപടി أَهُمْ يَقْسِمُونَ رَحْمَتَ رَبِّكَ (അവരാണോ നിന്റെ റബ്ബിന്റെ കാരുണ്യം ഭാഗിച്ചു കൊടുക്കുന്നതു? (43:32) എന്നാകുന്നു.
- فَمَن يُرِدِ ٱللَّهُ أَن يَهْدِيَهُۥ يَشْرَحْ صَدْرَهُۥ لِلْإِسْلَـٰمِ ۖ وَمَن يُرِدْ أَن يُضِلَّهُۥ يَجْعَلْ صَدْرَهُۥ ضَيِّقًا حَرَجًا كَأَنَّمَا يَصَّعَّدُ فِى ٱلسَّمَآءِ ۚ كَذَٰلِكَ يَجْعَلُ ٱللَّهُ ٱلرِّجْسَ عَلَى ٱلَّذِينَ لَا يُؤْمِنُونَ ﴾١٢٥﴿
- എന്നാല്‍, ഏതൊരുവനെ സന്മാര്‍ഗ്ഗത്തിലാക്കുവാന്‍ അല്ലാഹു ഉദ്ദേശിക്കുന്നുവോ, അവന്റെ നെഞ്ചിനു [ഹൃദയത്തിനു] അവന്‍ 'ഇസ്ലാമി'ലേക്കു വികാസം നല്‍കുന്നു. ഏതൊരുവനെ വഴി പിഴവിലാക്കുവാന്‍ അവന്‍ ഉദ്ദേശിക്കുന്നുവോ, അവന്റെ നെഞ്ചിനെ [ഹൃദയത്തെ] അവന്‍ ഇടുങ്ങിയതും ഞെരുങ്ങിയതുമാക്കുന്നു; (അതെ) അവന്‍ ആകാശത്തിലൂടെ കയറിപ്പോകുന്നതുപോലെ.
അതുപോലെ, വിശ്വസിക്കാത്തവരുടെ മേല്‍ അല്ലാഹു മ്ലേച്ഛത (അഥവാ ശിക്ഷ) ഏര്‍പ്പെടുത്തുന്നതാണ്. - فَمَن يُرِدِ എന്നാല്‍ ആര്‍, ഏതൊരുവന്‍ اللَّـهُ അല്ലാഹു ഉദ്ദേശിക്കുന്നു(വോ) أَن يَهْدِيَهُ അവനെ സന്മാര്‍ഗ്ഗത്തിലാക്കുവാന്‍, വഴി ചേര്‍ക്കുവാന്‍ يَشْرَحْ അവന്‍ വികാസം നല്‍കുന്നു, വിശാലപ്പെടുത്തും صَدْرَهُ അവന്റെ നെഞ്ചിനും, ഹൃദയത്തെ لِلْإِسْلَامِ ഇസ്ലാമിലേക്കു وَمَن വല്ലവനും, ആരെങ്കിലും يُرِدْ അവന്‍ ഉദ്ദേശിക്കുന്നു(വോ) أَن يُضِلَّهُ അവനെ വഴിപിഴവിലാക്കുവാന്‍, വഴി തെറ്റിക്കുവാന്‍ يَجْعَلْ അവന്‍ ആക്കുന്നു صَدْرَهُ അവന്റെ നെഞ്ചു, ഹൃദയം ضَيِّقًا ഇടുങ്ങിയതു, കുടുസ്സായതു حَرَجًا ഞെരുങ്ങിയ, വിഷമകരമായ كَأَنَّمَا يَصَّعَّدُ അവന്‍ കയറിപ്പോകുന്നതു (പ്രയാസപ്പെട്ടു കയറുന്നതു) പോലെ فِي السَّمَاءِ ആകാശത്തില്‍ كَذَٰلِكَ അപ്രകാരം, അതുപോലെ يَجْعَلُ اللَّـهُ അല്ലാഹു ആക്കുന്നു, ഏര്‍പ്പെടുത്തുന്നു الرِّجْسَ മ്ലേച്ഛത (ശിക്ഷ) عَلَى الَّذِينَ യാതോരുവരുടെ മേല്‍ لَا يُؤْمِنُونَ വിശ്വസിക്കാത്ത.
‘സന്മാര്‍ഗ്ഗത്തിലാക്കുക, വഴിചേര്‍ക്കുക, മാര്‍ഗ്ഗദര്‍ശനം നല്‍കുക, വഴികാട്ടുക’ എന്നും മറ്റും സന്ദര്‍ഭോചിതം അര്‍ത്ഥം നല്‍കപ്പെടാവുന്ന വാക്കാണ് ‘ഹിദായത്തു’ (هِدَايَة) ഹിദായത്തു പല തരത്തിലുണ്ടെന്നും, അല്ലാഹുവിന്‍റെ സഹായവും തൗഫീക്വും സിദ്ധിക്കുക എന്ന അര്‍ത്ഥത്തിലുള്ള ഹിദായത്തു അല്ലാഹുവില്‍ നിന്നു മാത്രം ലഭിക്കേണ്ടതാണെന്നും മുമ്പു (സൂ: ഫാതിഹഃയില്‍ വെച്ചു) നാം വിവരിച്ചിട്ടുണ്ട്. ഈ അര്‍ത്ഥത്തിലുള്ള ഹിദായത്താണ് ഇവിടെ ഉദ്ദേശ്യം. അല്ലാഹു ഹിദായത്തു നല്‍കുവാന്‍ ഉദ്ദേശിക്കുന്നവരുടെ ഹൃദയങ്ങള്‍ക്കു വികാസവും വിശാലതയും നല്‍കി ഇസ്‌ലാമിന്റെ വിശ്വാസാചാര മുറകള്‍ അംഗീകരിക്കുവാനുള്ള സന്നദ്ധതയും പ്രേരണയും അവന്‍ നല്‍കും. ഹിദായത്തിലാക്കാതെ വഴിപിഴവില്‍ തന്നെ അവശേഷിക്കുവാന്‍ അവന്‍ ഉദ്ദേശിക്കുന്നവരുടെ ഹൃദയങ്ങളെ അതൊന്നും സ്വീകരിക്കുവാന്‍ തയ്യാറില്ലാതിരിക്കുമാറ് ഞെരുക്കി കുടുസ്സാക്കിത്തീര്‍ക്കുകയും ചെയ്യുമെന്നു അല്ലാഹു ഉണര്‍ത്തുന്നു. അവന്‍ ഹിദായത്തു നല്‍കുന്നവരുടെയും, അല്ലാത്തവരുടെയും ലക്ഷണങ്ങള്‍ ഏറെക്കുറെ ഈ വചനത്തില്‍ നിന്നു മനസ്സിലാക്കാമല്ലോ. അല്ലാഹു ഉദ്ദേശിക്കുന്നവരെ അവന്‍ നേര്‍മാര്‍ഗ്ഗത്തിലാക്കുമെന്നും, അവന്‍ ഉദ്ദേശിക്കുന്നവരെ അവന്‍ വഴിപിഴവിലാക്കുമെന്നും പോലെയുള്ള വാക്യങ്ങളുടെ താല്‍പര്യത്തെക്കുറിച്ചു 117-ാം വചനത്തിന്റെ വ്യാഖ്യാനത്തിലും മറ്റുമായി ഒന്നിലധികം പ്രാവശ്യം മുമ്പു വിവരിക്കുകയുണ്ടായിട്ടുണ്ട്.
كَأَنَّمَا يَصَّعَّدُ فِي السَّمَاءِ (ആകാശത്തിലൂടെ കയറിപ്പോകുന്നതുപോലെ) എന്നു പറഞ്ഞതു, സത്യവിശ്വാസവും സന്മാര്‍ഗ്ഗവും സ്വീകരിക്കുന്നതില്‍ അവര്‍ക്കു അനുഭവപ്പെടുന്ന മനഃപ്രയാസത്തിന്റെ കാഠിന്യം ചൂണ്ടിക്കാട്ടുന്ന ഒരു ഉപമയാകുന്നു. ആകാശത്തേക്കു കയറിപ്പോകല്‍, എല്ലാകാലത്തും – അക്ഷരാര്‍ത്ഥത്തില്‍ തന്നെ – വളരെ പ്രയാസമേറിയതാണെന്നു വ്യക്തമാണ്. മുന്‍കാലത്തു അന്തരീക്ഷത്തില്‍ സഞ്ചരിക്കുക ഒരു അസംഭവ്യ കാര്യമായി ഗണിക്കപ്പെട്ടിരുന്നാലും ഇക്കാലത്തു അതു സംഭവ്യമായിത്തീര്‍ന്നിട്ടുണ്ടല്ലോ എന്നു പറയപ്പെട്ടേക്കാം. ശരിയാണ്. എന്നാല്‍, അതു ഒരു അസംഭവ്യ കാര്യമായി കരുതപ്പെട്ടിരുന്ന മുന്‍കാലത്തുള്ളവര്‍ക്കു അതിലുള്ള പ്രയാസത്തെയും ഞെരുക്കത്തെയും സംബന്ധിച്ച് ഊഹിച്ചറിയേണ്ടിയിരുന്നു. ആധുനിക കാലത്തിലാകട്ടെ, അതില്‍ ഏര്‍പ്പെടുവാനിരിക്കുന്ന പ്രയാസവും ബുദ്ധിമുട്ടും അനുഭവം കൊണ്ടുതന്നെ അറിയാറായിരിക്കുകയാണ്. അന്തരീക്ഷത്തിലൂടെ മേല്‍പോട്ടു ഉയരും തോറും വായുവിന്‍റെ സാന്ദ്രത കുറഞ്ഞുകൊണ്ടിരിക്കുകയും, കുറേ നാഴിക ദൂരം ഉയര്‍ന്നു കഴിഞ്ഞാല്‍ വായു നിശ്ശേഷം ഇല്ലാതാകുകയും ചെയ്യുന്നു. അതിനാല്‍ മേല്‍പോട്ടു കയറുംതോറും ആവശ്യമായ ജീവവായു ലഭിക്കാതെ നെഞ്ചിടുക്കം അനുഭവപ്പെടുകയും അവസാനം ഹൃദയം മന്ദിച്ച് ജീവനാശത്തിന്നിടയാകുകയും ചെയ്യും. വിമാനങ്ങള്‍ ഒരു പരിധിവരെ മാത്രമേ ഉയരത്തില്‍ പറപ്പിക്കുകയുള്ളൂവെന്നുള്ളതും, ഉപരിയാകാശ സഞ്ചാരികള്‍ തങ്ങളുടെ യാത്ര അവസാനിക്കുന്നതുവരേക്കാവശ്യമായ ജീവവായു യന്ത്രങ്ങളുടെ സഹായത്തോടെ ഒരുക്കിക്കൊണ്ടു പോകുന്നതും അതു കൊണ്ടാണ്.
അപ്പോള്‍ يَجْعَلْ صَدْرَه ضَيِّقًا حَرَجًا (അവന്റെ നെഞ്ചു ഇടുങ്ങിയതും ഞെരുങ്ങിയതുമാക്കുന്നു.) എന്നു അല്ലാഹു ഉപമിച്ചു പറഞ്ഞതിന്റെ യഥാര്‍ത്ഥ്യം ഒന്നാലോചിച്ചു നോക്കുക! ഭൂത – വര്‍ത്തമാന – ഭാവികാല വ്യത്യാസം കൂടാതെ സകലകാര്യങ്ങളും അറിയുന്നവനാണല്ലോ അല്ലാഹു.
ഈ വചനത്തിന്റെ താല്‍പര്യത്തിലേക്കു കൂടുതല്‍ വെളിച്ചം നല്‍കുന്ന ഒരു തിരുവചനമത്രെ സൂ: ഹുജുറാത്തിലെ وَلَٰكِنَّ اللَّهَ حَبَّبَ إِلَيْكُمُ الْإِيمَانَ وَزَيَّنَهُ فِي قُلُوبِكُمْ وَكَرَّهَ إِلَيْكُمُ الْكُفْرَ وَالْفُسُوقَ وَالْعِصْيَانَ ۚ أُولَٰئِكَ هُمُ الرَّاشِدُونَ എന്ന വചനം. അതിന്‍റെ സാരം: ……. എങ്കിലും സത്യവിശ്വാസത്തെ അല്ലാഹു നിങ്ങള്‍ക്കു ഇഷ്‌ടമാക്കിത്തരുകയും, നിങ്ങളുടെ ഹൃദയങ്ങളില്‍ അതിനെ അവന്‍ ഭംഗിയാക്കിക്കാണിക്കുകയും, അവിശ്വാസവും, തോന്നിയവാസവും അനുസരണക്കേടും നിങ്ങള്‍ക്കു അവന്‍ വെറുപ്പാക്കിത്തരുകയും ചെയ്‌തിരിക്കുന്നു; അങ്ങിനെയള്ളവരാണു തന്റേടമുള്ളവര്‍ – അഥവാ സന്മാര്‍ഗികള്‍. അല്ലാഹുവിങ്കല്‍ നിന്നുള്ള ദയവും അനുഗ്രഹവുമായിട്ടത്രെ അത്’. (ഹുജുറാത്ത്:7,8). ഇബ്‌നുഅബീഹാതീം, ഇബ്‌നുജരീര്‍ (رحمة الله عليهما) മുതലായവര്‍ പല മാര്‍ഗ്ഗങ്ങളിലൂടെ ഉദ്ധരിക്കുന്ന ഒരു ഹദീഥു ഇപ്രകാരമാകുന്നു: റസൂല്‍ (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനി ഈ വചനം ഓതിയപ്പോള്‍, സ്വഹാബികള്‍ ചോദിച്ചു: ‘ഈ വികാസം നല്‍കല്‍ എങ്ങിനെയാണ്?’ തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞു: ‘ഹൃദയത്തില്‍ അല്ലാഹു ഇട്ടുകൊടുക്കുന്ന ഒരു പ്രകാശമാണത്’. അവര്‍ ചോദിച്ചു: ‘അതു മനസ്സിലാക്കാവുന്ന വല്ല അടയാളവും ഉണ്ടോ?’ തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞു: ‘ഉണ്ട്’, ശാശ്വത ജീവിതത്തിന്റെ ഭവനത്തിലേക്കു (മനസ്സിനു) വീണ്ടു വിചാരമുണ്ടാകലും, കൃത്രിമ ഭവനത്തില്‍ നിന്നു (മനസ്സു) വിട്ടുനില്‍ക്കലും, മരിക്കുന്നതിനു മുമ്പു മരിക്കുവാന്‍ തയ്യാറുണ്ടാകലുമാണത്’. (പരലോകത്തെക്കുറിച്ചുള്ള ബോധമുണ്ടായിരിക്കുകയും, ഐഹിക സുഖസൗകര്യങ്ങള്‍ക്കു പ്രധാന്യം കല്‍പിക്കാതിരിക്കുകയും, മരിക്കുന്നതിനു മുമ്പായി സ്വന്തം കടമകള്‍ നിര്‍വ്വഹിക്കുകയും, സല്‍ക്കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്യുക എന്നു സാരം).
- وَهَـٰذَا صِرَٰطُ رَبِّكَ مُسْتَقِيمًا ۗ قَدْ فَصَّلْنَا ٱلْـَٔايَـٰتِ لِقَوْمٍ يَذَّكَّرُونَ ﴾١٢٦﴿
- ഇതാ നിന്റെ റബ്ബിന്റെ പാത - നേരെ ചൊവ്വായ നിലയില്‍ (സ്ഥിതി ചെയ്യുന്നു). ഉറ്റാലോചിക്കുന്ന ജനങ്ങള്‍ക്കു വേണ്ടി നാം 'ആയത്തു' [ലക്‌ഷ്യം]കള്‍ വിശദീകരിച്ചും കഴിഞ്ഞിട്ടുണ്ട്.
- وَهَـٰذَا ഇതാ, ഇതു صِرَاطُ പാത, പാതയാണു رَبِّكَ നിന്റെ റബ്ബിന്റെ مُسْتَقِيمًا നേര്‍ക്കു നേരെയുള്ള (ചൊവ്വായ) നിലയില്‍ قَدْ فَصَّلْنَا നാം വിശദീകരിച്ചിട്ടുണ്ടു الْآيَاتِ ആയത്തു (ദൃഷ്ടാന്തം - ലക്‌ഷ്യം)കളെ لِقَوْمٍ ഒരു ജനതക്കു, ജനങ്ങള്‍ക്കുവേണ്ടി يَذَّكَّرُونَ അവര്‍ ഉറ്റാലോചിക്കും.
- لَهُمْ دَارُ ٱلسَّلَـٰمِ عِندَ رَبِّهِمْ ۖ وَهُوَ وَلِيُّهُم بِمَا كَانُوا۟ يَعْمَلُونَ ﴾١٢٧﴿
- അവര്‍ക്കു അവരുടെ റബ്ബിന്റെ അടുക്കല്‍ സമാധാനത്തിന്റെ [ശാന്തിയുടെ] ഭവനമുണ്ടായിരിക്കും; അവന്‍, അവരുടെ കൈകാര്യ കര്‍ത്താവും (അഥവാ രക്ഷാധികാരിയും) ആകുന്നു; (അതെ) അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതു നിമിത്തം.
- لَهُمْ അവര്‍ക്കുണ്ടു, ഉണ്ടായിരിക്കും دَارُ السَّلَامِ സമാധാനത്തിന്റെ (ശാന്തിയുടെ) ഭവനം عِندَ رَبِّهِمْ അവരുടെ റബ്ബിന്റെ അടുക്കല്‍ وَهُوَ അവന്‍, അവനാകട്ടെ وَلِيُّهُم അവരുടെ കൈകാര്യക്കാരനാകുന്നു, രക്ഷാധികാരിയാണു بِمَا كَانُوا അവരായിരുന്നതു നിമിത്തം يَعْمَلُونَ അവര്‍ പ്രവര്‍ത്തിക്കും.
നിന്റെ റബ്ബിന്റെ പാത (صِرَاطُ رَبِّكَ) കൊണ്ടു വിവക്ഷ ക്വുര്‍ആന്‍ മുഖേന അല്ലാഹു കാണിച്ചുതന്ന മത മാര്‍ഗ്ഗമാണെന്നു 153-ാം വചനത്തിന്റെ വ്യാഖ്യാനത്തില്‍ നിന്നു മനസ്സിലാക്കാം. دَارُ السَّلَامِ (സമാധാനത്തിന്റെ – അഥവാ ശാന്തിയുടെ – ഭവനം) എന്നു പറഞ്ഞതു സ്വര്‍ഗ്ഗത്തെ ഉദ്ദേശിച്ചാകുന്നു. ഉറ്റാലോചിക്കാത്തവര്‍ക്കു തെളിവുകള്‍ വിവരിക്കുന്നതുകൊണ്ടു ഫലമില്ലല്ലോ. അതുകൊണ്ടാണു ‘ഉറ്റാലോചിക്കുന്ന ജനങ്ങള്‍ക്കുവേണ്ടി വിവരിച്ചിരിക്കുന്നു’ വെന്നു പറഞ്ഞത്.
- وَيَوْمَ يَحْشُرُهُمْ جَمِيعًا يَـٰمَعْشَرَ ٱلْجِنِّ قَدِ ٱسْتَكْثَرْتُم مِّنَ ٱلْإِنسِ ۖ وَقَالَ أَوْلِيَآؤُهُم مِّنَ ٱلْإِنسِ رَبَّنَا ٱسْتَمْتَعَ بَعْضُنَا بِبَعْضٍ وَبَلَغْنَآ أَجَلَنَا ٱلَّذِىٓ أَجَّلْتَ لَنَا ۚ قَالَ ٱلنَّارُ مَثْوَىٰكُمْ خَـٰلِدِينَ فِيهَآ إِلَّا مَا شَآءَ ٱللَّهُ ۗ إِنَّ رَبَّكَ حَكِيمٌ عَلِيمٌ ﴾١٢٨﴿
- അവരെ മുഴുവനും അവന്‍ [റബ്ബ്] ഒരുമിച്ചു കൂട്ടുന്ന ദിവസം! (അന്ന് അല്ലാഹു പറയും:) 'ജിന്നിന്‍റെ സമൂഹമേ! തീര്‍ച്ചയായും നിങ്ങള്‍ മനുഷ്യരില്‍നിന്നു (ആളുകളെ) അധികരി(ച്ചു പിഴ)പ്പിച്ചിരിക്കുന്നു'.
മനുഷ്യരില്‍ നിന്നുള്ള അവരുടെ (ബന്ധു) മിത്രങ്ങള്‍ പറയും: 'ഞങ്ങളുടെ റബ്ബേ, ഞങ്ങളില്‍ ചിലര്‍ ചിലരെ ഉപയോഗപ്പെടുത്തി; നീ ഞങ്ങള്‍ക്കു നിശ്ചയിച്ചുവെച്ച അവധി ഞങ്ങള്‍ പ്രാപിക്കുകയും ചെയ്‌തു'.
അവന്‍ പറയും: 'നരകം നിങ്ങളുടെ പാര്‍പ്പിടമാകുന്നു; അതില്‍ (നിങ്ങള്‍) നിത്യവാസികളായിക്കൊണ്ട് - അല്ലാഹു ഉദ്ദേശിച്ചതൊഴികെ.' നിശ്ചയമായും നിന്റെ റബ്ബ് അഗാധജ്ഞനും, സര്‍വ്വജ്ഞനുമാകുന്നു. - وَيَوْمَ يَحْشُرُهُمْ അവന്‍ അവരെ ഒരുമിച്ചു കൂട്ടുന്ന ദിവസം جَمِيعًا മുഴുവനും, എല്ലാവരെയും يَا مَعْشَرَ സമൂഹമേ الْجِنِّ ജിന്നിന്റെ قَدِ اسْتَكْثَرْتُم നിങ്ങള്‍ അധികരിപ്പിച്ചിട്ടുണ്ട്, തീര്‍ച്ചയായും പെരുപ്പിച്ചു مِّنَ الْإِنسِ മനുഷ്യരില്‍ നിന്നു وَقَالَ പറയും أَوْلِيَاؤُهُم അവരുടെ മിത്രങ്ങള്‍ (ആള്‍ക്കാര്‍) مِّنَ الْإِنسِ മനുഷ്യരില്‍നിന്നുള്ള رَبَّنَا ഞങ്ങളുടെ റബ്ബേ اسْتَمْتَعَ ഉപയോഗപ്പെടുത്തി, ഉപയോഗമെടുത്തു بَعْضُنَا ഞങ്ങളില്‍ ചിലര്‍ بِبَعْضٍ ചിലരെ, ചിലരെക്കൊണ്ട് وَبَلَغْنَا ഞങ്ങള്‍ പ്രാപിക്കുകയും ചെയ്‌തു أَجَلَنَا ഞങ്ങളുടെ അവധി الَّذِي أَجَّلْتَ നീ അവധിവെച്ച (നിശ്ചയിച്ച) لَنَا ഞങ്ങള്‍ക്കു قَالَ അവന്‍ പറയും النَّارُ നരകം مَثْوَاكُمْ നിങ്ങളുടെ പാര്‍പ്പിട(വാസസ്ഥല)മാണ് خَالِدِينَ സ്ഥിരവാസികളായിക്കൊണ്ട് فِيهَا അതില്‍ إِلَّا مَا شَاءَ ഉദ്ദേശിച്ചതൊഴികെ اللَّهُ അല്ലാഹു إِنَّ നിശ്ചയമായും رَبَّكَ നിന്റെ റബ്ബ് حَكِيمٌ അഗാധജ്ഞനാണ്, യുക്തിമാനാകുന്നു عَلِيمٌ സര്‍വ്വജ്ഞനാണ്.
സൃഷ്ടികളെയെല്ലാം ‘മഹ്ശറി’ല്‍ ഒരുമിച്ചു കൂട്ടിയശേഷം, ദുര്‍മ്മാര്‍ഗ്ഗത്തില്‍ പരസ്പരം മിത്രബന്ധം പുലര്‍ത്തിപ്പോന്ന ജിന്നുകളെയും മനുഷ്യരെയും ആക്ഷേപിച്ച് അല്ലാഹു പറയുന്ന ചില വാക്കുകളും അവരുടെ മറുപടിയും അല്ലാഹു ഉദ്ധരിക്കുകയാണ്. മനുഷ്യരില്‍ നിന്നു വളരെ അധികം ആളുകളെ നിങ്ങളുടെ ദുരുപദേശങ്ങള്‍ക്കു വിധേയരാക്കി നിങ്ങള്‍ വഴിപിഴപ്പിച്ചുവല്ലോ എന്നു അല്ലാഹു ജിന്നുകളോടു പറയുന്നു. അവരുടെ സഹകാരികളും അനുയായികളുമായി വര്‍ത്തിച്ചിരുന്ന മനുഷ്യരെ ഇതു വിഭ്രാന്തിയിലാക്കുമല്ലോ. അവര്‍ ദയനീയ സ്വരത്തില്‍ കുറ്റം സമ്മതിച്ചുകൊണ്ടു മറുപടി പറയും: ‘റബ്ബേ, ഞങ്ങള്‍ അന്യോന്യം ഉപയോഗപ്പെടുത്തിയതു ശരിയാണ്. അങ്ങനെ, നീ ഞങ്ങള്‍ക്കു നിശ്ചയിച്ചിരുന്ന ആയുഷ്ക്കാലം ഞങ്ങള്‍ കഴിച്ചുകൂട്ടി ഇതാ ഇവിടെ എത്തിച്ചേര്‍ന്നിരിക്കുന്നു. അഥവാ ഞങ്ങള്‍ ഇരുകൂട്ടരും അബദ്ധം പ്രവര്‍ത്തിച്ചുപോയി. ഞങ്ങള്‍ക്കു പൊറുത്തു തരണേ എന്നു താല്‍പര്യം. ശരി, എനി, നിങ്ങള്‍ ഇരുകൂട്ടര്‍ക്കും താമസിക്കുവാനുള്ള പാര്‍പ്പിടം നരകമാണു. …. ഇതായിരിക്കും അല്ലാഹുവിന്റെ മറുപടി.
ജിന്നു വര്‍ഗ്ഗക്കാരായ പിശാചുക്കള്‍ മനുഷ്യഹൃദയങ്ങളില്‍ ദുര്‍മ്മന്ത്രവും, ദുഷ്പ്രേരണയും നടത്തുമെന്നും, ദുര്‍മ്മാര്‍ഗ്ഗങ്ങളും ദുര്‍ന്നടപ്പുകളും അവര്‍ക്കു അലങ്കാരമാക്കി കാണിച്ചുകൊണ്ടിരിക്കുമെന്നും, മനുഷ്യരെ വഴി തെറ്റിക്കല്‍ പിശാചിന്റെ സ്ഥിരം ജോലിയാണെന്നും അല്ലാഹു ആവര്‍ത്തിച്ചാവര്‍ത്തിച്ചറിയിക്കാറുള്ളതാണല്ലോ. മനുഷ്യരാകട്ടെ, അവരുടെ ദുരുപദേശങ്ങള്‍ക്കും ഇംഗിതങ്ങള്‍ക്കും വഴങ്ങിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. അവരില്‍ അദൃശ്യ ശക്തികളും, ദിവ്യത്വവും കല്‍പിച്ചുകൊണ്ടു അവരെ അനുസരിക്കുകയും, ആരാധിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. ഇതൊക്കെയാണു ഞങ്ങള്‍ അന്യോന്യം ഉപയോഗപ്പെടുത്തി എന്നു പറഞ്ഞതിന്റെ സാരം.
അവിശ്വാസികളുടെ നരകജീവിതം ശാശ്വതമായിരിക്കുമെന്നു (4:169; 33:65 മുതലായ ക്വുര്‍ആന്‍ വചനങ്ങളില്‍ നിന്നും, പല നബി വചനങ്ങളില്‍ നിന്നും അറിയപ്പെട്ടതാണ്. അതുകൊണ്ട് അവരുടെ നരകവാസത്തെപ്പറ്റി خَالِدِينَ فِيهَا إِلَّا مَا شَاءَ اللَّـهُ (അവരതില്‍ ശാശ്വതരായിരിക്കും – അല്ലാഹു ഉദ്ദേശിച്ചതൊഴികെ) എന്ന വാക്കില്‍ ഒഴിവാക്കപ്പെട്ട കാലത്തെപ്പറ്റി ക്വുര്‍ആന്‍ വ്യാഖ്യാതാക്കള്‍ ഒന്നിലധികം പ്രകാരത്തില്‍ പ്രസ്താവിച്ചു കാണാം. ക്വബ്റുകളില്‍ നിന്നു എഴുന്നേല്‍പിക്കപ്പെട്ടതു മുതല്‍ വിചാരണ കഴിഞ്ഞു നരകത്തില്‍ പ്രവേശിക്കുന്നതുവരെയുള്ള കാലമാണു ഒഴിവാക്കപ്പെട്ടിരിക്കുന്നതു എന്നത്രെ ഇബ്നുജരീര്‍ (رحمة الله عليه) മുതലായ പലരും പറയുന്നത്. വേറെയും അഭിപ്രായങ്ങളുണ്ട്. കൂടുതല്‍ വിവരം സൂറ: ഹൂദ് 107, 108 വചനങ്ങളുടെ വ്യാഖ്യാനത്തില്‍ വിവരിക്കാം. إن شاء الله . അല്ലാഹു പറയുന്നു:-
- وَكَذَٰلِكَ نُوَلِّى بَعْضَ ٱلظَّـٰلِمِينَ بَعْضًۢا بِمَا كَانُوا۟ يَكْسِبُونَ ﴾١٢٩﴿
- അപ്രകാരം, അക്രമികള്‍ സമ്പാദിക്കുന്ന [പ്രവര്‍ത്തിക്കുന്ന]തു നിമിത്തം അവരില്‍ ചിലര്‍ക്ക് ചിലരോട് നാം മൈത്രിയുണ്ടാക്കുന്നു.
- وَكَذَٰلِكَ അതുപോലെ نُوَلِّي നാം മൈത്രി (മിത്രബന്ധം) ഉണ്ടാക്കുന്നു بَعْضَ الظَّالِمِينَ അക്രമികളില്‍ ചിലര്‍ക്കു بَعْضًا ചിലരോടു بِمَا كَانُوا അവരായിരുന്നതു നിമിത്തം يَكْسِبُونَ അവര്‍ സമ്പാദിക്കും (ചെയ്തുകൂട്ടുക).
സത്യവിശ്വാസികള്‍ പരസ്പരം ബന്ധുമിത്രങ്ങളാണ് (9:71); യഹൂദികളും ക്രിസ്ത്യാനികളും പരസ്പരം ബന്ധുമിത്രങ്ങളാണ് (5: 54); മുഹാജിറുകളും അന്‍സാരികളും പരസ്പം ബന്ധുമിത്രങ്ങളാണു (8:72); അവിശ്വാസികള്‍ പരസ്പരം ബന്ധുമിത്രങ്ങളാണ് (8: 73); അക്രമികള്‍ പരസ്പരം ബന്ധുമിത്രങ്ങളാണ് (45: 19) എന്നൊക്കെ അല്ലാഹു പ്രസ്താവിച്ചിരിക്കുന്നു. അതുപോലെ, തോന്നിയവാസത്തിലും ദുര്‍മ്മാര്‍ഗ്ഗത്തിലും പരസ്പരം ഉപയോഗപ്പെടുത്തിക്കൊണ്ടിരുന്ന ആ ജിന്നുകളെയും മനുഷ്യരെയും കുറിച്ച് അവരും ബന്ധുമിത്രങ്ങളാണെന്നും, ശിക്ഷയില്‍ പങ്കാളികളാണെന്നും കഴിഞ്ഞ വചനത്തിലും പ്രസ്താവിച്ചു. അങ്ങനെ, ഇഹത്തിലെന്നപോലെ പരത്തിലും, പ്രവര്‍ത്തനത്തിലെന്നപോലെ ശിക്ഷയിലുമെല്ലാം അവര്‍ പരസ്പരം മിത്രങ്ങളാണെന്നു സാരം.