വിഭാഗം - 7

6:56
  • قُلْ إِنِّى نُهِيتُ أَنْ أَعْبُدَ ٱلَّذِينَ تَدْعُونَ مِن دُونِ ٱللَّهِ ۚ قُل لَّآ أَتَّبِعُ أَهْوَآءَكُمْ ۙ قَدْ ضَلَلْتُ إِذًا وَمَآ أَنَا۠ مِنَ ٱلْمُهْتَدِينَ ﴾٥٦﴿
  • പറയുക: 'അല്ലാഹുവിനു പുറമെ നിങ്ങള്‍ വിളിച്ചു (പ്രാര്‍ത്ഥി) ക്കുന്നവരെ ഞാന്‍ ആരാധിക്കുന്നതു നിശ്ചയമായും എന്നോടു വിരോധിക്കപ്പെട്ടിരിക്കുന്നു.'

    പറയുക: 'നിങ്ങളുടെ ഇച്ഛകളെ ഞാന്‍ പിന്‍പറ്റുകയില്ല; (അങ്ങിനെ ചെയ്‌താല്‍) അന്നേരം, ഞാന്‍ തീര്‍ച്ചയായും വഴിപിഴച്ചു; ഞാന്‍ സന്മാര്‍ഗ്ഗം പ്രാപിച്ചവരില്‍ പെട്ടവനല്ലതാനും.'
  • قُلْ പറയുക إِنِّي نُهِيتُ നിശ്ചയമായും ഞാന്‍ വിരോധിക്കപ്പെട്ടിരിക്കുന്നു أَنْ أَعْبُدَ ഞാന്‍ ആരാധിക്കുന്നതു الَّذِينَ تَدْعُونَ നിങ്ങള്‍ വിളിക്കുന്ന (പ്രാര്‍ത്ഥിക്കുന്ന) വരെ مِن دُونِ اللَّـهِ അല്ലാഹുവിനു പുറമെ, അല്ലാഹുവിനെ കൂടാതെ പറയുക قُل ഞാന്‍ لَّا أَتَّبِعُ പിന്‍പറ്റുകയില്ല أَهْوَاءَكُمْ നിങ്ങളുടെ ഇച്ഛകളെ قَدْ ضَلَلْتُ തീര്‍ച്ചയായും ഞാന്‍ വഴി പിഴച്ചു إِذًا അന്നേരം, അപ്പോള്‍, എന്നാല്‍ وَمَا أَنَا ഞാന്‍ അല്ലതാനും مِنَ الْمُهْتَدِينَ സന്മാര്‍ഗ്ഗം പ്രാപിച്ചവരില്‍ (പെട്ടവന്‍).

6:57
  • قُلْ إِنِّى عَلَىٰ بَيِّنَةٍ مِّن رَّبِّى وَكَذَّبْتُم بِهِۦ ۚ مَا عِندِى مَا تَسْتَعْجِلُونَ بِهِۦٓ ۚ إِنِ ٱلْحُكْمُ إِلَّا لِلَّهِ ۖ يَقُصُّ ٱلْحَقَّ ۖ وَهُوَ خَيْرُ ٱلْفَـٰصِلِينَ ﴾٥٧﴿
  • പറയുക: 'നിശ്ചയമായും ഞാന്‍, എന്റെ റബ്ബിങ്കല്‍ നിന്നുള്ള വ്യക്തമായ തെളിവോടെയാണുള്ളത്; നിങ്ങള്‍ അതിനെ വ്യാജമാക്കുകയും ചെയ്തിരിക്കയാണ്. നിങ്ങള്‍ യാതൊന്നിനു ധൃതി കൂട്ടിക്കൊണ്ടിരിക്കുന്നുവോ അത് എന്റെ പക്കല്‍ ഇല്ല. വിധി (യുടെ അധികാരം) അല്ലാഹുവിനല്ലാതെ (ആര്‍ക്കും) ഇല്ല.

    അവന്‍ യഥാര്‍ത്ഥത്തെ കഥനം ചെയ്തു (വിവരിച്ചു) തരുന്നു; അവന്‍ തീര്‍പ്പു കല്‍പിക്കുന്നവരില്‍വെച്ചു ഉത്തമനുമത്രെ.'
  • قُلْ إِنِّي പറയുക നിശ്ചയമായും ഞാന്‍ عَلَىٰ بَيِّنَةٍ തെളിവോടെയാണു, തെളിവുപ്രകാരമാണു مِّن رَّبِّي എന്റെ റബ്ബിങ്കല്‍നിന്നുള്ള وَكَذَّبْتُم നിങ്ങള്‍ വ്യാജമാക്കുകയും ചെയ്തിരിക്കുന്നു بِهِ അതിനെ, അവനെ مَا عِندِي എന്റെ പക്കലില്ല مَا യാതൊരു കാര്യം تَسْتَعْجِلُونَ നിങ്ങള്‍ ധൃതി കൂട്ടുന്നു بِهِ അതിനു, അതിനെപ്പറ്റി إِنِ الْحُكْمُ വിധി (അധികാരം) ഇല്ല, അല്ല إِلَّا لِلَّـهِ അല്ലാഹുവിനല്ലാതെ يَقُصُّ അവന്‍ കഥനം ചെയ്യുന്നു, വിവരിച്ചു തരുന്നു الْحَقَّ യഥാര്‍ത്ഥത്തെ, സത്യത്തെ وَهُوَ അവന്‍ خَيْرُ الْفَاصِلِينَ തീര്‍പ്പുണ്ടാക്കുന്ന (തീര്‍പ്പു കല്‍പിക്കുന്ന)വരില്‍വെച്ചു ഉത്തമനാണു.
6:58
  • قُل لَّوْ أَنَّ عِندِى مَا تَسْتَعْجِلُونَ بِهِۦ لَقُضِىَ ٱلْأَمْرُ بَيْنِى وَبَيْنَكُمْ ۗ وَٱللَّهُ أَعْلَمُ بِٱلظَّـٰلِمِينَ ﴾٥٨﴿
  • പറയുക: 'നിങ്ങള്‍ ധൃതികൂട്ടിക്കൊണ്ടിരിക്കുന്ന കാര്യം എന്റെ പക്കല്‍ ഉണ്ടെന്നു വരികില്‍, എനിക്കും നിങ്ങള്‍ക്കുമിടയില്‍ കാര്യം തീരുമാനിക്കപ്പെടുക തന്നെ ചെയ്തിരുന്നു.

    അല്ലാഹുവാകട്ടെ, അക്രമികളെപ്പറ്റി നല്ലവണ്ണം അറിയുന്നവനാകുന്നു.'
  • قُل പറയുക لَّوْ أَنَّ عِندِي എന്റെ പക്കലുണ്ടായിരുന്നെങ്കില്‍ مَا تَسْتَعْجِلُونَ بِهِ നിങ്ങള്‍ ധൃതികൂട്ടുന്ന കാര്യം لَقُضِيَ തീരുമാനിക്കപ്പെടുക തന്നെ ചെയ്തിരുന്നു الْأَمْرُ കാര്യം بَيْنِي എന്റെ ഇടയില്‍ وَبَيْنَكُمْ നിങ്ങളുടെ ഇടയിലും وَاللَّـهُ أَعْلَمُ അല്ലാഹു ഏറ്റം (നല്ലവണ്ണം) അറിയുന്നവനാണു بِالظَّالِمِينَ അക്രമികളെപ്പറ്റി.
6:59
  • وَعِندَهُۥ مَفَاتِحُ ٱلْغَيْبِ لَا يَعْلَمُهَآ إِلَّا هُوَ ۚ وَيَعْلَمُ مَا فِى ٱلْبَرِّ وَٱلْبَحْرِ ۚ وَمَا تَسْقُطُ مِن وَرَقَةٍ إِلَّا يَعْلَمُهَا وَلَا حَبَّةٍ فِى ظُلُمَـٰتِ ٱلْأَرْضِ وَلَا رَطْبٍ وَلَا يَابِسٍ إِلَّا فِى كِتَـٰبٍ مُّبِينٍ ﴾٥٩﴿
  • അവന്റെ [അല്ലാഹുവിന്റെ] പക്കലാണ് അദൃശ്യ കാര്യത്തിന്റെ താക്കോലുകള്‍; അവനല്ലാതെ അവയെക്കുറിച്ച് അറിയുകയില്ല.

    കരയിലും കടലിലുമുള്ളതു ഒക്കെയും അവന്‍ അറിയുന്നു.

    ഒരു ഇലയുംതന്നെ, അതവന്‍ അറിയാതെ (കൊഴിഞ്ഞു) വീഴുന്നതല്ല;

    ഭൂമിയുടെ അന്ധകാരങ്ങളിലുള്ള ഒരു ധാന്യമണിയാകട്ടെ, ഒരു (ഈറമുള്ള) പച്ച വസ്തുവാകട്ടെ, ഉണങ്ങിയതാകട്ടെ, സ്പഷ്ടമായ ഒരു ഗ്രന്ഥത്തില്‍ (രേഖപ്പെടുത്തപ്പെട്ടിട്ട്) ഇല്ലാതെയില്ല.
  • وَعِندَهُ അവന്റെ പക്കലാണു مَفَاتِحُ താക്കോലുകള്‍ الْغَيْبِ അദൃശ്യ (കാര്യ) ത്തിന്റെ لَا يَعْلَمُهَا അവയെ അറിയുകയില്ല إِلَّا هُوَ അവനല്ലാതെ وَيَعْلَمُ അവന്‍ അറിയുകയും ചെയ്യുന്നു مَا فِي الْبَرِّ കരയിലുള്ളതു وَالْبَحْرِ കടലിലും, സമുദ്രത്തിലും وَمَا تَسْقُطُ വീഴുന്നതുമല്ല مِن وَرَقَةٍ ഒരു ഇലയും, ഇലയായുള്ളതു (ഒന്നും) إِلَّا يَعْلَمُهَا അതിനെ അവന്‍ അറിയാതെ وَلَا حَبَّةٍ ഒരു ധാന്യവും (മണിയും) ഇല്ല فِي ظُلُمَاتِ അന്ധകാരങ്ങളിലുള്ള (ഇരുട്ടിലുള്ള) الْأَرْضِ ഭൂമിയുടെ وَلَا رَطْبٍ ഒരു പച്ച (ഈറമായതു - നനവുള്ളതു)യും ഇല്ല وَلَا يَابِسٍ ഉണങ്ങിയതുമില്ല إِلَّا فِي كِتَابٍ ഒരു ഗ്രന്ഥത്തില്‍ (രേഖയില്‍) ഇല്ലാതെ مُّبِينٍ സ്പഷ്ടമായ, വ്യക്തമായ.

‘അല്ലാഹുവേ, (മുഹമ്മദു പറയുന്ന) ഇതാണു നിന്റെ പക്കല്‍നിന്നുള്ള യഥാര്‍ത്ഥമെങ്കില്‍ നീ ഞങ്ങളുടെ മേല്‍ ആകാശത്തുനിന്നും ഒരു കല്ലു മഴ പെയ്യിപ്പിക്കുക! അല്ലെങ്കില്‍ വേദനയേറിയ വല്ല ശിക്ഷയും ഞങ്ങള്‍ക്കു തന്നേക്കുക!’ എന്ന് മുശ്രിക്കുകള്‍ പറഞ്ഞിരുന്നതായി സൂ: അന്‍ഫാല്‍ 32ല്‍ അല്ലാഹു ഉദ്ധരിക്കുന്നുണ്ട്. അതുപോലെ, മുഹമ്മദു പറയുന്നതൊക്കെ നേരാണെങ്കില്‍ അതിനെ നിഷേധിക്കുന്ന ഞങ്ങള്‍ക്കു എന്തുകൊണ്ടു ശിക്ഷയൊന്നും അനുഭവപ്പെടുന്നില്ല? എന്നും മറ്റും പരിഹാസപൂര്‍വ്വം അവര്‍ പറയാറുണ്ടായിരുന്നു. അതിനെ സൂചിപ്പിച്ചുകൊണ്ടാണു مَا تَسْتَعْجِلُونَ بِهِ (നിങ്ങള്‍ ധൃതികൂട്ടുന്ന കാര്യം) എന്നു പറഞ്ഞിരിക്കുന്നത്.

അവിശ്വാസികളോടു പറയുവാനായി ഈ വചനങ്ങളില്‍ അല്ലാഹു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യോടു കല്‍പിച്ചതിന്റെ ചുരുക്കം ഇതാണ്: നിങ്ങളുടെ ആരാധ്യ ദൈവങ്ങളെ ആരാധിക്കുവാനോ വിളിച്ചു പ്രാര്‍ത്ഥിക്കുവാനോ, നിങ്ങളുടെ തന്നിഷ്ടങ്ങളും തോന്നിയവാസങ്ങളും അനുകരിക്കുവാനോ ഞാന്‍ തയ്യാറില്ല. അതിനു എനിക്കു നിവൃത്തിയുമില്ല. അങ്ങനെ ചെയ്‌താല്‍, നിങ്ങളെപ്പോലെ ഞാനും പിഴച്ചുപോകും. എനിക്കാണെങ്കില്‍, അല്ലാഹുവിങ്കല്‍ നിന്നുള്ള വ്യക്തമായ തെളിവുകള്‍ എന്റെ മുമ്പിലുണ്ട്. അതു നിഷേധിക്കുക എനിക്കു സാദ്ധ്യമല്ല. നിങ്ങള്‍ അവയെല്ലാം വ്യാജമാക്കിത്തള്ളുകയാണു ചെയ്യുന്നത്. അതാണു നിങ്ങള്‍ക്കു പിണഞ്ഞ ആപത്തും. അങ്ങിനെയാണെങ്കില്‍ ഞങ്ങള്‍ക്കു എന്തുകൊണ്ടു ശിക്ഷ വരുന്നില്ല എന്നുള്ള നിങ്ങളുടെ ധൃതികൂട്ടലിനെപ്പറ്റി എനിക്കു പറയുവാനുള്ളത് ഇതാണ്. അക്കാര്യം എന്റെ അധീനത്തിലോ അധികാരത്തിലോ പെട്ടതല്ല. അതിലൊക്കെ തീരുമാനം എടുക്കുവാനുള്ള അവകാശം അല്ലാഹുവിനാണ്. വേണ്ടതുപോലെ അവനതു കൈകാര്യം ചെയ്തുകൊള്ളും. അതു എന്റെ അധീനത്തിലാണുള്ളതെങ്കില്‍ നാം തമ്മിലുള്ള വഴക്കും ഭിന്നിപ്പും നേരത്തെത്തന്നെ അവസാനിക്കുമായിരുന്നുവല്ലോ. ഏതായാലും നമ്മില്‍ ആരാണു അക്രമികളെന്നു അല്ലാഹുവിനു ശരിക്കും അറിയാം. അതുകൊണ്ടു പ്രശ്നത്തിനുള്ള പരിഹാരം അവന്‍ ഉണ്ടാക്കാതിരിക്കുകയില്ല. അതു എപ്പോഴാണ്, എങ്ങിനെയാണു എന്നൊക്കെ അവന്നേ അറിയൂ. അദൃശ്യജ്ഞാനം അവനു മാത്രമേയുള്ളു. ഈ ഭൂമിയില്‍ നടക്കുന്ന ഏതൊരു നിസ്സാര കാര്യവും അതെത്ര നിഗൂഢവും രഹസ്യവുമായാലും ശരി – അവന്‍ അരിഞ്ഞുകൊണ്ടിരിക്കുന്നു. ഏതൊരു കാര്യമാകട്ടെ, ഏതൊരു വസ്തുവാകട്ടെ, അവന്റെ അറിവില്‍ പെടാത്തതും, അവന്‍ രേഖപ്പെടുത്തിവെക്കാത്തതുമില്ലതന്നെ.

6:60
  • وَهُوَ ٱلَّذِى يَتَوَفَّىٰكُم بِٱلَّيْلِ وَيَعْلَمُ مَا جَرَحْتُم بِٱلنَّهَارِ ثُمَّ يَبْعَثُكُمْ فِيهِ لِيُقْضَىٰٓ أَجَلٌ مُّسَمًّى ۖ ثُمَّ إِلَيْهِ مَرْجِعُكُمْ ثُمَّ يُنَبِّئُكُم بِمَا كُنتُمْ تَعْمَلُونَ ﴾٦٠﴿
  • അവനത്രെ, രാത്രിയില്‍ നിങ്ങളെ (ഉറക്കില്‍) പിടിച്ചെടുക്കുന്നവന്‍. പകലില്‍ നിങ്ങള്‍ പ്രവര്‍ത്തിച്ചതു അവന്‍ അറിയുകയും ചെയ്യുന്നു. പിന്നെ (ഉറക്കിനു ശേഷം) നിര്‍ണ്ണയം ചെയ്യപ്പെട്ട ഒരവധി (പൂര്‍ത്തിയാക്കി) നിര്‍വ്വഹിക്കപ്പെടുവാനായി അതില്‍ (പകലില്‍) അവന്‍ നിങ്ങളെ എഴുന്നേല്‍പിക്കുന്നു.

    പിന്നെ അവങ്കലേക്കാണു നിങ്ങളുടെ മടങ്ങി വരവു. പിന്നീട്, നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിനെക്കുറിച്ചു നിങ്ങള്‍ അവന്‍ ബോധാപ്പെടുത്തുന്നതാണ്.
  • وَهُوَ الَّذِي അവനത്രെ യാതൊരുവന്‍ يَتَوَفَّاكُم നിങ്ങളെ പിടിച്ചെടുക്കുന്ന (ഉറക്കുന്ന) بِاللَّيْلِ രാത്രിയില്‍ وَيَعْلَمُ അവന്‍ അറിയുകയും ചെയ്യുന്നു مَا جَرَحْتُم നിങ്ങള്‍ പ്രവര്‍ത്തിച്ചതു بِالنَّهَارِ പകലില്‍ ثُمَّ يَبْعَثُكُمْ പിന്നെ നിങ്ങളെ അവന്‍ എഴുന്നേല്‍പിക്കുന്നു فِيهِ അതില്‍ لِيُقْضَىٰ നിര്‍വ്വഹിക്ക (തീരുമാനിക്ക) പ്പെടുവാന്‍വേണ്ടി أَجَلٌ مُّسَمًّى നിര്‍ണ്ണയിക്കപ്പെട്ട (നിശ്ചിതമായ) ഒരവധി ثُمَّ പിന്നെ إِلَيْهِ അവങ്കലേക്കാണു مَرْجِعُكُمْ നിങ്ങളുടെ മടക്കം, മടങ്ങി വരവു ثُمَّ يُنَبِّئُكُم പിന്നെ നിങ്ങളെ അവന്‍ ബോധാപ്പെടുത്തും, വൃത്താന്തമറിയിക്കും بِمَا كُنتُمْ നിങ്ങളായിരുന്നതിനെപ്പറ്റി تَعْمَلُونَ നിങ്ങള്‍ പ്രവര്‍ത്തിക്കും.

تَوَفِّي (തവഫ്ഫീ) എന്ന ധാതുവില്‍ നിന്നുമുള്ള പദ രൂപങ്ങള്‍ക്കു ‘പൂര്‍ണ്ണമായെടുക്കുക, പിടിച്ചെടുക്കുക, നിറവേറ്റിയെടുക്കുക’ എന്നൊക്കെയാണു അര്‍ത്ഥമെന്നും, മരണം, ഉറക്കു മുതലായവമൂലമുള്ള പിടിച്ചെടുക്കലുകളിലെല്ലാം അവ ഉപയോഗിക്കപ്പെടുമെന്നും, ക്വുര്‍ആനിലും അങ്ങിനെ ഉപയോഗിച്ചിട്ടുണ്ടെന്നും നാം 3:55; 39:42 മുതലായവയുടെ വ്യാഖ്യാനത്തില്‍ വിവരിച്ചിട്ടുണ്ട്. ഇവിടെ ‘ഉറക്കുക’ എന്ന ഉദ്ദേശ്യത്തിലാണു يَتَوَفَّاكُم (നിങ്ങളെ പിടിച്ചെടുക്കും) എന്നു പറഞ്ഞിരിക്കുന്നത്. 3:55ലും, 5:117ലും ഭൂമിയില്‍നിന്നു കൊണ്ടു പോകുക എന്ന ഉദ്ദേശ്യത്തിലും അടുത്ത വചനത്തിലും, 32:11ലും മരണപ്പെടുത്തുക എന്ന ഉദ്ദേശ്യത്തിലും ഉപയോഗിച്ചിരിക്കുന്നു. 39:42 ലാകട്ടെ, മരണത്തെയും ഉറക്കിനെയും ഒപ്പം ഉദ്ദേശിച്ചുകൊണ്ടാണുള്ളത്. ഈ ക്രിയാപദത്തിന്റെ അര്‍ത്ഥത്തെ അഹ്മദിയ്യാ മതക്കാര്‍ (ക്വാദിയാനികള്‍) പോലെയുള്ള ചില പിഴച്ച കക്ഷികള്‍ ദുര്‍വ്യാഖ്യാനം ചെയ്തു തങ്ങളുടെ പുതിയ വാദം സ്ഥാപിക്കുവാന്‍ ശ്രമിക്കാറുള്ളതു മനസ്സിരുത്തുവാന്‍വേണ്ടിയാണ് ഇക്കാര്യം വീണ്ടും പ്രത്യേകം ഉണര്‍ത്തുന്നത്.

أَجَلٌ مُّسَمًّى (നിര്‍ണ്ണയിക്കപ്പെട്ട അവധി) കൊണ്ടുദ്ദേശ്യം ഓരോരുത്തനും യഥാര്‍ത്ഥത്തില്‍ നിശ്ചയിക്കപ്പെട്ടിട്ടുള്ള ആയുഷ്കാലമാകുന്നു. രാത്രിയില്‍ മരണ സമാനമായ ഉറക്കു നല്‍കിയശേഷം ആയുഷ്കാലാവധി തീരുന്നതുവരെ ജീവിക്കുവാന്‍വേണ്ടി വീണ്ടും നിങ്ങളെ ഉണര്‍ത്തിയെഴുന്നേല്‍പിച്ചുകൊണ്ടിരിക്കുന്നുവെന്നും, അങ്ങനെ അവസാനം സാക്ഷാല്‍ മരണം നല്‍കുകയും മരണശേഷം വീണ്ടും എഴുന്നേല്‍പിച്ച് മുന്‍ ചെയ്ത കര്‍മ്മങ്ങളെക്കുറിച്ചു നടപടി എടുക്കുകയും ചെയ്യുമെന്നും സാരം.

വിഭാഗം - 8

6:61
  • وَهُوَ ٱلْقَاهِرُ فَوْقَ عِبَادِهِۦ ۖ وَيُرْسِلُ عَلَيْكُمْ حَفَظَةً حَتَّىٰٓ إِذَا جَآءَ أَحَدَكُمُ ٱلْمَوْتُ تَوَفَّتْهُ رُسُلُنَا وَهُمْ لَا يُفَرِّطُونَ ﴾٦١﴿
  • അവനത്രെ, തന്റെ അടിയാന്‍മാരുടെ മേലുള്ള സര്‍വ്വാധികാരി. അവന്‍ നിങ്ങളില്‍ കാവല്‍ക്കാരെ അയക്കുകയും ചെയ്യുന്നു.

    അങ്ങനെ, നിങ്ങളിലൊരാള്‍ക്കു മരണം വന്നെത്തുമ്പോള്‍, നമ്മുടെ ദൂതന്‍മാര്‍ അവനെ പിടിച്ചെടുക്കുന്നു; അവരാകട്ടെ, വീഴ്ചവരുത്തുകയില്ലതാനും.
  • وَهُوَ അവന്‍, അവനത്രെ الْقَاهِرُ സര്‍വ്വാധികാരി, അടക്കി ഭരിക്കുന്നവന്‍ فَوْقَ عِبَادِهِ തന്റെ അടിയാന്‍മാരുടെ മീതെ وَيُرْسِلُ അവന്‍ അയക്കുകയും ചെയ്യുന്നു عَلَيْكُمْ നിങ്ങളുടെമേല്‍, നിങ്ങളില്‍ حَفَظَةً കാവല്‍ക്കാരെ, സൂക്ഷിപ്പുകാരെ حَتَّىٰ അങ്ങനെ (വരെ) إِذَا جَاءَ വന്നാല്‍ أَحَدَكُمُ നിങ്ങളിലൊരാള്‍ക്കു الْمَوْتُ മരണം تَوَفَّتْهُ അവനെ പിടിച്ചെടുക്കും رُسُلُنَا നമ്മുടെ ദൂതന്‍മാര്‍ وَهُمْ അവരാകട്ടെ, അവരോ لَا يُفَرِّطُونَ വീഴ്ച (പോരായ്മ) വരുത്തുകയില്ല (താനും).
6:62
  • ثُمَّ رُدُّوٓا۟ إِلَى ٱللَّهِ مَوْلَىٰهُمُ ٱلْحَقِّ ۚ أَلَا لَهُ ٱلْحُكْمُ وَهُوَ أَسْرَعُ ٱلْحَـٰسِبِينَ ﴾٦٢﴿
  • പിന്നീടു, അവര്‍ [പിടിച്ചെടുക്കപ്പെട്ടവര്‍] തങ്ങളുടെ യഥാര്‍ത്ഥ യജമാനനായ അല്ലാഹുവിങ്കലേക്കു മടക്കിക്കൊണ്ടു വരപ്പെടുന്നതാണ്.

    അല്ലാ! (അറിയുക:) അവനാണു വിധി (യുടെ അധികാരം) ഉള്ളത്. അവന്‍ കണക്കു നോക്കുന്നവരില്‍വെച്ചു ഏറ്റവും വേഗതയുള്ളവനുമാകുന്നു.
  • ثُمَّ رُدُّوا പിന്നെ അവര്‍ മടക്കപ്പെടും, ആക്കപെടും إِلَى اللَّـهِ അല്ലാഹുവിങ്കലേക്കു مَوْلَاهُمُ അവരുടെ യജമാനനായ الْحَقِّ യഥാര്‍ത്ഥ أَلَا അല്ലാ (അറിയുക) لَهُ അവനാണു الْحُكْمُ വിധി, അധികാരം وَهُوَ അവന്‍, അവനോ أَسْرَعُ അധികം വേഗതയുള്ളവനുമാണു الْحَاسِبِينَ കണക്കു നോക്കുന്നവരില്‍.

حَفَظَةً (കാവല്‍ക്കാര്‍) എന്നു പറഞ്ഞതു കര്‍മ്മങ്ങളെ രേഖപ്പെടുത്തുന്നതിനായി നിയോഗിക്കപ്പെട്ട മലക്കുകളെ ഉദ്ദേശിച്ചാകുന്നു. (സൂ: ഇന്‍ഫിത്വാര്‍ 10-12ലും, സൂ: ക്വാഫ് 18ലും നോക്കുക.). رُسُلُنَا (നമ്മുടെ ദൂതന്‍മാര്‍) എന്നു പറഞ്ഞതു മരണപ്പെടുത്തുന്ന കാര്യം ഏല്‍പിക്കപ്പെട്ടിട്ടുള്ള മലക്കുകളുമാണ്. (സൂ: സജദഃ 11ഉം മറ്റും നോക്കുക).

6:63
  • قُلْ مَن يُنَجِّيكُم مِّن ظُلُمَـٰتِ ٱلْبَرِّ وَٱلْبَحْرِ تَدْعُونَهُۥ تَضَرُّعًا وَخُفْيَةً لَّئِنْ أَنجَىٰنَا مِنْ هَـٰذِهِۦ لَنَكُونَنَّ مِنَ ٱلشَّـٰكِرِينَ ﴾٦٣﴿
  • പറയുക: 'കരയിലെയും, കടലിലെയും അന്ധകാരങ്ങളില്‍നിന്നു നിങ്ങളെ രക്ഷപ്പെടുത്തുന്നതാരാണ്? വിനയം കാണിച്ചും, രഹസ്യമായും അവനെ നിങ്ങള്‍ വിളിച്ചു (പ്രാര്‍ത്ഥിച്ചു) കൊണ്ടിരിക്കെ! "ഇതില്‍നിന്നു ഞങ്ങളെ അവന്‍ രക്ഷപ്പെടുത്തിയെങ്കില്‍ നിശ്ചയമായും ഞങ്ങള്‍ നന്ദി കാണിക്കുന്നവരുടെ കൂട്ടത്തില്‍ ആയിത്തീരുക തന്നെ ചെയ്യും" എന്നു (പറഞ്ഞുകൊണ്ടു).
  • قُلْ പറയുക مَن يُنَجِّيكُم നിങ്ങളെ രക്ഷപ്പെടുത്തുന്നതാരാണ് مِّن ظُلُمَاتِ അന്ധകാരങ്ങളില്‍നിന്നു الْبَرِّ കരയുടെ, കരയിലെ وَالْبَحْرِ കടലിന്റെ (കടലിലെ) യും تَدْعُونَهُ നിങ്ങള്‍ അവനെ വിളിച്ചു (പ്രാര്‍ത്ഥിച്ചു) കൊണ്ടിരിക്കെ تَضَرُّعًا വിനയപൂര്‍വ്വം, താഴ്മ കാട്ടിക്കൊണ്ടു وَخُفْيَةً രഹസ്യമായും لَّئِنْ أَنجَانَا ഞങ്ങളെ അവന്‍ രക്ഷപ്പെടുത്തിയെങ്കില്‍ مِنْ هَـٰذِهِ ഇതില്‍നിന്നു لَنَكُونَنَّ നിശ്ചയമായും ഞങ്ങള്‍ ആയിരിക്കുക തന്നെ ചെയ്യും مِنَ الشَّاكِرِينَ നന്ദി ചെയ്യുന്നവരുടെ കൂട്ടത്തില്‍.
6:64
  • قُلِ ٱللَّهُ يُنَجِّيكُم مِّنْهَا وَمِن كُلِّ كَرْبٍ ثُمَّ أَنتُمْ تُشْرِكُونَ ﴾٦٤﴿
  • പറയുക: 'അതില്‍നിന്നും, എല്ലാ ദുഃഖങ്ങളില്‍ നിന്നും അല്ലാഹു (തന്നെ) നിങ്ങളെ രക്ഷപ്പെടുത്തുന്നു. (എന്നിട്ടും) പിന്നെ, നിങ്ങള്‍ (അവനോടു) പങ്കു ചേര്‍ക്കുന്നു!'
  • قُلِ اللَّـهُ പറയുക അല്ലാഹു يُنَجِّيكُم നിങ്ങളെ രക്ഷപ്പെടുത്തുന്നു مِّنْهَا അതില്‍നിന്നു وَمِن كُلِّ كَرْبٍ എല്ലാ ദുഃഖത്തില്‍നിന്നും, മനോവേദനയില്‍ നിന്നും ثُمَّ പിന്നെ, എന്നിട്ടും أَنتُمْ നിങ്ങള്‍ تُشْرِكُونَ പങ്കു ചേര്‍ക്കുന്നു.
6:65
  • قُلْ هُوَ ٱلْقَادِرُ عَلَىٰٓ أَن يَبْعَثَ عَلَيْكُمْ عَذَابًا مِّن فَوْقِكُمْ أَوْ مِن تَحْتِ أَرْجُلِكُمْ أَوْ يَلْبِسَكُمْ شِيَعًا وَيُذِيقَ بَعْضَكُم بَأْسَ بَعْضٍ ۗ ٱنظُرْ كَيْفَ نُصَرِّفُ ٱلْـَٔايَـٰتِ لَعَلَّهُمْ يَفْقَهُونَ ﴾٦٥﴿
  • പറയുക: 'അവനത്രെ കഴിവുള്ളവന്‍, നിങ്ങളുടെ മുകളില്‍നിന്നോ, നിങ്ങളുടെ കാലുകളുടെ അടിയില്‍നിന്നോ നിങ്ങളില്‍ വല്ല ശിക്ഷയും അയക്കുവാനും, അല്ലെങ്കില്‍, നിങ്ങളെ (ഭിന്ന) കക്ഷികളായി കൂട്ടിക്കലര്‍ത്തി ആശയക്കുഴപ്പത്തിലാക്കുകയും, നിങ്ങളില്‍ ചിലര്‍ക്കു ചിലരുടെ ശൗര്യം [കാഠിന്യം] അനുഭവിപ്പിക്കുകയും ചെയ്‌വാനും.'

    നോക്കൂ: അവര്‍ (കാര്യം ഗ്രഹിക്കുവാന്‍വേണ്ടി നാം 'ആയത്തു' [ലക്ഷം] കളെ വിവിധ രൂപത്തില്‍, വിവരിച്ചു കൊടുക്കുന്നതു എങ്ങിനെയാണെന്നു!
  • قُلْ പറയുക هُوَ الْقَادِرُ അവനത്രെ കഴിവുള്ളവന്‍, അവന്‍ കഴിവുള്ളവനത്രെ عَلَىٰ أَن يَبْعَثَ അവന്‍ അയക്കുവാന്‍ നിയോഗിക്കുന്നതിനു عَلَيْكُمْ നിങ്ങളുടെ മേല്‍, നിങ്ങളില്‍ عَذَابًا വല്ല ശിക്ഷയും مِّن فَوْقِكُمْ നിങ്ങളുടെ മീതെനിന്നു أَوْ مِن تَحْتِ അല്ലെങ്കില്‍ താഴെനിന്നു أَرْجُلِكُمْ നിങ്ങളുടെ കാലുകളുടെ أَوْ يَلْبِسَكُمْ അല്ലെങ്കില്‍ നിങ്ങളെ കൂട്ടിക്കലര്‍ത്തുവാന്‍ (ആശയക്കുഴപ്പം - സംശയം ഉണ്ടാക്കുവാന്‍) شِيَعًا പല കക്ഷി (സംഘം) കളായി وَيُذِيقَ രുചി നോക്കി (ആസ്വദിപ്പി) ക്കുവാനും بَعْضَكُم നിങ്ങളില്‍ ചിലര്‍ക്കു بَأْسَ بَعْضٍ ചിലരുടെ ശൗര്യം, ഊക്കു, ഉപദ്രവം, കാഠിന്യം انظُرْ നോക്കുക كَيْفَ എങ്ങിനെയാണു نُصَرِّفُ നാം തിരിമറി ചെയ്യുന്നതു (വിവിധ രൂപത്തില്‍ വിവരിക്കുന്നതു) الْآيَاتِ ലക്ഷ്യങ്ങളെ, ദൃഷ്ടാന്തങ്ങളെ لَعَلَّهُمْ അവരായിരിക്കുവാന്‍വേണ്ടി يَفْقَهُونَ അവര്‍ ഗ്രഹിക്കും.

കരയിലായാലും, കടലിലായാലും അത്യാപത്തു വരുമ്പോള്‍, അല്ലാഹു അല്ലാത്തവരെ ആരാധിച്ചു വരുന്ന ബഹുദൈവ വിശ്വാസികളും അല്ലാഹുവിനെ വിളിച്ചു തന്നെയാണു രക്ഷക്കപേക്ഷിക്കുകയെന്നു അല്‍പം മുമ്പു പറഞ്ഞുവല്ലോ. വിനയപൂര്‍വ്വം ഭക്തിയും താഴ്മയും അര്‍പ്പിച്ചുകൊണ്ടു പരസ്യമായും രഹസ്യമായും അവര്‍ പ്രാര്‍ത്ഥന നടത്തും. ഈ ആപത്തില്‍നിന്നു രക്ഷ കിട്ടിയാല്‍ തങ്ങള്‍ അല്ലാഹുവിനോടു നന്ദികേടായി ഒന്നും പ്രവര്‍ത്തിക്കുകയില്ലെന്നും, മേലില്‍ നന്ദിയുള്ള നല്ല ആളുകളായിക്കൊള്ളാമെന്നും മറ്റും മനസ്സുകൊണ്ടും നാവു കൊണ്ടും അവര്‍ ഉറപ്പിക്കുകയും ചെയ്യും. ഏതു ആപത്തില്‍നിന്നും യഥാര്‍ത്ഥത്തില്‍ രക്ഷ നല്‍കുന്നവന്‍ അല്ലാഹു മാത്രമാണല്ലോ. ഈ വാസ്തവത്തെപ്പറ്റി ആ അവസരത്തില്‍ അവര്‍ക്കും ബോധോദയം വരുന്നു. ഇതരദൈവങ്ങളെയൊന്നും വിളിച്ചു പ്രാര്‍ത്ഥിക്കാതിരിക്കുവാന്‍ അതാണു കാരണം. പക്ഷേ, ആപത്തില്‍ നിന്നു അല്ലാഹു രക്ഷ നല്‍കിയാലോ? അതൊക്കെ മറന്ന് അവര്‍ പഴയപടി ശിര്‍ക്കുതന്നെ പ്രവര്‍ത്തിക്കുകയും ചെയ്യും. ഈ നന്ദികെട്ടവരോടു അല്ലാഹു താക്കീതു ചെയ്യുന്നു: ആ ആപത്തില്‍നിന്നു രക്ഷപ്പെടുത്തിത്തന്ന അല്ലാഹുവിനു വേറെ ഏതെങ്കിലും തരത്തിലുള്ള ആപത്തുകള്‍ നല്‍കി നിങ്ങളെ ശിക്ഷിക്കുവാന്‍ കഴിയുമെന്നു നിങ്ങള്‍ ഓര്‍ക്കണമെന്നു, അതെ, അതിവര്‍ഷം, അത്യുഷ്ണം, അതിശൈത്യം, മഹാവ്യാധി, പകര്‍ച്ചവ്യാധി, ഇടിമിന്നല്‍, കൊടുങ്കാറ്റു, വെള്ളപ്പൊക്കം, ഭൂകമ്പം, പൊട്ടിത്തെറി ആദിയായി മുകളില്‍നിന്നും, അടിയില്‍നിന്നും ഏതെങ്കിലും ശിക്ഷ നല്‍കുവാനും, അല്ലെങ്കില്‍ നിങ്ങള്‍ പരസ്പരം ഭിന്നിച്ച്‌ അന്യോന്യം കൂട്ടിമുട്ടി യുദ്ധമോ കലഹമോ നടത്തി നാശം ഭവിപ്പിക്കുവാനുമൊക്കെ അല്ലാഹുവിനു കഴിവുണ്ടെന്നു.

ജാബിറുബ്നു അബ്ദില്ലാഹ് (رَضِيَ اللهُ تَعَالَى عَنْهُ) ല്‍ നിന്നു ബുഖാരീ (رحمه الله) യും മറ്റും ഉദ്ധരിച്ച ഒരു ഹദീസില്‍ ഇപ്രകാരം വന്നിരിക്കുന്നു. قُلْ هُوَ الْقَادِرُ عَلَىٰ أَن يَبْعَثَ عَلَيْكُمْ عَذَابًا مِّن فَوْقِكُمْ (നിങ്ങളുടെ മുകള്‍ ഭാഗത്തു നിന്നു നിങ്ങളില്‍ വല്ല ശിക്ഷയും അയക്കുവാന്‍ അവന്‍ കഴിവുള്ളവനാണെന്നു പറയുക) എന്നു അവതരിച്ചപ്പോള്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞു: ‘(അല്ലാഹുവേ) ഞാന്‍ നിന്നോട് ശരണം തേടുന്നു’ أَوْ مِن تَحْتِ أَرْجُلِكُمْ (അല്ലെങ്കില്‍ നിങ്ങളുടെ കാലുകളുടെ താഴെ നിന്നു അയക്കുവാനും കഴിവുള്ളവനാണ്‌) എന്നു അവതരിച്ചപോഴും അവിടുന്നു (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ‘(അല്ലാഹുവേ) ഞാന്‍ നിന്നോട് ശരണം തേടുന്നു’ എന്നു പറഞ്ഞു. أَوْ يَلْبِسَكُمْ شِيَعًا وَيُذِيقَ بَعْضَكُم بَأْسَ بَعْضٍ (അല്ലെങ്കില്‍ നിങ്ങളെ പല കക്ഷികളായി കൂട്ടിക്കലര്‍ത്തി പരസ്പരം കാഠിന്യം അനുഭവിപ്പിക്കുവാനും കഴിവുള്ളവനാണു) എന്നു അവതരിച്ചപ്പോള്‍ അവിടുന്ന് (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞു: ‘ഇതു (മറ്റുള്ളവയെക്കാള്‍) നിസ്സാരമാണു.’ ഈ ആശയം ഉള്‍ക്കൊള്ളുന്ന വേറെയും ഹദീഥുകള്‍ കാണാവുന്നതാണു. മുന്‍ സമുദായങ്ങള്‍ക്കു – അവരുടെ ധിക്കാരം അതിരു കവിഞ്ഞപ്പോള്‍ – അവരെ ഉന്‍മൂലനം ചെയ്യുന്ന ശിക്ഷകള്‍ അനുഭവപ്പെട്ടതുപോലെ, ഈ സമുദായത്തെ അല്ലാഹു പൊതു ശിക്ഷ നല്‍കി ഉന്‍മൂലനം ചെയ്കയില്ലെന്നും, കാലവസാനം വരെ ഈ സമുദായം അവശേഷിക്കുമെന്നും, എന്നാല്‍, അഭ്യന്തര കക്ഷി വഴക്കുകളും സംഘട്ടനങ്ങളും അവര്‍ക്കിടയില്‍ നടമാടിക്കൊണ്ടിരിക്കുമെന്നുമാണു പ്രസ്തുത ഹദീഥുകളിലടങ്ങിയ ആശയത്തിന്റെ രത്നച്ചുരുക്കം.

6:66
  • وَكَذَّبَ بِهِۦ قَوْمُكَ وَهُوَ ٱلْحَقُّ ۚ قُل لَّسْتُ عَلَيْكُم بِوَكِيلٍ ﴾٦٦﴿
  • (നബിയേ) നിന്റെ ജനത ഇതിനെ (ക്വുര്‍ആനെ) - യഥാര്‍ത്ഥം അതായിരിക്കെ - വ്യാജമാക്കിയിരിക്കയാണ്. പറയുക: 'ഞാന്‍ നിങ്ങളുടെ മേല്‍ (ഉത്തരവാദിത്വം) ഏല്‍പിക്കപ്പെട്ടവനൊന്നുമല്ല.'
  • وَكَذَّبَ بِهِ ഇതിനെ വ്യാജമാക്കിയിരിക്കുന്നു قَوْمُكَ നിന്റെ ജനത وَهُوَ الْحَقُّ അതു യഥാര്‍ത്ഥമായിരിക്കെ, യഥാര്‍ത്ഥമാണുതാനും قُل പറയുക لَّسْتُ ഞാനല്ല عَلَيْكُم നിങ്ങളുടെ മേല്‍ بِوَكِيلٍ ഒരു ഏല്‍പിക്കപ്പെട്ടന്‍ (ബാദ്ധ്യസ്ഥന്‍).
6:67
  • لِّكُلِّ نَبَإٍ مُّسْتَقَرٌّ ۚ وَسَوْفَ تَعْلَمُونَ ﴾٦٧﴿
  • എല്ലാ വര്‍ത്തമാനത്തിനുമുണ്ടു (അതു) ഒരു കലാശം; വഴിയെ നിങ്ങള്‍ക്കു അറിയാറാകുന്നതുമാണ്.
  • لِّكُلِّ نَبَإٍ എല്ലാ വര്‍ത്തമാന (വൃത്താന്ത) ത്തിനുമുണ്ട് مُّسْتَقَرٌّ ഒരു സ്ഥിരപ്പെടല്‍ (കലാശം - ഒതുക്കം - പുലര്‍ച്ച) وَسَوْفَ വഴിയെ, പിറകെ تَعْلَمُونَ നിങ്ങള്‍ അറിയുന്നതാണ്.

സാരം: അല്ലാഹുവിന്റെ സന്ദേശങ്ങള്‍ നിങ്ങള്‍ക്കു എത്തിച്ചു തരുന്നതിന്റെ ഉത്തരവാദിത്വം മാത്രമേ എന്റെ മേലുള്ളു. അതു ഞാന്‍ നിര്‍വ്വഹിക്കുന്നുമുണ്ട്. നിങ്ങളില്‍ പ്രബോധനം ചെയ്യപ്പെടുന്ന കാര്യങ്ങളെല്ലാം യഥാര്‍ത്ഥമായി പുലരുകയും, അതു നിങ്ങളുടെ ശിക്ഷയില്‍ കലാശിക്കുകയും ചെയ്യുന്ന ഒരു അവസരമുണ്ടെന്നു നിങ്ങള്‍ ഓര്‍ക്കണം. ഇപ്പോള്‍ നിങ്ങള്‍ കണ്ണു തുറന്നില്ലെങ്കില്‍ അപ്പോള്‍ നിങ്ങള്‍ കണ്ണു തുറക്കും.

6:68
  • وَإِذَا رَأَيْتَ ٱلَّذِينَ يَخُوضُونَ فِىٓ ءَايَـٰتِنَا فَأَعْرِضْ عَنْهُمْ حَتَّىٰ يَخُوضُوا۟ فِى حَدِيثٍ غَيْرِهِۦ ۚ وَإِمَّا يُنسِيَنَّكَ ٱلشَّيْطَـٰنُ فَلَا تَقْعُدْ بَعْدَ ٱلذِّكْرَىٰ مَعَ ٱلْقَوْمِ ٱلظَّـٰلِمِينَ ﴾٦٨﴿
  • നമ്മുടെ 'ആയത്തു' [ലക്‌ഷ്യം] കളില്‍ മുഴുകി [കുഴപ്പമുണ്ടാക്കി] ക്കൊണ്ടിരിക്കുന്നവരെ നീ കണ്ടാല്‍, അവര്‍ അതല്ലാത്ത (വേറെ) ഒരു വിഷയത്തില്‍ മുഴുകുന്നതു [പ്രവേശിക്കുന്നതു] വരെ അവരില്‍ നിന്നു നീ തിരിഞ്ഞു കളയുക. (വല്ലപ്പോഴും) പിശാചു നിന്നെ മറപ്പിച്ചു കളയുന്നപക്ഷം, അപ്പോള്‍, ഓര്‍മ്മക്കുശേഷം (ആ) അക്രമികളുടെ കൂടെ നീ ഇരിക്കരുത്.
  • وَإِذَا رَأَيْتَ നീ കണ്ടാല്‍ الَّذِينَ يَخُوضُونَ മുഴുകുന്നവരെ, (കുഴപ്പത്തിനായി) പ്രവേശിക്കുന്നവരെ فِي آيَاتِنَا നമ്മുടെ ആയത്തു (ലക്‌ഷ്യം - വചനം - ദൃഷ്ടാന്തം) കളില്‍ فَأَعْرِضْ അപ്പോള്‍ നീ തിരിഞ്ഞു കളയുക عَنْهُمْ അവരില്‍ നിന്നു, അവരെ വിട്ടു حَتَّىٰ يَخُوضُوا അവര്‍ മുഴുകുന്നതുവരെ فِي حَدِيثٍ ഒരു വിഷയത്തില്‍, വര്‍ത്തമാനത്തില്‍ غَيْرِهِ അതല്ലാത്ത وَإِمَّا يُنسِيَنَّكَ നിന്നെ (വല്ലപ്പോഴും) മറപ്പിക്കുന്നപക്ഷം الشَّيْطَانُ പിശാചു فَلَا تَقْعُدْ എന്നാല്‍ ഇരിക്കരുതു بَعْدَ الذِّكْرَىٰ ഓര്‍മ്മക്കുശേഷം مَعَ الْقَوْمِ ജനങ്ങളോടുകൂടെ الظَّالِمِينَ അക്രമികളായ.
6:69
  • وَمَا عَلَى ٱلَّذِينَ يَتَّقُونَ مِنْ حِسَابِهِم مِّن شَىْءٍ وَلَـٰكِن ذِكْرَىٰ لَعَلَّهُمْ يَتَّقُونَ ﴾٦٩﴿
  • സൂക്ഷ്മത പാലിക്കുന്നവരുടെ മേല്‍ അവരുടെ വിചാരണയില്‍ നിന്നു ഒന്നുംതന്നെ (ബാദ്ധ്യത) ഇല്ല; എങ്കിലും ഓര്‍മ്മിപ്പിക്കല്‍ [-അതാണു ബാദ്ധ്യത]; അവര്‍ സൂക്ഷിച്ചേക്കാമല്ലോ.
  • وَمَا ഇല്ല, ഇല്ലതാനും عَلَى الَّذِينَ യാതൊരു കൂട്ടരുടെ മേല്‍ يَتَّقُونَ സൂക്ഷിക്കുന്ന مِنْ حِسَابِهِم അവരുടെ വിചാരണയില്‍നിന്നു مِّن شَيْءٍ ഒരു വസ്തുവും (ഒന്നും - ഒട്ടും) وَلَـٰكِن എങ്കിലും ذِكْرَىٰ ഓര്‍മ്മ, ഓര്‍മ്മിപ്പിക്കല്‍, ഉപദേശം لَعَلَّهُمْ അവരായേക്കാം يَتَّقُونَ അവര്‍ സൂക്ഷിക്കുക.

നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയെ അഭിമുഖീകരിച്ചുകൊണ്ടും, ക്വുര്‍ആന്റെ സന്ദേശങ്ങളെ പുച്ഛിച്ചു പരിഹസിക്കുന്ന മുശ്രിക്കുകളെ സംബന്ധിച്ചുമാണ് പ്രത്യക്ഷത്തില്‍ ആദ്യത്തെ വചനം നിലകൊള്ളുന്നത്. എങ്കിലും ഓരോ സത്യവിശ്വാസിക്കും ബാധകമാണ് അതിലെ കല്‍പനയെന്നും, ക്വുര്‍ആനടക്കമുള്ള അല്ലാഹുവിന്റെ ഏതു ലക്ഷ്യ ദൃഷ്ടാന്തങ്ങളെയും വ്യാജമാക്കുകയോ, പരിഹസിക്കുകയോ, ദുര്‍വ്യാഖ്യാനം ചെയ്യുകയോ ചെയ്യുന്ന എല്ലാ കുഴപ്പക്കാരുടെ വിഷയത്തിലും പൊതുവെയുള്ള ഒരു നിയമമാണതെന്നുമുള്ളതില്‍ സംശയമില്ല. അല്ലാഹു ഉപയോഗിച്ച വാക്കുകള്‍ പരിശോധിച്ചാല്‍ ഈ വസ്തുത ആര്‍ക്കും വ്യക്തമാകുന്നതാണ്. അത്തരം വിഷയങ്ങളില്‍ ഏര്‍പ്പെടുന്നവരുടെ വാക്കുകളിലേക്കു ശ്രദ്ധ കൊടുക്കുന്നതും, അവരോടൊപ്പം ഇരുന്നോ മറ്റോ സമ്പര്‍ക്കം പുലര്‍ത്തുന്നതും അല്ലാഹു വിരോധിക്കുന്നു. പ്രസ്തുത അക്രമ പ്രവര്‍ത്തനങ്ങള്‍ക്കു പ്രോത്സാഹനവും അനുകൂലവും നല്‍കലാണല്ലോ അത്. മസ്സില്‍ വെറുപ്പും പ്രതിഷേധവും ഉണ്ടായിരുന്നാല്‍ തന്നെയും ഈ ദോഷത്തില്‍നിന്നു അതു ഒഴിവാകുന്നതല്ല. ഒരു പക്ഷേ, മറവിനിമിത്തം അബദ്ധത്തില്‍ അവരുടെകൂടെ ചെന്നിരുന്നാലും ഓര്‍മ്മവന്നാല്‍ പിന്നെ ആ അക്രമികളുടെ കൂട്ടത്തില്‍ ഇരുന്നുപോകരുതെന്നു അല്ലാഹു വിരോധിച്ചതില്‍നിന്നു ഇതു മനസ്സിലാക്കാം.

മറവി മനുഷ്യ സഹജമാണ്. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിക്കുപോലും മറവി പറ്റാറുണ്ട്. പ്രബോധന വിഷയങ്ങളില്‍ പറ്റുകയില്ലെന്നുമാത്രം. മറവി നിമിത്തം ചെയ്തു പോകുന്ന തെറ്റുകളില്‍ മനുഷ്യന്‍ കുറ്റക്കാരനല്ലെങ്കിലും അതു നിമിത്തം ചിലപ്പോള്‍ ദോഷഫലങ്ങള്‍ ഉണ്ടായേക്കുമെന്നു പറയേണ്ടതില്ല. അതുകൊണ്ടു മറവികളില്‍ പൈശാചികമായ പ്രേരണകള്‍ക്കു കൂടി സ്ഥാനമുണ്ടായിരിക്കും. ‘പിശാചു നിന്നെ മറപ്പിക്കുന്ന പക്ഷം’ (وَإِمَّا يُنسِيَنَّكَ الشَّيْطَانُ) എന്നു പറഞ്ഞതിലെ സൂചന അതാണ്. രണ്ടാമത്തെ വചനത്തില്‍, സത്യവിശ്വാസികള്‍ സൂക്ഷമത പാലിക്കുന്നപക്ഷം ആ അക്രമികളുടെ അക്രമങ്ങള്‍ക്കു ഉത്തവാദികളല്ലെന്നും, അവരുടെ വിചാരണ അല്ലാഹു നടത്തിക്കൊള്ളുമെന്നും, സത്യവിശ്വാസികള്‍ അത്തരം കൃത്യങ്ങളില്‍ ഭാഗഭാക്കാകാതെ സൂക്ഷിക്കുകയാണ് വേണ്ടതെന്നും ഉണര്‍ത്തിയിരിക്കുന്നു. പക്ഷെ, അവര്‍ക്കു ഒരു കടമയുണ്ട് എന്നുകൂടി അവസാനം ഓര്‍മ്മിപ്പിക്കുന്നു. അതായത് അവരെ ഓര്‍മ്മിപ്പിക്കലും ഉപദേശിക്കലും. ഇതാകട്ടെ, ഓരോ വ്യക്തിയും അവനവന്റെ കഴിവും, സാഹചര്യവും അനുസരിച്ചു ചെയ്യേണ്ടതുമാകുന്നു.

ഈ വിഷയകമായി സൂറത്തുന്നിസാഉ് 140-ാം വചനത്തില്‍ അല്ലാഹു പ്രസ്താവിച്ചതു ഇതിനു മുമ്പു നാം കണ്ടുവല്ലോ. അല്ലാഹുവിന്റെ ആയത്തുകള്‍ നിഷേധിക്കപ്പെടുകയും, പരിഹസിക്കപ്പെടുകയും ചെയ്യുന്നതായി കേട്ടാല്‍, അങ്ങിനെ ചെയ്യുന്നവര്‍ വേറെ വല്ല വിഷയത്തിലും പ്രവേശിക്കുന്നതുവരെ അവരോടൊന്നിച്ച് നിങ്ങള്‍ ഇരിക്കരുതെന്നും, അങ്ങനെ ചെയ്‌താല്‍ നിങ്ങളും അവരെപ്പോലെയായിരിക്കുമെന്നുമാണ് അവിടെ അല്ലാഹു പറഞ്ഞിരിക്കുന്നത്. ആ വചനവും ഈ വചനവും മുമ്പില്‍വെച്ചുകൊണ്ടു പരിശോധിച്ചാല്‍, മതത്തിലെ അംഗീകൃത തത്വങ്ങള്‍ക്കു വിരുദ്ധമായ ആദര്‍ശങ്ങളും, ആ ആദര്‍ശങ്ങളെ ന്യായീകരിക്കുന്ന ദുര്‍വ്യാഖ്യാനങ്ങളും ശ്രദ്ധിക്കുന്നതും, അവയുടെ സ്ഥാപനത്തിനും പ്രചാരണത്തിനുംവേണ്ടി നടത്തപ്പെടുന്ന പ്രസിദ്ധീകരണങ്ങളും പ്രഭാഷണങ്ങളും ഗൗനിച്ചുകൊണ്ടിരിക്കുന്നതുമെല്ലാം സത്യവിശ്വാസികള്‍ വര്‍ജ്ജിക്കേണ്ടതാണെന്നു മനസ്സിലാക്കാവുന്നതാണ്. മതതത്വങ്ങളെപ്പറ്റി വേണ്ടത്ര അറിവില്ലാത്ത സാധാരണക്കാര്‍ വിശേഷിച്ചും മനസ്സിരുത്തേണ്ടതാണിത്. കൂടുതല്‍ വിവരം സൂറത്തുന്നിസാഇല്‍ കഴിഞ്ഞുപോയിട്ടുണ്ട്‌. അവരോടൊപ്പം നിങ്ങള്‍ ഇരുന്നാല്‍ നിങ്ങളും അവരെപ്പോലെയായിരിക്കും (إِنَّكُمْ إِذًا مِّثْلُهُمْ) എന്നു അവിടെ അല്ലാഹു പറഞ്ഞ വാക്ക് പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.

മുശ്രിക്കുകളുടെ വിഷയത്തില്‍ മാത്രമല്ല – തന്നിഷ്ടക്കാരും തല്‍പരകക്ഷികളുമായ എല്ലാവരുടെ വിഷയത്തിലുമാണ് – ഈ വചനം അവതരിച്ചിരിക്കുന്നതെന്നു വ്യക്തമാക്കിക്കൊണ്ട് ഇബ്നുസീരിന്‍, അബൂജഅ്ഫര്‍, മുഹമ്മദുബ്നു അലീ (رحمهم الله) പോലെയുള്ള മുന്‍ഗാമികളില്‍നിന്നു രിവായത്തുകള്‍ വന്നിട്ടുള്ളതും പ്രസ്താവ്യമത്രെ അടുത്ത വചനവും കൂടി ശ്രദ്ധിക്കുമ്പോള്‍ ഇപ്പറഞ്ഞ വാസ്തവം കൂടുതല്‍ വ്യക്തമാകുന്നതാണ്. എന്നാല്‍ മത പ്രമാണങ്ങളില്‍ നിന്നു സത്യാവസ്ഥ മനസ്സിലാക്കുവാനും, സത്യവിരുദ്ധമായ വാദഗതികളും, ദുര്‍വ്യാഖ്യാനങ്ങളും തിരിച്ചറിയുവാനും കഴിയുന്ന പണ്ഡിതന്‍മാരെ സംബന്ധിച്ചിടത്തോളം – അവയെ ഖണ്ഡിക്കുവാന്‍ വേണ്ടിയും, പൊതുജനങ്ങളില്‍ അവ മൂല ഉണ്ടാകാവുന്ന ആശയക്കുഴപ്പങ്ങളെ നീക്കം ചെയ്‌വാന്‍ വേണ്ടിയും – അത്തരം പ്രസ്താവനകളില്‍ ശ്രദ്ധ പതിക്കുന്നതുകൊണ്ട് ദോഷമൊന്നുമില്ല. അതു അത്യാവശ്യം കൂടിയായിരിക്കും താനും.

അല്ലാമാശൗകാനീ (رحمه الله) അദ്ദേഹത്തിന്റെ തഫ്സീറില്‍ ഈ വചനത്തിന്റെ വ്യാഖ്യാനത്തില്‍ ചെയ്തിട്ടുള്ള ഒരു പ്രസ്താവന ഗൗനിക്കുന്നതു സന്ദര്‍ഭോചിതമാകുന്നു. അതിന്റെ ചുരുക്കം ഇതാണ്: ‘അല്ലാഹുവിന്റെ വചനങ്ങളെ മാറ്റിമറിച്ചും, അവന്റെ കിതാവും അവന്റെ റസൂലിന്റെ സുന്നത്തും കൊണ്ടു കളിയാടിയും, അവയെല്ലാം തങ്ങളുടെ വഴിപിഴപ്പിക്കുന്ന ആശയങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും അനുസരിച്ചു വ്യാഖ്യാനിച്ചും കൊണ്ടിരിക്കുന്ന പുത്തന്‍വാദക്കാരുമായി സമ്പര്‍ക്കം നടത്തുന്നതില്‍ വിട്ടുവീഴ്ച ചെയ്യാറുള്ളവര്‍ക്കു ഈ വചനത്തില്‍ വലിയൊരു ഉപദേശം അടങ്ങിയിരിക്കുന്നു. അവരോടു പ്രതിഷേധിക്കുകയും, അവരില്‍ മാറ്റം വരുത്തുകയും ചെയ്യുന്നില്ലെങ്കില്‍, കുറഞ്ഞപക്ഷം അവരോടു സഹകരിക്കാതിരിക്കുകയെങ്കിലും ചെയ്യേണ്ടതാകുന്നു. അതു പ്രയാസമില്ലാത്ത കാര്യമാണല്ലോ. അവരുടെ കൃത്രിമ വാദങ്ങളില്‍നിന്നു ഇവര്‍ ശുദ്ധരായിരുന്നാല്‍ തന്നെയും അവരുടെ രംഗങ്ങളില്‍ ഇവര്‍ ഹാജറുണ്ടാകുന്നതിനെ ചൂഷണം ചെയ്തുകൊണ്ട് അവര്‍ പൊതുജനങ്ങളെ ആശയക്കുഴപ്പത്തിലാക്കുവാന്‍ ശ്രമിക്കുന്നതാണ്. ഇതാകട്ടെ, അവയെ കേള്‍ക്കുന്നതിനേക്കാള്‍ നാശകരവുമാണു. ശപിക്കപ്പെട്ട ഇത്തരം സദസ്സുകള്‍ നാം കണ്ടിട്ടുള്ളതിനു കണക്കില്ല. യഥാര്‍ത്ഥത്തെ സഹായിക്കുവാനും അയഥാര്‍ത്ഥത്തെ തടയുവാനും നമ്മുടെ കഴിവനുസരിച്ചു നാം ശ്രമിച്ചിട്ടുമുണ്ട്. ഈ പരിശുദ്ധ ശരീഅത്തിനെപ്പറ്റി വേണ്ടതുപോലെ മനസ്സിലാക്കിയിട്ടുള്ളവര്‍ക്കെല്ലാം അറിയാം, ഹറാമായ (നിഷിദ്ധമായ) കാര്യങ്ങള്‍ പ്രവര്‍ത്തിച്ച് അല്ലാഹുവിനോടു അനുസരണക്കേട്‌ കാണിക്കുന്ന ആളുകളുമായി സഹകരിക്കുന്നതിനേക്കാള്‍ എത്രയോ ഇരട്ടി ആപല്‍ക്കരമാണു വഴിപിഴപ്പിക്കുന്ന പുത്തന്‍ വാദക്കാരുമായി സഹകരിക്കുന്നതെന്നു. ക്വുര്‍ആനെയും സുന്നത്തിനെയും കുറിച്ചു അടിയുറച്ച അറിവു കരസ്ഥമാക്കിയിട്ടില്ലാത്തവര്‍ക്കു പ്രത്യേകിച്ചും അതു ദോഷകരമത്രെ. കാരണം, അവരുടെ വ്യാജ സമര്‍ത്ഥനങ്ങളും വാദങ്ങളും – അവയുടെ കൊള്ളരുതായ്മ ശരിക്കു വ്യക്തമായിരുന്നാല്‍പോലും – പലപ്പോഴും ഇവരില്‍ ചിലവായെന്നു വരും. പിന്നീടതു മാറ്റുവാന്‍ പ്രയാസകരമായിത്തീരുകയും ചെയ്യും. അങ്ങനെ, അങ്ങേഅറ്റം വ്യാജമായ കാര്യത്തെ വളരെ സത്യമായി വിശ്വസിച്ചുകൊണ്ട് അവര്‍ മരണം പ്രാപിക്കുകയും ചെയ്തേക്കും. (اهفتح القدير)

6:70
  • وَذَرِ ٱلَّذِينَ ٱتَّخَذُوا۟ دِينَهُمْ لَعِبًا وَلَهْوًا وَغَرَّتْهُمُ ٱلْحَيَوٰةُ ٱلدُّنْيَا ۚ وَذَكِّرْ بِهِۦٓ أَن تُبْسَلَ نَفْسٌۢ بِمَا كَسَبَتْ لَيْسَ لَهَا مِن دُونِ ٱللَّهِ وَلِىٌّ وَلَا شَفِيعٌ وَإِن تَعْدِلْ كُلَّ عَدْلٍ لَّا يُؤْخَذْ مِنْهَآ ۗ أُو۟لَـٰٓئِكَ ٱلَّذِينَ أُبْسِلُوا۟ بِمَا كَسَبُوا۟ ۖ لَهُمْ شَرَابٌ مِّنْ حَمِيمٍ وَعَذَابٌ أَلِيمٌۢ بِمَا كَانُوا۟ يَكْفُرُونَ ﴾٧٠﴿
  • തങ്ങളുടെ മതത്തെ കളിയും, വിനോദവുമാക്കിത്തീര്‍ക്കുകയും, ഐഹിക ജീവിതം വഞ്ചിക്കുകയും ചെയ്തിട്ടുള്ളവരെ നീ (അവരുടെ പാട്ടിനു) വിട്ടേക്കുകയും ചെയ്യുക.

    ഏതൊരു ആത്മാവും (വ്യക്തിയും) അതു (പ്രവര്‍ത്തിച്ചു) സമ്പാദിച്ചതു നിമിത്തം ബന്ധിപ്പിക്കപ്പെടുമെന്ന (നാശത്തിനു വിധേയമാക്കപ്പെടുമെന്ന) തിനാല്‍ ഇതുമൂലം (ക്വുര്‍ആന്‍ മുഖേന) നീ ഉപദേശം നല്‍കുകയും ചെയ്യുക. അല്ലാഹുവിനെ കൂടാതെ അതിനു ഒരു രക്ഷാകര്‍ത്താവാകട്ടെ, ശുപാര്‍ശകനാകട്ടെ (ഉണ്ടായിരിക്കുക) ഇല്ല.

    അത് എല്ലാ(വിധ) തെണ്ടവും (അഥവാ പ്രായശ്ചിത്തവും) നല്‍കിയാലും അതില്‍നിന്ന് അതു സ്വീകരിക്കപ്പെടുകയുമില്ല. അക്കൂട്ടരത്രെ അവര്‍ (പ്രവര്‍ത്തിച്ചു) സമ്പാദിച്ചതു നിമിത്തം ബന്ധിക്ക
    പ്പെട്ട (നാശത്തിന്നു വിധേയമാക്കപ്പെട്ട)വര്‍. അവര്‍ അവിശ്വസിച്ചുകൊണ്ടിരുന്നതു നിമിത്തം അവര്‍ക്കു ചുട്ടുതിളക്കുന്ന വെള്ളത്തില്‍ നിന്നുള്ള പാനീയവും, വേദനയേറിയ ശിക്ഷയുമുണ്ടായിരിക്കും.
  • وَذَرِ വിട്ടേക്കുകയും ചെയ്യുക الَّذِينَ യാതൊരു കൂട്ടരെ اتَّخَذُوا അവര്‍ ആക്കിത്തീര്‍ത്തു دِينَهُمْ തങ്ങളുടെ മതത്തെ لَعِبًا കളി, വിളയാട്ട് وَلَهْوًا വിനോദവും وَغَرَّتْهُمُ അവരെ വഞ്ചിക്കുകയും ചെയ്തു الْحَيَاةُ الدُّنْيَا ഐഹിക ജീവിതം وَذَكِّرْ ഓര്‍മ്മപ്പെടുത്തുക (ഉല്‍ബോധിപ്പിക്കുക - ഉപദേശിക്കുക) യും ചെയ്യുക بِهِ അതു കൊണ്ട്, ഇതു മുഖേന أَن تُبْسَلَ ബന്ധിപ്പിക്കപ്പെടു (പണയപ്പെടു - നാശത്തിനു വിധേയമാക്കപ്പെടു) ന്നതിനാല്‍ نَفْسٌ ഏതാത്മാവും (ആളും - ദേഹവും) بِمَا كَسَبَتْ അതു സമ്പാദിച്ച (ചെയ്ത - പ്രവര്‍ത്തിച്ചു)തു നിമിത്തം لَيْسَ لَهَا അതിനില്ല (ഉണ്ടാകുകയില്ല) مِن دُونِ اللَّـهِ അല്ലാഹുവിനുപുറമെ, അല്ലാഹുവിനെകൂടാതെ وَلِيٌّ ഒരു രക്ഷാകര്‍ത്താവും, ബന്ധു, കൈകാര്യക്കാരന്‍ وَلَا شَفِيعٌ ഒരു ശുപാര്‍ശകനുമില്ല وَإِن تَعْدِلْ അതു തെണ്ടം ചെയ്താലും (സമാനമായി ചെയ്താലും) كُلَّ عَدْلٍ എല്ലാ തെണ്ടവും, സമാനമായ്തും لَّا يُؤْخَذْ അതു സ്വീകരിക്കപ്പെടുകയില്ല مِنْهَا അതില്‍ (അതിന്റെ പക്കല്‍) നിന്നു أُولَـٰئِكَ الَّذِينَ അക്കൂട്ടരത്രെ യാതൊരുവര്‍ أُبْسِلُوا അവര്‍ ബന്ധിക്കപ്പെട്ട بِمَا كَسَبُوا തങ്ങള്‍ സമ്പാദിച്ചതു (ചെയ്തതു) നിമിത്തം لَهُمْ അവര്‍ക്കുണ്ടു شَرَابٌ പാനീയം, കുടിനീര്‍ مِّنْ حَمِيمٍ അത്യുഷ്ണ (ചുട്ടുതിളക്കുന്ന) ജലത്തില്‍ നിന്നും وَعَذَابٌ أَلِيمٌ വേദനയേറിയ ശിക്ഷയും بِمَا كَانُوا അവരായിരുന്നതുകൊണ്ടു يَكْفُرُونَ അവര്‍ അവിശ്വസിക്കും.

‘ബന്ധിപ്പിക്കുക, പണയപ്പെടുത്തുക, നാശത്തിനു വിധേയമാക്കുക, മുടക്കം ചെയ്യുക’ എന്നിങ്ങിനെ അര്‍ത്ഥങ്ങളുള്ള إِبْسَال (ഇബ്സാല്‍) എന്ന മൂലത്തില്‍ നിന്നുള്ള ക്രിയാരൂപങ്ങളാണു تُبْسَلَ യും أُبْسِل യും. ഓരോരുത്തരും അവരവര്‍ സംബാധിച്ചു വെച്ച ദുഷ്കര്‍മ്മങ്ങള്‍ക്കു പണയപ്പെടുകയും, അങ്ങിനെ നാശത്തിനു വിധേയമായിത്തീരുകയും ചെയ്യുക എന്നാണിവിടെ അതുകൊണ്ടു ഉദ്ദേശിക്കപ്പെടുന്നത്.

ഈ വചനത്തില്‍ അല്ലാഹു പ്രസ്താവിച്ചതിന്റെ ചുരുക്കം ഇതാണു:
(1). ഐഹിക ജീവിതത്തില്‍ വഞ്ചിതരായി മതകാര്യങ്ങള്‍ക്കു നിലയും വിലയും കല്‍പിക്കാതെ, അവയെ കേവലം കളിയും വിനോദവുമാക്കിത്തള്ളിയവരെ അവരുടെ പാട്ടിനു വിട്ടേക്കണം. അവരുടെ ചെയ്തികള്‍ക്കൊന്നും യാതൊരു വിലയും കല്‍പിക്കരുത്.

(2). ഓരോരുത്തരും അവരവരുടെ ദുഷ്കര്‍മ്മങ്ങള്‍ നിമിത്തം നാശത്തിനു – ശിക്ഷക്കു – വിധേയരായിത്തീരുന്നതുകൊണ്ടു – അതിനു ഇടവരാതിരിക്കുവാന്‍ വേണ്ടി – ക്വുര്‍ആന്‍ മുഖേന ഉപദേശം നല്‍കിക്കൊണ്ടിരിക്കണം. അതു നിറുത്തല്‍ ചെയ്‌വാന്‍ പാടില്ല. നാശത്തിനു വിധേയരായിത്തീര്‍ന്നാല്‍ പിന്നീടു ആര്‍ക്കും ഒരു രക്ഷയും കിട്ടുവാനില്ല. രക്ഷാകര്‍ത്താക്കളായോ ശുപാര്‍ശക്കാരായോ ആരും ഉണ്ടായിരിക്കുന്നതുമല്ല. ഏതെങ്കിലും തരത്തിലുള്ള പ്രായശ്ചിത്തമോ, തെണ്ടമോ നല്‍കി രക്ഷപ്പെടുവാനും കഴിയുകയില്ല.

(3). മതകാര്യങ്ങള്‍ക്കു വില കല്‍പിക്കാതെ അവയെ കളി വിനോദമാക്കുന്നവര്‍ തന്നെയായിരിക്കും തങ്ങളുടെ കര്‍മ്മങ്ങള്‍ നിമിത്തം നാശത്തിനു വിധേയരാകുന്നവര്‍. കഠിന കഠോരമായ നരകശിക്ഷ മാത്രമായിരിക്കും അവര്‍ക്കാധാരം. അതിലെ ശിക്ഷാവകുപ്പുകളില്‍ ഒന്നത്രെ, ദാഹശമനത്തിനു ചുട്ടു തിളച്ച ‘ഹമീമാ’കുന്ന വെള്ളമായിരിക്കും അവര്‍ക്കു ലഭിക്കുകയെന്നുള്ളത്.