സൂറത്തുല്‍ അന്‍ഫാല്‍ : 38-58
വിഭാഗം - 5
- قُل لِّلَّذِينَ كَفَرُوٓا۟ إِن يَنتَهُوا۟ يُغْفَرْ لَهُم مَّا قَدْ سَلَفَ وَإِن يَعُودُوا۟ فَقَدْ مَضَتْ سُنَّتُ ٱلْأَوَّلِينَ ﴾٣٨﴿
- അവിശ്വസിച്ചവരോടു നീ പറയുക: "അവര്‍ വിരമിക്കുന്ന പക്ഷം, മുന്‍കഴിഞ്ഞുപോയിട്ടുള്ളതു അവര്‍ക്കു പൊറുക്കപ്പെടും; അവര്‍ ആവര്‍ത്തിക്കുകയാണെങ്കിലോ, പൂര്‍വ്വീകന്‍മാരുടെ (മേലുണ്ടായ) നടപടിച്ചട്ടം കഴിഞ്ഞുപോയിട്ടുമുണ്ട്. [അതിന്നു ഇവരും വിധേയരാകും]."
- قُل പറയുക لِّلَّذِينَ كَفَرُوا അവിശ്വസിച്ചവരോടു إِن يَنتَهُوا അവര്‍ വിരമിക്കുന്ന പക്ഷം يُغْفَرْ പൊറുക്കപ്പെടും لَهُم അവര്‍ക്കു مَّا قَدْ سَلَفَ മുന്‍കഴിഞ്ഞുപോയിട്ടുള്ളതു وَإِن يَعُودُوا അവര്‍ മടങ്ങി (ആവര്‍ത്തിച്ചു) എങ്കിലോ فَقَدْ مَضَتْ എന്നാല്‍ കഴിഞ്ഞു പോയിട്ടുണ്ട് سُنَّتُ നടപടി, ചട്ടം, പതിവു, മാഗ്ഗം الْأَوَّلِينَ മുന്‍ഗാമികളുടെ, പൂര്‍വ്വീകന്‍മാരുടെ
സത്യനിഷേധവും, ദുര്‍വ്വാശിയും ഉപേക്ഷിച്ചു സത്യവിശ്വാസം സ്വീകരിക്കുവാന്‍ അവര്‍ തയ്യാറാകുന്നപക്ഷം, മുമ്പ് അവര്‍ ചെയ്തുകൂട്ടിയ അക്രമങ്ങളുടെയും പാപങ്ങളുടെയും പേരില്‍ അവരോടു നടപടി എടുക്കപ്പെടുകയില്ല. എല്ലാം അവര്‍ക്കു പൊറുത്തു കൊടുക്കപ്പെടും, അതല്ല, വീണ്ടും ഇതേ നില തുടരുവാനാണു ഉദ്ദേശമെങ്കില്‍, ഇവരെപ്പോലെ മുന്‍കഴിഞ ധിക്കാരികളുടെമേല്‍ എടുത്ത നടപടി ഇവരുടെമേലും എടുക്കുക തന്നെ ചെയ്യും എന്നു സാരം. അതായതു, സത്യവിശ്വാസികള്‍ക്കു ഇഹത്തിലും പരത്തിലും രക്ഷയും വിജയവും നല്‍കപ്പെടും. അവിശ്വാസികള്‍ക്കു ഇഹത്തിലും പരത്തിലും ശിക്ഷയും പരാജയവും നല്‍കപ്പെടുകയും ചെയ്യും.
നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞതായി ഇബ്നുമസ്ഊദ് (رَضِيَ اللهُ تَعَالَى عَنْهُ) ഉദ്ധരിക്കുന്നു: “ഇസ്‌ലാം അതിന്റെ മുമ്പുള്ളതിനെ (പാപങ്ങളെ) മുറിച്ചു നീക്കുന്നതാണ്. തൗബഃ (പശ്ചാത്താപം) അതിന്റെ മുമ്പുള്ളതിനെയും മുറിച്ചുനീക്കും.” (ബു). അംറുബ്നുല്‍ ആസ്വ് (رَضِيَ اللهُ تَعَالَى عَنْهُ) പറയുന്നു: “എന്റെ ഹൃദയത്തില്‍ അല്ലാഹു ഇസ്ലാമിനെ (കുറിച്ചുള്ള വിശ്വാസം) ഏര്‍പ്പെടുത്തിയപ്പോള്‍ ഞാന്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യുടെ അടുക്കല്‍ ചെന്നു. ‘അവിടുന്നു കൈനീട്ടുക, ഞാന്‍ അങ്ങേക്ക് ബൈഅത്തു (പ്രതിജ്ഞ) നല്‍കാം.’ എന്നു ഞാന്‍ പറയുന്നു. തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) കൈനീട്ടി. അപ്പോള്‍ ഞാന്‍ എന്റെ കൈവലിച്ചു. ‘തനിക്കെന്തു പറ്റി?’ എന്ന് തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ചോദിച്ചു. ‘ഞാന്‍ (ഒരു) നിബന്ധന വെക്കുവാന്‍ ഉദ്ദേശിക്കുന്നു’ എന്നു ഞാന്‍ പറഞ്ഞു. അപ്പോള്‍ തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ): “എന്താണു നിബന്ധന?” ഞാന്‍ പറഞ്ഞു: ‘അവിടുന്നു എനിക്കുവേണ്ടി പാപമോചനം തേടുമെന്നു.’ അപ്പോള്‍ തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഇപ്രകാരം പറഞ്ഞു: “തനിക്കറിയുകയില്ലേ, ഇസ്ലാം അതിന്റെ മുമ്പുള്ളതിനെ പൊളിച്ചു നീക്കുമെന്നും, ഹിജ്ര അതിന്റെ മുമ്പുണ്ടായതിനെ പൊളിച്ചുനീക്കുമെന്നും, ഹജ്ജ് അതിന്റെ മുമ്പുണ്ടായതിനെ പൊളിച്ചു നീക്കുമെന്നും.’ (അ: മു).
- وَقَٰتِلُوهُمْ حَتَّىٰ لَا تَكُونَ فِتْنَةٌ وَيَكُونَ ٱلدِّينُ كُلُّهُۥ لِلَّهِ ۚ فَإِنِ ٱنتَهَوْا۟ فَإِنَّ ٱللَّهَ بِمَا يَعْمَلُونَ بَصِيرٌ ﴾٣٩﴿
- (സത്യവിശ്വാസികളേ) 'ഫിത്‌നഃ' [കുഴപ്പം] ഉണ്ടാകാതിരിക്കുകയും, 'ദീന്‍' [മതം] മുഴുവനും അല്ലാഹുവിന് ആയിത്തീരുകയും ചെയ്യുന്നതുവരെ നിങ്ങള്‍ അവരോട് യുദ്ധം ചെയ്യുവിന്‍. എനി, അവര്‍ വിരമിച്ചുവെങ്കില്‍, അവര്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി നിശ്ചയമായും, അല്ലാഹു കണ്ടറിയുന്നവനാണ്. [പിന്നീട് വേണ്ടത് അവന്‍ ചെയ്‌തുകൊള്ളും].
- وَقَاتِلُوهُمْ അവരോടു യുദ്ധം ചെയ്തുകൊള്ളുവിന്‍ حَتَّىٰ لَا تَكُونَ ഉണ്ടാകാതിരിക്കുന്നതുവരെ, ഇല്ലാതാകുവോളം فِتْنَةٌ കുഴപ്പം, ഒരു കുഴപ്പവും وَيَكُونَ ആകുന്നതും (വരെ) الدِّينُ മതം كُلُّهُ എല്ലാം (മുഴുവനും) لِلَّـهِ അല്ലാഹുവിനു فَإِنِ انتَهَوْا അവര്‍ വിരമിച്ചെങ്കില്‍, വിട്ടുമാറിയാല്‍ فَإِنَّ اللَّـهَ എന്നാല്‍ നിശ്ചയമായും അല്ലാഹു بِمَا يَعْمَلُونَ അവര്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി بَصِيرٌ കാണുന്നവനാണു
ഇതേ അര്‍ത്ഥത്തിലുള്ള ഒരു വചനം സൂറത്തുല്‍ ബക്വറഃ 193ല്‍ മുമ്പു കഴിഞ്ഞുപോയിട്ടുണ്ട്. ‘ഫിത്‌നഃ’ (കുഴപ്പം) എന്ന വാക്കിന്റെ അര്‍ത്ഥങ്ങളെക്കുറിച്ചും, കുഴപ്പം ഇല്ലാതാകുന്നതുവരെ യുദ്ധം ചെയ്യുക എന്നു പറഞ്ഞതിന്‍റെ ഉദ്ദേശ്യത്തെപ്പറ്റിയും ആ വചനത്തിന്‍റെ വ്യാഖ്യാനത്തിലും അതിലെ 191-ാം വചനത്തിന്‍റെ വ്യാഖ്യാനത്തിലുമായി വേണ്ടത്ര വിവരിച്ചിട്ടുള്ളതുകൊണ്ട് ഇവിടെ കൂടുതല്‍ വിവരിക്കുന്നില്ല. ശത്രുക്കളുടെ ഭാഗത്തു നിന്നു ഇസ്‌ലാമിനെതിരെ അക്രമ മര്‍ദ്ദനങ്ങള്‍ ഉണ്ടാകാതിരിക്കുകയും, അല്ലാഹുവിന്‍റെ മതത്തിനു ഭൂമിയില്‍ സ്വതന്ത്രമായ നിലയില്‍ സ്വൈര വിഹാരം കൊള്ളുവാന്‍ അവസരം ലഭിക്കുകയും ചെയ്യുന്നതുവരെ യുദ്ധത്തിന്‍റെ ആവശ്യം നിലവിലുണ്ട്. സന്ദര്‍ഭം നേരിടുമ്പോള്‍ അതു നിര്‍വഹിക്കുക തന്നെ വേണം എന്നത്രെ അല്ലാഹു പറഞ്ഞതിന്റെ രത്‌നച്ചുരുക്കം. എന്നല്ലാതെ, ലോകത്തു യാതൊരു തരത്തിലുള്ള കുഴപ്പമോ, അവിശ്വാസമോ ഇല്ലാതായിത്തീരുവോളം യുദ്ധം ചെയ്‌തുകൊണ്ടേ ഇരിക്കണമെന്നല്ല ഉദ്ദേശ്യം. അല്‍ബക്വറഃയിലെ ആയത്തിന്‍റെ അവസാനം فَإِنِ انتَهَوْا فَلَا عُدْوَانَ إِلَّا عَلَى الظَّالِمِينَ – ١٩٣ (അവര്‍ വിരമിച്ചാല്‍ അക്രമികള്‍ക്കെതിരെയല്ലാതെ അതിക്രമം പാടില്ല) എന്നും, ഈ വചനത്തിന്‍റെ അവസാനം فَإِنِ انتَهَوْا فَإِنَّ اللَّـهَ بِمَا يَعْمَلُونَ بَصِيرٌ (അവര്‍ വിരമിച്ചാല്‍, അവര്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി അല്ലാഹു കാണുന്നവനാണ്) എന്നും പറഞ്ഞിരിക്കുന്നതു ശ്രദ്ധേയമാകുന്നു. രണ്ടും തത്വത്തില്‍ ഒന്നുതന്നെ. അതായതു അവര്‍ വിരമിക്കുകയും പിന്നീടു അക്രമത്തിനു മുതിരാതിരിക്കുകയും ചെയ്യുന്നപക്ഷം, അവരോടു യുദ്ധമോ, പ്രതികാരമോ പാടില്ല. പിന്നീടു അവരുടെ പ്രവര്‍ത്തനങ്ങള്‍ അല്ലാഹു വീക്ഷിക്കുകയും, വേണ്ടുന്ന നടപടികള്‍ എടുത്തുകൊള്ളുകയും ചെയ്യുമെന്നു സാരം.
- وَإِن تَوَلَّوْا۟ فَٱعْلَمُوٓا۟ أَنَّ ٱللَّهَ مَوْلَىٰكُمْ ۚ نِعْمَ ٱلْمَوْلَىٰ وَنِعْمَ ٱلنَّصِيرُ ﴾٤٠﴿
- അവര്‍ തിരിഞ്ഞുകളഞ്ഞുവെങ്കിലോ, നിങ്ങള്‍ അറിഞ്ഞുകൊള്ളുക: അല്ലാഹു നിങ്ങളുടെ യജമാനനാണെന്നു. വളരെ നല്ല യജമാനന്‍! വളരെ നല്ല സഹായിയും!
- وَإِن تَوَلَّوْا അവര്‍ തിരിഞ്ഞുകളഞ്ഞു (ഒഴിഞ്ഞുമാറി) എങ്കിലോ فَاعْلَمُوا എന്നാല്‍ അറിയുവിന്‍ أَنَّ اللَّـهَ അല്ലാഹു (ആണ്) എന്നു مَوْلَاكُمْ നിങ്ങളുടെ യജമാനന്‍ (ആണ് എന്നു) نِعْمَ വളരെ (എത്രയോ) നല്ല(വന്‍) الْمَوْلَىٰ യജമാനന്‍ وَنِعْمَ എത്രയോ (വളരെ) നല്ല(വനും) النَّصِيرُ സഹായകന്‍
വിരമിക്കുവാന്‍ തയ്യാറാകാതെ, അവര്‍ മല്‍സരത്തിലും കുഴപ്പങ്ങളിലും തന്നെ നിരതരാകുകയാണെങ്കില്‍, നിങ്ങളെ സഹായിക്കുവാനും നിങ്ങളെ രക്ഷിക്കുവാനും നിങ്ങള്‍ക്കു നിങ്ങളുടെ യജമാനനായ അല്ലാഹു ഉണ്ട്. അതിലപ്പുറം നല്ല ഒരു യജമാനനും സഹായിയും വേറെയില്ലല്ലോ എന്നു സാരം. ഇസ്‌ലാമിന്‍റെ ശത്രുക്കളുടെ മുമ്പില്‍ പില്‍ക്കാലങ്ങളില്‍ മുസ്‌ലിംകള്‍ മുട്ടുകുത്തേണ്ടി വന്നിട്ടുണ്ടെങ്കില്‍ അവരുടെ യജമാനനായ അല്ലാഹുവിനോടുള്ള കടമകള്‍ പാലിക്കുന്നതില്‍ അവര്‍ വരുത്തിയ വീഴ്‌ചകൊണ്ടു മാത്രമായിരിക്കും അത് എന്നു പറയേണ്ടതില്ല.
ജുസ്ഉ് - 10
- ۞ وَٱعْلَمُوٓا۟ أَنَّمَا غَنِمْتُم مِّن شَىْءٍ فَأَنَّ لِلَّهِ خُمُسَهُۥ وَلِلرَّسُولِ وَلِذِى ٱلْقُرْبَىٰ وَٱلْيَتَٰمَىٰ وَٱلْمَسَٰكِينِ وَٱبْنِ ٱلسَّبِيلِ إِن كُنتُمْ ءَامَنتُم بِٱللَّهِ وَمَآ أَنزَلْنَا عَلَىٰ عَبْدِنَا يَوْمَ ٱلْفُرْقَانِ يَوْمَ ٱلْتَقَى ٱلْجَمْعَانِ ۗ وَٱللَّهُ عَلَىٰ كُلِّ شَىْءٍ قَدِيرٌ ﴾٤١﴿
- അറിയുകയും ചെയ്യുവിന്‍: നിങ്ങള്‍ വല്ല വസ്തുവും 'ഗനീമത്തായി' [യുദ്ധ മുതലായി] എടുക്കുന്നതു, അതിനെ അഞ്ചിലൊന്നു അല്ലാഹുവിനും, റസൂലിനും, (റസൂലിന്റെ) അടുത്ത കുടുംബക്കാര്‍ക്കും, അനാഥകള്‍ക്കും, സാധുക്കള്‍ (അഥവാ പാവങ്ങള്‍)ക്കും, വഴിപോക്കര്‍ക്കുമുള്ളതാണെന്ന്;
നിങ്ങള്‍ അല്ലാഹുവിലും, വിവേചനത്തിന്റെ ദിവസം - (ആ) രണ്ടു കൂട്ടങ്ങള്‍ പരസ്പരം കണ്ടു (ഏറ്റു) മുട്ടിയ ദിവസം - നമ്മുടെ അടിയാന്റെ മേല്‍ നാം അവതരിപ്പിച്ചതിലും വിശ്വസിച്ചിരിക്കുന്നുവെങ്കില്‍.
അല്ലാഹു എല്ലാ കാര്യത്തിനും കഴിവുള്ളവനാകുന്നു. - وَاعْلَمُوا അറിയുകയും ചെയ്യുവിന്‍ أَنَّمَا യാതൊന്നു (ആണ്) എന്നു غَنِمْتُم നിങ്ങള്‍ ഗനീമത്തു എടുത്ത, യുദ്ധ മുതലായെടുത്ത مِّن شَيْءٍ വല്ല വസ്തുവെയും فَأَنَّ لِلَّـهِ എന്നാല്‍ അല്ലാഹുവിനാണെന്നു, അല്ലാഹുവിനുള്ളതെന്നു خُمُسَهُ അതിന്റെ അഞ്ചിലൊന്നു وَلِلرَّسُولِ റസൂലിനും وَلِذِي الْقُرْبَىٰ അടുത്ത കുടുംബങ്ങള്‍ക്കും وَالْيَتَامَىٰ അനാഥകള്‍ക്കും وَالْمَسَاكِينِ സാധുക്കള്‍ക്കും, പാവങ്ങള്‍ക്കും وَابْنِ السَّبِيلِ വഴിപോക്കര്‍ക്കും إِن كُنتُمْ നിങ്ങള്‍ ആകുന്നുവെങ്കില്‍ آمَنتُم നിങ്ങള്‍ വിശ്വസിച്ചിരിക്കുന്നു بِاللَّـهِ അല്ലാഹുവില്‍ وَمَا أَنزَلْنَا നാം ഇറക്കിയത്തിലും عَلَىٰ عَبْدِنَا നമ്മുടെ അടിയാന്റെ (അടിമയുടെ) മേല്‍ يَوْمَ ദിവസം الْفُرْقَانِ വിവേചനത്തിന്റെ يَوْمَ الْتَقَى അതായതു കണ്ടുമുട്ടിയ ദിവസം الْجَمْعَانِ രണ്ടു സംഘങ്ങള്‍, കൂട്ടങ്ങള്‍ وَاللَّـهُ അല്ലാഹു عَلَىٰ كُلِّ شَيْءٍ എല്ലാ കാര്യത്തിനും قَدِيرٌ കഴിവുള്ളവനാകുന്നു
യുദ്ധവേളയില്‍ ശത്രുക്കളില്‍ നിന്നു പിടിച്ചെടുക്കുന്ന സ്വത്തുക്കള്‍ക്കാണ് ‘ഗനീമത്തു’ (غَنِيمَة) എന്നു പറയുന്നതെന്നും അതിനു ‘നഫല്‍’ (نَفَل) എന്നും പറയപ്പെടുമെന്നും സൂറത്തിന്‍റെ ആരംഭത്തില്‍വെച്ചു പ്രസ്‌താവിച്ചുവല്ലോ. 1-ാമത്തെ വചനത്തില്‍, ഗനീമത്തിന്റെ ഉടമസ്ഥതയും അവകാശവും അല്ലാഹുവിനും റസൂലിനുമാണെന്നും പറഞ്ഞു. അതിന്റെ വിശദീകരണവും, ഗനീമത്തു ഭാഗിക്കേണ്ടുന്ന വിധവുമാണു ഈ വചനത്തിലുള്ളത്. ആകെയുള്ള സ്വത്തു അഞ്ചായി ഭാഗിച്ച് അതിലൊരു പങ്കു വീണ്ടും അഞ്ചായി ഭാഗിക്കുക. ഈ അഞ്ചില്‍ ഒരു ഭാഗം അല്ലാഹുവിനും റസൂലിനുമുള്ളതാണ്. അതായതു, പൊതു ആവശ്യങ്ങളില്‍ ചിലവഴിക്കുവാനും, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ അത്യാവശ്യങ്ങള്‍ക്കു വിനിയോഗിക്കുവാനും വേണ്ടി നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ക്ക് പ്രത്യേകം നീക്കിവെക്കേണ്ടതാകുന്നു. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ ശേഷം അവിടുന്നു ജീവിച്ചിരുന്നപ്പോള്‍ വിനിയോഗിച്ചിരുന്ന പോലെയുള്ള പൊതുവിഷയങ്ങളില്‍ അതു വിനിയോഗിക്കപ്പെടേണ്ടതാകുന്നു. ബാക്കിയുള്ള നാലു പങ്കുകളില്‍ ഒന്നു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ അടുത്ത കുടുംബങ്ങള്‍ക്കുള്ളതാണ്. ബനൂഹാശിം ശാഖയിലും, ബനൂമുത്ത്വലിബ് ശാഖയിലും പെട്ട കുടുംബങ്ങള്‍ക്കായിരുന്നു തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അതു കൊടുത്തു വന്നിരുന്നത്. കുടുംബ ബന്ധം നോക്കുമ്പോള്‍ അബ്‌ദുശംസ് ശാഖയും, നൗഫല്‍ ശാഖയും അവരെപ്പോലെയാണെങ്കിലും ഇസ്‌ലാമിലും ജാഹിലിയ്യത്തിലുമെല്ലാം ഒരേ കുടുംബമായി കഴിഞ്ഞു പോന്നതു ആ ശാഖകള്‍ രണ്ടുമായിരുന്നുവെന്നു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അതിനു കാരണവും വ്യക്തമാക്കിയിരിക്കുന്നു. (ബു). ഒരു പങ്കു അനാഥകള്‍ക്കും, ഒന്നു സാധുക്കളും പാവങ്ങളുമായ ആളുകള്‍ക്കും, ഒന്നു സ്വദേശം വിട്ട് പോന്ന് വഴിയാധാരരായിക്കഴിയുന്നവര്‍ക്കുമാണ്. അനാഥകള്‍ (الْيَتَامَى) എന്ന് പറയുന്നതു ആര്‍ക്കാണെന്നു മുമ്പു ഒന്നിലധികം പ്രാവശ്യം വിവരിക്കപ്പെട്ടിട്ടുള്ളതാണ്. സാധുക്കളും വഴിപോക്കരും (الْمَسَاكِينِ وَابْنِالسَّبِيلِ) കൊണ്ടുള്ള വിവക്ഷ ആരാണെന്നു അടുത്ത സൂറത്തിലെ 60-ാം വചനത്തിന്‍റെ വിവരണത്തില്‍ വരുന്നുമുണ്ട് إِن شَاءَ اللَّهُ.
ഈ അഞ്ചു പങ്കുകളും കഴിച്ച് ബാക്കിയുള്ളത് -അഥവാ ആകെ സ്വത്തിന്‍റെ അഞ്ചില്‍ നാലംശം- യുദ്ധത്തില്‍ പങ്കു വഹിച്ചവര്‍ക്കു നല്‍കപ്പെടുന്നതാകുന്നു. എന്നാല്‍, ചില പ്രത്യേക പരിതഃസ്ഥിതികളില്‍, ഈ നാലംശത്തിന്‍റെ ഏതാനും ഭാഗമോ, മുഴുവന്‍ ഭാഗവും തന്നെയോ യുദ്ധത്തില്‍ നേരിട്ടു പങ്കൊന്നും വഹിച്ചിട്ടില്ലാത്തവര്‍ക്കും, പൊതു ആവശ്യങ്ങള്‍ക്കും നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനി വിനിയോഗിക്കുകയുണ്ടായിട്ടുണ്ട്. അതിനാല്‍, ഇമാമിന്‍റെ (ഭരണാധികാരിയുടെ) യുക്തമനുസരിച്ചു ആവശ്യാനുസരണം അതില്‍ ഭേദഗതി സ്വീകരിക്കാമെന്നാണു പൊതുവെയുള്ള പണ്‌ഡിതാഭിപ്രായം. ഗനീമത്തിന്‍റെ വിതരണത്തെ സംബന്ധിച്ചു ഈ വചനത്തില്‍ പ്രസ്‌താവിച്ചതിന്‍റെ ഒരു സാമാന്യ വിവരണമാണിത്. വിശദീകരണത്തിന്‍റെ സ്ഥാനം ഹിക്വ്‌ഹു ഗ്രന്ഥങ്ങളാകകൊണ്ടും, വിശദമായ വിവരണത്തിനു മുതിരുന്നപക്ഷം അതു അല്‍പം ദീര്‍ഘിച്ചു പോകുന്നതുകൊണ്ടും ഇവിടെ കൂടുതല്‍ സംസാരിക്കുന്നില്ല.
മേല്‍ കണ്ട പ്രകാരം ഭാഗിക്കല്‍ വളരെ കര്‍ശനമായ ഒരു നിര്‍ബ്ബന്ധ നിയമമാണെന്നും, അങ്ങിനെ ഭാഗിക്കാതെ അതില്‍ നിന്നും വല്ലതും എടുത്തു ഉപയോഗിക്കുന്നതു കര്‍ശനമായും തടയപ്പെട്ടിട്ടുണ്ടെന്നുമാണ് إِن كُنتُمْ آمَنتُم بِاللَّهِ (അല്ലാഹുവിലും, നമ്മുടെ അടിയാനു നാം ഇറക്കിയതിലും നിങ്ങള്‍ വിശ്വസിച്ചിരിക്കുന്നുവെങ്കില്‍) എന്ന വാക്യം കാണിക്കുന്നത്. സ്വഹീഹുല്‍ ബുഖാരിയില്‍ ‘അഞ്ചിലൊന്നു കൊടുത്തുതീര്‍ക്കല്‍ സത്യവിശ്വാസത്തില്‍പെട്ടതാണ്.’ (ادَاء الخمس من الايمان) എന്ന തലക്കെട്ടില്‍ ഒരു അദ്ധ്യായം തന്നെയുണ്ട്. അതില്‍ അബ്‌ദുല്‍ കൈസ് ഗോത്രത്തിലെ നിവേദക സംഘത്തിനു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) നല്‍കിയ ഉപദേശ നിര്‍ദേശങ്ങളടങ്ങിയ പ്രസിദ്ധ ഹദീഥാണു ബുഖാരി (رحمه الله) ഉദ്ധരിച്ചിരിക്കുന്നത്. അതിന്‍റെ ചുരുക്കം ഇപ്രകാരമാകുന്നു: നാലു കാര്യം നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അവരോട് കല്‍പിക്കുകയും, നാലു കാര്യം വിരോധിക്കുകയും ചെയ്‌തു. പിന്നീടു, സത്യവിശ്വാസം എന്താണെന്നു നിങ്ങള്‍ക്കറിയാമോ എന്ന് ചോദിച്ചുകൊണ്ടു അതു വിവരിച്ചു കൊടുത്തു. ആ കൂട്ടത്തില്‍ രണ്ടു ശഹാദത്തു കലിമകള്‍, നമസ്‌കാരം, സക്കാത്തു എന്നിവയെപ്പറ്റി പറഞ്ഞശേഷം, ഗനീമത്തിന്‍റെ അഞ്ചിലൊന്നു കൊടുത്തുതീര്‍ക്കലും എന്നു തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) എണ്ണുകയുണ്ടായി. ഈ ഹദീഥും ഇതിന്‍റെ പ്രാധാന്യം വ്യക്തമാക്കുന്നു. വിവേചനത്തിന്‍റെ ദിവസം (يَوْمَ الْفُرْقَان) എന്നും, രണ്ടു കൂട്ടങ്ങള്‍ കണ്ടുമുട്ടിയ ദിവസം (يَوْمَ الْتَقَى الْجَمْعَانِ) എന്നും പറഞ്ഞത് ബദ്‌ര്‍ യുദ്ധ ദിവസത്തെ ഉദ്ദേശിച്ചാകുന്നു. ഈമാന്‍റെ ചേരിയും, കുഫ്‌റിന്‍റെ ചേരിയും ഏറ്റുമുട്ടിയതും, രണ്ടും തമ്മില്‍ സ്‌പഷ്‌ടമായ വിവേചനം രംഗത്തു വന്നതും അന്നാണല്ലോ. അന്നത്തെ ദിവസം നമ്മുടെ അടിയാന്റെ മേല്‍ നാം ഇറക്കിയത് (مَا أَنْزَلْنَا علىَ عَبْدِنَا) എന്നു പറഞ്ഞതില്‍ ഗനീമത്തു സംബന്ധിച്ചും മറ്റും ബദ്‌ര്‍ യുദ്ധകാലത്ത് അവതരിച്ച ക്വുര്‍ആന്‍ വചനങ്ങളും, മറ്റുള്ള ദിവ്യസന്ദേശങ്ങളും ഉള്‍പ്പെടുന്നു. وَاللهُّ اَعْلَم
- إِذْ أَنتُم بِٱلْعُدْوَةِ ٱلدُّنْيَا وَهُم بِٱلْعُدْوَةِ ٱلْقُصْوَىٰ وَٱلرَّكْبُ أَسْفَلَ مِنكُمْ ۚ وَلَوْ تَوَاعَدتُّمْ لَٱخْتَلَفْتُمْ فِى ٱلْمِيعَٰدِ ۙ وَلَٰكِن لِّيَقْضِىَ ٱللَّهُ أَمْرًا كَانَ مَفْعُولًا لِّيَهْلِكَ مَنْ هَلَكَ عَنۢ بَيِّنَةٍ وَيَحْيَىٰ مَنْ حَىَّ عَنۢ بَيِّنَةٍ ۗ وَإِنَّ ٱللَّهَ لَسَمِيعٌ عَلِيمٌ ﴾٤٢﴿
- അതായതു, നിങ്ങള്‍ താഴ്‌വരയുടെ അടുത്തതായ പാര്‍ശ്വത്തിലും, അവര്‍ അകന്നതായ പാര്‍ശ്വത്തിലും ആയിരുന്ന സന്ദര്‍ഭം; വാഹന സംഘമാകട്ടെ, നിങ്ങളില്‍ നിന്നു കൂടുതല്‍ താഴെയും.
നിങ്ങള്‍ അന്യോന്യം നിശ്ചയം ചെയ്തിരുന്നുവെങ്കില്‍ (ആ) നിശ്ചയത്തില്‍ നിങ്ങള്‍ ഭിന്നിച്ചു പോകുക തന്നെ ചെയ്യുമായിരുന്നു. എങ്കിലും പ്രാവര്‍ത്തികമാക്കേണ്ടിയിരുന്ന ഒരു കാര്യം അല്ലാഹു നിര്‍വ്വഹിക്കുവാന്‍ വേണ്ടിയാണ് (അങ്ങിനെ ചെയ്തത്). (അതെ) നശിച്ചവര്‍ വ്യക്തമായ തെളിവോടെ നശിക്കുവാനും, ജീവിച്ചവര്‍ വ്യക്തമായ തെളിവോടെ ജീവിക്കുവാനും വേണ്ടി. നിശ്ചയമായും, അല്ലാഹു (എല്ലാം) കേള്‍ക്കുന്നവനും, അറിയുന്നവനും തന്നെ. - إِذْ أَنتُم നിങ്ങള്‍ ആയിരുന്ന സന്ദര്‍ഭം بِالْعُدْوَةِ താഴ്‌വരയുടെ ഭാഗത്തു (പാര്‍ശ്വത്തില്‍ - ഓരത്തില്‍) الدُّنْيَا അധികം അടുത്തതായ, അണഞ്ഞതായ وَهُم അവരോ, അവരാകട്ടെ بِالْعُدْوَةِ താഴ്‌വരയുടെ പാര്‍ശ്വത്തിലും (ഭാഗത്തിലും) الْقُصْوَىٰ അകന്നതായ, ദൂരയുള്ള وَالرَّكْبُ വാഹന സംഘമാകട്ടെ أَسْفَلَ مِنكُمْ നിങ്ങളില്‍ നിന്നു അധികം (വളരെ - കൂടുതല്‍) താഴെയും وَلَوْ تَوَاعَدتُّمْ നിങ്ങള്‍ അന്യോന്യം വാഗ്ദത്തം നടത്തി (പറഞ്ഞുറച്ചു - നിശ്ചയിച്ചു) ഇരുന്നെങ്കില്‍ لَاخْتَلَفْتُمْ നിങ്ങള്‍ ഭിന്നിക്കുക (വ്യത്യാസം ചെയ്യുക) തന്നെ ചെയ്യുമായിരുന്നു فِي الْمِيعَادِ നിശ്ചിത സമയത്തില്‍, നിശ്ചിത സ്ഥലത്തില്‍, നിശ്ചയത്തില്‍, കരാറില്‍ وَلَـٰكِن എങ്കിലും, പക്ഷേ لِّيَقْضِيَ തീരുമാക്കുവാന്‍, നിര്‍വ്വഹിക്കുവാന്‍ اللَّـهُ അല്ലാഹു أَمْرًا ഒരു കാര്യം كَانَ അതായിരിക്കുന്നു مَفْعُولًا പ്രാവര്‍ത്തികമാക്കേണ്ടത് لِّيَهْلِكَ നശിക്കുവാന്‍വേണ്ടി مَنْ هَلَكَ നശിച്ച(നശിക്കുന്ന)വര്‍ عَن بَيِّنَةٍ (വ്യക്തമായ) തെളിവോടുകൂടി وَيَحْيَىٰ ജീവിക്കുവാനും مَنْ حَيَّ ജീവിച്ച(ജീവിക്കുന്ന)വര്‍ عَن بَيِّنَةٍ തെളിവോടെ وَإِنَّ اللَّـهَ നിശ്ചയമായും അല്ലാഹു لَسَمِيعٌ കേള്‍ക്കുന്നവന്‍ തന്നെ عَلِيمٌ അറിയുന്നവന്‍(നും)
മുസ്‌ലിംകളും, മുശ്രിക്കുകളും ബദറില്‍ വന്നിറങ്ങിയ സ്ഥാനങ്ങളാണു അല്ലാഹു ചൂണ്ടിക്കാടുന്നത്. ബദ്റിലെ വിശാലമായ താഴ്‌വരയുടെ അടുത്ത ഒരു ഭാഗത്തു (പാര്‍ശ്വത്തില്‍) മുസ്ലിംകളും, അകലെയുള്ള മറ്റേ ഭാഗത്തില്‍ മുശ്രിക്കുകളുമായിരുന്നു ഇറങ്ങിയത്. മദീനായില്‍ നിന്നുവരുന്നവരെ അപേക്ഷിച്ചാണു അടുത്തതെന്നും അകന്നതെന്നും അതിനെ വിശേഷിപ്പിച്ചിരിക്കുന്നത്. മക്കായില്‍ നിന്നു വരുന്നവരെ അപേക്ഷിക്കുമ്പോള്‍ ഇതു മറിച്ചുമായിരിക്കും. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യും സഹാബികളും തങ്ങളുടെ നേരെ പുറപ്പെടുന്നുണ്ടെന്നു അബൂസുഫ്യാന്‍ മണത്തറിഞ്ഞപ്പോള്‍, നേരെയുള്ള തങ്ങളുടെ യാത്രാ മാര്‍ഗ്ഗം മാറ്റി മുമ്പു പറഞ്ഞതുപോലെ, ചെങ്കടല്‍ തീരദേശങ്ങളിലൂടെ നീങ്ങി രക്ഷപ്പെടുകയാണുണ്ടായത്. അവരെക്കുറിച്ചാണു വാഹന സംഘം നിങ്ങളില്‍ നിന്നു അധികം താഴെയുമുണ്ടായിരുന്നു. (وَالرَّكْبُ أَسْفَلَ مِنكُمْ) എന്നു പറഞ്ഞതു. കടലോരം ഇപ്പോഴും താണപ്രദേശമായിരിക്കുമല്ലോ. ഈ മൂന്നു സ്ഥാനങ്ങളും ഇവിടെ എടുത്തു പറഞ്ഞതിലടങ്ങിയ സൂചനകള്‍ ഇവയാണ്:
മുസ്ലിംകള്‍ ഇറങ്ങിയ സ്ഥലത്തു വെള്ള സൗകര്യം ഇല്ല. നിലത്തെ മണ്ണാകട്ടെ, അതില്‍ കാലടികള്‍ ഉറക്കാത്ത വിധം പൂന്തിപ്പോകുന്ന മണല്‍ പൂഴിയും. ശത്രുക്കളുടെ നിലയാണെങ്കില്‍ നേരെ മറിച്ച് അവര്‍ ഇറങ്ങിയ സ്ഥലത്തു നിരൂറവകളുണ്ട്. മണ്ണു ഉറപ്പുള്ളതുമായിരുന്നു. (പിന്നീടു 11-ാം വചനത്തില്‍ കണ്ടതുപോലെ മഴ വര്ഷിച്ചപ്പോള്‍ സ്ഥിതിഗതികള്‍ നേരെ മറിച്ചായെങ്കിലും). കൂടാതെ, റാസീ (رحمه الله) ചൂണ്ടിക്കാട്ടിയതുപോലെ അബൂസുഫ്യാന്റെ വര്‍ത്തക സംഘത്തില്‍ നിന്നും സഹായങ്ങള്‍ തങ്ങള്‍ക്കു വന്നു കിട്ടിയേക്കുമേനുള്ള പ്രതീക്ഷയും അവര്‍ക്കുണ്ടായിരുന്നു. ആ പ്രതീക്ഷയും യഥാര്‍ത്ഥത്തില്‍ ശത്രുക്കള്‍ക്കു മനോധൈര്യം നല്‍കുന്നതാണല്ലോ. എല്ലാറ്റിനും പുറമെ ഇരുകൂട്ടരുടെയും ആള്‍ശക്തിയും ആയുധശക്തിയും തമ്മില്‍ അജഗജാന്തരവും ഈ പരിതസ്ഥിതിയില്‍ മുസ്ലിംകള്‍ക്കു വമ്പിച്ച വിജയമായി യുദ്ധം കലാശിപ്പിച്ചതു അല്ലാഹുവിന്റെ പ്രത്യേക അനുഗ്രഹം കൊണ്ടാണെന്നു പറയേണ്ടതില്ലല്ലോ.
നിങ്ങളും അവരും തമ്മില്‍ പോര്‍വിളി നടത്തി അന്യോന്യം മുന്‍കൂട്ടി നിശ്ചയിച്ചു വെച്ച ഒരു യുദ്ധമായിരുന്നു ഇതെങ്കില്‍ – മേല്‍കണ്ട പരിതസ്ഥിതികള്‍ നോക്കുമ്പോള്‍ – സ്വാഭാവികമായും നിങ്ങള്‍ ആ നിശ്ചയത്തില്‍ നിന്നു പിന്‍മാറി യുദ്ധം ഒഴിവാക്കുക തന്നെ ചെയ്യുമായിരുന്നു. പക്ഷേ, അല്ലാഹു പ്രയോഗത്തില്‍ വരുത്തുവാന്‍ ഉദ്ദേശിച്ച ഒരു കാര്യം – ഇസ്ലാമിനു വിജയവും കുഫ്റിനു പരാജയവും വരുത്തുകയെന്ന കാര്യം – നടപ്പില്‍ വരുത്തുവാന്‍ വേണ്ടിയാണു അവിചാരിതമായ നിലയില്‍ അവരുമായി ഏറ്റുമുട്ടുവാന്‍ അല്ലാഹു കളമൊരുക്കിയത്. അതെ, അവിശ്വാസത്തിന്റെ നാശത്തില്‍ പതിക്കുന്ന അവിശ്വാസികള്‍ക്കു രക്ഷയില്ലെന്നും സത്യവിശ്വാസത്തിന്റെ ചൈതന്യത്തില്‍ ജീവിക്കുന്ന സത്യവിശ്വാസികള്‍ക്കു അല്ലാഹുവിന്റെ സഹായമുണ്ടെന്നുമുള്ളതിനു ഇതില്‍ വ്യക്തമായ തെളിവുണ്ടല്ലോ. എന്നൊക്കെയാണു പിന്നീടു പറഞ്ഞതിലെ ആശയത്തിന്റെ രത്നച്ചുരുക്കം.
الرَّكْبُ (വാഹനസംഘം നിങ്ങളില്‍ നിന്നു അധികം താഴെയുമാണ്) എന്ന വാക്യത്തിന്റെ വ്യാഖ്യാനത്തില്‍ മുജാഹിദു (റ) പ്രസ്താവിച്ചതായി ഒന്നിലധികം മാര്‍ഗ്ഗങ്ങളില്‍ കൂടി ഇബ്നു ജരീര്‍ (رحمه الله) ഇങ്ങിനെ ഉദ്ധരിക്കുന്നു: ‘അതു (വാഹനസംഘം) അബൂസുഫ്യാനും കൂട്ടരുമാകുന്നു. അവര്‍ ശാമില്‍ നിന്നു വരുകയായിരുന്നു. അവര്‍ ബദ്റിലുള്ളവരെപ്പറ്റി അറിഞ്ഞിരുന്നില്ല. മുഹമ്മദു (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ക്വുറൈശീ കാഫിറുകളെ (പട്ടാള സംഘത്തെ)പ്പറ്റിയും അറിഞ്ഞിരുന്നില്ല. ക്വുറൈശീ കാഫിറുകള്‍ മുഹമ്മദു (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) നെയും ആള്‍ക്കാരെയും കുറിച്ചും അറിഞ്ഞിരുന്നില്ല. അങ്ങനെ, രണ്ടു കൂട്ടരും ബദ്റിലെത്തി വെള്ളത്താവളത്തിങ്കല്‍ വെച്ചു കണ്ടുമുട്ടുകയാണു ചെയ്തത്. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യും കൂട്ടരും, അബൂജഹ്ലിന്റെ കൂട്ടരും വെള്ളത്താവളത്തിങ്കല്‍ നിന്നു വെള്ളം ശേഖരിക്കുവാന്‍ ചെന്നപ്പോഴാണു ഓരോ വിഭാഗവും മറ്റേ വിഭാഗത്തെപ്പറ്റി അറിഞ്ഞതെന്നു ഇബ്നു അബ്ബാസ് (رَضِيَ اللهُ تَعَالَى عَنْهُ) പറഞ്ഞതായും ഇബ്നു ജരീര്‍ (رحمه الله) ഉദ്ധരിച്ചിരിക്കുന്നു.
അപ്പോള്‍ – മുകളില്‍ ചൂണ്ടിക്കാട്ടിയപോലെ – നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യും സഹാബികളും വര്‍ത്തക സംഘത്തെ ഉദ്ദേശിച്ചു പോയതല്ലെന്നും, മദീനായെ ആക്രമിക്കുവാന്‍ പരിപാടിയിട്ടു വരുന്ന പട്ടാളസംഘത്തെ നേരിടുവാന്‍ ഉദ്ദേശിച്ചു പോയതാണെന്നും, യുദ്ധവേളയില്‍ അവര്‍ക്കു വേണ്ടുന്ന സാധനങ്ങള്‍ എത്തിച്ചു കൊടുക്കുവാന്‍ പരിപാടിയിട്ടുകൊണ്ട് അബൂസുഫ്യാന്റെ വര്‍ത്തക സംഘം അവിടെ അടുത്തൊരിടത്തു തയ്യാറുണ്ടായിരുന്നുവെന്നുമൊക്കെ ബദ്ര്‍ യുദ്ധത്തിനു ഒരു പുതിയ പശ്ചാത്തലവും ചിത്രവുമുണ്ടാക്കുവാന്‍ ശ്രമിക്കാറുള്ള ചിലര്‍ ഇമാം റാസീ (رحمه الله) തന്റെ തഫ്സീറില്‍ ഇവിടെ പറഞ്ഞ ഒരു വാക്യം ചൂഷണം ചെയ്തു കാണാം. ഇദ്ദേഹം ഇതു സംബന്ധിച്ചു പറഞ്ഞ ആ വാചകം ഇതാണ്: ولأن العير كانوا خلف ظهورهم ، وكانوا يتوقعون مجيء المدد من العير إليهم ساعة فساعة (കച്ചവടസംഘം അവരുടെ പിന്നിലുമുണ്ടായിരുന്നു. അവരില്‍ നിന്നു തങ്ങള്‍ക്കു സഹായം വന്നെത്തുമെന്നു ഓരോ നാഴികയിലും അവര്‍ പ്രതീക്ഷിച്ചുകൊണ്ടിരിക്കുകയായിരുന്നു.). അങ്ങിനെ അവര്‍ക്കൊരു പ്രതീക്ഷയുണ്ടായിരുന്നുവെന്നല്ലാതെ – വര്‍ത്തകസംഘം അവര്‍ക്കു സഹായം എത്തിച്ചുകൊടുത്തിരുന്നുവെന്നോ, അതിനു തക്ക വിധം വര്‍ത്തകസംഘം അവരുടെ പിന്നില്‍ ഒരിടത്തു സ്ഥിതിചെയ്തിരുന്നുവെന്നോ അല്ല – റാസീ (رحمه الله) ഇതുകൊണ്ടു ഉദ്ദേശിക്കുന്നതെന്നു വ്യക്തമാണ്. കാരണം وَالرَّكْبُ أَسْفَلَ مِنكُمْ (വാഹനസംഘം നിങ്ങളില്‍ നിന്നു അധികം താഴെയാണു) എന്ന വാക്യത്തിനു മറ്റുള്ള ക്വുര്‍ആന്‍ വ്യാഖ്യാതാക്കളെപ്പോലെത്തന്നെ റാസീ (رحمه الله)യും നല്‍കിയ വ്യാഖ്യാനം ഇതാണ്: في موضع أسفل منكم إلى ساحل البحر (നിങ്ങളില്‍ നിന്നും കടല്‍തീരത്തിലേക്കു കൂടുതല്‍ താണു കിടക്കുന്ന സ്ഥലത്താണവര്‍). ചുരുക്കിപ്പറഞ്ഞാല്‍, അങ്ങിനെ ഒരു പ്രതീക്ഷ പട്ടാള സംഘത്തിനുണ്ടായിരുന്നു – പ്രതീക്ഷപോലെ അതു യഥാര്‍ത്ഥത്തില്‍ സംഭവിച്ചതുമില്ല – എന്നല്ലാതെ അതില്‍ കവിഞ്ഞൊന്നും റാസീ (رحمه الله)യുടെ ആ വാചകത്തിനു അര്‍ത്ഥം നല്‍കുവാന്‍ സാദ്ധ്യമല്ല. അല്ലാഹു വീണ്ടും പറയുന്നു:-
- إِذْ يُرِيكَهُمُ ٱللَّهُ فِى مَنَامِكَ قَلِيلًا ۖ وَلَوْ أَرَىٰكَهُمْ كَثِيرًا لَّفَشِلْتُمْ وَلَتَنَٰزَعْتُمْ فِى ٱلْأَمْرِ وَلَٰكِنَّ ٱللَّهَ سَلَّمَ ۗ إِنَّهُۥ عَلِيمٌۢ بِذَاتِ ٱلصُّدُورِ ﴾٤٣﴿
- (നബിയേ) നിന്റെ ഉറക്കില്‍ [സ്വപ്നത്തില്‍] അവരെ കുറച്ചായി അല്ലാഹു നിനക്കു കാണിച്ചുതന്നിരുന്ന സന്ദര്‍ഭം (ഓര്‍ക്കുക). അവരെ അധികമായി നിനക്കു അവന്‍ കാണിച്ചു തന്നിരുന്നെങ്കില്‍, നിങ്ങള്‍ ഭീരുത്വം കാണിക്കുകയും, കാര്യത്തില്‍ പരസ്പരം ഭിന്നിക്കുകയുംതന്നെ ചെയ്യുമായിരുന്നു. എങ്കിലും അല്ലാഹു (അതില്‍ നിന്നും) രക്ഷിച്ചു. നിശ്ചയമായും, അവന്‍ നെഞ്ചു [ഹൃദയം] കളിലുള്ളതിനെപ്പറ്റി അറിയുന്നവനാകുന്നു.
- إِذْ يُرِيكَهُمُ അവരെ നിനക്കു കാട്ടി (കാണിച്ചു) തന്നിരുന്ന സന്ദര്‍ഭം اللَّـهُ അല്ലാഹു فِي مَنَامِكَ നിന്റെ ഉറക്കുവേളയില്‍, ഉറക്കില്‍ (സ്വപ്നത്തില്‍) قَلِيلًا കുറച്ചായി, അല്‍പമായി وَلَوْ أَرَاكَ നിനക്കവന്‍ കാണിച്ചു തന്നിരുന്നെങ്കില്‍ هُمْ അവരെ كَثِيرًا അധികമായി, വളരെയായി لَّفَشِلْتُمْ നിങ്ങള്‍ ഭീരുത്വം കാണിക്കുക തന്നെ ചെയ്തിരുന്നു وَلَتَنَازَعْتُمْ നിങ്ങള്‍ ഭിന്നിക്കുക (പിണങ്ങുക)യും ചെയ്തിരുന്നു فِي الْأَمْرِ കാര്യത്തില്‍ وَلَـٰكِنَّ اللَّـهَ എങ്കിലും (പക്ഷേ) അല്ലാഹു سَلَّمَ രക്ഷപ്പെടുത്തി إِنَّهُ عَلِيمٌ നിശ്ചയമായും അവന്‍ അറിയുന്നവനാണു بِذَاتِ الصُّدُورِ നെഞ്ചുകളിലുള്ളതിനെ (മനസ്സിലുള്ളതിനെ)പ്പറ്റി
- وَإِذْ يُرِيكُمُوهُمْ إِذِ ٱلْتَقَيْتُمْ فِىٓ أَعْيُنِكُمْ قَلِيلًا وَيُقَلِّلُكُمْ فِىٓ أَعْيُنِهِمْ لِيَقْضِىَ ٱللَّهُ أَمْرًا كَانَ مَفْعُولًا ۗ وَإِلَى ٱللَّهِ تُرْجَعُ ٱلْأُمُورُ ﴾٤٤﴿
- നിങ്ങള്‍ (പരസ്പരം) കണ്ടുമുട്ടിയപ്പോള്‍, നിങ്ങളുടെ കണ്ണുകളില്‍ [കാഴ്ചയില്‍] അവരെ കുറച്ച് അവന്‍ നിങ്ങള്‍ക്കു കാണിച്ചു തന്ന സന്ദര്‍ഭവും (ഓര്‍ക്കുക); അവരുടെ കണ്ണുകളില്‍ [കാഴ്ചയില്‍] നിങ്ങളെയും അവന്‍ കുറച്ചു (കാട്ടി)യിരുന്നു; (അതെ) പ്രാവര്‍ത്തികമാക്കേണ്ടിയിരുന്ന ഒരു കാര്യം അല്ലാഹു നിര്‍വ്വഹിക്കുവാന്‍ വേണ്ടി(യാണത്). അല്ലാഹുവിങ്കലേക്കത്രെ കാര്യങ്ങള്‍ മടക്കപ്പെടുന്നത്.
- وَإِذْ يُرِيكُمُوهُمْ നിങ്ങള്‍ക്കു അവരെ അവന്‍ കാട്ടിതന്നിരുന്ന സന്ദര്‍ഭവും إِذِ الْتَقَيْتُمْ നിങ്ങള്‍ കണ്ടുമുട്ടിയപ്പോള്‍ (പരസ്പരം കണ്ടപ്പോള്‍) فِي أَعْيُنِكُمْ നിങ്ങളുടെ കണ്ണുകളില്‍ قَلِيلًا കുറച്ചായി, അല്‍പമായി وَيُقَلِّلُكُمْ നിങ്ങളെ കുറച്ചു കാട്ടുകയും ചെയ്തിരുന്നു فِي أَعْيُنِهِمْ അവരുടെ കണ്ണുകളില്‍ لِيَقْضِيَ നിര്‍വ്വഹിക്കുവാന്‍ വേണ്ടി اللَّـهُ അല്ലാഹു أَمْرًا ഒരു കാര്യത്തെ كَانَ അതായിരുന്നു مَفْعُولًا ചെയ്യപ്പെട്ടതു, പ്രാവര്‍ത്തികമാക്കേണ്ടത് وَإِلَى اللَّـهِ അല്ലാഹുവിങ്കലേക്കത്രെ تُرْجَعُ മടക്കപ്പെടുക الْأُمُورُ കാര്യങ്ങള്‍
തങ്ങളെക്കാള്‍ എത്രയോ ശക്തമായ ആ പട്ടാള സംഘത്തോടു ഏറ്റുമുട്ടുവാന്‍ ധൈര്യവും വീര്യവും നല്‍കി മുസ്ലിംകളെക്കൊണ്ടു വിജയപതാക പറപ്പിക്കുവാന്‍ അല്ലാഹു എടുത്ത ചില നടപടികളാണു ഈ വചനങ്ങളില്‍ കാണുന്നത്. ശത്രുക്കള്‍ വളരെ കുറച്ചു പേര്‍ മാത്രമേയുള്ളുവെന്നു അവന്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ക്കു സ്വപനത്തില്‍ കാണിച്ചു. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അതു സഹാബികളോടു പറയുകയും ചെയ്തു. അതവര്‍ക്ക് യുദ്ധാവേശവും ധൈര്യവും ഉളാവക്കുമല്ലോ. നേരെമറിച്ച് ശത്രുക്കളുടെ എണ്ണം അധികമുണ്ടെന്നായിരുന്നു സ്വപ്നമെങ്കില്‍, അതു ഭീതിയും ധൈര്യക്ഷയവും ഉണ്ടാക്കുകയും ചെയ്യുമെന്ന് വ്യക്തമാണ്. അതോടൊപ്പം, യുദ്ധം വേണമെന്നും വേണ്ടെന്നും മറ്റുമുള്ള കക്ഷി വഴക്കിനും കാരണമാകും. അതൊന്നും കൂടാതെ, അവരെ കാത്തുരക്ഷിക്കുവാനാണു അല്ലാഹു അങ്ങിനെ ചെയ്തത്. രണ്ടു കൂട്ടരും യുദ്ധക്കളത്തില്‍ കൂട്ടിമുട്ടിയപ്പോഴും ശത്രുക്കള്‍ കാഴ്ചയില്‍ അധികമൊന്നുമില്ല – കുറച്ചാളുകളേയുള്ളു – എന്നു മുസ്ലിംകള്‍ക്കു തോന്നിപ്പിച്ചു. ഇതിന്റെയും ഫലം മേല്‍ പറഞ്ഞതു തന്നെ, മനുഷ്യ മനുസ്സുകളെപ്പറ്റി മനുഷ്യരെക്കാള്‍ അറിയുന്ന സര്‍വ്വജ്ഞനാണല്ലോ അല്ലാഹു. അതേ പ്രകാരം, മുസ്ലിംകള്‍ വളരെ കുറഞ്ഞ ആളുകളേയുള്ളുവെന്നായിരുന്നു കാഴ്ചയില്‍ ശത്രുക്കള്‍ക്കും തോന്നിയത്. കൂസല്‍ കൂടാതെ, മുസ്ലിംകളുടെ നേരെ ആഞ്ഞടുക്കുവാന്‍ അവരെ പ്രേരിപ്പിക്കലാണു ഇതിന്റെ ഉദ്ദേശ്യം. അപ്പോഴാണല്ലോ ഇരുചേരികളും ചെറുത്തു നില്‍ക്കുവാന്‍ മിനക്കെടാതെ ആക്രമണത്തിനും, പ്രത്യാക്രമണത്തിനും മുതിരുക. അതോടെ ശത്രുക്കളുടെ തോല്‍വി ത്വരിതപ്പെടുകായും ചെയ്യും. അല്ലാഹു പ്രയോഗത്തില്‍ വരുത്തുവാന്‍ പോകുന്ന കാര്യം – സത്യവിശ്വാസികളുടെ വിജയവും അവിശ്വാസികളുടെ പരാജയവും – വേഗം നടപ്പില്‍ വരുത്തുവാന്‍ വേണ്ടി അല്ലാഹു എടുത്ത ചില നടപടികളാണിതൊക്കെ, എല്ലാ കാര്യത്തിന്റെയും പര്യവസാനം അവങ്കലേക്കും, അവന്റെ തീരുമാനമനുസരിച്ചുമാണല്ലോ എന്നു സാരം.
ശത്രുക്കളുടെ ദൃഷ്ടിയില്‍ സത്യവിശ്വാസികളുടെ എണ്ണവും കുറവായിത്തോന്നിയിരുന്നുവെന്നു പറഞ്ഞതു യുദ്ധത്തിന്റെ ആദ്യഘട്ടത്തിലുണ്ടായ അവസ്ഥയായിരുന്നു. യുദ്ധം ആരംഭിച്ചു ഇരു കൂട്ടരും ഏറ്റുമുട്ടിക്കഴിഞ്ഞപ്പോള്‍ ശത്രുക്കളുടെ ദൃഷ്ടിയില്‍ മുസ്ലിംകളുടെ എണ്ണം അധികമുള്ളതായി തോന്നുകയുണ്ടായി. അതിനെപ്പറ്റിയാണു ആലുഇംറാന്‍ 13ല്‍ يَرَوْنَهُم مِّثْلَيْهِمْ رَأْيَ الْعَيْنِ (അവര്‍ അവരെ – അവിശ്വാസികള്‍ സത്യവിശ്വാസികളെ – തങ്ങളുടെ രണ്ടത്രയുള്ളതായി കണ്‍കാഴ്ചയില്‍ കണ്ടിരുന്നു) എന്നു പറഞ്ഞത്. ഈ രണ്ടു പ്രസ്താവനകളും രണ്ടു സന്ദര്‍ഭങ്ങളെയാണു ചൂണ്ടിക്കാട്ടുന്നത്. കൂടുതല്‍ വിവരം അവിടെ നോക്കുക.
വിഭാഗം - 6
- يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ إِذَا لَقِيتُمْ فِئَةً فَٱثْبُتُوا۟ وَٱذْكُرُوا۟ ٱللَّهَ كَثِيرًا لَّعَلَّكُمْ تُفْلِحُونَ ﴾٤٥﴿
- ഹേ, വിശ്വസിച്ചവരേ, നിങ്ങള്‍ വല്ല (സൈന്യ) സംഘത്തെയും കണ്ടുമുട്ടിയാല്‍, നിങ്ങള്‍ ഉറച്ചു നില്‍ക്കുകയും, അല്ലാഹുവിനെ ധാരാളം ഓര്‍മ്മിക്കുകയും ചെയ്യുവിന്‍;- നിങ്ങള്‍ വിജയം പ്രാപിച്ചേക്കാം.
- يَا أَيُّهَا الَّذِينَ آمَنُوا വിശ്വസിച്ചവരേ إِذَا لَقِيتُمْ നിങ്ങള്‍ കണ്ടുമുട്ടിയാല്‍ فِئَةً വല്ല സംഘത്തെയും, ഒരു കൂട്ടത്തെ فَاثْبُتُوا നിങ്ങള്‍ ഉറച്ചു (സ്ഥിരപ്പെട്ടു) നില്‍ക്കുവിന്‍ وَاذْكُرُوا ഓര്‍മ്മിക്കുകയും ചെയ്യുവിന്‍ اللَّـهَ അല്ലാഹുവിനെ كَثِيرًا വളരെ, അധികം, ധാരാളം لَّعَلَّكُمْ നിങ്ങളായേക്കാം, ആകുവാന്‍ വേണ്ടി تُفْلِحُونَ നിങ്ങള്‍ വിജയം പ്രാപിക്കും
- وَأَطِيعُوا۟ ٱللَّهَ وَرَسُولَهُۥ وَلَا تَنَٰزَعُوا۟ فَتَفْشَلُوا۟ وَتَذْهَبَ رِيحُكُمْ ۖ وَٱصْبِرُوٓا۟ ۚ إِنَّ ٱللَّهَ مَعَ ٱلصَّٰبِرِينَ ﴾٤٦﴿
- നിങ്ങള്‍ അല്ലാഹുവിനെയും അവന്റെ റസൂലിനെയും അനുസരിക്കുകയും ചെയ്യുവിന്‍; നിങ്ങള്‍ പരസ്പരം ഭിന്നിക്കുകയും ചെയ്യരുത്; എന്നാല്‍ നിങ്ങള്‍ക്കു ഭീരുത്വം പിണയുകയും, നിങ്ങളുടെ കാറ്റ് [വീര്യം] പോയിപ്പോകുകയും ചെയ്യും. നിങ്ങള്‍ ക്ഷമിക്കുകയും ചെയ്യണം. നിശ്ചയമായും അല്ലാഹു ക്ഷമിക്കുന്നവരുടെ കൂടെയായിരിക്കും.
- وَأَطِيعُوا അനുസരിക്കുകയും ചെയ്യുവിന്‍ اللَّـهَ അല്ലാഹുവിനെ وَرَسُولَهُ അവന്റെ റസൂലിനെയും وَلَا تَنَازَعُوا പരസ്പരം ഭിന്നിക്കുക (പിണങ്ങുക - വഴക്കടിക്കുക)യും ചെയ്യരുത് فَتَفْشَلُوا എന്നാല്‍ നിങ്ങള്‍ക്കു ഭീരുത്വം പിണയും, നിങ്ങള്‍ ഭീരുത്വം കാണിക്കും وَتَذْهَبَ പോകുകയും ചെയ്യും رِيحُكُمْ നിങ്ങളുടെ കാറ്റ് (വീര്യം) وَاصْبِرُوا ക്ഷമിക്കുകയും ചെയ്യുവിന്‍ إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു مَعَ الصَّابِرِينَ ക്ഷമിക്കുന്നവരുടെ കൂടെയായിരിക്കും
ശത്രുസൈന്യങ്ങളുമായി ഏറ്റുമുട്ടേണ്ടി വരുമ്പോള്‍ സത്യവിശ്വാസികള്‍ക്കു വിജയം കൈവരുവാനുള്ള ഉപാധികള്‍ ഏതൊക്കെയാണെന്നു അല്ലാഹു ചൂണ്ടിക്കാട്ടുന്നു:
(1). ഉറച്ചു നില്‍ക്കുക. കാല്‍പതറാതെ, ഭീരുത്വം പ്രകടിപ്പിക്കാതെ, ധൈര്യപൂര്‍വ്വം നിലകൊള്ളുക.
(2). അല്ലാഹുവിനെ ധാരാളം ഓര്‍മ്മിക്കുക. അല്ലാഹുവിനോടു പ്രാര്‍ത്ഥിച്ചും, സഹായമാര്‍ത്ഥിച്ചും, ‘തസ്ബീഹു- തക്ബീര്‍’ മുതലായവ ഉച്ചരിച്ചും എല്ലാം അവനില്‍ അര്‍പ്പിച്ചും, അവന്റെ കാരുണ്യം പ്രതീക്ഷിച്ചും കൊണ്ടിരിക്കുക.
(3). അല്ലാഹുവിനെയും റസൂലിനെയും അനുസരിക്കുക. അവരുടെ വിധിവിലക്കുകളെയും, ഉപദേശ നിര്‍ദ്ദേശങ്ങളെയും പാലിക്കുകയും, അതിനെതിരായി പ്രവര്‍ത്തിക്കാതിരിക്കുകയും ചെയ്യുക.
(4). അന്യോന്യം ഭിന്നിക്കാതെയും, തമ്മില്‍ പിണക്കമില്ലാതെയും ഇരിക്കുക. അഭിപ്രായ ഭിന്നിപ്പോ, തര്‍ക്കമോ, കക്ഷിവഴക്കോ, ചേരിപിരിവോ കൂടാതെ ഒത്തൊരുമിച്ച് ഒറ്റക്കെട്ടായി നിലകൊള്ളുക.
(5). ക്ഷമിക്കുക. ഞെരുക്കവും ബുദ്ധിമുട്ടും സഹിക്കുകയും, വന്നുപോയ നഷ്ടങ്ങളെചൊല്ലി അക്ഷമ കാണിക്കാതിരിക്കുകയും ചെയ്യുക.
ഇത്രയം കാര്യങ്ങള്‍ ഗൗനിക്കുന്നപക്ഷം, സത്യവിശ്വാസികള്‍ക്കു വിജയം കൈവരുന്നതും അല്ലാഹുവിന്റെ സഹായം ലഭിക്കുന്നതുമാണെന്നു അറിയിക്കുന്നു.
ഭിന്നിപ്പിന്റെ ഫലം ഭീരുത്വവും, ഉള്ളചൂരും പേരും – അഥവാ വീര്യവും ചുണയും – നശിച്ചുപോകലുമായിരിക്കുമെന്നും ക്ഷമിക്കുന്നവര്‍ക്കേ അല്ലാഹുവിന്റെ സഹായം പ്രതീക്ഷിക്കുവാനുള്ളുവെന്നും അല്ലാഹു പ്രത്യേകം ഉണര്‍ത്തിയിരിക്കുന്നു. ഒരു യുദ്ധയാത്രയില്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ചെയ്ത പ്രസംഗത്തില്‍ ഇങ്ങിനെ പറഞ്ഞതായി അബ്ദു അല്ലാഹ് ഇബ്നു അബീഔഫാ (رَضِيَ اللهُ تَعَالَى عَنْهُ) ഉദ്ധരിക്കുന്നു: “മനുഷ്യരേ, നിങ്ങള്‍ ശത്രുവെ കണ്ടുമുട്ടുവാന്‍ കൊതിക്കരുത്. അല്ലാഹുവിനോടു (അതില്‍ നിന്നു) ഒഴിവാക്കിത്തരുവാന്‍ അപേക്ഷിക്കുകയും ചെയ്യുവിന്‍. എന്നാല്‍, നിങ്ങള്‍ അവരെ കണ്ടുമുട്ടിയാല്‍, അപ്പോള്‍ നിങ്ങള്‍ ക്ഷമ കൈക്കൊള്ളണം. സ്വര്‍ഗ്ഗം വാളുകളുടെ തണലുകളിലുണ്ടെന്നു നിങ്ങള്‍ അറിയുകയും ചെയ്യുക.” (ബു; മു). അബ്ദു അല്ലാഹ് ഇബ്നു അംര്‍ (رَضِيَ اللهُ تَعَالَى عَنْهُ) വഴി വന്നിട്ടുള്ള ഒരു ഹദീഥില്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഇപ്രകാരം പറഞ്ഞതായി വന്നിരിക്കുന്നു: “നിങ്ങള്‍ ശത്രുവെ കണ്ടുമുട്ടുവാന്‍ കൊതിക്കരുത്. ഒഴിവാക്കുവാന്‍ അല്ലാഹുവിനോടു ചോദിക്കുകയും ചെയ്യുക. എന്നാല്‍, അവരുമായി കണ്ടുമുട്ടിയാല്‍, നിങ്ങള്‍ ഉറച്ചു നില്‍ക്കണം. അവര്‍ ബഹളം കൂട്ടുകയും, (ശബ്ദം ഉയര്‍ത്തി) അട്ടഹസിക്കുകയും ചെയ്‌താല്‍, നിങ്ങള്‍ മൗനമായിരിക്കണം.” (അബ്ദു റസ്സാഖ്).
മേല്‍ കണ്ട ഉപാധികളിലുള്ള വീഴ്ചയും പോരായ്മയുമായിരിക്കും സത്യവിശ്വാസികള്‍ക്കു പരാജയം നേരിടുവാന്‍ കാരണമാകുന്നതെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. സംഖ്യാബലവും, ആയുധബലവും ആവശ്യം തന്നെ. അതിനെപ്പറ്റി വേറെ സ്ഥലങ്ങളില്‍ അല്ലാഹു ഊന്നിപ്പറയുന്നുമുണ്ട്. പക്ഷെ ആള്‍ബലവും, ആയുധശക്തിയും കൊണ്ടുമാത്രം വിജയം കരസ്ഥമാകുകയില്ലെന്നും, ആ രണ്ടിന്റെയും കുറവുണ്ടായിരുന്നിട്ടും സത്യവിശ്വാസികള്‍ക്കു വിജയം കരസ്ഥമാകുകയുണ്ടായിട്ടുണ്ടെന്നും നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ കാലത്തു നടന്ന സംഭവങ്ങള്‍ തന്നെ തെളിയിച്ചിട്ടുള്ളതാണ്. ബദ്ര്‍, ഉഹ്ദ്, ഹുനൈന്‍ മുതലായ യുദ്ധങ്ങള്‍ അതിനു ഉദാഹരണങ്ങളത്രെ, മുസ്ലിംകളുടെ ചരിത്രത്തില്‍ ശത്രുക്കളുമായി അവര്‍ ഏറ്റുമുട്ടേണ്ടി വന്ന സംഭവങ്ങള്‍ മൊത്തത്തില്‍ പരിശോധിച്ചാലും ഈ വാസ്തവം തെളിഞ്ഞു കാണാവുന്നതാണ്. ഇന്നത്തെ മുസ്ലിം രാഷ്ട്രങ്ങളെ അപേക്ഷിച്ചു ബാഹ്യമായ എല്ലാ നിലക്കു നോക്കിയാലും ഒരു നാഴിക നേരംകൊണ്ടു മുട്ടുകുത്തിക്കുവാന്‍ മാത്രമുള്ള ഒരു ചെറു രാഷ്ട്രമത്രെ ഇപ്പോള്‍ നിലവിലുള്ള ഇസ്രാഈല്‍ രാഷ്ട്രം. മുസ്ലിംകളോടു പരമ ശത്രുതയില്‍ വര്‍ത്തിക്കുന്ന ആ രാഷ്ട്രത്തെ അടക്കി നിറുത്തുവാന്‍ രണ്ടു മൂന്നു ദശവല്‍സരങ്ങളോളം പരിശ്രമം നടത്തിയിട്ടും ലോക മുസ്ലിം രാഷ്ട്രങ്ങള്‍ക്കു കഴിഞ്ഞിട്ടില്ല. ഇതിന്റെ കാരണവും ഈ വചനത്തില്‍ പ്രസ്താവിക്കപ്പെട്ട ഉപാധികളില്‍ സമുദായം കൈകൊണ്ടിട്ടുള്ള അമാന്തമല്ലാതെ മറ്റൊന്നുമല്ല. വീണ്ടും അല്ലാഹു ഉപദേശിക്കുന്നു:-
- وَلَا تَكُونُوا۟ كَٱلَّذِينَ خَرَجُوا۟ مِن دِيَٰرِهِم بَطَرًا وَرِئَآءَ ٱلنَّاسِ وَيَصُدُّونَ عَن سَبِيلِ ٱللَّهِ ۚ وَٱللَّهُ بِمَا يَعْمَلُونَ مُحِيطٌ ﴾٤٧﴿
- തങ്ങളുടെ വീടുകളില്‍നിന്ന് ഗര്‍വ്വായും, മനുഷ്യരെ കാണി(ച്ചു കീര്‍ത്തിസമ്പാദി)ക്കുവാനായും പുറപ്പെട്ടവരെപ്പോലെ നിങ്ങള്‍ ആവുകയുമരുത്. അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ നിന്നു (ജനങ്ങളെ) അവര്‍ തടയുകയും ചെയ്യുന്നു. [ഇവരെപ്പോലെ നിങ്ങള്‍ ആയിരിക്കരുത്].
അല്ലാഹു, അവര്‍ പ്രവര്‍ത്തിക്കുന്നതിനെ വലയം ചെയ്തു [സൂക്ഷ്മമായറിഞ്ഞു] കൊണ്ടിരിക്കുന്നവനാകുന്നു. - وَلَا تَكُونُوا നിങ്ങളാവുകയുമരുത് كَالَّذِينَ خَرَجُوا പുറപ്പെട്ടവരെപ്പോലെ مِن دِيَارِهِم അവരുടെ വീടു (വസതി) കളില്‍ നിന്നു بَطَرًا ഗര്‍വ്വായിട്ടു, മതിമറന്നുകൊണ്ടു, അഹങ്കാരമായി وَرِئَاءَ കാണിക്കുവാനും النَّاسِ മനുഷ്യരേ وَيَصُدُّونَ അവര്‍ തടയുകയും ചെയ്തിരുന്നു, തടഞ്ഞുകൊണ്ടും عَن سَبِيلِ മാര്‍ഗ്ഗത്തില്‍നിന്നു اللَّـهِ അല്ലാഹുവിന്റെ وَاللَّـهُ അല്ലാഹുവാകട്ടെ بِمَا يَعْمَلُونَ അവര്‍ പ്രവര്‍ത്തിക്കുന്നതിനെ مُحِيطٌ വലയം ചെയ്യുന്ന (സൂക്ഷ്മമായറിയുന്ന) വനാണ്
അബൂജഹ്ലിന്റെ നേതൃത്വത്തില്‍ ബദ്റില്‍ വന്ന സൈന്യത്തെപ്പോലെ, ഗര്‍വ്വും, അഹങ്കാരവും, ദുരഭിമാനവും സത്യവിശ്വാസികള്‍ക്കു ഉണ്ടായിക്കൂടാ; അവര്‍ അടക്കവും, ഒതുക്കവും, നിഷ്കളങ്കതയും, ഭയഭക്തിയും ഉള്ളവരായിരിക്കണം എന്നു അല്ലാഹു അവരെ ഉപദേശിക്കുകയാണ്. അബൂസുഫ്യാന്റെ വര്‍ത്തകസംഘത്തെ രക്ഷപ്പെടുത്തുവാന്‍ വേണ്ടി ഒരുങ്ങിത്തുടങ്ങിയ ആ മുശ്രിക്കുകള്‍ വഴിക്കുവെച്ച് അവര്‍ രക്ഷപ്പെട്ടവിവരം അറിഞ്ഞിട്ടും മടങ്ങിപ്പോകാതെ, ബദ്റിലെ മൈതാനത്തു ചെന്നു മൂന്നു ദിവസം ഒട്ടകത്തെ അറുത്തും, കള്ളു കുടിച്ചും, നൃത്താലാപനങ്ങള്‍ നടത്തിയും കൊണ്ടു അറബികള്‍ക്കിടയില്‍ കീര്‍ത്തിനേടിക്കൊണ്ടല്ലാതെ മടങ്ങുകയില്ലെന്നു പറഞ്ഞാണല്ലോ അവര്‍ ബദ്റില്‍ വന്നിറങ്ങിയത്. പക്ഷേ, അല്ലാഹു ഉദ്ദേശിച്ചതു മറ്റൊന്നായിരുന്നതു കൊണ്ടു അതു നടന്നില്ല.
- وَإِذْ زَيَّنَ لَهُمُ ٱلشَّيْطَٰنُ أَعْمَٰلَهُمْ وَقَالَ لَا غَالِبَ لَكُمُ ٱلْيَوْمَ مِنَ ٱلنَّاسِ وَإِنِّى جَارٌ لَّكُمْ ۖ فَلَمَّا تَرَآءَتِ ٱلْفِئَتَانِ نَكَصَ عَلَىٰ عَقِبَيْهِ وَقَالَ إِنِّى بَرِىٓءٌ مِّنكُمْ إِنِّىٓ أَرَىٰ مَا لَا تَرَوْنَ إِنِّىٓ أَخَافُ ٱللَّهَ ۚ وَٱللَّهُ شَدِيدُ ٱلْعِقَابِ ﴾٤٨﴿
- പിശാച് അവര്‍ക്കു [അവിശ്വാസികള്‍ക്കു] തങ്ങളുടെ പ്രവൃത്തികളെ ഭംഗിയാക്കി കാട്ടിയ സന്ദര്‍ഭവും (ഓര്‍ക്കുക): അവന്‍ പറയുകയും ചെയ്തു: "ഇന്നു മനുഷ്യരില്‍നിന്നു (ആരും) നിങ്ങളെ ജയിച്ചടക്കുന്നവരില്ല; നിശ്ചയമായും, ഞാന്‍ നിങ്ങള്‍ക്കു ഒരു അയല്‍ക്കാരനും [സഹായിയും] ആകുന്നു." എന്നിട്ട് രണ്ടു സംഘങ്ങള്‍ പരസ്പരം കണ്ടപ്പോള്‍, അവന്‍ മടമ്പുകാലുകളില്‍ [വന്നപാടെ] പിന്നോക്കം വെച്ചു; അവന്‍ പറയുകയും ചെയ്തു: "നിശ്ചയമായും ഞാന്‍, നിങ്ങളില്‍ നിന്നും [ഉത്തരവാദിത്വം] ഒഴിവായവനാണ്; നിങ്ങള്‍ കാണാത്തതു ഞാന്‍ കാണുന്നു: ഞാന്‍ അല്ലാഹുവിനെ പേടിക്കുന്നു. അല്ലാഹുവാകട്ടെ, ശിക്ഷാ നടപടി കഠിനമായവനാകുന്നു."
- وَإِذْ زَيَّنَ ഭംഗിയാക്കിക്കൊടുത്ത (അലങ്കാരമായി കാണിച്ച) സന്ദര്‍ഭവും لَهُمُ അവര്‍ക്കു الشَّيْطَانُ പിശാചു, ശൈത്താന്‍ أَعْمَالَهُمْ അവരുടെ പ്രവൃത്തികളെ وَقَالَ അവന്‍ പറയുകയും (ചെയ്തു - ചെയ്ത) لَا غَالِبَ ജയിച്ചടക്കുന്നവനേ ഇല്ല لَكُمُ നിങ്ങളെ, നിങ്ങളോടു الْيَوْمَ ഇന്നു, ഈ ദിവസം مِنَ النَّاسِ മനുഷ്യരില്‍നിന്നു وَإِنِّي നിശ്ചയമായും ഞാന്‍ جَارٌ لَّكُمْ നിങ്ങള്‍ക്കു ഒരയല്‍ക്കാരനാണ്, (അഭയം നല്‍കുന്ന) സഹായിയാണു فَلَمَّا تَرَاءَتِ എന്നിട്ടു അന്യോന്യം കണ്ടപ്പോള്‍ الْفِئَتَانِ രണ്ടു സംഘങ്ങള്‍ نَكَصَ അവന്‍ പിന്നോക്കം വെച്ചു, പിന്നോട്ടു മാറി عَلَىٰ عَقِبَيْهِ തന്റെ മടമ്പുകാലുകളില്‍ وَقَالَ അവന്‍ പറയുകയും ചെയ്തു إِنِّي بَرِيءٌ ഞാന്‍ ഒഴിവായവനാണ് مِّنكُمْ നിങ്ങളില്‍ നിന്നും, നിങ്ങളോടു إِنِّي أَرَىٰ നിശ്ചയമായും ഞാന്‍ കാണുന്നു مَا لَا تَرَوْنَ നിങ്ങള്‍ കാണാത്തതു إِنِّي أَخَافُ നിശ്ചയമായും ഞാന്‍ ഭയപ്പെടുന്നു, പേടിക്കുന്നു اللَّـهَ അല്ലാഹുവിനെ وَاللَّـهُ അല്ലാഹുവാകട്ടെ شَدِيدُ കഠിനമായവനാണു الْعِقَابِ ശിക്ഷാനടപടി
ഈ സംഭവത്തെപ്പറ്റി ക്വുര്‍ആന്‍ വ്യാഖ്യാതാക്കള്‍ രണ്ടു പ്രകാരത്തില്‍ വിവരിച്ചു കാണാം:
1. മുശ്രിക്കുകളുടെ മനസ്സില്‍ പിശാച് നടത്തിയ ദുര്‍ബ്ബോധനങ്ങളുടെയും, ദുര്‍മ്മന്ത്രങ്ങളുടെയും ഒരു ചിത്രീകരണമാണിത്. തങ്ങള്‍ ചെയ്യുന്നതെല്ലാം നല്ലതാണെന്നു ആദ്യം അവന്‍ അവര്‍ക്കു തോന്നിപ്പിച്ചു. വിജയം അവര്‍ക്കു സുനിശ്ചിതമാണെന്നു അവരെ വ്യാമോഹിപ്പിക്കുകയും ചെയ്തു. അവസാനം അവരെ നാശത്തില്‍ ചാടിച്ചുകൊണ്ടു അവന്‍ ഒഴിഞ്ഞുമാറുകയാണുണ്ടായത്. ഒരാള്‍ ആദ്യം സഹായ വാഗ്ദാനങ്ങളോടുകൂടി പ്രോല്‍സാഹനം നല്‍കുകയും, പിന്നീടു സന്നിഗ്ദ്ധഘട്ടം നേരിട്ടപ്പോള്‍ ഭവിഷ്യത്തിനെ ഭയപ്പെട്ട് ഞാന്‍ എന്റെ രക്ഷാമാര്‍ഗ്ഗം നോക്കുകയാണെന്നു പറഞ്ഞ് അവരെ കൈവിടുകയും ചെയ്യുന്നതുപോലെയാണു പിശാചു അവരോടു ചെയ്തതു എന്നു ചുരുക്കം. ഇതാണു ചില വ്യാഖ്യാതാക്കളുടെ അഭിപ്രായം.
2. പിശാചു മനുഷ്യരൂപത്തില്‍ വെളിപ്പെട്ട് മുശ്രിക്കുകളോടു അങ്ങിനെയെല്ലാം പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്തുവെന്നത്രെ ഭൂരിപക്ഷം വ്യാഖ്യാതാക്കളും പ്രസ്താവിക്കുന്നത്. ഇബ്നു അബ്ബാസ്, ഉര്‍വത്തുബ്നു സുബൈര്‍, ദ്വഹ്ഹാക്ക്, ക്വത്താദഃ, ഹസന്‍ ബസ്വരീ, മുഹമ്മദുബ്നു കഅ്ബ് (റ) മുതലായവരില്‍നിന്നു പല മാര്‍ഗ്ഗങ്ങളിലൂടെയും നിവേദനം ചെയ്യപ്പെട്ടിട്ടുള്ള രിവായത്തുകളാണു ഈ അഭിപ്രായത്തിനാധാരം. ഈ അഭിപ്രായവും, പ്രസ്തുത രിവായത്തുകളും ഉദ്ധരിക്കുക മാത്രമേ ഇമാം ഇബ്നു ജരീറും, ഇമാം ഇബ്നു കഥീറും (رحمهما الله) അവരുടെ തഫ്സീറുകളില്‍ ഇവിടെ ചെയ്തിട്ടുള്ളു. വേറെ അഭിപ്രായങ്ങളൊന്നും ഉദ്ധരിച്ചിട്ടുമില്ല. ക്വുര്‍ആന്റെ തുറന്ന ഭാഷയിലുള്ള ചിത്രീകരണവും, പ്രസ്തുത രിവായത്തുകളും മുമ്പില്‍ വെച്ചു നോക്കുമ്പോള്‍, രണ്ടാമത്തെ അഭിപ്രായത്തിനാണു മുന്‍ഗണന കാണുന്നത്. എങ്കിലും, റസൂല്‍ (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയില്‍നിന്നു ഒന്നും രേഖപ്പെട്ടു വന്നിട്ടില്ലാത്ത സ്ഥിതിക്കു ഒന്നും ഉറപ്പിച്ചു പറയുവാന്‍ നിവൃത്തിയില്ല താനും.
മേല്‍ സൂചിപ്പിച്ച രിവായത്തുകളുടെ സാരം മൊത്തത്തില്‍ ഇതാണു: ക്വുറൈശികള്‍ ബദ്റിലേക്കു പുറപ്പെട്ടപ്പോള്‍, കിനാനഃ ഗോത്രത്തില്‍പെട്ട ബനൂബക്കര്‍ ശാഖയില്‍നിന്നു തങ്ങള്‍ക്കു വല്ല അനിഷ്ടസംഭവങ്ങളും നേരിട്ടേക്കുമോ എന്നൊരു ഭയം അവര്‍ക്കുണ്ടായിരുന്നു. അവര്‍ തമ്മില്‍ മുമ്പു കഴിഞ്ഞിരുന്ന ഒരു യുദ്ധ വഴക്കായിരുന്നു അതിനു കാരണം. ഈ ഭയാശങ്ക ഉപയോഗപ്പെടുത്തിക്കൊണ്ട് ആ ശാഖയിലെ ഒരു നേതാവായിരുന്ന സുറാക്വത്തുബ്നു മാലികിന്റെ വേഷത്തില്‍ ഇബ്ലീസു അവരെ സമീപിച്ചു. അവരുടെ സംരംഭങ്ങളെ പ്രശംസിക്കുകയും, ഞാന്‍ നിങ്ങളുടെ ഒന്നിച്ചുണ്ടു – നിങ്ങള്‍ക്കു ആരെയും ഭയപ്പെടേണ്ടതില്ല – വിജയം നിങ്ങള്‍ക്കു തീര്‍ച്ചയാണു എന്നൊക്കെപ്പറഞ്ഞു അവരെ ധൈര്യപ്പെടുത്തി അവരുടെ ഒപ്പം കൂടുകയും ചെയ്തു. അവര്‍ മുസ്ലിംകളുമായി സമീപിച്ചപ്പോള്‍, മലക്കുകളുടെ വരവു ഇബ്ലീസു കണ്ടു. അതോടെ, ‘ഞാന്‍ നിങ്ങളില്‍നിന്നു ഇതാ ഒഴിഞ്ഞുമാറുന്നു, നിങ്ങള്‍ക്കു കണ്ടു കൂടാത്തതു ഞാന്‍ കാണുന്നു, എനിക്കു വല്ല ആപത്തും ബാധിച്ചേക്കുമെന്നു ഞാന്‍ ഭയപ്പെടുന്നു’ എന്നൊക്കെ പറഞ്ഞുകൊണ്ടു അവന്‍ പിന്‍വാങ്ങിക്കളഞ്ഞു. ഇതാണു ചുരുക്കം.
ഇബ്ലീസു മനുഷ്യരൂപത്തില്‍ പ്രത്യക്ഷപ്പെടുകയെന്ന ഒരസാധാരണത്വം ഇതിലടങ്ങിയിട്ടുണ്ടെങ്കിലും അതൊരു അസംഭവ്യ കാര്യമല്ലെന്നു തീര്‍ച്ച തന്നെ. ബദ്ര്‍ യുദ്ധത്തില്‍ മലക്കുകള്‍ മുസ്ലിംകളുടെ പക്ഷത്തു നടത്തിയ പ്രവര്‍ത്തനം എന്തു തന്നെ ആയിരുന്നാലും ശരി, അതു ബദ്ര്‍ യുദ്ധത്തിന്റെ ഒരു പ്രത്യേകതയാണെന്നുള്ളതില്‍ സംശയമില്ല. ആ സ്ഥിതിക്കു മറ്റു സന്ദര്‍ഭങ്ങളിലൊന്നും പതിവില്ലാത്തവിധം അതില്‍ മുശ്രിക്കുകളുടെ പക്ഷത്തു ഒരു പങ്കു ഇബ്ലീസും അഭിനയിച്ചുവെങ്കില്‍ അതില്‍ അസാംഗത്യമില്ല. സുറാക്വത്തിന്റെയോ മറ്റോ വേഷത്തില്‍ പ്രത്യക്ഷപ്പെട്ടതു ശരിയായാലും, അല്ലെങ്കിലും ഈ യുദ്ധത്തില്‍ അവന്‍ അവനാല്‍ കഴിയുന്ന പ്രത്യേക പങ്കു വഹിച്ചിരിക്കുവാനാനാണു ന്യായവും. ബദ്ര്‍ യുദ്ധ സംബന്ധമായ പരാമര്‍ശങ്ങള്‍ക്കിടയില്‍ ഈ സംഭവം അല്ലാഹു വിവരിച്ചതില്‍നിന്നും അതാണു മനസ്സിലാക്കേണ്ടതും. കേവലം ഒരു ഉപമാ രൂപത്തില്‍ മാത്രമുള്ള ഒരു ചിത്രീകരണമാണതെന്നുവെക്കവതല്ലാത്തവിധം തുറന്ന ഭാഷയിലാണു ഈ വചനമെന്നും ഓര്‍ക്കേണ്ടതുണ്ട്. الله أعلم
വിഭാഗം - 7
- إِذْ يَقُولُ ٱلْمُنَٰفِقُونَ وَٱلَّذِينَ فِى قُلُوبِهِم مَّرَضٌ غَرَّ هَٰٓؤُلَآءِ دِينُهُمْ ۗ وَمَن يَتَوَكَّلْ عَلَى ٱللَّهِ فَإِنَّ ٱللَّهَ عَزِيزٌ حَكِيمٌ ﴾٤٩﴿
- കപടവിശ്വാസികളും, തങ്ങളുടെ ഹൃദയങ്ങളില്‍ ഒരു (തരം) രോഗമുള്ളവരും പറഞ്ഞിരുന്ന സന്ദര്‍ഭം (ഓര്‍ക്കുക): "ഇക്കൂട്ടരെ അവരുടെ മതം വഞ്ചിച്ചു"വെന്നു. ആരെങ്കിലും അല്ലാഹുവിന്റെ മേല്‍ ഭരമേല്‍പിക്കുന്നപക്ഷം, നിശ്ചയമായും അല്ലാഹു, പ്രതാപശാലിയും, അഗാധജ്ഞനുമാണ് (എന്നു അറിഞ്ഞുകൊള്ളട്ടെ).
- إِذْ يَقُولُ പറയുന്ന (പറഞ്ഞിരുന്ന) സന്ദര്‍ഭം الْمُنَافِقُونَ കപടവിശ്വാസികള്‍ وَالَّذِينَ യാതൊരു കൂട്ടരും فِي قُلُوبِهِم അവരുടെ ഹൃദയങ്ങളിലുണ്ടു مَّرَضٌ ഒരു (തരം) രോഗമുള്ളവരും غَرَّ വഞ്ചിച്ചു, ചതിപ്പെടുത്തിയിരിക്കുന്നു هَـٰؤُلَاءِ ഈ കൂട്ടരെ دِينُهُمْ അവരുടെ മതം وَمَن ആരെങ്കിലും, വല്ലവരും, ആര്‍ يَتَوَكَّلْ ഭരമേല്‍പിക്കുന്ന(പക്ഷം) عَلَى اللَّـهِ അല്ലാഹുവിന്റെമേല്‍ فَإِنَّ اللَّـهَ എന്നാല്‍ നിശ്ചയമായും അല്ലാഹു عَزِيزٌ പ്രതാപശാലിയാണു حَكِيمٌ അഗാധജ്ഞനാണു, യുക്തിമാനാണു.
എണ്ണത്തിലും ശക്തിയിലും എതിര്‍പക്ഷത്തെ അപേക്ഷിച്ച് എത്രയോ കുറഞ്ഞ മുസ്ലിംകള്‍, അവരെക്കാള്‍ എല്ലാ നിലക്കും വമ്പിച്ച ഒരു സൈന്യത്തോടു യുദ്ധത്തിനു തയ്യാറായതു കണ്ടപ്പോള്‍, കപടവിശ്വാസികള്‍ മുസ്ലിംകളെപ്പറ്റി പറഞ്ഞ വാക്കാണത്. ‘ഇവര്‍ വലിയ ഭോഷന്‍മാര്‍ തന്നെ; ഇവര്‍ക്കു ഇവരുടെ മതത്തിലുള്ള വിശ്വാസം അതിരുകവിഞ്ഞുപോയി വഞ്ചിതരായിരിക്കുകയാണവര്‍’ എന്നു സാരം. ‘ഹൃദയത്തില്‍ ഒരു തരം രോഗമുള്ളവര്‍’ കപടവിശ്വാസികളെക്കുറിച്ചു തന്നെയോ, ദുര്‍ബ്ബലവിശ്വാസികളെക്കുറിച്ചോ ആവാം. അല്ലെങ്കില്‍, മുശ്രിക്കുകളുടെ ഇടയില്‍ ഇസ്ലാമിനെ സംബന്ധിച്ച കോളിളക്കം ഉണ്ടായിത്തീരുകയും, വിശ്വാസം ഉറച്ചു കഴിയാതിരിക്കുകയും ചെയ്ത ചിലരെ ഉദ്ദേശിച്ചുമാവാം. അല്ലാഹുവിനറിയാം. ഏതായാലും അവര്‍ക്കുള്ള മറുപടിയാണ് അവസാനത്തെ വാക്യം. അല്ലാഹുവില്‍ വിശ്വാസമര്‍പ്പിച്ചും, അവനില്‍ ഭരമേല്‍പിച്ചും വരുന്നവര്‍ക്കു – അവര്‍ എത്ര ദുര്‍ബ്ബലരായാലും – അവന്‍ സഹായം നല്‍കാതിരിക്കുകയില്ല. പ്രതാപവും യുക്തിജ്ഞാനവും തികഞ്ഞവനാണല്ലോ അവന്‍ എന്നു താല്‍പര്യം.
- وَلَوْ تَرَىٰٓ إِذْ يَتَوَفَّى ٱلَّذِينَ كَفَرُوا۟ ۙ ٱلْمَلَٰٓئِكَةُ يَضْرِبُونَ وُجُوهَهُمْ وَأَدْبَٰرَهُمْ وَذُوقُوا۟ عَذَابَ ٱلْحَرِيقِ ﴾٥٠﴿
- അവിശ്വസിച്ചവരെ മലക്കുകള്‍ പിടിച്ചെടുക്കുന്ന [മരണപ്പെടുത്തുന്ന] സന്ദര്‍ഭം നീ കണ്ടിരുന്നുവെങ്കില്‍! അവരുടെ മുഖങ്ങളെയും, അവരുടെ പിന്‍ഭാഗങ്ങളെയും അടിച്ചും കൊണ്ട്.
[ഹാ! അതു വല്ലാത്തൊരു കാഴ്ചയായിരിക്കും!] 'വെന്തു കരിച്ചലിന്റെ ശിക്ഷ ആസ്വദിച്ചുകൊള്ളുവിന്‍' (എന്നു പറയുകയും ചെയ്യും). - وَلَوْ تَرَىٰ നീ കണ്ടിരുന്നുവെങ്കില്‍, കാണുമായിരുന്നെങ്കില്‍ إِذْ يَتَوَفَّى പിടിച്ചെടുക്കുമ്പോള്‍ الَّذِينَ كَفَرُوا അവിശ്വസിച്ചവരെ الْمَلَائِكَةُ മലക്കുകള്‍ يَضْرِبُونَ അവര്‍ അടിച്ചും കൊണ്ട് وُجُوهَهُمْ അവരുടെ മുഖങ്ങളെ وَأَدْبَارَهُمْ അവരുടെ പിന്‍പുറങ്ങളെയും وَذُوقُوا ആസ്വദിക്കുക (രുചി നോക്കുക - അനുഭവിക്കുക) യും ചെയ്യുവിന്‍ عَذَابَ ശിക്ഷ വെന്തു الْحَرِيقِ കരിച്ചലിന്റെ
- ذَٰلِكَ بِمَا قَدَّمَتْ أَيْدِيكُمْ وَأَنَّ ٱللَّهَ لَيْسَ بِظَلَّٰمٍ لِّلْعَبِيدِ ﴾٥١﴿
- (അവിശ്വാസികളേ) അതു, നിങ്ങളുടെ കരങ്ങള്‍ മുന്‍ ചെയ്തു വെച്ചതു നിമിത്തമാകുന്നു. അല്ലാഹു അടിമകളോടു അക്രമം പ്രവര്‍ത്തിക്കുന്നവനൊന്നുമല്ല എന്നുള്ളതും (നിമിത്തമാണ്).
- ذَٰلِكَ അതു بِمَا قَدَّمَتْ മുന്‍ ചെയ്തു വെച്ചതു നിമിത്തമാണു أَيْدِيكُمْ നിങ്ങളുടെ കൈകള്‍ وَأَنَّ اللَّـهَ അല്ലാഹു എന്നുള്ളതും لَيْسَ അവനല്ല (എന്നുള്ളതും) بِظَلَّامٍ അക്രമം ചെയ്യുന്നവനേ لِّلْعَبِيدِ അടിമകളോടു
മരണവേളയില്‍ ആത്മാവിനെ പിടിച്ചെടുക്കുവാന്‍ നിയോഗിക്കപ്പെട്ട മലക്കുകള്‍, അവിശ്വാസികളോടു വളരെ പരുഷമായും, കഠിനമായും പെരുമാറുമെന്നും, സത്യവിശ്വാസികളോടു വളരെ സൗമ്യതയിലും, സന്തോഷത്തിലും പെരുമാറുമെന്നും ക്വുര്‍ആനിലും ഹദീഥിലും പലപ്പോഴും വ്യക്തമാക്കപ്പെട്ടിട്ടുള്ളതാകുന്നു. സൂ: അന്‍ആം 93ല്‍ ചിലതെല്ലാം മുമ്പു കണ്ടുവല്ലോ. ബദ്റില്‍ വെച്ചു മുസ്ലിംകളാല്‍ കൊല്ലപ്പെട്ടവര്‍ ദയനീയമാംവണ്ണം ഇഹലോകവാസം വെടിയെണ്ടി വന്നുവെന്നു മാത്രമല്ല, മരണവേളയില്‍ മലക്കുകളുടെ കൈക്കും അവര്‍ വമ്പിച്ച യാതനകള്‍ അനുഭവിക്കേണ്ടി വന്നിട്ടുണ്ടെന്നാണു ഇതിവിടെ പ്രസ്താവിച്ചതിലുള്ള സൂചന. അവിശ്വാസികളെ ആ മലക്കുകള്‍ അടിക്കുകയും, മര്‍ദ്ദിക്കുകയും ചെയ്യുന്ന ആ കാഴ്ച അതിഭയങ്കരമായിരിക്കും. അല്ലാഹു അവരോടു അക്രമ്മം പ്രവര്‍ത്തിക്കുന്നതുകൊണ്ടല്ല – അവരുടെ പ്രവര്‍ത്തനം കൊണ്ടു തന്നെയാണ് – ആ അനുഭവം അവര്‍ക്കു വന്നത്. ആരോടും യാതൊരു അനീതിയും ചെയ്യുന്നവനല്ല അല്ലാഹു എന്നൊക്കെയാണു ഈ വചനത്തില്‍ പറഞ്ഞതിന്റെ സാരം.
നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അരുളിച്ചെയ്തതായി അബൂദര്‍റുല്‍ ഗിഫാരീ (رَضِيَ اللهُ تَعَالَى عَنْهُ) ഉദ്ധരിക്കുന്നു: “അല്ലാഹു പറയുകയാണ്: “എന്റെ അടിയാന്‍മാരേ, എന്റെ സ്വന്തം പേരില്‍ ഞാന്‍ അക്രമത്തെ നിഷിദ്ധമാക്കിയിരിക്കുന്നു. നിങ്ങള്‍ക്കിടയിലും ഞാന്‍ അതിനെ നിഷിദ്ധമാക്കിയിരിക്കുന്നു. അതുകൊണ്ട് നിങ്ങളന്യോന്യം അക്രമം ചെയ്യരുത്. എന്റെ അടിയാന്‍മാരേ, നിങ്ങളുടെ പ്രവര്‍ത്തനങ്ങളാണു കാര്യം. അതു നിങ്ങള്‍ക്കു ഞാന്‍ സൂക്ഷ്മമായി കണക്കാക്കിക്കൊണ്ടിരിക്കുന്നു. എന്നാല്‍, ആരെങ്കിലും (അതില്‍) വല്ല നന്‍മയും കണ്ടാല്‍, അവന്‍ അല്ലാഹുവിനെ സ്തുതിച്ചുകൊള്ളട്ടെ. ആരെങ്കിലും മറ്റു വല്ലതും കണ്ടാല്‍, അവന്‍ അവനെത്തന്നെയല്ലാതെ (മറ്റാരെയും) കുറ്റപ്പെടുത്താതിരുന്നും കൊള്ളട്ടെ’ (മു).
സത്യത്തെ എതിര്‍ത്ത് നശിപ്പിക്കുവാന്‍ തുനിഞ്ഞ ധിക്കാരികളെ ദയനീയമായി പരാജയപ്പെടുത്തുകയെന്നതു ബദ്റിലെ മുശ്രിക്കുകളെ സംബന്ധിച്ചുണ്ടായ ഒരു പുതിയ സംഭവമൊന്നുമല്ല. അല്ലാഹുവിന്റെ ഒരു നടപടി ക്രമമാണതു എന്നു ചൂണ്ടിക്കാട്ടിക്കൊണ്ടു അല്ലാഹു പറയുന്നു:-
- كَدَأْبِ ءَالِ فِرْعَوْنَ ۙ وَٱلَّذِينَ مِن قَبْلِهِمْ ۚ كَفَرُوا۟ بِـَٔايَٰتِ ٱللَّهِ فَأَخَذَهُمُ ٱللَّهُ بِذُنُوبِهِمْ ۗ إِنَّ ٱللَّهَ قَوِىٌّ شَدِيدُ ٱلْعِقَابِ ﴾٥٢﴿
- ഫിര്‍ഔന്റെ ആള്‍ക്കാരുടെയും, അവരുടെ മുമ്പുള്ളവരുടെയും സമ്പ്രദായംപോലെ (ത്തന്നെ). അതായതു: അവര്‍ അല്ലാഹുവിന്റെ 'ആയത്തു' [ലക്‌ഷ്യം] കളില്‍ അവിശ്വസിച്ചു; അപ്പോള്‍, അവരുടെ പാപങ്ങള്‍ നിമിത്തം അല്ലാഹു അവരെ പിടിച്ചു (ശിക്ഷിച്ചു). നിശ്ചയമായും അല്ലാഹു, ശക്തനാകുന്നു; ശിക്ഷാനടപടി കഠിനമായവനാകുന്നു.
- كَدَأْبِ പതിവു (സമ്പ്രദായം) പോലെ آلِ فِرْعَوْنَ ഫിര്‍ഔന്റെ കൂട്ടരുടെ وَالَّذِينَ مِن قَبْلِهِمْ അവരുടെ മുമ്പുള്ളവരുടെയും كَفَرُوا അവര്‍ അവിശ്വസിച്ചു بِآيَاتِ اللَّـهِ അല്ലാഹുവിന്റെ ആയത്തു (ലക്‌ഷ്യം - ദൃഷ്ടാന്തം) കളില്‍ فَأَخَذَهُمُ അപ്പോള്‍ അവരെ പിടിച്ചു, പിടികൂടി اللَّـهُ അല്ലാഹു بِذُنُوبِهِمْ അവരുടെ പാപങ്ങള്‍ നിമിത്തം إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു قَوِيٌّ ശക്തനാകുന്നു شَدِيدُ കഠിനമായവനാണു الْعِقَابِ ശിക്ഷാ നടപടി
- ذَٰلِكَ بِأَنَّ ٱللَّهَ لَمْ يَكُ مُغَيِّرًا نِّعْمَةً أَنْعَمَهَا عَلَىٰ قَوْمٍ حَتَّىٰ يُغَيِّرُوا۟ مَا بِأَنفُسِهِمْ ۙ وَأَنَّ ٱللَّهَ سَمِيعٌ عَلِيمٌ ﴾٥٣﴿
- അതു, ഒരു ജനതക്കു അല്ലാഹു ചെയ്തുകൊടുത്ത ഒരനുഗ്രഹം അവന്‍ മാറ്റം വരുത്തുന്നവനല്ലെന്നുള്ളതു കൊണ്ടാണ്; അവര്‍ തങ്ങളുടെ സ്വന്തങ്ങളിലുള്ളതു സ്വന്തം സ്ഥിതിഗതികളെ] മാറ്റം വരുത്തുന്നതുവരേക്കും. അല്ലാഹു (എല്ലാം) കേള്‍ക്കുന്നവനും, അറിയുന്നവനുമാണെന്നുള്ളതും (കൊണ്ടാണ്).
- ذَٰلِكَ അതു بِأَنَّ اللَّـهَ അല്ലാഹു എന്നുള്ളതു കൊണ്ടാണു لَمْ يَكُ അവനായിട്ടില്ല, അവനല്ല (എന്നുള്ളതു) مُغَيِّرًا മാറ്റം വരുത്തുന്നവന്‍ نِّعْمَةً ഒരനുഗ്രഹത്തെ, ഒരനുഗ്രഹവും أَنْعَمَهَا അവന്‍ അതു (അനുഗ്രഹം) ചെയ്തുകൊടുത്തു عَلَىٰ قَوْمٍ ഒരു ജനതക്കു حَتَّىٰ يُغَيِّرُوا അവര്‍ മാറ്റം വരുത്തുന്നതുവരെ مَا بِأَنفُسِهِمْ അവരുടെ സ്വന്തങ്ങളിലുള്ളതു وَأَنَّ اللَّـهَ അല്ലാഹു (ആകുന്നു) എന്നുള്ളതും سَمِيعٌ കേള്‍ക്കുന്നവനാകുന്നു عَلِيمٌ അറിയുന്നവന്‍
- كَدَأْبِ ءَالِ فِرْعَوْنَ ۙ وَٱلَّذِينَ مِن قَبْلِهِمْ ۚ كَذَّبُوا۟ بِـَٔايَٰتِ رَبِّهِمْ فَأَهْلَكْنَٰهُم بِذُنُوبِهِمْ وَأَغْرَقْنَآ ءَالَ فِرْعَوْنَ ۚ وَكُلٌّ كَانُوا۟ ظَٰلِمِينَ ﴾٥٤﴿
- (അതെ) ഫിര്‍ഔന്റെ ആള്‍ക്കാരുടെയും, അവരുടെ മുമ്പുള്ളവരുടെയും സമ്പ്രദായംപോലെ (ത്തന്നെ).
അതായതു: അവര്‍ തങ്ങളുടെ രക്ഷിതാവിന്റെ 'ആയത്തു' [ലക്‌ഷ്യം]കളെ വ്യാജമാക്കി; അപ്പോള്‍, അവരുടെ പാപങ്ങള്‍ നിമിത്തം നാം അവരെ നശിപ്പിച്ചു; ഫിര്‍ഔന്റെ ആള്‍ക്കാരെ നാം മുക്കി നശിപ്പിക്കുകയും ചെയ്തു. എല്ലാവരും അക്രമികളുമായിരുന്നു. - كَدَأْبِ സമ്പ്രദായം (പതിവു) പോലെ آلِ فِرْعَوْنَ ഫിര്‍ഔന്റെ കൂട്ടരുടെ وَالَّذِينَ مِن قَبْلِهِمْ അവരുടെ മുമ്പുള്ളവരുടെയും كَذَّبُوا അവര്‍ വ്യാജമാക്കി, കളവാക്കി بِآيَاتِ ആയത്തുകളെ رَبِّهِمْ അവരുടെ റബ്ബിന്റെ فَأَهْلَكْنَاهُم അപ്പോള്‍ നാമവരെ നശിപ്പിച്ചു بِذُنُوبِهِمْ അവരുടെ പാപങ്ങള്‍ നിമിത്തം وَأَغْرَقْنَا നാം മുക്കിക്കളയുകയും ചെയ്തു آلَ فِرْعَوْنَ ഫിര്‍ഔന്റെ കൂട്ടരെ وَكُلٌّ എല്ലാവരും (തന്നെ) كَانُوا ആയിരുന്നു ظَالِمِينَ അക്രമികള്‍
അവര്‍ക്ക് അല്ലാഹു പല അനുഗ്രഹങ്ങളും ചെയ്തുകൊടുത്തു. അതിനു നന്ദി കാണിക്കാതെ അവരുടെ സ്ഥിതിഗതികള്‍ അവര്‍ മാറ്റിക്കളഞ്ഞു. നന്ദികേടും ധിക്കാരവുമാണ് അവര്‍ കൈകൊണ്ടത്. അതെല്ലാം അല്ലാഹു ശരിക്കും കേട്ടും കണ്ടുംകൊണ്ടിരിക്കുന്നുണ്ടായിരുന്നു. അപ്പോള്‍, ആ അനുഗ്രഹങ്ങളെ അല്ലാഹു എടുത്തു കളയുകയും, അവരുടെ ദുഷ്ചെയ്തികള്‍ കാരണം അവരെ ശിക്ഷിക്കുകയും ചെയ്തു. സൂ: റഅ്ദില്‍ അല്ലാഹു പറയുന്നു:
….إِنَّ اللَّـهَ لَا يُغَيِّرُ مَا بِقَوْمٍ حَتَّىٰ يُغَيِّرُوا مَا بِأَنفُسِهِمْ ۗ وَإِذَا أَرَادَ اللَّـهُ بِقَوْمٍ سُوءًا فَلَا مَرَدَّ لَهُ….
(സാരം: …ഒരു ജനതയുടെ സ്ഥിതിയെ, അവര്‍ തങ്ങളിലുള്ള അവസ്ഥയെ സ്വയം മാറ്റുന്നതുവരെ, അല്ലാഹു മാറ്റം വരുത്തുകയില്ല. അല്ലാഹു ഒരു ജനതയില്‍ വല്ല തിന്‍മയും ഉദ്ദേശിച്ചാല്‍ അതിനെ തട്ടിക്കളയുന്നതൊന്നും തന്നെയില്ല.): റഅ്ദു : 11.
- إِنَّ شَرَّ ٱلدَّوَآبِّ عِندَ ٱللَّهِ ٱلَّذِينَ كَفَرُوا۟ فَهُمْ لَا يُؤْمِنُونَ ﴾٥٥﴿
- നിശ്ചയമായും അല്ലാഹുവിന്റെ അടുക്കല്‍ (ജീവ) ജന്തുക്കളില്‍ വെച്ചു മോശപ്പെട്ടവര്‍ യാതൊരു കൂട്ടരാണ്; അവര്‍ അവിശ്വസിച്ചു; അതിനാല്‍ അവര്‍ വിശ്വസിക്കുകയില്ല. (ഇങ്ങിനെയുള്ളവരാകുന്നു).
- إِنَّ شَرَّ നിശ്ചയമായും മോശം, മോശപ്പെട്ടവര്‍ الدَّوَابِّ ജന്തുക്കളില്‍, ജീവികളിലെ عِندَ اللَّـهِ അല്ലാഹുവിന്റെ അടുക്കല്‍ الَّذِينَ യാതൊരുവരാണ് كَفَرُوا അവര്‍ അവിശ്വസിച്ചു فَهُمْ എന്നിട്ടു (അതിനാല്‍) അവര്‍ لَا يُؤْمِنُونَ വിശ്വസിക്കുകയില്ല
- ٱلَّذِينَ عَٰهَدتَّ مِنْهُمْ ثُمَّ يَنقُضُونَ عَهْدَهُمْ فِى كُلِّ مَرَّةٍ وَهُمْ لَا يَتَّقُونَ ﴾٥٦﴿
- അതായതു യാതൊരു കൂട്ടര്‍: അവരോടു നീ കരാറുവാങ്ങി; (എന്നിട്ടു) പിന്നെ, എല്ലാ പ്രാവശ്യത്തിലും തങ്ങളുടെ കരാര്‍ അവര്‍ ലംഘിച്ചുകൊണ്ടിരിക്കുന്നു; അവരാകട്ടെ, (അല്ലാഹുവിനെ) സൂക്ഷിക്കുന്നുമില്ല.
- الَّذِينَ അതായതു യാതൊരു കൂട്ടര്‍ عَاهَدتَّ നീ കരാറു നടത്തി (വാങ്ങി) مِنْهُمْ അവരോടു, അവരില്‍ നിന്നു ثُمَّ يَنقُضُونَ പിന്നെ അവര്‍ ലംഘിക്കുന്നു عَهْدَهُمْ തങ്ങളുടെ കരാറിനെ فِي كُلِّ مَرَّةٍ എല്ലാ പ്രാവശ്യത്തിലും وَهُمْ അവരാകട്ടെ لَا يَتَّقُونَ സൂക്ഷിക്കുന്നുമില്ല
- فَإِمَّا تَثْقَفَنَّهُمْ فِى ٱلْحَرْبِ فَشَرِّدْ بِهِم مَّنْ خَلْفَهُمْ لَعَلَّهُمْ يَذَّكَّرُونَ ﴾٥٧﴿
- അതിനാല്‍, യുദ്ധത്തില്‍വെച്ച് (വല്ലപ്പോഴും) നീ അവരെ കണ്ടെത്തുന്ന പക്ഷം, അവരെക്കൊണ്ടു അവരുടെ പിമ്പിളുള്ളവരെ (പാഠം പഠിപ്പിച്ച്) തുരത്തിക്കളയുക; അവര്‍ ഉറ്റാലോചിച്ചേക്കാം.
- فَإِمَّا അപ്പോള്‍, വല്ലപ്പോഴുമെങ്കില്‍ تَثْقَفَنَّهُمْ അവരെ നീ കണ്ടെത്തുന്നുവെങ്കില്‍ فِي الْحَرْبِ യുദ്ധത്തില്‍ വെച്ചു فَشَرِّدْ എന്നാല്‍ നീ തുരത്തിക്കളയുക بِهِم അവര്‍ മൂലം, അവരെക്കൊണ്ടു مَّنْ خَلْفَهُمْ അവരുടെ പിമ്പിളുള്ളവരെ لَعَلَّهُمْ അവരായേക്കാം يَذَّكَّرُونَ അവര്‍ ഉറ്റാലോചിക്കും
- وَإِمَّا تَخَافَنَّ مِن قَوْمٍ خِيَانَةً فَٱنۢبِذْ إِلَيْهِمْ عَلَىٰ سَوَآءٍ ۚ إِنَّ ٱللَّهَ لَا يُحِبُّ ٱلْخَآئِنِينَ ﴾٥٨﴿
- വല്ല ജനതയില്‍ നിന്നും നീ (വല്ലപ്പോഴും) ചതിയെ ഭയപ്പെടുന്ന പക്ഷം, സമത്തിലായിക്കൊണ്ട് അവര്‍ക്ക് (അവരുടെ കരാറ് അങ്ങ്) ഇട്ടുകൊടുത്തേക്കുക. നിശ്ചയമായും, ചതിയന്‍മാരെ അല്ലാഹു ഇഷ്ടപ്പെടുകയില്ല.
- وَإِمَّا تَخَافَنَّ നീ വല്ലപ്പോഴും ഭയപ്പെടുന്ന പക്ഷം مِن قَوْمٍ വല്ല ജനതയില്‍ നിന്നും خِيَانَةً ചതി, വല്ല വഞ്ചനയും فَانبِذْ എന്നാല്‍ നീ ഇട്ടുകളയുക, എറിയുക إِلَيْهِمْ അവരിലേക്കു عَلَىٰ سَوَاءٍ സമത്തിലായി إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു لَا يُحِبُّ ഇഷ്ടപ്പെടുകയില്ല الْخَائِنِينَ ചതിയന്‍മാരെ
സത്യവിശ്വാസം സ്വീകരിക്കാതെ, അവിശ്വാസത്തിലും നിഷേധത്തിലും ശഠിച്ചുനില്‍ക്കുകയും, അന്യോന്യം ഉടമ്പടിയും കരാറും ചെയ്‌താല്‍ സൂക്ഷ്മത പാലിക്കാതെ ലംഘിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന ആളുകളാണ് ഭൂമുഖത്തുള്ള ജീവജന്തുക്കളില്‍ വെച്ച് അല്ലാഹുവിന്റെ അടുക്കല്‍ ഏറ്റവും ദുഷ്ടന്‍മാര്‍. ഇങ്ങിനെയുള്ളവരെ യുദ്ധത്തില്‍ വെച്ച് പിടിയില്‍ കിട്ടിയാല്‍, അവരുടെ നേരെ ഒട്ടും ദയ കാണിക്കാതെ കൊല ചെയ്യുകയോ ബന്ധനത്തിലാക്കുകയോ വേണം. അങ്ങനെ, അവരുടെമേല്‍ സ്വീകരിക്കപ്പെടുന്ന ആ നിര്‍ദ്ദയ നടപടി അവരുടെ പിന്‍ഗാമികള്‍ക്കു ഒരു പാഠമാക്കിത്തീര്‍ക്കുകയും, അവരുടെമേല്‍ മുന്നോട്ടുള്ളഗതി പിന്നോട്ടു വെപ്പിക്കുകയും വേണം. ഇങ്ങിനെ ചെയ്താലേ അവര്‍ക്ക് തന്റേടം വരൂ. ഏതെങ്കിലും ജനങ്ങളുമായി വല്ല കരാറുവ്യവസ്ഥയും നിലവിലുള്ളപ്പോള്‍, അവര്‍ അതിലെ നിശ്ചയം പാലിക്കാതെ ചതിയും വഞ്ചനയും നടത്തുവാന്‍ ശ്രമിക്കുന്നതായി കണ്ടാല്‍, അവരോടു പെട്ടെന്ന് യുദ്ധത്തിനൊരുങ്ങാതെ, അവരുമായുള്ള കരാര്‍ അങ്ങോട്ടു തിരിച്ചുകൊടുക്കണം. അഥവാ അതു ദുര്‍ബ്ബലപ്പെടുത്തിയിരിക്കുന്നുവെന്നു അവരെ അറിയിക്കണം. അങ്ങിനെ ചെയ്യാതിരിക്കുന്ന പക്ഷം – ആ കരാര്‍ നിലവിലുള്ള സ്ഥിതിക്കു – ആദ്യമേ അവരോടു യുദ്ധത്തിനൊരുങ്ങുന്നതു ചതിയായിരിക്കും. ആരോടും ചതി നടത്തുന്നതു അല്ലാഹുവിനു ഇഷ്ടമില്ലാത്ത കാര്യമാണ് എന്നൊക്കെയാണ് ഈ വചനങ്ങളില്‍ പറഞ്ഞതിന്റെ സാരം.
കരാറുലംഘനം പതിവാക്കിയ എല്ലാ അവിശ്വാസികളെ സംബന്ധിച്ചും പൊതുവിലാണു ഈ വചനങ്ങളില്‍ പ്രസ്താവിക്കപ്പെട്ടിട്ടുള്ളതെങ്കിലും യഹൂദികളാണു ഈ ആക്ഷേപത്തിനു പ്രധാനമായും പാത്രമായിരിക്കുന്നതെന്നു വ്യക്തമാകുന്നു. കരാറുലംഘനവും, വഞ്ചനകളും അവരുടെ ഒരു നിത്യപതിവായിരുന്നു. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) മദീനായില്‍ ചെന്ന ഉടനെത്തന്നെ, മുസ്ലിംകളോടു യുദ്ധം ചെയ്കയില്ലെന്നും, മുസ്ലിംകള്‍ക്കെതിരായി ആരെയും സഹായിക്കുകയില്ലെന്നും അവരുമായി ഉടമ്പടി നടന്നിട്ടുണ്ടായിരുന്നു. ഒന്നിലധികം പ്രാവശ്യം അവരതു ലംഘിക്കുകയും, മുശ്രിക്കുകള്‍ക്കു ആയുധം നല്‍കിയും മറ്റും അവരെ സഹായിക്കുകയുമുണ്ടായി. അതു നിമിത്തമാണ് അവസാനം അവര്‍ മദീനായില്‍ നിന്നു കൂട്ടത്തോടെ നാടു കടത്തപ്പെട്ടതും.
മുആവിയാ (رَضِيَ اللهُ تَعَالَى عَنْهُ) ഖലീഫഃയായിരുന്ന കാലത്തു അദ്ദേഹവും റോമാക്കാരുമായി ഉണ്ടായിരുന്ന ഒരു സന്ധി വ്യവസ്ഥയുടെ കാലം കഴിഞ്ഞാല്‍ ഉടനെ അവരുടെ നേരെ പടയെടുക്കുവാന്‍ അദ്ദേഹം ഉദ്ദേശിച്ചിരുന്നു. ഇതറിഞ്ഞപ്പോള്‍, അംറുബ്നു അന്‍ബസത്ത് (عمرو بن عنبسة (رَضِيَ اللهُ تَعَالَى عَنْهُ)) അദ്ദേഹത്തോടു പറഞ്ഞു: അല്ലാഹു അക്ബര്‍! (കരാര്‍) നിറവേറ്റണം. വഞ്ചന പാടില്ല. റസൂല്‍ (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഇപ്രകാരം പറഞ്ഞിരിക്കുന്നു: “ആര്‍ക്കെങ്കിലും, അവരും വല്ല ജനതയും തമ്മില്‍ എന്തെങ്കിലും കരാറുണ്ടായിരുന്നാല്‍, അതിന്റെ അവധി എത്തുന്നതുവരെ ഒരു കെട്ട് അഴിക്കുവാനോ ഒരു കെട്ട് കെട്ടുവാനോ (അതില്‍ വല്ലതും കുറക്കുവാനോ കൂട്ടുവാനോ) പാടില്ല. അല്ലെങ്കില്‍ സമത്തില്‍ (ഇങ്ങോട്ടു ചെയ്യുന്ന അതേ മാതിരി) കരാര്‍ അങ്ങോട്ടു ഇട്ടു കൊടുക്കുക. (റദ്ദു ചെയ്യുക).” ഇതു കേട്ടപ്പോള്‍ മുആവിയാ (رَضِيَ اللهُ تَعَالَى عَنْهُ) തന്റെ തീരുമാനത്തില്‍ നിന്നു മടങ്ങുകയുണ്ടായി. (അ; ദാ; തി; ന).