വിഭാഗം - 3

8:20
  • يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ أَطِيعُوا۟ ٱللَّهَ وَرَسُولَهُۥ وَلَا تَوَلَّوْا۟ عَنْهُ وَأَنتُمْ تَسْمَعُونَ ﴾٢٠﴿
  • ഹേ, വിശ്വസിച്ചവരേ, നിങ്ങള്‍ അല്ലാഹുവിനെയും, അവന്റെ റസൂലിനെയും അനുസരിക്കുവിന്‍; നിങ്ങള്‍ (ദിവ്യസന്ദേശങ്ങള്‍) കേട്ടു (മനസ്സിലാക്കി) കൊണ്ടിരിക്കെ, അദ്ദേഹത്തെ വിട്ടു തിരിഞ്ഞു കളയുകയും ചെയ്യരുത്.
  • يَا أَيُّهَا الَّذِينَ آمَنُوا വിശ്വസിച്ചവരേ أَطِيعُوا അനുസരിക്കുവിന്‍ اللَّـهَ അല്ലാഹുവിനെ وَرَسُولَهُ അവന്റെ റസൂലിനെയും وَلَا تَوَلَّوْا തിരിഞ്ഞു കളയുകയും ചെയ്യരുതു عَنْهُ അദ്ദേഹത്തെ വിട്ടു, അദ്ദേഹത്തില്‍നിന്നു وَأَنتُمْ നിങ്ങള്‍ ആയിരിക്കെ تَسْمَعُونَ നിങ്ങള്‍ കേള്‍ക്കുന്നു
8:21
  • وَلَا تَكُونُوا۟ كَٱلَّذِينَ قَالُوا۟ سَمِعْنَا وَهُمْ لَا يَسْمَعُونَ ﴾٢١﴿
  • 'ഞങ്ങള്‍ കേട്ടു' എന്നു പറയുകയും, (യഥാര്‍ത്ഥത്തില്‍) തങ്ങള്‍ കേള്‍ക്കാതിരിക്കുകയും ചെയ്തവരെപ്പോലെ നിങ്ങള്‍ ആയിത്തീരുകയും ചെയ്യരുത്.
  • وَلَا تَكُونُوا നിങ്ങളായിരിക്കുകയും അരുതു كَالَّذِينَ قَالُوا പറഞ്ഞവരെപ്പോലെ سَمِعْنَا ഞങ്ങള്‍ കേട്ടു وَهُمْ അവരാകട്ടെ, അവരോ لَا يَسْمَعُونَ കേള്‍ക്കുന്നില്ല

അവിശ്വാസികളെയും കപടവിശ്വാസികളെയും പോലെ, കാതുകൊണ്ടു കേള്‍ക്കുകയും, നാവുകൊണ്ടു കേട്ടുവെന്നു പറയുകയും ചെയ്യുക; അതേ സമയം കേള്‍പ്പിക്കപ്പെടുന്ന സന്ദേശങ്ങളെ  വേണ്ടതുപോലെ ഗ്രഹിക്കുകയോ, അവയെപ്പറ്റി ചിന്തിക്കുകയോ അവ അനുസരിക്കുകയോ ചെയ്യാതെയും ഇരിക്കുക. ഈ സ്വഭാവം സത്യവിശ്വാസികളായ നിങ്ങളില്‍ ഉണ്ടാവരുതു എന്നു സാരം. അല്ലാഹു തുടരുന്നു:-

8:22
  • إِنَّ شَرَّ ٱلدَّوَآبِّ عِندَ ٱللَّهِ ٱلصُّمُّ ٱلْبُكْمُ ٱلَّذِينَ لَا يَعْقِلُونَ ﴾٢٢﴿
  • നിശ്ചയമായും, അല്ലാഹുവിന്റെ അടുക്കല്‍ ജന്തുക്കളില്‍ വെച്ചു മോശപ്പെട്ടവര്‍, ബുദ്ധി കൊടു(ത്തു മനസ്സിലാ) ക്കാത്തവരായ, ഊമകളായ, ബധിരന്‍മാരാകുന്നു.
  • إِنَّ شَرَّ നിശ്ചയമായും മോശം (മോശപ്പെട്ടവര്‍) الدَّوَابِّ ജന്തുക്കളില്‍, ജീവികളില്‍ عِندَ اللَّـهِ അല്ലാഹുവിന്റെ അടുക്കല്‍ الصُّمُّ ബധിരന്‍മാരാകുന്നു الْبُكْمُ ഊമകളായ الَّذِينَ لَا يَعْقِلُونَ ബുദ്ധി കൊടുക്കാത്ത
8:23
  • وَلَوْ عَلِمَ ٱللَّهُ فِيهِمْ خَيْرًا لَّأَسْمَعَهُمْ ۖ وَلَوْ أَسْمَعَهُمْ لَتَوَلَّوا۟ وَّهُم مُّعْرِضُونَ ﴾٢٣﴿
  • അവരില്‍ വല്ല നന്‍മയും (ഉള്ളതായി) അല്ലാഹു അറിഞ്ഞിരുന്നെങ്കില്‍, അവന്‍ അവരെ കേള്‍പ്പിക്കുകതന്നെ ചെയ്യുമായിരുന്നു. (എനി) അവന്‍ അവരെ കേള്‍പ്പിച്ചിരുന്നാല്‍ തന്നെയും അവര്‍ അവഗണിക്കുന്നവരായും കൊണ്ടു തിരിഞ്ഞുകളയുന്നതാണ്.
  • وَلَوْ عَلِمَ അറിഞ്ഞിരുന്നെങ്കില്‍ اللَّـهُ അല്ലാഹു فِيهِمْ അവരില്‍ خَيْرًا വല്ല നന്‍മയും, ഒരു ഗുണം لَّأَسْمَعَهُمْ അവന്‍ അവരെ കേള്‍പ്പിക്ക തന്നെ ചെയ്തിരുന്നു وَلَوْ أَسْمَعَهُمْ അവരെ അവന്‍ കേള്‍പ്പിച്ചാലും لَتَوَلَّوا അവര്‍ തിരിഞ്ഞുകളയുകതന്നെ ചെയ്യും وَّهُم അവരായും കൊണ്ടു مُّعْرِضُونَ അവഗണിക്കുന്നവര്‍, തിരിഞ്ഞുപോകുന്നവര്‍

തങ്ങള്‍ സ്വീകരിച്ചുവരുന്ന ദുര്‍ന്നടപ്പുകളൊന്നും ഉപേക്ഷിക്കുകയില്ലെന്നും, അതിനനുകൂലമല്ലാത്ത ന്യായങ്ങളോ ഉപദേശങ്ങളോ കേട്ടു മനസ്സിലാക്കുകയും സ്വീകരിക്കുകയുമില്ലെന്നും മനസ്സുകൊണ്ടു ഉറപ്പിച്ച് ശഠിച്ചു നില്‍ക്കുന്ന ആളുകള്‍ക്കു സദുപദേശങ്ങളോ തെളിവുകളോ ഫലം ചെയ്യുകയില്ലല്ലോ. അതവര്‍ കേള്‍ക്കുകയുമില്ല. ഗ്രഹിക്കുകയുമില്ല. ചെവികൊണ്ടു കേട്ടാല്‍പോലും മനസ്സിലേക്കതു പ്രവേശിക്കുകയില്ല. ബുദ്ധികൊടുത്ത് കാര്യം മനസ്സിലാക്കുവാന്‍ തയ്യാറില്ലാത്ത ഹൃദയത്തിലേക്കു എങ്ങിനെ പ്രവേശിക്കുവാനാണു: അപ്പോള്‍, മനുഷ്യേതര ജീവികള്‍ക്ക് സമമാണവര്‍. അത്രയുമല്ല, അവരെക്കാള്‍ മോശപ്പെട്ടവരത്രെ. കാരണം, ഇവര്‍ക്കു ബുദ്ധിശക്തിയും ചിന്താശക്തിയും നല്‍കപ്പെട്ടിട്ടുണ്ട്. അവക്കു അതില്ലല്ലോ.

8:24
  • يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ ٱسْتَجِيبُوا۟ لِلَّهِ وَلِلرَّسُولِ إِذَا دَعَاكُمْ لِمَا يُحْيِيكُمْ ۖ وَٱعْلَمُوٓا۟ أَنَّ ٱللَّهَ يَحُولُ بَيْنَ ٱلْمَرْءِ وَقَلْبِهِۦ وَأَنَّهُۥٓ إِلَيْهِ تُحْشَرُونَ ﴾٢٤﴿
  • ഹേ, വിശ്വസിച്ചവരേ, അല്ലാഹുവിനും, റസൂലിനും നിങ്ങള്‍ ഉത്തരം നല്‍കുവിന്‍, നിങ്ങളെ ജീവിപ്പിക്കുന്ന [നിങ്ങള്‍ക്കു ജീവസ്സുണ്ടാക്കുന്ന] കാര്യത്തിലേക്കു അദ്ദേഹം നിങ്ങളെ ക്ഷണിക്കുമ്പോള്‍. മനുഷ്യന്റെയും, അവന്റെ ഹൃദയത്തിന്റെയും ഇടയില്‍ അല്ലാഹു മറയിടുമെന്നു [തടസ്സപ്പെടുത്തുമെന്നു] നിങ്ങള്‍ (അറിഞ്ഞുകൊള്ളുവിന്‍); അവങ്കലേക്കു നിങ്ങള്‍ ഒരുമിച്ചു കൂട്ടപ്പെടുമെന്നും (അറിഞ്ഞുകൊള്ളുവിന്‍).
  • يَا أَيُّهَا الَّذِينَ آمَنُوا ഹേ വിശ്വസിച്ചവരേ اسْتَجِيبُوا നിങ്ങള്‍ ഉത്തരം ചെയ്യുവിന്‍ لِلَّـهِ അല്ലാഹുവിനു وَلِلرَّسُولِ റസൂലിനും إِذَا دَعَاكُمْ അദ്ദേഹം നിങ്ങളെ ക്ഷണി (വിളി) ച്ചാല്‍ لِمَا يُحْيِيكُمْ നിങ്ങളെ ജീവിപ്പിക്കുന്ന കാര്യത്തിലേക്കു وَاعْلَمُوا അറിയുകയും ചെയ്യുവിന്‍ أَنَّ اللَّـهَ അല്ലാഹു (ആണ്) എന്നു يَحُولُ മറയിടുന്നതാണു (എന്നു) بَيْنَ الْمَرْءِ മനുഷ്യന്റെ ഇടയില്‍ وَقَلْبِهِ അവന്റെ ഹൃദയത്തിന്റെയും وَأَنَّهُ അവന്‍ (ആണ്) എന്നും, കാര്യമാണെന്നും إِلَيْهِ അവങ്കലേക്കു تُحْشَرُونَ നിങ്ങള്‍ ഒരുമിച്ചു കൂട്ടപ്പെടുന്നതാണ് (എന്നും)

സത്യവിശ്വാസികളെ വിളിച്ചുകൊണ്ടു ഗൗരവപ്പെട്ട ചില കാര്യങ്ങള്‍ അല്ലാഹു ഓര്‍മ്മിപ്പിക്കുന്നു. സത്യവിശ്വാസികളായ നിങ്ങള്‍ പ്രത്യേകം മനസ്സിരുത്തേണ്ടവയാണു ആ കാര്യങ്ങള്‍ എന്നത്രെ ആ സംബോധന സൂചിപ്പിക്കുന്നതു. മൂന്നു കാര്യങ്ങളാണു ഈ വചനത്തില്‍ ഉപദേശിച്ചിരിക്കുന്നത്:-

(1). നിങ്ങളെ ജീവിപ്പിക്കുന്ന – അഥവാ നിങ്ങള്‍ക്കു ജീവസ്സും ആത്മീയ ചൈതന്യവും നല്‍കുന്ന – കാര്യത്തിലേക്കു നിങ്ങളെ റസൂല്‍ ക്ഷണിക്കുമ്പോള്‍, ആ കാര്യം അനുഷ്ഠാനത്തില്‍ വരുത്തിക്കൊണ്ടു നിങ്ങള്‍ അല്ലാഹുവിന്റെയും റസൂലിന്റെയും ക്ഷണം സ്വീകരിക്കണം. അല്ലാഹുവിന്റെ നിര്‍ദ്ദേശപ്രകാരമാണല്ലോ റസൂലിന്റെ ക്ഷണമുണ്ടാകുന്നത്. ആകയാല്‍, ആ ക്ഷണം സ്വീകരിക്കല്‍ അല്ലാഹുവിനും റസൂലിനും ഉത്തരം നല്‍കലായിത്തീരുന്നു. مَّن يُطِعِ الرَّسُولَ فَقَدْ أَطَاعَ اللَّـهَ (റസൂലിനെ ആര്‍ അനുസരിക്കുന്നുവോ അവന്‍ അല്ലാഹുവിനെ അനുസരിച്ചു. 4:80). ‘ജീവസ്സു നല്‍കുക’ എന്നു പറഞ്ഞതുകൊണ്ടുദ്ദേശ്യം, ഐഹികമായ ജീവിതപുരോഗതിയോ, ഭൗതികമായ അഭിവൃദ്ധിയോ നല്‍കുക എന്നല്ല, പരലോക നന്മക്കുവേണ്ടിയുള്ള ആത്മീയ പുരോഗതിയും മാനസികാഭിവൃദ്ധിയും നല്‍കുക എന്നത്രെ. تُرِيدُونَ عَرَضَ الدُّنْيَا وَاللَّـهُ يُرِيدُ الْآخِرَةَ (നിങ്ങള്‍ ഐഹിക വിഭവത്തെ ഉദ്ദേശിക്കുന്നു. അല്ലാഹുവാകട്ടെ, പരലോകത്തെയും ഉദ്ദേശിക്കുന്നു. (8: 67)). وَإِنَّ الدَّارَ الْآخِرَةَ لَهِيَ الْحَيَوَانُ ۚ لَوْ كَانُوا يَعْلَمُونَ (പരലോക ഭവനം തന്നെയാണു ജീവസ്സുള്ളതു – അവര്‍ക്കറിയാമായിരുന്നെങ്കില്‍! (29: 64). വിശ്വാസപരമോ, അനുഷ്ഠാനപരമോ എന്ന വ്യത്യാസമില്ലാതെ മനുഷ്യന്റെ നന്‍മക്കുവേണ്ടിയുള്ള ഏതു കാര്യത്തിലേക്കും റസൂല്‍ (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ക്ഷണിച്ചാല്‍ അതു സ്വീകരിക്കല്‍ സത്യവിശ്വാസികളുടെ കടമയാണെന്നത്രെ ഈ കല്‍പനയുടെ താല്‍പര്യം. ഇതു തിരുമേനിയുടെ കാലത്തുള്ളവര്‍ക്കും, പിന്നീടുള്ളവര്‍ക്കും ബാധകമാകുന്നു. തിരുമേനി(صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യുടെ കാലത്തുള്ളവര്‍ക്കു അവിടുത്തെ ക്ഷണങ്ങള്‍ നേരില്‍ തന്നെ കേട്ടു മനസ്സിലാക്കാമായിരുന്നു. പിന്നീടുള്ളവര്‍ക്കു ക്വുര്‍ആനും സുന്നത്തും മുഖേനയാണ് അതറിയുവാന്‍ കഴിയുന്നതു എന്നു മാത്രം.

(2). മനുഷ്യന്റെയും അവന്റെ ഹൃദയത്തിന്റെയും ഇടയില്‍ അല്ലാഹു മറയിടും – തടസ്സം ഏര്‍പ്പെടുത്തും – എന്നു നിങ്ങള്‍ അറിഞ്ഞിരിക്കണം. സത്യവിശ്വാസികള്‍ സദാസമയത്തും വളരെ ഗൗരവപൂര്‍വ്വം ഓര്‍മ്മവെക്കേണ്ടുന്ന ഒരു വിഷയമാണിത്. മനുഷ്യ മനസ്സിനു സ്ഥിരതയില്ല. പരസ്പര വിരുദ്ധങ്ങളായ മാറ്റങ്ങള്‍ക്കും ആശയക്കുഴപ്പങ്ങള്‍ക്കും അതു വിധേയമാകും. ചിലപ്പോള്‍ അതു പെട്ടെന്നാകും. ചിലപ്പോള്‍ സാവധാനത്തിലായിരിക്കും. കാരണം ചിലപ്പോള്‍ വ്യക്തമായിരിക്കുമെങ്കില്‍, വേറെ ചിലപ്പോള്‍ തികച്ചും അജ്ഞാതമായിരിക്കും. അങ്ങിനെ, നല്ലവന്‍ ചീത്തയാകുന്നു. ചീത്തപ്പെട്ടവന്‍ നല്ലവനായി മാറുന്നു. ഭയഭക്തനും സന്മാര്‍ഗ്ഗനിഷ്ഠയുള്ളവാനുമായി അറിയപ്പെട്ടിരുന്നവന്‍ ദുഷ്ടനും തോന്നിയവാസിയുമായി മാറുന്നു. പലപ്പോഴും മറിച്ചും സംഭവിക്കുന്നു. ദീര്‍ഘകാലത്തോളം വളരെ വാശിയോടും വീറോടുംകൂടി അഭിപ്രായത്തില്‍ ഉറച്ചു നിന്ന ഒരാള്‍ പെട്ടെന്നൊരിക്കല്‍ ആ അഭിപ്രായം വലിച്ചെറിഞ്ഞ് അതിനെതിരായ മറ്റൊരഭിപ്രായക്കാരനായി മാറുന്നു. മുന്‍വിധിയോ, സ്വന്തം തീരുമാനമോ കൂടാതെത്തന്നെ ഇതെല്ലാം സംഭവിക്കുന്നു. പലപ്പോഴും ഒരാളില്‍ വന്ന മാറ്റം അവനു തന്നെ അറിയുവാന്‍ കഴിയാതെ വരുന്നു. അതെ – ചുരുക്കത്തില്‍ – മനുഷ്യഹൃദയം അല്ലാഹുവിന്റെ നിയന്ത്രണത്തിലാണുള്ളത്. അതില്‍ എന്തു മാറ്റം വരും, എന്തു വേണം, എപ്പോള്‍ വേണം, എങ്ങിനെ വേണം എന്നൊക്കെ അറിയുന്നവനും, നിശ്ചയിക്കുന്നവനും അവന്‍ തന്നെ. മനുഷ്യന്‍ അതില്‍ സ്വതന്ത്രനല്ല.

അതുകൊണ്ടു ഒരാളും താന്‍ സന്മാര്‍ഗ്ഗവും സത്യനിഷ്ഠയും തെറ്റി നടക്കാത്തവനാണെന്നുവെച്ച് സ്വയം വഞ്ചിതനാകുകയും, താന്‍ വഴിപിഴച്ചുപോകുകയില്ലെന്നു ധരിച്ചുവശാകുകയും ചെയ്തുകൂടാ. പിഴച്ചുപോകാതിരിക്കുവാന്‍ സദാ സൂക്ഷിക്കുകയും, അതിനായി അല്ലാഹുവിനോടു പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുകയും ചെയ്യേണ്ടതുണ്ട്. നേരെമറിച്ച് ഒരാള്‍, താന്‍ പാപിയും ദുര്‍മ്മാര്‍ഗ്ഗിയുമാണെന്നുവെച്ചു തനിക്കു എനി രക്ഷയും മോചനവുമില്ലെന്നു കരുതി നിരാശനാകുകയും ചെയ്തുകൂടാ. അവന്റെ സ്ഥിതിഗതികളില്‍ ആവുന്നത്ര മാറ്റം വരുത്തുവാന്‍ ശ്രമിക്കുന്നതോടൊപ്പം തനിക്കു സന്മനസ്സു നല്‍കുവാന്‍ അവന്‍ അല്ലാഹുവിനോടു പ്രാര്‍ത്ഥിക്കുകയും വേണം.

അനസ് (رَضِيَ اللهُ تَعَالَى عَنْهُ) പറയുകയാണു: നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ധാരാളമായി ഇപ്രകാരം പ്രാര്‍ത്ഥിക്കാറുണ്ടായിരുന്നു: ‘ഹൃദയങ്ങളെ മാറ്റം വരുത്തുന്നവനേ! എന്റെ ഹൃദയത്തെ നിന്റെ മതത്തില്‍ നീ ഉറപ്പിച്ചു നിറുത്തേണമേ!’ അങ്ങനെ, ഞങ്ങള്‍ പറഞ്ഞു: (*) അല്ലാഹുവിന്റെ റസൂലേ, ഞങ്ങള്‍ അങ്ങയിലും, അങ്ങുന്നുകൊണ്ടു വന്നതിലും വിശ്വസിക്കുന്നു. ഞങ്ങളെക്കുറിച്ചും അങ്ങുന്നു (ഹൃദയ മാറ്റം സംഭവിക്കുന്നതിനെ) ഭയപ്പെടുന്നുണ്ടോ?’ തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞു: അതെ, ഹൃദയങ്ങള്‍ അല്ലാഹുവിന്റെ രണ്ടുവിരലുകള്‍ക്കിടയിലാണ്. അവന്‍ അവയെ തിരിച്ചു മറിക്കുന്നു. (അ; തി). ഈ അര്‍ത്ഥത്തിലുള്ള വേറെയും ഒന്നിലധികം ഹദീഥുകള്‍ കാണാം. ഒരു രിവായത്തില്‍ ‘അവന്‍ ഉദ്ദേശിച്ചാല്‍ അവന്‍ അതിനെ തെറ്റിക്കുകയും, അവന്‍ ഉദ്ദേശിച്ചാല്‍ അവന്‍ അതിനെ ചൊവ്വിനു നിറുത്തുകയും ചെയ്യുന്നു.’ എന്നുകൂടി നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞതായുണ്ട്. (അ). അബ്ദുല്ലാഹിബ്നു അംറ് (رَضِيَ اللهُ تَعَالَى عَنْهُ) നിവേദനം ചെയ്യുന്ന ഒരു ഹദീഥില്‍ റസൂല്‍ (رَضِيَ اللهُ تَعَالَى عَنْهُ) ഇങ്ങിനെ പറഞ്ഞതായി ഉദ്ധരിക്കുന്നു: (**) ‘ഹൃദയങ്ങളെ കൈകാര്യം ചെയ്യുന്നവനായ അല്ലാഹുവേ! ഞങ്ങളുടെ ഹൃദയങ്ങളെ നിന്റെ വഴിപ്പാടിലേക്കു നീ തിരിച്ചു വിടേണമേ! (അ; മു; ന). നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) സത്യം ചെയ്തു പറയുമ്പോള്‍ لا وَمُقَلِّبِ الْقُلُوبِ (ഇല്ല – ഹൃദയങ്ങളെ തിരിച്ചു മറിക്കുന്നവന്‍ തന്നെയാണ്!) എന്നിങ്ങനെ പറയാറുണ്ടായിരുന്നതായി ബുഖാരീ (رحمه الله) യും മറ്റും രേഖപ്പെടുത്തിയിട്ടുമുണ്ട്‌.


(*). يَا مُقَلِّبَ الْقُلُوبِ ثَبِّتْ قَلْبِي عَلَى دِينِكَ
(**). اللَّهُمَّ مُصَرِّفَ القُلُوبِ صَرِّفْ قُلُوبَنَا عَلَى طَاعَتِكَ


സൂ: ആലു ഇംറാന്‍ 8-ാം വചനത്തില്‍ അല്ലാഹു പഠിപ്പിച്ചു തന്ന പ്രാര്‍ത്ഥന ഈ സന്ദര്‍ഭത്തില്‍ പ്രത്യേകം ശ്രദ്ധേയമാകുന്നു. അതായതു, رَبَّنَا لَا تُزِغْ قُلُوبَنَا بَعْدَ إِذْ هَدَيْتَنَا وَهَبْ لَنَا مِن لَّدُنكَ رَحْمَةً ۚ إِنَّكَ أَنتَ الْوَهَّابُ (ഞങ്ങളുടെ റബ്ബേ! ഞങ്ങളെ നീ സന്മാര്‍ഗ്ഗത്തിലാക്കിത്തന്നശേഷം ഞങ്ങളുടെ ഹൃദയങ്ങളെ നീ തെറ്റിക്കരുതേ! നിന്റെ പക്കല്‍നിന്നും നീ ഞങ്ങള്‍ക്കു കാരുണ്യം പ്രദാനം ചെയ്യേണമേ! നിശ്ചയമായും നീയത്രെ വളരെ പ്രദാനം ചെയ്യുന്നവന്‍).

(3). നിങ്ങള്‍ അല്ലാഹുവിങ്കലേക്കു ഒരുമിച്ചു കൂട്ടപ്പെടുന്നതാണെന്നും നിങ്ങള്‍ അറിഞ്ഞിരിക്കണം. അതായതു, എല്ലായ്പ്പോഴും നിങ്ങള്‍ക്കു ഈ ബോധം ഉണ്ടായിരിക്കണമെന്നു താല്‍പര്യം. അല്ലാഹുവിന്റെ മുമ്പില്‍ ഹാജരാക്കപ്പെടുമെന്നും, അവന്റെ മുമ്പില്‍ എല്ലാ ചെയ്തികള്‍ക്കും ഉത്തരം പറയേണ്ടി വരുമെന്നുമുള്ള ബോധം ആര്‍ക്കുണ്ടോ അവരുടെ വിചാരവികാരങ്ങളും വിശ്വാസാചാരങ്ങളുമെല്ലാം നന്നായിരിക്കണമെന്നു അവര്‍ക്കു തീര്‍ച്ചയായും നിഷ്കര്‍ഷയുണ്ടായിരിക്കും. ആ ബോധമുള്ളവര്‍ അല്ലാഹുവിന്റെയും റസൂലിന്റെയും നിയമ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാതെയും ഇരിക്കുകയില്ല. ബാഹ്യത്തില്‍ ഒരാളുടെ ജീവിതചര്യകള്‍ എത്രതന്നെ പരിശുദ്ധമായി കാണപ്പെട്ടാലും പ്രസ്തുത ബോധമില്ലാത്ത പക്ഷം, അവന്റെ അന്തരംഗം നന്നായിരിക്കുകയോ, അവന്റെ സച്ചരിതം നിഷ്കളങ്കമായിരിക്കുകയോ ചെയ്കയില്ല തന്നെ. അല്ലാഹു നമ്മെ കാത്തു രക്ഷിക്കട്ടെ. ആമീന്‍.

8:25
  • وَٱتَّقُوا۟ فِتْنَةً لَّا تُصِيبَنَّ ٱلَّذِينَ ظَلَمُوا۟ مِنكُمْ خَآصَّةً ۖ وَٱعْلَمُوٓا۟ أَنَّ ٱللَّهَ شَدِيدُ ٱلْعِقَابِ ﴾٢٥﴿
  • നിങ്ങളില്‍നിന്നു അക്രമം പ്രവര്‍ത്തിച്ചവരെ മാത്രമായി ബാധിക്കാത്ത ഒരു (തരം) പരീക്ഷണത്തെ (അഥവാ കുഴപ്പത്തെ) നിങ്ങള്‍ സൂക്ഷിക്കുകയും ചെയ്യുവിന്‍. അല്ലാഹു ശിക്ഷാ നടപടി കഠിനമായുള്ളവനാണെന്നു അറിയുകയും ചെയ്യുവിന്‍.
  • وَاتَّقُوا സൂക്ഷിക്കുക (കാത്തുകൊള്ളുക) യും ചെയ്യുവിന്‍ فِتْنَةً ഒരു പരീക്ഷണം, കുഴപ്പം لَّا تُصِيبَنَّ ബാധിക്കാത്ത, അതു ബാധിക്കയില്ലതന്നെ الَّذِينَ ظَلَمُوا അക്രമം പ്രവര്‍ത്തിച്ചവരെ مِنكُمْ നിങ്ങളില്‍നിന്നു خَاصَّةً പ്രത്യേകമായി, മാത്രം وَاعْلَمُوا അറിയുകയും ചെയ്യുക أَنَّ اللَّـهَ അല്ലാഹു (ആകുന്നു) എന്നു شَدِيدُ കഠിനമായവനാകുന്നു (എന്നു) الْعِقَابِ ശിക്ഷാ നടപടി

ഒരു വ്യക്തിയുടെയോ, വിഭാഗത്തിന്റെയോ വാക്കിലോ പ്രവൃത്തിയിലോ വന്നുപോകുന്ന പാകപ്പിഴവു നിമിത്തം ഒരു കുടുംബമോ, സമൂഹമോ, ഒരു രാഷ്ട്രം തന്നെയോ ആപത്തിലും കുഴപ്പത്തിലും അകപ്പെട്ടേക്കും. അതുപോലെത്തന്നെ, ഒരു ജനതയിലെ ചില പരീക്ഷണങ്ങള്‍ക്കു വിധേയരാകുന്നു. ഈ അവസരത്തില്‍ ആ സമൂഹത്തിലെ നിരപരാധികളായ ആളുകളെ ഒഴിവാക്കിക്കൊണ്ട് അപരാധികള്‍ മാത്രം ആ ശിക്ഷണ പരീക്ഷണങ്ങള്‍ക്കു വിധേയരായിരിക്കയില്ല. അതുകൊണ്ടു അത്തരം പൊതുവായ ഭവിഷ്യത്തുകള്‍ക്കു കാരണമാകത്തക്ക അക്രമങ്ങളെ എല്ലാവരും സൂക്ഷിക്കണമെന്നും, അത്തരം അക്രമകാരികളെ കഴിവതും തടയുവാന്‍ ശ്രമിക്കേണ്ടതുണ്ടെന്നും, ഇല്ലാത്ത പക്ഷം, ആപത്തു വരുമ്പോള്‍ അതു കൂട്ടത്തോടെ ബാധിച്ചേക്കുമെന്നും അല്ലാഹു സത്യവിശ്വാസികളെ താക്കീതു ചെയ്യുന്നു. ഈ വചനത്തിലടങ്ങിയ ആശയത്തിലേക്കു വെളിച്ചം നല്‍കുന്ന ചില ഹദീഥുകളുമുണ്ട്. ചുരുക്കം ചിലതു മാത്രം ഇവിടെ ഓര്‍മ്മിക്കാം.

(2). റസൂല്‍ (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അരുളിച്ചെയ്തതായി ഹുദൈഫത്തുബ്നുല്‍ യമാന്‍ (رَضِيَ اللهُ تَعَالَى عَنْهُ) ഉദ്ധരിക്കുന്നു: എന്റെ ആത്മാവു യാതൊരുവന്റെ കയ്യിലാണോ അവന്‍തന്നെ സത്യം! നിങ്ങള്‍ സദാചാരംകൊണ്ടു കല്‍പിക്കുകയും ദുരാചാരത്തെക്കുറിച്ചു വിരോധിക്കുകയും ചെയ്യണം. അല്ലാത്തപക്ഷം, അവന്റെ പക്കല്‍നിന്നുള്ള വല്ല ശിക്ഷയും നിങ്ങളില്‍ നിയോഗിക്കുന്നതാണ്. പിന്നെ, നിങ്ങള്‍ അവനോടു പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കും. അപ്പോള്‍ നിങ്ങള്‍ക്കു അവന്‍ ഉത്തരം നല്‍കുന്നതല്ല.’ (അ). ഇതുപോലെയുള്ള ഹദീഥുകള്‍ വേറെയും കാണാവുന്നതാണ്.

(2). നുഅ്മാനുബ്നു ബഷീര്‍ (رَضِيَ اللهُ تَعَالَى عَنْهُ) ഒരു പ്രസംഗത്തില്‍ പറഞ്ഞുകേട്ടതായി ആമിര്‍ (رَضِيَ اللهُ تَعَالَى عَنْهُ) ഉദ്ധരിച്ച ചില വാക്യങ്ങളുടെ സാരം ഇങ്ങിനെയാകുന്നു: അല്ലാഹുവിന്റെ നിയമാതിര്‍ത്തികള്‍ പാലിക്കുന്നവരുടെയും, പാലിക്കാത്തവരുടെയും, അവയില്‍ മിനുക്കു നയം സ്വീകരിക്കുന്നവരുടെയും ഉപമ, ഒരു കപ്പലിലെ യാത്രക്കാരുടേതുപോലെയാകുന്നു. സൗകര്യങ്ങള്‍ കുറവായ അതിലെ അടിത്തട്ടാണു ചിലര്‍ക്കു ലഭിച്ചത്. ചിലര്‍ക്കു മുകളിലെ തട്ടും, അങ്ങനെ, താഴെ തട്ടിലുള്ളവര്‍ വെള്ളമെടുക്കുവാന്‍ മുകളിലുള്ളവരുടെ ഇടയിലൂടെ വന്നുപോകുന്നതു അവര്‍ക്കു സ്വൈര്യക്കേടായി. അപ്പോള്‍ ഇവര്‍ പറഞ്ഞു; നാം നമ്മുടെ ഓഹരിയില്‍ (അടിത്തട്ടില്‍) ഒരു ഓട്ടയുണ്ടാക്കി അതിലൂടെ വെള്ളമെടുക്കുക. അങ്ങനെ നമുക്കു മുകളിലുള്ളവരെ ഉപദ്രവിക്കാതിരിക്കാം. ഈ അവസരത്തില്‍ അവരെ അവരുടെ പാട്ടിനു വിട്ടാല്‍ കപ്പലിലുള്ളവരെല്ലാംതന്നെ നശിക്കും. അവരുടെ കൈക്കു പിടിച്ചാല്‍ എല്ലാവരും രക്ഷപ്പെടുകയും ചെയ്യും.’ (അ; ബു; തി).

(3). പല മാര്‍ഗ്ഗങ്ങളിലൂടെയും നിവേദനം ചെയ്യപ്പെട്ടിട്ടുള്ള ഒരു നബി വചനത്തിന്റെ സാരമാണിതു: ‘ജനങ്ങള്‍ അനുസരണക്കേടു പ്രവര്‍ത്തിച്ചു (പാപം ചെയ്തു) കൊണ്ടിരിക്കുമ്പോള്‍, അവരെക്കാള്‍ പ്രതാപവും ബലവുമുള്ള ആളുകള്‍ അവരില്‍ ഉണ്ടായിരുന്നിട്ടും അവരെ അതില്‍നിന്നു മാറ്റിക്കളയാത്തപക്ഷം, അല്ലാഹു അവരില്‍ പൊതുവായ വല്ല ശിക്ഷയും ഇറക്കാതിരിക്കുകയില്ല. (അ; ദാ; ജ).

(4). നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ പത്നി ഉമ്മുസല്‍മഃ (رَضِيَ اللهُ تَعَالَى عَنْها) പറയുന്നു: നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഇങ്ങിനെ പറയുന്നതു ഞാന്‍ കേട്ടു: “എന്റെ സമുദായത്തിന്റെ അനുസരണക്കേടു പ്രത്യക്ഷ (പരസ്യ) മായിത്തീര്‍ന്നാല്‍ അല്ലാഹു അവന്റെ പക്കല്‍നിന്നുള്ള വല്ല ശിക്ഷയും അവരില്‍ പൊതുവായി അയക്കും.’ അപ്പോള്‍, ഞാന്‍ ചോദിച്ചു: “അല്ലാഹുവിന്റെ റസൂലേ, അവരില്‍ സജ്ജനങ്ങളായ ആളുകളുണ്ടായിരിക്കുകയില്ലേ?!’ തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞു: ഇല്ലാതെ! ‘ഞാന്‍ ചോദിച്ചു: ‘അവര്‍ എന്തു ചെയ്യപ്പെടും?’ തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞു: ‘ജനങ്ങള്‍ക്കു ബാധിക്കുന്നതു അവര്‍ക്കും ബാധിക്കും. പിന്നീടു, അവര്‍ അല്ലാഹുവിന്റെ പാപമോചനത്തിലേക്കും, പ്രീതിയിലേക്കും ചെന്നുചേരുന്നതാണ്. (അ). ഈ ആശയത്തിലുള്ള ഹദീഥുകളും വേറെ പലതും കാണാം.

ഇബ്നു അബ്ബാസ് (رَضِيَ اللهُ تَعَالَى عَنْهُ) പറഞ്ഞതായി നിവേദനം ചെയ്യപ്പെട്ടിരിക്കുന്നു: “ഒരു ജനതയില്‍ വഞ്ചന പ്രത്യക്ഷമായിക്കഴിഞ്ഞാല്‍, അവരുടെ ഹൃദയങ്ങളില്‍ അല്ലാഹു ഭീതി ഏര്‍പ്പെടുത്താതിരിക്കയില്ല. ഒരു ജനതയില്‍ വ്യഭിചാരം പ്രചാരപ്പെട്ടു കഴിഞ്ഞാല്‍, അവരില്‍ മരണം അധികരിക്കാതിരിക്കയില്ല. ഒരു ജനത അളത്തവും തൂക്കവുംകുറക്കുന്നതായാല്‍ അവര്‍ക്കു ഉപജീവനത്തിനു ഭംഗം നേരിടാതിരിക്കുകയില്ല. ഒരു ജനത അന്യായമായി വിധി നടത്തിക്കൊണ്ടിരുന്നാല്‍ അവരില്‍ രക്തം (ചിന്തല്‍) പ്രചരിക്കാതിരിക്കയില്ല. ഒരു ജനത കരാറു ലംഘനം നടത്തിക്കൊണ്ടിരുന്നാല്‍ അവരില്‍ ശത്രുവെ നിയോഗിക്കപ്പെടാതിരിക്കയില്ല.’ (മാലിക്). ഇബ്നു അബ്ബാസ് (رَضِيَ اللهُ تَعَالَى عَنْهُ)ന്റെ ഈ പ്രസ്താവന അക്ഷരാര്‍ത്ഥത്തില്‍ തന്നെ പുലര്‍ന്നു കൊണ്ടിരിക്കുന്നതു ദീര്‍ഘദൃഷ്ടിയും സല്‍ബുദ്ധിയുമുള്ള ഏവര്‍ക്കും കാണാവുന്ന ഒരു പരമാര്‍ത്ഥമത്രെ. والله المستعان

8:26
  • وَٱذْكُرُوٓا۟ إِذْ أَنتُمْ قَلِيلٌ مُّسْتَضْعَفُونَ فِى ٱلْأَرْضِ تَخَافُونَ أَن يَتَخَطَّفَكُمُ ٱلنَّاسُ فَـَٔاوَىٰكُمْ وَأَيَّدَكُم بِنَصْرِهِۦ وَرَزَقَكُم مِّنَ ٱلطَّيِّبَـٰتِ لَعَلَّكُمْ تَشْكُرُونَ ﴾٢٦﴿
  • നിങ്ങള്‍ ഭൂമിയില്‍ ബലഹീനരായി ഗണിക്കപ്പെട്ട തുച്ഛം ആളുകളായിരുന്ന സന്ദര്‍ഭം നിങ്ങള്‍ ഓര്‍ക്കുകയും ചെയ്യുക. മനുഷ്യര്‍ നിങ്ങളെ റാഞ്ചിക്കൊണ്ടുപോകുമെന്നു നിങ്ങള്‍ ഭയപ്പെട്ടിരുന്നു; എന്നിട്ട് അവന്‍ നിങ്ങള്‍ക്കു ആശ്രയം നല്‍കുകയും, തന്റെ സഹായംകൊണ്ടു നിങ്ങളെ ബലപ്പെടുത്തുകയും ചെയ്തു; നല്ല (വിശിഷ്ട) വസ്തുക്കളില്‍നിന്നു നിങ്ങള്‍ക്കു അവന്‍ ഉപജീവനം നല്‍കുകയും ചെയ്തു; നിങ്ങള്‍ നന്ദി കാണിക്കുവാന്‍ വേണ്ടി.
  • وَاذْكُرُوا ഓര്‍ക്കുകയും ചെയ്യുക إِذْ أَنتُمْ നിങ്ങള്‍ ആയിരുന്ന സന്ദര്‍ഭം قَلِيلٌ അല്‍പം (കുറച്ചാളുകള്‍) مُّسْتَضْعَفُونَ ബലഹീനരായി (ദുര്‍ബലരായി) ഗണിക്കപ്പെട്ടവര്‍ فِي الْأَرْضِ ഭൂമിയില്‍ تَخَافُونَ നിങ്ങള്‍ ഭയക്കുന്നു, ഭയപ്പെട്ടുകൊണ്ടു أَن يَتَخَطَّفَكُمُ നിങ്ങളെ റാഞ്ചിക്കൊണ്ടുപോകുമെന്നു, പിടിച്ചെടുക്കുമെന്നു النَّاسُ മനുഷ്യര്‍ فَآوَاكُمْ എന്നിട്ടു അവന്‍ നിങ്ങള്‍ക്കു ആശ്രയം (അഭയം - സങ്കേതം) നല്‍കി وَأَيَّدَكُم നിങ്ങളെ അവന്‍ ബലപ്പെടുത്തുകയും ചെയ്തു بِنَصْرِهِ അവന്റെ സഹായംകൊണ്ടു وَرَزَقَكُم നിങ്ങള്‍ക്കവന്‍ (ഉപജീവനം) നല്‍കുകയും ചെയ്തു مِّنَ الطَّيِّبَاتِ നല്ല (വിശിഷ്ട) വസ്തുക്കളില്‍നിന്നു لَعَلَّكُمْ നിങ്ങളാകുവാന്‍, ആയേക്കാം تَشْكُرُونَ നിങ്ങള്‍ നന്ദി കാണിക്കും

ആദ്യം, മക്കായില്‍ മര്‍ദ്ദിതരും ദുര്‍ബ്ബലരുമായ ഒരു ചെറിയ ന്യൂനപക്ഷമായി കുറേ കാലം കഴിഞ്ഞു കൂടിയ ശേഷം, മദീനായില്‍ സത്യവിശ്വാസികള്‍ക്കു അഭയം നല്‍കുകയും, സ്വാതന്ത്രവും സമാധാനപൂര്‍ണ്ണവുമായ ജീവിതം നയിക്കുവാന്‍ സാധ്യമാക്കുകയും ചെയ്ത അനുഗ്രഹത്തെ ഓര്‍മ്മിപ്പിക്കുകയാണ്. ‘സത്യവിശ്വാസികളേ’ എന്നു വിളിച്ചുകൊണ്ടു വീണ്ടും അല്ലാഹു ഉപദേശിക്കുന്നു:

8:27
  • يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ لَا تَخُونُوا۟ ٱللَّهَ وَٱلرَّسُولَ وَتَخُونُوٓا۟ أَمَـٰنَـٰتِكُمْ وَأَنتُمْ تَعْلَمُونَ ﴾٢٧﴿
  • ഹേ, വിശ്വസിച്ചവരേ, നിങ്ങള്‍ അല്ലാഹുവിനെയും റസൂലിനെയും വഞ്ചിക്കരുത്; നിങ്ങളുടെ 'അമാനത്തു' [നിങ്ങളില്‍ വിശ്വസിച്ചേല്‍പിക്കപ്പെട്ട കാര്യം] കളെ വഞ്ചിക്കുകയും (അരുത്); നിങ്ങള്‍ അറിഞ്ഞുകൊണ്ടിരിക്കെ.
  • يَا أَيُّهَا الَّذِينَ آمَنُوا ഹേ, വിശ്വസിച്ചവരേ لَا تَخُونُوا നിങ്ങള്‍ വഞ്ചി (ചതി) ക്കരുത് اللَّـهَ അല്ലാഹുവിനെയും وَالرَّسُولَ റസൂലിനെയും وَتَخُونُوا വഞ്ചിക്കുകയും (അരുതു) നിങ്ങളുടെ أَمَانَاتِكُمْ അമാനത്തുകളെ, വിശ്വസ്ഥതകളെ وَأَنتُمْ നിങ്ങള്‍ (ആയിരിക്കെ) تَعْلَمُونَ നിങ്ങള്‍ അറിയു(മായിരിക്കെ), അറിഞ്ഞും കൊണ്ടു
8:28
  • وَٱعْلَمُوٓا۟ أَنَّمَآ أَمْوَٰلُكُمْ وَأَوْلَـٰدُكُمْ فِتْنَةٌ وَأَنَّ ٱللَّهَ عِندَهُۥٓ أَجْرٌ عَظِيمٌ ﴾٢٨﴿
  • നിങ്ങള്‍ അറിയുകയും ചെയ്യുവിന്‍; നിങ്ങളുടെ സ്വത്തുക്കളും, നിങ്ങളുടെ സന്താനങ്ങളും ഒരു പരീക്ഷണം തന്നെയാണെന്ന്; അല്ലാഹുവിന്റെ അടുക്കല്‍ വമ്പിച്ചതായ പ്രതിഫലമുണ്ടെന്നും.
  • وَاعْلَمُوا അറിയുകയും ചെയ്യുവിന്‍ أَنَّمَا أَمْوَالُكُمْ നിങ്ങളുടെ സ്വത്തുക്കളാണെന്നു وَأَوْلَادُكُمْ നിങ്ങളുടെ സന്താനങ്ങളും, മക്കളും فِتْنَةٌ ഒരു പരീക്ഷണം (മാത്രം തന്നെ) وَأَنَّ اللَّـهَ അല്ലാഹുവാണെന്നും عِندَهُ അവന്റെ അടുക്കലുണ്ടു (എന്നും) أَجْرٌ പ്രതിഫലം, കൂലി عَظِيمٌ വമ്പിച്ച, മഹത്തായ

അബൂലുബാബത്തുല്‍ അന്‍സാരി (رَضِيَ اللهُ تَعَالَى عَنْهُ) യുടെ ഒരു സംഭവത്തെത്തുടര്‍ന്നാണു ഈ വചനം അവതരിച്ചതെന്നു ഇമാം സുഹ്രീ (رحمه الله) യും വേറെ ചിലരും പ്രസ്താവിച്ചതായി ചില രിവായത്തുകളില്‍ വന്നിരിക്കുന്നു. സംഭവം ഇപ്രകാരമാണു: ബനൂഖുറൈളേ യുദ്ധത്തില്‍ യഹൂദികള്‍ ഉപരോധം ചെയ്യപ്പെട്ടിരുന്ന അവസരത്തില്‍ ഒരു മദ്ധ്യസ്ഥ തീരുമാനത്തിനു കീഴടങ്ങുന്നതിനെ സംബന്ധിച്ചു അവരുമായി സംഭാഷണം നടത്തുവാന്‍ അബൂലുബാബഃ (رَضِيَ اللهُ تَعَالَى عَنْهُ) യെ തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അവരുടെ അടുക്കലേക്കയച്ചു. അദ്ദേഹം ബനൂഖുറൈളയുമായി സഖ്യബന്ധം ഉണ്ടായിരുന്ന ആളായിരുന്നു. തങ്ങള്‍ എന്തു ചെയ്യണമെന്നു അവര്‍ അദ്ദേഹത്തോടു ആലോചിക്കയുണ്ടായി. അദ്ദേഹം വ്യക്തമായി ഒന്നും പറഞ്ഞില്ലെങ്കിലും കൈകൊണ്ടു കഴുത്തിലേക്കു ആംഗ്യം കാണിച്ചുകൊണ്ടു കൊലയായിരിക്കും അതിന്റെ പര്യവസാനമെന്നു സൂചന നല്‍കി. അനന്തരം, അല്ലാഹുവിനെയും റസൂലിനെയും വഞ്ചിക്കുകയാണു താന്‍ ചെയ്തതെന്നു അദ്ദേഹത്തിനു ബോധം വന്നു, താന്‍ മരണപ്പെടുകയോ, തന്റെ പശ്ചാത്താപം അല്ലാഹു സ്വീകരിക്കുകയോ ചെയ്യുന്നതുവരെ താന്‍ ഒന്നും കഴിക്കുകയില്ലെന്നു ശപഥം ചെയ്തുകൊണ്ടു പള്ളിയില്‍ പോയി ഒരു തൂണിന്‍മേല്‍ തന്നെ സ്വയം കെട്ടി ബന്ധിച്ചു. ഒമ്പതുദിവസം അങ്ങിനെ കഴിഞ്ഞു. അന്നപാനങ്ങള്‍ ഉപേക്ഷിച്ചതു നിമിത്തം പരവശനായി ബോധം കെട്ടുവീഴുകയായി. പിന്നീടു അല്ലാഹു അദ്ദേഹത്തിന്റെ പശ്ചാത്താപം സ്വീകരിച്ചു. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ആ വിവരം അറിയിച്ചപ്പോള്‍, ജനങ്ങള്‍ അദ്ദേഹത്തെ അനുമോദിക്കുകയും, അദ്ദേഹത്തെ അഴിച്ചുവിടുവാന്‍ ശ്രമിക്കുകയും ചെയ്തു. പക്ഷേ, അദ്ദേഹം വിസമ്മതിച്ചു. റസൂല്‍ (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയല്ലാതെ മറ്റാരും തന്നെ അഴിച്ചുവിടേണ്ടതില്ലെന്നു പറഞ്ഞു. അവസാനം തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തന്നെ അഴിച്ചുവിട്ടു. ഇതാണു സംഭവത്തിന്റെ ചുരുക്കം. വേറെ ചില സംഭവങ്ങളും ഈ വചനത്തിന്റെ അവതരണ ഹേതുവായി ഉദ്ധരിക്കപ്പെടാറുണ്ട്. അവതരണഹേതു ഏതായിരുന്നാലും ശരി, ഈ വചനങ്ങളിലെ കല്‍പന എല്ലാവര്‍ക്കും ബാധകമാണെന്നുള്ളതില്‍ സംശയമോ, അഭിപ്രായ വ്യത്യാസമോ ഇല്ല.

അല്ലാഹുവിന്റെയും, റസൂലിന്റെയും കല്‍പനാ നിര്‍ദ്ദേശങ്ങളെ ലംഘിക്കുന്ന എല്ലാ പ്രവൃത്തികളും അവരെ വഞ്ചിക്കലാണെന്നു പറയാമെങ്കിലും, അതു രഹസ്യമായോ, ഉപായരൂപത്തിലോ ആകുമ്പോഴാണു ശരിക്കും വഞ്ചനയായിത്തീരുന്നത്. അല്ലാഹുവിന്റെയും റസൂലിന്റെയും ഭാഗത്തുനിന്നോ, മനുഷ്യരുടെ ഭാഗത്തുനിന്നോ വിശ്വാസപൂര്‍വ്വം ബാധ്യത ഏല്‍പിക്കപ്പെട്ട എല്ലാത്തരം കാര്യങ്ങളിലും നടത്തപ്പെടുന്ന കൃത്രിമങ്ങള്‍ ‘അമാനത്തു’കളെ വഞ്ചിക്കലുമാകുന്നു. അല്ലാഹുവിന്റെയും റസൂലിന്റെയും വചനങ്ങളെ ദുര്‍വ്യാഖ്യാനം ചെയ്യുക; തെളിവു നല്‍കേണ്ടുന്ന സന്ദര്‍ഭങ്ങളില്‍ മൗനമവലംബിക്കുക, ആവശ്യം നേരിടുമ്പോള്‍ യഥാര്‍ത്ഥ മതവിധി വ്യക്തമാക്കാതെ മൂടിവെക്കുക അവസരത്തിനൊപ്പിച്ചു ഫത്-വ കൊടുക്കുക, സകാത്തിന്റെ കടമകളില്‍നിന്നും മറ്റും ഒഴിവാകുവാന്‍വേണ്ടി ധനം കൃത്രിമക്കൈമാറ്റം നടത്തുക, മറ്റുള്ളവരുടെ ദൃഷ്ടിയില്‍പെടാത്തപ്പോള്‍ നിര്‍ബ്ബന്ധാനഷ്ഠാനങ്ങള്‍ ഒഴിവാക്കുക. അന്യരുടെ സ്വത്തുക്കളുടെ കൈകാര്യം നടത്തുമ്പോള്‍ അവര്‍ക്കു നഷ്ടം വരുത്തുന്ന ഇടപാടുകള്‍ നടത്തുക, സൂക്ഷിക്കുവാന്‍ ഏറ്റുവാങ്ങിയ വസ്തുക്കളെ മൂടിവെക്കുക, മറ്റുള്ളവരുടെ രഹസ്യ വിവരങ്ങള്‍ പുറത്തറിയിക്കുക, മുസ്‌ലിംകളുടെ രഹസ്യം അവരുടെ ശത്രുക്കളെ മനസ്സിലാക്കുക എന്നിങ്ങിനെയുള്ള അനേകം കാര്യങ്ങള്‍ ഈ ഇനത്തില്‍ ഉള്‍പ്പെടുന്നു.

ഒരാള്‍ ഒരു വര്‍ത്തമാനം പറയുമ്പോള്‍, അതു പുറമെ ആരെങ്കിലും കേള്‍ക്കുന്നുണ്ടോ എന്നുള്ള ശങ്ക നിമിത്തം അയാള്‍ തിരിഞ്ഞു നോക്കുന്നപക്ഷം ആ വര്‍ത്തമാനം ഒരു ‘അമാനത്താ’യിരിക്കും – അഥവാ അതു പിന്നെ പരസ്യമാക്കിക്കൂടാ – എന്നുപോലും ചില ഹദീഥുകളില്‍ വന്നിട്ടുള്ളതു പ്രസ്താവ്യമാകുന്നു. കപടവിശ്വാസിയുടെ ലക്ഷണം മൂന്നാണെന്നും, വര്‍ത്തമാനത്തില്‍ കളവു പറയലും, വാഗ്ദത്തം ലംഘിക്കലും, വിശ്വസിച്ചാല്‍ ചതിക്കലുമാണു ആ മൂന്നു ലക്ഷണങ്ങളെന്നും, അവന്‍ നോമ്പും നമസ്കാരവും അനുഷ്ഠിക്കുകയും താന്‍ മുസ്ലിമാണെന്നു വാദിക്കുകയും ചെയ്താലും അവന്‍ കപടവിശ്വാസി തന്നെയാണെന്നും ഹദീഥില്‍ വന്നിട്ടുള്ളതും പ്രസിദ്ധമത്രെ.

അല്ലാഹു മനുഷ്യനു നല്‍കിയ വമ്പിച്ച രണ്ടു അനുഗ്രഹങ്ങളാണു സ്വത്തും, മക്കളും. ഓരോന്നിലും പാലിക്കുകയും ഗൗനിക്കുകയും ചെയ്യേണ്ടുന്ന കാര്യങ്ങള്‍ യഥാവിധി നിര്‍വ്വഹിക്കുന്നപക്ഷം ഇഹത്തില്‍ മാത്രമല്ല, പരത്തിലും അവ രണ്ടും വളരെയധികം പ്രയോജനകരമായിരിക്കും. അതേ സമയത്തു മനുഷ്യന്‍ ചെയ്യുന്ന അക്രമങ്ങളിലും പാപങ്ങളിലും വലിയൊരു ഭാഗവും, സ്വന്തം കടമകള്‍ നിറവേറ്റാതിരിക്കുന്നതില്‍ ഒരു പ്രധാന പങ്കും സ്വന്തം മക്കള്‍ കാരണമായോ, സ്വത്തു കാരണമായോ ആയിരിക്കുമെന്നതു ഒരു നിത്യസത്യമാണുതാനും. ശ്രദ്ധാപൂര്‍വ്വം രണ്ടും കൈകാര്യം ചെയ്യാത്തപക്ഷം, നേട്ടത്തെക്കാള്‍ കോട്ടം ലഭിക്കുവാനാണു കൂടുതല്‍ സാധ്യത. രണ്ടിനോടും മനുഷ്യനുള്ള പ്രേമമാകട്ടെ, ജന്മസിദ്ധവുമാകുന്നു. ആകയാല്‍, രണ്ടിന്റെയും ബാഹ്യമായ നന്മയിലും അഭിവൃദ്ധിയിലും അവന്‍ ഉത്സുകനായിരിക്കുകയും, സ്വന്തം നന്മയെക്കുറിച്ചും അവയില്‍ അനുവര്‍ത്തിക്കപ്പെടേണ്ടുന്ന കടമകളെക്കുറിച്ചു, അശ്രദ്ധനായിത്തീരുകയും ചെയ്യുന്നു. അങ്ങനെ, ആ രണ്ടുംനിമിത്തം അവന്‍ അല്ലാഹുവിങ്കല്‍ ശിക്ഷക്കു അര്‍ഹനായിത്തീരുകയും ചെയ്യും. അതുകൊണ്ടു സ്വത്തും മക്കളും വേണ്ടതുപോലെ കൈകാര്യം ചെയ്ത് രണ്ടും തങ്ങളുടെ നന്മക്കുള്ള മാര്‍ഗ്ഗമായിരിക്കുവാന്‍ ശ്രമിക്കണമെന്നും, നേരെ മറിച്ചു ദുരുപയോഗപ്പെടുത്തു തിന്മക്കു കാരണമാക്കരുതെന്നും അല്ലാഹു സത്യവിശ്വാസികളെ ഓര്‍മ്മിപ്പിക്കുന്നു. ‘നിങ്ങളുടെ സത്തുക്കളും സന്താനങ്ങളും ഒരു പരീക്ഷണം തന്നെയാണെന്നു നിങ്ങള്‍ അറിഞ്ഞിരിക്കണം’ (وَاعْلَمُوا أَنَّمَا أَمْوَالُكُمْ وَأَوْلَادُكُمْ فِتْنَةٌ) എന്നു പറഞ്ഞതിന്റെ താല്‍പര്യം അതാണ്‌. അവ രണ്ടിന്റെയും നന്മയെക്കാള്‍ നിങ്ങളുടെ പാരത്രികമായ നന്മക്കാണു നിങ്ങള്‍ പ്രാധാന്യം കല്‍പിക്കേണ്ടതെന്നും ചൂണ്ടിക്കാട്ടിയിരിക്കുന്നു. (وَأَنَّ اللَّـهَ عِندَهُ أَجْرٌ عَظِيمٌ).

സൂറത്തുല്‍ മുനാഫിക്വീനില്‍ പറയുന്നു:

يَا أَيُّهَا الَّذِينَ آمَنُوا لَا تُلْهِكُمْ أَمْوَالُكُمْ وَلَا أَوْلَادُكُمْ عَن ذِكْرِ اللَّـهِ ۚ وَمَن يَفْعَلْ ذَٰلِكَ فَأُولَـٰئِكَ هُمُ الْخَاسِرُون 63:5

(സാരം: വിശ്വസിച്ചവരേ, നിങ്ങളുടെ സ്വത്തുക്കളാകട്ടെ, മക്കളാകട്ടെ അല്ലാഹുവിന്റെ സ്മരണയില്‍ നിന്നു നിങ്ങളെ അശ്രദ്ധയിലാക്കരുത്. അങ്ങിനെ ആരെങ്കിലും ചെയ്യുന്നപക്ഷം അവരത്രെ നഷ്ടക്കാര്‍) നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറയുന്നു: ‘എന്റെ ദേഹം യാതൊരുവന്റെ കയ്യിലാണോ അവന്‍ തന്നെ സത്യം! നിങ്ങളില്‍ ഒരാള്‍ക്കു അവന്റെ സ്വന്തം ദേഹത്തെയും, അവന്റെ വീട്ടുകാരെയും, അവന്റെ ധനത്തെയും, എല്ലാ മനുഷ്യരെയുംകാള്‍ അധികം ഇഷ്ടപ്പെട്ടവന്‍ ഞാനായിത്തീരുന്നതുവരെ അവന്‍ സത്യവിശ്വാസിയാകുകയില്ല. (ബു; മു).

വിഭാഗം - 4

8:29
  • يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ إِن تَتَّقُوا۟ ٱللَّهَ يَجْعَل لَّكُمْ فُرْقَانًا وَيُكَفِّرْ عَنكُمْ سَيِّـَٔاتِكُمْ وَيَغْفِرْ لَكُمْ ۗ وَٱللَّهُ ذُو ٱلْفَضْلِ ٱلْعَظِيمِ ﴾٢٩﴿
  • ഹേ, വിശ്വസിച്ചവരേ, നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുന്നപക്ഷം, അവന്‍ നിങ്ങള്‍ക്കു (സത്യാസത്യ) വിവേചനം ഏര്‍പ്പെടുത്തിത്തരുന്നതാണ്; നിങ്ങളുടെ തിന്മകളെ അവന്‍ മൂടിവെ(ച്ചു മാപ്പാ)ക്കുകയും, നിങ്ങള്‍ക്കു പൊറുത്തു തരുകയും ചെയ്യും. അല്ലാഹുവാകട്ടെ, മഹത്തായ അനുഗ്രഹം (അഥവാ ഔദാര്യം) ഉള്ളവനാകുന്നു.
  • يَا أَيُّهَا الَّذِينَ آمَنُوا ഹേ വിശ്വസിച്ചവരേ إِن تَتَّقُوا നിങ്ങള്‍ സൂക്ഷിക്കുന്നപക്ഷം اللَّـهَ അല്ലാഹുവിനെ يَجْعَل അവന്‍ ആക്കി (ഏര്‍പ്പെടുത്തി) ത്തരും لَّكُمْ നിങ്ങള്‍ക്കു فُرْقَانًا വിവേചനം وَيُكَفِّرْ മൂടി (മറച്ചു) വെക്കുകയും ചെയ്യും عَنكُمْ നിങ്ങള്‍ക്കു, നിങ്ങളില്‍ നിന്നു سَيِّئَاتِكُمْ നിങ്ങളുടെ തിന്മകളെ وَيَغْفِرْ لَكُمْ നിങ്ങള്‍ക്കു പൊറുത്തു തരുകയും ചെയ്യും وَاللَّـهُ അല്ലാഹുവാകട്ടെ ذُو الْفَضْلِ അനുഗ്രഹം (ഔദാര്യം - ദയവു) ഉള്ളവനാണു الْعَظِيمِ മഹത്തായ, വമ്പിച്ച

സാരം: അല്ലാഹുവിന്റെ വിധിവിലക്കുകള്‍ പാലിച്ചുകൊണ്ടു അവനെ സൂക്ഷിക്കുന്നപക്ഷം, സത്യാസത്യങ്ങള്‍ ഇന്നതാണെന്നും, നല്ലതും തീയതും ഏതൊക്കെയാണെന്നും തിരിച്ചറിയുവാനുള്ള മാര്‍ഗ്ഗദര്‍ശനവും വെളിച്ചവും നല്‍കി നിങ്ങളെ അവന്‍ അനുഗ്രഹിക്കുന്നതാണ്. പിന്നെ, നേര്‍മാര്‍ഗ്ഗം കാണാതെയോ, രക്ഷാമാര്‍ഗ്ഗം തിരിച്ചറിയാതെയോ നിങ്ങള്‍ നട്ടം തിരിയേണ്ടി വരികയില്ല. നിങ്ങളുടെ പക്കല്‍ വന്നു പോകുന്ന തെറ്റുകുറ്റങ്ങളെ അവന്‍ വിട്ടു പൊറുത്തു തരുകയും ചെയ്യും.

8:30
  • وَإِذْ يَمْكُرُ بِكَ ٱلَّذِينَ كَفَرُوا۟ لِيُثْبِتُوكَ أَوْ يَقْتُلُوكَ أَوْ يُخْرِجُوكَ ۚ وَيَمْكُرُونَ وَيَمْكُرُ ٱللَّهُ ۖ وَٱللَّهُ خَيْرُ ٱلْمَـٰكِرِينَ ﴾٣٠﴿
  • (നബിയേ) അവിശ്വസിച്ചവര്‍ നിന്നെപ്പറ്റി (ഗൂഢ) തന്ത്രം പ്രയോഗിച്ചിരുന്ന (ഗൂഢാലോചന നടത്തിയിരുന്ന) സന്ദര്‍ഭം (ഓര്‍ക്കുക!) അവര്‍ നിന്നെ (പിടിച്ച്) ബന്ധിക്കുകയോ, അല്ലെങ്കില്‍ കൊലപ്പെടുത്തുകയോ, അല്ലെങ്കില്‍ നാട്ടില്‍ നിന്നു) പുറത്താക്കുകയോ ചെയ്‌വാന്‍വേണ്ടി.
    അവര്‍ (ഗൂഢ) തന്ത്രം നടത്തുന്നു; അല്ലാഹുവും (ഗൂഢ) തന്ത്രം നടത്തുന്നു. അല്ലാഹുവാകട്ടെ, (ഗൂഢ) തന്ത്രം നടത്തുന്നവരില്‍വെച്ച് ഉത്തമനാകുന്നു.
  • وَإِذْ يَمْكُرُ (ഗൂഢ) തന്ത്രം പ്രയോഗിച്ചിരുന്ന സന്ദര്‍ഭം بِكَ നിന്നെപ്പറ്റി, നിന്നെക്കൊണ്ടു الَّذِينَ كَفَرُوا അവിശ്വസിച്ചവര്‍ لِيُثْبِتُوكَ അവര്‍ നിന്നെ ബന്ധിക്കുവാന്‍ വേണ്ടി أَوْ يَقْتُلُوكَ അല്ലെങ്കില്‍ നിന്നെ കൊല്ലു (വധിക്കു) വാന്‍ أَوْ يُخْرِجُوكَ അല്ലെങ്കില്‍ നിന്നെ പുറത്താക്കുവാന്‍ وَيَمْكُرُونَ അവര്‍ (ഗൂഢ) തന്ത്രം പ്രയോഗിക്കുന്നു وَيَمْكُرُ اللَّـهُ അല്ലാഹുവും തന്ത്രം പ്രയോഗിക്കുന്നു وَاللَّـهُ അല്ലാഹുവാകട്ടെ خَيْرُ الْمَاكِرِينَ തന്ത്രം പ്രയോഗിക്കുന്നവരില്‍ ഉത്തമനാകുന്നു

നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിക്കു അല്ലാഹു നല്‍കിയ മഹത്തായ ഒരു അനുഗ്രഹം അനുസ്മരിപ്പിക്കുകയാണ്. ക്വുറൈശികളുടെ ഒരു ഗൂഢാലോചനയെത്തുടര്‍ന്നാണു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ മദീനാ ഹിജ്രയുണ്ടായത്. ആ സംഭവമാണു ഈ വചനത്തില്‍ പരാമര്‍ശിക്കപ്പെട്ടിരിക്കുന്നത്. പല രിവായത്തുകളിലൂടെയും വന്നിട്ടുള്ള ആ സംഭവത്തിന്റെ രൂപം ചുരുക്കത്തില്‍ ഇപ്രകാരമാകുന്നു:-

തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യുടെ പിതൃവ്യന്‍ അബൂത്വാലിബ്‌ സത്യവിശ്വാസം സ്വീകരിച്ചില്ലെങ്കിലും ക്വുറൈശികളില്‍ അദ്ദേഹത്തിനുണ്ടായിരുന്ന സ്ഥാനമാനവും, തന്റെ സഹോദരാപുത്രനും പോറ്റു മകനുമായിരുന്ന നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യോടു അദ്ദേഹത്തിനുണ്ടായിരുന്ന അളവറ്റ വാല്‍സല്യവും നിമിത്തം അദ്ദേഹം തിരുമേനി(صَلَّى اللَّهُ عَلَيْهِ وَسَلَّمَ)ക്കു സദാ ഒരു വമ്പിച്ച താങ്ങും തണലുമായിരുന്നു. അദ്ദേഹത്തിന്റെ മരണശേഷം ശത്രുക്കളുടെ ശത്രുതയും, വീറും വര്‍ദ്ധിച്ചു. അതോടുകൂടി മദീനായില്‍ നിന്നു ഹജ്ജിനു മക്കായില്‍ വന്നിരുന്ന കുറേ ആളുകള്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യില്‍ വിശ്വസിച്ചു തിരിച്ചു പോകുകയും ഉണ്ടായി. മദീനായില്‍ ഇസ്‌ലാം പ്രചരിപ്പിക്കുവാനും, അവിടെ ചെല്ലുന്ന മുസ്‌ലിംകളെ സഹായിക്കുവാനും അവര്‍ ബൈഅത്ത് (പ്രതിജ്ഞ) ചെയ്കയും ചെയ്തിരുന്നു. അങ്ങനെ മദീനായില്‍ ഇസ്‌ലാം പ്രചരിച്ചു കൊണ്ടിരിക്കുകയും മുസ്ലിംകള്‍ ക്രമേണ അവിടെ ചെന്നു അഭയം പ്രാപിച്ചുകൊണ്ടിരിക്കുകയും ചെയ്തു. ഇതു ക്വുറൈശികളെ കൂടുതല്‍ ക്ഷുഭിതരാക്കി. മേലില്‍ മുഹമ്മദിനെ ഇങ്ങിനെ വിട്ടാല്‍, തങ്ങളുടെ ഭാവി അപകടത്തിലാണെന്നു അവര്‍ കണ്ടു. ഒരു അവസാന തീരുമാനമേടുക്കുവാന്‍ തങ്ങളുടെ കാര്യാലോചനാ മന്ദിരമായ ദാറുന്നദ്-വയില്‍ ക്വുറൈശീ നേതാക്കള്‍ ഒരു യോഗം ചേര്‍ന്നു. യോഗം തുടങ്ങവെ, താന്‍ നജ്ദുകാരനാണെന്നും, യോഗത്തിന്റെ ചര്‍ച്ചാവിഷയത്തില്‍ തനിക്കും ചില അഭിപ്രായങ്ങള്‍ വെക്കുവാനുണ്ടെന്നും സ്വയം പരിചയപ്പെടുത്തിക്കൊണ്ടു ഒരു വന്ദ്യവയോധികന്റെ വേഷത്തില്‍ ഇബ്ലീസും അതില്‍ സംബന്ധിക്കയുണ്ടായെന്നും ചില രിവായത്തുകളില്‍ കാണുന്നു. ഇതു ശരിയാണെങ്കില്‍, അതില്‍ അസാംഗത്യമൊന്നുമില്ലതാനും. വാസ്തവം അല്ലാഹുവിനറിയാം.

മുഹമ്മദിനെ എന്തു ചെയ്യണമെന്നാണു യോഗത്തിന്റെ ആലോചനാ വിഷയം. മരണംവരെ അവനെ ബന്ധനത്തിലാക്കുക എന്നായിരുന്നു അഭിപ്രായം. അങ്ങിനെ ചെയ്‌താല്‍, അവന്റെ ആള്‍ക്കാര്‍ ക്രമേണ സംഘടിച്ചു കൊണ്ടു അവനെ രക്ഷപ്പെടുത്തിയേക്കാമെന്നു പറഞ്ഞു ഈ ഒരഭിപ്രായം തള്ളപ്പെട്ടു. അവനെ രാജ്യത്തുനിന്നു ബഹിഷ്കരിക്കുന്നപക്ഷം, നമുക്കു അവനെക്കൊണ്ടുള്ള ശല്യത്തില്‍നിന്നു മോചനം ലഭിക്കുമെന്നായിരുന്നു മറ്റൊരഭിപ്രായം. അങ്ങിനെ ചെയ്‌താല്‍, തന്റെ സംസാരമാധുര്യവും, ജനങ്ങളെ വശീകരിക്കുവാനുള്ള സാമര്‍ത്ഥ്യം കാരണം വിദേശങ്ങളില്‍ അവന്റെ മതം പ്രചരിക്കുവാന്‍ ഇടവരും. അങ്ങനെ കൂടുതല്‍ ജനസ്വാധീനം നേടി അവന്‍ നമ്മെ ആക്രമിക്കും എന്നിങ്ങിനെയുള്ള ന്യായത്തില്‍ ആ ആഭിപ്രായവും തള്ളപ്പെട്ടു. അവസാനത്തെ അഭിപ്രായം – ഇതിന്റെ അവതാരകന്‍ അബൂജഹ്ലായിരുന്നു – ഇതായിരുന്നു: എല്ലാ ഗോത്രത്തില്‍നിന്നും കരുത്തനായ ഓരോ യുവാവിനെ തിരഞ്ഞെടുത്ത് അവരെല്ലാവരുംകൂടി ഒപ്പം മുഹമ്മദിനെ വെട്ടിക്കൊല്ലുക. ഇങ്ങിനെ ചെയ്‌താല്‍, അവനെക്കൊണ്ടുള്ള ശല്യം തീരുന്നതിനു പുറമെ, എല്ലാ ഗോത്രക്കാരോടും ഒന്നിച്ച് പ്രതികാര നടപടിക്കൊരുങ്ങുവാന്‍ അവന്റെ കുടുംബത്തിനു കഴിയാതെ വരുകയും ചെയ്യും. അതല്ല, പതിവുപ്രകാരം തെണ്ടം വാങ്ങി, പ്രതിക്രിയ ചെയ്യാതെ അവര്‍ തൃപ്തിപ്പെടുകയാണെങ്കില്‍ അതു നമുക്കു എല്ലാവര്‍ക്കും ചേര്‍ന്നുകൊടുത്തു തീര്‍ക്കുകയും ചെയ്യാമല്ലോ. ഈ അഭിപ്രായം സര്‍വ്വസമ്മതമായി അംഗീകരിക്കപ്പെട്ടു. ഒരു രാത്രി തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യുടെ വീടു വളഞ്ഞ് തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പുറത്തിറങ്ങുന്ന തക്കം നോക്കി പെട്ടന്നു ആ കൃത്യം നടപ്പില്‍ വരുത്തുവാനായിരുന്നു പരിപാടി.

ജിബ്‌രീല്‍ (عليه الصلاة والسلام) മുഖേന അല്ലാഹു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ക്കു ഈ വിവരം അറിയിക്കുകയും, ഹിജ്ര പോയിക്കൊള്ളുവാന്‍ അനുവാദം നല്‍കുകയും ചെയ്തു. അന്നു രാത്രി, തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) സാധാരണ കിടക്കാറുള്ള സ്ഥാനത്ത് അവിടുന്ന് ഉപയോഗിക്കാറുള്ള പുതപ്പും ധരിച്ച് അലി (رَضِيَ اللهُ تَعَالَى عَنْهُ) കിടക്കുവാന്‍ ഏര്‍പ്പാടു ചെയ്തുകൊണ്ടു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പുറത്തിറങ്ങി. സൂ: യാസീനിലെ 9-ാം വചനം (*) ഓതികൊണ്ടു സശാന്തം അവിടുന്നു വീടുവളഞ്ഞ ശത്രുക്കളുടെ ഇടയില്‍ കൂടി അവരറിയാതെ സ്ഥലം വിട്ടു. നേരെ അബൂബക്കര്‍ (رَضِيَ اللهُ تَعَالَى عَنْهُ) ന്റെ വീട്ടില്‍ ചെന്നു. മുന്‍കൂട്ടി ഒരുക്കി നിറുത്തിയിരുന്ന വാഹനത്തില്‍ ഏറിക്കൊണ്ടു രണ്ടുപേരും ഥൌര്‍ ഗുഹയില്‍ പോയി ഒളിച്ചിരുന്നു. നേരം പുലര്‍ന്നപ്പോഴാണു ശത്രുക്കള്‍ക്കു തങ്ങളുടെ അമളി മനസ്സിലായത്. അവര്‍ നാലുപാടും ഓടി. വിളിയും തെളിയുമായി. കൂട്ടത്തില്‍ ആ ഗുഹാമുഖത്തും എത്തി. പക്ഷേ, ഗുഹാമുഖത്തു എട്ടുകാലി വളകെട്ടിയിരുന്നതു കണ്ടപ്പോള്‍, അതില്‍ ആരുമില്ലെന്നു സമാധാനിച്ച് അവര്‍ വിട്ടുപോകുകയാണു ചെയ്തത്. മൂന്നാം ദിവസം ഒരു വഴികാട്ടിയോടൊപ്പം തിരുമേനി(صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യും, അബൂബക്കറും (رَضِيَ اللهُ تَعَالَى عَنْهُ) മദീനായിലേക്കു യാത്രത്തുടരുകയും ചെയ്തു.


(*). وَجَعَلْنَا مِن بَيْنِ أَيْدِيهِمْ سَدًّا وَمِنْ خَلْفِهِمْ سَدًّا فَأَغْشَيْنَاهُمْ فَهُمْ لَا يُبْصِرُونَ എന്നു തുടങ്ങിയ വചനമാണിത്‌. സാരം ഇതാണ്: അവരുടെ മുമ്പിലും അവരുടെ പിമ്പിലും നാം ഓരോ തടവു ഏര്‍പ്പെടുത്തിയിരിക്കുന്നു. അങ്ങനെ നാം അവരെ മൂടിക്കളഞ്ഞിരിക്കുന്നു. അതിനാല്‍ അവര്‍ കാണുന്നതല്ല. (യാസീന്‍: 9).


അവിശ്വാസികളുടെ ഗൂഢതന്ത്രം കൊണ്ടുദ്ദേശ്യം എന്താണെന്നു ഇതില്‍ നിന്നു വ്യക്തമാണല്ലോ. അതിനെതിരെ അല്ലാഹു സ്വീകരിച്ചതും, അവരുടെ ഗൂഡാലോചനയെ പരാജയപ്പെടുത്തിയതുമായ ആ നടപടിയാണു അല്ലാഹുവിന്റെ ഗൂഢതന്ത്രം കൊണ്ടു ഇവിടെ വിവക്ഷ. അന്യര്‍ക്കെതിരെ ഗൂഢമായി നടത്തപ്പെടുന്ന സംരംഭങ്ങള്‍ക്കാണു مَكْر (മക്ര്‍) എന്നു പറയപ്പെടുന്നത്. അതിനെതിരെ അല്ലാഹു നടപ്പില്‍ വരുത്തുന്ന രഹസ്യ നടപടിക്കാണു مَكْرُ اللهِ (അല്ലാഹുവിന്റെ തന്ത്രം) എന്നു പറഞ്ഞത്. അല്ലാഹുവിന്റെ തന്ത്രം ന്യായയുക്തവും, അതിസമര്‍ത്ഥവും ആയിരിക്കുമെന്നു പറയേണ്ടതില്ലല്ലോ. അതുകൊണ്ടാണു ഏറ്റവും ഉത്തമനായ തന്ത്രക്കാരന്‍ (خَيْرُ الْمَاكِرِينَ) എന്നു അല്ലാഹുവിനെപ്പറ്റി പറഞ്ഞതും.

8:31
  • وَإِذَا تُتْلَىٰ عَلَيْهِمْ ءَايَـٰتُنَا قَالُوا۟ قَدْ سَمِعْنَا لَوْ نَشَآءُ لَقُلْنَا مِثْلَ هَـٰذَآ ۙ إِنْ هَـٰذَآ إِلَّآ أَسَـٰطِيرُ ٱلْأَوَّلِينَ ﴾٣١﴿
  • അവര്‍ക്കു [അവിശ്വാസികള്‍ക്കു] നമ്മുടെ ആയത്തു [ലക്‌ഷ്യം] കള്‍ ഓതിക്കേള്‍പ്പിക്കുന്നതായാല്‍ അവര്‍ പറയും: "ഞങ്ങള്‍ കേട്ടു കഴിഞ്ഞു; ഞങ്ങള്‍ (വേണമെന്നു) ഉദ്ദേശിക്കുന്നതായാല്‍ ഇതുപോലെ ഞങ്ങളും പറയുക തന്നെ ചെയ്യും. ഇതു പൂര്‍വ്വികന്‍മാരുടെ പുരാണ കഥകളല്ലാതെ (മറ്റൊന്നും) അല്ല."
  • وَإِذَا تُتْلَىٰ ഓതിക്കൊടുക്കപ്പെടുന്നതായാല്‍ عَلَيْهِمْ അവരുടെ മേല്‍, അവര്‍ക്കു آيَاتُنَا നമ്മുടെ ആയത്തുകള്‍ قَالُوا അവര്‍ പറയും, പറയുകയായി قَدْ سَمِعْنَا ഞങ്ങള്‍ കേട്ടിട്ടുണ്ടു, കേട്ടുകഴിഞ്ഞു لَوْ نَشَاءُ ഞങ്ങള്‍ ഉദ്ദേശിക്കുന്നതായാല്‍ لَقُلْنَا ഞങ്ങള്‍ പറയുകതന്നെ ചെയ്തിരുന്നു مِثْلَ هَـٰذَا ഇതുപോലെ إِنْ هَـٰذَا ഇതല്ല إِلَّا أَسَاطِيرُ പുരാണകഥകള്‍ (ഐതിഹ്യങ്ങള്‍) അല്ലാതെ الْأَوَّلِينَ പൂര്‍വ്വികന്‍മാരുടെ

നിഷേധത്തില്‍ നിന്നും മര്‍ക്കടമുഷ്ടിയില്‍ നിന്നും ബഹിര്‍ഗമിക്കുന്ന പരിഹാസവും ധിക്കാരവുമെന്നതില്‍ കവിഞ്ഞു അവരുടെ ഈ വാക്കുകള്‍ക്കു ഒരര്‍ത്ഥവുമില്ല. അവരുടെ ഹൃദയം എത്രമേല്‍ കടുത്തു ദുഷിച്ചു പോയിട്ടുണ്ടെന്നു അല്ലാഹു ചൂണ്ടിക്കാട്ടുന്നതു നോക്കുക.

8:32
  • وَإِذْ قَالُوا۟ ٱللَّهُمَّ إِن كَانَ هَـٰذَا هُوَ ٱلْحَقَّ مِنْ عِندِكَ فَأَمْطِرْ عَلَيْنَا حِجَارَةً مِّنَ ٱلسَّمَآءِ أَوِ ٱئْتِنَا بِعَذَابٍ أَلِيمٍ ﴾٣٢﴿
  • അവര്‍ പറഞ്ഞ സന്ദര്‍ഭവും (ഓര്‍ക്കുക): 'അല്ലാഹുവേ, ഇതു തന്നെയാണു നിന്റെ പക്കല്‍ നിന്നുള്ള യഥാര്‍ത്ഥ (സത്യ) മെങ്കില്‍, ഞങ്ങളുടെ മേല്‍ നീ ഒരു കല്ലു (മഴ) വര്‍ഷിപ്പിച്ചേക്കുക! അല്ലെങ്കില്‍ ഞങ്ങള്‍ക്കു വല്ല വേദനയേറിയ ശിക്ഷയും കൊണ്ടു വരുക!'
  • وَإِذْ قَالُوا അവര്‍ പറഞ്ഞ സന്ദര്‍ഭവും اللَّـهُمَّ അല്ലാഹുവേ ഇതാണെങ്കില്‍ إِن كَانَ هَـٰذَا ഇതുതന്നെ هُوَ الْحَقَّ യഥാര്‍ത്ഥം (എങ്കില്‍) مِنْ عِندِكَ നിന്റെ പക്കല്‍ നിന്നുള്ള فَأَمْطِرْ എന്നാല്‍ (മഴ) വര്‍ഷിപ്പിക്കുക عَلَيْنَا ഞങ്ങളില്‍, ഞങ്ങള്‍ക്കു حِجَارَةً ഒരു കല്ലു (മഴ) مِّنَ السَّمَاءِ ആകാശത്തു നിന്നു أَوِ ائْتِنَا അല്ലെങ്കില്‍ ഞങ്ങള്‍ക്കു വാ, തരുക بِعَذَابٍ വല്ല ശിക്ഷയും കൊണ്ടു أَلِيمٍ വേദനയേറിയ

മുഹമ്മദ്‌ പ്രബോധനം ചെയ്യുന്ന ഇതൊക്കെത്തന്നെയാണു നിന്റെ വക സത്യ യാഥാര്‍ത്ഥ്യമെങ്കില്‍, അതിലൊന്നും വിശ്വസിക്കുവാന്‍ ഞങ്ങള്‍ തയ്യാറില്ല. കല്‍ മഴ വര്‍ഷിപ്പിച്ചോ, മറ്റു വല്ല കഠിന ശിക്ഷയും നല്‍കിയോ ഞങ്ങളെ ശിക്ഷിച്ചാലും ശരി ഞങ്ങള്‍ അതിനു വഴങ്ങുവാന്‍ പോകുന്നില്ല. എന്നാണല്ലോ ആ മുശ്രിക്കുകള്‍ പറയുന്നതിന്റെ താല്‍പര്യം. ധിക്കാരത്തിന്റെ കാഠിന്യവും അതേ സമയം വിഡ്ഢിത്തത്തിന്റെ പാരമ്യവും നോക്കുക! ദുര്‍വാശിയും ധിക്കാരബുദ്ധിയും ഇണങ്ങിച്ചേര്‍ന്നാല്‍ മനുഷ്യന്‍ എന്തും പ്രവര്‍ത്തിക്കുവാന്‍ മടിക്കയില്ല. ‘അവര്‍ പറഞ്ഞു’ എന്നതുകൊണ്ടുദ്ദേശ്യം എല്ലാം മുശ്രിക്കുകളും അങ്ങിനെ പറഞ്ഞിരുന്നുവെന്നല്ല. നേതാക്കളും അതിദുഷ്ടരുമായ ചിലര്‍ പറയുകയും, മറ്റുള്ളവര്‍ അതേറ്റു പറഞ്ഞുകൊണ്ടിരിക്കുകയും ചെയ്തിരുന്നുവെന്നത്രെ ഉദ്ദേശ്യം.

മുശ്രിക്കുകളെ സംബന്ധിച്ചിടത്തോളം ആര്‍ അല്ലാഹുവിനെ പാടെ നിഷേധിക്കുന്നവരല്ല. അവനോടു മറ്റു ദൈവങ്ങളെ പങ്കുചേര്‍ക്കുകയും, ആ അടിസ്ഥാനത്തിലുള്ള പല ദുര്‍ന്നടപ്പുകളെയും മതാചാരങ്ങളാക്കുകയുമാണവര്‍ ചെയ്യുന്നത്. അതിനെപ്പറ്റി ആക്ഷേപിക്കുന്നതാണു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെയും ക്വുര്‍ആന്റെയും നേരെയുള്ള അവരുടെ നിഷേധത്തിനും ശത്രുതക്കും കാരണം. എന്നാല്‍, നിരീശ്വര നിര്‍മ്മത വാദികളായ ചിലരില്‍ നിന്നും ഇത്തരം ധിക്കാര വാക്കുകള്‍ കേള്‍ക്കപ്പെടാറുണ്ട്. പക്ഷേ, അല്ലാഹു എല്ലാ കാര്യത്തിനും ഓരോ അവധിയും നിശ്ചയവും വെച്ചിട്ടുണ്ടല്ലോ.

لِكُلِّ أَجَلٍ كِتَابٌ – الرعد :٣٨

മനുഷ്യര്‍ പ്രവര്‍ത്തിക്കുന്നതിനെല്ലാം അപ്പപ്പോള്‍ അല്ലാഹു നടപടി എടുക്കുന്നപക്ഷം, ഈ ലോകത്തു ഒരു ജീവിയും ബാക്കിയാകുമായിരുന്നില്ല. എങ്കിലും ഒരു നിര്‍ണ്ണയിക്കപ്പെട്ട അവധി വരെ അവന്‍ അവര്‍ക്കു ഒഴിവു കൊടുക്കുകയാണ് ചെയ്യുന്നത്. (35:45).

മുശ്രിക്കുകളുടെ ഈ വെല്ലുവിളിക്കു അല്ലാഹു ഇങ്ങിനെ മറുപടി പറയുന്നു:-

8:33
  • وَمَا كَانَ ٱللَّهُ لِيُعَذِّبَهُمْ وَأَنتَ فِيهِمْ ۚ وَمَا كَانَ ٱللَّهُ مُعَذِّبَهُمْ وَهُمْ يَسْتَغْفِرُونَ ﴾٣٣﴿
  • (നബിയേ) നീ അവരില്‍ ഉണ്ടായിരിക്കെ, അവരെ ശിക്ഷിക്കുവാന്‍ അല്ലാഹു (ഒരുക്കം) ഇല്ല; അവര്‍ പാപമോചനം തേടിക്കൊണ്ടിരിക്കുമ്പോഴും അല്ലാഹു അവരെ ശിക്ഷിക്കുന്നവനല്ല.
  • وَمَا كَانَ اللَّـهُ അല്ലാഹു (ഒരുക്കം - തയ്യാര്‍) ഇല്ല لِيُعَذِّبَهُمْ അവരെ ശിക്ഷിക്കുവാന്‍ وَأَنتَ നീ فِيهِمْ അവരില്‍ (ഉണ്ടായിരിക്കെ) وَمَا كَانَ اللَّـهُ അല്ലാഹു അല്ലതാനും,ആയിരിക്കുകയുമില്ല, ആകുന്നതല്ല مُعَذِّبَهُمْ അവരെ ശിക്ഷിക്കുന്നവന്‍ وَهُمْ അവര്‍ (ആയിരിക്കെ) يَسْتَغْفِرُونَ അവര്‍ പാപമോചനം (പൊറുതി) തേടിക്കൊണ്ടിരിക്കുന്നു

അവരുടെ ആ പ്രാര്‍ത്ഥന – അല്ല, വെല്ലുവിളി – അനുസരിച്ച് അവരെ ഒരു പൊതുശിക്ഷ നല്‍കി നശിപിക്കുവാന്‍ അല്ലാഹുവിനു ഒരു പ്രയാസവുമില്ല. പക്ഷേ, രണ്ടു കാര്യങ്ങള്‍ നിലവിലുള്ളതുകൊണ്ടു അല്ലാഹു അങ്ങിനെ ചെയ്യാതിരിക്കുകയാണ്. ഒന്ന്: നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അവര്‍ക്കിടയില്‍ ജീവിച്ചിരിക്കുന്നുവെന്നുള്ളതും, മറ്റൊന്ന്: അവര്‍ അല്ലാഹുവിനോടു പാപമോചനം തേടാറുണ്ടെന്നുള്ളതും. ഈ രണ്ടു കാര്യങ്ങളും നിലവിലിരിക്കെ പൊതുശിക്ഷ നല്‍കി അവരെ ശിക്ഷിക്കുന്നതു അല്ലാഹുവിന്റെ നടപടിച്ചട്ടങ്ങള്‍ക്കു നിരക്കാത്തതാണ് എന്നു സാരം.

നിഷേധികളായ ഒരു സമുദായത്തെ പൊതുവെ ബാധിക്കുന്ന വല്ല ശിക്ഷയും സംഭവിക്കുമ്പോള്‍, ആ സമുദായത്തിലെ പ്രവാചകനെയും, അദ്ദേഹത്തില്‍ വിശ്വസിച്ച വ്യക്തികളെയും മുന്‍കൂട്ടി രക്ഷപ്പെടുത്തിക്കൊണ്ടേ അല്ലാഹു ശിക്ഷ ഇറക്കാറുള്ളു. ആദു, ഥമൂദു മുതലായവരെപ്പോലെ അങ്ങിനെയുള്ള ശിക്ഷക്കു പാത്രമായിത്തീര്‍ന്ന സമുടായങ്ങളെല്ലാം തന്നെ ഒരു പ്രത്യേക ജനതയോ സമൂഹമോ ആയിരുന്നു. അതിലെ പ്രവാചകന്‍ അവരിലേക്കു മാത്രം നിയോഗിക്കപ്പെട്ട ആളുമായിരിക്കും. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയാകട്ടെ, കാലാവസാനം വരെയുള്ള ലോകര്‍ക്കെല്ലാം അനുഗ്രഹമായി (رَحْمَةً لِّلْعَالَمِينَ) അയക്കപ്പെട്ട പ്രവാചകനത്രെ. അവിടുത്തെ പ്രബോധന ദൗത്യങ്ങള്‍ പൂര്‍ണ്ണമായി നിര്‍വ്വഹിക്കപ്പെട്ടു കഴിഞ്ഞിട്ടില്ല താനും. അഥവാ അതു തുടര്‍ന്നുകൊണ്ടിരിക്കുന്നേയുള്ളു. അതുകൊണ്ടു ഈ അവസരത്തില്‍ ഒരു പൊതു ശിക്ഷ വഴി അവര്‍ നശിപ്പിക്കപ്പെടുന്നതു അപ്രായോഗികമായിരിക്കുമല്ലോ. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അവരുടെ ഇടയില്‍ മക്കയിലായിരുന്നപ്പോള്‍ അല്ലാഹു അവരെ ശിക്ഷിക്കുമായിരുന്നില്ല. ഇപ്പോള്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യെ അവര്‍ പുരത്താക്കിയിരിക്കകൊണ്ടു അവരെ ശിക്ഷിച്ചുകൂടായ്കയില്ല എന്ന അര്‍ത്ഥത്തിലും ഇവിടെ വ്യാഖ്യാനം നല്‍കപ്പെട്ടിട്ടുണ്ട്.

അവര്‍ പാപമോചനം തേടിയിരുന്നുവെന്നു പറഞ്ഞതു രണ്ടു മൂന്നു പ്രകാരത്തില്‍ വ്യാഖ്യാനിക്കപ്പെട്ടിരിക്കുന്നു.

(1). നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യും സഹാബികളും മദീനായിലേക്കു ഹിജ്ര പോയിട്ടു പിന്നെയും മക്കായില്‍ അങ്ങിങ്ങായി ചില സത്യവിശ്വാസികള്‍ ബാക്കിയുണ്ടായിരുന്നു. അവരുടെ ദൗര്‍ബ്ബല്യം കാരണം ഹിജ്ര പോകുവാന്‍ കഴിയാതെ ഞെരുങ്ങിക്കൊണ്ടിരിക്കുകയാണവര്‍. ‘അവര്‍ പാപമോചനം തേടുന്നു’വെന്നു പറഞ്ഞതു ഇവരെപ്പറ്റിയാണ്. മുശ്രിക്കുകളുടെ ഇടയില്‍ കഴിഞ്ഞു കൂടുന്ന അവര്‍ അല്ലാഹുവിനോടു പാപമോചനം തേടിക്കൊണ്ടിരിക്കുന്ന സ്ഥിതിക്കു മക്കാ മുശ്രിക്കുകളില്‍ അല്ലാഹു പൊതുശിക്ഷ ഇറക്കുകയില്ല എന്നുദ്ദേശ്യം.

(2). മുശ്രിക്കുകള്‍ തന്നെയും ചില അവസരങ്ങളില്‍ അല്ലാഹുവിനോടു പ്രാര്‍ത്ഥിക്കാറുണ്ടായിരുന്നു. അതിനെ ഉദ്ദേശിച്ചാണ്.

(3). അവര്‍ പാപമോചനം തേടിക്കൊണ്ടിരിക്കുമ്പോള്‍ അവരെ ശിക്ഷിക്കുകയില്ല. എന്നാല്‍, അവര്‍ പാപമോചനം തേടുന്നില്ലാത്ത സ്ഥിതിക്കു അവരെ ശിക്ഷിച്ചുകൂടാ എന്നില്ല. അടുത്ത വചനത്തില്‍ കാണുന്നതുപോലെ, ശിക്ഷക്കു അര്‍ഹരാണു അവരെങ്കിലും, അല്ലാഹു അവരെ പെട്ടന്നു ശിക്ഷിക്കുവാന്‍ ഉദ്ദേശിക്കുന്നില്ലെന്നേയുള്ളു. വേറെ രൂപത്തിലും ഇതിനു ചില വ്യാഖ്യാനങ്ങള്‍ നല്‍കപ്പെട്ടിട്ടുണ്ട്. الله أعلم

8:34
  • وَمَا لَهُمْ أَلَّا يُعَذِّبَهُمُ ٱللَّهُ وَهُمْ يَصُدُّونَ عَنِ ٱلْمَسْجِدِ ٱلْحَرَامِ وَمَا كَانُوٓا۟ أَوْلِيَآءَهُۥٓ ۚ إِنْ أَوْلِيَآؤُهُۥٓ إِلَّا ٱلْمُتَّقُونَ وَلَـٰكِنَّ أَكْثَرَهُمْ لَا يَعْلَمُونَ ﴾٣٤﴿
  • അല്ലാഹു അവരെ ശിക്ഷിക്കാതിരിക്കുവാന്‍ എന്താണവര്‍ക്കു (ന്യായമു) ള്ളത്? അവര്‍ 'മസ്ജിദുല്‍ ഹറാമി' [പരിപാവനമായ പള്ളിയി]ല്‍ നിന്നു (ആളുകളെ) തടഞ്ഞു കൊണ്ടിരിക്കുന്നുവെന്നിരിക്കെ! (വാസ്തവത്തില്‍) അവര്‍ അതിന്റെ കൈകാര്യകര്‍ത്തക്കളല്ലതാനും. അതിന്റെ കൈകാര്യകര്‍ത്താക്കള്‍ (അല്ലാഹുവിനെ) സൂക്ഷിക്കുന്നവരല്ലാതെ (ആരും) അല്ല. എങ്കിലും, അവരില്‍ അധികമാളും അറിയുന്നില്ല.
  • وَمَا لَهُمْ അവര്‍ക്കെന്താണു أَلَّا يُعَذِّبَهُمُ അവരെ ശിക്ഷിക്കുകയില്ലെന്നു, ശിക്ഷിക്കാതിരിക്കുവാന്‍ اللَّـهُ അല്ലാഹു وَهُمْ അവരാകട്ടെ يَصُدُّونَ തടയുന്നു, തടുക്കുന്നു عَنِ الْمَسْجِدِ പള്ളിയില്‍നിന്നു الْحَرَامِ അലംഘനീയമായ, പരിപാവനമായ وَمَا كَانُوا അവരായിട്ടുമില്ല, അല്ലതാനും أَوْلِيَاءَهُ അതിന്റെ കൈകാര്യകര്‍ത്താക്കള്‍, രക്ഷാധികാരികള്‍, ബന്ധുക്കള്‍ إِنْ أَوْلِيَاؤُهُ അതിന്റെ കൈകാര്യകര്‍ത്തക്കളല്ല إِلَّا الْمُتَّقُونَ സൂക്ഷിക്കുന്നവ (സൂക്ഷ്മത പാലിക്കുന്ന) വരൊഴികെ وَلَـٰكِنَّ എങ്കിലും, പക്ഷേ أَكْثَرَهُمْ അവരിലധികവും لَا يَعْلَمُونَ അറിയുന്നില്ല, അവര്‍ക്കറിഞ്ഞുകൂടാ
8:35
  • وَمَا كَانَ صَلَاتُهُمْ عِندَ ٱلْبَيْتِ إِلَّا مُكَآءً وَتَصْدِيَةً ۚ فَذُوقُوا۟ ٱلْعَذَابَ بِمَا كُنتُمْ تَكْفُرُونَ ﴾٣٥﴿
  • (ആ) വീട്ടിലെ [കഅ്ബയുടെ] അടുക്കല്‍ വെച്ചുള്ള അവരുടെ നമസ്കാരം (അഥവാ പ്രാര്‍ത്ഥന) ചൂളംവിളിയും, കൈകൊട്ടുമല്ലാതെ (മറ്റൊന്നും) അല്ല. 'ആകയാല്‍ (ഹേ, അവിശ്വാസികളേ) നിങ്ങള്‍ അവിശ്വസിച്ചുകൊണ്ടിരുന്നതു നിമിത്തം, നിങ്ങള്‍ ശിക്ഷ ആസ്വദിച്ചു കൊള്ളുവിന്‍!' [ഇതാണവരോടു പറയുവാനുള്ളത്].
  • وَمَا كَانَ ആയിട്ടുമില്ല, അല്ലതാനും صَلَاتُهُمْ അവരുടെ നമസ്കാരം, പ്രാര്‍ത്ഥന عِندَ الْبَيْتِ ആ വീട്ടിനടുക്കല്‍ إِلَّا مُكَاءً ചൂളംവിളിയും وَتَصْدِيَةً കൈകൊട്ടും, കൈമുട്ടും فَذُوقُوا ആകയാല്‍ ആസ്വദി (അനുഭവി) ക്കുവിന്‍ الْعَذَابَ ശിക്ഷയെ بِمَا كُنتُمْ നിങ്ങളായിരിക്കുന്നതുകൊണ്ടു تَكْفُرُونَ നിങ്ങള്‍ അവിശ്വസിക്കും

الْمَسْجِد الْحَرَامِ (മസ്ജിദുല്‍ ഹറാം) കൊണ്ടുദ്ദേശ്യം കഅ്ബയാകുന്നു. الْبَيْت (ആ വീടു) എന്നു പറഞ്ഞതും അതിനെക്കുറിച്ചു തന്നെ. ഒന്നാമത്തേതിനെപ്പറ്റി 2:144ന്റെയും, രണ്ടാമത്തെതിനെപ്പറ്റി 3:96ന്റെയും വ്യാഖ്യാനത്തില്‍ വിവരിച്ചതു ഓര്‍ക്കുക.

ഈ വചനങ്ങളുടെ സാരം ഇങ്ങിനെ മനസ്സിലാക്കാം: ആ മുശ്രിക്കുകളെ ശിക്ഷിക്കാതിരിക്കുവാന്‍ തക്ക ന്യായമൊന്നും അവരുടെ ഭാഗത്തില്ല. ആ സ്ഥിതിക്കു അവരെ ശിക്ഷിക്കുന്നതിനു യാതൊരു പ്രതിബന്ധവും ഇല്ല. അത്രയുമല്ല, ശിക്ഷിക്കത്തക്ക കാരണങ്ങള്‍ അവരിലുണ്ടു താനും. അല്ലാഹുവിനെ ആരാധിക്കുവാന്‍വേണ്ടി സ്ഥാപിക്കപ്പെട്ട കഅ്ബയുടെ അടുക്കല്‍ ചെന്നു അവനെ ആരാധിക്കുവാനും, പ്രാര്‍ത്ഥിക്കുവാനും അവര്‍ സത്യവിശ്വാസികളെ അനുവദിക്കുന്നില്ല. നാട്ടില്‍ വസിക്കുവാന്‍പോലും അനുവദിക്കാതെ അവരെ അവര്‍ ബഹിഷ്കരിക്കുകയാണു ചെയ്യുന്നത്. കഅ്ബയുടെ കൈകാര്യവും മേല്‍നോട്ടവും നടത്തുവാനുള്ള അവകാശം അവര്‍ക്കുണ്ടായിരുന്നെങ്കില്‍ അതിനൊരു ന്യായമുണ്ടായിരുന്നു. അതും യഥാര്‍ത്ഥത്തില്‍ അവര്‍ക്കില്ല. അല്ലാഹുവിന്റെ ആജ്ഞാനിര്‍ദ്ദേശങ്ങള്‍ പാലിക്കുന്ന സത്യവിശ്വാസികള്‍ക്കേ അതിനവകാശമുള്ളു. (ഇതു സംബന്ധിച്ചു കൂടുതല്‍ വിവരം അടുത്ത സൂറത്തു 17, 18 വചനങ്ങളില്‍ വരുന്നുണ്ട്). പക്ഷേ, പ്രാര്‍ത്ഥന അല്ലെങ്കില്‍ നമസ്കാരം എന്ന പേരില്‍ അവരവിടെ കാട്ടിക്കൂട്ടുന്നതു കേവലം ചൂളംവിളി, കൈമുട്ടല്‍ മുതലായ തോന്നിയവാസങ്ങളല്ലാതെ മറ്റൊന്നുമല്ല. അങ്ങനെ, ഏതു നിലക്കും യഥാര്‍ത്ഥത്തില്‍ അവര്‍ ശിക്ഷക്കു അര്‍ഹന്‍ തന്നെ. അതുകൊണ്ടു അവരോടു പറയുവാനുള്ളതു: നിങ്ങളുടെ ഈ അവിശ്വാസം നിമിത്തം നിങ്ങള്‍ ശിക്ഷക്കു അര്‍ഹമാണ്. അതു നിങ്ങള്‍ അനുഭവിച്ചു കൊള്ളുവിന്‍ എന്നത്രെ.

ഈ ശിക്ഷകൊണ്ടുദ്ദേശ്യം, ഐഹികമായ ശിക്ഷകളും, പാരത്രികമായ ശിക്ഷകളും ആയിരിക്കാവുന്നതാണ്. ബദ്റില്‍ പിണഞ്ഞതു പോലെയുള്ള പരാജയങ്ങളും, മക്കാവിജയത്തോടുകൂടി ശിര്‍ക്കിന്റെ ഭരണവും പ്രതാപവും അവസാനിച്ചതും ഐഹികമായ ശിക്ഷകളാകുന്നു. മരണാനന്തരം അനുഭവിക്കുവാനുള്ള ശിക്ഷകള്‍ ഇതിനു പുറമെയും. വസ്ത്രങ്ങളഴിച്ചുവെച്ചു നഗ്നരായി, സ്ത്രീയും പുരുഷനും കൂടിക്കലര്‍ന്നു കഅ്ബയെ പ്രദക്ഷിണം (‘ത്വവാഫു’) ചെയ്യല്‍ അവരുടെ പതിവായിരുന്നു. ആ കൂട്ടത്തില്‍ ചൂളംവിളിയും കൈകൊട്ടും കൂടിചേര്‍ന്നാലത്തെ പ്രാര്‍ത്ഥനാ കര്‍മ്മങ്ങളുടെ സ്ഥിതി എന്തായിരിക്കുമെന്നു ഊഹിക്കാവുന്നതേയുള്ളു. ചില ദേവീ ദേവ വിഗ്രഹങ്ങളുടെ അടുക്കല്‍വെച്ചു അവയുടെ ആരാധകര്‍ക്കിടയില്‍ ഇതുപോലെയുള്ള കൂത്താട്ടങ്ങള്‍ – ആരാധനയുടെയും, പൂജാകര്‍മ്മങ്ങളുടെയും നാമത്തില്‍ തന്നെ – പരിഷ്കാരത്തിന്റെയും ഉല്‍ബുദ്ധതയുടെയും കാലമെന്നു വിശേഷിപ്പിക്കപ്പെടുന്ന ഇക്കാലത്തും ബഹുദൈവ വിശ്വാസങ്ങളില്‍ പതിവുള്ളതാണ്. എന്നിരിക്കെ, ആ പഴയകാലത്തെ മുശ്‌രിക്കുകള്‍ അങ്ങിനെ ചെയ്‌തിരുന്നതില്‍ ആശ്ചര്യത്തിനു അവകാശമെന്തുള്ളു?!

മനുഷ്യനു ചെയ്‌വാനുള്ള പുണ്യകര്‍മ്മങ്ങളില്‍ ശാരീരികമായി ഏറ്റവും പ്രധാനപ്പെട്ടതു നമസ്‌കാരവും പ്രാര്‍ത്ഥനയുമാകുന്നു. ധനപരമായി ഏറ്റവും പ്രധാനപ്പെട്ടതു സല്‍ക്കാര്യത്തില്‍ അതു ചിലവഴിക്കലുമാണു. മുശ്‌രിക്കുകളെ സംബന്ധിച്ചിടത്തോളം ആദ്യത്തേതില്‍ അവരുടെ നിലയാണുമേല്‍ കണ്ടതു. രണ്ടാമത്തേതില്‍ അവരുടെ നിലയെന്തായിരുന്നുവെന്നു അടുത്ത വചനത്തില്‍ അല്ലാഹു ചൂണ്ടിക്കാട്ടുന്നു:-

8:36
  • إِنَّ ٱلَّذِينَ كَفَرُوا۟ يُنفِقُونَ أَمْوَٰلَهُمْ لِيَصُدُّوا۟ عَن سَبِيلِ ٱللَّهِ ۚ فَسَيُنفِقُونَهَا ثُمَّ تَكُونُ عَلَيْهِمْ حَسْرَةً ثُمَّ يُغْلَبُونَ ۗ وَٱلَّذِينَ كَفَرُوٓا۟ إِلَىٰ جَهَنَّمَ يُحْشَرُونَ ﴾٣٦﴿
  • നിശ്ചയമായും അവിശ്വസിച്ചവര്‍, അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ നിന്നു (ആളുകളെ) തടയുവാന്‍ വേണ്ടി തങ്ങളുടെ സ്വത്തുക്കളെ അവര്‍ ചിലവഴിക്കുന്നു. എന്നാല്‍, അവരതു ചിലവഴിച്ചുകൊണ്ടിരിക്കും; പിന്നെ, അതവര്‍ക്കു ഖേദമായിത്തീരുകയും ചെയ്യും; പിന്നെ (അവസാനം), അവര്‍ ജയിച്ചടക്കപ്പെടുകയും ചെയ്യും. [ഇതാണുണ്ടാകുക] അവിശ്വസിച്ചവരാകട്ടെ, `ജഹന്നമി' [നരകത്തി]ലേക്കു അവര്‍ ഒരുമിച്ചുകൂട്ടപ്പെടുകയും ചെയ്യുന്നു.
  • إِنَّ നിശ്ചയമായും الَّذِينَ كَفَرُوا അവിശ്വസിച്ചവര്‍ يُنفِقُونَ അവര്‍ ചിലവഴിക്കുന്നു أَمْوَالَهُمْ അവരുടെ സ്വത്തുക്കളെ, ധനത്തെ لِيَصُدُّوا അവര്‍ തടയുവാന്‍ വേണ്ടി, തട്ടിക്കളയുവാന്‍ عَن سَبِيلِ മാര്‍ഗ്ഗത്തില്‍ നിന്നു اللَّـهِ അല്ലാഹുവിന്‍റെ فَسَيُنفِقُونَهَا എന്നാല്‍, അവര്‍ അതിനെ ചിലവഴിക്കും ثُمَّ تَكُونُ പിന്നെ അതായിരിക്കും, ആയിത്തീരും عَلَيْهِمْ അവരുടെ മേല്‍ حَسْرَةً ഖേദം, സങ്കടം ثُمَّ يُغْلَبُونَ പിന്നെ അവര്‍ ജയിച്ചടക്കപ്പെടും, പരാജയപ്പെടും وَالَّذِينَ كَفَرُوا അവിശ്വസിച്ചവരാകട്ടെ إِلَىٰ جَهَنَّمَ ജഹന്നമി(നരകത്തി)ലേക്കു يُحْشَرُونَ അവര്‍ ഒരുമിച്ചു (ശേഖരിച്ചു) കൂട്ടപ്പെടും
8:37
  • لِيَمِيزَ ٱللَّهُ ٱلْخَبِيثَ مِنَ ٱلطَّيِّبِ وَيَجْعَلَ ٱلْخَبِيثَ بَعْضَهُۥ عَلَىٰ بَعْضٍ فَيَرْكُمَهُۥ جَمِيعًا فَيَجْعَلَهُۥ فِى جَهَنَّمَ ۚ أُو۟لَـٰٓئِكَ هُمُ ٱلْخَـٰسِرُونَ ﴾٣٧﴿
  • (നല്ല) ശുദ്ധമായതില്‍ നിന്ന്‌ (ദുഷിച്ച്) ചീത്തയായതിനെ അല്ലാഹു വേര്‍തിരിക്കുവാന്‍ വേണ്ടി; (ദുഷിച്ചു) ചീത്തയായതില്‍ ചിലതിനെ ചിലതിന്‍റെ മീതെയാക്കി അതിനെ മുഴുവനും (ഒന്നിച്ച്‌) അട്ടിയാക്കുവാനും, എന്നിട്ട്‌ `ജഹന്നമി' [നരകത്തി]ല്‍ ആക്കുവാനും (വേണ്ടിയാണു അതു) അക്കൂട്ടര്‍ തന്നെയാണു നഷ്‌ടക്കാര്‍.
  • لِيَمِيزَ വേര്‍തിരിക്കുവാന്‍ വേണ്ടി اللَّـهُ അല്ലാഹു الْخَبِيثَ ചീത്തയെ, ദുഷിച്ചതിനെ مِنَ الطَّيِّبِ നല്ലതില്‍ നിന്നു, പരിശുദ്ധമായതില്‍നിന്നു وَيَجْعَلَ അവന്‍ ആക്കുവാനും الْخَبِيثَ ചീത്തയെ بَعْضَهُ അതില്‍ ചിലതിനെ عَلَىٰ بَعْضٍ ചിലതിന്‍റെ മേല്‍ فَيَرْكُمَهُ എന്നിട്ടതിനെ അട്ടിയാക്കുവാന്‍, മേല്‍ക്കുമേല്‍ ഇടുവാന്‍ جَمِيعًا മുഴുവന്‍, എല്ലാവരെയും فَيَجْعَلَهُ എന്നിട്ടതിനെ ആക്കുവാനും فِي جَهَنَّمَ ജഹന്നമില്‍, നരകത്തില്‍ أُولَـٰئِكَ هُمُ അക്കൂട്ടര്‍ തന്നെ الْخَاسِرُونَ നഷ്‌ടപ്പെട്ടവര്‍

മുശ്‌രിക്കുകളുടെ ആരാധനാ നമസ്‌കാരങ്ങള്‍ കഴിഞ്ഞ വചനത്തില്‍ പ്രസ്‌താവിച്ച പോലെയായിരുന്നെങ്കില്‍, അവരുടെ ധനം അവര്‍ ചിലവഴിച്ചിരുന്നതിന്‍റെ സ്ഥിതിയെന്തായിരുന്നുവെന്നു അല്ലാഹു ചൂണ്ടിക്കാട്ടുന്നു. അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തിനെതിരായും, അതില്‍ നിന്നു ആളുകളെ തടയുവാനുള്ള സംരംഭങ്ങളിലായുമാണു അതവര്‍ വിനിയോഗിച്ചുവന്നത്‌. മേലിലും അതേ നില അവര്‍ തുടരുകയും ചെയ്യും. ഇതു അവര്‍ക്കു ഖേദവും നഷ്‌ടവുമായിത്തന്നെ കലാശിക്കും. സത്യദീനിനെ പരാജയപ്പെടുത്തി ശിര്‍ക്കിന്‍റെ വാഴ്‌ച നിലനിറുത്തലാണല്ലോ അവരുടെ ലക്ഷ്യം. ആ ലക്ഷ്യം ഒരിക്കലും സാധിക്കുവാന്‍ പോകുന്നില്ല. അവസാനം, സത്യവിശ്വാസികള്‍ അവരെ ജയിച്ചടക്കുകയും, അതോടെ അവരും, അവരുടെ മതവും നാമാവശേഷമാകുകയും ചെയ്യും.അവരുടെ ധനവ്യയം കൊണ്ടു ഈ ലോകത്തു അവര്‍ക്കു കൈവരുവാന്‍ പോകുന്നതും അതാണ്‌. പരലോകത്താകട്ടെ, നരകശിക്ഷയും.

നല്ലതും പരിശുദ്ധമായതും ഏതാണെന്നും, ചീത്തയും, ദുഷിച്ചതും ഏതാണെന്നും പ്രത്യക്ഷത്തില്‍ വേര്‍തിരിഞ്ഞു കാണാവതല്ലാത്ത ഈ അവസ്ഥക്കു വിരാമമിട്ടുകൊണ്ടു രണ്ടും വെവ്വേറെ ഉരുത്തിരിഞ്ഞു കാട്ടുവാനാണു അല്ലാഹു ഉദ്ദേശിക്കുന്നത്‌. രണ്ടും ഒന്നിച്ചും യോജിച്ചും പോകുന്നതല്ല. ഇഹത്തിലും പരത്തിലും അവ വേറിട്ടു നില്‍ക്കേണ്ടതുണ്ട്‌. സത്യവിശ്വാസവും അവിശ്വാസവും തമ്മിലും സത്യവിശ്വാസികളും അവിശ്വാസികളും തമ്മിലും സത്യമാര്‍ഗത്തില്‍ ധനം ചിലവഴിക്കുന്നതിന്‍റെ ഫലവും ദുര്‍മാര്‍ഗത്തില്‍ ധനം ചിലവഴിക്കുന്നതിന്‍റെ ഫലവുമെല്ലാം തന്നെ ഇഹത്തിലും പരത്തിലും വേര്‍തിരിഞ്ഞു കാണേണ്ടതാണ്‌. അതിനായി അസത്യത്തിന്‍റെ കക്ഷികളെ തമ്മതമ്മില്‍ കൂട്ടിച്ചേര്‍ത്തു ഒറ്റക്കെട്ടാക്കി സംഘടിപ്പിച്ചു കൂട്ടത്തോടെ പരാജയപ്പെടുത്തണം. അങ്ങനെ, ഇഹത്തില്‍ വെച്ചു രണ്ടു ശക്തികളും വേര്‍തിരിയണം. അതേമാതിരി, കൂട്ടത്തോടെ കൂമ്പാരം കൂട്ടിക്കൊണ്ടു അവരെ നരകത്തില്‍ ഇട്ടേക്കുകയും ചെയ്യണം. അങ്ങിനെ, പരലോകത്തും വേര്‍തിരിയണം: ഇങ്ങിനെയൊക്കെയാണു അല്ലാഹു ഉദ്ദേശിക്കുന്നത്‌. അപ്പോള്‍ നഷ്‌ടക്കാരായിത്തീരുന്നതു ദുഷിച്ച കക്ഷി ഏതാണോ അതു തന്നെ.

നല്ലതും ചീത്തയും വേര്‍തിരിയുവാനും, സത്യത്തിന്‍റെ കക്ഷിയും അസത്യത്തിന്‍റെ കക്ഷിയും പ്രത്യക്ഷത്തില്‍ വക തിരിയുവാനുമാണു ഇരു വിഭാഗവും തമ്മില്‍ നടക്കുന്ന സംഘട്ടനങ്ങള്‍ കൊണ്ടു അല്ലാഹു ഉദ്ദേശിക്കുന്നതെന്ന തത്വം ക്വുര്‍ആന്‍റെ പല പ്രസ്‌താവനകളിലും കാണാവുന്നതാണ്‌. (3:141, 3:166,167; 3:179 മുതലായവ നോക്കുക) മരണാനന്തരം ക്വിയാമത്തുനാളിലും എല്ലാ രംഗത്തും അവര്‍ വേര്‍തിരിഞ്ഞുകൊണ്ടായിരിക്കും നിലകൊള്ളുക എന്നും അല്ലാഹു പലപ്പോഴും പ്രസ്‌താവിച്ചു കാണാം. (10:28; 30:14; 36:59 മുതലായവ നോക്കുക).

ബദ്‌ര്‍ യുദ്ധത്തില്‍ ക്വുറൈശികള്‍ക്കു നേരിട്ട വമ്പിച്ച പരാജയത്തെത്തുടര്‍ന്നു അവരിലെ ചില പ്രധാനികള്‍ അബൂസുഫ്‌യാനെ സമീപിച്ചു. അദ്ദേഹത്തിന്‍റെ നേതൃത്വത്തില്‍ ശാമില്‍നിന്നും അമിതലാഭം നേടിക്കൊണ്ടു തിരിച്ചു വന്ന വര്‍ത്തകസംഘം സുരക്ഷിതമായി മക്കായില്‍ എത്തിച്ചേര്‍ന്നിരിക്കുകയാണല്ലോ. അതില്‍ സംഖ്യ മുടക്കിയിരുന്നവരുടെ ഓഹരികള്‍ കൊടുത്തു തീര്‍ക്കുവാന്‍ തുടങ്ങിയിരുന്നതുമില്ല. അതിലെ സമ്പത്തു വിനിയോഗിച്ചുകൊണ്ടു മുസ്‌ലിംകളുടെ നേരെ ഒരു തിരിച്ചടി നടത്തി പ്രതികാരം ചെയ്യണമെന്നു അവര്‍ അദ്ദേഹത്തോടപേക്ഷിച്ചു. അബൂസുഫ്‌യാന്‍ സമ്മതിക്കുകയും ചെയ്‌തു. അങ്ങിനെ ഉഹ്‌ദു യുദ്ധമുണ്ടായി. അതിന്‍റെ നേതൃത്വവും അദ്ദേഹം തന്നെ ഏറ്റെടുത്തു. സ്വയം സന്നദ്ധരല്ലായിരുന്ന പലര്‍ക്കും വന്‍തുകകള്‍ നല്‍കിക്കൊണ്ടായിരുന്നു അദ്ദേഹം അതിലേക്കു സൈന്യശേഖരം ചെയ്‌തതു. ഇതു കാരണമായി പല കുടുംബങ്ങളില്‍നിന്നുംകൂടി രണ്ടായിരത്തോളം കൂലിപ്പട്ടാളത്തെയും സൈന്യത്തില്‍ ഉള്‍പ്പെടുത്തുവാന്‍ അബൂസുഫ്‌യാനു കഴിഞ്ഞു. ഇതു സംബന്ധിച്ചാണു ഈ വചനങ്ങള്‍ അവതരിച്ചതെന്നു മുജാഹിദ്‌, സഈദുബ്‌നു ജുബൈര്‍, ക്വത്താദഃ, സുദ്ദീ, ഇബ്‌നുഇസ്‌ഹാക്വ്‌ (റ) മുതലായവര്‍ പ്രസ്‌താവിച്ചിരിക്കുന്നു. ബദ്‌ര്‍ യുദ്ധത്തില്‍ സംബന്ധിച്ച സൈന്യങ്ങളുടെ ഭക്ഷണച്ചിലവു വഹിച്ചിരുന്നതു ക്വുറൈശികളിലുള്ള പത്തോ പന്ത്രണ്ടോ പ്രമാണികളായിരുന്നു. അവരുടെ വിഷയത്തിലാണിതു അവതരിച്ചതെന്നു കല്‍ബീ, ള്വഹ്‌ഹാക്ക്‌, മുക്വാത്തില്‍ (റ) എന്നിവരില്‍ നിന്നും നിവേദനം ചെയ്യപ്പെടുന്നു. അവതരണഹേതു ഏതായിരുന്നാലും, അതുപോലെ, അല്ലാഹുവിന്‍റെ മാര്‍ഗത്തിനെതിരില്‍ വിനിയോഗിക്കുന്ന ധനവ്യയങ്ങളുടെയും, അവയുടെ കര്‍ത്താക്കളുടെയും സ്ഥിതിവിവരണമാണു ഈ വചനങ്ങളില്‍ അടങ്ങിയിരിക്കുന്നതെന്നും ബദ്‌റിലും, ഉഹ്‌ദിലും മുശ്‌രിക്കുകള്‍ ധനവ്യയം ചെയ്‌തത്‌ അതിനു മകുടോദാഹരണങ്ങളാണെന്നും വ്യക്തമാകുന്നു. അവതരണ സന്ദര്‍ഭം ഏതായിരുന്നാലും ആയത്തുകളിലെ വിധി അതുപോലെയുള്ള എല്ലാ സന്ദര്‍ഭത്തിനും ബാധകം തന്നെ.