സൂറത്തുല്‍ അന്‍ഫാല്‍ : 59-75
വിഭാഗം - 8
- وَلَا يَحْسَبَنَّ ٱلَّذِينَ كَفَرُوا۟ سَبَقُوٓا۟ ۚ إِنَّهُمْ لَا يُعْجِزُونَ ﴾٥٩﴿
- നിശ്ചയമായും അവിശ്വസിച്ചവര്‍ ഗണിക്കേണ്ടാ, തങ്ങള്‍ (പിടികിട്ടാതെ) മറികടന്നു പോയിരിക്കുന്നുവെന്ന്. നിശ്ചയമായും, അവര്‍ (അല്ലാഹുവിനെ) അശക്തനാക്കുകയില്ല.
- وَلَا يَحْسَبَنَّ നിശ്ചയമായും ഗണിക്കേണ്ടാ, കണക്കു കൂട്ടേണ്ടാ, വിചാരിക്കരുതു الَّذِينَ كَفَرُوا അവിശ്വസിച്ചവര്‍ سَبَقُوا അവര്‍ മറികടന്നുവെന്നു إِنَّهُمْ നിശ്ചയമായും അവര്‍ لَا يُعْجِزُونَ അവര്‍ അശക്തരാക്കുക (കിട്ടാതാക്കുക) യില്ല, പരാജയപ്പെടുത്തുന്നതല്ല
لَا يَحْسَبَنَّ എന്നതിന്റെ സ്ഥാനത്തു لَا تَحْسَبَنَّ എന്നും വായനയുണ്ട്. ‘അവിശ്വസിച്ചവരെ അവര്‍ മുന്‍കടന്നു പോയിരിക്കുന്നതായി നീ ഗണിക്കേണ്ടാ’ എന്നായിരിക്കും അപ്പോള്‍ അര്‍ത്ഥം. രണ്ടായാലും സാരം ഒന്നു തന്നെ. അതായതു, അല്ലാഹുവിനു പിടികിട്ടാത്ത വിധം അവരെ പരാജയപ്പെടുത്തിക്കൊണ്ടു അവര്‍ മുമ്പില്‍ കടന്നു വിജയിച്ചു പോയിട്ടുണ്ടെന്നു കരുതേണ്ട. അവനെ പരാജയപ്പെടുത്തുവാന്‍ അവര്‍ക്കു സാദ്ധ്യമല്ല എന്നു സാരം. എനി, ഇഹത്തില്‍ വെച്ചു ഒന്നും സംഭവിച്ചില്ലെങ്കില്‍ തന്നെ പരത്തില്‍ അവര്‍ക്കു രക്ഷയില്ലല്ലോ. അല്ലാഹു പറയുന്നു: “അവിശ്വസിച്ചവര്‍ രാജ്യങ്ങളിലൂടെ സ്വൈര്യവിഹാരം കൊള്ളുന്നതു നിന്നെ വഞ്ചിച്ചു കളയരുത്. അല്‍പമായ ഒരു സുഖാനുഭവമാണത്. പിന്നീടു അവരുടെ സങ്കേത സ്ഥാനം നരകമാകുന്നു.: (3:196, 197).
- وَأَعِدُّوا۟ لَهُم مَّا ٱسْتَطَعْتُم مِّن قُوَّةٍ وَمِن رِّبَاطِ ٱلْخَيْلِ تُرْهِبُونَ بِهِۦ عَدُوَّ ٱللَّهِ وَعَدُوَّكُمْ وَءَاخَرِينَ مِن دُونِهِمْ لَا تَعْلَمُونَهُمُ ٱللَّهُ يَعْلَمُهُمْ ۚ وَمَا تُنفِقُوا۟ مِن شَىْءٍ فِى سَبِيلِ ٱللَّهِ يُوَفَّ إِلَيْكُمْ وَأَنتُمْ لَا تُظْلَمُونَ ﴾٦٠﴿
- (സത്യവിശ്വാസികളേ) അവര്‍ക്കു വേണ്ടി നിങ്ങള്‍ക്കു സാധിക്കുന്നത്ര ശക്തിയും കെട്ടിനിറുത്തിയ (പോര്‍) കുതിരകളെയും നിങ്ങള്‍ ഒരുക്കുകയും ചെയ്യുവിന്‍; അല്ലാഹുവിന്റെ ശത്രുവെയും, നിങ്ങളുടെ ശത്രുവെയും, അവര്‍ക്കു പുറമെ വേറെ ചിലരെയും അതുമൂലം നിങ്ങള്‍ പേടിപ്പെടുത്തുമാറ്: അവരെ (ക്കുറിച്ച്) നിങ്ങള്‍ അറിയുകയില്ല; അല്ലാഹു അവരെ (ക്കുറിച്ച്) അറിയുന്നതാണ്.
അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ നിങ്ങള്‍ ഏതൊരു വസ്തു ചിലവഴിക്കുന്നുവോ, അതു നിങ്ങള്‍ക്കു നിറവേറ്റിത്തരപ്പെടുന്നതാണു; നിങ്ങളാകട്ടെ നിങ്ങളോടു അനീതി ചെയ്യപ്പെടുകയില്ല താനും. - وَأَعِدُّوا നിങ്ങള്‍ ഒരുക്കുക (സജ്ജീകരിക്കുക) യും ചെയ്യുവിന്‍ لَهُم അവര്‍ക്കു വേണ്ടി, അവരോടു مَّا اسْتَطَعْتُم നിങ്ങള്‍ക്കു കഴിയുന്നത്, സാദ്ധ്യമാകുന്നത്ര مِّن قُوَّةٍ ശക്തിയില്‍ നിന്ന്, ശക്തിയായിട്ട് وَمِن رِّبَاطِ കെട്ടിനിറുത്തിപ്പെട്ടതില്‍നിന്നും, കെട്ടിനിറുത്തലായും الْخَيْلِ കുതിര(യിലെ), കുതിരയെ تُرْهِبُونَ നിങ്ങള്‍ പേടിപ്പെടുത്തുമാറ് بِهِ അതുമൂലം عَدُوَّ اللَّـهِ അല്ലാഹുവിന്റെ ശത്രുവെ وَعَدُوَّكُمْ നിങ്ങളുടെ ശത്രുവെയും وَآخَرِينَ വേറെ ചിലരെയും, മറ്റുള്ളവരെയും مِن دُونِهِمْ അവര്‍ക്കു പുറമെ, അവരെ കൂടാതെ لَا تَعْلَمُونَهُمُ അവരെ നിങ്ങള്‍ അറിയുതല്ല اللَّـهُ يَعْلَمُهُمْ അല്ലാഹു അവരെ അറിയുന്നതാണ് وَمَا تُنفِقُوا നിങ്ങള്‍ എന്ത് ചിലവഴിക്കുന്നുവോ, എന്ത് ചിലവഴിക്കുന്നതായാലും مِن شَيْءٍ ഒരു വസ്തുവായിട്ട്, ഏതൊരു വസ്തുവെയും فِي سَبِيلِ മാര്‍ഗ്ഗത്തില്‍ اللَّـهِ അല്ലാഹുവിന്റെ يُوَفَّ അതു നിറവേറ്റി (പൂര്‍ത്തിയാക്കി) ത്തരപ്പെടും إِلَيْكُمْ നിങ്ങള്‍ക്കു, നിങ്ങളിലേക്കു وَأَنتُمْ നിങ്ങളാകട്ടെ لَا تُظْلَمُونَ നിങ്ങള്‍ അനീതി ചെയ്യപ്പെടുന്നതുമല്ല
സത്യം തങ്ങളുടെ ഭാഗത്താണ്, സത്യത്തിന്റെ കക്ഷിയായ തങ്ങളെ അല്ലാഹു സഹായിച്ചുകൊള്ളും, അസത്യത്തിന്റെ കക്ഷിയെ അവന്‍ പരാജയപ്പെടുത്തുകയും ചെയ്യും എന്നുവെച്ച് സത്യവിശ്വാസികള്‍ അടങ്ങിയിരിക്കുവാന്‍ പാടില്ല. വേണ്ടിവരുമ്പോള്‍ ശത്രുക്കളെ നേരിടുവാനും, ഇങ്ങോട്ട് വന്നു ആക്രമണം നടത്തുവാന്‍ അവര്‍ക്ക് ഭയം തോന്നുവാനും വേണ്ടി സത്യവിശ്വാസികള്‍ കഴിയുന്നത്ര ശക്തി സംഭരിച്ചുകൊണ്ടിരിക്കേണ്ടതുണ്ട് എന്ന് അല്ലാഹു ഉല്‍ബോധിപ്പിക്കുന്നു. ശക്തി (قُوَّةٍ) എന്ന വാക്ക് ഒരു വ്യാപ
കാര്‍ത്ഥത്തിലുള്ളതാണ്. കാലത്തിനും, പരിതഃസ്ഥിതികള്‍ക്കും അനുസരിച്ചു ശത്രുക്കളെ നേരിടുവാന്‍ ഏതെല്ലാം തരത്തിലുള്ള ശക്തി വേണമോ അതെല്ലാം അതില്‍ ഉള്‍പ്പെടുന്നു. ആയുധശക്തി, സാമ്പത്തികശക്തി, ബുദ്ധിപരവും നയപരവും സംഘടനാപരവുമായ ശക്തി എന്നിവയെല്ലാം അതില്‍ അടങ്ങുന്നു. യുദ്ധമുഹുര്‍ത്തം വരുമ്പോള്‍ മാത്രം അവയെക്കുറിച്ചു ചിന്തിച്ചാല്‍ പോരാ, നേരത്തെ തന്നെ ഇങ്ങിനെയുള്ള മുന്നൊരുക്കങ്ങള്‍ കരുതിവെക്കണം എന്നുകൂടി അല്ലാഹു ഓര്‍മ്മിപ്പിക്കുന്നു. മുന്‍കാലത്തുള്ള യുദ്ധ സജ്ജീകരണങ്ങളില്‍ പ്രഥമസ്ഥാനം പടക്കുതിരകള്‍ക്കായിരുന്നു. യുദ്ധപ്പയറ്റുകള്‍ പരിശീലിപ്പിച്ചും പോഷണം നല്‍കിയും കൊണ്ട് ലക്ഷണമൊത്ത കുതിരകളെ അതിനായി ഒരുക്കിനിറുത്തലും അക്കാലത്ത് പതിവായിരുന്നു. ഈ യന്ത്രയുഗത്തില്‍പോലും കുതിരപ്പട്ടാളത്തിന്റെ സ്ഥാനം തീരെ നഷ്ടപ്പെട്ടിട്ടില്ല. അതുകൊണ്ടാണ് പടക്കുതിരകളെ കെട്ടിനിറുത്തുന്നതിനെ (رِّبَاطِ الْخَيْلِ) പട്ടി പ്രത്യേകം എടുത്തു പറയുവാന്‍ കാരണം. വാള്‍, കുന്തം മുതലായ അന്നത്തെ യുദ്ധായുധങ്ങളെ അപേക്ഷിച്ച്, ശത്രുക്കളെ അകറ്റുവാന്‍ കൂടുതല്‍ ഉപയോഗപ്പെട്ടിരുന്ന ആയുധം അമ്പുകളായിരുന്നു. ഇന്ന് തോക്കിന്റെ സ്ഥാനം അന്ന് അമ്പിനായിരുന്നു. അതുകൊണ്ടാണ് ഈ വചനം ഓതിക്കൊണ്ട് ഒരു പ്രസംഗത്തില്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഇങ്ങിനെ ആവര്‍ത്തിച്ചു പറഞ്ഞത്: أَلآ إِنَّ الْقُوَّةَ الرَّمْىُ (അറിഞ്ഞേക്കുക: നിശ്ചയമായും ശക്തിയെന്നാല്‍ അമ്പൈത്താകുന്നു: മു.).
ശക്തി സംഭരിച്ചുവെക്കേണമെന്ന് പറഞ്ഞതിന്റെ ഉദ്ദേശ്യം, അല്ലാഹുവിന്റെയും നിങ്ങളുടെയും ശത്രുക്കളായി ഇപ്പോള്‍ നിലവിലുള്ളവരെ ഭീതിപ്പെടുത്തുക മാത്രമല്ലെന്നും, വരാനിരിക്കുന്ന ശത്രുക്കളെക്കൂടി ഭീതിപ്പെടുത്തുക കൂടിയാണെന്നും അല്ലാഹു ചൂണ്ടിക്കാട്ടിയിരിക്കുന്നു. പ്രത്യക്ഷത്തില്‍ വന്നുകഴിഞ്ഞിട്ടില്ലാത്ത വേറെയും ശത്രുക്കള്‍ വരാനിരിക്കുന്നുണ്ട്. അവരെക്കുറിച്ച് ഇപ്പോള്‍ നിങ്ങള്‍ക്കൊന്നും അറിയുകയില്ല. അല്ലാഹുവിന്നേ അറിയൂ എന്നൊക്കെയാണ് وَآخَرِينَ مِن دُونِهِمْ (അവര്‍ക്ക് പുറമെ മറ്റു ചിലരെയും) എന്ന് തുടങ്ങിയ വാക്യത്തിന്റെ താല്‍പര്യം. ബദ്ര്‍ യുദ്ധത്തിനു ശേഷം മുസ്ലിംകളുമായി യുദ്ധം നടത്തിയ എല്ലാ അറേബ്യന്‍ ശത്രുക്കളെയും, അധികം താമസിയാതെ അവര്‍ക്ക് ഏറ്റുമുട്ടേണ്ടി വന്ന വിദേശ ശത്രുക്കളെയും, ഭാവിയില്‍ മുസ്ലിംകളുടെ നേരെ ആക്രമണത്തിന്നൊരുങ്ങിയേക്കുന്ന എല്ലാ ശത്രുക്കളെയും ഉദ്ദേശിച്ചാണിതെന്ന് പറയേണ്ടതില്ല. ശക്തി സംഭരിക്കുന്നതിനു പ്രധാനമായും ധനവ്യയമാണല്ലോ ആവശ്യം. അതുകൊണ്ട് അക്കാര്യവും അല്ലാഹു ഉണര്‍ത്താതിരുന്നിട്ടില്ല. അതെ, അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ നിങ്ങള്‍ എന്തുതന്നെ ചിലവഴിച്ചാലും യാതൊരു അനീതിയും കുറവും കൂടാതെ അതിന്റെ ഫലം നിങ്ങള്‍ക്ക് പൂര്‍ത്തിയായി നല്‍കപ്പെടുന്നതാണ്. (وَمَا تُنفِقُوا مِن شَيْءٍ فِي سَبِيلِ اللَّـهِ يُوَفَّ إِلَيْكُمْ) എന്ന് വാഗ്ദാനവും ചെയ്തിരിക്കുന്നു. അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ ചിലവഴിക്കുന്നതിന് എഴുന്നൂറിരട്ടിയും, അതിലധികവും പ്രതിഫലം നല്‍കുമെന്ന് 2:261)ല്‍ വാഗ്ദാനം ചെയ്തിട്ടുള്ളതും സ്മരണീയമാകുന്നു. ധര്‍മ്മയുദ്ധത്തിനുവേണ്ടി ചെയ്യുന്ന ത്യാഗങ്ങളുടെയും ധനവ്യയങ്ങളുടെയും പുണ്യഫലത്തെ സംബന്ധിച്ചു പ്രത്യേകമായി സൂ: തൗബഃ 120, 121 വചനങ്ങളില്‍ പ്രസ്താവിക്കുന്നുമുണ്ട്.
- وَإِن جَنَحُوا۟ لِلسَّلْمِ فَٱجْنَحْ لَهَا وَتَوَكَّلْ عَلَى ٱللَّهِ ۚ إِنَّهُۥ هُوَ ٱلسَّمِيعُ ٱلْعَلِيمُ ﴾٦١﴿
- (നബിയേ) അവര്‍ സമാധാനത്തിനു [സന്ധിക്കു] തുനിയുന്നപക്ഷം, നീയും അതിനു തുനിയുക; അല്ലാഹുവിന്റെ മേല്‍ ഭരമേല്‍പിക്കുകയും ചെയ്യുക. നിശ്ചയമായും, അവന്‍ തന്നെയാണു (എല്ലാം) കേള്‍ക്കുന്നവനും, അറിയുന്നവനും.
- وَإِن جَنَحُوا അവര്‍ തുനിഞാല്‍, ചാഞ്ഞുവെങ്കില്‍ لِلسَّلْمِ സമാധാനത്തിനു (സമാധാന സന്ധിയിലേക്കു) فَاجْنَحْ നീയും തുനിയുക, ചായുക لَهَا അതിനു, അതിലേക്കു وَتَوَكَّلْ നീ ഭരമേല്‍പിക്കുകയും ചെയ്യുക عَلَى اللَّـهِ അല്ലാഹുവിന്റെ മേല്‍ إِنَّهُ هُوَ നിശ്ചയമായും അവന്‍ തന്നെ السَّمِيعُ കേള്‍ക്കുന്നവന്‍ الْعَلِيمُ അറിയുന്നവന്‍
- وَإِن يُرِيدُوٓا۟ أَن يَخْدَعُوكَ فَإِنَّ حَسْبَكَ ٱللَّهُ ۚ هُوَ ٱلَّذِىٓ أَيَّدَكَ بِنَصْرِهِۦ وَبِٱلْمُؤْمِنِينَ ﴾٦٢﴿
- അവര്‍ നിന്നെ വഞ്ചിക്കുവാന്‍ ഉദ്ദേശിക്കുന്നുവെങ്കിലോ, അപ്പോള്‍, നിശ്ചയമായും, നിനക്കു അല്ലാഹു (തന്നെ) മതി. അവനത്രെ, തന്റെ സഹായം കൊണ്ടും, സത്യവിശ്വാസികളെക്കൊണ്ടും നിന്നെ ബലപ്പെടുത്തിത്തന്നവന്‍.
- وَإِن يُرِيدُوا അവര്‍ ഉദ്ദേശിക്കുന്നുവെങ്കിലോ أَن يَخْدَعُوكَ അവര്‍ നിന്നെ വഞ്ചിക്കുവാന്‍ فَإِنَّ حَسْبَكَ എന്നാല്‍ നിശ്ചയമായും നിനക്കുമതി, മതിയായവന്‍ اللَّـهُ അല്ലാഹു, അല്ലാഹുവാകുന്നു هُوَ الَّذِي അവനത്രെ യാതൊരുവന്‍ أَيَّدَكَ നിന്നെ അവന്‍ ബലപ്പെടുത്തി بِنَصْرِهِ തന്റെ സഹായം കൊണ്ടു وَبِالْمُؤْمِنِينَ സത്യവിശ്വാസികളെക്കൊണ്ടും
- وَأَلَّفَ بَيْنَ قُلُوبِهِمْ ۚ لَوْ أَنفَقْتَ مَا فِى ٱلْأَرْضِ جَمِيعًا مَّآ أَلَّفْتَ بَيْنَ قُلُوبِهِمْ وَلَـٰكِنَّ ٱللَّهَ أَلَّفَ بَيْنَهُمْ ۚ إِنَّهُۥ عَزِيزٌ حَكِيمٌ ﴾٦٣﴿
- അവരുടെ ഹൃദയങ്ങള്‍ക്കിടയില്‍ അവന്‍ ഇണക്കിച്ചേര്‍ക്കുകയും ചെയ്തിരിക്കുന്നു. ഭൂമിയിലുള്ളതു മുഴുവനും നീ ചിലവഴിച്ചിരുന്നാലും, അവരുടെ ഹൃദയങ്ങള്‍ക്കിടയില്‍ നീ ഇണക്കിച്ചേര്‍ക്കുമായിരുന്നില്ല. [നിനക്കതിന്നു സാധിക്കുമായിരുന്നില്ല]. എങ്കിലും അവര്‍ക്കിടയില്‍ അല്ലാഹു ഇണക്കിച്ചേര്‍ത്തിരിക്കുകയാണ്. നിശ്ചയമായും അവന്‍, പ്രതാപശാലിയും, അഗാധജ്ഞനുമാകുന്നു.
- وَأَلَّفَ അവന്‍ ഇണക്കുകയും ചെയ്തിരിക്കുന്നു بَيْنَ قُلُوبِهِمْ അവരുടെ ഹൃദയങ്ങള്‍ക്കിടയില്‍ لَوْ أَنفَقْتَ നീ ചിലവഴിച്ചിരുന്നെങ്കില്‍, ചിലവാക്കിയാലും مَا فِي الْأَرْضِ ഭൂമിയിലുള്ളതു جَمِيعًا മുഴുവനും مَّا أَلَّفْتَ നീ ഇണക്കിച്ചേര്‍ക്കുകയില്ല بَيْنَ قُلُوبِهِمْ അവരുടെ ഹൃദയങ്ങള്‍ക്കിടയില്‍ وَلَـٰكِنَّ اللَّـهَ എങ്കിലും അല്ലാഹു أَلَّفَ ഇണക്കിയിരിക്കുന്നു بَيْنَهُمْ അവര്‍ക്കിടയില്‍ إِنَّهُ നിശ്ചയമായും അവന്‍ عَزِيزٌ പ്രതാപശാലിയാണു حَكِيمٌ അഗാധജ്ഞനുമാണു, യുക്തിമാനാണ്
വേണ്ടിവരുമ്പോള്‍ ഉപയോഗപ്പെടുത്തുവാനും, ശത്രുക്കളുടെ അക്രമണവാഞ്ഛ തടയുവാനും വേണ്ടി കഴിയുന്ന ശക്തി ഒരുക്കിവെക്കണമെന്നു പറഞ്ഞശേഷം, സമാധാനസന്ധിക്കുള്ള വല്ല ചായ്‌വും ശത്രുക്കളില്‍ നിന്നു കാണുന്ന പക്ഷം, അവരോടു സന്ധി നടത്തി യുദ്ധം കൂടാതെ കഴിക്കണമെന്നു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യോടു കല്‍പിക്കുന്നു. പുറമെ സന്ധിക്കു തയ്യാറാകുന്നുണ്ടെങ്കിലും ഉള്ളില്‍ വല്ല വഞ്ചനയും അവര്‍ ഉദ്ദേശിക്കുന്നുണ്ടാവാമെന്നു ശങ്കിച്ച് അതിനു മടിക്കേണ്ടതില്ല. അല്ലാഹു എല്ലാം കണ്ടും കേട്ടും അറിഞ്ഞും കൊണ്ടിരിക്കുന്നവനാണ്, വല്ല വഞ്ചനയും അവര്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ അതിനു പരിഹാരം അല്ലാഹു ഉണ്ടാക്കിക്കൊള്ളും, അതിനു അവന്‍തന്നെ മതി എന്നൊക്കെ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യെ സമാധാനിപ്പിക്കുകയും ചെയ്യുന്നു. തുടര്‍ന്നുകൊണ്ടു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)ക്കു ലഭിച്ച ചില അനുഗ്രഹങ്ങളെ അനുസ്മരിപ്പിക്കുന്നു. ഇതിനു മുമ്പും പല സഹായങ്ങളും നല്‍കിയിട്ടുള്ളതും, അച്ചടക്കവും അനുസരണവും ത്യാഗസന്നദ്ധതയും ഒത്തിണങ്ങിയ ഒരു അനുയായിവൃന്ദത്തെ സജ്ജമാക്കിക്കൊടുത്തതും ഒരു കാലത്തും, ഒത്തിണങ്ങാത്തവണ്ണം ശത്രുതയില്‍ വര്‍ത്തിച്ചു വന്നിരുന്ന ആ ഹൃദയങ്ങളെ തമ്മതമ്മില്‍ ഇണക്കിച്ചേര്‍ത്തു ഒരേ ശരീരത്തിന്റെ അവയവങ്ങള്‍ കണക്കെ ഒറ്റക്കെട്ടായി മാറ്റിക്കൊടുത്തതുമൊക്കെ അല്ലാഹു തന്നെയാണല്ലോ. അഥവാ, അതുപോലെ മേലിലും അവന്റെ സഹായവും അനുഗ്രഹവും ലഭിച്ചു കൊണ്ടിരിക്കുമെന്നുള്ള ഒരു സൂചനയാണിത്.
മുഹാജിറുകളും അന്‍സാരികളും ചേര്‍ന്നതാണ് അന്ന് സത്യവിശ്വാസികളുടെ സമൂഹം. അന്‍സാരികളാകട്ടെ, ഔസ്, ഖസ്റജു എന്നു രണ്ടു ഗോത്രക്കാരാണ്. ഇസ്ലാമിന്റെ ആവിര്‍ഭാവത്തിനു മുമ്പ് രണ്ടു ഗോത്രങ്ങളും തമ്മില്‍ അതികഠിനമായ ശത്രുതയിലായിരുന്നു, യുദ്ധങ്ങളുടെയും, കക്ഷിവഴക്കുകളുടെയും ഒരു നീണ്ടകാലത്തെ ചരിത്രം തന്നെ അവര്‍ക്കുണ്ട്. ഓരോ ഗോത്രവും മറ്റേ ഗോത്രത്തിനെതിരില്‍ ആരേയും കുട്ടുപിടിക്കുകയും, ആരോടും സഖ്യത്തിലേര്‍പ്പെടുകയും ചെയ്യും. സന്ധിസംസാരങ്ങള്‍ക്കോ സഖ്യസംരംഭങ്ങള്‍ക്കോ പഴുതില്ലാത്ത വിധം ജാത്യാവിരോധികളായിരുന്നു അവര്‍. അവര്‍ ഇസ്ലാമില്‍ പ്രവേശിച്ചതോടുകൂടി അതെല്ലാം തുടച്ചുനീക്കപ്പെട്ടു. സത്യവിശ്വാസമാകുന്ന ചരടില്‍ എല്ലാവരും കോര്‍ത്തിണക്കപ്പെട്ടു. ഏകോദര സഹോദരങ്ങളെപ്പോലെ അല്ല, ഏക് ശരീരംഗങ്ങളെപ്പോലെ – ആയിത്തീര്‍ന്നു. ഇത്ര തന്നെ ശക്തമായിരുന്നില്ലെങ്കിലും മുഹാജിറുകളുടെയും സ്ഥിതി ഇതുപോലെത്തന്നെയായിരുന്നു. ഭൂമിയിലെ വിഭവങ്ങള്‍ മുഴുവനും ചിലവഴിച്ചാലും അവരെ ഇണക്കിച്ചേര്‍ക്കുവാന്‍ നിനക്കു കഴിയുമായിരുന്നില്ല എന്നും, അല്ലാഹുവാണ് അവരെ ഇണക്കി യോജിപ്പിച്ചതു എന്നും (لَوْ أَنفَقْتَ مَا فِي الْأَرْضِ جَمِيعًا مَّا أَلَّفْتَ بَيْنَ قُلُوبِهِمْ وَلَـٰكِنَّ اللَّـهَ أَلَّفَ بَيْنَهُمْ) പറഞ്ഞതു മൊത്തത്തില്‍ രണ്ടുകൂട്ടരെ സംബന്ധിച്ചാകാമെങ്കിലും അന്‍സാരികളെ സംബന്ധിച്ചിടത്തോളം അതു കൂടുതല്‍ അര്‍ത്ഥവത്താകുന്നു.
ഇബ്നു അബ്ബാസ് (رَضِيَ اللهُ تَعَالَى عَنْهُ) പറഞ്ഞതായി ഇപ്രകാരം നിവേദനം ചെയ്യപ്പെട്ടിരിക്കുന്നു: “കുടുംബബന്ധം മുറിക്കപ്പെടാറുണ്ട്. അനുഗ്രഹത്തോടു നന്ദികേടു കാണിക്കപ്പെടാറുമുണ്ട്. എന്നാല്‍, ഹൃദയങ്ങള്‍ക്കിടയില്‍ അല്ലാഹു അടുപ്പം നല്‍കിയാല്‍ (പിന്നെ) അതിനെ ഒന്നും തന്നെ നീക്കിക്കളയുന്നതല്ല.” തുടര്‍ന്നുകൊണ്ടു അദ്ദേഹം لَوْ أَنفَقْتَ مَا فِي الْأَرْضِ جَمِيعًا مَّا أَلَّفْتَ بَيْنَ قُلُوبِهِمْ وَلَـٰكِنَّ اللَّـهَ أَلَّفَ بَيْنَهُمْ എന്നുള്ള ഈ വചനം ഓതുകയും ചെയ്തു. (ഹാകിം). ത്വബ്റാനീ (റ)യും മറ്റും ഉദ്ധരിച്ച ഒരു ഹദീഥിന്റെ സാരം ഇപ്രകാരമാകുന്നു: “ഒരു മുസ്‌ലിം അവന്റെ മുസ്‌ലിമായ സഹോദരനെ കാണുമ്പോള്‍ സന്തോഷപൂര്‍വ്വം അവനു കൈകൊടുത്താല്‍, ഉണങ്ങിയ മരത്തിന്റെ ഇല കാറ്റില്‍ കൊഴിഞ്ഞു വീഴുന്നതുപോലെ അവരുടെ പാപങ്ങള്‍ കൊഴിഞ്ഞു പോകും.” ഇമാം ബൈഹഖി (റ) അദ്ദേഹത്തിന്റെ ശഅബുല്‍ ഈമാന്‍ എന്ന ഗ്രന്ഥത്തില്‍ – ഉദ്ധരിച്ച ഒരു ഹദീഥില്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഇങ്ങിനെ പറഞ്ഞതായും വന്നിട്ടുണ്ട്: “സത്യവിശ്വാസത്തിന്റെ പിടിക്കയറുകളില്‍ വെച്ച് അധികം ഉറപ്പുള്ളതു, അല്ലാഹുവിന്റെ കാര്യത്തില്‍ അന്യോന്യം മൈത്രി സ്ഥാപിക്കലും, അല്ലാഹുവിന്റെ കാര്യത്തില്‍ സ്നേഹിക്കളും, അല്ലാഹുവിന്റെ കാര്യത്തില്‍ വെറുക്കലുമാകുന്നു.”
- يَـٰٓأَيُّهَا ٱلنَّبِىُّ حَسْبُكَ ٱللَّهُ وَمَنِ ٱتَّبَعَكَ مِنَ ٱلْمُؤْمِنِينَ ﴾٦٤﴿
- ഹേ, നബിയേ, നിനക്കും, സത്യവിശ്വാസികളില്‍ നിന്ന് നിന്നെ പിന്‍പറ്റിയിട്ടുള്ളവര്‍ക്കും അല്ലാഹു (തന്നെ) മതി.
- يَا أَيُّهَا النَّبِيُّ ഹേ നബിയേ حَسْبُكَ നിനക്കു മതി, മതിയായവനാണു اللَّـهُ അല്ലാഹു وَمَنِ اتَّبَعَكَ നിന്നെ പിന്‍പറ്റിയവര്‍ക്കും, പിന്‍പറ്റിയവരും مِنَ الْمُؤْمِنِينَ സത്യവിശ്വാസികളില്‍ നിന്നു, വിശ്വാസികളായി
വാചക ഘടന നോക്കുമ്പോള്‍ ഈ വചനത്തിനു രണ്ടു പ്രകാരത്തില്‍ അര്‍ത്ഥം വരുവാന്‍ സാധ്യതയുണ്ട്:
1. പരിഭാഷയില്‍ കണ്ടതുപോലെ, ‘നിനക്കും സത്യവിശ്വാസികളില്‍ നിന്നു നിന്നെ പിന്‍പറ്റിയവര്‍ക്കും അല്ലാഹു മതി’ എന്നും,
2. ‘നിനക്കു അല്ലാഹുവും, സത്യവിശ്വാസികളില്‍ നിന്നു നിന്നെ പിന്‍പറ്റിയവരും മതി’ എന്നും.
ഒന്നാമത്തെ അര്‍ത്ഥമാണു പല വ്യാഖ്യാതാക്കളും സ്വീകരിച്ചിരിക്കുന്നത്. അതാണു ശരിയായതു എന്നത്രെ ഇമാം ഇബ്നുതൈമിയ്യഃ (رحمه الله) മുതലായവരുടെ അഭിപ്രായം. (*). രണ്ടാമത്തെ അര്‍ത്ഥവും തെറ്റാല്ലെന്നും പലരും പ്രസ്താവിച്ചു കാണാം. 62-ാം വചനത്തില്‍ هُوَ الَّذِي أَيَّدَكَ بِنَصْرِهِ وَبِالْمُؤْمِنِينَ (അവനത്രെ തന്റെ സഹായം കൊണ്ടും സത്യവിശ്വാസികളെക്കൊണ്ടും നിന്നെ ബലപ്പെടുത്തിയവന്‍) എന്നു പറഞ്ഞിരിക്കുന്നുവല്ലോ. വ്യാകരണപരമായി മുന്‍ഗണന അര്‍ഹിക്കുന്നതു ഈ അര്‍ത്ഥമാണെന്നും ചൂണ്ടിക്കാട്ടപ്പെട്ടിരിക്കുന്നു. (**). സഹായാവും ശക്തിയും ലഭിക്കുന്നതു യഥാര്‍ത്ഥത്തില്‍ അല്ലാഹുവില്‍ നിന്നാണെങ്കിലും സത്യവിശ്വാസികളായ അനുയായികളും നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)ക്കു ശക്തി നല്‍കുന്നതാണല്ലോ. രണ്ടില്‍ ഏതര്‍ത്ഥം സ്വീകരിക്കപ്പെട്ടാലും ശരി, സത്യവിശ്വാസികളായ അനുയായികളുടെ എണ്ണം കുറവായാലും അധികമായാലും അല്ലാഹുവിന്റെ സഹായം നിങ്ങള്‍ക്കുണ്ടായിരിക്കുമെന്നും, അവന്റെ സഹായം മാത്രം ഉണ്ടായാല്‍ മതി നിങ്ങള്‍ക്ക് എന്നുമായിരിക്കും ആയത്തിന്റെ താല്‍പര്യം.
(*). كما صرّح به في اقتضاء الصراط المستقيم
(**). بعنى ان عطف الظاهر على المضمر في هذه السورة ممنتع اه فتح القدير وغيره
വിഭാഗം - 9
- يَـٰٓأَيُّهَا ٱلنَّبِىُّ حَرِّضِ ٱلْمُؤْمِنِينَ عَلَى ٱلْقِتَالِ ۚ إِن يَكُن مِّنكُمْ عِشْرُونَ صَـٰبِرُونَ يَغْلِبُوا۟ مِا۟ئَتَيْنِ ۚ وَإِن يَكُن مِّنكُم مِّا۟ئَةٌ يَغْلِبُوٓا۟ أَلْفًا مِّنَ ٱلَّذِينَ كَفَرُوا۟ بِأَنَّهُمْ قَوْمٌ لَّا يَفْقَهُونَ ﴾٦٥﴿
- ഹേ, നബിയേ, സത്യവിശ്വാസികളെ യുദ്ധത്തിനു പ്രോത്സാഹിപ്പിക്കുക. നിങ്ങളുടെ കൂട്ടത്തില്‍ ക്ഷമാശീലരായ ഇരുപതു പേരുണ്ടായിരുന്നാല്‍, അവര്‍ ഇരുന്നൂറ് പേരെ ജയിച്ചടക്കുന്നതാണ്; നിങ്ങളുടെ കൂട്ടത്തില്‍ നൂറു പേരുണ്ടായിരുന്നാല്‍, അവിശ്വസിച്ചവരില്‍ നിന്നു ആയിരം പേരെയും അവര്‍ ജയിച്ചടക്കുന്നതാണ്; അവര്‍ (കാര്യം) ഗ്രഹിക്കാത്ത ഒരു ജനതയാണെന്നുള്ളതുകൊണ്ടാണ് (അത്).
- يَا أَيُّهَا النَّبِيُّ ഹേ നബിയേ حَرِّضِ പ്രോത്സാഹിപ്പിക്കുക الْمُؤْمِنِينَ സത്യവിശ്വാസികളെ عَلَى الْقِتَالِ യുദ്ധത്തിനു إِن يَكُن ഉണ്ടായിരുന്നാല്‍ مِّنكُمْ നിങ്ങളില്‍ നിന്നു, നിങ്ങളുടെ കൂട്ടത്തില്‍ عِشْرُونَ ഇരുപതു (പേര്‍) صَابِرُونَ ക്ഷമയുള്ളവരായ يَغْلِبُوا അവര്‍ ജയിച്ചടക്കും مِائَتَيْنِ ഇരുന്നൂറ് (പേരെ) وَإِن يَكُن ഉണ്ടായിരുന്നാലോ مِّنكُم നിങ്ങളുടെ കൂട്ടത്തില്‍ مِّائَةٌ നൂറു (ആളുകള്‍) يَغْلِبُوا അവര്‍ ജയിച്ചടക്കും أَلْفًا ആയിരം (പേരെ) مِّنَ الَّذِينَ كَفَرُوا അവിശ്വസിച്ചവരില്‍ നിന്ന് بِأَنَّهُمْ അവര്‍ ആകുന്നു എന്നതുകൊണ്ടാണു قَوْمٌ ഒരു ജനത(യാകുന്നു) لَّا يَفْقَهُونَ ഗ്രഹിക്കാത്ത, കാര്യം മനസ്സിലാക്കാത്ത
- ٱلْـَٔـٰنَ خَفَّفَ ٱللَّهُ عَنكُمْ وَعَلِمَ أَنَّ فِيكُمْ ضَعْفًا ۚ فَإِن يَكُن مِّنكُم مِّا۟ئَةٌ صَابِرَةٌ يَغْلِبُوا۟ مِا۟ئَتَيْنِ ۚ وَإِن يَكُن مِّنكُمْ أَلْفٌ يَغْلِبُوٓا۟ أَلْفَيْنِ بِإِذْنِ ٱللَّهِ ۗ وَٱللَّهُ مَعَ ٱلصَّـٰبِرِينَ ﴾٦٦﴿
- ഇപ്പോള്‍, അല്ലാഹു നിങ്ങള്‍ക്കു ലഘുവാക്കി [ഇളവു ചെയ്തു] തന്നിരിക്കുന്നു; നിങ്ങളില്‍ ഒരു (തരം) ദൌര്‍ബ്ബല്യം ഉണ്ടെന്നുള്ളതു അവന്‍ അറിയുകയും ചെയ്തിരിക്കുന്നു. ആകയാല്‍, നിങ്ങളുടെ കൂട്ടത്തില്‍ ക്ഷമാശീലരായ നൂറു പേരുണ്ടായിരുന്നാല്‍, അവര്‍ ഇരുനൂറു പേരെ ജയിച്ചടക്കുന്നതാണ്. നിങ്ങളുടെ കൂട്ടത്തില്‍ ആയിരം പേരുണ്ടായിരുന്നാല്‍, അവര്‍ രണ്ടായിരം പേരെയും ജയിച്ചടക്കും - അല്ലാഹുവിന്റെ അനുവാദം [ഉത്തരവു] കൊണ്ട്. അല്ലാഹുവാകട്ടെ, ക്ഷമാശീലരോടുകൂടെയായിരിക്കും.
- الْآنَ ഇപ്പോള്‍, ഇസ്സമയം خَفَّفَ اللَّـهُ അല്ലാഹു ലഘുവാക്കിയിരിക്കുന്നു عَنكُمْ നിങ്ങള്‍ക്കു وَعَلِمَ അവന്‍ അറിയുകയും ചെയ്തിരിക്കുന്നു أَنَّ فِيكُمْ നിങ്ങളിലുണ്ടെന്നു ضَعْفًا ഒരു ദൌര്‍ബ്ബല്യം, ബലഹീനത فَإِن يَكُن എന്നാല്‍ (അതിനാല്‍) ഉണ്ടായിരുന്നാല്‍ مِّنكُم നിങ്ങളില്‍ നിന്നു مِّائَةٌ നൂറു (പേര്‍) صَابِرَةٌ ക്ഷമിക്കുന്ന, ക്ഷമയുള്ളവരായ يَغْلِبُوا അവര്‍ ജയിക്കും مِائَتَيْنِ ഇരുനൂറു (പേരെ) وَإِن يَكُن مِّنكُمْ നിങ്ങളില്‍ (നിങ്ങളുടെ കൂട്ടത്തില്‍) നിന്നുണ്ടായിരുന്നാല്‍ أَلْفٌ ആയിരം (പേര്‍) يَغْلِبُوا അവര്‍ ജയിക്കും أَلْفَيْنِ രണ്ടായിരം (ആളുകളെ) بِإِذْنِ اللَّـهِ അല്ലാഹുവിന്റെ അനുമതി (സമ്മതം - ഉത്തരവു) കൊണ്ടു وَاللَّـهُ അല്ലാഹു مَعَ الصَّابِرِينَ ക്ഷമിക്കുന്നവരുടെ കൂടെയായിരിക്കും
നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)ക്കും സത്യവിശ്വാസികള്‍ക്കും അല്ലാഹുവിന്റെ സഹായം മതിയെന്നു സന്തോഷവാര്‍ത്ത അറിയിച്ചതിനെത്തുടര്‍ന്നു സത്യവിശ്വാസികളെ യുദ്ധത്തിനു പ്രേരിപ്പിക്കുവാന്‍ കല്‍പിക്കുകയും, അവര്‍ ക്ഷമയും സഹനവും കൈക്കൊള്ളുന്നപക്ഷം അവരെക്കാള്‍ വര്‍ദ്ധിച്ച ശത്രുക്കളെ ജയിച്ചടക്കുവാന്‍ അവര്‍ക്കു കഴിയുമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു. ശത്രുക്കളുമായി ധര്‍മ്മ യുദ്ധം നടത്തേണ്ടതിന്റെ ആവശ്യകതയും, അതില്‍ ധനവും ശരീരവും വിനിയോഗിക്കുന്നതിനു അല്ലാഹുവിങ്കല്‍ നിന്നു ലഭിക്കുന്ന പുണ്യഫലങ്ങളും മറ്റും വിവരിച്ചുകൊണ്ടു സഹാബികളെ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുദ്ധത്തിനു പ്രോത്സാഹിപ്പിക്കുക പതിവായിരുന്നുവെന്നും, സഹാബികളില്‍ അതു വളരെയധികം ആവേശം ഉളവാക്കിയിരുന്നുവെന്നുമുള്ളതു ചരിത്ര പ്രസിദ്ധമാണ്. ബദ്ര്‍ യുദ്ധ വേളയില്‍ സൈന്യത്തെ പ്രോത്സാഹിപ്പിച്ചു കൊണ്ടിരിക്കുന്ന കൂട്ടത്തില്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറയുകയുണ്ടായി: “മുഹമ്മദിന്റെ ആത്മാവു യാതൊരുവന്റെ കയ്യിലാണോ അവന്‍ തന്നെ സത്യം! ഇന്ന് അവരോടു ഏതെങ്കിലും ഒരാള്‍ യുദ്ധം ചെയ്യുകയും, എന്നിട്ട് ക്ഷമിച്ചു പാരത്രിക പ്രതിഫലം മോഹിച്ചു പിന്‍വാങ്ങാതെ മുന്നോട്ടു ഗമിച്ചുകൊണ്ട് കൊല്ലപ്പെടുകയും ചെയ്യുന്ന പക്ഷം, അല്ലാഹു അവനെ സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കാതിരിക്കുകയില്ല.” ഇതു കേട്ടപ്പോള്‍, കാരക്ക തിന്നുകൊണ്ടിരിക്കുകയായിരുന്ന ഉമൈറുബ്നു ഹുമാം (رَضِيَ اللهُ تَعَالَى عَنْهُ): “ഹാ! ഹാ! എനിക്കു സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുവാന്‍ ഇക്കൂട്ടര്‍ എന്നെ കൊലപ്പെടുത്തുകയേ വേണ്ടൂ!” എന്നു പറഞ്ഞുകൊണ്ട് കയ്യിലുണ്ടായിരുന്ന കാരക്ക എറിഞ്ഞു കളഞ്ഞു. വാളെടുത്തു ശത്രുക്കള്‍ക്കിടയില്‍ തിരക്കിക്കടന്നു പടവെട്ടുകയായി. അദ്ദേഹം അതില്‍ രക്തസാക്ഷിയാകുകയും ചെയ്തു. (رَضِيَ اللهُ تَعَالَى عَنْهُ). ഇതുപോലെ പല ഉദാഹരണങ്ങളും ചരിത്രത്തില്‍ കാണാം.
ആദ്യത്തെ വചനത്തില്‍, ക്ഷമാശീലരായ ഇരുപതു സത്യവിശ്വാസികള്‍ ഇരുനൂറു അവിശ്വാസികളെയും, ക്ഷമാശീലരായ നൂറു സത്യവിശ്വാസികള്‍ ആയിരം അവിശ്വാസികളെയും ജയിക്കുമെന്നു – അഥവാ, പത്തിരട്ടി വരുന്ന ശത്രുക്കളെ ജയിച്ചടക്കുവാന്‍ സത്യവിശ്വാസികള്‍ക്കു സാധിക്കുമെന്നു – അല്ലാഹു അറിയിക്കുന്നു. ബാഹ്യത്തില്‍ ഇതൊരു വാഗ്ദാന രൂപത്തിലുള്ള വാര്‍ത്തയായിട്ടാണുള്ളതെങ്കിലും ആശയം നോക്കുമ്പോള്‍, അതൊരു കല്‍പനാരൂപത്തിലുള്ളതാണെന്നു കാണാവുന്നതാണ്. ശത്രുക്കള്‍ പത്തിരട്ടിയായാലും അവരോടു ക്ഷമാപൂര്‍വ്വം നേരിടണമെന്നും, ക്ഷമിച്ചു നിന്നാല്‍ അവരെ ജയിക്കാമെന്നുമാണല്ലോ സാരം. ഇതിനു കാരണവും അല്ലാഹു തന്നെ ചൂണ്ടിക്കാട്ടിയിരിക്കുന്നു. بِأَنَّهُمْ قَوْمٌ لَّا يَفْقَهُونَ (അവര്‍ കാര്യം ഗ്രഹിക്കാത്ത ജനങ്ങളാണെന്നുള്ളതുകൊണ്ടു) എന്ന്. അതായതു, അല്ലാഹുവിന്റെ വാക്യം ഉയര്‍ത്തുവാന്‍ വേണ്ടിയും, അവന്റെ കല്‍പന അനുസരിച്ചുകൊണ്ടും, അവന്റെ പക്കല്‍ നിന്നുള്ള പുണ്യഫലം ലക്ഷ്യമാക്കിക്കൊണ്ടും യുദ്ധത്തില്‍ പങ്കെടുക്കുന്നവരും, പേരിനും പെരുമക്കും ദുര്‍വാശിക്കും വേണ്ടി യുദ്ധത്തില്‍ പങ്കെടുക്കുന്നവരും തമ്മിലുള്ള വ്യത്യാസവും, അതതിന്റെ അനന്തര നേട്ടങ്ങളും മനസ്സിലാക്കാത്തവരാണവര്‍. അതുകൊണ്ടു ജീവനോടെ രക്ഷപ്പെട്ട് ജയിക്കണം. അതു സാധ്യമാകാത്ത പക്ഷം പരാജയം വരിച്ചു പിന്മാറണം എന്നേ അവര്‍ക്കു ഉദ്ദേശ്യമുള്ളു. സത്യവിശ്വാസികളുടെ നില അതല്ല. രക്ഷപ്പെട്ടാല്‍ അതു തങ്ങള്‍ക്കും തങ്ങളുടെ മതത്തിനും ലഭിക്കുന്ന വിജയം. മരണപ്പെട്ടാലും തങ്ങള്‍ക്കു വിജയം തന്നെ. അതെ, ശാശ്വത സ്വര്‍ഗ്ഗം! തങ്ങളുടെ ശേഷവും മതത്തെ അല്ലാഹു വിജയിപ്പിക്കാതിരിക്കുകയുമില്ല. അതുകൊണ്ടു പിന്‍വാങ്ങുകയോ, ഓടി രക്ഷപ്പെടുകയോ ചെയ്യേണ്ടുന്ന ആവശ്യം അവര്‍ക്കില്ല എന്നു സാരം. രണ്ടാമത്തെ വചനത്തില്‍, നിങ്ങളില്‍ ഒരു തരം ദൗര്‍ബ്ബല്യം ബാധിച്ചിട്ടുണ്ടെന്നു അറിയാവുന്നതുകൊണ്ടു ആദ്യത്തെ കല്‍പന അല്ലാഹു നിങ്ങള്‍ക്കു ലഘൂകരിച്ചു തന്നിരിക്കുന്നുവെന്നും, അതുകൊണ്ടു മേലില്‍ ശത്രുക്കള്‍ രണ്ടിരട്ടിവരെയാണെങ്കില്‍ അവരോടു നിങ്ങള്‍ ക്ഷമിച്ചു നിന്നാല്‍ മതിയാകുമെന്നും സത്യവിശ്വാസികളെ അറിയിക്കുന്നു. ക്ഷമ കൈകൊള്ളുന്ന പക്ഷം അവരെ തോല്‍പിക്കുമെന്നും, ക്ഷമിക്കുന്നവരുടെ ഭാഗത്താണു അല്ലാഹുവിന്റെ സഹായം ഉണ്ടാകുകയെന്നും ഉണര്‍ത്തിയിരിക്കുന്നു.
الْآنَ خَفَّفَ اللَّـهُ عَنكُمْ (ഇപ്പോള്‍ അല്ലാഹു നിങ്ങള്‍ക്കു ലഘുത്വം നല്‍കിയിരിക്കുന്നു) എന്ന വാക്കില്‍ നിന്നു ചില സംഗതികള്‍ മനസ്സിലാക്കാം.
1. ആദ്യത്തെ വചനം അവതരിച്ചു കുറച്ചെങ്കിലും കഴിഞ്ഞ ശേഷമായിരിക്കും, അതില്‍ ലഘുത്വം നല്‍കിക്കൊണ്ടുള്ള ഈ വചനം അവതരിച്ചതു. الْآنَ (ഇപ്പോള്‍) എന്ന വാക്കു അതാണല്ലോ കാണിക്കുന്നത്.
2. ഈ രണ്ടു വചനങ്ങളും വാഗ്ദാന രൂപത്തിലുള്ളതാണെങ്കിലും രണ്ടിലെയും ആശയം കല്‍പനാരൂപത്തിലുള്ളതാണ്. خَفَّفَ (ലഘുത്വം നല്‍കി) എന്ന വാക്കില്‍ നിന്നു ഇതു സ്പഷ്ടമാകുന്നു. ഈ രണ്ടു വചനങ്ങള്‍ക്കും ഇമാം ബുഖാരീ (رحمه الله) അദ്ദേഹത്തിന്റെ ‘സ്വഹീഹില്‍’ ഓരോ പ്രത്യേക അദ്ധ്യായം കൊടുത്തിട്ടുണ്ട്. രണ്ടിലും – രണ്ടു മാര്‍ഗ്ഗത്തിലൂടെ നിവേദനം ചെയ്യപ്പെട്ടതാണെങ്കിലും – ഇബ്നു അബ്ബാസ് (رَضِيَ اللهُ تَعَالَى عَنْهُ) ല്‍ നിന്നുള്ള ഒരു ഹദീഥാണു അദ്ദേഹം രേഖപ്പെടുത്തിയിട്ടുള്ളത്. അതിങ്ങിനെയാണ്:- ഇബ്നു അബ്ബാസ് (رَضِيَ اللهُ تَعَالَى عَنْهُ) പറഞ്ഞു: إِن يَكُن مِّنكُمْ عِشْرُونَ എന്ന (ആദ്യത്തെ) വചനം അവതരിച്ചപ്പോള്‍, പത്താളുകളുള്ളതില്‍ നിന്നു ഒരാള്‍ പിന്‍മാറിപ്പോകരുതെന്നു സത്യവിശ്വാസികളുടെമേല്‍ നിര്‍ബ്ബന്ധ നിയമമാക്കപ്പെട്ടതു അവര്‍ക്കു വിഷമകരമായിത്തീര്‍ന്നു. അപ്പോള്‍, ലഘുവാക്കിക്കൊണ്ടുള്ള കല്‍പന വന്നു. അതായതു, …الْآنَ خَفَّفَ اللَّـهُ എന്നു (രണ്ടാമത്തെ വചനം) അല്ലാഹു പറഞ്ഞു: അങ്ങനെ, അവര്‍ക്കു എണ്ണത്തില്‍ ലഘുത്വം നല്‍കിയപ്പോള്‍ അതനുസരിച്ചു അവരുടെ സഹനവും ചുരുങ്ങി.’ (ബു). മേല്‍ ചൂണ്ടിക്കാട്ടിയ രണ്ടു സംഗതികളും ഈ ഹദീഥില്‍ നിന്നു കൂടുതല്‍ വ്യക്തമാകുന്നു.
ഈ വസ്തുതകളെ അടിസ്ഥാനമാക്കി ഭൂരിപക്ഷം പണ്ഡിതന്‍മാരും അഭിപ്രായപ്പെടുന്നതു, ശത്രുക്കള്‍ പത്തിരട്ടി ഉണ്ടായാലും മുസ്ലിംകള്‍ അവരോടു നേരിടണമെന്നുള്ള ആദ്യത്തെ കല്‍പന രണ്ടാമത്തെ വചനം കൊണ്ടു ദുര്‍ബ്ബലപ്പെടുത്തപ്പെട്ടിരിക്കുന്നുവെന്നാകുന്നു. ശത്രുക്കള്‍ രണ്ടിരട്ടിയിലധികമുള്ളപ്പോള്‍, അവരോടു പോര്‍ക്കളത്തില്‍ ക്ഷമിച്ചു നില്‍ക്കല്‍ നിര്‍ബ്ബന്ധമില്ലെന്നും, വേണ്ടിവന്നാല്‍ പിന്‍മാറിപ്പോരാമെന്നും സാരം. ചില പണ്ഡിതന്‍മാര്‍ പറയുന്നതു, ഈ രണ്ടു വചനങ്ങളും രണ്ടു അവസരങ്ങളെ ഉദ്ദേശിച്ചുള്ളതാണെന്നാകുന്നു. സത്യവിശ്വാസികള്‍ കുറച്ചാളുകളായിരിക്കുമ്പോഴാണു പത്തിരട്ടിയോടു ചെറുത്തു നില്‍ക്കണമെന്നു കല്‍പിച്ചത്; പിന്നീടവര്‍ അധികമായപ്പോള്‍ രണ്ടിരട്ടിയോടു ചെറുത്തു നിന്നാല്‍ മതിയെന്നും കല്‍പിച്ചു എന്നര്‍ത്ഥം. ഈ വിഷയത്തെ സംബന്ധിക്കുന്ന നിയമപരമായ വിശദീകരണങ്ങളില്‍ പണ്ഡിതന്‍മാര്‍ക്കിടയില്‍ പല അഭിപ്രായ വ്യത്യാസവും കാണാം. അതിനെപ്പറ്റി ഇവിടെ വിശദീകരിക്കുവാന്‍ ഉദ്ദേശിക്കുന്നില്ല.
രണ്ടു വചനങ്ങളിലും അടങ്ങിയ ഒരു ത്വത്വം പ്രത്യേകം നാം മനസ്സിരുത്തേണ്ടതുണ്ട്. ക്ഷമയും സഹനവുമാണു അല്ലാഹുവിന്റെ സഹായത്തിനുള്ള മാര്‍ഗ്ഗമായി അല്ലാഹു ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ക്ഷമയുടെ പോരായ്മയാണു എണ്ണത്തിന്റെ കുറവിനെക്കാള്‍ ദൗര്‍ബ്ബല്യത്തിനു കാരണമാകുന്നതു. ധീരമാനസ്കതയും, ഉറച്ച വിശ്വാസവും, നിഷ്കളങ്കതയും ഉണ്ടാകുമ്പോഴാണല്ലോ ക്ഷമയും, സഹനവും കൈവരുക. എണ്ണത്തിലും വണ്ണത്തിലും മുസ്ലിംകള്‍ ശത്രുക്കളെ അപേക്ഷിച്ച് എത്രയോ കുറവായിരുന്നിട്ടും അവര്‍ ശത്രുക്കളെ ജയിച്ചടക്കിയത്തിനും, നേരെ മറിച്ച് മുസ്ലിംകള്‍ എല്ലാ നിലക്കും ശത്രുവെക്കാള്‍ വളരെ കവിഞ്ഞിരുന്നിട്ടും അവര്‍ പരാജയപ്പെട്ടതിനും ഉദാഹരങ്ങള്‍ – നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ കാലത്തു തന്നെയും, അതിനു ശേഷവും – ഇസ്ലാമിന്റെ ചരിത്രത്തില്‍ കാണാവുന്നതാണ്. ‘നാം ആളെണ്ണക്കുറവുകൊണ്ടു ജയിച്ചടക്കപ്പെടുകയില്ല; പാപങ്ങള്‍ നിമിത്തമാണു നാം തോല്‍പിക്കപ്പെടുക’ എന്നു ഉമര്‍ (رَضِيَ اللهُ تَعَالَى عَنْهُ) ഒരിക്കല്‍ പറഞ്ഞതു ഇവിടെ സ്മര്‍ത്തവ്യമാകുന്നു.
- مَا كَانَ لِنَبِىٍّ أَن يَكُونَ لَهُۥٓ أَسْرَىٰ حَتَّىٰ يُثْخِنَ فِى ٱلْأَرْضِ ۚ تُرِيدُونَ عَرَضَ ٱلدُّنْيَا وَٱللَّهُ يُرِيدُ ٱلْـَٔاخِرَةَ ۗ وَٱللَّهُ عَزِيزٌ حَكِيمٌ ﴾٦٧﴿
- ഒരു നബിക്കും (തന്നെ), അദ്ദേഹം ഭൂമിയില്‍ (ശത്രുവെ കീഴടക്കി) ശക്തിയാര്‍ജ്ജിക്കുന്നതുവരെ, അദ്ദേഹത്തിനു ബന്ധനസ്ഥര്‍ ഉണ്ടായിരിക്കുവാന്‍ പാടുള്ളതല്ല. നിങ്ങള്‍ ഇഹലോക വിഭവത്തെ ഉദ്ദേശിക്കുന്നു; അല്ലാഹുവാകട്ടെ, പരലോകത്തെയും ഉദ്ദേശിക്കുന്നു, അല്ലാഹു പ്രതാപശാലിയും, അഗാധജ്ഞനുമാകുന്നു.
- مَا كَانَ ആയിക്കൂടാ (പാടില്ല) لِنَبِيٍّ ഒരു നബിക്കും, പ്രവാചകനും أَن يَكُونَ ഉണ്ടായിരിക്കല്‍ لَهُ അദ്ദേഹത്തിനു أَسْرَىٰ ബന്ധനസ്ഥര്‍, ചിറയിലകപ്പെട്ടവര്‍ حَتَّىٰ يُثْخِنَ അദ്ദേഹം ശക്തിപ്പെടുത്തുന്ന (കനപ്പിക്കുന്ന - ജയിച്ചടക്കുന്ന - കഠിനമാക്കുന്ന - ശക്തിയാര്‍ജ്ജിക്കുന്ന) തുവരെ فِي الْأَرْضِ ഭൂമിയില്‍ تُرِيدُونَ നിങ്ങള്‍ ഉദ്ദേശിക്കുന്നു عَرَضَ വിഭവത്തെ الدُّنْيَا ഇഹലോകത്തിന്റെ وَاللَّـهُ അല്ലാഹുവാകട്ടെ يُرِيدُ ഉദ്ദേശിക്കുന്നു الْآخِرَةَ പരലോകത്തെ وَاللَّـهُ അല്ലാഹുعَزِيزٌ പ്രതാപശാലിയാണു حَكِيمٌ അഗാധജ്ഞനാണു, യുക്തിമാനാണു
- لَّوْلَا كِتَـٰبٌ مِّنَ ٱللَّهِ سَبَقَ لَمَسَّكُمْ فِيمَآ أَخَذْتُمْ عَذَابٌ عَظِيمٌ ﴾٦٨﴿
- അല്ലാഹുവിങ്കല്‍ നിന്നും ഒരു നിശ്ചയം മുമ്പു കഴിഞ്ഞിട്ടില്ലായിരുന്നെങ്കില്‍, നിങ്ങള്‍ വാങ്ങിയതില്‍ നിങ്ങള്‍ക്കു വമ്പിച്ച ശിക്ഷ ബാധിക്കുക തന്നെ ചെയ്യുമായിരുന്നു.
- لَّوْلَا ഇല്ലായിരുന്നെങ്കില്‍ كِتَابٌ ഒരു (നിയമ) നിശ്ചയം مِّنَ اللَّـهِ അല്ലാഹുവില്‍നിന്നുള്ള سَبَقَ മുന്‍കഴിഞ്ഞ(തായ) لَمَسَّكُمْ നിങ്ങളെ സ്പര്‍ശിക്കുക (ബാധിക്കുക) തന്നെ ചെയ്യുമായിരുന്നു فِيمَا أَخَذْتُمْ നിങ്ങള്‍ വാങ്ങിയതില്‍ عَذَابٌ ശിക്ഷ عَظِيمٌ വമ്പിച്ചതായ
- فَكُلُوا۟ مِمَّا غَنِمْتُمْ حَلَـٰلًا طَيِّبًا ۚ وَٱتَّقُوا۟ ٱللَّهَ ۚ إِنَّ ٱللَّهَ غَفُورٌ رَّحِيمٌ ﴾٦٩﴿
- എന്നാല്‍, (എനി) നിങ്ങള്‍ 'ഗനീമത്തായി' [യുദ്ധമുതലായി] എടുത്തതില്‍ നിന്ന് അനുവദനീയമായും, വിഷിഷ്ടമായും നിങ്ങള്‍ തിന്നുകൊള്ളുവിന്‍; അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്യുവിന്‍. നിശ്ചയമായും, അല്ലാഹു വളരെ പൊറുക്കുന്നവനും, കരുണാനിധിയുമാകുന്നു.
- فَكُلُوا എന്നാല്‍, (എനി) തിന്നുകൊള്ളുവിന്‍ مِمَّا غَنِمْتُمْ നിങ്ങള്‍ ഗനീമത്തെടുത്തതില്‍ നിന്നു حَلَالًا അനുവദനീയമായിക്കൊണ്ടു طَيِّبًا നല്ലതായി (വിഷിഷ്ടമായി - പരിശുദ്ധമായി)ക്കൊണ്ടു وَاتَّقُوا സൂക്ഷിക്കുകയും ചെയ്യുവിന്‍ اللَّـهَ അല്ലാഹുവിനെ إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു غَفُورٌ വളരെ പൊറുക്കുന്നവനാണു رَّحِيمٌ കരുണാനിധിയാണ്
ഇമാം അഹ്മദ്, മുസ്‌ലിം, അബൂദാവൂദ്, തിര്‍മദീ, ഇബ്നു ജരീര്‍ (رحمهم الله) എന്നിവര്‍ വ്യത്യസ്ത മാര്‍ഗ്ഗങ്ങളിലൂടെ ഉദ്ധരിച്ച താഴെ കാണുന്ന സംഭവത്തെത്തുടര്‍ന്നാണു ഈ വചനങ്ങളുടെ അവതരണമുണ്ടായത്. സംഭവത്തിന്റെ ചുരുക്കം ഇങ്ങിനെയാകുന്നു:- ബദ്ര്‍ യുദ്ധത്തില്‍ മുസ്ലിംകള്‍ എഴുപതു മുശ്രിക്കുകളെ കൊലപ്പെടുത്തുകയും, എഴുപതു പേരെ ബന്ധനസ്ഥരാക്കുകയും ചെയ്തപ്പോള്‍, ബന്ധനസ്ഥരുടെ വിഷയത്തില്‍ അബൂബക്കര്‍, ഉമര്‍ (رَضِيَ اللهُ تَعَالَى عَنْهُما) മുതലായവരുമായി നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ആലോചന നടത്തി. അബൂബക്കര്‍ (رَضِيَ اللهُ تَعَالَى عَنْهُ) പറഞ്ഞു: റസൂലേ, ഇവരൊക്കെ (നമ്മുടെ) പിതൃവ്യ പുത്രന്‍മാരും കുടുംബബന്ധമുള്ളവരുമാണല്ലോ. ഇവരില്‍ നിന്നും തെണ്ടം (മോചനമൂല്യം) വാങ്ങി വിട്ടയക്കണമെന്നാണു എന്റെ അഭിപ്രായം. അതു അവിശ്വാസികള്‍ക്കെതിരെ നമുക്കു ശക്തി നല്‍കുന്നതുമായിരിക്കും. ഉമര്‍ (رَضِيَ اللهُ تَعَالَى عَنْهُ) ന്റെ അഭിപ്രായം അതായിരുന്നില്ല. അവരെ കൊലപ്പെടുത്തുവാന്‍ ഞങ്ങളെ അനുവദിക്കണം, ഓരോരുത്തര്‍ അവരുമായി അധികം ബന്ധപ്പെട്ടവരെ വധിക്കട്ടെ, ഇവരെല്ലാം അവിശ്വാസികളുടെ നേതാക്കളും പ്രമാണികളുമാണു എന്നായിരുന്നു അദ്ദേഹം പറഞ്ഞതു. അബൂബക്കര്‍ (رَضِيَ اللهُ تَعَالَى عَنْهُ) ന്റെ അഭിപ്രായമായിരുന്നു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഇഷ്ടപ്പെട്ടതു. പിറ്റേ ദിവസം ഉമര്‍ (رَضِيَ اللهُ تَعَالَى عَنْهُ) ചെന്നപ്പോള്‍, റസൂല്‍ (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയും, അബൂബക്കറും (رَضِيَ اللهُ تَعَالَى عَنْهُ) കരയുകയായിരുന്നു. കാരണം അറിഞ്ഞാല്‍ തനിക്കും അതില്‍ പങ്കുകൊള്ളാമായിരുന്നുവെന്നു ഉമര്‍ (رَضِيَ اللهُ تَعَالَى عَنْهُ) പറഞ്ഞു. അപ്പോള്‍ തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞു: ‘താങ്കളുടെ സ്നേഹിതന്‍മാര്‍ (ബന്ധനസ്ഥരില്‍ നിന്നു) തെണ്ടം വാങ്ങിവിട്ടതു നിമിത്തമാണു. അവരുടെ ശിക്ഷാ ഇതാ ഈ വൃക്ഷത്തെക്കാള്‍ അടുത്തു നില്‍ക്കുന്നതായി ഞാന്‍ കാണുന്നു.’ അങ്ങനെ, …مَا كَانَ لِنَبِيٍّ أَن يَكُونَ لَهُ أَسْرَىٰ حَتَّىٰ يُثْخِنَ فِي الْأَرْضِ എന്നു അവതരിച്ചു.
ഇബ്നു അബീശൈബഃ, തിര്‍മദീ, ത്വബ്റാനീ, ഹാകിം, ഇബ്നു അബീഹാതിം (رحمهم الله) മുതലായവര്‍ ഇബ്നു മസ്ഊദി(رَضِيَ اللهُ تَعَالَى عَنْهُ)ല്‍ നിന്നു ഉദ്ധരിച്ച ഹദീഥില്‍ നിന്നു മേല്‍ കണ്ടതിനു പുറമെ താഴെ കാണുന്ന വിവരങ്ങള്‍ കൂടി ലഭിക്കുന്നതാണു: ബന്ധനസ്ഥരെ മുഴുവനും തീ കൂട്ടി ചുട്ടുകളയണമെന്നായിരുന്നു അബ്ദു അല്ലാഹ് ഇബ്നു റവാഹത്ത് (رَضِيَ اللهُ تَعَالَى عَنْهُ) ന്റെ അഭിപ്രായം. ഒരു വിഭാഗം ആളുകള്‍ അബൂബക്കര്‍ (رَضِيَ اللهُ تَعَالَى عَنْهُ) ന്റെയും, ഒരു വിഭാഗം ഉമര്‍ (رَضِيَ اللهُ تَعَالَى عَنْهُ)ന്റെയും, മറ്റൊരു വിഭാഗം ഇബ്നു റവാഹത്ത് (رَضِيَ اللهُ تَعَالَى عَنْهُ) ന്റെയും അഭിപ്രായത്തെ അനുകൂലിച്ചു. ഉമര്‍ (رَضِيَ اللهُ تَعَالَى عَنْهُ) നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യോടു ഇങ്ങിനെയും പറയുകയുണ്ടായി: ഇവരൊക്കെ അങ്ങയെ നാട്ടില്‍നിന്നു ബഹിഷ്കരിച്ചവരും, അങ്ങയോടു യുദ്ധം ചെയ്തവരുമാണു. ഇവരോടു യാതൊരു ദയയും നമ്മുടെ മനസ്സില്‍ ഇല്ലെന്നു ആ ജനങ്ങള്‍ അറിയണം. അഭിപ്രായങ്ങള്‍ കേട്ടപ്പോള്‍, ‘ചില ആളുകളുടെ ഹൃദയങ്ങളെ അല്ലാഹു പാലിനെക്കാള്‍ മയപ്പെടുത്തുകയും, ചിലരുടെ ഹൃദയങ്ങളെ അവന്‍ കല്ലിനെക്കാള്‍ ഉറച്ചതാക്കുകയും ചെയ്യുന്നു’വെന്നു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞു. അബൂബക്കര്‍ (رَضِيَ اللهُ تَعَالَى عَنْهُ) നെ ഇബ്രാഹീം (عليه الصلاة والسلام) നബിയോടും, ഈസാ (عليه الصلاة والسلام) നബിയോടും ഉപമിച്ചുകൊണ്ട് അവര്‍ രണ്ടുപേരും തങ്ങളുടെ സമുദായത്തെ ശിക്ഷിക്കുവാനോ, അവര്‍ക്കു പൊറുത്തുകൊടുക്കുവാനോ ആവശ്യപ്പെടാതെ, അക്കാര്യം അല്ലാഹുവിങ്കലേക്കു വിട്ടുകൊണ്ടു പറഞ്ഞ വാക്കുകള്‍ (14:36; 5:121) ഉദ്ധരിക്കുകയും ചെയ്തു. ഉമര്‍ (رَضِيَ اللهُ تَعَالَى عَنْهُ) നെ മൂസാ (عليه الصلاة والسلام) നബിയോടും, നൂഹ് (عليه الصلاة والسلام) നബിയോടും, ഉപമിച്ചുകൊണ്ട് അവര്‍ രണ്ടുപേരും തങ്ങളുടെ ജനതയുടെ ധിക്കാരത്തിനു ശിക്ഷ നല്‍കുവാന്‍ പ്രാര്‍ത്ഥിച്ച വാക്കുകള്‍ (10:88; 71:26) ഉദ്ധരിക്കുകയും ചെയ്തു. ഈ ഹദീഥുകള്‍ക്കു പുറമെ, വേറെ ചില രിവായത്തുകളും ഇതു സംബന്ധിച്ചു കാണാവുന്നതാണു. എനി, നമുക്കു ആയത്തുകളിലേക്കു പ്രവേശിക്കാം.
ഒന്നാമത്തെ ആയത്തില്‍ രണ്ടു കാര്യങ്ങള്‍ ആക്ഷേപ രൂപത്തില്‍ അല്ലാഹു പ്രസ്താവിച്ചിരിക്കുന്നു.
1. ശത്രുക്കളെ ജയിച്ചടക്കി ഭൂമിയില്‍ ശക്തിയാര്‍ജ്ജിക്കുന്നതുവരെ ഒരു പ്രവാചകനും ശത്രുക്കളെ ബന്ധനസ്ഥനാക്കി വെച്ചുകൂടാ. مَا كَانَ لِنَبِيٍّ أَن يَكُونَ لَهُ أَسْرَىٰ حَتَّىٰ يُثْخِنَ فِي الْأَرْضِ അതായതു, യുദ്ധം മുഖേനയും, വധം മുഖേനയും ശത്രുക്കളുടെ ശക്തി ക്ഷയിപ്പിച്ച് വിജയം വരിക്കുക വഴി നാട്ടില്‍ ശക്തിയും, സ്വാധീനവും കൈവരാതെ അവരില്‍ നിന്നു ചിലരെ പിടിച്ചു ബന്ധനസ്ഥരാക്കി വെക്കുന്നതു പ്രവാചകന്‍മാര്‍ക്കു യോജിച്ചതല്ല. കാരണം, പതിവ് പ്രകാരം അവരെ വെറുതെ വിട്ടാലും, മോചനമൂല്യം വാങ്ങി വിട്ടാലും അവര്‍ വീണ്ടും പൂര്‍വ്വാധികം മല്‍സരബുദ്ധിയോടെ ശത്രുത തുടരുകയാണുണ്ടാകുക. അതുകൊണ്ടു അങ്ങിനെയുള്ള ഒരു സ്ഥിതിവിശേഷം കൈവരുന്നതിനു മുമ്പ് ബന്ധനത്തില്‍ കിട്ടിയ ശത്രുക്കളെ നിഷ്കരുണം വധിക്കുകയാണു വേണ്ടതു എന്നു താല്‍പര്യം.
يُثْخِنَ (യുഥ്ഖിന) എന്ന ക്രിയാരൂപത്തിന്റെ ധാത്വര്‍ത്ഥം ‘ശക്തി, പാരുഷ്യം, കാഠിന്യം, അമിതത്വം, ഉറപ്പ്, കട്ടി, നിര്‍ദ്ദയത്വം’ എന്നൊക്കെയാകുന്നു. രോഗം മൂര്‍ച്ഛിച്ചു എന്ന അര്‍ത്ഥത്തില്‍ اثخنه المرض എന്നും, ഒരു കാര്യത്തില്‍ അമിതമായി പ്രവര്‍ത്തിച്ചു എന്ന അര്‍ത്ഥത്തില്‍ اثخن في الامر എന്നും ശത്രുക്കളെ നിര്‍ദ്ദയം വധിച്ചു എന്ന അര്‍ത്ഥത്തില്‍ اثخن في العدو എന്നുമൊക്കെ പറയാറുണ്ട്. ഈ അര്‍ത്ഥങ്ങളെ ചൂണ്ടിക്കാട്ടിക്കൊണ്ട് ഇമാം റാസീ (رحمه الله) പറയുന്നു: ‘അപ്പോള്‍ حَتَّىٰ يُثْخِنَ فِي الْأَرْضِ എന്നു അല്ലാഹു പറഞ്ഞതിന്റെ ഉദ്ദേശ്യം, പ്രവാചകനു ഊക്കും, ശക്തിയും കൈവരുകയും, അദ്ദേഹം (ശത്രുക്കളെ) ജയിച്ചടക്കുകയും, കീഴടക്കുകയും ചെയ്യുന്നതുവരെ എന്നാകുന്നു. ശത്രുക്കളെ അമിതമായി കൊലപ്പെടുത്തുന്നതു വരെ എന്നാണു പല വ്യാഖ്യാതാക്കളും അതിനു അര്‍ത്ഥം പറയുന്നത്. ഭരണവും വാഴ്ചയും ശക്തിപ്പെടുന്നതു അതുകൊണ്ടാണല്ലോ എന്നാണവര്‍ അതിനു കാരണം പറയുന്നത്. ഇമാം ബുഖാരീ (رحمه الله) ഈ സൂറത്തിലെ ചില വാക്കുകളുടെ അര്‍ത്ഥം പറയുന്ന കൂട്ടത്തില്‍, يُثْخِنَ എന്ന വാക്കിനു يَغْلِبُ (ജയിച്ചടക്കുക) എന്നു അര്‍ത്ഥം പറഞ്ഞതും, പല വ്യാഖ്യാതാക്കളും يبالغ في القتل (അധികമായി കൊല നടത്തുക) എന്നു അര്‍ത്ഥം നല്‍കാറുള്ളതെല്ലാം ഒരേ സാരത്തിലാണു കലാശിക്കുന്നതെന്നു റാസീ (رحمه الله) യുടെ ഈ വിവരണത്തില്‍ നിന്നു മനസ്സിലാക്കാം. അവിശ്വാസികളെ യുദ്ധത്തില്‍വെച്ചു കണ്ടുമുട്ടിയാല്‍ അവരുടെ പിരടിക്കു വെട്ടണമെന്നു പറഞ്ഞശേഷം, നിര്‍ദ്ദയം അവരെ ജയിച്ചടക്കിക്കഴിഞ്ഞാല്‍ ബന്ധനം ശക്തിപ്പെടുത്തണമെന്നും, പിന്നീടു ദാക്ഷിണ്യം നല്‍കി വിട്ടയക്കുകയോ, മോചനമൂല്യം വാങ്ങി വിട്ടയക്കുകയോ ചെയ്യാമെന്നും സൂ: മുഹമ്മദ് 4-ാം വചനത്തില്‍ കാണാവുന്നതാണ്. (കൂടുതല്‍ വിവരം അവിടെ നോക്കുക).
2. നിങ്ങള്‍ ഐഹിക ജീവിതത്തെ ഉദ്ദേശിക്കുന്നു. അല്ലാഹു പരലോകവും ഉദ്ദേശിക്കുന്നു (تُرِيدُونَ عَرَضَ الدُّنْيَا وَاللَّـهُ يُرِيدُ الْآخِرَةَ) ബന്ധനസ്ഥരില്‍ നിന്നു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയുടെ അനുമതിയോടു കൂടി മുസ്ലിംകള്‍ മോചനമൂല്യം വാങ്ങിയതിനെ ഉദ്ദേശിച്ചാണു ഐഹിക വിഭവം എന്നു ഇവിടെ പറഞ്ഞത്. ഇതുമൂലം നിങ്ങള്‍ നിങ്ങളുടെ താല്‍ക്കാലിക നേട്ടം മാത്രമേ ഉദ്ദേശിച്ചുള്ളു, നിങ്ങള്‍ക്കു പരലോകത്തു ഗുണമുണ്ടായിരിക്കണമെന്നാണു അല്ലാഹുവിന്റെ ഉദ്ദേശ്യം, അതിനുള്ള മാര്‍ഗ്ഗമായിരുന്നു നിങ്ങള്‍ സ്വീകരിക്കേണ്ടിയിരുന്നതു എന്നു സാരം. ബന്ധനസ്ഥരോടു മോചനമൂല്യം വാങ്ങിയവരെ അഭിമുഖീകരിച്ചുകൊണ്ടാണു ഈ വാക്യമുള്ളതെങ്കിലും അതു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയുടെ അനുമതിയോടെ കൂടിയാണെന്ന നിലക്കു തിരുമേനി(صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യും, അബൂബക്കറും (رَضِيَ اللهُ تَعَالَى عَنْهُ) കരഞ്ഞുകൊണ്ടിരുന്നതും. വഹ്-യുമൂലം വ്യക്തമായി വിധി അറിയപ്പെട്ടിട്ടില്ലാത്ത വിഷയത്തില്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) സ്വന്തം അഭിപ്രായമനുസരിച്ച് യുക്തമായി തോന്നിയ തീരുമാനം എടുത്തേക്കുമെന്നും അതില്‍ വല്ലപ്പോഴും അബദ്ധം പിണഞ്ഞു കൂടായ്കയില്ലെന്നും, അബദ്ധം പിണയുന്നപക്ഷം അല്ലാഹു അതു തിരുത്താതിരിക്കുകയില്ലെന്നും പല മഹാന്മാരും അഭിപ്രായപ്പെട്ടിരിക്കുന്നത് ഇങ്ങിനെ ചില സംഭവങ്ങളെ മുന്‍നിര്‍ത്തിയാകുന്നു. ബന്ധനസ്ഥരില്‍ നിന്നു മോചനമൂല്യം വാങ്ങി വിട്ടുകൂടാ എന്നറിയിച്ചുകൊണ്ടുള്ള ഒരു വഹ്-യ് ഇതിനു മുമ്പുണ്ടായിട്ടില്ലെന്നും, ഉണ്ടായിരുന്നെങ്കില്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഒരിക്കലും അതിനു അനുവദിക്കുകയില്ലായിരുന്നുവെന്നും തീര്‍ച്ച തന്നെ. ആ സ്ഥിതിക്ക് അവര്‍ അങ്ങിനെ ചെയ്തത് കേവലം കുറ്റകരമായ ഒരു പാപകൃത്യമല്ലെങ്കിലും യഥാര്‍ത്ഥത്തില്‍ അത് നന്നല്ലാത്തതായിരുന്നു. അവര്‍ ചെയ്യേണ്ടിയിരുന്നതു അതായിരുന്നില്ല എന്നത്രെ ആക്ഷേപത്തിന്റെ മര്‍മ്മവശം. 68, 69 എന്നീ വചനങ്ങളിലെ തുടര്‍ന്നുള്ള പ്രസ്താവനകളില്‍ നിന്നുതന്നെ ഈ സംഗതി മനസ്സിലാക്കാവുന്നതാണ്. ക്വുര്‍ആന്‍ അല്ലാഹുവിന്റെ വചനമാണെന്നും, നബി തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യാതൊന്നും മൂടിവെച്ചിട്ടില്ലെന്നുമുള്ളതിനു ഈ വചനവും, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യെക്കുറിച്ചു ആക്ഷേപ സ്വരത്തില്‍ വന്നിട്ടുള്ള മറ്റു ചില ആയത്തുകളും തെളിവാണ്.
രണ്ടാമത്തെ വചനത്തില്‍ അല്ലാഹുവില്‍ നിന്ന് ഒരു മുന്‍നിശ്ചയം കഴിഞ്ഞിട്ടില്ലായിരുന്നുവെങ്കില്‍ നിങ്ങള്‍ വാങ്ങിയതില്‍ നിങ്ങള്‍ക്ക് വമ്പിച്ച ശിക്ഷ ബാധിക്കുകതന്നെ ചെയ്യുമായിരുന്നു. لَّوْلَا كِتَابٌ مِّنَ اللَّـهِ سَبَقَ لَمَسَّكُمْ فِيمَا أَخَذْتُمْ عَذَابٌ عَظِيمٌ എന്ന് പറഞ്ഞുവല്ലോ. ഈ മുന്‍നിശ്ചയം കൊണ്ടുള്ള വിവക്ഷ പല പ്രകാരത്തിലും വിവരിക്കപ്പെട്ടുകാണാം.
1. കഴിഞ്ഞ 33-ാം വചനത്തില്‍ പ്രസ്താവിച്ചതുപോലെ, സമുദായ മദ്ധ്യേ റസൂല്‍ (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) നിലവിലുള്ളപ്പോഴും, അവര്‍ പാപമോചനം തേടിക്കൊണ്ടിരിക്കുമ്പോഴും അവരെ ശിക്ഷിക്കുകയില്ലെന്ന നിശ്ചയം.
2. ബദ്റില്‍ സംബന്ധിച്ചവരുടെ പാപങ്ങള്‍ പൊറുക്കപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് ഈ വിഷയത്തില്‍ അവരെ ശിക്ഷിക്കുകയില്ലെന്ന നിശ്ചയം. അഅ്മശ് (أعمش) ഇബ്നു ജുബൈര്‍, അത്വാഉ് (റ) മുതലായവരുടെ അഭിപ്രായമാണിത്.
3. വിരോധിച്ചു കൊണ്ടുള്ള കല്‍പന മുമ്പ് വന്നിട്ടില്ലാത്തതുകൊണ്ട് അവരെ ശിക്ഷിക്കുകയില്ലെന്ന നിശ്ചയം. ഇബ്നു അബ്ബാസ് (رَضِيَ اللهُ تَعَالَى عَنْهُ) ല്‍ നിന്നും മറ്റും ഇത് നിവേദനം ചെയ്യപ്പെട്ടിരിക്കുന്നു.
4. ഗനീമത്ത് സ്വത്തുക്കള്‍ ഈ സമുദായത്തിന് അനുവദനീയമാണെന്നുള്ള മുന്‍നിശ്ചയം. ഇതും മേല്‍പറഞ്ഞ ചിലരില്‍ നിന്നും, ഹസന്‍ ബസ്വരി, ക്വത്താദഃ (റ) മുതലായവരില്‍ നിന്നും നിവേദനം ചെയ്യപ്പെട്ടിരിക്കുന്നു. ഇബ്നു ജരീര്‍ (رحمه الله) ഇതിനാണ് മുന്‍ഗണന നല്‍കുന്നത്. തുടര്‍ന്നുളള 69-ാം വചനത്തില്‍തന്നെ ഇക്കാര്യം അല്ലാഹു അറിയിച്ചിട്ടുമുണ്ടല്ലോ.
5. അബദ്ധത്തില്‍ വന്നുപോയ തെറ്റിനു മാപ്പ് നല്‍കുന്നതാണെന്ന നിശ്ചയം. ഇതാണ് റാസീ (رحمه الله) സ്വീകരിച്ചു കാണുന്നത്. യഥാര്‍ത്ഥത്തില്‍ ഇവയില്‍ ഏതെങ്കിലും ചിലതോ, ഏതാനുമോ ആയിരിക്കാം ഉദ്ദേശ്യമെന്ന് കരുതുവാനേ തരമുള്ളു. والله أعلم. ഏതായാലും ബദ്ര്‍ യുദ്ധത്തില്‍ ശത്രുക്കളെ ബന്ധനത്തില്‍വെച്ചതിനെയും, അവരില്‍ നിന്നു മോചനമൂല്യം മേടിച്ചതിനെയും സംബന്ധിച്ചല്ലാതെ, മേലില്‍ അങ്ങിനെ ചെയ്യുന്നതിനെപ്പറ്റി ഇതില്‍ ആക്ഷേപിക്കപ്പെട്ടിട്ടില്ല.
മോചനമൂല്യം വാങ്ങിവിട്ടത് അബദ്ധമായിപ്പോയെങ്കിലും അതിന്റെ പേരില്‍ നിങ്ങളെ ശിക്ഷിക്കുവാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് അറിയിച്ചതിനെത്തുടര്‍ന്നു നിങ്ങള്‍ക്ക് ഗനീമത്തായി ലഭിച്ച സ്വത്തുക്കളെ അനുവദനീയവും, വിശിഷ്ടവുമായ വിധത്തില്‍ നിങ്ങള്‍ ഉപയോഗിച്ചുകൊള്ളുക (فَكُلُوا مِمَّا غَنِمْتُمْ حَلَالًا طَيِّبًا) എന്നും അല്ലാഹു അറിയിക്കുന്നു. വാങ്ങിയത് തിരിച്ചുകൊടുക്കേണ്ടതില്ലെന്നും, അത് ഉപയോഗിക്കാമെന്നും, അതിനു വിരോധമില്ലെന്നും ഇതില്‍ നിന്ന് വ്യക്തമായി. ബന്ധനസ്ഥരോട് വാങ്ങുന്ന മോചനമൂല്യം ഗനീമത്തില്‍ ഉള്‍പ്പെട്ടതാണെന്നുകൂടി ഈ വചനത്തില്‍ നിന്ന് വ്യക്തമാകുന്നു. ഗനീമത്ത് സ്വത്തുക്കള്‍ ഉപയോഗിക്കുന്നതു അനുവദനീയമാണെന്ന് വേറെ ആയത്തുകളില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നുവെച്ചു ഇവിടെ അതിനെപ്പറ്റി ഒന്നും പ്രസ്താവിക്കാതെ, ആദ്യത്തെ രണ്ടു വചനങ്ങള്‍ (67ഉം 68ഉം) മാത്രമായിരുന്നു ഈ വിഷയത്തില്‍ അവതരിച്ചിരുന്നതെങ്കില്‍, വാങ്ങിക്കഴിഞ്ഞ ദ്രവ്യം അവര്‍ ഉപയോഗിക്കുന്നതും ആക്ഷേപകരമാണെന്ന് വരുമല്ലോ. മഹാകാരുണികനായ റബ്ബ് അവന്റെ അടിയാന്‍മാരെ സത്യവിശ്വാസികള്‍ക്കു അവര്‍ അനുഷ്ഠിക്കേണ്ടുന്ന നിയമ നിര്‍ദ്ദേശങ്ങള്‍ എത്ര യുക്തവും, വസ്തുനിഷ്ഠവുമായ രൂപത്തിലാണു വിവരിച്ചുകൊടുക്കുന്നതെന്നു ആലോചിച്ചു നോക്കുക! അവസാനമായി, എല്ലായ്പോഴും – എല്ലാ വിഷയത്തിലും – അബദ്ധം പിണയുന്നതും, അമിതത്വം വന്നുപോകുന്നതും സൂക്ഷിക്കണമെന്നു താക്കീതുചെയ്തുകൊണ്ടും, ഒപ്പംതന്നെ, അല്ലാഹുവിന്റെ കാരുണ്യത്തിലും, മാപ്പിലും സുപ്രതീക്ഷ നല്‍കിക്കൊണ്ടും അല്ലാഹു വിഷയം സമാപിക്കുന്നതും നോക്കുക! وَاتَّقُوا اللَّـهَ ۚ إِنَّ اللَّـهَ غَفُورٌ رَّحِيمٌ (അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്യുവിന്‍. നിശ്ചയമായും അല്ലാഹു വളരെ പൊറുക്കുന്നവനാണ്. കരുണാനിധിയാണ്.).
വിഭാഗം - 10
- يَـٰٓأَيُّهَا ٱلنَّبِىُّ قُل لِّمَن فِىٓ أَيْدِيكُم مِّنَ ٱلْأَسْرَىٰٓ إِن يَعْلَمِ ٱللَّهُ فِى قُلُوبِكُمْ خَيْرًا يُؤْتِكُمْ خَيْرًا مِّمَّآ أُخِذَ مِنكُمْ وَيَغْفِرْ لَكُمْ ۗ وَٱللَّهُ غَفُورٌ رَّحِيمٌ ﴾٧٠﴿
- ഹേ, നബിയേ, നിങ്ങളുടെ കൈവശങ്ങളിലുള്ള ബന്ധനസ്ഥരോടു പറയുക: 'നിങ്ങളുടെ ഹൃദയങ്ങളില്‍ വല്ല നന്‍മയും (ഉള്ളതായി) അല്ലാഹു അറിയുന്നപക്ഷം, നിങ്ങളില്‍നിന്നു വാങ്ങിയതിനെക്കാള്‍ ഉത്തമമായതു അവന്‍ നിങ്ങള്‍ക്കു നല്‍കുകയും, നിങ്ങള്‍ക്കു പൊറുത്തു തരുകയും ചെയ്യുന്നതാണ്. അല്ലാഹു വളരെ പൊറുക്കുന്നവനും, കരുണാനിധിയുമാകുന്നു.'
- يَا أَيُّهَا النَّبِيُّ ഹേ നബിയേ قُل പറയുക لِّمَن فِي أَيْدِيكُم നിങ്ങളുടെ കൈ (വശം) കളിലുള്ളവരോടു مِّنَ الْأَسْرَىٰ ബന്ധനസ്ഥരില്‍ നിന്നു إِن يَعْلَمِ അറിയുന്നപക്ഷം اللَّـهُ അല്ലാഹു فِي قُلُوبِكُمْ നിങ്ങളുടെ ഹൃദയങ്ങളില്‍ خَيْرًا വല്ല നന്‍മയും, ഗുണവും يُؤْتِكُمْ അവന്‍ നിങ്ങള്‍ക്കു നല്‍കും خَيْرًا നല്ലതു, ഉത്തമമായതു مِّمَّا أُخِذَ മേടിക്ക (എടുക്ക - വാങ്ങ) പ്പെട്ടതിനെക്കാള്‍ مِنكُمْ നിങ്ങളില്‍ നിന്നു وَيَغْفِرْ അവന്‍ പൊറുക്കുകയും ചെയ്യും لَكُمْ നിങ്ങള്‍ക്കു وَاللَّـهُ അല്ലാഹു(വോ) غَفُورٌ വളരെ പൊറുക്കുന്നവനാണു رَّحِيمٌ കരുണാനിധിയാണു
- وَإِن يُرِيدُوا۟ خِيَانَتَكَ فَقَدْ خَانُوا۟ ٱللَّهَ مِن قَبْلُ فَأَمْكَنَ مِنْهُمْ ۗ وَٱللَّهُ عَلِيمٌ حَكِيمٌ ﴾٧١﴿
- നിന്നെ ചതിക്കുവാന്‍ അവര്‍ ഉദ്ദേശിക്കുന്നുവെങ്കില്‍, (അതില്‍ പുതുമയില്ല;) അവര്‍ മുമ്പ് അല്ലാഹുവിനോടു ചതി പ്രവര്‍ത്തിക്കുകയും, എന്നിട്ട് അവന്‍ അവരെ (കീഴടക്കി) അധീനപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. [അതുപോലെ എനിയും സംഭവിക്കും]. അല്ലാഹു (എല്ലാം) അറിയുന്നവനും, അഗാധജ്ഞനുമാകുന്നു.
- وَإِن يُرِيدُوا അവര്‍ ഉദ്ദേശിക്കുന്നപക്ഷം خِيَانَتَكَ നിന്നെ ചതിക്കുന്നതിനു فَقَدْ خَانُوا എന്നാലവര്‍ ചതിച്ചിട്ടുണ്ട്, ചതി ചെയ്തിട്ടുണ്ട് اللَّـهَ അല്ലാഹുവിനെ, അല്ലാഹുവിനോടു مِن قَبْلُ മുമ്പു, മുമ്പേ فَأَمْكَنَ എന്നിട്ടവന്‍ സാധ്യമാകി, സൗകര്യപ്പെടുത്തി (അധീനപ്പെടുത്തി) مِنْهُمْ അവരെ, അവരെക്കുറിച്ചു وَاللَّـهُ അല്ലാഹു عَلِيمٌ അറിയുന്നവനാണു حَكِيمٌ അഗാധജ്ഞനാണു, യുക്തിമാനാണു
ബദ്റില്‍ തടവുകാരായി പിടിക്കപ്പെട്ടവരില്‍ നിന്നു മോചനമൂല്യം വാങ്ങിയതു അവര്‍ക്കു മനഃപ്രയാസമുളവാക്കി. അവരില്‍ ചിലര്‍, തങ്ങളുടെ സ്വന്ത ഇഷ്ടപ്രകാരമല്ലാതെ, മറ്റുള്ളവരുടെ നിര്‍ബ്ബന്ധത്തിനു വഴങ്ങിക്കൊണ്ടു പോന്നതാണെന്നു പറയുകയുണ്ടായി. അതിനെത്തുടര്‍ന്നാണു ഈ വചനങ്ങള്‍ അവതരിച്ചതെന്നു എല്ലാ ക്വുര്‍ആന്‍ വ്യാഖ്യാതാക്കളും പറയുന്നു. നിങ്ങളില്‍ നിന്നു വസൂലാക്കപ്പെട്ട ധനത്തെപ്പറ്റി നിങ്ങള്‍ പരിഭവിക്കേണ്ടതില്ല. (നിങ്ങള്‍ പറയുന്നതുപോലെ) നിങ്ങളുടെ മനസ്സില്‍ നല്ല വിചാരമുണ്ടെങ്കില്‍ അല്ലാഹു നിങ്ങളെ ഇസ്ലാമിലേക്കു നയിക്കുകയും, നിങ്ങളുടെ പാപങ്ങള്‍ പൊറുത്തു തരുകയും ചെയ്യും. നിങ്ങള്‍ നല്‍കേണ്ടി വന്ന ധനത്തേക്കാള്‍ ഉത്തമമായ നന്മകള്‍ നിങ്ങള്‍ക്കു അവന്‍ കൈവരുത്തിത്തരുകയും ചെയ്യും എന്നൊക്കെ പറഞ്ഞ് അവരെ സമാധാനിപ്പിക്കുവാന്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യോടു കല്‍പിക്കുന്നു. പുറമെ അവര്‍ എന്തു തന്നെ പറഞ്ഞാലും അവരുടെ മനസ്സില്‍ ചതിയാണുള്ളതെങ്കില്‍, അതില്‍ പരിഭവിക്കുവാനൊന്നുമില്ല. അല്ലാഹുവിനെതിരെ ചതിപ്രയോഗങ്ങള്‍ നടത്തല്‍ അവിശ്വാസികളുടെ മുമ്പേയുള്ള പതിവാണല്ലോ. അങ്ങനെയാണവര്‍ ഇപ്പോള്‍ ബന്ധനത്തിലായിത്തീര്‍ന്നതും. അതുപോലെ എനിയും അവരെ അധീനപ്പെടുത്തുവാന്‍ അല്ലാഹുവിനു കഴിയും. അവന്‍ സര്‍വ്വജ്ഞനും അഗാധജ്ഞനുമാണല്ലോ എന്നൊക്കെ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യെ സമാധാനിപ്പിക്കുകയും ചെയ്യുന്നു.
പല മഹാന്‍മാരില്‍ നിന്നുമായി ഇമാം സുഹ്‌രീ (رحمه الله) ഇപ്രകാരം ഉദ്ധരിച്ചിരിക്കുന്നു:- ‘ക്വുറൈശികളില്‍ നിന്നു (ബദ്റില്‍) ബന്ധനസ്ഥരായവര്‍ക്കുള്ള മോചനമൂല്യങ്ങള്‍ അവര്‍ അയച്ചുകൊടുത്തു. എല്ലാവരും അവരവരുടെ ആളുകള്‍ക്കുള്ള മൂല്യം നല്‍കി. (തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ പിതൃവ്യനായ) അബ്ബാസ് (رَضِيَ اللهُ تَعَالَى عَنْهُ) നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യോടു പറഞ്ഞു: ‘അല്ലാഹുവിന്റെ റസൂലേ, ഞാന്‍ മുസ്ലിമായിരുന്നു.’ തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞു: ‘താങ്കളുടെ ഇസ്ലാമിനെപ്പറ്റി അല്ലാഹുവിന് അറിയാം. താങ്കള്‍ പറയുന്ന മാതിരിയാണ് കാര്യമെങ്കില്‍ അല്ലാഹു താങ്കള്‍ക്കു പ്രതിഫലം നല്‍കും. എന്നാല്‍, പ്രത്യക്ഷത്തില്‍ താങ്കള്‍ ഞങ്ങള്‍ക്കെതിരായിരുന്നുവല്ലോ. അതുകൊണ്ട് താങ്കള്‍ക്കും, താങ്കളുടെ പിതൃവ്യപുത്രന്‍മാരായ നൗഫലുബ്നു ഹാരിഥിനും, അക്വീലുബ്നു അബീത്വാലിബിനും, താങ്കളുടെ കൂട്ടുകാരന്‍ ഉത്ബത്തുബ്നു അംറിനുമുള്ള മോചനമൂല്യം താങ്കള്‍ നല്‍കണം.’ അദ്ദേഹം പറഞ്ഞു: ‘അല്ലാഹുവിന്റെ റസൂലേ, അത് എന്റെ പക്കല്‍ ഇല്ലല്ലോ.’ അപ്പോള്‍ തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ചോദിച്ചു: ‘താങ്കളും (താങ്കളുടെ ഭാര്യ) ഉമ്മുല്‍ ഫദ്വ്-ലും കൂടി കുഴിച്ചിട്ട (ഒളിച്ചുവെച്ച) ആ ധനം എവിടെ? ഈ യാത്രയില്‍ എനിക്ക് ആപത്ത് പിണഞ്ഞാല്‍, ഈ ധനം എന്റെ മക്കള്‍ ഫള്വ്-ലിനും, അബ്ദു അല്ലാഹ് ക്കും, ക്വുഥമി (قثم)നുമുളളതാണെന്നും താങ്കള്‍ പറഞ്ഞിരുന്നുവല്ലോ.’ അബ്ബാസ് (رَضِيَ اللهُ تَعَالَى عَنْهُ) പറഞ്ഞു: ‘അല്ലാഹു തന്നെയാണ! അല്ലാഹുവിന്റെ റസൂലേ, താങ്കള്‍ അവന്റെ റസൂലാണെന്ന് നിശ്ചയമായും ഞാന്‍ മനസ്സിലാക്കുന്നു. (*) . ഇത് ഞാന്‍ ഉമ്മുല്‍ ഫദ്വ്-ലുമല്ലാതെ ഒരാളും അറിയാത്ത കാര്യമാണ്. എന്നാല്‍ റസൂലേ – എന്റെ പക്കലുണ്ടായിരുന്ന – (യുദ്ധത്തില്‍) എന്റെ പക്കല്‍ നിന്ന് നിങ്ങള്‍ പിടിച്ചെടുത്ത ആ ഇരുപതു ‘ഊക്വിയ’ (**) എനിക്ക് (മോചന മൂല്യത്തിലേക്ക്) കണക്ക് വെച്ചുതരണം.’ തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞു: ‘ഇല്ല, അത് താങ്കളില്‍ നിന്നു അല്ലാഹു ഞങ്ങള്‍ക്കു തന്നതാണ് (ഗനീമത്താണ്). അങ്ങനെ, അദ്ദേഹം തനിക്കും, രണ്ടും സഹോദരപുത്രന്‍മാര്‍ക്കും, കൂട്ടുകാരനും മോചനമൂല്യം കൊടുത്ത്. ഈ വിഷയത്തില്‍ ….يَا أَيُّهَا النَّبِيُّ قُل لِّمَن فِي أَيْدِيكُم مِّنَ الْأَسْرَىٰ എന്ന് അവതരിച്ചു. അബ്ബാസ് (رَضِيَ اللهُ تَعَالَى عَنْهُ) പറയുകയാണ്: ‘അനന്തരം ആ ഇരുപത് ‘ഊക്ക്വിയ’യുടെ സ്ഥാനത്തു ഇസ്‌ലാമില്‍ (ഞാന്‍ മുസ്‌ലിമായ ശേഷം) അല്ലാഹു എനിക്ക് ഇരുപത് അടിമകളെ നല്‍കി. ഓരോരുത്തരുടെ കയ്യിലും (ഇഷ്ടംപോലെ) ക്രയവിക്രയം നടത്തുവാനുള്ള ധനവും ഉണ്ടായിരുന്നു. അതോടുകൂടി അല്ലാഹുവിങ്കല്‍ നിന്നുള്ള പാപമോചനം ഞാന്‍ പ്രതീക്ഷിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു.
(*). ആരും അറിയാത്ത ഈ രഹസ്യം അല്ലാഹു താങ്കള്‍ക്ക് അറിയിച്ചു തന്നത് താങ്കള്‍ അവന്റെ റസൂലാണെന്നുള്ളതിന്റെ തെളിവാണ് എന്നര്‍ത്ഥം.
(**). ഒരു ഊക്വിയ: (أقية) = ഏതാണ്ട് ഒരു ഔണ്‍സു – അല്ലെങ്കില്‍ റാത്തലിന്റെ 1/12 വരുന്ന തൂക്കം. ഇരുപതു ഊക്വിയത്തൂക്കം സ്വര്‍ണ്ണമാണുദ്ദേശ്യം.
ഈ വിഷയത്തില്‍ ഏതാണ്ട് ഇതുപോലെയുള്ള വേറെയും ചില രിവായത്തുകള്‍ കാണാം. ബദ്റില്‍ വന്ന ക്വുറൈശി പട്ടാളത്തിന്റെ ചിലവുകള്‍ ഏറ്റിരുന്ന പത്ത് പ്രമാണിമാരില്‍ ഒരാളായിരുന്നു അന്ന് അബ്ബാസ് (رَضِيَ اللهُ تَعَالَى عَنْهُ) എന്നും, അതില്‍ വിനിയോഗിക്കുവാന്‍ വേണ്ടി അദ്ദേഹം കയ്യില്‍ കൊണ്ടുവന്നതായിരുന്നു പ്രസ്തുത ഇരുപത് ഊക്വിയഃ സ്വര്‍ണമെന്നും, അദ്ദേഹത്തിന്‍റെ ഊഴം എത്തുംമുമ്പ് അദ്ദേഹം തടവില്‍പെട്ടുപോയെന്നും പ്രസ്തുത രിവായത്തുകളില്‍ വന്നിരിക്കുന്നു. ഈ വചനം അവതരിച്ചത് അബ്ബാസ് (رَضِيَ اللهُ تَعَالَى عَنْهُ) ന്റെ വിഷയത്തിലായിരുന്നാല്‍ തന്നെയും ആയത്തിലെ വാക്കുകള്‍, അദ്ദേഹത്തെപ്പോലെ ഇസ്ലാമിലേക്ക് ചായ്‌വ് പ്രദര്‍ശിപ്പിക്കുകയും മോചനമൂല്യം കൊടുക്കേണ്ടിവന്നതില്‍ പരിഭവം കാണിക്കുകയും ചെയ്ത എല്ലാവരെയും ഉള്‍പ്പെടുത്തിക്കൊണ്ടാണുള്ളത്.
- إِنَّ ٱلَّذِينَ ءَامَنُوا۟ وَهَاجَرُوا۟ وَجَـٰهَدُوا۟ بِأَمْوَٰلِهِمْ وَأَنفُسِهِمْ فِى سَبِيلِ ٱللَّهِ وَٱلَّذِينَ ءَاوَوا۟ وَّنَصَرُوٓا۟ أُو۟لَـٰٓئِكَ بَعْضُهُمْ أَوْلِيَآءُ بَعْضٍ ۚ وَٱلَّذِينَ ءَامَنُوا۟ وَلَمْ يُهَاجِرُوا۟ مَا لَكُم مِّن وَلَـٰيَتِهِم مِّن شَىْءٍ حَتَّىٰ يُهَاجِرُوا۟ ۚ وَإِنِ ٱسْتَنصَرُوكُمْ فِى ٱلدِّينِ فَعَلَيْكُمُ ٱلنَّصْرُ إِلَّا عَلَىٰ قَوْمٍۭ بَيْنَكُمْ وَبَيْنَهُم مِّيثَـٰقٌ ۗ وَٱللَّهُ بِمَا تَعْمَلُونَ بَصِيرٌ ﴾٧٢﴿
- നിശ്ചയമായും, വിശ്വസിക്കുകയും, 'ഹിജ്ര' പോകുകയും, അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ തങ്ങളുടെ ധനംകൊണ്ടും, ദേഹംകൊണ്ടും സമരം നടത്തുകയും ചെയ്തവരും, ആശ്രയം നല്‍കുകയും സഹായം നല്‍കുകയും ചെയ്തവരും (അതെ) അക്കൂട്ടര്‍ - അവരില്‍ ചിലര്‍ ചിലരുടെ [തമ്മതമ്മില്‍] ബന്ധുമിത്രങ്ങളാകുന്നു. വിശ്വസിക്കുകയും, 'ഹിജ്ര' പോരാതിരിക്കുകയും ചെയ്തവരാകട്ടെ, അവര്‍ 'ഹിജ്ര' പോരുന്നതുവരെ അവരോടുള്ള മൈത്രിബന്ധത്തില്‍ യാതൊന്നും (തന്നെ) നിങ്ങള്‍ക്കില്ല. മത(വിഷയ)ത്തില്‍ അവര്‍ നിങ്ങളോടു സഹായം തേടിയെങ്കില്‍, സഹായിക്കല്‍ നിങ്ങളുടെ മേല്‍ (ബാധ്യത) ഉണ്ടു; നിങ്ങളുടെയും, തങ്ങളുടെയും ഇടയില്‍ വല്ല കരാര്‍ ബന്ധവും (നിലവില്‍) ഉള്ളതായ ജനതക്കെതിരായിട്ടൊഴികെ. [എന്നാലവരെ സഹായിക്കേണ്ട ബാധ്യതയില്ല]. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി കണ്ടറിയുന്നവനാകുന്നു.
- إِنَّ الَّذِينَ آمَنُوا നിശ്ചയമായും വിശ്വസിച്ചവര്‍ وَهَاجَرُوا ഹിജ്ര പോകുകയും وَجَاهَدُوا സമരം ചെയ്യുകയും بِأَمْوَالِهِمْ തങ്ങളുടെ സ്വത്തുക്കള്‍ (ധനം) കൊണ്ടു وَأَنفُسِهِمْ തങ്ങളുടെ ദേഹങ്ങള്‍ കൊണ്ടും فِي سَبِيلِ اللَّـهِ അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ وَالَّذِينَ آوَوا ആശ്രയം (സങ്കേതം - അഭയം - സൗകര്യം) നല്‍കിയവരും وَّنَصَرُوا അവര്‍ സഹായിക്കയും ചെയ്തു أُولَـٰئِكَ ആ കൂട്ടര്‍ بَعْضُهُمْ അവരില്‍ ചിലര്‍ أَوْلِيَاءُ ബന്ധുമിത്രങ്ങളാണു بَعْضٍ ചിലരുടെ وَالَّذِينَ آمَنُوا വിശ്വസിച്ചവരാകട്ടെ وَلَمْ يُهَاجِرُوا അവര്‍ ഹിജ്ര പോയിട്ടുമില്ല (പോകുകയും ചെയ്യാത്ത) مَا لَكُم നിങ്ങള്‍ക്കില്ല مِّن وَلَايَتِهِم അവരുടെ മൈത്രിബന്ധത്തില്‍ നിന്നു مِّن شَيْءٍ യാതൊന്നും حَتَّىٰ يُهَاجِرُوا അവര്‍ 'ഹിജ്ര' പോകുന്നതുവരെ وَإِنِ اسْتَنصَرُوكُمْ നിങ്ങളോടവര്‍ സഹായം തേടിയെങ്കില്‍ فِي الدِّينِ മതത്തില്‍ (മത കാര്യത്തില്‍) فَعَلَيْكُمُ എന്നാല്‍ നിങ്ങളുടെ മേലുണ്ടു (ബാധ്യത) النَّصْرُ സഹായം, സഹായിക്കല്‍ إِلَّا عَلَىٰ قَوْمٍ ഒരു ജനതയുടെമേല്‍ (എതിരില്‍ ഒഴികെ) بَيْنَكُمْ നിങ്ങള്‍ക്കിടയിലുണ്ട് وَبَيْنَهُم അവര്‍ക്കിടയിലും مِّيثَاقٌ വല്ല കരാറും (ഉടമ്പടിയും) وَاللَّـهُ അല്ലാഹു بِمَا تَعْمَلُونَ നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി بَصِيرٌ കാണുന്നവനാണു
- وَٱلَّذِينَ كَفَرُوا۟ بَعْضُهُمْ أَوْلِيَآءُ بَعْضٍ ۚ إِلَّا تَفْعَلُوهُ تَكُن فِتْنَةٌ فِى ٱلْأَرْضِ وَفَسَادٌ كَبِيرٌ ﴾٧٣﴿
- അവിശ്വസിച്ചവരാകട്ടെ, അവരില്‍ ചിലര്‍ ചിലരുടെ [തമ്മതമ്മില്‍] ബന്ധുമിത്രങ്ങളാകുന്നു. ഇതു (പ്രകാരം) നിങ്ങള്‍ ചെയ്യുന്നില്ലെങ്കില്‍, ഭൂമിയില്‍ കുഴപ്പവും, വലുതായ നാശവും ഉണ്ടായിത്തീരും.
- وَالَّذِينَ كَفَرُوا അവിശ്വസിച്ചവരാകട്ടെ بَعْضُهُمْ അവരില്‍ ചിലര്‍ أَوْلِيَاءُ ബന്ധുമിത്രങ്ങളാണു بَعْضٍ ചിലരുടെ إِلَّا تَفْعَلُوهُ അതു (ഇതു) നിങ്ങള്‍ ചെയ്യുന്നില്ലെങ്കില്‍ تَكُن ഉണ്ടായിത്തീരും فِتْنَةٌ കുഴപ്പം فِي الْأَرْضِ ഭൂമിയില്‍ وَفَسَادٌ നാശവും كَبِيرٌ വലുതായ
റസൂല്‍ (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയുടെ കാലത്തുള്ള സത്യവിശ്വാസികളെ അല്ലാഹു നാലായി തരം തിരിക്കുന്നു.
1. ആദ്യകാലത്തു തന്നെ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യില്‍ വിശ്വസിക്കുകയും സ്വദേശം വിട്ടു മദീനായിലേക്കു ഹിജ്ര പോന്ന് അവിടെ അഭയം പ്രാപിക്കുകയും ചെയ്ത മുഹാജിറുകള്‍. ദീനിനുവേണ്ടി വളരെയധികം മര്‍ദ്ദനങ്ങളും കഷ്ടപ്പാടുകളും അനുഭവിച്ചശേഷം, നാടും വീടും സ്വത്തും കുടുംബവുമെല്ലാം ത്യജിച്ചും, എത്രയോ ക്ലേശങ്ങള്‍ സഹിച്ചുകൊണ്ടു മദീനായില്‍ വന്നു താമസമാക്കിയവരാണവര്‍. ഹിജ്രക്കു മുമ്പും പിമ്പും തന്നെ അവരുടെ ദേഹവും, ധനവും അവര്‍ ദീനിനുവേണ്ടി വിനിയോഗിച്ചു. ഇവരെക്കുറിച്ചാണു ആദ്യം إِنَّ الَّذِينَ آمَنُوا وَهَاجَرُوا وَجَاهَدُوا بِأَمْوَالِهِمْ وَأَنفُسِهِمْ (വിശ്വസിക്കുകയും, ഹിജ്ര പോരുകയും, ധനം കൊണ്ടും ദേഹം കൊണ്ടും സമരം ചെയ്യുകയും ചെയ്തവര്‍ എന്നു പറഞ്ഞത്. സഹാബികളെക്കുറിച്ചു പറയുമ്പോള്‍, ഇവിടെയെന്നപോലെ വേറെ സ്ഥലങ്ങളിലും മുഹാജിറുകള്‍ക്കു ഒന്നാം സ്ഥാനം നല്‍കിയിരിക്കുന്നതായി കാണാവുന്നതാണ്.
2. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിക്കും സ്വദേശം ത്യജിച്ചു ചെല്ലുന്ന മുഹാജിറുകള്‍ക്കും ആശ്രയവും അഭയവും നല്‍കി എല്ലാ വിധ സഹായ സഹകരണങ്ങളും ചെയ്തുകൊടുത്ത മദീനാക്കാരായ അന്‍സാരികള്‍. ഇവരെപ്പറ്റിയാണു وَالَّذِينَ آوَوا وَّنَصَرُوا (ആശ്രയം നല്‍കുകയും സഹായിക്കുകയും ചെയ്തവര്‍) എന്നു പറഞ്ഞതു. ഈ രണ്ടുകൂട്ടരും പരസ്പരം ബന്ധുമിത്രങ്ങളാണു (أُولَـٰئِكَ بَعْضُهُمْ أَوْلِيَاءُ بَعْضٍ) എന്നും പറഞ്ഞിരിക്കുന്നു. അതെ സഹായസഹകരണം, സ്നേഹം, ഗുണകാംക്ഷ, സാഹോദര്യം, സുഖദുഃഖങ്ങളില്‍ കൂട്ടുത്തരവാദിത്വം ആദിയായവയില്‍ അവരന്യോന്യം ബാധ്യസ്ഥരും ബന്ധപ്പെട്ടു കഴിയേണ്ടവരുമാണ്. ഈ തത്വം രണ്ടു കൂട്ടരും അക്ഷരാര്‍ത്ഥത്തില്‍ തന്നെ പാലിച്ചു പോന്നിട്ടുണ്ടെന്നുള്ളതു ചരിത്ര പ്രസിദ്ധമത്രെ. അന്‍സാരികള്‍ അവരുടെ നാടും, വീടും, സ്വത്തും, കൃഷിയിടവുമെല്ലാം തന്നെ മുഹാജിറുകള്‍ക്കു ഭാഗിച്ചു കൊടുത്ത് ഒരേ വീട്ടിലെ ഏകോദര സഹോദരങ്ങളേക്കാള്‍ അടുപ്പത്തില്‍ കഴിഞ്ഞുകൂടി. ആദ്യം സ്വത്തവകാശം പോലും അവര്‍ക്കിടയില്‍ സ്ഥാപിതമായിരുന്നു. ക്രമേണ മുഹാജിറുകള്‍ ആ നാട്ടുകാരുമായി മാറുകയും, സ്വന്തം കാലില്‍ നില്‍ക്കുമാറാകുകയും ചെയ്ത ശേഷമാണ് – മിക്കവാറും ബദ്ര്‍ യുദ്ധം കഴിഞ്ഞതിനുശേഷം – താഴെ പറയുന്നതുപോലെ പ്രസ്തുത സ്വത്തവകാശ സമ്പ്രദായം ഇല്ലാതാക്കപ്പെട്ടത്.
3. നേരത്തെത്തന്നെ സത്യവിശ്വാസം സ്വീകരിച്ചു കഴിഞ്ഞിട്ടുണ്ടെങ്കിലും ശിര്‍ക്കിന്റെ നാട്ടില്‍ നിന്നു ഹിജ്ര പോന്ന്‍ മുസ്ലിംകളോടോപ്പം താമസമാക്കിക്കഴിഞ്ഞിട്ടില്ലാത്തവര്‍ ഇവരെക്കുറിച്ചാണു وَالَّذِينَ آمَنُوا وَلَمْ يُهَاجِرُوا (വിശ്വസിക്കുകയും, ഹിജ്ര പോകാതിരിക്കുകയും ചെയ്തവര്‍) എന്നു പറഞ്ഞത്. ഇവര്‍ സത്യവിശ്വാസികളാണെങ്കിലും ഹിജ്ര പോന്നിട്ടില്ലാത്ത സ്ഥിതിക്കു മക്കായിലെ അന്നത്തെ പരിതസ്ഥിതിയില്‍ അവരുമായി കൂട്ടുബന്ധം പാലിക്കുക സാദ്ധ്യമല്ലല്ലോ. അതുകൊണ്ടു അവര്‍ ഹിജ്ര വരുന്നതുവരെ അവരോടു മേല്‍പ്രകാരം മിത്രബന്ധം പാലിക്കേണ്ടുന്ന ചുമതല മുഹാജിറുകള്‍ക്കും അന്‍സാരികള്‍ക്കും ഇല്ല مَا لَكُم مِّن وَلَايَتِهِم مِّن شَيْءٍ حَتَّىٰ يُهَاجِرُوا എന്നു അല്ലാഹു അറിയിക്കുന്നു. എങ്കിലും സത്യവിശ്വാസികളെന്ന നിലക്ക് അവരുടെ മതരംഗത്തു ശത്രുക്കളുടെ ഭാഗത്തു നിന്നു വല്ല അനിഷ്ട സംഭവങ്ങളും നേരിടുമ്പോള്‍ അവര്‍ സഹായത്തിനപേക്ഷിച്ചാല്‍ അവരെ സഹായിക്കല്‍ നിര്‍ബ്ബന്ധവുമാകുന്നു وَإِنِ اسْتَنصَرُوكُمْ فِي الدِّينِ فَعَلَيْكُمُ النَّصْرُ . എന്നാല്‍, ആ സഹായം മുസ്ലിംകളുമായി വല്ല കരാറിലോ സന്ധി നിശ്ചയത്തിലോ ഇരിക്കുന്ന അവിശ്വാസികള്‍ക്കെതിരായിരിക്കുവാന്‍ പാടില്ല إِلَّا عَلَىٰ قَوْمٍ بَيْنَكُمْ وَبَيْنَهُم مِّيثَاقٌ . അഥവാ, അങ്ങിനെയാണെങ്കില്‍ ആ സഹായം ആ നിശ്ചയങ്ങള്‍ക്കു എതിരായിത്തീരുവാന്‍ പാടില്ല. ഇങ്ങിനെയുള്ള കാര്യങ്ങളെല്ലാം നിങ്ങള്‍ ശരിക്കു ഗൗനിക്കുകയും സൂക്ഷിക്കുകയും ചെയ്യുന്നുണ്ടോ, ഇല്ലേ എന്നു അല്ലാഹു കണ്ടും വീക്ഷിച്ചുംകൊണ്ടിരിക്കുന്നുണ്ടെന്നു وَاللَّـهُ بِمَا تَعْمَلُونَ بَصِيرٌ ഉണര്‍ത്തിക്കൊണ്ടു അവയുടെ പ്രാധാന്യം ഒന്നുകൂടി ഓര്‍മ്മിപ്പിചിരിക്കുന്നു.
നാലാമാത്തെ വിഭാഗം സത്യവിശ്വാസികളെപ്പറ്റി സൂറത്തിന്റെ അവസാനത്തിലെ വചനത്തിലാണു പ്രസ്താവിച്ചിരിക്കുന്നത്. അതിനുമുമ്പായി, അവിശ്വാസികളുടെ നിലയെപ്പറ്റി പ്രസ്താവിച്ചിരിക്കുകയാണ്. അതെ, وَالَّذِينَ كَفَرُوا بَعْضُهُمْ أَوْلِيَاءُ بَعْضٍ (അവിശ്വസിച്ചവര്‍- അവരില്‍ ചിലര്‍ ചിലരുടെ ബന്ധുമിത്രങ്ങളാകുന്നു). മുശ്രിക്കുകളെന്നോ, വേദക്കാരെന്നോ വ്യത്യാസമില്ലാതെ അവര്‍ പരസ്പരം സംഘടിച്ചും കൂട്ടുകെട്ടിലും കഴിയുന്നവരാണ്. അവര്‍ തമ്മില്‍ പല നിലക്കുമുള്ള വിയോജിപ്പും ശത്രുതയും ഉണ്ടായിരിക്കുമെങ്കിലും ഇസ്ലാമിനും മുസ്ലിംകള്‍ക്കും എതിരെയുള്ള സംരംഭങ്ങളില്‍ അവരെല്ലാം ഒരുപോലെത്തന്നെ. യഹൂദികളും മുശ്രിക്കുകളുമാണല്ലോ അന്നു പ്രധാന ശത്രുക്കളായി രംഗത്തുള്ളവര്‍. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയില്‍ വിശ്വസിച്ചില്ലെങ്കില്‍പോലും അവിടുത്തോടു മുശ്രിക്കുകളെക്കാള്‍ മമതയിലും രഞ്ജിപ്പിലും കഴിയേണ്ടിയിരുന്നവരാണു യഹൂദികള്‍. എന്നിട്ടും, മുശ്രിക്കുകളോടു കൂട്ടുചേര്‍ന്നു ഗൂഡമായും, പരസ്യമായും മുസ്ലിംകളെ എതിര്‍ക്കുകയാണവര്‍ ചെയ്തത്. അവിശാസികള്‍ ഏതു വിഭാഗത്തില്‍ പെട്ടവരായിരുന്നാലും ഇസ്ലാമിനെതിരില്‍ അവരെല്ലാം പരസ്പരം മൈത്രി ഭാവമുള്ളവരായിരിക്കുമെന്നുള്ളതിനു ഇതുതന്നെ തെളിവാണല്ലോ. പില്‍ക്കാല ചരിത്രങ്ങളില്‍ ഇതിനു ധാരാളം തെളിവുകള്‍ കാണാവുന്നതുമാകുന്നു.
അവസാനം അല്ലാഹു സത്യവിശ്വാസികളെ ഗൗരവപൂര്‍വ്വം താക്കീതു ചെയ്യുന്നു: إِلَّا تَفْعَلُوهُ تَكُن فِتْنَةٌ فِي الْأَرْضِ وَفَسَادٌ كَبِيرٌ (ഇപ്രകാരം നിങ്ങള്‍ ചെയ്യുന്നില്ലെങ്കില്‍ ഭൂമിയില്‍ കുഴപ്പവും വലിയ നാശവും ഉണ്ടായിത്തീരും) നിങ്ങള്‍ പരസ്പരം ബന്ധുമിത്രങ്ങളായി വര്‍ത്തിക്കുക, തമ്മതമ്മില്‍ സഹായ സഹകരണം ചെയ്യുക, അവിശ്വാസികളെ മിത്രങ്ങളാക്കാതിരിക്കുക. കരാറു വ്യവസ്ഥകള്‍ക്കു ലംഘനം വരുത്താതിരിക്കുക മുതലായി മേല്‍ പ്രസ്താവിച്ച തത്വങ്ങള്‍ ശരിക്കും നിങ്ങള്‍ പ്രാവര്‍ത്തികമാക്കാത്ത പക്ഷം, അതു ഇസ്ലാമിനും നിങ്ങള്‍ക്കും വമ്പിച്ച അനര്‍ത്ഥവും ആപത്തും വരുത്തിത്തീര്‍ക്കുമെന്നു നിങ്ങള്‍ സദാ ഓര്‍മ്മവെക്കണമെന്നു സാരം. അവിശ്വാസികള്‍ പരസ്പരം ബന്ധുമിത്രങ്ങളാണെന്നും, സത്യവിശ്വാസികളും അവരും തമ്മില്‍ ബന്ധുമിത്രങ്ങളല്ലെന്നുമുള്ള തത്വത്തിന്റെ അടിസ്ഥാനത്തിലാണു ‘മുസ്ലിം കാഫിറിനെയും, കാഫിര്‍ മുസ്ലിമിനെയും അനന്തരമെടുക്കുകയില്ല’ എന്നു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അരുളിച്ചെയ്തിരിക്കുന്നതും. മുഹാജിറുകളെയും, അന്‍സാരികളെയും പ്രശംസിച്ചു കൊണ്ടു അല്ലാഹു പറയുന്നു:-
- وَٱلَّذِينَ ءَامَنُوا۟ وَهَاجَرُوا۟ وَجَـٰهَدُوا۟ فِى سَبِيلِ ٱللَّهِ وَٱلَّذِينَ ءَاوَوا۟ وَّنَصَرُوٓا۟ أُو۟لَـٰٓئِكَ هُمُ ٱلْمُؤْمِنُونَ حَقًّا ۚ لَّهُم مَّغْفِرَةٌ وَرِزْقٌ كَرِيمٌ ﴾٧٤﴿
- വിശ്വസിക്കുകയും, ഹിജ്ര പോകുകയും, അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ സമരം ചെയ്യുകയും ചെയ്തവരും, ആശ്രയം നല്‍കുകയും സഹായിക്കുകയും ചെയ്തവരും, (അതെ) അക്കൂട്ടര്‍ത്തന്നെയാണ് യഥാര്‍ത്ഥത്തില്‍ സത്യവിശ്വാസികള്‍. അവര്‍ക്കു പാപമോചനവും, മാന്യമായ ഉപജീവനവുമുണ്ടായിരിക്കും.
- وَالَّذِينَ آمَنُوا വിശ്വസിച്ചവരാകട്ടെ وَهَاجَرُوا ഹിജ്ര പോകുകയും ചെയ്ത وَجَاهَدُوا സമരം ചെയ്യുകയും ചെയ്ത فِي سَبِيلِ اللَّـهِ അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ وَالَّذِينَ آوَوا ആശ്രയം (അഭയം) നല്‍കിയവരും وَّنَصَرُوا സഹായിക്കുകയും ചെയ്ത أُولَـٰئِكَ هُمُ അക്കൂട്ടര്‍ത്തന്നെ الْمُؤْمِنُونَ സത്യവിശ്വാസികള്‍ حَقًّا യഥാര്‍ത്ഥത്തില്‍ لَّهُم അവര്‍ക്കുണ്ടു مَّغْفِرَةٌ പാപമോചനവും وَرِزْقٌ ഉപജീവനവും, ആഹാരവും كَرِيمٌ മാന്യമായ
ഇവരാണു പരിപൂര്‍ണ്ണമായ അര്‍ത്ഥത്തിലുള്ള യഥാര്‍ത്ഥ സത്യവിശ്വാസികള്‍, ഇവരില്‍ ഉള്‍പെടാത്ത സത്യവിശ്വാസികള്‍ക്കു ഇവരുടെ അത്ര ഉന്നത നിലവാരവും പദവികളുമില്ല എന്നു സാരം. തുടര്‍ന്നു പറയുന്നതു നോക്കുക.
- وَٱلَّذِينَ ءَامَنُوا۟ مِنۢ بَعْدُ وَهَاجَرُوا۟ وَجَـٰهَدُوا۟ مَعَكُمْ فَأُو۟لَـٰٓئِكَ مِنكُمْ ۚ وَأُو۟لُوا۟ ٱلْأَرْحَامِ بَعْضُهُمْ أَوْلَىٰ بِبَعْضٍ فِى كِتَـٰبِ ٱللَّهِ ۗ إِنَّ ٱللَّهَ بِكُلِّ شَىْءٍ عَلِيمٌۢ ﴾٧٥﴿
- പിന്നീടു വിശ്വസിക്കുകയും, 'ഹിജ്ര' പോരുകയും, നിങ്ങളോടൊപ്പം സമരം ചെയ്യുകയും ചെയ്തവര്‍, അക്കൂട്ടര്‍ - നിങ്ങളില്‍ പെട്ടവര്‍ (തന്നെ) ആകുന്നു. രക്തബന്ധങ്ങളുള്ളവരാകട്ടെ, അല്ലാഹുവിന്റെ ഗ്രന്ഥത്തില്‍ (അഥവാ നിയമ നിശ്ചയത്തില്‍) അവരില്‍ ചിലര്‍ ചിലരോടു [തമ്മതമ്മില്‍] കൂടുതല്‍ ബന്ധപ്പെട്ടവരാകുന്നു. നിശ്ചയമായും അല്ലാഹു, എല്ലാ കാര്യത്തെക്കുറിച്ചും അറിയുന്നവനാകുന്നു.
- وَالَّذِينَ آمَنُوا വിശ്വസിച്ചവരാകട്ടെ مِن بَعْدُ ശേഷമായി, പിന്നീടു وَهَاجَرُوا ഹിജ്ര പോകുകയും وَجَاهَدُوا സമരം ചെയ്യുകയും ചെയ്ത مَعَكُمْ നിങ്ങളുടെ കൂടെ فَأُولَـٰئِكَ അക്കൂട്ടര്‍ مِنكُمْ നിങ്ങളില്‍ പെട്ടവരാണു وَأُولُو ഉള്ളവര്‍, ഉടയവര്‍ الْأَرْحَامِ രക്തബന്ധങ്ങള്‍ بَعْضُهُمْ അവരില്‍ ചിലര്‍ أَوْلَىٰ അധികം ബന്ധപ്പെട്ട (അണഞ്ഞ) വരാണു بِبَعْضٍ ചിലരോടു, ചിലരുമായി فِي كِتَابِ ഗ്രന്ഥ(നിയമ - നിശ്ചയ)ത്തില്‍ اللَّـهِ അല്ലാഹുവിന്റെ إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു بِكُلِّ شَيْءٍ എല്ലാ കാര്യത്തെപ്പറ്റിയും عَلِيمٌ അറിയുന്നവനാണ്
നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ കാലത്തെ സത്യവിശ്വാസികള്‍ നാലു തരക്കാരാണെന്നും, അവരില്‍ ആദ്യത്തെ മൂന്നു തരക്കാര്‍ ഏതെല്ലാമാണെന്നും മുമ്പു പറഞ്ഞുവല്ലോ. അവരില്‍ നാലാമത്തെ തരക്കാരെപ്പറ്റിയാണു ഈ വചനത്തില്‍ ആദ്യഭാഗത്തില്‍ പ്രസ്താവിക്കുന്നതു. അതായതു, ആദ്യത്തെ മുഹാജിറുകളോടൊപ്പം സത്യവിശ്വാസം സ്വീകരിച്ചു ഹിജ്ര പോകുകയുണ്ടായിട്ടില്ലെങ്കിലും, പിന്നീടു വിശ്വസിക്കുകയും മദീനായിലേക്ക് ഹിജ്ര പോകുകയും, ഇസ്ലാമിനു വേണ്ടിയുള്ള സമരങ്ങളില്‍ തങ്ങളുടെ മുന്‍ഗാമികളായ നിങ്ങളോടൊപ്പം പങ്കെടുക്കുകയും ചെയ്തിട്ടുള്ളവര്‍. അവരും നിങ്ങളില്‍പെട്ടവര്‍ തന്നെയാണു. അവരെ അന്യരായി ഗണിച്ചുകൂടാ. അവരോടും നിങ്ങള്‍ മൈത്രിയോടെ വര്‍ത്തിക്കണമെന്നു സാരം.
മുഹാജിറുകളും, അന്‍സാരികളും തമ്മില്‍ ബന്ധുമിത്രങ്ങളാണെന്നും, അവര്‍ പരസ്പരം ബന്ധപ്പെട്ടു കഴിയേണ്ടവരാണെന്നും വിവരിച്ചശേഷം, ആ ബന്ധത്തെക്കാള്‍ ശക്തിപ്പെട്ടതും തീരെ മുറിഞ്ഞു പോകാത്തതുമായ ഒരു ബന്ധമാണു രക്തച്ചാര്‍ച്ചയുടെ ബന്ധമെന്നും, അതുകൊണ്ടു രക്തബന്ധമുള്ളവര്‍ തമ്മില്‍ കൂടുതല്‍ ചില ബന്ധങ്ങളുണ്ടെന്നും അല്ലാഹു അറിയിക്കുന്നു. ഈ വചനത്തോടുകൂടി, മുഹാജിറുകളും അന്‍സാരികളും തമ്മില്‍, തല്‍ക്കാല സാഹചര്യങ്ങള്‍ക്കനുസരിച്ചു ഏര്‍പ്പെടുത്തപ്പെട്ടിരുന്ന സ്വത്തവകാശ സമ്പ്രദായം നിറുത്തല്‍ ചെയപ്പെടുകയുണ്ടായി. സ്വത്തവകാശം കുടുംബബന്ധമുള്ളവര്‍ തമ്മില്‍ മാത്രമായി നിലനിറുത്തപ്പെടുകയും ചെയ്തു. ഇതാണ് ക്വുര്‍ആന്‍ മുഖേന ഇസ്ലാമിലെ സ്ഥിരമായ സ്വത്തവകാശ നിയമമെന്നത്രെ فِي كِتَابِ اللَّـهِ (അല്ലാഹുവിന്റെ ഗ്രന്ഥത്തില്‍) എന്ന വാക്കിന്റെ താല്‍പര്യം. കുടുംബബന്ധമാണു കൂടുതല്‍ ശക്തമായ ബന്ധമെന്നുള്ള തത്വത്തിന്റെ അടിസ്ഥാനത്തില്‍, സ്വത്തവകാശമല്ലാത്ത വേറെയും ചില അവകാശങ്ങള്‍ നിലവിലുണ്ട്. വിവാഹകാര്യം, സ്വത്തിന്റെ ക്രയവിക്രയം, ജനാസ ശുശ്രൂഷണം തുടങ്ങിയ വിഷയങ്ങളില്‍ ചിലര്‍ക്കുവേണ്ടി കൈകാര്യം നടത്തുവാന്‍ ചിലര്‍ക്കു നിയമപരമായി നല്‍കപ്പെട്ടിട്ടുള്ള അവകാശങ്ങളും, അധികാരങ്ങളും ആ അടിസ്ഥാനത്തിലാകുന്നു.
അബൂദാവൂദ് ത്വയാലസീയും, ത്വബ്റാനീയും (റ) മറ്റും ഇബ്നുഅബ്ബാസ് (رَضِيَ اللهُ تَعَالَى عَنْهُ) പറഞ്ഞതായി ഇങ്ങിനെ രിവായത്തു ചെയ്യുന്നു: ‘റസൂല്‍ (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അവിടുത്തെ സഹാബികള്‍ക്കിടയില്‍ സഹോദര്യബന്ധം സ്ഥാപിക്കുകയും അവര്‍ക്കിടയില്‍ അനന്തരാവകാശം സ്ഥാപിക്കുകയും ചെയ്തു. ..وَأُولُو الْأَرْحَامِ بَعْضُهُمْ أَوْلَىٰ بِبَعْضٍ فِي كِتَابِ اللَّـهِ (രക്തബന്ധമുള്ളവര്‍ തമ്മതമ്മില്‍ അല്ലാഹുവിന്റെ ഗ്രന്ഥത്തില്‍ കൂടുതല്‍ ബന്ധപ്പെട്ടവരാണു) എന്ന വചനം അവതരിക്കുന്നതുവരെ. അതു അവതരിച്ചപ്പോള്‍ അതു ഉപേക്ഷിക്കുകയും, കുടുംബബന്ധം മുഖേനയുള്ള അനന്തരാവകാശം ഏര്‍പ്പെടുത്തുകയും ചെയ്തു.’ والله أعلم
اللهم لك الحمد والمنة
كان الانتهاء من تسويد تفسير هذه السورة حيثما انتسفت ليلة السبت الثانية والعشرين من ربيع الاول سنة 1397 الموافق 77312 م – ومن ضحى يوم الجمعة الثلاثين من ذى الحجة الحرام سنة 1398 ه الموافق 78121 م, م في
والحمد لله اولأ وآخرا