അൻഫാൽ (യുദ്ധമുതൽ)

മദീനയില്‍ അവതരിച്ചത് – വചനങ്ങള്‍ 75- വിഭാഗം (റുകുഉ്) 10

[വചനങ്ങള്‍ 76 ആയും എണ്ണപ്പെട്ടിരിക്കുന്നു. 30 മുതല്‍ 36 കൂടിയ ഏഴു വചനങ്ങള്‍ മക്കയില്‍ അവതരിച്ചവയാണെന്നും അഭിപ്രായമുണ്ട്.]

 بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ

പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍.

വിഭാഗം - 1

أَنفَال (അന്‍ഫാല്‍) എന്ന വാക്കു نَفَال (നഫല്‍) ന്റെ ബഹുവചനമാകുന്നു. നിര്‍ബ്ബന്ധമായതിനെക്കാള്‍ അധികമുള്ളതു എന്നത്രെ അതിന്റെ ധാതുപരമായ സാക്ഷാല്‍ അര്‍ത്ഥം. ഐച്ഛികമായ സുന്നത്ത്‌ നമസ്കാരങ്ങള്‍ക്കു نَفَال എന്നും نَافِلَة എന്നുമൊക്കെ പറയുന്നതു അതുകൊണ്ടാകുന്നു. യുദ്ധത്തില്‍ ശത്രുപക്ഷത്തു നിന്നു ലഭിക്കുന്ന ‘ഗനീമത്തു’ (غَنِيمَة) സ്വത്തുക്കള്‍ക്കാണു സാധാരണ أَنفَال എന്നു പറയപ്പെടുന്നത്. അതാണു ഇവിടെ അതുകൊണ്ടു വിവക്ഷ. മുന്‍ പ്രവാചകന്‍മാര്‍ക്കു സിദ്ധിച്ചിട്ടില്ലാത്ത അഞ്ചു കാര്യങ്ങള്‍ എനിക്കു നല്‍കപ്പെട്ടിരിക്കുന്നുവെന്നു പറഞ്ഞുകൊണ്ട് ആ അഞ്ചു കാര്യങ്ങള്‍ എണ്ണിപ്പറഞ്ഞ കൂട്ടത്തില്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞു “‘ഗനീമത്തു’ സ്വത്തുക്കള്‍ എനിക്കു അനുവദിക്കപ്പെട്ടിരിക്കുന്നു. മുമ്പ് അതു ആര്‍ക്കും അനുവദിക്കപ്പെട്ടിട്ടില്ല.” (ബു. മു). പക്ഷേ, വിശദീകരണങ്ങളില്‍ ഈ രണ്ടു പേരുകളും – ‘നഫലും ഗനീമത്തും’ – തമ്മില്‍ അല്‍പ സ്വല്‍പ വ്യത്യാസം കാണപ്പെടുമെങ്കിലും മൊത്തത്തില്‍ രണ്ടും ഒരേ അര്‍ത്ഥത്തിലാണു ഉപയോഗിക്കപ്പെട്ടുവരുന്നത്.

ബദ്ര്‍ യുദ്ധത്തിലെ ഗനീമത്തു സ്വത്തുക്കള്‍ ഭാഗിക്കുന്ന അവസരത്തില്‍, യുദ്ധത്തില്‍ സംബന്ധിച്ചിരുന്ന യുവാക്കളും, പുറമെ നിന്നു അവര്‍ക്കു ഒത്താശകള്‍ ചെയ്തുകൊടുത്തിരുന്ന വയസ്സു ചെന്നവരും തമ്മിലുണ്ടായ അഭിപ്രായ ഭിന്നതകളെത്തുടര്‍ന്നാണു ഈ സൂറത്തിന്റെ അവതരണമുണ്ടായത്. അബൂദാവൂദ്, നസാഈ (رحمهما الله) മുതലായവര്‍ ഇബ്നുഅബ്ബാസ് (رَضِيَ اللهُ تَعَالَى عَنْهُ)ല്‍ നിന്നു നിവേദനം ചെയ്യുന്നു: “(യുദ്ധത്തില്‍) ഇന്നിന്ന പ്രവൃത്തികള്‍ ചെയ്തവര്‍ക്കു ഇന്നിന്നതു ലഭിക്കും” എന്നു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറയുകയുണ്ടായി. പ്രായം ചെന്നവര്‍ കൊടികളുടെ ചുവട്ടില്‍ നിലയുറപ്പിച്ചു. യുവാക്കള്‍ ശത്രുക്കളെ വധിക്കുവാനും, ഗനീമത്തുകള്‍ എടുക്കുവാനും തിടുക്കംകൂട്ടി. അപ്പോള്‍, വയസ്സു ചെന്നവര്‍ പറഞ്ഞു: “ഞങ്ങള്‍ നിങ്ങള്‍ക്കൊരു തടവായി -രക്ഷയായി- നിലകൊള്ളുകയായിരുന്നു. നിങ്ങള്‍ക്കു വല്ലതും സംഭവിക്കുമ്പോള്‍ നിങ്ങള്‍ ഞങ്ങളിലേക്കാണല്ലോ അഭയം തേടിവരുക.” (അതുകൊണ്ടു ആ സ്വത്തുക്കളില്‍ ഞങ്ങള്‍ക്കും പങ്കുവേണം). അങ്ങനെ, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ അടുക്കല്‍ അവര്‍ കേസ്സു പറഞ്ഞു. ഈ അവസരത്തില്‍ …يَسْأَلُونَكَ عَنِ الْأَنفَالِ എന്നു തുടങ്ങിയ വചനങ്ങള്‍ അവതരിച്ചു.” സഅ്ദുബ്നു അബീവക്വാസ് (رَضِيَ اللهُ تَعَالَى عَنْهُ) ല്‍ നിന്ന് ഇപ്രകാരം നിവേദനം ചെയ്യപ്പെട്ടിരിക്കുന്നു: അദ്ദേഹം സഈദുബ്നുല്‍ ആസ്വിയെ കൊലപ്പെടുത്തുകയും അവന്റെ വാൾ എടുക്കുകയും ചെയ്തു. ആ വാൾ തനിക്കു തരുവാന്‍ അദ്ദേഹം നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യോടു ആവശ്യപ്പെട്ടു. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അതിനു വിസമ്മതിച്ചു. അപ്പോള്‍ ഈ ആയത്തു അതിന്റെ അവതരിച്ചു. അങ്ങനെ, തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) വാൾ അദ്ദേഹത്തിനു കൊടുക്കുകയും ചെയ്തു. കാരണം, ഈ ആയത്തില്‍ അതിന്റെ അധികാരം നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ക്കാണെന്നു നിശ്ചയിച്ചിരിക്കുന്നു. (അ; ദാ; തി; ന). “അതു എനിക്കും തനിക്കും അവകാശപ്പെട്ടതായിരുന്നില്ല. ഇപ്പോള്‍ അതിന്റെ നിയന്ത്രണം എനിക്കു ലഭിച്ചിരിക്കക്കൊണ്ടു ഞാന്‍ അതു തനിക്കു നല്‍കുകയാണ്, എന്നു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞതായും ചില രിവായത്തുകളില്‍ വന്നിട്ടുണ്ട്.

8:1
  • يَسْـَٔلُونَكَ عَنِ ٱلْأَنفَالِ ۖ قُلِ ٱلْأَنفَالُ لِلَّهِ وَٱلرَّسُولِ ۖ فَٱتَّقُوا۟ ٱللَّهَ وَأَصْلِحُوا۟ ذَاتَ بَيْنِكُمْ ۖ وَأَطِيعُوا۟ ٱللَّهَ وَرَسُولَهُۥٓ إِن كُنتُم مُّؤْمِنِينَ ﴾١﴿
  • (നബിയേ) അവര്‍ നിന്നോട് 'അന്‍ഫാലി'നെ [യുദ്ധ മുതലുകളെ] പ്പറ്റി ചോദിക്കുന്നു. പറയുക: "'അന്‍ഫാല്‍' [യുദ്ധമുതലുകള്‍] അല്ലാഹുവിനും, റസൂലിനുമുള്ളതാണ്. അതിനാല്‍, നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും, നിങ്ങളുടെ ഇടയിലുള്ളതു [സ്ഥിതിഗതി] നന്നാക്കുകയും ചെയ്യുവിന്‍. നിങ്ങള്‍ അല്ലാഹുവിനെയും, അവന്റെ റസൂലിനെയും അനുസരിക്കുകയും ചെയ്യുവിന്‍ - നിങ്ങള്‍ സത്യവിശ്വാസികളാകുന്നുവെങ്കില്‍."
  • يَسْأَلُونَكَ അവര്‍ നിന്നോടു ചോദിക്കുന്നു عَنِ الْأَنفَالِ അന്‍ഫാലിനെ (യുദ്ധ മുതലുകളെ) പ്പറ്റി قُلِ പറയുക الْأَنفَالُ അന്‍ഫാല്‍, യുദ്ധ മുതലുകള്‍ لِلَّـهِ അല്ലാഹുവിനാകുന്നു وَالرَّسُولِ റസൂലിനുമാകുന്നു فَاتَّقُوا اللَّـهَ അതിനാല്‍ അല്ലാഹുവിനെ സൂക്ഷിക്കുവിന്‍ وَأَصْلِحُوا നന്നാക്കുകയും ചെയ്യുവിന്‍, നന്നായിത്തീരുകയും ചെയ്യണം ذَاتَ بَيْنِكُمْ നിങ്ങള്‍ക്കിടയിലുള്ളതു, നിങ്ങള്‍ തമ്മില്‍ وَأَطِيعُوا اللَّـهَ അല്ലാഹുവിനെ അനുസരിക്കുകയും ചെയ്യുവിന്‍ وَرَسُولَهُ അവന്റെ റസൂലിനെയും إِن كُنتُم നിങ്ങളാണെങ്കില്‍ مُّؤْمِنِينَ സത്യവിശ്വാസികള്‍

ശത്രുപക്ഷത്തുനിന്നു യുദ്ധത്തില്‍ പിടിച്ചെടുക്കപ്പെട്ട സ്വത്തുക്കളില്‍ ആര്‍ക്കുമാര്‍ക്കും പ്രത്യേക അവകാശമൊന്നുമില്ല. അവയുടെ അവകാശവും കൈകാര്യവും അല്ലാഹുവിനും റസൂലിനുമാകുന്നു. അതെങ്ങിനെ വിനിയോഗിക്കണമെന്നു അല്ലാഹു കല്‍പിക്കുന്നുവോ അതുപോലെ റസൂല്‍ അതു വിനിയോഗിക്കുകയും വിതരണം ചെയ്യുകയും ചെയ്യും. ആ വിഷയത്തില്‍ നിങ്ങള്‍ തമ്മില്‍ വഴക്കും ഭിന്നിപ്പും ഉണ്ടാവാന്‍ പാടില്ല. റസൂല്‍ (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അതു എങ്ങിനെ വീതിച്ചു തരുന്നുവോ അപ്രകാരം നിങ്ങള്‍ അതു സ്വീകരിച്ചുകൊള്ളണം. നിങ്ങള്‍ തമ്മിലുണ്ടായിട്ടുള്ള വഴക്കും ഭിന്നിപ്പും അവസാനിപ്പിച്ചു പരസ്പരം നന്നായിത്തീരുകയും വേണം. നിങ്ങള്‍ സത്യവിശ്വാസികളാണെന്നിരിക്കെ, അല്ലാഹുവിന്റെയും റസൂലിന്റെയും കല്‍പന നിരുപാധികം സ്വീകരിക്കുവാന്‍ നിങ്ങള്‍ ബാധ്യസ്ഥരാണ് എന്നൊക്കെയാണു ഈ വചനം മുഖേന അല്ലാഹു അറിയിക്കുന്നത്.

ഈ വചനം അവതരിച്ചശേഷം ബദ്റിലെ ഗനീമാത്തുകള്‍ യുദ്ധത്തില്‍ പങ്കുവഹിച്ചവര്‍ക്കെല്ലാം നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) സമമായി ഭാഗിച്ചു കൊടുത്തു. ചില പ്രത്യേക ചുമതലകള്‍ ഏല്‍പിക്കപ്പെട്ടിരുന്നതു നിമിത്തം യുദ്ധത്തില്‍ പങ്കുവഹിക്കുവാന്‍ കഴിയാതിരുന്ന വ്യക്തികള്‍ക്കും നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഓഹരി നല്‍കുകയുണ്ടായി. അല്ലാഹുവിന്റെയും റസൂലിന്റെയും കല്‍പന അനുസരിക്കണമെന്നു മൊത്തത്തില്‍ പറഞ്ഞതല്ലാതെ, ഇന്നിന്ന പ്രകാരമാണു ഗനീമത്തു ഭാഗിക്കേണ്ടതെന്നു ഈ വചനത്തില്‍ വിശദീകരിക്കപ്പെട്ടിട്ടില്ല. വിശദീകരണം താഴെ 41-ാം വചനത്തില്‍ വെച്ചുകാണാം. إن شاء الله

അബൂഉമാമഃ (رَضِيَ اللهُ تَعَالَى عَنْهُ) പറഞ്ഞതായി നിവേദനം ചെയ്യപ്പെട്ടിരിക്കുന്നു: “അന്‍ഫാലി” നെക്കുറിച്ചു ഞാന്‍ ഉബാദത്തുബ്നുസ്-സ്വാമിത്ത് (رَضِيَ اللهُ تَعَالَى عَنْهُ) നോടു ചോദിച്ചു. അദ്ദേഹം പറഞ്ഞു: ബദ്ര്‍ യുദ്ധത്തിന്റെ ആള്‍ക്കാരായ ഞങ്ങളുടെ വിഷയത്തിലാണു അതു അവതരിച്ചതു. അതായതു, ഞങ്ങള്‍ ഗനീമത്തിനെപ്പറ്റി ഭിന്നിച്ചപ്പോള്‍, അതു സംബന്ധിച്ചു ഞങ്ങളുടെ സ്വഭാവം വളരെ ചീത്തയായിപ്പോയി. അപ്പോള്‍, അല്ലാഹു അതു ഞങ്ങളുടെ കൈകളില്‍ നിന്നു പിടിച്ചെടുത്തു റസൂല്‍ (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയെ ഏല്‍പിച്ചു. അങ്ങനെ, തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അതു മുസ്‌ലിംകള്‍ക്കിടയില്‍ സമത്തില്‍ ഭാഗിച്ചു. (അ; ബ; ഹാ; ഇബ്നുജരീര്‍).

8:2
  • إِنَّمَا ٱلْمُؤْمِنُونَ ٱلَّذِينَ إِذَا ذُكِرَ ٱللَّهُ وَجِلَتْ قُلُوبُهُمْ وَإِذَا تُلِيَتْ عَلَيْهِمْ ءَايَـٰتُهُۥ زَادَتْهُمْ إِيمَـٰنًا وَعَلَىٰ رَبِّهِمْ يَتَوَكَّلُونَ ﴾٢﴿
  • നിശ്ചയമായും സത്യവിശ്വാസികള്‍ യാതൊരു കൂട്ടര്‍ മാത്രമാകുന്നു: അല്ലാഹുവിനെക്കുറിച്ചു പ്രസ്താവിക്കപ്പെട്ടാല്‍ (അഥവാ ഓര്‍മ്മവന്നാല്‍) അവരുടെ ഹൃദയങ്ങള്‍ പേടിച്ചു (നടുങ്ങി) പോകുന്നതാണു; അവരില്‍ അവന്റെ ആയത്തു[ലക്‌ഷ്യം]കള്‍ ഓതിക്കേള്‍പ്പിക്കപ്പെട്ടാല്‍ അതവര്‍ക്കു വിശ്വാസം വര്‍ദ്ധിപ്പിക്കുകയും ചെയ്യും; തങ്ങളുടെ റബ്ബിന്റെ മേല്‍ അവര്‍ ഭരമേല്‍പ്പിക്കുകയും ചെയ്യും.-
  • إِنَّمَا الْمُؤْمِنُونَ നിശ്ചയമായും സത്യവിശ്വാസികള്‍ الَّذِينَ യാതൊരുകൂട്ടര്‍ (തന്നെ - മാത്രം) ആകുന്നു إِذَا ذُكِرَ പറയ (പ്രസ്താവിക്ക - ഓര്‍ക്ക) പ്പെട്ടാല്‍ اللَّـهُ അല്ലാഹു(വിനെക്കുറിച്ചു) وَجِلَتْ നടുങ്ങും, പേടിക്കുന്നതാണു قُلُوبُهُمْ അവരുടെ ഹൃദയങ്ങള്‍ وَإِذَا تُلِيَتْ പാരായണം ചെയ്യ (ഓതിക്കേള്‍പ്പിക്ക) പ്പെട്ടാല്‍ عَلَيْهِمْ അവര്‍ക്കു, അവരുടെ മേല്‍ آيَاتُهُ അവന്റെ ആയത്തു (ലക്‌ഷ്യം - ദൃഷ്ടാന്തം - സൂക്തം) കള്‍ زَادَتْهُمْ അതു (അവ) അവര്‍ക്കു വര്‍ദ്ധിപ്പിക്കും إِيمَانًا വിശ്വാസത്തെ وَعَلَىٰ رَبِّهِمْ തങ്ങളുടെ റബ്ബിന്റെ മേല്‍ يَتَوَكَّلُونَ അവര്‍ തവക്കലാക്കുന്നതാണ്, ഭരമേല്‍പ്പിക്കുകയും ചെയ്യും
8:3
  • ٱلَّذِينَ يُقِيمُونَ ٱلصَّلَوٰةَ وَمِمَّا رَزَقْنَـٰهُمْ يُنفِقُونَ ﴾٣﴿
  • അതായതു, നമസ്കാരം നിലനിറുത്തുകയും, നാം തങ്ങള്‍ക്കു നല്‍കിയതില്‍ നിന്നു ചിലവഴിക്കുകയും ചെയ്യുന്നവര്‍.
  • الَّذِينَ يُقِيمُونَ നിലനിറുത്തിപ്പോരുന്നവര്‍ الصَّلَاةَ നമസ്കാരത്തെ وَمِمَّا رَزَقْنَاهُمْ അവര്‍ക്കു നാം നല്‍കിയതില്‍നിന്നും يُنفِقُونَ അവര്‍ ചിലവഴിക്കും
8:4
  • أُو۟لَـٰٓئِكَ هُمُ ٱلْمُؤْمِنُونَ حَقًّا ۚ لَّهُمْ دَرَجَـٰتٌ عِندَ رَبِّهِمْ وَمَغْفِرَةٌ وَرِزْقٌ كَرِيمٌ ﴾٤﴿
  • അക്കൂട്ടര്‍ തന്നെയാണ്, യഥാര്‍ത്ഥത്തില്‍ സത്യവിശ്വാസികള്‍. അവര്‍ക്കു തങ്ങളുടെ രക്ഷിതാവിന്റെ അടുക്കല്‍ പല പദവികളും പാപമോചനവും, മാന്യമായ ഉപജീവനമുണ്ടായിരിക്കും.
  • أُولَـٰئِكَ هُمُ അക്കൂട്ടര്‍ (അവര്‍) തന്നെ الْمُؤْمِنُونَ സത്യവിശ്വാസികള്‍ حَقًّا യഥാര്‍ത്ഥ, സത്യമായും لَّهُمْ അവര്‍ക്കുണ്ടു, ഉണ്ടായിരിക്കും دَرَجَاتٌ പല പദവികളും عِندَ رَبِّهِمْ തങ്ങളുടെ റബ്ബിന്റെ അടുക്കല്‍ وَمَغْفِرَةٌ പാപമോചനവും وَرِزْقٌ ഉപജീവനവും, ആഹാരവും كَرِيمٌ മാന്യമായ

നിങ്ങള്‍ സത്യവിശ്വാസികളാണെങ്കില്‍ അല്ലാഹുവിനെയും, റസൂലിനെയും അനുസരിക്കണമെന്നും മറ്റും കഴിഞ്ഞ വചനത്തില്‍ പ്രസ്താവിച്ചല്ലോ. ആരാണു യഥാര്‍ത്ഥ സത്യവിശ്വാസികള്‍? അവരുടെ പ്രധാന ലക്ഷണങ്ങളെന്തു? അതാണു ഈ വചനങ്ങളില്‍ വിവരിക്കുന്നത്. സത്യവിശ്വാസികളുടെ അഞ്ചു ഗുണങ്ങളാണു അല്ലാഹു ഇവിടെ എടുത്തു പറഞ്ഞിരിക്കുന്നത്. അതായത്:-

1. അല്ലാഹുവിനെക്കുറിച്ചു ഓര്‍മ്മ വന്നാല്‍ അവരുടെ ഹൃദയം പേടിച്ചു നടുങ്ങും. എന്നുവെച്ചാല്‍, ഹിതമല്ലാത്ത വല്ല കാര്യത്തിലും പ്രവേശിക്കുമ്പോള്‍ – സ്വയംതന്നെയോ, മറ്റൊരാള്‍ വഴിയോ – അല്ലാഹുവിനെ സംബന്ധിച്ച ഓര്‍മ്മ വരേണ്ട താമസമേയുള്ളു ഉടനെ അവരുടെ ഹൃദയങ്ങള്‍ക്കു നടുക്കവും ഭയവും അനുഭവപ്പെടും. അങ്ങനെ, അതില്‍ നിന്നു പിന്‍മാറുകയും ചെയ്യും. അല്ലാഹുവിനെക്കുറിച്ചു ഭയപ്പാടു തോന്നിയാല്‍ പിന്നെ പാപത്തില്‍നിന്നു വിരമിക്കുകയും, പുണ്യം വര്‍ദ്ധിപ്പിക്കുകയും ചെയ്യുക സ്വാഭാവികമാണല്ലോ. സ്വര്‍ഗ്ഗവാസികളായ ഭയഭക്തന്മാരെപ്പറ്റി വിവരിക്കുന്ന കൂട്ടത്തില്‍ ആലുഇംറാന്‍ 135ല്‍ അല്ലാഹു പറയുന്നു …. وَالَّذِينَ إِذَا فَعَلُوا فَاحِشَةً أَوْ ظَلَمُوا أَنفُسَهُمْ ذَكَرُوا اللَّـهَ فَاسْتَغْفَرُوا لِذُنُوبِهِمْ وَمَن يَغْفِرُ الذُّنُوبَ (വല്ല നീചവൃത്തിയും ചെയ്യുകയോ, തങ്ങളോടു തന്നെ അക്രമം പ്രവര്‍ത്തിക്കുകയോ ചെയ്‌താല്‍ അല്ലാഹുവിനെ ഓര്‍മ്മിക്കുകയും, അങ്ങനെ, തങ്ങളുടെ പാപങ്ങള്‍ക്കുവേണ്ടി പാപമോചനം തേടുകയും ചെയ്യുന്നവരും.).

2. അല്ലാഹുവിന്റെ ആയത്തുകള്‍ – ദൃഷ്ടാന്തങ്ങളും വചനങ്ങളുമാകുന്ന ലക്ഷ്യങ്ങള്‍ – ഓതിക്കേട്ടാല്‍ അതവര്‍ക്കു വിശ്വാസം വര്‍ദ്ധിപ്പിക്കും. അടുത്ത സൂറത്തില്‍ അല്ലാഹു പറയുന്നു: …وَإِذَا مَا أُنزِلَتْ سُورَةٌ (സാരം: വല്ല സൂറത്തും അവതരിപ്പിക്കപ്പെടുമ്പോള്‍ അവരില്‍ ചിലര്‍ – കപടവിശ്വാസികള്‍ – പറയും: നിങ്ങളില്‍ ആര്‍ക്കാണിതു വിശ്വാസം വര്‍ദ്ധിപ്പിച്ചതെന്ന്. എന്നാല്‍, വിശ്വസിച്ചവര്‍ക്കു അതു വിശ്വാസം വര്‍ദ്ധിപിക്കുന്നു. അവര്‍ സന്തോഷമടയുകയും ചെയ്യും. ഹൃദയത്തില്‍ രോഗമുള്ളവരാകട്ടെ, അവര്‍ക്കു അതു മ്ലേച്ഛത വര്‍ദ്ധിപ്പിക്കുകയാണു ചെയ്യുക. (തൗബ: 124, 125)). ഇതുപോലെയുള്ള വചനങ്ങളെ അടിസ്ഥാനമാക്കിയാണു സത്യവിശ്വാസം ഏറ്റക്കുറവു സ്വീകരിക്കുന്നതാണെന്നും, സല്‍ക്കര്‍മ്മങ്ങളും ദൃഷ്ടാന്തങ്ങളും വഴി അതില്‍ വര്‍ദ്ധനവുണ്ടാകുമെന്നും, പാപങ്ങള്‍ മൂലം സത്യവിശ്വാസത്തില്‍ കുറവു നേരിടുമെന്നൊക്കെ ഇമാം ബുഖാരി (رحمه الله) പോലുള്ള മഹാന്‍മാര്‍ പലരും അഭിപ്രായപ്പെട്ടിരിക്കുന്നത്. വാസ്തവം അങ്ങിനെത്തന്നെ. യഥാര്‍ത്ഥ സത്യവിശ്വാസികള്‍ തന്നെയും പല പദവിക്കാരായിരിക്കുമെന്നു 4-ാം വചനത്തില്‍ പറഞ്ഞതും ഇതിനു തെളിവാകുന്നു.

3. തങ്ങളുടെ കാര്യങ്ങള്‍ അവര്‍ അല്ലാഹുവില്‍ ഭരമേല്‍പ്പിക്കുന്നു. അല്ലാഹുവിന്റെ പ്രീതിയും സ്നേഹവുമല്ലാതെ മറ്റാരുടെ പ്രീതിയും പൊരുത്തവും അവര്‍ക്കു ലക്ഷ്യമില്ല. അവരുടെ ആവശ്യങ്ങള്‍ സാധിക്കുന്നതിനു അവര്‍ അല്ലാഹുവിനെ മാത്രമേ ആശ്രയിക്കുകയുള്ളു. അവനോടല്ലാതെ അതിനുവേണ്ടി അവര്‍ പ്രാര്‍ത്ഥിക്കുകയോ അപേക്ഷിക്കയോ ചെയ്കയില്ല. അവന്‍ ഉദ്ദേശിക്കുന്നതേ ഉണ്ടാകൂ എന്നും, അവന്‍ ഉദ്ദേശിക്കാത്തതൊന്നും ഉണ്ടാകുകയില്ലെന്നും അവര്‍ക്കു ദൃഢവിശ്വാസവുമുണ്ടായിരിക്കും. അവന്‍ എന്തു നല്‍കുന്നുവോ അതില്‍ അവര്‍ സംതൃപ്തരുമായിരിക്കും. ഈ മൂന്നു ലക്ഷണങ്ങളും അവരുടെ വിശ്വാസ ശക്തിയെ സാക്ഷീകരിക്കുന്നവയാകുന്നു. വിശ്വാസം ദൃഢതരത്തിലുള്ളതായിരിക്കുമ്പോള്‍ അവരില്‍ കര്‍മ്മരംഗത്തുണ്ടാകുന്ന രണ്ടു ഗുണങ്ങളാണു 4-ാമത്തേതും, 5-ാമത്തേതും. അതായതു, അവര്‍ നമസ്കാരം നിലനിറുത്തിപ്പോരുകയും, അല്ലാഹു തങ്ങള്‍ക്കു നല്‍കിയ കഴിവില്‍ നിന്നു ചിലവഴിച്ചുകൊണ്ടിരിക്കുകയും ചെയ്യുമെന്നു പറഞ്ഞത്.

അല്ലാഹുവിനോടു നിര്‍വ്വഹിക്കേണ്ടുന്ന കര്‍മ്മപരമായ കടമകളില്‍ പ്രധാനമായതു നമസ്കാരവും, മനുഷ്യരോടു നിര്‍വ്വഹിക്കേണ്ടുന്ന കടമകളില്‍ പ്രധാനമായതു ദാനധര്‍മ്മങ്ങളുമാണല്ലോ. അതുകൊണ്ടാണു അവ രണ്ടും പ്രത്യേകം എടുത്തുപറഞ്ഞിരിക്കുന്നത്. കൃത്യനിഷ്ഠയോടുകൂടി നിര്‍ബ്ബന്ധങ്ങളും നിബന്ധനകളും മര്യാദകളും പൂര്‍ത്തിയാക്കിക്കൊണ്ടും, മനഃസ്സാന്നിധ്യത്തോടും ഭയഭക്തിയോടുകൂടിയും നമസ്കരിച്ചുപോരുക എന്നത്രെ നമസ്കാരം നിലനിറുത്തുന്നതിന്റെ ശരിയായ വിവക്ഷ. ധനം ചിലവഴിക്കുക എന്നു പറഞ്ഞതില്‍, നിര്‍ബ്ബന്ധമായതും ഐച്ഛികമായതുമായ എല്ലാതരം ദാനധര്‍മ്മങ്ങളും ഉള്‍പ്പെടുന്നു. ഈ പറഞ്ഞ ലക്ഷണങ്ങളെല്ലാം ആരിലുണ്ടോ അവര്‍ യഥാര്‍ത്ഥത്തിലുള്ള സത്യവിശ്വാസികളാണു. എന്നാല്‍, യഥാര്‍ത്ഥ സത്യവിശ്വാസികള്‍ എല്ലാവരും ഒരേ പദവിയിലുള്ളവരായിരിക്കയില്ല. പ്രസ്തുത ഗുണങ്ങളില്‍ മാത്രമല്ല, ഉദ്ദേശ ശുദ്ധി, ഭയഭക്തി, പ്രതികൂല സാഹചര്യങ്ങള്‍ മുതലായ പലതിലും വ്യക്തികള്‍ തമ്മില്‍ ഏറ്റക്കുറവുണ്ടായിരിക്കുമല്ലോ. അതനുസരിച്ചു അല്ലാഹുവിങ്കല്‍ നിന്നു അവര്‍ക്കു ലഭിക്കുന്ന സ്ഥാനപദവികളിലും വ്യത്യാസമുണ്ടായിരിക്കും. പാപമോചനവും, മാന്യമായ ഉപജീവനവും – അഥവാ സ്വര്‍ഗ്ഗീയ ജീവിതവും – എല്ലാവര്‍ക്കും ലഭിക്കുകയും ചെയ്യും. അതെ, لَّهُمْ دَرَجَاتٌ عِندَ رَبِّهِمْ وَمَغْفِرَةٌ وَرِزْقٌ كَرِيمٌ .. (അവര്‍ക്കു അവരുടെ റബ്ബിന്റെ അടുക്കല്‍ പല പദവികളും, പാപമോചനവും മാന്യമായ ഉപജീവനവും ഉണ്ടായിരിക്കുന്നതാണ്.).

ഹാരിഥുബ്നു മാലികില്‍ അന്‍സാരീ (رَضِيَ اللهُ تَعَالَى عَنْهُ) യില്‍ നിന്നു – മാര്‍ഗ്ഗം വളരെ പ്രബലമല്ലെങ്കിലും – ഇമാം ത്വബ്റാനീ (رحمه الله) ഇപ്രകാരം നിവേദനം ചെയ്യുന്നു: ഒരിക്കല്‍ അദ്ദേഹത്തിന്റെ അടുക്കല്‍കൂടി റസൂല്‍ (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) നടന്നുപോകുമ്പോള്‍, അദ്ദേഹത്തിന്റെ വര്‍ത്തമാനം അന്വേഷിച്ചു. അതിനു അദ്ദേഹം ഇങ്ങിനെ ഉത്തരം പറഞ്ഞു: “ഞാന്‍ യഥാര്‍ത്ഥ സത്യവിശ്വാസിയായിത്തന്നെയിരിക്കുന്നു.”. തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞു: “താന്‍ പറയുന്നതെന്താണെന്നു ആലോചിക്കുക. കാരണം, ഓരോ കാര്യത്തിനുമുണ്ട് ഒരു യാഥാര്‍ത്ഥ്യം. അപ്പോള്‍, തന്റെ വിശ്വാസത്തിന്റെ യാഥാര്‍ത്ഥ്യമെന്താണ്?” അദ്ദേഹം പറഞ്ഞു: “എന്റെ മനസ്സിനു ഇഹത്തില്‍ (ഇഹലോക സുഖത്തില്‍) താല്‍പര്യമില്ലാതായിരിക്കുന്നു. അങ്ങനെ, ഞാന്‍ രാത്രി ഉറക്കൊഴിക്കുന്നു. (നമസ്കരിക്കുന്നു.). പകലില്‍ ഞാന്‍ ദാഹിക്കുന്നു. (നോമ്പുപിടിക്കുന്നു). എന്റെ റബ്ബിന്റെ സിംഹാസനത്തെ ഞാന്‍ പ്രത്യക്ഷത്തില്‍ കാണുന്നതുപോലെ തോന്നുന്നു. സ്വര്‍ഗ്ഗക്കാര്‍ പരസ്പരം സന്ദര്‍ശിക്കുന്നതും ഞാന്‍ നോക്കിക്കാണുന്ന പോലെ തോന്നുന്നു. നരകക്കാര്‍ അതില്‍ വെച്ചു നിലവിളിച്ചു കരയുന്നതും ഞാന്‍ നോക്കിക്കാണുന്നതുപോലെ തോന്നുന്നു.” അപ്പോള്‍ തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞു: يَا حَارِثُ عَرَفْتَ فَالْزَمْ (ഹാരിഥേ, താന്‍ മനസ്സിലാക്കിയിരിക്കുന്നു. ഇനി, അതതു കൈവിടാതിരിക്കുക). അബൂസഈദില്‍ ഖുദ്രീ (رَضِيَ اللهُ تَعَالَى عَنْهُ) പറയുകയാണു: “ആകാശ മണ്ഡലത്തില്‍ ദൂരെ സ്ഥിതി ചെയ്യുന്ന പ്രകാശിതങ്ങളായ നക്ഷത്രങ്ങളെ കിഴക്കുനിന്നും പടിഞ്ഞാറു നിന്നും നിങ്ങള്‍ നോക്കിക്കാണുന്നതുപോലെ, ഉന്നത സ്ഥാനങ്ങളില്‍ സ്ഥിതി ചെയ്യുന്നവരെ സ്വര്‍ഗ്ഗത്തിലുള്ളവര്‍ തങ്ങളുടെ ഉപരിഭാഗത്തുവെച്ച് നോക്കിക്കാണുന്നതാണ്. അവര്‍ തമ്മിലുള്ള സ്ഥാനവ്യത്യാസമാണിതിനു കാരണം.” അപ്പോള്‍ സഹാബികള്‍ പറഞ്ഞു: “അല്ലാഹുവിന്റെ റസൂലേ, അതു പ്രവാചകന്‍മാരുടെ പദവികളായിരിക്കും. മറ്റുള്ളവര്‍ക്കു അതു പ്രാപിക്കുവാന്‍ കഴിയുകയില്ലല്ലോ.” അപ്പോള്‍ തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞു: “ഇല്ലാതേ, എന്റെ ആത്മാവു യാതൊരുവന്റെ കയ്യിലാണോ അവന്‍ തന്നെയാണ! അതൊക്കെ, അല്ലാഹുവില്‍ വിശ്വസിക്കുകയും! റസൂലുകളെ സത്യപ്പെടുത്തുകയും ചെയ്തിട്ടുള്ള ആളുകളായിരിക്കും.” (ബു; മു).

8:5
  • كَمَآ أَخْرَجَكَ رَبُّكَ مِنۢ بَيْتِكَ بِٱلْحَقِّ وَإِنَّ فَرِيقًا مِّنَ ٱلْمُؤْمِنِينَ لَكَـٰرِهُونَ ﴾٥﴿
  • (അതെ) നിന്റെ റബ്ബ് നിന്റെ വീട്ടില്‍ [വാസസ്ഥലത്തില്‍] നിന്നു ന്യായ (മായ കാര്യ) ത്തോടെ നിന്നെ പുറപ്പെടുവിച്ചതുപോലെ (ത്തന്നെയാണു അതും സംഭവിച്ചത്); സത്യവിശ്വാസികളില്‍നിന്നു ഒരു സംഘം ആളുകള്‍, നിശ്ചയമായും വെറുക്കുന്നവര്‍ തന്നെയായിരുന്നു. [എന്നിട്ടും നിന്നെ പുറപ്പെടുവിച്ചതുപോലെ].
  • كَمَا أَخْرَجَكَ നിന്നെ പുറപ്പെടുവിച്ചതുപോലെ رَبُّكَ നിന്റെ റബ്ബ് مِن بَيْتِكَ നിന്റെ വീട്ടില്‍ നിന്നു بِالْحَقِّ ന്യായത്തോടെ, ന്യായപ്രകാരം, കാര്യസമേതം وَإِنَّ فَرِيقًا നിശ്ചയമായും ഒരു കൂട്ടം (സംഘം) ആകട്ടെ (ആയിരിക്കെ) مِّنَ الْمُؤْمِنِينَ സത്യവിശ്വാസികളില്‍നിന്നു لَكَارِهُونَ അതൃപ്തര്‍ (വെറുക്കുന്നവര്‍) തന്നെ(യായിരുന്നു)
8:6
  • يُجَـٰدِلُونَكَ فِى ٱلْحَقِّ بَعْدَ مَا تَبَيَّنَ كَأَنَّمَا يُسَاقُونَ إِلَى ٱلْمَوْتِ وَهُمْ يَنظُرُونَ ﴾٦﴿
  • ന്യായ (മായ കാര്യ) ത്തില്‍ - അതു വ്യക്തമായിത്തീര്‍ന്ന ശേഷം - അവര്‍ നിന്നോട് തര്‍ക്കം നടത്തിയിരുന്നു; അവരെ മരണത്തിലേക്കു, അവര്‍ (അതു) നോക്കി (ക്കണ്ടു) കൊണ്ടിരിക്കെ, തെളിക്കപ്പെടുന്നുവെന്നതുപോലെ!
  • يُجَادِلُونَكَ അവര്‍ നിന്നോട് തര്‍ക്കം നടത്തിയിരുന്നു, തര്‍ക്കിച്ചുകൊണ്ടു, തര്‍ക്കിക്കുന്നു فِي الْحَقِّ കാര്യ (ന്യായമായ) ത്തില്‍ بَعْدَ ശേഷം مَا تَبَيَّنَ അതു വ്യക്തമായി (വെളിവായി) ത്തീര്‍ന്നതിന്റെ كَأَنَّمَا يُسَاقُونَ അവര്‍ തെളിക്കപ്പെടുന്നുവെന്നപോലെ إِلَى الْمَوْتِ മരണത്തിലേക്കു وَهُمْ അവര്‍, അവരായിരിക്കെ يَنظُرُونَ നോക്കുന്നു (കാണുന്നു)

ബദ്ര്‍ യുദ്ധത്തിലെ ഗനീമത്തു സ്വത്തുക്കളെ സംബന്ധിച്ചു സത്യവിശ്വാസികളില്‍ ഉണ്ടായ ഭിന്നാഭിപ്രായവും, അതില്‍ അല്ലാഹു വിധികല്‍പിച്ചതും മുമ്പു പ്രസ്താവിച്ചുവല്ലോ. അല്ലാഹുവിന്റെ വിധി എല്ലാവരും സ്വീകരിക്കുക തന്നെ ചെയ്തുവെങ്കിലും പലരുടെയും ആഗ്രഹത്തിനും ഇഷ്ടത്തിനും എതിരായിരുന്നു ആ വിധി. അതുപോലെയുള്ള ഒരവസ്ഥ തന്നെയാണു ബദ്ര്‍ യുദ്ധത്തിലേക്കുള്ള നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യുടെ പുറപ്പാടിന്റെ സമയത്തും ഉണ്ടായതെന്നു അല്ലാഹു ചൂണ്ടിക്കാടുന്നു. ന്യായയുക്തവും കാര്യപ്പെട്ടതുമായ ഒരു വിഷയമായിരുന്നിട്ടും സത്യവിശ്വാസികളില്‍ ഒരു വിഭാഗം ആളുകള്‍ക്കു ആ പുറപ്പാടു ഒട്ടും തൃപ്തികരമല്ലാതിരുന്ന ഒരവസ്ഥയിലാണു അല്ലാഹു അതിനു കളമൊരുക്കിയതു. യുദ്ധം അനിവാര്യവും, അതില്‍ വിജയം സുനിശ്ചിതവുമാണെന്നു വ്യക്തമായി മനസ്സിലായിട്ടും ഓരോ കാരണങ്ങള്‍ പറഞ്ഞു ചിലര്‍ നബി(صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യുമായി തര്‍ക്കം നടത്തി. മരണഹേതു കണ്മുമ്പില്‍ കണ്ടുകൊണ്ടിരിക്കെ, അതിലേക്കു പിടിച്ചുവലിച്ചു കൊണ്ടുപോകുന്നതു പോലെയുള്ള ഭയമായിരുന്നു അതിനു കാരണം എന്നാണു അല്ലാഹു പറഞ്ഞതിന്റെ സാരം. അല്ലാഹു നടപ്പില്‍ വരുത്തുന്ന ഓരോ കാര്യങ്ങളിലും അവന്‍ പല ലക്ഷ്യങ്ങളും രഹസ്യങ്ങളും കണ്ടുവെച്ചിട്ടുണ്ടാകും. അവയെപ്പറ്റി മനുഷ്യര്‍ക്ക് നേരത്തെ ഒന്നും മനസ്സിലാക്കുവാന്‍ കഴിയാതെ വരും. അതുകൊണ്ടു അല്ലാഹു അവന്റെ റസൂല്‍ മുഖാന്തരം കല്‍പിക്കുന്ന കാര്യങ്ങള്‍ ചോദ്യം ചെയ്യാതെയും മടികൂടാതെയും അതേപടി അനുസരിക്കുന്നതിലായിരിക്കും അവരുടെ നന്മ. അതവരുടെ കടമയുമാണു എന്നു താല്‍പര്യം.

ഈ വചനങ്ങളുടെയും, ഈ സൂറത്തിലെ മറ്റു ചില വചനങ്ങളുടെയും ആശയങ്ങള്‍ മനസ്സിലാക്കുവാന്‍ ബദ്ര്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തെപ്പറ്റി സമാനയം അറിയുന്നതു നന്നായിരിക്കും.

മക്കാ ക്വുറൈശികളുടെ ഉപജീവന മാര്‍ഗ്ഗം പ്രധാനമായും ശാമിലേക്കും യമനിലേക്കും അവര്‍ നടത്താറുള്ള കച്ചവടയാത്രകളെ ആശ്രയിച്ചായിരുന്നു. (ഇതു സംബന്ധിച്ചു സൂറത്തു ക്വുറൈശില്‍ വിവരിച്ചിട്ടുണ്ട്.). ഹിജ്ര രണ്ടാം കൊല്ലത്തില്‍ അബൂസുഫ്യാന്റെ നേതൃത്വത്തില്‍ (*) ഒരു കച്ചവട സംഘം ശാമിലേക്കു പോയി. ക്വുറൈശികളായ ഓരോ ആണും പെണ്ണും തങ്ങളാല്‍ കഴിയുന്നത്ര സംഖ്യ മുതല്‍ മുടക്കിക്കൊണ്ടുള്ള ഒരു വമ്പിച്ച കച്ചവട യാത്രയായിരുന്നു അത്. ഈ യാത്രമൂലം ലഭിക്കുന്ന നേട്ടങ്ങള്‍ അവര്‍ മുസ്ലിംകള്‍ക്കെതിരെ വിനിയോഗിക്കുവാന്‍ ഉപയോഗപ്പെടുത്തുകയും ചെയ്തേക്കും. കച്ചവടസംഘം ശാമിലേക്കു പോകുന്ന വിവരമറിഞ്ഞപ്പോള്‍, അവരെ വഴിമദ്ധ്യേ തടയുവാന്‍ നബി(صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യും കുറേ ആളുകളും കൂടി പുറപ്പെട്ടുപോയി. പക്ഷേ, അപ്പോഴേക്കും കച്ചവട സംഘം കടന്നുപോയിരുന്നു. അവരുടെ മടക്കം നബി(صَلَّى اللَّهُ عَلَيْهِ وَسَلَّمَ) കാത്തിരുന്നു. മടക്കവിവരം അറിഞ്ഞപോല്‍, അവരെ നേരിടുവാന്‍ നബി(صَلَّى اللَّهُ عَلَيْهِ وَسَلَّمَ) സഹാബികളെ പ്രോല്‍സാഹിപ്പിച്ചു. വാഹനവും മറ്റും തയ്യാറുള്ളവര്‍ പോന്നുകൊള്ളട്ടെ എന്നു പറഞ്ഞതല്ലാതെ, അധിക സമ്മര്‍ദ്ദമൊന്നും നബി(صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ചെലുത്തിയിരുന്നില്ല. അതിനാല്‍, ഒരു യുദ്ധത്തിന്റെ ഉദ്ദേശ്യമില്ലെന്നു ധരിച്ച് പലരും മുന്നോട്ടു വന്നില്ല. തയ്യാറെടുത്തവരെയും കൊണ്ടു നബി(صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പുറപ്പെട്ടു. മുന്നൂറ്റി പതിമൂന്നു പേരായിരുന്നു അവര്‍. അവരില്‍ 240ല്‍പരം ആളുകള്‍ അന്‍സാരികളും ബാക്കി മുഹാജിറുകളുമായിരുന്നു. വാഹനങ്ങള്‍ രണ്ടു കുതിരകളും ഏഴു ഒട്ടകങ്ങളും മാത്രം. അവയെ അവര്‍ മാറിമാറി ഉപയോഗിച്ചിരുന്നു.


(*). അബൂസുഫ്യാന്‍ (رَضِيَ اللهُ تَعَالَى عَنْهُ) ഒരു വലിയ ക്വുറൈശീ നേതാവും, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ പത്നി ഉമ്മുഹബീബ (رَضِيَ اللهُ تَعَالَى عَنْها) യുടെ പിതാവുമായിരുന്നു. അതേ സമയത്ത് മുസ്ലിംകളുടെ കഠിന ശത്രുവും, പല യുദ്ധങ്ങളിലും മുസ്ലിംകള്‍ക്കെതിരെ ക്വുറൈശീ സൈന്യത്തിന്റെ നേതൃത്വം വചിച്ച ആളും ആയിരുന്നു. പിന്നീട് മക്കാ വിജയമുണ്ടായപ്പോള്‍ പലരെയും പോലെ അദ്ദേഹവും മുസ്ലിമായിത്തീര്‍ന്നു.


വര്‍ത്തക സംഘം നബി(صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യുടെയും സഹാബികളുടെയും പുറപ്പാടിന്റെ വിവരം മണത്തറിഞ്ഞു. അബൂസുഫ്യാന്‍ സഹായാര്‍ത്ഥന ചെയ്തുകൊണ്ടു മക്കയിലേക്കു ആളയച്ചു. അതിനെത്തുടര്‍ന്നു ക്വുറൈശികള്‍ വളരെ വീറോടു കൂടി ഒരു വമ്പിച്ച സൈന്യസന്നാഹം നടത്തി. അബൂജഹ്ലിന്റെ നായകത്വത്തിന്‍ കീഴില്‍ ആയിരത്തോളം വരുന്ന ഒരു പട്ടാള സംഘം തയ്യാറായി പുറപ്പെട്ടു. മിക്ക ക്വുറൈശീനേതാക്കളും സംബന്ധിച്ചിരുന്ന ആ സൈന്യത്തില്‍ നൂറു കുതിരകളും, എഴുനൂറു ഒട്ടകങ്ങളും ഉണ്ടായിരുന്നു. നബി(صَلَّى اللَّهُ عَلَيْهِ وَسَلَّمَ) റൌഹാഉ് (*) എന്ന സ്ഥലത്തെത്തിയപ്പോള്‍ മാത്രമാണു പട്ടാള സംഘത്തിന്റെ വരവിനെപ്പറ്റി അറിവായത്. അടുത്ത ദിവസം കച്ചവട സംഘം ബദ്റി(**)ല്‍ എത്തുമെന്നും കേട്ടു. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തന്റെ കൂടെയുള്ള സൈന്യത്തിലെ തലവന്‍മാരെ വിളിച്ചു കൂട്ടി അവരോടു കച്ചവട സംഘമോ, പട്ടാള സംഘമോ രണ്ടിലൊന്നു എനിക്കു നല്‍കാമെന്നു അല്ലാഹു വാഗ്ദാനം ചെയ്തിട്ടുണ്ടെന്നു അറിയിക്കുകയും, അവരുടെ അഭിപ്രായം ആരായുകയും ചെയ്തു. രണ്ടില്‍ ഏതിനെ നേരിട്ടാലും അതില്‍ വിജയം മുസ്ലിംകള്‍ക്കായിരിക്കുമെന്നാണു ഇതിന്റെ അര്‍ത്ഥമെന്നു വ്യക്തമാണല്ലോ. അബൂബക്കര്‍, ഉമര്‍ (رَضِيَ اللهُ تَعَالَى عَنْهُما) മുതലായവര്‍ തൃപ്തികരമായ മറുപടി നല്‍കി. എങ്കിലും പലരുടെയും മറുപടി തൃപ്തികരമായിരുന്നില്ല.ശക്തി കുറവായ കച്ചവടസംഘത്തെ നേരിടാം, അതു നമ്മുടെ ശക്തി വര്‍ദ്ധിപ്പിക്കുവാന്‍ ഉപയോഗപ്പെടും, പട്ടാള സംഘത്തെ നേരിടുവാനുള്ള ഒരുക്കമോ കഴിവോ നമുക്കില്ല, നേരത്തെത്തന്നെ വിവരമറിഞ്ഞിരുന്നുവെങ്കില്‍ നമുക്കതിനു ഒരുക്കം ചെയ്തു വരാമായിരുന്നു എന്നിങ്ങിനെ പലരും പറഞ്ഞു. ഇതു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ മനസ്സിനെ വേദനിപ്പിച്ചുവെന്നു പറയേണ്ടതില്ലല്ലോ.


(*). മദീനയില്‍ നിന്ന് 30 -40 നാഴിക തെക്കു പടിഞ്ഞാറാണ് റൌഹാഉ് (رَوْحَاء).

(**). മക്കയുടെയും മദീനയുടെയും ഇടയില്‍ കൊല്ലംതോറും വമ്പിച്ച കച്ചവട മേളകള്‍ നടക്കുന്ന സ്ഥലമായിരുന്നു ബദ്ര്‍. ഇപ്പോള്‍ പല ഹാജിമാരും മദീനാ യാത്രാവേളയില്‍ ആ സ്ഥലം സന്ദര്‍ശിക്കാറു]ണ്ടല്ലോ.


ഈ അവസരത്തില്‍ മിക്വ്ദാദുബ്നുല്‍ അസ്-വദ് (رَضِيَ اللهُ تَعَالَى عَنْهُ)എഴുന്നേറ്റ് ഇപ്രകാരം പറഞ്ഞു: “അങ്ങയോടു അല്ലാഹു എന്തു കല്‍പിച്ചുവോ അതിലേക്ക് അങ്ങുന്ന് പോയിക്കൊള്ളുക. ഇസ്രാഈല്യര്‍ മൂസാ നബി (عليه الصلاة والسلام)യോട്: فَاذْهَبْ أَنتَ وَرَبُّكَ فَقَاتِلَا إِنَّا هَاهُنَا قَاعِدُونَ (താനും തന്റെ റബ്ബും പോയി യുദ്ധം ചെയ്തു കൊള്ളുക, ഞങ്ങളിവിടെ ഇരിക്കുകയാണ്) എന്ന് പറഞ്ഞതുപോലെ ഞങ്ങള്‍ ഒരിക്കലും പറയുകയില്ല. ബറക്കുല്‍ ഗിമാദിലേക്കു (*) തന്നെ ഞങ്ങളെ വിളിച്ചാലും ഞങ്ങള്‍ അങ്ങയുടെ ഒന്നിച്ചു വരുവാന്‍ തയ്യാറാകുന്നു.” എന്നാല്‍, അന്‍സ്വാരികളുടെ നിലപാട് എന്താണെന്ന് വ്യക്തമാകാതിരുന്നത് കൊണ്ടും, ‘ബൈഅത്തുല്‍ അക്വബഃ(**)യിലെ നിശ്ചയപ്രകാരം മദീനയില്‍നിന്ന് പുറത്തുവെച്ച് ശത്രുക്കള്‍ക്കെതിരെ നബി(صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യെ സഹായിക്കുവാനുള്ള ബാദ്ധ്യത അവര്‍ക്കില്ലാത്തതുകൊണ്ടും അവരുടെ അഭിപ്രായം കൂടി അറിയണമെന്ന് നബി(صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ആഗ്രഹിച്ചു. അന്‍സ്വാരികളുടെ നേതാവായ സഅ്ദുബ്നു മുആദ് (رَضِيَ اللهُ تَعَالَى عَنْهُ) എഴുന്നേറ്റു ഇങ്ങിനെ പറഞ്ഞു: “ഞങ്ങള്‍ അങ്ങയില്‍ വിശ്വസിക്കുകയും, അങ്ങുന്നുകൊണ്ടുവന്നതിനെയെല്ലാം ശരിവെക്കുകയും, അങ്ങേക്ക് പ്രതിജ്ഞ നല്‍കുകയും ചെയ്തവരാണ്. അങ്ങയോട് അല്ലാഹു കല്‍പിച്ച പ്രകാരം ചെയ്തുകൊള്ളുക. ഈ സമുദ്രം വിലങ്ങില്‍ കടന്നുപോകുവാന്‍ അങ്ങുന്ന് കല്‍പിച്ച പ്രകാരം ചെയ്തുകൊള്ളുക. ഈ സമുദ്രം വിലങ്ങില്‍ കടന്നുപോകുവാന്‍ അങ്ങുന്ന് കല്‍പിച്ചാലും ഞങ്ങള്‍ സമുദ്രത്തില്‍ ഇറങ്ങുവാന്‍ തയ്യാറാണ്.” തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) വളരെ സന്തോഷിച്ചു. അവിടുന്ന് പറഞ്ഞു: “അല്ലാഹുവിന്റെ അനുഗ്രഹത്തോടെ നടക്കുവിന്‍. സന്തോഷിക്കുകയും ചെയ്യുവിന്‍. ആ ജനങ്ങള്‍ വീണുകിടക്കുന്ന സ്ഥാനങ്ങള്‍ ഞാന്‍ (കണ്‍മുമ്പില്‍) കാണുന്നപോലെ തോന്നുന്നു!”.


(*). യമനിന്റെ അങ്ങേ അറ്റത്തുള്ള ഒരു രാജ്യമാണത്. വേറെയും ചില അഭിപ്രായങ്ങളുണ്ട്‌.

(**). മദീനാ ഹിജ്റഃക്കു മുമ്പായി മദീനയില്‍ നിന്ന് ഹജ്ജിന് വന്നിരുന്ന ചിലര്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യില്‍ വിശ്വസിക്കുകയും മദീനയില്‍ വന്നാല്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യെയും മുസ്ലിംകളെയും സഹായിച്ചുകൊള്ളാമെന്ന് അവര്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)ക്ക് ബൈഅത്ത്‌ (പ്രതിജ്ഞ) നല്‍കുകയും ചെയ്തു. ഇതിന്നാണ് ബൈഅത്തുല്‍ അക്വബഃ എന്ന് പറയുന്നത്. മക്കയിലെ അല്‍അക്വബഃയില്‍ വെച്ചാണിത് നടന്നത്.


ഇതെല്ലാമായപ്പോഴേക്കും അബൂസുഫ്യാനും വര്‍ത്തക സംഘവും തങ്ങളുടെ യാതാമാര്‍ഗ്ഗം മാറ്റി ചെങ്കടല്‍ തീരമാര്‍ഗ്ഗം രക്ഷപ്പെട്ടുപോയി. തങ്ങള്‍ രക്ഷപ്പെട്ടിട്ടുണ്ടെന്നും, അതുകൊണ്ടു മടങ്ങിപ്പോകാമെന്നും, അറിയിച്ചുകൊണ്ടു അബൂസുഫ്യാന്‍ പട്ടാള സംഘത്തിലേക്കു ദൂതനെ അയക്കുകയും ചെയ്തു. ചുരുക്കം ചിലര്‍ അങ്ങനെ, മടങ്ങിപ്പോയെങ്കിലും അബൂജഹ്ല്‍ മടങ്ങുവാന്‍ കൂട്ടാക്കിയില്ല. ബദ്റില്‍ ചെന്നിറങ്ങി തിന്നും കുടിച്ചും, മതിച്ചും, പുളച്ചും മൂന്നു ദിവസം കഴിച്ചു കൂട്ടി ജയഭേരി മുഴക്കിയേ മടങ്ങൂ എന്നു നിശ്ചയിച്ചുകൊണ്ടു സൈന്യം ബദ്റില്‍ വന്നിറങ്ങി. ഇതോടെ, പട്ടാള സംഘത്തോടുള്ള ഏറ്റുമുട്ടല്‍ സുനിശ്ചിതമായിത്തീര്‍ന്നു.

വിശദാംശങ്ങളില്‍ ചിലപ്പോഴൊക്കെ വ്യത്യാസം കണ്ടേക്കുമെങ്കിലും ക്വുര്‍ആന്‍ വ്യാഖ്യാതാക്കളും, ഇസ്‌ലാം ചരിത്രകാരന്‍മാരും ബദ്ര്‍ യുദ്ധത്തിന്റെ പശ്ചാത്തലം വിവരിച്ചിട്ടുള്ളതിന്റെ ചുരുക്കമാണു മുകളില്‍ കണ്ടത്. ഹദീഥു ഗ്രന്ഥങ്ങള്‍ പരിശോധിച്ചാലും സംഭവഗതി അപ്രകാരം തന്നെയാണെന്നു മനസ്സിലാകും. എന്നാല്‍, ഇപ്പോള്‍ ചില പുതിയ കണ്ടു പിടുത്തക്കാര്‍ അതെല്ലാം നിഷേധിച്ചുകൊണ്ട് ഒരു പുതിയ പശ്ചാത്തലം അവരുടെ വകയായി പടച്ചുണ്ടാക്കിക്കാണുന്നു. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യും സഹാബികളും ആദ്യം പുറപ്പെട്ടതു വര്‍ത്തക സംഘത്തെ ഉദ്ദേശിച്ചാണെന്നും, പിന്നീട് മുന്‍കരുതല്‍ കൂടാതെ പട്ടാളസംഘത്തോടു ഏറ്റുമുട്ടേണ്ടി വന്നുവെന്നും പറയുന്നതു ശരിയല്ലെന്നു അവര്‍ വാദിക്കുന്നു. അബൂജഹ്ലിന്റെ നേതൃത്വത്തില്‍ പടയൊരുക്കം നടത്തുന്നതും, അവര്‍ മുസ്ലിംകളെ ആക്രമിക്കുവാന്‍ ഉദ്ദേശിക്കുന്നതും അറിഞ്ഞപ്പോഴാണു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യും സഹാബികളും യുദ്ധത്തിനു പുറപ്പെട്ടതു പോയതു: മക്കായില്‍ നിന്നു പട്ടാളം ബദ്റില്‍ എത്തുമ്പോഴേക്കും ശാമില്‍ നിന്നു മടങ്ങിവരുന്ന ആ കച്ചവട സംഘം ഭക്ഷ്യ സാധാനങ്ങളുമായി അവിടെ എത്തിച്ചേരുവാന്‍ മുന്‍കൂട്ടി ക്വുറൈശികള്‍ പരിപാടിയിട്ടിരുന്നു എന്നൊക്കെയാണു ഇവര്‍ അതിനു നല്‍കുന്ന രൂപം. കച്ചവടസംഘത്തെ നേരിടുവാന്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യും സൈന്യവും പുറപ്പെട്ടുവെന്നു പറയുന്നതിന്റെ അര്‍ത്ഥം, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യെയും സഹാബികളെയും കൊള്ളക്കാരും ധനമോഹികളുമാക്കുക എന്നാണെന്നും മറ്റുമുള്ള ചില ന്യായവാദങ്ങളാണു ഈ പുതിയ ചിത്രീകരണത്തിനു ഇവരെ പ്രേരിപ്പിച്ചിരിക്കുന്നത്. കാര്യത്തിന്റെ ഉള്ളോട്ടിറങ്ങി പരിശോധിക്കുവാനും സംഭവങ്ങളെ വസ്തുനിഷ്ഠമായി വിലയിരുത്തുവാനും കഴിയാത്തവരുടെ ദൃഷ്ടിയില്‍ ഈ ചിത്രീകരണം അല്‍പം ആകര്‍ഷമായിത്തോന്നിയേക്കാം. പക്ഷേ, സംഭവങ്ങള്‍ യഥാര്‍ത്ഥത്തില്‍ ഉണ്ടായതു എങ്ങിനെയാണെന്നറിയുവാന്‍ ചരിത്രലക്ഷ്യങ്ങളെ അവഗണിച്ചുകൊണ്ടു ബുദ്ധിശക്തിയെയോ, യുക്തിചിന്തയെയോ ശരണം പ്രാപിക്കുന്നതു ബുദ്ധിക്കും യുക്തിക്കും നിരക്കാത്തതാകുന്നു.

മുമ്പു ആരും പ്രസ്താവിച്ചിട്ടില്ലാത്ത ഒരു പശ്ചാത്തലം തങ്ങള്‍ കണ്ടുപിടിച്ചുവെന്നുള്ള ദുരഭിമാനം മുഴച്ചു കാണാവുന്ന ആ ചിത്രീകരണത്തിനുവേണ്ടി ചില ക്വുര്‍ആന്‍ വാക്യങ്ങളെ അവര്‍ക്കു ദുര്‍വ്യാഖ്യാനം ചെയ്യേണ്ടി വന്നിട്ടുണ്ട്. തങ്ങളുടെ ഈ അഭിപ്രായത്തോടു യോജിക്കാത്തവരാണെന്നു ബോധ്യമുള്ള ഇമാംറാസീ (رحمه الله) യെപ്പോലുള്ള ചിലരുടെ വാക്കുകള്‍ സന്ദര്‍ഭത്തില്‍നിന്നു അടര്‍ത്തിയെടുത്ത് തങ്ങള്‍ക്കനുകൂലമായി ഉദ്ധരിക്കുകയും ചെയ്തിരിക്കുന്നു. എല്ലാം വിശദമായി വസ്തുനിഷ്ഠമായും വിവരിക്കുന്ന പക്ഷം അതു കുറേ ദീര്‍ഘിച്ചു പോയേക്കുന്നതു കൊണ്ടു അതിനു മുതിരുന്നില്ല. വാസ്തവത്തില്‍, അടുത്ത വചനവും, താഴെ 42-ാം വചനത്തിലെ സിഹ്ല വാക്യങ്ങളും കൊണ്ടുതന്നെ അവരുടെ ഈ പുതിയ അഭിപ്രായം ശരിയല്ലെന്നു മനസ്സിലാക്കാവുന്നതാണ്.

8:7
  • وَإِذْ يَعِدُكُمُ ٱللَّهُ إِحْدَى ٱلطَّآئِفَتَيْنِ أَنَّهَا لَكُمْ وَتَوَدُّونَ أَنَّ غَيْرَ ذَاتِ ٱلشَّوْكَةِ تَكُونُ لَكُمْ وَيُرِيدُ ٱللَّهُ أَن يُحِقَّ ٱلْحَقَّ بِكَلِمَـٰتِهِۦ وَيَقْطَعَ دَابِرَ ٱلْكَـٰفِرِينَ ﴾٧﴿
  • (ആ) രണ്ടിലൊരു സംഘത്തെ - അതു നിങ്ങള്‍ക്കായിരിക്കും [നിങ്ങള്‍ക്കു അധീനമാകും] എന്നു - അല്ലാഹു നിങ്ങളോടു വാഗ്ദാനം ചെയ്തിരുന്ന സന്ദര്‍ഭം (ഓര്‍ക്കുക); ശക്തി (ബലം) ഉള്ളതല്ലാത്തതു നിങ്ങള്‍ക്കു ആയിരിക്കണമെന്നു നിങ്ങള്‍ മോഹിക്കുകയും ചെയ്തിരുന്നു. തന്റെ (കല്‍പനാ) വാക്യങ്ങള്‍ മൂലം യഥാര്‍ത്ഥത്തെ യഥാര്‍ത്ഥവല്‍കരിക്കുകയും, അവിശ്വാസികളുടെ മൂടറു (ത്തു നശിപ്പി) ക്കുകയും ചെയ്‌വാന്‍ അല്ലാഹുവും ഉദ്ദേശിച്ചിരുന്നു.
  • وَإِذْ يَعِدُكُمُ നിങ്ങളോടു വാഗ്ദാനം (വാഗ്ദത്തം) ചെയ്യുമ്പോള്‍, ചെയ്തിരുന്ന സന്ദര്‍ഭം اللَّـهُ അല്ലാഹു إِحْدَى ഒന്നു الطَّائِفَتَيْنِ രണ്ടു സംഘ (കൂട്ടവിഭാഗ) ത്തില്‍ أَنَّهَا അതാകുന്നു (ആയിരിക്കും) എന്നു لَكُمْ നിങ്ങള്‍ക്കു وَتَوَدُّونَ നിങ്ങള്‍ മോഹിക്കുക (ഇഷ്ടപ്പെടുക - ആഗ്രഹിക്കുക) യും ചെയ്തിരുന്നു (ചെയ്യുന്നു) أَنَّ غَيْرَ അല്ലാത്തതു എന്നു ذَاتِ الشَّوْكَةِ ശക്തി (ബലം) ഉള്ളതു تَكُونُ ആയിരിക്കണം (എന്നു) لَكُمْ നിങ്ങള്‍ക്കു وَيُرِيدُ اللَّـهُ അല്ലാഹു ഉദ്ദേശിക്കുകയും ചെയ്തിരുന്നു (ചെയ്യുന്നു) أَن يُحِقَّ യഥാര്‍ത്ഥമാക്കു (യഥാര്‍ത്ഥവല്‍ക്കരിക്കു) വാന്‍ الْحَقَّ യഥാര്‍ത്ഥത്തെ بِكَلِمَاتِهِ അവന്റെ വാക്കു (വാക്യം - കല്‍പന) കള്‍ മൂലം وَيَقْطَعَ മുറിക്കു (അറുക്കു) വാനും دَابِرَ മൂടു, പിന്‍പുറം الْكَافِرِينَ അവിശ്വാസികളുടെ
8:8
  • لِيُحِقَّ ٱلْحَقَّ وَيُبْطِلَ ٱلْبَـٰطِلَ وَلَوْ كَرِهَ ٱلْمُجْرِمُونَ ﴾٨﴿
  • (അതെ) യഥാര്‍ത്ഥത്തെ യഥാര്‍ത്ഥമാ (ക്കി സ്ഥാപി) ക്കുകയും, അയാഥാര്‍ത്ഥ്യത്തെ അയഥാര്‍ത്ഥീകരി(ച്ച്‌ നശിപ്പി)ക്കുകയും ചെയ്‌വാന്‍ വേണ്ടിയത്രെ (അവന്‍ അങ്ങിനെ ചെയ്തതു): കുറ്റവാളികള്‍ വെറുത്താലും ശരി.
  • لِيُحِقَّ യഥാര്‍ത്ഥമാക്കുവാന്‍ (യഥാര്‍ത്ഥമായി പുലര്‍ത്തുവാന്‍ വേണ്ടിയാണു الْحَقَّ യഥാര്‍ത്ഥ (കാര്യ -സത്യ) ത്തെ وَيُبْطِلَ അയഥാര്‍ത്ഥീകരിക്കുവാനും, വിഫലമാക്കുവാനും الْبَاطِلَ നിരര്‍ത്ഥമായതിനെ, അയഥാര്‍ത്ഥ്യം وَلَوْ كَرِهَ വെറുത്താലും (അനിഷ്ടപ്പെട്ടാലും) ശരി الْمُجْرِمُونَ കുറ്റവാളികള്‍

വര്‍ത്തക സംഘം, പട്ടാളസംഘം എന്നീ രണ്ടില്‍ ഏതൊരു സംഘത്തെ നിങ്ങള്‍ നേരിട്ടാലും ആ സംഘത്തെ പരാജയപ്പെടുത്തി നിങ്ങള്‍ക്കു അവരോടു വിജയംനേടാം. അതിനു അല്ലാഹു നിങ്ങളെ സഹായിക്കും എന്നു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) മുഖേന അവന്‍ നിങ്ങളോടു വാഗ്ദാനം ചെയ്തു. ആള്‍ബലവും, ആയുധശക്തിയും ഇല്ലാത്ത വര്‍ത്തക സംഘത്തെ നേരിടുവാനായിരുന്നു നിങ്ങളുടെ മോഹം. വളരെ ക്ലേശമൊന്നും അനുഭവിക്കേണ്ടി വരാതെ അതിലുള്ള സമ്പത്തുകളെ നിങ്ങള്‍ക്കു അധേനമാക്കാമെന്നു നിങ്ങള്‍ കരുതി. എന്നാല്‍, അല്ലാഹു അവന്റെ കല്‍പനാ നിര്‍ദ്ദേശങ്ങള്‍വഴി ഉദ്ദേശിച്ചതു അതിനെക്കാള്‍ ഉപരിയായ മറ്റൊന്നായിരുന്നു. സത്യമതത്തിനു ഇവിടെ സ്ഥിരീകരണവും, പ്രചാരണ സ്വാതന്ത്ര്യവും ഉണ്ടാവണം. അതിന്റെ നിഷേധികളുടെ ശക്തിയും സ്വാധീനവും നാമാവശേഷമാക്കുകയും വേണം. അതായിരുന്നു അവന്‍ ഉദ്ദേശിച്ചതു. അതാണവന്‍ നടപ്പില്‍ വരുത്തിയതു. അതെ, നിങ്ങളെ നശിപ്പിക്കുവാന്‍ ഉദ്ദേശിച്ചുവന്ന ആ മഹാപാപികളുടെ അഭീഷ്ടങ്ങള്‍ക്കെതിരായി ഇസ്ലാമാകുന്ന യാഥാര്‍ത്ഥ്യത്തെ വിജയിപ്പിക്കുകയും, ശിര്‍ക്കാകുന്ന അയാഥാര്‍ത്ഥ്യത്തെ പരാജയപ്പെടുത്തുകയും ചെയ്‌വാന്‍ വേണ്ടിയാണു അവന്‍ അതൊക്കെ ചെയ്തത്.

അബൂജഹ്ലിന്റെ പട്ടാള സംഘത്തോടോ, അബൂസുഫ്യാന്റെ വര്‍ത്തക സംഘത്തോടോ ഏതിനോടു ഏറ്റുമുട്ടിയാലും ആ സംഘത്തെ നിങ്ങള്‍ക്കു അധീനമാക്കി – അഥവാ അതിനെ പരാജയപ്പെടുത്തി – ത്തരാം എന്നു അല്ലാഹു സത്യവിശ്വാസികളോടു വാഗ്ദാനം നല്‍കിയിരുന്നുവെന്നും, ശക്തിയും ബലവും കുറഞ്ഞ സംഘമായ വര്‍ത്തക സംഘത്തോടു ഏറ്റുമുട്ടുവാനായിരുന്നു അവര്‍ക്കു മോഹമെന്നും, പക്ഷേ, ശക്തിയേറിയ പട്ടാളസംഘത്തെ പരാജയപ്പെടുത്തി സത്യമതത്തെ വിജയിപ്പിക്കുവാനായിരുന്നു അല്ലാഹുവിന്റെ ഉദ്ദേശ്യമെന്നും, അതാണു ഒടുവില്‍ സംഭവിച്ചതെന്നും ഈ വചനങ്ങളില്‍നിന്നു സ്പഷ്ടമാണു. എന്നിരിക്കെ – മേല്‍ സൂചിപ്പിച്ചതുപോലെ – വര്‍ത്തക സംഘത്തോടു ഏറ്റുമുട്ടണമമെന്നുദ്ദേശിച്ചുകൊണ്ടു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യും സഹാബികളും പുറപ്പെട്ടിട്ടില്ലെന്നും മറ്റുമുള്ള വാദങ്ങള്‍ ആ വാദക്കാരുടെ പുതിയ സൃഷ്ടിയാണെന്നു പറയേണ്ടതില്ലല്ലോ.

എല്ലാവിധ സജ്ജീകരണങ്ങളും സഹിതം മുന്നൊരുക്കത്തോടുകൂടി തയ്യാറെടുത്തുവന്ന വമ്പിച്ച ഒരു പട്ടാള വ്യൂഹവും, കേവലം നിരായുധരും മുന്‍കരുതലില്ലാത്തവരും എണ്ണം കൊണ്ടു അവരുടെ ഏതാണ്ടു മൂന്നിലൊരു ഭാഗം മാത്രം വരുന്നവരുമായ ഒരു സംഘം ആളുകളും തമ്മിലാണു ബദ്റില്‍ ഏറ്റുമുട്ടിയതു. എന്നിട്ടും, അതിശക്തമായ ആ സംഘത്തിലെ നേതാക്കളായ എഴുപതു പേര്‍ കൊല്ലപ്പെടുകയും, അത്രതന്നെ കേമന്‍മാര്‍ ബന്ധനത്തിലാക്കപ്പെടുകയും ചെയ്തു. ഇതു അല്ലാഹു ചെയ്ത വാഗ്ദാനം അവന്‍ സാക്ഷാല്‍ക്കരിച്ചതല്ലാതെ മറ്റെന്താണു? മനുഷ്യന്റെ കണക്കു കൂട്ടലിനോ, ഇഷ്ടത്തിനോ, ആസൂത്രണത്തിനോ അനുസരിച്ചല്ല കാര്യങ്ങള്‍ നടക്കുന്നതു. എല്ലാം അല്ലാഹുവിന്റെ ഉദ്ദേശ്യവും പരിപാടിയും അനുസരിച്ചാകുന്നു. ആകയാല്‍, അവന്റെ കല്‍പനകളും നിര്‍ദ്ദേശങ്ങളും മടികൂടാതെയും, ചോദ്യം ചെയ്യാതെയും അനുസരിക്കുകയാണു സത്യവിശ്വാസികള്‍ ചെയ്യേണ്ടതു എന്നത്രെ ഇതിലടങ്ങിയ പാഠം. അല്ലാഹു പറയുന്നു: كُتِبَ عَلَيْكُمُ الْقِتَالُ وَهُوَ كُرْهٌ لَّكُمْ ۖ وَعَسَىٰ أَن تَكْرَهُوا شَيْئًا وَهُوَ خَيْرٌ لَّكُمْ ۖ وَعَسَىٰ أَن تُحِبُّوا شَيْئًا وَهُوَ شَرٌّ لَّكُمْ (സാരം: യുദ്ധം നിങ്ങള്‍ക്കു വെറുപ്പായിരുന്നിട്ടും, അതു നിങ്ങളുടെ മേല്‍ നിയമിക്കപ്പെട്ടിരിക്കുന്നു. ഒരു കാര്യം നിങ്ങള്‍ക്കു വെറുപ്പായിരിക്കുകയും, അതു നിങ്ങള്‍ക്കു ഗുണകരമായിരിക്കുകയും ചെയ്തേക്കാം. ഒരു കാര്യം നിങ്ങള്‍ക്കു ഇഷ്ടമായിരിക്കുകയും, അതു നിങ്ങള്‍ക്കു ദോഷകരമായിരിക്കുകയും ചെയ്തേക്കാം. (2:216).

ഇബ്നുകഥീര്‍ (رحمه الله)ന്റെ ഒരു പ്രസ്താവന ഇവിടെ ശ്രദ്ധേയമാകുന്നു. അതിന്റെ ചുരുക്കം ഇതാണു: “മുന്‍ പ്രവാചകന്‍മാരുടെ കാലത്തു അവരെ വ്യാജമാക്കിയിരുന്ന സമുദായങ്ങളെ ചില പൊതുശിക്ഷകള്‍ മുഖേന അല്ലാഹു നശിപ്പിച്ചു നാമാവശേഷമാക്കിയിരുന്നു. നൂഹ് (عليه الصلاة والسلام) ന്റെ ജനതയെ ജലപ്രളയംകൊണ്ടും, ആദ് ഗോത്രത്തെ, കൊടുങ്കാറ്റുകൊണ്ടും, ഥമൂദിനെ ഭയങ്കര ശബ്ദംകൊണ്ടും നശിപ്പിച്ചതുപോലെയുള്ള സംഭവങ്ങള്‍ ഇതിനു ഉദാഹരണങ്ങളാകുന്നു. മൂസാ (عليه الصلاة والسلام) നബിയുടെ ആദ്യകാലത്തു ഫിര്‍ഔനും കൂട്ടരും സമുദ്രത്തില്‍ മുക്കിനശിപിക്കപ്പെടുകയും ചെയ്തു. പിന്നീടാണു അദ്ദേഹത്തിനു തൗറാത്തു നല്‍കപ്പെട്ടതും, അതില്‍ നിഷേധികളോടു സമരം നടത്തുവാന്‍ നിയമിക്കപ്പെട്ടതും. ഈ നിയമം പിന്നീടുള്ള പ്രവാചക മാര്‍ഗ്ഗങ്ങളിലും തുടര്‍ന്നുപോന്നു. അല്ലാഹു പറയുന്നു: وَلَقَدْ آتَيْنَا مُوسَى الْكِتَابَ مِن بَعْدِ مَا أَهْلَكْنَا الْقُرُونَ الْأُولَىٰ بَصَائِرَ لِلنَّاسِ وَهُدًى وَرَحْمَةً لَّعَلَّهُمْ يَتَذَكَّرُونَ (പൂര്‍വ്വ തലമുറകളെ നശിപ്പിച്ചതിനുശേഷം, ജനങ്ങള്‍ക്കു ഉള്‍ക്കാഴ്ചകളായും, മാര്‍ഗ്ഗദര്‍ശനമായും, കാരുണ്യമായും കൊണ്ടു നാം മൂസാക്കു വേദഗ്രന്ഥം നല്‍കുകയുണ്ടായി – അവര്‍ ഉറ്റാലോചിക്കുവാന്‍വേണ്ടി. (ക്വസ്വസ്വ്: 43). സത്യവിശ്വാസികള്‍ അവിശ്വാസികളെ കൊലചെയ്യുന്നതുമൂലം അവര്‍ക്കു കൂടുതല്‍ നിന്ദ്യതയും, സത്യവിശ്വാസികള്‍ക്കു കൂടുതല്‍ മനസമാധാനവും ഉളവാകുന്നതാണ്. അല്ലാഹു പറയുന്നു: قَاتِلُوهُمْ يُعَذِّبْهُمُ اللَّـهُ بِأَيْدِيكُمْ وَيُخْزِهِمْ وَيَنصُرْكُمْ عَلَيْهِمْ وَيَشْفِ صُدُورَ قَوْمٍ مُّؤْمِنِينَ (സാരം: നിങ്ങള്‍ അവരോടു യുദ്ധം ചെയ്യുവിന്‍. നിങ്ങളുടെ കൈകളാല്‍ അല്ലാഹു അവരെ ശിക്ഷിക്കുകയും, അവരെ അപമാനിക്കുകയും, നിങ്ങളെ അവര്‍ക്കെതിരെ സഹായിക്കുകയും, സത്യവിശ്വാസികളായ ജനങ്ങളുടെ മനസ്സിനു അവന്‍ ആശ്വാസം നല്‍കുകയും ചെയ്യുന്നതാണ്. (തൗബ: 14)). ഇതനുസരിച്ചാണു ഖുറൈശീ പ്രമാണികളായ യോഗ്യന്‍മാരെ അവര്‍ നിസ്സാരന്‍മാരായി ഗണിച്ചു വന്നിരുന്നവരുടെ കൈകൊണ്ടു വധിച്ചു മനസ്സമാധാനമടയുവാന്‍ സത്യവിശ്വാസികള്‍ക്കും, അതു കണ്ട് അപമാനിതരാകുവാന്‍ അവിശ്വാസികള്‍ക്കും അവസരമുണ്ടായത്.

8:9
  • إِذْ تَسْتَغِيثُونَ رَبَّكُمْ فَٱسْتَجَابَ لَكُمْ أَنِّى مُمِدُّكُم بِأَلْفٍ مِّنَ ٱلْمَلَـٰٓئِكَةِ مُرْدِفِينَ ﴾٩﴿
  • നിങ്ങള്‍ നിങ്ങളുടെ റബ്ബിനോടു സഹായം തേടിയിരുന്ന സന്ദര്‍ഭം (ഓര്‍ക്കുക); എന്നിട്ട് അവന്‍ നിങ്ങള്‍ക്കു ഉത്തരം നല്‍കി. 'മലക്കുകളില്‍നിന്നും തുടരെ വന്നുകൊണ്ടിരിക്കുന്ന ആയിരം പേരെക്കൊണ്ടു ഞാന്‍ നിങ്ങള്‍ക്കു സഹായം നല്‍കുന്നവനാണു' എന്നു.
  • إِذْ تَسْتَغِيثُونَ നിങ്ങള്‍ സഹായം (ഉതവി) തേടിയിരുന്ന സന്ദര്‍ഭം رَبَّكُمْ നിങ്ങളുടെ റബ്ബിനോടു فَاسْتَجَابَ എന്നിട്ടു (അപ്പോള്‍) അവന്‍ ഉത്തരം നല്‍കി لَكُمْ നിങ്ങള്‍ക്കു أَنِّي ഞാന്‍ എന്നു مُمِدُّكُم നിങ്ങള്‍ക്കു സഹായം നല്‍കുന്ന (നിങ്ങളെ പോഷിപ്പിക്കുന്ന) വനാണു بِأَلْفٍ ആയിരം കൊണ്ടു مِّنَ الْمَلَائِكَةِ മലക്കുകളില്‍നിന്നു مُرْدِفِينَ തുടരെ (ഒന്നിനു പിന്നാലെ ഒന്നായി) വരുന്നതായ

8:10
  • وَمَا جَعَلَهُ ٱللَّهُ إِلَّا بُشْرَىٰ وَلِتَطْمَئِنَّ بِهِۦ قُلُوبُكُمْ ۚ وَمَا ٱلنَّصْرُ إِلَّا مِنْ عِندِ ٱللَّهِ ۚ إِنَّ ٱللَّهَ عَزِيزٌ حَكِيمٌ ﴾١٠﴿
  • അതിനെ അല്ലാഹു ഒരു സന്തോഷ വാര്‍ത്തയല്ലാതെ ആക്കിയിട്ടില്ല; അതുമൂലം നിങ്ങളുടെ ഹൃദയങ്ങള്‍ സമാധാനമടയുവാന്‍ വേണ്ടിയുമാകുന്നു. സഹായം അല്ലാഹുവിങ്കല്‍ നിന്നല്ലാതെ ഇല്ലതാനും. നിശ്ചയമായും അല്ലാഹു പ്രതാപശാലിയും അഗാധജ്ഞനുമാകുന്നു.
  • وَمَا جَعَلَهُ അതിനെ ആക്കിയിട്ടില്ല اللَّـهُ അല്ലാഹു إِلَّا بُشْرَىٰ സന്തോഷവാര്‍ത്തയല്ലാതെ وَلِتَطْمَئِنَّ സമാധാനമടയുവാന്‍ വേണ്ടിയുമാണു بِهِ അതുമൂലം, അതിനാല്‍ قُلُوبُكُمْ നിങ്ങളുടെ ഹൃദയങ്ങള്‍ وَمَا النَّصْرُ സഹായം അല്ല (ഇല്ല) താനും إِلَّا مِنْ عِندِ പക്കല്‍ നിന്നല്ലാതെ اللَّـهِ അല്ലാഹുവിന്റെ إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു عَزِيزٌ പ്രതാപശാലിയാകുന്നു حَكِيمٌ അഗാധജ്ഞനാണു, യുക്തിമാനായ

ബദ്ര്‍ യുദ്ധത്തില്‍ സത്യവിശ്വാസികള്‍ക്കു അല്ലാഹു നല്‍കിയ മറ്റൊരു അനുഗ്രഹമാണു ഈ വചനങ്ങളില്‍ പ്രസ്താവിക്കപ്പെട്ടിരിക്കുന്നത്. ഉമര്‍ (رَضِيَ اللهُ تَعَالَى عَنْهُ) പ്രസ്താവിച്ചതായി ഇബ്നു അബ്ബാസ് (رَضِيَ اللهُ تَعَالَى عَنْهُ) വഴി രേഖപ്പെടുത്തപ്പെട്ടതും അല്‍പം ദീര്‍ഘമായതുമായ ഒരു ഹദീഥിന്റെ ആദ്യഭാഗം ഇങ്ങിനെയാകുന്നു: “ബദ്ര്‍ യുദ്ധത്തില്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തന്റെ സഹാബികളെ നോക്കുമ്പോള്‍ അവര്‍ മുന്നൂറില്‍ ചില്വാനമാണെന്നും, മുശ്രിക്കുകളെ നോക്കുമ്പോള്‍ അവര്‍ ആയിരമോ അധികമോ ആണെന്നും കണ്ടു. അപ്പോള്‍ അവിടുന്നു ക്വിബ്ലയുടെ നേരെ തിരിഞ്ഞുനിന്നു. തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തുണിയും തട്ടവും ധരിച്ചിട്ടുണ്ടായിരുന്നു. എന്നിട്ടു ഇങ്ങിനെ പറഞ്ഞു: “അല്ലാഹുവേ! എന്നോടു ചെയ്ത വാഗ്ദാനം നിറവേറ്റിത്തരേണമേ! അല്ലാഹുവേ! ഇസ്ലാമിന്റെ ആള്‍ക്കാരായ ഈ സംഘത്തെ നീ നശിപ്പിക്കുന്നപക്ഷം, ഭൂമിയില്‍ ഒരിക്കലും നിനക്കു ആരാധന ചെയ്യപ്പെടുകയുണ്ടാകുകയില്ല.” അങ്ങനെ, തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) റബ്ബിനോടു സഹായമര്‍ത്ഥിച്ചും പ്രാര്‍ത്ഥിച്ചും കൊണ്ടിരുന്നു. തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ തട്ടം തോളില്‍ നിന്നു നിലത്തു വീണു. അപ്പോള്‍, അബൂബക്കര്‍ (رَضِيَ اللهُ تَعَالَى عَنْهُ) ചെന്നു തട്ടമെടുത്ത് തോളിലിട്ടുകൊടുത്ത് പിന്നിലൂടെ കൂട്ടിപ്പിടിച്ചുകൊണ്ടു ഇങ്ങിനെ പറഞ്ഞു: “അല്ലാഹുവിന്റെ പ്രവാചകരേ! അങ്ങയുടെ റബ്ബിനോടു അങ്ങുന്നു പ്രാര്‍ത്ഥിച്ചതുമതി! തീര്‍ച്ചയായും അവന്‍ അവന്റെ വാഗ്ദാനം അങ്ങേക്കു നിറവേറ്റിത്തരും.” ഇതിനെപ്പറ്റിയാണു إِذْ تَسْتَغِيثُونَ رَبَّكُمْ فَاسْتَجَابَ لَكُمْ أَنِّي مُمِدُّكُم بِأَلْفٍ مِّنَ الْمَلَائِكَةِ مُرْدِفِينَ എന്നുള്ള (ഈ) വചനം അവതരിച്ചത്. അങ്ങനെ, അന്ന് അവര്‍ മുശ്രിക്കുകളുമായി കൂട്ടിമുട്ടിയപ്പോള്‍ അല്ലാഹു മുശ്രിക്കുകളെ പരാജയപ്പെടുത്തി. അവരില്‍ എഴുപതു പേര്‍ കൊല്ലപ്പെടുകയും, എഴുപതു പേര്‍ പിടിക്കപ്പെടുകയും ചെയ്തു….. (അ; മു; ദാ; തി). ഇബ്നു അബ്ബാസ് (رَضِيَ اللهُ تَعَالَى عَنْهُ) പറഞ്ഞതായി ഇപ്രകാരവും നിവേദനം ചെയ്യപ്പെട്ടിരിക്കുന്നു: ബദ്റിന്റെ ദിവസം നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞു: “അല്ലാഹുവേ! നിന്റെ കരാറിനും വാഗ്ദാനത്തിനും വേണ്ടി ഞാന്‍ നിന്നോടപേക്ഷിക്കുന്നു. നീ ഉദ്ദേശിക്കുകയാണെങ്കില്‍ നിനക്കു ആരാധന ചെയ്യപ്പെടുന്നതല്ല.” അപ്പോള്‍, അബൂബക്കര്‍ (رَضِيَ اللهُ تَعَالَى عَنْهُ) നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ കൈക്കു പിടിച്ചു ‘മതി’ എന്നു പറഞ്ഞു. അപ്പോള്‍, തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ): “ആ സംഘം പരാജയപ്പെടും, അവര്‍ പിന്‍തിരിഞ്ഞു പോകും” എന്നു പറഞ്ഞുകൊണ്ടു പുറത്തു വന്നു. (ബു; ന). ചില രിവായത്തുകളില്‍ കാണാവുന്നതുപോലെ, പൊതുവില്‍ സത്യവിശ്വാസികള്‍ എല്ലാവരും തന്നെ അല്ലാഹുവിന്റെ സഹായത്തിനുവേണ്ടി ആ അവസരത്തില്‍ അപേക്ഷിച്ചിരിക്കുമെന്നു പറയേണ്ടതില്ലല്ലോ.

ഈ പ്രാര്‍ത്ഥനകള്‍ക്കു ഉത്തരമായി, തുടരെ വന്നുകൊണ്ടിരിക്കുന്ന ആയിരം മലക്കുകള്‍ വഴി ഞാന്‍ നിങ്ങള്‍ക്കു സഹായം നല്‍കി നിങ്ങളെ പോഷിപ്പിക്കാമെന്നു സത്യവിശ്വാസികളെ അല്ലാഹു അറിയിച്ചു. ഇവിടെ ആയിരം മലക്കുകള്‍ എന്നാണു പറഞ്ഞിരിക്കുന്നത്. സൂ: ആലുഇംറാനില (124, 125) മുവ്വായിരം ഇറക്കാമെന്നും, അയ്യായിരം ഇറക്കാമെന്നും പറഞ്ഞതു ബദ്റിനെ സംബന്ധിച്ചു തന്നെയാണെന്നും, അല്ലെന്നുമുള്ള അഭിപ്രായങ്ങള്‍ നാമവിടെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ബദ്റില്‍ വെച്ചു തന്നെയാണെന്ന അഭിപ്രായ പ്രകാരം, ആയിരം എന്നു ഇവിടെ പറഞ്ഞതിന്റെ ഉദ്ദേശ്യം – ഖത്താദ (رحمه الله)യില്‍ നിന്നു നിവേദനം ചെയ്യപ്പെട്ടതുപോലെ – ആദ്യം ആയിരം ഇറക്കുകയും, പിന്നീടു മുവ്വായിരമാക്കുകയും, അവസാനം അയ്യായിരം തികക്കുകയും ചെയ്തുവെന്നും മറ്റുമാവാം. الله أعلم . ഏതായാലും മലക്കുകളെ ഇറക്കി സഹായിച്ചതിന്റെയും, അതിനെക്കുറിച്ചു അവരെ അറിയിച്ചതിന്റെയും ആവശ്യം സത്യവിശ്വാസികള്‍ക്കു സന്തോഷം നല്‍കലും അവര്‍ക്കു മനസ്സമാധാനം വരുത്തലുമാണെന്നും, യഥാര്‍ത്ഥത്തിലുള്ള സഹായവും വിജയവും ലഭിക്കുന്നതു അല്ലാഹുവിങ്കല്‍ നിന്നു മാത്രമാണു – അഥവാ മലക്കുകളെക്കൊണ്ടോ ആള്‍ബലം കൊണ്ടോ ആയുധശക്തികൊണ്ടോ മറ്റോ അല്ല – എന്നും അല്ലാഹു പ്രത്യേകം വ്യക്തമാക്കിയിരിക്കുന്നു. അല്ലാഹുവിങ്കല്‍ നിന്നല്ലാതെ രക്ഷയും സഹായവും ലഭിക്കുവാന്‍ മാര്‍ഗ്ഗമില്ലെന്നും, അവന്റെ സഹായവും രക്ഷയുമില്ലെങ്കില്‍ മറ്റേതു ശക്തികൊണ്ടും സ്വാധീനം കൊണ്ടും അതു സാധ്യമാകുന്നതല്ലെന്നും, അതുകൊണ്ടു ഏതു സന്നിഗ്ദ ഘട്ടത്തിലും അവനോടു മാത്രമാണു സഹായത്തിനപേക്ഷിക്കേണ്ടതെന്നുമാണു ഇതിലടങ്ങിയ പാഠങ്ങള്‍.

യുദ്ധത്തില്‍ മലക്കുകളെ ഇറക്കുന്നതിന്റെ ആവശ്യം ഇന്നതാണെന്നു ഇവിടെ പ്രസ്താവിച്ചതുപോലെ ആലു ഇംറാന്‍ 126ലും അല്ലാഹു പ്രസ്താവിച്ചതു നാം കണ്ടു. ഈ പ്രസ്താവനകളുടെ ബാഹ്യമായ ചില വശങ്ങളെയും, ചില യുക്തിന്യയാങ്ങളെയും അടിസ്ഥാനമാക്കിക്കൊണ്ടു മലക്കുകള്‍ ഒരു യുദ്ധത്തിലും പങ്കെടുത്തിട്ടില്ലെന്നും, സത്യവിശ്വാസികള്‍ക്കു മനസ്സമാധാനവും ധൈര്യവും ഉണ്ടാക്കുക മാത്രമേ ചെയ്തിട്ടുള്ളുവെന്നും ചില വ്യാഖ്യാതാക്കള്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഭൂരിപക്ഷ വ്യാഖ്യാതാക്കളുടെയും അഭിപ്രായം മലക്കുകള്‍ യുദ്ധത്തില്‍ പങ്കെടുത്തിട്ടുണ്ടെന്നുമാകുന്നു. ഈ വിഷയത്തെ സംബന്ധിച്ചു ആവശ്യമായ വിശദീകരണം ആലുഇംറാനിന്റെ വ്യാഖ്യാനത്തില്‍ നമുക്കു കഴിഞ്ഞുപോയിട്ടുള്ളതു കൊണ്ടു ഇവിടെ അതാവര്‍ത്തിക്കേണ്ടതില്ല. മലക്കുകള്‍ യുദ്ധത്തില്‍ പങ്കെടുക്കുകയെന്നു പറയുന്നതിന്റെ അര്‍ത്ഥം, മനുഷ്യരെപ്പോലെ അവരും പ്രവര്‍ത്തിക്കുകയെന്നല്ലെന്നും മറ്റും നാം അവിടെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ചില സംഗതികള്‍ ഓര്‍മ്മിക്കുന്നതു സന്ദര്‍ഭോചിതമായിരിക്കും:
(1) മലക്കുകളെ ഒരു യുദ്ധത്തിലും ഇറക്കുകയുണ്ടായിട്ടുല്ലെന്നും, ഇറക്കാമെന്നുള്ള ഒരു സന്റൊഷവാര്‍ത്ത നല്‍കല്‍ മാത്രമേ ഉണ്ടായിട്ടുള്ളുവെന്നും ചില യുക്തിവാദികളായ വ്യാഖ്യാതാക്കള്‍ ഇപ്പോള്‍ പറഞ്ഞു വരുന്നുണ്ട്. ഇതു ക്വുര്‍ആന്‍ അടക്കമുള്ള പല തെളിവുകളാലും പുറം തള്ളപ്പെട്ട ഒരഭിപ്രായം മാത്രമാകുന്നു.

(2). ബദ്റല്ലാത്ത മറ്റു യുദ്ധങ്ങളില്‍ മലക്കുകള്‍ പങ്കെടുത്തുവെന്നതില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ട്. ഭിന്നിപ്പിനുള്ള സാധ്യതയും ഇല്ലാതില്ല. പക്ഷേ, ബദ്ര്‍ യുദ്ധത്തില്‍ അവര്‍ പങ്കെടുത്തിട്ടുണ്ടെന്നു ഹദീഥുകളില്‍ നിന്നു ശരിക്കും വ്യക്തമാണ്. ബദ്റില്‍ മലക്കുകള്‍ ഹാജറായതു സംബന്ധിച്ചു ഒരു പ്രത്യേക അദ്ധ്യായം തന്നെ ബുഖാരിയിലുണ്ട്. അവര്‍ യുദ്ധത്തില്‍ പങ്കു വച്ചിരുന്നതായി കാണിക്കുന്ന രണ്ടു ഹദീഥുകള്‍ അതില്‍ ബുഖാരീ (رحمه الله) ഉദ്ധരിക്കുകയും ചെയ്തിരിക്കുന്നു. മാത്രമല്ല, അടുത്ത 12ആം വചനം നേര്‍ക്കുനേരെ പരിശോധിച്ചാല്‍ അതുതന്നെയാണു അതില്‍നിന്നും മനസ്സിലാകുന്നതും. إن شاء الله

(3). മലക്കുകളുടെ വരവും, അവര്‍ യുദ്ധത്തില്‍ പങ്കെടുക്കലുമൊക്കെ മനുഷ്യരുടെ വരവും പങ്കെടുക്കലും പോലെയായി സങ്കല്‍പിച്ചതില്‍ നിന്നാണ് മേല്‍ സൂചിപ്പിച്ച ആശയക്കുഴപ്പങ്ങള്‍ ഉണ്ടായിത്തീരുന്നത്.

(4). മലക്കുകള്‍ യുദ്ധത്തില്‍ പങ്കെടുത്തിട്ടുണ്ടെന്നുള്ള അഭിപ്രായകാരോ, ആ അഭിപ്രായത്തിനു
മുന്‍ഗണന നല്‍കുന്നവരോ ആയ വ്യാഖ്യാതാക്കളും ചിലപ്പോള്‍ എതിരഭിപ്രായക്കാരുടെ വാക്കുകള്‍ സംസാരമദ്ധ്യെ ഉദ്ധരിചിരിക്കുമല്ലോ. ആ ഉദ്ധരണികളെ സന്ദര്‍ഭത്തില്‍ നിന്നു അടര്‍ത്തിയെടുത്തുകൊണ്ടു ആ വ്യാഖ്യാതാക്കളും തങ്ങളുടെ അഭിപ്രായത്തോടു യോജിച്ചവരാണെന്നു വരുത്തുവാന്‍ ചില വക്ര താല്‍പര്യക്കാര്‍ അവരുടെ ഗ്രന്ഥങ്ങളില്‍ ശ്രമിക്കാറുണ്ട്. ഇമാം റാസി (رحمه الله) യുടെ തഫ്സീറില്‍ നിന്നും, ആലൂസി (رحمه الله) യുടെ തഫ്സീറില്‍ (رُوح الْمَعَانِى) നിന്നും മറ്റുമുള്ള ഹിച്ല വാചകങ്ങളില്‍ ഇത്തരം വഞ്ചനാപരമായ കൃത്രിമങ്ങള്‍ മലക്കുകള്‍ ഇറങ്ങിയിട്ടില്ലെന്ന് വാദിക്കുന്ന ചിലര്‍ നടത്തിയിരിക്കുന്നു. അതേ തഫ്സീര്‍ ഗ്രന്ഥങ്ങളില്‍ തന്നെ അതിന്റെ മുമ്പും പിമ്പും അവയുടെ കര്‍ത്താക്കള്‍ പ്രസ്താവിച്ച വാക്കുകളും, ആലുഇംറാനില്‍ അവര്‍ തന്നെ നല്‍കിയ വിശദീകരണങ്ങളും നോക്കിയാല്‍ ഈ പരമാര്‍ത്ഥം ആര്‍ക്കും മനസ്സിലാകും. സന്ദര്‍ഭത്തില്‍ നിന്നു അടര്‍ത്തിയെടുത്ത മുറിവാക്കുകളെ തെളിവായി എടുത്തു ഉദ്ധരിക്കലും, ഒരു വക്താവിന്റെ വാക്കിനു ആ വക്താവു ഉദ്ദേശിക്കാത്ത അര്‍ത്ഥോദ്ദേശ്യം നല്‍കി മുതലെടുക്കലും സ്ഥാപിത താല്‍പര്യക്കാരും വക്രബുദ്ധികളുമായ ആളുകള്‍ക്കു യോജിക്കുന്ന – നിന്ദ്യവും – നീച്ചവുമായ – പതിവുകളില്‍ പെട്ട ഒന്നത്രെ. അല്ലാഹു നമുക്കു സല്‍ബുദ്ധിയും സത്യാന്വേഷണ ബുദ്ധിയും പ്രദാനം ചെയ്യട്ടെ. ആമീന്‍.

വിഭാഗം - 2

 

8:11
  • إِذْ يُغَشِّيكُمُ ٱلنُّعَاسَ أَمَنَةً مِّنْهُ وَيُنَزِّلُ عَلَيْكُم مِّنَ ٱلسَّمَآءِ مَآءً لِّيُطَهِّرَكُم بِهِۦ وَيُذْهِبَ عَنكُمْ رِجْزَ ٱلشَّيْطَـٰنِ وَلِيَرْبِطَ عَلَىٰ قُلُوبِكُمْ وَيُثَبِّتَ بِهِ ٱلْأَقْدَامَ ﴾١١﴿
  • അവന്‍ [അല്ലാഹു] തന്റെ പക്കല്‍ നിന്നുള്ള നിര്‍ഭയത (അഥവാ മനശാന്തി) ക്കായി നിങ്ങളെ നിദ്രാമയക്കം ആവരണം ചെയ്യിച്ചിരുന്ന സന്ദര്‍ഭം (ഓര്‍ക്കുക); ആകാശത്തുനിന്നു നിങ്ങള്‍ക്കു അവന്‍ (മഴ) വെള്ളം ഇറക്കിത്തരുകയും ചെയ്തിരുന്ന (സന്ദര്‍ഭവും); അതുമൂലം നിങ്ങളെ ശുദ്ധീകരിക്കുകയും, നിങ്ങളില്‍ നിന്നു പിശാചിന്റെ മലിനത നീക്കിക്കളയുകയും ചെയ്‌വാന്‍ വേണ്ടി, നിങ്ങളുടെ ഹൃദയങ്ങള്‍ക്കു കെട്ടുറപ്പുണ്ടാക്കുകയും, അതുമൂലം കാലടികളെ ഉറപ്പിക്കുകയും ചെയ്‌വാന്‍ വേണ്ടിയും.
  • إِذْ يُغَشِّيكُمُ അവന്‍ നിങ്ങളെ മൂടിയിരുന്ന (ആവരണം ചെയ്യിച്ചിരുന്ന) സന്ദര്‍ഭം النُّعَاسَ മയക്കത്തെ, നിദ്രാമയക്കം, തൂക്കം أَمَنَةً ഒരു നിര്‍ഭയതയായി, നിര്‍ഭയതക്ക് വേണ്ടി, സമാധാനമായി مِّنْهُ അവന്റെ പക്കല്‍നിന്നുള്ള وَيُنَزِّلُ അവന്‍ ഇറക്കുകയും عَلَيْكُم നിങ്ങളുടെ മേല്‍, നിങ്ങള്‍ക്കു مِّنَ السَّمَاءِ ആകാശത്തുനിന്നു مَاءً വെള്ളം لِّيُطَهِّرَكُم നിങ്ങളെ അവന്‍ ശുദ്ധമാക്കു (ശുദ്ധീകരിക്കു) വാന്‍ വേണ്ടി بِهِ അതുമൂലം (കൊണ്ടു) وَيُذْهِبَ പോക്കി (നീക്കി) ക്കളയുവാനും عَنكُمْ നിങ്ങളില്‍ നിന്നു رِجْزَ മാലിന്യം الشَّيْطَانِ പിശാചിന്റെ وَلِيَرْبِطَ അവന്‍ കെട്ടുറപ്പുണ്ടാക്കുവാനും عَلَىٰ قُلُوبِكُمْ നിങ്ങളുടെ ഹൃദയങ്ങള്‍ക്കു وَيُثَبِّتَ بِهِ അതുമൂലം സ്ഥിരപ്പെടുത്തു (ഉറപ്പിക്കു) വാനും الْأَقْدَامَ പാദങ്ങളെ, കാലടികളെ

ബദ്ര്‍ യുദ്ധവേളയില്‍ സത്യവിശ്വാസികള്‍ക്ക് അല്ലാഹു നല്‍കിയ വേറെ രണ്ടു അനുഗ്രഹങ്ങളെക്കുറിച്ചാണ് ഈ വചനത്തില്‍ പ്രസ്താവിക്കുന്നത്.

(1). ഒരു നിദ്രാമയക്കം – അഥവാ ലഘുവായ ഒരു ഉറക്ക് – നല്‍കിക്കൊണ്ട് അല്ലാഹു അവര്‍ക്കു മനശ്ശാന്തിയും സമാധാനവും നല്‍കി. അതിയായ ഭീതിയും ഭയപ്പാടും പിടിപെട്ടിരിക്കുന്ന അവസരത്തില്‍ ഇതു കേവലം ഒരു അസാധാരണം തന്നെയാണ് അതേ സമയം അതുമൂലം മനസ്സിലുള്ള അലട്ടും ഭയപ്പാടും നീങ്ങി പുതിയൊരു ഉണര്‍വ്വും ചൈതന്യവും ലഭിക്കുവാന്‍ അത് സഹായകവുമായിരിക്കും. തങ്ങളെക്കാള്‍ പല മടങ്ങു സുശക്തമായ ഒരു ശത്രുവുമായി നേരിടുവാന്‍ കളം പകുത്തു നില്‍ക്കുന്ന മദ്ധ്യെ ഇങ്ങിനെ ഒരു നിദ്രാമയക്കം ലഭിച്ചതു അല്ലാഹുവിന്റെ വമ്പിച്ച ഒരനുഗ്രഹമാണെന്നു വിശേഷിച്ചു പറയേണ്ടതില്ലല്ലോ. ഉഹ്ദു യുദ്ധത്തിലും ഇതുപോലെ ഒരു മയക്കം മുസ്ലിംകളില്‍ പലര്‍ക്കും സംഭവിച്ചതിനെപ്പറ്റി മുമ്പു ആലുഇംറാന്‍ 154ലും അല്ലാഹു പ്രസ്താവിച്ചിട്ടുണ്ട്. ആ മയക്കം നിമിത്തം പലരുടെ കയ്യില്‍നിന്നും അവരറിയാതെ ആയുധം നിലത്തു വീണുവെന്നും മറ്റും നാം അവിടെ കണ്ടു. അതുപോലെയുള്ള മയക്കം തന്നെയാണിതും. അലി (رَضِيَ اللهُ تَعَالَى عَنْهُ) പ്രസ്താവിച്ചതായി അബൂയഅ്ലായും (റ) വേറെ ചിലരും ഇങ്ങിനെ ഉദ്ധരിച്ചിരിക്കുന്നു: “ബദ്റിന്റെ ദിവസം മിഖ്ദാദ് (رَضِيَ اللهُ تَعَالَى عَنْهُ) അല്ലാതെ ഞങ്ങളുടെ കൂട്ടത്തില്‍ ഒരു കുതിരപ്പടയാളി ഉണ്ടായിരുന്നില്ല. റസൂല്‍ (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനി ഒഴിച്ചു മറ്റുള്ളവരില്‍ ആരും തന്നെ ഉറങ്ങാതിരിക്കുന്നവരില്ലാത്ത ഒരവസരം ഞാന്‍ കാണുകയുണ്ടായിട്ടുണ്ട്. തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഒരു വൃക്ഷത്തിന്റെ ചുവട്ടില്‍ നേരം പുലരുവോളം നമസ്കരിച്ചുകൊണ്ടിരിക്കുകയായിരുന്നു.”

(2). ആകാശത്തു നിന്നു അല്ലാഹു മഴ ഇറക്കി അവര്‍ക്കു വെള്ളം നല്‍കി. യുദ്ധ മൈതാനത്തില്‍ മുസ്‌ലിംകളുടെ അടുത്തുണ്ടായിരുന്ന വെള്ളത്താവളം മുശ്രിക്കുകള്‍ നേരത്തെ പിടിച്ചടക്കിയിരുന്നു. അങ്ങനെ, അവര്‍ക്കു ദാഹശമനത്തിനോ, ശുദ്ധീകരണത്തിനോ വെള്ളം കിട്ടാതെ അവര്‍ വളരെ വിഷമിച്ചു. ‘വുള്വു’ ചെയ്‌വാനും, കുളിക്കുവാനും കഴിയാതെ ശുദ്ധിയില്ലാത്തവരായിപ്പോലും പലരും നമസ്ക്കരിക്കേണ്ടതായും നേരിട്ടു. (വെള്ളം കിട്ടാത്തപ്പോള്‍ ‘തയമ്മും’ ചെയ്യാമെന്ന നിയമം അക്കാലത്തു അവതരിച്ചിരുന്നില്ല. ഹിജ്ര 5-ാം കൊല്ലത്തില്‍ ബനുല്‍ മുസ്വ്-ത്വലഖില്‍ വെച്ചാണു അതു അവതരിച്ചത്.). ഇതു മുസ്ലിംകളുടെ മനസ്സിനു പലനിലക്കുമുള്ള അലട്ടല്‍ ഉളവാക്കുമെന്നു പറയേണ്ടതില്ല. പിശാചാകട്ടെ, പലരുടെയും മനസ്സില്‍ വിവിധ ആശയക്കുഴപ്പങ്ങള്‍ ഇളക്കി വിടുകയും ചെയ്തു. എല്ലാ വ്യക്തികളും ഒരേ തരക്കാരായിരിക്കുകയില്ലല്ലോ. ‘നിങ്ങളൊക്കെ സത്യവിശ്വാസികളാണു, നിങ്ങളുടെ പ്രവാചകന്‍ നിങ്ങളൊന്നിച്ചുണ്ട്. എന്നിട്ടും നമസ്കരിക്കുവാന്‍ പോലും വെള്ളം കിട്ടാതെ നിങ്ങള്‍ വിഷമിച്ചു വരുന്നു, നിങ്ങളുടെ ശത്രുക്കള്‍ക്കു വെള്ളത്തിനു ഒട്ടും ക്ഷാമമില്ലതാനും. ഇതെന്തൊരു കഥയാണു?’ എന്നിങ്ങിനെ പിശാചു പലരുടെയും ഹൃദയത്തില്‍ ദുര്‍മ്മന്ത്രം നടത്തിക്കൊണ്ടിരുന്നു. ഈ അവസരത്തിലാണു നല്ലൊരു മഴ വര്‍ഷിപ്പിച്ച് അല്ലാഹു അവരെ അനുഗ്രഹിച്ചത്. അവരുടെ വിഷമങ്ങള്‍ അതോടൊപ്പം പിശാചിന്റെ ദുര്‍മ്മന്ത്രങ്ങള്‍മൂലം തോന്നിയിരുന്ന ദുര്‍വിചാരങ്ങളും ആശങ്കകളുമൊക്കെ നീങ്ങുകയും, മനോധൈര്യവും ആത്മവീര്യവും വര്‍ദ്ധിക്കുകയും ചെയ്തു. (*).


(*). حباب بن المنذر (ഹുബാബ് ബ്നുല്‍ മുന്‍ദിര്‍) എന്ന സഹാബിയുടെ അഭിപ്രായം സ്വീകരിച്ച നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) നേരത്തെതന്നെ ജലാശയം പിടിച്ചതായും ചരിത്രത്തിലുണ്ട്.


മറ്റൊരു കാര്യം കൂടി മഴ മൂലം സാധിച്ചു. മുസ്ലിംകള്‍ അണിനിരന്നിരുന്ന സ്ഥലം മണല്‍ തരിശായിരുന്നതുകൊണ്ടു കാലടി ഉറക്കാതെ, മണലില്‍ ആണ്ടു പോയിരുന്നതു മാറി. മഴ വര്‍ഷിച്ചപ്പോള്‍ നിലം ഉറച്ചു കട്ടിയായിത്തീര്‍ന്നു. ഇഷ്ടംപോലെ ഓടുവാനും ചാടുവാനും സൗകര്യപ്രദമായി. നേരെമറിച്ചു ശത്രുക്കള്‍ ആദ്യമെ താവളമുറപ്പിച്ചുവെച്ച സ്ഥലം മഴ നിമിത്തം ചളിമയവും, കാലുറക്കാതെയും ആയിത്തീരുകയും ചെയ്തു. ഇതെല്ലാമാണു ഈ വചനത്തില്‍ അല്ലാഹു ചൂണ്ടിക്കാട്ടിയത്. സത്യവിശ്വാസികള്‍ക്കു അന്നു ചെയ്തുകൊടുത്ത വേറെയും ഒരനുഗ്രഹം അല്ലാഹു ഓര്‍മ്മിപിക്കുന്നു:-

8:12
  • إِذْ يُوحِى رَبُّكَ إِلَى ٱلْمَلَـٰٓئِكَةِ أَنِّى مَعَكُمْ فَثَبِّتُوا۟ ٱلَّذِينَ ءَامَنُوا۟ ۚ سَأُلْقِى فِى قُلُوبِ ٱلَّذِينَ كَفَرُوا۟ ٱلرُّعْبَ فَٱضْرِبُوا۟ فَوْقَ ٱلْأَعْنَاقِ وَٱضْرِبُوا۟ مِنْهُمْ كُلَّ بَنَانٍ ﴾١٢﴿
  • നിന്റെ രക്ഷിതാവ് മലക്കുകള്‍ക്കു ബോധനം നല്‍കിയിരുന്ന സന്ദര്‍ഭം (ഓര്‍ക്കുക): (അതായാതു) "ഞാന്‍ നിങ്ങളുടെ കൂടെയുണ്ട്; ആകയാല്‍, വിശ്വസിച്ചവരെ നിങ്ങള്‍ (പതറാതെ) ഉറപ്പിക്കുവിന്‍ എന്നു; - അവിശ്വസിച്ചവരുടെ ഹൃദയങ്ങളില്‍ ഞാന്‍ ഭീതി ഇട്ടുകൊടുത്തേക്കും; - ആകയാല്‍, നിങ്ങള്‍ പിരടികള്‍ക്കു മീതെ വെട്ടുകയും, അവരില്‍ നിന്നും (അവരുടെ) വിരല്‍ തലപ്പുകളൊക്കെ വെട്ടുകയും ചെയ്തുകൊള്ളുക' (എന്നും).
  • إِذْ يُوحِي വഹ്-യു (ബോധനം) നല്‍കിയിരുന്ന സന്ദര്‍ഭം رَبُّكَ നിന്റെ റബ്ബു إِلَى الْمَلَائِكَةِ മലക്കുകളിലേക്കു أَنِّي مَعَكُمْ ഞാന്‍ നിങ്ങളുടെ കൂടെയുണ്ടെന്നു فَثَبِّتُوا അതിനാല്‍ നിങ്ങള്‍ ഉറപ്പിക്കു (സ്ഥിരത നല്‍കു) വിന്‍ الَّذِينَ آمَنُوا വിശ്വസിച്ചവരെ, വിശ്വസിച്ചവര്‍ക്കു سَأُلْقِي ഞാന്‍ ഇട്ടുകൊടുക്കും, ഇട്ടേക്കും فِي قُلُوبِ ഹൃദയങ്ങളില്‍ الَّذِينَ كَفَرُوا അവിശ്വസിച്ചവരുടെ الرُّعْبَ ഭീതി, നടുക്കം فَاضْرِبُوا അതിനാല്‍ വെട്ടുവിന്‍ فَوْقَ മീതെ, മുകളില്‍ الْأَعْنَاقِ പിരടികളുടെ, കഴുത്തുകള്‍ക്കു وَاضْرِبُوا വെട്ടുകയും (ഛേദിക്കുകയും) ചെയ്യുവിന്‍ مِنْهُمْ അവരില്‍നിന്നു كُلَّ എല്ലാം, ഒക്കെ بَنَانٍ വിരല്‍ തലപ്പു, വിരല്‍ക്കൊടി, വിരല്‍

ബദ്റില്‍ സത്യവിശ്വാസികള്‍ക്കു നല്‍കപ്പെട്ടതായി മുന്‍വചനത്തില്‍ പ്രസ്താവിച്ച അനുഗ്രഹങ്ങളെല്ലാം അവര്‍ക്കു പ്രത്യക്ഷത്തില്‍ കണ്ടറിയാവുന്നതായിരുന്നു. ഈ വചനത്തില്‍ പ്രസ്താവിച്ച അനുഗ്രഹം അല്ലാഹു അറിയിച്ചതുകൊണ്ടുമാത്രം അറിയുവാന്‍ കഴിയുന്നതാണ്. കാരണം, മലക്കുകള്‍ക്കു ബോധനം നല്‍കിയതും, അവര്‍ അപ്രകാരം പ്രവര്‍ത്തിക്കുന്നതും മനുഷ്യനു കണ്ണുകൊണ്ടു കണ്ടറിയാവുന്നതല്ല. അല്ലാഹുവിന്റെ മതത്തെയും, പ്രവാചകനെയും, സത്യവിശ്വാസികളെയും സഹായിക്കുവാന്‍വേണ്ടി അവന്‍ സ്വീകരിച്ചിട്ടുള്ള പ്രത്യക്ഷവും പരോക്ഷവുമായ ചില നടപടികളെ നമുക്കു അറിയിച്ചു തരുകയും, അതിനെ പേരില്‍ നാം അവനു നന്ദി ചെയ്യേണ്ടുന്നതിന്റെ ആവശ്യകത ഉണര്‍ത്തുകയുമാണിതിന്റെ ഉദ്ദേശ്യം. ബദ്റിലേക്കു ഇറക്കപ്പെട്ട മലക്കുകള്‍ക്കു അല്ലാഹു നല്‍കിയ ബോധാനത്തിലടങ്ങിയ കാര്യങ്ങള്‍ ഇവയാണ്:-

(1). ഞാന്‍ നിങ്ങളുടെ കൂടെയുണ്ട്. അതായതു, ഞാന്‍ നിങ്ങളുടെ ഭാഗത്താണു, നിങ്ങളെ ഞാന്‍ സഹായിക്കും, നിങ്ങള്‍ക്കു പരാജയം പിണയുകയില്ല.

(2). അതിനാല്‍, നിങ്ങള്‍ സത്യവിശ്വാസികളെ പതറാതെ ഉറപ്പിച്ചു നിറുത്തണം. അതായതു, അവര്‍ക്കു മനസ്സമാധാനവും ശാന്തതയും, ധീരതയും ഉണ്ടാക്കിത്തീര്‍ക്കണം. ഇതെങ്ങിനെയാണവര്‍ ചെയ്യുക – അല്ലെങ്കില്‍ ചെയ്തതു – എന്നു നമുക്കു തിട്ടപ്പെടുത്തിപ്പറയുക സാധ്യമല്ല. ചില മഹാന്മാര്‍ പറയുന്നതുപോലെ, മനസ്സില്‍ സല്‍പ്രേരണ നല്‍കിയും, വേണ്ടതു തോന്നിപ്പിച്ചും കൊണ്ടായിരിക്കാം. മലക്കുകള്‍ക്കും, പിശാചിനും മനുഷ്യരില്‍ പ്രവേശനമുണ്ടെന്നും, മലക്കുകല്ദുഎ പ്രവേശനം നല്ല കാര്യങ്ങള്‍ക്കു പ്രേരണ നല്‍കലാണെന്നും, പിശാചിന്റെ പ്രവേശനം ദുഷ്കാര്യങ്ങള്‍ക്കു പ്രേരണ നല്‍കലാണെന്നും നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അരുളിച്ചെയ്തതു കഴിഞ്ഞ അദ്ധ്യായം 201, 202 എന്നിവയുടെ വ്യാഖ്യാനത്തില്‍ മുമ്പു നാം ഉദ്ധരിച്ചുവല്ലോ. അല്ലെങ്കില്‍, വേറെ ചില മഹാന്‍മാര്‍ പറയുന്നതുപോലെ, മലക്കുകള്‍ മനുഷ്യ രൂപത്തില്‍ പ്രത്യക്ഷപ്പെട്ടുകൊണ്ടു അവര്‍ക്കു ധൈര്യവും ഉപദേശവും നല്‍കിയിരുന്നുവെന്നുമാവാം. الله أعلم . മലക്കുകള്‍ ചിലപ്പോള്‍ മനുഷ്യരൂപത്തില്‍ പ്രത്യക്ഷപ്പെടാറുണ്ടെന്നുള്ളതു ക്വുര്‍ആന്‍കൊണ്ടും ഹദീഥുകൊണ്ടും അറിയപ്പെട്ടതുമാണ്. ബദ്റില്‍ മലക്കുകള്‍ ഹാജറായതിനെ സംബന്ധിച്ച അദ്ധ്യായത്തില്‍ ബുഖാരീ (رحمه الله) ഉദ്ധരിച്ചിട്ടുള്ള ഒരു ഹദീഥില്‍ ‘ഇതാ, ജിബ്‌രീല്‍ യുദ്ധായുധങ്ങളുമായി കുതിരയുടെ കടിഞ്ഞാണും പിടിച്ചുകൊണ്ടിരിക്കുന്നു’ എന്നു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞതായി രേഖപ്പെടുത്തിയിട്ടുള്ളതും പ്രസ്താവ്യമത്രെ.

(3). അവിശ്വാസികളുടെ ഹൃദയങ്ങളില്‍ ഞാന്‍ ഭീതി ഇട്ടു കൊടുക്കുമെന്ന വാഗ്ദാനം. അവര്‍ നിങ്ങളെ പരാജയപ്പെടുത്തുമെന്നു നിങ്ങള്‍ ശങ്കിക്കേണ്ടതില്ല. അവരുടെ ശക്തിയും പ്രതാപവുമൊന്നും അവര്‍ക്കു ഉപകരിക്കുകയില്ല എന്നു സാരം.

(4). അതിനാല്‍, നിങ്ങള്‍ അവരുടെ പിരടിക്കു മീതെ വെട്ടുകയും, അവരുടെ വിരല്‍ തലപ്പുകളെ ഛേദിക്കുകയും വേണമെന്ന കല്‍പന. അതായത് അവരുടെ തല കൊയ്യുകയും വിരലുകള്‍ ഉള്‍കൊള്ളുന്ന കൈകാലുകള്‍ വെട്ടിമുറിക്കുകയും വേണം എന്നു സാരം.

മലക്കുകള്‍ക്കു അല്ലാഹു സന്ദേശം നല്‍കിയെന്നു പറഞ്ഞതിനുശേഷം അതിന്റെ വിവരണമായിട്ടാണു أَنِّي مَعَكُمْ (ഞാന്‍ നിങ്ങളുടെ കൂടെയുണ്ട്) എന്നു തുടങ്ങി ആയത്തിന്റെ അവസാനം വരെയുള്ള വാക്കുകള്‍ നിലകൊള്ളുന്നതെന്നത്രെ ആയത്തിന്റെ വാചക ഘടനയില്‍ നിന്നും മറ്റും വ്യക്തമാകുന്നത്. അപ്പോള്‍, അതിലടങ്ങിയ മേല്‍കണ്ട ഓരോ കാര്യവും – മലക്കുകളോടായിരിക്കുവാനേ തരമുള്ളൂ. മലക്കുകളാകുന്ന നിങ്ങള്‍ – അല്ലെങ്കില്‍ നിങ്ങളും സത്യവിശ്വാസികളും ചേര്‍ന്നു – ശത്രുക്കളെ ആക്രമിക്കണമെന്നുമായിരിക്കും അവസാനം പറഞ്ഞതിന്റെ സാരം. മലക്കുകള്‍ യുദ്ധത്തില്‍ പങ്കു വഹിച്ചിട്ടുണ്ടെന്നു പറയുന്നവര്‍ക്കു ഈ വചനം നല്ലൊരു തെളിവാണെന്നുള്ളതില്‍ സംശയമില്ല. അവര്‍ യുദ്ധത്തില്‍ പങ്കെടുക്കുകയുണ്ടായിട്ടില്ല – സത്യവിശ്വാസികള്‍ക്കു മനസ്സമാധാനവും ധൈര്യവും നല്‍കലേ ഉണ്ടായിട്ടുള്ളു – എന്നു പറയുന്നവര്‍ ….فَاضْرِبُوا (നിങ്ങള്‍ വെട്ടിക്കൊള്ളുവിന്‍….) എന്നു തുടങ്ങിയ അവസാന ഭാഗം, സത്യവിശ്വാസികളെ അഭിമുഖീകരിച്ചുള്ളതാണെന്നും, അതിനു മുമ്പുള്ള വാക്യങ്ങള്‍ മാത്രമേ മലക്കുകളോടുള്ള ബോധാനത്തില്‍ ഉള്‍പെടുന്നുള്ളുവെന്നും വ്യാഖ്യാനിക്കുന്നു. ഇതു വാദത്തിനൊപ്പിച്ചുള്ള ഒരു വ്യാഖ്യാനമെന്നല്ലാതെ, വാചക ഘടനക്കു യോജിക്കുന്ന വ്യാഖ്യാനമാണെന്നു തോന്നുന്നില്ല. എന്നാല്‍, മലക്കുകള്‍ ശത്രുക്കളെ വെട്ടിയതു എങ്ങിനെ? എത്ര പേരെ വെട്ടി? ആ ആയുധം എങ്ങിനെയുള്ളതായിരുന്നു? മുശ്രിക്കുകളെ മുഴുവനും നശിപ്പിക്കുവാന്‍ ഒരേ ഒരു മലക്കുപോരെ? പിന്നെ എന്തിനാണു ആയിരക്കണക്കില്‍ മലക്കുകള്‍ പങ്കെടുത്തത്…? എന്നൊക്കെ ഇവിടെ സംശയങ്ങളും തര്‍ക്കങ്ങളും വരാം, ശരിയാണു. ഇതിനൊക്കെ ഉത്തരം കാണുവാനുള്ള മറുപടി ഒന്നിലധികം പ്രാവശ്യം നമുക്കു കഴിഞ്ഞു പോയിട്ടുണ്ട്. അല്ലാമാ സയ്യിദുഖുത്ത്വുബു (رحمه الله) ഈ വക ചോദ്യങ്ങള്‍ക്കു നല്‍കിയ മറുപടി ശ്രദ്ധേയമാകുന്നു. മലക്കുകളും അവരുടെ പ്രവര്‍ത്തനങ്ങളും നമ്മെ സംബന്ധിച്ചിടത്തോളം അദൃശ്യ (غيب) ങ്ങളാണെന്നത്രെ അതിന്റെ രത്നച്ചുരുക്കം.

ഭൗതിക വീക്ഷണത്തിലൂടെ മാത്രം ഇത്തരം സംഭവങ്ങളെ വിലയിരുത്തുന്നവരെ സംബന്ധിച്ചിടത്തോളം ഇത്തരം മറുപടികളൊന്നും അവരെ തൃപ്തിപ്പെടുത്തുകയില്ലെന്നു നമുക്കറിയാം. ഇങ്ങിനെയുള്ളവരെപ്പറ്റി സൂറത്തുല്‍ മുഅ്മിനില്‍ അല്ലാഹു പറയുന്നതു ഇങ്ങിനെയാണ്‌: إِنَّ الَّذِينَ يُجَادِلُونَ فِي آيَاتِ اللَّـهِ بِغَيْرِ سُلْطَانٍ أَتَاهُمْ ۙ إِن فِي صُدُورِهِمْ إِلَّا كِبْرٌ مَّا هُم بِبَالِغِيهِ. (സാരം: നിശ്ചയമായും, തങ്ങള്‍ക്കു വന്നുകിട്ടിയിട്ടുള്ള വല്ല അധികൃത രേഖയും കൂടാതെ അല്ലാഹുവിന്റെ ആയത്തുകളില്‍ തര്‍ക്കം നടത്തുന്നവരുടെ ഹൃദയങ്ങളില്‍ അവര്‍ എത്തിച്ചേര്‍ന്നിട്ടില്ലാത്ത – അഥവാ അവര്‍ അര്‍ഹിക്കാത്ത – അഹംഭാവമല്ലാതെ മറ്റൊന്നുമില്ല….. (40:56).

ശത്രുക്കള്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യെ കൊലപ്പെടുത്തുവാന്‍ ഗൂഡാലോചന നടത്തിയ അവസരത്തില്‍ തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യും അബൂബക്കര്‍ സിദ്ദീഖും (رَضِيَ اللهُ تَعَالَى عَنْهُ) ഥൌര്‍ ഗുഹയില്‍ പോയി ഒളിച്ചിരിക്കുകയും, അവരെ തേടിത്തിരഞ്ഞുവന്ന ശത്രുക്കളുടെ ദൃഷ്ടിയില്‍ പെടാതെ അവരെ രക്ഷപ്പെടുത്തുകയും ചെയ്ത സംഭവം വിവരിച്ചപ്പോള്‍ അല്ലാഹു പറയുന്നു: وَأَيَّدَهُ بِجُنُودٍ لَّمْ تَرَوْهَا(നിങ്ങള്‍ കണ്ടിട്ടില്ലാത്ത ചില സൈന്യങ്ങളെക്കൊണ്ടു അദ്ദേഹത്തെ അവന്‍ – അല്ലാഹു – ശക്തിപ്പെടുത്തുകയും ചെയ്തു. 9:40). ഖന്‍ദഖ് യുദ്ധത്തില്‍ ശത്രുസൈന്യത്തെ പരാജയപ്പെടുത്തിയതിനെ വിവരിക്കുന്ന മദ്ധ്യെ പറയുന്നു: فَأَرْسَلْنَا عَلَيْهِمْ رِيحًا وَجُنُودًا لَّمْ تَرَوْهَا (അവരുടെ മേല്‍ നാം ഒരു കാറ്റും, നിങ്ങള്‍ കണ്ടിട്ടില്ലാത്ത ചില സൈന്യങ്ങളെയും അയച്ചു. 33:9). മക്കാ വിജയത്തെക്കുറിച്ചു പ്രസ്താവിക്കുന്ന സന്ദര്‍ഭത്തില്‍ പറയുന്നു: وَلِلَّـهِ جُنُودُ السَّمَاوَاتِ وَالْأَرْضِ (അല്ലാഹുവിനു ആകാശങ്ങളിലെയും ഭൂമിയിലെയും സൈന്യങ്ങളുണ്ട്. 48:4;7). പക്ഷെ, ഈ സൈന്യങ്ങള്‍ ഏതെല്ലാമാണ്? എങ്ങിനെയുള്ളവരാണ്? അവരുടെ പ്രവര്‍ത്തനങ്ങള്‍ എങ്ങിനെയൊക്കെയായിരിക്കും? ഇതൊക്കെ അല്ലാഹുവിനേ അറിയുകയുള്ളു. وَمَا يَعْلَمُ جُنُودَ رَبِّكَ إِلَّا هُوَ -المدثر (നിന്റെ റബ്ബിന്റെ സൈന്യങ്ങളെ അവനല്ലാതെ അറിയുകയില്ല. 74:31).

8:13
  • ذَٰلِكَ بِأَنَّهُمْ شَآقُّوا۟ ٱللَّهَ وَرَسُولَهُۥ ۚ وَمَن يُشَاقِقِ ٱللَّهَ وَرَسُولَهُۥ فَإِنَّ ٱللَّهَ شَدِيدُ ٱلْعِقَابِ ﴾١٣﴿
  • അതു, അവര്‍ [അവിശ്വാസികള്‍] അല്ലാഹുവിനോടും, അവന്റെ റസൂലിനോടും (മത്സരിച്ച്) ചേരി പിരിഞ്ഞതുകൊണ്ടത്രെ (സംഭവിച്ചതു).
    അല്ലാഹുവിനോടും, അവന്റെ റസൂലിനോടും ആരെങ്കിലും (മത്സരിച്ച്) ചേരിപിരിയുന്നപക്ഷം, നിശ്ചയമായും, അല്ലാഹു കഠിനമായി ശിക്ഷാ നടപടിയെടുക്കുന്നവനാകുന്നു.
  • ذَٰلِكَ അതു بِأَنَّهُمْ അവരാണെന്നതുകൊണ്ടാണു شَاقُّوا അവര്‍ ചേരിപിരിഞ്ഞു (മത്സരിച്ചു - കക്ഷി പിളര്‍ന്നു) എന്നുളളതു اللَّـهَ അല്ലാഹുവിനോടു وَرَسُولَهُ അവന്റെ റസൂലിനോടും وَمَن ആരെങ്കിലും (വല്ലവനും) يُشَاقِقِ കക്ഷിപിരിയുന്ന (മത്സരിക്കുന്ന) പക്ഷം اللَّـهَ അല്ലാഹുവിനോടു وَرَسُولَهُ അവന്റെ റസൂലിനോടും فَإِنَّ اللَّـهَ എന്നാല്‍ നിശ്ചയമായും അല്ലാഹു شَدِيدُ കഠിനമായവനാണു الْعِقَابِ ശിക്ഷാനടപടി
8:14
  • ذَٰلِكُمْ فَذُوقُوهُ وَأَنَّ لِلْكَـٰفِرِينَ عَذَابَ ٱلنَّارِ ﴾١٤﴿
  • (ഹേ, അവിശ്വാസികളേ) അതാണു (കാര്യം). ആകയാല്‍, അതു നിങ്ങള്‍ ആസ്വദിച്ചു കൊള്ളുവിന്‍!
    (കൂടാതെ) അവിശ്വാസികള്‍ക്കു നരകശിക്ഷയുണ്ടെന്നും (നിങ്ങള്‍ അറിഞ്ഞുകൊള്ളുക).
  • ذَٰلِكُمْ അതാണു, അതത്രെ (കാര്യം) فَذُوقُوهُ അതിനാല്‍ അതു ആസ്വദിക്കുവീന്‍ وَأَنَّ لِلْكَافِرِينَ അവിശ്വാസികള്‍ക്കുണ്ടെന്നും عَذَابَ النَّارِ നരകശിക്ഷ

സാരം: ഭീതിയും പരാജയവും നല്‍കി അവിശ്വാസികളെ നിസ്സഹായരാക്കുവാനും, മനസ്സമാധാനവും വിജയവും നല്‍കി സത്യവിശ്വാസികളെ സഹായിക്കുവാനും കാരണം, അവിശ്വാസികള്‍ അല്ലാഹുവിനോടും റസൂലിനോടും മത്സരിച്ചു കൊണ്ടിരുന്നതാണ്. അവനോടും, അവന്റെ റസൂലിനോടും മല്‍സരിക്കുന്നവരെ ഇഹത്തിലും പരത്തിലും കഠിനമായി ശിക്ഷിക്കുകതന്നെ ചെയ്യും; ഇഹത്തിലുള്ള ശിക്ഷ അങ്ങിനെയൊക്കെയാണെങ്കില്‍, പരത്തിലെ ശിക്ഷ നരകമായിരിക്കും.

8:15
  • يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ إِذَا لَقِيتُمُ ٱلَّذِينَ كَفَرُوا۟ زَحْفًا فَلَا تُوَلُّوهُمُ ٱلْأَدْبَارَ ﴾١٥﴿
  • ഹേ, വിശ്വസിച്ചവരേ, അവിശ്വസിച്ചവര്‍ (പടയൊരുക്കം ചെയ്ത്) തിരക്കി വരുന്നതായി നിങ്ങള്‍ കണ്ടെത്തിയാല്‍, നിങ്ങള്‍ അവര്‍ക്കു പിന്‍പുറം തിരിക്കരുതു [അവരില്‍നിന്നു പിന്തിരിഞ്ഞു പോകരുതു].
  • يَا أَيُّهَا الَّذِينَ آمَنُوا വിശ്വസിച്ചവരേ إِذَا لَقِيتُمُ നിങ്ങള്‍ കണ്ടുമുട്ടിയാല്‍ الَّذِينَ كَفَرُوا അവിശ്വസിച്ചവരെ زَحْفًا തിരക്കി (പടയൊരുക്കി) വരുന്നതായി فَلَا تُوَلُّو അപ്പോള്‍ നിങ്ങള്‍ തിരിക്കരുതു هُمُ അവരോടു, അവര്‍ക്കു الْأَدْبَارَ പിന്‍പുറങ്ങള്‍

8:16
  • وَمَن يُوَلِّهِمْ يَوْمَئِذٍ دُبُرَهُۥٓ إِلَّا مُتَحَرِّفًا لِّقِتَالٍ أَوْ مُتَحَيِّزًا إِلَىٰ فِئَةٍ فَقَدْ بَآءَ بِغَضَبٍ مِّنَ ٱللَّهِ وَمَأْوَىٰهُ جَهَنَّمُ ۖ وَبِئْسَ ٱلْمَصِيرُ ﴾١٦﴿
  • (അങ്ങിനെ സംഭവിക്കുന്ന) ആ ദിവസം ആരെങ്കിലും അവര്‍ക്കു തന്റെ പിന്‍പുറം തിരിക്കുന്ന [പിന്‍തിരിഞ്ഞു പോകുന്ന] പക്ഷം, വല്ല യുദ്ധ(തന്ത്ര)ത്തിലേക്കും തിരിഞ്ഞുപോകുന്നവനായിക്കൊണ്ടോ, (സ്വകക്ഷിയിലെ) വല്ല കൂട്ടത്തിലേക്കും ചെന്നു ചേരുന്നവനായികൊണ്ടോ അല്ലാതെ - തീര്‍ച്ചയായും, അവന്‍ അല്ലാഹുവില്‍ നിന്നുള്ള കോപം (നേടി) കൊണ്ടു മടങ്ങുന്നതാണ്. അവന്റെ സങ്കേതമാകട്ടെ, 'ജഹന്നമും' [നരകവും] ആകുന്നു.
    (ആ) തിരിച്ചെത്തുന്ന സ്ഥാനം വളരെ ചീത്ത!
  • وَمَن വല്ലവരും, ആര്‍ يُوَلِّهِمْ അവരോടു (അവര്‍ക്കു) തിരിക്കുന്ന പക്ഷം يَوْمَئِذٍ അന്നത്തെ ദിവസം, ആ ദിവസം دُبُرَهُ തന്റെ പിന്‍പുറം إِلَّا مُتَحَرِّفًا തിരിഞ്ഞു (ചാഞ്ഞു) പോകുന്നവനായിട്ടല്ലാതെ لِّقِتَالٍ വല്ല യുദ്ധ (തന്ത്ര) ത്തിലേക്കും أَوْ مُتَحَيِّزًا അല്ലെങ്കില്‍ ചെന്നു ചേരുന്ന (സ്ഥലം പിടിക്കുന്ന) വനായിട്ടു إِلَىٰ فِئَةٍ വല്ല (ഒരു) കൂട്ടത്തിലേക്കും فَقَدْ എന്നാല്‍ തീര്‍ച്ചയായും بَاءَ അവന്‍ മടങ്ങി بِغَضَبٍ കോപവുമായി (കോപത്തെ) مِّنَ اللَّـهِ അല്ലാഹുവില്‍നിന്നു وَمَأْوَاهُ അവന്റെ സങ്കേത (പ്രാപ്യ - മടക്ക) സ്ഥാനമാകട്ടെ جَهَنَّمُ ജഹന്നമാകുന്നു وَبِئْسَ വളരെ ചീത്ത (മോശം) الْمَصِيرُ (ആ) തിരിച്ചെത്തുന്ന (മടക്ക) സ്ഥാനം

മുസ്‌ലിംകള്‍ക്കെതിരെ അവിശ്വാസികള്‍ യുദ്ധത്തിനൊരുങ്ങി വരുമ്പോള്‍, അവരോടു നേരിടുവാന്‍ ധൈര്യപ്പെടാതെ ഒഴിഞ്ഞു മാറുന്നതും, യുദ്ധം നടന്നുകൊണ്ടിരിക്കുമ്പോള്‍ യുദ്ധക്കളത്തില്‍ നിന്നു പിന്‍തിരിഞ്ഞു പോകുന്നതും മുസ്‌ലിംകളുടെ മേല്‍ അല്ലാഹു കര്‍ശനമായി വിരോധിക്കുന്നു. പക്ഷേ, തത്രപരമായ വല്ല അടവുമെന്ന നിലക്കു യുദ്ധക്കളത്തില്‍നിന്നു തല്‍ക്കാലം വിട്ടുപോയി വീണ്ടും രംഗപ്രവേശം ചെയ്യുക, കൂട്ടംവിട്ടു ഒറ്റപ്പെട്ടതു കൊണ്ടോ കൂട്ടത്തില്‍ ചേര്‍ന്നു എതിര്‍പ്പു ശക്തിപ്പെടുത്തുവാന്‍ ഉദ്ദേശിച്ചു കൊണ്ടോ മാറിപ്പോകുക മുതലായ നയോപായങ്ങള്‍ സ്വീകരിക്കുന്നതിനു വിരോധമില്ല.. ഇതൊന്നും കൂടാതെ യുദ്ധത്തില്‍ നിന്നു പിന്തിരിഞ്ഞോടുന്നതു അല്ലാഹുവിന്റെ കഠിനമായ കോപത്തിനും ശിക്ഷക്കും കാരണമാണെന്നുകൂടി അല്ലാഹു താക്കീതു ചെയ്യുന്നു. വിനാശകരങ്ങളായ ഏഴു മഹാപാപങ്ങളുടെ കൂട്ടത്തില്‍ ഒന്നായി നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയും അതിനെ എണ്ണിയിരിക്കുന്നു. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) എണ്ണിയ ഏഴു മഹാപാപങ്ങള്‍ ഇവയാകുന്നു: “അല്ലാഹുവിനോടു പങ്കു ചേര്‍ക്കുക (ശിര്‍ക്കു പ്രവര്‍ത്തിക്കുക), സിഹ്ര്‍ (ആഭിചാരം) ചെയ്യുക, അല്ലാഹു നിഷിദ്ധമാക്കിയ ദേഹത്തെ ന്യായമില്ലാതെ കൊലപ്പെടുത്തുക, പലിശ തിന്നുക (ഉപയോഗിക്കുക), അനാഥകളുടെ സ്വത്തു തിന്നുക, യുദ്ധത്തിന്റെ ദിവസം പിന്തിരിഞ്ഞു പോകുക, സത്യവിശ്വാസിനികളും ചാരിത്രശുദ്ധരും (നീചവൃത്തിയെപ്പറ്റി) അശ്രദ്ധരുമായ സ്ത്രീകളെപ്പറ്റി വ്യഭിചാരരോപണം നടത്തുക.” (ബു; മു).

എല്ലാ അവസരങ്ങളിലും ബാധകമാകുന്ന ഒരു പൊതു നിയമമെന്ന നിലക്കാണു ഈ നിരോധനാജ്ഞ ഇവിടെ പറയപ്പെട്ടിരിക്കുന്നത്. എങ്കിലും ശത്രുസൈന്യം വളരെ അധികമുള്ളപ്പോള്‍ ഈ നിയമത്തില്‍ ഇളവുണ്ടെന്നു താഴെ 66-ാം വചനത്തില്‍ നിന്നു മനസ്സിലാക്കാവുന്നതാണ്. കൂടുതല്‍ വിവരം അവിടെ വെച്ചു കാണാം.

8:17
  • فَلَمْ تَقْتُلُوهُمْ وَلَـٰكِنَّ ٱللَّهَ قَتَلَهُمْ ۚ وَمَا رَمَيْتَ إِذْ رَمَيْتَ وَلَـٰكِنَّ ٱللَّهَ رَمَىٰ ۚ وَلِيُبْلِىَ ٱلْمُؤْمِنِينَ مِنْهُ بَلَآءً حَسَنًا ۚ إِنَّ ٱللَّهَ سَمِيعٌ عَلِيمٌ ﴾١٧﴿
  • എന്നാല്‍, അവരെ [ആ കൊല്ലപ്പെട്ടവരെ] നിങ്ങള്‍ കൊലപ്പെടുത്തിയിട്ടില്ല; എങ്കിലും, അല്ലാഹുവത്രെ അവരെ കൊലപ്പെടുത്തിയത്. നീ (അവരെ) എറിഞ്ഞപ്പോള്‍, നീ എറിഞ്ഞിട്ടുമില്ല; എങ്കിലും, അല്ലാഹുവത്രെ എറിഞ്ഞത്. സത്യവിശ്വാസികളെ അവങ്കല്‍ നിന്നും നല്ലതായ [അനുഗ്രഹീതമായ] ഒരു പരീക്ഷണം അവന്‍ പരീക്ഷിക്കുവാന്‍ വേണ്ടിയുമാകുന്നു (അത്). നിശ്ചയമായും, അല്ലാഹു കേള്‍ക്കുന്നവനും, അറിയുന്നവനുമാകുന്നു.
  • فَلَمْ تَقْتُلُوهُمْ എന്നാല്‍ (അപ്പോള്‍) നിങ്ങള്‍ അവരെ കൊലപ്പെടുത്തിയിട്ടില്ല وَلَـٰكِنَّ اللَّـهَ എങ്കിലും അല്ലാഹു (അല്ലാഹുവത്രെ) قَتَلَهُمْ അവരെ കൊലപ്പെടുത്തിയ, (കൊന്നതു) وَمَا رَمَيْتَ നീ എറിഞ്ഞിട്ടുമില്ല إِذْ رَمَيْتَ നീ എറിഞ്ഞപ്പോള്‍ وَلَـٰكِنَّ اللَّـهَ എങ്കിലും അല്ലാഹു(വത്രെ) رَمَىٰ എറിഞ്ഞു (എറിഞ്ഞത്) وَلِيُبْلِيَ അവന്‍ പരീക്ഷണം ചെയ്‌വാനും, പരിശീലിപ്പിക്കുവാനും, പരിചയിപ്പിക്കുവാനും الْمُؤْمِنِينَ സത്യവിശ്വാസികളെ مِنْهُ അവനില്‍നിന്നു (അവന്റെ വക) بَلَاءً حَسَنًا നല്ല പരീക്ഷണം, പരിശീലനം إِنَّ اللَّـهَ നിശ്ചയമായും, അല്ലാഹു سَمِيعٌ കേള്‍ക്കുന്നവനാണ് عَلِيمٌ അറിയുന്നവനാണ്
8:18
  • ذَٰلِكُمْ وَأَنَّ ٱللَّهَ مُوهِنُ كَيْدِ ٱلْكَـٰفِرِينَ ﴾١٨﴿
  • അതാണു (കാര്യം): അവിശ്വാസികളുടെ തന്ത്രത്തെ ബലഹീനമാക്കുന്നുവനാണ് അല്ലാഹു എന്നുള്ളതും.
  • ذَٰلِكُمْ അതാണു, അതത്രെ وَأَنَّ اللَّـهَ അല്ലാഹുവാണെന്നുള്ളതും مُوهِنُ ബലഹീനമാക്കുന്നുവന്‍ كَيْدِ തന്ത്രത്തെ, ഉപായം الْكَافِرِينَ അവിശ്വാസികളുടെ

എണ്ണത്തിലും സജ്ജീകരണങ്ങളിലും വളരെ ഇരട്ടിയുണ്ടായിരുന്നിട്ടും ശത്രുസൈന്യത്തെ ദയനീയമായി പരാജയപ്പെടുത്തുവാന്‍ മുസ്‌ലിംകള്‍ക്കു കഴിഞ്ഞതുഅല്ലാഹുവിന്റെ സഹായം ഒന്നുകൊണ്ടു മാത്രമാണെന്നു മുമ്പു വിവരിച്ചു. പിന്നീട് ശത്രുക്കള്‍ യുദ്ധത്തിനു ഒരുങ്ങിപ്പുറപ്പെട്ടാല്‍ അവരില്‍ നിന്നു പിന്തിരിഞ്ഞു പോകരുതെന്നും കല്‍പിച്ചു. അതിനുശേഷം സത്യവിശ്വാസികളെ അഭിമുഖീകരിച്ചുകൊണ്ട് അല്ലാഹു പറയുകയാണ്‌: കാര്യങ്ങള്‍ മേല്‍ പ്രസ്താവിച്ച പോലെയായിരിക്കെ, അത്രയും പേരെ യുദ്ധത്തില്‍ കൊന്നൊടുക്കിയതു ബാഹ്യത്തില്‍ നിങ്ങളാണെങ്കിലും യഥാര്‍ത്ഥത്തില്‍ അതു അല്ലാഹുവിന്റെ പ്രവൃത്തിയാണ്‌. അഥവാ നിങ്ങളുടെ കൈക്കാണത് സംഭവിച്ചതെങ്കിലും അതിനു നിങ്ങളെ സഹായിച്ചതും നിങ്ങള്‍ക്കതു സാധിപ്പിച്ചുതന്നതും അല്ലാഹുവാകുന്നു. നിങ്ങളുടെ കൈക്കാണു അതവന്‍ നടപ്പില്‍ വരുത്തിയതെന്നേയുള്ളു എന്നു സാരം. സൂ: തൗബയില്‍ അല്ലാഹു പറയുന്നു: “നിങ്ങള്‍ അവരോടു യുദ്ധം ചെയ്യുവിന്‍. നിങ്ങളുടെ കൈകളാല്‍ അല്ലാഹു അവരെ ശിക്ഷിക്കുകയും, അവരെ അപമാനപ്പെടുത്തുകയും, അവര്‍ക്കെതിരില്‍ അവന്‍ നിങ്ങളെ സഹായിക്കുകയും, സത്യവിശ്വാസികളായ ജനങ്ങളുടെ മനസ്സുകള്‍ക്കു ശമനം നല്‍കുകയും ചെയ്യും.” (قَاتِلُوهُمْ يُعَذِّبْهُمُ اللَّـهُ بِأَيْدِيكُمْ وَيُخْزِهِمْ وَيَنصُرْكُمْ عَلَيْهِمْ وَيَشْفِ صُدُورَ قَوْمٍ مُّؤْمِنِينَ: التوبة: ١٤). ഈ വചനത്തില്‍ നിന്നു മേല്‍പറഞ്ഞ ആശയം കൂടുതല്‍ വ്യക്തമായി മനസ്സിലാക്കാം.

അനന്തരം നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യെ അഭിമുഖീകരിച്ചുകൊണ്ടു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യില്‍ നിന്നുണ്ടായ മറ്റൊരു സംഭവത്തിന്റെ സ്ഥിതിയും ഇതുപോലെത്തന്നെ എന്നു ചൂണ്ടിക്കാട്ടുന്നു. അതത്രെ “നീ എറിഞ്ഞപ്പോള്‍ നീ എറിഞ്ഞതല്ല, എങ്കിലും അല്ലാഹുവാണു എറിഞ്ഞതു’ (وَمَا رَمَيْتَ إِذْ رَمَيْتَ وَلَـٰكِنَّ اللَّـهَ رَمَىٰ) എന്ന വാക്യം. ആ സംഭവം ഇബ്നുഅബ്ബാസ് (رَضِيَ اللهُ تَعَالَى عَنْهُ) ഇപ്രകാരം വിവരിച്ചതായി അലിയ്യുബ്നു ത്വല്‍ഹത്ത് (رَضِيَ اللهُ تَعَالَى عَنْهُ) ഉദ്ധരിക്കുന്നു:- “ബദ്റിന്റെ ദിവസം റസൂല്‍ (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) കൈ ഉയര്‍ത്തിപ്പിടിച്ചു ഇങ്ങിനെ പറഞ്ഞു: “എന്റെ റബ്ബേ! ഈ സംഘത്തെ നീ നശിപ്പിക്കുന്ന പക്ഷം ഭൂമിയില്‍ ഒരിക്കലും നിനക്കു ആരാധന ചെയ്യപ്പെടുകയില്ല.” അപ്പോള്‍, ജിബ്‌രീല്‍ (عليه الصلاة والسلام) പറഞ്ഞു: ‘ഒരു പിടി മണ്ണെടുത്ത് അതുകൊണ്ടു അവരുടെ മുഖങ്ങളിലേക്കു എറിയുക.’ തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഒരു പിടി മണ്ണെടുത്ത് എറിഞ്ഞു. മുശ്രിക്കുകളില്‍ ഒരാളുടെയും കണ്ണിലും മൂക്കിലും വായിലും അതില്‍ നിന്നു ആകാതിരുന്നില്ല. ചിലതില്‍ شاهت الوجوه (മുഖങ്ങള്‍ ചീത്തപ്പെടട്ടെ) എന്ന് പറഞ്ഞുകൊണ്ടാണ് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) എറിഞ്ഞതെന്നും വന്നിരിക്കുന്നു. ഈ സംഭവത്തെയാണു ഈ വചനത്തില്‍ ഉദ്ദേശിച്ചിരിക്കുന്നതെന്നത്രെ ഉര്‍വത്ത്, മുജാഹിദ്, ഇക്രിമഃ, ഖത്താദഃ തുടങ്ങിയ പല മഹാന്‍മാരും പറയുന്നത്. ക്വുര്‍ആന്‍ വ്യാഖ്യാതാക്കള്‍ പൊതുവെ അംഗീകരിച്ചു വരുന്നതും അതുതന്നെ. ഹുനൈന്‍ യുദ്ധത്തിലും ഏതാണ്ടിങ്ങിനെ ഒരു സംഭവമുണ്ടായിട്ടുള്ളതിനെക്കുറിച്ചാണ് ഈ പറഞ്ഞതെന്നു ചിലര്‍ അഭിപ്രായപ്പെട്ടിട്ടുണ്ടെങ്കിലും ഇവിടെ സംസാരം ബദ്റിനെക്കുറിച്ചാകകൊണ്ടു ആ അഭിപ്രായം ശരിയല്ലെന്നു ഇബ്നുകഥീര്‍ (رحمه الله) മുതലായവര്‍ വ്യക്തമാക്കിയിരിക്കുന്നു. അപ്പോള്‍ ‘നീ എറിഞ്ഞപ്പോള്‍ നീ എറിഞ്ഞിട്ടില്ല…’ എന്നു പറഞ്ഞതിന്റെ സാരം ഇപ്രകാരമായിരിക്കും: നബിയേ, ഒരു പിടി മണ്ണെടുത്ത് എറിഞ്ഞതു തന്റെ കൈകൊണ്ടാണെങ്കിലും അതിനെത്തുടര്‍ന്നു അത്രയും വംബിച്ചതും അസാധാരണവുമായ ഒരു പ്രതികരണം ശത്രുക്കളില്‍ വരുത്തിത്തീര്‍ത്തതു അല്ലാഹു മാത്രമാകുന്നു. അപ്പോള്‍, എറിഞ്ഞതു പ്രത്യക്ഷത്തില്‍ താനാണെങ്കിലും യഥാര്‍ത്ഥത്തില്‍ അതും അല്ലാഹുവിന്റെ വകയാകുന്നു.

ഒരുപിടി മണ്ണു എറിഞ്ഞതിനെത്തുടര്‍ന്നു ആ വമ്പിച്ച ശത്രുക്കളില്‍ പരാജയ മനസ്ഥിതിയും, വീര്യക്ഷയവും ബാധിച്ചുവെന്നു വെക്കുന്നതു ദഹിക്കാത്ത ചിലര്‍ ഈ വാക്യത്തിനു ‘നീ അമ്പൈതപ്പോള്‍ നീയല്ല – അല്ലാഹുവാണു – യഥാര്‍ത്ഥത്തില്‍ അമ്പൈതതു എന്നു അര്‍ത്ഥമാക്കിക്കാണുന്നു. ഇതിനു അവരെ പ്രേരിപ്പിച്ച കാരണമേതായാലും ശരി, ബദ്റില്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അമ്പൈതുവെന്നോ, അതിനെക്കുറിച്ചാണ് ഈ പറഞ്ഞതെന്നോ ഉള്ളതിനു തെളിവുകളൊന്നുമില്ല. കാര്യപ്പെട്ട ഒരാളും മുമ്പു അങ്ങിനെ പറഞ്ഞതായും കാണുന്നില്ല.

ഇങ്ങിനെയൊക്കെ അല്ലാഹു ചെയ്യുന്നതു മുകളില്‍ സൂചിപ്പിച്ചതുപോലുള്ള പല ലക്ഷ്യങ്ങളും വെച്ചുകൊണ്ടാണ്‌. മാത്രമല്ല, സത്യവിശ്വാസികള്‍ക്കു അല്ലാഹുവിങ്കല്‍ നിന്നുള്ള വമ്പിച്ച അനുഗ്രഹങ്ങള്‍ സിദ്ധിക്കുമാറുള്ള ചില പരീക്ഷണങ്ങള്‍ നല്‍കി അവരെ പരിശീലിപ്പിക്കുവാനും കൂടിയാണത്. എല്ലാവരുടെയും നിലപാടും ആവശ്യവുമൊക്കെ ശരിക്കും കേട്ടും കണ്ടും അറിഞ്ഞുകൊണ്ടിരിക്കുന്നവനാണല്ലോ അല്ലാഹു. അപ്പോള്‍, സത്യവിശ്വാസികളെ സംബന്ധിച്ചിടത്തോളം അവരുടെ എല്ലാ ഗൂഡതന്ത്രങ്ങളെയും അവന്‍ ദുര്‍ബ്ബലമാക്കി പരാജയപ്പെടുത്തുകയും ചെയ്യും എന്നൊക്കെയാണു തുടര്‍ന്നുള്ള വാക്യങ്ങളുടെ താല്‍പര്യം.

8:19
  • إِن تَسْتَفْتِحُوا۟ فَقَدْ جَآءَكُمُ ٱلْفَتْحُ ۖ وَإِن تَنتَهُوا۟ فَهُوَ خَيْرٌ لَّكُمْ ۖ وَإِن تَعُودُوا۟ نَعُدْ وَلَن تُغْنِىَ عَنكُمْ فِئَتُكُمْ شَيْـًٔا وَلَوْ كَثُرَتْ وَأَنَّ ٱللَّهَ مَعَ ٱلْمُؤْمِنِينَ ﴾١٩﴿
  • (അവിശ്വാസികളേ) നിങ്ങള്‍ തുറവി [തീരുമാനം] തേടുന്നുവെങ്കില്‍, നിങ്ങള്‍ക്കു (ഇതാ) തുറവി വന്നു കഴിഞ്ഞിരിക്കുന്നു. നിങ്ങള്‍ വിരമിക്കുന്നുവെങ്കില്‍, അതു നിങ്ങള്‍ക്കു ഉത്തമവുമാകുന്നു. നിങ്ങള്‍ ആവര്‍ത്തിക്കുന്നുവെങ്കിലോ, നാമും ആവര്‍ത്തിക്കുന്നതാണ്. നിങ്ങളുടെ (ആള്‍) കൂട്ടം - അതു അധികമായിരുന്നാലും ശരി - നിങ്ങള്‍ക്കു ഒട്ടും ഉപകരിക്കുകയേ ഇല്ല; അല്ലാഹു സത്യവിശ്വാസികളുടെ കൂടെയാണെന്നുള്ളതുമാണു (കാര്യം).
  • إِن تَسْتَفْتِحُوا നിങ്ങള്‍ തുറവി (വിജയം -തീരുമാനം) തേടുന്നുവെങ്കില്‍ فَقَدْ جَاءَكُمُ എന്നാല്‍ നിങ്ങള്‍ക്കു വന്നിട്ടുണ്ടു الْفَتْحُ തുറവി (തീരുമാനം - വിജയം) وَإِن تَنتَهُوا നിങ്ങള്‍ വിരമിക്കുന്നുവെങ്കിലോ فَهُوَ എന്നാലതു خَيْرٌ ഉത്തമമാണു, ഗുണമായിരിക്കും لَّكُمْ നിങ്ങള്‍ക്കു وَإِن تَعُودُوا നിങ്ങള്‍ മടങ്ങുന്നു (ആവര്‍ത്തിക്കുന്നു) വെങ്കിലോ نَعُدْ നാം മടങ്ങും, ആവര്‍ത്തിക്കും وَلَن تُغْنِيَ ധന്യമാക്കുക (ഉപകരിക്കുക) യേ ഇല്ലതാനും عَنكُمْ നിങ്ങള്‍ക്കു فِئَتُكُمْ നിങ്ങളുടെ കൂട്ടം شَيْئًا യാതൊന്നും (ഒട്ടും) وَلَوْ كَثُرَتْ അതു അധികമായിരുന്നാലും وَأَنَّ اللَّـهَ അല്ലാഹു ആകുന്നുവെന്നുള്ളതും مَعَ الْمُؤْمِنِينَ സത്യവിശ്വാസികളുടെ കൂടെ

ക്വുറൈശികള്‍ യുദ്ധത്തിനൊരുങ്ങി പുറപ്പെടുമ്പോള്‍ കഅ്ബയുടെ കില്ല പിടിച്ചുകൊണ്ടു: ‘അല്ലാഹുവേ, ഈ രണ്ടു സൈന്യങ്ങളില്‍ കൂടുതല്‍ ഉന്നതവും മാന്യവും നേര്‍വഴിക്കുള്ളതും ഏതാണോ അതിനെ സഹായിക്കണേ!’ എന്നു പ്രാര്‍ത്ഥിച്ചതായും, ‘ഞങ്ങളില്‍ കൂടുതല്‍ കുടുംബബന്ധം മുറിക്കുന്നതും പുതിയ മതം അംഗീകരിക്കുന്നതുമായ കൂട്ടരേ പരാജയപ്പെടുത്തണേ!’ എന്നു അബൂജഹല്‍ പ്രാര്‍ത്ഥിച്ചതായും ഒന്നിലധികം രിവായത്തുകളില്‍ വന്നിരിക്കുന്നു. തങ്ങള്‍ക്കും മുസ്‌ലിംകള്‍ക്കുമിടയില്‍ ഒരു തീരുമാനമുണ്ടാക്കി ഈ അനിശ്ചിതാവസ്ഥക്കു പരിഹാരം നല്‍കുവാന്‍ അവര്‍ പ്രാര്‍ത്ഥിച്ചിരുന്നുവെന്നാണു ഇതിന്റെ അര്‍ത്ഥം. ഇതൊക്കെ സൂചിപ്പിച്ചുകൊണ്ടു പരിഹാസ രൂപത്തില്‍ അല്ലാഹു അവരോടു പറയുകയാണ്‌:- നിങ്ങള്‍ക്കിടയില്‍ ഒരു തീരുമാനമുണ്ടാകുകയും, നിങ്ങള്‍ക്കു തുറവിയും സമാധാനവും ലഭിക്കുകയും ചെയ്‌വാന്‍വേണ്ടി നിങ്ങള്‍ പ്രാര്‍ത്ഥിക്കുന്നുണ്ടല്ലോ. എങ്കില്‍, ഇതാ ബദ്ര്‍ യുദ്ധം വഴി അതു കിട്ടിക്കഴിഞ്ഞിരിക്കുന്നു. എനിയെങ്കിലും നിങ്ങളുടെ ധിക്കാരത്തില്‍നിന്നും ശത്രുതയില്‍ നിന്നും വിരമിക്കുകയാണു നിങ്ങള്‍ക്കു ഉത്തമം. അതല്ല, വീണ്ടും മുന്‍ പതിവു തന്നെ ആവര്‍ത്തിക്കുവാനാണു ഭാവമെങ്കില്‍, വീണ്ടും ഇതുപോലെയുള്ള അനുഭവങ്ങള്‍ നിങ്ങള്‍ നേരിടേണ്ടി വരും. അല്ലാഹു എല്ലായ്പ്പോഴും സത്യവിശ്വാസികളുടെ ഭാഗത്തായിരിക്കും. അതിനാല്‍, നിങ്ങളുടെ വര്‍ദ്ധിച്ച സംഘബലമോ പ്രതാപമോ ഒന്നും നിങ്ങള്‍ക്കു ഉപകരിക്കുകയില്ലെന്നു ഓര്‍ത്തുകൊള്ളുവിന്‍.

അവിശ്വാസികള്‍ തുറവിക്കും തീരുമാനത്തിനും വേണ്ടി അപേക്ഷിച്ചത്തുകൊണ്ടുദ്ദേശ്യം 32-ാം വചനത്തില്‍ കാണുന്ന അവരുടെ പ്രാര്‍ത്ഥനയാണെന്നു ചില ആളുകള്‍ പറഞ്ഞു കാണുന്നു. ഇതു ശരിയല്ലെന്നും, രണ്ടിന്റെയും സന്ദര്‍ഭവും താല്‍പര്യവും വെവ്വേറെയാണെന്നും പ്രഥമ ദൃഷ്ട്യാതന്നെ ആര്‍ക്കും മനസ്സിലാക്കാവുന്നതാണ്.’ മുഹമ്മദു പ്രബോധനം ചെയ്യുന്ന ഇതുതന്നെയാണു നിന്റെ പക്കല്‍ നിന്നുള്ള യഥാര്‍ത്ഥമെങ്കില്‍ ഞങ്ങളില്‍ നീ കല്‍ മഴ പെയ്യിപ്പിക്കുകയോ, അല്ലെങ്കില്‍ വേദനയേറിയ ശിക്ഷ ഞങ്ങള്‍ക്കു നല്‍കുകയോ ചെയ്യുക.’ എന്നാണു അവിടെ അവര്‍ പ്രാര്‍ത്ഥിച്ചതായി പറഞ്ഞിരിക്കുന്നത്. ഇവിടെ അതല്ല ഉദ്ദേശ്യമെന്നു സ്പഷ്ടമാണല്ലോ.