വിഭാഗം - 9

9:67
  • ٱلْمُنَـٰفِقُونَ وَٱلْمُنَـٰفِقَـٰتُ بَعْضُهُم مِّنۢ بَعْضٍ ۚ يَأْمُرُونَ بِٱلْمُنكَرِ وَيَنْهَوْنَ عَنِ ٱلْمَعْرُوفِ وَيَقْبِضُونَ أَيْدِيَهُمْ ۚ نَسُوا۟ ٱللَّهَ فَنَسِيَهُمْ ۗ إِنَّ ٱلْمُنَـٰفِقِينَ هُمُ ٱلْفَـٰسِقُونَ ﴾٦٧﴿
  • കപട വിശ്വാസികളും, കപടവിശ്വാസിനികളും അവരില്‍ചിലര്‍ ചിലരില്‍ നിന്നുള്ളവരത്രെ. [എല്ലാം ഒരുപോലെതന്നെ.] അവര്‍ ദുരാചാരം കൊണ്ടു കല്‍പിക്കുകയും സദാചാരത്തെക്കുറിച്ച്‌ വിരോധിക്കുകയും ചെയ്യുന്നു. തങ്ങളുടെ കൈകളെ അവര്‍ (ഇറുക്കി) പിടിക്കുകയും ചെയ്യുന്നു. അവര്‍ അല്ലാഹുവിനെ വിസ്‌മരിച്ചു; അതിനാല്‍, അവന്‍ അവരെ(യും) വിസ്‌മരിച്ചിരിക്കുന്നു. നിശ്ചയമായും, കപടവിശ്വാസികള്‍ തന്നെയാണ്‌ തോന്നിയവാസികള്‍.
  • الْمُنَافِقُونَ കപട വിശ്വാസികള്‍ وَالْمُنَافِقَاتُ കപട വിശ്വാസിനികളും بَعْضُهُم അവരില്‍ ചിലര്‍ مِّن بَعْضٍ ചിലരില്‍ നിന്നുള്ള (ചിലരില്‍പെട്ട)വരാണ്‌ يَأْمُرُونَ അവര്‍ കല്‍പിക്കുന്നു (ഉപദേശിക്കുന്നു), കല്‍പിക്കും بِالْمُنكَرِ ദുരാചാരം (വെറുക്കപ്പെട്ടത്‌- നിരോധിക്കപ്പെട്ടത്‌-അപരിചിതം) കൊണ്ട്‌ وَيَنْهَوْنَ അവര്‍ വിരോധിക്കുകയും ചെയ്യുന്നു (ചെയ്യും) عَنِ الْمَعْرُوفِ സദാചാരം (സല്‍ക്കാര്യ)ത്തെപ്പറ്റി وَيَقْبِضُونَ അവര്‍ (മുറുക്കി-കുറുക്കി) പിടിക്കുക (എടുക്കുക)യും ചെയ്യും أَيْدِيَهُمْ അവരുടെ കൈകളെ نَسُوا അവര്‍ വിസ്‌മരിച്ചു اللَّهَ അല്ലാഹുവിനെ فَنَسِيَهُمْ അപ്പോള്‍ (അതിനാല്‍) അവന്‍ അവരെ വിസ്‌മരിച്ചു إِنَّ الْمُنَافِقِينَ നിശ്ചയമായും കപടവിശ്വാസികള്‍ هُمُ അവര്‍ (തന്നെ) الْفَاسِقُونَ തോന്നിയവാസികള്‍, തെമ്മാടി (ധിക്കാരി)കള്‍

കപടവിശ്വാസികള്‍ ആണായാലും പെണ്ണായാലും ഒരുപോലെ തന്നെ. ദുര്‍ഗുണങ്ങളില്‍ എല്ലാവരും തുല്യരാണ്‌. വെറുക്കപ്പെട്ട ദുരാചാരങ്ങള്‍ക്ക്‌ പരസ്‌പരം ഉപദേശിക്കലും, വേണ്ടപ്പെട്ട സദാചാരങ്ങളെ തടയലും അവരുടെ സ്വഭാവമാകുന്നു. നല്ല കാര്യങ്ങളില്‍ ധനം ചിലവഴിക്കുവാന്‍ അവരുടെ കൈകളെ അവര്‍ നീട്ടുകയില്ല. പിശുക്ക്‌ പിടിച്ചു പിന്നോക്കം ഇറുക്കിപ്പിടിക്കുകയാണ്‌ ചെയ്യുക. അല്ലാഹുവിനെ അവര്‍ മറന്നുകളഞ്ഞിരിക്കുകയാണ്‌. അഥവാ അവന്‍റെ കല്‍പനാനിര്‍ദ്ദേശങ്ങളെയും അവന്‍റെ രക്ഷാശിക്ഷകളെയുമൊക്കെ അവര്‍ അവഗണിച്ചുകളഞ്ഞിരിക്കുന്നു. അതുകൊണ്ട്‌ അവരെ അല്ലാഹുവും അവഗണിച്ചിരിക്കുകയാണ്‌. അവരുടെ നേരെ അവര്‍ കാരുണ്യവും കനിവും കാണിക്കുവാന്‍ പോകുന്നില്ല. തോന്നിയവാസികള്‍ വേറെയും ഉണ്ടെങ്കിലും പരിപൂര്‍ണമായ അര്‍ഥത്തിലുള്ള കടുത്ത തോന്നിയവാസികള്‍ ഇവര്‍ തന്നെ എന്നൊക്കെയാണ്‌ അല്ലാഹു പറഞ്ഞതിന്‍റെസാരം. കപടവിശ്വാസികള്‍, നരകത്തിലെ ഏറ്റവും താണപടിയിലായിരിക്കുമെന്ന്‌ 4:145-ല്‍ അല്ലാഹു വ്യക്തമായി പ്രസ്‌താവിച്ചിട്ടുള്ളതാണ്‌. അവിശ്വാസികളും തോന്നിയവാസികള്‍തന്നെ. എന്നാലും തെറ്റായതെങ്കിലും ചില വിശ്വാസങ്ങളും ആചാരമുറകളുമൊക്കെ അവര്‍ക്കുണ്ടായിരിക്കും. കപടന്‍മാരെ സംബന്ധിച്ചിടത്തോളം, അവര്‍ക്ക്‌ ഒന്നിലും വിശ്വാസമോ സ്ഥിരതയോ ഇല്ലാത്തവരാണല്ലോ. അല്ലാഹു അവരെ ഇത്രയും അവഗണിക്കുന്നതിന്‍റെ ഫലമെന്തായിരിക്കുമെന്ന്‌ അടുത്ത വചനത്തില്‍ ചൂണ്ടിക്കാട്ടുന്നു.

9:68
  • وَعَدَ ٱللَّهُ ٱلْمُنَـٰفِقِينَ وَٱلْمُنَـٰفِقَـٰتِ وَٱلْكُفَّارَ نَارَ جَهَنَّمَ خَـٰلِدِينَ فِيهَا ۚ هِىَ حَسْبُهُمْ ۚ وَلَعَنَهُمُ ٱللَّهُ ۖ وَلَهُمْ عَذَابٌ مُّقِيمٌ ﴾٦٨﴿
  • കപടവിശ്വാസികളോടും, കപടവിശ്വാസിനികളോടും, അവിശ്വാസികളോടും അല്ലാഹു 'ജഹന്നമി' [നരകത്തി]ന്‍റെ അഗ്നിവാഗ്‌ദത്തം ചെയ്‌തിരിക്കുന്നു; അതില്‍ (അവര്‍) നിത്യവാസികളായിക്കൊണ്ട്‌. അതവര്‍ക്ക്‌ മതി! അല്ലാഹു അവരെ ശപിക്കുകയും ചെയ്‌തിരിക്കുന്നു: അവര്‍ക്ക്‌ (മുറിയാതെ) നിലനില്‍ക്കുന്ന ശിക്ഷയുമുണ്ടായിരിക്കും;
  • وَعَدَ اللَّهُ അല്ലാഹു വാഗ്‌ദത്തം ചെയ്‌തു (ചെയ്‌തിരിക്കുന്നു) الْمُنَافِقِينَ കപടവിശ്വാസികളോട്‌ وَالْمُنَافِقَاتِ കപടവിശ്വാസിനികളോടും وَالْكُفَّارَ അവിശ്വാസികളോടും خَالِدِينَ നിത്യവാസികളായിക്കൊണ്ട്‌ فِيهَا അതില്‍ هِيَ അത്‌ حَسْبُهُمْ അവര്‍ക്കുമതി, മതിയായതാണ്‌ عَذَابٌ ശിക്ഷ نَارَ അഗ്നി, തീ, جَهَنَّمَ ജഹന്നമിന്‍റെ وَلَعَنَهُمُ اللَّهُ അല്ലാഹു അവരെ ശപിക്കുകയും ചെയ്‌തിരിക്കുന്നു وَلَهُمْ അവര്‍ക്കുണ്ട്‌താനും, ഉണ്ടായിരിക്കും مُّقِيمٌ നിലനില്‍ക്കുന്ന
9:69
  • كَٱلَّذِينَ مِن قَبْلِكُمْ كَانُوٓا۟ أَشَدَّ مِنكُمْ قُوَّةً وَأَكْثَرَ أَمْوَٰلًا وَأَوْلَـٰدًا فَٱسْتَمْتَعُوا۟ بِخَلَـٰقِهِمْ فَٱسْتَمْتَعْتُم بِخَلَـٰقِكُمْ كَمَا ٱسْتَمْتَعَ ٱلَّذِينَ مِن قَبْلِكُم بِخَلَـٰقِهِمْ وَخُضْتُمْ كَٱلَّذِى خَاضُوٓا۟ ۚ أُو۟لَـٰٓئِكَ حَبِطَتْ أَعْمَـٰلُهُمْ فِى ٱلدُّنْيَا وَٱلْـَٔاخِرَةِ ۖ وَأُو۟لَـٰٓئِكَ هُمُ ٱلْخَـٰسِرُونَ ﴾٦٩﴿
  • (അതെ, കപടവിശ്വാസികളേ,) നിങ്ങളുടെ മുമ്പുള്ളവരെപ്പോലെ (ത്തന്നെ). അവര്‍ നിങ്ങളെക്കാള്‍ കടുത്ത ശക്തിയുള്ളവരും, സ്വത്തുക്കളും, സന്താനങ്ങളും അധികമുള്ളവരുമായിരുന്നു; അങ്ങനെ തങ്ങളുടെ ഓഹരികൊണ്ട്‌ അവര്‍ സുഖമനുഭവിച്ചു. എന്നിട്ട്‌ (ഇപ്പോള്‍) നിങ്ങളുടെ മുമ്പുള്ളവര്‍ തങ്ങളുടെ ഓഹരികൊണ്ട്‌ സുഖമനുഭവിച്ചതുപോലെ, നിങ്ങളുടെ ഓഹരി കൊണ്ട്‌ നിങ്ങളും സുഖമനുഭവിച്ചു. അവര്‍ (അനാവശ്യത്തില്‍) മുഴുകിയതുപോലെ നിങ്ങളും മുഴുകി. അക്കൂട്ടര്‍- അവരുടെ കര്‍മങ്ങള്‍ ഇഹത്തിലും പരത്തിലും (പൊളി ഞ്ഞു) നിഷ്‌ഫലമായി. അക്കൂട്ടര്‍ തന്നെയാണ്‌ നഷ്‌ടക്കാരും.
  • مِن قَبْلِكُمْ നിങ്ങളുടെ മുമ്പുള്ള كَانُوا അവരായിരുന്നു أَشَدَّ അധികം കഠിനന്‍മാര്‍, കടുത്ത (ശക്തമായ) വര്‍ مِنكُمْ നിങ്ങളെക്കാള്‍ قُوَّةً ഊക്കില്‍, ശക്തിയാല്‍ وَأَكْثَرَ കൂടുതല്‍ അധികമുള്ളവരും أَمْوَالًا സ്വത്തുക്കള്‍, ധനത്തില്‍ وَأَوْلَادًا മക്കളും, സന്താനങ്ങളും فَاسْتَمْتَعُوا അങ്ങനെ അവര്‍ അനുഭവമെടുത്തു, സുഖമെടുത്തു بِخَلَاقِهِمْ അവരുടെ ഓഹരികൊണ്ട്‌ فَاسْتَمْتَعْتُم എന്നിട്ട്‌ നിങ്ങള്‍ സുഖമെടുത്തു, ഉപയോഗമെടുത്തു بِخَلَاقِكُمْ നിങ്ങളുടെ ഓഹരി (ഭാഗം) കൊണ്ട്‌ كَمَا اسْتَمْتَعَ സുഖ (ഉപയോഗ) മെടുത്തതുപോലെ كَالَّذِينَ യാതൊരുവരെപ്പോലെ الَّذِينَ യാതൊരുകൂട്ടര്‍ مِن قَبْلِكُم നിങ്ങളുടെ മുമ്പുള്ള بِخَلَاقِهِمْ അവരുടെ ഓഹരികൊണ്ട്‌ وَخُضْتُمْ നിങ്ങള്‍ മുഴുകുകയും ചെയ്‌തു (അനാവശ്യത്തില്‍ ഇറങ്ങി) كَالَّذِي യാതൊന്നുപോലെ خَاضُوا അവര്‍ മുഴുകിയ أُولَٰئِكَ അക്കൂട്ടര്‍ حَبِطَتْ പൊളിഞ്ഞു (നിഷ്‌ഫലമായി) പോയി أَعْمَالُهُمْ അവരുടെ പ്രവൃത്തികള്‍, കര്‍മങ്ങള്‍ فِي الدُّنْيَا ഇഹത്തില്‍ وَالْآخِرَةِ പരത്തിലും وَأُولَٰئِكَ അക്കൂട്ടര്‍ هُمُ അവര്‍ (തന്നെ) الْخَاسِرُونَ നഷ്‌ടപ്പെട്ടവര്‍

നിങ്ങള്‍ മാത്രമല്ല കപടന്‍മാര്‍. നിങ്ങളുടെ മുമ്പും നിങ്ങളെപ്പോലെ എത്രയോ കപടന്‍മാര്‍ ഉണ്ടായിരുന്നു. ഊക്കിലും സ്വാധീനത്തിലുമൊക്കെ നിങ്ങളെക്കാള്‍ കവിഞ്ഞവരായിരുന്നു അവര്‍. അതെല്ലാം അനുഭവിച്ചാസ്വദിച്ചു കൊണ്ട്‌ തോന്നിയവാസത്തില്‍ മുഴുകുകയാണവര്‍ ചെയ്‌തത്‌. അതിനാല്‍ അവരുടെ ഇഹവും പരവും നഷ്‌ടപ്പെട്ടു. അവരുടെ അതേ സ്ഥിതി തന്നെയായിരിക്കും നിങ്ങളുടെയും സ്ഥിതി. കപടവിശ്വാസികളെ അല്ലാഹു താക്കീത്‌ ചെയ്യുകയാണ്‌.

9:70
  • أَلَمْ يَأْتِهِمْ نَبَأُ ٱلَّذِينَ مِن قَبْلِهِمْ قَوْمِ نُوحٍ وَعَادٍ وَثَمُودَ وَقَوْمِ إِبْرَٰهِيمَ وَأَصْحَـٰبِ مَدْيَنَ وَٱلْمُؤْتَفِكَـٰتِ ۚ أَتَتْهُمْ رُسُلُهُم بِٱلْبَيِّنَـٰتِ ۖ فَمَا كَانَ ٱللَّهُ لِيَظْلِمَهُمْ وَلَـٰكِن كَانُوٓا۟ أَنفُسَهُمْ يَظْلِمُونَ ﴾٧٠﴿
  • ഇവരുടെ മുമ്പുള്ളവരുടെ വൃത്താന്തം ഇവര്‍ക്ക്‌ വന്നിട്ടില്ലയോ? അതായത്‌: നൂഹിന്‍റെ ജനതയുടെയും, ആദിന്‍റെയും ഥമൂദിന്‍റെയും ഇബ്‌റാഹീമിന്‍റെ ജനതയുടെയും, മദ്‌യന്‍കാരുടെയും (അടിമേല്‍) മറിഞ്ഞ രാജ്യങ്ങളുടെയും (വൃത്താന്തം)! (അതെ) അവര്‍ക്ക്‌ അവരുടെ റസൂലുകള്‍ വ്യക്തമായ തെളിവുകളുമായി ചെന്നു; എന്നാല്‍, അല്ലാഹു അവരെ അക്രമിക്കുകയുണ്ടായില്ല; എങ്കിലും, അവര്‍ അവരോടുതന്നെ അക്രമം പ്രവര്‍ത്തിക്കുകയായിരുന്നു (ചെയ്‌തത്‌)
  • أَلَمْ يَأْتِهِمْ അവര്‍ക്ക്‌ (ഇവര്‍ക്ക്‌) വന്നിട്ടില്ലേ نَبَأُ വൃത്താന്തം, വിവരം, വാര്‍ത്ത الَّذِينَ യാതൊരുത്തരുടെ مِن قَبْلِهِمْ അവരുടെ (ഇവരുടെ) മുമ്പുള്ള قَوْمِ نُوحٍ അതായത്‌ നൂഹിന്‍റെ ജനതയുടെ وَعَادٍ ആദിന്‍റെയും وَثَمُودَ ഥമൂദിന്‍റെയും وَقَوْمِ إِبْرَاهِيمَ ഇബ്‌റാഹീമിന്‍റെ ജനതയുടെയും وَأَصْحَابِ ആള്‍ക്കാരുടെയും مَدْيَنَ മദ്‌യന്‍റെ وَالْمُؤْتَفِكَاتِ (അടിമേലായി) മറിഞ്ഞവയുടെയും أَتَتْهُمْ അവര്‍ക്ക്‌ ചെന്നു, വന്നു رُسُلُهُم അവരുടെ റസൂലുകള്‍ بِالْبَيِّنَاتِ തെളിവുകളുമായി فَمَا كَانَ എന്നിട്ട്‌ (എന്നാല്‍) ആയില്ല, ഉണ്ടായില്ല اللَّهُ അല്ലാഹു لِيَظْلِمَهُمْ അവരോട്‌ അക്രമം ചെയ്‌വാന്‍, അവരെ ആക്രമിക്കുക وَلَٰكِن كَانُوا എങ്കിലും അവരായിരുന്നു أَنفُسَهُمْ തങ്ങളുടെ സ്വന്തങ്ങളോട്‌, തങ്ങളോടുതന്നെ يَظْلِمُونَ അക്രമം പ്രവര്‍ത്തിക്കും

ഹൂദ്‌ നബി (عليه السلام)യുടെ സമുദായമാണ്‌ ആദ്‌ഗോത്രം. സ്വാലിഹ്‌ നബി (عليه السلام)യുടെ സമുദായമായിരുന്നു ഥമൂദുഗോത്രം. ശുഅയ്‌ബ്‌ നബി (عليه السلام)യുടെ ജനതയാണ്‌ മദ്‌യന്‍ നിവാസികള്‍. ‘അടിമേലായി മറിഞ്ഞവ’ (الْمُؤْتَفِكَات) എന്നു പറഞ്ഞത്‌ ലൂത്ത്വ്‌ നബി (عليه السلام)യുടെ ജനത താമസിച്ചിരുന്ന അടിമേല്‍ മറിക്കപ്പെട്ട രാജ്യങ്ങളാകുന്നു. അഥവാ, അവയിലെ ജനങ്ങളാണുദ്ദേശ്യം. ഓരോ ജനതയുടെയും ചരിത്രം ക്വുര്‍ആനില്‍ ഒന്നിലധികം പ്രാവശ്യം വിവരിക്കപ്പെട്ടിരിക്കുന്നു.

ഈ സമുദായങ്ങളുടെയൊക്കെ ചരിത്രം ഈ കപടവിശ്വാസികള്‍ കേട്ടറിഞ്ഞിട്ടുണ്ടല്ലോ. ഓരോ കൂട്ടരും അവരുടെ റസൂലുകളെ നിഷേധിക്കുകയും അവര്‍ കൊണ്ടുവന്ന തെളിവുകളെ നിരാകരിക്കുകയും ചെയ്‌തു. അങ്ങനെ അവര്‍ അല്ലാഹുവിന്‍റെ കോപത്തിനും ശിക്ഷകള്‍ക്കും വിധേയരായി. എല്ലാവരും അവരോട്‌ തന്നെ ചെയ്‌ത അക്രമങ്ങളുടെ ഫലമായിരുന്നു അത്‌. അല്ലാതെ, അല്ലാഹു ഒരക്രമവും പ്രവര്‍ത്തിച്ചിട്ടില്ല. അവന്‍ അക്രമം ചെയ്യുകയുമില്ല. അവരുടെ ആ ചരിത്രസംഭവങ്ങള്‍ ഇവര്‍ക്കും പാഠമാകേണ്ടതല്ലേ? എന്നാണ്‌ ഈ വചനത്തില്‍ പ്രസ്‌താവിച്ചതിന്‍റെ ചുരുക്കം.

കപടവിശ്വാസികളുടെ സ്ഥിതികളും സമ്പ്രദായങ്ങളും, അവര്‍ക്ക്‌ വരുവാനിരിക്കുന്ന അനുഭവങ്ങളും പലതും വിവരിച്ചശേഷം, എന്നാല്‍ സത്യവിശ്വാസികളുടെ സ്ഥിതിഗതികളെന്തായിരിക്കും? അഥവാ എങ്ങിനെയായിരിക്കണം? എന്ന്‌ അടുത്ത വചനങ്ങളില്‍ ചൂണ്ടിക്കാട്ടുന്നു:-

9:71
  • وَٱلْمُؤْمِنُونَ وَٱلْمُؤْمِنَـٰتُ بَعْضُهُمْ أَوْلِيَآءُ بَعْضٍ ۚ يَأْمُرُونَ بِٱلْمَعْرُوفِ وَيَنْهَوْنَ عَنِ ٱلْمُنكَرِ وَيُقِيمُونَ ٱلصَّلَوٰةَ وَيُؤْتُونَ ٱلزَّكَوٰةَ وَيُطِيعُونَ ٱللَّهَ وَرَسُولَهُۥٓ ۚ أُو۟لَـٰٓئِكَ سَيَرْحَمُهُمُ ٱللَّهُ ۗ إِنَّ ٱللَّهَ عَزِيزٌ حَكِيمٌ ﴾٧١﴿
  • സത്യവിശ്വാസികളും, സത്യവിശ്വാസിനികളുമാകട്ടെ, അവരില്‍ ചിലര്‍ ചിലരുടെ [തമ്മതമ്മില്‍] ബന്ധുമിത്രങ്ങളാകുന്നു. അവര്‍ സദാചാരംകൊണ്ട്‌ കല്‍പിക്കുകയും, ദുരാചാരത്തെക്കുറിച്ചു വിരോധിക്കുകയും ചെയ്യുന്നു; അവര്‍ നമസ്‌കാരം നിലനിറുത്തുകയും, സകാത്ത്‌ കൊടുക്കുകയും ചെയ്യുന്നു; അവര്‍ അല്ലാഹുവിനെയും, അവന്‍റെ റസൂലിനെയും അനുസരിക്കുകയും ചെയ്യുന്നു. അക്കൂട്ടര്‍ -അവര്‍ക്ക്‌ അല്ലാഹു വഴിയെ കരുണ ചെയ്യുന്നതാണ്‌. നിശ്ചയമായും അല്ലാഹു പ്രതാപശാലിയും, അഗാധജ്ഞനുമാകുന്നു.
  • وَالْمُؤْمِنُونَ സത്യവിശ്വാസികളാകട്ടെ وَالْمُؤْمِنَاتُ സത്യവിശ്വാസിനികളും بَعْضُهُمْ അവരില്‍ ചിലര്‍ أَوْلِيَاءُ ബന്ധുമിത്രാദികളാണ്‌ بَعْضٍ ചിലരുടെ يَأْمُرُونَ അവര്‍ കല്‍പിക്കുന്നു, ഉപദേശിക്കും بِالْمَعْرُوفِ സദാചാരം (സല്‍ക്കാര്യം- വേണ്ടപ്പെട്ടത്‌) കൊണ്ട്‌ وَيَنْهَوْنَ അവര്‍ വിരോധിക്കുകയും ചെയ്യുന്നു (ചെയ്യും) عَنِ الْمُنكَرِ ദുരാചാര (ദുഷ്‌കാര്യ- വെറുക്കപ്പെട്ട കാര്യ) ത്തെപ്പറ്റി وَيُقِيمُونَ അവര്‍ നിലനിറുത്തുകയും ചെയ്യും (ചെയ്യുന്നു) الصَّلَاةَ നമസ്‌കാരം وَيُؤْتُونَ അവര്‍ കൊടുക്കുകയും الزَّكَاةَ സകാത്ത്‌ وَيُطِيعُونَ അവര്‍ അനുസരിക്കുകയും (ചെയ്യും-ചെയ്യുന്നു) اللَّهَ അല്ലാഹുവിനെയും وَرَسُولَهُ അവന്‍റെ റസൂലിനെയും أُولَٰئِكَ അക്കൂട്ടര്‍ سَيَرْحَمُهُمُ അവരോട്‌ കരുണ ചെയ്‌തേക്കും,വഴിയേ അവര്‍ക്ക്‌ കരുണ ചെയ്യും اللَّهُ അല്ലാഹു إِنَّ اللَّهَ നിശ്ചയമായും അല്ലാഹു عَزِيزٌ പ്രതാപശാലിയാണ്‌ حَكِيمٌ അഗാധജ്ഞനാണ്‌, യുക്തിമാനായ
9:72
  • وَعَدَ ٱللَّهُ ٱلْمُؤْمِنِينَ وَٱلْمُؤْمِنَـٰتِ جَنَّـٰتٍ تَجْرِى مِن تَحْتِهَا ٱلْأَنْهَـٰرُ خَـٰلِدِينَ فِيهَا وَمَسَـٰكِنَ طَيِّبَةً فِى جَنَّـٰتِ عَدْنٍ ۚ وَرِضْوَٰنٌ مِّنَ ٱللَّهِ أَكْبَرُ ۚ ذَٰلِكَ هُوَ ٱلْفَوْزُ ٱلْعَظِيمُ ﴾٧٢﴿
  • സത്യവിശ്വാസികളോടും, സത്യവിശ്വാസിനികളോടും അല്ലാഹു വാഗ്‌ദാനം ചെയ്‌തിരിക്കുന്നു: അടിഭാഗത്തിലൂടെ അരുവികള്‍ ഒഴുകിക്കൊണ്ടിരിക്കുന്ന സ്വര്‍ഗങ്ങളെ- അതില്‍ (അവര്‍) നിത്യവാസികളായിക്കൊണ്ട്‌; 'ജന്നാത്തു-അദ്‌നി'ല്‍ [സ്ഥിരവാസത്തിന്‍റെ സ്വര്‍ഗങ്ങളില്‍] നല്ലതായ (വിശിഷ്‌ട) പാര്‍പ്പിടങ്ങളെയും (വാഗ്‌ദാനം ചെയ്‌തിരിക്കുന്നു). അല്ലാഹുവിങ്കല്‍ നിന്നുള്ള പ്രീതിയത്രെ ഏറ്റവും വലുത്‌. അത്‌ തന്നെയാണ്‌ മഹത്തായ ഭാഗ്യം!
  • وَعَدَ اللَّهُ അല്ലാഹു വാഗ്‌ദാനം ചെയ്‌തിരിക്കുന്നു الْمُؤْمِنِينَ സത്യവിശ്വാസികളോട്‌ وَالْمُؤْمِنَاتِ സത്യവിശ്വാസിനികളോടും جَنَّاتٍ ചില സ്വര്‍ഗങ്ങളെ تَجْرِي നടക്കും, ഒഴുകും مِن تَحْتِهَا അവയുടെഅടിയിലൂടെ الْأَنْهَارُ അരുവി (നദി)കള്‍ خَالِدِينَ നിത്യവാസികളായിട്ട്‌, ശാശ്വതരായി فِيهَا അവയില്‍, അതില്‍ وَمَسَاكِنَ പാര്‍പ്പിട (വാസസ്ഥല)ങ്ങളും طَيِّبَةً നല്ലതായ., വിശിഷ്‌ടങ്ങളായ, ശുദ്ധങ്ങളായ فِي جَنَّاتِ സ്വര്‍ഗങ്ങളില്‍, തോപ്പുകളില്‍ عَدْنٍ സ്ഥിരവാസത്തിന്‍റെ وَرِضْوَانٌ പ്രീതി مِّنَ اللَّهِ അല്ലാഹുവില്‍ നിന്നുള്ള أَكْبَرُ ഏറ്റം വലുത്‌ ذَٰلِكَ അത്‌ هُوَ അത്‌ (തന്നെ) الْفَوْزُ ഭാഗ്യം, വിജയം الْعَظِيمُ മഹത്തായ, വമ്പിച്ച

കപടവിശ്വാസികളുടെയും, സത്യവിശ്വാസികളുടെയും സ്ഥിതിഗതികളിലുള്ള പരസ്‌പര വൈരുദ്ധ്യങ്ങളാണ്‌ ഈ വചനങ്ങളില്‍ കാണുന്നത്‌.

(1) കപടവിശ്വാസികള്‍ ആണും പെണ്ണും തന്നെ, ചിലര്‍ ചിലരില്‍നിന്നുള്ളവരാണ്‌. (بَعْضُهُمْ مِنْ بَعْضٍ) അഥവാ എല്ലാവരും വേണ്ടാവൃത്തികളില്‍ ഒരുപോലെയാണ്‌ എന്ന്‌ മുമ്പ്‌ പറഞ്ഞു. എന്നാല്‍ സത്യവിശ്വാസികളാകട്ടെ, അവരിലുള്ള ആണും പെണ്ണും പരസ്‌പരം ബന്ധുമിത്രാദികളായിരിക്കും (مِنْهُمْ أَوْلِيَاءُ بَعْضٍ) അഥവാ സല്‍ഗുണങ്ങളിലും സുഖദുഃഖങ്ങളിലുമൊക്കെ അവര്‍ ഒറ്റക്കെട്ടായിരിക്കുമെന്ന്‌ അല്ലാഹു ചൂണ്ടിക്കാട്ടുന്നു. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറയുന്നു: ‘ഒരു സത്യവിശ്വാസി മറ്റൊരു സത്യവിശ്വാസിയെ സംബന്ധിച്ചിടത്തോളം, ഒരു കെട്ടിടം പോലെയായിരിക്കും. അതായത്‌, അതിന്‍റെ ചില ഭാഗം ചില ഭാഗത്തെ ഉറപ്പിച്ചുനിര്‍ത്തുന്നു’. (ബു:മു.)

മറ്റൊരു ഹദീഥില്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറയുന്നു: ‘സത്യവിശ്വാസികള്‍ തമ്മിലുള്ള സ്‌നേഹത്തിലും കരുണയിലും അവരുടെ ഉദാഹരണം, ഒരു ശരീരംപോലെയാകുന്നു. അതിന്‍റെ ഒരവയവത്തിന്‌ വല്ല അസുഖവും ബാധിച്ചാല്‍, അത്‌ നിമിത്തം ശരീരം മുഴുവനും പനിയും നിദ്രയില്ലായ്‌മയും മുഖേന പരാതിപ്പെട്ടുകൊണ്ടിരിക്കും.’ (ബു;മു.)

(2) ദുരാചാരങ്ങള്‍ക്ക്‌ ഉപദേശിക്കലും സദാചാരങ്ങളെ വിരോധിക്കലുമാണ്‌ കപടവിശ്വാസികളുടെ പതിവ്‌ (…يَأْمُرُونَ بِالْمُنْكَرِ) അവര്‍ നമസ്‌കരിക്കുന്നത്‌ ആളുകളെ കാണിക്കുവാന്‍ വേണ്ടിയും, മടിയന്മാരായിക്കൊണ്ടും മാത്രമായിരിക്കും. (4:142).അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ ചിലവഴിക്കുവാന്‍ മടിച്ചുകൊണ്ട്‌ അവര്‍ കൈ ഇറുക്കിപ്പിടിക്കുകയും ചെയ്യും. (وَيَقْبِضُونَ أَيْدِيَهُمْ) എന്നാല്‍, സത്യവിശ്വാസികളാകട്ടെ, നേരെ മറിച്ചു സദാചാരങ്ങളും, നല്ല കര്‍മങ്ങളും കൊണ്ട്‌ അവര്‍ ഉപദേശിക്കുകയും ദുരാചാരങ്ങളെയും വെറുക്കപ്പെട്ട കാര്യങ്ങളെയും സംബന്ധിച്ചു വിരോധിക്കുകയുമാണ്‌ ചെയ്യുക. (…يَأْمُرُونَ بِالْمَعْرُوفِ) അവര്‍ നമസ്‌കാരം ശരിക്ക്‌ നിലനിറുത്തുകയും, സകാത്ത്‌ ശരിക്കും കൊടുക്കുകയും ചെയ്യും. (….وَيُقِيمُونَ الصَّلَاةَ)

(3) കപടവിശ്വാസികള്‍ അല്ലാഹുവിനെ അവഗണിച്ചു വിസ്‌മരിച്ചിരിക്കുകയാണ്‌ (سوا الّله). സത്യവിശ്വാസികള്‍ ഒരിക്കലും അല്ലാഹുവിനെ വിസ്‌മരിക്കുന്നതല്ല. അവര്‍ അല്ലാഹുവിന്‍റെയും, റസൂലിന്‍റെയും കല്‍പനകള്‍ മുഴുവന്‍ അനുസരിക്കുന്നവരായിരിക്കും. (ويطيعون الله)

ഈ വൈരുദ്ധ്യങ്ങളുടെ ഫലമോ?

(1) കപടവിശ്വാസികളായ പുരുഷന്‍മാര്‍ക്കും, സ്‌ത്രീകള്‍ക്കും -68-ാം വചനത്തില്‍ കണ്ടതുപോലെ- അല്ലാഹു ശാശ്വതമായ നരകശിക്ഷയാണ്‌ വാഗ്‌ദത്തം ചെയ്‌തിരിക്കുന്നത്‌. സത്യവിശ്വാസികളായ പുരുഷന്മാര്‍ക്കും സ്‌ത്രീകള്‍ക്കുമാകട്ടെ, സുഖസമ്പൂര്‍ണവും ശാശ്വതവുമായ സ്വര്‍ഗങ്ങളും …وَعَدَ اللَّهُ الْمُؤْمِنِينَ وَالْمُؤْمِنَاتِ جَنَّاتٍ

(2) കപടവിശ്വാസികള്‍ അല്ലാഹുവിന്‍റെ ശിക്ഷക്ക്‌ പുറമെ അവന്‍റെ കോപത്തിനും വിധേയരായിരിക്കും. (48:6) സത്യവിശ്വാസികള്‍ക്കാകട്ടെ, സ്വര്‍ഗീയ സൗകര്യങ്ങള്‍ക്കു പുറമെ അല്ലാഹുവിന്‍റെ പ്രീതിയും ലഭിക്കുന്നു. മറ്റേത്‌ അനുഗ്രഹത്തെക്കാളും വമ്പിച്ചതത്രെ അത്‌. (وَرِضْوَانٌ مِّنَ اللَّهِ أَكْبَرُ)

(3) ചുരുക്കിപ്പറഞ്ഞാല്‍ 69-ാം വചനത്തില്‍ പറഞ്ഞതുപോലെ- കപടവിശ്വാസികളുടെ കര്‍മങ്ങളെല്ലാം ഇഹത്തിലും പരത്തിലും പാഴായിപ്പോകുകയും അവര്‍ തനി നഷ്‌ടക്കാരായിത്തീരുകയും ചെയ്‌തിരിക്കുന്നു. സത്യവിശ്വാസികളുടെ കര്‍മങ്ങള്‍ ഫലവത്തായിത്തീരുകയും, അങ്ങനെ, അവര്‍ ഏറ്റവും മഹത്തായ ഭാഗ്യം പ്രാപിക്കുകയും ചെയ്‌തിരിക്കുന്നു. (ذَٰلِكَ هُوَ الْفَوْزُ الْعَظِيمُ)

അബൂസഈദില്‍ ഖുദ്‌രീ (റ)യില്‍ നിന്ന്‌ ഇമാം മാലിക്‌ (رحمه الله) നിവേദനം ചെയ്‌ത ഒരു നബിവചനത്തിന്‍റെ സാരം ഇപ്രകാരമാകുന്നു: സ്വര്‍ഗത്തിലെ ആളുകളെ അല്ലാഹു വിളിക്കും. അവര്‍ സന്തോഷത്തോടും ബഹുമാനത്തോടും കൂടി അതിനെ സ്വാഗതം ചെയ്യും. അല്ലാഹു അവരോട്‌ ചോദിക്കും: ‘നിങ്ങള്‍ തൃപ്‌തിപ്പെട്ടുവോ?’ അവര്‍ ഉത്തരം പറയും: ‘റബ്ബേ! മനുഷ്യ സൃഷ്‌ടികള്‍ക്കൊന്നും നീ കൊടുത്തിട്ടില്ലാത്തത്ര (അനുഗ്രഹങ്ങള്‍) നീ ഞങ്ങള്‍ക്ക്‌ നല്‍കിയിരിക്കെ, ഞങ്ങള്‍ തൃപ്‌തിപ്പെടാതിരിക്കുവാന്‍ എന്താണ്‌ കാരണമുള്ളത്‌?!’ അപ്പോള്‍ അല്ലാഹു പറയും: ‘അതിനെക്കാള്‍ ശ്രേഷ്‌ഠമായ ഒരു കാര്യം ഞാന്‍ നിങ്ങള്‍ക്ക്‌ നല്‍കട്ടെയോ?’ അവര്‍ പറയും: ‘റബ്ബേ! എന്താണ്‌ അതിനേക്കാള്‍ ശ്രേഷ്‌ഠമായുള്ളത്‌?’ അല്ലാഹു പറയും: ‘ഞാന്‍ നിങ്ങളില്‍ എന്‍റെ പ്രീതി അവതരിപ്പിക്കുന്നു. ഞാന്‍ എനി ഒരു കാലത്തും നിങ്ങളോട്‌ കോപിക്കുകയില്ല.’ (ബു:മു.) അല്ലാഹുവേ, ഞങ്ങളെയെല്ലാം നിന്‍റെ മഹത്തായ പ്രീതി ലഭിക്കുന്ന മഹാഭാഗ്യവാന്മാരില്‍ ഉള്‍പ്പെടുത്തി അനുഗ്രഹിക്കേണമേ! ആമീന്‍.

വിഭാഗം - 10

9:73
  • يَـٰٓأَيُّهَا ٱلنَّبِىُّ جَـٰهِدِ ٱلْكُفَّارَ وَٱلْمُنَـٰفِقِينَ وَٱغْلُظْ عَلَيْهِمْ ۚ وَمَأْوَىٰهُمْ جَهَنَّمُ ۖ وَبِئْسَ ٱلْمَصِيرُ ﴾٧٣﴿
  • ഹേ, നബിയേ, അവിശ്വാസികളോടും, കപടവിശ്വാസികളോടും സമരം നടത്തിക്കൊള്ളുക; അവരോട്‌ പരുഷത കാണിക്കുകയും ചെയ്യുക. അവരുടെ സങ്കേതം 'ജഹന്നം' [നരകം] ആകുന്നു. (ആ) തിരിച്ചെത്തുന്ന (മടക്ക) സ്ഥാനം എത്രയോ ചീത്തയും!
  • يَا أَيُّهَا النَّبِيُّ ഹേ, നബിയേ جَاهِدِ നീ ജിഹാദ്‌ (സമരം) ചെയ്യുക الْكُفَّارَ അവിശ്വാസികളോട്‌ وَالْمُنَافِقِينَ കപടവിശ്വാസികളോടും وَاغْلُظْ നീ പരുഷത (കാഠിന്യം -ഊക്ക്‌- നിര്‍ദ്ദയത) കാണിക്കുകയും ചെയ്യുക عَلَيْهِمْ അവരോട്‌, അവര്‍ക്കെതിരില്‍ وَمَأْوَاهُمْ അവരുടെ സങ്കേത - അഭയസ്ഥാനം جَهَنَّمُ ജഹന്നമാകുന്നു وَبِئْسَ വളരെ (എത്രയോ) ചീത്ത (മോശം) الْمَصِيرُ തിരിച്ചെത്തുന്ന (മടക്ക) സ്ഥാനം

‘സമരം ചെയ്യുക’ എന്ന്‌ അര്‍ഥം കല്‍പിക്കപ്പെടാറുള്ള جَاهِدِ (ജാഹിദ്‌) എന്ന ക്രിയയുടെ ധാതുരൂപം جِهَاد (ജിഹാദ്‌) എന്നും مُجَاهَدَة (മുജാഹദത്ത്‌) എന്നും വരും. ഇതിന്‌ ഇമാം റാഗിബ്‌ (رحمه الله) അര്‍ഥം പറഞ്ഞിരിക്കുന്നത്‌ ‘ശത്രുവെ ചെറുക്കുന്നതില്‍ കഴിവ്‌ മുഴുവന്‍ വിനിയോഗിക്കല്‍’ എന്നാകുന്നു. ജിഹാദ്‌ പ്രത്യക്ഷത്തിലുള്ള ശത്രുവിനോടും, പിശാചിനോടും, സ്വന്തം ദേഹത്തോടും എന്നിങ്ങിനെ മൂന്നു തരത്തിലുണ്ടാകാമെന്നും തുടര്‍ന്നുകൊണ്ട്‌ അദ്ദേഹം പ്രസ്‌താവിച്ചിരിക്കുന്നു. കൂടാതെ, ക്വുര്‍ആന്‍ വാക്യങ്ങളും നബിവചനങ്ങളും ഉദ്ധരിച്ചുകൊണ്ട്‌ ദേഹംകൊണ്ടും, ധനംകൊണ്ടും, കൈകൊണ്ടും, നാവുകൊണ്ടും ജിഹാദ്‌ ഉണ്ടാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിട്ടുണ്ട്‌. അപ്പോള്‍, ഇസ്‌ലാമിന്‍റെ ശത്രുക്കളുമായി പടക്കളത്തില്‍ ഇറങ്ങിക്കൊണ്ട്‌ നടത്തപ്പെടുന്ന ധര്‍മയുദ്ധങ്ങള്‍ വരെയുള്ള എല്ലാതരം സമരങ്ങളും ഉള്‍പ്പെടുന്ന ഒരു വാക്കാണ്‌ ‘ജിഹാദ്‌’ എന്നും, സന്ദര്‍ഭത്തിനും പരിതഃസ്ഥിതിക്കുമനുസരിച്ച്‌ സമരമുറകള്‍ വ്യത്യാസപ്പെടുമെന്നും ഇതില്‍നിന്ന്‌ വ്യക്തമാണ്‌.

അവിശ്വാസികളോടുള്ള സമരത്തില്‍ ധര്‍മയുദ്ധമാണ്‌ പ്രധാനമായും ഉദ്ദേശ്യം. കപടവിശ്വാസികളോടുള്ള സമരത്തില്‍ യുദ്ധം ഉദ്ദേശിക്കപ്പെട്ടിട്ടില്ല. ന്യായങ്ങളും തെളിവുകളും നിരത്തിക്കാട്ടുക, സത്യവിരുദ്ധമായ വാദങ്ങളെ ഖണ്‌ഡിക്കുക, നിയമ നടപടികള്‍ എടുക്കുക മുതലായവയാണ്‌ അവരോടുള്ള സമരമുറകള്‍. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) സ്വീകരിച്ചതും അത്‌ തന്നെയായിരുന്നു. ഈ വിഷയത്തില്‍ ആര്‍ക്കും ഭിന്നാഭിപ്രായമില്ല. സത്യവിശ്വാസികളോട്‌ പാര്‍ശ്വം താഴ്‌ത്തി സൗമ്യമായ രീതിയില്‍ പെരുമാറണമെന്ന്‌ (26:215ല്‍) നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യോട്‌ ഉപദേശിച്ചിരിക്കുന്നു. അതേ സമയത്ത്‌ അവിശ്വാസികളോടും കപടവിശ്വാസികളോടും പരുഷമായി പെരുമാറണം (اغْلُظْ عَلَيُهِمْ) എന്നും കല്‍പിച്ചിരിക്കുകയാണ്‌.

9:74
  • يَحْلِفُونَ بِٱللَّهِ مَا قَالُوا۟ وَلَقَدْ قَالُوا۟ كَلِمَةَ ٱلْكُفْرِ وَكَفَرُوا۟ بَعْدَ إِسْلَـٰمِهِمْ وَهَمُّوا۟ بِمَا لَمْ يَنَالُوا۟ ۚ وَمَا نَقَمُوٓا۟ إِلَّآ أَنْ أَغْنَىٰهُمُ ٱللَّهُ وَرَسُولُهُۥ مِن فَضْلِهِۦ ۚ فَإِن يَتُوبُوا۟ يَكُ خَيْرًا لَّهُمْ ۖ وَإِن يَتَوَلَّوْا۟ يُعَذِّبْهُمُ ٱللَّهُ عَذَابًا أَلِيمًا فِى ٱلدُّنْيَا وَٱلْـَٔاخِرَةِ ۚ وَمَا لَهُمْ فِى ٱلْأَرْضِ مِن وَلِىٍّ وَلَا نَصِيرٍ ﴾٧٤﴿
  • 'തങ്ങള്‍ (അങ്ങിനെ) പറഞ്ഞിട്ടില്ല' എന്ന്‌ അവര്‍ അല്ലാഹുവിനെക്കൊണ്ട്‌ ശപഥം ചെയ്‌തു പറയുന്നു; തീര്‍ച്ചയായും, അവര്‍ അവിശ്വാസത്തിന്‍റെ വാക്ക്‌ പറഞ്ഞിട്ടുണ്ട്‌താനും. അവരുടെ 'ഇസ്‌ലാമി' നുശേഷം അവര്‍ അവിശ്വസിക്കുകയും ചെയ്‌തിരിക്കുന്നു അവര്‍ പ്രാപിക്കാത്ത (അഥവാ നേടിക്കഴിയാത്ത) തിന്‌ അവര്‍ ഉദ്ദേശിക്കുകയും ചെയ്‌തിരിക്കുന്നു. അല്ലാഹുവും, അവന്‍റെ റസൂലും അവന്‍റെ അനുഗ്രഹത്താല്‍ അവര്‍ക്ക്‌ ഐശ്വര്യം നല്‍കിയെന്നുള്ളതിനാലല്ലാതെ (മറ്റൊരു കാരണത്താലും) അവര്‍ ആക്ഷേപിക്കുകയും ചെയ്‌തിട്ടില്ല. ആകയാല്‍, അവര്‍ പശ്ചാത്തപിക്കുകയാണെങ്കില്‍, അതവര്‍ക്ക്‌ ഉത്തമമായിരിക്കും. അവര്‍ തിരിഞ്ഞുകളയുകയാണെങ്കിലോ, അവരെ അല്ലാഹു ഇഹത്തിലും, പരത്തിലും വേദനയേറിയ ശിക്ഷ ശിക്ഷിക്കുകയും ചെയ്യും. അവര്‍ക്ക്‌ ഭൂമിയില്‍ ഒരു ബന്ധുമിത്രമാകട്ടെ, സഹായിയാകട്ടെ ഇല്ലതാനും.
  • يَحْلِفُونَ അവര്‍ ശപഥം ചെയ്യുന്നു, സത്യം ചെയ്‌തു പറയും بِاللَّهِ അല്ലാഹുവിനെക്കൊണ്ട്‌ مَا قَالُوا അവര്‍ പറഞ്ഞിട്ടില്ല എന്ന്‌ وَلَقَدْ തീര്‍ച്ചയായും ഉണ്ട്‌ قَالُوا അവര്‍ പറഞ്ഞു كَلِمَةَ വാക്ക്‌, വാക്യം الْكُفْرِ അവിശ്വാസത്തിന്‍റെ وَكَفَرُوا അവര്‍ അവിശ്വസിക്കുകയും ചെയ്‌തിരിക്കുന്നു بَعْدَ ശേഷം, പിറകെ إِسْلَامِهِمْ അവരുടെ ഇസ്‌ലാമിന്‍റെ وَهَمُّوا അവര്‍ ഉദ്ദേശിക്കുക (കരുതുക) യും ചെയ്‌തു بِمَا لَمْ يَنَالُوا അവര്‍ പ്രാപിക്കാത്തതിന്‌, അവര്‍ നേടിയിട്ടില്ലാത്തതിനെപ്പറ്റി وَمَا نَقَمُوا അവര്‍ ആക്ഷേപിച്ചിട്ടില്ല, കുറ്റപ്പെടുത്തിയിട്ടുമില്ല إِلَّا അല്ലാതെ, ഒഴികെ أَنْ أَغْنَاهُمُ അവരെ ഐശ്വര്യ (ധന്യ) മാക്കിയതിനാല്‍ اللَّهُ അല്ലാഹുവും وَرَسُولُهُ അവന്‍റെ റസൂലും مِن فَضْلِهِ അവന്‍റെ അനുഗ്രഹത്തി (ദയവി) നാല്‍ فَإِن يَتُوبُوا എന്നാല്‍ (ആകയാല്‍) അവര്‍ പശ്ചാത്തപിക്കുന്നപക്ഷം يَكُ അതായിരിക്കും, ആയിത്തീരും خَيْرًا ഉത്തമം, ഗുണം لَّهُمْ അവര്‍ക്ക്‌ وَإِن يَتَوَلَّوْا അവര്‍ തിരിഞ്ഞുകളയുന്നുവെങ്കിലാകട്ടെ يُعَذِّبْهُمُ اللَّهُ അല്ലാഹു അവരെ ശിക്ഷിക്കും عَذَابًا ഒരു ശിക്ഷ أَلِيمًا വേദനയേറിയ فِي الدُّنْيَا ഇഹത്തില്‍ وَالْآخِرَةِ പരത്തിലും وَمَا لَهُمْ അവര്‍ക്കില്ലതാനും فِي الْأَرْضِ ഭൂമിയില്‍ مِن وَلِيٍّ ഒരു ബന്ധുവും, മിത്രവും وَلَا نَصِيرٍ ഒരു സഹായിയും ഇല്ല

ആ കപടവിശ്വാസികള്‍ എത്രത്തോളം അധഃപതിച്ചുപോയിരുന്നുവെന്നും, അവരുടെ ഹൃദയങ്ങള്‍ എത്രമാത്രം ദുഷിച്ചു വഷളായിരുന്നുവെന്നും, അതേ സമയത്ത്‌ അല്ലാഹുവും റസൂലും അവരുടെ നേരെ എത്രയധികം വിട്ടുവീഴ്‌ച ചെയ്‌തിട്ടുണ്ടെന്നും മനസ്സിലാക്കുവാന്‍ ഈ വചനങ്ങള്‍ മാത്രം മതിയാകും. ഈ വചനങ്ങളില്‍ അല്ലാഹു സൂചിപ്പിച്ച സംഭവങ്ങള്‍ നടന്ന അതേ കാലങ്ങളില്‍ തന്നെ അവതരിച്ചവയാണവ. അതുകൊണ്ട്‌ ഓരോന്നും അധികം വിശദീകരണമൊന്നും കൂടാതെ സൂചനാ രൂപത്തിലും, ചുരുങ്ങിയ വാക്കുകളിലും ഓര്‍മിപ്പിക്കുകയാണ്‌ അല്ലാഹു ചെയ്‌തിരിക്കുന്നത്‌. ലോകാവസാനം വരെ പാരായണം ചെയ്യപ്പെടുന്ന ദിവ്യഗ്രന്ഥമാണല്ലോ ക്വുര്‍ആന്‍. ആ സ്ഥിതിക്ക്‌ മനുഷ്യോചിതമല്ലാത്ത ആ നികൃഷ്‌ട ചെയ്‌തികള്‍ അപ്പാടെ ഉദ്ധരിക്കുന്നത്‌ അതിന്‍റെ മാന്യതക്കും, പവിത്രതക്കും, അന്തസ്സിനും നിരക്കുന്നതുമായിരിക്കയില്ലല്ലോ.

ഒന്നാമതായി അവരെപ്പറ്റി പ്രസ്‌താവിച്ചത്‌, അവര്‍ അവിശ്വാസത്തിന്‍റെ വാക്ക്‌ പറയുകയുണ്ടായിട്ടുണ്ടെന്നും, എന്നിട്ട്‌ തങ്ങളത്‌ പറഞ്ഞിട്ടില്ലെന്ന്‌ അല്ലാഹുവിന്‍റെ പേരില്‍ കള്ളസത്യം ചെയ്‌തു പറഞ്ഞുവെന്നുമാണ്‌ (…. يَحْلِفُونَ بِاللَّهِ مَا قَالُوا) ഈ സംഭവത്തിന്‍റെ യഥാര്‍ഥരൂപം എന്തായിരുന്നുവെന്ന്‌ തിട്ടപ്പെടുത്തത്തക്ക തെളിവുകളൊന്നുമില്ല. എങ്കിലും ഒന്നിലധികം രൂപത്തിലുള്ള സംഭവങ്ങളെ സംബന്ധിച്ച്‌ രിവായത്തുകള്‍ ഇവിടെ ക്വുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥങ്ങളില്‍ സ്ഥലം പിടിച്ചുകാണാം. അവയില്‍ ചിലതോ, അവ മുഴുവനുമോ, അല്ലെങ്കില്‍ അവ പോലുള്ള മറ്റു വല്ല സംഭവങ്ങളോ ആസ്‌പദമാക്കിയായിരിക്കാം അല്ലാഹു ഈ പറഞ്ഞത്‌.

പ്രസ്‌തുത രിവായത്തുകളില്‍ കൂടുതല്‍ ബലവത്തായി കാണുന്ന ഒരു രിവായത്ത്‌ ഇബ്‌നു അബ്ബാസ്‌ (رضي الله عنه)ല്‍ നിന്ന്‌ ഇബ്‌നു ജരീര്‍, ത്വബ്‌റാനീ, അബുശ്‌ശൈഖ്‌ (رحمه الله) മുതലായവര്‍ ഉദ്ധരിച്ചതത്രെ. അതിങ്ങിനെയാണ്‌: റസൂല്‍ തിരുമേനി, ഒരു വൃക്ഷത്തിന്‍റെ ചുവട്ടില്‍ ഇരിക്കുകയായിരുന്നപ്പോള്‍ ഇങ്ങിനെ പറഞ്ഞു: ‘പിശാചിന്‍റെ കണ്ണുകള്‍കൊണ്ട്‌ നിങ്ങളെ നോക്കുന്ന ഒരു മനുഷ്യന്‍ അടുത്ത്‌ നിങ്ങളുടെ അടുക്കല്‍ വരും. അയാള്‍ വന്നാല്‍ നിങ്ങള്‍ അയാളോട്‌ സംസാരിക്കരുത്‌’. അധികം താമസിയാതെ നീലക്കണ്ണുള്ള ഒരു പുരുഷന്‍ വന്നു. റസൂല്‍ അയാളെ വിളിച്ചിട്ടു ചോദിച്ചു: ‘താനും തന്‍റെ ആള്‍ക്കാരും എന്തിന്‍റെ പേരിലാണ്‌ എന്നെ പഴിച്ചുപറയുന്നത്‌?’ ആ മനുഷ്യന്‍ പോയി തന്‍റെ കൂട്ടുകാരെയും കൂട്ടിവന്നു. എന്നിട്ട്‌ തങ്ങള്‍ ഒന്നും പറഞ്ഞിട്ടില്ലെന്ന്‌ അവര്‍ അല്ലാഹുവിനെക്കൊണ്ട്‌ സത്യം ചെയ്‌തുപറഞ്ഞു. അപ്പോള്‍, റസൂല്‍ അവര്‍ക്ക്‌ വിട്ടുകൊടുത്തു. ഈ സന്ദര്‍ഭത്തില്‍ ഈ വചനം അവതരിച്ചു. ഇതാണാരിവായത്ത്‌.

മറ്റു ചില രിവായത്തുകളുടെ ചുരുക്കം:

(1) ഒരു അന്‍സ്വാരിയും ജുഹൈനാ ഗോത്രക്കാരനായ ഒരാളും തമ്മില്‍ നടന്ന ഒരു ശണ്‌ഠയില്‍ ഇടപെട്ടുകൊണ്ട്‌ കപടവിശ്വാസികളുടെ നേതാവായ അബ്‌ദുല്ലാഹിബ്‌നു ഉബയ്യ്‌ പറഞ്ഞു: നമ്മുടെയും മുഹമ്മദിന്‍റെയും ഉപമ ‘നിന്‍റെ നായയെ നീ കൊഴുപ്പിച്ചു (തടിപ്പിച്ചു) കൊള്ളുക-അത്‌ നിന്നെ തിന്നുകളയും’ എന്ന്‌ ഒരാള്‍ പറഞ്ഞതുപോലെയാകുന്നു.

(2) വേറൊരിക്കല്‍ അവന്‍ പറഞ്ഞു: ‘നാം മദീനയില്‍ തിരിച്ചെത്തിയാല്‍, മാന്യന്മാര്‍ നിന്ദ്യന്മാരെ പുറത്താക്കുന്നതാണ്‌.’

(3) ജുല്ലാസ്‌ എന്നു പേരായ ഒരാള്‍ പറഞ്ഞു: ‘മുഹമ്മദ്‌ ഈ പറയുന്നതൊക്കെ സത്യമാണെങ്കില്‍, നാം കഴുതകളെക്കാള്‍ മോശപ്പെട്ടവരായിരിക്കണമല്ലോ.’ ഈ വാക്കുകളെക്കുറിച്ച്‌ അതതിന്‍റെ വക്താക്കളെ വിളിച്ചു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ചോദിച്ചപ്പോള്‍, തങ്ങള്‍ അങ്ങിനെ പറഞ്ഞിട്ടില്ലെന്നായിരുന്നു അവരുടെ മറുപടി. എന്നാല്‍, ജുല്ലാസ്‌ പിന്നീട്‌ ഖേദിച്ചു മടങ്ങിയെന്നും അതു സംബന്ധിച്ച രിവായത്തില്‍ കാണാം. ഏതായാലും-ഈ രിവായത്തുകള്‍ എല്ലാം ശരിയാണെങ്കിലും അല്ലെങ്കിലും -ഒരു കാര്യം വ്യക്തമാണ്‌: നബിതബൂക്കില്‍ കുറേ ദിവസം താമസിച്ച ശേഷമാണ്‌ അവിടെനിന്നു മടക്കയാത്രയുണ്ടായത്‌. ആ യാത്രയില്‍ സംബന്ധിച്ചിരുന്ന കപടവിശ്വാസികളില്‍നിന്ന്‌ ആ കാലത്തിന്നിടയില്‍ അവരുടെ തനിനിറം വ്യക്തമാക്കുന്ന പലതും സംഭവിച്ചിരുന്നു. അവയില്‍ പലതിനെപ്പറ്റിയും ക്വുര്‍ആന്‍ വചനങ്ങള്‍ അവതരിക്കുകയും ചെയ്‌തിട്ടുണ്ട്‌.

നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യെ പഴിക്കുകയോ, ക്വുര്‍ആനെ പരിഹസിക്കുകയോ ചെയ്‌തുകൊണ്ടുള്ള എല്ലാ സംസാരങ്ങളും അവിശ്വാസത്തിന്‍റെ ബഹിര്‍ഗമനമാണെന്ന്‌ പറയേണ്ടതില്ല. അതുകൊണ്ടാണ്‌ ആ കപടവിശ്വാസികളെപ്പറ്റി وَكَفَرُوا بَعْدَ إِسْلَامِهِمْ (അവരുടെ ഇസ്‌ലാമിനുശേഷം അവര്‍ അവിശ്വസിച്ചു) എന്ന്‌ ഇവിടെയും قَدْ كَفَرْتُمْ بَعْدَ إِيمَانِكُمْ (നിങ്ങളുടെ വിശ്വാസത്തിന്‌ ശേഷം നിങ്ങള്‍ അവിശ്വസിച്ചു) എന്ന്‌ 66-ാം വചനത്തിലും പ്രസ്‌താവിച്ചതും. ഒരിക്കല്‍ ഇസ്‌ലാമിനെ അംഗീകരിച്ചു വിശ്വാസം രേഖപ്പെടുത്തിയവരാണവര്‍. അതിനുശേഷം, അവരുടെ മനസ്സില്‍ ഒളിച്ചുവെച്ചിരിക്കുന്ന അവിശ്വാസം വാക്കിലൂടെയും, പ്രവൃത്തിയിലൂടെയും പ്രകടമാക്കുകയാണ്‌ അവര്‍ ചെയ്‌തതെന്ന്‌ താല്‍പര്യം.

കപട വിശ്വാസികളെപ്പറ്റി അല്ലാഹു പ്രസ്‌താവിച്ച മറ്റൊരുകാര്യം وَهَمُّوا بِمَا لَمْ يَنَالُوا (അവര്‍ പ്രാപിക്കാത്തതിന്‌- അവര്‍ നേടിയിട്ടില്ലാത്തതിന്‌-അവര്‍ ഉദ്ദേശിച്ചു) എന്നാകുന്നു. അവര്‍ക്ക്‌ ചില താല്‍പര്യങ്ങളൊക്കെ ഉണ്ടായിരുന്നു; അതിനായി അവര്‍ ശ്രമം നടത്തുകയും ചെയ്‌തു; പക്ഷേ, അതൊന്നും അവര്‍ക്ക്‌ സാധിക്കുകയുണ്ടായില്ല എന്ന്‌ സാരം. ഈ വിഷയവും ഏതാണെന്ന്‌ അല്ലാഹു വിശദമാക്കിയിട്ടില്ല. അഹ്‌മദ്‌, ബൈഹക്വീ (رحمهما الله) മുതലായവര്‍ ഉദ്ധരിച്ച ഒരു സംഭവം ഇവിടെ പല ക്വുര്‍ആന്‍ വ്യാഖ്യാതാക്കളും ഉദ്ധരിച്ചുകാണാം. കപട വിശ്വാസികളുടെ മനസ്സിരിപ്പ്‌ കൂടുതല്‍ തുറന്നുകാട്ടുന്ന ആ സംഭവത്തിന്‍റെ ചുരുക്കം ഇതാകുന്നു:

തബൂക്കില്‍ നിന്ന്‌ മടങ്ങുമ്പോള്‍, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അക്വബയിലൂടെ (ഇടുങ്ങിയ കുന്നിന്‍ ചെരുവിലൂടെ) യായിരുന്നു പോന്നത്‌. ആ വഴിക്ക്‌ മറ്റുള്ളവര്‍ പോരരുതെന്നും, അഥവാ താഴ്‌വര വഴി പോന്നുകൊള്ളണമെന്നും ഒരാളെ വിട്ടു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പരസ്യപ്പെടുത്തുകയും ചെയ്‌തിരുന്നു. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ ഒട്ടകത്തിന്‍റെ കടിഞ്ഞാണ്‍ പിടിച്ചുകൊണ്ടും, പിന്നില്‍നിന്ന്‌ അതിനെ തെളിച്ചുകൊണ്ടും ഹുദൈഫഃ (رضي الله عنه)യും, അമ്മാറും(رضي الله عنه) നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യൊന്നിച്ചുണ്ടായിരുന്നു. അവരുടെ പിന്നാലെ ഒരു വാഹനസംഘം വന്നെത്തി. ഇടുങ്ങിയ ആ വഴിയില്‍, ഒരു ഉയര്‍ന്ന സ്ഥലത്തുവെച്ച്‌ അവരെ തിരക്കുകയും, അങ്ങനെ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യെ താഴെ വീഴ്‌ത്തി അപായപ്പെടുത്തുകയും വേണമെന്നായിരുന്നു ആ സംഘത്തിന്‍റെ പരിപാടി. ഈ രഹസ്യം നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ക്ക്‌ അല്ലാഹു അറിയിച്ചുകൊടുത്തു. പിന്നാലെ നിന്നിരുന്ന സ്വഹാബി-അമ്മാര്‍ (رضي الله عنه), അല്ലെങ്കില്‍ ഹുദൈഫ (رضي الله عنه) അവരെ തടുക്കുകയും, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) വാഹനപ്പുറത്ത്‌ നിന്നിറങ്ങി ശബ്‌ദമുണ്ടാക്കുകയും ചെയ്‌തു. അപ്പോള്‍ അവര്‍ തിരിച്ചുപോകുകയും ചെയ്‌തു. ആ സംഘത്തിലെ ആളുകള്‍ ആരൊക്കെയായിരുന്നുവെന്നറിയാമോ എന്നു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ആ സ്വഹാബിയോട്‌ ചോദിച്ചു. അവര്‍ മുഖംമൂടി ധരിച്ചിരുന്നു, അവരെ തിരിച്ചറിഞ്ഞില്ല, എന്നാലും വാഹനങ്ങളെ പൊതുവില്‍ മനസ്സിലായിട്ടുണ്ട്‌ എന്ന്‌ അദ്ദേഹം ഉത്തരം പറഞ്ഞു. രാത്രിയിലായിരുന്നു സംഭവമെന്നും പറയപ്പെടുന്നു. അവര്‍ വന്നതിന്‍റെ രഹസ്യം ഇന്നതായിരുന്നുവെന്നും, അവര്‍ ഇന്നിന്നവരായിരുന്നുവെന്നും നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) സ്വകാര്യമായി അറിയിച്ചു. എന്നാലവരെ വധിക്കുവാന്‍ കല്‍പിച്ചുകൂടേ എന്ന്‌ ചോദിക്കപ്പെട്ടപ്പോള്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞതിങ്ങനെയായിരുന്നു: ‘മുഹമ്മദ്‌ കുറേ ആളുകളെയും കൂട്ടി യുദ്ധത്തിന്‌ പോയിട്ട്‌ വിജയത്തോടെ മടങ്ങുമ്പോള്‍ അവരെ കൊന്നുകളഞ്ഞുവെന്ന്‌ അറബികള്‍ പറഞ്ഞേക്കുമല്ലോ.’

ആ സംഘത്തിലുണ്ടായിരുന്ന പതിനഞ്ചുപേരില്‍ മൂന്നുപേര്‍ നിരപരാധികളും ഗൂഢാലോചനയെപ്പറ്റി അറിയാത്തവരുമായിരുന്നുവെന്നും, ബാക്കി പന്ത്രണ്ടുപേരാണ്‌ ആ ക്രൂരകൃത്യത്തിന്‌ ഒരുമ്പെട്ടതെന്നും മുസ്‌ലിം (رحمه الله)ന്റെ ഒരു രിവായത്തില്‍ നിന്ന്‌ മനസ്സിലാക്കാം. അദ്ദേഹത്തിന്‍റെ തന്നെ മറ്റൊരു രിവായത്തില്‍, ആ പന്ത്രണ്ടുപേരും സ്വര്‍ഗത്തില്‍ ഒരിക്കലും പ്രവേശിക്കുന്നതല്ലെന്നും, അവരില്‍ എട്ടുപേര്‍ക്ക്‌ ‘ദുബൈലഃ’ (ഉള്ളിലുണ്ടാകുന്ന ഒരു തരം അര്‍ബ്ബുദരോഗം) പിടിപെടുമെന്നും നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞതായും വന്നിട്ടുണ്ട്‌. ‘അവര്‍ക്ക്‌ പ്രാപിക്കുവാന്‍ കഴിയാത്ത കാര്യത്തിന്‌ അവര്‍ ഉദ്ദേശിച്ചു’ എന്ന്‌ പറഞ്ഞതിന്‍റെ താല്‍പര്യം ഇതില്‍നിന്ന്‌ വ്യക്തമാണല്ലോ.

ഇത്രയൊക്കെ ദുരുദ്ദേശ്യവും, കടുംകൈകളും ആ ദുഷ്‌ടന്മാരില്‍ ഉണ്ടാവാന്‍ തക്ക യാതൊരു കാരണവും നിലവിലില്ല. അല്ലാഹുവാകട്ടെ, റസൂലാകട്ടെ, അവരോട്‌ എന്തെങ്കിലും അനീതിയോ ഉപദ്രവമോ ചെയ്‌തിട്ടുമില്ല. വല്ലതുമുണ്ടെങ്കില്‍, അല്ലാഹുവും റസൂലും അവര്‍ക്ക്‌ ഐശ്വര്യം- ധനം-സമ്പാദിച്ചു കൊടുത്തുവെന്നുള്ളത്‌ മാത്രമാകുന്നു. (….وَمَا نَقَمُوا إِلَّا أَنْ أَغْنَاهُمُ اللَّهُ) എന്ന്‌ പറഞ്ഞുകൊണ്ട്‌ അവരുടെ നന്ദികേടിന്‍റെ കാഠിന്യം അല്ലാഹു ചൂണ്ടിക്കാട്ടുന്നു. ഗനീമത്തിലും മറ്റുമുള്ള വിഹിതങ്ങള്‍ മുസ്‌ലിംകളെപ്പോലെ അവര്‍ക്കും ലഭിച്ചിരുന്നതിനെയാണിത്‌ സൂചിപ്പിക്കുന്നത്‌. അങ്ങേഅറ്റം അപലപനീയമായ ഈ നന്ദികേടും ധിക്കാരവുമെല്ലാമുണ്ടായിട്ടും അല്ലാഹു പറയുന്നത്‌ നോക്കുക: فَإِن يَتُوبُوا يَكُ خَيْرًا لَّهُمْ (എന്നാല്‍, അവര്‍ പശ്ചാത്തപിക്കുന്ന പക്ഷം, അതവര്‍ക്ക്‌ ഉത്തമമായിരിക്കും.) അല്ലാഹുവിന്‍റെ കാരുണ്യം എത്ര വിശാലം! ഇല്ലെങ്കിലോ? ഇഹത്തിലും പരത്തിലും വേദനയേറിയ കടുത്ത ശിക്ഷ തന്നെ. പരലോകത്ത്‌ അവര്‍ക്ക്‌ ആരുടെയും സഹായമുണ്ടാകുകയില്ലെന്ന്‌ തീര്‍ച്ച തന്നെ. ഇവരെ സംബന്ധിച്ചിടത്തോളം, ഭൂമിയിലും തന്നെ ആരും അവരെ സഹായിക്കുവാനോ, രക്ഷപ്പെടുത്തുവാനോ ഉണ്ടായിരിക്കയില്ലെന്ന്‌ കൂടി അവരെ താക്കീത്‌ ചെയ്യുന്നു (وَإِن يَتَوَلَّوْا يُعَذِّبْهُمُ) അക്ഷരാര്‍ഥത്തില്‍ തന്നെ ഈ താക്കീത്‌ ഫലത്തില്‍ വരുകയും ചെയ്‌തിട്ടുണ്ട്‌. അവരും മുസ്‌ലിംകളും തമ്മില്‍ സമ്പര്‍ക്കമില്ലാതായിത്തീര്‍ന്നു. അവര്‍ക്ക്‌ കൂട്ടുകെട്ടിനുണ്ടായിരുന്ന യഹൂദികള്‍ മദീനാ പരിസരങ്ങളില്‍ നിന്നു തുടച്ചുനീക്കപ്പെട്ടു. മുശ്‌രിക്കുകളാകട്ടെ, ഇസ്‌ലാമില്‍ ലയിക്കുകയും ചെയ്‌തു. ഇവരുടെ ഗതികേടുകളെപ്പറ്റി ചിലതെല്ലാം താഴെ വചനങ്ങളില്‍ എനിയും കാണാവുന്നതാണ്‌. إِن شَاءَ اللَّهُ

9:75
  • وَمِنْهُم مَّنْ عَـٰهَدَ ٱللَّهَ لَئِنْ ءَاتَىٰنَا مِن فَضْلِهِۦ لَنَصَّدَّقَنَّ وَلَنَكُونَنَّ مِنَ ٱلصَّـٰلِحِينَ ﴾٧٥﴿
  • അവരിലുണ്ട്‌, അല്ലാഹുവുമായി കരാര്‍ [ഉടമ്പടി] നടത്തിയ ചിലരും: സത്യമായും, അവന്‍റെ അനുഗ്രഹത്തില്‍നിന്ന്‌ അവന്‍ ഞങ്ങള്‍ക്ക്‌ നല്‍കിയെങ്കില്‍, നിശ്ചയമായും, ഞങ്ങള്‍ ദാനധര്‍മം ചെയ്യുകയും, ഞങ്ങള്‍ സജ്ജനങ്ങളില്‍പെട്ടവരായിരിക്കുകയും തന്നെ ചെയ്യുമെന്ന്‌.
  • وَمِنْهُم അവരിലുണ്ട്‌, അവരില്‍ പെട്ടതാണ്‌ مَّنْ عَاهَدَ കരാര്‍ ചെയ്‌ത ചിലര്‍, ഉടമ്പടി നടത്തിയവര്‍ اللَّهَ അല്ലാഹുവുമായി, അല്ലാഹുവിനോട്‌ لَئِنْ آتَانَا തീര്‍ച്ചയായും (സത്യമായും) അവന്‍ നമുക്ക്‌ തന്നെങ്കില്‍, നല്‍കുന്ന പക്ഷം مِن فَضْلِهِ അവന്‍റെ അനുഗ്രഹത്തില്‍ (ദയവില്‍) നിന്ന്‌ لَنَصَّدَّقَنَّ നിശ്ചയമായും നാം ദാനധര്‍മം ചെയ്‌കതന്നെ ചെയ്യും وَلَنَكُونَنَّ നിശ്ചയമായും നാമായിരിക്കുകയും ചെയ്യും مِنَ الصَّالِحِينَ സജ്ജനങ്ങളില്‍, സദ്‌വൃത്തരില്‍പെട്ട(വര്‍)
9:76
  • فَلَمَّآ ءَاتَىٰهُم مِّن فَضْلِهِۦ بَخِلُوا۟ بِهِۦ وَتَوَلَّوا۟ وَّهُم مُّعْرِضُونَ ﴾٧٦﴿
  • എന്നിട്ട്‌, അവന്‍ [അല്ലാഹു] തന്‍റെ അനുഗ്രഹത്തില്‍നിന്ന്‌ അവര്‍ക്ക്‌ നല്‍കിയപ്പോള്‍, അവര്‍ അതില്‍ ലുബ്‌ധ്‌ കാണിക്കുകയും, അവഗണിച്ചവരായുംകൊണ്ട്‌ അവര്‍ തിരിഞ്ഞുകളയുകയും ചെയ്‌തു.
  • فَلَمَّا آتَاهُم എന്നിട്ട്‌ അവന്‍ അവര്‍ക്ക്‌ നല്‍കിയപ്പോള്‍ مِّن فَضْلِهِ തന്‍റെ അനുഗ്രഹത്തില്‍നിന്ന്‌ (ദയവിനാല്‍) بَخِلُوا بِهِ അതിനാല്‍ (അതിനെപ്പറ്റി) അവര്‍ ലുബ്‌ധ്‌ (പിശുക്ക്‌) കാണിച്ചു وَتَوَلَّوا അവര്‍ തിരിഞ്ഞുകളയുകയും ചെയ്‌തു وَّهُم അവരായിക്കൊണ്ട്‌ مُّعْرِضُونَ തിരിഞ്ഞുപോകുന്ന (അവഗണിക്കുന്ന)വര്‍
9:77
  • فَأَعْقَبَهُمْ نِفَاقًا فِى قُلُوبِهِمْ إِلَىٰ يَوْمِ يَلْقَوْنَهُۥ بِمَآ أَخْلَفُوا۟ ٱللَّهَ مَا وَعَدُوهُ وَبِمَا كَانُوا۟ يَكْذِبُونَ ﴾٧٧﴿
  • അതിനാല്‍, അവനെ [അല്ലാഹുവിനെ] അവര്‍ കണ്ടുമുട്ടുന്ന ദിവസം വരേക്കും അവരുടെ ഹൃദയങ്ങളില്‍ അത്‌ [ലുബ്‌ധ്‌] കാപട്യം ഉണ്ടാക്കിത്തീര്‍ത്തു; (അതെ) അവര്‍ അല്ലാഹുവിനോട്‌ വാഗ്‌ദത്തം ചെയ്‌തതിനെ അവര്‍ ലംഘിച്ചത്‌ നിമിത്തവും, അവര്‍ വ്യാജം പറഞ്ഞിരുന്നത്‌ നിമിത്തവും
  • فَأَعْقَبَهُمْ അതിനാല്‍ അവന്‍ (അല്ലാഹു) കലാശിപ്പിച്ചു (പകരം നല്‍കി), അത്‌ (ലുബ്‌ധ്‌) ഉണ്ടാക്കിത്തീര്‍ത്തു نِفَاقًا കാപട്യം فِي قُلُوبِهِمْ അവരുടെ ഹൃദയങ്ങളില്‍ إِلَىٰ يَوْمِ ദിവസം വരെ يَلْقَوْنَهُ അവര്‍ അവനെ കണ്ടുമുട്ടും بِمَا أَخْلَفُوا അവര്‍ എതിരുകാണിച്ച (ലംഘിച്ച) തു നിമിത്തം اللَّهَ അല്ലാഹുവിനോട്‌ مَا وَعَدُوهُ അവര്‍ അവനോട്‌ വാഗ്‌ദാനം ചെയ്‌തതിനെ وَبِمَا كَانُوا അവര്‍ ആയിരുന്നതുകൊണ്ടും يَكْذِبُونَ അവര്‍ വ്യാജം (കളവ്‌) പറയുക
9:78
  • أَلَمْ يَعْلَمُوٓا۟ أَنَّ ٱللَّهَ يَعْلَمُ سِرَّهُمْ وَنَجْوَىٰهُمْ وَأَنَّ ٱللَّهَ عَلَّـٰمُ ٱلْغُيُوبِ ﴾٧٨﴿
  • അവര്‍ക്കറിഞ്ഞുകൂടേ, അല്ലാഹു അവരുടെ രഹസ്യവും, അവരുടെ ഗൂഢമന്ത്രവും അറിയുമെന്നും അല്ലാഹു അദൃശ്യകാര്യങ്ങളെ നല്ലവണ്ണം അറിയുന്നവനാണെന്നും?!
  • أَلَمْ يَعْلَمُوا അവര്‍ക്കറിഞ്ഞുകൂടേ, അവരറിഞ്ഞിട്ടില്ലേ أَنَّ اللَّهَ അല്ലാഹു (ആകുന്നു) يَعْلَمُ അവന്‍ അറിയും (എന്ന്‌) سِرَّهُمْ അവരുടെ രഹസ്യം, സ്വകാര്യം وَنَجْوَاهُمْ അവരുടെ ഗൂഢ സംസാരവും, മന്ത്രവും وَأَنَّ اللَّهَ അല്ലാഹു (ആകുന്നു) എന്നും عَلَّامُ വളരെ (നല്ലവണ്ണം) അറിയുന്നവന്‍ الْغُيُوبِ അദൃശ്യകാര്യങ്ങളെ

ഈ വചനങ്ങളിലെ പ്രസ്‌താവനകള്‍ക്ക്‌ ആസ്‌പദമായ സംഭവവും ഏതാണെന്ന്‌ അല്ലാഹു വ്യക്തമാക്കിയിട്ടില്ല. ഇതിലെ ആരോപണങ്ങള്‍ക്കും, വിവരണങ്ങള്‍ക്കും ഉദാഹരണമായ ഒരു സംഭവം ഇബ്‌നു ജരീര്‍, ഇബ്‌നു അബീഹാതിം, ത്വബ്‌റാനീ (رَحِمَهُمُ الله) മുതലായവര്‍ ഉദ്ധരിച്ചിരിക്കുന്നു. അതിന്‍റെ ചുരുക്കം ഇപ്രകാരമാകുന്നു:

ഥഅ്‌ലബത്തുബ്‌നു ഹാത്വിബ്‌ (ثَعْلَبة بن حَاطِب) എന്നു പേരായ ഒരു അന്‍സ്വാരി നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ അടുക്കല്‍ വന്ന്‌ തനിക്ക്‌ കുറേ ധനം നല്‍കുവാന്‍ അല്ലാഹുവിനോട്‌ പ്രാര്‍ത്ഥിക്കണമെന്നപേക്ഷിച്ചു. ധനം കിട്ടിയാല്‍ വേണ്ടുന്ന വിഷയങ്ങളിലെല്ലാം താന്‍ അത്‌ ചെലവഴിച്ചുകൊള്ളാമെന്ന്‌ അറിയിക്കുകയും ചെയ്‌തു. അല്‍പമായി, കിട്ടിയതിന്‍റെ നന്ദി കാണിക്കുന്നതാണ്‌ ഉത്തമമെന്നും, അധികമായി കിട്ടിയാല്‍ നന്ദികേടുണ്ടായിത്തീരുമെന്നും മറ്റും പറഞ്ഞു അയാളെ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പലവട്ടം മടക്കി അയക്കുവാന്‍ ശ്രമിച്ചു. അയാള്‍ വീണ്ടും വീണ്ടും അപേക്ഷിക്കുകയായി. ഒടുക്കം അദ്ദേഹത്തിന്‌ ധനം നല്‍കണേ എന്ന്‌ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പ്രാര്‍ത്ഥിച്ചു. അങ്ങനെ, അയാള്‍ കുറച്ച്‌ ആടുകളെ വാങ്ങി, അത്‌ വേഗം വേഗം പെരുകിക്കൊണ്ടിരുന്നു. അല്‍പം കഴിഞ്ഞപ്പോഴേക്കും ഥഅ്‌ലബത്ത്‌ കണക്കറ്റ ധനത്തിന്‍റെ ഉടമയായിത്തീര്‍ന്നു. ക്രമേണ, ജമാഅത്ത്‌ നമസ്‌കാരത്തിനും, ജുമുഅഃ മുതലായതിനും സംബന്ധിക്കാതായി. (103-ാം വചനത്തില്‍ കാണുന്ന പ്രകാരം) ജനങ്ങളില്‍നിന്ന്‌ സകാത്ത്‌ പിരിച്ചെടുക്കുവാനുള്ള കല്‍പന കിട്ടിയപ്പോള്‍, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അയാളുടെ അടുക്കലേക്ക്‌ സകാത്തിന്‍റെ ഓഹരിക്കുവേണ്ടി ആളുകളെ അയച്ചു. അയാള്‍, നന്ദികെട്ട ചില വാക്കുകള്‍ പറയുകയും, ഇത്‌ ഒരുതരം കപ്പം-നികുതി-വസൂലാക്കലാണ്‌ എന്നും മറ്റും ആക്ഷേപിക്കുകയും ചെയ്‌തു. സകാത്ത്‌ നല്‍കാതെ അവരെ മടക്കി അയച്ചു. ഈ വചനങ്ങള്‍ അവതരിച്ചപ്പോള്‍, അയാളുടെ അടുത്ത ബന്ധുക്കളില്‍ ചിലര്‍ അയാളെ വിവരമറിയിച്ചു. താന്‍ ഒറ്റപ്പെട്ടുപോയെന്ന്‌ കണ്ടപ്പോള്‍, സകാത്ത്‌ കൊടുക്കുവാന്‍ അയാള്‍ തയ്യാറായെങ്കിലും, അത്‌ സ്വീകരിക്കുന്നതില്‍ നിന്ന്‌ അല്ലാഹു എന്നെ തടഞ്ഞിരിക്കുന്നുവെന്ന്‌ പറഞ്ഞുകൊണ്ട്‌ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അത്‌ സ്വീകരിച്ചില്ല. പിന്നീട്‌ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ കാലശേഷം അബൂബക്‌ര്‍, ഉമര്‍, ഉഥ്‌മാന്‍ (റ) എന്നിവരുടെ കാലങ്ങളിലും അയാള്‍ സകാത്ത്‌ നല്‍കുവാന്‍ തയ്യാറായപ്പോള്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) സ്വീകരിക്കാത്തത്‌ തങ്ങളും സ്വീകരിക്കുകയില്ലെന്ന്‌ പറഞ്ഞു ഒഴിവാകുകയാണ്‌ ചെയ്‌തത്‌. ഉഥ്‌മാന്‍ (رضي الله عنه)ന്റെ കാലത്ത്‌ ഥഅ്‌ലബത്തു മരണമടയുകയും ചെയ്‌തു. ഇതാണാ സംഭവം. ഈ സംഭവം ചില കാരണങ്ങളാല്‍ വിശ്വാസയോഗ്യമാണെന്ന്‌ ഉറപ്പിച്ചുകൂടാത്തതാണ്‌.

ഈ വചനങ്ങളിലെ പരാമര്‍ശം പ്രസ്‌തുത സംഭവവുമായി ബന്ധപ്പെട്ടതായിരുന്നാലും, അല്ലെങ്കിലും, ഇത്തരത്തിലുള്ള എല്ലാവര്‍ക്കും ബാധകമാണ്‌ അവയിലെ താക്കീതുകള്‍ എന്നുള്ളതില്‍ സംശയമില്ല. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ കാലംതൊട്ട്‌ ഇന്നുവരെയും ഇത്തരക്കാര്‍ ധാരാളം ഉണ്ട്‌താനും. കാലം കഴിയുംതോറും എണ്ണത്തില്‍ വര്‍ദ്ധനവല്ലാതെ ഇല്ല. ഐശ്വര്യവും, സുഖസൗകര്യങ്ങളും ലഭിച്ചാല്‍ ‘അങ്ങിനെ ചെയ്യും, ഇങ്ങിനെ ചെയ്യും’ എന്നൊക്കെ കരുതുകയും പറയുകയും ചെയ്യുക. അതിനുവേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യുക. ഉദ്ദിഷ്‌ടകാര്യം സാധിച്ചു കിട്ടിയാല്‍ അതൊക്കെ മറന്നുകളയുകയും, സ്വേച്ഛകള്‍ക്ക്‌ അടിമപ്പെടുകയും ചെയ്യുക. വാസ്‌തവത്തില്‍, കപടവിശ്വാസികളുടെ ലക്ഷണങ്ങളായി നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) എണ്ണിയിട്ടുള്ള മൂന്ന്‌ കാര്യങ്ങളും-വര്‍ത്തമാനത്തില്‍ കളവ്‌ പറയലും, വാഗ്‌ദത്തം ലംഘിക്കലും, വിശ്വാസവഞ്ചന ചെയ്യലും എന്നീ മൂന്ന്‌ ദുര്‍ഗുണങ്ങളും-ഉള്‍ക്കൊള്ളുന്ന ഒരു ദുഃസ്വഭാവമാണിത്‌. ഇപ്പറഞ്ഞതില്‍ നിന്ന്‌ ‘അവര്‍ അല്ലാഹുവിനോട്‌ ചെയ്‌ത വാഗ്‌ദത്തം ലംഘിച്ചത്‌ കൊണ്ടും, അവര്‍ വ്യാജം പറഞ്ഞിരുന്നതുകൊണ്ടും അവര്‍ അല്ലാഹുവുമായി കണ്ടുമുട്ടുന്ന ദിവസം വരേക്കും- അവരുടെ മരണം വരെ- അവരില്‍ കാപട്യം വരുത്തിത്തീര്‍ത്തു’ വെന്ന്‌ 77-ാം വചനത്തില്‍ അല്ലാഹു പറഞ്ഞതിന്‍റെ താല്‍പര്യം മനസ്സിലാക്കാമല്ലോ. അല്ലാഹു നമ്മെയെല്ലാം കാപട്യത്തിന്‍റെ കറ ബാധിക്കാത്ത നിഷ്‌കളങ്കരായ അടിയാന്മാരില്‍ ഉള്‍പ്പെടുത്തട്ടെ. ആമീന്‍.

9:79
  • ٱلَّذِينَ يَلْمِزُونَ ٱلْمُطَّوِّعِينَ مِنَ ٱلْمُؤْمِنِينَ فِى ٱلصَّدَقَـٰتِ وَٱلَّذِينَ لَا يَجِدُونَ إِلَّا جُهْدَهُمْ فَيَسْخَرُونَ مِنْهُمْ ۙ سَخِرَ ٱللَّهُ مِنْهُمْ وَلَهُمْ عَذَابٌ أَلِيمٌ ﴾٧٩﴿
  • യാതൊരു കൂട്ടരത്രെ (അവര്‍): ദാനധര്‍മങ്ങളുടെ കാര്യത്തില്‍, സത്യവിശ്വാസികളില്‍നിന്നും സ്വമേധയാ (പുണ്യം) ചെയ്യുന്നവരെയും, തങ്ങളുടെ അദ്ധ്വാനം [അദ്ധ്വാനിച്ചു കിട്ടിയത്‌] അല്ലാതെ ലഭിക്കാത്തവരെയും അവര്‍ കുറവാക്കുന്നു; അങ്ങനെ, അവര്‍ അവരെക്കുറിച്ച്‌ പരിഹസിക്കുന്നു. അവരെക്കുറിച്ച്‌ അല്ലാഹു പരിഹസിച്ചിരിക്കുകയാണ്‌; അവര്‍ക്ക്‌ വേദനയേറിയ ശിക്ഷയുമുണ്ട്‌.
  • الَّذِينَ യാതൊരു കൂട്ടര്‍ يَلْمِزُونَ അവര്‍ കുറവാക്കുന്നു, അവര്‍ കുറ്റപ്പെടുത്തുന്നു الْمُطَّوِّعِينَ സ്വമേധയാ ചെയ്യുന്നവരെ, പുണ്യം ചെയ്യുന്നവരെ مِنَ الْمُؤْمِنِينَ സത്യവിശ്വാസികളില്‍ നിന്ന്‌ فِي الصَّدَقَاتِ ദാന ധര്‍മങ്ങളില്‍ (ധര്‍മങ്ങളുടെ കാര്യത്തില്‍) وَالَّذِينَ യാതൊരു കൂട്ടരെയും لَا يَجِدُونَ അവര്‍ക്ക്‌ലഭിക്കയില്ല, അവര്‍ കണ്ടെത്തുന്നില്ല إِلَّا جُهْدَهُمْ അവരുടെ അദ്ധ്വാനം (അദ്ധ്വാനിച്ചു കിട്ടിയത്‌) അല്ലാതെ, ഞെരുക്കം (ഞെരുങ്ങി സാധിച്ചത്‌) ഒഴികെ فَيَسْخَرُونَ അങ്ങനെ അവര്‍ പരിഹസിക്കും. പരിഹസിക്കുന്നു مِنْهُمْ അവരെക്കുറിച്ച്‌ سَخِرَ اللَّهُ അല്ലാഹു പരിഹസിച്ചിരിക്കുന്നു مِنْهُمْ അവരെക്കുറിച്ച്‌ وَلَهُمْ അവര്‍ക്കുണ്ട്‌താനും عَذَابٌ ശിക്ഷ أَلِيمٌ വേദനയേറിയ

58-ാം വചനത്തില്‍ കണ്ടതുപോലെ, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ധര്‍മസ്വത്തുക്കള്‍ ഭാഗിച്ചുകൊടുത്തതില്‍ നീതിപാലിക്കുന്നില്ലെന്ന്‌ പറഞ്ഞു തിരുമേനിയുടെ പേരില്‍ കുറ്റവും കുറവും ആരോപിച്ച ആ കപടന്മാരുണ്ടോ മറ്റുള്ളവരെ ഒഴിവാക്കുന്നു?! അല്ലാഹുവിന്‍റെ മാര്‍ഗത്തിലേക്ക്‌ സംഭാവന നല്‍കുവാന്‍ വേണ്ടി നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) സത്യവിശ്വാസികളെ പ്രോത്സാഹിപ്പിച്ചപ്പോള്‍, ഉമര്‍, ഉഥ്‌മാന്‍, അബ്‌ദുര്‍റഹ്‌മാനിബ്‌നു ഔഫ്‌ (റ) മുതലായ പല സ്വഹാബികളും വലിയ വലിയ തുകകള്‍ സംഭാവന നല്‍കുകയുണ്ടായി. നിര്‍ബന്ധത്തിനോ, പരപ്രേരണക്കോ വഴങ്ങിയായിരുന്നില്ല -അല്ലാഹുവിന്‍റെ പ്രീതിയും പ്രതിഫലവും മാത്രം മോഹിച്ചായിരുന്നു- അതെല്ലാം. പക്ഷേ, അതൊക്കെ, ജനങ്ങളെ കാണിക്കുവാനും, കീര്‍ത്തി നേടുവാനുമാണെന്ന്‌ കപടവിശ്വാസികള്‍ പറഞ്ഞുകൊണ്ടിരുന്നു. നേരെ മറിച്ച്‌ ചിലര്‍ക്ക്‌ വലിയ സംഖ്യകള്‍ നല്‍കുവാന്‍ ആഗ്രഹമുണ്ടായിരുന്നുവെങ്കിലും അതിന്‌ കഴിവുണ്ടായിരുന്നില്ല. അദ്ധ്വാനിച്ചും കൂലിപ്പണിയെടുത്തും തങ്ങളുടെ കഴിവിന്‍റെ പരമാവധി അവരും സംഭാവനകള്‍ നല്‍കിക്കൊണ്ടിരുന്നു. ഇത്‌ കേവലം ചെറിയ തോതിലായിരിക്കുമല്ലോ. ഇവരെപ്പറ്റി, അവര്‍ക്ക്‌ ഭ്രാന്താണെന്നും, അല്ലാഹുവിനും റസൂലിനും ഇതിന്‍റെ ആവശ്യമില്ലെന്നുമൊക്കെ പറഞ്ഞു പരിഹസിക്കുകയും ചെയ്യും. ഇതിനെപ്പറ്റിയാണ്‌ ഈ വചനത്തില്‍ പറയുന്നത്‌.

അബൂ മസ്‌ഊദില്‍ ബദ്‌രീ (റ) പറയുകയാണ്‌: സ്വദക്വയെ (ധര്‍മത്തെ) സംബന്ധിച്ച്‌ ആയത്ത്‌ അവതരിച്ചപ്പോള്‍, ഞങ്ങള്‍ ഞങ്ങളുടെ പുറത്ത്‌ (കൂലിക്ക്‌) ചുമടേറ്റിക്കൊണ്ടിരുന്നു. അങ്ങനെ, ഒരാള്‍ വന്നു വലിയൊരു സംഖ്യ ധര്‍മം ചെയ്‌തു. അപ്പോള്‍ അവര്‍ (കപടവിശ്വാസികള്‍) പറഞ്ഞു: ഇയാള്‍ ആളെ കാണിക്കുവാന്‍ വേണ്ടി ചെയ്‌തതാണെന്ന്‌. വേറൊരാള്‍ ഒരു ‘സ്വാഉം’ (*) കൊണ്ടുവന്നു. അപ്പോള്‍ അവര്‍ പറഞ്ഞു: നിശ്ചയമായും, അല്ലാഹു ഇയാളുടെ സ്വാഇന്‌ ആവശ്യമില്ലാത്തവനാണ്‌ എന്ന്‌. ഈ സന്ദര്‍ഭത്തില്‍ …الَّذِينَ يَلْمِزُونَ എന്നുള്ള (ഈ) വചനം അവതരിച്ചു. (ബു:മു)


(*) നാല് ‘മുദ്ദ്’ ചേര്‍ന്ന അളവത്രെ ‘സ്വാഉ്’ (صَاع) രണ്ട് കൈയും കൂട്ടി വാരിയാല്‍ കിട്ടുന്ന ഒരു അളവാണ് മുദ്ദ് എന്നു പറയാം.

9:80
  • ٱسْتَغْفِرْ لَهُمْ أَوْ لَا تَسْتَغْفِرْ لَهُمْ إِن تَسْتَغْفِرْ لَهُمْ سَبْعِينَ مَرَّةً فَلَن يَغْفِرَ ٱللَّهُ لَهُمْ ۚ ذَٰلِكَ بِأَنَّهُمْ كَفَرُوا۟ بِٱللَّهِ وَرَسُولِهِۦ ۗ وَٱللَّهُ لَا يَهْدِى ٱلْقَوْمَ ٱلْفَـٰسِقِينَ ﴾٨٠﴿
  • (നബിയേ) അവര്‍ക്കുവേണ്ടി നീ പാപമോചനം തേടിക്കൊള്ളുക, അല്ലെങ്കില്‍ അവര്‍ക്ക്‌ പാപമോചനം തേടാതിരിക്കുക; അവര്‍ക്കുവേണ്ടി നീ എഴുപത്‌ പ്രാവശ്യം പാപമോചനം തേടിയാലും അല്ലാഹു അവര്‍ക്ക്‌ പൊറുത്തുകൊടുക്കുകയില്ലതന്നെ. അത്‌, അല്ലാഹുവിലും, അവന്‍റെ റസൂലിലും അവര്‍ അവിശ്വസിച്ചിരിക്കുന്നതുകൊണ്ടാണ്‌. അല്ലാഹുവാകട്ടെ, തോന്നിയവാസികളായ ജനങ്ങളെ നേര്‍മാര്‍ഗത്തിലാക്കുകയില്ല.
  • اسْتَغْفِرْ നീ പാപമോചനം തേടുക لَهُمْ അവര്‍ക്കുവേണ്ടി أَوْ لَا تَسْتَغْفِرْ അല്ലെങ്കില്‍ നീ പാപമോചനം തേടാതിരിക്കുക لَهُمْ അവര്‍ക്കുവേണ്ടി إِن تَسْتَغْفِرْ നീ പാപമോചനം തേടിയെങ്കില്‍ (തേടിയാലും) لَهُمْ അവര്‍ക്കുവേണ്ടി سَبْعِينَ مَرَّةً എഴുപത്‌പ്രാവശ്യം فَلَن يَغْفِرَ എന്നാല്‍ പൊറുക്കുകയില്ല തന്നെ اللَّهُ അല്ലാഹു لَهُمْ അവര്‍ക്ക്‌ ذَٰلِكَ അത്‌ (കാരണം) بِأَنَّهُمْ അവര്‍ (ആകുന്നു) എന്നതുകൊണ്ടാണ്‌ كَفَرُوا അവര്‍ അവിശ്വസിച്ചിരിക്കുന്നു (എന്നത്‌) بِاللَّهِ അല്ലാഹുവില്‍ وَرَسُولِهِ അവന്‍റെ റസൂലിലും وَاللَّهُ അല്ലാഹുവാകട്ടെ لَا يَهْدِي അവന്‍ നേര്‍മാര്‍ഗത്തിലാക്കുകയില്ല الْقَوْمَ ജനങ്ങളെ الْفَاسِقِينَ തോന്നിയവാസികളായ, ദുര്‍ന്നടപ്പുകാരായ

കപടവിശ്വാസികളുടെ സ്വഭാവങ്ങളും ചെയ്‌തികളും വളരെയധികം അല്ലാഹു എടുത്തുകാണിച്ചുവല്ലോ. അങ്ങിനെയുള്ള അവര്‍ക്ക്‌ അല്ലാഹു ഒരിക്കലും പൊറുത്തുകൊടുക്കുകയില്ലെന്നും അതിനുള്ള കാരണം ഇന്നതാണെന്നും അല്ലാഹു അറിയിക്കുന്നു. അവരുടെ പാപമോചനത്തിനുവേണ്ടി നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പ്രാര്‍ത്ഥിച്ചിട്ട്‌ കാര്യമില്ല. പ്രാര്‍ത്ഥിച്ചാലും ഇല്ലെങ്കിലും അല്ലാഹു അവര്‍ക്ക്‌ പൊറുക്കുവാന്‍ പോകുന്നില്ല. കാരണം, അവര്‍ യഥാര്‍ഥത്തില്‍ അവിശ്വാസികളാകുന്നു. അവിശ്വാസികളുടെ പാപം പൊറുത്തുകൊടുത്തു അവരെ സന്‍മാര്‍ഗികളാക്കിത്തീര്‍ക്കുകയെന്നുള്ളത്‌ അല്ലാഹുവിന്‍റെ നിയമചട്ടത്തിനു നിരക്കാത്തതാകുന്നു. …..إِنّاَ للهَ لا يَغْفِرُ أَنْ يُشْرَكَ (നിശ്ചയമായും, അല്ലാഹുവിനോട്‌ പങ്കുചേര്‍ക്കപ്പെടുന്നതിനെ അവന്‍ പൊറുക്കുകയില്ല. അതിന്നിപ്പുറമുള്ളത്‌ അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക്‌ അവന്‍ പൊറുത്തു കൊടുക്കുന്നതുമാണ്‌.) എന്ന്‌ സൂഃ നിസാഉ്‌: 48ലും 116ലും അവന്‍ ആവര്‍ത്തിച്ചു പറഞ്ഞിട്ടുള്ളതാണ്‌.

سَبْعِينَ مَرَّةً (എഴുപതു പ്രാവശ്യം) എന്ന്‌ പറഞ്ഞത്‌ ആ എണ്ണത്തെ കൃത്യമായി ഉദ്ദേശിച്ചു കൊണ്ടല്ല. അധികം പ്രാവശ്യം എന്ന ഉദ്ദേശ്യത്തിലാകുന്നു. മലയാളത്തില്‍ നാം, ആധിക്യത്തെ ഉദ്ദേശിച്ചു. ‘നൂറും, ആയിരവും,’ എന്നൊക്കെ പറയുന്നതുപോലെ, അറബിഭാഷയില്‍ ‘എഴുപതും, എഴുനൂറു’മൊക്കെ ഉപയോഗിക്കുക സാധാരണമാകുന്നു.

വിഭാഗം - 11

9:81
  • فَرِحَ ٱلْمُخَلَّفُونَ بِمَقْعَدِهِمْ خِلَـٰفَ رَسُولِ ٱللَّهِ وَكَرِهُوٓا۟ أَن يُجَـٰهِدُوا۟ بِأَمْوَٰلِهِمْ وَأَنفُسِهِمْ فِى سَبِيلِ ٱللَّهِ وَقَالُوا۟ لَا تَنفِرُوا۟ فِى ٱلْحَرِّ ۗ قُلْ نَارُ جَهَنَّمَ أَشَدُّ حَرًّا ۚ لَّوْ كَانُوا۟ يَفْقَهُونَ ﴾٨١﴿
  • പിന്നോക്കം നിറുത്തപ്പെട്ടവര്‍ [യുദ്ധയാത്രപോകാതെ പിന്തി നിന്നവര്‍] അല്ലാഹുവിന്‍റെ റസൂലിനെതിരായുള്ള അവരുടെ ഇരുപ്പില്‍ സന്തോഷം പൂണ്ടിരിക്കുന്നു: തങ്ങളുടെ ധനംകൊണ്ടും, ദേഹങ്ങള്‍ കൊണ്ടും അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ സമരം നടത്തുന്നതിനെ അവര്‍ വെറുക്കുകയും ചെയ്‌തിരിക്കുന്നു: 'നിങ്ങള്‍ (ഈ)ഉഷ്‌ണത്തില്‍ (യുദ്ധത്തിന്‌) പുറപ്പെട്ടു പോകേണ്ട' എന്ന്‌ അവര്‍ പറയുകയും ചെയ്‌തു. പറയുക: 'ജഹന്നമിന്‍റെ [നരകത്തിന്‍റെ] അഗ്നി, കൂടുതല്‍ ഉഷ്‌ണം കഠിനമായതാണ്‌.' അവര്‍(കാര്യം) ഗ്രഹിക്കുമായിരുന്നെങ്കില്‍!
  • فَرِحَ സന്തോഷം കൊണ്ടു, ആഹ്ലാദിച്ചു الْمُخَلَّفُونَ പിന്നോക്കം നിറുത്തപ്പെട്ടവര്‍(പിന്തിനിന്നവര്‍) بِمَقْعَدِهِمْ അവരുടെ ഇരിപ്പുകൊണ്ട്‌, ഇരിപ്പിടത്തില്‍ خِلَافَ എതിരില്‍ رَسُولِ اللَّهِ അല്ലാഹുവിന്‍റെ റസൂലിന്‍റെ وَكَرِهُوا അവര്‍ വെറുക്കുകയും ചെയ്‌തു أَن يُجَاهِدُوا അവര്‍ സമരം ചെയ്യുന്നതിനെ بِأَمْوَالِهِمْ അവരുടെ സ്വത്തുക്കള്‍ (ധനം) കൊണ്ട്‌ وَأَنفُسِهِمْ അവരുടെ സ്വന്തങ്ങള്‍ (ദേഹങ്ങള്‍) കൊണ്ടും فِي سَبِيلِ اللَّهِ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ وَقَالُوا അവര്‍ പറയുകയും ചെയ്‌തു لَا تَنفِرُوا നിങ്ങള്‍ (യുദ്ധത്തിന്‌) പുറപ്പെട്ടു പോകരുത്‌ فِي الْحَرِّ ഉഷ്‌ണത്തില്‍, ചൂടില്‍ قُلْ നീ പറയുക نَارُ جَهَنَّمَ ജഹന്നമിന്‍റെ അഗ്നി (തീ) أَشَدُّ ഏറ്റം കഠിനമായത്‌ حَرًّا ചൂട്‌, ഉഷ്‌ണം لَّوْ كَانُوا അവരായിരുന്നെങ്കില്‍ يَفْقَهُونَ (കാര്യം) ഗ്രഹിക്കും
9:82
  • فَلْيَضْحَكُوا۟ قَلِيلًا وَلْيَبْكُوا۟ كَثِيرًا جَزَآءًۢ بِمَا كَانُوا۟ يَكْسِبُونَ ﴾٨٢﴿
  • അതിനാല്‍, അവര്‍ അൽപം ചിരിച്ചുകൊള്ളട്ടെ, അധികം കരയുകയും ചെയ്‌തുകൊള്ളട്ടെ, അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിന്‌ ഫലമായിട്ട്‌!
  • فَلْيَضْحَكُوا അതിനാല്‍ അവര്‍ ചിരിച്ചുകൊള്ളട്ടെ قَلِيلًا കുറച്ച്‌, അല്‍പം وَلْيَبْكُوا അവര്‍ കരയുകയും ചെയ്യട്ടെ كَثِيرًا വളരെ, അധികം جَزَاءً പ്രതിഫലമായിട്ട്‌ بِمَا كَانُوا അവര്‍ ആയിരുന്നത്‌ يَكْسِبُونَ അവര്‍ തൊഴിലാക്കുക (സമ്പാദിക്കുക- പ്രവര്‍ത്തിക്കുക. ചെയ്‌തുവെക്കുക)

ഉഷ്‌ണം ശക്തമായിരുന്ന അക്കാലത്ത്‌ തബൂക്കിലേക്കുള്ള യാത്രയുടെ വിഷമങ്ങളും മറ്റും പറഞ്ഞു റസൂല്‍ തിരുമേനി ക്കെതിരില്‍ പ്രചാരവേല നടത്തുകയും, ചില ഉപായങ്ങളുടെ പേരില്‍ യാത്രയില്‍ നിന്നൊഴിവായി പിന്തിനില്‍ക്കുകയും ചെയ്‌ത കപടവിശ്വാസികള്‍, തങ്ങള്‍ ഒഴിവായതില്‍ ആഹ്ലാദം കൊള്ളുകയാണ്‌. ഈ ആഹ്ലാദം നൈമിഷികമാണ്‌. തീരാത്ത വ്യസനവും, കഠിനമായ ശിക്ഷയുമാണവര്‍ക്ക്‌ ലഭിക്കുവാന്‍ പോകുന്നത്‌. ഉഷ്‌ണത്തിന്‍റെ കാര്യമാണല്ലോ അവര്‍ പൊക്കിപ്പിടിച്ചിരുന്നത്‌. എന്നാല്‍, അവര്‍ക്ക്‌ അനുഭവിക്കാനിരിക്കുന്ന നരകാഗ്നിയുടെ ഉഷ്‌ണം അതിനെക്കാള്‍ എത്രയോ കഠിനതരമാണെന്ന്‌ അവര്‍ ഓര്‍ത്തിരിക്കട്ടെ. അവരുടെ സന്തോഷവും ചിരിയുമൊക്കെ ഒന്ന്‌ കുറച്ചു പകരം അധികമായി കരയുകയും വ്യസനിക്കുകയുമാണവര്‍ ചെയ്യേണ്ടത്‌. അവരുടെ സ്വന്തം ചെയ്‌തികള്‍ തന്നെയാണ്‌ അതിന്‌ കാരണവും എന്ന്‌ സാരം. ഇഹലോകത്തുള്ള അഗ്നിയേക്കാള്‍ എഴുപതു മടങ്ങ്‌ ഉഷ്‌ണമേറിയതാണ്‌ നരകാഗ്നിയെന്ന്‌ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞതായി പ്രബലമായ പല ഹദീഥുകളിലും വന്നിട്ടുള്ളത്‌ സ്‌മരണീയമാകുന്നു.

9:83
  • فَإِن رَّجَعَكَ ٱللَّهُ إِلَىٰ طَآئِفَةٍ مِّنْهُمْ فَٱسْتَـْٔذَنُوكَ لِلْخُرُوجِ فَقُل لَّن تَخْرُجُوا۟ مَعِىَ أَبَدًا وَلَن تُقَـٰتِلُوا۟ مَعِىَ عَدُوًّا ۖ إِنَّكُمْ رَضِيتُم بِٱلْقُعُودِ أَوَّلَ مَرَّةٍ فَٱقْعُدُوا۟ مَعَ ٱلْخَـٰلِفِينَ ﴾٨٣﴿
  • (നബിയേ) എനി അവരില്‍പ്പെട്ട വല്ല വിഭാഗത്തിന്‍റെ അടുക്കലേക്കും നിന്നെ അല്ലാഹു മട(ക്കി അയ)ക്കുന്നപക്ഷം. എന്നിട്ട്‌ (വല്ല പടയെടുപ്പിലും) പുറപ്പെടുവാന്‍ അവര്‍ നിന്നോട്‌ സമ്മതം തേടുകയും ചെയ്‌തു(വെങ്കില്‍), എന്നാല്‍ നീ പറയുക: 'നിങ്ങള്‍ ഒരിക്കലും എന്‍റെ കൂടെ പുറപ്പെട്ടുപോരുകയില്ലതന്നെ; എന്‍റെ കൂടെ നിങ്ങള്‍ ഒരു ശത്രുവോടും യുദ്ധം ചെയ്യുകയുമില്ല തന്നെ. നിങ്ങള്‍ ആദ്യത്തെ പ്രാവശ്യം (പോരാതെ) ഇരിക്കുന്നതിന്‌ തൃപ്‌തിപ്പെടുകയാണ്‌ ചെയ്‌തത്‌. ആകയാല്‍, പിന്തിനില്‍ക്കുന്നവരോടൊപ്പം നിങ്ങള്‍ ഇരുന്നു കൊള്ളുവിന്‍.
  • فَإِن رَّجَعَكَ എനി നിന്നെ മടക്കിയെങ്കില്‍, മടക്കുന്നപക്ഷം اللَّهُ അല്ലാഹു إِلَىٰ طَائِفَةٍ ഒരു വിഭാഗത്തിലേക്കും, വല്ല കൂട്ടരിലേക്കും, مِّنْهُمْ അവരില്‍പെട്ട فَاسْتَأْذَنُوكَ എന്നിട്ടവര്‍ നിന്നോട്‌ സമ്മതം തേടി(യെങ്കില്‍) لِلْخُرُوجِ പുറപ്പെടുവാന്‍ فَقُل എന്നാല്‍ (അപ്പോള്‍) നീ പറയുക لَّن تَخْرُجُوا നിങ്ങള്‍ പുറപ്പെട്ടുപോരുകയില്ലതന്നെ مَعِيَ എന്നോടൊപ്പം أَبَدًا ഒരിക്കലും, എക്കാലവും وَلَن تُقَاتِلُوا നിങ്ങള്‍ യുദ്ധം ചെയ്യുകയുമില്ല തന്നെ مَعِيَ എന്നോടൊപ്പം عَدُوًّا ഒരു ശത്രുവോടും إِنَّكُمْ നിശ്ചയമായും നിങ്ങള്‍ رَضِيتُم തൃപ്‌തിപ്പെട്ടു بِالْقُعُودِ ഇരുത്തത്തിന്‌ أَوَّلَ مَرَّةٍ ആദ്യത്തെ (ഒന്നാം) പ്രാവശ്യം فَاقْعُدُوا അതിനാല്‍ നിങ്ങള്‍ ഇരുന്നുകൊള്ളുക مَعَ الْخَالِفِينَ പിന്തിയവരോടുകൂടി

തബൂക്കില്‍ നിന്ന്‌ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) മദീനായില്‍ മടങ്ങി എത്തിയ ശേഷം പിന്നീടുണ്ടായേക്കാവുന്ന വല്ല പടയെടുപ്പു യാത്രയിലും പങ്കെടുക്കുവാന്‍ അവര്‍ -തബൂക്കിലേക്ക്‌ പോകാതെ മാറിനിന്ന കപടവിശ്വാസികള്‍- അനുവാദം ചോദിച്ചാല്‍ അവരെ അതിന്നനുവദിക്കരുതെന്ന്‌ അല്ലാഹു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യോട്‌ കല്‍പിക്കുന്നു. സത്യവിശ്വാസികളില്‍ നിന്ന്‌ അവരെ വേര്‍തിരിച്ചു കാട്ടി അപമാനിക്കുകമാത്രമല്ല ഇതിലടങ്ങിയതത്വം. അവര്‍ കൂട്ടത്തില്‍ പങ്കെടുക്കുന്ന പക്ഷം കുത്തിത്തിരുപ്പുകളുണ്ടാക്കി നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ക്കും, മുസ്‌ലിംകള്‍ക്കും സൈ്വരക്കേടുണ്ടാക്കുവാനും അവര്‍ ശ്രമിക്കുമല്ലോ. തബൂക്കിലേക്കുള്ള പടയെടുപ്പില്‍ പങ്കെടുക്കുവാന്‍ നിങ്ങളെ ക്ഷണിച്ചപ്പോള്‍, അതിന്‌ കൂട്ടാക്കാതെ ഒഴിഞ്ഞുമാറുകയാണ്‌ നിങ്ങള്‍ ചെയ്‌തത്‌. അപ്പോഴായിരുന്നു നിങ്ങള്‍ പോരേണ്ടിയിരുന്ന ആവശ്യം കൂടുതലായുണ്ടായിരുന്നത്‌. അതുകൊണ്ട്‌ മേലില്‍ ഒരിക്കലും നിങ്ങള്‍ എന്‍റെ ഒന്നിച്ചു യാത്രകളില്‍ പങ്കെടുക്കുകയോ, ശത്രുക്കളുമായി യുദ്ധം നടത്തുകയോ ചെയ്യുകയില്ല. അഥവാ, അതിന്‌ നിങ്ങളെ അനുവദിക്കുകയില്ല. സൈന്യ നടപടികളില്‍ പങ്കെടുക്കാത്തവരായ സ്‌ത്രീകള്‍, കുട്ടികള്‍, വൃദ്ധന്‍മാര്‍ മുതലായവരുടെ കൂട്ടത്തില്‍ നിങ്ങളും നാട്ടില്‍തന്നെ മുടങ്ങിയിരുന്നുകൊള്ളുക. അങ്ങിനെയാണല്ലോ നിങ്ങള്‍ ചെയ്‌തത്‌. മേലിലും അങ്ങനെതന്നെ മതി. ഇവ്വിധം അവരോട്‌ പറയുവാന്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യോട്‌ അല്ലാഹു കല്‍പിക്കുകയും ചെയ്യുന്നു.

9:84
  • وَلَا تُصَلِّ عَلَىٰٓ أَحَدٍ مِّنْهُم مَّاتَ أَبَدًا وَلَا تَقُمْ عَلَىٰ قَبْرِهِۦٓ ۖ إِنَّهُمْ كَفَرُوا۟ بِٱللَّهِ وَرَسُولِهِۦ وَمَاتُوا۟ وَهُمْ فَـٰسِقُونَ ﴾٨٤﴿
  • (നബിയേ) അവരില്‍ നിന്ന്‌ മരണപ്പെട്ടതായ ഒരാളുടെ പേരിലും നീ നമസ്‌കരിക്കുകയും ചെയ്യരുത്‌; അവന്‍റെ ക്വബ്‌റിങ്കല്‍ നില്‍ക്കുകയും ചെയ്യരുത്‌. (കാരണം) നിശ്ചയമായും അവര്‍ അല്ലാഹുവിലും അവന്‍റെ റസൂലിലും അവിശ്വസിച്ചിരിക്കുന്നു; അവര്‍ തോന്നിയവാസികളായും കൊണ്ട്‌ മരണപ്പെടുകയും ചെയ്‌തിരിക്കുന്നു.
  • وَلَا تُصَلِّ നീ നമസ്‌കരിക്കുകയും ചെയ്യരുത്‌ عَلَىٰ أَحَدٍ ഒരാളുടെമേലും مِّنْهُم അവരില്‍ നിന്ന്‌ مَّاتَ മരണപ്പെട്ട أَبَدًا ഒരിക്കലും وَلَا تَقُمْ നീ നില്‍ക്കുകയും അരുത്‌ عَلَىٰ قَبْرِهِ അവന്‍റെ ക്വബ്‌റിങ്ങല്‍ إِنَّهُمْ നിശ്ചയമായും അവര്‍ كَفَرُوا അവിശ്വസിച്ചിരിക്കുന്നു بِاللَّهِ അല്ലാഹുവില്‍ وَرَسُولِهِ അവന്‍റെ റസൂലിലും وَمَاتُوا അവര്‍ മരണപ്പെടുകയും ചെയ്‌തിരിക്കുന്നു وَهُمْ അവരാകട്ടെ, അവരായിരിക്കെ فَاسِقُونَ തോന്നിയവാസികള്‍

കപടവിശ്വാസികള്‍ക്കുവേണ്ടി പാപമോചനം തേടിയിട്ടു കാര്യമില്ല, അല്ലാഹു അവര്‍ക്ക്‌ പൊറുത്തുകൊടുക്കുകയില്ല. അവരെ മേലില്‍ യുദ്ധയാത്രകളില്‍ പങ്കെടുക്കാന്‍ അനുവദിച്ചുകൂടാ എന്നൊക്കെ മുമ്പ്‌ കല്‌പിച്ചു.അവര്‍ മരണപ്പട്ടാല്‍പോലും അവരെ മുസ്‌ലിംകളില്‍നിന്ന്‌ ഒറ്റപ്പെടുത്തണമെന്ന്‌ ഈ വചനത്തില്‍ കല്‍പിക്കുന്നു. മുസ്‌ലിംകള്‍ മരണപ്പെട്ടാല്‍ ജനാസ നമസ്‌കാരം നടത്തേണ്ടതുണ്ടല്ലോ. മരണപ്പെട്ട ആളുടെ പാപമോചനതതിനും, അയാള്‍ക്ക്‌ അല്ലാഹുവിന്‍റെ കാരുണ്യത്തിനും വേണ്ടിയുള്ള പ്രാര്‍ത്ഥനയാണത്‌. ഇവര്‍ പുറമെ മുസ്‌ലിംകളായി അഭിനയിക്കുന്നുവെങ്കിലും യഥാര്‍ഥത്തില്‍ അവിശ്വാസികളാണ്‌. അവിശ്വാസത്തില്‍ നിന്ന്‌ പശ്ചാത്തപിച്ചു മടങ്ങാതെയാണവര്‍ മരണമടയുന്നതും. അതുകൊണ്ടാണ്‌ അവരുടെ പേരില്‍ നമസ്‌കാരം നടത്തുകയും, അവരുടെ ക്വബ്‌റുകളുടെ അടുക്കല്‍ നില്‍ക്കുകയും ചെയ്യരുതെന്ന്‌ കല്‍പിക്കുന്നതെന്നുകൂടി അല്ലാഹു വ്യക്തമാക്കിയിരിക്കുന്നു.

‘നമസ്‌കാരം’ കൊണ്ടു ഇവിടെ ഉദ്ദേശ്യം ജനാസ നമസ്‌കാരമാണെന്ന്‌ വ്യക്തമാണ്‌. ‘ക്വബറിങ്കല്‍ നില്‍ക്കുക’ എന്നതിന്‍റെ വിവക്ഷ രണ്ടു പ്രകാരത്തിലായിരിക്കാവുന്നതാണ്‌.

(1) ജനാസയോടൊപ്പം പോകുകയും, മറമാടുന്നതുവരെയുള്ള കാര്യങ്ങളില്‍ പങ്കെടുക്കുകയുംചെയ്യുക.

(2) മറമാടിയശേഷം, മരണപ്പെട്ട ആള്‍ക്കുവേണ്ടി താഴെ കാണുന്ന പ്രകാരം ക്വബ്‌റിങ്കല്‍ വെച്ചു പ്രാര്‍ഥന നടത്തുക. ഒരു പക്ഷേ, രണ്ടും ഉദ്ദേശിക്കപ്പെട്ടിരിക്കുവാനും ഇടയുണ്ട്‌. അല്ലാഹുവിനറിയാം. ഉഥ്‌മാന്‍ (رضي الله عنه) പ്രസ്‌താവിച്ചതായി ഇപ്രകാരം വന്നിരിക്കുന്നു: മയ്യിത്ത്‌ (മരണപ്പെട്ട ആള്‍) മറമാടപ്പെട്ടു കഴിഞ്ഞാല്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അതിന്‍റെ അടുക്കല്‍ നില്‍ക്കുകയും, എന്നിട്ട്‌ ഇപ്രകാരം പറയുകയും ചെയ്യും: നിങ്ങളുടെ സഹോദരനുവേണ്ടി നിങ്ങള്‍ പാപമോചനം തേടുകയും, അവനുവേണ്ടി ‘തഥ്‌ബീത്തി’ നെ ചോദിക്കുകയും ചെയ്യുവിന്‍. കാരണം, അവന്‍ ഇപ്പോള്‍ ചോദ്യം ചെയ്യപ്പെടുന്നതാണ്‌.’ (ദാ;ഹാ; ബസ്സാര്‍.) മരണപ്പെട്ട ആളോട്‌ ക്വബ്‌റില്‍ വെച്ചു മലക്കുകള്‍ ചോദ്യം ചെയ്യുമെന്നു പല ഹദീഥുകളിലും സ്ഥാപിതമായതാകുന്നു. (*) ആ ചോദ്യവേളയിലും മറ്റും പതറിപ്പോകാതെ ശരിയായ മറുപടി നല്‍കുമാറുള്ള സ്ഥൈര്യവും ഉറപ്പും അദ്ദേഹത്തിന്‌ നല്‍കുവാന്‍ വേണ്ടിയുള്ള പ്രാര്‍ഥനക്കാണ്‌ ‘തഥ്‌ബീത്ത്‌'()നെ ചോദിക്കുക എന്ന്‌ പറഞ്ഞതുകൊണ്ടു വിവക്ഷ. (കൂടുതല്‍ വിവരം സൂറഃ ഇബ്‌റാഹീം, 27-ാം വചനത്തിന്‍റെ വ്യാഖ്യാനത്തില്‍ വരുന്നതാണ്‌.) إِن شَاءَ اللَّهُ

ഈ ആയത്ത്‌ അവതരിച്ചതിനു ശേഷം കപടവിശ്വാസികളുടെ പേരില്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ജനാസ നമസ്‌കരിക്കുകയുണ്ടായിട്ടില്ല. ഒരു വ്യക്തി കപടവിശ്വാസിയാണെന്ന്‌ തീരുമാനിക്കുവാന്‍ വഹ്‌യ്‌ മുഖാന്തരമോ, അല്ലെങ്കില്‍- സൂഃ മുഹമ്മദ്‌ 30-ാം വചനത്തില്‍ പറയുന്നതുപോലെ-അവരില്‍ കാണാവുന്ന ചില പ്രത്യേക ലക്ഷണങ്ങള്‍ മുഖേനയോ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ക്ക്‌ മനസ്സിലാക്കുവാന്‍ കഴിഞ്ഞേക്കും. എന്നാല്‍, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ ശേഷം. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യില്‍ നിന്ന്‌ വ്യക്തമായ വല്ല അറിവും നേരത്തേ കിട്ടിയിട്ടുണ്ടെങ്കില്‍ മാത്രമേ സ്വഹാബികള്‍ക്കുപോലും ഇന്ന ആള്‍ കപടവിശ്വാസിയാണെന്ന്‌ തീരുമാനിച്ച്‌ നമസ്‌കാരം നടത്താതിരിക്കുവാന്‍ സാധ്യമാകുകയുള്ളൂ. തബൂക്കില്‍ നിന്ന്‌ മടങ്ങിപ്പോരുമ്പോള്‍, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യെ ഒരു അപകടത്തില്‍പെടുത്തി കൊലപ്പെടുത്തുവാന്‍ ഗൂഢാലോചന നടത്തി പരാജയപ്പെട്ട പന്ത്രണ്ട്‌ കപടവിശ്വാസികളെപ്പറ്റി ഹുദൈഫത്തുബ്‌നുല്‍ യമാന്‍ (رضي الله عنه) എന്ന സ്വഹാബിക്ക്‌ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) സ്വകാര്യമായി അറിയിച്ചുകൊടുക്കുകയും, അത്‌ പരസ്യമാക്കരുതെന്ന്‌ അദ്ദേഹത്തോട്‌ പറയുകയും ഉണ്ടായ വിവരം അല്‍പം മുമ്പ്‌ നാം ഉദ്ധരിച്ചുവല്ലോ. (**) അതുകൊണ്ട്‌ കപടവിശ്വാസിയാണെന്ന്‌ സംശയിക്കപ്പെടുന്ന ആളെപ്പറ്റി ഹുദൈഫഃ (رضي الله عنه) സ്വീകരിക്കുന്ന നിലപാടെന്താണെന്ന്‌ അറിഞ്ഞതിന്‌ ശേഷമേ ഉമര്‍ (رضي الله عنه) അയാളുടെ പേരില്‍ ജനാസ നമസ്‌കരിച്ചിരുന്നുള്ളൂവെന്ന്‌ വാക്വിദീ (റ)യുടെ രിവായത്തില്‍ പറഞ്ഞിട്ടുള്ളത്‌ പ്രസ്‌താവ്യമത്രെ.

കപടവിശ്വാസികള്‍ (മുനാഫിക്വുകള്‍) എല്ലാ കാലത്തും ഉണ്ടെന്നുള്ളതില്‍ സംശയമില്ല. കപടവിശ്വാസികളുടെ സ്വഭാവങ്ങളും ചെയ്‌തികളുമായി ക്വുര്‍ആനിലും ഹദീഥിലും പ്രസ്‌താവിക്കപ്പെട്ട മിക്കകാര്യങ്ങളും എല്ലാ കാലത്തെ കപടവിശ്വാസികളിലും ഉണ്ടായിരിക്കുകയും ചെയ്യും. എങ്കിലും യാതൊരു വ്യാഖ്യാനത്തിനും ഒഴികഴിവിനും ഇടമില്ലാതിരിക്കത്തക്കവണ്ണം സ്‌പഷ്‌ടമായ ‘കുഫ്‌ര്‍’ (അവിശ്വാസം) വെളിപ്പെട്ടു കണ്ടാലല്ലാതെ, വ്യക്തികളെ അവിശ്വാസികളായി വിധി കല്‍പിക്കുവാന്‍ പാടില്ലാത്തതാണ്‌. അത്‌ വെളിപ്പെടാത്ത കാലത്തോളം നിയമപരമായ വിഷയങ്ങളില്‍ അവരെയും മുസ്‌ലിംകളായി ഗണിക്കുവാനേ നബി(صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ കാലശേഷം നിവൃത്തിയുള്ളൂ. ജാഹിലിയ്യത്തിലും ശിര്‍ക്കിലുമായിരുന്ന ആളുകള്‍ – അവര്‍ക്ക്‌ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യിലോ, ക്വുര്‍ആനിലോ, ഇസ്‌ലാമിലോ ഒന്നുംതന്നെ വിശ്വാസമില്ലാതെ- താല്‍ക്കാലികമായ ചില കാര്യലാഭങ്ങളെ മുന്‍നിര്‍ത്തി ഇസ്‌ലാമിന്‍റെ സാക്ഷി മൊഴിനല്‍കി (ശഹാദത്ത്‌ കലിമ ചൊല്ലി) ഇസ്‌ലാമില്‍ കടന്നുകൂടിയവരാണ്‌ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ കാലത്തുണ്ടായിരുന്ന കപടവിശ്വാസികള്‍. അവര്‍ക്ക്‌ ഇസ്‌ലാമിന്‍റെ നേരെയുള്ള യഥാര്‍ഥ മനഃസ്ഥിതി അവരുടെ വാക്കുകളില്‍ നിന്നും പ്രവൃത്തികളില്‍ നിന്നും എത്രമാത്രം പ്രകടമായിരുന്നുവെന്ന വസ്‌തുത ഈ സൂറത്തിലെയും മറ്റും നിരവധി ക്വുര്‍ആന്‍ വചനങ്ങളാല്‍ അറിയപ്പെട്ടതാകുന്നു. എന്നിട്ടുപോലും അവര്‍ക്ക്‌ വേണ്ടി പാപമോചനം തേടരുതെന്നും, അവരുടെ പേരില്‍ നമസ്‌കരിക്കരുതെന്നും പോലെയുള്ള കല്‍പനകള്‍ വരുന്നതുവരേക്കും ബാഹ്യത്തില്‍ മുസ്‌ലിംകളോടെന്ന പോലെ അവരോടും പെരുമാറുകയാണ്‌ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ചെയ്‌തത്‌. ഇന്നത്തെ കപട വിശ്വാസികളെപ്പറ്റി പൊതുവെ പറയുകയാണെങ്കില്‍, അവരില്‍ ബഹുഭൂരിഭാഗവും ഇസ്‌ലാമില്‍ പാടെ വിശ്വാസമില്ലാത്തവരായിരിക്കുകയില്ല. വിശ്വാസത്തിന്‍റെ ദൗര്‍ബല്യം, അജ്ഞത, സ്വേച്ഛാപരമോ ഐഹികമോ ആയ താല്‍പര്യങ്ങള്‍ എന്നിങ്ങനെ ചില കാരണങ്ങളാല്‍ ഇസ്‌ലാമിക നിയമങ്ങളെ അവഗണിച്ചു പാപങ്ങളില്‍ മുഴുകിയവരായിരിക്കും അവര്‍. മറ്റൊരുവിധത്തില്‍ പറഞ്ഞാല്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ കാലത്ത്‌ കാപട്യം, വിശ്വാസത്തിലുള്ള കാപട്യം (نفاق الايمان) ആയിരുന്നു. പില്‍ക്കാലത്തെ കാപട്യം അനുഷ്‌ഠാനത്തിലുള്ള കാപട്യം (نفاق العمل) ആകുന്നു. കപടവിശ്വാസികളെ സംബന്ധിക്കുന്ന താക്കീതുകളിലും ആക്ഷേപങ്ങളിലും ഏറെക്കുറെ രണ്ടുതരം കപടവിശ്വാസികളും ഉള്‍പ്പെടുന്നതാണുതാനും.

സന്ദര്‍ഭവശാല്‍ മറ്റൊരു സംഗതികൂടി ഇവിടെ ചൂണ്ടിക്കാട്ടുന്നത്‌ നന്നായിരിക്കും. അതായത്‌ ക്വുര്‍ആനിലും ഹദീഥിലും സാധാരണ ഉപയോഗിച്ചു കാണപ്പെടാറുള്ള ഒരു വാക്കാണ്‌ فَاسق (ഫാസിക്വ്‌) ‘തോന്നിയവാസി’, ദുര്‍ന്നടപ്പുകാരന്‍, ധിക്കാരി, അനുസരണം കെട്ടവന്‍’ എന്നൊക്കെയാണിതിനു വാക്കര്‍ഥം. ക്വുര്‍ആനില്‍ ഈ വാക്ക്‌ പലപ്പോഴും ഉപയോഗിച്ചു കാണുന്നത്‌ ‘കാഫിറി’ നെയും മുനാഫിക്വിനെയും ഉദ്ദേശിച്ചാകുന്നു. ഈ വചനത്തിലെ അവസാനവാക്യം തന്നെ ഇതിന്‌ ഉദാഹരണമാകുന്നു. ‘കപടവിശ്വാസികള്‍ തന്നെയാണ്‌ ഫാസിക്വുകള്‍’ എന്ന്‌ 67-ാം വചനത്തിലും നാം കണ്ടു. മറ്റൊരു സ്ഥലത്ത്‌ അല്ലാഹുവിനെ മാത്രം ആരാധിക്കുന്നതിനെയും, അവനോട്‌ യാതൊന്നിനെയും പങ്കുചേര്‍ക്കാതിരിക്കുന്നതിനെയും കുറിച്ചു പ്രസ്‌താവിച്ചുകൊണ്ട്‌ അല്ലാഹു പറയുന്നു: ‘അതിന്‌ ശേഷം ആര്‍ വിശ്വസിച്ചുവോ അവര്‍തന്നെയാണ്‌ ഫാസിക്വുകള്‍’ (നൂര്‍: 55) വേറെയും ധാരാളം ഉദാഹരണങ്ങള്‍ ഇതിന്‌ കാണാം. അപ്പോള്‍ ക്വുര്‍ആന്‍റെ ഭാഷയില്‍ فَاسق (ഫാസിക്വ്‌) എന്ന വാക്ക്‌ ‘കാഫിറി’ന്‌ തുല്യമായ ഒരര്‍ഥത്തില്‍ -അതിനെക്കാള്‍ ശക്തിയായ ഒരര്‍ഥത്തില്‍ -ഉള്ളതാണെന്ന്‌ കാണാവുന്നതാണ്‌. എന്നാല്‍, മുസ്‌ലിംകള്‍ക്കിടയില്‍ പില്‍ക്കാലത്ത്‌ പൊതുവെ അറിയപ്പെട്ടുവരുന്നതും പില്‍ക്കാല മതസാഹിത്യങ്ങളില്‍ സാധാരണ ഉപയോഗിക്കപ്പെട്ടു വരുന്നതും നോക്കുമ്പോള്‍ ‘ഫാസിക്വ്‌’ എന്ന വാക്ക്‌ കുറേക്കൂടി ലഘുവായ ഒരര്‍ഥത്തിലാണ്‌ ഗണിക്കപ്പെട്ടുവരുന്നത്‌. അഥവാ ഏതെങ്കിലും ഒരു മഹാപാപം ചെയ്‌തവന്‍, അല്ലെങ്കില്‍ ചെറുപാപങ്ങള്‍ ചെയ്യുക പതിവാക്കിയവന്‍ എന്ന ഒരു സാങ്കേതികാര്‍ഥത്തിലാണ്‌ അത്‌ ഉപയോഗിക്കപ്പെടുന്നത്‌. ക്വുര്‍ആന്‍റെ പ്രയോഗം ഈ അര്‍ഥത്തിലല്ലെന്നും, ഒരു കൂട്ടരെപ്പറ്റി അത്‌ ‘ഫാസിക്വു’കള്‍ എന്ന്‌ പറയുമ്പോള്‍ അത്‌ ഈ അര്‍ഥത്തെക്കാള്‍ വളരെ ഗൗരവമേറിയ ഒരു അര്‍ഥത്തിലാണെന്നും മനസ്സിലാക്കേണ്ടതാകുന്നു. ‘ഫിസ്‌ക്വി’ന്‍റെയും ‘നിഫാക്വി’ ന്‍റെയും (തോന്നിയവാസത്തിന്‍റെയും കാപട്യത്തിന്‍റെയും) കെടുതികളില്‍ അകപ്പെടാതെ അല്ലാഹു നമ്മെ കാത്തുരക്ഷിക്കട്ടെ. ആമീന്‍. യഥാര്‍ഥ സത്യവിശ്വാസികളില്‍ അവന്‍ നമ്മെയെല്ലാം ഉള്‍പ്പെടുത്തി അനുഗ്രഹിക്കുകയും ചെയ്യട്ടെ. ആമീന്‍.


(*) വിശദവിവരത്തിനു ക്വബ്‌റിലെ സ്ഥിതിഗതികളെസ്സംബന്ധിച്ചു സൂ:യാസീനിനു ശേഷം കൊടുത്തിട്ടുള്ള വ്യാഖ്യാനക്കുറിപ്പ്‌ നോക്കുക.

(**) ഹുദൈഫഃ (رضي الله عنه)ക്ക്‌ മാത്രം അറിയാവുന്ന ഒരു രഹസ്യമായിരുന്നു അത്‌. അതുകൊണ്ടാണ്‌ അദ്ദേഹത്തെപ്പറ്റി റസൂല്‍ തിരുമേനി യുടെ രഹസ്യക്കാരന്‍ (صَاحب سرّ رسول الله) എന്ന്‌ പറയപ്പെടുന്നതും. إبن كثير

9:85
  • وَلَا تُعْجِبْكَ أَمْوَٰلُهُمْ وَأَوْلَـٰدُهُمْ ۚ إِنَّمَا يُرِيدُ ٱللَّهُ أَن يُعَذِّبَهُم بِهَا فِى ٱلدُّنْيَا وَتَزْهَقَ أَنفُسُهُمْ وَهُمْ كَـٰفِرُونَ ﴾٨٥﴿
  • അവരുടെ സ്വത്തുക്കളും, അവരുടെ മക്കളും നിന്നെ ആശ്ചര്യപ്പെടുത്തരുത്‌. നിശ്ചയമായും, അല്ലാഹു ഉദ്ദേശിക്കുന്നത്‌ അവ മൂലം ഇഹത്തില്‍ അവരെ ശിക്ഷിക്കുവാനും അവര്‍ അവിശ്വാസികളായും കൊണ്ട്‌ അവരുടെ ജീവന്‍ പോകുവാനും തന്നെയാണ്‌.
  • وَلَا تُعْجِبْكَ നിന്നെ ആശ്ചര്യ (അത്ഭുത)പ്പെടുത്തരുത്‌ أَمْوَالُهُمْ അവരുടെ സ്വത്തുക്കള്‍ (ധനം) وَأَوْلَادُهُمْ അവരുടെ മക്കളും (കുട്ടികളും-സന്താനങ്ങളും) إِنَّمَا يُرِيدُ നിശ്ചയമായും ഉദ്ദേശിക്കുകതന്നെ ചെയ്യുന്നു اللَّهُ അല്ലാഹു أَن يُعَذِّبَهُم അവരെ ശിക്ഷിക്കുവാന്‍ (തന്നെ) بِهَا അവകൊണ്ട്‌ (മൂലം-നിമിത്തം) فِي الدُّنْيَا ഇഹത്തില്‍ وَتَزْهَقَ പോകു(നശിക്കു)വാനും أَنفُسُهُمْ അവരുടെ ആത്മാക്കള്‍ (ദേഹങ്ങള്‍ - ജീവന്‍) وَهُمْ അവരായിക്കൊണ്ട്‌ كَافِرُونَ അവിശ്വാസികള്‍

കഴിഞ്ഞ 55-ാം വചനത്തിലെ ആശയം ഈവചനത്തില്‍ വീണ്ടും ആവര്‍ത്തിച്ചുറപ്പിച്ചിരിക്കുകയാണ്‌. ആ വചനത്തിന്‍റെ വ്യാഖ്യാനം ഇവിടെയും ഓര്‍മിക്കുക.

9:86
  • وَإِذَآ أُنزِلَتْ سُورَةٌ أَنْ ءَامِنُوا۟ بِٱللَّهِ وَجَـٰهِدُوا۟ مَعَ رَسُولِهِ ٱسْتَـْٔذَنَكَ أُو۟لُوا۟ ٱلطَّوْلِ مِنْهُمْ وَقَالُوا۟ ذَرْنَا نَكُن مَّعَ ٱلْقَـٰعِدِينَ ﴾٨٦﴿
  • അല്ലാഹുവില്‍ വിശ്വസിക്കുകയും, അവന്‍റെ റസൂലിന്‍റെ കൂടെ സമരം ചെയ്യുകയും ചെയ്യുവീന്‍ എന്ന്‌ വല്ല 'സൂറത്തും' [അധ്യായവും] അവതരിച്ചാല്‍, അവരില്‍ നിന്ന്‌ ശേഷിയുള്ളവര്‍ നിന്നോട്‌ സമ്മതം ചോദിക്കുന്നതാണ്‌. അവര്‍ പറയുകയും ചെയ്യും; 'ഞങ്ങളെ വിട്ടേക്കണം. ഞങ്ങള്‍ (പോരാതെ) ഇരിക്കുന്നവരോടൊപ്പം ആയിക്കൊള്ളാം.
  • وَإِذَا أُنزِلَتْ അവതരിപ്പിക്കപ്പെട്ടാല്‍ سُورَةٌ വല്ല സൂറത്തും, ഒരു അധ്യായം أَنْ آمِنُوا നിങ്ങള്‍ വിശ്വസിക്കുവിന്‍ എന്ന്‌ بِاللَّهِ അല്ലാഹുവില്‍ وَجَاهِدُوا നിങ്ങള്‍ സമരം ചെയ്യുകയും ചെയ്യുവിന്‍ مَعَ رَسُولِهِ അവന്‍റെ റസൂലിന്‍റെ കൂടെ اسْتَأْذَنَكَ നിന്നോട്‌ സമ്മതം (അനുമതി) തേടും, സമ്മതം തേടുകയായി أُولُو الطَّوْلِ കഴിവ്‌ (ശേഷി -ധന്യത- യോഗ്യത) ഉള്ളവര്‍ مِنْهُمْ അവരില്‍ നിന്ന്‌ وَقَالُوا അവര്‍ പറയുകയും ചെയ്യും. ذَرْنَا ഞങ്ങളെ വിട്ടേക്കുക نَكُن ഞങ്ങള്‍ ആയിക്കൊള്ളാം, ആയിരിക്കട്ടെ مَّعَ الْقَاعِدِينَ ഇരിക്കുന്നവരോടൊപ്പം
9:87
  • رَضُوا۟ بِأَن يَكُونُوا۟ مَعَ ٱلْخَوَالِفِ وَطُبِعَ عَلَىٰ قُلُوبِهِمْ فَهُمْ لَا يَفْقَهُونَ ﴾٨٧﴿
  • (യുദ്ധത്തിനു പോകാതെ) പിന്തിനില്‍ക്കുന്ന സ്‌ത്രീകളുടെ കൂടെയായിരിക്കുവാന്‍ അവര്‍ തൃപ്‌തിപ്പെട്ടിരിക്കുകയാണ്‌. അവരുടെ ഹൃദയങ്ങളുടെ മേല്‍ മുദ്രകുത്തപ്പെടുകയും ചെയ്‌തിരിക്കുന്നു. അതിനാല്‍ അവര്‍ കാര്യം ഗ്രഹിക്കുന്നില്ല.
  • رَضُوا അവര്‍ തൃപ്‌തിപ്പെട്ടു بِأَن يَكُونُوا അവരായിരിക്കുന്നതിന്‌ مَعَ الْخَوَالِفِ പിന്തിനില്‍ക്കുന്ന സ്‌ത്രീകളുടെ കൂടെ (നന്‍മയില്ലാത്ത) പിന്നോക്കക്കാരുടെ ഒപ്പം وَطُبِعَ മുദ്രകുത്തപ്പെടുകയും ചെയ്‌തിരിക്കുന്നു عَلَىٰ قُلُوبِهِمْ അവരുടെ ഹൃദയങ്ങളുടെമേല്‍ فَهُمْ അതിനാല്‍ അവര്‍ لَا يَفْقَهُونَ ഗ്രഹിക്കുകയില്ല, ഗ്രഹിക്കുന്നില്ല

അല്ലാഹുവില്‍ വിശ്വസിച്ചുകൊണ്ട്‌ റസൂലിനോടൊപ്പം അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ സമരം ചെയ്യണമെന്ന്‌ കല്‍പിക്കുന്ന ക്വുര്‍ആന്‍ വചനങ്ങള്‍ വല്ലതും അവതരിക്കുമ്പോഴേക്കും അവര്‍ക്ക്‌ വിറളിയായി. അതില്‍ നിന്ന്‌ എങ്ങിനെയെങ്കിലും ഒഴിവായിക്കിട്ടുവാന്‍ അവര്‍ റസൂല്‍ തിരുമേനി യെ സമീപിച്ച്‌ ഒഴികഴിവുകള്‍ നിരത്തി അനുവാദം തേടും. യുദ്ധങ്ങളില്‍ പങ്കെടുക്കാറില്ലാത്തവരാണല്ലോ സ്‌ത്രീകള്‍. അവരോടൊപ്പം വീട്ടില്‍ തന്നെ അടങ്ങിയിരിക്കുവാനാണ്‌ അവര്‍ക്കിഷ്‌ടം. ആണുങ്ങളെപ്പോലെ പുറത്തിറങ്ങി ശത്രുക്കളെ നേരിടുന്നത്‌ അവര്‍ക്കിഷ്‌ടമില്ല. വേണ്ടതൊന്നും ഉള്ളോട്ടു പ്രവേശിക്കാത്തവിധം അവരുടെ ഹൃദയങ്ങള്‍ നിഷ്‌ചേഷ്‌ടമായിരിക്കുകയാണ്‌ എന്ന്‌ സാരം. (ഹൃദയങ്ങളുടെ മേല്‍ മുദ്രകുത്തി’ എന്നതുപോലെയുളള പ്രയോഗങ്ങളുടെ താല്‍പര്യം ഒന്നിലധികം പ്രാവശ്യം മുമ്പ്‌ വിവരിച്ചു കഴിഞ്ഞിട്ടുണ്ട്‌.)

خَوَالِف (ഖവാലിഫ്‌) എന്ന വാക്കിനാണ്‌ ‘പിന്തി നില്‍ക്കുന്ന സ്‌ത്രീകള്‍’ എന്ന്‌ നാം അര്‍ഥം കൊടുത്തിരിക്കുന്നത്‌. അതിന്‌ നന്‍മയില്ലാത്തവരും പിന്നോക്കം നില്‍ക്കുന്നവരുമായ ആളുകള്‍ എന്നും അര്‍ഥം വരാവുന്നതാണ്‌. രണ്ടായാലും ഉദ്ദേശ്യം വ്യക്തമാണല്ലോ.

9:88
  • لَـٰكِنِ ٱلرَّسُولُ وَٱلَّذِينَ ءَامَنُوا۟ مَعَهُۥ جَـٰهَدُوا۟ بِأَمْوَٰلِهِمْ وَأَنفُسِهِمْ ۚ وَأُو۟لَـٰٓئِكَ لَهُمُ ٱلْخَيْرَٰتُ ۖ وَأُو۟لَـٰٓئِكَ هُمُ ٱلْمُفْلِحُونَ ﴾٨٨﴿
  • പക്ഷേ, റസൂലും അദ്ദേഹത്തോടൊപ്പം വിശ്വസിച്ചവരുമാകട്ടെ, തങ്ങളുടെ ധനംകൊണ്ടും, തങ്ങളുടെ ദേഹംകൊണ്ടും അവര്‍ സമരം ചെയ്യുന്നതാണ്‌. അക്കൂട്ടരാകട്ടെ, അവര്‍ക്കാണ്‌ നന്‍മകളും (ഉള്ളത്‌), അക്കൂട്ടര്‍തന്നെയാണ്‌ വിജയം പ്രാപിക്കുന്നവരും.
  • لَٰكِنِ പക്ഷേ, എങ്കിലും الرَّسُولُ എന്നാല്‍ റസൂല്‍ وَالَّذِينَ آمَنُوا വിശ്വസിച്ചവരും مَعَهُ അദ്ദേഹത്തോടൊപ്പം جَاهَدُوا അവര്‍ സമരം ചെയ്‌തു, ചെയ്യുന്നതാണ്‌ بِأَمْوَالِهِمْ തങ്ങളുടെ സ്വത്തുക്കള്‍ (ധനം) കൊണ്ട്‌ وَأَنفُسِهِمْ തങ്ങളുടെ തടികള്‍ (ദേഹം) കൊണ്ടും وَأُولَٰئِكَ അക്കൂട്ടര്‍, അക്കൂട്ടരാകട്ടെ لَهُمُ അവര്‍ക്കത്രെ, അവര്‍ക്കുണ്ട്‌ الْخَيْرَاتُ നന്‍മ (ഗുണം) കള്‍ وَأُولَٰئِكَ هُمُ അക്കൂട്ടര്‍തന്നെ الْمُفْلِحُونَ വിജയികള്‍, വിജയംപ്രാപിക്കുന്നവരും
9:89
  • أَعَدَّ ٱللَّهُ لَهُمْ جَنَّـٰتٍ تَجْرِى مِن تَحْتِهَا ٱلْأَنْهَـٰرُ خَـٰلِدِينَ فِيهَا ۚ ذَٰلِكَ ٱلْفَوْزُ ٱلْعَظِيمُ ﴾٨٩﴿
  • അവര്‍ക്ക്‌ അടിഭാഗത്തിലൂടെ അരുവികള്‍ ഒഴുകിക്കൊണ്ടിരിക്കുന്ന സ്വര്‍ഗങ്ങളെ അല്ലാഹു ഒരുക്കിവെച്ചിരിക്കുന്നു; അതില്‍ (അവര്‍) നിത്യവാസികളായിക്കൊണ്ട്‌, അതത്രെ, വമ്പിച്ച ഭാഗ്യം.
  • أَعَدَّ اللَّهُ അല്ലാഹു ഒരുക്കിയിരിക്കുന്നു لَهُمْ അവര്‍ക്ക്‌ جَنَّاتٍ ചില സ്വര്‍ഗങ്ങളെ تَجْرِي സഞ്ചരിക്കും, നടക്കുന്ന, ഒഴുകുന്ന مِن تَحْتِهَا അതിന്‍റെ (അവയുടെ അടിഭാഗത്തിലൂടെ الْأَنْهَارُ അരുവി (ആറു, നദി)കള്‍ خَالِدِينَ നിത്യവാസികളായിട്ട്‌, ശാശ്വതന്‍മാരായിട്ട്‌ فِيهَا അതില്‍ ذَٰلِكَ അതത്രെ الْفَوْزُ ഭാഗ്യം, അതു ഭാഗ്യമത്രെ الْعَظِيمُ വമ്പിച്ച, മഹത്തായ