വിഭാഗം - 4

9:25
  • لَقَدْ نَصَرَكُمُ ٱللَّهُ فِى مَوَاطِنَ كَثِيرَةٍ ۙ وَيَوْمَ حُنَيْنٍ ۙ إِذْ أَعْجَبَتْكُمْ كَثْرَتُكُمْ فَلَمْ تُغْنِ عَنكُمْ شَيْـًٔا وَضَاقَتْ عَلَيْكُمُ ٱلْأَرْضُ بِمَا رَحُبَتْ ثُمَّ وَلَّيْتُم مُّدْبِرِينَ ﴾٢٥﴿
  • വളരെ (യുദ്ധ) രംഗങ്ങളില്‍ അല്ലാഹു നിങ്ങളെ സഹായിച്ചിട്ടുണ്ട്‌. ഹുനൈന്‍ (യുദ്ധ) ദിവസവും (സഹായിച്ചു): അതായത്‌, നിങ്ങളുടെ (ആള്‍) പെരുപ്പം നിങ്ങളെ സംതൃപ്‌തിപ്പെടുത്തിയിട്ട്‌ അത്‌ നിങ്ങള്‍ക്ക്‌ യാതൊന്നും പര്യാപ്‌തമാക്കാതിരുന്നപ്പോള്‍; ഭൂമി വിശാലമായതോടെ അത്‌ നിങ്ങള്‍ക്ക്‌ ഇടുക്കമാകുകയും ചെയ്‌തു. പിന്നീട്‌ നിങ്ങള്‍ പിന്നോക്കം തിരിഞ്ഞോടുകയും ചെയ്‌തു.
  • لَقَدْ തീര്‍ച്ചയായും ഉണ്ട്‌ نَصَرَكُمُ اللَّهُ അല്ലാഹു നിങ്ങളെ സഹായിച്ചു فِي مَوَاطِنَ (യുദ്ധ) രംഗങ്ങളില്‍ كَثِيرَةٍ വളരെ وَيَوْمَ حُنَيْنٍ ഹുനൈന്‍ ദിവസവും إِذْ أَعْجَبَتْكُمْ നിങ്ങളെ സംതൃപ്‌തി (അത്ഭുത)പ്പെടുത്തിയപ്പോള്‍ كَثْرَتُكُمْ നിങ്ങളുടെ പെരുപ്പം, ആധിക്യം എന്നിട്ടത്‌ فَلَمْ تُغْنِ ധന്യമാക്കിയില്ല, പര്യാപ്‌തമാക്കിയില്ല, ഉപകരിച്ചില്ല عَنكُمْ നിങ്ങള്‍ക്ക്‌ شَيْئًا യാതൊന്നും وَضَاقَتْ ഇടുങ്ങുക (കുടുസ്സായിരിക്കുക)യും ചെയ്‌തു عَلَيْكُمُ നിങ്ങള്‍ക്ക്‌, നിങ്ങളുടെമേല്‍ الْأَرْضُ ഭൂമി بِمَا رَحُبَتْ അതു വിശാലമായതോടെ ثُمَّ പിന്നെ وَلَّيْتُم നിങ്ങള്‍ തിരിഞ്ഞുപോന്നു مُّدْبِرِينَ പിന്‍തിരിഞ്ഞവരായി (പിന്നോക്കം)
9:26
  • ثُمَّ أَنزَلَ ٱللَّهُ سَكِينَتَهُۥ عَلَىٰ رَسُولِهِۦ وَعَلَى ٱلْمُؤْمِنِينَ وَأَنزَلَ جُنُودًا لَّمْ تَرَوْهَا وَعَذَّبَ ٱلَّذِينَ كَفَرُوا۟ ۚ وَذَٰلِكَ جَزَآءُ ٱلْكَـٰفِرِينَ ﴾٢٦﴿
  • പിന്നെ, അല്ലാഹു അവന്‍റെ റസൂലിന്‍റെ മേലും, സത്യവിശ്വാസികളുടെ മേലും തന്‍റെ (വക) ശാന്തത ഇറക്കിക്കൊടുത്തു: നിങ്ങള്‍ കണ്ടിട്ടില്ലാത്ത ചില സൈന്യങ്ങളെ അവന്‍ ഇറക്കുകയും ചെയ്‌തു: അവിശ്വസിച്ചവരെ അവന്‍ ശിക്ഷിക്കുകയും ചെയ്‌തു. അതത്രെ, അവിശ്വാസികളുടെ പ്രതിഫലം.
  • ثُمَّ أَنزَلَ പിന്നെ ഇറക്കി اللَّهُ അല്ലാഹു سَكِينَتَهُ അവന്‍റെ ശാന്തത, സമാധാനം, അടക്കം عَلَىٰ رَسُولِهِ തന്‍റെ റസൂലിന്‍റെമേല്‍ وَعَلَى الْمُؤْمِنِينَ സത്യവിശ്വാസികളുടെ മേലും وَأَنزَلَ അവന്‍ ഇറക്കുകയും ചെയ്‌തു جُنُودًا ചില സൈന്യങ്ങളെ لَّمْ تَرَوْهَا നിങ്ങളതു കണ്ടിട്ടില്ല, കാണാത്ത وَعَذَّبَ അവന്‍ ശിക്ഷിക്കുകയും ചെയ്‌തു الَّذِينَ كَفَرُوا അവിശ്വസിച്ചവരെ وَذَٰلِكَ അത്‌, അതത്രെ جَزَاءُ പ്രതിഫലമത്രെ, പ്രതിഫലം الْكَافِرِينَ അവിശ്വാസികളുടെ
9:27
  • ثُمَّ يَتُوبُ ٱللَّهُ مِنۢ بَعْدِ ذَٰلِكَ عَلَىٰ مَن يَشَآءُ ۗ وَٱللَّهُ غَفُورٌ رَّحِيمٌ ﴾٢٧﴿
  • പിന്നീട്‌ അതിനുശേഷം, താന്‍ ഉദ്ദേശിക്കുന്നവരുടെ പശ്ചാത്താപം അല്ലാഹു സ്വീകരിക്കുന്നതാണ്‌. അല്ലാഹു (വളരെ) പൊറുക്കുന്നവനും കരുണാനിധിയുമത്രെ.
  • ثُمَّ يَتُوبُ പിന്നെ പശ്ചാത്താപം (മടക്കം) സ്വീകരിക്കും اللَّهُ അല്ലാഹു مِن بَعْدِ ذَٰلِكَ അതിന്‍റെ ശേഷം عَلَىٰ مَن يَشَاءُ അവന്‍ ഉദ്ദേശിക്കുന്നവരുടെ وَاللَّهُ അല്ലാഹു غَفُورٌ (വളരെ) പൊറുക്കുന്നവനാകുന്നു رَّحِيمٌ കരുണാനിധിയാണ്‌

കുടുംബബന്ധം, ധനം, വാസസ്ഥലം ആദിയായവയെക്കാളെല്ലാം പ്രാധാന്യം നല്‍കേണ്ടത്‌ അല്ലാഹുവിന്‍റെയും റസൂലിന്‍റെയും സ്‌നേഹം സമ്പാദിക്കുന്നതിനും അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ സമരം ചെയ്യുന്നതിനുമാണെന്നും, അല്ലാത്തപക്ഷം അതിന്‍റെ ഭവിഷ്യത്ത്‌ ഭയങ്കരമാണെന്നും അറിയിച്ചശേഷം, അല്ലാഹുവില്‍ നിന്നുള്ള സഹായം ഇതിന്‌ മുമ്പ്‌ നിങ്ങള്‍ക്ക്‌ പലപ്പോഴും ലഭിക്കുകയുണ്ടായിട്ടുണ്ടെന്നും, അതൊന്നും നിങ്ങളുടെ ശക്തി കൊണ്ടോ പ്രതാപംകൊണ്ടോ ആയിരുന്നില്ലന്നും അല്ലാഹു സത്യവിശ്വാസികളെ ഓര്‍മിപ്പിക്കുന്നു. കൂട്ടത്തില്‍ ഹുനൈന്‍ യുദ്ധത്തില്‍ നല്‍കിയ സഹായവും അതിന്‍റെ സന്ദര്‍ഭവും പ്രത്യേകം അനുസ്‌മരിപ്പിക്കുകയും ചെയ്യുന്നു. എണ്ണം കൊണ്ടും വണ്ണംകൊണ്ടും മുമ്പെന്നത്തെക്കാളും പ്രബലമായ ഒരു സേനയായിരുന്നു അന്ന്‌ മുസ്‌ലിംകളുടേത്‌. അതില്‍ അവര്‍ അഭിമാനം കൊളളുകയും ഇക്കുറി ഏതായാലും നമുക്ക്‌ തോല്‍വി പിണയുകയില്ലെന്ന്‌ അവര്‍ കണക്കാക്കുകയും ചെയ്‌തിരുന്നു. പക്ഷേ, അവര്‍ അല്ലാഹുവിങ്കല്‍ നിന്നുള്ള ഒരു പരീക്ഷണത്തിന്‌ വിധേയരാകുകയും തിരിഞ്ഞോടേണ്ടിവരികയും ചെയ്‌തു. ആള്‍പെരുപ്പംകൊണ്ടല്ല മുസ്‌ലിംകള്‍ക്ക്‌ വിജയം കൈവരുന്നതെന്ന്‌ അവര്‍ക്ക്‌ ബോധ്യമായി. അവസാനം, അല്ലാഹുവിങ്കല്‍ നിന്നുള്ള ചില പ്രത്യേകാനുഗ്രഹങ്ങള്‍ വഴി യുദ്ധം വമ്പിച്ച വിജയമായി കലാശിച്ചു. ഈ വചനങ്ങള്‍ അവതരിക്കുന്നതിന്‌ അല്‍പം മുമ്പു മാത്രം കഴിഞ്ഞതും, ഓര്‍മ മങ്ങിപ്പോയിട്ടില്ലാത്തതുമാണ്‌ ആ സംഭവം. അതുകൊണ്ടാണ്‌ അതിവിടെ പ്രത്യേകം ഓര്‍മിപ്പിക്കുവാന്‍ കാരണം.

ഓരോ സന്ദര്‍ഭത്തിലായി അല്‍പം അംഗങ്ങള്‍ മാത്രം അടങ്ങുന്ന ചെറിയ സൈന്യസംഘങ്ങളെ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പല ഭാഗത്തേക്കും അയക്കുകയുണ്ടായിട്ടുണ്ട്‌. ഈ സംഘങ്ങള്‍ سَرِية (ചെറിയ സൈന്യസംഘം) എന്ന പേരില്‍ അറിയപ്പെടുന്നു. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ നേതൃത്വത്തില്‍ പല സ്ഥലത്തേക്കുമായി നയിക്കപ്പെട്ട സൈന്യങ്ങള്‍ മൊത്തം ഇരുപതില്‍പരം വരും. ഇവ غزوة (പടയെടുപ്പ്‌) എന്ന പേരിലും അറിയപ്പെടുന്നു. ചിലതില്‍ ശത്രുക്കളുമായി സന്ധി നടത്തി ഏറ്റുമുട്ടലൊന്നും കൂടാതെ തിരിച്ചുപോരുകയും, ചിലതില്‍ യുദ്ധം നടക്കുകയും ഉണ്ടായിട്ടുണ്ട്‌. ബദ്‌ര്‍, ഉഹ്‌ദ്‌, അഹ്‌സാബ്‌ (ഖന്‍ദക്വ്‌), ക്വുറൈദ്വ, മുസ്വ്‌ത്വലക്വ്‌, ഖൈബര്‍, മക്കാ (വിജയം), ഹുനൈന്‍, ത്വാഇഫ്‌ (*) എന്നിവയിലാണ്‌ ഏറ്റുമുട്ടലുണ്ടായത്‌. മിക്കവാറും എല്ലാറ്റിലും വിജയം പൂര്‍ണമായും മുസ്‌ലിംകള്‍ക്ക്‌ തന്നെയായിരുന്നു. ചുരുക്കം ചിലതില്‍ മുസ്‌ലിംകള്‍ക്ക്‌ വന്നുപോയ ചില പാകപ്പിഴവുകള്‍ നിമിത്തം അവര്‍ പരീക്ഷണങ്ങള്‍ക്ക്‌ വിധേയരാവുകയും ഉണ്ടായി. ആദ്യഘട്ടത്തില്‍ വിജയം കണ്ടെങ്കിലും അവസാനം പരാജയത്തില്‍ കലാശിച്ച യുദ്ധമാണ്‌ ഉഹ്‌ദ്‌-ഇതിനെപ്പറ്റി സൂഃ ആലു ഇംറാനില്‍ വിവരിച്ചിരിക്കുന്നു. ഇടക്കുവെച്ചു പരാജയം നേരിട്ടെങ്കിലും അവസാനം വിജയത്തില്‍ കലാശിച്ച യുദ്ധമാണ്‌ ഹുനൈന്‍. അതിന്‍റെ ചില വശങ്ങളെപ്പററിയാണ്‌ ഈ വചനത്തില്‍ അല്ലാഹു ചൂണ്ടിക്കാണിച്ചിരിക്കുന്നത്‌. അതിന്‍റെ ചുരുക്കം അറിയുന്നത്‌ ഈ വചനത്തിലെ ആശയം മനസ്സിലാക്കുവാന്‍ ഉപകരിക്കുന്നതാണ്‌.


(*) മിക്കസ്ഥലങ്ങളും പടം 6ല്‍ കാണാം.


ഹുനൈന്‍ യുദ്ധം

ഹിജ്‌റഃ എട്ടാം കൊല്ലത്തില്‍ മക്കാവിജയം ഉണ്ടായതോടുകൂടി വിഗ്രഹമതത്തിന്‍റെ പതാക നിലംപതിക്കുകയും അറബികള്‍ മിക്കവരും ഇസ്‌ലാമിനു കീഴ്‌പെടുകയും, ജനങ്ങള്‍ കൂട്ടം കൂട്ടമായി ഇസ്‌ലാമില്‍ പ്രവേശിച്ചുകൊണ്ടിരിക്കുകയും ചെയ്‌തു. എന്നാല്‍ ഹവാസിന്‍, ഥക്വീഫ്‌ (هَوَازَن، ثَقِيف) എന്നീ ഗോത്രക്കാര്‍ക്ക്‌ (*) രോഷം മൂക്കുകയാണുണ്ടായത്‌. അവര്‍ തങ്ങളുടെ ദുരഭിമാനം വിട്ടില്ല. മുഹമ്മദ്‌ ഇങ്ങോട്ട്‌ പടയെടുക്കും മുമ്പ്‌ നമുക്കങ്ങോട്ട്‌ പടയെടുക്കാമെന്ന്‌ നിശ്ചയിച്ചു അവര്‍ അതിന്‌ ഒരുക്കം കൂട്ടുകയായി. വേറെ ചില ഗോത്രക്കാരും അതില്‍ അവരോട്‌ സഹകരിച്ചിരുന്നു. തങ്ങളുടെ സൈന്യം ഒരിക്കലും പരാജയപ്പെട്ടു പിന്‍മാറാതെ ആത്മവീര്യത്തോടുകൂടി യുദ്ധക്കളത്തില്‍ ഉറച്ചുനില്‍ക്കണമെന്ന ഉദ്ദേശത്തില്‍, സാധാരണ പതിവുകള്‍ക്കെതിരായി അവരുടെ സൈന്യനായകനായ മാലികുബ്‌നു ഔഫ്‌ ഒരു പുതിയ പരിപാടി ആവിഷ്‌കരിച്ചു. അവരിലുള്ള ഒരു നേതാവും ധീരനുമായിരുന്ന ദുറൈദ്‌ അതിനെ എതിര്‍ത്തുവെങ്കിലും സൈന്യാധിപന്‍ അത്‌ നടപ്പിലാക്കുക തന്നെ ചെയ്‌തു.സ്‌ത്രീകള്‍, കുട്ടികള്‍, തങ്ങളുടെ സ്വത്തുക്കളായ ആടുമാടുകള്‍ എന്നിവയെല്ലാം സൈന്യനിരയുടെ തൊട്ടുപിന്നിലായി നിരത്തി നിറുത്തുകയായിരുന്നു ആ പരിപാടി. തങ്ങളുടെ കുടുംബങ്ങളെയും സ്വത്തുക്കളെയും മുഴുവന്‍ ശത്രുക്കള്‍ക്ക്‌ (മുസ്‌ലിംകള്‍ക്ക്‌) വിട്ടുകൊടുത്തുകൊണ്ട്‌ ആരും യുദ്ധത്തില്‍ നിന്ന്‌ പിന്‍തിരിഞ്ഞോടിപ്പോകുകയില്ല എന്നായിരുന്നു അവന്‍ കണക്കുകൂട്ടിയത്‌.

ഇവരുടെ പുറപ്പാടിനെപ്പറ്റി നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ക്കു വിവരം കിട്ടി. മദീനയില്‍ നിന്നു വന്ന്‌ മക്കാവിജയ സംഭവത്തില്‍ പങ്കെടുത്തിരുന്ന പതിനായിരം സ്വഹാബികളോടുകൂടി നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അവരുടെ നേരെ പടയെടുത്തു. അവര്‍ക്കുപുറമെ, മക്കയില്‍ നിന്നുള്ള രണ്ടായിരം പേര്‍ വേറെയും ഉണ്ടായിരുന്നു. ഇവര്‍ അധികവും പുതുവിശ്വാസികളും വിശ്വാസം ദൃഢമായിക്കഴിഞ്ഞിട്ടില്ലാത്തവരുമായിരുന്നു. പലരും ‘ഗനീമത്ത്‌’ മോഹിച്ചും പുറപ്പെട്ടിരുന്നു. ഇസ്‌ലാമിനെ അംഗീകരിച്ചു കഴിയാത്ത ഏകദേശം എണ്‍പത്‌ മുശ്‌രിക്കുകളും ഈ പടയെടുപ്പില്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യെ അനുഗമിക്കുകയുണ്ടായി. അതേസമയത്ത്‌ മറുപക്ഷത്ത്‌ ശത്രുക്കളുടെ എണ്ണം നാലായിരം  (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) മാത്രമായിരുന്നു. അതെ, കേവലം മൂന്നിലൊന്നുമാത്രം. ഇത്തവണ തങ്ങളുടെ സംഖ്യാബലം കണ്ടു മുസ്‌ലിംകള്‍ അഭിമാനം കൊള്ളുകയും സംതൃപ്‌തരാകുകയും ചെയ്‌തു. പക്ഷേ, ഫലമുണ്ടായില്ല. മുസ്‌ലിംകളുടെ മുന്നണി സൈന്യം മുന്നോട്ടു നീങ്ങിയപ്പോഴേക്കും ശത്രുക്കളുടെ ഒരു വമ്പിച്ച ഒളിസൈന്യം അവരെ തുരുതുരെ ആക്രമിച്ചു. അവര്‍ പിന്തിരിഞ്ഞു പല പാട്ടിലും ഓടേണ്ടി വന്നു. അതോടെ സൈന്യത്തിന്‍റെ സമനില തെറ്റി. പിന്നണികളും അവരെ അനുഗമിക്കുകയുണ്ടായി.


(*) പടം 7 നോക്കുക.


നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനി യുദ്ധക്കളത്തില്‍ തന്നെ ഉറച്ചുനിന്നു. ഈ യാത്രയില്‍ തിരുമേനി ഇരട്ടപടയങ്കിയായിരുന്നു ധരിച്ചിരുന്നത്‌. മുഹാജിറുകളിലും, അന്‍സ്വാരികളിലും പെട്ട ചില സ്വഹാബീ പ്രമുഖന്‍മാരും തിരുമേനിയുടെ ഒന്നിച്ചുനിന്നു. ‘ഇങ്ങോട്ടുവരീന്‍! ഇങ്ങോട്ടു വരീന്‍! അല്ലാഹുവിന്‍റെ അടിയാന്‍മാരേ! എന്നു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) വിളിച്ചു പറയുന്നുണ്ടായിരുന്നു. ഓടിരക്ഷപ്പെടുന്നവര്‍ അത്‌ കേട്ടു മടങ്ങുകയുണ്ടായില്ല. അങ്കലാപ്പും ഭയപ്പാടും നിമിത്തം ഓടിരക്ഷപ്പെടുവാന്‍ പോലും ഇടമില്ലാത്ത വിധം ഭൂമിവളരെ കുടുസ്സായി അവര്‍ക്ക്‌ തോന്നി. ശിര്‍ക്കിന്‍റെ ചുവയില്‍ നിന്ന്‌ തികച്ചും രക്ഷപ്പെട്ടിട്ടില്ലാത്ത ചിലരും, പുതുവിശ്വാസികളായ ചിലരുംമുസ്‌ലിംകള്‍ക്ക്‌ പിണഞ്ഞ ഈ പരാജയത്തില്‍ സന്തോഷംകൊണ്ടു. ‘സിഹ്‌ര്‍ ഇപ്പഴാണ്‌ പൊളിഞ്ഞത്‌’ എന്നും മറ്റും ചിലര്‍ പറയുകപോലുമുണ്ടായി. അതേസമയം, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ കൂടെ പോന്നിരുന്ന മുശ്‌രിക്കുകളില്‍ ചിലര്‍ അവര്‍ക്കുനേരെ പ്രതിഷേധം പ്രകടിപ്പിക്കുകയും ചെയ്‌തിരുന്നു. ഇതെല്ലാമായിട്ടും നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) സ്ഥലം വിട്ടില്ല. അവസാനം നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ കല്‍പന പ്രകാരം അവിടുത്തെ പിതൃവ്യനും, ഉച്ചത്തില്‍ ശബ്‌ദിക്കുന്ന ആളുമായിരുന്ന അബ്ബാസ്‌ (رضي الله عنه) ജനങ്ങളെ ഉറക്കെ വിളിച്ചുകൊണ്ടിരുന്നു. അതോടെ, അവര്‍ ഓട്ടം നിറുത്തുവാനും, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ ചുറ്റും വന്നുകൂടുവാനും തുടങ്ങി. അല്ലാഹു അവര്‍ക്ക്‌ മനസ്സമാധാനവും ശാന്തിയും നല്‍കുകയും മനുഷ്യര്‍ക്ക്‌ കാണ്‍മാന്‍ കഴിയാത്ത സൈന്യങ്ങളെ -മലക്കുകളെ- ഇറക്കി അവരെ അനുഗ്രഹിക്കുകയും ചെയ്‌തു. (*) അങ്ങനെ, സത്യവിശ്വാസികള്‍ക്ക്‌ ഒരു പുതിയ ധൈര്യവും ഉന്‍മേഷവും ഉളവായി. അവര്‍ ശത്രുക്കളുടെ നേരെ കുതിച്ചുചാടുകയായി. യുദ്ധരംഗം പാടുമാറി. ശത്രുക്കള്‍ തങ്ങളുടെ സ്വത്തുക്കളെയോ, സ്‌ത്രീകളെയും കുട്ടികളെയുമോ ഒന്നും വകവെക്കാതെ പടക്കളം വിട്ടോടിക്കളഞ്ഞു. മുസ്‌ലിംകള്‍ വിജയക്കൊടി ഉയര്‍ത്തി.

മുമ്പൊരിക്കലും ലഭിക്കാത്തത്ര ആടുമാടൊട്ടകങ്ങളടക്കം വളരെ ഗനീമത്ത്‌ സ്വത്തുക്കള്‍ മുസ്‌ലിംകള്‍ക്ക്‌ ലഭിച്ചു. പുരുഷന്‍മാര്‍ക്ക്‌ പുറമെ വളരെയധികം സ്‌ത്രീകളും കുട്ടികളും ചിറയിലകപ്പെട്ടു. അപ്രതീക്ഷിതമായി അല്ലാഹു മുസ്‌ലിംകള്‍ക്ക്‌ നല്‍കിയ ഈ വമ്പിച്ച സഹായം, വളരെയേറെ മുശ്‌രിക്കുകള്‍ ഇസ്‌ലാമിനെ ആശ്ലേഷിക്കുവാന്‍ കാരണമായിത്തീര്‍ന്നു. ഗനീമത്തിന്‍റെ വലിയൊരു ഭാഗം, വിശ്വാസം ഉറച്ചു കഴിഞ്ഞിട്ടില്ലാത്ത പുതുവിശ്വാസികള്‍ക്കും, കൂടെ പോന്നിരുന്ന മുശ്‌രിക്കുകള്‍ക്കുമായിരുന്നു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) നല്‍കിയത്‌. ഈ ഔദാര്യം നിമിത്തവും ഇസ്‌ലാമിന്‌ വളരെ നേട്ടമുണ്ടായി. വളരെ ആളുകള്‍ വിശ്വസിക്കുവാനും, വളരെ ആളുകളുടെ വിശ്വാസം ശക്തിപ്പെടുവാനും ഇത്‌ കാരണമായി. അന്‍സ്വാരികളായി സൈന്യത്തിലുണ്ടായിരുന്നവര്‍ക്ക്‌ കാര്യമായ ഓഹരിയൊന്നും ലഭിക്കാത്തതില്‍, അവര്‍ക്കിടയില്‍ ചില മുറുമുറുപ്പുമുണ്ടായി. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അവരെ വിളിച്ചുകൂട്ടി അവര്‍ക്ക്‌ ഉപദേശങ്ങള്‍ നല്‍കുകയും, ഈ പ്രാവശ്യത്തെ ഗനീമത്ത്‌ മുന്‍വഴക്കത്തിന്‌ വ്യത്യസ്‌തമായി വിനിയോഗിച്ചതിലടങ്ങിയ തത്വം അവരെ മനസ്സിലാക്കുകയും ചെയ്‌തു. ‘ജനങ്ങള്‍ ആടുമാടുകളും കൊണ്ടു പോകുമ്പോള്‍, നിങ്ങള്‍ അല്ലാഹുവിന്‍റെ റസൂലിനെയും കൊണ്ടു (തിരിച്ചു) പോകുന്നതിന്‌ നിങ്ങള്‍ ഇഷ്‌ടപ്പെടുന്നില്ലേ?!’ എന്ന്‌ തിരുമേനി അവരോട്‌ ചോദിച്ചു. അവര്‍ വളരെ തൃപ്‌തിപ്പെട്ടുവെന്നുമാത്രമല്ല, ഈ ചോദ്യം അവരില്‍ ഉണ്ടാക്കിയ സന്തോഷാധിക്യം കൊണ്ട്‌ അവര്‍ കരയുകയും ചെയ്‌തു. കുറച്ചു ദിവസങ്ങള്‍ക്ക്‌ ശേഷം ഹവാസിന്‍ ഗോത്രത്തിന്‍റെ ഒരു നിവേദകസംഘം നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ സന്നിധിയില്‍ വന്നു ഇസ്‌ലാമിനെ അംഗീകരിക്കുകയും ആറായിരത്തോളം വരുന്ന തങ്ങളുടെ സ്‌ത്രീകളെയും കുട്ടികളെയും വിട്ടുകൊടുക്കുവാന്‍ അപേക്ഷിക്കുകയും ചെയ്‌തു. അവര്‍ പലര്‍ക്കുമായി ഭാഗിക്കപ്പെട്ടു കഴിഞ്ഞിരുന്നതുകൊണ്ട്‌ അവരെ വിട്ടുകൊടുക്കുവാന്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ജനങ്ങളോട്‌ ശുപാര്‍ശ ചെയ്‌തു. അതിനെത്തുടര്‍ന്ന്‌ എല്ലാവരും വിട്ടുകൊടുക്കുകയും ചെയ്‌തു.


(*) മലക്കുകള്‍ക്ക്‌ യുദ്ധത്തില്‍ ഉണ്ടാകുന്ന പങ്കിനെപ്പറ്റി കഴിഞ്ഞ സൂറത്തിലും അതിനു മുമ്പും വിവരിച്ചിട്ടുണ്ട്‌.


ഇതാണ്‌ ഹുനൈന്‍ യുദ്ധത്തിന്‍റെ ചുരുക്കം. ഇതില്‍ നിന്ന്‌  25,26 വചനങ്ങളിലെ പരാമര്‍ശങ്ങളെപ്പറ്റി കൂടുതല്‍ മനസ്സിലാക്കാമല്ലോ. നിങ്ങള്‍ കണ്ടിട്ടില്ലാത്ത സൈന്യങ്ങള്‍ (جنودا لم تروها) കൊണ്ടുദ്ദേശ്യം മലക്കുകളാണെന്നുള്ളതില്‍ -റാസീ (رحمه الله) പ്രസ്‌താവിച്ചതുപോലെ- ക്വുര്‍ആന്‍ വ്യാഖ്യാതാക്കള്‍ക്കിടയില്‍ ഭിന്നാഭിപ്രായമില്ല. പക്ഷേ, ബദ്‌റില്‍ ഇറക്കപ്പെട്ട മലക്കുകളുടെ എണ്ണത്തെക്കുറിച്ചും മറ്റും സൂഃ ആലുഇംറാനില്‍ പ്രസ്‌താവിച്ചതുപോലെ, ഇവിടെ അവരെക്കുറിച്ചു പ്രത്യേകമൊന്നും അല്ലാഹു പ്രസ്‌താവിച്ചിട്ടില്ല. 27-ാം വചനത്തില്‍ അല്ലാഹു ഉദ്ദേശിക്കുന്നവരുടെ പശ്ചാത്താപം അതിനുശേഷം അവന്‍ സ്വീകരിക്കും. (……يَتُوبُ اللهُ مِنْ بَعْدِ ذَلِكَ) എന്ന്‌ പറഞ്ഞതിന്‍റെ പുലര്‍ച്ച, ഹുനൈന്‍ സംഭവത്തെത്തുടര്‍ന്ന്‌ വളരെയേറെ ആളുകള്‍ ഇസ്‌ലാമിലേക്ക്‌ പ്രവേശിക്കുകയുണ്ടായതില്‍നിന്ന്‌ വ്യക്തമായല്ലോ.

9:28
  • يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ إِنَّمَا ٱلْمُشْرِكُونَ نَجَسٌ فَلَا يَقْرَبُوا۟ ٱلْمَسْجِدَ ٱلْحَرَامَ بَعْدَ عَامِهِمْ هَـٰذَا ۚ وَإِنْ خِفْتُمْ عَيْلَةً فَسَوْفَ يُغْنِيكُمُ ٱللَّهُ مِن فَضْلِهِۦٓ إِن شَآءَ ۚ إِنَّ ٱللَّهَ عَلِيمٌ حَكِيمٌ ﴾٢٨﴿
  • ഹേ, വിശ്വസിച്ചവരേ, നിശ്ചയമായും മുശ്‌രിക്കുകള്‍ അശുദ്ധര്‍ തന്നെയാകുന്നു. അതിനാല്‍, അവരുടെ ഈ കൊല്ലത്തിനു ശേഷം അവര്‍ 'മസ്‌ജിദുല്‍ ഹറാമി' നെ [പാവനമായ പള്ളിയെ] സമീപിക്കരുത്‌. നിങ്ങള്‍ വല്ല ഞെരുക്കവും [ദാരിദ്ര്യവും] ഭയപ്പെടുന്നപക്ഷം, അല്ലാഹു അവന്‍റെ അനുഗ്രഹത്താല്‍ വഴിയെ നിങ്ങളെ ധന്യരാക്കുന്നതാണ്‌, അവന്‍ ഉദ്ദേശിച്ചെങ്കില്‍. നിശ്ചയമായും അല്ലാഹു, (എല്ലാം) അറിയുന്നവനും അഗാധജ്ഞനുമാകുന്നു.
  • يَا أَيُّهَا الَّذِينَ آمَنُوا ഹേ, വിശ്വസിച്ചവരേ إِنَّمَا الْمُشْرِكُونَ നിശ്ചയമായും (തന്നെ-മാത്രം) മുശ്‌രിക്കുകള്‍ نَجَسٌ മലിനം, വൃത്തികേട്‌, (അശുദ്ധര്‍-വൃത്തികെട്ടവര്‍-മ്ലേച്ഛര്‍) തന്നെ (മാത്രമാണ്‌) فَلَا يَقْرَبُوا അതിനാല്‍ അവര്‍ സമീപിക്കരുത്‌ الْمَسْجِدَ الْحَرَامَ മസ്‌ജിദുല്‍ ഹറാമിനെ بَعْدَ ശേഷം, പിറകെ عَامِهِمْ هَٰذَا അവരുടെ ഈ കൊല്ലത്തിന്‍റെ وَإِنْ خِفْتُمْ നിങ്ങള്‍ ഭയപ്പെടുന്നപക്ഷം, പേടിച്ചെങ്കില്‍ عَيْلَةً വല്ല ഞെരുക്കവും, ദാരിദ്ര്യവും فَسَوْفَ എന്നാല്‍ വഴിയെ, പിറകെ يُغْنِيكُمُ നിങ്ങളെ ധന്യമാക്കും, നിങ്ങള്‍ക്ക്‌ ധന്യത നല്‍കും اللَّهُ അല്ലാഹു مِن فَضْلِهِ അവന്‍റെ അനുഗ്രഹത്താല്‍, ദയവിനാല്‍ إِن شَاءَ അവന്‍ ഉദ്ദേശിച്ചെങ്കില്‍ إِنَّ اللَّهَ നിശ്ചയമായും അല്ലാഹു عَلِيمٌ അറിയുന്നവനാണ്‌ حَكِيمٌ അഗാധജ്ഞനാണ്‌.

ഒമ്പതാം കൊല്ലത്തില്‍ അബൂബക്‌ര്‍ (رضي الله عنه)ന്‍റെ നേതൃത്വത്തില്‍ മുസ്‌ലിംകള്‍ ഹജ്ജിന്‌ വന്നപ്പോള്‍, അടുത്ത കൊല്ലം മുശ്‌രിക്കുകള്‍ ഹജ്ജിന്‌ വരരുതെന്ന്‌ പ്രഖ്യാപനം ചെയ്യുകയുണ്ടായല്ലോ. ഹജ്ജുകാലത്ത്‌ പല ദിക്കുകളില്‍നിന്നും ആളുകള്‍ മക്കയില്‍ ഹജ്ജിനു സമ്മേളിക്കലും, അതിനെത്തുടര്‍ന്ന്‌ കുറേ ദിവസങ്ങളോളം ഭക്ഷ്യസാധനങ്ങളടക്കം വിവിധ ഉല്‍പ്പന്നങ്ങളുടെ വലിയ കച്ചവടച്ചന്ത നടത്തലും പതിവുണ്ടായിരുന്നു. മക്കാനിവാസികളുടെ ഒരു നല്ല വരുമാനമാര്‍ഗമായിരുന്നു അത്‌. മേപ്പടി പ്രഖ്യാപനമുണ്ടായപ്പോള്‍, തങ്ങളുടെ ആ വരുമാനമാര്‍ഗം നഷ്‌ടപ്പെടുമെന്നും, തങ്ങള്‍ക്ക്‌ അതുമൂലം ഞെരുക്കവും ദാരിദ്ര്യവും ബാധിച്ചേക്കുമെന്നും പലരും ഭയപ്പെട്ടു. ഇതിനുള്ള മറുപടിയും, മേലില്‍ മുശ്‌രിക്കുകള്‍ കഅ്‌ബഃയെ സമീപിക്കുവാന്‍ പാടില്ലെന്ന്‌ കല്‍പിച്ചതിന്‍റെ കാരണവും ഈ വചനത്തില്‍ വിവരിക്കുന്നു.

മുശ്‌രിക്കുകള്‍ അശുദ്ധര്‍ തന്നെയാണ്‌ (إِنَّمَا الْمُشْرِكُونَ نَجَسٌ) എന്നു പറഞ്ഞതിന്‍റെ താല്‍പര്യം അവിശ്വാസികളുടെ ദേഹം ‘നജസാ’ണ്‌ (അശുദ്ധമാണ്‌) എന്നോ, അവരെ തൊട്ടാല്‍ ശുദ്ധിയാക്കണമെന്നോ അല്ല. അവരുടെ വിശ്വാസവും, വിചാരവികാരങ്ങളും മ്ലേച്ഛതരങ്ങളായതുകൊണ്ട്‌ പവിത്രവും പരിശുദ്ധവുമായ ആ പുണ്യസ്ഥലത്ത്‌ അവര്‍ക്ക്‌ പ്രവേശനം അനുവദിക്കുവാന്‍ നിവൃത്തിയില്ലെന്ന്‌ സാരം. ബഹുഭൂരിപക്ഷം പണ്‌ഡിതന്മാരുടെയും അഭിപ്രായം അതാണ്‌. വാചകത്തിന്‍റെ ബാഹ്യാര്‍ത്ഥത്തെ അടിസ്ഥാനമാക്കി അല്‍പം ചിലര്‍ അവിശ്വാസികളുടെ ദേഹം തന്നെ അശുദ്ധമാണെന്നും പറയാതില്ല. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ ചര്യയില്‍നിന്നും മറ്റും വ്യക്തമാകുന്നത്‌ ഭൂരിപക്ഷാഭിപ്രായമാണ്‌ ശരിയായിട്ടുള്ളത്‌ എന്നാകുന്നു. ചില സന്ദര്‍ഭങ്ങളില്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അവിശ്വാസികളെ പള്ളിയില്‍ പ്രവേശിപ്പിക്കുകയുണ്ടായിട്ടുണ്ട്‌. വേദക്കാരായ അവിശ്വാസികളുടെ ഭക്ഷണം മുസ്‌ലിംകള്‍ക്ക്‌ അനുവദനീയമാക്കപ്പെട്ടിട്ടുമുണ്ട്‌.

‘അവര്‍ മസ്‌ജിദുല്‍ ഹറാമില്‍ പ്രവേശിക്കരുത്‌’ എന്നോ മറ്റോ പറയാതെ, ‘അവര്‍ അതിനെ സമീപിക്കരുത്‌’ فَلَا يَقْرَبُوا الْمَسْجِدَ الْحَرَامَ എന്നാണ്‌ അല്ലാഹു പറഞ്ഞത്‌. അതിന്‍റെ അടുത്തുപോലും ചെല്ലരുതെന്നാണല്ലോ ഇതിന്‍റെ അര്‍ത്ഥം. അതുകൊണ്ട്‌ കഅ്‌ബഃയുടെ പരിസരപ്രദേശങ്ങളായ ഹറമിലും അവര്‍ക്ക്‌ പ്രവേശനമില്ല. അബൂബക്‌ര്‍ (رضي الله عنه)ന്‍റെയും, അലി (رضي الله عنه)ന്‍റെയും വിളംബരത്തില്‍, മേലില്‍ അവര്‍ ഹജ്ജ്‌ ചെയ്യരുതെന്നും, നഗ്നരായിക്കൊണ്ട്‌ ത്വവാഫ്‌ ചെയ്യരുതെന്നുമായിരുന്നു പ്രഖ്യാപിച്ചിരുന്നത്‌. ഈ വചനം മുഖേന അവരുടെ പ്രവേശനം പോലും തടയപ്പെട്ടിരിക്കുകയാണ്‌. ഈ നിയമംമൂലം മേല്‍ സൂചിപ്പിച്ചതുപോലെയുള്ള ധനാഗമനമാര്‍ഗം നഷ്‌ടപ്പെട്ട്‌ മക്കക്കാര്‍ക്ക്‌ ദാരിദ്ര്യവും ബുദ്ധിമുട്ടും നേരിട്ടേക്കുമെന്ന്‌ ഭയപ്പെടേണ്ടതില്ല, അവര്‍ക്ക്‌ വേറെ മാര്‍ഗം അല്ലാഹു ഉണ്ടാക്കിത്തരും എന്നത്രെ وَإِنْ خِفْتُمْ عَيْلَةً (നിങ്ങള്‍ വല്ല ഞെരുക്കത്തെയും ഭയപ്പെടുന്നപക്ഷം, അല്ലാഹു നിങ്ങള്‍ക്ക്‌ വഴിയെ ധന്യത നല്‍കുന്നതാണ്‌) എന്ന വാക്യത്തില്‍ അറിയിക്കുന്നത്‌. ഈ വാഗ്‌ദത്തം അല്ലാഹു നിറവേറ്റുകയും ചെയ്‌തിട്ടുണ്ട്‌. മക്കയിലേക്ക്‌ കൃഷിയുല്‍പ്പന്നങ്ങളും, കായ്‌കനികളും ഇറക്കുമതി ചെയ്യപ്പെട്ടിരുന്ന ത്വാഇഫ്‌ തുടങ്ങിയ സ്ഥലങ്ങളെല്ലാം അടുത്ത കാലത്തുതന്നെ ഇസ്‌ലാമിന്‍റെ നാടുകളായി മാറി. ഒരു കാര്‍ഷിക പ്രദേശമായ യമനും ഇസ്‌ലാമിന്‍റെ നാടായിത്തീര്‍ന്നു. അങ്ങനെ, ചുറ്റുപുറങ്ങളിലുള്ളവരെല്ലാം തമ്മില്‍ ആഭ്യന്തര സമാധാനത്തിലും സമ്പര്‍ക്കത്തിലുമായിത്തീരുകയും, ജീവിതമാര്‍ഗങ്ങള്‍ പൂര്‍വ്വാധികം വര്‍ദ്ധിക്കുകയും ചെയ്‌തു.

ഈ വചനത്തിന്‍റെയും കഴിഞ്ഞ 17, 18 വചനങ്ങള്‍, അല്‍ബക്വറഃ 114-ാം വചനം മുതലായവയുടെയും മറ്റു തെളിവുകളുടെയും അടിസ്ഥാനത്തില്‍, മസ്‌ജിദുല്‍ ഹറാമിലും, മററു മുസ്‌ലിം പള്ളികളിലും അമുസ്‌ലിംകള്‍ പ്രവേശിക്കുന്നത്‌ സംബന്ധിച്ച നിയമപരമായ വിശദീകരണങ്ങളില്‍ പണ്‌ഡിതന്മാര്‍ക്കിടയില്‍ വ്യത്യസ്‌തമായ വീക്ഷണങ്ങളും അഭിപ്രായങ്ങളും കാണാം. അവയും, അതതിന്‍റെ ന്യായങ്ങളും തെളിവുകളും ചുരുക്കിയെങ്കിലും വിവരിക്കുന്നപക്ഷം അത്‌ കുറേ ദീര്‍ഘിച്ചു പോകുന്നത്‌ കൊണ്ടും, ഇവിടെ അതിന്‍റെ സ്ഥാനമല്ലാത്തത്‌ കൊണ്ടും ആ ഭാഗത്തേക്ക്‌ നാം തിരിയുന്നില്ല. അവയെപ്പറ്റി മൊത്തത്തിലൊരു ധാരണ ഉണ്ടാകത്തക്ക ചില സൂചനകള്‍ കൊണ്ടു മതിയാക്കാം:

(1) കഅ്‌ബഃയുടെ പരിസരപ്രദേശങ്ങളായ ഹറമില്‍ അമുസ്‌ലിംകള്‍ക്ക്‌ പ്രവേശനം അനുവദിച്ചുകൂടാ. എന്നാല്‍, മുസ്‌ലിംകളുമായി സഖ്യമോ, സന്ധിയോ നിലവിലുള്ളവരോ, അമുസ്‌ലിംകളുടെ പ്രാതിനിധ്യം വഹിച്ചുകൊണ്ടു പ്രത്യേകാവശ്യാര്‍ത്ഥം വരുന്ന ദൂതന്‍മാരോ ആണെങ്കില്‍ ഭരണാധികാരിക്ക്‌ അവരെ പ്രവേശിക്കുവാന്‍ അനുവദിക്കാമെന്ന്‌ ചില പണ്‌ഡിതന്മാര്‍ക്ക്‌ അഭിപ്രായമുണ്ട്‌. ഏതായാലും, ആവശ്യമായ സമയത്തില്‍ കവിഞ്ഞു അവരെ അവിടെ താമസിക്കുവാന്‍ അനുവദിച്ചുകൂടാത്തതാകുന്നു.

(2) ഹറമിന്‌ പുറത്തുള്ള ഹിജാസില്‍ അവര്‍ക്ക്‌ പ്രവേശനം അനുവദിക്കാം. സ്ഥിരവാസത്തിനു അനുവദിച്ചുകൂടാ.

(3) പള്ളികളില്‍ മുസ്‌ലിംകളുടെ സമ്മതപ്രകാരം പ്രവേശിക്കാം. സമ്മതംകൂടാതെ പ്രവേശിച്ചുകൂടാ. സദുദ്ദേശ്യപൂര്‍വ്വമല്ലാത്ത ആവശ്യങ്ങള്‍ക്ക്‌ സമ്മതം നല്‍കുവാനും പാടില്ല.

ഈമാനിന്‍റെയും തൗഹീദിന്‍റെയും (സത്യവിശ്വാസത്തിന്‍റെയും ഏകദൈവ വിശ്വാസത്തിന്‍റെയും) ചിഹ്നങ്ങളും കേന്ദ്രങ്ങളുമാണ്‌ പള്ളികള്‍. മസ്‌ജിദുല്‍ ഹറാമാകട്ടെ, ആ കേന്ദ്രങ്ങളുടെയെല്ലാം കേന്ദ്രസ്ഥാനവുമാണ്‌. എന്നിരിക്കെ, അതിന്‌ കടകവിരുദ്ധമായ വിശ്വാസാചാരങ്ങള്‍ സ്വീകരിക്കുകയും, അതിനെതിരില്‍ വര്‍ത്തിക്കുകയും ചെയ്യുന്നവര്‍ക്ക്‌ അവിടങ്ങളില്‍ പ്രവേശനത്തിനും സൈ്വരവിഹാരത്തിനും അനുവദിക്കുന്നത്‌ നീതിയുക്തമല്ലല്ലോ. അത്‌ ക്രമേണ അവയുടെ പവിത്രതക്കും, അവയുടെ ദൗത്യ ലക്ഷ്യങ്ങള്‍ക്കും ആപത്തായി പരിണമിക്കുകയും ചെയ്യും. അതാണ്‌ നിരോധത്തിലടങ്ങിയ യുക്തിതത്വം.

സൂറത്തിന്‍റെ ആരംഭംതൊട്ട്‌ ഇതേവരെയുള്ള പരാമര്‍ശങ്ങള്‍ മുശ്‌രിക്കുകളെ സംബന്ധിച്ചായിരുന്നു. അടുത്ത വചനം മുതല്‍ അഞ്ചാറു വചനങ്ങളില്‍ വേദക്കാരെ സംബന്ധിക്കുന്ന പ്രസ്‌താവനകളാകുന്നു. അല്ലാഹു പറയുന്നു:-

9:29
  • قَـٰتِلُوا۟ ٱلَّذِينَ لَا يُؤْمِنُونَ بِٱللَّهِ وَلَا بِٱلْيَوْمِ ٱلْـَٔاخِرِ وَلَا يُحَرِّمُونَ مَا حَرَّمَ ٱللَّهُ وَرَسُولُهُۥ وَلَا يَدِينُونَ دِينَ ٱلْحَقِّ مِنَ ٱلَّذِينَ أُوتُوا۟ ٱلْكِتَـٰبَ حَتَّىٰ يُعْطُوا۟ ٱلْجِزْيَةَ عَن يَدٍ وَهُمْ صَـٰغِرُونَ ﴾٢٩﴿
  • യാതൊരു കൂട്ടരോട്‌ നിങ്ങള്‍ യുദ്ധം ചെയ്‌തുകൊള്ളുവിന്‍: അല്ലാഹുവിലാകട്ടെ, അന്ത്യനാളിലാകട്ടെ, അവര്‍ വിശ്വസിക്കുന്നില്ല; അല്ലാഹുവും, അവന്‍റെ റസൂലും നിഷിദ്ധമാക്കിയതിനെ അവര്‍ നിഷിദ്ധമാ (യി സ്വീകരി) ക്കുന്നുമില്ല; യഥാര്‍ത്ഥ മതത്തെ അവര്‍ (മതമായി) ആചരിക്കുന്നുമില്ല; (അതെ,) വേദഗ്രന്ഥം നല്‍കപ്പെട്ടവരില്‍ നിന്ന്‌ (ഇങ്ങിനെയുള്ളവരോട്‌ യുദ്ധം ചെയ്‌തുകൊള്ളുവിന്‍); അവര്‍ നിസ്സാരന്മാരായി (കീഴടങ്ങി) ക്കൊണ്ട്‌ കയ്യോടെ (അഥവാ കഴിവനുസരിച്ച്‌) കപ്പംകൊടുക്കുന്നതുവരെ.
  • قَاتِلُوا നിങ്ങള്‍ യുദ്ധം ചെയ്‌തുകൊള്ളുവിന്‍ الَّذِينَ യാതൊരുവരോട്‌ لَا يُؤْمِنُونَ അവര്‍ വിശ്വസിക്കുന്നില്ല, വിശ്വസിക്കാത്ത بِاللَّهِ അല്ലാഹുവില്‍ وَلَا بِالْيَوْمِ ദിവസത്തിലുമില്ല (ഇല്ലാത്ത) الْآخِرِ അവസാന, അന്ത്യ وَلَا يُحَرِّمُونَ അവര്‍ നിഷിദ്ധമാക്കുന്നുമില്ല, നിഷിദ്ധവുമാക്കാത്ത مَا حَرَّمَ നിഷിദ്ധമാക്കിയതിനെ اللَّهُ وَرَسُولُهُ അല്ലാഹുവും അവന്‍റെ റസൂലും وَلَا يَدِينُونَ അവര്‍ ആചരിക്കുന്നുമില്ല, മതമായി സ്വീകരിക്കുന്നുമില്ലാത്ത دِينَ الْحَقِّ യഥാര്‍ത്ഥ മതത്തെ, സത്യമതാചാരം مِنَ الَّذِينَ യാതൊരുവനില്‍നിന്ന്‌ أُوتُوا الْكِتَابَ (വേദ) ഗ്രന്ഥം നല്‍കപ്പെട്ട حَتَّىٰ يُعْطُوا അവര്‍ കൊടുക്കുന്നതുവരെ الْجِزْيَةَ കപ്പം, ഭരണനികുതി عَن يَدٍ കയ്യോടെ, കൈക്ക്‌, കഴിവോടെ, കഴിവനുസരിച്ച്‌ وَهُمْ അവര്‍ ആയിരിക്കെ صَاغِرُونَ ചെറുതായവര്‍, നിസ്സാരന്മാര്‍, നിന്ദ്യര്‍

വേദഗ്രന്ഥം നല്‍കപ്പെട്ടവരില്‍നിന്ന്‌ അല്ലാഹുവിലും, അന്ത്യദിനത്തിലും വിശ്വസിക്കാതെയും, അല്ലാഹുവും അവന്‍റെ റസൂലും നിഷിദ്ധമാക്കിയ കാര്യത്തെ നിഷിദ്ധമാക്കാതെയും, യഥാര്‍ത്ഥ (സത്യ) മതത്തെ മതമായി ആചരിക്കാതെയും ഇരിക്കുന്നവരോട്‌-അവര്‍ നിസ്സാരന്മാരായി (കീഴടങ്ങി) ക്കൊണ്ട്‌ കയ്യോടെ അഥവാ കഴിവനുസരിച്ചു-കപ്പം കൊടുക്കുന്നത്‌വരെ നിങ്ങള്‍ യുദ്ധം ചെയ്‌തുകൊള്ളുവിന്‍ എന്നത്രെ അല്ലാഹു ഈ വചനത്തില്‍ അറിയിക്കുന്നത്‌.

യഹൂദികളുടെ വിശ്വാസ വഞ്ചനയും, സന്ധി ലംഘനവും നിമിത്തം അവരുമായി ഏറ്റുമുട്ടലും യുദ്ധവും മുമ്പുണ്ടായിട്ടുണ്ടെങ്കിലും വേദക്കാരോട്‌ യുദ്ധം ചെയ്‌തുകൊള്ളുവാനുള്ള കല്‍പന അവതരിക്കുന്നത്‌ ഈ വചനം മുഖേനയാകുന്നു. ഇങ്ങോട്ടു യുദ്ധം ചെയ്യുകയോ, ഇസ്‌ലാമിനെതിരെ അക്രമ മര്‍ദ്ദനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയോ ചെയ്യുന്നവരോടല്ലാതെ-സൗഹൃദത്തിലും സമാധാനത്തിലും വര്‍ത്തിക്കുന്നവരോട്‌ യുദ്ധം ചെയ്‌വാന്‍ ഇസ്‌ലാമില്‍ അനുവാദമില്ല. (2:190 മുതലായ സ്ഥലങ്ങള്‍ നോക്കുക). യഹൂദികളുമായുണ്ടായ ഏറ്റുമുട്ടലുകളെത്തുടര്‍ന്ന്‌ അവരെക്കൊണ്ടുള്ള ശല്യം ഇപ്പോള്‍ ഇല്ലാതായിട്ടുണ്ട്‌. മക്കാ വിജയം, ഹുനൈന്‍, ത്വാഇഫ്‌ എന്നീ യുദ്ധങ്ങളോടുകൂടി മുശ്‌രിക്കുകളെക്കൊണ്ടുള്ള ശല്യം മിക്കവാറും തീര്‍ന്നും പോയിരിക്കുന്നു. ക്രിസ്‌ത്യാനികളുമായി ഇതുവരെ കാര്യമായ സംഘട്ടനങ്ങളൊന്നും ഉണ്ടായിട്ടില്ല. പക്ഷേ, ശാമില്‍ അന്നു ക്രിസ്‌ത്യാനികളുടെ മേല്‍ക്കോയ്‌മ നടത്തിയിരുന്ന റോമക്കാര്‍ ഇസ്‌ലാമിനു നേരെ ഒരാക്രമണം നടത്തുവാന്‍ ഒരുക്കം കൂട്ടിക്കൊണ്ടിരിക്കുന്നുണ്ടായിരുന്നു. ഈ സന്ദര്‍ഭത്തിലാണ്‌ ഈ കല്‍പന അവതരിക്കുന്നത്‌. പ്രസ്‌തുത വിവരം കിട്ടിയപ്പോഴാണ്‌ താഴെ വചനങ്ങളില്‍ കാണുന്ന പ്രകാരം നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തബൂക്കിലേക്ക്‌ പടയെടുത്തതും. ആ പടയെടുപ്പിനുള്ള ഒരു പ്രേരണയായിട്ടാണ്‌ ഈ വചനം നിലകൊള്ളുന്നത്‌.

വേദക്കാരോട്‌ യുദ്ധം ചെയ്‌വാന്‍ കല്‍പിക്കുമാറ്‌ അവരില്‍ നിലവിലുള്ള കുറ്റങ്ങള്‍ കൂടി ഈ വചനത്തില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നു.

(1) അവര്‍ അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുന്നില്ല. വേദക്കാര്‍ നിരീശ്വരവാദികളോ ഭൗതികവാദികളോ ആയതുകൊണ്ടല്ല അത്‌. പക്ഷേ, ശിര്‍ക്കും കുഫ്‌റും കലര്‍ന്നുകൊണ്ടുള്ള വിശ്വാസമേ അവര്‍ക്കുള്ളൂ എന്നത്രെ ഉദ്ദേശ്യം.

(2) അല്ലാഹുവും റസൂലും നിഷിദ്ധമാക്കിയ കാര്യങ്ങളെ അവര്‍ നിഷിദ്ധമായി അംഗീകരിക്കുന്നില്ല. അതായത്‌, അവരുടെ വേദഗ്രന്ഥവും അവരുടെ പ്രവാചകനും മുഖേന അവര്‍ക്ക്‌ വിരോധിക്കപ്പെട്ട കാര്യങ്ങളാകട്ടെ, ക്വുര്‍ആനും നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനി യും മുഖേന വിരോധിക്കപ്പെട്ട കാര്യങ്ങളാകട്ടെ അവര്‍ നിഷിദ്ധമായി ഗണിക്കുന്നില്ല. അവരുടെ മതപുരോഹിതന്മാരും പണ്‌ഡിതന്മാരും അവര്‍ക്ക്‌ നിഷിദ്ധമായി വിധിക്കുന്ന കാര്യങ്ങള്‍ മാത്രമേ അവര്‍ തങ്ങള്‍ക്ക്‌ നിഷിദ്ധമായി കരുതുന്നുള്ളൂ.

(3) അവര്‍ യഥാര്‍ത്ഥ മതത്തെ മതമായി ആചരിക്കുന്നില്ല. അല്ലാഹുവിന്‍റെ പക്കല്‍ സ്വീകാര്യമായ മതം ഇസ്‌ലാമാകുന്ന ഏക മതമാണല്ലോ. ഇസ്‌ലാമിന്‍റെ അടിത്തറക്ക്‌ പോലും വിരുദ്ധമായ വിശ്വാസാചാരങ്ങളാല്‍ മലീമസമാണ്‌ അവര്‍ ആചരിച്ചുവരുന്ന മതം. യഥാര്‍ത്ഥ ഇസ്‌ലാം മതമായിരുന്നു അവര്‍ അനുഷ്‌ഠിച്ചു വരുന്നതെങ്കില്‍- അഥവാ അതിനവര്‍ തയ്യാറാവുകയാണെങ്കില്‍-നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനി യില്‍ ഏറ്റവും ആദ്യം വിശ്വസിക്കേണ്ടത്‌ അവരായിരുന്നുവല്ലോ. എല്ലാ പ്രവാചകന്മാരും പ്രബോധനം ചെയ്‌ത മതം ഇസ്‌ലാമാണെന്നിരിക്കെ, ചില പ്രവാചകന്മാരില്‍ വിശ്വസിക്കുകയും, ചില പ്രവാചകന്മാരെ- അന്ത്യപ്രവാചകനെ വിശേഷിച്ചും- നിഷേധിക്കുകയും ചെയ്‌വാന്‍ നിവൃത്തിയില്ലതാനും. സത്യമാര്‍ഗത്തില്‍ നിന്ന്‌ വേദക്കാര്‍ വ്യതിചലിച്ചു പോകുവാനുള്ള മൂലകാരണങ്ങള്‍ അടുത്ത വചനങ്ങളില്‍ കാണാവുന്നതാണ്‌.

വേദക്കാര്‍ മുസ്‌ലിംകള്‍ക്ക്‌ കപ്പം കൊടുക്കാന്‍ തയ്യാറായാല്‍ അവരോട്‌ യുദ്ധം ചെയ്‌തുകൂടാ എന്നാണ്‌ حَتَّىٰ يُعْطُوا الْجِزْيَةَ (അവര്‍ കപ്പം കൊടുക്കുന്നതുവരെ) എന്ന വാക്യം അറിയിക്കുന്നത്‌. ഹജര്‍ (هجر) എന്ന സ്ഥലത്തെ ‘മജൂസി’കളില്‍ (അഗ്നിയാരാധകന്മാരില്‍) നിന്ന്‌ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) കപ്പം സ്വീകരിച്ചതായും, അവരോടും വേദക്കാരോട്‌ സ്വീകരിക്കപ്പെടുന്ന നടപടി സ്വീകരിക്കേണ്ടതാണെന്ന്‌ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞതായും ഹദീഥില്‍ വന്നിരിക്കുന്നു. അതുകൊണ്ട്‌ വേദക്കാരായ യഹൂദികളില്‍നിന്നും, ക്രിസ്‌ത്യാനികളില്‍ നിന്നും, മജൂസികളില്‍നിന്നും കപ്പം ഉള്ളതില്‍ പണ്‌ഡിതന്മാര്‍ക്കിടയില്‍ പറയത്തക്ക അഭിപ്രായ വ്യത്യാസമൊന്നുമില്ല. മുശ്‌രിക്കുകളില്‍നിന്നും, മറ്റുള്ള അവിശ്വാസികളില്‍നിന്നും കപ്പം വാങ്ങാമോ എന്നുള്ളതില്‍ പണ്‌ഡിതന്മാര്‍ക്കിടയില്‍ രണ്ടുപക്ഷമാണുള്ളത്‌. ആഇശഃ (رضي الله عنها)യില്‍ നിന്നു ബുറൈദഃ (റ) ഉദ്ധരിച്ചതും മുസ്‌ലിം (رحمه الله) രേഖപ്പെടുത്തിയതുമായ ഒരു ഹദീഥില്‍, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) സൈന്യങ്ങളെ അയക്കുമ്പോള്‍, അവരുടെ നായകന്മാര്‍ക്ക്‌ നല്‍കുന്ന ഉപദേശങ്ങളില്‍ ഒന്നുകില്‍ ശത്രുക്കള്‍ ഇസ്‌ലാമിനെ സ്വീകരിക്കുക, അല്ലെങ്കില്‍ കപ്പം നല്‍കുക, രണ്ടും ചെയ്യാത്തപക്ഷം യുദ്ധം ചെയ്യുക എന്ന്‌ പറഞ്ഞതായി കാണാം. ഇതിനെ ആസ്‌പദമാക്കി എല്ലാ അവിശ്വാസികളില്‍നിന്നും കപ്പം സ്വീകരിക്കാമെന്നാണ്‌ ഒരു വിഭാഗത്തിന്‍റെ അഭിപ്രായം. വിശദീകരണത്തിന്‍റെ സ്ഥാനം ഫിക്വ്‌ഹ്‌ ഗ്രന്ഥങ്ങളത്രെ.

ഒരുതരം ഭരണ നികുതിയാണ്‌ കപ്പം (الْجِزْيَة). കപ്പം നല്‍കുവാന്‍ നിശ്ചയിക്കുന്നതോടുകൂടി അവരുടെ ഭരണഭാരവും, സംരക്ഷണത്തിന്‍റെ ചുമതലയും മുസ്‌ലിംകളുടെ മേല്‍ ഭവിക്കുന്നു. ഇതിന്‍റെ പേരില്‍ ഈടാക്കപ്പെടുന്ന ഒരു തുച്ഛസംഖ്യമാത്രമാണത്‌. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യും, ആദ്യകാല ഖലീഫഃമാരും (ഖുലഫാഉ-ര്‍-റാശിദൂന്‍) വേദക്കാരില്‍നിന്ന്‌ ഈടാക്കിയിരുന്ന കപ്പങ്ങളുടെ തോത്‌ പരിശോധിച്ചാല്‍ ഏറെക്കുറെ ഒരു സാധാരണക്കാരന്‍റെ മേല്‍ കൊല്ലത്തില്‍ പന്ത്രണ്ടു ദിര്‍ഹം (വെള്ളിപ്പണം) മാത്രമായിരുന്നു (*) കപ്പം ചുമത്തപ്പെട്ടിരുന്നത്‌. ധനികന്മാരുടെ പേരില്‍ അല്‍പം കൂടുതല്‍ ചുമത്തപ്പെട്ടെന്നും വരും. പലപ്പോഴും നാണയത്തിന്‌ പകരം അതതു സ്ഥലങ്ങളിലെ ഉല്‍പ്പന്നങ്ങളായി അത്‌കൊടുത്തു തീര്‍ക്കുവാനുള്ള വ്യവസ്ഥയും ഉണ്ടായിരിക്കും. കപ്പം കൊടുത്തു കീഴടങ്ങുന്നവര്‍ ‘ദിമ്മികള്‍’ (اهل الذمة) അഥവാ മുസ്‌ലിംകളാല്‍ ഉത്തരവാദിത്വം ഏല്‍ക്കപ്പെട്ടവര്‍ എന്ന പേരില്‍ അറിയപ്പെടുന്നു. ഇവരെപ്പറ്റി മുസ്‌ലിംകള്‍ക്കുള്ള ഉത്തരവാദിത്വം എത്രത്തോളമുണ്ടെന്ന്‌ അനുമാനിക്കാന്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ ഒരേ ഒരു ഹദീഥ്‌ മതിയാകുന്നതാണ്‌. ഇബ്‌നു ഉമര്‍ (رضي الله عنه) ഉദ്ധരിച്ച ആ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) വചനം ഇതാകുന്നു: ‘സമാധാന ഉടമ്പടി ചെയ്‌ത ഒരാളെ ആരെങ്കിലും കൊലപ്പെടുത്തിയാല്‍ അവന്‌ സ്വര്‍ഗത്തിന്‍റെ വാസന ലഭിക്കുകയില്ല. അതിന്‍റെ വാസനയാകട്ടെ, നാല്‍പത്‌ കൊല്ലത്തെ ദൂരത്ത്‌ നിന്നുണ്ടാകുന്നതുമാകുന്നു’. (ബു.) അതോടുകൂടി, അവരുടെ മതാചാരങ്ങളിലും, വിശ്വാസ സിദ്ധാന്തങ്ങളിലും അവര്‍ തികച്ചും സ്വതന്ത്രരുമായിരിക്കും.

കപ്പം നല്‍കുന്നതിനെപ്പറ്റി രണ്ടു ഉപാധികള്‍ അല്ലാഹു എടുത്തുകാണിച്ചിരിക്കുന്നു.

(1) عن يد (കയ്യോടെ) എന്നും (2) وهم صاغرون (അവര്‍ നിസ്സാരന്മാരായിക്കൊണ്ട്‌) എന്നും. يد (യദുന്‍) എന്ന വാക്കിന്‌ സാക്ഷാല്‍ അര്‍ത്ഥം ‘കൈ’ എന്നാണെങ്കിലും ‘കഴിവ്‌, അനുഗ്രഹം, പങ്ക്‌, അധികാരം’ എന്നിങ്ങിനെയും സന്ദര്‍ഭമനുസരിച്ചു അതിന്‌ അര്‍ത്ഥങ്ങള്‍ വരാറുണ്ട്‌. عن (അന്‍) എന്ന അവ്യയവും അതുപോലെ പല അര്‍ത്ഥത്തിലും ഉപയോഗിക്കപ്പെടും. അതിനാല്‍ ഒന്നാമത്തെ ഉപാധിയായ عَنْ يَدٍ (അന്‍യദിന്‍) എന്ന വാക്കിന്‌ ‘കഴിവനുസരിച്ചു, റൊക്കമായ്‌ക്കൊണ്ട്‌, കീഴൊതുങ്ങിക്കൊണ്ട്‌, ഒരു മുടക്കം കൂടാതെ, (മുസ്‌ലിംകളുടെ വക) അനുഗ്രഹമായിട്ട്‌’ എന്നിങ്ങനെയൊക്കെ അര്‍ത്ഥം കല്‍പിക്കപ്പെട്ടിട്ടുണ്ട്‌. ഓരോ നിലക്ക്‌ എല്ലാ അര്‍ത്ഥവും പരിഗണനാര്‍ഹമാണെങ്കിലും ആദ്യത്തെ രണ്ടര്‍ത്ഥങ്ങളാണ്‌ കൂടുതല്‍ നന്നായിത്തോന്നുന്നത്‌. അല്ലാഹുവിനറിയാം. ഒന്നാമത്തെ അര്‍ത്ഥ പ്രകാരം അവരുടെ കഴിവനുസരിച്ചായിരിക്കണം കപ്പം വാങ്ങുന്നതെന്നും, രണ്ടാമത്തെ അര്‍ത്ഥപ്രകാരം അത്‌ കടമായിരുന്നാല്‍ പോര -റൊക്കം തന്നെ നല്‍കണം- എന്നും സാരമായിരിക്കും. صَاغِرُون (സ്വാഗിറൂന്‍) എന്ന വാക്കിന്‌ പദാര്‍ത്ഥം ‘ചെറുതായവര്‍’ എന്നാണെങ്കിലും ‘നിസ്സാരന്‍മാര്‍, കീഴൊതുങ്ങിയവര്‍, നിന്ദ്യന്മാര്‍’ എന്നൊക്കെയുള്ള ഉദ്ദേശ്യത്തില്‍ അത്‌ ഉപയോഗിക്കപ്പെടുന്നു. ഈ ഉദ്ദേശ്യാര്‍ത്ഥങ്ങളെ അടിസ്ഥാനമാക്കിക്കൊണ്ടുള്ള ചില വിശദാംശങ്ങളിലും പണ്‌ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായവ്യത്യാസങ്ങള്‍ കാണാം. സാമാന്യമായിപ്പറഞ്ഞാല്‍, കഴിവനുസരിച്ചും, റൊക്കമായും മുസ്‌ലിംകള്‍ക്ക്‌ കീഴൊതുങ്ങിക്കൊണ്ടും, ഇസ്‌ലാമിക ഭരണത്തിന്‌ വഴങ്ങിക്കൊണ്ടുമായിരിക്കണം കപ്പം കൊടുക്കുന്നത്‌ എന്ന്‌ ചുരുക്കം الّله اعلم


(*) ഒരു ദിര്‍ഹം – ഏകദേശം 3 ഗ്രാം വെള്ളി.

വിഭാഗം - 5

9:30
  • وَقَالَتِ ٱلْيَهُودُ عُزَيْرٌ ٱبْنُ ٱللَّهِ وَقَالَتِ ٱلنَّصَـٰرَى ٱلْمَسِيحُ ٱبْنُ ٱللَّهِ ۖ ذَٰلِكَ قَوْلُهُم بِأَفْوَٰهِهِمْ ۖ يُضَـٰهِـُٔونَ قَوْلَ ٱلَّذِينَ كَفَرُوا۟ مِن قَبْلُ ۚ قَـٰتَلَهُمُ ٱللَّهُ ۚ أَنَّىٰ يُؤْفَكُونَ ﴾٣٠﴿
  • യഹൂദികള്‍ പറയുന്നു: ഉസൈര്‍ അല്ലാഹുവിന്‍റെ പുത്രനാണ്‌ എന്ന്‌; ക്രിസ്‌ത്യാനികള്‍ പറയുന്നു; മസീഹ്‌ (ഈസാ) അല്ലാഹുവിന്‍റെ പുത്രനാണ്‌ എന്ന്‌. അത്‌ അവരുടെ വായകൊണ്ടു (പറഞ്ഞുവരാറു) ള്ള വാക്കത്രെ. മുമ്പ്‌ അവിശ്വസിച്ചവരുടെ വാക്കിനോട്‌ ഇവര്‍ സാമ്യം പുലര്‍ത്തിക്കൊണ്ടിരിക്കുന്നു. അല്ലാഹു അവരെ നശിപ്പിക്കട്ടെ [ശപിക്കട്ടെ]! എങ്ങിനെയാണവര്‍ (സത്യത്തില്‍ നിന്ന്‌) തെറ്റിക്കപ്പെടുന്നത്‌ (ആശ്ചര്യം) !
  • وَقَالَتِ പറഞ്ഞു, പറയുന്നു الْيَهُودُ യഹൂദികള്‍ عُزَيْرٌ ഉസൈര്‍ ابْنُ اللَّهِ അല്ലാഹുവിന്‍റെ പുത്രനാണ്‌, മകനാണ്‌ (എന്ന്‌) وَقَالَتِ പറഞ്ഞു, പറയുന്നു النَّصَارَى ക്രിസ്‌ത്യാനി (നസ്വ്‌റാനികള്‍) الْمَسِيحُ മസീഹ്‌ ابْنُ اللَّهِ അല്ലാഹുവിന്‍റെ പുത്രനാണ്‌ (എന്ന്‌) ذَٰلِكَ قَوْلُهُم അത്‌ അവരുടെ വാക്കാണ്‌, അവര്‍ പറയുന്നതാണ്‌ بِأَفْوَاهِهِمْ അവരുടെ വായകള്‍ കൊണ്ട്‌ يُضَاهِئُونَ അവര്‍ അനുകരിക്കുന്നു, സാമ്യംപുലര്‍ത്തുന്നു قَوْلَ വാക്കിനെ, പറയുന്നതിനെ الَّذِينَ كَفَرُوا അവിശ്വസിച്ചവരുടെ مِن قَبْلُ മുമ്പ്‌, മുമ്പേ قَاتَلَهُمُ അവരോട്‌ യുദ്ധം ചെയ്യട്ടെ (നശിപ്പിക്കട്ടെ-ശപിക്കട്ടെ) اللَّهُ അല്ലാഹു أَنَّىٰ എങ്ങിനെയാണ്‌, എവിടെ നിന്നാണ്‌ يُؤْفَكُونَ അവര്‍ തെറ്റിക്ക (തിരിച്ചുവിട) പ്പെടുന്നത്‌

വേദക്കാരുടെ പൊതുനിലയെപ്പറ്റി ചിലതെല്ലാം കഴിഞ്ഞ വചനത്തില്‍ ചൂണ്ടിക്കാട്ടി. മതത്തിന്‍റെ അടിത്തറ തന്നെ പൊളിച്ചു കളയുമാറ്‌ അവരില്‍ ഓരോ വിഭാഗക്കാരും സ്വീകരിച്ചുവരുന്ന വിശ്വാസങ്ങളെയാണ്‌ ഈ വചനത്തില്‍ ചൂണ്ടിക്കാട്ടുന്നത്‌. ഉസൈന്‍ (رضي الله عنه) അല്ലാഹുവിന്‍റെ പുത്രനാണെന്ന്‌ യഹൂദികളും, ഈസാ മസീഹ്‌ (عليه السلام) അല്ലാഹുവിന്‍റെ പുത്രനാണെന്ന്‌ ക്രിസ്‌ത്യാനികളും വാദിക്കുന്നു. ഈസാ നബി (عليه السلام)യെപ്പറ്റി ക്രിസ്‌ത്യാനികളുടെ ഈ വാദം സുപ്രസിദ്ധമാണ്‌. ഇതിനെപ്പറ്റി സൂറത്തുല്‍ മാഇദഃയില്‍ വെച്ചും മറ്റും നാം പല വിവരങ്ങളും കാണുകയും ചെയ്‌തു. എന്നാല്‍, ഉസൈര്‍ (عليه السلام) നെക്കുറിച്ച്‌ യഹൂദികളുടെ ഈ വാദം അത്രതന്നെ പ്രസിദ്ധമല്ല. താഴെ കാണുന്ന വിവരണത്തില്‍ നിന്ന്‌ മനസ്സിലാക്കാവുന്നതുപോലെ, ഒരു വിഭാഗം യഹൂദികളുടെ വാദമായിരുന്നു അത്‌. ക്രമേണ അതവരില്‍ പ്രചാരത്തിലായി. ഒരു സമുദായത്തെപ്പറ്റി പൊതുവെ പ്രസ്‌താവിക്കുമ്പോള്‍, അവരില്‍ ഒരു വിഭാഗത്തിന്‍റെ ഗുണദോഷങ്ങളെ സമുദായത്തിന്‍റെ പൊതുവെയുള്ള ഗുണദോഷങ്ങളെന്ന നിലക്ക്‌ പ്രസ്‌താവിക്കുക പതിവാണല്ലോ. ഈ പതിവ്‌ ക്വുര്‍ആനിലും കാണാം.

വേദക്കാരെന്ന നിലക്ക്‌ അങ്ങേ അറ്റം ദുഷിച്ച ഇത്തരം വിശ്വാസങ്ങളും വാദങ്ങളും ഉണ്ടാകുവാന്‍ പാടില്ലാത്തതാണ്‌.പക്ഷേ, വേദഗ്രന്ഥങ്ങളുമായി ബന്ധമില്ലാത്ത അവിശ്വാസികള്‍ തങ്ങളുടെ മതസിദ്ധാന്തങ്ങളായി മുമ്പേ കെട്ടിയുണ്ടാക്കി സ്വീകരിച്ചുവരുന്ന പല വ്യാജ സിദ്ധാന്തങ്ങളെയും വേദക്കാര്‍ അനുകരിച്ചു വരുന്നുണ്ട്‌. അവയിലൊന്നാണ്‌ അവരുടെ ഈ പുത്രവാദങ്ങളുമെന്ന്‌ അല്ലാഹു ചൂണ്ടിക്കാട്ടുന്നു. അറേബ്യയിലെ മുശ്‌രിക്കുകള്‍ മലക്കുകള്‍ അല്ലാഹുവിന്‍റെ പുത്രിമാരാണെന്ന്‌ വാദിച്ചിരുന്നു. ഹിന്ദുക്കള്‍ ശ്രീകൃഷ്‌ണനെയും, ബുദ്ധമതക്കാര്‍ ബുദ്ധനെയും ദൈവപുത്രന്മാരായി ഗണിക്കുന്നു. ബഹുദൈവാരാധകരും വിഗ്രഹാരാധകരുമായ മിക്ക വിഭാഗങ്ങളിലും ഇതുപോലെയുള്ള ദൈവപുത്ര-പുത്രീ വാദങ്ങള്‍ കാണാം. (*) സത്യത്തിന്‌ കടകവിരുദ്ധമായ ഒരു വാദം കെട്ടിയുണ്ടാക്കിയെന്ന്‌ മാത്രമല്ല, ദൈവീകമതവുമായി നാമമാത്രബന്ധം പോലുമില്ലാത്ത അവിശ്വാസികളുടെ വാദങ്ങളെ അവര്‍ അനുകരിക്കുകയും, അതില്‍നിന്ന്‌ പ്രചോദനം കൊള്ളുകയും ചെയ്യുന്നു. ഇതില്‍ അല്ലാഹുവിന്‌ അവരോടുള്ള അമര്‍ഷവും കഠിനമായ പ്രതിഷേധവുമാണ്‌ അവസാനത്തെ രണ്ടു വാക്യങ്ങളില്‍ കാണുന്നത്‌. قَاتَل എന്ന പദം ‘യുദ്ധം ചെയ്‌തു’ എന്ന അര്‍ത്ഥത്തില്‍ ഭൂതകാല ക്രിയാരൂപത്തിലുള്ളതാണെങ്കിലും ‘ശപിക്കട്ടെ, നശിക്കട്ടെ’ എന്നിങ്ങനെയുള്ള പ്രാര്‍ത്ഥനാ രൂപത്തിലാണ്‌-ആശ്ചര്യവും പ്രതിഷേധവും പ്രകടിപ്പിച്ചുകൊണ്ടുള്ള ഇത്തരം സന്ദര്‍ഭങ്ങളില്‍- അത്‌ ഉപയോഗിക്കപ്പെടുന്നത്‌.


(*) ക്രിസ്‌തുമതവും ഹിന്ദുമതവും തമ്മില്‍ ഒരു താരതമ്യം നടത്തിക്കൊണ്ട്‌ അല്‍ഉസ്‌താദ്‌ തൗഫീക്വ്‌ അലി വഹ്‌ബഃ എന്ന പണ്‌ഡിതന്‍, റബാത്ത്വില്‍ (മൊറോക്കോ) നിന്നു പ്രസിദ്ധീകരിക്കപ്പെടുന്ന ‘ദഅ്‌വത്തുല്‍-ഹക്വ്‌’ (دَعْوَةُ الحَق) എന്ന മാസികയുടെ 6-ാം പുസ്‌തകം 16-ാം ലക്കത്തില്‍ ഇരുകൂട്ടരുടെയും വിശ്വാസാചാരങ്ങളെ സംബന്ധിച്ചു അവരുടെ ആധികാരിക ഗ്രന്ഥങ്ങളില്‍നിന്നു മാത്രം തൊണ്ണൂറില്‍പരം ഉദ്ധരണികള്‍ നിരത്തിക്കൊണ്ട്‌ ഒരു പഠനം നടത്തിയതായിക്കാണാം. ഈസാ (عليه السلام) ദൈവപുത്രനാണെന്ന ക്രിസ്‌തീയ വാദം ഹിന്ദുമതത്തിന്‍റെ പരിപൂര്‍ണമായ അനുകരണമാണെന്ന്‌ അദ്ദേഹം അതില്‍ അസന്നിഗ്‌ധമായി സ്ഥാപിച്ചിട്ടുണ്ട്‌.


ബൈബ്‌ളില്‍ എസ്രാ എന്ന പേരിലാണു ഉസൈര്‍ (عُزَيْر) അറിയപ്പെടുന്നത്‌. അദ്ദേഹത്തെപ്പറ്റി ചില ക്വുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥങ്ങളിലും, വേദപുസ്‌തക ചരിത്രങ്ങളിലും പ്രസ്‌താവിച്ചുകാണുന്നതിന്‍റെ രത്‌നച്ചുരുക്കം ഇതാണ്‌: അദ്ദേഹം യഹൂദികളിലെ വേദശാസ്‌ത്ര വിദഗ്‌ധനും ഒരു എഴുത്തുകാരനുമായിരുന്നു. ബാബിലോണിയക്കാര്‍ യഹൂദികളെ അക്രമിച്ചു രാജ്യം നശിപ്പിക്കുകയും, അവരെ ബാബിലോണിയയിലേക്ക്‌ ബന്ധനസ്ഥരാക്കി കൊണ്ടുപോവുകയും ചെയ്‌തതോടെ, തൗറാത്തിന്‍റെ വിജ്ഞാനങ്ങള്‍ അവരില്‍നിന്ന്‌ നഷ്‌ടപ്പെട്ടുപോയി. അദ്ദേഹം തന്‍റെ ഓര്‍മയില്‍നിന്നും മറ്റുമായി അതു വീണ്ടും എഴുതി പുനരുദ്ധരിച്ചു. തൗറാത്തിന്‍റെ മൂലഭാഷയായിരുന്ന ഹിബ്രു (عبْرَانِيَة) ഭാഷ യഹൂദികളില്‍നിന്ന്‌ മിക്കവാറും വിസ്‌മരിക്കപ്പെട്ടുപോയിരുന്നത്‌ നിമിത്തം അല്‍പം ഹിബ്രുവും കലര്‍ത്തിക്കൊണ്ട്‌ ബാബിലോണിയന്‍ ഭാഷയായ കല്‍ദേയ (كَلْدَانِيَة) ഭാഷയിലായിരുന്നു അദ്ദേഹം അതെഴുതിയിരുന്നത്‌. പിന്നീട്‌ തൗറാത്തിന്‍റെ യഥാര്‍ത്ഥ പകര്‍പ്പ്‌ കണ്ടുകിട്ടിയപ്പോള്‍ അദ്ദേഹം എഴുതിയുണ്ടാക്കിയിരുന്ന പകര്‍പ്പ്‌ ശരി തന്നെയാണെന്ന്‌ മനസ്സിലായി. ബൈബ്‌ളിലെ എസ്രാ, നെഹെമ്യാവൂ, ദിനവൃത്താന്തം എന്നീ ഗ്രന്ഥങ്ങളുടെ രചയിതാവ്‌ അദ്ദേഹമാകുന്നു. (*) ബാബിലോണിയയില്‍നിന്ന്‌ യഹൂദികളെ മോചിപ്പിച്ചു സ്വദേശമായ യരുശലേമില്‍ (ബൈത്തുല്‍ മുക്വദ്ദസില്‍) തിരിച്ചു കൊണ്ടുവരുവാനും, അവരില്‍ നിന്ന്‌ നശിച്ചുപോയിരുന്ന വേദവിജ്ഞാനവും മത സംസ്‌ക്കാരവും പുനരുജ്ജീവിപ്പിക്കുവാനും അദ്ദേഹം വമ്പിച്ച പരിശ്രമങ്ങള്‍ നടത്തി. അതില്‍ അദ്ദേഹം വിജയിക്കുകയും ചെയ്‌തു. ക്രിസ്‌ത്വബ്‌ദത്തിനു മുമ്പ്‌ അഞ്ചാം നൂറ്റാണ്ടിലായിരുന്നു അദ്ദേഹത്തിന്‍റെ കാലം. അദ്ദേഹം യഹൂദീ പ്രവാചകന്മാരില്‍പ്പെട്ട ഒരു പ്രവാചകനായിരുന്നു. മേല്‍ പ്രസ്‌താവിച്ച അദ്ദേഹത്തിന്‍റെ മഹല്‍ കൃത്യങ്ങളെയും യോഗ്യതകളെയും മുന്‍നിറുത്തി യഹൂദികളില്‍ ഒരു വിഭാഗം അദ്ദേഹത്തെ ദൈവപുത്രനായിക്കരുതുകയും വിശ്വസിക്കുകയും ചെയ്‌തു. (**)


(*) അദ്ദേഹം വേറെയും പല ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ടെന്നും, അവയെല്ലാം ‘അപ്പൊക്രീഫാ’ എന്നറിയപ്പെടുന്ന പുറംതള്ളപ്പെട്ട വേദഗ്രന്ഥങ്ങളില്‍ ഉള്‍പ്പെടുത്തപ്പെട്ടിരിക്കുകയാണെന്നും പറയപ്പെടുന്നു. വാസ്‌തവം അല്ലാഹുവിനറിയാം.

(**) ദൈവപുത്രനാക്കിയെന്നതൊഴിച്ചു ബാക്കിയുള്ള പ്രസ്‌തുത വിവരണം ഏറെക്കുറെ വേദപുസ്‌തക നിഘണ്ടുവിലും കാണാം.


ഇബ്‌നു ഇസ്‌ഹാക്വ്‌, ഇബ്‌നു ജരീര്‍ (رحمه الله) മുതലായവര്‍ ഇബ്‌നു അബ്ബാസ്‌ (رضي الله عنه)ല്‍ നിന്നുദ്ധരിച്ച ഒരു രിവായത്തില്‍, സലാമുബ്‌നു മുശ്‌കം (سَلَام بن مُشْكَم) തുടങ്ങിയ ചില യഹൂദീ പ്രമുഖന്മാര്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യോട്‌ ഇപ്രകാരം പറഞ്ഞതായി വന്നിരിക്കുന്നു: ‘താങ്കളെ ഞങ്ങള്‍ എങ്ങിനെ പിന്‍പറ്റും?! ഞങ്ങളുടെ ക്വിബ്‌ലഃയെ താങ്കള്‍ വിട്ടുകളഞ്ഞു. ഉസൈര്‍ അല്ലാഹുവിന്‍റെ പുത്രനാണെന്ന്‌ താങ്കള്‍ പറയുന്നുമില്ല.’ ഈ രിവായത്തില്‍നിന്ന്‌ ക്വുര്‍ആന്‍ അവതരിക്കുന്ന കാലത്ത്‌ മദീനയിലെ യഹൂദികള്‍ ആ വിശ്വാസക്കാരായിരുന്നുവെന്ന്‌ മനസ്സിലാക്കാവുന്നതാണ്‌. വേദക്കാരുടെ വഴിപിഴവുകള്‍ക്ക്‌ അടിസ്ഥാനപരമായ മറ്റൊരു കാരണം അടുത്ത വചനത്തില്‍ അല്ലാഹു വിവരിക്കുന്നു. പൂര്‍വ്വീകരായ അവിശ്വാസികളെ അവര്‍ അനുകരിക്കുകയാണെന്നുള്ളതിന്‌ ഒരു വിശദീകരണം കൂടിയാണത്‌. അല്ലാഹു പറയുന്നു:-

9:31
  • ٱتَّخَذُوٓا۟ أَحْبَارَهُمْ وَرُهْبَـٰنَهُمْ أَرْبَابًا مِّن دُونِ ٱللَّهِ وَٱلْمَسِيحَ ٱبْنَ مَرْيَمَ وَمَآ أُمِرُوٓا۟ إِلَّا لِيَعْبُدُوٓا۟ إِلَـٰهًا وَٰحِدًا ۖ لَّآ إِلَـٰهَ إِلَّا هُوَ ۚ سُبْحَـٰنَهُۥ عَمَّا يُشْرِكُونَ ﴾٣١﴿
  • തങ്ങളുടെ പണ്‌ഡിതന്മാരെയും, തങ്ങളുടെ പുരോഹിതന്‍മാരെയും അല്ലാഹുവിന്‌ പുറമെ അവര്‍ റബ്ബുകളാക്കിവെച്ചു. മര്‍യമിന്‍റെ മകന്‍ മസീഹിനെയും (റബ്ബാക്കി വെച്ചു). ഒരേ ഇലാഹിനെ [ആരാധ്യനെ] ആരാധിക്കുവാനല്ലാതെ അവരോട്‌ കല്‍പിക്കപ്പെട്ടിട്ടില്ലതാനും. അവനല്ലാതെ ഒരു ആരാധ്യനേ ഇല്ല. അവര്‍ പങ്കുചേര്‍ക്കുന്നതില്‍ നിന്നും അവന്‍ എത്രയോ പരിശുദ്ധന്‍!
  • اتَّخَذُوا അവര്‍ ആക്കിവെച്ചു, ആക്കിത്തീര്‍ത്തു, ഏര്‍പ്പെടുത്തി أَحْبَارَهُمْ അവരുടെ മതപണ്‌ഡിതന്മാരെ وَرُهْبَانَهُمْ അവരുടെ പുരോഹിതന്മാരെയും أَرْبَابًا റബ്ബുകള്‍ مِّن دُونِ പുറമെ, കൂടാതെ اللَّهِ അല്ലാഹുവിന്‌, അല്ലാഹുവിനെ وَالْمَسِيحَ മസീഹിനെയും ابْنَ مَرْيَمَ മര്‍യമിന്‍റെ മകന്‍, പുത്രനായ وَمَا أُمِرُوا അവര്‍ (അവരോട്‌) കല്‍പിക്കപ്പെട്ടിട്ടുമില്ല إِلَّا لِيَعْبُدُوا അവര്‍ ആരാധിക്കുവാനല്ലാതെ إِلَٰهًا وَاحِدًا ഒരേ (ഏക) ഇലാഹിനെ لَّا إِلَٰهَ ഒരു ആരാധ്യനുമില്ല, ഇലാഹേ ഇല്ല إِلَّا هُوَ അവനല്ലാതെ سُبْحَانَهُ അവന്‍ മഹാ (എത്രയോ) പരിശുദ്ധന്‍ عَمَّا യാതൊന്നില്‍നിന്ന്‌ يُشْرِكُونَ അവര്‍ പങ്കുചേര്‍ക്കുന്ന

യഹൂദികളിലുള്ള മതപണ്‌ഡിതന്മാരും വേദശാസ്‌ത്രികളുമായ ആളുകള്‍ക്ക്‌ أَحْبَار (അഹ്‌ബാര്‍) എന്നും, ക്രിസ്‌ത്യാനികളില്‍ തപസ്സും സന്യാസവും സ്വീകരിച്ചുവരുന്ന പുരോഹിതന്മാര്‍ക്ക്‌ رُهْبَان (റുഹ്‌ബാന്‍) എന്നും പറയപ്പെടാറുണ്ട്‌. ഭാഷാര്‍ത്ഥം നോക്കുമ്പോള്‍ എല്ലാ പണ്‌ഡിതന്മാര്‍ക്കും പുരോഹിതന്മാര്‍ക്കും പൊതുവെ അവ ഉപയോഗിക്കാവുന്നതുമാകുന്നു. ഇവിടെ, യഹൂദികളും, ക്രിസ്‌ത്യാനികളുമാകുന്ന വേദക്കാരിലുള്ള പണ്‌ഡിതന്മാരെയും പുരോഹിതന്മാരെയും അവര്‍ റബ്ബുകളാക്കിയതിനെക്കുറിച്ചത്രെ അല്ലാഹു പ്രസ്‌താവിക്കുന്നത്‌. ‘അവര്‍ അവരെ റബ്ബുകളാക്കി’ എന്ന്‌ പറഞ്ഞത്‌- ഇമാം റാസീ (رحمه الله)യും മറ്റും ചൂണ്ടിക്കാട്ടിയതുപോലെ- അവര്‍ അവരെ ദൈവങ്ങളാക്കി അവര്‍ക്ക്‌ ആരാധന നടത്തിവന്നിരുന്നുവെന്നര്‍ത്ഥത്തിലല്ല. താഴെ ഉദ്ധരിക്കുന്ന ഹദീഥില്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) വ്യക്തമാക്കിയതുപോലെ, അവര്‍ അവര്‍ക്ക്‌ മതനിയമ നിര്‍മാണാധികാരം വകവെച്ചു കൊടുക്കുകയും, അവര്‍ നിര്‍മിക്കുന്ന നിയമങ്ങളെ അവര്‍ തങ്ങളുടെ യഥാര്‍ത്ഥ മതനിയമങ്ങളായി അംഗീകരിച്ചു പോരുകയും ചെയ്‌തുവെന്ന അര്‍ത്ഥത്തിലാകുന്നു. വാസ്‌തവത്തില്‍ ഇതിനു പുറമെ, വേദക്കാര്‍ (താഴെ ചൂണ്ടിക്കാട്ടുന്നപോലെ) അവരുടെ പണ്‌ഡിത പുരോഹിതന്മാരില്‍ ഓരോ തരത്തിലുള്ള ദിവ്യത്വം കല്‍പിച്ചുവരുന്നതായും കാണാവുന്നതാകുന്നു.

ഇമാം അഹ്‌മദ്‌, തിര്‍മദീ, ഇബ്‌നു ജരീര്‍ (رَحِمَهُمُ الله) എന്നിവര്‍ പല മാര്‍ഗങ്ങളിലൂടെയും അദിയ്യുബ്‌നു ഹാതിമുത്ത്വാഈ (عديّ بن حاتم الطائى رض) യെക്കുറിച്ചു ഇപ്രകാരം നിവേദനം ചെയ്‌തിരിക്കുന്നു: ‘അദ്ദേഹത്തെ ഇസ്‌ലാമിലേക്ക്‌ ക്ഷണിച്ചുകൊണ്ട്‌ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനി യുടെ ക്ഷണം വന്നപ്പോള്‍ അദ്ദേഹം ശാമിലേക്ക്‌ ഓടിപ്പോയി. അദ്ദേഹം ജാഹിലിയ്യത്തില്‍ ക്രിസ്‌തുമതം സ്വീകരിച്ചിരുന്നു. അദ്ദേഹത്തിന്‍റെ സഹോദരിയും ഗോത്രത്തില്‍പെട്ട കുറേ ആളുകളും ചിറയിലകപ്പെട്ടു. (*) പിന്നീട്‌ അവരെ (സഹോദരിയെ) നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഉദാരപൂര്‍വ്വം വിട്ടയച്ചു. അനന്തരം അവര്‍ മടങ്ങി സഹോദരന്‍റെ അടുക്കല്‍ ചെന്നു. അദ്ദേഹത്തെ ഇസ്‌ലാമിനെ അംഗീകരിക്കുവാനും നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ അടുക്കല്‍ വരുവാനും പ്രോത്സാഹിപ്പിച്ചു. അങ്ങനെ, അദിയ്യ്‌ (റ) മദീനയില്‍ വന്നു. ത്വയ്യിഉ്‌ (طَيّىء) ഗോത്രത്തിലെ ഒരു നേതാവായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്‍റെ വരവിനെപ്പറ്റി ജനങ്ങള്‍ സംസാരിച്ചു. അദ്ദേഹം റസൂല്‍ തിരുമേനി യുടെ അടുക്കല്‍ പ്രവേശിക്കുമ്പോള്‍ തിരുമേനി ഈ 31-ാം വചനം ഓതുന്നുണ്ടായിരുന്നു. അദിയ്യ്‌ (റ) പറയുകയാണ്‌: ‘അവര്‍ അവരെ ആരാധിച്ചിട്ടില്ലല്ലോ! (എന്നിരിക്കെ അവരെ അവര്‍ റബ്ബുകളാക്കി എന്നു പറയുന്നതു എന്തുകൊണ്ടാണ്‌?)’ എന്ന്‌ ഞാന്‍ ചോദിച്ചു. അപ്പോള്‍, തിരുമേനി പറഞ്ഞു: ‘ഇല്ലാതേ! അവര്‍ അവര്‍ക്ക്‌ ഹലാലിനെ (അനുവദനീയമായതിനെ) ഹറാമാക്കി (നിഷിദ്ധമാക്കി). ഹറാമിനെ ഹലാലാക്കുകയും ചെയ്‌തു. എന്നിട്ട്‌ അവര്‍ അവരെ പിന്‍പറ്റി. അതാണ്‌ അവര്‍ അവര്‍ക്ക്‌ ചെയ്‌ത ആരാധന’. പിന്നീട്‌ റസൂല്‍ അദ്ദേഹത്തോട്‌ ഇങ്ങനെ പറഞ്ഞു: ‘അദിയ്യേ, താനെന്തു പറയുന്നു? ‘അല്ലാഹു അക്‌ബര്‍’ (അല്ലാഹു ഏറ്റവും വലിയവന്‍) എന്ന്‌ പറയുന്നതിന്‌ താങ്കള്‍ക്ക്‌ വിരോധമുണ്ടോ? അല്ലാഹുവിനെക്കാള്‍ വലിയവനായി ആരെയെങ്കിലും തനിക്കറിയാമോ? ‘ലാഇലാഹ ഇല്ലല്ലാഹു’ (അല്ലാഹു അല്ലാതെ ആരാധ്യനേയില്ല) എന്നു പറയുന്നതിന്‌ തനിക്ക്‌ വിരോധമുണ്ടോ? അല്ലാഹുവല്ലാതെ വല്ല ഇലാഹിനെയും താങ്കള്‍ക്കറിയാമോ?’ പിന്നീട്‌ തിരുമേനി അദ്ദേഹത്തെ ഇസ്‌ലാമിലേക്ക്‌ ക്ഷണിച്ചു. അദ്ദേഹം ഇസ്‌ലാമിനെ അംഗീകരിക്കുകയും സാക്ഷ്യപ്പെടുത്തുകയും ചെയ്‌തു. അദ്ദേഹം പറയുകയാണ്‌: അപ്പോള്‍ തിരുമേനിയുടെ മുഖം സന്തോഷം പൂണ്ടതായി ഞാന്‍ കണ്ടു. പിന്നീട്‌ തിരുമേനി പറഞ്ഞു: ‘നിശ്ചയമായും യഹൂദികള്‍ കോപവിധേയരും (مغضوب عليهم) ക്രിസ്‌ത്യാനികള്‍ വഴിപിഴച്ചവരും (ضالون) ആകുന്നു.


(*) ഹിജ്‌റഃ 9-ാം കൊല്ലം റബീഉല്‍ അവ്വലില്‍ ത്വയ്യിഉ്‌ ഗോത്രത്തിന്‍റെ വിഗ്രഹം നശിപ്പിക്കുവാന്‍ അലി (رضي الله عنه) യുടെ നേതൃത്വത്തില്‍ അയക്കപ്പെട്ട സൈന്യസംഘവുമായി അവിടെയുള്ളവര്‍ ഏറ്റുമുട്ടിയതിനെ തുടര്‍ന്നാണ്‌ അവര്‍ ചിറ പിടിക്കപ്പെട്ടത്‌. അദിയ്യ്‌ (റ) ന്‍റെ സഹോദരിയുടെ പേര്‍ സിഫാനഃ (റ) എന്നാകുന്നു. മദീനായില്‍ വന്ന ശേഷം സിഫാനഃ (റ) യുടെ അപേക്ഷയനുസരിച്ച്‌ മോചനമൂല്യം കൂടാതെ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അവരെ വിട്ടയച്ചു. തിരുമേനിയുടെ ഔദാര്യത്തില്‍ ആകൃഷ്‌ടയായതുകൊണ്ടാണ്‌ അവര്‍ ശാമിലേക്കു പോയതും, അദിയ്യ്‌ (റ)നെ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ അടുക്കലേക്ക്‌ കൂട്ടിക്കൊണ്ടുവരാന്‍ ശ്രമിച്ചതും. രണ്ടുപേരുടെയും പിതാവായ ഹാതിം8 7ത്വാഈ ജാഹിലിയ്യാ കാലത്ത്‌ ഔദാര്യത്തിലും, ദാനധര്‍മങ്ങളിലും വളരെയധികം പ്രസിദ്ധി നേടിയ ഒരു മഹാനായിരുന്നു. ‘ഹാതിം’ എന്ന വാക്കുപോലും ‘ധര്‍മിഷ്‌ടന്‍’ എന്ന വാക്കിന്‍റെ പര്യായമായി അറബി സാഹിത്യങ്ങളില്‍ ഉപയോഗിക്കാറുള്ളത്‌ ഇന്നും സാധാരണമാകുന്നു.


വേദക്കാര്‍ തങ്ങളുടെ പണ്‌ഡിത പുരോഹിതന്മാരെ റബ്ബുകളാക്കി എന്ന്‌ പറഞ്ഞതിന്‍റെ ഉദ്ദേശ്യം, അല്ലാഹുവിന്‍റെ നിയമങ്ങള്‍ക്കെതിരായി അവര്‍ നിയമിച്ച നിയമങ്ങളെ മതനിയമങ്ങളായി ഗണിക്കുകയും അനുഷ്‌ഠിക്കുകയും ചെയ്‌തുവെന്നതാണെന്നും ഇതവരെ റബ്ബുകളാക്കലാണെന്നും ഈ ഹദീഥില്‍നിന്ന്‌ സ്‌പഷ്‌ടമാണ്‌. ക്വുര്‍ആന്‍ വ്യാഖ്യാതാക്കളും, അല്ലാത്തവരുമായ പല മഹാന്മാരും പറയാറുള്ളതുപോലെ മുസ്‌ലിം സമുദായം വളരെ ഗൗരവപൂര്‍വ്വം മനസ്സിരുത്തേണ്ടുന്ന ഒരു വിഷയമാണിത്‌. അല്ലാഹുവിന്‍റെയും അവന്‍റെ റസൂലിന്‍റെയും – ക്വുര്‍ആന്‍റെയും സുന്നത്തിന്‍റെയും- വിധികളെപ്പറ്റി ഗൗനിക്കാതെ, ഏതെങ്കിലും ഇമാമോ, പണ്‌ഡിതനോ, അല്ലെങ്കില്‍ ഒരു പ്രത്യേക വിഭാഗം ആളുകളോ പറയുന്നത്‌ മാത്രം മതവിധിയായി അംഗീകരിക്കലും, അതിനെതിരില്‍ തക്കതായ തെളിവ്‌ കണ്ടാല്‍പോലും അതു സ്വീകരിക്കാതിരിക്കലും വേദക്കാരുടെ സമ്പ്രദായമാണെന്നും ഇത്‌ ആ ഇമാമുകളെയും പണ്‌ഡിതന്മാരെയും റബ്ബുകളാക്കലാണെന്നും ഈ ഹദീഥില്‍ നിന്ന്‌ വ്യക്തമാണ്‌. ഇന്ന്‌ മുസ്‌ലിം സമുദായത്തിലെ ബഹുഭൂരിഭാഗവും ആപല്‍ക്കരമായ ഈ രോഗം ബാധിച്ചവരാണെന്നുള്ളത്‌ അത്യധികം വേദനാജനകമായ ഒരു പരമാര്‍ത്ഥമത്രെ. അത്രയുമല്ല, അതിനെപ്പറ്റി ഗുണദോഷിക്കുന്നവരെ പിഴച്ചവരായി മുദ്രകുത്തുകയും ചെയ്യുന്നു! വേദക്കാരെ ചാണിനു ചാണായും മുഴത്തിനു മുഴമായും നിങ്ങള്‍ പിന്‍പറ്റുമെന്ന്‌ മുസ്‌ലിം സമുദായത്തിന്‌ അല്ലാഹുവിന്‍റെ റസൂല്‍ മുന്നറിയിപ്പ്‌നല്‍കിയിട്ടുള്ളത്‌ പ്രസിദ്ധമാണല്ലോ. അല്ലാഹുവില്‍ ശരണം!

വിവരമില്ലാത്ത ആളുകള്‍ പണ്‌ഡിതന്മാരോട്‌ മതവിധികള്‍ അന്വേഷിക്കലും, അതനുസരിക്കലും പാടില്ലെന്നല്ല ഇതിനര്‍ത്ഥം. ഇന്നിന്നവര്‍ പറഞ്ഞതേ മതനിയമമായി അംഗീകരിച്ചുകൂടൂ. ക്വുര്‍ആനിലും സുന്നത്തിലും വ്യക്തമായി പ്രസ്‌താവിക്കപ്പെട്ടിരുന്നാലും അവര്‍ പറഞ്ഞതിനെതിരില്‍ മറ്റൊന്നും സ്വീകാര്യമല്ല എന്നുള്ള നിലപാടാണ്‌ ആപല്‍ക്കരം. ഇമാം റാസീ (رحمه الله)യുടെ വന്ദ്യനായ ഗുരുവര്യന്‍ (*) അക്കാലത്ത്‌ പറഞ്ഞ ചില വാക്കുകള്‍ അദ്ദേഹം അദ്ദേഹത്തിന്‍റെ തഫ്‌സീറില്‍ ഇവിടെ ഉദ്ധരിച്ചത്‌ കാണുക: ‘ഫുക്വഹാക്കളെ തക്വ്‌ലീദ്‌ ചെയ്യുന്ന (കര്‍മശാസ്‌ത്ര പണ്‌ഡിതന്മാരുടെ അഭിപ്രായങ്ങളെ അനുകരിക്കുന്ന) വരില്‍പെട്ട ഒരുകൂട്ടം ആളുകളെ ഞാന്‍ കാണുകയുണ്ടായി. ചില പ്രശ്‌നങ്ങളെ സംബന്ധിച്ചു അല്ലാഹുവിന്‍റെ കിതാബില്‍നിന്നുള്ള പല ആയത്തുകളും ഞാന്‍ അവരെ ഓതിക്കേള്‍പ്പിച്ചു. അവരുടെ മദ്‌ഹബുകള്‍ (അവര്‍ സ്വീകരിച്ച അഭിപ്രായഗതികള്‍) ആയത്തുകള്‍ക്ക്‌ എതിരായിരുന്നു. അവരത്‌ സ്വീകരിച്ചില്ല. അതിലേക്ക്‌ തിരിഞ്ഞുനോക്കിയതുമില്ല. ഞങ്ങളുടെ മുന്‍ഗാമികളില്‍ നിന്നുള്ള രിവായത്ത്‌ ഇതിന്‌ എതിരായിരിക്കെ, ഈ ആയത്തുകളുടെ ബാഹ്യാര്‍ത്ഥങ്ങളെ ഞങ്ങള്‍ എങ്ങിനെ അനുഷ്‌ഠാനത്തില്‍ സ്വീകരിക്കും! എന്നിങ്ങിനെ എന്നെ നോക്കി ആശ്ചര്യപ്പെടുകയാണ്‌ അവര്‍ ചെയ്‌തത്‌. ശരിക്ക്‌ ആലോചിച്ചു നോക്കുന്നപക്ഷം ലോകത്തുള്ള മിക്കവരുടെ ഞരമ്പുകളിലും ഈ രോഗം പടര്‍ന്നിരിക്കുന്നതായിക്കാണാം. ‘ഇമാം റാസീ (رحمه الله)യുടെ കാലത്തെ- ഏതാണ്ട്‌ എട്ട്‌ നൂറ്റാണ്ടുകള്‍ക്ക്‌ മുമ്പുള്ള-കഥയാണ്‌ ആ മഹാന്‍ ഇതുവഴി ചൂണ്ടിക്കാട്ടുന്നത്‌. ഇന്നത്തെ കഥയോ?……. ആലോചിച്ചു നോക്കുക! (**)


(*) لعله يعنى والده عمر ضياء الدين رح او محى السنّة البغوى رح – الله أعلم

(**) ونص عبارة الرازى: قال شيخنا ومولانا……. قد شاهدت جماعة من مقلدة الفقهاء
قرأت عليهم ايات كثيرة من كتاب الله تعالى فى بعض مسائل وكانت مذاهبهم بخلاف تلك
الايات فلم يقبلوا تلك الايات ولم يلتفتوا اليها وبقوا ينظرون اليّ كالمتعجب يعنى ……. ولو
تأملت حق التأمل وجدت هذا الداء ساريا فى عروق الاكثرين من أهل الدينا اه


അന്ധമായ ഈ അനുകരണ മഹാവ്യാധി പൂര്‍വ്വാധികം പകരുക മാത്രമല്ല സമുദായത്തില്‍ ചെയ്‌തിരിക്കുന്നത്‌. ക്വുര്‍ആന്‍റെയും ഹദീഥിന്‍റെയും അദ്ധ്യാപനങ്ങള്‍ക്ക്‌ എതിരാണെന്നതിരിക്കട്ടെ, കഴിഞ്ഞുപോയ ഏതെങ്കിലും ഇമാമിന്‍റെ വാക്കുകളില്‍പ്പോലും കാണപ്പെടാത്ത പല പുതിയ മതവിധികളും സ്വാര്‍ത്ഥമതികളായ ചില പണ്‌ഡിതന്‍മാര്‍-ഒറ്റക്കായും- കൂട്ടായും നിര്‍മിച്ചുണ്ടാക്കിക്കൊണ്ടിരിക്കുന്നു! ഒരു വിഭാഗം തങ്ങളുടെ ജീവിതമാര്‍ഗം നിലനിറുത്തുന്നതിനും, ജനമധ്യേ തങ്ങള്‍ക്കുള്ള സ്ഥാനമാനങ്ങള്‍ നഷ്‌ടപ്പെടാതിരിക്കുന്നതിനും വേണ്ടിയാണിത്‌ ചെയ്യുന്നതെങ്കില്‍, വേറൊരു വിഭാഗം, കാലത്തിന്‍റെ ഒഴുക്കനുസരിച്ച്‌ മതസിദ്ധാന്തങ്ങളില്‍ ഒരു പൊളിച്ചെഴുത്ത്‌ നടത്തി ജനസമ്മതിയും കീര്‍ത്തിയും ലക്ഷ്യമാക്കിക്കൊണ്ടാണ്‌ ചെയ്യുന്നത്‌. 34-ാം വചനത്തില്‍ പറയുന്ന താക്കീത്‌ ഇങ്ങനെയുള്ളവര്‍ക്കെല്ലാം ബാധകം തന്നെ. അല്ലാഹു സമുദായത്തെ കാത്തുരക്ഷിക്കട്ടെ! (ആമീന്‍)

വേദക്കാരില്‍ യഹൂദികളും, ക്രിസ്‌ത്യാനികളും അടങ്ങുന്നു. ക്രിസ്‌ത്യാനികളെ സംബന്ധിച്ചിടത്തോളം, അവര്‍ യേശുക്രിസ്‌തുവിനെ ദൈവവും കര്‍ത്താവുമായി അംഗീകരിച്ചു വരുന്നത്‌ പ്രസിദ്ധമാണ്‌. പുറമെ, അവരുടെ പണ്‌ഡിതപുരോഹിതന്‍മാര്‍ക്ക്‌ പൊതുവിലും വിശുദ്ധ സ്ഥാനം നല്‍കപ്പെട്ടിട്ടുള്ള ചില വ്യക്തികള്‍ക്ക്‌ വിശേഷിച്ചും ദിവ്യത്വവും ദൈവത്തിന്‍റെ അധികാരാവകാശങ്ങളും, അവര്‍ വകവെച്ചു കൊടുക്കുന്നു. വിശുദ്ധരെന്ന്‌ കരുതപ്പെടുന്ന വ്യക്തികളുടെ പ്രതിമയുണ്ടാക്കലും അവരെ ആരാധിക്കലും വരെ അത്‌ എത്തിയിട്ടുണ്ട്‌. പാപമോചനത്തിനും മതനിയമ നിര്‍മാണത്തിനുമുള്ള അധികാരം പണ്‌ഡിത പുരോഹിതന്‍മാര്‍ക്കുണ്ടെന്നുള്ളതിന്‌ അവര്‍ക്കുള്ള പ്രധാന ആധാരം യേശുക്രിസ്‌തു ശിഷ്യന്‍മാരോട്‌ പറഞ്ഞതായി അവരുടെ വേദഗ്രന്ഥത്തില്‍ ഉദ്ധരിച്ച ഒരു വാക്യമത്രെ. അതായത്‌: ‘നിങ്ങള്‍ ഭൂമിയില്‍ കെട്ടുന്നതെല്ലാം സ്വര്‍ഗത്തിലും കെട്ടപ്പെട്ടിരിക്കും: നിങ്ങള്‍ ഭൂമിയില്‍ അഴിക്കുന്നതെല്ലാം സ്വര്‍ഗത്തിലും അഴിഞ്ഞിരിക്കും എന്നു ഞാന്‍ സത്യമായിട്ട്‌ നിങ്ങളോടു പറയുന്നു.’ (മത്തായി: 18-ല്‍ 18.) (*) യഹൂദികള്‍ പ്രത്യക്ഷത്തില്‍ ഈ വിഷയത്തില്‍ അല്‍പം പിന്നോക്കമാണെന്ന്‌ തോന്നാമെങ്കിലും പണ്‌ഡിത പുരോഹിതന്‍മാരുടെ വാക്കുകളെ അടിസ്ഥാനപ്പെടുത്തിയാണല്ലോ അവര്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ ദൗത്യത്തെയും പ്രവാചകത്വത്തെയുമെല്ലാം നിഷേധിക്കുന്നതും, യഥാര്‍ത്ഥത്തില്‍ മതത്തില്‍ ഇല്ലാത്ത ചില നിയമങ്ങള്‍ മതനിയമങ്ങളായിക്കരുതുന്നതും.

പണ്‌ഡിത പുരോഹിതന്‍മാര്‍ക്ക്‌ ദൈവത്തിന്‍റെ പല അധികാരാവകാശങ്ങളും സ്ഥാനമാനങ്ങളും വകവെച്ചു കൊടുക്കുന്ന സമ്പ്രദായം അമുസ്‌ലിം സമുദായത്തിലും ധാരാളം കാണാം. മുസ്‌ലിംകളിലും ചില മഹാത്മാക്കള്‍ക്ക്‌ അതിരുകവിഞ്ഞ അധികാരങ്ങളും അവകാശങ്ങളും സ്ഥാനമാനങ്ങളും കല്‍പിക്കപ്പെടുന്നതും സാധാരണമാണല്ലോ. ചില ‘ത്വരീക്വത്തി’ന്റെ ‘ശൈഖു’മാരെ അവരുടെ ‘മുരീദുകള്‍’ ദൈവാവതാരങ്ങളും മറ്റുമാക്കിക്കൊണ്ട്‌ അവരെ ദൈവതുല്യരാക്കുന്നത്‌ അത്‌കൊണ്ടത്രെ. ഉദാഹരണസഹിതം വിവരിക്കുന്നപക്ഷം അതു കുറേ ദീര്‍ഘിച്ചുപോയേക്കും. (وإلى الله اشتكى)

അല്ലാഹു മാത്രമാണ്‌ ഇലാഹും റബ്ബും: അവനെ മാത്രമേ ആരാധിക്കാവൂ എന്ന്‌ എല്ലാ സമുദായങ്ങളോടുമെന്നപോലെ വേദക്കാരോടും കല്‍പിക്കപ്പെട്ടിരിക്കുന്നു. എന്നിട്ടും അവര്‍ ഇങ്ങനെയൊക്കെ ചെയ്‌തുകളഞ്ഞുവെന്നുള്ള ആക്ഷേപമാണ്‌ ആയത്തിന്‍റെ അവസാന ഭാഗത്തില്‍ കാണുന്നത്‌. വേദക്കാരുടെ കൈവശമുള്ള അവരുടെ വേദഗ്രന്ഥങ്ങളില്‍-അവയില്‍ എത്രതന്നെ കൈകടത്തലുകള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ പോലും- അല്ലാഹുവിന്‍റെ ഈ കല്‍പന അവിടവിടെയായി ഇന്നും സ്ഥിതി ചെയ്യുന്നുണ്ട്‌. (പുറപ്പാട്‌ 20 ല്‍ 3,4; ആവര്‍ത്തനം 4ല്‍ 35; സങ്കീര്‍ത്തനം 96 ല്‍ 5; യെശയ്യാവു: 43ല്‍ 10, 11:45ല്‍ 22 മത്തായി: 4ല്‍ 10 മാര്‍ക്കോസ്‌ 12ല്‍ 29 മുതലായവ നോക്കുക.)


(*) ബൈബ്‌ളിന്‍റെ ചില വിവര്‍ത്തനങ്ങളില്‍ ‘കെട്ടുന്നതെല്ലാം’ എന്നതിനുപകരം ‘കെട്ടിയതെല്ലാം’ എന്നും, ‘അഴിക്കുന്നതെല്ലാം’ എന്നതിനു പകരം ‘അഴിച്ചതെല്ലാം’ എന്നും (ഭൂത ക്രിയാ രൂപത്തില്‍) ആകുന്നുവെന്ന്‌ സൂക്ഷ്‌മാന്വേഷികളായ ചില പണ്‌ഡിതന്മാര്‍ ചൂണ്ടിക്കാട്ടുന്നു. രണ്ടു പ്രയോഗവും തമ്മില്‍ ഉദ്ദേശ്യത്തില്‍ എത്ര മാറ്റം?!

9:32
  • يُرِيدُونَ أَن يُطْفِـُٔوا۟ نُورَ ٱللَّهِ بِأَفْوَٰهِهِمْ وَيَأْبَى ٱللَّهُ إِلَّآ أَن يُتِمَّ نُورَهُۥ وَلَوْ كَرِهَ ٱلْكَـٰفِرُونَ ﴾٣٢﴿
  • തങ്ങളുടെ വായകൊണ്ട്‌ അല്ലാഹുവിന്‍റെ പ്രകാശത്തെ (ഊതി) കെടുത്തുവാന്‍ അവര്‍ ഉദ്ദേശിക്കുന്നു. തന്‍റെ പ്രകാശത്തെ പൂര്‍ത്തിയാക്കുവാനല്ലാതെ (മറ്റൊന്നിന്‌) അല്ലാഹു വിസമ്മതിക്കുകയും ചെയ്യുന്നു; അവിശ്വാസികള്‍ വെറുത്താലും ശരി.
  • يُرِيدُونَ അവര്‍ ഉദ്ദേശിക്കുന്നു أَن يُطْفِئُوا അവര്‍ കെടുത്തുവാന്‍ نُورَ اللَّهِ അല്ലാഹുവിന്‍റെ പ്രകാശ (വെളിച്ച)ത്തെ بِأَفْوَاهِهِمْ അവരുടെ വായകള്‍കൊണ്ട്‌ وَيَأْبَى اللَّهُ അല്ലാഹു വിസമ്മതിക്കുക (വെറുക്കുക)യും ചെയ്യുന്നു إِلَّا أَن يُتِمَّ അവന്‍ പൂര്‍ത്തിയാക്കുന്നതിനല്ലാതെ نُورَهُ തന്‍റെ പ്രകാശത്തെ وَلَوْ كَرِهَ വെറുത്താലും ശരി, അതൃപ്‌തിപ്പെട്ടാലും الْكَافِرُونَ അവിശ്വാസികള്‍
9:33
  • هُوَ ٱلَّذِىٓ أَرْسَلَ رَسُولَهُۥ بِٱلْهُدَىٰ وَدِينِ ٱلْحَقِّ لِيُظْهِرَهُۥ عَلَى ٱلدِّينِ كُلِّهِۦ وَلَوْ كَرِهَ ٱلْمُشْرِكُونَ ﴾٣٣﴿
  • അവനത്രെ, മാര്‍ഗദര്‍ശനവും, യഥാര്‍ത്ഥ മതവുമായി തന്‍റെ റസൂലിനെ അയച്ചിട്ടുള്ളവന്‍; എല്ലാ മതത്തെക്കാളും അതിനെ വെളിപ്പെടുത്തു [വിജയിപ്പിക്കു]വാന്‍ വേണ്ടി. മുശ്‌രിക്കുകള്‍ [ബഹുദൈവ വിശ്വാസികള്‍] വെറുത്താലും ശരി.
  • هُوَ അവനത്രെ الَّذِي أَرْسَلَ അയച്ചവന്‍ رَسُولَهُ തന്‍റെ റസൂലിനെ بِالْهُدَىٰ മാര്‍ഗദര്‍ശനവും കൊണ്ട്‌, സന്‍മാര്‍ഗവുമായി وَدِينِ الْحَقِّ യഥാര്‍ത്ഥ (സത്യ)മതവും لِيُظْهِرَهُ അതിനെ വെളിപ്പെടുത്തു (പ്രത്യക്ഷപ്പെടുത്തു -വിജയിപ്പിക്കു)വാന്‍ വേണ്ടി عَلَى الدِّينِ മതത്തെക്കാള്‍ كُلِّهِ എല്ലാം, അതെല്ലാം وَلَوْ كَرِهَ വെറുത്താലും ശരി الْمُشْرِكُونَ മുശ്‌രിക്കുകള്‍

മേല്‍വിവരിച്ച പ്രകാരമുള്ള മാര്‍ഗങ്ങളിലൂടെ അല്ലാഹുവിന്‍റെ മതത്തെ നിഷ്‌പ്രഭമാക്കുവാനാണ്‌ വേദക്കാരടക്കമുള്ള അവിശ്വാസികളുടെ ഉദ്ദേശ്യം. സൂര്യപ്രകാശം വായകൊണ്ട്‌ ഊതിക്കെടുത്തുവാന്‍ സാധ്യമല്ലല്ലോ. അതുപോലെ, ഇസ്‌ലാമാകുന്ന പ്രകാശത്തെ വായകൊണ്ട്‌ ഊതിക്കെടുത്തി ഇവിടെ അന്ധകാരമയമാക്കുവാന്‍ അവര്‍ക്ക്‌ സാധ്യമല്ല. അതിന്‌ ഒരിക്കലും അല്ലാഹു അനുവദിക്കുകയില്ല. ആ പ്രകാശത്തെ പരിപൂര്‍ണമാക്കി പ്രകാശിപ്പിക്കുവാനാണ്‌ അവന്‍ ഉദ്ദേശിക്കുന്നത്‌. ആ ആവശ്യാര്‍ത്ഥം, വേണ്ടത്ര ലക്ഷ്യദൃഷ്‌ടാന്തങ്ങള്‍ സഹിതം ആ മതം അതിന്‍റെ സാക്ഷാല്‍ രൂപത്തില്‍ പ്രബോധനം ചെയ്യുവാനും, മറ്റെല്ലാ കൃത്രിമ മതങ്ങളെയും വെല്ലുമാറ്‌ അതിനെ ലോകത്ത്‌ പ്രത്യക്ഷപ്പെടുത്തുവാനും വേണ്ടിയാണ്‌ അന്ത്യപ്രവാചകനായ ഈ റസൂലിനെ അവന്‍ അയച്ചിരിക്കുന്നതും. വേദക്കാര്‍ക്കോ, മുശ്‌രിക്കുകള്‍ക്കോ, മറ്റേതെങ്കിലും സത്യനിഷേധികള്‍ക്കോ അതില്‍ വെറുപ്പും പ്രതിഷേധവും ഉണ്ടായിരുന്നാലും ശരി, അല്ലാഹു അത്‌ നടപ്പില്‍ വരുത്തുകയും ചെയ്യും. എന്നൊക്കെയാണ്‌ ഈ വചനത്തില്‍ അല്ലാഹു ഉറപ്പിച്ചു പ്രസ്‌താവിക്കുന്നത്‌. അല്ലാഹു അക്കാര്യം നടപ്പില്‍ വരുത്തിയിട്ടുണ്ടുതാനും. الحَمْد لله

എല്ലാ മതത്തെക്കാളും അതിനെ- ഇസ്‌ലാമിനെ – വെളിപ്പെടുത്തുവാന്‍ (لِيُظْهِرَهُ عَلَى الدِّينِ كُلِّهِ) എന്ന്‌ പറഞ്ഞതിന്‍റെ താല്‍പര്യം, മറ്റു മതങ്ങളൊന്നും ലോകത്ത്‌ നിന്ന്‌ അപ്രത്യക്ഷമാകുമെന്നോ, മുഴുവനും ഇസ്‌ലാമിന്‌ അടിയറവെച്ചു കീഴടങ്ങുമെന്നോ അല്ല. ന്യായം, പ്രമാണം, ദൃഷ്‌ടാന്തം, വിജ്ഞാനം, സ്വാധീനം, അധികാരം, പ്രതാപം, നേര്‍മാര്‍ഗം, പ്രചാരം ആദിയായവയിലെല്ലാം തന്നെ, ഒരുമതമെന്ന നിലക്ക്‌ ഇസ്‌ലാമിന്‌ സിദ്ധിച്ച വിജയം മറ്റൊരു മതത്തിനും കൈവരിക്കുവാന്‍ കഴിഞ്ഞിട്ടില്ല. മറ്റേതെങ്കിലും സംസ്‌കാരത്തിനോ നാഗരീകതക്കോ ശക്തിക്കോ ലോകത്ത്‌ കൂടുതല്‍ സ്വാധീനം കൈവന്നിട്ടുണ്ടെങ്കില്‍, അത്‌ ഇസ്‌ലാം മതത്തിന്‍റെ പോരായ്‌കയല്ല. ഇസ്‌ലാമിന്‍റെ അനുയായികളാകുന്ന മുസ്‌ലിം സമുദായത്തില്‍ കാലക്രമത്തില്‍ കടന്നുകൂടിയ പലതരം പോരായ്‌മകളാണിതിന്‌ കാരണം. പ്രമാണപരവും ബുദ്ധിപരവുമായ ലക്ഷ്യദൃഷ്‌ടാന്തങ്ങളിലും, സനാതനവും, പ്രായോഗികവുമായ തത്വസംഹിതകളിലും, കാലദേശാനുസൃതങ്ങളായ നിയമവ്യവസ്ഥകളിലും ഇസ്‌ലാമിനോടു കിടപിടിക്കുന്ന വേറൊരു മതം ലോകത്തില്ല. യാഥാര്‍ത്ഥ്യത്തിനു നേരെ കണ്ണടക്കുകയോ, ഭൗതികവും പൈശാചികവുമായ ദുഷ്‌പ്രേരണകള്‍ നിമിത്തം മാനുഷിക മൂല്യങ്ങളെയും സനാതന തത്വങ്ങളെയും ദുര്‍വ്യാഖ്യാനം ചെയ്യുകയോ ചെയ്യാത്ത ആര്‍ക്കും ഈ വാസ്‌തവം നിഷേധിക്കുക സാധ്യമല്ല. ഇസ്‌ലാമിനോട്‌ ശത്രുത പുലര്‍ത്തിവരുന്ന ചില മഹാരഥന്‍മാര്‍പോലും സമ്മതിക്കാറുള്ളതാണിത്‌.

ഈ വചനങ്ങള്‍ അവതരിച്ചുകൊണ്ടിരിക്കുന്ന പ്രവാചക കാലഘട്ടത്തെ അപേക്ഷിച്ചു നോക്കുമ്പോള്‍, എല്ലാ മതത്തെക്കാളും ഈ മതത്തെ വെളിപ്പെടുത്തുമെന്ന്‌ പറഞ്ഞത്‌ അതിന്‍റെ എല്ലാ അര്‍ത്ഥത്തിലും നിവൃത്തിയായിട്ടുണ്ടെന്ന്‌ കാണാവുന്നതാണ്‌. പ്രവാചകത്വം നിലവിലുണ്ടായിരുന്ന കാലമായ ഇരുപത്തിമൂന്നു കൊല്ലത്തില്‍, മക്കയില്‍വെച്ചു ക്ഷമയുടെയും സഹനത്തിന്‍റെയും പതിമൂന്നു കൊല്ലം കഴിച്ച്‌ ബാക്കി കഷ്‌ടിച്ചു പത്തുകൊല്ലക്കാലമാണ്‌ ഇസ്‌ലാമിന്‍റെ യഥാര്‍ത്ഥ പ്രചാരണ കാലം. ഇസ്‌ലാമിനെതിരെ കനത്ത ഉരുക്കു കോട്ടയായി നിലകൊണ്ടിരുന്ന അറേബ്യാ ഉപദ്വീപ്‌ മുഴുവനും ഇക്കാലത്തിനകം ഇസ്‌ലാമിന്‍റെതായി മാറി. അക്കാലത്ത്‌ അറിയപ്പെട്ടിരുന്ന ഏറ്റവും വമ്പിച്ച ലോക ശക്തികളായ റോമും, പേര്‍ഷ്യയും ഇസ്‌ലാമിന്‍റെ പ്രതാപത്തിനു മുമ്പില്‍ ചിറകു താഴ്‌ത്തേണ്ടിയും വന്നു. രണ്ട്‌ മൂന്നു ദശവത്സരങ്ങള്‍ കൂടി കടന്നുപോയപ്പോഴേക്കും അവിടങ്ങളില്‍ ഇസ്‌ലാമിന്‍റെ പതാക പാറിക്കളിക്കുവാനും തുടങ്ങി. ഇസ്‌ലാമിനെതിരില്‍ വിരല്‍ ചൂണ്ടുവാന്‍ തക്ക ഒരു ശക്തി ലോകത്തില്ലാതായി. അതെ, അക്ഷരാര്‍ത്ഥത്തില്‍ തന്നെ അല്ലാഹു അവന്‍റെ റസൂല്‍ മുഖാന്തരം അവന്‍റെ മതമാകുന്ന ആ പ്രകാശം ലോകത്തുവെളിപ്പെടുത്തി. തുടര്‍ന്നുള്ള നൂറ്റാണ്ടുകളില്‍ ഇസ്‌ലാമിന്‌ ലോകത്ത്‌ പ്രചാരവും ശക്തിയും വര്‍ദ്ധിച്ചു. ചരിത്രത്തിന്‍റെ പ്രഥമപാഠങ്ങള്‍ ഗ്രഹിച്ചവര്‍ക്കെല്ലാം അറിയുന്നതാണിത്‌. താഴെ കാണുന്നത്‌ പോലെയുള്ള ക്വുര്‍ആന്‍ വചനങ്ങളും നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) വചനങ്ങളും മുമ്പില്‍ വെച്ചുകൊണ്ട്‌ ഈ വചനങ്ങളുടെ ഉള്ളടക്കത്തെപ്പറ്റി ഒന്നുകൂടി ചിന്തിച്ചുനോക്കുക:-

അല്ലാഹു പറയുന്നു: ‘നിങ്ങള്‍ -സത്യവിശ്വാസികള്‍- അല്ലാഹുവിനെയും അവന്‍റെ റസൂലിനെയും അനുസരിക്കുവിന്‍. നിങ്ങള്‍ അന്യോന്യം (ഭിന്നിച്ചു) പിണങ്ങുകയും ചെയ്യരുത്‌. എന്നാല്‍ നിങ്ങള്‍ക്ക്‌ ഭീരുത്വം പിണയുകയും, നിങ്ങളുടെ കാറ്റ്‌ (വീര്യം) പോയിപ്പോകുകയും ചെയ്യും. നിങ്ങള്‍ ക്ഷമിക്കുകയും ചെയ്യണം. നിശ്ചയമായും, അല്ലാഹു ക്ഷമിക്കുന്നവരുടെ കൂടെയാകുന്നു.’ (8:46). ‘നിങ്ങള്‍ ദുര്‍ബ്ബലരാകുകയും, വ്യസനിക്കുകയും ചെയ്യരുത്‌. നിങ്ങള്‍ സത്യവിശ്വാസികളാണെങ്കില്‍ നിങ്ങളത്രെ ഉന്നതന്‍മാര്‍’. (3:139) ‘നിശ്ചയമായും ഞാനും എന്‍റെ റസൂലുകളും വിജയിക്കുക തന്നെ ചെയ്യുമെന്ന്‌ അല്ലാഹു രേഖപ്പെടുത്തിവെച്ചിരിക്കുന്നു.’ (58:21)

നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനി യും, അദിയ്യുബ്‌നുഹാതിമും (رحمه الله) തമ്മില്‍ നടന്ന ഒരു സംഭാഷണത്തില്‍ അഹ്‌മദ്‌ (رحمه الله) ഇങ്ങിനെ ഉദ്ധരിച്ചിരിക്കുന്നു: ….തിരുമേനി പറഞ്ഞു: (അദിയ്യേ) താന്‍ പറയുമായിരിക്കും: ഇസ്‌ലാമിനെ പിന്‍പറ്റിയിരിക്കുന്നത്‌ ജനങ്ങളിലുള്ള ദുര്‍ബ്ബലരും കഴിവില്ലാത്തവരുമാണ്‌, അറബികള്‍ അവരെ എയ്‌തു (ആക്രമിച്ചു) കൊണ്ടിരിക്കുന്നുമുണ്ട്‌ എന്ന്‌. തനിക്ക്‌ ഹീറാഃ (حِيرَة) രാജ്യം (*) അറിയുമോ?’ ഞാന്‍ (അദിയ്യ്‌) പറഞ്ഞു: ‘ഞാന്‍ കണ്ടിട്ടില്ല-കേട്ടിട്ടുണ്ട്‌.’ തിരുമേനി പറഞ്ഞു: ‘എന്നാല്‍, എന്‍റെ ദേഹം യാതൊരുവന്‍റെ കയ്യിലാണോ അവന്‍ തന്നെ സത്യം! ഈ മതത്തെ അല്ലാഹു പൂര്‍ത്തിയാക്കുക തന്നെ ചെയ്യും. അങ്ങനെ യാത്രക്കാരിയായ ഒരു സ്‌ത്രീ ഹീറാഃയില്‍ നിന്ന്‌ഒരാളുടെയും രക്ഷ കൂടാതെ വന്നു കഅ്‌ബഃയെ ത്വവാഫ്‌ ചെയ്യുന്നതാണ്‌. (പേര്‍ഷ്യാ ചക്രവര്‍ത്തിയായ) ഹുര്‍മുസിന്‍റെ മകന്‍ കിസ്‌റായുടെ നിക്ഷേപങ്ങള്‍ ജയിച്ചടക്കപ്പെടുകതന്നെ ചെയ്യും.” ഞാന്‍ ചോദിച്ചു: ഹുര്‍മുസിന്‍റെ മകന്‍ കിസ്‌റായുടെയോ: തിരുമേനി പറഞ്ഞു: ‘അതെ, ഹുര്‍മുസിന്‍റെ മകന്‍ കിസ്‌റായുടെ തന്നെ. വാങ്ങുവാന്‍ ഒരാളും ഇല്ലാതിരിക്കത്തക്കവിധം ധനം വിതരണം ചെയ്യപ്പെടുകയും ചെയ്യും.’ (പിന്നീട്‌) അദിയ്യ്‌ (റ) പറയുകയാണ്‌: ‘ഇതാ! ഒരു യാത്രക്കാരി ആരുടെയും രക്ഷ കൂടാതെ വന്നു കഅ്‌ബഃ ത്വവാഫു ചെയ്യുന്നു. (ഇത്‌ ഞാന്‍ അനുഭവത്തില്‍ കണ്ടു) കിസ്‌റായുടെ നിക്ഷേപങ്ങള്‍ ജയിച്ചടക്കിയവരുടെ കൂട്ടത്തില്‍ ഞാനും ഉണ്ടായിരുന്നു. എന്‍റെ ദേഹം യാതൊരുവന്‍റെ കയ്യിലാണോ അവന്‍ തന്നെ സത്യം! മൂന്നാമത്‌ പറഞ്ഞ കാര്യവും നിശ്ചയമായും ഉണ്ടാകുക തന്നെ ചെയ്യും. കാരണം, റസൂല്‍ അത്‌ പറഞ്ഞിരിക്കുന്നു.’ (അധികം താമസിയാതെതന്നെ, പേര്‍സ്യന്‍ വിജയങ്ങളും ഉത്തരാഫ്രിക്കന്‍ വിജയങ്ങളും നടന്ന കാലത്ത്‌ ഈ മൂന്നാമത്തെ കാര്യവും ധര്‍മം വാങ്ങുവാന്‍ ആവശ്യക്കാരില്ലാതെ വരുമാറ്‌ ധനവിതരണത്തിന്‍റെ ആധിക്യവും- സംഭവിച്ചതായി ഇസ്‌ലാമിക ചരിത്രഗ്രന്ഥങ്ങള്‍ പരിശോധിച്ചാല്‍ കാണാവുന്നതാണ്‌)

ഥൗബാന്‍ (رضي الله عنه) ഉദ്ധരിക്കുന്നു: നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞു: ‘ഭക്ഷണം കഴിക്കുന്നവന്‍ അവരുടെ ഭക്ഷണപ്പാത്രത്തിലേക്ക്‌ ചെന്നു വീഴുന്നതു (തിരക്കി കൈ നീട്ടുന്നതു) പോലെ, നിങ്ങളുടെ മേല്‍ സമുദായങ്ങള്‍ വന്നു വീഴുവാന്‍ കാലം അടുത്തുവരുന്നു. അപ്പോള്‍ ഒരാള്‍ ചോദിച്ചു: ‘ഞങ്ങള്‍ അന്ന്‌ കുറവായിരിക്കുന്നതുകൊണ്ടാണോ?’ തിരുമേനി പറഞ്ഞു: (അല്ല) പക്ഷേ, അന്ന്‌ നിങ്ങള്‍ അധികമുണ്ടായിരിക്കും. എങ്കിലും മലവെള്ളത്തിലെ ചവറുപോലെയുള്ളവരായിരിക്കും നിങ്ങള്‍. നിങ്ങളുടെ ശത്രുവിന്‍റെ മനസ്സുകളില്‍ നിന്ന്‌ നിങ്ങളെ സംബന്ധിച്ചുള്ള ഗൗരവം അല്ലാഹു നീക്കിക്കളയും. നിങ്ങളുടെ ഹൃദയങ്ങളില്‍ അവന്‍ ദൗര്‍ബ്ബല്യം ഇട്ടേക്കുകയും ചെയ്യും. ഒരാള്‍ ചോദിച്ചു: ‘റസൂലേ! എന്തായിരിക്കും ദൗര്‍ബ്ബല്യം? തിരുമേനി പറഞ്ഞു: ‘ഇഹലോകത്തോടുള്ള സ്‌നേഹവും, മരണത്തെക്കുറിച്ചുള്ള വെറുപ്പും.’ (അബൂദാവൂദും, ബൈഹക്വീ- ദലാഇലിലും) സൂറത്തുല്‍ അഹ്‌സാബ്‌ 40-ാം വചനത്തിന്‍റെ വ്യാഖ്യാനത്തില്‍ ഉദ്ധരിച്ച ഏതാനും ആയത്തുകളും ഹദീഥുകളും ഇവിടെ സ്‌മരണീയമാകുന്നു.


(*) ഇറാക്വിലെ ഒരു രാജ്യമാണ്‌ ഹീറഃ (حِيرَة) ഇറാക്വില്‍ മുസ്‌ലിംകള്‍ ആദ്യം ജയിച്ചടക്കിയ രാജ്യമാണിത്‌.

9:34
  • يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ إِنَّ كَثِيرًا مِّنَ ٱلْأَحْبَارِ وَٱلرُّهْبَانِ لَيَأْكُلُونَ أَمْوَٰلَ ٱلنَّاسِ بِٱلْبَـٰطِلِ وَيَصُدُّونَ عَن سَبِيلِ ٱللَّهِ ۗ وَٱلَّذِينَ يَكْنِزُونَ ٱلذَّهَبَ وَٱلْفِضَّةَ وَلَا يُنفِقُونَهَا فِى سَبِيلِ ٱللَّهِ فَبَشِّرْهُم بِعَذَابٍ أَلِيمٍ ﴾٣٤﴿
  • ഹേ, വിശ്വസിച്ചവരേ, നിശ്ചയമായും മതപണ്‌ഡിതന്‍മാരില്‍ നിന്നും പുരോഹിതന്‍മാരില്‍ നിന്നും വളരെ ആളുകള്‍, മനുഷ്യരുടെ സ്വത്തുക്കളെ അന്യായമായി തിന്നുക തന്നെ ചെയ്യുന്നു: അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്ന്‌ അവര്‍ (ആളുകളെ) തടയുകയും ചെയ്യുന്നു. സ്വര്‍ണവും, വെള്ളിയും നിക്ഷേപിച്ചു വെക്കുകയും, അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ അതിനെ ചിലവഴിക്കാതിരിക്കുകയും ചെയ്യുന്നവരാകട്ടെ, അവര്‍ക്ക്‌ വേദനയേറിയ ശിക്ഷയെക്കുറിച്ച്‌ സന്തോഷവാര്‍ത്ത അറിയിക്കുക!-
  • يَا أَيُّهَا الَّذِينَ آمَنُوا ഹേ വിശ്വസിച്ചവരേ إِنَّ كَثِيرًا നിശ്ചയമായും വളരെ (അധികം പല) ആളുകള്‍ مِّنَ الْأَحْبَارِ മതപണ്‌ഡിതന്‍മാരില്‍ നിന്ന്‌ وَالرُّهْبَانِ പുരോഹിതന്‍മാരില്‍ നിന്നും لَيَأْكُلُونَ അവര്‍ തിന്നുക തന്നെ ചെയ്യും, തിന്നുന്നു أَمْوَالَ സ്വത്തുക്കളെ النَّاسِ മനുഷ്യരുടെ بِالْبَاطِلِ അന്യായമായിട്ട്‌, വ്യര്‍ത്ഥമായ വഴിക്ക്‌ وَيَصُدُّونَ അവര്‍ തടയുകയും ചെയ്യുന്നു عَن سَبِيلِ اللَّهِ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്ന്‌ وَالَّذِينَ يَكْنِزُونَ നിക്ഷേപിച്ചുവെക്കുന്നവരാകട്ടെ الذَّهَبَ സ്വര്‍ണം وَالْفِضَّةَ വെള്ളിയും وَلَا يُنفِقُونَهَا അതിനെ അവര്‍ ചിലവഴിക്കുകയുമില്ല فِي سَبِيلِ اللَّهِ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ فَبَشِّرْهُم അവര്‍ക്ക്‌ നീ സന്തോഷമറിയിക്കുക بِعَذَابٍ ശിക്ഷയെപ്പറ്റി أَلِيمٍ വേദനയേറിയ
9:35
  • يَوْمَ يُحْمَىٰ عَلَيْهَا فِى نَارِ جَهَنَّمَ فَتُكْوَىٰ بِهَا جِبَاهُهُمْ وَجُنُوبُهُمْ وَظُهُورُهُمْ ۖ هَـٰذَا مَا كَنَزْتُمْ لِأَنفُسِكُمْ فَذُوقُوا۟ مَا كُنتُمْ تَكْنِزُونَ ﴾٣٥﴿
  • 'ജഹന്നമി' ന്‍റെ [നരകത്തിന്‍റെ] അഗ്നിയില്‍ വെച്ച്‌ അത്‌ കാച്ചിപ്പഴുപ്പിക്കപ്പെടുന്ന ദിവസം, എന്നിട്ട്‌ അതുകൊണ്ട്‌ അവരുടെ നെറ്റികള്‍ക്കും, പാര്‍ശ്വങ്ങള്‍ക്കും മുതുകുകള്‍ക്കും ചൂടു വെ(ച്ചു കരി)ക്കപ്പെടുകയും ചെയ്യുന്ന (ദിവസം). 'ഇതത്രെ, നിങ്ങള്‍ നിങ്ങളുടെ സ്വന്തങ്ങള്‍ക്കുവേണ്ടി നിക്ഷേപിച്ചു വെച്ചത്‌; അതിനാല്‍, നിങ്ങള്‍ നിക്ഷേപിച്ചു വെച്ചിരുന്നതിനെ നിങ്ങള്‍ രുചിച്ചുനോക്കിക്കൊള്ളുവിന്‍! (എന്ന്‌ അവരോട്‌ പറയപ്പടുകയും ചെയ്യും)
  • يَوْمَ ദിവസം يُحْمَىٰ عَلَيْهَا അത്‌ കാച്ചിപ്പഴുപ്പിക്കപ്പെടുന്ന فِي نَارِ തീയില്‍ അഗ്നിയില്‍ جَهَنَّمَ ജഹന്നമിന്‍റെ فَتُكْوَىٰ എന്നിട്ട്‌ ചൂടു കുത്തപ്പെടും, കരിക്കപ്പെടും بِهَا അതുകൊണ്ട്‌, അതിനാല്‍ جِبَاهُهُمْ അവരുടെ നെറ്റികള്‍ وَجُنُوبُهُمْ അവരുടെ പാര്‍ശ്വങ്ങളും, ഭാഗങ്ങളും وَظُهُورُهُمْ അവരുടെ പുറങ്ങളും, മുതുകുകളും هَٰذَا ഇത്‌ مَا كَنَزْتُمْ നിങ്ങള്‍ നിക്ഷേപിച്ചുവെച്ചത്‌ لِأَنفُسِكُمْ നിങ്ങളുടെ സ്വന്തങ്ങള്‍ (ദേഹങ്ങള്‍) ക്കുവേണ്ടി فَذُوقُوا അതിനാല്‍ (എനി) നിങ്ങള്‍ രുചി നോക്കുവിന്‍, ആസ്വദിക്കുവിന്‍ مَا كُنتُمْ നിങ്ങളായിരുന്നതിനെ تَكْنِزُونَ നിങ്ങള്‍ സൂക്ഷിച്ചുവെക്കും

യഹൂദ പണ്‌ഡിതവര്‍ഗത്തിലും, ക്രിസ്‌തീയ പുരോഹിതവര്‍ഗത്തിലുംപെട്ട വളരെ ആളുകള്‍ അന്യായമായ വഴിക്ക്‌ ജനങ്ങളുടെ ധനം വാങ്ങിത്തിന്നുകയും, അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്ന്‌ അവര്‍ ജനങ്ങളെ തട്ടിത്തിരിക്കുകയും ചെയ്‌തുവരുന്നുവെന്നും, അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ ചിലവഴിക്കാതെ ധനം കെട്ടിപ്പൂട്ടിവെക്കുന്നവര്‍ക്ക്‌ അതേ ധനംകൊണ്ടുതന്നെ നരകത്തില്‍വെച്ച്‌ കടുത്ത ശിക്ഷ അനുഭവിക്കേണ്ടിവരുമെന്നും അല്ലാഹു അറിയിക്കുന്നു. വേദക്കാരിലുള്ള ആ സ്വഭാവം മുസ്‌ലിംകളില്‍ ഉണ്ടായിക്കൂടാ എന്നും, ഉണ്ടാകുന്ന പക്ഷം, അവരും അതേ ശിക്ഷക്ക്‌ വിധേയരായിരിക്കുമെന്നും മുസ്‌ലിംകള്‍ക്കുള്ള ഒരു താക്കീതാണിത്‌. അതുകൊണ്ടാണ്‌ يَا أَيُّهَا الَّذِينَ آمَنُوا (ഹേ, വിശ്വസിച്ചവരേ) എന്ന്‌ വിളിച്ചുകൊണ്ട്‌ ഈ കാര്യം പ്രസ്‌താവിച്ചിരിക്കുന്നത്‌. ജനങ്ങളുടെ ഇഷ്‌ടത്തിനൊത്ത്‌ ‘ഫത്‌വാ’ (മതവിധി) നല്‍കിയും, ഹിതത്തിനനുസരിച്ചു മതവിധികളില്‍ നീക്കുപോക്ക്‌ സ്വീകരിച്ചുംകൊണ്ട്‌ ജനങ്ങളില്‍ നിന്ന്‌ കോഴയും കൈക്കൂലിയും വാങ്ങുക, സൂത്രമാര്‍ഗങ്ങള്‍ ഉപയോഗിച്ചു പലിശവാങ്ങുക, ക്വബ്‌ര്‍ സ്ഥാനങ്ങളുടെയും പുണ്യവാളന്‍മാരുടെയും പേരില്‍ നേര്‍ച്ചയും വഴിപാടും സ്വീകരിക്കുക മുതലായ കാര്യങ്ങളെല്ലാം അന്യായമായി ധനംസമ്പാദിക്കലാകുന്നു. സാമാന്യമായിപ്പറഞ്ഞാല്‍, മതപണ്‌ഡിതന്‍ തന്‍റെ പാണ്‌ഡിത്യത്തിന്‍റെയും മതപുരോഹിതന്‍ തന്‍റെ പൗരോഹിത്യത്തിന്‍റെയും ചുവട്‌ പിടിച്ചുകൊണ്ട്‌ ജനങ്ങളുടെ ധനം ചൂഷണം ചെയ്യുന്ന എല്ലാ ഏര്‍പ്പാടുകളും ഇപ്പറഞ്ഞതില്‍ ഉള്‍പ്പെടുന്നു. ജനങ്ങളെ നേര്‍മാര്‍ഗത്തില്‍ നിന്ന്‌ അകറ്റി നിറുത്തല്‍ ഇതിന്‍റെ സ്വാഭാവികമായ ഫലവുമത്രെ.

അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ ചിലവഴിക്കാതെ സ്വര്‍ണവും വെള്ളിയും കെട്ടിപ്പൂട്ടി വെക്കുന്നവരുടെ ശരീരഭാഗങ്ങളെ അതേ സ്വര്‍ണവും വെള്ളിയും നരകത്തില്‍വെച്ച്‌ ചുട്ടുപഴുപ്പിച്ചു അതുകൊണ്ട്‌ പൊള്ളിച്ചു കരിക്കുമെന്നും, ഇത്‌ നിങ്ങള്‍ നിക്ഷേപിച്ച്‌ വെച്ചിരുന്ന ആ സ്വര്‍ണവും വെള്ളിയുമാണ്‌- അതിന്‍റെ രുചി നല്ലവണ്ണം ആസ്വദിച്ചുകൊള്ളുക-എന്ന്‌ അവരോട്‌ പറയപ്പെടുമെന്നുള്ള അല്ലാഹുവിന്‍റെ ഈ താക്കീത്‌ ഒരു പൊതുവായ താക്കീതാകുന്നു. പണ്‌ഡിതപുരോഹിതന്‍മാരെന്നോ, ന്യായമായ വഴിക്ക്‌ സമ്പാദിച്ചതെന്നോ, അന്യായമായ വഴിക്ക്‌ സമ്പാദിച്ചതെന്നോ ഇതില്‍ വ്യത്യാസപ്പെടുത്തിയിട്ടില്ല. പക്ഷേ, കെട്ടിപ്പൂട്ടിവെക്കുന്നവര്‍ പണ്‌ഡിതന്‍മാരും പുരോഹിതന്‍മാരും കൂടി ആയിരിക്കുകയോ, കെട്ടിപ്പൂട്ടിവെക്കുന്ന ധനം അന്യായമായ മാര്‍ഗത്തിലൂടെ സമ്പാദിച്ചതായിരിക്കുകയോ ചെയ്യുമ്പോള്‍ അതിന്‍റെ ശിക്ഷ കൂടുതല്‍ കഠിനമായിരിക്കുമെന്ന്‌ പറയേണ്ടതില്ല. സ്വത്തുക്കളില്‍വെച്ച്‌ കൂടുതല്‍ പ്രാധാന്യം കല്‍പിക്കപ്പെടുന്നതും, കൂടുതല്‍ നിക്ഷേപിച്ചു വെക്കപ്പെടാറുള്ളതും വെള്ളിയും സ്വര്‍ണവുമാണല്ലോ. അതുകൊണ്ടാണ്‌ അത്‌ രണ്ടും പ്രത്യേകം എടുത്തുപറയപ്പെട്ടിരിക്കുന്നത്‌. അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ ചിലവഴിക്കാതെ സംഭരിച്ചുവെക്കുന്ന എല്ലാ ധനവും ശിക്ഷക്ക്‌ കാരണമാണെന്നുള്ളതില്‍ സംശയമില്ല. അവരോട്‌ സന്തോഷവാര്‍ത്തയായി ഒന്നും തന്നെ അറിയിക്കാനില്ല -വല്ലതും ഉണ്ടെങ്കില്‍, അതു ശിക്ഷയെക്കുറിച്ചു മാത്രമാണ്‌- എന്നാണ്‌ ‘അവര്‍ക്ക്‌ വേദനയേറിയ ശിക്ഷയെക്കുറിച്ച്‌ സന്തോഷമറിയിക്കുക’ എന്ന്‌ പറഞ്ഞതിന്‍റെ താല്‍പര്യം. ഇതു കേവലം അവരുടെ നേരെയുള്ള ഒരു പരിഹാസം കൂടിയാകുന്നു.

നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞതായി അബൂഹുറയ്‌റഃ (رضي الله عنه) ഉദ്ധരിക്കുന്നു: ‘സ്വര്‍ണത്തിന്‍റെ ആളും വെള്ളിയുടെ ആളുമായ വല്ല മനുഷ്യനും അതിന്‍റെ കടമ കൊടുത്തു വീട്ടിയിട്ടില്ലെങ്കില്‍ ക്വിയാമത്തു നാളില്‍ അതവന്ന്‌ അഗ്നികൊണ്ടുള്ള തകിടുകളാക്കി പരത്തപ്പെടുകയും, എന്നിട്ട്‌ അവകൊണ്ട്‌ അവന്‍റെ പാര്‍ശ്വവും, നെറ്റിയും ചൂടുകുത്തി കരിക്കപ്പെടുകയും ചെയ്യാതിരിക്കുകയില്ല. (ബു.മു) അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ ചിലവഴിക്കുന്നതില്‍ പിശുക്ക്‌ പിടിക്കാതെയും, ധനപരമായ കടമകള്‍ ബാക്കിവെക്കാതെയും സ്വത്ത്‌ സമ്പാദിക്കുന്നതില്‍ തെറ്റില്ലെന്ന്‌ ഈ വചനങ്ങളില്‍നിന്നും ഈ ഹദീഥില്‍നിന്നും വ്യക്തമാകുന്നു. അത്‌ കൊണ്ടാണല്ലോ മരണപ്പെടുമ്പോള്‍ ധനം കുറച്ചായിരുന്നാലും അധികമായിരുന്നാലും അനന്തരാവകാശികള്‍ക്ക്‌ കൊടുക്കുവാന്‍ അല്ലാഹു കല്‍പിച്ചിരിക്കുന്നതും. (4:7) ചില ആളുകള്‍ ധരിച്ചുവശായതുപോലെ, സത്യവിശ്വാസികള്‍ക്ക്‌ ധനം സമ്പാദിച്ചു വെക്കുവാനുള്ള ഒരു പഴുതും ഇസ്‌ലാമിലില്ലെങ്കില്‍ അനന്തരാവകാശ നിയമങ്ങള്‍ക്കും പിന്നെസ്ഥാനമില്ലല്ലോ. അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ ചിലവഴിക്കുക എന്നു പറഞ്ഞതില്‍, ഒന്നാമതായി നിയമപ്രകാരമുള്ള സകാത്തും അതിനു ശേഷം സന്ദര്‍ഭവും പരിതഃസ്ഥിതികളും അനുസരിച്ചു ആവശ്യമായി വരുന്ന എല്ലാ ദാനധര്‍മങ്ങളും ഉള്‍പ്പെടുന്നു. സക്കാത്ത്‌ കൊടുത്തുതീര്‍ത്താല്‍ ധനം ശുദ്ധിയാകുമെന്നു കാണിക്കുന്ന ചില നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) വചനങ്ങളെയും മറ്റും ആധാരമാക്കി സക്കാത്തല്ലാത്ത കടമകളൊന്നും ധനത്തില്‍ വേറെയില്ലെന്ന്‌ പറയുന്നത്‌ പിശുക്കന്‍മാരുടെ ഒരു ഊന്നുവടി മാത്രമാണ്‌. സക്കാത്തിനു പുറമെ, ഓരോരുത്തന്‍റെയും കഴിവനുസരിച്ചും, ചുറ്റുപാടനുസരിച്ചും വേറെയും പല കടമകള്‍ ധനത്തില്‍ നിന്ന്‌ നിര്‍വ്വഹിക്കേണ്ടതുണ്ടെന്ന്‌ ധാരാളക്കണക്കില്‍ ക്വുര്‍ആന്‍ വചനങ്ങളില്‍ നിന്നും നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) വചനങ്ങളില്‍ നിന്നും നിരുപാധികം അറിയപ്പെട്ടതാകുന്നു.
തിരച്ചില്‍

9:36
  • إِنَّ عِدَّةَ ٱلشُّهُورِ عِندَ ٱللَّهِ ٱثْنَا عَشَرَ شَهْرًا فِى كِتَـٰبِ ٱللَّهِ يَوْمَ خَلَقَ ٱلسَّمَـٰوَٰتِ وَٱلْأَرْضَ مِنْهَآ أَرْبَعَةٌ حُرُمٌ ۚ ذَٰلِكَ ٱلدِّينُ ٱلْقَيِّمُ ۚ فَلَا تَظْلِمُوا۟ فِيهِنَّ أَنفُسَكُمْ ۚ وَقَـٰتِلُوا۟ ٱلْمُشْرِكِينَ كَآفَّةً كَمَا يُقَـٰتِلُونَكُمْ كَآفَّةً ۚ وَٱعْلَمُوٓا۟ أَنَّ ٱللَّهَ مَعَ ٱلْمُتَّقِينَ ﴾٣٦﴿
  • നിശ്ചയമായും, അല്ലാഹുവിന്‍റെ അടുക്കല്‍ മാസങ്ങളുടെ എണ്ണം, പന്ത്രണ്ട്‌ മാസങ്ങള്‍ എന്നാകുന്നു: (അതെ) ആകാശങ്ങളെയും ഭൂമിയെയും സൃഷ്‌ടിച്ച ദിവസം അല്ലാഹുവിന്‍റെ രേഖയില്‍ [വിധി നിശ്ചയത്തില്‍]. അവയില്‍പെട്ടതാണ്‌ (യുദ്ധം നിഷിദ്ധമാക്കപ്പെട്ട) പവിത്രമായ നാലു (മാസം) അതത്രെ ചൊവ്വായി നിലകൊള്ളുന്ന മതം [നടപടി]. ആകയാല്‍, അവയില്‍ [ആ നാലു മാസങ്ങളില്‍] നിങ്ങള്‍ നിങ്ങളോട്‌ തന്നെ അക്രമം ചെയ്യരുത്‌. മുശ്‌രിക്കുകള്‍ നിങ്ങളോട്‌ ആകമാനം യുദ്ധം ചെയ്യുന്നതുപോലെ, നിങ്ങള്‍ അവരോടും ആകമാനം യുദ്ധം ചെയ്യുവിന്‍. അല്ലാഹു സൂക്ഷ്‌മത പാലിക്കുന്നവരോടു കൂടെയാണെന്ന്‌ നിങ്ങള്‍ അറിയുകയും ചെയ്യുവിന്‍.
  • إِنَّ عِدَّةَ നിശ്ചയമായും എണ്ണം الشُّهُورِ മാസങ്ങളുടെ عِندَ اللَّهِ അല്ലാഹുവിന്‍റെ അടുക്കല്‍ اثْنَا عَشَرَ പന്ത്രണ്ടാകുന്നു شَهْرًا മാസം, മാസമായിട്ട്‌ فِي كِتَابِ വിധി നിശ്ചയഗ്രന്ഥത്തില്‍, രേഖയില്‍ اللَّهِ അല്ലാഹുവിന്‍റെ يَوْمَ خَلَقَ അവന്‍ സൃഷ്‌ടിച്ചദിവസം السَّمَاوَاتِ ആകാശങ്ങളെ وَالْأَرْضَ ഭൂമിയെയും مِنْهَا അവയില്‍പെട്ടതാണ്‌, അതിലുണ്ട്‌ أَرْبَعَةٌ നാല്‌ (എണ്ണം- മാസം) حُرُمٌ പവിത്രമായ, (യുദ്ധം) നിഷിദ്ധമായ ذَٰلِكَ الدِّينُ അത്‌ മതമത്രെ, അത്‌ നടപടിയാണ്‌ الْقَيِّمُ ചൊവ്വെ നിലകൊളളുന്ന, ഉറച്ചുനില്‍ക്കുന്ന فَلَا تَظْلِمُوا അതിനാല്‍ നിങ്ങള്‍ അക്രമം ചെയ്യരുത്‌ فِيهِنَّ അവയില്‍ أَنفُسَكُمْ നിങ്ങളുടെ സ്വന്തങ്ങളോട്‌, നിങ്ങളോടുതന്നെ وَقَاتِلُوا നിങ്ങള്‍ യുദ്ധം ചെയ്യുകയും ചെയ്യുവിന്‍ الْمُشْرِكِينَ മുശ്‌രിക്കുകളോട്‌ كَافَّةً ആകമാനം, ഒന്നടങ്കം كَمَا يُقَاتِلُونَكُمْ അവര്‍ നിങ്ങളോട്‌ യുദ്ധം ചെയ്യുന്നതുപോലെ كَافَّةً ആകമാനം, മുഴുവനും وَاعْلَمُوا നിങ്ങള്‍ അറിയുകയും ചെയ്യുക أَنَّ اللَّهَ നിശ്ചയമായും അല്ലാഹു (ആകുന്നു) എന്ന്‌ مَعَ الْمُتَّقِينَ സൂക്ഷ്‌മത പാലിക്കുന്നവരുടെകൂടെ.
9:37
  • إِنَّمَا ٱلنَّسِىٓءُ زِيَادَةٌ فِى ٱلْكُفْرِ ۖ يُضَلُّ بِهِ ٱلَّذِينَ كَفَرُوا۟ يُحِلُّونَهُۥ عَامًا وَيُحَرِّمُونَهُۥ عَامًا لِّيُوَاطِـُٔوا۟ عِدَّةَ مَا حَرَّمَ ٱللَّهُ فَيُحِلُّوا۟ مَا حَرَّمَ ٱللَّهُ ۚ زُيِّنَ لَهُمْ سُوٓءُ أَعْمَـٰلِهِمْ ۗ وَٱللَّهُ لَا يَهْدِى ٱلْقَوْمَ ٱلْكَـٰفِرِينَ ﴾٣٧﴿
  • നിശ്ചയമായും (മാസത്തിന്‍റെ നിഷിദ്ധതയെ) പിന്നോട്ട്‌ മാറ്റല്‍, അവിശ്വാസത്തില്‍ ഒരു വര്‍ദ്ധനവു തന്നെയാകുന്നു. അതുമൂലം അവിശ്വസിച്ചവര്‍ വഴി പിഴപ്പിക്കപ്പെടുന്നു: (അതായത്‌) ഒരു കൊല്ലം അതിനെ [മാറ്റിവെച്ച മാസത്തെ] അവര്‍ അനുവദനീയമാക്കുകയും, ഒരു കൊല്ലം അതിനെ നിഷിദ്ധമാക്കുകയും ചെയ്യുന്നു: അല്ലാഹു നിഷിദ്ധമാക്കിയതിന്‍റെ എണ്ണത്തോട്‌ ഒപ്പിക്കുവാനും, അങ്ങനെ, അല്ലാഹു നിഷിദ്ധമാക്കിയതിനെ അനുവദനീയമാക്കുവാനും വേണ്ടി. അവരുടെ ദുഷ്‌പ്രവൃത്തികള്‍ അവര്‍ക്ക്‌ ഭംഗിയാക്കിക്കാണിക്കപ്പെട്ടിരിക്കുകയാണ്‌. അല്ലാഹു, അവിശ്വാസികളായ ജനങ്ങളെ സന്‍മാര്‍ഗത്തിലാക്കുകയില്ല.
  • إِنَّمَا നിശ്ചയമായും മാത്രം (തന്നെ) النَّسِيءُ പിന്നോട്ട്‌ മാറല്‍, പിന്തിച്ചു വെക്കല്‍ زِيَادَةٌ ഒരു വര്‍ധനവ്‌ (തന്നെ- മാത്രം) ആകുന്നു فِي الْكُفْرِ അവിശ്വാസത്തില്‍ يُضَلُّ വഴി പിഴപ്പിക്കപ്പെടുന്നു بِهِ അതുകൊണ്ട്‌, അതുമൂലം الَّذِينَ كَفَرُوا അവിശ്വസിച്ചവര്‍ يُحِلُّونَهُ അതിനെ അവര്‍ ഹലാല്‍ (അനുവദനീയം) ആക്കുന്നു عَامًا ഒരു കൊല്ലം وَيُحَرِّمُونَهُ അതിനെ അവര്‍ ഹറാം (നിഷിദ്ധം) ആക്കുകയും ചെയ്യുന്നു عَامًا ഒരു കൊല്ലം لِّيُوَاطِئُوا അവര്‍ ഒപ്പിക്കുവാന്‍, ഒത്തുകൂടുവാന്‍ വേണ്ടി عِدَّةَ എണ്ണത്തെ, എണ്ണത്തോട്‌ مَا حَرَّمَ നിഷിദ്ധമാക്കിയതിന്‍റെ اللَّهُ അല്ലാഹു فَيُحِلُّوا അങ്ങനെ അവര്‍ അനുവദനീയമാക്കുവാന്‍ مَا حَرَّمَ اللَّهُ അല്ലാഹു നിഷിദ്ധമാക്കിയതിനെ زُيِّنَ ഭംഗിയാക്കപ്പെട്ടിരിക്കുന്നു لَهُمْ അവര്‍ക്ക്‌ سُوءُ أَعْمَالِهِمْ അവരുടെ പ്രവൃത്തികളില്‍ ദുഷിച്ചത്‌, ദുഷ്‌പ്രവൃത്തികള്‍ وَاللَّهُ അല്ലാഹുവാകട്ടെ, لَا يَهْدِي അവന്‍ സന്‍മാര്‍ഗത്തിലാക്കുകയില്ല الْقَوْمَ ജനങ്ങളെ الْكَافِرِينَ അവിശ്വാസികളായ

സൂറത്തിന്‍റെ തുടക്കം മുതല്‍ മുശ്‌രിക്കുകളെക്കുറിച്ചു സംസാരിച്ചുവരുന്ന മദ്ധ്യേ ഇടക്കുവെച്ചു വേദക്കാരെ സംബന്ധിച്ചു ചിലതെല്ലാം പ്രസ്‌താവിച്ചു. വീണ്ടും സംസാരം മുശ്‌രിക്കുകളിലേക്കുതന്നെ തിരിഞ്ഞിരിക്കുകയാണ്‌. മുശ്‌രിക്കുകള്‍ മതത്തില്‍ കടത്തിക്കൂട്ടിയ ഒരു തോന്നിയവാസത്തെക്കുറിച്ചാണ്‌ ഈ വചനങ്ങളിലെ പരാമര്‍ശം. ഇബ്‌റാഹീം നബി (عليه السلام) യുടെ കാലം മുതല്‍ക്കേ കൊല്ലത്തില്‍ ദുല്‍ക്വഅ്‌ദഃ, ദുല്‍ഹിജ്ജഃ, മുഹര്‍റം, റജബ്‌ എന്നീ നാലു മാസങ്ങള്‍ യുദ്ധം പാടില്ലാത്ത പവിത്രമാസങ്ങളായി ആചരിക്കപ്പെട്ടുവന്നിരുന്നു. ഇബ്‌റാഹീം നബി (عليه السلام)യുടെ പാരമ്പര്യം അവകാശപ്പെടുന്നവരാണല്ലോ മുശ്‌രിക്കുകള്‍. കാലക്രമത്തില്‍ ആ സമ്പ്രദായത്തില്‍ അവര്‍ ഒരു മാറ്റം സ്വീകരിച്ചു. പൊതുവെ യുദ്ധപ്രിയന്‍മാരായ അവര്‍ക്ക്‌ ചിലപ്പോള്‍ ഈ നിയമം പാലിക്കുന്നത്‌ അവരുടെ യുദ്ധതാല്‍പര്യങ്ങള്‍ക്ക്‌ യോജിക്കാതെ വരും. അപ്പോള്‍ ഇതില്‍ നിന്ന്‌ രക്ഷപ്പെടുവാന്‍ വേണ്ടി ഒരു മാസത്തിന്‍റെ പവിത്രത മറ്റൊരു മാസത്തിലേക്ക്‌ നീട്ടിവെച്ചുകൊണ്ട്‌ ആ മാസത്തില്‍ അവര്‍ യുദ്ധം നടത്തുകയും, മറ്റേ മാസം പവിത്രമാസമായി ആചരിക്കുകയും ചെയ്യും. അങ്ങനെ നിശ്ചിത മാസങ്ങളില്‍ മാറ്റം വരുത്തിക്കൊണ്ടാണെങ്കിലും കൊല്ലത്തില്‍ നാലു മാസം പവിത്രമാസങ്ങളായി ഒപ്പിക്കുകയും ചെയ്യും. ഇങ്ങിനെ, ഒരു മാസത്തിന്‍റെ പവിത്രത മറ്റൊരു മാസത്തിലേക്ക്‌ മാറ്റിവെക്കുന്നതിനാണ്‌ النَّسِيء (നസീഉ്‌) എന്നു പറയപ്പെടുന്നത്‌. ഇതിനെപ്പറ്റിയാണ്‌ രണ്ടാമത്തെ വചനത്തില്‍ പ്രസ്‌താവിക്കുന്നത്‌.

മറ്റൊരുതരം ‘നസീഉം’ അറബികളില്‍ പതിവുണ്ടായിരുന്നതായി ഇമാം റാസി (رحمه الله) മുതലായ ചിലര്‍ പ്രസ്‌താവിച്ചിരിക്കുന്നു. പണ്ടു മുതല്‍ക്കേ ചാന്ദ്രിക മാസങ്ങളുടെ അടിസ്ഥാനത്തിലാണ്‌ അറബികള്‍ കാലനിര്‍ണയം ചെയ്‌തുവന്നിരുന്നത്‌. സൗരവര്‍ഷവും ചന്ദ്രവര്‍ഷവും തമ്മില്‍കൊല്ലത്തില്‍ ഏതാണ്ട്‌ പതിനൊന്നു ദിവസത്തെ വ്യത്യാസം ഉണ്ടായിരിക്കുമല്ലോ. ഉഷ്‌ണം, ശൈത്യം, കാലവര്‍ഷം, വേനല്‍ മുതലായ പ്രകൃതിമാറ്റങ്ങള്‍ സംഭവിക്കുന്നത്‌ സൗരമാസങ്ങളുടെ കണക്കിലുമായിരിക്കും. ഇതുനിമിത്തം ഹജ്ജുകാലം ചിലപ്പോള്‍ അത്യുഷ്‌ണവേളയിലും, ചിലപ്പോള്‍ മറിച്ചും വന്നേക്കും. ഉഷ്‌ണകാലത്ത്‌ ഹജ്ജ്‌ വരുന്നതുകൊണ്ട്‌ പൊതുവെയുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ക്ക്‌ പുറമെ, അവരുടെ ഒരു പ്രധാന ധനാഗമന മാര്‍ഗമായ ഹജ്ജ്‌ കാലത്തെ കച്ചവടോത്സവങ്ങള്‍ക്കും അത്‌ തടസ്സമായിത്തീരും. അതുകൊണ്ട്‌ ചാന്ദ്രിക മാസങ്ങളെ കണക്കാക്കുന്നതില്‍ ചില നീക്കുപോക്കുകള്‍ സ്വീകരിച്ചുകൊണ്ട്‌ ഹജ്ജുകാലം അവര്‍ മാറ്റി നിശ്ചയിക്കും. ഇതാണ്‌ ഈ ‘നസീഇ’ ന്‍റെ ചുരുക്കം.

യുദ്ധം നിഷിദ്ധമായ നാലു മാസങ്ങള്‍ ഏതൊക്കെയാണെന്ന്‌ ജാഹിലിയ്യത്തിലും ഇസ്‌ലാമിലും പരക്കെ അറിയപ്പെട്ടതാണ്‌. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ പ്രസിദ്ധമായ ഹജ്ജത്തുല്‍ വിദാഇലെ പ്രസംഗത്തില്‍ തിരുമേനി അക്കാര്യം ഇങ്ങനെ വ്യക്തമാക്കുകയും ചെയ്‌തു: ‘നിശ്ചയമായും കാലം, അല്ലാഹു ആകാശഭൂമികളെ സൃഷ്‌ടിച്ച ദിവസത്തെ മാതിരി തിരിഞ്ഞു വന്നിരിക്കുന്നു. ഒരുകൊല്ലം പന്ത്രണ്ട്‌ മാസം. അതില്‍ നാലെണ്ണം ‘ഹറാമാ’ യവ (അലംഘനീയമായ പവിത്രമാസങ്ങള്‍). മൂന്നെണ്ണം തുടര്‍ച്ചയായുള്ളവയാണ്‌. അതായത്‌, ദുല്‍ക്വഅ്‌ദഃ, ദുല്‍ഹിജ്ജഃ, മുഹര്‍റം എന്നിവ. (നാലാമത്തേത്‌) ജുമാദായുടെയും, ശഅ്‌ബാന്‍റെയും, ഇടയിലുള്ള മുള്വര്‍ ഗോത്രത്തിന്‍റെ റജബും.’ (അ. ബു. മു) റജബു മാസത്തെപ്പറ്റി നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ‘മുള്വറിന്‍റെ റജബ്‌’ (رجب مضر) എന്നു പറയുവാന്‍ കാരണം, വേറെ ചില ഗോത്രക്കാര്‍ ആ മാസത്തിന്‍റെ ആചരണത്തില്‍ വ്യത്യാസം വരുത്തിയിരുന്നതാണെന്ന്‌ ഇബ്‌നു കഥീര്‍ (رحمه الله) ചൂണ്ടിക്കാട്ടിയിരിക്കുന്നു. ഹജ്ജ്‌ സമ്മേളനത്തില്‍ ദൂരപ്രദേശങ്ങളില്‍ നിന്നു നിര്‍ഭയം വന്നുചേരുവാനുള്ള സൗകര്യത്തിനുവേണ്ടി ഹജ്ജ്‌ മാസത്തിനു മുമ്പ്‌ ദുല്‍ക്വഅ്‌ദഃ മാസവും, അതേമാതിരി ഹജ്ജിന്‍റെ ശേഷം സമാധാനപൂര്‍വ്വം തിരിച്ചുപോകുവാനുള്ള സൗകര്യത്തിനുവേണ്ടി അതിന്‍റെ ശേഷം മുഹര്‍റ മാസവും-അങ്ങിനെ മൂന്നു മാസം-അല്ലാഹു തുടര്‍ച്ചയായി യുദ്ധം ഹറാമാക്കിയിരിക്കുന്നു. ഇടക്കുവെച്ചു ഉംറഃ കര്‍മം ചെയ്‌തു പോകുന്നവരുടെ സൗകര്യം കണക്കിലെടുത്തു റജബു മാസവും ഹറാമാക്കിയിരിക്കുകയാണ്‌.

ചില കാലങ്ങള്‍ക്കും ചില സ്ഥലങ്ങള്‍ക്കും അല്ലാഹു ചില പ്രത്യേക സ്ഥാനങ്ങള്‍ കല്‍പിച്ചുവെച്ചിരിക്കുന്നു. മറ്റുള്ളവയലില്ലാത്ത ചില അനുഷ്‌ഠാനങ്ങളും ആചരണങ്ങളും അവയില്‍ അവന്‍ നിയമിക്കുകയും ചെയ്‌തിട്ടുണ്ട്‌. അങ്ങിനെ നിശ്ചയിച്ചതിലുള്ള യുക്തി രഹസ്യങ്ങള്‍ അല്‍പം ചിലതൊക്കെ നമുക്ക്‌ അറിയുവാന്‍ കഴിഞ്ഞേക്കുമെങ്കിലും മുഴുവനായോ, വിശദമായോ അതിലടങ്ങിയ തത്വരഹസ്യങ്ങള്‍ മനസ്സിലാക്കുവാന്‍ നമുക്ക്‌ കഴിയുകയില്ല. എന്തുകൊണ്ട്‌ ദിനംപ്രതി അഞ്ചു നമസ്‌കാരം നിയമിച്ചു? ആഴ്‌ചയിലെ ദിവസങ്ങളില്‍ വെള്ളിയാഴ്‌ച ദിവസത്തിന്‌ എന്തുകൊണ്ട്‌ പ്രാധാന്യംകല്‍പിച്ചു? മാസങ്ങളില്‍ എന്ത്‌ കൊണ്ട്‌ റമദാന്‌ പ്രത്യേകത നല്‍കി? ഇതിനൊന്നും വസ്‌തു നിഷ്‌ഠവും പരിപൂര്‍ണവുമായ ഉത്തരം പറയുവാന്‍ നമുക്ക്‌ സാദ്ധ്യമല്ല. ഇതുപോലെ, സ്ഥലങ്ങളുടെ കൂട്ടത്തില്‍ പള്ളികള്‍ക്കും, രാജ്യങ്ങളുടെ കൂട്ടത്തില്‍ മക്ക, മദീന, ബൈത്തുല്‍ മുക്വദ്ദസ്‌ എന്നിവക്കും അല്ലാഹു ചില ശ്രേഷ്‌ഠതകള്‍ നല്‍കിയിരിക്കുന്നു. ഓരോന്നിനും ചില കാരണങ്ങളൊക്കെ നമുക്ക്‌ മനസ്സിലായിട്ടുണ്ടെങ്കിലും, നമുക്ക്‌ അജ്ഞാതമായ വേറെയും യുക്തിരഹസ്യങ്ങള്‍ അതിലെല്ലാം അടങ്ങിയിട്ടുണ്ടെന്നുള്ളതില്‍ സംശയമില്ല. ആ സ്ഥിതിക്ക്‌ ഓരോന്നിനും കല്‍പിച്ച പവിത്രതയും, സ്ഥാനവും അതേ രൂപത്തില്‍ അംഗീകരിക്കുകയല്ലാതെ അതില്‍ മാറ്റമോ വ്യത്യാസമോ വരുത്തുവാന്‍ മനുഷ്യര്‍ക്ക്‌ അവകാശമോ, അനുവാദമോ ഇല്ല. ചോദ്യം ചെയ്യാതെ അതനുസരിക്കുകയാണ്‌ നമ്മുടെ കടമ. അതാണ്‌ നേര്‍ക്കുനേരെയുള്ള മതനടപടിയും. (ذَٰلِكَ الدِّينُ الْقَيِّمُ) നേരെമറിച്ചു അവയിലൊക്കെ അല്ലാഹു കല്‍പിച്ചതിനെതിരായ മാറ്റത്തിരുത്തങ്ങള്‍ വരുത്തുന്നത്‌ അവിശ്വാസവുമായിരിക്കും إِنَّمَا النَّسِيءُ زِيَادَةٌ فِي الْكُفْرِ (നസീഉ്‌ അവിശ്വാസത്തിന്‍ വര്‍ധനവ്‌ തന്നെയാണ്‌) എന്ന്‌ രണ്ടാമത്തെ വചനത്തില്‍ പറഞ്ഞതില്‍ നിന്ന്‌ ഈ വാസ്‌തവം മനസ്സിലാക്കാം. മുശ്‌രിക്കുകള്‍ മുമ്പേ അവിശ്വാസികളാണ്‌. ആ അവിശ്വാസത്തിലൂടെ മറ്റൊരു അവിശ്വാസവും കൂടിയാണ്‌ നസീഉ്‌ മൂലം ഉണ്ടായിത്തീരുന്നത്‌ എന്നത്രെ ഈ വാക്യം ചൂണ്ടിക്കാട്ടുന്നത്‌.

ആദ്യത്തെ വചനത്തില്‍ പറഞ്ഞതിന്‍റെ താല്‍പര്യം ഇങ്ങിനെ മനസ്സിലാക്കാം: ആകാശഭൂമികളെ സൃഷ്‌ടിച്ച ദിവസം മുതല്‍ക്കേ അല്ലാഹു നിശ്ചയിച്ചുവെച്ച നിയമവ്യവസ്ഥയാണ്‌ മാസങ്ങള്‍ പന്ത്രണ്ടാണെന്നുള്ള തത്വം. (إِنَّ عِدَّةَ الشُّهُورِ عِندَ اللَّهِ) അതായത്‌, ഈ അഖിലാണ്‌ഡത്തെ സൃഷ്‌ടിച്ചപ്പോള്‍തന്നെ, അതിലടങ്ങിയ സൂര്യചന്ദ്രനക്ഷത്രാദികള്‍ക്കും അവയുടെ ഗതിവിഗതികള്‍ക്കുമൊക്കെ അല്ലാഹു ഓരോ നിശ്ചിത വ്യവസ്ഥ ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. ആ വ്യവസ്ഥകളിലൊന്നാണ്‌ കൊല്ലത്തില്‍ പന്ത്രണ്ടു മാസങ്ങളാണെന്നുള്ളതും. ആ പന്ത്രണ്ടില്‍ നാലെണ്ണം അവന്‍ ‘ഹറാമാ’ യ പവിത്രമാസങ്ങളാക്കി വെക്കുകയും ചെയ്‌തിരിക്കുന്നു. (مِنْهَا أَرْبَعَةٌ حُرُمٌ) അതില്‍ മാറ്റമോ ഭേദഗതിയോ വരുത്താതെ അവന്‍ നിശ്ചയിച്ച അതേപടി ആ മാസങ്ങളെ സ്വീകരിക്കുന്നതാണ്‌ ശരിയും സ്ഥിരവുമായ മതനടപടി (ذَٰلِكَ الدِّينُ الْقَيِّمُ). അവയില്‍ വല്ല ഭേദഗതിയും സ്വീകരിക്കുന്നതും, അവയുടെ അലംഘനീയതക്കും പവിത്രതക്കും ഹാനികരമായ വല്ലതും പ്രവര്‍ത്തിക്കുന്നതും നിങ്ങള്‍ നിങ്ങളോടു തന്നെ അക്രമം പ്രവര്‍ത്തിക്കലാകുന്നു. അഥവാ അതിന്‍റെ ഫലം നിങ്ങള്‍തന്നെ അനുഭവിക്കേണ്ടിവരും. അതുകൊണ്ട്‌ നിങ്ങള്‍ നിങ്ങള്‍ക്കെതിരെത്തന്നെ അക്രമം പ്രവര്‍ത്തിക്കരുത്‌. (فَلَا تَظْلِمُوا فِيهِنَّ أَنفُسَكُمْ) എന്നൊക്കെ ഉണര്‍ത്തിയശേഷം, ഒരു യാഥാര്‍ത്ഥ്യം സത്യവിശ്വാസികള്‍ വിസ്‌മരിച്ചുകളയരുതെന്ന്‌ അല്ലാഹു പ്രത്യേകം ഓര്‍മിപ്പിക്കുന്നു. അതായത്‌, മുശ്‌രിക്കുകള്‍ കൂട്ടത്തോടെ നിങ്ങളോട്‌ യുദ്ധത്തിന്‌ ഒരുങ്ങി ഇറങ്ങിയിരിക്കുകയാണ്‌. അതുകൊണ്ട്‌ അപ്പോഴെ നിങ്ങളും ഒത്തൊരുമിച്ച്‌ ഒറ്റക്കെട്ടായി അവരോടങ്ങോട്ടും യുദ്ധത്തിന്‌ തയ്യാറായിക്കൊണ്ടിരിക്കണം. (وَقَاتِلُوا الْمُشْرِكِينَ كَافَّةً) എന്നത്രെ അത്‌. അതോടുകൂടി, സൂക്ഷ്‌മത പാലിക്കണമെന്നും, സൂക്ഷ്‌മത പാലിക്കുന്നവരുടെ ഭാഗത്താണ്‌ അല്ലാഹു എന്ന്‌ നിങ്ങള്‍ക്ക്‌ ഓര്‍മയുണ്ടായിരിക്കണം. (وَاعْلَمُوا أَنَّ اللَّهَ مَعَ الْمُتَّقِينَ) എന്നും ഓര്‍മിപ്പിക്കുന്നു.

വിഭാഗം - 6

9:38
  • يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ مَا لَكُمْ إِذَا قِيلَ لَكُمُ ٱنفِرُوا۟ فِى سَبِيلِ ٱللَّهِ ٱثَّاقَلْتُمْ إِلَى ٱلْأَرْضِ ۚ أَرَضِيتُم بِٱلْحَيَوٰةِ ٱلدُّنْيَا مِنَ ٱلْـَٔاخِرَةِ ۚ فَمَا مَتَـٰعُ ٱلْحَيَوٰةِ ٱلدُّنْيَا فِى ٱلْـَٔاخِرَةِ إِلَّا قَلِيلٌ ﴾٣٨﴿
  • ഹേ, വിശ്വസിച്ചവരേ, നിങ്ങള്‍ക്കെന്താണ്‌, അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ (യുദ്ധത്തിന്‌) പുറപ്പെട്ടു പോകുവിന്‍ എന്നു നിങ്ങളോട്‌ പറയപ്പെട്ടാല്‍, നിങ്ങള്‍ ഭൂമിയിലേക്ക്‌ കനംതൂങ്ങിക്കളയുന്നു [മടിച്ചു പിന്നോക്കം നില്‍ക്കുന്നു]? നിങ്ങള്‍ പരലോകത്തിന്‌ (പകരം) ഐഹിക ജീവിതംകൊണ്ട്‌ തൃപ്‌തിപ്പെട്ടുവോ?! എന്നാല്‍, പരലോകത്തെ സംബന്ധിച്ചു (നോക്കുമ്പോള്‍) ഐഹിക ജീവിതത്തിന്‍റെ സുഖവിഭവം ഒരല്‍പ (മാത്ര) മല്ലാതെയില്ല.
  • يَا أَيُّهَا الَّذِينَ آمَنُوا ഹേ വിശ്വസിച്ചവരേ مَا لَكُمْ നിങ്ങള്‍ക്കെന്താണ്‌ إِذَا قِيلَ പറയപ്പെട്ടാല്‍ لَكُمُ നിങ്ങളോട്‌ انفِرُوا നിങ്ങള്‍ (യുദ്ധത്തിന്‌) പുറപ്പെട്ടുപോകുവിന്‍, ധൃതിയില്‍ പോകുവിന്‍ فِي سَبِيلِ اللَّهِ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ اثَّاقَلْتُمْ നിങ്ങള്‍ കനം തൂങ്ങുന്നു, ഭാരപ്പെട്ട്‌ (അമര്‍ന്ന്‌) പോകുന്നു إِلَى الْأَرْضِ ഭൂമിയിലേക്ക്‌ أَرَضِيتُم നിങ്ങള്‍ തൃപ്‌തിപ്പെട്ടുവോ بِالْحَيَاةِ الدُّنْيَا ഐഹിക ജീവിതം കൊണ്ട്‌ مِنَ الْآخِرَةِ പരലോകത്തിന്‌ (പകരം) فَمَا مَتَاعُ എന്നാല്‍ സുഖവിഭവമില്ല, ഉപകരണമില്ല الْحَيَاةِ ജീവിതത്തിന്‍റെ الدُّنْيَا ഐഹിക فِي الْآخِرَةِ പരലോകത്തില്‍, പരലോകത്തെ സംബന്ധിച്ചു إِلَّا قَلِيلٌ അല്‍പമല്ലാതെ
9:39
  • إِلَّا تَنفِرُوا۟ يُعَذِّبْكُمْ عَذَابًا أَلِيمًا وَيَسْتَبْدِلْ قَوْمًا غَيْرَكُمْ وَلَا تَضُرُّوهُ شَيْـًٔا ۗ وَٱللَّهُ عَلَىٰ كُلِّ شَىْءٍ قَدِيرٌ ﴾٣٩﴿
  • നിങ്ങള്‍ (യുദ്ധത്തിന്‌) പുറപ്പെട്ടുപോകുന്നില്ലെങ്കില്‍, അവന്‍ [അല്ലാഹു] നിങ്ങളെ വേദനയേറിയ ശിക്ഷ ശിക്ഷിക്കും; നിങ്ങളല്ലാത്ത (വേറെ) വല്ല ജനതയെയും അവന്‍ പകരം കൊണ്ടുവരുകയും ചെയ്യും; അവന്‌ നിങ്ങള്‍ യാതൊന്നും (തന്നെ) ഉപദ്രവം വരുത്തുന്നതുമല്ല. [നിങ്ങള്‍ക്ക്‌ തന്നെയായിരിക്കും അത്‌ ഉപദ്രവമായിരിക്കുക.] അല്ലാഹു, എല്ലാ കാര്യത്തിനും കഴിവുള്ളവനാകുന്നു.
  • إِلَّا تَنفِرُوا നിങ്ങള്‍ (യുദ്ധത്തിന്‌) പുറപ്പെടുന്നില്ലെങ്കില്‍ يُعَذِّبْكُمْ അവന്‍ നിങ്ങളെ ശിക്ഷിക്കും عَذَابًا أَلِيمًا വേദനയേറിയ ശിക്ഷ وَيَسْتَبْدِلْ അവന്‍ പകരം കൊണ്ടുവരുകയും ചെയ്യും قَوْمًا ഒരു ജനതയെ غَيْرَكُمْ നിങ്ങളല്ലാത്ത وَلَا تَضُرُّوهُ അവന്നു നിങ്ങള്‍ ഉപദ്രവം ചെയ്‌കയുമില്ല شَيْئًا യാതൊന്നും وَاللَّهُ അല്ലാഹു عَلَىٰ كُلِّ شَيْءٍ എല്ലാ വസ്‌തുവിനും قَدِيرٌ കഴിവുള്ളവനാകുന്നു

ഈ സൂറത്തിന്‍റെ അവസാനത്തെ രണ്ടു വചനങ്ങളും ഇടക്കുള്ള ചില വചനങ്ങളും ഒഴിവാക്കിയാല്‍, ഇവിടം മുതല്‍ക്കുള്ള വചനങ്ങളിലെ പരാമര്‍ശങ്ങള്‍ തബൂക്ക്‌ സംഭവവുമായി ബന്ധപ്പെട്ട കാര്യങ്ങളാകുന്നു. മദീനയുടെയും, ദിമിശ്‌ക്വി (ഡമസ്‌കസി)ന്‍റെയും ഏതാണ്ട്‌ മദ്ധ്യത്തില്‍, മദീനയില്‍ നിന്നും ഏതാണ്ട്‌ നാനൂറ്‌ നാഴിക ദൂരെ സ്ഥിതി ചെയ്യുന്നതും, അക്കാലത്ത്‌ ശാം രാജ്യങ്ങളില്‍ ഉള്‍പ്പെട്ടതുമായ ഒരു രാജ്യമാണ്‌ തബൂക്ക്‌ (تَبُوك). (*) റോമാ ചക്രവര്‍ത്തിയുടെ മേല്‍ക്കോയ്‌മയിലാണ്‌ അന്ന്‌ ശാംരാജ്യങ്ങള്‍. താഴെവരുന്ന പല പരാമര്‍ശങ്ങളെക്കുറിച്ചും വേണ്ടതുപോലെ മനസ്സിലാക്കുന്നതിന്‌ തബൂക്ക്‌ സംഭവത്തെപ്പറ്റി സാമാന്യം അറിഞ്ഞിരിക്കുന്നത്‌ ആവശ്യമായത്‌ കൊണ്ട്‌ അതിന്‍റെ ഒരു ചുരുക്കം ഇവിടെ വിവരിക്കാം:-


(*) തബൂക്ക് (تَبُوك) പടം 5 നോക്കുക


മദീനയെ ആക്രമിക്കാന്‍ ശാമില്‍ റോമക്കാര്‍ ഒരുക്കം കൂട്ടുന്നുണ്ടെന്നും, ക്രിസ്‌ത്യാനികളായ ചില അറബി ഗോത്രങ്ങളും അതില്‍ പങ്കുവഹിക്കുന്നുണ്ടെന്നും ആ ഭാഗത്തുനിന്നു ഒലീവെണ്ണ വില്‍പ്പനക്കായി വന്നിരുന്ന ചിലരില്‍ നിന്ന്‌ നബിക്കു വിവരം കിട്ടുകയുണ്ടായി. ഭക്ഷണക്ഷാമംകൊണ്ടും, അത്യുഷ്‌ണംകൊണ്ടും വളരെ വിഷമം പിടിച്ച ഒരു കാലമായിരുന്നു അത്‌. കൂടാതെ, അല്‍പം മുമ്പ്‌ കഴിഞ്ഞ ഹുനൈന്‍ യുദ്ധത്തിനും, ത്വാഇഫ്‌ യുദ്ധത്തിനും ശേഷം ഒരു വിശ്രമമെടുക്കുവാന്‍ ജനങ്ങള്‍ക്ക്‌ അവസരവും കിട്ടിയിട്ടുണ്ടായിരുന്നില്ല. ശത്രുപക്ഷത്തുണ്ടാകാവുന്ന സൈന്യത്തിന്‍റെ ആധിക്യത്തെക്കുറിച്ചുള്ള ഭയവും, മദീനയിലെ ഈന്തത്തോട്ടങ്ങളുടെ ഫലം എടുക്കുന്ന കാലം അടുത്തു വന്നിരുന്നതിനാല്‍ ആ സമയത്ത്‌ സ്ഥലം വിടുന്നതില്‍ ജനങ്ങള്‍ക്കുള്ള വൈമനസ്യവും ഇതിന്‌ പുറമെയും. ശാമിലേക്കുള്ള യാത്രയാണെങ്കില്‍ വളരെ ക്ലേശകരവും. ഇങ്ങിനെ പലതരം പ്രതികൂലാവസ്ഥകള്‍ ഒത്തുചേര്‍ന്ന ഒരു പരിതഃസ്ഥിതിയിലായിരുന്നു പ്രസ്‌തുത വിവരം ലഭിച്ചത്‌. ഏതെങ്കിലും ഒരു സ്ഥലത്തേക്ക്‌ പടയൊരുക്കം ചെയ്യുമ്പോള്‍-ശത്രുക്കള്‍ക്ക്‌ മുന്‍കൂട്ടി വിവരം ലഭിക്കാതിരിക്കുവാനുള്ള മുന്‍കരുതലെന്ന നിലക്ക്‌ – നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ലക്ഷ്യസ്ഥാനം മുന്‍കൂട്ടി പുറത്തറിയിക്കാറില്ലായിരുന്നു. മേല്‍ സൂചിപ്പിച്ച പരിതഃസ്ഥിതികള്‍ നിമിത്തം, ഈ പടയെടുപ്പിന്‍റെ ലക്ഷ്യത്തെപ്പറ്റി നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) നേരത്തെതന്നെ വ്യക്തമാക്കുകയുണ്ടായി. സൈന്യത്തില്‍ പങ്കെടുക്കുവാനും, സാമ്പത്തികമായും, മറ്റു വിധേനയും കഴിയുന്ന സംഭാവനകളും സഹകരണങ്ങളും നല്‍കുവാനും നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ജനങ്ങളെ ഉപദേശിച്ചുകൊണ്ടിരുന്നു. മക്കയിലേക്കും, മറ്റു ചില സ്ഥലങ്ങളിലേക്കും ഈ ആവശ്യാര്‍ത്ഥം അവിടുന്നു ആളെ അയക്കുകയും ചെയ്‌തു.

സ്വഹാബികള്‍ പലരും വമ്പിച്ച സംഭാവനകള്‍ നല്‍കുകയുണ്ടായി. ഉഥ്‌മാന്‍ (رضي الله عنه) പതിനായിരം ദീനാറും (പൊന്‍പണവും) മുന്നൂറ്‌ ഒട്ടകവും, അവയുടെ സാമഗ്രികളും, അമ്പത്‌ കുതിരയും സംഭാവന ചെയ്‌തു. ‘അല്ലാഹുവേ! നീ ഉഥ്‌മാനെക്കുറിച്ച്‌ തൃപ്‌തിപ്പെടേണമേ! ഞാന്‍ അദ്ദേഹത്തെക്കുറിച്ചു തൃപ്‌തിപ്പെട്ടിരിക്കുന്നു.’ എന്ന്‌ അദ്ദേഹത്തിനുവേണ്ടി നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പ്രാര്‍ഥിച്ചു. ഇതുപോലെ വേറെയും സ്വഹാബികള്‍ വലിയ സംഭാവനകള്‍ നല്‍കി. അബൂബക്‌ര്‍ (رضي الله عنه) അദ്ദേഹത്തിന്‍റെ പക്കല്‍ ആകെയുണ്ടായിരുന്ന നാലായിരം ദിര്‍ഹം (വെള്ളിപ്പണം) അത്രയും സംഭാവന ചെയ്‌തു. ഒരു വിഷയത്തിലും അബൂബക്‌റിനെ കവച്ചുവെക്കുവാന്‍ തനിക്കു അവസരം കിട്ടിയിട്ടില്ലെങ്കിലും ഈ പ്രാവശ്യം അതു സാധിക്കാമെന്ന പ്രതീക്ഷയോടുകൂടി, ഉമര്‍ (رضي الله عنه) തന്‍റെ പക്കലുണ്ടായിരുന്ന ധനത്തിന്‍റെ പകുതിയും കൊണ്ടുവന്നു. സംഖ്യ നോക്കുമ്പോള്‍, അബൂബക്‌ര്‍ (رضي الله عنه)ന്‍റെ സംഖ്യയേക്കാള്‍ വളരെയധികം തന്നെയുണ്ടായിരുന്നു. എങ്കിലും, ഇക്കുറിയും അദ്ദേഹത്തിന്‍റെ പ്രതീക്ഷ അസ്ഥാനത്താകുകയാണുണ്ടായത്‌. അബൂബക്‌ര്‍ (رضي الله عنه)നോടു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ചോദിച്ചു: ‘താങ്കളുടെ വീട്ടുകാര്‍ക്ക്‌ താങ്കള്‍ എന്ത്‌ ബാക്കിവെച്ചിട്ടുണ്ട്‌?’ അദ്ദേഹത്തിന്‍റെ മറുപടി: ‘അല്ലാഹുവിനെയും റസൂലിനെയും ബാക്കിവെച്ചിട്ടുണ്ട്‌.’ എന്നായിരുന്നു. ഇതു കേട്ടപ്പോള്‍, തനിക്ക്‌ അബൂബക്കര്‍ (رضي الله عنه) നെ കവച്ചുവെക്കുവാന്‍ സാധ്യമല്ലെന്ന്‌ ഉമര്‍ (رضي الله عنه) ന്‌ ബോധ്യമായി. സ്‌ത്രീകളും അവരുടെ ആഭരണങ്ങള്‍ തുടങ്ങിയ വലിയ സംഭാവനകള്‍ നല്‍കിവന്നു. യാത്രച്ചെലവിനു പോലും കഴിവില്ലാത്ത ദരിദ്രരായ ചില സ്വഹാബികള്‍ തങ്ങളെയും സൈന്യത്തിലെടുക്കണമെന്നും നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യോട്‌ അപേക്ഷിച്ചു. അതിനുള്ള വക ഇല്ലാത്തതുകൊണ്ട്‌ അവരുടെ അപേക്ഷ സ്വീകരിക്കുവാന്‍ നബിക്കു കഴിഞ്ഞില്ല. അങ്ങനെ, അവര്‍ കരഞ്ഞുംകൊണ്ടിരിക്കുകയായി. ഒടുക്കം ഉഥ്‌മാന്‍, അബ്ബാസ്‌ (റ) മുതലായവര്‍ അവരുടെ ചിലവ്‌ വഹിക്കുവാന്‍ ഏറ്റു.

മദീനയില്‍നിന്നും, മറ്റു സ്ഥലങ്ങളില്‍ നിന്നുമായി മുപ്പതിനായിരം (30,000) പേരടങ്ങുന്ന ഒരു വമ്പിച്ച സൈന്യം സജ്ജീകൃതമായി. മദീനയില്‍ മുഹമ്മദുബ്‌നു മസ്‌മലഃ (റ) യെയും, കുടുംബകാര്യങ്ങളില്‍ അലി (رضي الله عنه) യെയും നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തന്‍റെ പ്രതിനിധികളായി നിശ്ചയിച്ചു. സൈന്യത്തിന്‍റെ മഹാപതാകാവാഹകനായി അബൂബക്‌ര്‍ (رضي الله عنه) നെയും ഏല്‍പിച്ചു. കപടവിശ്വാസികളായ ഒട്ടേറെ ആളുകളും, അവരുടെ തലവനായ അബ്‌ദുല്ലാഹിബ്‌നു ഉബയ്യും സൈന്യത്തില്‍ പങ്കെടുത്തില്ല. ‘ഇമ്മാതിരി സമയത്ത്‌ വെള്ളക്കാരോട്‌ (റോമക്കാരോട്‌) യുദ്ധം ചെയ്‌വാനുള്ള മുഹമ്മദിന്‍റെ ഈ പുറപ്പാടിന്‍റെ ഫലം അവനറിയാറാകും, ഈ കളി നല്ലതിനല്ല.’ എന്നൊക്കെ അവര്‍ പറഞ്ഞു. വേറെ ചിലര്‍ നാട്ടില്‍ ഭീതി പ്രചരിപ്പിച്ചുകൊണ്ടുമിരുന്നു. ചിലര്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ അടുക്കല്‍ വന്നു ഒഴികഴിവുകള്‍ നിരത്തി. ‘വെള്ളക്കാരായ സ്‌ത്രീകളെ കണ്ടാല്‍ തങ്ങളുടെ മനസ്സ്‌ ഇളകിപ്പോകും. തങ്ങളുടെ വീടുകള്‍ ഭദ്രമല്ലാത്തതുകൊണ്ട്‌ തങ്ങള്‍ക്ക്‌ വീട്‌ വിട്ടുപോകുവാന്‍ നിവൃത്തിയില്ല’ എന്നിങ്ങിനെ പലതും. ദാരിദ്ര്യവും, കഴിവുകേടും നിമിത്തം പോകാതെ പിന്തി നിന്നവരും ഉണ്ടായിരുന്നു. അങ്ങിനെ പലര്‍ക്കും നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഒഴിവ്‌ നല്‍കി. കൂട്ടത്തില്‍ ബാഹ്യാവസ്ഥ കണക്കിലെടുത്തുകൊണ്ട്‌ പല കപട വിശ്വാസികളുടെ ഒഴികഴിവുകളും നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) സ്വീകരിച്ചിരുന്നു. ഇങ്ങിനെ ഒഴികഴിവ്‌ നല്‍കിയതിനെപ്പറ്റി പിന്നീട്‌ അല്ലാഹു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യെ ആക്ഷേപിച്ചതായി താഴെ കാണാവുന്നതാണ്‌. സത്യവിശ്വാസികളില്‍ തന്നെ കഅ്‌ബുബ്‌നു മാലിക്‌ (റ) പോലെയുള്ള നിഷ്‌കപടന്മാരായിരുന്ന ചില വ്യക്തികളും യുദ്ധത്തിന്‌ പോകാത്തവരില്‍ ഉള്‍പ്പെടും. പിന്നീട്‌ അവര്‍ അതിനെപ്പറ്റി അങ്ങേയറ്റം ഖേദിച്ചു മടങ്ങിയ വിവരവും താഴെ കാണാം.

സൈന്യം യാത്ര തുടങ്ങി. വഴിമദ്ധ്യെ ഹിജ്‌റി(*)ലെത്തി. സ്വാലിഹ്‌ നബി (عليه السلام)യുടെ ജനതയും അല്ലാഹുവിങ്കല്‍ നിന്നുള്ള കഠിനകഠോരമായ പൊതു ശിക്ഷമൂലം നശിപ്പിക്കപ്പെട്ടവരുമായ ഥമൂദ്‌ ഗോത്രക്കാരുടെ രാജ്യമാണ്‌ ഹിജ്‌ര്‍. അവിടം കടന്നുപോകുമ്പോള്‍, ആ അക്രമികളുടെ വാസസ്ഥലത്തിലൂടെ കരഞ്ഞുകൊണ്ടല്ലാതെ പ്രവേശിക്കരുതെന്ന്‌ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) സൈന്യത്തെ ഉപദേശിക്കുകയുണ്ടായി. തബൂക്ക്‌ ജനവാസമില്ലാതെ ഒഴിഞ്ഞുകിടക്കുന്ന ഒരു പ്രദേശമായിരുന്നു. അവിടെ എത്തിയപ്പോള്‍ മുആദുബ്‌നു ജബല്‍ (رضي الله عنه)നോട്‌ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞു: ‘താങ്കള്‍ക്ക്‌ ആയുസ്സുണ്ടായാല്‍, ഇവിടെയൊക്കെ തോട്ടങ്ങള്‍ നിറഞ്ഞു കാണാറാകും’. അതങ്ങിനെതന്നെ പിന്നീട്‌ സംഭവിക്കുകയും ചെയ്‌തു.

ഇത്രയും പ്രയാസങ്ങള്‍ സഹിച്ചും, സുദീര്‍ഘമായ യാത്രാക്ലേശങ്ങള്‍ അനുഭവിച്ചും തബൂക്കിലെത്തിച്ചേര്‍ന്നു നോക്കുമ്പോള്‍, മുമ്പ്‌ കേട്ടതുപോലെയുള്ള സംഭവഗതികളൊന്നും അവിടെ കാണുകയുണ്ടായില്ല. കുറച്ചു ദിവസങ്ങളോളം അവിടെ പാളയമടിച്ചശേഷം, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനി യും സൈന്യങ്ങളും തിരിച്ചുപോരുകയാണുണ്ടായത്‌. എങ്കിലും, ഇതിനിടയില്‍ അയല്‍പ്രദേശങ്ങളായ ഐലഃ (അല്‍അക്വബ) (**) യിലെയും, ജര്‍ബാഉ്‌, അദ്‌റുഹ്‌ മുതലായ സ്ഥലങ്ങളിലെയും നിവാസികളും, നാടുവാഴികളും നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുമായി സമാധാന സന്ധികള്‍ നടത്തുകയുണ്ടായി. ഒരു യുദ്ധം ഉണ്ടായില്ലെങ്കിലും മുസ്‌ലിംകള്‍ക്ക്‌ വന്‍തോതിലുള്ള ശിക്ഷണങ്ങളും, ത്യാഗപരിശീലനങ്ങളും ലഭിക്കുവാനും, കപട വിശ്വാസികളുടെ ഉള്ളിലിരിപ്പ്‌ വെളിച്ചത്ത്‌ വരുവാനും ഈ യാത്ര വളരെ ഉപകരിച്ചു. ഖുലഫാഉര്‍-റാശിദൂന്‍റെ കാലത്ത്‌ ശാമില്‍ ഇസ്‌ലാമിനുണ്ടായ വമ്പിച്ച വിജയങ്ങള്‍ക്കുള്ള മാര്‍ഗം ഈ യാത്ര സുഗമമാക്കുകയും ഉണ്ടായി. എനി, നമുക്ക്‌ ആയത്തുകളിലേക്ക്‌ പ്രവേശിക്കാം:-


(*) (**) പടം 5 നോക്കുക


തബൂക്കിലേക്കുള്ള പടയെടുപ്പില്‍ പങ്കെടുക്കുവാന്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ജനങ്ങളെ ക്ഷണിച്ചുകൊണ്ടിരുന്നപ്പോള്‍, മുന്നോട്ടുവരാന്‍ മടിച്ചുനിന്നവരെക്കുറിച്ചുള്ള ആക്ഷേപമാണിത്‌. ഐഹികമായ സുഖസൗകര്യങ്ങള്‍ നഷ്‌ടപ്പെടുമെന്നു വെച്ച്‌ പിന്നോക്കം നിന്നാല്‍ അതിന്‍റെ ദൂഷ്യഫലം നിങ്ങള്‍ തന്നെ അനുഭവിക്കേണ്ടിവരുമെന്ന്‌ അല്ലാഹു അവരെ താക്കീത്‌ ചെയ്യുന്നു. ഐഹികമായ ബുദ്ധിമുട്ടുകള്‍ എത്രതന്നെ തരണം ചെയ്യേണ്ടിവന്നാലും പരലോക നന്മയെ അപേക്ഷിച്ച്‌ അത്‌ വളരെ തുച്ഛമായിരിക്കുമെന്ന്‌ ഉണര്‍ത്തുകയും ചെയ്യുന്നു. ഒരാള്‍ തന്‍റെ വിരല്‍ സമുദ്രത്തില്‍ മുക്കി പുറത്തെടുക്കുമ്പോള്‍, ആ സമുദ്രജലത്തെ അപേക്ഷിച്ച്‌ അവന്‍റെ വിരലില്‍ എന്തുമാത്രം വെള്ളം ഉണ്ടായിരിക്കുമോ അതുപോലെ മാത്രമാണ്‌ പരലോകത്തെ അപേക്ഷിച്ച്‌ ഇഹലോക വസ്‌തുക്കളുടെ നിലയെന്ന്‌ അഹ്‌മദ്‌, തുര്‍മുദീ, മുസ്‌ലിം (رَحِمَهُمُ الله) എന്നിവര്‍ ഉദ്ധരിച്ച ഒരു ഹദീഥില്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഉപമിച്ചിരിക്കുന്നത്‌ ഇവിടെ പ്രസ്‌താവ്യമാകുന്നു.

9:40
  • إِلَّا تَنصُرُوهُ فَقَدْ نَصَرَهُ ٱللَّهُ إِذْ أَخْرَجَهُ ٱلَّذِينَ كَفَرُوا۟ ثَانِىَ ٱثْنَيْنِ إِذْ هُمَا فِى ٱلْغَارِ إِذْ يَقُولُ لِصَـٰحِبِهِۦ لَا تَحْزَنْ إِنَّ ٱللَّهَ مَعَنَا ۖ فَأَنزَلَ ٱللَّهُ سَكِينَتَهُۥ عَلَيْهِ وَأَيَّدَهُۥ بِجُنُودٍ لَّمْ تَرَوْهَا وَجَعَلَ كَلِمَةَ ٱلَّذِينَ كَفَرُوا۟ ٱلسُّفْلَىٰ ۗ وَكَلِمَةُ ٱللَّهِ هِىَ ٱلْعُلْيَا ۗ وَٱللَّهُ عَزِيزٌ حَكِيمٌ ﴾٤٠﴿
  • നിങ്ങള്‍ അദ്ദേഹത്തെ [നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യെ] സഹായിക്കുന്നില്ലെങ്കില്‍, അല്ലാഹു അദ്ദേഹത്തെ സഹായിക്കുകയുണ്ടായിട്ടുണ്ട്‌ [അതുപോലെ, എനിയും അവന്‍ സഹായിക്കും]; (അതെ) രണ്ടുപേരില്‍ ഒരാളായിക്കൊണ്ട്‌ അദ്ദേഹത്തെ ആ അവിശ്വസിച്ചവര്‍ (നാട്ടില്‍നിന്ന്‌) പുറത്താക്കിയ സന്ദര്‍ഭത്തില്‍; അതായത്‌, അവര്‍ രണ്ടുപേരും (ആ) ഗുഹയിലായിരുന്നപ്പോള്‍; (അതെ) അദ്ദേഹം തന്‍റെ ചങ്ങാതിയോട്‌: 'വ്യസനിക്കേണ്ടാ - നിശ്ചയമായും, അല്ലാഹു, നമ്മുടെ കൂടെയുണ്ട്‌' എന്നു പറയുമ്പോള്‍. അപ്പോള്‍, അല്ലാഹു അദ്ദേഹത്തിന്‌ തന്‍റെ (വക മനഃ) സമാധാനം ഇറക്കിക്കൊടുത്തു. നിങ്ങള്‍ കണ്ടിട്ടില്ലാത്ത ഒരു (തരം) സൈന്യങ്ങളെക്കൊണ്ട്‌ അദ്ദേഹത്തെ അവന്‍ ബലപ്പെടുത്തുകയും ചെയ്‌തിരിക്കുന്നു. അവിശ്വസിച്ചവരുടെ വാക്യത്തെ അവന്‍ ഏറ്റം താണതാക്കുകയും ചെയ്‌തു. അല്ലാഹുവിന്‍റെ വാക്യം തന്നെയാണ്‌ ഏറ്റം ഉന്നതമായത്‌. അല്ലാഹു പ്രതാപശാലിയും, അഗാധജ്ഞനുമാകുന്നു.
  • إِلَّا تَنصُرُوهُ അദ്ദേഹത്തെ നിങ്ങള്‍ സഹായിക്കുന്നില്ലെങ്കില്‍ فَقَدْ نَصَرَهُ തീര്‍ച്ചയായും അദ്ദേഹത്തെ സഹായിച്ചിട്ടുണ്ട്‌ اللَّهُ അല്ലാഹു إِذْ أَخْرَجَهُ അദ്ദേഹത്തെ പുറത്താക്കിയപ്പോള്‍ (സന്ദര്‍ഭം) الَّذِينَ كَفَرُوا അവിശ്വസിച്ചവര്‍ ثَانِيَ രണ്ടാമനായിട്ട്‌ (ഒരാളായിക്കൊണ്ട്‌) اثْنَيْنِ രണ്ടില്‍, രണ്ടാളുടെ إِذْ هُمَا അവര്‍ രണ്ടാളുമായിരിക്കെ (ആയിരിക്കുമ്പോള്‍) فِي الْغَارِ ഗുഹയില്‍, പൊത്തില്‍ إِذْ يَقُولُ അദ്ദേഹം പറയുമ്പോള്‍, പറയുന്ന സന്ദര്‍ഭം لِصَاحِبِهِ തന്‍റെ ചങ്ങാതിയോട്‌, തോഴനോട്‌ لَا تَحْزَنْ നീ വ്യസനിക്കേണ്ടാ إِنَّ اللَّهَ നിശ്ചയമായും അല്ലാഹു مَعَنَا നമ്മുടെ കൂടെയുണ്ട്‌ بِجُنُودٍ ചില സൈന്യങ്ങളെക്കൊണ്ട്‌ لَّمْ تَرَوْهَا നിങ്ങള്‍ കണ്ടിട്ടില്ലാത്ത, നിങ്ങളത്‌ കണ്ടിട്ടില്ല وَجَعَلَ അവന്‍ ആക്കുകയും ചെയ്‌തു كَلِمَةَ വാക്യത്തെ فَأَنزَلَ اللَّهُ അപ്പോള്‍ അല്ലാഹു ഇറക്കി سَكِينَتَهُ അവന്‍റെ സമാധാനം, ശാന്തത عَلَيْهِ അദ്ദേഹത്തിന്‌, അദ്ദേഹത്തിന്‍റെ മേല്‍ وَأَيَّدَهُ അദ്ദേഹത്തെ അവന്‍ ബലപ്പെടുത്തുകയും ചെയ്‌തിരിക്കുന്നു (ചെയ്‌തു) الَّذِينَ كَفَرُوا അവിശ്വസിച്ചവരുടെ السُّفْلَىٰ താണത്‌, ഏറ്റം താഴ്‌ന്നത്‌ وَكَلِمَةُ اللَّهِ അല്ലാഹുവിന്‍റെ വാക്യം هِيَ الْعُلْيَا അതുതന്നെ അധികം ഉന്നതമായത്‌ وَاللَّهُ അല്ലാഹു عَزِيزٌ പ്രതാപശാലിയാണ്‌ حَكِيمٌ അഗാധജ്ഞനാണ്‌

അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ സമരം ചെയ്‌തും, മറ്റു വിധേനയും നിങ്ങള്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യെ സഹായിക്കുവാന്‍ തയ്യാറില്ലാതിരുന്നാലും നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ക്ക്‌ അതുമൂലം പരാജയമോ അപകടമോ ഒന്നും സംഭവിക്കുവാന്‍ പോകുന്നില്ല; ഇതിനെക്കാള്‍ എത്രയോ അപകടം പിടിച്ചതും നിസ്സഹായാവസ്ഥയിലുള്ളതുമായ ഘട്ടത്തില്‍പോലും അല്ലാഹു അദ്ദേഹത്തെ മുമ്പ്‌ സഹായിച്ചു രക്ഷപ്പെടുത്തിയിട്ടുണ്ട്‌. അതുപോലെ എനിയും അവന്‍ അദ്ദേഹത്തെ സഹായിക്കാതിരിക്കയില്ല എന്ന്‌ ഉദാഹരണസഹിതം സത്യവിശ്വാസികളെ അല്ലാഹു ഓര്‍മിപ്പിക്കുകയാണ്‌. സൂറത്തുല്‍ അന്‍ഫാല്‍ 30-ാം വചനത്തിലും വ്യാഖ്യാനത്തിലും വിവരിച്ചതുപോലെ, അവിശ്വാസികളുടെ അക്രമങ്ങള്‍ നിമിത്തം സ്വദേശത്തുനിന്ന്‌ ഹിജ്‌റഃ പോകുവാന്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) നിര്‍ബന്ധിതനായപ്പേള്‍, രാത്രിയില്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യും അബൂബക്‌ര്‍ സ്വിദ്ദീക്വും (رضي الله عنه) കൂടി പുറപ്പെട്ട്‌ ഥൗര്‍ മലയിലെ ഗുഹയില്‍ പോയി ഒളിച്ചിരിക്കുകയും ഗുഹാമുഖത്ത്‌ ചെന്ന്‌ എത്തിനോക്കിയ ശത്രുക്കളുടെ ദൃഷ്‌ടിയില്‍ പെടാതെ അത്ഭുതകരമാം വണ്ണം അവര്‍ രക്ഷപ്പെടുകയും ചെയ്‌ത സന്ദര്‍ഭത്തെയാണ്‌ അല്ലാഹു ഉദാഹരണമായി എടുത്തുകാട്ടിയത്‌. ആ സമയത്ത്‌ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യും അവിടുത്തെ ചങ്ങാതി അബൂബക്‌റും (رضي الله عنه) അല്ലാതെ മൂന്നാമതൊരാള്‍ ഉണ്ടായിരുന്നില്ലല്ലോ.

അബൂബക്‌ര്‍ (رضي الله عنه) തന്നോട്‌ ഇപ്രകാരം പറഞ്ഞതായി അനസ്‌ (رضي الله عنه) ഉദ്ധരിക്കുന്നു: ‘ഞങ്ങള്‍ ഗുഹയിലായിരുന്നപ്പോള്‍ ഞാന്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യോട്‌ പറഞ്ഞു: ‘അവരില്‍ (ശത്രുക്കളില്‍) ആരെങ്കിലും അവരുടെ കാലടിക്കു താഴോട്ടു നോക്കിയാല്‍ നമ്മെ കാണുമല്ലോ!’ അപ്പോള്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞു: ‘അബൂബക്‌റേ, അല്ലാഹു മൂന്നാമനായിക്കൊണ്ടുള്ള രണ്ടുപേരെപ്പറ്റി താങ്കളുടെ വിചാരമെന്താണ്‌?!’ (അ; ബു; മു.) അവരെ തേടിനടക്കുന്ന ശത്രുക്കള്‍ ഗുഹാമുഖത്ത്‌ നില്‍ക്കുന്നത്‌ കണ്ടപ്പോഴാണ്‌ സ്വിദ്ദീക്വ്‌ (رضي الله عنه) ഇതു പറഞ്ഞതും, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അദ്ദേഹത്തെ സമാധാനിപ്പിച്ചതും. അദ്ദേഹത്തിന്‍റെ വ്യസനം സ്വന്തം കാര്യത്തിലല്ല, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ കാര്യത്തിലായിരുന്നു. ഈ സന്ദര്‍ഭത്തെപ്പറ്റിയാണ്‌ ‘അദ്ദേഹം തന്‍റെ ചങ്ങാതിയോട്‌: വ്യസനിക്കേണ്ട; നിശ്ചയമായും അല്ലാഹു നമ്മുടെ കൂടെയുണ്ട്‌ എന്ന്‌ പറയുന്ന സന്ദര്‍ഭം’ (….إِذْ يَقُولُ لِصَاحِبِه) എന്ന്‌ പറഞ്ഞത്‌. ‘അപ്പോള്‍ അല്ലാഹു അദ്ദേഹത്തിനു തന്‍റെ വക മനസ്സമാധാനം ഇറക്കിക്കൊടുത്തു. (فَأَنْزَلَ اللهَّ سَكِينَتَهُ عَلَيْه) എന്നു പറഞ്ഞത്‌ -ഇബ്‌നു കഥീര്‍ (رحمه الله) മുതലായവര്‍ ചൂണ്ടിക്കാട്ടിയതുപോലെ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യെ ഉദ്ദേശിച്ചും, അബൂബക്‌ര്‍ (رضي الله عنه)നെ ഉദ്ദേശിച്ചും ആകാവുന്നതാണ്‌. എങ്കിലും, അബൂബക്‌ര്‍ (رضي الله عنه)നെ ഉദ്ദേശിച്ചായിരിക്കുവാനാണ്‌ കൂടുതല്‍ ന്യായമെന്നും ചിലര്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നു. കാരണം, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ക്കു മനസ്സമാധാനക്കുറവ്‌ ഉണ്ടായിട്ടില്ല. അബൂബക്‌ര്‍ (رضي الله عنه) നായിരുന്നു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യെ ഓര്‍ത്തു മനസ്സമാധാനമില്ലാതിരുന്നത്‌. രണ്ടു പ്രകാരത്തിലായാലും ഒരേ സാരത്തില്‍ തന്നെ അത്‌ കലാശിക്കുന്നുതാനും.

തുടര്‍ന്നുകൊണ്ട്‌ وَأَيَّدَه بِجُنُودٍ لَمْ تَرَوْهَا (നിങ്ങള്‍ കണ്ടിട്ടില്ലാത്ത ചില സൈന്യങ്ങളെക്കൊണ്ട്‌ അവന്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യെ ബലപ്പെടുത്തുകയും ചെയ്‌തു) എന്ന്‌ പറഞ്ഞതിലെ جُنُود (സൈന്യങ്ങള്‍) കൊണ്ടുദ്ദേശ്യം മലക്കുകളാണെന്നുള്ളതില്‍ ഭിന്നാഭിപ്രായമില്ല. പക്ഷേ, ഈ വാക്യം ഗുഹാസംഭവത്തോട്‌ ബന്ധപ്പെട്ടതാണോ, അതല്ല, വേറൊരു സംഭവത്തെ ചൂണ്ടിക്കാട്ടിയതാണോ എന്നതില്‍ വ്യാഖ്യാതാക്കള്‍ക്കിടയില്‍ രണ്ടഭിപ്രായമുണ്ട്‌.

(1) നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഗുഹയിലായിരുന്നപ്പോള്‍, ശത്രുക്കളുടെ ദൃഷ്‌ടിയില്‍ പെടുവാന്‍ ധാരാളം സാധ്യത ഉണ്ടായിരുന്നിട്ടും അവര്‍ക്ക്‌ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യെ കാണുവാന്‍ സാധിക്കാത്തവിധം അവരുടെ കാഴ്‌ചയില്‍നിന്ന്‌ മറക്കുവാന്‍ ആ സന്ദര്‍ഭത്തില്‍ പ്രത്യേകം അല്ലാഹു മലക്കുകളെ ഇറക്കിയിരുന്നുവെന്നാണ്‌ ചിലരുടെ അഭിപ്രായം.

(2) ബദ്‌റിലും മറ്റും മലക്കുകളെ ഇറക്കി സഹായിച്ചതിനെ ഉദ്ദേശിച്ചാണിത്‌ പറഞ്ഞിരിക്കുന്നതെന്നത്രെ പ്രമുഖ വ്യാഖ്യാതാക്കള്‍ അധികവും അഭിപ്രായപ്പെട്ടിരിക്കുന്നത്‌. ഇതനുസരിച്ച്‌ ചില പ്രത്യേക വിഷമഘട്ടങ്ങളില്‍ അല്ലാഹു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യെ സഹായിച്ച രണ്ട്‌ ഉദാഹരണങ്ങള്‍ ഈ വചനത്തില്‍ അടങ്ങിയിരിക്കുന്നു. ഒന്നാമത്തെ അഭിപ്രായമനുസരിച്ച്‌ ഗുഹാസംഭവത്തെ മാത്രമെ ഇവിടെ ഉദാഹരിച്ചിട്ടുള്ളൂ. രണ്ടാമത്തെ അഭിപ്രായത്തിനാണ്‌ കൂടുതല്‍ സാധ്യത കാണുന്നത്‌. ഗുഹാസംഭവത്തില്‍ മലക്കുകളെ ഇറക്കിയിട്ടുണ്ടെന്നുള്ളതിന്‌ ഈ വാക്യമല്ലാതെ വേറെ തെളിവുകളൊന്നുമില്ല. ഈ വാക്യമാകട്ടെ, ഗുഹാസംഭവത്തെ ഉദ്ദേശിച്ചാണെന്ന്‌ തീര്‍ത്തുപറയുവാനും സാധ്യമല്ല. ബദ്‌ര്‍ യുദ്ധത്തിലും മറ്റും മലക്കുകളെ ഇറക്കിയതിനെപ്പറ്റി വ്യക്തമായിത്തന്നെ വേറെ സ്ഥലങ്ങളില്‍ അല്ലാഹു പ്രസ്‌താവിക്കുന്നുണ്ട്‌. (3:124; 33:9; 9:26: മുതലായവ നോക്കുക.)

ബദ്‌റിലോ മറ്റു യുദ്ധങ്ങളിലോ മലക്കുകള്‍ തീരെ പങ്കെടുത്തിട്ടില്ലെന്ന വാദക്കാരില്‍ ചിലര്‍ ഈവാക്യത്തെ (وَأَيَّدَه بِجُنُودٍ لَمْ تَرَوْهَا) ദുര്‍വ്യാഖ്യാനം ചെയ്‌തുകൊണ്ട്‌ തങ്ങളുടെ വാദത്തിന്‌ അതും ഒരു തെളിവാക്കി വ്യാഖ്യാനിച്ചു കാണുന്നു. ഇത്‌ ശരിയല്ലെന്ന്‌ ഈ വിവരണത്തില്‍നിന്ന്‌ മനസ്സിലാക്കാം. അവരുടെ മറ്റു തെളിവുകളുടെ സ്ഥിതിയും ഇതുപോലെ തന്നെ.

അവിശ്വാസികളുടെ വാക്യത്തെ അല്ലാഹു താണതാക്കിയിരിക്കുന്നുവെന്നും, അല്ലാഹുവിന്‍റെ വാക്യം തന്നെയാണ്‌ ഉന്നതമായത്‌ എന്നും (وَجَعَلَ كَلِمَةَ الَّذِينَ كَفَرُوا السُّفْلَىٰ) പറഞ്ഞതിന്‍റെ സാരം, ശിര്‍ക്കിന്‍റെ മുദ്രാവാക്യവും അതുമായി ബന്ധപ്പെട്ട വാക്കുകളും നിശ്ശേഷം പരാജയപ്പെടുക തന്നെ ചെയ്യുമെന്നും, തൗഹീദിന്‍റെ മുദ്രാവാക്യവും അതോടു ബന്ധപ്പെട്ട വാക്കുകളും തന്നെ അവസാനം വിജയിക്കുകയും നിലനില്‍ക്കുകയും ചെയ്യുമെന്നും ആകുന്നു. ‘ധീരത നിമിത്തമോ, രോഷം നിമിത്തമോ, (കീര്‍ത്തിയെ ഉദ്ദേശിച്ച്‌) ആളെ കാണിക്കുവാന്‍ വേണ്ടിയോ യുദ്ധം ചെയ്യാറുണ്ട്‌. ഇവയില്‍ ഏതാണ്‌ അല്ലാഹുവിന്‍റെ മാര്‍ഗത്തിലുള്ളത്‌’ എന്നു ചോദിക്കപ്പെട്ടപ്പോള്‍, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഇങ്ങിനെ മറുപടി പറഞ്ഞതായി ഹദീഥില്‍ വന്നിരിക്കുന്നു: ‘അല്ലാഹുവിന്‍റെ വാക്യംതന്നെ ഉന്നതമായതായിരിക്കുവാന്‍ വേണ്ടി ആര്‍ യുദ്ധം ചെയ്‌തുവോ അവന്‍ അല്ലാഹുവിന്‍റെ മാര്‍ഗത്തിലായിരിക്കും.’ (ബു;മു.)

9:41
  • ٱنفِرُوا۟ خِفَافًا وَثِقَالًا وَجَـٰهِدُوا۟ بِأَمْوَٰلِكُمْ وَأَنفُسِكُمْ فِى سَبِيلِ ٱللَّهِ ۚ ذَٰلِكُمْ خَيْرٌ لَّكُمْ إِن كُنتُمْ تَعْلَمُونَ ﴾٤١﴿
  • നിങ്ങള്‍ ലഘുവായവരായും, ഭാരമുള്ളവരായും,കൊണ്ട്‌ (യുദ്ധത്തിനു) പുറപ്പെട്ടുപോകുവിന്‍. നിങ്ങളുടെ ധനങ്ങള്‍കൊണ്ടും, ദേഹങ്ങള്‍കൊണ്ടും അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ സമരം ചെയ്യുകയും ചെയ്‌വിന്‍. അത്‌ നിങ്ങള്‍ക്ക്‌ (വളരെ) ഉത്തമമത്രെ- നിങ്ങള്‍ക്കറിയാമെങ്കില്‍
  • انفِرُوا നിങ്ങള്‍ (യുദ്ധത്തിന്‌) പുറപ്പെട്ടു പോകുവിന്‍ خِفَافًا ലഘുവായവരായി, ഭാരം കുറഞ്ഞ (സൗകര്യമുള്ള) വരായി وَثِقَالًا ഭാരമുള്ളവരായും, ഘനംകൂടിയ (അസൗകര്യമുള്ള)വരായും وَجَاهِدُوا നിങ്ങള്‍ സമരം ചെയ്യുകയും ചെയ്യുവിന്‍ بِأَمْوَالِكُمْ നിങ്ങളുടെ സ്വത്തു (ധനം) കള്‍ കൊണ്ട്‌ وَأَنفُسِكُمْ നിങ്ങളുടെ സ്വന്തങ്ങള്‍ (ദേഹങ്ങള്‍) കൊണ്ടും فِي سَبِيلِ اللَّهِ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ ذَٰلِكُمْ അത്‌ خَيْرٌ لَّكُمْ നിങ്ങള്‍ക്ക്‌ ഉത്തമമാണ്‌, വളരെ നല്ലതാണ്‌ إِن كُنتُمْ നിങ്ങളാണെങ്കില്‍ تَعْلَمُونَ നിങ്ങള്‍ അറിയുന്നു, നിങ്ങള്‍ക്കറിയാം (എങ്കില്‍)

ഉന്മേഷം, ആരോഗ്യം, സാമ്പത്തിക കഴിവ്‌ മുതലായ സൗകര്യങ്ങള്‍ ഉണ്ടായിരിക്കുമ്പോഴും ആരോഗ്യക്കുറവ്‌, ദാരിദ്ര്യം, ജോലിത്തിരക്ക്‌ മുതലായ ചില വിഷമങ്ങളൊക്കെ ഉണ്ടായിരിക്കുമ്പോഴും നിങ്ങള്‍ പുറപ്പെടേണ്ടതുണ്ട്‌. ആയുധ സാമഗ്രികള്‍ കുറവായിരുന്നാലും, വേണ്ടത്ര ഉണ്ടായിരുന്നാലും പോകണം. അതായത്‌, യുദ്ധത്തിന്‌ ക്ഷണിക്കപ്പെടുമ്പോള്‍ വേണ്ടത്ര സൗകര്യങ്ങള്‍ ഉണ്ടായാലും കുറച്ചൊക്കെ വിഷമങ്ങള്‍ ഉണ്ടായിരുന്നാലും ആ ക്ഷണം സ്വീകരിച്ചു അതില്‍ പങ്കെടുക്കണം. അതാണ്‌ നിങ്ങള്‍ക്ക്‌ ഗുണമെന്ന്‌ നിങ്ങള്‍ മനസ്സിലാക്കണം എന്ന്‌ സാരം. കാര്യമായ മുടക്കുകളുള്ളവര്‍ക്കും, വലിയ വിഷമങ്ങളുള്ളവര്‍ക്കും ഒഴികഴിവുണ്ടെന്ന്‌ താഴെ 91-ാം വചനത്തില്‍ പ്രസ്‌താവിക്കുന്നുണ്ട്‌. അത്രത്തോളം ബുദ്ധിമുട്ടില്ലാത്തവരെപ്പറ്റിയാണ്‌ ഈ കല്‍പന.

9:42
  • لَوْ كَانَ عَرَضًا قَرِيبًا وَسَفَرًا قَاصِدًا لَّٱتَّبَعُوكَ وَلَـٰكِنۢ بَعُدَتْ عَلَيْهِمُ ٱلشُّقَّةُ ۚ وَسَيَحْلِفُونَ بِٱللَّهِ لَوِ ٱسْتَطَعْنَا لَخَرَجْنَا مَعَكُمْ يُهْلِكُونَ أَنفُسَهُمْ وَٱللَّهُ يَعْلَمُ إِنَّهُمْ لَكَـٰذِبُونَ ﴾٤٢﴿
  • അതൊരു സമീപസ്ഥമായ [വേഗം ലഭിക്കാവുന്ന] വിഭവവും, മിതമായ ഒരു യാത്രയുമായിരുന്നെങ്കില്‍, അവര്‍ നിന്നെ പിന്‍തുടരുമായിരുന്നു. പക്ഷേ, വിഷമയാത്ര അവര്‍ക്ക്‌ വിദൂരമായിരിക്കയാണ്‌. വഴിയെ അവര്‍ അല്ലാഹുവിനെക്കൊണ്ട്‌ സത്യം ചെയ്യും: ഞങ്ങള്‍ക്ക്‌ സാധ്യതയുണ്ടായിരുന്നെങ്കില്‍, ഞങ്ങള്‍ നിങ്ങളോടൊപ്പം പുറപ്പെടുക തന്നെ ചെയ്യുമായിരുന്നുവെന്ന്‌. അവര്‍ തങ്ങളെത്തന്നെ നാശത്തിലാക്കുന്നു. അല്ലാഹുവിനറിയാം, നിശ്ചയമായും അവര്‍ വ്യാജം പറയുന്നവര്‍ തന്നെയാണെന്ന്‌
  • لَوْ كَانَ അതായിരുന്നെങ്കില്‍ عَرَضًا ഒരു വിഭവം, സാമഗ്രി قَرِيبًا അടുത്തതായ, സമീപത്തുള്ള وَسَفَرًا ഒരു യാത്രയും قَاصِدًا മിതമായ لَّاتَّبَعُوكَ അവര്‍ നിന്നെ പിന്‍തുടരുക തന്നെ ചെയ്‌തിരുന്നു وَلَٰكِن പക്ഷേ بَعُدَتْ ദൂരമായി, വിദൂരപ്പെട്ടു عَلَيْهِمُ അവരുടെ മേല്‍ الشُّقَّةُ വിഷമയാത്ര, ഞെരുക്കമാര്‍ഗം, യാത്രാക്ലേശം وَسَيَحْلِفُونَ അവര്‍ വഴിയെ സത്യം (ശപഥം) ചെയ്യും بِاللَّهِ അല്ലാഹുവില്‍, അല്ലാഹുവിനെക്കൊണ്ട്‌ لَوِ اسْتَطَعْنَا ഞങ്ങള്‍ക്ക്‌ സാധ്യതയുണ്ടായിരുന്നെങ്കില്‍ لَخَرَجْنَا ഞങ്ങള്‍ പുറപ്പെടുകതന്നെ ചെയ്യും مَعَكُمْ നിങ്ങളോടൊപ്പം يُهْلِكُونَ അവര്‍ നാശത്തിലാക്കുന്നു أَنفُسَهُمْ തങ്ങളുടെ സ്വന്തങ്ങളെ, തങ്ങളെത്തന്നെ وَاللَّهُ അല്ലാഹു (വാകട്ടെ) يَعْلَمُ അറിയുന്നു إِنَّهُمْ നിശ്ചയമായും അവര്‍ لَكَاذِبُونَ വ്യാജം പറയുന്നവര്‍ തന്നെ (എന്ന്‌)

തബൂക്കിലേക്ക്‌ പുറപ്പെടാതെ മാറിനില്‍ക്കുന്ന കപട വിശ്വാസികളെക്കുറിച്ചാണ്‌ പറയുന്നത്‌. വളരെ പ്രയാസമൊന്നും സഹിക്കാതെ അവിടെവെച്ചു വല്ല കാര്യലാഭവും വേഗമങ്ങ്‌ ലഭിക്കുമെന്ന്‌ കാണുകയും, യാത്ര കേവലം സാധാരണപോലുള്ള ഒരു മിതമായ യാത്രയായിരിക്കുകയും ചെയ്‌തിരുന്നെങ്കില്‍ അവരും മടികൂടാതെ ഒപ്പം പോരുമായിരുന്നു. പക്ഷെ, യാത്ര കുറേ ക്ലേശകരമായിരിക്കുന്നത്‌ കൊണ്ടാണവര്‍ തയ്യാറാകാത്തത്‌. യഥാര്‍ത്ഥം ഇതാണ്‌. എനി, വഴിയെ (നിങ്ങള്‍ മടങ്ങിയെത്തിയശേഷം) ഞങ്ങള്‍ക്ക്‌ സാധിക്കായ്‌കകൊണ്ട്‌ പോരാതിരുന്നതാണെന്ന്‌ അവര്‍ കള്ളം പറഞ്ഞു സത്യം ചെയ്യും. അതിന്‍റെ അനന്തരഫലം അവരുടെ തന്നെ നാശമായിരിക്കുന്നതുമാണ്‌ എന്ന്‌ സാരം. ഇവരുടെ ഒഴികഴിവുകളെപ്പറ്റി 94-ാം വചനം മുതല്‍ താഴെ കൂടുതല്‍ വിശദീകരിക്കുന്നുണ്ട്‌.