തൗബഃ (പശ്ചാത്താപം)
മദീനയില്‍ അവതരിച്ചത് – വചനങ്ങള്‍ 129 – വിഭാഗം (റുകൂഉ്) 16

വിഭാഗം - 1

ഈ സൂറത്തില്‍ പലരുടെയും തൗബഃയെ (പശ്ചാത്താപത്തെ) ക്കുറിച്ചു പ്രസ്‌താവിക്കുന്നതില്‍ നിന്നാണ്‌ ഇതിന്‌ സൂറതുത്തൗബഃ എന്ന്‌ പേര്‍ വന്നത്‌. സൂറത്തുല്‍ ‘ബറാഅത്ത്‌’ എന്നും പേരുണ്ട്‌. ആരംഭ വചനത്തിന്റെ തുടക്കം ‘ബറാഅത്ത്‌’ (بَرَاءَة) എന്ന വാക്കാണല്ലോ. ഉള്ളടക്കത്തിന്റെ ചില പ്രത്യേക വശങ്ങളെ സൂചിപ്പിച്ചുകൊണ്ട്‌ വേറെയും പേരുകള്‍ ഇതിന്‌ പറയപ്പെട്ടിട്ടുണ്ട്‌. സൂറത്ത്‌ മുഴുവനും അല്ലെങ്കില്‍ മിക്ക ഭാഗവും ഹിജ്‌റഃ ഒമ്പതാം കൊല്ലത്തില്‍ തബൂക്ക്‌ യുദ്ധകാലത്തും അതിനുശേഷവുമായി അവതരിച്ചതാകുന്നു. ആദ്യത്തിലെ ഏതാനും വചനങ്ങള്‍ തിരുമേനി യുദ്ധം കഴിഞ്ഞു മടങ്ങുമ്പോഴാണ്‌ അവതരിച്ചതെന്ന്‌ പലരും പറയുന്നു. താഴെ വിവരിക്കുന്ന പ്രകാരം, ആ വചനങ്ങളിലടങ്ങിയ കല്‍പനകള്‍ വിളംബരപ്പെടുത്തുവാന്‍ മക്കയിലേക്ക്‌ തിരുമേനി ആളെ അയക്കുകയും ചെയ്‌തിരുന്നു.

എല്ലാ സൂറത്തുകളുടെയും ആരംഭത്തിലുള്ളതുപോലെ ഈ സൂറത്തിന്റെ ആരംഭത്തില്‍, സ്വഹാബികളോ ശേഷമുള്ളവരോ ആരുംതന്നെ അവരുടെ മുസ്വ്‌ഹഫുകളില്‍ ‘ബിസ്‌മി’ (البِسْملة) എഴുതിവന്നിട്ടില്ല. ഇതിന്‌ ചില കാരണങ്ങള്‍ പറയപ്പെടുന്നു. മറ്റുള്ളവയെപ്പോലെ ഈ സൂറത്തില്‍ ബിസ്‌മി അവതരിച്ചിട്ടില്ല എന്നതാണ്‌ കൂടുതല്‍ ശരിയായ അഭിപ്രായം. അല്ലാഹുവിന്റെ കാരുണ്യത്തെക്കുറിക്കുന്നതാണ്‌ ബിസ്‌മി. ഈ സൂറത്തിലെ പ്രതിപാദ്യവിഷയങ്ങള്‍ പ്രധാനമായും മുശ്‌രിക്കുകളുമായുള്ള കര്‍ശന നടപടികളെ സംബന്ധിക്കുന്നവയാകുന്നു. അതുകൊണ്ടാണ്‌ ഇതില്‍ ബിസ്‌മി അവതരിക്കാതിരിക്കുവാന്‍ കാരണമെന്ന്‌ ചിലര്‍ പറയുന്നു. വേറെയും അഭിപ്രായങ്ങള്‍ കാണാവുന്നതാണ്‌. وَللهُ اَعْلَم

9:1
  • بَرَآءَةٌ مِّنَ ٱللَّهِ وَرَسُولِهِۦٓ إِلَى ٱلَّذِينَ عَـٰهَدتُّم مِّنَ ٱلْمُشْرِكِينَ ﴾١﴿
  • (ഇത്‌) അല്ലാഹുവില്‍ നിന്നും, അവന്റെ റസൂലില്‍നിന്നുമുള്ള ഒരു (ബാധ്യത) ഒഴിവാകലാണ്‌ [ഒഴിവായിക്കൊണ്ടുള്ള പ്രഖ്യാപനമാണ്‌]: മുശ്‌രിക്കു[ബഹുദൈവ വിശ്വാസി]കളില്‍ നിന്ന്‌ നിങ്ങള്‍ കരാറു നടത്തിയിട്ടുള്ളവരോട്‌.
  • بَرَاءَةٌ ഒരു ഒഴിവാണ്‌, ഒഴിവു പ്രഖ്യാപനമാകുന്നു مِّنَ اللَّهِ അല്ലാഹുവില്‍നിന്ന്‌ وَرَسُولِهِ അവന്റെ റസൂലില്‍ നിന്നും إِلَى الَّذِينَ യാതൊരു കൂട്ടരോട്‌ عَاهَدتُّم നിങ്ങള്‍ കരാര്‍ (ഉടമ്പടി) ചെയ്‌തവരോട്‌ مِّنَ الْمُشْرِكِينَ മുശ്‌രിക്കുകളില്‍ നിന്ന്‌
9:2
  • فَسِيحُوا۟ فِى ٱلْأَرْضِ أَرْبَعَةَ أَشْهُرٍ وَٱعْلَمُوٓا۟ أَنَّكُمْ غَيْرُ مُعْجِزِى ٱللَّهِ ۙ وَأَنَّ ٱللَّهَ مُخْزِى ٱلْكَـٰفِرِينَ ﴾٢﴿
  • ആകയാല്‍, (ഹേ, മുശ്‌രിക്കുകളേ,) നിങ്ങള്‍ നാലു മാസം ഭൂമിയില്‍ (യഥേഷ്‌ടം) സഞ്ചരിച്ചുകൊള്ളുവിന്‍. നിങ്ങള്‍ അറിയുകയും ചെയ്യുവിന്‍: നിങ്ങള്‍ അല്ലാഹുവിനെ (തോല്‍പിച്ച്‌) അശക്തമാക്കുന്നവരല്ലെന്നും, അല്ലാഹു അവിശ്വാസികളെ അപമാനപ്പെടുത്തുന്നവനാണെന്നും.
  • فَسِيحُوا അതിനാല്‍ (എനി) നിങ്ങള്‍ സഞ്ചരിക്കുവിന്‍ فِي الْأَرْضِ ഭൂമിയില്‍ أَرْبَعَةَ أَشْهُرٍ നാല്‌ മാസങ്ങള്‍ وَاعْلَمُوا നിങ്ങള്‍ അറിയുകയും ചെയ്യുവിന്‍ أَنَّكُمْ നിങ്ങള്‍ (ആകുന്നു) എന്ന്‌ غَيْرُ അല്ലാത്ത (വര്‍) مُعْجِزِي കഴിയാതാക്കുന്നവര്‍, അശക്തമാക്കുന്നവര്‍ (ആകുന്നു) اللَّهِ അല്ലാഹുവിനെ وَأَنَّ اللَّهَ അല്ലാഹു (ആകുന്നു) എന്നും مُخْزِي അപമാനിക്കുന്നവന്‍, നിന്ദിക്കുന്നവന്‍ الْكَافِرِينَ അവിശ്വാസികളെ

നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യും സത്യവിശ്വാസികളും മക്കാ മുശ്‌രിക്കുകളുടെ മര്‍ദ്ദനംകൊണ്ട്‌ വളരെക്കാലം പൊറുതിമുട്ടി. അവസാനം മദീനയിലേക്ക്‌ ഹിജ്‌റഃ പോയി. എന്നിട്ടും അവരുടെ അക്രമങ്ങളും ആക്രമണങ്ങളും നിലച്ചില്ല. തക്കംകിട്ടുമ്പോഴൊക്കെ അവരത്‌ നടത്തിക്കൊണ്ടു തന്നെയിരുന്നു. അങ്ങനെ ബദ്‌ര്‍, ഉഹ്‌ദ്‌, ഖന്‍ദക്വ്‌ മുതലായ യുദ്ധങ്ങളുണ്ടായി. മദീനയിലെ യഹൂദികളെക്കൊണ്ടുള്ള ശല്യം ഇതിന്‌ പുറമെയും. അവരുമായി നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) സന്ധികള്‍ നടത്തിയെങ്കിലും അതെല്ലാം ലംഘിക്കുകയും മുശ്‌രിക്കുകള്‍ക്ക്‌ പിന്‍തുണ നല്‍കിക്കൊണ്ട്‌ മുസ്‌ലിംകളെ കൂടുതല്‍ അലട്ടുകയുമാണവര്‍ ചെയ്‌തത്‌. ഹിജ്‌റഃ 6-ാം കൊല്ലത്തില്‍ മുശ്‌രിക്കുകളുമായി പ്രസിദ്ധമായ ഹുദൈബിയാ സന്ധി നടന്നു. ചരിത്രത്തില്‍ തുല്യതയില്ലാത്തവിധം മുസ്‌ലിംകളുടെ ഭാഗത്തുനിന്ന്‌ വിട്ടുവീഴ്‌ചകള്‍ അടങ്ങിയതായിരുന്നു പത്തുകൊല്ലക്കാലം അവധിവെച്ചുകൊണ്ടുള്ള ആ സന്ധി. അവധിക്കുമുമ്പേ തന്നെ മുശ്‌രിക്കുകളില്‍നിന്ന്‌ സന്ധി ലംഘനമുണ്ടായി. അതിനെ തുടര്‍ന്ന്‌ ഹിജ്‌റഃ 8-ാം കൊല്ലത്തില്‍ മക്കാ വിജയത്തിന്‌ ആ സന്ധി വഴിതെളിയിച്ചു. അതോടുകൂടി മുശ്‌രിക്കുകളുടെ കേന്ദ്ര ആസ്ഥാനം (മക്ക) ഇസ്‌ലാമിന്‍റെ അധീനത്തില്‍ വന്നു. എങ്കിലും ചുറ്റുപുറങ്ങളിലുള്ള മുശ്‌രിക്കുകള്‍ ഇപ്പോഴും തക്കംപാര്‍ത്തും, ഉപയോഗപ്പെടുത്തിയും കൊണ്ടിരിക്കുകയാണ്‌. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യും സ്വഹാബികളും തബൂക്ക്‌ യുദ്ധത്തിന്‌ മദീന വിട്ടുപോയിരുന്ന അവസരത്തില്‍ ഇവരുടെ ഭീഷണികളും കരാറു ലംഘനങ്ങളും കൂടുതല്‍ പ്രകടമായി. അത്‌ ഉപയോഗപ്പെടുത്തിക്കൊണ്ട്‌ മദീനയിലെ കപടവിശ്വാസികള്‍ നാട്ടില്‍ വലിയ ഭീതി ഉളവാക്കുകയും ചെയ്‌തു. അങ്ങനെ, കരാറു വ്യവസ്ഥകള്‍ക്കും സന്ധിനിശ്ചയങ്ങള്‍ക്കും മുശ്‌രിക്കുകളുടെ പക്കല്‍ വിലയില്ലെന്നും, വഞ്ചനക്കും ലംഘനത്തിനും കിട്ടുന്ന പഴുതുകളെല്ലാം അവര്‍ ഉപയോഗപ്പെടുത്തുമെന്നും അനുഭവങ്ങള്‍ തെളിയിച്ചു. ചുരുക്കത്തില്‍, അവര്‍ക്കിടയില്‍ സമാധാനപൂര്‍വ്വം ജീവിക്കുവാനും, സന്ധി നടത്തി അടങ്ങിയിരിക്കുവാനും സാദ്ധ്യമല്ലാതായി. ഇങ്ങനെയുള്ള ചുറ്റുപാടിലാണ്‌ ഈ വചനങ്ങളും തുടര്‍ന്നുള്ള ഏതാനും വചനങ്ങളും അവതരിക്കുന്നത്‌.

മുശ്‌രിക്കുകളോടുള്ള പരസ്യമായ ഒരു വിളംബരമായിക്കൊണ്ടാണ്‌ ഈ വചനങ്ങളും തുടര്‍ന്നുള്ള കുറേ വചനങ്ങളും നിലകൊള്ളുന്നത്‌. വിളംബരം അല്ലാഹുവിങ്കല്‍ നിന്നുള്ളതാണെങ്കിലും അത്‌ നടപ്പില്‍ വരുത്തുന്നത്‌ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)മുഖാന്തരമാണല്ലോ. അതുകൊണ്ടാണ്‌ അല്ലാഹുവില്‍നിന്നും അവന്‍റെ റസൂലില്‍ നിന്നുമുള്ള ബാധ്യത ഒഴിവാകല്‍ (بَرَاءَةٌ مِّنَ اللَّهِ وَرَسُولِهِ) എന്ന്‌ ആദ്യത്തെ വചനത്തിലും, അല്ലാഹുവില്‍നിന്നും അവന്‍റെ റസൂലില്‍നിന്നുമുള്ള അറിയിപ്പ്‌ (وَأَذَانٌ مِنَ الّلهِ وَرَسُولِهِ) എന്ന്‌ അടുത്ത വചനത്തിലും അതിന്ന്‌ ശീര്‍ഷകം നല്‍കിയിരിക്കുന്നത്‌. അക്കാലത്ത്‌ അറേബ്യ മുഴുവനും പരസ്യപ്പെടുത്തേണ്ടതുള്ള വല്ല കാര്യവും വിളംബരപ്പെടുത്തുവാന്‍ ഹജ്ജ്‌ സമയത്തെപ്പോലെ ഉതകുന്ന മറ്റൊരവസരവും ഉണ്ടായിരുന്നില്ല. അത്‌ കൊണ്ടാണ്‌ അടുത്ത വചനത്തില്‍ കാണുന്ന പ്രകാരം ഈ വിളംബരം ഹജ്ജ്‌ ദിവസം പ്രഖ്യാപനം ചെയ്‌വാന്‍ ആജ്ഞാപിച്ചിരിക്കുന്നത്‌. ഈ പ്രഖ്യാപനത്തെ സംബന്ധിക്കുന്ന ഹദീഥുകളും രിവായത്തുകളും പലതും കാണാം. അവയുടെ രത്‌നച്ചുരുക്കം ഇപ്രകാരമാകുന്നു:

ഹിജ്‌റഃ 9-ാം കൊല്ലത്തില്‍, തബൂക്ക്‌ യുദ്ധം കഴിഞ്ഞു വന്നശേഷം, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഹജ്ജിന്‌ മക്കയിലേക്ക്‌ പോകുവാന്‍ ആഗ്രഹിച്ചു. പക്ഷേ, മുശ്‌രിക്കുകളും ഹജ്ജില്‍ പങ്കെടുക്കുമായിരുന്നതുകൊണ്ട്‌ തിരുമേനി പോകാതിരിക്കുകയാണുണ്ടായത്‌. അക്കൊല്ലം ഹജ്ജിന്‍റെ അമീറായി (നേതാവായി) നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അബൂബക്‌ര്‍ സ്വിദ്ദീക്വ്‌ (رضي الله عنه)നെ അയച്ചു. നൂറുകണക്കില്‍ മുസ്‌ലിംകളും അദ്ദേഹമൊന്നിച്ചു പോയിരുന്നു. അബൂബക്‌ര്‍ (رضي الله عنه) പുറപ്പെട്ടുപോയിക്കഴിഞ്ഞശേഷം ഈ വചനങ്ങളെ ഹജ്ജില്‍ വിളംബരപ്പെടുത്തുവാന്‍ പിന്നാലെ അലി (رضي الله عنه)യെയും നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അയക്കുകയുണ്ടായി. എനിക്കുവേണ്ടി വിളംബരം നടത്തുന്ന ആള്‍ എന്‍റെ കുടുംബത്തില്‍ ഒരാളായിരിക്കണമെന്ന്‌ പറഞ്ഞുകൊണ്ടാണ്‌ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അദ്ദേഹത്തെ അയച്ചത്‌ (*). അദ്ദേഹത്തിന്‍റെ നേതൃത്വത്തില്‍, മറ്റു ചിലരുംകൂടി അക്കൊല്ലത്തെ ഹജ്ജ്‌ മഹാസമ്മേളനത്തില്‍ വെച്ച്‌ ദുല്‍ഹജ്ജ്‌ മാസം പത്തിന്‌ ഈ സൂറത്തിന്‍റെ ആദ്യം മുതല്‍ക്കുള്ള ഏതാനും വചനങ്ങള്‍ (മുപ്പതോ നാല്‍പതോ വചനങ്ങള്‍) വിളംബരം ചെയ്‌തു. അതോടൊപ്പംതന്നെ, അടുത്തകൊല്ലം മുതല്‍ മുശ്‌രിക്കുകളാരും കഅ്‌ബഃത്തിങ്കല്‍ ഹജ്ജിനു വരരുതെന്നും, മേലില്‍ ആരും നഗ്നരായി ‘ത്വവാഫ്‌’ (കഅ്‌ബഃ പ്രദക്ഷിണം) ചെയ്യരുതെന്നും പ്രഖ്യാപിക്കുകയുണ്ടായി. നേരത്തെതന്നെ ഈ രണ്ടു കാര്യങ്ങളും ഹജ്ജില്‍ പ്രഖ്യാപനം ചെയ്‌വാന്‍ അബൂബക്‌ര്‍ (رضي الله عنه) ഏല്‍പിക്കപ്പെട്ടിരുന്നുവെന്നും, അലി (رضي الله عنه)യുടെ വിളംബരത്തിലും ഇത്‌ രണ്ടും ഉള്‍പ്പെട്ടിരുന്നുവെന്നും താഴെ ഉദ്ധരിക്കുന്ന അബൂഹുറയ്‌റഃ (رضي الله عنه)യുടെ ഹദീഥില്‍നിന്നും വ്യക്തമാകുന്നു.

ഈ വചനങ്ങളിലടങ്ങിയ ആശയങ്ങളെ വിവരിക്കുന്ന മദ്ധ്യെ ഇബ്‌നു കഥീര്‍ (رحمه الله) ഇപ്രകാരം പ്രസ്‌താവിച്ചിരിക്കുന്നു: ‘ഈ വചനത്തി(ന്റെ വ്യാഖ്യാനത്തി)ല്‍ വ്യാഖ്യാതാക്കള്‍ക്ക്‌ വളരെ അഭിപ്രായ വ്യത്യാസങ്ങളുണ്ട്‌. ഒരു വിഭാഗം ആളുകള്‍ പറയുന്നു: കാലാവധി നിര്‍ണയിക്കപ്പെട്ടിട്ടില്ലാത്തവരെയോ, നാലു മാസക്കാലത്തിനു താഴെ അവധി നിശ്ചയിക്കപ്പെട്ടവരെയോ സംബന്ധിച്ചാണ്‌ ഈ വചനം. അവര്‍ക്ക്‌ നാലു മാസംവരെ അവധി നല്‍കപ്പെടുന്നതാണ്‌. അവധി നിര്‍ണയിച്ചുകൊണ്ടുള്ള കരാറുകാര്‍ക്ക്‌ അവരുടെ അവധിക്കാലം തീരുന്നതുവരെയും അവധി നല്‍കപ്പെടും. അവര്‍ക്ക്‌ അവരുടെ അവധി പൂര്‍ത്തിയാക്കിക്കൊടുക്കണമെന്ന്‌ (നാലാം വചനത്തില്‍) പറയുന്നുണ്ടല്ലോ. ഇപ്രകാരം ഹദീഥിലും വന്നിരിക്കുന്നു. ഇതാണ്‌ ആ അഭിപ്രായങ്ങളില്‍ വെച്ച്‌ ഏറ്റവും നല്ല അഭിപ്രായം. ഇബ്‌നു ജരീറും (رحمه الله) ഇതാണ്‌ നല്ലതായി അഭിപ്രായപ്പെട്ടിരിക്കുന്നത്‌. വേറെ പലരില്‍ നിന്നും ഇങ്ങനെ നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്‌.’

രണ്ടാമത്തെ ആയത്തിന്‍റെ അവസാനഭാഗം മുശ്‌രിക്കുകള്‍ക്കുള്ള താക്കീതാണെന്ന്‌ പറയേണ്ടതില്ല. ഈ പ്രഖ്യാപനം കഴിഞ്ഞത്‌ മുതല്‍ക്കുതന്നെ ആ താക്കീതിന്‍റെ ഫലം അവര്‍ അനുഭവിച്ചറിയുകയും ചെയ്‌തിട്ടുണ്ട്‌.


(*) ഇങ്ങിനെയുള്ള ഉത്തരവാദപ്പെട്ട പ്രഖ്യാപനങ്ങള്‍ നടത്തുവാന്‍ പ്രതിനിധിയെ അയക്കുമ്പോള്‍, ആ പ്രതിനിധി അയാളെ അയക്കുന്ന ആളുടെ അടുത്ത ബന്ധുവായിരിക്കണമെന്നുള്ളത്‌ അറബികളുടെ ഇടയില്‍ അംഗീകരിക്കപ്പെട്ട ഒരു പതിവായിരുന്നു.

9:3
  • وَأَذَٰنٌ مِّنَ ٱللَّهِ وَرَسُولِهِۦٓ إِلَى ٱلنَّاسِ يَوْمَ ٱلْحَجِّ ٱلْأَكْبَرِ أَنَّ ٱللَّهَ بَرِىٓءٌ مِّنَ ٱلْمُشْرِكِينَ ۙ وَرَسُولُهُۥ ۚ فَإِن تُبْتُمْ فَهُوَ خَيْرٌ لَّكُمْ ۖ وَإِن تَوَلَّيْتُمْ فَٱعْلَمُوٓا۟ أَنَّكُمْ غَيْرُ مُعْجِزِى ٱللَّهِ ۗ وَبَشِّرِ ٱلَّذِينَ كَفَرُوا۟ بِعَذَابٍ أَلِيمٍ ﴾٣﴿
  • അല്ലാഹുവില്‍നിന്നും, അവന്‍റെ റസൂലില്‍നിന്നുമുള്ള ഒരു അറിയിപ്പുമാകുന്നു. മഹത്തായ ഹജ്ജിന്‍റെ ദിവസത്തില്‍ മനുഷ്യരോട്‌ (പൊതുവില്‍). അല്ലാഹുവും അവന്‍റെ റസൂലും മുശ്‌രിക്കുകളില്‍ നിന്ന്‌ (ബാദ്ധ്യത) ഒഴിവായവരാണെന്ന്‌. എന്നാല്‍, (മുശ്‌രിക്കുകളേ) നിങ്ങള്‍ പശ്ചാത്തപിച്ചാല്‍, അത്‌ നിങ്ങള്‍ക്ക്‌ ഉത്തമമായിരിക്കും; നിങ്ങള്‍ തിരിഞ്ഞുകളഞ്ഞാല്‍ നിങ്ങള്‍ അല്ലാഹുവിനെ (പരാജയപ്പെടുത്തി) അശക്തമാക്കുന്നവരല്ലെന്നു അറിഞ്ഞുകൊള്ളുവിന്‍. അവിശ്വസിച്ചവര്‍ക്ക്‌ (നബിയേ) വേദനയേറിയ ശിക്ഷയെക്കുറിച്ച്‌ സന്തോഷവാര്‍ത്ത അറിയിക്കുകയും ചെയ്യുക.
  • وَأَذَانٌ ഒരു അറിയിപ്പു (പ്രഖ്യാപനവു) മാണ്‌ مِّنَ اللَّهِ അല്ലാഹുവില്‍നിന്ന്‌ وَرَسُولِهِ അവന്‍റെ റസൂലില്‍നിന്നും إِلَى النَّاسِ മനുഷ്യരിലേക്ക്‌, ജനങ്ങളോട്‌ يَوْمَ الْحَجِّ ഹജ്ജിന്‍റെ ദിവസം الْأَكْبَرِ വലിയതായ (മഹത്തായ) أَنَّ اللَّهَ അല്ലാഹു (ആണ്‌) എന്ന്‌ بَرِيءٌ ഒഴിവായവനാണ്‌ (എന്ന്‌) مِّنَ الْمُشْرِكِينَ മുശ്‌രിക്കുകളില്‍നിന്ന്‌ وَرَسُولُهُ അവന്‍റെ റസൂലും فَإِن تُبْتُمْ എന്നാല്‍ നിങ്ങള്‍ പശ്ചാത്തപിക്കുന്നപക്ഷം فَهُوَ അപ്പോള്‍ അത്‌ خَيْرٌ لَّكُمْ നിങ്ങള്‍ക്ക്‌ ഉത്തമമാകുന്നു وَإِن تَوَلَّيْتُمْ നിങ്ങള്‍ തിരിഞ്ഞുകളയുന്നപക്ഷം فَاعْلَمُوا നിങ്ങള്‍ അറിഞ്ഞുകൊള്ളുവിന്‍ أَنَّكُمْ നിങ്ങള്‍ (ആകുന്നു) എന്ന്‌ غَيْرُ مُعْجِزِي അസാദ്ധ്യമാക്കാത്തവര്‍, അശക്തമാക്കുന്നവരല്ല (എന്ന്‌) اللَّهِ അല്ലാഹുവിനെ وَبَشِّرِ സന്തോഷമറിയിക്കുകയും ചെയ്യുക الَّذِينَ كَفَرُوا അവിശ്വസിച്ചവരോട്‌ بِعَذَابٍ ശിക്ഷയെപ്പറ്റി أَلِيمٍ വേദനപ്പെട്ട (വേദനയേറിയ)
9:4
  • إِلَّا ٱلَّذِينَ عَـٰهَدتُّم مِّنَ ٱلْمُشْرِكِينَ ثُمَّ لَمْ يَنقُصُوكُمْ شَيْـًٔا وَلَمْ يُظَـٰهِرُوا۟ عَلَيْكُمْ أَحَدًا فَأَتِمُّوٓا۟ إِلَيْهِمْ عَهْدَهُمْ إِلَىٰ مُدَّتِهِمْ ۚ إِنَّ ٱللَّهَ يُحِبُّ ٱلْمُتَّقِينَ ﴾٤﴿
  • (പക്ഷേ) മുശ്‌രിക്കുകളില്‍ നിന്ന്‌ നിങ്ങള്‍ കരാറ്‌ നടത്തിയിട്ടുള്ളവരൊഴികെ, പിന്നീട്‌ (അതില്‍) നിങ്ങളോട്‌ യാതൊന്നും അവര്‍ പോരായ്‌മ വരുത്തിയിട്ടുമില്ല. നിങ്ങള്‍ക്കെതിരില്‍ ഒരാള്‍ക്കും അവര്‍ പിന്‍തുണ നല്‍കിയിട്ടുമില്ല (ഇങ്ങിനെയുള്ളവരൊഴികെ); അപ്പോള്‍, അവര്‍ക്ക്‌ അവരുടെ കാലം [അവധി] വരേക്ക്‌ അവരുടെ കരാറ്‌ നിങ്ങള്‍ പൂര്‍ത്തിയാക്കുവിന്‍. നിശ്ചയമായും അല്ലാഹു, സൂക്ഷ്‌മത പാലിക്കുന്നവരെ ഇഷ്‌ടപ്പെടുന്നു.
  • إِلَّا ഒഴികെ الَّذِينَ عَاهَدتُّم നിങ്ങള്‍ കരാര്‍ നടത്തിയിട്ടുള്ളവര്‍ مِّنَ الْمُشْرِكِينَ മുശ്‌രിക്കുകളില്‍ നിന്ന്‌ ثُمَّ പിന്നീട്‌ لَمْ يَنقُصُوكُمْ അവര്‍ നിങ്ങള്‍ക്ക്‌ ചുരുക്കി (നിങ്ങളോട്‌ കുറവുവരുത്തി) യിട്ടില്ല شَيْئًا യാതൊന്നും وَلَمْ يُظَاهِرُوا അവര്‍ പിന്തുണ നല്‍കിയിട്ടുമില്ല عَلَيْكُمْ നിങ്ങള്‍ക്കെതിരില്‍ أَحَدًا ഒരാള്‍ക്കും فَأَتِمُّوا എന്നാല്‍ (അപ്പോള്‍) നിങ്ങള്‍ പൂര്‍ത്തിയാക്കുവിന്‍ إِلَيْهِمْ അവരിലേക്ക്‌, അവരോട്‌ عَهْدَهُمْ അവരുടെ കരാര്‍ إِلَىٰ مُدَّتِهِمْ അവരുടെ കാലംവരെ إِنَّ اللَّهَ നിശ്ചയമായും അല്ലാഹു يُحِبُّ ഇഷ്‌ടപ്പെടുന്നു, സ്‌നേഹിക്കും الْمُتَّقِينَ സൂക്ഷ്‌മത പാലിക്കുന്നവരെ

يَوْمَ الْحَجّ الْأَكْبَر (മഹത്തായ ഹജ്ജിന്‍റെ ദിവസം) ദുല്‍ഹജ്ജ്‌ ഒമ്പതാം ദിവസമായ അറഫാ ദിനത്തെ ഉദ്ദേശിച്ചും, പത്താം ദിവസമായ പെരുന്നാള്‍ ദിനത്തെ ഉദ്ദേശിച്ചും, തുടര്‍ന്നുള്ള മൂന്നു ദിവസങ്ങളായ ‘അയ്യാമുത്തശ്‌രീക്വി’നെ ഉദ്ദേശിച്ചും ഉപയോഗിക്കപ്പെടാറുണ്ട്‌. ചിലപ്പോള്‍, ഹജ്ജുകാലത്തെ പൊതുവില്‍ ഉദ്ദേശിച്ചും പറയപ്പെടും. പക്ഷേ, വിളംബരം നടത്തപ്പെട്ടത്‌ പെരുന്നാള്‍ ദിവസമായിരുന്നുവെന്ന്‌ ഹദീഥിനാല്‍ സ്ഥിരപ്പെട്ടിരിക്കകൊണ്ട്‌ ആ ദിവസമാണിവിടെ ഉദ്ദേശ്യമെന്നു മനസ്സിലാക്കാം. ഹജ്ജിന്‍റെ വിശേഷണമായി الْأَكْبَر (ഏറ്റവും വലുതായ – അഥവാ മഹത്തായ) എന്ന്‌ വിശേഷിപ്പിച്ചതിന്‌ പലരും പല കാരണങ്ങള്‍ പറഞ്ഞുകാണുന്നു: ഉംറഃ കര്‍മത്തെപ്പറ്റി ചെറിയ ഹജ്ജ്‌ (الْحَجّ الْأصْغر) എന്ന്‌ പറയപ്പെടാറുള്ളതുകൊണ്ട്‌ അതല്ല ഉദ്ദേശ്യമെന്ന്‌ വ്യക്തമാക്കുവാനാണെന്നും, ഹജ്ജിന്‍റെ പ്രധാന കര്‍മങ്ങള്‍ നടക്കുകയും ജനങ്ങളെല്ലാം മിനായില്‍ ഒരുമിച്ചുകൂടുകയും ചെയ്യുന്നത്‌ പെരുന്നാള്‍ ദിവസമായതുകൊണ്ട്‌ അതാണിവിടെ ഉദ്ദേശിച്ചതെന്നും മറ്റുമാണ്‌. ഏതായാലും -ഇക്കാലത്ത്‌ ചിലര്‍ ധരിച്ചുവശായതുപോലെ – അറഫാദിവസം വെള്ളിയാഴ്‌ചയായി വരുന്ന കൊല്ലങ്ങളിലെ ഹജ്ജിനുള്ള ഒരു പ്രത്യേക നാമമോ, വിശേഷണമോ അല്ല ‘ഹജ്ജുല്‍ അക്‌ബര്‍ (الْحَجّ الْأَكْبَر)’ എന്ന വാക്ക്‌.

ഈ വചനങ്ങളിലടങ്ങിയ പ്രഖ്യാപനങ്ങളുടെ രത്‌നച്ചുരുക്കം ഇങ്ങിനെ പറയാം:

(1) നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യും മുശ്‌രിക്കുകളുമായുള്ള കരാര്‍ വ്യവസ്ഥകള്‍ ഇതോടെ അവസാനിച്ചു.

(2) കഴിഞ്ഞുപോയ തെറ്റുകളില്‍നിന്നും ലംഘനങ്ങളില്‍നിന്നും പശ്ചാത്തപിച്ചു മടങ്ങിയാല്‍ അതവര്‍ക്ക്‌ ഗുണമായിത്തീരും. അല്ലാത്തപക്ഷം അതിന്‍റെ ഫലം (ഇഹത്തിലും, പരത്തിലും) അവര്‍ അനുഭവിക്കേണ്ടിവരും. അതില്‍നിന്ന്‌ രക്ഷപ്പെടുവാന്‍ അവര്‍ക്ക്‌ സാദ്ധ്യമാകുക ഇല്ലതന്നെ. ‘പശ്ചാത്തപിച്ചു മടങ്ങുക’ എന്നതുകൊണ്ടുദ്ദേശ്യം ഇസ്‌ലാമിനെ സ്വീകരിക്കുക എന്നായിരിക്കും. കാരണം, ഇസ്‌ലാമില്‍ പ്രവേശിക്കാത്ത മുസ്‌ലിംകളുടെ രക്ഷയില്‍ വര്‍ത്തിക്കുവാന്‍ അപേക്ഷിക്കുന്നവരെപ്പറ്റി 6-ാം വചനത്തില്‍ പ്രത്യേകം വിവരിക്കുന്നുണ്ട്‌.

(3) മുസ്‌ലിംകളുമായി വല്ല കരാറും നിലവിലുണ്ടായിരിക്കുകയും, അതില്‍ വിഘ്‌നം വരുത്തുകയോ, മുസ്‌ലിംകള്‍ക്കെതിരായി ശത്രുക്കളെ സഹായിക്കുകയോ ചെയ്യാതിരിക്കുകയും ചെയ്യുന്നവര്‍ മാത്രം ഇതില്‍നിന്ന്‌ ഒഴിവാകുന്നു. അവരെ സംബന്ധിച്ചിടത്തോളം മുമ്പ്‌ പറഞ്ഞ നാലുമാസങ്ങളുടെ അവധിയുടെ കണക്കില്ല. അവരുമായുള്ള കരാറില്‍ നിശ്ചയിച്ച അവധി തീരുന്നതുവരെ അത്‌ പാലിക്കുക തന്നെ ചെയ്യും.

അബൂഹുറയ്‌റഃ (رضي الله عنه) പ്രസ്‌താവിച്ചതായി ഹുമൈദ്‌ബ്‌നു അബ്‌ദിര്‍റഹ്‌മാന്‍ (رحمه الله) ഇപ്രകാരം ഉദ്ധരിച്ചിരിക്കുന്നു: ആ ഹജ്ജില്‍ വെച്ച്‌ അക്കൊല്ലത്തിനുശേഷം ഒരു മുശ്‌രിക്കും ഹജ്ജ്‌ ചെയ്യരുതെന്നും, നഗ്നരായി ആരും ‘ത്വവാഫ്‌’ ചെയ്യരുതെന്നും ബലിപെരുന്നാള്‍ ദിവസം മിനായില്‍ പ്രഖ്യാപനം ചെയ്യുന്നവരുടെ കൂട്ടത്തില്‍ അബൂബക്‌ര്‍ (رضي الله عنه) എന്നെയും അയച്ചിരുന്നു.’ (നിവേദകനായ) ഹുമൈദ്‌ പറയുകയാണ്‌: ‘പിന്നീട്‌ റസൂല്‍ അലിയ്യുബ്‌നു അബീത്വാലിബ്‌ (رضي الله عنه) നെയും ‘ബറാഅത്ത്‌’ പ്രഖ്യാപനത്തിനായി പിന്നാലെ അയച്ചു. അബൂഹുറയ്‌റഃ (رضي الله عنه) തുടര്‍ന്നുപറഞ്ഞു: ‘അങ്ങനെ, അലിയും തങ്ങളൊന്നിച്ചു ബലിപെരുന്നാള്‍ ദിവസം മിനായിലെ ജനങ്ങളില്‍ ‘ബറാഅത്തും’, ഇക്കൊല്ലത്തിനുശേഷം മുശ്‌രിക്കുകള്‍ ഹജ്ജ്‌ ചെയ്യരുതെന്നും, നഗ്നന്മാര്‍ ത്വവാഫ്‌ ചെയ്യരുതെന്നും വിളംബരം നടത്തി.’ (ബുഖാരി)

9:5
  • فَإِذَا ٱنسَلَخَ ٱلْأَشْهُرُ ٱلْحُرُمُ فَٱقْتُلُوا۟ ٱلْمُشْرِكِينَ حَيْثُ وَجَدتُّمُوهُمْ وَخُذُوهُمْ وَٱحْصُرُوهُمْ وَٱقْعُدُوا۟ لَهُمْ كُلَّ مَرْصَدٍ ۚ فَإِن تَابُوا۟ وَأَقَامُوا۟ ٱلصَّلَوٰةَ وَءَاتَوُا۟ ٱلزَّكَوٰةَ فَخَلُّوا۟ سَبِيلَهُمْ ۚ إِنَّ ٱللَّهَ غَفُورٌ رَّحِيمٌ ﴾٥﴿
  • അങ്ങനെ, (യുദ്ധം) നിഷിദ്ധമായ (ആ) മാസങ്ങള്‍ കഴിഞ്ഞുപോയാല്‍, മുശ്‌രിക്കുകളെ നിങ്ങള്‍ വധിക്കുവിന്‍, അവരെ കിട്ടിയേടത്തുവെച്ച്‌. അവരെ പിടിക്കുകയും, അവരെ ഉപരോധിക്കുകയും, എല്ലാ പതിസ്ഥലങ്ങളിലും അവര്‍ക്കുവേണ്ടി (പതി) ഇരിക്കുകയും ചെയ്യുവിന്‍. എനി, അവര്‍ പശ്ചാത്തപിക്കുകയും, നമസ്‌കാരം നിലനിറുത്തുകയും, സക്കാത്ത്‌ കൊടുക്കുകയും ചെയ്യുന്നപക്ഷം (അവര്‍ക്ക്‌) അവരുടെ വഴി ഒഴിവാക്കി (വിട്ടു) കൊടുക്കുവിന്‍. നിശ്ചയമായും അല്ലാഹു വളരെ പൊറുക്കുന്നവനാണ്‌. കരുണാനിധിയാണ്‌.
  • فَإِذَا انسَلَخَ അങ്ങിനെ കഴിഞ്ഞാല്‍ الْأَشْهُرُ (ആ) മാസങ്ങള്‍ الْحُرُمُ നിഷിദ്ധമായ, പരിപാവനമായ فَاقْتُلُوا നിങ്ങള്‍ വധിക്കുവിന്‍, കൊല്ലുവിന്‍ الْمُشْرِكِينَ മുശ്‌രിക്കുകളെ حَيْثُ ഇടത്തില്‍, വിധത്തില്‍ وَجَدتُّمُوهُمْ നിങ്ങള്‍ക്ക്‌ അവരെ കിട്ടിയ, നിങ്ങള്‍ കണ്ടെത്തിയ وَخُذُوهُمْ അവരെ നിങ്ങള്‍ പിടിക്കുകയും ചെയ്യുവിന്‍ وَاحْصُرُوهُمْ അവരെ നിങ്ങള്‍ ഉപരോധിക്കുകയും ചെയ്യുവിന്‍ وَاقْعُدُوا നിങ്ങള്‍ ഇരിക്കുകയും ചെയ്യുവിന്‍ لَهُمْ അവര്‍ക്കായി كُلَّ مَرْصَدٍ എല്ലാ പതിസ്ഥലത്തും, നിരീക്ഷണ സ്ഥാനത്തും فَإِن تَابُوا എനി (എന്നാല്‍) അവര്‍ പശ്ചാത്തപിച്ചെങ്കില്‍ وَأَقَامُوا അവര്‍ നിലനിറുത്തുകയും الصَّلَاةَ നമസ്‌കാരം وَآتَوُا അവര്‍ കൊടുക്കുകയും الزَّكَاةَ സക്കാത്ത്‌ فَخَلُّوا എന്നാല്‍ നിങ്ങള്‍ ഒഴിവാക്കുവിന്‍ سَبِيلَهُمْ അവരുടെ വഴി, മാര്‍ഗം إِنَّ اللَّهَ നിശ്ചയമായും അല്ലാഹു غَفُورٌ വളരെ പൊറുക്കുന്നവനാണ്‌ رَّحِيمٌ കരുണാനിധിയാണ്‌

الأشهُرُ الحُرُم (യുദ്ധം നിഷിദ്ധമായ മാസങ്ങള്‍) കൊണ്ട്‌ ഇവിടെ ഉദ്ദേശ്യമെന്താണെന്നുള്ളതില്‍ രണ്ട്‌ അഭിപ്രായങ്ങളുണ്ട്‌.

(1) യുദ്ധം നിഷിദ്ധമായ ദുല്‍ക്വഅ്‌ദഃ, ദുല്‍ഹിജ്ജഃ, മുഹര്‍റം എന്നിവയും റജബുംകൂടി നാലു മാസങ്ങള്‍ തന്നെയാണ്‌ ഇവിടെയും ഉദ്ദേശിക്കപ്പെട്ടിട്ടുള്ളത്‌. ഇതനുസരിച്ച്‌ മുമ്പ്‌ കരാര്‍ നിലവിലില്ലാത്ത മുശ്‌രിക്കുകളോട്‌ പ്രഖ്യാപനം നടന്നത്‌ മുതല്‍ അടുത്ത മുഹര്‍റം കഴിയുന്നതുവരെ നടപടിയൊന്നും എടുക്കേണ്ടതില്ലെന്നും, മുഹര്‍റം കഴിഞ്ഞാല്‍- അവര്‍ പശ്ചാത്തപിച്ചു മടങ്ങാത്തപക്ഷം-മേല്‍പറഞ്ഞ നടപടികള്‍ അവരോട്‌ സ്വീകരിക്കണമെന്നുമായിരിക്കും ആയത്തിന്‍റെ ഉദ്ദേശ്യം.

(2) യുദ്ധം നിഷിദ്ധമായ ആ മാസങ്ങളല്ല ഇവിടെ ഉദ്ദേശ്യം. കഴിഞ്ഞ വചനങ്ങളില്‍ നാലുമാസം ഭൂമിയിലൂടെ സഞ്ചരിച്ചുകൊള്ളുക. (فَسِيحُوا فِي الْأَرْضِ أَرْبَعَةَ أَشْهُرٍ) എന്ന്‌ മുശ്‌രിക്കുകളോടും അവര്‍ക്ക്‌ അവരുടെ കരാറു പൂര്‍ത്തിയാക്കിക്കൊടുക്കുക (فَأَتِمُّوا إِلَيْهِمْ عَهْدَهُمْ) എന്ന്‌ മുസ്‌ലിംകളോടും പറഞ്ഞ ആ കാലമാണുദ്ദേശ്യം. ഇതനുസരിച്ച്‌ ഈ പ്രഖ്യാപനത്തിനുശേഷം അതാത്‌ കൂട്ടര്‍ക്ക്‌ അനുവദിക്കപ്പെട്ടതും അവരോട്‌ യുദ്ധം നടത്തുവാന്‍ പാടില്ലാത്തതുമായ ആ മാസങ്ങള്‍ കഴിയുന്നതുവരെ അവരോട്‌ ഒരു നടപടിയും എടുക്കേണ്ടതില്ലെന്നും, അത്‌ കഴിഞ്ഞാല്‍ പിന്നെ -അവര്‍ പശ്ചാത്തപിച്ചു മടങ്ങാത്തപക്ഷം- മേല്‍പറഞ്ഞ നടപടികള്‍ സ്വീകരിക്കണമെന്നുമായിരിക്കും ഉദ്ദേശ്യം. ഈ അഭിപ്രായത്തിനാണ്‌ ഇബ്‌നുകഥീര്‍ (رحمه الله) മുന്‍ഗണന നല്‍കിയിരിക്കുന്നത്‌. മുജാഹിദ്‌, ഇബ്‌നു ഇസ്‌ഹാക്വ്‌, ക്വത്താദഃ, സുദ്ദീ (رَحِمَهُمُ الله) എന്നിവരുടെയും അഭിപ്രായം അതാണെന്നും, സന്ദര്‍ഭംകൊണ്ടു മനസ്സിലാകുന്നത്‌ ഇതാണെന്നും, യുദ്ധം നിഷിദ്ധമായ നാലു മാസങ്ങളെ സംബന്ധിച്ച വിധി ഈ സൂറത്തില്‍ തന്നെ (36-ാം വചനത്തില്‍) പ്രത്യേകം താഴെ വരുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുകയും ചെയ്‌തിരിക്കുന്നു.

കരാറു പ്രകാരം യുദ്ധ നടപടിയെടുക്കുവാന്‍ പാടില്ലാത്ത ആ മാസങ്ങള്‍ കഴിഞ്ഞതിനുശേഷം അവര്‍ പശ്ചാത്തപിക്കാതെ പഴയപടി തന്നെ തുടരുകയാണെങ്കില്‍ അവരുടെ നേരെ സ്വീകരിക്കേണ്ടുന്ന നടപടികള്‍ ഇവയാകുന്നു:

(1) കിട്ടിയേടത്തുവെച്ചു കൊലപ്പെടുത്തുക.

(2) പിടിച്ചു ബന്ധനത്തിലാക്കുക. ബന്ധനത്തിലാക്കുന്നതു സംബന്ധിച്ച്‌ സൂറത്തുല്‍ അന്‍ഫാല്‍ 67-ാം വചനത്തില്‍ പ്രസ്‌താവിച്ച ആക്ഷേപം ഇപ്പോള്‍ നിലവിലില്ല. മുസ്‌ലിംകള്‍ക്ക്‌ ശക്തിയും പ്രതാപവും വന്നുകഴിഞ്ഞിരിക്കുകയാണല്ലോ.

(3) ഉപരോധം ചെയ്യുക. അവര്‍ കോട്ടക്കകത്തോ മറ്റോ പ്രവേശിച്ചു രക്ഷപ്പെടുന്നപക്ഷം അവര്‍ പുറത്തുവന്ന്‌ കീഴൊതുങ്ങാന്‍ നിര്‍ബന്ധിതരാകുമാറ്‌ ഉപരോധം ഏര്‍പ്പെടുത്തണമെന്നു സാരം.

(4) തക്കവും തരവുംനോക്കി എല്ലാ മര്‍മ സ്ഥാനങ്ങളിലും പതിയിരുന്നുകൊണ്ട്‌ അവരെ സൈ്വരവിഹാരം കൊള്ളുവാന്‍ അവനുവദിക്കാതിരിക്കുക. അക്കാലത്ത്‌ ശത്രു വിഭാഗങ്ങള്‍ തമ്മിലുണ്ടായിരുന്ന യുദ്ധ നയങ്ങളാണിതെല്ലാം.

ഈ പ്രഖ്യാപനം കഴിഞ്ഞ ശേഷവും ആരെങ്കിലും പശ്ചാത്തപിച്ചു മടങ്ങുന്നപക്ഷം അതുവരെ അവര്‍ ചെയ്‌ത അക്രമങ്ങളുടെയോ മല്‍സരങ്ങളുടെയോ പേരില്‍ യാതൊരു നടപടിയും എടുക്കുകയില്ല. പശ്ചാത്തപിക്കുക എന്നു പറഞ്ഞതിന്‍റെ ഉദ്ദേശ്യം ശിര്‍ക്കില്‍ നിന്ന്‌ പിന്‍മാറി ഇസ്‌ലാമിനെ അംഗീകരിക്കുക എന്നാകുന്നു. പക്ഷേ, ഇസ്‌ലാമിന്‍റെ മുദ്രാവാക്യങ്ങളായ ശഹാദത്തു കലിമകള്‍ നാവുകൊണ്ട്‌ പറഞ്ഞാല്‍ മാത്രം പോരാ, അത്‌ പ്രവര്‍ത്തനംകൊണ്ട്‌ തെളിയിക്കുകയും വേണം. അതായത്‌ ശാരീരികമായി ഏറ്റവും വലിയ നിര്‍ബന്ധ കടമയായ നമസ്‌കാരം നിലനിറുത്തിപ്പോരുകയും, ധനപരമായി ഏറ്റവും വലിയ കടമയായ സക്കാത്ത്‌ കൊടുക്കുകയും വേണം. അതവര്‍ ചെയ്‌താല്‍ മുസ്‌ലിംകള്‍ക്കുള്ള എല്ലാ പൗരാവകാശങ്ങള്‍ക്കും അവര്‍ അര്‍ഹരായിത്തീരുന്നു. പ്രസിദ്ധമായ ഒരു ഹദീഥില്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഈ തത്വം ഇങ്ങനെ വ്യക്തമാക്കുന്നു. അല്ലാഹു അല്ലാതെ ആരാധ്യനില്ലെന്നും മുഹമ്മദ്‌ അല്ലാഹുവിന്‍റെ റസൂലാണെന്നും സാക്ഷ്യപ്പെടുത്തുകയും നമസ്‌കാരം നിലനിര്‍ത്തുകയും സകാത്ത്‌ കൊടുക്കുകയും ചെയ്യുന്നത്‌ വരെ മനുഷ്യരോട്‌ യുദ്ധം ചെയ്യാന്‍ നിന്നോട്‌ കല്‍പിക്കപ്പെട്ടിരിക്കുന്നു. അതവര്‍ ചെയ്‌താല്‍ അവരുടെ രക്തങ്ങളും, സ്വത്തുക്കളും എന്നില്‍നിന്നും അവര്‍ കാത്തുരക്ഷിച്ചു: (മറ്റു കുറ്റകൃത്യങ്ങള്‍ കാരണം) ഇസ്‌ലാമിക നിയമമനുസരിച്ചു (നടപടി) വേണ്ടി വന്നാലല്ലാതെ. (മറ്റു നിലക്കുള്ള) അവരുടെ വിചാരണ (അഥവാ കൃത്യമായ കണക്ക്‌ പരിശോധന) അല്ലാഹുവിന്‍റെ ബാധ്യതയാണ്‌’. (ബു.മു.) ഇപ്രകാരം ഇസ്‌ലാമില്‍ പ്രവേശിച്ചുകഴിഞ്ഞാല്‍ പിന്നെ ഇസ്‌ലാമിന്‍റെ മുറപ്രകാരമുള്ള ശാസനകളൊന്നും നിഷേധിക്കുവാന്‍ അവര്‍ക്കു പാടില്ല. നിഷേധിച്ചാല്‍ അതിന്‍റെ പേരില്‍ അവരോട്‌ നിയമാനുസൃതമായ നടപടി എടുക്കുക തന്നെ ചെയ്യും എന്ന്‌ സാരം. ഈ തത്വത്തെ അടിസ്ഥാനമാക്കിയാണ്‌, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ വിയോഗാനന്തരം. മേലില്‍ തങ്ങള്‍ സക്കാത്ത്‌ കൊടുക്കുകയില്ലെന്ന്‌ ശഠിച്ചവരോട്‌ ഒന്നാം ഖലീഫഃ അബൂബക്‌ര്‍ (رضي الله عنه) യുദ്ധം നടത്തിയത്‌.

9:6
  • وَإِنْ أَحَدٌ مِّنَ ٱلْمُشْرِكِينَ ٱسْتَجَارَكَ فَأَجِرْهُ حَتَّىٰ يَسْمَعَ كَلَـٰمَ ٱللَّهِ ثُمَّ أَبْلِغْهُ مَأْمَنَهُۥ ۚ ذَٰلِكَ بِأَنَّهُمْ قَوْمٌ لَّا يَعْلَمُونَ ﴾٦﴿
  • (നബിയേ) മുശ്‌രിക്കുകളില്‍ നിന്ന്‌ ഏതെങ്കിലും ഒരാള്‍ നിന്നോട്‌ രക്ഷ [അഭയം] തേടിയെങ്കില്‍, അവന്‍ അല്ലാഹുവിന്‍റെ വചനം കേള്‍ക്കുന്നതുവരെ അവന്‌ രക്ഷ [അഭയം] നല്‍കുക. പിന്നെ, അവനെ അവന്‍റെ അഭയസ്ഥാനത്ത്‌ എത്തിച്ചുകൊടുക്കുക. അത്‌ അവര്‍ അറിഞ്ഞുകൂടാത്ത ഒരു ജനതയാണെന്നുള്ളത്‌ കൊണ്ടത്രെ.
  • وَإِنْ أَحَدٌ വല്ല ഒരുവനും (ഏതെങ്കിലും ഒരാള്‍) എങ്കില്‍ مِّنَ الْمُشْرِكِينَ മുശ്‌രിക്കുകളില്‍ നിന്ന്‌ اسْتَجَارَكَ നിന്നോട്‌ രക്ഷ (അഭയം-കാവല്‍) തേടി (യെങ്കില്‍) فَأَجِرْهُ എന്നാലവന്‌ രക്ഷ (അഭയം-കാവല്‍) നല്‍കുക حَتَّىٰ يَسْمَعَ അവന്‍ കേള്‍ക്കുവാന്‍ വേണ്ടി, കേള്‍ക്കുന്നതുവരെ كَلَامَ اللَّهِ അല്ലാഹുവിന്‍റെ വചനം ثُمَّ പിന്നീട്‌ أَبْلِغْهُ അവനെ എത്തിച്ചുകൊടുക്കുക مَأْمَنَهُ അവന്‍റെ അഭയ (സമാധാന) സ്ഥാനത്ത്‌ ذَٰلِكَ അത്‌ (കാരണം) بِأَنَّهُمْ അവര്‍ (ആണ്‌) എന്നുള്ളതുകൊണ്ടാണ്‌ قَوْمٌ ഒരു ജനതയാണ്‌ (എന്നുള്ളത്‌) لَّا يَعْلَمُونَ അവര്‍ക്കറിഞ്ഞുകൂടാ

മുസ്‌ലിംകളുമായി കരാറുകളൊന്നും നിലവിലില്ലാത്തവരും കണ്ടേടത്തുവെച്ചു വധിക്കപ്പെടുവാന്‍ അനുവദിക്കപ്പെട്ടവരുമായ മുശ്‌രിക്കുകളായിരുന്നാല്‍ പോലും, അവരില്‍ ആരെങ്കിലും ക്വുര്‍ആന്‍ കേട്ടു മനസ്സിലാക്കുവാന്‍ ഉദ്ദേശിച്ചു മുസ്‌ലിംകളെ സമീപിച്ചാല്‍, അവര്‍ക്ക്‌ അഭയം നല്‍കുകയും അവര്‍ക്ക്‌ ക്വുര്‍ആന്‍ കേള്‍പ്പിച്ചുകൊടുക്കുകയും ചെയ്യണം. അവര്‍ വിശ്വസിച്ചാലും ഇല്ലെങ്കിലും ശരി, പിന്നീട്‌ അവരുടെ അഭയസ്ഥാനത്ത്‌-നാട്ടിലും ജനങ്ങളിലും സുരക്ഷിതമായി എത്തിച്ചുകൊടുക്കുകയും ചെയ്യണം എന്ന്‌ അല്ലാഹു കല്‍പിക്കുന്നു. ക്വുര്‍ആന്‍ കേള്‍ക്കുക എന്ന്‌ പറഞ്ഞതുകൊണ്ട്‌ വിവക്ഷ ഇസ്‌ലാമിനെപ്പറ്റി സാമാന്യമായെങ്കിലും അവര്‍ പഠിക്കുക എന്നാകുന്നു. അറബികളെ സംബന്ധിച്ചിടത്തോളം അന്ന്‌ അവര്‍ക്ക്‌ ക്വുര്‍ആന്‍ കേട്ടാല്‍തന്നെ അതിന്‍റെ ആശയം ശരിക്ക്‌ മനസ്സിലാക്കുവാന്‍ പ്രയാസമില്ലല്ലോ. സത്യം ഗ്രഹിച്ചിട്ടും സത്യവിശ്വാസം സ്വീകരിക്കാതെ, മര്‍ക്കടമുഷ്‌ടിയോടെ കഴിയുന്ന പലരും മുശ്‌രിക്കുകളില്‍ ഉണ്ടാവാമെങ്കിലും മുശ്‌രിക്കുകള്‍ പൊതുവെ ഇസ്‌ലാമിനെപ്പറ്റി വേണ്ടതുപോലെ അറിയാത്തവരായിരിക്കും. അതുകൊണ്ടാണ്‌ അവര്‍ക്ക്‌ അഭയം നല്‍കണമെന്നും, ക്വുര്‍ആന്‍ കേള്‍പ്പിക്കണമെന്നും കല്‍പിച്ചതെന്നുകൂടി അല്ലാഹു ഉണര്‍ത്തുന്നു. ഇസ്‌ലാമിനെപ്പറ്റി മനസ്സിലാക്കുവാന്‍ വരുന്നവരെ ഏതു പരിതഃസ്ഥിതിയിലും സ്വാഗതം ചെയ്യണമെന്നും, അതിനുവേണ്ടി സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിക്കൊടുക്കണമെന്നുമാണ്‌ ഇതില്‍നിന്ന്‌ വ്യക്തമാകുന്നത്‌.

പല സന്ദര്‍ഭങ്ങളില്‍ ഓരോ ആവശ്യാര്‍ത്ഥം മുശ്‌രിക്കുകളായ ആളുകള്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ അടുക്കല്‍ വന്നപ്പോള്‍, അവിടുന്ന്‌ അവരോട്‌ സമാധാനപൂര്‍വ്വം പെരുമാറുകയും, ചിലര്‍ക്ക്‌ ഇസ്‌ലാമിനെക്കുറിച്ചു മനസ്സിലാക്കുവാന്‍ അവസരമുണ്ടാക്കിക്കൊടുക്കുകയും ചെയ്‌ത ചില സംഭവങ്ങളെ സൂചിപ്പിച്ചുകൊണ്ട്‌ ഇബ്‌നു കഥീര്‍ (رحمه الله) പറയുന്നു: ‘ശത്രു നാട്ടില്‍ നിന്ന്‌ ഇസ്‌ലാമിന്‍റെ നാട്ടിലേക്ക്‌ വല്ല ദൗത്യവും നിര്‍വ്വഹിക്കുവാന്‍ വേണ്ടിയോ, കച്ചവടത്തിനുവേണ്ടിയോ, വല്ല കരാറും ആവശ്യപ്പെട്ടുകൊണ്ടോ, കപ്പം അടച്ചുതീര്‍ക്കുവാന്‍ വേണ്ടിയോ, അല്ലെങ്കില്‍ അതുപോലെയുള്ള ഏതെങ്കിലും ആവശ്യത്തിനു വേണ്ടിയോ വല്ലവരും വന്നു ഭരണാധികാരിയോടോ, അദ്ദേഹത്തിന്‍റെ പ്രതിനിധിയോടോ അഭയം ആവശ്യപ്പെട്ടാല്‍, അയാള്‍ ഇസ്‌ലാമിന്‍റെ നാട്ടില്‍ സ്ഥിതി ചെയ്യുമ്പോഴും, അയാളുടെ അഭയസ്ഥാനത്തേക്കും നാട്ടിലേക്കും മടങ്ങിപ്പോകുന്നതുവരെയും അയാള്‍ക്ക്‌ അഭയം നല്‍കേണ്ടതാണ്‌. പക്ഷേ, ദീര്‍ഘകാലമോ, ആവശ്യത്തിലധികം കാലമോ അവരെ അവിടെ താമസിക്കുവാന്‍ അനുവദിക്കുന്നത്‌ നല്ലതല്ലെന്നും, പല അനര്‍ത്ഥങ്ങള്‍ക്കും അത്‌ കാരണമാവാനിടയുണ്ടെന്നും പറയേണ്ടതില്ല.

വിഭാഗം - 2

9:7
  • كَيْفَ يَكُونُ لِلْمُشْرِكِينَ عَهْدٌ عِندَ ٱللَّهِ وَعِندَ رَسُولِهِۦٓ إِلَّا ٱلَّذِينَ عَـٰهَدتُّمْ عِندَ ٱلْمَسْجِدِ ٱلْحَرَامِ ۖ فَمَا ٱسْتَقَـٰمُوا۟ لَكُمْ فَٱسْتَقِيمُوا۟ لَهُمْ ۚ إِنَّ ٱللَّهَ يُحِبُّ ٱلْمُتَّقِينَ ﴾٧﴿
  • എങ്ങിനെയാണ്‌ (ആ) മുശ്‌രിക്കുകള്‍ക്ക്‌ അല്ലാഹുവിന്‍റെ അടുക്കലും, അവന്‍റെ റസൂലിന്‍റെ അടുക്കലും ഒരു കരാര്‍ (നിലവില്‍) ഉണ്ടാകുന്നത്‌? നിങ്ങള്‍ 'മസ്‌ജിദുല്‍ ഹറാമി'ന്റെ അടുക്കല്‍ വെച്ചു കരാറു നടത്തിയവര്‍ക്കല്ലാതെ! എന്നാല്‍, അവര്‍ നിങ്ങളോട്‌ ചൊവ്വിനു നിലകൊള്ളുമ്പോള്‍, നിങ്ങള്‍ അവരോടും ചൊവ്വിനു നിലകൊള്ളുവിന്‍. നിശ്ചയമായും അല്ലാഹു സൂക്ഷ്‌മത പാലിക്കുന്നവരെ ഇഷ്‌ടപ്പെടുന്നു.
  • كَيْفَ يَكُونُ എങ്ങിനെ ഉണ്ടായിരിക്കും, ഉണ്ടാകും لِلْمُشْرِكِينَ മുശ്‌രിക്കുകള്‍ക്ക്‌ عَهْدٌ ഒരു കരാര്‍, വല്ല ഉടമ്പടിയും عِندَ اللَّهِ അല്ലാഹുവിന്‍റെ അടുക്കല്‍ وَعِندَ رَسُولِهِ അവന്‍റെ റസൂലിന്‍റെ അടുക്കലും إِلَّا الَّذِينَ യാതൊരു കൂട്ടരൊഴികെ, ഒരു കൂട്ടര്‍ക്കല്ലാതെ عَاهَدتُّمْ നിങ്ങള്‍ കരാര്‍ (സന്ധി) നടത്തിയ عِندَ الْمَسْجِدِ الْحَرَامِ മസ്‌ജിദുല്‍ ഹറാമിന്‍റെ അടുക്കല്‍വെച്ചു فَمَا اسْتَقَامُوا എന്നാല്‍ അവര്‍ ചൊവ്വിനു (നേര്‍ക്കുനേരെ) നിലകൊള്ളുമ്പോള്‍ لَكُمْ നിങ്ങളോട്‌ فَاسْتَقِيمُوا നിങ്ങള്‍ (നിങ്ങളും) ചൊവ്വിനു നിലകൊള്ളുവിന്‍ لَهُمْ അവരോട്‌ إِنَّ اللَّهَ നിശ്ചയമായും അല്ലാഹു يُحِبُّ ഇഷ്‌ടപ്പെടുന്നു; സ്‌നേഹിക്കും الْمُتَّقِينَ സൂക്ഷ്‌മത പാലിക്കുന്നവരെ

നാലുമാസം കഴിഞ്ഞാല്‍ സന്ധിയില്ലാ സമരം നടത്തുമെന്ന്‌ പ്രഖ്യാപിക്കപ്പെട്ട ആ മുശ്‌രിക്കുകളെപ്പറ്റിയാണ്‌ പറയുന്നത്‌. അല്ലാഹുവിന്‍റെയും റസൂലിന്‍റെയും ഭാഗത്തുനിന്ന്‌ ഒരു കരാറും നടത്തപ്പെടുവാനുള്ള യാതൊരു അര്‍ഹതയും അവര്‍ക്കില്ല. അവരുടെ ഇതപര്യന്തമുള്ള ചെയ്‌തികളും, കരാറു ലംഘനങ്ങളും, അല്ലാഹുവിനോടും റസൂലിനോടും അവര്‍ അനുവര്‍ത്തിച്ചുകൊണ്ടിരുന്ന നയങ്ങളുമെല്ലാം നിലവിലിരിക്കെ, അതിനു അവര്‍ക്ക്‌ എങ്ങിനെ അര്‍ഹതയുണ്ടാകുവാനാണ്‌?! പക്ഷേ, മസ്‌ജിദുല്‍ ഹറാമിന്‍റെ (കഅ്‌ബഃയുടെ) പരിസരത്തു വെച്ച്‌ സന്ധി നടത്തിയിട്ടുള്ള ചിലര്‍ തങ്ങളുടെ സന്ധി വ്യവസ്ഥ ലംഘിക്കാത്തവരായിട്ടുണ്ട്‌. അവര്‍ അതേ നിലക്ക്‌ ചൊവ്വിനു നിലകൊള്ളുന്ന കാലത്തോളം അവര്‍ക്ക്‌ ഈ പ്രഖ്യാപനം ബാധകമാകുകയില്ല. അവരില്‍നിന്ന്‌ വല്ല ലംഘനവും ഉണ്ടാകാത്ത കാലത്തോളം അവരോടങ്ങോട്ടും വ്യവസ്ഥ പ്രകാരം ചൊവ്വിനു പെരുമാറുക തന്നെ വേണം എന്നു സാരം.

മസ്‌ജിദുല്‍ ഹറാമിന്‍റെ അടുക്കല്‍ വെച്ചു നടത്തിയകരാറു കൊണ്ടുദ്ദേശ്യം ഹുദൈബിയയില്‍ വെച്ചു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യും മുശ്‌രിക്കുകളും തമ്മില്‍ നടന്ന പ്രസിദ്ധ സന്ധിയാകുന്നു. ക്വുറൈശികളുടെ ഭാഗത്തുനിന്ന്‌ സന്ധി ലംഘനമുണ്ടായിത്തീരുകയും, അത്‌ മക്കാ വിജയത്തിന്‌ കാരണമായിത്തീരുകയും ചെയ്‌തു. എന്നാല്‍, ബനൂ കിനാനഃ, ബനൂള്വംറത്ത്‌ എന്നീ രണ്ടു ഉപഗോത്രങ്ങള്‍ സന്ധി നിശ്ചയങ്ങള്‍ ശരിക്കും പാലിച്ചിരുന്നു. അവരെ ഉദ്ദേശിച്ചാണ്‌ അവര്‍ ചൊവ്വിനു നിലകൊള്ളുന്ന കാലത്തോളം അവരോടങ്ങോട്ടും ചൊവ്വിനു നിലകൊള്ളണമെന്ന്‌ പറഞ്ഞത്‌. അല്ലാഹു തുടരുന്നു:-

9:8
  • كَيْفَ وَإِن يَظْهَرُوا۟ عَلَيْكُمْ لَا يَرْقُبُوا۟ فِيكُمْ إِلًّا وَلَا ذِمَّةً ۚ يُرْضُونَكُم بِأَفْوَٰهِهِمْ وَتَأْبَىٰ قُلُوبُهُمْ وَأَكْثَرُهُمْ فَـٰسِقُونَ ﴾٨﴿
  • എങ്ങനെയാണ്‌ (അവര്‍ക്ക്‌ കരാര്‍ ഉണ്ടായിരിക്കുക)? നിങ്ങളുടെ മേല്‍ അവര്‍ (വിജയം വരിച്ചു) പ്രത്യക്ഷപ്പെടുന്നപക്ഷം, നിങ്ങളെപ്പറ്റി കുടുംബബന്ധമാകട്ടെ, (കരാറ്‌) ബാധ്യതയാകട്ടെ അവര്‍ കാത്തുസൂക്ഷിക്കുകയില്ല [പരിഗണിക്കുകയില്ല]! അവരുടെ വായകൊണ്ട്‌ അവര്‍ നിങ്ങളെ തൃപ്‌തിപ്പെടുത്തും; അവരുടെ ഹൃദയങ്ങള്‍ വെറുക്കുകയും ചെയ്യും. അവരില്‍ അധികപേരും തോന്നിയവാസികളുമാകുന്നു.
  • كَيْفَ എങ്ങിനെയാണ്‌ وَإِن يَظْهَرُوا അവര്‍ പ്രത്യക്ഷപ്പെടുന്ന (വിജയിക്കുന്ന) പക്ഷം عَلَيْكُمْ നിങ്ങളുടെ മേല്‍, നിങ്ങളോട്‌ لَا يَرْقُبُوا അവര്‍ കാത്തിരിക്കയില്ല, പ്രതീക്ഷിക്കുകയില്ല, കാത്തുസൂക്ഷിക്കുകയില്ല فِيكُمْ നിങ്ങളില്‍, നിങ്ങളെപ്പറ്റി إِلًّا കുടുംബബന്ധം, സഖ്യബന്ധം وَلَا ذِمَّةً ബാധ്യതയും (ഉത്തരവാദിത്വവും) ഇല്ല يُرْضُونَكُم അവര്‍ നിങ്ങളെ തൃപ്‌തിപ്പെടുത്തും بِأَفْوَاهِهِمْ അവരുടെ വായകള്‍ കൊണ്ട്‌ وَتَأْبَىٰ വെറുക്കുക (വിസമ്മതിക്കുക- പ്രതികൂലിക്കുക) യും ചെയ്യും قُلُوبُهُمْ അവരുടെ ഹൃദയങ്ങള്‍ وَأَكْثَرُهُمْ അവരില്‍ അധികപേരും, അധികഭാഗവും فَاسِقُونَ തോന്നിയവാസി (ധിക്കാരി) കളാണ്‌

അവര്‍ നിങ്ങളോട്‌ ജയിച്ചു ശക്തി പ്രാപിക്കുന്നപക്ഷം, നിങ്ങളും അവരും തമ്മിലുള്ള കുടുംബബന്ധം പോലുള്ള ബന്ധങ്ങളോ, കരാര്‍ വ്യവസ്ഥകളോ ഒന്നുംതന്നെ അവര്‍ വിലവെക്കുകയില്ല. നിങ്ങള്‍ക്കെതിരെ എന്തും പ്രവര്‍ത്തിക്കുവാന്‍ അവര്‍ മടിക്കുകയില്ല. എന്നിരിക്കെ, അവരോട്‌ വല്ലകരാറോ, സഖ്യമോ ഒന്നും നടത്തിയിട്ടു കാര്യമില്ല. നല്ലവാക്കുകള്‍ പറഞ്ഞും, നയത്തില്‍ സംസാരിച്ചും നിങ്ങളെ തൃപ്‌തിപ്പെടുത്തുവാന്‍ അവര്‍ ശ്രമിക്കുമെങ്കിലും അതില്‍ ആത്മാര്‍ത്ഥത തൊട്ടുതീണ്ടിയിരിക്കയില്ല. ഹൃദയങ്ങളില്‍ വെറുപ്പും വിദ്വേഷവും മാത്രമായിരിക്കും ഉണ്ടായിരിക്കുക. അതോടുകൂടി, അവരില്‍ ഭൂരിഭാഗമാളുകളും ധിക്കാരശീലരും തോന്നിയവാസികളുമാണ്‌. ഇതെല്ലാം കാരണമായിട്ടാണ്‌ മേല്‍പറഞ്ഞ പ്രകാരം അവരോട്‌ സന്ധിയില്ലാ സമരംതന്നെ സ്വീകരിക്കണമെന്ന്‌ കല്‍പിക്കുവാന്‍ കാരണം എന്ന്‌ താല്‍പര്യം.

9:9
  • ٱشْتَرَوْا۟ بِـَٔايَـٰتِ ٱللَّهِ ثَمَنًا قَلِيلًا فَصَدُّوا۟ عَن سَبِيلِهِۦٓ ۚ إِنَّهُمْ سَآءَ مَا كَانُوا۟ يَعْمَلُونَ ﴾٩﴿
  • അല്ലാഹുവിന്‍റെ 'ആയത്തു' കള്‍ക്ക്‌ [ലക്ഷ്യദൃഷ്‌ടാന്തങ്ങള്‍ക്ക്‌] അവര്‍ അല്‍പമായ വിലവാങ്ങി; അങ്ങനെ, അവന്‍റെ മാര്‍ഗത്തില്‍ നിന്ന്‌ അവര്‍ (ആളുകളെ) തടഞ്ഞു. നിശ്ചയമായും അവര്‍ പ്രവര്‍ത്തിച്ചുവരുന്നത്‌ വളരെ ചീത്ത!
  • اشْتَرَوْا അവര്‍ വാങ്ങി (പകരമെടുത്തു) بِآيَاتِ ആയത്തുകള്‍ക്ക്‌, ലക്ഷ്യദൃഷ്‌ടാന്തങ്ങള്‍ക്ക്‌ (പകരം) اللَّهِ അല്ലാഹുവിന്‍റെ ثَمَنًا വില قَلِيلًا അല്‍പമായ فَصَدُّوا അങ്ങനെ (അതിനാല്‍) അവര്‍ തടഞ്ഞു عَن سَبِيلِهِ അവന്‍റെ മാര്‍ഗത്തില്‍നിന്ന്‌ إِنَّهُمْ നിശ്ചയമായും سَاءَ അവര്‍ വളരെ മോശം, ചീത്ത مَا كَانُوا അവര്‍ ആയിരിക്കുന്നത്‌ يَعْمَلُونَ പ്രവര്‍ത്തിക്കും

അല്ലാഹുവിന്‍റെ ലക്ഷ്യദൃഷ്‌ടാന്തങ്ങളെ അവഗണിക്കുക മാത്രമല്ല, അവക്കുപകരം ഐഹികമായ സ്വാര്‍ത്ഥ ലാഭങ്ങള്‍കൊണ്ട്‌ അവര്‍ തൃപ്‌തി അടയുകയും ചെയ്‌തു. ഇതിനായി, മറ്റുള്ളവരെകൂടി നേര്‍മാര്‍ഗത്തില്‍ ചരിക്കുവാനനുവദിക്കാതെ അതില്‍നിന്ന്‌ തട്ടിനീക്കിക്കൊണ്ടിരുന്നു. ഇതാണ്‌ അവര്‍ ഇത്രയും ദുഷിച്ചുപോകാനുള്ള സാക്ഷാല്‍ കാരണം.

9:10
  • لَا يَرْقُبُونَ فِى مُؤْمِنٍ إِلًّا وَلَا ذِمَّةً ۚ وَأُو۟لَـٰٓئِكَ هُمُ ٱلْمُعْتَدُونَ ﴾١٠﴿
  • ഒരു സത്യവിശ്വാസിയെപ്പറ്റിയും കുടുംബ ബന്ധത്തെയാകട്ടെ, (കരാറ്‌) ബാധ്യതയാകട്ടെ അവര്‍ കാത്തുസൂക്ഷിക്കുക [പരിഗണിക്കുക]യില്ല അക്കൂട്ടര്‍ തന്നെയാണ്‌ അതിക്രമികളും.
  • لَا يَرْقُبُونَ അവര്‍ കാത്തുസൂക്ഷിക്കുകയില്ല فِي مُؤْمِنٍ ഒരു സത്യവിശ്വാസിയിലും, സത്യവിശ്വാസിയെപ്പറ്റിയും إِلًّا കുടുംബ (സഖ്യ) ബന്ധം وَلَا ذِمَّةً (ഉത്തരവാദിത്വവും) ഇല്ല وَأُولَٰئِكَ هُمُ അക്കൂട്ടര്‍ തന്നെ الْمُعْتَدُونَ അതിക്രമികള്‍, അതിരുവിട്ടവര്‍

ബഹുദൈവ വിശ്വാസികള്‍ സത്യവിശ്വാസികള്‍ക്കെതിരെ വിജയം നേടി ശക്തിപ്രാപിച്ചാല്‍ പിന്നെ അവര്‍ കുടുംബ ബന്ധങ്ങളോ കരാറു വ്യവസ്ഥകളോ ഒന്നും വിലവെക്കുകയില്ല, അതിനൊന്നും ഒരു പരിഗണനയും അവര്‍ നല്‍കുകയില്ല എന്ന്‌ 8-ാം വചനത്തില്‍ ഉണര്‍ത്തിയ ശേഷം, സത്യവിശ്വാസികള്‍ക്കെതിരെ ഇതവരുടെ സ്ഥിരമായ ഒരു സ്വഭാവമാണെന്നും, അക്രമവും ധിക്കാരവും പ്രവര്‍ത്തിക്കുന്നതില്‍ ഒരു അതിരും വരമ്പും അവര്‍ക്കില്ലെന്നും അല്ലാഹു വീണ്ടും ആവര്‍ത്തിച്ചുണര്‍ത്തുകയാണ്‌. മേല്‍ പ്രസ്‌താവിച്ച പ്രകാരം, അവരോട്‌ നിഷ്‌കരുണം പെരുമാറാതെ അവരോട്‌ സന്ധിക്കും വിട്ടുവീഴ്‌ചക്കും ഒരുങ്ങുകയോ, അല്ലെങ്കില്‍ അവരുടെ വാക്കുകള്‍ കേട്ട്‌ വഞ്ചിതരാവുകയോ ചെയ്‌താല്‍, അത്‌ നിങ്ങളുടെ ഭാവിക്ക്‌ വളരെ ആപത്തായിത്തീരുമെന്നാണ്‌ ഇതുമൂലം സത്യവിശ്വാസികളെ അല്ലാഹു ഓര്‍മിപ്പിക്കുന്നത്‌.

ഇതിനു കാരണങ്ങളായി 8, 9, 10 വചനങ്ങളില്‍ അല്ലാഹു എടുത്തുപറഞ്ഞ അവരുടെ സ്വഭാവങ്ങള്‍ ഇവയാണ്‌:

(1) അവര്‍ വിജയം നേടിക്കഴിഞ്ഞാല്‍ നിങ്ങളുമായുള്ള കുടുംബ ബന്ധങ്ങളോ കരാറു വ്യവസ്ഥകളോ ഒന്നും അവര്‍ വിലവെക്കുകയില്ല. എല്ലാ സത്യവിശ്വാസികളോടുമുള്ള അവരുടെ നിലപാട്‌ ഇതു തന്നെയായിരിക്കുമെന്ന്‌ കൂടി ഉണര്‍ത്തിയിരിക്കുന്നു.

(2) വായകൊണ്ട്‌ നല്ല വാക്ക്‌ പറഞ്ഞും നയത്തില്‍ സംസാരിച്ചും നിങ്ങളെ അവര്‍ തൃപ്‌തിപ്പെടുത്തും. പക്ഷേ, ഹൃദയത്തില്‍ നേരെ മറിച്ച്‌ വെറുപ്പും വിദ്വേഷവുമാണുണ്ടായിരിക്കുക.

(3) അവരില്‍ മിക്കവരും തോന്നിയവാസികളായിരിക്കും. അഥവാ എന്ത്‌ അക്രമവും ധിക്കാരവും പ്രവര്‍ത്തിക്കുവാന്‍ അവര്‍ മടിക്കയില്ല.

(4) അല്ലാഹുവിന്‍റെ ലക്ഷ്യ ദൃഷ്‌ടാന്തങ്ങള്‍ വകവെക്കാതെ അതിന്‌ പകരം നിസ്സാരമായ സ്വാര്‍ത്ഥലാഭങ്ങളെയാണവര്‍ തിരഞ്ഞെടുത്തിരിക്കുന്നത്‌.

(5) അതിനെ തുടര്‍ന്ന്‌ മറ്റുള്ളവരെ അവര്‍ നേര്‍മാര്‍ഗത്തില്‍ നിന്ന്‌ തിരിച്ചുവിടുകയും ചെയ്യുന്നു.

(6) അതിക്രമികളായിരിക്കും അവര്‍. അഥവാ തോന്നിയവാസങ്ങള്‍ പ്രവര്‍ത്തിക്കുന്നതില്‍ വല്ല ക്രമമോ, അതിരോ അവര്‍ക്കുണ്ടായിരിക്കയില്ല.

ഇത്രയും വിശദവും വ്യക്തവുമായ രൂപത്തില്‍ മുശ്‌രിക്കുകളുടെ സ്വഭാവങ്ങള്‍ അല്ലാഹു വിവരിച്ചത്‌ സത്യവിശ്വാസികള്‍ അവരെപ്പറ്റി ജാഗ്രതയോടു കൂടിയിരിക്കുവാന്‍ വേണ്ടിയും ഓര്‍ക്കാപ്പുറത്ത്‌ അപകടത്തില്‍ പെട്ടുപോകാതിരിക്കുവാന്‍ വേണ്ടിയുമത്രെ. സത്യവിശ്വാസികളെ വിളിച്ചുകൊണ്ട്‌ അല്ലാഹു സൂഃ ആലു ഇംറാനില്‍ പറയുന്നു

لَا يَأْلُونَكُمْ خَبَالًا وَدُّوا مَا عَنِتُّمْ قَدْ بَدَتِ الْبَغْضَاءُ مِنْ أَفْوَاهِهِمْ وَمَا تُخْفِي صُدُورُهُمْ أَكْبَرُ

(സാരം: അവര്‍ നിങ്ങളോട്‌ കുഴപ്പത്തില്‍ വീഴ്‌ച വരുത്തുകയില്ല. നിങ്ങള്‍ ബുദ്ധിമുട്ടുവാന്‍ അവര്‍ ആഗ്രഹിക്കുന്നു. അവരുടെ വായില്‍നിന്ന്‌ ഈര്‍ഷ്യത വെളിപ്പെട്ടുകഴിഞ്ഞിരിക്കുന്നു. അവരുടെ ഹൃദയങ്ങള്‍ ഒളിച്ചുവെക്കുന്നതാകട്ടെ കൂടുതല്‍ വലിയതുമാകുന്നു. (ആലു ഇംറാന്‍ 118) മേല്‍ വിവരിച്ചത്‌ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ കാലത്തുള്ള മുശ്‌രിക്കുകളെപ്പറ്റിയാണെങ്കിലും – ചരിത്ര സാക്ഷ്യങ്ങളും അനുഭവ യാഥാര്‍ഥ്യങ്ങളും പരിശോധിച്ചാല്‍ – എല്ലാ കാലത്തും ഇസ്‌ലാമിന്‍റെയും മുസ്‌ലിംകളുടെയും ശത്രുക്കളായി രംഗപ്രവേശം ചെയ്യുന്നവരുടെ-വിശേഷിച്ചും മുശ്‌രിക്കുകളുടെ-സ്വഭാവം ഇതു തന്നെയാണ്‌. കഴിഞ്ഞകാല ചരിത്രത്തില്‍ ഇതിന്‌ ധാരാളം ഉദാഹരണങ്ങള്‍ കാണാം. അത്രയുമല്ല, വിവിധ നാടുകളിലായി മുസ്‌ലിംകള്‍ക്കും അമുസ്‌ലിംകള്‍ക്കുമിടയില്‍ ഈ അടുത്തകാലങ്ങളില്‍ ഉണ്ടാകാറുള്ള ഏറ്റുമുട്ടലുകളില്‍ തന്നെയും ഈ യാഥാര്‍ത്ഥ്യം നാം കണ്ടും കേട്ടും കൊണ്ടിരിക്കുകയാണല്ലോ. والله المستعان
അല്ലാഹു പറയുന്നു:

9:11
  • فَإِن تَابُوا۟ وَأَقَامُوا۟ ٱلصَّلَوٰةَ وَءَاتَوُا۟ ٱلزَّكَوٰةَ فَإِخْوَٰنُكُمْ فِى ٱلدِّينِ ۗ وَنُفَصِّلُ ٱلْـَٔايَـٰتِ لِقَوْمٍ يَعْلَمُونَ ﴾١١﴿
  • എന്നാല്‍, അവര്‍ പശ്ചാത്തപിക്കുകയും, നമസ്‌കാരം നിലനിറുത്തുകയും, സക്കാത്ത്‌ കൊടുക്കുകയും ചെയ്‌താല്‍, (അവര്‍) മതത്തില്‍ നിങ്ങളുടെ സഹോദരങ്ങളായിരിക്കും. അറിയുന്ന ജനങ്ങള്‍ക്ക്‌ വേണ്ടി നാം 'ആയത്തു'കള്‍ [ലക്ഷ്യ ദൃഷ്‌ടാന്തങ്ങള്‍] വിശദീകരിക്കുകയാണ്‌.
  • فَإِن تَابُوا എന്നാല്‍ (എനി) അവര്‍ പശ്ചാത്തപിക്കുന്നപക്ഷം وَأَقَامُوا അവര്‍ നിലനിറുത്തുകയും الصَّلَاةَ നമസ്‌കാരം وَآتَوُا അവര്‍ കൊടുക്കുക (നല്‍കുക) യും الزَّكَاةَ സക്കാത്ത്‌ فَإِخْوَانُكُمْ എന്നാല്‍ നിങ്ങളുടെ സഹോദരങ്ങളാണ്‌ فِي الدِّينِ മതത്തില്‍ وَنُفَصِّلُ നാം വിശദീകരിക്കുന്നു, വിവരിക്കുകയാണ്‌ الْآيَاتِ ആയത്തുകളെ, ലക്ഷ്യ ദൃഷ്‌ടാന്തങ്ങള്‍ لِقَوْمٍ ജനങ്ങള്‍ക്കുവേണ്ടി يَعْلَمُونَ അവര്‍ അറിയുന്നു
9:12
  • وَإِن نَّكَثُوٓا۟ أَيْمَـٰنَهُم مِّنۢ بَعْدِ عَهْدِهِمْ وَطَعَنُوا۟ فِى دِينِكُمْ فَقَـٰتِلُوٓا۟ أَئِمَّةَ ٱلْكُفْرِ ۙ إِنَّهُمْ لَآ أَيْمَـٰنَ لَهُمْ لَعَلَّهُمْ يَنتَهُونَ ﴾١٢﴿
  • അവരുടെ കരാറിനുശേഷം, അവര്‍ അവരുടെ ശപഥങ്ങളെ ലംഘിക്കുകയും, നിങ്ങളുടെ മതത്തില്‍ (ആക്ഷേപിച്ചു) കുത്തിപ്പറയുകയും ചെയ്‌തുവെങ്കിലോ, അപ്പോള്‍, അവിശ്വാസത്തിന്‍റെ നേതാക്കളോട്‌ നിങ്ങള്‍ യുദ്ധം നടത്തുവിന്‍. (കാരണം) നിശ്ചയമായും അവര്‍-അവര്‍ക്ക്‌ ശപഥങ്ങളേയില്ല. [അതിന്‌ അവര്‍ ഒട്ടും വില കല്‍പിക്കാറില്ല] അവര്‍ വിരമിച്ചേക്കാം.
  • وَإِن نَّكَثُوا അവര്‍ ലംഘിച്ചുവെങ്കിലോ أَيْمَانَهُم അവരുടെ സത്യ (ശപഥ)ങ്ങളെ مِّن بَعْدِ ശേഷമായി, പിന്നീട്‌ عَهْدِهِمْ അവരുടെ കരാറിന്‍റെ, ഉടമ്പടിയുടെ وَطَعَنُوا അവര്‍ കുത്തുക (കുത്തിപ്പറയുക) യും, കുറ്റം പറയുകയും فِي دِينِكُمْ നിങ്ങളുടെ മതത്തില്‍ فَقَاتِلُوا എന്നാല്‍ യുദ്ധം നടത്തുവിന്‍ أَئِمَّةَ നേതാക്കളോട്‌ الْكُفْرِ അവിശ്വാസത്തിന്‍റെ إِنَّهُمْ നിശ്ചയമായും അവര്‍ لَا أَيْمَانَ സത്യ (ശപഥ)ങ്ങള്‍ ഇല്ല لَهُمْ അവര്‍ക്ക്‌ لَعَلَّهُمْ അവരായേക്കാം يَنتَهُونَ വിരമിക്കും

മുശ്‌രിക്കുകളുടെ തനി നിറങ്ങളും, അവരോട്‌ സത്യവിശ്വാസികള്‍ സ്വീകരിക്കേണ്ടുന്ന രീതികളും മുമ്പ്‌ വിവരിച്ചു. അതിനുശേഷം, അവരില്‍ നിന്നുണ്ടാകുന്ന പ്രതികരണം രണ്ടിലൊരു വിധത്തിലായിരിക്കാമെന്നും, ഓരോന്നിലും കൈക്കൊള്ളേണ്ട നയമെന്താണെന്നും അല്ലാഹു ചുണ്ടിക്കാട്ടുന്നു. ഒന്നുകില്‍, തങ്ങളുടെ പക്കല്‍ ഇതേവരെ വന്നുപോയ അക്രമങ്ങളെപ്പറ്റി അവര്‍ ഖേദിച്ചുമടങ്ങും, അല്ലെങ്കില്‍ കരാറ്‌ ബാധ്യതകളും ശപഥങ്ങളുമൊക്കെ ലംഘിച്ചു ധിക്കാരം തുടരുകയും ഇസ്‌ലാമിനെപ്പറ്റി പരിഹാസങ്ങളും കുത്തുവാക്കുകളും അഴിച്ചുവിടുകയും ചെയ്യും. ഒന്നാമത്തെ നിലപാടാണ്‌ സ്വീകരിക്കുന്നതെങ്കില്‍, അത്‌ മുതല്‍ അവരെ മതത്തില്‍ തങ്ങളുടെ സഹോദരന്‍മാരായി മുസ്‌ലിംകള്‍ കണക്കാക്കണം. സത്യവിശ്വാസികള്‍ പരസ്‌പരം സഹോദരന്മാരാണല്ലോ. (إِنَّمَا الْمُؤْمِنُونَ إِخْوَةٌ) മുമ്പ്‌ അവര്‍ എന്തുതന്നെ ചെയ്‌തിരുന്നാലും അതെല്ലാം മറന്നുകളയുകയും മാപ്പാക്കുകയും വേണം. മുസ്‌ലിംകളുടെ സുഖദുഃഖങ്ങളിലും, അവകാശങ്ങളിലും, കടമകളിലുമെല്ലാം അവരും ഭാഗഭാക്കായിരിക്കുന്നതുമാണ്‌.

രണ്ടാമത്തെ നിലപാടാണ്‌ അവര്‍ സ്വീകരിക്കുന്നതെങ്കില്‍, അവിശ്വാസത്തിന്‍റെയും അതിന്‍റെ പേരില്‍ നടത്തപ്പെടുന്ന അക്രമങ്ങളുടെയും നേതൃത്വം വഹിക്കുന്ന അവരുടെ തലവന്‍മാരോട്‌ ഏറ്റുമുട്ടി അവരെ മുട്ടുകുത്തിക്കുക തന്നെ വേണം. മേലില്‍ അവര്‍ വെച്ചുകാട്ടുന്ന കരാറുകളോ, ശപഥങ്ങളോ ഒന്നും അംഗീകരിച്ചുകൂടാ. അവരുടെ അടുക്കല്‍ കരാറിനും സത്യത്തിനും വിലയില്ലെന്ന്‌ അവര്‍ തെളിയിച്ചുകഴിഞ്ഞതാണ്‌. മനസ്സുകൊണ്ട്‌ ഖേദിച്ചു മടങ്ങിയാല്‍ മാത്രം പോരാ, നമസ്‌കാരവും, സക്കാത്തും അനുഷ്‌ഠിക്കുക കൂടി വേണമെന്ന്‌ 5-ാം വചനത്തില്‍ പറഞ്ഞതുപോലെ ഇവിടെയും അല്ലാഹു വ്യക്തമാക്കിയിരിക്കുന്നു. ഇതിനുള്ള കാരണം നാം അവിടെ വിവരിച്ചിട്ടുണ്ട്‌.

9:13
  • أَلَا تُقَـٰتِلُونَ قَوْمًا نَّكَثُوٓا۟ أَيْمَـٰنَهُمْ وَهَمُّوا۟ بِإِخْرَاجِ ٱلرَّسُولِ وَهُم بَدَءُوكُمْ أَوَّلَ مَرَّةٍ ۚ أَتَخْشَوْنَهُمْ ۚ فَٱللَّهُ أَحَقُّ أَن تَخْشَوْهُ إِن كُنتُم مُّؤْمِنِينَ ﴾١٣﴿
  • (സത്യവിശ്വാസികളേ) തങ്ങളുടെ ശപഥങ്ങളെ ലംഘിക്കുകയും, റസൂലിനെ (നാട്ടില്‍നിന്ന്‌) പുറത്താക്കുവാന്‍ ശ്രമിക്കുകയും ചെയ്‌ത ഒരു ജനതയോട്‌ നിങ്ങള്‍ക്ക്‌ യുദ്ധം ചെയ്‌തുകൂടേ? അവരാണ്‌, നിങ്ങളോട്‌ ആദ്യപ്രാവശ്യം (തന്നെ, ആക്രമണം) തുടങ്ങിയിട്ടുള്ളതും (എന്നിരിക്കെ)! അവരെ നിങ്ങള്‍ ഭയപ്പെടുകയോ?! എന്നാല്‍ അല്ലാഹുവത്രെ, നിങ്ങള്‍ ഭയപ്പെടുവാന്‍ ഏറ്റവും അര്‍ഹനായുള്ളവന്‍, നിങ്ങള്‍ സത്യവിശ്വാസികളാണെങ്കില്‍.
  • أَلَا تُقَاتِلُونَ നിങ്ങള്‍ യുദ്ധം ചെയ്യുന്നില്ലേ, ചെയ്‌തുകൂടേ قَوْمًا ഒരു ജനതയോട്‌ نَّكَثُوا അവര്‍ ലംഘിച്ചു أَيْمَانَهُمْ അവരുടെ ശപഥ (സത്യ)ങ്ങളെ وَهَمُّوا അവര്‍ ഉദ്ദേശിക്കുക (ശ്രമിക്കുക) യും ചെയ്‌തു بِإِخْرَاجِ പുറത്താക്കുന്നതിന്‌ الرَّسُولِ റസൂലിനെ وَهُم അവരാകട്ടെ, അവരാണ്‌ بَدَءُوكُمْ നിങ്ങളോട്‌ തുടങ്ങിയിരിക്കുന്നു, ആരംഭിച്ചത്‌ أَوَّلَ مَرَّةٍ ഒന്നാം (ആദ്യ) പ്രാവശ്യം (ആദ്യംതന്നെ) أَتَخْشَوْنَهُمْ അവരെ നിങ്ങള്‍ ഭയപ്പെടുകയാണോ, ഭയപ്പെടുന്നോ فَاللَّهُ എന്നാല്‍ അല്ലാഹു أَحَقُّ ഏറ്റം അര്‍ഹന്‍ أَن تَخْشَوْهُ അവനെ നിങ്ങള്‍ ഭയപ്പെടുവാന്‍ إِن كُنتُم നിങ്ങളാണെങ്കില്‍ مُّؤْمِنِينَ സത്യവിശ്വാസികള്‍
9:14
  • قَـٰتِلُوهُمْ يُعَذِّبْهُمُ ٱللَّهُ بِأَيْدِيكُمْ وَيُخْزِهِمْ وَيَنصُرْكُمْ عَلَيْهِمْ وَيَشْفِ صُدُورَ قَوْمٍ مُّؤْمِنِينَ ﴾١٤﴿
  • അവരോട്‌ നിങ്ങള്‍ യുദ്ധം ചെയ്യുവിന്‍, നിങ്ങളുടെ കരങ്ങളാല്‍ അല്ലാഹു അവരെ ശിക്ഷിക്കും; അവരെ അവന്‍ അപമാനിക്കുകയും, അവര്‍ക്കെതിരില്‍ നിങ്ങളെ അവന്‍ സഹായിക്കുകയും ചെയ്യും; സത്യവിശ്വാസികളായ ജനങ്ങളുടെ നെഞ്ച്‌ [മനസ്സു]കള്‍ക്ക്‌ അവന്‍ ശമനം നല്‍കുകയും ചെയ്യും;
  • قَاتِلُوهُمْ അവരോട്‌ നിങ്ങള്‍ യുദ്ധം ചെയ്യുവിന്‍ يُعَذِّبْهُمُ അവരെ ശിക്ഷിക്കും اللَّهُ അല്ലാഹു بِأَيْدِيكُمْ നിങ്ങളുടെ കരങ്ങളാല്‍ وَيُخْزِهِمْ അവരെ അപമാനിക്കുക (വഷളാക്കുക) യും ചെയ്യും وَيَنصُرْكُمْ നിങ്ങളെ അവന്‍ സഹായിക്കുകയും ചെയ്യും عَلَيْهِمْ അവരുടെ മേല്‍ (എതിരില്‍) وَيَشْفِ അവന്‍ ശമനം നല്‍കുകയും ചെയ്യും صُدُورَ നെഞ്ചു (ഹൃദയം) കള്‍ക്ക്‌ قَوْمٍ مُّؤْمِنِينَ സത്യവിശ്വാസികളായ ജനങ്ങളുടെ
9:15
  • وَيُذْهِبْ غَيْظَ قُلُوبِهِمْ ۗ وَيَتُوبُ ٱللَّهُ عَلَىٰ مَن يَشَآءُ ۗ وَٱللَّهُ عَلِيمٌ حَكِيمٌ ﴾١٥﴿
  • അവരുടെ ഹൃദയങ്ങളിലെ ക്ലേശം അവന്‍ (നീക്കി) കളയുകയും ചെയ്യും. അല്ലാഹു, അവന്‍ ഉദ്ദേശിക്കുന്നവരുടെ പശ്ചാത്താപം സ്വീകരിക്കുന്നതുമാണ്‌. അല്ലാഹു (എല്ലാം) അറിയുന്നവനും, അഗാധജ്ഞനുമാകുന്നു.
  • وَيُذْهِبْ അവന്‍ നീക്കി (പോക്കി) കളയുകയും ചെയ്യും غَيْظَ ക്ലേശം, രോഷം, ക്രോധം قُلُوبِهِمْ അവരുടെ ഹൃദയങ്ങളുടെ وَيَتُوبُ اللَّهُ അല്ലാഹു പശ്ചാത്താപം സ്വീകരിക്കുകയും ചെയ്യും عَلَىٰ مَن يَشَاءُ അവന്‍ ഉദ്ദേശിക്കുന്നവരുടെ وَاللَّهُ عَلِيمٌ അല്ലാഹു അറിയുന്നവനാണ്‌ حَكِيمٌ അഗാധജ്ഞനാണ്‌

കരാറു നിശ്ചയങ്ങള്‍ ലംഘിക്കുക, റസൂലിനെ നാട്ടില്‍നിന്ന്‌ പുറത്താക്കാന്‍ ശ്രമിക്കുക, ആദ്യമായി ഇങ്ങോട്ടുവന്നു യുദ്ധം നടത്തുക മുതലായ അക്രമങ്ങള്‍ പ്രവര്‍ത്തിച്ച ആ ശത്രുക്കളോട്‌ യുദ്ധം ചെയ്‌വാന്‍ എന്തിന്‌ മടിക്കണം?! നിങ്ങള്‍ അവരെ ഭയപ്പെടുകയാണോ?! സത്യവിശ്വാസികള്‍ക്ക്‌ അല്ലാഹുവിനെ മാത്രമാണല്ലോ ഭയപ്പെടുവാനുള്ളത്‌. അവനാണല്ലോ നിങ്ങളോട്‌ യുദ്ധം നടത്തണമെന്ന്‌ പറയുന്നതും. ഇങ്ങിനെ സത്യവിശ്വാസികളെ അല്ലാഹു യുദ്ധത്തിന്‌ പ്രേരിപ്പിക്കുകയും, അവര്‍ക്ക്‌ അതിന്‌ ആവേശവും ധൈര്യവും നല്‍കുകയുമാണ്‌. ഹുദൈബിയാ സന്ധിയിലെ നിശ്ചയങ്ങള്‍ക്ക്‌ വിരുദ്ധമായി, മുസ്‌ലിംകളോട്‌ സഖ്യബന്ധത്തിലായിരുന്ന ബനൂ ഖുസാഅഃ (خزاعة) ഗോത്രത്തിനെതിരില്‍, തങ്ങളോട്‌ സഖ്യബന്ധമുണ്ടായിരുന്ന ബനൂ ബക്‌റിനെ ക്വുറൈശികള്‍ സഹായിക്കുകയുണ്ടായി. റസൂല്‍ തിരുമേനി യെ നാട്ടില്‍നിന്ന്‌ ബഹിഷ്‌ക്കരിക്കുവാന്‍ അവര്‍ ശ്രമം നടത്തുകയും ചെയ്‌തു. മുസ്‌ലിംകളുടെ നേരെ ആദ്യമായി അക്രമ മര്‍ദ്ദനങ്ങള്‍ അഴിച്ചുവിട്ടതും അവര്‍ തന്നെ. അതെ, ഒന്നാമത്തെ യുദ്ധമായ ബദ്‌ര്‍ യുദ്ധത്തിന്‌ കാരണമുണ്ടാക്കിയത്‌ അവരാണ്‌. അബൂസുഫ്‌യാനെയും സംഘത്തെയും രക്ഷിക്കാനാണ്‌ അവര്‍ മക്കയില്‍നിന്ന്‌ പുറപ്പെട്ടതെങ്കിലും, അവര്‍ രക്ഷപ്പെട്ട വിവരം അറിഞ്ഞിട്ടും മടങ്ങിപ്പോകാതെ, ബദ്‌റില്‍ വന്ന്‌ പോര്‍വിളി നടത്തുകയാണല്ലോ അവര്‍ ചെയ്‌തത്‌. ഇതൊക്കെയാണ്‌ അവരോട്‌ യുദ്ധം നടത്തേണ്ടതിന്‍റെ ആവശ്യകതയായി അല്ലാഹു ചൂണ്ടിക്കാട്ടുന്നത്‌.

ഈ യുദ്ധാഹ്വാനം നിമിത്തം ഉണ്ടാകാന്‍ പോകുന്ന ഫലങ്ങളെയും അല്ലാഹു എടുത്തുപറഞ്ഞിരിക്കുന്നു.

(1) നിങ്ങളുടെ കൈക്ക്‌ അല്ലാഹു അവരെ ശിക്ഷിക്കും. യുദ്ധത്തില്‍ വെച്ച്‌ വധവും, ബന്ധനവും പരാജയവും അനുഭവിക്കുന്നത്‌ ഇഹത്തില്‍ വെച്ചുള്ള ശിക്ഷയാണല്ലോ.

(2) അല്ലാഹു അവരെ അപമാനപ്പെടുത്തും. ഒന്നാമത്‌ പറഞ്ഞ സംഗതിയുടെ അനിവാര്യഫലമാണിത്‌.

(3) നിങ്ങളെ അല്ലാഹു സഹായിക്കും. അല്ലാഹുവിന്‍റെ സഹായം ലഭിക്കുന്നപക്ഷം വിജയം നിങ്ങള്‍ക്ക്‌ തന്നെയായിരിക്കുമല്ലോ.

(4) സത്യവിശ്വാസികളുടെ മനസ്സിന്‌ ആശ്വാസം നല്‍കും. മേല്‍പറഞ്ഞ മൂന്ന്‌ കാര്യങ്ങളും ഉണ്ടാകുന്നതോടുകൂടി ഇതുവരെ അവര്‍ അനുഭവിച്ചുകൊണ്ടിരുന്ന മനോവേദനകള്‍ക്ക്‌ ശമനം വരുക സ്വാഭാവികമാണല്ലോ.

(5) സത്യവിശ്വാസികളുടെ ഹൃദയങ്ങളിലുള്ള ക്ലേശത്തെ നീക്കിക്കളയും. അവരുടെ അമര്‍ഷവും മനോവേദനയും നീക്കി അവര്‍ക്ക്‌ പൊതുവെ ആശ്വാസവും സമാധാനവും നല്‍കുമെന്നുദ്ദേശ്യം. യുദ്ധത്തില്‍ പങ്കുവഹിച്ചവരും അല്ലാത്തവരും ഈ രണ്ടു വിഷയത്തിലും ഭാഗഭാക്കായിരിക്കുന്നതുകൊണ്ടാണ്‌ അവസാനത്തെ രണ്ട്‌ കാര്യങ്ങളെക്കുറിച്ച്‌ പറഞ്ഞപ്പോള്‍, മുന്‍ വാക്യങ്ങളിലെ ശൈലിയനുസരിച്ച്‌  ‘നിങ്ങളുടെ ഹൃദയങ്ങള്‍’ എന്ന്‌ പറയാതെ ‘സത്യവിശ്വാസികളായ ജനങ്ങളുടെ ഹൃദയങ്ങള്‍’ എന്ന്‌ പറഞ്ഞിരിക്കുന്നതും.

9:16
  • أَمْ حَسِبْتُمْ أَن تُتْرَكُوا۟ وَلَمَّا يَعْلَمِ ٱللَّهُ ٱلَّذِينَ جَـٰهَدُوا۟ مِنكُمْ وَلَمْ يَتَّخِذُوا۟ مِن دُونِ ٱللَّهِ وَلَا رَسُولِهِۦ وَلَا ٱلْمُؤْمِنِينَ وَلِيجَةً ۚ وَٱللَّهُ خَبِيرٌۢ بِمَا تَعْمَلُونَ ﴾١٦﴿
  • അതല്ല, നിങ്ങള്‍ കണക്കാക്കിയോ, നിങ്ങള്‍ (വെറുതെ) ഉപേക്ഷിക്കപ്പെടുമെന്ന്‌? നിങ്ങളില്‍നിന്ന്‌ സമരം ചെയ്യുകയും, അല്ലാഹുവിനും, അവന്‍റെ റസൂലിനും, സത്യവിശ്വാസികള്‍ക്കും പുറമെ ഒരു രഹസ്യക്കൂട്ടുകെട്ട്‌ ഉണ്ടാക്കിയിട്ടില്ലാതിരിക്കുകയും ചെയ്‌തവരെ അല്ലാഹു (പ്രത്യക്ഷത്തില്‍ കണ്ട്‌) അറിയാത്ത സ്ഥിതിക്ക്‌! അല്ലാഹുവാകട്ടെ, നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്‌മമായറിയുന്നവനാകുന്നു.
  • أَمْ അതല്ല, അഥവാ, അതോ حَسِبْتُمْ നിങ്ങള്‍ കണക്കാക്കി (ഗണിച്ചു- കരുതി) യോ أَن تُتْرَكُوا നിങ്ങള്‍ വിടപ്പെടു (ഉപേക്ഷിക്കപ്പെടു) മെന്ന്‌ وَلَمَّا يَعْلَمِ അറിയാത്ത സ്ഥിതിക്ക്‌, അറിയാതെ اللَّهُ അല്ലാഹു الَّذِينَ جَاهَدُوا സമരം ചെയ്‌തവരെ مِنكُمْ നിങ്ങളില്‍ നിന്ന്‌ وَلَمْ يَتَّخِذُوا അവര്‍ ഉണ്ടാക്കിയിട്ടുമില്ല مِن دُونِ اللَّهِ അല്ലാഹുവിനു പുറമെ, അല്ലാഹുവിനെ കൂടാതെ وَلَا رَسُولِهِ അവന്‍റെ റസൂലിനും (പുറമെ) ഇല്ല وَلَا الْمُؤْمِنِينَ സത്യവിശ്വാസികള്‍ക്കും (പുറമെ) ഇല്ല وَلِيجَةً ഒരു രഹസ്യക്കൂട്ടുകെട്ട്‌, സ്വകാര്യബന്ധുവെ, ഉള്ളുകള്ളിക്കാരെ وَاللَّهُ അല്ലാഹു خَبِيرٌ സൂക്ഷ്‌മമായി അറിയുന്നവനാണ്‌ بِمَا تَعْمَلُونَ നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി

സമരങ്ങളും യുദ്ധങ്ങളും നടത്തുവാന്‍ കല്‍പിക്കുന്നതിലടങ്ങിയ ഒരു പ്രധാന രഹസ്യം അല്ലാഹു ചൂണ്ടിക്കാട്ടുകയാണ്‌. അതായത്‌, അല്ലാഹുവിന്‍റെ കല്‍പനകള്‍ അനുസരിക്കുകയും, അതിന്‌ വേണ്ടിവരുന്ന ത്യാഗങ്ങളും ബുദ്ധിമുട്ടുകളും സഹിക്കുകയും ചെയ്‌വാന്‍ ആത്മാര്‍ഥമായി മുന്നോട്ട്‌ വരുന്നവര്‍ ആരാണ്‌, അതിന്‌ തയ്യാറില്ലാത്തവര്‍ ആരാണ്‌ എന്ന്‌ വേര്‍തിരിഞ്ഞു കാണുവാനുള്ള ഒരു പരീക്ഷണമാണിത്‌. അതുകൊണ്ട്‌ അല്ലാഹുവിനോടും, റസൂലിനോടും, സത്യവിശ്വാസികളോടും ഉണ്ടായിരിക്കേണ്ടുന്ന ബന്ധത്തിന്‌ നിരക്കാത്ത കൂട്ടുകെട്ടുകളില്‍ നിന്നും, സ്വകാര്യബന്ധങ്ങളില്‍നിന്നും വിമുക്തരായിക്കൊണ്ട്‌ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ സമരം നടത്തുന്നവരും, അല്ലാത്തവരും തമ്മില്‍ പ്രത്യക്ഷത്തില്‍ വേര്‍തിരിഞ്ഞുകാണാതെ-നിങ്ങള്‍ സത്യവിശ്വാസികളാണെന്നും മുസ്‌ലിംകളാണെന്നും അവകാശപ്പെട്ടത്‌ കൊണ്ടു മാത്രം-നിങ്ങളെ ഒഴിവാക്കി വിടുമെന്ന്‌ നിങ്ങള്‍ കരുതേണ്ട; അത്‌ സംഭവിക്കുവാന്‍ പോകുന്നില്ല. എന്നു സാരം. മറ്റൊരിടത്ത്‌ അല്ലാഹു പറയുന്നു:

أَحَسِبَ النَّاسُ أَن يُتْرَكُوا أَن يَقُولُوا آمَنَّا وَهُمْ لَا يُفْتَنُونَ

(സാരം: ഞങ്ങള്‍ വിശ്വസിച്ചു എന്ന്‌ പറയുന്നത്‌ കൊണ്ട്‌ മാത്രം തങ്ങള്‍ പരീക്ഷിക്കപ്പെടാതെ ഉപേക്ഷിക്കപ്പെടുമെന്ന്‌ മനുഷ്യര്‍ കണക്കാക്കിയിരിക്കുന്നുവോ?! (29:2)

ചെറുത്‌-വലുത്‌, ഭൂത-വര്‍ത്തമാന-ഭാവി, രഹസ്യം-പരസ്യം എന്നിങ്ങനെയുള്ള വ്യത്യാസമില്ലാതെ എല്ലാ കാര്യങ്ങളും സസൂക്ഷ്‌മം അറിയുന്നവനാണ്‌ അല്ലാഹു. അവന്‍റെ അറിവിനെതിരായി ഒരു അണുത്തൂക്കവും സംഭവിക്കുകയുമില്ല. എന്നിരിക്കെ, സമരം ചെയ്യുന്നവരെയും അല്ലാത്തവരെയും അവന്‌ തിരിച്ചറിയുവാനാണ്‌ ഇങ്ങനെയുള്ള പരീക്ഷണങ്ങള്‍ എന്ന്‌ പറയുന്നതിന്‍റെ അര്‍ഥമെന്താണെന്ന്‌ വല്ലവര്‍ക്കും സംശയം തോന്നിയേക്കാം. രണ്ട്‌ യാഥാര്‍ത്ഥ്യങ്ങള്‍ ഓര്‍ത്തിരുന്നാല്‍, ഈ സംശയം അസ്ഥാനത്താണെന്ന്‌ സ്വയം ബോധ്യപ്പെടും.

(1) സംഭവിച്ചു കഴിഞ്ഞിട്ടില്ലാത്ത ഭാവി കാര്യങ്ങളെപ്പറ്റി അവ ഇന്നിന്ന പ്രകാരമേ സംഭവിക്കൂ എന്ന്‌ അല്ലാഹുവിനറിയാം. പക്ഷേ, അത്‌ അനുഭവത്തിലും പ്രവര്‍ത്തനരംഗത്തും പ്രത്യക്ഷപ്പെട്ടുകാണലും, സംഭവിക്കുമ്പോള്‍ ഇന്നിന്ന പ്രകാരമായിരിക്കും അത്‌ സംഭവിക്കുക എന്നു മുന്‍കൂട്ടി അറിഞ്ഞിരിക്കലും വെവ്വേറെ കാര്യങ്ങളാണ്‌.

(2) മനുഷ്യന്‍ ചെയ്യുന്ന കാര്യങ്ങള്‍ക്കനുസരിച്ചാണ്‌ അല്ലാഹു അവന്‌ പ്രതിഫലം നല്‍കുന്നത്‌. അഥവാ ഇന്നിന്ന പ്രകാരത്തിലായിരിക്കുമെന്നുള്ള അല്ലാഹുവിന്‍റെ അറിവിന്‍റെ അടിസ്ഥാനത്തിലല്ല അത്‌. അതുകൊണ്ട്‌ ഓരോരുത്തന്‍റെയും നന്മതിന്മകള്‍ കണക്കാക്കപ്പെടുന്നതിന്‌ അവ അവന്‍റെ പ്രവര്‍ത്തന രംഗത്ത്‌ തന്നെ പ്രകടമായിക്കാണേണ്ടിയിരിക്കുന്നു. الّله اعلم

വിഭാഗം - 3

9:17
  • مَا كَانَ لِلْمُشْرِكِينَ أَن يَعْمُرُوا۟ مَسَـٰجِدَ ٱللَّهِ شَـٰهِدِينَ عَلَىٰٓ أَنفُسِهِم بِٱلْكُفْرِ ۚ أُو۟لَـٰٓئِكَ حَبِطَتْ أَعْمَـٰلُهُمْ وَفِى ٱلنَّارِ هُمْ خَـٰلِدُونَ ﴾١٧﴿
  • മുശ്‌രിക്കുകള്‍ക്ക്‌ അല്ലാഹുവിന്‍റെ പള്ളികളെ പരിപാലിക്കുവാന്‍ പാടുള്ളതല്ല; (അവര്‍) തങ്ങളുടെ സ്വന്തങ്ങളുടെ മേല്‍ അവിശ്വാസത്തെപ്പറ്റി സാക്ഷ്യം വഹിക്കുന്നവരായിക്കൊണ്ട്‌. അക്കൂട്ടര്‍-അവരുടെ കര്‍മങ്ങള്‍ പൊളിഞ്ഞു (നിഷ്‌ഫലമായി) പോയിരിക്കുന്നു. നരകത്തിലാകട്ടെ, അവര്‍ സ്ഥിരവാസികളുമായിരിക്കും.
  • مَا كَانَ ആവുകയില്ല, ആകാവതല്ല, പാടില്ല, നിവൃത്തിയില്ല لِلْمُشْرِكِينَ മുശ്‌രിക്കുകള്‍ക്ക്‌ أَن يَعْمُرُوا അവര്‍ പരിപാലിക്കു (ശുശ്രൂഷിക്കു-സംരക്ഷിക്കു) വാന്‍ مَسَاجِدَ പള്ളികളെ اللَّهِ അല്ലാഹുവിന്‍റെ شَاهِدِينَ സാക്ഷ്യം വഹിക്കുന്നവരായിക്കൊണ്ട്‌ عَلَىٰ أَنفُسِهِم തങ്ങളുടെ സ്വന്തങ്ങളുടെ (തങ്ങളുടെ തന്നെ) മേല്‍ بِالْكُفْرِ കുഫ്‌റിന്‌, അവിശ്വാസത്തെപ്പറ്റി أُولَٰئِكَ അക്കൂട്ടര്‍ حَبِطَتْ പൊളിഞ്ഞിരിക്കുന്നു, നിഷ്‌ഫലമായി أَعْمَالُهُمْ അവരുടെ പ്രവൃത്തി (കര്‍മം) കള്‍ وَفِي النَّارِ നരകത്തില്‍ هُمْ അവര്‍ خَالِدُونَ സ്ഥിരവാസികളാണ്‌
9:18
  • إِنَّمَا يَعْمُرُ مَسَـٰجِدَ ٱللَّهِ مَنْ ءَامَنَ بِٱللَّهِ وَٱلْيَوْمِ ٱلْـَٔاخِرِ وَأَقَامَ ٱلصَّلَوٰةَ وَءَاتَى ٱلزَّكَوٰةَ وَلَمْ يَخْشَ إِلَّا ٱللَّهَ ۖ فَعَسَىٰٓ أُو۟لَـٰٓئِكَ أَن يَكُونُوا۟ مِنَ ٱلْمُهْتَدِينَ ﴾١٨﴿
  • നിശ്ചയമായും, അല്ലാഹുവിന്‍റെ പള്ളികളെ പരിപാലിക്കുക- അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുകയും, നമസ്‌കാരം നിലനിറുത്തുകയും, സക്കാത്ത്‌ കൊടുക്കുകയും, അല്ലാഹുവിനെയല്ലാതെ ഭയപ്പെടാതിരിക്കുകയും ചെയ്‌തവര്‍ മാത്രമാകുന്നു. [അവര്‍ക്കേ അതിനര്‍ഹതയുള്ളൂ] എന്നാല്‍, അക്കൂട്ടര്‍ സന്മാര്‍ഗം പ്രാപിച്ചവരുടെ കൂട്ടത്തിലായിത്തീര്‍ന്നേക്കാം.
  • إِنَّمَا നിശ്ചയമായും തന്നെ (മാത്രം) يَعْمُرُ പരിപാലിക്കും, ശുശ്രൂഷിക്കും مَسَاجِدَ اللَّهِ അല്ലാഹുവിന്‍റെ പള്ളികളെ مَنْ آمَنَ വിശ്വസിച്ചവര്‍ (തന്നെ-മാത്രം) بِاللَّهِ അല്ലാഹുവിലും وَالْيَوْمِ الْآخِرِ അന്ത്യദിനത്തിലും وَأَقَامَ നിലനിറുത്തുകയും ചെയ്‌തു الصَّلَاةَ നമസ്‌കാരം وَآتَى الزَّكَاةَ സക്കാത്ത്‌ കൊടുക്കുകയും ചെയ്‌തു وَلَمْ يَخْشَ ഭയപ്പെട്ടതുമില്ല إِلَّا اللَّهَ അല്ലാഹുവിനെയല്ലാതെ فَعَسَىٰ എന്നാല്‍ (അപ്പോള്‍) ആയേക്കാം أَن يَكُونُوا അവരായിരിക്കുക أُولَٰئِكَ അക്കൂട്ടര്‍ مِنَ الْمُهْتَدِينَ സന്മാര്‍ഗം പ്രാപിച്ചവരില്‍പെട്ട(വര്‍)

നാലു മാസത്തിലധികം അവധിവെച്ച കരാര്‍ നിലവിലുള്ളവരൊഴിച്ച്‌ മറ്റെല്ലാ മുശ്‌രിക്കുകള്‍ക്കും നാലുമാസത്തെ ഒഴിവ്‌ നല്‍കുകയും, പിന്നീട്‌ സന്ധിയില്ലാ സമരമായിരിക്കുമെന്ന്‌ പ്രഖ്യാപിക്കുകയും ചെയ്‌തുകൊണ്ടാണല്ലോ സൂറത്തിന്‍റെ തുടക്കം. തുടര്‍ന്നുകൊണ്ട്‌ ഈ പ്രഖ്യാപനത്തിന്‌ ആസ്‌പദമായ കാരണങ്ങളും വിവരിച്ചു. എന്നാല്‍ കഅ്‌ബഃയുടെ സംരക്ഷണം, ശുശ്രൂഷ, ഹജ്ജിനു വരുന്നവര്‍ക്കുള്ള വെള്ളം എത്തിച്ചുകൊടുക്കല്‍ മുതലായ ചില നല്ല കാര്യങ്ങള്‍ അവര്‍ നടത്തിവന്നിരുന്നു. അതില്‍ അവര്‍ അഭിമാനം കൊള്ളുകയും ചെയ്‌തിരുന്നു. ആ സ്ഥിതിക്ക്‌ ആ പ്രഖ്യാപനത്തിന്‍റെ ന്യായതയെക്കുറിച്ചു സംശയിക്കപ്പെടുവാനിടയുണ്ട്‌.. ‘ഞങ്ങളുടെ നന്മകളെ നിങ്ങള്‍ മൂടിവെക്കുകയും, തിന്‍മകളെ നിങ്ങള്‍ എടുത്തുപറയുകയും ചെയ്യുന്നു’ വെന്ന്‌ അവര്‍ക്ക്‌ ആക്ഷേപമുണ്ടായിരുന്നതായും പറയപ്പെടുന്നു. പ്രസ്‌തുത നന്‍മകളെ സമ്മതിച്ചുകൊണ്ടുതന്നെ, അതിനുള്ള മറുപടിയാണ്‌ ഈ വചനങ്ങളിലും അടുത്ത ചില വചനങ്ങളിലും കാണുന്നത്‌.

കഅ്‌ബഃയുടെ ശുശ്രൂഷകന്‍മാരും പരിപാലകന്‍മാരുമായിരുന്നു അവരെന്നുള്ളത്‌ ശരി. പക്ഷേ, അല്ലഹുവിനെ മാത്രം ആരാധിക്കുകയും അവന്‍റെ നാമം സ്‌മരിക്കുകയും ചെയ്‌വാന്‍ വേണ്ടി സ്ഥാപിക്കപ്പെടുന്നതാണ്‌ പള്ളികള്‍. ഇവരാകട്ടെ, പ്രത്യക്ഷത്തില്‍ തന്നെ ബഹുദൈവാരാധകന്‍മാരും വിഗ്രഹാരാധകന്‍മാരുമാണ്‌. എന്നിരിക്കെ, പള്ളികളുടെ ശുശ്രൂഷ, മേല്‍നോട്ടം, അവയില്‍വെച്ചുള്ള ആരാധനാകര്‍മങ്ങള്‍ എന്നിങ്ങനെയുള്ള പരിപാലനങ്ങള്‍ അവരോട്‌ യോജിക്കുന്ന കാര്യങ്ങളല്ല. അതിനവര്‍ക്ക്‌ അര്‍ഹതയുമില്ല. പള്ളികളില്‍വെച്ച്‌ ഏറ്റവും വലിയ പള്ളി കഅ്‌ബഃയാണല്ലോ. അപ്പോള്‍ അതിന്‍റെ പരിപാലനകൃത്യം വിശേഷിച്ചും അവര്‍ക്ക്‌ പാടില്ലാത്തതാണ്‌. അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുകയും, നമസ്‌കാരം സക്കാത്ത്‌ മുതലായ നിര്‍ബന്ധ കാര്യങ്ങള്‍ അനുഷ്‌ഠിക്കുകയും അല്ലാഹുവിനെ മാത്രം ഭയപ്പെടുകയും ചെയ്യുന്ന സത്യവിശ്വാസികള്‍ക്ക്‌ മാത്രമേ അതിനവകാശമുള്ളൂ. ഇതാണ്‌ അല്ലാഹു പറഞ്ഞതിന്‍റെ താല്‍പര്യം.

‘പരിപാലിക്കുക’ എന്ന്‌ ഇവിടെ വിവര്‍ത്തനം ചെയ്‌തിരിക്കുന്നത്‌ يَعْمُرُ (യഅ്‌മുറു) എന്ന ക്രിയാരൂപത്തെയാകുന്നു. ഇതിന്‍റെ ധാതുനാമമാണ്‌ അടുത്ത വചനത്തില്‍ കാണുന്ന عِمَارَة (ഇമാറത്ത്‌) എന്ന പദം. ഈ ക്രിയയുടെ കര്‍ത്താവ്‌, കര്‍മം (الفَاعِل والمَفْعُول) എന്നിവയുടെ വ്യത്യാസമനുസരിച്ച്‌ പരിപാലനത്തിന്‍റെ സ്വഭാവത്തിലും വ്യത്യാസമുണ്ടായിരിക്കും. പള്ളികളെക്കുറിച്ചു പറയുമ്പോള്‍ രണ്ടു തരത്തിലുള്ള അര്‍ത്ഥത്തില്‍ അത്‌ ഉപയോഗപ്പെടാം.

(1) കെട്ടിടത്തിന്‍റെ കേടുപാടുകള്‍ നന്നാക്കുക, ഭരണവും നടത്തിപ്പും കൈകാര്യം ചെയ്യുക മുതലായ ബാഹ്യമായ ശുശ്രൂഷകള്‍.

(2) സന്ദര്‍ശിച്ചും, പ്രാര്‍ത്ഥന, നമസ്‌കാരം മുതലായ ആരാധനാ കര്‍മങ്ങള്‍ നടത്തിയും അവയുടെ സ്ഥാപനോദ്ദേശ്യങ്ങളെ സജീവമാക്കുക. ഈ രണ്ടാമത്തെ അര്‍ത്ഥത്തിലുള്ള പരിപാലനമാണ്‌ ഇവിടെ പ്രധാനമായും ഉദ്ദേശിക്കപ്പെട്ടിരിക്കുന്നത്‌. ഒന്നാമത്തെ അര്‍ത്ഥത്തിലുള്ള പരിപാലനത്തിന്‍റെ സ്ഥിതിയും ഇതില്‍ നിന്ന്‌ ഭിന്നമല്ലെന്ന്‌ വ്യക്തമാണ്‌. പള്ളി നിര്‍മാണത്തിന്‍റെയും നടത്തിപ്പിന്‍റെയും ലക്ഷ്യം അതില്‍വെച്ചു അല്ലാഹുവിനെ മാത്രം ആരാധിക്കലും അതുമായി ബന്ധപ്പെട്ട കാര്യങ്ങളുമാണല്ലോ.

പള്ളിയുടെ നിര്‍മാണത്തിലും ഭരണത്തിലും അമുസ്‌ലിംകള്‍ക്ക്‌ പങ്കുണ്ടായിക്കൂടാ എന്ന്‌ ഈ വചനത്തിന്‍റെ അര്‍ത്ഥവ്യാപ്‌തിയില്‍ നിന്ന്‌ മനസ്സിലാക്കാവുന്നതാണ്‌. പല മഹാന്‍മാരും ഇവിടെ അത്‌ പ്രസ്‌താവിച്ചു കാണാം. ഇന്നത്തെ പൊതുപരിതഃസ്ഥിതികള്‍ നോക്കുമ്പോള്‍ പഴുത്‌ വെച്ചു കൊടുക്കല്‍ കൂടിയായിരിക്കും. ഇതിന്‌ ചില ഉദാഹരണങ്ങള്‍ ചില രാജ്യങ്ങളില്‍ സംഭവിച്ചു കഴിഞ്ഞതുമാണ്‌. അമുസ്‌ലിംകളായ തൊഴിലാളികളെയും കൂലിക്കാരെയും പള്ളിസംബന്ധമായ പ്രവര്‍ത്തനങ്ങളില്‍ ഉപയോഗപ്പെടുത്തുന്നതിന്‌ ഇതൊന്നും ബാധകമാകുന്നതല്ലതാനും. അമുസ്‌ലിംകള്‍ പള്ളിയില്‍ പ്രവേശിക്കുന്നത്‌ സംബന്ധമായ ഏതാനും വിവരങ്ങള്‍ താഴെ 28-ാം വചനത്തിന്‍റെ വ്യാഖ്യാനത്തില്‍ കാണാം. പള്ളി പരിപാലനത്തെ (عمارة المسجد)പ്പറ്റി ഇബ്‌നു കഥീര്‍ (رحمه الله) പറഞ്ഞ ചില വാക്കുകള്‍ വളരെ ശ്രദ്ധേയമാകുന്നു. അദ്ദേഹം പറയുന്നു: അവയെ പരിപാലിക്കുക എന്നു പറഞ്ഞതിന്‍റെ ഉദ്ദേശ്യം, അവയെ മോടി കൂട്ടുകയും, അവയുടെ ആകൃതി നിലനിര്‍ത്തുകയും ചെയ്യുക എന്നുള്ളതല്ല. അവയെ പരിപാലിക്കല്‍, അവയില്‍വെച്ചു അല്ലാഹുവിനെ സ്‌മരിക്കുകയും, അവന്‍റെ ‘ശറഇ’ നെ (മതനിയമങ്ങളെ) അതില്‍ നിലനിര്‍ത്തുകയും, ശിര്‍ക്കില്‍ നിന്നും മ്‌ളേച്ഛമായ കാര്യങ്ങളില്‍ നിന്നും അവയെ ശുദ്ധമാക്കുകയും ചെയ്യുന്നത്‌ മുഖേനയാണുണ്ടാകുന്നത്‌.’

പള്ളികളുടെ സ്ഥാപന ലക്ഷ്യത്തിനുതന്നെ വിരുദ്ധമായി കുഫ്‌റിന്‍റെ (അവിശ്വാസത്തിന്‍റെ) വാക്കുകളും, പ്രവര്‍ത്തികളും മുഖേന, തങ്ങള്‍ അവിശ്വാസികളാണെന്ന്‌ വ്യക്തമായി തെളിയിച്ചു കൊണ്ടിരിക്കുന്നവരാണ്‌ മുശ്‌രിക്കുകള്‍. എന്നിരിക്കെ, പള്ളിപരിപാലനവും, അവരും തമ്മില്‍ എങ്ങിനെ പൊരുത്തപ്പെടും?! രണ്ടും പരസ്‌പര വിരുദ്ധമാണല്ലോ എന്നത്രെ شَاهِدِينَ عَلَى أَنْفُسِهِمْ بِالْكُفْرِ (തങ്ങളുടെ സ്വന്തം ദേഹങ്ങളുടെമേല്‍ അവിശ്വാസത്തിന്‌ സാക്ഷ്യം വഹിക്കുന്നവരായിക്കൊണ്ട്‌) എന്ന വാക്യം ചൂണ്ടിക്കാട്ടുന്നത്‌. മേല്‍പറഞ്ഞ പ്രകാരമുള്ള ഗുണങ്ങളോടുകൂടിയവര്‍ക്കാണ്‌ യഥാര്‍ത്ഥത്തില്‍ പള്ളിപരിപാലനത്തിന്‌ അര്‍ഹതയുള്ളതെങ്കിലും ഇസ്‌ലാമിന്‍റെ ചില വിധിവിലക്കുകള്‍ പാലിക്കുന്നില്ലെന്ന കാരണത്താല്‍, മുസ്‌ലിംകളായ വ്യക്തികള്‍ പള്ളിപരിപാലനത്തില്‍ പങ്കുവഹിക്കാനുള്ള അവകാശം -കുഫ്‌റിന്‍റെതായ അടയാളമൊന്നും അയാളില്‍ പ്രത്യക്ഷപ്പെടാത്ത കാലത്തോളം- തടയപ്പെട്ടുകൂടാ എന്ന്‌ ഇതില്‍ നിന്ന്‌ മനസ്സിലാക്കാം. الّله اعلم

അല്ലാഹുവിനെയല്ലാതെ ഭയപ്പെടാതിരിക്കുക (وَلَمْ يَخْشَ إِلَّا الَّله) എന്ന്‌ പറഞ്ഞത്‌കൊണ്ടുദ്ദേശ്യം അല്ലാഹുവിന്‍റെ വിധിവിലക്കുകള്‍ പാലിക്കുന്നതിലും മതപരമായ കടമകള്‍ നിര്‍വഹിക്കുന്നതിലും മറ്റാരെയും ഭയപ്പെടാതിരിക്കുകയാണ്‌ എന്ന്‌ സാമാന്യമായിപ്പറയാം. എന്നല്ലാതെ, വല്ല ആപത്തുകള്‍ വരുന്നതിനെക്കുറിച്ചോ, ക്രൂരജന്തുക്കള്‍ മുതലായവയെക്കുറിച്ചോ ഭയമുണ്ടാകാതിരിക്കുക എന്നല്ല; ഇമാം ബൈദ്വാവീ (رحمه الله) മുതലായവര്‍ ചൂണ്ടിക്കാട്ടിയതുപോലെ പ്രകൃത്യാ മനുഷ്യനില്‍ ഉണ്ടായിത്തീരുന്ന ഒരു സ്വഭാവമാണത്‌. ബുദ്ധിയുള്ള ഒരാളിലും അതുണ്ടാകാതിരിക്കയില്ല خَشْيَة (ഖശ്‌യത്ത്‌) എന്ന ധാതുവിന്‍റെ അര്‍ത്ഥം ഭയപ്പാട്‌, പേടി, സൂക്ഷ്‌മത’ എന്നൊക്കെയാണെങ്കിലും ഭക്തി ബഹുമാനത്തോടുകൂടിയുള്ള ഭയപ്പാടിലാണ്‌ അതിന്‍റെ പ്രയോഗമെന്ന്‌ ഇമാം റാഗിബ്‌ (رحمه الله) വ്യക്തമാക്കിയിട്ടുള്ളതും പ്രസ്‌താവ്യമാകുന്നു.

പള്ളി നിര്‍മാണം, പള്ളിപരിപാലനം എന്നീ വിഷയങ്ങളെ സംബന്ധിക്കുന്ന ഹദീഥുകള്‍ പലതും കാണാം. ഉദാഹരണാര്‍ത്ഥം ചിലത്‌ നമുക്കിവിടെ ഓര്‍മിക്കാം:

(1) നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പ്രസ്‌താവിച്ചതായി ഉഥ്‌മാന്‍ (رضي الله عنه) ഉദ്ധരിക്കുന്നു: ‘ആരെങ്കിലും അല്ലാഹുവിന്‌ ഒരു പള്ളി സ്ഥാപിച്ചാല്‍ അല്ലാഹു അവന്‌ സ്വര്‍ഗത്തില്‍ ഒരു വീട്‌ സ്ഥാപിക്കുന്നതാണ്‌. (ബു.മു. തി) റസൂല്‍ തിരുമേനി യുടെ പള്ളി ഉഥ്‌മാന്‍ (رضي الله عنه) പുതുക്കിപ്പണിയുകയും, അതില്‍ ചില പരിഷ്‌കരണങ്ങള്‍ വരുത്തുകയും ചെയ്‌തതിനെപ്പറ്റി ചിലര്‍ ആക്ഷേപിച്ചു പറഞ്ഞതിനദ്ദേഹം മറുപടി നല്‍കിയ അവസരത്തിലായിരുന്നു നബി(صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യില്‍ നിന്ന്‌ അദ്ദേഹം കേട്ട ഈ വചനം അദ്ദേഹം ഉദ്ധരിച്ചത്‌.

(2) നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പ്രസ്‌താവിച്ചതായി അബൂഹുറയ്‌റഃ (رضي الله عنه) ഉദ്ധരിക്കുന്നു: ‘ആരെങ്കിലും പള്ളിയിലേക്ക്‌ പോകുകയോ വരുകയോ ചെയ്യുന്നതായാല്‍, അവന്‍ പോകുമ്പോഴും വരുമ്പോഴുമെല്ലാം അവന്‌ അല്ലാഹു സ്വര്‍ഗത്തില്‍ വിരുന്ന്‌ ഒരുക്കുന്നതാണ്‌. (ബു.മു.)

(3) അല്ലാഹുവിന്‍റെ തണലല്ലാത്ത മറ്റൊരു തണലും ഇല്ലാതിരിക്കുന്ന ദിവസം (ക്വിയാമത്തു നാളില്‍) അല്ലാഹുവിന്‍റെ തണല്‍ ലഭിക്കുന്ന ഏഴ്‌ കൂട്ടരെപ്പറ്റി പ്രസ്‌താവിക്കുന്ന പ്രസിദ്ധമായ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) വചനത്തില്‍ ‘ഹൃദയം പള്ളികളുമായി ബന്ധപ്പെട്ട ആളുകളെയാണ്‌’ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഒന്ന്‌ എണ്ണിയിരിക്കുന്നത്‌. (ബു. മു)

(4) റസൂല്‍ പറഞ്ഞതായി അബൂസഈദ്‌ (رحمه الله) ഉദ്ധരിക്കുന്നു: ‘ഒരു പുരുഷന്‍ പള്ളിയിലേക്കു പതിവായി പോകുന്നത്‌ കണ്ടാല്‍, അവന്‍റെ സത്യവിശ്വാസത്തിനു നിങ്ങള്‍ സാക്ഷ്യം വഹിച്ചുകൊള്ളുവിന്‍.’ പിന്നീട്‌ തിരുമേനി ഈ (18-ാം) വചനം ഓതുകയും ചെയ്‌തു. (അ.തി.ജ)

(5) പള്ളിയില്‍ അടിച്ചുവാരിയിരുന്ന – തൂപ്പുവേല ചെയ്‌തിരുന്ന-ഒരു സ്‌ത്രീ മരണപ്പെട്ടു. ആ സ്‌ത്രീയെ കാണാതായപ്പോള്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അവരെപ്പറ്റി അന്വേഷിച്ചു. അവര്‍ മരണപ്പെട്ടുവെന്നറിഞ്ഞപ്പോള്‍, അവരുടെ പേരില്‍ നമസ്‌കരിക്കുവാന്‍ വേണ്ടി എന്നെ ഒരു വിവരം അറിയിച്ചു കൂടായിരുന്നോ? എന്ന്‌ പറഞ്ഞുകൊണ്ട്‌ തിരുമേനി അവരുടെ ക്വബ്‌റിന്‍റെ അടുക്കല്‍ ചെന്ന്‌ അവരുടെ പേരില്‍ (ജനാസഃ) നമസ്‌കാരം നടത്തി. (ബു.മു.ദാ.ജ)

9:19
  • أَجَعَلْتُمْ سِقَايَةَ ٱلْحَآجِّ وَعِمَارَةَ ٱلْمَسْجِدِ ٱلْحَرَامِ كَمَنْ ءَامَنَ بِٱللَّهِ وَٱلْيَوْمِ ٱلْـَٔاخِرِ وَجَـٰهَدَ فِى سَبِيلِ ٱللَّهِ ۚ لَا يَسْتَوُۥنَ عِندَ ٱللَّهِ ۗ وَٱللَّهُ لَا يَهْدِى ٱلْقَوْمَ ٱلظَّـٰلِمِينَ ﴾١٩﴿
  • ഹജ്ജ്‌ ചെയ്യുന്നവര്‍ക്ക്‌ കുടിക്കാന്‍ (വെള്ളം) കൊടുക്കലും, 'മസ്‌ജിദുല്‍ ഹറാമി' ന്‍റെ പരിപാലനവും (ചെയ്യുന്നവരെ) നിങ്ങള്‍ ആക്കുകയോ? -അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുകയും അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ സമരം നടത്തുകയും ചെയ്യുന്നവരെപ്പോലെ! അവര്‍ അല്ലാഹുവിന്‍റെ അടുക്കല്‍ സമന്‍മാരാകുകയില്ല. അല്ലാഹു, അക്രമികളായ ജനങ്ങളെ സന്‍ മാര്‍ഗത്തിലാക്കുകയില്ല.
  • أَجَعَلْتُمْ നിങ്ങള്‍ ആക്കിയോ, ആക്കുകയാണോ سِقَايَةَ കുടിക്കാന്‍ കൊടുക്കല്‍, വെള്ളം നല്‍കല്‍ الْحَاجِّ ഹജ്ജ്‌ ചെയ്യുന്നവന്‌, ഹജ്ജിന്‌ വരുന്നവര്‍ക്ക്‌ وَعِمَارَةَ പരിപാലനവും ശുശ്രൂഷയും الْمَسْجِدِ الْحَرَامِ മസ്‌ജിദുല്‍ ഹറാമിന്‍റെ كَمَنْ ഒരുവനെ (യാതൊരുവരെ)പ്പോലെ آمَنَ വിശ്വസിച്ചു بِاللَّهِ അല്ലാഹുവില്‍ وَالْيَوْمِ الْآخِرِ അന്ത്യദിനത്തിലും وَجَاهَدَ സമരം ചെയ്യുകയും فِي سَبِيلِ اللَّهِ അല്ലാഹുവിന്‍റെ നേര്‍മാര്‍ഗത്തില്‍ لَا يَسْتَوُونَ അവര്‍ സമമാകുകയില്ല عِندَ اللَّهِ അല്ലാഹുവിങ്കല്‍ وَاللَّهُ അല്ലാഹുവാകട്ടെ لَا يَهْدِي നേര്‍മാര്‍ഗ (സന്‍മാര്‍ഗ)ത്തിലാക്കുകയില്ല الْقَوْمَ ജനങ്ങളെ الظَّالِمِينَ അക്രമികളായ

മുമ്പ്‌ ചൂണ്ടിക്കാട്ടിയതുപോലെ, മക്കാ മുശ്‌രിക്കുകള്‍ തങ്ങളുടെ ശ്രേഷ്‌ഠഗുണങ്ങളായി എണ്ണിവന്നിരുന്നതാണ്‌ ഹാജ്ജുമാര്‍ക്ക്‌ വെള്ളം എത്തിച്ചുകൊടുക്കുവാനുള്ള ഏര്‍പ്പാടും, കഅ്‌ബഃയുടെ ശുശ്രൂഷയും. മക്കയില്‍ അക്കാലത്ത്‌ വെള്ളത്തിന്‌ വളരെ ക്ഷാമമായിരുന്നതു കൊണ്ട്‌ ഹജ്ജിന്‌ വരുന്നവര്‍ക്ക്‌ അതാതിടങ്ങളില്‍ വെള്ളം എത്തിക്കുന്നത്‌ വളരെ പ്രധാനപ്പെട്ട ഒരു ഏര്‍പ്പാടായിരുന്നു. അതെല്ലാം നല്ലതും വേണ്ടപ്പെട്ടതുമായ കാര്യങ്ങളാണെങ്കിലും സത്യവിശ്വാസം സ്വീകരിക്കുകയും അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ സമരം ചെയ്യുകയും ചെയ്‌വാന്‍ താല്‍പര്യമില്ലാത്ത കാലത്തോളം അല്ലാഹുവിന്‍റെ അടുക്കല്‍ അതിന്‌ നിലയും വിലയുമില്ലെന്ന്‌ അല്ലാഹു മുശ്‌രിക്കുകളെ ഉല്‍ബോധിപ്പിക്കുകയാണ്‌.

9:20
  • ٱلَّذِينَ ءَامَنُوا۟ وَهَاجَرُوا۟ وَجَـٰهَدُوا۟ فِى سَبِيلِ ٱللَّهِ بِأَمْوَٰلِهِمْ وَأَنفُسِهِمْ أَعْظَمُ دَرَجَةً عِندَ ٱللَّهِ ۚ وَأُو۟لَـٰٓئِكَ هُمُ ٱلْفَآئِزُونَ ﴾٢٠﴿
  • വിശ്വസിക്കുകയും, 'ഹിജ്‌റഃ' പോകുകയും, അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ തങ്ങളുടെ ധനം കൊണ്ടും, തങ്ങളുടെ ദേഹം കൊണ്ടും സമരം നടത്തുകയും ചെയ്‌തവര്‍, അല്ലാഹുവിന്‍റെ അടുക്കല്‍, പദവിയില്‍ ഏറ്റവും മഹത്തായവരത്രെ. അക്കൂട്ടര്‍ തന്നെയാണ്‌ ഭാഗ്യം പ്രാപിച്ചവരും.
  • الَّذِينَ آمَنُوا വിശ്വസിച്ചവര്‍ وَهَاجَرُوا ഹിജ്‌റഃ പോകുകയും ചെയ്‌തു وَجَاهَدُوا സമരം നടത്തുകയും ചെയ്‌തു فِي سَبِيلِ اللَّهِ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ بِأَمْوَالِهِمْ തങ്ങളുടെ സ്വത്തുക്കള്‍ (ധനം) കൊണ്ട്‌ وَأَنفُسِهِمْ തങ്ങളുടെ ദേഹങ്ങള്‍കൊണ്ടും أَعْظَمُ വമ്പിച്ചവരാണ്‌ دَرَجَةً പദവി, പദവിയില്‍ عِندَ اللَّهِ അല്ലാഹുവിന്‍റെ അടുക്കല്‍ وَأُولَٰئِكَ هُمُ അക്കൂട്ടര്‍തന്നെ الْفَائِزُونَ ഭാഗ്യവാന്‍മാര്‍, വിജയികള്‍
9:21
  • يُبَشِّرُهُمْ رَبُّهُم بِرَحْمَةٍ مِّنْهُ وَرِضْوَٰنٍ وَجَنَّـٰتٍ لَّهُمْ فِيهَا نَعِيمٌ مُّقِيمٌ ﴾٢١﴿
  • അവരുടെ റബ്ബ്‌ തന്‍റെ പക്കല്‍ നിന്നുള്ള ഒരു (മഹത്തായ) കാരുണ്യത്തെയും പ്രീതിയെയും അവര്‍ക്കായുള്ള ചില സ്വര്‍ഗങ്ങളെയും കുറിച്ചു അവരെ സന്തോഷവാര്‍ത്ത അറിയിക്കുന്നു. അതില്‍ (ശാശ്വതമായി) നിലനില്‍ക്കുന്ന സുഖാനുഭവമുണ്ടായിരിക്കും.
  • يُبَشِّرُهُمْ അവരെ സന്തോഷമറിയിക്കുന്നു رَبُّهُم അവരുടെ റബ്ബ്‌ بِرَحْمَةٍ ഒരു കാരുണ്യത്തെപ്പറ്റി, കാരുണ്യംകൊണ്ട്‌ مِّنْهُ അവനില്‍ നിന്നുള്ള وَرِضْوَانٍ പ്രീതികൊണ്ടും وَجَنَّاتٍ ചില സ്വര്‍ഗങ്ങള്‍ കൊണ്ടും لَّهُمْ അവര്‍ക്കുള്ള, അവരുടേതായ فِيهَا അതില്‍ (അവയില്‍) ഉണ്ട്‌ نَعِيمٌ സുഖാനുഭവം, സുഖജീവിതം مُّقِيمٌ നിലനില്‍ക്കുന്ന
9:22
  • خَـٰلِدِينَ فِيهَآ أَبَدًا ۚ إِنَّ ٱللَّهَ عِندَهُۥٓ أَجْرٌ عَظِيمٌ ﴾٢٢﴿
  • അതില്‍ എന്നെന്നും (അവര്‍) നിത്യവാസികളായിക്കൊണ്ട്‌, നിശ്ചയമായും അല്ലാഹു-അവന്‍റെ അടുക്കല്‍ മഹത്തായ പ്രതിഫലമുണ്ട്‌.
  • خَالِدِينَ നിത്യവാസികളായിക്കൊണ്ട്‌ فِيهَا അതില്‍ أَبَدًا എക്കാലവും, എന്നെന്നും إِنَّ اللَّهَ നിശ്ചയമായും അല്ലാഹു عِندَهُ അവന്‍റെ അടുക്കലുണ്ട്‌ أَجْرٌ കൂലി, പ്രതിഫലം عَظِيمٌ വമ്പിച്ച, മഹത്തായ
9:23
  • يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ لَا تَتَّخِذُوٓا۟ ءَابَآءَكُمْ وَإِخْوَٰنَكُمْ أَوْلِيَآءَ إِنِ ٱسْتَحَبُّوا۟ ٱلْكُفْرَ عَلَى ٱلْإِيمَـٰنِ ۚ وَمَن يَتَوَلَّهُم مِّنكُمْ فَأُو۟لَـٰٓئِكَ هُمُ ٱلظَّـٰلِمُونَ ﴾٢٣﴿
  • ഹേ, വിശ്വസിച്ചവരേ, നിങ്ങളുടെ പിതാക്കളും, സഹോദരങ്ങളും, സത്യവിശ്വാസത്തെക്കാള്‍ അവിശ്വാസത്തോട്‌ ഇഷ്‌ടം കാണിക്കുന്നപക്ഷം, അവരെ നിങ്ങള്‍ മിത്രങ്ങള്‍ (അഥവാ കൈകാര്യക്കാര്‍) ആക്കരുത്‌. നിങ്ങളില്‍ നിന്ന്‌ ആരെങ്കിലും അവരോട്‌ മിത്രബന്ധം പുലര്‍ത്തുന്ന (അഥവാ അവര്‍ക്ക്‌ കൈകാര്യ കര്‍തൃത്വം നല്‍കുന്ന) പക്ഷം, അക്കൂട്ടര്‍ തന്നെയാണ്‌ അക്രമികള്‍.
  • يَا أَيُّهَا الَّذِينَ آمَنُوا വിശ്വസിച്ചവരേ لَا تَتَّخِذُوا നിങ്ങള്‍ ആക്കരുത്‌ آبَاءَكُمْ നിങ്ങളുടെ പിതാക്കളെ وَإِخْوَانَكُمْ നിങ്ങളുടെ സഹോദരങ്ങളെ (സഹോദന്‍മാരെ)യും أَوْلِيَاءَ ബന്ധുക്കള്‍, കൈകാര്യക്കാര്‍, ഉടയവര്‍ إِنِ اسْتَحَبُّوا അവര്‍ ഇഷ്‌ട (തൃപ്‌തി)പ്പെടുന്നപക്ഷം الْكُفْرَ അവിശ്വാസത്തെ عَلَى الْإِيمَانِ സത്യവിശ്വാസത്തെക്കാള്‍, വിശ്വാസത്തിനെതിരെ وَمَن يَتَوَلَّهُم ആരെങ്കിലും (ആര്‍-വല്ലവനും) അവരോട്‌ മിത്രബന്ധം പുലര്‍ത്തിയാല്‍, അവര്‍ക്ക്‌ കൈകാര്യം നല്‍കിയാല്‍ مِّنكُمْ നിങ്ങളില്‍ നിന്ന്‌ فَأُولَٰئِكَ എന്നാല്‍ അക്കൂട്ടര്‍ هُمُ അവര്‍ തന്നെ الظَّالِمُونَ അക്രമികള്‍
9:24
  • قُلْ إِن كَانَ ءَابَآؤُكُمْ وَأَبْنَآؤُكُمْ وَإِخْوَٰنُكُمْ وَأَزْوَٰجُكُمْ وَعَشِيرَتُكُمْ وَأَمْوَٰلٌ ٱقْتَرَفْتُمُوهَا وَتِجَـٰرَةٌ تَخْشَوْنَ كَسَادَهَا وَمَسَـٰكِنُ تَرْضَوْنَهَآ أَحَبَّ إِلَيْكُم مِّنَ ٱللَّهِ وَرَسُولِهِۦ وَجِهَادٍ فِى سَبِيلِهِۦ فَتَرَبَّصُوا۟ حَتَّىٰ يَأْتِىَ ٱللَّهُ بِأَمْرِهِۦ ۗ وَٱللَّهُ لَا يَهْدِى ٱلْقَوْمَ ٱلْفَـٰسِقِينَ ﴾٢٤﴿
  • (നബിയേ) പറയുക: 'നിങ്ങളുടെ പിതാക്കളും നിങ്ങളുടെ പുത്രന്‍മാരും, നിങ്ങളുടെ സഹോദരങ്ങളും, നിങ്ങളുടെ ഇണകളും, നിങ്ങളുടെ ബന്ധുകുടുംബങ്ങളും, നിങ്ങള്‍ സമ്പാദിച്ചുണ്ടാക്കിയ സ്വത്തുക്കളും, നിങ്ങള്‍ വിലയിടിവ്‌ (അഥവാ ചിലവാകായ്‌മ) ഭയക്കുന്ന കച്ചവടവും, നിങ്ങള്‍ ഇഷ്‌ടപ്പെടുന്ന പാര്‍പ്പിടങ്ങളുമാണ്‌ അല്ലാഹുവിനെയും, അവന്‍റെ റസൂലിനെയും, അവന്‍റെ മാര്‍ഗത്തില്‍ സമരം ചെയ്യുന്നതിനെയുംകാള്‍ (അധികം) നിങ്ങള്‍ക്ക്‌ പ്രിയങ്കരമെങ്കില്‍, എന്നാല്‍ അല്ലാഹു അവന്‍റെ കല്‍പന കൊണ്ടുവരുന്നതുവരെ നിങ്ങള്‍ കാത്തിരിക്കുവിന്‍! അല്ലാഹു തോന്നിയവാസികളായ ജനങ്ങളെ സന്‍മാര്‍ഗത്തിലാക്കുകയില്ല.
  • قُلْ നീ പറയുക إِن كَانَ ആണെങ്കില്‍, ആയിരുന്നാല്‍ آبَاؤُكُمْ നിങ്ങളുടെ പിതാക്കള്‍ وَأَبْنَاؤُكُمْ നിങ്ങളുടെ പുത്രന്‍മാരും (മക്കളും) وَإِخْوَانُكُمْ നിങ്ങളുടെ സഹോദരങ്ങളും وَأَزْوَاجُكُمْ നിങ്ങളുടെ ഇണകളും (ഭാര്യാഭര്‍ത്താക്കളും) وَعَشِيرَتُكُمْ നിങ്ങളുടെ ബന്ധുകുടുംബവും وَأَمْوَالٌ സ്വത്തുക്കളും, ധനവും اقْتَرَفْتُمُوهَا നിങ്ങളത്‌ സമ്പാദിച്ചുണ്ടാക്കി, ദണ്‌ഡിച്ചുണ്ടാക്കിയ وَتِجَارَةٌ കച്ചവടവും, വ്യാപാരവും تَخْشَوْنَ നിങ്ങള്‍ ഭയപ്പെടുന്നു كَسَادَهَا അതിന്‍റെ ചിലവഴിയായ്‌മയെ, വിലയിടിവ്‌ وَمَسَاكِنُ പാര്‍പ്പിടങ്ങളും تَرْضَوْنَهَا നിങ്ങളതിനെ ഇഷ്‌ടപ്പെടുന്നു أَحَبَّ അധികം പ്രിയപ്പെട്ടത്‌, ഇഷ്‌ടപ്പെട്ടത്‌ إِلَيْكُم നിങ്ങള്‍ക്ക്‌ مِّنَ اللَّهِ അല്ലാഹുവിനെക്കാള്‍ وَرَسُولِهِ അവന്‍റെ റസൂലിനെയും (കാള്‍) وَجِهَادٍ സമരത്തെയും (കാള്‍) فِي سَبِيلِهِ അവന്‍റെ മാര്‍ഗത്തില്‍ فَتَرَبَّصُوا എന്നാല്‍ നിങ്ങള്‍ കാത്തിരിക്കുവിന്‍, പ്രതീക്ഷിക്കുവിന്‍ حَتَّىٰ يَأْتِيَ വരുന്നതുവരെ اللَّهُ അല്ലാഹു بِأَمْرِهِ അവന്‍റെ കല്‍പനയും കൊണ്ട്‌ وَاللَّهُ അല്ലാഹു لَا يَهْدِي അവന്‍ നേര്‍മാര്‍ഗത്തിലാക്കുകയില്ല الْقَوْمَ ജനതയെ, ജനങ്ങളെ الْفَاسِقِينَ തോന്നിയവാസികളായ, ദുര്‍ന്നടപ്പുകാരായ

സ്വന്തം പിതാക്കളോ, സ്വന്തം സഹോദരങ്ങളോ ആയിരുന്നാല്‍പോലും- അവര്‍ സത്യവിശ്വാസം സ്വീകരിക്കാതെ അവിശ്വാസം കൊണ്ട്‌ തൃപ്‌തിപ്പെടുന്നപക്ഷം അവരുമായി മിത്രബന്ധം പുലര്‍ത്തുകയും അവരെ കൈകാര്യക്കാരാക്കിവെക്കുകയും ചെയ്‌തുകൂടാ എന്ന്‌ സത്യവിശ്വാസികളോട്‌ അല്ലാഹു കല്‍പിക്കുന്നു. മല്‍സരത്തില്‍ കഴിയുന്ന അവിശ്വാസികളോട്‌ മൈത്രിയിലും കൂട്ടുകെട്ടിലും പെരുമാറുന്നതിനെപ്പറ്റി ഒന്നിലധികം സ്ഥലത്ത്‌ ക്വുര്‍ആനില്‍ അല്ലാഹു വിരോധിച്ചിരിക്കുന്നത്‌ കാണാം. സൂഃ മുജാദിലഃയില്‍ പറയുന്നു: അല്ലാഹുവിനോടും അവന്‍റെ റസൂലിനോടും മല്‍സരം കാണിക്കുന്നവരോട്‌ അല്ലാഹുവിലും അവന്‍റെ റസൂലിലും വിശ്വസിക്കുന്ന ഒരുജനത സ്‌നേഹബന്ധം പുലര്‍ത്തുന്നതായി നീ കണ്ടെത്തുകയില്ല. അവര്‍ തങ്ങളുടെ പിതാക്കളോ, പുത്രന്‍മാരോ, സഹോദരങ്ങളോ, ബന്ധുകുടുംബങ്ങളോ ആയിരുന്നാലും ശരി. അങ്ങിനെയുള്ളവരുടെ -സ്‌നേഹബന്ധം പുലര്‍ത്താത്തവരുടെ- ഹൃദയങ്ങളില്‍ അല്ലാഹു സത്യവിശ്വാസം രേഖപ്പെടുത്തിയിരിക്കുന്നു. അവന്‍റെ പക്കല്‍ നിന്നുള്ള ഒരു ആത്മാവ്‌ മുഖേന അവന്‍ അവരെ ബലപ്പെടുത്തുകയും ചെയ്‌തിരിക്കുന്നു. (58:22)

കുടുംബബന്ധത്തെ ഓര്‍ത്തും, സ്വകുടുംബത്തിന്‍റെ അപ്രീതിയുണ്ടാകരുതെന്ന്‌ കരുതിയും, സ്വത്തുക്കള്‍ക്കൊ, പാര്‍പ്പിടങ്ങള്‍ക്കൊ നാശം സംഭവിക്കുമെന്ന്‌ വിചാരിച്ചുമൊക്കെ ദുര്‍ബ്ബല വിശ്വാസികളായ ചില മുസ്‌ലിംകള്‍ യുദ്ധം ചെയ്‌വാനോ, ഹിജ്‌റഃ പോകാനോ ശ്രമിക്കാതെ ഒഴിഞ്ഞുനില്‍ക്കുന്നുണ്ടായിരുന്നു. അവരുടെ വിഷയത്തിലാണ്‌ ഈ വചനങ്ങള്‍ അവതരിച്ചതെന്ന്‌ പറയപ്പെടുന്നുണ്ടെങ്കിലും ഈ തത്വം എല്ലാ കാലത്തുള്ളവര്‍ക്കും ബാധകം തന്നെയാണ്‌. അതായത്‌ അല്ലാഹുവിന്‍റെ ദീനിനോട്‌ മല്‍സരം പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്നവര്‍ അടുത്ത ബന്ധുക്കളായാലും അവരോട്‌ ഹൃദയം ഇണങ്ങിക്കൊണ്ട്‌ അണഞ്ഞബന്ധം പുലര്‍ത്തിക്കൊണ്ടിരിക്കുവാന്‍ സത്യവിശ്വാസികള്‍ക്ക്‌ ഒരു കാലത്തും പാടില്ലാത്തതാകുന്നു. മാതാപിതാക്കള്‍ മുശ്‌രിക്കുകളായിരുന്നാല്‍പോലും അവരോട്‌ ഇഹത്തില്‍ നന്നായി പെരുമാറണമെന്നും, അവിശ്വാസികളോടും നീതിയും മര്യാദയും പാലിക്കേണമെന്നും, നീതികേടും അക്രമവും ആരോടും പാടില്ലെന്നുമുള്ള കല്‍പനകള്‍ ഇപ്പറഞ്ഞതിന്‌ എതിരല്ലതാനും.

കുടുംബബന്ധങ്ങളോ, സ്‌നേഹബന്ധങ്ങളോ, സ്വത്തുക്കളിലും ജീവിത സൗകര്യങ്ങളിലുമുള്ള താല്‍പര്യങ്ങളോ ഒന്നുംതന്നെ അല്ലാഹുവിന്‍റെയും റസൂലിന്‍റെയും വിധിവിലക്കുകള്‍ അനുസരിക്കുന്നതിനോ അല്ലാഹുവിന്‍റെ ദീനിനുവേണ്ടി സമരവും ത്യാഗവും അനുഷ്‌ഠിക്കുന്നതിനോ തടസ്സമായിരിക്കുവാന്‍ പാടില്ല. അങ്ങിനെ തടസ്സമാകത്തക്കവണ്ണം അവക്ക്‌ പ്രാധാന്യം കല്‍പിച്ചാല്‍ അതിന്‍റെ ഭവിഷ്യത്ത്‌ വളരെ ആപല്‍ക്കരമായിരിക്കുമെന്ന്‌ സത്യവിശ്വാസികളോടുള്ള ഒരു താക്കീതാണ്‌ 24-ാം വചനത്തില്‍ കാണുന്നത്‌. ‘അല്ലാഹു അവന്‍റെ കല്‍പനകൊണ്ട്‌ വരുന്നത്‌വരെ കാത്തിരിക്കുവിന്‍. (فَتَرَبَّصُوا حَتَّىٰ يَأْتِيَ اللَّهُ بِأَمْرِهِ) എന്നുള്ള ആ കനത്ത താക്കീത്‌ വിഷയത്തിന്‍റെ ഗൗരവമാണ്‌ ചൂണ്ടിക്കാട്ടുന്നത്‌. ആ കല്‍പനകൊണ്ടുദ്ദേശ്യം ഇന്നതാണെന്നോ, അത്‌ എപ്പോഴായിരിക്കുമെന്നോ അല്ലാഹു വെളിപ്പെടുത്തിയിട്ടില്ല. ഇഹത്തില്‍വെച്ചും, പരത്തില്‍വെച്ചും, അതിന്‍റെ ഭവിഷ്യത്ത്‌ നിങ്ങള്‍ അനുഭവിക്കേണ്ടിവരുമെന്നും അത്‌ നിങ്ങള്‍ക്ക്‌ താങ്ങാനാവാത്തതായിരിക്കുമെന്നുമത്രെ ആ വാക്ക്‌ സൂചിപ്പിക്കുന്നത്‌. അല്ലാഹുവിന്‍റെയും റസൂലിന്‍റെയും ആജ്ഞാനിര്‍ദേശങ്ങളെക്കാള്‍ അത്തരം കാര്യങ്ങള്‍ക്ക്‌ പ്രാധാന്യം കല്‍പിച്ചുകൊണ്ടിരിക്കുന്നതു നിമിത്തം മുസ്‌ലിംകള്‍ അന്നും ഇന്നും എന്നും അനുഭവിച്ചുകൊണ്ടിരിക്കുന്ന ഐഹികമായ ഭവിഷ്യത്തുകള്‍ ബുദ്ധിയും വിശ്വാസവുമുള്ള ആര്‍ക്കും അജ്ഞാതമല്ലതന്നെ. അത്‌മൂലം ലോകത്തുവെച്ചുണ്ടാകാനിരിക്കുന്ന ഭവിഷ്യത്തുകളെപ്പറ്റി പ്രത്യേകം പറയേണ്ടതില്ലതാനും.

നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഇപ്രകാരം അരുളിച്ചെയ്‌തിരിക്കുന്നു: ‘എന്‍റെ ആത്മാവ്‌ യാതൊരുവന്‍റെ കയ്യിലാണോ അവന്‍ തന്നെ സത്യം! നിങ്ങളില്‍ ഒരാള്‍ക്കും തന്നെ, അവന്‍റെ മാതാപിതാക്കളെയും, മക്കളെയും എല്ലാ മനുഷ്യരെയുംകാള്‍ ഇഷ്‌ടപ്പെട്ടവന്‍ ഞാനായിരിക്കുന്നതുവരെ അവന്‍ സത്യവിശ്വാസി ആയിരിക്കയില്ല.’ (ബു.മു) ഒരിക്കല്‍ ഉമര്‍ (رضي الله عنه) നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യോട്‌ ഇങ്ങനെ പറയുകയുണ്ടായി: ‘അല്ലാഹുവിനെതന്നെ സത്യം! അല്ലാഹുവിന്‍റെ റസൂലേ, അങ്ങുന്നാണ്‌ എന്‍റെ ദേഹം ഒഴിച്ചുള്ള മറ്റെല്ലാറ്റിനെക്കാളും എനിക്കിഷ്‌ടപ്പെട്ട ആള്‍’. അപ്പോള്‍ റസൂല്‍ പറഞ്ഞു; ‘നിങ്ങളിലൊരാള്‍ക്ക്‌ അവന്‍റെ ദേഹത്തെക്കാളും ഇഷ്‌ടപ്പെട്ടവന്‍ ഞാനായിരിക്കുന്നതു വരെ അവന്‍ സത്യവിശ്വാസിയായിരിക്കയില്ല.’ അപ്പോള്‍ ഉമര്‍ (رضي الله عنه) പറഞ്ഞു: ‘എന്നാല്‍ – ഇപ്പോള്‍ – അല്ലാഹുതന്നെ സത്യം! അങ്ങുന്ന്‌ എനിക്ക്‌ എന്‍റെ ദേഹത്തേക്കാള്‍ ഇഷ്‌ടപ്പെട്ടവനാകുന്നു.’ അപ്പോള്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനി പറഞ്ഞു: ‘ഇപ്പോഴാണ്‌, ഉമറേ, തന്‍റെ വിശ്വാസം പരിപൂര്‍ണമായത്‌.’ (അ.മു) അല്ലാഹുവിനെ സ്‌നേഹിക്കുകയും അനുസരിക്കുകയും ചെയ്യുന്നതിന്‍റെ അനിവാര്യ ഫലമാണല്ലോ റസൂലിനെ സ്‌നേഹിക്കലും അനുസരിക്കലും. അഥവാ അതു രണ്ടും അര്‍ത്ഥത്തില്‍ ഒന്നുതന്നെ. മനുഷ്യന്‍റെ ഐഹികവും പാരത്രികവുമായ നന്മകള്‍ക്കുള്ള ഏകനിദാനവും അതുതന്നെ. എന്നിരിക്കെ, അതിനെക്കാള്‍ ഉപരിയായി മറ്റൊരു കാര്യവും ഒരു യഥാര്‍ത്ഥ സത്യവിശ്വാസിക്ക്‌ ഉണ്ടായിരിക്കുവാന്‍ പാടില്ലല്ലോ. ‘ഇപ്പോഴാണ്‌ ഉമറേ തന്റെ വിശ്വാസം പരിപൂര്‍ണമായത്‌’ എന്ന തിരുവചനം ഈ വസ്‌തുതയാണ്‌ ചൂണ്ടിക്കാട്ടുന്നത്‌. ഇതുതന്നെയാണ്‌ സൂഃ അഹ്‌സാബില്‍ النَّبِيُّ أَوْلَىٰ بِالْمُؤْمِنِينَ مِنْ أَنفُسِهِمْ (നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) സത്യവിശ്വാസികളോട്‌ അവരുടെ ദേഹങ്ങളെക്കാള്‍ അധികം ബന്ധപ്പെട്ടവനാകുന്നു. (33:6) എന്ന വാക്യം മുഖേന അല്ലാഹു അറിയിക്കുന്നത്‌.