സൂറതുത്തൗബഃ : 43-66
വിഭാഗം - 7
- عَفَا ٱللَّهُ عَنكَ لِمَ أَذِنتَ لَهُمْ حَتَّىٰ يَتَبَيَّنَ لَكَ ٱلَّذِينَ صَدَقُوا۟ وَتَعْلَمَ ٱلْكَـٰذِبِينَ ﴾٤٣﴿
- (നബിയേ) നിനക്ക് അല്ലാഹു മാപ്പു ചെയ്‌തിരിക്കുന്നു എന്തിനാണ് നീ അവര്‍ക്ക് സമ്മതം നല്‍കിയത്- (അവരില്‍നിന്ന്) സത്യം പറഞ്ഞവര്‍ (ആരെന്ന്) നിനക്കു വ്യക്തമായിത്തീരുകയും, വ്യാജം പറയുന്നവരെ നീ അറിയുകയും ചെയ്യുന്നതുവരെ?!
- عَفَا اللَّهُ അല്ലാഹു മാപ്പു ചെയ്‌തിരിക്കുന്നു عَنكَ നിനക്ക്, നിന്നെപ്പറ്റി لِمَ എന്തിന് أَذِنتَ നീ സമ്മതംകൊടുത്തു لَهُمْ അവര്‍ക്ക് حَتَّىٰ يَتَبَيَّنَ വ്യക്തമാകുന്നതുവരെ لَكَ നിനക്ക് الَّذِينَ صَدَقُوا സത്യം പറഞ്ഞവര്‍ وَتَعْلَمَ നീ അറിയുകയും (ചെയ്യുന്നതുവരെ) الْكَاذِبِينَ വ്യാജം പറയുന്നവരെ
ഓരോ ഒഴികഴിവുകള്‍ പറഞ്ഞു ആ യാത്രയില്‍നിന്ന് തങ്ങളെ ഒഴിവാക്കണമെന്ന് കപടവിശ്വാസികള്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യോട് അപേക്ഷിച്ചുകൊണ്ടിരുന്നപ്പോള്‍, അവരുടെ യഥാര്‍ത്ഥ സ്ഥിതി വ്യക്തമായി മനസ്സിലാക്കുവാന്‍ ശ്രമിക്കാതെ- അവരുടെ വാക്കുകളെമാത്രം ആസ്‌പദമാക്കി- അവര്‍ക്ക് ഒഴിവുകൊടുത്തത് നന്നായില്ല. അത്രത്തോളം വേണ്ടതില്ലായിരുന്നു. ഒഴികഴിവ് അനുവദിച്ചില്ലെങ്കില്‍ തന്നെയും പോരുവാന്‍ തയ്യാറില്ലാത്തവരാണവര്‍. ഏതായാലും അങ്ങിനെ ചെയ്‌തത് അല്ലാഹു മാപ്പാക്കിത്തന്നിരിക്കുന്നു എന്ന് സാരം. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ചെയ്‌തത് ഒരു കുറ്റകൃത്യമായിപ്പോയെന്നോ, പാപമായിപ്പോയെന്നോ അല്ലഇതിന്‍റെ അര്‍ഥം. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) വിട്ടുവീഴ്‌ച ചെയ്‌തത് കുറച്ചധികമായിപ്പോയി. അവരെപ്പറ്റിയുള്ള സദ് വിചാരത്തില്‍ തിരുമേനിക്ക് പിഴവുപറ്റിപ്പോയി എന്ന് സൗമ്യമായ രൂപത്തില്‍ ഉണര്‍ത്തുക മാത്രമാണുദ്ദേശ്യം. അതുകൊണ്ടാണ്, ആക്ഷേപ വിഷയം എന്താണെന്നു പറയുന്നതിന് മുമ്പ് തന്നെ നിനക്ക് അല്ലാഹു മാപ്പു നല്‍കിയിരിക്കുന്നു. (عَفَاالَّله عَنْكَ) എന്ന് ആദ്യമേ പറഞ്ഞത്.
- لَا يَسْتَـْٔذِنُكَ ٱلَّذِينَ يُؤْمِنُونَ بِٱللَّهِ وَٱلْيَوْمِ ٱلْـَٔاخِرِ أَن يُجَـٰهِدُوا۟ بِأَمْوَٰلِهِمْ وَأَنفُسِهِمْ ۗ وَٱللَّهُ عَلِيمٌۢ بِٱلْمُتَّقِينَ ﴾٤٤﴿
- അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവര്‍ നിന്നോട് സമ്മതം തേടുകയില്ല, തങ്ങളുടെ ധനം കൊണ്ടും, ദേഹങ്ങള്‍കൊണ്ടും സമരം നടത്തുന്നതില്‍ നിന്ന് (ഒഴിവാകുവാന്‍). അല്ലാഹു സൂക്ഷ്‌മത പാലിക്കുന്നവരെപ്പറ്റി അറിയുന്നവനുമാകുന്നു.
- لَا يَسْتَأْذِنُكَ നിന്നോട് സമ്മതം തേടുക (ചോദിക്കുക) യില്ല الَّذِينَ يُؤْمِنُونَ വിശ്വസിക്കുന്നവര്‍ بِاللَّهِ അല്ലാഹുവില്‍ وَالْيَوْمِ ദിന (ദിവസ)ത്തിലും الْآخِرِ അന്ത്യ, അവസാന أَن يُجَاهِدُوا അവര്‍ സമരം ചെയ്യുന്നതിനു (വെറുത്തിട്ട്), സമരം ചെയ്യുന്നതില്‍ നിന്ന് (ഒഴിവാകുവാന്‍) بِأَمْوَالِهِمْ തങ്ങളുടെ സ്വത്തുക്കള്‍ (ധനം) കൊണ്ട് وَأَنفُسِهِمْ തങ്ങളുടെ ദേഹങ്ങള്‍ കൊണ്ടും وَاللَّهُ അല്ലാഹു عَلِيمٌ അറിയുന്നവനാണ് بِالْمُتَّقِينَ സൂക്ഷ്‌മത പാലിക്കുന്നവരെ (ഭയഭക്തരെ)പ്പറ്റി
- إِنَّمَا يَسْتَـْٔذِنُكَ ٱلَّذِينَ لَا يُؤْمِنُونَ بِٱللَّهِ وَٱلْيَوْمِ ٱلْـَٔاخِرِ وَٱرْتَابَتْ قُلُوبُهُمْ فَهُمْ فِى رَيْبِهِمْ يَتَرَدَّدُونَ ﴾٤٥﴿
- യാതൊരു കൂട്ടര്‍ മാത്രമാണ് നിന്നോട് സമ്മതം തേടുന്നത്: അല്ലാഹുവിലും, അന്ത്യനാളിലും അവര്‍ വിശ്വസിക്കുന്നില്ല; അവരുടെ ഹൃദയങ്ങള്‍ സന്ദേഹത്തിലകപ്പെടുകയും ചെയ്‌തിരിക്കുന്നു; അങ്ങനെ, അവര്‍ തങ്ങളുടെ സന്ദേഹത്തില്‍ (എങ്ങും ഉറക്കാതെ) ചഞ്ചലിച്ചുകൊണ്ടിരിക്കുകയാണ്. [ഇങ്ങിനെയുള്ളവരേ സമ്മതം തേടുകയുള്ളൂ.]
- إِنَّمَا നിശ്ചയമായും മാത്രം (തന്നെ) يَسْتَأْذِنُكَ നിന്നോട് സമ്മതം തേടുന്നതാണ് الَّذِينَ യാതൊരുവര്‍ (മാത്രം, തന്നെ) لَا يُؤْمِنُونَ അവര്‍ വിശ്വസിക്കുന്നില്ല بِاللَّهِ അല്ലാഹുവില്‍ وَالْيَوْمِ الْآخِرِ അന്ത്യദിനത്തിലും وَارْتَابَتْ സന്ദേഹ (സംശയ) പ്പെടുകയും ചെയ്‌ത, ആശയക്കുഴപ്പത്തിലുമായിരിക്കുന്നു قُلُوبُهُمْ അവരുടെ ഹൃദയങ്ങള്‍ فَهُمْ അങ്ങിനെ (അതിനാല്‍) അവര്‍ فِي رَيْبِهِمْ അവരുടെ സന്ദേഹ (സംശയ) ത്തില്‍ يَتَرَدَّدُونَ അവര്‍ ചഞ്ചലിച്ചു (അസ്ഥിരപ്പെട്ടു-അങ്ങുമിങ്ങുമായി) കൊണ്ടിരിക്കുന്നു
സത്യവിശ്വാസികളായ ആളുകള്‍ എന്തെങ്കിലും കാരണം പറഞ്ഞു ഒഴിവാകുവാന്‍ ശ്രമം നടത്തുകയില്ല. അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ കഴിയുന്നത്ര പങ്കു വഹിക്കുകയായിരിക്കും അവര്‍ ചെയ്യുക. യഥാര്‍ഥ വിശ്വാസമില്ലാതെ മുസ്‌ലിം വേഷമണിഞ്ഞു അങ്ങോട്ടുമിങ്ങോട്ടും ആടിക്കളിച്ചുകൊണ്ടിരിക്കുന്ന കപടന്‍മാരേ വല്ല ഉപായങ്ങളും പറഞ്ഞ് ഒഴിവാകുവാന്‍ സമ്മതം തേടുകയുള്ളൂ എന്നു സാരം.
- وَلَوْ أَرَادُوا۟ ٱلْخُرُوجَ لَأَعَدُّوا۟ لَهُۥ عُدَّةً وَلَـٰكِن كَرِهَ ٱللَّهُ ٱنۢبِعَاثَهُمْ فَثَبَّطَهُمْ وَقِيلَ ٱقْعُدُوا۟ مَعَ ٱلْقَـٰعِدِينَ ﴾٤٦﴿
- അവര്‍ പുറപ്പെടുവാന്‍ ഉദ്ദേശിച്ചിരുന്നെങ്കില്‍, അവര്‍ അതിന് വല്ല ഒരുക്കവും ഒരുക്കുക തന്നെ ചെയ്യുമായിരുന്നു. എങ്കിലും, അവരുടെ എഴുന്നേല്‍പിനെ [പുറപ്പാടിനെ] അല്ലാഹു വെറുത്തു അവരെ അവന്‍ തടഞ്ഞുവെച്ചിരിക്കയാണ്. '(മുടങ്ങി) ഇരിക്കുന്നവരോടൊപ്പം (മുടങ്ങി) ഇരുന്നുകൊള്ളുവിന്‍' എന്ന് (അവരോട്) പറയപ്പെടുകയും ചെയ്‌തു.
- وَلَوْ أَرَادُوا അവര്‍ ഉദ്ദേശിച്ചിരുന്നെങ്കില്‍ الْخُرُوجَ പുറപ്പാട്, പുറപ്പെടുന്നതിന് لَأَعَدُّوا അവര്‍ ഒരുങ്ങുക (ഒരുക്കുക) തന്നെചെയ്യുമായിരുന്നു لَهُ അതിന് വേണ്ടി عُدَّةً വല്ല ഒരുക്കവും وَلَٰكِن എങ്കിലും كَرِهَ വെറുത്തു, അനിഷ്‌ടമായിരിക്കുന്നു اللَّهُ അല്ലാഹു, അല്ലാഹുവിന് انبِعَاثَهُمْ അവരുടെ എഴുന്നേല്‍പ്പ്, പുറപ്പാട് فَثَبَّطَهُمْ എന്നിട്ട് (അതിനാല്‍-അങ്ങനെ) അവരെ അവന്‍ തടഞ്ഞു (മുടക്കി-പിന്തിച്ചു) വെച്ചു وَقِيلَ പറയപ്പെടുകയും ചെയ്‌തു اقْعُدُوا നിങ്ങള്‍ ഇരുന്നുകൊള്ളുവിന്‍ مَعَ الْقَاعِدِينَ ഇരിക്കുന്നവരുടെ കൂടെ, ഇരിപ്പായവരോടൊപ്പം
സാരം: നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യും സൈന്യവും പോകുമ്പോള്‍ ഒന്നിച്ചു പോകണമെന്നുള്ള വിചാരമോ ആഗ്രഹമോ തന്നെ അവര്‍ക്കില്ല. ഉണ്ടെങ്കില്‍ അതിനുള്ള എന്തെങ്കിലും ഒരുക്കം അവരില്‍ കാണേണ്ടതായിരുന്നു. അതില്ലാത്ത സ്ഥിതിക്ക് അവര്‍ നിങ്ങളുടെ ഒന്നിച്ചു പോരുന്നത് തന്നെ അല്ലാഹുവിന് ഇഷ്‌ടമില്ലാത്തതാകുന്നു. അങ്ങനെ, സ്‌ത്രീകള്‍, കുട്ടികള്‍ മുതലായവരെപ്പോലെ സമരത്തിന് പോകാതെ അടഞ്ഞിരിക്കുന്നവരുടെ കൂട്ടത്തില്‍ അവരും ഇരിക്കട്ടെ എന്ന് വെച്ചിരിക്കുകയാണ് അല്ലാഹു. ഇതിനുള്ള കാരണവും അല്ലാഹു ചൂണ്ടിക്കാട്ടുന്നു:-
- لَوْ خَرَجُوا۟ فِيكُم مَّا زَادُوكُمْ إِلَّا خَبَالًا وَلَأَوْضَعُوا۟ خِلَـٰلَكُمْ يَبْغُونَكُمُ ٱلْفِتْنَةَ وَفِيكُمْ سَمَّـٰعُونَ لَهُمْ ۗ وَٱللَّهُ عَلِيمٌۢ بِٱلظَّـٰلِمِينَ ﴾٤٧﴿
- നിങ്ങളുടെ കൂട്ടത്തില്‍ അവര്‍ പുറപ്പെട്ടിരുന്നാല്‍, അവര്‍ നിങ്ങള്‍ക്ക് അസ്വാസ്ഥ്യമല്ലാതെ വര്‍ധിപ്പിക്കുന്നതല്ല; നിങ്ങള്‍ക്ക് കുഴപ്പം (ഉണ്ടാകുവാന്‍) ആഗ്രഹിച്ചുകൊണ്ട് നിങ്ങളുടെ ഇടയിലുള്ള അവര്‍ പരക്കംപായുകയും തന്നെ ചെയ്യും. അവര്‍ക്ക് ചെവി കൊടുക്കുന്ന (കുറേ) ആളുകള്‍ നിങ്ങളില്‍ ഉണ്ട്‌താനും. അല്ലാഹു അക്രമികളെപ്പറ്റി അറിയുന്നവനുമാണ്.
- لَوْ خَرَجُوا അവര്‍ പുറപ്പെട്ടിരുന്നാല്‍ فِيكُم നിങ്ങളുടെ കൂട്ടത്തില്‍ مَّا زَادُوكُمْ നിങ്ങള്‍ക്കവര്‍ വര്‍ധിപ്പിക്കുക (അധികമാക്കുക.) യില്ല إِلَّا خَبَالًا കുഴപ്പം (അസ്വാസ്ഥ്യം -കിറുക്ക്- ആപത്ത്) അല്ലാതെ وَلَأَوْضَعُوا അവര്‍ ഓടി നടക്കുക (പരക്കം പായുക) യും തന്നെ ചെയ്യും (കിണഞ്ഞു ശ്രമിക്കും) خِلَالَكُمْ നിങ്ങള്‍ക്കിടയിലൂടെ يَبْغُونَكُمُ നിങ്ങള്‍ക്കുതേടി (അന്വേഷിച്ചു- ആഗ്രഹിച്ചു) കൊണ്ട് الْفِتْنَةَ കുഴപ്പം وَفِيكُمْ നിങ്ങളിലുണ്ട് താനും سَمَّاعُونَ കേട്ടുകൊണ്ടിരിക്കുന്ന (ചെവി കൊടുക്കുന്ന) വര്‍ لَهُمْ അവര്‍ക്ക് അവരിലേക്ക് وَاللَّهُ അല്ലാഹുവാകട്ടെ عَلِيمٌ അറിയുന്നവനാണ് بِالظَّالِمِينَ അക്രമികളെപ്പറ്റി
അവര്‍ നിങ്ങളൊന്നിച്ചു പോന്നിരുന്നാല്‍ തന്നെയും യാതൊരു ഉപകാരവും അവരെക്കൊണ്ട് നിങ്ങള്‍ക്കുണ്ടാകുവാന്‍ പോകുന്നില്ല. കുഴപ്പം, വഞ്ചന, ഏഷണി മുതലായവ വഴി നിങ്ങള്‍ക്ക് ആപത്ത് വര്‍ദ്ധിപ്പിക്കുവാനുള്ള ശ്രമവും പരക്കംപാച്ചലും മാത്രമേ അവരില്‍ നിന്നുണ്ടാകുവാനുള്ളൂ. അതോടുകൂടി, അവരുടെ വാക്കുകള്‍ കേള്‍ക്കുകയും, അതില്‍ വഞ്ചിതരാവുകയും ചെയ്യുന്ന കുറേ ആളുകള്‍ നിങ്ങളുടെ കൂട്ടത്തില്‍ ഉണ്ട് താനും. അവരും ഇവരും കൂടി ചേരുമ്പോള്‍ കുഴപ്പം കൂടുതലാവുകയും ചെയ്യും. ഇതെല്ലാം കാരണമായിട്ടാണ് അവര്‍ നിങ്ങളൊന്നിച്ചു പോരുന്നത് അല്ലാഹു ഇഷ്‌ടപ്പെടാതിരിക്കുന്നതും, അവര്‍ക്കതിന് പ്രേരണ നല്‍കാതെ അവരെ തടഞ്ഞുവെച്ചതും എന്ന് താല്‍പര്യം. ‘അവര്‍ക്ക് ചെവികൊടുക്കുന്ന ആളുകള്‍ നിങ്ങളിലുണ്ട്’ എന്ന് പറഞ്ഞത് വിശ്വാസം ദൃഢപ്പെട്ടു കഴിഞ്ഞിട്ടില്ലാത്ത ദുര്‍ബ്ബല വിശ്വാസികള്‍, ദീര്‍ഘദൃഷ്‌ടിയും സൂക്ഷ്‌മ ബുദ്ധിയുമില്ലാത്ത സാത്വികന്മാരായ ആളുകള്‍ എന്നിവരെയൊക്കെ ഉദ്ദേശിച്ചാകുന്നു.
- لَقَدِ ٱبْتَغَوُا۟ ٱلْفِتْنَةَ مِن قَبْلُ وَقَلَّبُوا۟ لَكَ ٱلْأُمُورَ حَتَّىٰ جَآءَ ٱلْحَقُّ وَظَهَرَ أَمْرُ ٱللَّهِ وَهُمْ كَـٰرِهُونَ ﴾٤٨﴿
- (നബിയെ) മുമ്പ് (തന്നെ) അവര്‍ കുഴപ്പത്തിന് ആഗ്രഹിക്കുകയും, നിനക്ക് കാര്യങ്ങളെ (അവതാളത്തിലാക്കുവാന്‍) തിരിച്ചുമറിക്കുകയും ചെയ്‌കയുണ്ടായിട്ടുണ്ട്. അങ്ങനെ, (അവസാനം) യഥാര്‍ഥം വരുകയും, അല്ലാഹുവിന്‍റെ കാര്യം (വിജയിച്ചു) പ്രത്യക്ഷപ്പെടുകയും ചെയ്‌തു, അവര്‍ വെറുക്കുന്നവരായിരിക്കെ.
- لَقَدِ ابْتَغَوُا അവര്‍ തേടുക (ആഗ്രഹിക്കുക) യുണ്ടായിട്ടുണ്ട് الْفِتْنَةَ കുഴപ്പത്തെ مِن قَبْلُ മുമ്പേ, മുമ്പ് (തന്നെ) وَقَلَّبُوا അവര്‍ മറിച്ചിടുക (തിരിച്ചു മറിക്കുക-അവതാളത്തിലാക്കുക-സൂത്രപ്രയോഗം നടത്തുക)യും لَكَ നിനക്ക്, നിന്നോട് الْأُمُورَ കാര്യങ്ങളെ حَتَّىٰ جَاءَ അങ്ങനെ വന്നു, വരുന്നത്‌വരെ الْحَقُّ യഥാര്‍ഥം وَظَهَرَ പ്രത്യക്ഷപ്പെടുക (വിജയിക്കുക) യും ചെയ്‌തു أَمْرُ اللَّهِ അല്ലാഹുവിന്‍റെ കാര്യം وَهُمْ അവരാകട്ടെ, അവര്‍ ആയിരിക്കെ كَارِهُونَ വെറുക്കുന്നവരുമാണ് (അതൃപ്‌തര്‍)
കപടവിശ്വാസികളുടെ ഈ സ്വഭാവം പുതിയതൊന്നുമല്ല. മുമ്പുതന്നെ പലപ്പോഴും വിശിഷ്യാ -ഹിജ്‌റഃയുടെ ആദ്യകാലങ്ങളിലും ഉഹ്‌ദ് യുദ്ധം മുതലായ സന്ദര്‍ഭങ്ങളിലും- കുഴപ്പങ്ങളുണ്ടാക്കുവാന്‍ ശ്രമം നടത്തലും ഗൂഢപരിപാടികള്‍ വഴി കാര്യങ്ങള്‍ അവതാളത്തിലാക്കലും അവരുടെ പതിവാണല്ലോ. എന്നാലും അവസാനം, അവരുടെ ആഗ്രഹത്തിനും ഇഷ്‌ടത്തിനും എതിരായി അല്ലാഹുവിന്‍റെ സഹായം നിങ്ങള്‍ക്ക് യഥാര്‍ത്ഥമായിത്തീരുകയും, അവന്‍റെ മതത്തിന് വിജയം കൈവരുകയും തന്നെ ചെയ്‌തു.
- وَمِنْهُم مَّن يَقُولُ ٱئْذَن لِّى وَلَا تَفْتِنِّىٓ ۚ أَلَا فِى ٱلْفِتْنَةِ سَقَطُوا۟ ۗ وَإِنَّ جَهَنَّمَ لَمُحِيطَةٌۢ بِٱلْكَـٰفِرِينَ ﴾٤٩﴿
- അവരിലുണ്ട്: 'എനിക്ക് സമ്മതം നല്‍കണം- എന്നെ കുഴപ്പത്തിലാക്കരുതേ! എന്ന് പറയുന്ന ചിലര്‍. അല്ലാ (അറിഞ്ഞേക്കുക) ! കുഴപ്പത്തില്‍തന്നെയാണവര്‍ വീണിരിക്കുന്നത്. നിശ്ചയമായും 'ജഹന്നം' [നരകം] അവിശ്വാസികളെ വലയം ചെയ്‌തുകൊണ്ടിരിക്കുന്നത് തന്നെയാകുന്നു.
- وَمِنْهُم അവരിലുണ്ട്. അവരില്‍പെട്ടവരാണ് مَّن يَقُولُ പറയുന്ന ചിലര്‍ ائْذَن لِّي എനിക്കു സമ്മതം നല്‍കണം وَلَا تَفْتِنِّي എന്നെ കുഴപ്പത്തിലാക്കുകയും അരുത് أَلَا അല്ലാ അറിയുക فِي الْفِتْنَةِ കുഴപ്പത്തില്‍ (തന്നെ) سَقَطُوا അവര്‍ വീണിരിക്കുന്നു, പതിച്ചു وَإِنَّ جَهَنَّمَ നിശ്ചയമായും ജഹന്നമാകട്ടെ لَمُحِيطَةٌ വലയം ചെയ്യുന്നത് (ചൂഴ്‌ന്നു നില്‍ക്കുന്നത്) തന്നെ بِالْكَافِرِينَ അവിശ്വാസികളെ
കപടവിശ്വാസികളില്‍പെട്ട ചിലരെപ്പറ്റിതന്നെയാണ് ഈ പ്രസ്‌താവനയെന്ന് പറയേണ്ടതില്ല. കപടവിശ്വാസികളുടെ തനിനിറം തുറന്നുകാട്ടുന്ന വേറെയും പല പ്രസ്‌താവനകള്‍ ഇതുപോലെ താഴെ ഇനിയും കാണാവുന്നതാണ്. എനിക്ക് ഈ യുദ്ധയാത്രയില്‍ നിന്നു ഒഴിവ് നല്‍കാതിരുന്നാല്‍ ഞാന്‍ കുഴപ്പത്തിലാകും, അതുകൊണ്ട് എനിക്ക് ഒഴിവനുവദിക്കണേ എന്ന് അവര്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യോട് അപേക്ഷിക്കുന്നു. യുദ്ധത്തില്‍ പങ്കെടുക്കുവാന്‍ ആഗ്രഹമില്ലായ്‌കയല്ല, കുഴപ്പം ഭയന്നു പോരാതിരിക്കുവാന്‍ ഞാന്‍ നിര്‍ബന്ധിതനായിരിക്കുകയാണ്. അങ്ങുന്ന് എനിക്ക് സമ്മതം നല്‍കാതിരുന്നാല്‍ ഞാന്‍ കല്‌പന ലംഘിച്ചവനായിത്തീരുമല്ലോ- അതിനിടയാക്കരുതേ -എന്നുള്ള അര്‍ഥത്തിലും, എനിക്ക് ഒഴിവ് നല്‍കാത്തപക്ഷം, എന്‍റെ കുടുംബവും സ്വത്തും നോക്കുവാന്‍ ആളില്ലാതെ വിഷമത്തിലാകും- അതിന് ഇടയാക്കരുതേ- എന്നുള്ള അര്‍ഥത്തിലും അവരുടെ ഈ വാക്കിന് വ്യാഖ്യാനം നല്‍കപ്പെട്ടിട്ടുണ്ട്.
എങ്കിലും താഴെ കാണുന്ന രിവായത്തിലും മറ്റും കാണുന്നതുപോലെ, ഒരു പ്രത്യേക സംഭവമാണ് ഈ വചനത്തില്‍ സൂചിപ്പിക്കപ്പെട്ടിരിക്കുന്നത് എന്ന് മനസ്സിലാകുന്നു. ഇബ്‌നുല്‍ മുന്‍ദിര്‍, ത്വബ്‌റാനീ (റ) മുതലായവര്‍ ഇബ്‌നു അബ്ബാസ് (റ)ല്‍ നിന്ന് ഇങ്ങിനെ ഉദ്ധരിച്ചിരിക്കുന്നു: തബൂക്കിലേക്ക് പടയെടുപ്പിനുദ്ദേശിച്ചപ്പോള്‍ (ബനൂസലമഃ ഗോത്രക്കാരനായ) ജദ്ദുബ്‌നു കൈ്വസിനോട് ചോദിക്കുകയുണ്ടായി: `മഞ്ഞ വര്‍ഗക്കാരോട് (*) സമരം ചെയ്യുന്നതിനെക്കുറിച്ച് താന്‍ എന്തുപറയുന്നു?’ അവന്‍ പറഞ്ഞു: `ഞാന്‍ പല ഭാര്യമാരുള്ള ഒരു പുരുഷനാണ്. ഞാന്‍ മഞ്ഞ വര്‍ഗക്കാരുടെ സ്‌ത്രീകളെ കാണുന്ന മാത്രയില്‍ കുഴപ്പത്തിലകപ്പെട്ടേക്കും. (**) അതുകൊണ്ട് എനിക്ക് (ഒഴിവാകുവാന്‍) സമ്മതം നല്‍കണം. എന്നെ കുഴപ്പത്തിലാക്കരുത്, ഇത് സംബന്ധിച്ച് ഈ (49-ാം) വചനം അവതരിച്ചു. ഇതുപോലെ, ആഇശ, ജാബിര്‍ (റ) എന്നിവരില്‍ നിന്നും രിവായത്തുകള്‍ വന്നിരിക്കുന്നു.
ഏതായാലും ഉദ്ദേശ്യശുദ്ധിയോടുകൂടിയല്ല അവര്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യോട് സമ്മതം ചോദിച്ചതെന്നും, അവര്‍ ആ യാത്രയില്‍ പങ്കെടുക്കാന്‍ തീരെ ഉദ്ദേശിക്കാത്തവരാണെന്നും വ്യക്തംതന്നെ. `കുഴപ്പം’ (فتنة) കൊണ്ട് അവര്‍ ഉദ്ദേശിച്ചത് മേല്‍ കണ്ട ഏതു കാര്യമായിരുന്നാലും ശരി, അതിനേക്കാള്‍ വമ്പിച്ച കുഴപ്പത്തിലാണ് അവര്‍ ചാടിയിരിക്കുന്നതെന്ന് അല്ലാഹു അറിയിക്കുന്നു. അതായത് അവിശ്വാസവും കാപട്യവുമാകുന്ന കുഴപ്പത്തിലാണവര്‍ അകപ്പെട്ടിരിക്കുന്നത്. അതിന്‍റെ ഫലമാകട്ടെ അതികഠിനവും ശാശ്വതവുമായ നരകവും!
(*) യൂറോപ്യന്‍മാരെപ്പറ്റി നാം ‘വെള്ളക്കാര്‍’ എന്ന് പറയാറുള്ളതുപോലെ അറബികള്‍ അവരെപ്പറ്റി മഞ്ഞവര്‍ഗക്കാര്‍ (بنو الاصفر) എന്ന് പറഞ്ഞിരുന്നു. യൂറോപ്യന്‍ രാജ്യമായ റോമക്കാരുടെ കീഴിലായിരുന്ന് അന്നു ശാം രാജ്യങ്ങള്‍. അതുകൊണ്ടാണ് സമരം മഞ്ഞവര്‍ഗക്കാരോടെന്ന് പറഞ്ഞത്.
(**) വെള്ളക്കാരുടെ സ്‌ത്രീകളെ കാണുമ്പോള്‍ എന്‍റെ മനസ്സു ഇടറിപ്പോകുമെന്നര്‍ഥം.
- إِن تُصِبْكَ حَسَنَةٌ تَسُؤْهُمْ ۖ وَإِن تُصِبْكَ مُصِيبَةٌ يَقُولُوا۟ قَدْ أَخَذْنَآ أَمْرَنَا مِن قَبْلُ وَيَتَوَلَّوا۟ وَّهُمْ فَرِحُونَ ﴾٥٠﴿
- (നബിയേ) നിനക്ക് വല്ല നന്‍മയും ബാധിക്കുന്നപക്ഷം അതവര്‍ക്ക് അസുഖമുണ്ടാക്കും; നിനക്ക് വല്ല വിപത്തും ബാധിക്കുന്നപക്ഷം, അവര്‍ പറയുകയും ചെയ്യും; `ഞങ്ങളുടെ കാര്യം (മുന്‍കരുതല്‍) ഞങ്ങള്‍ മുമ്പേ എടുത്തിട്ടുണ്ട്' എന്ന്; ആഹ്ലാദിക്കുന്നവരായും കൊണ്ട് അവര്‍ തിരിഞ്ഞുപോകുകയും ചെയ്യും.
- إِن تُصِبْكَ നിന്നെ (നിനക്ക്) ബാധിക്കുന്നപക്ഷം حَسَنَةٌ വല്ല നന്‍മയും, നല്ല കാര്യവും تَسُؤْهُمْ അതവരെ വെറുപ്പിക്കും, അസുഖമുണ്ടാക്കും, മോശപ്പെടുത്തും وَإِن تُصِبْكَ നിനക്കു ബാധിക്കുന്ന (എത്തുന്ന) പക്ഷം مُصِيبَةٌ വല്ല ബാധയും, വിപത്തും يَقُولُوا അവര്‍ പറയും قَدْ أَخَذْنَا ഞങ്ങള്‍ എടുത്തി (സ്വീകരിച്ചി)ട്ടുണ്ട് أَمْرَنَا ഞങ്ങളുടെ കാര്യം مِن قَبْلُ മുമ്പേ وَيَتَوَلَّوا അവര്‍ തിരിഞ്ഞുപോകയും ചെയ്യും وَّهُمْ അവരായിക്കൊണ്ട് فَرِحُونَ ആഹ്ലാദിക്കുന്നവര്‍, സന്തോഷം (പുളകം) കൊള്ളുന്നവര്‍
വിജയം, ഗനീമത്ത് മുതലായ വല്ല ഗുണങ്ങളും നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ക്കും സത്യവിശ്വാസികള്‍ക്കും യുദ്ധത്തില്‍ ലഭിക്കുന്നത് അവര്‍ക്ക് വെറുപ്പാണ്. നേരെ മറിച്ചു അവര്‍ക്ക് വല്ല അനിഷ്‌ടങ്ങളും സംഭവിച്ചാല്‍, അതില്‍ അവര്‍ സന്തോഷം കൊള്ളുകയും, ഞങ്ങള്‍ നേരത്തെതന്നെ മുന്‍കരുതലെടുത്തു- അതുകൊണ്ട് ഞങ്ങള്‍ക്കതു ബാധിക്കാതെ കഴിഞ്ഞു-എന്ന് അഹങ്കരിക്കുകയും ചെയ്യും എന്ന് സാരം. അവര്‍ വളരെ ദീര്‍ഘദൃഷ്‌ടിയും, അകലക്കാഴ്‌ചയുമുള്ളവരാണ്, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ക്കും സ്വഹാബികള്‍ക്കും വിവേകവും മുന്‍കരുതലുമില്ലാത്തതു കൊണ്ടാണ് ആപത്ത് പിണയുന്നത് എന്നൊക്കെയാണല്ലോ അവരുടെ വാക്കിലെ സൂചന. ഇതിന് ഇങ്ങിനെ മറുപടി നല്‍കുവാന്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യോട് അല്ലാഹു കല്‍പിക്കുന്നു:-
- قُل لَّن يُصِيبَنَآ إِلَّا مَا كَتَبَ ٱللَّهُ لَنَا هُوَ مَوْلَىٰنَا ۚ وَعَلَى ٱللَّهِ فَلْيَتَوَكَّلِ ٱلْمُؤْمِنُونَ ﴾٥١﴿
- നീ പറയുക: ഞങ്ങള്‍ക്ക് അല്ലാഹു (നിശ്ചയിച്ച്) രേഖപ്പെടുത്തിയതല്ലാതെ (ഒന്നും) ഞങ്ങളെ ബാധിക്കുകയില്ല തന്നെ. അവന്‍ ഞങ്ങളുടെ യജമാനനാകുന്നു. അല്ലാഹുവിന്‍റെ മേല്‍ ഭരമേല്‍പിച്ചുകൊള്ളട്ടെ - സത്യവിശ്വാസികള്‍.
- قُل നീ പറയുക لَّن يُصِيبَنَا ഞങ്ങളെ ബാധിക്കുകയേ ഇല്ല إِلَّا യാതൊന്നല്ലാതെ مَا كَتَبَ اللَّهُ അല്ലാഹു രേഖപ്പെടുത്തിയ لَنَا ഞങ്ങള്‍ക്ക് هُوَ അവന്‍ مَوْلَانَا ഞങ്ങളുടെ യജമാനനാണ് وَعَلَى اللَّهِ അല്ലാഹുവിന്‍റെമേല്‍ فَلْيَتَوَكَّلِ ഭരമേല്‍പിച്ചുകൊള്ളട്ടെ الْمُؤْمِنُونَ സത്യവിശ്വാസികള്‍
അല്ലാഹു നിശ്ചയിച്ചുവെച്ചതിനപ്പുറം ഒന്നും സംഭവിക്കാന്‍ പോകുന്നില്ല. മുന്‍കരുതലുകള്‍കൊണ്ടൊന്നും അതില്ലാതാക്കുവാന്‍ സാധ്യമല്ല. ഞങ്ങളുടെ യജമാനന്‍ അവനായതുകൊണ്ട് അവന്‍റെ കല്‍പനയനുസരിക്കുകയേ ഞങ്ങള്‍ക്ക് നിവൃത്തിയുള്ളൂ. എല്ലാകാര്യവും അവനില്‍ അര്‍പ്പിക്കുകയാണ് സത്യവിശ്വാസികള്‍ ചെയ്യേണ്ടത്. അതാണ് ഞങ്ങള്‍ ചെയ്യുന്നതും എന്ന് സാരം. ഈ പൊതുതത്വം ഓര്‍മിപ്പിച്ചശേഷം, അവരോട് വീണ്ടും പറയുവാന്‍ കല്‍പിക്കുന്നു:-
- قُلْ هَلْ تَرَبَّصُونَ بِنَآ إِلَّآ إِحْدَى ٱلْحُسْنَيَيْنِ ۖ وَنَحْنُ نَتَرَبَّصُ بِكُمْ أَن يُصِيبَكُمُ ٱللَّهُ بِعَذَابٍ مِّنْ عِندِهِۦٓ أَوْ بِأَيْدِينَا ۖ فَتَرَبَّصُوٓا۟ إِنَّا مَعَكُم مُّتَرَبِّصُونَ ﴾٥٢﴿
- നീ പറയുക: 'ഏറ്റം നല്ലതായ രണ്ടു കാര്യങ്ങളിലൊന്നല്ലാതെ, ഞങ്ങളെ സംബന്ധിച്ചു നിങ്ങള്‍ പ്രതീക്ഷിക്കുന്നുവോ?! ഞങ്ങളാകട്ടെ, അല്ലാഹുവിന്‍റെ പക്കല്‍നിന്ന് അല്ലെങ്കില്‍ ഞങ്ങളുടെ കൈകളാല്‍ - നിങ്ങള്‍ക്ക് വല്ല ശിക്ഷയെയും അവന്‍ ബാധിപ്പിക്കുമെന്നു നിങ്ങളെ സംബന്ധിച്ചു ഞങ്ങളും പ്രതീക്ഷിക്കുന്നു. അതിനാല്‍, നിങ്ങള്‍ പ്രതീക്ഷിച്ചുകൊള്ളുവിന്‍; ഞങ്ങള്‍ നിങ്ങളോടൊപ്പം പ്രതീക്ഷിച്ചു കൊണ്ടിരിക്കുന്നവരാകുന്നു.
- قُلْ നീ പറയുക هَلْ تَرَبَّصُونَ നിങ്ങള്‍ പ്രതീക്ഷിക്കുന്നുവോ, കാത്തിരിക്കുന്നുവോ بِنَا ഞങ്ങളില്‍, ഞങ്ങളെ സംബന്ധിച്ചു إِلَّا إِحْدَى ഒരു കാര്യമല്ലാതെ الْحُسْنَيَيْنِ ഏറ്റം നല്ല രണ്ടു നന്മകളില്‍ وَنَحْنُ ഞങ്ങളാകട്ടെ, ഞങ്ങളും (തന്നെ) نَتَرَبَّصُ പ്രതീക്ഷിച്ചു (കാത്തു) കൊണ്ടിരിക്കുന്നു بِكُمْ നിങ്ങളെപ്പറ്റി أَن يُصِيبَكُمُ നിങ്ങള്‍ക്ക് ബാധിപ്പിക്കുന്നതിനെ اللَّهُ അല്ലാഹു بِعَذَابٍ വല്ല ശിക്ഷയെയും مِّنْ عِندِهِ അവന്‍റെ പക്കല്‍ നിന്നുള്ള أَوْ بِأَيْدِينَا അല്ലെങ്കില്‍ ഞങ്ങളുടെ കൈകളാല്‍, കൈക്ക് فَتَرَبَّصُوا അതിനാല്‍ (എന്നാല്‍) നിങ്ങള്‍ പ്രതീക്ഷിക്കുവിന്‍ إِنَّا مَعَكُم നിശ്ചയമായും ഞങ്ങള്‍ مُّتَرَبِّصُونَ നിങ്ങളോടൊപ്പം പ്രതീക്ഷിച്ചുകൊണ്ടിരിക്കുന്നവരാണ് (കാത്തിരിക്കുന്നു)
സമരം (യുദ്ധം) മുഖേന ഞങ്ങള്‍ക്ക് സംഭവിക്കാനുള്ളത് രണ്ടിലൊരു കാര്യമാണ്. ഒന്നുകില്‍ വിജയം, അല്ലെങ്കില്‍ വീരമരണം അഥവാ രക്തസാക്ഷിത്വം. രണ്ടായാലും അത് ഞങ്ങള്‍ക്ക് വമ്പിച്ച നന്‍മ തന്നെ. ഇതിലപ്പുറം ഞങ്ങളെക്കുറിച്ച് നിങ്ങള്‍ക്ക് പ്രതീക്ഷിക്കുവാനില്ല. അതേസമയം ഞങ്ങള്‍ക്ക് നിങ്ങളെക്കുറിച്ച് പ്രതീക്ഷിക്കുവാനുള്ളത് ഏറ്റവും മോശപ്പെട്ട രണ്ടു കാര്യങ്ങളാണ്. ഒന്നുകില്‍, അല്ലാഹു നിങ്ങള്‍ക്ക് എന്തെങ്കിലും വമ്പിച്ച ശിക്ഷ നല്‍കി നിങ്ങളെ നശിപ്പിക്കുക. അല്ലെങ്കില്‍, നിങ്ങളുടെ രഹസ്യം വെളിക്കുവരുത്തി ഞങ്ങളുടെ കൈകളാല്‍ നിങ്ങളെ നശിപ്പിക്കുക. നിങ്ങളുടെ ഈ ദുഃസ്ഥിതി നിങ്ങള്‍ മാറ്റാത്തപക്ഷം രണ്ടിലൊന്ന് നിങ്ങള്‍ക്കു സംഭവിക്കുക തന്നെ ചെയ്യും. അതുകൊണ്ട് ഇരുകൂട്ടരും കാത്തിരിക്കുക: സംഭവിക്കുന്നതെന്താണെന്ന് നമുക്ക് കാണാമല്ലോ.
- قُلْ أَنفِقُوا۟ طَوْعًا أَوْ كَرْهًا لَّن يُتَقَبَّلَ مِنكُمْ ۖ إِنَّكُمْ كُنتُمْ قَوْمًا فَـٰسِقِينَ ﴾٥٣﴿
- നീ പറയുക: 'നിങ്ങള്‍ അനുസരണപൂര്‍വം, അല്ലെങ്കില്‍ വെറുപ്പായിക്കൊണ്ട് [തൃപ്‌തിപ്പെട്ടുകൊണ്ടോ തൃപ്‌തികൂടാതെയോ] ചിലവഴിച്ചുകൊള്ളുക, (രണ്ടായാലും) നിങ്ങളില്‍ നിന്ന് അത് സ്വീകരിക്കപ്പെടുന്നതേയല്ല. (കാരണം) നിശ്ചയമായും നിങ്ങള്‍, തോന്നിയവാസികളായ ഒരു ജനതയായിരിക്കുന്നു:'
- قُلْ നീ പറയുക أَنفِقُوا നിങ്ങള്‍ ചിലവഴിച്ചുകൊള്ളുവിന്‍ طَوْعًا അനുസരണപൂര്‍വം സ്വമേധയാ (തൃപ്‌തിയോടെ) أَوْ كَرْهًا അല്ലെങ്കില്‍ വെറുത്തുകൊണ്ട് (അതൃപ്‌തിയോടെ) لَّن يُتَقَبَّلَ സ്വീകരിക്കപ്പെടുകയേ ഇല്ല (ഇല്ല തന്നെ) مِنكُمْ നിങ്ങളില്‍നിന്ന് إِنَّكُمْ നിശ്ചയമായും നിങ്ങള്‍ كُنتُمْ നിങ്ങളായിരിക്കുന്നു, ആകുന്നു قَوْمًا ഒരുജനത فَاسِقِينَ തോന്നിയവാസി (തെമ്മാടി) കളായ
കപടവിശ്വാസികള്‍ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ ചിലവഴിക്കുന്നത് നിര്‍ബന്ധം കൂടാതെ സ്വേഷ്‌ടപ്രകാരമായാലും ഇഷ്‌ടമില്ലാതെ നിര്‍ബ്ബന്ധത്തിനോ മറ്റോ വഴങ്ങിക്കൊണ്ടായാലും അല്ലാഹുവിങ്കല്‍ അത് സ്വീകാര്യമല്ലെന്ന് അല്ലാഹു വ്യക്തമാക്കുന്നു. അവര്‍ക്കതില്‍ ആത്മാര്‍ഥതയുണ്ടാകയില്ലല്ലോ. ഇതിന് കാരണമായി അല്ലാഹു പറഞ്ഞത് അവര്‍തോന്നിയവാസികളാണെന്നുള്ളതാണ്. അതിനൊരു വിശദീകരണമത്രെ അടുത്ത വചനം:-
- وَمَا مَنَعَهُمْ أَن تُقْبَلَ مِنْهُمْ نَفَقَـٰتُهُمْ إِلَّآ أَنَّهُمْ كَفَرُوا۟ بِٱللَّهِ وَبِرَسُولِهِۦ وَلَا يَأْتُونَ ٱلصَّلَوٰةَ إِلَّا وَهُمْ كُسَالَىٰ وَلَا يُنفِقُونَ إِلَّا وَهُمْ كَـٰرِهُونَ ﴾٥٤﴿
- അവരില്‍ നിന്ന് അവരുടെ (വക) ചിലവുകള്‍ സ്വീകരിക്കപ്പെടുന്നതിന് അവരെ തടസ്സം ചെയ്‌തിട്ടില്ല, അവര്‍, അല്ലാഹുവിലും അവന്‍റെ റസൂലിലും അവിശ്വസിച്ചിരിക്കുന്നുവെന്നതല്ലാതെ; മടിയന്‍മാരായും കൊണ്ടല്ലാതെ, അവര്‍ നമസ്‌കാരത്തിനു ചെല്ലുകയുമില്ല; വെറുത്തവരായും കൊണ്ടല്ലാതെ, അവര്‍ ചിലവഴിക്കുകയുമില്ല. [ഇതൊക്കെയാണതിന്ന് തടസ്സം]
- وَمَا مَنَعَهُمْ അവരെ മുടക്കി (അവര്‍ക്ക് തടസ്സം വരുത്തി)യിട്ടില്ല أَن تُقْبَلَ സ്വീകരിക്കപ്പെടുന്നതിന് مِنْهُمْ അവരില്‍ നിന്ന് نَفَقَاتُهُمْ അവരുടെ ചിലവുകള്‍ إِلَّا أَنَّهُمْ അവര്‍ (ആകുന്നു) എന്നതല്ലാതെ كَفَرُوا അവര്‍ അവിശ്വസിച്ചു (വെന്നത്) بِاللَّهِ അല്ലാഹുവില്‍ وَبِرَسُولِهِ അവന്‍റെ റസൂലിലും وَلَا يَأْتُونَ അവര്‍ചെല്ലുക (വരുക)യുമില്ല (എന്നതും) الصَّلَاةَ നമസ്‌കാരത്തിന്, നമസ്‌കാരത്തിങ്കല്‍ إِلَّا وَهُمْ അവരായും കൊണ്ടല്ലാതെ كُسَالَىٰ മടിയന്‍മാര്‍ وَلَا يُنفِقُونَ അവര്‍ ചിലവഴിക്കുകയുമില്ല إِلَّا وَهُمْ അവരായും കൊണ്ടല്ലാതെ كَارِهُونَ വെറുത്തവര്‍, ഇഷ്‌ടമില്ലാത്തവര്‍
നിഷ്‌കളങ്കമായ സത്യവിശ്വാസം സ്വീകരിച്ചുകൊണ്ട് സന്‍മനസ്സോടുകൂടി ചെയ്യുന്ന സല്‍ക്കര്‍മങ്ങളും ദാനധര്‍മങ്ങളും മാത്രമേ അല്ലാഹു സ്വീകരിക്കുകയുള്ളുവെന്ന് അല്ലാഹു പലപ്പോഴും വ്യക്തമാക്കിയിട്ടുള്ളതാണ് إِنَّمَا يَتَقَبَّلُ الَّلهُ مِنَ الْمُتَّقِين (സുക്ഷ്‌മത പാലിക്കുന്നവരില്‍ നിന്ന് മാത്രമേ അല്ലാഹു സ്വീകരിക്കുകയുള്ളൂ)
- فَلَا تُعْجِبْكَ أَمْوَٰلُهُمْ وَلَآ أَوْلَـٰدُهُمْ ۚ إِنَّمَا يُرِيدُ ٱللَّهُ لِيُعَذِّبَهُم بِهَا فِى ٱلْحَيَوٰةِ ٱلدُّنْيَا وَتَزْهَقَ أَنفُسُهُمْ وَهُمْ كَـٰفِرُونَ ﴾٥٥﴿
- എന്നിരിക്കെ, അവരുടെ സ്വത്തുക്കളാകട്ടെ, മക്കളാകട്ടെ, നിന്നെ ആശ്ചര്യപ്പെടുത്തരുത്. നിശ്ചയമായും, അല്ലാഹു ഉദ്ദേശിക്കുന്നത്, അവമൂലം ഇഹലോക ജീവിതത്തില്‍ അവരെ ശിക്ഷിക്കുവാനും അവര്‍ അവിശ്വാസികളായുംകൊണ്ട് അവരുടെ ജീവന്‍ പോകുവാനും തന്നെയാകുന്നു.
- فَلَا تُعْجِبْكَ അതിനാല്‍ (എന്നിരിക്കെ) നിന്നെ ആശ്ചര്യ (അല്‍ഭുത)പ്പെടുത്തരുത് أَمْوَالُهُمْ അവരുടെ സ്വത്തുക്കള്‍ وَلَا أَوْلَادُهُمْ അവരുടെ മക്കളും (സന്താനങ്ങളും) അരുത് إِنَّمَا നിശ്ചയമായും (മാത്രം തന്നെ) يُرِيدُ ഉദ്ദേശിക്കുന്നു اللَّهُ അല്ലാഹു لِيُعَذِّبَهُم അവരെ ശിക്ഷിക്കുവാന്‍ (തന്നെ-മാത്രം) بِهَا അവകൊണ്ടു (മൂലം) فِي الْحَيَاةِ الدُّنْيَا ഇഹലോക ജീവിതത്തില്‍ وَتَزْهَقَ (നശിച്ചു) പോകുവാനും أَنفُسُهُمْ അവരുടെ ആത്മാക്കള്‍ (ജീവന്‍) وَهُمْ كَافِرُونَ അവര്‍ അവിശ്വാസികളായിക്കൊണ്ട്
അവര്‍ക്ക് കുറേ സ്വത്തുക്കളും മക്കളും ഉണ്ടെന്നു കണ്ട് അത്ഭുതപ്പെടുവാനൊന്നുമില്ല. അവരോടുള്ള സ്‌നേഹം കൊണ്ടോ, അവരുടെ ഗുണത്തിനും നന്‍മക്കും വേണ്ടിയോ അല്ലാഹു നല്‍കിയതാണ് അതൊക്കെയെന്ന് കരുതേണ്ട. അവരുടെ നിലപാട് മാറ്റാത്തിടത്തോളം അവര്‍ക്ക് അതൊക്കെ ഇഹത്തില്‍ ഒരു ശിക്ഷയായിരിക്കുന്നതാണ്. അവസാനം നരകാവകാശികളായ അവിശ്വാസികളായിക്കൊണ്ട് അവരുടെ ആയുഷ്‌ക്കാലം കഴിഞ്ഞുപോകുകയും ചെയ്യും. അതാണ് അല്ലാഹു ഉദ്ദേശിക്കുന്നത്. പ്രവാചകന്‍മാരുടെ മാര്‍ഗത്തില്‍ നിന്ന് ഭിന്നിച്ചുപോയവരെപ്പറ്റി അല്ലാഹു പറയുന്നു. أَيَحْسَبُونَ أَنَّمَا نُمِدُّهُم بِهِ مِن مَّالٍ وَبَنِينَ….. (സാരം: അവര്‍ക്ക് സ്വത്തും മക്കളും നല്‍കി നാം അയച്ചുകൊടുക്കുന്നത് അവര്‍ക്ക് നന്മകളില്‍ നാം വേഗതകൂട്ടുകയാണെന്ന് അവര്‍ കണക്കാക്കുന്നുവോ? പക്ഷേ, അവര്‍ക്ക് ബോധം വരുന്നില്ല. (23:55, 56) ഒരു ജനത അവരുടെ സ്ഥിതിഗതികള്‍ മാറ്റാതെ അല്ലാഹു അവരുടെ സ്ഥിതി മാറ്റുകയില്ല. (إِنَّ اللَّهَ لَا يُغَيِّرُ مَا بِقَوْمٍ حَتَّىٰ يُغَيِّرُوا مَا بِأَنفُسِهِمْ – الرعد 11)
സ്വത്തുക്കളും മക്കളും ഇഹത്തില്‍ അവര്‍ക്ക് ശിക്ഷയായിരിക്കുമെന്ന് പറഞ്ഞതിന്‍റെ താല്‍പര്യം: അവയുടെ സമ്പാദനം, നിലനില്‍പ്, അഭിവൃദ്ധി ആദിയായവക്കുവേണ്ടി വിശ്രമവും മനസ്സമാധാനവുമില്ലാതെ കഷ്‌ടപ്പെടേണ്ടി വരുക, അവമൂലം നാശനഷ്‌ടങ്ങളും ആപത്തുകളും അനുഭവിക്കേണ്ടിവരുക മുതലായവയാകുന്നു. സ്വത്തുക്കളും മക്കളും ഉണ്ടായത് നിമിത്തം കഷ്‌ടനഷ്‌ടങ്ങളും മനഃക്ലേശങ്ങളും അനുഭവിക്കേണ്ടി വരുന്നതിനെക്കാള്‍ നല്ലത് അവ ഇല്ലാതിരിക്കലാണെന്ന് പറയേണ്ടതില്ലല്ലോ. അതോടുകൂടി പരലോകത്ത് അവനിമിത്തം ശിക്ഷ അനുഭവിക്കേണ്ടിവരുകയും ചെയ്‌തുവെങ്കിലോ? ആലോചിച്ചുനോക്കുക!
- وَيَحْلِفُونَ بِٱللَّهِ إِنَّهُمْ لَمِنكُمْ وَمَا هُم مِّنكُمْ وَلَـٰكِنَّهُمْ قَوْمٌ يَفْرَقُونَ ﴾٥٦﴿
- അവര്‍ അല്ലാഹുവിനെക്കൊണ്ട് ശപഥം ചെയ്യും: നിശ്ചയമായും അവര്‍ നിങ്ങളില്‍പെട്ടവര്‍ തന്നെയാണ് എന്ന്. (വാസ്‌തവത്തില്‍) അവര്‍ നിങ്ങളില്‍പെട്ടവരല്ലതാനും, പക്ഷേ അവര്‍, പേടിച്ചു കഴിയുന്ന ഒരു ജനതയാകുന്നു.
- وَيَحْلِفُونَ അവര്‍ ആണയിടുന്നു, സത്യം ചെയ്യും, ശപഥം ചെയ്യും بِاللَّهِ അല്ലാഹുവിനെക്കൊണ്ട് إِنَّهُمْ നിശ്ചയമായും അവര്‍ لَمِنكُمْ നിങ്ങളില്‍പെട്ട (വര്‍) തന്നെ എന്ന് وَمَا هُم അവരല്ലതാനും مِّنكُمْ നിങ്ങളില്‍പെട്ട(വര്‍) وَلَٰكِنَّهُمْ പക്ഷേ അവര്‍ قَوْمٌ ഒരു ജനതയാണ് يَفْرَقُونَ അവര്‍ പേടിച്ചു നടുങ്ങിക്കൊണ്ടിരിക്കുന്നു
- لَوْ يَجِدُونَ مَلْجَـًٔا أَوْ مَغَـٰرَٰتٍ أَوْ مُدَّخَلًا لَّوَلَّوْا۟ إِلَيْهِ وَهُمْ يَجْمَحُونَ ﴾٥٧﴿
- വല്ല രക്ഷാസ്ഥാനമോ, അല്ലെങ്കില്‍ വല്ല ഗുഹകളോ, അല്ലെങ്കില്‍ (ഒളിഞ്ഞു) കടന്നുകൂടാവുന്നവല്ല സ്ഥലമോ അവര്‍ കണ്ടെത്തിയിരുന്നുവെങ്കില്‍, കുറുമ്പുകാട്ടി (തിക്കിത്തിരക്കി) ക്കൊണ്ട് അവര്‍ അതിലേക്കു തിരിയുക തന്നെ ചെയ്യുമായിരുന്നു.
- لَوْ يَجِدُونَ അവര്‍ക്ക് കിട്ടി (അവര്‍ കണ്ടെത്തി)യിരുന്നെങ്കില്‍ مَلْجَأً വല്ല (ഒരു) രക്ഷാ (അഭയ) സ്ഥാനം أَوْ مَغَارَاتٍ അല്ലെങ്കില്‍ വല്ല ഗുഹകള്‍ أَوْ مُدَّخَلًا അല്ലെങ്കില്‍ ഒരു കടന്നുകൂടാവുന്ന സ്ഥാനം لَّوَلَّوْا അവര്‍ തിരിയുക തന്നെ ചെയ്യുമായിരുന്നു إِلَيْهِ അതിലേക്ക്, അതിന്‍റെ നേരെ وَهُمْ അവരായിക്കൊണ്ട് يَجْمَحُونَ അവര്‍ കുറുമ്പുകാട്ടി (തിക്കിത്തിരക്കി)ക്കൊണ്ട്
ഞങ്ങള്‍ സത്യവിശ്വാസികളാണ്, മുസ്‌ലിംകളാണ് എന്നിങ്ങനെ ഇടക്കിടെ കപടവിശ്വാസികള്‍ അല്ലാഹുവില്‍ ആണയിട്ടു പറഞ്ഞുകൊണ്ടിരിക്കുന്നത് അവരുടെ പേടികൊണ്ടു മാത്രമാണ്. ആത്മാര്‍ഥത അവരെ തൊട്ടുതീണ്ടിയിട്ടേയില്ല. നിങ്ങളുമായി വേറിട്ടുനില്‍ക്കുന്നപക്ഷം അവരെ നിങ്ങള്‍ ശത്രുക്കളായി ഗണിച്ചു അവരോട് സമരം നടത്തിയെങ്കിലോ എന്നും മറ്റുമുള്ള ഭയം നിമിത്തമാണ് അങ്ങിനെ ചെയ്യുന്നത്. നിങ്ങളില്‍ നിന്ന് അകന്നു നിന്ന് രക്ഷപ്പെടുവാനുള്ള എന്തെങ്കിലും ഒരു പഴുതോ പോംവഴിയോ അവര്‍ക്ക് വേറെ ഉണ്ടായിരുന്നുവെങ്കില്‍ വളരെ ബുദ്ധിമുട്ടിയെങ്കിലും അതവര്‍ ഉപയോഗപ്പെടുത്തുമായിരുന്നു. ഒന്നും കാണാത്തതു കൊണ്ടുമാത്രം ഈ കള്ളസത്യത്തിന്‍റെ മറവുപിടിച്ചു രക്ഷപ്പെടുവാന്‍ നോക്കുകയാണവര്‍ എന്ന് താല്‍പര്യം.
- وَمِنْهُم مَّن يَلْمِزُكَ فِى ٱلصَّدَقَـٰتِ فَإِنْ أُعْطُوا۟ مِنْهَا رَضُوا۟ وَإِن لَّمْ يُعْطَوْا۟ مِنْهَآ إِذَا هُمْ يَسْخَطُونَ ﴾٥٨﴿
- അവരിലുണ്ട്, ദാനധര്‍മങ്ങളുടെ (വിനിയോഗ) കാര്യത്തില്‍ നിന്നെ (ആക്ഷേപിച്ചു) കുറവാക്കുന്ന ചിലര്‍. എന്നാല്‍ അതില്‍ നിന്ന് അവര്‍ക്ക് കൊടുക്കപ്പെടുന്നപക്ഷം, അവര്‍ തൃപ്‌തിപ്പെടും; അവര്‍ക്കതില്‍ നിന്ന് കൊടുക്കപ്പെട്ടില്ലെങ്കിലോ, അപ്പോള്‍ (അതാ) അവര്‍ ക്രോധിക്കുന്നു!
- وَمِنْهُم അവരിലുണ്ട്, അവരില്‍പെട്ടതാണ് مَّن ചിലര്‍, യാതൊരുവന്‍ يَلْمِزُكَ നിന്നെ ആക്ഷേപിക്കുന്ന, കുറവാക്കുന്ന, അപഹസിക്കുന്ന فِي الصَّدَقَاتِ ധര്‍മങ്ങളില്‍ (ദാനധര്‍മങ്ങളുടെ കാര്യത്തില്‍) فَإِنْ أُعْطُوا എന്നാല്‍ അവര്‍ക്ക് കൊടുക്കപ്പെടുന്ന പക്ഷം مِنْهَا അതില്‍ (അവയില്‍) നിന്ന് رَضُوا അവര്‍ തൃപ്‌തിപ്പെട്ടു (തൃപ്‌തിപ്പെടും) وَإِن لَّمْ يُعْطَوْا അവര്‍ക്ക് കൊടുക്കപ്പെട്ടില്ലെങ്കിലാകട്ടെ مِنْهَا അതില്‍ നിന്ന് إِذَا هُمْ അപ്പോള്‍ (അതാ) അവര്‍ يَسْخَطُونَ ക്രോധിക്കുന്നു, കോപിക്കുന്നു
- وَلَوْ أَنَّهُمْ رَضُوا۟ مَآ ءَاتَىٰهُمُ ٱللَّهُ وَرَسُولُهُۥ وَقَالُوا۟ حَسْبُنَا ٱللَّهُ سَيُؤْتِينَا ٱللَّهُ مِن فَضْلِهِۦ وَرَسُولُهُۥٓ إِنَّآ إِلَى ٱللَّهِ رَٰغِبُونَ ﴾٥٩﴿
- അല്ലാഹുവും, അവന്‍റെ റസൂലും അവര്‍ക്ക് നല്‍കിയത് അവര്‍ തൃപ്‌തിപ്പെടുകയും, അവര്‍ (ഇങ്ങിനെ) പറയുകയും ചെയ്‌തിരുന്നെങ്കില്‍! `ഞങ്ങള്‍ക്ക് അല്ലാഹു മതി; അല്ലാഹുവിന്‍റെ അനുഗ്രഹത്തില്‍ നിന്ന് അവനും അവന്‍റെ റസൂലും (വഴിയെ) ഞങ്ങള്‍ക്ക് നല്‍കിക്കൊള്ളും; നിശ്ചയമായും ഞങ്ങള്‍, അല്ലാഹുവിങ്കലേക്ക് ആഗ്രഹം സമര്‍പ്പിക്കുന്നവരാകുന്നു.' [എന്നാല്‍ അതവര്‍ക്ക് വളരെ നന്നായിരുന്നേനെ!]
- وَلَوْ أَنَّهُمْ അവരായിരുന്നെങ്കില്‍ رَضُوا തൃപ്‌തിപ്പെട്ടു (എന്നിരുന്നെങ്കില്‍) مَا آتَاهُمُ അവര്‍ക്കു നല്‍കിയതിനെ اللَّهُ وَرَسُولُهُ അല്ലാഹുവും അവന്‍റെ റസൂലും وَقَالُوا അവര്‍ പറയുകയും ചെയ്‌തു(വെങ്കില്‍) حَسْبُنَا ഞങ്ങള്‍ക്ക് മതി اللَّهُ അല്ലാഹു سَيُؤْتِينَا വഴിയെ ഞങ്ങള്‍ക്ക്‌തരും, നല്‍കിക്കൊള്ളും اللَّهُ അല്ലാഹു مِن فَضْلِهِ അവന്‍റെ അനുഗ്രഹത്തില്‍ നിന്ന്, ദയവിനാല്‍ وَرَسُولُهُ അവന്‍റെ റസൂലും إِنَّا നിശ്ചയമായും ഞങ്ങള്‍ إِلَى اللَّهِ അല്ലാഹുവിങ്കലേക്കു رَاغِبُونَ ആഗ്രഹം സമര്‍പ്പിക്കുന്ന (ആഗ്രഹിച്ചു ചെല്ലുന്ന)വരാണ്
സകാത്തുപോലെയുള്ള പൊതുസ്വത്തുക്കള്‍ അവകാശികള്‍ക്ക് വീതിച്ചു കൊടുക്കുമ്പോള്‍ തങ്ങള്‍ക്ക് പ്രതീക്ഷിച്ചത്ര ലഭിക്കാതിരിക്കുന്ന പക്ഷം, ഈ വീതിക്കല്‍ നീതിപൂര്‍വ്വകമല്ലെന്നും, പക്ഷഭേദം കാണിച്ചുകൊണ്ടാണെന്നുമൊക്കെ പറഞ്ഞു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യെ കുറ്റപ്പെടുത്തുകയും, കുറവാക്കുകയും ചെയ്യുന്ന ചില ആളുകളും കപടവിശ്വാസികളിലുണ്ട്. അവര്‍ ഉദ്ദേശിക്കുന്നമാതിരി അവര്‍ക്ക് കിട്ടിയാല്‍ ഈ ആക്ഷേപം ഉണ്ടാകുകയുമില്ല. അത്ര കിട്ടാത്തപ്പോഴാണ് ഈ കോപവും ആക്ഷേപവുമൊക്കെ. തല്‍ക്കാലം, ലഭിച്ചതില്‍ തൃപ്‌തിപ്പെട്ടുകൊണ്ട് മേലില്‍ തങ്ങള്‍ക്ക് കൂടുതല്‍ ലഭിച്ചുകൊള്ളുമെന്ന് സമാധാനിച്ചുകൊണ്ടിരിക്കുകയും, അതിനായി അല്ലാഹുവിനോട് അപേക്ഷിക്കുകയും ചെയ്‌തിരുന്നെങ്കില്‍ അതായിരുന്നു അവര്‍ക്ക് വളരെ ഗുണകരം എന്നു സാരം. പൊതുസ്വത്തുക്കള്‍ വിതരണം ചെയ്യുമ്പോള്‍ ഉദ്ദേശിച്ചത്ര ലഭിക്കാത്തതിന്‍റെ പേരില്‍, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യോടു ചിലര്‍ മുറുമുറുക്കുകയും, ആക്ഷേപിക്കുകയും ചെയ്‌ത ഒന്നിലധികം സംഭവങ്ങള്‍ ഹദീഥ് ഗ്രന്ഥങ്ങളില്‍ കാണാവുന്നതാകുന്നു. ഉദാഹരണമായി:-
ഇബ്‌നു മസ്‌ഊദ് (റ) പറഞ്ഞതായി ഇപ്രകാരം നിവേദനം ചെയ്യപ്പെട്ടിരിക്കുന്നു: ഹുനൈനിലെ ഗനീമത്ത് ഭാഗിച്ചുകൊടുത്തപ്പോള്‍ ഒരാള്‍ ഇങ്ങിനെ പറയുന്നത് ഞാന്‍ കേട്ടു; `ഇത് അല്ലാഹുവിന്‍റെ പ്രീതി ഉദ്ദേശിച്ചു കൊണ്ടുള്ള ഭാഗിക്കലല്ല.’ ഞാനിത് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനി യെ അറിയിച്ചു. തിരുമേനി പറഞ്ഞു: `മൂസാ (അ)ക്ക് അല്ലാഹുവിന്‍റെ കാരുണ്യം ഉണ്ടാവട്ടെ! അദ്ദേഹം ഇതിനെക്കാള്‍ ദ്രോഹിക്കപ്പെടുകയുണ്ടായി. എന്നിട്ടദ്ദേഹം ക്ഷമിക്കുകയാണ് ചെയ്‌തത്.’ അബൂസഈദില്‍ഖുദ്‌രീ (റ) പറഞ്ഞതായി ബുഖാരിയും, മുസ്‌ലിമും (റ) ഉദ്ധരിച്ച ഒരു സംഭവത്തിന്‍റെ ചുരുക്കം ഇപ്രകാരമായിരുന്നു: നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) സ്വത്തുക്കള്‍ ഭാഗിക്കുമ്പോള്‍ ഞങ്ങള്‍ അവിടെയുണ്ടായിരുന്നു. ബനൂതമീം ഗോത്രത്തില്‍ നിന്ന് ഒരാള്‍ വന്നു പറയുകയുണ്ടായി: ` അല്ലാഹുവിന്‍റെ റസൂലേ, നീതിപാലിക്കണം.’ തിരുമേനി പറഞ്ഞു: `ഞാന്‍ നീതി പാലിച്ചില്ലെങ്കില്‍ ആര്‍ നീതി പാലിക്കും?!’ ഒരു രിവായത്തില്‍ ഇങ്ങിനെയും ഉണ്ട്: അപ്പോള്‍ ഉമര്‍ (റ) പറഞ്ഞു: `ഇവന്‍റെ കഴുത്തുവെട്ടുവാന്‍ എനിക്ക് സമ്മതം തരുക- നബിയേ!’ അപ്പോള്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞു: അവനെ വിട്ടേക്കൂ. അവന് ചില ആള്‍ക്കാരുണ്ട്. അവരുടെ നമസ്‌കാരവും നോമ്പും അപേക്ഷിച്ചു നിങ്ങളുടെ നമസ്‌കാരവും നോമ്പും ഒരാള്‍ക്ക് നിസ്സാരമായിത്തോന്നും. അവര്‍ ക്വുര്‍ആന്‍ ഓതും. അതവരുടെ തൊണ്ടക്കുഴി വിട്ടുകടക്കുകയില്ല. അമ്പെയ്യപ്പെട്ട ഉരുവിലൂടെ അമ്പ് പുറത്തു കടന്നുപോകുന്നതുപോലെ അവര്‍ മതത്തില്‍ നിന്ന് പുറത്തു കടന്നുപോകുന്നതാണ്.`
ആ കപട വിശ്വാസികള്‍ക്ക് അവരുടെ ഇഷ്‌ടംപോലെ സ്വത്തുവിഹിതം ലഭിക്കാത്തത് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ കുറ്റമോ കുറവോ കൊണ്ടല്ല: ധര്‍മസ്വത്തുക്കള്‍ വീതിക്കുന്നതിന് ചില വ്യവസ്ഥകളൊക്കെയുണ്ട്; എന്ന് സൂചിപ്പിച്ചുകൊണ്ട് ആരെല്ലാമാണ് അതിന്‍റെ അവകാശികള്‍ എന്ന് അടുത്ത വചനത്തില്‍ അല്ലാഹു വിവരിക്കുന്നു:-
വിഭാഗം - 8
- إِنَّمَا ٱلصَّدَقَـٰتُ لِلْفُقَرَآءِ وَٱلْمَسَـٰكِينِ وَٱلْعَـٰمِلِينَ عَلَيْهَا وَٱلْمُؤَلَّفَةِ قُلُوبُهُمْ وَفِى ٱلرِّقَابِ وَٱلْغَـٰرِمِينَ وَفِى سَبِيلِ ٱللَّهِ وَٱبْنِ ٱلسَّبِيلِ ۖ فَرِيضَةً مِّنَ ٱللَّهِ ۗ وَٱللَّهُ عَلِيمٌ حَكِيمٌ ﴾٦٠﴿
- നിശ്ചയമായും ധര്‍മങ്ങള്‍, ദരിദ്രന്‍മാര്‍ക്കും പാവപ്പെട്ടവര്‍ (അഥവാ സാധുക്കള്‍)ക്കും, അവക്കുവേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ക്കും, ഹൃദയങ്ങള്‍ ഇണക്കപ്പെട്ടവര്‍ക്കും, അടിമകളുടെ വിഷയത്തിലും, കടപ്പെട്ടവര്‍ക്കും, അല്ലാഹുവിന്‍റെമാര്‍ഗത്തിലും, വഴി (യാത്ര)ക്കാരനും തന്നെയാകുന്നു; (അതെ) അല്ലാഹുവില്‍ നിന്നുള്ള ഒരു (നിശ്ചിത) നിര്‍ബന്ധ നിയമം! അല്ലാഹു (എല്ലാം) അറിയുന്നവനും, അഗാധജ്ഞനുമാകുന്നു.
- إِنَّمَا നിശ്ചയമായും തന്നെ (മാത്രം) الصَّدَقَاتُ ധര്‍മങ്ങള്‍, ദാനധര്‍മങ്ങള്‍ لِلْفُقَرَاءِ ദരിദ്രന്‍മാര്‍ക്ക് (തന്നെമാത്രം) ആകുന്നു وَالْمَسَاكِينِ സാധുക്കള്‍ക്കും, പാവപ്പെട്ടവര്‍ക്കും وَالْعَامِلِينَ പ്രവര്‍ത്തിക്കുന്നവര്‍ക്കും, പ്രവൃത്തിക്കാര്‍ക്കും عَلَيْهَا അവയുടെ പേരില്‍ (അവക്കുവേണ്ടി) وَالْمُؤَلَّفَةِ ഇണക്കപ്പെട്ട (ഇണങ്ങിയ)വര്‍ക്കും قُلُوبُهُمْ തങ്ങളുടെ ഹൃദയങ്ങള്‍ وَفِي الرِّقَابِ അടിമകളിലും (അടിമകളുടെ വിഷയത്തിലും) وَالْغَارِمِينَ കടക്കാരായവര്‍ (കടപ്പെട്ടവര്‍)ക്കും وَفِي سَبِيلِ മാര്‍ഗത്തിലും اللَّهِ അല്ലാഹുവിന്‍റെ وَابْنِ السَّبِيلِ വഴിയുടെ ആള്‍ക്കും, വഴിപോക്കനും (വഴിയാത്രക്കാരനും) فَرِيضَةً നിശ്ചിത നിയമം (നിര്‍ബന്ധനിശ്ചയം) ആയിക്കൊണ്ട് مِّنَ اللَّهِ അല്ലാഹുവില്‍ നിന്നുള്ള وَاللَّهُ അല്ലാഹുവാകട്ടെ عَلِيمٌ അറിയുന്നവനാണ് حَكِيمٌ യുക്തിമാനാണ്, അഗാധജ്ഞനാണ്
ധര്‍മങ്ങള്‍ (الصَّدَقَاتُ) എന്ന വാക്കില്‍ എല്ലാവിധ ദാനധര്‍മങ്ങളും ഉള്‍പ്പെടുമെങ്കിലും നിര്‍ബന്ധ ധര്‍മമായ സകാത്താണ് ഇവിടെ പ്രധാനമായും ഉദ്ദേശ്യം. പൊതുവെ ദാനധര്‍മങ്ങളെല്ലാം നല്‍കപ്പെടുവാന്‍ അര്‍ഹത ഈ വചനത്തില്‍ പറയപ്പെട്ട കൂട്ടര്‍ക്കുതന്നെ. എങ്കിലും അവരില്‍ ഉള്‍പ്പെടാത്തവര്‍ക്കും നല്‍കുന്നതിന് വിരോധമില്ല. അല്ലാഹു പറയുന്നു إِن تُبْدُوا الصَّدَقَاتِ فَنِعِمَّا هِيَ….. (നിങ്ങള്‍ ദാനധര്‍മങ്ങളെ വെളിവാക്കിക്കൊടുത്താലും അത് വളരെ നല്ലതാണ്. നിങ്ങളവയെ മറച്ചുവെക്കുകയും ദരിദ്രന്‍മാര്‍ക്ക് കൊടുക്കുകയും ചെയ്യുന്നപക്ഷം അത് നിങ്ങള്‍ക്ക് കൂടുതല്‍ നല്ലതായിരിക്കും. (2:271) അപ്പോള്‍, അവ ധനികന്‍മാര്‍ക്ക് കൊടുക്കുന്നതിനും വിരോധമില്ലെന്നു ഈ വചനത്തില്‍ നിന്നു വ്യക്തമാകുന്നു. നേരെമറിച്ചു സകാത്തിനെപ്പറ്റി صَدَقَةً تُؤْخَذُ مِنْ أَغْنِيَائِهِمْ فَتُرَدُّ عَلَى فُقَرَائِهِمْ ധനികന്‍മാരില്‍ നിന്നു വാങ്ങി ദരിദ്രര്‍ക്ക് കൊടുക്കപ്പെടുന്നധര്‍മം) എന്ന് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പ്രസ്‌താവിച്ചിട്ടുണ്ട്. (ബു.മു.) ചുരുക്കത്തില്‍, സകാത്തിനെ സംബന്ധിച്ചിടത്തോളം ഈ എട്ടു കൂട്ടരില്‍ ഉള്‍പ്പെടാത്തവര്‍ക്ക് അത് കൊടുക്കുവാന്‍ പാടില്ലാത്തതാകുന്നു. എട്ടുകൂട്ടര്‍ നിലവിലില്ലെങ്കില്‍ ഉള്ളവര്‍ക്ക് നല്‍കേണ്ടതാണ്. എല്ലാ കൂട്ടര്‍ക്കും സമമായി വീതിക്കണമെന്നത്രെ ഇമാം ശാഫിഈ (റ)യുടെയും ഒരു വിഭാഗം പണ്‌ഡിതന്‍മാരുടെയും അഭിപ്രായം. ഭരണാധികാരിയുടെ അല്ലെങ്കില്‍ സ്വത്തുടമസ്ഥന്‍റെ- അഭിപ്രായമനുസരിച്ചു ചിലര്‍ക്ക് പ്രത്യേകത നല്‍കുന്നതില്‍ വിരോധമില്ലെന്നാണ് മാലിക്, അബൂഹനീഫ (റ) എന്നിവരുടെയും, മുന്‍ഗാമികളും പിന്‍ഗാമികളുമായ പലരുടെയും അഭിപ്രായം. ഇത് പണ്‌ഡിതന്‍മാരുടെ പൊതുവിലുള്ള അഭിപ്രായമായി ഇബ്‌നു ജരീര്‍ (റ) പ്രസ്‌താവിക്കുകയും ചെയ്‌തിരിക്കുന്നു. അല്ലാഹു പ്രസ്‌താവിച്ച എട്ടുകൂട്ടര്‍ -അഥവാ വകുപ്പുകള്‍-ഇവരാകുന്നു:-
1. الْفُقَرَاء (ഫക്വീറുകള്‍- ദരിദ്രന്‍മാര്‍). 2. الْمَسَاكِين (മിസ്‌കീനുകള്‍-പാവങ്ങള്‍ അഥവാ സാധുക്കള്‍) ഈ രണ്ടു കൂട്ടരുടെയും നിര്‍വചനത്തില്‍ പണ്‌ഡിതന്‍മാര്‍ക്കിടയില്‍ പല അഭിപ്രായങ്ങളും കാണാം. രണ്ടു വാക്കുകളും വ്യത്യസ്‌തമായ ഉദ്ദേശ്യാര്‍ഥങ്ങളില്‍ പ്രയോഗിക്കപ്പെടാറുള്ളതാണ് ഇതിന് കാരണം. ജീവിതാവശ്യങ്ങള്‍ക്ക് യാതൊരു മാര്‍ഗവുമില്ലാതെ അന്യരെ ആശ്രയിക്കേണ്ടിവരുന്നവര്‍ എന്ന് `ഫക്കീറി’ നും, അല്‍പമൊക്കെ വഴിയുണ്ടെങ്കിലും അതുകൊണ്ട് തികയാതെ വരുന്നവന്‍ എന്ന് `മിസ്‌കീനി’ നും ഒരു കൂട്ടര്‍ അര്‍ഥമാക്കുന്നു. വേറൊരു കൂട്ടര്‍ നേരെ മറിച്ചും അഭിപ്രായപ്പെടുന്നു. ഒന്നാമത്തെ അഭിപ്രായപ്രകാരം കൂടുതല്‍ ബുദ്ധിമുട്ടുകാരന്‍ ഫക്വീറും. രണ്ടാമത്തെ അഭിപ്രായ പ്രകാരം കൂടുതല്‍ ഞെരുക്കക്കാരന്‍ മിസ്‌കീനുമായിരിക്കും. പ്രസ്‌തുത രണ്ടു വാക്കുകളും അത്യാവശ്യങ്ങള്‍ക്ക് മുഴുവനായോ ഭാഗികമായോ വഴിയില്ലാത്തവര്‍ എന്ന അര്‍ഥത്തില്‍ ഒരേ കൂട്ടരെ സംബന്ധിച്ച വിശേഷണങ്ങളാണെന്നും രണ്ടും വെവ്വേറെ കൂട്ടരെ ഉദ്ദേശിച്ചല്ലെന്നും മൂന്നാമതൊരഭിപ്രായമുണ്ട്. എല്ലാറ്റിനും ചില ന്യായങ്ങളും തെളിവുകളും വിമര്‍ശനങ്ങളും ഉദ്ധരിക്കുവാനുണ്ടുതാനും. നാലാമത്തെ അഭിപ്രായം ഇതാണ്: ദാരിദ്ര്യത്തിലും കഴിവില്ലായ്‌മയിലും ഫക്വീറും, മിസ്‌കീനും ഒരുപോലെതന്നെ. പക്ഷേ, ഫക്വീറിന്‍റെ ദരിദ്രാവസ്ഥ പുറമെയുള്ളവര്‍ക്ക് കണ്ടറിയുവാന്‍ കഴിയും. അവനത് മൂടിവെക്കുകയില്ല. മിസ്‌കീനാവട്ടെ, തന്‍റെ സ്ഥിതി പുറമെയുള്ളവരെ അറിയിക്കാത്തവിധം മൂടിവെച്ചുകൊണ്ട് മാനവും മാന്യതയും കാത്തുസൂക്ഷിച്ചുകൊണ്ടിരിക്കും. ഈ കാര്യത്തിലാണ് രണ്ടാളും വേര്‍തിരിയുന്നത്. ഈ അഭിപ്രായമാണ് കൂടുതല്‍ ന്യായമായി കാണുന്നത്. താഴെ ഉദ്ധരിക്കുന്നതുപോലെയുള്ള ഹദീഥുകളില്‍ നിന്ന് മനസ്സിലാകുന്നതും അതാണ്. വാസ്‌തവം അല്ലാഹുവിനറിയാം.
റസൂല്‍ പറഞ്ഞതായി ഇബ്‌നു ഉമര്‍ (റ) ഉദ്ധരിക്കുന്നു. `ധനികന്നാകട്ടെ, ശരിയായ ശരീരശേഷി (അദ്ധ്വാനിക്കുവാനുള്ള കഴിവ്) ഉള്ളവന്നാകട്ടെ, ഈ ധര്‍മം അനുവദനീയമാകുകയില്ല.’ (അ;ദാ; തി.) അബൂഹുറയ്‌റഃ (റ)യും ഈ നബിവചനം ഉദ്ധരിച്ചിരിക്കുന്നു. (അ; ന; ജ.) ഉബൈദുല്ലാഹിബ്‌നു അദിയ്യ് (റ) പറയുകയാണ്: രണ്ടാളുകള്‍ എന്നോട് ഇങ്ങിനെ പറഞ്ഞു: അവര്‍ രണ്ടുപേരും ധര്‍മത്തില്‍ നിന്ന് വല്ലതും ചോദിച്ചുകൊണ്ട് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ അടുക്കല്‍ ചെന്നു. അപ്പോള്‍, തിരുമേനി അവരെ തിരിച്ചും മറിച്ചും നോക്കി. രണ്ടാളും ശരീരബലമുള്ളവരായി അവിടുന്ന് കണ്ടു. എന്നിട്ട് പറഞ്ഞു: `നിങ്ങള്‍ക്ക് വേണമെങ്കില്‍ ഞാന്‍ നല്‍കാം. ധനികനാകട്ടെ, ജോലിയെടുക്കുവാന്‍ കഴിവുളളവനാകട്ടെ ഇതില്‍ ഓഹരിയില്ല.’ (അ; ദാ.) അബൂഹുറയ്‌റഃ (റ) ഉദ്ധരിക്കുന്നു: നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞു; `മിസ്‌കീന്‍’ എന്നാല്‍, ജനങ്ങളുടെ ഇടയിലൂടെ ചുറ്റി നടക്കുന്നവരും, ഒരുപിടിയും രണ്ടു പിടിയും, ഒരു കാരക്കയും രണ്ടു കാരക്കയും (കൊടുത്തു) മടക്കി അയക്കാറുള്ളവരുമായ ഈ സഞ്ചാരികളല്ല.’ സ്വഹാബികള്‍ ചോദിച്ചു; `എന്നാല്‍ `മിസ്‌കീന്‍’ ഏതാണ് അല്ലാഹുവിന്‍റെ റസൂലേ?’ തിരുമേനി പറഞ്ഞു: `ധന്യമാക്കുന്ന-അഥവാ ആവശ്യത്തിനു മതിയാകുന്ന- ധനം ലഭിക്കാതിരിക്കുകയും, സ്ഥിതിഗതികള്‍ മനസ്സിലാക്കി ധര്‍മം നല്‍കപ്പെടാതിരിക്കുകയും, ജനങ്ങളോട് യാതൊന്നും ചോദിക്കാതിരിക്കുകയും ചെയ്യുന്നവനാകുന്നു.’ (ബു; മു.)
3) الْعَامِلِين عَلَيْهَا (അതിനുവേണ്ടി പ്രവര്‍ത്തിക്കുന്നവര്‍) സകാത്തിന്‍റെ ശേഖരണ വിതരണാദി വിഷയങ്ങള്‍ക്കുവേണ്ടി അധ്വാനിക്കുകയും, ജോലി ചെയ്യുകയും ചെയ്യുന്നവരെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു. ഇവര്‍ അത്യാവശ്യത്തിന് വകയുള്ളവരായാലും അവരുടെ അധ്വാന ഫലമെന്ന നിലക്ക് ഒരോഹരി ഇവര്‍ക്കും നല്‍കേണ്ടതാണ്. ഇബ്‌നുസ്സഅ്‌ദില്‍ മാലികീ (റ) പ്രസ്‌താവിക്കുന്നു: ഉമര്‍ (റ) എന്നെ സദക്വയുടെ കാര്യത്തില്‍ പ്രവര്‍ത്തിക്കുവാന്‍ നിയമിച്ചു. പ്രവൃത്തികഴിഞ്ഞു അതെല്ലാം ഞാന്‍ അദ്ദേഹത്തിന്‍റെ വശം ഏല്‍പിച്ചു കൊടുത്തു. അപ്പോള്‍, അദ്ദേഹം എനിക്ക് ഒരു പ്രതിഫലം നല്‍കുവാന്‍ കല്‍പിച്ചു. ഞാന്‍ പറഞ്ഞു: `ഞാന്‍ അല്ലാഹുവിനുവേണ്ടി മാത്രം പ്രവര്‍ത്തിച്ചതാണ്.’ അപ്പോള്‍ അദ്ദേഹം പറഞ്ഞു: `തനിക്ക് നല്‍കപ്പെട്ടത് താന്‍ സ്വീകരിച്ചുകൊള്ളുക. റസൂല്‍ തിരുമേനി യുടെ കാലത്ത് അവിടുന്ന് എന്നെ ഒരു പ്രവര്‍ത്തകനാക്കുകയുണ്ടായി. എന്നിട്ട് എനിക്ക് പ്രവര്‍ത്തനത്തിന് പ്രതിഫലം തന്നു. താന്‍ പറഞ്ഞതുപോലെ ഞാനും പറഞ്ഞു.’ അപ്പോള്‍, തിരുമേനി പറഞ്ഞു: `താന്‍ ചോദിച്ചാവശ്യപ്പെടാതെ തനിക്ക് വല്ലതും നല്‍കപ്പെട്ടാല്‍, അത് തിന്നുക (ഉപയോഗിക്കുക)യും, ധര്‍മം കൊടുക്കുകയും ചെയ്‌തുകൊള്ളുക.’ (അ; ബു; മു.)
4) وَالْمُؤَلَّفَةِ قُلُوبُهُمْ (ഹൃദയം ഇണക്കപ്പെട്ടവര്‍). ഈ വകുപ്പില്‍ ഒന്നിലധികം തരക്കാര്‍ ഉള്‍പ്പെടുന്നു. ഒരു തരക്കാര്‍; ഇസ്‌ലാമിനെ അംഗീകരിച്ചിട്ടില്ലെങ്കിലും അംഗീകരിച്ചേക്കുമെന്നു പ്രതീക്ഷിക്കപ്പെടുന്നവരാകുന്നു. ഹുനൈനിലെ ഗനീമത്ത് സ്വത്തുക്കളില്‍ നിന്ന് സ്വഫ്‌വാനുബ്‌നു ഉമയ്യ (റ)ക്ക് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഒരു വന്‍ തുക നല്‍കുകയുണ്ടായത് ഇതിനൊരു ഉദാഹരണമാണ്. മക്കാ വിജയത്തെത്തുടര്‍ന്നു അനേകം ആളുകള്‍ വന്ന് ഇസ്‌ലാമില്‍ പ്രവേശിച്ചപ്പോള്‍, തന്‍റെ കാര്യത്തില്‍ ആലോചിക്കുവാന്‍ അല്‍പകാലം ഒഴിവു നല്‍കണമെന്ന് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യോട് പറഞ്ഞ് ഒഴിവായ ഒരു ക്വുറൈശീ പ്രമാണിയായിരുന്നു അദ്ദേഹം. മുശ്‌രിക്കായിക്കൊണ്ടായിരുന്നു അദ്ദേഹം മുസ്‌ലിംകളോടൊപ്പം ഹുനൈനില്‍ സംബന്ധിച്ചിരുന്നതും. അദ്ദേഹം തന്നെ പറയുകയാണ്: `ഹുനൈനിന്‍റെ ദിവസം എനിക്ക് റസൂല്‍ തരുവാന്‍ തുടങ്ങുമ്പോള്‍ അവിടുന്ന് എനിക്ക് ജനങ്ങളില്‍വെച്ച് ഏറ്റവും വെറുപ്പുള്ള ആളായിരുന്നു. അങ്ങിനെ, തന്നു തന്ന് മനുഷ്യരില്‍വെച്ചു എനിക്ക് ഏറ്റവും ഇഷ്‌ടപ്പെട്ട ആളായിത്തീര്‍ന്നു അവിടുന്ന്.`(അ;മു;തി.) അദ്ദേഹം പിന്നീട് ഇസ്‌ലാമിനെ അംഗീകരിച്ച് നല്ല നിലയിലായിത്തീരുകയും ചെയ്‌തു. മറ്റൊരു തരക്കാര്‍: ഇസ്‌ലാമിനെ അംഗീകരിച്ചു കഴിഞ്ഞിട്ടുണ്ടെങ്കിലും വിശ്വാസം അടിയുറച്ചു കഴിഞ്ഞിട്ടില്ലാത്തവരാണ്. ഇവര്‍ക്ക് വിശ്വാസത്തില്‍ ദൃഢതയും സ്ഥിരതയും ലഭിക്കുവാന്‍ ഇത് സഹായകമായിരിക്കും. മക്കാവിജയത്തില്‍ പുതുതായി വിശ്വസിച്ച പലര്‍ക്കും ഹുനൈനില്‍വെച്ചു വലിയ തുകകള്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) നല്‍കുകയുണ്ടായി. ഇങ്ങിനെയുള്ളവരെ ഇസ്‌ലാമുമായി ഇണക്കുവാന്‍ വേണ്ടിയാണതെന്ന് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) വ്യക്തമാക്കുകയും ചെയ്‌തിരുന്നു. മൂന്നാമതൊരു തരക്കാര്‍: മറ്റു ചിലരെ ഇസ്‌ലാമിലേക്ക് ആകര്‍ഷിക്കുവാന്‍ കാരണമായിത്തീരുമെന്നോ, അല്ലെങ്കില്‍ മുസ്‌ലിംകള്‍ക്കെതിരെ വല്ലവരില്‍ നിന്നും ഉണ്ടാകാവുന്ന ആക്രമണങ്ങളെ തടയുവാന്‍ ഉപകരിക്കുമെന്നോ കാണപ്പെടുന്നവര്‍. ഇവരും ഈ കൂട്ടത്തില്‍ ഉള്‍പ്പെടുന്നു. പക്ഷേ, ഇസ്‌ലാമിന് വിജയം കൈവന്ന് കഴിഞ്ഞതിനു ശേഷം, മേല്‍ വിവരിച്ച എല്ലാ തരക്കാര്‍ക്കും സകാത്തില്‍ നിന്ന് നല്‍കപ്പെടാമോ എന്നതില്‍ വ്യത്യസ്‌തങ്ങളായ അഭിപ്രായങ്ങള്‍ പണ്‌ഡിതന്‍മാര്‍ക്കിടയിലുണ്ട്. കാലത്തിനും സന്ദര്‍ഭത്തിനും അനുസരിച്ചു പ്രവര്‍ത്തിക്കുവാന്‍ അധികാരസ്ഥന്‍മാര്‍ക്ക് സ്വാതന്ത്ര്യമുണ്ട് എന്ന അഭിപ്രായമാണ് കൂടുതല്‍ ശരിയായത്.
5) وَفِي الرِّقَابِ (അടിമകളുടെ വിഷയത്തില്‍). അതായത്: യജമാനന്‍മാര്‍ക്ക് നിശ്ചിത സംഖ്യ കൊടുത്തു അടിമത്വത്തില്‍ നിന്ന് മോചിതരാകുവാന്‍ വ്യവസ്ഥ ചെയ്യപ്പെട്ടിട്ടുള്ളവര്‍ക്ക് (മുകാതബു’കള്‍ക്ക്) അവരുടെ സംഖ്യ കൊടുത്തു തീര്‍ക്കുവാനും, അടിമകളെ വിലക്കുവാങ്ങി സ്വതന്ത്രരാക്കി വിടുവാനും ഈ വകുപ്പിന്‍റെ വിഹിതം ഉപയോഗിക്കാം. അടിമകളെ മോചിപ്പിച്ചു സ്വതന്ത്രരാക്കുന്നതില്‍ ഇസ്‌ലാമിനുള്ള അതീവ താല്‍പര്യവും, അതിന് ക്വുര്‍ആനും നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) വചനങ്ങളും നിയമരൂപത്തിലും ഉപദേശരൂപത്തിലും നല്‍കിയിട്ടുള്ള പ്രോല്‍സാഹനങ്ങളും പ്രസിദ്ധമാണ്.
6) وَالْغَارِمِينَ (കടപ്പെട്ടവര്‍) വ്യക്തിപരമോ, സാമൂഹ്യമോ ആയ കാര്യങ്ങള്‍ക്കുവേണ്ടി കടം വാങ്ങിയോ, അന്യര്‍ക്കുവേണ്ടി ജാമ്യം ഏറ്റതുകൊണ്ടോ കടഭാരം താങ്ങേണ്ടി വരുന്ന എല്ലാവരും ഇതില്‍ ഉള്‍പ്പെടുന്നു. പക്ഷേ, തോന്നിയവാസങ്ങള്‍ക്കും, ദുര്‍ന്നടപ്പുകള്‍ക്കും വേണ്ടിയാണ് കടപ്പെട്ടിരിക്കുന്നതെങ്കില്‍, അതില്‍ നിന്ന് പശ്ചാത്തപിച്ചു മടങ്ങിയവര്‍ക്കേ നല്‍കാവൂ. അല്ലാത്തപക്ഷം അത് ഇസ്‌ലാമിനെതിരെ സക്കാത്തിന്‍റെ ധനം ഉപയോഗിക്കലായിരിക്കുമല്ലോ.
ക്വബീസ്വത്തുബ്‌നു മുഖാരിക്വ് (قبيصة بن مُخارق رض) പറയുകയാണ്: ഞാന്‍ ഒരു (കട) ഭാരം ഏറ്റെടുക്കുകയുണ്ടായി. ആ വിഷയത്തില്‍ (സഹായം) ചോദിച്ചു കൊണ്ട് ഞാന്‍ റസൂല്‍ തിരുമേനി യുടെ അടുക്കല്‍ ചെന്നു. അപ്പോള്‍, തിരുമേനി പറഞ്ഞു; `ക്ഷമിക്കൂ. നമുക്ക് സദക്വകള്‍ (ധര്‍മത്തിനുള്ള സ്വത്തുക്കള്‍) വരട്ടെ, അപ്പോള്‍ നാം അതില്‍ നിന്നു നിനക്ക് കല്‍പിക്കാം.’ പിന്നീട് തിരുമേനി പറഞ്ഞു: `ക്വബീസ്വാ, മൂന്നിലൊരു കൂട്ടര്‍ക്കല്ലാതെ ചോദിച്ചു വാങ്ങല്‍ അനുവദനീയമല്ല. അതായത്; വല്ല ഭാരവും ഏറ്റെടുത്ത മനുഷ്യന്‍. അവന് അത് ലഭിക്കുന്നതു വരെ ചോദിക്കല്‍ അനുവദനീയമാണ്. പിന്നീടവന്‍ നിറുത്തണം. വല്ല അത്യാപത്തും വന്നു ധനം നഷ്‌ടപ്പെട്ടുപോയവനും. ജീവിതത്തില്‍ ഒരു നില്‍ക്കപ്പൊറുതി ലഭിക്കുന്നതുവരെ അവന് ചോദ്യം അനുവദനീയമാകുന്നു. സ്വന്തക്കാരായ ആളുകളില്‍ നിന്ന് ബുദ്ധിമാന്‍മാരായ ഒരു മൂന്നാളുകള്‍ എഴുന്നേറ്റു പറയത്തക്ക (ശരിവെക്കത്തക്ക) വിധം ഇല്ലായ്‌മ (ദാരിദ്ര്യം) ബാധിച്ച മനുഷ്യനും. ജീവിതത്തില്‍ ഒരു നില്‍ക്കപ്പൊറുതി ലഭിക്കുന്നതുവരെ അവന്നും ചോദിക്കാം. ഇതല്ലാതെയുള്ള ചോദ്യം- ക്വബീസ്വാ- നിഷിദ്ധമാകുന്നു. അത് ചെയ്യുന്നവന്‍ അത്(ചോദിച്ചു വാങ്ങുന്നത്) നിഷിദ്ധമായിക്കൊണ്ടു തിന്നുകയായിരിക്കും.’ (മു; അ; ന; ദാ)
7) وَ فيسَبِيلِ الَّله (അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍). ഇസ്‌ലാമിന് വേണ്ടിയുള്ള ധര്‍മസമര സംബന്ധമായ കാര്യങ്ങളാണ് ഈ വകുപ്പില്‍ മുന്നിട്ടു നില്‍ക്കുന്നത്. ഇമാം റാസീ(റ) ചൂണ്ടിക്കാട്ടിയതുപോലെ ഇസ്‌ലാമികമായ പൊതുആവശ്യങ്ങളെല്ലാം മൊത്തത്തില്‍ ഇതില്‍ ഉള്‍പ്പെടും. ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കും ഗുണകരമായിരിക്കുന്ന എല്ലാ പൊതുനന്‍മകളും അല്ലാഹുവിന്‍റെ മാര്‍ഗംതന്നെ. ഇസ്‌ലാമിക ഭരണസംവിധാനമില്ലാത്തതുകൊണ്ട് ശത്രുക്കളുമായുള്ള സമരവകുപ്പ് നിലവില്ലാതിരിക്കുമ്പോള്‍ ഈ വകുപ്പിന്‍റെ ഓഹരി പൊതുനന്‍മകളില്‍ വിശേഷിച്ചും ഉപയോഗപ്പെടുത്തേണ്ടതാണ്. ഇമാം റാസീ (റ) അദ്ദേഹത്തിന്‍റെ തഫ്‌സീറില്‍ ഈ കാര്യം പ്രത്യേകം എടുത്തു പറഞ്ഞു കാണാം. (ج ٦ ص ٦٨١ നോക്കുക) വിശദാംശങ്ങളില്‍ ഭിന്നാഭിപ്രായമുണ്ടാവാമെങ്കിലും തത്വത്തില്‍ ആര്‍ക്കും ഇതില്‍ ഭിന്നാഭിപ്രായമുണ്ടാകുവാന്‍ ന്യായമില്ല.
8) اِبْن السَّبِيلِ (വഴിപോക്കര്‍) സ്വന്തം നാട്ടില്‍ നിന്നു വല്ല ആവശ്യാര്‍ഥവും വിദേശത്തു വരുകയും നിത്യവൃത്തിക്കും അത്യാവശ്യങ്ങള്‍ക്കും വേണ്ടുന്ന വക കൈവശമില്ലാതിരിക്കുകയും ചെയ്യുന്ന എല്ലാവരും -അവരുടെ സ്വന്തം നാട്ടില്‍ അവര്‍ക്ക് കഴിവുണ്ടെങ്കില്‍പോലും ഇതില്‍ ഉള്‍പ്പെടുന്നു. ന്യായമായ വല്ല ആവശ്യത്തിനും വേണ്ടി യാത്രപോകേണ്ടി വരുകയും ചിലവിനുള്ള വക ഇല്ലാതിരിക്കുകയും ചെയ്യുന്നവരും അതുപോലെതന്നെ.
ഈ എട്ടു വകുപ്പുകളിലായിരിക്കണം സകാത്തിന്‍റെ സ്വത്തുക്കള്‍ വിതരണം ചെയ്യുന്നതെന്നുള്ളത് കേവലം തത്വപരമായ ഒരു ഉപദേശം മാത്രമല്ല, നിര്‍ബന്ധമായ ഒരു നിയമം തന്നെയാണെന്ന് فَرِيضَةً مِنَ الَّله (അല്ലാഹുവില്‍ നിന്നുള്ള നിശ്ചിത നിയമം) എന്ന വാക്കു മുഖേന അല്ലാഹു വ്യക്തമാക്കുന്നു. അവസാനം ജനങ്ങളുടെ സ്ഥിതിഗതികളും, ആവശ്യവും, പൊതുനന്‍മയുമെല്ലാം ശരിക്കും അറിഞ്ഞുകൊണ്ടും, അതിന് തികച്ചും പരിഹാരം നല്‍കുന്ന യുക്തമായ നടപടിയായിക്കൊണ്ടുമാണ് ഈ വിതരണ പദ്ധതി നിയമിച്ചിരിക്കുന്നതെന്നും, ഇതല്ലാത്ത മററു പദ്ധതികളൊന്നും സമുദായത്തിന്‍റെ പൊതുനന്‍മക്ക് പ്രായോഗികമായിരിക്കയില്ലെന്നും കൂടി അല്ലാഹു ചൂണ്ടിക്കാട്ടുന്നു; وَاللَّهُ عَلِيمٌ حَكِيمٌ അതെ, അല്ലാഹു എല്ലാം അറിയുന്ന സര്‍വ്വജ്ഞനാണ്, എല്ലാം യുക്തിപൂര്‍വം പ്രവര്‍ത്തിക്കുന്ന അഗാധജ്ഞനാണ്.
- وَمِنْهُمُ ٱلَّذِينَ يُؤْذُونَ ٱلنَّبِىَّ وَيَقُولُونَ هُوَ أُذُنٌ ۚ قُلْ أُذُنُ خَيْرٍ لَّكُمْ يُؤْمِنُ بِٱللَّهِ وَيُؤْمِنُ لِلْمُؤْمِنِينَ وَرَحْمَةٌ لِّلَّذِينَ ءَامَنُوا۟ مِنكُمْ ۚ وَٱلَّذِينَ يُؤْذُونَ رَسُولَ ٱللَّهِ لَهُمْ عَذَابٌ أَلِيمٌ ﴾٦١﴿
- നബിയെ ദ്രോഹിക്കുകയും, 'അദ്ദേഹം (എല്ലാവര്‍ക്കും) ഒരു ചെവിയാണ്' എന്ന് പറയുകയും ചെയ്യുന്നവരും അവരില്‍ [കപടവിശ്വാസികളില്‍] ഉണ്ട്. പറയുക: 'അദ്ദേഹം നിങ്ങള്‍ക്കു ഗുണത്തിന്‍റെ ചെവിയാകുന്നു; അദ്ദേഹം അല്ലാഹുവില്‍ വിശ്വസിക്കുന്നു: സത്യവിശ്വാസികളെ വിശ്വസിക്കുകയും ചെയ്യുന്നു: നിങ്ങളില്‍ നിന്ന് വിശ്വസിച്ചവര്‍ക്ക് ഒരു കാരുണ്യവുമാണ് (അദ്ദേഹം).' അല്ലാഹുവിന്‍റെ റസൂലിനെ ദ്രോഹിക്കുന്നവരാകട്ടെ, അവര്‍ക്ക് വേദനയേറിയ ശിക്ഷയുണ്ടായിരിക്കും.
- وَمِنْهُمُ അവരിലുണ്ട്, അവരില്‍പെട്ടതാണ് الَّذِينَ يُؤْذُونَ ദ്രോഹിക്കുന്നവര്‍, സൈ്വരം കെടുത്തുന്നവര്‍ النَّبِيَّ പ്രവാചകനെ وَيَقُولُونَ അവര്‍ പറയുകയും ചെയ്യും هُوَ അവന്‍ (അദ്ദേഹം) أُذُنٌ ഒരു ചെവിയാണ് (കേള്‍ക്കുന്ന ആളാണ്) قُلْ നീ പറയുക أُذُنُ خَيْرٍ നന്‍മയുടെ (ഗുണത്തിന്‍റെ) ചെവിയാണ് لَّكُمْ നിങ്ങള്‍ക്ക് يُؤْمِنُ അദ്ദേഹം വിശ്വസിക്കുന്നു. بِاللَّهِ അല്ലാഹുവില്‍ وَيُؤْمِنُ അദ്ദേഹം വിശ്വസിക്കുകയും ചെയ്യുന്നു لِلْمُؤْمِنِينَ സത്യവിശ്വാസികളെ وَرَحْمَةٌ കാരുണ്യ (അനുഗ്രഹ)വുമാണ് لِّلَّذِينَ آمَنُوا വിശ്വസിച്ചവര്‍ക്ക് مِنكُمْ നിങ്ങളില്‍ നിന്ന് وَالَّذِينَ يُؤْذُونَ ദ്രോഹിക്കുന്നവരാകട്ടെ رَسُولَ اللَّهِ അല്ലാഹുവിന്‍റെ റസൂലിനെ لَهُمْ അവര്‍ക്ക് ഉണ്ട്, ഉണ്ടായിരിക്കും عَذَابٌ വേദനയേറിയ أَلِيمٌ ശിക്ഷ
കപട വിശ്വാസികളുടെ സ്വഭാവങ്ങളും ഉള്ളിലിരിപ്പുകളും സംബന്ധിച്ചു സംസാരിച്ചു വരുന്ന മദ്ധ്യേ- കഴിഞ്ഞ വചനത്തില്‍ സന്ദര്‍ഭവശാല്‍- നിര്‍ബന്ധ ധര്‍മങ്ങളുടെ വിതരണ മാര്‍ഗങ്ങള്‍ വിവരിച്ചശേഷം വീണ്ടും പ്രസ്‌തുത വിഷയത്തിലേക്കു തന്നെ സംസാരം തിരിഞ്ഞിരിക്കുകയാണ്. കപടവിശ്വാസികളുടെ കാപട്യം പ്രകടമാക്കുന്ന ഒരു ദുഃസ്വഭാവമാണ് അല്ലാഹു ഇതില്‍ വെളിപ്പെടുത്തുന്നത്. മര്യാദകെട്ട ചില വാക്കുകള്‍ ഉപയോഗിച്ചു അവര്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യെ ഉപദ്രവിക്കാറുണ്ട്. അതിനൊരു ഉദാഹരണമാണ് `അദ്ദേഹം ഒരു ചെവിയാണ്’ (هُوَ أُذُنٌ) എന്ന വാക്ക്. അതായത്, ആരെന്തു പറഞ്ഞാലും അതൊക്കെ അദ്ദേഹം ചെവിക്കൊള്ളുകയും വിശ്വസിക്കുകയും ചെയ്യും, ഞങ്ങളെപ്പറ്റി വല്ലവരും കുറ്റം പറഞ്ഞാല്‍ അത് കേള്‍ക്കും, ഞങ്ങള്‍ വല്ലതും ഉറപ്പിച്ചു പറഞ്ഞാല്‍ അതും കേള്‍ക്കും എന്നൊക്കെയാണവര്‍ ഇതുമൂലം ഉദ്ദേശിക്കുന്നത്. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഒരു ഭോഷനാണ്, മനസ്സാക്ഷിയും സത്യനിഷ്‌ഠയുമില്ലാത്ത ആളാണ്, വസ്‌തുനിഷ്‌ഠമായി കാര്യങ്ങള്‍ ഗ്രഹിക്കാന്‍ കഴിയാത്ത ആളാണ് എന്നൊക്കെയാണല്ലോ ഇതിന്‍റെ അര്‍ത്ഥം معاذ الله മുസ്‌ലിംകളോടെന്നപോലെ അവരോടും നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പെരുമാറി വരുന്നതില്‍ നിന്ന് ഒരു പക്ഷേ – തങ്ങളുടെ കാപട്യങ്ങളും ഗൂഢതന്ത്രങ്ങളും വേണ്ടത്ര നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ക്ക് മനസ്സിലാക്കുവാന്‍ കഴിഞ്ഞിട്ടില്ലെന്നും ആ വിഡ്‌ഢികള്‍ ധരിച്ചിരിക്കാം. അല്ലാഹുവിനറിയാം.
ഇതിന് അല്ലാഹു നല്‍കുന്ന-നല്‍കുവാന്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യോട് കല്‍പിക്കുന്ന- മറുപടിയുടെ സാരം: ശരിയാണ്. അദ്ദേഹം ഒരു `ചെവി’ തന്നെ. പക്ഷേ, ഗുണത്തിന്‍റെ ചെവിയാണെന്നു മാത്രം. അഥവാ അദ്ദേഹം സത്യാസത്യ വിവേചനമുള്ള ആളാണ്. അദ്ദേഹം അല്ലാഹുവില്‍ വിശ്വസിക്കുന്ന ആളുമാണ്. ആ വിശ്വാസത്തിന് നിരക്കാത്തതൊന്നും അദ്ദേഹം ചെവിക്കൊള്ളുകയില്ല. അദ്ദേഹം സത്യവിശ്വാസികളെ വിശ്വസിക്കുന്നവനുമാണ്, കപടന്‍മാരും, അവിശ്വാസികളും പറയുന്നതൊക്കെ അദ്ദേഹത്തിന് വിശ്വാസമില്ല. എന്നല്ലാതെ-നിങ്ങള്‍ ജല്‍പിക്കുന്നതുപോലെ അദ്ദേഹം എല്ലാം കേള്‍ക്കുകയും വിശ്വസിക്കുകയും ചെയ്യുന്ന ആളല്ല. നിങ്ങള്‍ പുറമെ കാണിക്കുന്ന ഈ വിശ്വാസം യഥാര്‍ഥമാണെങ്കില്‍ അദ്ദേഹം നിങ്ങള്‍ക്കും കാരുണ്യം തന്നെയായിരിക്കും. ഇങ്ങിനെ അദ്ദേഹത്തെ ദ്രോഹിക്കുകയാണ് നിങ്ങള്‍ ചെയ്യുന്നതെങ്കില്‍, നിങ്ങള്‍ കടുത്ത ശിക്ഷ അനുഭവിക്കുകയും വേണ്ടിവരും.
നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനി യോട് മാന്യതയും മര്യാദയുമില്ലാതെ പെരുമാറുന്നതിനെ ആക്ഷേപിച്ചും, ആദരവോടും, അച്ചടക്കത്തോടും പെരുമാറണമെന്ന് കല്‍പിച്ചും കൊണ്ടുമുള്ള പലസൂക്തങ്ങളും സൂറത്തുന്നൂറിലും ഹുജുറാത്തിലും കാണാവുന്നതാണ്.
- يَحْلِفُونَ بِٱللَّهِ لَكُمْ لِيُرْضُوكُمْ وَٱللَّهُ وَرَسُولُهُۥٓ أَحَقُّ أَن يُرْضُوهُ إِن كَانُوا۟ مُؤْمِنِينَ ﴾٦٢﴿
- നിങ്ങളെ തൃപ്‌തിപ്പെടുത്തുവാന്‍ വേണ്ടി നിങ്ങളോട് അവര്‍ അല്ലാഹുവിനെക്കൊണ്ട് ശപഥം ചെയ്യുന്നു. അല്ലാഹുവും അവന്‍റെ റസൂലുമത്രെ അവര്‍ തൃപ്‌തിപ്പെടുത്തുവാന്‍ ഏറ്റവും അര്‍ഹരായവര്‍, അവര്‍ സത്യവിശ്വാസികളാണെങ്കില്‍.
- يَحْلِفُونَ അവര്‍ സത്യം (ശപഥം) ചെയ്യുന്നു بِاللَّهِ അല്ലാഹുവില്‍, അല്ലാഹുവിനെക്കൊണ്ട് لَكُمْ നിങ്ങളോട് നിങ്ങളെ لِيُرْضُوكُمْ അവര്‍ തൃപ്‌തിപ്പെടുത്തുവാന്‍ വേണ്ടി وَاللَّهُ അല്ലാഹുവാകട്ടെ, അല്ലാഹുവത്രെ وَرَسُولُهُ അവന്‍റെ റസൂലും أَحَقُّ അധികം അവകാശപ്പെട്ടവര്‍, അര്‍ഹരത്രെ أَن يُرْضُوهُ അവര്‍ തൃപ്‌തിപ്പെടുത്തുവാന്‍ إِن كَانُوا അവരാകുന്നുവെങ്കില്‍ مُؤْمِنِينَ സത്യവിശ്വാസികള്‍
- أَلَمْ يَعْلَمُوٓا۟ أَنَّهُۥ مَن يُحَادِدِ ٱللَّهَ وَرَسُولَهُۥ فَأَنَّ لَهُۥ نَارَ جَهَنَّمَ خَـٰلِدًا فِيهَا ۚ ذَٰلِكَ ٱلْخِزْىُ ٱلْعَظِيمُ ﴾٦٣﴿
- അവര്‍ക്കറിഞ്ഞുകൂടേ, അല്ലാഹുവിനോടും അവന്‍റെ റസൂലിനോടും ആരെങ്കിലും മല്‍സരിക്കുന്നപക്ഷം, അവന് 'ജഹന്നമി' [നരകത്തി]ന്‍റെ അഗ്നിയുണ്ടായിരിക്കും അതില്‍ (അവന്‍) നിത്യവാസിയായിക്കൊണ്ട്- എന്ന്?! അതത്രെ വമ്പിച്ചതായ അപമാനം.
- أَلَمْ يَعْلَمُوا അവര്‍ക്കറിഞ്ഞുകൂടെ, അറിഞ്ഞിട്ടില്ലേ أَنَّهُ അത് (കാര്യം ആകുന്നു) എന്ന് مَن يُحَادِدِ ആരെങ്കിലും മത്‌സരിക്കുന്നപക്ഷം اللَّهَ അല്ലാഹുവിനോട് وَرَسُولَهُ അവന്‍റെ റസൂലിനോടും. فَأَنَّ لَهُ എന്നാലവനുണ്ടെന്ന് نَارَ جَهَنَّمَ ജഹന്നമിന്‍റെ അഗ്നി خَالِدًا നിത്യ (സ്ഥിര) വാസിയായിക്കൊണ്ട് فِيهَا അതില്‍ ذَٰلِكَ അത്, അതത്രെ الْخِزْيُ അപമാനമത്രെ, നിന്ദ്യത الْعَظِيمُ വമ്പിച്ചതായ (വലിയ)
അനാവശ്യങ്ങളും തോന്നിയവാസങ്ങളും പറയുകയും, പ്രവര്‍ത്തിക്കുകയും ചെയ്‌തശേഷം, നിരപരാധിത്വം സ്ഥാപിക്കുവാന്‍ വേണ്ടി കള്ളസത്യം ചെയ്യലും കപടവിശ്വാസികളുടെ ഒരു പതിവായിരുന്നു. അതിനെക്കുറിച്ചാണ് ഈ വചനങ്ങളില്‍ പറയുന്നത്. ഈ സ്വഭാവം എല്ലാ കാലത്തും പലരിലും കാണാവുന്നതത്രെ. കപടവിശ്വാസികള്‍ക്ക് നല്‍കിയ എല്ലാ താക്കീതുകളും അങ്ങനെയുള്ളവരെയും ബാധിക്കുന്നതുമത്രെ. ക്വതാദഃ (റ) പ്രസ്‌താവിച്ചതായി ഇബ്‌നുല്‍ മുന്‍ദിര്‍ (റ) ഉദ്ധരിക്കുന്നു: തബൂക്ക് യുദ്ധത്തിനു പോകാതിരുന്നതിനെപ്പറ്റി ക്വുര്‍ആനില്‍ ആക്ഷേപങ്ങള്‍ അവതരിച്ചത് സംബന്ധിച്ചു ഒരു കപടവിശ്വാസി പറഞ്ഞു: ‘നിശ്ചയമായും അവര്‍ (ആക്ഷേപവിധേയരായ ആളുകള്‍) നമ്മുടെ കൂട്ടത്തിലുള്ള ഉത്തമന്‍മാരും, യോഗ്യന്‍മാരുമാകുന്നു. മുഹമ്മദ് പറയുന്നത് യഥാര്‍ഥമാണെങ്കില്‍, അവര്‍ കഴുതകളെക്കാള്‍ മോശപ്പെട്ടവരായിരിക്കുമല്ലോ!’ ഇതു ഒരു മുസ്‌ലിം കേട്ടു. അദ്ദേഹം പറഞ്ഞു: ‘മുഹമ്മദ് പറയുന്നത് യഥാര്‍ഥം തന്നെയാണ്. താന്‍ കഴുതയെക്കാള്‍ മോശക്കാരനുമാകുന്നു.’ ഈ വിവരം അദ്ദേഹം നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യെ അറിയിച്ചു. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ആ മനുഷ്യനെ വിളിപ്പിച്ചു എന്താണങ്ങിനെ പറയുവാന്‍ കാരണമെന്ന് ചോദിച്ചു. അപ്പോള്‍, അയാള്‍ തന്നെത്തന്നെ ശപിക്കുകയും, താനങ്ങിനെ പറഞ്ഞിട്ടില്ലെന്ന് സത്യം ചെയ്യുകയുമായി. ആ മുസ്‌ലിം ഇങ്ങനെ പറഞ്ഞു: ‘അല്ലാഹുവേ! സത്യം പറഞ്ഞവനെ നീ ശരിവെക്കുകയും, വ്യാജം പറഞ്ഞവനെ നീ തള്ളിപ്പറയുകയും ചെയ്യേണമേ! അങ്ങനെ, ഈ വചനം അല്ലാഹു അവതരിപ്പിച്ചു.
- يَحْذَرُ ٱلْمُنَـٰفِقُونَ أَن تُنَزَّلَ عَلَيْهِمْ سُورَةٌ تُنَبِّئُهُم بِمَا فِى قُلُوبِهِمْ ۚ قُلِ ٱسْتَهْزِءُوٓا۟ إِنَّ ٱللَّهَ مُخْرِجٌ مَّا تَحْذَرُونَ ﴾٦٤﴿
- കപടവിശ്വാസികള്‍ ഭയപ്പെട്ടുകൊണ്ടിരിക്കുന്നു, തങ്ങളുടെ ഹൃദയങ്ങളിലുള്ളതിനെക്കുറിച്ച് അവരെ വിവരമറിയിക്കുന്ന വല്ല `സൂറത്തും' (അധ്യായവും) അവരില്‍ അവതരിപ്പിക്കപ്പെടുന്നതിനെ. പറയുക: `നിങ്ങള്‍ പരിഹസിച്ചുകൊള്ളുവിന്‍; നിശ്ചയമായും അല്ലാഹു, നിങ്ങള്‍ ഭയപ്പെട്ടുകൊണ്ടിരിക്കുന്നതിന വെളിക്കുവരുത്തുന്നവനാണ്.
- يَحْذَرُ ജാഗ്രത കാണിക്കുന്നു,ഭയപ്പെടുന്നു الْمُنَافِقُونَ കപട വിശ്വാസികള്‍ أَن تُنَزَّلَ അവതരിപ്പിക്കപ്പെടുന്നതിനെ عَلَيْهِمْ അവരില്‍, അവര്‍ക്കെതിരെ سُورَةٌ വല്ല സൂറത്തും, അദ്ധ്യായവും تُنَبِّئُهُم അവര്‍ക്കു വിവരം നല്‍കുന്ന, അതവരെ ബോധ്യപ്പെടുത്തും بِمَا യാതൊന്നിനെപ്പറ്റി فِي قُلُوبِهِمْ അവരുടെ ഹൃദയങ്ങളിലുള്ള قُلِ നീ പറയുക اسْتَهْزِئُوا നിങ്ങള്‍ പരിഹസിച്ചുകൊള്ളുവിന്‍ إِنَّ اللَّهَ നിശ്ചയമായും അല്ലാഹു مُخْرِجٌ പുറത്തു (വെളിക്കു) വരുത്തുന്നവനാണ് مَّا تَحْذَرُونَ നിങ്ങള്‍ ജാഗ്രത കാണിച്ചു (ഭയപ്പെട്ടു) കൊണ്ടിരിക്കുന്നത്
തങ്ങളുടെ മനസ്സിലിരിപ്പിന്‍റെ ഉള്ളുകള്ളികള്‍ പരസ്യമാക്കി തുറന്നുകാട്ടുന്ന ഏതാനും ക്വുര്‍ആന്‍ വചനങ്ങള്‍ അവതരിച്ചു തങ്ങള്‍ വഷളായിപ്പോകുമോ എന്ന് കപട വിശ്വാസികള്‍ വളരെ ഭയപ്പെട്ടുകൊണ്ടിരിക്കുകയാണ്. അവര്‍ കണ്ടപോലെ അവര്‍ പരിഹസിച്ചുകൊള്ളട്ടെ. അവരുടെ രഹസ്യങ്ങളെല്ലാം അല്ലാഹു വെളിക്കുവരുത്തുകയും, അവര്‍ വഷളാവുകയും തന്നെ ചെയ്യും.
- وَلَئِن سَأَلْتَهُمْ لَيَقُولُنَّ إِنَّمَا كُنَّا نَخُوضُ وَنَلْعَبُ ۚ قُلْ أَبِٱللَّهِ وَءَايَـٰتِهِۦ وَرَسُولِهِۦ كُنتُمْ تَسْتَهْزِءُونَ ﴾٦٥﴿
- നീ അവരോട് ചോദി(ച്ചന്വേഷി)ച്ചുവെങ്കിലോ, നിശ്ചയമായും അവര്‍ പറയും: `ഞങ്ങള്‍ (വര്‍ത്തമാനത്തില്‍) മുഴുകിക്കൊണ്ടിരിക്കുകയും, കളി (യായി സംസാരി)ച്ചു കൊണ്ടിരിക്കുകയും മാത്രമായിരുന്നു.' പറയുക: 'അല്ലാഹുവിനെയും, അവന്‍റെ 'ആയത്തു' [ലക്ഷ്യം] കളെയും, അവന്‍റെ റസൂലിനെയും കുറിച്ചാണോ നിങ്ങള്‍ പരിഹസിച്ചുകൊണ്ടിരിക്കുന്നത്?!'
- وَلَئِن سَأَلْتَهُمْ അവരോടു നീ ചോദിച്ചെങ്കില്‍ തന്നെയും, നീ ചോദിച്ചാലോ لَيَقُولُنَّ നിശ്ചയമായും അവര്‍ പറയും إِنَّمَا كُنَّا ഞങ്ങളായിരിക്കുക മാത്രമായിരുന്നു نَخُوضُ ഞങ്ങള്‍ മുഴുകിക്കൊണ്ടിരിക്കുക وَنَلْعَبُ ഞങ്ങള്‍ (കാര്യമാക്കാതെ) കളിക്കുകയും قُلْ നീ പറയുക, ചോദിക്കുക أَبِاللَّهِ അല്ലാഹുവിനെക്കൊണ്ടോ, അല്ലാഹുവിനെപ്പറ്റിയോ وَآيَاتِهِ അവന്‍റെ ആയത്തുകളെയും وَرَسُولِهِ അവന്‍റെ റസൂലിനെയും كُنتُمْ നിങ്ങളായിരുന്നു, ആകുന്നു تَسْتَهْزِئُونَ നിങ്ങള്‍ പരിഹസിക്കും
- لَا تَعْتَذِرُوا۟ قَدْ كَفَرْتُم بَعْدَ إِيمَـٰنِكُمْ ۚ إِن نَّعْفُ عَن طَآئِفَةٍ مِّنكُمْ نُعَذِّبْ طَآئِفَةًۢ بِأَنَّهُمْ كَانُوا۟ مُجْرِمِينَ ﴾٦٦﴿
- (ഹേ, കപട വിശ്വാസികളേ) നിങ്ങള്‍ ഒഴികഴിവ് പറയേണ്ട.... നിങ്ങളുടെ വിശ്വാസത്തിനു ശേഷം, നിങ്ങള്‍ അവിശ്വസിച്ചു കഴിഞ്ഞിരിക്കുന്നു. നിങ്ങളില്‍ നിന്നുള്ള ഒരു വിഭാഗത്തിന് നാം മാപ്പു നല്‍കുന്നുവെങ്കില്‍ (തന്നെ), ഒരു വിഭാഗത്തെ നാം ശിക്ഷിക്കുന്നതാണ്. അവര്‍ കുറ്റവാളികളായിരുന്നതുകൊണ്ട്.
- لَا تَعْتَذِرُوا നിങ്ങള്‍ ഒഴികഴിവ് പറയേണ്ട (പറയരുത്) قَدْ كَفَرْتُم നിങ്ങള്‍ അവിശ്വസിച്ചിട്ടുണ്ട്, അവിശ്വസിച്ചു കഴിഞ്ഞു بَعْدَ إِيمَانِكُمْ നിങ്ങളുടെ വിശ്വാസത്തിനു ശേഷം إِن نَّعْفُ നാം മാപ്പ് ചെയ്യുന്നപക്ഷം عَن طَائِفَةٍ ഒരു വിഭാഗത്തിന്, കൂട്ടര്‍ക്ക് مِّنكُمْ നിങ്ങളില്‍ നിന്ന് نُعَذِّبْ നാം ശിക്ഷിക്കുന്നതാണ് طَائِفَةً ഒരു വിഭാഗത്തെ بِأَنَّهُمْ അവര്‍ എന്നുള്ളതുകൊണ്ട് كَانُوا അവരായിരിക്കുന്നു, ആയിരുന്നു (എന്നുള്ളത്) مُجْرِمِينَ കുറ്റവാളികള്‍
കപട വിശ്വാസികള്‍ പലപ്പോഴും പല പരിഹാസങ്ങളും പുറപ്പെടുവിച്ചുകൊണ്ടിരിക്കും. വല്ലപ്പോഴും അതിനെപ്പറ്റി നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അന്വേഷിച്ചാല്‍, അതൊന്നും തങ്ങള്‍ മനഃപൂര്‍വം പറഞ്ഞതല്ല-അന്യോന്യം സംസാരത്തില്‍ മുഴുകി കളിയും തമാശയും പറഞ്ഞു കൊണ്ടിരിക്കുന്ന കൂട്ടത്തില്‍ വെറുതെ പറഞ്ഞുപോയതാണ്-എന്നിങ്ങനെ ഒഴികഴിവ് പറഞ്ഞു രക്ഷപ്പെടുകയും ചെയ്യും. ഇവര്‍ക്ക് കനത്ത മറുപടി നല്‍കുവാന്‍ അല്ലാഹു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യോട് കല്‍പിക്കുന്നു. മറുപടിയുടെ സാരം:
(1) അല്ലാഹുവിനെയും, അവന്‍റെ വചനങ്ങളെയും, അവന്‍റെ റസൂലിനെയുമാണ് നിങ്ങള്‍ പരിഹസിക്കുന്നത്. കളിയായിട്ടായാലും കാര്യമായിട്ടായാലും അതിന് നീതീകരണമില്ല. അത് ക്ഷന്തവ്യവുമല്ല. വളരെ ഗൗരവപ്പെട്ട ഒന്നാണത്.
(2) നിങ്ങള്‍ മുമ്പ് സത്യവിശ്വാസം പ്രകടിപ്പിച്ചതു ശരിതന്നെ. എന്നാല്‍, പിന്നീട് അവിശ്വാസമാണ് നിങ്ങളില്‍ നിന്ന് പ്രകടമായിക്കൊണ്ടിരിക്കുന്നത്. അതിനാല്‍, കളിയും തമാശയും പറഞ്ഞതാണ് ഞങ്ങളെന്നും മറ്റുമുള്ള ഈ ഒഴികഴിവുകളില്‍ പിടിച്ചു തൂങ്ങുവാന്‍ നോക്കേണ്ട.
(3) നിങ്ങളില്‍ ചിലര്‍, ഒരുപക്ഷേ തങ്ങളുടെ പക്കല്‍ വന്നുപോയതിനെപ്പറ്റി ഖേദിച്ചു മടങ്ങുകയും, അല്ലാഹുവിന്‍റെ മാപ്പിന് പാത്രമാകുകയും ചെയ്‌തെന്ന് വരാം. എന്നാലും മടക്കം വരാത്ത മറ്റൊരു തരക്കാര്‍ നിങ്ങളിലുണ്ട്. ആ കുറ്റവാളികളെ ശിക്ഷിക്കാതെ അല്ലാഹു വെറുതെ വിടുകയില്ല. പരിഹാസം ഏത് വിധത്തിലായാലും ക്ഷന്തവ്യമല്ലെന്നും, അല്ലാഹുവിനെയും ക്വുര്‍ആനെയും റസൂലിനെയും സംബന്ധിക്കുന്ന പരിഹാസങ്ങളെല്ലാം ‘കുഫ്‌ര്‍’ (അവിശ്വാസം) ആണെന്നും ഈ മറുപടിയില്‍ നിന്ന് മനസ്സിലാക്കാം.
തബൂക്കിലേക്കുള്ള പടനീക്കവേളയില്‍ `ശാമിലെ കോട്ടകളും, കൊത്തളങ്ങളുമൊക്കെ ജയിച്ചടക്കുമെന്നാണോ ഈ മനുഷ്യന്‍ പറയുന്നത്? വിദൂരം! വിദൂരം! എന്നും മറ്റും ചില കപടവിശ്വാസികള്‍ പറഞ്ഞതായും, വിവരമറിഞ്ഞു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അവരെ വിളിച്ചു ചോദിച്ചപ്പോള്‍, അവന്‍ إِنَّمَا كُنَّا نَخُوضُ وَنَلْعَبُ (ഞങ്ങള്‍ വര്‍ത്തമാനത്തില്‍ മുഴുകുകയും കളി പറയുകയുമായിരുന്നു) എന്ന് ഒഴികഴിവ് പറഞ്ഞതായും ഒന്നിലധികം രിവായത്തുകളില്‍ വന്നിരിക്കുന്നു. അതുപോലെ, ക്വുര്‍ആന്‍ പാരായണക്കാരെന്ന് അറിയപ്പെട്ടിരുന്ന സ്വഹാബികളെപ്പറ്റി പരിഹാസപൂര്‍വം ചിലര്‍: ഇവര്‍ അവരുടെ വയറ്റു പിഴപ്പിനുവേണ്ടി മോഹിക്കുന്നവരും, കളവ് പറയുന്നവരുമാണെന്നും, ശത്രുക്കളുടെ മുമ്പില്‍ ഭീരുക്കളാണെന്നുമൊക്കെ പറഞ്ഞതായും, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അവരെ ചോദ്യം ചെയ്‌തപ്പോള്‍ അവരും അപ്രകാരം മറുപടി പറഞ്ഞതായും ചില രിവായത്തുകളില്‍ വന്നിട്ടുണ്ട്.