വിഭാഗം - 12

16:84
  • وَيَوْمَ نَبْعَثُ مِن كُلِّ أُمَّةٍ شَهِيدًا ثُمَّ لَا يُؤْذَنُ لِلَّذِينَ كَفَرُوا۟ وَلَا هُمْ يُسْتَعْتَبُونَ ﴾٨٤﴿
  • എല്ലാ സമുദായത്തില്‍നിന്നും ഓരോ സാക്ഷിയെ നാം (നിയോഗിച്ച്) എഴുന്നേല്‍പിക്കുന്ന ദിവസം (ഓര്‍മ്മിക്കുക)! പിന്നെ, അവിശ്വസിച്ചവര്‍ക്കു (ഒഴികഴിവു പറയുവാന്‍) അനുവാദം നല്‍കപ്പെടുകയില്ല; അവരോടു (ഖേദിച്ചുമടങ്ങി) തൃപ്തിപ്പെടുത്തുവാനാവശ്യപ്പെടുകയുമില്ല.
  • وَيَوْمَ ദിവസം نَبْعَثُ നാം എഴുന്നേല്‍പി (നിയോഗി) ക്കുന്ന مِن كُلِّ أُمَّةٍ എല്ലാ സമുദായത്തില്‍നിന്നും شَهِيدًا ഒരു സാക്ഷിയെ ثُمَّ പിന്നെ لَا يُؤْذَنُ അനുവാദം നല്‍കപ്പെടുകയില്ല لِلَّذِينَ كَفَرُوا അവിശ്വസിച്ചവര്‍ക്കു وَلَا هُمْ അവരല്ല താനും يُسْتَعْتَبُونَ ഖേദിച്ചു മടങ്ങുവാന്‍ (തൃപ്തിപ്പെടുത്തുവാന്‍) ആവശ്യപ്പെടും

16:85
  • وَإِذَا رَءَا ٱلَّذِينَ ظَلَمُوا۟ ٱلْعَذَابَ فَلَا يُخَفَّفُ عَنْهُمْ وَلَا هُمْ يُنظَرُونَ ﴾٨٥﴿
  • അക്രമം പ്രവര്‍ത്തിച്ചവര്‍ ശിക്ഷ (കണ്ണില്‍) കണ്ടാലാകട്ടെ, അപ്പോള്‍ (പിന്നെ), അതവര്‍ക്കു ലഘൂകരിക്കപ്പെടുകയില്ല; അവര്‍(ക്കു ഇടനല്‍കി) കാത്തുനിറുത്തപ്പെടുകയുമില്ല.
  • وَإِذَا رَأَى കണ്ടാല്‍ الَّذِينَ ظَلَمُوا അക്രമം പ്രവര്‍ത്തിച്ചവര്‍ الْعَذَابَ ശിക്ഷയെ فَلَا يُخَفَّفُ അപ്പോള്‍ ലഘുവാക്കപ്പെടുന്നതല്ല عَنْهُمْ അവര്‍ക്കു, അവരില്‍ നിന്നു وَلَا هُمْ അവരല്ല താനും يُنظَرُونَ അവര്‍ നോക്ക (കാത്തു നിറുത്ത - ഒഴിവു നല്‍ക) പ്പെടുക

89-ാം വചനത്തില്‍ കാണാവുന്നതുപോലെ, അതതു സമുദായങ്ങളിലേക്കു നിയോഗിക്കപ്പെട്ടിരുന്ന നബിമാര്‍ ആ സമുദായങ്ങള്‍ തങ്ങളുടെ പ്രബോധനം സ്വീകരിച്ചതിനെയും, നിരസിച്ചതിനെയും കുറിച്ച് ഖിയാമത്ത് നാളില്‍ സാക്ഷ്യം വഹിക്കും. അപ്പോള്‍, വല്ല ഒഴികഴിവും പറഞ്ഞു ഒഴിവാകുവാനാകട്ടെ, ഖേദിച്ചു മടങ്ങി അല്ലാഹു سبحانه وتعالىവിന്റെ തൃപ്തി സമ്പാദിക്കുവാനാകട്ടെ അവിശ്വാസികള്‍ക്കു അവസരം നല്‍കപ്പെടുകയില്ല. അവരുടെ നിഷേധത്തിന്റെ ഫലം അവര്‍ അനുഭവിക്കുകയല്ലാതെ അവര്‍ക്കു ഗത്യന്തരമുണ്ടായിരിക്കയില്ല. ശിക്ഷ കണ്‍മുമ്പില്‍ വന്നുകഴിഞ്ഞാലാകട്ടെ, പിന്നെ അതില്‍ അവര്‍ക്കു വല്ല ഇളവും നല്‍കുകയോ, പിന്നേക്കു നീട്ടിവെക്കുകയോ ചെയ്യുന്ന പ്രശ്നവുമില്ല. എന്നൊക്കെയാണു ഈ വചനങ്ങളില്‍ പ്രസ്താവിച്ചതിന്റെ ചുരുക്കം. ഖിയാമത്തുനാളിനെ ചൂണ്ടിക്കാട്ടിക്കൊണ്ടു മറ്റൊരിടത്തു അല്ലാഹു سبحانه وتعالى പറയുന്നു: هَـٰذَا يَوْمُ لَا يَنطِقُونَ ﴿٣٥﴾ وَلَا يُؤْذَنُ لَهُمْ فَيَعْتَذِرُونَ ﴿٣٦ (അവര്‍ – വ്യാജമാക്കുന്നവര്‍ – മിണ്ടാത്ത ദിവസമാണു ഇത്. അവര്‍ക്കു അനുവാദം നല്‍കപ്പെടുകയുമില്ല. എന്നാലവര്‍ക്കു ഒഴികഴിവു പറയാമായിരുന്നു. (77: 35, 36).

16:86
  • وَإِذَا رَءَا ٱلَّذِينَ أَشْرَكُوا۟ شُرَكَآءَهُمْ قَالُوا۟ رَبَّنَا هَـٰٓؤُلَآءِ شُرَكَآؤُنَا ٱلَّذِينَ كُنَّا نَدْعُوا۟ مِن دُونِكَ ۖ فَأَلْقَوْا۟ إِلَيْهِمُ ٱلْقَوْلَ إِنَّكُمْ لَكَـٰذِبُونَ ﴾٨٦﴿
  • (അല്ലാഹുവിനോടു) പങ്കുചേര്‍ത്തവര്‍ തങ്ങളുടെ [തങ്ങള്‍ പങ്കുചേര്‍ത്ത] പങ്കാളികളെ കണ്ടാല്‍ അവര്‍ പറയും: 'ഞങ്ങളുടെ റബ്ബേ, (ഇതാ) ഇക്കൂട്ടരത്രെ നിനക്കു പുറമെ ഞങ്ങള്‍ വിളിച്ചു (പ്രാര്‍ത്ഥിച്ചു) കൊണ്ടിരുന്ന ഞങ്ങളുടെ [ഞങ്ങള്‍ പങ്കുചേര്‍ത്ത] പങ്കാളികള്‍.' അപ്പോള്‍, അവര്‍ [ആ പങ്കാളികള്‍] 'നിശ്ചയമായും, നിങ്ങള്‍ വ്യാജം പറയുന്നവര്‍ തന്നെയാണു' എന്നുള്ള വാക്കു അവരുടെ നേരെ (മറുപടി) ഇട്ടുകൊടുക്കും.
  • وَإِذَا رَأَى കണ്ടാല്‍, കാണുമ്പോള്‍ الَّذِينَ أَشْرَكُوا ശിര്‍ക്കു (പങ്കു ചേര്‍ക്കല്‍) ചെയ്തവര്‍ شُرَكَاءَهُمْ അവരുടെ പങ്കാളികളെ قَالُوا അവര്‍ പറയും رَبَّنَا ഞങ്ങളുടെ റബ്ബേ (ഇതാ) هَـٰؤُلَاءِ ഇക്കൂട്ടര്‍ شُرَكَاؤُنَا ഞങ്ങളുടെ പങ്കാളികളാണ് الَّذِينَ كُنَّا ഞങ്ങള്‍ ആയിരുന്നവര്‍نَدْعُو ഞങ്ങള്‍ വിളിക്കു - പ്രാര്‍ത്ഥിക്കു (മായിരുന്ന) مِن دُونِكَ നിനക്കു പുറമെ, നിന്നെ കൂടാതെ فَأَلْقَوْا അപ്പോള്‍ അവര്‍ ഇട്ടുകൊടുക്കും إِلَيْهِمُ അവരിലേക്കു, അവരുടെ നേരെ الْقَوْلَ വാക്കു إِنَّكُمْ നിശ്ചയമായും നിങ്ങള്‍ لَكَاذِبُونَ വ്യാജം (കളവു) പറയുന്നവര്‍ തന്നെ (എന്നുള്ള)

16:87
  • وَأَلْقَوْا۟ إِلَى ٱللَّهِ يَوْمَئِذٍ ٱلسَّلَمَ ۖ وَضَلَّ عَنْهُم مَّا كَانُوا۟ يَفْتَرُونَ ﴾٨٧﴿
  • അന്നു അവര്‍ അല്ലാഹുവിന്റെ നേരെ കീഴടക്കം പ്രദര്‍ശിപ്പിക്കുകയും ചെയ്യും; അവര്‍ കെട്ടിച്ചമച്ചുകൊണ്ടിരുന്നതു (ഒക്കെയും) അവരെ വിട്ടു (തെറ്റി) മറയുകയും ചെയ്യും.
  • وَأَلْقَوْا അവര്‍ ഇടുക (കാട്ടുക - പ്രദര്‍ശിപ്പിക്കുക) യും ചെയ്യും إِلَى اللَّـهِ അല്ലാഹുവിന്റെ നേരെ يَوْمَئِذٍ അന്നു, ആ ദിവസം السَّلَمَ കീഴൊതുക്കം, സമാധാനംوَضَلَّ തെറ്റി (മറഞ്ഞു) പോകയും ചെയ്യും عَنْهُم അവര്‍ക്കു, അവരെവിട്ടും مَّا كَانُوا അവരായിരുന്നതു يَفْتَرُونَ അവര്‍ കെട്ടിച്ചമക്കും
16:88
  • ٱلَّذِينَ كَفَرُوا۟ وَصَدُّوا۟ عَن سَبِيلِ ٱللَّهِ زِدْنَـٰهُمْ عَذَابًا فَوْقَ ٱلْعَذَابِ بِمَا كَانُوا۟ يُفْسِدُونَ ﴾٨٨﴿
  • അവിശ്വസിക്കുകയും, അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ നിന്നു (ജനങ്ങളെ) തടയുകയും ചെയ്തിട്ടുള്ളവര്‍, അവര്‍ക്കു ശിക്ഷക്കുമീതെ നാം ശിക്ഷയെ വര്‍ദ്ധിപ്പിക്കുന്നതാണ്; അവര്‍ കുഴപ്പമുണ്ടാക്കിക്കൊണ്ടിരുന്നതു നിമിത്തം.
  • الَّذِينَ كَفَرُوا അവിശ്വസിച്ചവര്‍ وَصَدُّوا തടുക്കുകയും ചെയ്തു عَن سَبِيلِ മാര്‍ഗ്ഗത്തില്‍ നിന്നു اللَّـهِ അല്ലാഹുവിന്റെ زِدْنَا നാം വര്‍ദ്ധിപ്പിക്കും هُمْ അവര്‍ക്കു عَذَابًا ശിക്ഷയെ فَوْقَ മീതെ الْعَذَابِ ശിക്ഷയുടെ بِمَا كَانُوا അവരായിരുന്നതു നിമിത്തം يُفْسِدُونَ അവര്‍ കുഴപ്പം പ്രവര്‍ത്തിക്കും

അല്ലാഹു سبحانه وتعالىവിന്റെ അധികാരാവകാശങ്ങളില്‍പെട്ട വല്ലതിലും അവനോടു പങ്കുചേര്‍ത്തുകൊണ്ടു ആരാധിക്കപ്പെട്ടുവരുന്ന എല്ലാ വസ്തുക്കളെയും – അതു വിഗ്രഹങ്ങളോ, മനുഷ്യരോ മറ്റോ ആവട്ടെ – ഉദ്ദേശിച്ചാണു شُرَكَاء (പങ്കാളികള്‍) എന്നു പറഞ്ഞിരിക്കുന്നത്. ആരും തന്നെ അവരുടെ ആരാധകന്‍മാരെ സഹായിക്കുകയോ രക്ഷിക്കുകയോ ഇല്ലെന്നു മാത്രമല്ല, അവര്‍ അവരില്‍നിന്ന് ഒഴിഞ്ഞുമാറുകയും, അവര്‍ക്കെതിരായിത്തീരുകയും ചെയ്യും. ഞങ്ങളെ ആരാധിക്കുവാന്‍ ഞങ്ങള്‍ നിങ്ങളോടു ആവശ്യപ്പെട്ടിട്ടില്ല, ഞങ്ങളതിനു തൃപ്തിപ്പെട്ടുമില്ല, നിങ്ങള്‍ കളവു പറയുകയാണ് എന്നൊക്കെയായിരിക്കും അവര്‍ പറയുക. സൂ: മര്‍യമില്‍ അല്ലാഹു سبحانه وتعالى പറയുന്നു: “തങ്ങള്‍ക്കു ഒരു (സഹായ) ശക്തിയായിത്തീരുവാന്‍വേണ്ടി അവര്‍ അല്ലാഹുവിന്നു പുറമെ ചില ആരാധ്യന്‍മാരെ സ്വീകരിച്ചിരിക്കയാണ്. അങ്ങനെയല്ല, അവര്‍ ഇവരുടെ ആരാധനയെ (ത്തന്നെ) നിഷേധിക്കുകയും, ഇവര്‍ക്കു അവര്‍ എതിരായിത്തീരുകയും ചെയ്യുന്നതാണ്.” (മര്‍യം 81,82). അങ്ങനെ, തങ്ങളെ രക്ഷിക്കുമെന്നു അവര്‍ കരുതിയിരുന്ന ആ ദൈവങ്ങള്‍ അവര്‍ക്കു ഉപകരിക്കാതാകുമ്പോള്‍ അവര്‍ അല്ലാഹു سبحانه وتعالىവിന്നു വിനയപൂര്‍വ്വം കീഴൊതുക്കം കാണിക്കും. പക്ഷെ, ഇഹത്തില്‍ ഗര്‍വ്വിഷ്ടരായിക്കഴിഞ്ഞതിന്റെ ഫലം അതുകൊണ്ടു ഇല്ലാതായിത്തീരുകയില്ല.

വിഗ്രഹങ്ങള്‍ നിര്‍ജ്ജീവ വസ്തുക്കളായിരിക്കെ, അവ എങ്ങിനെ അവയുടെ ആരാധകര്‍ക്കെതിരെ വാദിക്കുമെന്നു സംശയിക്കേണ്ടതില്ല. പരലോകത്തുവെച്ചു അതും അതിലധികവും സംഭവിക്കുമെന്നും, ബുദ്ധിയും ജീവനുമില്ലാതിരുന്ന വസ്തുക്കള്‍പോലും അവിടെ അനുകൂലമായും പ്രതികൂലമായും സാക്ഷികളായി വരുന്നതുമൊക്കെ ഖുര്‍ആന്‍കൊണ്ടും ഹദീസുകൊണ്ടും അറിയപ്പെട്ടതാണ്. അവിശ്വസിക്കുകയും, അല്ലാഹു سبحانه وتعالىവിന്റെ മാര്‍ഗ്ഗത്തില്‍ നിന്നു മറ്റുള്ളവരെ തടയുകയും ചെയ്തവര്‍ക്കു അവര്‍ സ്വയം വഴി പിഴച്ചതിന്റെയും, മറ്റുള്ളവരെ വഴിപിഴപ്പിക്കുകയും, അതുവഴി ഭൂമിയില്‍ കുഴപ്പമുണ്ടാക്കുകയും ചെയ്തതിന്റെയും ശിക്ഷകള്‍ അനുഭവിക്കേണ്ടതുണ്ടല്ലോ. അതാണു അവര്‍ക്കു ശിക്ഷക്കുമേല്‍ ശിക്ഷ വര്‍ദ്ധിപ്പിക്കുമെന്നു പറഞ്ഞത്.

16:89
  • وَيَوْمَ نَبْعَثُ فِى كُلِّ أُمَّةٍ شَهِيدًا عَلَيْهِم مِّنْ أَنفُسِهِمْ ۖ وَجِئْنَا بِكَ شَهِيدًا عَلَىٰ هَـٰٓؤُلَآءِ ۚ وَنَزَّلْنَا عَلَيْكَ ٱلْكِتَـٰبَ تِبْيَـٰنًا لِّكُلِّ شَىْءٍ وَهُدًى وَرَحْمَةً وَبُشْرَىٰ لِلْمُسْلِمِينَ ﴾٨٩﴿
  • എല്ലാ സമുദായത്തിലും അവരില്‍ നിന്നു തന്നെ അവരുടെ മേല്‍ (സാക്ഷ്യം വഹിക്കുന്ന) ഒരു സാക്ഷിയെ നാം എഴുന്നേല്പിക്കുന്ന ദിവസം (ഓര്‍മ്മിക്കുക)! (നബിയേ) ഇക്കൂട്ടരുടെമേല്‍ സാക്ഷിയായി നിന്നെ നാം കൊണ്ടുവരുന്നതുമാണ്.
    എല്ലാ കാര്യത്തിനും വിവരണമായിക്കൊണ്ടു നിന്റെ മേല്‍ നാം (വേദ) ഗ്രന്ഥം അവതരിപ്പിക്കുകയും ചെയ്തിരിക്കുന്നു; മാര്‍ഗ്ഗദര്‍ശനവും, കാരുണ്യവും, 'മുസ്ലിം'കള്‍ക്കു സന്തോഷവാര്‍ത്തയുമായിക്കൊണ്ടും (അവതരിപ്പിച്ചിരിക്കുന്നു).
  • وَيَوْمَ ദിവസം نَبْعَثُ നാം എഴുന്നേല്‍പിക്കുന്നു (അയക്കുന്നു, നിയോഗിക്കുന്നു) فِي كُلِّ أُمَّةٍ എല്ലാ സമുദായത്തിലും شَهِيدًا ഒരു സാക്ഷിയെ عَلَيْهِم അവരുടെമേല്‍ مِّنْ أَنفُسِهِمْ അവരുടെ സ്വന്തങ്ങളില്‍ നിന്നു, അവരില്‍നിന്നു തന്നെ وَجِئْنَا നാം വരുകയും ചെയ്യും بِكَ നിന്നെക്കൊണ്ടു شَهِيدًا സാക്ഷിയായി عَلَىٰ هَـٰؤُلَاءِ ഇക്കൂട്ടരുടെ മേല്‍ وَنَزَّلْنَا നാം ഇറക്കുക (അവതരിപ്പിക്കുക) യും ചെയ്തു عَلَيْكَ നിനക്കു, നിന്റെ മേല്‍ الْكِتَابَ (വേദ) ഗ്രന്ഥം تِبْيَانًا വിവരണമായിട്ടു لِّكُلِّ شَيْءٍ എല്ലാ കാര്യത്തിനും وَهُدًى മാര്‍ഗ്ഗദര്‍ശനമായും وَرَحْمَةً കാരുണ്യമായും وَبُشْرَىٰ സന്തോഷവാര്‍ത്തയായും لِلْمُسْلِمِينَ മുസ്ലിംകള്‍ക്കു

ഓരോ സമുദായത്തിലെയും നബിമാര്‍, തങ്ങളുടെ പ്രബോധനത്തെ സംബന്ധിച്ചു തങ്ങളുടെ സമുദായം എന്തു നിലപാടു സ്വീകരിച്ചുവെന്നു ഖിയാമത്തുനാളില്‍ സാക്ഷ്യം വഹിക്കുന്നതാണ്. കൂട്ടത്തില്‍, നബി صَلَّى اللَّهُ عَلَيْهِ وَسَلَّمَ തിരുമേനി ഈ സമുദായത്തിനും സാക്ഷിയായിവരും. ആ സാക്ഷ്യം തങ്ങള്‍ക്കു എതിരാകാതിരിക്കുവാന്‍ എല്ലാവരും സൂക്ഷിക്കേണ്ടതുണ്ടെന്നു അല്ലാഹു سبحانه وتعالى ഉണര്‍ത്തുന്നു. ഈ വിഷയം സൂ: നിസാഉ്: 41ലും അല്ലാഹു سبحانه وتعالى ഉണര്‍ത്തിയിട്ടുണ്ട്. അതിലെ വാചകം ഇതാണ്:..فَكَيْفَ إِذَا جِئْنَا مِن كُلِّ أُمَّةٍ بِشَهِيدٍ وَجِئْنَا بِكَ عَلَىٰ هَـٰؤُلَاءِ شَهِيدًا (എല്ലാ സമുദായത്തില്‍നിന്നും നാം ഓരോ സാക്ഷിയെ കൊണ്ടുവരുകയും, ഇക്കൂട്ടരുടെമേല്‍ സാക്ഷിയായി നിന്നെ നാം കൊണ്ടുവരുകയും ചെയ്യുമ്പോള്‍ എങ്ങിനെയായിരിക്കും (ഇവരുടെ സ്ഥിതി)?! ആ വചനത്തിന്റെ വ്യാഖ്യാനത്തില്‍ വിവരിച്ച സംഗതികള്‍ ഇവിടെയും ഓര്‍ക്കുന്നതു നന്നായിരിക്കും. അന്നത്തെ ദിവസം രക്ഷ കിട്ടുവാനും നബി صَلَّى اللَّهُ عَلَيْهِ وَسَلَّمَ തിരുമേനിയുടെ സാക്ഷ്യം അനുകൂലമായിരിക്കുവാനുമുള്ള ഏകമാര്‍ഗ്ഗം അല്ലാഹു سبحانه وتعالىവിന്റെ കല്‍പനാ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കലാണല്ലോ. അതുകൊണ്ടാണ് അടുത്ത വാക്യത്തില്‍ ഖുര്‍ആന്‍ അവതരിപ്പിച്ച കാര്യവും ഉണര്‍ത്തിയിരിക്കുന്നത്.

ഖുര്‍ആന്റെ സവിശേഷതകളായി ഇവിടെ എടുത്തുകാട്ടിയതു നാലു കാര്യങ്ങളാകുന്നു.

1. تِبْيَانًا لِّكُلِّ شَيْءٍ (എല്ലാ കാര്യത്തിനും വിവരണമാണത്.) അതായത്, നന്മകള്‍ സമ്പാദിക്കുവാനും, തിന്മകളില്‍ നിന്നു ഒഴിവായിരിക്കുവാനും വേണ്ടുന്ന എല്ലാകാര്യങ്ങളും അതില്‍ സവിസ്തരം വിവരിക്കപ്പെട്ടിട്ടുണ്ടെന്ന് സാരം. വേറൊരു സ്ഥലത്തു അല്ലാഹു سبحانه وتعالى പറയുന്നു: مَّا فَرَّطْنَا فِي الْكِتَابِ مِن شَيْءٍ: الأنعام (ഈ ഗ്രന്ഥത്തില്‍ നാം യാതൊരു വീഴ്ചയും വരുത്തിയിട്ടില്ല). 6:38.

2. وَهُدًى (മാര്‍ഗ്ഗദര്‍ശനവുമാണത്) അതായതു, ദുര്‍മാര്‍ഗ്ഗത്തില്‍ പതിക്കാതെ സന്മാര്‍ഗ്ഗത്തില്‍ ചരിക്കുവാന്‍ വേണ്ടുന്ന ഉപദേശ നിര്‍ദ്ദേശങ്ങളുടെ സമാഹാരമാണത്.

3. وَرَحْمَةً (കാരുണ്യവുമാണതു) അതെ, മനുഷ്യര്‍ ദുര്‍മാര്‍ഗ്ഗത്തിലകപ്പെട്ടു ശിക്ഷാര്‍ഹരായിത്തീരാതിരിക്കുവാനും, അവര്‍ക്കു മോക്ഷവും വിജയവും കൈവരുവാനും വേണ്ടി അവരുടെ നേരെയുള്ള കാരുണ്യം നിമിത്തം അല്ലാഹു سبحانه وتعالى അവതരിപ്പിച്ചിട്ടുള്ള ഒരു മഹാനുഗ്രഹമാണത്. وَمَا أَرْسَلْنَاكَ إِلَّا رَحْمَةً لِّلْعَالَمِينَ ലോകര്‍ക്ക് കാരുണ്യമായിട്ടല്ലാതെ നിന്നെ നാം അയച്ചിട്ടില്ല. (21:107). പക്ഷേ, അതില്‍ വിശ്വസിക്കുകയും, അതിന്റെ മാര്‍ഗ്ഗദര്‍ശനം സ്വീകരിക്കുകയും ചെയ്യുന്നവര്‍ക്കു മാത്രമേ അനുഗ്രഹം ആസ്വദിക്കുവാന്‍ ഭാഗ്യമുണ്ടായിരിക്കുകയുള്ളു. അവരത്രെ മുസ്ലിംകള്‍.

4. وَبُشْرَىٰ لِلْمُسْلِمِينَ (മുസ്ലിംകള്‍ക്ക് സന്തോഷവാര്‍ത്തയുമാണ്). അപ്പോള്‍, യഥാര്‍ത്ഥ മുസ്ലിംകളല്ലാത്തവരെ സംബന്ധിച്ചിടത്തോളം അതു സന്തോഷവാര്‍ത്തയായിരിക്കുകയില്ല – താക്കീതു മാത്രമായിരിക്കും – എന്നുള്ളതു സ്വഭാവികമാകുന്നു.

ഖുര്‍ആന്‍ എല്ലാ കാര്യത്തിന്റെയും വിവരണമാണു (تِبْيَانًا لِّكُلِّ شَيْءٍ) എന്നു പറഞ്ഞതുകൊണ്ടു മനുഷ്യസമുദായത്തില്‍ കാലാകാലം ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്ന ചെറുതും വലുതുമായ സകല കാര്യങ്ങളുടെയും വിധി സവിസ്തരം ഖുര്‍ആനില്‍ പ്രതിപാദിക്കപ്പെട്ടിട്ടുണ്ടെന്നോ, ഖുര്‍ആനില്‍ വ്യക്തമായി പ്രസ്താവിക്കപ്പെടാത്ത എല്ലാ കാര്യവും മനുഷ്യനു അവന്റെ ഇഷ്ടാനുസരണം കൈകാര്യം ചെയ്യാമെന്നോ ധരിച്ചുകൂടാ, ഖുര്‍ആന്‍ ‘എല്ലാ കാര്യത്തിന്റെയും വിവരണമാണെ’ന്നു ഇവിടെയും ‘എല്ലാ കാര്യവും നാം ശരിക്കു വിശദീകരിച്ചിരിക്കുന്നു’വെന്നു സൂ: ഇസ്രാഉ് 12ലും അല്ലാഹു سبحانه وتعالى പറഞ്ഞതിന്റെ അര്‍ത്ഥം ആവശ്യമായ എല്ലാ കാര്യവും സവിശദം അതില്‍ വിവരിച്ചിട്ടുണ്ടു എന്നത്രെ. ഇതുമൂലം അതില്‍ വ്യക്തമാക്കപ്പെട്ടിട്ടില്ലാത്ത കാര്യങ്ങളുടെ വിവരണം ലഭിക്കുന്നതു എങ്ങിനെയാണെന്നുകൂടി മനസ്സിലാക്കേണ്ടിയിരിക്കുന്നു. അതിപ്രകാരമാകുന്നു;-

(1). വളരെയധികം വിഷയങ്ങള്‍ വ്യക്തമായ ഭാഷയില്‍ തന്നെ സവിശദം ഖുര്‍ആന്‍ വിവരിച്ചിരിക്കുന്നു. തൗഹീദു, ശിര്‍ക്കു്, പരലോകജീവിതം എന്നിങ്ങിനെ മൗലിക പ്രധാനങ്ങളായ വിഷയങ്ങള്‍ തുടങ്ങി വുള്വു, തയമ്മും, അനന്തരാവകാശ നിയമങ്ങള്‍ എന്നിങ്ങിനെ കര്‍മ്മാനുഷ്ഠാനപരമായ ഏതാനും കാര്യങ്ങള്‍വരെ പലതും അതില്‍ ഉള്‍പെടുന്നു.

(2). ഖുര്‍ആന്‍ വിഭാവനം ചെയ്യുന്ന തത്വങ്ങളെയും, അതിലെ ഉപദേശ നിര്‍ദ്ദേശങ്ങളെയും, അടിസ്ഥാനമാക്കി വളരെയധികം കാര്യങ്ങള്‍ വാക്കുമുഖേനയും, പ്രവൃത്തി മുഖേനയും നബിصَلَّى اللَّهُ عَلَيْهِ وَسَلَّمَ തിരുമേനിയും വിവരിച്ചു തന്നിരിക്കുന്നു. ഇതിനാണു നബിصَلَّى اللَّهُ عَلَيْهِ وَسَلَّمَയുടേ സുന്നത്തു (ചര്യ) എന്നു പറയപ്പെടുന്നത്. ‘നിങ്ങള്‍ക്കു അല്ലാഹുവിന്റെ റസൂലില്‍ നല്ലതായ മാതൃകയുണ്ട്.’ (33:21) എന്നും മറ്റുമുള്ള ഖുര്‍ആന്‍ വചനങ്ങള്‍ ഇതാണു ചൂണ്ടിക്കാട്ടുന്നത്. ‘എനിക്കു ഖുര്‍ആനും, അതോടൊപ്പം അത്രയും നല്‍കപ്പെട്ടിരിക്കുന്നു.’ (ദാ) എന്ന് തിരുമേനി صَلَّى اللَّهُ عَلَيْهِ وَسَلَّمَ അരുളിച്ചെയ്തതും അതാണു കുറിക്കുന്നത്. നബി صَلَّى اللَّهُ عَلَيْهِ وَسَلَّمَ യുടെ സുന്നത്തിനെ പിന്‍പറ്റുന്നതു യഥാര്‍ത്ഥത്തില്‍ അല്ലാഹു سبحانه وتعالىسبحانه وتعالىവിന്റെ ഗ്രന്ഥത്തെ പിന്‍പറ്റല്‍ തന്നെയാണുതാനും. അല്ലാഹു سبحانه وتعالىسبحانه وتعالى പറയുന്നു: مَّن يُطِعِ الرَّسُولَ فَقَدْ أَطَاعَ اللَّـهَ : النساء (ആര്‍ റസൂലിനെ അനുസരിച്ചുവോ അവന്‍ അല്ലാഹു سبحانه وتعالىവിനെ അനുസരിച്ചു കഴിഞ്ഞു. (4:80). ചെറുതും വലുതുമായി ലോകാവസാനം വരെയുണ്ടാകുന്ന സകല കാര്യങ്ങളും ഖുര്‍ആനില്‍ വിവരിക്കപ്പെട്ടിട്ടില്ലെന്നും, അതു പ്രായോഗികമല്ലെന്നും വ്യക്തമാണ്. അതുകൊണ്ടാണു റസൂല് ‍صَلَّى اللَّهُ عَلَيْهِ وَسَلَّمَ യുടെ മാതൃക പിന്‍പറ്റുവാനും, റസൂല് ‍صَلَّى اللَّهُ عَلَيْهِ وَسَلَّمَ യുടെ കല്‍പനകള്‍ അനുസരിക്കുവാനും അല്ലാഹു കല്‍പിച്ചിരിക്കുന്നതും.

(3). എനി, ഖുര്‍ആനിലും, സുന്നത്തിലും വ്യക്തമായി വിധി പ്രസ്താവിക്കപ്പെട്ടിട്ടില്ലാത്ത വല്ല വിഷയവും നേരിടുമ്പോള്‍, ആ രണ്ടിലും വ്യക്തമാക്കപ്പെട്ട തത്വങ്ങള്‍, നിര്‍ദ്ദേശങ്ങള്‍, സൂചനകള്‍ ആദിയായവയെ അടിസ്ഥാനമാക്കി അര്‍ഹതയും പ്രാപ്തിയുമുള്ള ആളുകള്‍ അവയില്‍നിന്നു കണ്ടുപിടിച്ചു അവക്കു പരിഹാരം കാണാവുന്നതാകുന്നു. ഇതാണു ‘ഇജ്തിഹാദു’ (الإجتهاد) എന്ന സാങ്കേതിക നാമത്തില്‍ അറിയപ്പെടുന്നത്.

ഇതു സംബന്ധിച്ചു കൂടുതല്‍ വിസ്തരിക്കുവാന്‍ ഇവിടെ സൗകര്യമില്ല. അതിനു അതിന്റേതായ പ്രത്യേക ഗ്രന്ഥങ്ങളെ ആശ്രയിക്കേണ്ടതാണ്. ഖുര്‍ആന്‍ എല്ലാകാര്യത്തിന്റെയും വിവരണവും വിശദീകരണവുമാണു എന്നു പറഞ്ഞതിന്റെ ബാഹ്യാര്‍ത്ഥം മാത്രം പൊക്കിപിടിച്ചുകൊണ്ടു ഖുര്‍ആന്‍ മാത്രമേ മുസ്ലിംകള്‍ പ്രമാണമായി അംഗീകരിക്കേണ്ടതുള്ളുവെന്നും, നബിصَلَّى اللَّهُ عَلَيْهِ وَسَلَّمَ യുടെ സുന്നത്തു മറ്റും ഇസ്ലാമിന്റെ പ്രമാണമല്ലെന്നുമൊക്കെ ചില പിഴച്ച കക്ഷികള്‍ വാദിച്ചുവരാറുണ്ട്. അവരുടെ വാദപ്രകാരം ഇസ്ലാമിക നിയമങ്ങള്‍ക്കു രൂപം നല്‍കുന്നപക്ഷം, നമസ്ക്കാരം സക്കാത്തു തുടങ്ങിയ അനുഷ്ഠാനങ്ങള്‍ക്കുപോലും ഒരു നിശ്ചിത രൂപമോ, നിയമവ്യവസ്ഥയോ ഉണ്ടായിരിക്കുവാന്‍ നിവൃത്തിയില്ലാതെവരും. (*) നമസ്ക്കാരം എന്നു പേര്‍ പറയപ്പെടാവുന്ന വല്ല കര്‍മ്മരൂപവും എപ്പോഴെങ്കിലും ആചരിച്ചാല്‍ നമസ്ക്കാരത്തിന്റെ കടമതീര്‍ന്നുവെന്നും, സകാത്തു എന്നു പറയപ്പെടാവുന്നവിധം വല്ലതും ചിലവഴിച്ചാല്‍ ആ കടമയും തീര്‍ന്നുവെന്നുമായിരിക്കും ഫലത്തില്‍ ആ വാദത്തിന്റെ അര്‍ത്ഥം. ചുരുക്കത്തില്‍, മതപരമായ തനി അരാജകത്വത്തിലേക്കുള്ള ക്ഷണമാണു അതെന്നു അല്‍പം ബുദ്ധിയും, ശകലം സത്യവിശ്വാസവുമുള്ള ആര്‍ക്കും മനസ്സിലാക്കുവാന്‍ പ്രയാസമില്ല. മാത്രമല്ല, ആ വാദികള്‍പോലും പ്രമാണമായി അംഗീകരിക്കുന്ന വളരെയേറെ ഖുര്‍ആന്‍ വചനങ്ങള്‍ക്കു യാതൊരു നിളയും വിലയുമില്ലാതാക്കുന്ന ഒരു വാദമാണത്. معاذ الله


(*) മര്‍ഹൂം ഡോക്ടര്‍ മുസ്തഫാ സബാഈയുടെ السنة ومكانتها في التشريع الاسلامى എന്ന ഗ്രന്ഥത്തില്‍ ഈ വിഷയം വേണ്ടത് പോലെ വിവരിച്ചുകാണാം. ‘നബിചര്യയും ഇസ്ലാം ശരീഅത്തില്‍ അതിന്റെ സ്ഥാനവും’ എന്ന പേരില്‍ ഈയുള്ളവന്‍ അതിനെ മലയാളത്തിലേക്ക് ഭാഷാന്തരം ചെയ്തിട്ടുമുണ്ട്. الحمد لله

വിഭാഗം - 13

16:90
  • إِنَّ ٱللَّهَ يَأْمُرُ بِٱلْعَدْلِ وَٱلْإِحْسَـٰنِ وَإِيتَآئِ ذِى ٱلْقُرْبَىٰ وَيَنْهَىٰ عَنِ ٱلْفَحْشَآءِ وَٱلْمُنكَرِ وَٱلْبَغْىِ ۚ يَعِظُكُمْ لَعَلَّكُمْ تَذَكَّرُونَ ﴾٩٠﴿
  • നിശ്ചയമായും അല്ലാഹു, നീതി ചെയ്‌വാനും, നന്‍മ ചെയ്‌വാനും, കുടുംബബന്ധമുള്ളവര്‍ക്കു കൊടുക്കുവാനും കല്‍പിക്കുന്നു; നീചവൃത്തിയെയും, ദുരാചാരത്തെയും, അതിക്രമത്തെയുംകുറിച്ചു അവന്‍ വിരോധിക്കുകയും ചെയ്യുന്നു. നിങ്ങള്‍ ഓര്‍മ്മ വെക്കുവാന്‍വേണ്ടി അവന്‍ നിങ്ങള്‍ക്കു സദുപദേശം നല്‍കുകയാണ്.
  • إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു يَأْمُرُ കല്‍പിക്കുന്നു بِالْعَدْلِ നീതിയെപ്പറ്റി, (നീതി ചെയ്‌വാന്‍) وَالْإِحْسَانِ നന്‍മ (പുണ്യം) ചെയ്‌വാനും وَإِيتَاءِ കൊടുക്കുവാനും ذِي الْقُرْبَىٰ അടുത്ത (കുടുംബ) ബന്ധമുള്ളവര്‍ക്കു وَيَنْهَىٰ അവന്‍ വിരോധിക്കുകയും ചെയ്യുന്നു عَنِ الْفَحْشَاءِ നീചവൃത്തിയെക്കുറിച്ചു وَالْمُنكَرِ വെറുക്കപ്പെട്ടതിനെയും, ദുരാചാരത്തെയും وَالْبَغْيِ അതിക്രമത്തെ (ക്രമം തെറ്റുന്നതിനെ - ധിക്കാരത്തെ) യും يَعِظُكُمْ അവന്‍ നിങ്ങള്‍ക്കു സദുപദേശം നല്‍കുന്നു, ഉപദേശം നല്‍കുകയാണു لَعَلَّكُمْ നിങ്ങള്‍ ആകുവാന്‍, ആയേക്കും تَذَكَّرُونَ നിങ്ങള്‍ ഉറ്റാലോചിക്കും,ഓര്‍മ്മവെക്കും

എല്ലാ നന്മകളുടെയും, തിന്മകളുടെയും നിദാനം അടങ്ങിയതും, സന്മാര്‍ഗ്ഗ വ്യവസ്ഥയുടെ അടിത്തറയിലേക്കു വിരല്‍ ചൂണ്ടുന്നതുമായ ഒരു വചനമത്രെ ഇത്.

ഇബ്നുജരീര്‍, ത്വബ്റാനീ, ഹാകിം (رحمهم الله) മുതാലയവരും, ബുഖാരീ (رحمه الله) അദ്ദേഹത്തിന്റെ ‘അദബി’ലും, ബൈഹഖി (رحمه الله) അദ്ദേഹത്തിന്റെ ‘ശുഅബി’ലും ഇബ്നും മസ്ഊദു رَضِيَ اللهُ تَعَالَى عَنْهُ പ്രസ്താവിച്ചതായി ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു: ‘അല്ലാഹുവിന്റെ കിത്താബിലെ ഏറ്റവും മഹത്തായ ആയത്തു اللَّـهُ لَا إِلَـٰهَ إِلَّا هُوَ الْحَيُّ الْقَيُّومُ (അല്ലാഹു – അവനല്ലാതെ ഒരു ആരാധ്യനുമില്ല – ജീവത്തായുള്ളവനാണ്, സര്‍വ്വനിയന്താവായുള്ളവനാണ്) എന്ന ആയത്താകുന്നു. നന്മയും, തിന്മയും ഏറ്റവുമധികം ഉള്‍കൊള്ളുന്ന ആയത്തു സൂറത്തുന്നഹ്ലിലെ إِنَّ اللَّـهَ يَأْمُرُ بِالْعَدْلِ وَالْإِحْسَانِ (നിശ്ചയമായും അല്ലാഹു, നീതിചെയ്‌വാനുംനന്മ ചെയ്‌വാനും കല്‍പിക്കുന്നു) എന്ന (ഈ) ആയത്താകുന്നു. കാര്യങ്ങള്‍ അല്ലാഹുവില്‍ ഭരമേല്‍പിക്കുവാന്‍ ഏറ്റവും പ്രേരിപ്പിക്കുന്ന ആയത്തു وَمَن يَتَّقِ اللَّـهَ يَجْعَل لَّهُ مَخْرَجًا … (ആര്‍ അല്ലാഹുവിനെ സൂക്ഷിക്കുന്നുവോ അവനു അവന്‍ പോംവഴി – രക്ഷാമാര്‍ഗ്ഗം – ഏര്‍പ്പെടുത്തിക്കൊടുക്കുകയും, അവന്‍ വിചാരിക്കാത്ത വിധത്തിലൂടെ അവനു ഉപജീവനം നല്‍കുകയും ചെയ്യും. (ത്വലാഖു: 2) എന്നുള്ള ആയത്താകുന്നു. സുപ്രതീക്ഷ നല്‍കുന്നതില്‍ ഏറ്റവും ശക്തിമത്തായതു ….. قُلْ يَا عِبَادِيَ الَّذِينَ أَسْرَفُوا عَلَىٰ أَنفُسِهِمْ (പറയുക: തങ്ങളുടെ സ്വന്തങ്ങളോടു അതിരുകവിഞ്ഞ അടിമകളേ, നിങ്ങള്‍ അല്ലാഹുവിന്റെ കാരുണ്യത്തെക്കുറിച്ചു ആശ മുറിയരുത്. നിശ്ചയമായും അല്ലാഹു, പാപങ്ങള്‍ മുഴുവനും പൊറുക്കുന്നതാണു. (സുമര്‍: 53) എന്ന ആയത്താകുന്നു.’

ഹാഫിള് അബൂയഅ്-ലാ (الحافظ أبو يعلى – رحمه الله) യും മറ്റും ഉദ്ധരിച്ച ഒരു സംഭവത്തില്‍ ഇപ്രകാരം വന്നിരിക്കുന്നു: അറേബ്യയിലെ ഒരു തത്വജ്ഞാനിയായിരുന്ന അക്ഥമുബ്നു സ്വൈഫിയ്യു (اكثم بن صيفي) നബി صَلَّى اللَّهُ عَلَيْهِ وَسَلَّمَ യുടെ വെളിപാടിനെപ്പറ്റി കേട്ടപ്പോള്‍, നേരില്‍ ചെന്ന് വിവരമറിയുവാന്‍വേണ്ടി അദ്ദേഹം ആളയച്ചിരുന്നു. അവരില്‍ നിന്നു അദ്ദേഹം ഈ (… إِنَّ اللَّـهَ يَأْمُرُ بِالْعَدْلِ) ആയത്തിനെപ്പറ്റി അറിയുവാനിടയായി. അപ്പോള്‍ അദ്ദേഹം പറഞ്ഞു: ‘അദ്ദേഹം – നബി صَلَّى اللَّهُ عَلَيْهِ وَسَلَّمَ – ഉല്‍കൃഷ്ട സ്വഭാവങ്ങളെപ്പറ്റി കല്‍പിക്കുന്നതായും, നികൃഷ്ട സ്വഭാവങ്ങളെക്കുറിച്ചു വിരോധിക്കുന്നതായും കാണുന്നു. അതുകൊണ്ടു ഈ കാര്യത്തില്‍ നിങ്ങള്‍ തലകളായിരിക്കണം – വാലുകളായിതീരരുത്. (മുമ്പന്‍മാരാവണം, പിമ്പന്‍മാരാകരുത്.)’.

മൂന്നു കാര്യങ്ങളാണു ഈ വചനത്തില്‍ അല്ലാഹു കല്‍പിക്കുന്നത്.

1-ാമത്തേതു: الْعَدْل (നീതി). അമിതമാക്കുകയോ, വീഴ്ചവരുത്തുകയോ ചെയ്യാതെ, ഓരോ കാര്യത്തിലും അതതിന്റെ മദ്ധ്യമവും മിതവുമായ നില കൈക്കൊള്ളുക എന്നത്രെ നീതികൊണ്ടു വിവക്ഷ. അല്ലാഹുവിനെ സംബന്ധിക്കുന്നതോ, സൃഷ്ടികളെ സംബന്ധിക്കുന്നതോ ആയ ഏതു കാര്യത്തിലും – സ്വന്തം കാര്യത്തില്‍പോലും – ഇതു നിര്‍ബ്ബന്ധമാകുന്നു. നീതി പാലിക്കപ്പെടാത്ത കാര്യങ്ങളെല്ലാം അനീതിയും അക്രമവും തന്നെ. അബ്ദുല്ലാഹിബ്നു അംറിബ്നിൽ ആസ്വ് (رَضِيَ اللهُ تَعَالَى عَنْهُ)ന്റെ പ്രസിദ്ധമായ ഒരു സംഭവത്തില്‍ നബി صَلَّى اللَّهُ عَلَيْهِ وَسَلَّمَ അദ്ദേഹത്തോടു ഇങ്ങിനെ പറയുകയുണ്ടായി: ‘നിശ്ചയമായും, തന്റെ ശരീരത്തോടു തനിക്ക് കടമയുണ്ട്; തന്റെ കണ്ണുകളോടും തനിക്ക് കടമയുണ്ട്; തന്റെ ഭാര്യയോടും തനിക്ക് കടമയുണ്ട്; തന്നെ സന്ദര്‍ശിക്കുന്നവരോടും തനിക്ക് കടമയുണ്ട്. അതുകൊണ്ടു എല്ലാ മാസത്തിലും താന്‍ മൂന്നു (സുന്നത്തു) നോമ്പു നോറ്റാല്‍ മതി. കാരണം, തനിക്കു ഓരോ നന്മക്കും പത്തിരട്ടി (പ്രതിഫലം) ഉണ്ടായിരിക്കും. അപ്പോള്‍ അതു, കാലം മുഴുവനും നോമ്പു പിടിക്കലായി’ (ബു; മു).

നീതിപാലനത്തില്‍ ഒന്നാം സ്ഥാനം അര്‍ഹിക്കുന്നതു അല്ലാഹുവിന്റെ അധികാരാവകാശങ്ങളും, മഹത്വങ്ങളും അവനുമാത്രം വകവെച്ചു കൊടുക്കുകയെന്ന തൗഹീദും, അനീതികളില്‍വെച്ച് ഏറ്റവും ഗൗരവമേറിയതു അതിന്റെ വിപരീതമായ ശിര്‍ക്കുമാകുന്നുവെന്നു പറയേണ്ടതില്ല. അതെ, إِنَّ الشِّرْكَ لَظُلْمٌ عَظِيمٌ (നിശ്ചയമായും, ശിര്‍ക്കു വമ്പിച്ച അനീതിയാകുന്നു. 31:13). മുഹമ്മദുബ്നുല്‍ ഖുറളീ (محمد بن القرظي – رحمه الله) യില്‍ നിന്നു ഇബ്നു അബീഹാതിം (رحمه الله) ഇങ്ങിനെ ഉദ്ധരിക്കുന്നു: എന്നെ (ഖലീഫാ) ഉമറുബ്നു അബ്ദില്‍ അസീസ്‌ (رحمه الله) വിളിച്ച് ‘എനിക്ക് നീതിയെക്കുറിച്ചു വിവരിച്ചു തരണം’ എന്നാവശ്യപ്പെട്ടു. ഞാന്‍ ഇങ്ങിനെ പറഞ്ഞു: ‘അഹോ! വലിയൊരു കാര്യത്തെക്കുറിച്ചാണു നിങ്ങള്‍ ചോദിച്ചത്. ചെറിയ മനുഷ്യര്‍ക്കു നിങ്ങള്‍ പിതാവും, വലിയവര്‍ക്കു മകനും, സമന്‍മാര്‍ക്കു സഹോദരനും, അതേപ്രകാരം തന്നെ സ്ത്രീകളോടും ആയിക്കൊള്ളുക. ജനങ്ങളോടു അവരുടെ കുറ്റങ്ങള്‍ക്കനുസരിച്ചും, അവരുടെ ശരീരങ്ങള്‍ക്കനുസരിച്ചും ശിക്ഷാനടപടി സ്വീകരിക്കുക. നിങ്ങളുടെ ദ്വേഷ്യം നിമിത്തം ഒരാളെയും ഒരൊറ്റ ചമ്മട്ടിയടിയും അടിക്കരുത്. എന്നാല്‍ നിങ്ങള്‍ അക്രമിയായിത്തീരും’. നീതിയുടെ വ്യാപ്തി മേലുദ്ധരിച്ചതില്‍ നിന്നെല്ലാം വ്യക്തമാണല്ലോ.

2-ാമത്തേതു: الْإِحْسَان (നന്മ ചെയ്യല്‍ – അഥവാ പുണ്യം ചെയ്യല്‍) നിര്‍ബ്ബന്ധകടമകള്‍ എന്നപോലെ ഐച്ഛികമായ ദാനധര്‍മ്മങ്ങള്‍, ആരാധനാ കര്‍മ്മങ്ങള്‍, ജനോപകാരപ്രദമായ കാര്യങ്ങള്‍ മുതലായ എല്ലാ പുണ്യകര്‍മ്മങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. ഇങ്ങോട്ടു തിന്മ ചെയ്തവരോട്‌ അങ്ങോട്ടു തിന്മ ചെയ്യാതെ നന്മ ചെയ്തു കൊടുക്കുന്നതു ഏറ്റവും മേലേകിടയിലുള്ള നന്മയത്രെ. ഇബ്നു ഉമര്‍ (رَضِيَ اللهُ تَعَالَى عَنْهُ) പ്രസ്താവിച്ചതായി ബുഖാരിയും, മുസ്‌ലിമും رحمهما الله ഉദ്ധരിച്ച പ്രസിദ്ധമായ ഒരു ഹദീസില്‍ إِحْسَان എന്ന വാക്കിനു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) നല്‍കിയ വ്യാഖ്യാനം ഇങ്ങിനെയാണു: أَنْ تَعْبُدَ اللَّهَ كَأَنَّكَ تَرَاهُ ، فَإِنْ لَمْ تَكُنْ تَرَاهُ فَإِنَّهُ يَرَاكَ (നീ അല്ലാഹുവിനെ കാണുന്നുവെന്നപോലെ അവനെ നീ ആരാധിക്കുകയാണ്. നീ അവനെ കാണുന്നില്ലെങ്കില്‍, നിശ്ചയമായും അവന്‍ നിന്നെ കാണുന്നുണ്ട്).

3-ാമത്തേതു: إِيتَاءِ ذِي الْقُرْبَىٰ (കുടുംബബന്ധമുള്ളവര്‍ക്കു കൊടുക്കല്‍) ഇതു വാസ്തവത്തില്‍ ആദ്യത്തെ രണ്ടു കല്‍പനകളില്‍ ഉള്‍പെട്ടതാണെങ്കിലും ഇതിന്റെ പ്രാധാന്യം നിമിത്തം പ്രത്യേകം എടുത്തു പറഞ്ഞിരിക്കുകയാണ്. സന്ദര്‍ഭവും, ആവശ്യവുമനുസരിച്ച് അടുത്ത ബന്ധുക്കള്‍ക്കു ധനംകൊണ്ടും, വാക്കുകൊണ്ടും, പ്രവൃത്തികൊണ്ടും ചെയ്തുകൊടുക്കുന്ന എല്ലാ നന്മകളുമാണു വിവക്ഷ കുടുംബബന്ധം പാലിക്കുവാന്‍ പ്രേരിപ്പിക്കുകയും അതു മുറിക്കുന്നതിനെപ്പറ്റി ആക്ഷേപിക്കുകയും ചെയ്യുന്ന എത്രയോ ഖുര്‍ആന്‍ വചനങ്ങളും, നബിവചനങ്ങളും നിലവിലുള്ളതു പ്രസ്താവ്യമത്രെ.

മൂന്നു കാര്യങ്ങള്‍ കല്‍പിച്ചതുപോലെ, മൂന്നുകാര്യങ്ങള്‍ ഈ വചനത്തില്‍ അല്ലാഹു വിരോധിക്കുകയും ചെയ്യുന്നു.

1-ാമത്തേതു: الْفَحْشَاء (നീചവൃത്തി). സ്വേച്ഛകള്‍ക്കും, വികാരങ്ങള്‍ക്കും വഴങ്ങിക്കൊണ്ടുണ്ടാകുന്ന വ്യഭിചാരം, മോഷണം, മദ്യപാനംപോലെയുള്ള ദുര്‍വൃത്തികളെല്ലാം ഇതില്‍ ഉള്‍പെടുന്നു.

2-ാമത്തേതു:- الْمُنكَرِ (ദുരാചാരം – അഥവാ വെറുക്കപ്പെട്ട കാര്യം). മതദൃഷ്ട്യാ നിഷിദ്ധമായതും, ജനമദ്ധ്യെ ആക്ഷേപകരമായതും, നിഷ്പക്ഷ ബുദ്ധിയും തന്റേടവുമുള്ള ആളുകള്‍ വെറുക്കുന്നതുമായ എല്ലാ കാര്യങ്ങളും ഇതില്‍ പെടുന്നു.

3-ാമത്തേതു:- الْبَغْي (അതിക്രമം). അക്രമമായോ, അഹംഭാവംകൊണ്ടോ, അസൂയ നിമിത്തമോ, സ്വാര്‍ത്ഥ താല്‍പര്യങ്ങളെ മുന്‍നിറുത്തിയോ ഉണ്ടാകുന്ന കയ്യേറ്റം, വാക്കേറ്റം മുതലായ എല്ലാ അതിരുകവിച്ചലുകളും ഇതില്‍ ഉള്‍പ്പെടുന്നു.

ഇങ്ങിനെ ചിലകാര്യങ്ങള്‍ നിങ്ങളോടു അല്ലാഹു കല്‍പിക്കുകയും, ചില കാര്യങ്ങളെ നിങ്ങളോടു വിരോധിക്കുകയും ചെയ്യുന്നതു നിങ്ങളുടെ ഐഹികവും, പാരത്രികവുമായ ഗുണത്തിനുവേണ്ടിയാണ് – അല്ലാഹുവിനു അതുമൂലം യാതൊന്നും നേടുവാനില്ല. നിങ്ങള്‍ മനസ്സിരുത്തി ആലോചിച്ചുനോക്കിയാല്‍ നിങ്ങള്‍ക്കുതന്നെ അതു മനസ്സിലാക്കാം. അതുകൊണ്ടു ഈ ഉപദേശങ്ങള്‍ നിങ്ങള്‍ മുറുകെ പിടിക്കണം എന്നൊക്കെ സൂചിപ്പിച്ചുകൊണ്ടു ഈ വചനം അല്ലാഹു അവസാനിപ്പിക്കുന്നു: يَعِظُكُمْ لَعَلَّكُمْ تَذَكَّرُونَ (നിങ്ങള്‍ ഓര്‍മ്മ വെക്കുവാനായി അല്ലാഹു നിങ്ങള്‍ക്കു സദുപദേശം നല്‍കുകയാണ്.). ഈ വചനത്തില്‍ മൊത്തമായി പ്രസ്താവിക്കപ്പെട്ട കാര്യങ്ങളുടെ ചില ഉദാഹരണങ്ങളാണു തുടര്‍ന്നുള്ള ഏതാനും വചനങ്ങളില്‍ കാണുന്നത്.

16:91
  • وَأَوْفُوا۟ بِعَهْدِ ٱللَّهِ إِذَا عَـٰهَدتُّمْ وَلَا تَنقُضُوا۟ ٱلْأَيْمَـٰنَ بَعْدَ تَوْكِيدِهَا وَقَدْ جَعَلْتُمُ ٱللَّهَ عَلَيْكُمْ كَفِيلًا ۚ إِنَّ ٱللَّهَ يَعْلَمُ مَا تَفْعَلُونَ ﴾٩١﴿
  • നിങ്ങള്‍ കരാര്‍ (അഥവാ ഉടമ്പടി) ചെയ്യുമ്പോള്‍, അല്ലാഹുവിന്റെ (വക) കരാറിനെ നിങ്ങള്‍ നിറവേറ്റുകയും ചെയ്യുവിന്‍; സത്യ(വാചക)ങ്ങളെ ഉറപ്പിച്ചതിനുശേഷം, നിങ്ങള്‍ അവയെ ലംഘിക്കുകയും അരുതു; നിങ്ങളുടെമേല്‍ നിങ്ങള്‍ അല്ലാഹുവിനെ ജാമ്യക്കാരനാക്കി (അഥവാ സാക്ഷിയാക്കി)ക്കഴിഞ്ഞ സ്ഥിതിക്കു. നിശ്ചയമായും അല്ലാഹു, നിങ്ങള്‍ ചെയ്യുന്നതിനെപ്പറ്റി അറിയുന്നതാണ്.
  • وَأَوْفُوا നിറവേറ്റുക (പൂര്‍ണ്ണമാക്കുക) യും ചെയ്യുവിന്‍ بِعَهْدِ കരാറിനെ, ഉടമ്പടിയെ, പ്രതിജ്ഞയെ اللَّـهِ അല്ലാഹുവിന്റെ إِذَا عَاهَدتُّمْ നിങ്ങള്‍ കരാര്‍ (ഉടമ്പടി) ചെയ്‌താല്‍ وَلَا تَنقُضُوا നിങ്ങള്‍ ഉടക്കുക (ലംഘിക്കുക) യും ചെയ്യരുതു الْأَيْمَانَ സത്യ(ശപഥ)ങ്ങളെ بَعْدَ ശേഷം, പിന്നീടു تَوْكِيدِهَا അവയെ ബലപ്പെടുത്തിയ (ഉറപ്പിച്ച) തിന്റെ وَقَدْ جَعَلْتُمُ നിങ്ങള്‍ ആക്കിയിരിക്കെ اللَّـهَ അല്ലാഹുവിനെ عَلَيْكُمْ നിങ്ങളുടെമേല്‍ كَفِيلًا ജാമ്യക്കാരന്‍, ഏറ്റെടുത്തവന്‍, ഉത്തരവാദി إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു يَعْلَمُ അവന്‍ അറിയും, അറിയുന്നു مَا تَفْعَلُونَ നിങ്ങൾ ചെയ്യുന്നതിനെ

عَهْد اللَّـهِ (അല്ലാഹുവിന്റെ വക കരാര്‍) കൊണ്ടു ഇവിടെ ഉദ്ദേശിക്കപ്പെട്ടതെന്താണെന്നുള്ളതില്‍ വ്യാഖ്യാതാക്കള്‍ക്കിടയില്‍ ഒന്നിലധികം അഭിപ്രായങ്ങള്‍ കാണാം.

കൂടുതല്‍ യോജിപ്പുള്ളതായി തോന്നുന്നതും ഇമാം ഇബ്നു ജരീര്‍, ഇമാം റാസീ (رحمة الله عليهما) മുതലായവര്‍ സ്വീകരിച്ചിരിക്കുന്നതുമായ അഭിപ്രായമനുസരിച്ച് ഒന്നാമത്തെവാക്യത്തില്‍ മനുഷ്യര്‍ സ്വയം ഏറ്റെടുക്കുന്ന എല്ലാതരം കരാറ് ബാധ്യതകളും നിറവേറ്റേണ്ടതാണ് എന്നുള്ള ഒരു പൊതുകല്‍പനയും, രണ്ടാമത്തെ വാക്യത്തില്‍, അല്ലാഹുവിനെ മുന്‍നിറുത്തി ചെയ്യുന്ന ശപഥങ്ങളൊന്നും ലംഘിച്ചുകൂടാത്തതാണെന്നുള്ള ഒരു പ്രത്യേക കല്‍പനയും അടങ്ങിയിരിക്കുന്നു. എല്ലാ ശപഥങ്ങളും നിറവേറ്റുവാന്‍ കടമപ്പെട്ടവയാണെങ്കിലും അല്ലാഹുവിനെ സാക്ഷ്യപ്പെടുത്തിക്കൊണ്ടു അതിനെ ശക്തിപ്പെടുത്തുമ്പോള്‍ ആ കടമ കൂടുതല്‍ ശക്തിപ്പെടുന്നുവെന്നും, അതാണു بَعْدَ تَوْكِيدِهَا (അവയെ ഉറപ്പിച്ചശേഷം) എന്ന വാക്കു സൂചിപ്പിക്കുന്നതെന്നും ഈ അഭിപ്രായക്കാര്‍ ചൂണ്ടിക്കാട്ടുന്നു.

മനഃപൂര്‍വ്വമല്ലാതെ വന്നുപെടുന്ന സത്യങ്ങള്‍ പാലിക്കല്‍ നിര്‍ബ്ബന്ധമില്ലെന്നു 2:225ലും, 5:92ലും അല്ലാഹു വ്യക്തമാക്കിയിട്ടുണ്ട്. ഒരു കാര്യത്തില്‍ സത്യംചെയ്ത ശേഷം, അതിനെക്കാള്‍ ഉത്തമമായതു മറ്റൊന്നായിരുന്നുവെന്നു ബോധ്യപ്പെട്ടാല്‍, ആദ്യത്തെ സത്യം ലംഘിക്കുകയും, അതിനു പ്രായശ്ചിത്തം (كفارة)ചെയ്യുകയും ചെയ്തുകൊണ്ട് കൂടുതല്‍ ഉത്തമമായതു സ്വീകരിക്കേണ്ടതാണെന്നു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യും (*) അരുളിച്ചെയ്തിരിക്കുന്നു. (ബു; മു). അപ്പോള്‍, ഈ രണ്ടു രൂപവും ഒഴിച്ചുള്ള സത്യങ്ങളെക്കുറിച്ചായിരിക്കും ഇവിടെ بَعْدَ تَوْكِيدِهَا (അവയെ ഉറപ്പിച്ച ശേഷം) എന്നു പറഞ്ഞിരിക്കുന്നതെന്നു മനസ്സിലാക്കേണ്ടിയിരിക്കുന്നു. والله أعلم . നിങ്ങള്‍ സത്യങ്ങളും കരാറുകളും ചെയ്യുന്നതും, അവ ലംഘിക്കുന്നതുമൊക്കെ അല്ലാഹു അറിയുന്നതാണ്; അത് കൊണ്ട് നിങ്ങള്‍ അതൊക്കെ വളരെ സൂക്ഷ്മമായി ചെയ്യേണ്ടതാണ്; ഇല്ലാത്തപക്ഷം, നിങ്ങള്‍ അവന്റെ മുമ്പാകെ ഉത്തരം പറയേണ്ടിവരും എന്നൊക്കെയാണു അവസാനത്തെ വാക്യംമുഖേന അല്ലാഹു ഓര്‍മ്മിപ്പിക്കുന്നത്. അല്ലാഹു തുടര്‍ന്നു പറയുന്നു:-


(*). ഹദീസിന്റെ പൂര്‍ണ്ണരൂപം അല്‍ബഖറയിലെ ആയത്തിന്റെ വ്യാഖ്യാനത്തില്‍ ഉദ്ധരിച്ചിട്ടുണ്ട്.

16:92
  • وَلَا تَكُونُوا۟ كَٱلَّتِى نَقَضَتْ غَزْلَهَا مِنۢ بَعْدِ قُوَّةٍ أَنكَـٰثًا تَتَّخِذُونَ أَيْمَـٰنَكُمْ دَخَلًۢا بَيْنَكُمْ أَن تَكُونَ أُمَّةٌ هِىَ أَرْبَىٰ مِنْ أُمَّةٍ ۚ إِنَّمَا يَبْلُوكُمُ ٱللَّهُ بِهِۦ ۚ وَلَيُبَيِّنَنَّ لَكُمْ يَوْمَ ٱلْقِيَـٰمَةِ مَا كُنتُمْ فِيهِ تَخْتَلِفُونَ ﴾٩٢﴿
  • (പിരിമുറുക്കി) ഉറപ്പുണ്ടായശേഷം തന്റെ നൂല്‍ (പിരി) ഉടഞ്ഞ തുണ്ടങ്ങളായി ഉടച്ചുകളയുന്ന ഒരുവളെപ്പോലെ നിങ്ങള്‍ ആയിത്തീരുകയും ചെയ്യരുത്; നിങ്ങളുടെ (കരാറുകളിലെ) സത്യങ്ങളെ നിങ്ങള്‍ക്കിടയില്‍ (കടന്നുകൂടുന്ന) ഒരു ചതി മാര്‍ഗ്ഗമാക്കിക്കൊണ്ട്; ഒരുസമൂഹം ഒരു സമൂഹത്തെക്കാള്‍ വളര്‍ന്നതു [പെരുപ്പമുള്ളതു] ആയിരിക്കുന്നതിനാല്‍.
    അതു മുഖേന അല്ലാഹു നിങ്ങളെ പരീക്ഷിക്കുക മാത്രമാണു ചെയ്യുന്നത്. യാതൊരു കാര്യത്തില്‍ നിങ്ങള്‍ ഭിന്നാഭിപ്രായത്തിലായിക്കൊണ്ടിരിക്കുന്നുവോ അതു ഖിയാമത്തുനാളില്‍ അവന്‍ നിങ്ങള്‍ക്കു വ്യക്തമാക്കിത്തരുക തന്നെ ചെയ്യുന്നതാണ്.
  • وَلَا تَكُونُوا നിങ്ങളായിരിക്കയും ചെയ്യരുത് كَالَّتِي യാതൊരുവളെപ്പോലെ نَقَضَتْ അവള്‍ ഉടച്ചു غَزْلَهَا അവളുടെ നൂല്‍ مِن بَعْدِ ശേഷം قُوَّةٍ ശക്തിയുടെ, ഉറപ്പിന്റെ أَنكَاثًا ഉടഞ്ഞവയായി (ഉടഞ്ഞ തുണ്ടങ്ങളായി, ഇഴകളായി) تَتَّخِذُونَ നിങ്ങള്‍ ആക്കിക്കൊണ്ടു أَيْمَانَكُمْ നിങ്ങളുടെ സത്യങ്ങളെ دَخَلًا കടന്നുകൂടുന്നതു (ചതിമാര്‍ഗ്ഗം) بَيْنَكُمْ നിങ്ങള്‍ക്കിടയില്‍ أَن تَكُونَ ആയിരിക്കുന്നതിനാല്‍ أُمَّةٌഒരുസമൂഹം هِيَ അതു أَرْبَىٰ അധികം വളര്‍ന്നതു, പൊന്തി നില്‍ക്കുന്നതു (പെരുപ്പമുള്ളതു) مِنْ أُمَّةٍ ഒരു സമൂഹത്തെക്കാള്‍ إِنَّمَا يَبْلُوكُمُ നിങ്ങളെ പരീക്ഷിക്കുക മാത്രം ചെയ്യുന്നു اللَّـهُ അല്ലാഹു بِهِ അതുകൊണ്ടു (മൂലം) وَلَيُبَيِّنَنَّ അവന്‍ വ്യക്തമാക്കി (വിവരിച്ചു) തരുക തന്നെ ചെയ്യും لَكُمْ നിങ്ങള്‍ക്കു يَوْمَ الْقِيَامَةِ ഖിയാമത്തുനാളില്‍ مَا كُنتُمْ നിങ്ങളായിരുന്നതിനെ فِيهِ അതില്‍ تَخْتَلِفُونَ നിങ്ങള്‍ ഭിന്നിക്കും, (ഭിന്നാഭിപ്രായത്തിലായിരിക്കും)

ഒരു കൂട്ടര്‍ മറ്റേ കൂട്ടരെക്കാള്‍ ഉയര്‍ച്ചയും വളര്‍ച്ചയും ഉള്ളവരാണെന്ന കാരണത്താല്‍, നിങ്ങള്‍ക്കിടയില്‍ ചതിവും കുഴപ്പവും കടന്നുകൂടുവാന്‍ ഇടവരുത്തുമാറ് തമ്മതമ്മില്‍ നടന്നിട്ടുള്ള സത്യങ്ങളും ശപഥങ്ങളും നിങ്ങള്‍ ലംഘിക്കരുത്. നൂല്‍നൂല്‍ക്കാറുള്ള ഒരു സ്ത്രീ വളരെ പണിപ്പെട്ട് നല്ലപോലെ പിരിമുറുക്കി നൂലുണ്ടാക്കിയശേഷം, വീണ്ടും ആ നൂല്‍ ഉടച്ച് പഴയപടി ഉടഞ്ഞ ധൂളങ്ങളാക്കിമാറ്റുന്നതുപോലെ ബുദ്ധിഹീനമായ ഒരു ഏര്‍പ്പാടാണ് ഒരിക്കല്‍ ഉറപ്പിച്ച സത്യം പിന്നീടു ലംഘിക്കുന്നത്. ഒരു കൂട്ടര്‍ എണ്ണത്തിലും, വണ്ണത്തിലും കൂടുതലും മറ്റേവര്‍ കുറവുമായിരിക്കുന്നതു അല്ലാഹുവിങ്കല്‍ നിന്നുള്ള ഒരു പരീക്ഷണമാകുന്നു. ആകയാല്‍ ശക്തമായ വിഭാഗം അശക്തമായ വിഭാഗത്തോടു കൂടുതല്‍ സത്യവും മര്യാദയും പാലിക്കുകയാണു ചെയ്യേണ്ടത്. പിന്നെ, അഭിപ്രായാദര്‍ശങ്ങളില്‍ വിഭാഗങ്ങള്‍ തമ്മിലുള്ള ഭിന്നിപ്പിന്റെ കാര്യമാണുള്ളത്. അതിനെപ്പറ്റി ഖിയാമത്തുനാളില്‍ അല്ലാഹു വേണ്ടപ്രകാരം ചെയ്തുകൊള്ളും. ഒരു കൂട്ടരുമായി സഖ്യ ഉടമ്പടി നടന്നശേഷം, കൂടുതല്‍ ശക്തരായ മറ്റൊരു കൂട്ടരുമായി സഖ്യത്തിനു അവസരം കാണുമ്പോള്‍, ആദ്യത്തെ സഖ്യം ലംഘിക്കുക അറബികളില്‍ പതിവുണ്ടായിരുന്നതിനെ നിരോധിക്കുകയാണ് ഈ വചനത്തിന്റെ താല്‍പര്യമെന്നും, അതല്ല, മുസ്ലിംകളുമായി ഉടമ്പടി നടന്നശേഷം ഖുറൈശികളുടെ ശക്തിപ്രതാപം കണ്ട് ആ ഉടമ്പടി ലംഘിച്ചിരുന്നവരെക്കുറിച്ചുള്ള ആക്ഷേപമാണ് ഇതില്‍ അടങ്ങിയിരിക്കുന്നതെന്നും പറയപ്പെടുന്നു. ഏതായാലും, ആയത്തിലെ ആശയം വ്യക്തവും, എല്ലാ കരാറ് ലംഘനങ്ങളെയും പൊതുവെ ബാധിക്കുന്നതും തന്നെ.

മുആവിയാ (رَضِيَ اللهُ تَعَالَى عَنْهُ) യുടെ ഖിലാഫത്തു കാലത്തു നടന്ന ഒരു സംഭവം ഇങ്ങിനെ ഉദ്ധരിക്കപ്പെട്ടിരിക്കുന്നു: അദ്ദേഹവും, റോമായിലെ രാജാവുമായി ഒരു സമാധാനസന്ധി നടന്നു. കാലാവധി അവസാനിക്കാറായപ്പോള്‍, അദ്ദേഹം സൈന്യവുമായി പുറപ്പെട്ട് റോമായുടെ അതിര്‍ത്തിക്കടുത്ത ഒരു സ്ഥലത്തു ചെന്നിറങ്ങി. അവധി അവസാനിക്കുന്നതോടെ ഓര്‍ക്കാപ്പുറത്തു ആക്രമണം നടത്തുവാനായിരുന്നു അദ്ദേഹം ഉദ്ദേശിച്ചിരുന്നത്. ഈ അവസരത്തില്‍ അംറുബ്നു അബസഃ (رَضِيَ اللهُ تَعَالَى عَنْهُ) ഇപ്രകാരം പറഞ്ഞു: “അല്ലാഹു അക്ബര്‍! മുആവിയാ കരാര്‍ നിറവേറ്റുക! വഞ്ചിക്കുകയല്ല ചെയ്യേണ്ടതു. റസൂല്‍ (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഇങ്ങിനെ പറയുന്നതു ഞാന്‍ കേട്ടിരിക്കുന്നു: “ആര്‍ക്കെങ്കിലും അവന്റെയും, ഒരു ജനതയുടെയും ഇടക്കു വല്ല അവധി നിശ്ചയവും ഉണ്ടായിരുന്നാല്‍, ആ അവധി തീരുന്നതുവരെ അതിലെ ഒരു കെട്ടും അവന്‍ അഴിക്കരുത്. (ഒരു നിശ്ചയവും ലംഘിക്കരുത്)”. അങ്ങനെ മുആവിയാ (رَضِيَ اللهُ تَعَالَى عَنْهُ) സൈന്യവുമായി മടങ്ങിപ്പോന്നു. (ഇബ്നു കഥീര്‍).

16:93
  • وَلَوْ شَآءَ ٱللَّهُ لَجَعَلَكُمْ أُمَّةً وَٰحِدَةً وَلَـٰكِن يُضِلُّ مَن يَشَآءُ وَيَهْدِى مَن يَشَآءُ ۚ وَلَتُسْـَٔلُنَّ عَمَّا كُنتُمْ تَعْمَلُونَ ﴾٩٣﴿
  • അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍ നിങ്ങളെ അവന്‍ ഒരേ സമുദായമാക്കുമായിരുന്നു. എങ്കിലും, അവന്‍ ഉദ്ദേശിക്കുന്നവരെ അവന്‍ വഴിപിഴവിലാക്കുകയും, അവന്‍ ഉദ്ദേശിക്കുന്നവരെ അവന്‍ നേര്‍വഴിയിലാക്കുകയും ചെയ്യുന്നു. നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതിനെക്കുറിച്ചു തീര്‍ച്ചയായും, നിങ്ങള്‍ ചോദിക്കപ്പെടുകതന്നെ ചെയ്യും.
  • وَلَوْ شَاءَ ഉദ്ദേശിച്ചിരുന്നെങ്കില്‍ اللَّـهُ അല്ലാഹു لَجَعَلَكُمْ നിങ്ങളെ അവന്‍ ആക്കുമായിരുന്നു, ആക്കുക തന്നെ ചെയ്തിരുന്നു أُمَّةً وَاحِدَةً ഒരേ സമുദായം, സമൂഹം وَلَـٰكِن എങ്കിലും يُضِلُّ അവന്‍ വഴിപിഴവിലാക്കുന്നു مَن يَشَاءُ അവന്‍ ഉദ്ദേശിക്കുന്നവരെ وَيَهْدِي അവന്‍ നേര്‍മാര്‍ഗ്ഗത്തിലാക്കുകയും ചെയ്യുന്നു مَن يَشَاءُ അവന്‍ ഉദ്ദേശിക്കുന്നവരെ وَلَتُسْأَلُنَّ തീര്‍ച്ചയായും നിങ്ങള്‍ ചോദിക്കപ്പെടുക തന്നെ ചെയ്യും عَمَّا كُنتُمْ നിങ്ങള്‍ ആയിരുന്നതിനെപ്പറ്റി تَعْمَلُونَ നിങ്ങള്‍ പ്രവര്‍ത്തിക്കും

ഒരു കൂട്ടര്‍ മറ്റൊരു കൂട്ടരേക്കാള്‍ അധികമുള്ളവരും ശക്തരുമായിരിക്കുന്നതു അല്ലാഹുവിന്റെ ഒരു പരീക്ഷണമാണെന്നും, എല്ലാവരും ഒരേ ആശയാദര്‍ശക്കാരായിരിക്കയില്ലെന്നും കഴിഞ്ഞ വചനത്തില്‍ സൂചിപ്പിക്കപ്പെട്ടു, അതിന്റെ തുടര്‍ച്ചയായിട്ടാണു ഈ വചനം നിലകൊള്ളുന്നത്. മനുഷ്യസമുദായം സന്മാര്‍ഗ്ഗികള്‍ മാത്രമോ, ദുര്‍മ്മാര്‍ഗ്ഗികള്‍ മാത്രമോ ആയ ഒരേതരക്കാരായിരിക്കുവാനല്ല അല്ലാഹു ഉദ്ദേശിച്ചിരിക്കുന്നത്. സന്മാര്‍ഗ്ഗികളും ദുര്‍മ്മാര്‍ഗ്ഗികളും മിശ്രമായ ഒരു സമുദായമായിരിക്കുവാനാണു അവന്‍ ഉദ്ദേശിച്ചിരിക്കുന്നത്. പിന്നീടു ഓരോ കൂട്ടരെപ്പറ്റി അവന്‍ ചോദ്യം ചെയ്തു വേണ്ട നടപടി എടുത്തുകൊള്ളും എന്നു സാരം.

ഒരേ സമുദായമാക്കിത്തീര്‍ക്കുക എന്നു പറഞ്ഞതിന്റെ താല്‍പര്യവും, അല്ലാഹു ഉദ്ദേശിക്കുന്നവരെ അവന്‍ വഴിപിഴവിലാക്കുകയും, അവന്‍ ഉദ്ദേശിക്കുന്നവരെ അവന്‍ നേര്‍മാര്‍ഗ്ഗത്തിലാക്കുകയും ചെയ്യുമെന്നു പറഞ്ഞതിന്റെ താല്‍പര്യവും മുമ്പു പല സന്ദര്‍ഭങ്ങളിലും നാം വിവരിച്ചുകഴിഞ്ഞിട്ടുള്ളതാണ്. അടുത്ത വചനം മുതല്‍ സത്യങ്ങളെ സംബന്ധിച്ച സംസാരം വീണ്ടും തുടരുന്നു:-

16:94
  • وَلَا تَتَّخِذُوٓا۟ أَيْمَـٰنَكُمْ دَخَلًۢا بَيْنَكُمْ فَتَزِلَّ قَدَمٌۢ بَعْدَ ثُبُوتِهَا وَتَذُوقُوا۟ ٱلسُّوٓءَ بِمَا صَدَدتُّمْ عَن سَبِيلِ ٱللَّهِ ۖ وَلَكُمْ عَذَابٌ عَظِيمٌ ﴾٩٤﴿
  • നിങ്ങളുടെ സത്യങ്ങളെ നിങ്ങള്‍, നിങ്ങള്‍ക്കിടയില്‍ (കടന്നുകൂടുന്ന) ഒരു ചതിമാര്‍ഗ്ഗമാക്കിത്തീര്‍ക്കരുത്; അപ്പോള്‍, (അതുനിമിത്തം) വല്ല പാദവും - അതു ഉറച്ചതിന്റെ ശേഷം - ഇടറിപ്പോയേക്കും, അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍നിന്നു നിങ്ങള്‍ തട്ടിത്തിരിഞ്ഞ (അഥവാ തട്ടിത്തിരിച്ച)തുമൂലം നിങ്ങള്‍ തിന്മ അനുഭവിക്കുകയും ചെയ്തേക്കും; നിങ്ങള്‍ക്കു വമ്പിച്ച ശിക്ഷയുമുണ്ടായിരിക്കും.
  • وَلَا تَتَّخِذُوا നിങ്ങള്‍ ആക്കരുത് أَيْمَانَكُمْ നിങ്ങളുടെ സത്യങ്ങളെ دَخَلًا കടന്നുകൂടുന്നതു (ചതി, വഞ്ചന) بَيْنَكُمْ നിങ്ങള്‍ക്കിടയില്‍ فَتَزِلَّ എന്നാല്‍ ഇടറി(വഴുതി)പ്പോകും قَدَمٌ വല്ല പാദവും (കാലും) بَعْدَ ثُبُوتِهَا അതു ഉറച്ച (സ്ഥിരപ്പെട്ട) ശേഷം وَتَذُوقُوا നിങ്ങള്‍ ആസ്വദിക്കുക (അനുഭവിക്കുക)യും ചെയ്യും السُّوءَ തിന്മയെ, മോശമായതു (കഷ്ടത) بِمَا صَدَدتُّمْ നിങ്ങള്‍ തട്ടിത്തിരിഞ്ഞതുകൊണ്ടു, തിരിച്ചുവിട്ടതു നിമിത്തം عَن سَبِيلِ മാര്‍ഗ്ഗത്തില്‍നിന്നു, മാർഗ്ഗം വിട്ടു اللَّـهِ അല്ലാഹുവിന്റെ وَلَكُمْ നിങ്ങള്‍ക്കുണ്ടുതാനും عَذَابٌ ശിക്ഷ عَظِيمٌ വമ്പിച്ചതായ
16:95
  • وَلَا تَشْتَرُوا۟ بِعَهْدِ ٱللَّهِ ثَمَنًا قَلِيلًا ۚ إِنَّمَا عِندَ ٱللَّهِ هُوَ خَيْرٌ لَّكُمْ إِن كُنتُمْ تَعْلَمُونَ ﴾٩٥﴿
  • അല്ലാഹുവിന്റെ (വക) കരാറിനു നിങ്ങള്‍ അല്‍പമായ വില വാങ്ങുകയും ചെയ്യരുത്. നിശ്ചയമായും, അല്ലാഹുവിങ്കലുള്ളതു തന്നെയാണു; നിങ്ങള്‍ക്കു ഉത്തമം - നിങ്ങള്‍ക്കറിയാവുന്നതാണെങ്കില്‍.
  • وَلَا تَشْتَرُوا നിങ്ങള്‍ വാങ്ങുകയും ചെയ്യരുത് بِعَهْدِ اللَّـهِ അല്ലാഹുവിന്റെ (വക) കരാറിനു, ഉടമ്പടിക്കു (പകരം) ثَمَنًا വില, ക്രയം قَلِيلًا കുറഞ്ഞ, അല്‍പമായ إِنَّمَا നിശ്ചയമായും യാതൊന്നു عِندَ اللَّـهِ അല്ലാഹുവിങ്കലുള്ള خَيْرٌ هُوَ അതു തന്നെ ഉത്തമം لَّكُمْ നിങ്ങള്‍ക്കു إِن كُنتُمْ നിങ്ങളാണെങ്കില്‍ تَعْلَمُونَ നിങ്ങള്‍ക്കറിയാവുന്ന (താണെങ്കില്‍)
16:96
  • مَا عِندَكُمْ يَنفَدُ ۖ وَمَا عِندَ ٱللَّهِ بَاقٍ ۗ وَلَنَجْزِيَنَّ ٱلَّذِينَ صَبَرُوٓا۟ أَجْرَهُم بِأَحْسَنِ مَا كَانُوا۟ يَعْمَلُونَ ﴾٩٦﴿
  • നിങ്ങളുടെ അടുക്കലുള്ളതു തീര്‍ന്നുപോകുന്നതാണ്; അല്ലാഹുവിങ്കലുള്ളതാകട്ടെ, ശേഷിക്കുന്നതുമാകുന്നു. ക്ഷമിച്ചവര്‍ക്കു അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതില്‍ (വെച്ച്) നല്ലതനുസരിച്ച് അവരുടെ പ്രതിഫലം തീര്‍ച്ചയായും നാം നല്‍കുകയും തന്നെ ചെയ്യും.
  • مَا عِندَكُمْ നിങ്ങളുടെ പക്കല്‍ (അടുക്കല്‍) ഉള്ളതു يَنفَدُ തീര്‍ന്നു (കഴിഞ്ഞു) പോകും وَمَا عِندَ اللَّـهِ അല്ലാഹുവിങ്കല്‍ ഉള്ളതാകട്ടെ بَاقٍ ശേഷിക്കുന്നതാണ് وَلَنَجْزِيَنَّ തീര്‍ച്ചയായും നാം പ്രതിഫലം നല്‍കുകതന്നെ ചെയ്യും الَّذِينَ صَبَرُوا ക്ഷമിച്ചവര്‍ക്കു أَجْرَهُم അവരുടെ കൂലി, പ്രതിഫലം بِأَحْسَنِ നല്ലതു (അധികം നല്ലതു) അനുസരിച്ചു مَا كَانُوا അവരായിരുന്നതില്‍ يَعْمَلُونَ അവര്‍ പ്രവര്‍ത്തിക്കും

സത്യപ്രതിജ്ഞകളും കരാറുകളും ലംഘിക്കുന്നതിനെപ്പറ്റി മുമ്പു പലതും പ്രസ്താവിച്ചു. അതിനെപ്പറ്റി ശക്തിയായ ഭാഷയില്‍ വീണ്ടും ചില കാര്യങ്ങള്‍ അല്ലാഹു ഓര്‍മ്മിപ്പിക്കുകയാണ്. വിഷയത്തിന്റെ ഗൗരവമാണിത് കുറിക്കുന്നത്. മുമ്പു പറഞ്ഞതുപോലെ, നിരോധത്തിലും ആക്ഷേപത്തിലും എല്ലാതരം ശപഥങ്ങളും ലംഘനവും ഉള്‍പ്പെടുമെങ്കിലും, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുമായി നടത്തപ്പെട്ട പ്രതിജ്ഞകളെ ലംഘിക്കുന്നതു സംബന്ധിച്ചാണു ഈ വചനങ്ങളില്‍ പ്രധാനമായും പരാമര്‍ശിക്കപ്പെട്ടിരിക്കുന്നതു എന്നത്രെ പല ഖുര്‍ആന്‍ വ്യാഖ്യാതാക്കളുടെയും അഭിപ്രായം. ഈ വചനങ്ങളില്‍ കാണുന്ന ചില താക്കീതുകളുടെ സ്വരം നോക്കുമ്പോഴും അതാണു മനസ്സിലാകുന്നത്. ശപഥങ്ങളും കരാറുകളും ലംഘിക്കുന്നതു ചതിയും കുഴപ്പവും സൃഷ്ടിക്കലുമാണെന്നുള്ളതിനു പുറമെ,

(1) അതു ഇസ്ലാമിന്റെ നേരായ മാര്‍ഗ്ഗത്തില്‍ കാലുറച്ചുനിന്നശേഷം അതില്‍നിന്നുള്ള വ്യതിയാനമാണെന്നും,

(2) അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍നിന്നു തെറ്റിത്തിരിഞ്ഞു പോകുവാനും മറ്റുള്ളവരെ തെറ്റിത്തിരിക്കുവാനും അതു കാരണമാകുന്നതിനാല്‍ അതിന്റെ കടുത്തഫലം നിങ്ങള്‍ അനുഭവിക്കേണ്ടിവരുമെന്നും കൂടി ഈ വചനങ്ങളില്‍ താകീതു ചെയ്തിരിക്കുന്നു.

അല്ലാഹുവിനെ മുന്‍നിര്‍ത്തി ചെയ്യുന്ന ഉടമ്പടികളെ ലംഘിക്കുന്നതിന്റെ അര്‍ത്ഥം, ഐഹികമായ കാര്യലാഭങ്ങള്‍ക്കു അതിനെക്കാള്‍ പ്രാധാന്യം കല്‍പിക്കുക എന്നാണല്ലോ. ലംഘനം നിമിത്തം ഇഹത്തില്‍ എന്തുതന്നെ നേട്ടം ലഭിച്ചാലും അതു കേവലം തുച്ഛവും നിസ്സാരവുമായിരിക്കും. നേരെമറിച്ച് പാലനം നിമിത്തം അല്ലാഹുവിങ്കല്‍ നിന്നു ലഭിക്കുവാനിരിക്കുന്ന നേട്ടങ്ങളാകട്ടെ, വമ്പിച്ചതും നിലനില്‍ക്കുന്നതുമാകുന്നു. സത്യപ്രതിജ്ഞകള്‍ ശരിക്കുപാലിക്കുവാന്‍ കുറേയൊക്കെ ക്ഷമയും, സഹനവും ആവശ്യമായി വന്നേക്കാം. എന്നാലതിനു അല്ലാഹു ഏറ്റം നല്ല പ്രതിഫലം നല്‍കാതിരിക്കുകയില്ല. എന്നൊക്കെയാണ് പിന്നീടു പ്രസ്താവിച്ചതിന്റെ സാരം.

16:97
  • مَنْ عَمِلَ صَـٰلِحًا مِّن ذَكَرٍ أَوْ أُنثَىٰ وَهُوَ مُؤْمِنٌ فَلَنُحْيِيَنَّهُۥ حَيَوٰةً طَيِّبَةً ۖ وَلَنَجْزِيَنَّهُمْ أَجْرَهُم بِأَحْسَنِ مَا كَانُوا۟ يَعْمَلُونَ ﴾٩٧﴿
  • ആണാവട്ടേ, പെണ്ണാവട്ടേ ആരെങ്കിലും താന്‍ സത്യവിശ്വാസിയായിക്കൊണ്ടു സല്‍ക്കര്‍മ്മം പ്രവര്‍ത്തിച്ചാല്‍, അവനെ, തീര്‍ച്ചയായും, നാം നല്ല (വിശിഷ്ടമായ) ഒരു ജീവിതം ജീവിപ്പിക്കുന്നതാണു; അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതില്‍ (വെച്ച്) നല്ലതനുസരിച്ച് അവരുടെ പ്രതിഫലം അവര്‍ക്കു തീര്‍ച്ചയായും നാം നല്‍കുകയും ചെയ്യും.
  • مَنْ عَمِلَ ആര്‍ പ്രവര്‍ത്തിച്ചുവോ, ആരെങ്കിലും പ്രവര്‍ത്തിച്ചാല്‍ صَالِحًا നല്ലതിനെ, സല്‍ക്കര്‍മ്മം مِّن ذَكَرٍ ആണില്‍നിന്നു, ആണാവട്ടെ أَوْ أُنثَىٰ അല്ലെങ്കില്‍ പെണ്ണില്‍നിന്നു, പെണ്ണാവട്ടെ وَهُوَ അവന്‍ (താന്‍, അയാള്‍) ആകട്ടെ مُؤْمِنٌ സത്യവിശ്വാസിയാണ് فَلَنُحْيِيَنَّهُ എന്നാല്‍ തീര്‍ച്ചയായും നാമവനെ ജീവിപ്പിക്കും حَيَاةً (ഒരു) ജീവിതം طَيِّبَةً നല്ലതായ, വിശിഷ്ടമായ, പരിശുദ്ധമായ وَلَنَجْزِيَنَّهُمْ തീര്‍ച്ചയായും അവര്‍ക്കു നാം പ്രതിഫലം നല്‍കുകയും ചെയ്യും أَجْرَهُم അവരുടെ പ്രതിഫലം بِأَحْسَنِ مَا യാതൊന്നില്‍വെച്ചു നല്ലതനുസരിച്ചു كَانُوا يَعْمَلُونَ അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന

സല്‍ക്കര്‍മ്മങ്ങള്‍ക്കു പ്രതിഫലം നല്‍കപ്പെടുന്നതില്‍ പുരുഷനും സ്ത്രീയുമെന്ന വ്യത്യാസമില്ല. പക്ഷേ, സത്യവിശ്വാസം സ്വീകരിച്ചുകൊണ്ടു ചെയ്യുന്ന സല്‍ക്കര്‍മ്മങ്ങളെ അല്ലാഹുവിങ്കല്‍ സ്വീകാര്യമായിരിക്കുകയുള്ളു. സത്യവിശ്വാസികളല്ലാത്തവരുടെ സല്‍ക്കര്‍മ്മങ്ങള്‍ക്കുള്ള പ്രതിഫലം ഇഹത്തില്‍വെച്ച്തന്നെ അല്ലാഹു കൊടുത്തുതീര്‍ക്കുന്നു. ഈ യാഥാര്‍ത്ഥ്യം ഖുര്‍ആനില്‍ വേറെ സ്ഥലത്തും വ്യക്തമാക്കപ്പെട്ടിട്ടുള്ളതാകുന്നു. സത്യവിശ്വാസത്തോടുകൂടി സല്‍ക്കര്‍മ്മങ്ങള്‍ ചെയ്യുന്നവര്‍ക്കു ഇഹത്തില്‍ നല്ല വിശിഷ്ടമായ ജീവിതം നല്‍കുമെന്നും, പരലോകത്തുവെച്ചു അവര്‍ ചെയ്തിരുന്ന ഏറ്റവും നല്ല കര്‍മ്മങ്ങള്‍ക്കനുസരിച്ചുള്ള പ്രതിഫലംകൂടി നല്‍കപ്പെടുമെന്നും അല്ലാഹു വാഗ്ദാനം ചെയ്യുന്നു. അനുവദനീയവും ഉത്തമവുമായ ഉപജീവനമാര്‍ഗ്ഗം ലഭിക്കുക, ഉള്ളതില്‍ സംതൃപ്തിയുണ്ടാകുക, അന്യരെ ആശ്രയിക്കേണ്ടിവരാതിരിക്കുക, അല്ലാഹുവിന്റെ വിധിവിലക്കുകള്‍ക്കനുസരിച്ചു ജീവിക്കുവാന്‍ സാധിക്കുക, മോക്ഷം സിദ്ധിക്കുക, സല്‍ക്കാര്യങ്ങളില്‍ ചെയ്യുന്നതില്‍ താല്‍പര്യമുണ്ടായിരിക്കുക എന്നിങ്ങിനെ حَيَاةً طَيِّبَةً (നല്ല ജീവിതം) എന്ന വാക്കിന് പലരും പല പ്രകാരത്തില്‍ വിവക്ഷ നല്‍കിക്കാണാം. ഇങ്ങിനെയുള്ള ചില രിവയത്തുകള്‍ ഉദ്ധരിച്ചശേഷം ഇബ്നു കഥീര്‍ (رحمة الله عليه) പറയുകയാണു: “ഇതെല്ലാംതന്നെ ഉള്‍പ്പെടുന്ന വാക്കാണു حَيَاةً طَيِّبَةً എന്നുള്ളതാണു ശരിയായിട്ടുള്ളതു.” അനന്തരം ഇതിനുതെളിവായി താഴെകാണുന്ന ഹദീസുകളും അദ്ദേഹം ഉദ്ധരിച്ചിരിക്കുന്നു:-

അഹ്മദു, മുസ്‌ലിം, തിര്‍മദീ, നസാഈ (رحمة الله عليهم) എന്നിവര്‍ പല മാര്‍ഗ്ഗങ്ങളില്‍കൂടി രേഖപ്പെടുത്തിയിട്ടുള്ള ഒരു ഹദീസില്‍ നബി صَلَّى اللَّهُ عَلَيْهِ وَسَلَّمَ ഇപ്രകാരം പറഞ്ഞിരിക്കുന്നു: ‘മുസ്‌ലിമായിത്തീരുകയും, അത്യാവശ്യത്തിനുള്ള ഉപജീവനമാര്‍ഗ്ഗം നല്‍കപ്പെടുകയും അല്ലാഹു അവനെ താന്‍ നല്‍കിയിട്ടുള്ളതില്‍ സംതൃപ്തനാക്കുകയും ചെയ്തവന്‍ തീര്‍ച്ചയായും വിജയം പ്രാപിച്ചിരിക്കുന്നു.’ അഹ്മദും, മുസ്‌ലിമം (رحمة الله عليهما) ഉദ്ധരിച്ച വേറൊരു നബിവചനത്തിന്റെ സാരം ഇപ്രകാരമാകുന്നു: ഒരു നന്മയിലും സത്യവിശ്വാസിയോടു അല്ലാഹു അനീതിചെയ്കയില്ല (അവനു കുറവു വരുത്തുകയില്ല). ഇഹത്തില്‍ അതിനു പകരം അവനു കൊടുക്കപ്പെടും. അതിന്റെ പേരില്‍ അവനു പരലോകത്തു വെച്ചും പ്രതിഫലം നല്‍കപ്പെടുന്നതാണ്. എന്നാല്‍ അവിശ്വാസിയാകട്ടെ, അവന്റെ നന്മകള്‍ക്കു (പ്രതിഫലമായി) അവനു ഇഹത്തില്‍വെച്ച് ആഹാരം നല്‍കപ്പെടും. അങ്ങനെ, അവന്‍ പരലോകത്തു എത്തിച്ചേര്‍ന്നാല്‍ അവനു പ്രതിഫലം ലഭിക്കുന്ന ഒരു നന്മയും ഉണ്ടായിരിക്കയില്ല.’

പലരും ധരിക്കാറുള്ളതുപോലെ, കുറേ സമ്പത്തും ഭൗതികനേട്ടങ്ങളും കൈവരുകയെന്നല്ല ‘നല്ല ജീവിതം’ കൊണ്ടുദ്ദേശിക്കപ്പെടുന്നത്. സമ്പത്തും സുഖാഡംബര മാര്‍ഗ്ഗങ്ങളും എത്ര തന്നെ ഉണ്ടായിരുന്നാലും ശരി, മനസ്സമാധാനവും, സംതൃപ്തിയും ഇല്ലാത്തപക്ഷം ആ ജീവിതം ദുഷ്കരവും കുടുസ്സായതും തന്നെ. ഒരു ഹദീസില്‍ ഈ യാഥാര്‍ത്ഥമാണ് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ചൂണ്ടിക്കാട്ടുന്നത്. ‘ധനം എന്നതു വിഭവങ്ങളുടെ ആധിക്യം കൊണ്ടല്ല ഉണ്ടാകുന്നത്. മനസ്സിന്റെ ധന്യതയാണു ധനം.’ (ബു; മു). ‘പരിഷ്കൃത’ങ്ങളെന്നും ‘സമ്പന്ന’ങ്ങളെന്നും ഘോഷിക്കപ്പെടുന്ന ചില രാജ്യങ്ങളിലെ ‘ലക്ഷ്യപ്രഭു’ക്കളും ‘കോടീശ്വര’ന്‍മാരും, അവരുടെ മക്കളും തങ്ങളുടെ ജീവിതത്തില്‍ സമാധാനമില്ലാതെ, ആത്മഹത്യപോലുള്ള കടുംകൈകള്‍ക്കു മുതിരുന്നതു ഇക്കാലത്തു ഒരു നിത്യസംഭവമായിരിക്കയാണല്ലോ. ഒരു യഥാര്‍ത്ഥ സത്യവിശ്വാസിയെ സംബന്ധിച്ചിടത്തോളം – അവന്റെ ജീവിത നിലവാരം ഉയര്‍ന്നതാവട്ടെ, താണതാവട്ടെ – അവന്‍ സന്തുഷ്ടനും അല്ലാഹു തനിക്കു നല്‍കിയതില്‍ സംതൃപ്തനുമായിരിക്കും. അഹങ്കാരമോ, അതിമോഹമോ, അസമാധാനമോ, നൈരാശ്യമോ അവനെ തീണ്ടുകയില്ല. അധികമുള്ളതില്‍ അവന്‍ നന്ദിയുള്ളവനും, കുറവുള്ളതില്‍ അവന്‍ ക്ഷമാലുവുമായിരിക്കും. സല്‍ക്കര്‍മ്മങ്ങള്‍ ചെയ്തു സമ്പാദിച്ചുവെക്കേണമെങ്കില്‍ പിശാചിന്റെ ദുര്‍ബോധനങ്ങളില്‍നിന്നു മനുഷ്യന്‍ രക്ഷപ്പെട്ടിരിക്കണമല്ലോ. അതിനുള്ള മാര്‍ഗ്ഗം അല്ലാഹു ചൂണ്ടിക്കാട്ടുന്നു:-

16:98
  • فَإِذَا قَرَأْتَ ٱلْقُرْءَانَ فَٱسْتَعِذْ بِٱللَّهِ مِنَ ٱلشَّيْطَـٰنِ ٱلرَّجِيمِ ﴾٩٨﴿
  • എന്നാല്‍, (നബിയേ) നീ ഖുര്‍ആന്‍ ഓതുന്നതായാല്‍, ആട്ടപ്പെട്ട [ശപിക്കപ്പെട്ട] പിശാചില്‍നിന്ന് അല്ലാഹുവിനോടു നീ ശരണം തേടിക്കൊള്ളുക.
  • فَإِذَا قَرَأْتَ എന്നാല്‍ നീ വായിച്ചാല്‍, ഓതുന്നതായാല്‍ الْقُرْآنَ ഖുര്‍ആനെ فَاسْتَعِذْ നീ ശരണം (കാവല്‍ - രക്ഷ) തേടുക بِاللَّـهِ അല്ലാഹുവിനോടു, അല്ലാഹുവിനെക്കൊണ്ടു مِنَ الشَّيْطَانِ പിശാചില്‍ നിന്നു, ചെകുത്താനെപ്പറ്റി الرَّجِيمِ ആട്ടപ്പെട്ട (ശപിക്കപ്പെട്ട)
16:99
  • إِنَّهُۥ لَيْسَ لَهُۥ سُلْطَـٰنٌ عَلَى ٱلَّذِينَ ءَامَنُوا۟ وَعَلَىٰ رَبِّهِمْ يَتَوَكَّلُونَ ﴾٩٩﴿
  • നിശ്ചയമായും അവന്‍ [പിശാച്] - വിശ്വസിക്കുകയും, തങ്ങളുടെ റബ്ബിന്റെ മേല്‍ (തന്നെ കാര്യങ്ങള്‍) ഭരമേല്‍പിച്ചു വരുകയും ചെയ്യുന്നവരുടെമേല്‍ അവനു ഒരധികാരവും ഇല്ല.
  • إِنَّهُ നിശ്ചയമായും അവന്‍ لَيْسَ لَهُ അവന്നു ഇല്ല سُلْطَانٌ ഒരധികാരവും (ശക്തിയും) عَلَى الَّذِينَ آمَنُوا വിശ്വസിച്ചവരുടെമേല്‍ وَعَلَىٰ رَبِّهِمْ തങ്ങളുടെ റബ്ബിന്റെ മേല്‍ يَتَوَكَّلُونَ അവര്‍ ഭരമേല്‍പിക്കുകയും ചെയ്യുന്നു, ഭരമേല്‍പിച്ചും വരുന്നു
16:100
  • إِنَّمَا سُلْطَـٰنُهُۥ عَلَى ٱلَّذِينَ يَتَوَلَّوْنَهُۥ وَٱلَّذِينَ هُم بِهِۦ مُشْرِكُونَ ﴾١٠٠﴿
  • അവന്റെ അധികാരം, അവനെ ബന്ധുവാക്കുന്ന (അഥവാ കാര്യകര്‍ത്താവാക്കുന്ന)വരുടെയും, അവനോടു [അല്ലാഹുവിനോടു] പങ്കുചേര്‍ക്കുന്നവരായുള്ളവരുടെയും മേല്‍ മാത്രമാകുന്നു (ഉള്ളത്).
  • إِنَّمَا നിശ്ചയമായും (മാത്രം - തന്നെ) سُلْطَانُهُ അവന്റെ അധികാരം, ശക്തി عَلَى الَّذِينَ യാതൊരുവരുടെ മേല്‍ (മാത്രം) ആകുന്നു يَتَوَلَّوْنَهُ അവനെ ബന്ധുവാക്കുന്ന, കാര്യകര്‍ത്തൃത്വം ഏല്‍പിക്കുന്ന അധികാരിയാക്കുന്ന وَالَّذِينَ യാതൊരുവരുടെയും هُم അവര്‍ بِهِ അവനോടു (അല്ലാഹുവോടു) مُشْرِكُونَ ശിര്‍ക്കു ചെയ്യുന്ന (പങ്കു ചേര്‍ക്കുന്ന)വരാണ്

ക്വുര്‍ആന്‍ പാരായണം ചെയ്യുമ്പോള്‍ പിശാചിനെക്കുറിച്ച് രക്ഷതേടിക്കൊള്ളണമെന്നു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യെ അഭിമുഖീകരിച്ചുകൊണ്ടാണു പറഞ്ഞിട്ടുള്ളതെങ്കിലും സത്യവിശ്വാസികളോടു പൊതുവെയുള്ള കല്‍പനയാണത്. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പോലും പിശാചില്‍നിന്നു രക്ഷ തേടുവാന്‍ കല്‍പിക്കപ്പെടുമ്പോള്‍, മറ്റുള്ളവരില്‍ അതിന്റെ ആവശ്യം കൂടുതല്‍ ശക്തമായിരിക്കുമല്ലോ. ഈ കല്‍പന ഒരു നിര്‍ബ്ബന്ധ കല്‍പനയല്ലെന്നും, പ്രധാനമായ ഒരു ഉപദേശം എന്ന നിലക്കുള്ള കല്‍പനയാണെന്നുമാണു മിക്കവാറും എല്ലാ പണ്ഡിതന്‍മാരുടെയും അഭിപ്രായം. ക്വുര്‍ആന്‍ ഓതുമ്പോള്‍, അതിന്റെ പ്രസ്താവനകളിലേക്ക് ശ്രദ്ധ പതിയാതിരിക്കുക, ആശയങ്ങള്‍ തെറ്റി മനസ്സിലാക്കുക, വക്രമായ വ്യാഖ്യാനങ്ങള്‍ മനസ്സില്‍ സ്ഥാനം പിടിക്കുക മുതലായ പലതിനും പിശാചു ദുഷ്പ്രേരണകള്‍ നല്‍കിക്കൊണ്ടിരിക്കും. പിശാചിന്റെ ഉപദ്രവത്തില്‍നിന്നു രക്ഷ കിട്ടുവാന്‍ അല്ലാഹുവിനോടു തേടുകയല്ലാതെ നിവൃത്തിയില്ല താനും. അതുകൊണ്ടാണു ക്വുര്‍ആന്‍ പാരായണം ചെയ്യുമ്പോള്‍ പിശാചില്‍നിന്നു അല്ലാഹുവിനോടു രക്ഷ തേടുവാന്‍ കല്‍പിക്കുന്നത്.

പാരായണം തുടങ്ങുമ്പോഴാണു സ്വാഭാവികമായും ഈ രക്ഷതേടലിന്റെ ആവശ്യമെന്നു വ്യക്തമാണ്. ഹദീസുകളില്‍നിന്നു മനസ്സിലാകുന്നതും, ഭൂരിഭാഗം പണ്ഡിതന്‍മാര്‍ അഭിപ്രായപ്പെടുന്നതും അതുതന്നെ. രക്ഷതേടല്‍ ഇന്നിന്നവാക്കുകളില്‍ തന്നെ ആയിരിക്കണമെന്നില്ലെങ്കിലും, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ സുന്നത്തില്‍നിന്നു കൂടുതല്‍ സുപരിചിതമായി അറിയപ്പെടുന്ന വാചകം أعوذ بالله من الشيطان الرجيم (ആട്ടപ്പെട്ട പിശാചില്‍നിന്നു ഞാന്‍ അല്ലാഹുവിനോടു ശരണം തേടുന്നു) എന്നാകുന്നു. ഈ കല്‍പനയില്‍ അല്ലാഹു ഉപയോഗിച്ച വാചകത്തോടു ഏറ്റവും യോജിക്കുന്നതും അതാണല്ലോ. ഈ ശരണം തേടുന്നതിനാണു സാധാരണ ‘അഊദു ഓതല്‍’ (التعوذ او الإستعاذة) എന്നു പറയപ്പെടുന്നത്. ഇതിനെ സംബന്ധിച്ചു വിശദമായ ഒരു വിവരണം സൂറത്തുല്‍ ഫാത്തിഹയുടെ ആരംഭത്തില്‍ മുമ്പു കഴിഞ്ഞുപോയിട്ടുണ്ട്‌.

‘ഈമാനും തവക്കലും’ (സത്യവിശ്വാസവും, അല്ലാഹുവില്‍ ഭരമേല്‍പിക്കലും) ഉള്ളവരെ പിശാചിനു വഴിപിഴപ്പിക്കുവാന്‍ കഴിയുകയില്ലെന്നും, അവിശ്വാസികളും അവനെ ബന്ധുവും മിത്രവും കൈകാര്യകര്‍ത്താവുമായി സ്വീകരിക്കുന്ന ആളുകളും മാത്രമായിരിക്കും അവന്റെ ഇംഗിതങ്ങള്‍ക്കു വശംവദരാകുന്നതെന്നും അല്ലാഹു വ്യക്തമാക്കിയിരിക്കുന്നു. ഈ സംഗതി ഒന്നിലധികം സ്ഥലങ്ങളില്‍ വേറെയും അല്ലാഹു വ്യക്തമായി പ്രസ്താവിച്ചിട്ടുള്ളതാണ്.