വിഭാഗം - 7

16:51
  • ۞ وَقَالَ ٱللَّهُ لَا تَتَّخِذُوٓا۟ إِلَٰهَيْنِ ٱثْنَيْنِ ۖ إِنَّمَا هُوَ إِلَٰهٌ وَٰحِدٌ ۖ فَإِيَّٰىَ فَٱرْهَبُونِ ﴾٥١﴿
  • അല്ലാഹു (കല്‍പിച്ച്) അരുളിയിരിക്കുന്നു: 'നിങ്ങള്‍ രണ്ടു ആരാധ്യന്മാരെ ഏര്‍പ്പെടുത്തരുത് [സ്വീകരിക്കരുത്]; അവന്‍ ഒരേഒരു ആരാധ്യന്‍ മാത്രമാണുള്ളത്; അതിനാല്‍ എന്നെത്തന്നെ നിങ്ങള്‍ ഭയപ്പെടുവിന്‍.'
  • وَقَالَ اللَّـهُ അല്ലാഹു അരുളി لَا تَتَّخِذُوا നിങ്ങള്‍ ഉണ്ടാക്ക(സ്വീകരിക്ക)രുത് إِلَـٰهَيْنِ (രണ്ടു) ആരാധ്യന്മാരെ, ദൈവങ്ങളെ اثْنَيْنِ രണ്ടു നിശ്ചയമായും إِنَّمَا هُوَ അവന്‍ (മാത്രം) إِلَـٰهٌ وَاحِدٌ ഒരേ ആരാധ്യന്‍ (മാത്രം) ആകുന്നു فَإِيَّايَ അതിനാല്‍ എന്നെ (ത്തന്നെ) فَارْهَبُونِ നിങ്ങള്‍ എന്നെ ഭയപ്പെടു(പേടിക്കു)വിന്‍.
16:52
  • وَلَهُۥ مَا فِى ٱلسَّمَٰوَٰتِ وَٱلْأَرْضِ وَلَهُ ٱلدِّينُ وَاصِبًا ۚ أَفَغَيْرَ ٱللَّهِ تَتَّقُونَ ﴾٥٢﴿
  • അവന്റേതാണു ആകാശങ്ങളിലും, ഭൂമിയിലുമുള്ളത്; അവനു (അവകാശപ്പെട്ടതു) തന്നെയാണ് സ്ഥിരമായുള്ള കീഴൊതുക്കവും. എന്നിരിക്കെ, അല്ലാഹു അല്ലാത്തവരെയോ നിങ്ങള്‍ (ഭയന്ന്) സൂക്ഷിക്കുന്നു?!
  • وَلَهُ അവന്നാണു, അവന്റേതാണു مَا فِي السَّمَاوَاتِ ആകാശങ്ങളിലുള്ളത് وَالْأَرْضِ ഭൂമിയിലും وَلَهُ അവന്നു തന്നെയാണു الدِّينُ കീഴൊതുക്കം, വഴിപ്പെടല്‍, അനുസരണം وَاصِبًا നിരന്തരമായി, സ്ഥിരമായിട്ടു أَفَغَيْرَ اللَّـهِ അപ്പോള്‍ (എന്നിരിക്കെ) അല്ലാഹു അല്ലാത്തവരെയോ تَتَّقُونَ നിങ്ങള്‍ സൂക്ഷിക്കുന്നു.
16:53
  • وَمَا بِكُم مِّن نِّعْمَةٍ فَمِنَ ٱللَّهِ ۖ ثُمَّ إِذَا مَسَّكُمُ ٱلضُّرُّ فَإِلَيْهِ تَجْـَٔرُونَ ﴾٥٣﴿
  • നിങ്ങളില്‍ അനുഗ്രഹമായിട്ട് എന്തുണ്ടോ അതു അല്ലാഹുവില്‍ നിന്നുള്ളതാണ്; പിന്നെ, (അതിനു പുറമെ,) നിങ്ങളെ ഉപദ്രവം (അഥവാ പീഡനം) സ്പര്‍ശിച്ചാല്‍ അവങ്കലേക്കു തന്നെ നിങ്ങള്‍ നിലവിളിച്ചപേക്ഷിക്കുകയും ചെയ്യുന്നു!
  • وَمَا بِكُم നിങ്ങളിലുള്ളതു, നിങ്ങളില്‍ എന്തുണ്ടോ مِّن نِّعْمَةٍ അനുഗ്രഹമായിട്ടു فَمِنَ اللَّـهِ (അതു) അല്ലാഹുവില്‍ നിന്നാകുന്നു ثُمَّ പിന്നെ, എന്നിട്ടും إِذَا مَسَّكُمُ നിങ്ങളെ സ്പര്‍ശി(ബാധി)ച്ചാല്‍ الضُّرُّ ഉപദ്രവം, പീഡനം, ബുദ്ധിമുട്ടു فَإِلَيْهِ എന്നാല്‍ അവനിലേക്കു (തന്നെ) تَجْأَرُونَ നിങ്ങള്‍ നിലവിളിച്ചപേക്ഷിക്കുന്നു, മുറവിളികൂട്ടുന്നു.

16:54
  • ثُمَّ إِذَا كَشَفَ ٱلضُّرَّ عَنكُمْ إِذَا فَرِيقٌ مِّنكُم بِرَبِّهِمْ يُشْرِكُونَ ﴾٥٤﴿
  • പിന്നെ നിങ്ങളില്‍നിന്ന് ഉപദ്രവം (അഥവാ പീഡനം) അവന്‍ (നീക്കി) തുറവിയാക്കിയാല്‍, അപ്പോള്‍ (അതാ) നിങ്ങളില്‍നിന്നു ഒരുകൂട്ടര്‍ തങ്ങളുടെ റബ്ബിനോടു (മറ്റുചിലരെ) പങ്കു ചേര്‍ക്കുന്നു!-
  • ثُمَّ إِذَا كَشَفَ പിന്നെ അവന്‍ തുറവിയാക്കി(നീക്കി)യാല്‍ الضُّرَّ ഉപദ്രവം, പീഡനം عَنكُمْ നിങ്ങളില്‍നിന്നു إِذَا അപ്പോള്‍ (അതാ) فَرِيقٌ ഒരുകൂട്ടര്‍ مِّنكُم നിങ്ങളില്‍നിന്നു بِرَبِّهِمْ തങ്ങളുടെ റബ്ബിനോടു, റബ്ബില്‍ يُشْرِكُونَ അവര്‍ പങ്കു ചേര്‍ക്കുന്നു.
16:55
  • لِيَكْفُرُوا۟ بِمَآ ءَاتَيْنَٰهُمْ ۚ فَتَمَتَّعُوا۟ ۖ فَسَوْفَ تَعْلَمُونَ ﴾٥٥﴿
  • (അതെ) നാം അവര്‍ക്കു നല്‍കിയതില്‍ അവര്‍ നന്ദികേടു കാണിക്കുവാന്‍വേണ്ടി.[അതാണതിന്റെ ഫലം].

    (ശരി) എന്നാല്‍, നിങ്ങള്‍ സുഖമെടുത്തു കൊള്ളുവിന്‍! എന്നാല്‍, വഴിയെ നിങ്ങള്‍ക്കറിയാം!
  • لِيَكْفُرُوا അവര്‍ നന്ദികേടു കാണിക്കുവാന്‍വേണ്ടി, മൂടിവെക്കുവാന്‍ بِمَا آتَيْنَاهُمْ അവര്‍ക്കു നാം നല്‍കിയതില്‍, നല്‍കിയതിനെ فَتَمَتَّعُوا എന്നാല്‍ സുഖമെടുക്കുവിന്‍ فَسَوْفَ എന്നാല്‍ (അപ്പോള്‍) പിറകെ تَعْلَمُونَ നിങ്ങള്‍ അറിയും, നിങ്ങള്‍ക്കറിയാം!

دِين (ദീന്‍) എന്ന വാക്കിനു ‘നടപടി, അനുസരണം, കീഴൊതുക്കം, പ്രതിഫലം, മതം’ എന്നൊക്കെ പല അര്‍ത്ഥങ്ങളുമുണ്ടെന്നു ചിലപ്പോഴൊക്കെ നാം ചൂണ്ടിക്കാട്ടുകയുണ്ടായിട്ടുണ്ട്. وَلَهُ الدِّينُ وَاصِبًا (അവനാണു സ്ഥിരമായ കീഴൊതുക്കമുള്ളത്) എന്ന വാക്യത്തിന്റെ താല്‍പര്യം. ആകാശഭൂമികളിലുള്ളവയുടെയെല്ലാം ഉടമസ്ഥനും അധികാരസ്ഥനും അവനാണെന്നപോലെത്തന്നെ, കീഴ്വണക്കത്തിന്റെയും ആരാധനയുടെയും സ്ഥിരാവാകാശവും അവനു തന്നെയാണു എന്നാകുന്നു. അല്ലാഹു പറയുന്നു: ‘ആകാശഭൂമികളിലുള്ളവര്‍ അനുസരണപൂര്‍വ്വമോ, നിര്‍ബ്ബന്ധപൂര്‍വ്വമോ അവനു കീഴൊതുങ്ങിയിരിക്കുന്നു. അവനിലേക്കു തന്നെ അവര്‍ മടക്കപ്പെടുകയും ചെയ്യുന്നു. എന്നിരിക്കെ, അല്ലാഹുവിന്റെ മതത്തെയല്ലാതെ അവര്‍ ആവശ്യപ്പെടുകയാണോ?! (3:83).

ഈ വചനങ്ങളിലടങ്ങിയ ആശയങ്ങള്‍ഗ്രഹിക്കുവാന്‍ ഒരു വ്യാഖ്യാനത്തിന്റെ ആവശ്യമില്ല. ഇവിടെ, അല്ലാമാ ശൌക്കാനീ (رحمه الله) അദ്ദേഹത്തിന്റെ തഫ്സീറില്‍ പ്രസ്താവിച്ച ഒരു പ്രസ്താവനയുടെ സാരം കുറിക്കുന്നതു സന്ദര്‍ഭോചിതമായിരിക്കുമെന്ന് കരുതുന്നു.

ശൌക്കാനീ (رحمه الله) പറഞ്ഞതിന്റെ ചുരുക്കം: ‘കഷ്ടതകള്‍ ബാധിക്കുമ്പോള്‍ ഉപകാരവും ഉപദ്രവവും ചെയ്‌വാന്‍ കഴിയാത്തവരോടു – അല്ലാഹുവല്ലാത്തവരോടു – സഹായത്തിനപേക്ഷിക്കുകയും, അല്ലാഹുവിനോടുള്ള പ്രാര്‍ത്ഥന വിട്ടുകളയുകയും ചെയ്യുന്ന ഇന്നത്തെ പാമര ജനങ്ങളുടെ പതിവു വമ്പിച്ച വിഡ്ഢിത്താവും, ഒരു പുതിയ ദുര്‍മ്മാര്‍ഗ്ഗവുമാണെന്നു ഈ വചനത്തില്‍ നിന്ന് മനസ്സിലാക്കാം. അത്രയുമല്ല, പഴയ കാലത്തെ ദുര്‍മ്മാര്‍ഗ്ഗത്തെക്കാള്‍ കഠിനമത്രെ അത്. പ്രതിഫല ദിവസത്തില്‍ വിശ്വസിക്കുന്ന സത്യവിശ്വാസികള്‍ ഇരിക്കട്ടെ, തനി അവിശ്വാസികള്‍പോലും മുഖംതിരിച്ചു കളയുകയും വെറുക്കുകയും ചെയ്യുന്ന ഒന്നാണു എന്റെ ചെറുപ്പകാലത്തു ചില ശൈഖു പൂജകന്‍മാര്‍ പറഞ്ഞുകേട്ട വാക്ക്. ‘നിനക്കു വല്ല ആപത്തും ബാധിച്ചാല്‍, നീ അല്ലാഹുവിനോടു സഹായം തേടരുതേ! തേടരുതേ! കാരണം, അല്ലാഹു വേഗം ഉത്തരം നല്‍കുകയില്ല. നിന്റെ സ്ഥിതി അവനു ഒരു സാരമുള്ളതായി തോന്നുകയുമില്ല. മരിച്ചുപോയ ‘ഔലിയാ’ക്കളോടു സഹായം തേടിക്കൊള്ളൂ. അവര്‍ വേഗം ഉത്തരം നല്‍കുന്നതും, നിന്റെ സ്ഥിതി ഗൗരവത്തിലെടുക്കുന്നതുമാകുന്നു’. ഇതാണാവാക്ക്. എന്റെ ചെവി ആ വാക്കു പുറംതള്ളിക്കളഞ്ഞു. എന്റെ കണ്ണുനീര്‍ നില്‍ക്കാതായി. എന്നെയും, മുസ്ലിംകളെയും ഈ മാതിരി വഴികേടില്‍ പെടാതെ രക്ഷിക്കേണമേ! എന്നു ഞാന്‍ അല്ലാഹുവിനോടു പ്രാര്‍ത്ഥിച്ചു. ഇതുപോലെയുള്ള പല വാക്കുകളും ഇന്നു പല ശൈഖു പൂജകന്‍മാരിലും കാണാവുന്നതാണ്.’

ആപത്തുകള്‍ വരുമ്പോള്‍, തങ്ങളുടെ ദൈവങ്ങളെ മറന്ന് അല്ലാഹുവിനെത്തന്നെ വിളിക്കുകയും, ആപത്തു നീങ്ങിയാല്‍ അല്ലാഹുവിനെ മറന്നു കളയുകയും ചെയ്യുന്നവരോടാണു അല്ലാഹു ‘എന്നാല്‍, നിങ്ങള്‍ സുഖമെടുത്തു കൊള്ളുവിന്‍; നിങ്ങള്‍ വഴിയെ അറിഞ്ഞുകൊള്ളും.’ (فَتَمَتَّعُوا فَسَوْفَ تَعْلَمُونَ) എന്നു താക്കീതു ചെയ്തത്. അപ്പോള്‍, ആപത്തു വരുമ്പോള്‍ പോലും അല്ലാഹുവിനെ ഓര്‍മ്മിക്കുകയും, വിളിച്ചു പ്രാര്‍ത്ഥിക്കുകയും ചെയ്യേണ്ടതില്ലെന്നും, മറ്റു വല്ലവരെയും വിളിച്ചു പ്രാര്‍ത്ഥിക്കേണ്ടതാണെന്നും ഉപദേശിക്കുവാന്‍ ധൈര്യം കാണിക്കുന്ന ധിക്കാരികളെപ്പറ്റി അല്ലാഹു എന്തായിരിക്കും പറയുകയെന്നു ആലോചിച്ചു നോക്കുക! معاذ الله അല്ലാഹു നമ്മെ കാക്കട്ടെ. ആമീന്‍.

16:56
  • وَيَجْعَلُونَ لِمَا لَا يَعْلَمُونَ نَصِيبًا مِّمَّا رَزَقْنَٰهُمْ ۗ تَٱللَّهِ لَتُسْـَٔلُنَّ عَمَّا كُنتُمْ تَفْتَرُونَ ﴾٥٦﴿
  • നാം തങ്ങള്‍ക്കു നല്‍കിയിട്ടുള്ളതില്‍ നിന്നു ഒരു പങ്കു (യഥാര്‍ത്ഥസ്ഥിതി) തങ്ങള്‍ക്കറിഞ്ഞുകൂടാത്തവക്കു അവര്‍ ആക്കിവെക്കുകയും ചെയ്യുന്നു. (ഹേ, കൂട്ടരേ,) അല്ലാഹുവിനെത്തന്നെയാണ (സത്യം)! നിങ്ങള്‍ കെട്ടിച്ചമക്കുന്നതിനെപ്പറ്റി തീര്‍ച്ചയായും നിങ്ങള്‍ ചോദ്യം ചെയ്യപ്പെടുന്നതാണ്.
  • وَيَجْعَلُونَ അവര്‍ ആക്കുകയും ചെയ്യുന്നു لِمَا لَا يَعْلَمُونَ അവര്‍ അറിയാത്തവക്കു, അറിഞ്ഞുകൂടാത്തവക്കു نَصِيبًا ഒരു പങ്കു, ഓഹരി مِّمَّا رَزَقْنَاهُمْ അവര്‍ക്കു നാം നല്‍കിയിട്ടുള്ളതില്‍ നിന്നു تَاللَّـهِ അല്ലാഹുവിനെത്തന്നെയാണ (സത്യം) لَتُسْأَلُنَّ തീര്‍ച്ചയായും നിങ്ങള്‍ ചോദ്യം ചെയ്യപ്പെടും عَمَّا كُنتُمْ നിങ്ങള്‍ ആയിരുന്നതിനെപ്പറ്റി تَفْتَرُونَ നിങ്ങള്‍ കെട്ടിച്ചമക്കും, കള്ളം പറഞ്ഞുണ്ടാക്കും.

മുശ്രിക്കുകള്‍ക്കിടയില്‍ പതിവായിരുന്ന ഒരു തോന്നിയവാസമാണിത്. അല്ലാഹു നല്‍കിയ കൃഷി വിഭവങ്ങള്‍, കന്നുകാലികള്‍ മുതലായ അനുഗ്രഹങ്ങളില്‍ നിന്നു ഒരു ഭാഗം തങ്ങളുടെ വിഗ്രഹ ദൈവങ്ങള്‍ക്കു അവര്‍ വഴിപാടും നേര്‍ച്ചയുമായി നീക്കിവെക്കും. (സൂ: അന്‍ആം 136ല്‍ ഇതു സംബന്ധിച്ചു കൂടുതല്‍ വിശദീകരണം മുമ്പു കഴിഞ്ഞുപോയിട്ടുണ്ട്‌.) യാതൊരു ന്യായവും തെളിവുമില്ലാതെ അവര്‍ സ്വയം കെട്ടിയുണ്ടാക്കിയ ഇത്തരം നികൃഷ്ട കൃത്യങ്ങളെ അല്ലാഹു നിസ്സാരമാക്കി അവഗണിച്ചു കളയുമെന്നു കരുതേണ്ട, അവയെപ്പറ്റി ശരിക്കും അവരെ ചോദ്യം ചെയ്യുകതന്നെ ചെയ്യുമെന്നു അല്ലാഹു അവരെ താക്കീതു ചെയ്യുന്നു. ചില ‘ശൈഖ’ന്‍മാര്‍ക്കും, ‘ജാറ’ങ്ങള്‍ക്കുമാക്കി കൃഷിയുടെ ചില ഭാഗങ്ങളെയും, ആടുമാടുകളെയും വഴിപാടാക്കി നീക്കിവെക്കുന്ന പതിവ് പാമരന്‍മാരും അന്ധവിശ്വാസികളുമായ ചില മുസ്ലിംകളില്‍ ഇന്നും കാണാം. ഈ ആക്ഷേപവും താക്കീതും അവര്‍ക്കും ബാധകമാകുന്നു.

لِمَا لَا يَعْلَمُونَ (തങ്ങള്‍ അറിയാത്തവക്കു) എന്ന വാക്കു രണ്ടു പ്രാകാരത്തില്‍ വ്യാഖ്യാനിക്കപ്പെടാറുണ്ട്: (1) ഒന്നും അറിഞ്ഞുകൂടാത്ത – അഥവാ ബുദ്ധിയും അറിവുമില്ലാത്ത – നിര്‍ജ്ജീവങ്ങളായ ആ വിഗ്രഹങ്ങള്‍ക്കു എന്നും, (2) തങ്ങള്‍ക്കു വല്ല ഉപകാരമോ ഉപദ്രവമോ ചെയ്‌വാന്‍ കഴിയുകയിലെന്ന യഥാര്‍ത്ഥം അവര്‍ മനസ്സിലാക്കിയിട്ടില്ലാത്ത ആ വിഗ്രഹങ്ങള്‍ക്കു എന്നും. ഒന്നാമത്തെ വ്യാഖ്യാനപ്രകാരം, ജീവനും ബുദ്ധിശക്തിയുമില്ലാത്ത ആ വിഗ്രഹങ്ങള്‍ക്കുവേണ്ടി ധനം നീക്കിവെക്കുന്നതിലടങ്ങിയ വിഡ്ഢിത്തത്തെയും, രണ്ടാമത്തെ വ്യാഖ്യാനപ്രകാരം, വിഗ്രഹങ്ങളുടെ യഥാര്‍ത്ഥ സ്ഥിതിഗതികള്‍ മനസ്സിലാക്കാതെ അന്ധമായി നടത്തപ്പെടുന്ന വിഡ്ഢിത്തത്തെയുമായിരിക്കും ആ വാക്യം ചൂണ്ടിക്കാട്ടുന്നത്. രണ്ടായാലും കലാശത്തില്‍ ഒന്നുതന്നെ.

16:57
  • وَيَجْعَلُونَ لِلَّهِ ٱلْبَنَٰتِ سُبْحَٰنَهُۥ ۙ وَلَهُم مَّا يَشْتَهُونَ ﴾٥٧﴿
  • അവര്‍ അല്ലാഹുവിന്നു പെണ്‍മക്കളെ ആക്കിവെക്കുകയും ചെയ്യുന്നു; അവന്‍ മഹാ പരിശുദ്ധന്‍! അവര്‍ക്കാകട്ടെ, അവര്‍ ഇച്ഛിക്കുന്നതിനെയും [ആണ്‍മക്കളെയും ആക്കുന്നു]!
  • وَيَجْعَلُونَ അവര്‍ ആക്കുകയും ചെയ്യുന്നു لِلَّـهِ അല്ലാഹുവിന്നു الْبَنَاتِ പെണ്‍മക്കളെ سُبْحَانَهُ അവന്‍ മഹാ പരിശുദ്ധന്‍ (അവനെ വാഴ്ത്തുന്നു) وَلَهُم അവര്‍ക്കാകട്ടെ, അവര്‍ക്കോ مَّا يَشْتَهُونَ അവര്‍ ഇച്ഛിക്കുന്നതിനെയും.

16:58
  • وَإِذَا بُشِّرَ أَحَدُهُم بِٱلْأُنثَىٰ ظَلَّ وَجْهُهُۥ مُسْوَدًّا وَهُوَ كَظِيمٌ ﴾٥٨﴿
  • അവരില്‍ ഒരാള്‍ക്കു പെണ്ണിനെ [പെണ്‍കുട്ടിയെ] പ്പറ്റി സന്തോഷവാര്‍ത്ത അറിയിക്കപ്പെട്ടാലോ, അവന്‍ കോപം നിറഞ്ഞവനായിക്കൊണ്ടു അവന്റെ മുഖം (ഇരുണ്ട്) കറുത്തതായിത്തീരും!
  • وَإِذَا بُشِّرَ സന്തോഷമറിയിക്കപ്പെട്ടാല്‍ أَحَدُهُم അവരില്‍ ഒരാള്‍ക്ക് بِالْأُنثَىٰ പെണ്ണിനെപ്പറ്റി ظَلَّ ആയിത്തീരും وَجْهُهُ അവന്റെ മുഖം مُسْوَدًّا കറുത്തതു وَهُوَ അവനാകട്ടെ, അവന്‍ ആയിരിക്കെ كَظِيمٌ (കോപം) നിറഞ്ഞവന്‍, കുപിതനായിരിക്കും.
16:59
  • يَتَوَٰرَىٰ مِنَ ٱلْقَوْمِ مِن سُوٓءِ مَا بُشِّرَ بِهِۦٓ ۚ أَيُمْسِكُهُۥ عَلَىٰ هُونٍ أَمْ يَدُسُّهُۥ فِى ٱلتُّرَابِ ۗ أَلَا سَآءَ مَا يَحْكُمُونَ ﴾٥٩﴿
  • അവനു സന്തോഷവാര്‍ത്ത അറിയിക്കപ്പെട്ടത്തിന്റെ ചീത്തത്തം നിമിത്തം അവന്‍ ജനങ്ങളില്‍ നിന്നു ഒളിഞ്ഞു (മാറി) പോകുന്നതാണ്!

    അതിനെ നിന്ദ്യതയോടെ വെച്ചുകൊണ്ടിരിക്കുകയോ, അതല്ല, അതിനെ മണ്ണില്‍ മൂടുകയോ?! [ഏതു വേണമെന്നായിരിക്കും ആലോചന!]

    അല്ലാ (- അറിയുക)! അവര്‍ വിധികല്‍പിക്കുന്നതു വളരെ ചീത്ത!
  • يَتَوَارَىٰ അവന്‍ ഒളിഞ്ഞുപോകും, മറഞ്ഞുപോകും مِنَ الْقَوْمِ ജനങ്ങളില്‍നിന്നു مِن سُوءِ ദോഷ (തിന്മ - ചീത്തത്ത)ത്താല്‍ مَا യാതൊന്നിന്റെ بُشِّرَ അവനു സന്തോഷമറിയിക്കപ്പെട്ട بِهِ അതിനെപ്പറ്റി أَيُمْسِكُهُ അതിനെ അവന്‍ വെച്ചുകൊണ്ടിരിക്കുകയോ عَلَىٰ هُونٍ നിന്ദ്യതയോടെ أَمْ അതല്ല, അതോ يَدُسُّهُ അതിനെ തട്ടി (മൂടി)ക്കളയുകയോ, മൂടുകയോ فِي التُّرَابِ മണ്ണില്‍ أَلَا അല്ലാ (അറിയുക) سَاءَ വളരെ മോശം, എത്രയോ ചീത്ത مَا يَحْكُمُونَ അവര്‍ വിധി (കല്‍പി) ക്കുന്നതു.

മുശ്രിക്കുകളുടെ അതിനീചമായ വേറൊരു മൂഢവിശ്വാസമാണു ഈ വചനങ്ങളില്‍ വിവരിക്കുന്നത്. മലക്കുകള്‍ അല്ലാഹുവിന്റെ പെണ്‍മക്കളാണെന്നാണ് അവരുടെ ജല്‍പനം. അങ്ങിനെ, അവരുടെ പേരില്‍ വിഗ്രഹങ്ങള്‍ നിര്‍മ്മിച്ചു ആരാധിക്കുകയും ചെയ്തിരുന്നു. ചില ദേവീദേവന്മാരുടെ പ്രതിഷ്ഠയെന്നു സങ്കല്പിച്ചുകൊണ്ടു അതുപോലെ സ്ഥാപിക്കപ്പെട്ടിട്ടുള്ള വിഗ്രഹങ്ങള്‍ ഇന്നും ധാരാളം കാണാവുന്നതാണ്. അതേ സമയത്ത് തങ്ങള്‍ക്കു പെണ്‍മക്കള്‍ ജനിക്കുന്നതു ആ മുശ്രിക്കുകള്‍ക്കു വമ്പിച്ച അപമാനവും, കടുത്ത കോപവുമായിരുന്നുതാനും. യുദ്ധ പ്രിയരായ അവര്‍ക്കു പെണ്‍മക്കള്‍ പലനിലക്കും ഒരു ഭാരമായിത്തോന്നിയതില്‍നിന്നുണ്ടായിത്തീര്‍ന്ന ഈ വെറുപ്പ് അവരില്‍ എത്രമാത്രം രൂക്ഷമായിരുന്നുവെന്നു അല്ലാഹുവിന്റെ വിവരണത്തില്‍നിന്നുതന്നെ വ്യക്തമാകുന്നു.

അതായത്, ഒരാള്‍ക്കു ഒരു മകള്‍ പിറന്നിട്ടുണ്ടെന്ന വാര്‍ത്ത കേള്‍ക്കേണ്ട താമസം, അയാളുടെ മുഖം കറുത്തിരുണ്ടുപോകും. അപമാനവും, വ്യസനവും നിമിത്തം കോപം കടിച്ചിറക്കിക്കൊണ്ടിരിക്കും. ജനമദ്ധ്യെ പ്രത്യക്ഷപ്പെടുവാന്‍പോലും ലജ്ജ – അപമാനം ഭയന്നു ഒളിച്ചുനടക്കും. അപമാനവും, എളിമത്വവും സഹിച്ചുകൊണ്ടു ആ കുട്ടിയെ താന്‍ വെച്ചുകൊണ്ടിരിക്കെണമോ? അതല്ല, പലരും ചെയ്യാറുള്ളതുപോലെ, അതിനെ മണ്ണിലിട്ടുമൂടി അതിന്റെ കഥ കഴിക്കണമോ? ഇതായിരിക്കും പിന്നത്തെ ചിന്ത. ബാക്കിയാക്കുന്നപക്ഷം, ജനങ്ങളില്‍നിന്നുള്ള പരിഹാസവും അപമാനവും സഹിക്കേണ്ടിവരും. കുട്ടിയോടുള്ള പെരുമാറ്റമാകട്ടെ കേവലം മൃഗതുല്യവുമായിരിക്കും. ആണ്‍മക്കള്‍ക്കുള്ള സ്ഥാനമോ, ലാളനയോ ഒന്നും അതിനു ലഭിക്കുകയില്ല. കുഴിച്ചുമൂടുന്നപക്ഷം, കൊന്നുകുഴിച്ചിടുകയല്ല – ജീവനോടെ മണ്ണിട്ടു മൂടുകയായിരിക്കും – ചെയ്യുക. ഇത്രത്തോളം അറപ്പും വെറുപ്പുമായി അവര്‍ ഗണിച്ചുവരുന്ന പെണ്‍മക്കളാണ് അല്ലാഹുവിന്നുണ്ടെന്നു അവര്‍ പറഞ്ഞുവരുന്നത്. കള്ളം കേട്ടിപ്പറയുന്നയുന്നതിനും വേണ്ടേ ഒരതിര്?! പെണ്‍കുഞ്ഞുങ്ങളെ പ്രസവിക്കുന്നതു നിമിത്തം ഭര്‍ത്താക്കള്‍ ഭാര്യമാരോടു നിസ്സഹകരണം നടത്തിയിരുന്നതായി കാണാം. ഇങ്ങിനെ നിസ്സഹകരണത്തിനു വിധേയമായ ഒരു സ്ത്രീ പാടിയ ഒരു പദ്യം ഇപ്രകാരം നിവേദനം ചെയ്യുന്നു:- (*) ‘എന്താണ് ഹംസയുടെ പിതാവ് നമ്മുടെ അടുക്കല്‍ വരുന്നില്ല? നമ്മുടെ അടുത്ത വീട്ടില്‍ കഴിഞ്ഞുകൂടുകയാണല്ലോ. നാം ആണ്‍കുട്ടികളെ പ്രസവിക്കായ്ക നിമിത്തം കുപിതനാണദ്ദേഹം. നമ്മുടെ കാര്യം നാം ഉദ്ദേശിച്ചപോലെയാക്കാന്‍ നമുക്ക് കഴിയില്ലല്ലോ.’

—–

(*).مَا لِأَبِي حَمْزَةَ لَا يَأْتِينَا يَظَلُّ فِي الْبَيْتِ الَّذِي يَلِينَا
غَضْبَانُ أَنْ لَا نَلِدِ الْبَنِينَا, وَلَيْسَ لَنَا مِنْ أَمْرِنَا مَا شِيْنَا

—–

മുശ്രിക്കുകളുടെ ഈ കള്ളവാദത്തില്‍ മൂന്നു കടുത്ത അപരാധങ്ങള്‍ അടങ്ങിയിരിക്കുന്നു. (1) മലക്കുകള്‍ സ്ത്രീകലാണെന്ന വാദം. وَجَعَلُوا الْمَلَائِكَةَ الَّذِينَ هُمْ عِبَادُ الرَّحْمَـٰنِ إِنَاثًا (റഹ്മാനായുള്ളവന്റെ അടിയാന്‍മാരായ മലക്കുകളെ അവര്‍ പെണ്നുങ്ങളാക്കി. (43:19) എന്നു അല്ലാഹു പറഞ്ഞതു ഇതിനെപ്പറ്റിയാകുന്നു. (2) മലക്കുകള്‍ അല്ലാഹുവിന്റെ മക്കളാണെന്ന വാദം. قَالُوا اتَّخَذَ اللَّـهُ وَلَدًا (അല്ലാഹു മക്കളെ സ്വീകരിച്ചിരിക്കുന്നുവെന്നു അവര്‍ പറഞ്ഞു) (18:4) എന്നും മറ്റും പറഞ്ഞത് ഇതിനെക്കുറിച്ചാണ്. (3) അല്ലാഹുവിന്നുണ്ടെന്നു വാദിക്കുന്ന മക്കള്‍ ആണ്‍മക്കളാണെന്നുപോലും പറയുവാന്‍ തയ്യാറില്ലാതെ, തങ്ങള്‍ അങ്ങേഅറ്റം വെറുക്കുന്ന പെണ്‍മക്കളാണെന്ന വാദം. താഴെ 62-ാം വചനത്തില്‍ وَيَجْعَلُونَ لِلَّـهِ مَا يَكْرَهُونَ (തങ്ങള്‍ വെറുക്കുന്നതിനെ അവര്‍ അല്ലാഹുവിന്നാക്കുന്നു) എന്നു പറഞ്ഞതു ഇതിനെ സംബന്ധിച്ചുമാകുന്നു. ഇതെല്ലാം കണക്കിലെടുത്തുകൊണ്ടാണു ഈ വാദത്തെപ്പറ്റി أَلَا سَاءَ مَا يَحْكُمُونَ (അല്ലാ! അവര്‍ വിധികല്‍പിക്കുന്നതു എത്രയോ ചീത്ത!) എന്നു അല്ലാഹു പറഞ്ഞിരിക്കുന്നത്.

16:60
  • لِلَّذِينَ لَا يُؤْمِنُونَ بِٱلْءَاخِرَةِ مَثَلُ ٱلسَّوْءِ ۖ وَلِلَّهِ ٱلْمَثَلُ ٱلْأَعْلَىٰ ۚ وَهُوَ ٱلْعَزِيزُ ٱلْحَكِيمُ ﴾٦٠﴿
  • (അതെ) പരലോകത്തില്‍ വിശ്വസിക്കാത്തവര്‍ക്കത്രെ ദുഷിച്ച ഉപമ (ഉള്ളതു). അല്ലാഹുവിന്നാകുന്നു, അത്യുന്നതമായ ഉപമ (ഉള്ളതു). അവനത്രെ, പ്രതാപശാലിയും അഗാധജ്ഞനുമായുള്ളവനും.
  • لِلَّذِينَ لَا يُؤْمِنُونَ വിശ്വസിക്കാത്തവര്‍ക്കാണ് بِالْآخِرَةِ പരലോകത്തില്‍ مَثَلُ ഉപമ, ഉദാഹരണം, മാതൃക السَّوْءِ മോശത്തിന്റെ, തിന്മയുടെ وَلِلَّـهِ അല്ലാഹുവിനുണ്ടു الْمَثَلُ ഉപമ, ഉദാഹരണം الْأَعْلَىٰ അത്യുന്നതമായ وَهُوَ അവന്‍, അവനത്രെ الْعَزِيزُ പ്രതാപശാലി الْحَكِيمُ അഗാധജ്ഞന്‍, യുക്തിമാന്‍.

പരലോകത്തില്‍ വിശ്വസിക്കാത്തവരുടെ സ്ഥിതിഗതികള്‍ വിവരിക്കുമ്പോള്‍, ദുഷിച്ചതും മോശകരവുമായ ഉപമകളും സാദൃശ്യങ്ങളുമായിരിക്കും വിവരിക്കുവാന്‍ ഉണ്ടായിരിക്കുക. അല്ലാഹുവിനെക്കുറിച്ചു പറയുമ്പോഴാകട്ടെ അത്യുന്നതവും അത്യുല്‍കൃഷ്ടവുമായ ഉപമകളും സാദൃശ്യങ്ങളുമായിരിക്കും ഉണ്ടായിരിക്കുക എന്നു സാരം. ഉദാഹരണമായി: അവരെക്കുറിച്ചു പറയുമ്പോള്‍, യാതൊരു ഗുണമോ ദോഷമോ ചെയ്‌വാന്‍ കഴിയാത്ത വസ്തുക്കളെ ദൈവങ്ങളാക്കിവെച്ചവര്‍, മക്കളില്ലാത്ത പക്ഷം വിഷമം അനുഭവപ്പെടുന്നവര്‍, പെണ്‍മക്കളെ വെറുക്കുന്നവര്‍, സ്വന്തം മക്കളെ കുഴിച്ചുമൂടുന്നവര്‍ എന്നിങ്ങനെയുള്ള വര്‍ണ്ണനകളായിരിക്കും പറയുവാനുണ്ടായിരിക്കുക. അല്ലാഹുവിനെക്കുറിച്ചു പറയുമ്പോഴോ? സര്‍വ്വലോക സൃഷ്ടാവ്, ലോകനിയന്താവ്,മക്കളുടെയോ മറ്റോ ആവശ്യവും ആശ്രയവുമില്ലാത്തവന്‍, ഇണയും തുണയുമില്ലാത്തവന്‍, തുല്യനും, സമനുമില്ലാത്തവന്‍ എന്നൊക്കെയായിരിക്കും വിശേഷിപ്പിക്കുവാനുണ്ടാവുക. അഥവാ അതിന്റെ ഏതൊരു ഗുണത്തെക്കുറിച്ച് പ്രസ്താവിചാലും അതു അത്യുന്നതനിലവാരത്തിലുള്ളതും, മറ്റാര്‍ക്കും അതില്‍ പങ്കില്ലാത്തതുമായിരിക്കും.

വിഭാഗം - 8

16:61
  • وَلَوْ يُؤَاخِذُ ٱللَّهُ ٱلنَّاسَ بِظُلْمِهِم مَّا تَرَكَ عَلَيْهَا مِن دَآبَّةٍ وَلَٰكِن يُؤَخِّرُهُمْ إِلَىٰٓ أَجَلٍ مُّسَمًّى ۖ فَإِذَا جَآءَ أَجَلُهُمْ لَا يَسْتَـْٔخِرُونَ سَاعَةً ۖ وَلَا يَسْتَقْدِمُونَ ﴾٦١﴿
  • മനുഷ്യരെ അവരുടെ അക്രമം നിമിത്തം അല്ലാഹു പിടികൂടുക [പിടിച്ചു ശിക്ഷിക്കുക]യായിരുന്നുവെങ്കില്‍, അതിന്റെ [ഭൂമിയുടെ] മേല്‍ ഒരു ജീവിയെയും അവന്‍ (ബാക്കിയാക്കി) വിട്ടേക്കുമായിരുന്നില്ല. എങ്കിലും, നിര്‍ണ്ണയിക്കപ്പെട്ട ഒരവധിവരെ അവരെ അവന്‍ (ഒഴിവാക്കി) പിന്തിച്ചുവെക്കുകയാണ്; എന്നാല്‍, അവരുടെ (ആ) അവധി വന്നാല്‍, (പിന്നെ) ഒരു നാഴിക (സമയം) അവര്‍ പിന്തിപ്പോകുകയാകട്ടെ, മുന്തിപ്പോകുകയാകട്ടെ ചെയ്കയില്ല.
  • وَلَوْ يُؤَاخِذُ പിടികൂടുമായിരുന്നെങ്കില്‍ (പിടിച്ചു ശിക്ഷിച്ചിരുന്നുവെങ്കില്‍) اللَّـهُ അല്ലാഹു النَّاسَ മനുഷ്യരെ بِظُلْمِهِم അവരുടെ അക്രമം നിമിത്തം, അനീതികൊണ്ടു مَّا تَرَكَ അവന്‍ വിടുക (ഒഴിവാക്കിവിടുകയില്ലാ) യിരുന്നു عَلَيْهَا അതിന്മേല്‍, അതില്‍ مِن دَابَّةٍ ഒരു ജീവിയെയും, ജന്തുവെയും وَلَـٰكِن എങ്കിലും يُؤَخِّرُهُمْ അവനവരെ പിന്തിക്കുന്നു, പിന്നോട്ടുവെക്കുന്നു إِلَىٰ أَجَلٍ ഒരു അവധിവരെ مُّسَمًّى നിര്‍ണ്ണയിക്കപ്പെട്ട فَإِذَا جَاءَ എന്നാല്‍ വന്നാല്‍ أَجَلُهُمْ അവരുടെ അവധി لَا يَسْتَأْخِرُونَ അവര്‍ പിന്തുക (പിന്നോക്കം പോക)യില്ല سَاعَةً ഒരു നാഴിക, അല്‍പസമയം) وَلَا يَسْتَقْدِمُونَ അവര്‍ മുന്തുക(മുന്നോക്കംപോക)യില്ല.

മനുഷ്യര്‍ പ്രവര്‍ത്തിക്കുന്ന അക്രമങ്ങള്‍ക്ക് അല്ലാഹു അപ്പപ്പോള്‍ തന്നെ ശിക്ഷാനടപടിയെടുക്കുകയാണെങ്കില്‍, ഈ ഭൂമുഖത്ത് ഒരു ജീവിയും ബാക്കിയാകുമായിരുന്നില്ല. അത്രയും ദുഷിച്ചതും ദൂരവ്യാപകവുമാണ് അവരുടെ ചെയ്തികള്‍. പക്ഷെ, അവന്റെ ദയവും കാരുണ്യവും നിമിത്തം പെട്ടെന്നു നടപടിയെടുക്കാതെ അവന്‍ അതിനൊരു നിശ്ചിത അവധി വെച്ചിരിക്കുകയാണ്. അതിനുമുമ്പ് അവര്‍ക്ക് മടങ്ങുവാനും പശ്ചാത്തപിക്കുവാനും അവസരമുണ്ട്. ആ അവധിയില്‍ അണുവോളം മാറ്റം വരുകയില്ല. തികച്ചും കൃത്യസമയത്തുതന്നെ അതു സംഭവിക്കും. മനുഷ്യന്‍ അല്ലാഹുവിനോടും, തന്റെ സ്വന്തത്തോടും, സമൂഹത്തോടും, സഹജീവികളോടും നടത്തിക്കൊണ്ടിരിക്കുന്ന അക്രമങ്ങളെയും, അനീതികളെയും കുറിച്ചു ശരിക്കൊന്നു ചിന്തിച്ചു നോക്കുന്ന ഏവര്‍ക്കും അല്ലാഹുവിന്റെ ഈ പ്രസ്താവനയുടെ ഗൗരവം മനസ്സിലാകുന്നതാണ്. വ്യക്തിയാകട്ടെ, സമൂഹമാകട്ടെ, സമുടായമാകട്ടെ അവരുടെ അക്രമത്തിനു ശിക്ഷ നല്‍കേണ്ടതു എപ്പോഴാണെന്നും, എങ്ങിനെയാണെന്നും അല്ലാഹു നിര്‍ണ്ണയിച്ചു വെച്ചിട്ടുണ്ട്. അതാണു നിര്‍ണ്ണയിക്കപ്പെട്ട അവധിവരെ അവര്‍ക്കു ഒഴിവുകൊടുക്കുമെന്നു പറഞ്ഞത്. ഈ വചനത്തിലെ ആശയം ഉള്‍ക്കൊള്ളുന്ന മറ്റു പല വചനങ്ങള്‍ വേറെയും ഖുര്‍ആനിലുണ്ട്. 7:34; 15:4,5; 35:45 മുതലായവയും വ്യാഖ്യാനവും നോക്കുക.

ബൈഹഖിയും, ഇബ്നു ജരീറും (رحمهما الله) നിവേദനം ചെയ്യുന്നു: ‘അക്രമം പ്രവര്‍ത്തിക്കുന്നവര്‍ തനിക്കുതന്നെയല്ലാതെ മറ്റാര്‍ക്കും ഉപദ്രവം ചെയ്യുന്നില്ല’ എന്നു ഒരാള്‍ പറയുന്നതായി അബൂഹുറൈറ (رَضِيَ اللهُ تَعَالَى عَنْهُ) കേട്ടു. അപ്പോള്‍ അദ്ദേഹം പറഞ്ഞു: ‘നിശ്ചയമായും, അക്രമിയുടെ അക്രമം നിമിത്തം കാടപ്പക്ഷി അതിന്റെ കൂട്ടില്‍ വെച്ചു ചത്തുപോകുന്നു.’ ചിന്തിക്കുന്നവര്‍ക്ക് ചിന്തിക്കുവാന്‍ പോന്ന ഒരു ഉദാഹരണമത്രെ അബൂഹുറൈറ (رَضِيَ اللهُ تَعَالَى عَنْهُ) ഇതുമൂലം ചൂണ്ടിക്കാട്ടുന്നത്. ഒരാള്‍ ചെയ്ത ചെറിയ ഒരു തെറ്റുനിമിത്തം ചിലപ്പോള്‍ ദൂരവ്യാപകമായ അനിഷ്ടസംഭവങ്ങള്‍ ഉണ്ടാകാറുണ്ടല്ലോ.

16:62
  • وَيَجْعَلُونَ لِلَّهِ مَا يَكْرَهُونَ وَتَصِفُ أَلْسِنَتُهُمُ ٱلْكَذِبَ أَنَّ لَهُمُ ٱلْحُسْنَىٰ ۖ لَا جَرَمَ أَنَّ لَهُمُ ٱلنَّارَ وَأَنَّهُم مُّفْرَطُونَ ﴾٦٢﴿
  • തങ്ങള്‍ വെറുക്കുന്നതിനെ അവര്‍ അല്ലാഹുവിന്നാക്കുന്നു! ഏറ്റം നന്നായുള്ളതു തങ്ങള്‍ക്കാണെന്നു അവരുടെ നാവുകള്‍ വ്യാജവര്‍ണ്ണന നടത്തുകയും ചെയ്യുന്നു!
    നിസ്സംശയമത്രെ, അവര്‍ക്കു നരകമുണ്ടെന്നുള്ളതും, അവര്‍ (അതിലേക്കു) മുന്നില്‍ കൊണ്ടുവരപ്പെടുന്നവരാണെന്നുള്ളതും!
  • وَيَجْعَلُونَ അവര്‍ ആക്കുന്നു لِلَّـهِ അല്ലാഹുവിനു مَا يَكْرَهُونَ അവര്‍ വെറുക്കുന്നതിനെ وَتَصِفُ വിവരിക്കുക (വര്‍ണ്ണിക്കുക - വിശേഷിപ്പിക്കുക)യും ചെയ്യുന്നു أَلْسِنَتُهُمُ അവരുടെ നാവുകള്‍ الْكَذِبَ വ്യാജം (വ്യാജവര്‍ണ്ണന) أَنَّ لَهُمُ അവര്‍ക്കുണ്ടെന്നു الْحُسْنَىٰ ഏറ്റം നന്നായുള്ളത് لَا جَرَمَ നിസ്സംശയം (തെറ്റല്ല - സത്യമാണു) أَنَّ لَهُمُ അവര്‍ക്കുണ്ടു (അവര്‍ക്കാണു) എന്നുള്ളതു النَّارَ നരകം وَأَنَّهُم അവര്‍ (ആകുന്നു) എന്നുള്ളതും مُّفْرَطُونَ മുമ്പില്‍ കൊണ്ടുവരപ്പെടുന്നവര്‍.

മുമ്പു പ്രസ്താവിച്ചപോലെ, ആ അവിശ്വാസികളുടെ അടുക്കല്‍ ഏറ്റവും വെറുക്കപ്പെട്ടവരാണ് പെണ്‍മക്കള്‍. എന്നിട്ടും, അല്ലാഹുവിനു മക്കളുണ്ടെന്നു മാത്രമല്ല, അതു പെണ്‍മക്കളാണെന്നുകൂടി അവര്‍ വര്‍ണ്ണിക്കുന്നു. അതുകൊണ്ടും അവര്‍ മതിയാക്കുന്നില്ല. ഏറ്റവും നന്നായുള്ളതൊക്കെ തങ്ങള്‍ക്കായിരിക്കും ലഭിക്കുകയെന്നും, അതിന്നവകാശികള്‍ തങ്ങളാണെന്നും അവര്‍ വായാടിത്തം പറയുന്നു. വാസ്തവമാകട്ടെ, നേരെമറിച്ചുള്ളതും. ‘അതെ, അവര്‍ക്കു ലഭിക്കുവാനിരിക്കുന്നത് ഏറ്റവും വഷളവും ഏറ്റവും കടുത്തതുമായ നരകമായിരിക്കും, ആദ്യമായി അതില്‍ പ്രവേശിക്കപ്പെടുന്ന ഏറ്റവും വലിയ കേടികളും അവര്‍ തന്നെയായിരിക്കും.

ഇഹത്തില്‍ ലഭിക്കുവാനിരിക്കുന്ന എല്ലാ നല്ല ഭാവിയും, ഉന്നതപദവിയും, തങ്ങള്‍ക്കാണെന്നും, പരലോകം എന്നൊന്നുണ്ടെങ്കില്‍ അവിടെയും തങ്ങളായിരിക്കും മുമ്പന്‍മാര്‍ എന്നുമാണവരുടെ വാദം. മതത്തെധിക്കരിക്കുകയും, പരലോകത്തെ നിഷേധിക്കുകയും ചെയ്യുന്നവരുടെ എല്ലാകാലത്തുമുള്ള വീരവാദം – യഥാര്‍തത്തില്‍ വ്യാജ ജല്‍പനം – തന്നെയാണിത്. അല്ലാഹു പറയുന്നു: ‘അവനു വല്ല കഷ്ടതയും ബാധിച്ചശേഷം, നമ്മുടെ പക്കല്‍നിന്നുള്ള വല്ല കാരുണ്യത്തെയും അവന്നു നാം ആസ്വദിപ്പിച്ചുവെങ്കില്‍ തീര്‍ച്ചയായും അവന്‍ പറയും: ഇതെനിക്കുള്ളതാണ്; അന്ത്യസമയം നിലവില്‍ വരുന്നതാണെന്നു ഞാന്‍ വിചാരിക്കുന്നുമില്ല; എന്റെ റബ്ബിങ്കലേക്കു ഞാന്‍ മടക്കപ്പെട്ടുവെങ്കില്‍തന്നെ, നിശ്ചയമായും എനിക്കു അവന്റെ അടുക്കല്‍ ഏറ്റവും നല്ലതുതന്നെ ഉണ്ടായിരിക്കുന്നതുമാണ്.’ (41:50). വിശ്വാസിയും, അവിശ്വാസിയുമായ രണ്ടു തോട്ടക്കാര്‍ തമ്മില്‍ നടന്ന ഒരു സംഭാഷണം വിവരിക്കുന്നമദ്ധ്യേ, അവിശ്വാസി പറഞ്ഞതായി അല്ലാഹു ഉദ്ധരിക്കുന്നു: ‘ഒരു കാലത്തും ഇതു (ഈ തോട്ടം) നശിച്ചുപോകുമെന്നു ഞാന്‍ വിചാരിക്കുന്നില്ല. അന്ത്യസമയം സംഭവിക്കുന്നതാണെന്നും ഞാന്‍ വിചാരിക്കുന്നില്ല. ഞാന്‍ എന്റെ റബ്ബിങ്കലേക്കു മടക്കപ്പെടുന്നതാണെങ്കില്‍തന്നെ, നിശ്ചയമായും ഇതിനേക്കാള്‍ ഉത്തമമായ ഒരു മടങ്ങിച്ചെല്ലുന്ന സ്ഥാനം തീര്‍ച്ചയായും എനിക്ക് കിട്ടുന്നതാണ്.’ (അല്‍കഹ്ഫ്‌: 36).

16:63
  • تَٱللَّهِ لَقَدْ أَرْسَلْنَآ إِلَىٰٓ أُمَمٍ مِّن قَبْلِكَ فَزَيَّنَ لَهُمُ ٱلشَّيْطَٰنُ أَعْمَٰلَهُمْ فَهُوَ وَلِيُّهُمُ ٱلْيَوْمَ وَلَهُمْ عَذَابٌ أَلِيمٌ ﴾٦٣﴿
  • (നബിയേ) അല്ലാഹുവിനെത്തന്നെയാണ (സത്യം)! നിനക്കുമുമ്പ് പല സമുദായങ്ങളിലേക്കും നാം (റസൂലുകളെ) അയച്ചിട്ടുണ്ട്; എന്നാല്‍ പിശാച് അവര്‍ക്കു തങ്ങളുടെ പ്രവൃത്തികളെ അലങ്കാരമാക്കിക്കാണിച്ചു; അങ്ങനെ, ഇന്ന്‍ (ഇഹത്തില്‍) അവന്‍ അവരുടെ മിത്രം (അഥവാ കൈകാര്യക്കാരന്‍) ആകുന്നു. അവര്‍ക്കു വേദനയേറിയ ശിക്ഷയുമുണ്ട്‌.
  • تَاللَّـهِ അല്ലാഹു തന്നെയാണ് لَقَدْ أَرْسَلْنَا തീര്‍ച്ചയായും നാം അയച്ചിട്ടുണ്ട് إِلَىٰ أُمَمٍ പല സമുദായങ്ങളിലേക്കും مِّن قَبْلِكَ നിന്റെ മുമ്പു فَزَيَّنَ എന്നാല്‍ (എന്നിട്ടു) അലങ്കാരമാക്കി (ഭംഗിയാക്കി) കാണിച്ചു لَهُمُ അവര്‍ക്കു الشَّيْطَانُ പിശാചു أَعْمَالَهُمْ അവരുടെ പ്രവൃത്തികളെ فَهُوَ അങ്ങനെ (എന്നിട്ടു) അവന്‍ وَلِيُّهُمُ അവരുടെ മിത്രം (കൈകാര്യക്കാരന്‍) ആകുന്നു الْيَوْمَ ഇന്നു وَلَهُمْ അവര്‍ക്കുണ്ടുതാനും عَذَابٌ ശിക്ഷ أَلِيمٌ വേദനയേറിയ.
16:64
  • وَمَآ أَنزَلْنَا عَلَيْكَ ٱلْكِتَٰبَ إِلَّا لِتُبَيِّنَ لَهُمُ ٱلَّذِى ٱخْتَلَفُوا۟ فِيهِ ۙ وَهُدًى وَرَحْمَةً لِّقَوْمٍ يُؤْمِنُونَ ﴾٦٤﴿
  • നിനക്കു നാം (ഈ) വേദഗ്രന്ഥം ഇറക്കിത്തന്നിട്ടില്ല അവര്‍ യാതൊന്നില്‍ ഭിന്നാഭിപ്രായത്തിലായിരിക്കുന്നുവോ അതിനെ അവര്‍ക്കു നീ വിവരിച്ചുകൊടുക്കുവാന്‍ വേണ്ടിയല്ലാതെ; വിശ്വസിക്കുന്ന ജനങ്ങള്‍ക്കു മാര്‍ഗ്ഗദര്‍ശനവും, കാരുണ്യവുമായിക്കൊണ്ടും (അല്ലാതെ).
  • وَمَا أَنزَلْنَا നാം ഇറക്കിയിട്ടില്ല عَلَيْكَ നിന്റെ മേല്‍, നിനക്കു الْكِتَابَ (വേദ) ഗ്രന്ഥം إِلَّا لِتُبَيِّنَ നീ വിവരിച്ചുകൊടുക്കുവാന്‍ വേണ്ടിയല്ലാതെ لَهُمُ അവര്‍ക്കു الَّذِي യാതൊന്നിനെ اخْتَلَفُوا അവര്‍ ഭിന്നിച്ചു, അഭിപ്രായവ്യത്യാസമായി فِيهِ അതില്‍ وَهُدًى മാര്‍ഗ്ഗദര്‍ശന (സന്മാര്‍ഗ്ഗ)മായും وَرَحْمَةً കാരുണ്യമായും لِّقَوْمٍ ജനങ്ങള്‍ക്ക് يُؤْمِنُونَ അവര്‍ വിശ്വസിക്കുന്നു.
16:65
  • وَٱللَّهُ أَنزَلَ مِنَ ٱلسَّمَآءِ مَآءً فَأَحْيَا بِهِ ٱلْأَرْضَ بَعْدَ مَوْتِهَآ ۚ إِنَّ فِى ذَٰلِكَ لَءَايَةً لِّقَوْمٍ يَسْمَعُونَ ﴾٦٥﴿
  • അല്ലാഹു (തന്നെ) ആകാശത്തുനിന്നു (മഴ) വെള്ളം ഇറക്കുകയും ചെയ്തിരിക്കുന്നു; എന്നിട്ടു, ഭൂമിയെ അതിന്റെ നിര്‍ജ്ജീവതക്കുശേഷം അതുകൊണ്ടു അവന്‍ ജീവിപ്പിച്ചു. നിശ്ചയമായും, കേട്ടറിയുന്ന ജനങ്ങള്‍ക്കു അതില്‍ ഒരു (വമ്പിച്ച) ദൃഷ്ടാന്തമുണ്ട്.
  • وَاللَّـهُ അല്ലാഹു (തന്നെ) أَنزَلَ ഇറക്കി مِنَ السَّمَاءِ ആകാശത്തുനിന്നു مَاءً വെള്ളം فَأَحْيَا എന്നിട്ടവന്‍ ജീവിപ്പിച്ചു بِهِ അതുകൊണ്ടു الْأَرْضَ ഭൂമിയെ بَعْدَ ശേഷം مَوْتِهَا അതിന്റെ മരണത്തിനു (നിര്‍ജ്ജീവതക്കു) إِنَّ فِي ذَٰلِكَ നിശ്ചയമായും അതിലുണ്ട് لَآيَةً ഒരു ദൃഷ്ടാന്തം لِّقَوْمٍ يَسْمَعُونَ കേള്‍ക്കുന്ന (കേട്ടു മനസ്സിലാക്കുന്ന) ജനങ്ങള്‍ക്ക്.

മനുഷ്യര്‍ക്കായി അവതരിപ്പിക്കപ്പെട്ട കാര്യങ്ങള്‍ അവര്‍ക്കു വിവരിച്ചുകൊടുക്കുവാന്‍ വേണ്ടിയാണു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ക്കു ഖുര്‍ആനാകുന്ന പ്രമാണം അവതരിപ്പിച്ചതെന്നു 44-ാം വചനത്തില്‍ പ്രസ്താവിച്ചുവല്ലോ. പ്രസ്തുത ലക്ഷ്യത്തിന്റെ ഒരു പ്രധാന വശമാണു 64-ാം വചനത്തില്‍ ചൂണ്ടിക്കാണിക്കുന്നത്. മതപരമായ വിശ്വാസാചാരങ്ങളില്‍ മനുഷ്യര്‍ക്കിടയില്‍ കടന്നുകൂടിയിരുന്ന ഭിന്നാഭിപ്രായങ്ങളിലുള്ള യഥാര്‍ത്ഥവും സത്യവും വിവരിച്ചുകൊടുക്കുക എന്നുള്ളതാണത്. എന്നാല്‍ 63-ാം വചനത്തില്‍ കണ്ടതുപോലെ – സത്യമാര്‍ഗ്ഗത്തില്‍ നിന്നു ഭിന്നിച്ചകന്നുപോയവരെല്ലാം റസൂലുകളുടെ ഉപദേശങ്ങള്‍ സ്വീകരിച്ച് സത്യത്തിലേക്കു മടങ്ങുന്നതല്ല. മിക്കവാറും പിശാചിന്റെ ദുരുപദേശങ്ങള്‍ക്കടിമപ്പെടുകയാണുണ്ടാകുക. കഴിഞ്ഞുപോയ എല്ലാ സമുദായങ്ങളുടെയും സ്ഥിതി ഇതു തന്നെയായിരുന്നു. അതുപോലെത്തന്നെയായിരിക്കും ഈ സമുദായത്തിന്റെയും സ്ഥിതി. അതുകൊണ്ടു അങ്ങിനെയുള്ളവര്‍ക്കു ഖുര്‍ആന്റെ മാര്‍ഗ്ഗദര്‍ശനം ഉപകരിക്കുകയില്ലെന്നും, സത്യം മനസ്സിലാക്കി സത്യവിശ്വാസം സ്വീകരിക്കുവാന്‍ തയ്യാറുള്ളവര്‍ക്കേ ഖുര്‍ആന്റെ മാര്‍ഗ്ഗദര്‍ശനവും അല്ലാഹുവിന്റെ അനുഗ്രഹവും ലഭിക്കുകയുള്ളുവെന്നും ചൂണ്ടിക്കാട്ടിയിരിക്കുന്നു.

ആകാശത്തു നിന്നു മഴവെള്ളം ഇറക്കി അതുവഴി ഉല്‍പാദന യോഗ്യമല്ലാതെ നിര്‍ജ്ജീവമായിക്കിടക്കുന്ന ഭൂമിയെ അല്ലാഹു ജീവിപ്പിക്കുന്നു. അങ്ങിനെ മനുഷ്യന്റെ ശാരീരികവും ഭൗതികവുമായ നിലനില്‍പിനും അഭിവൃദ്ധിക്കും അനിവാര്യമായ അന്നപാനാദി കാര്യങ്ങള്‍ അവന്‍ മനുഷ്യനു ഒരുക്കികൊടുക്കുന്നു. അതുപോലെ അവന്റെ ആത്മീയവും പാരത്രികവുമായ ജീവിതത്തിന്റെ നന്മക്കു അനിവാര്യമായിരിക്കുന്ന കാര്യങ്ങളാണു ഖുര്‍ആന്‍വഴി അവതരിപ്പിച്ചിരിക്കുന്നതെന്നും, നിര്‍ജ്ജീവമായ ഭൂമിയെ വീണ്ടും ജീവസ്സുള്ളതാക്കിത്തീര്‍ക്കുന്നതുപോലെ നിര്‍ജ്ജീവമായ ശേഷം മനുഷ്യനെയും അവന്‍ വീണ്ടും ജീവിപ്പിക്കുമെന്നും 65-ാം വചനത്തില്‍ സൂചിപ്പിക്കപ്പെട്ടിരിക്കുന്നു. കാര്യങ്ങള്‍ വേണ്ടതുപോലെ കേട്ടു മനസ്സിലാക്കുന്നവര്‍ക്കു ഇതിലെല്ലാം അടങ്ങിയ ദൃഷ്ടാന്തങ്ങള്‍ കണ്ടെത്തുവാന്‍ കഴിയുമെന്നു അവസാനം ഉണര്‍ത്തുകയും ചെയ്തിരിക്കുന്നു.