നഹ്ൽ (തേനീച്ച)

മക്കായില്‍ അവതരിച്ചത് – വചനങ്ങള്‍ 128 – വിഭാഗം (റുകുഅ്) 16

بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ

പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ തിരുനാമത്തില്‍

വിഭാഗം - 1

[110, 126, 127 എന്നീ മൂന്ന് വചനങ്ങള്‍ മദീനയില്‍ ഉഹ്ദ് യുദ്ധം കഴിഞ്ഞ ഉടനെ അവതരിച്ചതാണെന്നു പറയപ്പെട്ടിട്ടുണ്ട്.]

68-ാം വചനത്തില്‍ തേനീച്ചയെക്കുറിച്ചു പ്രസ്താവിക്കപ്പെട്ടിട്ടുള്ളതുകൊണ്ടു ഇതിനു സൂറത്തുന്നഹ്ല്‍ എന്നു പേരു പറയപ്പെടുന്നു. മനുഷ്യര്‍ക്ക് അല്ലാഹു ചെയ്തുകൊണ്ടിരിക്കുന്ന വളരെയധികം അനുഗ്രഹങ്ങളെക്കുറിച്ചു പ്രതിപാദിക്കപ്പെട്ടിട്ടുള്ളതുകൊണ്ടു سورة النعم (അനുഗ്രഹങ്ങളുടെ അദ്ധ്യായം എന്നും ഇതിനു പേരുണ്ട്.

16:1
  • أَتَىٰٓ أَمْرُ ٱللَّهِ فَلَا تَسْتَعْجِلُوهُ ۚ سُبْحَـٰنَهُۥ وَتَعَـٰلَىٰ عَمَّا يُشْرِكُونَ ﴾١﴿
  • (ഇതാ) അല്ലാഹുവിന്റെ കല്പന വന്നു (പോയി)! അതിനാല്‍, അതിനു നിങ്ങള്‍ ധൃതിപ്പെടേണ്ട. അവര്‍ (അവനോടു) പങ്കുചേര്‍ക്കുന്നതില്‍ നിന്നും അവന്‍ മഹാ പരിശുദ്ധന്‍! അവന്‍ അത്യുന്നതനുമായിരിക്കുന്നു!!
  • أَتَىٰٓ വന്നു, വന്നിരിക്കുന്നു أَمْرُ اللَّـهِ അല്ലാഹുവിന്റെ കല്പന, കാര്യം فَلَا تَسْتَعْجِلُوهُ അതിനാല്‍ (എന്നാല്‍) നിങ്ങളതിനു ധൃതികൂട്ടേണ്ട سُبْحَانَهُ അവന്‍ മഹാ പരിശുദ്ധന്‍ (അവനു സ്തോത്രം) وَتَعَالَىٰ അവന്‍ അത്യുന്നതി പ്രാപിക്കുകയും ചെയ്തിരിക്കുന്നു, അത്യുന്നതനുമാകുന്നു عَمَّا يُشْرِكُونَ അവര്‍ പങ്കുചേര്‍ക്കുന്നതില്‍ നിന്നു.

أَمْرُ اللَّـهِ (അല്ലാഹുവിന്റെ കല്‍പന) കൊണ്ടു വിവക്ഷ അന്ത്യസമയം (الساعة)ആണെന്നത്രെ അധിക വ്യാഖ്യാതാക്കളും പറയുന്നത്. അവിശ്വാസികള്‍ക്കു വാഗ്ദത്തം ചെയ്യപ്പെട്ട ശിക്ഷയാണെന്നും, കര്‍മ്മങ്ങള്‍ക്കുള്ള പ്രതിഫലനടപടിയാണെനും അഭിപ്രായങ്ങളുണ്ട്. വാസ്തവത്തില്‍ ഈ മൂന്നും ഒരേ സാരത്തില്‍ കലാശിക്കുന്നവയാകുന്നു. സൂറത്തുല്‍ ഖമറിന്റെ ആരംഭത്തില്‍ اقْتَرَبَتِ السَّاعَةُ (അന്ത്യസമയം അടുത്തുവന്നു) എന്നും, സൂ: അമ്പിയാഇന്റെ ആരംഭത്തില്‍ اقْتَرَبَ لِلنَّاسِ حِسَابُهُمْ (മനുഷ്യര്‍ക്കു അവരുടെ വിചാരണ അടുത്തുവന്നിരിക്കുന്നു) എന്നുമൊക്കെ അവതരിക്കുകയും, സത്യനിഷേധത്തില്‍നിന്നു മടങ്ങാത്ത പക്ഷം അല്ലാഹുവിങ്കല്‍നിന്നു ശിക്ഷ അനുഭവപ്പെടുമെന്നു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) താക്കീതു നല്‍കുകയും ചെയ്തപ്പോള്‍, ഇതൊക്കെ സത്യമാണെങ്കില്‍ എന്തുകൊണ്ടു അതൊന്നും സംഭവിക്കുന്നില്ലെന്നു അവിശ്വാസികള്‍ പറയാറുണ്ടായിരുന്നു. അതിനൊരു മറുപടിയാണിത്‌.

അല്ലാഹു പറയുന്നു: ‘അവര്‍ നിന്നോടു ശിക്ഷക്കു ധൃതികൂട്ടുന്നു. നിര്‍ണ്ണയിക്കപ്പെട്ട ഒരവധി ഇല്ലായിരുന്നുവെങ്കില്‍ അവര്‍ക്കു ശിക്ഷ (ഇപ്പോള്‍ തന്നെ) വരുമായിരുന്നു. അവര്‍ അറിയാത്ത നിലയില്‍ അതവര്‍ക്കു പെട്ടെന്നു വന്നെത്തുകതന്നെ ചെയും. അവര്‍ നിന്നോടു ശിക്ഷക്കു ധൃതികൂട്ടുന്നു. നിശ്ചയമായും, നരകം അവിശ്വാസികളെ വലയം ചെയ്യുന്നതുമാകുന്നു.’ (അങ്കബൂത്ത് : 53, 54). വീണ്ടും പറയുന്നു: ‘അതില്‍ (അന്ത്യസമയത്തില്‍) വിശ്വസിക്കാത്തവര്‍ അതിനു ധൃതികൂട്ടുന്നു. വിശ്വസിച്ചവരാകട്ടെ, അതിനെക്കുറിച്ചു ഭയപ്പെടുന്നവരുമാകുന്നു. അതു യഥാര്‍ത്ഥമാണെന്നു അവര്‍ അറിയുകയും ചെയും.’ (ശൂറാ: 18). ഈ ധൃതികൂട്ടലിനു അല്ലാഹു നല്‍കിയ മറുപടിയുടെ സാരം ഇതാണ്: ‘അല്ലാഹുവിന്റെ കല്‍പന ഇതാ വന്നുകഴിഞ്ഞു. അതിനു വളരെയൊന്നും താമസമില്ല. അതു വരാതിരിക്കുകയുമില്ല. എന്നാല്‍, അതിനൊരു അവധിയുണ്ട്‌. അതു വരുമ്പോഴാണതു സംഭവിക്കുക. അതിനു ധൃതികൂട്ടേണ്ട ആവശ്യമില്ല. ധൃതികൂട്ടുന്നതുകൊണ്ടു ദോഷമല്ലാതെ സംഭവിക്കുവാന്‍ പോകുന്നുമില്ല.

അല്ലാഹുവിനു പങ്കുകാരെ സങ്കല്‍പിച്ചുണ്ടാക്കുന്നതില്‍ നിന്നാണ് അവരുടെ മേല്‍ സൂചിപ്പിച്ച ധൃതികൂട്ടലും നിഷേധവും ഉടലെടുക്കുന്നത്. അവരുടെ ദൈവങ്ങള്‍ അല്ലാഹുവിന്റെ ശിക്ഷയില്‍ നിന്നു അവരെ രക്ഷിക്കുമെന്നും അവര്‍ ധരിച്ചുവരുന്നു. അതുകൊണ്ടു അല്ലാഹുവിനു പങ്കുകാർ ഉണ്ടായിരിക്കുകയെന്ന കാര്യം തന്നെ അസംഭവ്യമാണെന്നും, അതില്‍ നിന്നും എത്രയോ പരിശുദ്ധനും ഉന്നതനുമാണ് അല്ലാഹുവെന്നും അവരെ ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നു. (سُبْحَانَهُ وَتَعَالَىٰ عَمَّا يُشْرِكُونَ)

16:2
  • يُنَزِّلُ ٱلْمَلَـٰٓئِكَةَ بِٱلرُّوحِ مِنْ أَمْرِهِۦ عَلَىٰ مَن يَشَآءُ مِنْ عِبَادِهِۦٓ أَنْ أَنذِرُوٓا۟ أَنَّهُۥ لَآ إِلَـٰهَ إِلَّآ أَنَا۠ فَٱتَّقُونِ ﴾٢﴿
  • അവന്റെ അടിയാന്‍മാരില്‍നിന്നു അവന്‍ ഉദ്ദേശിക്കുന്നവരുടെമേല്‍ അവന്റെ കല്‍പനയാകുന്ന ആത്മാവു (അഥവാ ജീവനു)മായി അവന്‍ മലക്കുകളെ ഇറക്കുന്നു; അതായതു, ഞാനല്ലാതെ ഒരു ആരാധ്യനുമില്ല; അതിനാല്‍ നിങ്ങള്‍ എന്നെ സൂക്ഷിച്ചു കൊള്ളുവിന്‍ എന്നു (ജനങ്ങളെ) താക്കീതു ചെയ്യണമെന്ന്.
  • يُنَزِّلُ അവന്‍ ഇറക്കുന്നു الْمَلَائِكَةَ മലക്കുകളെ بِالرُّوحِ ആത്മാവു (ജീവനു)മായി مِنْ أَمْرِهِ അവന്റെ കല്‍പനയാകുന്ന, കല്‍പനയില്‍ നിന്ന് عَلَىٰ مَن യാതൊരുവരുടെമേല്‍, ചിലര്‍ക്കു يَشَاءُ അവന്‍ ഉദ്ദേശിക്കുന്നു مِنْ عِبَادِهِ അവന്റെ അടിയാന്‍മാരില്‍നിന്ന് أَنْ أَنذِرُوا നിങ്ങള്‍ താക്കീതു ചെയ്യണമെന്നു أَنَّهُ لَا إِلَـٰهَ ഒരു ആരാധ്യനുമില്ലെന്ന് إِلَّا أَنَا ഞാനല്ലാതെ فَاتَّقُونِ അതിനാല്‍ എന്നെ നിങ്ങള്‍ സൂക്ഷിക്കുവിന്‍.

‘ആത്മാവു, ജീവന്‍, ജീവസ്സു’ എന്നൊക്കെയാണ് رُّوح (റൂഹ്) എന്ന പദത്തിനര്‍ത്ഥം. അല്ലാഹുവിന്റെ കല്‍പനകളും സന്ദേശങ്ങളുമാകുന്ന ‘വഹ്-യാ’ണു ഇവിടെ അതുകൊണ്ടുദ്ദേശിക്കപ്പെട്ടിരിക്കുന്നത്. ഹൃദയങ്ങള്‍ക്കു ജീവസ്സും, ആത്മാക്കള്‍ക്കു ചൈതന്യവും നല്‍കുന്നതാണല്ലോ അവ. 40:15; 42:52 എന്നിവിടങ്ങിലും ഈ പദം ഇതുപോലെയുള്ള അര്‍ത്ഥത്തില്‍ ഉപയോഗിച്ചിരിക്കുന്നതു കാണാം. പ്രവാചകത്വവും, വഹ്-യും ലഭിക്കുന്നതു ആരുടെയും യോഗ്യതകൊണ്ടോ ശ്രമംകൊണ്ടോ അല്ല. അല്ലാഹുവിന്റെ അനുഗ്രഹംകൊണ്ടു മാത്രമാണ്. അതാണു ‘അവന്‍ ഉദ്ദേശിക്കുന്നവരില്‍ അവന്‍ മലക്കുകളെ ഇറക്കുന്നു’വെന്നു ഈ വാക്യത്തില്‍ സൂചിപ്പിക്കപ്പെട്ടിരിക്കുന്നത്. മലക്കുകള്‍മുഖേന മാത്രമേ നബിമാര്‍ക്കു വഹ്-യു നല്‍കപ്പെടാറുള്ളുവെന്നു ഈ വാക്യത്തില്‍നിന്നു മനസ്സിലാക്കിക്കൂടാ. വഹ്-യിന്റെ ഇനങ്ങള്‍ വേറെയും ഉണ്ട് എന്നു സൂ: ശൂറാ 51-ാം വചനത്തില്‍ കാണാവുന്നതാണ്. കൂടുതല്‍ വിവരത്തിനു അവിടെ നോക്കുക.

16:3
  • خَلَقَ ٱلسَّمَـٰوَٰتِ وَٱلْأَرْضَ بِٱلْحَقِّ ۚ تَعَـٰلَىٰ عَمَّا يُشْرِكُونَ ﴾٣﴿
  • ആകാശങ്ങളെയും, ഭൂമിയെയും അവന്‍ യഥാര്‍ത്ഥ (മുറ) പ്രകാരം സൃഷ്ടിച്ചിരിക്കുന്നു. അവര്‍ (അവനോടു) പങ്കുചേര്‍ക്കുന്നതില്‍നിന്നും അവന്‍ അത്യുന്നതനായിരിക്കുന്നു.
  • خَلَقَ അവന്‍ സൃഷ്ടിച്ചു السَّمَاوَاتِ ആകാശങ്ങളെ وَالْأَرْضَ ഭൂമിയെയും بِالْحَقِّ യഥാര്‍ത്ഥപ്രകാരം تَعَالَىٰ അവന്‍ അത്യുന്നതനായി (വളരെ മേലെയായി)രിക്കുന്നു عَمَّا يُشْرِكُونَ അവര്‍ പങ്കുചേര്‍ക്കുന്നതില്‍ നിന്ന്.
16:4
  • خَلَقَ ٱلْإِنسَـٰنَ مِن نُّطْفَةٍ فَإِذَا هُوَ خَصِيمٌ مُّبِينٌ ﴾٤﴿
  • മനുഷ്യനെ അവന്‍ ഒരു ഇന്ദ്രിയത്തുള്ളിയില്‍നിന്നു സൃഷ്ടിച്ചു. എന്നിട്ട് അവന്‍ (അതാ) പ്രത്യക്ഷമായ ഒരു എതിര്‍വാദി(യായിരിക്കുന്നു)!
  • خَلَقَ الْإِنسَانَ മനുഷ്യനെ അവന്‍ സൃഷ്ടിച്ചു مِن نُّطْفَةٍ ഒരു ഇന്ദ്രിയത്തുള്ളിയില്‍ നിന്നു, ഇന്ദ്രിയത്താല്‍ فَإِذَا هُوَ എന്നിട്ടു അവന്‍ (അതാ) خَصِيمٌ ഒരു എതിര്‍വാദി مُّبِينٌ പ്രത്യക്ഷ(സ്പഷ്ട)മായ.

അല്ലാഹുവല്ലാതെ ആരാധ്യനില്ലെന്നു തുടങ്ങി കഴിഞ്ഞ വചനങ്ങളില്‍ പ്രസ്താവിച്ച യാഥാര്‍ത്ഥ്യങ്ങള്‍ക്കു ചില ദൃഷ്ടാന്തങ്ങള്‍ വിവരിക്കുകയാണ്. ആകാശഭൂമികളെയും മനുഷ്യനെയും സൃഷ്ടിച്ചുണ്ടാക്കിയതും, വ്യവസ്ഥാപിതമായ മുറയില്‍ അവയെല്ലാം നിയന്ത്രിച്ചുപോരുന്നതും അവനായിരിക്കെ, അവന്റെ അധികാരാവകാശങ്ങളില്‍ അവനു പങ്കാളികളോ, സമന്മാരോ ആയി വേറെ ആരും ഉണ്ടായിരിക്കുവാന്‍ നിവൃത്തിയില്ലല്ലോ. കേവലം നിസ്സാരമായ ഒരു ഇന്ദ്രിയത്തുള്ളിയില്‍നിന്നും അവന്‍ സൃഷ്ടിച്ചുണ്ടാക്കിയ മനുഷ്യന്‍ അവനോടു നന്ദിയും കൂറുമില്ലാതെ, അല്ലാഹുവിനെ ധിക്കരിക്കുന്നതു വിരോധാഭാസവും ആശ്ചര്യകരവുമാണെന്നും, മനുഷ്യന്‍ അവന്റെ ഉത്ഭവത്തെപ്പറ്റി വേണ്ടപോലെ ചിന്തിക്കുന്നപക്ഷം അതവനു ബോധ്യമാകുന്നതാണെന്നുമാണ് 4-ാം വചനത്തിലെ സൂചന. അല്ലാഹുവിന്റെ മഹിതമഹത്വവും, ഏകത്വവും, മനുഷ്യര്‍ക്കു അവന്‍ ചെയ്തുകൊണ്ടിരിക്കുന്ന അനുഗ്രഹങ്ങളും ഓര്‍മ്മിപ്പിക്കുന്ന ചില വസ്തുക്കളാണു അടുത്ത വചനങ്ങളില്‍:-

16:5
  • وَٱلْأَنْعَـٰمَ خَلَقَهَا ۗ لَكُمْ فِيهَا دِفْءٌ وَمَنَـٰفِعُ وَمِنْهَا تَأْكُلُونَ ﴾٥﴿
  • കാലികളെയും (തന്നെ) അവന്‍ സൃഷ്ടിച്ചിരിക്കുന്നു. നിങ്ങള്‍ക്കു അവയില്‍ (തണുപ്പില്‍നിന്നു) ചൂടു നല്‍കലും, (മറ്റു) പ്രയോജനങ്ങളുമുണ്ട്. അവയില്‍ നിന്നുതന്നെ നിങ്ങള്‍ തിന്നുകയും ചെയ്യുന്നു.
  • وَالْأَنْعَامَ കാലികളെയും (തന്നെ) خَلَقَهَا അവയെ അവന്‍ സൃഷ്ടിച്ചിരിക്കുന്നു لَكُمْ നിങ്ങള്‍ക്കുണ്ട്‌ فِيهَا അവയില്‍ دِفْءٌ ചൂടു നല്‍കല്‍, ശൈത്യശമനം وَمَنَافِعُ പല പ്രയോജന (ഉപകാര)ങ്ങളും وَمِنْهَا അവയില്‍ നിന്നു (തന്നെ) تَأْكُلُونَ നിങ്ങള്‍ തിന്നുകയും ചെയ്യുന്നു
16:6
  • وَلَكُمْ فِيهَا جَمَالٌ حِينَ تُرِيحُونَ وَحِينَ تَسْرَحُونَ ﴾٦﴿
  • നിങ്ങള്‍ (വൈകുന്നേരം) വിശ്രമത്തിനു കൊണ്ടുവരുന്ന സമയത്തും, (രാവിലെ) മേയാന്‍വിടുന്ന സമയത്തും നിങ്ങള്‍ക്കു അവയില്‍ ഒരു ഭംഗിയുമുണ്ട്.
  • وَلَكُمْ നിങ്ങള്‍ക്കുണ്ട്‌ فِيهَا അവയില്‍ جَمَالٌ സൗന്ദര്യം, ഭംഗി حِينَ സമയത്തു تُرِيحُونَ നിങ്ങള്‍ വിശ്രമത്തിനു (ആലയിലേക്കു) കൊണ്ടുവരുന്ന وَحِينَ സമയത്തും تَسْرَحُونَ നിങ്ങള്‍ മേയാന്‍ വിടുന്ന

16:7
  • وَتَحْمِلُ أَثْقَالَكُمْ إِلَىٰ بَلَدٍ لَّمْ تَكُونُوا۟ بَـٰلِغِيهِ إِلَّا بِشِقِّ ٱلْأَنفُسِ ۚ إِنَّ رَبَّكُمْ لَرَءُوفٌ رَّحِيمٌ ﴾٧﴿
  • ദേഹങ്ങള്‍ (ക്ഷീണിച്ച്) ഞെരുങ്ങിക്കൊണ്ടല്ലാതെ, നിങ്ങള്‍ അവിടെ എത്തിച്ചേരുന്നവരല്ല. (അങ്ങനെയുള്ള) ഒരു നാട്ടിലേക്കു അവ നിങ്ങളുടെ (ചുമടു) ഭാരങ്ങള്‍ വഹിച്ചു പോകുകയും ചെയ്യുന്നു. നിശ്ചയമായും, നിങ്ങളുടെ റബ്ബ് (വളരെ) കൃപാലുവും, കരുണാനിധിയും തന്നെ.
  • وَتَحْمِلُ അവ വഹിക്കുകയും ചെയ്യും أَثْقَالَكُمْ നിങ്ങളുടെ ഭാരങ്ങളെ إِلَىٰ بَلَدٍ ഒരു രാജ്യത്തേക്കു, നാട്ടിലേക്കു لَّمْ تَكُونُوا നിങ്ങളായിരുന്നില്ല بَالِغِيهِ അവിടെ എത്തിച്ചേരുന്നവര്‍ إِلَّا بِشِقِّ ഞെരുക്കം (ബുദ്ധിമുട്ടു-പ്രയാസം) കൊണ്ടല്ലാതെ الْأَنفُسِ ദേഹങ്ങളുടെ إِنَّ رَبَّكُمْ നിശ്ചയമായും നിങ്ങളുടെ റബ്ബ് لَرَءُوفٌ ദയാലുതന്നെ, കൃപയുള്ളവന്‍ തന്നെ رَّحِيمٌ കരുണാനിധിയാണ്
16:8
  • وَٱلْخَيْلَ وَٱلْبِغَالَ وَٱلْحَمِيرَ لِتَرْكَبُوهَا وَزِينَةً ۚ وَيَخْلُقُ مَا لَا تَعْلَمُونَ ﴾٨﴿
  • കുതിരകളെയും, കോവര്‍ കഴുതകളെയും, കഴുതകളെയും (അവന്‍ സൃഷ്ടിച്ചിരിക്കുന്നു);- നിങ്ങള്‍ക്കു അവയെ (വാഹനമാക്കി) സവാരി ചെയ്‌വാന്‍ വേണ്ടിയും, അലങ്കാരത്തിനും. നിങ്ങള്‍ക്കു അറിഞ്ഞുകൂടാത്തതും അവന്‍ സൃഷ്ടിച്ചിരിക്കുന്നു.
  • وَالْخَيْلَ കുതിര(കളെ)യും وَالْبِغَالَ കോവര്‍ കഴുതകളെയും وَالْحَمِيرَ കഴുതകളെയും لِتَرْكَبُوهَا നിങ്ങളവയെ സവാരി ചെയ്‌വാന്‍വേണ്ടി, പുറത്തേറുവാന്‍ وَزِينَةً ഭംഗിക്കും, സൗന്ദര്യ(അലങ്കാര)ത്തിനായും وَيَخْلُقُ അവന്‍ സൃഷ്ടിക്കുകയും ചെയ്യുന്നു مَا لَا تَعْلَمُونَ നിങ്ങള്‍(ക്കു) അറിയാത്തതിനെ

കാലികളെ മനുഷ്യന്റെ ഉപയോഗത്തിനായി സൃഷ്ടിക്കുകയും, നിത്യാവശ്യങ്ങളായ പല കാര്യങ്ങള്‍ക്കും അവയെ ഉപയോഗപ്പെടുത്തിക്കൊടുക്കുകയും ചെയ്യുക വഴി മനുഷ്യനു അല്ലാഹു ചെയ്തുകൊണ്ടിരിക്കുന്ന അനുഗ്രഹങ്ങളെ ഓര്‍മ്മിപ്പിക്കുകയാണ്. കാലികള്‍ മൂലം ലഭിക്കുന്നതായി ഇവിടെ എടുത്തുപറയപ്പെട്ട ഉപകാരങ്ങള്‍ ഇവയത്രെ. (1) തണുപ്പില്‍ നിന്നും രക്ഷകിട്ടുമാറ് ചൂടു നല്‍കുന്ന വസ്തുക്കള്‍ അവയില്‍ നിന്നു ലഭിക്കുന്നു. രോമം കൊണ്ടും, തോല്‍കൊണ്ടും ഉണ്ടാക്കപ്പെടുന്ന വസ്ത്രം, പുതപ്പ്, തമ്പ്, പാദരക്ഷ മുതലായവയാണ് ഇതു കൊണ്ടുദ്ദേശ്യം. ശൈത്യകാലത്തും, ശൈത്യപ്രദേശങ്ങളിലും ഇവയുടെആവശ്യം പറയേണ്ടതുമില്ല. (2) വിശപ്പിനു ഭക്ഷണവും ദാഹത്തിനു പാനീയവുമായ പാല്‍, ഒരു പ്രധാന ധനാഗമ മാര്‍ഗ്ഗമായ അവയുടെ സന്തതികള്‍ തുടങ്ങിയ മറ്റു പല ഉപകാരങ്ങള്‍. (3) ഭക്ഷ്യവസ്തുക്കളില്‍ ഒരു പ്രധാന സ്ഥാനം കല്‍പിക്കപ്പെടുന്ന മാംസം. (4). മേച്ചില്‍സ്ഥലങ്ങളില്‍നിന്നു വൈകുന്നേരം ആലകളിലേക്കു വിശ്രമത്തിനു കൊണ്ടുവരുമ്പോഴും, രാവിലെ ആലയില്‍ നിന്നു വിട്ടു മേച്ചില്‍സ്ഥാനങ്ങളിലേക്കു കൊണ്ടുപോകുമ്പോഴും, വിശിഷ്യാ ഉടമസ്ഥര്‍ക്ക്, ഉണ്ടാകുന്ന കൗതുകവും ആനന്ദവും. ഈ വിഷയം പ്രത്യേകം എടുത്തുപറയത്തക്കവണ്ണം കാര്യമായ ഒരു പ്രയോജനമാണോ എന്നു സംശയിക്കപ്പെടാം? ഐഹികവിഭവങ്ങളുടെ ആധിക്യത്തിലും അഭിവൃദ്ധിയിലും മനുഷ്യനുള്ള ആവേശവും താല്‍പര്യവും, അഭിമാനവും ആരെയും പറഞ്ഞറിയിക്കേണ്ടതായിട്ടില്ല. മനുഷ്യന്‍ കാലിവളര്‍ത്തുന്നതെല്ലാം അവയെ തനിക്കു ഭക്ഷിക്കുവാന്‍ വേണ്ടിയോ, മറ്റേതെങ്കിലും വിധത്തില്‍ സ്വയം ഉപയോഗപ്പെടുത്തുവാന്‍വേണ്ടിയോ ആണോ? അല്ല. അതായിരുന്നു കാലിവളര്‍ത്തലിന്റെ ലക്ഷ്യമെങ്കില്‍ സ്വന്താവശ്യങ്ങള്‍ക്കു വേണ്ടുന്ന പരിമിതമായ ഒരളവില്‍ കവിഞ്ഞു ആരും കാലികളെ വളര്‍ത്തുമായിരുന്നില്ല. ആയിരം ഒട്ടകമുള്ളവന്‍ അതു രണ്ടായിരമായിരിക്കുവാനും, പതിനായിരം ആടുകളുള്ളവന്‍ അതു ഇരുപത്തിനായിരമാക്കുവാനും, ലക്ഷക്കണക്കില്‍ ഉറുപ്പികയുടെ വ്യവസായം നടത്തുന്നവന്‍ അതു കോടിക്കണക്കില്‍ വളര്‍ത്തുവാനും രാപ്പകല്‍ മിനക്കെടുന്നതു അവമൂലം ലഭിക്കുന്ന അഴകും മോടിയും കണ്ടാനന്ദിക്കുവാനല്ലാതെ മറ്റെന്തിനാണ്?! ഈ പ്രയോജനം എടുത്തുപറഞ്ഞതില്‍നിന്ന് മറ്റൊരു സംഗതികൂടി മനസ്സിലാക്കുവാന്‍ സാധിക്കും. സമ്പത്തിന്റെ വര്‍ദ്ധനവ് അല്ലാഹുവിന്റെ പക്കല്‍ നിന്നുള്ള ഒരു അനുഗ്രഹമാണെന്നും, അല്ലാഹു നിയമിച്ച അവകാശങ്ങളും കടപ്പാടുകളും പാലിച്ചുകൊണ്ടു അതില്‍ നന്ദി പ്രകടിപ്പിക്കുന്നപക്ഷം അതുമൂലം വമ്പിച്ച പുണ്യം സമ്പാദിക്കുവാന്‍ അതു പ്രയോജനപ്പെടുമെന്നുമാണത്.

(5) ദേഹാദ്ധ്വാനമോ, ബുദ്ധിമുട്ടോ കൂടാതെ ഭാരപ്പെട്ട ചുമടുകള്‍ ദൂരദേശങ്ങളിലേക്കു എത്തിക്കുക. യന്ത്രീകൃത വാഹനങ്ങള്‍ക്കു സര്‍വ്വത്ര പ്രചാരം സിദ്ധിച്ചിട്ടുള്ള ഇക്കാലത്തുപോലും ചില രാജ്യങ്ങളില്‍ ഭാരങ്ങള്‍ കൊണ്ടുപോകുവാന്‍ കാലികളെ – വിശേഷിച്ചും ഒട്ടകങ്ങളെ – ആശ്രയിക്കേണ്ടിയിരിക്കുന്നു. ഒട്ടകപ്പുറത്തു മാത്രമല്ല, മാടുകളുടെ പുറത്തും, മാടുവണ്ടികള്‍ വഴിയും, ആടുവണ്ടികള്‍ വഴിയും സാമാനങ്ങള്‍ കൊണ്ടുപോകുക പല രാജ്യങ്ങളിലും പതിവുണ്ട്. യന്ത്രവാഹനങ്ങള്‍ കണ്ടുപിടിക്കപ്പെടുന്നതിനുമുമ്പു ഏതു രാജ്യത്തും കാലികളെ മാത്രം അതിനു ആശ്രയിക്കേണ്ടിയിരുന്നുതാനും. ഇത്രയും കാര്യങ്ങള്‍ അനുസ്മരിപ്പിച്ചശേഷം, ഇതെല്ലാം ചെയ്തുതന്നിരിക്കുന്നതു അല്ലാഹുവിനു മനുഷ്യനോടുള്ള കൃപയും കാരുണ്യവും നിമിത്തമാണെന്നും, ആ സ്ഥിതിക്കു മനുഷ്യന്‍ അവനോടു നന്ദിയുള്ളവനായിരിക്കുവാന്‍ ബാധ്യസ്ഥനാണെനുംകൂടി ഉണര്‍ത്തിയിരിക്കുന്നു.

ആടുമാടൊട്ടകങ്ങളെപ്പറ്റി പ്രസ്താവിച്ചശേഷം, കുതിര, കഴുത, കുതിരയും കഴുതയും ഇണചേര്‍ന്നു ജനിക്കുന്ന കോവര്‍കഴുത എന്നിവയെ സവാരിക്കുള്ള വാഹനങ്ങളാക്കി സൃഷ്ടിച്ചുതന്നിട്ടുള്ളതിനെയും, അവമൂലം സ്വാഭാവികമായും ലഭിക്കുന്ന അലങ്കാര ഭംഗിയെയുംകുറിച്ചും ഓര്‍മ്മിപ്പിച്ചിരിക്കുന്നു. ആടുമാടൊട്ടകങ്ങളുടെ പ്രയോജനങ്ങളെക്കുറിച്ച് പ്രസ്താവിച്ചപ്പോള്‍ അവഭക്ഷ്യവസ്തുക്കളാണെന്നു ചൂണ്ടിക്കാട്ടിയതുപോലെ ഈ മൂന്നു മൃഗങ്ങളും ഭക്ഷ്യവസ്തുക്കളായി അല്ലാഹു പ്രസ്താവിച്ചില്ല. അവയെ വാഹനമാക്കി ഉപയോഗിക്കുവാനുള്ളതും, അലങ്കാരത്തിനുള്ളതുമാണെന്നു മാത്രമേ പറഞ്ഞുള്ളു. അതുകൊണ്ടു ഈ മൂന്നും ഭക്ഷിക്കുവാന്‍ പാടുള്ളതല്ല എന്നു ചില പണ്ഡിതന്‍മാര്‍ അഭിപ്രായപ്പെട്ടിരിക്കുന്നു. പക്ഷേ, നാട്ടുകഴുതയുടെയും, കോവര്‍കഴുതയുടെയും മാംസത്തെ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) വിരോധിച്ചിട്ടുണ്ടെന്നും, കുതിരമാംസം അനുവദിച്ചിട്ടുണ്ടെന്നും ബലവത്തായ ഹദീസുകളില്‍ വന്നിട്ടുള്ളതുകൊണ്ടു കുതിരമാംസം ഭക്ഷിക്കുന്നതിനു വിരോധമില്ലെന്നാണു ഭൂരിപക്ഷം പണ്ഡിതന്‍മാരുടെയും അഭിപ്രായം.

ഖുര്‍ആന്‍ അവതരിക്കുന്ന കാലത്തു അറിയപ്പെട്ടിട്ടില്ലാത്തതും, അക്കാലത്തുള്ളവര്‍ക്കു ഊഹിക്കുവാന്‍പോലും പ്രയാസമായതുമായ വാഹനങ്ങളാണു തീവണ്ടി, വിമാനം, യന്ത്രക്കപ്പല്‍, മോട്ടോര്‍വാഹനങ്ങള്‍ മുതലായവ. ഇപ്പോള്‍, വായുമണ്ഡലത്തിനപ്പുറം ശൂന്യാകാശത്തിലൂടെ സഞ്ചരിക്കാവുന്ന വാഹനങ്ങളും രംഗത്തുവന്നിരിക്കയാണ്. എനിയും ഏതെല്ലാം തരത്തിലുള്ള വാഹനങ്ങള്‍ കണ്ടുപിടിക്കപ്പെടുമെന്നു പറയുവാന്‍ സാധ്യമല്ല. ഇവയൊക്കെ പ്രത്യക്ഷത്തില്‍ മനുഷ്യനിര്‍മ്മിതങ്ങളാണെങ്കിലും അവ നിര്‍മ്മിക്കുവാനുള്ള സാധന സാമഗ്രികളും, അവയ്ക്കു രൂപം നല്‍കുവാനുള്ള ബുദ്ധിയും, തോന്നലും, സാഹചര്യങ്ങളുമെല്ലാം മനുഷ്യനു നല്‍കുന്നതു അല്ലാഹുവാണല്ലോ. ഇതുപോലെയുള്ള പലതിനെയും സൂചിപ്പിച്ചുകൊണ്ടായിരിക്കും അവസാനം ‘നിങ്ങള്‍ക്കറിഞ്ഞുകൂടാത്തതും അവന്‍ സൃഷ്ടിക്കുന്നു (وَيَخْلُقُ مَا لَا تَعْلَمُونَ) എന്നു പറഞ്ഞത്.

16:9
  • وَعَلَى ٱللَّهِ قَصْدُ ٱلسَّبِيلِ وَمِنْهَا جَآئِرٌ ۚ وَلَوْ شَآءَ لَهَدَىٰكُمْ أَجْمَعِينَ ﴾٩﴿
  • അല്ലാഹുവിന്റെ മേലാണു (നേരായ) മിതമാര്‍ഗ്ഗം (വിവരിച്ചുകൊടുക്കുന്ന ബാധ്യത) ഉള്ളത്. അതില്‍ [മാര്‍ഗ്ഗങ്ങളില്‍] തന്നെ (ചിലതു) തെറ്റിയതുമുണ്ട്. അവന്‍ ഉദ്ദേശിച്ചിരുന്നുവെങ്കില്‍, നിങ്ങളെ മുഴുവന്‍ അവന്‍ നേര്‍മ്മാര്‍ഗ്ഗത്തിലാക്കുക തന്നെ ചെയ്യുമായിരുന്നു.
  • وَعَلَى اللَّـهِ അല്ലാഹുവിന്റെ മേലാണു, (ബാധ്യത) قَصْدُ السَّبِيلِ മിതമാര്‍ഗ്ഗം (കാണിക്കല്‍), മാര്‍ഗ്ഗം വിവരിക്കല്‍ وَمِنْهَا അതിലുണ്ട്, അതില്‍തന്നെയുണ്ട്‌ جَائِرٌ തെറ്റിയത് وَلَوْ شَاءَ അവന്‍ ഉദ്ദേശിച്ചിരുന്നുവെങ്കില്‍ لَهَدَاكُمْ നിങ്ങളെ അവന്‍ നേര്‍മ്മാര്‍ഗ്ഗത്തിലാക്കുകതന്നെ ചെയ്തിരുന്നു أَجْمَعِينَ മുഴുവന്‍, എല്ലാവരെയും

ബാഹ്യമായ മാര്‍ഗ്ഗങ്ങളിലൂടെ സഞ്ചരിക്കുവാനുള്ള വാഹനങ്ങളെപ്പറ്റി പ്രസ്താവിച്ചതിനെത്തുടര്‍ന്ന് ആന്തരികമായ ചില മാര്‍ഗ്ഗങ്ങള്‍കൂടിയുണ്ടെന്നും, അവയില്‍ ചിലതു നേര്‍ക്കുനേരെ മിതമായുള്ളതും ചിലതു തെറ്റി വളഞ്ഞുകൊണ്ടുള്ളതുമുണ്ടെന്നും, നേരായ മാര്‍ഗ്ഗത്തിലൂടെ സഞ്ചരിക്കുന്നതെങ്ങിനെയാണെന്നു വിവരിച്ചുകൊടുക്കല്‍ അല്ലാഹുവിന്റെ ബാധ്യതയാണെന്നും, അഥവാ അതാണു ഖുര്‍ആനിലൂടെയും പ്രവാചകനിലൂടെയും അവന്‍ നല്‍കി വരുന്ന മാര്‍ഗ്ഗദര്‍ശനങ്ങള്‍ എന്നുമൊക്കെ ചൂണ്ടിക്കാട്ടുകയാണ്.

ബാഹ്യമായ ഐഹികവിഷയങ്ങളെക്കുറിച്ച് പറയുമ്പോള്‍, അതോടുചേര്‍ന്ന്‍ ആന്തരികമായ ധാര്‍മ്മിക വിഷയങ്ങളെക്കുറിച്ചും ഓര്‍മ്മപ്പെടുത്തുക ചിലപ്പോഴെല്ലാം ഖുര്‍ആന്റെ ഒരു പതിവാകുന്നു. ഹജ്ജുയാത്രകളില്‍ ഭക്ഷണം മുതലായ യാത്രാസാമാനങ്ങള്‍ ഒരുക്കിക്കൊള്ളുവാന്‍ ഉപദേശിച്ചപ്പോള്‍ فَإِنَّ خَيْرَ الزَّادِ التَّقْوَىٰ (യാത്രാ സാമാനങ്ങളില്‍ വെച്ചു ഉത്തമമായതു ഭയഭക്തിയാണ്. 2:197) എന്നും, നഗ്നത മറക്കുവാനുള്ള വസ്ത്രം നല്‍കിയതിനെപ്പറ്റി പ്രസ്താവിച്ചപ്പോള്‍ وَلِبَاسُ التَّقْوَىٰ ذَٰلِكَ خَيْرٌ (ഭയഭക്തിയാകുന്ന വസ്ത്രമത്രെ ഏറ്റവും ഉത്തമമായത്. 7:26) എന്നും മറ്റും പറഞ്ഞിരിക്കുന്നതു ഇതിനു ഉദാഹരണമാകുന്നു: അല്ലാഹു കാണിച്ചുതരുന്ന നേരായമാര്‍ഗ്ഗത്തിലൂടെ ചരിക്കുന്നവരെമാത്രമേ അവന്‍ സന്മാര്‍ഗ്ഗത്തില്‍ ചേര്‍ക്കുകയുള്ളു – എന്നല്ലാതെ എല്ലാവരെയും സന്മാര്‍ഗ്ഗത്തിലാക്കുവാന്‍ അവന്‍ ഉദ്ദേശിച്ചിട്ടില്ല – എന്നത്രെ وَلَوْ شَاءَ لَهَدَاكُمْ أَجْمَعِينَ (അവന്‍ ഉദ്ദേശിച്ചിരുന്നുവെങ്കില്‍ നിങ്ങളെ മുഴുവന്‍ അവന്‍ നേര്‍മ്മാര്‍ഗ്ഗത്തിലാക്കുമായിരുന്നു) എന്ന വാക്യം മുഖേന അറിയിക്കുന്നത്. (ഈ വാക്യത്തിലടങ്ങിയ സാരാര്‍ത്ഥങ്ങളെപ്പറ്റി സൂറ: അന്‍ആം 149; ഹൂദ്‌ 118; മാഇദഃ 51; സജദഃ 13 മുതലായ വചനങ്ങളുടെ വ്യാഖ്യാനത്തിലും മറ്റുമായി പലതവണ വിവരിച്ചിട്ടുണ്ട്.

വിഭാഗം - 2

16:10
  • هُوَ ٱلَّذِىٓ أَنزَلَ مِنَ ٱلسَّمَآءِ مَآءً ۖ لَّكُم مِّنْهُ شَرَابٌ وَمِنْهُ شَجَرٌ فِيهِ تُسِيمُونَ ﴾١٠﴿
  • അവനത്രെ, ആകാശത്തുനിന്നു നിങ്ങള്‍ക്കു (മഴ)വെള്ളം ഇറക്കിത്തന്നവന്‍. അതില്‍ നിന്നു (കുടിക്കുവാന്‍) പാനീയമുണ്ടാകുന്നു; അതില്‍ നിന്നും നിങ്ങള്‍ (കാലികളെ) മേയ്ക്കുന്ന (ചെടി) മരങ്ങളും ഉണ്ടാകുന്നു.
  • هُوَ الَّذِي അവന്‍ യാതൊരുവനാണു, അവനത്രെയാതൊരുത്തന്‍ أَنزَلَ അവന്‍ ഇറക്കിയിരിക്കുന്നു مِنَ السَّمَاءِ ആകാശത്തുനിന്നു مَاءً വെള്ളം لَّكُم നിങ്ങള്‍ക്കു مِّنْهُ അതിലുണ്ടു, അതില്‍ നിന്നു (ചിലതു) ഉണ്ടായിരിക്കും شَرَابٌ പാനീയം, കുടിനീര്‍ وَمِنْهُ അതിലുണ്ടു, അതില്‍നിന്നു (ചിലതു) شَجَرٌ മരങ്ങളും )ഉണ്ട് - ഉണ്ടായിരിക്കും) فِيهِ അതില്‍ تُسِيمُونَ നിങ്ങള്‍ മേയ്ക്കുന്നു
16:11
  • يُنۢبِتُ لَكُم بِهِ ٱلزَّرْعَ وَٱلزَّيْتُونَ وَٱلنَّخِيلَ وَٱلْأَعْنَـٰبَ وَمِن كُلِّ ٱلثَّمَرَٰتِ ۗ إِنَّ فِى ذَٰلِكَ لَـَٔايَةً لِّقَوْمٍ يَتَفَكَّرُونَ ﴾١١﴿
  • അതു [വെള്ളം] മൂലം നിങ്ങള്‍ക്കു കൃഷിയും, ഒലീവും, ഈത്തപ്പനയും, മുന്തിരികളും അവന്‍ ഉല്‍പാദിപ്പിച്ചു തരുന്നു; (എന്നുവേണ്ട) എല്ലാ ഫലവര്‍ഗ്ഗങ്ങളില്‍ നിന്നും (ഉല്‍പാദിപ്പിച്ചു തരുന്നു). നിശ്ചയമായും, അതില്‍ (ഒക്കെയും) ചിന്തിക്കുന്നവര്‍ക്കു ഒരു (വമ്പിച്ച) ദൃഷ്ടാന്തമുണ്ട്.
  • يُنبِتُ അവ മുളപ്പിക്കുന്നു, ഉല്‍പാദിപ്പിക്കും لَكُم നിങ്ങള്‍ക്കു بِهِ അതുമൂലം, അതിനാല്‍ الزَّرْعَ കൃഷിയെ, വിളയെ وَالزَّيْتُونَ ഒലീവും وَالنَّخِيلَ ഈത്തപ്പനയും وَالْأَعْنَابَ മുന്തിരികളുംوَمِن كُلِّ الثَّمَرَاتِ എല്ലാ ഫല(വര്‍ഗ്ഗ)ങ്ങളില്‍ നിന്നും إِنَّ فِي ذَٰلِكَ നിശ്ചയമായും അതിലുണ്ട് لَآيَةً ഒരു ദൃഷ്ടാന്തം لِّقَوْمٍ ഒരു ജനതക്കു يَتَفَكَّرُونَ അവര്‍ ചിന്തിക്കുന്നു

16:12
  • وَسَخَّرَ لَكُمُ ٱلَّيْلَ وَٱلنَّهَارَ وَٱلشَّمْسَ وَٱلْقَمَرَ ۖ وَٱلنُّجُومُ مُسَخَّرَٰتٌۢ بِأَمْرِهِۦٓ ۗ إِنَّ فِى ذَٰلِكَ لَـَٔايَـٰتٍ لِّقَوْمٍ يَعْقِلُونَ ﴾١٢﴿
  • രാത്രിയെയും, പകലിനെയും, സൂര്യനെയും, ചന്ദ്രനെയും അവന്‍ നിങ്ങള്‍ക്കു വിധേയമാക്കിത്തന്നിരിക്കുന്നു. നക്ഷത്രങ്ങളും അവന്റെ കല്പനയനുസരിച്ച് വിധേയമാക്കപ്പെട്ടവയാണ്. നിശ്ചയമായും, അതില്‍ (ഒക്കെയും) ബുദ്ധികൊടു(ത്തു ചിന്തി)ക്കുന്ന ജനങ്ങള്‍ക്കു പല ദൃഷ്ടാന്തങ്ങളുണ്ട്.
  • وَسَخَّرَ لَكُمُ നിങ്ങള്‍ക്കവന്‍ വിധേയമാക്കുകയും ചെയ്തിരിക്കുന്നു اللَّيْلَ രാത്രിയെ وَالنَّهَارَ പകലിനെയും وَالشَّمْسَ സൂര്യനെയും وَالْقَمَرَ ചന്ദ്രനെയും وَالنُّجُومُ നക്ഷത്രങ്ങളാകട്ടെ مُسَخَّرَاتٌ വിധേയമാക്കപ്പെട്ടവയാണ് بِأَمْرِهِ അവന്റെ കല്പന പ്രകാരം إِنَّ فِي ذَٰلِكَ നിശ്ചയമായും, അതിലുണ്ട് لَآيَاتٍ പല ദൃഷ്ടാന്തങ്ങള്‍ لِّقَوْمٍ ജനങ്ങള്‍ക്ക് يَعْقِلُونَ അവര്‍ ബുദ്ധികൊടുക്കുന്നു, ഗ്രഹിക്കുന്നു
16:13
  • وَمَا ذَرَأَ لَكُمْ فِى ٱلْأَرْضِ مُخْتَلِفًا أَلْوَٰنُهُۥٓ ۗ إِنَّ فِى ذَٰلِكَ لَـَٔايَةً لِّقَوْمٍ يَذَّكَّرُونَ ﴾١٣﴿
  • വര്‍ണ്ണങ്ങള്‍ [ഇനങ്ങള്‍] വ്യത്യസ്തമായ നിലയില്‍ ഭൂമിയില്‍ നിങ്ങള്‍ക്കുവേണ്ടി അവന്‍ സൃഷ്ടിച്ചുണ്ടാക്കിയിട്ടുള്ളവയും (വിധേയമാക്കിത്തന്നിരിക്കുന്നു). നിശ്ചയമായും, അതില്‍ (ഒക്കെയും) ഉറ്റാലോചിക്കുന്ന ജനങ്ങള്‍ക്കു ഒരു (വമ്പിച്ച) ദൃഷ്ടാന്തമുണ്ട്.
  • وَمَا ذَرَأَ അവന്‍ സൃഷ്ടിച്ചുണ്ടാക്കിയതും لَكُمْ നിങ്ങള്‍ക്കുവേണ്ടി فِي الْأَرْضِ ഭൂമിയില്‍ مُخْتَلِفًا വ്യത്യസ്തമായിക്കൊണ്ടു أَلْوَانُهُ അതിന്റെ വര്‍ണ്ണ (നിറ)ങ്ങള്‍ [ഇനങ്ങള്‍] إِنَّ فِي ذَٰلِكَ നിശ്ചയമായും, അതിലുണ്ടു لَآيَةً ഒരു ദൃഷ്ടാന്തം لِّقَوْمٍ ജനങ്ങള്‍ക്ക് يَذَّكَّرُونَ അവര്‍ ഉറ്റാലോചിക്കുന്നു

രാപ്പകലുക, സൂര്യചന്ദ്രനക്ഷത്രങ്ങള്‍ എന്നിവയൊക്കെ മനുഷ്യനു വിധേയമാക്കിത്തന്നിട്ടുണ്ടെന്നു പറഞ്ഞതിന്റെ താല്‍പര്യം സൂ: ഇബ്രാഹീം: 32, 33ന്റെ വ്യാഖ്യാനത്തിലും മറ്റുമായി മുമ്പു വിവരിച്ചിരിക്കുന്നു. ഇവിടെ അതാവര്‍ത്തിച്ചു വിവരിക്കേണ്ടതില്ല. ‘വ്യത്യസ്ത വര്‍ണ്ണങ്ങളായി നിങ്ങള്‍ക്കുവേണ്ടി ഭൂമിയില്‍ സൃഷ്ടിച്ചിട്ടുള്ളവ’ എന്നു പറഞ്ഞതില്‍, മനുഷ്യനു ഉപകാരപ്രദമായി ഈ ഭൂമിയില്‍ നിലവിലുള്ള സസ്യവര്‍ഗ്ഗങ്ങളും, ജീവവര്‍ഗ്ഗങ്ങലുമടക്കം എല്ലാ ഇനത്തിലും പെട്ട ഭൂവിഭവങ്ങള്‍ ഉള്‍പ്പെടുന്നു. ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ മനുഷ്യനു പ്രയോജനപ്പെടാത്ത വസ്തുക്കള്‍ ഈ ഭൂമിയില്‍ ഇല്ലെന്നുള്ള പരമാര്‍ത്ഥം ഇന്നു ചിന്തകന്‍മാരായ പല ശാസ്ത്രജ്ഞന്‍മാരും വ്യക്തമാക്കാറുള്ളതാണ്. هُوَ الَّذِي خَلَقَ لَكُم مَّا فِي الْأَرْضِ جَمِيعًا (ഭൂമിയിലുള്ളതു മുഴുവനും നിങ്ങള്‍ക്കു വേണ്ടി സൃഷ്‌ടിച്ചവനത്രെ അവന്‍. 2:29) എന്നു പറഞ്ഞുകൊണ്ടു ഖുര്‍ആന്‍ ഈ യാഥാര്‍ത്ഥ്യം മുമ്പേ പ്രഖ്യാപിച്ചു കഴിഞ്ഞിട്ടുള്ളതുമാകുന്നു.

നിത്യസത്യങ്ങളായ ഈ അനുഗ്രഹങ്ങളൊക്കെ എടുത്തുപറഞ്ഞു ഓര്‍മ്മിപ്പിക്കുന്നതിന്റെ ഉദ്ദേശ്യമെന്താണെന്നു ഓരോ വചനത്തിന്റെയും അവസാനത്തില്‍ അല്ലാഹു ചൂണ്ടിക്കാട്ടിയിട്ടുള്ളത് ശ്രദ്ധിക്കുക. അതെ, ചിന്തിക്കുന്നവര്‍ക്കും, ബുദ്ധി ഉപയോഗിക്കുന്നവര്‍ക്കും, ഉറ്റാലോചിക്കുന്നവര്‍ക്കും ഇതില്‍നിന്നൊക്കെ ദൃഷ്ടാന്തങ്ങള്‍ ലഭിക്കുവാനുണ്ട്. അഥവാ അതിനുവേണ്ടിയാണു ഇതെല്ലാം ഓര്‍മ്മിപ്പിക്കുന്നതു എന്നു സാരം. ബുദ്ധികൊടുത്തു ചിന്തിക്കുകയും, ഉറ്റാലോചനചെയ്തു സത്യാസത്യങ്ങള്‍ തിരിച്ചറിയുകയും ചെയ്യുവാന്‍ അല്ലാഹു നമ്മുക്കെല്ലാം തൗഫീഖു നല്‍കട്ടെ. ആമീന്‍. അല്ലാഹു തുടരുന്നു:-

16:14
  • وَهُوَ ٱلَّذِى سَخَّرَ ٱلْبَحْرَ لِتَأْكُلُوا۟ مِنْهُ لَحْمًا طَرِيًّا وَتَسْتَخْرِجُوا۟ مِنْهُ حِلْيَةً تَلْبَسُونَهَا وَتَرَى ٱلْفُلْكَ مَوَاخِرَ فِيهِ وَلِتَبْتَغُوا۟ مِن فَضْلِهِۦ وَلَعَلَّكُمْ تَشْكُرُونَ ﴾١٤﴿
  • അവന്‍ തന്നെയാണ് സമുദ്രത്തെ വിധേയമാക്കിയവനും: അതില്‍ നിന്നും നിങ്ങള്‍ക്കു പുതിയ മാംസം തിന്നുവാനും, നിങ്ങള്‍ ധരിക്കാറുള്ള ആഭരണ (പദാര്‍ത്ഥ)ങ്ങള്‍ അതില്‍നിന്നു പുറത്തെടുക്കുവാനുംവേണ്ടി; കപ്പലുകള്‍ അതിലൂടെ (വെള്ളം) പിളര്‍ത്തുന്നതായിക്കൊണ്ടു (സഞ്ചരിക്കുന്നതു) നിനക്കു കാണുകയും ചെയ്യാം. അവന്റെ അനുഗ്രഹത്തില്‍ നിന്നു നിങ്ങള്‍ തേടിയെടുക്കുവാന്‍ വേണ്ടിയും; നിങ്ങള്‍ നന്ദി കാണിക്കുവാന്‍ വേണ്ടിയും (കൂടിയാണത്).
  • وَهُوَ الَّذِي അവന്‍തന്നെ (അവനത്രെ) യാതൊരുവനും سَخَّرَ വിധേയമാക്കിയ الْبَحْرَ സമുദ്രത്തെ لِتَأْكُلُوا നിങ്ങള്‍ക്കു തിന്നുവാന്‍വേണ്ടി مِنْهُ അതില്‍ നിന്നു لَحْمًا മാംസം طَرِيًّا പുതിയ وَتَسْتَخْرِجُوا നിങ്ങള്‍ പുറത്തെടുക്കുവാനും مِنْهُ അതില്‍ നിന്നു حِلْيَةً ആഭരണങ്ങളെ تَلْبَسُونَهَا നിങ്ങളവയെ ധരിക്കുന്നു وَتَرَى നിനക്കു കാണാം الْفُلْكَ കപ്പലുകളെ مَوَاخِرَ പിളര്‍ത്തുന്നതായി فِيهِ അതില്‍, അതിലൂടെ وَلِتَبْتَغُوا നിങ്ങള്‍ തേടിയെടുക്കു (അന്വേഷിക്കു)വാന്‍ വേണ്ടിയും مِن فَضْلِهِ അവന്റെ ഔദാര്യ(അനുഗ്രഹ)ത്തില്‍ നിന്നു وَلَعَلَّكُمْ നിങ്ങളാകുവാനും, നിങ്ങളായേക്കുകയും ചെയ്യാം تَشْكُرُونَ നിങ്ങള്‍ നന്ദി ചെയ്യും

മനുഷ്യര്‍ക്കു ഭക്ഷണത്തിനായി സമുദ്രത്തില്‍ അല്ലാഹു വിളയിച്ചു വളര്‍ത്തിവരുന്ന കണക്കറ്റ മത്സ്യവിളകളെപ്പറ്റിയാണു لَحْمًا طَرِيًّا (പുതിയ മാംസം) എന്നു പറഞ്ഞത്. വേഗം ഉപയോഗിക്കാവുന്നതും, സുഖകരമായതും, ലഘുത്വം കൂടിയതുമായ ആഹാരമത്രെ മത്സ്യമാംസം. ആഭരണപദാര്‍ത്ഥങ്ങള്‍ (حِلْيَةً) കൊണ്ടുദ്ദേശ്യം മുത്ത്, പവിഴം, ചിപ്പി തുടങ്ങിയ രത്നവിഭവങ്ങളാകുന്നു. ഇന്നത്തെപ്പോലെ പരിഷ്കൃതങ്ങളായ യന്ത്രസാമഗ്രികളും, ജലവാഹനങ്ങളുമൊന്നുമില്ലാത്ത മുന്‍കാലം മുതല്‍ക്കുതന്നെ, സമുദ്രത്തില്‍ അല്ലാഹു നിക്ഷേപിച്ചുവെച്ചിട്ടുള്ള ഭക്ഷ്യവസ്തുക്കളും, രത്നസമ്പത്തുക്കളും മനുഷ്യന്‍ ഉപയോഗപ്പെടുത്തിപ്പോന്നിട്ടുണ്ട്. കണ്ണെത്താത്ത, ആഴം കാണാത്ത സമുദ്ര ജലത്തെയും, മലകള്‍ കണക്കെയുള്ള തിരമാലകളെയും ശക്തിയായി ആഞ്ഞടിക്കുന്ന കാറ്റുകളെയും ഇടവും വലവുമാക്കി പിളര്‍ന്നുകൊണ്ടു മുന്നോട്ടു കുതിച്ചുപായുന്ന കപ്പലുകള്‍വഴി, ഒരു നാട്ടില്‍ നിന്നു മറ്റൊരു നാട്ടിലേക്കും, ഒരു വന്‍കരയില്‍ നിന്നു മറ്റൊരു വന്‍കരയിലേക്കും വിവിധ ആവശ്യാര്‍ത്ഥം മനുഷ്യന്‍ സദാ വന്നും പോയുംകൊണ്ടിരിക്കുന്നു. നൂഹ് (عليه الصلاة والسلام) നബിയുടെ കാലം മുതല്‍ ആരംഭിച്ച ഈ ഏര്‍പ്പാടു അനുദിനം വര്‍ദ്ധിച്ചുകൊണ്ടേ ഇരിക്കുന്നു. ഇതെല്ലാം സജ്ജമാക്കിത്തരുകയും, അതിനുവേണ്ടുന്ന സാഹചര്യങ്ങള്‍ ശരിപ്പെടുത്തിത്തരുകയും ചെയ്തതിന്റെ പേരില്‍ മനുഷ്യര്‍ സദാ അല്ലാഹുവിനോടു നന്ദികാണിക്കുവാന്‍ കടപ്പെട്ടവരാണു എന്നു അവസാനത്തെ വാക്യത്തില്‍ അല്ലാഹു ചൂണ്ടിക്കാട്ടുന്നു.

16:15
  • وَأَلْقَىٰ فِى ٱلْأَرْضِ رَوَٰسِىَ أَن تَمِيدَ بِكُمْ وَأَنْهَـٰرًا وَسُبُلًا لَّعَلَّكُمْ تَهْتَدُونَ ﴾١٥﴿
  • ഭൂമി നിങ്ങളേയുംകൊണ്ടു ചരിഞ്ഞുപോകുമെന്നതിനാല്‍, അതില്‍ അവന്‍ ഉറച്ചുനില്‍ക്കുന്ന മലകളെ സ്ഥാപിക്കുകയും ചെയ്തിരിക്കുന്നു; നദികളെയും വഴികളെയും (ഏര്‍പ്പെടുത്തിയിരിക്കുന്നു); നിങ്ങള്‍ (ഉദ്ദിഷ്ട സ്ഥാനങ്ങളിലേക്കു) മാര്‍ഗ്ഗം പ്രാപിക്കുവാന്‍വേണ്ടി;-
  • وَأَلْقَىٰ അവന്‍ ഇട്ടിരിക്കുന്നു, സ്ഥാപിക്കുകയും ചെയ്തു فِي الْأَرْضِ ഭൂമിയില്‍ رَوَاسِيَ ഉറച്ചു (പൂണ്ടു) നില്‍ക്കുന്നവയെ (മലകളെ) أَن تَمِيدَ അതു ചരിഞ്ഞു പോകുമെന്നതിനാല്‍ بِكُمْ നിങ്ങളുമായി, നിങ്ങളെയുംകൊണ്ടു وَأَنْهَارًا നദി (പുഴ)കളെയും وَسُبُلًا വഴി(മാര്‍ഗ്ഗം)കളെയും لَّعَلَّكُمْ നിങ്ങള്‍ ആകുവാന്‍വേണ്ടി, ആയേക്കാം تَهْتَدُونَ നിങ്ങള്‍ വഴിചേരും, (നേര്‍)മാര്‍ഗ്ഗം പ്രാപിക്കും

16:16
  • وَعَلَـٰمَـٰتٍ ۚ وَبِٱلنَّجْمِ هُمْ يَهْتَدُونَ ﴾١٦﴿
  • (പല) അടയാളങ്ങളെയും (ഏര്‍പ്പെടുത്തിയിരിക്കുന്നു). നക്ഷത്രങ്ങള്‍ മൂലവും (തന്നെ) അവര്‍ [മനുഷ്യര്‍] (ഉദ്ദിഷ്ട സ്ഥാനങ്ങളിലേക്കു) മാര്‍ഗ്ഗം പ്രാപിക്കുന്നു.
  • وَعَلَامَاتٍ അടയാളങ്ങളെയും وَبِالنَّجْمِ നക്ഷത്രങ്ങള്‍ മൂലവും, നക്ഷത്രംകൊണ്ടും هُمْ അവര്‍ يَهْتَدُونَ മാര്‍ഗ്ഗം പ്രാപിക്കുന്നു, വഴിചേരുന്നു

സമുദ്രത്തില്‍ അല്ലാഹു നല്‍കിയ ചില അനുഗ്രഹങ്ങളെ ഓര്‍മ്മിപ്പിച്ചശേഷം കരയിലും അന്തരീക്ഷത്തിലുമായി നല്‍കിയിട്ടുള്ള ചില അനുഗ്രഹങ്ങളെ ചൂണ്ടിക്കാട്ടുകയാണ്. ഒരു എത്തും പിടിയും കൂടാതെ അന്തരീക്ഷത്തില്‍ നിലകൊള്ളുന്ന ഭൂഗോളം അതിലെ നിവാസികള്‍ സഹിതം ചരിഞ്ഞോ മറിഞ്ഞോ തെറിച്ചോ പോകാതിരിക്കുവാന്‍വേണ്ടി – സമുദ്രത്തില്‍ കപ്പലുകള്‍ നങ്കൂരമിട്ടുറപ്പിച്ചു നിറുത്തുന്നതുപോലെ – ഭാരമേറിയ പര്‍വ്വതങ്ങളാകുന്ന നങ്കൂരങ്ങള്‍ വഴി അതിനെ അല്ലാഹു ഉറപ്പിച്ചുനിര്‍ത്തിയിരിക്കുന്നു. നൂറുക്കണക്കിലും ആയിരക്കണക്കിലും നാഴിക ദൂരത്തെവിടെന്നോ ഉത്ഭവിച്ച് കാടും, മലകളും, പാറക്കെട്ടും, മരുഭൂമിയും, മലയിടുക്കും താണ്ടിക്കൊണ്ട് വളഞ്ഞുപുളഞ്ഞും, ഓടിച്ചാടിയും ഒഴുകിവരുന്ന നദികളെ ഒരു കൂട്ടര്‍ കുടിനീരിനും, കുളിനീരിനും ഉപയോഗപ്പെടുത്തുന്നുവെങ്കില്‍, മറ്റൊരു കൂട്ടര്‍ കൃഷിക്കും, ഗതാഗതത്തിനും, വ്യവാസായത്തിനും ഉപയോഗിക്കുന്നു. വേറൊരു കൂട്ടര്‍ മത്സ്യബന്ധനത്തിനും, വിദ്യുച്ഛക്തിയുല്‍പാദനത്തിനും ഉപയോഗപ്പെടുത്തുന്നു. വഴികളെ സംബന്ധിച്ചു പറയുകയാണെങ്കില്‍, നാട്ടിലൂടെ, കാട്ടിലൂടെ, സമതലത്തിലൂടെ, കുന്നുകുഴികളിലൂടെ, വെള്ളത്തിലൂടെ, വായുവിലൂടെ എന്നിങ്ങിനെ ആവശ്യമായ സ്ഥലങ്ങളിലൂടെയെല്ലാം സഞ്ചരിക്കുവാന്‍ ഉതകുന്ന പലതരം വഴികളെയും അല്ലാഹു ഏര്‍പ്പെടുത്തിയിരിക്കുന്നു. വഴിതെറ്റാതെ ഉദ്ദിഷ്ട സ്ഥാനങ്ങളില്‍ എത്തിച്ചേരുവാനും, ദൂരവും സ്ഥാനവും നിര്‍ണ്നയിക്കുവാനും വേണ്ടി ഓരോതരം വഴികള്‍ക്കും ചില അടയാളങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. കുന്നും, കുണ്ടും, വയലും, പറമ്പും, പാറയും, മണലും, മണ്ണും, മരവും, ചരിവും, മറിവും എന്നിങ്ങിനെ എത്രയെത്ര അടയാളങ്ങള്‍?! വമ്പിച്ച മരുഭൂമികളിലോ സമുദ്രത്തിലോ യാത്രചെയ്യുന്നവര്‍ക്കു അടയാളങ്ങളുടെ അഭാവം നിമിത്തമോ, രാത്രിയുടെ ഇരുട്ടുമൂലമോ ദിക്കുകളറിയാതെ വരുമ്പോള്‍, നക്ഷത്രങ്ങളുടെ സ്ഥാനവും ഗതിയും നോക്കി സ്ഥാനവും സമയവും കണക്കാക്കുവാന്‍ സാധിക്കുന്നു. ഇതൊക്കെ സ്വയമങ്ങു രൂപം പൂണ്ടതല്ല. മനുഷ്യരോ മറ്റുവല്ലവരോ രൂപം നല്‍കിയതുമല്ല. എല്ലാം അല്ലാഹുവിന്റെ മാത്രം പ്രവൃത്തി. അവന്റെ മാത്രം സൃഷ്ടി. അവന്റെ മാത്രം വ്യവസ്ഥ. എല്ലാവര്‍ക്കും സുപരിചിതമായ ഈ നിത്യസത്യങ്ങളെ ഓര്‍മ്മിപ്പിച്ചുകൊണ്ടു അല്ലാഹു ചോദിക്കുകയാണ്:-

16:17
  • أَفَمَن يَخْلُقُ كَمَن لَّا يَخْلُقُ ۗ أَفَلَا تَذَكَّرُونَ ﴾١٧﴿
  • അപ്പോള്‍, സൃഷ്ടിക്കുന്ന (ഒരു)വന്‍ സൃഷ്ടിക്കാത്തവരെപ്പോലെയാകുന്നുവോ?! അപ്പോള്‍, (ബഹുദൈവാരാധകരേ,) നിങ്ങള്‍ ഉറ്റാലോചിക്കുന്നില്ലേ?!
  • أَفَمَن അപ്പോള്‍ യാതൊരുവനോ يَخْلُقُ അവന്‍ സൃഷ്ടിക്കുന്നു كَمَن യാതൊരുവനെ (യാതൊരുത്തരെ)പ്പോലെ لَّا يَخْلُقُ അവന്‍ സൃഷ്ടിക്കില്ല أَفَلَا تَذَكَّرُونَ അപ്പോള്‍ (എന്നിരിക്കെ) നിങ്ങള്‍ ഉറ്റാലോചിക്കുന്നില്ലേ

മുകളില്‍ വിവരിച്ചതുപോലെയുള്ള വസ്തുക്കളെയൊക്കെ സൃഷ്ടിച്ചു രൂപപ്പെടുത്തിയ അല്ലാഹുവും, ഒരു അണുപോലും സൃഷ്ടിച്ചുണ്ടാക്കുവാന്‍ കഴിയാത്തവരും എങ്ങിനെ സമമാകും?! ഒരിക്കലും സമമാവുകയില്ലല്ലോ. എന്നിരിക്കെ, വിഗ്രഹങ്ങള്‍, ദേവീദേവന്മാര്‍, മഹാത്മാക്കള്‍ എന്നുവേണ്ട അല്ലാഹു അല്ലാത്ത ഏതൊരുവസ്തുവെയും അവന്റെ പങ്കുകാരനോ, സമാനനോ ആക്കിവെച്ച് ആരാധിക്കുന്നതു തികച്ചും വിഡ്ഢിത്തമല്ലേ?! നിങ്ങള്‍ ഒട്ടും ആലോചിച്ചു നോക്കുന്നില്ലേ?! എന്നു താല്‍പര്യം. എന്നാല്‍, മേലുദ്ധരിച്ച അനുഗ്രഹങ്ങള്‍ മാത്രമാണോ അല്ലാഹു മനുഷ്യരായ നിങ്ങള്‍ക്കു ചെയ്തുതന്നിരിക്കുന്നത്?! അല്ല:-

16:18
  • وَإِن تَعُدُّوا۟ نِعْمَةَ ٱللَّهِ لَا تُحْصُوهَآ ۗ إِنَّ ٱللَّهَ لَغَفُورٌ رَّحِيمٌ ﴾١٨﴿
  • അല്ലാഹുവിന്റെ അനുഗ്രഹത്തെ നിങ്ങള്‍ എണ്ണുന്നപക്ഷം നിങ്ങള്‍ അതു കണക്കാക്കുന്നതല്ല. [നിങ്ങള്‍ക്കതിനു സാധ്യമല്ല]. നിശ്ചയമായും അല്ലാഹു, വളരെ പൊറുക്കുന്നവനും, കരുണാനിധിയും തന്നെ.
  • وَإِن تَعُدُّوا നിങ്ങള്‍ എണ്ണുന്നപക്ഷം نِعْمَةَ اللَّـهِ അല്ലാഹുവിന്റെ അനുഗ്രഹത്തെ لَا تُحْصُوهَا നിങ്ങളതിനെ കണക്കാക്കുക (തിട്ടപ്പെടുത്തുക) യില്ല إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു لَغَفُورٌ വളരെ പൊറുക്കുന്നവന്‍ തന്നെയാണ് رَّحِيمٌ കരുണാനിധിയാണ്

എണ്ണിയാലൊടുങ്ങാത്ത ആ അനുഗ്രഹങ്ങള്‍ക്കു നന്ദികാണിക്കാതെ, നിങ്ങള്‍ ശിര്‍ക്കിലും തോന്നിയവാസത്തിലും മുഴുകിയിരുന്നിട്ടും തല്‍ക്ഷണം നിങ്ങളുടെമേല്‍ ശിക്ഷാനടപടിയെടുക്കാതിരിക്കുന്നതും, നിങ്ങളുടെ പശ്ചാത്താപം സ്വീകരിക്കുന്നതുമൊക്കെ അവന്‍ പൊറുക്കുന്നവനും കരുണാനിധിയും ആയതുകൊണ്ടാണെന്നു സാരം. സൂ: ഇബ്രാഹീം 34-ാം വചനത്തിന്റെ വ്യാഖ്യാനത്തില്‍ വിവരിച്ച കാര്യങ്ങള്‍ ഇവിടെയും സ്മരിക്കുക.

16:19
  • وَٱللَّهُ يَعْلَمُ مَا تُسِرُّونَ وَمَا تُعْلِنُونَ ﴾١٩﴿
  • അല്ലാഹു, നിങ്ങള്‍ രഹസ്യമാക്കുന്നതിനെയും, നിങ്ങള്‍ പരസ്യമാക്കുന്നതിനെയും അറിയുന്നു.
  • وَاللَّـهُ അല്ലാഹു, അല്ലാഹുവാകട്ടെ يَعْلَمُ അറിയുന്നു, അവന്‍ അറിയും مَا تُسِرُّونَ നിങ്ങള്‍ രഹസ്യമാക്കുന്നതു وَمَا تُعْلِنُونَ നിങ്ങള്‍ പരസ്യമാക്കുന്നതും.
16:20
  • وَٱلَّذِينَ يَدْعُونَ مِن دُونِ ٱللَّهِ لَا يَخْلُقُونَ شَيْـًٔا وَهُمْ يُخْلَقُونَ ﴾٢٠﴿
  • അല്ലാഹുവിനു പുറമെ, അവര്‍ വിളിച്ചു (പ്രാര്‍ത്ഥിച്ചു) കൊണ്ടിരിക്കുന്നവര്‍ യാതൊന്നും (തന്നെ) സൃഷ്ടിക്കുന്നില്ല; അവരാകട്ടെ, സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നു.
  • وَالَّذِينَ യാതൊരുകൂട്ടര്‍ يَدْعُونَ അവര്‍ വിളിക്കുന്നു, പ്രാര്‍ത്ഥിക്കുന്നു مِن دُونِ اللَّـهِ അല്ലാഹുവിനു പുറമെ لَا يَخْلُقُونَ അവര്‍ സൃഷ്ടിക്കുന്നില്ല, സൃഷ്ടിക്കുകയില്ല شَيْئًا യാതൊന്നിനെയും وَهُمْ അവരാകട്ടെ, അവരോ يُخْلَقُونَ അവര്‍ സൃഷ്ടിക്കപ്പെടുന്നു.
16:21
  • أَمْوَٰتٌ غَيْرُ أَحْيَآءٍ ۖ وَمَا يَشْعُرُونَ أَيَّانَ يُبْعَثُونَ ﴾٢١﴿
  • (അവര്‍) നിര്‍ജ്ജീവങ്ങളാകുന്നു; ജീവനില്ലാത്തവരാകുന്നു. ഇവര്‍ ഏതു സമയത്തു എഴുന്നേല്‍പിക്കപ്പെടുമെന്നു് അവര്‍ അറിയുകയുമില്ല.
  • أَمْوَاتٌ നിര്‍ജ്ജീവങ്ങളാണ്, മരണപ്പെട്ടവരാണ് غَيْرُ أَحْيَاءٍ ജീവിക്കാത്തവരാകുന്നു, ജീവനില്ലാത്തവരാണ് ജീവിക്കുന്നവരല്ലാത്ത وَمَا يَشْعُرُونَ അവര്‍(ക്കു) അറിയുകയില്ല, ബോധമില്ല أَيَّانَ ഏതു സമയത്തു എന്നു يُبْعَثُونَ അവര്‍ (ഇവര്‍) എഴുന്നേല്‍പിക്കപ്പെടും

ബഹുദൈവാരാധനയുടെ നിരര്‍ത്ഥതയും, പരദൈവങ്ങള്‍ക്കു അതിനുള്ള അനര്‍ഹതയുമാണു ഈ വചനങ്ങളില്‍ ചൂണ്ടിക്കാട്ടുന്നത്. ഖുര്‍ആന്‍ ഒന്നാമതായി അഭിസംബോധനചെയ്യുന്നതു അറബികളെയാണല്ലോ. അവര്‍ ആരാധിച്ചു വരുന്നതാകട്ടെ, വിഗ്രഹങ്ങള്‍ മുതലായ പരദൈവങ്ങളെയുമാണ്. അവ യാതൊന്നിനെയും സൃഷ്ടിച്ചുണ്ടാക്കുന്നില്ല. അവതന്നെയും സൃഷ്ടിക്കപ്പെട്ടവയാണ്,അവ നിര്‍ജ്ജീവങ്ങളാണ്, മേലില്‍ ജീവിക്കുവാനും പോകുന്നില്ല, അവരുടെ ആരാധകന്‍മാരെ ഏതാവസരത്തിലാണ് ഖബറുകളില്‍നിന്നു എഴുന്നേല്‍പിക്കപ്പെടുകയെന്ന വിവരവും അവര്‍ക്കില്ല. എന്നിരിക്കെ, ഇത്രയും നിന്ദ്യവും നിസ്സാരവുമായ ഈ വസ്തുക്കളെ വിളിച്ചു പ്രാര്‍ത്ഥിക്കുന്നതു അങ്ങേഅറ്റം അര്‍ത്ഥശൂന്യവും പടു വങ്കത്വവുമാണല്ലോ എന്നു താല്‍പര്യം.

أَمْوَاتٌ (അംവാത്തുന്‍) എന്നതു ميت (മയ്യിത്ത്)ന്റെ ബഹുവചനവും, أَحْيَاء (അഹ്-യാഉ്) എന്നതു حي (ഹയ്യ്‌)ന്റെ ബഹുവചനവുമാകുന്നു. ‘മരണപ്പെട്ടവന്‍, മരണപ്പെടുന്നവന്‍, ജീവനില്ലാത്തതു, നിര്‍ജ്ജീവം’ എന്നീ അര്‍ത്ഥങ്ങളിലെല്ലാം ഉപയോഗിക്കപ്പെടുന്ന വാക്കത്രെ ميت ഈ അര്‍ത്ഥങ്ങളിലെല്ലാം തന്നെ അതിന്റെ വിപരീത പദമായി വരുന്നതാണ് حي എന്ന വാക്കും. ഈ അര്‍ത്ഥങ്ങളിലെല്ലാം ഖുര്‍ആനില്‍ അവ രണ്ടും ഉപയോഗിക്കപ്പെട്ടുകാണാം. അപ്പോള്‍, അല്ലാഹു അല്ലാത്ത എല്ലാ ആരാധ്യവസ്തുക്കളും തന്നെ – ഒരര്‍ത്ഥത്തിലല്ലെങ്കില്‍ മറ്റൊരര്‍ത്ഥത്തില്‍ – أَمْوَاتٌ غَيْرُ أَحْيَاءٍ എന്നു വിശേഷിപ്പിക്കപ്പെടാവതായിത്തീരുന്നു. സൃഷ്ടിക്കുന്നവരല്ല സൃഷ്ടിക്കപ്പെടുന്നവരാണ് – എന്നും മറ്റുമുള്ള വിഷയങ്ങളിലാകട്ടെ, വിഗ്രഹങ്ങളും വിഗ്രഹങ്ങളല്ലാത്തവയും സമമാണുതാനും.