സൂറത്തുല്‍ അമ്പിയാഉ് : 30-50
വിഭാഗം – 3
———-
വിഭാഗം - 3
- أَوَلَمْ يَرَ ٱلَّذِينَ كَفَرُوٓا۟ أَنَّ ٱلسَّمَٰوَٰتِ وَٱلْأَرْضَ كَانَتَا رَتْقًا فَفَتَقْنَٰهُمَا ۖ وَجَعَلْنَا مِنَ ٱلْمَآءِ كُلَّ شَىْءٍ حَىٍّ ۖ أَفَلَا يُؤْمِنُونَ ﴾٣٠﴿
- അവിശ്വസിച്ചവര്‍ കണ്ടില്ലേ: ആകാശങ്ങളും, ഭൂമിയും അടഞ്ഞുനില്ക്കുന്നതായിരുന്നു; എന്നിട്ടു അവ രണ്ടും നാം പിളര്‍ത്തിയിരിക്കുകയാണ് എന്ന്!? എല്ലാ ജീവവസ്തുക്കളേയും നാം വെള്ളത്തില്‍നിന്ന് ഉണ്ടാക്കുകയും ചെയ്തു. എന്നിട്ടും അവര്‍ വിശ്വസിക്കുന്നില്ലയോ?!
- أَوَلَمْ يَرَ കണ്ടില്ലേ الَّذِينَ كَفَرُوا അവിശ്വസിച്ചവര്‍ أَنَّ السَّمَاوَاتِ ആകാശങ്ങളാണെന്നു وَالْأَرْضَ ഭൂമിയും كَانَتَا അതു രണ്ടുമായിരുന്നു رَتْقًا അടഞ്ഞു നില്ക്കുന്നതു, ചേര്‍ന്നു നില്ക്കുന്നതു, തിങ്ങിച്ചേര്ന്നതു (എന്നു) فَفَتَقْنَاهُمَا എന്നിട്ടു അതു രണ്ടും നാം പിളര്‍ത്തി وَجَعَلْنَا നാം ആക്കുകയും, (ഉണ്ടാക്കുകയും) ചെയ്തു مِنَ الْمَاءِ വെള്ളത്തില്‍ നിന്നു, വെള്ളത്താല്‍ كُلَّ شَيْءٍ എല്ലാ വസ്തുവേയും حَيٍّ ജീവനുള്ള أَفَلَا يُؤْمِنُونَ എന്നിട്ടു അവര്‍ വിശ്വസിക്കുന്നില്ലേ
- وَجَعَلْنَا فِى ٱلْأَرْضِ رَوَٰسِىَ أَن تَمِيدَ بِهِمْ وَجَعَلْنَا فِيهَا فِجَاجًا سُبُلًا لَّعَلَّهُمْ يَهْتَدُونَ ﴾٣١﴿
- അവരെയുംകൊണ്ട് ഭൂമിചരിഞ്ഞ് പോയേക്കുന്നതിന്ന്‍, ഭൂമിയില്‍ നാം ഉറച്ച പര്‍വ്വതങ്ങള്‍ ഉണ്ടാക്കി വെച്ചിരിക്കുന്നു. അവര്‍ നേര്‍മ്മാര്‍ഗ്ഗം പ്രാപിക്കുവാനായി നാം അതില്‍ വിശാലമായ നിലയില്‍ (പലതരം) വഴികള്‍ ഏര്‍പ്പെടുത്തുകയും ചെയ്തിരിക്കുന്നു.
- وَجَعَلْنَا നാം ഉണ്ടാക്കുകയും ചെയ്തു فِي الْأَرْضِ ഭൂമിയില്‍ رَوَاسِيَ ഉറച്ചുനില്‍ക്കുന്ന മലകളെ, ആണികളെ, കീലങ്ങളെ أَن تَمِيدَ അതു ചരിഞ്ഞുപോകുന്നതിനു (ചരിയാതിരിക്കുവാനായി) بِهِمْ അവരെയും കൊണ്ട് وَجَعَلْنَا നാം ഉണ്ടാക്കുക (ഏര്‍പ്പെടുത്തുക)യും ചെയ്തു فِيهَا അതില്‍ فِجَاجًا വിശാലമായ നിലയില്‍ سُبُلًا വഴികളെ لَّعَلَّهُمْ يَهْتَدُونَ അവര്‍ നേര്‍മ്മാര്‍ഗ്ഗം പ്രാപിക്കുവാനായി (അവര്‍ക്കു വഴിഅറിയുവാനായി)
- وَجَعَلْنَا ٱلسَّمَآءَ سَقْفًا مَّحْفُوظًا ۖ وَهُمْ عَنْ ءَايَٰتِهَا مُعْرِضُونَ ﴾٣٢﴿
- ആകാശത്തെ നാം, സൂക്ഷിച്ചുനിറുത്തപ്പെട്ട ഒരു മേല്പുരയും ആക്കിയിരിക്കുന്നു. അവരാകാട്ടെ, അതിലെ ദൃഷ്ടാന്തങ്ങളെക്കുറിച്ച് തിരിഞ്ഞുകളയുന്നവരാകുന്നു.
- وَجَعَلْنَا السَّمَاءَ ആകാശത്തെ നാം ആക്കി سَقْفًا ഒരു മേല്പുര مَّحْفُوظًا സൂക്ഷിച്ചു നിറുത്തപ്പെട്ട وَهُمْ അവര്‍, അവരാകട്ടെ عَنْ آيَاتِهَا അതിലെ ദൃഷ്ടാന്തങ്ങളെക്കുറിച്ച് مُعْرِضُونَ തിരിഞ്ഞുകളയുന്നവരാണ്, അശ്രദ്ധരാണ്
- وَهُوَ ٱلَّذِى خَلَقَ ٱلَّيْلَ وَٱلنَّهَارَ وَٱلشَّمْسَ وَٱلْقَمَرَ ۖ كُلٌّ فِى فَلَكٍ يَسْبَحُونَ ﴾٣٣﴿
- രാവ്, പകല്‍, സൂര്യന്, ചന്ദ്രന് എന്നിവയെ പടച്ചുണ്ടാക്കിയവനത്രെ അവന് (അല്ലാഹു). ഓരോന്നും, ഓരോ ഭ്രമണപഥത്തില്‍ നീന്തി (സഞ്ചരിച്ചു) കൊണ്ടിരിക്കുകയാണ്.
- وَهُوَ അവന് الَّذِي خَلَقَ സൃഷ്ടിച്ചിട്ടുള്ളവനത്രെ اللَّيْلَ രാത്രി وَالنَّهَارَ പകലും وَالشَّمْسَ സൂര്യനും وَالْقَمَرَ ചന്ദ്രനും كُلٌّ എല്ലാം തന്നെ فِي فَلَكٍ ഓരോ ഭ്രമണപഥത്തില്‍ يَسْبَحُونَ നീന്തുന്നു, സഞ്ചരിക്കുന്നു
സൃഷ്ടികര്ത്തൃത്വത്തിലും, രക്ഷാകര്ത്തൃത്വത്തിലുമുള്ള ഏകത്വം, (التوحيد في الخالقية والربوبية) ആരാധ്യതയിലെ ഏകത്വ (التوحيد في الألوهية)ത്തിന് തെളിവായി ഉദ്ധരിക്കുക ഖുര്‍ആന്റെ ഒരു സാധാരണ പതിവാകുന്നു. അതാണ് നാം ഇവിടെയും കാണുന്നത്. യുക്തി, അനുഭവം, വേദ പ്രമാണം എന്നിവയെ അടിസ്ഥാനമാക്കിക്കൊണ്ടുള്ള വിവരണങ്ങള്‍ക്കുശേഷം, സദാ മനുഷ്യന് കണ്ടറിഞ്ഞുകൊണ്ടിരിക്കുന്ന നിത്യ സത്യങ്ങളായ ആറേഴു പ്രകൃതി ദൃഷ്ടാന്തങ്ങളെ അല്ലാഹു ഇവിടെ നിരത്തിക്കാട്ടുന്നു. ഇവയെങ്കിലും, ഈ സത്യനിഷേധികള്‍ക്ക് ചിന്തിച്ചറിഞ്ഞു കൂടേ – അവര്‍ ഇതൊന്നും കാണുന്നില്ലേ – എന്നാണ് അല്ലാഹു ചോദിക്കുന്നത്.
أَنَّ السَّمَاوَاتِ وَالْأَرْضَ كَانَتَا رَتْقًا فَفَتَقْنَا هُمَا (ആകാശങ്ങളും ഭൂമിയും അടഞ്ഞു നില്‍ക്കുന്നതായിരുന്നു. എന്നിട്ട് അവയെ നാം പിളര്‍ത്തി.) ഇതാണ് ഒന്നാമത്തെ ദൃഷ്ടാന്തമായി കാട്ടുന്നത്. رَتْقٌ (‘റത്ഖുന്’) എന്നാല്‍, ‘അടഞ്ഞത്, തിങ്ങിയത്, ഒട്ടിച്ചേര്‍ന്നത്, ഇടതൂര്‍ന്നത്’ എന്നിങ്ങനെയും, فَتَقْ (‘ഫതഖ്’) എന്നാല്‍, ‘പിളര്‍ന്നത്, അടര്‍ന്നത്, തുറന്നത്’ എന്നിങ്ങനെയും അര്‍ത്ഥം വരുന്നതാകുന്നു. ഈ അര്‍ത്ഥങ്ങളുടെ വെളിച്ചത്തില്‍ ഒന്നിലധികം വ്യാഖ്യാനങ്ങളും ഈ വാക്യത്തിന് നല്കപ്പെട്ടുകാണാം. ‘അവിശ്വസിച്ചവര്‍ കണ്ടില്ലേ’ എന്നാരംഭിച്ചുകൊണ്ട്, ഖുര്‍ആന്‍ അവതരിച്ചുകൊണ്ടിരിക്കുന്ന കാലത്തെ അവിശ്വാസികളെ പ്രത്യേകമായും, അല്ലാത്തവരെ പൊതുവായും ചിന്തിക്കുവാന്‍ ആഹ്വാനം ചെയ്യുന്ന ചില ദൃഷ്ടാന്തങ്ങളാണ് ഈ വചനങ്ങളില്‍ ഉള്‍ക്കൊള്ളുന്നത്. അപ്പോള്‍ ആ ദൃഷ്ടാന്തങ്ങള്‍ അക്കാലത്തുള്ളവര്‍ക്കും ഗ്രാഹ്യമാകുന്ന തരത്തിലുള്ളതായിരിക്കണമല്ലോ. ഈ നിലവെച്ചു നോക്കുമ്പോഴും, ഭൂരിപക്ഷം ഖുര്‍ആന്‍ വ്യാഖ്യാതാക്കളുടെ അഭിപ്രായം നോക്കുമ്പോഴും, രണ്ടാമതായി ഉദ്ധരിച്ച ദൃഷ്ടാന്തവും (ജീവവസ്തുക്കളെ വെള്ളത്തില്നിന്നുണ്ടാക്കി എന്നതും) ഇതും തമ്മിലുള്ള സ്വാഭാവിക ബന്ധം പരിഗണിക്കുമ്പോഴും ഇവിടെ കൂടുതല്‍ അനുയോജ്യമായിക്കാണുന്നതു, ഇബ്നു അബ്ബാസു (رحمه الله), ഹസന് ബസരീ (رحمه الله) എന്നിവരുടെ വ്യാഖ്യാനമാകുന്നു. അതായത്:-
ആകാശങ്ങള്‍ മഴ വര്ഷിക്കാതെയും, ഭൂമി ഉല്പാദനം നല്‍കാതെയും അടഞ്ഞു കിടക്കുകയായിരുന്നു. പിന്നീടു അല്ലാഹു ആകാശത്തുനിന്നു മഴ വര്‍ഷിപ്പിക്കുക വഴി അതിനെയും, ഭൂമിയില്‍ സസ്യലതാദികള്‍ മുളപ്പിക്കുകവഴി അതിനെയും പിളര്‍ത്തി – അഥവാ തുറന്നു. ഈ വസ്തുത ഭൂമി ഉല്പാദനയോഗ്യമല്ലാതിരുന്ന ഒരു കാലത്തെയും, അതിനുശേഷമുള്ള കാലത്തെയുമാണ് കുറിക്കുന്നത്. ഭൂ പ്രകൃതി ശാസ്ത്രവും ഇതിനോടു യോജിക്കുന്നു. കൂടാതെ ഓരോ കൊല്ലവും ഉണ്ടാകുന്ന വേനല്‍ക്കാലത്തെയും വര്‍ഷകാലത്തെയും ഉദ്ദേശിച്ചു നോക്കുന്നതായാലും ഈ വ്യാഖ്യാനം ശരിയാകും. മഴ വര്ഷിക്കാതെ, ഭൂമി വരണ്ടും ഉണങ്ങിയും അടഞ്ഞും ഇറുകിക്കിടക്കുമ്പോള്, അല്ലാഹുവിന്റെ അനുഗ്രഹമാകുന്ന അദൃശ്യഹസ്തം ആകാശത്തുനിന്നു മഴ ഇറക്കി അതിനെ പിളര്‍ന്നു തുറക്കുന്നതും അതു പച്ചപിടിക്കുന്നതും നമ്മുടെ നിത്യാനുഭവമാണല്ലോ.
ഇപ്പോള്‍ ‘വെള്ളത്തില്‍നിന്നു എല്ലാ ജീവവസ്തുക്കളെയും നാം ഉണ്ടാക്കി’ (وَجَعَلْنَا مِنَ الْمَاءِ كُلَّ شَيْءٍ حَيٍّ) എന്നു പറഞ്ഞ രണ്ടാമത്തെ ദൃഷ്ടാന്തം വളരെ വ്യക്തമാണ്. ഒരുവിധത്തിലല്ലെങ്കില്‍ മറ്റൊരുവിധത്തില്‍, ജന്തുവര്‍ഗ്ഗങ്ങളും സസ്യവര്‍ഗ്ഗങ്ങളും, ഉല്‍ഭവിക്കുന്നത് വെള്ളത്തില്‍ നിന്നാണെന്നു കാണാം. അഥവാ വളര്‍ച്ചയുള്ള എല്ലാ വസ്തുവിനും ജലം അനിവാര്യമത്രെ. ഈ രണ്ടു കാര്യങ്ങളുടെയും – ആകാശത്തുനിന്നു ജലം ഇറക്കി ഭൂമിയെ ഉല്പാദനയോഗ്യമാക്കിത്തീര്ക്കുന്നതിന്റെയും, ജലത്തില്‍നിന്നു ജീവനുള്ള വസ്തുക്കളെ ഉല്പാദിപ്പിക്കുന്നതിന്റെയും – കര്‍ത്താവു അല്ലാഹുവല്ലാതെ മറ്റാരുമല്ലെന്നു അവിശ്വാസികളും സമ്മതിക്കുന്ന പരമാര്‍ത്ഥമാകുന്നു. എന്നിട്ടും അവര്‍ തൌഹീദില്‍ വിശ്വസിക്കാത്തതിനെപ്പറ്റിയുള്ള ആക്ഷേപമാണ് أَفَلَا يُؤْمِنُونَ (എന്നിട്ടും അവര്‍ വിശ്വസിക്കുന്നില്ലേ) എന്ന വാക്യം കാണിക്കുന്നത്.
ആകാശത്തിന്റെ അടഞ്ഞുകിടക്കലിനെയും, ഭൂമിയുടെ പിളര്പ്പിനെയുംകുറിച്ചുള്ള രണ്ടാമത്തെ വ്യാഖ്യാനം ഇപ്രകാരമാകുന്നു: ഭൂമിയും ആകാശവും ഒരു കാലത്ത് തമ്മില്‍ ഒട്ടിച്ചേര്ന്നുനില്ക്കുന്ന ഒരേ വസ്തുവായിരുന്നു. പിന്നീട് അവ തമ്മില്‍ പിളര്‍ത്തി ഭൂമിയെ അതില്‍നിന്നും വേര്‍പ്പെടുത്തിയിരിക്കുകയാണ്. ഇന്നു പൊതുവില്‍ അംഗീകരിക്കപ്പെട്ടിട്ടുള്ള ഒരു ശാസ്ത്രീയാഭിപ്രായത്തിന്റെ ആനുകൂല്യം ഈ വ്യാഖ്യാനത്തിനുണ്ട്. അഥവാ പ്രസ്തുത ശാസ്ത്രീയവാദത്തില്നിന്നാണ് ഈ വ്യാഖ്യാനത്തിനു താഴെക്കാണുന്ന വിശദീകരണം നല്കപ്പെടുന്നത്:-
ക്രിസ്താബ്ദം 17-ാം നൂറ്റാണ്ടുവരെ പൊതുവില്‍ അംഗീകരിക്കപ്പെട്ട ശാസ്ത്രീയാഭിപ്രായവും, പൊതുജന വിശ്വാസവും, ഭൂമി ഒരിടത്തു നിശ്ചലമായി നില്‍ക്കുകയാണെന്നും, സൂര്യന് അതിനെ ചുറ്റിക്കൊണ്ടിരിക്കുകയാണെന്നുമായിരുന്നു. ഈ അടിസ്ഥാനത്തിലാണ് അതുവരെയുള്ള ശാസ്ത്രീയസിദ്ധാന്തങ്ങള്‍ മിക്കവാറും കെട്ടിപ്പടുക്കപ്പെട്ടിരുന്നതും, ക്രി. 17-ാം നൂറ്റാണ്ടു മുതല്‍ ഈ അടിസ്ഥാന തത്വത്തിന് ഇളക്കം പറ്റുകയും, അടുത്ത കാലങ്ങളില്‍ അതു ശരിയല്ലെന്നും, വാസ്തവം മറിച്ചാണെന്നും സ്ഥാപിക്കപ്പെടുകയും ചെയ്തിരിക്കുന്നു. അന്ന് അറിയപ്പെട്ടിരുന്ന ഏഴു ഉപഗ്രഹങ്ങള്‍ – അതായത്: സൂര്യന്, ചന്ദ്രന്, വ്യാഴം, ശനി, ചൊവ്വ, ബുധന്‍, ശുക്രന് എന്നീ സപ്തഗ്രഹങ്ങള്‍ – (*) ഭൂമിക്ക് ചുറ്റും സഞ്ചരിച്ചുകൊണ്ടിരിക്കുകയാണെന്നായിരുന്നു വിശ്വസിക്കപ്പെട്ടിരുന്നത്. അടിസ്ഥാനം മാറിയതോടുകൂടി സൂര്യന്റെ സ്ഥാനം ഇന്നു ഭൂമിയും, ഭൂമിയുടെ സ്ഥാനം സൂര്യനും കൈക്കലാക്കിയിരിക്കുന്നു. എന്നാല്‍, ചന്ദ്രന് അന്നും, ഇന്നും ഭൂമിയുടെ ഉപഗ്രഹമായിത്തന്നെ അവശേഷിക്കുന്നു. പക്ഷെ, സപ്തഗ്രഹങ്ങളില്‍ ചന്ദ്രന്റെ പേര് നഷ്ടപ്പെട്ടുപോകുകയും, പുതുതായി സൂര്യന്റെ ഉപഗ്രഹങ്ങളില്‍ മൂന്നു ഉപഗ്രഹങ്ങള്‍ (യുറാനസ്, നെപ്ട്യൂന്‍, പ്ലൂട്ടോ) കൂടി കണ്ടുപിടിക്കപ്പെടുകയും ചെയ്തിരിക്കുന്നു. അങ്ങിനെ, സൂര്യനും, അതിന്റെ ഉപഗ്രഹങ്ങളായ ഈ നവഗ്രഹങ്ങളും കൂടിയാണ് ഇന്നു ‘സൗരയൂഥം’ (المجموعة الشمسية) എന്നപേരില്‍ അറിയപ്പെടുന്നത്. സൂര്യനാകട്ടെ മറ്റു നക്ഷത്രങ്ങളെപ്പോലുള്ള ഒരു നക്ഷത്രവുമാകുന്നു.
(*). ഇവയ്ക്കു അറബിയില്‍ السبع السيارة എന്നു പറയപ്പെടുന്നു. ക്രമപ്രകാരം അറബിയിലുള്ള പേരുകള്‍ ഇപ്രകാരമാണ്:
الشمس ، (2) القمر ، (3) المشتري ، (4) الزحل ، (5) المريخ ، (6) العطارد ، (7) الزهرة (1)
ഭൂമി ഉള്‍പ്പെടെയുള്ള ഈ നവഗ്രഹങ്ങള്‍ ഒരു കാലത്ത് സൂര്യന്റെ അംശങ്ങളായിരുന്നു, കണക്കറ്റ വേഗതയോടുകൂടി, കോടിക്കണക്കില്‍ വര്‍ഷങ്ങളായി സ്വയം അച്ചുതണ്ടിന്മേല് ചുറ്റിത്തിരിഞ്ഞുകൊണ്ടിരിക്കുന്ന വമ്പിച്ച ഒരു അഗ്നിഗോളമാണ് സൂര്യന്. അതിന്റെ ഗതിവേഗത നിമിത്തം അതില്‍നിന്നു ഓരോകാലത്തായി പൊട്ടിത്തെറിച്ചുപോയ തീയുണ്ടകളാണ് മേല്പറഞ്ഞ ഗ്രഹങ്ങള്‍, ഓരോന്നും പരസ്പരം വ്യത്യസ്തമായ അകലത്തിലും വലിപ്പത്തിലും സ്ഥിതി ചെയ്യുന്നു, ചലനവേഗതയിലും സഞ്ചാരഗതിയിലും ഓരോന്നും ഓരോ വിധത്തിലാണുള്ളത്, ഓരോന്നിനും പ്രത്യേക സഞ്ചാരമാര്ഗ്ഗങ്ങളുണ്ട്, എന്നൊക്കെയാണ് ശാസ്ത്രത്തിന്റെ അഭിമതം. നിരീക്ഷണ സൗകര്യങ്ങള്‍ നോക്കുമ്പോള്‍ മുന്‍കാലത്തെ അപേക്ഷിച്ച് ഇന്നത്തെ ശാസ്ത്രീയ സിദ്ധാന്തങ്ങളാണ് കൂടുതല്‍ വിശ്വാസയോഗ്യമായിരിക്കുക എന്നു സ്പഷ്ടമാകുന്നു. പക്ഷെ, ശാസ്ത്രീയസിദ്ധാന്തങ്ങള്‍ സുസ്ഥിരമാണെന്നു ഉറപ്പിച്ചിരിക്കുവാന് നിവൃത്തിയില്ല. കൂടുതല്‍ തെളിവുകളുടെ വെളിച്ചത്തില്‍ ഈ അഭിപ്രായത്തില്‍ മാറ്റമോ തിരുത്തലോ സംഭവിച്ചുകൂടാ എന്നില്ല. (**).
(**) നക്ഷത്രഗോളങ്ങള്‍ തമ്മില്‍ യാദൃശ്ചികമായി കൂട്ടിമുട്ടി അവയില്‍നിന്നു പൊട്ടിപ്പോന്ന ഖണ്ഡങ്ങളാണ് ഗ്രഹങ്ങളെന്നുണ്ടായിരുന്ന അഭിപ്രായം ഇപ്പോള്‍തന്നെ തള്ളപ്പെട്ടുതുടങ്ങിയിരിക്കുകയാണ്. ഇങ്ങിനെ, ശാസ്ത്രത്തിന്റെ പല സിദ്ധാന്തങ്ങളും നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ മാറിക്കൊണ്ടിരിക്കുന്നതുകൊണ്ട് ഖുര്‍ആനെ ശാസ്ത്രത്തോടു ഒപ്പിച്ചു വ്യാഖ്യാനിക്കുവാന്‍ നിവൃത്തിയില്ല. ശാസ്ത്രം ഖുര്‍ആന്റെ വ്യക്തമായ അര്‍ത്ഥത്തോട് യോജിച്ചുകണ്ടാല് അതു തീര്‍ച്ചയായും സ്വീകരിക്കാമെന്നുമാത്രം.
മേല്പറഞ്ഞപ്രകാരം സൂര്യനില്‍നിന്നു തെറ്റിത്തെറിച്ചുപോന്ന നമ്മുടെ ഭൂമി, സ്വന്തം അച്ചുതണ്ടില്‍ ദിനംപ്രതി ഒരു പ്രാവശ്യവും, സൂര്യനു ചുറ്റുമായി ഒരു കൊല്ലത്തില്‍ ഒരു പ്രാവശ്യവും ചുറ്റിസഞ്ചരിക്കുന്നു. ഈ ചലനത്തില്നിന്നത്രെ ദിവസങ്ങളും, സൗരവര്ഷങ്ങളും നാം കണക്കുകൂട്ടുന്നത്. സ്വന്തം അച്ചുതണ്ടില്‍ ചുറ്റിത്തിരിയുമ്പോള്‍ സൂര്യന്റെ ഭാഗത്തേക്കു അഭിമുഖമായിരിക്കുന്ന സ്ഥലം – ഇതെപ്പോഴും ഭൂഗോളത്തിന്റെ പകുതിഭാഗമായിരിക്കും – പകലായും, മറുവശം രാത്രിയായും ഇരിക്കും. ഈ രണ്ടു ചലനങ്ങള്ക്കുപുറമെ ഭൂമിയുടെ സ്വന്തം അച്ചുതണ്ട് അല്പം ചരിഞ്ഞുകൊണ്ടാണ് സ്ഥിതിചെയ്യുന്നതെന്ന കാരണത്താല്‍, സൂര്യന്റെ മദ്ധ്യരേഖയില്നിന്നു അതു അല്പം വടക്കോട്ടും, തെക്കോട്ടും ചരിഞ്ഞുകൊണ്ടിരിക്കും. മൂന്നുമാസത്തോളം ഉത്തരഭാഗത്തേക്കു നീങ്ങുകയും, അടുത്ത മൂന്നു മാസത്തില്‍ വീണ്ടും മദ്ധ്യരേഖയിലേക്കു തിരിച്ചുവരികയും ചെയ്യുന്നു. ഈ ആറു മാസകാലത്തിനാണ് ഉത്തരായന (സൂര്യന് മദ്ധ്യരേഖയില്നിന്നു വടക്കായിരിക്കുന്ന) കാലം എന്നു പറയപ്പെടുന്നത്. പിന്നീട് ഇതേമാതിരി ദക്ഷിണഭാഗത്തേക്കും ചരിയുകയും തിരിച്ചുവരികയും ചെയ്യുന്നു. ഈ ആറുമാസകാലമാണ് ദക്ഷിണായന (തെക്കുഭാഗത്തു സ്ഥിതിചെയ്യുന്ന) കാലം.
ഓരോ അയനങ്ങളിലുമുള്ള പോക്കുവരവിനെത്തുടര്ന്ന് നമുക്കു ചൂടും, തണുപ്പും, വെയിലും, മഴയും വ്യത്യാസപ്പെട്ടുകൊണ്ടിരിക്കുന്നതിനു പുറമെ, രാപ്പകലിന്റെ ദൈര്‍ഘ്യത്തില്‍ വ്യത്യാസവും അനുഭവപ്പെടുന്നു. ഈ പോക്കുവരവിനെ അടിസ്ഥാനമാക്കിയാണ് നാലു കാലങ്ങള്‍ (വസന്തകാലം, ഉഷ്ണകാലം, ശരല്‍കാലം, മഞ്ഞുകാലം എന്നിവ കണക്കാക്കപ്പെടുന്നതും. (***). വടക്കെ അയനത്തില്‍ സൂര്യന് നില്ക്കുമ്പോള് ഭൂമദ്ധ്യരേഖയുടെ വടക്കുഭാഗത്തുള്ളവര്‍ക്ക് പകല്‍ അധികരിച്ചും, തെക്കെ അയനത്തില്‍ സൂര്യനുള്ളപ്പോള്‍ നേരെമറിച്ചും സംഭവിക്കുന്നു. മദ്ധ്യരേഖക്കുനേരെ നില്ക്കുമ്പോള് രാവും പകലും എല്ലായിടത്തും സമമായിരിക്കുകയും ചെയ്യുന്നതാണ്.
(***). الرَبِيع، الصَّيفُ، ألخَرِيفُ، الشِّيتَاءُ
മേല്‍പ്രസ്താവിച്ച പ്രകാരം ഒരു കാലത്തു സൂര്യശരീരത്തിന്റെ അംശമായിരുന്നു ഭൂമി. പിന്നീടു അതില്‍ നിന്നു വേറിട്ട് അടര്ന്നുപോന്നതിനെ ഉദ്ദേശിച്ചാണ് ‘ആകാശങ്ങളും ഭൂമിയും അടഞ്ഞു നില്‍ക്കുന്നതായിരുന്നു, എന്നിട്ട് അവ രണ്ടും പിളര്‍ത്തി’ എന്നു പറഞ്ഞതെന്നാണ് ആധുനിക കാലക്കാരായ ചില വ്യാഖ്യാതാക്കളുടെ അഭിപ്രായം. 17-ാം നൂറ്റാണ്ടുവരെ, അല്ലെങ്കില്‍ 18-ാം നൂറ്റാണ്ടുവരെ, മിക്കവാറും അജ്ഞാതമായിരുന്ന ഈ തത്വത്തെ ഉദ്ദേശിച്ചുകൊണ്ട് ‘അവിശ്വസിച്ചവര്‍ കണ്ടില്ലേ’ (أَوَلَمْ يَرَ الَّذِينَ كَفَرُوا) എന്നു ചോദിക്കുന്നതില്‍ വളരെ അര്‍ത്ഥമൊന്നുമില്ലല്ലോ. അപ്പോള്‍, ഈ ചോദ്യം അവര്‍ക്കു സാമാന്യ പരിചയമെങ്കിലുമുള്ള ഒന്നിനെക്കുറിച്ചായിരിക്കണമെന്നാണ് മനസ്സിലാക്കേണ്ടത്. ഇതാലോചിക്കുമ്പോള്‍, ഈ ആയത്തിന്റെ വ്യാഖ്യാനത്തില്‍ മുന്‍ഗാമികള്‍ പറഞ്ഞിട്ടുള്ള അഭിപ്രായങ്ങള്‍ക്കാണ് ഇവിടെ പ്രസക്തി കാണുന്നത്. അല്ലാഹുവിനറിയാം. ഏതായാലും ശാസ്ത്രം കൊണ്ടു സത്യമായിപ്പുലര്‍ന്നു കഴിഞ്ഞ ഏതൊരു സിദ്ധാന്തത്തോടും ഇതേവരെ ഖുര്‍ആന്‍ എതിരായി കാണപ്പെട്ടിട്ടില്ല – കാണപ്പെടുകയുമില്ല.
സൌരയൂഥത്തെപ്പറ്റിയും, ഭൂമിയെപ്പറ്റിയും ഇവിടെ അല്പം വിവരിക്കുവാന്‍ കാരണം: 31, 32, 33 എന്നീ ആയത്തുകളുടെ ഉള്ളടക്കത്തിലേക്കും, ഖുര്‍ആനിലെ മറ്റു പല ആയത്തുകളിലേക്കും അതു വെളിച്ചം നല്‍കുന്നതാക കൊണ്ടാണെന്ന് പ്രത്യേകം പറഞ്ഞുകൊള്ളട്ടെ. ആകാശഭൂമികളിലും, സൂര്യചന്ദ്രനക്ഷത്രാദികളിലും അടങ്ങിയിരിക്കുന്ന പ്രകൃതിരഹസ്യങ്ങളെക്കുറിച്ച് ഉണര്‍ത്തിക്കൊണ്ടിരിക്കുക ഖുര്‍ആന്റെ പതിവാണല്ലോ.
ഭൂഗോളം ആദ്യത്തില്‍ ഒരു വമ്പിച്ച തീയുണ്ടയായിരുന്നുവെന്നും, ഉരുകിയ ദ്രാവകമായിരുന്നുവെന്നും ശാസ്ത്രം സമര്‍ത്ഥിക്കുന്നു. ക്രമേണ അതു തണുത്തുവന്നു. ഉപരിഭാഗം ആദ്യം ചൂടാറുകയും, ചൂടാറുന്നതോടൊപ്പം, ഉപരിതലം ഉറച്ചു കരയായിത്തീരുകയും ജലാംശങ്ങള്‍ സമുദ്രമായിത്തീരുകയും ചെയ്തു. ഉഷ്ണവീര്യം നഷ്ടപ്പെട്ടു ചൂടാറുമ്പോള്‍ ഉപരിതലത്തു അല്പാല്പം ചുക്കിച്ചുളിവുണ്ടാവുക സ്വാഭാവികമാണല്ലോ. ഈ നിമ്നോന്നതയില്‍, ഉയര്ന്നുനില്ക്കുന്ന ഭാഗം പര്‍വ്വതങ്ങളും, കുന്നുകളും, പീഠഭൂമിയുമാകുന്നു. താണുനില്ക്കുന്ന ഭാഗം നദികളും, കടലുകളും, തടാകങ്ങളുമാകുന്നു. എന്നാല്‍ ഭൂമിയുടെ അന്തര്‍ഭാഗം ഇന്നും ചുട്ടുപഴുത്തുകൊണ്ടേ സ്ഥിതിചെയ്യുന്ന ദ്രാവകമാണ്. ഇടക്കിടെ അവിടവിടെ സംഭവിക്കുന്ന ഭൂകമ്പങ്ങളും, അഗ്നിപര്‍വ്വതങ്ങളും ഇതിനു സാക്ഷികളാകുന്നു. അഗ്നിപര്‍വ്വതങ്ങള്‍ ക്ഷോഭിക്കുമ്പോള്‍ അതില്‍നിന്നു പ്രവഹിക്കുന്ന ‘ലാവ’ എന്ന അത്യുഷ്ണദ്രാവകവും, അഗ്നിപര്‍വ്വതങ്ങളില്‍നിന്നു നിത്യം വമിച്ചുകൊണ്ടിരിക്കുന്ന ഉഷ്ണനീരാവികളും ഭൂമിയുടെ അന്തര്ഭാഗദ്രാവകത്തില്നിന്നുള്ളതത്രെ.
25000 നാഴികയോളം ചുറ്റളവും, 8000 നാഴിക മദ്ധ്യവ്യാസവും വരുന്നതാണ് നമ്മുടെ ഈ ചെറിയ ഭൂഗോളം. ഏറ്റവും ഉയര്ന്നുനില്ക്കുന്ന പര്‍വ്വതങ്ങളുടെ ഉയരവും, ഏറ്റവും ആഴമുള്ള സമുദ്രങ്ങളുടെ ആഴവും അതിനോടു താരതമ്യം ചെയ്യുമ്പോള്‍, ഒരു മുഴം വ്യാസംവരുന്ന ഒരു പന്തിന്മേല് ഒരു ഗോതമ്പുമണിയുടെ ഏഴിലൊരംശം മാത്രം വലിപ്പത്തിലുള്ള ഒരു മുഴയോ, കുഴിയോ ഉണ്ടായാലത്തെ മാതിരി മാത്രമേ ഉള്ളൂവെന്നതു ഇവിടെ ശ്രദ്ധേയമാകുന്നു. ഭൂമിയുടെ നാനാഭാഗങ്ങളിലും തൂക്കം ശരിപ്പെടുത്തി, ഒരു പുറത്തേക്കു ചരിഞ്ഞുപോകാതിരിക്കുന്നതിനും, അതിന്റെ ഉപരിതലം ദ്രാവകമയമായ ഉള്‍ഭാഗത്തേക്കു പതിഞ്ഞുപോകാതിരിക്കുന്നതിനും, അന്തര്ഭാഗത്തു തിങ്ങി വിങ്ങിക്കൊണ്ടിരിക്കുന്ന വസ്തുക്കള്‍ പുറത്തോട്ടൊഴുകി ഉപരിതലം താറുമാറാകാതിരിക്കുന്നതിന്നുംവേണ്ടി പര്‍വ്വതങ്ങളും പാറകളും അല്ലാഹു ഉറപ്പിച്ചിരിക്കുന്നു. വായുവെയും വെള്ളത്തെയുംപോലെ, ഇളകിമറിയുന്ന ലഘുപദാര്ത്ഥമായിരുന്നു ഭൂമുഖമെങ്കില്, അതെത്രമാത്രം വിഷമകരമാകുമായിരുന്നു?! കുന്നും കുണ്ടുമായും, കരയും വെള്ളവുമായും, നാടും കാടുമായും – അങ്ങിനെ പലതരത്തിലും – വ്യത്യസ്തവിഭാഗങ്ങളായിട്ടാണ് ഭൂമി സ്ഥിതി ചെയ്യുന്നത്. ഇവയില്‍ ഏതെങ്കിലും ഒരവസ്ഥ മാത്രമായിരുന്നു എല്ലാ ഇടത്തും ഉള്ളതെങ്കില്‍, അതും അങ്ങേഅറ്റം ബുദ്ധിമുട്ടായിരുന്നേനെ!
ഇങ്ങിനെയുള്ള വ്യത്യസ്തമായ ഭൂവിഭാഗങ്ങളില്കൂടി മനുഷ്യനു അവന്റെ യാത്രാമാര്‍ഗ്ഗങ്ങള്‍ അല്ലാഹു സൗകര്യപ്പെടുത്തിക്കൊടുത്തിട്ടുള്ളത് മറ്റൊരു മഹാ അനുഗ്രഹമത്രെ. കരയിലും കടലിലും മാത്രമല്ല, വായുവിലും അവനു സഞ്ചാരമാര്‍ഗ്ഗങ്ങള്‍ തുറന്നുകൊടുത്തിരിക്കുകയാണ്. അതിലും ഉപരിയായി, ഇന്നു ബഹിരാകാശത്തിലും അല്ലാഹു സഞ്ചാര സൗകര്യം ഏര്പ്പെടുത്തികൊടുത്തിരിക്കുന്നു. ഓരോ മാര്‍ഗ്ഗവും ഉപയോഗപ്പെടുത്തുവാനുള്ള അറിവും ഉപകരണങ്ങളും അവന് മനുഷ്യനു നല്കിക്കൊണ്ടിരിക്കുന്നു. അവ ഉപയോഗപ്പെടുത്തി മനുഷ്യനു യഥേഷ്ടം സഞ്ചരിക്കാം. അവന്റെ ഉദ്ദിഷ്ട സ്ഥാനങ്ങളില്‍ എത്തിച്ചേരുകയും ചെയ്യാം.
ആകാശമണ്ഡലത്തിലെ കണക്കറ്റ നക്ഷത്രഗ്രഹങ്ങളിലൊന്നായ സൂര്യന്റെ നന്നേ ചെറിയ ഒരു ഉപഗ്രഹമാണല്ലോ ഈ ഭൂമി. അവയൊന്നും ഭൂമിയുടെ മീതെ വീഴാതെയും, തമ്മില്‍ കൂട്ടിമുട്ടാതെയും അല്ലാഹു കാത്തുവരുന്നു. ഓരോന്നും ഓരോ വ്യവസ്ഥയനുസരിച്ച് നിശ്ചിത സ്ഥാനങ്ങളിലും, നിശ്ചിതതോതിലും നിലകൊള്ളുന്നു. ‘അവന്റെ അനുമതികൂടാതെ ഭൂമിയുടെമേല്‍ ആകാശം വീണുപോകുന്നതില്നിന്നു അവന് തടഞ്ഞു നിറുത്തുന്നു.’ (وَيُمْسِكُ السَّمَاءَ أَن تَقَعَ عَلَى الْأَرْضِ إِلَّا بِإِذْنِهِ : الحج : ٦٥)
അല്പമൊന്നു ചിന്തിച്ചുനോക്കുക: ഒരു വലിയ വീട്! ഭൂമി അതിന്റെ അടിനിലം! ആകാശം അതിന്റെ മേല്പുര! പകലില്‍ വെളിച്ചത്തിനു സൂര്യന്! രാത്രിക്കു ചന്ദ്രന്! അലങ്കാരത്തിനായി മിന്നിത്തിളങ്ങുന്ന അനേകകോടി നക്ഷത്രങ്ങളും! ജീവികളെല്ലാം അതിലെ ഗൃഹവാസികള്‍! സസ്യലതാദികളെല്ലാം അവര്‍ക്കു ഭക്ഷണപദാര്‍ത്ഥങ്ങള്‍! മറ്റുള്ളതെല്ലാം വീട്ടുപകരണങ്ങള്‍! യഥേഷ്ടം ഇരിപ്പാനും, കിടപ്പാനും, തിന്നാനും, കുടിപ്പാനും, വിശ്രമിക്കുവാനും മതിയായ സൗകര്യങ്ങള്‍ പുറമെയും! ഇതെല്ലാം ആരുണ്ടാക്കി? ആര് നിയന്ത്രിക്കുന്നു? ആര് മേല്‍നോട്ടം ചെയ്തു ഭരിക്കുന്നു? അല്ലാഹു! അവനല്ലാതെ മറ്റാരാണ്?! ആര്‍ക്കാണതില്‍ പങ്കുള്ളത്?! അഥവാ, അവയെല്ലാം സ്വയമങ്ങ് അസ്തിത്വം പൂണ്ടതെന്നോ? അല്ല – ഒരിക്കലുമല്ല! യുക്തിചിന്ത അതിനു അനുവദിക്കുകയില്ല; ബുദ്ധി അതിനു സമ്മതിക്കുകയുമില്ല. എല്ലാം അല്ലാഹുവിന്റെ കര്‍ത്തൃത്വം! അവന്റെമാത്രം കൃതി!
പക്ഷെ, മനുഷ്യന് ചിന്തിക്കുന്നില്ല! അവന് ദൃഷ്ടാന്തങ്ങള്‍ നിത്യേന കണ്ടുകൊണ്ടിരിക്കുന്നു. എങ്കിലും വേണ്ടപോലെ ചിന്തിക്കാതെ തിരിഞ്ഞുകളയുകയാണ്! (وَهُمْ عَنْ آيَاتِهَا مُعْرِضُونَ)
- وَمَا جَعَلْنَا لِبَشَرٍ مِّن قَبْلِكَ ٱلْخُلْدَ ۖ أَفَإِي۟ن مِّتَّ فَهُمُ ٱلْخَٰلِدُونَ ﴾٣٤﴿
- (നബിയേ) നിനക്കുമുമ്പ് ഒരു മനുഷ്യന്നും നാം നിത്യജീവിതം നിശ്ചയിക്കുകയുണ്ടായിട്ടില്ല. എന്നിരിക്കെ, നീ മരിച്ചാല്‍ പിന്നെ അവര്‍ ശാശ്വതന്‍മാരായിരിക്കുമോ?!
- وَمَا جَعَلْنَا നാം ആക്കിയിട്ടില്ല, നിശ്ചയിച്ചിട്ടില്ല لِبَشَرٍ ഒരു മനുഷ്യനും مِّن قَبْلِكَ നിനക്കുമുമ്പ് الْخُلْدَ നിത്യജീവിതം, ശാശ്വതജീവിതം أَفَإِن مِّتَّ അപ്പോള്‍ നീ മരിച്ചാല്‍ ആയിരിക്കുമോ فَهُمُ പിന്നെ അവര്‍ الْخَالِدُونَ ശാശ്വതന്മാര്, സ്ഥിരവാസികള്‍
- كُلُّ نَفْسٍ ذَآئِقَةُ ٱلْمَوْتِ ۗ وَنَبْلُوكُم بِٱلشَّرِّ وَٱلْخَيْرِ فِتْنَةً ۖ وَإِلَيْنَا تُرْجَعُونَ ﴾٣٥﴿
- എല്ലാ ദേഹവും മരണം ആസ്വദിക്കുന്നതാണ്. തിന്മ കൊണ്ടും നന്മകൊണ്ടും നിങ്ങളെ നാം ഒരു (ശരിയായ) പരീക്ഷണം പരീക്ഷിക്കുന്നതാണ്. നമ്മുടെ അടുക്കലേക്കു തന്നെ നിങ്ങള്‍ മടക്കപ്പെടുകയും ചെയ്യും.
- كُلُّ نَفْسٍ എല്ലാ ദേഹവും, ആളും, ആത്മാവും ذَائِقَةُ الْمَوْتِ മരണം ആസ്വദിക്കുന്നതാണ്, അനുഭവിക്കുന്നതാണ് وَنَبْلُوكُم നിങ്ങളെ നാം പരീക്ഷണം നടത്തും بِالشَّرِّ തിന്മകൊണ്ടും وَالْخَيْرِ നന്മകൊണ്ടും فِتْنَةً ഒരു (ശരിയായ) പരീക്ഷണം وَإِلَيْنَا നമ്മുടെ അടുക്കലേക്കുതന്നെ تُرْجَعُونَ നിങ്ങള്‍ മടക്കപ്പെടുന്നതാണ്
- وَإِذَا رَءَاكَ ٱلَّذِينَ كَفَرُوٓا۟ إِن يَتَّخِذُونَكَ إِلَّا هُزُوًا أَهَٰذَا ٱلَّذِى يَذْكُرُ ءَالِهَتَكُمْ وَهُم بِذِكْرِ ٱلرَّحْمَٰنِ هُمْ كَٰفِرُونَ ﴾٣٦﴿
- അവിശ്വസിച്ചവര്‍ നിന്നെക്കണ്ടാല്‍, അവര്‍ നിന്നെ പരിഹാസ്യമാക്കുകയല്ലാതെ ചെയ്യുകയില്ല:-
'ഇവനാണോ നിങ്ങളുടെ ആരാധ്യന്മാരെ (ആക്ഷേപിച്ചു) പറയുന്നവന്?!' എന്നു. അവരാകട്ടെ, പരമകാരുണികനായുള്ളവന്റെ ഉല്‍ബോധനത്തില്‍ അവിശ്വസിക്കുന്നവരുമാണ്. - وَإِذَا رَآكَ നിന്നെ കണ്ടാല്‍ الَّذِينَ كَفَرُوا അവിശ്വസിച്ചവര്‍ إِن يَتَّخِذُونَكَ നിന്നെ അവര്‍ ആക്കുകയില്ല إِلَّا هُزُوًا പരിഹാസ്യമല്ലാതെ أَهَـٰذَا ഇവനാണോ (എന്നു) الَّذِي يَذْكُرُ പറയുന്നവന് (ആക്ഷേപിക്കുന്നവന്) آلِهَتَكُمْ നിങ്ങളുടെ ആരാധ്യന്മാരെ, ദൈവങ്ങളെ وَهُم അവരാകട്ടെ بِذِكْرِ الرَّحْمَـٰنِ റഹ്മാന്റെ (പരമകാരുണികന്റെ) ഉല്‍ബോധനത്തില്‍, ഉപദേശത്തെപ്പറ്റി هُمْ അവര്‍ كَافِرُونَ അവിശ്വസിച്ചവരാണു
മറ്റൊരാളോടുള്ള ഈര്‍ഷ്യതയും, വിരോധവും മുഴുത്തുകഴിഞ്ഞാല് പിന്നെ, സ്വന്തം നിലനില്പിനെക്കാള്, എതിര്‍കക്ഷിയുടെ നാശത്തെ ആശിച്ചുകൊണ്ടിരിക്കുക മനുഷ്യരുടെ പതിവാണ്. അങ്ങിനെ, അവിശ്വാസികള്‍ക്ക് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനി മരണപ്പെട്ടുപോകുന്നതിലുള്ള ആഗ്രഹം വമ്പിച്ചതായിരുന്നു. ‘മുഹമ്മദ് അധികം താമസിയാതെ മരണപ്പെട്ടുപോകും, അവന് മരണപ്പെട്ടുകഴിഞ്ഞാല്‍ അവനെക്കൊണ്ടുള്ള ശല്യം തീരും’ എന്നിങ്ങിനെ അവര്‍ സമാധാനിക്കുകയും ചെയ്തിരുന്നു. തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ചാരം പ്രാപിച്ചാല്‍, അവര്‍ മരണപ്പെടാതെ ശേഷിക്കുമെന്ന ഒരു ഭാവമാണ് അവരില്‍ പ്രകടമായിക്കാണുന്നത്. അതുകൊണ്ടാണ്, നീ മരിച്ചാല്‍ അവര്‍ ശാശ്വതരായി ഇവിടെ ശേഷിക്കുമോ എന്ന് അല്ലാഹു ചോദിക്കുന്നത്. മരണമാകട്ടെ, അതില്‍നിന്ന് ആര്‍ക്കും ഒഴിവില്ല; മുമ്പാര്ക്കും ഒഴിവു കിട്ടിയിട്ടുമില്ല. അതില്‍ പ്രവാചകന്മാരും അല്ലാത്തവരും സമമാകുന്നു. അപ്പോള്‍ പ്രശ്നം മരിക്കുമോ ഇല്ലേ എന്നുള്ളതല്ല. പക്ഷെ, നന്മതിന്മകള് വഴിക്കുള്ള ഒരു പരീക്ഷണമായിട്ടാണ് ഈ അല്പകാല ജീവിതം അല്ലാഹു നിശ്ചയിച്ചിട്ടുള്ളത്. അതിലെ ജയാപജയങ്ങളാണ് പ്രശ്നം. ആ ജീവിതം അവസാനിച്ചാല്‍ എല്ലാവരുടെയും മടക്കം, അല്ലാഹുവിന്റെ അടുക്കലേക്കുമാണ്. പരീക്ഷണത്തില്‍ പരാജിതരായവര് ശരിക്കും അതിന്റെ ദുഷ്ഫലം അനുഭവിക്കേണ്ടിവരികയും ചെയ്യും.
വിഗ്രഹങ്ങളെ ദൈവമായി സങ്കല്‍പ്പിച്ച് ആരാധിക്കുന്നതിന്റെ കൊള്ളരുതായ്മയെ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) വിവരിച്ചു കൊടുക്കുന്നതും, തൌഹീദിലേക്കു ക്ഷണിക്കുന്നതും മുശ്രിക്കുകള്‍ക്കു സഹിക്കവയ്യാത്തതായിരുന്നു. ഏത് അടവുകള്‍ എടുത്തിട്ടും തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അതില്‍നിന്ന് ഒട്ടും പിന്വാങ്ങുന്നുമില്ല. മാത്രമല്ല, പ്രബോധനം ദിനംപ്രതി ശക്തിപ്പെട്ടും, പ്രചാരം വര്‍ദ്ധിച്ചും കൊണ്ടിരിക്കുകയാണ്. തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ക്കെതിരില്‍ ന്യായമോ ലക്ഷ്യമോ അവര്‍ക്ക് തെളിയിക്കുവാനില്ല. അതുകൊണ്ട് തക്കം കിട്ടുമ്പോഴൊക്കെ പരിഹസിക്കലും, അക്രമപ്രവര്‍ത്തനങ്ങള്‍ നടത്തലും അവരുടെ പതിവായിരുന്നു. അക്കൂട്ടത്തില്‍ അവര്‍ ഉപയോഗിച്ചിരുന്ന ഒരു പരിഹാസ വാക്യമാണ്, നബി(صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യെ കാണുമ്പോള്‍: ‘ഇവനാണോ നിങ്ങളുടെ ദൈവങ്ങളെ ആക്ഷേപിച്ചു പറയാറുള്ളവന് – ഇവന് അതിനുമാത്രമുണ്ടോ’ എന്നു അവര്‍ തമ്മില്‍ പറയാറുണ്ടായിരുന്നത്. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയുടെ സ്വഭാവമര്യാദകള്‍ പരിഗണിച്ചെങ്കിലും, അവിടുന്ന് പ്രബോധനം ചെയ്യുന്ന കാര്യത്തെപ്പറ്റി അവര്‍ക്ക് അല്‍പ്പം ആലോചിച്ച് നോക്കേണ്ടതുണ്ടായിരുന്നു. അതിനുപകരം, കാണുമ്പോഴെല്ലാം പരിഹാസത്തിനു മുതിരുകയാണവര്‍ ചെയ്തിരുന്നത്. യാതൊരു ഉപകാരവും ചെയ്യാത്ത അവരുടെ ആരാധ്യവസ്തുക്കളെ തരംതാഴ്ത്തുന്നു വെന്നാണല്ലോ അവര്‍ക്ക് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ പേരിലുള്ള പരാതി. എന്നാല്‍ അവരുടെ നിലയെന്താണ്? അവര്‍ അല്ലാഹുവിലും, അവന്റെ ബോധനങ്ങളിലും അവിശ്വസിച്ചിരിക്കുകയാണ്. അവരുടെ സ്രഷ്ടാവും, പരമകാരുണികനുമായ രക്ഷിതാവ് അല്ലാഹുവാണല്ലോ. ഇതവര് ആലോചിക്കുന്നില്ല!
ഇപ്പറഞ്ഞതു ഖുര്‍ആന്‍ അവതരിക്കുമ്പോഴത്തെ മുശ്രിക്കുകളുടെ സ്ഥിതികളാണെങ്കിലും, ഇതില്‍ നമുക്ക് പാഠങ്ങളുണ്ട്. അനാചാരത്തിലും, ദുരാചാരത്തിലും മൂടുറച്ചവരോടും, അന്ധവിശ്വാസത്തില്‍ പാരമ്പര്യം സിദ്ധിച്ചവരോടും സത്യോപദേശം ചെയ്യുമ്പോള്‍, ഇത്തരത്തിലുള്ള അനുഭവങ്ങള്‍ കണ്ടേക്കുന്നതാണ്. ചിന്തിച്ചു കാര്യം മനസ്സിലാക്കുവാനുള്ള ക്ഷമയും, സന്നദ്ധതയും ഇല്ലാത്തതാണ് അതിനു കാരണമാകുന്നതെന്ന് അടുത്ത വചനത്തില്‍നിന്നു മനസ്സിലാക്കാം. അല്ലാഹു പറയുന്നു:
- خُلِقَ ٱلْإِنسَٰنُ مِنْ عَجَلٍ ۚ سَأُو۟رِيكُمْ ءَايَٰتِى فَلَا تَسْتَعْجِلُونِ ﴾٣٧﴿
- മനുഷ്യന് ധൃതിയാല്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. എന്റെ ദൃഷ്ടാന്തങ്ങള്‍ (താമസംവിനാ) വഴിയെ നിങ്ങള്‍ക്കു ഞാന്‍ കാണിച്ചു തരുന്നതാണ്; അതുകൊണ്ട്, നിങ്ങള്‍ എന്നോട് ധൃതികൂട്ടരുത്.
- خُلِقَ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു الْإِنسَانُ മനുഷ്യന് مِنْ عَجَلٍ ധൃതിയാല്‍, ബദ്ധപ്പാടിനാല്‍ سَأُرِيكُمْ നിങ്ങള്‍ക്കു ഞാന്‍ വഴിയെ കാട്ടിത്തരും آيَاتِي എന്റെ ദൃഷ്ടാന്തങ്ങള്‍ فَلَا تَسْتَعْجِلُونِ അതുകൊണ്ടു നിങ്ങള്‍ എന്നോടു ധൃതികൂട്ടരുത്, ബദ്ധപ്പാടുകാട്ടരുത്
ധൃതിപ്പെടുകയെന്നത് മനുഷ്യസഹജമായ ഒരു പ്രകൃതിയാണ്. അതുകൊണ്ടുണ്ടാകുന്ന അനിഷ്ടഫലങ്ങള്‍ കുറച്ചൊന്നുമല്ല. സത്യത്തെ ധിക്കരിക്കലും, പരിഹസിക്കലും, അനന്തരഫലമായി ഭയങ്കരമായ കഷ്ടനഷ്ടങ്ങള്‍ അനുഭവിക്കേണ്ടിവരലുമെല്ലാം ഈ സ്വാഭാവംകൊണ്ട് ഉണ്ടായിത്തീരുന്നു. ക്ഷമാപൂര്‍വ്വം കാര്യങ്ങളെ നേരിടാതെ അല്ലാഹുവിനോട് എതിരിടുവാന്‍ മുതിരുന്നപക്ഷം, അതു നല്ലതിനല്ല എന്ന് ഓര്‍ത്തുകൊള്ളണമെന്ന ഒരു താക്കീതാണിത്.
ഇവിടെ ഒരു ചോദ്യത്തിന് അവകാശമുണ്ട്: മനുഷ്യന്റെ സൃഷ്ടിയില്‍തന്നെയുള്ള ഒരു പ്രകൃതി സ്വഭാവമാണ് ധൃതി എന്ന് ഈ വചനത്തില്‍നിന്ന് സ്പഷ്ടമാണ്. അല്ലാഹു മനുഷ്യന് ജന്മനാ നല്കിയ ആ സ്വഭാവത്തെപ്പറ്റി അവനെ കുറ്റപ്പെടുത്തുന്നത് ന്യായമല്ലല്ലോ? മനുഷ്യന്റെ സ്വാധീനത്തിലും, പ്രവര്ത്തനത്തിലുംപെടാത്ത ഒന്നിനെപ്പറ്റി ആക്ഷേപിക്കുന്നതുകൊണ്ട് എന്താണ് ഫലം? ഇതാണ് ചോദ്യം. ഇതിനു ഇപ്രകാരം മറുപടി പറയാം:-
അതെ, അതില്‍ മനുഷ്യനെ കുറ്റപ്പെടുത്തുവാനില്ല. വാസ്തവത്തില്‍ ധൃതി മനുഷ്യന് ആവശ്യംതന്നെയാണ്. ധൃതി സ്വഭാവം ഇല്ലാതിരിക്കുന്നപക്ഷം, പ്രവര്‍ത്തനത്തിന് ഔല്‍സുക്യവും, തക്കസമയത്തു പ്രവര്‍ത്തിക്കുവാനുള്ള ആവേശവും, സല്ക്കാര്യങ്ങളില് മുന്നോട്ട് വരുവാനുള്ള വാഞ്ഛയും ഉണ്ടാവുകയില്ല. അങ്ങിനെയുള്ള ആവശ്യങ്ങള്‍ക്കുവേണ്ടിയാണ് അല്ലാഹു പ്രസ്തുത സ്വഭാവം അവനു നല്കിയിരിക്കുന്നതും. എന്നാല്‍, ഈ വചനത്തിലും മറ്റും ധൃതിയേപ്പറ്റി ആക്ഷേപിക്കുന്നതു ഈ സ്വഭാവം മനുഷ്യനില്‍ ഉണ്ടെന്നതിനെ ഉദ്ദേശിച്ചല്ല – അതിനെ ദുരുപയോഗപ്പെടുത്തുന്നതിനെ ഉദ്ദേശിച്ചാകുന്നു. കോപം, മോഹം മുതലായി പ്രകൃതിസിദ്ധമായ മറ്റു സ്വഭാവങ്ങളുടെ സ്ഥിതിയും ഇതുതന്നെ. സമയത്തും അസമയത്തും ഉപയോഗപ്പെടുത്തുക, ആവശ്യത്തില്‍ കവിഞ്ഞ അളവ് പ്രകടിപ്പിക്കുക – ഇതാണ് ആക്ഷേപാര്‍ഹമായത്. എല്ലാ സന്ദര്‍ഭത്തിലും ധൃതിയില്ലാതെ ക്ഷമ സ്വീകരിക്കുക, ഏതവസരത്തിലും ദേഷ്യം വരാതെ ശാന്തമായിരിക്കുക, യാതൊന്നിലും മോഹമില്ലാതെ നിര്വ്വികാരമായിരിക്കുക എന്നിവയെല്ലാം മനുഷ്യനെ അങ്ങേഅറ്റം അധപതിപ്പിക്കുക മാത്രമേ ചെയ്കയുള്ളു. ഇങ്ങിനെയുള്ള സ്വഭാവങ്ങളെ നിയന്ത്രിക്കുവാനുള്ള കഴിവും, മാര്‍ഗ്ഗദര്‍ശനവും അല്ലാഹു മനുഷ്യന് നല്‍കിയിട്ടുണ്ട്. അവ അനിയന്ത്രിതമായിത്തീരുന്നതാണ് ആക്ഷേപാര്‍ഹം. മനുഷ്യന് അല്ലാഹു നല്കുന്ന പ്രകൃതിസ്വഭാവങ്ങളെപ്പറ്റി അവന് പറഞ്ഞിട്ടുള്ളതു ഇപ്രകാരമാകുന്നു: ‘മനുഷ്യനെ നാം വളരെ ചൊവ്വായ ഒരു പ്രകൃതിയില്‍ സൃഷ്ടിച്ചിട്ടുണ്ട്.’ (لَقَدْ خَلَقْنَا الْإِنسَانَ فِي أَحْسَنِ تَقْوِيمٍ). അപ്പോള്‍, ഓരോ ജന്മസ്വഭാവത്തെയും, ആവശ്യവും അനാവശ്യവും നോക്കി നാം നിയന്ത്രിക്കേണ്ടിയിരിക്കുന്നു. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ ചില വചനങ്ങള്‍ ഇവിടെ ശ്രദ്ധേയമാകുന്നു:-
(1) السَّمْتُ الْحَسَنُ وَالتُّؤَدَةُ وَالاقْتِصَادُ جُزْءٌ مِنْ أَرْبَعَةٍ وَعِشْرِينَ جُزْءًا مِنَ النُّبُوَّةِ – الترمذي
(സാരം: നല്ല നേര്‍ക്കുനേരെയുള്ള നടപടി, സാവകാശശീലം, മിതവ്യയം എന്നിവ പ്രവാചകത്വത്തിന്റെ ഇരുപത്തിനാല് അംശത്തില്‍ ഒരംശമാകുന്നു.)
(2) التُّؤَدَةُ في كُلِّ شَيءٍ إِلاَّ فِي عَمَلِ الآخِرَةِ – ابوداود
(സാവകാശം എല്ലാ കാര്യത്തിലും ഗുണകരമാണ് – പരലോക കര്‍മ്മങ്ങളില്‍ ഒഴികെ) സല്ക്കാര്യങ്ങളെല്ലാം പരലോകകര്മ്മങ്ങളില് ഉള്‍പ്പെടുമല്ലോ.)
- وَيَقُولُونَ مَتَىٰ هَٰذَا ٱلْوَعْدُ إِن كُنتُمْ صَٰدِقِينَ ﴾٣٨﴿
- അവര്‍ പറയുന്നു: 'ഈ വാഗ്ദാനം എപ്പോഴാണ് ഉണ്ടാവുക - നിങ്ങള്‍ സത്യവാദികളാണെങ്കില്?' എന്ന്!
- وَيَقُولُونَ അവര്‍ പറയുന്നു مَتَىٰ എപ്പോഴാണ് (ഉണ്ടാകുക) هَـٰذَا الْوَعْدُ ഈ വാഗ്ദാനം, വാഗ്ദത്തം إِن كُنتُمْ നിങ്ങളാണെങ്കില്‍ صَادِقِينَ സത്യവാദികള്‍, സത്യവാന്മാര്
- لَوْ يَعْلَمُ ٱلَّذِينَ كَفَرُوا۟ حِينَ لَا يَكُفُّونَ عَن وُجُوهِهِمُ ٱلنَّارَ وَلَا عَن ظُهُورِهِمْ وَلَا هُمْ يُنصَرُونَ ﴾٣٩﴿
- തങ്ങളുടെ മുഖങ്ങളില്‍ നിന്നാകട്ടെ, മുതുകകളില്‍ നിന്നാകട്ടെ, അഗ്നിയെ തടയാതിരിക്കുകയും, തങ്ങള്‍ക്കു സഹായം സിദ്ധിക്കാതിരിക്കുകയും ചെയ്യുന്ന സന്ദര്‍ഭത്തെ അവിശ്വസിച്ചവര്‍ അറിഞ്ഞിരുന്നുവെങ്കില്‍!
- لَوْ يَعْلَمُ അറിഞ്ഞിരുന്നുവെങ്കില്‍ الَّذِينَ كَفَرُوا അവിശ്വസിച്ചവര്‍ حِينَ لَا يَكُفُّونَ അവര്‍ തടയാത്ത സന്ദര്‍ഭത്തെ عَن وُجُوهِهِمُ അവരുടെ മുഖങ്ങളില്‍ നിന്നു النَّارَ അഗ്നിയെ, നരകത്തെ وَلَا عَن ظُهُورِهِمْ അവരുടെ മുതുകുകളില്‍ നിന്നും തന്നെ وَلَا هُمْ يُنصَرُونَ അവര്‍ സഹായിക്കപ്പെടുന്നതുമല്ല, അവര്‍ക്കു സഹായം സിദ്ധിക്കാത്തതുമായ
- بَلْ تَأْتِيهِم بَغْتَةً فَتَبْهَتُهُمْ فَلَا يَسْتَطِيعُونَ رَدَّهَا وَلَا هُمْ يُنظَرُونَ ﴾٤٠﴿
- എന്നാല്‍, അതു പെട്ടെന്നു അവര്‍ക്കു വന്നെത്തും; തന്നിമിത്തം അതവരെ അമ്പരിപ്പിക്കുകയും ചെയ്യുന്നതാണ്. അപ്പോള്‍ അതു തടുക്കുവാന്‍ അവര്‍ക്കു സാധിക്കുന്നതല്ല; അവര്‍ക്കു ഇടകൊടുക്കപ്പെടുകയുമില്ല.
- بَلْ എന്നാല്‍, പക്ഷേ تَأْتِيهِم അതു അവര്‍ക്കു വരും بَغْتَةً പെട്ടന്നു, അവിചാരിതമായ നിലയില്‍ فَتَبْهَتُهُمْ തന്നിമിത്തം അതവരെ അമ്പരപ്പിക്കും, പരിഭ്രമിപ്പിക്കും فَلَا يَسْتَطِيعُونَ അപ്പോള്‍ അവര്‍ക്കു കഴിയുകയില്ല رَدَّهَا അതിനെ തടുക്കുവാന്‍ وَلَا هُمْ يُنظَرُونَ അവര്‍ക്കു ഒഴിവു കൊടുക്കപ്പെടുകയുമില്ല, ഇട കൊടുക്കയാകട്ടെ ചെയ്കയില്ല
- وَلَقَدِ ٱسْتُهْزِئَ بِرُسُلٍ مِّن قَبْلِكَ فَحَاقَ بِٱلَّذِينَ سَخِرُوا۟ مِنْهُم مَّا كَانُوا۟ بِهِۦ يَسْتَهْزِءُونَ ﴾٤١﴿
- (നബിയേ) നിനക്കുമുമ്പ് പല റസൂലുകളും പരിഹസിക്കപ്പെട്ടിട്ടുണ്ട്; എന്നിട്ട്, അവരെ പുച്ഛിച്ചവരില്‍, ഏതൊന്നിനെസംബന്ധിച്ച് അവര്‍ പരിഹസിച്ചിരുന്നുവോ അതു [അതേ ശിക്ഷ] വന്നെത്തുക തന്നെ ചെയ്തു.
- وَلَقَدِ اسْتُهْزِئَ പരിഹസിക്കപ്പെടുകയുണ്ടായിട്ടുണ്ട് بِرُسُلٍ പല റസൂലുകളും مِّن قَبْلِكَ നിനക്കു മുമ്പ് فَحَاقَ എന്നിട്ടു വന്നെത്തി, അനുഭവപ്പെട്ടു بِالَّذِينَ سَخِرُوا പുച്ഛിച്ചവര്‍ക്ക് مِنْهُم അവരെ مَّا യാതൊന്നു (ശിക്ഷ) كَانُوا അവരായിരുന്നു بِهِ അതിനെക്കുറിച്ച് يَسْتَهْزِئُونَ പരിഹസിച്ചിരുന്നു
36-ാം വചനത്തില്‍ കണ്ടതുപോലെ, അവിശ്വാസികളുടെ ഒരു പരിഹാസമാണ് ഇതും. ‘നിങ്ങള്‍ പറയുന്ന അന്ത്യസമയവും ശിക്ഷയുമെല്ലാം എപ്പോഴാണ് ഉണ്ടാകുവാന്‍ പോകുന്നത്’ എന്നും മറ്റും അവര്‍ ചോദിക്കും. അല്ലാഹു അതിനു നല്കുന്ന മറുപടി ഇതാകുന്നു: അതു സംഭവിക്കുന്നത് എപ്പോഴാണെന്നല്ല അവര്‍ ആലോചിക്കേണ്ടത്; അത് ഉണ്ടാകുന്നത് വളരെ പെട്ടെന്നായിരിക്കും. അപ്പോള്‍ അത് തടയുവാനോ, തടുക്കുവാനോ, അതില്‍നിന്നു വല്ല രക്ഷയും കിട്ടുവാനോ ഒരു മാര്‍ഗ്ഗവും അവര്‍ക്കുണ്ടായിരിക്കുകയില്ല. അവര്‍ ഈ നില തുടര്ന്നുപോകുന്നപക്ഷം, അവരുടെ ശരീരത്തെ മുഴുവനും ബാധിക്കുന്നതും, അവര്‍ക്കു ഒരു പ്രകാരേണയും തടുക്കുവാന്‍ കഴിയാത്തതുമായ നരകശിക്ഷയാണ് അവര്‍ക്ക് ഉണ്ടാവുക. ഇതുപോലെ മുമ്പും പല നബിമാരെയും, അവിശ്വാസികള്‍ പരിഹസിച്ചു പറഞ്ഞിരുന്ന അതേ ശിക്ഷ അവര്‍ അനുഭവിക്കേണ്ടിവന്നിട്ടുമുണ്ട്. ഇതവര് ആലോചിച്ചു കൊള്ളട്ടെ!
വിഭാഗം - 4
- قُلْ مَن يَكْلَؤُكُم بِٱلَّيْلِ وَٱلنَّهَارِ مِنَ ٱلرَّحْمَٰنِ ۗ بَلْ هُمْ عَن ذِكْرِ رَبِّهِم مُّعْرِضُونَ ﴾٤٢﴿
- (നബിയേ) ചോദിക്കുക: 'പരമകാരുണികനായുള്ളവനില്‍നിന്നു - രാത്രിയും പകലും - ആരാണ് നിങ്ങളെ കാത്തുരക്ഷിക്കുന്നത്?' എന്നാല്‍, അവര്‍ തങ്ങളുടെ രക്ഷിതാവിനെ ഓര്‍മ്മിക്കുന്നതില്‍നിന്ന് തിരിഞ്ഞുകളയുന്നവരാകുന്നു.
- قُلْ പറയുക, ചോദിക്കുക مَن يَكْلَؤُ ആര് കാത്തുരക്ഷിക്കുന്നു كُم നിങ്ങളെ بِاللَّيْلِ രാത്രിയില്‍ وَالنَّهَارِ പകലും مِنَ الرَّحْمَـٰنِ റഹ്മാനില്‍നിന്നു بَلْ എന്നാല്‍, അതല്ല, പക്ഷേ هُمْ അവര്‍ عَن ذِكْرِ ഓര്‍മ്മയെക്കുറിച്ച്, സ്മരണയെപ്പറ്റി رَبِّهِم തങ്ങളുടെ റബ്ബിന്റെ مُّعْرِضُونَ തിരിഞ്ഞുകളയുന്നവരാകുന്നു, വിമുഖരാകുന്നു
- أَمْ لَهُمْ ءَالِهَةٌ تَمْنَعُهُم مِّن دُونِنَا ۚ لَا يَسْتَطِيعُونَ نَصْرَ أَنفُسِهِمْ وَلَا هُم مِّنَّا يُصْحَبُونَ ﴾٤٣﴿
- അഥവാ, നമ്മളില്‍നിന്നു അവരെ രക്ഷിക്കുന്ന വല്ല ഇലാഹുകളും [ആരാധ്യന്മാരും] അവര്‍ക്കുണ്ടോ? അവര്‍ക്കു (ആരാധ്യന്മാര്ക്കു) തങ്ങളെത്തന്നെ സഹായിക്കുവാന്‍ സാധിക്കുന്നതല്ല; അവര്‍ക്കു നമ്മുടെ ഭാഗത്തുനിന്നും തുണയ്ക്കപ്പെടുന്നതുമല്ല.
- أَمْ അഥവാ, അതല്ലാ, എങ്കിലും (-ഉണ്ടോ) لَهُمْ അവര്‍ക്കു آلِهَةٌ വല്ല ഇലാഹുകളും تَمْنَعُهُم അവരെ രക്ഷിക്കുന്ന, തടയുന്ന مِّن دُونِنَا നമ്മളില്‍നിന്നു, നമ്മെക്കൂടാതെ لَا يَسْتَطِيعُونَ അവര്‍ക്കു കഴിയുകയില്ല نَصْرَ أَنفُسِهِمْ അവരെത്തന്നെ (സ്വയംതന്നെ) സഹായിക്കുന്നതിനു وَلَا هُم അവരല്ലതാനും مِّنَّا നമ്മളില്‍നിന്നു, നമ്മുടെ ഭാഗത്തുനിന്നു يُصْحَبُونَ തുണക്കപ്പെടും, സഹായിക്കപ്പെടും (ഇല്ല)
- بَلْ مَتَّعْنَا هَٰٓؤُلَآءِ وَءَابَآءَهُمْ حَتَّىٰ طَالَ عَلَيْهِمُ ٱلْعُمُرُ ۗ أَفَلَا يَرَوْنَ أَنَّا نَأْتِى ٱلْأَرْضَ نَنقُصُهَا مِنْ أَطْرَافِهَآ ۚ أَفَهُمُ ٱلْغَٰلِبُونَ ﴾٤٤﴿
- പക്ഷേ, ഇക്കൂട്ടര്‍ക്കും, ഇവരുടെ പിതാക്കള്‍ക്കും നാം സുഖഭോഗം നല്കുകയുണ്ടായി; അങ്ങനെ, ആയുഷ്ക്കാലങ്ങള്‍ അവര്‍ക്കു ദീര്‍ഘിച്ചു കഴിഞ്ഞു. എന്നാല്‍, നാം (ഇവരുടെ) ഭൂമിയില്‍ ചെന്ന് അതിന്റെ നാനാഭാഗങ്ങളില്‍ നിന്നും അതു ചുരുക്കിക്കൊണ്ടുവരുന്നുവെന്നത് ഇവര്‍ കാണുന്നില്ലേ?! അപ്പോള്‍ ഇവരാണോ വിജയികള്‍?!
- بَلْ പക്ഷേ, എങ്കിലും مَتَّعْنَا നാം സുഖഭോഗം നല്കി, സൗകര്യം നല്കി هَـٰؤُلَاءِ ഇക്കൂട്ടര്‍ക്ക് وَآبَاءَهُمْ ഇവരുടെ പിതാക്കള്‍ക്കും حَتَّىٰ طَالَ ദീര്‍ഘിച്ചുകഴിയുവോളം, അങ്ങനെ ദീര്‍ഘിച്ചു عَلَيْهِمُ അവരില്‍, അവര്‍ക്കു الْعُمُرُ ആയുഷ്ക്കാലങ്ങള്‍ أَفَلَا يَرَوْنَ എന്നാല്‍ ഇവര്‍ കാണുന്നില്ലേ أَنَّا نَأْتِي നാം ചെല്ലുന്നുവെന്നു الْأَرْضَ ഭൂമിയില്‍ نَنقُصُهَا അതിനെ നാം ചുരുക്കിക്കൊണ്ട് مِنْ أَطْرَافِهَا അതിന്റെ നാനാഭാഗങ്ങളില്‍നിന്നു أَفَهُمُ അപ്പോള്‍ ഇവരാണോ الْغَالِبُونَ വിജയികള്‍
പരലോകശിക്ഷയെ ഒരു വിധത്തിലും അവര്‍ക്കു തടുക്കുവാന്‍ സാദ്ധ്യമല്ലെന്നു മുകളില്‍ പറഞ്ഞു. എന്നാല്‍ ഇഹലോകത്തുവെച്ച് – രാത്രിയാകട്ടെ, പകലാകട്ടെ – അല്ലാഹുവില്‍നിന്നു വരുന്ന വിപത്തുകള്‍ തടയുവാന്‍ അല്ലാഹുവല്ലാതെ അവര്‍ക്കു മറ്റാരാണുള്ളത് എന്നത്രെ, ഇപ്പോള്‍ ചോദിക്കുന്നത്. പരമകാരുണികനായ അല്ലാഹുവല്ലാതെ മറ്റാരുമില്ല; അവരുടെ ആരാധ്യന്മാര്ക്കും ദൈവങ്ങള്‍ക്കും അതിനു കഴിവില്ല എന്ന് അവര്‍ക്കറിയാമല്ലോ. എന്നിട്ടും, അവര്‍ തങ്ങളുടെ രക്ഷിതാവിനെ ഓര്‍മ്മിക്കാതെ, ആ ആരാധ്യന്മാരുടെ സ്മരണകളില്‍ മുഴുകിപ്പോകുന്നു! അല്ലാഹുവില്‍ നിന്നുള്ള ശിക്ഷയെ തടയുവാന്‍ ആ ദൈവങ്ങള്‍ക്കു കഴിയാത്തതു പോകട്ടെ, അവരുടെ സ്വന്തം രക്ഷക്കുകൂടി അവര്‍ പ്രാപ്തരല്ല.
ഈ അവഗണനാനയം ഇത്രയും മുഴുക്കുവാനുള്ള കാരണം, അവര്‍ക്കും അവരുടെ പിതാക്കള്‍ക്കും അല്ലാഹു ചെയ്തുകൊടുത്ത അനുഗ്രഹങ്ങളില്‍ അവര്‍ വഞ്ചിതരായിപ്പോയതാണ്. സുഖസൗകര്യങ്ങള്‍ പാരമ്പര്യമായി അനുഭവിച്ചാസ്വദിച്ചുവന്നപ്പോള്, ഇതെല്ലാം തന്നെ തങ്ങളുടെ കുത്തകയാണ്, സ്വന്തം പ്രവര്‍ത്തനഫലമാണ്, ഇതൊന്നും എനി തങ്ങള്‍ക്കു നഷ്ടപ്പെടുകയില്ല എന്നൊക്കെ അവര്‍ കരുതിവശായി. അങ്ങിനെ, ധിക്കാരലഹരി കയറിയിരിക്കുകയാണവര്ക്ക്. അതുമൂലം വരാനിരിക്കുന്ന ആപത്തുകളെപ്പറ്റി അവര്‍ ഗൌനിക്കുന്നില്ല. അവരുടെ ചുറ്റുപാടുകളില്‍ അവര്‍ക്കു സ്വാധീനവും പ്രശസ്തിയുമുണ്ടായിരുന്ന നാടുകള്‍ അതാ, അവര്‍ക്കു നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. അവര്‍ ഇസ്ലാമിന് അധീനപ്പെട്ടുകൊണ്ടിരിക്കുകയാണ്. അധികം താമസിയാതെ അവരുടെ സ്വന്തം പാര്‍പ്പിടങ്ങളും കൂടി മുസ്ലിംകള് ചെന്ന് ജയിച്ചടക്കുവാന്‍ പോകുകയാണ്. അങ്ങനെ, അടുത്ത ഭാവിയില്‍, ക്ഷയിച്ചുവരുന്ന ഇവരുടെ ശക്തി പറ്റെ നശിച്ചുപോകുകയും, ഭൂമിയില്‍ ഇവരുടെ പ്രതാപം തുടച്ചുനീക്കപ്പെടുകയും ചെയ്യും. എന്നിരിക്കെ, എങ്ങിനെയാണ് ഇവര്‍ വിജയഭേരിയടിക്കുന്നത്?!
‘നാം അവരുടെ ഭൂമിയില്‍ ചെന്ന് അതിന്റെ നാനാഭാഗങ്ങളില്‍ നിന്നും ചുരുക്കുന്നു’ എന്ന് പറഞ്ഞതിന്റെ വിവക്ഷ, അല്ലാഹുവിന്റെ സൈന്യമായ സജ്ജനങ്ങള്‍ക്കു ഭൂമിയില്‍ അവന് നല്കുന്ന സ്വാധീനങ്ങളും, വിജയങ്ങളുമാകുന്നു. തുടര്‍ന്നുളള ആയത്തുകളില്‍ പറയുന്ന മൂസാ (عليه السلام) നബിയുടെ കഥയും, ഇബ്രാഹീം (عليه السلام) നബിയുടെ കഥയും – എന്നുവേണ്ട മറ്റു നബിമാരുടെ കഥകളും – എല്ലാംതന്നെ, അതിന്റെ ലക്ഷ്യങ്ങളാകുന്നു. അല്ലാഹുവിന്റെ അടിയാന്മാരാകുന്ന സത്യസേനക്കാണ് ഇഹത്തിലും പരത്തിലും, ഒടുവില്‍ വിജയം കൈവരുന്നതെന്ന പാഠങ്ങളാണ് അവയെല്ലാം നമുക്കു നല്‍കുന്നത്. നോക്കുക: നൂഹ് നബി, ഇബ്രാഹീം നബി, മൂസാ നബി, ഹാറൂന്‍ നബി, ലൂത്ത്വ് നബി, ഇല്യാസു നബി, യൂനുസ് നബി (عليهم السلام) മുതലായവരുടെ വിജയചരിത്രങ്ങള്‍ ഓരോന്നും വിവരിക്കുന്നതോടൊപ്പം ‘ഇങ്ങിനെയാണ് പുണ്യവാന്മാര്ക്കു നാം പ്രതിഫലം കൊടുക്കുന്നത്’ (إِنَّا كَذَٰلِكَ نَجْزِي الْمُحْسِنِينَ – الصافات) എന്ന് അല്ലാഹു ആവര്‍ത്തിച്ചു പറഞ്ഞുകാണാം. പ്രസ്തുത കഥകളെല്ലാം വിവരിച്ചശേഷം ഇപ്രകാരം പറയുന്നു:
‘നമ്മുടെ ദൂതന്മാരായ അടിയാന്മാരോട് നമ്മുടെ വാക്ക് മുമ്പേ ഉണ്ടായിട്ടുണ്: നിശ്ചയമായും അവര്‍ തന്നെയാണ് സഹായിക്കപ്പെടുന്നവര്‍, നമ്മുടെ സൈന്യംതന്നെയാണ് വിജയികളും എന്ന്’.
وَلَقَدْ سَبَقَتْ كَلِمَتُنَا لِعِبَادِنَا الْمُرْسَلِينَ ﴿١٧١﴾ إِنَّهُمْ لَهُمُ الْمَنصُورُونَ ﴿١٧٢ – الصافات
ഈ ഒടുവിലത്തെ (44-ാം) വചാനം മദീനായില്‍ അവതരിച്ചതാണെന്ന് ചില വ്യാഖ്യാതാക്കള്‍ പറഞ്ഞുകാണുന്നു. അങ്ങിനെയാണെങ്കില്‍, അപ്പോള്‍ മുസ്ലിംകള്‍ക്കു രാജ്യങ്ങള്‍ അധീനപ്പെടുവാന് തുടങ്ങിയതും, അവിശ്വാസികളുടെ സ്വാധീനം പല രാജ്യങ്ങളിലും നഷ്ടപ്പെട്ടുവരുന്നതും വ്യക്തമാണ്. ഈ സൂറത്തിലെ മറ്റു വചനങ്ങള്‍ പോലെ ഇതും മക്കായില്‍ തന്നെ അവതരിച്ചതാണെന്നുവെക്കുക: എന്നാലും ഈ വസ്തുത ശരിയായിത്തന്നെയിരിക്കുന്നു. ഈ സൂറത്ത് അവതരിക്കുമ്പോള്‍തന്നെ മുസ്ലിംകള്‍ക്കു മദീനായില്‍ നല്ല സ്വാധീനവും സ്വീകരണവും കിട്ടിക്കഴിഞ്ഞിട്ടുണ്ട്. അബ്സീനിയായിലും സ്വാധീനം കിട്ടിയിട്ടുണ്ട്. അവിടങ്ങളില്‍ ഖുറൈശികളുടെ പ്രതാപം നഷ്ടപ്പെടുകയും ചെയ്തിരിക്കുന്നു. മാത്രമല്ല, ഖുറൈശികളുടെ തലസ്ഥാന നഗരത്തിലും പരിസരങ്ങളിലും തന്നെ എത്രയോ പേര് ഇസ്ലാമില്‍ വിശ്വസിച്ച് അല്ലാഹുവിന്റെ സൈന്യത്തില്‍ അംഗത്വം സ്വീകരിച്ചിരിക്കുന്നുവല്ലോ. ഇതെല്ലാം അവര്‍ക്കു വമ്പിച്ച നഷ്ടവും, അവരുടെ കഴിവുകേടിനെ സൂചിപ്പിക്കുന്നതുമാകുന്നു. അവരുടെ എല്ലാ ശക്തിയും ഉപയോഗിച്ചിട്ടുപോലും, അതു തടയുവാന്‍ അവര്‍ക്കു കഴിഞ്ഞില്ല; ഇസ്ലാമിന്റെ അഭിവൃദ്ധിക്കു വിരാമമിടുവാനും അവര്‍ ശക്തരായില്ല!
- قُلْ إِنَّمَآ أُنذِرُكُم بِٱلْوَحْىِ ۚ وَلَا يَسْمَعُ ٱلصُّمُّ ٱلدُّعَآءَ إِذَا مَا يُنذَرُونَ ﴾٤٥﴿
- (നബിയെ) പറയുക: 'നിശ്ചയമായും 'വഹ്യു [ദിവ്യബോധനം] കൊണ്ടത്രെ ഞാന്‍ നിങ്ങള്‍ക്കു താക്കീതു നല്‍കുന്നത്.' (ആ) ബധിരന്മാര് - അവര്‍ക്കു താക്കീതു നല്കപ്പെടുമ്പോള് - വിളിക്കുന്നത് കേള്‍ക്കുകയില്ല. (പക്ഷെ)
- قُلْ പറയുക إِنَّمَا أُنذِرُكُم നിശ്ചയമായും ഞാന്‍ നിങ്ങള്‍ക്കു താക്കീതു (മുന്നറിയിപ്പു) നല്കുന്നതു بِالْوَحْيِ വഹ്യുകൊണ്ടത്രെ وَلَا يَسْمَعُ കേള്‍ക്കുകയില്ല الصُّمُّ കാതു കേള്‍ക്കാത്തവര്‍, ബധിരന്മാര് الدُّعَاءَ വിളിയെ إِذَا مَا يُنذَرُونَ അവര്‍ക്കു താക്കീതു (മുന്നറിയിപ്പു) നല്കപ്പെടുമ്പോള്
- وَلَئِن مَّسَّتْهُمْ نَفْحَةٌ مِّنْ عَذَابِ رَبِّكَ لَيَقُولُنَّ يَٰوَيْلَنَآ إِنَّا كُنَّا ظَٰلِمِينَ ﴾٤٦﴿
- നിന്റെ രക്ഷിതാവിന്റെ ശിക്ഷയില്‍നിന്നു ഒരു (നേരിയ) കാറ്റു അവരെ സ്പര്‍ശിച്ചാല്‍, തീര്‍ച്ചയായും അവര്‍ പറഞ്ഞുപോകും: ഹാ, ഞങ്ങളുടെ നാശം! നിശ്ചയമായും ഞങ്ങള്‍ അക്രമികളായിരുന്നു!' എന്ന്.
- وَلَئِن مَّسَّتْهُمْ അവരെ സ്പര്‍ശിച്ചാല്‍, ബാധിച്ചാല്‍ نَفْحَةٌ ഒരു നേരിയ കാറ്റു (അല്പം) مِّنْ عَذَابِ ശിക്ഷയില്‍നിന്നു رَبِّكَ നിന്റെ രക്ഷിതാവിന്റെ لَيَقُولُنَّ നിശ്ചയമായും അവര്‍ പറയും يَا وَيْلَنَا ഹാ ഞങ്ങളുടെ നാശമേ إِنَّا كُنَّا നിശ്ചയമായും ഞങ്ങള്‍ ആയിരുന്നു ظَالِمِينَ അക്രമികള്‍
- وَنَضَعُ ٱلْمَوَٰزِينَ ٱلْقِسْطَ لِيَوْمِ ٱلْقِيَٰمَةِ فَلَا تُظْلَمُ نَفْسٌ شَيْـًٔا ۖ وَإِن كَانَ مِثْقَالَ حَبَّةٍ مِّنْ خَرْدَلٍ أَتَيْنَا بِهَا ۗ وَكَفَىٰ بِنَا حَٰسِبِينَ ﴾٤٧﴿
- ഖിയാമത്തുനാളില്‍ നാം നീതി പൂര്‍ണ്ണമായ ത്രാസ്സുകള്‍ ഏര്‍പ്പെടുത്തുന്നതാകുന്നു. അതിനാല്‍, ഒരു ദേഹവും [ഒരാളും] ഒന്നുംതന്നെ ദ്രോഹിക്കപ്പെടുകയില്ല. (കര്‍മ്മം) ഒരു കടുകുമണിത്തൂക്കമായിരുന്നാലും, അതു നാം കൊണ്ടുവരുന്നതാണ്. വിചാരണ ചെയ്യുന്നവരായി നാം തന്നെ മതി!
- وَنَضَعُ നാം ഏര്‍പ്പെടുത്തും, സ്ഥാപിക്കും الْمَوَازِينَ ത്രാസ്സുകളെ, തുല്ലാസുകളെ الْقِسْطَ നീതി പൂര്‍ണ്ണമായ لِيَوْمِ الْقِيَامَةِ ഖിയാമത്തുനാളിനു (നാളില്‍) فَلَا تُظْلَمُ അതിനാല്‍ അക്രമം ചെയ്യപ്പെടുകയില്ല نَفْسٌ ഒരാളും, ഒരു ദേഹവും, ഒരു ആത്മാവും شَيْئًا യാതൊന്നും, ഒട്ടും وَإِن كَانَ അതു (കര്‍മ്മം) ആയിരുന്നാല്‍ مِثْقَالَ حَبَّةٍ ഒരു (ധാന്യ) മണിത്തൂക്കം مِّنْ خَرْدَلٍ കടുകില്‍നിന്നുള്ള أَتَيْنَا بِهَا നാം അതിനെ കൊണ്ടുവരുന്നതാണ് (രംഗത്തു വരുത്തും) وَكَفَىٰ മതിയാകും, മതി بِنَا നാം തന്നെ, നാം حَاسِبِينَ വിചാരണ ചെയ്യുന്നവരായി
ഞാന്‍ നിങ്ങള്‍ക്കു നല്കുന്ന താക്കീതും മുന്നറിയിപ്പുമെല്ലാം എന്റെ വകയല്ല; അല്ലാഹുവില്‍ നിന്നുള്ള വഹ്യു കൊണ്ടു മാത്രമാണ് എന്ന് അവിശ്വാസികളോട് പറയുവാന്‍ അല്ലാഹു നബിയോട് കല്പിക്കുന്നു. പക്ഷേ, ആ ബധിരന്മാരുണ്ടോ, അതു കേള്‍ക്കുകയും, അതിലേക്ക് ചെവികൊടുക്കുകയും ചെയ്യുന്നു?! എന്നാല്‍, ദൈവികശിക്ഷയില്‍ നിന്ന് ഒരു നേരിയ സ്പര്‍ശനമെങ്കിലും അനുഭവപ്പെടുമ്പോഴേക്കും അവര്‍ കണ്ണുതുറന്നേക്കും. അപ്പോഴവര്‍ക്കു വേണ്ടപോലെ ചെവികേള്ക്കുകയും ചെയ്തേക്കും. തങ്ങള്‍ക്കു നാശം പിണഞ്ഞുപോയി, പിഴച്ചുപോയി എന്നൊക്കെ അപ്പോള്‍ അവര്‍ക്കു മനസ്സിലാകും.
ഏറ്റവും നിസ്സാരമായ കര്‍മ്മങ്ങളും അന്നു – ഖിയാമത്തുനാളില്‍ – ശരിക്കു തൂക്കിക്കണക്കാക്കപ്പെടും. അവനവന് ചെയ്തതിന്റെ ഫലം – ഗുണമെങ്കില്‍ നന്മ, ദോഷമെങ്കില്‍ തിന്മ – അവനവന് അനുഭവിക്കേണ്ടിവരികയും ചെയ്യും. അതില്‍ ആരോടും യാതൊരുവിധ ക്രമക്കേടും അനീതിയും കാണിക്കപ്പെടുകയില്ല. നിസ്സാരമെന്നോ, ചെറുതെന്നോവെച്ച് ഏതു കര്‍മ്മവും അവിടെ ഹാജരാക്കപ്പെടാതിരിക്കുകയുമില്ല. ഇങ്ങിനെ, ശരിക്കുശരിയായി എല്ലാവരുടെയും വിചാരണകഴിച്ചു വിധി തീരുമാനിക്കുവാന്‍ മറ്റാരും ആവശ്യമില്ല, ആര്‍ക്കും അതിനധികാരവുമില്ല. അറിവുകൊണ്ടും കഴിവുകൊണ്ടും അല്ലാഹുമാത്രം മതി, അതിന്!
ഖിയാമത്തുനാളില്‍ എല്ലാ കര്‍മ്മങ്ങളും തൂക്കിക്കണക്കാക്കപ്പെടുന്നതാണെന്നും, അതിനായി അന്ന് ഒരു തുലാസ്സ് ഏര്പ്പെടുത്തപ്പെടുമെന്നും ഖുര്‍ആനിലും, ഹദീസിലും, വ്യക്തമായി പ്രസ്താവിച്ചിട്ടുള്ളതാകുന്നു. ആ തുലാസ്സ് എങ്ങിനെയുള്ളതാണ്, കര്‍മ്മങ്ങളെ എങ്ങിനെയാണ് തൂക്കിക്കണക്കാക്കുക എന്നൊന്നും നമുക്കു അറിഞ്ഞുകൂടാ. അതെല്ലാം അദൃശ്യകാര്യങ്ങളില്‍ പെട്ടതാകുന്നു. നാം അതില്‍ വിശ്വസിക്കല്‍ നിര്‍ബ്ബന്ധമാണ്. അതിന്റെ വിശദാംശങ്ങളെക്കുറിച്ചുള്ള അറിവ് അല്ലാഹുവിനാണുള്ളത്. അല്ലാഹു എല്ലാകാര്യത്തിനും കഴിവുള്ളവനാണല്ലോ. സൂറത്തുല്‍ ഖാരിഅ (القارعة)യുടെ വിവരണത്തിലും മറ്റും ഇതിനെപ്പറ്റി കുറെക്കൂടെ വിവരണം നമുക്കു കാണാം. أن شاء الله
- وَلَقَدْ ءَاتَيْنَا مُوسَىٰ وَهَٰرُونَ ٱلْفُرْقَانَ وَضِيَآءً وَذِكْرًا لِّلْمُتَّقِينَ ﴾٤٨﴿
- മൂസാക്കും, ഹാറൂനിനും നാം, വിവേചന പ്രമാണവും, വെളിച്ചവും, ഭക്തജനങ്ങള്‍ക്കുള്ള ഉല്‍ബോധനവും നല്‍കിയിട്ടുണ്ട്.
- وَلَقَدْ آتَيْنَا തീര്‍ച്ചയായും നാം നല്‍കിയിട്ടുണ്ട്, കൊടുത്തിട്ടുണ്ട് مُوسَىٰ وَهَارُونَ മൂസാക്കുംഹാറൂനിനും الْفُرْقَانَ വിവേചനം, വിവേചനപ്രമാണം وَضِيَاءً വെളിച്ചവും وَذِكْرًا ഉല്‍ബോധനവും, ഉപദേശവും لِّلْمُتَّقِينَ ഭക്തജനങ്ങള്‍ക്ക്, ഭയഭക്തന്മാര്ക്കു, സൂക്ഷിക്കുന്നവര്‍ക്കു
- ٱلَّذِينَ يَخْشَوْنَ رَبَّهُم بِٱلْغَيْبِ وَهُم مِّنَ ٱلسَّاعَةِ مُشْفِقُونَ ﴾٤٩﴿
- അതായത്: അദൃശ്യമായ നിലയില്‍ തങ്ങളുടെ റബ്ബിനെ ഭയപ്പെടുന്നവര്‍, അവര്‍ അന്ത്യസമയത്തെ സംബന്ധിച്ചു പേടിക്കുന്നവരുമാണ് (അങ്ങിനെയുള്ളവര്‍ക്ക്).
- الَّذِينَ يَخْشَوْنَ അതായതു ഭയപ്പെടുന്നവര്‍ക്കു رَبَّهُم തങ്ങളുടെ റബ്ബിനെ بِالْغَيْبِ അദൃശ്യമായ നിലയില്‍ وَهُم അവരാകട്ടെ مِّنَ السَّاعَةِ അന്ത്യസമയത്തെ സംബന്ധിച്ച് مُشْفِقُونَ പേടിയുള്ളവരാകുന്നു
- وَهَٰذَا ذِكْرٌ مُّبَارَكٌ أَنزَلْنَٰهُ ۚ أَفَأَنتُمْ لَهُۥ مُنكِرُونَ ﴾٥٠﴿
- ഇതാകട്ടെ, നാം അവതരിപ്പിച്ച അനുഗ്രഹീത ബോധനമാകുന്നു. എന്നിട്ടും, നിങ്ങള്‍ അതിനെ നിഷേധിക്കുന്നവരാണോ?
- وَهَـٰذَا ഇതാകട്ടെ, ഇത് ذِكْرٌ ബോധനമാണ്, ഉല്‍ബോധനമാണ്, ഉപദേശം مُّبَارَكٌ അനുഗ്രഹീതമായ, വര്‍ദ്ധിച്ച നന്മയുള്ള أَنزَلْنَاهُ നാമതു അവതരിപ്പിച്ചിരിക്കുന്നു أَفَأَنتُمْ എന്നിട്ടു നിങ്ങളാണോ لَهُ അതിനെ مُنكِرُونَ നിഷേധിക്കുന്നവര്‍, വെറുക്കുന്നവര്‍
സത്യാസത്യങ്ങള്‍ക്കും, ന്യായാന്യായങ്ങള്ക്കുമിടയില് വിവേചനംചെയ്തു വേര്തിരിച്ചുകാണിക്കുന്നതുകൊണ്ട് ഖുര്‍ആനിനും തൗറാത്തിനും ‘ഫുര്‍ഖാന്‍’ (വിവേചനം) എന്ന് പറയപ്പെടുന്നു. ഇവിടെ തൗറാത്താകുന്ന വിവേചന പ്രമാണമാണുദ്ദേശ്യം. സന്മാര്ഗ്ഗം കാണുന്നതിനുള്ള വെളിച്ചമാണ് ‘ള്വിയാഉ’ (വെളിച്ചം) എന്ന വാക്കുകൊണ്ടുദ്ദേശ്യം. ‘ഭക്തജനങ്ങള്‍ക്കുള്ള ഉല്‍ബോധനം’ എന്നു വിശേഷിപ്പിച്ചത് ഉല്‍ബോധനങ്ങളും ഉപദേശങ്ങളും അവര്‍ക്കാണ് ഉപയോഗപ്പെടുക എന്നു സൂചിപ്പിച്ചുകൊണ്ടാകുന്നു. ഭക്തജനങ്ങള്‍ ആരാണെന്നു തുടര്‍ന്നു വിവരിച്ചിട്ടുമുണ്ട്. അതെ, നേരില്‍ കാണാതെത്തന്നെ, അല്ലാഹുവിലുള്ള വിശ്വാസാദാര്‍ഢ്യം നിമിത്തം അവനെ – അഥവാ അവന്റെ നിര്‍ദ്ദേശങ്ങളെ ലംഘിച്ചാലുണ്ടാകുന്ന വിപത്തുകളെ – ഭയപ്പെട്ടും, ലോകാവസാനദിവസം തങ്ങളുടെ സകല പ്രവര്‍ത്തനങ്ങളെക്കുറിച്ചും ഉത്തരം പറയേണ്ടി വരുമെന്ന് പേടിച്ചുംകൊണ്ടിരിക്കുന്നവരാണവര്. നേരില്‍ കണ്ടതുമാത്രമേ വിശ്വസിക്കുകയുള്ളുവെന്ന് ശഠിക്കുന്നവരെയും, ഭാവിയെക്കുറിച്ചോ അല്ലാഹുവിന്റെ ശക്തിമാഹാത്മ്യത്തെക്കുറിച്ചോ ചിന്തിക്കാത്തവരെയും ഉപദേശിച്ചിട്ടു ഫലമുണ്ടാകുകയില്ല. ഈ വസ്തുത ഖുര്‍ആനില്‍ പലേടത്തും ചൂണ്ടിക്കാട്ടിയിട്ടുള്ളതാണ്.
മൂസാ (عليه السلام) നബിക്കു തൗറാത്തും, ദിവ്യബോധനവും ലഭിച്ചിരുന്ന വിവരം യഹൂദര്‍ വഴി അറബികള്‍ക്കു കേട്ടു പരിചയമുള്ളതാണ്. അതവര് നിഷേധിക്കുകയില്ല. ഖുര്‍ആനാകട്ടെ, മറ്റേതു വേദഗ്രന്ഥങ്ങളെക്കാളും കൂടുതല്‍ ഉല്‍കൃഷ്ടവും മഹത്തുമായ ഒരു ഗ്രന്ഥമാകുന്നു. അതു അവര്‍ക്കു മാര്‍ഗ്ഗദര്‍ശനത്തിനായി അവതരിപ്പിക്കപ്പെട്ടതുമാണ്. എന്നിരിക്കെ, മുഹമ്മദ് (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) നബിക്കു വേദഗ്രന്ഥവും, ദിവ്യബോധനവും ലഭിച്ചതില്‍ വിശ്വസിക്കാതിരിക്കുവാന്‍ യാതൊരു ന്യായവും അവര്‍ക്കില്ല. അതുകൊണ്ടാണ്, ‘എന്നിട്ടും നിങ്ങള്‍ നിഷേധിക്കുന്നവരാണോ’ എന്നു അല്ലാഹു ചോദിക്കുന്നത്. അവര്‍ക്കറിയാവുന്ന മറ്റൊരു ചരിത്രമാണ്, അവരുടെ പിതാമഹനായ ഇബ്രാഹീം (عليه السلام) നബിയുടേത്. അടുത്ത ആയത്തുകളില്‍ അദ്ദേഹത്തിന്റെ ചരിത്രം വിവരിക്കുന്നു:-