വിഭാഗം - 7

21:94
  • فَمَن يَعْمَلْ مِنَ ٱلصَّـٰلِحَـٰتِ وَهُوَ مُؤْمِنٌ فَلَا كُفْرَانَ لِسَعْيِهِۦ وَإِنَّا لَهُۥ كَـٰتِبُونَ ﴾٩٤﴿
  • എന്നാല്‍, ആരെങ്കിലും - അവന്‍ സത്യവിശ്വാസിയായുംകൊണ്ട് - സല്‍ക്കര്‍മ്മങ്ങളില്‍പെട്ടത് (വല്ലതും) പ്രവര്‍ത്തിക്കുന്നതായാല്‍, അവന്റെ (ആ) പരിശ്രമത്തോട് നന്ദികേട് കാണിക്കല്‍ ഉണ്ടാകുന്നതേയല്ല. നിശ്ചയമായും, നാം അതിനെ എഴുതി (രേഖപ്പെടുത്തി) വെക്കുന്നവര്‍ തന്നെയാണ്.
  • فَمَن അപ്പോള്‍ ആര്‍ يَعْمَلْ പ്രവര്‍ത്തിക്കുന്നുവോ مِنَ الصَّالِحَاتِ സല്‍ക്കര്‍മ്മങ്ങളില്‍പെട്ടതു وَهُوَ അവന്‍ ആയിക്കൊണ്ടു مُؤْمِنٌ സത്യവിശ്വാസി فَلَا كُفْرَانَ എന്നാല്‍ നന്ദികേടു കാണിക്കല്‍ (ഉണ്ടാവുക) ഇല്ല لِسَعْيِهِ അവന്റെ പരിശ്രമത്തിനു, യത്നത്തിനു وَإِنَّا നിശ്ചയമായും നാം لَهُ അതിനെ كَاتِبُونَ എഴുതിവെക്കുന്നവരാണ്.

മേല്‍പറഞ്ഞ യാഥാര്‍ത്ഥ്യങ്ങളും, കാര്യത്തിന്റെ ഗൗരവവും ചിന്തിക്കാതെ, മനുഷ്യര്‍ സത്യത്തില്‍നിന്നു വ്യതിചലിച്ച് പല മതക്കാരും, പല കക്ഷികളുമായി മാറി. അവര്‍ സത്യം വെട്ടിമുറിച്ചു പങ്കിട്ടുകളഞ്ഞു. സൂറത്തുല്‍ മുഅ്മിനൂന്‍ 53ല്‍ പറഞ്ഞതുപോലെ, ഓരോ കക്ഷിയും അവനവന്റെ പക്കലുള്ളതാണ് ശരിയെന്ന് സംതൃപ്തി അടയുകയും ചെയ്തു. പക്ഷേ, അവരെല്ലാം അല്ലാഹുവിങ്കലേക്ക്‌ മടങ്ങിച്ചെല്ലാതിരിക്കുകയില്ല. അതിന്റെ ഫലം അപ്പോള്‍ അനുഭവപ്പെടും. എന്നാല്‍ സല്‍ക്കര്‍മ്മത്തിന്റെ ഇനത്തില്‍പെട്ട ഒന്ന് – അതെത്ര ചെറുതാവട്ടെ – ഒരാള്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കില്‍, അതിനു അവനോട് നന്ദികാണിക്കപ്പെടാതിരിക്കയില്ല; അതിനു തക്ക പ്രതിഫലം കിട്ടും. പക്ഷേ, ഏതു കാര്യവും സല്‍ക്കര്‍മ്മമായി ഗണിക്കപ്പെടേണമെങ്കില്‍ അവന്‍ സത്യവിശ്വാസമുള്ളവനായിരിക്കണം. അതുകൂടാതെ കഴിയുകയില്ല. സത്യവിശ്വാസി ചെയ്യുന്ന ഓരോ ചെറിയ നന്മയും വിട്ടുപോകാതെ രേഖപ്പെടുത്തി വെക്കുന്നതുമാണ്.

21:95
  • وَحَرَٰمٌ عَلَىٰ قَرْيَةٍ أَهْلَكْنَـٰهَآ أَنَّهُمْ لَا يَرْجِعُونَ ﴾٩٥﴿
  • നാം നശിപ്പിച്ചുകളഞ്ഞിട്ടുള്ള ഒരു രാജ്യത്തിനും [ജനതക്കും] അവര്‍ മടങ്ങിവരാതിരിക്കുക എന്നുള്ളത് പാടില്ലാത്ത [നിവൃത്തിയില്ലാത്ത]താകുന്നു.
  • وَحَرَامٌ പാടില്ലാത്തതാണ് عَلَىٰ قَرْيَةٍ ഒരു രാജ്യത്തിനും أَهْلَكْنَاهَا നാമതിനെ നശിപ്പിച്ചിരിക്കുന്നു (അങ്ങിനെയുള്ള) أَنَّهُمْ അവര്‍ ആകുകയെന്നുള്ളതു لَا يَرْجِعُونَ അവര്‍ മടങ്ങിവരാതെ (യിരിക്കുക)
21:96
  • حَتَّىٰٓ إِذَا فُتِحَتْ يَأْجُوجُ وَمَأْجُوجُ وَهُم مِّن كُلِّ حَدَبٍ يَنسِلُونَ ﴾٩٦﴿
  • അങ്ങനെ, യഅ്ജൂജും മഅ്ജൂജും തുറന്നു വിടപ്പെട്ടാല്‍ അവരാകട്ടെ, എല്ലാ കുന്നുകളില്‍കൂടിയും ഓടി വരുന്നതുമാണ്;-
  • حَتَّىٰ إِذَا فُتِحَتْ അങ്ങനെ തുറന്നു വിടപ്പെട്ടാല്‍, തുറക്കപ്പെട്ടാല്‍ يَأْجُوجُ وَمَأْجُوجُ യഅ്ജൂജും മഅ്ജൂജും وَهُم അവരാകട്ടെ مِّن كُلِّ حَدَبٍ എല്ലാ കുന്നുകളില്‍ കൂടിയും يَنسِلُونَ ഓടിവരുന്നതാണു, പരക്കംപായുന്നതാണ്.
21:97
  • وَٱقْتَرَبَ ٱلْوَعْدُ ٱلْحَقُّ فَإِذَا هِىَ شَـٰخِصَةٌ أَبْصَـٰرُ ٱلَّذِينَ كَفَرُوا۟ يَـٰوَيْلَنَا قَدْ كُنَّا فِى غَفْلَةٍ مِّنْ هَـٰذَا بَلْ كُنَّا ظَـٰلِمِينَ ﴾٩٧﴿
  • യഥാര്‍ത്ഥമായ (ആ) വാഗ്ദാനസമയം അടുത്തെത്തുകയും (ചെയ്‌താല്‍);- അപ്പോള്‍, അവിശ്വസിച്ചവരുടെ നേത്രങ്ങള്‍ തുറിച്ച് നോക്കിക്കൊണ്ടിരിക്കുന്നതാണ്!- 'ഹാ! ഞങ്ങളുടെ നാശം! ഇതിനെ സംബന്ധിച്ച് ഞങ്ങള്‍ അശ്രദ്ധയിലായിപ്പോയല്ലോ! അതല്ല - ഞങ്ങള്‍ അക്രമകാരികളായിരുന്നു!' (എന്ന് അവര്‍ പറഞ്ഞുപോകും.)
  • وَاقْتَرَبَ അടുത്തെത്തുകയും (ചെയ്‌താല്‍) الْوَعْدُ الْحَقُّ യഥാര്‍ത്ഥ വാഗ്ദാനം فَإِذَا هِيَ അപ്പോഴതാ شَاخِصَةٌ തുറിച്ചുനോക്കുന്നതായിരിക്കും, ഉയര്‍ന്നുനില്‍ക്കുന്നതായിരിക്കും أَبْصَارُ നേത്രങ്ങള്‍, ദൃഷ്ടികള്‍ الَّذِينَ كَفَرُوا അവിശ്വസിച്ചിട്ടുള്ളവരുടെ يَا وَيْلَنَا ഞങ്ങളുടെ നാശമേ قَدْ كُنَّا തീര്‍ച്ചയായും ഞങ്ങളായിരുന്നു, ആയിരുന്നുവല്ലോ فِي غَفْلَةٍ അശ്രദ്ധയില്‍ مِّنْ هَـٰذَا ഇതിനെക്കുറിച്ച് بَلْ كُنَّا അതല്ല (അത്രയുമല്ല) ഞങ്ങള്‍ ആയിരുന്നു ظَالِمِينَ അക്രമകാരികള്‍.

93-ാം വചനത്തില്‍, എല്ലാവരും നമ്മുടെ (അല്ലാഹുവിന്റെ) അടുക്കലേക്ക് മടങ്ങിവരുമെന്ന് പറഞ്ഞുവല്ലോ. അതിനെ ഒന്നുകൂടി ഊന്നിപ്പറയുകയാണ് 95-ാം വചനം ചെയ്യുന്നത്. ഇതിന് മുമ്പ് പല രാജ്യങ്ങളും പല ജനതയും നശിപ്പിക്കപ്പെട്ടിട്ടുണ്ട്. അവരെല്ലാം വിസ്മരിക്കപ്പെട്ടുപോയെന്നോ, അവരുടെ അവിശ്വാസത്തെയും നിഷേധത്തെയും കുറിച്ചു ചോദ്യം ചെയ്യപ്പെടുകയില്ലെന്നോ വിചാരിക്കേണ്ടതില്ല. അവരാരും തന്നെ അല്ലാഹുവിങ്കലേക്ക്‌ മടങ്ങിവരാതിരിക്കുവാന്‍ നിവൃത്തിയില്ല. എല്ലാവരും മടങ്ങിവരികയും ചോദ്യംചെയ്യപ്പെടുകയും ചെയ്യും എന്ന് സാരം. ഈ വചനം ഇങ്ങിനെയും വ്യാഖ്യാനിക്കപ്പെടുന്നു: ‘അല്ലാഹു നശിപ്പിക്കുവാന്‍ പോകുന്ന – ഉദ്ദേശിക്കുന്ന – ഏതു ജനതയാകട്ടെ, അവര്‍ക്കു് സല്‍ബുദ്ധിതോന്നി സത്യത്തിലേക്ക് മടങ്ങുകയെന്ന കാര്യം ഉണ്ടാവാത്തതാണ്. അഥവാ, അത്തരത്തിലുള്ളവരെമാത്രമേ അവന്‍ നശിപ്പിക്കുകയുള്ളു.’ മൂന്നാമതൊരു വ്യാഖ്യാനവും ഇവിടെയുണ്ട്: ‘അല്ലാഹു നശിപ്പിച്ചുകളഞ്ഞിട്ടുള്ള ഏതു ജനതയും എനി ഭൂലോകത്തേക്കു് മടങ്ങിവരികയില്ല എന്ന കാര്യം ഖണ്ഡിതമാണ്’ എന്നാണത്. ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ ഈ മൂന്നു വ്യാഖ്യാനങ്ങളില്‍ ഓരോന്നും സ്വീകരിച്ചു കാണാം. ‘മടങ്ങിവരിക’ എന്നതിനെ വ്യാഖ്യാനിക്കുന്നതില്‍നിന്നാണ് ഈ മൂന്നഭിപ്രായവും ഉടലെടുക്കുന്നത്. പരലോകത്തേക്കുള്ള മടക്കം, സത്യത്തിലേക്കുള്ള മടക്കം, ഇഹലോകത്തിലേക്കുള്ള മടക്കം, ഇവയില്‍ ഏതു മടക്കമാണ് ഉണ്ടാവുകയില്ലെന്നു പറയുന്നത്? ഇതാണ് അവയുടെ പശ്ചാത്തലം. ഏതായാലും ഉദ്ദേശ്യം വ്യക്തമാണല്ലോ.

മനുഷ്യന്റെ ഭിന്നിപ്പും, ദുരവസ്ഥയും ഒരു അതിര്‍ത്തിവരെ മാത്രമേ നിലനില്‍ക്കുകയുള്ളു. അതിതാ, അവസാനിക്കാറായി; ‘യാജൂജുമാജൂജു’ (*) തുറന്ന് വിടപ്പെടാറായി. അവര്‍ പുറത്തുവന്നാലാകട്ടെ, ഭൂമിയില്‍ എല്ലാ മുക്കിലും, മൂലയിലും അവര്‍ പാഞ്ഞെത്തും; എല്ലാ മാര്‍ഗ്ഗത്തില്‍കൂടിയും അവര്‍ നുഴഞ്ഞുകടക്കും; നാട്ടില്‍ കുഴപ്പവും അരാജകത്വവും പരത്തും. മനുഷ്യരില്‍ അവശേഷിച്ചിരിക്കുന്ന ധാര്‍മ്മികബോധവും വിശ്വാസവും നശിപ്പിക്കുകയാണവര്‍ ചെയ്യുക. ലോകാവസാനത്തിന്റെ അടുപ്പത്തെ കാണിക്കുന്ന ഒരു അടയാളമാണ് അവരുടെ പുറപ്പാട്. അങ്ങിനെ, അധികം താമസിയാതെ പെട്ടെന്നൊരിക്കല്‍ ആ യഥാര്‍ത്ഥസംഭവം – അതെ, ലോകത്തിന്റെ അന്ത്യസമയം – വന്നെത്തുകയും ചെയ്യും. അതോടുകൂടി അവധി അവസാനിക്കുന്നു; യാതൊരു ആശക്കും പഴുതില്ലാതാകുന്നു; നിഷേധവും അവിശ്വാസവുമായി നടക്കുന്നവരും കണ്ണുതുറക്കുന്നു; അളവില്ലാത്ത കഷ്ടനഷ്ടങ്ങള്‍ക്ക് അവര്‍ വിധേയമാകുന്നു! അപ്പോള്‍, തങ്ങള്‍ക്കു പിഴച്ചുപോയെന്നു് എല്ലാവര്‍ക്കും ബോധംവരും! കുറ്റം ഏറ്റുപറഞ്ഞ് മുറവിളികൂട്ടുകയും ചെയ്യും! പക്ഷേ, ഫലമെന്ത്?! അല്ലാഹു നമ്മെ കാക്കട്ടെ! ആമീന്‍. അവരോട് പറയപ്പെടുന്നത് താഴെ പറയും പ്രകാരമായിരിക്കും:


(*). യാജൂജുമാജൂജിനെക്കുറിച്ച് സൂ: അല്‍കഹ്ഫിലും തുടര്‍ന്നുള്ള 2-ാം വ്യാഖ്യാനക്കുറിപ്പിലും പ്രസ്താവിച്ചിട്ടുണ്ട്.

21:98
  • إِنَّكُمْ وَمَا تَعْبُدُونَ مِن دُونِ ٱللَّهِ حَصَبُ جَهَنَّمَ أَنتُمْ لَهَا وَٰرِدُونَ ﴾٩٨﴿
  • '(അവിശ്വാസികളേ) നിശ്ചയമായും നിങ്ങളും, അല്ലാഹുവിനു പുറമെ നിങ്ങള്‍ ആരാധിക്കുന്നവയും (എല്ലാം തന്നെ) നരകത്തിന്റെ ഇന്ധനമായിരിക്കും; നിങ്ങള്‍ അതിലേക്കു വന്നു ചേരുന്നവരാകുന്നു.'
  • إِنَّكُمْ നിശ്ചയമായും നിങ്ങള്‍ وَمَا تَعْبُدُونَ നിങ്ങള്‍ ആരാധിക്കുന്നവയും مِن دُونِ اللَّـهِ അല്ലാഹുവിനു പുറമെ حَصَبُ جَهَنَّمَ ജഹന്നമി (നരകത്തി)ന്റെ ഇന്ധനമാണ്, വിറകാണ്, എറിയപ്പെടുന്നതാണ് أَنتُمْ നിങ്ങള്‍ لَهَا അതിലേക്കു وَارِدُونَ വന്നുചേരുന്നവരാണ്, വരുന്നവരാണ്
21:99
  • لَوْ كَانَ هَـٰٓؤُلَآءِ ءَالِهَةً مَّا وَرَدُوهَا ۖ وَكُلٌّ فِيهَا خَـٰلِدُونَ ﴾٩٩﴿
  • ഇക്കൂട്ടര്‍ (യഥാര്‍ത്ഥത്തില്‍) ആരാധ്യന്‍മാരായിരുന്നുവെങ്കില്‍ അതില്‍ [നരകത്തില്‍] അവര്‍ വന്നുചേരുകയില്ലായിരുന്നു; എല്ലാവരും അതില്‍ നിത്യവാസികളുമായിരിക്കുന്നതാണ്.
  • لَوْ كَانَ ആയിരുന്നുവെങ്കില്‍ هَـٰؤُلَاءِ ഇക്കൂട്ടര്‍, ഇവര്‍ آلِهَةً ആരാധ്യന്മാര്‍, ദൈവങ്ങള്‍ مَّا وَرَدُوهَا അവര്‍ അതില്‍ വന്നുചേരുന്നതല്ല, അതില്‍ വരികയില്ല وَكُلٌّ എല്ലാവരും فِيهَا അതില്‍ خَالِدُون നിത്യവാസികളാണു, ശാശ്വതന്‍മാരാണ്
21:100
  • لَهُمْ فِيهَا زَفِيرٌ وَهُمْ فِيهَا لَا يَسْمَعُونَ ﴾١٠٠﴿
  • അതില്‍ അവര്‍ക്ക് ദീര്‍ഘശ്വാസം [ഏക്കം] ഉണ്ടായിരിക്കും; അതില്‍വെച്ചു അവര്‍ കേള്‍ക്കുകയുമില്ല.
  • لَهُمْ അവര്‍ക്കുണ്ടായിരിക്കും فِيهَا അതില്‍ زَفِيرٌ ദീര്‍ഘശ്വാസം, ഏക്കംവലി, നെടുവീര്‍പ്പ് وَهُمْ അവര്‍, അവരാകട്ടെ فِيهَا അതില്‍വെച്ച് لَا يَسْمَعُونَ കേള്‍ക്കുന്നതല്ല

നരകത്തില്‍ കത്തിക്കപ്പെടുന്ന വിറക് മനുഷ്യരും കല്ലുമാണെന്ന് (وَقُودُهَا النَّاسُ وَالْحِجَارَةُ – لبقرة:٢٤) എന്നു സൂ: അല്‍ബഖറഃയില്‍ അല്ലാഹു പ്രസ്താവിച്ചിട്ടുണ്ട്. വിഗ്രഹങ്ങള്‍, പ്രതിമകള്‍ മുതലായവ ആരാധ്യവസ്തുക്കളാണ് കല്ലുകൊണ്ടുദ്ദേശ്യം. ഇതുമൂലം, ആരാധകന്‍മാരുടെ ശിക്ഷക്കു കാഠിന്യം വരുത്തലും, അവര്‍ക്കു പരിഹാസവും സ്വൈര്യക്കേടും വര്‍ദ്ധിപ്പിക്കലും ഉണ്ടായിത്തീരുന്നു. എനി, ആരാധിക്കപ്പെട്ടു വന്നിരുന്നത് സദ്‌വൃത്തരായ മനുഷ്യരോ, മലക്കുകളോ ആണെന്ന് വെക്കുക: അവര്‍ നരകശിക്ഷയില്‍ നിന്നു ഒഴിവാക്കപ്പെടുന്നവരാണെന്ന് പറയേണ്ടതില്ലല്ലോ. അടുത്ത വചനത്തില്‍ അതിനെപ്പറ്റി പ്രസ്താവിക്കുന്നുമുണ്ട്. നേരെമറിച്ച് തങ്ങളെ ആരാധിക്കണമെന്ന് മറ്റുള്ളവരോട് ആവശ്യപ്പെട്ടിരുന്ന ആരാധ്യന്‍മാരാണെന്നിരിക്കട്ടെ: അവര്‍ ആരാധകന്‍മാരെക്കാളധികം ശിക്ഷാര്‍ഹരുമായിരിക്കും. 29-ാം വചനത്തില്‍ ഇതും വ്യക്തമായി പറഞ്ഞിരിക്കുന്നുവല്ലോ. നരകത്തില്‍വെച്ചു അവര്‍ കേള്‍ക്കുകയില്ല എന്നു പറഞ്ഞത് അതിലെ ശിക്ഷയുടെ കാഠിന്യത്തെയും ഗൗരവത്തെയുമാണ് കുറിക്കുന്നത്.

21:101
  • إِنَّ ٱلَّذِينَ سَبَقَتْ لَهُم مِّنَّا ٱلْحُسْنَىٰٓ أُو۟لَـٰٓئِكَ عَنْهَا مُبْعَدُونَ ﴾١٠١﴿
  • നിശ്ചയമായും, യാതൊരു കൂട്ടര്‍ക്കു നമ്മുടെ പക്കല്‍നിന്ന് സല്‍വാര്‍ത്ത മുന്‍കഴിഞ്ഞിരിക്കുന്നുവോ ആ കൂട്ടരാകട്ടെ, അവര്‍ അതില്‍ [നരകത്തില്‍] നിന്ന് ദൂരത്താക്കപ്പെടുന്നവരാകുന്നു;-
  • إِنَّ الَّذِينَ നിശ്ചയമായും യാതൊരു കൂട്ടര്‍ سَبَقَتْ لَهُم അവര്‍ക്കു മുന്‍കഴിഞ്ഞിരിക്കുന്നു (അങ്ങിനെയുള്ള) مِّنَّا നമ്മുടെ പക്കല്‍നിന്നു الْحُسْنَىٰ സല്‍വാര്‍ത്ത, ഏറ്റവും നല്ലതു أُولَـٰئِكَ അക്കൂട്ടര്‍ عَنْهَا അതില്‍നിന്നു مُبْعَدُونَ ദൂരത്താക്കപ്പെടുന്നവരായിരിക്കും
21:102
  • لَا يَسْمَعُونَ حَسِيسَهَا ۖ وَهُمْ فِى مَا ٱشْتَهَتْ أَنفُسُهُمْ خَـٰلِدُونَ ﴾١٠٢﴿
  • അതിന്റെ ഒച്ചപ്പാട് (പോലും) അവര്‍ കേള്‍ക്കുകയില്ല; അവരാകട്ടെ, തങ്ങളുടെ മനസ്സുകള്‍ ഇച്ഛിക്കുന്നതെന്തോ അതില്‍ നിത്യവാസം കൊള്ളുന്നവരുമാണ്.
  • لَا يَسْمَعُونَ അവര്‍ കേള്‍ക്കയില്ല حَسِيسَهَا അതിന്റെ ഒച്ചപ്പാട് وَهُمْ അവര്‍, അവരകാട്ടെ فِيمَا اشْتَهَتْ ഇച്ഛിച്ചതില്‍, ആശിച്ചതില്‍ أَنفُسُهُمْ അവരുടെ മനസ്സുകള്‍ خَالِدُونَ നിത്യവാസികളായിരിക്കും.
21:103
  • لَا يَحْزُنُهُمُ ٱلْفَزَعُ ٱلْأَكْبَرُ وَتَتَلَقَّىٰهُمُ ٱلْمَلَـٰٓئِكَةُ هَـٰذَا يَوْمُكُمُ ٱلَّذِى كُنتُمْ تُوعَدُونَ ﴾١٠٣﴿
  • (ആ) മഹാവിഭ്രമം അവരെ വ്യസനിപ്പിക്കുകയില്ല; മലക്കുകള്‍ അവരെ എതിരേല്‍ക്കുകയും ചെയ്യും: 'ഏതൊരു ദിവസത്തെക്കുറിച്ച് നിങ്ങളോട് വാഗ്ദാനം ചെയ്യപ്പെട്ടിരുന്നുവോ, ഇതാണ് നിങ്ങളുടെ ആ ദിവസം!' എന്ന് (പറഞ്ഞുംകൊണ്ട്);-
  • لَا يَحْزُنُهُمُ അവരെ വ്യസനിപ്പിക്കുകയില്ല الْفَزَعُ വിഭ്രമം, ഭയം, നടുക്കം الْأَكْبَرُ അതിമഹത്തായ, വളരെ വമ്പിച്ച وَتَتَلَقَّاهُمُ അവരെ എതിരേല്‍ക്കുകയും ചെയ്യും الْمَلَائِكَةُ മലക്കുകള്‍ هَـٰذَا يَوْمُكُمُ ഇതാ, നിങ്ങളുടെ ദിവസം الَّذِي യാതൊരു (ദിവസം) كُنتُمْ നിങ്ങളായിരുന്നു تُوعَدُونَ നിങ്ങളോടു വാഗ്ദാനം ചെയ്യപ്പെട്ടിരുന്നു.
21:104
  • يَوْمَ نَطْوِى ٱلسَّمَآءَ كَطَىِّ ٱلسِّجِلِّ لِلْكُتُبِ ۚ كَمَا بَدَأْنَآ أَوَّلَ خَلْقٍ نُّعِيدُهُۥ ۚ وَعْدًا عَلَيْنَآ ۚ إِنَّا كُنَّا فَـٰعِلِينَ ﴾١٠٤﴿
  • ഗ്രന്ഥങ്ങളുടെ ഏടുകള്‍ ചുരുട്ടുന്നപ്രകാരം ആകാശത്തെ നാം ചുരുട്ടുന്ന ദിവസം! നാം ആദ്യത്തെ സൃഷ്ടിക്കല്‍ തുടങ്ങിയതുപോലെത്തന്നെ അതിനെ നാം മടക്കി സൃഷ്ടിക്കുന്നതാണ്; നമ്മുടെ മേലുള്ള [ചുമതലപ്പെട്ട] ഒരു വാഗ്ദത്തമത്രെ! (അതിനു മാറ്റമില്ല.) നിശ്ചയമായും നാം (ഇങ്ങിനെയെല്ലാം) പ്രവര്‍ത്തിക്കുന്നവരാകുന്നു.
  • يَوْمَ نَطْوِي നാം ചുരുട്ടുന്ന ദിവസം السَّمَاءَ ആകാശത്തെ كَطَيِّ السِّجِلِّ എടുകളെ, കഷ്ണങ്ങളെ ചുരുട്ടുന്നപോലെ لِلْكُتُبِ ഗ്രന്ഥങ്ങളുടെ كَمَا بَدَأْنَا നാം തുടങ്ങിയതുപ്രകാരം أَوَّلَ خَلْقٍ ആദ്യസൃഷ്ടിപ്പു, സൃഷ്ടിപ്പിന്റെ ആദ്യം نُّعِيدُهُ നാം അതിനെ മടക്കും, മടക്കി സൃഷ്ടിക്കും وَعْدًا വാഗ്ദത്തം, കരാര്‍ عَلَيْنَا നമ്മുടെമേലുള്ള, നമുക്കു ബാധ്യതയുള്ള, ചുമതലപ്പെട്ട إِنَّا كُنَّا നിശ്ചയമായും നാമാകുന്നു فَاعِلِينَ ചെയ്യുന്നവര്‍, പ്രവര്‍ത്തിക്കുന്നവര്‍

الْحُسْنَىٰ എന്ന വാക്കിന്റെ ഉദ്ദേശ്യാര്‍ത്ഥമാണ് ‘സല്‍വാര്‍ത്ത’ എന്നു് കണ്ടത്. ‘ഏറ്റവും നല്ലത്’ എന്നാണ് വാക്കര്‍ത്ഥം. വിജയവും നല്ല പ്രതിഫലവും ലഭിക്കുമെന്നു് അല്ലാഹുവിങ്കല്‍നിന്നു് മുമ്പേ ഉണ്ടായിട്ടുള്ള സന്തോഷവാര്‍ത്തക്ക് അര്‍ഹരായിത്തീര്‍ന്ന സജ്ജനങ്ങള്‍ നരകശിക്ഷയുടെ യാതൊരു അനുഭവവും ഏല്‍ക്കേണ്ടി വരികയില്ല. അവര്‍ എന്തെല്ലാം ഇച്ഛിക്കുന്നുവോ അതെല്ലാം അവര്‍ക്ക് പരിപൂര്‍ണ്ണമായി ലഭിച്ചുകൊണ്ടിരിക്കുന്ന സ്വര്‍ഗ്ഗത്തില്‍ നിത്യസുഖം അനുഭവിക്കുകയാണവര്‍ ചെയ്യുക. മാത്രമല്ല, ഖിയാമത്തുനാളില്‍ മനുഷ്യരെയെല്ലാം എഴുന്നേല്‍പ്പിച്ച് കൊണ്ടുവരുമ്പോഴുണ്ടാകുന്ന ഏറ്റവും ഭയങ്കരമായ ആ വിഭ്രമവും അവരെ അലട്ടുകയില്ല. ‘നിങ്ങള്‍ക്ക് വിജയവും ഉത്തമമായ പ്രതിഫലവും നല്കപ്പെടുമെന്നു് വാഗ്ദാനം ചെയ്യപ്പെട്ട ദിവസം ഇതാ – ഇതാണ്’ എന്നു് പറഞ്ഞ് അനുമോദിച്ചുകൊണ്ട് മലക്കുകള്‍ അവരെ എതിരേറ്റു സ്വീകരിക്കുകയും ചെയ്യും. അല്ലാഹു പറയുന്നു:-

(وَيَوْمَ يُنفَخُ فِي الصُّورِ فَفَزِعَ مَن فِي السَّمَاوَاتِ وَمَن فِي الْأَرْضِ إِلَّا مَن شَاءَ اللَّـهُ – (النمل : ٨٧

(കാഹളത്തില്‍ ഊതപ്പെടുന്ന ദിവസം! അപ്പോള്‍ ആകാശങ്ങളിലുള്ളവരും, ഭൂമിയിലുള്ളവരും വിഭ്രമിച്ചു പോകും – അല്ലാഹു ഉദ്ദേശിച്ചവരൊഴികെ. (സൂ: നംല്‍). മേല്‍പറഞ്ഞ സജ്ജനങ്ങള്‍ ഈ ഒഴിവാക്കപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. അല്ലാഹുവിനെ റബ്ബായി സ്വീകരിച്ചുകൊണ്ട് നേര്‍വഴിക്കു് ചരിക്കുന്നവര്‍ക്ക് നല്‍കുന്ന സന്തോഷവാര്‍ത്തകളുടെ കൂട്ടത്തില്‍ അല്ലാഹു ഇപ്രകാരം അരുളിച്ചെയ്യുന്നു:

(وَلَكُمْ فِيهَا مَا تَشْتَهِي أَنفُسُكُمْ وَلَكُمْ فِيهَا مَا تَدَّعُونَ – (فصلت :٣١

(നിങ്ങളുടെ മനസ്സുകള്‍ ഇച്ഛിക്കുന്നതെന്തോ അതെല്ലാം നിങ്ങള്‍ക്കിവിടെ – സ്വര്‍ഗ്ഗത്തില്‍ – ഉണ്ട്; നിങ്ങള്‍ എന്താവശ്യപ്പെടുന്നുവോ അതും അവിടെ നിങ്ങള്‍ക്കുണ്ട്‌. (41:31).

ആ മഹാ വിഭ്രമദിവസം (يَوْم الْفَزَعُ الْأَكْبَرُ) ഏതാണെന്നു് 104-ാം വചനം വ്യക്തമാക്കുന്നു: ഒരു എഴുത്തുകാരന്‍ ഗ്രന്ഥത്തിന്റെ ഏടു ചുരുട്ടിപ്പിടിക്കുന്നത്ര ലളിതമായനിലയില്‍ അല്ലാഹു ആകാശത്തെ – അതിലുള്ള സര്‍വ്വ വസ്തുക്കളുമടക്കം – ചുരുട്ടിപ്പിടിക്കുന്ന ആ മഹാദിനമത്രെ അത്. അതെ, ഖിയാമത്തുനാള്‍. ആകാശങ്ങളും, കോടാനുകോടി വന്‍ഗോളങ്ങളുമടങ്ങുന്ന ഈ അഖിലാണ്ഡത്തിന്റെ ഇന്നത്തെ നിലയെല്ലാം അന്നു് മാറിപ്പോകുന്നു. ഈ വ്യവസ്ഥിതി മറ്റൊരു പുതിയ വ്യവസ്ഥ ഉടലെടുക്കുന്നു. അതെല്ലാം, ആദ്യം ശൂന്യതയില്‍നിന്നു് സൃഷ്‌ടിച്ച സര്‍വ്വശക്തന്‍ വീണ്ടും അവയെ പുതിയൊരു സൃഷ്ടിയായി മാറ്റുന്നു! ഇതെല്ലാം വെറുതെയങ്ങ്‌ പറയുന്നതല്ല. ഉറപ്പും ഖണ്ഡിതവുമായ തീരുമാനമത്രെ. إِنَّا كُنَّا فَاعِلِينَ (നിശ്ചയമായും നാം ഇങ്ങിനെയെല്ലാം പ്രവര്‍ത്തിക്കുന്നവരാണ്). അതിലൊട്ടും സംശയമില്ല.

21:105
  • وَلَقَدْ كَتَبْنَا فِى ٱلزَّبُورِ مِنۢ بَعْدِ ٱلذِّكْرِ أَنَّ ٱلْأَرْضَ يَرِثُهَا عِبَادِىَ ٱلصَّـٰلِحُونَ ﴾١٠٥﴿
  • തീര്‍ച്ചയായും, ഭൂമിയെ, എന്റെ സദ്‌വൃത്തന്മാരായ അടിയാന്മാര്‍ അനന്തരമെടുക്കുന്നതാണെന്നു് (ആ) 'പ്രമാണ'ത്തിനുശേഷം, 'സബൂറില്‍' നാം രേഖപ്പെടുത്തിയിട്ടുണ്ട്.
  • وَلَقَدْ كَتَبْنَا തീര്‍ച്ചയായും നാം രേഖപ്പെടുത്തിയിരിക്കുന്നു, എഴുതിയിരിക്കുന്നു فِي الزَّبُورِ സബൂറില്‍ مِن بَعْدِ الذِّكْرِ പ്രമാണത്തിനുശേഷം أَنَّ الْأَرْضَ നിശ്ചയമായും ഭൂമി (ആണെന്നു) يَرِثُهَا അതിനെ അനന്തരമെടുക്കും (എന്നു) عِبَادِيَ എന്റെ അടിയാന്‍മാര്‍ الصَّالِحُونَ സദ്‌വൃത്തരായ, നല്ലവരായ
21:106
  • إِنَّ فِى هَـٰذَا لَبَلَـٰغًا لِّقَوْمٍ عَـٰبِدِينَ ﴾١٠٦﴿
  • നിശ്ചയമായും, ഇതില്‍ [ഇപ്പറഞ്ഞതില്‍] ആരാധന ചെയ്യുന്ന ജനങ്ങള്‍ക്ക് സന്ദേശമുണ്ട്.
  • إِنَّ فِي هَـٰذَا നിശ്ചയമായും ഇതിലുണ്ട് لَبَلَاغًا സന്ദേശം لِّقَوْمٍ ജനങ്ങള്‍ക്കു عَابِدِينَ ആരാധന ചെയ്യുന്ന, ആരാധനക്കാരായ
21:107
  • وَمَآ أَرْسَلْنَـٰكَ إِلَّا رَحْمَةً لِّلْعَـٰلَمِينَ ﴾١٠٧﴿
  • (നബിയേ,) ലോകത്തുള്ളവര്‍ക്കു് (മുഴുവന്‍) കാരുണ്യമായിട്ടല്ലാതെ നിന്നെ നാം അയച്ചിട്ടില്ല.
  • وَمَا أَرْسَلْنَاكَ നിന്നെ നാം അയച്ചിട്ടില്ല إِلَّا رَحْمَةً കാരുണ്യമായിട്ടല്ലാതെ لِّلْعَالَمِينَ ലോകര്‍ക്കു, ലോകത്തുള്ളവര്‍ക്ക്.

ഇവയില്‍ ഒന്നാമത്തെ വചനത്തിലെ ചില വാക്കുകളെ സംബന്ധിച്ച് അല്പം വിവരിക്കേണ്ടതുണ്ട്. എന്നാല്‍ മാത്രമേ അതിന്റെ ഉദ്ദേശ്യം മനസ്സിലാക്കുവാന്‍ നിവൃത്തിയുള്ളു. ‘പ്രമാണം’ എന്നര്‍ത്ഥം കല്‍പിച്ചിട്ടുള്ള ذِّكْر (ദിക്ര്‍) എന്ന പദത്തിന് ‘സ്മരണ, ഉപദേശം, ഉല്‍ബോധനം, പ്രസ്താവന’ എന്നൊക്കെ അര്‍ത്ഥം വരാവുന്നതാണ്. ഖുര്‍ആനെയും, മറ്റു വേദഗ്രന്ഥങ്ങളെയും ഉദ്ദേശിച്ച് ഈ പദം ഉപയോഗിക്കാറുണ്ട്. ഇവിടെ അതുകൊണ്ട് ഉദ്ദേശ്യം അല്ലാഹുവിന്റെ ജ്ഞാനരേഖയാണെന്നാണ് മുന്‍ഗാമികളും പിന്‍ഗാമികളുമായ പല മുഫസ്സിറുകളും പറയുന്നത്. ആ രേഖയാണ് أُمُّ الْكِتَاب (മൂലഗ്രന്ഥം) എന്നും, اَلْلَوْحُ الْمَحْفُوظ (സൂക്ഷിക്കപ്പെട്ട ഫലകം) എന്നുമുള്ള പേരുകളില്‍ അറിയപ്പെടുന്നത്. മൂസാ (عليه السلام) നബിക്ക് ഇറക്കപ്പെട്ട തൗറാത്താണ് ഇവിടെ ഉദ്ദേശ്യമെന്നും ചില മുഫസ്സിറുകള്‍ പറയുന്നുണ്ട്. ‘ഗ്രന്ഥം, ഏട്’ എന്നീ അര്‍ത്ഥങ്ങള്‍ക്കു വരുന്ന ഒരു പദമാണ് زَّبُور (സബൂര്‍). ദാവൂദ് (عليه السلام) നബിയുടെ വേദഗ്രന്ഥത്തിനുള്ള പ്രത്യേക പേരായും ‘സബൂര്‍’ എന്നു പറയപ്പെടും. ഇവിടെ അതുകൊണ്ടുദ്ദേശ്യം പൊതുവിലുള്ള ഏടുകള്‍ – അഥവാ ദൈവികഗ്രന്ഥങ്ങള്‍ – ആകുന്നുവെന്നാണ് അധിക വ്യാഖ്യാതാക്കളും പറയുന്നത്. ചിലര്‍, ദാവൂദ് (عليه السلام) നബിയുടെ ഏടാണെന്നും പറയുന്നു. അപ്പോള്‍ وَلَقَدْ كَتَبْنَا فِي الزَّبُورِ مِن بَعْدِ الذِّكْرِ എന്ന വാക്യത്തിനു ഒന്നാമത്തെ അഭിപ്രായം അനുസരിച്ചു അല്ലാഹുവിന്റെ ജ്ഞാനമാകുന്ന മൂലപ്രമാണത്തില്‍ രേഖപ്പെടുത്തിയതിനു പുറമെ, പ്രവാചകന്‍മാരുടെ വേദഗ്രന്ഥങ്ങളിലും രേഖപ്പെടുത്തിയിട്ടുണ്ട് എന്ന് സാരമാകുന്നു. രണ്ടാമത്തെ അഭിപ്രായപ്രകാരം, മൂസാ (عليه السلام) നബിയുടെ തൗറാത്തില്‍ രേഖപ്പെടുത്തിയതിനു പുറമെ ദാവൂദ് (عليه السلام) നബിയുടെ സബൂറിലും രേഖപ്പെടുത്തിയിട്ടുണ്ട് എന്നും സാരം.

എനി, الْأَرْض (ഭൂമി) എന്ന പദം കൊണ്ടുദ്ദേശ്യം, നമ്മുടെ ഈ ഭൂമി തന്നെയാണെന്നാണ് അധികപക്ഷത്തിന്റെയും അഭിപ്രായം. വാക്കിന്റെ പ്രത്യക്ഷാര്‍ത്ഥവും അതുതന്നെ. സ്വര്‍ഗ്ഗഭൂമിയാണ്‌ ഉദ്ദേശ്യമെന്നും, ശാം ഭൂമി (أَرْض الشام) ആണെന്നും പറയപ്പെട്ടിട്ടുണ്ട്. ഇതിനെല്ലാം ഓരോവിധ തെളിവുകളും ഉദ്ധരിക്കപ്പെടുന്നു. أَرْض (ഭൂമി) എന്ന വാക്കും, അനന്തരമെടുക്കുക (يَرِث) എന്ന വാക്കും സന്ദര്‍ഭോചിതം പല ഉദ്ദേശങ്ങളിലായി ഖുര്‍ആനില്‍ ഉപയോഗിച്ചിട്ടുള്ളതാണ് ഈ അഭിപ്രായങ്ങള്‍ക്കു കാരണം. എന്നാല്‍, താഴെ പറയുന്നതില്‍ നിന്ന് മേല്‍ കണ്ട ഭിന്നാര്‍ത്ഥങ്ങളില്‍ ഏതു സ്വീകരിച്ചാലും, അത് വാസ്തവവിരുദ്ധമായി അനുഭവപ്പെടുകയില്ല എന്നത് പ്രസ്താവ്യമാകുന്നു. ഇത് ഖുര്‍ആന്റെ അര്‍ത്ഥവിശാലതക്കും, സവിശേഷതക്കും ഒരു ഉദാഹരണമായിട്ടാണിരിക്കുന്നത്.

الصَّالِحُونَ (സദ്‌വൃത്തന്‍മാര്‍) ആരാണ്? തൊട്ട 106-ാം വചനത്തില്‍ നിന്നുതന്നെ മനസ്സിലാക്കാവുന്നതുപോലെ, അല്ലാഹുവോട് ഭയഭക്തിയുള്ള എല്ലാ ജനതയും പൊതുവില്‍ ഉദ്ദേശിക്കപ്പെട്ടിരിക്കുന്നുവെന്നും, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയും സത്യവിശ്വാസികളുമാണ് ഉദ്ദേശ്യമെന്നും, ഇങ്ങിനെ രണ്ടഭിപ്രായങ്ങളുണ്ട്‌. മൂന്നാമതൊരഭിപ്രായമുള്ളത്, കാലാനുസൃതമായ നിലയില്‍ ഭൂമിയുടെ ഭരണം കൊണ്ടുനടത്തുവാന്‍ പ്രാപ്തിയും പക്വതയുമുള്ളവരാരോ അവരാണ് എന്നത്രെ. ഈ പദത്തിന് ‘നല്ലവര്‍’ എന്നും, ‘പറ്റിയവര്‍’ അഥവാ ‘യോജിച്ചവര്‍’ എന്നും അര്‍ത്ഥം വരാവുന്നതാണ്.

എനി, നമുക്ക് മേലുദ്ധരിച്ച അര്‍ത്ഥവ്യത്യാസങ്ങളുടെ അടിസ്ഥാനത്തില്‍, 105-ാം വചനത്തിന്റെ താല്പര്യമെന്താണെന്ന് പരിശോധിക്കാം. സജ്ജനങ്ങളായ സത്യവിശ്വാസികള്‍ക്ക് പരലോകത്തു സ്വര്‍ഗ്ഗമുണ്ടെന്ന കാര്യത്തില്‍ സംശയമില്ല. അതുപോലെ, ഈ ഭൂമിയിലെ നേതൃത്വവും, പ്രാതിനിധ്യവും അവര്‍ക്കു തന്നെയാണെന്ന് നമ്മെ അറിയിക്കുകയാണ് ഈ വചനത്തിന്റെ താല്‍പര്യം ഇതിനെക്കുറിച്ച് സൂറത്തുന്നൂറിലും,സൂറത്തുല്‍ മുഅ്മിനിലും അല്ലാഹു പറയുന്നത് നോക്കുക:

(1). وَعَدَ اللَّـهُ الَّذِينَ آمَنُوا مِنكُمْ وَعَمِلُوا الصَّالِحَاتِ لَيَسْتَخْلِفَنَّهُمْ فِي الْأَرْضِ كَمَا اسْتَخْلَفَ الَّذِينَ مِن قَبْلِهِمْ وَلَيُمَكِّنَنَّ لَهُمْ دِينَهُمُ الَّذِي ارْتَضَىٰ لَهُمْ وَلَيُبَدِّلَنَّهُم مِّن بَعْدِ خَوْفِهِمْ أَمْنًا …. النور: ٥٥

(2). إِنَّا لَنَنصُرُ رُسُلَنَا وَالَّذِينَ آمَنُوا فِي الْحَيَاةِ الدُّنْيَا وَيَوْمَ يَقُومُ الْأَشْهَادُ : غافر (المؤمن)٥١

സാരം:

1. നിങ്ങളില്‍നിന്ന് വിശ്വസിക്കുകയും, സല്‍ക്കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരോട്: അവരുടെ മുമ്പുള്ളവര്‍ക്ക് പ്രാതിനിധ്യം (*) നല്‍കിയതുപോലെ, നിശ്ചയമായും ഭൂമിയില്‍ അവര്‍ക്ക് പ്രാതിനിധ്യം നല്‍കുന്നതാണെന്നും, അവര്‍ക്ക് തൃപ്തിപ്പെട്ടുകൊടുത്തിട്ടുള്ളതായ അവരുടെ മതത്തിന് സ്വാധീനം നല്‍കുന്നതാണെന്നും, അവര്‍ക്ക് ഭയത്തിനുശേഷം നിര്‍ഭയത്തെ പകരം നല്‍കുന്നതാണെന്നും അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു. (24: 55).


(*) പ്രാതിനിധ്യം കൊണ്ടുദ്ദേശ്യം അല്ലാഹുവിന്റെ അധികാരത്തിലുള്ള പ്രാതിനിധ്യമല്ല. സ്വാധീനത്തില്‍ ഒരു ജനതക്കുശേഷം മറ്റൊരു ജനത മാറിവന്നുകൊണ്ടിരിക്കുക എന്ന പിന്‍ഗാമിത്വമാകുന്നു. കൂടുതല്‍ വിവരം അല്‍ബഖറഃ 30ന്റെ വ്യാഖ്യാനത്തില്‍ വിവരിച്ചിട്ടുണ്ട്. മുഹമ്മദ്‌ അമാനി.


2. ഇഹലോകജീവിതത്തില്‍വെച്ചും, സാക്ഷികള്‍ നില്‍ക്കുന്ന ദിവസവും (അന്ത്യനാളിലും) നമ്മുടെ റസൂലുകളെയും, വിശ്വസിച്ചവരേയും നാം സഹായിക്കുന്നതാണ്. (40: 51).

സ്വര്‍ഗ്ഗഭൂമി സജ്ജനങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്നുള്ളത് അല്ലാഹുവിന്റെ മുമ്പേയുള്ള തീരുമാനമാണ്. സ്വര്‍ഗ്ഗസ്ഥരായ ആളുകള്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിച്ചശേഷം ഇപ്രകാരം പറയുന്നതായി സൂ: സുമറില്‍ അല്ലാഹു പറയുന്നു: ‘നമ്മോട് വാഗ്ദാനം സത്യമാക്കി (നിറവേറ്റി) ത്തന്ന അല്ലാഹുവിനത്രെ, സര്‍വ്വസ്തുതിയും! സ്വര്‍ഗ്ഗത്തില്‍ നിന്നും നാം ഉദ്ദേശിക്കുന്നിടത്ത് നമുക്ക് നിവസിക്കാവുന്നവിധത്തില്‍ (ഈ സ്വര്‍ഗ്ഗ) ഭൂമിയെ അവന്‍ നമുക്ക് അനന്തരമാക്കിത്തരുകയും ചെയ്തിരിക്കുന്നു….’ (وَقَالُوا الْحَمْدُ لِلَّـهِ الَّذِي صَدَقَنَا وَعْدَهُ وَأَوْرَثَنَا الْأَرْضَ نَتَبَوَّأُ مِنَ الْجَنَّةِ حَيْثُ نَشَاءُ … الزمر : ٧٤) . സ്വര്‍ഗ്ഗഭൂമി സജ്ജനങ്ങള്‍ക്കുവേണ്ടിമാത്രം സൃഷ്ടിക്കപ്പെട്ടതാകുന്നു. ഈ ഭൗതിക ഭൂമിയാകട്ടെ, സജ്ജനങ്ങളും, ദുര്‍ജ്ജനങ്ങളും അധീനപ്പെടുത്തുന്നത് നാം കാണുന്നു. 98 – 100 വചനങ്ങള്‍ ദുര്‍ജ്ജനങ്ങള്‍ക്കുള്ള നരകശിക്ഷയും, 101 മുതല്‍ക്കുള്ള വചനങ്ങള്‍ സജ്ജനങ്ങള്‍ക്കുള്ള സ്വര്‍ഗ്ഗീയഭാഗ്യവും വിവരിക്കുന്നു. അതിനെത്തുടര്‍ന്നാണ് ഈ വചനം സ്ഥിതി ചെയ്യുന്നത്. ഈ വസ്തുതകള്‍ ഈ വ്യാഖ്യാനത്തിന് ഉപോല്‍ബലമായ തെളിവുകളാകുന്നു. 106-ാം വചനം ഈ രണ്ട് വ്യാഖ്യാനത്തോടും യോജിക്കുന്നതുതന്നെ. സൂറത്തുല്‍ അഅ്റാഫില്‍ അല്ലാഹു പറയുന്നു: “ഭൂമി അല്ലാഹുവിന്റേതാണ്. അതിനെ അവന്റെ അടിയാന്‍മാരില്‍ അവന്‍ ഉദ്ദേശിക്കുന്നവര്‍ക്കു അവന്‍ അനന്തരമാക്കിക്കൊടുക്കുന്നു. ശുഭപര്യവസാനം (അന്ത്യവിജയം) ഭയഭക്തന്‍മാര്‍ക്കാണ്”.

إِنَّ الْأَرْضَ لِلَّـهِ يُورِثُهَا مَن يَشَاءُ مِنْ عِبَادِهِ ۖ وَالْعَاقِبَةُ لِلْمُتَّقِينَ : الأعراف:١٢٨

മേല്‍പറഞ്ഞ വ്യാഖ്യാനങ്ങളില്‍ ഏതു സ്വീകരിച്ചാലും അവതമ്മില്‍ പരസ്പരവൈരുദ്ധ്യമില്ല. സ്വര്‍ഗ്ഗഭൂമി സജ്ജനങ്ങള്‍ക്കുവേണ്ടി തയ്യാറാക്കപ്പെട്ടതാണ് (أُعِدَّتْ لِلْمُتَّقِينَ). അതില്‍ മറ്റാര്‍ക്കും പ്രവേശനവുമില്ല. സൂ: നൂറിലെ ആയത്തില്‍, ഭൂമിയിലെ പ്രാതിനിധ്യം നല്‍കുമെന്ന വാഗ്ദാനത്തെത്തുടര്‍ന്നു് പ്രസ്താവിച്ചിട്ടുള്ള ഉപാധികള്‍ മുസ്‌ലിം സമുദായത്തില്‍ നിലനിന്നു വരുന്നപക്ഷം, അവര്‍ തന്നെയായിരിക്കും – ഒരു കാലത്തുണ്ടായിരുന്നതുപോലെ – ഭൂമിയിലെ സ്വാധീനശക്തിയുള്ള കക്ഷിയായിരിക്കുക. അവരുടെ വിലവീര്യം അവര്‍ നിലനിറുത്താത്ത കാലത്തോളം, ഭൂമിയെ ഭരിക്കുവാന്‍ പ്രാപ്തിയും ശക്തിയുമുള്ളവരാരോ അവരിലേക്കു ഭരണനേതൃത്വം നീങ്ങുകയും ചെയ്യും. അതവര്‍ എന്നു വീണ്ടെടുക്കുന്നുവോ അന്നു് വീണ്ടും സ്വാധീനം അവര്‍ക്കു് ലഭിക്കുകയും ചെയ്യും. ഭരണ നേതൃത്വം ലഭിക്കലും, നഷ്ടപ്പെടലും ഒരു ദിവസംകൊണ്ട് ക്ഷിപ്രസാധ്യമാകുന്നതല്ല. അതിനുള്ള ഉപാധികള്‍ കൂടുകയും കുറയുകയും ചെയ്യുന്നതനുസരിച്ച് അതതിന്റെ ഫലങ്ങള്‍ അനുഭവപ്പെട്ടുകൊണ്ടിരിക്കും ‘അല്ലാഹുവിന്റെ നിയമനടപടിക്കു നീ യാതൊരു മാറ്റവും കാണുന്നതേയല്ല. وَلَن تَجِدَ لِسُنَّةِ اللَّـهِ تَبْدِيلًا : الفتح :٢٣

സൂറത്തുന്നൂറിലെ വാഗ്ദാനത്തെത്തുടര്‍ന്നു് പറയുന്ന ഉപാധികള്‍ ഇവയാണ്:-

يَعْبُدُونَنِى لَا يُشْرِكُونَ بِى شَيْـًٔا ۚ وَمَن كَفَرَ بَعْدَ ذَٰلِكَ فَأُو۟لَٰٓئِكَ هُمُ ٱلْفَٰسِقُونَ
وَأَقِيمُوا۟ ٱلصَّلَوٰةَ وَءَاتُوا۟ ٱلزَّكَوٰةَ وَأَطِيعُوا۟ ٱلرَّسُولَ لَعَلَّكُمْ تُرْحَمُونَ
النور : ٥٥,٥٦

(അവര്‍ എന്നോട് യാതൊന്നിനെയും പങ്കുചേര്‍ക്കാതെ എന്നെ ആരാധിച്ചുവരുന്നു. അതിന് (പ്രാതിനിധ്യം നല്‍കിയതിനു) ശേഷം, ആരെങ്കിലും നന്ദികേടു കാണിച്ചുവെങ്കില്‍, അവര്‍ തന്നെയാണ് തോന്നിയവാസികള്‍. നിങ്ങള്‍ നമസ്കാരം നിലനിറുത്തുകയും, ‘സകാത്തു’ കൊടുക്കുകയും, റസൂലിനെ അനുസരിക്കുകയും ചെയ്യുവിന്‍ – നിങ്ങള്‍ കരുണചെയ്യപ്പെട്ടേക്കുന്നതാണ്.) ഇതില്‍നിന്നു് കാര്യം വ്യക്തമാണല്ലോ. ഏതോ ചില വ്യക്തികള്‍ മാത്രം നന്നായതുകൊണ്ട് ആ വ്യക്തികള്‍ ഉള്‍ക്കൊള്ളുന്ന സമുദായത്തിന് ഭൂമിയിലെ സ്വാധീനശക്തി കൈവരുകയില്ല. സമുദയാത്തിന്റെ പൊതുനില ആയത്തില്‍ കാണിച്ചപ്രകാരം നന്നായിരിക്കുമ്പോഴാണ് അല്ലാഹുവിന്റെ വാഗ്ദാനം ലഭിക്കുവാന്‍ സമുദായത്തിന് അര്‍ഹതയുണ്ടാകുന്നത്. അതേസമയത്ത്, ഈ വചനത്തിലെ ഓരോ ഇനവും മുമ്പില്‍വെച്ചുകൊണ്ട് ഇന്നത്തെ മുസ്ലിംസമുദായത്തിന്റെ പൊതുനിലയൊന്നു പരിശോധിച്ചുനോക്കുക! ഹാ! വ്യസനകരം!

അല്ലാഹുവിന്റെ അടുക്കല്‍ സൂക്ഷിക്കപ്പെട്ടിട്ടുള്ള ആ മൂലരേഖ (اَلْلَوْحُ الْمَحْفُوظ) യില്‍ രേഖപ്പെടുത്തിയ ഈ വാഗ്ദാനത്തെക്കുറിച്ച് വിശുദ്ധ ഖുര്‍ആനില്‍ മേല്‍കണ്ടതുപോലെയുള്ള പല വചനങ്ങളും കാണാം. അത് ലോകാവസാനംവരെ എല്ലാവര്‍ക്കും കാണത്തക്കവണ്ണം അവശേഷിക്കുകയും ചെയ്യും. എന്നാല്‍, അനേകം മാറ്റത്തിരുത്തങ്ങള്‍ക്കു വിധേയമായിത്തീര്‍ന്ന തൗറാത്ത്, ഇഞ്ചീല്‍, സബൂര്‍ എന്നീ മുന്‍വേദഗ്രന്ഥങ്ങളിലും ഈ വാഗ്ദാനത്തിന്റെ സാക്ഷ്യങ്ങള്‍ ഇന്നും അവശേഷിക്കുന്നുണ്ട്. ഉദാഹരണമായി:-

സബൂറില്‍ ഇങ്ങിനെ കാണാം: ‘യഹോവാ (ദൈവ) ഭക്തനായ പുരുഷന്‍ ആര്‍? അവന്‍ തിരഞ്ഞെടുക്കേണ്ട വഴി താന്‍ അവന് കാണിച്ചുകൊടുക്കും. അവന്‍ സുഖത്തോടെ വസിക്കും. അവന്റെ സന്തതി ദേശത്തെ അവകാശമാക്കും. യഹോവായുടെ സഖിത്വം തന്റെ ഭക്തന്‍മാര്‍ക്കുണ്ടാകും…. (സങ്കീര്‍ത്തനങ്ങള്‍: 25ല്‍ 12 – 14.). ‘ദുഷ്പ്രവൃത്തിക്കാര്‍ ഛേദിക്കപ്പെടും. യഹോവയെ പ്രത്യാശിക്കുന്നവരോ ഭൂമിയെ കൈവശമാക്കും.’ (സങ്കീ: 37ല്‍ 9). തൗറാത്തില്‍ മൂസാ (عليه السلام) ദൈവത്തോട് പറയുന്നതായി ഇങ്ങിനെ കാണാം: ‘നിന്റെ ദാസന്‍മാരായ അബ്രഹാമിനെയും, യിസ്ഹാഖിനെയും, ഇസ്രാഈലിനെയും ഓര്‍ക്കേണമേ! ഞാന്‍ നിങ്ങളുടെ സന്തതിയെ ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെ വര്‍ദ്ധിപ്പിക്കുകയും, ഞാന്‍ അരുളിച്ചെയ്ത ഈ ദേശം ഒക്കെയും നിങ്ങളുടെ സന്തതിക്കു കൊടുക്കുകയും അവര്‍ അതിനെ എന്നെന്നേക്കും അവകാശമായി പ്രാപിക്കുകയും ചെയ്യുമെന്നു് നീ നിന്നെക്കൊണ്ടുതന്നെ അവരോട് സത്യം ചെയ്തുവല്ലോ.’ (പുറപ്പാടു: 32ല്‍ 13). ഇഞ്ചീലില്‍ ഇങ്ങിനെ പറയുന്നു: ‘ആത്മാവില്‍ ദരിദ്രരായവര്‍ (*) ഭാഗ്യവാന്‍മാര്‍, സ്വര്‍ഗ്ഗരാജ്യം അവര്‍ക്കുള്ളതു…. സൗമ്യതയുള്ളവര്‍ ഭാഗ്യവാന്‍മാര്‍. അവര്‍ ഭൂമി അവകാശമാക്കും’ (മത്തായി: 5ല്‍ 3-5).


(*) ആത്മാവില്‍ ദരിദ്രരായവര്‍ = Poor in Spirit.


മുസ്‌ലിംകളേ! സത്യവിശ്വാസമുള്ളവരേ! ചിന്തിച്ചു നോക്കുക. അല്ലാഹു, അവന്റെ വാഗ്ദത്തം എപ്പോഴും പാലിച്ചിട്ടുണ്ടെന്നു് നമുക്ക് കാണാം. ഈ സൂറത്തില്‍തന്നെ പറയപ്പെട്ട പ്രവാചകന്‍മാരുടെ ചരിത്രം ഓര്‍ത്തുനോക്കുക. ഓരോ പ്രവാചകനും ഏതേതു ഭാഗത്തേക്കുള്ള റസൂലായിരുന്നുവോ ആ നാട്ടില്‍ അവര്‍ക്കും, അവരുടെ അനുയായികള്‍ക്കും സ്വാധീനവും പ്രതാപവും ലഭിച്ചു. പിന്നീട്, അവരുടെശേഷം അവരുടെ സമുദായങ്ങള്‍ അച്ചടക്കത്തോടും, ദൈവബോധത്തോടും കൂടി ജീവിച്ചകാലം എത്രയായിരുന്നുവോ അക്കാലമത്രയും, ആ അവസ്ഥ നിലനില്‍ക്കുകയും ചെയ്തു. എന്നുമുതല്‍ അവര്‍ തങ്ങളുടെ പ്രവാചകന്‍മാരുടെ ശിക്ഷണവലയത്തില്‍നിന്നു് വിട്ടുപോകുവാന്‍ തുടങ്ങിയോ അതോടെ, അവര്‍ അന്യാധീനപ്പെടുവാനും തുടങ്ങി. ഇബ്രാഹീം നബിയുടെയും, മൂസാനബിയുടെയും, ദാവൂദ് നബിയുടെയും, സുലൈമാന്‍ നബിയുടെയും, ഈസാനബിയുടെയും, എന്നുവേണ്ട അറിയപ്പെടുന്ന എല്ലാ നബിമാരുടെയും (അല്ലാഹുവില്‍നിന്നും അവര്‍ക്കെല്ലാം സമാധാനവും ശാന്തിയും ഉണ്ടായിരിക്കട്ടെ!) സമുദായങ്ങളുടെ നില അതായിരുന്നു. രാജാക്കളും പ്രവാചകന്‍മാരും കൂടിയായിരുന്ന സുലൈമാന്‍ (عليه السلام) നബിയുടെയും, പിതാവിന്റെയും സമുദായങ്ങള്‍പോലും ഈ വിഷയത്തില്‍ വ്യത്യസ്തരായിരുന്നില്ല. ഇസ്രാഈല്യരുടെ ചരിത്രങ്ങള്‍ മറിച്ചുനോക്കുകയാണെങ്കില്‍, ഈ സ്ഥിതിമാറ്റത്തിനു എത്രയോ ഉദാഹരണങ്ങളുണ്ട്.

വേണ്ടാ, ദൂരെയൊന്നും പോകേണ്ടാ; നമ്മുടെ ചരിത്രം തന്നെ ഒന്ന് ഓര്‍ത്തുനോക്കുക. ഓരോ സംഭവവും, യാതൊരു കറയും കൂടാതെ തെളിഞ്ഞു കാണപ്പെടുന്ന ഒരു ചരിത്രമാണല്ലോ നമ്മുടേത്. ഹിജ്ര മുതല്‍ 10 കൊല്ലം കൊണ്ട്, ഏറെക്കുറെ 1800 നാഴിക തെക്കുവടക്കും, 1200 നാഴിക കിഴക്കുപടിഞ്ഞാറും നീണ്ടു കിടക്കുന്ന അറേബ്യാ ഉപഭൂഖണ്ഡം (*) മുഴുവനും മുസ്‌ലിംകള്‍ക്കു അധീനമായി. റോമാ സാമ്രാജ്യവും, പേര്‍ഷ്യന്‍ സാമ്രാജ്യവും തങ്ങളുടെ ഭാവിയെപ്പറ്റി ചിന്തിച്ചുകൊണ്ടിരിക്കുകയായിരുന്നു. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനി ഇഹലോകവാസം വെടിഞ്ഞതോടെ, അറേബ്യ ഏതാണ്ട് മുഴുവന്‍ ഭാഗത്തും ഒരേ സമയത്തുണ്ടായ കുഴപ്പം – അതെ, അറേബ്യന്‍ഗോത്രങ്ങള്‍ (#) മിക്കവാറും മതഭ്രഷ്ടരായിപ്പോയതുകൊണ്ട് നേരിട്ട വമ്പിച്ച കുഴപ്പം – അവസാനിക്കുവാന്‍ കുറേ മാസങ്ങള്‍ തന്നെ വേണ്ടിവന്നു. എന്നിട്ടും, അബൂബക്കര്‍ (رَضِيَ اللهُ تَعَالَى عَنْهُ) മരണമടയും മുമ്പായി ഇറാഖും, ശാമും മുസ്ലിംകളുടെ അധീനത്തില്‍ വന്നു. വെറും 2 1/4 വര്‍ഷമായിരുന്നു, ആ മഹാന്റെ ഖിലാഫത്തുകാലും. രണ്ട് വമ്പിച്ച മഹാശക്തികളോടും – ഏറെക്കുറെ അവരുടെ പട്ടാളത്തിന്റെ ഒന്നോ രണ്ടോ ശതമാനം മാത്രം വരുന്ന – മുസ്‌ലിംകള്‍ പൊരുതിക്കൊണ്ടിരിക്കുമ്പോള്‍, അദ്ദേഹം തന്റെ മരണശയ്യയില്‍ കിടന്നുകൊണ്ട് അടുത്ത പിന്‍ഗാമിയായ ഉമറിന് (رَضِيَ اللهُ تَعَالَى عَنْهُ) നല്‍കിയ ഉപദേശങ്ങളിലെ ചില വാചകങ്ങള്‍ ഇതായിരുന്നു:-


(*) പടം 8, 10, 11 നോക്കുക.
(#) പടം 11ല്‍ നോക്കുക.


‘ഉമറേ! അല്ലാഹുവിനോട് രാത്രി ചെയ്യേണ്ടുന്ന ചില കടമകളുണ്ട്: അവ പകല്‍ ചെയ്‌താല്‍ പോരാ, പകല്‍ ചെയ്യേണ്ടത് രാത്രിയും ചെയ്‌താല്‍ മതിയാവുകയില്ല. ഉമറേ! നിര്‍ബ്ബന്ധമായ കര്‍മ്മം നിര്‍വ്വഹിക്കാതെ ഐച്ഛികമായത് സ്വീകരിക്കപ്പെടുകയില്ല. ഉമറേ! ഖിയാമത്തുനാളില്‍ കര്‍മ്മങ്ങളുടെ തൂക്കങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നത് സത്യത്തെ പിന്‍പറ്റുകമൂലമാണ് സാധ്യമാവുക എന്നോര്‍ക്കണം. സന്തോഷത്തെയും, കാഠിന്യത്തെയും കുറിച്ചുള്ള (ഖുര്‍ആന്‍) ആയത്തുകള്‍, ഇടകലര്‍ന്നുകൊണ്ടാണ് അവതരിച്ചിട്ടുള്ളതെന്നു നിനക്ക് അറിഞ്ഞുകൂടേ? സത്യവിശ്വാസികള്‍ എപ്പോഴും ആവേശത്തിലും, ഭയപ്പാടിലും ആയിരിക്കുവാന്‍ വേണ്ടിയാണത്. ഉമറേ! അല്ലാഹു നരകക്കാരെപ്പറ്റി പ്രസ്താവിക്കുമ്പോള്‍ അവരുടെ ദുഷ്പ്രവര്‍ത്തികളെ എടുത്തു പറയാറുള്ളത് കാണുന്നില്ലേ! അതു കാണുമ്പോള്‍, അവരുടെ കൂട്ടത്തില്‍ ഞാന്‍ ഉള്‍പ്പെടരുതെന്ന് നീ ആശിക്കണം. സ്വര്‍ഗ്ഗക്കാരെപ്പറ്റി പറയുമ്പോള്‍, അവരുടെ സല്‍പ്രവൃത്തികളെയും എടുത്തുപറയുന്നത് കാണാം. അതു കാണുമ്പോള്‍, ഹാ! അവരുടെ കര്‍മ്മങ്ങളും, എന്റെ കര്‍മ്മങ്ങളുമായി എത്ര അകലമുണ്ട്?! എന്നും നീ പറയണം…..’ (അദ്ദേഹത്തിന്റെ ഈ മഹത്തായ ഉപദേശം നമുക്ക് പാഠമായിരിക്കട്ടെ. ആമീന്‍.)

അബൂബക്കര്‍ (رَضِيَ اللهُ تَعَالَى عَنْهُ) ചരമം പ്രാപിച്ചു. ഉമര്‍ (رَضِيَ اللهُ تَعَالَى عَنْهُ) രംഗത്തുവന്നു. പത്തുകൊല്ലം അദ്ദേഹം മുസ്ലിംകളുടെ ഭരണകര്‍ത്താവായി. അപ്പോഴേക്കും പേര്‍ഷ്യാരാജ്യം മുഴുവനും, റോമായുടെ അധികഭാഗങ്ങളും മുസ്ലിംകള്‍ക്കധീനമായി. ഇറാനും, ഖുറാസാനും, ഈജിപ്തും, ശാമും, ഇറാഖുമെല്ലാം മുസ്‌ലിം രാജ്യത്തില്‍ ലയിച്ചു. ഖുലഫാഉ -റാശിദീന്റെ 30 കൊല്ലക്കാലം കൊണ്ട് വിസ്തീര്‍ണ്ണത്തിലോ, ജനസംഖ്യയിലോ അതിനോടു കിടപിടിക്കുവാന്‍ ലോകത്തു മറ്റൊരു രാഷ്ട്രവും, ജനതയും ഇല്ലാതായി. അതിന്റെനേരെ വിരല്‍ചൂണ്ടുവാന്‍ അമുസ്‌ലിം രാഷ്ട്രങ്ങള്‍ പേടിച്ചു. തുര്‍ക്കിസ്ഥാന്‍വരെ കിഴക്കോട്ടും, തുനീസ്യാ (تونس) വരെ പടിഞ്ഞാട്ടും അര്‍മേനിയാ വരെ വടക്കോട്ടും, ഇസ്ലാമിന്റെ പതാക പാറിക്കളിച്ചിരുന്നു. തുടര്‍ന്നുകൊണ്ട് ഉമവീ ഖിലാഫത്തിലും, അബ്ബാസീഖിലാഫത്തിലുമായി ഇസ്ലാമിന്റെ വൃത്തം വീണ്ടും വീണ്ടും വികസിച്ചു. (*). അതെല്ലാം ഇവിടെ പ്രസ്താവിക്കേണ്ടതില്ല.


(*) പടം 7 നോക്കുക.


ചുരുക്കിപ്പറഞ്ഞാല്‍, മുസ്ലിംകളുടെ ചരിത്രത്തില്‍, ഈ ഖുര്‍ആന്‍ വചനത്തിന്റെ അര്‍ത്ഥവും, താല്‍പര്യവും തികച്ചും പ്രായോഗികമായി അനുഭവപ്പെട്ടു കഴിഞ്ഞതാണ്. നന്മയിലും, പാകതയിലും (الصلاح والصلاحية) അവര്‍ എപ്പോള്‍ പിന്നോക്കം വെക്കുവാന്‍ തുടങ്ങിയോ, സത്യനിഷ്ഠയിലും, ഭയഭക്തിയിലും അവരെപ്പോള്‍ പിന്‍ഗതിയിലായോ, ഐക്യത്തിലും സാമൂഹ്യമായ കെട്ടുറപ്പിലും അവരില്‍ എപ്പോള്‍ അഴവും വിടവും ഉണ്ടായിത്തീര്‍ന്നുവോ അതു മുതല്‍ക്കുതന്നെ, അവയുടെ വിപരീതഫലങ്ങള്‍ അവര്‍ അനുഭവിക്കുവാനും തുടങ്ങി. ഇത്രയും പറഞ്ഞതില്‍ നിന്ന് 106-ാം വചനത്തിലെ അര്‍ത്ഥഗര്‍ഭമായ ആശയം നമുക്ക് മനസ്സിലാക്കാം. അതെ, ‘നിശ്ചയമായും ഇതിൽ ആരാധകന്‍മാരായ ജനങ്ങള്‍ക്ക് സന്ദേശമുണ്ട്.’ إِنَّ فِي هَـٰذَا لَبَلَاغًا لِّقَوْمٍ عَابِدِينَ

മനുഷ്യജീവിതത്തിന്റെ വശങ്ങളായി ഏതെല്ലാം തുറകളുണ്ടോ അവയിലെല്ലാം, അവന് വേണ്ടുന്ന മാര്‍ഗ്ഗദര്‍ശനങ്ങള്‍ ചെയ്തുകൊടുപ്പാനായി അയക്കപ്പെട്ട അന്ത്യപ്രവാചകനാണ് പ്രവാചക ശ്രേഷ്ഠനായ മുഹമ്മദ്‌ (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനി. അവിടുത്തെ ദൗത്യം, കാലദേശവ്യത്യാസമില്ലാതെ മനുഷ്യസമുദായത്തിന് ആകമാനമുള്ളതാണ്. പാരത്രികകാര്യങ്ങള്‍ മാത്രമല്ല, ഐഹികകാര്യങ്ങളും, വ്യക്തിപരമായതു മാത്രമല്ല, സാമൂഹ്യവും, സാമുദായികവും – അങ്ങിനെ മനുഷ്യന്റെ എല്ലാ ജീവിതവശങ്ങളെ സ്പര്‍ശിക്കുന്ന കാര്യങ്ങളും – അവിടുന്ന് ഖുര്‍ആന്‍ മുഖേനയും, വാക്കുകളും പ്രവൃത്തികളുമാകുന്ന ചര്യകള്‍ മുഖേനയും ലോകത്തിന്റെ മുമ്പില്‍വെച്ചു. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യില്‍ വിശ്വസിച്ചിട്ടില്ലാത്ത ചിന്തകന്‍മാര്‍പോലും ഈ പരമാര്‍ത്ഥം – അതവര്‍ അനുഷ്ഠാനത്തില്‍ സ്വീകരിച്ചില്ലെങ്കിലും ശരി – സമ്മതിക്കുന്നു. ഇസ്ലാമിനുശേഷം ലോകത്തുണ്ടായിട്ടുള്ള സാക്ഷാല്‍ പുരോഗമനപരമായ എല്ലാ മാറ്റങ്ങളും ഇസ്ലാമിനോടു കടപ്പെട്ടവയത്രെ. മരണംവരെ സമാധാനത്തോടും, മര്യാദയോടും കൂടി കഴിഞ്ഞുകൂടുവാനും, മരണാനന്തരം കാലാകലത്തെ നരകശിക്ഷയില്‍നിന്ന് രക്ഷപ്പെട്ട് സ്വര്‍ഗ്ഗീയജീവിതം ലഭിക്കുവാനും വേണ്ടുന്ന മാര്‍ഗ്ഗദര്‍ശിയായി, ലോകാവസാനംവരെയുള്ള സകല പ്രശ്നങ്ങള്‍ക്കും പരിഹാരം കാണിച്ചുതരുന്ന വേദഗ്രന്ഥത്തോടുകൂടി, നിയോഗിക്കപ്പെട്ട നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനി ലോകര്‍ക്കെല്ലാം മഹത്തായ ഒരു അനുഗ്രഹംതന്നെ. അവിടുത്തെ പ്രബോധനത്തില്‍ ഏറ്റവും പ്രധാനപ്പെട്ട തത്വവും, മറ്റെല്ലാ ഉപദേശനിര്‍ദ്ദേശങ്ങളുടെയും അടിത്തറയായി സ്ഥിതി ചെയ്യുന്നതും എന്താണെന്ന് അടുത്ത വചനത്തില്‍ അല്ലാഹു പ്രസ്താവിക്കുന്നു:-

21:108
  • قُلْ إِنَّمَا يُوحَىٰٓ إِلَىَّ أَنَّمَآ إِلَـٰهُكُمْ إِلَـٰهٌ وَٰحِدٌ ۖ فَهَلْ أَنتُم مُّسْلِمُونَ ﴾١٠٨﴿
  • (നബിയേ) പറയുക: "നിങ്ങളുടെ ആരാധ്യന്‍ ഏക ആരാധ്യന്‍ മാത്രമാകുന്നുവെന്നത്രെ എനിക്കു ബോധനം നല്‍കപ്പെടുന്നത്. എന്നാല്‍, നിങ്ങള്‍ (അവനു്) കീഴൊതുങ്ങുന്നവരാണോ?! [അതിനു തയ്യാറാണോ?!]
  • قُلْ പറയുക إِنَّمَا يُوحَىٰ നിശ്ചയമായും വഹ്-യു (ബോധനം) നല്‍കപ്പെടുന്നു إِلَيَّ എനിക്കു أَنَّمَا إِلَـٰهُكُمْ നിശ്ചയമായും നിങ്ങളുടെ ഇലാഹു (ആരാധ്യന്‍) ആണെന്നു് إِلَـٰهٌ وَاحِدٌ ഏക ഇലാഹു (മാത്രം) فَهَلْ أَنتُم എന്നാല്‍ നിങ്ങളാണോ مُّسْلِمُونَ കീഴൊതുങ്ങുന്നവര്‍, അനുസരണം കാണിക്കുന്നവര്‍ (മുസ്ലിംകള്‍)

21:109
  • فَإِن تَوَلَّوْا۟ فَقُلْ ءَاذَنتُكُمْ عَلَىٰ سَوَآءٍ ۖ وَإِنْ أَدْرِىٓ أَقَرِيبٌ أَم بَعِيدٌ مَّا تُوعَدُونَ ﴾١٠٩﴿
  • എന്നിട്ട്, അവര്‍ തിരിഞ്ഞുകളയുകയാണെങ്കില്‍ നീ പറയുക: "ഞാന്‍ നിങ്ങളോട് ശരിയായ നിലയില്‍ പ്രഖ്യാപനം ചെയ്തിരിക്കുന്നു: നിങ്ങളോട് വാഗ്ദാനം ചെയ്യപ്പെടുന്ന കാര്യം അടുത്തു സംഭവിക്കുന്നതോ, അഥവാ വിദൂരമായതോ എന്നു് എനിക്കു് അറിഞ്ഞുകൂടാ!
  • فَإِن تَوَلَّوْا എന്നിട്ടു അവന്‍ തിരിഞ്ഞുപോയാല്‍ فَقُلْ അപ്പോള്‍ പറയുക آذَنتُكُمْ ഞാന്‍ നിങ്ങളോടു പ്രഖ്യാപിച്ചിരിക്കുന്നു, നിങ്ങള്‍ക്കു അറിയിച്ചുതന്നിരിക്കുന്നു عَلَىٰ سَوَاءٍ ശരിക്കു, ശരിയായ നിലയില്‍ وَإِنْ أَدْرِي എനിക്കറിഞ്ഞുകൂടാ, ഞാന്‍ അറിയുകയില്ല أَقَرِيبٌ അടുത്തതാണോ أَم بَعِيدٌ അഥവാ ദൂരമായതാണോ, വിദൂരമാണോ مَّا تُوعَدُونَ നിങ്ങളോടു വാഗ്ദാനം ചെയ്യപ്പെടുന്നതു
21:110
  • إِنَّهُۥ يَعْلَمُ ٱلْجَهْرَ مِنَ ٱلْقَوْلِ وَيَعْلَمُ مَا تَكْتُمُونَ ﴾١١٠﴿
  • നിശ്ചയമായും, സംസാരത്തില്‍ നിന്നു് പരസ്യമായത് അവന്‍ അറിയും; നിങ്ങള്‍ ഒളിച്ചുവെക്കുന്നതും അവന്‍ അറിയും.
  • إِنَّهُ നിശ്ചയമായും അവന്‍ يَعْلَمُ അറിയും, അറിയുന്നു الْجَهْرَ പരസ്യമായതു, ഉറക്കെയുള്ളതു مِنَ الْقَوْلِ വാക്കില്‍ (സംസാരത്തില്‍) നിന്നു وَيَعْلَمُ അവന്‍ അറിയുകയും ചെയ്യും مَا تَكْتُمُونَ നിങ്ങള്‍ ഒളിച്ചു (മറച്ചു) വെക്കുന്നതു
21:111
  • وَإِنْ أَدْرِى لَعَلَّهُۥ فِتْنَةٌ لَّكُمْ وَمَتَـٰعٌ إِلَىٰ حِينٍ ﴾١١١﴿
  • എനിക്കു അറിഞ്ഞുകൂടാ; ഒരു പക്ഷേ അതു [ആ വാഗ്ദാനം സംഭവം] നിങ്ങള്‍ക്കു് ഒരു പരീക്ഷണവും, കുറച്ചു സമയംവരേക്ക് സുഖസൗകര്യവും ആയിരിക്കാം."
  • وَإِنْ أَدْرِي എനിക്കറിഞ്ഞുകൂടാ, ഞാന്‍ അറിയുകയില്ല لَعَلَّهُ അതായിരിക്കാം فِتْنَةٌ ഒരു പരീക്ഷണം لَّكُمْ നിങ്ങള്‍ക്കു وَمَتَاعٌ സുഖസൗകര്യവും إِلَىٰ حِينٍ കുറച്ചു സമയംവരേക്കു
21:112
  • قَـٰلَ رَبِّ ٱحْكُم بِٱلْحَقِّ ۗ وَرَبُّنَا ٱلرَّحْمَـٰنُ ٱلْمُسْتَعَانُ عَلَىٰ مَا تَصِفُونَ ﴾١١٢﴿
  • അദ്ദേഹം [നബി] പറഞ്ഞു: "റബ്ബേ! യഥാര്‍ത്ഥ പ്രകാരം നീ വിധിച്ചാലും! നമ്മുടെ രക്ഷിതാവ് പരമകാരുണികനായുള്ളവനത്രെ; (അവനെതിരായി) നിങ്ങള്‍ പ്രസ്താവിച്ച് കൊണ്ടിരിക്കുന്നതിനെപ്പറ്റി സഹായം അഭ്യര്‍ത്ഥിക്കപ്പെടുന്നവനത്രെ.
  • قَالَ അദ്ദേഹം പറഞ്ഞു رَبِّ രക്ഷിതാവേ احْكُم നീ വിധിക്കുക, വിധിച്ചാലും بِالْحَقِّ യഥാര്‍ത്ഥപ്രകാരം, യഥാര്‍ത്ഥംകൊണ്ട് وَرَبُّنَا നമ്മുടെ രക്ഷിതാവ് الرَّحْمَـٰنُ റഹ്മാനാണു, പരമകാരുണികനാണു الْمُسْتَعَانُ സഹായം അഭ്യര്‍ത്ഥിക്കപ്പെടുന്നവനാണു عَلَىٰ مَا تَصِفُونَ നിങ്ങള്‍ പ്രസ്താവിക്കുന്ന, വിവരിക്കുന്ന, വര്‍ണ്ണിക്കുന്ന(തിനെപ്പറ്റി)

നിങ്ങളോട് വാഗ്ദാനം ചെയ്യപ്പെടുന്ന കാര്യം എന്നു് പറഞ്ഞതുകൊണ്ട് വിവക്ഷ 105-ാം വചനത്തില്‍ പ്രസ്താവിച്ചത് – ഭൂമി സദ്‌വൃത്തന്‍മാര്‍ അനന്തരമെടുക്കുമെന്നത് – ആകാവുന്നതാണ്. അല്ലെങ്കില്‍, സത്യം സ്വീകരിക്കാതെ, നിഷേധത്തിലും, ധിക്കാരത്തിലും നിരതരായിക്കൊണ്ടിരുന്നതിന് മരണാനന്തരം ഉണ്ടാകുന്ന ശിക്ഷയും ആയിരിക്കാവുന്നതാണ്. രണ്ടായിരുന്നാലും അത് അടുത്തുതന്നെ സംഭവിക്കുമോ എന്ന കാര്യം അല്ലാഹുവിനുമാത്രമേ അറിയുകയുള്ളു. ഒരുപക്ഷേ, അതിന് അല്‍പം കാലതാമസം ഉണ്ടായേക്കാം. ആ താമസം അവര്‍ക്കു താല്‍ക്കാലിക സുഖസൗകര്യമായിത്തീര്‍ന്നേക്കുകയും ചെയ്തേക്കാം. അങ്ങിനെയാണെങ്കില്‍, അതു വാസ്തവത്തില്‍ അവര്‍ക്കൊരു പരീക്ഷണഘട്ടമായിരിക്കും. അതവര്‍ നല്ലപ്പോലെ തരണം ചെയ്‌താല്‍ അവര്‍ക്ക് ഗുണകരമാകും. ഇല്ലെങ്കിലോ, ഭയങ്കര ദോഷവും!

അല്ലാഹുവിന് യോജ്യമാല്ലത്തതും, അവന്റെ ബോധനങ്ങള്‍ക്കു് വിരുദ്ധവുമായ അവരുടെ പ്രസ്താവനകളെയും ആരോപണങ്ങളെയും സംബന്ധിച്ചിടത്തോളം, അതിന്നെതിരില്‍ സഹായം അര്‍ത്ഥിക്കപ്പെടുവാന്‍ പരമകാരുണികനായ അല്ലാഹുവല്ലാതെ മറ്റാരുമില്ല, മറ്റാരുടെയും സഹായം ആവശ്യവുമില്ല എന്നു് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) സമാധാനിക്കുന്നതാണ് ഒടുവിലത്തെ വചനത്തില്‍ കാണുന്നത്.

[وربنا الرحمان المستعان وله الحمد والمنة]