അൻബിയാഅ്‌ (പ്രവാചകന്മാർ)

മക്കായില്‍ അവതരിച്ചത് – വചനങ്ങള്‍ 112 – വിഭാഗം (റുകുഅ്) 7

بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ

പരമ കാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെ നാമത്തില്‍

ജുസ്ഉ് - 17

വിഭാഗം - 1

21:1
 • ٱقْتَرَبَ لِلنَّاسِ حِسَابُهُمْ وَهُمْ فِى غَفْلَةٍ مُّعْرِضُونَ ﴾١﴿
 • ജനങ്ങള്‍ക്കു അവരുടെ വിചാരണ ആസന്നമായിരിക്കുന്നു; അവരാകട്ടെ, അശ്രദ്ധയിലായുംകൊണ്ട് തിരിഞ്ഞു കളയുന്നവരുമാകുന്നു!
 • اقْتَرَبَ ആസന്നമായി, അടുത്തുവന്നു لِلنَّاسِ മനുഷ്യര്‍ക്കു حِسَابُهُمْ അവരുടെ വിചാരണ وَهُمْ അവരോ, അവരാകട്ടെ فِي غَفْلَةٍ അശ്രദ്ധയിലായിക്കൊണ്ടു (ബോധരഹിതരായി) مُّعْرِضُونَ തിരിഞ്ഞു കളയുന്നവരാകുന്നു, അവഗണിക്കുന്നവരാകുന്നു

മനുഷ്യന്‍ അവന്റെ ആയുഷ്ക്കാലത്തില്‍ ചെയ്തുപോയിട്ടുള്ള സകല കൃത്യങ്ങളെക്കുറിച്ചും സവിസ്തരം വിചാരണ ചെയ്യപ്പെടുന്ന ഒരു ദിവസമുണ്ട്; അതു അധികമൊന്നും വിദൂരമല്ല; എപ്പോഴാണതു സംഭവിക്കുകയെന്ന് അല്ലാഹുവിനല്ലാതെ മറ്റാര്‍ക്കും അറിയുകയില്ല; ലോകസ്രഷ്ടാവും, സകല രഹസ്യങ്ങളും അറിയുന്നവനുമായ അല്ലാഹുവായിരിക്കും അന്നു വിചാരണ നടത്തുന്നതും, വിധി കല്‍പ്പിക്കുന്നതും; ഈ വിചാരണാഫലത്തെ ആശ്രയിച്ചായിരിക്കും മനുഷ്യന്റെ കാലാകാല സുഖദുഃഖങ്ങള്‍ കണക്കാക്കപ്പെടുന്നത്. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഇപ്രകാരം പറഞ്ഞതായി തിര്‍മദി (رحمه الله) നിവേദനം ചെയ്യുന്നു:-

لَا تَزُولُ قَدَمَا عَبْدٍ يَوْمَ الْقِيَامَةِ حَتَّى يُسْأَلَ عَنْ عُمُرِهِ فِيمَا أَفْنَاهُ وَعَنْ عِلْمِهِ فِيمَا فَعَلَ بِهِ وَعَنْ مَالِهِ مِنْ أَيْنَ اكْتَسَبَهُ وَفِيمَا أَنْفَقَهُ وَعَنْ جِسْمِهِ فِيمَا أَبْلَاهُ – الترمذي عن ابي برزة رضي الله عنه

(സാരം: ഏതൊരു അടിയാനോടും തന്നെ, ഖിയാമത്തുനാളില്‍, അവന്റെ ആയുഷ്കാലം എന്തില്‍ ചിലവഴിച്ചുവെന്നും, അവന്റെ അറിവുകൊണ്ട്‌ എന്തു പ്രവര്‍ത്തിച്ചുവെന്നും, അവന്റെ ധനം എവിടെ നിന്നു സമ്പാദിച്ചുവെന്നും, അതു എന്തില്‍ ചിലവാക്കിയെന്നും, അവന്റെ ശരീരം എന്തില്‍ വിനിയോഗിച്ചുവെന്നും ചോദിച്ചല്ലാതെ, അവന്റെ കാലുകള്‍ – വിചാരണാനിലയത്തില്‍നിന്നു – നീങ്ങുന്നതല്ല.). മറ്റൊരു ഹദീസില്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറയുന്നു:-

مَا مِنْكُمْ مِنْ أَحَدٍ إِلَّا سَيُكَلِّمُهُ اللَّهُ لَيْسَ بَيْنَهُ وَبَيْنَهُ تُرْجُمَانٌ فَيَنْظُرُ أَيْمَنَ مِنْهُ فَلَا يَرَى إِلَّا مَا قَدَّمَ وَيَنْظُرُ أَشْأَمَ مِنْهُ فَلَا يَرَى إِلَّا مَا قَدَّمَ وَيَنْظُرُ بَيْنَ يَدَيْهِ فَلَا يَرَى إِلَّا النَّارَ تِلْقَاءَ وَجْهِهِ فَاتَّقُوا النَّارَ وَلَوْ بِشِقِّ تَمْرَةٍ : متفق عليه

(സാരം: നിങ്ങളില്‍ ഒരാളോടും തന്നെ അല്ലാഹു സംസാരിക്കാതിരിക്കുകയില്ല; അവന്നും അല്ലാഹുവിന്നുമിടയില്‍ യാതൊരു മദ്ധ്യഭാഷകനും ഉണ്ടായിരിക്കുകയില്ല. അപ്പോള്‍ അവന്‍ വലത്തോട്ടു നോക്കും: താന്‍ മുമ്പ് ചെയ്തുവെച്ച കര്‍മ്മമല്ലാതെ കാണുകയില്ല. ഇടത്തോട്ടും നോക്കും; അപ്പോഴും മുമ്പ് ചെയ്തതല്ലാതെ കാണുകയില്ല. മുമ്പോട്ടുനോക്കും: അപ്പോള്‍ മുഖത്തിനുനേരെ നരകമല്ലാതെ കാണുന്നതല്ല. അതുകൊണ്ട് ഒരു കാരക്കപ്പൊളികൊണ്ടെങ്കിലും – കഴിവുപോലെ – നിങ്ങള്‍ നരകത്തെ സൂക്ഷിച്ചു കൊള്ളുവിന്‍ (ബു;മു). ഇത്രയും ഗൗരവമേറിയ ഈ ദിവസത്തെ നേരിടേണ്ടതുണ്ടെന്ന ബോധമില്ലാതെ – അല്ലെങ്കില്‍ വിശ്വാസമില്ലാതെ – അവഗണിച്ചു കളയുന്നതെത്രമാത്രം ഭയങ്കരം!

ഹദീസില്‍ പ്രസ്താവിച്ച ഈ വിചാരണ, മരണാനന്തരം പരലോകത്തുവെച്ചു എല്ലാവരും നേരിടേണ്ടിവരുന്ന ആ മഹാ സംഭവത്തെക്കുറിച്ചാണെന്നു സ്പഷ്ടമാകുന്നു. എന്നാല്‍ ഈ ആയത്തില്‍ പ്രസ്താവിച്ച വിചാരണ കൊണ്ട് ഉദ്ദേശ്യം – ചില മഹാന്‍മാരായ ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ വ്യാഖ്യാനിച്ചതുപോലെ – മറ്റൊരു വിചാരണ ആയിരിക്കുന്നതിനും വിരോധമില്ല. അതായത്: സത്യവിശ്വാസികള്‍ക്കും, സത്യനിഷേധികള്‍ക്കുമിടയിലുള്ള ഖണ്ഡിതമായ ഒരു തീരുമാനം അടുത്തുതന്നെ – ഈ വചനം അവതരിപ്പിച്ചതു മുതല്‍ വിദൂരമല്ലാത്ത ഒരു സമയത്തുതന്നെ – ഉണ്ടാകേണ്ടതു ആവശ്യമായിരുന്നു. ഈ സൂറത്തിന്റെ അന്ത്യത്തിലും, മദ്ധ്യത്തിലുമുള്ളതുപോലെ, ആരംഭത്തിലും അതിനെക്കുറിച്ചുള്ള ഒരു താക്കീതായിരിക്കാം ഈ ഒന്നാമത്തെ വചനം. അതെ, ആ വിചാരണയുടെ അവസരം അടുത്തുതന്നെ സംഭവിക്കുകയും ചെയ്തു. ഈ സൂറത്തു അവതരിച്ചതുമുതല്‍ അധികം താമസിയാതെ, മുസ്‌ലിംകള്‍ മദീനായിലേക്കു ഹിജ്ര പോയി. അതോടെ സത്യപ്രബോധനത്തിന്റെ വിജയവും, പുരോഗതിയും സാക്ഷാല്‍കൃതമായി. അതോടൊപ്പം സത്യനിഷേധികളുടെ പരാജയവും, അധോഗതിയും ആരംഭിച്ചു. ഏറെത്താമസിയാതെ, അതു പരിപൂര്‍ണ്ണമാകുകയും ചെയ്തു. മക്കീ കാലഘട്ടത്തിന്റെ അന്ത്യാവസരങ്ങളിലാണ് ഈ സൂറത്ത് അവതരിച്ചതെന്ന വസ്തുത ഇവിടെ സ്മരണീയമാകുന്നു.

21:2
 • مَا يَأْتِيهِم مِّن ذِكْرٍ مِّن رَّبِّهِم مُّحْدَثٍ إِلَّا ٱسْتَمَعُوهُ وَهُمْ يَلْعَبُونَ ﴾٢﴿
 • തങ്ങളുടെ രക്ഷിതാവിങ്കല്‍നിന്ന് പുതുതായി നല്‍കപ്പെടുന്ന ഏതൊരു ഉല്‍ബോധനവും - അവര്‍ കളിച്ചും കൊണ്ട് അതു കേള്‍ക്കുന്ന നിലയിലല്ലാതെ - അവര്‍ക്കു വരുന്നില്ല;
 • مَا يَأْتِيهِم അവര്‍ക്കു വരുന്നില്ല مِّن ذِكْرٍ ഒരുല്‍ബോധനവും, ഉപദേശവും مِّن رَّبِّهِم അവരുടെ രക്ഷിതാവില്‍നിന്നു مُّحْدَثٍ പുതുതായി നല്‍കപ്പെടുന്ന إِلَّا اسْتَمَعُوهُ അതിനെ അവര്‍ കേട്ടുകൊണ്ടല്ലാതെ, ചെവികൊടുത്തല്ലാതെ وَهُمْ يَلْعَبُونَ അവര്‍ കളിച്ചുകൊണ്ടിരിക്കുന്ന നിലയില്‍
21:3
 • لَاهِيَةً قُلُوبُهُمْ ۗ وَأَسَرُّوا۟ ٱلنَّجْوَى ٱلَّذِينَ ظَلَمُوا۟ هَلْ هَـٰذَآ إِلَّا بَشَرٌ مِّثْلُكُمْ ۖ أَفَتَأْتُونَ ٱلسِّحْرَ وَأَنتُمْ تُبْصِرُونَ ﴾٣﴿
 • അവരുടെ ഹൃദയങ്ങള്‍ (അതിനെക്കുറിച്ച്) ബോധരഹിതമായിക്കൊണ്ട്. അവര്‍ - അക്രമം പ്രവര്‍ത്തിച്ചവര്‍ - പതുക്കെ ഗൂഢഭാഷണം നടത്തുന്നു: 'ഇവന്‍ [മുഹമ്മദ്‌] നിങ്ങളെപ്പോലെയുള്ള ഒരു മനുഷ്യനല്ലാതെ, (മറ്റു വല്ലതും) ആണോ? എന്നിരിക്കെ, നിങ്ങള്‍ കണ്ടുംകൊണ്ടുതന്നെ (ആ) ജാലത്തിങ്കല്‍ ചെല്ലുകയാണോ?!'
 • لَاهِيَةً അശ്രദ്ധയിലായിക്കൊണ്ടു قُلُوبُهُمْ അവരുടെ ഹൃദയങ്ങള്‍ وَأَسَرُّوا അവര്‍ പതുക്കെപ്പറയുന്നു النَّجْوَى ഗൂഢഭാഷണം, സ്വകാര്യ സംസാരം, ഗൂഢാലോചന الَّذِينَ ظَلَمُوا അക്രമം പ്രവര്‍ത്തിച്ചവര്‍ هَلْ هَـٰذَا ഇവനാണോ إِلَّا بَشَرٌ ഒരു മനുഷ്യനല്ലാതെ (വല്ലതും) مِّثْلُكُمْ നിങ്ങളെപ്പോലെയുള്ള أَفَتَأْتُونَ എന്നിരിക്കെ നിങ്ങള്‍ ചെല്ലുകയാണോ السِّحْرَ ജാലത്തിങ്കല്‍, ജാലവിദ്യയിലേക്കു وَأَنتُمْ تُبْصِرُونَ നിങ്ങള്‍ കണ്ടുകൊണ്ടുതന്നെ, നിങ്ങളാകട്ടെ കാണുകയും ചെയ്യുന്നു

21:4
 • قَالَ رَبِّى يَعْلَمُ ٱلْقَوْلَ فِى ٱلسَّمَآءِ وَٱلْأَرْضِ ۖ وَهُوَ ٱلسَّمِيعُ ٱلْعَلِيمُ ﴾٤﴿
 • അദ്ദേഹം [നബി] പറഞ്ഞു: 'എന്റെ രക്ഷിതാവ് ആകാശത്തും ഭൂമിയിലുംവെച്ച് പറയുന്നതു അറിയുന്നു, അവന്‍ (എല്ലാം) കേള്‍ക്കുന്നവനും അറിയുന്നവനുമത്രെ.'
 • قَالَ അദ്ദേഹം പറഞ്ഞു رَبِّي يَعْلَمُ എന്റെ രക്ഷിതാവു അറിയും الْقَوْلَ പറയുന്നതു, വാക്കു فِي السَّمَاءِ ആകാശത്തു വെച്ചും وَالْأَرْضِ ഭൂമിയിലും وَهُوَ അവന്‍, അവനാകട്ടെ السَّمِيعُ കേള്‍ക്കുന്നവനാണ് الْعَلِيمُ അറിയുന്നവനാണ്
21:5
 • بَلْ قَالُوٓا۟ أَضْغَـٰثُ أَحْلَـٰمٍۭ بَلِ ٱفْتَرَىٰهُ بَلْ هُوَ شَاعِرٌ فَلْيَأْتِنَا بِـَٔايَةٍ كَمَآ أُرْسِلَ ٱلْأَوَّلُونَ ﴾٥﴿
 • എന്നല്ല, അവര്‍ [ആ അക്രമികള്‍] പറയുന്നു: 'ദുസ്വപ്നവാര്‍ത്തകളത്രെ [മുഹമ്മദ്‌ പറയുന്നത്]; അതല്ല, അവന്‍ അത് കെട്ടിച്ചമച്ചിരിക്കുകയാണ്; അത്രയുമല്ല, അവന്‍ ഒരു കവിയാണ്‌; എന്നാല്‍, (ഇവന്‍ പ്രവാചകനാണെങ്കില്‍) മുന്‍പ്രവാചകന്‍മാര്‍ അയക്കപ്പെട്ടിരുന്നതുപോലെ, ഇവന്‍ നമുക്കൊരു ദൃഷ്ടാന്തം കൊണ്ടുവരട്ടെ!' (എന്നൊക്കെ).
 • بَلْ പക്ഷേ, എന്നാല്‍, എന്നല്ല, അത്രയുമല്ല قَالُوا അവര്‍ പറയുന്നു أَضْغَاثُ أَحْلَامٍ ദുസ്വപ്നങ്ങളാണ് بَلِ افْتَرَاهُ അതല്ല അവന്‍ അത് കെട്ടിച്ചമച്ചതാണ്, കെട്ടിയുണ്ടാക്കിയിരിക്കുകയാണു بَلْ هُوَ അതുമല്ല അവന്‍ شَاعِرٌ ഒരു കവിയാണ്‌ فَلْيَأْتِنَا എന്നാലവന്‍ നമുക്കു കൊണ്ടുവരട്ടെ بِآيَةٍ ഒരു ദൃഷ്ടാന്തത്തെ كَمَا أُرْسِلَ (റസൂലായി) അയക്കപ്പെട്ടതുപോലെ الْأَوَّلُونَ പൂര്‍വ്വന്മാര്‍ (മുന്‍ പ്രവാചകന്‍മാര്‍)
21:6
 • مَآ ءَامَنَتْ قَبْلَهُم مِّن قَرْيَةٍ أَهْلَكْنَـٰهَآ ۖ أَفَهُمْ يُؤْمِنُونَ ﴾٦﴿
 • ഇവരുടെ മുമ്പ് നാം നശിപ്പിച്ച ഒരു നാടും [നാട്ടുകാരും] വിശ്വസിക്കുകയുണ്ടായിട്ടില്ല; എന്നിരിക്കെ, ഇവരുണ്ടോ വിശ്വസിക്കുന്നു?!
 • مَا آمَنَتْ വിശ്വസിച്ചിട്ടില്ല قَبْلَهُم ഇവരുടെ മുമ്പ് مِّن قَرْيَةٍ ഒരു നാടും, ഒരു രാജ്യവും (ഒരു നാട്ടുകാരും) أَهْلَكْنَاهَا നാം അതിനെ നശിപ്പിച്ചിരിക്കുന്നു (അങ്ങിനെയുള്ള), നാം നശിപ്പിച്ച أَفَهُمْ എന്നിരിക്കെ ഇവരോ, ഇവരുണ്ടോ يُؤْمِنُونَ വിശ്വസിക്കുന്നു

അവിശ്വാസികളുടെ ചില ദുസ്സമ്പ്രദായങ്ങളാണ്, നാം ഇവിടെ കാണുന്നത്. അല്ലാഹുവിങ്കല്‍ നിന്നു ലഭിക്കുന്ന സന്ദേശങ്ങളിലേക്ക് അവര്‍ ചെവികൊടുക്കുന്നില്ല. മാത്രമല്ല, അവര്‍ തനി പരിഹാസത്തിലും, വിളയാട്ടത്തിലും മുഴുകിയിരിക്കുകയുമാകുന്നു. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യെപ്പറ്റി എന്തെല്ലാം കള്ളപ്രചാരണങ്ങളാണ് നടത്തേണ്ടതെന്ന് അവര്‍ ചിലപ്പോള്‍ ഗൂഢാലോചന നടത്തുന്നു; അങ്ങനെ പല അപവാദങ്ങളും പുറപ്പെടുവിക്കുന്നു. തങ്ങളുടെ നിഷേധത്തിനും, പരിഹാസത്തിനും ആ അപവാദങ്ങളെ അടിസ്ഥാനമാക്കുകയും ചെയ്യും. ‘മുഹമ്മദ്‌ നമ്മെപ്പോലെയുള്ള ഒരു മനുഷ്യനാണല്ലോ, പിന്നെ എങ്ങിനെയാണവന്‍ ദൈവദൂതനാവുക? ദൈവദൂതനാണെങ്കില്‍ അവന്‍ ഒരു മലക്കായിരിക്കേണ്ടതല്ലേ?’ എന്നിങ്ങിനെ ജല്‍പിക്കും. ‘പ്രവാചകനല്ലെങ്കില്‍ പിന്നെ ആരാണ്?’ ഇതാണ് അടുത്ത പ്രശ്നം. വ്യാജപ്രസ്താവനകള്‍ക്കു സ്ഥിരതയുണ്ടാവുകയില്ലല്ലോ. ഒരിക്കല്‍ ജാലവിദ്യക്കാരനാണെന്നു പറയും, വേറൊരിക്കല്‍ ദുസ്വപ്നങ്ങള്‍ കണ്ടു എന്തൊക്കെയോ പറയുകയാണെന്നു വാദിക്കും. മറ്റൊരിക്കല്‍ അവന്‍ ഒരു കവിയാണെന്നും, പിന്നീടൊരിക്കല്‍ അവന്‍ കള്ളം കെട്ടിപ്പറയുകയാണെന്നും, അങ്ങിനെ ഓരോരിക്കല്‍ ഓരോന്നായി പലതും പറഞ്ഞുപരത്തും. ചില അവസരങ്ങളില്‍, മുന്‍കഴിഞ്ഞ നബിമാരുടെ കൈക്കു വെളിപ്പെട്ടിരുന്ന ദൃഷ്ടാന്തങ്ങള്‍പോലെയുള്ള ഒരു ദൃഷ്ടാന്തം കാട്ടിക്കൊടുക്കുവാന്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യെ അവര്‍ വെല്ലുവിളിക്കുകയും ചെയ്യും.

ദൃഷ്ടാന്തം കൊണ്ടുവരാനുള്ള വെല്ലുവിളിയെപ്പറ്റി സൂ: ത്വാഹായിലെ 133-ാം വചനത്തിലും, അതിന്റെ വ്യാഖ്യാനത്തിലും മറ്റും പ്രസ്താവിച്ച സംഗതികള്‍ ഇവിടെ സ്മര്‍ത്തവ്യമാകുന്നു. ഈ വെല്ലുവിളിയെ നേരിടാതിരിക്കുവാനുള്ള ഒരു പ്രധാനകാരണംകൂടി ഇവിടെ ചൂണ്ടിക്കാണിക്കപ്പെടുന്നു; മുന്‍കഴിഞ്ഞ പല സമുദായങ്ങളും അവരുടെ നബിമാരോട് ഇതുപോലെ ദൃഷ്ടാന്തങ്ങള്‍ക്കു ആഹ്വാനം നല്‍കുകയും, ആവശ്യപ്പെട്ട ദൃഷ്ടാന്തങ്ങള്‍ കണ്ടാല്‍ വിശ്വസിച്ചുകൊള്ളാമെന്നു ഏല്‍ക്കുകയും ചെയ്തിട്ടുണ്ട്. പക്ഷേ, ദൃഷ്ടാന്തങ്ങള്‍ വെളിപ്പെട്ടപ്പോള്‍, അവരതു നിഷേധിക്കുകയും, അങ്ങനെ അവര്‍ ആകമാനം നശിപ്പിക്കപ്പെടുവാന്‍ കാരണമാകുകയുമാണ് ഉണ്ടായത്. അതില്‍നിന്നു വ്യത്യസ്തമായ ഒരു നില ഇവരില്‍ നിന്നും പ്രതീക്ഷിക്കുന്നില്ല. ഈ വസ്തുതയാണ് 6-ാം വചനം വെളിപ്പെടുത്തുന്നത്.

റസൂലുകള്‍ മലക്കുകളായിരിക്കുമെന്നും, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഒരു മനുഷ്യനായതുകൊണ്ട് പ്രവാചകനായിരിക്കുവാന്‍ നിവൃത്തിയില്ലെന്നുമുള്ള അവരുടെ ജല്‍പനങ്ങള്‍ നിരര്‍ത്ഥവും, വാസ്തവവിരുദ്ധവുമാണെന്ന് അടുത്ത വചനത്തില്‍ ചൂണ്ടിക്കാട്ടുന്നു:

21:7
 • وَمَآ أَرْسَلْنَا قَبْلَكَ إِلَّا رِجَالًا نُّوحِىٓ إِلَيْهِمْ ۖ فَسْـَٔلُوٓا۟ أَهْلَ ٱلذِّكْرِ إِن كُنتُمْ لَا تَعْلَمُونَ ﴾٧﴿
 • (നബിയേ) പുരുഷന്‍മാരെയല്ലാതെ നിന്റെ മുമ്പു നാം അയച്ചിട്ടില്ല; അവര്‍ക്ക് നാം 'വഹ്-യ്' [ബോധനം] നല്‍കുന്നു. (ഇതാണവരുടെ പ്രത്യേകത). (അവിശ്വാസികളേ) നിങ്ങള്‍ അറിയാത്തവരാകുന്നുവെങ്കില്‍ വേദക്കാരോടു ചോദിച്ചുകൊള്ളുവിന്‍.
 • وَمَا أَرْسَلْنَا നാം അയച്ചിട്ടില്ല, റസൂലാക്കിയിട്ടില്ല قَبْلَكَ നിനക്കുമുമ്പ് إِلَّا رِجَالًا പുരുഷന്‍മാരെയല്ലാതെ نُّوحِي നാം വഹ്-യു (ബോധനം) നല്‍കുന്നു إِلَيْهِمْ അവര്‍ക്കു فَاسْأَلُوا നിങ്ങള്‍ ചോദിച്ചു നോക്കുവിന്‍ أَهْلَ الذِّكْرِ ബോധനത്തിന്റെ ആള്‍ക്കാരോടു, വേദക്കാരോടു إِن كُنتُمْ നിങ്ങള്‍ ആണെങ്കില്‍ لَا تَعْلَمُونَ നിങ്ങള്‍ അറിയാതെ
21:8
 • وَمَا جَعَلْنَـٰهُمْ جَسَدًا لَّا يَأْكُلُونَ ٱلطَّعَامَ وَمَا كَانُوا۟ خَـٰلِدِينَ ﴾٨﴿
 • നാം അവരെ, ഭക്ഷണം കഴിക്കാത്ത ശരീരങ്ങളാക്കിയിട്ടുമില്ല; അവര്‍ നിത്യജീവികളായിരുന്നതുമില്ല.
 • وَمَا جَعَلْنَاهُمْ അവരെ നാം ആക്കിയിട്ടില്ല جَسَدًا ശരീരം لَّا يَأْكُلُونَ തിന്നാത്ത (കഴിക്കാത്ത) الطَّعَامَ ഭക്ഷണം وَمَا كَانُوا അവര്‍ ആയിരുന്നതുമില്ല خَالِدِينَ നിത്യജീവികള്‍, അമൃത്യര്‍, മരിക്കാത്തവര്‍
21:9
 • ثُمَّ صَدَقْنَـٰهُمُ ٱلْوَعْدَ فَأَنجَيْنَـٰهُمْ وَمَن نَّشَآءُ وَأَهْلَكْنَا ٱلْمُسْرِفِينَ ﴾٩﴿
 • പിന്നെ അവര്‍ക്കു നാം വാഗ്ദാനം സത്യമാക്കിക്കൊടുത്തു; അങ്ങനെ, അവരെയും, (അവരോടൊപ്പം) നാം ഉദ്ദേശിക്കുന്നവരെയും നാം രക്ഷപ്പെടുത്തുകയും, അതിരു വിട്ട് പ്രവര്‍ത്തിച്ചവരെ നശിപ്പിക്കുകയും ചെയ്തു!
 • ثُمَّ പിന്നെ, പിന്നീടു صَدَقْنَاهُمُ നാം അവര്‍ക്കു സത്യമാക്കി, സത്യമായിപ്പുലര്‍ത്തി الْوَعْدَ വാഗ്ദാനം, നിശ്ചയം فَأَنجَيْنَاهُمْ അങ്ങനെ അവരെ നാം രക്ഷപ്പെടുത്തി وَمَن نَّشَاءُ നാം ഉദ്ദേശിക്കുന്നവരെയും وَأَهْلَكْنَا നാം നശിപ്പിക്കയും ചെയ്തു الْمُسْرِفِينَ അതിരുകവിഞ്ഞവരെ, അതിരുവിട്ടു പ്രവര്‍ത്തിച്ചവരെ
21:10
 • لَقَدْ أَنزَلْنَآ إِلَيْكُمْ كِتَـٰبًا فِيهِ ذِكْرُكُمْ ۖ أَفَلَا تَعْقِلُونَ ﴾١٠﴿
 • തീര്‍ച്ചയായും, നാം നിങ്ങള്‍ക്കു ഒരു വേദഗ്രന്ഥം അവതരിപ്പിച്ചു തന്നിരിക്കുന്നു; നിങ്ങള്‍ക്കുള്ള ഉപദേശം അതിലുണ്ട്. ഇനിയും നിങ്ങള്‍ മനസ്സിലാക്കുന്നില്ലേ?!
 • لَقَدْ أَنزَلْنَا തീര്‍ച്ചയായും നാം ഇറക്കിയിട്ടുണ്ട് إِلَيْكُمْ നിങ്ങള്‍ക്കു كِتَابًا ഒരു (വേദ) ഗ്രന്ഥം فِيهِ അതിലുണ്ടു ذِكْرُكُمْ നിങ്ങള്‍ക്കുള്ള ഉപദേശം, ഉല്‍ബോധനം أَفَلَا تَعْقِلُونَ എന്നിട്ടു നിങ്ങള്‍ മനസ്സിലാക്കുന്നില്ലേ, ബുദ്ധികൊടുത്തു ഗ്രഹിക്കുന്നില്ലേ

മുമ്പു വഹ്-യു നല്‍കപ്പെട്ടു കൊണ്ടു റസൂലുകളായി നിയോഗിക്കപ്പെട്ടിട്ടുള്ള എല്ലാ പ്രവാചകന്‍മാരും മനുഷ്യരായിരുന്നു; പുരുഷന്‍മാരുമായിരുന്നു. ആരും മലക്കുകളായിരുന്നില്ല; സ്ത്രീകളുമായിരുന്നില്ല. മനുഷ്യസഹജമായ ഭക്ഷണം മുതലായ ആവശ്യങ്ങളും, മരണവും, അവരെയും ബാധിച്ചിരുന്നു. മറ്റുള്ളവരെപ്പോലെ ഭാര്യാമാക്കളും അവര്‍ക്കുണ്ടായിരുന്നു. (13: 38). എന്നിരിക്കെ, മനുഷ്യനായതുകൊണ്ട് റസൂലല്ലെന്നു വാദിക്കുന്നതില്‍ എന്തര്‍ത്ഥമാണുള്ളത്?! വേദഗ്രന്ഥവുമായി പരിചിയമില്ലാത്തവരാണെന്ന കാരണത്താല്‍, ഒരു പക്ഷേ ഈ വസ്തുത അവര്‍ക്കു അറിയുകയില്ലെങ്കില്‍, അതിനെപ്പറ്റി വേദക്കാരോട് (ജൂതരോടും ക്രിസ്ത്യാനികളോടും) ചോദിച്ചറിയാവുന്നതുമാണ്. മനുഷ്യവര്‍ഗ്ഗത്തെ ഉപദേശിക്കുവാന്‍ നിയോഗിക്കപ്പെടുന്ന ആള്‍ മനുഷ്യനല്ലാതിരിക്കുന്നപക്ഷം, അതു അപ്രായോഗികവും, കൂടുതല്‍ സംശയത്തിന് ഇടയാക്കുന്നതുമായിരിക്കും. കാരണം: അദ്ദേഹം സാക്ഷാല്‍ മലക്കിന്റെ പ്രകൃതിയോടുകൂടിയാണ് പ്രത്യക്ഷപ്പെടുന്നതെങ്കില്‍, മനുഷ്യര്‍ക്കു അദ്ദേഹവുമായി ഇടപെടുവാനും, സമ്പര്‍ക്കം പുലര്‍ത്തുവാനും സാധ്യമാകുന്നതല്ല. ഇനി മനുഷ്യരൂപത്തിലാണെങ്കിലോ, പഴയ സംശയം വീണ്ടും ഉളവായിക്കൊണ്ടിരിക്കുകയും ചെയ്യും. അതുകൊണ്ടാണ് അല്ലാഹു പറഞ്ഞത്:

وَلَوْ جَعَلْنَاهُ مَلَكًا لَّجَعَلْنَاهُ رَجُلًا وَلَلَبَسْنَا عَلَيْهِم مَّا يَلْبِسُونَ : سورة الأنعام : ٩

(സാരം: നാം അദ്ദേഹത്തെ – റസൂലിനെ – ഒരു മലക്കാക്കുന്നപക്ഷം, അതൊരു പുരുഷനാക്കേണ്ടിവരികയും, അവര്‍ സംശയപ്പെടുന്ന അതേ സംശയത്തില്‍ അവരെ ആക്കുകയുമായിരിക്കും ഉണ്ടാകുക.). റസൂലുകളെ ‘പുരുഷന്‍മാരാ’ (رَجُلًا)ക്കുക എന്നു പറഞ്ഞതില്‍, അവര്‍ സ്ത്രീകളും ആയിരുക്കുകയില്ലെന്നുകൂടി ഉള്‍ക്കൊള്ളുന്നു.

9-ാം വചനം അവിശ്വാസികള്‍ക്ക്‌ ഒരു താക്കീതാകുന്നു. അങ്ങിനെ മനുഷ്യരായി നിയോഗിക്കപ്പെട്ടിരുന്ന ആ ദൂതന്മാരെ നിഷേധിച്ചവരെ നാം നശിപ്പിച്ചിട്ടുണ്ട്; ദൂതന്‍മാരേയും സത്യവിശ്വാസികളെയും രക്ഷപ്പെടുത്തുകയും ചെയ്തിട്ടുണ്ട്; നിങ്ങള്‍ക്കും ഇത് പാഠമായിരിക്കട്ടെ; വ്യഥാ കുതര്‍ക്കത്തിന് മിനക്കെടരുത്! എന്നു സാരം. അല്ലാഹു തുടര്‍ന്നു പറയുന്നു:-

വിഭാഗം - 2

21:11
 • وَكَمْ قَصَمْنَا مِن قَرْيَةٍ كَانَتْ ظَالِمَةً وَأَنشَأْنَا بَعْدَهَا قَوْمًا ءَاخَرِينَ ﴾١١﴿
 • അക്രമം പ്രവര്‍ത്തിച്ചിരുന്ന എത്രയോ നാടുകളെ [നാട്ടുകാരെ] നാം ഉന്‍മൂലനം ചെയ്യുകയും, അവരുടെ (നാശത്തിനു) ശേഷം വേറെ ജനങ്ങളെ നാം ഉണ്ടാക്കുകയും ചെയ്തിരിക്കുന്നു!
 • وَكَمْ എത്രയോ, എത്രയാണു قَصَمْنَا നാം ഉന്‍മൂലനം ചെയ്തിരിക്കുന്നു, പറ്റെ നശിപ്പിച്ചു, ഒടിച്ചുമുറിച്ചു مِن قَرْيَةٍ നാട്ടിനെ (നാട്ടുകാരെ) كَانَتْ അതായിരുന്നു ظَالِمَةً അക്രമം പ്രവര്‍ത്തിക്കുന്നതു وَأَنشَأْنَا നാം ഉണ്ടാക്കുകയും ചെയ്തു بَعْدَهَا അതിനു ശേഷം قَوْمًا ജനതയെ آخَرِينَ വേറെ
21:12
 • فَلَمَّآ أَحَسُّوا۟ بَأْسَنَآ إِذَا هُم مِّنْهَا يَرْكُضُونَ ﴾١٢﴿
 • അങ്ങനെ, നമ്മുടെ ശിക്ഷ കണ്ടറിഞ്ഞപ്പോള്‍ അതാ, അവര്‍ അതില്‍ നിന്നും ചാടിപ്പോകുന്നു!
 • فَلَمَّا أَحَسُّوا അങ്ങനെ അവര്‍ കണ്ടറിഞ്ഞപ്പോള്‍, അനുഭവപ്പെട്ടപ്പോള്‍ بَأْسَنَا നമ്മുടെ ശിക്ഷ إِذَا هُم അപ്പോഴതാ അവര്‍ مِّنْهَا അതില്‍നിന്നു يَرْكُضُونَ ചാടിപ്പോകുന്നു
21:13
 • لَا تَرْكُضُوا۟ وَٱرْجِعُوٓا۟ إِلَىٰ مَآ أُتْرِفْتُمْ فِيهِ وَمَسَـٰكِنِكُمْ لَعَلَّكُمْ تُسْـَٔلُونَ ﴾١٣﴿
 • (അവരോടു പറയപ്പെട്ടു:) 'ചാടിപ്പോകേണ്ട, ഏതൊന്നില്‍ നിങ്ങള്‍ക്കു സുഖഭോഗം നല്‍കപ്പെട്ടിരുന്നുവോ അതിലേക്കും, നിങ്ങളുടെ വാസസ്ഥലങ്ങളിലേക്കും നിങ്ങള്‍ മടങ്ങിക്കൊള്‍ക; നിങ്ങളോട് ചോദിക്കപ്പെടുമായിരിക്കാം?!'
 • لَا تَرْكُضُوا നിങ്ങള്‍ ചാടിപ്പോകേണ്ട, ഓടിപ്പോകേണ്ട وَارْجِعُوا മടങ്ങുകയും ചെയ്യുവിന്‍ إِلَىٰ مَا യാതൊന്നിലേക്കു أُتْرِفْتُمْ നിങ്ങള്‍ക്ക് സുഖഭോഗം നല്‍കപ്പെട്ടിരിക്കുന്നു, സൗഖ്യം തരപ്പെട്ടിരിക്കുന്നു فِيهِ അതില്‍ وَمَسَاكِنِكُمْ നിങ്ങളുടെ വാസസ്ഥലങ്ങളിലേക്കും لَعَلَّكُمْ تُسْأَلُونَ നിങ്ങളോടു ചോദിക്കപ്പെടുമായിരിക്കാം, ചോദിക്കപ്പെടുവാനായി

21:14
 • قَالُوا۟ يَـٰوَيْلَنَآ إِنَّا كُنَّا ظَـٰلِمِينَ ﴾١٤﴿
 • അവര്‍ പറഞ്ഞു: 'ഹാ! ഞങ്ങളുടെ നാശം! നിശ്ചയമായും, ഞങ്ങള്‍ അക്രമികളായിരുന്നു!'
 • قَالُوا അവര്‍ പറഞ്ഞു يَا وَيْلَنَا ഹാ ഞങ്ങളുടെ നാശം, നാശമേ, കഷ്ടമേ إِنَّا كُنَّا നിശ്ചയമായും ഞങ്ങള്‍ ആയിരുന്നു ظَالِمِينَ അക്രമികള്‍
21:15
 • فَمَا زَالَت تِّلْكَ دَعْوَىٰهُمْ حَتَّىٰ جَعَلْنَـٰهُمْ حَصِيدًا خَـٰمِدِينَ ﴾١٥﴿
 • അങ്ങനെ - ചത്താറിയവരായ നിലയില്‍ - അവരെ കൊയ്തിട്ട വിള (പോലെ) നാം ആകുന്നതുവരെയും അതുതന്നെ അവരുടെ നിലവിളിയായികൊണ്ടിരുന്നു!
 • فَمَا زَالَت എന്നിട്ടു ആയിക്കൊണ്ടിരുന്നു تِّلْكَ അതു دَعْوَاهُمْ അവരുടെ വിളി, വിളിച്ചുപറയല്‍ حَتَّىٰ جَعَلْنَاهُمْ നാം അവരെ ആക്കുന്നതുവരെ حَصِيدًا കൊയ്തിട്ട വിള (പോലെ) خَامِدِينَ കെട്ടാറിയവര്‍, ചത്താറിയവര്‍

പ്രവാചകന്‍മാരുടെ ഉപദേശവും താക്കീതും അവര്‍ വിലവെച്ചിരുന്നില്ല. പരിഹാസവും ധിക്കാരവുമായിരുന്നു അവര്‍ സ്വീകരിച്ചത്. ‘നിശ്ചയമായും ഞങ്ങളുടെ നാട്ടില്‍നിന്നു നിങ്ങളെ ഞങ്ങള്‍ പുറത്താക്കും, അല്ലെങ്കില്‍ നിങ്ങള്‍ ഞങ്ങളുടെ മാര്‍ഗ്ഗത്തില്‍ മടങ്ങിവരണം’

(لَنُخۡرِجَنَّكُم مِّنۡ أَرۡضِنَآ أَوۡ لَتَعُودُنَّ فِى مِلَّتِنَا  – إبراهيم : ١٣)

എന്നൊക്കെ അവര്‍ നബിമാരെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. അങ്ങനെ, താക്കീതു ചെയ്യപ്പെട്ട ശിക്ഷ അനുഭവമായി കണ്ടപ്പോഴത്തെ അവരുടെ അവസ്ഥയാണ് ഇവിടെ വിവരിക്കുന്നത്. ശിക്ഷ വന്നപ്പോള്‍ അവര്‍ ഓടിരക്ഷപ്പെടുവാന്‍ ശ്രമിക്കുന്നു! കുറ്റം സമ്മതിക്കുന്നു! വിളിച്ചു നിലവിളിക്കുന്നു! ആ സന്ദര്‍ഭത്തില്‍ അവരോടു ഹാസ്യരൂപത്തില്‍ പറയപ്പെടുന്ന മറുപടിയാണ് 13-ാം വചനത്തില്‍ കാണുന്നത്. ‘നിങ്ങള്‍ക്കുവേണ്ടുന്ന സുഖഭോഗവസ്തുക്കളും, നല്ല പാര്‍പ്പിടങ്ങളുമെല്ലാം നിങ്ങള്‍ക്കുണ്ടല്ലോ; നിങ്ങളോടു പലര്‍ക്കും പലതും ചോദിക്കുവാനുമുണ്ടായിരിക്കും; അതുകൊണ്ട് നിങ്ങള്‍ അങ്ങോട്ടുതന്നെ മടങ്ങിപ്പോകുക; എന്തിനാണ് അതെല്ലാം വിട്ടേച്ച്‌ ഓടിപ്പോകുന്നത്!?’ എന്ന് സാരം. വിളകള്‍ കൊയ്തിട്ടതുപോലെ വീണുമറിഞ്ഞുകിടക്കുകയും, തീ കെട്ടാറി ചാമ്പലായാലുള്ളതുപോലെ അവര്‍ നിശ്ചലവും നിശ്ചേഷ്ടവുമായിത്തീരുകയും ചെയ്യുവോളം ആ മുറവിളി – ‘നാശമേ കഷ്ടമേ’ എന്ന നിലവിളി അവര്‍ തുടര്‍ന്നുകൊണ്ടിരുന്നു. പക്ഷെ, എന്തു ഫലമുണ്ടാകുവാനാണ്?!

21:16
 • وَمَا خَلَقْنَا ٱلسَّمَآءَ وَٱلْأَرْضَ وَمَا بَيْنَهُمَا لَـٰعِبِينَ ﴾١٦﴿
 • ആകാശവും, ഭൂമിയും, അവ രണ്ടിനുമിടയിലുള്ളതും നാം കളിക്കുന്ന സ്ഥിതിയില്‍ സൃഷ്ടിച്ചിരിക്കുകയല്ല;
 • وَمَا خَلَقْنَا നാം സൃഷ്ടിച്ചിട്ടില്ല السَّمَاءَ ആകാശം وَالْأَرْضَ ഭൂമിയും وَمَا بَيْنَهُمَا അവ രണ്ടിനുമിടയിലുള്ളതും لَاعِبِينَ കളിച്ചുകൊണ്ടു, കളിയായി
21:17
 • لَوْ أَرَدْنَآ أَن نَّتَّخِذَ لَهْوًا لَّٱتَّخَذْنَـٰهُ مِن لَّدُنَّآ إِن كُنَّا فَـٰعِلِينَ ﴾١٧﴿
 • ഒരു വിനോദം ഉണ്ടാക്കുവാന്‍ നാം ഉദ്ദേശിച്ചിരുന്നുവെങ്കില്‍, അതു നമ്മുടെ അടുക്കല്‍നിന്ന് ഉണ്ടാക്കുമായിരുന്നു; നാം (അതു) ചെയ്യുന്നതല്ല.
 • لَوْ أَرَدْنَا നാം ഉദ്ദേശിച്ചിരുന്നുവെങ്കില്‍ أَن نَّتَّخِذَ നാം ഉണ്ടാക്കുവാന്‍, സ്വീകരിക്കുവാന്‍ لَهْوًا വല്ല വിനോദവും لَّاتَّخَذْنَاهُ നാമതു ഉണ്ടാക്കുമായിരുന്നു مِن لَّدُنَّا നമ്മുടെ അടുക്കല്‍നിന്നു إِن كُنَّا നാമല്ല, നാമാണെങ്കില്‍ فَاعِلِينَ ചെയ്യുന്നവര്‍

21:18
 • بَلْ نَقْذِفُ بِٱلْحَقِّ عَلَى ٱلْبَـٰطِلِ فَيَدْمَغُهُۥ فَإِذَا هُوَ زَاهِقٌ ۚ وَلَكُمُ ٱلْوَيْلُ مِمَّا تَصِفُونَ ﴾١٨﴿
 • എന്നാല്‍, നാം സത്യമായുള്ളതുകൊണ്ട് അസത്യമായുള്ളതിന്‍മേല്‍ എറിയുന്നു; അപ്പോള്‍ അതു [സത്യം] അതിനെ തകര്‍ത്തുകളയുന്നു; അപ്പോഴേക്കും അതാ അതു നാമാവശേഷമായിപ്പോകുന്നു! (സത്യനിഷേധികളെ) നിങ്ങള്‍ പറഞ്ഞുവരുന്നതു നിമിത്തം നിങ്ങള്‍ക്കു നാശം!
 • بَلْ പക്ഷെ, എന്നാല്‍ نَقْذِفُ നാം എറിയുന്നു بِالْحَقِّ സത്യംകൊണ്ടു, ന്യായംകൊണ്ടു, യഥാര്‍ത്ഥംകൊണ്ടു عَلَى الْبَاطِلِ അസത്യത്തിന്‍മേല്‍, നിരര്‍ത്ഥത്തിന്‍മേല്‍, അന്യായത്തിന്‍മേല്‍ فَيَدْمَغُهُ എന്നിട്ടു അതതിനെ തകര്‍ത്തുന്നു (തലച്ചോര്‍ ഉടക്കുന്നു) فَإِذَا هُوَ അപ്പോഴതാ അതു زَاهِقٌ നശിക്കുന്നു, നാമാവശേഷമാകുന്നു, ജീവന്‍ പോകുന്നു وَلَكُمُ നിങ്ങള്‍ക്കു (ഉണ്ട്) الْوَيْلُ നാശം, കേടു, കഷ്ടം مِمَّا تَصِفُونَ നിങ്ങള്‍ പറഞ്ഞു (വിവരിച്ചു) കൊണ്ടിരിക്കുന്നതിനാല്‍

വളരെ സാരഗര്‍ഭങ്ങളായ മൂന്നു വചനങ്ങളാണിത്. ആകാശഭൂമികളും, ചെറുതും വലുതുമായ അവയിലെ എല്ലാ വസ്തുക്കളും – മനുഷ്യന്‍ വിശേഷിച്ചും – വ്യഥാ വിനോദത്തിനോ, കളിയായിട്ടോ സൃഷ്ടിക്കപ്പെട്ടിരിക്കുകയല്ല. ഗൗരവമേറിയ ചില ലക്ഷ്യങ്ങളോടുകൂടിയും, യുക്തിമത്തായ ചില കാര്യങ്ങള്‍ക്കുവേണ്ടിയും ആകുന്നു അത്. അതിലടങ്ങിയ രഹസ്യങ്ങള്‍ മുഴുവനും കണ്ടെത്തുക മനുഷ്യസാധ്യമല്ല. അവയുടെ സൃഷ്ടാവും നിയന്താവുമായ അല്ലാഹുവിനു മാത്രമേ അതറിയുകയുള്ളു. പക്ഷേ, സദുദ്ദേശത്തോടുകൂടിയും ശരിയായ മാര്‍ഗ്ഗത്തിലൂടെയും ചിന്തിക്കുന്ന മനുഷ്യന് – അവന്റെ ഉദ്ദേശശുദ്ധിയുടെയും ചിന്താഗതിയുടെയും തോതനുസരിച്ച് – ഈ തുറയില്‍ ജ്ഞാനം ലഭിക്കുവാന്‍ അല്ലാഹു സഹായിക്കുന്നുവെന്നുമാത്രം. ഭൗതികമായോ, ആത്മീയമായോ, പ്രകൃതിപരമായോ, ധാര്‍മ്മികമായോ ഏതു നിലക്കുള്ള ചിന്താഗതിയാണ് ഒരാള്‍ക്കുള്ളതെങ്കില്‍, ആ തരത്തില്‍ പെട്ട അറിവായിരിക്കും അവനു സംജാതമായിക്കൊണ്ടിരിക്കുക. ഏതായാലും, അവന്‍ എത്രതന്നെ മുന്നോട്ടുനീങ്ങിയാലും, അവന്റെ അറിവിന് ഒരു പരിധി ഉണ്ടായിരിക്കും. ‘നിങ്ങള്‍ക്കു അറിവില്‍ നിന്നും അല്‍പമല്ലാതെ നല്‍കപ്പെട്ടിട്ടില്ല.’ (وَمَا أُوتِيتُم مِّنَ الْعِلْمِ إِلَّا قَلِيلًا)

അല്ലാഹുവിനെ സംബന്ധിച്ചിടത്തോളം, കളിവിനോദമെന്നോ, പാഴ്‌വേലയെന്നോ ഒന്നില്ലതന്നെ, അവന്‍ പരമ പരിശുദ്ധനും, സര്‍വ്വോല്‍കൃഷ്ടനുമാകുന്നു. ‘ഈ കാണപ്പെടുന്നതെല്ലാം ഒരു പ്രത്യേക ലക്ഷ്യമൊന്നും മുന്‍നിറുത്തിയുള്ളവയല്ല, വെറുതെയങ്ങ് സൃഷ്ടിച്ചുവിട്ടിരിക്കുകയാണ്, അനുനിമിഷം അതില്‍ നടന്നുകൊണ്ടിരിക്കുന്ന വിവിധ സംഭവങ്ങള്‍ യുക്തിരഹിതങ്ങളാണ് – അഥവാ വെറും ചില വഴക്കങ്ങളാണ്.’ എന്നൊക്കെ വല്ലവരും ധരിക്കുന്നുവെങ്കില്‍ അതില്‍പരം വിഡ്ഢിത്തം മറ്റെന്താണുള്ളത്?! അല്ലാഹു പറയുന്നു:-

وَمَا خَلَقْنَا السَّمَاءَ وَالْأَرْضَ وَمَا بَيْنَهُمَا بَاطِلًا ۚ ذَٰلِكَ ظَنُّ الَّذِينَ كَفَرُوا ۚ فَوَيْلٌ لِّلَّذِينَ كَفَرُوا مِنَ النَّارِ : ص :٢٨

(ആകാശത്തെയും, ഭൂമിയെയും, അവ രണ്ടിനുമിടയിലുള്ളതിനെയും, നാം നിരര്‍ത്ഥമായി സൃഷ്ടിച്ചിരിക്കുകയല്ല. അതു (അങ്ങിനെയാണെന്നു) അവിശ്വസിച്ചവരുടെ ധാരണയാകുന്നു. എന്നാല്‍, നരകം നിമിത്തം ആ അവിശ്വസിച്ചവര്‍ക്ക് നാശം!)

അല്ലാഹുവിന്റെ ശക്തിപ്രതാപത്തെയും, പരമോല്‍കൃഷ്ടഗുണങ്ങളെയും വേണ്ടപോലെ ഗ്രഹിക്കുകയും, വിലയിരുത്തുകയും ചെയ്യാത്തതിന്റെ ഫലമായി, അവന് മനുഷ്യനെപ്പോലെ ഭാര്യാമക്കളുണ്ടെന്നും മറ്റും പറയുവാന്‍ ചിലര്‍ ധൈര്യപ്പെടുന്നു. എന്നാല്‍, ഭാര്യാമാക്കളെപ്പോലെയുള്ള വല്ല വിനോദവും അവന്‍ ഉദ്ദേശിക്കുന്നതായി സങ്കല്‍പ്പിക്കുന്ന പക്ഷം – അതൊരിക്കലും ഉണ്ടാകുന്നതല്ല – അതു ഈ ഭൗതിക വസ്തുക്കളില്‍നിന്നായിരിക്കുകയില്ല. ഉപരിലോകത്തും, ആത്മീയലോകത്തുമുള്ള അഭൗതിക വസ്തുക്കളില്‍ നിന്നായിരിക്കും ഉണ്ടാവുക. അവനുണ്ടോ അങ്ങിനെ ഉദ്ദേശിക്കുന്നു?! അവന്‍ അതില്‍ നിന്നെല്ലാം അത്യുന്നതമായ നിലയില്‍ പരിശുദ്ധനത്രെ! (تعَالىٰ عَن ذلك عُلُوًّا كَبِيرًا)

18-ാം വചനത്തില്‍, ഈ ലോകത്തു നടപ്പിലുള്ള – അല്ലാഹുവിന്റെ ഭരണചട്ടങ്ങളില്‍ പെട്ട – ഒരു ഭരണചട്ടമാണ് നാം കാണുന്നത്. സത്യം അസത്യത്തെ – അഥവാ യഥാര്‍ത്ഥമായുള്ളതു നിരര്‍ത്ഥമായുള്ളതിനെ – പരജായപ്പെടുത്തുന്നുവെന്നതാണത്. അവ രണ്ടും തമ്മില്‍ ഒരിക്കലും സഖ്യമില്ലാത്ത പോരാട്ടമാണുണ്ടാവുക. നീതി, ന്യായം, മര്യാദ, ധര്‍മ്മം, യാഥാര്‍ത്ഥ്യം ആദിയായവ സത്യത്തിന്റെ ചേരിയിലായിരിക്കും, അനീതി, അന്യായം, അക്രമം, അധര്‍മ്മം, നിരര്‍ത്ഥത തുടങ്ങിയവ അസത്യത്തിന്റെ ചേരിയിലും. ഇരുചേരികളും തമ്മില്‍ നടക്കുന്ന പോരാട്ടത്തില്‍ പലപ്പോഴും അസത്യത്തിന്റെ പക്ഷത്തിനു പ്രത്യക്ഷത്തില്‍ ചില മോടിയും ധാടിയും കണ്ടേക്കും. നിമിഷങ്ങളല്ല, സംവത്സരങ്ങള്‍ തന്നെ അസത്യം സകുതൂഹലം നിലനിന്നേക്കും. അകംകണ്ണില്ലാത്തവനും, ഭൗതികായുഷ്ക്കാലത്തിനുമാത്രം അസ്തിത്വം കല്‍പിക്കുന്നവനും, അതുകണ്ട് വഞ്ചിതനായേക്കും. സത്യത്തെ അസത്യമായും, കാര്യത്തെ വിനോദമായും അവന്‍ സ്ഥാപിക്കുവാന്‍ ഒരുമ്പെട്ടേക്കും. പക്ഷേ, അതിനൊരു അതിരും അവധിയും അനിവാര്യമാകുന്നു. ‘കനം തികഞ്ഞാല്‍ തൂങ്ങുകതന്നെ ചെയ്യും.’ അസത്യത്തിന്റെ മൂപ്പെത്തുമ്പോള്‍, സത്യമാകുന്ന ബോമ്പിനെ അല്ലാഹു അതിന്റെ നേരെ എറിയുന്നു; അസത്യത്തിന്റെ മൂര്‍ദ്ധാവിനുപറ്റി അതിന്റെ തലച്ചോറു ഉടഞ്ഞുപോകുന്നു! അസത്യം ഉന്‍മൂലനം ചെയ്യപ്പെടുകയും ചെയ്യുന്നു!… . نَقْذِفُ بِالْحَقِّ عَلَى الْبَاطِلِ

ഈ മൂന്നു വചനങ്ങളുടെ വെളിച്ചത്തില്‍ ചിന്തിച്ചുനോക്കുക: 11-ാം വചനത്തിലും അതുപോലെയുള്ള മറ്റു പല ആയത്തുകളിലും പറയപ്പെട്ടിട്ടുള്ള സംഭവങ്ങളില്‍ ഒളിഞ്ഞുകിടക്കുന്ന രഹസ്യം ഇന്നതാണെന്നു അപ്പോള്‍ കാണാവുന്നതാണ്. സമ്പല്‍സമൃദ്ധവും, ജനനിബിഡവുമായ കുറേ രാജ്യങ്ങള്‍ പെട്ടെന്നു കൊയ്തെടുക്കപ്പെടുന്നു. അതില്‍ ആളിക്കത്തിക്കൊണ്ടിരുന്ന ചലന ചൈതന്യങ്ങളെല്ലാം കെട്ടാറി ചാമ്പലായിത്തീരുന്നു. അങ്ങനെ, ഒരു മൂകമായ അവസ്ഥക്കുശേഷം അതാ, വീണ്ടും ഉദ്ധരിക്കപ്പെടുന്നു; പുതിയൊരു തലമുറ രംഗത്തു വരുന്നു! എന്തിനാണിതെല്ലാം? യുക്തിഹീനമായ ഒരു വികൃതിയാണോ ഇതൊക്കെ?! അല്ല, കാര്യമൊന്നുമില്ലാത്ത ചില നേരംപോക്കുകളാണോ?! അതുമല്ല, ഒരിക്കലുമല്ല:-

സാര്‍വ്വലൗകികവും, അതിമഹത്തുമായ മേല്‍പറഞ്ഞ നിയമ ചട്ടത്തിന്റെ അടിസ്ഥാനത്തില്‍ തീരുമാനിക്കപ്പെട്ടു നടപ്പിലാക്കിയ ചില സംഭവങ്ങളത്രെ അവയെല്ലാം. ഈ പ്രപഞ്ചം കൊണ്ടും, അതിലെ വസ്തുക്കള്‍കൊണ്ടും, അവയുടെ സൃഷ്ടാവ് ഉദ്ദേശിച്ചിട്ടുള്ള ഉന്നത്തിലേക്കും, ഉന്നതിയിലേക്കും അവ നീങ്ങണം – അവ നീങ്ങുകയാണ്, അതിനായി അസത്യവും അതിന്റെ സൈന്യവും സത്യത്തിനു വഴിമാറിക്കൊടുക്കണം. മാറിക്കൊടുക്കാത്തപക്ഷം ബലം പ്രയോഗിച്ച് മാറ്റപ്പെടും. അസത്യത്തിന് അറുതിവരാത്തപക്ഷം, അതു പതനത്തില്‍ നിന്നു പതനത്തിലേക്കും, നാശത്തില്‍നിന്നു നാശത്തിലേക്കുമാണ് നയിക്കുക. ലോകത്തെയും ലോകരെയും തീരാനാശത്തില്‍നിന്നു രക്ഷപ്പെടുത്തുവാന്‍ സത്യമാകുന്ന ഖഡ്ഗംകൊണ്ട് സൃഷ്ടാവിനാല്‍ നിയമിതമായ പ്രകൃതി നിയമം അസത്യത്തെ വെട്ടുന്ന കാഴ്ചയാണ് അതെല്ലാം. അതെ, പ്രതാപശാലിയും സര്‍വ്വജ്ഞനുമായുള്ളവന്റെ നിയമനിര്‍ണ്ണയം! (ذَٰلِكَ تَقْدِيرُ الْعَزِيزِ الْعَلِيمِ)

വാസ്തവം ഇങ്ങിനെയൊക്കെയാകുന്നു. എന്നിട്ടു പിന്നേയും, അല്ലാഹുവിനു മക്കളുണ്ട്, ഭാര്യയുമുണ്ട്, എന്നൊക്കെ ഒരു വശത്ത്; ഇതെല്ലാം കേവലം ചില വഴക്കങ്ങളാണെന്നല്ലാതെ അതിനപ്പുറം ഒന്നും ചിന്തിക്കേണ്ടതായിട്ടില്ല എന്നിങ്ങനെ വേറൊരുവശത്ത്‌; ഇങ്ങിനെ, പല അസംബന്ധങ്ങളും പറഞ്ഞും, വിവരിച്ചും, വര്‍ണ്ണിച്ചും വരുന്ന അവിശ്വാസികളെ താക്കീതു ചെയ്തുകൊണ്ടാണ് ഒടുവിലത്തെ വചനം അവസാനിക്കുന്നത്.

21:19
 • وَلَهُۥ مَن فِى ٱلسَّمَـٰوَٰتِ وَٱلْأَرْضِ ۚ وَمَنْ عِندَهُۥ لَا يَسْتَكْبِرُونَ عَنْ عِبَادَتِهِۦ وَلَا يَسْتَحْسِرُونَ ﴾١٩﴿
 • ആകാശങ്ങളിലും ഭൂമിയിലും ഉള്ളവര്‍ (എല്ലാം) അവന്റേതാകുന്നു. അവന്റെ അടുക്കലുള്ളവര്‍, അവനെ ആരാധിക്കുന്നതിനെക്കുറിച്ച് അഹങ്കാരം നടിക്കുകയില്ല; ക്ഷീണിച്ചു കുഴങ്ങുകയുമില്ല;-
 • وَلَهُ അവനുള്ളതാണു, അവന്റെതാണു مَن فِي السَّمَاوَاتِ ആകാശങ്ങളിലുള്ളവര്‍ وَالْأَرْضِ ഭൂമിയിലും وَمَنْ عِندَهُ അവന്റെ അടുക്കലുള്ളവര്‍ لَا يَسْتَكْبِرُونَ അഹങ്കാരം നടിക്കുകയില്ല, അഹംഭാവം കാണിക്കുകയുമില്ല عَنْ عِبَادَتِهِ അവനെ ആരാധിക്കുന്നതിനെപ്പറ്റി وَلَا يَسْتَحْسِرُونَ അവര്‍ ക്ഷീണിച്ചു കുഴങ്ങുന്നതുമില്ല
21:20
 • يُسَبِّحُونَ ٱلَّيْلَ وَٱلنَّهَارَ لَا يَفْتُرُونَ ﴾٢٠﴿
 • അവര്‍, രാവും പകലും സ്തോത്രകീര്‍ത്തനം ചെയ്തുകൊണ്ടിരിക്കുന്നു - അവര്‍ തളരുന്നില്ല.
 • يُسَبِّحُونَ അവര്‍ തസ്ബീഹു (സ്തോത്രകീര്‍ത്തനം) നടത്തുന്നു اللَّيْلَ രാത്രിയില്‍ وَالنَّهَارَ പകലും لَا يَفْتُرُونَ അവര്‍ തളരുന്നില്ല, കുഴങ്ങുകയില്ല, ക്ഷീണിക്കുകയില്ല

എല്ലാവസ്തുക്കളുടെയും സൃഷ്ടി, ഉടമസ്ഥത, നിയന്ത്രണം, കൈകാര്യം, ജീവിതം, മരണം, ശിക്ഷ തുടങ്ങിയ കാര്യങ്ങളില്‍ അല്ലാഹുവിനല്ലാതെ മറ്റാര്‍ക്കും യാതൊരുവിധ പങ്കുമില്ല.

‘അവന്റെ അടുക്കല്‍ ഉള്ളവര്‍’ എന്നു പറഞ്ഞതു മലക്കുകളെ ഉദ്ദേശിച്ചാകുന്നു. അവര്‍ എപ്പോഴും അല്ലാഹുവിന്റെ കല്‍പ്പനകള്‍ അനുസരിച്ചും, അവന്റെ സ്തുതിയും സ്തോത്രവും പ്രകീര്‍ത്തിച്ചും കൊണ്ടിരിക്കുന്നവരാകുന്നു. തങ്ങളുടെ കൃത്യങ്ങള്‍ നിര്‍വ്വഹിക്കുന്നതില്‍ ക്ഷീണം, തളര്‍ച്ച മുതലായതൊന്നും അവരെ ബാധിക്കുന്നല്ല. വൈമനസ്യം, അഹങ്കാരം, അഹംഭാവം തുടങ്ങിയവ അവരില്‍ ഉണ്ടാകുകയുമില്ല.

21:21
 • أَمِ ٱتَّخَذُوٓا۟ ءَالِهَةً مِّنَ ٱلْأَرْضِ هُمْ يُنشِرُونَ ﴾٢١﴿
 • അഥവാ, അവര്‍ ഭൂമിയില്‍നിന്നു വല്ല ആരാധ്യന്‍മാരെയും ഉണ്ടാക്കിയിരിക്കുന്നുവോ, അവര്‍തന്നെ (മരണപ്പെട്ടവരെ) പുനര്‍ ജീവിപ്പിക്കുന്നതാണ് (അങ്ങിനെയുള്ളവരെ)?!
 • أَمِ اتَّخَذُوا അഥവാ (അതല്ലാ) അവര്‍ ഉണ്ടാക്കിയിരിക്കുന്നുവോ, സ്വീകരിച്ചിരിക്കുന്നുവോ آلِهَةً വല്ല ആരാധ്യന്‍മാരെയും, ദൈവങ്ങളെ مِّنَ الْأَرْضِ ഭൂമിയില്‍നിന്നു هُمْ അവര്‍ (സ്വയം) يُنشِرُونَ പുനര്‍ജീവിപ്പിക്കുന്നു, എഴുന്നേല്‍പിക്കുന്നു (അങ്ങിനെയുള്ള)
21:22
 • لَوْ كَانَ فِيهِمَآ ءَالِهَةٌ إِلَّا ٱللَّهُ لَفَسَدَتَا ۚ فَسُبْحَـٰنَ ٱللَّهِ رَبِّ ٱلْعَرْشِ عَمَّا يَصِفُونَ ﴾٢٢﴿
 • അവ രണ്ടിലും [ആകാശഭൂമികളില്‍] അല്ലാഹുവല്ലാതെ വല്ല ആരാധ്യന്‍മാരും ഉണ്ടായിരുന്നുവെങ്കില്‍, അവ രണ്ടും നാശപ്പെടുമായിരുന്നു! അപ്പോള്‍, അവര്‍ പറഞ്ഞുവരുന്നതില്‍ നിന്നു 'അര്‍ശി' ന്റെ നാഥനായ അല്ലാഹു എത്രയോ പരിശുദ്ധന്‍!
 • لَوْ كَانَ ഉണ്ടായിരുന്നാല്‍ فِيهِمَا അവ രണ്ടിലും آلِهَةٌ ആരാധ്യന്‍മാര്‍, ദൈവങ്ങള്‍, ഇലാഹുകള്‍ إِلَّا اللَّـهُ അല്ലാഹു അല്ലാതെ لَفَسَدَتَا അതു രണ്ടും നശിച്ചു (വിഘടിച്ചു) പോകുമായിരുന്നു فَسُبْحَانَ اللَّـهِ അപ്പോള്‍ അല്ലാഹു എത്ര പരിശുദ്ധന്‍ (മഹാ പരിശുദ്ധന്‍) رَبِّ الْعَرْشِ അര്‍ശിന്റെ (സിംഹാസനത്തിന്റെ) നാഥനായ عَمَّا يَصِفُونَ അവര്‍ പറഞ്ഞു (വിവരിച്ചു) വരുന്നതില്‍നിന്നു
21:23
 • لَا يُسْـَٔلُ عَمَّا يَفْعَلُ وَهُمْ يُسْـَٔلُونَ ﴾٢٣﴿
 • അവന്‍ ചെയ്യുന്നതിനെക്കുറിച്ച് ചോദ്യം ചെയ്യപെടുകയില്ല; അവരാകട്ടെ, ചോദിക്കപ്പെടുന്നതുമാണ്.
 • لَا يُسْأَلُ അവന്‍ ചോദ്യം ചെയ്യപ്പെടുകയില്ല عَمَّا يَفْعَلُ അവന്‍ ചെയ്യുന്നതിനെക്കുറിച്ചു وَهُمْ അവരാകട്ടെ يُسْأَلُونَ അവര്‍ ചോദിക്കപ്പെടും

അല്ലാഹുവിനുപുറമെ, ഭൂമിയിലുള്ള പലതിനേയും ബഹുദൈവവിശ്വാസികള്‍ ഇലാഹുകളായി (ദൈവങ്ങളായി) സ്വീകരിക്കുന്നു. മരണപ്പെട്ടവരെ പുനര്‍ജ്ജീവിപ്പിച്ച് എഴുന്നേല്‍പിക്കുവാന്‍ കഴിവുണ്ടായിരിക്കുക ഇലാഹിനു അനിവാര്യമായ ഒരു ഗുണമത്രെ. ഈ കഴിവുള്ളവന്‍ അല്ലാഹു അല്ലാതെ മറ്റാരും തന്നെയില്ല. ആകാശഭൂമികളില്‍ അവനല്ലാതെ ഒരു ഇലാഹും ഇല്ല, ഉണ്ടായിരുന്നുവെങ്കില്‍, അവയുടെ വ്യവസ്ഥ തികച്ചും താറുമാറാകുമായിരുന്നു. എന്നിരിക്കെ, ഭൗതികവസ്തുക്കളില്‍പെട്ട ഏതെങ്കിലും വസ്തു ഇലാഹാണെന്നു വാദിക്കുന്നതുപോലെയുള്ള അവാസ്തവ പ്രസ്താവനകള്‍ എത്രമാത്രം നീചമായിട്ടുള്ളതാണ്?! അല്ലാഹു അതില്‍ നിന്നെല്ലാം സര്‍വ്വോപരി പരിശുദ്ധനത്രെ! അഖിലവസ്തുക്കളുടെയും സൃഷ്ടാവും, നിയന്താവും, സാക്ഷാല്‍ ഭരണാധിപതിയുമായ അവന്റെ പ്രവര്‍ത്തനങ്ങളിലോ, അധികാരാവകാശത്തിലോ ചോദ്യം ചെയ്‌വാന്‍ ഏതൊരുവനും കഴിവില്ല – അര്‍ഹതയുമില്ല. നേരെമറിച്ച് സൃഷ്ടികളാകട്ടെ, അവരുടെ സകല കര്‍മ്മങ്ങളെക്കുറിച്ചും അവന്‍ ചോദ്യം ചെയ്യുന്നതുമാകുന്നു. അതില്‍ നിന്ന് ഒഴിവാകുവാന്‍ ആര്‍ക്കും സാധ്യതയുമില്ല.

إِله (ഇലാഹു) എന്നാല്‍ ആരാധിക്കപ്പെടുവാന്‍ അര്‍ഹതയുള്ളവന്‍ എന്നര്‍ത്ഥം. സൃഷ്ടി, സംഹാരം, രക്ഷ, ശിക്ഷ മുതലായവയ്ക്ക് പരിപൂര്‍ണ്ണമായും കഴിവുള്ളവനു മാത്രമേ ഇലാഹായിരിക്കുവാന്‍ അര്‍ഹതയുള്ളു. അങ്ങിനെയുള്ളവനുമാത്രമേ അതിനു അവകാശവുമുള്ളു. ഈ സംഗതി ഖുര്‍ആന്‍ പലപ്പോഴും വ്യക്തമായി പ്രസ്താവിച്ചിട്ടുള്ളതാണ്. 21-ാം വചനത്തിലും അതിന്റെ സൂചനയുണ്ട്. എനിയും ഈ സൂറത്തില്‍തന്നെ ഒന്നിലധികം സ്ഥലത്തു വീണ്ടും കാണാവുന്നതുമാണ്. ആരാധ്യന്‍, ദൈവം, കര്‍ത്താവു എന്നിങ്ങനെയുള്ള ഏതുപേരില്‍ അറിയപ്പെട്ടാലും ശരി, അല്ലാഹു അല്ലാത്ത മറ്റൊരു ഇലാഹ് ആകാശഭൂമികളില്‍ ഉണ്ടാകുവാന്‍ നിവൃത്തിയില്ലെന്ന 22-ാം ആയത്തിന്റെ താല്‍പര്യം വളരെ ശ്രദ്ധാര്‍ഹമാകുന്നു. ബുദ്ധിപൂര്‍വ്വകവും, അനുഭവസാക്ഷ്യമുള്ളതുമായ ആ തത്വത്തെ നിഷേധിക്കുവാന്‍ ഏതു ന്യായശാസ്ത്രത്തിനും കഴിവില്ലതന്നെ. ആകാശഭൂമികള്‍ ഉണ്ട്. അതിലെ വസ്തുക്കളും ഉണ്ട്. അവയെല്ലാം ചില വ്യവസ്ഥകള്‍ക്കനുസരിച്ചു നിലകൊള്ളുന്നു, എന്നുള്ള പരമാര്‍ത്ഥം സമ്മതിക്കുന്ന ഏതൊരുവനും ഖണ്ഡിക്കുവാന്‍ കഴിയാത്ത ഒരു യാഥാര്‍ത്ഥ്യമാണത്. കാരണം:

ഒന്നിലധികം ഇലാഹുകള്‍ ഉണ്ടെന്നു നാം സങ്കല്പിക്കുക. ആ ഇലാഹുകള്‍ തമ്മില്‍ ഒന്നുകില്‍ യോജിപ്പുണ്ടായിരിക്കണം. അല്ലെങ്കില്‍ ഭിന്നിപ്പുണ്ടായിരിക്കണം. ഈ രണ്ടിലൊന്ന് അനിവാര്യമാണല്ലോ. തമ്മില്‍ ഭിന്നിപ്പാണുള്ളതെങ്കില്‍, ഒരു കാര്യം ഒരേ സമയത്ത് ഉണ്ടാവണമെന്ന് ഒരാളും, ഉണ്ടാവരുതെന്നു മറ്റേയാളും ഉദ്ദേശിക്കുന്നു. ഇപ്പോള്‍ ആ കാര്യം ഒരേ അവസരത്തില്‍തന്നെ ഉണ്ടാവുകയും ഇല്ലാതിരിക്കുകയും വേണം. ഇതു അസംഭവ്യമാണല്ലോ. ഒരു കാര്യം ഇന്ന പ്രകാരമാകണമെന്നു  ഒരുവനും, വേറൊരു പ്രകാരമാകണമെന്നു മറ്റേവനും ഉദ്ദേശിച്ചാലുള്ള കഥയും ഇതു പോലെത്തന്നെ. എനി, രണ്ടാളുടെ ഉദ്ദേശങ്ങളും രണ്ടുസമയത്താണ് ഉണ്ടാകുന്നതെന്നു വെക്കുക. അപ്പോള്‍, ഓരോ ഇലാഹിനും മറ്റേവന്‍ ഉദ്ദേശിക്കാത്തസമയത്തു മാത്രമേ വല്ലതും പ്രവര്‍ത്തിക്കുന്നതിനു കഴിവുണ്ടായിരിക്കുകയുള്ളു. അഥവാ രണ്ടുപേരും പൂര്‍ണ്ണമായ കഴിവില്ലാത്തവരാണെന്നു ചുരുക്കം.

എനി, രണ്ടു ഇലാഹുകളും തമ്മില്‍ യോജിപ്പാണുള്ളതെന്നു സങ്കല്‍പിക്കുക. ഒരു കാര്യം, അല്ലെങ്കില്‍ ഒരു വസ്തു ഉണ്ടാവണമെന്നു രണ്ടുപേരും ഉദ്ദേശിക്കുന്നപക്ഷം, അവ ഓരോന്നും ഒന്നിലധികം ഉണ്ടാകേണ്ടതായി വരുന്നു. എന്തുകൊണ്ടെന്നാല്‍ : ഉദ്ദേശിച്ച കാര്യത്തിനു പൂര്‍ണ്ണമായ കഴിവുള്ളവരാണല്ലോ ഓരോ ഇലാഹും. ഇതു അസംഭവ്യമാണെന്നു വ്യക്തമാണ്. എനി, ഒരു വസ്തുവിന്റെ സൃഷ്ടിയുടെ ഒരു ഭാഗം ഒരാളും, മറ്റേഭാഗം വേറൊരാളുമാണ് നടത്തുന്നതെന്നുവെക്കുക, അല്ലെങ്കില്‍ ചിലതു ഒരാളും, മറ്റുചിലത് മറ്റേയാളും നടത്തുകയാണെന്നു വെക്കുക. ഇപ്പോഴും, ഓരോരുത്തനും സ്വന്തം നിലക്ക് മുഴുവന്‍ ശക്തിയില്ലാത്തവനാണെന്നും, ഭാഗികമായ കഴിവുമാത്രമേ ഓരോരുത്തനും ഉള്ളുവെന്നും വരുന്നു. എനി, ഒരുവന്‍ വെറുതെ ഇരിക്കുകയും, മറ്റെയാള്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ആണെങ്കില്‍, വെറുതെ ഇരിക്കുന്നവന്‍ പ്രവര്‍ത്തന സ്വാധീനമില്ലാത്ത ഉപയോഗശൂന്യനാണെന്നും പറയേണ്ടതില്ല. ഇത്രയും പറഞ്ഞതില്‍നിന്നു 22-ാം വചനത്തില്‍, അല്ലാഹുവല്ലാതെ ഇലാഹുണ്ടായിരിക്കുവാന്‍ പാടില്ലെന്നു പറഞ്ഞതിനെതിരായി സങ്കല്‍പിക്കുകപോലും സാദ്ധ്യമല്ലെന്ന് സ്പഷ്ടമാണല്ലോ.

21:24
 • أَمِ ٱتَّخَذُوا۟ مِن دُونِهِۦٓ ءَالِهَةً ۖ قُلْ هَاتُوا۟ بُرْهَـٰنَكُمْ ۖ هَـٰذَا ذِكْرُ مَن مَّعِىَ وَذِكْرُ مَن قَبْلِى ۗ بَلْ أَكْثَرُهُمْ لَا يَعْلَمُونَ ٱلْحَقَّ ۖ فَهُم مُّعْرِضُونَ ﴾٢٤﴿
 • അഥവാ അവനു [അല്ലാഹുവിനു] പുറമെ അവര്‍ വല്ല ആരാധ്യന്‍മാരെയും സ്വീകരിച്ചിരിക്കുന്നുവോ?! പറയുക: (അങ്ങിനെയുണ്ടെങ്കില്‍) നിങ്ങളുടെ പ്രമാണം കൊണ്ടുവരുവിന്‍!- ഇതാ, എന്റെ കൂടെയുള്ളവരുടെ ഉല്‍ബോധനവും [വേദവും], എന്റെ മുമ്പുള്ളവരുടെ ഉല്‍ബോധനവും [വേദവും]! എങ്കിലും, അവരില്‍ അധികമാളുകളും യഥാര്‍ത്ഥം അറിയുന്നില്ല. അതിനാല്‍ അവര്‍ തിരിഞ്ഞുകളയുന്നവരാണ്.
 • أَمِ اتَّخَذُوا അഥവാ (പക്ഷേ) അവര്‍ സ്വീകരിച്ചിരിക്കുന്നുവോ مِن دُونِهِ അവനു പുറമെ, അവനെക്കൂടാതെ آلِهَةً ആരാധ്യന്‍മാരെ, ദൈവങ്ങളെ قُلْ പറയുക هَاتُوا കൊണ്ടുവരുവിന്‍ بُرْهَانَكُمْ നിങ്ങളുടെ പ്രമാണം, തെളിവു هَـٰذَا ഇതാ ذِكْرُ مَن مَّعِيَ എന്റെ കൂടെയുള്ളവരുടെ ഉല്‍ബോധനം وَذِكْرُ مَن قَبْلِي എന്റെ മുമ്പുള്ളവരുടെ ഉല്‍ബോധനവും بَلْ പക്ഷേ, എങ്കിലും أَكْثَرُهُمْ അവരില്‍ അധികമാളും لَا يَعْلَمُونَ അറിയുന്നില്ല الْحَقَّ യഥാര്‍ത്ഥം, സത്യം فَهُم അതിനാല്‍ അവര്‍ مُّعْرِضُونَ തിരിഞ്ഞുകളയുന്നവരാണു, അശ്രദ്ധരാണു

മുകളില്‍ നാം വായിച്ചുകഴിഞ്ഞ തിരുവചനങ്ങളില്‍, ആരാധ്യനായിരിക്കുവാന്‍ ഒട്ടും യോഗ്യതയില്ലാത്ത വസ്തുക്കളെ – വിഗ്രഹങ്ങള്‍ മുതലായവയെ – ഇലാഹുകളായി സ്വീകരിക്കുന്നതിനെ ആക്ഷേപിക്കുകയും, ആകാശഭൂമികളില്‍ എവിടെയും അല്ലാഹു അല്ലാത്ത ഒരു ആരാധ്യന്‍ ഉണ്ടാവാന്‍ സാധ്യതയില്ലെന്നു തെളിയിക്കുകയും ചെയ്തു. ബുദ്ധിയുടെയും, അനുഭവത്തിന്റെയും അടിസ്ഥാനത്തില്‍ യാതൊരു ന്യായീകരണവും സിദ്ധിക്കാത്ത ആ വാദത്തിനു – പരദൈവവാദത്തിനു – ഏതെങ്കിലും വേദപ്രമാണം തെളിയിക്കുവാനുണ്ടെങ്കില്‍ കൊണ്ടുവരട്ടെ, എന്നാണ് ഇവിടെ അല്ലാഹു അവിശ്വാസികളെ വെല്ലുവിളിക്കുന്നത്. എല്ലാ വേദഗ്രന്ഥങ്ങളും – ഖുര്‍ആനും അതിനു മുമ്പുള്ളവയും – ഏകദൈവവിശ്വാസത്തില്‍ അധിഷ്ഠിതമായിരിക്കെ, അതിനെതിരായി എന്തു തെളിവാണ് അവര്‍ക്കു കൊണ്ടുവരുവാനുള്ളത്?! അവരില്‍ കുബുദ്ധികളായുള്ള പലരും അറിഞ്ഞുകൊണ്ടുതന്നെ സത്യത്തെ ധിക്കരിക്കുന്നു. എന്നാല്‍ അധികമാളുകളും പരമാര്‍ത്ഥം ആലോചിച്ചറിയാതെ യഥാര്‍ത്ഥംവിട്ടു തിരിഞ്ഞുകളയുകയാണ് ചെയ്യുന്നത്. അല്ലാഹു പറയുന്നു:

21:25
 • وَمَآ أَرْسَلْنَا مِن قَبْلِكَ مِن رَّسُولٍ إِلَّا نُوحِىٓ إِلَيْهِ أَنَّهُۥ لَآ إِلَـٰهَ إِلَّآ أَنَا۠ فَٱعْبُدُونِ ﴾٢٥﴿
 • (നബിയേ) 'ഞാനല്ലാതെ ആരാധ്യനേയില്ല, അതുകൊണ്ട് എന്നെ (മാത്രം) ആരാധിക്കുവിന്‍' എന്നു നാം 'വഹ്-യു' നല്‍കുന്നതായിക്കൊണ്ടല്ലാതെ നിനക്കുമുമ്പ് ഒരു റസൂലിനെയും നാം അയച്ചിട്ടില്ല.
 • وَمَا أَرْسَلْنَا നാം അയച്ചിട്ടില്ല مِن قَبْلِكَ നിനക്കുമുമ്പു مِن رَّسُولٍ ഒരു റസൂലിനെയും, ദൂതനെയും إِلَّا نُوحِي നാം വഹ്-യ് (ബോധനം) നല്‍കിക്കൊണ്ടല്ലാതെ إِلَيْهِ അദ്ദേഹത്തിന്നു أَنَّهُ കാര്യം ആണെന്നു لَا إِلَـٰهَ ഒരു ഇലാഹും ഇല്ല إِلَّا أَنَا ഞാനല്ലാതെ فَاعْبُدُونِ ആകയാല്‍ എന്നെ(ത്തന്നെ) ആരാധിക്കുവീന്‍ (എന്നു).

ഇങ്ങിനെ, ഏതുവിധേന നോക്കിയാലും ഏറ്റവും ഗൗരവമേറിയ ഒരു അടിസ്ഥാന തത്വമാണ് തൗഹീദ്. എന്നിരിക്കെ, അല്ലാഹു അല്ലാത്തവരെ ആരാധ്യവസ്തുക്കളായി സ്വീകരിക്കുന്നതില്‍പരം ഭയങ്കരം മറ്റേതാണ്?! ചിലര്‍ തങ്ങളുടെ ദൈവങ്ങളെ അല്ലാഹുവിനു സമന്‍മാരും, പങ്കുകാരുമായിട്ടാണ് കരുതുന്നതെങ്കില്‍, വേറെ ചിലര്‍ അവരുടെ ആരാധ്യന്‍മാരെ ദൈവസന്താനങ്ങളോ, ദൈവാവതാരങ്ങളോ ആയി ഗണിക്കുന്നു. ഖുസാഅഃ, ജുഹൈനഃ, ബനുസലമഃ (خُزَاعَة , جُهَيْنَة , بَنُو سَلَمَة) മുതലായ അറബിഗോത്രക്കാര്‍, മലക്കുകള്‍ അല്ലാഹുവിന്റെ പെണ്‍മക്കളാണെന്നു വിശ്വസിച്ചു വന്നിരുന്നു. ഇതുപോലെയുള്ള ഓരോതരം വിശ്വാസങ്ങള്‍ ഇന്നും പല സമുദായങ്ങള്‍ക്കിടയിലും കാണാം. ഈ വിശ്വാസം തൌഹീദിന് വിരുദ്ധമാണെന്നതിന് പുറമെ, അല്ലാഹുവിന്റെ മഹത്വത്തെ കളങ്കപ്പെടുത്തുകയും, അവനെ സൃഷ്ടിസമാനമാക്കി തരംതാഴ്ത്തുകയും കൂടി ചെയ്യുന്ന തരത്തിലുള്ളതാണ്. അതുകൊണ്ടത്രെ, സന്താനവാദത്തെ ആക്ഷേപിക്കുമ്പോള്‍, അല്ലാഹുവിന്റെ പരിശുദ്ധിയെപ്പറ്റി പ്രത്യേകം എടുത്തുപറയുന്നതും.

21:26
 • وَقَالُوا۟ ٱتَّخَذَ ٱلرَّحْمَـٰنُ وَلَدًا ۗ سُبْحَـٰنَهُۥ ۚ بَلْ عِبَادٌ مُّكْرَمُونَ ﴾٢٦﴿
 • അവര്‍ [അവിശ്വാസികള്‍] പറയുന്നു: 'പരമകാരുണികനായുള്ളവന്‍ സന്താനത്തെ സ്വീകരിച്ചിരിക്കുന്നു' എന്ന്! അവനെത്രയോ പരിശുദ്ധന്‍! എന്നാല്‍, (അവര്‍) ആദരണീയരായ അടിയാന്‍മാരത്രെ.
 • وَقَالُوا അവര്‍ പറയുന്നു اتَّخَذَ ഉണ്ടാക്കി, സ്വീകരിച്ചു الرَّحْمَـٰنُ റഹ്മാന്‍, പരമകാരുണികന്‍ وَلَدًا സന്താനം, മക്കള്‍ سُبْحَانَهُ അവന്‍ മഹാ പരിശുദ്ധന്‍, അവനെത്ര പരിശുദ്ധന്‍, അവനെ പരിശുദ്ധപ്പെടുത്തുന്നു بَلْ പക്ഷേ, എന്നാല്‍ عِبَادٌ അടിയാന്‍മാരാകുന്നു مُّكْرَمُونَ ആദരണീയരായ, ആദരിക്കപ്പെട്ടവരായ
21:27
 • لَا يَسْبِقُونَهُۥ بِٱلْقَوْلِ وَهُم بِأَمْرِهِۦ يَعْمَلُونَ ﴾٢٧﴿
 • അവനെ, വാക്കില്‍ അവര്‍ മുന്‍കടക്കുകയില്ല; അവന്റെ കല്പന അനുസരിച്ചുതന്നെ അവര്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു.
 • لَا يَسْبِقُونَهُ അവര്‍ അവനെ മുന്‍കടക്കുകയില്ല بِالْقَوْلِ വാക്കില്‍, വാക്കുകൊണ്ടു وَهُم അവര്‍, അവരാകട്ടെ بِأَمْرِهِ അവന്റെ കല്പനയെ, കല്പനപ്രകാരം يَعْمَلُونَ പ്രവര്‍ത്തിക്കുന്നതാണ്

21:28
 • يَعْلَمُ مَا بَيْنَ أَيْدِيهِمْ وَمَا خَلْفَهُمْ وَلَا يَشْفَعُونَ إِلَّا لِمَنِ ٱرْتَضَىٰ وَهُم مِّنْ خَشْيَتِهِۦ مُشْفِقُونَ ﴾٢٨﴿
 • അവരുടെ മുന്നിലുള്ളതും, അവരുടെ പിന്നിലുള്ളതും അവന്‍ അറിയുന്നു; അവന്‍ തൃപ്തിപ്പെട്ടവര്‍ക്കെലാതെ അവര്‍ ശുപാര്‍ശ ചെയ്കയുമില്ല. അവരാകട്ടെ, അവനെ സംബന്ധിച്ച ഭയം നിമിത്തം പേടിച്ചുകൊണ്ടിരിക്കുന്നവരുമാണ്.
 • يَعْلَمُ അവന്‍ അറിയും مَا بَيْنَ أَيْدِيهِمْ അവരുടെ മുന്നിലുള്ളതു وَمَا خَلْفَهُمْ അവരുടെ പിന്നിലുള്ളതും وَلَا يَشْفَعُونَ അവര്‍ ശുപാര്‍ശ ചെയ്യുന്നതുമല്ല إِلَّا لِمَنِ ഒരുവര്‍ക്കല്ലാതെ ارْتَضَىٰ അവന്‍ തൃപ്തിപ്പെട്ടിട്ടുള്ള وَهُم അവരാകട്ടെ, അവര്‍ مِّنْ خَشْيَتِهِ അവനെ ഭയപ്പെട്ടതുനിമിത്തം, അവനോടുള്ള ഭയത്താല്‍ مُشْفِقُونَ പേടിച്ചു കൊണ്ടിരിക്കുന്നവരാണു
21:29
 • وَمَن يَقُلْ مِنْهُمْ إِنِّىٓ إِلَـٰهٌ مِّن دُونِهِۦ فَذَٰلِكَ نَجْزِيهِ جَهَنَّمَ ۚ كَذَٰلِكَ نَجْزِى ٱلظَّـٰلِمِينَ ﴾٢٩﴿
 • അവരില്‍നിന്ന് ആരെങ്കിലും, ഞാന്‍ അവനു [അല്ലാഹുവിനു] പുറമെയുള്ള ഒരു ആരാധ്യനാണെന്ന് പറയുന്നതായാല്‍, അങ്ങിനെയുള്ളവന് നാം നരകത്തെ പ്രതിഫലം കൊടുക്കുന്നതാകുന്നു. അപ്രകാരം, അക്രമകാരികള്‍ക്കു നാം പ്രതിഫലം കൊടുക്കുന്നതാണു്.
 • وَمَن يَقُلْ ആരെങ്കിലും പറഞ്ഞാല്‍ مِنْهُمْ അവരില്‍ നിന്നു إِنِّي إِلَـٰهٌ ഞാന്‍ ഇലാഹാണു, ആരാധ്യനാണു (എന്നു) مِّن دُونِهِ അവനെക്കൂടാതെ فَذَٰلِكَ എന്നാല്‍ അവന്‍ نَجْزِيهِ അവനു നാം പ്രതിഫലം നല്‍കും جَهَنَّمَ നരകത്തെ كَذَٰلِكَ അപ്രകാരം, അപ്രകാരമാണു نَجْزِي നാം പ്രതിഫലം നല്‍കുന്നതാണ്, പ്രതിഫലം കൊടുക്കുക الظَّالِمِينَ അക്രമകാരികള്‍ക്കു

മലക്കുകള്‍ അല്ലാഹുവിന്റെ പുത്രികളാണെന്ന വാദത്തിന്റെ ഖണ്ഡനമാണിത്; അവര്‍ ആദരണീയരും മാന്യന്മാരും തന്നെ. പക്ഷേ, അതുകൊണ്ട് അവര്‍ ആരാധ്യന്‍മാരായിരിക്കുന്നതിന് ഒരിക്കലും അര്‍ഹരല്ല. കാരണം, അവര്‍ അല്ലാഹുവിന്റെ സൃഷ്ടികളായ അടിമകളാകുന്നു. അല്ലാഹുവിന്റെ കല്‍പനകിട്ടാതെയോ, അവന്‍ പറഞ്ഞതിനപ്പുറമോ അവര്‍ യാതൊന്നും പറയുകയില്ല. തികച്ചും അവന്റെ കല്‍പനകള്‍ അനുസരിച്ച് നടക്കുന്നവരും, അതിനെതിരായി നടക്കാത്തവരുമാണവര്‍. അവരുടെ എല്ലാ കാര്യങ്ങളും അല്ലാഹുവിന് ശരിക്കും അറിയാം. അവരെ ആരാധിക്കുകമൂലം അവരുടെ വല്ല ശുപാര്‍ശമുഖേനയും രക്ഷകിട്ടുമെന്ന് കരുതുവാനും നിവൃത്തിയില്ല. എന്തുകൊണ്ടെന്നാല്‍, അല്ലാഹു തൃപ്തിപ്പെട്ട് അനുവാദം കൊടുത്തവര്‍ക്കല്ലാതെ ശുപാര്‍ശചെയ്‌വാനും അവര്‍ക്കു സാധ്യമല്ല. സത്യവിശ്വാസികളായ സജ്ജനങ്ങള്‍ക്കു മാത്രമേ അവന്റെ തൃപ്തി ലഭിക്കുകയുള്ളുവെന്ന് സ്പഷ്ടവുമാണ്. അങ്ങിനെയുള്ളവരല്ലാത്ത ആളുകള്‍ക്കു ശുപാര്‍ശചെയ്തുനോക്കുവാന്‍ അവര്‍ ധൈര്യപ്പെടുകയില്ല. അല്ലാഹുവിനെ സംബന്ധിച്ച് അത്രയും ഭയപ്പാടിലാണവര്‍. എന്നിരിക്കെ, അവരെ ആരാധ്യന്‍മാരോ ദൈവസന്താനങ്ങളോ ആക്കുന്നതില്‍ എന്താണ് അര്‍ത്ഥമുള്ളത്?! താന്‍ ആരാധിക്കപ്പെടുവാന്‍ അര്‍ഹനാണെന്ന്; അവരില്‍ ഒരാള്‍ പറയുന്നുവെന്ന് സങ്കല്‍പിക്കുക; എന്നാല്‍, അദ്ദേഹം നരകശിക്ഷക്കു വിധേയനാകാതിരിക്കുകയില്ല. അദ്ദേഹത്തിന്റെ ഏതെങ്കിലും പ്രകാരത്തിലുള്ള ഗുണമോ, സ്ഥാനമോ അതിന് തടസ്സമായിരിക്കുന്നതുമല്ല. അക്രമികള്‍ ആരായിരുന്നാലും, നിയമപ്രകാരം അല്ലാഹു അവരെ ശിക്ഷിക്കുന്നതാണ്.