വിഭാഗം - 6

21:76
 • وَنُوحًا إِذْ نَادَىٰ مِن قَبْلُ فَٱسْتَجَبْنَا لَهُۥ فَنَجَّيْنَـٰهُ وَأَهْلَهُۥ مِنَ ٱلْكَرْبِ ٱلْعَظِيمِ ﴾٧٦﴿
 • നൂഹിനെയും - അതായതു: മുമ്പ് അദ്ദേഹം വിളി(ച്ചു പ്രാര്‍ത്ഥി)ച്ച സന്ദര്‍ഭം - (ഓര്‍ക്കുക). അപ്പോള്‍ അദ്ദേഹത്തിനു നാം ഉത്തരം നല്‍കി; അങ്ങനെ, അദ്ദേഹത്തെയും, അദ്ദേഹത്തിന്റെ ആള്‍ക്കാരെയും മഹാദുഃഖത്തില്‍നിന്ന് നാം രക്ഷപ്പെടുത്തുകയും ചെയ്തു;
 • وَنُوحًا നൂഹിനെയും (ഓര്ക്കുക) إِذْ نَادَىٰ അദ്ദേഹം വിളിച്ചപ്പോള് (പ്രാര്ത്ഥിച്ചപ്പോള്) مِن قَبْلُ മുമ്പ് فَاسْتَجَبْنَا അപ്പോള് നാം ഉത്തരം നല്കി لَهُۥ അദ്ദേഹത്തിനു فَنَجَّيْنَٰهُ അങ്ങനെ അദ്ദേഹത്തെ രക്ഷപ്പെടുത്തി وَأَهْلَهُ അദ്ദേഹത്തിന്റെ ആള്ക്കാരെയും مِنَ ٱلْكَرْبِ ദുഃഖത്തില്നിന്നും, ആപത്തില്നിന്നു ٱلْعَظِيمِ വമ്പിച്ച
21:77
 • وَنَصَرْنَـٰهُ مِنَ ٱلْقَوْمِ ٱلَّذِينَ كَذَّبُوا۟ بِـَٔايَـٰتِنَآ ۚ إِنَّهُمْ كَانُوا۟ قَوْمَ سَوْءٍ فَأَغْرَقْنَـٰهُمْ أَجْمَعِينَ ﴾٧٧﴿
 • നമ്മുടെ ലക്ഷ്യങ്ങളെ വ്യാജമാക്കിയ ജനങ്ങളില്‍ നിന്ന് അദ്ദേഹത്തിന് നാം സഹായം (രക്ഷ) നല്‍കുകയും ചെയ്തു. നിശ്ചയമായും, അവര്‍ ഒരു ചീത്ത ജനതയായിരുന്നു; അതിനാല്‍ നാമവരെ കൂട്ടത്തോടെ മുക്കി നശിപ്പിച്ചു.
 • وَنَصَرْنَاهُ അദ്ദേഹത്തിനു നാം സഹായം (രക്ഷ) നല്കുകയും ചെയ്തു مِنَ الْقَوْمِ ജനങ്ങളില്നിന്നു الَّذِينَ كَذَّبُوا വ്യാജമാക്കിയവരായ بِآيَاتِنَا നമ്മുടെ ലക്ഷ്യങ്ങളെ إِنَّهُمْ كَانُوا۟ നിശ്ചയമായും അവരായിരുന്നു قَوْمَ سَوْءٍ ഒരു ചീത്ത ജനത فَأَغْرَقْنَاهُمْ അതിനാല് അവരെ നാം മുക്കി നശിപ്പിച്ചു أَجْمَعِينَ കൂട്ടത്തോടെ, മുഴുവനും

വിഗ്രഹാരാധനയില്‍ മുഴുകിയിരുന്ന അദ്ദേഹത്തിന്റെ ജനതയെ അദ്ദേഹം നൂറ്റാണ്ടുകള്‍ തൗഹീദിലേക്കു ക്ഷണിച്ചു. എന്നിട്ടും അല്‍പമാത്രമാളുകളൊഴിച്ചു മറ്റെല്ലാവരും അതു ചെവിക്കൊള്ളാതിരുന്നതു നിമിത്തം അദ്ദേഹം വളരെ മനോദുഃഖത്തിലകപ്പെട്ടു. ഒടുക്കം, അവരെ ആകമാനം മുക്കിനശിപ്പിച്ചുകളഞ്ഞ ആ ജലപ്രളയം ഉണ്ടാവുകയും, അദ്ദേഹവും സത്യവിശ്വാസികളും മാത്രം കപ്പലില്‍ കയറി രക്ഷപ്പെടുകയുമാണുണ്ടായത്. ഈ സംഭവത്തെപ്പറ്റി സൂ: അഅ്റാഫിലും, ഹൂദിലും വിവരിച്ചിട്ടുണ്ട്. സൂ: ശുഅറാഇലും മറ്റും കൂടുതല്‍ വിവരം കാണാവുന്നതുമാകുന്നു.

21:78
 • وَدَاوُۥدَ وَسُلَيْمَـٰنَ إِذْ يَحْكُمَانِ فِى ٱلْحَرْثِ إِذْ نَفَشَتْ فِيهِ غَنَمُ ٱلْقَوْمِ وَكُنَّا لِحُكْمِهِمْ شَـٰهِدِينَ ﴾٧٨﴿
 • ദാവൂദിനെയും സുലൈമാനെയും അതായതു, വിളയുടെ കാര്യത്തില്‍ - ജനങ്ങളുടെ ആടുകള്‍ അതില്‍ രാത്രി കടന്നു മേഞ്ഞപ്പോള്‍ രണ്ടുപേരും വിധികല്‍പിക്കുന്നതിന് നാം സാക്ഷിയായിരിക്കയും ചെയ്തിരുന്നു.
 • وَدَاوُودَ وَسُلَيْمَانَ ദാവൂദിനെയും സുലൈമാനെയും (ഓര്‍ക്കുക) إِذْ يَحْكُمَانِ അവര്‍ വിധി കല്‍പിക്കുന്ന സന്ദര്‍ഭം فِي الْحَرْثِ വിളയുടെ കാര്യത്തില്‍ إِذْ نَفَشَتْ രാത്രി കടന്നുമേഞ്ഞപ്പോള്‍ فِيهِ അതില്‍ غَنَمُ الْقَوْمِ ജനങ്ങളുടെ ആടുകള്‍ وَكُنَّا നാം ആയിരുന്നു لِحُكْمِهِمْ അവരുടെ വിധിക്കു شَاهِدِينَ സാക്ഷികള്‍
21:79
 • فَفَهَّمْنَـٰهَا سُلَيْمَـٰنَ ۚ وَكُلًّا ءَاتَيْنَا حُكْمًا وَعِلْمًا ۚ وَسَخَّرْنَا مَعَ دَاوُۥدَ ٱلْجِبَالَ يُسَبِّحْنَ وَٱلطَّيْرَ ۚ وَكُنَّا فَـٰعِلِينَ ﴾٧٩﴿
 • എന്നിട്ട് സുലൈമാന്ന് നാമതു (യുക്തമായ നിലയില്‍) ഗ്രഹിപ്പിച്ചു. ഓരോരുത്തനും [രണ്ടുപേര്‍ക്കും] നാം ന്യായവിധിയും, ജ്ഞാനവും നല്‍കിയിരുന്നു. ദാവൂദിനോടൊപ്പം 'തസ്ബീഹു' [സ്തോത്ര കീര്‍ത്തനം] ചെയ്യുന്ന നിലയില്‍, പര്‍വ്വതങ്ങളെയും, പറവകളെയും നാം കീഴ്പ്പെടുത്തുകയും ചെയ്തു. നാം (ഇങ്ങിനെയെല്ലാം) ചെയ്യുന്നവരാകുന്നു.
 • فَفَهَّمْنَاهَا എന്നിട്ടു നാം അതിനെ ഗ്രഹിപ്പിച്ചു سُلَيْمَانَ സുലൈമാന്നു وَكُلًّا എല്ലാവര്‍ക്കും തന്നെ آتَيْنَا നാം കൊടുത്തിരുന്നു, നല്‍കിയിരിക്കുന്നു حُكْمًا ന്യായവിധി, വിധി وَعِلْمًا ജ്ഞാനവും وَسَخَّرْنَا നാം കീഴ്പെടുത്തുക (വിധേയമാക്കുക)യും ചെയ്തു مَعَ دَاوُودَ ദാവൂദിനോടൊപ്പം الْجِبَالَ പര്‍വ്വതങ്ങളെ يُسَبِّحْنَ അവ തസ്ബീഹു (സ്തോത്ര കീര്‍ത്തനം) ചെയ്യുന്ന നിലയില്‍ وَالطَّيْرَ പറവകളെയും, പക്ഷികളോടു കൂടി وَكُنَّا നാം ആകുന്നു فَاعِلِينَ ചെയ്യുന്നവര്‍
21:80
 • وَعَلَّمْنَـٰهُ صَنْعَةَ لَبُوسٍ لَّكُمْ لِتُحْصِنَكُم مِّنۢ بَأْسِكُمْ ۖ فَهَلْ أَنتُمْ شَـٰكِرُونَ ﴾٨٠﴿
 • നിങ്ങളുടെ (ഇടയിലുണ്ടാകുന്ന) പടയില്‍ നിങ്ങളെ കാത്തു രക്ഷിക്കുവാനായി, നിങ്ങള്‍ക്കുവേണ്ടി പടച്ചട്ട നിര്‍മ്മാണം അദ്ദേഹത്തിനു് നാം പഠിപ്പിച്ചു കൊടുക്കുകയും ചെയ്തിരിക്കുന്നു. എന്നിട്ട്, നിങ്ങള്‍ കൃതജ്ഞത കാണിക്കുന്നവരാണോ?!
 • وَعَلَّمْنَاهُ അദ്ദേഹത്തിനു നാം പഠിപ്പിക്കയും ചെയ്തു صَنْعَةَ നിര്‍മ്മാണം, ഉണ്ടാക്കല്‍ لَبُوسٍ പടച്ചട്ട, അങ്കി لَّكُمْ നിങ്ങള്‍ക്കുവേണ്ടി لِتُحْصِنَكُم അതു നിങ്ങളെ കാത്തുരക്ഷിക്കുവാന്‍ مِّن بَأْسِكُمْ നിങ്ങളുടെ പടയില്‍ (പടയിലെ ആക്രമണത്തില്‍) നിന്നു فَهَلْ أَنتُمْ എന്നിട്ടു നിങ്ങളാണോ شَاكِرُونَ കൃതജ്ഞത കാണിക്കുന്നവര്‍, നന്ദിയുള്ളവര്‍

ഇസ്രാഈല്‍ ജനതയില്‍ പ്രവാചകന്മാരും രാജാക്കളും കൂടിയായിരുന്ന രണ്ടാളുകളാണ് ദാവൂദ് (عليه السلام) നബിയും, പുത്രന്‍ സുലൈമാന്‍ (عليه السلام) നബിയും. ഇവരുടെ സന്തതികളും വളരെക്കാലം രാജ്യം ഭരിച്ചിരുന്നു. രണ്ടു പ്രവാചകന്മാരെ സംബന്ധിച്ചും ഖുര്‍ആനില്‍ പല സ്ഥലങ്ങളിലും പലതും പ്രതിപാദിച്ചുകാണാം. ഭരണകര്‍ത്താക്കളെന്ന നിലക്കും, പ്രവാചകന്‍മാരെന്ന നിലക്കും ആവശ്യമായ എല്ലാ അറിവും, ബോധവും, പ്രാപ്തിയും രണ്ടുപേര്‍ക്കും നല്‍കപ്പെട്ടിരുന്നുവെന്ന് പ്രസ്താവിച്ചതിനു പുറമെ, പിതാവിന്റെയും പുത്രന്റെയും ചില പ്രത്യേകതകളും ഇവിടെ അല്ലാഹു എടുത്തു പറയുന്നു. മനുഷ്യന് അല്ലാഹുവില്‍നിന്നു ലഭിക്കുന്ന ഒരു മഹത്തായ അനുഗ്രഹമാണ് ബുദ്ധി. അതില്‍ മനുഷ്യനു യാതൊരു കയ്യുമില്ല. ജന്മസിദ്ധമായ ബുദ്ധിയുടെ തോതനുസരിച്ച് പരിചയത്തിന്റെയും അനുഭവത്തിന്റെയും വെളിച്ചത്തില്‍ അതു വികസിക്കുന്നു എന്നുമാത്രം. അതുകൊണ്ടാണ് ഇളം പ്രായക്കാരായ ചിലര്‍ക്ക് വളരെ തഴക്കവും പഴക്കവും സിദ്ധിച്ചിട്ടുള്ളവരെപ്പോലും വെല്ലുന്ന ചിന്താശക്തിയും, ഗ്രഹണശക്തിയും ചിലപ്പോള്‍ നാം കാണുന്നത്. ഇതിനു ഒരു ഉദാഹരണമാണ് സുലൈമാന്‍ നബി (عليه السلام).

ഒരു കൂട്ടരുടെ ആടുകള്‍ രാത്രി മറ്റൊരു കൂട്ടരുടെ വിളയില്‍ ചാടി അതു നശിപ്പിച്ചു. ഇതു സംബന്ധിച്ചുണ്ടായ കേസ്സില്‍ പിതാവും പുത്രനും വിധി പറയുകയുണ്ടായി. രണ്ടാളുടെ വിധികളില്‍ കൂടുതല്‍ യുക്തവും ന്യായവുമായിരുന്നത് സുലൈമാന്‍ നബിയുടെതായിരുന്നു. ഇതാണ് ഇവിടെ അല്ലാഹു പറഞ്ഞതിന്റെ ചുരുക്ക സാരം. വിധികള്‍ ഓരോന്നും എങ്ങിനെയായിരുന്നുവെന്ന് പ്രസ്താവിച്ചിട്ടില്ല. ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ പലരും പറയുന്നതിന്റെ ചുരുക്കം ഇപ്രകാരമാണ്:-

അന്യായക്കാരന്റെ വിളനഷ്ടത്തിന് പരിഹാരമായി പ്രതിയുടെ ആടുകളെ അയാള്‍ക്കു കൊടുക്കുവാന്‍ ദാവൂദുനബി (عليه السلام) കല്‍പിച്ചു. പിതാവിന്റെ വിധികേട്ടുകൊണ്ട് കക്ഷികള്‍ മടങ്ങിപ്പോവുകയായിരുന്നു. കേവലം ചെറുപ്പക്കാരനായിരുന്ന സുലൈമാന്‍ (عليه السلام) അവരെ കണ്ടുമുട്ടി. അദ്ദേഹത്തിനു പതിനൊന്നു വയസ്സായിരുന്നുപോല്‍ ഇതിനെക്കാള്‍ യുക്തമായ തീരുമാനം മറ്റൊന്നായിരിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വിവരമറിഞ്ഞ് പിതാവു മകനെ വരുത്തി അന്വേഷിച്ചു. മകന്‍ പറഞ്ഞു: ‘ആട്ടിന്റെ ഉടമസ്ഥന്‍, വിളയുടമസ്ഥന്റെ വിള മുന്‍സ്ഥിതി പ്രകാരം നന്നായിത്തീരുവാന്‍ വേണ്ടുന്ന ശുശ്രൂഷചെയ്യുക, അതുവരേക്കും ആടുകളുടെ പാല്‍, രോമം, മക്കള്‍ മുതലായ ലഭ്യങ്ങള്‍ ഉപയോഗിച്ചുകൊണ്ട് അവന്‍ അവയെ കൈവശം വെക്കുക, വിളവ്‌ മുന്‍സ്ഥിതി പ്രാപിച്ചാല്‍ ആടുകളെ തിരിച്ചുകൊടുക്കുക, ഇതാണ് എനിക്കു പറയുവാനുള്ളത്.’ മകന്റെ വിധി പിതാവ് ശരിവെക്കുകയും ചെയ്തു. പിതാവിന്റെ വിധിയില്‍, നഷ്ടപ്പെട്ട വിളയ്ക്ക് പകരം ആടുകളെ കൊടുക്കാനാണ് നിശ്ചയം. പുത്രന്റെ വിധിയാകട്ടെ, വിളയുടെ നഷ്ടം ആടുകളില്‍നിന്നുണ്ടാകുന്ന വരുമാനം മൂലം നികത്തുവാനുമാണ്. ഒന്നാമത്തേതനുസരിച്ച് ആടുടമസ്ഥനു ആടുകള്‍ തിരിച്ചു കിട്ടുകയില്ല. ഇവയില്‍ കൂടുതല്‍ യുക്തമായതു രണ്ടാമത്തെ തീരുമാനമാണെന്നു വ്യക്തമാണ്. ഓരോ വിധിയെയും അടിസ്ഥാനമാക്കി കര്‍മ്മശാസ്ത്ര പണ്ഡിതന്‍മാര്‍ (‘ഫുഖ്ഹാ’ക്കള്‍) പല വിശദീകരണങ്ങളും ഇവിടെ നല്‍കിയിട്ടുള്ളതു കാണാം.

സുലൈമാന്‍ (عليه السلام) നബിയുടെ ബുദ്ധിസാമര്‍ത്ഥ്യത്തിന് ഉദാഹരണമായി, ഇമാം ബുഖാരിയും മുസ്‌ലിമും (رحمهما الله) ഉദ്ധരിച്ചിട്ടുള്ള മറ്റൊരു സംഭവത്തിന്റെ ചുരുക്കം ഇപ്രകാരമാകുന്നു: ‘ഓരോ കുട്ടികളുള്ള രണ്ടു സ്ത്രീകളില്‍ ഒരുവളുടെ കുട്ടിയെ ചെന്നായ പിടിക്കുകയുണ്ടായി. ശേഷിച്ച കുട്ടി എന്റേതാണെന്ന് ഓരോരുത്തരും വാദിച്ചുകൊണ്ട് അവര്‍ ദാവൂദു (عليه السلام) നബിയുടെ അടുക്കല്‍ അന്യായം ബോധിപ്പിച്ചു. അദ്ദേഹം കുട്ടിയെ അവരില്‍ ഒരുവള്‍ക്കു – അവളായിരുന്നു വലിയവള്‍ – വിധിച്ചുകൊടുത്തു. ഈ സ്ത്രീകള്‍ പിന്നീടു സുലൈമാന്‍ നബിയുടെ അടുക്കല്‍ വരികയുണ്ടായി. അദ്ദേഹം, ഒരു കത്തിക്കൊണ്ട് കുട്ടിയെ രണ്ടായി പിളര്‍ന്ന് ഒരു ഭാഗം ഒരുവള്‍ക്കും, മറ്റേഭാഗം മറ്റവള്‍ക്കും കൊടുക്കാം എന്നുപറഞ്ഞു. ഇതു കേട്ടപ്പോള്‍ ചെറിയ സ്ത്രീ അങ്ങനെ ചെയ്യരുതെന്നപേക്ഷിച്ചു. മറ്റേവള്‍ക്കു ഈ വിധി സ്വീകാര്യമായിരുന്നു. അദ്ദേഹത്തിനു കാര്യം മനസ്സിലായി. കുട്ടി ചെറിയവളുടേതാണെന്നു വിധി കല്‍പ്പിച്ചു. ‘ഓരോരുത്തരുടെ മനഃസ്ഥിതിയും, സ്വന്തം കുട്ടിയുടെ നേരെയുണ്ടാകുന്ന പ്രത്യേകവാത്സല്യവും മനസ്സിലാക്കുവാനാണ്, കുട്ടിയെപിളര്‍ക്കുവാന്‍ അദ്ദേഹം കല്‍പിച്ചതെന്നു പറയേണ്ടതില്ലല്ലോ. ഇമാം നസാഈ (رحمه الله) അദ്ദേഹത്തിന്റെ ഹദീസ് ഗ്രന്ഥത്തില്‍ ഇതു സൂചിപ്പിച്ചിട്ടുമുണ്ട്.

രണ്ടു പ്രവാചകന്‍മാരുടെയും ഈ സംഭവങ്ങളില്‍നിന്നു നമുക്കു ഒരു കാര്യം മനസ്സിലാക്കാം: അല്ലാഹുവില്‍ നിന്നു പ്രത്യേക നിര്‍ദ്ദേശം ലഭിച്ചിട്ടില്ലാത്ത ഒരു വിഷയത്തില്‍, ഒരു വിധികര്‍ത്താവു – അദ്ദേഹം വീഴ്ചവരുത്തിയിട്ടില്ലാത്തപക്ഷം – പിഴച്ചുപോയെങ്കില്‍ അവന്‍ കുറ്റക്കാരനല്ല എന്നത്രെ അത്. 79-ാം വചനത്തില്‍ ‘ഓരോരുത്തര്‍ക്കും നാം ന്യായവിധിയും ജ്ഞാനവും നല്‍കിയിരിക്കുന്നു. (وَكُلًّا آتَيْنَا حُكْمًا وَعِلْمًا) എന്നു പറഞ്ഞതില്‍ നിന്നു തന്നെ ഇതു ഗ്രഹിക്കാം. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഇപ്രകാരം അരുളിച്ചെയ്തിരിക്കുന്നു:

إِذَا حَكَمَ الْحَاكِمُ فَاجْتَهَدَ ثُمَّ أَصَابَ فَلَهُ أَجْرَانِ، وَإِذَا حَكَمَ فَاجْتَهَدَ ثُمَّ أَخْطَأَ فَلَهُ أَجْرٌ : متفق عليه

സാരം: ഒരു വിധികര്‍ത്താവ്‌ വിധി പറയുമ്പോള്‍, അവന്‍ സത്യം കണ്ടെത്തുവാന്‍ കഴിയുന്ന പരിശ്രമം നടത്തിയിട്ട് സത്യം പ്രാപിച്ചാല്‍ അവനു രണ്ടു പ്രതിഫലമുണ്ട്: പരിശ്രമം നടത്തിയിട്ടു പിഴച്ചുപോയാല്‍ ഒരു പ്രതിഫലവുമുണ്ട്‌. (ബു; മു). സത്യം കണ്ടതിനുള്ള പ്രതിഫലവും, അതിന് ഉത്സാഹിച്ചതിനുള്ള പ്രതിഫലവുമാണ് ആദ്യത്തേവനുള്ളത് രണ്ടാമത്തേവന്‍ അവന്‍ പരിശ്രമിച്ചത്തിന്റെ പ്രതിഫലവുമാണ്. സത്യം പ്രാപിക്കുവാന്‍ ഉത്സാഹിക്കുന്നതില്‍ വീഴ്ചവരുത്തുകയോ, പരിശ്രമിക്കുവാന്‍ കഴിയാത്തവന്‍ വിധി പറയുവാന്‍ മുതിരുകയോ ചെയ്‌താല്‍ അവന്‍ – വാസ്തവത്തില്‍ വിധി ശരിയായിരുന്നാല്‍പോലും – കുറ്റക്കാരനാകുമെന്നാണ് ഈ ഹദീസു കൊണ്ട് മനസ്സിലാകുന്നത്.

ദാവൂദു (عليه السلام) നബിയോടൊപ്പം പറവകളും, മലകളും തസ്ബീഹു (അല്ലാഹുവിനു സ്തോത്ര കീര്‍ത്തനം) നടത്തുമാറ് അവയെ അദ്ദേഹത്തിനു കീഴ്പ്പെടുത്തിക്കൊടുത്തത് അല്ലാഹു അദ്ദേഹത്തിനു ചെയ്ത ഒരു പ്രത്യേകാനുഗ്രഹമാകുന്നു. സുലൈമാന്‍ (عليه السلام) നബിക്കോ മറ്റാര്‍ക്കെങ്കിലുമോ ഈ അനുഗ്രഹം നല്‍കപ്പെട്ടതായി പ്രസ്താവിക്കപ്പെട്ടിട്ടില്ല. എന്നാല്‍, മലകളുടെയും, പക്ഷികളുടെയും തസ്ബീഹു എപ്രകാരത്തിലുള്ളതായിരുന്നുവെന്നു തീര്‍ത്തുപറയുവാന്‍ നമുക്കു സാധ്യമല്ല. അല്ലാഹു പറയുന്നു:

وَإِن مِّن شَيْءٍ إِلَّا يُسَبِّحُ بِحَمْدِهِ وَلَـٰكِن لَّا تَفْقَهُونَ تَسْبِيحَهُمْ – الإسراء – ٤٤

(യാതൊരു വസ്തുവുംതന്നെ അവനെ സ്തോത്രം ചെയ്തുകൊണ്ട് ‘തസ്ബീഹു’ – പ്രകീര്‍ത്തനം – ചെയ്യാതെയില്ല. പക്ഷേ, നിങ്ങള്‍ അവരുടെ തസ്ബീഹു ഗ്രഹിക്കുകയില്ല.) എല്ലാ വസ്തുക്കളും ഓരോ വിധത്തിലുള്ള തസ്ബീഹ് നടത്തുന്നുണ്ട് എന്നാണല്ലോ ഇതില്‍ വ്യക്തമായിപ്പറഞ്ഞിരിക്കുന്നത്. എന്നാല്‍, ദാവൂദ് (عليه السلام) നബിക്കു സിദ്ധിച്ച ഒരു പ്രത്യേകാനുഗ്രഹമായി മലകളുടെയും, പറവകളുടെയും മാത്രം തസ്ബീഹ് എടുത്തു പറഞ്ഞിരിക്കുകയാണ്. അവ രണ്ടുമല്ലാത്ത മറ്റേതെങ്കിലും വസ്തുക്കള്‍ അദ്ദേഹത്തോടൊന്നിച്ചു തസ്ബീഹു നടത്തുന്നതായി പ്രസ്താവിച്ചിട്ടുമില്ല. ആകയാല്‍, ഇവിടെ ഉദ്ദേശിക്കപ്പെട്ട തസ്ബീഹു ഒരു പ്രത്യേകതരത്തിലുള്ള തസ്ബീഹു തന്നെയായിരിക്കണമെന്നു മനസ്സിലാക്കേണ്ടിയിരിക്കുന്നു. എന്നാലത് എങ്ങിനെയുള്ളതായിരിക്കുമെന്നു നമുക്കു അറിയാവുന്നതല്ല.

ഭൗതിക കാഴ്ചപ്പാടുകളില്‍കൂടിമാത്രം ഇത്തരം സംഗതികള്‍ വിക്ഷിക്കുന്നത് ഒരിക്കലും നന്നല്ല. അതു ഖുര്‍ആനെ അനാദരിക്കലും അതിന്റെ ഉദ്ദേശത്തെ ദുരുപയോഗപ്പെടുത്തലുമാകുന്നു. ‘പര്‍വ്വതങ്ങളെ ദാവൂദു (عليه السلام) നബിക്ക് കീഴ്പ്പെടുത്തികൊടുത്തുവെന്നു പറഞ്ഞതിന്റെ അര്‍ത്ഥം പര്‍വ്വതങ്ങളിലെ വിഭവങ്ങള്‍ ഉപയോഗപ്പെടുത്തുവാന്‍ സൗകര്യം ചെയ്തുകൊടുത്തു എന്നാണ് എന്നും, ‘പക്ഷികളെ കീഴ്പ്പെടുത്തിക്കൊടുത്തു എന്നു പറഞ്ഞതിന്റെ അര്‍ത്ഥം പക്ഷിവര്‍ഗ്ഗത്തിലെ വിവിധ ഇനങ്ങളെ നാട്ടിന്റെ അഭിവൃദ്ധിക്കുവേണ്ടി ഉപയോഗപ്പെടുത്തുവാന്‍ സൗകര്യം ചെയ്തുകൊടുത്തു എന്നാണ്’ എന്നും ചിലര്‍ പറഞ്ഞു കാണാം. ഇത് ശരിയല്ലെന്നു മേല്‍പറഞ്ഞതില്‍നിന്നു മനസ്സിലാക്കാവുന്നതാണ്. സുലൈമാന്‍ (عليه السلام) നബിക്കു പക്ഷികളുടെ സംസാരം അറിഞ്ഞിരുന്നതായും, വേണ്ടതെല്ലാം നല്‍കപ്പെട്ടിരുന്നതായും ഖുര്‍ആനില്‍ (സൂ: നംല്‍: 16) പ്രസ്താവിക്കുന്നു. എന്നാല്‍ അദ്ദേഹത്തോടൊപ്പം പക്ഷികളോ മലകളോ തസ്ബീഹു നടത്തിയതായി പ്രസ്താവിക്കപ്പെട്ടിട്ടില്ല. മലകളിലെ വിഭവങ്ങളെയാകട്ടെ, നാട്ടിന്റെയോ രാഷ്ട്രത്തിന്റെയോ ആവശ്യങ്ങള്‍ക്കു ഉപയോഗപ്പെടുത്തുക എന്ന കൃത്യം ദാവൂദു (عليه السلام) നബി മാത്രമല്ല സുലൈമാന്‍ (عليه السلام) നബിയും – ഒരു പക്ഷെ പിതാവിനെക്കാള്‍ കൂടുതലായിത്തന്നെ – ഉപയോഗപ്പെടുത്തിയിരുന്നുതാനും. രാവിലെയും വൈകുന്നേരവുമാണ് മലകള്‍ തസ്ബീഹ് നടത്തിയിരുന്നതെന്നു (بِالْعَشِيِّ وَالْإِشْرَاقِ) സൂ: സ്വാദ് :18ല്‍ കാണാം. മലയിലെ വിഭവം ഉപയോഗപ്പെടുത്തല്‍ രാവിലെയും വൈകുന്നേരവും മാത്രം ഉണ്ടാകുന്നതല്ലല്ലോ. ചുരുക്കത്തില്‍, ഈ പുതിയ വ്യാഖ്യാനം സ്വീകാര്യമല്ലതന്നെ. സൂ: നംലു, സ്വാദ് എന്നിവിടങ്ങളില്‍ വെച്ചു കൂടുതല്‍ വിവരം നമുക്ക് കാണാവുന്നതാണ്. إن شاء الله

ദാവൂദ് (عليه السلام) പര്‍വ്വതങ്ങളുടെ മുകളില്‍ കയറി ദൈവീകസ്തോത്രങ്ങളും, കീര്‍ത്തനഗാനങ്ങളും ആലപിക്കുകയും, കിന്നരം വായിക്കുകയും ചെയ്തിരുന്നു എന്നും; അദ്ദേഹത്തിന്റെ സ്വരമാധുര്യത്തിന്റെ സവിശേഷത നിമിത്തം വൃക്ഷങ്ങളും പാറക്കല്ലുകളും ചാഞ്ചാടുമായിരുന്നു എന്നും ബൈബ്ളില്‍ പറഞ്ഞുകാണാം. ഖുര്‍ആന്‍ വ്യാഖ്യാതാക്കളില്‍ ചിലരും ഏതാണ്ടിങ്ങിനെ പ്രസ്താവിക്കുന്നുണ്ട്. ഈ ഗാനാലാപനങ്ങളില്‍ ആകൃഷ്ടരായി, പറവകളും അദ്ദേഹത്തിനടുത്തു സന്നിഹിതരാവുകയും, അവ അവയുടെ തസ്ബീഹ് നടത്തുകയും ചെയ്യുമായിരിക്കാം. എല്ലാ തരത്തില്‍പെട്ട പക്ഷികളും അദ്ദേഹത്തിന്റെ കൊട്ടാരത്തില്‍ സമ്മേളിച്ചിരുന്നുവെന്നാണ് പക്ഷികളെ കീഴ്പ്പെടുത്തി എന്നു പറഞ്ഞതിന്റെ ഉദ്ദേശ്യമെന്ന് ചിലര്‍ പറയുന്നു. അല്ലാഹുവിനറിയാം. ദാവൂദ് (عليه السلام) നബിക്കു ലഭിച്ച ദിവ്യബോധമനുസരിച്ച് കോര്‍വ്വ ചെയ്യപ്പെട്ട സംഗീത കീര്‍ത്തനങ്ങളുടെ സമാഹാരമാണ് ‘സബൂര്‍’ (زبور)*


(*).’സബൂര്‍’ : സങ്കീര്‍ത്തനങ്ങള്‍ (Psalms) എന്ന പേരില്‍ അറിയപ്പെടുന്നു.


ദാവൂദ് (عليه السلام) നബിയുടെ ശബ്ദമധുരിമയും, കീര്‍ത്തനഗാനങ്ങളും ശ്രുതിപ്പെട്ടതാണ്. അത്യാകര്‍ഷകമായ ശബ്ദത്തിന്റെ പ്രതികരണം മനുഷ്യരില്‍ മാത്രമല്ല, ഇതരജന്തുക്കളിലും, വസ്തുക്കളിലും, പ്രകടമാകുന്നതാകുന്നു. ചില പ്രത്യേക രൂപത്തില്‍ ശബ്ദത്തെ ഉപയോഗപ്പെടുത്തിക്കൊണ്ട് യന്ത്രത്തിന്റെയും, വിദ്യുച്ഛക്തിയുടെയും ഉപയോഗത്തില്‍ പലതും നടത്തുവാന്‍ സാധ്യതയുണ്ടെന്നുപോലും ഇന്നത്തെ നിരീക്ഷണങ്ങളാല്‍ കണ്ടുപിടിക്കപ്പെട്ടിരിക്കുന്ന സ്ഥിതിക്ക് ദാവൂദു (عليه السلام) നബിക്കു പ്രത്യേകമായി നല്‍കപ്പെട്ട ഒരു അനുഗ്രഹത്തെ നാം വില കുറച്ചു വ്യാഖ്യാനിക്കേണ്ടതില്ല. അബൂമൂസല്‍അശ്അരീ (رضي الله عنه) ഒരു പ്രസിദ്ധ സഹാബിയാണ്. അദ്ദേഹത്തിന്റെ ശബ്ദം വളരെ ആകര്‍ഷകമായിരുന്നു. അദ്ദേഹം ഒരിക്കല്‍ രാത്രി ഖുര്‍ആന്‍ പാരായണം ചെയ്തുകൊണ്ടിരിക്കുന്നതു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനി കേട്ട് അതില്‍ ആകൃഷ്ടനാവുകയുണ്ടായി. തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അദ്ദേഹത്തോട് ഇപ്രകാരം പറഞ്ഞു: ‘ദാവൂദ് കുടുംബത്തിന്റെ വീണസ്വരങ്ങളില്‍ നിന്നു ഒന്ന് തനിക്കു ലഭിച്ചിട്ടുണ്ട്.’ :

لَقَدْ أُوتِيتَ مِزْمَارًا مِنْ مَزَامِيرِ آلِ دَاوُدَ – متفق عليه

ഖുര്‍ആന്‍ വായിക്കുന്നതു നല്ല ശബ്ദത്തോടുകൂടിയായിരിക്കുവാന്‍ പ്രോത്സാഹിപ്പിച്ചുകൊണ്ടുള്ള ഹദീസുകള്‍ ഇവിടെ സ്മരണീയമാകുന്നു.

തോക്ക് മുതലായ പരിഷ്കരിച്ച അഗ്നിയായുധങ്ങള്‍ കണ്ടുപിടിക്കുന്നതിന് മുമ്പ് യുദ്ധങ്ങളില്‍ ഇരുമ്പു കവചം ധരിക്കലായിരുന്നു വലിയ രക്ഷാമാര്‍ഗ്ഗമായിരുന്നത്. ഇരുമ്പുകവചത്തില്‍ (പടയങ്കിയില്‍) അഭിവൃദ്ധിയും പരിഷ്ക്കാരവും വരുത്തിയത് ദാവൂദ് (عليه السلام) നബി ആയിരുന്നു. (സൂ: സബഇല്‍ കൂടുതല്‍ വിവരം കാണാം.) ചരിത്രപരമായിത്തന്നെ ഇതിനു തെളിവുകളുണ്ട്. ക്രിസ്താബ്ദത്തിനു 1000 കൊല്ലം മുമ്പുവരെയും പടച്ചട്ടയുടെ ഉപയോഗമുണ്ടായിരുന്നതായി കാണപ്പെടുന്നില്ല. പിന്നീടാണ് പടത്തൊപ്പിയും, പടയങ്കിയും പ്രചാരത്തില്‍ വന്നതായി കാണപ്പെടുന്നത്. അലക്സാന്തറിന്റെ കാലത്തു ഗ്രീക്കുഭടന്മാരും, പേര്‍ഷ്യന്‍ ഭടന്മാരും തലമുതല്‍ കാലുവരെയുള്ള കവചങ്ങള്‍ ധരിച്ചിരുന്നതായി പറയപ്പെടുന്നു.

ഓരോ തരം ആപത്തുകളില്‍നിന്നും രക്ഷ പ്രാപിക്കുവാനുള്ള ഓരോവിധ മാര്‍ഗ്ഗവും അല്ലാഹു നമുക്കു നല്‍കിയിട്ടുണ്ട്. അതിനു നാം എപ്പോഴും അവനോട് നന്ദിയുള്ളവരായിരിക്കണമെന്നാണ് ‘എന്നിട്ടു നിങ്ങള്‍ കൃതജ്ഞത കാണിക്കുന്നവരാണോ’ (فَهَلْ أَنتُمْ شَاكِرُونَ) എന്ന ചോദ്യം കുറിക്കുന്നത്. 79-ാം വചനത്തിന്റെ അന്ത്യത്തില്‍ ‘നാം അങ്ങിനെ പലതും ചെയ്യുന്നതാണ്’ (وَكُنَّا فَاعِلِينَ) എന്ന വാക്യം പ്രത്യേകം ശ്രദ്ധാര്‍ഹമാകുന്നു. മലകളും, പക്ഷികളും തസ്ബീഹു നടത്തുക, അവയെ കീഴ്പ്പെടുത്തുക മുതലായ സംഗതികള്‍ കേള്‍ക്കുമ്പോള്‍ ചിലര്‍ക്കു ആശ്ചര്യം തോന്നും; ചിലര്‍ക്കതു വിശ്വസിക്കുവാന്‍ പ്രയാസമായിരിക്കും; ചിലര്‍ അതു വളച്ചു തിരിച്ചു വ്യാഖ്യാനിച്ചേക്കും; എന്നാല്‍, അതിലൊന്നും തന്നെ അല്ലാഹുവിനെ സംബന്ധിച്ചിടത്തോളം ഒരു പ്രയാസമോ, അസാംഗത്യമോ ഇല്ല; അതും അതുപോലെയുള്ള പലതും സംഭവിക്കാവുന്നതാണ്; എന്നൊക്കെയാണ് ആ വാചകം ഉണര്‍ത്തുന്നത്. അസാധാരണമായ പ്രവര്‍ത്തനങ്ങളെക്കുറിച്ചു പറയുന്ന മിക്ക സന്ദര്‍ഭങ്ങളിലും അല്ലാഹു ഇതുപോലുള്ള ചില വാക്യങ്ങള്‍ പ്രസ്താവിച്ചു കാണാം. ഉദാഹരണമായി അടുത്ത രണ്ടു വചനങ്ങളും നോക്കുക. അല്ലാഹു പറയുന്നു:-

21:81
 • وَلِسُلَيْمَـٰنَ ٱلرِّيحَ عَاصِفَةً تَجْرِى بِأَمْرِهِۦٓ إِلَى ٱلْأَرْضِ ٱلَّتِى بَـٰرَكْنَا فِيهَا ۚ وَكُنَّا بِكُلِّ شَىْءٍ عَـٰلِمِينَ ﴾٨١﴿
 • ശക്തിയായടിച്ചുകൊണ്ടിരിക്കുന്ന നിലയില്‍ കാറ്റിനെ സുലൈമാന്നും (നാം കീഴ്പ്പെടുത്തിക്കൊടുത്തു); നാം ഗുണാഭിവൃദ്ധി നല്‍കിയിട്ടുള്ള ഭൂമിയിലേക്ക് അദ്ദേഹത്തിന്റെ കല്‍പനയനുസരിച്ച് അതു സഞ്ചരിച്ചുകൊണ്ടിരിക്കാറുണ്ടായിരുന്നു. എല്ലാ കാര്യത്തെക്കുറിച്ചും നാം അറിയുന്നവരാകുന്നു.
 • وَلِسُلَيْمَانَ സുലൈമാന്നും (കീഴ്പ്പെടുത്തി) الرِّيحَ കാറ്റിനെ عَاصِفَةً ശക്തിയായി അടിക്കുന്ന (അടിച്ചുവീശുന്ന) നിലയില്‍ تَجْرِي അതു സഞ്ചരിച്ചിരുന്നു, നടന്നിരുന്നു بِأَمْرِهِ അദ്ദേഹത്തിന്റെ കല്‍പന പ്രകാരം إِلَى الْأَرْضِ ഭൂമിയിലേക്ക് الَّتِي بَارَكْنَا നാം ഗുണാഭിവൃദ്ധി നല്‍കിയതായ فِيهَا അതില്‍ وَكُنَّا നാമാകുന്നു بِكُلِّ شَيْءٍ എല്ലാ കാര്യത്തെപ്പറ്റിയും عَالِمِينَ അറിയുന്നവര്‍

21:82
 • وَمِنَ ٱلشَّيَـٰطِينِ مَن يَغُوصُونَ لَهُۥ وَيَعْمَلُونَ عَمَلًا دُونَ ذَٰلِكَ ۖ وَكُنَّا لَهُمْ حَـٰفِظِينَ ﴾٨٢﴿
 • അദ്ദേഹത്തിനുവേണ്ടി (സമുദ്രത്തില്‍) മുങ്ങുകയും, അതല്ലാതെ (മറ്റു) ചില പ്രവൃത്തി ചെയ്യുകയും ചെയ്യുന്നവരെ പിശാചുക്കളില്‍നിന്നും (അദ്ദേഹത്തിനു നാം കീഴ്പ്പെടുത്തി); നാം അവരെ കാത്തു സൂക്ഷിച്ചുവരുന്നവരായിരുന്നു.
 • وَمِنَ الشَّيَاطِينِ പിശാചുക്കളില്‍നിന്നും (കീഴ്പ്പെടുത്തി) مَن يَغُوصُونَ മുങ്ങുന്നവരെ لَهُ അദ്ദേഹത്തിനുവേണ്ടി وَيَعْمَلُونَ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന عَمَلًا دُونَ ذَٰلِكَ അതല്ലാത്ത പ്രവൃത്തി وَكُنَّا നാമായിരുന്നു لَهُمْ അവരെ حَافِظِينَ സൂക്ഷിച്ചു (കാത്തു) വരുന്നവര്‍

മറ്റുള്ളവര്‍ക്ക് സിദ്ധിക്കാറില്ലാത്ത രണ്ടു പ്രത്യേകാനുഗ്രഹങ്ങളെയാണ് അല്ലാഹു അദ്ദേഹത്തിനു നല്‍കിയതായി ഇവിടെ പറയുന്നത്. ഈ രണ്ടു വചനങ്ങളുടെ അവസാനത്തിലും തന്നെ 79-ാം വചനത്തില്‍ കണ്ടതുപോലെ, സാരഗര്‍ഭമായ ഓരോ ചെറുവാക്യങ്ങളുള്ളത് ശ്രദ്ധിക്കുക. ശക്തിയായി അടിച്ചുവീശുന്ന കാറ്റിനെ സുലൈമാന്‍ (عليه السلام) നബിയുടെ ഇഷ്ടമനുസരിച്ച് സഞ്ചരിക്കുന്ന വിധത്തില്‍ കീഴ്പ്പെടുത്തിക്കൊടുത്തു എന്നു പറഞ്ഞതിന്റെ ശേഷം ‘എല്ലാകാര്യത്തെക്കുറിച്ചും നാം അറിയുന്നതാണ്’ (وَكُنَّا بِكُلِّ شَيْءٍ عَالِمِينَ) എന്നും, സമുദ്രത്തില്‍ നിന്നു മുത്തു മുതലായവ എടുക്കുവാനായി മുങ്ങുക എന്നിങ്ങിനെ പല പ്രവൃത്തികളും ചെയ്യത്തക്കവണ്ണം പിശാചുക്കളെ അദ്ദേഹത്തിനു വിധേയമാക്കിക്കൊടുത്തു എന്നു പറഞ്ഞതിനെത്തുടര്‍ന്ന് നാം അവരെ കാത്തുസൂക്ഷിച്ചു വരുന്നവരായിരുന്നു’ (وَكُنَّا لَهُمْ حَافِظِينَ) എന്നും അല്ലാഹു പറഞ്ഞതു ചിന്താര്‍ഹമാകുന്നു. സാധാരണ സമ്പ്രദായത്തില്‍ കവിഞ്ഞ ചില കാര്യങ്ങള്‍ പറയുന്നിടത്തെല്ലാം ഇതുപോലെ ചില വാക്യങ്ങള്‍ പ്രസ്താവിച്ചു കാണുക ഖുര്‍ആനിലെ ഒരു പതിവാണെന്നു നാം സൂചിപ്പിച്ചുവല്ലോ. അത്രയുമല്ല, മിക്കവാറും ആയത്തുകളുടെ അന്ത്യത്തില്‍ സന്ദര്‍ഭോചിതമായി ചില അനുബന്ധവാക്യങ്ങള്‍ (تذيبل) ഇതുപോലെ കാണാവുന്നതാണ്. ‘ഗുണാഭിവൃദ്ധി നല്‍കിയ ഭൂമി’ എന്നതുകൊണ്ടുദ്ദേശ്യം ശാം ഭൂമിയും സുലൈമാന്‍ (عليه السلام)നബിയുടെ തലസ്ഥാന നഗരിയായ ജരൂശലേമും (*) (أورشليم – البيت المقدس) ആകുന്നു. ആ അനുഗ്രഹീത നാട്ടിനെക്കുറിച്ചു 71-ാം വചനത്തിന്റെ വിവരണത്തില്‍ നാം പ്രസ്താവിച്ചിട്ടുമുണ്ട്.


(*). പടം 5 നോക്കുക.


കാറ്റിന്റെ സഹായത്തോടുകൂടി, മറ്റാര്‍ക്കും സാധിക്കാത്തത്ര വേഗത്തിലും സൗകര്യത്തിലും യാത്രചെയ്യുവാന്‍ സുലൈമാന്‍ (عليه السلام) നബിക്കു സാധിച്ചിരുന്നുവെന്നാണ് ആയത്തില്‍ നിന്നു മനസ്സിലാകുന്നത്. എന്നാല്‍, കാറ്റിനെ അദ്ദേഹം ഉപയോഗപ്പെടുത്തിയിരുന്നത് എങ്ങിനെയായിരുന്നുവെന്ന് ഖണ്ഡിതമായിപ്പറയുവാന്‍ തക്കതെളിവുകളൊന്നുമില്ല. രാവിലെ മുതല്‍ വൈകുന്നേരമാകുമ്പോഴേക്കും ഒരു മാസത്തെ വഴിദൂരം (സാധാരണനിലക്ക് ഒരു മാസകാലം കൊണ്ടു സഞ്ചരിക്കുന്ന വഴി) സഞ്ചരിച്ചു തിരിച്ചെത്തുവാന്‍ അതുവഴി അദ്ദേഹത്തിനു സാധിച്ചിരുന്നുവെന്ന് സൂ: സബഇല്‍

وَلِسُلَيْمَانَ الرِّيحَ غُدُوُّهَا شَهْرٌ وَرَوَاحُهَا شَهْرٌ – سبإ -١٢

എന്ന വാക്യം വ്യക്തമാക്കുന്നു. ‘സുലൈമാന്ന്‍ കാറ്റു വിധേയമാക്കിക്കൊടുത്തു: അതിന്റെ കാലത്തെ പുറപ്പാട് ഒരു മാസവും, വൈകുന്നേരത്തെ മടക്കം ഒരു മാസവുമാണ്’ എന്നാണ് ആ വചനത്തിന്റെ അര്‍ത്ഥം. അദ്ദേഹത്തിനും പരിവാരത്തിനും ഇരിക്കത്തക്കവണ്ണമുള്ള ഒരു തേരോ മറ്റോ ഉണ്ടായിരുന്നുവെന്നും, അതില്‍ കയറി കാറ്റിന്റെ സഹായത്താല്‍ വായുവേഗത്തില്‍ അദ്ദേഹം ദൂരരാജ്യങ്ങളില്‍ പോയിവന്നിരുന്നുവെന്നും പലരും പ്രസ്താവിച്ചു കാണുന്നു. വാസ്തവം അല്ലാഹുവിനറിയാം. അതിശയോക്തി നിറഞ്ഞ എത്രയോ വര്‍ണ്ണനകള്‍ ഈ വാഹനത്തെപ്പറ്റി കഥ പറയുന്നവര്‍ക്ക് പറയുവാനുണ്ട്. അതത്രയും വിശ്വസിക്കാവതല്ലെന്നു പറയേണ്ടതില്ല.

സുലൈമാന്‍ (عليه السلام) നബിയുടെ രാജ്യം പലസ്തീനാണല്ലോ. (*). മദ്ധ്യധരണ്യാഴിയും ചെങ്കടലും അതിന്റെ അടുത്തു സ്ഥിതിചെയ്യന്നു. മദ്ധ്യധരണ്യാഴിതീരത്തു സൂര്‍, യാഫാ മുതലായ പല തുറമുഖങ്ങളും കാണാം. ചെങ്കടലിന്റെ ശാഖയായ അല്‍അഖബ ഉള്‍ക്കടല്‍ ചെന്നവസാനിക്കുന്നതു ഐലതുറമുഖത്താണ് ഇന്നു ആ പട്ടണം അല്‍അഖബ എന്ന പേരില്‍ അറിയപ്പെടുന്നു. (**). സുലൈമാന്‍ (عليه السلام) നബിയുടെ കാലത്ത് മദ്ധ്യധരണ്യാഴി വഴി പശ്ചിമ രാജ്യങ്ങളുമായും, ചെങ്കടല്‍വഴി ഇന്ത്യ മുതലായ പൗരസ്ത്യ രാജ്യങ്ങളുമായും വ്യവസ്ഥാപിതമായ നിലയില്‍ കച്ചവട ബന്ധങ്ങള്‍ നടന്നിരുന്നുവെന്ന്, ബൈബിള്‍ കൊണ്ടും, മറ്റു ചരിത്ര രേഖകള്‍കൊണ്ടും അറിയപ്പെടുന്നു. ഇത്രയും ദൂരരാജ്യങ്ങളുമായി കപ്പല്‍ ബന്ധം സ്ഥാപിച്ചു നടപ്പില്‍ വരുത്തിയതു അദ്ദേഹമായിരുന്നുവെന്നും, അതിന് മുടക്കമോ, പ്രതികൂലമോ ഉണ്ടാകാതെ, ഉദ്ദേശിച്ചപ്രകാരം – അസാധാരണ സൗകര്യത്തോടെ – നിയന്ത്രിച്ചു പോരുവാന്‍ അല്ലാഹു അദ്ദേഹത്തിന് കാറ്റിനെ അനുകൂലമാക്കികൊടുത്തിരുന്നുവെന്നും ഇവിടെ ഉദ്ദേശ്യമായിരിക്കാവുന്നതാണ്. കാറ്റിന്റെ അനുകൂലാവസ്ഥ ആശ്രയിച്ചു മാത്രമാണല്ലോ മുന്‍കാലത്തു കപ്പല്‍യാത്രകള്‍. സുലൈമാന്‍ (عليه السلام) നബിയെ സംബന്ധിച്ചിടത്തോളം, വേഗതയില്‍ അവ കൊടുങ്കാറ്റുകളെപോലെ ശക്തിയായി വീശുന്നവ (عَاصِفَة) ആയിരുന്നുവെങ്കിലും, യാതൊരു അപായത്തിനും ഇടവരാതെ ശരിക്കും സൗകര്യ പ്രദമായിരുന്നു അവ. സൂറത്തു സ്വാദ് 36-ാം വചനത്തില്‍ رُخَاء (മാര്‍ദ്ദവമായതു) എന്നു ആ കാറ്റിന്റെ സ്ഥിതിയെ വിശേഷിപ്പിച്ചതില്‍നിന്ന് ഇതു മനസ്സിലാക്കാം. ഏതായാലും, തന്റെ സൗകര്യമനുസരിച്ച് സഞ്ചരിക്കുമാറ് സുലൈമാന്‍ (عليه السلام) നബിക്കു കാറ്റിനെ കീഴ്പ്പെടുത്തിക്കൊടുത്തതു മറ്റൊരാള്‍ക്കും ലഭിക്കാത്ത ഒരു പ്രത്യേകതയാണെന്നുള്ളതില്‍ സംശയമില്ല.


(*). പടം 5ഉം 4ഉം നോക്കുക.
(**). പദം 4 നോക്കുക.


സമുദ്രത്തില്‍ മുങ്ങി മുത്തും, പവിഴവും എടുക്കുക, വമ്പിച്ച കെട്ടിടങ്ങള്‍ നിര്‍മ്മിക്കുക, ഭാരമേറിയതു, സാധാരണ മനുഷ്യസാധ്യമല്ലാത്തതുമായ ജോലികള്‍ നിര്‍വ്വഹിക്കുക മുതലായ പല കൃത്യങ്ങളും നടത്തുവാന്‍ അദ്ദേഹം ജിന്നുവര്‍ഗ്ഗത്തെ ഉപയോഗപ്പെടുത്തിയിരുന്നു. സൂറത്തു സബഉ് 12-13ല്‍ ഇതിനെപ്പറ്റി കൂടുതല്‍ വിവരം കാണാവുന്നതാണ്‌. ഇതും മറ്റാര്‍ക്കും സിദ്ധിച്ചിട്ടില്ലാത്ത ഒരു അനുഗ്രഹമാകുന്നു. സുലൈമാന്‍ (عليه السلام)നബിക്കും, ദാവൂദു (عليه السلام) നബിക്കും നല്‍കപ്പെട്ട പ്രത്യേകാനുഗ്രഹങ്ങള്‍ പലതും താഴെ സൂറത്തുകളില്‍ കാണാവുന്നതാണ്. സന്ദര്‍ഭോചിതം അവയെപ്പറ്റി നമുക്കു വിവരിക്കാം. إن شاء الله

ജിന്നും, പിശാചും മനുഷ്യരില്‍പ്പെട്ട ചിലര്‍ മാത്രമാണെന്ന വാദക്കാരും സാധാരണക്കെതിരായ സംഭവങ്ങളെ കഴിവതും വളച്ചു തിരിച്ചു വ്യാഖ്യാനിക്കുന്നവരും, ഈ രണ്ടു നബിമാരെക്കുറിച്ച് അല്ലാഹു പ്രസ്താവിച്ച മിക്ക സംഗതികള്‍ക്കും തങ്ങളുടേതായ വ്യാഖ്യാനങ്ങള്‍ നല്‍കുമെന്നതു സ്വാഭാവികമാണല്ലോ. ഇതിനെപ്പറ്റി ഇമാം റാസീ (رحمه الله) അദ്ദേഹത്തിന്റെ തഫ്സീറില്‍ (സൂറത്തു സബഇല്‍ വെച്ചു) പ്രസ്താവിച്ച ചില വരികളുടെ സാരം ഉദ്ധരിക്കുന്നതു സന്ദര്‍ഭോചിതമായിരിക്കും. അദ്ദേഹം പറയുന്നു:- ചില ആളുകള്‍ പറയാറുണ്ട്‌: ‘ദാവൂദു (عليه السلام) നബിക്കു മലകളെ കീഴ്പ്പെടുത്തി എന്നു പറഞ്ഞതിന്റെ ഉദ്ദേശ്യം, മറ്റെല്ലാ വസ്തുക്കളെപ്പോലെയുള്ള തസ്ബീഹു അവയും നടത്തുമെന്നും, അതു അദ്ദേഹം അറിഞ്ഞിരുന്നുവെന്നുമാണ്; സുലൈമാന്‍ (عليه السلام) നബിക്ക് കാറ്റു കീഴ്പ്പെടുത്തി എന്നതിന്റെ സാരം വായുവേഗത്തില്‍ സഞ്ചരിക്കുന്ന (മുന്തിയതരം) കുതിരകളുണ്ടായിരുന്നുവെന്നാണ്; ദാവൂദ് (عليه السلام) നബിക്കു ഇരുമ്പിനെ മയമാക്കിക്കൊടുത്തു എന്നും, സുലൈമാന്‍ (عليه السلام) നബിക്കു ചെമ്പിന്റെ ഉറവ് ഒഴുക്കിക്കൊടുത്തു എന്നും (സൂ: സബഇല്‍) പ്രസ്താവിച്ചതിന്റെ ഉദ്ദേശ്യം ചെമ്പുകൊണ്ടും ഇരുമ്പുകൊണ്ടും പല സാധനങ്ങള്‍ ഉണ്ടാക്കുമാറ് അവയെ തീകൊണ്ടു പതമാക്കുവാന്‍ സാധിച്ചു എന്നാണ്; പിശാചുക്കളെ കീഴ്പ്പെടുത്തി എന്നുവെച്ചാല്‍, ചില മല്ലന്മാരായ മനുഷ്യരെ കീഴ്പ്പെടുത്തി എന്നാണ്’ എന്നൊക്കെ. ഇപ്പറഞ്ഞതെല്ലാം തെറ്റായിട്ടുള്ളതാണ്. ഇങ്ങിനെ പറയുവാന്‍ അവരെ പ്രേരിപ്പിക്കുന്നതു, അവരുടെ വിശ്വാസത്തിന്റെ ബലഹീനതയും, അല്ലാഹുവിന്റെ കഴിവിനെ വിലവെക്കാതിരിക്കുന്നതുമാകുന്നു.’ (من الرازي ص ١٠ ج ٧)

21:83
 • وَأَيُّوبَ إِذْ نَادَىٰ رَبَّهُۥٓ أَنِّى مَسَّنِىَ ٱلضُّرُّ وَأَنتَ أَرْحَمُ ٱلرَّٰحِمِينَ ﴾٨٣﴿
 • അയ്യൂബിനെയും (ഓര്‍ക്കുക). അതായതു: 'എനിക്ക് കഷ്ടപ്പാടു ബാധിച്ചിരിക്കുന്നു; നീ കരുണ ചെയ്യുന്നവരില്‍വെച്ച് ഏറ്റവും കരുണ ചെയ്യുന്നവനുമത്രെ!' എന്ന് അദ്ദേഹം തന്റെ റബ്ബിനെ വിളിച്ചു പറയുക [പ്രാര്‍ത്ഥിക്കുക]യുണ്ടായ സന്ദര്‍ഭം.
 • وَأَيُّوبَ അയ്യൂബിനെയും (ഓര്‍ക്കുക) إِذْ نَادَىٰ അദ്ദേഹം വിളിച്ച (പ്രാര്‍ത്ഥിച്ച)പ്പോള്‍ رَبَّهُ തന്റെ രക്ഷിതാവിനെ أَنِّي مَسَّنِيَ എനിക്കു ബാധിച്ചിരിക്കുന്നു എന്ന് الضُّرُّ കഷ്ടപ്പാട്, വിഷമം, ഉപദ്രവം وَأَنتَ നീ, നീയാകട്ടെ أَرْحَمُ അധികം കരുണ ചെയ്യുന്നവനാണ് الرَّاحِمِينَ കരുണ ചെയ്യുന്നവരില്‍

21:84
 • فَٱسْتَجَبْنَا لَهُۥ فَكَشَفْنَا مَا بِهِۦ مِن ضُرٍّ ۖ وَءَاتَيْنَـٰهُ أَهْلَهُۥ وَمِثْلَهُم مَّعَهُمْ رَحْمَةً مِّنْ عِندِنَا وَذِكْرَىٰ لِلْعَـٰبِدِينَ ﴾٨٤﴿
 • അപ്പോള്‍ അദ്ദേഹത്തിന് നാം ഉത്തരം നല്‍കി; അങ്ങനെ, അദ്ദേഹത്തില്‍ കഷ്ടപ്പാടായിട്ടുള്ളത് (എല്ലാം) നാം അകറ്റിക്കളഞ്ഞു [സുഖപ്പെടുത്തി]; നമ്മുടെ പക്കല്‍നിന്നുള്ള ഒരു അനുഗ്രഹവും, ആരാധന ചെയ്യുന്നവര്‍ക്ക് ഒരു സ്മരണയുമായിക്കൊണ്ട് അദ്ദേഹത്തിന്റെ വീട്ടുകാരെയും, അവരോടൊപ്പം അവരുടെ അത്ര (വേറെ)യും അദ്ദേഹത്തിനു നാം കൊടുക്കുകയും ചെയ്തു.
 • فَاسْتَجَبْنَا അപ്പോള്‍ നാം ഉത്തരം നല്‍കി لَهُ അദ്ദേഹത്തിനു فَكَشَفْنَا അങ്ങിനെ നാം അകറ്റി, നീക്കി, തുറവിയാക്കി مَا بِهِ അദ്ദേഹത്തിലുള്ളതിനെ مِن ضُرٍّ കഷ്ടപ്പാടായിട്ടു, വിഷമത്തില്‍പെട്ടതായി وَآتَيْنَاهُ അദ്ദേഹത്തിനു നാം കൊടുക്കുകയും ചെയ്തു أَهْلَهُ തന്റെ വീട്ടുകാരെ, സ്വന്തക്കാരെ وَمِثْلَهُم അവരുടെ അത്രയും مَّعَهُمْ അവരോടൊപ്പം رَحْمَةً കാരുണ്യമായിട്ട് مِّنْ عِندِنَا നമ്മുടെ പക്കല്‍നിന്നുള്ള وَذِكْرَىٰ ഉപദേശവും, സ്മരണയും لِلْعَابِدِينَ ആരാധന ചെയ്യുന്നവര്‍ക്കു, ആരാധകന്‍മാര്‍ക്കു

ബൈബ്ളിന്റെ ‘പഴയനിയമത്തില്‍’ ‘ഇയ്യോബിന്റെ പുസ്തകം’ (صحيفة ايوب) എന്ന പേരില്‍ ഒരു എടുണ്ട്. 42 അദ്ധ്യായങ്ങളുള്ള ആ പുസ്തകത്തിന്റെ ഉള്ളടക്കം അത്രയും ഈ രണ്ടു വചനത്തില്‍ അടങ്ങിയിട്ടുണ്ടെന്നു പറയാം. പ്രസ്തുത പുസ്തകത്തില്‍ പ്രസ്താവിച്ചിട്ടുള്ളതിന്റെ രത്നച്ചുരുക്കം ഇപ്രകാരമാകുന്നു:-

‘ഊസ്’ (عوص) ദേശത്തു (*) ഇയ്യോബ് (അയ്യൂബ് – Job) എന്ന നിഷ്കളങ്കനും ഭക്തനുമായ ഒരു മനുഷ്യനുണ്ടായിരുന്നു. അദ്ദേഹത്തിനു നല്ലൊരു കുടുംബവും വമ്പിച്ച സ്വത്തും നല്‍കപ്പെട്ടിരുന്നു. 7 പുത്രന്‍മാരും 3 പുത്രികളും ഉണ്ടായിരുന്നു. 7000 ആട്, 3000 ഒട്ടകം, 1000 കാള, ചുമട് വഹിക്കുന്ന 500 കഴുത എന്നിവയും, അസംഖ്യം കൂലിക്കാരും ഉണ്ടായിരുന്നു. അദ്ദേഹമാകട്ടെ, യാതൊരു ദുഷ്പ്രവൃത്തിയും, പാപവും ചെയ്തിരുന്നില്ല; കുറെ കഴിഞ്ഞപ്പോള്‍ അദ്ദേഹത്തിനു ആപത്തുകള്‍ കൂട്ടത്തോടെ വരികയായി. കാലികള്‍ കൊള്ളചെയ്യപ്പെട്ടു; കൂലിക്കാര്‍ കൊല്ലപ്പെട്ടു; മക്കള്‍ മരണമടഞ്ഞു; അങ്ങിനെ പലതും. പക്ഷേ, അദ്ദേഹം ക്ഷമകേട്‌ കാണിക്കുകയോ, നന്ദിയുടെ വാക്യമല്ലാതെ ഉച്ചരിക്കുകയോ ചെയ്തില്ല. ‘എല്ലാം അവന്‍ (അല്ലാഹു) തന്നത്, അവന്‍ തന്നെ എടുക്കുകയും ചെയ്തു’ എന്നു സമാധാനിച്ചു. കുറേ കഴിഞ്ഞപ്പോള്‍ ശരീരത്തിനും കേടുപറ്റി. വമ്പിച്ച രോഗം ബാധിച്ചു. ബന്ധുക്കള്‍ ഉപേക്ഷിച്ചുകളഞ്ഞു. എന്നിട്ടും, ആക്ഷേപത്തിന്റെയോ, വേവലാതിയുടെയോ വാക്കുകള്‍ അദ്ദേഹം ഉരിയാടിയില്ല. അദ്ദേഹത്തിന്റെ ആത്മാവില്‍ ദൃഢവിശ്വാസവും, ഹൃദയത്തില്‍ സഹനവും നാവില്‍ നന്ദിയുടെ വാക്യങ്ങളും സ്ഥലം പിടിച്ചിരുന്നു! വേദനയുടേയും, ഞെരുക്കത്തിന്റെയും വിലാപങ്ങള്‍ ഉപദേശരത്നങ്ങളായിരുന്നു! ഓരോ ഞരക്കവും ഓരോ സ്തോത്രകീര്‍ത്തനമായിരുന്നു! (**). കുറെ കഴിഞ്ഞപ്പോള്‍ അല്ലാഹുവിന്റെ സന്ദേശം എത്തുന്നു; പരീക്ഷണഘട്ടം അവസാനിക്കുന്നു; കഷ്ടാരിഷ്ടങ്ങള്‍ നീങ്ങിപ്പോകുന്നു! അങ്ങിനെ, അദ്ദേഹത്തിന്റെ നിലയെല്ലാം മാറി. സമ്പത്തുകള്‍ ഇരട്ടിച്ചു. ബന്ധുമിത്രാദികള്‍ ചുറ്റും വന്നുകൂടി. പലരും സ്വര്‍ണ്ണവും മറ്റും സമ്മാനിച്ചു. മക്കള്‍ വീണ്ടും ജനിച്ചു. അതിസുന്ദരികളായ പുത്രികളും ഉണ്ടായി. പിന്നീട് അദ്ദേഹം 140കൊല്ലം ജീവിക്കുകയും, നാലു തലമുറയിലുള്ള മക്കളെ കാണുവാന്‍ സാധിക്കുകയും ചെയ്തു’ ഇതാണ് ചുരുക്കം.


(*) ഊസ് ദേശം ബഹ്ര്‍ലൂത്തിന്റെ കിഴക്കുവശത്തുള്ള ഒരു രാജ്യമാകുന്നു. ഇതു അറബിയില്‍ عوسى, عوص, عوض എന്നിങ്ങിനെ എഴുതാറുണ്ട്.

(**) വാസ്തവത്തില്‍ ഇവയുടെ സമാഹാരമാണ് ‘ഇയ്യോബിന്റെ പുസ്തകം’ എന്ന് പറയാം.


أَنِّي مَسَّنِيَ الضُّرُّ (എനിക്കു കഷ്ടപ്പാടു ബാധിച്ചിരിക്കുന്നു) എന്ന വാചകത്തില്‍ അദ്ദേഹത്തിന്റെ എല്ലാ വിപത്തുകളുടെയും വര്‍ത്തമാനം അടങ്ങിയിരിക്കുന്നു. ‘നീ എന്നെ കഷ്ടപ്പെടുത്തിയല്ലോ’ എന്നോ മറ്റോ പറയാതെ ‘കഷ്ടപ്പാട് ബാധിച്ചിരിക്കുന്നു’ എന്ന് എത്ര വിനയ മര്യാദയോടെയാണ് അയ്യൂബ് (عليه السلام) പറയുന്നുവെന്നു നോക്കുക! രോഗങ്ങളും ആപത്തുകളുമെല്ലാം അല്ലാഹുവിന്റെ അറിവോടും നിശ്ചയത്തോടുംകൂടി ഉണ്ടാകുന്നതു തന്നെ. എങ്കിലും, അവ മനുഷ്യന്റെ കാരണംകൊണ്ടുണ്ടാകുന്നതോ, കൂടുതല്‍ നന്മയിലേക്കു നയിക്കുന്നതോ ആയിരിക്കും. പക്ഷേ, യാഥാര്‍ത്ഥ്യവും അനന്തരഫലങ്ങളും മനുഷ്യനു അപ്പപ്പോള്‍ അറിയുക സാധ്യമല്ല. മനുഷ്യനെ വൃഥാ കഷ്ടപ്പെടുത്തണമെന്നോ, ഉപദ്രവിക്കണമെന്നോ ഒരിക്കലും അല്ലാഹു ഉദ്ദേശിക്കുകയില്ല.

وَمَا اللَّـهُ يُرِيدُ ظُلْمًا لِّلْعَالَمِينَ – آل عمران :١٠٨

(അല്ലാഹു ലോകര്‍ക്കു യതൊരനീതിയും ചെയ്‌വാന്‍ ഉദ്ദേശിക്കുന്നില്ല).

إِنَّ اللَّـهَ لَا يَظْلِمُ مِثْقَالَ ذَرَّةٍ : النساء:٤٠

(നിശ്ചയമായും അല്ലാഹു ഒരു അണുത്തൂക്കവും അക്രമം ചെയ്യുന്നതല്ല.). ഇതുകൊണ്ടാണ് – അയ്യൂബ് (عليه السلام) നബിയുടെ പ്രാര്‍ത്ഥനയിലെന്നപോലെ – തിന്മയോ ആപത്തോ ആയ ഒന്നിനെയും അല്ലാഹുവിനോടു ചേര്‍ത്തു പറഞ്ഞുകൊണ്ടുള്ള പ്രയോഗങ്ങള്‍, മഹാന്‍മാരായ ആളുകളുടെ സംസാരങ്ങളില്‍ കാണപ്പെടാത്തത്. അക്ഷമയുടെ സൂചനപോലും അദ്ദേഹത്തിന്റെ പ്രാര്‍ത്ഥനയില്‍ അടങ്ങിയിട്ടില്ല. ഇതു നാമും മാതൃകയാക്കേണ്ടതാകുന്നു. അദ്ദേഹം തുടരുന്നു.

وَأَنتَ أَرْحَمُ الرَّاحِمِينَ (നീ കരുണ ചെയ്യുന്നവരില്‍വെച്ച് ഏറ്റവും കരുണ ചെയ്യുന്നവനാണ്)! ‘ഇയ്യോബിന്റെ പുസ്തക’ത്തിലെ സുദീര്‍ഘമായ സ്തുതികീര്‍ത്തനങ്ങളെല്ലാം ഈ ഒറ്റവാക്യത്തില്‍ അടങ്ങിയിട്ടുണ്ട്. സഹനത്തിന്റെയും, നന്ദിയുടെയും ഭാഗം അതില്‍ വിട്ടുപോയിട്ടില്ല. അപേക്ഷയുടെയും, പ്രാര്‍ത്ഥനയുടെയും ഹസ്തം അതില്‍ നീട്ടിക്കാണുകയും ചെയ്യും. താഴ്മയുടെ നെറ്റിത്തടം വണക്കമാകുന്ന ഭൂമിയില്‍ സാഷ്ടാംഗനമസ്കാരം ചെയ്യുന്നതായും അതില്‍ കാണാം. അതെ, അല്ലാഹുവേ! നീയാണ് എന്റെ യജമാനന്‍. നിന്നെക്കാള്‍ കരുണയുള്ളവന്‍ മറ്റാരുമില്ല. നീ യജമാനനായിത്തീരുന്ന അടിയാന്നാണ് മംഗളം! (طُوبَى لعَبْدٍ ٲنت مَوْلاه).

فَاسْتَجَبْنَا لَهُ (നാം അദ്ദേഹത്തിനു ഉത്തരം നല്‍കി) എന്ന ഈ ചെറുവാക്യം ആ പുസ്തകത്തിലെ 38 മുതല്‍ നാലു അദ്ധ്യായങ്ങളുടെയും രത്നച്ചുരുക്കമാണ്. فَكَشَفْنَا مَا بِهِ مِن ضُرٍّ (അദ്ദേഹത്തില്‍ കഷ്ടപ്പാടായിട്ടുള്ളതിനെ നാം അകറ്റി) എന്ന വാക്യം അതിലെ രണ്ട് അദ്ധ്യായങ്ങളാകുന്നു. وَآتَيْنَاهُ أَهْلَهُ وَمِثْلَهُم مَّعَهُمْ (അദ്ദേഹത്തിന്റെ വീട്ടുകാരെയും, അവരോടൊപ്പം അവരുടെ അത്രയുംകൂടി അദ്ദേഹത്തിനു നാം നല്‍കി) എന്ന ഭാഗം ആ പുസ്തകത്തിലെ സകല വിശദീകരണങ്ങളെയും പൂര്‍ത്തിയാക്കുകയും ചെയ്യുന്നു. ഇതു ഖുര്‍ആന്റെ മാഹാത്മ്യങ്ങളില്‍പെട്ടതാകുന്നു.

ഇതെല്ലാം എങ്ങിനെ സംഭവിച്ചു? അവയുടെ ആകെത്തുക എന്താണ്? رَحْمَةً مِّنْ عِندِنَا (നമ്മുടെ പക്കല്‍ നിന്നുള്ള കാരുണ്യം) ഒന്നുമാത്രം! എന്തുകൊണ്ടെന്നാല്‍? ഈ അപേക്ഷ ലഭിക്കുന്നതിന് അയ്യൂബ് (عليه السلام) യാതൊരു അവകാശവാദമോ, ന്യായവാദമോ ഹാജരാക്കിയിട്ടില്ല. ‘നീ കരുണ ചെയ്യുന്നവരില്‍വെച്ചു അധികം കരുണ ചെയ്യുന്നവനാണ്’ എന്നു മാത്രമേ അദ്ദേഹത്തിനു ന്യായം സമര്‍പ്പിക്കുവാനുണ്ടായിരുന്നുള്ളൂ. അതദ്ദേഹം സമര്‍പ്പിച്ചു. ആ അപേക്ഷ, അങ്ങിനെ സമര്‍പ്പിക്കുവാന്‍ ഭാഗ്യം ലഭിച്ചതും അല്ലാഹുവില്‍നിന്നുള്ള ഒരു കാരുണ്യമാണു താനും! കാരുണ്യത്തെ മുന്‍നിറുത്തി കാരുണ്യത്തിനപേക്ഷിക്കുമ്പോള്‍, കാരുണ്യവാന്‍മാരില്‍വെച്ച് കാരുണ്യവാനായുള്ളവന്റെ കാരുണ്യം വര്‍ഷിക്കാതിരിക്കുമോ? പോരാ, അതിനുപുറമെ, മറ്റൊരു അനുഗ്രഹവുംകൂടി അതുള്‍ക്കൊള്ളുന്നുണ്ട്: ആരാധന ചെയ്യുന്നവര്‍ക്ക് എന്നെന്നും സ്മരിക്കത്തക്ക ഒരു പാഠംകൂടി അതിലുണ്ട്. (وَذِكْرَىٰ لِلْعَابِدِينَ) സാക്ഷാല്‍ ആരാധകന്‍മാര്‍ക്കേ ഇത്തരം നിഷ്ക്കളങ്കഹൃദയമുണ്ടാകുകയുള്ളു. അവര്‍ക്കു ഇത്തരം കാരുണ്യാനുഗ്രഹങ്ങള്‍ ലഭിക്കുകയും ചെയ്യും എന്നു സാരം. അയ്യൂബ് (عليه السلام) നബിയുടെ കഥ സൂ: സ്വാദില്‍ കൂടുതല്‍ വിവരണത്തോടെ കാണാം. إن شاء الله

21:85
 • وَإِسْمَـٰعِيلَ وَإِدْرِيسَ وَذَا ٱلْكِفْلِ ۖ كُلٌّ مِّنَ ٱلصَّـٰبِرِينَ ﴾٨٥﴿
 • ഇസ്മാഈലിനെയും, ഇദ്രീസിനെയും, ദുല്‍കിഫ്‌ലിയെയും (ഓര്‍ക്കുക); ഓരോരുത്തരും ക്ഷമാശീലന്‍മാരില്‍പെട്ടവരാകുന്നു.
 • وَإِسْمَاعِيلَ ഇസ്മാഈലിനെയും (ഓര്‍ക്കുക) وَإِدْرِيسَ ഇദ്-രീസിനെയും وَذَا الْكِفْلِ ദുല്‍കിഫ്‌ലിയെയും كُلٌّ എല്ലാവരും (ഓരോരുത്തരും) مِّنَ الصَّابِرِين ക്ഷമാശീലന്‍മാരില്‍ പെട്ടവരാണ്
21:86
 • وَأَدْخَلْنَـٰهُمْ فِى رَحْمَتِنَآ ۖ إِنَّهُم مِّنَ ٱلصَّـٰلِحِينَ ﴾٨٦﴿
 • അവരെ നാം, നമ്മുടെ കാരുണ്യത്തില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരിക്കുന്നു; നിശ്ചയമായും അവര്‍ സദ്‌വൃത്തന്‍മാരില്‍പെട്ടവരാകുന്നു.
 • وَأَدْخَلْنَاهُمْ അവരെ നാം പ്രവേശിപ്പിക്കുക (ഉള്‍പ്പെടുത്തുക)യും ചെയ്തു فِي رَحْمَتِنَا നമ്മുടെ കാരുണ്യത്തില്‍ إِنَّهُم നിശ്ചയമായും അവര്‍ مِّنَ الصَّالِحِينَ സദ്‌വൃത്തന്‍മാരില്‍ (നല്ലജനങ്ങളില്‍) പെട്ടവരാണ്

ഇസ്മാഈല്‍ (عليه السلام)നബിയും, ഇദ്-രീസ് (عليه السلام)നബിയെയും കുറിച്ച് ഇതിനുമുമ്പ് പല വിവരണങ്ങളും പ്രസ്താവിച്ചു കഴിഞ്ഞിട്ടുള്ളതാണ്. എന്നാല്‍, ദുല്‍കിഫ്ല്‍ (عليه السلام) നബിയെക്കുറിച്ച് അധികവിവരമൊന്നും ഖുര്‍ആനില്‍ പ്രസ്താവിച്ചിട്ടില്ല. എല്ലാവരുടെയും സല്‍ഗുണങ്ങളെ എടുത്തുപറഞ്ഞ്‌ ഓര്‍മ്മിപ്പിക്കുകമാത്രമാണ് ഇവിടെ ചെയ്യുന്നത്.

21:87
 • وَذَا ٱلنُّونِ إِذ ذَّهَبَ مُغَـٰضِبًا فَظَنَّ أَن لَّن نَّقْدِرَ عَلَيْهِ فَنَادَىٰ فِى ٱلظُّلُمَـٰتِ أَن لَّآ إِلَـٰهَ إِلَّآ أَنتَ سُبْحَـٰنَكَ إِنِّى كُنتُ مِنَ ٱلظَّـٰلِمِينَ ﴾٨٧﴿
 • 'ദൂ-ന്നൂനി'നെയും (ഓര്‍ക്കുക); അതായത്: അദ്ദേഹം കോപിഷ്ഠനായുംകൊണ്ട് പോയ സന്ദര്‍ഭം; അപ്പോള്‍, നാം അദ്ദേഹത്തിന്റെമേല്‍ നിശ്ചയമായും കുടുസ്സാക്കുകയില്ലെന്നു് അദ്ദേഹം ധരിച്ചു. അങ്ങനെ, അന്ധകാരങ്ങളില്‍ വെച്ച് അദ്ദേഹം വിളിച്ചു (പ്രാര്‍ത്ഥിച്ചു): (റബ്ബേ!) നീയല്ലാതെ ആരാധ്യനേ ഇല്ല; നീയെത്രയോ പരിശുദ്ധന്‍! 'നിശ്ചയമായും, ഞാന്‍ അക്രമികളില്‍പെട്ടവനായിരിക്കുന്നു!' എന്നു.
 • وَذَا النُّونِ ദുന്നൂനിനെയും (ഓര്‍ക്കുക) إِذ ذَّهَبَ അതായതു അദ്ദേഹം പോയപ്പോള്‍ مُغَاضِبًا കോപിഷ്ഠനായിക്കൊണ്ടു (ദ്വേഷ്യഭാവത്തോടെ) فَظَنَّ അപ്പോള്‍ അദ്ദേഹം ധരിച്ചു (കരുതി) أَن لَّن نَّقْدِرَ നിശ്ചയമായും നാം കുടുസ്സാക്കുകയില്ല എന്നു عَلَيْهِ അദ്ദേഹത്തിന്റെമേല്‍ فَنَادَىٰ അങ്ങനെ അദ്ദേഹം വിളിച്ചു (പ്രാര്‍ത്ഥിച്ചു) فِي الظُّلُمَاتِ അന്ധകാരങ്ങളില്‍ أَن لَّا إِلَـٰهَ ഒരു ഇലാഹും ഇല്ല എന്നു് إِلَّا أَنتَ നീയല്ലാതെ سُبْحَانَكَ നീയെത്രയോ പരിശുദ്ധന്‍ إِنِّي നിശ്ചയമായും ഞാന്‍ كُنتُ ഞാന്‍ ആയിരിക്കുന്നു مِنَ الظَّالِمِينَ അക്രമികളില്‍പെട്ട (വന്‍)
21:88
 • فَٱسْتَجَبْنَا لَهُۥ وَنَجَّيْنَـٰهُ مِنَ ٱلْغَمِّ ۚ وَكَذَٰلِكَ نُـۨجِى ٱلْمُؤْمِنِينَ ﴾٨٨﴿
 • അപ്പോള്‍, അദ്ദേഹത്തിന് നാം ഉത്തരം നല്‍കുകയും, (ആ) ദുഃഖത്തില്‍നിന്നു് അദ്ദേഹത്തെ രക്ഷപ്പെടുത്തുകയും ചെയ്തു. അപ്രകാരംതന്നെ, സത്യവിശ്വാസികളെ നാം രക്ഷപ്പെടുത്തുന്നതാണ്.
 • فَاسْتَجَبْنَا അപ്പോള്‍ നാം ഉത്തരം നല്‍കി لَهُ അദ്ദേഹത്തിനു وَنَجَّيْنَاهُ അദ്ദേഹത്തെ നാം രക്ഷപ്പെടുത്തുകയും ചെയ്തു مِنَ الْغَمِّ ദുഃഖത്തില്‍നിന്നു, ആപത്തില്‍ നിന്നു وَكَذَٰلِكَ അപ്രകാരം തന്നെ نُنجِي നാം രക്ഷിക്കും الْمُؤْمِنِينَ സത്യവിശ്വാസികളെ

ذَا النُّونِ (ദുന്നൂന്‍) എന്ന വാക്കിനു ‘മത്സ്യത്തിന്റെ ആള്‍, മത്സ്യക്കാരന്‍’ എന്നിങ്ങനെയാണ് വാക്കര്‍ത്ഥം. താഴെ പറയുന്നപ്രകാരം യൂനുസ് (عليه السلام) നബി ഒരു മത്സ്യത്തിന്റെ വയറ്റില്‍ അകപ്പെടുകയുണ്ടായി. അതുകൊണ്ടാണ് അദ്ദേഹത്തിന് ഈ പേര്‍ വന്നത്. ഹിബ്രു (അബ്റാനി – العبرية) ഭാഷയില്‍ അദ്ദേഹത്തിന്റെ പേര്‍ യോനാ (Jonah) എന്നാണ് പറയപ്പെടുന്നത്. അദ്ദേഹത്തിന്റെ പേരില്‍ നാല് അദ്ധ്യായങ്ങളുള്ള ഒരു ഏട് ബൈബ്ളിന്റെ ‘പഴയനിയമ’ത്തില്‍ കാണാം. ആറാമീ, കല്‍ദാനീ ഭാഷകളിലെന്ന പോലെ മുന്‍കാലത്ത് അറബിഭാഷയിലും മത്സ്യത്തിനു ‘നൂന്‍’ (نون) എന്നു പറയാറുണ്ടായിരുന്നു. തിമിംഗല മത്സ്യമെന്നും ഈ വാക്കിനു് അര്‍ത്ഥമുണ്ട്. അദ്ദേഹത്തിന്റെ പിതാവിന്റെ പേര്‍ മത്തായി (متى) എന്നാകുന്നു, ബൈബ്ളില്‍ ഇത് ‘അമിത്ഥാല്‍’ (Amithai) എന്നു് കാണാം.

അശ്ശൂറി (*) ന്റെ തലസ്ഥാനമായിരുന്ന നീനുവാ (نينوى) യിലെ ജനങ്ങളിലേക്ക് യൂനുസ് (عليه السلام) നബി റസൂലായി നിയമിക്കപ്പെട്ടു, അവരെ അദ്ദേഹം തൗഹീദിലേക്ക് ക്ഷണിച്ചു. അവര്‍ അതു സ്വീകരിക്കാതെ ശിര്‍ക്കില്‍ ഉറച്ചുനിന്നു. ദൈവകശിക്ഷയെക്കുറിച്ച് അദ്ദേഹം അവരെ താക്കീതു ചെയ്തിട്ടും അവര്‍ പിന്‍മടങ്ങിയില്ല. അദ്ദേഹം തന്റെ കഴിവുകളെല്ലാം വിനിയോഗിച്ചു നോക്കിയിട്ടും ഫലപ്പെടാതെ കണ്ടപ്പോള്‍, അദ്ദേഹത്തിന് അവരോട് കോപവും രോഷവുമായി. അദ്ദേഹം സ്ഥലംവിട്ടുപോയി. അതിനുശേഷം ആ ജനതക്ക് ബോധം വന്നു. പ്രവാചകന്‍മാര്‍ കളവു പറയുകയില്ലെന്നു മനസ്സിലാക്കിയ അവര്‍ തങ്ങളുടെ ശിശുക്കളും, ആടുമാടുകളുമടക്കം, മരുഭൂമിയില്‍വന്ന്‍ അല്ലാഹുവോട് പ്രാര്‍ത്ഥിക്കുകയും പശ്ചാത്തപിച്ചുമടങ്ങുകയും ചെയ്തു. അല്ലാഹു അവരുടെ പശ്ചാത്താപം സ്വീകരിച്ചു. അവര്‍ വിശ്വസിച്ചതുനിമിത്തം താക്കീതു ചെയ്യപ്പെട്ട ശിക്ഷയില്‍നിന്നു അല്ലാഹു അവരെ ഒഴിവാക്കുകയും ചെയ്തു. (സൂ: യൂനുസ് 98ല്‍ ഇതിനെപ്പറ്റി പ്രസ്താവിച്ചിട്ടുണ്ട്.)


(*). പടം 6 നോക്കുക


യൂനുസ് (عليه السلام) നബിയാകട്ടെ, സ്ഥലം വിട്ടുപോയശേഷം, അദ്ദേഹം ഒരു കപ്പലില്‍ കയറി. കുറെ കഴിഞ്ഞപ്പോള്‍, കാറ്റും കോളും നിമിത്തം കപ്പല്‍ മറിയാനുള്ള ഭാവമായി. കപ്പലിലെ ഭാരം കുറക്കേണ്ടുന്ന അടിയന്തരഘട്ടം നേരിട്ടു. അതിനായി യാത്രക്കാരില്‍ ചിലരെ സമുദ്രത്തിലേക്കു പുറംതള്ളുകയല്ലാതെ ഗത്യന്തരമില്ലാതെയായി. അതു ആരെയാണെന്നു നിശ്ചയിക്കുവാനായി അവര്‍ ഒരു നറുക്കെടുപ്പു നടത്തി. നറുക്കു കിട്ടിയത് അദ്ദേഹത്തിന്റെ പേരായിരുന്നു. കപ്പല്‍ക്കാര്‍ക്ക് മടിതോന്നി. വീണ്ടും വീണ്ടും നറുക്കിട്ടു. അപ്പോഴെല്ലാം അദ്ദേഹത്തിന്റെ പേര്‍തന്നെ പുറത്തു വന്നു. അതനുസരിച്ച് അദ്ദേഹം സ്വയം തന്നെ കടലില്‍ ചാടുകയും ചെയ്തു. ഏറെത്താമാസിയാതെ ഒരു വലിയ മത്സ്യം കുതിച്ചുവന്ന് അദ്ദേഹത്തെ വിഴുങ്ങി.

എല്ലാം, അല്ലാഹുവിന്റെ നിശ്ചിത പരിപാടിയനുസരിച്ചു നടക്കുന്നതാണല്ലോ. അദ്ദേഹത്തെ മത്സ്യത്തിനു ഭക്ഷണമാക്കുവാന്‍ അല്ലാഹു ഉദ്ദേശിച്ചിരുന്നില്ല. അദ്ദേഹത്തിന് ഒരു പരീക്ഷണമെന്ന നിലക്ക് അല്‍പദിവസത്തേക്കു ആ മത്സ്യത്തിന്റെ വയറ് അദ്ദേഹത്തിന് കാരാഗൃഹമായിരിക്കുവാനായിരുന്നു അവന്‍ ഉദ്ദേശിച്ചത്. കുറെ (രണ്ടോ മൂന്നോ ദിവസമെന്നു പറയപ്പെടുന്നു) കഴിഞ്ഞപ്പോഴേക്കും മത്സ്യം അദ്ദേഹത്തെ കരയിലേക്കിട്ടു. വളരെ വിഷമവും, അനാരോഗ്യവും ബാധിച്ചുവെങ്കിലും, ജീവാപായം വരാതെ രക്ഷപ്പെടുകയും, ആരോഗ്യം ക്രമേണ വീണ്ടുകിട്ടുകയും ചെയ്തു. രണ്ടാമതും അദ്ദേഹം ജനങ്ങളിലേക്കു ദിവ്യദൂതനായി അയക്കപ്പെടുകയും ഉണ്ടായി. സൂ: വസ്-സ്വാഫ്-ഫാത്തില്‍ കൂടുതല്‍ വിവരം കാണാം. إن شاء الله

അദ്ദേഹം ‘കോപിഷ്ഠനായിക്കൊണ്ടു’ (مُغَاضِبًا) പോയി എന്നു പറഞ്ഞതിന്റെ താല്‍പര്യം മുകളില്‍ പറഞ്ഞതില്‍നിന്നു മനസ്സിലാക്കാമല്ലോ. അല്ലാഹുവിന്റെ ദൗത്യം സ്വീകരിക്കാത്തതില്‍ ജനങ്ങളോടുള്ള കോപംനിമിത്തം രാജ്യംവിട്ടുപോയി എന്നര്‍ത്ഥം. അല്ലാഹുവിന്റെ അനുവാദം ലഭിക്കുന്നതിനുമുമ്പായി അദ്ദേഹം അവരെ വിട്ടേച്ചു പോയത് അദ്ദേഹത്തിന്റെ നിലപാടിനു യോജിച്ചതായിരുന്നില്ല. അതുമൂലം, ഇങ്ങിനെയുള്ള ഞെരുക്കത്തിലും, പരീക്ഷണത്തിലും താന്‍ അകപ്പെടുമെന്ന് അദ്ദേഹം ധരിച്ചിരുന്നില്ല. ഇതാണ് ‘നാം അദ്ദേഹത്തിനു കുടുസ്സാക്കുകയില്ല എന്ന് അദ്ദേഹം ധരിച്ചു’വെന്നു പറഞ്ഞത്. ‘അന്ധകാരങ്ങള്‍’ (الظُّلُمَات) എന്നു പറഞ്ഞതുകൊണ്ട് ബാഹ്യമായ ഇരുട്ടും, ആത്മീയമായ അന്ധകാരവും ഉദ്ദേശിക്കപ്പെട്ടിരിക്കാം. സമുദ്രത്തിനുള്ളില്‍, മത്സ്യത്തിന്റെ വയറ്റില്‍, പോരാത്തത് രാത്രിയും കൂടിയായാല്‍ ഇരുളിന്റെ ശക്തി പറയേണ്ടതുണ്ടോ?! തന്റെ പക്കല്‍നിന്ന് വന്നുപോയ തെറ്റ് അതിനാലുള്ള ദുഃഖം, രക്ഷക്കുള്ള മാര്‍ഗ്ഗം പ്രതീക്ഷിക്കുവാന്‍ കഴിയാത്ത ആപത്ത്, അല്ലാഹുവിന്റെ കോപത്തെക്കുറിച്ചുള്ള ഭയം, ഇവയെക്കാള്‍ കവിഞ്ഞ മാനസികമായ അന്ധകാരം വല്ലതുമുണ്ടോ?!

മത്സ്യത്തിന്റെ വയറ്റില്‍വെച്ചു ദുന്നൂന്‍ (عليه السلام) നബി പ്രാര്‍ത്ഥിച്ച لَّا إِلَـٰهَ إِلَّا أَنتَ سُبْحَانَكَ إِنِّي كُنتُ مِنَ الظَّالِمِينَ എന്ന ആ പ്രാര്‍ത്ഥന, ഏതൊരു മുസ്‌ലിമും അവന്റെ റബ്ബിനോട്‌, ഹൃദയപൂര്‍വ്വം പ്രാര്‍ത്ഥിക്കുന്നതായാല്‍, അവന് അല്ലാഹു ഉത്തരം നല്‍കാതിരിക്കുകയില്ല എന്നു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അരുളിച്ചെയ്തതായി ഇമാം ബൈഹഖീ (رحمه الله) മറ്റും നിവേദനം ചെയ്തിരിക്കുന്നു. ആയത്തിന്റെ അവസാനഭാഗം യൂനുസ് (عليه السلام) നബിയെ പ്രശംസിക്കുന്നതിനുപുറമെ, സത്യവിശ്വാസികള്‍ക്ക് എപ്പോഴും അല്ലാഹുവിന്റെ കാരുണ്യത്തില്‍ വിശ്വാസമുണ്ടായിരിക്കണമെന്ന ഉപദേശവും അടങ്ങുന്നു. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഇപ്രകാരം പറഞ്ഞതായി അബൂഹുറൈറ (رضي الله عنه) ഉദ്ധരിക്കുന്നു: ‘ഒരു അടിയാനുംതന്നെ, മത്തായുടെ മകന്‍ യൂനുസിനേക്കാള്‍ ഉത്തമനാണ് ഞാന്‍ എന്നു പറയുവാന്‍ പാടില്ല’ (لا يَنْبَغِي لِعَبْدٍ أَنْ يَقُولَ أَنَا خَيْرٌ مِنْ يُونُسَ بْنِ مَتَّى – البخاري)

21:89
 • وَزَكَرِيَّآ إِذْ نَادَىٰ رَبَّهُۥ رَبِّ لَا تَذَرْنِى فَرْدًا وَأَنتَ خَيْرُ ٱلْوَٰرِثِينَ ﴾٨٩﴿
 • സകരിയ്യായെയും (ഓര്‍ക്കുക). അതായത്: 'രക്ഷിതാവേ! നീ എന്നെ (പിന്‍തുടര്‍ച്ചക്കാരില്ലാതെ) ഒറ്റയായി വിട്ടുകളയരുതേ! നീ അനന്തരമെടുക്കുന്നവരില്‍ ഉത്തമനായിട്ടുള്ളവനാണ്.' എന്ന് അദ്ദേഹം തന്റെ റബ്ബിനെ വിളിച്ച [പ്രാര്‍ത്ഥിച്ച] സന്ദര്‍ഭം.
 • وَزَكَرِيَّا സകരിയ്യായെയും (ഓര്‍ക്കുക) إِذْ نَادَىٰ അദ്ദേഹം വിളിച്ച (പ്രാര്‍ത്ഥിച്ച) സന്ദര്‍ഭം رَبَّهُ തന്റെ റബ്ബിനെ رَبِّ റബ്ബേ, രക്ഷിതാവേ لَا تَذَرْنِي നീ എന്നെ വിട്ടുകളയരുതേ فَرْدًا ഒറ്റയായി وَأَنتَ നീ, നീയാകട്ടെ خَيْرُ الْوَارِثِينَ അനന്തരമെടുക്കുന്നുവരില്‍ ഉത്തമനാണ്
21:90
 • فَٱسْتَجَبْنَا لَهُۥ وَوَهَبْنَا لَهُۥ يَحْيَىٰ وَأَصْلَحْنَا لَهُۥ زَوْجَهُۥٓ ۚ إِنَّهُمْ كَانُوا۟ يُسَـٰرِعُونَ فِى ٱلْخَيْرَٰتِ وَيَدْعُونَنَا رَغَبًا وَرَهَبًا ۖ وَكَانُوا۟ لَنَا خَـٰشِعِينَ ﴾٩٠﴿
 • അപ്പോള്‍, അദ്ദേഹത്തിനു നാം ഉത്തരം നല്‍കി; യഹ്-യായെ അദ്ദേഹത്തിന് നാം പ്രദാനം ചെയ്കയും, തന്റെ ഭാര്യയെ തനിക്കു നന്നാക്കി [പ്രസവിക്കുമാറാക്കി]ക്കൊടുക്കുകയും ചെയ്തു. നിശ്ചയമായും അവര്‍ (എല്ലാവരും) സല്‍കാര്യങ്ങളില്‍ ബദ്ധപ്പാട് കാണിക്കുകയും, ആശിച്ചും പേടിച്ചുംകൊണ്ട് നമ്മോടു പ്രാര്‍ത്ഥിക്കുകയും ചെയ്തുവന്നിരുന്നു; അവര്‍ നമ്മോടു ഭക്തി കാണിക്കുന്നവരുമായിരുന്നു.
 • فَاسْتَجَبْنَا അപ്പോള്‍ നാം ഉത്തരം നല്‍കി لَهُ അദ്ദേഹത്തിനു وَوَهَبْنَا لَهُ അദ്ദേഹത്തിനു നാം പ്രദാനവും ചെയ്തു يَحْيَىٰ യഹ്-യായെ وَأَصْلَحْنَا നാം നന്നാക്കികൊടുക്കുകയും ചെയ്തു لَهُ അദ്ദേഹത്തിനു زَوْجَهُ തന്റെ ഭാര്യയെ إِنَّهُمْ നിശ്ചയമായും അവര്‍ كَانُوا അവരായിരുന്നു يُسَارِعُونَ ബദ്ധപ്പാടു (ധൃതി) കാണിച്ചിരുന്നു فِي الْخَيْرَاتِ സല്‍കാര്യങ്ങളില്‍ وَيَدْعُونَنَا അവര്‍ നമ്മോടു പ്രാര്‍ത്ഥിക്കയും ചെയ്തിരുന്നു رَغَبًا ആശിച്ചുകൊണ്ട് وَرَهَبًا പേടിച്ചുകൊണ്ടും وَكَانُوا അവര്‍ ആയിരുന്നുതാനും لَنَا നമ്മോടു خَاشِعِينَ ഭക്തികാണിക്കുന്നവര്‍

മേല്‍പറഞ്ഞ പ്രവാചകന്‍മാരെക്കുറിച്ചെല്ലാം ഓര്‍മ്മപ്പെടുത്തിക്കൊണ്ട് 90-ാം വചനത്തില്‍ എടുത്തുപറയുന്ന സംഗതികള്‍ ഇവയാണ്: (1) അവര്‍ സല്‍ക്കാര്യങ്ങളില്‍ പിന്നോക്കം നില്‍ക്കാതെ ഉത്സാഹപൂര്‍വ്വം മുന്നോട്ട് വന്നു് പുണ്യം സമ്പാദിച്ചിരുന്നു.

(2) അല്ലാഹുവിന്റെ കൃപാകടാക്ഷത്തെയും മാപ്പിനെയും ആഗ്രഹിച്ചുകൊണ്ടും, അവന്റെ ശിക്ഷയെയും കോപത്തെയും പേടിച്ചുകൊണ്ടും എപ്പോഴും അവനോട്‌ പ്രാര്‍ത്ഥന നടത്തിയിരുന്നു.

(3) അവരെല്ലാം അല്ലാഹുവോട് സദാ വിനയവും, ഭക്തിയും ഉള്ളവരായിരുന്നു. പ്രവാചകന്‍മാരുടെ നില ഇതായിരുന്നുവെങ്കില്‍, കേവലം പാപങ്ങളില്‍ നിരതരായിക്കൊണ്ടിരിക്കുന്ന നാം എങ്ങിനെയിരിക്കണമെന്നു ആലോചിച്ചു നോക്കുക!

സകരിയ്യാ (عليه السلام) നബിയുടെയും, യഹ്-യാ (عليه السلام) നബിയുടെയും കഥ സൂറ:മര്‍യമില്‍ വായിച്ചുവല്ലോ. ഇവിടെ അതെല്ലാം ചൂണ്ടിക്കാട്ടി ഓര്‍മ്മിപ്പിക്കുകമാത്രമാണ് ചെയ്തിട്ടുള്ളത്.

21:91
 • وَٱلَّتِىٓ أَحْصَنَتْ فَرْجَهَا فَنَفَخْنَا فِيهَا مِن رُّوحِنَا وَجَعَلْنَـٰهَا وَٱبْنَهَآ ءَايَةً لِّلْعَـٰلَمِينَ ﴾٩١﴿
 • തന്റെ ഗുഹ്യസ്ഥാനത്തെ സൂക്ഷിച്ച [ചാരിത്രം സംരക്ഷിച്ച]വളെയും (ഓര്‍ക്കുക). അങ്ങനെ, അവളില്‍ നമ്മുടെ ആത്മാവില്‍നിന്നു് നാം ഊതി; അവളെയും, അവളുടെ പുത്രനെയും നാം ലോകര്‍ക്ക് ഒരു ദൃഷ്ടാന്തമാക്കുകയും ചെയ്തു.
 • وَالَّتِي യതൊരുവളെയും (ഓര്‍ക്കുക) أَحْصَنَتْ അവള്‍ സൂക്ഷിച്ചു, കാത്തുരക്ഷിച്ചു فَرْجَهَا അവളുടെ ഗുഹ്യസ്ഥാനം فَنَفَخْنَا അങ്ങനെ നാം ഊതി فِيهَا അവളില്‍ مِن رُّوحِنَا നമ്മുടെ ആത്മാവില്‍ നിന്നു وَجَعَلْنَاهَا അവളെ നാം ആക്കുകയും ചെയ്തു وَابْنَهَا അവളുടെ പുത്രനെയും آيَةً ഒരു ദൃഷ്ടാന്തം لِّلْعَالَمِينَ ലോകര്‍ക്ക്

‘ഗുഹ്യസ്ഥാനം സൂക്ഷിച്ചവള്‍’ എന്നു് പറഞ്ഞത് മര്‍യം (عليها السلام) യെയും, ‘അവളുടെ പുത്രന്‍’ എന്നു പറഞ്ഞതു് ഈസാ (عليه السلام) നെയും ഉദ്ദേശിച്ചാണെന്നു പറയേണ്ടതില്ല. പിതാവില്ലാതെ, അല്ലാഹുവില്‍നിന്നുള്ള ആത്മാവിനാല്‍ മാത്രം ഈസാ (عليه السلام) നബിയെ സൃഷ്ടിച്ചതിനെ ഉദ്ദേശിച്ചാണ് ‘നമ്മുടെ ആത്മാവില്‍നിന്നു ഊതി’ എന്നു പറഞ്ഞത്. ഈസാ (عليه السلام) ന്റെ ജനനസംഭവത്തെക്കുറിച്ച് സൂ: മര്‍യമില്‍ വിവരിച്ചിട്ടുണ്ടല്ലോ. ഈസാ (عليه السلام) വ്യഭിചാരപുത്രനാണെന്നു് അദ്ദേഹത്തിന്റെ ബദ്ധവൈരികളായ ജൂതന്‍മാര്‍ പറയാറുണ്ട്‌. ‘ഈസാ (عليه السلام) ജനിക്കുന്നതിനുമുമ്പ് മര്‍യമിനെ വിവാഹം കഴിക്കുവാന്‍ ആലോചനയുണ്ടായിരുന്നുവെന്നും, അന്യോന്യം വിവാഹം തീര്‍ച്ചപ്പെടുത്തപ്പെട്ട ‘കാമുകീകാമുകന്മാര്‍’ തമ്മില്‍ അണഞ്ഞു പെരുമാറുന്നതിനു് അക്കാലത്ത് വിരോധമുണ്ടായിരുന്നില്ലെന്നും, അക്കൂട്ടത്തില്‍ മര്‍യമം തന്റെ ‘കാമുകനാ’യ ഒരു യൂസുഫും തമ്മില്‍ ഏര്‍പ്പെട്ട സമ്പര്‍ക്കത്തില്‍ നിന്നാണ് ഈസാ (عليه السلام) ജനിച്ചതെന്നും’ (معاذ الله) വേറെ ചിലരും പറയാറുണ്ട്‌. അടുത്തകാലത്ത് രംഗപ്രവേശം ചെയ്ത ‘അഹ്മദീ’ മതക്കാരില്‍ നിന്നും മറ്റും ഇതുകേള്‍ക്കാം. ഇങ്ങിനെയുള്ളവര്‍ക്കെല്ലാം ഖണ്ഡനമായിക്കൊണ്ടാണ് അല്ലാഹു ഈ വചനവും, ഇതുപോലെയുള്ള മറ്റു ചില വചനങ്ങളും അവതരിപ്പിച്ചിരിക്കുന്നത്.

മേല്‍പറഞ്ഞവരുടെ വാദങ്ങള്‍ക്കു രണ്ടുമൂന്നു പ്രകാരത്തിലുള്ള ഖണ്ഡനങ്ങള്‍ ഈ ഒരു ആയത്തില്‍ കാണാം;

(1) الَّتِي أَحْصَنَتْ فَرْجَهَا (ഗുഹ്യസ്ഥാനത്തെ സൂക്ഷിച്ചവള്‍) അഥവാ ചാരിത്ര്യം സൂക്ഷിച്ചു കാത്തവള്‍ എന്നതത്രെ. തന്റെ ഗുഹ്യസ്ഥാനത്തെ സൂക്ഷിച്ചവളാണ് മര്‍യമെങ്കില്‍ പിന്നെ, മര്‍യം വ്യഭിചാരം ചെയ്തുവെന്നോ, യൂസുഫുമായോ മറ്റോ പ്രണയബന്ധം മൂലം ഗര്‍ഭവതിയായെന്നോ പറയുവാന്‍ അവിശ്വാസികള്‍ക്കല്ലാതെ സാധിക്കുകയില്ല. ഇങ്ങിനെ ഒരു ഉദ്ദേശ്യമില്ലായിരുന്നുവെങ്കില്‍ ഇവിടെ മര്‍യമിനെപ്പറ്റി ‘പാതിവ്രത്യമുള്ളവള്‍’ അല്ലെങ്കില്‍, ‘പതിവ്രത’ (المحصنة أو العفيفة) എന്നോ മറ്റോ പറഞ്ഞു മതിയാക്കാമായിരുന്നു.

(2) فَنَفَخْنَا فِيهَا مِن رُّوحِنَا (നാം അവളില്‍ നമ്മുടെ ആത്മാവില്‍നിന്നും ഊതി) എന്നു പറഞ്ഞതാണ്. അല്ലാഹുവിന്റെ വക ഒരു പ്രത്യേക ആത്മാവ് മര്‍യമില്‍ ഊതിയതുകൊണ്ടാണ് ഈസാ (عليه السلام) ജനിച്ചത് – അല്ലാതെ മറ്റൊന്നുകൊണ്ടുമല്ല – എന്നു് സാരം.

(3). وَجَعَلْنَاهَا وَابْنَهَا آيَةً لِّلْعَالَمِينَ (അവളെയും അവളുടെ മകനെയും നാം ലോകര്‍ക്കു് ഒരു ദൃഷ്ടാന്തമാക്കി) എന്നു് പ്രസ്താവിച്ചത്. പ്രകൃതിനിയമങ്ങള്‍ക്കു് അതീതമായ ഒരു സ്വഭാവത്തിലാണ് ഈസാ (عليه السلام) ഉണ്ടായതെന്നും, ഈ ദൃഷ്ടാന്തം ലോകര്‍ക്കെല്ലാവര്‍ക്കും ചിന്തിക്കുമാറുള്ള ഒരു സംഭവമാണെന്നുമാണല്ലോ ഇതിന്റെ സാരം.

മേല്‍പറഞ്ഞ മഹാന്‍മാരായ പ്രവാചകന്‍മാരെല്ലാം ഈ ലോകത്ത് പ്രബോധനം ചെയ്തതിന്റെ ആകെത്തുക – രത്നച്ചുരുക്കം – അടുത്ത വചനത്തില്‍ – വളരെച്ചുരുങ്ങിയ വാക്കുകളിലാണെങ്കിലും – വ്യക്തമായ ഭാഷയില്‍ അല്ലാഹു പ്രസ്താവിക്കുന്നതു നോക്കുക:-

21:92
 • إِنَّ هَـٰذِهِۦٓ أُمَّتُكُمْ أُمَّةً وَٰحِدَةً وَأَنَا۠ رَبُّكُمْ فَٱعْبُدُونِ ﴾٩٢﴿
 • (ഹേ, മനുഷ്യസമുദായമേ!) നിശ്ചയമായും, ഇതാണ് നിങ്ങളുടെ സമുദായം - ഏക സമുദായം! ഞാന്‍ നിങ്ങളുടെ റബ്ബും. അതിനാല്‍, നിങ്ങള്‍ എന്നെ (മാത്രം) ആരാധിക്കുവിന്‍!
 • إِنَّ هَـٰذِهِ നിശ്ചയമായും ഇതു أُمَّتُكُمْ നിങ്ങളുടെ സമുദായമാണ് أُمَّةً وَاحِدَةً ഏക സമുദായം وَأَنَا ഞാന്‍, ഞാനാകട്ടെ رَبُّكُمْ നിങ്ങളുടെ റബ്ബുമാണ് فَاعْبُدُونِ അതിനാല്‍ നിങ്ങള്‍ എന്നെ(മാത്രം) ആരാധിക്കുവിന്‍

പല കാലത്തും, പലേടത്തുമായി മനുഷ്യവര്‍ഗ്ഗത്തെ സത്യത്തിലേക്കും, വിജയമാര്‍ഗ്ഗത്തിലേക്കും പ്രവാചകന്‍മാര്‍ ക്ഷണിച്ചുകൊണ്ടിരുന്നു. അല്ലാഹുവിന്റെ സന്ദേശങ്ങള്‍ അവര്‍ പ്രബോധനം ചെയ്തു. എന്നാലവ പരസ്പരം വ്യത്യസ്തങ്ങളായിരുന്നുവോ? അല്ല. അപ്പോള്‍, പ്രവാചകന്‍മാരും നിങ്ങളുമെല്ലാം – പൗരസ്ത്യരും, പാശ്ചാത്യരുമെന്നോ, കറുത്തവരും വെളുത്തവരുമെന്നോ, വലിയവരും ചെറിയവരുമെന്നോ, യോഗ്യന്‍മാരും സാധുക്കളുമെന്നോ, വിവധ ഭാഷക്കാരും പ്രദേശക്കാരുമെന്നോ മറ്റോ ഉള്ള വ്യത്യാസം കൂടാതെ – ഒന്നാണ്. അതെ, നിങ്ങളെല്ലാവരും ഒരേ ഒരു സമുദായമാണ്. (إِنَّ هَٰذِهِۦٓ أُمَّتُكُمْ أُمَّةً وَٰحِدَةً)

നിങ്ങളുടെ സൃഷ്ടാവും, പരിപാലകനും, രക്ഷകനും, നിയന്താവും ഒരേ ഒരുവനാണ്. നിങ്ങളെല്ലാം വന്നത് അവനില്‍ നിന്നാണ്; പോകുന്നതും അവനിലേക്കു തന്നെ. നിങ്ങളുടെ ആവശ്യങ്ങള്‍ നിര്‍വ്വഹിക്കുന്നതും, നിങ്ങള്‍ക്കു രക്ഷാശിക്ഷകള്‍ നല്‍കുന്നതും അവനാണ്. ഒരേ ഒരു മാര്‍ഗ്ഗത്തിലേക്ക് നിങ്ങളെ ക്ഷണിക്കുന്നതും, ആ മാര്‍ഗ്ഗം റസൂലുകള്‍ മുഖേന നിങ്ങള്‍ക്കു കാട്ടിത്തരുന്നതും അവന്‍ തന്നെ. അതെ, ഞാന്‍ (അല്ലാഹു) മാത്രമാണ് നിങ്ങളുടെ റബ്ബും! (وَأَنَا رَبُّكُمْ)

അപ്പോള്‍, നിങ്ങളുടെ ഉന്നം ഒന്നായിരിക്കണം; മാര്‍ഗ്ഗം ഒന്നായിരിക്കണം; വിശ്വാസമുറകള്‍ ഒന്നായിരിക്കണം; നിങ്ങള്‍ വിളിച്ചു പ്രാര്‍ത്ഥിക്കുന്നതും, ഭക്തി അര്‍പ്പിക്കുന്നതും, ആരാധിക്കുന്നതുമെല്ലാം ഒരുവനെത്തന്നെയായിരിക്കണം. അതെ, അപ്പോള്‍ നിങ്ങള്‍ എനിക്കു (അല്ലാഹുവിന്) ഇബാദത്ത് ചെയ്യണം! (فَاعْبُدُونِ)

الله أكبر ചിന്തിച്ചു നോക്കുക! വാദം, തെളിവ്, ന്യായം, യുക്തി, ആജ്ഞ, ഉപദേശം, താക്കീത്, സുവിശേഷം എന്നിവയെല്ലാം ഒപ്പം അടങ്ങുന്ന ഒരു വചനം! സ്പഷ്ടമായ വിവരണവും! ശരിക്കു ചിന്തിച്ചുനോക്കിയാല്‍, മനുഷ്യസമുദായത്തിന്റെ നന്മക്ക് അനിവാര്യമായ തൗഹീദിന്റെ എല്ലാ ഇനങ്ങളും, ഈ മൂന്ന് ചെറുവാക്യങ്ങള്‍ മാത്രം ഉള്‍ക്കൊള്ളുന്ന ഈ ആയത്തില്‍ അടങ്ങിയിരിക്കുന്നത് കാണാം. ഒന്നാമത്തെ വാക്യം, സമുദായത്തിന്റെ ഏകത്വത്തെ (توحيد الامة) യും, രണ്ടാമത്തേത്, രക്ഷാകര്‍ത്തൃത്വത്തിന്റെയും, പരിപാലനത്തിന്റെയും ഏകത്വത്തെ (توحيد الربوبية)യും, മൂന്നാമത്തേത്, ആരാധനയിലും മതത്തിലുമുള്ള ഏകത്വത്തെ (توحيد الالوهية – او توحيد العبادة)യും കാണിക്കുന്നു. ഖുര്‍ആനിന്റെ അമാനുഷിക സാഹിത്യത്തിന്റെ സവിശേഷതയാണിത്! ചിന്തിച്ചു നോക്കുക. അല്ലാഹു പറയുന്നു:

21:93
 • وَتَقَطَّعُوٓا۟ أَمْرَهُم بَيْنَهُمْ ۖ كُلٌّ إِلَيْنَا رَٰجِعُونَ ﴾٩٣﴿
 • അവരുടെ കാര്യത്തെ അവര്‍ തങ്ങള്‍ക്കിടയില്‍ കണ്ടംതുണ്ടമാക്കിയിരിക്കുകയാണ്;- എല്ലാവരും നമ്മുടെ അടുക്കലേക്കു തന്നെ മടങ്ങിവരുന്നവരാണ്,
 • وَتَقَطَّعُوا അവര്‍ തുണ്ടംതുണ്ടമാക്കി, മുറിച്ചെടുത്തു أَمْرَهُم അവരുടെ കാര്യം بَيْنَهُمْ തങ്ങള്‍ക്കിടയില്‍ كُلٌّ എല്ലാവരും إِلَيْنَا നമ്മുടെ അടുക്കലേക്കു رَاجِعُونَ മടങ്ങിവരുന്നവരാണ്