സൂറത്തു-ന്നൂര്‍ : 51-64
വിഭാഗം - 7
- إِنَّمَا كَانَ قَوْلَ ٱلْمُؤْمِنِينَ إِذَا دُعُوٓا۟ إِلَى ٱللَّهِ وَرَسُولِهِۦ لِيَحْكُمَ بَيْنَهُمْ أَن يَقُولُوا۟ سَمِعْنَا وَأَطَعْنَا ۚ وَأُو۟لَٰٓئِكَ هُمُ ٱلْمُفْلِحُونَ ﴾٥١﴿
- നിശ്ചയമായും, സത്യവിശ്വാസികളുടെ വാക്കു - അവര്‍ക്കിടയില്‍ വിധിപറയുവാനായി അല്ലാഹുവിലേക്കും, അവന്റെ റസൂലിലേക്കും അവര്‍ ക്ഷണിക്കപ്പെടുന്നതായാല്‍ - 'ഞങ്ങള്‍ കേള്‍ക്കുകയും അനുസരിക്കുകയും ചെയ്യുന്നു' എന്നു പറയുക മാത്രമായിരിക്കും. (അങ്ങിനെയുള്ള) അക്കൂട്ടര്‍ തന്നെയാണ് വിജയികളും.
- إِنَّمَا كَانَ നിശ്ചയമായും ആയിരിക്കും قَوْلَ الْمُؤْمِنِينَ സത്യവിശ്വാസികളുടെവാക്കു إِذَا دُعُوا അവര്‍ ക്ഷണിക്കപ്പെട്ടാല്‍ إِلَى اللَّـهِ അല്ലാഹുവിലേക്കു وَرَسُولِهِ അവന്റെ റസൂലിലേക്കും لِيَحْكُمَ അദ്ദേഹം വിധിക്കുവാന്‍ بَيْنَهُمْ അവര്‍ക്കിടയില്‍ أَن يَقُولُوا അവര്‍ പറയുക(മാത്രം) ആയിരിക്കും سَمِعْنَا ഞങ്ങള്‍ കേട്ടു وَأَطَعْنَا ഞങ്ങള്‍ അനുസരിക്കുകയും ചെയ്തു (എന്നു) وَأُولَـٰئِكَ هُمُ അക്കൂട്ടര്‍തന്നെയാണ് الْمُفْلِحُونَ വിജയികള്‍
- وَمَن يُطِعِ ٱللَّهَ وَرَسُولَهُۥ وَيَخْشَ ٱللَّهَ وَيَتَّقْهِ فَأُو۟لَٰٓئِكَ هُمُ ٱلْفَآئِزُونَ ﴾٥٢﴿
- ആര്‍, അല്ലാഹുവിനെയും അവന്റെ റസൂലിനെയും അനുസരിക്കുകയും. അല്ലാഹുവിനെ ഭയപ്പെടുകയും, അവനെ സൂക്ഷിക്കുകയും ചെയ്യുന്നുവോ അവര്‍ തന്നെയാണ് ഭാഗ്യവാന്‍മാര്‍.
- وَمَن يُطِعِ اللَّـهَ അല്ലാഹുവിനെ ആര്‍ അനുസരിക്കുന്നുവോ, വഴിപ്പെടുന്നുവോ وَرَسُولَهُ അവന്റെ റസൂലിനെയും وَيَخْشَ اللَّـهَ അല്ലാഹുവിനെ ഭയപ്പെടുകയും وَيَتَّقْهِ അവനെ സൂക്ഷിക്കുകയും فَأُولَـٰئِكَ എന്നാല്‍ അക്കൂട്ടര്‍ هُمُ അവര്‍ തന്നെയാണ് الْفَائِزُونَ ഭാഗ്യവാന്‍മാര്‍, വിജയം നേടിയവര്‍
അല്ലാഹുവിലേക്കും, റസൂലിലേക്കും ക്ഷണിക്കുക എന്നതിന്റെ താല്‍പര്യം, അല്ലാഹുവിന്റെ ഖുര്‍ആനിലേക്കും, റസൂലിന്റെ സുന്നത്തിലേക്കും ക്ഷണിക്കുക എന്നത്രെ. അല്ലാഹു അവതരിപ്പിച്ചതോ, അവന്‍ അവതരിപ്പിച്ചതിന്റെ അടിസ്ഥാനത്തിലുള്ളതോ അല്ലാത്ത യാതൊരു വിധിയും നബി (صلّى الله عليه وسلّم) തിരുമേനിയില്‍ നിന്ന് ഉണ്ടാവുകയില്ലെന്ന് തീര്‍ച്ചയാണ്. നബി (صلّى الله عليه وسلّم) ഒരു കാര്യത്തെപ്പറ്റി എന്ത് വിധി കൊടുത്തുവോ അത് അപ്പടി – യാതൊരു അനിഷ്ടമോ, ചോദ്യം ചെയ്യലോ കൂടാതെ – പൂര്‍ണ്ണമനസ്സോടെ സ്വീകരിക്കുന്നത് സത്യവിശ്വാസികളുടെ ഒഴിച്ചുകൂടാത്ത കടമയത്രെ. മാത്രമല്ല അത് സത്യവിശ്വാസത്തിന്റെ ലക്ഷണം കൂടിയാണ്. അതില്‍ വിസമ്മതം തോന്നുന്നവനും, വിമര്‍ശനം കാണുന്നവനും യഥാര്‍ത്ഥത്തില്‍ ‘മുഅ്മിന്‍’ (സത്യവിശ്വാസി) ആയിരിക്കയില്ല – കപടവിശ്വാസിയായിരിക്കും. സൂറത്തുന്നിസാഉ് 65-ലും, സൂ: അഹ്സാബ് 36-ലും മറ്റും അല്ലാഹു ഇത് വ്യക്തമായി പ്രസ്താവിച്ചിട്ടുള്ളത് കാണാം. കപടവിശ്വാസികളുടെ കാപട്യത്തിന്റെ മറ്റൊരു ഉദാഹരണം കൂടി അല്ലാഹു വെളിപ്പെടുത്തുന്നു.
- ۞ وَأَقْسَمُوا۟ بِٱللَّهِ جَهْدَ أَيْمَٰنِهِمْ لَئِنْ أَمَرْتَهُمْ لَيَخْرُجُنَّ ۖ قُل لَّا تُقْسِمُوا۟ ۖ طَاعَةٌ مَّعْرُوفَةٌ ۚ إِنَّ ٱللَّهَ خَبِيرٌۢ بِمَا تَعْمَلُونَ ﴾٥٣﴿
- (നബിയേ) താന്‍ അവരോട് കല്‍പിക്കുന്നപക്ഷം അവര്‍ നിശ്ചയമായും പുറപ്പെട്ടു പോരുമെന്നു - തങ്ങള്‍ക്കു കഴിയും പ്രകാരമുള്ള ശപഥം - അവര്‍ അല്ലാഹുവില്‍ സത്യം ചെയ്തു പറയുന്നു:-
പറയുക: 'നിങ്ങള്‍ സത്യം ചെയ്യേണ്ടതില്ല; (നിങ്ങളുടേത്) പരിചയപ്പെട്ട ഒരു അനുസരണമാണ്; നിശ്ചയമായും അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കാറുള്ളതിനെപ്പറ്റി സൂക്ഷ്മമായറിയുന്നവനാകുന്നു.' - وَأَقْسَمُوا അവര്‍ സത്യം ചെയ്തു പറയുന്നു بِاللَّـهِ അല്ലാഹുവില്‍, അല്ലാഹുവിനെക്കൊണ്ടു جَهْدَ أَيْمَانِهِمْ അവര്‍ക്കു കഴിയും പ്രകാരമുള്ള ശപഥം (ഏറ്റവും ശക്തിമത്തായ സത്യം) لَئِنْ أَمَرْتَهُمْ നീ അവരോടു കല്‍പിച്ചുവെങ്കില്‍ لَيَخْرُجُنَّ നിശ്ചയമായും അവര്‍ പുറപ്പെട്ടുപോരും (എന്നു) قُل പറയുക لَّا تُقْسِمُوا നിങ്ങള്‍ സത്യം ചെയ്യരുത്, (ചെയ്യേണ്ടതില്ല) طَاعَةٌ അനുസരണമാണ് مَّعْرُوفَةٌ പരിചയപ്പെട്ട, അറിയപ്പെട്ട, പുണ്യപ്പെട്ട إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു خَبِيرٌ സൂക്ഷ്മമായറിയുന്നവനാണ് بِمَا تَعْمَلُونَ നിങ്ങള്‍ പ്രവര്‍ത്തിച്ചു വരുന്നതിനെപ്പറ്റി
- قُلْ أَطِيعُوا۟ ٱللَّهَ وَأَطِيعُوا۟ ٱلرَّسُولَ ۖ فَإِن تَوَلَّوْا۟ فَإِنَّمَا عَلَيْهِ مَا حُمِّلَ وَعَلَيْكُم مَّا حُمِّلْتُمْ ۖ وَإِن تُطِيعُوهُ تَهْتَدُوا۟ ۚ وَمَا عَلَى ٱلرَّسُولِ إِلَّا ٱلْبَلَٰغُ ٱلْمُبِينُ ﴾٥٤﴿
- പറയുക: 'നിങ്ങള്‍ അല്ലാഹുവിനെയും, റസൂലിനെയും അനുസരിച്ചുകൊള്ളുവിന്‍! എന്നാല്‍, നിങ്ങള്‍ പിന്‍മാറുകയാണെങ്കിലോ, അദ്ദേഹം [റസൂല്‍] ചുമതലപ്പെടുത്തപ്പെട്ടതു മാത്രമായിരിക്കും അദ്ദേഹത്തിന്റെ പേരില്‍ (ബാധ്യത) ഉണ്ടായിരിക്കുക; നിങ്ങള്‍ ചുമതലപ്പെടുത്തപ്പെട്ടതു നിങ്ങളുടെ പേരില്‍ തന്നെ (ബാധകമായതും) ആയിരിക്കും. നിങ്ങള്‍ അദ്ദേഹത്തെ അനുസരിക്കുകയാണെങ്കില്‍, നിങ്ങള്‍ സന്‍മാര്‍ഗ്ഗം പ്രാപിക്കുന്നതാണ്. റസൂലിന്റെമേല്‍ വ്യക്തമായ പ്രബോധനമല്ലാതെ (വേറെ ബാധ്യത) ഇല്ല.'
- قُلْ പറയുക أَطِيعُوا اللَّـهَ നിങ്ങള്‍ അല്ലാഹുവിനെ അനുസരിക്കുവിന്‍ وَأَطِيعُوا الرَّسُولَ റസൂലിനെയും അനുസരിക്കുവിന്‍ فَإِن تَوَلَّوْا എനി നിങ്ങള്‍ പിന്‍മാറുകയാണെങ്കില്‍ فَإِنَّمَا عَلَيْهِ എന്നാലദ്ദേഹത്തിന്റെ പേരില്‍ ഉള്ളതു مَا حُمِّلَ അദ്ദേഹം ചുമതലപ്പെടുത്തപ്പെട്ടതു (മാത്രം) ആണ് وَعَلَيْكُم നിങ്ങളുടെ പേരിലായിരിക്കും مَّا حُمِّلْتُمْ നിങ്ങള്‍ ചുമതലപ്പെടുത്തപ്പെട്ടതു وَإِن تُطِيعُوهُ നിങ്ങള്‍ അദ്ദേഹത്തെ അനുസരിക്കുന്നതായാല്‍ تَهْتَدُوا നിങ്ങള്‍ നേര്‍മ്മാര്‍ഗ്ഗം പ്രാപിക്കും, സന്‍മാര്‍ഗ്ഗത്തിലാകും وَمَا عَلَى الرَّسُولِ റസൂലിന്റെ പേരില്‍ ഇല്ല إِلَّا الْبَلَاغُ പ്രബോധനം (എത്തിച്ചു കൊടുക്കല്‍) അല്ലാതെ الْمُبِينُ വ്യക്തമായ
വല്ല യുദ്ധത്തിലോ, സേനയിലോ, പങ്കെടുക്കേണമെന്ന് നബി (صلّى الله عليه وسلّم) ആവശ്യപ്പെടുന്ന പക്ഷം, യാതൊരു മടിയും കൂടാതെ തങ്ങള്‍ പോയിക്കൊള്ളുമെന്നും, നബി (صلّى الله عليه وسلّم) എങ്ങോട്ടു പോകാന്‍ കല്പിച്ചാലും അതിന് തങ്ങള്‍ തയ്യാറാണെന്നും അവര്‍ കഴിയുന്നത്ര ശക്തിമത്തായ നിലയില്‍ സത്യം ചെയ്തു പറയാറുണ്ട്. പക്ഷെ – 63-ാം വചനത്തില്‍ കാണുംപോലെ – സന്ദര്‍ഭം വരുമ്പോള്‍ അവര്‍ ഒഴിഞ്ഞുമാറുകയും ചെയ്യും. അതുകൊണ്ട് അവരോടു ഇപ്രകാരം താക്കീതു ചെയ്‌വാന്‍ അല്ലാഹു നബി (صلّى الله عليه وسلّم) യോട് കല്പിക്കുകയാണ്: ‘നിങ്ങള്‍ വ്യഥാ സത്യം ചെയ്യേണ്ടതില്ല, നിങ്ങളുടെ അനുസരണത്തിന്റെ യഥാര്‍ത്ഥ നില മുമ്പേ പരിചയമുള്ളതാണ്. അത് നാവില്‍ മാത്രമേയുള്ളു, ഹൃദയത്തിലും പ്രവൃത്തിയിലുമില്ല. ഇതൊക്കെ അല്ലാഹു അറിയും. അതിന്റെ അനന്തരഫലം നിങ്ങള്‍ക്ക് പിന്നീട് അറിയാറാകും. നിങ്ങള്‍ അനുസരിക്കായ്കകൊണ്ട് അല്ലാഹുവിന്റെ റസൂലിന് ഒന്നും നേരിടുവാനില്ല. അല്ലാഹുവിന്റെ കല്പനകള്‍ പ്രബോധനം ചെയ്യുക മാത്രമാണ് അദ്ദേഹത്തിന്റെ ബാധ്യത. അതദ്ദേഹം നിര്‍വ്വഹിക്കുന്നുമുണ്ട്. നിങ്ങള്‍ യഥാര്‍ത്ഥമായ അനുസരണം പ്രകടിപ്പിക്കുകയാണെങ്കില്‍ അത് നിങ്ങള്‍ക്കു തന്നെ ഗുണകരമായിത്തീരും…..’
طَاعَةٌ مَّعْرُوفَةٌ എന്ന വാക്കിനാണ് ‘പരിചയപ്പെട്ട അനുസരണം’ എന്ന് നാം അര്‍ത്ഥം കൊടുത്തത്. ഇതനുസരിച്ചാണ് നാം മേല്‍ കണ്ട വിവരണം നല്‍കിയതും. ‘ഒരു പുണ്യകര്‍മ്മമായ – അഥവാ ഐച്ഛികമായ – അനുസരണം എന്നും ഇതിന് അര്‍ത്ഥം കല്പിക്കപ്പെട്ടിട്ടുണ്ട്. അതായത്, കേവലം ഒരു പുണ്യപ്പെട്ട കാര്യം മാത്രമാണ് ഈ വിഷയത്തിലുള്ള നിങ്ങളുടെ അനുസരണം; എന്നിരിക്കെ അതിനെപ്പറ്റി ഇത്ര ശക്തിയായി സത്യം ചെയ്യേണ്ടതൊന്നുമില്ല, എന്നിങ്ങിനെ അതിന് വ്യാഖ്യാനവും നല്‍കപ്പെടുന്നു. അല്ലാഹുവിനെയും, റസൂലിനെയും അനുസരിച്ചുപോരുന്നത് നിമിത്തം പരലോകത്തില്‍ മാത്രമല്ല, ഇഹത്തില്‍വെച്ചും പല നേട്ടങ്ങള്‍ കൈവരുന്നതാണെന്ന് അടുത്ത വചനത്തില്‍ അല്ലാഹു സത്യവിശ്വാസികള്‍ക്ക് സന്തോഷവാര്‍ത്ത നല്‍കുന്നു:-
- وَعَدَ ٱللَّهُ ٱلَّذِينَ ءَامَنُوا۟ مِنكُمْ وَعَمِلُوا۟ ٱلصَّٰلِحَٰتِ لَيَسْتَخْلِفَنَّهُمْ فِى ٱلْأَرْضِ كَمَا ٱسْتَخْلَفَ ٱلَّذِينَ مِن قَبْلِهِمْ وَلَيُمَكِّنَنَّ لَهُمْ دِينَهُمُ ٱلَّذِى ٱرْتَضَىٰ لَهُمْ وَلَيُبَدِّلَنَّهُم مِّنۢ بَعْدِ خَوْفِهِمْ أَمْنًا ۚ يَعْبُدُونَنِى لَا يُشْرِكُونَ بِى شَيْـًٔا ۚ وَمَن كَفَرَ بَعْدَ ذَٰلِكَ فَأُو۟لَٰٓئِكَ هُمُ ٱلْفَٰسِقُونَ ﴾٥٥﴿
- നിങ്ങളില്‍നിന്ന് വിശ്വസിക്കുകയും, സല്‍ക്കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും, ചെയ്യുന്നവരോട് അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു. 'അവരുടെ മുമ്പുള്ളവര്‍ക്ക് പ്രാതിനിധ്യം നല്‍കിയതുപോലെ, നിശ്ചയമായും ഭൂമിയില്‍ അവര്‍ക്ക് അവന്‍ പ്രാതിനിധ്യം നല്‍കുന്നതാണ്; അവര്‍ക്ക് അവന്‍ തൃപ്തിപ്പെട്ടു കൊടുത്തിട്ടുള്ള അവരുടെ മതത്തിന് സ്വാധീനം നല്‍കുന്നതുമാണ്; അവര്‍ക്ക് ഭയത്തിനു ശേഷം അഭയത്തെ പകരം നല്‍കുകയും ചെയ്യും' എന്ന്. അവര്‍ എന്നോട് യാതൊന്നിനെയും പങ്ക് ചേര്‍ക്കാതെ എന്നെ ആരാധിച്ചുവരുന്നു. (അതാണ് കാരണം). അതിനുശേഷം, ആര്‍ നന്ദികേട് ചെയ്തുവോ അവര്‍ തന്നെയാണ് തോന്നിയവാസികള്‍.
- وَعَدَ اللَّـهُ അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു الَّذِينَ യാതൊരു കൂട്ടരോട് آمَنُوا അവര്‍ വിശ്വസിച്ചിരിക്കുന്നു مِنكُمْ നിങ്ങളില്‍ നിന്ന് وَعَمِلُوا الصَّالِحَاتِ സല്‍ക്കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കയും ചെയ്തിരിക്കുന്നു لَيَسْتَخْلِفَنَّهُمْ നിശ്ചയമായും അവര്‍ക്ക് പ്രാതിനിധ്യം നല്‍കുന്നതാണ് (എന്നു) فِي الْأَرْضِ ഭൂമിയില്‍ كَمَا اسْتَخْلَفَ അവന്‍ പ്രാതിനിധ്യം നല്‍കിയതുപോലെ الَّذِينَ مِن قَبْلِهِمْ അവരുടെ മുമ്പുള്ളവര്‍ക്കു وَلَيُمَكِّنَنَّ لَهُمْ നിശ്ചയമായും അവര്‍ക്കു സ്വാധീനം നല്‍കുകയും ചെയ്യും دِينَهُمُ അവരുടെ മതത്തിന് الَّذِي ارْتَضَىٰ അവന്‍ തൃപ്തിപ്പെട്ടു കൊടുത്തിട്ടുള്ള لَهُمْ അവര്‍ക്കു وَلَيُبَدِّلَنَّهُم അവര്‍ക്കു പകരം നല്‍കുകയും ചെയ്യും مِّن بَعْدِ خَوْفِهِمْ അവരുടെ ഭയത്തിനു ശേഷം أَمْنًا അഭയത്തെ يَعْبُدُونَنِي അവര്‍ എന്നെ ആരാധിക്കുന്നു, എനിക്കു ഇബാദത്തു ചെയ്യുന്നു لَا يُشْرِكُونَ بِي അവര്‍ എന്നോട് പങ്കുചേര്‍ക്കാതെ شَيْئًا യാതൊന്നും وَمَن كَفَرَ ആരെങ്കിലും നന്ദികേട് കാട്ടിയാല്‍, അവിശ്വസിച്ചാല്‍ بَعْدَ ذَٰلِكَ അതിനുശേഷം فَأُولَـٰئِكَ هُمُ എന്നാല്‍ അക്കൂട്ടര്‍ തന്നെയാണ് الْفَاسِقُونَ ദുര്‍ന്നടപ്പുകാര്‍, തോന്നിയവാസികള്‍
- وَأَقِيمُوا۟ ٱلصَّلَوٰةَ وَءَاتُوا۟ ٱلزَّكَوٰةَ وَأَطِيعُوا۟ ٱلرَّسُولَ لَعَلَّكُمْ تُرْحَمُونَ ﴾٥٦﴿
- നിങ്ങള്‍ നമസ്കാരം നിലനിറുത്തുവിന്‍, 'സക്കാത്തു' കൊടുക്കുകയും ചെയ്യുവിന്‍. റസൂലിനെ അനുസരിക്കുകയും ചെയ്യുവിന്‍ - നിങ്ങള്‍ കരുണ ചെയ്യപ്പെട്ടേക്കുന്നതാണ്.
- وَأَقِيمُوا നിങ്ങള്‍ നിലനിറുത്തുകയും ചെയ്യുവിന്‍ الصَّلَاةَ നമസ്കാരം وَآتُوا الزَّكَاةَ സക്കാത്തു കൊടുക്കുകയും ചെയ്യുവിന്‍ وَأَطِيعُوا അനുസരിക്കുകയും ചെയ്യുവിന്‍ الرَّسُولَ റസൂലിനെ, ദൈവദൂതനെ لَعَلَّكُمْ تُرْحَمُونَ നിങ്ങള്‍ കരുണ ചെയ്യപ്പെട്ടേക്കും, കരുണ ചെയ്യപ്പെടുവാനായി
- لَا تَحْسَبَنَّ ٱلَّذِينَ كَفَرُوا۟ مُعْجِزِينَ فِى ٱلْأَرْضِ ۚ وَمَأْوَىٰهُمُ ٱلنَّارُ ۖ وَلَبِئْسَ ٱلْمَصِيرُ ﴾٥٧﴿
- (നബിയേ!) അവിശ്വസിച്ചിട്ടുള്ളവര്‍ ഭൂമിയില്‍ വെച്ച് (അല്ലാഹുവിനെ) അസാധ്യമാക്കിക്കളയുന്നവരാണെന്ന് നിശ്ചയമായും നീ ധരിച്ചുപോന്നിട്ടുണ്ട്! അവരുടെ വാസസ്ഥലം നരകമാകുന്നു. അത് വളരെ മോശപ്പെട്ട പ്രാപ്യസ്ഥാനം തന്നെ!
- لَا تَحْسَبَنَّ നിശ്ചയമായും നീ ധരിക്കേണ്ട, ഗണിക്കരുത് الَّذِينَ كَفَرُوا അവിശ്വസിച്ചിട്ടുള്ളവരെ مُعْجِزِينَ അസാധ്യമാക്കുന്നവരാണെന്ന് (പരാജയപ്പെടുത്തുന്നവരാണെന്ന്) فِي الْأَرْضِ ഭൂമിയില്‍ വെച്ചു وَمَأْوَاهُمُ അവരുടെ വാസസ്ഥലം, അഭയസ്ഥാനം, ചെന്നണയുന്ന സ്ഥലംالنَّارُ നരകമാകുന്നു وَلَبِئْسَ വളരെ മോശപ്പെട്ടതുതന്നെ الْمَصِيرُ പ്രാപ്യസ്ഥാനം, ചെന്നെത്തുന്ന സ്ഥലം, മടക്കസ്ഥലം
സൂറത്തുല്‍ അമ്പിയാഉ് : 105-ല്‍ ‘എന്റെ സദ്‌വൃത്തരായ അടിയാന്‍മാര്‍ ഭൂമിയെ അനന്തരമെടുക്കുന്നതാണ്’ (أَنَّ الْأَرْضَ يَرِثُهَا عِبَادِيَ الصَّالِحُونَ) എന്ന അല്ലാഹുവിന്റെ നിശ്ചയത്തെപ്പറ്റി വിവരിക്കുന്ന മദ്ധ്യേ ഈ ആയത്തുകളെ ഉദ്ധരിച്ചുകൊണ്ട് നാം സംസാരിച്ചിട്ടുള്ള സംഗതികള്‍ ഇവിടെ സ്മരണീയമാകുന്നു. അതിവിടെ ആവര്‍ത്തിക്കേണ്ടതില്ല. നബി (صلّى الله عليه وسلّم) തിരുമേനി ഇഹലോകവാസം വിടുന്നതിന് മുമ്പുതന്നെ അറേബ്യാ ഉപദ്വീപ് മിക്കവാറും ഇസലാമിന് അധീനപ്പെട്ടു. അക്കാലത്തുള്ള പ്രധാന രാജാക്കള്‍, തിരുമേനി (صلّى الله عليه وسلّم) ക്ക് സമ്മാനങ്ങള്‍ കൊടുത്തയച്ചു. (حجر) ഹിജ്റിലെയും, ചില സിറിയന്‍ നാടുകളിലെയും ജനങ്ങള്‍ ഇസ്‌ലാമിന്റെ മേല്‍ക്കോയ്മ അംഗീകരിച്ച് കപ്പം കൊടുത്തുവരുവാന്‍ തുടങ്ങി. ഖുലഫാഉ-റാശിദീന്റെ കാലത്തു കൊസ്രു (*) സാമ്രാജ്യം മുഴുവനും, കൈസര്‍ (**) സാമ്രാജ്യത്തിന്റെ പല ഭാഗങ്ങളും മുസ്‌ലിംകള്‍ അധീനമാക്കി. ഇതെല്ലാം ഈ ആയത്തിലെ വാഗ്ദാനത്തിന്റെ പുലര്‍ച്ചയത്രെ. ഇമാം ബുഖാരീ (رحمه الله) മുതലായവര്‍ രിവായത്തു ചെയ്യുന്ന ഒരു ഹദീസ് ഇവിടെ പ്രസ്താവ്യമാകുന്നു:-
(*). പേര്‍സ്യാ, ഇറാഖു മുതലായവ കൊസ്രു (كسرى – اوخسرو) സാമ്രാജ്യത്തില്‍ ഉള്‍പ്പെടുന്നു.
(**). കൈസര്‍ (قيصر) സാമ്രാജ്യത്തിന്റെ തലസ്ഥാനം യൂറോപ്പിലെ കാണ്‍സ്റ്റിനോപ്പ്ള്‍ (القسطنطينية) ആണെങ്കിലും, സിറിയാ, ഈജിപ്ത് മുതലായവ അതിന്റെ കീഴിലായിരുന്നു. റോമാ സാമ്രാജ്യമെന്ന പേരിലും ഇത് അറിയപ്പെട്ടിരുന്നു.
അറേബ്യായിലെ ശ്രുതിപ്പെട്ട ഉദാരമതിയായിരുന്ന ഹാതംത്വാഈയുടെ പുത്രന്‍ അദിയ്യ് (عدي بن حاتم الطائي – رضي الله عنه) നബി (صلّى الله عليه وسلّم) യുടെ അടുക്കല്‍ നിവേദനം വരികയുണ്ടായി. ആ അവസരത്തില്‍ തിരുമേനി (صلّى الله عليه وسلّم) യും അദ്ദേഹവും തമ്മില്‍ നടന്ന സംഭാഷണത്തില്‍ ഇപ്രകാരം പറഞ്ഞിരുന്നു.
‘നബി (صلّى الله عليه وسلّم) : അദിയ്യേ! താന്‍ ഹീറാ (*) രാജ്യം അറിയുമോ?
(*). ഹീറാ: ഇറാഖിലെ ഒരു രാജ്യം (حيرة)
അദിയ്യ് (رضي الله عنه): ഞാന്‍ അറിയുകയില്ല – കേട്ടിട്ടുണ്ട്.
‘നബി (صلّى الله عليه وسلّم) : എന്റെ ദേഹം യാതൊരുവന്റെ കൈവശമാണോ അവന്‍ (അല്ലാഹു) തന്നെയാണ! അല്ലാഹു ഇക്കാര്യത്തെ (ഇസ്‌ലാമിനെ) നിശ്ചയമായും പൂര്‍ത്തിയാക്കും. അങ്ങനെ, യാത്രക്കാരിയായ ഒരു സ്ത്രീ ഹീറായില്‍ നിന്നു് പുറപ്പെട്ട്, യാതൊരാളുടെ രക്ഷയും കൂടാതെത്തന്നെ കഅ്ബഃ ത്വവാഫ് (പ്രദക്ഷിണം) ചെയ്തുപോകുന്ന കാലം വരും. ഹുര്‍മുസിന്റെ മകന്‍ കിസ്രായുടെ നിക്ഷേപങ്ങള്‍ ജയിച്ചടക്കപ്പെടുകയും ചെയ്യും.
അദിയ്യ് (رضي الله عنه) : (പേര്‍സ്യന്‍ ചക്രവര്‍ത്തിയായ) ഹുര്‍മുസിന്റെ മകന്‍ കിസ്രായുടെയോ?!
നബി (صلّى الله عليه وسلّم): അതെ ഹുര്‍മുസിന്റെ മകന്‍ കിസ്രായുടെ തന്നെ, സ്വീകരിക്കുവാന്‍ ആളില്ലാതെ വരുമാറ് ധനം ചിലവഴിക്കപ്പെടുകയും ചെയ്തേക്കും.’
പിന്നീട് (നബി(صلّى الله عليه وسلّم)യുടെ കാലശേഷം) ഈ സംഭാഷണം ഉദ്ധരിച്ചുകൊണ്ട് അദിയ്യ് (رضي الله عنه) പ്രസ്താവിക്കുകയാണ്: ‘ഇതാ! ഹീറായില്‍നിന്ന് ഒരു യാത്രക്കാരി ആരുടെയും രക്ഷ കൂടാതെത്തന്നെ ഇന്നു് കഅ്ബഃ ത്വവാഫ് ചെയ്തു പോകുന്നു. ഹുര്‍മുസ് മകന്‍ കിസ്രായുടെ നിക്ഷേപങ്ങള്‍ (മദാഇനിലും, അമ്പാറിലുംവെച്ച്) ജയിച്ചടക്കിയ കൂട്ടത്തില്‍ ഞാനും പങ്കെടുത്തിരുന്നു. അല്ലാഹുതന്നെയാണ! എനി, മൂന്നാമത്തെ കാര്യവും സംഭവിക്കുകതന്നെ ചെയ്യും. കാരണം; റസൂല്‍ (صلّى الله عليه وسلّم) തിരുമേനി അത് അരുളിച്ചെയ്തിട്ടുണ്ട് എന്നതുതന്നെ.’ (رواه البخاري). അദിയ്യ് (رضي الله عنه) ഇത് പ്രസ്താവിച്ചതിനുശേഷം കുറച്ചു കൊല്ലങ്ങള്‍കൂടി കഴിഞ്ഞപ്പോള്‍ വാസ്തവത്തില്‍ മൂന്നാമത്തെ പ്രവചനവും പുലര്‍ന്നു കഴിഞ്ഞിട്ടുണ്ടെന്നു് ഇസ്‌ലാമിക ചരിത്രത്തിന്റെ താളുകള്‍ മറിച്ചുനോക്കുമ്പോള്‍ കാണുവാന്‍ കഴിയും (*).
(*). മുസ്‌ലിംകള്‍ ലോകത്തു എവിടെയെല്ലാം പ്രചരിച്ചുവെന്നു 7-ാം പടത്തില്‍ കാണാം.
وَمَن كَفَرَ بَعْدَ ذَٰلِكَ എന്ന വാക്കിന് ‘അതിനുശേഷം ആരെങ്കിലും അവിശ്വസിച്ചാല്‍’ എന്നും അര്‍ത്ഥം കല്പിക്കപ്പെട്ടിട്ടുണ്ട്. كَفَرَ (കഫറ) എന്ന വാക്കിന് ‘അവിശ്വസിച്ചു’ എന്നും ‘നന്ദികേടു കാണിച്ചു’ എന്നും അര്‍ത്ഥം വരും. രണ്ടായിരുന്നാലും ഇവിടെ സാരത്തില്‍ ഒന്നുതന്നെ. വിശ്വാസത്തിലും പ്രവൃത്തിയിലും, അല്ലാഹുവും അവന്റെ റസൂലും കാണിച്ചുതന്നെ നേര്‍വഴിയില്‍ നിന്ന് മുസ്‌ലിംകള്‍, എന്നു മുതല്‍ക്കാണ് എത്രകണ്ടാണ്, വ്യതിചലിച്ചുപോയതെങ്കില്‍, അതനുസരിച്ച് അവരുടെ യശസ്സിനും കോട്ടം വന്നുവെന്നുള്ളത് തര്‍ക്കമറ്റ സംഗതിയാകുന്നു.
അവിശ്വാസികളെ ഭൂമിയില്‍തന്നെവെച്ചു ശിക്ഷിക്കുവാന്‍ അല്ലാഹു ഉദ്ദേശിക്കുകയാണെങ്കില്‍, അവന് അതിന് യാതൊരു പ്രയാസവുമില്ല; അല്ലാഹുവിന് പിടിയില്‍ കിട്ടാതിരിക്കത്തക്കവണ്ണം അവനെ അസാധ്യപ്പെടുത്തിക്കളയുവാന്‍ അവര്‍ക്ക് ഒരിക്കലും സാധ്യമല്ല. എന്നുള്ള വസ്തുത 57-ാം വചനത്തില്‍ നബി (صلّى الله عليه وسلّم) തിരുമേനിയെ അഭിമുഖീകരിച്ചാണ് പ്രസ്താവിക്കുന്നതെങ്കിലും, വാസ്തവത്തില്‍ അത് അവിശ്വാസികളോടുള്ള കനത്ത ഒരു താക്കീതാകുന്നു. മേല്‍ പ്രസ്താവിച്ച വാഗ്ദാനത്തിന്റെ പുലര്‍ച്ചയോടുകൂടി – അതെ, ഇസ്‌ലാമിന്റെ വിജയങ്ങളോടു കൂടി കുഫ്റിന്റെ പരാജയവും സംഭവിച്ചു കഴിഞ്ഞത് നാം കണ്ടുവല്ലോ. അതും അവര്‍ക്ക് ഭൂമിയില്‍വെച്ചു ലഭിച്ച ഒരു ശിക്ഷയായിരുന്നു. പരലോകത്തിലോ നരകവും!
സൂറത്തിന്റെ ആദ്യഭാഗങ്ങളില്‍ പ്രസ്താവിച്ച നിയമങ്ങളുമായി ബന്ധപ്പെട്ട ചില വിശദീകരണങ്ങളാണ് അടുത്ത ആയത്തുകളില്‍ കാണുന്നത്.-
വിഭാഗം - 8
- يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ لِيَسْتَـْٔذِنكُمُ ٱلَّذِينَ مَلَكَتْ أَيْمَٰنُكُمْ وَٱلَّذِينَ لَمْ يَبْلُغُوا۟ ٱلْحُلُمَ مِنكُمْ ثَلَٰثَ مَرَّٰتٍ ۚ مِّن قَبْلِ صَلَوٰةِ ٱلْفَجْرِ وَحِينَ تَضَعُونَ ثِيَابَكُم مِّنَ ٱلظَّهِيرَةِ وَمِنۢ بَعْدِ صَلَوٰةِ ٱلْعِشَآءِ ۚ ثَلَٰثُ عَوْرَٰتٍ لَّكُمْ ۚ لَيْسَ عَلَيْكُمْ وَلَا عَلَيْهِمْ جُنَاحٌۢ بَعْدَهُنَّ ۚ طَوَّٰفُونَ عَلَيْكُم بَعْضُكُمْ عَلَىٰ بَعْضٍ ۚ كَذَٰلِكَ يُبَيِّنُ ٱللَّهُ لَكُمُ ٱلْءَايَٰتِ ۗ وَٱللَّهُ عَلِيمٌ حَكِيمٌ ﴾٥٨﴿
- ഹേ, വിശ്വസിച്ചിട്ടുള്ളവരേ! നിങ്ങളുടെ വലങ്കൈകള്‍ ഉടമപ്പെടുത്തിയവരും, നിങ്ങളില്‍ പ്രായപൂര്‍ത്തി എത്തിയിട്ടില്ലാത്തവരും മൂന്നു് അവസരങ്ങളില്‍ നിങ്ങളോട് (പ്രവേശനത്തിന്) അനുവാദം തേടിക്കൊള്ളട്ടെ. അതായത്: 'ഫജ്ര്‍' [പ്രഭാത] നമസ്കാരത്തിന് മുമ്പും, ഉച്ചവേളയില്‍ നിങ്ങള്‍ നിങ്ങളുടെ വസ്ത്രങ്ങള്‍ എടുത്തു വെക്കുന്ന നേരത്തും, 'ഇശാ' [സന്ധ്യാ] നമസ്കാരത്തിനു ശേഷവും. (ഇങ്ങിനെ) നിങ്ങള്‍ക്കു് മൂന്നു് ഗോപ്യാവസരങ്ങളാണുള്ളത്. അവയ്ക്കുശേഷം, (മറ്റു വേളകളില്‍) നിങ്ങള്‍ക്കാകട്ടെ, അവര്‍ക്കാകട്ടെ, (അനുവാദം ചോദിക്കാത്തതില്‍ തെറ്റില്ല);- (അവര്‍) നിങ്ങളില്‍കൂടി - അതായത്: നിങ്ങളില്‍ ചിലര്‍ ചിലരില്‍കൂടി - ചുറ്റിപ്പറ്റിക്കൊണ്ടിരിക്കുന്നവരത്രെ. ഇപ്രകാരം, അല്ലാഹു നിങ്ങള്‍ക്ക് ലക്ഷ്യങ്ങളെ വിവരിച്ചു തരുന്നു. അല്ലാഹു, സര്‍വ്വജ്ഞനും, അഗാധജ്ഞനുമാകുന്നു.
- يَا أَيُّهَا الَّذِينَ ഹേ, യാതൊരു കൂട്ടരെ آمَنُوا വിശ്വസിച്ചിട്ടുള്ള لِيَسْتَأْذِنكُمُ നിങ്ങളോടു അനുവാദം തേടിക്കൊള്ളട്ടെ, സമ്മതം ചോദിക്കട്ടെ الَّذِينَ യാതൊരു കൂട്ടര്‍ مَلَكَتْ (അവരെ) ഉടമപ്പെടുത്തിയിരിക്കുന്നു أَيْمَانُكُمْ നിങ്ങളുടെ വലങ്കൈകള്‍ وَالَّذِينَ യാതൊരു കൂട്ടരും لَمْ يَبْلُغُوا അവര്‍ എത്തിയിട്ടില്ല, പ്രാപിച്ചിട്ടില്ല الْحُلُمَ തന്റേടം, ബുദ്ധി, പ്രായപൂര്‍ത്തി مِنكُمْ നിങ്ങളില്‍ നിന്നു് ثَلَاثَ مَرَّاتٍ മൂന്നു് പ്രാവശ്യങ്ങളില്‍ (അവസരങ്ങളില്‍) مِّن قَبْلِ മുമ്പായി صَلَاةِ الْفَجْرِ ഫജ്ര്‍ (സുബ്ഹ് - പ്രഭാത) നമസ്കാരത്തിന്റെ وَحِينَ تَضَعُونَ നിങ്ങള്‍ എടുത്തുവെക്കുന്ന നേരത്തും ثِيَابَكُم നിങ്ങളുടെ വസ്ത്രങ്ങളെ مِّنَ الظَّهِيرَةِ ഉച്ചവേളയിലായി وَمِن بَعْدِ ശേഷവും صَلَاةِ الْعِشَاءِ ഇശാ (സന്ധ്യാ) നമസ്കാരത്തിന്റെ ثَلَاثُ عَوْرَاتٍ മൂന്നു ഗോപ്യാവസരങ്ങളാണ് (മറ്റുള്ളവര്‍ അറിയാവതല്ലാത്തവയാണ്) لَّكُمْ നിങ്ങള്‍ക്ക് لَيْسَ عَلَيْكُمْ നിങ്ങളുടെമേല്‍ ഇല്ല وَلَا عَلَيْهِمْ അവരുടെമേലും ഇല്ല جُنَاحٌ കുറ്റം, തെറ്റ് بَعْدَهُنَّ അവയ്ക്കു ശേഷം, അവയ്ക്കു പുറമെ طَوَّافُونَ ചുറ്റി (പ്പറ്റി) നടക്കുന്നവരാണ് عَلَيْكُم നിങ്ങളില്‍ കൂടി بَعْضُكُمْ അതായത് നിങ്ങളില്‍ ചിലര്‍ عَلَىٰ بَعْضٍ ചിലരില്‍കൂടി كَذَٰلِكَ അപ്രകാരം, ഇപ്രകാരം يُبَيِّنُ اللَّـهُ അല്ലാഹു വിവരിക്കുന്നു لَكُمُ നിങ്ങള്‍ക്കു الْآيَاتِ ലക്ഷ്യങ്ങളെ وَاللَّـهُ അല്ലാഹു عَلِيمٌ സര്‍വ്വജ്ഞനാണ് حَكِيمٌ അഗാധജ്ഞനുമാണ്
- وَإِذَا بَلَغَ ٱلْأَطْفَٰلُ مِنكُمُ ٱلْحُلُمَ فَلْيَسْتَـْٔذِنُوا۟ كَمَا ٱسْتَـْٔذَنَ ٱلَّذِينَ مِن قَبْلِهِمْ ۚ كَذَٰلِكَ يُبَيِّنُ ٱللَّهُ لَكُمْ ءَايَٰتِهِۦ ۗ وَٱللَّهُ عَلِيمٌ حَكِيمٌ ﴾٥٩﴿
- നിങ്ങളില്‍ നിന്നുള്ള കുട്ടികള്‍ പ്രായപൂര്‍ത്തി എത്തിയാല്‍, അവരുടെ മുമ്പുള്ള (വലിയ)വര്‍ സമ്മതം ചോദിച്ചത് പോലെ അവരും സമ്മതം ചോദിച്ചുകൊള്ളട്ടെ. ഇപ്രകാരം, അല്ലാഹു നിങ്ങള്‍ക്ക് അവന്റെ ലക്ഷ്യങ്ങള്‍ വിവരിച്ചു തരുന്നു, അല്ലാഹു സര്‍വ്വജ്ഞനും, അഗാധജ്ഞനുമാകുന്നു.
- وَإِذَا بَلَغَ എത്തിയാല്‍, പ്രാപിച്ചാല്‍, തികഞ്ഞാല്‍ الْأَطْفَالُ കുട്ടികള്‍, ശിശുക്കള്‍ക്ക് مِنكُمُ നിങ്ങളില്‍ നിന്നു് الْحُلُمَ തന്റേടം, പ്രായപൂര്‍ത്തി فَلْيَسْتَأْذِنُوا എന്നാലവര്‍ സമ്മതം ചോദിക്കട്ടെ كَمَا اسْتَأْذَنَ സമ്മതം ചോദിച്ചതുപോലെ الَّذِينَ مِن قَبْلِهِمْ അവരുടെ മുമ്പുള്ളവര്‍ كَذَٰلِكَ ഇപ്രകാരം, അപ്രകാരം يُبَيِّنُ اللَّـهُ അല്ലാഹു വിവരിച്ചുതരുന്നു لَكُمْ നിങ്ങള്‍ക്ക് آيَاتِهِ അവന്റെ ലക്ഷ്യങ്ങളെ وَاللَّـهُ അല്ലാഹു عَلِيمٌ സര്‍വ്വജ്ഞനാണ് حَكِيمٌ അഗാധജ്ഞനുമാണ്
പുറത്തുനിന്ന് വീടുകളില്‍ പ്രവേശിക്കുവാന്‍ വരുന്നവര്‍ അനുവാദം ചോദിക്കുന്നതിനെ സംബന്ധിച്ചു മുമ്പ് ചില ആയത്തുകളില്‍ പ്രസ്താവിച്ചു. വീട്ടിനുള്ളില്‍ തന്നെ അന്യോന്യം പ്രവേശിക്കുന്നതില്‍ ആചരിക്കേണ്ടുന്ന ചില മര്യാദകളാണ് ഇവിടെ പറയുന്നത്. അന്യോന്യം ഇടകലര്‍ന്നു കഴിഞ്ഞുകൂടുന്ന കുടുംബാംഗങ്ങളെപ്പറ്റി പൊതുവിലും, കുട്ടികളെയും, അടിമകളെയും സംബന്ധിച്ച് പ്രത്യേകിച്ചും – അവര്‍ ആണായാലും, പെണ്ണായാലും ശരി – മൂന്ന് സന്ദര്‍ഭങ്ങളില്‍ നിയന്ത്രണം ആവശ്യമാണെന്ന് ഈ വചനം വ്യക്തമാക്കുന്നു:
1). ‘സുബ്ഹ്’ നമസ്ക്കാരത്തിനുമുമ്പ്. അതായത്: കാലത്ത് ഉറക്കില്‍നിന്ന് എഴുന്നേല്‍ക്കുന്ന സമയം. സാധാരണ ഉപയോഗിക്കാറുള്ള വസ്ത്രങ്ങള്‍ നീക്കം ചെയ്തു അര്‍ദ്ധവസ്ത്രങ്ങള്‍ ധരിച്ചുകൊണ്ടാണല്ലോ മിക്കവാറും ഉറങ്ങുവാന്‍ കിടക്കുക. ഉറക്കിലാണെങ്കില്‍ ഒരു പക്ഷെ ധരിച്ചവസ്ത്രങ്ങള്‍ തന്നെ യഥാസ്ഥാനങ്ങളില്‍ നിന്ന് നീങ്ങിപ്പോയിരിക്കുകയും ചെയ്യും. കൂടാതെ, എഴുന്നേല്‍ക്കുന്നതോടുകൂടി ആ വസ്ത്രങ്ങള്‍ മാറ്റി ഉടുക്കുന്ന സമയവുമായിരിക്കും.
2). ഉച്ചസമയം. അതായത്: ഉഷ്ണാധിക്യം കൊണ്ടോ മറ്റോ മദ്ധ്യാഹ്നവിശ്രമത്തിനായി കിടക്കുന്ന സമയം. അപ്പോഴും മേല്‍പറഞ്ഞ പ്രകാരം അല്‍പമാത്രമായ വസ്ത്രധാരണത്തിന്റെ അവസരമാണല്ലോ: 3) ‘ഇശാ’ നമസ്ക്കാരാനന്തരം. എന്നുവെച്ചാല്‍: സാധാരണ വസ്ത്രങ്ങള്‍ മാറ്റിവെച്ച് കിടക്കുവാന്‍ പോകുന്ന സമയം. പൊതുവിലുള്ള പതിവനുസരിച്ച് ഇങ്ങിനെ മൂന്ന് അവസരങ്ങള്‍ കണക്കാക്കപ്പെട്ടിരിക്കുകയാണ്. ഇത്തരം അവസരങ്ങില്‍ കുട്ടികളായാലും, സ്വന്തം അടിമകളായാലും കിടപ്പറയിലേക്ക് മുന്നറിയിപ്പും, സമ്മതവും കൂടാതെ പ്രവേശിക്കരുതെന്നു സാരം.
ഇങ്ങിനെയുള്ള സന്ദര്‍ഭങ്ങളല്ലാത്തപ്പോള്‍ സമ്മതം ചോദിക്കാതെ അന്യോന്യം പ്രവേശിക്കുകയും കാണുകയും, ചെയ്യാവുന്നതാകുന്നു. അതില്‍ വിശേഷിച്ച് നിയന്ത്രണമൊന്നും നിശ്ചയിക്കപ്പെടാതിരിക്കുവാനുള്ള കാരണമായിട്ടാണ് ചിലര്‍ ചിലരില്‍കൂടി (പരസ്പരം) ചുറ്റിപ്പറ്റി കഴിയുന്നവരായതാണ്. (طَوَّافُونَ عَلَيْكُم بَعْضُكُمْ عَلَىٰ بَعْضٍ) എന്ന് അല്ലാഹു പ്രസ്താവിച്ചത്. ഇതില്‍നിന്ന് ചില കാര്യങ്ങള്‍ നമുക്ക് മനസ്സിലാക്കാം. 1). എപ്പോഴും അന്യോന്യം കൂടികലര്‍ന്നും, പരസ്പരം ഇടപ്പെട്ടും കഴിയുന്നവരല്ലാത്ത ആളുകളെ സംബന്ധിച്ച് കുറേകൂടി നിഷ്കര്‍ഷ പാലിക്കേണ്ടതുണ്ട്. 2). കുട്ടികളും, അടിമകളുമല്ലാത്ത അടുത്ത ബന്ധുക്കള്‍ – 31-ാം വചനത്തില്‍ ഒഴിവാക്കപ്പെട്ട കുടുംബങ്ങള്‍ – അന്യോന്യം കൂടിക്കലര്‍ന്നു ജീവിച്ചു പോരുന്നവരാണെങ്കില്‍, അവരും മേല്‍പറഞ്ഞ പ്രത്യേകാവസരങ്ങളില്‍ പ്രവേശനത്തിന് അനുമതി തേടേണ്ടതുണ്ട്. കുട്ടികള്‍ക്കുപോലും പ്രവേശിക്കാന്‍ പാടില്ലാത്തപ്പോള്‍ വലിയവര്‍ക്ക് പ്രത്യേകിച്ചും അത് വിരോധമാണെന്ന് പറയേണ്ടതില്ലല്ലോ.
ഈ മൂന്നു സന്ദര്‍ഭങ്ങളില്‍ പ്രത്യേകം സമ്മതം ചോദിക്കുവാന്‍ കല്‍പിക്കപ്പെട്ടതിനെക്കുറിച്ചു ഇബ്നു അബ്ബാസ് (رضي الله عنه) നോട് ചോദിക്കപ്പെടുകയുണ്ടായി. അദ്ദേഹം കൊടുത്ത മറുപടി ഇതായിരുന്നു: അന്ന് ജനങ്ങള്‍ക്ക് അവരുടെ വാതിലുകളില്‍ വിരിയോ, വീടുകളില്‍ (വധൂവരന്‍മാര്‍ക്ക് തയ്യാറാക്കപ്പെടുന്ന) അറകളോ പതിവുണ്ടായിരുന്നില്ല. ആകയാല്‍, ചിലപ്പോള്‍ ഒരാളുടെ അടുക്കല്‍ അവന്റെ ഭൃത്യരോ, മക്കളോ, വളര്‍ത്തുന്ന അനാഥയോ പെട്ടന്ന് കടന്നുചെന്നേക്കാം. ഒരു പക്ഷേ, അപ്പോള്‍ അവന്‍ തന്റെ ഭാര്യയോടൊന്നിച്ചായിരിക്കും ഉള്ളത്. അതുകൊണ്ടാണ് അല്ലാഹു ഈ അവസരങ്ങളില്‍ പ്രത്യേകം മുടക്കുവാന്‍ കാരണം. പിന്നീട്, ജനങ്ങള്‍ക്ക് അല്ലാഹു കൂടുതല്‍ കഴിവ് നല്‍കി അനുഗ്രഹിച്ചു. അപ്പോള്‍ അവര്‍ വിരികളും അറകളും ഏര്‍പ്പെടുത്തി. ആകയാല്‍, ജനങ്ങള്‍ക്ക് ഇപ്പോള്‍ ഈ മറ കൊണ്ട് മതിയാക്കാമെന്ന് വന്നിരിക്കുകയാണ്. (رواه ابن حاتم والابي داود نحوه في طريق اخر)
സന്ദര്‍ഭോചിതമായ ചില സംഗതികള്‍ ഇവിടെ ഓര്‍മ്മിക്കുന്നത് നന്നായിരിക്കും: 1). ഇടവും വലവും തിരിച്ചറിയാത്ത ശിശുക്കളെ സംബന്ധിച്ച് മേപ്പടി നിയന്ത്രണം ആവശ്യമില്ലെന്ന് സ്പഷ്ടമാണ്. 2). ആ മൂന്ന് സമയങ്ങളില്‍ മാത്രമല്ല, വസ്ത്രങ്ങള്‍ മാറ്റുകയും, കുറഞ്ഞ വസ്ത്രങ്ങള്‍ മാത്രം ധരിക്കുകയും ചെയ്യുന്ന അതുപോലെയുള്ള എല്ലാ സന്ദര്‍ഭങ്ങളിലും, വിശേഷിച്ച് കുളിപ്പുര, കക്കൂസ്, കിടപ്പറ മുതലായ സ്ഥലങ്ങളിലും പെട്ടന്ന് – മുന്നറിയിപ്പില്ലാതെ – മറ്റൊരാള്‍ക്ക് കടന്നു ചെല്ലുവാന്‍ പാടില്ലാത്തതാകുന്നു. 3). പര്‍ദ്ദാ നിയമം അന്യന്‍മാരായവരെ സംബന്ധിച്ചാണ് പാലിക്കേണ്ടതെങ്കിലും, ‘ഔറത്ത്’ (മുട്ടുപൊക്കിളിന് ഇടയിലുള്ള ഭാഗം) എല്ലാവരില്‍ നിന്നും മറയ്ക്കേണ്ടതും, അന്യോന്യം വെളിപ്പെടുത്തുവാനും കാണുവാനും പാടില്ലാത്തതുമാകുന്നു. 4). ‘ഔറത്തു’ സൂക്ഷ്മമായി മറയ്ക്കുന്ന കാര്യത്തില്‍ ഇസ്ലാം എത്രമാത്രം നിഷ്കര്‍ഷിക്കുന്നുണ്ടെന്ന് ഇത്തരം ഖുര്‍ആന്‍ വചനങ്ങളില്‍നിന്നും, പല ഹദീസുകളില്‍ നിന്നും മനസ്സിലാക്കാവുന്നതാണ്. ഇന്നു് മുസ്‌ലിംകള്‍ക്കിടയില്‍ പൊതുവെ ഇക്കാര്യത്തില്‍ വേണ്ടത്ര നിഷ്ക്കര്‍ഷ കാണുന്നില്ലെന്ന് വ്യസനസമേതം പറയേണ്ടിയിരിക്കുന്നു. ഈ രണ്ട് ആയത്തുകളുടെയും അവസാന ഭാഗം സൂക്ഷിച്ചു നോക്കുക: ഇപ്രകാരം ‘അല്ലാഹു നിങ്ങള്‍ക്കു് ലക്ഷ്യങ്ങള്‍ വിവരിച്ചു തരുന്നു’വെന്ന് പറഞ്ഞത് നാം ഗൗരവപൂര്‍വ്വം മനസ്സിരുത്തേണ്ടതാണ്. ചില ഹദീസുകള്‍കൂടി നമുക്ക് ഇവിടെ ഉദ്ധരിക്കാം:-
1. പുരുഷന്‍ പുരുഷന്റെ ഔറത്തിലേക്കും, സ്ത്രീ സ്ത്രീയുടെ ഔറത്തിലേക്കും നോക്കുന്നതും, ഒരേ വസ്ത്രം മേലിട്ടുകൊണ്ട് രണ്ടു പുരുഷന്‍മാരോ, രണ്ട് സ്ത്രീകളോ ഒന്നിച്ചു കിടക്കുന്നതും നബി (صلّى الله عليه وسلّم) വിരോധിച്ചിരിക്കുന്നു. (മുസ്‌ലിം). 2.അന്യന്മാരായ ഒരു പുരുഷനും ഒരു സ്ത്രീയും കൂടി ഒരു വീട്ടിലോ, മുറിയിലോ തനിച്ചായിരിക്കുന്നതും നബി (صلّى الله عليه وسلّم) വിരോധിച്ചിരിക്കുന്നു. (ബുഖാരീ; മുസ്‌ലിം). 3. കുളിക്കുന്നവന്‍ തുറന്ന സ്ഥലത്തുവെച്ച് കുളിക്കാതെ, എന്തെങ്കിലും ഒരു മറ സ്വീകരിക്കേണമെന്നും നബി (صلّى الله عليه وسلّم) കല്പിച്ചിട്ടുണ്ട്. (അബൂദാവൂദ്; നസാഈ). 4. നബി (صلّى الله عليه وسلّم) തിരുമേനി വെളിക്കിരിക്കുവാന്‍ പോകുന്നപക്ഷം, ആരും കാണാത്തിടത്ത് പോകുമായിരുന്നു. (അബൂദാവൂദ്). 5. ഇരുന്ന് മൂത്രിക്കുവാന്‍ സൗകര്യപ്പെടാത്തപ്പോള്‍ തിരുമേനി (صلّى الله عليه وسلّم) നിന്ന് മൂത്രിക്കുകയുണ്ടായിട്ടുണ്ടെങ്കിലും, സാധാരണനിലക്ക് നിന്നുകൊണ്ട് മൂത്രിക്കുന്നതിനെ അവിടുന്ന് വിരോധിച്ചിരിക്കുന്നു. (തിര്‍മദി; ഇബ്നുമാജഃ). 6. രണ്ട് പേര്‍ അടുത്തിരുന്ന് സംസാരിച്ചുകൊണ്ട് ഔറത്ത് തുറന്ന് വെളിക്കിരിക്കുന്നത് അല്ലാഹുവിന്റെ ക്രോധത്തിന് കാരണമാണെന്ന് അവിടുന്ന് പറഞ്ഞിരിക്കുന്നു. (അഹ്മദ്; അബൂദാവൂദ്; ഇബ്നുമാജഃ). 7. മൂത്രിക്കുവാനോ, കാഷ്ടിക്കുവാനോ ഇരിക്കുമ്പോള്‍, ഇരിക്കും മുമ്പായി വസ്ത്രം പൊക്കാതെ, നിലത്തോടടുക്കുന്നതോടൊപ്പം മാത്രമേ തിരുമേനി (صلّى الله عليه وسلّم) വസ്ത്രം പൊക്കിയിരുന്നുള്ളു. (തിര്‍മദീ; അബൂദാവൂദ്; ദാരിമീ). ദൈര്‍ഘ്യഭയം നിമിത്തം ഹദീസുകളുടെ മൂലം ഉദ്ധരിക്കാത്തതാകുന്നു.
സ്ത്രീപുരുഷ സമ്പര്‍ക്കത്തിലും, ഔറത്ത് വെളിവാക്കുന്നതിലും അനിയന്ത്രിതമായ ഇന്നത്തെ ചുറ്റുപാടില്‍ മുസ്ലിംകളായ നാം, അല്ലാഹുവിന്റെയും റസൂലിന്റെയും കല്‍പനകളെ മാനിച്ചു പോരുവാന്‍ അല്ലാഹു നമുക്ക് ‘തൗഫീഖ്’ നല്‍കട്ടെ. آمين. സ്ത്രീകള്‍ തങ്ങളുടെ സൗന്ദര്യവും, അലങ്കാരവും മറച്ചുവെക്കുന്നതില്‍ എത്രമാത്രം നിഷ്കര്‍ഷ പാലിക്കേണ്ടതുണ്ടെന്നും, അതു വെളിയില്‍ പ്രകടമാക്കുന്നത് എത്രമാത്രം ആക്ഷേപകരമായിട്ടുള്ളതാണെന്നും ഇതാ, ഈ ഒരു ഖുര്‍ആന്‍ വചനം മാത്രം മനസ്സിരുത്തിയാല്‍ ആര്‍ക്കും മനസ്സിലാക്കാം:-
- وَٱلْقَوَٰعِدُ مِنَ ٱلنِّسَآءِ ٱلَّٰتِى لَا يَرْجُونَ نِكَاحًا فَلَيْسَ عَلَيْهِنَّ جُنَاحٌ أَن يَضَعْنَ ثِيَابَهُنَّ غَيْرَ مُتَبَرِّجَٰتٍۭ بِزِينَةٍ ۖ وَأَن يَسْتَعْفِفْنَ خَيْرٌ لَّهُنَّ ۗ وَٱللَّهُ سَمِيعٌ عَلِيمٌ ﴾٦٠﴿
- സ്ത്രീകളില്‍നിന്ന് - (വാര്‍ദ്ധക്യം നിമിത്തം) വിവാഹം പ്രതീക്ഷിക്കാവതല്ലാത്ത - ഇരുപ്പിലായവരാകട്ടെ, അവര്‍ക്ക് അവരുടെ (പര്‍ദ്ദാ) വസ്ത്രങ്ങള്‍ - അലങ്കാരമൊന്നും പ്രദര്‍ശിപ്പിക്കുന്നവരല്ലാത്ത നിലയില്‍ - എടുത്തുവെക്കുന്നതിന് തെറ്റില്ല; - ചാരിത്ര സംരക്ഷണത്തിന് ശ്രമിക്കുന്നത് അവര്‍ക്ക് നല്ലതുമത്രെ. അല്ലാഹു (എല്ലാം) കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു.
- وَالْقَوَاعِدُ ഇരുപ്പിലായ സ്ത്രീകള്‍ مِنَ النِّسَاءِ സ്ത്രീകളില്‍നിന്ന് اللَّاتِي യാതൊരു സ്ത്രീകള്‍ لَا يَرْجُونَ അവര്‍ പ്രതീക്ഷിക്കുകയില്ല, പ്രതീക്ഷിക്കാവതല്ല نِكَاحًا വിവാഹത്തെ فَلَيْسَ عَلَيْهِنَّ അവരുടെ മേല്‍ ഇല്ല جُنَاحٌ തെറ്റ്, കുറ്റം أَن يَضَعْنَ അവര്‍ എടുത്തുവെക്കുന്നതു ثِيَابَهُنَّ അവരുടെ വസ്ത്രങ്ങള്‍ غَيْرَ مُتَبَرِّجَاتٍ പ്രദര്‍ശിപ്പിക്കുന്ന (പുറത്തുകാട്ടുന്ന)വരല്ലാത്ത നിലയില്‍ بِزِينَةٍ ഒരു അലങ്കാരത്തെയും وَأَن يَسْتَعْفِفْنَ അവര്‍ ചാരിത്ര്യം സൂക്ഷിക്കല്‍, മാനം സംരക്ഷിക്കാന്‍ ശ്രമിക്കല്‍ خَيْرٌ لَّهُنَّ അവര്‍ക്ക് നല്ലതാണ് وَاللَّـهُ അല്ലാഹു سَمِيعٌ കേള്‍ക്കുന്നവനാണ് عَلِيمٌ അറിയുന്നവനാണ്, സര്‍വ്വജ്ഞനാണ്
الْقَوَاعِدُ (ഇരുപ്പില്ലായ സ്ത്രീകള്‍) എന്നു പറഞ്ഞാല്‍, വാര്‍ദ്ധക്യം നിമിത്തം ഭര്‍ത്താവിന്റെ ആവശ്യവും പ്രതീക്ഷയുമില്ലാതെയും, സന്താനങ്ങള്‍ ജനിക്കാതെയുമുള്ള അവസ്ഥ എത്തിയ സ്ത്രീകളാകുന്നു. അന്യപുരുഷന്മാരില്‍നിന്ന് ശരീരം മറക്കേണ്ടുന്ന വിഷയത്തില്‍, സാധാരണ സ്ത്രീകളുടെ അത്രതന്നെ നിഷ്കര്‍ഷ ഇവര്‍ക്ക് ആവശ്യമില്ലെന്നാണ് ഈ ആയത്തുകാണിക്കുന്നത്. ‘അവരുടെ വസ്ത്രങ്ങള്‍ എടുത്തു വെക്കുക’ (أَن يَضَعْنَ ثِيَابَهُنَّ) എന്ന് പറഞ്ഞതുകൊണ്ടുദ്ദേശ്യം, തീരെ വസ്ത്രമില്ലാതിരിക്കുക എന്നല്ല; പര്‍ദ്ദയുടെ വസ്ത്രങ്ങളായ ചുറ്റിപ്പുത, മൂടുവസ്ത്രം മുതലായവ എടുത്തുവെച്ച് സാധാരണ രീതിയിലുള്ള തുണി, കുപ്പായം, മക്കന എന്നിവയുമായി പുരുഷന്‍മാര്‍ക്കിടയില്‍ പ്രത്യക്ഷപ്പെടാം എന്ന് മാത്രമേ ഉദ്ദേശ്യമുള്ളു. ഇവിടെ ‘വസ്ത്രങ്ങള്‍’ കൊണ്ടുദ്ദേശ്യം ഇപ്പറഞ്ഞതാണെന്നുള്ളതില്‍ ആര്‍ക്കും ഭിന്നാഭിപ്രായമുള്ളതായി അറിയപ്പെടുന്നില്ല. എന്നാല്‍ അതും ‘അലങ്കാരമൊന്നും പ്രദര്‍ശിപ്പിക്കുന്നവരല്ലാത്ത നിലയില്‍ (غَيْرَ مُتَبَرِّجَاتٍ بِزِينَةٍ) ആയിരിക്കണമെന്ന നിബന്ധന പ്രത്യേകം ഗൗനിക്കേണ്ടിയിരിക്കുന്നു. കിഴവിയായിരുന്നാല്‍ പോലും വേഷഭൂഷണങ്ങള്‍ നിമിത്തം ചിലപ്പോള്‍ അവള്‍ സൗന്ദര്യവതിയായി തോന്നിപ്പോകുവാനിടയുള്ളതു കൊണ്ടാണ് ഇക്കാര്യം അല്ലാഹു ഇവിടെ ഓര്‍മ്മപ്പെടുത്തുന്നത്. അലങ്കാരമൊന്നും പ്രദര്‍ശിപ്പിക്കാത്ത വിധത്തിലായാല്‍ തന്നെയും, സാധാരണ വസ്ത്രങ്ങള്‍കൊണ്ട് മതിയാക്കാതെ – മറ്റു സ്ത്രീകളെപ്പോലെ – അവരും പര്‍ദ്ദാവസ്ത്രം ഉപയോഗിക്കുകയാണ് കൂടുതല്‍ നല്ലതെന്നത്രെ وَأَن يَسْتَعْفِفْنَ خَيْرٌ لَّهُنَّ (ചാരിത്ര്യം സംരക്ഷിക്കുവാന്‍ ശ്രമിക്കുന്നത് അവര്‍ക്കു നല്ലതുമാണ്) എന്ന വാക്യം വ്യക്തമാക്കുന്നത്. ചിന്തിക്കുന്നവര്‍ക്കു ഇതില്‍ നിന്ന് മനസ്സിലാക്കാം, പര്‍ദ്ദയുടെ പ്രധാന്യം. ഇതെല്ലാം പ്രസ്താവിച്ചു കഴിഞ്ഞശേഷം ആയത്തിന്റെ അവസാനത്തില്‍, ‘അല്ലാഹു എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാണ്’ എന്ന ഒരു താക്കീതും!
ഇസ്‌ലാമിലെ പര്‍ദ്ദാ നിയമങ്ങളെ പഴഞ്ചനും, മാമൂലുമായി ചില മുസ്‌ലിംകള്‍പോലും കരുതിവശായിട്ടുണ്ട്. ഏതോ ചുരുക്കം ചില സ്ത്രീകള്‍ – ഇന്ന് അത്തരക്കാരെ വളരെ വിരളമായെ കാണുകയുള്ളു – അന്ധമായി അതിരു കവിഞ്ഞതിന്റെ പേരില്‍, നിയമാനുസൃതമായ പര്‍ദ്ദാനിയമങ്ങളെപ്പോലും ആക്ഷേപിക്കുകയും, പരിഹാസ്യമായി ചിത്രീകരിക്കുകയും ചെയ്യുന്ന ചിലരെയും കാണാം. കുത്തഴിഞ്ഞ അധാര്‍മ്മിക പ്രസ്ഥാനങ്ങളുടെയും, പരിപൂര്‍ണ്ണ നഗ്നനൃത്തം വരെയുള്ള അശ്ലീല കലകളുടെയും ഒഴുക്കില്‍പ്പെട്ട് മനുഷ്യന്റെ മനുഷ്യത്വവും, പുരുഷന്റെ പുരുഷത്വവും, സ്ത്രീയുടെ സ്ത്രീത്വവുമെല്ലാം നാശോന്‍മുഖമായിക്കൊണ്ടിരിക്കുന്ന ഒരു കാലഘട്ടമാണല്ലോ ഇത്. മാനുഷികമൂല്യങ്ങളെ അതിജയിച്ചു മുന്നേറികൊണ്ടിരിക്കുന്ന ആധുനികപരിഷ്കാരസംസ്കാരങ്ങളുടെ ദൃഷ്ടിയില്‍ ഇസ്‌ലാമിലെ പര്‍ദ്ദാനിയമം അപമാനിക്കപ്പെടുന്നതില്‍ അത്ഭുതമില്ല. പക്ഷെ, പണ്ഡിതവേദികളില്‍ നിന്നുതന്നെ ചില ആളുകള്‍, പര്‍ദ്ദാനിയമങ്ങളെ നിരുത്സാഹപ്പെടുത്തുകയും, ജനഹിതത്തിനൊത്തു ലഘൂകരിച്ച് വ്യാഖ്യാനിക്കുകയും ചെയതുകാണുന്നതാണ് അത്ഭുതം! പര്‍ദ്ദയെ സംബന്ധിച്ചിടത്തോളം, അതില്‍ അതിരു കവിഞ്ഞാലുണ്ടായേക്കുന്ന ദോഷഭവിഷ്യത്തുക്കളെക്കാള്‍ എത്രയോ മടങ്ങ് അപായകരമാണ് അത് കൈവെടിയുന്നതിന്റെ അനന്തരഫലങ്ങളെന്ന് അവര്‍ ഓര്‍ക്കുന്നില്ല.
അത്യാവശ്യതോതിലെങ്കിലും പര്‍ദ്ദാനിയമങ്ങള്‍ പാലിക്കുന്ന സ്ത്രീകള്‍ ഇന്ന് കേരളമുസ്‌ലിംകളില്‍ താരതമ്യേന കുറവാണെന്നതാണ് പരമാര്‍ത്ഥം. അതേ സമയത്ത് ഒരു വിഭാഗം സ്ത്രീകള്‍ – യഥാര്‍ത്ഥ മതവിജ്ഞാനം ലഭിക്കാത്ത അഭ്യസ്തവിദ്യരിലും, പുരോഗമനേച്ഛുക്കളെന്ന് അവകാശപ്പെടുന്നവരിലുമാണ് ഇവര്‍ കൂടുതലുള്ളത്. – അര്‍ദ്ധനഗ്നരായും പുരുഷന്‍മാരെ ആകര്‍ഷിക്കുന്ന വേഷഭൂഷണങ്ങള്‍ അണിഞ്ഞും പരസ്യവിഹാരം ചെയ്‌വാന്‍ സങ്കോചമില്ലാത്തവരാണെന്ന വസ്തുതയും നിഷേധിക്കുക സാധ്യമല്ല. അമുസ്ലിംകളെ സംബന്ധിച്ചിടത്തോളം ഇതിന്റെവിധി എന്തു തന്നെ ആയിരുന്നാലും ശരി, മുസ്‌ലിംകളെന്ന്‍ അവകാശപ്പെടുന്നവര്‍ക്ക് ഇതൊട്ടും ചേര്‍ന്നതല്ല. ഇത്തരം സംസ്ക്കാരവും ഇസ്‌ലാമുമായി വിദൂരബന്ധം പോലുമില്ലതന്നെ. വസ്ത്രം ധരിച്ചിട്ടുണ്ടെങ്കിലും, ശരീരത്തിന്റെ കുറെഭാഗം വെളിക്കുകാണാവുന്ന വിധം അര്‍ദ്ധധാരണംകൊണ്ടു മതിയാക്കുകയോ, ശരീരാവയവങ്ങളെ പ്രത്യക്ഷത്തില്‍ കാണാവുന്നവിധം (നൈലോണ്‍പോലുള്ള) സ്ഫടികസമാനമായ നേര്‍മ്മവസ്ത്രങ്ങള്‍ ധരിക്കുകയോ ചെയ്യുന്നവരും, പുരുഷന്‍മാരെ ആകര്‍ഷിക്കുമാറുള്ള പെരുമാറ്റങ്ങളും നടപടികളും സ്വീകരിച്ചു വരുന്നവരുമായ സ്ത്രീകളെ (وَنِسَاءٌ كَاسِيَاتٌ عَارِيَاتٌ مُمِيلَاتٌ مَائِلَاتٌ) ക്കുറിച്ച് ഇമാം മുസ്‌ലിം (رحمه الله) നിവേദനം ചെയ്തിട്ടുള്ള ഒരു ഹദീസില്‍ നബി (صلّى الله عليه وسلّم) ഇപ്രകാരം പ്രസ്താവിച്ചിരിക്കുന്നു: لَا يَدْخُلْنَ الْجَنَّةَ وَلَا يَجِدْنَ رِيحَهَا (അവര്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുകയില്ല, അവര്‍ക്കതിന്റെ പരിമളംപോലും ലഭിക്കുകയുമില്ല.).
പര്‍ദ്ദാവിഷയകമായി സൂറത്തുല്‍ അഹ്സാബി (الأحزاب)ലും ചില പ്രസ്താവനകള്‍ കാണാവുന്നതാണ്. അടുത്ത വചനത്തില്‍ ഭക്ഷണസംബന്ധമായ ചില കാര്യങ്ങളെ വിവരിക്കുന്നു:
- لَّيْسَ عَلَى ٱلْأَعْمَىٰ حَرَجٌ وَلَا عَلَى ٱلْأَعْرَجِ حَرَجٌ وَلَا عَلَى ٱلْمَرِيضِ حَرَجٌ وَلَا عَلَىٰٓ أَنفُسِكُمْ أَن تَأْكُلُوا۟ مِنۢ بُيُوتِكُمْ أَوْ بُيُوتِ ءَابَآئِكُمْ أَوْ بُيُوتِ أُمَّهَٰتِكُمْ أَوْ بُيُوتِ إِخْوَٰنِكُمْ أَوْ بُيُوتِ أَخَوَٰتِكُمْ أَوْ بُيُوتِ أَعْمَٰمِكُمْ أَوْ بُيُوتِ عَمَّٰتِكُمْ أَوْ بُيُوتِ أَخْوَٰلِكُمْ أَوْ بُيُوتِ خَٰلَٰتِكُمْ أَوْ مَا مَلَكْتُم مَّفَاتِحَهُۥٓ أَوْ صَدِيقِكُمْ ۚ لَيْسَ عَلَيْكُمْ جُنَاحٌ أَن تَأْكُلُوا۟ جَمِيعًا أَوْ أَشْتَاتًا ۚ فَإِذَا دَخَلْتُم بُيُوتًا فَسَلِّمُوا۟ عَلَىٰٓ أَنفُسِكُمْ تَحِيَّةً مِّنْ عِندِ ٱللَّهِ مُبَٰرَكَةً طَيِّبَةً ۚ كَذَٰلِكَ يُبَيِّنُ ٱللَّهُ لَكُمُ ٱلْءَايَٰتِ لَعَلَّكُمْ تَعْقِلُونَ ﴾٦١﴿
- നിങ്ങളുടെ വീടുകളില്‍ നിന്ന് (ഭക്ഷണം) തിന്നുന്നതിന് അന്ധന്റെ മേല്‍ വിഷമമില്ല; മുടന്തന്റെ മേലും വിഷമമില്ല. രോഗിയുടെ മേലും - നിങ്ങളുടെ സ്വന്തം പേരിലും തന്നെ - വിഷമമില്ല:- അല്ലെങ്കില്‍ നിങ്ങളുടെ പിതാക്കളുടെ വീടുകള്‍, അല്ലെങ്കില്‍ മാതാക്കളുടെ വീടുകള്‍, അല്ലെങ്കില്‍ സഹോദരന്‍മാരുടെ വീടുകള്‍, അല്ലെങ്കില്‍ സഹോദരിമാരുടെ വീടുകള്‍, അല്ലെങ്കില്‍ പിതൃവ്യന്മാരുടെ വീടുകള്‍, അല്ലെങ്കില്‍ പിതൃസഹോദരികളുടെ വീടുകള്‍, അല്ലെങ്കില്‍ മാതൃസഹോദരന്മാരുടെ വീടുകള്‍, അല്ലെങ്കില്‍ മാതൃസഹോദരിമാരുടെ വീടുകള്‍, അല്ലെങ്കില്‍ നിങ്ങള്‍ക്ക് താക്കോല്‍ അധീനമായിട്ടുള്ളവ, അല്ലെങ്കില്‍ നിങ്ങളുടെ ചങ്ങാതിയുടേത്; (എന്നിവയില്‍നിന്നും ഭക്ഷണം കഴിക്കുന്നതിന് വിഷമമില്ല;) നിങ്ങള്‍ ഒരുമിച്ചോ, അല്ലെങ്കില്‍ വെവ്വേറെയോ തിന്നുന്നതിന് നിങ്ങളുടെ മേല്‍ തെറ്റില്ല. എന്നാല്‍, നിങ്ങള്‍ വല്ല വീടുകളിലും പ്രവേശിക്കുന്നതായാല്‍, നിങ്ങള്‍ നിങ്ങള്‍ക്കു തന്നെ - അല്ലാഹുവിങ്കല്‍നിന്നുള്ള പാവനമായ ഒരു അനുഗ്രഹീത ഉപചാരമെന്ന നിലക്ക് - സലാം ചൊല്ലണം. ഇപ്രകാരം, അല്ലാഹു നിങ്ങള്‍ക്ക് ലക്ഷ്യങ്ങളെ വിവരിച്ചു തരുകയാണ് - നിങ്ങള്‍ മനസ്സിരുത്തുവാന്‍ വേണ്ടി.
- لَّيْسَ عَلَى الْأَعْمَىٰ അന്ധന്റെ (കുരുടന്റെ) മേല്‍ ഇല്ല حَرَجٌ വിഷമം, ബുദ്ധിമുട്ട് وَلَا عَلَى الْأَعْرَجِ മുടന്തന്റെമേലും ഇല്ല حَرَجٌ വിഷമം وَلَا عَلَى الْمَرِيضِ രോഗിയുടെമേലും ഇല്ല حَرَجٌ വിഷമം وَلَا عَلَىٰ أَنفُسِكُمْ നിങ്ങളുടെ സ്വന്തം പേരിലും ഇല്ല أَن تَأْكُلُوا നിങ്ങള്‍ ഭക്ഷിക്കല്‍, തിന്നല്‍ مِن بُيُوتِكُمْ നിങ്ങളുടെ വീടുകളില്‍നിന്നു أَوْ بُيُوتِ آبَائِكُمْ അല്ലെങ്കില്‍ നിങ്ങളുടെ പിതാക്കളുടെ വീടുകളില്‍ أَوْ بُيُوتِ أُمَّهَاتِكُمْ അല്ലെങ്കില്‍ നിങ്ങളുടെ മാതാക്കളുടെ വീടുകളില്‍ أَوْ بُيُوتِ إِخْوَانِكُمْ അല്ലെങ്കില്‍ നിങ്ങളുടെ സഹോദരന്‍മാരുടെ വീടുകളില്‍ أَوْ بُيُوتِ أَخَوَاتِكُمْ അല്ലെങ്കില്‍ നിങ്ങളുടെ സഹോദരിമാരുടെ വീടുകളില്‍ أَوْ بُيُوتِ أَعْمَامِكُمْ അല്ലെങ്കില്‍ നിങ്ങളുടെ പിതൃവ്യന്‍മാരുടെ വീടുകളില്‍ أَوْ بُيُوتِ عَمَّاتِكُمْ അല്ലെങ്കില്‍ നിങ്ങളുടെ അമ്മായികളുടെ വീടുകളില്‍ أَوْ بُيُوتِ أَخْوَالِكُمْ അല്ലെങ്കില്‍ നിങ്ങളുടെ അമ്മാമന്‍മാരുടെ വീടുകളില്‍ أَوْ بُيُوتِ خَالَاتِكُمْ അല്ലെങ്കില്‍ നിങ്ങളുടെ ചിറ്റമ്മ (ഇളയമ്മ - മൂത്തമ്മ) കളുടെ വീടുകളില്‍ أَوْ مَا അല്ലെങ്കില്‍ യാതൊന്നില്‍ مَلَكْتُم നിങ്ങള്‍ക്കു അധീനമായിരിക്കുന്നു, നിങ്ങള്‍ ഉടമപ്പെടുത്തിയിരിക്കുന്നു مَّفَاتِحَهُ അതിന്റെ താക്കോലുകള്‍ أَوْ صَدِيقِكُمْ അല്ലെങ്കില്‍ നിങ്ങളുടെ ചങ്ങാതിയുടെ (വീട്ടില്‍ നിന്നു) لَيْسَ عَلَيْكُمْ നിങ്ങളുടെ മേല്‍ ഇല്ല جُنَاحٌ തെറ്റ് أَن تَأْكُلُوا നിങ്ങള്‍ തിന്നുന്നതിനു جَمِيعًا ഒന്നായി, എല്ലാം കൂടി, ഒരുമിച്ച് أَوْ أَشْتَاتًا അല്ലെങ്കില്‍ വെവ്വേറെ, പിരിഞ്ഞുകൊണ്ടു فَإِذَا دَخَلْتُم എന്നാല്‍ നിങ്ങള്‍ പ്രവേശിക്കുന്നതായാല്‍ بُيُوتًا വല്ല വീടുകളിലും فَسَلِّمُوا അപ്പോള്‍ നിങ്ങള്‍ സലാം ചൊല്ലുവിന്‍ عَلَىٰ أَنفُسِكُمْ നിങ്ങള്‍ക്കുതന്നെ, നിങ്ങളുടെ സ്വന്തം ദേഹങ്ങള്‍ക്കു تَحِيَّةً കാഴ്ചയായി (ഉപചാരമെന്ന നിലയില്‍) مِّنْ عِندِ اللَّـهِ അല്ലാഹുവിങ്കല്‍ നിന്നുള്ള مُبَارَكَةً ആശീര്‍വ്വദിക്കപ്പെട്ട, അനുഗ്രഹീതമായ طَيِّبَةً പാവനമായ, നല്ലതായ, ശുദ്ധമായ كَذَٰلِكَ അപ്രകാരം يُبَيِّنُ اللَّـهُ അല്ലാഹു വിവരിച്ചുതരുന്നു لَكُمُ നിങ്ങള്‍ക്കു الْآيَاتِ ലക്ഷ്യങ്ങളെ لَعَلَّكُمْ നിങ്ങളാകുവാന്‍, നിങ്ങളായേക്കാം تَعْقِلُونَ മനസ്സിരുത്തുന്ന, മനസ്സിലാക്കുന്ന(വര്‍)
അന്ധന്മാര്‍, മുടന്തന്മാര്‍, രോഗികള്‍ എന്നിവരുടെ കൂടെ ഭക്ഷണം തിന്നുന്നതിന് വിഷമമില്ല എന്ന് പറഞ്ഞതിന്റെ താല്‍പര്യംവിവരിക്കുന്നതില്‍, മുന്‍ഗാമികളായ മഹാന്‍മാര്‍ക്കിടയില്‍ വ്യത്യസ്തമായ അഭിപ്രായങ്ങള്‍ കാണപ്പെടുന്നു. 1). സാധാരണ ആരോഗ്യവാന്മാരായ ആളുകളൊന്നിച്ച് ഭക്ഷണം കഴിക്കുമ്പോള്‍, ഇവര്‍ക്ക് മറ്റുള്ളവരെപ്പോലെത്തന്നെ അത് ഉപയോഗിക്കുവാനുള്ള കഴിവും, സാമര്‍ത്ഥ്യവും ഇല്ലാതിരിക്കുന്നതുകൊണ്ട് അവരൊന്നിച്ച് ഭക്ഷണം കഴിക്കുന്നത് അന്യായമാണെന്ന് ചിലര്‍ കരുതി വന്നിരുന്നു. ‘നിങ്ങളുടെ ധനം നിങ്ങള്‍ക്കിടയില്‍ അന്യായമായി തിന്നരുത്’ (وَلَا تَأْكُلُوا أَمْوَالَكُم بَيْنَكُم بِالْبَاطِلِ) എന്ന ഖുര്‍ആന്‍ വാക്യത്തിന്റെ അര്‍ത്ഥവ്യാപ്തിയില്‍ ഇതും ഉള്‍പ്പെട്ടേക്കുമോ എന്നും അവര്‍ ഭയപ്പെട്ടിരുന്നു. ആകയാല്‍, അതിന്ന് വിരോധമില്ലെന്ന് കാണിക്കുകയാണ് ഈ ആയത്തിന്റെ താല്‍പര്യം എന്നാണ് ഒരഭിപ്രായം. ഇപ്രകാരം ഇബ്നുഅബാസ് (رضي الله عنه) പറഞ്ഞതായി നിവേദനം ചെയ്യപ്പെട്ടിരിക്കുന്നു. 2). ഇങ്ങിനെയുള്ളവര്‍, മറ്റുള്ളവരോടൊപ്പം ഭക്ഷണം കഴിക്കുന്നതു അവര്‍ക്ക് തൃപ്തികരമായിരിക്കയില്ലെന്ന് കരുതി ഇവര്‍ സ്വയംതന്നെ ഒഴിഞ്ഞ് നില്‍ക്കാറുണ്ടായിരുന്നു. ഇതിനെപ്പറ്റിയാണ് ഈ വചനത്തില്‍ പറയുന്നതെന്ന് ചിലര്‍ അഭിപ്രായപ്പെടുന്നു. 3). നേരെമറിച്ച് ഇവരോടൊപ്പം ഇരുന്ന് ഭക്ഷണം കഴിക്കുന്നത് ചില ആളുകള്‍ മ്ലേച്ഛമായി കരുതിയിരുന്നതിനെക്കുറിച്ചാണിത് എന്നാണ് മറ്റൊരഭിപ്രായം. 4). അന്ധന്മാര്‍ മുതലായ വൈകല്യമുള്ളവരെ തങ്ങളുടെ സ്വന്തം വീടുകളില്‍വെച്ചു സ്വീകരിക്കുവാന്‍ സൗകര്യം കുറവായിരുന്നത് കൊണ്ട് ചില ആളുകള്‍ അവരെ തങ്ങളുടെ കുടുംബങ്ങളുടെ ഗൃഹങ്ങളിലേക്ക് കൂട്ടിക്കൊണ്ടു പോകാറുണ്ടായിരുന്നുവെന്നും അത് ഇവര്‍ക്ക് – അന്ധന്മാര്‍ തുടങ്ങിയവര്‍ക്ക് – അസുഖമായിത്തോന്നാറുണ്ടായിരുന്നുവെന്നും, അതിനെപ്പറ്റിയാണിവിടെ പറഞ്ഞതെന്നും വേറെ ചിലര്‍ അഭിപ്രായപ്പെടുന്നു. 5). ഇനി ഒരഭിപ്രായമുള്ളത് സഈദുബ്നുല്‍ മുസയ്യബ് (رحمه الله) ഉബൈദുല്ലാഹിബ്നു അബ്ദില്ലാ (رحمه الله) മുതലായവരുടെ അഭിപ്രായമാണ്. അതായത്: മുസ്‌ലിംകള്‍ യുദ്ധയാത്രകള്‍ ചെയ്യുമ്പോള്‍, അവരുടെ ബന്ധുക്കളും, യുദ്ധത്തിനുപോകാന്‍ കഴിയാത്തവരുമായ മേപ്പടി ആളുകളുടെ വശം, തങ്ങളുടെ വീടുകളുടെ താക്കോല്‍ കൊടുത്തേല്പിക്കുക പതിവായിരുന്നു. അവര്‍ മടങ്ങിവരുന്നതുവരെ ആ വീടുകളില്‍ നിന്ന് ഭക്ഷണവും മറ്റും ഉപയോഗിച്ചുകൊള്ളുവാന്‍ അവരോട് പറയുകയും ചെയ്യും. എന്നാല്‍ വീട്ടുടമസ്ഥന്മാരുടെ അഭാവത്തില്‍ അവര്‍ അതിന് മടിക്കുമായിരുന്നു. ഇങ്ങിനെയുള്ള വിഷമങ്ങളൊന്നും സഹിക്കേണ്ടുന്ന ആവശ്യമില്ല എന്നാണ് ആയത്തിന്റെ താല്‍പര്യമെന്നത്രെ ഇവര്‍ പറയുന്നത്. ഈ ഒടുവില്‍ പറഞ്ഞ അഭിപ്രായത്തിന്നാണ് മഹാനായ ഇബ്നു ജരീര്‍ (رحمه الله) പോലെയുള്ള ചില വ്യാഖ്യാതാക്കള്‍ കൂടുതല്‍ പ്രാധാന്യം കല്‍പിച്ചിരിക്കുന്നത്. ഒന്നാമത്തെ അഭിപ്രായവും പലരും ബലപ്പെടുത്തിയിട്ടുണ്ട്. الله أعلم
ഏതായാലും, തത്വപരമായി നോക്കുമ്പോള്‍ ഈ അഭിപ്രായങ്ങള്‍ തമ്മില്‍ പരസ്പര വൈരുദ്ധ്യമുള്ളവയല്ല. ആയത്തിന്റെ അവതരണഹേതു ഏതായിരുന്നുവെന്നതിലുള്ള വ്യത്യസ്താഭിപ്രായങ്ങള്‍ മാത്രമാണവ. മേല്‍പറഞ്ഞ തരത്തിലുള്ള യാതൊരു വിഷമങ്ങളും അവരെ – അന്ധരെയും, മുടന്തരെയും, രോഗികളെയും – സംബന്ധിച്ച് മതത്തില്‍ ഇല്ല എന്നാണ് ആയത്തിന്റെ സാരമെന്ന് നമുക്ക് മൊത്തത്തില്‍ മനസ്സിലാക്കാം. അപ്പോള്‍ ആയത്തിന്റെ ആകെ സാരം ഇങ്ങിനെ സംഗ്രഹിക്കാം. ‘അന്ധന്മാര്‍, മുടന്തന്മാര്‍, രോഗികള്‍ മുതലായവരും, അല്ലാത്ത ആളുകളും തങ്ങളുടെ സ്വന്തം വീടുകളില്‍നിന്നോ, അല്ലെങ്കില്‍ (തുടര്‍ന്നു വിവരിച്ചിട്ടുള്ള) ബന്ധുക്കളുടെയും സ്നേഹജനങ്ങളുടെയും വീടുകളില്‍നിന്നോ ഭക്ഷണം കഴിക്കുന്നതിനാകട്ടെ, ഒന്നിച്ചോ, വെവ്വേറെയോ ഭക്ഷണം കഴിക്കുന്നതിനാകട്ടെ മതത്തില്‍ യാതൊരു വിരോധവുമില്ല.’
بُيُوتكُمْ (നിങ്ങളുടെ വീടുകള്‍) എന്നു പറഞ്ഞതില്‍, സ്വഭാര്യമാരുടെയും മക്കളുടെയും വീടുകള്‍ ഉള്‍പ്പെടുന്നു. ‘നീയും നിന്റെ ധനവും നിന്റെ പിതാവിന്റേതു തന്നെ’. എന്നും, ‘നിങ്ങള്‍ ഭക്ഷിക്കുന്നതില്‍വെച്ച് ഏറ്റവും ശുദ്ധമായത് നിങ്ങളുടെ സമ്പാദ്യത്തില്‍ നിന്നുള്ളതാണ്; നിങ്ങളുടെ മക്കളും നിങ്ങളുടെ സമ്പാദ്യത്തില്‍ പെട്ടതാകുന്നു.’ എന്നും നബി (صلّى الله عليه وسلّم) പറഞ്ഞതായി ഹദീസില്‍ വന്നിട്ടുണ്ട്. ‘താക്കോല്‍ അധീനമാക്കുക’ എന്നതിന്റെ വിവക്ഷ, വീട്ടിന്റെ കൈകാര്യം കൈവശമുണ്ടായിരിക്കുക എന്നത്രെ. ഒരു വീട്ടിന്റെയോ, സ്വത്തിന്റെയോ കൈകാര്യം ഏല്‍പിക്കപ്പെട്ട കാര്യസ്ഥന്‍മാര്‍ക്കും, അടിമകള്‍, കുട്ടികള്‍ മുതലായവരുടെ കൈകാര്യങ്ങള്‍ നടത്തുവാന്‍ ചുമതലപ്പെട്ടവര്‍ക്കും അതാത് വീടുകള്‍ അധീനപ്പെട്ടവയായിരിക്കുന്നതാണ്. കുടുംബബന്ധം ഉണ്ടായാലും ഇല്ലെങ്കിലും ശരി, പരസ്പരം സ്നേഹവും ഇണക്കവും ഉള്ളവരെല്ലാം ചങ്ങാതി (صَدِيقِ)മാരില്‍ ഉള്‍പ്പെടുന്നു.
മേല്‍പ്രസ്താവിച്ച വീടുകളില്‍ നിന്നെല്ലാം ഭക്ഷണം കഴിക്കുന്നതിന് വിഷമമില്ല എന്നതിന്റെ താല്പര്യം, പ്രത്യേകം ക്ഷണിക്കാതെയും, വീട്ടുകാര്‍ ഹാജറില്ലാത്തപ്പോഴും അവിടെ പ്രവേശിക്കുന്നതിനും, ഭക്ഷണം കഴിക്കുന്നതിനും, തെറ്റില്ല എന്നാണ്. പക്ഷേ, സാധാരണ മര്യാദയില്‍ കവിഞ്ഞ് അമിതമായോ, വീട്ടുകാരുടെ തൃപ്തി കൂടാതെയോ, വീട്ടുകാര്‍ക്ക് ഏതെങ്കിലും വിഷമം നേരിടത്തക്ക വിധത്തിലോ ഒന്നും പാടില്ലെന്ന് പ്രത്യേകം പറയേണ്ടതില്ല. അതുപോലെത്തന്നെ, തമ്മില്‍ കാണുവാന്‍ പാടില്ലാത്ത ആളുകള്‍ അകത്തുള്ളപക്ഷം, അനുവാദം ചോദിച്ചും, മുകളില്‍ കണ്ട മര്യാദകള്‍ പാലിച്ചുംകൊണ്ടേ വീടുകളില്‍ പ്രവേശിക്കുവാനും പാടുള്ളു.
മുമ്പ്, അറബികളില്‍ ചിലര്‍, ഒറ്റയായി ഭക്ഷണം കഴിപ്പാന്‍ മടിച്ചിരുന്നതായും കൂട്ടുകാരെ കിട്ടാത്തപ്പോള്‍ ഭക്ഷണം ഉപേക്ഷിച്ചിരുന്നതായും, ഇബ്നുഅബ്ബാസ് (رضي الله عنه)ല്‍ നിന്ന് നിവേദനം ചെയ്യപ്പെട്ടിരിക്കുന്നു. മറിച്ച് വേറെചിലര്‍ കൂട്ടത്തില്‍ ഭക്ഷണം കഴിപ്പാന്‍ ഇഷ്ടപ്പെടാത്തവരും ഉണ്ടായിരിക്കാമെന്നതും സ്വാഭാവികമാണല്ലോ. ഒറ്റയായോ കൂട്ടായോ മാത്രമേ ഭക്ഷണം കഴിക്കാവു എന്ന് നിര്‍ബ്ബന്ധമില്ലെന്നും, സൗകര്യംപോലെ രണ്ടും ആവാമെന്നും ഈ ആയത്ത് സ്പഷ്ടമാക്കുന്നു. ആപേക്ഷികമായി നോക്കുമ്പോള്‍ ഒറ്റയായിരുന്ന് ഭക്ഷണം കഴിക്കുന്നതിനെക്കാള്‍ ഉത്തമം കൂട്ടായിട്ടാണെന്ന് ഹദീസുകളാലും മറ്റും സ്ഥാപിതമായിട്ടുള്ളതാണ്.
ഒരാള്‍ വന്ന് നബി (صلّى الله عليه وسلّم) യോട്: ‘ഞങ്ങള്‍ക്ക് ഭക്ഷണം കഴിച്ചിട്ട് വയറു നിറയുന്നില്ല (മതി തോന്നുന്നില്ല)’ എന്ന് പറയുകയുണ്ടായി. തിരുമേനി (صلّى الله عليه وسلّم) പറഞ്ഞു: ‘നിങ്ങള്‍ വേറിട്ടായിരിക്കാം ഭക്ഷണം കഴിക്കുന്നത്? നിങ്ങള്‍ നിങ്ങളുടെ ഭക്ഷണത്തിന് ഒരുമിച്ചിരിക്കുകയും, അല്ലാഹുവിന്റെ നാമം (ബിസ്മി) പറയുകയും ചെയ്യുവിന്‍. എന്നാല്‍ നിങ്ങള്‍ക്ക് ബര്‍ക്കത്തുണ്ടാകും.’ (رواه أحمد وأبوداود وابن ماجة). മറ്റൊരു ഹദീസില്‍ നബി (صلّى الله عليه وسلّم) ഇപ്രകാരം അരുളിച്ചെയുന്നു: ‘നിങ്ങള്‍ ഒരുമിച്ചു ഭക്ഷണം കഴിക്കുവിന്‍; വേറിട്ട് കഴിക്കരുത്. കാരണം: ബര്‍ക്കത്തു (അഭിവൃദ്ധി) സംഘത്തോടൊപ്പമായിരിക്കു.’ كُلُوا جَمِيعًا وَلاَ تَفَرَّقُوا فَإِنَّ الْبَرَكَةَ مَعَ الْجَمَاعَةِ -ابن ماجة . വാസ്തവത്തില്‍, അനുഭവങ്ങള്‍തന്നെ ഈ നബി വചനത്തിന് സാക്ഷ്യം നല്‍കുന്നതു കാണാം.
മേല്‍പറഞ്ഞ ഏത് വീട്ടില്‍നിന്നും ഭക്ഷണം കഴിക്കാം, ആരൊന്നിച്ചും കഴിക്കാം, വേണമെങ്കില്‍ ഒറ്റക്കിരുന്നും കഴിക്കാം, എന്നൊക്കെ നമ്മുടെ സൗകര്യത്തിന് വിട്ടുതന്നശേഷം ഒരു കാര്യം അല്ലാഹു പ്രത്യേകം ഓര്‍മ്മിപ്പിക്കുന്നത് നോക്കുക: ‘നിങ്ങള്‍ ഏതു വീട്ടില്‍ ചെല്ലുമ്പോഴും സലാം പറഞ്ഞു കടക്കണം.’ ഇതാണത്. ‘വീട്ടുകാര്‍ക്കു് സലാം പറയണം’ എന്നു് പറയാതെ, ‘നിങ്ങള്‍ക്ക് തന്നെ സലാം പറയണം’ فَسَلِّمُوا عَلَىٰ أَنفُسِكُمْ എന്നു് പറഞ്ഞിട്ടുള്ളത് വളരെ സാരഗര്‍ഭമാകുന്നു. നിങ്ങളെല്ലാവരും – നിങ്ങളും നിങ്ങളുടെ കുടുംബങ്ങള്‍ തുടങ്ങിയ ബന്ധുക്കളും – അല്ല മുസ്‌ലിംകളെല്ലാവരുംതന്നെ – ഒരൊറ്റ ദേഹമാണ്! അതുകൊണ്ട് നിങ്ങള്‍ പരസ്പരം സലാം പറയുന്നതും, ആ സലാമിന്റെ ഫലം ലഭിക്കുന്നതും നിങ്ങള്‍ക്കുതന്നെയാണ്, ഇക്കാര്യം നിങ്ങള്‍ പ്രത്യേകം മനസ്സിരുത്തണം. എന്നൊക്കെ ആ വാക്ക് സൂചിപ്പിക്കുന്നു. സ്വന്തം വീട്ടില്‍ ചെല്ലുമ്പോള്‍, ഭാര്യക്കും മക്കള്‍ക്കും സലാം പറയണമെന്നു് ഹദീസില്‍ പ്രത്യേകം പ്രോത്സാഹിപ്പിക്കപ്പെട്ടിട്ടുണ്ട്. ദൈര്‍ഘ്യംകൊണ്ട് ഹദീസുകള്‍ ഉദ്ധരിക്കുന്നില്ല. ഒരു വീട്ടില്‍ചെല്ലുമ്പോള്‍ അവിടെ ആരെയും കാണാത്തപക്ഷം സ്വന്തം ദേഹത്തിനു തന്നെ, السلام علينا (നമുക്ക് സമാധാനശാന്തി ഉണ്ടാവട്ടെ) എന്നു് സലാം പറയേണ്ടതാണെന്ന് മുജാഹിദ് (رحمه الله), ഖത്താദഃ (رحمه الله) മുതലായവരില്‍ നിന്ന് പ്രമാണിക്കപ്പെട്ടിരിക്കുന്നു. ഇങ്ങിനെയുള്ള ഇസ്‌ലാമിക മര്യാദകള്‍ മുസ്‌ലിംകള്‍ക്കിടയില്‍ ഇന്നു് മിക്കതും വിസ്മരിക്കപ്പെട്ടിരിക്കുകയാണ്! വാസ്തവത്തില്‍ അതിന്റെ അനന്തരഫലം സമുദായം ഇന്നു് അനുഭവിക്കുന്നുമുണ്ട്.
സലാമിന്റെ പ്രാധാന്യം എത്രമാത്രമാണെന്ന് മനസ്സിലാക്കുവാന്‍ അല്ലാഹു അതിന് കൊടുത്തിരിക്കുന്ന നാമവിശേഷണം മാത്രം ആലോചിച്ചാല്‍ മതിയാകും: تَحِيَّةً مِّنْ عِندِ اللَّـهِ مُبَارَكَةً طَيِّبَةً ഹാ! എത്ര മഹത്തായ ഒന്നായിട്ടാണ് അല്ലാഹു അതിനെ വര്‍ണ്ണിച്ചത്?! അല്ലാഹുവിങ്കല്‍ നിന്നുള്ള ഉപചാര വാക്കാണത്. അവന്റെ വക കാഴ്ചയാണതു് (تَحِيَّةً مِّنْ عِندِ اللَّـهِ). അനുഗ്രഹീതമാണ്, അഭിവൃദ്ധിയുള്ളതാണ്, ആശീര്‍വ്വദിക്കപ്പെട്ടതാണ് (مُبَارَكَةً). പരിപാവനമാണ്, പരിശുദ്ധമാണ്, നല്ലതാണ്, ഹൃദയശുദ്ധിയോടുകൂടിയതാണ് (طَيِّبَةً). എനി സലാമിന്റെ അര്‍ത്ഥമാണെങ്കിലോ? ‘നിങ്ങള്‍ക്കു സമാധാന ശാന്തി ഉണ്ടാകട്ടെ’ എന്ന പ്രാര്‍ത്ഥനയുമാണത്. സലാം മടക്കുന്നവന്‍ ‘നിങ്ങള്‍ക്കും സമാധാനശാന്തി ഉണ്ടാവട്ടെ’ എന്ന പ്രത്യുത്തരം പറയുകയും ചെയ്യുന്നു. ഇതിലപ്പുറം എന്തൊരു ഉപചാരവചനമാണ് മനുഷ്യര്‍ തമ്മില്‍ പറയുവാനുള്ളത്?! നബി (صلّى الله عليه وسلّم) ഇപ്രകാരം അരുളിച്ചെയ്തിരിക്കുന്നു:-
لا تَدْخُلُوا الْجَنَّةَ حَتَّى تُؤْمِنُوا ، وَلا تُؤْمِنُوا حَتَّى تَحَابُّوا ، أَوَلا أَدُلُّكُمْ عَلَى شَيْءٍ إِذَا فَعَلْتُمُوهُ تَحَابَبْتُمْ ؟ أَفْشُوا السَّلامَ بَيْنَكُمْ : مسلم
നിങ്ങള്‍ വിശ്വസിക്കുന്നതുവരെ സ്വര്‍ഗ്ഗത്തില്‍ നിങ്ങള്‍ പ്രവേശിക്കുന്നതല്ല. നിങ്ങള്‍ അന്യോന്യം സ്നേഹിക്കുന്നതുവരെ നിങ്ങള്‍ക്കു് വിശ്വാസമുണ്ടാകുകയുമില്ല. നിങ്ങള്‍ക്ക് ഞാന്‍ ഒരു കാര്യം അറിയിച്ചു തരട്ടെയോ? അത് നിങ്ങള്‍ ചെയ്‌താല്‍ നിങ്ങള്‍ക്കു് അന്യോന്യം സ്നേഹമുണ്ടാകും. അതായത്: നിങ്ങള്‍ നിങ്ങള്‍ക്കിടയില്‍ സലാം പ്രചാരപ്പെടുത്തുവിന്‍! (മുസ്‌ലിം).
ഇങ്ങിനെയുള്ള ഇസ്‌ലാമിക മര്യാദകളും ആചാരോപചാരങ്ങളും ഇത്ര വിസ്തരിച്ചു വെളിവാക്കുവാനുള്ള കാരണം 58-ഉം, 59-ഉം ആയത്തുകളില്‍ പ്രസ്താവിച്ചിരിക്കുന്നു. ഇവിടെ വീണ്ടും അല്ലാഹു ആവര്‍ത്തിച്ചു പറയുന്നത് നോക്കുക: كَذَٰلِكَ يُبَيِّنُ اللَّـهُ لَكُمُ الْآيَاتِ لَعَلَّكُمْ تَعْقِلُونَ ‘അതെ, നിങ്ങള്‍ മനസ്സിരുത്തുവാന്‍വേണ്ടിയാണ് അല്ലാഹു ലക്ഷ്യങ്ങളെ ഇപ്രകാരം വിവരിച്ചു തരുന്നത്.’
വിഭാഗം - 9
- إِنَّمَا ٱلْمُؤْمِنُونَ ٱلَّذِينَ ءَامَنُوا۟ بِٱللَّهِ وَرَسُولِهِۦ وَإِذَا كَانُوا۟ مَعَهُۥ عَلَىٰٓ أَمْرٍ جَامِعٍ لَّمْ يَذْهَبُوا۟ حَتَّىٰ يَسْتَـْٔذِنُوهُ ۚ إِنَّ ٱلَّذِينَ يَسْتَـْٔذِنُونَكَ أُو۟لَٰٓئِكَ ٱلَّذِينَ يُؤْمِنُونَ بِٱللَّهِ وَرَسُولِهِۦ ۚ فَإِذَا ٱسْتَـْٔذَنُوكَ لِبَعْضِ شَأْنِهِمْ فَأْذَن لِّمَن شِئْتَ مِنْهُمْ وَٱسْتَغْفِرْ لَهُمُ ٱللَّهَ ۚ إِنَّ ٱللَّهَ غَفُورٌ رَّحِيمٌ ﴾٦٢﴿
- നിശ്ചയമായും അല്ലാഹുവിലും അവന്റെ റസൂലിലും വിശ്വസിച്ചവര്‍ മാത്രമാണ് സത്യവിശ്വാസികള്‍ അവര്‍ അദ്ദേഹത്തിന്റെ (റസൂലിന്റെ) കൂടെ പൊതുവായ ഒരു കാര്യത്തില്‍ ഏര്‍പ്പെട്ടുകൊണ്ടിരുന്നാല്‍, അദ്ദേഹത്തോട് സമ്മതം ചോദിക്കാതെ (വിട്ട്) പോകുന്നതല്ല. (നബിയേ!) നിശ്ചയമായും, യാതൊരു കൂട്ടര്‍ നിന്നോട് സമ്മതം ചോദിക്കുന്നുവോ അക്കൂട്ടര്‍ തന്നെയാണ് അല്ലാഹുവിലും, അവന്റെ റസൂലിലും വിശ്വസിക്കുന്നവര്‍. അതിനാല്‍,അവര്‍ തങ്ങളുടെ ചില കാര്യങ്ങള്‍ക്കുവേണ്ടി (വിട്ട് പോകുവാന്‍) നിന്നോട് സമ്മതം ചോദിക്കുന്നതായാല്‍, അവരില്‍നിന്ന് നീ ഉദ്ദേശിച്ചവര്‍ക്ക് സമ്മതം കൊടുത്തു കൊള്ളുക; അവര്‍ക്കുവേണ്ടി അല്ലാഹുവിനോട് പാപമോചനം തേടുകയും ചെയ്യുക. നിശ്ചയമായും, അല്ലാഹു പൊറുക്കുന്നവനും കരുണാനിധിയും ആകുന്നു.
- إِنَّمَا الْمُؤْمِنُونَ നിശ്ചയമായും സത്യവിശ്വാസികള്‍ الَّذِينَ آمَنُوا വിശ്വസിച്ചവര്‍ (മാത്രമാണ്) بِاللَّـهِ അല്ലാഹുവില്‍ وَرَسُولِهِ അവന്റെ റസൂലിലും, ദൂതനിലും وَإِذَا كَانُوا അവര്‍ ആയിരുന്നാല്‍ مَعَهُ അദ്ദേഹത്തിന്റെ കൂടെ عَلَىٰ أَمْرٍ ഒരു കാര്യത്തില്‍ جَامِعٍ പൊതുവായ لَّمْ يَذْهَبُوا അവര്‍ പോകയില്ല حَتَّىٰ يَسْتَأْذِنُوهُ അദ്ദേഹത്തോടു സമ്മതം ചോദിക്കുന്നതുവരെ (ചോദിക്കാതെ) إِنَّ الَّذِينَ നിശ്ചയമായും യാതൊരുകൂട്ടര്‍ يَسْتَأْذِنُونَكَ അവര്‍ നിന്നോടു സമ്മതം ചോദിക്കും أُولَـٰئِكَ അക്കൂട്ടര്‍ തന്നെയാണ് الَّذِينَ يُؤْمِنُونَ വിശ്വസിക്കുന്നവര്‍ بِاللَّـهِ അല്ലാഹുവില്‍ وَرَسُولِهِ അവന്റെ റസൂലിലും فَإِذَا اسْتَأْذَنُوكَ ആകയാല്‍ അവര്‍ നിന്നോടു സമ്മതം ചോദിച്ചാല്‍ لِبَعْضِ شَأْنِهِمْ അവരുടെ ചില കാര്യത്തിനുവേണ്ടി فَأْذَن അപ്പോള്‍ സമ്മതം കൊടുക്കുക لِّمَن شِئْتَ നീ ഉദ്ദേശിച്ചവര്‍ക്കു مِنْهُمْ അവരില്‍നിന്നു وَاسْتَغْفِرْ നീ പാപമോചനം (പൊറുതി) തേടുകയും ചെയ്യുക لَهُمُ അവര്‍ക്കു اللَّـهَ അല്ലാഹുവിനോടു إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു غَفُورٌ പൊറുക്കുന്നവനാണ് رَّحِيمٌ കരുണാനിധിയുമാണ്
വീട്ടിലെ അംഗങ്ങള്‍, കുടുംബങ്ങള്‍, സ്നേഹജനങ്ങള്‍ എന്നീ നിലക്ക് തമ്മതമ്മില്‍ ആചരിക്കേണ്ടുന്ന പല മര്യാദകളും നിയമനിര്‍ദ്ദേശങ്ങളും വിവരിച്ചശേഷം, സംഘങ്ങളും, സംഘടനകളും അനുഷ്ഠിക്കേണ്ടുന്ന ചില ബാധ്യതകളെ ഈ വചനത്തില്‍ അല്ലാഹു അറിയിക്കുന്നു.
ഖുറൈശികളും, അറബികളായ മറ്റു പല കക്ഷികളും കൂടി ഒത്തൊരുമിച്ച് മുസ്ലിംകളുമായി നടത്തിയ ശ്രുതിപ്പെട്ട ‘അഹ്സാബ്’ (الاحزاب) യുദ്ധത്തില്‍, മദീനാപരിസരങ്ങളില്‍ മുസ്ലിംകള്‍ വമ്പിച്ച ഒരു കിടങ്ങ് (الخندق) കുഴിച്ചിരുന്നുവല്ലോ. ഈ ജോലി നടന്നുകൊണ്ടിരിക്കുമ്പോള്‍, കപടവിശ്വാസികളായ പലരും തക്കം നോക്കി ഉപായത്തില്‍ അതില്‍നിന്ന് ഒഴിഞ്ഞുമാറുകയും, കഴിച്ചലായിപ്പോകുകയും ചെയ്തിരുന്നു. സത്യവിശ്വാസികളാകട്ടെ, അനിവാര്യമായ ആവശ്യം നേരിടുമ്പോള്‍ നബി (صلّى الله عليه وسلّم)യോട് അനുവാദം വാങ്ങിക്കൊണ്ടു മാത്രം സ്ഥലംവിട്ട് പോകുകയും, ആവശ്യം തീര്‍ന്ന ഉടനെ തിരിച്ചുവരികയും ചെയ്തിരുന്നു. ഈ യുദ്ധത്തില്‍ കപടവിശ്വാസികള്‍ മൂലം വേറെയും ചില ശല്യങ്ങള്‍ മുസ്‌ലിംകള്‍ക്ക് ഉണ്ടായിട്ടുണ്ട്. പ്രസ്തുത സംഭവമാണ് ഈ ആയത്തും, അടുത്ത ആയത്തും അവതരിക്കുവാന്‍ ഹേതുവെന്ന് പറയപ്പെടുന്നു. الله أعلم
അവതരണഹേതു ഏതായിരുന്നാലും ശരി, ഒരു സംഘവും അതിന്റെ നേതാവും തമ്മിലുള്ള ബന്ധത്തെയും, ആ നേതാവിനെ അനുസരിച്ചുകൊണ്ട് അദ്ദേഹത്തിന്റെ പ്രവര്‍ത്തന പരിപാടികളില്‍ അച്ചടക്കത്തോടെ സഹകരിക്കുന്നതിന്റെ പ്രാധാന്യത്തെയുമാണ് ഇത് ചൂണ്ടിക്കാട്ടുന്നത്. നബി (صلّى الله عليه وسلّم) തിരുമേനിയുടെ സാന്നിദ്ധ്യത്തിലും, അവിടുത്തെ നേതൃത്വത്തിലും നടന്നുകൊണ്ടിരിക്കുന്ന ഒരു സംരംഭത്തില്‍ നിന്ന് ഒഴിഞ്ഞുമാറി കഴിച്ചലാകുകയെന്നത് നിശ്ചയമായും ഒരു സത്യവിശ്വാസിയില്‍ നിന്ന് ഉണ്ടാകുവാന്‍ നിവൃത്തിയില്ല. അത് കപടവിശ്വാസത്തിന്റെ വ്യക്തമായ ലക്ഷണമാണ്, നേരെമറിച്ച് അതില്‍ അച്ചടക്കവും അനുസരണവും പാലിക്കുന്നത് സത്യവിശ്വാസത്തിന്റെ ലക്ഷണവുമാണ് എന്ന് അല്ലാഹു പ്രസ്താവിക്കുന്നു. നബി (صلّى الله عليه وسلّم) യുടെ മുമ്പില്‍ സത്യവിശ്വാസികള്‍ എത്രമാത്രം ബഹുമാനത്തോടും, അച്ചടക്കത്തോടും വര്‍ത്തിക്കേണ്ടതുണ്ടെന്ന് അടുത്ത ആയത്തില്‍നിന്ന് കൂടുതല്‍ മനസ്സിലാക്കാം.
‘അവര്‍ തങ്ങളുടെ ചില കാര്യങ്ങള്‍ക്കുവേണ്ടി സമ്മതം ചോദിച്ചാല്‍ നീ ഉദ്ദേശിക്കുന്നവര്‍ക്ക് സമ്മതം കൊടുത്തു കൊള്ളുക’ എന്നു പറഞ്ഞത് സാരഗര്‍ഭമാകുന്നു. സമ്മതം ചോദിക്കുന്നവര്‍ ഉന്നയിക്കുന്ന കാരണങ്ങള്‍ ന്യായീകരിക്കാവുന്നതാണോ, അവര്‍ സമ്മതിക്ക് അര്‍ഹരാണോ, സന്ദര്‍ഭം അതിന് യോജിച്ചതാണോ എന്നൊക്കെ ആലോചിച്ച് യുക്തംപോലെ ചെയ്യാമെന്നല്ലാതെ, ചോദിക്കുന്നവര്‍ക്കെല്ലാം സമ്മതം കൊടുക്കേണ്ടതില്ല എന്നു സാരം. ആയത്തിന്റെ ആദ്യഭാഗം നേതാവിനോടുള്ള കടമയും, രണ്ടാമത്തെ ഭാഗം നേതാവിന്റെ അധികാരാവകാശത്തെയും കുറിക്കുന്നു. അത്യാവശ്യകാര്യങ്ങള്‍ക്കുപോലും – അതും തിരുമേനി (صلّى الله عليه وسلّم) യുടെ സമ്മതപ്രകാരം – കൂട്ടായി നടത്തപ്പെടുന്ന പ്രവര്‍ത്തനങ്ങളില്‍ നിന്ന് ഇടക്കുവെച്ച് ഒഴിവായിപ്പോകുന്നവര്‍ക്കു വേണ്ടി പാപമോചനം തേടണമെന്ന് അല്ലാഹു തുടര്‍ന്നു പറയുന്നു. പൊതുവായ അടിയന്തരഘട്ടങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറുന്നതിന്റെ ഗൗരവം എത്രമാത്രമുണ്ടെന്ന് ഇതില്‍ നിന്നൊക്കെ ഊഹിക്കാവുന്നതാണ്.
أَمْرٍ جَامِعٍ (പൊതുവായ കാര്യം) എന്നതിന് ഉദാഹരണമായി മുന്‍ഗാമികളായ പണ്ഡിതന്‍മാരില്‍ ചിലര്‍, യുദ്ധകാര്യങ്ങളെയും, വേറെ ചിലര്‍, ജുമുഅഃ, പെരുന്നാള്‍, ജമാഅത്ത് നമസ്കാരങ്ങള്‍ മുതലായവയെയും, എടുത്തു കാണിച്ചിട്ടുള്ളത് സ്മരണീയമാകുന്നു. പ്രസംഗം (الخطبة) നടക്കുന്ന എല്ലാ നമസ്ക്കാരയോഗങ്ങളും ഇതില്‍ ഉള്‍പ്പെടുമെന്ന് ള്വഹ്-ഹാക്കും (الضحاك- رحمه الله) ഇബ്നുസൈദു (رحمه الله) മുതലായവരും പറയുന്നു. ഇന്ന് നാം പല സ്ഥലങ്ങിലും വെച്ച് ആളുകളെ വിളിച്ചുകൂട്ടി നടത്താറുള്ള സദുപദേശങ്ങള്‍, കൂടിയാലോചനകള്‍, പ്രസ്താവനകള്‍ മുതലായവ ആദ്യകാലങ്ങളില്‍ പള്ളികളില്‍വെച്ചും, നമസ്കാരാനന്തരവുമായിരുന്നു മിക്കവാറും നിര്‍വ്വഹിക്കപ്പെട്ടിരുന്നത്. പള്ളികളും പൊതുജനങ്ങളുമായുള്ള ബന്ധം ഇന്ന് നാമമാത്രമായിരിക്കകൊണ്ട് നമുക്ക് അതിന് അങ്ങാടികളും പീടികകളും മറ്റും ആശ്രയിക്കേണ്ടി വന്നിരിക്കുകയാണ്. അത്തരം കാര്യങ്ങള്‍ നബി (صلّى الله عليه وسلّم) തിരുമേനിയുടെ നേതൃത്വത്തില്‍ നടക്കുമ്പോള്‍, അവിടുത്തോട് സമ്മതം വാങ്ങാതെ സ്ഥലം വിടുന്നതിനെപ്പറ്റിയാണ് ആയത്തില്‍ പ്രതിപാദിച്ചത്. എങ്കിലും, മുസ്ലിംകള്‍, അവരുടെ നേതാക്കളോട് ആചരിക്കേണ്ടുന്ന പൊതുമര്യാദയാണ് ഇതെന്ന് – ഹസന്‍ (റ) മുതലായ പലരും പറഞ്ഞതായി നിവേദനം ചെയ്യപ്പെട്ടിട്ടുള്ളതുപോലെ – നാം ഓര്‍ക്കേണ്ടിയിരിക്കുന്നു. യോഗങ്ങളുടെയും, സദസ്സുകളുടെയും നേതൃസ്ഥാനത്തുള്ള ആളുകളുമായി സദസ്യര്‍ക്ക് യാതൊരു ബന്ധവും കടപ്പാടും ഇല്ലാത്ത ഒരു നിലയാണ് ഇന്ന് പൊതുവിലുള്ളത്. ഇസ്‌ലാമിക വീക്ഷണത്തില്‍ ഇത് ശരിയല്ലെന്ന് ഈ ആയത്തില്‍ നിന്ന് ഗ്രഹിക്കാവുന്നതാണ്.
- لَّا تَجْعَلُوا۟ دُعَآءَ ٱلرَّسُولِ بَيْنَكُمْ كَدُعَآءِ بَعْضِكُم بَعْضًا ۚ قَدْ يَعْلَمُ ٱللَّهُ ٱلَّذِينَ يَتَسَلَّلُونَ مِنكُمْ لِوَاذًا ۚ فَلْيَحْذَرِ ٱلَّذِينَ يُخَالِفُونَ عَنْ أَمْرِهِۦٓ أَن تُصِيبَهُمْ فِتْنَةٌ أَوْ يُصِيبَهُمْ عَذَابٌ أَلِيمٌ ﴾٦٣﴿
- നിങ്ങള്‍ക്കിടയില്‍വെച്ച് റസൂലിനെ വിളിക്കുന്നത്, നിങ്ങളില്‍ ചിലര്‍ ചിലരെ വിളിക്കുന്ന പ്രകാരമാക്കരുത്. നിങ്ങളില്‍നിന്നു് ഒളിഞ്ഞുകൊണ്ട് ചോര്‍ന്നു് (കഴിച്ചലായി) പോകുന്നവരെ തീര്‍ച്ചയായും അല്ലാഹു അറിയുന്നതാണ്. ആകയാല്‍, അദ്ദേഹത്തിന്റെ കല്‍പനക്ക് എതിരു പ്രവര്‍ത്തിക്കുന്നവര്‍ അവര്‍ക്ക് വല്ല പരീക്ഷണവും [ആപത്തും] ബാധിക്കുകയോ, അല്ലെങ്കില്‍ വേദനയേറിയ ശിക്ഷ ബാധിക്കുകയോ ചെയ്യുന്നത് കരുതി (സൂക്ഷിച്ചു) കൊള്ളട്ടെ!
- لَّا تَجْعَلُوا നിങ്ങള്‍ ആക്കരുതു دُعَاءَ الرَّسُولِ റസൂലിനെ വിളിക്കുന്നതു بَيْنَكُمْ നിങ്ങള്‍ക്കിടയില്‍വെച്ചു كَدُعَاءِ വിളിക്കുന്ന പ്രകാരം, വിളിപോലെ بَعْضِكُم നിങ്ങളില്‍ ചിലര്‍, നിങ്ങളില്‍ ചിലരുടെ بَعْضًا ചിലരെ قَدْ يَعْلَمُ اللَّـهُ തീര്‍ച്ചയായും അല്ലാഹു അറിയുന്നതാണ് الَّذِينَ يَتَسَلَّلُونَ ചോര്‍ന്നുപോകുന്നവരെ, ഊരിക്കഴിഞ്ഞുപോകുന്നവരെ مِنكُمْ നിങ്ങളില്‍നിന്നു لِوَاذًا ഒളിഞ്ഞുകൊണ്ടു, മറഞ്ഞുകൊണ്ടു فَلْيَحْذَرِ അതുകൊണ്ടുകരുതിക്കൊള്ളട്ടെ, കാത്തുകൊള്ളട്ടെ, ജാഗ്രതയായിരിക്കട്ടെ الَّذِينَ يُخَالِفُونَ എതിരു പ്രവര്‍ത്തിക്കുന്നവര്‍ عَنْ أَمْرِهِ അദ്ദേഹത്തിന്റെ കല്‍പനക്കും أَن تُصِيبَهُمْ അവര്‍ക്കു ബാധിക്കുന്നതു فِتْنَةٌ വല്ല പരീക്ഷണവും, ആപത്തും, കുഴപ്പവും أَوْ يُصِيبَهُمْ അല്ലെങ്കില്‍ അവര്‍ക്കു ബാധിക്കുന്നതു عَذَابٌ വല്ല ശിക്ഷയും أَلِيمٌ വേദനയേറിയ
സാധാരണമായി ജനങ്ങള്‍ പരസ്പരം പേരും മറ്റും വിളിച്ച് സംബോധന ചെയ്യുന്നതുപോലെ നബി (صلّى الله عليه وسلّم) തിരുമേനിയെ വിളിക്കുവാന്‍ പാടില്ലെന്നും, ‘നബിയേ, റസൂലേ’ (പ്രവാചകരേ, ദൈവദൂതരേ) എന്നിങ്ങിനെ ആദരപൂര്‍വ്വം മാത്രമേ തിരുമേനി (صلّى الله عليه وسلّم) യെ സംബോധന ചെയ്യാവൂ എന്നുമാണ് അല്ലാഹു കല്‍പിക്കുന്നത്. നബി (صلّى الله عليه وسلّم) തിരുമേനിയോട് വാക്കിലും പെരുമാറ്റത്തിലുമെല്ലാം തന്നെ എത്രമേല്‍ മര്യാദയോടെ വര്‍ത്തിക്കണമെന്ന് മനസ്സിലാക്കുവാന്‍ ഈ ഒരേ ഒരു ഖുര്‍ആന്‍ വാക്യം മതിയാകും. വിശുദ്ധ ഖുര്‍ആനില്‍പോലും തിരുമേനി (صلّى الله عليه وسلّم) യെ ‘മുഹമ്മദേ’ എന്നോ ‘മനുഷ്യാ’ എന്നോ അല്ലാഹു വിളിച്ചിട്ടില്ല. മാത്രമല്ല – ‘നബിയേ, റസൂലേ, പുതപ്പിട്ടിരിക്കുന്ന ആളേ’ (يَا أَيُّهَا النَّبِيُّ – يَا أَيُّهَا الرَّسُولُ – يَا أَيُّهَا الْمُدَّثِّرُ) എന്നും മറ്റുമാണ് വിളിച്ചിട്ടുള്ളത്. ഈ ആയത്തുംതന്നെ, നബി (صلّى الله عليه وسلّم) യെ സംബന്ധിച്ചാണ് പ്രതിപാദിക്കുന്നതെങ്കിലും, മഹാന്‍മാരായ ആളുകളോടുള്ള സംസാരത്തിലും, സംബോധനകളിലുമെല്ലാം ചില മര്യാദകള്‍ പാലിക്കേണ്ടതുണ്ടെന്ന വസ്തുതയും ഈ വചനത്തിന്റെ വെളിച്ചത്തില്‍ നമുക്ക് ഗ്രഹിക്കുവാന്‍ സാധിക്കുന്നതാണ്.
دُعَاء (ദുആ) എന്ന വാക്കിന് ഇവിടെ പ്രാര്‍ത്ഥന എന്നും ചിലര്‍ അര്‍ത്ഥം കല്പിച്ചിട്ടുണ്ട്. അപ്പോള്‍ ആയത്തിന്റെ സാരം, റസൂലിന്റെ പ്രാര്‍ത്ഥന നിങ്ങള്‍ തമ്മതമ്മില്‍ (ഗുണമായോ ദോഷമായോ) ചെയ്യുന്ന പ്രാര്‍ത്ഥനപോലെ കണക്കാക്കരുത് എന്നായിരിക്കും. അതായത്: നബി (صلّى الله عليه وسلّم) യുടെ പ്രാര്‍ത്ഥന അല്ലാഹുവിങ്കല്‍ പ്രത്യേകം സ്വീകാര്യമായിരിക്കുന്നതാകകൊണ്ട് അദ്ദേഹത്തില്‍നിന്നും നിങ്ങള്‍ക്ക് ഗുണത്തിനുവേണ്ടിയുള്ള പ്രാര്‍ത്ഥന ലഭിക്കുവാന്‍തക്ക സാഹചര്യങ്ങള്‍ നിങ്ങള്‍ ഉണ്ടാക്കണം, നിങ്ങളുടെ ഗുണത്തിലല്ലാതെ കലാശിക്കത്തക്ക പ്രാര്‍ത്ഥന അദ്ദേഹത്തില്‍ നിന്നുണ്ടാകുവാന്‍ ഇടവരുത്തരുത് എന്നൊക്കെ മുസ്ലിംകളെ ഉണര്‍ത്തുകയായിരിക്കും ആ അര്‍ത്ഥപ്രകാരം ആയത്തിന്റെ താല്‍പര്യം.
തുടര്‍ന്നുകൊണ്ട് – കഴിഞ്ഞ ആയത്തില്‍ ചൂണ്ടിക്കാട്ടിയതുപോലെ – പൊതുകാര്യങ്ങളില്‍നിന്ന് നബി (صلّى الله عليه وسلّم) യുടെ സമ്മതം കൂടാതെ ഉപായത്തിലും, തന്ത്രത്തിലും ചോര്‍ന്നുപോകുന്നവരെ അല്ലാഹു ശക്തിയായി താക്കീതു ചെയ്യുന്നു. അവരെപ്പറ്റി അല്ലാഹു ശരിക്കു അറിയുമെന്ന് പറഞ്ഞതിനു പുറമെ, അവര്‍ കാത്തുകൊള്ളട്ടെ – ഒന്നുകില്‍ വല്ല പരീക്ഷണം, അല്ലെങ്കില്‍ വേദനയേറിയ ശിക്ഷ – എന്ന് കനത്ത ഒരു താക്കീതും! അല്ലാഹു നമ്മെ കാത്തുരക്ഷിക്കട്ടെ. آمين
ഏതെങ്കിലും ഒന്നിന്റെ മറപിടിച്ച് രക്ഷപ്പെടുവാന്‍ ശ്രമികുന്നതിനാണ് لِوَاذًا എന്ന് സാധാരണ ഉപയോഗിക്കപ്പെടുന്നത്. വല്ല ഉപായവും തക്കിടിയും പറഞ്ഞു, ഒഴിഞ്ഞു മാറുക എന്നതാണ് ഇവിടെ ഉദ്ദേശ്യം. എല്ലാ നല്ല പൊതുകാര്യങ്ങളില്‍നിന്നും, പ്രധാനപ്പെട്ട രംഗങ്ങളില്‍നിന്നും, എന്തെങ്കിലും കാരണങ്ങളുടെ പേരില്‍ ഒഴിഞ്ഞു മാറുന്നവരും ഈ താക്കീതു ഗൗനിക്കേണ്ടതാകുന്നു. നബി (صلّى الله عليه وسلّم) തിരുമേനിയുടെ കാലക്കാര്‍ക്ക് മാത്രമല്ല ഈ ആയത്തു ബാധകമാകുന്നത്. അവിടുത്തെ കാലശേഷം, അവിടുത്തെ കല്പനക്കും, ചര്യക്കും എതിരു പ്രവര്‍ത്തിക്കുകയും, അതു ന്യായീകരിക്കുവാന്‍വേണ്ടി എന്തെങ്കിലും ദുര്‍ന്യായങ്ങളും, യുക്തിവാദങ്ങളും പറഞ്ഞൊപ്പിക്കുകയും ചെയ്യുന്ന ആളുകളും ഈ താക്കീതു സഗൗരവം ഗൗനിക്കേണ്ടിയിരിക്കുന്നു. ‘പരീക്ഷണം’ (فِتْنَةٌ) മിക്കവാറും ഇഹത്തില്‍ വെച്ചും ‘വേദനയേറിയ ശിക്ഷ’ (عَذَابٌ أَلِيمٌ) മിക്കവാറും പരത്തില്‍വെച്ചും സംഭവിക്കുന്നതായിരിക്കുമെന്നാണ് വിചാരിക്കേണ്ടത്. الله أعلم. ഈ അദ്ധ്യായത്തെ അല്ലാഹു ഇപ്രകാരം അവസാനിപ്പിക്കുന്നു:-
- أَلَآ إِنَّ لِلَّهِ مَا فِى ٱلسَّمَٰوَٰتِ وَٱلْأَرْضِ ۖ قَدْ يَعْلَمُ مَآ أَنتُمْ عَلَيْهِ وَيَوْمَ يُرْجَعُونَ إِلَيْهِ فَيُنَبِّئُهُم بِمَا عَمِلُوا۟ ۗ وَٱللَّهُ بِكُلِّ شَىْءٍ عَلِيمٌۢ ﴾٦٤﴿
- അല്ലാ ! (അറിയുക) നിശ്ചയമായും, ആകാശങ്ങളിലും, ഭൂമിയിലും ഉള്ളത് (മുഴുവനും) അല്ലാഹുവിന്റേതാകുന്നു. നിങ്ങള്‍ ഏതൊരു നിലയിലാണുള്ളതെന്നും, അവര്‍ [കപടവിശ്വാസികളായുള്ളവര്‍] അവന്റെ അടുക്കലേക്ക് മടക്കപ്പെടുന്ന ദിവസവും അവന്‍ തീര്‍ച്ചയായും അറിയുന്നു; അപ്പോള്‍ അവര്‍ പ്രവര്‍ത്തിച്ചതിനെപ്പറ്റി അവന്‍ അവരെ ബോധാപ്പെടുത്തുന്നതാകുന്നു. അല്ലാഹു എല്ലാ കാര്യത്തെപ്പറ്റിയും അറിയുന്നവനാണ്.
- أَلَا അല്ലാ, അറിയുക إِنَّ لِلَّـهِ നിശ്ചയമായും അല്ലാഹുവിന്റേതാണു, അല്ലാഹുവിനാണു مَا യാതൊന്നു فِي السَّمَاوَاتِ ആകാശത്തിലുള്ള وَالْأَرْضِ ഭൂമിയിലും قَدْ يَعْلَمُ തീര്‍ച്ചയായും അവന്‍ അറിയും مَا യാതൊന്നിനെ أَنتُمْ നിങ്ങള്‍ عَلَيْهِ അതിലാണു (അങ്ങിനെയുള്ള) وَيَوْمَ يُرْجَعُونَ അവര്‍ മടക്കപ്പെടുന്ന ദിവസം إِلَيْهِ അവങ്കലേക്കു فَيُنَبِّئُهُم അപ്പോള്‍ അവന്‍ അവരെ ബോധപ്പെടുത്തും, അറിയിച്ചുകൊടുക്കും بِمَا عَمِلُوا അവര്‍ പ്രവര്‍ത്തിച്ചതിനെപ്പറ്റി وَاللَّـهُ അല്ലാഹു بِكُلِّ شَيْءٍ എല്ലാ വസ്തുവിനെപ്പറ്റിയും عَلِيمٌ അറിയുന്നവനാണ്
അല്ലാഹുവിന്റെ നിയമനിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ചും, നബി (صلّى الله عليه وسلّم) തിരുമേനിയുടെ ചര്യ അനുസരിച്ചും ജീവിച്ചുവരുന്ന സജ്ജനങ്ങളുടെ കൂട്ടത്തില്‍ അവന്‍ നമ്മളെയെല്ലാം ഉള്‍പ്പെടുത്തട്ടെ! آمين
كان الفراغ من تبيبض تفسير هذه السورة يوم الاحد ٢٩ رمضان المبارك ١٣٨٢ هجرة (٢٤ فبرأير ١٩٦٣ م) كتبه بيده افقر العباد الى الله محمد الاماني بجامع تدكيلم – جعله الله تعالى عملا صالحا برا نافعا – ولله الحمد ٲولا وآخرا وله الفضل والمنة وهو الموقف والمعين وصلى الله على النبي الكريم محمد وآله وصحبه والتائبين لهم باحسان الى بوم الدين