സൂറത്തു-ന്നൂര്‍ : 35-50
വിഭാഗം - 5
- ٱللَّهُ نُورُ ٱلسَّمَـٰوَٰتِ وَٱلْأَرْضِ ۚ مَثَلُ نُورِهِۦ كَمِشْكَوٰةٍ فِيهَا مِصْبَاحٌ ۖ ٱلْمِصْبَاحُ فِى زُجَاجَةٍ ۖ ٱلزُّجَاجَةُ كَأَنَّهَا كَوْكَبٌ دُرِّىٌّ يُوقَدُ مِن شَجَرَةٍ مُّبَـٰرَكَةٍ زَيْتُونَةٍ لَّا شَرْقِيَّةٍ وَلَا غَرْبِيَّةٍ يَكَادُ زَيْتُهَا يُضِىٓءُ وَلَوْ لَمْ تَمْسَسْهُ نَارٌ ۚ نُّورٌ عَلَىٰ نُورٍ ۗ يَهْدِى ٱللَّهُ لِنُورِهِۦ مَن يَشَآءُ ۚ وَيَضْرِبُ ٱللَّهُ ٱلْأَمْثَـٰلَ لِلنَّاسِ ۗ وَٱللَّهُ بِكُلِّ شَىْءٍ عَلِيمٌ ﴾٣٥﴿
- അല്ലാഹു ആകാശങ്ങളുടെയും ഭൂമിയുടെയും പ്രകാശമാകുന്നു. അവന്റെ പ്രകാശത്തിന്റെ ഉപമ (വിളക്കു വെക്കുവാനുള്ള) ഒരു മാടംപോലെയാകുന്നു; അതില്‍ ഒരു വിളക്കുണ്ട്; വിളക്കാകട്ടെ, ഒരു സ്ഫടികത്തിലാകുന്നു; സ്ഫടികമാകട്ടെ, അതൊരു രത്നമയമായ (പ്രശോഭിത) നക്ഷത്രംപോലെയിരിക്കുന്നു! അനുഗ്രഹീതമായ ഒരു വൃക്ഷത്തില്‍ നിന്നു് - പൗരസ്ത്യവുമല്ല, പാശ്ചാത്യവുമല്ലാത്ത ഒലീവുവൃക്ഷത്തില്‍നിന്നു(ള്ള എണ്ണയാല്‍) - അതു കത്തിക്കപ്പെടുന്നു; അതിന്റെ [വൃക്ഷത്തിന്റെ] എണ്ണ - അതിനെ തീ സ്പര്‍ശിച്ചിട്ടില്ലെങ്കില്‍പോലും -(സ്വയം) വെളിച്ചം നല്‍കുമാറാകുന്നതാണ്!-
(അങ്ങിനെ) പ്രകാശത്തിനുമേല്‍ പ്രകാശം! അല്ലാഹു, അവന്‍ ഉദ്ദേശിക്കുന്നവരെ അവന്റെ പ്രകാശത്തിലേക്കു മാര്‍ഗ്ഗദര്‍ശനം ചെയ്യുന്നു. അല്ലാഹു ജനങ്ങള്‍ക്കു ഉപമകളെ വിവരിച്ചുകൊടുക്കുകയും ചെയ്യുന്നു. അല്ലാഹു എല്ലാ കാര്യങ്ങളെക്കുറിച്ചും അറിയുന്നവനുമാണ്. - اللَّـهُ അല്ലാഹു نُورُ السَّمَاوَاتِ ആകാശങ്ങളുടെ പ്രകാശമാകുന്നു وَالْأَرْضِ ഭൂമിയുടെയും مَثَلُ نُورِهِ അവന്റെ പ്രകാശത്തിന്റെ ഉപമ كَمِشْكَاةٍ ഒരു മാടം (ചുമര്‍ പൊത്തു) പോലെയാണ് فِيهَا അതിലുണ്ടു مِصْبَاحٌ ഒരു വിളക്കു الْمِصْبَاحُ വിളക്കു فِي زُجَاجَةٍ ഒരു സ്ഫടികത്തിലാണ്, പളുങ്കിലാണ് الزُّجَاجَةُ പളുങ്കു كَأَنَّهَا كَوْكَبٌ അതു ഒരു നക്ഷത്രംപോലെയിരിക്കുന്നു دُرِّيٌّ രത്നമയമായ, രത്നം പോലെയുള്ള, മുത്തുമയമായ يُوقَدُ അതു കത്തിക്കപ്പെടുന്നു مِن شَجَرَةٍ ഒരു മരത്തില്‍നിന്നു, ഒരു വൃക്ഷത്താല്‍ مُّبَارَكَةٍ അനുഗ്രഹീതമായ زَيْتُونَةٍ അതായതു ഒരു സൈത്തൂന്‍ (ഒലീവു) മരത്തില്‍നിന്നു لَّا شَرْقِيَّةٍ പൗരസ്ത്യമല്ലാത്ത, കിഴക്കുള്ളതല്ലാത്ത وَلَا غَرْبِيَّةٍ പാശ്ചാത്യവുമല്ലാത്ത, പടിഞ്ഞാറുള്ളതുമല്ലാത്ത يَكَادُ ആകുമാറാകും زَيْتُهَا അതിന്റെ എണ്ണ يُضِيءُ വെളിച്ചം നല്‍കും, ശോഭിക്കു(മാറാകും) وَلَوْ لَمْ تَمْسَسْهُ അതിനെ സ്പര്‍ശിച്ചിട്ടില്ലെങ്കിലും نَارٌ തീ, അഗ്നി نُّورٌ പ്രകാശം عَلَىٰ نُورٍ പ്രകാശത്തിനുമേല്‍, പ്രകാശത്തില്‍ കൂടി يَهْدِي اللَّـهُ അല്ലാഹു മാര്‍ഗ്ഗദര്‍ശനം നല്‍കുന്നു لِنُورِهِ അവന്റെ പ്രകാശത്തിലേക്കു مَن يَشَاءُ അവന്‍ ഉദ്ദേശിക്കുന്നവരെ وَيَضْرِبُ اللَّـهُ അല്ലാഹു വിവരിച്ചുകൊടുക്കയും ചെയ്യുന്നു الْأَمْثَالَ ഉപമകളെ, ഉദാഹരണങ്ങളെ لِلنَّاسِ ജനങ്ങള്‍ക്കു, മനുഷ്യര്‍ക്കു وَاللَّـهُ അല്ലാഹു بِكُلِّ شَيْءٍ എല്ലാ കാര്യത്തെക്കുറിച്ചും عَلِيمٌ അറിയുന്നവനാണ്
- فِى بُيُوتٍ أَذِنَ ٱللَّهُ أَن تُرْفَعَ وَيُذْكَرَ فِيهَا ٱسْمُهُۥ يُسَبِّحُ لَهُۥ فِيهَا بِٱلْغُدُوِّ وَٱلْـَٔاصَالِ ﴾٣٦﴿
- ചില വീടുകളിലാകുന്നു, അതു്; അവ ഉയര്‍ത്തപ്പെടുവാനും, അവയില്‍വെച്ച് തന്റെ നാമം സ്മരിക്കപ്പെടുവാനും അല്ലാഹു ഉത്തരവു നല്‍കിയിരിക്കുന്നു (-അങ്ങിനെയുള്ള വീടുകളിലാണ് ആ വിളക്കുള്ളത്) അവയില്‍ വെച്ച് രാവിലെയും, സന്ധ്യാസമയങ്ങളിലും അവന് മഹത്വപ്രകീര്‍ത്തനം [തസ്ബീഹ്] ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു; -
- فِي بُيُوتٍ ചില വീടുകളിലാണ് أَذِنَ اللَّـهُ അല്ലാഹു ഉത്തരവു നല്‍കിയിരിക്കുന്നു أَن تُرْفَعَ അവ ഉയര്‍ത്തപ്പെടുവാന്‍ وَيُذْكَرَ സ്മരിക്കപ്പെടുവാനും, കീര്‍ത്തനം ചെയ്യപ്പെടുവാനും فِيهَا അവയില്‍വെച്ചു اسْمُهُ തന്റെ നാമം يُسَبِّحُ തസ്ബീഹ് (മഹത്വപ്രകീര്‍ത്തനം) ചെയ്യപ്പെടുന്നു لَهُ അവന്നു فِيهَا അവയില്‍വെച്ചു بِالْغُدُوِّ രാവിലെ, കാലത്തു وَالْآصَالِ സന്ധ്യാസമയങ്ങളിലും, വൈകുന്നേരവും
- رِجَالٌ لَّا تُلْهِيهِمْ تِجَـٰرَةٌ وَلَا بَيْعٌ عَن ذِكْرِ ٱللَّهِ وَإِقَامِ ٱلصَّلَوٰةِ وَإِيتَآءِ ٱلزَّكَوٰةِ ۙ يَخَافُونَ يَوْمًا تَتَقَلَّبُ فِيهِ ٱلْقُلُوبُ وَٱلْأَبْصَـٰرُ ﴾٣٧﴿
- ചില ആളുകള്‍; അല്ലാഹുവിന്റെ സ്മരണ, നമസ്കാരം നിലനിറുത്തല്‍, സക്കാത്ത് കൊടുക്കല്‍ എന്നിവയില്‍ നിന്ന് കച്ചവടമാകട്ടെ, വ്യാപാരമാകട്ടെ, അവരെ മിനക്കെടുത്തുകയില്ല! (അങ്ങിനെയുള്ളവരാണ് തസ്ബീഹ് നടത്തുന്നത്;)- ഹൃദയങ്ങളും, ദൃഷ്ടികളും അവതാളത്തിലായിപ്പോകുന്ന ഒരു ദിവസത്തെ [ഖിയാമത്തുനാളിനെ] അവര്‍ ഭയപ്പെട്ടു കൊണ്ടിരിക്കുന്നു-;
- رِجَالٌ ചില പുരുഷന്‍മാര്‍, ആളുകള്‍ لَّا تُلْهِيهِمْ അവരെ മിനക്കെടുത്തുക (ശ്രദ്ധവിടുത്തുക)യില്ല تِجَارَةٌ കച്ചവടം (ആകട്ടെ) وَلَا بَيْعٌ വ്യാപാരവും ഇല്ല, വ്യാപാരമാകട്ടെ (ഇല്ല) عَن ذِكْرِ اللَّـهِ അല്ലാഹുവിന്റെ സ്മരണയില്‍നിന്നു وَإِقَامِ الصَّلَاةِ നമസ്കാരം നിലനിറുത്തുന്നതില്‍നിന്നും وَإِيتَاءِ الزَّكَاةِ സകാത്തു കൊടുക്കുന്നതില്‍ നിന്നും يَخَافُونَ അവര്‍ ഭയപ്പെടുന്നു يَوْمًا ഒരു ദിവസത്തെ تَتَقَلَّبُ അവതാളത്തിലാകുന്നു, മറിഞ്ഞുപോകുന്നു فِيهِ അതില്‍ الْقُلُوبُ ഹൃദയങ്ങള്‍ وَالْأَبْصَارُ ദൃഷ്ടികളും, കണ്ണുകളും
- لِيَجْزِيَهُمُ ٱللَّهُ أَحْسَنَ مَا عَمِلُوا۟ وَيَزِيدَهُم مِّن فَضْلِهِۦ ۗ وَٱللَّهُ يَرْزُقُ مَن يَشَآءُ بِغَيْرِ حِسَابٍ ﴾٣٨﴿
- അവര്‍ പ്രവര്‍ത്തിക്കുന്നതില്‍ നല്ലതിന് അല്ലാഹു അവര്‍ക്കു പ്രതിഫലം നല്‍കുവാനും, അവന്റെ അനുഗ്രഹത്തില്‍നിന്ന് അവര്‍ക്കു വര്‍ദ്ധിപ്പിച്ചു കൊടുക്കുവാനും വേണ്ടിയത്രെ (അവരതു ചെയ്യുന്നത്). അല്ലാഹുവാകട്ടെ, അവന്‍ ഉദ്ദേശിക്കുന്നവര്‍ക്കു അവന്‍ കണക്കില്ലാതെ കൊടുത്തരുളുന്നതാകുന്നു.
- لِيَجْزِيَهُمُ അവര്‍ക്കു പ്രതിഫലം നല്‍കുവാന്‍വേണ്ടി اللَّـهُ അല്ലാഹു أَحْسَنَ വളരെ നല്ലതിന്നു مَا عَمِلُوا അവര്‍ പ്രവര്‍ത്തിക്കുന്നതില്‍ وَيَزِيدَهُم അവര്‍ക്കു അവന്‍ വര്‍ദ്ധിപ്പിക്കുവാനും مِّن فَضْلِهِ അവന്റെ അനുഗ്രഹത്താല്‍, അനുഗ്രഹത്തില്‍നിന്നു وَاللَّـهُ അല്ലാഹു يَرْزُقُ അവന്‍ കൊടുത്തരുളുന്നു مَن يَشَاءُ അവന്‍ ഉദ്ദേശിക്കുന്നവര്‍ക്കു بِغَيْرِ حِسَابٍ കണക്കില്ലാതെ
مِشْكَاة (മാടം) കൊണ്ട് ഉദ്ദേശ്യം ചുവരുകളിലും മറ്റും തിരിവിളക്കുകള്‍ വെക്കുന്നതിന് ഉണ്ടാക്കപ്പെടുന്ന പൊത്താകുന്നു. പരിഷ്കരിച്ച മണ്ണെണ്ണ വിളക്കുകളും, വൈദ്യുത വിളക്കുകളുമെല്ലാം നടപ്പില്‍ വരുന്നതിനു മുമ്പ്, കാറ്റുമൂലം വിളക്ക് കെട്ടുപോകാതിരിപ്പാനും, വെളിച്ചം ശരിക്ക് കാണുവാനുമായിരുന്നു ഇവ ഉണ്ടാക്കപ്പെട്ടിരുന്നത്. ‘പൗരസ്ത്യവും, പാശ്ചാത്യവുമല്ലാത്ത’ – അല്ലെങ്കില്‍ കിഴക്കും പടിഞ്ഞാറുമുള്ളതല്ലാത്ത ‘ഒലീവ്’ (زَيْتُونَةٍ لَّا شَرْقِيَّةٍ وَلَا غَرْبِيَّةٍ) എന്ന് പറഞ്ഞതിനെ പണ്ഡിതന്‍മാര്‍ പലതരത്തില്‍ വ്യാഖ്യാനിച്ചു കാണുന്നു. പൗരസ്ത്യവും പാശ്ചാത്യവുമല്ലാത്ത സീനാ പ്രദേശങ്ങളില്‍ വളരുന്നത്, കിഴക്കുനിന്നും പടിഞ്ഞാറുനിന്നും വെയില്‍ കൊള്ളാവുന്ന സ്ഥലത്തുള്ളത്, സാധാരണ നാടുകളിലൊന്നും കാണപ്പെടാത്ത തരത്തിലുള്ളത്, എന്നിങ്ങിനെ വ്യത്യസ്തമായ വ്യാഖ്യാനങ്ങള്‍ നല്‍കപ്പെട്ടുകാണാം. ഏതഭിപ്രായം എടുത്താലും ശരി, അസാധാരണവും ഉയര്‍ന്ന ജാതിയുമായ ഒരു തരം സൈത്തൂന്‍ (ഒലീവ് മരത്തില്‍) നിന്ന് എടുക്കപ്പെടുന്ന വിശേഷതരം എണ്ണകൊണ്ടാണ് ആ വിളക്ക് കത്തിക്കപ്പെടുന്നത് എന്ന് സാരമാകുന്നു. ‘ഉയര്‍ത്തപ്പെടുവാനും തന്റെ നാമം സ്മരിക്കപ്പെടുവാനും അല്ലാഹു അനുവാദം നല്‍കിയ വീടുകള്‍’ എന്ന് പറഞ്ഞത് അല്ലാഹുവിന്റെ പള്ളികളാണ്. അവ വന്ദിക്കപ്പെടേണ്ടതും, അല്ലാഹുവിന്റെ ‘ദിക്റി’നു വേണ്ടി സ്ഥാപിക്കപ്പെട്ടതുമാണല്ലോ.
ഹൃദയമുള്ളവര്‍ക്ക് ചിന്തിക്കുവാനും, കണ്ണുള്ളവര്‍ക്ക് കാണുവാനും, കാതുള്ളവര്‍ക്ക് കേള്‍ക്കുവാനും സത്യാന്വേഷികള്‍ക്ക് കാര്യം മനസ്സിലാക്കുവാനും, ഭാഗ്യവാന്‍മാര്‍ക്ക് വിജയം സിദ്ധിക്കുവാനും മതിയായ പ്രകൃതിദൃഷ്ടാന്തങ്ങള്‍, ദിവ്യലക്ഷ്യങ്ങള്‍, വേദപ്രമാണങ്ങള്‍, പ്രവാചകാദ്ധ്യാപനങ്ങള്‍ ആദിയായവ മുഖേന ആകാശഭൂമിയിലുള്ളവര്‍ക്കെല്ലാം സത്യപ്രകാശം നല്‍കിയവന്‍ അല്ലാഹുവത്രെ. ദുര്‍മ്മാര്‍ഗ്ഗത്തില്‍നിന്ന് സന്മ്മാര്‍ഗ്ഗത്തിലേക്കും, ദൗര്‍ഭാഗ്യത്തില്‍നിന്ന് സൗഭാഗ്യത്തിലേക്കും, പരാജയത്തില്‍നിന്ന് വിജയത്തിലേക്കും, അജ്ഞാനാന്ധകാരത്തില്‍ നിന്ന് വിജ്ഞാന വെളിച്ചത്തിലേക്കും, പരിഭ്രമത്തില്‍നിന്ന് ശാന്തിയിലേക്കും, ദൗര്‍ഭാഗ്യത്തില്‍നിന്ന് സൗഭാഗ്യത്തിലേക്കും, പരിഭ്രമത്തില്‍നിന്ന് ശാന്തിയിലേക്കും വെളിച്ചം നല്‍കുന്ന പ്രകാശം അല്ലാഹുവിന്റേതത്രെ. ശരീരത്തിനും, ആത്മാവിനും, മനസ്സിനും, കണ്ണിനും വെളിച്ചം നല്‍കുന്നതും ആ പ്രകാശം തന്നെ. സകലചരാചരങ്ങള്‍ക്കും അതതിന്റെ ആകൃതവും പ്രാകൃതവുമായ സവിശേഷതകളിലേക്ക് മാര്‍ഗ്ഗദര്‍ശനം നല്‍കുന്ന വെളിച്ചവും അവനില്‍നിന്നുതന്നെ. സൂര്യനും, സൂര്യനെ വെല്ലുന്ന കോടാനുകോടി നക്ഷത്രലോകങ്ങള്‍ക്കും വെളിച്ചം നല്‍കുന്നതും, പരമാണുവിലെ പരമരഹസ്യത്തിലേക്ക് വെളിച്ചം കാട്ടുന്നതും അതേ പ്രകാശം ഒന്നുതന്നെ. അതെ, അഖിലാണ്ഡവും, അഖില വസ്തുക്കളും ആ പ്രകാശത്തിനാല്‍ മാത്രം പ്രകാശിതമാകുന്നു. എവിടെ, എന്ത്, എങ്ങിനെ, അന്ധകാരമയമല്ലാതിരിക്കുന്നുവോ അവിടെ, അത്, അപ്രകാരം പ്രകാശമയമാകുന്നത് ആ പ്രകാശത്താല്‍ മാത്രമായിരിക്കും. എല്ലാം അല്ലാഹുവിന്റെ പ്രകാശം! അവനത്രെ ആകാശഭൂമികളുടെ പ്രകാശം! اللَّـهُ نُورُ السَّمَاوَاتِ وَالْأَرْضِ
അളന്നോ, മറ്റോ കണക്കാക്കാവതല്ല, അവന്റെ പ്രകാശം. അതിന്റെ പ്രഭയും പ്രഭാവവും ഭാവനക്കതീതമാകുന്നു. ക്ളിപ്തത്തിന് ഒരിക്കലും അത് വിധേയമല്ല. ബുദ്ധിക്കോ യുക്തിക്കോ അതിനെ തിട്ടപ്പെടുത്തുകയും സാധ്യമല്ല. ഖുര്‍ആന്റെ അവതരണകാലത്തെ പരിതസ്ഥിതികളെ കണക്കിലെടുത്തുകൊണ്ട്, പരിമിതവും സുപരിചിതവുമായ ചില വസ്തുക്കളോട് ഉദാഹരിച്ചുകൊണ്ട് ഒരു ഉപമ പറയുകയാണെങ്കില്‍ – അഥവാ ഓരോരുവന്റെ മനസ്സാന്നിദ്ധ്യത്തിന്റെയും, മനോവികാസത്തിന്റെയും തോതനുസരിച്ച് ഗ്രഹിക്കാവുന്ന ഒരു ചിത്രീകരണം നല്‍കുകയാണെങ്കില്‍ – അതിനെ വിളക്കു വെച്ചിട്ടുള്ള ഒരു മാടത്തോട് ഉപമിക്കാവുന്നതാണ്. مَثَلُ نُورِهِ كَمِشْكَاةٍ فِيهَا مِصْبَاحٌ
വിളക്ക് മാടത്തിലായതുകൊണ്ട് കാറ്റിനാലോ മറ്റോ കെട്ടുപോകയില്ല, അതിന്റെ വെളിച്ചനാളം ചരിഞ്ഞും വളഞ്ഞുംകൊണ്ടിരിക്കയുമില്ല. വേണ്ട സ്ഥലത്തേക്കു നേര്‍ക്കുനേരെ, ശോഭയോടെ, പ്രകാശം നല്‍കിക്കൊണ്ടിരിക്കും. എന്നാല്‍, മാടം കേവലം സാധാരണ മാടമല്ല. കാരണം, അതിലെ വിളക്ക് ഒരു പ്രത്യേക തരം വിളക്കാകുന്നു. ആ വിളക്ക് ഒരു സ്ഫടികത്തിലാണുള്ളത്. الْمِصْبَاحُ فِي زُجَاجَةٍ. അതിനാല്‍, വിളക്കിന് ഭദ്രതയും, ശോഭയും, അഴകും – എല്ലാം തന്നെ – ഒരുപോലെ ഒത്തിണങ്ങിയിരിക്കുകയാണ്. ഈ സ്ഫടികമാകട്ടെ, സാധാരണമായ പളുങ്കോ, ചിമ്മിനിയോ അല്ല; മിന്നിത്തിളങ്ങി പ്രശോഭിതമായികൊണ്ടിരിക്കുന്ന നക്ഷത്രം പോലെയിരിക്കുന്നു! الزُّجَاجَةُ كَأَنَّهَا كَوْكَبٌ دُرِّيٌّ. അത് സ്വയംതന്നെ അത്രമേല്‍ ശോഭാപൂരിതമത്രെ. എന്നിരിക്കെ, അതില്‍ വിളക്കു കൂടി ഉണ്ടായാലുള്ള അവസ്ഥ പറയേണ്ടതുണ്ടോ?!
വിളക്കു കത്തിക്കുവാന്‍ ഉപയോഗിച്ച എണ്ണയാകട്ടെ, ഏറ്റവും വിശേഷപ്പെട്ട ഒലീവെണ്ണ. സാധാരണ ഒലീവു വൃക്ഷത്തില്‍ നിന്നുള്ളതല്ല. പരിശുദ്ധ താഴ്വരയില്‍ (بِالْوَادِي الْمُقَدَّس) വളരുന്നതും, സീനാമലയില്‍നിന്ന് ഉല്‍പാദിക്കുന്നതും (وَشَخَرَة تَخْرُجُ مِنْ طُورِ سِينَاءِ). സകലഅംശങ്ങളും ഉപയോഗപ്രദവുമായ ഒരു സവിശേഷ വൃക്ഷമാണത്. പടിഞ്ഞാറന്‍ പ്രദേശങ്ങളിലോ കിഴക്കന്‍ പ്രദേശങ്ങളിലോ ഒന്നുംതന്നെ അത്തരം വൃക്ഷം കാണപ്പെടുകയില്ല. ചുരുക്കിപ്പറഞ്ഞാല്‍, ആ വിളക്ക് കത്തിക്കപ്പെടുന്നത് – അഥവാ അതിനുള്ള എണ്ണ എടുക്കുന്നതു – പൗരസ്ത്യവും പാശ്ചാത്യവുമല്ലാത്ത അനുഗ്രഹീതമായ ഒലീവുവൃക്ഷത്തില്‍നിന്നാകുന്നു. يُوقَدُ مِن شَجَرَةٍ مُّبَارَكَةٍ زَيْتُونَةٍ لَّا شَرْقِيَّةٍ وَلَا غَرْبِيَّةٍ. സാധാരണ എണ്ണ വിളക്കുകളും വാതകവിളക്കുകളും കത്തിക്കുവാന്‍ തീ കൂടാതെ കഴിയുകയില്ല. വൈദ്യുത വിളക്കാകട്ടെ – എണ്ണയും തീയും ആവശ്യമില്ലെങ്കിലും – അതിനും രണ്ട് വസ്തുക്കള്‍ തമ്മില്‍ സംബന്ധിക്കേണ്ടതുണ്ട്. (*). നമ്മുടെ വിളക്ക് ഇക്കാര്യത്തിലും വ്യത്യസ്തമാണ്. അതിലെ എണ്ണ തീ സ്പര്‍ശിച്ചില്ലെങ്കില്‍പോലും, സ്വയം തന്നെ വെളിച്ചം നല്‍കുമാറാകുന്നതാണ്! يَكَادُ زَيْتُهَا يُضِيءُ وَلَوْ لَمْ تَمْسَسْهُ نَارٌ ആകയാല്‍ അതു മറ്റുള്ളതിനെ കരിച്ചുകളയുകയില്ല, വായുകിട്ടാത്തപക്ഷം ശോഭിക്കാതിരിക്കുകയുമില്ല. കാരണം, അത് സാധാരണമായ തീ വെളിച്ചമല്ല – പ്രകാശത്തിന്‍മേല്‍ പ്രകാശമാണ്! نُّورٌ عَلَىٰ نُورٍ
(*). അഥവാ ജനനശക്തിയും ഹനനശക്തിയും കൂടി (الإيجابية والسلبية അല്ലെങ്കില്‍ Positive & Negative) സമ്മേളിക്കേണ്ടതുണ്ട്.
ആകാശങ്ങളും, ഭൂമിയുമെല്ലാം പ്രശോഭിതമാക്കിയ ആ പ്രകാശത്തെ – യാഥാര്‍ത്ഥ്യവും, വണ്ണവലിപ്പവും ഭാവനകൊണ്ട് നിര്‍ണ്ണയിക്കുക സാധ്യമല്ലാത്ത ആ മഹത്തായ പ്രകാശത്തെ – അതിന്റെ ശരിക്കുശരിയും, സസൂക്ഷ്മവുമായ രൂപത്തില്‍ മനസ്സിലാക്കുവാന്‍ അല്ലാഹുവിനല്ലാതെ ആര്‍ക്കാണ് സാധിക്കുക?! അല്ലാഹുവിന്റെ അനുഗ്രഹവും മാര്‍ഗ്ഗദര്‍ശനവും ആര്‍ക്ക് ലഭിക്കുന്നുവോ അവര്‍ക്ക് മാത്രമേ അത് ആസ്വദിക്കുവാന്‍ സാധിക്കുകയുള്ളു. അതെ, അല്ലാഹു, അവന്‍ ഉദ്ദേശിക്കുന്നവരെ അവന്റെ പ്രകാശത്തിലേക്ക് മാര്‍ഗ്ഗദര്‍ശനം ചെയ്യുന്നു! يَهْدِي اللَّـهُ لِنُورِهِ مَن يَشَاءُ. ഈ മഹാ പ്രകാശത്തെപ്പറ്റി ഉപമാരൂപത്തില്‍ ചിത്രീകരിച്ചു കാണിക്കപ്പെടുവാന്‍ മാത്രമേ മനുഷ്യബുദ്ധി പ്രാപ്തമാകുകയുള്ളു. അതുകൊണ്ട് മനുഷ്യനു ചിന്തിച്ചു മനസിലാക്കുവാനായി ഖുര്‍ആനില്‍ ധാരാളം ഉപമകളും ഉദാഹരണങ്ങളും അല്ലാഹു വിവരിച്ചു കൊടുക്കുന്നു. وَيَضْرِبُ اللَّـهُ الْأَمْثَالَ لِلنَّاسِ. മനുഷ്യരുടെ എല്ലാ സ്ഥിതിഗതികളുമടക്കം സകല കാര്യങ്ങളും അല്ലാഹു അറിയുന്നവനാണ്. وَاللَّـهُ بِكُلِّ شَيْءٍ عَلِيمٌ. ആര്‍ക്കെല്ലാമാണ് അവന്റെ മാര്‍ഗ്ഗദര്‍ശനം ഉപയോഗപ്പെടുക, ആരെല്ലാമാണ് അതിനെ നിരസിച്ചു കളയുക, ആരെല്ലാമാണ് അതുമൂലം വിജയികളായിത്തീരുക എന്നിവയും അവന്‍ അറിയുന്നു.
ഇവിടെ വിളക്കുമാടത്തോട് സാദൃശ്യപ്പെടുത്തപ്പെട്ടിട്ടുള്ളത് സത്യവിശ്വാസികളുടെ ഹൃദയവും, വിളക്കിനോട് ഉപമിക്കപ്പെട്ടിരിക്കുന്നത് ഖുര്‍ആന്റെ മാര്‍ഗ്ഗദര്‍ശനവുമാണെന്നാണ് ഇബ്നു അബ്ബാസ് (رضي الله عنه), ഉബയ്യുബ്നു കഅ്ബ് (رضي الله عنه) മുതലായവര്‍ പറഞ്ഞിട്ടുള്ളത്. ഈ അടിസ്ഥാനത്തില്‍, മുന്‍ഗാമികളായ ഖുര്‍ആന്‍ വ്യാഖ്യാതാക്കളില്‍ പ്രമുഖനായ ഇമാം ഇബ്നു ജരീര്‍ (رحمه الله) ഈ ഉപമയെ വിവരിച്ചു കാണാം. അതിന്റെ ചുരുക്കസാരം ഇപ്രകാരം മനസ്സിലാക്കാം: ‘സ്ഫടികം പോലെ തെളിഞ്ഞും, കറപിടിക്കാതെയും സത്യവിശ്വാസിയുടെ നെഞ്ഞിനകത്ത് നിലകൊള്ളുന്ന പ്രശോഭിതമായ ഹൃദയം – അതിന്റെ നേരായ ചിന്താഗതിയും, ബോധപൂര്‍വ്വകമായ വിശ്വാസദാര്‍ഢ്യവും നിമിത്തം – സ്വയംതന്നെ നേര്‍മാര്‍ഗ്ഗത്തിന്റെ പ്രകാശത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കും. അതോടുകൂടി, വ്യക്തങ്ങളായ തെളിവുകളും ലക്ഷ്യങ്ങളുമാകുന്ന ഖുര്‍ആന്റെ സന്ദേശങ്ങള്‍ ലഭിക്കുമ്പോള്‍ അത് കൂടുതല്‍ കൂടുതല്‍ പ്രകാശമയമായിത്തീരുന്നു. അതെ പ്രകാശത്തിന്നുമേല്‍ പ്രകാശവും, സന്‍മാര്‍ഗ്ഗത്തിനുമേല്‍ സന്‍മാര്‍ഗ്ഗവും!’ ഈ ചിത്രീകരണം തുടര്‍ന്നുള്ള ആയത്തിലേക്ക് കൂടുതല്‍ വെളിച്ചം നല്‍കുന്നതാണെന്നു കാണാം.
മേല്‍ വിവരിച്ച വിളക്ക് സ്ഥിതിചെയ്യുന്നതും, പ്രകാശം പരത്തികൊണ്ടിരിക്കുന്നതുമായ സ്ഥലം ഏതാണ്? ‘അല്ലാഹുവിന്റെ വീടുകള്‍’ (بُيُوتُ اللَّـهِ) എന്ന പേരുകൊണ്ട് ബഹുമാനിക്കപ്പെട്ട പള്ളികളാണത്. അവ നിര്‍മ്മിക്കപ്പെടുവാനും, വന്ദിക്കപ്പെടുവാനും, തന്റെ നാമം അതില്‍വെച്ചു കീര്‍ത്തിക്കപ്പെടുവാനും, ഓര്‍മ്മിക്കപ്പെടുവാനും തന്റെ ആരാധനാകര്‍മ്മങ്ങള്‍ മുഖേന അലങ്കരിച്ച് ഉന്നതപ്പെടുത്തുവാനും അല്ലാഹു ഉത്തരവിട്ടിരിക്കുന്നു. ‘അല്ലാഹുവിന്റെ പ്രീതിയെ ഉദ്ദേശിച്ചുകൊണ്ട് ആരെങ്കിലും ഒരു പള്ളി സ്ഥാപിക്കുന്നതായാല്‍ അവന് സ്വര്‍ഗ്ഗത്തില്‍ അതുപോലെയുള്ളതൊന്ന് അല്ലാഹു നിര്‍മ്മിച്ചു കൊടുക്കുന്നതാണ്.’ എന്ന് നബി (صلّى الله عليه وسلّم) തിരുമേനിയും അരുളിച്ചെയ്തിരിക്കുന്നു. (*). അങ്ങനെ, ഉയര്‍ത്തപ്പെടുവാനും, അല്ലാഹുവിന്റെ നാമം കീര്‍ത്തിക്കപ്പെടുവാനും അല്ലാഹു അനുമതി കൊടുത്തിട്ടുള്ള ഭവനങ്ങളിലാണ് അതുള്ളത്. فِي بُيُوتٍ أَذِنَ اللَّـهُ أَن تُرْفَعَ وَيُذْكَرَ فِيهَا اسْمُهُ.
(*). ഹദീസ് ഇതാണ്: مَنْ بَنَى مَسْجِدًا ، يبتغي به وجه الله بَنَى اللَّهُ لَهُ مِثْلَهُ فِي الْجَنَّةِ
പ്രസ്തുത പള്ളികളാകട്ടെ, ജനപ്പെരുമാറ്റമില്ലാതെ ശൂന്യമായിക്കിടക്കുന്നവയല്ല; വെള്ളിയാഴ്ചയിലോ, മറ്റോ മാത്രം തുറക്കപ്പെടുന്നവയുമല്ല; വിളക്കിന്റെ പ്രകാശം നിത്യവും തന്നെ അവിടെ ആസ്വദിക്കപ്പെടുന്നുണ്ട്. രാവിലെയും വൈകുന്നേരവും – സദായ്പ്പോഴും – അതില്‍വെച്ചു അല്ലാഹുവിന്റെ സ്തോത്രകീര്‍ത്തനങ്ങള്‍ നടത്തപ്പെടുന്നുണ്ട്. يُسَبِّحُ لَهُ فِيهَا بِالْغُدُوِّ وَالْآصَالِ. ഈ വിശുദ്ധ കീര്‍ത്തനങ്ങള്‍ നടത്തുന്ന ആളുകളോ അവര്‍ക്ക് വേറെ ജോലികളൊന്നും ഇല്ലാത്തതുകൊണ്ട് അതിനു മിനക്കെട്ടിരിക്കുകയല്ല. അവര്‍ക്ക് മക്കളും കുടുംബങ്ങളുമുണ്ട്. അവര്‍ക്കുവേണ്ടി – തങ്ങള്‍ക്കുവേണ്ടിത്തന്നെയും – കച്ചവടം, വ്യാപാരം മുതലായ ജോലിത്തിരക്കുകളും അവര്‍ക്കുണ്ട്. ‘ഹേ, വിശ്വസിച്ചിട്ടുള്ളവരേ! നിങ്ങളുടെ സ്വത്തുക്കളും, നിങ്ങളുടെ മക്കളും അല്ലാഹുവിന്റെ സ്മരണയില്‍നിന്ന് നിങ്ങളെ മിനക്കെടുത്തിക്കളയരുത്.’ എന്നും (സൂ: മുനാഫിഖൂന്‍ 9). മറ്റുമുള്ള തിരുവചനങ്ങളെ തികച്ചും, അവര്‍ അനുസരിച്ചു വരുകയാണ്. ആകയാല്‍ കച്ചവടമാകട്ടെ, വ്യാപാരമാകട്ടെ, അല്ലാഹുവിന്റെ സ്മരണയില്‍നിന്നും, നമസ്കാരം നിലനിറുത്തുന്നതില്‍നിന്നും, സകാത്തു കൊടുക്കുന്നതില്‍നിന്നും മിനക്കെടുത്താതെ – മുടക്കിക്കളയാത്ത – ആളുകളാണ് അവര്‍. رِجَالٌ لَّا تُلْهِيهِمْ تِجَارَةٌ وَلَا بَيْعٌ عَن ذِكْرِ اللَّـهِ وَإِقَامِ الصَّلَاةِ وَإِيتَاءِ الزَّكَاةِ.
അവര്‍ അല്ലാഹുവിന്റെ സ്മരണയിലും, നമസ്കാരാദി പുണ്യകര്‍മ്മങ്ങളിലും വ്യാപൃതരാകുവാനും, ദാനധര്‍മ്മങ്ങളില്‍ താല്‍പര്യമുള്ളവരായിരിക്കുവാനും കാരണമെന്ത്? കേവലം ചില ആചാരങ്ങളെന്ന നിലക്കോ, ജനമദ്ധ്യെ പേര് ലഭിക്കുവാനോ ഒന്നുമല്ല അവരങ്ങിനെ ചെയ്യുന്നത്. ഒരു ദിവസം വരുവാനുണ്ട്: അന്ന് മനുഷ്യന്റെ സകലകര്‍മ്മങ്ങളെപ്പറ്റിയും അല്ലാഹുവിന്റെ മുമ്പില്‍ വിചാരണ ചെയ്യപ്പെടും, അവരവര്‍ ചെയ്ത സല്‍ക്കര്‍മ്മങ്ങളല്ലാതെ അന്ന് ആര്‍ക്കും ഉപയോഗപ്പെടുകയില്ല, എന്നൊക്കെ അവര്‍ക്ക് ബോധമുണ്ട്. ആ ദിവസത്തിന്റെ ഭയങ്കരത നിമിത്തം ഹൃദയങ്ങളും ദൃഷ്ടികളുമെല്ലാം പേടിച്ചു വിറച്ചു നിലതെറ്റി അവതാളപ്പെട്ടുപോകുന്നതാണ്. ആ ദിവസത്തെ അവര്‍ ഭയപ്പെടുകയാണ്. يَخَافُونَ يَوْمًا تَتَقَلَّبُ فِيهِ الْقُلُوبُ وَالْأَبْصَارُ. ഇതാണ് അതിനു കാരണം. എന്നാല്‍ വെറും ഭയം നിമിത്തം അവരങ്ങിനെ ചെയ്തുവരുവാന്‍ നിര്‍ബ്ബന്ധിതരായിത്തീര്‍ന്നുവെന്നല്ലാതെ, മറ്റൊരു കാര്യലാഭവും അവര്‍ക്കതു മൂലം പ്രതീക്ഷിക്കുവാനില്ലേ? നിശ്ചയമായും ഉണ്ട്: അന്നത്തെ ദിവസം ശിക്ഷയില്‍നിന്ന് ഒഴിവായിക്കിട്ടുക മാത്രമല്ല, വമ്പിച്ച പ്രതിഫലവും അവര്‍ക്ക് ലഭിക്കുന്നതാണ്. അതവര്‍ പ്രതീക്ഷിക്കുകയും ചെയ്യുന്നു. അവര്‍ പ്രവര്‍ത്തിക്കുന്ന സല്‍ക്കര്‍മ്മങ്ങള്‍ക്ക് അല്ലാഹു പ്രതിഫലം നല്‍കുവാനും, അവന്റെ വകയായി അവന്റെ അനുഗ്രഹം വര്‍ദ്ധിപ്പിച്ചു കൊടുക്കുവാനും വേണ്ടിയാണ് അവര്‍ അതനുഷ്ഠിക്കുന്നത്. لِيَجْزِيَهُمُ اللَّـهُ أَحْسَنَ مَا عَمِلُوا وَيَزِيدَهُم مِّن فَضْلِهِ. അതിനാല്‍, ആ ദിവസത്തിന്റെ ഭയം മാത്രമല്ല, ആവേശവും, പ്രതീക്ഷയും കൂടിയാണ് അവരെ അതിന് പ്രേരിപ്പിക്കുന്നത്.
അല്ലാഹുവാകട്ടെ, അവന്‍ ഉദ്ദേശിക്കുന്ന ആളുകള്‍ക്ക് കണക്കില്ലാതെ നല്‍കുന്നതുമാകുന്നു. وَاللَّـهُ يَرْزُقُ مَن يَشَاءُ بِغَيْرِ حِسَابٍ. എന്നിരിക്കെ, അവര്‍ക്ക് അവന്റെ പക്കല്‍നിന്ന് എന്തുതന്നെ പ്രതീക്ഷിച്ചുകൂടാ? അല്ലാഹുവേ! നിന്റെ കണക്കറ്റ അനുഗ്രഹത്താല്‍, ഞങ്ങളുടെ മേല്‍ ദയവുണ്ടായി, ഞങ്ങളെയെല്ലാം നിന്റെ ഇത്തരം സദ്‌വൃത്തരായ അടിയാരുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തിത്തരേണമേ! آمين
കഴിഞ്ഞ ആയത്തുകളില്‍ പ്രസ്താവിച്ചിരുന്നത് അല്ലാഹുവിന്റെ മാര്‍ഗ്ഗദര്‍ശനമാകുന്ന പ്രകാശത്തിന്റെയും, ആ പ്രകാശത്തിന്റെ വെളിച്ചത്തില്‍ സല്‍ക്കര്‍മ്മങ്ങള്‍ ചെയ്ത് സല്‍ഭാഗ്യം പ്രാപിച്ചവരുടെയും ഉപമയായിരുന്നു. അടുത്ത വചനങ്ങളില്‍ അതിന്റെ മറുവശത്തെപ്പറ്റിയാണ് പ്രസ്താവിക്കുന്നത്.
- وَٱلَّذِينَ كَفَرُوٓا۟ أَعْمَـٰلُهُمْ كَسَرَابٍۭ بِقِيعَةٍ يَحْسَبُهُ ٱلظَّمْـَٔانُ مَآءً حَتَّىٰٓ إِذَا جَآءَهُۥ لَمْ يَجِدْهُ شَيْـًٔا وَوَجَدَ ٱللَّهَ عِندَهُۥ فَوَفَّىٰهُ حِسَابَهُۥ ۗ وَٱللَّهُ سَرِيعُ ٱلْحِسَابِ ﴾٣٩﴿
- അവിശ്വസിച്ചിട്ടുള്ളവരാകട്ടെ, അവരുടെ കര്‍മ്മങ്ങള്‍ മരുഭൂമിയിലെ കാനല്‍ (ജലം) പോലെയാകുന്നു: ദാഹിച്ചവന്‍, അതു വെള്ളമാണെന്നു ധരിക്കുന്നു; അങ്ങനെ, അവന്‍ അതിന്നടുത്തു ചെല്ലുമ്പോള്‍ അതിനെ യാതൊരു വസ്തുവായും കണ്ടെത്തുകയില്ല; അവന്‍ അതിനടുത്ത് അല്ലാഹുവിനെ കണ്ടെത്തുന്നതാണ്; അപ്പോള്‍ അവന്റെ വിചാരണ അവന്‍ [അല്ലാഹു] തികച്ചും നടത്തുന്നതാകുന്നു. അല്ലാഹു വിചാരണ വേഗം കഴിക്കുന്നവനത്രെ.
- وَالَّذِينَ كَفَرُوا അവിശ്വസിച്ചിട്ടുള്ളവരാകട്ടെ أَعْمَالُهُمْ അവരുടെ കര്‍മ്മങ്ങള്‍, പ്രവൃത്തികള്‍ كَسَرَابٍ ഒരു കാനല്‍ (കാനല്‍ജലം) പോലെയാണ് بِقِيعَةٍ മരുഭൂമിയിലുള്ള يَحْسَبُهُ അതിനെ കണക്കാക്കുന്നു, ധരിക്കുന്നു الظَّمْآنُ ദാഹിച്ചവന്‍ مَاءً വെള്ളമാണെന്നു حَتَّىٰ إِذَا جَاءَهُ അങ്ങനെ അവന്‍ അതിന്നടുത്തു ചെന്നാല്‍, ചെല്ലുമ്പോള്‍ لَمْ يَجِدْهُ അതിനെ അവന്‍ കണ്ടെത്തുകയില്ല شَيْئًا ഒരു വസ്തുവായും, ഒരു സാധനമായും وَوَجَدَ അവന്‍ കണ്ടെത്തുകയും ചെയ്യും اللَّـهَ അല്ലാഹുവിനെ عِندَهُ അതിനടുത്ത فَوَفَّاهُ അപ്പോള്‍ (എന്നിട്ടു) അവന്‍ അവന്നു നിറവേറ്റികൊടുക്കും (തികച്ചും നടത്തും) حِسَابَهُ അവന്റെ വിചാരണ وَاللَّـهُ അല്ലാഹു سَرِيعُ الْحِسَابِ വിചാരണ വേഗം കഴിക്കുന്നവനാണ്, വേഗം വിചാരണചെയ്യുന്നവനാണ്
- أَوْ كَظُلُمَـٰتٍ فِى بَحْرٍ لُّجِّىٍّ يَغْشَىٰهُ مَوْجٌ مِّن فَوْقِهِۦ مَوْجٌ مِّن فَوْقِهِۦ سَحَابٌ ۚ ظُلُمَـٰتٌۢ بَعْضُهَا فَوْقَ بَعْضٍ إِذَآ أَخْرَجَ يَدَهُۥ لَمْ يَكَدْ يَرَىٰهَا ۗ وَمَن لَّمْ يَجْعَلِ ٱللَّهُ لَهُۥ نُورًا فَمَا لَهُۥ مِن نُّورٍ ﴾٤٠﴿
- അല്ലെങ്കില്‍, (അവരുടെ കര്‍മ്മങ്ങള്‍) ആഴമേറിയ ഒരു സമുദ്രത്തിലെ അന്ധകാരങ്ങളെപ്പോലെയാകുന്നു: അതിനെ [ആ സമുദ്രത്തെ] തിരമാല മൂടിക്കൊണ്ടിരിക്കുന്നു; അതിനുമീതെയും തിരമാലയുണ്ട്; അതിനുമീതെ കാര്‍മേഘവും! - (അങ്ങിനെ) ഒന്നിനുമീതെ ഒന്നായിക്കൊണ്ടുള്ള (വിവിധ) അന്ധകാരങ്ങള്‍! തന്റെ കൈകള്‍ പുറത്തുകാട്ടിയാല്‍ അവന് അതു കാണുമാറാകയില്ല (അത്രയും വമ്പിച്ചഇരുട്ട്)! അല്ലാഹു ആര്‍ക്ക് പ്രകാശം ഏര്‍പ്പെടുത്തിക്കൊടുത്തിട്ടില്ലയോ, അവന് യാതൊരു പ്രകാശവും ഇല്ലതന്നെ.
- أَوْ അല്ലെങ്കില്‍ كَظُلُمَاتٍ ചില അന്ധകാരങ്ങളെ (ഇരുട്ടുകളെ) പ്പോലെയാണ് فِي بَحْرٍ ഒരു സമുദ്രത്തിലെ لُّجِّيٍّ ആഴമേറിയ يَغْشَاهُ അതിനെ മൂടുന്നു مَوْجٌ തിരമാല مِّن فَوْقِهِ അതിനു മീതെയുമുണ്ടു مَوْجٌ തിരമാല مِّن فَوْقِهِ അതിനുമീതെയുണ്ടു سَحَابٌ കാര്‍മേഘം ظُلُمَاتٌ അന്ധകാരങ്ങള്‍, ഇരുട്ടുകള്‍ بَعْضُهَا അവയില്‍ ചിലതു فَوْقَ بَعْضٍ ചിലതിനു മീതെയാണ് (ഒന്നൊന്നിനു മീതെയാണ്) إِذَا أَخْرَجَ അവന്‍ പുറത്തുകാട്ടിയാല്‍ يَدَهُ തന്റെ കൈ لَمْ يَكَدْ ആകാറാവുകയില്ല يَرَاهَا അവനതു കാണു(മാറു) وَمَن ആര്‍, ഏതൊരാള്‍ لَّمْ يَجْعَلِ اللَّـهُ അല്ലാഹു ഏര്‍പ്പെടുത്തിക്കൊടുത്തില്ല لَهُ അവനു نُورًا പ്രകാശം فَمَا لَهُ എന്നാല്‍ അവന്നില്ല مِن نُّورٍ യാതൊരു പ്രകാശവും
അല്ലാഹുവിന്റെ മാര്‍ഗ്ഗദര്‍ശനങ്ങള്‍ സ്വീകരിക്കാത്ത അവിശ്വാസികള്‍ ഈ ലോകത്തുവെച്ചു ചെയ്യുന്ന കര്‍മ്മങ്ങള്‍, അവരുടെ അവിശ്വാസം നിമിത്തം ഫലശൂന്യമായിരിക്കുമെന്നു ഈ ഉദാഹരണങ്ങള്‍മൂലം അല്ലാഹു വെളിപ്പെടുത്തുന്നു. രണ്ട് ഉദാഹരണങ്ങളാണ് ഇവിടെ പറഞ്ഞത്. ഒന്നാമത്തേത്: ദാഹിച്ചു വലഞ്ഞ ഒരാള്‍ വെള്ളത്തിന്ന് ആര്‍ത്തിയോടെ, ഒഴിഞ്ഞ സമതല പ്രദേശത്തേക്ക് നോക്കുമ്പോള്‍, അകലെ വെയിലില്‍ മിനുങ്ങിക്കാണുന്ന കാനല്‍ ഒരു ജലാശയമാണെന്ന് വിചാരിച്ച് മുന്നോട്ടുചെന്നു നോക്കുമ്പോള്‍ അവിടെ യാതൊന്നുംതന്നെ ഉണ്ടായിരിക്കുകയില്ല. അതുപോലെ, പരലോകത്തുവെച്ച് ഏറ്റവും വിഷമം പിടിച്ച ആ സന്ദിഗ്ദ്ധഘട്ടത്തില്‍ തന്റെ കര്‍മ്മങ്ങള്‍കൊണ്ട് താന്‍ പ്രതീക്ഷിച്ചിരുന്ന യാതൊരു പ്രയോജനവും ലഭിക്കാതെ വരുമെന്നു സാരം. മറ്റൊരു സ്ഥലത്ത് അവരെപ്പറ്റി അല്ലാഹു പറയുന്നു:
وَقَدِمْنَا إِلَى مَا عَمِلُوا مِنْ عَمَل فَجَعَلْنَاهُ هَبَاء مَنْثُورًا – الفرقان
സാരം: അവര്‍ വല്ല കര്‍മ്മവും പ്രവര്‍ത്തിച്ചിട്ടുള്ളതിലേക്ക് ചെന്നു് നാം അതിനെ വിതറപ്പെട്ട ധൂളിയാക്കിക്കളയുന്നതാണ്.). ചെയ്ത കര്‍മ്മങ്ങള്‍ പാഴായിപ്പോകുന്നതുകൊണ്ടും കാര്യം അവസാനിക്കുന്നില്ല. കര്‍മ്മഫലം അനുഭവിക്കേണ്ടുന്ന സ്ഥാനത്തു അല്ലാഹുവിന്റെ വിചാരണയും, ശിക്ഷയും അഭിമുഖീകരിക്കേണ്ടിവരികയും ചെയ്യും. തങ്ങളുടെ ചെയ്തികളില്‍ ഒന്നൊഴിയാതെ, സകലത്തെക്കുറിച്ചും അല്ലാഹു പൂര്‍ണ്ണവും വിശദവുമായി വിചാരണ നടത്തുകയും, അനന്തരം തക്കശിക്ഷ കല്‍പിക്കുകയും ചെയ്യും. വിചാരണ ചെയ്യപ്പെടുന്നവരുടെ ആധിക്യമോ, വിസ്തരിച്ച് വിശദീകരിച്ചുകൊണ്ടുള്ള അതിന്റെ സ്വഭാവമോ ഒന്നുംതന്നെ അല്ലാഹുവിനെ സംബന്ധിച്ചിടത്തോളം ഒരു പ്രശ്നമല്ല. ഒന്നു് മറ്റൊന്നിന് തടസ്സമായിത്തീരുന്നതുമല്ല. എല്ലാം വേഗത്തില്‍ വിചാരണ കഴിക്കുന്നതാകുന്നു. ഇതിനെക്കുറിച്ചു കൂടുതല്‍ വിവരം സൂ: മആരിജ് മുതലായ ചില സൂറത്തുകളില്‍ വരുന്നതാണ്. إن شاء الله
രണ്ടാമത്തെ ഉപമ മിക്കവാറും അവിശ്വാസികളുടെ ഈ ജീവിതത്തിലെ അവസ്ഥയെയാണ് കാണിക്കുന്നത്. അല്ലാഹുവില്‍ നിന്നുള്ള മാര്‍ഗ്ഗദര്‍ശനങ്ങളൊന്നും വകവെക്കായ്ക നിമിത്തം അവന്റെ പ്രകാശം ആസ്വദിക്കുവാന്‍ കഴിയാതെ അവര്‍ വമ്പിച്ച അന്ധകാരത്തില്‍ കഴിഞ്ഞു കൂടുകയാണ്. കാര്‍മേഘത്തോളം വരുന്ന ഉയരത്തില്‍ മേല്‍ക്കുമേല്‍ തിരമാലകളും അതിനുമീതെ കാര്‍മേഘവും കൂടി ഇരുളടഞ്ഞ ഒരു വമ്പിച്ച മഹാ സമുദ്രത്തില്‍ പെട്ടവരെപ്പോലെ , വിവിധ അന്ധകാരങ്ങളില്‍ മുഴുകിക്കൊണ്ടാണവര്‍ കഴിഞ്ഞുകൂടുന്നത്. വിശ്വാസത്തിലും അന്ധകാരം, വാക്കിലും അന്ധകാരം, പ്രവൃത്തിയിലും അന്ധകാരം, ഇങ്ങിനെ ഒരു വശത്ത്. സത്യം ചിന്തിക്കുവാന്‍ കഴിയാതെയും, കണ്ടുംകേട്ടും കാര്യം ഗ്രഹിക്കാതെയും ഇരിക്കത്തക്കവണ്ണം, അവരുടെ ഹൃദയത്തിന്നും, കണ്ണിന്നും, കാതിന്നും ബാധിച്ച അന്ധകാരങ്ങള്‍ വേറൊരു വശത്തും. ലക്ഷ്യദൃഷ്ടാന്തങ്ങള്‍ ഗ്രാഹ്യമാകാതിരിക്കുക, ഉപദേശങ്ങള്‍ ഫലപ്പെടാതിരിക്കുക, ജ്ഞാനബോധമില്ലാതിരിക്കുക മുതലായവ മറ്റൊരു വശത്തും! എല്ലാംകൂടി അന്ധകാരത്തിനുമേല്‍ അന്ധകാരം! (ظُلُمَاتٌ بَعْضُهَا فَوْقَ بَعْضٍ).
സത്യവിശ്വാസികളുടെ ഹൃദയങ്ങളെ പ്രകാശത്തോടും, അവിശ്വാസികളുടെ ഹൃദയങ്ങളെ അന്ധകാരത്തോടും ഉപമിച്ചശേഷം തൗഹീദിനെ സ്ഥാപിക്കുന്ന ചില ദൃഷ്ടാന്തങ്ങളെ തുടര്‍ന്നുള്ള വചനങ്ങളില്‍ വിവരിക്കുന്നു:-
വിഭാഗം - 6
- أَلَمْ تَرَ أَنَّ ٱللَّهَ يُسَبِّحُ لَهُۥ مَن فِى ٱلسَّمَـٰوَٰتِ وَٱلْأَرْضِ وَٱلطَّيْرُ صَـٰٓفَّـٰتٍ ۖ كُلٌّ قَدْ عَلِمَ صَلَاتَهُۥ وَتَسْبِيحَهُۥ ۗ وَٱللَّهُ عَلِيمٌۢ بِمَا يَفْعَلُونَ ﴾٤١﴿
- ആകാശങ്ങളിലും ഭൂമിയിലും ഉള്ളവരും, അണിനിരന്നു (വായുവില്‍ ചിറകു വിടര്‍ത്തി) ക്കൊണ്ടുള്ള പറവകളും അല്ലാഹുവിനു 'തസ്ബീഹു' [മഹത്വപ്രകീര്‍ത്തനം] നടത്തുന്നുണ്ടെന്നു നീ കാണുന്നില്ലേ?! എല്ലാറ്റിനും തന്നെ, അതതിന്റെ നമസ്കാരവും 'തസ്ബീഹും' അറിയാവുന്നതാണ്. അവര്‍ ചെയ്യുന്നതിനെപ്പറ്റി അല്ലാഹു അറിയുന്നവനാകുന്നു.
- أَلَمْ تَرَ നീ കാണുന്നില്ലേ أَنَّ اللَّـهَ നിശ്ചയമായും അല്ലാഹു يُسَبِّحُ لَهُ അവനു തസ്ബീഹു നടത്തുന്നു (എന്നു) مَن فِي السَّمَاوَاتِ ആകാശത്തിലുള്ളവര്‍ وَالْأَرْضِ ഭൂമിയിലും وَالطَّيْرُ പറവകളും, പക്ഷികളും صَافَّاتٍ അണിനിരന്നുകൊണ്ടു كُلٌّ എല്ലാം തന്നെ قَدْ عَلِمَ അറിഞ്ഞിട്ടുണ്ടു (എല്ലാറ്റിനും അറിയാം) صَلَاتَهُ അതിന്റെ നമസ്കാരം وَتَسْبِيحَهُ അതിന്റെ തസ്ബീഹും وَاللَّـهُ അല്ലാഹു عَلِيمٌ അറിയുന്നവനാണ് بِمَا يَفْعَلُونَ അവര്‍ ചെയ്യുന്നതിനെപ്പറ്റി
- وَلِلَّهِ مُلْكُ ٱلسَّمَـٰوَٰتِ وَٱلْأَرْضِ ۖ وَإِلَى ٱللَّهِ ٱلْمَصِيرُ ﴾٤٢﴿
- ആകാശങ്ങളുടെയും, ഭൂമിയുടെയും രാജത്വം അല്ലാഹുവിനാണ്. അല്ലാഹുവിങ്കലേക്കാണ് മടങ്ങിയെത്തലും.
- وَلِلَّـهِ അല്ലാഹുവിന്നാണ് مُلْكُ السَّمَاوَاتِ ആകാശങ്ങളുടെ രാജത്വം, ആധിപത്യം وَالْأَرْضِ ഭൂമിയുടെയും وَإِلَى اللَّـهِ അല്ലാഹുവിങ്കലേക്കു തന്നെയാണ് الْمَصِيرُ മടങ്ങി എത്തല്‍, തിരിച്ചുചെല്ലല്‍
‘ആകാശങ്ങളിലും ഭൂമിയിലും ഉള്ളവര്‍’ എന്ന് പറഞ്ഞതില്‍ പക്ഷികളും ഉള്‍പ്പെടുന്നു. എങ്കിലും, ഒരു നിലക്ക് ആകാശത്തും ഭൂമിയിലുമല്ലാത്തവണ്ണം – അന്തരീക്ഷത്തില്‍ – അണിനിരന്ന് ചിറകുകള്‍ വിടര്‍ത്തി പാറിക്കുതിച്ചും, പാടിക്കളിച്ചും കൊണ്ടിരിക്കുന്ന പക്ഷികളില്‍ അടങ്ങിയിട്ടുള്ള അത്ഭുതത്തെയും, ദൃഷ്ടാന്തത്തെയും ഓര്‍മ്മിപ്പിക്കുവാനായി അവയുടെ കാര്യം പ്രത്യേകം എടുത്തു പറഞ്ഞിരിക്കുകയാണ്.
ഓരോ വസ്തുവും തന്നെ, അല്ലാഹു അതതിന് നിശ്ചയിച്ചുകൊടുത്ത സ്തോത്രകീര്‍ത്തനങ്ങളും, കര്‍മ്മങ്ങളും നിര്‍വ്വിഘ്നം നടത്തിവരുന്നു. അതതിന്റെ ചുമതലാനിര്‍വ്വഹണത്തെപ്പറ്റി ഓരോന്നിനും ശരിക്കും അറിയുകയും ചെയ്യാം. ഈ വിഷയകമായി സൂ: അമ്പിയാഉ് : 79 -ന്റെ വിവരണത്തിലും മറ്റും നാം വിവരിച്ചിട്ടുള്ളത് ഓര്‍ക്കുക.
- أَلَمْ تَرَ أَنَّ ٱللَّهَ يُزْجِى سَحَابًا ثُمَّ يُؤَلِّفُ بَيْنَهُۥ ثُمَّ يَجْعَلُهُۥ رُكَامًا فَتَرَى ٱلْوَدْقَ يَخْرُجُ مِنْ خِلَـٰلِهِۦ وَيُنَزِّلُ مِنَ ٱلسَّمَآءِ مِن جِبَالٍ فِيهَا مِنۢ بَرَدٍ فَيُصِيبُ بِهِۦ مَن يَشَآءُ وَيَصْرِفُهُۥ عَن مَّن يَشَآءُ ۖ يَكَادُ سَنَا بَرْقِهِۦ يَذْهَبُ بِٱلْأَبْصَـٰرِ ﴾٤٣﴿
- നീ കാണുന്നില്ലേ: അല്ലാഹു കാര്‍മേഘത്തെ പതുക്കെത്തെളിച്ചു കൊണ്ടുവരുന്നു, പിന്നീട് അതിനിടയില്‍ ഇണക്കിച്ചേര്‍ക്കുന്നു, പിന്നീടതിനെ അട്ടിയാക്കുന്നു എന്ന്?!
അങ്ങനെ, അതിനിടയില്‍കൂടി മഴ പുറത്തുവരുന്നതായി നീ കാണുന്നു; ആകാശത്തുനിന്ന്, ഹിമക്കട്ടയായി അതില്‍ സ്ഥിതിചെയ്യുന്ന മലകളെ [കൂമ്പാരങ്ങളെ] അവന്‍ ഇറക്കി വിടുകയും ചെയ്യുന്നു. എന്നിട്ട്, അവന്‍ ഉദ്ദേശിക്കുന്നവര്‍ക്കു അതിനെ ബാധിപ്പിക്കുന്നു. അവന്‍ ഉദ്ദേശിക്കുന്നവരില്‍നിന്ന് അതു (ബാധിക്കാതെ) തിരിച്ചുവിടുകയും ചെയ്യുന്നു.
അതിലെ [മേഘത്തിലെ] മിന്നിന്റെ തിളക്കം കാഴ്ചകളെ (റാഞ്ചി)ക്കൊണ്ടു പോകുമാറാകും! - أَلَمْ تَرَ നീ കാണുന്നില്ലേ أَنَّ اللَّـهَ നിശ്ചയമായും അല്ലാഹു يُزْجِي പതുക്കെത്തെളിക്കുന്നു, തട്ടിക്കൂട്ടുന്നു (എന്നു) سَحَابًا കാര്‍മേഘത്തെ ثُمَّ يُؤَلِّفُ പിന്നീടു അവന്‍ ഇണക്കിച്ചേര്‍ക്കുന്നു, ഘടിപ്പിക്കുന്നു بَيْنَهُ അതിന്നിടയില്‍ ثُمَّ يَجْعَلُهُ പിന്നെ അതിനെ ആക്കുന്നു رُكَامًا അട്ടി, അടുക്കു فَتَرَى അങ്ങനെ നിനക്കു കാണാം, നീ കാണുന്നു الْوَدْقَ മഴ يَخْرُجُ പുറത്തുവരുന്നതായി مِنْ خِلَالِهِ അതിന്റെ ഇടയില്‍കൂടി وَيُنَزِّلُ അവന്‍ ഇറക്കുകയും ചെയ്യുന്നു مِنَ السَّمَاءِ ആകാശത്തുനിന്നു مِن جِبَالٍ മലകളെ فِيهَا അതിലുള്ള مِن بَرَدٍ ഹിമക്കട്ടയായി, ഹിമക്കട്ടയാകുന്ന فَيُصِيبُ بِهِ എന്നിട്ടു അതിനെ ബാധിപ്പിക്കുന്നു مَن يَشَاءُ അവന്‍ ഉദ്ദേശിക്കുന്നവര്‍ക്കു وَيَصْرِفُهُ അതിനെ തിരിച്ചുവിടുകയും ചെയ്യുന്നു عَن مَّن يَشَاءُ അവന്‍ ഉദ്ദേശിക്കുന്നവരില്‍നിന്ന് يَكَادُ ആകാറാകും سَنَا بَرْقِهِ അതിന്റെ മിന്നലിന്റെ തിളക്കം يَذْهَبُ പോകുമാറ് بِالْأَبْصَارِ കാഴ്ചകളെക്കൊണ്ടു
- يُقَلِّبُ ٱللَّهُ ٱلَّيْلَ وَٱلنَّهَارَ ۚ إِنَّ فِى ذَٰلِكَ لَعِبْرَةً لِّأُو۟لِى ٱلْأَبْصَـٰرِ ﴾٤٤﴿
- അല്ലാഹു, രാവും പകലും മാറ്റിമറിച്ചു കൊണ്ടിരിക്കുന്നു. നിശ്ചയമായും അതില്‍, (മനോ) ദൃഷ്ടികളുള്ളവര്‍ക്കു ചിന്താവിഷയമുണ്ട്.
- يُقَلِّبُ اللَّـهُ അല്ലാഹു മാറ്റിമറിച്ചു കൊണ്ടിരിക്കുന്നു اللَّيْلَ രാത്രിയെ وَالنَّهَارَ പകലിനെയും إِنَّ فِي ذَٰلِكَ നിശ്ചയമായും അതിലുണ്ട് لَعِبْرَةً ചിന്താവിഷയം لِّأُولِي الْأَبْصَارِ കാഴ്ചയുള്ളവര്‍ക്കു, മനോദൃഷ്ടിയുള്ളവര്‍ക്കു
അവിടവിടെയായി ചിതറിക്കിടക്കുന്ന മഴക്കാറുകളെ പതുക്കെ തട്ടിക്കൂട്ടി ഒന്നിച്ചു ചേര്‍ത്ത് വലിയ മലപോലെയുള്ള അട്ടികളാക്കി, പിന്നീടതില്‍ നിന്ന് അല്ലാഹു മഴ വര്‍പ്പിക്കുന്നു. ഈ മേഘപര്‍വ്വതങ്ങളെ ഭൂമിയിലുള്ളവര്‍ക്ക് ശരിക്ക് കാണുവാന്‍ സാധ്യമല്ലെങ്കിലും ഇന്ന് വിമാനയാത്രക്കാര്‍ അതിശയോക്തി ഒട്ടും കലരാത്ത ഈ പരമാര്‍ത്ഥം കണ്ടുകൊണ്ടിരിക്കുന്നുണ്ട്. അതേ മേഘപര്‍വ്വതങ്ങളില്‍ നിന്നുതന്നെ, ഹിമക്കട്ടകളും, ഹിമമഞ്ഞും താഴോട്ടിറങ്ങുന്നു. ചിലപ്പോള്‍ ചിലര്‍ക്ക് ഹിമവര്‍ഷംകൊണ്ട് വിഷമങ്ങളും ആപത്തുകളും നേരിടുന്നു. മറ്റുള്ളവര്‍ക്ക് അവ ബാധിക്കാതെയും ഇരിക്കുന്നു. തണുത്ത ജലവും, മഞ്ഞുകട്ടയും ഒഴുകുന്ന അതേ മേഘത്തില്‍നിന്ന് ശക്തിയേറിയ ഒരുതരം തീ നാളമാകുന്ന മിന്നല്‍പിണറുകളും പുറപ്പെടുന്നു. അത് ബാധിച്ചാലുള്ള ആപത്ത് ആരെയും പറഞ്ഞറിയിക്കേണ്ടതില്ല. മനുഷ്യന് അതിന്റെ നേരെ കണ്ണുതുറക്കുവാന്‍ പോലും അസാധ്യമാണ്. കണ്ണിന്റെ കാഴ്ച തന്നെ നശിപ്പിക്കുവാന്‍ മാത്രം ഊക്കേറിയതാണത്. ഇതെല്ലാം അല്ലാഹുവിന്റെ ഏക മഹാശക്തികൊണ്ടും, അവന്റെ മാത്രം നിയന്ത്രണമനുസരിച്ചും നടക്കുന്നതത്രെ. ഇതുപോലെത്തന്നെ, രാപ്പകലുകള്‍ മാറിമാറിയും, ഏറിക്കുറഞ്ഞും കൊണ്ടിരിക്കുന്നു. ഈ മാറ്റങ്ങളുടെ അടിസ്ഥാനത്തില്‍ ലോകത്ത് ഏതെല്ലാം തരത്തിലുള്ള മാറ്റങ്ങള്‍ അനുദിനം നടന്നുകൊണ്ടിരിക്കുന്നുവെന്ന് കണക്കാക്കുക സാധ്യമല്ല. ഇങ്ങിനെയുള്ള ഓരോ കാര്യത്തെക്കുറിച്ചും ഹൃദയപൂര്‍വ്വം ചിന്തിക്കുകയാണെങ്കില്‍ എത്രയെത്ര പാഠങ്ങള്‍ മനുഷ്യര്‍ക്ക് ലഭിക്കുവാനുണ്ട്?!
ഈ ആയത്തിന്റെ അവസാനത്തില്‍ ‘അതില്‍ മനോദൃഷ്ടിയുള്ളവര്‍ക്ക് ചിന്താവിഷയമുണ്ട്’ എന്ന് പറഞ്ഞത് പ്രത്യേകം ശ്രദ്ധേയമാകുന്നു. ഇതുപോലെയുള്ള വാക്യങ്ങള്‍ ഖുര്‍ആനില്‍ പലേടത്തും കാണാം. സത്യവിശ്വാസത്തെ ശക്തിപ്പെടുത്തുകയും, അല്ലാഹുവിന്റെ ശക്തിമാഹാത്മ്യങ്ങളെ ഗ്രഹിക്കുകയും ചെയ്‌വാനുതകുന്ന ചിന്താഗതിയാണ് ഇതുകൊണ്ടെല്ലാം ഉദ്ദേശ്യം. അങ്ങിനെയുള്ള ചിന്താഗതിയാണ് ചിന്തിക്കുന്നവന്റെ യഥാര്‍ത്ഥഗുണത്തിനു വേണ്ടിയുള്ളത്. അല്ലാത്ത ചിന്തകള്‍, ശാസ്ത്രത്തിന്റെയും യന്ത്രത്തിന്റെയും പുരോഗമനത്തിന് മാത്രമായിരിക്കും ഉപയോഗപ്പെടുക.
- وَٱللَّهُ خَلَقَ كُلَّ دَآبَّةٍ مِّن مَّآءٍ ۖ فَمِنْهُم مَّن يَمْشِى عَلَىٰ بَطْنِهِۦ وَمِنْهُم مَّن يَمْشِى عَلَىٰ رِجْلَيْنِ وَمِنْهُم مَّن يَمْشِى عَلَىٰٓ أَرْبَعٍ ۚ يَخْلُقُ ٱللَّهُ مَا يَشَآءُ ۚ إِنَّ ٱللَّهَ عَلَىٰ كُلِّ شَىْءٍ قَدِيرٌ ﴾٤٥﴿
- അല്ലാഹു, എല്ലാ ജന്തുക്കളെയും വെള്ളത്തില്‍നിന്നു സൃഷ്ടിച്ചിരിക്കുന്നു. എന്നാല്‍, അവരില്‍ ചിലര്‍ ഉദരത്തിന്മേല്‍ (ഇഴഞ്ഞു) നടക്കുന്നവരുണ്ട്; രണ്ടുകാലില്‍ നടക്കുന്നവരും അവരിലുണ്ട്; നാലുകാലില്‍ നടക്കുന്നവരും അവരിലുണ്ട്; അല്ലാഹു ഉദ്ദേശിക്കുന്നത് അവന്‍ സൃഷ്ടിക്കുന്നു. നിശ്ചയമായും അല്ലാഹു എല്ലാ കാര്യത്തിനും കഴിവുള്ളവനാകുന്നു.
- وَاللَّـهُ അല്ലാഹു خَلَقَ സൃഷ്ടിച്ചിരിക്കുന്നു كُلَّ دَابَّةٍ എല്ലാ ജന്തുക്കളെയും مِّن مَّاءٍ വെള്ളത്തില്‍ നിന്നു فَمِنْهُم എന്നാല്‍ അവരില്‍നിന്ന്, അവരിലുണ്ട് مَّن يَمْشِي നടക്കുന്ന ചിലര്‍, ചിലര്‍ നടക്കുന്നു عَلَىٰ بَطْنِهِ തന്റെ ഉദരത്തിന്‍മേല്‍, പള്ളമേല്‍ مَّن وَمِنْهُم അവരിലുണ്ട് ചിലര്‍ يَمْشِي നടക്കുന്ന, അവര്‍ നടക്കുന്നു عَلَىٰ رِجْلَيْنِ രണ്ടു കാലിന്‍മേല്‍ وَمِنْهُم അവരിലുണ്ട്, അവരില്‍നിന്നു مَّن ചിലര്‍ يَمْشِي നടക്കുന്നു, നടക്കുന്ന عَلَىٰ أَرْبَعٍ നാലെണ്ണത്തിന്‍മേല്‍ (നാലു കാലിന്‍മേല്‍) يَخْلُقُ اللَّـهُ അല്ലാഹു സൃഷ്ടിച്ചിരിക്കുന്നു مَا يَشَاءُ അവന്‍ ഉദ്ദേശിക്കുന്നതു إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു عَلَىٰ كُلِّ شَيْءٍ എല്ലാ കാര്യത്തിനും قَدِيرٌ കഴിയുന്നവനാണ്
- لَّقَدْ أَنزَلْنَآ ءَايَـٰتٍ مُّبَيِّنَـٰتٍ ۚ وَٱللَّهُ يَهْدِى مَن يَشَآءُ إِلَىٰ صِرَٰطٍ مُّسْتَقِيمٍ ﴾٤٦﴿
- തീര്‍ച്ചയായും, (യാഥാര്‍ത്ഥ്യങ്ങളെ) വ്യക്തമാക്കുന്ന പല ദൃഷ്ടാന്തങ്ങളും നാം അവതരിപ്പിച്ചിരിക്കുന്നു. അല്ലാഹു, അവന്‍ ഉദ്ദേശിക്കുന്നവരെ നേരായ മാര്‍ഗ്ഗത്തിലേക്കു മാര്‍ഗ്ഗദര്‍ശനം ചെയ്യുന്നു.
- لَّقَدْ أَنزَلْنَا തീര്‍ച്ചയായും നാം ഇറക്കിയിരിക്കുന്നു آيَاتٍ പല ദൃഷ്ടാന്തങ്ങളെ, ലക്ഷ്യങ്ങളെ مُّبَيِّنَاتٍ വ്യക്തമാക്കുന്ന, സ്പഷ്ടമാക്കുന്ന وَاللَّـهُ يَهْدِي അല്ലാഹു മാര്‍ഗ്ഗദര്‍ശനം നല്‍കുന്നു مَن يَشَاءُ അവന്‍ ഉദ്ദേശിക്കുന്നവര്‍ക്കു إِلَىٰ صِرَاطٍ പാതയിലേക്കു, മാര്‍ഗ്ഗത്തിലേക്കു مُّسْتَقِيمٍ നേരായ, ചൊവ്വായ
ഭൂമിയില്‍ ചലിക്കുന്ന എല്ലാ ജീവികള്‍ക്കും دَابَّة (ജന്തു) എന്നു പറയുന്നു. വാഹനത്തിനും, ജോലിക്കും ഉപയോഗിക്കുന്ന മൃഗങ്ങളെ മാത്രം ഉദ്ദേശിച്ചും دَابَّة എന്നു് ഉപയോഗിക്കാറുണ്ട്. ആദ്യം പറഞ്ഞ അര്‍ത്ഥമാണിവിടെ ഉദ്ദേശ്യം. ജീവജന്തുക്കളെല്ലാം വെള്ളത്തില്‍ നിന്നു സൃഷ്ടിക്കപ്പെട്ടതിനെക്കുറിച്ച് സൂ: അമ്പിയാഉ്: 30-ല്‍ വെച്ച് നാം വിവരിച്ചിട്ടുണ്ട്. ജീവികളുടെ സൃഷ്ടിയില്‍ വെള്ളമല്ലാത്ത ധാതുക്കളുടെ അംശവും അടങ്ങിയിട്ടുണ്ടെങ്കിലും, ഘടനയിലും, ഘടനക്കു ശേഷവും, ജലാംശത്തിന്നുള്ള പ്രാധാന്യത്തെ ഇത് കുറിക്കുന്നു. നാലു കാലുകളില്‍ കൂടുതലുള്ള എത്രയോ ജന്തുകളുണ്ടെന്നു് പറയേണ്ടതില്ല. അപ്രകാരം തന്നെ, രൂപം, ആകൃതി, പ്രകൃതി തുടങ്ങിയവയിലെല്ലാം പരസ്പരം വ്യത്യസ്തങ്ങളായ കണക്കറ്റ ജീവികള്‍ ലോകത്തുണ്ട്. ചിന്തിക്കുവാന്‍വേണ്ടി രണ്ടുമൂന്നു തരം ഉദാഹരണമായി എടുത്തുപറഞ്ഞശേഷം, അല്ലാഹു ഉദ്ദേശികുന്നതു അവന്‍ സൃഷ്ടിക്കുന്നു’ (يَخْلُقُ اللَّـهُ مَا يَشَاءُ) എന്ന വാക്കില്‍ ബാക്കിയെല്ലാം അടങ്ങിയിരിക്കുകയാണ്.
അല്ലാഹുവിന്റെ പ്രകാശത്താല്‍ പ്രശോഭിതരായ സജ്ജനങ്ങളെയും, പ്രകാശം ലഭിക്കാതെ അന്ധകാരത്തില്‍ നട്ടംതിരിയുന്ന അവിശ്വാസികളെയും ഉദാഹരിച്ചു കാണിച്ചു. അനന്തരം, അല്ലാഹുവിന്റെ ശക്തിമാഹാത്മ്യങ്ങളെ സാക്ഷീകരിക്കുന്ന ചില പ്രത്യക്ഷ ദൃഷ്ടാന്തങ്ങളും വിവരിച്ചു. ശേഷം, മേല്‍പറഞ്ഞ രണ്ടു തരക്കാര്‍ക്കുമിടയില്‍ കഴിഞ്ഞുകൂടുന്ന കപടവിശ്വാസികളെപ്പറ്റിയാണ് അടുത്ത വചനങ്ങള്‍ പ്രതിപാദിക്കുന്നത്:-
- وَيَقُولُونَ ءَامَنَّا بِٱللَّهِ وَبِٱلرَّسُولِ وَأَطَعْنَا ثُمَّ يَتَوَلَّىٰ فَرِيقٌ مِّنْهُم مِّنۢ بَعْدِ ذَٰلِكَ ۚ وَمَآ أُو۟لَـٰٓئِكَ بِٱلْمُؤْمِنِينَ ﴾٤٧﴿
- അവര്‍ പറയുന്നു: 'ഞങ്ങള്‍ അല്ലാഹുവിലും, റസൂലിലും വിശ്വസിക്കുകയും, ഞങ്ങള്‍ അനുസരിക്കുകയും ചെയ്തിരിക്കുന്നു'എന്ന്. അതിനുശേഷം പിന്നെയും (അതാ) അവരില്‍പ്പെട്ട ഒരു വിഭാഗം പിന്‍മാറിപ്പോകുന്നു! അക്കൂട്ടര്‍ സത്യവിശ്വാസികളല്ലതന്നെ.
- وَيَقُولُونَ അവര്‍ പറയുന്നു آمَنَّا بِاللَّـهِ ഞങ്ങള്‍ അല്ലാഹുവില്‍ വിശ്വസിച്ചിരിക്കുന്നു وَبِالرَّسُولِ റസൂലിലും وَأَطَعْنَا ഞങ്ങള്‍ അനുസരിക്കയും ചെയ്തിരിക്കുന്നു ثُمَّ يَتَوَلَّىٰ പിന്നെ പിന്‍മാറിപ്പോകുന്നു فَرِيقٌ مِّنْهُم അവരില്‍ നിന്നൊരു വിഭാഗം مِّن بَعْدِ ذَٰلِكَ അതിനുശേഷം وَمَا أُولَـٰئِكَ അക്കൂട്ടര്‍ അല്ല بِالْمُؤْمِنِينَ സത്യവിശ്വാസികള്‍ (തന്നെ അല്ല)
- وَإِذَا دُعُوٓا۟ إِلَى ٱللَّهِ وَرَسُولِهِۦ لِيَحْكُمَ بَيْنَهُمْ إِذَا فَرِيقٌ مِّنْهُم مُّعْرِضُونَ ﴾٤٨﴿
- അവരുടെ ഇടയില്‍ വിധിപറയുവാന്‍ വേണ്ടി, അല്ലാഹുവിലേക്കും, അവന്റെ റസൂലിലേക്കും അവര്‍ ക്ഷണിക്കപ്പെടുന്നതായാല്‍ അപ്പോഴതാ, അവരില്‍ ഒരു വിഭാഗം തിരിഞ്ഞുപോകുന്നു!
- وَإِذَا دُعُوا അവര്‍ ക്ഷണിക്കപ്പെട്ടാല്‍, വിളിക്കപ്പെട്ടാല്‍ إِلَى اللَّـهِ അല്ലാഹുവിലേക്കു وَرَسُولِهِ അവന്റെ റസൂലിലേക്കും لِيَحْكُمَ അദ്ദേഹം വിധിക്കുവാന്‍ بَيْنَهُمْ അവരുടെ ഇടയില്‍ إِذَا فَرِيقٌ അപ്പോഴതാ ഒരു വിഭാഗം, ഒരു സംഘം مِّنْهُم അവരില്‍നിന്നു, അവരില്‍പ്പെട്ട مُّعْرِضُونَ തിരിഞ്ഞുപോകുന്നവര്‍ (ആകുന്നു)
- وَإِن يَكُن لَّهُمُ ٱلْحَقُّ يَأْتُوٓا۟ إِلَيْهِ مُذْعِنِينَ ﴾٤٩﴿
- ന്യായം അവര്‍ക്കാണ് [അവരുടെ പക്ഷത്താണ്] ഉള്ളതെങ്കിലോ, അവര്‍ അദ്ദേഹത്തിന്റെ [റസൂലിന്റെ] അടുക്കലേക്ക് അനുസരണമുള്ളവരായിക്കൊണ്ട് വരുന്നതുമാകുന്നു!
- وَإِن يَكُن ആയിരുന്നുവെങ്കില്‍ لَّهُمُ അവര്‍ക്കു (ഗുണമായി) الْحَقُّ ന്യായം, സത്യം يَأْتُوا അവര്‍ വരുന്നതാണ് إِلَيْهِ അദ്ദേഹത്തിലേക്കു, അതിലേക്കു مُذْعِنِينَ അനുസരണമുള്ളവരായിട്ടു
- أَفِى قُلُوبِهِم مَّرَضٌ أَمِ ٱرْتَابُوٓا۟ أَمْ يَخَافُونَ أَن يَحِيفَ ٱللَّهُ عَلَيْهِمْ وَرَسُولُهُۥ ۚ بَلْ أُو۟لَـٰٓئِكَ هُمُ ٱلظَّـٰلِمُونَ ﴾٥٠﴿
- അവരുടെ ഹൃദയങ്ങളില്‍ വല്ല രോഗമുണ്ടോ? അതല്ല, അവര്‍ക്കു സംശയം പിടിപെട്ടിരിക്കുകയാണോ?! അതോ, അല്ലാഹുവും, അവന്റെ റസൂലും, അവരുടെമേല്‍ അനീതി പ്രവര്‍ത്തിക്കുമെന്ന് അവര്‍ ഭയപ്പെടുകയാണോ?! എന്നാല്‍, (വാസ്തവത്തില്‍) അക്കൂട്ടര്‍ തന്നെയാണ് അക്രമികള്‍.
- أَفِي قُلُوبِهِم അവരുടെ ഹൃദയങ്ങളിലുണ്ടോ مَّرَضٌ വല്ല രോഗവും أَمِ ارْتَابُوا അതോ അവര്‍ക്കു സംശയം പിടിപെട്ടിരിക്കുന്നുവോ, അവര്‍ സന്ദേഹപ്പെട്ടിരിക്കുന്നുവോ أَمْ يَخَافُونَ അതോ അവര്‍ ഭയപ്പെടുന്നുവോ أَن يَحِيفَ اللَّـهُ അല്ലാഹു അനീതി ചെയ്യുമെന്നു عَلَيْهِمْ അവരുടെമേല്‍, അവരോടു وَرَسُولُهُ അവന്റെ റസൂലും بَلْ എന്നാല്‍, എങ്കിലും أُولَـٰئِكَ അക്കൂട്ടര്‍ هُمُ അവര്‍ തന്നെയാണ് الظَّالِمُونَ അക്രമികള്‍
ഭാവംകൊണ്ടും, സംസാരംകൊണ്ടും മുസ്‌ലിംകളാണെന്ന് നടിക്കുന്നവരാണ് കപടവിശ്വാസികള്‍ (മുനാഫിഖുകള്‍). ഞങ്ങള്‍ വിശ്വാസികളാണെന്നും, അല്ലാഹുവിനെയും, റസൂലിനെയും അനുസരിക്കുന്നവരാണെന്നും അവര്‍ ജല്‍പിച്ചുകൊണ്ടിരിക്കും. വല്ല പ്രശ്നവും നേരിടുമ്പോള്‍, അതില്‍ റസൂല്‍ صلّى الله عليه وسلّم തിരുമേനിയുടെ തീരുമാനവും വിധിയും കേള്‍ക്കാനോ, സ്വീകരിക്കുവാനോ അവര്‍ തയ്യാറുണ്ടാകുകയില്ല, സത്യത്തിന്റെ മുമ്പില്‍ കപടന്‍മാര്‍ക്ക് വിജയസാദ്ധ്യത കുറവായിരിക്കുമല്ലോ. വല്ലപ്പോഴും അവരുടെ ഭാഗത്ത് സത്യവും ന്യായവും ഉണ്ടെന്നും, വിധി തങ്ങള്‍ക്ക് അനുകൂലമായിരിക്കുമെന്നും കണ്ടാല്‍, അവിടെ അവര്‍ സവിനയം തിരുമേനി(صلّى الله عليه وسلّم)യുടെ മുമ്പില്‍ വരുകയും ചെയ്യും. അവര്‍ക്കറിയാം: നബി (صلّى الله عليه وسلّم) തിരുമേനി സത്യവും, ന്യായവും അനുസരിച്ചല്ലാതെ പ്രവര്‍ത്തിക്കയില്ലെന്ന്. അവരുടെ ഈ നിലപാടിന് കാരണം ഒന്നുകില്‍ അവരുടെ ഹൃദയത്തില്‍ ഒരുതരം രോഗം – കാപട്യം – ഉണ്ടായിരിക്കണം, അല്ലെങ്കില്‍ അവര്‍ യഥാര്‍ത്ഥ സത്യത്തില്‍ സംശയിക്കുന്നവരായിരിക്കണം, അതുമല്ലെങ്കില്‍ അല്ലാഹുവും റസൂലും അന്യായം പ്രവര്‍ത്തിക്കുന്നവരാണെന്ന ആശങ്ക അവര്‍ക്കുണ്ടായിരിക്കണം. ഈ മൂന്നില്‍ ഓരോന്നുംതന്നെ അവിശ്വാസമാണുതാനും.