നൂർ (പ്രകാശം)

മദീനായില്‍ അവതരിച്ചത് – വചനങ്ങള്‍ 64 – വിഭാഗം (റുകൂഅ്) 9

بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ

പരമകാരുണികനും, കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍

വിഭാഗം - 1

24:1
 • سُورَةٌ أَنزَلْنَـٰهَا وَفَرَضْنَـٰهَا وَأَنزَلْنَا فِيهَآ ءَايَـٰتٍۭ بَيِّنَـٰتٍ لَّعَلَّكُمْ تَذَكَّرُونَ ﴾١﴿
 • ഒരു (പ്രധാന) അദ്ധ്യായം! നാം അത് അവതരിപ്പിക്കുകയും, നിയമമാക്കുകയും ചെയ്തിരിക്കുന്നു. (അങ്ങിനെയുള്ളതാണത്.) നിങ്ങള്‍ ഓര്‍മ്മിക്കുവാന്‍വേണ്ടി, വ്യക്തമായ പല ദൃഷ്ടാന്തങ്ങളും അതില്‍ നാം അവതരിപ്പിക്കുകയും ചെയ്തിരിക്കുന്നു.
 • سُورَةٌ ഒരു അദ്ധ്യായമാണ്‌ (ഇതു), ഒരു സൂറത്താണ് أَنزَلْنَاهَا നാമതു അവതരിപ്പിച്ചിരിക്കുന്നു وَفَرَضْنَاهَا നാമതു നിയമമാക്കിയിരിക്കുന്നു وَأَنزَلْنَا فِيهَا നാമതില്‍ അവതരിപ്പിക്കുകയും ചെയ്തു آيَاتٍ പല ദൃഷ്ടാന്തങ്ങള്‍, ലക്ഷ്യങ്ങള്‍ بَيِّنَاتٍ വ്യക്തമായ, തെളിവുകളായ لَّعَلَّكُمْ നിങ്ങളാകുവാന്‍ വേണ്ടി, നിങ്ങളായേക്കാം تَذَكَّرُونَ ഓര്‍മ്മിക്കും, ഉറ്റാലോചിക്കും

ആചാരമര്യാദകള്‍, ശിക്ഷാനിയമങ്ങള്‍ വ്യക്തിപരമായ കടമകള്‍, സാമൂഹ്യബാധ്യതകള്‍ എന്നിങ്ങിനെ പല തുറകളിലുമുള്ള മതനിയമങ്ങള്‍ വളരെയധികം വിവരിച്ചിട്ടുള്ള ഒരു അദ്ധ്യായമാണ്‌ ഈ സൂറത്ത്. ഈ വസ്തുത സൂചിപ്പിച്ചു കൊണ്ടാണ് ‘നാം അത് നിയമമാക്കുകയും ചെയ്തു’ എന്ന് പറഞ്ഞത്. കൂടാതെ, അല്ലാഹുവിന്റെ സൃഷ്ടിമഹാത്മ്യവും ഏകത്വവും സ്ഥാപിക്കുന്ന പല പ്രകൃതിദൃഷ്ടാന്തങ്ങളും ഈ സൂറത്തില്‍ വിവരിച്ചു കാണാം. പുരുഷന്‍മാരെയും സ്ത്രീകളെയും വെവ്വേറെയും, കൂട്ടായും ബാധിക്കുന്ന വളരെ നിയമങ്ങള്‍ ഉള്‍ക്കൊള്ളുന്നതും ഈ സൂറത്തിന്റെ ഒരു വിശേഷതയാകുന്നു. താരതമ്യേന സ്ത്രീകളെ സംബന്ധിക്കുന്ന കാര്യങ്ങള്‍ കൂടുതല്‍ ഉള്‍ക്കൊള്ളുന്നതുകൊണ്ടാണ് – ഉമര്‍ (رضي الله عنه) മുജാഹിദ് (رحمه الله) മുതലയാവരില്‍നിന്ന് നിവേദനം ചെയ്യപ്പെട്ടിട്ടുള്ളതു പോലെ – സ്ത്രീകള്‍ സൂറത്തു-ന്നൂര്‍ പഠിപ്പിക്കുവാന്‍ പ്രത്യേകം പ്രോത്സാഹിപ്പിക്കപ്പെട്ടിരിക്കുന്നത്.

24:2
 • ٱلزَّانِيَةُ وَٱلزَّانِى فَٱجْلِدُوا۟ كُلَّ وَٰحِدٍ مِّنْهُمَا مِا۟ئَةَ جَلْدَةٍ ۖ وَلَا تَأْخُذْكُم بِهِمَا رَأْفَةٌ فِى دِينِ ٱللَّهِ إِن كُنتُمْ تُؤْمِنُونَ بِٱللَّهِ وَٱلْيَوْمِ ٱلْـَٔاخِرِ ۖ وَلْيَشْهَدْ عَذَابَهُمَا طَآئِفَةٌ مِّنَ ٱلْمُؤْمِنِينَ ﴾٢﴿
 • വ്യഭിചാരം ചെയ്തവളാകട്ടെ, വ്യഭിചാരം ചെയ്തവനാകട്ടെ - അവരില്‍ ഓരോരുത്തരെയും - നിങ്ങള്‍ നൂറു അടി അടിക്കുവിന്‍! അല്ലാഹുവിന്റെ മതനടപടിയില്‍, അവരെ സംബന്ധിച്ചു യാതൊരു ദയയും. നിങ്ങള്‍ അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുന്നുണ്ടെങ്കില്‍ - നിങ്ങള്‍ക്ക് പിടിപെട്ടുപോകരുത്! അവരുടെ ശിക്ഷ നടക്കുന്നിടത്ത് സത്യവിശ്വാസികളില്‍ നിന്നുള്ള ഒരു വിഭാഗമാളുകള്‍ സന്നിഹിതരാകുകയും ചെയ്തുകൊള്ളട്ടെ.
 • الزَّانِيَةُ വ്യഭിചാരം ചെയ്യുന്നവള്‍ وَالزَّانِي വ്യഭിചാരം ചെയ്യുന്നവനും فَاجْلِدُوا നിങ്ങള്‍ അടിക്കുവിന്‍ كُلَّ وَاحِدٍ എല്ലാ ഓരോരുവരെയും مِّنْهُمَا അവര്‍ രണ്ടാളില്‍നിന്നും مِائَةَ جَلْدَةٍ നൂറടി (വീതം) وَلَا تَأْخُذْكُم നിങ്ങള്‍ക്കു പിടിപെടരുതു بِهِمَا അവരെ രണ്ടാളെയും സംബന്ധിച്ചു رَأْفَةٌ ഒരു ദയയും, കൃപയും فِي دِينِ اللَّـهِ അല്ലാഹുവിന്റെ മതനടപടിയില്‍ إِن كُنتُمْ നിങ്ങളാണെങ്കില്‍ تُؤْمِنُونَ വിശ്വസിക്കുന്ന(വര്‍) بِاللَّـهِ അല്ലാഹുവില്‍ وَالْيَوْمِ الْآخِرِ അന്ത്യദിനത്തിലും وَلْيَشْهَدْ സന്നിഹിതരാവുക (ഹാജരുണ്ടാവുക)യും ചെയ്തുകൊള്ളട്ടെ عَذَابَهُمَا അവരുടെ ശിക്ഷയുടെ (ശിക്ഷനടത്തുന്നതിന്റെ) അടുക്കല്‍ طَائِفَةٌ ഒരു വിഭാഗം, ഒരു കൂട്ടര്‍ مِّنَ الْمُؤْمِنِينَ സത്യവിശ്വാസികളില്‍ നിന്നുള്ള

വ്യഭിചാരത്തെയും, അതുമായി ഏതെങ്കിലും തരത്തില്‍ ബന്ധമുള്ള കാര്യങ്ങളെയും കുറിച്ചാണ് ഈ സൂറത്തിലെ അധികഭാഗവും വിനിയോഗിക്കപ്പെട്ടിരിക്കുന്നത്. ആദ്യമായി പ്രസ്താവിക്കുന്നത് വ്യഭിചാരത്തിന്റെ ശിക്ഷാനിയമമാകുന്നു. ശിര്‍ക്കും, കൊലയും കഴിച്ചാല്‍ പിന്നെ, ഇസ്‌ലാമിന്റെ ദൃഷ്ടിയില്‍ ഏറ്റവും ഭയങ്കരമായ പാപം വ്യഭിചാരമാകുന്നു. സൂ: ഫുര്‍ഖാന്‍ 68ലും മറ്റും ഇത് കാണാം. ഇഹത്തില്‍ അതുമൂലമുണ്ടാകുന്ന ആപത്തുകളും, പരത്തില്‍ ഉണ്ടാകുന്ന ശിക്ഷയും ഭീമമായതാകുന്നു. ഖുര്‍ആനിലും, ഹദീസിലും ഇതിനെപ്പറ്റി ധാരാളക്കണക്കില്‍ വിവരിച്ചിരിക്കുന്നത് കാണാം. ഇമാം ബൈഹഖി (رحمه الله) മുതലായവര്‍ ഉദ്ധരിക്കുന്ന ഒരു ഹദീസില്‍ അതിന്റെ രത്നചുരുക്കം ഉള്‍കൊള്ളുന്നതുകൊണ്ട് അതിവിടെ ഉദ്ധരിക്കം. നബി (صلّى الله عليه وسلّم) പറയുകയാണ്:-

يا معشر الناس اتقوا الزنا فإن فيه ست خصال ثلاث في الدنيا وثلاث في الآخرة ، فأما التي في الدنيا ، فتذهب البهاء ، وتورث الفقر ، وتنقص العمر ، وأما التي في الآخرة فتوجب السخطة ، وسوء الحساب والخلود في النار – البيهقي وغيره

സാരം: ‘മനുഷ്യരേ, നിങ്ങള്‍ വ്യഭിചാരം സൂക്ഷിക്കണേ! കാരണം; അതില്‍ ആറു കാര്യങ്ങള്‍ അടങ്ങിയിട്ടുണ്ട്. മൂന്നെണ്ണം ഇഹത്തിലും, മൂന്നെണ്ണം പരത്തിലും ഉള്ളതാകുന്നു. ഇഹത്തില്‍വെച്ചുള്ളത് ഏതെന്നുവെച്ചാല്‍: അത് മനുഷ്യന്റെ ലാവണ്യം നശിപ്പിക്കുന്നു, ദാരിദ്ര്യത്തെ അവകാശപ്പെടുത്തുന്നു, ആയുസ്സ് ചുരുക്കിക്കളയുകയും ചെയ്യുന്നു. പരലോകത്തുവെച്ചുണ്ടാകുന്നവയാകട്ടെ, അത് (അല്ലാഹുവിന്റെയും സൃഷ്ടികളുടെയും) ക്രോധത്തെയും, കഠിനമായ വിചാരണയെയും, നരകത്തില്‍ സ്ഥിരവാസത്തെയും ഉണ്ടാക്കിത്തീര്‍ക്കുകയും ചെയ്യുന്നു.’

നിങ്ങള്‍ സത്യവിശ്വാസികളാണെങ്കില്‍ അവരില്‍ ശിക്ഷ നടത്തുന്ന കാര്യത്തില്‍ യാതൊരു ദയയും ഉണ്ടാകുവാന്‍ പാടില്ല എന്നും, ശിക്ഷ നടത്തുന്നത് ഒരു വിഭാഗം ആളുകളുടെ മുമ്പാകെവെച്ച് പരസ്യമായിട്ടായിരിക്കണമെന്നും കല്‍പിക്കുമ്പോള്‍ അല്ലാഹുവിന്റെ അടുക്കല്‍ അത് എത്രമാത്രം ഭയങ്കരമായ പാപമായിട്ടാണ് ഗണിക്കപ്പെട്ടിട്ടുള്ളതെന്ന് മനസ്സിലാക്കാം. കുടുംബബന്ധങ്ങളും, പിതൃബന്ധങ്ങളും താറുമാറാക്കുന്ന ഒരു വമ്പിച്ച മൃഗീയ നീചവൃത്തിയത്രെ വ്യഭിചാരം. ഇത്രയും നീചവും നികൃഷ്ടവുമായ ഒരു പാപമായതു കൊണ്ടുതന്നെയാണ്, ഒരാളെപ്പറ്റി വ്യഭിചാരരോപണം പറയുന്നവന് – നാല് സാക്ഷികള്‍ മുഖാന്തരം അവനത് തെളിയിക്കാത്തപക്ഷം – 80 അടി ശിക്ഷ നല്‍കപ്പെടണമെന്നും, മറ്റും 4-ാം വചനത്തില്‍ കല്‍പിക്കപ്പെട്ടിട്ടുള്ളതും.

ഒരാള്‍ ഈ നീചവൃത്തി ചെയ്തതായി ഒന്നോ, രണ്ടോ, മൂന്നോ പേര്‍ അറിഞ്ഞാല്‍പോലും അത് രഹസ്യമാക്കി വെക്കണമെന്നു് ഇതുകൊണ്ട് വരുന്നു. അത് ഗോപ്യമാക്കിവെക്കാതെ, അവന്റെമേല്‍ ജനമദ്ധ്യേ ദുഷ്കീര്‍ത്തിയുണ്ടാക്കരുതെന്നാണ് ഇതിന്റെ അര്‍ത്ഥം. ഒരു പക്ഷേ, അവന്‍ സ്വയം ഖേദിച്ചു മടങ്ങിയേക്കാം. അല്ലെങ്കില്‍ അല്ലാഹു അവന്റെമേല്‍ നടപടി എടുത്തുകൊള്ളും എന്നു് സമാധാനിക്കാം. എനി, നാലോ അധികമോ പേര്‍ കാണുകവഴി അത് പരസ്യപ്പെടുന്നപക്ഷം, അപ്പോള്‍ അതിന് തക്കശിക്ഷ നല്‍കപ്പെടാതിരുന്നാല്‍ അതു് ഇസ്‌ലാമിനും മുസ്‌ലിം സമുദായത്തിനും ചീത്തപ്പേരാണെന്നു് മാത്രമല്ല, സമുദായത്തിന്റെ അച്ചടക്കത്തിനും, സാമൂഹ്യനന്മക്കും, നിയമത്തിന്റെ ഭദ്രതക്കും ദോഷകരവുമായിരിക്കും. അതുകൊണ്ട് എനിയത് അഗണ്യമാക്കുവാന്‍ വയ്യ. ചുരുക്കിപ്പറഞ്ഞാല്‍, ഒരാളില്‍ വല്ല നീചവൃത്തിയും കണ്ടാല്‍ കഴിയുന്നതും അത് പരസ്യമാക്കാതിരിക്കണം. അത് രംഗത്തു വന്നു് തെളിഞ്ഞുകഴിഞ്ഞാല്‍ അതിന് തക്ക നടപടി എടുക്കാതെ വിട്ടുകളയുകയും ചെയ്യരുത്. ഇതാണ് ശിക്ഷാനടപടികളെ സംബന്ധിച്ചിടത്തോളം ഇസ്‌ലാമിന്റെ പൊതുനില. വ്യഭിചാരം ചെയ്തതായി സ്വയം ഏറ്റുപറയുകയും, ശിക്ഷാനടപടി നടത്തിക്കൊള്ളുവാന്‍ സ്വയം ആവശ്യപ്പെടുകയും ചെയ്ത ചിലരോട്, ആദ്യത്തില്‍ നബി (صلّى الله عليه وسلّم) കേട്ടഭാവം നടിക്കാതെ കണ്ണടക്കുകയും, വീണ്ടും വീണ്ടും അപേക്ഷിച്ചപ്പോള്‍ മാത്രം ശിക്ഷ വിധിക്കുകയും ചെയ്തിട്ടുള്ളത് ഈ സന്ദര്‍ഭത്തില്‍ സ്മരണീയമാകുന്നു. നബി (صلّى الله عليه وسلّم) തിരുമേനി ഇപ്രകാരം അരുളിച്ചെയ്തതായി ഹദീസില്‍ കാണാം.

تَعَافَوُا الْحُدُودَ فِيمَا بَيْنَكُمْ فَمَا بَلَغَنِي مِنْ حَدٍّ فَقَدْ وَجَبَ – ابوداود والنسائي

സാരം: ‘നിങ്ങള്‍ക്കിടയില്‍ ‘ഹദ്ദു’കളെ (ശിക്ഷാനിയമത്തിന്നു് വിധേയമായ കുറ്റങ്ങളെ) അന്യോന്യം വിട്ടുവീഴ്ച ചെയ്യുവിന്‍. എന്നാല്‍, എന്റെ അടുക്കല്‍ വല്ല ‘ഹദ്ദും’ എത്തിക്കഴിഞ്ഞാല്‍ പിന്നെ അത് (ശിക്ഷാനടപടി എടുക്കല്‍) നിര്‍ബ്ബന്ധമായി.’ അതായത്: അധികൃതസ്ഥാനത്ത് എത്തിക്കഴിഞ്ഞാല്‍ തെളിവനുസരിച്ച് ശിക്ഷിക്കാതിരിക്കുവാന്‍ പാടില്ല. കഴിയുന്നതും അതവിടെ എത്താതിരിക്കത്തക്കവണ്ണം അഗണ്യമാക്കുവാന്‍ ശ്രമിക്കേണ്ടതാണ് എന്ന് താല്‍പര്യം.

നമ്മുടെ സ്ഥിതിയോ? ആരെങ്കിലും, എന്തെങ്കിലും ഒരു ദുഷ്പ്രവൃത്തി ചെയ്തതായോ, ചെയ്‌വാന്‍ ഭാവമുള്ളതായോ വല്ല കേട്ടുകേള്‍വിയും ലഭിക്കേണ്ട താമസം, അത് ഏറ്റുപാടുകയും, പറഞ്ഞു പരത്തുകയും ചെയ്യുക സാധാരണമാകുന്നു. എനി, ഉത്തരവാദപ്പെട്ട സ്ഥാനത്ത് കേസ്സുകള്‍ എത്തിയാലത്തെ കഥയാണെങ്കില്‍, അവിടെ സത്യത്തിനോ, നീതിക്കോ, നിയമത്തിനോ അല്ല – സ്വാര്‍ത്ഥത്തിനും, ശുപാര്‍ശക്കും, കക്ഷിമനസ്ഥിതിക്കുമാണ് – പ്രാബല്യം കാണപ്പെടുന്നതും. അതോടൊപ്പം, ഇന്നു് നിലവിലുള്ള ശിക്ഷാനിയമങ്ങളാകട്ടെ, വേദന തീണ്ടാത്തതും, ബുദ്ധിമുട്ട് കൂടാതെ അനുഭവിക്കാവുന്നതും! അങ്ങനെ, സമുദായമാകമാനം ധാര്‍മ്മികമായ ഒരുതരം അരാജകത്വത്തിലേക്ക് ദിനംപ്രതി നീങ്ങിക്കൊണ്ടിരിക്കുകയാണ്. വ്യസനകരം!

നബി (صلّى الله عليه وسلّم) തിരുമേനിയുടെ പ്രിയപ്പെട്ട പോറ്റുപുത്രന്‍ ഉസാമത്തുബ്നുസൈദ്‌ (رضي الله عنه) ഒരിക്കല്‍ ഒരു ഭേദപ്പെട്ട സ്ത്രീ മോഷണം ചെയ്ത കേസ്സില്‍ ശുപാര്‍ശ നടത്തുകയുണ്ടായി. മറ്റാരും തിരുമേനി (صلّى الله عليه وسلّم) യുടെ അടുക്കല്‍ ശുപാര്‍ശക്ക് ചെല്ലുവാന്‍ ധൈര്യപ്പെടാതിരുന്നതുകൊണ്ട് കേവലം ചെറുപ്പകാരനും, തിരുമേനി(صلّى الله عليه وسلّم)യുടെ വാത്സല്യപാത്രവുമായ ഉസാമഃ (رضي الله عنه) യെ പ്രതിഭാഗം തിരഞ്ഞെടുത്തയച്ചതായിരുന്നു. ‘അല്ലാഹുവിന്റെ ശിക്ഷാനടപടികളില്‍ ശുപാര്‍ശക്ക് വന്നിരിക്കുകയാണോ നീ?!’ എന്നു് ദേഷ്യപ്പെട്ടുകൊണ്ട് ആക്ഷേപിക്കുകയും അതിനെത്തുടര്‍ന്നു് ഒരു പ്രസംഗം തന്നെ നടത്തുകയുമാണ് തിരുമേനി (صلّى الله عليه وسلّم) ചെയ്തത്. അതില്‍ അവിടുന്നു് ഇപ്രകാരം പറഞ്ഞിരുന്നു: ‘പ്രമാണിമാര്‍ കളവ് നടത്തിയാല്‍ വിട്ടുകളയുകയും, അബലരായ ആളുകള്‍ കളവ് നടത്തിയാല്‍ ശിക്ഷാനടപടി എടുക്കുകയും ചെയ്തിരുന്ന സമ്പ്രദായമാണ്, നിങ്ങള്‍ക്ക് മുമ്പുള്ളവരെ (വേദക്കാരെ) നാശത്തിലാക്കിയത്. അല്ലാഹു തന്നെയാണ് സത്യം! മുഹമ്മദിന്റെ മകള്‍ ഫാത്തിമഃ തന്നെ കളവ് നടത്തിയാലും ഞാന്‍ അവളുടെ കൈ മുറിച്ചു കളയും!’ (ولَوْ أَنَّ فَاطِمَةَ بِنْتَ مُحَمَّدٍ سَرَقَتْ لَقَطَعْتُ يَدَهَا). ഈ ഹദീസ് ബുഖാരിയും മുസ്‌ലിമും (رحمهما الله) ഉദ്ധരിച്ചിട്ടുള്ളതാണ്.

ഇസ്‌ലാമിലെ ശിക്ഷാനിയമങ്ങളെപ്പറ്റി, ‘പഴഞ്ചന്‍, അപരിഷ്കൃതം, നിര്‍ദ്ദയം’ എന്നൊക്കെ ആക്ഷേപിക്കപ്പെടാറുണ്ട്. ‘പരിഷ്കൃതാശയക്കാരെ’ന്നഭിമാനിക്കുന്ന ചില മുസ്‌ലിംകള്‍പോലും ഈ അഭിപ്രായക്കാരാണോ എന്നു് സംശയിക്കേണ്ടിയിരിക്കുന്നു. മനഃശാസ്ത്രത്തെയും, പരിഷ്കൃത യുഗത്തെയും ചൊല്ലി, മതനിയമങ്ങളെ ആക്ഷേപിക്കുന്ന ആളുകളാല്‍ നിര്‍മ്മിതങ്ങളായ ഇന്നത്തെ ശിക്ഷാനിയമങ്ങളാകട്ടെ, കുറ്റങ്ങളെ കുറക്കുവാനും, അച്ചടക്കവാസനയുണ്ടാക്കുവാനും പര്യാപ്തങ്ങളല്ലെന്നു് നിത്യാനുഭവങ്ങള്‍ തെളിയിച്ചുകൊണ്ടിരിക്കയാണ്. നമ്മുടെ നാട്ടില്‍തന്നെ, ഗവര്‍മ്മെണ്ട് അതിന്റെ പരാജയം സമ്മതിക്കേണ്ടി വന്ന പല നിയമങ്ങളും നിലവിലുള്ളത് നമുക്കറിയാമല്ലോ. കൊലശിക്ഷ എടുത്ത് കളഞ്ഞശേഷം വീണ്ടും അത് നടപ്പിലാക്കുവാന്‍ ചില രാഷ്ട്രങ്ങള്‍ നിര്‍ബ്ബന്ധിതമായ പല വാര്‍ത്തകളും നാം കേട്ടുകൊണ്ടിരിക്കുന്നു. ചിന്തകന്‍മാരായ പല വ്യക്തികളും ഇതിന്റെയെല്ലാം പശ്ചാത്തലം മനസ്സിലാക്കിയിട്ടുണ്ടെങ്കിലും, ഭരണച്ചെങ്കോലുകള്‍ കൈവശം വെക്കുന്നവരുടെഗതി പിന്നെപ്പിന്നെ അധഃപതനത്തിലേക്കാണെന്നു് പറയേണ്ടിയിരിക്കുന്നു. വ്യഭിചാരവിഷയകമായി നോക്കുകയാണെങ്കില്‍, ബലാല്‍സംഗം മാത്രമാണ് ഇന്നത്തെ നിയമപ്രകാരം പല രാഷ്ട്രങ്ങളിലും ശിക്ഷാര്‍ഹമായിട്ടുള്ളതെന്നു പറയാം. നിയമപരമായി നോക്കുമ്പോള്‍ വ്യഭിചാരത്തിന് പ്രോത്സാഹനമോ, നിര്‍ബ്ബന്ധമോ എവിടെയും നിലവിലില്ല എന്നത് ശരിയാണ്. എങ്കിലും, പല കലാവിനോദങ്ങളും, പുതുതായി നടപ്പില്‍ വന്നുകൊണ്ടിരിക്കുന്ന ഏതാനും സര്‍ക്കാര്‍ നിയമങ്ങളും ഇക്കാലത്ത് വ്യഭിചാരവൃത്തിക്ക് തികച്ചും പ്രോത്സാഹനം നല്‍കുന്നുവെന്നത് ഒരു വാസ്തവം മാത്രമാണ്. മനുഷ്യത്വത്തെയും, ധാര്‍മ്മികത്വത്തെയും നിലനിറുത്തേണമെങ്കില്‍, മനുഷ്യസൃഷ്ടാവിനാല്‍ നിയമക്കിപ്പെട്ട ധാര്‍മ്മിക നടപടികള്‍ സ്വീകരിച്ചേ തീരൂ.

ഖുര്‍ആന്‍ വ്യാഖ്യാതാക്കളും, ഇസ്‌ലാമിക കര്‍മ്മശാസ്ത്ര (الفقه الإسلامي) പണ്ഡിതന്‍മാരും വളരെയധികം വിസ്തരിച്ചു വിവരിച്ചിട്ടുള്ള ഒരു ആയത്താണ് നാം വായിച്ചത്. ഈ ആയത്തില്‍ നിന്നും, അതിനോട് ബന്ധപ്പെട്ട ഹദീസുകളില്‍ നിന്നുമായി അനവധി സംഗതികള്‍ ഇവിടെ അവര്‍ വിവരിച്ചു കാണാം. അവയില്‍ മുഖ്യമായ ഒന്ന് രണ്ട് സംഗതികള്‍ ഇവിടെ ചുരുക്കി പ്രസ്താവിക്കുന്നത് ആവശ്യമാകുന്നു. അതിനുമുമ്പായി, ഇസ്‌ലാമിന്റെ ഒരു അടിസ്ഥാനതത്വം ഇവിടെ ഓര്‍ക്കേണ്ടതുണ്ട്. ഇസ്‌ലാമിന്റെ മൂലപ്രമാണങ്ങള്‍ ഖുര്‍ആനും, ഹദീസുമാകുന്നു. വേദഗ്രന്ഥവും, സാക്ഷാല്‍ അടിസ്ഥാനവും ഖുര്‍ആന്‍ തന്നെ. നബി (صلّى الله عليه وسلّم) തിരുമേനിയുടെ വചനങ്ങളും, മാതൃകാപ്രവര്‍ത്തനങ്ങളുമാകുന്ന സുന്നത്ത് – അല്ലെങ്കില്‍ ഹദീസ് – അതിന്റെ വ്യാഖ്യാനവുമാണ്. മറ്റൊരു വിധത്തില്‍ പറയുകയാണെങ്കില്‍, ഖുര്‍ആന്റെ വ്യാഖ്യാതാവാണ് നബി (صلّى الله عليه وسلّم) തിരുമേനി. അവിടുത്തെ വ്യാഖ്യാനത്തിന് നിരക്കാത്ത ഏത് വ്യാഖ്യാനവും സ്വീകാര്യമല്ല തന്നെ. ഇതിന് തെളിവായി പലതും ഉദ്ധരിക്കുവാനുണ്ടെങ്കിലും, അല്‍പം ചില ഖുര്‍ആന്‍ വചനങ്ങള്‍ കൊണ്ട് നമുക്ക് ഇവിടെ മതിയാക്കാം:-

1.وَأَنزَلْنَا إِلَيْكَ الذِّكْرَ لِتُبَيِّنَ لِلنَّاسِ مَا نُزِّلَ إِلَيْهِمْ وَلَعَلَّهُمْ يَتَفَكَّرُونَ: سورة النحل: ٤٤
2.وَمَا يَنطِقُ عَنِ الْهَوَىٰ ﴿٣﴾ إِنْ هُوَ إِلَّا وَحْيٌ يُوحَىٰ ﴿٤﴾: سورة النجم
3.وَمَا آتَاكُمُ الرَّسُولُ فَخُذُوهُ وَمَا نَهَاكُمْ عَنْهُ فَانتَهُوا ۚ وَاتَّقُوا اللَّـهَ ۖ إِنَّ اللَّـهَ شَدِيدُ الْعِقَابِ: سورة الحشر:٧

സാരങ്ങള്‍:

1. ജനങ്ങള്‍ക്ക് ഇറക്കപ്പെട്ടിട്ടുള്ളതിനെ അവര്‍ക്ക് നീ വിവരിച്ചു കൊടുക്കുവാനാണ് നിനക്ക് നാം ‘ദിക്റി’നെ ഇറക്കിയിട്ടുള്ളത്. 16:44. (ഇവിടെ ദിക്ര്‍’ (ذِّكْر) എന്ന പദത്തിന് ‘ബോധനം, സ്മരണ, ഉപദേശം’ എന്നിങ്ങനെയുള്ള ഏത് വാക്കര്‍ത്ഥം കൊടുത്താലും ശരി, ഖുര്‍ആന്‍ മാത്രമോ, അല്ലെങ്കില്‍ ഖുര്‍ആന്‍ അടക്കമുള്ള ദിവ്യബോധനങ്ങളോ ആണ് അതുകൊണ്ട് ഉദ്ദേശിക്കപ്പെട്ടിട്ടുള്ളതെന്ന കാര്യത്തിലും, നബി (صلّى الله عليه وسلّم) യെ അഭിമുഖീകരിച്ചുകൊണ്ടാണിത് പറഞ്ഞിട്ടുള്ളതെന്ന കാര്യത്തിലും സംശയമില്ല.).

2. അദ്ദേഹം നബി – തന്നിഷ്ടപ്രകാരം മിണ്ടുകയില്ല. (സംസാരിക്കുകയില്ല). അത് അദ്ദേഹത്തിന് നല്‍കപ്പെടുന്ന ‘വഹ്-യല്ലാതെ മറ്റൊന്നുമല്ല. 53:3,4.

3. റസൂല്‍ നിങ്ങള്‍ക്ക് കൊണ്ടുവന്നതെന്തോ അത് നിങ്ങള്‍ സ്വീകരിക്കുവിന്‍; അദ്ദേഹം നിങ്ങളോട് ഏതൊന്നിനെപ്പറ്റി വിരോധിച്ചുവോ അത് നിങ്ങള്‍ വര്‍ജ്ജിക്കുകയും ചെയ്യുവിന്‍! 59:7. (സ്വീകരിക്കുവാന്‍ പറയുന്നിടത്ത് അദ്ദേഹം ‘കല്‍പിച്ചത്‌’ എന്ന് പറയാതെ, അദ്ദേഹം കൊണ്ടുവന്നത് (َمَا آتَاكُمُ) എന്ന് പറഞ്ഞ ഭാഗം പ്രത്യേകം ഗൗനിക്കേണ്ടതാകുന്നു. അദ്ദേഹത്തിന്റെ വാക്കിൽ മാത്രമല്ല പ്രവൃത്തിയിലും മാതൃകയുണ്ടെന്നാണത് കാണിക്കുന്നത്.).
ഉദ്ദേശ്യം വിവരിക്കുക, സാമാന്യമായിപ്പറഞ്ഞതിനെ വിസ്തരിച്ചു കാണിക്കുക, സൂചനകള്‍ വെളിപ്പെടുത്തുക, പരിധികളും ഉപാധികളും നിര്‍ണ്ണയിക്കുക, മൊത്തമായിപ്പറഞ്ഞതിനെ വിശദീകരിക്കുക മുതലായതിനാണല്ലോ വ്യാഖ്യാനമെന്ന് പറയുന്നത്. (*)


(*). മുഖവുര നാലാം ഖണ്ഡികയില്‍ ഖുര്‍ആന്‍ വ്യാഖ്യാനത്തെ സംബന്ധിച്ച് നാം വിവരിച്ചിട്ടുള്ള പലതും ഇവിടെ സ്മരിക്കാം. കര്‍മ്മശാസ്ത്രനിദാനഗ്രന്ഥങ്ങളിലും (أصول الفقه) ഖുര്‍ആന്‍ വ്യാഖ്യാനശാസ്ത്ര ഗ്രന്ഥങ്ങളിലും (علوم التفسير) ഈ വിഷയം സവിസ്തരം പ്രതിപാദിക്കപ്പെട്ടിരിക്കുന്നു.


الزَّانِيَةُ وَالزَّانِي (വ്യഭിചാരം ചെയ്തവളും വ്യഭിചാരം ചെയ്തവനും) എന്ന വാക്കുകള്‍ വിവാഹം കഴിഞ്ഞവര്‍ക്കും, വിവാഹം കഴിയാത്തവര്‍ക്കും ഉപയോഗിക്കാവുന്നതാണ്. പക്ഷേ, ഹദീസില്‍, വ്യഭിചാരം ചെയ്യുന്നവരെ ‘മുഹ്സ്വന്‍’ (المحصن) എന്നും, ‘മുഹ്സ്വന്‍’ അല്ലാത്തവന്‍ (غير المحصن) എന്നും വിഭജിച്ചിരിക്കുന്നു. ‘മുഹ്സ്വന്‍’ എന്ന വാക്ക് ഒന്നിലധികം അര്‍ത്ഥത്തില്‍ ഉപയോഗിക്കപ്പെടാറുണ്ട്. അതിനെപ്പറ്റി 4-ാം വചനത്തിന്റെ വിവരണത്തില്‍ കാണാം. അംഗീകരിക്കപ്പെട്ട വിവാഹം വഴി, ഭാര്യാഭര്‍ത്തൃസഹവാസം നടന്നിട്ടുള്ള സ്വതന്ത്രനായ – അടിമയല്ലാത്ത – ആള്‍ എന്നാണ് ഇവിടെ ഈ വാക്കുകൊണ്ട് ഉദ്ദേശിക്കപ്പെട്ടിട്ടുള്ളത്. ഭാര്യാഭര്‍ത്തൃ സഹവാസം നടന്നിട്ടില്ലാത്തവരും, അംഗീകൃത വിവാഹം കഴിയാത്തവരും, അടിമകളും ‘മുഹ്സ്വന’ല്ലാത്തവരില്‍ ഉള്‍പ്പെടുന്നു.

ആയത്തില്‍ പ്രസ്താവിച്ച അടിശിക്ഷ ‘മുഹസ്വന’ല്ലാത്തവനുള്ളതാണെന്നും, ‘മുഹ്സ്വന്റെ’ ശിക്ഷ എറിഞ്ഞുകൊല്ലലാണെന്നും നബി (صلّى الله عليه وسلّم) തിരുമേനി വാക്കു മുഖേനയും, പ്രവൃത്തി മുഖേനയും വ്യക്തമാക്കിയിരിക്കുകയാണ്. നിഷ്പക്ഷഹൃദയനായ ഏതൊരു മുസ്ലിമിനും നിഷേധിക്കാന്‍ കഴിയാത്തവണ്ണം ബലവത്തായ അനേകം ഹദീസുകള്‍വഴി ഇതു സ്ഥാപിതമായിട്ടുണ്ട്. അബൂബക്കര്‍, ഉമര്‍, അലി, ജാബിര്‍, അബൂസഈദില്‍ ഖുദ്-രീ, അബൂഹുറൈറ, സൈദുബ്നു ഖാലിദ്, ബുറൈദത്തുല്‍ അസ്ലമീ (رضي الله عنهم) തുടങ്ങിയ പല സഹാബികളില്‍ നിന്നും നിവേദനം ചെയ്യപ്പെട്ടിട്ടുള്ളതും, ബുഖാരീ, മുസ്‌ലിം (رحمة الله عليهما) തുടങ്ങിയ എല്ലാ പ്രധാന ഹദീസു പണ്ഡിതന്‍മാരും രേഖപ്പെടുത്തിയിട്ടുള്ളതുമാണ് അവ. ഒരൊറ്റ സഹാബിയോ, താബിഈ (സഹാബികളുടെ പിന്‍ഗാമി) യോ, ഇമാമോ ഇതില്‍ എതിരഭിപ്രായക്കാരുമില്ല. നബി (صلّى الله عليه وسلّم) തിരുമേനി തന്നെ, എറിഞ്ഞുകൊല്ലുവാന്‍ വിധി നടത്തിയ സംഭവങ്ങള്‍ മൂന്നെണ്ണം രേഖപ്പെടുത്തപ്പെട്ടിട്ടുമുണ്ട്. ഖുലഫാഉറാശിദീന്റെ കാലത്തും അതു നടന്നിരിക്കുന്നു. അവ മുഴുവനുമോ, ഏതാനുമോ ഇവിടെ വിവരിക്കുന്നപക്ഷം ഈ വിവരണം വളരെ ദീര്‍ഘിച്ചുപോകുന്നതുകൊണ്ടും, ആര്‍ക്കും അന്വേഷിച്ചറിയാവുന്നവിധം അവ ശ്രുതിപ്പെട്ടതാകകൊണ്ടും ഇവിടെ അവ ഉദ്ധരിക്കുന്നില്ല.

ചുരുക്കിപ്പറഞ്ഞാല്‍, മേല്‍കാണിച്ചതുപോലെയുള്ള ഖുര്‍ആന്‍ വാക്യങ്ങളില്‍ വിശ്വസിക്കുന്ന ഏതൊരാള്‍ക്കും, നബി (صلّى الله عليه وسلّم)യുടെ സുന്നത്ത് (വാക്കും പ്രവൃത്തിയും) ഖുര്‍ആന്റെ വിവരണമായി അംഗീകരിക്കുന്ന ആര്‍ക്കും ഈ വിഷയത്തില്‍ ഭിന്നാഭിപ്രായം – അഥവാ, എല്ലാതരം വ്യഭിചാരികള്‍ക്കുമുള്ള ശിക്ഷ നൂറ് അടി മാത്രമാണ് എന്നുള്ള വാദം – ഉണ്ടായിരിക്കുവാന്‍ നിവൃത്തിയില്ല. ഇതേവരെ അങ്ങിനെ ഉണ്ടായിട്ടുമില്ല. മുന്‍കാലത്ത് ഈ വിഷയത്തില്‍ എതിരഭിപ്രായം ഉണ്ടായിട്ടുള്ളത് ‘ഖവാരിജ്’ എന്ന പേരില്‍ അറിയപ്പെടുന്ന കക്ഷി (*)ക്കു മാത്രമാണ്. അടിസ്ഥാനപരമായിത്തന്നെ മുസ്ലിംകളുമായി ഭിന്നിച്ചുനിന്ന ഒരു കക്ഷിയാണത്. ഈ അഭിപ്രായത്തില്‍ അവരെ അനുകരിക്കുന്ന ചില വ്യക്തികള്‍ പിന്നീടും ചുരുക്കത്തില്‍ ഇല്ലാതില്ല. ഒന്നുകില്‍ അവര്‍, ആദര്‍ശപരമായി ‘ഖവാരിജി’നോട് യോജിക്കുന്നവരായിരിക്കും. അല്ലെങ്കില്‍, ഖുര്‍ആന്‍ മാത്രമേ ഇസ്ലാമിന്റെ ലക്ഷ്യപ്രമാണമായുള്ളൂവെന്ന് പ്രത്യക്ഷമായോ പരോക്ഷമായോ വാദിച്ചുകൊണ്ട്‌ സുന്നത്തിനെ നിഷേധിച്ചുകളയുന്ന ‘അഹ്ലുല്‍ ഖുര്‍ആന്‍’ വിഭാഗത്തില്‍പെട്ടവരായിരിക്കും. അതുമല്ലെങ്കില്‍, ആധുനിക ലഹരിനിമിത്തം ഇസ്‌ലാമിക വിധികളെ ജനഹിതത്തിനൊത്തും, കാലത്തിനൊത്തും ചിത്രീകരിക്കുവാന്‍ മുതിരുന്നവരായിരിക്കും. മറ്റാര്‍ക്കും അതിനുള്ള ആവശ്യമോ ധൈര്യമോ ഉണ്ടാകുന്നതല്ല.


(*). ഖവാരിജ് (الخوارج): ഖിലാഫത്തിനെതിരായി വമ്പിച്ച വിപ്ളവമുണ്ടാക്കിയ ഒരു കക്ഷിയാണ് ഇത്. അലി (رضي الله عنه) യുടെ കാലത്താണ് ഇവരുടെ ഉല്‍ഭവം. ഇവര്‍ക്ക് സ്വന്തമായ പല അഭിപ്രായങ്ങളും ആദര്‍ശങ്ങളുമുണ്ടായിരുന്നു. ഇന്ന് ഈ കക്ഷി നിലവിലില്ല. ഇവരുടെ ചരിത്രം പ്രസിദ്ധമാണ്.


നബി (صلّى الله عليه وسلّم) തിരുമേനിയും, ഉമര്‍ (رضي الله عنه) മുതലായ ചില മഹാന്‍മാരും ഇങ്ങനെയുള്ളവരെപ്പറ്റി മുമ്പേ ചെയ്തിട്ടുള്ള പ്രവചനങ്ങള്‍ കാണുമ്പോള്‍, ചിന്തിക്കുന്ന സത്യവിശ്വാസികള്‍ക്കു വിശ്വാസവര്‍ദ്ധനവുണ്ടാകുകയാണ് ചെയ്യുക. നബി (صلّى الله عليه وسلّم) പറയുന്നു:-

لَا أُلْفِيَنَّ أَحَدَكُمْ مُتَّكِئًا عَلَى أَرِيكَتِهِ يَأْتِيهِ الْأَمْرُ مِنْ أَمْرِي مِمَّا أَمَرْتُ بِهِ أَوْ نَهَيْتُ عَنْهُ فَيَقُولُ: لَا أَدْرِي مَا وَجَدْنَا فِي كِتَابِ اللَّهِ اتَّبَعْنَاهُ – احمد وابوداود والترمذي وابن ماجة والبيهقي

സാരം: നിങ്ങളിലൊരാള്‍ അവന്റെ സോഫായില്‍ – അഥവാ അലംകൃതമായ കട്ടിലില്‍ – ചാരിയിരുന്ന് (സുഖിച്ചു) കൊണ്ടിരിക്കെ, ഞാന്‍ കൽപിച്ചതോ, വിരോധിച്ചതോ ആയ എന്റെ നിര്‍ദ്ദേശത്തില്‍പ്പെട്ട ഒരു കാര്യം അവന്റെയടുക്കല്‍ എത്തുമ്പോള്‍ അവന്‍ ഇങ്ങിനെ പറയുന്നതു ഞാന്‍ കാണാതിരിക്കട്ടെ: ‘എനിക്ക് അതറിഞ്ഞുകൂടാ, അല്ലാഹുവിന്റെ കിതാബില്‍ കണ്ടതേതോ അതു നമുക്ക് പിന്‍പറ്റാം.’). ഖുര്‍ആനും, സുന്നത്തും വേണ്ടതുപോലെ ഗ്രഹിക്കുകയും സ്വീകരിക്കുകയും ചെയ്യാത്ത സുഖിയന്‍മാരെയും, മടിയന്‍മാരെയും സൂചിപ്പിച്ചുകൊണ്ടാണ് തിരുമേനി (صلّى الله عليه وسلّم) ഇത് അരുളിചെയ്യുന്നതെന്നത്രെ, ‘സോഫായില്‍ ചാരിയിരുന്നുകൊണ്ട്’ (مُتَّكِئًا عَلَى أَرِيكَتِهِ) എന്ന വാക്ക് മനസ്സിലാക്കിത്തരുന്നത്. ഈ വിഷയകമായി വേറെയും ഹദീസുകള്‍ വന്നിട്ടുണ്ട്. വ്യഭിചാരിയെ എറിഞ്ഞുകൊല്ലുന്നതിനെ നിഷേധിക്കുന്നവരെപ്പറ്റി ഉമര്‍ (رضي الله عنه) പറയുന്നത് നോക്കുക:-

قَالَ عُمَرُ ” لَقَدْ خَشِيتُ أَنْ يَطُولَ بِالنَّاسِ زَمَانٌ ، حَتَّى يَقُولَ قَائِلٌ : لَا نَجِدُ الرَّجْمَ فِي كِتَابِ اللَّهِ ، فَيَضِلُّوا بِتَرْكِ فَرِيضَةٍ أَنْزَلَهَا اللَّهُ ، أَلَا وَإِنَّ الرَّجْمَ حَقٌّ عَلَى مَنْ زَنَى ، وَقَدْ أَحْصَنَ إِذَا قَامَتِ الْبَيِّنَةُ ، أَوْ كَانَ الْحَبَلُ ، أَوِ الِاعْتِرَافُ “: البخاري ومسلم وغيره

സാരം: ജനങ്ങളില്‍ കുറേകാലം ദീര്‍ഘിക്കുമ്പോള്‍ വല്ലവരും: ‘അല്ലാഹുവിന്റെ കിത്താബില്‍ ‘റജ്മു’ (എറിഞ്ഞുകൊല്ലല്‍) നാം കാണുന്നില്ലല്ലോ’ എന്ന് പറഞ്ഞേക്കുമെന്ന് ഞാന്‍ ഭയപ്പെടുന്നു. അങ്ങനെ, അതുമൂലം അല്ലാഹു അവതരിപ്പിച്ചിട്ടുള്ള ഒരു നിര്‍ബ്ബന്ധനിയമം ഉപേക്ഷിച്ചുകൊണ്ട് അവര്‍ പിഴച്ചുപോയേക്കും. അല്ലാ! (അറിയുക): എറിഞ്ഞുകൊല്ലുക (الرَّجْم) എന്നത് ‘മുഹ്സ്വനാ’യ നിലയില്‍ വ്യഭിചാരം ചെയ്തവന്റെ പേരില്‍ നടത്തല്‍ കടമയാകുന്നു – തെളിവ് സ്ഥാപിതമാകുകയോ, അല്ലെങ്കില്‍ ഗര്‍ഭമോ കുറ്റം സമ്മതിക്കലോ ഉണ്ടാവുകയോ ചെയ്‌താല്‍. (ബു; മു; മുതലായ പലരും). ഉമര്‍ (رضي الله عنه)ന്റെ ദീര്‍ഘദൃഷ്ടി നോക്കുക! അദ്ദേഹത്തിന്റെ കാലത്ത് ‘റജ്മി’നെ നിഷേധിക്കുന്നവര്‍ ആരുംതന്നെ ഉണ്ടായിരുന്നില്ല. എന്നിട്ടുപോലും, കാലാന്തരത്തില്‍ അങ്ങനെ ഒരു കൂട്ടര്‍ ഉടലെടുക്കുമെന്ന് അദ്ദേഹത്തിന്റെ ദീര്‍ഘദൃഷ്ടികൊണ്ട് അദ്ദേഹം മനസ്സിലാക്കി. അവരെ താന്‍ മുന്‍കൂട്ടി താക്കീതും ചെയ്തു. നബി (صلّى الله عليه وسلّم) ക്കുശേഷം പ്രവാചകന്‍മാരുണ്ടാകുമായിരുന്നുവെങ്കില്‍ ‘ഉമര്‍ പ്രവാചകനാകുമായിരുന്നു’വെന്ന് കാണിക്കുന്ന നബിവചനങ്ങള്‍ ഇവിടെ സ്മരണീയമാകുന്നു.

ഉമര്‍ (رضي الله عنه) ന്റെ പ്രസ്താവനയില്‍നിന്ന് ചില സംഗതികള്‍ മനസ്സിലാക്കുവാനുണ്ട്: (1). ‘മുഹ്സ്വനാ’യ വ്യഭിചാരിയെ എറിഞ്ഞുകൊല്ലണമെന്ന വിധി നബി (صلّى الله عليه وسلّم) യുടേയോ മറ്റോ അഭിപ്രായമല്ല – അല്ലാഹുവില്‍നിന്ന് വഹ്-യുമൂലം അവതരിച്ചതുതന്നെയാണ്. അതാണ്‌ ‘അല്ലാഹു അവതരിപ്പിച്ചിട്ടുള്ള നിര്‍ബ്ബന്ധനിയമം’ (فَرِيضَةٍ أَنْزَلَهَا اللَّهُ) എന്ന പ്രയോഗം കാണിക്കുന്നത്. ഈ വാസ്തവവും, ആ അവതരിച്ച വഹ്-യിന്റെ വാക്യങ്ങളും വേറെ ഹദീസുകളില്‍ വ്യക്തമായി പ്രസ്താവിച്ചിട്ടുമുണ്ട്. (2) കുറ്റവാളിയുടെ മേല്‍ ശിക്ഷ നടത്തണമെങ്കില്‍ മൂന്നിലൊരു കാര്യം കൂടാതെ കഴിയുകയില്ല; ഒന്നുകില്‍ സാക്ഷിമൂലം തെളിയുക, അല്ലെങ്കില്‍ കുറ്റവാളി കുറ്റം സമ്മതിക്കുക, അല്ലെങ്കില്‍ സ്ത്രീക്ക് ഗര്‍ഭം പ്രത്യക്ഷത്തില്‍ കാണുക. ഒന്നാമത്തേതിനെക്കുറിച്ച് നാലാം വചനത്തില്‍ കാണാം. രണ്ടാമത്തേതിന്റെ അടിസ്ഥാനത്തിലാണ് നബി (صلّى الله عليه وسلّم) യുടെ കാലത്തു നടന്ന ശിക്ഷകള്‍ നടത്തപ്പെട്ടത്. ശിക്ഷാര്‍ഹമായ മാര്‍ഗ്ഗേണ ഗര്‍ഭം ധരിച്ച സ്ത്രീകള്‍ക്കു മാത്രം ബാധകമായതാണ് മൂന്നാമത്തേത്. ഉമര്‍ (رضي الله عنه) ഇപ്രകാരം കൂടി പറഞ്ഞതായി ചില ഹദീസ് ഗ്രന്ഥങ്ങളില്‍ വന്നിട്ടുണ്ട്:-

لو لا ان يقول زاد عمر في الكتاب الله لكتبها على جائبة المصحف – ابوداود وغيره

(അല്ലാഹുവിന്റെ വേദഗ്രന്ഥങ്ങളില്‍ ഉമര്‍ കൂട്ടിച്ചേര്‍ത്തു എന്ന് പറയപ്പെട്ടേക്കുമായിരുന്നില്ലെങ്കില്‍ ഞാന്‍ ഇത് – എറിഞ്ഞുകൊല്ലലിനെ സംബന്ധിച്ച വാക്യങ്ങള്‍ – ‘മുസ്വഹഫി’ന്റെ ഓരത്തില്‍ എഴുതിച്ചേര്‍ക്കുമായിരുന്നു.)

ചില ഹദീസുകളില്‍ വന്നിട്ടുള്ളതുപ്രകാരം, ‘മുഹ്സ്വന’ല്ലാത്തവനു 100 അടിക്കു പുറമെ ഒരു കൊല്ലം നാടുകടത്തല്‍ കൂടി ശിക്ഷ നല്‍കേണ്ടതുണ്ടോ എന്നതിലും, ‘മുഹ്സ്വനാ’യവനെ എറിയുന്നതിനുമുമ്പ് അടിശിക്ഷ കൂടി നടത്തേണ്ടതുണ്ടോ എന്നതിലും പണ്ഡിതന്‍മാര്‍ക്കിടയില്‍ ഭിന്നാഭിപ്രായമുണ്ട്. ഒന്നാമത്തേതില്‍, അതു വേണ്ടതില്ലെന്നും, ഭരണകര്‍ത്താവിന്റെ യുക്തംപോലെ ചെയ്യാമെന്നുമാണ് ഒരഭിപ്രായം. രണ്ടാമത്തേതില്‍, എറിഞ്ഞുകൊല്ലപ്പെടേണ്ടവനു അടിശിക്ഷ ഇല്ല എന്നാണ് ഭൂരിപക്ഷാഭിപ്രായം. ഓരോ അഭിപ്രായങ്ങള്‍ ഉടലെടുക്കുവാനുള്ള കാരണവും ന്യായവും വിസ്തരിക്കുന്ന പക്ഷം അതു വളരെ ദീര്‍ഘിച്ചുപോയേക്കും.

‘നിങ്ങള്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുണ്ടെങ്കില്‍, അല്ലാഹുവിന്റെ മതനടപടി നിര്‍വ്വഹിക്കുന്നതില്‍ അവരെക്കുറിച്ച് യാതൊരു ദയയും നിങ്ങളെ പിടികൂടരുത്’ എന്നു അല്ലാഹു ചെയ്ത താക്കീത് വളരെ ഗൗരവമുള്ളതാകുന്നു. രക്തബന്ധമോ, സ്നേഹബന്ധമോ നിമിത്തം, പ്രകൃത്യാ തോന്നിയേക്കുന്ന അനുകമ്പയെക്കുറിച്ചല്ല ഇവിടെ വിലക്കുന്നത്, ശിക്ഷ ഇല്ലാതാക്കുകയോ, ഇളവു ചെയ്തുകൊടുക്കുകയോ ചെയ്‌വാന്‍ പാടില്ല എന്നത്രെ താല്‍പര്യം. ഒരുകൂട്ടം സത്യവിശ്വാസികളുടെ മുമ്പാകെ വെച്ചായിരിക്കണം ശിക്ഷ നടത്തുന്നത് എന്ന കല്‍പനയും, ഈ കുറ്റത്തിന്റെ ഗൗരവത്തെ ചൂണ്ടിക്കാട്ടുന്നു. മേലില്‍ ഇത്തരം വമ്പിച്ച നീചകൃത്യത്തില്‍ അകപ്പെട്ടുപോകാതിരിക്കുവാന്‍ ജനങ്ങള്‍ക്ക് അത് പാഠം നല്‍കണമെന്ന് അതുമൂലം ഉദ്ദേശിക്കപ്പെട്ടിരിക്കുന്നു. വ്യഭിചാരം എത്രമാത്രം കടുത്ത പാപമായിട്ടാണ് ഇസ്‌ലാം കണക്കാക്കുന്നതെന്ന് ഇതില്‍നിന്നൊക്കെ ഗ്രഹിക്കാവുന്നതാണ്. എങ്കിലും, അല്ലാഹു പരമകാരുണികനും കരുണാനിധിയുമാണ്‌. ഓരോ കുറ്റത്തിനും അവന്‍ പശ്ചാത്താപം നിശ്ചയിച്ചിട്ടുണ്ട്. അതനുസരിച്ച് ഖേദിച്ചുമടങ്ങുന്നവര്‍ക്ക് അവന്‍ പൊറുത്തുകൊടുക്കുമെന്ന് അവന്‍ വാഗ്ദാനവും ചെയ്തിരിക്കുന്നു. (സൂ: ഫുര്‍ഖാന്‍ : 70 മുതലായ സൂക്തങ്ങളില്‍ ഇതിനെപ്പറ്റി പ്രസ്താവിക്കുന്നതു കാണാം.). നബി (صلّى الله عليه وسلّم)യുടെ കാലത്തു എറിഞ്ഞുകൊല്ലപ്പെട്ട ഒരുവനെപ്പറ്റി തിരുമേനി (صلّى الله عليه وسلّم) ഇങ്ങിനെ പറയുകയുണ്ടായി: ‘അവന്‍ ഒരു പശ്ചാത്താപം പശ്ചാത്തപിച്ചിട്ടുണ്ട്: മദീനാനിവാസികള്‍ (മുഴുവനുംകൂടി) അത്ര പശ്ചാത്തപിക്കുന്നപക്ഷം അവരില്‍നിന്നും അതു സ്വീകരിക്കപ്പെടുന്നതാണ്.’

(لَقَدْ تَابَ تَوْبَةً لَوْ تَابَهَا أَهْلُ الْمَدِينَةِ لَقُبِلَ مِنْهُمْ ‏ – الترمذي وابوداود)

24:3
 • ٱلزَّانِى لَا يَنكِحُ إِلَّا زَانِيَةً أَوْ مُشْرِكَةً وَٱلزَّانِيَةُ لَا يَنكِحُهَآ إِلَّا زَانٍ أَوْ مُشْرِكٌ ۚ وَحُرِّمَ ذَٰلِكَ عَلَى ٱلْمُؤْمِنِينَ ﴾٣﴿
 • വ്യഭിചാരി, വ്യഭിചാരം ചെയ്യുന്നവളെയോ, അല്ലെങ്കില്‍ ബഹുദൈവവിശ്വാസിക്കാരിയെയോ അല്ലാതെ വിവാഹം ചെയ്യാറില്ല. വ്യഭിചാരിണിയാകട്ടെ വ്യഭിചാരിയോ, ബഹുദൈവവിശ്വാസിയോ അല്ലാതെ അവളെ വിവാഹം ചെയ്യാറുമില്ല.. അതു സത്യവിശ്വാസികളുടെമേല്‍ വിരോധിക്കപ്പെട്ടിരിക്കുകയാണ്.
 • الزَّانِي വ്യഭിചാരി لَا يَنكِحُ അവന്‍ വിവാഹം ചെയ്യുകയില്ല إِلَّا زَانِيَةً വ്യഭിചാരം ചെയ്യുന്നവളെയല്ലാതെ أَوْ مُشْرِكَةً അല്ലെങ്കില്‍ ബഹുദൈവവിശ്വാസക്കാരിയെ وَالزَّانِيَةُ വ്യഭിചാരിണി لَا يَنكِحُهَا അവളെ വിവാഹം ചെയ്യുകയില്ല إِلَّا زَانٍ വ്യഭിചാരി ഒഴികെ أَوْ مُشْرِكٌ അല്ലെങ്കില്‍ ബഹുദൈവവിശ്വാസി وَحُرِّمَ വിരോധിക്കപ്പെട്ടിരിക്കുന്നു ذَٰلِكَ അതു عَلَى الْمُؤْمِنِينَ സത്യവിശ്വാസികളുടെമേല്‍

നീചപ്രവൃത്തികളും തോന്നിയവാസങ്ങളും പതിവാക്കിയ ആളുകളും, സദ്‌വൃത്തരായ ആളുകളും തമ്മില്‍ യോജിപ്പും ഇണക്കവും ഉണ്ടാവുകയില്ലല്ലോ. നേരെമറിച്ച് ദുര്‍വൃത്തന്‍മാര്‍ തമ്മതമ്മിലും, സദ്‌വൃത്തന്‍മാര്‍ തമ്മതമ്മിലും ഇണക്കത്തോടും യോജിപ്പോടുംകൂടി വര്‍ത്തിക്കുക സ്വാഭാവികമാണ്. ചീത്ത പുരുഷന്‍മാര്‍ നല്ല സ്ത്രീകളെയും, നല്ല പുരുഷന്‍മാര്‍ ചീത്ത സ്ത്രീകളെയും വിവാഹം കഴിക്കുന്നതില്‍ താല്‍പര്യം പ്രകടിപ്പിക്കാറില്ല. സ്ത്രീകളുടെ നിലയും ഇതുപോലെത്തന്നെ. ‘ഇണ ഇണയോട് ചേരു’മല്ലോ. സാധാരണക്കെതിരായി എപ്പോഴെങ്കിലും ഇതിന് വിപരീതമായ ഉദാഹരണങ്ങള്‍ ഉണ്ടായിക്കൂടാ എന്നു് ഇതിന്നര്‍ത്ഥമില്ല. ഏതായാലും ദുര്‍ജ്ജനങ്ങളുമായുള്ള കൂട്ട്-കെട്ടു പലനിലക്കും മനുഷ്യനെ ദുഷിപ്പിക്കുന്നതാകകൊണ്ട് തോന്നിയവാസികളുമായും അവിശ്വാസികളുമായുമുള്ള വൈവാഹികകൂട്ടുകെട്ടില്‍നിന്നു് അകന്നു നില്‍ക്കുവാന്‍ സത്യവിശ്വാസികളോട് അല്ലാഹു നിര്‍ദ്ദേശിക്കുകയാണ്. മേല്‍പറഞ്ഞ തത്വം 26-ാം വചനത്തിലും പ്രതിപാദിക്കപ്പെട്ടുകാണാം. സജ്ജനങ്ങളുമായുള്ള വൈവാഹികകൂട്ടുകെട്ടിനെ 32-ാം വചനത്തില്‍ പ്രോത്സാഹിപ്പിക്കുന്നതും കാണാം.

സ്വദേശം വിട്ടുപോന്ന ‘മുഹാജിറു’കളായ ചില സഹാബികള്‍, ദാരിദ്ര്യം മൂലം വിവാഹം കഴിപ്പാന്‍ നിവൃത്തിയില്ലാതെവന്നപ്പോള്‍ തോന്നിയവാസികളായി അറിയപ്പെട്ടിരുന്ന ചില സ്ത്രീകളെ വിവാഹം ചെയ്‌വാന്‍ മുതിര്‍ന്നതിനെത്തുടര്‍ന്നാണ് ഈ ആയത്ത് അവതരിച്ചതെന്നു പറയപ്പെടുന്നു. الله أعلم

24:4
 • وَٱلَّذِينَ يَرْمُونَ ٱلْمُحْصَنَـٰتِ ثُمَّ لَمْ يَأْتُوا۟ بِأَرْبَعَةِ شُهَدَآءَ فَٱجْلِدُوهُمْ ثَمَـٰنِينَ جَلْدَةً وَلَا تَقْبَلُوا۟ لَهُمْ شَهَـٰدَةً أَبَدًا ۚ وَأُو۟لَـٰٓئِكَ هُمُ ٱلْفَـٰسِقُونَ ﴾٤﴿
 • ചാരിത്ര്യം സിദ്ധിച്ച സ്ത്രീകളെ (വ്യഭിചാര) ആരോപണം ചെയ്യുകയും പിന്നീട് (അതിനു) നാലു സാക്ഷികളെ കൊണ്ടുവരാതിരിക്കുകയും ചെയ്യുന്നവരാകട്ടെ, അവരെ നിങ്ങള്‍ എണ്‍പതു അടി (വീതം) അടിക്കുവിന്‍. ഒരിക്കലും അവരുടേതായ സാക്ഷ്യം നിങ്ങള്‍ സ്വീകരിക്കുകയും ചെയ്യരുത്. അവര്‍ തന്നെയാണ് തോന്നിയവാസികള്‍;-
 • وَالَّذِينَ يَرْمُونَ ആരോപണം ചെയ്യുന്നവര്‍, അപവാദം പറയുന്നവര്‍ الْمُحْصَنَاتِ ചാരിത്ര്യം സിദ്ധിച്ച സ്ത്രീകളെ, ചാരിത്ര്യം സംരക്ഷിക്കപ്പെട്ടവരെ ثُمَّ لَمْ يَأْتُوا പിന്നെ അവര്‍ കൊണ്ടുവന്നതുമില്ല بِأَرْبَعَةِ شُهَدَاءَ നാലു സാക്ഷികളെ فَاجْلِدُوهُمْ അവരെ നിങ്ങള്‍ അടിക്കുക ثَمَانِينَ جَلْدَةً എണ്‍പതു അടി وَلَا تَقْبَلُوا നിങ്ങള്‍ സ്വീകരിക്കുകയും അരുതു لَهُمْ അവരുടെ شَهَادَةً സാക്ഷ്യം أَبَدًا ഒരിക്കലും, എന്നും وَأُولَـٰئِكَ هُمُ അക്കൂട്ടര്‍തന്നെ الْفَاسِقُونَ തോന്നിയവാസികള്‍, ദുര്‍ന്നടപ്പുകാര്‍

24:5
 • إِلَّا ٱلَّذِينَ تَابُوا۟ مِنۢ بَعْدِ ذَٰلِكَ وَأَصْلَحُوا۟ فَإِنَّ ٱللَّهَ غَفُورٌ رَّحِيمٌ ﴾٥﴿
 • അതിനുശേഷം പശ്ചാത്തപിക്കുകയും (സ്ഥിതി) നന്നാക്കുകയും ചെയ്തവരൊഴികെ. കാരണം, അല്ലാഹു പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.
 • إِلَّا الَّذِينَ യാതൊരുകൂട്ടരൊഴികെ تَابُوا അവര്‍ പശ്ചാത്തപിച്ചു, മടങ്ങി مِن بَعْدِ ذَٰلِكَ അതിനുശേഷം وَأَصْلَحُوا അവര്‍ നന്നാക്കുകയും ചെയ്തു, നന്നായിത്തീരുകയും ചെയ്തു فَإِنَّ اللَّـهَ കാരണം നിശ്ചയമായും അല്ലാഹു غَفُورٌ പൊറുക്കുന്നവനാണ് رَّحِيمٌ കരുണാനിധിയാണ്

مُحْصَنَة (‘മുഹ്സ്വനത്ത്‌’) എന്ന വാക്ക് ‘വിവാഹം കഴിഞ്ഞവള്‍, പതിവ്രത, ചാരിത്ര ശുദ്ധിയുള്ളവള്‍, ചാരിത്ര്യം സംരക്ഷിക്കപ്പെട്ടവള്‍’ എന്നിങ്ങിനെയുള്ള അര്‍ത്ഥങ്ങളില്‍ സന്ദര്‍ഭോചിതം ഉപയോഗിക്കപ്പെടുന്നതാണ്. സ്വതന്ത്രകളും പ്രായപൂര്‍ത്തി എത്തിയവരുമായ പതിവ്രതകള്‍ക്കാണ് മിക്കപ്പോഴും ഈ വാക്ക് ഉപയോഗിക്കാറുള്ളത്. ചാരിത്ര ശുദ്ധിയുള്ള മാന്യസ്ത്രീകളെ വ്യഭിചാരാരോപണം നടത്തുന്നവരുടെ ശിക്ഷയാണ് മേല്‍കണ്ടത്. പുരുഷന്‍മാരെ ആരോപണം ചെയ്യുന്നവരും ഈ ശിക്ഷക്ക് വിധേയര്‍ തന്നെ. എങ്കിലും വ്യഭിചാരാരോപണം നിമിത്തമുണ്ടാകുന്ന ദുഷ്കീര്‍ത്തിയും അതിന്റെ പ്രത്യാഘാതവും കൂടുതല്‍ ബാധിക്കുന്നത് സ്ത്രീകള്‍ക്കാണെന്ന് പറയേണ്ടതില്ല. അതുകൊണ്ടാണ്, സ്ത്രീകളെ ആരോപിക്കുന്നവരെക്കുറിച്ചു പ്രത്യേകം എടുത്തുപറയുന്നത്. മുമ്പ് നാം സൂചിപ്പിച്ചതുപോലെ, ഇസ്ലാം വ്യഭിചാരത്തിന് കല്‍പിക്കുന്ന വെറുപ്പിന്റെയും, അറപ്പിന്റെയും കാഠിന്യമാണ് ഈ ശിക്ഷാനിയമവും കാണിക്കുന്നത്. ഉത്തരവാദപ്പെട്ടവരുടെ മുമ്പില്‍ നാലു സാക്ഷികള്‍ മുഖേന തെളിയിക്കപ്പെടാത്തപക്ഷം, അന്യനെപ്പറ്റി വ്യഭിചാരാരോപണവാക്കുകള്‍ പറയുന്നവരെ – അവര്‍ എത്രപേരുണ്ടായാലും ശരി – ഓരോരുത്തനെയും 80 അടി വീതം അടിക്കണമെന്നു പറയുമ്പോള്‍ ഈ ആരോപണം എത്രമേല്‍ ഭയങ്കരമായിരിക്കണം?! പിന്നീട് ഒരുകാലത്തും ഒരു കേസ്സിലും അവരെ സാക്ഷികളായി സ്വീകരിപ്പാന്‍ പാടില്ലെന്നും അല്ലാഹു കല്‍പിക്കുന്നു. سبحان الله . വ്യഭിചാരത്തിനു ധാരാളം അനുകൂലവും പ്രചാരവും സിദ്ധിക്കുന്ന ഇക്കാലത്ത് മാന്യന്മാരായ ആളുകളെപ്പറ്റി തക്ക തെളിവൊന്നും കൂടാതെ ആരോപണങ്ങള്‍ പുറപ്പെടുവിക്കുവാനും, അത് കേട്ടമാത്രയില്‍ പരസ്യമായി ഏറ്റുപറയുവാനും ആളുകള്‍ മുതിരുന്നതില്‍ അത്ഭുതപ്പെടുവാനില്ല. എന്നാല്‍, അല്ലാഹുവിന്റെ കഠിനമായ ശിക്ഷയെ അവര്‍ ഭയപ്പെടേണ്ടിയിരിക്കുന്നു.

‘അവര്‍തന്നെയാണ് തോന്നിയവാസികള്‍’ എന്ന വാക്യം വളരെ ശ്രദ്ധേയമാണ്. തോന്നിയവാസികളായതു കൊണ്ടാണ് സജ്ജനങ്ങളുടെ ചാരിത്രശുദ്ധിയെ കളങ്കം വരുത്തുവാന്‍ അവര്‍ മുതിരുന്നതെന്നും, അവരുടെ ഈ പ്രവൃത്തി അവര്‍ തോന്നിയവാസികളാണെന്നതിന്റെ ലക്ഷണമാണെന്നും അതു കാണിക്കുന്നു. സംഭവം തെളിയിക്കുവാന്‍ കഴിഞ്ഞില്ലെങ്കിലും, ഒരുപക്ഷേ, ആരോപിക്കപ്പെട്ട സംഗതി വാസ്തവത്തില്‍ ശരിയായിരുന്നുകൂടേ, എന്നു ചോദിക്കപ്പെട്ടേക്കാം. അതെ, ശരിയാവാം. എന്നാലും മാന്യവനിതകളായി കരുതപ്പെടുന്നവര്‍ക്കു മാനഭംഗം വരുത്തുവാനും, ഒളിഞ്ഞുകിടക്കുന്ന അവരുടെ രഹസ്യം പുറത്ത് ചോര്‍ത്ത് സമുദായമദ്ധ്യേ ദുഷ്പ്രചാരമുണ്ടാക്കുവാനും ധൈര്യപ്പെട്ടതുതന്നെ അതിനു തെളിവാണല്ലോ. മറ്റുള്ളവരുടെ കുറ്റവും കുറവും വെളിപ്പെടുത്തുന്നത് മാന്യന്‍മാര്‍ക്കു യോജിച്ചതല്ലെന്നും, ശിക്ഷാര്‍ഹമാണെന്നും ആയത്തു – ഹദീസുകളില്‍നിന്ന് പരക്കെ അറിയപ്പെടുന്നതും, ആലോചിച്ചറിയാവുന്നതുമാണ്.

ഏതു പാപം ചെയ്താലും, അതിനെപ്പറ്റി ഖേദിച്ചു മടങ്ങുന്നവന് അല്ലാഹു പൊറുക്കുന്നതാണ്. ഈ ഭയങ്കര കുറ്റം ചെയ്തവര്‍ക്കും ഈ നിയമം ബാധകം തന്നെ. പക്ഷേ, ഖേദിച്ചുമടങ്ങിയെന്നു പറഞ്ഞതുകൊണ്ടാവില്ല, അവന്റെ സ്ഥിതിഗതികളില്‍നിന്ന് അവന്‍ നന്നായിത്തീര്‍ന്നിട്ടുണ്ടെന്ന് മനസ്സിലാവുകകൂടി വേണ്ടതുണ്ട്. എന്നാല്‍ മാത്രമേ പിന്നീട് അവന്റെ സാക്ഷ്യം സ്വീകരിക്കുവാന്‍ പാടുള്ളൂ. ‘അവര്‍ തങ്ങളുടെ സ്ഥിതി നന്നാക്കുകയും’ എന്ന വാക്ക് ഇതാണ് കാണിക്കുന്നത്. വ്യഭിചാരാരോപണത്തില്‍ ശിക്ഷക്കു വിധേയനായവന്റെ സാക്ഷ്യം ഒരു കാരണത്താലും സ്വീകരിക്കപ്പെടുകയില്ലെന്നും, പൊറുത്തുകൊടുക്കുമെന്ന വാഗ്ദാനം പരലോക ശിക്ഷയെ സംബന്ധിച്ചു മാത്രമാണെന്നും ചില മഹാന്‍മാര്‍ അഭിപ്രായപ്പെട്ടിട്ടുള്ളതും ഇവിടെ പ്രസ്താവ്യമാണ്. أَبَدًا (ഒരിക്കലും) എന്നും മറ്റും ഊന്നിപ്പറഞ്ഞിട്ടുള്ളതിന്റെ ഗൗരവം അതാണ്‌ മനസ്സിലാക്കുന്നത് എന്നത്രെ അവര്‍ പറയുന്നത്.

ഭാര്യാഭര്‍ത്താക്കള്‍ തമ്മില്‍ വ്യഭിചാരാരോപണം ചെയ്താലുള്ള ശിക്ഷയും മേല്‍പറഞ്ഞതു തന്നെ. എന്നാല്‍, ഒരാള്‍ തന്റെ ഭാര്യ ദുര്‍ന്നടപ്പുകാരിയാണെന്നു കണ്ടുകഴിഞ്ഞാല്‍, അതിനു നാല് ദൃക്സാക്ഷികളെ സമ്പാദിക്കുക മിക്കപ്പോഴും പ്രയാസകരമായിരിക്കുമെന്ന് പറയേണ്ടതില്ലല്ലോ. സംഭവം വെളിക്കു വരുത്തിയാല്‍ 80 അടിയും, വമ്പിച്ച വഷളത്തവുമാണ് ലഭിക്കുക. മൗനമവലംബിക്കുകയാണെങ്കിലോ, അതെത്രമാത്രം ദുഷ്കരമായിരിക്കുമെന്ന് പറയേണ്ടതുമില്ല. ദുര്‍ന്നടപ്പുകാരിയായ ഭാര്യയെ വെച്ചുകൊണ്ടിരിക്കുന്നതിലുള്ള വിഷമങ്ങള്‍ ഇരിക്കട്ടെ, അവനില്‍നിന്നല്ലാതെ ജനിക്കുന്ന അവളുടെ കുട്ടിയെ അവന്‍ ഏറ്റെടുക്കുക തുടങ്ങിയ പലതും അതിനാല്‍ നേരിടുകയും ചെയ്യുമല്ലോ. അസഹനീയമായ ഈ ധര്‍മ്മസങ്കടത്തില്‍പെട്ടു ഗതിമുട്ടുന്ന ഭാര്യാഭര്‍ത്താക്കളില്‍ കൈക്കൊള്ളേണ്ടുന്ന ഇസ്‌ലാമിക നിയമമാണ് അടുത്ത വചനങ്ങളില്‍ വിവരിക്കുന്നത്:-

24:6
 • وَٱلَّذِينَ يَرْمُونَ أَزْوَٰجَهُمْ وَلَمْ يَكُن لَّهُمْ شُهَدَآءُ إِلَّآ أَنفُسُهُمْ فَشَهَـٰدَةُ أَحَدِهِمْ أَرْبَعُ شَهَـٰدَٰتٍۭ بِٱللَّهِ ۙ إِنَّهُۥ لَمِنَ ٱلصَّـٰدِقِينَ ﴾٦﴿
 • തങ്ങളുടെ ഭാര്യമാരെ (വ്യഭിചാര) ആരോപണം ചെയ്യുകയും, തങ്ങള്‍ക്കു തങ്ങള്‍ തന്നെയല്ലാതെ (മറ്റു) സാക്ഷികള്‍ ഇല്ലാതിരിക്കുകയും ചെയ്യുന്നവരാകട്ടെ,- അവരില്‍ ഓരോരുത്തന്റെയും സാക്ഷ്യം: 'നിശ്ചയമായും, താന്‍ സത്യം പറയുന്നവരില്‍പെട്ടവന്‍ തന്നെയാണ്' എന്ന് അല്ലാഹുവിന്റെ പേരില്‍ നാല് (വട്ടം സത്യ) സാക്ഷ്യം നിര്‍വ്വഹിക്കലാകുന്നു.
 • وَالَّذِينَ യാതൊരു കൂട്ടര്‍ يَرْمُونَ അവര്‍ ആരോപണം ചെയ്യുന്നു أَزْوَاجَهُمْ തങ്ങളുടെ ഭാര്യമാരെ وَلَمْ يَكُن لَّهُمْ അവര്‍ക്കു ഇല്ലതാനും شُهَدَاءُ സാക്ഷികള്‍ إِلَّا أَنفُسُهُمْ തങ്ങള്‍ തന്നെയല്ലാതെ فَشَهَادَةُ എന്നാല്‍ സാക്ഷ്യം أَحَدِهِمْ അവരില്‍ ഒരാളുടെ أَرْبَعُ شَهَادَاتٍ നാലു സാക്ഷ്യങ്ങളാണു (സത്യസാക്ഷ്യം പറയലാണു) بِاللَّـهِ അല്ലാഹുവിന്റെപേരില്‍ (സത്യം ചെയ്തുകൊണ്ടു) إِنَّهُ നിശ്ചയമായും താന്‍ لَمِنَ الصَّادِقِينَ സത്യം പറയുന്നവരില്‍പെട്ടവന്‍ തന്നെ (സത്യം പറയുന്നവനാണു)
24:7
 • وَٱلْخَـٰمِسَةُ أَنَّ لَعْنَتَ ٱللَّهِ عَلَيْهِ إِن كَانَ مِنَ ٱلْكَـٰذِبِينَ ﴾٧﴿
 • അഞ്ചാമത്തേത് 'താന്‍ കളവ് പറയുന്നവരില്‍പെട്ടവനാണെങ്കില്‍, തന്റെ മേല്‍ അല്ലാഹുവിന്റെ ശാപം ഭവിക്കട്ടെ!' എന്നാകുന്നു (പറയേണ്ടത്).
 • وَالْخَامِسَةُ അഞ്ചാമത്തേത് أَنَّ لَعْنَتَ اللَّـهِ നിശ്ചയമായും അല്ലാഹുവിന്റെ ശാപം عَلَيْهِ തന്റെ മേല്‍ ഭവിക്കട്ടെ (എന്നാണ്) إِن كَانَ താന്‍ ആണെങ്കില്‍ مِنَ الْكَاذِبِينَ കളവു പറയുന്നവരില്‍ പെട്ടവന്‍

അധികാരപ്പെട്ടവരുടെ മുഖേന ഇപ്രകാരം അഞ്ചുപ്രാവശ്യം,അല്ലാഹുവിനെ മുന്‍നിറുത്തി സ്വയം സാക്ഷി മൊഴികൊടുക്കുന്നപക്ഷം, പുരുഷന്റെ ഭാഗത്തുനിന്ന് ആരോപിച്ച കുറ്റം നിയമപരമായി അവന്‍ സ്ഥാപിച്ചു കഴിഞ്ഞു. അവളുടെ പേരില്‍ വ്യഭിചാരത്തിന്റെ കുറ്റപത്രം തയ്യാറാവുകയും ചെയ്തു. പക്ഷേ, പുരുഷന്റെ അത്രതന്നെ അവള്‍ക്കും നിയമപരമായ അവകാശം ഉണ്ട്. وَلَهُنَّ مِثْلُ الَّذِي عَلَيْهِنَّ (അവരുടെ – സ്ത്രീകളുടെ – മേലുള്ളതു പോലെ അവര്‍ക്കും അവകാശമുണ്ട്‌.) എന്ന് അല്ലാഹു പറഞ്ഞിട്ടുള്ളതാണ്. ആകയാല്‍ അവളുടെ ഭാഗം അവള്‍ക്കും തെളിയിക്കാം:-

24:8
 • وَيَدْرَؤُا۟ عَنْهَا ٱلْعَذَابَ أَن تَشْهَدَ أَرْبَعَ شَهَـٰدَٰتٍۭ بِٱللَّهِ ۙ إِنَّهُۥ لَمِنَ ٱلْكَـٰذِبِينَ ﴾٨﴿
 • 'നിശ്ചയമായും അവന്‍ [ഭര്‍ത്താവു] കളവു പറയുന്നവരില്‍ പെട്ടവന്‍ തന്നെയാണ്' എന്നു് അല്ലാഹുവിന്റെ പേരില്‍ (സത്യം ചെയ്തു) നാലു സാക്ഷ്യവചനങ്ങള്‍ അവള്‍ പറയുന്നതു, അവളില്‍നിന്നു ശിക്ഷയെ തടഞ്ഞുകളയുന്നതാണ്.
 • وَيَدْرَأُ തടഞ്ഞുകളയും, തട്ടിക്കളയും عَنْهَا അവളില്‍നിന്നു الْعَذَابَ ശിക്ഷയെ أَن تَشْهَدَ അവള്‍ സാക്ഷ്യംപറയല്‍ أَرْبَعَ شَهَادَاتٍ നാലു സാക്ഷ്യങ്ങള്‍ بِاللَّـهِ അല്ലാഹുവിന്റെ പേരില്‍ إِنَّهُ നിശ്ചയമായും അവന്‍ لَمِنَ الْكَاذِبِينَ കളവു പറയുന്നവരില്‍ പെട്ടവന്‍തന്നെ
24:9
 • وَٱلْخَـٰمِسَةَ أَنَّ غَضَبَ ٱللَّهِ عَلَيْهَآ إِن كَانَ مِنَ ٱلصَّـٰدِقِينَ ﴾٩﴿
 • 'അവന്‍ സത്യം പറയുന്നവരില്‍ പെട്ടവനാണെങ്കില്‍, അല്ലാഹുവിന്റെ കോപം തന്റെമേല്‍ ഭവിക്കട്ടെ!' എന്ന് അഞ്ചാമത്തേതും (പറയണം).
 • وَالْخَامِسَةَ അഞ്ചാമത്തേതും أَنَّ غَضَبَ اللَّـهِ നിശ്ചയമായും അല്ലാഹുവിന്റെ കോപം عَلَيْهَا അവളുടെ (തന്റെ) മേല്‍ ഭവിക്കട്ടെ എന്നു് إِن كَانَ അവനാണെങ്കില്‍ مِنَ الصَّادِقِينَ സത്യം പറയുന്നവരില്‍ പെട്ടവന്‍ (സത്യവാന്‍)

ഓരോരുത്തരും നല്‍കേണ്ടുന്ന സാക്ഷ്യമൊഴികള്‍ അവനവന്റെ സത്യതയും നിരപരാധിത്വവും, മറ്റേയാളുടെ അസത്യതയും അപരാധിത്വവും സ്ഥാപിക്കുന്നതാകുന്നു. അഞ്ച് സാക്ഷ്യമൊഴികള്‍ അവളും കൊടുക്കുന്നപക്ഷം അവളുടെ ഭാഗം അവളും സ്ഥാപിച്ചു. ഇപ്പോള്‍ രണ്ടില്‍ ഒരാളെ മാത്രം കുറ്റക്കാരനാക്കുവാന്‍ നിവൃത്തിയില്ല. എങ്കിലും യഥാര്‍ത്ഥത്തില്‍ രണ്ടിലൊരാള്‍ കുറ്റക്കാരനും മറ്റേയാള്‍ നിരപരാധിയുമായിരിക്കുമെന്നു തീര്‍ച്ചയുമാണ്. സൂ: അല്‍ കഹ്ഫ്‌ 72 ന്റെ വിവരണത്തില്‍ നാം ചൂണ്ടിക്കാട്ടിയതുപോലെ, ബാഹ്യമായ തെളിവുകള്‍ അനുസരിച്ച് നീതിന്യായം പാലിക്കുവാനേ ഈ ലോകത്തു മനുഷ്യര്‍ക്കു നിവൃത്തിയുള്ളു. രഹസ്യവും യാഥാര്‍ത്ഥ്യവും അനുസരിച്ചുള്ള വിധി അല്ലാഹു പിന്നീട് നടത്തിക്കൊള്ളും. ഏതായാലും, ഇരു ഭാഗക്കാരും അന്യോന്യം ഇപ്രകാരം തെളിവു സ്ഥാപിച്ചുകഴിഞ്ഞ സ്ഥിതിക്കു് എനി അവര്‍ യോജിച്ചു കഴിയുകയെന്നത് ന്യായവും സാധ്യവുമല്ല. അതുകൊണ്ട് അവര്‍ തമ്മിലുള്ള ബന്ധം ഇതുമുതല്‍ നിറുത്തലാക്കപ്പെടുന്നതും, നിയമാനുസൃതമല്ലാത്ത നിലയില്‍ ജനിച്ചേക്കാവുന്ന കുട്ടി അവന്റേതല്ലെന്നു തീരുമാനിക്കപ്പെടുന്നതുമാകുന്നു.

ഇരു കക്ഷികളും ഇത്രയും ധൈര്യത്തോടെ അയ്യഞ്ചുവട്ടം സത്യമൊഴി കൊടുക്കുമ്പോള്‍, വാസ്തവത്തില്‍ അവരില്‍ ഒരാള്‍ നിഷ്ഠൂരവും നീചവുമായ മനസ്ഥിതിയുള്ള ആളായിരിക്കണമല്ലോ. ആകയാല്‍, ഈ സാക്ഷിമൊഴികള്‍ കൊടുക്കുവാന്‍ മുന്നോട്ടുവരുന്നത് വളരെ ഗൗരവപൂര്‍വ്വം ആലോചിച്ചു ചെയ്യേണ്ടതാണ്; ഐഹികശിക്ഷയെക്കാള്‍ വളരെ വമ്പിച്ചതാണ് പരലോകശിക്ഷ എന്നു് ഓര്‍ക്കേണ്ടതുണ്ട്; തല്‍ക്കാലം രഹസ്യം പുറത്താക്കാതെ മൂടി വെക്കുന്നത് അല്ലാഹുവിന്റെ അനുഗ്രഹം മാത്രമാണ് എന്നൊക്കെ അടുത്ത വചനം ചൂണ്ടിക്കാട്ടുന്നു:-

24:10
 • وَلَوْلَا فَضْلُ ٱللَّهِ عَلَيْكُمْ وَرَحْمَتُهُۥ وَأَنَّ ٱللَّهَ تَوَّابٌ حَكِيمٌ ﴾١٠﴿
 • അല്ലാഹുവിന്റെ ദാക്ഷിണ്യവും അവന്റെ കാരുണ്യവും, നിങ്ങളില്‍ ഉണ്ടായിരിക്കുകയും, അല്ലാഹു പശ്ചാത്താപം സ്വീകരിക്കുന്നവനും ജ്ഞാനയുക്തനുമാണെന്നുള്ളതും ഇല്ലായിരുന്നുവെങ്കില്‍ (- ഹാ, നിങ്ങള്‍ക്കു കാണാമായിരുന്നു)!
 • وَلَوْلَا ഇല്ലായിരുന്നുവെങ്കില്‍ فَضْلُ اللَّـهِ അല്ലാഹുവിന്റെ ദാക്ഷിണ്യം, അനുഗ്രഹം, ദയവ് عَلَيْكُمْ നിങ്ങളില്‍ وَرَحْمَتُهُ അവന്റെ കാരുണ്യം وَأَنَّ اللَّـهَ അല്ലാഹുവാണെന്നതും تَوَّابٌ പശ്ചാത്താപം സ്വീകരിക്കുന്നവന്‍ حَكِيمٌ അഗാധജ്ഞാനിയും, ജ്ഞാനയുക്തനും

സത്യവിശ്വാസികളുടെ വന്ദ്യമാതാവായ
ആയിശാ (رضي الله عنها)യുടെ പേരിലുണ്ടായ അപവാദം.
(حديث الافك على أمّ المؤمنين عائشة رضي الله عنها)


അടുത്ത ആയത്തുമുതല്‍ കുറെ ആയത്തുകളിലെ പ്രതിപാദ്യവിഷയം ആയിശാ (رضي الله عنها)യുടെ പേരിലുണ്ടായ ആരോപണസംഭവവും, തല്‍സംബന്ധമായ പല കാര്യങ്ങളുമാകുന്നു. പ്രസിദ്ധമായ ആ സംഭവം, അനേകം മത വിജ്ഞാനങ്ങളടങ്ങുന്ന ഈ സൂറത്തിലെ പല വചനങ്ങളുടെയും അവതരണഹേതുവാകുന്നു. ആയിശാ (رضي الله عنها)യുടെയും, അവരുടെ കുടുംബത്തിന്റേയും ശ്രേയസ്സും മഹത്വവും വര്‍ദ്ധിക്കുവാന്‍ അത് ഇടയാക്കിയിട്ടുമുണ്ട്. പ്രധാന ഹദീസുഗ്രന്ഥങ്ങളിലെല്ലാം രിവായത്തു ചെയ്യപ്പെട്ടിട്ടുള്ള ആ സംഭവം താഴെപ്പറയും പ്രകാരമാകുന്നു: ആയിശാ (رضي الله عنها) പ്രസ്താവിച്ചതായി അവരുടെ ജ്യേഷ്ഠസഹോദരിയുടെ പുത്രനായ ഉര്‍വ്വഃ (عروة بن الزبير-رضي الله عنه) മുതലായവര്‍ ഉദ്ധരിക്കുന്നു:-

‘നബി (صلّى الله عليه وسلّم) തിരുമേനി വല്ല യാത്രക്കും ഉദ്ദേശിക്കുമ്പോള്‍, ഭാര്യമാര്‍ക്കിടയില്‍ നറുക്കിടുകയും, ആരുടെ പേരാണ് കിട്ടിയതെങ്കില്‍ അവരെ കൂടെ കൊണ്ടുപോകുകയും പതിവായിരുന്നു. അങ്ങനെ, ഒരു പടയെടുപ്പുയാത്രയില്‍ എന്റെ പേര് വന്നു. ഇതു പര്‍ദ്ദയുടെ (സ്ത്രീകള്‍ പര്‍ദ ആചരിക്കണമെന്നു കല്‍പിക്കുന്ന) ആയത്ത് അവതരിച്ചതിനു ശേഷമായിരുന്നു. അതിനാല്‍, ഒരു കൂടാരത്തിലായിക്കൊണ്ടാണ് എന്നെ വാഹനത്തില്‍ ഏറ്റുകയും ഇറക്കുകയും ചെയ്തിരുന്നത്. ഞങ്ങള്‍ യാത്ര കഴിഞ്ഞു തിരിച്ചുപോരുമ്പോള്‍ മദീനായുടെ അടുത്തുള്ള ഒരു താവളത്തിലിറങ്ങി.അവിടെനിന്നു് യാത്രതുടരുവാന്‍ അറിയിപ്പുണ്ടായി. ഈ അവസരത്തില്‍ ഞാന്‍ എന്റെ മല മൂത്ര വിസര്‍ജ്ജനാദി ആവശ്യങ്ങള്‍ക്കുവേണ്ടി സൈന്യത്തില്‍ നിന്നു കുറച്ചു അകലെ വിട്ടുപോയിരുന്നു. അതു കഴിഞ്ഞു മടങ്ങിവന്നു മാറില്‍ തൊട്ടുനോക്കുമ്പോള്‍, എന്റെ മാല കൊഴിഞ്ഞുപോയതായിക്കണ്ടു. ഞാന്‍ തിരിച്ചുപോയി അതു തേടിക്കൊണ്ടു കുറച്ചു സമയം കഴിഞ്ഞു. എന്നെ വാഹനപുറത്തു കയറ്റിത്തരാറുള്ള ആളുകള്‍ എന്റെ കൂടാരമെടുത്ത് ഒട്ടകപ്പുറത്തു വെച്ചു. കേവലം ഘനം കുറഞ്ഞ ഒരു ചെറുപ്പക്കാരിയായിരുന്നതുകൊണ്ട് ഞാന്‍ അതില്‍ ഇല്ലാത്തതായി അവര്‍ക്കു സംശയം തോന്നുകയുണ്ടായില്ല. അവര്‍ ഒട്ടകവുമായി നടന്നു. സൈന്യം സ്ഥലം വിട്ടതിനുശേഷമായിരുന്നു എനിക്കു മാല കിട്ടി ഞാന്‍ സ്ഥലത്ത് തിരിച്ചെത്തിയത്‌. വന്നുനോക്കുമ്പോള്‍ വിളിക്കുവാനാകട്ടെ, പറയുവാനാകട്ടെ ആരുമില്ല! ഞാന്‍ അതേ സ്ഥലത്തുതന്നെ ഇരുന്നു. അവര്‍ പിന്നീട് എന്നെ കാണാതാവുകയും, അന്വേഷിച്ചു തേടിവരികയും ചെയ്യുമെന്നു് ഞാന്‍ വിചാരിച്ചു.’

‘ഞാന്‍ അവിടെ ഇരുന്നുകൊണ്ടിരിക്കെ, എനിക്കു കണ്ണില്‍ ഉറക്കുപിടിച്ചു. സൈന്യത്തിനു പിന്നാലെയായി (ഇത്തരം കാര്യങ്ങളെപ്പറ്റി അന്വേഷിച്ചറിയുവാന്‍ നിയോഗിക്കപ്പെട്ട) സഫ്-വാന്‍ (صفوان بن المعطل رضي الله عنه) ഉണ്ടായിരുന്നു. അദ്ദേഹം വെളുക്കാന്‍ കാലത്ത് അവിടെ എത്തി. അദ്ദേഹം ഒരു മനുഷ്യന്റെ നിഴല്‍ കണ്ടു. പര്‍ദ്ദാനിയമത്തിനു മുമ്പ് അദ്ദേഹം എന്നെ കണ്ടിരുന്നതുകൊണ്ട് എന്നെ അറിഞ്ഞു. ഉടനെ അദ്ദേഹം ‘ഇസ്തിര്‍ജാഉ’ ചൊല്ലി (*) അതുകേട്ടാണ്‌ ഞാന്‍ ഉണര്‍ന്നത്. ഉടനെ ഞാന്‍ എന്റെ മൂടുവസ്ത്രംകൊണ്ട് മുഖം മറച്ചു. അല്ലാഹു തന്നെയാണെ! അദ്ദേഹം, ‘ഇസ്തിര്‍ജാഇ’ന്റെ വാക്കല്ലാതെ എന്നോടൊന്നും പറയുകയുണ്ടായിട്ടില്ല. ഞാനതല്ലാതെ ഒന്നും കേട്ടിട്ടുമില്ല, അദ്ദേഹം വേഗം ഇറങ്ങി ഒട്ടകത്തെ മുട്ടുകുത്തിച്ചു. അതിന്റെ കൈക്കു തന്റെ കാല്‍കൊണ്ടു ചവിട്ടിത്തന്നു. ഞാന്‍ ഒട്ടകപ്പുറത്തു കയറി. അദ്ദേഹം എന്നെയുമായി ഒട്ടകത്തെ നയിച്ചുംകൊണ്ടു നടന്നു. സൈന്യം ഇറങ്ങിയിരുന്ന താവളത്തിലെത്തി. അവര്‍ വെളുപ്പാന്‍ കാലത്ത് ഒരു താവളത്തിലിറങ്ങിയിട്ടുണ്ടായിരുന്നു.’


(*). വല്ല വിധത്തിലുള്ള ആപത്തും നേരിടുമ്പോള്‍ إِنَّ لِلَّهِ وَإِنَّ إِلَيْهِ رَاجِعُون (നാമെല്ലാം അല്ലാഹുവിന്റേതാണ്, നാം അവനിലേക്കു തന്നെ മടങ്ങുന്നവരുമാണ്) എന്ന് പറയുവാന്‍ ഖുര്‍ആന്‍ നമ്മെ ഉപദേശിച്ചിട്ടുണ്ട്. ഇതിനാണ് ‘ഇസ്തിര്‍ജാഉ’ (الإسترجاع) അഥവാ മടക്കം കാണിക്കുക – എന്ന് പറയുന്നത്. എന്തോ ഒരു അബദ്ധം പിണഞ്ഞതായി സഫ്-വാന്‍ (رضي الله عنه) മനസ്സിലാക്കിയത് കൊണ്ടാണ് അത് പറഞ്ഞത്.


‘അങ്ങനെ എന്റെ കാര്യത്തില്‍ (അപരാധം പറഞ്ഞുണ്ടാക്കുക നിമിത്തം) നാശത്തില്‍പെട്ടവരൊക്കെ നാശത്തിലായി! അതില്‍ നേതൃത്വം വഹിച്ചതു (കപടവിശ്വസികളുടെ നേതാവായ) അബ്ദുല്ലാഹിബ്നു ഉബ്ബയ്യ്‌ (عبد الله بن ابي بن سلول) ആയിരുന്നു. ഞങ്ങള്‍ മദീനായിലെത്തി. എനിക്കു ഒരു മാസത്തോളം രോഗം പിടിപ്പെട്ടു. ജനങ്ങള്‍ കള്ളക്കഥയില്‍ മുഴുകിക്കൊണ്ടിരുന്നു. ഞാനതൊന്നും അറിഞ്ഞിരുന്നില്ല. റസൂല്‍ (صلّى الله عليه وسلّم) തിരുമേനിയില്‍നിന്നും മുമ്പ് എനിക്ക് അനുഭവപ്പെട്ടിരുന്ന ആ സൗമ്യമായ പെരുമാറ്റം, എന്റെ സുഖമില്ലായ്മയുടെ അവസരത്തില്‍ കണ്ടു വന്നിരുന്നില്ലെന്ന വസ്തുത എന്നെ ആശങ്കയിലാക്കിയിരുന്നു. അവിടുന്ന് കടന്നുവന്ന് സലാം പറയും; തനിക്കു എങ്ങിനെയിരിക്കുന്നു എന്ന് ചോദിക്കും; തിരിച്ചുപോകയും ചെയ്യും; അത്ര മാത്രമേ ഉണ്ടായിരുന്നുള്ളു. അതായിരുന്നു എന്നെ സന്ദേഹപ്പെടുത്തിയിരുന്നത്. അല്‍പമൊരു ആശ്വാസം കിട്ടുന്നതുവരെ മറ്റു തകരാറുകളൊന്നും ഞാന്‍ അറിഞ്ഞിരുന്നില്ല.

‘എനിക്കു അല്‍പം ആശ്വാസം വന്നപ്പോള്‍, ഞാനും മിസ്‌ത്വഹിന്റെ മാതാവും (امّ مسطح رضي الله عنها) കൂടി, ഞങ്ങള്‍ വെളിക്കു പോകാറുണ്ടായിരുന്ന ‘മനാസ്വിഉ്’ (مناصع) എന്ന സ്ഥലത്തേക്കുപോയി. കക്കൂസുമറകള്‍ നിര്‍മ്മിക്കുന്നതിനുമുമ്പ് ഞങ്ങള്‍ രാത്രിയല്ലാതെ (പകല്‍ സമയത്തു) വെളിക്കു പോകാറുണ്ടായിരുന്നില്ല, വെളിക്കിരിക്കുവാന്‍ മറ കെട്ടും മുമ്പ് ഞങ്ങള്‍ പഴയകാലത്തെ അറബികളെപ്പോലെ പറമ്പില്‍ പോകലായിരുന്നു പതിവ്. ഞാനും ഉമ്മു മിസ്ത്വഹും കൂടി മടങ്ങുമ്പോള്‍ അവര്‍: ‘മിസ്ത്വഹ് നാശമടയട്ടെ!’ (تَعِسَ مِسْطَحٌ) എന്നു പറയുകയുണ്ടായി. (*). ഞാന്‍ പറഞ്ഞു: ‘നിങ്ങള്‍ പറഞ്ഞതു മോശമായിപ്പോയി! ബദ്ര്‍ യുദ്ധത്തില്‍ പങ്കെടുത്തിരുന്ന ഒരു മനുഷ്യനെപ്പറ്റി പഴിച്ചുപറയുകയോ!’ അവര്‍ പറഞ്ഞു: ‘ഹാ! അവന്‍ പറഞ്ഞതു നിങ്ങള്‍ കേട്ടിട്ടില്ലേ?!’ ഞാന്‍ ചോദിച്ചു: ‘എന്താണ് പറഞ്ഞത്?’ അപ്പോള്‍ കെട്ടുകഥക്കാര്‍ പറഞ്ഞുകൊണ്ടിരിക്കുന്ന വിവരം അവര്‍ എനിക്കു വിവരിച്ചു തന്നു. ഇതോടെ എന്റെ ദീനം മേല്‍ക്കുമേല്‍ വര്‍ദ്ധിക്കുകയായി.’


(*). വല്ലവരെക്കുറിച്ചും വെറുപ്പു പ്രകടിപ്പിക്കുമ്പോള്‍ പറയപ്പെടാറുള്ള ഒരു പ്രയോഗമാണ് تَعِسَ فُلاَن (ഇന്നവന്‍ നാശമടയട്ടെ) എന്ന വാക്യം.


‘ഞാന്‍ വീട്ടില്‍ വന്നശേഷം, റസൂല്‍ (صلّى الله عليه وسلّم) തിരുമേനി പ്രവേശിച്ച് തനിക്കു എങ്ങിനെയിരിക്കുന്നു എന്ന് ചോദിക്കയുണ്ടായി. അപ്പോള്‍, എനിക്കു എന്റെ ഉമ്മവാപ്പയുടെ അടുത്തൊന്ന് പോകുവാന്‍ സമ്മതം നല്‍കണമെന്നു ഞാന്‍ ആവശ്യപ്പെട്ടു. അവരില്‍നിന്നു സംഗതി ശരിക്കറിയുവാന്‍ ആഗ്രഹിക്കുകയായിരുന്നു ഞാന്‍. തിരുമേനി (صلّى الله عليه وسلّم) സമ്മതിച്ചു. ഞാന്‍ ചെന്ന് ഉമ്മയോട് ചോദിച്ചു: ‘ഉമ്മാ! എന്തൊക്കെയാണ് ജനങ്ങള്‍ പറഞ്ഞുകൊണ്ടിരിക്കുന്നത്?’ മാതാവ് മറുപടി പറഞ്ഞു: ‘കുഞ്ഞിമകളേ! നീ അക്കാര്യം മനസ്സില്‍ നിസ്സാരമാക്കി വെച്ചേക്കുക. കാരണം, ഒരു നല്ല പെണ്ണ് അവളെ സ്നേഹിക്കുന്ന ഒരു പുരുഷന്റെ അടുക്കലായിരിക്കുക, അവള്‍ക്കു കുറെ സഹപത്നിമാരും ഉണ്ടായിരിക്കുക – അവര്‍ അവളെപ്പറ്റി പലതും ചെയ്യാതിരിക്കുകയില്ല.’ ഞാന്‍ പറഞ്ഞു: ‘സുബ്ഹാനല്ലാഹ്! (*) ജനങ്ങള്‍ ഇങ്ങിനെയെല്ലാം പറഞ്ഞുവല്ലോ!’ അന്നു നേരം പുലരുവോളം എന്റെ കണ്ണുനീര്‍ അടങ്ങിയില്ല, കണ്ണില്‍ ഉറക്കം വന്നതുമില്ല. പുലര്‍ന്നിട്ടും ഞാന്‍ കരഞ്ഞുകൊണ്ടിരിക്കുകയായി.


(*). ആശ്ചര്യംകൊണ്ടു പറഞ്ഞതാണ് ഈ വാക്ക്. ഇതിനെപ്പറ്റി കൂടുതല്‍ വിവരം 16-ാം വചനത്തില്‍ വെച്ചു മനസ്സിലാക്കാം.


‘നബി (صلّى الله عليه وسلّم) തിരുമേനിക്ക് തന്റെ വീട്ടുകാരുടെ (ഭാര്യയുടെ) കാര്യത്തില്‍ വഹ്-യ് കിട്ടുവാന്‍ താമസിച്ചതു കൊണ്ട് – അവരെ പിരിച്ചയക്കുന്നതിനെപ്പറ്റി ആലോചന നടത്തുവാനായി – തിരുമേനി (صلّى الله عليه وسلّم), അലി (رضي الله عنه) ഉസാമഃ (رضي الله عنه) എന്നിവരെ വിളിച്ച് അന്വേഷണം നടത്തി. ഉസാമഃ തിരുമേനി (صلّى الله عليه وسلّم)യുടെ വീട്ടുകാരുടെ നിരപരാധിത്വവും, അവരോടു തനിക്കുള്ള സ്നേഹവുമെല്ലാം ചൂണ്ടിക്കാട്ടി. അദ്ദേഹം പറഞ്ഞു: ‘അവര്‍ അങ്ങയുടെ വീട്ടുകാര്‍ തന്നെ. അല്ലാഹുവിന്റെ റസൂലേ! അല്ലാഹുവിനെത്തന്നെയാണ! നല്ല നിലയല്ലാതെ ഒന്നും നാം അറിയുന്നില്ല’. അലി (رضي الله عنه)യാകട്ടെ, ഇങ്ങിനെ പറയുകയാണ്‌ ചെയ്തത്: ‘അല്ലാഹുവിന്റെ റസൂലേ! അല്ലാഹു അവിടുത്തേക്കു ഒരു വിഷമവും വരുത്തിയിട്ടില്ല. സ്ത്രീകള്‍ അവരല്ലാതെ വേറെയും ധാരാളമുണ്ട്. അതാ ആ പെണ്ണിനോടു ചോദിച്ചുനോക്കാം.

തിരുമേനി (صلّى الله عليه وسلّم) ബരീറഃയെ വിളിച്ച് (*) ഇങ്ങിനെ ചോദിച്ചു: ‘ബരീറാ! നീ അവരില്‍ നിനക്കു സംശയം തോന്നിക്കുന്ന വല്ലതും കണ്ടിട്ടുണ്ടോ?’ ബരീറഃ മറുപടി പറഞ്ഞു: ‘ഇല്ല- തിരുമേനി(صلّى الله عليه وسلّم)യെ പ്രവാചകനായി അയച്ചിട്ടുള്ളവന്‍ തന്നെയാണ! അവര്‍ ഒരു ഇളം പ്രായക്കാരിയാണ്. (**) വീട്ടിലെ (ഭക്ഷണത്തിനുള്ള) മാവുവിട്ടേച്ചു ഉറങ്ങിപ്പോയേക്കും, വളര്‍ത്താടു വന്നു അതു തിന്നുപോയേക്കുകയും ചെയ്യും എന്നതില്‍ കവിഞ്ഞു അവരെ കുറ്റപ്പെടുത്തതക്ക യാതൊന്നും ഞാന്‍ കാണുകയുണ്ടായിട്ടില്ല.’


(*) ഉസാമഃ (أُسام بن زيد -رضي الله عنه) നബി (صلّى الله عليه وسلّم) തിരുമേനിയുടെ പോറ്റുപുത്രനായ സൈദ്‌ (زيد بن حارثة– رضي الله عنه) ന്റെ പുത്രനും, ബരീറഃ (بريرة – رضي الله عنها) ആയിശാ (رضي الله عنها) യാല്‍ അടിമത്വത്തില്‍നിന്നു മോചനം നല്‍കപ്പെട്ടു അവരൊന്നിച്ചു വസിച്ചു വരുന്ന ഭൃത്യസ്ത്രീയുമാണ്. അലി (رضي الله عنه) കൊടുത്ത മേല്‍കണ്ട മറുപടി നിമിത്തം ആയിശാ (رضي الله عنها)ക്ക് അദ്ദേഹത്തോട് അല്‍പം നീരസമുണ്ടായിരുന്നു. അതു സ്വാഭാവികവുമാണല്ലോ.
(**) ഈ സംഭവമുണ്ടായത് ഹിജ്റ വര്‍ഷം 5ലോ 6ലോ ബനൂമുസ്തലഖ് യുദ്ധത്തിനുള്ള പടയെടുപ്പിലാണെന്നാണ് അറിയപ്പെടുന്നത്. അന്നു ആയിശ (رضي الله عنها)ക്ക് ഏറെക്കുറെ 15-16 വയസ്സ് പ്രായമായിരിക്കുന്നതാണ്.


‘അന്നുതന്നെ റസൂല്‍ (صلّى الله عليه وسلّم) പള്ളിയിലേക്കു ചെന്ന് മിമ്പറില്‍ (പ്രസംഗപീഠത്തില്‍) വെച്ചു ഇപ്രകാരം പറഞ്ഞു: ‘എന്റെ വീട്ടുകാരെക്കുറിച്ച് എനിക്കു ഉപദ്രവമുണ്ടാക്കിത്തീര്‍ത്തിട്ടുള്ള ഒരു മനുഷ്യനെക്കുറിച്ച് എനിക്ക് ഒഴികഴിവു അനുവദിച്ചുതരുവാന്‍ ആരുണ്ട്? അല്ലാഹുവാണ! എന്റെ വീട്ടുകാരുടെ പേരില്‍ നന്‍മയല്ലാതെ ഞാന്‍ അറിയുന്നില്ല. അവര്‍ (ജനങ്ങള്‍) ഒരു പുരുഷനെ (സ്വഫ്വാനെ)ക്കുറിച്ചു പ്രസ്താവിച്ചുവരുന്നു. അയാളെക്കുറിച്ചും ഞാന്‍ നല്ലതല്ലാതെ അറിയുന്നില്ല. അദ്ദേഹം എന്റെ വീട്ടില്‍ എന്റെ ഒന്നിച്ചല്ലാതെ പ്രവേശിക്കുമാറില്ല.’ (ഒരു മനുഷ്യന്‍ എന്ന് തിരുമേനി (صلّى الله عليه وسلّم) പറഞ്ഞത് അബ്ദുല്ലാഹിബ്നു ഉബയ്യിനെ ഉദ്ദേശിച്ചാണ്.).

‘അപ്പോള്‍ സഅ്ദു ബ്നു മുആദ് (رضي الله عنه) (*) എഴുന്നേറ്റു പറഞ്ഞു: ‘അല്ലാഹുവിന്റെ റസൂലേ! അല്ലാഹുവാണ! ഞാന്‍ ആ മനുഷ്യനെപറ്റി ഒഴികഴിവു തരാം. (വേണ്ടതു ചെയ്യാം). അവന്‍ ‘ഔസ്’ കുടുംബക്കാരനാണെങ്കില്‍ ഞങ്ങളവന്റെ കഴുത്തു വെട്ടാം. ഞങ്ങളുടെ സഹോദരങ്ങളായ ‘ഖസ്റജ്’ കുടുംബത്തില്‍പെട്ടവനാണെങ്കില്‍, അവിടുന്ന് കല്‍പിക്കുന്ന കല്‍പനപോലെയും ചെയ്യാം. അപ്പോള്‍ സഅ്ദു ബ്നു ഉബാദഃ (رضي الله عنه) (**) എഴുന്നേറ്റു. അദ്ദേഹം സഅ്ദുബ്നു മുആദ് (رضي الله عنه)നോടായി പറഞ്ഞു: ‘അല്ലാഹുവാണ! താന്‍ പറഞ്ഞതു കളവാണ് – താന്‍ അവനെ (ഞങ്ങളുടെ കുടുംബത്തില്‍പെട്ടവനെ) കൊല ചെയ്കയില്ല, തനിക്കതിനു സാധിക്കുകയില്ല’. അപ്പോള്‍ ഉസൈദുബ്നു ഹുളൈര്‍ (رضي الله عنه) എഴുന്നേറ്റ് അദ്ദേഹത്തോടിങ്ങിനെ പറഞ്ഞു: ‘സത്യമായും താന്‍ പറഞ്ഞതാണ് കളവ്, ഞങ്ങള്‍ അവനെ കൊല്ലുക തന്നെ ചെയ്യും. താനൊരു കപടവിശ്വാസിയാണ് – കപടവിശ്വാസികള്‍ക്കായി തര്‍ക്കംവെട്ടുകയാണ്.’ ഇങ്ങിനെ ഇരുകൂട്ടരും – ഔസും, ഖസ്റജും – ശണ്ഠക്കൊരുങ്ങുകയായി. നബി (صلّى الله عليه وسلّم) തിരുമേനി മിമ്പറില്‍ തന്നെ നില്‍ക്കുകയാണ്. തിരുമേനി (صلّى الله عليه وسلّم) അവരെ സമാധാനിപ്പിച്ചു. അവരെല്ലാം മൗനമായി. തിരുമേനി (صلّى الله عليه وسلّم) താഴെ ഇറങ്ങി.’


(*). സഅ്ദു ( سعد بن معاد -رضي الله عنه) ഔസുഗോത്രത്തിലെ സഹാബീ പ്രമുഖനായ ഒരു നേതാവാണ്‌. അദ്ദേഹം അന്ന് ജീവിച്ചിരിപ്പില്ലെന്നും, ഇപ്രകാരം പ്രസ്താവിച്ചതു അദ്ദേഹത്തിന്റെ പിതൃവ്യപുത്രനും ഒരു നേതാവുമായ ഉസൈദു (أُسيد بن حضير – رضي الله عنه) ആണെന്നും ചൂണ്ടിക്കാട്ടപ്പെട്ടിട്ടുണ്ട്.

(**). സഅ്ദുബ്നു ഉബാദഃ (سعد بن عبادة-رضي الله عنه) ഖസ്റജ്ഗോത്രത്തിലെ നേതാവാണ്‌. ഇദ്ദേഹം വാസ്തവത്തില്‍ ഒരു മാന്യ സഹാബിയാണ്. പക്ഷേ, തല്‍ക്കാലം കുടുംബപരമായ രോഷം പിടിപെട്ടുവെന്നു മാത്രമേയുള്ളു. എത്രയോ കാലമായി ഔസും ഖസ്റജും തമ്മില്‍ കിടമത്സരം നടന്നുകൊണ്ടിരുന്നതിനുശേഷം അടുത്ത കാലം മുതല്‍ ഇസ്‌ലാം അവരെ ഏകോദരസഹോദരന്‍മാരാക്കിയിരിക്കുകയാണ്.


അന്നും ഞാന്‍, കണ്ണുനീര്‍ വറ്റാതെയും, ഉറക്കുവരാതെയും കഴിഞ്ഞുകൂടി. എന്റെ ഹൃദയം പൊട്ടിപ്പിളരുമോ എന്നു തോന്നത്തക്കവണ്ണം ഞാന്‍ രണ്ടു രാത്രിയും ഒരു പകലും കരഞ്ഞു കഴിച്ചിരിക്കുകയാണ്. എന്റെ ഉമ്മയും ബാപ്പയും കാലത്തു എന്റെ അടുത്തുണ്ടായിരുന്നു – ഞാന്‍ കരയുക തന്നെയാണ് – അപ്പോള്‍, അന്‍സാരിക്കാരിയായ ഒരു സ്ത്രീ സമ്മതം ചോദിച്ചു അകത്തു പ്രവേശിച്ചു. അവളും എന്നോടൊപ്പം കരയുകയായി. ഈ അവസരത്തില്‍ റസൂല്‍ (صلّى الله عليه وسلّم) തിരുമേനി ഞങ്ങളുടെ അടുക്കല്‍ പ്രവേശിച്ചു. അവിടുന്ന് ഇരുന്നു, എന്നെപ്പറ്റി പറഞ്ഞുണ്ടാക്കപ്പെട്ട വിഷയം പ്രസ്താവത്തില്‍ വന്നതുമുതല്‍ക്ക് അവിടുന്ന് എന്റെ അടുക്കല്‍വന്ന് ഇരുന്നിട്ടില്ലായിരുന്നു. എന്റെ കാര്യത്തില്‍, ഒരു ദിവ്യസന്ദേശവും (വഹ്-യും) കിട്ടാതെ ഒരു മാസം അവിടുന്ന് അങ്ങിനെ കഴിഞ്ഞുകൂടിയിരിക്കുകയാണ്. തിരുമേനി (صلّى الله عليه وسلّم) ‘തശഹ്-ഹുദു’ (تشهد) ചെയ്തു (*) കൊണ്ടു ഇപ്രകാരം പറഞ്ഞു: ‘(ആയിശാ!) എന്നാല്‍, എനിക്ക് തന്നെപ്പറ്റി ഇന്നിന്നപ്രകാരം വിവരം കിട്ടുകയുണ്ടായിട്ടുണ്ട്. താന്‍ നിരപരാധിയാണെങ്കില്‍, അല്ലാഹു തന്റെ നിരപരാധിത്വം വെളിപ്പെടുത്തിക്കൊള്ളും. താന്‍ വല്ല പാപത്തിലും അകപ്പെട്ടുപോയിട്ടുണ്ടെങ്കില്‍ അല്ലാഹുവിനോടു പാപമോചനം തേടുകയും, അവനോടു പശ്ചാത്തപിക്കുകയും ചെയ്തുകൊള്ളുക. അടിയാന്‍, തന്റെ പാപം ഏറ്റുപറഞ്ഞ് ഖേദിച്ചുമടങ്ങിയാല്‍, അല്ലാഹു മടക്കം സ്വീകരിക്കുന്നതാണ്.’


(*). പ്രസംഗമോ പ്രധാനപ്പെട്ട വല്ല സംഭാഷണമോ നടത്തുമ്പോള്‍ അതിന്റെ ആദ്യത്തില്‍ حمد, ثناء, شهادة (അല്ലാഹുവിനെ സ്തുതിക്കുക, പുകഴ്ത്തുക, ‘ശഹാദത്തു കലിമഃ’ പറയുക) മുതലായ ഉപചാരവാക്യങ്ങള്‍ ചൊല്ലുന്നതിന്ന് ‘തശഹ്-ഹുദ്‌’ (تشهد) എന്നു പറയപ്പെടും.


‘റസൂല്‍ (صلّى الله عليه وسلّم) ഇതു പറഞ്ഞുകഴിയുമ്പോഴേക്കും എന്റെ കണ്ണുനീര്‍ ഒരു തുള്ളിപോലും കാണാത്തവിധം നിലച്ചുപോയി! ഞാന്‍ പിതാവിനോട് – അബൂബക്കര്‍ (رضي الله عنه) നോട് – പറഞ്ഞു: ‘തിരുമേനി പറഞ്ഞതിനു മറുപടി പറയണ’മെന്നു. ‘ഞാനെന്താണ് തിരുമേനിയോടു പറയേണ്ടതെന്നു എനിക്കറിഞ്ഞുകൂടാ!’ എന്നായിരുന്നു പിതാവു പറഞ്ഞത്. അപ്പോള്‍ ഞാന്‍ മാതാവിനോടു പറഞ്ഞു നോക്കി. അവരും അതുതന്നെ മറുപടി പറഞ്ഞു. ഞാനാണെങ്കില്‍, ഒരു ചെറുപ്പക്കാരി. ഖുര്‍ആന്‍തന്നെ അധികഭാഗവും എനിക്കു ഓതുവാന്‍ കഴിയുകയില്ല (പഠിച്ചിട്ടില്ല.). ഏതായാലും, ഞാന്‍ പറഞ്ഞു: ‘അല്ലാഹുവാണ! എനിക്കറിയാം: ജനങ്ങള്‍ പറഞ്ഞുകൊണ്ടിരിക്കുന്ന ഒരു വാര്‍ത്ത നിങ്ങള്‍ കേട്ടു, അതു നിങ്ങളുടെ ഹൃദയങ്ങളില്‍ സ്ഥലം പിടിച്ചു, നിങ്ങളതു സത്യമെന്നു കരുതിയിരിക്കുകയാണ്. എനി, ഞാന്‍ നിരപരാധിയാണെന്നു നിങ്ങളോടു പറഞ്ഞാല്‍ നിങ്ങളെന്നെ വിശ്വസിക്കുകയില്ല. ഞാന്‍ നിരപരാധിയാണെന്നു അല്ലാഹുവിന് അറിയാവുന്ന ഒരു കാര്യം (കുറ്റം) ഞാന്‍ നിങ്ങളോടു സമ്മതിച്ചുതരുകയാണെങ്കില്‍, നിങ്ങളെന്നെ വിശ്വസിച്ചേക്കും. അല്ലാഹുവാണ! എന്നെയും, നിങ്ങളെയും കുറിച്ചു ഒരു ഉപമ പറയുവാന്‍ യൂസുഫ് (عليه السلام) നബിയുടെ പിതാവിനെ – യഅ്ക്കൂബ് (عليه السلام) നബിയെ – അല്ലാതെ ഞാന്‍ കാണുന്നില്ല. അതായതു: فَصَبْرٌ جَمِيلٌ وَ اللهُ اَلْمُسْتَعَانُ عَلَى مَا تَصِفُونَ (എനി നല്ലതായ ക്ഷമതന്നെ. അല്ലാഹുവിനോടാണ്, നിങ്ങള്‍ വിവരിക്കുന്ന കാര്യത്തെക്കുറിച്ചു സഹായം തേടപ്പെടുവാനുള്ളത്.) എന്നു അദ്ദേഹം പറഞ്ഞവാക്ക് (*). അനന്തരം ഞാന്‍ അവിടെ നിന്ന് സ്ഥലംവിട്ടു വിരുപ്പില്‍ചെന്നു കിടന്നു.


(*). യൂസുഫ് നബി (عليه السلام) യെ കിണറ്റിലെറിഞ്ഞശേഷം ചെന്നായ പിടിച്ചുവെന്നു സഹോദരന്‍മാര്‍ പറഞ്ഞപ്പോഴാണ് അദ്ദേഹം ഇതു പറഞ്ഞത്. ബിന്‍യാമീനെ ഈജിപ്തിലെ ഭരണാധികാരി പിടിച്ചുവെച്ച കഥ അവര്‍ പറഞ്ഞപ്പോഴും അദ്ദേഹം فَصَبْرٌ جَمِيلٌ എന്നു പറയുകയുണ്ടായി. (സൂ: യൂസുഫ്).


‘എനിക്കപ്പോള്‍ തീര്‍ച്ചയായും അറിയാമായിരുന്നു: ഞാന്‍ നിരപരാധിയാണെന്നും എന്റെ നിരപരാധിത്വം അല്ലാഹു സ്ഥാപിക്കുമെന്നും. പക്ഷേ, പാരായണം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന വല്ല വഹ്-യും (ഖുര്‍ആന്‍ വാക്യവും) എന്റെ കാര്യത്തില്‍ അവതരിച്ചേക്കുമെന്നു ഞാന്‍ കരുതിയിരുന്നില്ല. എന്നെ സംബന്ധിച്ചിടത്തോളം – എന്നെപ്പറ്റി പാരായണം ചെയ്യപ്പെടത്തക്ക വല്ല വിഷയവും അല്ലാഹു അവതരിപ്പിക്കാവുന്നതിനെക്കാള്‍ – വളരെ നിസ്സാരപ്പെട്ടതാണ് എന്റെ വിഷയം എന്നായിരുന്നു നിശ്ചയമായും ഞാന്‍ മനസ്സിലാക്കിയിരുന്നത്. എങ്കിലും, എന്റെ നിരപരാധിത്വം അല്ലാഹു സ്ഥാപിക്കുന്ന തരത്തിലുള്ള വല്ല സ്വപ്നവും റസൂല്‍ (صلّى الله عليه وسلّم) തിരുമേനി കണ്ടേക്കുമെന്നു ഞാന്‍ പ്രതീക്ഷിക്കുന്നുണ്ടായിരുന്നു.’

‘എന്നിട്ട് – അല്ലാഹുവാണ് സത്യം! തിരുമേനി (صلّى الله عليه وسلّم) ആ സദസ്സ് വിട്ട് പോയിട്ടില്ല, വീട്ടില്‍നിന്നു് ആരും പുറത്തു പോയിട്ടുമില്ല. അപ്പോഴേക്കും അതാ അല്ലാഹു അവന്റെ പ്രവാചകന് (വഹ്‌യു) അവതരിപ്പിക്കുന്നു! തിരുമേനി (صلّى الله عليه وسلّم) (വഹ്-യ് വരുമ്പോഴത്തെ പതിവ് പ്രകാരം) വിയര്‍പ്പ് പിടിപെട്ട് ആശ്വാസമായി. അവിടുന്നു് ചിരിക്കുകയാണ്. ഒന്നാമതായി അവിടുന്നു് സംസാരിച്ച വാക്ക് ‘ആയിശാ! അല്ലാഹുവിനെ സ്തുതിച്ചുകൊള്ളുക! അവന്‍ നിനക്ക് നിരപരാധിത്വം നല്‍കിയിരിക്കുന്നു!’ എന്നാണ്. അപ്പോള്‍ എന്റെ മാതാവ് എന്നോട് പറഞ്ഞു: ‘(മകളെ) എഴുന്നേറ്റ് റസൂല്‍ (صلّى الله عليه وسلّم) തിരുമേനിയുടെ അടുത്തേക്കു് ചെല്ലൂ!’ ഞാന്‍ പറഞ്ഞു: ‘അല്ലാഹുവാണ! ഞാന്‍ തിരുമേനി (صلّى الله عليه وسلّم) യുടെ അടുക്കലേക്ക് എഴുന്നേറ്റ് ചെല്ലേണ്ടതില്ല – എന്റെ നിരപരാധിത്വം വെളിപ്പെടുത്തിയത് അല്ലാഹുവാകുന്നു. അവനെയല്ലാതെ ഞാന്‍ സ്തുതിക്കുന്നില്ല.’ അങ്ങനെ, إِنَّ الَّذِينَ جَاءُوا بِالْإِفْكِ എന്നു് (11-ാം വചനം) തുടങ്ങി പത്തു ആയത്തുകള്‍ അല്ലാഹു അവതരിപ്പിച്ചു.’

‘എന്റെ വിഷയത്തില്‍ ഇതു് അവതരിച്ചതിനുശേഷം (പിതാവ്) അബൂബക്കര്‍ – അദ്ദേഹമായിരുന്നു, ദാരിദ്ര്യത്തെയും കുടുംബത്തെയും കരുതി മിസ്ത്വഹുബ്നു അഥാഥഃക്ക് (مسطح بن أثاثة -رضي الله عنه) ചിലവ് കൊടുത്തു വന്നിരുന്നത് – പറഞ്ഞു: ‘അല്ലാഹുവാണ! ആയിശായെക്കുറിച്ച് മിസ്ത്വഹ് ഇങ്ങിനെ പറഞ്ഞുകളഞ്ഞ സ്ഥിതിക്ക് ഇനി ഒരിക്കലും ഞാന്‍ അവനുവേണ്ടി ചിലവഴിക്കുകയില്ല.’ അതു നിമിത്തം അല്ലാഹു وَلَا يَأْتَلِ أُولُو الْفَضْلِ مِنكُمْ എന്നു (22-ാം ആയത്ത്) അവതരിപ്പിച്ചു….’

ബുഖാരീ(رحمه الله)യും, മുസ്‌ലിമും (رحمه الله) ഉദ്ധരിച്ചതിനെ ആസ്പദമാക്കിയാണ് മുകളില്‍ നാം ഈ കഥ വിവരിച്ചത്. അല്‍പഭാഗംകൂടി ബാക്കിയുണ്ട്. അത് 22-ാം വചനത്തിന്റെ വിവരണത്തില്‍ വായിക്കാം. إن شاء الله . ചരിത്ര പ്രസിദ്ധവും, പ്രാധാന്യം നിറഞ്ഞതുമായ ഈ സംഭവവും, അതിന്റെ കലാശവും മാത്രം മതി, അയിശാ (رضي الله عنها) യുടെയും അബൂബക്കര്‍ (رضي الله عنه) ന്റെ കുടുംബത്തിന്റെയും കീര്‍ത്തി ബഹുമാനം ലോകാവസാനംവരെ നിലനില്‍ക്കുവാന്‍. എനി നമുക്ക് പ്രസ്തുത ആയത്തുകള്‍ വായിക്കാം;-

വിഭാഗം - 2

24:11
 • إِنَّ ٱلَّذِينَ جَآءُو بِٱلْإِفْكِ عُصْبَةٌ مِّنكُمْ ۚ لَا تَحْسَبُوهُ شَرًّا لَّكُم ۖ بَلْ هُوَ خَيْرٌ لَّكُمْ ۚ لِكُلِّ ٱمْرِئٍ مِّنْهُم مَّا ٱكْتَسَبَ مِنَ ٱلْإِثْمِ ۚ وَٱلَّذِى تَوَلَّىٰ كِبْرَهُۥ مِنْهُمْ لَهُۥ عَذَابٌ عَظِيمٌ ﴾١١﴿
 • നിശ്ചയമായും (ആ) കള്ളവാര്‍ത്തകൊണ്ടുവന്നിട്ടുള്ളവര്‍, നിങ്ങളില്‍നിന്നുള്ള ഒരു കൂട്ടരാകുന്നു. അതു നിങ്ങള്‍ക്കു ദോഷകരമാണെന്നു നിങ്ങള്‍ കരുതേണ്ട: പക്ഷേ, അതു നിങ്ങള്‍ക്കു ഗുണകരമാകുന്നു. അവരില്‍ ഓരോരുത്തന്നും അവന്‍ പ്രവര്‍ത്തിച്ചിട്ടുള്ള പാപം [പാപത്തിന്റെ ശിക്ഷ] ഉണ്ടായിരിക്കും. അവരില്‍ നിന്നും അതിന്റെ നേതൃത്വം ഏറ്റെടുത്തവനാകട്ടെ, അവനു വമ്പിച്ച ശിക്ഷയുമുണ്ട്‌.
 • إِنَّ الَّذِينَ നിശ്ചയമായും ഒരു കൂട്ടര്‍ جَاءُوا അവര്‍ വന്നു بِالْإِفْكِ കള്ളവാര്‍ത്ത (നുണ) കൊണ്ട് عُصْبَةٌ مِّنكُمْ നിങ്ങളില്‍ നിന്നുള്ള ഒരു കൂട്ടരാണ് لَا تَحْسَبُوهُ നിങ്ങളെ അതിനെ കരുതേണ്ട, കണക്കാക്കേണ്ട شَرًّا لَّكُم നിങ്ങള്‍ക്ക് ദോഷമാണെന്ന് بَلْ എങ്കിലും, എന്നാല്‍, പക്ഷെ هُوَ അതു خَيْرٌ لَّكُمْ നിങ്ങള്‍ക്ക് ഗുണമാണ് لِكُلِّ امْرِئٍ എല്ലാ മനുഷ്യന്നുമുണ്ട് مِّنْهُم അവരില്‍നിന്നുള്ള مَّا اكْتَسَبَ അവന്‍ പ്രവര്‍ത്തിച്ചതു, സമ്പാദിച്ചുണ്ടാക്കിയതു مِنَ الْإِثْمِ പാപമായിട്ടു, കുറ്റമായിട്ടു وَالَّذِي تَوَلَّىٰ ഏറ്റെടുത്തവനാകട്ടെ كِبْرَهُ അതിന്റെ നേതൃത്വം (വലിയ പങ്കു) مِنْهُمْ അവരില്‍നിന്നു لَهُ അവന്നുണ്ടു عَذَابٌ عَظِيمٌ വമ്പിച്ച ശിക്ഷ

കള്ളവാര്‍ത്ത എന്ന് പറഞ്ഞത് മേല്‍വിവരിച്ച അപവാദമാണെന്നു് പറയേണ്ടതില്ല. ഇത് നിര്‍മ്മിച്ചുണ്ടാക്കപ്പെട്ടത് മുസ്‌ലിംകള്‍ക്കിടയില്‍നിന്നുമാണ്. അതില്‍ നേതൃത്വം വഹിച്ചവന്‍ – അഥവാ, ആദ്യം കെട്ടിയുണ്ടാക്കുകയും, ജനമദ്ധ്യെ പ്രചരിപ്പിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുകയും ചെയ്തവന്‍ – മേല്‍പറഞ്ഞ കപടവിശ്വാസിയായ അബ്ദുല്ലാഹിബ്നു ഉബയ്യു തന്നെ. പ്രചാരം ചെയ്തവര്‍ അവന് പുറമെ മിസ്ത്വഹ് (رضي الله عنه), ഹസ്സാനുബ്നു ഥാബിത്ത് (رضي الله عنه), ജഹ്ശു മകള്‍ ഹംനഃ (رضي الله عنها) എന്നിവരാകുന്നു. വ്യഭിചാരാരോപണ ശിക്ഷാനിയമമനുസരിച്ച് കുറ്റവാളികളായവര്‍ക്ക് അടി ശിക്ഷ നല്‍കപ്പെടുകയുണ്ടായി. അപരാധം പറഞ്ഞുണ്ടാക്കിയവര്‍ അധികപേരുണ്ടായിരുന്നില്ലെന്നു് عُصْبَةٌ എന്ന വാക്കുതന്നെ അറിയിക്കുന്നു. കുറച്ചാളുകളുള്ള കൂട്ടത്തിന്നാണ് ഈ വാക്കു് ഉപയോഗിക്കപ്പെടാറുള്ളത്.

عُصْبَةٌ مِّنكُمْ (നിങ്ങളില്‍ നിന്നുള്ള ഒരു കൂട്ടരാണ്) എന്ന വാക്കുകൊണ്ട് മേല്‍പറഞ്ഞ മൂന്നു് പേരും ഇസ്‌ലാമില്‍ നിന്നു വ്യതിചലിച്ചിട്ടില്ലെന്നും മനുഷ്യസഹജമായ നിലയില്‍ അവരുടെ പക്കല്‍ തെറ്റുപറ്റിപ്പോയതാണെന്നും മനസ്സിലാക്കാവുന്നതാണ്. നേതൃത്വം വഹിച്ച ഇബ്നു ഉബയ്യാകട്ടെ, അവന് വമ്പിച്ച ശിക്ഷയുണ്ടാകുമെന്നു് അല്ലാഹു പ്രത്യേകം എടുത്തുപറഞ്ഞിരിക്കുന്നു. മാത്രമല്ല, അവന്‍ മരണംവരെ, ഇസ്‌ലാമിനോട് ശത്രുത പുലര്‍ത്തിപ്പോരുകയും ശപിക്കപ്പെട്ടവനായി മരണപ്പെടുകയുമാണുണ്ടായിട്ടുള്ളതെന്നു് പല ലക്ഷ്യങ്ങള്‍ മുഖേന തിട്ടപ്പെട്ടുകഴിഞ്ഞതാണ്. പ്രസ്തുത മൂന്നു പേരും ഖേദിച്ചു പശ്ചാത്തപിക്കുകയും, സഹാബികളുടെ കൂട്ടത്തില്‍ മാന്യന്‍മാരായി ഗണിക്കപ്പെടുകയും ചെയ്തവരാകുന്നു. കപട വിശ്വാസികള്‍, ബാഹ്യത്തില്‍ മുസ്‌ലിംകളായിട്ടാണ് ഗണിക്കപ്പെട്ടിരുന്നതെന്ന വസ്തുത സ്മരണീയമാണ്.

ഹസ്സാന്‍ (حسان بن ثابت-رضي الله عنه) ഒരു മഹാകവിയായിരുന്നു. അദ്ദേഹം തന്റെ കവിത വഴി ഇസലാമിനും, നബി (صلّى الله عليه وسلّم)ക്കും വളരെ സേവനം ചെയ്തിട്ടുള്ളത് പ്രസ്താവ്യമാകുന്നു. ഈ സംഭവം കലാശിച്ചശേഷം, അദ്ദേഹം ആയിശാ (رضي الله عنها)യോട് ഒഴിവുകഴിവുകള്‍ പറഞ്ഞുകൊണ്ടും, കേട്ടുകേള്‍വിയെ അടിസ്ഥാനമാക്കി തന്റെ പക്കല്‍വന്നുവശായതാണെന്ന് ഉണര്‍ത്തിച്ചുകൊണ്ടും കവിത പാടുകയുണ്ടായിട്ടുണ്ട്; അതില്‍ അദ്ദേഹം ഇങ്ങിനെ പറഞ്ഞിരുന്നു:

حَصانٌ رَزانٌ ما تُزِنُّ بِريبَةٍ * وَتُصبِحُ غَرثى مِن لُحومِ الغَوافِلِ

(സാരം: പതിവ്രതയാണ്, മാന്യയാണ്, സംശയാസ്പദമായ ആരോപണങ്ങള്‍ക്കൊന്നും വിധേയയല്ല, ശുദ്ധഹൃദയരായ സ്ത്രീകളുടെ മാംസം തിന്നുന്നതിനെ – അവരെപ്പറ്റി ദൂഷണം പയുന്നതിനെ – ക്കുറിച്ചു വ്രതം എടുക്കുന്നവളുമാണ്.). പിന്നീട് ആയിശാ (رضي الله عنها) അദ്ദേഹത്തെ മാനിക്കുകയും ഇഷ്ടപ്പെടുകയും ചെയ്തിരുന്നു. മിസ്ത്വഹ് (مصطح-رضي الله عنه) അബൂബക്കര്‍ (رضي الله عنه)ന്റെ മാതാവിന്റെ സഹോദരീപുത്രനും, 22-ാം വചനം അവതരിച്ചതിന് കാരണഭൂതനും, ബദ്റില്‍ പങ്കെടുത്ത സഹാബിയും ആയിരുന്നു. നബി (صلّى الله عليه وسلّم)യുടെ ഭാര്യയായ സൈനബ (رضي الله عنها)യുടെ നേരെ സഹോദരിയും, പത്ത് പ്രമുഖ സഹാബികളില്‍ ഒരാളായ ത്വല്‍ഹഃ (طلحة-رضي الله عنه)യുടെ ഭാര്യയുമാണ് ഹംനഃ (حمنة بنت جحش-رضي الله عنها).

അത് നിങ്ങള്‍ക്കു ദോഷകരമാണെന്ന് കരുതേണ്ട – അത് നിങ്ങള്‍ക്ക് ഗുണകരമാണ് എന്ന് പറഞ്ഞഭാഗം പ്രത്യേകം ശ്രദ്ധാര്‍ഹമാകുന്നു. അല്ലാഹുവിന്റെ പക്കല്‍നിന്നുള്ള മഹത്തായ പ്രതിഫലവാഗ്ദാനം, എന്നേക്കും നിലനില്‍ക്കുന്ന സല്‍ക്കീര്‍ത്തി, നിരപരാധിത്വം സ്ഥാപിച്ചുകൊണ്ട് ഖുര്‍ആന്‍ അവതരിക്കല്‍, അതുവഴി എക്കാലത്തും അവരുടെ സ്മരണ പുതുക്കിക്കൊണ്ടിരിക്കുന്നത്, വളരെ മത തത്വങ്ങളും നിയമങ്ങളും അവതരിച്ചത്, എന്നിങ്ങിനെ പല ഗുണങ്ങളും ഈ സംഭവംമൂലം ഉണ്ടായി. അപ്പോള്‍ ഒന്നാമതായി ആയിശാ (رضي الله عنها)ക്കും, രണ്ടാമതായി സ്വഫ്വാന്നും (رضي الله عنه), നബി (صلّى الله عليه وسلّم) അടക്കമുള്ള എല്ലാ മുസ്‌ലിംകള്‍ക്കും പല ഗുണങ്ങളും ലഭിക്കുവാന്‍ ഈ സംഭവം ഇടയായെന്ന് പറയേണ്ടതില്ല.

24:12
 • لَّوْلَآ إِذْ سَمِعْتُمُوهُ ظَنَّ ٱلْمُؤْمِنُونَ وَٱلْمُؤْمِنَـٰتُ بِأَنفُسِهِمْ خَيْرًا وَقَالُوا۟ هَـٰذَآ إِفْكٌ مُّبِينٌ ﴾١٢﴿
 • നിങ്ങള്‍ അതു കേട്ടപ്പോള്‍, സത്യവിശ്വാസികളും, സത്യവിശ്വാസിനികളും തങ്ങളെപ്പറ്റിത്തന്നെ (പരസ്പരം) നല്ല വിചാരം വിചാരിക്കുകയും, 'ഇതു വ്യക്തമായ ഒരു കള്ളവാര്‍ത്തയാണ്' എന്നു പറയുകയും എന്തുകൊണ്ട് ചെയ്തു കൂടായിരുന്നു?!
 • لَّوْلَا എന്തുകൊണ്ടില്ല, കൂടായിരുന്നോ, ആയിക്കൂടേ إِذْ سَمِعْتُمُوهُ നിങ്ങള്‍ അതു കേട്ടപ്പോള്‍ ظَنَّ الْمُؤْمِنُونَ സത്യവിശ്വാസികള്‍ വിചാരിക്കുകയും وَالْمُؤْمِنَاتُ സത്യവിശ്വാസിനികളും بِأَنفُسِهِمْ തങ്ങളെപ്പറ്റിത്തന്നെ خَيْرًا നല്ലതു, (നല്ലവിചാരം) وَقَالُوا അവര്‍ പറയുകയും (എന്തുകൊണ്ടു ചെയ്തുകൂടാ) هَـٰذَا ഇതു إِفْكٌ കള്ളവാര്‍ത്തയാണ്, നുണയാണ് (എന്ന്) مُّبِينٌ വ്യക്ത്യമായ, സ്പഷ്ടമായ, (തനിച്ച)
24:13
 • لَّوْلَا جَآءُو عَلَيْهِ بِأَرْبَعَةِ شُهَدَآءَ ۚ فَإِذْ لَمْ يَأْتُوا۟ بِٱلشُّهَدَآءِ فَأُو۟لَـٰٓئِكَ عِندَ ٱللَّهِ هُمُ ٱلْكَـٰذِبُونَ ﴾١٣﴿
 • അവര്‍ [ഇതു പറഞ്ഞുണ്ടാക്കിയവര്‍] എന്താണതിനു നാലു സാക്ഷികളെകൊണ്ടു വരാഞ്ഞത്?! അവര്‍ സാക്ഷികളെകൊണ്ട് വരാത്ത സ്ഥിതിക്ക് അല്ലാഹുവിന്റെ അടുക്കല്‍ അവര്‍ തന്നെയാണ് കളവു പറയുന്നവര്‍.
 • لَّوْلَا جَاءُوا അവര്‍ക്കു വന്നുകൂടേ, എന്താണ് വരാത്തതു عَلَيْهِ അതിനു, അതിന്റെമേല്‍ بِأَرْبَعَةِ شُهَدَاءَ നാലു സാക്ഷികളെയുംകൊണ്ടു فَإِذْ لَمْ يَأْتُوا എന്നാല്‍ അവര്‍ കൊണ്ടുവരാത്ത സ്ഥിതിക്കു بِالشُّهَدَاءِ സാക്ഷികളെ فَأُولَـٰئِكَ അപ്പോള്‍ അക്കൂട്ടര്‍ عِندَ اللَّـهِ അല്ലാഹുവിന്റെ അടുക്കല്‍ هُمُ الْكَاذِبُونَ അവര്‍ തന്നെയാണ് കളവു പറയുന്നവര്‍

സത്യവിശ്വാസികളെല്ലാം ഒരേ ശരീരത്തിന്റെ അംശങ്ങളാകുന്നു. അവരെല്ലാം ഒന്നായിരിക്കണം, ഒരാള്‍ക്ക് മറ്റേവനെപ്പറ്റി സദ്‌വിചാരമുണ്ടായിരിക്കണം, അന്യോന്യം കുറ്റവും കുറവും കണ്ടാല്‍ മറച്ചുവെക്കണം. ഇങ്ങിനെയെല്ലാമാണ് സത്യവിശ്വാസികള്‍ തമ്മില്‍ സ്വീകരിക്കേണ്ടുന്ന നില. അപ്പോള്‍, സദ്‌വൃത്തരായ രണ്ടാളുകളെപ്പറ്റി ഇമ്മാതിരി അപരാധം എവിടെനിന്നു കേട്ടാലും ഉടനടി അത് നുണയായിരിക്കുമെന്നു വെക്കുകയും, നല്ല വിചാരം കരുതുകയും വേണ്ടതല്ലേ, എന്നാണ് അല്ലാഹു താക്കീതു ചെയ്യുന്നത്. ആയിശാ (رضي الله عنها) യുടെയും, സ്വഫ്‌വാന്‍ (رضي الله عنه)ന്റെയും പരിശുദ്ധ നില ഇരിക്കട്ടെ, ഒരു വമ്പിച്ച ജനക്കൂട്ടത്തില്‍ നിന്ന് ഒളിഞ്ഞുമാറി ഒരു നീചപ്രവൃത്തി നടത്തിയ രണ്ടുപേര്‍ പട്ടാപ്പകല്‍ – ആ ജനതാമദ്ധ്യെ പരസ്യമായി – റസൂല്‍ (صلّى الله عليه وسلّم) തിരുമേനിയുടെ മുമ്പാകെ – ഒരാള്‍ വാഹനപ്പുറത്തും, മറ്റേയാള്‍ അതിനെ നയിച്ചുകൊണ്ടും – വന്നിറങ്ങുവാന്‍ ധൈര്യപ്പെടുമോ?! എന്നിരിക്കെ, ഹൃദയത്തില്‍ ഒളിഞ്ഞുകിടക്കുന്ന ഒരു അസൂയയില്‍ നിന്നോ മറ്റോ അല്ലാതെ ഇത്തരം ജല്‍പനങ്ങള്‍ പുറത്തുവരുമോ? അതെ, അസൂയക്കാരന്‍ തനിക്കൊരു അവസരം കണ്ടപ്പോള്‍ അത് നിര്‍മ്മിച്ചു. മറ്റു ചിലര്‍ ഗൗരവം മനസ്സിലാക്കാതെ അത് ഏറ്റുപറയുകയും ചെയ്തു. ഇതാണ് സംഭവിച്ചത്.

വ്യഭിചാരാരോപണം തെളിയിക്കുവാന്‍ നാല് സാക്ഷികള്‍ വേണം. അത് അവര്‍ കൊണ്ടുവരേണ്ടതായിരുന്നു. അത് ചെയ്യാത്തപ്പോള്‍ – അഥവാ ആരോപണം തെളിയിക്കപ്പെടാത്ത സ്ഥിതിക്ക് – അവര്‍ കളവ് പറയുന്നവരാണെന്നാണ് അല്ലാഹുവിന്റെ വിധി. ഇത് പ്രത്യേകം ശ്രദ്ധാര്‍ഹമാകുന്നു. തെളിയിക്കുവാന്‍ കഴിയാത്ത കുറ്റം പരസ്യപ്പെടുത്തരുതെന്നും പ്രചരിപ്പിക്കരുതെന്നും ഇതില്‍നിന്ന് മനസ്സിലാക്കേണ്ടതുണ്ട്. ഒരു പക്ഷെ, സംഭവം യഥാര്‍ത്ഥത്തില്‍ ശരിയായിരുന്നാല്‍ തന്നെയും, അതിന്റെ പ്രതിഫലം അല്ലാഹു കൊടുത്തുകൊള്ളുമെന്നു വെച്ച് മൗനം കൈക്കൊള്ളുകയും, കഴിയുമെങ്കില്‍ സ്വകാര്യത്തില്‍ ഉപദേശിക്കുകയുമാണ്‌ വേണ്ടത്. സാധാരണ സംഭവങ്ങളിലെല്ലാം തന്നെ, രണ്ട് സാക്ഷികളാണ് ഇസ്‌ലാമില്‍ തെളിവായി നിശ്ചയിക്കപ്പെട്ടിട്ടുള്ളത്. വ്യഭിചാരവിഷയത്തില്‍ മാത്രം നാല് സാക്ഷികള്‍ വേണമെന്ന് വെച്ചത് വ്യഭിചാരത്തിന്റെയും, അതിന്റെ ശിക്ഷയുടെയും ഗൗരവം നിമിത്തമാകുന്നു.

24:14
 • وَلَوْلَا فَضْلُ ٱللَّهِ عَلَيْكُمْ وَرَحْمَتُهُۥ فِى ٱلدُّنْيَا وَٱلْـَٔاخِرَةِ لَمَسَّكُمْ فِى مَآ أَفَضْتُمْ فِيهِ عَذَابٌ عَظِيمٌ ﴾١٤﴿
 • അല്ലാഹുവിന്റെ ദയവും, അവന്റെ കാരുണ്യവും നിങ്ങളില്‍ - ഇഹത്തിലും പരത്തിലും വെച്ച് - ഇല്ലായിരുന്നുവെങ്കില്‍, നിങ്ങള്‍ യാതൊന്നില്‍ മുഴുകിയിരിക്കുന്നുവോ അക്കാര്യത്തില്‍, വമ്പിച്ച ശിക്ഷ നിങ്ങളെ സ്പര്‍ശിക്കുമായിരുന്നു:-
 • وَلَوْلَا ഇല്ലായിരുന്നുവെങ്കില്‍ فَضْلُ اللَّـهِ അല്ലാഹുവിന്റെ ദയവു, ദാക്ഷിണ്യം, അനുഗ്രഹം عَلَيْكُمْ നിങ്ങളില്‍, നിങ്ങള്‍ക്ക് وَرَحْمَتُهُ അവന്റെ കാരുണ്യവും فِي الدُّنْيَا ഇഹത്തില്‍ وَالْآخِرَةِ പരത്തിലും لَمَسَّكُمْ നിങ്ങളെ സ്പര്‍ശിച്ചിരുന്നു, ബാധിച്ചിരുന്നു فِي مَا യാതൊരു കാര്യത്തില്‍ أَفَضْتُمْ فِيهِ നിങ്ങള്‍ അതില്‍ മുഴുകിയിരിക്കുന്നു (അങ്ങിനെയുള്ളതില്‍) عَذَابٌ عَظِيمٌ വമ്പിച്ച ശിക്ഷ
24:15
 • إِذْ تَلَقَّوْنَهُۥ بِأَلْسِنَتِكُمْ وَتَقُولُونَ بِأَفْوَاهِكُم مَّا لَيْسَ لَكُم بِهِۦ عِلْمٌ وَتَحْسَبُونَهُۥ هَيِّنًا وَهُوَ عِندَ ٱللَّهِ عَظِيمٌ ﴾١٥﴿
 • നിങ്ങളുടെ നാവുകളാല്‍ നിങ്ങളതു ഏറ്റുപറയുകയും, നിങ്ങള്‍ക്കു യാതൊരു അറിവുമില്ലാത്ത ഒരു കാര്യം നിങ്ങളുടെ വായകൊണ്ടു പറയുകയും ചെയ്തുകൊണ്ടിരിക്കുന്ന സന്ദര്‍ഭത്തില്‍! [അപ്പോഴായിരുന്നു അതു ബന്ധിക്കേണ്ടതു; അതുണ്ടായില്ല.] നിങ്ങള്‍ ഇതൊരു നിസ്സാരകാര്യമെന്ന് ഗണിക്കുന്നു; അതാകട്ടെ, അല്ലാഹുവിന്റെ അടുക്കല്‍ വമ്പിച്ചതുമാകുന്നു!
 • إِذْ تَلَقَّوْنَهُ നിങ്ങള്‍ അതു ഏറ്റുപറയുന്ന സന്ദര്‍ഭത്തില്‍ بِأَلْسِنَتِكُمْ നിങ്ങളുടെ നാവുകള്‍കൊണ്ടു وَتَقُولُونَ നിങ്ങള്‍ പറയുകയും ചെയ്യുന്നു بِأَفْوَاهِكُم നിങ്ങളുടെ വായകള്‍ കൊണ്ടു مَّا لَيْسَ ഇല്ലാത്ത ഒന്നിനെ لَكُم നിങ്ങള്‍ക്കു بِهِ അതിനെപ്പറ്റി عِلْمٌ ഒരു അറിവും وَتَحْسَبُونَهُ നിങ്ങള്‍ അതു ഗണിക്കുന്നു, വിചാരിക്കുന്നു هَيِّنًا നിസ്സാരമെന്നു, എളിയതെന്നു, وَهُوَ അതാകട്ടെ عِندَ اللَّـهِ അല്ലാഹുവിങ്കല്‍ عَظِيمٌ വമ്പിച്ചതാണ്

പശ്ചാത്താപത്തിന് സൗകര്യം നല്‍കിക്കൊണ്ടും മറ്റും ഇഹത്തില്‍വെച്ചും, കുറ്റം മാപ്പ് ചെയ്തുകൊണ്ട് പരത്തില്‍വെച്ചും അല്ലാഹു അവരെ അനുഗ്രഹിക്കുവാന്‍ ഉദ്ദേശിക്കുകയാണ്. അല്ലായിരുന്നുവെങ്കില്‍, ആ സന്ദര്‍ഭത്തില്‍ തന്നെ – ശരിയായ അറിവും രേഖയുമില്ലാതെ, കേട്ടതങ്ങ് പറഞ്ഞു പ്രചരിപ്പിച്ചുകൊണ്ടിരുന്ന അതേ അവസരത്തില്‍തന്നെ – അതിന്റെ ഫലം കാണാമായിരുന്നു എന്നു സാരം. അവരത് ചെയ്‌വാനുള്ള കാരണം, ഈ സംഗതി നിസ്സാരമെന്നു് ധരിച്ചുപോയതാണ്. എങ്കിലും ഇത്തരം സംഗതികള്‍ അല്ലാഹുവിങ്കല്‍ ഒട്ടും നിസ്സാരമല്ല – വളരെ ഗൗരവതരമാണ് – എന്ന് അല്ലാഹു താക്കീത് ചെയ്യുന്നു. ആര് എന്ത് പറഞ്ഞുകേട്ടാലും, അതിന്റെ സംഭവ്യതയും, തെളിവും നോക്കാതെ – ഗൗരവവും ഭവിഷ്യത്തും ആലോചിക്കാതെ – അത് ഏറ്റുപാടുക മിക്ക ജനങ്ങളുടെയും പതിവാണ്. ഈ താക്കീത് നാം ഇപ്പോഴും ഓര്‍ത്തിരിക്കേണ്ടതാകുന്നു. അങ്ങിനെയുള്ളവര്‍ക്ക് നല്ലൊരു പാഠമാണ് അടുത്ത വചനം നല്‍കുന്നത്:-

24:16
 • وَلَوْلَآ إِذْ سَمِعْتُمُوهُ قُلْتُم مَّا يَكُونُ لَنَآ أَن نَّتَكَلَّمَ بِهَـٰذَا سُبْحَـٰنَكَ هَـٰذَا بُهْتَـٰنٌ عَظِيمٌ ﴾١٦﴿
 • അതുകേട്ട അവസരത്തില്‍ നിങ്ങള്‍ക്ക് എന്തുകൊണ്ട് പറഞ്ഞു കൂടായിരുന്നു: നമുക്ക് ഇതിനെപ്പറ്റി സംസാരിക്കുവാന്‍ പാടുള്ളതല്ല - '(അല്ലാഹുവേ!) നീ മഹാപരിശുദ്ധന്‍!' - ഇതു വമ്പിച്ച ഒരു കെട്ടുകഥയാണ്' എന്ന്.
 • وَلَوْلَا എന്തുകൊണ്ടില്ല, കൂടായിരുന്നോ إِذْ سَمِعْتُمُوهُ നിങ്ങള്‍ അതു കേട്ടപ്പോള്‍ قُلْتُم നിങ്ങള്‍ പറഞ്ഞു (കൂടേ) مَّا يَكُونُ لَنَا നമുക്ക് പാടില്ല, നമുക്ക് ആയിക്കൂടാ أَن نَّتَكَلَّمَ നമുക്കു സംസാരിപ്പാന്‍, നാം സംസാരിക്കല്‍ بِهَـٰذَا ഇതിനെപ്പറ്റി سُبْحَانَكَ നീ മഹാപരിശുദ്ധന്‍, നിനക്കു സ്തോത്രകീര്‍ത്തനം هَـٰذَا بُهْتَانٌ ഇതു കെട്ടുകഥയാണ്, കള്ളമാണ് عَظِيمٌ വമ്പിച്ച

ഗൗരവപ്പെട്ടതോ, അതിശയോക്തി കലര്‍ന്നതോ ആയ വല്ലതും കേള്‍ക്കുകയോ, കാണുകയോ ചെയ്യുമ്പോള്‍ سُبْحَانَكَ (നീ മഹാപരിശുദ്ധന്‍) എന്നും, سُبْحَانَ الله (അല്ലാഹു മഹാപരിശുദ്ധന്‍!) എന്നും പറയുക പതിവാണ്. ഈ വിഷയത്തില്‍ ഇത്രയും ഊന്നിപ്പറയുവാന്‍ കാരണമെന്താണെന്ന് അല്ലാഹു ചൂണ്ടിക്കാട്ടുന്നു:-

24:17
 • يَعِظُكُمُ ٱللَّهُ أَن تَعُودُوا۟ لِمِثْلِهِۦٓ أَبَدًا إِن كُنتُم مُّؤْمِنِينَ ﴾١٧﴿
 • ഇതുപോലെയുള്ളത് ഒരിക്കലും നിങ്ങള്‍ ആവര്‍ത്തിച്ചു പോകരുതെന്നു വെച്ച് അല്ലാഹു നിങ്ങളെ ഉപദേശിക്കുകയാണ് - നിങ്ങള്‍ സത്യവിശ്വാസികളാണെങ്കില്‍.
 • يَعِظُكُمُ اللَّـهُ അല്ലാഹു നിങ്ങളെ ഉപദേശിക്കുന്നു أَن تَعُودُوا നിങ്ങള്‍ ആവര്‍ത്തിക്കുമെന്നുവെച്ചു, നിങ്ങള്‍ മടങ്ങിയേക്കുമെന്നതിനാല്‍ (മടങ്ങാതെയിരിക്കുവാന്‍) لِمِثْلِهِ അതുപോലെയുള്ളതിനെ, (പോലെയുള്ളതിലേക്ക്) أَبَدًا ഒരിക്കലും, എന്നും, എക്കാലവും إِن كُنتُم നിങ്ങള്‍ ആണെങ്കില്‍ مُّؤْمِنِينَ സത്യവിശ്വാസികള്‍
24:18
 • وَيُبَيِّنُ ٱللَّهُ لَكُمُ ٱلْـَٔايَـٰتِ ۚ وَٱللَّهُ عَلِيمٌ حَكِيمٌ ﴾١٨﴿
 • അല്ലാഹു നിങ്ങള്‍ക്ക് ലക്ഷ്യങ്ങള്‍ വിവരിച്ചു തരുകയാണ്‌; അല്ലാഹു സര്‍വ്വജ്ഞനും സൂക്ഷ്മജ്ഞാനിയുമാകുന്നു.
 • وَيُبَيِّنُ اللَّـهُ അല്ലാഹു വിവരിച്ചുതരുകയും ചെയ്യുന്നു لَكُمُ നിങ്ങള്‍ക്കു الْآيَاتِ ലക്ഷ്യങ്ങളെ, (വേദവാക്യങ്ങളെ) وَاللَّـهُ അല്ലാഹു عَلِيمٌ സര്‍വ്വജ്ഞാനിയാണു, അറിയുന്നവനാണ് حَكِيمٌ സൂക്ഷ്മജ്ഞാനിയാണു, ജ്ഞാനയുക്തനാണു

24:19
 • إِنَّ ٱلَّذِينَ يُحِبُّونَ أَن تَشِيعَ ٱلْفَـٰحِشَةُ فِى ٱلَّذِينَ ءَامَنُوا۟ لَهُمْ عَذَابٌ أَلِيمٌ فِى ٱلدُّنْيَا وَٱلْـَٔاخِرَةِ ۚ وَٱللَّهُ يَعْلَمُ وَأَنتُمْ لَا تَعْلَمُونَ ﴾١٩﴿
 • നിശ്ചയമായും, വിശ്വസിച്ചിട്ടുള്ളവരില്‍ നീചവൃത്തി പ്രചരിക്കു(ന്നത് കാണു)വാന്‍ ഇഷ്ടപ്പെടുന്നവരാകട്ടെ, ഇഹത്തിലും പരത്തിലും അവര്‍ക്ക് വേദനയേറിയ ശിക്ഷയുണ്ട്. അല്ലാഹു (എല്ലാം) അറിയുന്നു. നിങ്ങള്‍ക്ക് അറിയുകയില്ല.
 • إِنَّ الَّذِينَ നിശ്ചയമായും യാതൊരു കൂട്ടര്‍ يُحِبُّونَ അവര്‍ ഇഷ്ടപ്പെടുന്നു, ആഗ്രഹിക്കുന്നു أَن تَشِيعَ പ്രചരിക്കുവാന്‍, പരക്കുവാന്‍ الْفَاحِشَةُ ദുര്‍വൃത്തി, നീചവൃത്തി فِي الَّذِينَ آمَنُوا വിശ്വസിച്ചവരില്‍ لَهُمْ അവര്‍ക്കുണ്ടു عَذَابٌ أَلِيمٌ വേദനയേറിയ ശിക്ഷ فِي الدُّنْيَا ഇഹത്തില്‍ وَالْآخِرَةِ പരത്തിലും وَاللَّـهُ يَعْلَمُ അല്ലാഹു അറിയുന്നു وَأَنتُمْ നിങ്ങള്‍, നിങ്ങളാകട്ടെ لَا تَعْلَمُونَ നിങ്ങള്‍ക്കറിയുകയില്ല
24:20
 • وَلَوْلَا فَضْلُ ٱللَّهِ عَلَيْكُمْ وَرَحْمَتُهُۥ وَأَنَّ ٱللَّهَ رَءُوفٌ رَّحِيمٌ ﴾٢٠﴿
 • നിങ്ങളില്‍ അല്ലാഹുവിന്റെ ദയവും, അവന്റെ കാരുണ്യവും ഉണ്ടായിരിക്കുകയും, അല്ലാഹു കൃപയുള്ളവനും കരുണാനിധിയുമാണെന്നുള്ളതും ഇല്ലായിരുന്നുവെങ്കില്‍ (നിങ്ങള്‍ക്കു കാണാമായിരുന്നു)!.
 • وَلَوْلَا ഇല്ലായിരുന്നുവെങ്കില്‍ فَضْلُ اللَّـهِ അല്ലാഹുവിന്റെ ദയവ്, അനുഗ്രഹം عَلَيْكُمْ നിങ്ങളില്‍,നിങ്ങള്‍ക്കു وَرَحْمَتُهُ അവന്റെ കാരുണ്യവും وَأَنَّ اللَّـهَ നിശ്ചയമായും അല്ലാഹു ആണെന്നും (ആണെന്ന കാര്യവും) رَءُوفٌ കൃപയുള്ളവന്‍, കൃപാലു رَّحِيمٌ കരുണാനിധിയും, കരുണാനിധിയായ

സജ്ജനങ്ങളില്‍ ദുര്‍വൃത്തികള്‍ പ്രചരിച്ചുകാണുക, മാന്യന്‍മാരെക്കുറിച്ച് അപകീര്‍ത്തികള്‍ ഉണ്ടാക്കിത്തീര്‍ക്കുക, ശുദ്ധന്‍മാരായുള്ളവരുടെ സ്വകാര്യജീവിതം കളങ്കമയമാക്കിത്തീര്‍ക്കുക മുതലായ കാര്യങ്ങളില്‍ ചിലര്‍ക്ക് വളരെ താല്‍പര്യവും കൗതുകവും കാണാം. ദുഷ്ടമനസ്ഥിതിയില്‍ നിന്നും, തങ്ങളെപ്പോലെ മറ്റുള്ളവരും ദുഷിച്ചു കാണണമെന്ന മോഹത്തില്‍ നിന്നുമാണ് ഈ വൈരാഗ്യം ഉടലെടുക്കുന്നത്. ഇത് തനി പൈശാചിക സ്വഭാവമാണെന്ന് പറയേണ്ടതില്ല. മാനസികമായ ഒരുതരം പകര്‍ച്ചവ്യാധികളാണ് നീചപ്രവൃത്തികള്‍, അത് സമുദായത്തില്‍ പടര്‍ന്നു പിടിക്കുന്നതിനുള്ള വിഷബീജങ്ങളാണ് അവയെ സംബന്ധിച്ച പ്രചാരവേല. ഈച്ചകളെപ്പോലെ കിട്ടുന്ന അവസരമെല്ലാം അതിനു അവര്‍ ഉപയോഗപ്പെടുത്തും. തങ്ങളുടെയും, തങ്ങളെപ്പോലെയുള്ളവരുടെയും ദുഷ്ട മനസ്സുകള്‍ക്ക് സംതൃപ്തി ഉളവാക്കുന്നുവെന്നല്ലാതെ, യാതൊരു കാര്യവും അവര്‍ക്കതുകൊണ്ട് ലഭിച്ചേക്കണമെന്നില്ല. ഇത്തരകാര്‍ക്ക് ഇഹത്തിലും പരത്തിലും അല്ലാഹു ശിക്ഷ നിശ്ചയിച്ചിരിക്കുന്നു. അടിശിക്ഷ, ശാപം, ആക്ഷേപം, വഷളത്വം തുടങ്ങിയ ഐഹികശിക്ഷയും, അല്ലാഹുവിന്റെ ക്രോധം, നരകശിക്ഷ മുതലായ പാരത്രികശിക്ഷയും അവര്‍ക്കുണ്ടായിരിക്കും. നബി (صلّى الله عليه وسلّم) തിരുമേനി ഒരിക്കല്‍ ‘മിമ്പറി’ല്‍ കേറി ഉച്ചത്തില്‍ ഇപ്രകാരം വിളിച്ചു പറയുകയുണ്ടായെന്ന് ഇബ്നുഉമര്‍ (رضي الله عنه) പ്രസ്താവിക്കുന്നു.

يا مَعشرَ مَن أسلمَ بلِسانِهِ ولم يُفضِ الإيمانُ إلى قَلبِهِ، لاَ تؤذوا المسلِمينَ ولاَ تعيِّروهم ولاَ تتَّبعوا عَوراتِهِم، فإنَّهُ مَن يتبِّعُ عورةَ أخيهِ المسلمِ تَتبَّعَ اللَّهُ عورتَهُ، ومَن يتبِّعِ اللَّهُ عورتَهُ يفضَحْهُ ولَو في جَوفِ رَحلِهِ : الترمذي

സാരം: ഹേ! നാവുകൊണ്ട് മുസ്ലിമാവുകയും, ഹൃദയത്തിലേക്ക് വിശ്വാസം കടക്കാതിരിക്കുകയും ചെയ്തിട്ടുള്ളവരുടെ സംഘമേ! നിങ്ങള്‍ മുസ്ലിംകളെ ഉപദ്രവിക്കരുത്. അവരെ അപമാനിക്കുകയും അരുത്. അവരുടെ ഉള്ളുകള്ളികള്‍ ആരായുകയും ചെയ്യരുത്. കാരണം: ഒരാള്‍ തന്റെ മുസ്‌ലിം സഹോദരന്റെ ഉള്ളുകള്ളി ആരായുന്നതായാല്‍, അല്ലാഹു അവന്റെ ഉള്ളുകള്ളിയും ആരായും. അല്ലാഹു ഒരുവന്റെ ഉള്ളുകള്ളി ആരായുന്ന പക്ഷം അവന്‍ അവനെ വഷളാക്കുന്നതാണ്, അവന്‍ (പുറത്തിറങ്ങാതെ) തന്റെ വസതിയുടെ ഉള്ളിലായിരുന്നാലും ശരി (തിര്‍മദീ.)