സൂറത്തുല്‍ ഫുര്‍ഖാന്‍ : 61-77
വിഭാഗം - 6
- تَبَارَكَ ٱلَّذِى جَعَلَ فِى ٱلسَّمَآءِ بُرُوجًا وَجَعَلَ فِيهَا سِرَٰجًا وَقَمَرًا مُّنِيرًا ﴾٦١﴿
- ആകാശത്തില്‍ ഗ്രഹമണ്ഡലങ്ങള്‍ (അഥവാ രാശി മണ്ഡലങ്ങള്‍) ഉണ്ടാക്കിയിട്ടുള്ളവന്‍ നന്‍മയേറിയവനാകുന്നു, അതില്‍ ഒരു ദീപവും, പ്രകാശം നല്‍കുന്ന ഒരു ചന്ദ്രനും അവന്‍ ഉണ്ടാക്കിയിരിക്കുന്നു.
- تَبَارَكَ നന്‍മയേറിയവനാകുന്നു, മഹത്വമേറിയവനാകുന്നു الَّذِي جَعَلَ ആക്കിയിട്ടുള്ളവന്‍ فِي السَّمَاءِ ആകാശത്തില്‍ بُرُوجًا രാശികളെ, ഗ്രഹമണ്ഡലങ്ങളെ وَجَعَلَ ആക്കുകയും ചെയ്തു, ഉണ്ടാക്കുകയും ചെയ്തു فِيهَا അതില്‍ سِرَاجًا ഒരു വിളക്ക്, ദീപം وَقَمَرًا ഒരു ചന്ദ്രനെയും مُّنِيرًا പ്രകാശിക്കുന്ന, പ്രകാശമുള്ളതായ
- وَهُوَ ٱلَّذِى جَعَلَ ٱلَّيْلَ وَٱلنَّهَارَ خِلْفَةً لِّمَنْ أَرَادَ أَن يَذَّكَّرَ أَوْ أَرَادَ شُكُورًا ﴾٦٢﴿
- അവന്‍തന്നെയാണ് - ആലോചിച്ചു നോക്കുവാന്‍ ഉദ്ദേശിക്കുകയോ, അല്ലെങ്കില്‍ നന്ദിചെയ്‌വാന്‍ ഉദ്ദേശിക്കുകയോ ചെയ്യുന്നവര്‍ക്കുവേണ്ടി - രാവിനെയും, പകലിനെയും മാറിവന്നുകൊണ്ടിരിക്കുന്നതാക്കിയവനും.
- وَهُوَ الَّذِي അവന്‍തന്നെയാണ് യതൊരുവനും جَعَلَ اللَّيْلَ അവന്‍ രാത്രിയെ ആക്കി وَالنَّهَارَ പകലിനെയും خِلْفَةً മാറിവരുന്നതു لِّمَنْ أَرَادَ ഉദ്ദേശിക്കുന്നവര്‍ക്കുവേണ്ടി أَن يَذَّكَّرَ ഉറ്റാലോചിക്കുവാന്‍ أَوْ أَرَادَ അല്ലെങ്കില്‍ ഉദ്ദേശിക്കുന്ന شُكُورًا നന്ദി ചെയ്‌വാന്‍, കൃതജ്ഞത കാണിക്കാന്‍
ദീപം (سِرَاجًا) എന്ന് പറഞ്ഞത് സൂര്യനെ ഉദ്ദേശിച്ചാകുന്നു. സൂര്യന്‍ അതിന്റെ ഉപഗ്രഹമായ ഭൂമിക്കും, ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രനും വെളിച്ചം നല്‍കുന്നതും, സ്വയം പ്രകാശിക്കുന്നതുമാകകൊണ്ട് അതിനെ ‘ദീപം’ എന്ന് വിശേഷിപ്പിച്ചതാവാം. സൂര്യപ്രകാശം എല്‍ക്കാതിരിക്കുന്നപക്ഷം ഭൂമിയും, ചന്ദ്രനും ഇരുളടഞ്ഞതാകുമായിരുന്നു. സൂര്യനില്‍ നിന്ന് ചന്ദ്രനില്‍ പതിക്കുന്ന പ്രകാശം ഭൂമിയിലേക്ക് തിരിച്ചടിക്കുന്നതാണ് നിലാവെളിച്ചം. സ്വയം പ്രകാശിതങ്ങളായ ഗോളങ്ങള്‍ക്കെല്ലാംതന്നെ ‘ശംസു’കള്‍ (الشموس) സൂര്യന്‍മാര്‍ എന്നും, ചന്ദ്രനെപ്പോലുള്ള ഉപഗ്രഹങ്ങള്‍ക്ക് ‘ഖമറുകള്‍’ (الاقمار) എന്നും അറബിയില്‍ പറയാറുണ്ട്. ‘ഗ്രഹമണ്ഡലങ്ങള്‍’ എന്നും ‘രാശിമണ്ഡലങ്ങള്‍’ എന്നും അര്‍ത്ഥം കല്‍പിച്ചത് ‘ബുറൂജ്’ (بُرُوجا) എന്ന വാക്കിനാണ്. ഏകവചനം ‘ബുര്‍ജ്’ (بُرْج) എന്നത്രെ. ഇതിന് ‘കൊത്തളം, ഉന്നതമായ മാളിക’ എന്നൊക്കെയാണ് ഭാഷാര്‍ത്ഥം. വലിയ ഗ്രഹമണ്ഡലങ്ങള്‍ക്കും, സപ്തഗ്രഹങ്ങളുടെ സഞ്ചാരമാര്‍ഗ്ഗങ്ങളായ പന്ത്രണ്ട് രാശിമണ്ഡലങ്ങള്‍ക്കും ഈ വാക്ക് ഉപയോഗിക്കാറുണ്ട്.
വമ്പിച്ച നക്ഷത്രഗോളങ്ങളായി ആകാശത്തില്‍ ഏറെക്കുറെ 1000 എണ്ണമാണുള്ളതെന്നത്രെ മുന്‍കാലത്ത് ശാസ്ത്രജ്ഞന്മാര്‍ അഭിപ്രായപ്പെട്ടിരുന്നത്. ഇന്നാകട്ടെ, പരിഷ്കരിച്ച ടെലസ്കോപ്പ് (ദൂരദര്‍ശിനി)കളുടെ സഹായത്താല്‍ രണ്ട് കോടിയിലധികം മഹാനക്ഷത്രങ്ങള്‍ കണ്ടുപിടിക്കപ്പെട്ടിരിക്കുന്നു. എനിയും, പുതിയ നിരീക്ഷണങ്ങള്‍ അവയുടെ എണ്ണം വര്‍ദ്ധിപ്പിച്ചു പ്രസ്താവിച്ചുകൊണ്ടിരിക്കും. നിരീക്ഷണമാര്‍ഗ്ഗങ്ങളും, നിരീക്ഷണസാമഗ്രികളും എത്ര പുരോഗമിച്ചാലും, അവയുടെ ഏറ്റവും സൂക്ഷ്മമായ വിവരവും, കൃത്യമായ എണ്ണവണ്ണവും അവയുടെ സൃഷ്ടാവായ സര്‍വ്വജ്ഞനു മാത്രമേ കണക്കാക്കുവാന്‍ കഴിയുകയുള്ളു.
സപ്തഗ്രഹങ്ങള്‍, സൂര്യചന്ദ്രന്മാര്‍, രാപ്പകലുകള്‍ എന്നിവയെ സംബന്ധിച്ച് സൂറത്തുല്‍ അമ്പിയാഉ് 33-ാം വചനത്തിന്റെ വിവരണത്തില്‍ നാം പലതും വിശദീകരിച്ചിട്ടുള്ളതുകൊണ്ട് ഇവിടെ കൂടുതലൊന്നും പറയേണ്ടതില്ല. രാശിമണ്ഡലങ്ങള്‍ മാസത്തിന് ഒന്നുവീതം12 രാശികളായി കണക്കാക്കപ്പെട്ടിരിക്കുന്നു. മേടം തുടങ്ങി മീനം വരെയുള്ള 12 മലയാള മാസപ്പേരുകള്‍ അതത് മാസത്തിലെ രാശിനാമങ്ങളും കൂടിയാകുന്നു. (*). ഓരോ രാശിമാര്‍ഗ്ഗത്തിലൂടെയും സൂര്യന്‍ സഞ്ചരിക്കുന്ന കാലത്തിനാണ് സൂര്യമാസങ്ങള്‍ എന്ന് പറയുന്നത്. ഓരോന്നിലും സഞ്ചരിക്കുന്ന കാലയളവില്‍ അല്‍പം ഏറ്റക്കുറവുള്ളതുകൊണ്ടാണ് ചില മാസങ്ങളില്‍ ദിവസങ്ങള്‍ ഏറിയും കുറഞ്ഞും വരുന്നത്.
(*). അറബിയില്‍ പന്ത്രണ്ട് രാശികളുടെ പേരുകള്‍ ക്രമപ്രകാരം ഇവയാകുന്നു:-
الحمل, الثور, الجوزاء, السرطان, الاسد, السنبلة, الميزان, العقرب, القوس, الجدى, الدلو, الحوت
രാവോ, പകലോ സ്ഥിരമായി നില്‍ക്കാതെ ഒന്നിനുശേഷം ഒന്നായി വന്നും പോയും കൊണ്ടിരിക്കുന്നതിനാലാണ് അവയെപ്പറ്റി ‘മാറിമാറി വരുന്നത്’ (خِلْفَةً) എന്ന് പ്രസ്താവിച്ചത്. ഈ മാറ്റങ്ങളും, അതിന് കാരണമാകുന്ന ഗോളചലനങ്ങളുടെ നിയന്ത്രണവും, ചിന്തിക്കുന്നവര്‍ക്ക് ചിന്തിക്കുവാന്‍ ധാരാളം വകനല്‍കുന്നു. അതുവഴി അല്ലാഹുവിന്റെ സൃഷ്ടിവൈഭവവും, നിത്യാനുഗ്രഹങ്ങളും, ഓര്‍ക്കുവാനും, അവനോടു നന്ദിയുള്ളവരായിരിക്കുവാനും അവസരം ലഭിക്കുകയും ചെയ്യുന്നു. ചിന്തിക്കുവാന്‍ തയ്യാറില്ലാത്തവന്റെയും, നന്ദികെട്ടവന്റെയും കണ്‍മുമ്പില്‍ എന്തുതന്നെ കണ്ടാലും, അവനില്‍ അത് യാതൊരു കോളിളക്കവും ഉണ്ടാക്കുന്നതല്ലല്ലോ. അവന്‍ രാത്രി ഉറങ്ങുവാനും, പകല്‍ ദേഹേച്ഛകള്‍ നിറവേറ്റുവാനും ഉപയോഗപ്പെടുത്തുമെന്നുമാത്രം. വീണ്ടുവിചാരവും, ഉപകാരസ്മരണയുമുള്ള ഭാഗ്യവാന്‍മാരാകട്ടെ, രാപ്പകലുകളില്‍ ഓരോന്നിന്റെയും – അതതിന്റെ സ്വഭാവവിശേഷത കണക്കിലെടുത്തുകൊണ്ട് – ഉപയോഗപ്പെടുത്തുവാന്‍ ശ്രമിക്കും. പകല്‍ ചെയ്തുപോയ തെറ്റിനെപ്പറ്റി രാത്രിയിലും, രാത്രിയില്‍ വന്നുപോയ കുറ്റത്തെപ്പറ്റി പകലിലും അവന് വീണ്ടുവിചാരവും ഖേദവും വരുന്നു. അതത് സമയത്തിനനുയോജ്യമായ സല്‍പ്രവൃത്തികളും അവന്‍ ചെയ്യുന്നു. അങ്ങിനെ രാവും പകലും അവന് ഗുണകരമായി അവന്‍ ഉപയോഗപ്പെടുത്തും. والله الموفق. നബി (صلّى الله عليه وسلّم) അരുളിച്ചെയ്ത ഒരു ഹദീസ് ഇവിടെ ഓര്‍മ്മിക്കുന്നത് സന്ദര്‍ഭോചിതമായിരിക്കും. അവിടുന്ന് പറയുന്നു:-
إِنَّ اللَّهَ يَبْسُطُ يَدَهُ بِاللَّيْلِ لِيَتُوبَ مُسِيءُ النَّهَارِ ، وَيَبْسُطُ يَدَهُ بِالنَّهَارِ لِيَتُوبَ مُسِيءُ اللَّيْلِ ، حَتَّى تَطْلُعَ الشَّمْسُ مِنْ مَغْرِبِهَا : رواه مسلم
സാരം: പകലില്‍ തിന്മചെയ്തവന്‍ ഖേദിച്ചു മടങ്ങുന്നത് സ്വീകരിക്കുവാനായി അല്ലാഹു രാത്രിയില്‍ അവന്റെ കൈ നീട്ടുന്നു; രാത്രിയില്‍ തിന്‍മ ചെയ്തവന്‍ പശ്ചാത്തപിക്കുന്നത് സ്വീകരിക്കുവാനായി അവന്‍ പകലിലും കൈനീട്ടുന്നു. (ലോകാവസാനത്തില്‍വെച്ച്) സൂര്യന്‍ പടിഞ്ഞാറുനിന്ന് ഉദയം ചെയ്യുന്ന കാലംവരെ ഇതുണ്ടാകും. (മു). അവിശ്വാസികളും, കൃതഘ്നരുമായ ജനങ്ങളുടെ പല സ്ഥിതിഗതികള്‍ വിവരിച്ചകഴിഞ്ഞശേഷം, അല്ലാഹുവില്‍ ശരിക്ക് വിശ്വസിക്കുന്ന സജ്ജനങ്ങളുടെ ചില സവിശേഷഗുണങ്ങളാണ് തുടര്‍ന്നുള്ള വചനങ്ങളില്‍ പ്രസ്താവിക്കുന്നത്.
- وَعِبَادُ ٱلرَّحْمَٰنِ ٱلَّذِينَ يَمْشُونَ عَلَى ٱلْأَرْضِ هَوْنًا وَإِذَا خَاطَبَهُمُ ٱلْجَٰهِلُونَ قَالُوا۟ سَلَٰمًا ﴾٦٣﴿
- 'റഹ്മാനായുള്ളവന്റെ' [പരമകാരുണികന്റെ] അടിയാന്‍മാര്‍, ഭൂമിയില്‍ വിനയത്തോടെ നടക്കുന്നവരത്രെ. അറിവില്ലാത്തവര്‍ അവരെ അഭിമുഖീകരിക്കുന്നതായാല്‍, അവര്‍ സമാധാനപരമായതു പറയുന്നതാണ്.
- وَعِبَادُ الرَّحْمَـٰنِ റഹ്മാന്റെ അടിയാന്‍മാര്‍ الَّذِينَ യാതൊരു കൂട്ടരാകുന്നു يَمْشُونَ അവര്‍ നടക്കും عَلَى الْأَرْضِ ഭൂമിയില്‍ هَوْنًا വിനയത്തോടെ, എളിയ നിലയില്‍ وَإِذَا خَاطَبَهُمُ അവരെ അഭിമുഖീകരിച്ചാല്‍, അവരോടു നേരിട്ടാല്‍ الْجَاهِلُونَ അജ്ഞന്‍മാര്‍, മൂഢന്‍മാര്‍, അറിവില്ലാത്തവര്‍ قَالُوا അവര്‍ പറയും سَلَامًا സമാധാനമായതു, സമാധാനവാക്കു, സലാം എന്നു
‘റഹ്മാന്റെ അടിയാന്‍മാര്‍’ എന്ന് വിശേഷിപ്പിച്ചതുതന്നെ ഈ ഭാഗ്യവാന്‍മാരുടെ ശ്രേഷ്ഠതക്ക് മകുടം ചാര്‍ത്തുന്നു. ഇവര്‍ പിശാചിന്റെയോ, ദേഹേച്ഛയുടെയോ, ഐഹികസുഖത്തിന്റെയോ, പരദൈവങ്ങളുടെയോ അടിമകളാകാതെ, പരമകാരുണികന്റെ സാമീപ്യത്തിനും അപാരമായ കരുണക്കും പാത്രവാന്‍മാരായിട്ടുള്ളവരാണെന്ന് ആ പേരുതന്നെ സൂചിപ്പിക്കുന്നു. ഇവരുടെ ലക്ഷണങ്ങളായി ഒമ്പത് സല്‍ഗുണങ്ങള്‍ അല്ലാഹു ഇവിടെ എടുത്തുപറയുന്നത് കാണാം:-
1-ാമത് : അവര്‍ ഭൂമിയില്‍കൂടി നടക്കുന്നത് വിനയത്തോടെയായിരിക്കും. അടക്കത്തോടും, ഒതുക്കത്തോടും കൂടി, അനാവശ്യത്തിലും അക്രമത്തിലും പങ്കെടുക്കാതെ, വിനോദങ്ങളില്‍ മുഴുകാതെ, അഹംഭാവമോ, പത്രാസോ കൂടാതെ വളരെ പാകതയുള്ളവരായിട്ടാണ് അവര്‍ ഭൂമുഖത്തു കഴിഞ്ഞുകൂടുക. അഥവാ – ഇബ്നു അബ്ബാസ് (رضي الله عنه) പറഞ്ഞതായി നിവേദനം ചെയ്യപ്പെട്ടതുപോലെ – അറിവും, സഹനവും, ഒതുക്കവും, മാന്യതയും ഉള്ളവരായിരിക്കും. മന്ദംമന്ദം നടന്നുപോകണമെന്നല്ല, ആയത്തിന്റെ താല്പര്യം. നബി (صلّى الله عليه وسلّم) തിരുമേനിയുടെ നടത്തത്തെക്കുറിച്ച് വിവരിക്കുന്ന ഹദീസുകളില്‍ അവിടുന്ന് വേഗംവേഗം കാലടികള്‍ പൊക്കിയെടുത്ത് നടക്കുകയും, ഒരു കുന്നിന്‍ചരുവില്‍ കൂടി ഇറങ്ങിവരുന്ന പ്രകാരം (എളുപ്പത്തില്‍) നടക്കുകയും പതിവായിരുന്നുവെന്ന് കാണാം.
2-ാമത്: അജ്ഞന്‍മാരായ – കാര്യവിവരമില്ലാത്ത – ആളുകള്‍ അവരുമായി അഭിമുഖീകരിക്കുമ്പോള്‍ അവര്‍ സമാധാനപരമായ വാക്കുകള്‍ ഉപയോഗിക്കും. അവര്‍ ഇങ്ങോട്ട് ഉപയോഗിക്കുന്നതരത്തിലുള്ള വിഡ്ഢിത്തങ്ങളോ, മര്യാദകെട്ട വാക്കുകളോ അങ്ങോട്ട് പറയാതെ, വിട്ടുവീഴ്ച്ചയും, നല്ലവാക്കും ഉപയോഗിക്കും എന്നര്‍ത്ഥം. ഈ രണ്ട് ഗുണങ്ങളില്‍നിന്ന് ഇവരുടെ സ്വഭാവഗുണം പൊതുവിലും, ജനങ്ങളുമായുള്ള പെരുമാറ്റക്രമം വിശേഷിച്ചും മനസ്സിലാക്കാമല്ലോ. എന്നാല്‍, അല്ലാഹുവുമായുള്ള കാര്യങ്ങളില്‍ ഇവരുടെ നിലപാട് എന്തായിരിക്കുമെന്ന് നോക്കുക:-
- وَٱلَّذِينَ يَبِيتُونَ لِرَبِّهِمْ سُجَّدًا وَقِيَٰمًا ﴾٦٤﴿
- തങ്ങളുടെ രക്ഷിതാവിന് 'സുജൂദു' [സാഷ്ടാംഗ നമസ്കാരം] ചെയ്യുന്നവരും, നിന്ന് നമസ്കരിക്കുന്നവരുമായിക്കൊണ്ട് രാക്കഴിച്ചുകൂട്ടുന്നവരുമാകുന്നു.
- وَالَّذِينَ يَبِيتُونَ രാക്കഴിക്കുന്നവരുമാണ് لِرَبِّهِمْ തങ്ങളുടെ റബ്ബിനു سُجَّدًا സുജൂദ് (സാഷ്ടാംഗ നമസ്കാരം) ചെയ്യുന്നവരായും وَقِيَامًا നില്‍ക്കുന്നവരായും (നിന്നു നമസ്കരിക്കുന്നവരായും)
- وَٱلَّذِينَ يَقُولُونَ رَبَّنَا ٱصْرِفْ عَنَّا عَذَابَ جَهَنَّمَ ۖ إِنَّ عَذَابَهَا كَانَ غَرَامًا ﴾٦٥﴿
- (ഇപ്രകാരം) പറയാറുള്ളവരുമാണ്: 'ഞങ്ങളുടെ റബ്ബേ, നരകശിക്ഷ ഞങ്ങളില്‍ നിന്ന് ഒഴിവാക്കിത്തരേണമേ! നിശ്ചയമായും അതിന്റെ ശിക്ഷ ഒരു തീരാനഷ്ടമാകുന്നു:-
- وَالَّذِينَ يَقُولُونَ പറയുന്നവരുമാകുന്നു رَبَّنَا ഞങ്ങളുടെ റബ്ബേ اصْرِفْ തിരിച്ചുകളയണേ, അകറ്റേണമേ, ഒഴിവാക്കിത്തരേണമേ عَنَّا ഞങ്ങളില്‍ നിന്നു عَذَابَ جَهَنَّمَ നരകശിക്ഷയെ إِنَّ عَذَابَهَا നിശ്ചയമായും അതിന്റെ ശിക്ഷ كَانَ ആകുന്നു, ആയിരിക്കുന്നു غَرَامًا ഒഴിയാനഷ്ടം, തീരാനഷ്ടം, വേറിടാത്തതു, ഭാരപ്പെട്ടതു
- إِنَّهَا سَآءَتْ مُسْتَقَرًّا وَمُقَامًا ﴾٦٦﴿
- 'നിശ്ചയമായും അത് [നരകം] വളരെ ചീത്തയായ താവളവും പാര്‍പ്പിടവും തന്നെയാണ്!'
- إِنَّهَا നിശ്ചയമായും അതു سَاءَتْ വളരെ ചീത്തയാണ്, വളരെ മോശപ്പെട്ടതാണ് مُسْتَقَرًّا താവളം, ഭവനം وَمُقَامًا പാര്‍പ്പിടവും, താമസസ്ഥലവും
സുജൂദും, നിറുത്തവും, നമസ്കാരകര്‍മ്മത്തിലെ രണ്ട് പ്രധാന ഭാഗങ്ങളാകുന്നു. സുജൂദ് ഇതര ആരാധനാകര്‍മ്മങ്ങളില്‍വെച്ച് കൂടുതല്‍ ഭക്തി പ്രകടമാക്കുന്നതും, കൂടുതല്‍ പ്രധാനപ്പെട്ടതുമത്രെ. രാത്രിയില്‍ വളരെയേറെ സമയം ഇവര്‍ നമസ്കാരകര്‍മ്മത്തിലായി ചിലവാക്കുമെന്നു സാരം. രാത്രിനമസ്കാരത്തെപ്പറ്റി ഖുര്‍ആനിലും ഹദീസിലും ധാരാളം പ്രോത്സാഹിപ്പിച്ചിട്ടുള്ളതാണ്, നബി (صلّى الله عليه وسلّم) ചിലപ്പോള്‍, കാലുകളില്‍ നീരുകെട്ടുമാറ് ദീര്‍ഘസമയം രാത്രിനമസ്കാരത്തില്‍ മുഴുകിയിരുന്നുവെന്നത് പരക്കെ അറിയപ്പെട്ടതാണല്ലോ. അവിടുന്ന് ഇപ്രകാരം അരുളിച്ചെയ്യുകയും ചെയ്തിരിക്കുന്നു: ‘നിര്‍ബ്ബന്ധനമസ്കാരങ്ങളെ കഴിച്ചാല്‍ പിന്നെ, നമസ്കാരത്തില്‍വെച്ച് ഏറ്റവും ശ്രേഷ്ഠമായത് രാത്രിക്കുള്ളില്‍ ചെയ്യുന്ന നമസ്കാരമാകുന്നു.’ (أفضلُ الصلاةِ ، بعدَ الفريضَةِ ، صلاةُ فِي جَوْفِ الليلِ- رواه أحمد) സ്വര്‍ഗ്ഗസ്ഥരായ സജ്ജനങ്ങളെക്കുറിച്ചു പ്രസ്താവിക്കുന്ന മദ്ധ്യെ ഖുര്‍ആനില്‍ ഒരിടത്ത് ഇപ്രകാരം പറയുന്നു: ‘രാത്രിയില്‍ അവര്‍ ഉറങ്ങുന്നത് കുറവായിരുന്നു, നിശാന്ത്യസമയങ്ങളില്‍ (പാതിരക്കും പ്രഭാതത്തിനും ഇടക്കുവെച്ച്) അവര്‍ പാപമോചനം തേടുകയും ചെയ്തിരുന്നു.’
كَانُوا۟ قَلِيلًا مِّنَ ٱلَّيْلِ مَا يَهْجَعُونَ ﴿١٧﴾ وَبِٱلْأَسْحَارِ هُمْ يَسْتَغْفِرُونَ ﴿ ١٨﴾ – سورة الذاريات
റഹ്മാന്റെ അടിയാന്‍മാര്‍, ജനങ്ങളുമായി നന്നായി പെരുമാറുന്നവരും, വിനയശീലന്‍മാരും, അല്ലാഹുവിന്റെ ആരാധനയിലും സ്മരണയിലും മുഴുകിയവരും തന്നെ. എങ്കിലും, അതേ സമയത്ത് അവര്‍ അല്ലാഹുവിന്റെ ശിക്ഷയെക്കുറിച്ച് സദാ ഭയപ്പാടുള്ളവരുമാകുന്നു. അതുകൊണ്ട് അവര്‍ എപ്പോഴും നരകശിക്ഷയില്‍ നിന്നും ഒഴിവാക്കേണമേ എന്ന് അല്ലാഹുവിനോട് പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കും. വെറുതെ ഈ വാക്കുകള്‍ ഉരുവിട്ടു പറയുകയല്ല. നരകശിക്ഷയുടെ കാഠിന്യവും, അത് അനുഭവപ്പെടുന്നപക്ഷം ഉണ്ടാകുന്ന തീരാനഷ്ടവും മനസ്സിലാക്കിക്കൊണ്ടും ഓര്‍ത്തുകൊണ്ടും തന്നെയാണവരുടെ പ്രാര്‍ത്ഥന.
ഇവരുടെ 3-ാമതും, 4-ാമതും ഗുണങ്ങളാണ് ഈ രണ്ടു വചനങ്ങളില്‍ നാം കണ്ടത്. 5-ാമതു ഗുണം ധനപരമായ കാര്യങ്ങളിലുള്ളതാകുന്നു. അല്ലാഹു പറയുന്നു:-
- وَٱلَّذِينَ إِذَآ أَنفَقُوا۟ لَمْ يُسْرِفُوا۟ وَلَمْ يَقْتُرُوا۟ وَكَانَ بَيْنَ ذَٰلِكَ قَوَامًا ﴾٦٧﴿
- തങ്ങള്‍ ചിലവുചെയ്യുന്നതായാല്‍, അമിതവ്യയം ചെയ്കയാകട്ടെ, പിശുക്ക് കാണിക്കുകയാകട്ടെ ചെയ്യാത്തവരുമാകുന്നു; അതിനിടയില്‍ മിതമായതായിരിക്കുന്നതാണ് (അത്).
- وَالَّذِينَ യാതൊരുകൂട്ടരും إِذَا أَنفَقُوا അവര്‍ ചിലവഴിക്കുന്നതായാല്‍ لَمْ يُسْرِفُوا അവര്‍ അതിരുകവിയുകയില്ല, അമിതവ്യയം ചെയ്കയില്ല وَلَمْ يَقْتُرُوا അവര്‍ ലുബ്‌ധ് (പിശുക്ക്) കാണിക്കുകയുമില്ല, കുടുസ്സ് കാണിക്കയുമില്ല وَكَانَ അതായിരിക്കും بَيْنَ ذَٰلِكَ അതിനിടക്ക് قَوَامًا മിതമായത്, ചൊവ്വായത്
യാതൊന്നും ചിലവഴിക്കാത്ത ആളുകളുണ്ടാകുകയില്ല. ചിലവഴിക്കുന്നതിലുള്ള ഏറ്റക്കുറവ്, ചിലവഴിക്കുന്ന വിഷയത്തിന്റെ ഗുണദോഷം, ചിലവഴിക്കുന്നവന്റെ പരിതസ്ഥിതി എന്നിവ നോക്കിയിട്ടാണ് ഒരാളുടെ ലുബ്ധതയും, അമിതത്വവും കണക്കാക്കുന്നത്. മിക്കജനങ്ങളും ഈ രണ്ടിലൊരു തരത്തില്‍ പെട്ടവരായിരിക്കും. ഇക്കൂട്ടരാകട്ടെ, രണ്ടുതരത്തിലും ഉള്‍പ്പെടുന്നില്ല. അവര്‍ എല്ലാ നിലക്കും മിതത്വം പാലിക്കുന്നവരായിരിക്കും.
മിതമായി ചിലവഴിക്കേണ്ടത് ദാനധര്‍മ്മങ്ങളില്‍ മാത്രമല്ല. സ്വന്താവശ്യങ്ങളിലും, വീട്ടാവശ്യങ്ങളിലും, എന്നു വേണ്ട മറ്റെല്ലാ കാര്യങ്ങളിലും അതാവശ്യമത്രെ. വാസ്തവത്തില്‍ ദാനധര്‍മ്മാദിവിഷയങ്ങളെക്കാള്‍ മിതത്വം ഗൗനിക്കേണ്ടത് അവയിലാണുതാനും. മുജാഹിദ് (رحمه الله) പ്രസ്താവിച്ചതായി ഇങ്ങിനെ നിവേദനം ചെയ്യപ്പെടുന്നു: ‘അല്ലാഹുവിനെ അനുസരിക്കുന്ന വിഷയത്തില്‍ അബൂഖുബൈസ് മല (*) യോളം സ്വര്‍ണ്ണം ചിലവഴിച്ചാലും അത് അമിതവ്യയമല്ല; അല്ലാഹുവിനോട് അനുസരണക്കേട് കാണിക്കുന്ന കാര്യത്തില്‍ ഒരു സേര്‍ (ധാന്യം) ചിലവഴിച്ചാലും അത് അമിതവ്യയമാകുന്നു’. 6-ാമത് ഗുണവിശേഷം അടുത്ത വചനത്തില്‍ പ്രസ്താവിക്കുന്നു:-
(*). മക്കായിലെ ഒരു മലയാണ് അബൂഖുബൈസ് (ابوقبيس)
- وَٱلَّذِينَ لَا يَدْعُونَ مَعَ ٱللَّهِ إِلَٰهًا ءَاخَرَ وَلَا يَقْتُلُونَ ٱلنَّفْسَ ٱلَّتِى حَرَّمَ ٱللَّهُ إِلَّا بِٱلْحَقِّ وَلَا يَزْنُونَ ۚ وَمَن يَفْعَلْ ذَٰلِكَ يَلْقَ أَثَامًا ﴾٦٨﴿
- അല്ലാഹുവിനോടുകൂടെ വേറെ ഒരു ആരാധ്യനെയും വിളി(ച്ച് പ്രാര്‍ത്ഥി) ക്കാത്തവരുമാകുന്നു; അല്ലാഹു വിരോധിച്ചിട്ടുള്ള ദേഹത്തെ (ശരിയായ) ന്യായപ്രകാരമല്ലാതെ അവര്‍ കൊലപ്പെടുത്തുകയുമില്ല; അവര്‍ വ്യഭിചാരം ചെയ്കയുമില്ല. (അങ്ങിനെയുള്ളവരുമായിരിക്കും). ആരെങ്കിലും അത് (മൂന്നും) ചെയ്യുന്നതായാല്‍ അവന്‍, കുറ്റം (ചെയ്തതിന്റെ ശിക്ഷ) കണ്ടെത്തുന്നതാണ്:-
- وَالَّذِينَ യാതൊരു കൂട്ടരുമാണ് لَا يَدْعُونَ അവര്‍ വിളിക്കയില്ല, പ്രാര്‍ത്ഥിക്കയില്ല مَعَ اللَّـهِ അല്ലാഹുവിന്റെകൂടെ إِلَـٰهًا آخَرَ വേറെ ആരാധ്യനെ, ദൈവത്തെ وَلَا يَقْتُلُونَ അവര്‍ കൊലപ്പെടുത്തുകയുമില്ല النَّفْسَ ദേഹത്തെ, ആളെ, ആത്മാവിനെ الَّتِي حَرَّمَ اللَّـهُ അല്ലാഹു വിലക്കിയ, വിരോധിച്ച, ഹറാമാക്കിയ إِلَّا بِالْحَقِّ ന്യായപ്രകാരമല്ലാതെ, മുറപ്രകാരമല്ലാതെ وَلَا يَزْنُونَ അവര്‍ വ്യഭിചരിക്കുകയുമില്ല وَمَن يَفْعَلْ ആരെങ്കിലും ചെയ്‌താല്‍, ആര്‍ ചെയ്യുന്നുവോ ذَٰلِكَ അതു يَلْقَ അവന്‍ കാണും, കണ്ടെത്തും أَثَامًا കുറ്റത്തെ (ശിക്ഷയെ)
- يُضَٰعَفْ لَهُ ٱلْعَذَابُ يَوْمَ ٱلْقِيَٰمَةِ وَيَخْلُدْ فِيهِۦ مُهَانًا ﴾٦٩﴿
- അതായതു, 'ഖിയാമത്തു' നാളില്‍ അവന് ശിക്ഷ ഇരട്ടിച്ച് കൊടുക്കപ്പെടും; നിന്ദ്യനായ നിലയില്‍ അതിലവന്‍ ശാശ്വതനായിരിക്കയും ചെയ്യും.
- يُضَاعَفْ ഇരട്ടിക്കപ്പെടും لَهُ അവനു الْعَذَابُ ശിക്ഷ يَوْمَ الْقِيَامَةِ ഖിയാമത്തുനാളില്‍ وَيَخْلُدْ അവന്‍ ശാശ്വതമായിരിക്കയും ചെയ്യും فِيهِ അതില്‍ مُهَانًا നിന്ദ്യനായ നിലയില്‍, അപമാനിക്കപ്പെട്ടവനായിക്കൊണ്ടു
പാപങ്ങില്‍വെച്ച് ഏറ്റവും വമ്പിച്ചതും, ഏറ്റവും ശിക്ഷാര്‍ഹവുമാണ് ശിര്‍ക്ക്, കൊല, വ്യഭിചാരം എന്നീ മൂന്ന്‍ പാപങ്ങള്‍. ഒരു സാധാരണക്കാരനില്‍ നിന്നുപോലും അവ ഒരിക്കലും ഉണ്ടാകാവതല്ല. എന്നിരിക്കെ, റഹ്മാന്റെ അടിയാന്‍മാരായ സജ്ജനങ്ങളില്‍ നിന്ന് ഇത്തരം പാപങ്ങള്‍ തീര്‍ച്ചയായും ഉണ്ടാകുന്നതല്ലല്ലോ. അപ്പോള്‍ ഇക്കാര്യങ്ങള്‍ ഇവിടെ എടുത്തു പറഞ്ഞതില്‍നിന്ന് ഒരു സംഗതി നമുക്ക് മനസ്സിലാക്കാം. മുകളില്‍ പ്രസ്താവിച്ച അഞ്ച് ഗുണങ്ങളും പ്രത്യക്ഷത്തില്‍ ഒരുവനില്‍ ഉള്ളതോടുകൂടിത്തന്നെ അവന്‍ ഈ മൂന്നില്‍ ഏതെങ്കിലും ഒരു പാപത്തില്‍ ഒരുപക്ഷേ അകപ്പെട്ടുകൂടായ്കയില്ല. ഒരാള്‍ അല്ലാഹുവിനെ ആരാധിക്കുകയും, അവനോട് പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നതോടൊപ്പംതന്നെ വേറെ വല്ലതിനെയും ആരാധിച്ചും, പ്രാര്‍ത്ഥിച്ചുംകൊണ്ടിരുന്നേക്കാം. അല്ലാഹുവിനോടുകൂടെ വേറെ ഒരു ഇലാഹിനെയും വിളിക്കുകയില്ല’ (لَا يَدْعُونَ مَعَ اللَّـهِ إِلَـٰهًا آخَرَ) എന്ന് പറഞ്ഞതില്‍നിന്ന് ഈ സംഗതി നമുക്ക് മനസ്സിലാക്കുവാന്‍ സാധിക്കും. അതുപോലെത്തന്നെ, കേവലം സല്‍ഗുണവാനായ മനുഷ്യന്‍, ചിലപ്പോള്‍ മനുഷ്യസഹജമായ വികാരവിചാരങ്ങള്‍ക്ക് വിധേയനായി കൊലയിലോ വ്യഭിചാരത്തിലോ ചെന്നുപെട്ടേക്കാം. ഈ മൂന്ന് വന്‍കുറ്റങ്ങളിലും അകപ്പെടാതിരിക്കുന്നതിന് പുറമെയാണ് വാസ്തവത്തില്‍ റഹ്മാന്റെ അടിയാന്‍മാരുടെ മറ്റു ഗുണങ്ങള്‍ ഇവിടെ വിലയിരുത്തപ്പെടുന്നത്. പക്ഷേ, ഇവരും മനുഷ്യരാണല്ലോ. മനുഷ്യന്റെ പക്കല്‍ അബദ്ധം പിണഞ്ഞേക്കും. അവന്റെ മനസ്ഥിതിയില്‍ മാറ്റം വന്നേക്കും. അങ്ങനെ, ഈ വന്‍കുറ്റങ്ങളില്‍ ഏതെങ്കിലും ഒന്ന് അവന്‍ പ്രവര്‍ത്തിച്ചുപോയാല്‍ പിന്നീട് അവന് രക്ഷാമാര്‍ഗ്ഗമില്ലേ? തീര്‍ച്ചയായും ഉണ്ട്. അതിനെപ്പറ്റി അടുത്ത വചനത്തില്‍ തന്നെ പ്രതിപാദിക്കുന്നുമുണ്ട്. ഈ പാപങ്ങളുടെ ഭയങ്കരത കാണിക്കുകയാണ് ഈ ആയത്തു ചെയ്യുന്നത്.
ശിര്‍ക്കിലും, (ആരാധനയിലും, പ്രാര്‍ത്ഥനയിലും മറ്റുള്ളവരെ പങ്കുചേര്‍ക്കുന്നതിലും) വ്യഭിചാരത്തിലും അനുവദനീയമായ ഒരു ഇനവുമില്ല. കൊലയിലാകട്ടെ, ചിലത് അനുവദിക്കപ്പെട്ടതും, ചിലത് ആവശ്യമായതുമുണ്ടായിരിക്കും. പ്രതികാരശിക്ഷാനിയമം നടത്തേണ്ടി വരുക, ശത്രുക്കളുമായി യുദ്ധത്തിലേര്‍പ്പെട്ടിരിക്കുക, അപ്പോള്‍ അത് ചെയ്യേണ്ടതായിവരും. അതുകൊണ്ടാണ് കൊലയെ സംബന്ധിച്ച് പറഞ്ഞപ്പോള്‍ ‘ന്യായപ്രകാരമല്ലാതെ’ (إِلَّا بِالْحَقِّ) എന്ന് പറഞ്ഞിരിക്കുന്നത്. ഈ മൂന്ന് മഹാപാപങ്ങളുടെ ഗൗരവം എത്രമാത്രമുണ്ടെന്ന് മനസ്സിലാക്കുവാന്‍, അവയുടെ ശിക്ഷയെക്കുറിച്ച് ഇതേ വചനങ്ങളില്‍ തന്നെ അല്ലാഹു പറഞ്ഞ വാക്കുകള്‍ മാത്രം മതിയാകും. അതിന് ഒരു വിശദീകരണം ആവശ്യമില്ല. എന്നാല്‍, ഈ മൂന്നു മഹാപാപങ്ങളുടെ കൂട്ടത്തില്‍ തന്നെ ഏറ്റവും നികൃഷ്ടമായ ഇനങ്ങള്‍ ഏതാണെന്ന് ഒരു ഹദീസില്‍ നബി (صلّى الله عليه وسلّم) വിവരിക്കുന്നത് നോക്കുക:-
عَن عبدِ اللَّهِ بن مسعودٍ قالَ : قلتُ : يا رسولَ اللَّهِ ، أيُّ الذَّنبِ أعظمُ ؟ قالَ : أن تجعَلَ للَّهِ ندًّا وَهوَ خلقَكَ ، قالَ : فقلتُ : ثمَّ أيٌّ ؟ قالَ : أن تقتُلَ ولدَكَ مخافةَ أن يأكلَ معَكَ ، قالَ : قلتُ : ثمَّ أيٌّ ؟ قالَ : أن تُزانيَ حليلةَ جارِكَ ، قالَ : وأنزلَ اللَّهُ تعالى تَصديقَ قولِ النَّبيِّ صلَّى اللَّهُ علَيهِ وسلَّمَ : (وَالَّذِينَ لَا يَدْعُونَ مَعَ اللَّهِ إِلَهًا آخَرَ وَلَا يَقْتُلُونَ النَّفْسَ الَّتِي حَرَّمَ اللَّهُ إِلَّا بِالْحَقِّ وَلَا يَزْنُونَ) الآيةَ – رواه الشيخان
ഇബ്നുമസ്ഊദ് (رضي الله عنه) പറയുന്നു: ഞാന്‍ ചോദിച്ചു: ‘അല്ലാഹുവിന്റെ റസൂലേ, പാപത്തില്‍വെച്ച് ഏറ്റവും വമ്പിച്ചത് ഏതാണ്?’ അവിടുന്ന് (صلّى الله عليه وسلّم) പറഞ്ഞു: ‘നിന്നെ സൃഷ്ടിച്ചത് അല്ലാഹുവാണ്, എന്നിരിക്കെ, നീ അവന് സമനെവെച്ച് പ്രാര്‍ത്ഥിക്കലാണ്.’ ഞാന്‍ ചോദിച്ചു: ‘പിന്നെ ഏതാണ്?’ അവിടുന്ന് പറഞ്ഞു: ‘നിന്റെ സന്താനം നിന്റെ ഒന്നിച്ച് ഭക്ഷണം കഴിക്കുമെന്ന് പേടിച്ച് നീ അതിനെ കൊലപ്പെടുത്തുന്നതാണ്’ ഞാന്‍ ചോദിച്ചു: ‘പിന്നെ ഏതാണ്?’ തിരുമേനി (صلّى الله عليه وسلّم) പറഞ്ഞു: ‘നീ നിന്റെ അയല്‍ക്കാരന്റെ ഭാര്യയെ വ്യഭിചാരം ചെയ്യലാണ്.’ അനന്തരം ഇപ്പറഞ്ഞതിന്റെ സത്യവല്‍ക്കരണമായിക്കൊണ്ട് وَالَّذِينَ لَا يَدْعُونَ എന്നു തുടങ്ങുന്ന (നാമിപ്പോള്‍ വായിച്ചുകൊണ്ടിരിക്കുന്ന) ആയത്ത് അവതരിച്ചു. (ബു; മു).
അല്ലാഹു അല്ലാത്തവര്‍ക്ക് ചെയ്യുന്ന ഏതുതരം ആരാധനയും, അവരോട് ചെയ്യുന്ന എല്ലാ പ്രാര്‍ത്ഥനയും, ശിര്‍ക്കില്‍ ഉള്‍പ്പെട്ടതാണ്. എന്നാല്‍, അല്ലാഹുവാണ് സൃഷ്ടാവെന്ന് അറിയുന്ന ഒരാള്‍, അവന് മാത്രം പ്രത്യേകമായുള്ള അധികാരാവകാശങ്ങളിലോ, വിശിഷ്ട ഗുണങ്ങളിലോ, മറ്റാരെയെങ്കിലും അവനോട് സമമായി കല്പിച്ച് അവരോട് പ്രാര്‍ത്ഥന നടത്തുന്നത് – പ്രാര്‍ത്ഥനയാണല്ലോ ആരാധനയുടെ കഴമ്പ് – ഏറ്റവും വലിയ ശിര്‍ക്കാകുന്നു. അതുപോലെത്തന്നെ, നിയമപ്രകാരമല്ലാത്ത എല്ലാ കൊലയും വന്‍കുറ്റം തന്നെ. അത് സ്വന്തം മക്കളെയാകുമ്പോള്‍ ഗൗരവം കൂടുന്നു. അതോടൊപ്പം കൊലയുടെ ഉദ്ദേശ്യം തന്റെ സന്താനത്തിന് ഭക്ഷണം കൊടുക്കേണ്ടുന്ന ഭാരവും കൂടി വഹിക്കേണ്ടി വരുമല്ലോ എന്ന ഭയം (ദാരിദ്ര്യഭയം) ആകുമ്പോള്‍ അതിലും കൂടുതല്‍ ഗൗരവപ്പെട്ടതാകുന്നു. കാരണം, ഈ ഭൂമിയില്‍ ഉണ്ടാകുന്ന ഓരോ ജീവിക്കുമുള്ള ഉപജീവനമാര്‍ഗ്ഗം ഈ ഭൂമിയില്‍ അല്ലാഹു നിക്ഷേപിച്ചിട്ടുണ്ട്. അക്കാര്യം അവന്‍ ഏറ്റുപറയുകയും ചെയ്തിരിക്കുന്നു. അത് ഉപയോഗപ്പെടുത്തുകയും, അതിന് പരിശ്രമിക്കുകയും ചെയ്യേണ്ടത് മനുഷ്യന്റെ ചുമതലയാണ്. ഈ ചുമതല കഴിയുംവണ്ണം നിറവേറ്റുകയും, അതിന്റെ ലാഭനഷ്ടങ്ങള്‍ അനുഭവിക്കുകയുമല്ലാതെ, മക്കളെ വധിച്ചതുകൊണ്ട് അതിനു പരിഹാരമുണ്ടാകുന്നതല്ല. ഒന്നോ രണ്ടോ മാത്രം മക്കളുള്ളവരും, തീരെ മക്കളില്ലാത്തവരും ദരിദ്രന്‍മാരായും, ധാരാളം മക്കളുള്ളവര്‍ ധനികന്‍മാരായും നാം സദാ കാണുന്നുണ്ടല്ലോ. ദാരിദ്ര്യത്തെ ഭയന്ന് സന്താനങ്ങളെ (ജനിച്ചതും, ജനിക്കാനിരിക്കുന്നതും) നശിപ്പിക്കുന്നതിന്റെ അര്‍ത്ഥം സൃഷ്ടാവിനെയും, അവന്റെ വാഗ്ദാനത്തെയും, അവന്റെ കഴിവിനെയും, സര്‍വ്വജ്ഞതയെയുമെല്ലാം തന്നെ നിഷേധിക്കലാകുന്നു. ഇവിടെ സന്ദര്‍ഭം മറ്റൊന്നായതുകൊണ്ട് ഇതിനെപ്പറ്റി കൂടുതല്‍ വിവരിക്കേണ്ടതില്ല. മൂന്നാമത്തെ മഹാപാപം വ്യഭിചാരമാണ്. എല്ലാ വ്യഭിചാരവും വമ്പിച്ച കുറ്റമാകുന്നു. എന്നാല്‍, അന്യന്റെ ഭാര്യയായിരിക്കുക, മാത്രമല്ല, തന്റെ എല്ലാവിധ ഗുണകാംക്ഷക്കും ബന്ധപ്പെട്ടവനായ അയല്‍ക്കാരന്റേതു കൂടിയായിരിക്കുക, അപ്പോള്‍ വ്യഭിചാരത്തിന്റെ ഇനങ്ങളില്‍വെച്ച് ഇത് കൂടുതല്‍ നികൃഷ്ടമായിത്തീരുന്നു.
ഏറ്റവും വമ്പിച്ച പാപമേതാണെന്നാണല്ലോ ഇബ്നുമസ്ഊദ് (رضي الله عنه) ചോദിച്ചത്. അതുകൊണ്ടാണ് ഓരോന്നിലും വെച്ച് കൂടുതല്‍ നീചമായ ഇനങ്ങളെ നബി (صلّى الله عليه وسلّم) എടുത്തുപറഞ്ഞതും. ഈ വന്‍കുറ്റങ്ങള്‍ ചെയ്‌താല്‍ തന്നെയും, അവര്‍ക്ക് നിരാശപ്പെടേണ്ടതില്ലെന്നും, അതിനു പരിഹാരമുണ്ടെന്നും അടുത്ത വചനങ്ങളില്‍ അല്ലാഹു ഓര്‍മ്മപ്പെടുത്തുന്നു:-
- إِلَّا مَن تَابَ وَءَامَنَ وَعَمِلَ عَمَلًا صَٰلِحًا فَأُو۟لَٰٓئِكَ يُبَدِّلُ ٱللَّهُ سَيِّـَٔاتِهِمْ حَسَنَٰتٍ ۗ وَكَانَ ٱللَّهُ غَفُورًا رَّحِيمًا ﴾٧٠﴿
- പക്ഷെ, ആരെങ്കിലും പശ്ചാത്തപിക്കുകയും, വിശ്വസിക്കുകയും, സല്‍ക്കര്‍മ്മം പ്രവര്‍ത്തിക്കുകയും ചെയ്യുന്നതായാല്‍, അങ്ങിനെയുള്ളവരുടെ തിന്‍മകളെ അല്ലാഹു നന്‍മകളായി മാറ്റുന്നതാകുന്നു. അല്ലാഹു വളരെ പൊറുക്കുന്നവനും, കരുണാനിധിയുമാകുന്നു.
- إِلَّا പക്ഷേ, ഒഴികെ مَن تَابَ ആരെങ്കിലും പശ്ചാത്തപിച്ചാല്‍, പശ്ചാത്തപിച്ചവന്‍ (ഒഴികെ) وَآمَنَ വിശ്വസിക്കുകയും ചെയ്ത وَعَمِلَ പ്രവര്‍ത്തിക്കുകയും ചെയ്ത عَمَلًا صَالِحًا സല്‍ക്കര്‍മ്മം, നല്ല പ്രവൃത്തി فَأُولَـٰئِكَ എന്നാല്‍ അക്കൂട്ടര്‍ (അങ്ങിനെയുള്ളവര്‍) يُبَدِّلُ اللَّـهُ അല്ലാഹു മാറ്റും, പകരമാക്കും سَيِّئَاتِهِمْ അവരുടെ തിന്‍മകളെ, കുറ്റങ്ങളെ حَسَنَاتٍ നന്‍മകളായിട്ടു وَكَانَ اللَّـهُ അല്ലാഹു ആകുന്നു غَفُورًا വളരെ പൊറുക്കുന്നവന്‍ رَّحِيمًا കരുണാനിധി, ദയാലു
- وَمَن تَابَ وَعَمِلَ صَٰلِحًا فَإِنَّهُۥ يَتُوبُ إِلَى ٱللَّهِ مَتَابًا ﴾٧١﴿
- ആരെങ്കിലും പശ്ചാത്തപിക്കുകയും സല്‍ക്കര്‍മ്മം പ്രവര്‍ത്തിക്കുകയും ചെയ്യുന്നതായാല്‍, നിശ്ചയമായും, അവന്‍ അല്ലാഹുവിങ്കലേക്ക് ശരിക്ക് പശ്ചാത്തപിച്ച് മടങ്ങുകയാണ് ചെയ്യുന്നത്.
- وَمَن تَابَ ആര്‍ പശ്ചാത്തപിച്ചുവോ وَعَمِلَ പ്രവര്‍ത്തിക്കുകയും ചെയ്തു صَالِحًا നല്ലതു, സല്‍ക്കര്‍മ്മം فَإِنَّهُ എന്നാല്‍ നിശ്ചയമായും അവന്‍ يَتُوبُ പശ്ചാത്തപിക്കുന്നു, മടങ്ങുന്നു إِلَى اللَّـهِ അല്ലാഹുവിങ്കലേക്കു مَتَابًا ഒരു പശ്ചാത്താപം, മടക്കം (ശരിയായ മടക്കം)
ചെയ്തതിനെപ്പറ്റി മനഃപ്പൂര്‍വ്വം ഖേദിക്കുക, ചെയ്തുവരുന്ന തെറ്റ് നിറുത്തല്‍ ചെയ്ത് പിന്നീട് ആവര്‍ത്തിക്കാതിരിക്കുക, ഇതാണ് ‘തൌബഃ’ അല്ലെങ്കില്‍ പശ്ചാത്താപം (التوبة) എന്നു പറയുന്നത്. പശ്ചാത്താപം ശരിയായിട്ടുള്ളതാകേണമെങ്കില്‍, പിന്നീടതിന്റെ അടയാളം പ്രവര്‍ത്തനത്തില്‍ പ്രത്യക്ഷപ്പെടേണ്ടതാകുന്നു. അതുകൊണ്ടാണ് ഇവിടെയെന്നപോലെ മറ്റു പലേടത്തും തൌബഃയെക്കുറിച്ച് പറയുമ്പോള്‍ അതിനെത്തുടര്‍ന്ന് സല്‍ക്കര്‍മ്മം പ്രവര്‍ത്തിക്കുന്നതിനെയും ഖുര്‍ആന്‍ സാധാരണ പറഞ്ഞുകാണുന്നത്. ഈ ആയത്തില്‍ സല്‍ക്കര്‍മ്മത്തിനു പുറമെ ‘വിശ്വസിക്കുകയും’ എന്നുകൂടി പറഞ്ഞിരിക്കുകയാണ്. മേല്‍പ്രസ്താവിച്ച മൂന്ന് മഹാപാപങ്ങളില്‍ ഒന്നാമത്തേത് ശിര്‍ക്കാണല്ലോ. യഥാര്‍ത്ഥത്തില്‍ സത്യവിശ്വാസമുള്ളവരില്‍ നിന്ന് ശിര്‍ക്ക് ഉണ്ടാകുവാന്‍ നിവൃത്തിയില്ല. ആകയാല്‍ ശിര്‍ക്കില്‍നിന്ന് മോചനം ലഭിക്കേണ്ടതിനും പശ്ചാത്താപം സ്വീകരിക്കേണ്ടതിനും ഒന്നാമതായി അവന്റെ വിശ്വാസം പുതുക്കേണ്ടതുണ്ട്. തുടര്‍ന്നു പറഞ്ഞ രണ്ടു പാപങ്ങള്‍ (കൊലയും വ്യഭിചാരവും) ചെയ്തവന് വിശ്വാസം അടിയോടെ നഷ്ടപ്പെട്ടുവെന്ന് പറയാവതല്ലെങ്കിലും, അവന്റെ വിശ്വാസം കേവലം ദുര്‍ബ്ബലമാണെന്ന് തീര്‍ച്ചയാണ്. അത്രയും ഭയങ്കരങ്ങളാണല്ലോ അവ രണ്ടും. ആകയാല്‍ അവന്റെ വിശ്വാസം ഒന്നു ശക്തിപ്പെടുത്തേണ്ടതുമുണ്ട്. ഇതുകൊണ്ടായിരിക്കാം ഇവിടെ تَابَ وَآمَنَ وَعَمِلَ عَمَلًا صَالِحًا (പശ്ചാത്തപിക്കുകയും, വിശ്വസിക്കുകയും, സല്‍ക്കര്‍മ്മം പ്രവര്‍ത്തിക്കുകയും) എന്ന് പ്രത്യേകം പറഞ്ഞിരിക്കുന്നത്. الله أعلم
ഇപ്രകാരം പശ്ചാത്താപം ചെയ്തവരുടെ പാപങ്ങള്‍ പൊറുക്കുക മാത്രമല്ല, നന്‍മകളായി മാറ്റുകയും ചെയ്യുമെന്ന് വാഗ്ദാനം ചെയ്തിട്ടുള്ളത് വളരെ ശ്രദ്ധേയവും, ആവേശജനകവുമാകുന്നു. അല്ലാഹുവിന്റെ കാരുണ്യം എത്ര വിശാലം?! തിന്‍മകളെ നന്‍മകളായി മാറ്റുമെന്ന് പറഞ്ഞതിന്റെ ഉദ്ദേശ്യം, ചെയ്ത പാപങ്ങള്‍ക്കു പുണ്യഫലം ലഭിക്കുമെന്നല്ല. അവയ്ക്ക് നിശ്ചയിക്കപ്പെട്ട ശിക്ഷകള്‍ ഒഴിവാക്കപ്പെടുകയും, പശ്ചാത്തപിച്ചതിന് നല്ല പ്രതിഫലം നല്‍കപ്പെടുകയും ചെയ്യുന്നു. കൂടാതെ, പശ്ചാത്തപിക്കുന്നതിനു മുമ്പ് ചെയ്തുവന്നിരുന്ന തിന്‍മയുടെ സ്ഥാനത്ത് നന്‍മകള്‍ പ്രവര്‍ത്തിച്ച് പുണ്യം നേടുവാന്‍ സഹായം ലഭിക്കുകയും ചെയ്യുന്നു. ഇതാണ് ഉദ്ദേശ്യം. ശിര്‍ക്കിനും അവിശ്വാസത്തിനും വേണ്ടി അടരാടിയിരുന്നവരും, അക്രമത്തിലും പാപങ്ങളിലും മുഴുകിയിരുന്നവരുമായ എത്രയോ ആളുകള്‍, അതില്‍നിന്ന് പശ്ചാത്തപിച്ച് മടങ്ങിയശേഷം തൌഹീദിനും സത്യവിശ്വാസത്തിനും വേണ്ടി അതിലുമധികം സേവനങ്ങളും, ത്യാഗങ്ങളും അനുഷ്ഠിച്ചുവന്ന ചരിത്രങ്ങള്‍ ധാരാളം ഇസ്‌ലാമിലുണ്ട്. ഉമര്‍ (رضي الله عنه), ഖാലിദുബ്നുല്‍വലീദ് (رضي الله عنه) തുടങ്ങി വഹ്ശീ (رضي الله عنه) മുതലായവരുടെ ചരിത്രങ്ങള്‍ പരിശോധിച്ചു നോക്കുക.
‘ഒരു നന്‍മ ചെയ്‌വാന്‍ ഒരാള്‍ക്ക് ഉദ്ദേശമുണ്ടായിട്ട് അത് പ്രവര്‍ത്തനത്തില്‍ വരുത്തുവാന്‍ കഴിയാതെ വന്നാലും, ഒരു നന്‍മയുടെ പ്രതിഫലം അല്ലാഹു അവന് നല്‍കും. അത് പ്രവര്‍ത്തനത്തില്‍ വരുത്തുന്നപക്ഷം, ചുരുങ്ങിയത് പത്തിരട്ടിയും, (പത്തു നന്‍മയുടെ പ്രതിഫലം) ചിലപ്പോള്‍ 700 ഇരട്ടി വരെയും, അതിലധികവും പ്രതിഫലം നല്‍കുന്നതാണ്. എന്നാല്‍, ഒരാള്‍ ഒരു തിന്‍മ ചെയ്‌വാന്‍ ഉദ്ദേശിച്ചാല്‍ അതിന്റെ പേരില്‍ യാതൊരു നടപടിയും എടുക്കപ്പെടുകയില്ല. അത് പ്രവര്‍ത്തിച്ചാല്‍ ഒരേഒരു തിന്‍മയുടെ കുറ്റം മാത്രം നല്‍കപ്പെടും.’ എന്നിങ്ങിനെ നബി (صلّى الله عليه وسلّم) ഒരു ഹദീസില്‍ അരുളിച്ചെയ്തിട്ടുള്ളതായി ഇമാം ബുഖാരിയും, മുസ്‌ലിമും (رحمة الله عليهما) രേഖപ്പെടുത്തിയിരിക്കുന്നു.
‘അല്ലാഹു വളരെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു’ എന്ന വാക്യം കൊണ്ടാണല്ലോ 70-ാം വചനം അവസാനിപ്പിച്ചിരിക്കുന്നത്. ഇതുപോലെയുള്ള സമാപനവാക്യങ്ങള്‍ മറ്റു പലേടത്തും ഖുര്‍ആനില്‍ കാണാം. അതിലെല്ലാംതന്നെ, മേല്‍ ചൂണ്ടിക്കാട്ടിയതുപോലുള്ള ചില യാഥാര്‍ത്ഥ്യങ്ങളുടെ സൂചനയാണ് അടങ്ങിയിട്ടുള്ളത്. റഹ്മാന്റെ അടിയാന്‍മാരുടെ 7-ാമതു ഗുണം ഇതാണ്:-
- وَٱلَّذِينَ لَا يَشْهَدُونَ ٱلزُّورَ وَإِذَا مَرُّوا۟ بِٱللَّغْوِ مَرُّوا۟ كِرَامًا ﴾٧٢﴿
- (അവര്‍) കൃത്രിമത്തിന് സാക്ഷിയാകുകയും ചെയ്യാത്തവരായിരിക്കും; വ്യര്‍ത്ഥമായ കാര്യത്തിനരികെകൂടി പോകുന്നതായാല്‍, അവര്‍ മാന്യന്‍മാരായ നിലയില്‍ പോകുകയും ചെയ്യുന്നതാണ്.
- وَالَّذِينَ യാതൊരു കൂട്ടരുമാണ് لَا يَشْهَدُونَ അവര്‍ സാക്ഷിയാവുകയില്ല, സാക്ഷി നില്‍ക്കുകയില്ല الزُّورَ കൃത്രിമത്തിന്, കള്ളത്തിന് (കള്ളസാക്ഷ്യം) وَإِذَا مَرُّوا അവര്‍ പോയാല്‍, നടന്നാല്‍ بِاللَّغْوِ വ്യര്‍ത്ഥത്തിനരികെ, അനാവശ്യത്തിനരികെ مَرُّوا അവര്‍ പോകുന്നതാണ്, നടക്കുന്നതാണ് كِرَامًا മാന്യന്‍മാരായിട്ട്
‘കൃത്രിമം’ എന്നര്‍ത്ഥം കല്‍പിച്ചത് ‘സൂര്‍’ (زُّور) എന്ന പദത്തിനാണ്. ‘അക്രമം, അനീതി, കളവ്, അസത്യം, തോന്നിയവാസം’ ഇത്യാദി അര്‍ത്ഥങ്ങളിലും അത് ഉപയോഗിക്കപ്പെടും. ‘യശ്ഹദൂന’ (يَشْهَدُونَ) എന്ന വാക്കിനാകട്ടെ, ‘സാക്ഷ്യം വഹിക്കുക, സാക്ഷിപറയുക, ഹാജരാകുക, കാണുക’ എന്നിങ്ങിനെയും പല അര്‍ത്ഥങ്ങളുണ്ട്. കൃത്രിമമായുണ്ടാക്കപ്പെട്ട കാര്യങ്ങള്‍ക്ക് ‘മുസവ്വര്‍’ (مُزَوَّر) എന്ന് പറയുന്നു. ആകയാല്‍, യാതൊരു അക്രമങ്ങള്‍ക്കും, അസത്യത്തിനും അവര്‍ അരുനില്‍ക്കുകയും, അതില്‍ ഭാഗഭാക്കാക്കുകയും ചെയ്കയില്ലെന്നും സിദ്ധിക്കുന്നു. കള്ളസാക്ഷി (شهادة الزور) പറയലും, അത് ഏറ്റെടുക്കലും പ്രത്യേകിച്ചും അതില്‍ ഉള്‍പ്പെടുന്നു. കള്ളസാക്ഷ്യത്തെ ഏഴു മഹാപാപങ്ങളില്‍ ഒന്നായി നബി (صلّى الله عليه وسلّم) എണ്ണിയിരിക്കുന്നത് പരക്കെ അറിയാവുന്നതാണല്ലോ. കള്ളസാക്ഷി പറഞ്ഞ ഒരാള്‍ക്ക് നാല്‍പ്പത് അടിക്ക് പുറമെ, മുഖത്ത് അടയാളം വെക്കുക, തലമുടികളയിച്ച് അങ്ങാടിയില്‍കൂടി നടത്തുക എന്നീ ശിക്ഷകള്‍ കൂടി ഉമര്‍ (رضي الله عنه) നല്‍കുകയുണ്ടായിട്ടുണ്ടെന്ന്‍ ചിലര്‍ രേഖപ്പെടുത്തിക്കാണുന്നു.
‘വ്യര്‍ത്ഥമായ കാര്യങ്ങളെ’ (اللَّغْو) ക്കുറിച്ച് സൂറത്തുല്‍ മുഅ്മിനീന്റെ ആദ്യഭാഗങ്ങളില്‍ നാം പ്രസ്താവിച്ചിട്ടുണ്ട്. അനാവശ്യമായതും, ധാര്‍മ്മികനിലവാരം താഴ്ത്തിക്കളയുന്നതും, ന്യായവിരുദ്ധമായതുമായ കാര്യങ്ങളെല്ലാം അതില്‍ പെടുന്നു. മഹാനായ അബ്ദുല്‍ ഹഖ് ദഹ്‌ലവി (عبد الحق الدهلوي) പ്രസ്താവിച്ചിട്ടുള്ളതു പോലെ ഇന്നത്തെ നൃത്തം, സിനിമ, നാടകം തുടങ്ങിയ കലാവിനോദങ്ങളെന്ന പേരിലറിയപ്പെടുന്ന എല്ലാ തോന്നിയവാസങ്ങളും, അവിശ്വാസികളായ ജനങ്ങളുടെ പലതരം ഉത്സവാദികോലാഹലങ്ങളും, ബിദ്അത്തുകാരുടെ (മതത്തില്‍ അനാചാരങ്ങള്‍ കടത്തിക്കൂട്ടിയവരുടെ) പല ചടങ്ങുകളും, മാമൂലുകളും – എല്ലാം തന്നെ – വര്‍ജ്ജിക്കപ്പെടേണ്ടവയാകുന്നു.
അല്ലാഹുവിന്റെ പ്രിയപ്പെട്ട ഈ അടിയാന്‍മാര്‍ വ്യര്‍ത്ഥമായ കാര്യങ്ങളുടെ സമീപത്തുകൂടി പോകുമ്പോള്‍ മാന്യന്‍മാരായ നിലയില്‍ പോകുമെന്ന് പറഞ്ഞതിന്റെ താല്‍പര്യം, അതില്‍ പങ്കെടുക്കയില്ലെന്ന് മാത്രമല്ല, അതില്‍ താല്‍പര്യം തോന്നുകയോ, ശ്രദ്ധപതിക്കുകയോ ചെയ്യാതെ, പ്രതിഷേധപൂര്‍വ്വം തിരിഞ്ഞുപോകുമെന്നാകുന്നു. ഇതിനെപ്പറ്റി മറ്റൊരു സ്ഥലത്ത് അല്ലാഹു പ്രസ്താവിച്ചിട്ടുള്ളതില്‍നിന്ന് ഇത് മനസ്സിലാക്കാം:-
وَإِذَا سَمِعُوا اللَّغْوَ أَعْرَضُوا عَنْهُ وَقَالُوا لَنَا أَعْمَالُنَا وَلَكُمْ أَعْمَالُكُمْ سَلَامٌ عَلَيْكُمْ لَا نَبْتَغِي الْجَاهِلِينَ – سورة القصص : ٥٥
സാരം: വ്യര്‍ത്ഥമായതുകേട്ടാല്‍ അവര്‍ അതില്‍നിന്നും തിരിഞ്ഞുപോകും. അവര്‍ പറയുകയും ചെയ്യും: ‘ഞങ്ങള്‍ക്ക് ഞങ്ങളുടെ കര്‍മ്മങ്ങള്‍, നിങ്ങള്‍ക്ക് നിങ്ങളുടെ കര്‍മ്മങ്ങളും! നിങ്ങള്‍ക്കു സലാം. ഞങ്ങള്‍ വിഡ്ഢികളെ ആവശ്യപ്പെടുന്നില്ല’.
8-ാമത് ഗുണം ഇതാണ്:-
- وَٱلَّذِينَ إِذَا ذُكِّرُوا۟ بِـَٔايَٰتِ رَبِّهِمْ لَمْ يَخِرُّوا۟ عَلَيْهَا صُمًّا وَعُمْيَانًا ﴾٧٣﴿
- (അവര്‍) യാതൊരുകൂട്ടരുമായിരിക്കും: തങ്ങളുടെ രക്ഷിതാവിന്റെ 'ആയത്തു'കള്‍ [വേദവാക്യങ്ങള്‍] കൊണ്ട് അവര്‍ക്കു ഉല്‍ബോധനം ചെയ്യപ്പെട്ടാല്‍, ബധിരന്‍മാരും, അന്ധന്‍മാരുമായ നിലയില്‍ അതിന്‍മേല്‍ അവര്‍ വീഴുകയില്ല.
- وَالَّذِينَ യാതൊരു കൂട്ടരുമാണു إِذَا ذُكِّرُوا അവര്‍ക്കു ഉല്‍ബോധനം ചെയ്യപ്പെട്ടാല്‍, ഓര്‍മ്മിപ്പിക്കപ്പെട്ടാല്‍ بِآيَاتِ ആയത്തുകള്‍ (വേദവാക്യങ്ങള്‍) കൊണ്ടു, ലക്ഷ്യങ്ങള്‍കൊണ്ടു, ദൃഷ്ടാന്തങ്ങള്‍ മുഖേന رَبِّهِمْ അവരുടെ റബ്ബിന്റെ لَمْ يَخِرُّوا അവര്‍ വീഴുകയില്ല, നിലംപതിക്കയില്ല عَلَيْهَا അതിനു മീതെ صُمًّا ബധിരന്‍മാരായി وَعُمْيَانًا അന്ധന്‍മാരായും
അതായത്, അല്ലാഹുവിന്റെ ആയത്തുകള്‍ മുഖേന ഉപദേശിക്കപ്പെടുന്ന അവസരത്തില്‍ – അവിശ്വാസികളും കപടവിശ്വാസികളും ചെയ്യാറുള്ളതുപോലെ – അശ്രദ്ധയും, അവഗണനയും അവര്‍ കാണിക്കുകയില്ല. നേരെമറിച്ച് കണ്ണും കാതും കൊടുത്ത് സശ്രദ്ധം അത് മനസ്സിലാക്കുകയും, സബഹുമാനം അത് സ്വീകരിക്കുകയും ചെയ്‌വാന്‍ ആവേശപൂര്‍വ്വം തയ്യാറാകുകയാണ് ചെയ്യുക. ചില ആളുകള്‍ തെറ്റിദ്ധരിച്ചതുപോലെ – അല്ലെങ്കില്‍ താല്‍പര്യപൂര്‍വ്വം ദുര്‍വ്യാഖ്യാനം ചെയ്തതുപോലെ – അല്ലാഹുവിന്റെ ആയത്തുകള്‍ കൊണ്ട് ഉപദേശിക്കപ്പെടുമ്പോള്‍ അത് കണ്ണടച്ച് വിശ്വസിക്കാതെ, വിമര്‍ശനബുദ്ധ്യാ പരിശോധിച്ച് ബോധ്യപ്പെട്ടാല്‍ മാത്രമേ അത് സ്വീകരിക്കുകയുള്ളു എന്നല്ല ഈ വചനത്തിന്റെ സാരം. സാധാരണക്കാര്‍ നല്‍കുന്ന ഉപദേശങ്ങളില്‍ ഇതാവശ്യംതന്നെ. എന്നാല്‍ അല്ലാഹുവിന്റെ ആയത്തുകള്‍ വിമര്‍ശനപൂര്‍വ്വം പരിശോധിച്ചേ സ്വീകരിക്കാവൂ എന്ന് പറയുന്നത് കേവലം അസംബന്ധവും അതിര്കവിച്ചലുമാകുന്നു. അല്ലാഹു പറയുന്നത് നോക്കുക:-
1).إِنَّمَا يُؤْمِنُ بِآيَاتِنَا الَّذِينَ إِذَا ذُكِّرُوا بِهَا خَرُّوا سُجَّدًا وَسَبَّحُوا بِحَمْدِ رَبِّهِمْ وَهُمْ لَا يَسْتَكْبِرُونَ – سورة السجدة :١٥
2). إِذَا تُتْلَىٰ عَلَيْهِمْ آيَاتُنَا بَيِّنَاتٍ قَالَ الَّذِينَ كَفَرُوا لِلَّذِينَ آمَنُوا أَيُّ الْفَرِيقَيْنِ خَيْرٌ مَّقَامًا وَأَحْسَنُ نَدِيًّا – سورة مريم:٧٣
സാരം: 1. യാതൊരുകൂട്ടര്‍ മാത്രമേ നമ്മുടെ ആയത്തുകളില്‍ വിശ്വസിക്കുന്നുള്ളു: അവര്‍ക്ക് അവകൊണ്ട് ഉല്‍ബോധനം ചെയ്യപ്പെട്ടാല്‍ അവര്‍ സുജൂദ് (സാഷ്ടാംഗം) ചെയ്യുന്നവരായുംകൊണ്ട് വീഴുകയും, തങ്ങളുടെ റബ്ബിന് സ്തോത്രം ചെയ്തുകൊണ്ട് പ്രകീര്‍ത്തനം ചെയ്യുകയും ചെയ്യുന്നതാണ്. അവര്‍ അഹംഭാവം നടിക്കുകയുമില്ല. (സൂ: സജദഃ : 15).
2. അവര്‍ക്ക് (ഇതിനുമുമ്പ് പ്രസ്താവിക്കപ്പെട്ട പ്രവാചകന്‍മാര്‍ക്ക്) റഹ്മാന്റെ ആയത്തുകള്‍ ഓതിക്കേള്‍പ്പിക്കപ്പെടുന്നതായാല്‍ അവര്‍, സുജൂദ് ചെയ്യുന്നവരായും, കരയുന്നവരായുംകൊണ്ട് നിലം പതിക്കുന്നതാണ്. (സൂ: മര്‍യം: 73). ഇവിടെ വിമര്‍ശനത്തിനും, പരിശോധനക്കും സ്ഥാനമുണ്ടോ എന്ന് ആലോചിച്ചുനോക്കുക! സജ്ജനങ്ങളുടെ 9-ാമത് ഗുണത്തെപ്പറ്റി അല്ലാഹു പറയുന്നു:-
- وَٱلَّذِينَ يَقُولُونَ رَبَّنَا هَبْ لَنَا مِنْ أَزْوَٰجِنَا وَذُرِّيَّٰتِنَا قُرَّةَ أَعْيُنٍ وَٱجْعَلْنَا لِلْمُتَّقِينَ إِمَامًا ﴾٧٤﴿
- (അവര്‍ ഇപ്രകാരം) പറഞ്ഞുകൊണ്ടിരിക്കുന്നവരുമായിരിക്കും: 'ഞങ്ങളുടെ റബ്ബേ, ഞങ്ങളുടെ ഭാര്യമാരില്‍നിന്നും, സന്തതികളില്‍നിന്നും ഞങ്ങള്‍ക്കു നീ കണ്‍കുളിര്‍മ്മ (മനസ്സന്തോഷം) പ്രദാനം ചെയ്യേണമേ! ഞങ്ങളെ ഭയഭക്തന്‍മാര്‍ക്ക് മുമ്പന്‍മാരാക്കുക (മാതൃകയാക്കുക)യും ചെയ്യേണമേ!!'
- وَالَّذِينَ യാതൊരു കൂട്ടരും يَقُولُونَ അവര്‍ പറയും رَبَّنَا ഞങ്ങളുടെ റബ്ബേ هَبْ لَنَا ഞങ്ങള്‍ക്കു പ്രദാനം ചെയ്യണേ مِنْ أَزْوَاجِنَا ഞങ്ങളുടെ ഭാര്യമാരില്‍ നിന്നും وَذُرِّيَّاتِنَا ഞങ്ങളുടെ സന്തതികളില്‍ നിന്നും قُرَّةَ أَعْيُنٍ കണ്‍കുളിര്‍മ്മ (മനസ്സന്തോഷം) وَاجْعَلْنَا ഞങ്ങളെ ആക്കുകയും വേണമേ لِلْمُتَّقِينَ ഭയഭക്തന്‍മാര്‍ക്കു, സൂക്ഷ്മതയുള്ളവര്‍ക്കു إِمَامًا മുമ്പന്‍മാര്‍, നേതാക്കള്‍ (മാതൃക)
അവര്‍ തങ്ങളുടെ സ്വന്തം കാര്യങ്ങളില്‍ മാത്രമല്ല, കുടുംബത്തിന്റെ നന്മയിലും വളരെ താല്‍പര്യവും ആകാംക്ഷയും ഉള്ളവരായിരിക്കും. കുടുംബജീവിതത്തില്‍നിന്നും, സാമൂഹ്യജീവിതത്തില്‍നിന്നും അകന്ന് ഏകാന്തത സ്വീകരിക്കുന്നതിനെ നിരുത്സാഹപ്പെടുത്തുകയാണല്ലോ ഇസ്‌ലാം ചെയ്യുന്നത്. അതുകൊണ്ട് തങ്ങളുടെ പത്നികളും സന്തതികളും സല്‍ക്കര്‍മ്മികളും, സജ്ജനങ്ങളും ആയിത്തീരുവാനും, അതുവഴി തങ്ങള്‍ക്ക് ഇഹത്തിലും, പരത്തിലും കണ്‍കുളിര്‍മ്മയും, മനസ്സന്തോഷവും കൈവരുവാനും അവര്‍ സദാ അല്ലാഹുവോട് പ്രാര്‍ത്ഥന നടത്തും. (*). മാത്രമല്ല, ഇസ്‌ലാമിക നടപടിക്രമങ്ങള്‍ ശരിക്കും ആചരിച്ചു വരുന്ന ഭയഭക്തന്‍മാര്‍ക്ക് തങ്ങളും, തങ്ങളുടെ പത്നികളും സന്താനങ്ങളും മുമ്പന്‍മാരായിരിക്കുവാനും – അഥവാ മാതൃകയായിരിക്കത്തക്കവണ്ണം മുന്നണിയില്‍ നില്‍കുന്നവരായിത്തീരുവാനും – അവര്‍ പ്രാര്‍ത്ഥന ചെയ്യുന്നു. അവരുടെ ആഗ്രഹവും ഗുണകാംക്ഷയും അത്രയും വലുതായിരിക്കും.
(*). പ്രാര്‍ത്ഥനകളില്‍ കഴിവതും, ഖുര്‍ആനിലും ഹദീസിലും കാണപ്പെടുന്ന പ്രാര്‍ത്ഥനാവാക്യങ്ങള്‍ തന്നെ ഉപയോഗിക്കുന്നത് നല്ലതാണ്.
നബി (صلّى الله عليه وسلّم) പറയുന്നു:
ذَا مَاتَ ابنُ آدم انْقَطَعَ عَنْهُ عَمَلُهُ إِلَّا مِنْ ثَلَاثٍ : وَلَدٍ صَالِحٍ يَدْعُو لَهُ، وعِلْمٍ يُنْتَفَعُ بِهِ، صَدَقَةٍ جَارِيَةٍ – رَوَاهُ مُسْلِمٌ
(ആദമിന്റെ മകന്‍ – മനുഷ്യന്‍ – മരണപ്പെട്ടാല്‍ അവന്റെ കര്‍മ്മങ്ങള്‍, മൂന്നു കാര്യത്തെ സംബന്ധിച്ചിടത്തോളമല്ലാതെ മറ്റെല്ലാം മുറിഞ്ഞുപോകുന്നതാണ്, അതായത്, തനിക്കുവേണ്ടി പ്രാര്‍ത്ഥന നടത്തുന്ന മക്കള്‍, തന്റെ കാലശേഷം ഉപകാരപ്രദമായിത്തീരുന്ന അറിവ്, സ്ഥായിയായ ദാനധര്‍മ്മം എന്നിവ. (മു). റഹ്മാന്റെ അടിയാന്‍മാരായ സഹനശീലരുടെ വിശിഷ്ടഗുണങ്ങള്‍ വിവരിച്ചശേഷം അവര്‍ക്ക് നല്‍കപ്പെടുന്ന പ്രതിഫലം എന്തായിരിക്കുമെന്ന് തുടര്‍ന്നു പറയുന്നു:-
- أُو۟لَٰٓئِكَ يُجْزَوْنَ ٱلْغُرْفَةَ بِمَا صَبَرُوا۟ وَيُلَقَّوْنَ فِيهَا تَحِيَّةً وَسَلَٰمًا ﴾٧٥﴿
- അവര്‍ സഹിച്ചതിന്റെ ഫലമായി അവര്‍ക്ക് മണിമേടകള്‍ പ്രതിഫലം നല്‍കപ്പെടുന്നതാണ്; അഭിവാദ്യത്തോടും, സമാധാനസന്ദേശത്തോടും (കൂടി) അതില്‍വെച്ച് അവര്‍ എതിരേല്‍ക്കപ്പെടുകയും ചെയ്യുന്നതാണ്.
- أُولَـٰئِكَ അക്കൂട്ടര്‍, അവര്‍ يُجْزَوْنَ അവര്‍ക്കു പ്രതിഫലം നല്‍കപ്പെടും الْغُرْفَةَ ഉന്നതമാളിക, മണിമാടം بِمَا صَبَرُوا അവര്‍ സഹിച്ചതുകൊണ്ടു, ക്ഷമിച്ചതു നിമിത്തം وَيُلَقَّوْنَ അവര്‍ എതിരേല്‍ക്കപ്പെടുകയും ചെയ്യും, കാണിച്ചുകൊടുക്കപ്പെടും فِيهَا അതില്‍വെച്ചു تَحِيَّةً അഭിവാദ്യത്തോടെ, കാഴ്ചയായി, ഉപചാരം وَسَلَامًا സമാധാനസന്ദേശമായും, സലാമോടും, ശാന്തിയും
- خَٰلِدِينَ فِيهَا ۚ حَسُنَتْ مُسْتَقَرًّا وَمُقَامًا ﴾٧٦﴿
- അതില്‍ അവര്‍ നിത്യവാസികളായ നിലയിലായിരിക്കും (വസിക്കുക). വളരെ നല്ല ഭവനവും, പാര്‍പ്പിടവും!
- خَالِدِينَ നിത്യവാസികളായ നിലയില്‍, ശാശ്വതരായിട്ടു فِيهَا അതില്‍ حَسُنَتْ വളരെ നല്ലതാണു, എത്ര നല്ലതു مُسْتَقَرًّا താവളം, ഭവനം وَمُقَامًا പാര്‍പ്പിടവും
അവര്‍ ഒരിക്കലും അതില്‍നിന്ന് പുറത്തു പോകേണ്ടിവരികയോ, അതില്‍വെച്ച് മരണമടയുകയോ ചെയ്യുന്നതല്ല. അവര്‍ സ്വര്‍ഗ്ഗത്തില്‍ ശാശ്വതരായിരിക്കും. വസിക്കുവാനും സുഖിക്കുവാനും അതില്‍പരം നല്ല ഭവനം വേറെയൊന്നില്ല എന്നുസാരം. നരകശിക്ഷയില്‍നിന്ന് തങ്ങളെ ഒഴിവാക്കുവാനായി ഇവര്‍ ചെയ്യുന്ന ‘ദുആ’ (പ്രാര്‍ത്ഥന)യില്‍ നരകം വളരെ മോശപ്പെട്ട ഭവനവും പാര്‍പ്പിടവുമാണെന്ന് പ്രസ്താവിച്ചിരുന്നുവല്ലോ, അതുകൊണ്ട് അതിന്നു നേരെ വിപരീതമായി, സ്വര്‍ഗ്ഗത്തിലെ മണിമാടങ്ങള്‍ വളരെ നല്ല ഭവനങ്ങളും വളരെ നല്ല പാര്‍പ്പിടങ്ങളുമാണെന്ന് ഇവിടെ പ്രത്യേകം പ്രസ്താവിച്ചിരിക്കയാണ്.
അവസാനമായി, അവിശ്വാസികള്‍ക്ക് കനത്ത ഒരു താക്കീത് നല്‍കുവാന്‍ നബി (صلّى الله عليه وسلّم) യോട് കല്‍പിച്ചുകൊണ്ട് ഈ അദ്ധ്യായം അവസാനിപ്പിക്കുന്നു:-
- قُلْ مَا يَعْبَؤُا۟ بِكُمْ رَبِّى لَوْلَا دُعَآؤُكُمْ ۖ فَقَدْ كَذَّبْتُمْ فَسَوْفَ يَكُونُ لِزَامًۢا ﴾٧٧﴿
- (നബിയേ) പറയുക: 'നിങ്ങളുടെ പ്രാര്‍ത്ഥന ഇല്ലെങ്കില്‍, എന്റെ റബ്ബ് നിങ്ങളെപ്പറ്റി എന്ത് വകവെക്കുവാനാണ്?! (ഒന്നും വകവെക്കാനില്ല). എന്നാല്‍, നിങ്ങള്‍ തീര്‍ച്ചയായും കളവാക്കിയിരിക്കുകയാണ്. അതിനാല്‍, വഴിയെ അതു (താക്കീതു ചെയ്യപ്പെട്ട ശിക്ഷ) അനിവാര്യമായിരിക്കുന്നതാണ്.'
- قُلْ പറയുക مَا يَعْبَأُ എന്തു വകവെക്കുവാനാണ്, വില കല്‍പിക്കുവാനാണ്, പരിഗണിക്കുവാനാണ്, വകവെക്കുകയില്ല, വിലവെക്കുകയില്ല بِكُمْ നിങ്ങളെപ്പറ്റി رَبِّي എന്റെ റബ്ബ് لَوْلَا دُعَاؤُكُمْ നിങ്ങളുടെ പ്രാര്‍ത്ഥന ഇല്ലെങ്കില്‍, വിളിക്കല്‍ ഇല്ലെങ്കില്‍ فَقَدْ എന്നാല്‍ തീര്‍ച്ചയായും كَذَّبْتُمْ നിങ്ങള്‍ കളവാക്കിയിരിക്കുന്നു, വ്യാജമാക്കിയിരിക്കുന്നു فَسَوْفَ ആകയാല്‍, വഴിയെ يَكُونُ അതായിത്തീരും, ആകും لِزَامًا അനിവാര്യം, ഒഴിവാക്കാത്തത്, വേറിടാത്തത്
അവിശ്വാസികളെ അഭിമുഖീകരിച്ചുകൊണ്ടുള്ള ഈ വചനത്തിന്റെ ഉദ്ദേശ്യം വിവരിക്കുന്നതില്‍ ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ക്കിടയില്‍ വ്യത്യസ്തങ്ങളായ അഭിപ്രായങ്ങളുണ്ട്. ഓരോന്നിന്റെയും ചുരുക്കം ഇപ്രകാരമാകുന്നു:-
1). നിങ്ങള്‍ അല്ലാഹു അല്ലാത്തവരെ ആരാധിക്കുന്നുവെന്ന് മാത്രമല്ല, അവരോട് പ്രാര്‍ത്ഥന നടത്തുകയും ചെയ്യുന്നു. അല്ലാഹുവിനോടല്ലാതെയുള്ള ഈ പ്രാര്‍ത്ഥന ഇല്ലായിരുന്നുവെങ്കില്‍ നിങ്ങളെപ്പറ്റി അവന്‍ വളരെയൊന്നും വകവെക്കുമായിരുന്നില്ല; ഇത്ര ഗൗരവത്തോടെ വീക്ഷിക്കുകയും ചെയ്യുമായിരുന്നില്ല. നിങ്ങളാണെങ്കില്‍ ഇതിനും പുറമെ സത്യപ്രബോധാനത്തെ കളവാക്കുകയും ചെയ്തിരിക്കുന്നു. ആകയാല്‍, നിങ്ങള്‍ക്ക് ശിക്ഷ അനിവാര്യമായിരിക്കുന്നു. അത് താമസിയാതെ സംഭവിക്കുകയും ചെയ്യും.
2).നിങ്ങള്‍ ആരാധനയിലും പ്രാര്‍ത്ഥനയിലും ശിര്‍ക്ക് ചെയ്തുകൊണ്ടിരിക്കുന്നവരാണ്. എങ്കിലും, ചുരുക്കം ചില സന്നിഗ്ധഘട്ടങ്ങളിലെങ്കിലും അല്ലാഹുവിനോട് നിങ്ങള്‍ നിഷ്കളങ്കമായി പ്രാര്‍ത്ഥന ചെയ്യാറുണ്ട്. അതുകൊണ്ടാണ് അവന്‍ നിങ്ങളെ ഇപ്പോള്‍ ശിക്ഷിക്കാത്തത്. എന്നാല്‍, നിങ്ങള്‍ സത്യത്തെ കളവാക്കി നിഷേധിച്ചിരിക്കക്കൊണ്ട് ശിക്ഷ നിങ്ങള്‍ക്ക് അധികം താമസിയാതെ അനുഭവപ്പെടുകതന്നെ ചെയ്യും. അതിന് ഒഴിവുണ്ടാകുകയില്ല. (കപ്പല്‍ യാത്രകളില്‍വെച്ചും മറ്റും കഠിനമായ ആപല്‍ഘട്ടം നേരിടുമ്പോള്‍ ബഹുദൈവാരാധകരായ മുശ്രിക്കുകള്‍, അവരുടെ ആരാധ്യവസ്തുക്കളെ വിളിച്ച് പ്രാര്‍ത്ഥിക്കാതെ, അല്ലാഹുവിനോടുതന്നെ നിഷ്കളങ്കമായ പ്രാര്‍ത്ഥന നടത്തുമെന്നും, ആപത്ത് നീങ്ങി രക്ഷപ്പെട്ടാല്‍ വീണ്ടും പഴയപടി ശിര്‍ക്ക് പ്രവര്‍ത്തിക്കുന്നതാണെന്നും ഖുര്‍ആന്‍ പലേടത്തും പ്രസ്താവിച്ചിട്ടുള്ളത് (*) ഇവിടെ സ്മരണീയമാണ്.) മനുഷ്യന്‍ പൊതുവില്‍ എത്രതന്നെ ധിക്കാരം പ്രവര്‍ത്തിച്ചാലും, ഇടയ്ക്കെങ്കിലും ചിലര്‍ അല്ലാഹുവിനെ വിളിച്ചും പ്രാര്‍ത്ഥിച്ചും വരുന്നതുകൊണ്ടാണ് അവന്‍ അവരെ ഒന്നാകെ ശിക്ഷിച്ചു നശിപ്പിക്കാത്തത് എന്നത്രെ ഇതിലടങ്ങിയ തത്വം.
(*). സൂ: അന്‍ആം: 63,64; നഹ്ല്‍: 53,54; യൂനുസ്: 22, 23 മുതലായവയില്‍ കാണാം.
‘അല്ലാഹുവേ, (മുഹമ്മദ് പ്രബോധനം ചെയ്യുന്ന) ഇതാണ് നിന്റെ പക്കല്‍നിന്നുള്ള യഥാര്‍ത്ഥ (സത്യ)മെങ്കില്‍, നീ ഞങ്ങളുടെമേല്‍ കല്ലുമഴ വര്‍ഷിപ്പിച്ചേക്കുക, അല്ലെങ്കില്‍ ഞങ്ങള്‍ക്ക് വേദനയേറിയ വല്ല ശിക്ഷയും കൊണ്ടുവന്നേക്കുക!’ എന്ന് ധൈര്യസമേതം പ്രാര്‍ത്ഥിക്കുമാറ് ധിക്കാരികളായ മുശ്രിക്കുകളെ സംബന്ധിച്ച് അല്ലാഹു പറയുന്നത് നോക്കുക:- وَمَا كَانَ اللَّـهُ لِيُعَذِّبَهُمْ وَأَنتَ فِيهِمْ ۚ وَمَا كَانَ اللَّـهُ مُعَذِّبَهُمْ وَهُمْ يَسْتَغْفِرُونَ – سورة الأنفال:٣٣ (നബിയേ, നീ അവരില്‍ ഉണ്ടായിരിക്കെ അല്ലാഹു അവരെ ശിക്ഷിക്കുവാന്‍ തയ്യാറില്ല, അവര്‍ പാപമോചനം തേടാറുള്ള സ്ഥിതിക്കും അല്ലാഹു അവരെ ശിക്ഷിക്കുന്നവനല്ല എന്നു സാരം.). നബി തിരുമേനി (صلّى الله عليه وسلّم) ഇപ്രകാരം പറയുന്നു: هل تُنصَرونَ وتُرزَقونَ إلا بضُعَفائِكم – البخاري (നിങ്ങള്‍ക്ക് സഹായം ലഭിക്കുന്നതും, ആഹാരം നല്‍കപ്പെടുന്നതും നിങ്ങളുടെ അബലന്‍മാര്‍ നിമിത്തമല്ലാതെ മറ്റു വല്ലതുകൊണ്ടുമാണോ?) ഈ തത്വം ഒരു കവി മനുഷ്യലോകത്തെ നോക്കിപ്പറഞ്ഞതെത്ര വാസ്തവം!-
لَوْلَا شُيُوخٌ لِلْإلَهِ رُكَّـعُ … وَصِبْيَةٌ مِنَ الْيَتَـامَى رُضَّعٌ
وَمُهْمَلَاتٌ فِي الْفَلَاةِ رُتَّعٌ … صَبَّ عَلَيْكُمُ الْعَذَابُ الْاوْجَعُ
സാരം: അല്ലാഹുവിന്ന് ‘റുകുഉ’ (കുമ്പിട്ട് നമസ്കാരകര്‍മ്മം) ചെയ്തുവരുന്ന ചില വൃദ്ധന്‍മാരും, അനാഥകളില്‍പെട്ട മുലകുടി പ്രായക്കാരായ ചില ശിശുക്കളും, മരുഭൂമിയില്‍ അവഗണിക്കപ്പെട്ട് മേഞ്ഞു നടന്നുകൊണ്ടിരിക്കുന്ന കുറെ ജീവജന്തുക്കളും ഇല്ലായിരുന്നുവെങ്കില്‍ (മനുഷ്യലോകമേ) നിങ്ങളുടെമേല്‍ വളരെ വേദനപ്പെട്ട ശിക്ഷ ചൊരിയപ്പെടുമായിരുന്നു!
3) دُعَاؤُكُمْ എന്ന വാക്കിന് നിങ്ങളുടെ പ്രാര്‍ത്ഥന എന്ന് അര്‍ത്ഥം കല്പിച്ചുകൊണ്ടാണ് മേല്‍കണ്ട രണ്ട് വ്യാഖ്യാനങ്ങള്‍ ഉള്ളത്. എന്നാല്‍ دُعَاء (ദുആ) എന്ന വാക്കിന് ‘വിളി, ക്ഷണം’ എന്നും അര്‍ത്ഥമുണ്ട്. ഈ അര്‍ത്ഥം കല്‍പ്പിച്ചുകൊണ്ടാണ് മൂന്നാമത്തെ വ്യാഖ്യാനം. അതിങ്ങിനെയാണ്: റസൂല്‍ നിങ്ങളെ തൌഹീദിലേക്ക് ക്ഷണിച്ചുകൊണ്ടിരിക്കുകയാണല്ലോ. അദ്ദേഹത്തിന്റെ ഈ പ്രബോധനകൃത്യം നിലവില്‍ നടന്നുകൊണ്ടിരിക്കയുമാണ് അതില്ലായിരുന്നുവെങ്കില്‍, അല്ലാഹു നിങ്ങളെപ്പറ്റി ഒട്ടും വില വെക്കുമായിരുന്നില്ല. നിങ്ങള്‍ പ്രബോധനത്തെ കളവാക്കിക്കഴിഞ്ഞിരിക്കുന്ന സ്ഥിതിക്ക് നിങ്ങള്‍ ശിക്ഷക്ക് അവകാശപ്പെട്ടുകഴിഞ്ഞിരിക്കുന്നു. എന്നാല്‍, അതു വഴിയെ അനുഭവപ്പെടുന്നതുമാണ്.
മേല്‍കണ്ട മൂന്നഭിപ്രായങ്ങള്‍ക്ക് പുറമെ വേറെയും ചില അഭിപ്രായങ്ങള്‍ വ്യാഖ്യാതാക്കള്‍ പറഞ്ഞു കാണുന്നു. ഏതായാലും ഇത്രയും ചെറിയ ഒരു വചനം, പരസ്പര വൈരുദ്ധ്യം ഇല്ലാത്തതും, സാരവത്തായതുമായ പല വ്യാഖ്യാനങ്ങള്‍ക്കും ഇടം നല്‍കത്തക്കവണ്ണം വിശാലമായ അര്‍ത്ഥം ഉള്‍കൊള്ളുന്നത് വിശുദ്ധ ഖുര്‍ആന്റെ ഒരു പ്രത്യേകത തന്നെയാകുന്നു.
اللهم اجعلنا من عبادك الصالحين واجعلنا للمتقين إماما
والحمدلله أولا وأخرا