വിഭാഗം - 5

25:45
  • أَلَمْ تَرَ إِلَىٰ رَبِّكَ كَيْفَ مَدَّ ٱلظِّلَّ وَلَوْ شَآءَ لَجَعَلَهُۥ سَاكِنًا ثُمَّ جَعَلْنَا ٱلشَّمْسَ عَلَيْهِ دَلِيلًا ﴾٤٥﴿
  • (മനുഷ്യാ) നിന്റെ രക്ഷിതാവിങ്കലേക്ക്‌ - എങ്ങനെയാണ് അവന്‍ നിഴലിനെ വ്യാപിപ്പിച്ചതെന്ന് - നീ നോക്കുന്നില്ലേ?! അവന്‍ ഉദ്ദേശിച്ചിരുന്നുവെങ്കില്‍, അതിനെ നിശ്ചലമാക്കുമായിരുന്നു. പിന്നെ, നാം (അല്ലാഹു) സൂര്യനെ അതിന് ലക്ഷ്യമാക്കി (അടയാളമാക്കി)യിരിക്കുന്നു;
  • أَلَمْ تَرَ നീ നോക്കുന്നില്ലേ, കാണുന്നില്ലേ إِلَىٰ رَبِّكَ നിന്റെ രക്ഷിതാവിങ്കലേക്കു كَيْفَ എങ്ങനെയാണ് مَدَّ അവന്‍ വ്യാപിപ്പിച്ചിരിക്കുന്നതു, നീട്ടിയിരിക്കുന്നതു (എന്നു) الظِّلَّ നിഴലിനെ, തണലിനെ وَلَوْ شَاءَ അവന്‍ ഉദ്ദേശിച്ചിരുന്നുവെങ്കില്‍ لَجَعَلَهُ അതിനെ അവന്‍ ആക്കുമായിരുന്നു سَاكِنًا നിശ്ചലം, അടങ്ങിയതു ثُمَّ പിന്നെ جَعَلْنَا നാം ആക്കി الشَّمْسَ സൂര്യനെ عَلَيْهِ അതിനു, അതിന്‍മേല്‍ دَلِيلًا ലക്‌ഷ്യം, അടയാളം, അറിയിക്കുന്നതു
25:46
  • ثُمَّ قَبَضْنَـٰهُ إِلَيْنَا قَبْضًا يَسِيرًا ﴾٤٦﴿
  • പിന്നീട്, നമ്മുടെ അടുക്കലേക്ക്‌ നാം അതിനെ കുറേശ്ശെയായി പിടിച്ചെടുത്തു (ചുരുക്കി) കൊണ്ടുവരുകയും ചെയ്യുന്നു.
  • ثُمَّ قَبَضْنَاهُ പിന്നെ നാം അതിനെ പിടിച്ചു, പിടിച്ചെടുത്തു إِلَيْنَا നമ്മിലേക്ക്‌ قَبْضًا ഒരു പിടുത്തം يَسِيرًا കുറേശ്ശെ, ലഘുവായി, അല്പമായ

الظِّلّ (ള്വില്ല്) എന്ന പദത്തെയാണ് ‘നിഴല്‍’ എന്ന് വിവര്‍ത്തനം ചെയ്തത്. ‘തണല്‍, ഛായ, പ്രതിച്ഛായ, പ്രതിബിംബം എന്നൊക്കെ അതിന് അര്‍ത്ഥം വരും. പ്രഭാതം മുതല്‍ സൂര്യോദയം വരെ ഭൂമിയില്‍ വ്യാപകമായി തണലുണ്ടായിരിക്കും. ഉദയത്തോടുകൂടി തണല്‍ നീങ്ങി വെയില്‍ പ്രത്യക്ഷമാകുന്നു. അപ്പോഴാണ്‌ അതിനു മുമ്പത്തെ അവസ്ഥാവിശേഷം തികച്ചും വേര്‍തിരിച്ചറിയുവാന്‍ കഴിയുക. ഒന്നിന്റെ എതിരുവശം കാണുമ്പോഴാണല്ലോ മുന്‍സ്ഥിതി കൂടുതല്‍ വ്യക്തമാകുന്നത്. (*). അനന്തരം – ഉദയം കഴിഞ്ഞാല്‍ അസ്തമനം വരെ – സ്ഥൂലവസ്തുക്കള്‍ക്കെല്ലാം നിഴല്‍ പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കും. സൂര്യനില്ലായിരുന്നുവെങ്കില്‍ അതറിയപ്പെടുമായിരുന്നില്ല. ഈ രണ്ടിനും പുറമെ മൂന്നാമതൊരു തരം നിഴലും നാം കണ്ടുകൊണ്ടിരിക്കുന്നു. അതത്രെ, കൂടുതല്‍ വ്യാപകമായത്. ഭൂമിയുടെ പകുതിഭാഗം നിത്യേന സൂര്യന് പ്രതിമുഖമായി നിന്ന്, നിഴല്‍ മൂടിക്കൊണ്ടിരിക്കുന്നു. അഥവാ രാത്രിയായിക്കൊണ്ടിരിക്കുന്നു. സൂര്യന്‍ പ്രത്യക്ഷപ്പെടുന്നതോടൊപ്പം രാത്രിയാകുന്ന നിഴലും പകലും തമ്മില്‍ വേര്‍തിരിയുന്നു. ഏതുതരം നിഴലോ തണലോ ആയിരുന്നാലും ശരി, അതിനെ കാഴ്ചയില്‍ വേര്‍തിരിച്ചു കാട്ടിത്തരുന്ന ലക്‌ഷ്യം സൂര്യനത്രെ. സൂര്യനില്ലായിരുന്നെങ്കില്‍, ലോകം സദാ ഒരേ അവസ്ഥയില്‍ത്തന്നെ നിഴല്‍മൂടി അവശേഷിക്കുമായിരുന്നു. മേല്‍പ്പറഞ്ഞതിനെക്കാള്‍ വിപുലമായ ഒരു നിഴലും ഇവിടെ വിഭാവനം ചെയ്യാവുന്നതാണ്. ഭൂമിയെയും, ചന്ദ്രനെയും പോലെ സ്വയം പ്രകാശിതമല്ലാത്ത ഗോളങ്ങള്‍ വാസ്തവത്തില്‍ ഇരുളും, നിഴലും നിറഞ്ഞവയാണ്. നമ്മുടെ സൂര്യനടക്കം നഭോമണ്ഡലത്തിലുള്ള അനേകായിരം സൂര്യഗോളങ്ങള്‍ സ്വയംപ്രകാശിതങ്ങളുമാണ്. നമ്മുടെ സൂര്യനില്‍ നിന്നാണ് നമ്മുടെ ഭൂമിക്കും മറ്റുചില ഗോളങ്ങള്‍ക്കും വെളിച്ചം കിട്ടുന്നത്. സൂര്യനില്ലാത്തപക്ഷം, ഭൂമിയും ചന്ദ്രനുമെല്ലാം നമുക്ക് ഗോചരങ്ങളാകുമായിരുന്നില്ല.


(*). وبِضِدّها تَتَبَيّنُ الأشْياءُ (എതിരുവശം കൊണ്ടാണ് വസ്തുക്കള്‍ പ്രത്യക്ഷത്തില്‍ തിരിച്ചറിയുന്നത്‌) എന്നൊരു കവി പറഞ്ഞത് വാസ്തവം.


സൂര്യന്‍ ഇല്ലെന്നോ, അതിന് സഞ്ചാരമില്ലെന്നോ, അല്ലെങ്കില്‍ പ്രകാശമില്ലെന്നോ സങ്കല്പിക്കുക, അതുമല്ലെങ്കില്‍ ഭൂമിയും സൂര്യനെപ്പോലെ പ്രകാശമയമാണെന്ന് വെക്കുക: എന്നാല്‍ ഈ ലോകപ്രകൃതിയില്‍ നേരിടാനിരിക്കുന്ന മാറ്റങ്ങള്‍ എന്തൊക്കെയായിരിക്കും?! ആലോചിച്ച് നോക്കുക. മനുഷ്യരാല്‍ അത് നിര്‍ണ്ണയിക്കുക സാദ്ധ്യമല്ല. രാപ്പകല്‍ ഇല്ലാതാകുന്നു. ചൂടും തണുപ്പും വ്യത്യാസപ്പെടുന്നു. സമയനിര്‍ണ്ണയം അസാദ്ധ്യമാകുന്നു. അങ്ങിനെ പലതും. ചുരുക്കത്തില്‍ ലോകവ്യവസ്ഥ പാടെ വ്യത്യാസപ്പെടും. അതുപോലെത്തന്നെ, കറുത്തിരുണ്ട അര്‍ദ്ധരാത്രി മാറി ഒരു നൊടിയിടയില്‍ പെട്ടന്ന് പ്രകാശം തിളങ്ങുന്ന മദ്ധ്യാഹ്നം അനുഭവപ്പെടുകയോ, അല്ലെങ്കില്‍ മറിച്ചോ സംഭവിക്കുന്നുവെന്ന് സങ്കല്‍പിക്കുക! വിവിധ രംഗങ്ങളില്‍ സ്വൈര്യവിഹാരം കൊള്ളുന്ന – അനേകതരം ജോലിത്തിരക്കുകളില്‍ വ്യാപൃതരായിക്കൊണ്ടിരിക്കുന്ന – ജനകോടികളുടെ ജീവിതത്തില്‍ അതെന്തുമാത്രം സംഭ്രമജനകമായിരിക്കുമെന്ന് നമുക്ക് ഊഹിക്കുവാന്‍ പോലും പ്രയാസം. ‘അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കില്‍ അവന്‍ അതിനെ (നിഴലിനെ) നിശ്ചലമാക്കുമായിരുന്നു’ എന്നും, പിന്നീട് നമ്മുടെ അടുക്കലേക്ക് അതിനെ കുറേശ്ശെയായി പിടിച്ചെടുത്തു കൊണ്ടുവരുകയും ചെയ്യുന്നു എന്നും അല്ലാഹു പറഞ്ഞതിന്റെ രഹസ്യം ഇതില്‍നിന്നൊക്കെ മനസ്സിലാക്കാവുന്നതാണ്.

ഇത്തരം കാര്യങ്ങളെക്കുറിച്ച് ഉറ്റാലോചിക്കുമ്പോഴാണ്, ഈ സൂറത്തിലെ 2-ാം വചനത്തില്‍ ‘എല്ലാ വസ്തുവെയും അവന്‍ സൃഷ്ടിച്ച് അതിന് ശരിയായ നിര്‍ണ്ണയം ചെയ്തിരിക്കുന്നു’ (وَخَلَقَ كُلَّ شَيْءٍ فَقَدَّرَهُ تَقْدِيرًا) എന്നതു പോലെയുള്ള ഖുര്‍ആന്‍ വചനങ്ങളുടെ അന്തരംഗത്തിന്റെ വിശാലതയും, അര്‍ത്ഥവ്യാപ്തിയും നമുക്ക് ഏറെക്കുറെ ഗ്രഹിക്കുവാന്‍ സാധ്യമാകുക. والله الموفق. അടുത്ത വചനത്തില്‍ രണ്ടാമത്തെ ദൃഷ്ടാന്തത്തെക്കുറിച്ച് പ്രസ്താവിക്കുന്നു:-

25:47
  • وَهُوَ ٱلَّذِى جَعَلَ لَكُمُ ٱلَّيْلَ لِبَاسًا وَٱلنَّوْمَ سُبَاتًا وَجَعَلَ ٱلنَّهَارَ نُشُورًا ﴾٤٧﴿
  • അവനത്രെ, നിങ്ങള്‍ക്ക് രാത്രിയെ ഒരു വസ്ത്രവും, ഉറക്ക് ഒരു വിശ്രമവും (അഥവാ മരണവും) ആക്കിത്തന്നിട്ടുള്ളവന്‍. പകലിനെ അവന്‍ ഒരു ഉയിര്‍ത്തെഴുന്നേല്‍പും (അഥവാ വ്യാപാരയോഗ്യവും) ആക്കിയിരിക്കുന്നു.
  • وَهُوَ الَّذِي അവനാണു യാതൊരുവന്‍ جَعَلَ അവന്‍ ആക്കി لَكُمُ നിങ്ങള്‍ക്ക് اللَّيْلَ രാത്രിയെ لِبَاسًا വസ്ത്രം, ഉടുപ്പ് وَالنَّوْمَ ഉറക്കിനെ سُبَاتًا വിശ്രമം, ആശ്വാസം, നിശ്ചലാവസ്ഥ وَجَعَلَ അവന്‍ ആക്കുകയും ചെയ്തു النَّهَارَ പകലിനെ نُشُورًا എഴുന്നേല്‍പ്പ്, പുനരെഴുന്നേല്‍പ്പ്, പുറപ്പാട്, ഉയിര്‍ത്തെഴുന്നേല്‍പ്പ്

വസ്ത്രം മനുഷ്യന് നഗ്നത മറയ്ക്കുവാനും, ദേഹരക്ഷക്കും ഉപകരിക്കുന്നു. അതുപോലെത്തന്നെ രാത്രിയും നമുക്ക് മറവും രക്ഷയും നല്‍കുന്നു. വസ്ത്രം അത് ധരിച്ച വ്യക്തിക്കുമാത്രം ഉപകരിക്കുന്നുവെങ്കില്‍, രാത്രിയാകുന്ന വസ്ത്രം പൊതുവില്‍ എല്ലാവര്‍ക്കും ഒരുപോലെ ഉപയോഗപ്പെടുന്നു. ഉറക്കാകട്ടെ, അതൊരു വിശ്രമമാണ്. ഒരു കണക്കില്‍ അത് ഒരുതരം മരണമാണെന്നു പറയാം. കുറെ നേരത്തേക്ക് അത് നമ്മുടെ ചലനങ്ങളും, പ്രവര്‍ത്തനങ്ങളും, ഗ്രഹണേന്ദ്രിയങ്ങളും അടക്കിവെച്ച് നമ്മെ നിശ്ചേഷ്ടരാക്കുന്നു. ഈ അവസരത്തില്‍ നമുക്ക് പദാര്‍ത്ഥലോകവുമായി ബോധപൂര്‍വ്വമായ ഒരു ബന്ധവുമില്ലാതാകുന്നു. വല്ല ബന്ധവും ഉണ്ടെങ്കില്‍ അത് സ്വപ്നം വഴി ആത്മീയലോകത്തോടായിരിക്കും. ഈ നിലക്ക് നിദ്ര ഒരു മരണം തന്നെ. മുമ്പുണ്ടായിരുന്ന ശാരീരികവും മാനസികവുമായ ക്ഷീണവും തളര്‍ച്ചയും മാറ്റി ഒരു പുതിയ ഉന്മേഷവും ചൈതന്യവും വീണ്ടെടുക്കുവാനും, പരിഹാരം കാണാതെ തലയിലേറ്റി നടക്കുന്ന എത്രയോ വിചാരവികാരാദിശല്യങ്ങളെ അല്‍പനേരം ഒരു അത്താണിയില്‍ ഇറക്കിവെച്ച് ആത്മാവിന് സ്വൈര്യവിഹാരം നടത്താനും നിദ്ര സഹായിക്കുന്നു – അല്ല, നിര്‍ബ്ബന്ധിക്കുന്നു. ഈ നിലക്ക് അതൊരു വമ്പിച്ച വിശ്രമവും ആകുന്നു. കുറച്ചു ദിവസമോ, മണിക്കൂറുകളോ ഉറങ്ങുവാന്‍ കഴിയാതെ വന്നാലത്തെ ദുരവസ്ഥ ആരെയും പറഞ്ഞറിയിക്കേണ്ടതില്ല. ഉറങ്ങുവാന്‍ പറ്റിയ മറവും, സ്വസ്ഥതയും, അനുകൂലമായ പൊതു പരിതസ്ഥിതികളും രാത്രിയിലാണുള്ളത്. അങ്ങനെ, അല്ലാഹു നമുക്ക് രാത്രിയെ വസ്ത്രവും, നിദ്രയെ വിശ്രമവുമാക്കിത്തന്നിരിക്കുകയാണ്.

മനുഷ്യന്‍ – ഇതരജീവികളെപ്പോലെത്തന്നെ – അവന്റെ ഉപജീവനമാര്‍ഗ്ഗം അന്വേഷിക്കേണ്ടതുണ്ട്. അല്ല, അവന് ആയിരമായിരം തുറകളില്‍ വ്യാപരിക്കുകയും, വിഹരിക്കുകയും വേണം – വിശ്രമിച്ചാല്‍ മാത്രം പോര. അതുകൊണ്ട് സമയമെല്ലാം രാത്രിയായിരുന്നാല്‍ അവന് ജീവിക്കുക സാദ്ധ്യമല്ല. അവന്റെ ആവശ്യങ്ങള്‍ ഭൂമി മുഴുവനും പരന്നുകിടക്കുകയാണ്. അല്ല, അന്തരീക്ഷത്തിലും ഉപരിയാകാശത്തും അവന് സഞ്ചരിക്കേണ്ടിവരും. ഇതിനായി അല്ലാഹു അവന് പകലിനെ പ്രദാനംചെയ്യുകയും, അവന്റെ ആവശ്യങ്ങള്‍ നിര്‍വ്വഹിക്കുമാറ് അതിനെ പാകപ്പെടുത്തുകയും ചെയ്തിരിക്കുന്നു. അങ്ങനെ അനുദിനം രാത്രിയില്‍ നിദ്രയാകുന്ന മരണവിശ്രമം ആസ്വദിച്ചശേഷം അതില്‍ നിന്ന് പ്രഭാതവേളയില്‍ അവന്‍ പുനരെഴുന്നേല്‍ക്കുകയും, അടുത്ത രാത്രിവരെ ജീവിതയാത്ര തുടര്‍ന്നു കൊണ്ടിരിക്കുകയുമാണ്. മൂന്നാമത്തെ ദൃഷ്ടാന്തം ഇതാണ്:-

25:48
  • وَهُوَ ٱلَّذِىٓ أَرْسَلَ ٱلرِّيَـٰحَ بُشْرًۢا بَيْنَ يَدَىْ رَحْمَتِهِۦ ۚ وَأَنزَلْنَا مِنَ ٱلسَّمَآءِ مَآءً طَهُورًا ﴾٤٨﴿
  • തന്റെ (മഴവര്‍ഷമാകുന്ന) കാരുണ്യത്തിന്റെ മുമ്പില്‍, സന്തോഷവാര്‍ത്തയെന്ന നിലക്ക് കാറ്റുകളെ അയച്ചിട്ടുള്ളവനും അവന്‍ [അല്ലാഹു] തന്നെ. ആകാശത്തുനിന്നും നാം [അല്ലാഹു] വളരെ ശുദ്ധമായ ജലം ഇറക്കുകയും ചെയ്തിരിക്കുന്നു;
  • وَهُوَ അവന്‍തന്നെയാണ് الَّذِي أَرْسَلَ അയച്ചവന്‍, നിയോഗിച്ചവന്‍ الرِّيَاحَ കാറ്റുകളെ بُشْرًا സന്തോഷ വാര്‍ത്തയായി بَيْنَ يَدَيْ മുമ്പില്‍, മുന്നില്‍ رَحْمَتِهِ അവന്റെ കാരുണ്യത്തിന്റെ (മഴയുടെ) وَأَنزَلْنَا നാം ഇറക്കുകയും ചെയ്തു مِنَ السَّمَاءِ ആകാശത്തുനിന്ന് (ഉപരിഭാഗത്ത് നിന്ന്) مَاءً വെള്ളം طَهُورًا അതിശുദ്ധമായ
25:49
  • لِّنُحْـِۧىَ بِهِۦ بَلْدَةً مَّيْتًا وَنُسْقِيَهُۥ مِمَّا خَلَقْنَآ أَنْعَـٰمًا وَأَنَاسِىَّ كَثِيرًا ﴾٤٩﴿
  • നിര്‍ജ്ജീവമായ രാജ്യത്തെ അതുകൊണ്ട് നാം ജീവിപ്പിക്കുവാനും, നാം സൃഷ്ടിച്ചുണ്ടാക്കിയതില്‍പെട്ട കന്നുകാലികള്‍ക്കും, വളരെ അധികം ജനങ്ങള്‍ക്കും അത് കുടിപ്പിക്കുവാനും വേണ്ടിയത്രെ (അത്).
  • لِّنُحْيِيَ നാം ജീവിപ്പിക്കുവാന്‍ വേണ്ടി بِهِ അതുകൊണ്ട് بَلْدَةً രാജ്യത്തെ مَّيْتًا നിര്‍ജ്ജീവമായ وَنُسْقِيَهُ അതിനെ കുടിപ്പിക്കുവാനും, കുടിപ്പാന്‍ കൊടുക്കുവാനും مِمَّا خَلَقْنَا നാം സൃഷ്ടിച്ചതില്‍പെട്ട أَنْعَامًا കന്നുകാലികള്‍ക്ക് وَأَنَاسِيَّ മനുഷ്യര്‍ക്കും كَثِيرًا വളരെയധികം
25:50
  • وَلَقَدْ صَرَّفْنَـٰهُ بَيْنَهُمْ لِيَذَّكَّرُوا۟ فَأَبَىٰٓ أَكْثَرُ ٱلنَّاسِ إِلَّا كُفُورًا ﴾٥٠﴿
  • അവര്‍ ആലോചിച്ചു നോക്കേണ്ടതിനായി, നിശ്ചയമായും അവര്‍ക്കിടയില്‍ നാം അതിനെ കൈകാര്യം ചെയ്തിരിക്കുന്നു. എന്നാല്‍, ജനങ്ങളില്‍ അധികഭാഗവും നന്ദികേട് ചെയ്‌വാനല്ലാതെ (മറ്റൊന്നും) കൂട്ടാക്കാതിരിക്കുകയാണ്!
  • وَلَقَدْ തീര്‍ച്ചയായും, തിട്ടമായും صَرَّفْنَاهُ അതിനെ നാം വിഹിതം ചെയ്തു, കൈകാര്യം ചെയ്തു بَيْنَهُمْ അവര്‍ക്കിടയില്‍ لِيَذَّكَّرُوا അവര്‍ ഉറ്റാലോചിക്കുവാന്‍വേണ്ടി فَأَبَىٰ എന്നാല്‍ വിസമ്മതിച്ചു, കൂട്ടാക്കാതായി أَكْثَرُ النَّاسِ ജനങ്ങളില്‍ അധികവും إِلَّا كُفُورًا നന്ദികേടിനെയല്ലാതെ

അല്ലാഹുവിന്റെ കണക്കറ്റ അനുഗ്രഹങ്ങളുടെ കൂട്ടത്തില്‍ അതിമഹത്തായ ഒരനുഗ്രഹമത്രെ മഴവര്‍ഷം. അതുകൊണ്ടാണ് മഴയെ ഉദ്ദേശിച്ച് ‘അവന്റെ കാരുണ്യം’ (رَحْمَتِه) എന്ന് പറഞ്ഞത്. മഴ വര്‍ഷിക്കുവാന്‍ പോകുന്നുവെന്ന സന്തോഷവാര്‍ത്തയെന്നോണം, മഴക്കുമുമ്പായി കാറ്റുവീശുക പതിവാണല്ലോ. മഴവെള്ളംകൊണ്ട് അനേകം ഗുണങ്ങളുള്ളതില്‍ പ്രധാനമായ മൂന്നു ഗുണങ്ങളെ അല്ലാഹു ഇവിടെ അനുസ്മരിപ്പിക്കുന്നു.

1). അത് വളരെ ശുദ്ധമായത് (طَهُورًا) ആകുന്നു. വൈദ്യശാസ്ത്രത്തിലും, ജീവശാസ്ത്രത്തിലും, ആരോഗ്യരംഗത്തുമെല്ലാം ശുദ്ധജലത്തിനുള്ള സ്ഥാനം വമ്പിച്ചതാകുന്നു. പ്രായോഗിക രംഗത്ത് ഇതരവസ്തുക്കളെ അപേക്ഷിച്ച് ജലത്തിന്റെ ശുദ്ധത കവിഞ്ഞു നില്‍ക്കുന്നു. ആകയാല്‍, ബാഹ്യമായ മാലിന്യങ്ങളില്‍നിന്നും, ആന്തരികമായ മാലിന്യങ്ങളില്‍നിന്നും, ശുദ്ധി വരുത്തുന്ന ഒരു പദാര്‍ത്ഥമത്രെ വെള്ളം. ഭൂവിഭവങ്ങളില്‍ മറ്റൊന്നിനും തന്നെ ഈ ശുദ്ധീകരണശക്തി കാണപ്പെടുന്നില്ല. മുഖവും കൈകാലുകളും ഒന്ന് കഴുകിയാല്‍ അഴുക്കും ചെളിയും നീങ്ങുന്നതുപോലെത്തന്നെ, ക്ഷീണം, കോപം, താപം ആദിയായവയും നീങ്ങി ഉന്മേഷവും, പ്രസന്നതയും, മനസ്സമാധാനവും അനുഭവപ്പെടുന്നു. ‘വുദു’വും, കുളിയും (الوضوء والغسل) ശാരീരിക ശുദ്ധിയോടൊപ്പം ആത്മീയ ശുദ്ധിയും ഉണ്ടാകുമെന്ന് ഹദീസുകളിലും മറ്റും  കാണാവുന്നത് സ്മരണീയമാണ്. അനുഭവങ്ങളും അതിനെ സാക്ഷീകരിക്കുന്നു. 2) ജീവചൈതന്യം, അഥവാ ഉല്‍പാദനയോഗ്യതയില്ലാത്ത ഭൂമിയെ അത് ചൈതന്യവും ജീവസ്സുമുള്ളതാക്കുന്നു. 3) മനുഷ്യകോടികള്‍ക്കും, അവരുടെ കൃഷി ഉപകരണവും ഭക്ഷ്യവസ്തുവമായ കാലിസമ്പത്തുകള്‍ക്കും കുടിക്കാനും, കുളിക്കാനും മറ്റു പല ആവശ്യങ്ങള്‍ക്കും അത് അനിവാര്യമാകുന്നു. ഈയൊരനുഗ്രഹത്തിന്റെ മഹത്വത്തെപ്പറ്റി ചിന്തിച്ചറിയുവാന്‍ ഇടവരാത്തവരുണ്ടെങ്കില്‍, ദാഹവേളയില്‍ അല്‍പനേരത്തേക്ക് വെള്ളം കിട്ടാതിരുന്നാല്‍ അവര്‍ക്കത് ബോധ്യപ്പെടുന്നതാണ്.

എല്ലാവര്‍ക്കും പൊതുവില്‍ സുഭിക്ഷം ലഭിക്കത്തക്കവണ്ണം – ഓരോ നാട്ടിന്റെയും സ്വഭാവ വിശേഷതക്കനുസരിച്ച് – അല്ലാഹു മഴ വര്‍ഷത്തെ വിഹിതം ചെയ്ത് കൈകാര്യം നടത്തിവരുന്നു. ചിലേടങ്ങളില്‍ കൊല്ലത്തില്‍ ആറുമാസം, ചിലേടങ്ങളില്‍ രണ്ടുമൂന്ന് മാസം. മറ്റു ചിലേടത്ത് കൊല്ലത്തില്‍ ഒരു പ്രാവശ്യം – ഇങ്ങിനെ വിവിധ തരത്തില്‍ – അവന്‍ മഴ വര്‍ഷിപ്പിക്കുന്നു. ഓരോ പ്രദേശത്തിന്റേയും പക്വതയും, പാകതയും, ആവശ്യവും നോക്കി വിഹിതം ചെയ്തിരിക്കയാണ്. ഭൂലോകത്ത് ഈ അനുഗ്രഹങ്ങള്‍ സര്‍വ്വോപരി ആസ്വദിച്ചും ഉപയോഗപ്പെടുത്തിയും വരുന്ന ഏക ബുദ്ധിജീവിയായ മനുഷ്യന് വളരെയേറെ ചിന്തിക്കുവാനും ഉറ്റാലോചിക്കുവാനും അതില്‍ വകയുണ്ട്. അവന്‍ അതിന് കടമപ്പെട്ടവനുമത്രെ. അതിന്റെ പേരില്‍ മാത്രം അവന്‍ അല്ലാഹുവിനോട് വളരെ നന്ദിയും കൂറും കാണിക്കേണ്ടതുണ്ട്. വല്ലപ്പോഴും മഴയുടെ ആധിക്യമോ, പോരായ്മയോ കാരണം അവന് ദോഷം ഭവിക്കുന്ന പക്ഷം – അതിന് ഏറെക്കുറെ കാരണം മനുഷ്യരുടെ പ്രവര്‍ത്തനങ്ങള്‍ തന്നെ ആയിരിക്കുന്നതുമാണ് – ആയവസരത്തില്‍ അവന്‍ അല്ലാഹുവിന്റെ മുമ്പില്‍ പശ്ചാത്തപിച്ച് വിനയപൂര്‍വ്വം കൈമലര്‍ത്തുകയാണ് ആദ്യമായി ചെയ്യേണ്ടത്.

പക്ഷേ, ചിലര്‍ അതെല്ലാം പ്രകൃതിയുടെ കനിവോ, കോപമോ ആയി വ്യാഖ്യാനിക്കുന്നു. ചിലര്‍ ഗ്രഹഫലവും, ഗ്രഹപ്പിഴയുമായി – അല്ലെങ്കില്‍ ഞാറ്റുവേലയുടെ ഗുണദോഷങ്ങളായി – വിശ്വസിക്കുന്നു മറ്റു ചിലര്‍ കണ്ണടച്ചുംകൊണ്ട് എല്ലാം ചില ആകസ്മിക സംഭവങ്ങളായോ, അല്ലെങ്കില്‍ പരിഗണനീയമല്ലാത്ത നിസ്സാര സംഭവങ്ങളായോ ധരിച്ചുപോകുന്നു. ചുരുക്കിപ്പറഞ്ഞാല്‍, ഈ മഹല്‍പ്രവര്‍ത്തങ്ങളുടെ പിന്നില്‍ സ്ഥിതി ചെയ്യുന്ന അപാരമായ – അദൃശ്യമായ – ആ മഹാശക്തിയെപ്പറ്റി മിക്ക മനുഷ്യരും ആലോചിക്കുന്നില്ല. അവനോട് നന്ദിയും ഭക്തിയും കാണിക്കുന്നുമില്ല. (فَأَبَىٰ أَكْثَرُ النَّاسِ إِلَّا كُفُورًا). നമ്മെയെല്ലാം അല്ലാഹു, അവനോട് നന്ദിയും ഭക്തിയുമുള്ള സജ്ജനങ്ങളില്‍ ഉള്‍പ്പെടുത്തട്ടെ. ആമീന്‍.

രാത്രിയില്‍ ഒരു മഴ പെയ്തതിനെത്തുടര്‍ന്ന് രാവിലെ സുബ്ഹ് (الصبح) നമസ്കാരാനന്തരം – ഹുദൈബിയ്യയില്‍വെച്ച് – ജനങ്ങളെ അഭിമുഖീകരിച്ചുകൊണ്ട് നബി (صلّى الله عليه وسلّم) തിരുമേനി ചോദിക്കുകയുണ്ടായി: ‘നിങ്ങളുടെ റബ്ബ് എന്ത് പറയുന്നുവെന്ന് നിങ്ങള്‍ക്കറിയാമോ?’ അവര്‍ ഉത്തരം പറഞ്ഞു: ‘അല്ലാഹുവിനും, അവന്റെ റസൂലിനും അറിയാം,’ അപ്പോള്‍ തിരുമേനി (صلّى الله عليه وسلّم) ഇപ്രകാരം അരുളിച്ചെയ്തു:

قَالَ : أَصْبَحَ مِنْ عِبَادِي مُؤْمِنٌ بِي وَكَافِرٌ بِي ، فَأَمَّا مَنْ قَالَ : مُطِرْنَا بِفَضْلِ اللَّهِ وَرَحْمَتِهِ فَذَلِكَ مُؤْمِنٌ بِي كَافِرٌ بِالْكَوْكَبِ ، وَأَمَّا مَنْ قَالَ : مُطِرْنَا بِنَوْءِ كَذَا وَكَذَا فَذَلِكَ كَافِرٌ بِي مُؤْمِنٌ بِالْكَوْكَبِ – متفق عليه

സാരം: അല്ലാഹു പറയുന്നു: നേരം പുലര്‍ന്നപ്പോള്‍ എന്റെ അടിയാന്‍മാരില്‍, എന്നില്‍ വിശ്വസിക്കുന്നവരും എന്നില്‍ അവിശ്വസിക്കുന്നവരും ഉണ്ടായിത്തീര്‍ന്നിരിക്കുന്നു. അതായത്: ഞങ്ങള്‍ക്ക് അല്ലാഹുവിന്റെ അനുഗ്രഹംകൊണ്ടും, കാരുണ്യംകൊണ്ടും മഴ പെയ്തുകിട്ടി എന്നു പറയുന്നതാരോ അവര്‍ എന്നില്‍ വിശ്വസിക്കുന്നവരും, നക്ഷത്രങ്ങളില്‍ അവിശ്വസിക്കുന്നവരുമാകുന്നു. ഞങ്ങള്‍ക്ക് ഇന്നിന്ന ഞാറ്റുവേല – അഥവാ ഗ്രഹപകര്‍ച്ച – മൂലം മഴ പെയ്തുവെന്ന് പറയുന്നതാരോ അവര്‍ എന്നില്‍ അവിശ്വസിച്ചവരും, നക്ഷത്രങ്ങളില്‍ വിശ്വസിക്കുന്നവരുമത്രെ. (ബു. മു).

‘നാം അതിനെ കൈകാര്യം ചെയ്തു’ (صَرَّفْنَاهُ) എന്ന വാക്കിലെ സര്‍വ്വനാമം (ضمير) കൊണ്ടുദ്ദേശ്യം മഴവെള്ളമാണെന്ന അടിസ്ഥാനത്തിലാണ് നാം ഈ വിവരണം നല്‍കിയിട്ടുള്ളത്. മേല്‍ പ്രസ്താവിക്കപ്പെട്ട കാര്യം – അഥവാ മുകളില്‍ വിവരിച്ച ദൃഷ്ടാന്തങ്ങള്‍ – ആണ് ഇവിടെ ഉദ്ദേശ്യമെന്നും വ്യാഖ്യാതാക്കളില്‍ ചിലര്‍ അഭിപ്രായപ്പെടുന്നു. വേറെ ചിലര്‍ ഖുര്‍ആനാണ് ഉദ്ദേശ്യമെന്നും പറയുന്നുണ്ട്. ഈ രണ്ടഭിപ്രായമനുസരിച്ചും ഈ വാക്കിന്റെ അര്‍ത്ഥം ‘നാം ആവര്‍ത്തിച്ച് വിവരിച്ചു’ എന്നായിരിക്കും. ഈ പദത്തിന് അങ്ങിനെയും അര്‍ത്ഥം വരാം. الله أعلم

25:51
  • وَلَوْ شِئْنَا لَبَعَثْنَا فِى كُلِّ قَرْيَةٍ نَّذِيرًا ﴾٥١﴿
  • നാം ഉദ്ദേശിച്ചിരുന്നുവെങ്കില്‍ എല്ലാ ഓരോ രാജ്യത്തിലും ഓരോ മുന്നറിയിപ്പുകാരനെ (പ്രവാചകനെ) നാം നിയോഗിക്കുമായിരുന്നു.
  • وَلَوْ شِئْنَا നാം ഉദ്ദേശിച്ചിരുന്നുവെങ്കില്‍ لَبَعَثْنَا നാം നിയോഗിക്കുമായിരുന്നു, അയക്കുമായിരുന്നു فِي كُلِّ قَرْيَةٍ എല്ലാ നാട്ടിലും, രാജ്യത്തും نَّذِيرًا ഓരോ താക്കീതുകാരനെ
25:52
  • فَلَا تُطِعِ ٱلْكَـٰفِرِينَ وَجَـٰهِدْهُم بِهِۦ جِهَادًا كَبِيرًا ﴾٥٢﴿
  • ആകയാല്‍, നീ അവിശ്വാസികളെ അനുസരിക്കരുത്, ഇത് (ഖുര്‍ആന്‍) കൊണ്ട് അവരോട് വലുതായ സമരം നടത്തുകയും ചെയ്തുകൊള്ളുക.
  • فَلَا تُطِعِ ആകയാല്‍ നീ അനുസരിക്കരുത് , വഴിപ്പെടരുത് الْكَافِرِينَ അവിശ്വാസികളെ وَجَاهِدْهُم അവരോട് സമരം നടത്തികൊള്ളുക بِهِ ഇതുകൊണ്ട് جِهَادًا സമരം كَبِيرًا വലുതായ

സാരം: നബിയേ, അവിശ്വാസികള്‍ക്ക്‌ നമ്മുടെ ശിക്ഷയെ താക്കീതുചെയ്യുന്ന പ്രവാചകന്‍മാരെ ഓരോ നാട്ടിലേക്കും പ്രത്യേകം പ്രത്യേകം അയക്കുവാന്‍ നാം ഉദ്ദേശിച്ചിട്ടില്ല. ഉദ്ദേശിച്ചിരുന്നുവെങ്കില്‍ അതൊട്ടും നമുക്കു പ്രയാസകരവുമല്ലായിരുന്നു. പക്ഷേ, എല്ലാ നാട്ടിലും, എല്ലാ ജനവിഭാഗത്തിനും താക്കീതു നല്‍കുവാനായിക്കൊണ്ട് തന്നെത്തന്നെ നിയോഗിക്കുവാനാണ് നാം ഉദ്ദേശിച്ചത്. ആ നിലക്ക് കുറേ വിഷമങ്ങള്‍ താന്‍ സഹിക്കേണ്ടതുണ്ടെങ്കിലും, അതിന് വമ്പിച്ച പ്രതിഫലവും തനിക്ക് നാം തയ്യാറാക്കിവെച്ചിട്ടുണ്ട്. അതുകൊണ്ട് ഈ അവിശ്വാസികളുടെ അഭീഷ്ടങ്ങള്‍ക്കൊന്നും വഴിപ്പെട്ടുകൊടുക്കാതെ, വിശുദ്ധ ഖുര്‍ആനുമായി അവരോട് സധീരം സമരം നടത്തിക്കൊള്ളുക.

മഴവെള്ളമാകുന്ന ഭൗതികാനുഗ്രഹത്തെ ഓര്‍മ്മിപ്പിച്ചതിനെത്തുടര്‍ന്ന് പ്രവാചകത്വമാകുന്ന ആത്മീയാനുഗ്രഹത്തെക്കുറിച്ചു പ്രസ്താവിക്കുന്നതില്‍ ഒരു സൂചന കാണാം: മഴവെള്ളം ഓരോ നാട്ടിലും വര്‍ഷിപ്പിച്ചുകൊണ്ടിരിക്കുന്നതുപോലെ, പ്രവാചകത്വത്തെയും എല്ലാ ഇടത്തിലും സദാ വര്‍ഷിപ്പിച്ചുകൊണ്ടിരിക്കുന്നതു ഈ ലോകപ്രകൃതി വ്യവസ്ഥകള്‍ക്ക് യോജിച്ചതല്ല എന്നത്രെ ആ സൂചന. അടുത്ത വചനത്തില്‍ നാലാമത്തെ ദൃഷ്ടാന്തത്തെക്കുറിച്ച് പ്രസ്താവിക്കുന്നു:-

25:53
  • وَهُوَ ٱلَّذِى مَرَجَ ٱلْبَحْرَيْنِ هَـٰذَا عَذْبٌ فُرَاتٌ وَهَـٰذَا مِلْحٌ أُجَاجٌ وَجَعَلَ بَيْنَهُمَا بَرْزَخًا وَحِجْرًا مَّحْجُورًا ﴾٥٣﴿
  • രണ്ട് സമുദ്രങ്ങളെ അയച്ചുവിട്ടവനും അവനത്രെ; ഇത് (ഒന്ന്) നല്ല സ്വച്ഛജലവും, അത് (മറ്റേത്) കയ്പായ ഉപ്പുജലവുമാകുന്നു. അവ രണ്ടിന്നുമിടയില്‍ ഒരു മറയും, ഭദ്രമായ ഒരു തടസ്സവും അവന്‍ ഏര്‍പ്പെടുത്തിയിരിക്കുന്നു.
  • وَهُوَ الَّذِي അവന്‍ തന്നെയാണ്, യാതൊരുവന്‍ مَرَجَ അവന്‍ അയച്ചുവിട്ടിരിക്കുന്നു الْبَحْرَيْنِ രണ്ടു സമുദ്രത്തെ هَـٰذَا ഇത് (ഒന്ന്) عَذْبٌ ശുദ്ധജലമാണ് فُرَاتٌ നല്ല ശുദ്ധമായ وَهَـٰذَا ഇത്, ഇതാകട്ടെ (മറ്റേത്) مِلْحٌ ഉപ്പാണ് أُجَاجٌ കഠിന ഉപ്പായ (കയ്പായ) وَجَعَلَ അവന്‍ ആക്കുകയും ചെയ്തു بَيْنَهُمَا ആ രണ്ടിനുമിടയില്‍ بَرْزَخًا ഒരു മറ وَحِجْرًا തടസ്സവും, മുടക്കവും مَّحْجُورًا തടസ്സപ്പെട്ട (ഭദ്രമായ)

‘രണ്ടു സമുദ്രങ്ങള്‍’ കൊണ്ട് വിവക്ഷിക്കപ്പെടുന്നത് രണ്ടുതരം ജലസമൂഹമാകുന്നു. ഒന്ന് ശുദ്ധജലം കുടിക്കുവാനും ദാഹം തീര്‍ക്കുവാനും പറ്റിയ ആസ്വാദ്യജലം. മറ്റേത് കഠിനമായ ഉപ്പുരസം നിമിത്തം കയ്പുള്ളതും കുടിക്കുവാന്‍ കൊള്ളാത്തതുമായ ജലം. പ്രകൃത്യാ തന്നെ ഈ വിരുദ്ധസ്വഭാവങ്ങളുള്ള രണ്ട് ജലങ്ങളും ഭൂമിയില്‍ ധാരാളം കാണാം. ബാഹ്യമായ ഒരു നിയന്ത്രണവും കൂടാതെ, അവ അന്യോന്യം തൊട്ടും കൂടിച്ചേര്‍ന്നും കൊണ്ടിരിക്കുന്നു. അങ്ങിനെ എത്രയോ കാലഘട്ടങ്ങള്‍ കഴിഞ്ഞുപോയിട്ടും, ഒരു വിഭാഗം മറ്റേതിനെ കടന്നാക്രമിച്ച്‌ പരാജയപ്പെടുത്തുകയോ, തന്നില്‍ ലയിപ്പിക്കുകയോ ചെയ്യുന്നില്ല. അഥവാ, ഉപ്പുജലം ഇല്ലാതായി പകരം ശുദ്ധജലം അതിന്റെ സ്ഥാനം കൈക്കലാക്കുകയോ, മറിച്ച് ഉപ്പുജലം അതിരുകടന്ന് ശുദ്ധജലം ഇല്ലാതാക്കുകയും ചെയ്യുന്നില്ല, ഏതോ ഒരു അദൃശ്യമഹാശക്തി അതിന് തടസ്സമായി നിലകൊള്ളുന്നു. അല്ലാഹുവിന്റെ അപാരമായ കഴിവ് (القدرة) ഒന്നുമാത്രമാണത്.

സത്യവിശ്വാസത്തിന്റെയും, അവിശ്വാസത്തിന്റെയും (الإيمان والكفر) ഇടക്കുള്ള അവസ്ഥയും ഇതുതന്നെ. ഒന്ന് മറ്റേതില്‍ ലയിക്കുന്നതല്ല. അല്ലാഹുവിന്റെ മാര്‍ഗ്ഗത്തിലുള്ള സമരമനസ്ഥിതിയാകുന്ന മറ സത്യവിശ്വാസികളില്‍ നിലനില്‍ക്കുന്ന കാലത്തോളം, സത്യവിശ്വാസമാകുന്ന ശുദ്ധജലസമുദ്രവും, അവിശ്വാസമാകുന്ന ഉപ്പുജലസമുദ്രവും തമ്മില്‍ സംയോജനം സാധ്യമല്ല. അഞ്ചാമത്തെ ദൃഷ്ടാന്തം ഇതാകുന്നു:-

25:54
  • وَهُوَ ٱلَّذِى خَلَقَ مِنَ ٱلْمَآءِ بَشَرًا فَجَعَلَهُۥ نَسَبًا وَصِهْرًا ۗ وَكَانَ رَبُّكَ قَدِيرًا ﴾٥٤﴿
  • അവന്‍തന്നെയാണ്, മനുഷ്യനെ ജലത്തില്‍ നിന്നു സൃഷ്ടിച്ച് അവനെ വംശബന്ധവും, വൈവാഹികബന്ധവും (ഉള്ളവന്‍) ആക്കിയിരിക്കുന്നവനും, നിന്റെ രക്ഷിതാവ് (എല്ലാ കാര്യത്തിനും) കഴിവുള്ളവനാകുന്നു.
  • وَهُوَ الَّذِي അവന്‍തന്നെയാണ്, യാതൊരുവന്‍ خَلَقَ അവന്‍ സൃഷ്ടിച്ചു مِنَ الْمَاءِ ജലത്തില്‍നിന്നു, ജലത്താല്‍ بَشَرًا മനുഷ്യനെ فَجَعَلَهُ എന്നിട്ട് അവനെ ആക്കി نَسَبًا വംശബന്ധം, കുലബന്ധം وَصِهْرًا വൈവാഹിക ബന്ധവും وَكَانَ ആകുന്നു رَبُّكَ നിന്റെ രക്ഷിതാവ് قَدِيرًا കഴിവുള്ളവന്‍ (സര്‍വ്വശക്തന്‍)

ജലവംശത്തില്‍പ്പെട്ട ഒരു പ്രത്യേക ഇനമാകുന്ന മനുഷ്യബീജത്തെയാണ്‌ ഇവിടെ ‘ജലം’ (الْمَاء) കൊണ്ട് ഉദ്ദേശിക്കുന്നത്. തീ, വെള്ളം, മണ്ണ്, വായു, ജീവന്‍ എന്നീ പഞ്ചഭൂതങ്ങളില്‍ ഒന്നായ വെള്ളമാണ് ഉദ്ദേശ്യമെന്നും വരാവുന്നതാണ്.

മനുഷ്യര്‍ തമ്മില്‍ സ്ഥിരബന്ധം ഉണ്ടായിത്തീരുന്നത് രണ്ട് വിധത്തിലാണ്. ഒന്ന് കുലത്തിന്റെയും, വംശത്തിന്റെയും അടിസ്ഥാനത്തില്‍. ഒരാളുടെ പിതൃപരമ്പരയും, ഗോത്രപ്പേരും കണക്കാക്കുന്നത് ഈ ബന്ധത്തെ ആസ്പദമാക്കിയാണ്. മറ്റൊന്ന് വിവാഹത്താല്‍ ഉളവാകുന്ന ബന്ധുത്വത്തിന്റെ അടിസ്ഥാനത്തില്‍. വേറൊരു തരത്തില്‍ പറഞ്ഞാല്‍, പുരുഷന്‍ വഴിക്കും സ്ത്രീ വഴിക്കുമാണ് മനുഷ്യര്‍ തമ്മില്‍ ബന്ധുക്കളാവുന്നത്. ഒരേ ബീജത്തില്‍ നിന്ന് സൃഷ്ടിക്കപ്പെട്ട മനുഷ്യന്‍ ഇങ്ങിനെ രണ്ട് വിഭാഗമായതും, ഓരോ വിഭാഗത്തിലെ വ്യക്തികള്‍ പരസ്പരം വ്യത്യസ്തമായ ആകൃതിയിലും പ്രകൃതിയിലുമായതും അല്ലാഹുവിന്റെ മഹാശക്തിയുടെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതുതന്നെ. ഒരേ പിതാവില്‍നിന്നും, ഒരേ മാതാവില്‍നിന്നുമായി ഉത്ഭവിച്ചു തുടങ്ങിയ മനുഷ്യവംശം ക്രമേണ പെറ്റു പെരുകിപ്പെരുകി കോടാനുകോടികളായിത്തീര്‍ന്നതും അതിന്റെ ദൃഷ്ടാന്തം തന്നെ.

25:55
  • وَيَعْبُدُونَ مِن دُونِ ٱللَّهِ مَا لَا يَنفَعُهُمْ وَلَا يَضُرُّهُمْ ۗ وَكَانَ ٱلْكَافِرُ عَلَىٰ رَبِّهِۦ ظَهِيرًا ﴾٥٥﴿
  • അല്ലാഹുവിനു പുറമെ, തങ്ങള്‍ക്കു ഉപകാരം ചെയ്യാത്തതും, ഉപദ്രവം ചെയ്യാത്തതുമായ വസ്തുവെ അവര്‍ ആരാധിക്കുന്നു! അവിശ്വാസി, തന്റെ രക്ഷിതാവിനെതിരായി (ദുര്‍മ്മാര്‍ഗത്തിന്) പിന്‍തുണ നല്‍കുന്നവനായിരിക്കുകയാണ്.
  • وَيَعْبُدُونَ അവര്‍ ആരാധിക്കുന്നു مِن دُونِ اللَّـهِ അല്ലാഹുവിനു പുറമെ مَا لَا يَنفَعُهُمْ അവര്‍ക്കു ഉപകാരം ചെയ്യാത്തതിനെ وَلَا يَضُرُّهُمْ അവര്‍ക്കു ഉപദ്രവവും ചെയ്യാത്ത وَكَانَ الْكَافِرُ അവിശ്വാസിയാകുന്നു, ആയിരിക്കുന്നു عَلَىٰ رَبِّهِ തന്റെ രക്ഷിതാവിന്റെ മേല്‍ (എതിരില്‍) ظَهِيرًا പിന്‍തുണ നല്‍കുന്നവന്‍, പിന്‍തുണക്കാരന്‍
25:56
  • وَمَآ أَرْسَلْنَـٰكَ إِلَّا مُبَشِّرًا وَنَذِيرًا ﴾٥٦﴿
  • (നബിയേ) സന്തോഷവാര്‍ത്ത അറിയിക്കുവാനും, (താക്കീത് നല്‍കുന്ന) മുന്നറിയിപ്പുകാരനുമായിട്ടല്ലാതെ നിന്നെ നാം അയച്ചിട്ടില്ല.
  • وَمَا أَرْسَلْنَاكَ നിന്നെ നാം അയച്ചിട്ടില്ല إِلَّا مُبَشِّرًا സന്തോഷവാര്‍ത്ത അറിയിക്കുന്നവനായിട്ടല്ലാതെ وَنَذِيرًا താക്കീതുകാരനും, മുന്നറിയിപ്പു നല്‍കുന്നവനും
25:57
  • قُلْ مَآ أَسْـَٔلُكُمْ عَلَيْهِ مِنْ أَجْرٍ إِلَّا مَن شَآءَ أَن يَتَّخِذَ إِلَىٰ رَبِّهِۦ سَبِيلًا ﴾٥٧﴿
  • പറയുക: 'ഇതിന്റെ [ഈ ദൗത്യനിര്‍വ്വഹണത്തിന്റെ] പേരില്‍ ഞാന്‍ നിങ്ങളോട് യാതൊരു പ്രതിഫലവും ചോദിക്കുന്നില്ല; ആരെങ്കിലും തന്റെ രക്ഷിതാവിങ്കലേക്ക് ഒരു മാര്‍ഗ്ഗമുണ്ടാക്കിവെക്കുവാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ (അതു ചെയ്തുകൊള്ളട്ടെ) എന്നല്ലാതെ.
  • قُلْ പറയുക مَا أَسْأَلُكُمْ ഞാന്‍ നിങ്ങളോടു ചോദിക്കുന്നില്ല, ആവശ്യപ്പെടുന്നില്ല عَلَيْهِ അതിന്റെ പേരില്‍, അതിന് مِنْ أَجْرٍ ഒരു പ്രതിഫലവും, (കൂലിയുടെ ഇനത്തില്‍പ്പെട്ട ഒന്നും) إِلَّا ഒഴികെ مَن شَاءَ ആരെങ്കിലും ഉദ്ദേശിച്ചാല്‍ (ചെയ്യട്ടെ) أَن يَتَّخِذَ ഉണ്ടാക്കുവാന്‍, ഏര്‍പ്പെടുത്തുവാന്‍ إِلَىٰ رَبِّهِ തന്റെ റബ്ബിങ്കലേക്കു سَبِيلًا വല്ല മാര്‍ഗ്ഗവും, ഒരു വഴി

ഒരു വസ്തുവെ ആരാധിക്കുന്നപക്ഷം, അതുമൂലം എന്തെങ്കിലും ഒരു ഗുണം പ്രതീക്ഷിക്കുവാനുണ്ടായിരിക്കണം. അല്ലെങ്കില്‍, അതിനെ ആരാധിക്കാത്തതുകൊണ്ട് ഏതെങ്കിലും ഒരു ദോഷം ബാധിക്കുവാനുണ്ടാകണം. രണ്ടുമില്ലാത്ത വസ്തുക്കളെ ആരാധിക്കുന്നത് വിഡ്ഢിത്തമല്ലാതെ മറ്റെന്താണ്?! എന്നിട്ടും, ഈ അവിശ്വാസികള്‍ ചെയ്യുന്നത് അതാണ്‌. സൃഷ്ടാവും, പരിപാലകനും, പരമകാരുണികനുമായ അല്ലാഹുവിന്റെ – മുകളില്‍ പ്രസ്താവിച്ചതുപോലെയുള്ള – എത്രയോ അനുഗ്രഹങ്ങള്‍ ആസ്വദിച്ചും, കണക്കറ്റ ദൃഷ്ടാന്തങ്ങള്‍ കണ്ടുംകൊണ്ടു തന്നെയാണ് അവരും ജീവിക്കുന്നത്. അതെല്ലാം അഗണ്യകോടിയില്‍ തള്ളിക്കളഞ്ഞ് അല്ലാഹുവിനെതിരില്‍, പിശാചിന്റെയും, അവന്റെ കക്ഷിക്കാരുടെയും പക്ഷത്തുചേര്‍ന്ന് അവരുടെ മാര്‍ഗ്ഗത്തില്‍ സമരം നടത്തിക്കൊണ്ട് അവര്‍ക്ക് പിന്‍തുണ നല്‍കുകയാണ് അവിശ്വാസികളുടെ ജോലി.

ബലം പ്രയോഗിച്ച് നിര്‍ബ്ബന്ധപൂര്‍വ്വം ജനങ്ങളെ തൗഹീദിലേക്ക് കൊണ്ടുവരുവാന്‍ നബി (صلّى الله عليه وسلّم) നിയോഗിക്കപ്പെട്ടിട്ടില്ല. വിശ്വസിച്ചവര്‍ക്ക് അല്ലാഹുവിങ്കല്‍ അതിമഹത്തായ പ്രതിഫലമുണ്ടെന്ന സന്തോഷവാര്‍ത്ത അറിയിക്കുവാനും, നിഷേധിച്ചവര്‍ക്ക് അതികഠിനമായ ശിക്ഷയുണ്ടെന്ന മുന്നറിയിപ്പ് നല്‍കി താക്കീത് ചെയ്‌വാനുമാണ് അവിടുന്ന് നിയോഗിക്കപ്പെട്ടിരിക്കുന്നത്. അതില്‍ കവിഞ്ഞ് നബി (صلّى الله عليه وسلّم) ഒന്നും ചെയ്യേണ്ടതില്ലെന്ന് 56-ാം വചനം ചൂണ്ടിക്കാട്ടുന്നു. അല്ലാഹുവിന്റെ കാരുണ്യവും പ്രീതിയും ലഭിക്കുവാനും, അവന്റെ സാമീപ്യം സമ്പാദിക്കുവാനും ആര്‍ക്കെങ്കിലും ഉദ്ദേശമുണ്ടെങ്കില്‍ അവരത് ചെയ്തുകൊള്ളുവാന്‍ നബി (صلّى الله عليه وسلّم) തിരുമേനി ആവശ്യപ്പെടുന്നത് വാസ്തവമാണ്. ഈ ആവശ്യാര്‍ത്ഥം ദാനധര്‍മ്മങ്ങള്‍ തുടങ്ങിയ സല്‍ക്കര്‍മ്മങ്ങള്‍ ചെയ്‌വാന്‍ അവിടുന്ന് ഉപദേശിക്കുന്നുമുണ്ട്‌. അതാണവിടുന്ന്‍ ചെയ്യേണ്ടതും, ഇതല്ലാതെ – എത്രയോ കഷ്ടനഷ്ടങ്ങള്‍ അനുഭവിച്ചുകൊണ്ട്‌ അവിടുന്ന് നിര്‍വ്വഹിച്ചു വരുന്ന പ്രബോധനത്തിന്റെ പേരില്‍ – എന്തെങ്കിലും ഒരു പ്രതിഫലമോ, സ്വാര്‍ത്ഥമോ തിരുമേനി (صلّى الله عليه وسلّم) ആഗ്രഹിക്കുന്നില്ല. അങ്ങിനെ വല്ല ആവശ്യവും പ്രകടിപ്പിക്കുന്നുണ്ടെങ്കില്‍, അദ്ദേഹത്തെ അനുസരിക്കാതിരിക്കുന്നതില്‍ ജനങ്ങള്‍ക്കൊരു ന്യായം പറയുവാനുണ്ടായിരുന്നു. ഈ വസ്തുത അവരെ ഓര്‍മ്മപ്പെടുത്തുവാനാണ് 57-ാം വചനം നബി (صلّى الله عليه وسلّم) യെ ഉപദേശിക്കുന്നത്. തുടര്‍ന്നുള്ള വചനം തിരുമേനി (صلّى الله عليه وسلّم)ക്ക് കൂടുതല്‍ മനശ്ശാന്തിയും ധൈര്യവും നല്‍കുന്നു –

25:58
  • وَتَوَكَّلْ عَلَى ٱلْحَىِّ ٱلَّذِى لَا يَمُوتُ وَسَبِّحْ بِحَمْدِهِۦ ۚ وَكَفَىٰ بِهِۦ بِذُنُوبِ عِبَادِهِۦ خَبِيرًا ﴾٥٨﴿
  • (നബിയേ) മരണം ബാധിക്കാത്ത സജീവനായുള്ളവനില്‍ (കാര്യങ്ങളെ) ഭരമേല്‍പിക്കുകയും ചെയ്തുകൊള്ളുക. അവന് സ്തോത്രം ചെയ്യുന്നതോടെ കീര്‍ത്തനവും ചെയ്യുക. തന്റെ അടിയാന്‍മാരുടെ പാപങ്ങളെക്കുറിച്ച് സൂക്ഷ്മജ്ഞനായി അവന്‍ തന്നെ മതി!
  • وَتَوَكَّلْ നീ ഭരമേല്‍പിക്കുകയും ചെയ്യുക عَلَى الْحَيِّ സജീവനായുള്ളവനില്‍, ജീവിചിരിക്കുന്നവന്റെ മേല്‍ الَّذِي لَا يَمُوتُ മരണപ്പെടാത്തവനായ وَسَبِّحْ നീ കീര്‍ത്തനവും ചെയ്യുക, തസ്ബീഹു നടത്തുകയും ചെയ്യുക بِحَمْدِهِ അവനു സ്തോത്രം ചെയ്യുന്നതോടെ, സ്തുതിച്ചുകൊണ്ടും وَكَفَىٰ بِهِ അവന്‍ മതി بِذُنُوبِ പാപങ്ങളെപ്പറ്റി, കുറ്റങ്ങളെക്കുറിച്ചു عِبَادِهِ തന്റെ അടിയാന്‍മാരുടെ خَبِيرًا സൂക്ഷ്മജ്ഞാനിയായിട്ടു
25:59
  • ٱلَّذِى خَلَقَ ٱلسَّمَـٰوَٰتِ وَٱلْأَرْضَ وَمَا بَيْنَهُمَا فِى سِتَّةِ أَيَّامٍ ثُمَّ ٱسْتَوَىٰ عَلَى ٱلْعَرْشِ ۚ ٱلرَّحْمَـٰنُ فَسْـَٔلْ بِهِۦ خَبِيرًا ﴾٥٩﴿
  • ആകാശങ്ങളും, ഭൂമിയും, അവയ്ക്കിടയിലുള്ളതും ആറ് ദിവസങ്ങളിലായി സൃഷ്ടിച്ചിട്ടുള്ളവനത്രെ (അവന്‍). പിന്നീട്, അവന്‍ 'അര്‍ശി'ല്‍ [സിംഹാസനത്തില്‍] ആരോഹണം ചെയ്തു. (അവന്‍) പരമകാരുണികന്‍! ആകയാല്‍, അതിനെക്കുറിച്ച് സൂക്ഷ്മജ്ഞാനിയായ ഒരുവനോട് ചോദിച്ചുകൊള്ളുക.
  • الَّذِي خَلَقَ സൃഷ്‌ടിച്ചവനാണ് السَّمَاوَاتِ ആകാശങ്ങളെ وَالْأَرْضَ ഭൂമിയെയും وَمَا بَيْنَهُمَا അവ രണ്ടിനുമിടയ്ക്കുള്ളതും فِي سِتَّةِ أَيَّامٍ ആറുദിവസങ്ങളില്‍ ثُمَّ പിന്നെ اسْتَوَىٰ അവന്‍ ആരോഹണം ചെയ്തു, ശരിപ്പെട്ടു عَلَى الْعَرْشِ സിംഹാസനത്തില്‍, രാജപീഠത്തിന്‍മേല്‍ الرَّحْمَـٰنُ പരമകാരുണികനാണ് فَاسْأَلْ ആകയാല്‍ (എന്നാല്‍) ചോദിക്കുക بِهِ അവനെപ്പറ്റി, ഇതിനെക്കുറിച്ചു خَبِيرًا ഒരു സൂക്ഷ്മജ്ഞാനിയോടു

അവിശ്വാസികളുടെ എതിര്‍പ്പുകളിലും, നിഷേധത്തിലും അക്ഷമനാകാതെ,എല്ലാം അല്ലാഹുവില്‍ ഭരമേല്‍പിച്ച്, സ്ഥിരചിത്തനായിരുന്നുകൊള്ളുവാന്‍ നബി (صلّى الله عليه وسلّم)യെ ഉപദേശിക്കുന്നു. ഭരമേല്‍പിക്കപ്പെടുന്നതിനാസ്പദമായ അവന്റെ ചില ഗുണവൈശിഷ്ട്യങ്ങളും അതോടൊപ്പം എടുത്തു പറഞ്ഞിരിക്കുന്നു: 1) അവന്‍ ഒരിക്കലും മരണം ബാധിക്കാത്തവനും, എന്നെന്നും ജീവിച്ചിരിക്കുന്നവനുമാണ്. 2) അവന്‍ തന്റെ അടിയാന്‍മാരുടെ – അവന്റെ അടിയാന്‍മാരല്ലാതെ ഒരാളും ഇല്ലതാനും – പ്രവര്‍ത്തനങ്ങളെക്കുറിച്ച് സസൂക്ഷ്മം അറിയുന്നവനാണ് അഥവാ, അതിനെപ്പറ്റി വേണ്ടുന്ന നടപടികള്‍ എടുക്കുവാന്‍ മറ്റാരുടെയെങ്കിലും തെളിവോ, സഹായമോ, മാദ്ധ്യസ്ഥമോ, ഇടപെടലോ ഒന്നും തന്നെ അവന് ആവശ്യമില്ല. 3) ആകാശഭൂമികളടക്കമുള്ള സകല വസ്തുവിന്റെയും സൃഷ്ടാവും സിംഹാസനാധിപതിയും അവനാണ്. എന്നിരിക്കെ മറ്റാരിലും ഭരമേല്‍പിക്കുന്നതില്‍ യാതൊരു പ്രയോജനവുമില്ല.

‘അവന്‍ ‘അര്‍ശി’ല്‍ ആരോഹണം ചെയ്തു (اسْتَوَىٰ عَلَى الْعَرْشِ) എന്ന് പറഞ്ഞതിനെ സംബന്ധിച്ച് സൂ: ത്വാഹാ 5-ന്റെ വിവരണത്തില്‍ നാം പ്രസ്താവിച്ചിട്ടുണ്ട്. ആറ് ദിവസങ്ങളിലാണ് ആകാശഭൂമികളെ സൃഷ്ടിച്ചതെന്ന് ഖുര്‍ആന്‍ ഒന്നിലധികം സ്ഥലത്ത് പ്രസ്താവിച്ചിരിക്കുന്നു. ഒരു രാവും പകലും ചേര്‍ന്ന 24 മണിക്കൂര്‍ സമയത്തിനാണ് നാം സാധാരണ ‘ദിവസം’ (يَوْمٌ) എന്ന് പറയുന്നത്. തികച്ചും, ഈ അര്‍ത്ഥത്തിലുള്ള ദിവസങ്ങള്‍, ആകാശഭൂമികളെ സൃഷ്ടിക്കുകയും, നിലവിലുള്ള ഈ വ്യവസ്ഥ നല്‍കിക്കഴിയുകയും ചെയ്യുന്നതിന് മുമ്പ് ഉണ്ടായിരിക്കയില്ലല്ലോ. ‘നിങ്ങള്‍ എണ്ണിവരുന്ന ആയിരം കൊല്ലത്തിന് സമമാണ് നിന്റെ റബ്ബിന്റെ അടുക്കല്‍ ഒരു ദിവസം وَإِنَّ يَوْمًا عِندَ رَبِّكَ كَأَلْفِ سَنَةٍ مِّمَّا تَعُدُّونَ : سورة الحج : ٤٧ എന്ന് സൂ: ഹജ്ജില്‍ പറയുന്നു. (ഇതിന്റെ വിവരണം അവിടെ നോക്കുക). അന്ത്യനാളിനെക്കുറിച്ച് ‘അമ്പതിനായിരം കൊല്ലത്തെ അളവിലുള്ള ഒരു ദിവസം (فِي يَوْمٍ كَانَ مِقْدَارُهُ خَمْسِينَ أَلْفَ سَنَةٍ : سورة المعارج :٤) എന്ന് ഒരിടത്ത് ഖുര്‍ആന്‍ പ്രസ്താവിച്ചിട്ടുണ്ട്. ഇതേ നാളിനെ ഉദ്ദേശിച്ച് ‘അന്ത്യദിനം (اَلْيَوْمُ الأخِر) എന്നും പറയുന്നു. ‘ആകാശഭൂമികളെ സൃഷ്‌ടിച്ച ദിവസം തന്നെ, അല്ലാഹുവിന്റെ നിശ്ചയത്തില്‍ മാസങ്ങളുടെ എണ്ണം പന്ത്രണ്ടാണ്’: (إِنَّ عِدَّةَ الشُّهُورِ عِندَ اللَّـهِ اثْنَا عَشَرَ شَهْرًا …الح : سورة التوبة : ٣٦) എന്നും ഖുര്‍ആന്‍ പറയുന്നു.

അപ്പോള്‍, 24 മണിക്കൂര്‍ സമയം എന്നോ, നമ്മുടെ രാവും പകലും ചേര്‍ന്ന സമയമെന്നോ ഉള്ള അര്‍ത്ഥത്തിലല്ല ഇവിടെ ‘ആറു ദിവസങ്ങള്‍’ (سِتَّةِ أَيَّامٍ) എന്ന് പ്രസ്താവിച്ചതെന്ന് ഇതില്‍ നിന്നെല്ലാം വ്യക്തമാണ്. ആകാശഭൂമികളുടെ ഉല്പത്തിയെക്കുറിച്ച് ശാസ്ത്രത്തിന്റെ അഭിപ്രായങ്ങള്‍ നോക്കുമ്പോള്‍, ലക്ഷക്കണക്കിലോ, കോടിക്കണക്കിലോ ഉള്ള കാലംകൊണ്ടാണവ ഇന്നത്തെ നിലയില്‍ വന്നിട്ടുള്ളതെന്ന് കാണുന്നു. ഈ നീണ്ട കാലഘട്ടങ്ങളില്‍, വ്യത്യസ്തങ്ങളായ, ആറു ഉപകാലഘട്ടങ്ങള്‍ കഴിഞ്ഞിട്ടുണ്ടെന്നും ശാസ്ത്രജ്ഞന്‍മാര്‍ക്കഭിപ്രായമുണ്ട്. ശാസ്ത്രീയാഭിപ്രായങ്ങള്‍ ഒരിക്കലും മാറാത്ത ഉറച്ച അഭിപ്രായങ്ങളല്ല. എങ്കിലും, പ്രസ്തുത അഭിപ്രായങ്ങള്‍ ഖുര്‍ആന്‍ ആവര്‍ത്തിച്ചു ചെയ്തിട്ടുള്ള ഈ പ്രസ്താവനക്ക് വിരുദ്ധമാകുന്നില്ല എന്നുമാത്രം. അല്ലാഹു അതുകൊണ്ട് യഥാര്‍ത്ഥത്തില്‍ ഉദ്ദേശിച്ചിട്ടുള്ളതെന്താണെന്ന് സൂക്ഷ്മമായി പറയുവാന്‍ നമുക്ക് സാധ്യമല്ല.

59-ാം വചനത്തിന്റെ അന്ത്യത്തില്‍ ‘സൂക്ഷ്മജ്ഞാനിയായ ഒരുവനോട് അതിനെപ്പറ്റി ചോദിച്ചുകൊള്ളുക’ (فَاسْأَلْ بِهِ خَبِيرًا) എന്നുള്ള വാക്യം വളരെ ശ്രദ്ധാര്‍ഹവും അര്‍ത്ഥവത്തും ആകുന്നു. കൂടുതല്‍ വിവരമുള്ള വല്ല മനുഷ്യനോടും ചോദിച്ചറിയുവാനുള്ള ഒരാഹ്വാനമല്ല ഇത്. ആകാശഭൂമികളുടെ സൃഷ്ടിയെക്കുറിച്ചും, അല്ലാഹുവിന്റെ സൃഷ്ടിമാഹാത്മ്യത്തെക്കുറിച്ചും സൂക്ഷ്മമായി അറിയുന്നവന്‍ അവന്‍ ഒരുവന്‍ മാത്രാമാണുള്ളതെന്നും, അതിനെപ്പറ്റി ശരിക്കുശരിയും സസ്സൂക്ഷ്മവുമായ അറിവ് അവനില്‍നിന്നല്ലാതെ അന്വേഷിച്ചിട്ടു ഫലമില്ലെന്നുമാണ് ആ വാക്യത്തിന്റെ താല്‍പര്യം. അപ്പോള്‍, സത്യവിശ്വാസിയായ ഏതൊരുവനും, ഖുര്‍ആന്റെ വ്യക്തമായ പ്രസ്താവനക്കെതിരായ ശാസ്ത്രീയസിദ്ധാന്തത്തില്‍ വിശ്വസിക്കുവാന്‍ നിവൃത്തിയില്ല. ഖുര്‍ആന്റെ വ്യക്തമായ പ്രസ്താവനയോട് ഒപ്പിച്ചുകൊണ്ട് ആ സിദ്ധാന്തത്തിന് വ്യാഖ്യാനം നല്‍കുകയല്ലാതെ, അതിനൊപ്പിച്ച്‌ ഖുര്‍ആനെ വ്യാഖ്യാനിക്കുന്നത് ന്യായവും യുക്തവുമല്ല. ഖുര്‍ആന്റെ വാക്യങ്ങള്‍ സ്പഷ്ടമായി കാട്ടിത്തരുന്ന പരിധി തെറ്റാതെ, കൂടുതല്‍ അറിവിനായി പരിശ്രമിക്കുകയും, ‘റബ്ബേ! എനിക്ക് അറിവ് വര്‍ദ്ധിപ്പിച്ചു തരേണമേ!’ (رَبِّ زِدْنِي عِلْمًا) എന്ന് നമുക്ക് പ്രാര്‍ത്ഥിക്കുകയും ചെയ്യാം.

ആകാശഭൂമികളുടെയും, അവയിലുള്ള സര്‍വ്വവസ്തുക്കളുടെയും സൃഷ്ടാവും, സിംഹാസനാധിപതിയുമാണ് അല്ലാഹു എന്നിരിക്കുമ്പോള്‍, അവന്‍ അവയുടെ സര്‍വ്വാധിപതിയും ഏകാധിപതിയുമായിരിക്കുക സ്വാഭാവികമാണ്. അതേ സമയത്ത് അവന്‍ പരമകാരുണികനും (الرَّحْمَـٰنُ) ആകുന്നുവെന്ന്‍ ഉണര്‍ത്തുന്നു. പാപികളായുള്ളവര്‍ക്ക് പശ്ചാത്തപിച്ച്‌ മടങ്ങുവാനും, പുണ്യവാന്‍മാര്‍ക്ക് കൂടുതല്‍ ആവേശവും, പ്രോത്സാഹനവും വര്‍ദ്ധിക്കുവാനും വേണ്ടിയാണത്. എന്നാല്‍, അവിശ്വാസികളെ സംബന്ധിച്ചിടത്തോളം ഇതിലും ഒരു ആശയക്കുഴപ്പം! അതാണ്‌ അടുത്ത വചനത്തില്‍ അല്ലാഹു ചൂണ്ടിക്കാട്ടുന്നത്.

25:60
  • وَإِذَا قِيلَ لَهُمُ ٱسْجُدُوا۟ لِلرَّحْمَـٰنِ قَالُوا۟ وَمَا ٱلرَّحْمَـٰنُ أَنَسْجُدُ لِمَا تَأْمُرُنَا وَزَادَهُمْ نُفُورًا ۩ ﴾٦٠﴿
  • നിങ്ങള്‍ 'റഹ്മാന്നു' (പരമകാരുണികനായുള്ളവന്നു) 'സുജൂദ്' (വണക്കം) ചെയ്യുവിന്‍ എന്ന് അവരോട് പറയപ്പെട്ടാല്‍ അവര്‍ പറയും: 'എന്താണ് റഹ്മാന്‍'?! നീ ഞങ്ങളോട് കല്‍പിക്കുന്നതിന് ഞങ്ങള്‍ 'സുജൂദ്' ചെയ്യുകയോ?!' അത് [ആ വാക്ക്] അവര്‍ക്ക് വെറുപ്പ്‌ അധികരിപ്പിക്കുകയും ചെയ്യുന്നതാണ്.
  • وَإِذَا قِيلَ പറയപ്പെട്ടാല്‍ لَهُمُ അവരോടു اسْجُدُوا നിങ്ങള്‍ സുജൂദു (വണക്കം, സാഷ്ടാംഗ നമസ്കാരം) ചെയ്യുവിന്‍, തല കുനിക്കുവിന്‍ لِلرَّحْمَـٰنِ റഹ്മാന്നു (പരമകാരുണികന്) قَالُوا അവര്‍ പറയും, പറയുന്നു وَمَا الرَّحْمَـٰنُ എന്താണു റഹ്മാന്‍, ഏതാണു പരമകാരുണികന്‍ أَنَسْجُدُ ഞങ്ങള്‍ സുജൂദു ചെയ്കയോ لِمَا تَأْمُرُنَا നീ ഞങ്ങളോടു കല്‍പിക്കുന്നതിനു وَزَادَهُمْ അതവര്‍ക്കു വര്‍ദ്ധിപ്പിക്കുകയും ചെയ്യും نُفُورًا വെറുപ്പ്‌, അറപ്പ്, മിരട്ട്

ഈ ആയത്ത് ഓതിയാല്‍ ഓത്തിന്റെ സുജൂദ് ചെയ്യേണ്ടതാകുന്നു.

അല്ലാഹുവിന്റെ മഹല്‍ഗുണങ്ങളെ വിശേഷിപ്പിക്കുന്ന പല തിരുനാമങ്ങളില്‍ ഒന്നാണ് ‘റഹ്മാന്‍’ (الرَّحْمَـٰنُ) എന്ന നാമവും, ‘അല്ലാഹു’ (الله) എന്ന നാമത്തെക്കഴിച്ചാല്‍ ഇതിനാണ് ഖുര്‍ആനില്‍ മറ്റേതിനേക്കാളും പ്രാധാന്യം കല്‍പിച്ചു കാണുന്നത്. അവന്റെ അപാരമായ കൃപാകടാക്ഷത്തെയും അതിയായ ദയാശീലത്തെയും അത് ദ്യോതിപ്പിക്കുന്നു. പരമകാരുണികന്‍ എന്നാണല്ലോ അതിന്റെ അര്‍ത്ഥം. എല്ലാവരും അല്ലാഹുവിന്റെ കാരുണ്യത്തില്‍ ആവേശവും മോഹവും ഉള്ളവരായിരിക്കണമെന്നും, ഏതു മഹാപാപിയായിരുന്നാലും അവന്‍ പശ്ചാത്തപിക്കുന്നപക്ഷം, നിരാശപ്പെടേണ്ടതില്ലെന്നും, ഓര്‍മ്മിപ്പിക്കുവാനാണ് ഇതുപോലെയുള്ള പല സന്ദര്‍ഭങ്ങളിലും – സ്വതന്ത്രനാമമായി കൊണ്ടും, അല്ലാഹു എന്ന നാമത്തിന്റെ വിശേഷണമായിക്കൊണ്ടും – ‘റഹ്മാന്‍’ എന്ന് ഉപയോഗിക്കപ്പെടുന്നത്.

അറബികളെ സംബന്ധിച്ചിടത്തോളം അവര്‍ക്ക് ഈ നാമത്തിന്റെ അര്‍ത്ഥം അറിയാമെങ്കിലും, അല്ലാഹുവിന്റെ നാമമായി അതിനെ ഉപയോഗിക്കുന്നത് അവര്‍ക്ക് സുപരിചിതമല്ലായിരുന്നു. അതുകൊണ്ടാണ് ‘റഹ്മാന്നു സുജൂദ് ചെയ്യുവിന്‍’ എന്ന് അവരോട് പറയപ്പെട്ടപ്പോള്‍ അവര്‍ ‘എന്താണ് റഹ്മാന്‍’ എന്നു ചോദിക്കുവാന്‍ കാരണമെന്നത്രെ പല ഖുര്‍ആന്‍ വ്യാഖ്യാതാക്കളും പ്രസ്താവിക്കുന്നത്. ഹുദൈബ്ബിയ്യായിലെ സന്ധിപത്രത്തിന്റെ ആരംഭത്തില്‍ ‘ബിസ്മില്ലാഹിറഹ്മാനി റഹീം’ എന്നെഴുതുവാന്‍ നബി (صلّى الله عليه وسلّم) എഴുത്തുകാരനോട്‌ പറഞ്ഞുകൊടുത്തപ്പോള്‍, ഖുറൈശികള്‍ അതിന് വിസമ്മതിക്കുകയുണ്ടായി. അവര്‍ പറഞ്ഞു: ‘ഞങ്ങള്‍ക്ക് റഹ്മാനും റഹീമും പരിചയമില്ല. (പഴയ പതിവനുസരിച്ച്) മുമ്പ് എഴുതാറുള്ളതുപോലെ ‘ബിസ്മികല്ലാഹുമ്മ’ (باسمك اللهم = അല്ലാഹുവേ നിന്റെ നാമത്തില്‍) എന്നെഴുതണം.’ ഇതേ കാരണം – ഈ പേര്‍ അല്ലാഹുവിനും ഉപയോഗിക്കുക പതിവില്ലായ്ക – തന്നെയാണ് ഇവിടെയും അവര്‍ ‘റഹ്മാന്‍’ എന്താണ്’ എന്ന് ചോദിച്ചതെന്ന് ഇബ്നു കഥീറും (رحمة الله عليه) പ്രസ്താവിച്ചിരിക്കുന്നു.

മൂസാ (عليه الصلاة والسلام) നബിയോട് ഫിര്‍ഔന്‍ ‘എന്താണ് ലോകരക്ഷിതാവ്?!’ (قَالَ فِرْعَوْنُ وَمَا رَبُّ الْعَالَمِينَ:سورة الشعراء:٢٣) എന്ന് ചോദിക്കുകയുണ്ടായതു പോലെ, അഹങ്കാരപൂര്‍വ്വം മുശ്രിക്കുകള്‍ ചോദിച്ചതാണ് ഇതെന്ന് വേറൊരു കൂട്ടര്‍ അഭിപ്രായപ്പെടുന്നു. മറ്റുചിലര്‍ പറയുന്നതിങ്ങിനെയാകുന്നു: ‘അല്ലാഹുവിനെ ഒരു ക്രൂരനും കഠിനനുമായിട്ടല്ലാതെ – കാരുണ്യവാനായും ദയാലുവായും പൗരാണികജനങ്ങള്‍ മനസ്സിലാക്കിയിരുന്നില്ല, പരമകാരുണികന്‍ എന്നര്‍ത്ഥമായ ‘റഹ്മാന്‍’ എന്ന പേര്‍ കേട്ടപ്പോള്‍ അവര്‍ക്കത് ഗ്രഹിക്കുവാന്‍ കഴിഞ്ഞില്ല. അതാണ്‌ ഈ ചോദ്യത്തിന് കാരണം’. പക്ഷേ, താഴെ ഉദ്ധരിക്കുന്ന ഖുര്‍ആന്‍ വചനത്തിന്റെ വെളിച്ചത്തില്‍ നോക്കുമ്പോള്‍ ഒന്നാമത്തെ അഭിപ്രായമാണ് ഈ മൂന്നില്‍വെച്ച് സ്വീകാര്യമായതെന്നു കാണാം. സൂ: ബനൂഇസ്രാഈലില്‍ അല്ലാഹു പറയുന്നു:-

قُلِ ادْعُوا اللَّـهَ أَوِ ادْعُوا الرَّحْمَـٰنَ ۖ أَيًّا مَّا تَدْعُوا فَلَهُ الْأَسْمَاءُ الْحُسْنَىٰ ۚ وَلَا تَجْهَرْ بِصَلَاتِكَ وَلَا تُخَافِتْ بِهَا وَابْتَغِ بَيْنَ ذَٰلِكَ سَبِيلًا : سورة الإسراء(بنو إسرائيل):١١٠

(പറയുക: നിങ്ങള്‍ ‘അല്ലാഹു’ എന്ന് വിളിച്ചേക്കുക, അല്ലെങ്കില്‍ ‘റഹ്മാന്‍’ എന്ന് വിളിച്ചേക്കുക, ഏതു തന്നെ നിങ്ങള്‍ വിളിക്കുന്നതായാലും അവന് അത്യുത്തമമായ നാമങ്ങളുണ്ട്.). പ്രത്യുത നാമങ്ങളില്‍ ഏതും ഉപയോഗിക്കുന്നതിനു വിരോധമില്ലെന്നു സാരം.