ജുസ്ഉ് - 19

വിഭാഗം - 3

25:21
  • وَقَالَ ٱلَّذِينَ لَا يَرْجُونَ لِقَآءَنَا لَوْلَآ أُنزِلَ عَلَيْنَا ٱلْمَلَـٰٓئِكَةُ أَوْ نَرَىٰ رَبَّنَا ۗ لَقَدِ ٱسْتَكْبَرُوا۟ فِىٓ أَنفُسِهِمْ وَعَتَوْ عُتُوًّا كَبِيرًا ﴾٢١﴿
  • നാമുമായി കണ്ടുമുട്ടുന്നതിനെ പ്രതീക്ഷിക്കാത്തവര്‍ പറയുന്നു: 'നമ്മുടെ മേല്‍ മലക്കുകള്‍ ഇറക്കപ്പെടുകയോ, അല്ലെങ്കില്‍ നമ്മുടെ റബ്ബിനെ നാം (നേരില്‍) കാണുകയോ ചെയ്തുകൂടേ?!' എന്ന്. തീര്‍ച്ചയായും, അവര്‍ തങ്ങളുടെ മനസ്സില്‍ (സ്വയം) ഗര്‍വ്വ്‌നടിക്കുകയും, വലിയ ധിക്കാരം ധിക്കരിക്കുകയും ചെയ്തിരിക്കയാണ്!
  • وَقَالَ പറയുന്നു, പറയുകയും ചെയ്തു الَّذِينَ لَا يَرْجُونَ പ്രതീക്ഷിക്കാത്തവര്‍ لِقَاءَنَا നാമുമായി കണ്ടുമുട്ടുന്നതു, നമ്മെ കാണുന്നതു لَوْلَا أُنزِلَ ഇറക്കപ്പെടരുതോ, ഇറക്കപ്പെട്ടുകൂടേ عَلَيْنَا ഞങ്ങളില്‍, ഞങ്ങളുടെ മേല്‍ الْمَلَائِكَةُ മലക്കുകള്‍ أَوْ نَرَىٰ അല്ലെങ്കില്‍ ഞങ്ങള്‍ക്കു (നമുക്ക്) കണ്ടുകൂടേ رَبَّنَا ഞങ്ങളുടെ റബ്ബിനെ, നമ്മുടെ രക്ഷിതാവിനെ لَقَدِ اسْتَكْبَرُوا തീര്‍ച്ചയായും അവര്‍ ഗര്‍വ്വ് നടിച്ചിരിക്കയാണു فِي أَنفُسِهِمْ അവരുടെ സ്വന്തം നിലയില്‍, മനസ്സില്‍ وَعَتَوْا അവര്‍ ധിക്കരിക്കയും ചെയ്തിരിക്കയാണു, അതിരുകവിയുകയും ചെയ്തിരിക്കുന്നു عُتُوًّا كَبِيرًا വലിയ ധിക്കാരം
25:22
  • يَوْمَ يَرَوْنَ ٱلْمَلَـٰٓئِكَةَ لَا بُشْرَىٰ يَوْمَئِذٍ لِّلْمُجْرِمِينَ وَيَقُولُونَ حِجْرًا مَّحْجُورًا ﴾٢٢﴿
  • മലക്കുകളെ അവര്‍ കാണുന്ന ദിവസം - (ആ) കുറ്റവാളികള്‍ക്ക് അന്ന് - സന്തോഷ വാര്‍ത്തയേ ഇല്ല. അവര്‍ പറയുകയും ചെയ്യും: 'ഭദ്രമായ തടസ്സം!' എന്ന്.
  • يَوْمَ يَرَوْنَ അവര്‍ കാണുന്ന ദിവസം الْمَلَائِكَةَ മലക്കുകളെ لَا بُشْرَىٰ സന്തോഷ വാര്‍ത്തയേ ഇല്ല يَوْمَئِذٍ അന്ന്, ആ ദിവസം لِّلْمُجْرِمِينَ കുറ്റവാളികള്‍ക്കു, പാപികള്‍ക്കു وَيَقُولُونَ അവര്‍ പറയുകയും ചെയ്യും حِجْرًا തടസ്സം, തടവു, മുടക്കം مَّحْجُورًا തടസ്സപ്പെട്ട, മുടക്കപ്പെട്ട, തടയപ്പെട്ട (ഭദ്രമായ)

പരലോകത്തിലും, മരണാനന്തരജീവിതത്തിലും വിശ്വാസമില്ലായ്ക നിമിത്തം, അല്ലാഹുവുമായി കണ്ടുമുട്ടേണ്ടിവരുമെന്ന പ്രതീക്ഷയോ, അവന്റെ മുമ്പില്‍ തങ്ങളുടെ ചെയ്തികളെക്കുറിച്ച് സമാധാനം ബോധിപ്പിക്കേണ്ടിവരുമെന്ന ഭയമോ ഇല്ലാത്തവരാണ് ആ അവിശ്വാസികള്‍. അതുകൊണ്ട് നിരര്‍ത്ഥങ്ങളായ ആക്ഷേപങ്ങളും ചോദ്യങ്ങളും പുറപ്പെടുവിക്കുന്നതില്‍ അവര്‍ക്ക് ഒരു ലക്കുംലഗാനുമില്ല. നബി (صلّى الله عليه وسلّم) യുടെ ഒന്നിച്ച് ഒരു മലക്കിനെ അയക്കാത്തതെന്തു കൊണ്ടാണെന്ന് അവര്‍ ചോദിച്ചത് നാം മുകളില്‍ കണ്ടു. ഇപ്പോള്‍ അവര്‍ കുറേകൂടി മുന്നോട്ട് കടന്ന് ചോദിക്കുന്നു: ‘എന്തുകൊണ്ടാണ് മലക്കുകള്‍ ഞങ്ങളുടെ അടുക്കല്‍ നേരെ വന്ന് മുഹമ്മദിന്റെ വാദം സത്യമാണെന്ന് സാക്ഷ്യപ്പെടുത്താത്തത്?!’ ധിക്കാരം അവിടംകൊണ്ടും അവസാനിക്കുന്നില്ല. ‘അല്ലെങ്കില്‍ അല്ലാഹുതന്നെ ഞങ്ങളുമായി നേരില്‍ കണ്ട് ഉപദേശിക്കുകയോ, ഇവന് സാക്ഷ്യം നല്‍കുകയോ ചെയ്തുകൂടേ!’ ഇതാണ് അടുത്ത ചോദ്യം. തനി അഹങ്കാരത്തില്‍ നിന്നും, ധിക്കാരത്തില്‍നിന്നും മാത്രം ഉടലെടുക്കുന്ന ഈ ചോദ്യങ്ങളൊന്നും വാസ്തവത്തില്‍ മറുപടി അര്‍ഹിക്കുന്നവയല്ലതന്നെ.

എന്നാല്‍ ഈ ധിക്കാരികള്‍ ഒരു യാഥാര്‍ത്ഥ്യം ഓര്‍മ്മിക്കുന്നത് നന്നായിരിക്കും. അതവരുടെ ഗുണത്തിനു തന്നെ ഒഴിച്ചുകൂടാത്തതാണ്. അതായത്, മലക്കുകളെ അവര്‍ ശരിക്ക് കാണുന്ന ഒരു ദിവസമുണ്ട്. അത് വന്നു കഴിഞ്ഞാല്‍ ഇവരുടെ ഈ ധിക്കാരവും, പരിഹാസവുമെല്ലാം അപ്രത്യക്ഷമാകും. ശാപകോപങ്ങളുടെ വാര്‍ത്തകളും, ശിക്ഷാവകുപ്പുകളുടെ അനുഭവങ്ങളുമല്ലാതെ – സന്തോഷത്തിന്റെയും അനുമോദനത്തിന്റെയും കണികപോലും – അവര്‍ക്ക് മലക്കുകളില്‍ നിന്നോ മറ്റോ ലഭിക്കുവാനുണ്ടായിരിക്കയില്ല. ഇതവര്‍ ഓര്‍ത്തിരിക്കട്ടെ.

حِجْرًا مَّحْجُورًا എന്ന വാക്കിന്റെ ഉദ്ദേശ്യാര്‍ത്ഥമെന്ന നിലക്കാണ് ‘ഭദ്രമായ തടസം’ എന്ന് അതിന് നാം തര്‍ജ്ജമ നല്‍കിയത്. സൂ: മര്‍യം 23-ാം വചനത്തിലെ نَسْيًا مَّنْسِيًّا എന്ന പ്രയോഗത്തെപ്പറ്റി പ്രസ്താവിച്ചപ്പോള്‍, അവിടെ നാം ചില സംഗതികള്‍ ചൂണ്ടിക്കാട്ടുകയുണ്ടായി. അതേ തരത്തിലുള്ള ഒരു പ്രയോഗം തന്നെയാണിതും. ‘മുടക്കപ്പെട്ട മുടക്കം, വിലക്കപ്പെട്ട വിലക്കം, തടയപ്പെട്ട തടസ്സം’ എന്നും മറ്റും ഇതിന് വാക്കര്‍ത്ഥം കൊടുക്കാം. ശക്തിയായ അല്ലെങ്കില്‍ ഭദ്രമായ തടസ്സം എന്നുദ്ദേശ്യം. ഈ വാക്ക് പറയുന്നവര്‍ – അഥവാ يَقُولُونَ എന്ന ക്രിയയുടെ കര്‍ത്താവ് – മലക്കുകളാണെന്നും, കുറ്റവാളികളാണെന്നും വരാന്‍ സാധ്യതയുണ്ട്. മലക്കുകള്‍ പറയുന്ന വാക്കാണെന്നുള്ളതാണ് കൂടുതല്‍ ബലപ്പെട്ട അഭിപ്രായം. അപ്പോള്‍ അതിന്റെ വിവക്ഷ, നിങ്ങള്‍ക്കിവിടെ യാതൊരു രക്ഷയുമില്ല, എല്ലാവിധ സന്തോഷവും ഭദ്രമാംവണ്ണം നിങ്ങള്‍ക്ക് തടയപ്പെട്ടിരിക്കുന്നു എന്നായിരിക്കും. എനി, അത് അവിശ്വാസികളാകുന്ന കുറ്റവാളികളുടെ വാക്കാണെന്ന് വെക്കുന്നപക്ഷം, അതിന്റെ താല്‍പര്യം ഇപ്രകാരമായിരിക്കും: ‘ഞങ്ങള്‍ക്കും ശിക്ഷക്കുമിടയില്‍ ഭദ്രമായ തടസ്സം (ശരിയായ തടവ്‌) ഏര്‍പ്പെടുത്തിത്തന്നു ഞങ്ങളെ രക്ഷിക്കണേ!’

25:23
  • وَقَدِمْنَآ إِلَىٰ مَا عَمِلُوا۟ مِنْ عَمَلٍ فَجَعَلْنَـٰهُ هَبَآءً مَّنثُورًا ﴾٢٣﴿
  • അവര്‍ [അവിശ്വാസികള്‍] കര്‍മ്മമായിട്ട് (എന്തെങ്കിലും) പ്രവര്‍ത്തിച്ചിട്ടുള്ളതിന്റെ നേരെ ചെന്ന് അതിനെ നാം ചിതറിയ ധൂളി (പോലെ) യാക്കിത്തീര്‍ക്കുകയും ചെയ്യുന്നതാണ്.
  • وَقَدِمْنَا നാം ചെല്ലുന്നതാണു, മുന്നിടുന്നതാണു إِلَىٰ مَا عَمِلُوا അവര്‍ പ്രവര്‍ത്തിച്ചിട്ടുള്ളതിലേക്കു مِنْ عَمَلٍ കര്‍മ്മമായിട്ടു, വല്ല പ്രവര്‍ത്തനവും فَجَعَلْنَاهُ എന്നിട്ടു നാമതിനെ ആക്കുന്നതാണു هَبَاءً ധൂളി, പൊടിപടലം مَّنثُورًا വിതറപ്പെട്ട, ചിതറിയ
25:24
  • أَصْحَـٰبُ ٱلْجَنَّةِ يَوْمَئِذٍ خَيْرٌ مُّسْتَقَرًّا وَأَحْسَنُ مَقِيلًا ﴾٢٤﴿
  • സ്വര്‍ഗ്ഗവാസികള്‍ അന്നേ ദിവസം, ഭവനം നല്ലവരും, വിശ്രമസ്ഥലം കൂടുതല്‍ മെച്ചപ്പെട്ടവരുമായിരിക്കും.
  • أَصْحَابُ الْجَنَّةِ സ്വര്‍ഗ്ഗക്കാര്‍, സ്വര്‍ഗ്ഗത്തിന്റെ ആളുകള്‍ يَوْمَئِذٍ അന്നു خَيْرٌ ഉത്തമമാണു, നല്ലവരായിരിക്കും مُّسْتَقَرًّا ഭവനം, താവളം, വാസസ്ഥലം وَأَحْسَنُ കൂടുതല്‍ മെച്ചപ്പെട്ടവരും, ഭംഗിയുള്ളവരും مَقِيلًا വിശ്രമസ്ഥലം

ദാനധര്‍മ്മങ്ങള്‍ കുടുംബബന്ധം പാലിക്കല്‍ മുതലായ വല്ല സല്‍ക്കര്‍മ്മങ്ങളും അവര്‍ – അവിശ്വാസികള്‍ – ഇഹത്തില്‍വെച്ച് ചെയ്തിട്ടുണ്ടെങ്കില്‍, അത് അല്ലാഹുവിങ്കല്‍ സ്വീകാര്യമാവുകയില്ല. അഥവാ പരലോകത്തില്‍ അതുകൊണ്ട് അവര്‍ക്ക് ഒരു നന്‍മയും സിദ്ധിക്കുകയില്ല എന്നത്രെ അല്ലാഹു ഇവിടെ വ്യക്തമാക്കുന്നത്. അല്ലാഹുവിലും, പരലോകത്തിലും വിശ്വസിക്കാതെയുള്ള സല്‍കര്‍മ്മങ്ങള്‍ക്ക് ഇഹലോകത്തില്‍വെച്ച് ലഭിച്ചേക്കുന്ന ഗുണങ്ങളല്ലാതെ, പരലോകത്ത് അല്ലാഹുവിന്റെ അടുക്കല്‍ അതിന് തീരെ പരിഗണന നല്‍കപ്പെടുകയില്ലെന്ന, വസ്തുത ഖുര്‍ആന്‍ പലേടത്തും ആവര്‍ത്തിച്ചു പറഞ്ഞിട്ടുള്ളതാണ്.

25:25
  • وَيَوْمَ تَشَقَّقُ ٱلسَّمَآءُ بِٱلْغَمَـٰمِ وَنُزِّلَ ٱلْمَلَـٰٓئِكَةُ تَنزِيلًا ﴾٢٥﴿
  • മേഘപടലവും കൊണ്ട് ആകാശം പൊട്ടിപ്പിളരുകയും, മലക്കുകള്‍ ഒരു (ശക്തിമത്തായ) ഇറക്കപ്പെടല്‍ ഇറക്കപ്പെടുകയും ചെയ്യുന്ന ദിവസം,-
  • وَيَوْمَ تَشَقَّقُ പൊട്ടിപ്പിളരുന്ന (പിളര്‍ന്നുപോകുന്ന) ദിവസം السَّمَاءُ ആകാശം بِالْغَمَامِ മേഘപടലവും കൊണ്ടു, കാര്‍മേഘത്തോടെ وَنُزِّلَ ഇറക്കപ്പെടുകയും ചെയ്യുന്ന الْمَلَائِكَةُ മലക്കുകള്‍ تَنزِيلًا ഒരു തരം ഇറക്കപ്പെടല്‍ (ശക്തിയേറിയ ഇറക്കല്‍)
25:26
  • ٱلْمُلْكُ يَوْمَئِذٍ ٱلْحَقُّ لِلرَّحْمَـٰنِ ۚ وَكَانَ يَوْمًا عَلَى ٱلْكَـٰفِرِينَ عَسِيرًا ﴾٢٦﴿
  • അന്ന് യഥാര്‍ത്ഥമായ രാജാധിപത്യം പരമകാരുണികനത്രെ: അത് അവിശ്വാസികള്‍ക്ക്‌ പ്രയാസമേറിയ ഒരു ദിവസമായിരിക്കുന്നതുമാണ്.
  • الْمُلْكُ രാജത്വം, ആധിപത്യം يَوْمَئِذٍ അന്ന്, ആ ദിവസം الْحَقُّ യഥാര്‍ത്ഥമായ, സ്ഥിരമായുള്ള لِلرَّحْمَـٰنِ പരമകാരുണികന്നാണു (അല്ലാഹുവിന്നാണു) وَكَانَ അതാകുന്നു, അതായിരിക്കും يَوْمًا ഒരു ദിവസം عَلَى الْكَافِرِينَ അവിശ്വാസികളുടെ മേല്‍ عَسِيرًا പ്രയാസമേറിയ, ഞെരുക്കമായ

സൂര്യചന്ദ്രനക്ഷത്രാദി ഗ്രഹങ്ങളടക്കമുള്ള വാനമണ്ഡലങ്ങളും, അവയില്‍ സ്ഥിതിചെയ്യുന്ന ചരാചരങ്ങളുമെല്ലാം തന്നെ, ഇന്നത്തെ ഈ ഘടനാവ്യവസ്ഥകള്‍ മാറി മറ്റൊരു പുതിയ വ്യവസ്ഥാരൂപത്തിന് വിധേയമായിത്തീരുന്ന ഒരു ദിവസം – അഥവാ അന്ത്യനാള്‍ – വരുവാനിരിക്കുന്നു. അന്നത്തെ ദിവസം, സാക്ഷികളായി, നന്‍മ തിന്‍മകളുടെ രേഖകള്‍ സമര്‍പ്പിക്കുന്നവരായി, വിചാരണനിലയത്തിലേക്ക് എല്ലാവരെയും ശേഖരിച്ചു കൂട്ടുന്നവരായി – ഇങ്ങിനെ പല പ്രകാരത്തില്‍ – മലക്കുകള്‍ കൂട്ടംകൂട്ടമായി ഇറക്കപ്പെടുന്നു. സൃഷ്ടികളെല്ലാം ഭയവിഹ്വലരായിക്കൊണ്ട് ഒരേ വേദിയില്‍ സമ്മേളിപ്പിക്കപ്പെടുന്ന ആ മഹാപ്രളയദിനത്തില്‍, രാജാവെന്നോ, നേതാവെന്നോ, ഉന്നതനെന്നോ, യോഗ്യനെന്നോ – പ്രത്യക്ഷത്തിലാകട്ടെ, പരോക്ഷത്തിലാകട്ടെ – വാദിക്കുവാന്‍ ആരുംതന്നെ ഉണ്ടായിരിക്കയില്ല. പരിപൂര്‍ണ്ണവും, യഥാര്‍ത്ഥവുമായ രാജാധിപത്യം രാജാധിരാജാവായ അല്ലാഹുവിന് മാത്രമായിരിക്കും. അവനെ ചോദ്യം ചെയ്‌വാനോ, സ്വാധീനപ്പെടുത്തുവാനോ ഒരാള്‍ക്കും സാധ്യമല്ല. സദ്‌വൃത്തരായ അടിയാന്‍മാര്‍ക്ക് മാത്രം അവിടെ രക്ഷ ലഭിക്കും. കുറ്റവാളികളായ അവിശ്വാസികളെ സംബന്ധിച്ചിടത്തോളം, ആ ദിവസത്തെ തരണം ചെയ്യുകയെന്നത് അങ്ങേഅറ്റം പ്രയാസകരവുമായിരിക്കും.

അമ്പതിനായിരം കൊല്ലത്തോളം ദൈര്‍ഘ്യം വരുന്ന ആ ഭയങ്കരദിവസത്തില്‍, അല്ലാഹുവിന്റെ മുമ്പില്‍ മനുഷ്യന്‍ എങ്ങിനെയാണ് കഴിച്ചുകൂട്ടുകയെന്നു നബി (صلّى الله عليه وسلّم) തിരുമേനിയോട് ചോദിക്കപ്പെടുകയുണ്ടായി. അതിന് തിരുമേനി (صلّى الله عليه وسلّم) നല്‍കിയ ഉത്തരം: സത്യവിശ്വാസികളായ ആളുകള്‍ക്ക് ഒരു നിര്‍ബ്ബന്ധ (‘ഫര്‍ള്വു’) നമസ്കാരം നമസ്കരിക്കുന്നത്ര സമയംപോലെയായി അത് ലഘൂകരിക്കപ്പെടുന്നതായിരിക്കും എന്നായിരുന്നു. (رواه البيهقي عن ابي سعيد للخدرى (رضي الله عنه). നബി (صلّى الله عليه وسلّم)യിലും, അവിടുത്തെ പ്രബോധനത്തിലും വിശ്വസിക്കാതെ, പരന്മാരുടെ ദുര്‍ബോധനങ്ങളില്‍ കുടുങ്ങി വഴിപിഴച്ചുപോയവരെക്കുറിച്ച് അടുത്ത ആയത്തുകളില്‍ പറയുന്നത് നോക്കുക:-

25:27
  • وَيَوْمَ يَعَضُّ ٱلظَّالِمُ عَلَىٰ يَدَيْهِ يَقُولُ يَـٰلَيْتَنِى ٱتَّخَذْتُ مَعَ ٱلرَّسُولِ سَبِيلًا ﴾٢٧﴿
  • അക്രമകാരിയായുള്ളവന്‍ (വ്യസനഭാരത്താല്‍) തന്റെ കൈകള്‍ കടിക്കുന്ന ദിവസം, അവന്‍ പറയും; 'അഹോ! ഞാന്‍ റസൂലിന്റെ കൂടെ ഒരു മാര്‍ഗ്ഗം സ്വീകരിച്ചിരുന്നുവെങ്കില്‍ എത്ര നന്നായിരുന്നേനെ!'
  • وَيَوْمَ يَعَضُّ കടിക്കുന്ന ദിവസം الظَّالِمُ അക്രമി (പാപി) عَلَىٰ يَدَيْهِ തന്റെ കൈകളെ يَقُولُ അവന്‍ പറയും يَا لَيْتَنِي അഹോ (അയ്യോ) ഞാനായെങ്കില്‍ നന്നായേനെ, എത്ര നന്നായിരുന്നു اتَّخَذْتُ ഞാന്‍ സ്വീകരിച്ചു, ഉണ്ടാക്കിവെച്ചു (വെങ്കില്‍) مَعَ الرَّسُولِ റസൂലിന്റെകൂടെ سَبِيلًا ഒരു വഴി, മാര്‍ഗ്ഗം

25:28
  • يَـٰوَيْلَتَىٰ لَيْتَنِى لَمْ أَتَّخِذْ فُلَانًا خَلِيلًا ﴾٢٨﴿
  • 'എന്റെ കഷ്ടമേ! ഇന്നവനെ ഞാന്‍ സുഹൃത്തായി സ്വീകരിച്ചിട്ടില്ലായിരുന്നുവെങ്കില്‍ നന്നായേനെ!'
  • يَا وَيْلَتَىٰ എന്റെ കഷ്ടമേ, നാശമേ لَيْتَنِي ഞാനായിരുന്നെങ്കില്‍ നന്നായേനെ لَمْ أَتَّخِذْ ഞാന്‍ സ്വീകരിച്ചില്ല فُلَانًا ഇന്ന ആളെ, ഇന്നവനെ خَلِيلًا ചങ്ങാതി, സുഹൃത്ത്
25:29
  • لَّقَدْ أَضَلَّنِى عَنِ ٱلذِّكْرِ بَعْدَ إِذْ جَآءَنِى ۗ وَكَانَ ٱلشَّيْطَـٰنُ لِلْإِنسَـٰنِ خَذُولًا ﴾٢٩﴿
  • 'എനിക്കു ബോധനം വന്നെത്തിയതിനുശേഷം അവനെന്നെ അതില്‍നിന്ന് വഴിപിഴപ്പിച്ചുകളഞ്ഞുവല്ലോ!' പിശാച് മനുഷ്യനെ കൈവെടിയുന്നവനാകുന്നു.
  • لَّقَدْ أَضَلَّنِي തീര്‍ച്ചയായും അവനെന്നെ വഴിപിഴപ്പിച്ചു عَنِ الذِّكْرِ ബോധനത്തില്‍, ഉപദേശത്തില്‍, പ്രമാണത്തില്‍ നിന്ന് بَعْدَ إِذْ جَاءَنِي അതെനിക്കു വന്നതിനു ശേഷം وَكَانَ الشَّيْطَانُ പിശാചാകുന്നു لِلْإِنسَانِ മനുഷ്യനെ, മനുഷ്യന് خَذُولًا കൈവെടിയുന്നവന്‍

ഇവിടെ ‘അക്രമകാരി’ (الظَّالِمُ) എന്നും, ‘ഇന്നവന്‍’ (فُلَانًا) എന്നും പറഞ്ഞത് ചില പ്രത്യേകവ്യക്തികളെ ഉദ്ദേശിച്ചല്ല. സത്യപ്രബോധനത്തിന് ചെവികൊടുക്കാതെ, അന്യരുടെ ദുര്‍ബ്ബോധനങ്ങള്‍ക്കും ചൊല്പടിക്കും വശംവദരായി വഴിപിഴച്ചവരെല്ലാം ‘അക്രമകാരി’കളില്‍ ഉള്‍പ്പെടുന്നു. ഏതൊരു കൂട്ടരുടെ ദുര്‍ബ്ബോധനം, അലെങ്കില്‍ അനുകരണം അവരെ വഴിപിഴപ്പിച്ചുവോ – അത് വ്യക്തിയോ, കക്ഷിയോ, മനുഷ്യനോ, ജിന്നോ, ആരെങ്കിലുമാകട്ടെ – അക്കൂട്ടരെ ഉദ്ദേശിച്ചാണ് ‘ഇന്നവന്‍’ എന്നു പറഞ്ഞത്. വഴിപിഴക്കുവാന്‍ കാരണം പ്രത്യക്ഷത്തില്‍ ആരായിരുന്നാലും ശരി, അതിന്റെ പിന്നില്‍ പ്രവര്‍ത്തനം നടത്തുന്ന ഒരു ദുശ്ശക്തി ഒളിഞ്ഞുകിടപ്പുണ്ട്. അതെ, പിശാച്. മനുഷ്യന്റെ രക്ഷാമാര്‍ഗ്ഗം മുഴുവന്‍ തടയപ്പെടുകയും, ഭാവിജീവിതം അമ്പെ നഷ്ടപ്പെടുകയും ചെയ്യുന്നതുവരെ പിശാച് ഒരിക്കലും തൃപ്തി അടയുന്നതല്ല. അത് സാധിച്ചുകഴിഞ്ഞാല്‍ അവന്റെ ‘സുഹൃല്‍ബന്ധ’ത്തില്‍ നിന്നും അവന്‍ ഒഴിഞ്ഞുമാറുകയും ചെയ്യും. അവനെക്കുറിച്ച് മനുഷ്യന്‍ ജാഗരൂകനായിരിക്കേണ്ടതുണ്ടെന്നത്രെ ‘പിശാച് മനുഷ്യനെ കൈവെടിയുന്നവനാണ്’ എന്ന വാക്യം മുഖേന അല്ലാഹു ഉണര്‍ത്തുന്നത്.

ഈ ആയത്തുകളുടെ അവതരണഹേതുവായി പല ഖുര്‍ആന്‍ വ്യാഖ്യാതാക്കളും ഉദ്ധരിച്ചു കാണുന്ന ഒരു സംഭവം, അവയുടെ ഉള്ളടക്കം ഉദാഹരണസഹിതം മനസ്സിലാക്കുവാന്‍ സഹായകമാകുന്നു. അതിന്റെ ചുരുക്കം ഇതാണ്:- അബൂമുഐത്തിന്റെ മകന്‍ ഉഖ്ബത്ത് (عقبة ابن ابي معيط) നബി (صلّى الله عليه وسلّم)യുടെ അടുക്കല്‍ സാധാരണ ചെല്ലാറുണ്ടായിരുന്നു. ഒരു ദിവസം അയാള്‍ തിരുമേനി (صلّى الله عليه وسلّم)യെ വിരുന്നിന് ക്ഷണിച്ചു. അയാള്‍ നബി (صلّى الله عليه وسلّم) യില്‍ വിശ്വസിക്കാത്ത സ്ഥിതിക്ക് അയാളുടെ ഭക്ഷണം സ്വീകരിക്കുന്നതില്‍ നബി (صلّى الله عليه وسلّم) വിസമ്മതം പ്രകടിപ്പിച്ചു. അപ്പോള്‍ അയാള്‍ ഇസ്ലാമിന്റെ സാക്ഷ്യവാക്യങ്ങള്‍ (‘ശഹാദത്ത് കലിമകള്‍’) ഉച്ചരിച്ചു. ഉബയ്യുബ്നു ഖലഫ് (ابي بن خلف) ഉഖ്ബത്തിന്റെ ഒരു ചങ്ങാതിയായിരുന്നു. ഉബയ്യ്‌ അതിനെപ്പറ്റി ആക്ഷേപിച്ചു. അതിന് ഉഖ്ബത്തിന്റെ മറുപടി: ‘ഞാന്‍ മതം മാറിയതൊന്നുമല്ല, മുഹമ്മദ്‌ എന്റെ ഭക്ഷണം കഴിപ്പാന്‍ വിസമ്മതിച്ചത് എനിക്ക് ലജ്ജയായിത്തോന്നി; അതുകൊണ്ട് അങ്ങിനെ ചെയ്തുവെന്നു മാത്രമേയുള്ളു’ എന്നായിരുന്നു. ഉബയ്യ്‌ ഇങ്ങിനെ പ്രത്യുത്തരം പറഞ്ഞു: ‘ശരി, എന്നാല്‍ നീ മുഹമ്മദിന്റെ അടുക്കല്‍ ചെന്ന് അവന്റെ പിരടിക്ക് ചവിട്ടുകയും, അവന്റെ മുഖത്ത് തുപ്പുകയും ചെയ്യാതെ ഞാന്‍ തൃപ്തിപ്പെടുകയില്ല.’ ഉഖ്ബത്ത് അപ്രകാരം പ്രവര്‍ത്തിക്കയും ചെയ്തു! ഈ അവസരത്തില്‍ നബി (صلّى الله عليه وسلّم) തിരുമേനി ഇങ്ങിനെ പ്രസ്താവിക്കുകയുണ്ടായി: ‘താന്‍ മക്കായില്‍നിന്ന് വെളിയില്‍പോകുന്നപക്ഷം, തന്റെ തലക്കുമീതെ വാള്‍ വീഴാതെ ഞാന്‍ കാണുകയുണ്ടാവുകയില്ല’. തിരുമേനി (صلّى الله عليه وسلّم) യുടെ ഈ പ്രവചനം ശരിയായിരുന്നു. ഉഖ്ബത്ത് ബദ്റു യുദ്ധത്തില്‍ ചിറപിടിക്കപ്പെടുകയും, അലി (رضي الله عنه) അയാളെ കൊലപ്പെടുത്തുകയും ഉണ്ടായി. ഉബയ്യാകട്ടെ, ഉഹദ് യുദ്ധത്തില്‍ തിരുമേനി (صلّى الله عليه وسلّم) യുടെ കരങ്ങളാല്‍ കുന്തംകൊണ്ട് കിട്ടിയ കുത്തുനിമിത്തം നരകാവകാശിയായി മരണപ്പെടുകയും ചെയ്തു.

നബി (صلّى الله عليه وسلّم) അരുളിച്ചെയ്തതായി അബൂഹുറൈറഃ (റ) ഉദ്ധരിക്കുന്നു: ‘മനുഷ്യന്‍ അവന്റെ ചങ്ങാതിയുടെ മതത്തിലായി ഒരുമിച്ചുകൂട്ടപ്പെടുന്നതാണ്. ആകയാല്‍, നിങ്ങള്‍ ഓരോരുവനും, താന്‍ ആരെയാണ് ചങ്ങാതിയായി – സുഹൃത്തായി – വെക്കേണ്ടതെന്നു നോക്കിക്കൊള്ളട്ടെ.’

(يحشر المرء على دين خليله فلينظر أحدكم من يخالل – رواه أبوداود والترمذي)

25:30
  • وَقَالَ ٱلرَّسُولُ يَـٰرَبِّ إِنَّ قَوْمِى ٱتَّخَذُوا۟ هَـٰذَا ٱلْقُرْءَانَ مَهْجُورًا ﴾٣٠﴿
  • റസൂല്‍ പറയുന്നു: 'എന്റെ രക്ഷിതാവേ, എന്റെ ജനങ്ങള്‍ ഈ ഖുര്‍ആനെ വര്‍ജ്ജിക്കപ്പെട്ടതാക്കിക്കളഞ്ഞു!'.
  • وَقَالَ الرَّسُولُ റസൂല്‍ പറയുന്നു, പറയുകയും ചെയ്തു يَا رَبِّ എന്റെ റബ്ബേ, രക്ഷിതാവേ إِنَّ قَوْمِي നിശ്ചയമായും എന്റെ ജനത اتَّخَذُوا അവര്‍ ആക്കിയിരിക്കുന്നു هَـٰذَا الْقُرْآنَ ഈ ഖുര്‍ആനെ مَهْجُورًا വര്‍ജ്ജിക്കപ്പെട്ടതു, പുറം തള്ളപ്പെട്ടതു, വെടിയപ്പെട്ടതു
25:31
  • وَكَذَٰلِكَ جَعَلْنَا لِكُلِّ نَبِىٍّ عَدُوًّا مِّنَ ٱلْمُجْرِمِينَ ۗ وَكَفَىٰ بِرَبِّكَ هَادِيًا وَنَصِيرًا ﴾٣١﴿
  • അപ്രകാരം തന്നെ, ഓരോ പ്രവാചകനും കുറ്റവാളികളില്‍പെട്ട ഓരോ (തരം) ശത്രുവെ നാം ഏര്‍പ്പെടുത്തിയിരിക്കുന്നു. മാര്‍ഗ്ഗദര്‍ശകനായും, സഹായകനായും നിന്റെ രക്ഷിതാവു തന്നെ മതി.
  • وَكَذَٰلِكَ അപ്രകാരം جَعَلْنَا നാം ആക്കിയിരിക്കുന്നു لِكُلِّ نَبِيٍّ എല്ലാ നബിമാര്‍ക്കും عَدُوًّا ഓരോ ശത്രുവെ مِّنَ الْمُجْرِمِينَ കുറ്റവാളികളില്‍ പെട്ട وَكَفَىٰ بِرَبِّكَ നിന്റെ റബ്ബ് തന്നെ മതി هَادِيًا മാര്‍ഗ്ഗദര്‍ശകനായിട്ടു وَنَصِيرًا സഹായകനായും

തൗഹീദിലേക്കും, ഖുര്‍ആനിലേക്കും എല്ലാവിധേനയും ക്ഷണിച്ചുനോക്കിയിട്ടും ജനങ്ങള്‍ മര്‍ക്കടമുഷ്ടി കൈവിടാതിരിക്കുന്നതു കണ്ട് റസൂല്‍ (صلّى الله عليه وسلّم) തിരുമേനി അല്ലാഹുവിനോട് സങ്കടപ്പെടുകയാണ്: ‘റബ്ബേ! എന്നെ നീ ഏതൊരു ജനതയിലേക്ക്‌ നിയോഗിച്ചിരിക്കുന്നുവോ അവര്‍ – എന്റെ സ്വന്തം ജനത – ഈ മഹത്തായ ഖുര്‍ആനെ പാടെ അവഗണിച്ച് പുറം തള്ളിയിരിക്കുകയാണേ.’ നിന്റെ വാഗ്ദാനങ്ങളും, താക്കീതുകളും അവര്‍ വിലവെക്കുന്നില്ല…..’

ഈ സങ്കടാവസ്ഥയില്‍ നബി (صلّى الله عليه وسلّم) ക്ക് അല്ലാഹു ഇങ്ങിനെ ആശ്വാസം നല്‍കുന്നു: ‘ഇത്തരം ശത്രുക്കള്‍ – നബിയേ – തനിക്ക് മാത്രമല്ല. പാപകൃത്യങ്ങളിലും, കുറ്റകരങ്ങളായ അഴിമതികളിലും മുഴുകിയിരുന്ന ഓരോ തരം ശത്രുക്കള്‍ എല്ലാ നബിമാര്‍ക്കും ഉണ്ടായിരുന്നു. എങ്കിലും, അവസാനം വിജയവും രക്ഷയും ലഭിക്കുന്നത് നബിമാര്‍ക്കും അവരുടെ അനുയായികള്‍ക്കും തന്നെയായിരിക്കും. അതുകൊണ്ട് തല്‍ക്കാലം ക്ഷമ കൈകൊള്ളുക. പ്രബോധന വിഷയത്തിലാകട്ടെ, മറ്റു തുറകളിലാകട്ടെ, തനിക്കാവശ്യമായ സഹായം നല്‍കുവാനും തന്റെ രക്ഷിതാവായ ഞാന്‍ മാത്രം മതി. മറ്റാരും അതിനാവശ്യമില്ല. യഥാര്‍ത്ഥമായ മാര്‍ഗ്ഗദര്‍ശനവും, സഹായവും നല്‍കുവാന്‍ മറ്റാര്‍ക്കും സാധ്യവുമല്ല.’

25:32
  • وَقَالَ ٱلَّذِينَ كَفَرُوا۟ لَوْلَا نُزِّلَ عَلَيْهِ ٱلْقُرْءَانُ جُمْلَةً وَٰحِدَةً ۚ كَذَٰلِكَ لِنُثَبِّتَ بِهِۦ فُؤَادَكَ ۖ وَرَتَّلْنَـٰهُ تَرْتِيلًا ﴾٣٢﴿
  • അവിശ്വസിച്ചവര്‍ പറയുന്നു: 'അദ്ദേഹത്തിന് [നബിക്ക്] ഖുര്‍ആന്‍ ഒട്ടാകെ ഒന്നായി ഇറക്കപ്പെടാത്തതെന്താണ്?' എന്ന്! അപ്രകാരം (പല പ്രാവശ്യമായി അവതരിച്ചതു) തന്നെയാണ്. (നബിയേ) നിന്റെ ഹൃദയത്തെ അതുകൊണ്ട് നാം സ്ഥിരപ്പെടുത്തേണ്ടതിനു വേണ്ടിയാകുന്നു (അത്). നാം അതു ശരിക്ക് സാവകാശക്രമം ഓതിത്തരുകയും ചെയ്തിരിക്കുകയാണ്.
  • وَقَالَ പറയുന്നു, പറഞ്ഞു الَّذِينَ كَفَرُوا അവിശ്വസിച്ചവര്‍ لَوْلَا نُزِّلَ എന്തുകൊണ്ടു ഇറക്കപ്പെട്ടില്ല, അവതരിപ്പിക്കപ്പെടരുതോ عَلَيْهِ അവന്റെമേല്‍, അദ്ദേഹത്തിനു الْقُرْآنُ ഖുര്‍ആന്‍ جُمْلَةً ഒട്ടാകെ, മൊത്തമായി وَاحِدَةً ഒന്നായി, ഒരേ ഒരു كَذَٰلِكَ അപ്രകാരംതന്നെ لِنُثَبِّتَ നാം സ്ഥിരപ്പെടുത്തുവാനാണു, ഉറപ്പിക്കാന്‍വേണ്ടി بِهِ അതുകൊണ്ടു فُؤَادَكَ നിന്റെ ഹൃദയത്തെ وَرَتَّلْنَاهُ നാമതിനെ സാവകാശക്രമം വായിച്ചുതന്നിരിക്കുന്നു, സാവകാശത്തിലാക്കിത്തന്നു تَرْتِيلًا ഒരുതരം (ശരിക്കുള്ള) സാവകാശക്രമം

നബി (صلّى الله عليه وسلّم) യുടെയും, ഖുര്‍ആന്റെയും നേരെ, കിട്ടുന്ന അവസരങ്ങളെല്ലാം ആക്ഷേപത്തിനും കുതര്‍ക്കത്തിനും ഉപയോഗപ്പെടുത്തുക പതിവാക്കിയിരുന്ന ആ അവിശ്വാസികള്‍ ചോദിക്കുന്ന മറ്റൊരു ചോദ്യമാണിത്: ഖുര്‍ആന്‍ എന്തുകൊണ്ടാണ് പല പ്രാവശ്യങ്ങളിലായി കുറേശ്ശെ മാത്രം അവതരിച്ചുകൊണ്ടിരിക്കുന്നത്? എന്തുകൊണ്ട് അത് ഒന്നായി ഒരേ പ്രാവശ്യം അവതരിക്കുന്നില്ല? ഈ ആക്ഷേപത്തില്‍ യഹൂദര്‍ക്കും പ്രത്യേകം പങ്കുണ്ടായിരുന്നു. തൗറാത്തു മുതലായ വേദഗ്രന്ഥങ്ങള്‍ ഒരേ പ്രാവശ്യമായിട്ടാണ് അവതരിച്ചിട്ടുള്ളതെന്നാണ് അവര്‍ അതിന് ആസ്പദ്മാക്കുന്നത്. വാസ്തവത്തില്‍, തൗറാത്തും ഇതര വേദഗ്രന്ഥങ്ങളും ഒരേ പ്രാവശ്യമായിത്തന്നെ അവതരിച്ചു കഴിഞ്ഞിട്ടുണ്ടെന്നുള്ളതിന് ഖണ്ഡിതമായ തെളിവ് കാണുന്നില്ല. വാസ്തവം അല്ലാഹുവിനറിയാം. ഖുര്‍ആന്‍ സന്ദര്‍ഭോചിതം കുറേശ്ശെ കുറേശ്ശെയായി അവതരിച്ചുകൊണ്ടിരിക്കുന്നതിന്റെ കാരണമാണ് നമുക്ക് പരിശോധിക്കേണ്ടതുള്ളത്. അതിവിടെ ചുരുങ്ങിയ വാക്കില്‍ അല്ലാഹു ചൂണ്ടിക്കാട്ടുകയും ചെയ്തിരിക്കുന്നു. ‘നിന്റെ ഹൃദയത്തെ അതുകൊണ്ട് സ്ഥിരപ്പെടുത്തേണ്ടതിന് വേണ്ടിയാണ്’ എന്ന് പറഞ്ഞുവല്ലോ. സൂറത്തുല്‍ ഇസ്രാഈലില്‍ ഇപ്രകാരം കാണാം:

وَقُرْآنًا فَرَقْنَاهُ لِتَقْرَأَهُ عَلَى النَّاسِ عَلَىٰ مُكْثٍ وَنَزَّلْنَاهُ تَنزِيلًا – الإسراء: ١٠٦

ഖുര്‍ആനെ പല പ്രാവശ്യമായി വേറിട്ടവതരിപ്പിച്ചിരിക്കുന്നത് നീ അത് ജനങ്ങള്‍ക്ക്‌ സാവധാനത്തില്‍ ഓതിക്കൊടുക്കുവാന്‍ വേണ്ടിയാകുന്നു എന്ന് സാരം. ഈ രണ്ടു വചനങ്ങളില്‍ പ്രസ്താവിച്ചതിന്റെ വെളിച്ചത്തില്‍ ആലോചിക്കുമ്പോള്‍, ഖുര്‍ആന്‍ ഒരേ പ്രാവശ്യത്തില്‍തന്നെ മുഴുവന്‍ ഭാഗവും അവതരിക്കാതെ പല ഗഡുക്കളായി അവതരിച്ചുകൊണ്ടിരുന്നതില്‍ താഴെ കാണുന്ന ഗുണങ്ങള്‍ അടങ്ങിയിട്ടുണ്ടെന്ന് കാണാവുന്നതാണ്:

1) നബി (صلّى الله عليه وسلّم) എഴുത്തും വായനയും അറിയാത്ത ആളായ സ്ഥിതിക്ക് ഖുര്‍ആന്‍ പഠിക്കുവാനും, മനഃപാഠമാക്കുവാനും അത് സഹായകമാകുന്നു.

2) മറവിയോ, അബദ്ധമോ, അവസരക്കുറവോ പിണയാതെ സൂക്ഷിക്കുവാന്‍ സൗകര്യം ലഭിക്കുന്നു.

3) ഒറ്റപ്രാവശ്യമായി അവതരിക്കുന്ന പക്ഷം, ഖുര്‍ആനിലടങ്ങിയ നിയമങ്ങളെല്ലാം തന്നെ ജനങ്ങള്‍ ഒരടിയായി അനുഷ്ഠിക്കുകയും, നടപ്പില്‍ വരുത്തുകയും ചെയ്യേണ്ടതായി വരും. ഇത് നബി (صلّى الله عليه وسلّم)ക്കും ജനങ്ങള്‍ക്കും കൂടുതല്‍ വിഷമമുളവാക്കുമെന്ന് വ്യക്തമാണ്. ഈ ദോഷം ഇല്ലാതാകുന്നു.

4) അല്ലാഹുവില്‍ നിന്നുള്ള സന്ദേശങ്ങള്‍ ഇടക്കിടെ ലഭിച്ചുകൊണ്ടിരിക്കലും, അതുമായി ജിബ്‌രീല്‍ (عليه السلام) ഇടക്കിടെവന്ന്‍ നബി (صلّى الله عليه وسلّم) യുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കലും നബി (صلّى الله عليه وسلّم) യുടെ ഹൃദയദാര്‍ഢ്യത്തിനും, മനസ്സമാധാനത്തിനും ഉപയുക്തമാകുന്നു.

5) ജനങ്ങളില്‍ നിന്നുണ്ടാകുന്ന ചോദ്യങ്ങള്‍ക്കും, അപ്പപ്പോള്‍ സംഭവിക്കുന്ന പ്രശ്നങ്ങള്‍ക്കും അതതവസരത്തില്‍തന്നെ ദിവ്യസന്ദേശങ്ങള്‍ മുഖേന പരിഹാരമാര്‍ഗ്ഗം ലഭിക്കുന്നത് ജനങ്ങളില്‍ കൂടുതല്‍ ഫലവും ശുഷ്കാന്തിയും, പ്രചോദനവും ഉളവാക്കുന്നു.

6) ദീര്‍ഘകാലമായി അടിയുറച്ചു കഴിഞ്ഞിട്ടുള്ള ചില ആചാരങ്ങളും, വഴക്കങ്ങളും സമുദായത്തില്‍നിന്ന് പെട്ടെന്ന് നിറുത്തലാക്കുവാന്‍ പ്രയാസമായിരിക്കും. അവയില്‍ താല്‍ക്കാലിക നിയമങ്ങള്‍വഴി ക്രമേണ അയവ് വരുത്തിയശേഷം, സ്ഥിരവും കണിശവുമായ നിയമ നടപടി അവതരിപ്പിക്കുകയും, പുതിയ ആചാരവും വഴക്കവും നിലവില്‍ വരുത്തുകയും ചെയ്‌വാന്‍ എളുപ്പമായിത്തീരുന്നു.

7) ഖുര്‍ആനോട് കിടനില്‍ക്കുന്ന ഒരു ഗ്രന്ഥം കൊണ്ടുവരാന്‍ അതിന്റെ ശത്രുക്കളെ അത് വെല്ലുവിളിക്കുന്ന സ്ഥിതിക്കു ആ വെല്ലുവിളിയെ നേരിടുവാന്‍ വല്ലവരും മുതിരുന്ന പക്ഷം, അവര്‍ക്ക് അതിനുള്ള അവസരം നീണ്ടുനില്‍ക്കുവാനും, അവരുടെ പരാജയം കൂടുതല്‍ ബോധ്യപ്പെടുവാനും സഹായമായിത്തീരുന്നു.

ഇങ്ങിനെ, പല ഉദ്ദേശ്യങ്ങളും, ഗുണങ്ങളും അടങ്ങിയിരിക്കുന്നതുകൊണ്ടാണ്, ഖുര്‍ആന്‍ ഒറ്റപ്രാവശ്യത്തിലായി അവതരിക്കാതെ – അവസരത്തിനും, സന്ദര്‍ഭത്തിനും അനുസരിച്ച് കുറേശ്ശെയായി – സാവകാശത്തില്‍ അവതരിച്ച് 23 കൊല്ലക്കാലംകൊണ്ട് പൂര്‍ത്തിയാക്കപ്പെട്ടത്‌. വിശുദ്ധഖുര്‍ആന്റെ പ്രത്യേകതകളില്‍ ഒന്നാണതും.

25:33
  • وَلَا يَأْتُونَكَ بِمَثَلٍ إِلَّا جِئْنَـٰكَ بِٱلْحَقِّ وَأَحْسَنَ تَفْسِيرًا ﴾٣٣﴿
  • (നബിയേ) അവര്‍ നിന്റെ അടുക്കല്‍ ഏതൊരു മാതൃകയും [ഏതുതരം പ്രശ്നവും] കൊണ്ടുവരുന്നതായാലും, നിനക്ക് യഥാര്‍ത്ഥവും, ഏറ്റവും നല്ലവിവരണവും നാം കൊണ്ടുവന്നു തരാതിരിക്കയില്ല.
  • وَلَا يَأْتُونَكَ അവര്‍ നിന്റെ അടുക്കല്‍ വരികയില്ല, കൊണ്ടുവരികയില്ല بِمَثَلٍ ഒരു ഉപമയുംകൊണ്ടു, മാതൃകയുമായി, ഉദാഹരണത്തെ (ഒരു പ്രശ്നവും) إِلَّا جِئْنَاكَ നിന്റെ അടുക്കല്‍ നാം വരാതെ, നിനക്കു നാം കൊണ്ടുവരാതെ بِالْحَقِّ യഥാര്‍ത്ഥവും കൊണ്ടു, സത്യത്തെ, ന്യായവുമായി وَأَحْسَنَ ഏറ്റവും നല്ലതിനെയും, നല്ലതുകൊണ്ടും تَفْسِيرًا വ്യാഖ്യാനം, വിവരണത്താല്‍

25:34
  • ٱلَّذِينَ يُحْشَرُونَ عَلَىٰ وُجُوهِهِمْ إِلَىٰ جَهَنَّمَ أُو۟لَـٰٓئِكَ شَرٌّ مَّكَانًا وَأَضَلُّ سَبِيلًا ﴾٣٤﴿
  • തങ്ങളുടെ മുഖങ്ങളിലായി [തല കീഴായി] നരകത്തിലേക്കു ഒരുമിച്ചു കൂട്ടപ്പെടുന്നവരാകട്ടെ, അങ്ങനെയുള്ളവര്‍, സ്ഥാനം ഏറ്റവും ചീത്തപ്പെട്ടവരും, മാര്‍ഗ്ഗം ഏറ്റവും പിഴച്ചവരുമത്രെ.
  • الَّذِينَ യാതൊരു കൂട്ടര്‍ يُحْشَرُونَ ഒരുമിച്ചുകൂട്ടപ്പെടും عَلَىٰ وُجُوهِهِمْ തങ്ങളുടെ മുഖങ്ങളിലായി إِلَىٰ جَهَنَّمَ(ജഹന്നമാകുന്ന) നരകത്തിലേക്കു أُولَـٰئِكَ അക്കൂട്ടര്‍ شَرٌّ (ഏറ്റവും) മോശപ്പെട്ടവരാണ്, ചീത്തപ്പെട്ടവരാണ് مَّكَانًا സ്ഥാനം, സ്ഥാനത്താല്‍ وَأَضَلُّ ഏറ്റവും പിഴച്ചവരുമാണ് سَبِيلًا വഴി, മാര്‍ഗ്ഗത്താല്‍

അവിശ്വാസികളുടെ പല ആരോപണങ്ങളെ സംബന്ധിച്ചും പ്രസ്താവിച്ചുവല്ലോ. തുടര്‍ന്നുകൊണ്ട് അവര്‍ രംഗത്തിറക്കുന്ന ഏതുതരം ആരോപണമാതൃകകളെയും, അവര്‍ മുന്നോട്ടുകൊണ്ടുവരുന്ന ഏതുതരം പ്രശ്നങ്ങളെയും സത്യവും ന്യായവുമായ മാര്‍ഗ്ഗേണ തട്ടിത്തകര്‍ക്കുമാറ് ഏറ്റവും നല്ല വിവരണവും വ്യാഖ്യാനവും നാം നല്‍കുന്നതാണെന്ന് നബി (صلّى الله عليه وسلّم)ക്ക് അല്ലാഹു ഉറപ്പുകൊടുക്കുന്നു. ആ മല്‍സരബുദ്ധികളുടെ പര്യവസാനം നരകത്തിലേക്കാണെന്നും, അവരെ അതിലേക്കു കൊണ്ടുവരപ്പെട്ടത്‌ ഏറ്റവും നിന്ദ്യരായ നിലയില്‍ മുഖംകുത്തി കിഴുക്കാന്തുക്കായ സ്ഥിതിയിലായിരിക്കുമെന്നും, അവര്‍ അങ്ങേഅറ്റം വഴിപിഴച്ചു ദുഷിച്ചുപോയിരിക്കയാണെന്നും അറിയിക്കുകയും ചെയ്യുന്നു. നബി (صلّى الله عليه وسلّم) പ്രസ്താവിച്ചതായി അബൂഹുറൈറ (رضي الله عنه) പറയുന്നു: ‘ഖിയാമത്തുനാളില്‍ ജനങ്ങള്‍ മൂന്നു തരക്കാരായി ഒരുമിച്ചു കൂട്ടപ്പെടും: ഒരു തരക്കാര്‍ കാല്‍നടക്കാരായി, മറ്റൊരു തരക്കാര്‍ വാഹനപ്പുറത്തായി, വേറൊരു തരക്കാര്‍ മുഖംകുത്തിയവരായി.’ അപ്പോള്‍ ചോദിക്കപ്പെട്ടു: ‘റസൂലേ, എങ്ങിനെയാണ് മുഖങ്ങളില്‍ നടക്കുക?’ തിരുമേനി (صلّى الله عليه وسلّم) പറഞ്ഞു: ‘അവരെ അവരുടെ കാലുകളില്‍ നടത്തിയവന്നു് നിശ്ചയമായും അവരുടെ മുഖങ്ങളില്‍ നടത്തുവാനും കഴിവുള്ളവനാണ്. എന്നാല്‍, (അറിഞ്ഞേക്കുക – അങ്ങിനെ മുഖംകുത്തി നടക്കുമ്പോള്‍) എല്ലാ കല്ലുംമുള്ളും അവര്‍ തങ്ങളുടെ മുഖംകൊണ്ടുതന്നെ സൂക്ഷിക്കുന്നതാണ്.’ (തിര്‍മദീ). ഇമാം ബുഖാരിയും മുസ്‌ലിമും (رحمة الله عليهما) അനസ് (رضي الله عنه) വഴി നിവേദനം ചെയ്യുന്ന ഒരു ഹദീസില്‍ ഇപ്രകാരം കാണാം: ‘എങ്ങിനെയാണ് അവിശ്വാസിയെ അവന്റെ മുഖത്തിന്‍മേലായി ഒരുമിച്ചു കൂട്ടുക?’ എന്നു നബി (صلّى الله عليه وسلّم) യോട് ചോദിക്കപ്പെട്ടു. നബി (صلّى الله عليه وسلّم) ഇങ്ങിനെ ഉത്തരം പറഞ്ഞു:

أليس الذى أمشاه على الرجلين فى الدنيا قادرا على أن يمشيه على وجهه يوم القيامة – متفق عليه

(ഇഹലോകത്തില്‍ അവനെ രണ്ടുകാലില്‍ നടത്തിയിട്ടുള്ളവന്‍, ഖിയാമത്തുനാളില്‍ അവനെ അവന്റെ മുഖത്തിന്‍മേല്‍ നടത്തുവാന്‍ കഴിവുള്ളവനല്ലയോ?!).

‘ഇഹലോകത്തില്‍ കാലിന്‍മേല്‍ നടത്തി’ എന്നും, ‘ഖിയാമത്തുനാളില്‍ മുഖത്തിന്‍മേല്‍ നടത്തുവാന്‍’ എന്നും ഈ ഹദീസില്‍ നബി (صلّى الله عليه وسلّم) പ്രയോഗിച്ചതില്‍ ഒരു തത്വം ഒളിഞ്ഞുകിടപ്പുണ്ടെന്നു മനസ്സിലാക്കാം: ഈ ലോകത്തെ പ്രകൃതിചട്ടങ്ങളും, പരലോകത്തെ പ്രകൃതിചട്ടങ്ങളും ഒരേ മാനദണ്ഡംകൊണ്ട് അളന്നുകൂടാത്തതാണ്, ഭൗതിക നടപടിക്രമങ്ങളില്‍നിന്നും വളരെ വ്യത്യസ്തമായ നടപടികളും അവിടെ നടക്കുവാനിരിക്കുന്നുണ്ട് എന്നത്രെ അത്. ഇങ്ങിനെയുള്ള ഒരു സൂചനയുടെ ഉദ്ദേശമില്ലെങ്കില്‍ – അല്ലാഹുവിന്റെ കഴിവിനെ മാത്രം സൂചിപ്പിച്ചുകൊണ്ട് – ‘കാലുകളിന്‍മേല്‍ നടത്തിയവന്‍ മുഖത്തിന്‍മേല്‍ നടത്തുവാന്‍ കഴിയുന്നവനല്ലയോ’ എന്നുമാത്രം പറയാമായിരുന്നുവല്ലോ. ചുരുക്കത്തില്‍, അല്ലാഹുവിന്റെ കഴിവും, പരലോകത്തിലെ നടപടിക്രമങ്ങളും നോക്കുമ്പോള്‍ മുഖംകൊണ്ട് നടക്കുകയെന്നത് കേവലം അസംഭവ്യമൊന്നുമല്ല എന്നു താല്‍പര്യം. അടുത്ത വചനങ്ങളില്‍, ചില പ്രവാചകന്‍മാരുടെയും അവരെ നിഷേധിച്ച ജനങ്ങളുടെയും കഥകള്‍ ഓര്‍മ്മിപ്പിക്കുന്നു.

വിഭാഗം - 4

25:35
  • وَلَقَدْ ءَاتَيْنَا مُوسَى ٱلْكِتَـٰبَ وَجَعَلْنَا مَعَهُۥٓ أَخَاهُ هَـٰرُونَ وَزِيرًا ﴾٣٥﴿
  • മൂസാക്ക് നാം വേദഗ്രന്ഥം നല്‍കുകയുണ്ടായി. അദ്ദേഹത്തിന്റെ കൂടെ തന്റെ സഹോദരന്‍ ഹാറൂനെ നാം സഹായിയായി നിശ്ചയിക്കുകയും ചെയ്തു.
  • وَلَقَدْ آتَيْنَا നാം കൊടുക്കുകയുണ്ടായി, തീര്‍ച്ചയായും നൽകി مُوسَى നല്‍കി മൂസാ (നബി)ക്ക് الْكِتَابَ വേദഗ്രന്ഥം وَجَعَلْنَا നാം ആക്കുകയും ചെയ്തു, നിശ്ചയിക്കയും ചെയ്തു مَعَهُ അദ്ദേഹത്തിന്റെകൂടെ أَخَاهُ هَارُونَ തന്റെ സഹോദരന്‍ ഹാറൂനെ وَزِيرًا സഹായി, സഹായകനായി
25:36
  • فَقُلْنَا ٱذْهَبَآ إِلَى ٱلْقَوْمِ ٱلَّذِينَ كَذَّبُوا۟ بِـَٔايَـٰتِنَا فَدَمَّرْنَـٰهُمْ تَدْمِيرًا ﴾٣٦﴿
  • എന്നിട്ട് നാം (അവരോട്) പറഞ്ഞു: 'നമ്മുടെ ദൃഷ്ടാന്തങ്ങളെ വ്യാജമാക്കിയ ആ ജനതയുടെ അടുക്കലേക്കു നിങ്ങള്‍ (രണ്ടുപേരും) പോയിക്കൊള്ളുക.' (ജനത അവരെ വ്യാജമാക്കി.) അപ്പോള്‍, അവരെ നാം പാടെ തകര്‍ത്തുനശിപ്പിച്ചു.
  • فَقُلْنَا എന്നിട്ട് നാം പറഞ്ഞു اذْهَبَا രണ്ടുപേരും പോകുക إِلَى الْقَوْمِ ജനതയുടെ അടുക്കലേക്കു الَّذِينَ كَذَّبُوا വ്യാജമാക്കിയവരായ بِآيَاتِنَا നമ്മുടെ ദൃഷ്ടാന്തങ്ങളെ فَدَمَّرْنَاهُمْ എന്നിട്ടു അവരെ നാം തകര്‍ത്തു تَدْمِيرًا ഒരു തകര്‍ക്കല്‍

‘നമ്മുടെ ദൃഷ്ടാന്തങ്ങളെ വ്യാജമാക്കിയ ജനത’ എന്ന് പറഞ്ഞത് ഫിര്‍ഔനെയും അവന്റെ ജനങ്ങളെയും ഉദ്ദേശിച്ചാണ്. അവരുടെ സംഭവം പ്രസിദ്ധമാണ്. സൂ: ത്വാഹായില്‍ അത് നാം സവിസ്തരം വായിച്ചുവല്ലോ.

25:37
  • وَقَوْمَ نُوحٍ لَّمَّا كَذَّبُوا۟ ٱلرُّسُلَ أَغْرَقْنَـٰهُمْ وَجَعَلْنَـٰهُمْ لِلنَّاسِ ءَايَةً ۖ وَأَعْتَدْنَا لِلظَّـٰلِمِينَ عَذَابًا أَلِيمًا ﴾٣٧﴿
  • നൂഹിന്റെ ജനങ്ങളെയും തന്നെ, അവര്‍ റസൂലുകളെ വ്യാജമാക്കിയപ്പോള്‍ നാം മുക്കി നശിപ്പിച്ചു. അവരെ മനുഷ്യര്‍ക്ക്‌ നാം ഒരു ദൃഷ്ടാന്തമാക്കിത്തീര്‍ക്കുകയും ചെയ്തു. അക്രമകാരികള്‍ക്ക്‌ വേദനയേറിയ ശിക്ഷ നാം തയ്യാറാക്കി വെക്കുകയും ചെയ്തിരിക്കുന്നു.
  • وَقَوْمَ نُوحٍ നൂഹിന്റെ ജനതയെയും തന്നെ لَّمَّا كَذَّبُوا അവര്‍ വ്യാജമാക്കിയപ്പോള്‍ الرُّسُلَ റസൂലുകളെ, ദൈവദൂതന്‍മാരെ أَغْرَقْنَاهُمْ നാം അവരെ മുക്കി (നശിപ്പിച്ചു) وَجَعَلْنَاهُمْ അവരെ നാം ആക്കുകയും ചെയ്തു لِلنَّاسِ ജനങ്ങള്‍ക്ക്‌, മനുഷ്യര്‍ക്കു آيَةً ഒരു ദൃഷ്ടാന്തം, ലക്‌ഷ്യം وَأَعْتَدْنَا നാം ഒരുക്കി വെക്കുകയും ചെയ്തിരിക്കുന്നു لِلظَّالِمِينَ അക്രമകാരികള്‍ക്ക്‌ عَذَابًا ശിക്ഷ أَلِيمًا വേദനയേറിയ
25:38
  • وَعَادًا وَثَمُودَا۟ وَأَصْحَـٰبَ ٱلرَّسِّ وَقُرُونًۢا بَيْنَ ذَٰلِكَ كَثِيرًا ﴾٣٨﴿
  • 'ആദി'നെയും, 'ഥമൂദി'നെയും, 'റസ്സ്'കാരെയും, അതിനിടയിലായി അനേകം തലമുറകളെയും (നാം നശിപ്പിച്ചിട്ടുണ്ട്).
  • وَعَادًا ആദിനെയും وَثَمُودَ ഥമൂദിനെയും وَأَصْحَابَ الرَّسِّ റസ്സുകാരെയും وَقُرُونًا തലമുറകളെയും, കാലക്കാരെയും بَيْنَ ذَٰلِكَ അതിന്നിടയില്‍ كَثِيرًا വളരെ, അനേകം
25:39
  • وَكُلًّا ضَرَبْنَا لَهُ ٱلْأَمْثَـٰلَ ۖ وَكُلًّا تَبَّرْنَا تَتْبِيرًا ﴾٣٩﴿
  • എല്ലാവര്‍ക്കുംതന്നെ, നാം ഉദാഹരണങ്ങള്‍ വിവരിച്ചുകൊടുത്തു. (അവരത് നിരസിച്ചു കളഞ്ഞു;) എല്ലാവരെയും നാം പാടെ നശിപ്പിച്ചു കളയുകയും ചെയ്തു.
  • وَكُلًّا എല്ലാവര്‍ക്കും ضَرَبْنَا لَهُ അവര്‍ക്കു നാം വിവരിച്ചു കൊടുത്തു, ഏര്‍പ്പെടുത്തിക്കൊടുത്തു الْأَمْثَالَ ഉദാഹരണങ്ങള്‍, ഉപമകള്‍ وَكُلًّا എല്ലാവരെയും تَبَّرْنَا നാം നശിപ്പിച്ചു, താറുമാറാക്കി تَتْبِيرًا ഒരു നശിപ്പിക്കല്‍, താറുമാറാക്കല്‍

ഹൂദ്‌ (عليه الصلاة والسلام) നബിയുടെ സമുദായമാണ് ‘ആദ്’ ജനത. സ്വാലിഹ് (عليه الصلاة والسلام) നബിയുടെ സമുദായമാണ് ‘ഥമൂദ്’ ജനത. ‘റസ്സ്’കാര്‍ (أَصْحَابَ الرَّسِ) എന്നു പറഞ്ഞത്‌ ഏത് ജനതയെ ഉദ്ദേശിച്ചാണെന്ന് ഖണ്ഡിതമായി നമുക്ക് പറയുവാന്‍ വയ്യ. ‘റസ്സ്’ എന്ന വാക്കിന് മതില്‍ കെട്ടപ്പെടാത്ത കിണര്‍ എന്നര്‍ത്ഥമുണ്ട്: ഒരു കിണറ്റിനരികെ (വെള്ളത്താവളത്തില്‍) വസിച്ചിരുന്നതുകൊണ്ടാണ് അവര്‍ക്ക് ഈ പേരു വന്നതെന്നു ചിലര്‍ പറയുന്നു. യമാമഃയിലോ മറ്റോ ഉള്‍പ്പെട്ട ഒരു രാജ്യമാണ് ‘റസ്സ്’ എന്നും, ആ രാജ്യക്കാരാണ് ഇവരെന്നും മറ്റും വേറെയും അഭിപ്രായങ്ങളുണ്ട്. الله أعلم . ഏതായാലും, നൂഹ് (عليه الصلاة والسلام) നബിയുടെ കാലം തുടങ്ങി മുഹമ്മദ്‌ (صلّى الله عليه وسلّم) നബിയുടെ കാലത്തിനിടയ്ക്കു മേല്‍ പറഞ്ഞവരും, അല്ലാത്തവരും ഉള്‍ക്കൊള്ളുന്ന വളരെ തലമുറകള്‍ കഴിഞ്ഞുപോയിട്ടുണ്ട്‌. പല ജനതയും അവരുടെ നബിമാരെ നിഷേധിക്കുകയും, അക്കാരണത്താല്‍ അല്ലാഹുവിന്റെ കോപത്തിനും ഭയങ്കര ശിക്ഷകള്‍ക്കും പാത്രമാകുകയും ചെയ്തിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടുകയും ഈ വസ്തുത ഈ മുശ്രിക്കുകളും ഓര്‍ത്തുകൊള്ളട്ടെ എന്നു ഓര്‍മ്മിപ്പിക്കുകയുമാണ്‌ ഈ ആയത്തുകളുടെ താല്‍പര്യം.

എല്ലാവര്‍ക്കും ഉദാഹരണങ്ങള്‍ (الْأَمْثَال) വിവരിച്ചു കൊടുത്തുവെന്നു പറഞ്ഞതിന്റെ ഉദ്ദേശ്യം, ഉപമകളും ലക്ഷ്യങ്ങളും സഹിതം ആവശ്യമായ ഉപദേശങ്ങള്‍ നല്‍കിയെന്നാകുന്നു. അത് നിഷേധിക്കുകയും, ധിക്കരിക്കുകയും ചെയ്തതു മൂലമാണ് എല്ലാവരും ശിക്ഷക്ക് വിധേയരായതും. എന്നാല്‍, എല്ലാ സമുദായങ്ങളിലെയും അംഗങ്ങള്‍ മുഴുവനും ശിക്ഷമൂലം നശിക്കുകയുണ്ടായെന്ന് ധരിച്ചുകൂടാ. മിക്ക സമുദായത്തിലും അതത് നബിമാരില്‍ വിശ്വസിച്ച ഭാഗ്യവാന്‍മാര്‍ ഏറെക്കുറെ ഉണ്ടായിട്ടുണ്ട്. അവരെല്ലാം പൊതുശിക്ഷകളില്‍നിന്ന് രക്ഷിക്കപ്പെടുകയും ചെയ്തിരുന്നു. ഈ വസ്തുത ഖുര്‍ആനില്‍ പലേടത്തും പ്രസ്താവിച്ച് കാണാവുന്നതാണ്. നൂഹിന്റെ ജനത ‘റസൂലുകളെ’ വ്യാജമാക്കി എന്ന് (ബഹുവചന രൂപത്തില്‍) പറഞ്ഞത് ഒരു പ്രത്യേക റസൂലിനെ വ്യാജമാക്കുന്നതും, എല്ലാ റസൂലുകളെയും വ്യാജമാക്കുന്നതും ഒരുപോലെയായതുകൊണ്ടാകുന്നു. കാരണം, എല്ലാ പ്രവാചകന്‍മാരുടെയും പ്രബോധനതത്വം ഒന്നാണല്ലോ. ആ അടിസ്ഥാനത്തില്‍ തന്നെയാണ്, എല്ലാ റസൂലുകളിലും വിശ്വസിക്കല്‍ നമുക്ക് നിര്‍ബ്ബന്ധമാക്കപ്പെട്ടിരിക്കുന്നതും.

മേലെ പേരെടുത്ത് ചൂണ്ടിക്കാട്ടിയ സമുദായങ്ങളുടെ സംഭവങ്ങള്‍ ഹിജാസിലെ അറബികളെ സംബന്ധിച്ചിടത്തോളം വളരെ പരിചയം ഇല്ലാത്തവയായിരിക്കാം. എന്നാല്‍, ലൂത്ത്വ് (عليه الصلاة والسلام) നബിയുടെ സമുദായത്തിന്റെ സംഭവം അങ്ങനെയല്ല. അതിന്റെ അറികുറികളും, ദൃഷ്ടാന്തങ്ങളും ഇന്നും വ്യക്തമാംവണ്ണം അവശേഷിക്കുന്നുണ്ട്. അറബികള്‍ അവരുടെ ഉഷ്ണകാലത്തെ (ശാമിലേക്കുള്ള) യാത്രകളില്‍ അത് കണ്ടുകൊണ്ടിരിക്കുന്നുമുണ്ട്. ആകയാല്‍, ആ സംഭവത്തെ ഇവിടെ പ്രത്യേകം ഇങ്ങിനെ ചൂണ്ടിക്കാട്ടുന്നു:-

25:40
  • وَلَقَدْ أَتَوْا۟ عَلَى ٱلْقَرْيَةِ ٱلَّتِىٓ أُمْطِرَتْ مَطَرَ ٱلسَّوْءِ ۚ أَفَلَمْ يَكُونُوا۟ يَرَوْنَهَا ۚ بَلْ كَانُوا۟ لَا يَرْجُونَ نُشُورًا ﴾٤٠﴿
  • നിശ്ചയമായും, (ആ) ചീത്ത മഴ വര്‍ഷിപ്പിക്കപ്പെട്ട നാട്ടിലൂടെ അവര്‍ [അവിശ്വാസികള്‍] വന്നിട്ടുണ്ടല്ലോ. അപ്പോള്‍, അവരതു കണ്ടിരുന്നില്ലേ?! (കാണായ്കയല്ല-) പക്ഷേ, അവര്‍ പുനരുത്ഥാനത്തെ പ്രതീക്ഷിക്കാതായിരിക്കയാണ്. [അതുകൊണ്ടാണ് പലപ്പോഴും അതു കണ്ടുവന്നിട്ടും അവര്‍ ചിന്തിച്ച് പാഠം പഠിക്കാതിരിക്കുന്നത്.]
  • وَلَقَدْ أَتَوْا തീര്‍ച്ചയായും അവര്‍ വന്നിട്ടുണ്ട്, ചെന്നിട്ടുണ്ടല്ലോ عَلَى الْقَرْيَةِ നാട്ടില്‍, രാജ്യത്തൂടെ الَّتِي أُمْطِرَتْ മഴ വര്‍ഷിപ്പിക്കപ്പെട്ടതായ مَطَرَ السَّوْءِ ചീത്തമഴ, ദുഷിച്ചമഴ أَفَلَمْ يَكُونُوا അപ്പോള്‍ അവരായിരുന്നില്ലേ, അവരല്ലേ يَرَوْنَهَا അതിനെ കാണും بَلْ പക്ഷേ, എങ്കിലും كَانُوا അവരാകുന്നു, ആയിരുന്നു لَا يَرْجُونَ പ്രതീക്ഷിക്കാതെ, കരുതാതെ, ഭയപ്പെടാത്ത(വര്‍) نُشُورًا പുനരുത്ഥാനത്തെ, പുനര്‍ജീവിതത്തെ

ലൂത്ത് (عليه الصلاة والسلام) നബിയുടെ ജനത നശിപ്പിക്കപ്പെടുകയും അവരുടെ രാജ്യം അടിമേലായി മറിക്കപ്പെടുകയും ചെയ്തതിനെയാണ് ഇവിടെ സൂചിപ്പിച്ചത്. അവരില്‍ അഗ്നിയാലുള്ള ഒരു ശരവര്‍ഷം ഉണ്ടായതും മറ്റും സൂറത്തുല്‍ അമ്പിയാഇല്‍ നാം വിവരിച്ചിരിക്കുന്നു. ഈ ശരവര്‍ഷത്തെപ്പറ്റിയാണ്‌ ‘ചീത്തമഴ’ (مَطَرَ السَّوْء) എന്ന് പറഞ്ഞത്.

25:41
  • وَإِذَا رَأَوْكَ إِن يَتَّخِذُونَكَ إِلَّا هُزُوًا أَهَـٰذَا ٱلَّذِى بَعَثَ ٱللَّهُ رَسُولًا ﴾٤١﴿
  • (നബിയേ) അവര്‍ നിന്നെ കാണുമ്പോള്‍, നിന്നെ ഒരു പരിഹാസപാത്രമല്ലാതെ അവര്‍ ആക്കുന്നില്ല; 'ഇവനാണോ, അല്ലാഹു റസൂലായി നിയോഗിച്ചിട്ടുള്ളവന്‍'?!-
  • وَإِذَا رَأَوْكَ അവര്‍ നിന്നെ കണ്ടാല്‍, കാണുമ്പോള്‍ إِن يَتَّخِذُونَكَ നിന്നെ അവര്‍ ആക്കുകയില്ല إِلَّا هُزُوًا പരിഹാസം (പരിഹാസപാത്രം) അല്ലാതെ أَهَـٰذَا ഇവനാണോ الَّذِي യതൊരുത്തന്‍ بَعَثَ اللَّـهُ അല്ലാഹു നിയോഗിച്ചിട്ടുള്ള رَسُولًا റസൂലായി, ദൂതനായി
25:42
  • إِن كَادَ لَيُضِلُّنَا عَنْ ءَالِهَتِنَا لَوْلَآ أَن صَبَرْنَا عَلَيْهَا ۚ وَسَوْفَ يَعْلَمُونَ حِينَ يَرَوْنَ ٱلْعَذَابَ مَنْ أَضَلُّ سَبِيلًا ﴾٤٢﴿
  • 'നമ്മുടെ ആരാധ്യവസ്തുക്കളില്‍നിന്ന് - നാം അവയില്‍ സ്ഥിരചിത്തത കൈക്കൊണ്ടില്ലായിരുന്നുവെങ്കില്‍ - ഇവന്‍ നമ്മെ നിശ്ചയമായും വഴിതെറ്റിച്ചുകളയുമായിരുന്നു!' (എന്നിങ്ങിനെ പറയും). അവര്‍ ശിക്ഷയെ കാണുന്ന സമയത്ത് അവര്‍ക്കറിയാറാകും: ആരാണ് ഏറ്റവും വഴിപിഴച്ചിട്ടുള്ളവരെന്ന്!
  • إِن كَادَ നിശ്ചയമായും ആയേക്കുമായിരുന്നു لَيُضِلُّنَا അവന്‍ നമ്മെ വഴി തെറ്റിക്കുക عَنْ آلِهَتِنَا നമ്മുടെ ആരാധ്യന്‍മാരില്‍ (ദൈവങ്ങളില്‍) നിന്നു لَوْلَا أَن صَبَرْنَا നാം ക്ഷമ (സ്ഥിരചിത്തത) കൈകൊണ്ടിട്ടില്ലായിരുന്നെങ്കില്‍ عَلَيْهَا അവയില്‍ وَسَوْفَ يَعْلَمُونَ അവര്‍ക്ക് അറിയാറാകും, വഴിയെ അറിയും حِينَ يَرَوْنَ അവര്‍ കാണുന്ന സമയത്തു الْعَذَابَ ശിക്ഷയെ مَنْ أَضَلُّ ആരാണ് ഏറ്റം പിഴച്ചവര്‍ سَبِيلًا മാര്‍ഗ്ഗം, വഴി

അവിശ്വാസികള്‍ പുറപ്പെടുവിച്ചുകൊണ്ടിരുന്ന പല അപവാദങ്ങളുടെയും, ആക്ഷേപങ്ങളുടെയും മാതൃകകള്‍ ഇതിനുമുമ്പ് അല്ലാഹു വിവരിച്ചു. അവകൊണ്ടൊന്നും അവര്‍ മതിയാക്കുന്നില്ല. നബി (صلى الله عليه وسلّم) തിരുമേനിയെ പരിഹസിക്കുകയും, തെറി പറയുകയും അവരുടെ സ്വഭാവമാണ്. ആ ഇനത്തില്‍പെട്ട ഒരു ഉദാഹരണമത്രെ ഈ വചനങ്ങളില്‍ കാണുന്നത്. എത്രത്തോളം പുച്ഛത്തിലും, അവഹേളന രൂപത്തിലുമാണ് അവര്‍ തിരുമേനി (صلّى الله عليه وسلّم)യോട് പെരുമാറിയതെന്ന് ഈ ഒരേ ഉദാഹരണത്തില്‍നിന്നും, അവര്‍ പ്രയോഗിച്ച വാക്കുകളില്‍നിന്നും അനുമാനിക്കാവുന്നതാണ്. അതേ സമയത്തു തന്നെ, മറ്റൊരു യാഥാര്‍ത്ഥ്യവും അതില്‍ നിഴലിച്ചുകൊണ്ടിരിക്കുന്നു. നബി (صلّى الله عليه وسلّم) തിരുമേനിയുടെ തൗഹീദിലേക്കുള്ള ക്ഷണം വളരെയധികം ഊര്‍ജ്ജിതമായിരുന്നുവെന്നും, അവരില്‍ അത് ധാരാളം അമ്പരപ്പും, കോളിളക്കവും ഉളവാക്കിയിരുന്നുവെന്നും അതില്‍നിന്ന് ധ്വനിക്കുന്നു. എന്തുതന്നെ വന്നാലും, തങ്ങളുടെ ദൈവങ്ങളില്‍ ഉറച്ചു നില്‍ക്കണമെന്ന ഒരേ വാശിയും, സത്യം സ്വീകരിക്കുകയില്ലെന്ന മര്‍ക്കട മുഷ്ടിയുംകൊണ്ട് മാത്രമാണ് അവര്‍ നബി (صلّى الله عليه وسلّم)യില്‍ വിശ്വസിക്കാത്തത് എന്നാണല്ലോ ‘നാം അവയില്‍ സ്ഥിരചിത്തത കൈകൊണ്ടിട്ടില്ലായിരുന്നെങ്കില്‍’ (لَوْلَا أَن صَبَرْنَا عَلَيْهَا) എന്ന വാക്കുകൊണ്ട് മനസ്സിലാക്കുന്നത്. ആശ്ചര്യംതന്നെ! മര്‍ക്കടമുഷ്ടിക്കുണ്ടോ വല്ല ചികില്‍സയും?!

25:43
  • أَرَءَيْتَ مَنِ ٱتَّخَذَ إِلَـٰهَهُۥ هَوَىٰهُ أَفَأَنتَ تَكُونُ عَلَيْهِ وَكِيلًا ﴾٤٣﴿
  • തന്റെ ഇച്ഛയെ തന്റെ 'ഇലാഹാ'ക്കി [ആരാധ്യവസ്തുവാക്കി]വെച്ചിട്ടുള്ളവനെ നീ കണ്ടുവോ?! എന്നിരിക്കെ, നീ അവന്റെമേല്‍ ഉത്തരവാദപ്പെട്ടവനാകുമോ?!
  • أَرَأَيْتَ നീ കണ്ടുവോ مَنِ اتَّخَذَ ആക്കിയവനെ إِلَـٰهَهُ തന്റെ ഇലാഹു, അവന്റെ ദൈവം, ആരാധ്യവസ്തു هَوَاهُ തന്റെ ഇച്ഛയെ, തന്നിഷ്ടത്തെ أَفَأَنتَ അപ്പോള്‍ (എന്നിരിക്കെ) നീയുണ്ടോ تَكُونُ ആകുന്നു (നീ ആകുമോ) عَلَيْهِ അവന്ന്, അവന്റെ മേല്‍ وَكِيلًا ഉത്തരവാദപ്പെട്ടവന്‍, ഭരമേറ്റവന്‍

25:44
  • أَمْ تَحْسَبُ أَنَّ أَكْثَرَهُمْ يَسْمَعُونَ أَوْ يَعْقِلُونَ ۚ إِنْ هُمْ إِلَّا كَٱلْأَنْعَـٰمِ ۖ بَلْ هُمْ أَضَلُّ سَبِيلًا ﴾٤٤﴿
  • അതല്ല, അവരില്‍ അധികമാളുകളും കേള്‍ക്കുന്നുണ്ടെന്നോ, മനസ്സിരുത്തുന്നുണ്ടെന്നോ നീ വിചാരിക്കുന്നുവോ?! അവര്‍ കന്നുകാലികളെപ്പോലെയല്ലാതെ (മറ്റൊന്നും) അല്ല; അത്രയുമല്ല, അവര്‍ (അവയെക്കാള്‍) കൂടുതല്‍ വഴിപിഴച്ചവരത്രെ.
  • أَمْ അതോ, അതല്ല, അല്ലാത്തപക്ഷം, അഥവാ تَحْسَبُ നീ വിചാരിക്കുന്നോ, ഭാവിക്കുന്നോ أَنَّ أَكْثَرَهُمْ അവരില്‍ അധികമാളും ആണെന്ന് يَسْمَعُونَ അവര്‍ കേള്‍ക്കുന്നു (എന്ന്) أَوْ يَعْقِلُونَ അല്ലെങ്കില്‍ മനസ്സിരുത്തുന്നു, ബുദ്ധികൊടുക്കുന്നു, ഗ്രഹിക്കുന്നു (എന്നു) إِنْ هُمْ അവരല്ല إِلَّا كَالْأَنْعَامِ കന്നുകാലികളെ (ആടുമാടൊട്ടകങ്ങളെ)പ്പോലെയല്ലാതെ بَلْ هُمْ എങ്കിലും (അത്രയുമല്ല) അവര്‍ أَضَلُّ കൂടുതല്‍ പിഴച്ചവരാണ് سَبِيلًا വഴി, മാര്‍ഗ്ഗം

പ്രമാണങ്ങളും, ലക്ഷ്യങ്ങളും വകവെക്കാതെ, ദേഹേച്ഛയും, തന്നിഷ്ടവും ആധാരമാക്കി ജീവിതം നയിക്കുന്നവന്‍ അതിനെ ഒരു തരത്തില്‍ തന്റെ ദൈവമാക്കി വെക്കുകയാണ് ചെയ്യുന്നത്. ഇങ്ങിനെയുള്ളവരെ സംസ്കരിക്കുവാനോ, അവരുടെ ചുമതല ഏറ്റെടുത്തു നടത്തുവാനോ സാധ്യമാകുന്നതല്ല. കാരണം – തുടര്‍ന്ന് പറയുന്നതുപോലെ – അവര്‍ക്ക് മനസ്സാക്ഷിയും, മനുഷ്യത്വപരമായ വിവേചനവും നഷ്ടപ്പെട്ട് തനി മൃഗതുല്യരായിരിക്കുകയാണ്.

‘ജാഹിലിയ്യാ’ കാലത്ത് (ഇസ്‌ലാമിനുമുമ്പ് അജ്ഞാനകാലത്ത്) ചില ആളുകള്‍, കുറേകാലം ഒരു കല്ലിനെ ആരാധ്യവസ്തുവായി വെച്ചുകൊണ്ടിരിക്കെ അതിനെക്കാള്‍ നല്ലതായ വേറൊരു കല്ല്‌ കാണുമ്പോള്‍, ആദ്യത്തേതിനെ ഉപേക്ഷിച്ച് ആ പുതിയ കല്ല്‌ തല്‍സ്ഥാനത്ത് പ്രതിഷ്ഠിച്ച് ആരാധിച്ചു വരുക പതിവുണ്ടായിരുന്നു. ഇത്തരം സമ്പ്രദായത്തെ ഉദ്ദേശിച്ചാണ് ‘ഇച്ഛയെ ഇലാഹാക്കി’ എന്ന് പ്രസ്താവിച്ചിരിക്കുന്നത് എന്നത്രെ ഇബ്നു അബ്ബാസ്‌ (رضي الله عنه) മുതലായവരുടെ അഭിപ്രായം. പ്രസിദ്ധ ഖുര്‍ആന്‍ വ്യാഖ്യാതാവായ ഇബ്നു ജരീര്‍ (رحمة الله عليه) ഈ അഭിപ്രായമാണ് സ്വീകരിച്ചിട്ടുള്ളതും. അപ്പോള്‍, തത്വദീക്ഷയുംവിവേചന ബുദ്ധിയും കൂടാതെ ആരാധ്യവസ്തുക്കളെ – വിഗ്രഹങ്ങളോ, ദേവീദേവന്‍മാരോ, മനുഷ്യരോ, പ്രതിമകളോ, ഭൂതങ്ങളോ, ചിഹ്നങ്ങളോ ഏതായാലും ശരി – സ്വീകരിക്കുന്നവരെല്ലാം ഈ ആക്ഷേപത്തിന് വിധേയരാകുന്നു.

ഇമാം ഇബ്നുകഥീര്‍ (ابن كثير -رحمة الله عليه) ഇതിനെക്കാള്‍ വിപുലമായ ഒരര്‍ത്ഥത്തിലാണ് ഈ വാക്യം വ്യാഖ്യാനിച്ചിരിക്കുന്നത്. ‘ഏതെങ്കിലും ഒരു കാര്യം ഒരാള്‍ക്ക്‌ നന്നായി തോന്നുകയും, തന്റെ ഇച്ഛയുടെ അടിസ്ഥാനത്തില്‍ അത് നല്ലതെന്ന് അഭിപ്രായപ്പെടുകയും ചെയ്‌താല്‍, ആ കാര്യം തന്റെ മതവും, ആദര്‍ശവുമായി കണക്കാക്കുക.’ ഇതാണ് അദ്ദേഹം ‘ഇച്ഛയെ ഇലാഹാക്കുക’ എന്നതിനു കൊടുത്ത വ്യാഖ്യാനം. ഇച്ഛക്കൊത്ത ആശയാദര്‍ശങ്ങളും, തന്നിഷ്ടത്തിനനുകൂലമായ പ്രസ്ഥാനങ്ങളും സിദ്ധാന്തങ്ങളും സ്വീകരിക്കുന്നവരും, സൗഖ്യജീവിതം, ആഡംബരം, സമ്പത്ത്, പ്രേമം, കാമം, വിനോദം, പന്തയം ആദിയായവയില്‍ മനം ലയിച്ചവരും ഈ രണ്ടാമത്തെ വ്യാഖ്യാനപ്രകാരം അതതിനെ ഇലാഹാക്കിയവരാണെന്ന് പറയാം. ഇതേ അടിസ്ഥാനത്തില്‍തന്നെയാണ് നബി (صلّى الله عليه وسلّم) ഇങ്ങിനെ അരുളിച്ചെയ്തതും: تَعِسَ عبدُ الدينارِ ، وعبدُ الدرهمِ ، وعبدُ الخميصةِ ، إن أُعْطِي رَضِيَ ، وإن لم يُعْطَ سَخِطَ …. الح – رواه البخاري : പൊന്‍പണത്തിന്റെ അടിമയും, വെള്ളിപ്പണത്തിന്റെ അടിമയും, പട്ടുപുതപ്പിന്റെ (സുഖപ്രിയനായ) അടിമയും കഷ്ടനഷ്ടത്തില്‍ പെട്ടുപോയി. അവന് (ഉദ്ദേശിച്ചത്) കിട്ടിയാല്‍ തൃപ്തിപ്പെടും, കിട്ടിയില്ലെങ്കില്‍ കുപിതനാകും…. എന്ന് സാരം.

രണ്ടാമത്തെ വചനം, ഇത്തരക്കാര്‍ വാസ്തവത്തില്‍ മനുഷ്യപ്രായരല്ലെന്നും, മൃഗപ്രായരാണെന്നും അത്രയുമല്ല, അതിനെക്കാള്‍ നികൃഷ്ടരാണെന്നുതന്നെ – സമര്‍ത്ഥിക്കുകയാണ്. പ്രത്യക്ഷത്തില്‍ അവര്‍ക്ക് വിശേഷ ബുദ്ധിയുണ്ട്. കേള്‍ക്കുന്ന കാതുകളുമുമുണ്ട്. പക്ഷെ, ഉപദേശങ്ങളും, ദൃഷ്ടാന്തങ്ങളും അവര്‍ ചെവിക്കൊണ്ട് ഗ്രഹിക്കുന്നില്ല. സത്യാസത്യങ്ങളും, ന്യായാന്യായങ്ങളും ചിന്തിച്ച് മനസ്സിലാക്കുന്നുമില്ല. ഈ നിലക്ക് അവര്‍ ആടുമാടുകള്‍ക്ക് സമമാണ്. എന്നാല്‍, അല്പംകൂടി മുന്നോട്ടുപോയി ആലോചിക്കുന്നതയാല്‍, മൃഗങ്ങള്‍ താരതമ്യേന ഇവരിലും ഭേദമാകുന്നു. എന്തുകൊണ്ടെന്നാല്‍, അവക്ക് വിശേഷബുദ്ധിയും, വിവേചനശക്തിയുമില്ല. എന്നിട്ടുപോലും, അവയുടെ നിത്യവൃത്തികള്‍ അവ യഥാവിധി നിര്‍വ്വഹിക്കുന്നു; അവയുടെ പ്രകൃതിക്ക് യോജ്യമാംവണ്ണം ഓരോന്നും, അതതിന്റെ രക്ഷാമാര്‍ഗ്ഗം തേടുവാന്‍ പരിശ്രമിക്കുകയും ചെയ്യുന്നു; അതതിനെ പോറ്റുന്ന യജമാനന്റെ ആജ്ഞയനുസരിച്ച് വര്‍ത്തിക്കുകയും ചെയ്യുന്നു. അവ സത്യവിശ്വാസികളല്ലെങ്കില്‍ സത്യനിഷേധികളുമല്ല. അതേ സമയത്ത് ഈ ഇച്ഛാപൂജകന്‍മാരാകട്ടെ, അവരുടെ സൃഷ്ടാവും, അന്നദാതാവും, നിയന്താവും, രക്ഷിതാവുമായ അല്ലാഹുവില്‍ വിശ്വസിക്കുന്നില്ല; അവന്റെ ആജ്ഞാനിര്‍ദ്ദേശങ്ങള്‍ മാനിക്കുന്നുമില്ല; അവനോട് കൂറും ഭക്തിയും കാണിക്കുന്നുമില്ല; വരുവാനിരിക്കുന്ന മഹാവിപത്തുകളെപ്പറ്റി ചിന്തിക്കുന്നുമില്ല. അപ്പോള്‍, നിശ്ചയമായും അവര്‍ കന്നുകാലിമൃഗങ്ങളെക്കാള്‍ വഴിപിഴച്ചവരാണെന്നുള്ളതില്‍ സംശയമില്ല.

തുടര്‍ന്നുള്ള കുറെ ആയത്തുകളില്‍, അല്ലാഹുവിന്റെ സൃഷ്ടിമാഹാത്മ്യത്തെയും നിത്യാനുഗ്രഹങ്ങളെയും സ്ഥാപിക്കുന്ന അഞ്ച് പ്രധാന പ്രകൃതിദൃഷ്ടാന്തങ്ങള്‍ വിവരിക്കുന്നു. അവ ഓരോന്നും, അല്‍പമെങ്കിലും ബുദ്ധികൊടുത്ത് ചിന്തിക്കുന്ന ഏതൊരാള്‍ക്കും മനസ്സിലാക്കാവുന്ന പരമാര്‍ത്ഥങ്ങളാകുന്നു. ഒന്നാമത്തേത്:-