ഫുർഖാൻ (സത്യാസത്യ വിവേചനം)

മക്കായില്‍ അവതരിച്ചത് – വചനങ്ങള്‍ 77 – വിഭാഗം (റുകുഅ്) 6

بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ

പരമകാരുണികനും, കരുണാനിധിയുമായ അല്ലാഹുവിന്‍റെ നാമത്തില്‍

വിഭാഗം - 1

25:1
 • تَبَارَكَ ٱلَّذِى نَزَّلَ ٱلْفُرْقَانَ عَلَىٰ عَبْدِهِۦ لِيَكُونَ لِلْعَـٰلَمِينَ نَذِيرًا ﴾١﴿
 • ലോകര്‍ക്ക് താക്കീതു നല്‍കുന്നവനായിരിക്കുവാന്‍ വേണ്ടി തന്‍റെ അടിയാന്‍റെ മേല്‍ 'ഫുര്‍ഖാന്‍' (വിവേചന പ്രമാണം) അവതരിപ്പിച്ചിട്ടുള്ളവന്‍ നന്‍മയേറിയവനാകുന്നു.
 • تَبَارَكَ വളരെ നന്‍മ (മഹത്വം, മേന്‍മ, അനുഗ്രഹം) ഉള്ളവനായി الَّذِي نَزَّلَ അവതരിപ്പിച്ചിട്ടുള്ളവന്‍ الْفُرْقَانَ വിവേചനപ്രമാണം عَلَىٰ عَبْدِهِ തന്‍റെ അടിയാന്‍റെമേല്‍ لِيَكُونَ അദ്ദേഹം ആകുവാന്‍വേണ്ടി لِلْعَالَمِينَ ലോകര്‍ക്കു نَذِيرًا താക്കീതു ചെയ്യുന്നവന്‍, മുന്നറിയിപ്പുകാരന്‍, ഭയവാര്‍ത്ത അറിയിക്കുന്നവന്‍
25:2
 • ٱلَّذِى لَهُۥ مُلْكُ ٱلسَّمَـٰوَٰتِ وَٱلْأَرْضِ وَلَمْ يَتَّخِذْ وَلَدًا وَلَمْ يَكُن لَّهُۥ شَرِيكٌ فِى ٱلْمُلْكِ وَخَلَقَ كُلَّ شَىْءٍ فَقَدَّرَهُۥ تَقْدِيرًا ﴾٢﴿
 • ആകാശങ്ങളുടെയും ഭൂമിയുടെയും ആധിപത്യമുള്ളവനത്രെ (അവന്‍). അവന്‍ സന്താനം സ്വീകരിച്ചിട്ടുമില്ല; ആധിപത്യത്തില്‍ അവന് ഒരു പങ്കാളിയും ഉണ്ടായിട്ടുമില്ല; എല്ലാ വസ്തുവെയും അവന്‍ സൃഷ്ടിച്ച് അതിന് ഒരു (ശരിയായ) നിര്‍ണ്ണയം നല്‍കുകയും ചെയ്തിരിക്കുന്നു.
 • الَّذِي യാതൊരുവന്‍ لَهُ അവന്നാണു, അവന്‍റേതാണു مُلْكُ السَّمَاوَاتِ ആകാശങ്ങളുടെ ആധിപത്യം, രാജത്വം وَالْأَرْضِ ഭൂമിയുടെയും وَلَمْ يَتَّخِذْ അവന്‍ സ്വീകരിച്ചിട്ടുമില്ല, ഏര്‍പ്പെടുത്തിയിട്ടുമില്ല وَلَدًا മക്കളെ, സന്താനത്തെ وَلَمْ يَكُن ഉണ്ടായിട്ടുമില്ല, ഇല്ലതാനും لَّهُ അവനു شَرِيكٌ ഒരു പങ്കുകാരനും فِي الْمُلْكِ ആധിപത്യത്തില്‍ وَخَلَقَ അവന്‍ സൃഷ്ടിക്കയും ചെയ്തു كُلَّ شَيْءٍ എല്ലാ വസ്തുവെയും فَقَدَّرَهُ എന്നിട്ടു അതിനു നിര്‍ണ്ണയം നല്‍കി, അതിനെ നിര്‍ണ്ണയിച്ചു, കണക്കാക്കി تَقْدِيرًا ഒരു (ശരിയായ) നിര്‍ണ്ണയം

കഴിഞ്ഞ അദ്ധ്യായത്തിന്‍റെ അവസാനത്തില്‍, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യെ നിരുപാധികമായി പിന്‍പറ്റുന്നത് സത്യവിശ്വാസികളുടെ നിര്‍ബ്ബന്ധകടമയാണെന്നും, അവിടുത്തെ കല്‍പനക്ക്‌ വിപരീതം പ്രവര്‍ത്തിക്കുന്നത് വലിയ ആപത്തുകള്‍ക്കും ശിക്ഷക്കും കാരണമാണെന്നും പ്രസ്താവിച്ചു. നബി(صلى الله عليه وسلم) യെ അനുസരിക്കുന്നവരെ പ്രശംസിക്കുകയും, അനുസരിക്കാത്തവരെ കഠിനമായി താക്കീതുചെയ്യുകയും ചെയ്തു. അതിന് നിദാനമായ കാരണമെന്നോണം ഈ അദ്ധ്യായത്തിന്‍റെ ആരംഭത്തില്‍ ലോകര്‍ക്കാകമാനം മുന്നറിയിപ്പും താക്കീതും നല്‍കുവാന്‍വേണ്ടിയാണ് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിക്ക് വിശുദ്ധഖുര്‍ആനാകുന്ന ‘വിവേചന പ്രമാണം’ (الْفُرْقَان) അവതരിപ്പിച്ചിട്ടുള്ളതെന്ന വസ്തുത ഓര്‍മ്മിപ്പിക്കുകയാണ്. അല്ലാഹു ലോകര്‍ക്ക് ചെയ്തുകൊണ്ടിരിക്കുന്ന എണ്ണമറ്റ അനുഗ്രഹങ്ങളുടെ കൂട്ടത്തില്‍ അതിമഹത്തായ ഒന്നത്രെ അത്. ഇതിന്‍റെ പേരില്‍ അല്ലാഹു അവനെത്തന്നെ സ്തുതിച്ചുകൊണ്ടാണ് സൂറത്തിന്‍റെ തുടക്കം.

تَبَارَكَ (‘തബാറക’) എന്ന വാക്ക് വളരെ അര്‍ത്ഥവൈപുല്യം നിറഞ്ഞ ഒരു ക്രിയയാണ്. വളരെ നന്‍മയും, മേന്മയും, മഹത്വവും, അനുഗ്രഹവും സമ്മേളിച്ചുവെന്നാണ് അത് അര്‍ത്ഥമാക്കുന്നത്. അതിന്‍റെ അര്‍ത്ഥം ശരിക്ക് പ്രകാശിപ്പിക്കുന്ന ഒരു ക്രിയാപദം മലയാളത്തില്‍ കാണുന്നില്ല. الْفُرْقَان (‘ഫുര്‍ഖാന്‍’) എന്നാല്‍ ‘വിവേചനം’ എന്നും ‘വിവേചനം ചെയ്യുന്നത്’ എന്നും അര്‍ത്ഥമാകുന്നു. വിശുദ്ധ ഖുര്‍ആന്‍ സത്യാസത്യങ്ങള്‍ക്കും, നന്മതിന്മകള്‍ക്കുമിടയില്‍ വിവേചനം ചെയ്യുന്ന പ്രമാണമാകകൊണ്ട് അതിന് ‘ഫുര്‍ഖാന്‍’ എന്നും പേരു പറയപ്പെടുന്നു.

ഖുര്‍ആനില്‍ പലേടത്തും പ്രസ്താവിച്ചിട്ടുള്ളതുപോലെ, ദൈവദൂതന്‍മാര്‍ (മുര്‍സലുകള്‍) താക്കീതു നല്‍കുന്നവര്‍ (نَذِير) മാത്രമായിട്ടല്ല – സുവിശേഷം അറിയിക്കുന്നവരും (بَشِير) കൂടിയായിട്ടാണ് – നിയോഗിക്കപ്പെട്ടിട്ടുള്ളത്. എന്നാല്‍, താക്കീതു നല്‍കുകയെന്ന കൃത്യമാണ് താരതമ്യേന കൂടുതല്‍ പ്രാധാന്യമര്‍ഹിക്കുന്നത്. (സൂറത്തുല്‍ കഹ്ഫിന്‍റെ ആരംഭത്തില്‍ നാം ഇതിനെക്കുറിച്ച്‌ സംസാരിച്ചിട്ടുണ്ട്). ഖുര്‍ആന്‍, പ്രവാചകന്മാര്‍, അന്ത്യദിനം എന്നിവയെ നിഷേധിക്കുകയും, അല്ലാഹുവിന് സന്താനങ്ങളുണ്ടെന്നു് വാദിക്കുകയും ചെയ്യുന്നവരെ സംബന്ധിച്ചാണ് ഈ സൂറത്തില്‍ കൂടുതല്‍ പ്രതിപാദിക്കുന്നത്. ആ നിലക്ക് താക്കീതും, ഭയവാര്‍ത്തയും നല്‍കുന്നതിന് ഇവിടെ കൂടുതല്‍ പ്രസക്തിയുള്ളതുകൊണ്ടാണ് ‘ലോകര്‍ക്കു താക്കീതു നല്‍കുന്നവനായിരിക്കുവാന്‍വേണ്ടി’ എന്നു പ്രസ്താവിച്ചത്.

അല്ലാഹു അല്ലാത്ത എല്ലാ വസ്തുക്കളും അവന്‍റെ സൃഷ്ടിയാകുന്നു. അവന്‍ എല്ലാറ്റിന്‍റെയും സൃഷ്ടാവും, നിയന്താവും, ഉടമസ്ഥനുമത്രെ. അവന്‍റെ യുക്തിക്കും, ഉദ്ദേശത്തിനും അനുസരിച്ച് ഓരോന്നിന്‍റെയും ആകൃതി, പ്രകൃതി, കഴിവ്, പ്രവര്‍ത്തനപരിപാടി തുടങ്ങിയ എല്ലാകാര്യങ്ങളും അവന്‍ നിര്‍ണ്ണയം ചെയ്യുകയും ചെയ്തിരിക്കയാണ്. (*). അതിലൊന്നും ആര്‍ക്കും പങ്കില്ല. എന്നിരിക്കെ, സൃഷ്ടികളില്‍പെട്ട ഏതെങ്കിലും ഒരു വസ്തുവെ – അത് മനുഷ്യനോ, ജിന്നോ, മലക്കോ മറ്റോ ആകട്ടെ – അവന്‍റെ സന്താനമെന്നോ, കൂട്ടാളിയെന്നോ കരുതുന്നതില്‍പരം നിരര്‍ത്ഥവും, നിന്ദ്യവുമായിട്ടുള്ളതെന്താണ്?! അല്‍പമെങ്കിലും ചിന്തിക്കുന്ന ഒരു ഹൃദയത്തിന് അതൊരിക്കലും ന്യായീകരിക്കുക സാധ്യമല്ല. പക്ഷേ, സ്പഷ്ടമായ ഈ പരമാര്‍ത്ഥത്തില്‍ നിന്നും അവിശ്വാസികള്‍ വ്യതിചലിക്കുകയാണ് ചെയ്തിരിക്കുന്നത്:-


(*). ഈ ആശയം സൂ: ത്വാഹാ 50-ന്‍റെ വ്യാഖ്യാനത്തില്‍ വിവരിച്ചിട്ടുള്ളതു ഇവിടെ അനുസ്മരിക്കുന്നത്‌ നന്നായിരിക്കും.

25:3
 • وَٱتَّخَذُوا۟ مِن دُونِهِۦٓ ءَالِهَةً لَّا يَخْلُقُونَ شَيْـًٔا وَهُمْ يُخْلَقُونَ وَلَا يَمْلِكُونَ لِأَنفُسِهِمْ ضَرًّا وَلَا نَفْعًا وَلَا يَمْلِكُونَ مَوْتًا وَلَا حَيَوٰةً وَلَا نُشُورًا ﴾٣﴿
 • അവനു പുറമെ പല ആരാധ്യന്മാരെയും അവര്‍ സ്വീകരിച്ചിരിക്കുകയാണ്. അവര്‍ (ആ ആരാധ്യന്മാര്‍) യാതൊരു വസ്തുവും സൃഷ്ടിക്കുന്നില്ല; അവരാകട്ടെ, സൃഷ്ടിക്കപ്പെടുകയുമാകുന്നു. തങ്ങള്‍ക്കുതന്നെയും, വല്ല ഉപദ്രവമാകട്ടെ, അവര്‍ സ്വാധീനമാക്കുന്നുമില്ല; അവര്‍ മരണത്തെയാകട്ടെ, ജീവിതത്തെയാകട്ടെ, പുനരുത്ഥാനത്തെയാകട്ടെ, അധീനപ്പെടുത്തുന്നുമില്ല.
 • وَاتَّخَذُوا അവര്‍ ഉണ്ടാക്കി, സ്വീകരിച്ചു مِن دُونِهِ അവനു പുറമെ آلِهَةً (പല) ദൈവങ്ങളെ, ആരാധ്യന്‍മാരെ لَّا يَخْلُقُونَ അവര്‍ സൃഷ്ടിക്കുന്നില്ല شَيْئًا യാതൊന്നും, ഒരു വസ്തുവും وَهُمْ അവരാകാട്ടെ, അവരോ يُخْلَقُونَ സൃഷ്ടിക്കപ്പെടുന്നു وَلَا يَمْلِكُونَ അവര്‍ അധീനപ്പെടുത്തുന്നുമില്ല لِأَنفُسِهِمْ തങ്ങള്‍ക്കുതന്നെ ضَرًّا ഉപദ്രവം, ദ്രോഹം وَلَا نَفْعًا ഉപകാരവും ഇല്ല وَلَا يَمْلِكُونَ അവര്‍ അധീനമാക്കുന്നുമില്ല مَوْتًا മരണത്തെ وَلَا حَيَاةً ജീവിതത്തെയും ഇല്ല وَلَا نُشُورًا പുനരുത്ഥാനത്തെയും ഇല്ല

അല്ലാഹു അല്ലാത്തവരെ ദൈവമാക്കുന്നതിന്‍റെ നിരര്‍ത്ഥതക്ക് നാല് കാരണങ്ങള്‍ ഇതില്‍ അടങ്ങിയിരിക്കുന്നു. ഈ നാലില്‍പെട്ട ഏതെങ്കിലും ഒന്നില്‍നിന്നു് ആ ദൈവങ്ങള്‍ ഒഴിവായിരുന്നുവെങ്കില്‍, ആ അപവാദത്തെ ഒരു വിധത്തിലെങ്കിലും ന്യായീകരിച്ച് നോക്കാമായിരുന്നു. 1). അവയൊന്നുപോലും, വല്ലതിനെയും സൃഷ്ടിച്ചുണ്ടാക്കുവാന്‍ കഴിവുള്ളവയല്ല. ആരാധ്യവസ്തുക്കള്‍ സൃഷ്ടിച്ചുണ്ടാക്കുവാന്‍ കഴിവുള്ളവരായിരിക്കേണ്ടതാണ്. 2). അവയാണെങ്കില്‍, സൃഷ്ടികളാണ്. സൃഷ്ടികളെല്ലാം അന്യാശ്രയം കൂടാതെ കഴിയാത്തവരുമത്രെ. ആരാധ്യന്‍മാര്‍ക്ക് അന്യാശ്രയം ഒട്ടും അനുയോജ്യവുമല്ല. 3). മറ്റുള്ളവരുടെ കാര്യം ഇരിക്കട്ടെ, സ്വന്തം കാര്യത്തിലെങ്കിലും പരസഹായം കൂടാതെ ഒരു ഉപകാരപ്രദമായ സംഗതി ചെയ്യാന്‍ സാധ്യമാണോ? അതുമില്ല. എന്നാല്‍ പിന്നെ, സ്വന്തം നിലക്ക് വല്ല ഉപദ്രവവും ചെയ്യാന്‍ കഴിയുമോ? അതും ഇല്ല. അല്ലാഹുവിന്‍റെ ഉദ്ദേശവും സഹായവും കൂടാതെ അവക്കു് ഒന്നിന്നും കഴിവില്ല. ഇങ്ങിനെയുള്ള വസ്തുക്കളെ ദൈവമാക്കുന്നതില്‍ എന്തര്‍ത്ഥമാണുള്ളത്?! 4). ജീവനുള്ളതിന്‍റെ മരണവിഷയമോ, ജീവനില്ലാത്തതിന്‍റെ ജീവിതകാര്യമോ ഒന്നുംതന്നെ അവയുടെ അധീനത്തില്‍ പെട്ടതല്ല. മരണപ്പെട്ടവരെ രണ്ടാമത് ജീവിപ്പിക്കുവാനും അവക്കു് സാധിക്കുകയില്ല. ഇതെല്ലാം അല്ലാഹുവിന്‍റെ അധീനത്തിലും നിയന്ത്രണത്തിലും മാത്രം ഉള്‍പ്പെട്ടതാകുന്നു. എന്നിരിക്കെ, അല്ലാഹു മാത്രമേ ഇലാഹായിരിക്കുവാന്‍ പാടുള്ളു. അതിനു മാത്രമേ ന്യായവുമുള്ളു.

25:4
 • وَقَالَ ٱلَّذِينَ كَفَرُوٓا۟ إِنْ هَـٰذَآ إِلَّآ إِفْكٌ ٱفْتَرَىٰهُ وَأَعَانَهُۥ عَلَيْهِ قَوْمٌ ءَاخَرُونَ ۖ فَقَدْ جَآءُو ظُلْمًا وَزُورًا ﴾٤﴿
 • അവിശ്വസിച്ചവര്‍ പറയുന്നു: 'ഇത് ഒരു നുണയല്ലാതെ (മറ്റൊന്നും) അല്ല; അവന്‍ (നബി) അതു കെട്ടിയുണ്ടാക്കിയിരിക്കുകയാണ്; മറ്റു ചില ജനങ്ങള്‍ അവനെ സഹായിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, (ഇതുമൂലം) അവര്‍ അക്രമവും, വ്യാജവുമായി വന്നിരിക്കുകയാണ്.
 • وَقَالَ പറഞ്ഞു, പറയുന്നു الَّذِينَ كَفَرُوا അവിശ്വസിച്ചവര്‍ إِنْ هَـٰذَا ഇതല്ല إِلَّا إِفْكٌ നുണയല്ലാതെ, കളവല്ലാതെ افْتَرَاهُ അവനതു കെട്ടിയുണ്ടാക്കിയിരിക്കുന്നു وَأَعَانَهُ അവനെ സഹായിക്കയും ചെയ്തിരിക്കുന്നു عَلَيْهِ അതിന്നു, അതില്‍ قَوْمٌ آخَرُونَ വേറെ ഒരു ജനത, വേറെ ആളുകള്‍ فَقَدْ جَاءُوا എന്നാല്‍ തീര്‍ച്ചയായും അവര്‍ വന്നിരിക്കുന്നു ظُلْمًا അക്രമവുമായി, അക്രമംകൊണ്ടു وَزُورًا വ്യാജവുമായും, കള്ളവും കൊണ്ടും
25:5
 • وَقَالُوٓا۟ أَسَـٰطِيرُ ٱلْأَوَّلِينَ ٱكْتَتَبَهَا فَهِىَ تُمْلَىٰ عَلَيْهِ بُكْرَةً وَأَصِيلًا ﴾٥﴿
 • അവര്‍ പറയുന്നു: ''പൂര്‍വ്വികന്‍മാരുടെ ഐതിഹ്യങ്ങളാണ് (അത്); അവന്‍ അതെഴുതിച്ചെടുത്തിരിക്കുകയാണ്. അങ്ങനെ, രാവിലെയും, വൈകുന്നേരവും അതവന് വായിച്ച് കേള്‍പ്പിക്കപ്പെടുന്നു' (എന്ന്).
 • وَقَالُوا അവര്‍ പറയുന്നു أَسَاطِيرُ الْأَوَّلِينَ പൂര്‍വ്വികന്‍മാരുടെ ഐതിഹ്യങ്ങളാണു, പഴങ്കഥകളാണു اكْتَتَبَهَا അവനതു എഴുതിച്ചെടുത്തിരിക്കുന്നു فَهِيَ എന്നിട്ടതു تُمْلَىٰ ഓതിക്കേള്‍പ്പിക്കപ്പെടുന്നു, വായിച്ചുകൊടുക്കപ്പെടുന്നു عَلَيْهِ അവനു بُكْرَةً രാവിലെ وَأَصِيلًا വൈകുന്നേരവും
25:6
 • قُلْ أَنزَلَهُ ٱلَّذِى يَعْلَمُ ٱلسِّرَّ فِى ٱلسَّمَـٰوَٰتِ وَٱلْأَرْضِ ۚ إِنَّهُۥ كَانَ غَفُورًا رَّحِيمًا ﴾٦﴿
 • പറയുക (നബിയേ): 'ആകാശങ്ങളിലും, ഭൂമിയിലുമുള്ള രഹസ്യം അറിയുന്നവന്‍ അത് അവതരിപ്പിച്ചിരിക്കുകയാണ്.' നിശ്ചയമായും, അവന്‍ വളരെ പൊറുക്കുന്നവനും, കരുണാനിധിയുമാകുന്നു.
 • قُلْ പറയുക أَنزَلَهُ അതിനെ അവതരിപ്പിച്ചിരിക്കുന്നു, ഇറക്കിയിരിക്കയാണ് الَّذِي يَعْلَمُ അറിയുന്നവന്‍ السِّرَّ രഹസ്യത്തെ فِي السَّمَاوَاتِ ആകാശങ്ങളിലെ وَالْأَرْضِ ഭൂമിയിലെയും إِنَّهُ كَانَ നിശ്ചയമായും അവന്‍ ആകുന്നു, ആയിരിക്കുന്നു غَفُورًا വളരെ പൊറുക്കുന്നവന്‍ رَّحِيمًا കരുണാനിധിയും

നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ പ്രവാചകത്വത്തെ നിഷേധിക്കുന്ന മുശ്രിക്കുകളുടെ ചില ജല്‍പനങ്ങളും അതിന്‍റെ മറുപടിയുമാണിത്. ഇവരുടെ ആക്ഷേപം രണ്ടു തരത്തിലാണുള്ളത്: ഖുര്‍ആനെക്കുറിച്ചും, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യെക്കുറിച്ചും, ഖുര്‍ആനെ സംബന്ധിച്ച ചില വാദങ്ങളാണ് ഈ വചനങ്ങളില്‍ കണ്ടത്.

നള്വറുബ്നു ഹര്‍ഥ് (نضر بن الحرث) ആയിരുന്നു ഈ വാദം പുറപ്പെടുവിച്ച ആള്‍. ഹുവൈത്ത്വബു്, യസാര്‍, അബൂഫുകൈഹത്ത്, (حُوَيْطِب بن عبد العزى, يسار – مولى العلاء بن الحضرمي , أبو فكيهة الرومي) എന്നിങ്ങിനെ വേദക്കാരായ ചിലര്‍ തൗറാത്തു വായിക്കലും, അതിലെ കഥകള്‍ വിവരിക്കലും പതിവുണ്ടായിരുന്നു. അവര്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യില്‍ വിശ്വസിച്ചശേഷം, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യും അവരുമായുള്ള ബന്ധത്തെ ദുര്‍വ്യാഖ്യാനം ചെയ്തുകൊണ്ടാണ് നള്വ്-ര്‍ ഈ വാദം ഉന്നയിച്ചത്. ‘മുഹമ്മദ്‌ ഓതികേള്‍പ്പിക്കുന്ന ഈ ഖുര്‍ആന്‍ അല്ലാഹു അവതരിപ്പിച്ചതാണെന്ന് അവര്‍ വ്യഥാ വ്യാജം പറയുകയാണ്‌; മേല്‍പറഞ്ഞവരെപോലെയുള്ള ചില ആളുകളുടെ സഹായത്തോടുകൂടി, ഒരു പ്രത്യേക ശൈലിയിലും രൂപത്തിലുമായി അവനത്‌ കെട്ടിയുണ്ടാക്കിയതാണ്, യഹൂദന്മാരില്‍നിന്നും മറ്റുമായി പല കഥകളും, ഇതിഹാസങ്ങളും കൂട്ടിയിണക്കി എഴുതിച്ചു വാങ്ങി അവന്‍ പഠിച്ചതാണ്; എഴുത്തും വായനയും അറിയാത്തവനാകകൊണ്ട് അത് അവന് സദാ വായിച്ചു കേള്‍പ്പിക്കപ്പെടുകയാണ് ചെയ്യുന്നത്.’ എന്നാണ് ഈ വാദത്തിന്‍റെ സാരം.

ഖുര്‍ആനോട് ഏതെങ്കിലും നിലക്ക് കിടയൊക്കുന്ന ഒരു ഗ്രന്ഥം രചിക്കുവാന്‍ യഹൂദര്‍ക്കോ, നള്വ്-റിനോ മറ്റാര്‍ക്കെങ്കിലുമോ കഴിഞ്ഞിട്ടില്ല – കഴിയുകയുമില്ല. എന്നിരിക്കെ, ഈ ജല്‍പനം എത്രമാത്രം അനീതിയും പൊള്ളയുമാണ്‌?! അനിതരസാധാരണമായ സവിശേഷതകളും, മഹല്‍ഗുണങ്ങളും നിറഞ്ഞ ഈ വിവേചനപ്രമാണഗ്രന്ഥം (വിശുദ്ധ ഖുര്‍ആന്‍) അവതരിപ്പിച്ചത് ആകാശഭൂമികളിലെ പരസ്യങ്ങള്‍ മാത്രമല്ല, എല്ലാ രഹസ്യങ്ങളും അറിയുന്ന അല്ലാഹുവത്രെ. അതില്‍ മറ്റാരുടെ കൈകടത്തലോ, പങ്കെടുക്കലോ ഉണ്ടായിട്ടില്ല എന്നുള്ളത് അവന്നറിയാം. തികച്ചും സ്പഷ്ടമായ ഈ യാഥാര്‍ത്ഥ്യത്തെ നിഷേധിക്കുന്നതിന്‍റെ ഗൗരവം നോക്കുമ്പോള്‍, അതിനുള്ള ശിക്ഷ വളരെ അടിയന്തരമായിത്തന്നെ നല്‍കപ്പെടേണ്ടതാണ്. എങ്കിലും, അല്ലാഹു വളരെ പൊറുക്കുന്നവനും, കരുണാനിധിയുമാണല്ലോ. إِنَّهُ كَانَ غَفُورًا رَّحِيمًا അടുത്ത വചനങ്ങളില്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയ സംബന്ധിച്ച അവരുടെ ചില അപവാദങ്ങള്‍ ഉദ്ധരിക്കുന്നു:-

25:7
 • وَقَالُوا۟ مَالِ هَـٰذَا ٱلرَّسُولِ يَأْكُلُ ٱلطَّعَامَ وَيَمْشِى فِى ٱلْأَسْوَاقِ ۙ لَوْلَآ أُنزِلَ إِلَيْهِ مَلَكٌ فَيَكُونَ مَعَهُۥ نَذِيرًا ﴾٧﴿
 • അവര്‍ പറയുന്നു: 'എന്താണ് ഈ റസൂലിന്? അദ്ദേഹം ഭക്ഷണം കഴിക്കുകയും, അങ്ങാടികളില്‍കൂടി നടക്കുകയും ചെയ്യുന്നു! (ഇങ്ങിനെയാണോ റസൂലുകള്‍?!) 'അദ്ദേഹത്തിങ്കലേക്ക് ഒരു 'മലക്ക്' ഇറക്കിക്കൊടുക്കപ്പെടുകയും, എന്നിട്ട് (ആ മലക്ക്) തന്‍റെ ഒന്നിച്ച് ഒരു താക്കീതുകാരനായിരിക്കുകയും ചെയ്യരുതോ?!'
 • وَقَالُوا അവര്‍ പറയുന്നു مَا എന്താണ് (അത്ഭുതം തന്നെ) لِهَـٰذَا الرَّسُولِ ഈ റസൂലിന്, ദൈവദൂതന് يَأْكُلُ അദ്ദേഹം തിന്നുന്നു, കഴിക്കുന്നു الطَّعَامَ ഭക്ഷണം وَيَمْشِي നടക്കുകയും (സഞ്ചരിക്കയും) ചെയ്യുന്നു فِي الْأَسْوَاقِ അങ്ങാടികളില്‍ لَوْلَا أُنزِلَ ഇറക്കപ്പെടരുതോ, ഇറക്കപ്പെട്ടുകൂടേ إِلَيْهِ അദ്ദേഹത്തിങ്കലേക്കു مَلَكٌ ഒരു മലക്ക് فَيَكُونَ എന്നിട്ടു അദ്ദേഹം ആയിരിക്കുക مَعَهُ അദ്ദേഹമൊന്നിച്ച്, തന്‍റെ കൂടെ نَذِيرًا ഒരു താക്കീതുകാരന്‍
25:8
 • أَوْ يُلْقَىٰٓ إِلَيْهِ كَنزٌ أَوْ تَكُونُ لَهُۥ جَنَّةٌ يَأْكُلُ مِنْهَا ۚ وَقَالَ ٱلظَّـٰلِمُونَ إِن تَتَّبِعُونَ إِلَّا رَجُلًا مَّسْحُورًا ﴾٨﴿
 • 'അതല്ലെങ്കില്‍, അദ്ദേഹത്തിന് വല്ല നിക്ഷേപവും ഇട്ടുകൊടുക്കപ്പെടുകയോ, അല്ലെങ്കില്‍ അദ്ദേഹത്തിന് (ഭക്ഷണം) തിന്നുമാറുള്ള ഒരു തോപ്പുണ്ടായിരിക്കുകയോ ചെയ്യരുതോ?!' (ഈ) അക്രമികള്‍ പറയുകയാണ്‌: 'ആഭിചാരബാധിതനായ ഒരാളെയല്ലാതെ നിങ്ങള്‍ പിന്‍പറ്റുന്നില്ല' എന്ന്!
 • أَوْ يُلْقَىٰ അല്ലെങ്കില്‍ ഇട്ടുകൊടുക്കപ്പെടുക (അരുതോ) إِلَيْهِ അദ്ദേഹത്തിനു, അദ്ദേഹത്തിങ്കലേക്കു كَنزٌ വല്ല നിക്ഷേപവും, ഒരു നിധി أَوْ تَكُونُ അല്ലെങ്കില്‍ ഉണ്ടാകുക (അരുതോ) لَهُ അദ്ദേഹത്തിനു, തനിക്കു جَنَّةٌ ഒരു തോപ്പ്, തോട്ടം يَأْكُلُ അദ്ദേഹത്തിനു തിന്നാവുന്ന, കഴിക്കുമാറ് مِنْهَا അതില്‍നിന്ന് وَقَالَ പറയുകയും ചെയ്തു, പറയുന്നു الظَّالِمُونَ അക്രമികള്‍ إِن تَتَّبِعُونَ നിങ്ങള്‍ പിന്‍പറ്റുന്നില്ല, തുടരുന്നില്ല إِلَّا رَجُلًا ഒരു പുരുഷനെയല്ലാതെ, (ഒരാളെയല്ലാതെ) مَّسْحُورًا ആഭിചാര ബാധിതനായ, മാരണം ചെയ്യപ്പെട്ടവനായ

25:9
 • ٱنظُرْ كَيْفَ ضَرَبُوا۟ لَكَ ٱلْأَمْثَـٰلَ فَضَلُّوا۟ فَلَا يَسْتَطِيعُونَ سَبِيلًا ﴾٩﴿
 • നോക്കുക: (നബിയേ) അവര്‍ നിന്നെക്കുറിച്ച് ഉപമകള്‍ വിവരിച്ചതെങ്ങിനെയാണെന്ന്?! അങ്ങനെ, അവര്‍ വഴിപിഴച്ചുപോയി; ആകയാല്‍ അവര്‍ക്ക് ഒരു മാര്‍ഗ്ഗവും (കണ്ടെത്തുവാന്‍) സാധ്യമാകുകയില്ല.
 • انظُرْ നോക്കുക كَيْفَ എങ്ങിനെയാണ് ضَرَبُوا അവര്‍ വിവരിച്ചു, ആക്കി لَكَ നിനക്കു, തനിക്കു الْأَمْثَالَ ഉപമകളെ, ഉദാഹരണങ്ങളെ فَضَلُّوا അങ്ങനെ അവര്‍ വഴിപിഴച്ചിരിക്കുന്നു فَلَا يَسْتَطِيعُونَ ആകയാല്‍ (എനി) അവര്‍ക്കു സാധ്യമാകയില്ല سَبِيلًا ഒരു മാര്‍ഗ്ഗവും, വഴിയും

സാധാരണമനുഷ്യരെപ്പോലെ ഭക്ഷണം കഴിക്കുക, അങ്ങാടിയില്‍കൂടി നടക്കുക മുതലായവ റസൂലുകള്‍ക്ക് (ദൈവദൂതന്‍മാര്‍ക്ക്) യോജിച്ചതല്ലെന്നും, റസൂല്‍ (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അങ്ങിനെയുള്ള ആളായതുകൊണ്ട് അവിടുന്ന് റസൂലായിരിക്കുവാന്‍ അര്‍ഹനല്ലെന്നുമാണ് അവര്‍ പറയുന്നത്. റസൂലായിരിക്കണമെങ്കില്‍, മനുഷ്യാതീതമായ ചില പ്രകൃതിവിശേഷങ്ങള്‍ ഉണ്ടായിരിക്കണമെന്ന് അവര്‍ സമര്‍ത്ഥിക്കുന്നു. ഈ ധാരണ കേവലം അബദ്ധമാണെന്ന് 20-ാം വചനത്തില്‍ വ്യക്തമായിത്തന്നെ അല്ലാഹു പ്രസ്താവിക്കുന്നുണ്ട്. അവരുടെ ബുദ്ധിഹീനതയും ആലോചനക്കുറവുമാണിതു കുറിക്കുന്നത്. സാധാരണക്കാരും പ്രവാചകന്‍മാരും തമ്മിലുള്ള വ്യത്യാസം മനുഷ്യസാധാരണമായ ബാഹ്യപ്രകൃതിഗുണങ്ങളിലല്ല – ആത്മീകവും മാനസികവുമായ ഗുണവിശേഷങ്ങളിലാണ് – എന്ന വസ്തുത ഇവര്‍ മനസ്സിലാക്കുന്നില്ല. മുസ്ലിംകളില്‍തന്നെ അല്‍പജ്ഞാനികളായ പലര്‍ക്കും ഈ വിഷയത്തില്‍ അബദ്ധധാരണകള്‍ പിണയാറുണ്ട്. ഇതിനെപ്പറ്റി സൂ: അല്‍കഹ്ഫിന്‍റെ അവസാനത്തില്‍വെച്ച് നാം വിവരിച്ചിട്ടുണ്ട്.

‘മുഹമ്മദിന്ന് ഒരു സഹായകനും, സാക്ഷിയുമെന്ന നിലക്ക് എന്തുകൊണ്ട് ഒരു മലക്കിനെ തന്‍റെ ഒപ്പം ഇറക്കിക്കൊടുക്കപ്പെടുന്നില്ല, അല്ലെങ്കില്‍ അവന് സുഖമായി കഴിഞ്ഞുകൂടത്തക്കവണ്ണം ഒരു തോട്ടം ഉണ്ടാവരുതോ, അതുമല്ലെങ്കില്‍ അവന് അങ്ങാടിയിലും മറ്റും പോയി വിഷമിക്കാതെ ജീവിക്കുമാറ് വല്ല നിക്ഷേപവും നല്‍കപ്പെടരുതോ?!’ എന്നിങ്ങിനെയുള്ള ബാലിശമായ മറ്റു ചോദ്യങ്ങളാകട്ടെ, അവരുടെ ചിന്താശൂന്യതയും കുബുദ്ധിയും മാത്രമാണ് പ്രകടമാക്കുന്നത്. ഈ പ്രലോഭനങ്ങളുടെ അടിസ്ഥാനത്തില്‍ ഒടുക്കം അവര്‍ സ്വയം തന്നെ വിധി കല്‍പിക്കുകയാണ്: ‘മുഹമ്മദിന് എന്തോ ആഭിചാര ബാധയേറ്റ് – മാരണം ബാധിച്ച് – ബുദ്ധി ഭ്രമിച്ചു പോയിരിക്കുന്നു, അതു നിമിത്തം അവന്‍ എന്തൊക്കെയോ പറഞ്ഞുകൊണ്ടിരിക്കുകയാണ്, അല്ലാതെ അവന്‍ ദൈവദൂതനൊന്നുമല്ല’ എന്നൊക്കെ. ഇത്യാദി വിഡ്ഢിത്തങ്ങളും, നിരര്‍ത്ഥങ്ങളായ ആരോപണങ്ങളുംകേട്ട് വ്യാകുലപ്പെടേണ്ടതില്ലെന്ന് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യെ സമാശ്വസിപ്പിക്കുകയാണ് 9-ാം വചനം ചെയ്യുന്നത്.

വിഭാഗം - 2

25:10
 • تَبَارَكَ ٱلَّذِىٓ إِن شَآءَ جَعَلَ لَكَ خَيْرًا مِّن ذَٰلِكَ جَنَّـٰتٍ تَجْرِى مِن تَحْتِهَا ٱلْأَنْهَـٰرُ وَيَجْعَل لَّكَ قُصُورًۢا ﴾١٠﴿
 • യാതൊരുവന്‍ നന്‍മയേറിയവനാകുന്നു, - അവന്‍ ഉദ്ദേശിക്കുന്ന പക്ഷം (അവര്‍ പറയുന്ന) അതിനെക്കാള്‍ ഉത്തമമായത് - താഴ്ഭാഗത്തുകൂടി നദികള്‍ ഒഴുകിക്കൊണ്ടിരിക്കുന്ന തോപ്പുകള്‍ - നിനക്കു ഉണ്ടാക്കിത്തരുകയും, നിനക്കു മണിമാളികകള്‍ ഉണ്ടാക്കിത്തരുകയും ചെയ്യുന്നതാണ് (അങ്ങിനെയുള്ളവന്‍).
 • تَبَارَكَ നന്മയേറിയവനായി, മഹത്വമേറിയവനായിരിക്കുന്നു الَّذِي യാതൊരുവന്‍ إِن شَاءَ അവന്‍ ഉദ്ദേശിച്ചാല്‍, വേണമെന്നുവെച്ചാല്‍ جَعَلَ ആക്കിത്തരും, ഉണ്ടാക്കുന്നതാണ് لَكَ നിനക്കു خَيْرًا ഉത്തമമായതു, നല്ലതു مِّن ذَٰلِكَ അതിനെക്കാള്‍ جَنَّاتٍ (അതായതു) തോപ്പുകള്‍, തോട്ടങ്ങള്‍ تَجْرِي നടക്കുന്ന, ഒഴുകുന്ന مِن تَحْتِهَا അവയുടെ അടിഭാഗത്തുകൂടി الْأَنْهَارُ നദികള്‍, അരുവികള്‍ وَيَجْعَل لَّكَ അവന്‍ നിനക്ക് ഉണ്ടാക്കിത്തരുകയും ചെയ്യും قُصُورًا മണിമാളികകള്‍

അവിശ്വാസികള്‍ ഉന്നയിച്ചതും, വേണമെങ്കില്‍ അതിനെക്കാള്‍ എത്രയോ മടങ്ങ്‌ ഉത്തമമായതും നല്‍കുവാന്‍ അല്ലാഹുവിന് ഒട്ടും പ്രയാസമില്ല. പക്ഷേ, ഇഹലോകത്തുവെച്ച് കുറെ ജീവിതസൗകര്യങ്ങളും, സുഖാഡംബര സാമഗ്രികളും നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ക്ക് ഏര്‍പ്പെടുത്തിക്കൊടുക്കുവാന്‍ അവന്‍ ഉദ്ദേശിക്കുന്നില്ല. നബി (صَلَّى اللَّهُ عَلَيْهِ)ക്ക് നല്‍കുന്ന പ്രതിഫലം പരലോകത്തു വെച്ചായിരിക്കുവാനാണ് അവന്‍ നിശ്ചയിച്ചിട്ടുള്ളത്.

നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യെയും, വിശുദ്ധ ഖുര്‍ആനെയും മാത്രമല്ല മുശ്രിക്കുകള്‍ നിഷേധിക്കുന്നത്. പുനര്‍ജീവിതത്തിലും, അന്ത്യനാളില്‍ രക്ഷാശിക്ഷകള്‍ നല്‍കുന്നതിലും അവര്‍ വിശ്വസിക്കുന്നില്ല. ഇതാണവരുടെ നിഷേധത്തിന്‍റെ പശ്ചാത്തലം. അല്ലാഹു പറയുന്നു:-

25:11
 • بَلْ كَذَّبُوا۟ بِٱلسَّاعَةِ ۖ وَأَعْتَدْنَا لِمَن كَذَّبَ بِٱلسَّاعَةِ سَعِيرًا ﴾١١﴿
 • എന്നാല്‍, (അത്രയുമല്ല) അവര്‍ അന്ത്യസമയത്തെ വ്യാജമാക്കിയിരിക്കുകയാണ്. അന്ത്യസമയത്തെ വ്യാജമാക്കിയവര്‍ക്ക് കത്തിജ്വലിക്കുന്ന നരകം നാം ഒരുക്കിവെക്കുകയും ചെയ്തിരിക്കുന്നു.
 • بَلْ എന്നാല്‍, എങ്കിലും, പക്ഷെ, അത്രയുമല്ല كَذَّبُوا അവര്‍ വ്യാജമാക്കി, കളവാക്കി بِالسَّاعَةِ അന്ത്യസമയത്തെ, അന്ത്യഘട്ടത്തെ وَأَعْتَدْنَا നാം ഒരുക്കിവെക്കുകയും ചെയ്തിരിക്കുന്നു لِمَن كَذَّبَ വ്യാജമാക്കിയവര്‍ക്കു بِالسَّاعَةِ അന്ത്യസമയത്തെ سَعِيرًا കത്തിജ്വലിക്കുന്ന (നരകത്തെ), ജ്വലിക്കുന്ന അഗ്നി
25:12
 • إِذَا رَأَتْهُم مِّن مَّكَانٍۭ بَعِيدٍ سَمِعُوا۟ لَهَا تَغَيُّظًا وَزَفِيرًا ﴾١٢﴿
 • ദൂരസ്ഥലത്തുനിന്നു അതവരെ കാണുമ്പോള്‍, അതിന് ഒരു (തരം) കോപം വമിക്കലും, ഇരമ്പലും അവര്‍ക്കു കേള്‍ക്കാവുന്നതാണ്.
 • إِذَا رَأَتْهُم അതവരെ കണ്ടാല്‍ مِّن مَّكَانٍ ഒരു സ്ഥലത്തു നിന്ന് بَعِيدٍ ദൂരമായ سَمِعُوا അവര്‍ കേള്‍ക്കുന്നതാണ് لَهَا അതിനു تَغَيُّظًا കോപം വമിക്കല്‍, ക്രോധഭാവം وَزَفِيرًا ഇരമ്പലും, ദീര്‍ഘശ്വാസവും, മുഴക്കവും
25:13
 • وَإِذَآ أُلْقُوا۟ مِنْهَا مَكَانًا ضَيِّقًا مُّقَرَّنِينَ دَعَوْا۟ هُنَالِكَ ثُبُورًا ﴾١٣﴿
 • അതില്‍നിന്നും ഒരു ഇടുങ്ങിയ സ്ഥലത്ത് (ചങ്ങലകളില്‍) ബന്ധിക്കപ്പെട്ടവരായ നിലയില്‍ അവരെ ഇടുമ്പോള്‍, അവിടെ വെച്ച് അവര്‍ നാശം വിളിച്ചു പറയുന്നതാണ്.
 • وَإِذَا أُلْقُوا അവര്‍ ഇടപ്പെട്ടാല്‍ مِنْهَا അതില്‍നിന്ന് مَكَانًا ഒരു സ്ഥലത്ത് ضَيِّقًا ഇടുങ്ങിയ, കുടുസ്സായ مُّقَرَّنِينَ ബന്ധിക്കപ്പെട്ടവരായി, കൂട്ടികെട്ടപ്പെട്ടവരായി دَعَوْا അവര്‍ വിളിക്കുന്നതാണ്, വിളിച്ചു പറയും هُنَالِكَ അവിടെവെച്ച് ثُبُورًا നാശത്തെ
25:14
 • لَّا تَدْعُوا۟ ٱلْيَوْمَ ثُبُورًا وَٰحِدًا وَٱدْعُوا۟ ثُبُورًا كَثِيرًا ﴾١٤﴿
 • 'ഇന്ന് നിങ്ങള്‍ ഒരു നാശത്തെ (മാത്രം) വിളിക്കേണ്ടതില്ല, അനേകം നാശത്തെ വിളിച്ചുകൊള്ളുക'. (ഇതായിരിക്കും അവര്‍ക്കു് മറുപടി.).
 • لَّا تَدْعُوا നിങ്ങള്‍ വിളിക്കേണ്ട, (വിളിക്കേണ്ടതില്ല) الْيَوْمَ ഇന്ന് ثُبُورًا وَاحِدًا ഒരുനാശത്തെ وَادْعُوا നിങ്ങള്‍ വിളിച്ചുകൊള്ളുവിന്‍ ثُبُورًا كَثِيرًا അനേകം (വളരെ) നാശത്തെ

വളരെ അകലത്ത്‌ പ്രത്യക്ഷപ്പെടുമ്പോഴേക്കും കേള്‍ക്കത്തക്കവണ്ണം അതികഠിനതരമായിരിക്കും, നരകത്തിലെ അഗ്നിജ്വാലയുടെ വമിപ്പും, അതിന്‍റെ ഊക്കേറിയ ഇരമ്പലും. അതില്‍ അവരെ പ്രവേശിപ്പിക്കപ്പെടുന്നത് ചങ്ങലകളിലും, ആമങ്ങളിലും ബന്ധിക്കപ്പെട്ടു കൊണ്ടുമായിരിക്കും. അതും കുടുസ്സായ ചില സ്ഥലങ്ങളില്‍! ഈ അവസരത്തില്‍ സഹിക്കവയ്യാത്ത ദീനരോദനങ്ങളോടുകൂടി അവര്‍ ‘നാശമേ!’, ‘കഷ്ടമേ!’ എന്നിങ്ങിനെ നിലവിളിച്ചു കൊണ്ടിരിക്കും. പക്ഷേ, ഈ വിളികേട്ട് സഹതപിക്കുവാനോ, ആശ്വാസം നല്‍കുവാനോ ആരും ഉണ്ടായിരിക്കയില്ല. ‘നിങ്ങള്‍ ഒരു നാശത്തെമാത്രം വിളിക്കേണ്ടതില്ല, അനേകനാശങ്ങളെത്തന്നെ വിളിച്ചേക്കുക; അഥവാ, നിങ്ങള്‍ ഇവിടെ അനുഭവിക്കേണ്ടുന്ന കഷ്ടപ്പാടുകള്‍ വളരെ അധികമാണ്.’ എന്നിങ്ങിനെയുള്ള മറുപടിയായിരിക്കും അവര്‍ക്ക് ലഭിക്കുക! معاذ الله

25:15
 • قُلْ أَذَٰلِكَ خَيْرٌ أَمْ جَنَّةُ ٱلْخُلْدِ ٱلَّتِى وُعِدَ ٱلْمُتَّقُونَ ۚ كَانَتْ لَهُمْ جَزَآءً وَمَصِيرًا ﴾١٥﴿
 • (നബിയേ) പറയുക: 'അതാണോ ഉത്തമം, അഥവാ ഭയഭക്തര്‍ക്ക് വാഗ്ദാനം ചെയ്യപ്പെട്ടിട്ടുള്ള ശാശ്വത സ്വര്‍ഗ്ഗമോ?' അത് (സ്വര്‍ഗ്ഗം) അവര്‍ക്ക് പ്രതിഫലവും മടങ്ങിച്ചെല്ലുന്ന ഭവനവും ആയിരിക്കുന്നതാണ്.
 • قُلْ പറയുക, ചോദിക്കുക أَذَٰلِكَ അതാണോ خَيْرٌ ഉത്തമം, നല്ലതു, ഗുണകരം أَمْ അഥവാ, അതല്ല, അതോ جَنَّةُ الْخُلْدِ ശാശ്വതസ്വര്‍ഗ്ഗം, സ്ഥിരവാസത്തിന്‍റെ സ്വര്‍ഗ്ഗം (ആണോ) الَّتِي وُعِدَ വാഗ്ദാനം ചെയ്യപ്പെട്ടിട്ടുള്ളതായ الْمُتَّقُونَ ഭയഭക്തര്‍ക്ക്‌, സൂക്ഷ്മതയുള്ളവരോട് كَانَتْ അതാകുന്നു, ആയിരിക്കുന്നു لَهُمْ അവര്‍ക്കു جَزَاءً പ്രതിഫലം وَمَصِيرًا മടങ്ങുന്ന സ്ഥലവും, പ്രാപ്യസ്ഥാനവും
25:16
 • لَّهُمْ فِيهَا مَا يَشَآءُونَ خَـٰلِدِينَ ۚ كَانَ عَلَىٰ رَبِّكَ وَعْدًا مَّسْـُٔولًا ﴾١٦﴿
 • നിത്യവാസികളായിരിക്കുന്ന നിലയില്‍, തങ്ങള്‍ ഉദ്ദേശിക്കുന്ന ഏതൊന്നും അവര്‍ക്കതില്‍ ഉണ്ടായിരിക്കുന്നതാണ്. അക്കാര്യം, നിന്‍റെ റബ്ബിന്‍റെമേല്‍ ചോദ്യം ചെയ്യപ്പെടാവുന്ന ഒരു വാഗ്ദാനമാകുന്നു.
 • لَّهُمْ അവര്‍ക്കുണ്ട് فِيهَا അതില്‍, അവിടത്തില്‍ مَا യാതൊന്ന് يَشَاءُونَ അവര്‍ ഉദ്ദേശിക്കുന്ന خَالِدِينَ നിത്യവാസികളായിട്ടു, ശാശ്വതരായ നിലയില്‍ كَانَ അതു (അക്കാര്യം) ആകുന്നു, ആയിരിക്കുന്നു عَلَىٰ رَبِّكَ നിന്‍റെ റബ്ബിന്‍റെമേല്‍ وَعْدًا വാഗ്ദാനം, കരാര്‍ مَّسْئُولًا ചോദ്യം ചെയ്യപ്പെടാവുന്ന (ഉത്തരവാദപ്പെട്ട)

അവിശ്വാസികള്‍ക്ക്‌ നരകത്തില്‍വെച്ച് അനുഭവിക്കേണ്ടിവരുന്ന കടുത്ത ശിക്ഷയുടെ സ്വഭാവം ചുരുക്കി വിവരിച്ചതിനുശേഷം, സത്യവിശ്വാസവും സല്‍ക്കര്‍മ്മങ്ങളും മുഖേന ദോഷബാധയെ സൂക്ഷിച്ചുവരുന്ന ഭയഭക്തര്‍ക്ക് ലഭിക്കുന്ന സ്വര്‍ഗ്ഗീയസൗഭാഗ്യം ഈ വചനങ്ങളില്‍ ചൂണ്ടിക്കാട്ടുന്നു. ഈ രണ്ടില്‍ ഏതാണ് കൂടുതല്‍ ഉത്തമം, ഏതാണ് തങ്ങള്‍ക്ക് വേണ്ടത് എന്ന് ചിന്തിച്ചു നോക്കുമാറ് അവിശ്വാസികളുടെ മനസ്സാക്ഷികളെ തട്ടി ഉണര്‍ത്തുകയും ചെയ്യുന്നു. ‘അക്കാര്യം – ഭയഭക്തന്‍മാര്‍ക്കുള്ള പ്രതിഫലം ശാശ്വതസ്വര്‍ഗ്ഗമാണെന്ന കാര്യം- അല്ലാഹുവിന്‍റെമേല്‍ ചോദ്യം ചെയ്യപ്പെടാവുന്നവിധം ഉത്തരവാദപ്പെട്ട ഒരു വാഗ്ദാനമാണ് എന്ന് പറഞ്ഞത് സജ്ജനങ്ങളായ ആളുകളെ ആവേശംകൊള്ളിക്കുന്നതത്രെ.

അല്ലാഹുവിന് പുറമെ ഇതരവസ്തുക്കളെ ആരാധ്യവസ്തുക്കളായി സ്വീകരിച്ചവര്‍ക്ക് അവരുടെ ആരാധ്യവസ്തുക്കളില്‍നിന്ന് പരലോകത്തുവെച്ചുണ്ടാകുന്ന അനുഭവം എന്തായിരിക്കുമെന്ന് അടുത്ത വചനങ്ങളില്‍ വിവരിക്കുന്നു:-

25:17
 • وَيَوْمَ يَحْشُرُهُمْ وَمَا يَعْبُدُونَ مِن دُونِ ٱللَّهِ فَيَقُولُ ءَأَنتُمْ أَضْلَلْتُمْ عِبَادِى هَـٰٓؤُلَآءِ أَمْ هُمْ ضَلُّوا۟ ٱلسَّبِيلَ ﴾١٧﴿
 • അവരെയും, അല്ലാഹുവിനു പുറമെ അവര്‍ ആരാധിച്ചുവരുന്നതിനെയും അവന്‍ [അല്ലാഹു] ഒരുമിച്ചുകൂട്ടുന്ന ദിവസം, എന്നിട്ട് അവന്‍ (ആരാധ്യവസ്തുക്കളോട്) ചോദിക്കും: 'എന്‍റെ ഈ അടിയാന്‍മാരെ നിങ്ങള്‍ വഴിപിഴപ്പിച്ചതാണോ, അഥവാ അവര്‍ തന്നെ വഴിതെറ്റിപ്പോയതോ?!'
 • وَيَوْمَ ദിവസം يَحْشُرُهُمْ അവന്‍ അവരെ ഒരുമിച്ചുകൂട്ടും وَمَا യാതൊന്നിനെയും, യാതൊരുവരെയും يَعْبُدُونَ അവര്‍ ആരാധിക്കുന്നു مِن دُونِ اللَّـهِ അല്ലാഹുവിനു പുറമെ فَيَقُولُ എന്നിട്ടു പറയും, ചോദിക്കും أَأَنتُمْ നിങ്ങളോ أَضْلَلْتُمْ വഴിപിഴപ്പിച്ചു عِبَادِي എന്‍റെ അടിയാന്‍മാരെ هَـٰؤُلَاءِ ഇക്കൂട്ടരായ (ഈ) أَمْ അതോ, അഥവാ هُمْ അവര്‍ തന്നെ ضَلُّوا പിഴച്ചിരിക്കുന്നു(വോ) السَّبِيلَ വഴി, മാര്‍ഗ്ഗം
25:18
 • قَالُوا۟ سُبْحَـٰنَكَ مَا كَانَ يَنۢبَغِى لَنَآ أَن نَّتَّخِذَ مِن دُونِكَ مِنْ أَوْلِيَآءَ وَلَـٰكِن مَّتَّعْتَهُمْ وَءَابَآءَهُمْ حَتَّىٰ نَسُوا۟ ٱلذِّكْرَ وَكَانُوا۟ قَوْمًۢا بُورًا ﴾١٨﴿
 • അവര്‍ [ആരാധ്യവസ്തുക്കള്‍] പറയും: 'നീ വളരെ പരിശുദ്ധന്‍!' നിനക്കു പുറമെ യാതൊരുവിധ രക്ഷാകര്‍ത്താക്കളെയും സ്വീകരിക്കുന്നത് ഞങ്ങള്‍ക്ക് അനുയോജ്യമായിരുന്നില്ല. പിന്നെ, ഞങ്ങളെങ്ങിനെ അവരെ അതിന് പ്രേരിപ്പിക്കും?! പക്ഷേ, അവര്‍ക്കും അവരുടെ പിതാക്കള്‍ക്കും നീ സുഖഭോഗം നല്‍കി; അങ്ങനെ, അവര്‍ ഉല്‍ബോധനം മറന്നുകളയുകയും, നശിച്ച ഒരു ജനതയായിത്തീരുകയും ചെയ്തിരിക്കയാണ്.'
 • قَالُوا അവര്‍ പറയും سُبْحَانَكَ നീ വളരെ പരിശുദ്ധന്‍, നിനക്കു സ്തോത്ര കീര്‍ത്തനം, നിന്‍റെ പരിശുദ്ധി വാഴ്ത്തുന്നു مَا كَانَ يَنبَغِي അനുയോജ്യമായിരുന്നില്ല, യോജിക്കുന്നതല്ല, (നിവൃത്തിയില്ല) لَنَا ഞങ്ങള്‍ക്കു أَن نَّتَّخِذَ ഞങ്ങള്‍ സ്വീകരിക്കുന്നതു,ഏര്‍പ്പെടുത്തുന്നതു مِن دُونِكَ നിനക്കുപുറമെ, നിന്നെക്കൂടാതെ مِنْ أَوْلِيَاءَ യാതൊരു രക്ഷാകര്‍ത്താക്കളെയും, ബന്ധുമിത്രങ്ങളെയും وَلَـٰكِن പക്ഷേ, എങ്കിലും مَّتَّعْتَهُمْ നീ അവര്‍ക്കു സുഖഭോഗം നല്‍കി, അവരെ സൗഖ്യത്തിലാക്കി وَآبَاءَهُمْ അവരുട പിതാക്കളെയും حَتَّىٰ نَسُوا അങ്ങനെ അവര്‍ മറന്നുകളഞ്ഞു, മറക്കുന്നതുവരെ, വിസ്മരിക്കുമാറ് الذِّكْرَ ഉല്‍ബോധനം, പ്രമാണം, സ്മരണ, ഉപദേശം وَكَانُوا അവരായിത്തീരുകയും ചെയ്തു قَوْمًا ഒരു ജനത بُورًا നശിച്ച, നാശമടഞ്ഞ
25:19
 • فَقَدْ كَذَّبُوكُم بِمَا تَقُولُونَ فَمَا تَسْتَطِيعُونَ صَرْفًا وَلَا نَصْرًا ۚ وَمَن يَظْلِم مِّنكُمْ نُذِقْهُ عَذَابًا كَبِيرًا ﴾١٩﴿
 • (അല്ലാഹു പറയും:) 'ഇപ്പോള്‍ (ഇതാ) നിങ്ങള്‍ പറയുന്നതില്‍ അവര്‍ നിങ്ങളെ കളവാക്കിക്കഴിഞ്ഞു. എനി, (ശിക്ഷയെ) തിരിച്ചുകളയുവാനാകട്ടെ, സഹായം ലഭിക്കുവാനാകട്ടെ നിങ്ങള്‍ക്ക് സാധ്യമാകുന്നതല്ല. ആര്‍ നിങ്ങളില്‍ നിന്ന് അക്രമം പ്രവര്‍ത്തിക്കുന്നുവോ അവനെ നാം വലുതായ ശിക്ഷ ആസ്വദിപ്പിക്കുന്നതാകുന്നു.'
 • فَقَدْ كَذَّبُوكُم ഇപ്പോള്‍ (എന്നാല്‍) അവര്‍ നിങ്ങളെ കളവാക്കിക്കളഞ്ഞു بِمَا تَقُولُونَ നിങ്ങള്‍ പറയുന്നതില്‍ فَمَا تَسْتَطِيعُونَ ആകയാല്‍ (എനി) നിങ്ങള്‍ക്കു സാധ്യമാകയില്ല صَرْفًا തിരിച്ചുകളയുന്നതിനു, മാറ്റുന്നതിനു وَلَا نَصْرًا സഹായത്തിനും, സഹായം കിട്ടുവാനും (ഇല്ല) وَمَن ആരെങ്കിലും, വല്ലവരും يَظْلِم അക്രമം ചെയ്യുന്നതായാല്‍ مِّنكُمْ നിങ്ങളില്‍ നിന്നു نُذِقْهُ നാം അവന്നു ആസ്വദിപ്പിക്കും, അനുഭവിപ്പിക്കും عَذَابًا ശിക്ഷ كَبِيرًا വലുതായ

ഈ ചോദ്യങ്ങളില്‍നിന്ന് മനസ്സിലാകുന്നത്‌ ആരാധ്യന്‍മാരെക്കൊണ്ട് ഇവിടെ ഉദ്ദേശ്യം, ചില വിഭാഗക്കാര്‍ ആരാധിച്ചുവന്ന നബിമാര്‍, മലക്കുകള്‍ മുതലായവരാണെന്നാണ്. അവരുടെ മറുപടി നോക്കുക, അല്ലാഹുവിന്‍റെ പരിശുദ്ധതയെ വാഴ്ത്തിക്കൊണ്ട് അവര്‍ നല്‍കുന്ന ആ മറുപടിയുടെ താല്‍പര്യം ഇതാണ്: ‘നീ അല്ലാത്ത ആരെയും രക്ഷാകര്‍ത്താക്കളും, കൈകാര്യക്കാരുമായി സ്വീകരിക്കുവാന്‍ ഞങ്ങള്‍ക്ക് നിവൃത്തിയില്ലല്ലോ. എന്നിരിക്കെ, ഞങ്ങളെ ആരാധിക്കുവാനും, രക്ഷാകര്‍ത്താക്കളായി സ്വീകരിക്കുവാനും ഞങ്ങളെങ്ങിനെ ആവശ്യപ്പെടും?! പക്ഷെ, സംഭവം മറ്റൊന്നാണ്: ഈ അവിശ്വാസികള്‍, അവര്‍ക്കും അവരുടെ മുന്‍ഗാമികള്‍ക്കും ലഭിച്ച ലൌകീകസുഖങ്ങളില്‍ ലയിച്ചു സത്യോപദേശത്തെയും, ദിവ്യോല്‍ബോധനത്തെയും വിസ്മരിച്ചു കളഞ്ഞു. അങ്ങിനെ, അവര്‍ സ്വയം വഴിപിഴച്ച് നാശമടയുകയാണ് ചെയ്തിരിക്കുന്നത്. ഞങ്ങളെ അവര്‍ ആരാധിച്ചുവന്നതില്‍ ഞങ്ങള്‍ നിരപരാധികളാകുന്നു….’. തങ്ങള്‍ ആരാധിച്ചുവന്നിരുന്നവരില്‍നിന്ന് – അവര്‍ ആരുതന്നെ ആയിരുന്നാലും – ഈ മറുപടി കേള്‍ക്കുമ്പോള്‍, ആ ആരാധകന്‍മാരുടെ നിരാശയും, വ്യസനവും എത്രമാത്രമായിരിക്കും?! ഈ അവസരത്തില്‍ സര്‍വ്വാധിനാഥനായ അല്ലാഹു അവരെ അഭിമുഖീകരിച്ച് പറയുന്ന വാക്കുകളാണ് 19-ാം വചനത്തില്‍ കാണുന്നത്.

25:20
 • وَمَآ أَرْسَلْنَا قَبْلَكَ مِنَ ٱلْمُرْسَلِينَ إِلَّآ إِنَّهُمْ لَيَأْكُلُونَ ٱلطَّعَامَ وَيَمْشُونَ فِى ٱلْأَسْوَاقِ ۗ وَجَعَلْنَا بَعْضَكُمْ لِبَعْضٍ فِتْنَةً أَتَصْبِرُونَ ۗ وَكَانَ رَبُّكَ بَصِيرًا ﴾٢٠﴿
 • (നബിയേ) നിനക്കു മുമ്പ് 'മുര്‍സലു'കളില്‍ [ദൈവദൂതന്‍മാരില്‍] ഭക്ഷണം കഴിക്കുകയും, അങ്ങാടികളില്‍ സഞ്ചരിക്കുകയും ചെയ്യാറുള്ള നിലയില്‍ തന്നെയല്ലാതെ (ആരെയും) നാം അയക്കുകയുണ്ടായിട്ടില്ല. നിങ്ങളില്‍ ചിലരെ (മറ്റു) ചിലര്‍ക്ക് നാം ഒരു പരീക്ഷണമാക്കിയിരിക്കുകയാണ് - നിങ്ങള്‍ സഹിക്കുമോ എന്ന്. നിന്‍റെ രക്ഷിതാവ് (എല്ലാം) വീക്ഷിച്ചു കൊണ്ടിരിക്കുന്നവനാകുന്നു.
 • وَمَا أَرْسَلْنَا നാം അയച്ചിട്ടില്ല قَبْلَكَ നിനക്കുമുമ്പ് مِنَ الْمُرْسَلِينَ മുര്‍സലുകളില്‍ നിന്ന് (ആരെയും) إِلَّا إِنَّهُمْ നിശ്ചയമായും അവര്‍ ആയിട്ടല്ലാതെ لَيَأْكُلُونَ തിന്നുന്ന, കഴിക്കുന്ന നിലയില്‍തന്നെ الطَّعَامَ ഭക്ഷണം وَيَمْشُونَ അവര്‍ നടക്കുകയും, സഞ്ചരിക്കുകയും فِي الْأَسْوَاقِ അങ്ങാടികളില്‍ وَجَعَلْنَا നാം ആക്കിയിരിക്കുന്നു, ഏര്‍പ്പെടുത്തിയിരിക്കുന്നു بَعْضَكُمْ നിങ്ങളില്‍ ചിലരെ لِبَعْضٍ ചിലര്‍ക്കു فِتْنَةً പരീക്ഷണം, കുഴപ്പം أَتَصْبِرُونَ നിങ്ങള്‍ ക്ഷമിക്കുമോ, സഹിക്കുമോ (എന്ന്) وَكَانَ رَبُّكَ നിന്‍റെ റബ്ബ് ആകുന്നു بَصِيرًا വീക്ഷിക്കുന്നവന്‍, കണ്ടറിയുന്നവന്‍

‘മുര്‍സല്‍’ (الْمُرْسَلِ) എന്നാല്‍ അയക്കപ്പെട്ടവന്‍ എന്ന് വാക്കര്‍ത്ഥമാകുന്നു. ജനങ്ങള്‍ക്ക്‌ അല്ലാഹുവിന്‍റെ ദൗത്യം എത്തിച്ചുകൊടുക്കുവാനായി നിയോഗിക്കപ്പെട്ട പ്രവാചകന്‍മാര്‍ക്കാണ് ‘റസൂല്‍’ എന്നും ‘മുര്‍സല്‍’ എന്നും സാധാരണ പറയുന്നത്. ദൗത്യം എത്തിക്കുവാന്‍വേണ്ടി അയക്കപ്പെടുന്ന എല്ലാവര്‍ക്കും ഭാഷയില്‍ ഈ വിശേഷണ നാമങ്ങള്‍ ഉപയോഗിക്കാവുന്നതാണ്.

7-ാം വചനത്തില്‍, അവിശ്വാസികള്‍ പുറപ്പെടുവിച്ച ചില ആക്ഷേപങ്ങളെപ്പറ്റി പ്രസ്താവിച്ചുവല്ലോ. എന്തുകൊണ്ടാണ് ഈ റസൂല്‍ (മുഹമ്മദ്‌ صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഭക്ഷണം കഴിക്കുകയും അങ്ങാടിയില്‍ കൂടി സഞ്ചരിക്കുകയും ചെയ്യുന്നത് എന്നുള്ള ആ ആക്ഷേപത്തിന് മറുപടിയാണ് ഈ വചനത്തില്‍ കാണുന്നത്. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)ക്ക് മുമ്പുള്ള എല്ലാ മുര്‍സലുകളും ഇതുപോലെ ഭക്ഷണം കഴിച്ചും, ആവശ്യമുള്ളപ്പോള്‍ അങ്ങാടികളില്‍ പോയിക്കൊണ്ടും തന്നെയാണ് ജീവിച്ചിരുന്നത്, ഇത് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ ഒരു പ്രത്യേകതയൊന്നുമല്ല, ദൈവദൂതന്‍മാര്‍ക്ക് ഇതൊന്നും യോജിച്ചതല്ലെന്നോ പാടില്ലെന്നോ ഒരു നിയമവും ഇല്ല എന്നാണ് മറുപടിയുടെ താല്‍പര്യം. ചിലരെ ചിലര്‍ക്ക് പരീക്ഷണമാക്കിയിരിക്കുന്നുവെന്ന് പറഞ്ഞത് ശ്രദ്ധേയമാകുന്നു. ഉപദേഷ്ടാക്കളും പ്രബോധകന്‍മാരുമായ ആളുകള്‍ക്ക് എതിരാളികള്‍ ഉണ്ടായിരിക്കലും, പല തരത്തിലുള്ള എതിര്‍പ്പുകളും, വിഷമങ്ങളും നേരിടലും സ്വാഭാവികമാണെന്നും, അതിലെല്ലാം ക്ഷമയും, സഹനവും കൈക്കൊണ്ട് – നിരാശപ്പെടാതെ – അവര്‍ മുന്നോട്ടു പോകേണ്ടതുണ്ടെന്നുമാണ് ആ വാക്യം ധ്വനിപ്പിക്കുന്നത്. അല്ലാഹു എല്ലാം വീക്ഷിച്ചും കണ്ടറിഞ്ഞുംകൊണ്ടിരിക്കുന്നുണ്ടെന്ന് അവസാനം ഉണര്‍ത്തിയിട്ടുള്ളത് അവര്‍ക്ക് മനസ്സമാധാനത്തിനും, ആശക്കും വക നല്‍കുകയും ചെയ്യുന്നു.