സൂറതുത്തൗബഃ : 111-129
വിഭാഗം - 14
- ۞ إِنَّ ٱللَّهَ ٱشْتَرَىٰ مِنَ ٱلْمُؤْمِنِينَ أَنفُسَهُمْ وَأَمْوَٰلَهُم بِأَنَّ لَهُمُ ٱلْجَنَّةَ ۚ يُقَٰتِلُونَ فِى سَبِيلِ ٱللَّهِ فَيَقْتُلُونَ وَيُقْتَلُونَ ۖ وَعْدًا عَلَيْهِ حَقًّا فِى ٱلتَّوْرَىٰةِ وَٱلْإِنجِيلِ وَٱلْقُرْءَانِ ۚ وَمَنْ أَوْفَىٰ بِعَهْدِهِۦ مِنَ ٱللَّهِ ۚ فَٱسْتَبْشِرُوا۟ بِبَيْعِكُمُ ٱلَّذِى بَايَعْتُم بِهِۦ ۚ وَذَٰلِكَ هُوَ ٱلْفَوْزُ ٱلْعَظِيمُ ﴾١١١﴿
- നിശ്ചയമായും, സത്യവിശ്വാസികളില്‍ നിന്ന് അവരുടെ ദേഹങ്ങളെയും, സ്വത്തുക്കളെയും അല്ലാഹു (വിലക്കു) വാങ്ങിയിരിക്കുന്നു; അവര്‍ക്ക് സ്വര്‍ഗമുണ്ട് എന്നുള്ളതിനു (പകരം). അതായത്: അവര്‍ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യുന്നു; അങ്ങനെ, അവര്‍ കൊല്ലുകയും, കൊല്ലപ്പെടുകയും ചെയ്യുന്നു.(അതെ) തൗറാത്തിലും, ഇന്‍ജീലിലും, ക്വുര്‍ആനിലും അവന്‍റെമേല്‍ ബാധ്യസ്ഥമായി (പ്രഖ്യാപിക്കപ്പെട്ടി)ട്ടുള്ള ഒരു യഥാര്‍ഥ വാഗ്‌ദത്തം! ആരാണ്. അല്ലാഹുവിനെക്കാള്‍ അധികം തന്‍റെ കരാറിനെ നിറവേറ്റുന്നവന്‍?! [ആരുമില്ല] ആകയാല്‍, നിങ്ങള്‍ നടത്തിയിട്ടുള്ളതായ നിങ്ങളുടെ (ആ) കച്ചവടം കൊണ്ട് നിങ്ങള്‍ സന്തോഷമടയുവിന്‍. അതു തന്നെയാണ് വമ്പിച്ച ഭാഗ്യം!
- إِنَّ اللَّهَ നിശ്ചയമായും അല്ലാഹു اشْتَرَىٰ വാങ്ങിയിരിക്കുന്നു مِنَ الْمُؤْمِنِينَ സത്യവിശ്വാസികളില്‍ നിന്ന് أَنفُسَهُمْ അവരുടെ സ്വന്ത (ദേഹ) ങ്ങളെ وَأَمْوَالَهُم അവരുടെ സ്വത്തുക്കളെയും بِأَنَّ لَهُمُ അവര്‍ക്കുണ്ട് എന്നതിന് الْجَنَّةَ സ്വര്‍ഗം يُقَاتِلُونَ അവര്‍ യുദ്ധം ചെയ്യുന്നു, (ചെയ്യണം) فِي سَبِيلِ മാര്‍ഗത്തില്‍ اللَّهِ അല്ലാഹുവിന്‍റെ فَيَقْتُلُونَ എന്നിട്ട് (അങ്ങിനെ) അവര്‍ കൊല്ലുന്നു, വധിക്കുന്നു (വധിക്കണം) وَيُقْتَلُونَ അവര്‍ കൊല്ലപ്പെടുകയും ചെയ്യുന്നു (ചെയ്യണം) وَعْدًا ഒരു വാഗ്‌ദത്തം, വാഗ്‌ദത്തമായിട്ട് عَلَيْهِ അവന്‍റെമേല്‍ (ബാധ്യതപ്പെട്ട) حَقًّا യഥാര്‍ഥ (ന്യായ)മായ, കടമപ്പെട്ട فِي التَّوْرَاةِ തൗറാത്തില്‍ وَالْإِنجِيلِ ഇന്‍ജീലിലും وَالْقُرْآنِ ക്വുര്‍ആനിലും وَمَنْ ആരാണ്, ആരുണ്ട് أَوْفَىٰ അധികം (കൂടുതല്‍) നിറവേറ്റുന്നവന്‍ بِعَهْدِهِ തന്‍റെ കരാറിനെ مِنَ اللَّهِ അല്ലാഹുവിനെക്കാള്‍ فَاسْتَبْشِرُوا അതിനാല്‍ നിങ്ങള്‍ സന്തോഷമടയുവിന്‍ بِبَيْعِكُمُ നിങ്ങളുടെ വില്‍പന (കച്ചവടം) കൊണ്ട് الَّذِي بَايَعْتُم നിങ്ങള്‍ വില്‍പന (ഇടപാട്) നടത്തിയ بِهِ അതിനെപ്പറ്റി, അതിനെ وَذَٰلِكَ هُوَ അതുതന്നെയാണ് الْفَوْزُ ഭാഗ്യം, വിജയം الْعَظِيمُ വമ്പിച്ച, മഹാ
അല്ലാഹുവിന്‍റെ ദീനിനുവേണ്ടി സത്യവിശ്വാസികള്‍ സമരം നടത്തേണ്ടുന്നതിന്‍റെ ആവശ്യകതയും അതിന്‍റെ പ്രതിഫലമായി അവര്‍ക്ക് സ്വര്‍ഗം നല്‍കാമെന്ന് അവന്‍ നല്‍കിയ വാഗ്‌ദാനത്തെയും അല്ലാഹുവും സത്യവിശ്വാസികളും തമ്മില്‍ നടന്നിട്ടുള്ള ഒരു കച്ചവട ഇടപാടായി ചിത്രീകരിച്ചുകൊണ്ട് അല്ലാഹു അവര്‍ക്ക് യുദ്ധം ചെയ്യുവാനുള്ള ആവേശവും പ്രോല്‍സാഹനവും നല്‍കുകയാണ്. ഇടപാടുകാരന്‍ അല്ലാഹു. അവന്‍ വിലകൊടുത്തു മേടിക്കുന്നത് അവരുടെ ദേഹവും ധനവും. അഥവാ അവ രണ്ടും അവര്‍ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ വിനിയോഗിക്കണം. ശത്രുക്കളുമായി സമരാങ്കണത്തില്‍ ഇറങ്ങി പടവെട്ടുകയും വേണം. അപ്പോള്‍ ശത്രുക്കളെ കൊല്ലുകയും, ശത്രുക്കളാല്‍ കൊല്ലപ്പെടുകയും വേണ്ടിവരും. ഇതിന് അവര്‍ക്ക് അവന്‍ നല്‍കുന്ന വില സ്വര്‍ഗമത്രെ. അതെ, ആരും കണ്ടിട്ടില്ലാത്തതും, ആരും കേട്ടിട്ടില്ലാത്തതും, ആരുടെ മനസ്സിനും വിഭാവനം ചെയ്‌വാന്‍ കഴിയാത്തതുമായ അതിമഹത്തായ അനുഗ്രഹങ്ങളുടെ ലോകമായ സ്വര്‍ഗം! ഇത് ഇപ്പോള്‍ പുതുതായി നല്‍കപ്പെടുന്ന ഒരു വാഗ്‌ദാനമല്ല; വാഗ്‌മൂലമാത്രമായ ഒരു കരാറുമല്ല. മുമ്പ് മുതല്‍ക്കേ തൗറാത്തിലും, ഇന്‍ജീലിലും ക്വുര്‍ആനിലുമായി രേഖപ്പെടുത്തപ്പെട്ടു വന്നിട്ടുള്ള ഒരു ലിഖിതരേഖയാണത്. അപ്പോള്‍, ഇതിനെക്കാള്‍ മെച്ചപ്പെട്ടതും ലാഭകരമായതുമായ ഒരു ഇടപാട് വേറെ ഏതാണുള്ളത്? അല്ലാഹുവിനെപ്പോലെ പരിപൂര്‍ണമായി കരാര്‍ പാലിക്കുന്നവനും, പാലിക്കുവാന്‍ കഴിയുന്നവനും, വേറെ ആരുണ്ട്? ഇല്ല. ഒരിക്കലുമില്ല. ആരുമില്ല.
ഈ എടപാടിലെ വ്യവസ്ഥകള്‍ അനുസരിച്ചുകൊണ്ട് സ്വര്‍ഗം ലഭിക്കുവാന്‍ ഭാഗ്യമുണ്ടാവുന്ന സത്യവിശ്വാസികളുടെ ഗുണവിശേഷങ്ങള്‍ എന്തൊക്കെയായിരിക്കുമെന്നുകൂടി അല്ലാഹു തുടര്‍ന്ന് ചൂണ്ടിക്കാട്ടുന്നു:-
- ٱلتَّٰٓئِبُونَ ٱلْعَٰبِدُونَ ٱلْحَٰمِدُونَ ٱلسَّٰٓئِحُونَ ٱلرَّٰكِعُونَ ٱلسَّٰجِدُونَ ٱلْءَامِرُونَ بِٱلْمَعْرُوفِ وَٱلنَّاهُونَ عَنِ ٱلْمُنكَرِ وَٱلْحَٰفِظُونَ لِحُدُودِ ٱللَّهِ ۗ وَبَشِّرِ ٱلْمُؤْمِنِينَ ﴾١١٢﴿
- പശ്ചാത്തപിച്ചു മടങ്ങുന്നവര്‍, (അല്ലാഹുവിനെ) ആരാധിക്കുന്നവര്‍, (അവന്) സ്‌തുതി കീര്‍ത്തനം ചെയ്യുന്നവര്‍, ദേശാടനക്കാര്‍ (അഥവാ നോമ്പുകാര്‍), 'റുകൂഉ്' [കുമ്പിട്ട് നമസ്‌കാരം] ചെയ്യുന്നവര്‍, 'സുജൂദ്' [സാഷ്‌ടാംഗ നമസ്‌കാരം] ചെയ്യുന്നവര്‍, സദാചാരംകൊണ്ട് കല്‍പിക്കുന്നവരും, ദുരാചാരത്തെക്കുറിച്ച് വിരോധിക്കുന്നവരുമായുള്ളവര്‍, അല്ലാഹുവിന്‍റെ അതിര്‍ത്തികളെ [നിയമപരിധികളെ] കാത്തുസൂക്ഷിക്കുന്നവരും! സത്യവിശ്വാസികള്‍ക്ക് സന്തോഷമറിയിക്കുകയും ചെയ്യുക.
- التَّائِبُونَ (പശ്ചാത്തപിച്ചു) മടങ്ങുന്നവര്‍ الْعَابِدُونَ ആരാധകന്മാര്‍ الْحَامِدُونَ സ്‌തുതിക്കുന്ന (സ്‌തുതികീര്‍ത്തനം ചെയ്യുന്ന) വര്‍ السَّائِحُونَ സഞ്ചരിക്കുന്നവര്‍, നോമ്പുനോല്‍ക്കുന്നവര്‍ الرَّاكِعُونَ കുമ്പിടുന്ന (കുമ്പിട്ടു നമസ്‌കരിക്കുന്ന)വര്‍ السَّاجِدُونَ സുജൂദ് (സാഷ്‌ടാംഗ നമസ്‌കാരം) ചെയ്യുന്നവര്‍ الْآمِرُونَ കല്‍പി (ഉപദേശി) ക്കുന്നവര്‍ بِالْمَعْرُوفِ സദാചാരംകൊണ്ട് وَالنَّاهُونَ വിരോധിക്കുന്നവരും عَنِ الْمُنكَرِ ദുരാചാരത്തെപ്പറ്റി وَالْحَافِظُونَ കാക്കുന്ന (സൂക്ഷിക്കുന്ന) വരും لِحُدُودِ അതിര്‍ത്തി (പരിധി-അതിരു) കളെ اللَّهِ അല്ലാഹുവിന്‍റെ وَبَشِّرِ നീ സന്തോഷം (സന്തോഷവാര്‍ത്ത) അറിയിക്കുകയും ചെയ്യുക الْمُؤْمِنِينَ സത്യവിശ്വാസികള്‍ക്ക്
- مَا كَانَ لِلنَّبِىِّ وَٱلَّذِينَ ءَامَنُوٓا۟ أَن يَسْتَغْفِرُوا۟ لِلْمُشْرِكِينَ وَلَوْ كَانُوٓا۟ أُو۟لِى قُرْبَىٰ مِنۢ بَعْدِ مَا تَبَيَّنَ لَهُمْ أَنَّهُمْ أَصْحَٰبُ ٱلْجَحِيمِ ﴾١١٣﴿
- മുശ്‌രിക്കു [ബഹുദൈവ വിശ്വാസി]കള്‍ക്കുവേണ്ടി പാപമോചനം തേടുവാന്‍ നബിക്കും വിശ്വസിച്ചവര്‍ക്കും പാടില്ല, അവര്‍ അടുത്ത (കുടുംബ) ബന്ധമുള്ളവരായിരുന്നാലും ശരി, അവര്‍ ജ്വലിക്കുന്ന അഗ്നിയുടെ [നരകത്തിന്‍റെ] ആള്‍ക്കാരാണെന്ന് വ്യക്തമായിത്തീര്‍ന്ന ശേഷം.
- مَا كَانَ ആയിക്കൂടാ, ആകാവതല്ല (പാടില്ല) لِلنَّبِيِّ നബിക്ക്, പ്രവാചകന് وَالَّذِينَ آمَنُوا വിശ്വസിച്ചവര്‍ക്കും أَن يَسْتَغْفِرُوا അവര്‍ പാപമോചനം തേടുവാന്‍ (തേടല്‍) لِلْمُشْرِكِينَ മുശ്‌രിക്കുകള്‍ക്കുവേണ്ടി وَلَوْ كَانُوا അവര്‍ ആയിരുന്നാലും ശരി أُولِي قُرْبَىٰ അടുത്ത (കുടുംബ) ബന്ധമുള്ളവര്‍ مِن بَعْدِ ശേഷം مَا تَبَيَّنَ വ്യക്തമായിത്തീര്‍ന്നതിന് لَهُمْ അവര്‍ക്ക് أَنَّهُمْ അവരാണെന്ന് أَصْحَابُ ആള്‍ക്കാര്‍, ഉടയവര്‍ الْجَحِيمِ ജ്വലിക്കുന്ന അഗ്നിയുടെ
- وَمَا كَانَ ٱسْتِغْفَارُ إِبْرَٰهِيمَ لِأَبِيهِ إِلَّا عَن مَّوْعِدَةٍ وَعَدَهَآ إِيَّاهُ فَلَمَّا تَبَيَّنَ لَهُۥٓ أَنَّهُۥ عَدُوٌّ لِّلَّهِ تَبَرَّأَ مِنْهُ ۚ إِنَّ إِبْرَٰهِيمَ لَأَوَّٰهٌ حَلِيمٌ ﴾١١٤﴿
- ഇബ്‌റാഹീം അദ്ദേഹത്തിന്‍റെ പിതാവിനുവേണ്ടി പാപമോചനം തേടിയത് അദ്ദേഹം അയാളോട് ചെയ്‌തിരുന്ന ഒരു വാഗ്‌ദത്തം നിമിത്തമല്ലാതെ ആയിരുന്നില്ല. എന്നിട്ട് അയാള്‍ അല്ലാഹുവിന്‍റെ ഒരു ശത്രുവാണെന്ന് അദ്ദേഹത്തിന് വ്യക്തമായിത്തീര്‍ന്നപ്പോള്‍, അദ്ദേഹം അയാളില്‍നിന്ന് (ബന്ധം) വിട്ടുമാറി. നിശ്ചയമായും, ഇബ്‌റാഹീം വളരെ വിനയനും സഹനശീലനും തന്നെയാകുന്നു.
- وَمَا كَانَ ആയിരുന്നില്ല, അല്ല اسْتِغْفَارُ പാപമോചനം തേടല്‍ إِبْرَاهِيمَ ഇബ്‌റാഹീമിന്‍റെ لِأَبِيهِ തന്‍റെ പിതാവിന്, ബാപ്പക്ക് إِلَّا അല്ലാതെ, ഒഴികെ عَن مَّوْعِدَةٍ ഒരു വാഗ്‌ദത്തത്താല്‍ وَعَدَهَا അദ്ദേഹമത് വാഗ്‌ദത്തം ചെയ്‌തു إِيَّاهُ അയാളോട് فَلَمَّا എന്നിട്ട് تَبَيَّنَ വ്യക്തമായിത്തീര്‍ന്നപ്പോള്‍ لَهُ അദ്ദേഹത്തിന് أَنَّهُ عَدُوٌّ അയാള്‍ ഒരു ശത്രുവാണെന്ന് لِّلَّهِ അല്ലാഹുവിന് (അല്ലാഹുവിന്‍റെ) تَبَرَّأَ അദ്ദേഹം വിട്ടുമാറി, ഒഴിഞ്ഞുനിന്നു مِنْهُ അയാളില്‍ നിന്ന്, അതില്‍നിന്ന് إِنَّ إِبْرَاهِيمَ നിശ്ചയമായും ഇബ്‌റാഹീം لَأَوَّاهٌ വളരെ വിനയം (ഭക്തിയും താഴ്‌മയും) ഉള്ളവന്‍ തന്നെയാണ് حَلِيمٌ സഹനശീലനാണ്
സത്യവിശ്വാസം സ്വീകരിക്കാത്ത മുശ്‌രിക്കുകളില്‍നിന്നും കപടവിശ്വാസികളില്‍നിന്നും ബന്ധം വിടര്‍ത്തിക്കൊണ്ടുള്ള പരാമര്‍ശങ്ങളാണല്ലോ ഈ സൂറത്തിലെ അധിക ഭാഗവും. അവര്‍ അതേ നിലയില്‍ തന്നെ മരണപ്പെട്ടുകഴിഞ്ഞാല്‍, അവരുടെ മരണശേഷവും അതേ നില തുടരേണ്ടതുണ്ടെന്നും ഈ വചനം ഉല്‍ബോധിപ്പിക്കുന്നു. ഏറ്റവും അടുത്ത ബന്ധുക്കളായ മാതാപിതാക്കള്‍ക്കുപോലും, അവര്‍ അവിശ്വാസികളാണെന്ന് വ്യക്തമായിക്കഴിഞ്ഞാല്‍, അവരുടെ പാപമോചനത്തിനുവേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ക്കാകട്ടെ, സത്യവിശ്വാസികള്‍ക്കാകട്ടെ പാടില്ലെന്ന് അല്ലാഹു സ്‌പഷ്‌ടമായി പ്രസ്‌താവിക്കുന്നു. (*) അവിശ്വാസികളായി മരണപ്പെടുന്നവര്‍ക്ക് അല്ലാഹു പൊറുത്തുകൊടുക്കുകയില്ലെന്നും, അവര്‍ നരകത്തിന്‍റെ ആള്‍ക്കാരാണെന്നുമുള്ളത് അല്ലാഹുവിന്‍റെ മാറ്റമില്ലാത്ത തീരുമാനമാകുന്നു. (2:217; 4:48 മുതലായവ നോക്കുക.) ഒരു വ്യക്തി എത്ര കടുത്ത അവിശ്വാസിയാണെങ്കിലും അയാളുടെ മരണത്തിനുമുമ്പ് സത്യത്തിലേക്ക് മടങ്ങുവാനുള്ള സാദ്ധ്യത എപ്പോഴും നിലവിലുണ്ടായിരിക്കും. അതുകൊണ്ട് അയാള്‍ അവിശ്വാസിയായിക്കൊണ്ട് തന്നെ മരണമടയുമ്പോള്‍ മാത്രമേ അയാള്‍ അല്ലാഹുവിന്‍റെ ശത്രുവാണ് -അഥവാ അവിശ്വാസിയാണ്- എന്നും, നരകത്തിന്‍റെ ആളാണെന്നും തീരുമാനിക്കുവാന്‍ നിവൃത്തിയുള്ളൂ. അല്ലാത്തപക്ഷം, അല്ലാഹുവിങ്കല്‍ നിന്നും പ്രത്യേകം വഹ്‌യ് ലഭിക്കണം. ഇത് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ കാലശേഷം സംഭവ്യവുമല്ല.
(*) മാതാപിതാക്കളോടും മറ്റും ഇഹത്തില്‍വെച്ചു നല്ല നിലയില്‍ പെരുമാറേണ്ടതുണ്ടെന്ന വസ്‌തുതയും ഈ നിരോധവും തമ്മില്‍ പൊരുത്തക്കേടൊന്നുമില്ല. രണ്ടും വെവ്വേറെ കാര്യങ്ങളാകുന്നു.
നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യും സത്യവിശ്വാസികളും ഇബ്‌റാഹീം നബി (عليه السلام)യുടെ മാതൃക സ്വീകരിക്കുവാന്‍ കല്‍പിക്കപ്പെട്ടവരാകുന്നു. അദ്ദേഹം അദ്ദേഹത്തിന്‍റെ പിതാവിന്നുവേണ്ടി പാപമോചനം തേടുകയുണ്ടായിട്ടുണ്ട്‌താനും. (തൗഹീദിലേക്കുള്ള അദ്ദേഹത്തിന്‍റെ ക്ഷണം നിരസിച്ചുകൊണ്ട് പിതാവ് അദ്ദേഹത്തെ ആട്ടിവിട്ടപ്പോള്‍, ഞാന്‍ നിങ്ങള്‍ക്ക് വേണ്ടി റബ്ബിനോട് പാപമോചനം തേടുന്നതാണെന്ന് അദ്ദേഹം പറഞ്ഞിരുന്നതായി സൂഃ മര്‍യം 47-ല്‍ കാണാം.) എന്നാല്‍, ഈ കാര്യത്തില്‍ അദ്ദേഹത്തെ മാതൃകയാക്കേണ്ടതില്ലെന്നും, പിതാവിനുവേണ്ടി അദ്ദേഹം പാപമോചനം തേടിയത് പിതാവിനോട് അദ്ദേഹം ചെയ്‌തിരുന്ന ഒരു വാഗ്‌ദത്തം നിമിത്തമായിരുന്നുവെന്നും, പിന്നീട് പിതാവ് അല്ലാഹുവിന്‍റെ ശത്രു-അവിശ്വാസി-തന്നെയാണെന്ന് അദ്ദേഹത്തിന് വ്യക്തമായെന്നും, അതോടെ അദ്ദേഹം നിറുത്തല്‍ ചെയ്‌തുവെന്നും അല്ലാഹു വ്യക്തമാക്കുന്നു. ഈ വിഷയം സൂഃ മുംതഹനഃ 4ലും പ്രസ്‌താവിച്ചുകാണാം.
സഈദുബ്‌നുല്‍മുസയ്യബ് (رضي الله عنه) തന്‍റെ പിതാവില്‍നിന്ന് ഇങ്ങിനെ ഉദ്ധരിച്ചിരിക്കുന്നു: അബൂത്വാലിബിന് മരണം ആസന്നമായപ്പോള്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അവിടെ കടന്നുചെന്നു. അദ്ദേഹത്തിന്‍റെ അടുക്കല്‍ അബൂജഹലും, അബ്‌ദുല്ലാഹിബ്‌നു അബീഉമയ്യത്തും ഉണ്ടായിരുന്നു. തിരുമേനി പറഞ്ഞു: ‘പിതൃവ്യരേ, നിങ്ങള്‍ ‘ലാഇലാഹ ഇല്ലല്ലാഹു’ എന്ന് പറയുവിന്‍. അതെ, നിങ്ങള്‍ക്കുവേണ്ടി അല്ലാഹുവിന്‍റെ അടുക്കല്‍ എനിക്കു ന്യായം പറയുവാനുള്ള ഒരു വാക്ക്!’ ആ രണ്ടുപേരും പറഞ്ഞു: ‘താങ്കള്‍ അബ്‌ദുല്‍ മുത്ത്വലിബിന്‍റെ മാര്‍ഗം വിട്ടുകളയുകയോ?!’ റസൂല്‍ ആ വാക്ക് അദ്ദേഹത്തിന് വെച്ചു കാട്ടിക്കൊണ്ടും, ആ രണ്ടുപേരും അവരുടെ വാക്ക് ആവര്‍ത്തിച്ചുകൊണ്ടുമിരുന്നു. അവസാനം അദ്ദേഹം അവരോട് സംസാരിച്ചത് ‘അബ്‌ദുല്‍ മുത്ത്വലിബിന്‍റെ മാര്‍ഗത്തില്‍’ എന്നായിരുന്നു. ‘ലാഇലാഹ ഇല്ലല്ലാഹു’ എന്ന് പറഞ്ഞില്ല. അപ്പോള്‍ റസൂല്‍ പറഞ്ഞു: ‘അല്ലാഹുവാണ! നിങ്ങളെക്കുറിച്ച് എന്നെ വിലക്കപ്പെടാത്ത കാലത്തോളം ഞാന്‍ നിങ്ങള്‍ക്കുവേണ്ടി പാപമോചനം തേടുന്നതാണ്. അങ്ങനെ, …..مَا كَانَ لِلنَّبِيِّ അല്ലാഹു എന്നുള്ള (ഈ) വചനം അവതരിപ്പിച്ചു. അബൂത്വാലിബിന്‍റെ വിഷയത്തില്‍ إِنَّكَ لَا تَهْدِي مَنْ أَحْبَبْتَ (നീ ഇഷ്‌ടപ്പെടുന്നവരെ നീ നേര്‍മാര്‍ഗത്തിലാക്കുകയില്ല. എങ്കിലും, അല്ലാഹു, അവന്‍ ഉദ്ദേശിക്കുന്നവരെ നേര്‍മാര്‍ഗത്തിലാക്കുന്നതാണ്. (28:56) എന്നും അവതരിച്ചു.
അഹ്‌മദ്, ബുഖാരീ, മുസ്‌ലിം (رَحِمَهُمُ الله) മുതലായവര്‍ ഉദ്ധരിച്ചതാണ് പ്രസ്‌തുത ഹദീഥ്. അബൂത്വാലിബിന്‍റെ മരണം ഹിജ്‌റഃയുടെ ഏതാണ്ട് മൂന്നുകൊല്ലം മുമ്പായിരുന്നു. ഈ സൂറത്താകട്ടെ, ഹിജ്‌റഃക്കുശേഷം ഒമ്പതാം കൊല്ലത്തില്‍ അവതരിച്ചതുമാകുന്നു. എന്നിരിക്കെ, ഈ വചനം അബൂത്വാലിബിന്‍റെ വിഷയത്തില്‍ അവതരിച്ചുവെന്ന് ഇതില്‍ പറഞ്ഞത് ശരിയാവാന്‍ തരമില്ലെന്ന് തോന്നാവുന്നതാണ്.പക്ഷേ, വല്ലസംഭവവും, വിവരിച്ചുകൊണ്ട് ‘അപ്പോള്‍ ഈ വചനം അവതരിച്ചുവെന്നും ‘ആ വിഷയത്തില്‍ ഇന്നിന്ന പ്രകാരം അവതരിച്ചു’വെന്നും മറ്റുമുള്ള പ്രയോഗങ്ങള്‍ പല രിവായത്തുകളിലും കാണപ്പെടാറുള്ളതാണ്. ഇവിടങ്ങളിലൊക്കെ അതത് വിഷയത്തില്‍ പ്രത്യേകമായി ആ ആയത്തുകള്‍ അവതരിച്ചുവെന്ന് അതിനര്‍ഥമില്ല. അത്തരം വിഷയങ്ങളെ സംബന്ധിക്കുന്ന ആയത്തുകളായിരിക്കും അവ എന്നേ ഉദ്ദേശ്യമുള്ളൂ. ഈ വിഷയം മുഖവുരയില്‍ നാം മുമ്പ് വിവരിച്ചുകഴിഞ്ഞിട്ടുണ്ട്. അബൂഹുറയ്‌റഃ (رضي الله عنه)യില്‍ നിന്ന് ഇപ്രകാരം നിവേദനം ചെയ്യപ്പെട്ടിരിക്കുന്നു: റസൂല്‍ തിരുമേനി അവിടുത്തെ മാതാവിന്‍റെ ക്വബ്‌റിനടുത്തു ചെന്നു കരയുകയുണ്ടായി. തിരുമേനിയുടെ ചുറ്റുമുണ്ടായിരുന്നവരും അത് കണ്ടു കരയുകയായി. പിന്നീട് തിരുമേനി പറഞ്ഞു: ‘അവര്‍ക്കുവേണ്ടി പാപമോചനം തേടുവാന്‍ എന്‍റെ റബ്ബിനോട് ഞാന്‍ സമ്മതം തേടി. എനിക്ക് സമ്മതം കിട്ടിയില്ല. അവരുടെ ക്വബ്‌ര്‍ സന്ദര്‍ശിക്കുവാന്‍ ഞാന്‍ അനുമതി തേടി. അതിനു അനുമതി ലഭിച്ചു. ആകയാല്‍, നിങ്ങള്‍ ക്വബ്‌റുകള്‍ സന്ദര്‍ശിച്ചുകൊള്ളുവിന്‍, അത് മരണത്തെ ഓര്‍മിപ്പിക്കുന്നതാണ്.’ (അ: മു: ദാ.) ഇതുപോലെയുള്ള രിവായത്തുകള്‍ വേറെയും വന്നിട്ടുണ്ട്.
- وَمَا كَانَ ٱللَّهُ لِيُضِلَّ قَوْمًۢا بَعْدَ إِذْ هَدَىٰهُمْ حَتَّىٰ يُبَيِّنَ لَهُم مَّا يَتَّقُونَ ۚ إِنَّ ٱللَّهَ بِكُلِّ شَىْءٍ عَلِيمٌ ﴾١١٥﴿
- ഒരു ജനതയെയും (തന്നെ) അവര്‍ക്ക് അല്ലാഹു മാര്‍ഗദര്‍ശനം നല്‍കിയതിനുശേഷം വഴിപിഴവിലാക്കാവതല്ല. [വഴി പിഴവിലാക്കുക പതിവില്ല] അവര്‍ സൂക്ഷിക്കേണ്ടതിനെ അവര്‍ക്ക് അവന്‍ വ്യക്തമാ (യി വിവരിച്ചുകൊടു) ക്കുന്നതുവരേക്കും. നിശ്ചയമായും, അല്ലാഹു എല്ലാ കാര്യത്തെക്കുറിച്ചും അറിയുന്നവനാണ്.
- وَمَا كَانَ اللَّهُ അല്ലാഹു ആകാവതല്ല, ആകുകയില്ല (പതിവില്ല) لِيُضِلَّ വഴി പിഴവിലാക്കുവാന്‍ قَوْمًا ഒരു ജനതയെയും بَعْدَ ശേഷം, പിന്നീട് إِذْ هَدَاهُمْ അവര്‍ക്കവന്‍ മാര്‍ഗദര്‍ശനം നല്‍കിയതിന്, വഴികാട്ടിയതിന്‍റെ حَتَّىٰ يُبَيِّنَ വ്യക്തമാക്കി (വിവരിച്ചു) കൊടുക്കുന്നതുവരെ لَهُم അവര്‍ക്ക് مَّا يَتَّقُونَ അവര്‍ സൂക്ഷിക്കേണ്ടത് إِنَّ اللَّهَ നിശ്ചയമായും അല്ലാഹു بِكُلِّ شَيْءٍ എല്ലാ കാര്യത്തെ (വസ്‌തുവെ) ക്കുറിച്ചും عَلِيمٌ അറിയുന്നവനാണ്
- إِنَّ ٱللَّهَ لَهُۥ مُلْكُ ٱلسَّمَٰوَٰتِ وَٱلْأَرْضِ ۖ يُحْىِۦ وَيُمِيتُ ۚ وَمَا لَكُم مِّن دُونِ ٱللَّهِ مِن وَلِىٍّ وَلَا نَصِيرٍ ﴾١١٦﴿
- നിശ്ചയമായും അല്ലാഹു, അവന്നുള്ളതാണ് ആകാശങ്ങളുടെയും, ഭൂമിയുടെയും രാജാധികാരം. അവന്‍ ജീവിപ്പിക്കുകയും, മരണപ്പെടുത്തുകയും ചെയ്യുന്നു. അല്ലാഹുവിന് പുറമെ നിങ്ങള്‍ക്ക് ഒരു കൈകാര്യ കര്‍ത്താവാകട്ടെ, സഹായകനാകട്ടെ ഇല്ലതാനും.
- إِنَّ اللَّهَ നിശ്ചയമായും അല്ലാഹു لَهُ അവനാണ്, അവന്‍റെതാണ് مُلْكُ രാജത്വം, രാജാധികാരം السَّمَاوَاتِ ആകാശങ്ങളുടെ وَالْأَرْضِ ഭൂമിയുടെയും يُحْيِي അവന്‍ ജീവിപ്പിക്കുന്നു وَيُمِيتُ അവന്‍ മരിപ്പിക്കുകയും ചെയ്യുന്നു وَمَا لَكُم നിങ്ങള്‍ക്കില്ലതാനും مِّن دُونِ കൂടാതെ, പുറമെ اللَّهِ അല്ലാഹുവിനെ (ന്ന്) مِن وَلِيٍّ ഒരു ബന്ധുവും, കാര്യകര്‍ത്താവും, രക്ഷാധികാരിയും وَلَا نَصِيرٍ സഹായകനുമില്ല
മുശ്‌രിക്കുകള്‍ക്കുവേണ്ടി പാപമോചനത്തിന് പ്രാര്‍ഥിച്ചുകൂടാ എന്ന് കഴിഞ്ഞ വചനങ്ങളില്‍ കല്‍പന വന്നപ്പോള്‍, മുമ്പ് അങ്ങിനെ ചെയ്യാറുണ്ടായിരുന്നവര്‍ തങ്ങള്‍ കുറ്റക്കാരായിത്തീര്‍ന്നേക്കുമെന്ന് ഭയപ്പെട്ടു. അവരെ സംബന്ധിക്കുന്നതാണ് ആദ്യത്തെ വചനം. ഒരുകൂട്ടര്‍ക്ക് അല്ലാഹു ഇസ്‌ലാമിലേക്കും സത്യവിശ്വാസത്തിലേക്കും മാര്‍ഗദര്‍ശനം നല്‍കി അനുഗ്രഹിച്ചശേഷം, അവര്‍ എന്തെല്ലാം കാര്യങ്ങള്‍ സൂക്ഷിച്ചുപോരേണ്ടതുണ്ടോ അതെല്ലാം അവര്‍ക്ക് ശരിക്കും വിവരിച്ചറിയിച്ചുകൊടുക്കാതെ അവരെ വഴിപിഴച്ചവരും, തെറ്റുകാരുമാക്കി നിശ്ചയിക്കുന്ന പതിവ് അല്ലാഹുവിനില്ല. അവര്‍ സൂക്ഷിക്കേണ്ടുന്ന കാര്യങ്ങള്‍ വ്യക്തമാക്കിക്കൊടുത്തിട്ട് പിന്നെയും അവ സൂക്ഷിക്കാതിരുന്നാല്‍ മാത്രമേ അവരെ പിഴച്ചവരായി വിധി കല്‍പിക്കുകയുള്ളൂ. അഥവാ ഒരു കാര്യം വിധിക്കപ്പെടാത്ത കാലത്തോളം അത് തെറ്റായി ഗണിക്കപ്പെടുകയില്ല. അതുകൊണ്ട് ഈ വിരോധകല്‍പന വരുന്നതിന് മുമ്പ് മുശ്‌രിക്കുകള്‍ക്കുവേണ്ടി പാപമോചനം തേടിയവര്‍ അത് നിമിത്തം വഴിപിഴച്ചുപോകുന്നവരല്ല. മേലില്‍ അത് ചെയ്യുവാന്‍ പാടില്ലെന്നു മാത്രം. എന്നൊക്കെയാണ് ആ വചനത്തിന്‍റെ താല്‍പര്യം. രണ്ടാമത്തെ വചനത്തിലെ ആശയം സ്‌പഷ്‌ടമാണ്. അവിശ്വാസികള്‍ എത്ര ശക്തിയും പ്രതാപവുമുള്ളവരായിരുന്നാലും അവരെ ഭയപ്പെടേണ്ടതില്ലെന്നും, അവരില്‍നിന്നും ഒരു നന്മയും സഹായവും പ്രതീക്ഷിക്കുവാനില്ലെന്നും അതില്‍ സൂചന കാണാം.
- لَّقَد تَّابَ ٱللَّهُ عَلَى ٱلنَّبِىِّ وَٱلْمُهَٰجِرِينَ وَٱلْأَنصَارِ ٱلَّذِينَ ٱتَّبَعُوهُ فِى سَاعَةِ ٱلْعُسْرَةِ مِنۢ بَعْدِ مَا كَادَ يَزِيغُ قُلُوبُ فَرِيقٍ مِّنْهُمْ ثُمَّ تَابَ عَلَيْهِمْ ۚ إِنَّهُۥ بِهِمْ رَءُوفٌ رَّحِيمٌ ﴾١١٧﴿
- തീര്‍ച്ചയായും, നബിയുടെയും, (ആ) ഞെരുക്കത്തിന്‍റെ ഘട്ടത്തില്‍ അദ്ദേഹത്തെ പിന്‍തുടര്‍ന്നു പോയവരായ 'മുഹാജിറു'കളുടെയും, 'അന്‍സ്വാരി'കളുടെയും പേരില്‍ അല്ലാഹു (കനിഞ്ഞു) മടങ്ങിയിട്ടുണ്ട്; [അവര്‍ക്ക് പൊറുത്തുകൊടുത്തിട്ടുണ്ട്] അവരില്‍ നിന്നുള്ള ഒരു കൂട്ടരുടെ ഹൃദയങ്ങള്‍ തെറ്റിപ്പോകുമാറായതിനുശേഷം;- (അതെ) പിന്നെ, അവരുടെമേല്‍ അവന്‍ (കനിഞ്ഞു) മടങ്ങി. നിശ്ചയമായും അവന്‍, അവരില്‍ വളരെ കൃപയുള്ളവനും, കരുണാനിധിയുമാകുന്നു.
- لَّقَد തീര്‍ച്ചയായും ഉണ്ട് تَّابَ മടങ്ങി (യിട്ടുണ്ട്) اللَّهُ അല്ലാഹു عَلَى النَّبِيِّ നബിയുടെമേല്‍ وَالْمُهَاجِرِينَ മുഹാജിറുകളുടെയും وَالْأَنصَارِ അന്‍സ്വാരികളുടെയും الَّذِينَ اتَّبَعُوهُ അദ്ദേഹത്തെ പിന്‍തുടര്‍ന്ന فِي سَاعَةِ ഘട്ടത്തില്‍, സമയത്തില്‍ الْعُسْرَةِ ഞെരുക്കത്തിന്‍റെ مِن بَعْدِ ശേഷമായി مَا كَادَ അടുത്തായ (ആകാറായ) തിന്‍റെ يَزِيغُ തെറ്റുവാന്‍ قُلُوبُ ഹൃദയങ്ങള്‍ فَرِيقٍ ഒരു കൂട്ടരുടെ, സംഘത്തിന്‍റെ مِّنْهُمْ അവരില്‍നിന്ന് ثُمَّ تَابَ പിന്നെ അവന്‍ മടങ്ങി عَلَيْهِمْ അവരുടെമേല്‍ إِنَّهُ നിശ്ചയമായും അവന്‍ بِهِمْ അവരെപ്പറ്റി رَءُوفٌ വളരെ (കൃപാലു) ആകുന്നു رَّحِيمٌ കരുണാനിധിയാണ്
تَوْبَة (തൗബഃ) എന്ന മൂലത്തിന്‍റെ ഭൂതക്രിയയാണ് تَابَ (താബ). ‘മടക്കം, ഖേദം’ എന്നൊക്കെയാണതിന്‍റെ സാക്ഷാല്‍ അര്‍ഥം. സൃഷ്‌ടികളെ സംബന്ധിച്ചു പറയുമ്പോള്‍, ചെയ്‌ത തെറ്റിനെപ്പറ്റി ഖേദിച്ചു മടങ്ങുക -അഥവാ പശ്ചാത്താപം- എന്ന ഉദ്ദേശ്യത്തിലാണത് അധികം ഉപയോഗിക്കപ്പെടാറുള്ളത്. അല്ലാഹുവിന്‍റെ പക്കല്‍ തെറ്റുപറ്റിപ്പോകുകയോ, ചെയ്‌തുകഴിഞ്ഞതിനെപ്പറ്റി അവന്‍ ഖേദിക്കേണ്ടിവരുകയോ ഇല്ലല്ലോ. അതുകൊണ്ട് അല്ലാഹുവിനെ സംബന്ധിച്ചിടത്തോളം, ‘പശ്ചാത്താപം സ്വീകരിക്കുക, വിട്ടുകൊടുക്കുക, ശിക്ഷ നല്‍കാതിരിക്കുക, കനിയുക’ എന്നൊക്കെയായിരിക്കും ഉദ്ദേശ്യം. ഈ വ്യത്യാസം വ്യക്തമാക്കുവാന്‍ വേണ്ടിയാണ് ഈ ക്രിയയുടെ കര്‍ത്താവ് (الفَاعِل) അല്ലാഹുവായിരിക്കുമ്പോള്‍ അതിനോട് ബന്ധപ്പെട്ടുകൊണ്ട് عَلَى (‘അലാ = മേല്‍) എന്ന അവ്യയവും, കര്‍ത്താവ് മനുഷ്യനായിരിക്കുമ്പോള്‍ اِلَى (‘ഇലാ’ = ലേക്ക്) എന്ന അവ്യയവും കൊടുക്കപ്പെടുന്നതും. ഉദാഹരണം: تَابَ الله عَلَى فَلاَن (അല്ലാഹു ഇന്നവന്‍റെ മേല്‍ മടങ്ങി) എന്നും, تَابَ فلاَن اِلَى الله (ഇന്നവന്‍ അല്ലാഹുവിങ്കലേക്ക് മടങ്ങി) എന്നും പറയപ്പെടുന്നത്. ഇന്ന ആളുടെ പശ്ചാത്താപം അല്ലാഹു സ്വീകരിച്ചു എന്നായിരിക്കും ഒന്നാമത്തെ ഉദാഹരണത്തിന്‍റെ സാരം. ഇന്ന ആള്‍ താന്‍ ചെയ്‌ത തെറ്റിനെപ്പറ്റി അല്ലാഹുവിങ്കലേക്ക് പശ്ചാത്തപിച്ചു മടങ്ങി എന്നായിരിക്കും രണ്ടാമത്തെ ഉദാഹരണത്തിന്‍റെ സാരം. تَوَّاب (തവ്വാബ് = അധികമായി മടങ്ങുന്നവന്‍) എന്ന് അല്ലാഹുവിന്‍റെയും മനുഷ്യന്‍റെയും വിശേഷണമായി ഉപയോഗിക്കുന്നതിന്‍റെ രഹസ്യവും, രണ്ടും തമ്മിലുള്ള അര്‍ഥവ്യത്യാസവും ഇതില്‍നിന്നു വ്യക്തമാണ്. ഈ സംഗതി ഓര്‍മിക്കുന്നത് പല സന്ദര്‍ഭങ്ങളിലും പ്രയോജനകരമായിരിക്കും.
നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയുടെ മേലും, വളരെ വിഷമംപിടിച്ച അവസരത്തിലുണ്ടായ തബൂക്ക് യുദ്ധയാത്രയില്‍ തിരുമേനിയൊന്നിച്ച് പങ്കെടുത്ത മുഹാജിറുകളും അന്‍സ്വാരികളും അടങ്ങുന്ന സത്യവിശ്വാസികളുടെയും മേലും-അവര്‍ സഹിച്ച ത്യാഗങ്ങളുടെയും വിഷമങ്ങളുടെയും ഫലമായി-അല്ലാഹു മടങ്ങിയിരിക്കുന്നു. അഥവാ ഈ യാത്രയിലും മറ്റും അവരില്‍നിന്ന് വന്നുപോയിട്ടുള്ള പാകപ്പിഴവുകളും തെറ്റുകുറ്റങ്ങളും വിട്ടുകൊടുത്തുകൊണ്ട് അല്ലാഹു അവരുടെമേല്‍ അവന്‍റെ കനിവും അനുഗ്രഹവും ചൊരിഞ്ഞിരിക്കുന്നു. അവരില്‍പെട്ട ചിലരുടെ പക്കല്‍നിന്ന് ചില പതറിച്ചകള്‍ ഉണ്ടായിട്ടുണ്ടെങ്കിലും അതൊക്കെ അല്ലാഹു മാപ്പാക്കിയിരിക്കുന്നു എന്നത്രെ ചുരുക്കത്തില്‍ ഈ വചനത്തിന്‍റെ സാരം.
യുദ്ധയാത്രയില്‍ പങ്കെടുത്ത സ്വഹാബികളെപ്പറ്റി പൊതുവില്‍ പ്രസ്‌താവിച്ചപ്പോള്‍, അതില്‍ നബി(صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യെയും കൂടി ഉള്‍പ്പെടുത്തിയിരിക്കകൊണ്ട് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിപാപം ചെയ്‌തുപോയെന്നോ, ആ പാപം വിട്ടുകൊടുത്തുവെന്നോ ഈ പ്രസ്‌താവനയില്‍ ഉദ്ദേശ്യമുണ്ടെന്ന് കരുതേണ്ടതില്ല. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യെക്കൂടി ഇവിടെ എടുത്തുപറഞ്ഞതില്‍ പല രഹസ്യങ്ങളും ഉണ്ടാകാവുന്നതാണ്. ഉദാഹരണമായി:
(1) സത്യവിശ്വാസികളെപ്പറ്റി പൊതുവെയുള്ള ഒരു പ്രസ്‌താവനയില്‍ നബി(صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യെയും കൂടി ഉള്‍പ്പെടുത്തുന്നത് അവര്‍ക്കൊരു ബഹുമതിയും മനസ്സമാധാനവുമായിരിക്കും. അഥവാ ‘ഗനീമത്തു’കളില്‍ നബി(صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ക്കുള്ള അഞ്ചിലൊരു ഭാഗത്തെപ്പറ്റി പറഞ്ഞപ്പോള്‍ അത് അല്ലാഹുവിനും റസൂലിനുമാണെന്ന് മുമ്പ് (8:41 ല്‍) പറഞ്ഞതുപോലെയുള്ള ഒരു ശൈലിയായിരിക്കാം ഇവിടെ സത്യവിശ്വാസികളെപ്പറ്റി പ്രസ്‌താവിച്ചപ്പോള്‍ അതില്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യെയും കൂട്ടിപ്പറഞ്ഞത്.
(2) നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിപാപവിമുക്തനാണെങ്കിലും മറ്റുള്ളവരെ അപേക്ഷിച്ചു, വളരെ നിസ്സാരമായ വീഴ്‌ചകള്‍ പോലും നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യെ സംബന്ധിച്ചിടത്തോളം പാകപ്പിഴവുകളായി ഗണിക്കപ്പെട്ടുകൊണ്ട് അവ അല്ലാഹു നബി(صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ക്ക് വിട്ടുകൊടുത്തിരിക്കുന്നുവെന്ന ഉദ്ദേശ്യത്തിലുമാവാം അത്. വ്യക്തികളുടെ സ്ഥാനപദവികള്‍ക്കനുസരിച്ചാണല്ലോ പലപ്പോഴും സംഗതികള്‍ വിലയിരുത്തപ്പെടുക. ഈ വിഷയകമായി 43-ാം വചനത്തിന്‍റെ വ്യാഖ്യാനത്തില്‍ വിവരിച്ചിട്ടുള്ളത് ഓര്‍ക്കുക.
(3) എത്ര ഉന്നതപദവിയിലുള്ള ആളായിരുന്നാലും അല്ലാഹുവിങ്കലേക്ക് ഖേദിച്ചു മടങ്ങല്‍ എല്ലാവരുടെയും കടമയാണെന്നും, അല്ലാഹുവിന്‍റെ കാരുണ്യവും മാപ്പും കൂടാതെ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) മാര്‍ക്കുപോലും രക്ഷയില്ലെന്നും ഓര്‍മിപ്പിക്കുവാന്‍ വേണ്ടി പറഞ്ഞതുമാവാം. ഇതുകൊണ്ടാണല്ലോ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) നിത്യവും പാപമോചനം തേടാറുണ്ടായിരുന്നതും.وَللهُّ اَعْلَم
അവരില്‍ നിന്നുള്ള ഒരു കൂട്ടരുടെ ഹൃദയങ്ങള്‍ തെറ്റിപ്പോകാറായി كَادَ يَزِيغُ قُلُوبُ فَرِيقٍ مِّنْهُمْ എന്ന് പറഞ്ഞതിന്‍റെ വിവക്ഷ ഇന്നതാണെന്ന് തിട്ടപ്പെടുത്തുക സാധ്യമല്ല. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യൊന്നിച്ചു യാത്ര പോയെങ്കിലും പല നിലക്കും ക്ലേശകരമായ ചുറ്റുപാടായിരുന്നതുകൊണ്ട് ചിലരുടെ പുറപ്പാട് മനമില്ലാമനസ്സോടെയായിരിക്കാം. വഴിമദ്ധ്യേ അനുഭവപ്പെട്ട അസഹ്യതകള്‍ കാരണം ചിലര്‍ക്ക് തങ്ങള്‍ പോരേണ്ടിയിരുന്നില്ലെന്നു തോന്നിയിരിക്കാം. ചിലര്‍ കൂട്ടം വിട്ടു തിരിച്ചുപോയെങ്കിലോ എന്ന് കരുതിയിരിക്കാം. എല്ലാം സ്വാഭാവികമാണല്ലോ. ഹൃദയദൗര്‍ബ്ബല്യമോ, വിശ്വാസദൗര്‍ബ്ബല്യമോ ഉള്ളവരില്‍ നിന്ന് വിശേഷിച്ചും. പക്ഷേ, ഇങ്ങിനെയുള്ള മാനസികമായ കോളിളക്കങ്ങളൊന്നും അവരുടെ ഹൃദയങ്ങളില്‍ സ്ഥിരപ്രതിഷ്‌ഠിതമായിരുന്നില്ല. ചില സന്ദര്‍ഭങ്ങളില്‍ നേരിട്ട ആ പതറിച്ചകളില്‍നിന്ന് അല്ലാഹു അവരെ രക്ഷപ്പെടുത്തുകയും, തങ്ങളുടെ കടമ നിര്‍വ്വഹിക്കുന്നതില്‍ അവര്‍ ഉറച്ചുനില്‍ക്കുകയും ചെയ്‌തു. അല്‍പം ചിലരിലല്ലാതെ പൊതുവില്‍ എല്ലാവരിലും ഇത്തരം വിചാരവികാരങ്ങള്‍ പ്രകടമായിരുന്നതുമില്ല. എന്നൊക്കെ അല്ലാഹുവിന്‍റെ വാചകത്തില്‍നിന്നു മനസ്സിലാക്കാവുന്നതാണ്.
അസഹനീയമായ ഉഷ്‌ണകാലം, ഭക്ഷണപാനീയങ്ങളുടെയും വാഹനങ്ങളുടെയും ദൗര്‍ലഭ്യം, ക്ഷാമവും ദാരിദ്ര്യവും മുഴുത്ത കാലത്തുള്ള പുറപ്പാട്, പതച്ച മണലാരണ്യത്തിലൂടെയുള്ള യാത്ര, മാസക്കണക്കിലുള്ള വഴിദൂരം, ഇന്നത്തെ മാതിരി അവശ്യസാധനങ്ങള്‍ വിലകൊടുത്തുവാങ്ങുവാന്‍ പോലും വഴിമദ്ധ്യെ സൗകര്യങ്ങളില്ലാത്ത ചുറ്റുപാട്. ഒന്നാലോചിച്ചു നോക്കുക! യാത്രാമദ്ധ്യെ വിശന്നുവലയുമ്പോള്‍ ഒരു കാരക്ക രണ്ടാക്കിപ്പൊളിച്ച് രണ്ടുപേര്‍ ഭാഗിച്ചെടുത്ത് തിന്നേണ്ടിവരുക, ഒരു കാരക്ക വായിലിട്ട് ഈമ്പിക്കൊണ്ട് അതിനുമീതെ പച്ചവെള്ളം കുടിക്കേണ്ടിവരിക, ദാഹിച്ചു വലയുമ്പോള്‍ ഒട്ടകത്തെ അറുത്ത് അതിന്‍റെ ഉള്‍സഞ്ചികള്‍ പിഴിഞ്ഞെടുത്ത വെള്ളം കൊണ്ട് ദാഹശമനം വരുത്തേണ്ട ഗതികേടുണ്ടാവുക തുടങ്ങിയ പല അനുഭവങ്ങളും ആ യാത്രയില്‍ സ്വഹാബികള്‍ക്കുണ്ടായിട്ടുണ്ടെന്ന് പല രിവായത്തുകളില്‍നിന്നും വ്യക്തമാകുന്നു. അതെ, അവരുടെ ദൃഢവിശ്വാസവും, അല്ലാഹുവിന്‍റെ പ്രീതി ലഭിക്കുന്നതിലുള്ള അവരുടെ ആവേശവും കാരണം അതെല്ലാം അവര്‍ സഹിച്ചു. എന്നുവെച്ചാല്‍, 111-ാം വചനത്തില്‍ പ്രസ്‌താവിച്ച ആ കച്ചവട ഇടപാടിലെ ബാധ്യത അവര്‍ നിറവേറ്റുകതന്നെ ചെയ്‌തു. 112-ാം വചനത്തില്‍ പ്രസ്‌താവിക്കപ്പെട്ട സല്‍ഗുണങ്ങളുടെ സാക്ഷ്യപത്രം അവര്‍ കരസ്ഥമാക്കുകയും ചെയ്‌തു. അതെ, അല്ലാഹു അവരെക്കുറിച്ച് തൃപ്‌തിപ്പെട്ടു. അവര്‍ അവനെക്കുറിച്ചും തൃപ്‌തിപ്പെട്ടു…. رَضِى الله عَنْهُمْ
- وَعَلَى ٱلثَّلَٰثَةِ ٱلَّذِينَ خُلِّفُوا۟ حَتَّىٰٓ إِذَا ضَاقَتْ عَلَيْهِمُ ٱلْأَرْضُ بِمَا رَحُبَتْ وَضَاقَتْ عَلَيْهِمْ أَنفُسُهُمْ وَظَنُّوٓا۟ أَن لَّا مَلْجَأَ مِنَ ٱللَّهِ إِلَّآ إِلَيْهِ ثُمَّ تَابَ عَلَيْهِمْ لِيَتُوبُوٓا۟ ۚ إِنَّ ٱللَّهَ هُوَ ٱلتَّوَّابُ ٱلرَّحِيمُ ﴾١١٨﴿
- പിന്നേക്ക് വെക്കപ്പെട്ടവരായ (ആ) മൂന്നാളുടെ പേരിലും (അല്ലാഹു കനിഞ്ഞു മടങ്ങിയിരിക്കുന്നു); ഭൂമി വിശാലമായതോടെ (ത്തന്നെ) അതവര്‍ക്ക് ഇടുങ്ങി (യതായി തോന്നി) പ്പോകുന്നതുവരെയും, തങ്ങളുടെ മനസ്സുകള്‍ തങ്ങള്‍ക്ക് ഞെരുങ്ങിപ്പോകുകയും, അല്ലാഹുവില്‍ നിന്ന് (രക്ഷക്ക്) അവങ്കലേക്കല്ലാതെ (വേറെ) ആശ്രയസ്ഥാനമില്ലെന്ന് അവര്‍ കരുതുകയും ചെയ്യുന്നത് (വരെയും അവര്‍ ക്ലേശമനുഭവിച്ചു) (അതെ, എന്നിട്ട്) പിന്നെ-അവര്‍ (പശ്ചാത്തപിച്ചു) മടങ്ങുവാന്‍ വേണ്ടി- അവന്‍ അവരുടെമേല്‍ (കനിഞ്ഞു) മടങ്ങി. നിശ്ചയമായും അല്ലാഹു തന്നെയാണ് വളരെ (കനിഞ്ഞു) മടങ്ങുന്നവനും, കരുണാനിധിയുമായുള്ളവന്‍.
- وَعَلَى الثَّلَاثَةِ മൂന്നാളുടെ പേരിലും الَّذِينَ خُلِّفُوا പിന്നിലാക്കപ്പെട്ട حَتَّىٰ إِذَا ضَاقَتْ അങ്ങനെ ഇടുങ്ങിപ്പോകുന്നതുവരെ, കുടുസ്സാകുവോളം عَلَيْهِمُ അവരുടെമേല്‍, അവര്‍ക്ക് الْأَرْضُ ഭൂമി بِمَا رَحُبَتْ അത് വിശാലമായതോടെ وَضَاقَتْ ഇടുങ്ങുകയും, കുടുസ്സാകുകയും عَلَيْهِمْ അവര്‍ക്ക്, അവരുടെമേല്‍ أَنفُسُهُمْ അവരുടെ സ്വന്തങ്ങള്‍ (മനസ്സുകള്‍) وَظَنُّوا അവര്‍ കരുതുക (ഭാവിക്കുക- വിചാരിക്കുക) യും أَن لَّا ഇല്ലെന്ന് مَلْجَأَ അഭയസ്ഥാനം, രക്ഷാസ്ഥാനം مِنَ اللَّهِ അല്ലാഹുവില്‍ നിന്ന്, അല്ലാഹുവിനെ സംബന്ധിച്ച് إِلَّا إِلَيْهِ അവനിലേക്കല്ലാതെ ثُمَّ تَابَ പിന്നെ അവന്‍ മടങ്ങി عَلَيْهِمْ അവര്‍ക്ക്, അവരുടെ മേല്‍ لِيَتُوبُوا അവര്‍ മടങ്ങു (പശ്ചാത്തപിക്കു) വാന്‍ വേണ്ടി إِنَّ اللَّهَ നിശ്ചയമായും അല്ലാഹു هُوَ التَّوَّابُ അവന്‍ തന്നെ വളരെ മടക്കമുള്ള (കനിയുന്ന) വന്‍ الرَّحِيمُ കരുണാനിധിയായ
- يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ ٱتَّقُوا۟ ٱللَّهَ وَكُونُوا۟ مَعَ ٱلصَّٰدِقِينَ ﴾١١٩﴿
- ഹേ, വിശ്വസിച്ചവരേ, നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും, സത്യം പറയുന്നവരുടെ കൂടെയായിരിക്കുകയും ചെയ്യുവീന്‍.
- يَا أَيُّهَا الَّذِينَ آمَنُوا വിശ്വസിച്ചവരേ اتَّقُوا اللَّهَ നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുവിന്‍ وَكُونُوا നിങ്ങള്‍ ആയിരിക്കുകയും ചെയ്യുവിന്‍ مَعَ الصَّادِقِينَ സത്യം പറയുന്നവരുടെ കൂടെ, സത്യവാന്മാരോടൊപ്പം
തക്കതായ കാരണമില്ലാതെ -അലസതയും സുഖമോഹവും നിമിത്തം- തബൂക്ക് യാത്രയില്‍ പങ്കെടുക്കാതെ മാറിനിന്ന അബൂലുബാബഃ (رضي الله عنه) മുതലായവര്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ മുമ്പാകെ പശ്ചാത്തപിച്ച വിവരവും, അവരില്‍പെട്ട മൂന്നുപേര്‍ എന്തു ചെയ്യണമെന്നറിയാതെ ഉല്‍ക്കണ്‌ഠാകുലരായി കഴിഞ്ഞുകൂടുകയാണ് ചെയ്‌തതെന്നും മുമ്പ് പ്രസ്‌താവിച്ചുവല്ലോ. ആ മൂന്നാളുടെ കാര്യത്തില്‍ തീരുമാനമൊന്നും പ്രഖ്യാപിക്കപ്പെടാതെ തല്‍ക്കാലം നീട്ടിവെക്കുകയുണ്ടായെന്ന് 106-ാം വചനത്തിലും ചൂണ്ടിക്കാട്ടി. കഅ്‌ബുബ്‌നുമാലിക്, ഹിലാലുബ്‌നു ഉമയ്യ, മുറാറത്തുബ്‌നു റബീഉ് (رضي الله عنه) എന്നീ അന്‍സ്വാരീ സ്വഹാബികളായിരുന്നു പ്രസ്‌തുത മൂന്നുപേര്‍. ഇവരുടെ പശ്ചാത്താപവും അല്ലാഹു സ്വീകരിച്ചിരിക്കുന്നുവെന്നും, ഇവര്‍ അങ്ങേ അറ്റത്തെ മനോവ്യഥയിലും ദുഃഖത്തിലുമായിരുന്നുവെന്നുമാണ് ആദ്യത്തെ വചനത്തില്‍ പ്രസ്‌താവിക്കുന്നത്. രണ്ടാമത്തെ വചനത്തില്‍ അവര്‍ സത്യവാന്മാരായിരുന്നുവെന്നും, സത്യം പറഞ്ഞതുകൊണ്ടാണവര്‍ക്ക് രക്ഷ ലഭിച്ചതെന്നും, അവരെപ്പോലെ എല്ലാവരും സത്യവാന്മാരായിരിക്കണമെന്നും സൂചിപ്പിച്ചിരിക്കുന്നു. ഇമാം അഹ്‌മദ്, ബുഖാരീ, മുസ്‌ലിം (رَحِمَهُمُ الله) തുടങ്ങിയ പല മഹാന്മാരും രേഖപ്പെടുത്തിയിട്ടുള്ള സുദീര്‍ഘമായ ഒരു ഹദീഥില്‍ അവരുടെ സംഭവം വിശദമായി വിവരിക്കപ്പെട്ടിരിക്കുന്നു. പ്രസിദ്ധമായ ആ ഹദീസില്‍ നിന്ന് ഈ വചനങ്ങളിലും കഴിഞ്ഞ ചില വചനങ്ങളിലും അടങ്ങിയ ആശയങ്ങള്‍ കൂടുതല്‍ മനസ്സിലാക്കുവാനും സ്വഹാബികളെക്കുറിച്ചും മറ്റും അറിഞ്ഞിരിക്കേണ്ടുന്ന ചില വസ്‌തുതകള്‍ കൂടി ഗ്രഹിക്കുവാനും സാധിക്കുന്നതാണ്. അതുകൊണ്ട്-അല്‍പം ദൈര്‍ഘ്യം വന്നുപോകുമെങ്കിലും-ആ ഹദീഥിന്‍റെ സാരം ഇവിടെ ഉദ്ധരിക്കുന്നത് പ്രയോജനകരമായിരിക്കും.
കഅ്‌ബുബ്‌നുമാലിക്ക് (رضي الله عنه) ന്‍റെ കാഴ്‌ച നഷ്‌ടപ്പെട്ടശേഷം അദ്ദേഹത്തെ നയിച്ചു കൊണ്ടിരുന്ന ആളും, അദ്ദേഹത്തിന്‍റെ ഒരു പുത്രനുമായിരുന്ന അബ്‌ദുല്ല (رضي الله عنه) തന്‍റെ പിതാവ് കഅ്‌ബ് (رضي الله عنه) പ്രസ്‌താവിച്ചതായി ഇപ്രകാരം ഉദ്ധരിക്കുന്നു:-
‘തബൂക്ക് യുദ്ധത്തിലല്ലാതെ മറ്റൊരു യുദ്ധത്തിലും നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യൊന്നിച്ചു ഞാന്‍ പങ്കെടുക്കാതിരുന്നിട്ടില്ല. പക്ഷേ, ബദ്‌റില്‍ പങ്കെടുക്കുകയുണ്ടായില്ല. അതില്‍ പങ്കെടുക്കാത്തവരെപ്പറ്റി ആക്ഷേപവും ഉണ്ടായിട്ടില്ല. ഒരു മുന്‍നിശ്ചയം കൂടാതെ ക്വുറൈശികളുടെ വര്‍ത്തകസംഘത്തെ ഉദ്ദേശിച്ചുകൊണ്ട് മാത്രമായിരുന്നു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അന്ന് പുറപ്പെട്ടത്. അല്‍അക്വബഃ ഉടമ്പടി (*) ഉണ്ടായ രാത്രിയില്‍ ഞങ്ങള്‍ ഇസ്‌ലാമിനെ അംഗീകരിച്ച് കരാര്‍ നടത്തിയപ്പോള്‍ ഞാനും അതില്‍ സന്നിഹിതനായിരുന്നു. ജനമദ്ധ്യെ ബദ്‌ര്‍ യുദ്ധത്തിനാണ് അധികം പ്രശസ്‌തിയുള്ളതെങ്കിലും അക്വബഃയുടെ സ്ഥാനം ബദ്‌റിനു നല്‍കുവാന്‍ ഞാന്‍ ഇഷ്‌ടപ്പെടുന്നില്ല. തബൂക്കില്‍ നിന്ന് ഞാന്‍ പിന്തി നിന്നത് ഇങ്ങിനെയാണ്: അന്ന് എനിക്ക് മുമ്പത്തെക്കാളൊക്കെ കഴിവും, സൗകര്യവുമുണ്ടായിരുന്നു.റസൂല്‍ യുദ്ധയാത്രകള്‍ ചെയ്യുമ്പോള്‍ സാധാരണ ലക്ഷ്യസ്ഥാനം വ്യക്തമാക്കാറില്ലായിരുന്നു. ആ യാത്ര ഉഷ്‌ണകാലത്തായിരുന്നതും, ദൂരയാത്രയായിരുന്നതും, വമ്പിച്ച ഒരു സൈന്യത്തെ നേരിടുവാനായിരുന്നതും കാരണമായി മുസ്‌ലിംകള്‍ വേണ്ടുന്ന ഒരുക്കങ്ങള്‍ ചെയ്യുവാന്‍വേണ്ടി-യാത്രയുടെ ലക്ഷ്യം നേരത്തെതന്നെ അവിടുന്ന് അറിയിച്ചിരുന്നു. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യുടെ ഒന്നിച്ചു മുസ്‌ലിംകള്‍ അക്കാലത്ത് ധാരാളമുണ്ട്. പക്ഷേ, പട്ടാളക്കാരുടെ പട്ടിക രേഖപ്പെടുത്തുന്ന സമ്പ്രദായം അന്നില്ലായിരുന്നു. അതുകൊണ്ട് യുദ്ധത്തില്‍ പങ്കെടുക്കാതെ ഒഴിഞ്ഞു നില്‍ക്കണമന്നുദ്ദേശിക്കുന്നവരില്‍ -വഹ്‌യ് മുഖേന അറിവുകിട്ടാത്തപക്ഷം- തങ്ങളെപ്പറ്റി നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)ക്ക് അറിയുവാന്‍ കഴിയുകയില്ലെന്ന് ധരിക്കാത്തവര്‍ കുറവായിരുന്നു. പഴവര്‍ഗങ്ങളും തണലും നന്നായി വരുന്ന ഒരു കാലത്തായിരുന്നു നബി(صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യുടെ പുറപ്പാട്.
(*) ഹിജ്‌റഃക്കു മുമ്പ് മദീനയില്‍നിന്ന് ഹജ്ജിനുവന്നിരുന്ന എഴുപതില്‍പരം ആളുകള്‍ ഒരു രാത്രിയില്‍- ക്വുറൈശികള്‍ അറിയാതെ- നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യില്‍ വിശ്വസിക്കുകയും, അല്‍അക്വബഃ എന്നിടത്തുവെച്ച് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യെ മദീനയില്‍ ചെന്നാല്‍ വേണ്ടപ്രകാരം സഹായിക്കാമെന്നും മറ്റും നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുമായി ഉടമ്പടി ചെയ്‌തുപോകുകയും ഉണ്ടായി. ആ സംഭവമാണ് ഉദ്ദേശ്യം. 100-ാം വചനത്തിന്‍റെ വ്യാഖ്യാനത്തില്‍ ഈ ഉടമ്പടിയെപ്പറ്റി നാം സൂചിപ്പിച്ചിട്ടുണ്ട്.
‘അങ്ങനെ, നബി(صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യും മുസ്‌ലിംകളും ഒരുക്കങ്ങള്‍ ചെയ്‌തു. ഞാന്‍ ഒരുങ്ങുവാന്‍ ശ്രമിച്ചും പിന്നോക്കം വെച്ചുംകൊണ്ട് – ഒരു തീരുമാനവുമെടുക്കാതെ-കഴിഞ്ഞുകൂടി. റസൂല്‍ തിരുമേനി യും ജനങ്ങളും യാത്ര തുടങ്ങി. അപ്പോഴും ഞാന്‍ വാഹനം കയറി പുറപ്പെട്ടെങ്കിലോ എന്നുദ്ദേശിച്ചു. അയ്യോ! അങ്ങനെ ചെയ്‌തിരുന്നെങ്കില്‍ എത്ര നന്നായേനേ! പക്ഷേ, അതിന് വിധിയുണ്ടായില്ല! റസൂല്‍ പുറപ്പെട്ടുപോയതില്‍പിന്നെ, പുറത്തിറങ്ങിയാല്‍ ഒന്നുകില്‍ കപടവിശ്വാസത്തിന്‍റെ ആക്ഷേപത്തിനു വിധേയരായ ആളുകളെ, അല്ലെങ്കില്‍ അല്ലാഹു ഒഴികഴിവ് അനുവദിച്ചുകൊടുത്തിട്ടുള്ള ദുര്‍ബ്ബലരായ ആളുകളെ അല്ലാതെ എനിക്ക് കാണുവാന്‍ കഴിഞ്ഞിരുന്നില്ല. തബൂക്കിലെത്തുന്നതുവരെ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ക്ക് എന്നെക്കുറിച്ച് ഓര്‍മവന്നില്ല. തബൂക്കില്‍ വെച്ച് കഅ്‌ബ് എന്ത് ചെയ്‌തുവെന്ന് തിരുമേനി അന്വേഷിച്ചു. ബനൂസലമ ഗോത്രത്തില്‍പെട്ട ഒരാള്‍ ‘അദ്ദേഹത്തിന്‍റെ സുഖസൗകര്യങ്ങള്‍ അദ്ദേഹത്തെ തടഞ്ഞുവെച്ചിരിക്കയാണ്’ എന്ന് പറഞ്ഞു. അപ്പോള്‍ മുആദുബ്‌നുജബല്‍ (رضي الله عنه) പറഞ്ഞു: ‘താന്‍ ആ പറഞ്ഞത് മോശമായിപ്പോയി. അദ്ദേഹത്തെ സംബന്ധിച്ച് നല്ലതല്ലാതെ നമുക്കറിവില്ല.’ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അപ്പോള്‍ മൗനമവലംബിച്ചു. അങ്ങനെയിരിക്കെ, വെള്ള വസ്‌ത്രം ധരിച്ചുകൊണ്ട് ഒരാള്‍ മരീചികതാണ്ടി വരുന്നതായി ദൂരെ നിന്ന് കണ്ടു. ‘അത് അബൂഖൈഥമയായിരിക്കണം’ എന്ന് തിരുമേനി (ലക്ഷണം) പറഞ്ഞു. ഒരു സ്വാഉ് (സേര്‍) കാരക്ക സംഭാവന നല്‍കിയതില്‍, കപടവിശ്വാസികള്‍ പരിഹസിക്കുകയുണ്ടായ അബൂഖൈഥമ (رضي الله عنه) തന്നെയായിരുന്നു (*) അത്.
കഅ്‌ബ് (رضي الله عنه) തുടരുന്നു: ‘തബൂക്കില്‍ നിന്ന് റസൂല്‍ മടങ്ങിവരുന്നുണ്ടെന്ന് കേട്ടപ്പോള്‍, എന്നെ സങ്കടം പിടികൂടി. തിരുമേനിയുടെ കോപത്തില്‍നിന്ന് ഞാന്‍ എങ്ങിനെ രക്ഷപ്പെടും? ആരെയൊക്കെ അതിന് ഉപയോഗപ്പെടുത്താം? എന്നൊക്കെ ഞാന്‍ (മനസ്സില്‍) കള്ളം സ്വരൂപിച്ചുകൊണ്ടിരുന്നു. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) എത്താറായി എന്ന് കേട്ടപ്പോള്‍, ആ ദുര്‍വിചാരമൊക്കെ എന്നില്‍ നിന്ന് നീങ്ങി. ഒന്നുകൊണ്ടും എനിക്ക് രക്ഷയില്ലെന്ന് ബോധ്യം വന്നു. സത്യം പറയുവാന്‍ തന്നെ ഞാന്‍ നിശ്ചയിച്ചു. റസൂല്‍ രാവിലെ എത്തി. വല്ല യാത്രയും കഴിഞ്ഞു വരുമ്പോള്‍ അവിടുന്ന് ആദ്യം പളളിയില്‍ കടന്നു രണ്ടു റക്‌അത്ത് നമസ്‌കരിക്കുകയും പിന്നീട് ജനങ്ങള്‍ക്കുവേണ്ടി ഇരുന്നുകൊടുക്കുകയും പതിവാണ്. ആ ഇരുത്തത്തില്‍, യുദ്ധത്തില്‍ നിന്ന് ഒഴിഞ്ഞുനിന്നവര്‍ ചെന്ന് തിരുമേനിയോട് ഒഴികഴിവുകള്‍ പറയുകയും, സത്യം ചെയ്യുകയുമായി. അവര്‍ എണ്‍പതില്‍ ചില്വാനം പേരുണ്ടായിരുന്നു. അവരില്‍ നിന്ന് അവരുടെ ബാഹ്യമായ നിലപാട് സ്വീകരിച്ചുകൊണ്ട് തിരുമേനി അവര്‍ക്കുവേണ്ടി പാപമോചനം തേടുകയും അവരുടെ രഹസ്യം അല്ലാഹുവിങ്കലേക്ക് വിടുകയും ചെയ്‌തു. അങ്ങനെ, ഞാന്‍ ചെന്നു സലാം പറഞ്ഞു. അപ്പോള്‍, കോപം ഒതുക്കിവെച്ച ഒരാളുടെ മാതിരി ഒന്ന് പുഞ്ചിരിച്ചുകൊണ്ട് തിരുമേനി എന്നോട് ‘വരൂ’ എന്ന് പറഞ്ഞു. ഞാന്‍ പതുക്കെച്ചെന്നു അടുത്തിരുന്നു. ‘എന്താണ് പിന്തിനിന്നത്? വാഹനം വാങ്ങിയിരുന്നില്ലേ? എന്ന് തിരുമേനി ചോദിച്ചു. ഞാന്‍ പറഞ്ഞു: ‘അല്ലാഹുവിന്‍റെ റസൂലേ, ലോകത്ത് മറ്റേതെങ്കിലും ഒരാളുടെ അടുക്കലേക്കാണ് ഞാന്‍ ഇരിക്കുന്നതെങ്കില്‍, വല്ല ഒഴികഴിവും പറഞ്ഞു അയാളുടെ കോപത്തില്‍ നിന്ന് എനിക്ക് ഒഴിവാകുവാന്‍ കഴിയുമായിരുന്നു. എനിക്ക് കുറേയൊക്കെ തര്‍ക്കം നടത്തുവാനും കഴിവുണ്ട്. പക്ഷേ, അല്ലാഹുവിനെത്തന്നെ സത്യം! ഇന്ന് ഞാന്‍ അങ്ങയോട് വല്ല കളവും പറഞ്ഞു രക്ഷപ്പെട്ടാല്‍, അല്ലാഹു എന്നെ ശിക്ഷിച്ചേക്കും. ഞാന്‍ അങ്ങയോട് സത്യം പറഞ്ഞാല്‍, അങ്ങേക്ക് എന്നോട് ദേഷ്യവും തോന്നും. അതുകൊണ്ട് ഞാന്‍ അല്ലാഹുവിങ്കല്‍ നിന്ന് നല്ല പര്യവസാനം കാത്തിരിക്കുകയാണ്. അല്ലാഹുതന്നെ സത്യം! എനിക്ക് ഒരു മുടക്കവും ഉണ്ടായിരുന്നില്ല. ആ സമയത്തെക്കാള്‍ കഴിവും സൗകര്യവും അതിന് മുമ്പുണ്ടായിരുന്നിട്ടുമില്ല. ‘അപ്പോള്‍ റസൂല്‍ പറഞ്ഞു: ‘ഇയാള്‍ പറഞ്ഞത് സത്യമാണ്. താങ്കള്‍ പോയിക്കൊളളുക, താങ്കളുടെ കാര്യത്തില്‍ അല്ലാഹു തീരുമാനമെടുത്തുകൊള്ളും.’
(*) അബൂഖൈഥമ (رضي الله عنه) ആദ്യം അലസതനിമിത്തം നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യൊന്നിച്ചു പോയിരുന്നില്ല. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യും സ്വഹാബികളും പോയിക്കഴിഞ്ഞശേഷം അദ്ദേഹം തന്‍റെ വീട്ടില്‍ ചെന്നപ്പോള്‍, വീട്ടുകാര്‍ തനിക്കായി ഒരുക്കിവെച്ചിരുന്ന സുഖസൗകര്യങ്ങള്‍ കണ്ടപ്പോള്‍ അദ്ദേഹത്തിന് വളരെ വ്യസനം തോന്നി. റസൂല്‍ തിരുമേനി വളരെ കഷ്‌ടതയിലും ബുദ്ധിമുട്ടിലും കഴിഞ്ഞുകൂടുന്ന അവസരത്തില്‍ താന്‍ ഈ സുഖസൗകര്യങ്ങള്‍ ആസ്വദിക്കുന്നത് നന്നല്ലെന്ന് അദ്ദേഹം കരുതി. വേഗം തബൂക്കിലേക്ക് വാഹനം കയറി. അതായിരുന്നു അദ്ദേഹം താമസിച്ചെത്തുവാനും, ഒറ്റയായിരിക്കുവാനും കാരണം. റസൂല്‍ അദ്ദേഹത്തെ വളരെ ആദരിക്കുകയും ചെയ്‌തു.
‘ബനുസലമക്കാരായ ചിലര്‍ എന്‍റെ പിന്നാലെ വന്നു: ‘താങ്കള്‍ ഇതിന്‍റെ മുമ്പ് കുറ്റമൊന്നും ചെയ്‌തിട്ടില്ലല്ലോ, മറ്റുള്ളവര്‍ ചെയ്‌തതുപോലെ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യോട് ചില ഒഴികഴിവുകള്‍ പറഞ്ഞ് അവിടുന്ന് താങ്കള്‍ക്കുവേണ്ടി പാപമോചനം തേടിയാല്‍ മതിയായിരുന്നുവല്ലോ?’ എന്നൊക്കെപ്പറഞ്ഞു എന്നെ ആക്ഷേപിച്ചുകൊണ്ടിരുന്നു. അങ്ങനെ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ അടുക്കല്‍ മടങ്ങിച്ചെന്നു കളവ് പറഞ്ഞുവെങ്കിലോ എന്ന്‌പോലും എനിക്ക്‌തോന്നി. ‘എന്‍റെ ഈ അനുഭവമുണ്ടായ മറ്റാരെയെങ്കിലും നിങ്ങള്‍ക്കറിയാമോ?’ എന്ന് ഞാന്‍ അവരോട് അന്വേഷിച്ചു. അവര്‍ പറഞ്ഞു: ‘അറിയാം. മുറാറത്തുബ്‌നു റബീഉം, ഹിലാലുബ്‌നുഉമയ്യയും.’ ബദ്‌റില്‍ പങ്കെടുത്തവരും, നല്ലവരുമായിരുന്നു ആ രണ്ടുപേരും. അവര്‍ എനിക്കൊരു മാതൃകയുമാണ്. അത് കേട്ടപ്പോള്‍, ഞാന്‍ (അതിന് മുതിരാതെ) എന്‍റെ വഴിക്കുപോയി.
കഅ്‌ബ് (رضي الله عنه) തുടരുന്നു: ‘ഞങ്ങള്‍ മൂന്നുപേരുമായി സംസാരിക്കുന്നത് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) മുടക്കംചെയ്‌തു. അങ്ങനെ, ജനങ്ങള്‍ക്ക് ഞങ്ങളോടുള്ള ഭാവം മാറി. ഈ ഭൂമി എനിക്കു അപരിചിതമായി തോന്നി. എന്‍റെ തുണക്കാരായ ആ രണ്ടുപേരും കരഞ്ഞുകൊണ്ട് വീട്ടില്‍ ഇരുന്നു. അമ്പതു ദിവസം ഞങ്ങള്‍ അങ്ങിനെ കഴിഞ്ഞു. ഞാന്‍ അവരെക്കാള്‍ യുവാവും ശക്തനുമായിരുന്നതുകൊണ്ട് ഞാന്‍ നമസ്‌കാരത്തിന് (പള്ളിയില്‍) ഹാജരാകുകയും അങ്ങാടിയിലൂടെ നടക്കുകയും ചെയ്‌തിരുന്നു. എന്നോട് ഒരാളും സംസാരിക്കുകയില്ല. ഞാന്‍ റസൂല്‍ തിരുമേനി ക്ക് സലാം പറയും. അവിടുന്ന് സലാം മടക്കിയോ, ഇല്ലേ എന്നെനിക്ക് സംശയം തോന്നും. ഞാന്‍ തിരുമേനിയുടെ അടുത്തുനിന്ന് നമസ്‌കരിക്കും. ഗോപ്യമായി തിരുമേനിയുടെ നേരെ നോക്കുകയും ചെയ്യും. ഞാന്‍ അങ്ങോട്ട് നോക്കുമ്പോള്‍ തിരുമേനി എന്നില്‍ നിന്ന് തിരിഞ്ഞുകളയും. ഞാന്‍ നമസ്‌കാരത്തിലേക്ക് തിരിയുമ്പോള്‍ അവിടുന്ന് എന്നെ നോക്കുകയും ചെയ്യും. മുസ്‌ലിംകള്‍ക്ക് എന്നോടുള്ള പന്തിവിരോധം വര്‍ധിച്ചപ്പോള്‍, ഞാന്‍ എന്‍റെ പിതൃവ്യപുത്രനും, അടുത്ത സ്‌നേഹിതനുമായ അബൂക്വത്താദഃ (رضي الله عنه)യുടെ അടുക്കല്‍ മതില്‍ കയറിച്ചെന്നു. അദ്ദേഹത്തിന് ഞാന്‍ സലാം ചൊല്ലി. അല്ലാഹു തന്നെ സത്യം! അദ്ദേഹം സലാം മടക്കിയില്ല. ഞാന്‍ അല്ലാഹുവിനെ മുന്‍നിര്‍ത്തിക്കൊണ്ട് അദ്ദേഹത്തോട് ചോദിച്ചു: ഞാന്‍ അല്ലാഹുവിനെയും റസൂലിനെയും സ്‌നേഹിക്കുന്നതായി താങ്കള്‍ക്കറിയാമോ? അദ്ദേഹം മിണ്ടിയില്ല. ഞാന്‍ വീണ്ടും വീണ്ടും അപേക്ഷിച്ചു. അദ്ദേഹം പറഞ്ഞു: ‘അല്ലാഹുവിനും റസൂലിനും അറിയാം.’ എന്‍റെ കണ്ണുകള്‍ ഒഴുകി. ഞാന്‍ മതില്‍ കയറി തിരിച്ചുപോന്നു.
‘അങ്ങനെയിരിക്കെ, ധാന്യം വില്‍ക്കുവാന്‍ മദീനയില്‍ വന്ന ഒരു നബ്‌ത്വീ (കര്‍ഷകന്‍) കഅ്‌ബൂബ്‌നു മാലികിനെക്കുറിച്ച് അന്വേഷിക്കുന്നത് ഞാന്‍ കേട്ടു. ജനങ്ങള്‍ എന്നെ ചൂണ്ടിക്കാട്ടി. അയാള്‍ ഗസ്സാനിലെ രാജാവിന്‍റെ വക ഒരു എഴുത്ത് എനിക്ക് തന്നു: എനിക്ക് എഴുത്തേറിയാമായിരുന്നു. ഞാന്‍ അത് വായിച്ചുനോക്കുമ്പോള്‍ ഉള്ളടക്കം ഇതായിരുന്നു: ‘തന്‍റെ ആള്‍ (നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയെ ഉദ്ദേശിച്ച്) തന്നെ കൈവെടിഞ്ഞതായി അറിയുന്നു. ഈ ഭൂമി നിന്ദ്യതയുടെ ഭൂമിയൊന്നുമല്ല. താങ്കള്‍ ഇങ്ങോട്ട് വരുക. നാം താങ്കള്‍ക്ക് വേണ്ടുന്ന സഹായം ചെയ്യാം.’ ഇതും ഒരു പരീക്ഷണം തന്നെയെന്ന് പറഞ്ഞു ഞാന്‍ ആ എഴുത്ത് അടുപ്പിലേക്കിട്ടു. അമ്പതില്‍ നാല്‍പതു ദിവസം കഴിഞ്ഞിട്ടും വഹ്‌യ് വരാന്‍ താമസിച്ചു. അപ്പോഴതാ, റസൂല്‍ തിരുമേനി യുടെ ഒരു ദൂതന്‍ വന്ന് ‘താന്‍ തന്‍റെ ഭാര്യയെ വിട്ടുനില്‍ക്കണം എന്ന് കല്‍പിക്കുന്നു! വിവാഹമോചനം ചെയ്യേണമോ എന്ന് ഞാന്‍ ചോദിച്ചു. ‘വേണ്ടാ, തന്‍റെ കാര്യത്തില്‍ തീരുമാനം വരുന്നതുവരെ ഭാര്യയുമായി വിട്ടുനില്‍ക്കണം – സമീപിക്കരുത്’ എന്ന് അയാള്‍ മറുപടി പറഞ്ഞു. മറ്റേ രണ്ടാളുകളുടെ അടുക്കലേക്കും അപ്രകാരം ആളയച്ചിരുന്നു. എന്‍റെ ഭാര്യയോട് അവളുടെ വീട്ടിലേക്ക് പോയിക്കൊള്ളുവാന്‍ ഞാന്‍ പറഞ്ഞു.’
കഅ്‌ബ് (رضي الله عنه) പറയുകയാണ്. ‘ഹിലാലുബ്‌നു ഉമയ്യയുടെ ഭാര്യ റസൂല്‍ തിരുമേനി യുടെ അടുക്കല്‍ചെന്നു ഇങ്ങിനെ പറഞ്ഞു. ‘റസൂലേ, ഹിലാലുബ്‌നുഉമയ്യ വലിയ കിഴവനാണ്. അദ്ദേഹത്തിന് ഭൃത്യന്‍മാരുമില്ല. അതുകൊണ്ട് ഞാന്‍ അദ്ദേഹത്തിന് ഭൃത്യവേല, ചെയ്‌തുകൊടുക്കുന്നതിന് വിരോധമുണ്ടോ’ തിരുമേനി പറഞ്ഞു: ‘ഇല്ല. എങ്കിലും അദ്ദേഹം തന്നെ സമീപിക്കരുത്.’ ആ സ്‌ത്രീ പറഞ്ഞു; ‘ഇല്ല. അദ്ദേഹത്തിനു യാതൊരു വിഷയത്തിലും ഒരു വികാരവുമില്ല. ഇന്നുവരെയും കരഞ്ഞുകൊണ്ടിരിക്കുകയാണ്: ഇത് കേട്ടപ്പോള്‍ എന്‍റെ ചില കുടുംബക്കാര്‍ എന്നോട് എന്‍റെ ഭാര്യയെക്കുറിച്ചും നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യോടു സമ്മതം ചോദിക്കുവാന്‍ നിര്‍ദേശിക്കുകയുണ്ടായി. ഞാന്‍ പറഞ്ഞു: ‘ഞാനത് ചെയ്യുകയില്ല. ഞാനൊരു യുവാവായിരിക്കെ, അവിടുന്ന് എന്നോട് എന്ത് പറയുമെന്ന് എനിക്ക് നിശ്ചയമില്ല.’ അങ്ങനെ, പത്തുദിവസം കൂടി കഴിഞ്ഞു. ഞങ്ങളുമായുള്ള സംസാരം മുടക്കം ചെയ്‌തിട്ട് അപ്പോഴേക്ക് അമ്പതു ദിവസം പൂര്‍ത്തിയായി. അമ്പതിന്‍റെ പ്രഭാതത്തില്‍ ഞാന്‍ ഞങ്ങളുടെ ഒരു വീട്ടിന്‍റെ മുകളില്‍വെച്ച് സ്വുബ്‌ഹ് നമസ്‌കാരം കഴിഞ്ഞു ഇരിക്കുകയായിരുന്നു. അല്ലാഹു പറഞ്ഞതുപോലെ ഭൂമി വിശാലമായിരുന്നിട്ടും എനിക്കത് ഇടുങ്ങിയതായിക്കൊണ്ടിരിക്കുകയാണ്.
‘അപ്പോഴതാ! സല്‍ഉ് (سَلع) മലയുടെ മുകളില്‍ നിന്ന് ഒരാള്‍ അത്യുച്ചത്തില്‍ വിളിച്ചു പറയുന്നു: ‘കഅ്‌ബുബ്‌നു മാലികേ! സന്തോഷിച്ചു കൊള്ളുക!’ ഞാന്‍ അല്ലാഹുവിന് സുജൂദായി നിലത്തുവീണു. ഒരു തുറവി വന്നുകഴിഞ്ഞിട്ടുണ്ടെന്ന് ഞാന്‍ മനസ്സിലാക്കി. സുബ്‌ഹു നമസ്‌കാരാനന്തരം അല്ലാഹുവില്‍ നിന്നു (ഞങ്ങളുടെ) തൗബഃ (പശ്ചാത്താപം) സ്വീകരിച്ച വിവരം നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ജനങ്ങളില്‍ പ്രഖ്യാപനം ചെയ്‌തിരുന്നു. ജനങ്ങള്‍ ഞങ്ങളെ അനുമോദിക്കുവാന്‍ വന്നുകൊണ്ടിരുന്നു. എന്‍റെ രണ്ടു കൂട്ടുകാരിലേക്കും ആളുകള്‍ പോയിരുന്നു. എന്‍റെ അടുക്കലേക്ക് ഒരാള്‍ കുതിരപ്പുറത്ത് കയറിയും, വേറൊരാള്‍ ഓടിക്കൊണ്ടും കുതിച്ചുവന്നു. (*) പക്ഷേ, (സല്‍ഉ് മലയില്‍ നിന്ന് കേട്ട) ആ ശബ്‌ദമായിരുന്നു ആദ്യം എനിക്ക് എത്തിയത്. അതുകൊണ്ട് ആ ശബ്‌ദത്തിന്‍റെ ആള്‍ക്ക് (**) ഞാന്‍ എന്‍റെ മേലുണ്ടായിരുന്ന രണ്ടു വസ്‌ത്രവും അഴിച്ചുകൊടുത്തു സമ്മാനിച്ചു. (***) സത്യമായും, അത് രണ്ടുമല്ലാത്ത വസ്‌ത്രം എനിക്ക് വേറെയുണ്ടായിരുന്നില്ല. അനന്തരം രണ്ടു വസ്‌ത്രങ്ങള്‍ വായ്‌പമേടിച്ചു ധരിച്ചുകൊണ്ട് ഞാന്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയുടെ അടുക്കലേക്ക് പോയി. ജനങ്ങള്‍ കൂട്ടംകൂട്ടമായി വന്നു എന്നെ അനുമോദിക്കുകയും, എനിക്ക് മംഗളം പറയുകയും ചെയ്യുന്നുണ്ടായിരുന്നു.
(കഅ്‌ബ് (رضي الله عنه) തുടരുന്നു:) ‘ഞാന്‍ പള്ളിയില്‍ ചെല്ലുമ്പോള്‍, റസൂല്‍ ഇരിക്കുന്നു. ചുറ്റുപാടും ആളുകളുമുണ്ട്. ത്വല്‍ഹത്തുബ്‌നു ഉബൈദില്ലാ (رضي الله عنه) ഓടിവന്ന് എനിക്ക് കൈ തരുകയും, എന്നെ അനുമോദിക്കുകയും ചെയ്‌തു. (****) മുഹാജിറുകളില്‍ വേറെ ആരും എഴുന്നേറ്റു വന്നു അങ്ങനെ ചെയ്യുകയുണ്ടായില്ല. (*****) റസൂല്‍ തിരുമേനി ക്കു ഞാന്‍ സലാം പറഞ്ഞപ്പോള്‍, തിരുമേനിയുടെ മുഖം സന്തോഷം കൊണ്ട് പ്രകാശിതമായിരുന്നു. അവിടുന്നു പറഞ്ഞു: ‘താങ്കളുടെ മാതാവ് താങ്കളെ പ്രസവിച്ചത് മുതല്‍ ഏറ്റവും നല്ല ഒരു ദിവസത്തെക്കുറിച്ച് സന്തോഷപ്പെട്ടുകൊള്ളുക!’ ഞാന്‍ ചോദിച്ചു: ‘അങ്ങയില്‍ നിന്നുള്ളതോ, അല്ലാഹുവിങ്കല്‍നിന്നുള്ളതോ?’ തിരുമേനി പറഞ്ഞു; ‘അല്ലാഹുവിങ്കല്‍ നിന്നുള്ളതുതന്നെ.’ തിരുമേനിക്ക് സന്തോഷം വന്നാല്‍ അവിടുത്തെ മുഖം ചന്ദ്രനെപ്പോലെ പ്രകാശമയമായിത്തീരുമെന്ന് ഞങ്ങള്‍ പരിചയിച്ചതാണ്. അങ്ങനെ, ഞാന്‍ ഇരുന്നു, ഞാന്‍ പറഞ്ഞു: ‘അല്ലാഹുവിന്‍റെ റസൂലേ, എന്‍റെ തൗബഃയുടെ പൂര്‍ത്തീകരണമായി ഞാന്‍ എന്‍റെ ധനം മുഴുവന്‍ ധര്‍മമായി അല്ലാഹുവിനും റസൂലിനും ഒഴിഞ്ഞുതരുവാന്‍ ഉദ്ദേശിക്കുന്നു.’ അപ്പോള്‍ തിരുമേനി പറഞ്ഞു: ‘കുറച്ചു ധനം താന്‍ സൂക്ഷിച്ചു വെച്ചുകൊള്ളുക. അത് തനിക്ക് നല്ലതാണ്.’ ഞാന്‍ പറഞ്ഞു: ‘ഖൈബറിലുള്ള എന്‍റെ ഓഹരി ഞാന്‍ സൂക്ഷിച്ചുകൊള്ളാം. (ബാക്കിയൊക്കെ ധര്‍മമാണ്) ഞാന്‍ ജീവിക്കുന്ന കാലത്തോളം ആരോടും ഞാന്‍ കളവു പറയുകയില്ലെന്നതും എന്‍റെ തൗബഃയില്‍പ്പെട്ടതാകുന്നു.’
‘ഞാന്‍ റസൂല്‍ തിരുമേനിയോട് ആ സത്യം പറഞ്ഞശേഷം, എന്നെപ്പോലെ പരീക്ഷണത്തിന് വിധേയനായി വിജയം വരിച്ച ഒരാളെ എനിക്കറിവില്ല. അതിന് ശേഷം ഇന്നേവരെ അറിഞ്ഞുംകൊണ്ട് ഞാന്‍ ആരോടും കളവ് പറഞ്ഞിട്ടില്ല. മേലിലും അല്ലാഹു എന്നെ കാക്കുമെന്ന് ഞാന്‍ ആശിക്കുന്നു. അങ്ങനെ, അല്ലാഹു ….لَّقَد تَّابَ اللَّهُ عَلَى النَّبِيِّ എന്ന വചനവും ……وَعَلَى الثَّلَاثَةِ الَّذِينَ എന്നതു മുതല്‍ ……وَكُونُوامَعَ الصَّادِقِين എന്നുവരെയും (117, 118, 119 വചനങ്ങള്‍) അവതരിച്ചു.’
(*) കുതിരപ്പുറത്ത് ചെന്നത് സുബൈറുബ്‌നുല്‍ അവ്വാമും (رضي الله عنه), ഓടിവന്നത് ഹംസത്തുബ്‌നു അംറും (رضي الله عنه) ആയിരുന്നുവെന്ന് ചില രിവായത്തുകളിലുണ്ട്.
(**) ശബ്‌ദമിട്ടു വിളിച്ചു പറഞ്ഞത് അബൂബക്‌ര്‍ (رضي الله عنه) ആയിരുന്നുവെന്നും രിവായത്തുണ്ട്.
(***) പ്രധാനപ്പെട്ട സന്തോഷവാര്‍ത്ത അറിയിക്കുന്ന ആദ്യത്തെ ആള്‍ക്ക് അപ്പോള്‍ ധരിച്ചിട്ടുള്ള വസ്‌ത്രങ്ങള്‍ അഴിച്ചുകൊടുത്തു സമ്മാനിക്കുന്നത് അറബികളുടെ ഒരു പതിവായിരുന്നു.
(****) ത്വല്‍ഹത്ത് (رضي الله عنه) ക്വുറൈശിയും, സ്വര്‍ഗംകൊണ്ട് സന്തോഷമറിയിക്കപ്പെട്ട പത്ത് സഹാബികളില്‍പെട്ട ഒരാളുമാകുന്നു.
(*****) ഇക്കാരണത്താല്‍ ത്വല്‍ഹത്തിനെ (رضي الله عنه) കുറിച്ച് കഅ്‌ബ് (رضي الله عنه) എപ്പോഴും നന്ദി പുലര്‍ത്തിപ്പോന്നിരുന്നുവെന്ന് നിവേദകനായ പുത്രന്‍ പ്രസ്‌താവിച്ചിരിക്കുന്നു.
(കഅ്‌ബ് (رضي الله عنه) തുടര്‍ന്നു പറയുകയാണ്:) അല്ലാഹുവിനെത്തന്നെയാണ! റസൂല്‍ തിരുമേനി യോട് കളവു പറയുകയും, കളവു പറഞ്ഞവരെപ്പോലെ നാശത്തിലകപ്പെടുകയും ചെയ്യാതെ ഞാന്‍ സത്യം മാത്രം പറഞ്ഞത് എന്നെ ഇസ്‌ലാമിലേക്ക് മാര്‍ഗദര്‍ശനം നല്‍കി അല്ലാഹു അനുഗ്രഹിച്ചതിനുശേഷം അവന്‍ എനിക്ക് തന്ന ഏറ്റവും വലിയ ഒരനുഗ്രഹമാകുന്നു. വഹ്‌യ് വന്നപ്പോള്‍, കളവ് പറഞ്ഞവരെപ്പറ്റി അല്ലാഹു വളരെ കടുത്തവാക്കുകളാണ് പറഞ്ഞത്. അതായത് سَيَحْلِفُونَ بِالَّله لَكُمْ എന്ന് തുടങ്ങി لَا يَرْضَىٰ عَنِ الْقَوْمِ الْفَاسِقِينَ വരെ (95ഉം 96ഉം വചനങ്ങള്‍). റസൂല്‍ തിരുമേനിയോട് സത്യം ചെയ്‌തു ഒഴികഴിവുകള്‍ പറഞ്ഞപ്പോള്‍ അത് സ്വീകരിച്ചുകൊണ്ട് തിരുമേനി പാപമോചനം തേടിയിരുന്ന ആളുകളുടെ കൂട്ടത്തില്‍ നിന്ന് ഞങ്ങള്‍ മൂന്നുപേരുടെയും കാര്യം റസൂല്‍ പിന്നേക്ക് നിറുത്തിവെക്കുകയാണ് ചെയ്‌തത്. എന്നിട്ട് ഞങ്ങളുടെ വിഷയത്തില്‍ وَعَلَى الثَّلَاثَةِ الَّذِينَ خُلِّفُوا (പിന്നോക്കം വെക്കപ്പെട്ട മൂന്നാളുടെ പേരിലും….) എന്നു അവതരിച്ച്. യുദ്ധത്തിന് പോകാതെ പിന്തിനിന്നവര്‍ എന്നല്ല ഉദ്ദേശ്യം. സത്യം ചെയ്‌ത് ഒഴികഴിവ് പറഞ്ഞവരില്‍ നിന്നും വ്യത്യസ്‌തമായി കാര്യം പിന്നേക്ക് നീട്ടിവെക്കപ്പെട്ടവര്‍ എന്നാണുദ്ദേശ്യം. (അ; ബു; മു. മുതലായവര്‍)
സുദീര്‍ഘവും പ്രസിദ്ധവുമായ ഈ ഹദീഥില്‍ നിന്ന് കഴിഞ്ഞ ഏതാനും ആയത്തുകളുടെ ആശയം കൂടുതല്‍ മനസ്സിലാക്കുവാന്‍ കഴിയുന്നതിനു പുറമെ മറ്റു പല കാര്യങ്ങളും ഗ്രഹിക്കുവാന്‍ സാധിക്കുന്നതാണ്. നിഷ്‌കളങ്കവും, പരിപൂര്‍ണവുമായ തൗബഃയുടെ നല്ലൊരു മാതൃകയാണത്. സ്വഹാബികള്‍ തങ്ങളുടെ പക്കല്‍ വന്നുപോയ തെറ്റുകുറ്റങ്ങളെപ്പറ്റി എത്രത്തോളം മനംനൊന്തിരുന്നുവെന്നും അവരുടെ സത്യസന്ധത എത്രമാത്രം ദൃഢതരമായിരുന്നുവെന്നും അല്ലാഹുവിങ്കല്‍ നിന്നുള്ള പാപമോചനവും കാരുണ്യവും ലഭിക്കുന്നതിനു വേണ്ടി അവര്‍ എത്രത്തോളം ത്യാഗവും കഷ്‌ടനഷ്‌ടവും അനുഭവിക്കുവാന്‍ തയ്യാറായിരുന്നുവെന്നും റസൂല്‍ തിരുമേനി യോട് അവര്‍ക്കുള്ള സ്‌നേഹബഹുമാനം എത്ര വലുതായിരുന്നുവെന്നും തിരുമേനിയുടെ ഉപദേശനിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുന്നതില്‍ അവര്‍ എത്രത്തോളം തല്‍പരരായിരുന്നുവെന്നും- അങ്ങിനെ -പലതും മനസ്സിലാക്കുവാനുള്ള ഒരു പാഠാവലിയാണ് ഈ ഹദീഥ് എന്ന് പറയാം. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയുടെയും, അവിടുത്തെ സ്വഹാബികളുടെയും മാതൃക പിന്‍പറ്റി സൗഭാഗ്യം അടയുന്ന സജ്ജനങ്ങളില്‍ അല്ലാഹു നമ്മെയെല്ലാം ഉള്‍പ്പെടുത്തട്ടെ. ആമീന്‍.
റസൂല്‍ തിരുമേനി അരുളിച്ചെയ്‌തതായി ഇബ്‌നുമസ്‌ഊദ് (رضي الله عنه) ഉദ്ധരിച്ചിരിക്കുന്നു: ‘നിങ്ങള്‍ സത്യത്തെ മുറുകെ പിടിക്കുവിന്‍. കാരണം, സത്യം പുണ്യത്തിലേക്ക് നയിക്കുന്നു. പുണ്യമാകട്ടെ സ്വര്‍ഗത്തിലേക്കും നയിക്കുന്നു. ഒരു മനുഷ്യന്‍ സത്യം പറഞ്ഞും, സത്യത്തെ കാത്തുസൂക്ഷിച്ചും വരുന്നതായാല്‍, അവന്‍ അല്ലാഹുവിന്‍റെ അടുക്കല്‍ ‘സ്വിദ്ദീക്വാ’യി (സത്യസന്ധനായി) രേഖപ്പെടുത്തപ്പെടും. നിങ്ങള്‍ അസത്യത്തെ സൂക്ഷിക്കുവിന്‍. അസത്യം ദുര്‍വൃത്തിയിലേക്ക് നയിക്കുന്നു. ദുര്‍വൃത്തിയാകട്ടെ, നരകത്തിലേക്കും നയിക്കുന്നു. ഒരുവന്‍ അസത്യം പറഞ്ഞും, അസത്യത്തെ കാത്തുസൂക്ഷിച്ചും വരുന്നതായാല്‍, അവന്‍ അല്ലാഹുവിന്‍റെ അടുക്കല്‍ ‘കദ്ദാബായി’ (അസത്യവാദിയായി) രേഖപ്പെടുത്തപ്പെടുന്നതാണ്.’ (അ; ബു; മു.)
വിഭാഗം - 15
- مَا كَانَ لِأَهْلِ ٱلْمَدِينَةِ وَمَنْ حَوْلَهُم مِّنَ ٱلْأَعْرَابِ أَن يَتَخَلَّفُوا۟ عَن رَّسُولِ ٱللَّهِ وَلَا يَرْغَبُوا۟ بِأَنفُسِهِمْ عَن نَّفْسِهِۦ ۚ ذَٰلِكَ بِأَنَّهُمْ لَا يُصِيبُهُمْ ظَمَأٌ وَلَا نَصَبٌ وَلَا مَخْمَصَةٌ فِى سَبِيلِ ٱللَّهِ وَلَا يَطَـُٔونَ مَوْطِئًا يَغِيظُ ٱلْكُفَّارَ وَلَا يَنَالُونَ مِنْ عَدُوٍّ نَّيْلًا إِلَّا كُتِبَ لَهُم بِهِۦ عَمَلٌ صَٰلِحٌ ۚ إِنَّ ٱللَّهَ لَا يُضِيعُ أَجْرَ ٱلْمُحْسِنِينَ ﴾١٢٠﴿
- മദീനക്കാര്‍ക്കും, 'അഅ്‌റാബി' [മരുഭൂവാസി]കളില്‍ നിന്ന് അവരുടെ ചുറ്റുപാടിലുള്ളവര്‍ക്കും പാടില്ല, അവര്‍ അല്ലാഹുവിന്‍റെ റസൂലിനെ വിട്ടു പിന്തി നില്‍ക്കുവാന്‍; അദ്ദേഹത്തിന്‍റെ സ്വന്ത(കാര്യ)ത്തെ വിട്ടേച്ചു തങ്ങളുടെ സ്വന്ത (കാര്യ) ങ്ങളെപ്പറ്റി താല്‍പര്യം കാണിക്കുവാനും പാടില്ല. അതെന്തെന്നാല്‍ അവര്‍, അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ അവര്‍ക്ക് വല്ല ദാഹമാകട്ടെ, ക്ഷീണമാകട്ടെ, പട്ടിണിയാകട്ടെ, ബാധിക്കുകയില്ല, അവിശ്വാസികളെ കോപിപ്പിക്കുന്ന വല്ല സ്ഥാനത്തും അവര്‍ ചവിട്ടുകയുമില്ല, ഒരു ശത്രുവിനും വല്ല ബാധയും [ഉപദ്രവവും] അവര്‍ ഏല്‍പിക്കുകയുമില്ല-അത്‌നിമിത്തം അവര്‍ക്ക് ഒരു നല്ലതായ കാര്യം രേഖപ്പെടുത്തപ്പെടാതെ [ഇതാണതിന് കാരണം.] നിശ്ചയമായും അല്ലാഹു സുകൃതം ചെയ്യുന്നവരുടെ പ്രതിഫലം പാഴാക്കുകയില്ല.
- مَا كَانَ ആകുകയില്ല (പാടില്ല), ആകാവതല്ല لِأَهْلِ الْمَدِينَةِ മദീനക്കാര്‍ക്ക് وَمَنْ حَوْلَهُم അവരുടെ ചുറ്റുപാടിലുള്ളവര്‍ക്കും مِّنَ الْأَعْرَابِ അഅ്‌റാബികളില്‍ നിന്ന് أَن يَتَخَلَّفُوا അവര്‍ പിന്തിനില്‍ക്കല്‍, പിന്തുവാന്‍ عَن رَّسُولِ റസൂലിനെവിട്ട് اللَّهِ അല്ലാഹുവിന്‍റെ وَلَا يَرْغَبُوا അവര്‍ ആഗ്രഹിക്കലും (താല്‍പര്യം കാണിക്കുവാനും) പാടില്ല بِأَنفُسِهِمْ തങ്ങളുടെ സ്വന്തങ്ങളെപ്പറ്റി عَن نَّفْسِهِ അദ്ദേഹത്തിന്‍റെ സ്വന്തത്തെവിട്ട് ذَٰلِكَ അത് (കാരണം) بِأَنَّهُمْ അവര്‍ (ആകുന്നു) എന്നതുകൊണ്ടാണ് لَا يُصِيبُهُمْ അവര്‍ക്ക് ബാധിക്കുക (എത്തുക)യില്ല ظَمَأٌ ഒരു ദാഹം, വല്ല ദാഹവും وَلَا نَصَبٌ ഒരു ക്ഷീണവുമില്ല. ബുദ്ധിമുട്ടുമില്ല وَلَا مَخْمَصَةٌ ഒരു പട്ടിണിയുമില്ല فِي سَبِيلِ اللَّهِ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ وَلَا يَطَئُونَ അവര്‍ ചവിട്ടുകയുമില്ല مَوْطِئًا ഒരു ചവിട്ടുന്ന സ്ഥാനത്തും يَغِيظُ കോപിപ്പിക്കുന്ന, ക്ലേശമുണ്ടാക്കുന്ന الْكُفَّارَ അവിശ്വാസികളെ, കാഫിറുകള്‍ക്ക് وَلَا يَنَالُونَ അവര്‍ എത്തിക്കുക (ബാധിപ്പിക്കുക)യുമില്ല مِنْ عَدُوٍّ വല്ല ശത്രുവിനും نَّيْلًا വല്ല എത്തലും (കിട്ടലും) ഒരു ബാധയും إِلَّا كُتِبَ രേഖപ്പെടുത്തപ്പെടാതെ, എഴുതപ്പെട്ടിട്ടില്ലാതെ لَهُم അവര്‍ക്ക് بِهِ അതുമൂലം, അതുകൊണ്ട് عَمَلٌ ഒരു കര്‍മം صَالِحٌ നല്ലതായ إِنَّ اللَّهَ നിശ്ചയമായും അല്ലാഹു لَا يُضِيعُ അവന്‍ പാഴാക്കുക (വിഫലമാക്കുക)യില്ല. أَجْرَ പ്രതിഫലം, കൂലി الْمُحْسِنِينَ സുകൃതം ചെയ്യുന്നവരുടെ
- وَلَا يُنفِقُونَ نَفَقَةً صَغِيرَةً وَلَا كَبِيرَةً وَلَا يَقْطَعُونَ وَادِيًا إِلَّا كُتِبَ لَهُمْ لِيَجْزِيَهُمُ ٱللَّهُ أَحْسَنَ مَا كَانُوا۟ يَعْمَلُونَ ﴾١٢١﴿
- ചെറുതാകട്ടെ, വലുതാകട്ടെ ഒരു ചിലവും അവര്‍ ചിലവഴിക്കുകയുമില്ല, വല്ല താഴ്‌വരയും അവര്‍ വിട്ടുകടക്കുകയുമില്ല- അതവര്‍ക്ക് രേഖപ്പെടുത്താതെ. (അതെ) അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതില്‍ ഏറ്റം നല്ലതിന് (അനുസരിച്ച്) അല്ലാഹു അവര്‍ക്ക് പ്രതിഫലം നല്‍കുവാന്‍ വേണ്ടി.
- وَلَا يُنفِقُونَ അവര്‍ ചിലവഴിക്കുകയുമില്ല نَفَقَةً ഒരു ചിലവും, വല്ല ചിലവും صَغِيرَةً ചെറുതായ وَلَا كَبِيرَةً വലുതുമില്ല وَلَا يَقْطَعُونَ അവര്‍ മുറിച്ചു (വിട്ടു) പോകുകയുമില്ല وَادِيًا ഒരു താഴ്‌വര, വല്ല താഴ്‌വരയും إِلَّا كُتِبَ അത് രേഖപ്പെടുത്തപ്പെടാതെ لَهُمْ അവര്‍ക്ക് لِيَجْزِيَهُمُ അവര്‍ക്ക് പ്രതിഫലം കൊടുക്കുവാന്‍ വേണ്ടി اللَّهُ അല്ലാഹു أَحْسَنَ ഏറ്റം നല്ലതിന് مَا كَانُوا അവരായിരുന്നതില്‍ يَعْمَلُونَ അവര്‍ പ്രവര്‍ത്തിക്കും
സാരം: റസൂല്‍ വല്ല പടയെടുപ്പും നടത്തുമ്പോള്‍, മദീനാ നിവാസികളോ ചുറ്റുപാടുകളില്‍ താമസിക്കുന്ന അഅ്‌റാബി (മരുഭൂവാസി)കളോ അദ്ദേഹമൊന്നിച്ച് ആ യാത്രയില്‍ പങ്കെടുക്കാതെ മാറിനില്‍ക്കുവാന്‍ പാടില്ല. അതുപോലെതന്നെ, റസൂലിന് വല്ല ആപത്തോ വിഷമമോ നേരിടുന്നതിനെക്കുറിച്ചു ശ്രദ്ധിക്കാതെ, സ്വന്തം കാര്യത്തില്‍ മാത്രം അവര്‍ ശ്രദ്ധപതിക്കുവാനും പാടില്ല. തങ്ങളുടെ കാര്യംപോലെ -അല്ല, അതിലും ഉപരിയായി- നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ കാര്യത്തിലും അവര്‍ക്ക് താല്‍പര്യമുണ്ടായിരിക്കണം. ഇങ്ങിനെ കല്‍പിക്കുമ്പോള്‍ കാരണം, അവര്‍ക്ക് ഇതുകൊണ്ടൊന്നും ഒരു നഷ്‌ടവും സംഭവിക്കുവാനില്ല; മാത്രമല്ല, വമ്പിച്ച പ്രതിഫലം ലഭിക്കുവാനുമിരിക്കുന്നു. ഉദാഹരണമായി; അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ യുദ്ധവും സമരവും നടത്തുന്ന അവസരത്തില്‍, അവര്‍ക്ക് വല്ല ദാഹമോ, വിശപ്പോ മറ്റു വല്ല ബുദ്ധിമുട്ടോ ബാധിച്ചുവെന്ന് വെക്കുക, അല്ലെങ്കില്‍ ശത്രുക്കള്‍ക്ക് ദോഷകരമായിത്തീരുന്ന വല്ല സ്ഥലത്തിലൂടെയും അവര്‍ കാലെടുത്തു വെക്കേണ്ടിവരുകയോ, അവര്‍ക്ക് എന്തെങ്കിലും പീഡനം അനുഭവിപ്പിക്കുകയോ ചെയ്‌തുവെന്ന് വെക്കുക, അല്ലെങ്കില്‍, അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ ചെറുതോ വലുതോ ആയ വല്ല ചിലവുകളും ചെയ്‌തുവെന്ന് വെക്കുക. ഇങ്ങിനെയുള്ള കാര്യങ്ങളിലെല്ലാം തന്നെ, അല്ലാഹു അവര്‍ക്ക് ഓരോന്നിനും പ്രത്യേകം പ്രത്യേകമായി വമ്പിച്ച പ്രതിഫലം നല്‍കുന്നതും, അവയെല്ലാം അവരുടെ സല്‍കര്‍മങ്ങളായി രേഖപ്പെടുത്തിവെക്കുന്നതുമാകുന്നു. അങ്ങനെ, മറ്റുള്ള അവസരങ്ങളില്‍ ലഭിക്കാത്തത്ര പുണ്യഫലങ്ങള്‍ അവര്‍ക്ക് ആ യാത്രമൂലം കരസ്ഥമാകുന്നതാണ്.
- ۞ وَمَا كَانَ ٱلْمُؤْمِنُونَ لِيَنفِرُوا۟ كَآفَّةً ۚ فَلَوْلَا نَفَرَ مِن كُلِّ فِرْقَةٍ مِّنْهُمْ طَآئِفَةٌ لِّيَتَفَقَّهُوا۟ فِى ٱلدِّينِ وَلِيُنذِرُوا۟ قَوْمَهُمْ إِذَا رَجَعُوٓا۟ إِلَيْهِمْ لَعَلَّهُمْ يَحْذَرُونَ ﴾١٢٢﴿
- സത്യവിശ്വാസികള്‍ ആകമാനം (യുദ്ധത്തിന്) പുറപ്പെട്ടു പോകാവതുമല്ല. എന്നാല്‍, അവരില്‍ നിന്നുള്ള എല്ലാ സംഘത്തില്‍ നിന്നും ഒരു വിഭാഗം പുറപ്പെട്ടുപോയിക്കൂടേ. മതത്തില്‍ അവര്‍ക്ക് ജ്ഞാനം നേടുവാനും തങ്ങളുടെ ജനങ്ങളിലേക്ക് തങ്ങള്‍ മടങ്ങി വന്നാല്‍ അവരെ താക്കീത് ചെയ്യുവാനും വേണ്ടി അവര്‍ കാത്തുസൂക്ഷിച്ചേക്കാമല്ലോ.
- وَمَا كَانَ ആകാവതല്ല(പാടില്ല) الْمُؤْمِنُونَ സത്യവിശ്വാസികള്‍ لِيَنفِرُوا അവര്‍ (യുദ്ധത്തിന്) പുറപ്പെട്ടുപോകുവാന്‍ كَافَّةً ആകമാനം, അടങ്കലുമായി فَلَوْلَا എന്നാല്‍ ആയിക്കൂടേ, എന്തുകൊണ്ടായിക്കൂടാ نَفَرَ പുറപ്പെട്ടുപോയി مِن كُلِّ فِرْقَةٍ എല്ലാ സംഘ (കൂട്ട)ത്തില്‍ നിന്നും مِّنْهُمْ അവരില്‍ നിന്നുള്ള, അവരില്‍പെട്ട طَائِفَةٌ ഒരു വിഭാഗം لِّيَتَفَقَّهُوا അവര്‍ ജ്ഞാനം നേടുവാന്‍ വേണ്ടി, ഗ്രഹിച്ചറിയുവാന്‍ فِي الدِّينِ മത (കാര്യത്തില്‍) وَلِيُنذِرُوا അവര്‍ താക്കീത് (മുന്നറിയിപ്പ്) നല്‍കുവാനും قَوْمَهُمْ അവരുടെ ജനങ്ങള്‍ക്ക് إِذَا رَجَعُوا അവര്‍ മടങ്ങിയാല്‍ إِلَيْهِمْ അവരിലേക്ക് لَعَلَّهُمْ അവരായേക്കാം, ആകുവാന്‍ വേണ്ടി يَحْذَرُونَ അവര്‍ കാത്തുസൂക്ഷിക്കും, ജാഗ്രതവെക്കും, കരുതലോടിരിക്കും
ഈ വചനം യുദ്ധസംബന്ധമായി മുകളില്‍ വന്ന വചനങ്ങളുടെ തുടര്‍ച്ച തന്നെയാണോ- അതല്ല-ഇതിലെ വിഷയം യുദ്ധകാര്യങ്ങളുമായി പ്രത്യേക ബന്ധമൊന്നുമില്ലാത്ത ഒരു സ്വതന്ത്ര വിഷയമാണോ എന്നുള്ളതില്‍ ക്വുര്‍ആന്‍ വ്യാഖ്യാതാക്കള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമുണ്ട്. ഈ വചനം യുദ്ധസംബന്ധമായ വചനങ്ങളോട് തൊട്ടുനില്‍ക്കുന്നതും ഇതിലെ (നഫറ) എന്ന ക്രിയ സന്ദര്‍ഭമനുസരിച്ച് യുദ്ധത്തിനു പുറപ്പെട്ടുപോകുക’ എന്ന പ്രത്യേകാര്‍ഥത്തില്‍ ഉപയോഗിക്കപ്പെട്ടു വരുന്നതും ആയിരിക്കണം, ഈ അഭിപ്രായ വ്യത്യാസത്തിനു കാരണം.
ഒന്നിലധികം രൂപത്തില്‍ ഈ വചനത്തിന് വ്യാഖ്യാനം നല്‍കപ്പെട്ടുകാണാം. അവയില്‍ കൂടുതല്‍ പ്രസക്തമായ രണ്ടു വ്യാഖ്യാനങ്ങള്‍ ഇപ്രകാരമാകുന്നു:
(1) അംഗീകൃതമായ ഒഴികഴിവുകളില്ലാത്തവര്‍ യുദ്ധയാത്രകളില്‍ പങ്കെടുക്കേണ്ടതാണെന്നുള്ള മുന്‍വചനങ്ങളുടെ ബാഹ്യമായ താല്‍പര്യം അനുസരിച്ച് എല്ലാവരും കൂട്ടത്തോടെ യുദ്ധാവശ്യാര്‍ഥം പുറത്തുപോയിക്കൂടാത്തതാണ്. യുദ്ധം കേവലം ഒരു സാമൂഹ്യകടമ (فرض كفاية) യാകുന്നു. അഥവാ, ഒരു കൂട്ടര്‍ നിര്‍വഹിച്ചാല്‍ മറ്റുള്ളവരുടെ ബാധ്യതയും അതോടെ അവസാനിക്കുന്നു. എന്നല്ലാതെ, ഓരോ വ്യക്തിക്കും ബാധകമാകുന്ന വ്യക്തിപരമായ ഒരു കടമ (فرض عين) അല്ല അത്. അതോടുകൂടി, എല്ലാവരും യുദ്ധത്തില്‍ ഏര്‍പ്പെടുന്നപക്ഷം, മതവിജ്ഞാനങ്ങള്‍ പഠിക്കുവാനും, പ്രചരിപ്പിക്കുവാനും ആളില്ലാതെ വരുകയും ചെയ്യും. മതപരമായി അപ്പപ്പോള്‍ വരുന്ന നിയമനിര്‍ദേശങ്ങളും കല്‍പനകളും നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ക്ക് അവതരിച്ചുകൊണ്ടിരിക്കുന്ന കാലമായതുകൊണ്ട് എല്ലാവരും ഒന്നടങ്കം യുദ്ധയാത്രകളില്‍ സ്ഥലം വിട്ടുകൂടാ. ഓരോ സംഘത്തില്‍ നിന്നും ഓരോ വിഭാഗം ആളുകള്‍-ഓരോ നാട്ടുകാരില്‍ നിന്നും ഗോത്രങ്ങളില്‍ നിന്നുമൊക്കെ ഏതാനും ആളുകള്‍ വീതം-യുദ്ധാവശ്യാര്‍ഥം വെളിയില്‍ പോയാല്‍ മതി. മറ്റുള്ളവര്‍ സ്ഥലം വിടാതെ, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയും, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യില്‍ നിന്ന് അപ്പപ്പോള്‍ ലഭിക്കുന്ന അറിവുകള്‍ കരസ്ഥമാക്കുകയും ചെയ്യണം. എന്നിട്ട്, സ്ഥലം വിട്ടുപോയവര്‍ നാട്ടില്‍ മടങ്ങിവരുമ്പോള്‍ അവര്‍ക്ക് അത് പഠിപ്പിച്ചുകൊടുക്കുകയും വേണം. അങ്ങനെ, അവര്‍ക്കും കരുതലോടിരിക്കേണ്ടുന്ന കാര്യങ്ങള്‍ അവര്‍ ഗ്രഹിക്കുവാന്‍ കഴിയുന്നതാണ്.
(2) യുദ്ധാവശ്യാര്‍ഥമാകട്ടെ, വിജ്ഞാനസമ്പാദനത്തിനാകട്ടെ, എല്ലാവരും കൂടി സ്ഥലം വിട്ടുപോയിക്കൂടാ. (അത് പൊതു ജീവിതത്തിന്‍റെ നന്മക്ക് ദോഷകരമായിരിക്കും) ഓരോ വലിയ സംഘത്തില്‍ നിന്നും ഓരോ വിഭാഗം ആളുകള്‍ മാത്രം പോകുകയും, മറ്റുള്ളവര്‍ നാട്ടില്‍ തങ്ങുകയും വേണം. പോകുന്നവര്‍ തങ്ങളുടെ യാത്രകളില്‍ തങ്ങള്‍ക്ക് സിദ്ധിക്കുന്ന അറിവുകള്‍ -അവര്‍ മടങ്ങിവരുമ്പോള്‍- നാട്ടിലുള്ളവര്‍ക്കും പഠിപ്പിച്ചുകൊടുക്കണം.
രണ്ടാമത്തെ വ്യാഖ്യാനമനുസരിച്ച് വെളിയില്‍ പോകുന്നവര്‍ക്ക് ലഭിക്കുന്ന അറിവുകള്‍ വ്യത്യസ്‌ത രൂപത്തിലുള്ളതായിരിക്കാം. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യൊന്നിച്ചാണ് അവര്‍ പോകുന്നതെങ്കില്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) മുഖേന ലഭിക്കുന്ന അറിവുകള്‍ തന്നെ. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യൊന്നിച്ചല്ലാത്ത യാത്രയിലാണ് പോകുന്നതെങ്കില്‍, ആ യാത്രയുമായി ബന്ധപ്പെട്ട അനുഭവങ്ങളില്‍ നിന്നും, പരിചയങ്ങളില്‍ നിന്നും ലഭിക്കുന്ന അറിവുകളുമായിരിക്കും. ഒന്നാമത്തെ വ്യാഖ്യാന പ്രകാരം, യാത്രയില്‍ പങ്കെടുക്കാതെ നാട്ടില്‍ തങ്ങിനില്‍ക്കുന്നവരായിരിക്കും വിജ്ഞാനം സമ്പാദിക്കുന്നവര്‍. രണ്ടാമത്തെ വ്യാഖ്യാനപ്രകാരം നാടുവിട്ടു പോയവരായിരിക്കും വിജ്ഞാനം സമ്പാദിക്കുന്നവര്‍ പഠിപ്പിക്കപ്പെടേണ്ടവര്‍ നേരെമറിച്ചും ആയിരിക്കും. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയുടെ കാലശേഷം മതവിജ്ഞാന സമ്പാദനത്തിനുവേണ്ടി നാടുവിട്ടുപോകുന്നത് പ്രയോജനകരമോ, അല്ലെങ്കില്‍ അത്യാവശ്യമോ ആയിത്തീര്‍ന്നിട്ടുണ്ടെങ്കിലും നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ ജീവിതകാലത്ത് പുറംനാടുകളില്‍ നിന്ന് മദീനയില്‍വന്നു വിജ്ഞാനം കരസ്ഥമാക്കുകയല്ലാതെ, മദീനയില്‍ നിന്ന് പുറത്തുപോയി വിജ്ഞാനം സമ്പാദിക്കുക എന്നു പറയുന്നതിന് അര്‍ഥം കാണുന്നില്ല. അതുകൊണ്ടായിരിക്കും ഈ രണ്ടാമത്തെ വ്യാഖ്യാനത്തെ ചില മഹാന്‍മാര്‍ വിമര്‍ശിക്കുന്നതും, ഒന്നാമത്തെ വ്യാഖ്യാനത്തിന് മുന്‍ഗണന നല്‍കുന്നതും. الّله اعلم
ഈ വചനത്തിലെ വാചകങ്ങളും, അവയുടെ വ്യാഖ്യാനത്തില്‍ ക്വുര്‍ആന്‍ വ്യാഖ്യാതാക്കള്‍ പ്രസ്‌താവിച്ചുകാണുന്ന ചില വിവരങ്ങളും കണക്കിലെടുക്കുമ്പോള്‍, താഴെ സൂചിപ്പിക്കുന്ന ചില സംഗതികള്‍ നമുക്കിവിടെ മനസ്സിലാക്കാവുന്നതാണ്;
(1) ധര്‍മയുദ്ധത്തെപ്പോലെതന്നെ പ്രാധാന്യമര്‍ഹിക്കുന്ന വിഷയം തന്നെയാണ് മതവിജ്ഞാനസമ്പാദനവും. രണ്ടിനും വേണ്ടിയുള്ള യാത്രകള്‍ പുണ്യയാത്രകള്‍തന്നെ.
(2)യുദ്ധവിഷയത്തിലായാലും. വിജ്ഞാന സമ്പാദനത്തിലായാലും എല്ലാവരുംകൂടി അതില്‍മാത്രം വ്യാപൃതരായിക്കൂടാ. ഒരുകൂട്ടര്‍അതും, മറ്റുള്ളവര്‍ പൊതുവായ മറ്റുആവശ്യങ്ങളും നിറവേറ്റേണ്ടതാകുന്നു. ഓരോ വ്യക്തിക്കും ഒഴിച്ചുകൂടുവാന്‍ പാടില്ലാത്ത നിര്‍ബന്ധ കടമകളെക്കുറിച്ചുള്ള അറിവ് സമ്പാദിക്കല്‍ ഓരോ വ്യക്തിക്കും കടമ തന്നെ. അതിനപ്പുറമുള്ള വിജ്ഞാനങ്ങളെക്കുറിച്ചാണ് ഇപ്പറഞ്ഞതെന്ന് പ്രത്യേകം ഓര്‍മിക്കേണ്ടതുണ്ട്.
(3) പഠിച്ചറിഞ്ഞവര്‍ അറിവില്ലാത്തവര്‍ക്ക് പഠിപ്പിക്കുകയും വിജ്‌ഞാനം പ്രചരിപ്പിക്കുകയും ചെയ്യല്‍ അവരുടെ കടമയാകുന്നു.
(4) പൊതുവിജ്ഞാനങ്ങള്‍ സമ്പാദിക്കുന്നത് മതദൃഷ്‌ട്യാ വേണ്ടപ്പെട്ട കാര്യം തന്നെയാണെങ്കിലും ഈവചനത്തില്‍ പ്രസ്‌താവിച്ചിരിക്കുന്നത് മതവിജ്ഞാന സമ്പാദനം (التفقه فى الدين) സംബന്ധിച്ചാകുന്നുവെന്ന് സ്‌പഷ്‌ടമാണ്. ഇസ്‌ലാമില്‍ മതവിജ്‌ഞാനമെന്നും, ലൗകിക വിജ്ഞാനമെന്നും തരം തിരിക്കപ്പെട്ടിട്ടില്ലെന്നും, എല്ലാ അറിവുകളും ഇസ്‌ലാമികദൃഷ്‌ട്യാ ഒരുപോലെയാണെന്നും മറ്റും ഭൗതിക താല്‍പര്യക്കാരായ ചില ആളുകള്‍ സമര്‍ഥിക്കാറുള്ളത് ശരിയല്ലെന്ന് ഈ വചനത്തില്‍ നിന്നും, ഇതുപോലെ ക്വുര്‍ആന്‍റെയും നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) വചനങ്ങളുടെയും, മറ്റും പല പ്രസ്‌താവനകളില്‍ നിന്നും വ്യക്തമാണ്. ഈ ഒരൊറ്റ വചനത്തില്‍നിന്നുതന്നെ, മതവിജ്‌ഞാനവും മതപരമല്ലാത്ത വിജ്ഞാനവും വെവ്വേറെയാണെന്നും, മതവിജ്ഞാനത്തിനുള്ള പ്രാധാന്യം അല്ലാഹുവും അവന്‍റെ റസൂലും മറ്റൊന്നിനും നല്‍കിയിട്ടില്ലെന്നും മനസ്സിലാക്കാവുന്നതാണ്.
(5) ഒരു ദേശത്ത് മതവിജ്ഞാനം പഠിക്കുവാന്‍ തക്കമാര്‍ഗങ്ങളൊന്നുമില്ലാത്തപക്ഷം, ആ ദേശക്കാരായ ഏതാനും ആളുകള്‍ ദേശം വിട്ടുപോയി അത് കരസ്ഥമാക്കലും, അവര്‍ മറ്റുള്ളവരെ ഉപദേശിക്കലും നിര്‍ബന്ധമാകുന്നു. ആരും അതിന് മുതിരാത്തപക്ഷം എല്ലാവരും കുറ്റക്കാരായിരിക്കും. ആരും അതിന് സ്വയം തയ്യാറാകുന്നില്ലെങ്കില്‍ എല്ലാവരും കൂടി അതിന് നിവാരണം ഉണ്ടാക്കേണ്ടത് അവരുടെ കടമയുമാകുന്നു.
വിഭാഗം - 16
- يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ قَٰتِلُوا۟ ٱلَّذِينَ يَلُونَكُم مِّنَ ٱلْكُفَّارِ وَلْيَجِدُوا۟ فِيكُمْ غِلْظَةً ۚ وَٱعْلَمُوٓا۟ أَنَّ ٱللَّهَ مَعَ ٱلْمُتَّقِينَ ﴾١٢٣﴿
- ഹേ, വിശ്വസിച്ചവരേ, അവിശ്വാസികളില്‍നിന്ന് നിങ്ങളോടടുത്തു നില്‍ക്കുന്നവരുമായി നിങ്ങള്‍ യുദ്ധം ചെയ്‌തുകൊള്ളുവിന്‍; അവര്‍ നിങ്ങളില്‍ പരുഷത കണ്ടെത്തുകയും ചെയ്യട്ടെ. അല്ലാഹു സൂക്ഷ്‌മത പാലിക്കുന്നവരുടെ കൂടെയാണെന്ന് അറിഞ്ഞുംകൊള്ളുവിന്‍.
- يَا أَيُّهَا الَّذِينَ آمَنُوا ഹേ വിശ്വസിച്ചവരേ قَاتِلُوا നിങ്ങള്‍ യുദ്ധം ചെയ്യുവിന്‍ الَّذِينَ യാതൊരുവരോട് يَلُونَكُم നിങ്ങളോട് അടുത്തുള്ള مِّنَ الْكُفَّارِ അവിശ്വാസികളില്‍പെട്ട وَلْيَجِدُوا അവര്‍ കണ്ടെത്തുക (എത്തിക്കുക) യും ചെയ്യട്ടെ فِيكُمْ നിങ്ങളില്‍ غِلْظَةً പരുഷത (കാഠിന്യം) وَاعْلَمُوا അറിഞ്ഞും കൊള്ളുവിന്‍ أَنَّ اللَّهَ അല്ലാഹു (ആകുന്നു) എന്ന് مَعَ الْمُتَّقِينَ സൂക്ഷ്‌മത പാലിക്കുന്നവരുടെ കൂടെ
മുസ്‌ലിംകളോട് അടുത്തടുത്ത് നിവസിക്കുന്ന ശത്രുക്കളോട് ആദ്യമാദ്യം യുദ്ധം ചെയ്യണമെന്ന് അല്ലാഹു ഉപദേശിക്കുന്നു. പരിസരവും ചുറ്റുപാടും സുരക്ഷിതമാകുന്നതിനുമുമ്പ് ദൂരെയുള്ള ശത്രുക്കളുമായി നേരിടുന്നത് പല നിലക്കും ആപല്‍ക്കരമായിരിക്കുമല്ലോ. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ കാലത്ത് സംഭവിച്ചതും അങ്ങിനെതന്നെ. മക്ക, മദീന, ത്വാഇഫ്, ഖൈബര്‍ തുടങ്ങിയ രാജ്യങ്ങള്‍ ജയിച്ചുകഴിഞ്ഞശേഷമാണ് വേദക്കാരായ ശത്രുക്കളോട് യുദ്ധം ചെയ്യുവാന്‍ വേണ്ടി നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തബൂക്കിലേക്ക് പോയത്. ഇത് ഹിജ്‌റഃ 9-ാം കൊല്ലത്തിലായിരുന്നു. പത്താം കൊല്ലത്തിലെ പ്രധാന യാത്ര ഹജ്ജത്തുല്‍ വിദാഇന്‍റെതായിരുന്നു. അതുകഴിഞ്ഞ് 81 ദിവസം കഴിഞ്ഞപ്പോഴേക്കും തിരുമേനി പരലോകം പൂകുകയും ചെയ്‌തു. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ വിയോഗത്തെത്തുടര്‍ന്ന് ഇസ്‌ലാമില്‍നിന്ന് ഭ്രഷ്‌ടരായിത്തീരുകയും, സകാത്തിനെ നിഷേധിക്കുകയും ചെയ്‌ത ‘മുര്‍തദ്ദു’കളോട് അബൂബക്‌ര്‍ (رضي الله عنه) നടത്തിയ ആഭ്യന്തര യുദ്ധം ഒഴിവാക്കിയാല്‍, ഖുലഫാ ഉര്‍റാശിദീന്‍റെ കാലത്ത് ശത്രുക്കളുമായുണ്ടായ യുദ്ധങ്ങളും അപ്രകാരം തന്നെയായിരുന്നു.
യുദ്ധത്തില്‍വെച്ചും, യുദ്ധവുമായി ബന്ധപ്പെട്ട കാര്യങ്ങളിലും മാര്‍ദ്ദവവും, വിനയവും സ്വീകരിക്കാതെ, പരുഷതയും, കാഠിന്യവും തന്നെ സ്വീകരിക്കണമെന്നും അല്ലാഹു കല്‍പിക്കുന്നു. അല്ലാത്തപക്ഷം യുദ്ധംകൊണ്ട് പ്രയോജനമില്ലല്ലോ. 73-ാം വചനത്തിലും അതിന്‍റെ വ്യാഖ്യാനത്തിലും ഈ വിഷയം മുമ്പ് പ്രസ്‌താവിച്ചുകഴിഞ്ഞിട്ടുണ്ട്. ശത്രുതയോ എതിര്‍പ്പോ ഇല്ലാതെ സമാധാനത്തിലും, സൗഹാര്‍ദ്ദത്തിലും കഴിയുന്ന അവിശ്വാസികളെപ്പറ്റിയല്ല -കഠിനമായ ശത്രുതവെച്ചും, കിട്ടുന്ന അവസരമെല്ലാം മുസ്‌ലിംകള്‍ക്കെതിരെ ഉപയോഗപ്പെടുത്തുവാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന അവിശ്വാസികളെപ്പറ്റിയാണ്- ഈ കല്‍പനയെന്ന് പ്രത്യേകം പറയേണ്ടതില്ല. (കൂടുതല്‍ വിവരങ്ങള്‍ക്ക് സൂ: മുംതഹിനഃ 8, 9 മുതലായ വചനങ്ങളും അവയുടെ വ്യാഖ്യാനങ്ങളും നോക്കുക) നിങ്ങള്‍ അല്ലാഹുവിന്‍റെ വിധിവിലക്കുകള്‍ സൂക്ഷിച്ചുവരുന്നപക്ഷം, അല്ലാഹു നിങ്ങളുടെ പക്ഷത്തുണ്ടായിരിക്കും -അഥവാ അവന്‍റെ സഹായം നിങ്ങള്‍ക്ക് സുനിശ്ചിതമാണ്- എന്ന് അവസാനം സത്യവിശ്വാസികളെ ഓര്‍മിപ്പിക്കുകയും ചെയ്‌തിരിക്കുന്നു. ഈ യാഥാര്‍ഥ്യം പലപ്പോഴും അല്ലാഹു ഉണര്‍ത്താറുള്ളതാകുന്നു.
- وَإِذَا مَآ أُنزِلَتْ سُورَةٌ فَمِنْهُم مَّن يَقُولُ أَيُّكُمْ زَادَتْهُ هَٰذِهِۦٓ إِيمَٰنًا ۚ فَأَمَّا ٱلَّذِينَ ءَامَنُوا۟ فَزَادَتْهُمْ إِيمَٰنًا وَهُمْ يَسْتَبْشِرُونَ ﴾١٢٤﴿
- വല്ല 'സൂറത്തും [അദ്ധ്യായവും] അവതരിപ്പിക്കപ്പെട്ടാല്‍ (ഇങ്ങിനെ) പറയുന്ന ചിലര്‍ അവരിലുണ്ട്: 'നിങ്ങളില്‍ ആര്‍ക്കാണ് ഇതു വിശ്വാസം വര്‍ധിപ്പിച്ചത്!' എന്ന്. എന്നാല്‍, യാതൊരു കൂട്ടര്‍ വിശ്വസിച്ചിരിക്കുന്നുവോ അവര്‍ക്കത് വിശ്വാസം വര്‍ദ്ധിപ്പിക്കുന്നതാണ്; അവരാകട്ടെ, സന്തോഷം കൊള്ളുകയും ചെയ്യും.
- وَإِذَا مَا أُنزِلَتْ (വല്ലപ്പോഴും) അവതരിപ്പിക്കപ്പെട്ടാല്‍ سُورَةٌ ഒരു സൂറത്ത്, വല്ല അധ്യായവും فَمِنْهُم എന്നാലവരിലുണ്ടായിരിക്കും مَّن يَقُولُ പറയുന്നവര്‍, പറയുന്ന ചിലര്‍ أَيُّكُمْ നിങ്ങളില്‍ ഏതാളാണ് (ആരാണ്) زَادَتْهُ അവന് വര്‍ധിപ്പിച്ചത് هَٰذِهِ ഇത്, ഇവ إِيمَانًا വിശ്വാസത്തെ فَأَمَّا എന്നാല്‍ الَّذِينَ آمَنُوا വിശ്വസിച്ചവര്‍ فَزَادَتْهُمْ അതവര്‍ക്ക് വര്‍ധിപ്പിച്ചിരിക്കുന്നു, വര്‍ധിപ്പിക്കുന്നതാണ് إِيمَانًا വിശ്വാസം وَهُمْ അവരാകട്ടെ يَسْتَبْشِرُونَ സന്തോഷംകൊള്ളുകയും ചെയ്യും
- وَأَمَّا ٱلَّذِينَ فِى قُلُوبِهِم مَّرَضٌ فَزَادَتْهُمْ رِجْسًا إِلَىٰ رِجْسِهِمْ وَمَاتُوا۟ وَهُمْ كَٰفِرُونَ ﴾١٢٥﴿
- എന്നാല്‍, ഹൃദയങ്ങളില്‍ രോഗവുമുള്ളവരാകട്ടെ, അതവര്‍ക്ക് അവരുടെ മ്ലേച്ഛതയിലൂടെ (വീണ്ടും) മ്ലേച്ഛത വര്‍ധിപ്പിക്കുന്നതാണ്; അവര്‍ അവിശ്വാസികളായും കൊണ്ട് മരണമടയുകയും ചെയ്യുന്നതാണ്.
- وَأَمَّا الَّذِينَ യാതൊരു കൂട്ടരാകട്ടെ فِي قُلُوبِهِم അവരുടെ ഹൃദയങ്ങളിലുണ്ട് مَّرَضٌ ഒരു രോഗം, വല്ല രോഗവും فَزَادَتْهُمْ എന്നാലവര്‍ക്കത് വര്‍ധിപ്പിച്ചു, വര്‍ധിപ്പിക്കുന്നതാണ് رِجْسًا മ്ലേച്ഛത, മാലിന്യം إِلَىٰ رِجْسِهِمْ അവരുടെ മ്ലേച്ഛതയിലൂടെ, മലിനതയിലേക്ക് وَمَاتُوا അവര്‍ മരണപ്പെടുകയും ചെയ്യുന്നതാണ് وَهُمْ അവര്‍ (ആയിക്കൊണ്ട്) كَافِرُونَ അവിശ്വാസികള്‍
കപടമാകുന്ന രോഗം നിമിത്തം മനസ്സ് ദുഷിച്ചുകഴിഞ്ഞ ആളുകള്‍, വല്ല ക്വുര്‍ആന്‍ വചനങ്ങളും പുതുതായി അവതരിക്കുമ്പോള്‍ സത്യവിശ്വാസികളെ നോക്കി പറയാറുള്ള ഒരു പരിഹാസവാക്കും അതിന് അല്ലാഹു നല്‍കുന്ന മറുപടിയുമാണിത്. ‘ക്വുര്‍ആന്‍ കേള്‍ക്കുമ്പോള്‍ വിശ്വാസം വര്‍ധിക്കുമെന്നാണല്ലോ വയ്‌പ്. ഈ വചനങ്ങള്‍ അവതരിച്ചിട്ട് നിങ്ങള്‍ക്കാര്‍ക്കെങ്കിലും വിശ്വാസം വര്‍ധിച്ചുവോ?!’ എന്ന് ചില കപടവിശ്വാസികള്‍ സത്യവിശ്വാസികളോട് ചോദിക്കും. അവര്‍ക്ക് നല്‍കുന്ന മറുപടി ഇതാണ്: ‘സത്യവിശ്വാസികള്‍ക്ക് അത് വിശ്വാസം വര്‍ധിപ്പിക്കുക തന്നെ ചെയ്യുന്നു. മാത്രമല്ല, അവരതില്‍ സന്തോഷം കൊള്ളുകയും ചെയ്യുന്നുണ്ട്. എന്നാല്‍, നിങ്ങളെപ്പോലെയുള്ള രോഗബാധിത മനസ്‌കര്‍ക്ക് അവമൂലം വിശ്വാസത്തില്‍ വര്‍ധനവൊന്നും ഉണ്ടാവാന്‍ പോകുന്നില്ല. നേരെ മറിച്ച് നിങ്ങളുടെ മ്ലേച്ഛതയും വഷളത്തവും പൂര്‍വ്വാധികം വര്‍ധിക്കുകയേ അതുമൂലം ഉണ്ടാകൂ’. ഓരോ വചനം അവതരിക്കുമ്പോഴും അതിന്‍റെ നേരെ പരിഹാസവും നിഷേധവുമാണല്ലോ അവരില്‍നിന്ന് പ്രകടമാകുക. അങ്ങനെ, അവസാനം തനി നിഷേധികളായിക്കൊണ്ടുതന്നെ അവരുടെ കാലം അവസാനിക്കുകയും ചെയ്യും. കപട വിശ്വാസികളോട് അല്ലാഹു ചോദിക്കുന്നു:
- أَوَلَا يَرَوْنَ أَنَّهُمْ يُفْتَنُونَ فِى كُلِّ عَامٍ مَّرَّةً أَوْ مَرَّتَيْنِ ثُمَّ لَا يَتُوبُونَ وَلَا هُمْ يَذَّكَّرُونَ ﴾١٢٦﴿
- അവര്‍ കാണുന്നില്ലേ? എല്ലാ കൊല്ലത്തിലും ഒരു പ്രാവശ്യമോ, രണ്ടു പ്രാവശ്യമോ അവര്‍ പരീക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുന്നുവെന്ന്! (എന്നിട്ടും) പിന്നെ അവര്‍ (പശ്ചാത്തപിച്ചു) മടങ്ങുന്നില്ല; അവര്‍ ഉറ്റാലോചിക്കുന്നുമില്ല!
- أَوَلَا يَرَوْنَ അവര്‍ കാണുന്നില്ലേ, അവര്‍ക്ക് കണ്ടുകൂടേ أَنَّهُمْ അവര്‍ (ആകുന്നു) എന്ന് يُفْتَنُونَ അവര്‍ പരീക്ഷിക്കപ്പെടുന്നു, കുഴപ്പത്തിലാക്കപ്പെടുന്നു (എന്ന്) فِي كُلِّ عَامٍ എല്ലാ കൊല്ലത്തിലും مَّرَّةً ഒരു പ്രാവശ്യം أَوْ مَرَّتَيْنِ അല്ലെങ്കില്‍ രണ്ടു പ്രാവശ്യം ثُمَّ പിന്നെ, എന്നിട്ടും لَا يَتُوبُونَ അവര്‍ മടങ്ങുന്നില്ല, പശ്ചാത്തപിക്കുന്നില്ല وَلَا هُمْ അവരില്ലതാനും يَذَّكَّرُونَ ഉറ്റാലോചിക്കും
ഖേദിച്ചു മടങ്ങുവാനും, ചിന്തിച്ചറിയുവാനും പോരുന്ന ഓരോ തരം പരീക്ഷണങ്ങള്‍- അവരുടെ ഗൂഢരഹസ്യങ്ങള്‍ വെളിപ്പെടുത്തുന്ന സംഭവങ്ങള്‍, യുദ്ധങ്ങളില്‍നിന്നും മറ്റും ലഭിക്കുന്ന പാഠങ്ങള്‍ മുതലായവ- കൊല്ലത്തില്‍ ഒന്നും രണ്ടുമായി ആ കപടവിശ്വാസികള്‍ക്ക് അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നുണ്ട്. എന്നിട്ടും അവര്‍ക്ക് തന്റേടം വരാത്തത് അത്ഭുതം തന്നെ എന്ന് സാരം.
- وَإِذَا مَآ أُنزِلَتْ سُورَةٌ نَّظَرَ بَعْضُهُمْ إِلَىٰ بَعْضٍ هَلْ يَرَىٰكُم مِّنْ أَحَدٍ ثُمَّ ٱنصَرَفُوا۟ ۚ صَرَفَ ٱللَّهُ قُلُوبَهُم بِأَنَّهُمْ قَوْمٌ لَّا يَفْقَهُونَ ﴾١٢٧﴿
- വല്ല 'സൂറത്തും' [അധ്യായവും] അവതരിപ്പിക്കപ്പെട്ടാല്‍ - അവരില്‍ ചിലര്‍ ചിലരിലേക്ക് [തമ്മ തമ്മില്‍] നോക്കുകയായി; 'നിങ്ങളെ ആരെങ്കിലും കാണുന്നുവോ' എന്നു (ള്ള ഭാവത്തില്‍): പിന്നെ അവര്‍ പിരിഞ്ഞുപോകുന്നതാണ്. അവര്‍ (കാര്യം) ഗ്രഹിക്കാത്ത ഒരു ജനതയാണെന്നുള്ളതുകൊണ്ട് അല്ലാഹു അവരുടെ ഹൃദയങ്ങളെ തിരിച്ചുവിട്ടിരിക്കുകയാണ്.
- وَإِذَا مَا أُنزِلَتْ അവതരിപ്പിക്കപ്പെട്ടാല്‍, سُورَةٌ വല്ല സൂറത്തും, അധ്യായവും نَّظَرَ നോക്കും, നോക്കുകയായി بَعْضُهُمْ അവരില്‍ ചിലര്‍ إِلَىٰ بَعْضٍ ചിലരിലേക്ക് هَلْ يَرَاكُم നിങ്ങളെ കാണുന്നുവോ مِّنْ أَحَدٍ വല്ല ഒരാളും (ആരെങ്കിലും) ثُمَّ انصَرَفُوا പിന്നെ അവര്‍ തിരിഞ്ഞു (പിരിഞ്ഞു) പോകുന്നതാണ് صَرَفَ اللَّهُ അല്ലാഹു തിരിച്ചിരിക്കയാണ്, തിരിച്ചുവിടട്ടെ قُلُوبَهُم അവരുടെ ഹൃദയങ്ങളെ بِأَنَّهُمْ അവര്‍ (ആകുന്നു) എന്നുള്ളതുകൊണ്ട് قَوْمٌ ഒരു ജനത لَّا يَفْقَهُونَ അവര്‍ ഗ്രഹിക്കുകയില്ല, മനസ്സിലാക്കാത്ത
സത്യവിശ്വാസികള്‍ക്ക് ക്വുര്‍ആന്‍റെ വല്ല ഭാഗവും അവതരിച്ചു കേള്‍ക്കുന്നത് സന്തോഷവും ആവേശവും ഉളവാക്കുന്നു. കപടവിശ്വാസികള്‍ക്കാകട്ടെ, അതില്‍ വെറുപ്പും പ്രതിഷേധവുമായിരിക്കും. അതിന്‍റെ ഒരു പ്രകടരൂപമാണ് അല്ലാഹു വിവരിക്കുന്നത്. ക്വുര്‍ആന്‍റെ വല്ല ഭാഗവും നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ക്ക് അവതരിക്കുമ്പോള്‍, അത് കേട്ടാസ്വദിക്കുവാന്‍ ക്ഷമ വരാത്ത അവര്‍ സദസ്സില്‍നിന്ന് എഴുന്നേറ്റു പോകുവാന്‍ ശ്രമിക്കും. പക്ഷേ, തല്‍സമയത്ത് സ്ഥലം വിട്ടുപോകുന്നത് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യും സ്വഹാബികളും കണ്ടു മനസ്സിലാക്കുന്നതില്‍ ആശങ്കയും തോന്നും. അതുകൊണ്ട് തങ്ങള്‍ എഴുന്നേറ്റു പോകുന്നത് ആരെങ്കിലും കാണുന്നുണ്ടോ -ഗൗനിക്കുന്നുണ്ടോ- എന്നറിയുവാന്‍ തമ്മില്‍ തമ്മില്‍ നോക്കി കണ്ണിമവെട്ടിയും, ഗോഷ്‌ടികള്‍ കാണിച്ചും കൊണ്ടായിരിക്കും അവര്‍ സ്ഥലം വിടുക. ക്വുര്‍ആന്‍ കേള്‍ക്കുന്നത് തന്നെ അവര്‍ക്ക് വെറുപ്പായിരിക്കും. അതിനും പുറമെ, ചിലപ്പോള്‍ തങ്ങളുടെ ഉള്ളുകള്ളി തുറന്നുകാട്ടുന്ന വചനങ്ങളായിരിക്കുമല്ലോ അവതരിക്കുന്നതും.
‘അല്ലാഹു അവരുടെ ഹൃദയങ്ങളെ തിരിച്ചുവിട്ടിരിക്കയാണ്’ എന്ന് നാം അര്‍ഥം കല്‍പിച്ച ……صَرَفَ اللَّهُ قُلُوبَهُم എന്ന് വാക്യം അവര്‍ക്കെതിരെയുള്ള ഒരു പ്രാര്‍ഥനാവാക്യമായിരിക്കുവാനും സാധ്യതയുണ്ട്. ഇതുപോലുള്ള സന്ദര്‍ഭങ്ങളില്‍ അറബി സാഹിത്യത്തില്‍ സുപരിചിതമായ ഒരു ശൈലിയാണത്. അപ്പോള്‍ ‘അല്ലാഹു അവരുടെ ഹൃദയങ്ങളെ തിരിച്ചുവിടട്ടെ’ എന്നായിരിക്കും അതിനര്‍ഥം. രണ്ടായാലും ഒരേ സാരത്തിലാണത് കലാശിക്കുന്നത്. അതായത് എന്തുതന്നെ കണ്ടാലും കേട്ടാലും കാര്യം ഗ്രഹിക്കാത്ത ഹൃദയങ്ങളാണ് അവരുടെത്. ചിന്തിക്കുവാനോ, ആലോചിക്കുവാനോ അവര്‍ തയ്യാറില്ല. അതാണ് ഈ തിരിഞ്ഞുപോക്കിന് കാരണമെന്ന് സാരം.
- لَقَدْ جَآءَكُمْ رَسُولٌ مِّنْ أَنفُسِكُمْ عَزِيزٌ عَلَيْهِ مَا عَنِتُّمْ حَرِيصٌ عَلَيْكُم بِٱلْمُؤْمِنِينَ رَءُوفٌ رَّحِيمٌ ﴾١٢٨﴿
- തീര്‍ച്ചയായും, നിങ്ങള്‍ക്ക് നിങ്ങളില്‍ നിന്ന് തന്നെയുള്ള ഒരു റസൂല്‍ വന്നിട്ടുണ്ട്. നിങ്ങള്‍ കഷ്‌ടപ്പെടുന്നത് അദ്ദേഹത്തിന് ദുസ്സഹമാകുന്നു: നിങ്ങളെപ്പറ്റി അത്യാഗ്രഹമുള്ളവനാകുന്നു: സത്യവിശ്വാസികളോട് വളരെ ദയാലുവും, കരുണയുള്ളവനുമാകുന്നു.
- لَقَدْ جَاءَكُمْ തീര്‍ച്ചയായും നിങ്ങള്‍ക്ക് വന്നിട്ടുണ്ട് رَسُولٌ ഒരു റസൂല്‍, ദൂതന്‍ مِّنْ أَنفُسِكُمْ നിങ്ങളുടെ സ്വന്തങ്ങളില്‍പെട്ട, നിങ്ങളില്‍ നിന്നുതന്നെയുള്ള عَزِيزٌ വീര്യപ്പെട്ടതാണ് (ദുസ്സഹമാണ്-പ്രയാസകരമാണ്) عَلَيْهِ അദ്ദേഹത്തിന്, അദ്ദേഹത്തിന്‍റെ മേല്‍ مَا عَنِتُّمْ നിങ്ങള്‍ കഷ്‌ടപ്പെടുന്നത്, ബുദ്ധിമുട്ടല്‍ حَرِيصٌ അത്യാഗ്രഹമുള്ളവനാണ്, മോഹമുള്ളവനാണ് عَلَيْكُم നിങ്ങളെപ്പറ്റി, നിങ്ങളില്‍ بِالْمُؤْمِنِينَ സത്യവിശ്വാസികളെ സംബന്ധിച്ച്, സത്യവിശ്വാസികളോട് رَءُوفٌ വളരെ ദയാലു (കൃഫാലു)വാണ് رَّحِيمٌ കരുണയുള്ളവനാണ്
- فَإِن تَوَلَّوْا۟ فَقُلْ حَسْبِىَ ٱللَّهُ لَآ إِلَٰهَ إِلَّا هُوَ ۖ عَلَيْهِ تَوَكَّلْتُ ۖ وَهُوَ رَبُّ ٱلْعَرْشِ ٱلْعَظِيمِ ﴾١٢٩﴿
- എന്നാല്‍, അവര്‍ തിരിഞ്ഞുകളയുന്നപക്ഷം, (നബിയേ) പറയുക: 'എനിക്ക് അല്ലാഹു മതി! അവനല്ലാതെ ആരാധ്യനേ ഇല്ല. അവന്‍റെ മേല്‍ തന്നെ ഞാന്‍ ഭരമേല്‍പ്പിച്ചിരിക്കുന്നു; അവന്‍ മഹത്തായ 'അര്‍ശി'ന്‍റെ [സിംഹാസനത്തിന്‍റെ] നാഥനുമാകുന്നു.'
- فَإِن تَوَلَّوْا എന്നാല്‍ (എന്നിരിക്കെ) അവര്‍ തിരിഞ്ഞുകളഞ്ഞെങ്കില്‍ فَقُلْ അപ്പോള്‍ നീ പറയുക حَسْبِيَ എനിക്കു മതി اللَّهُ അല്ലാഹു لَا إِلَٰهَ ഒരാരാധ്യനുമില്ല, ഇലാഹേ ഇല്ല إِلَّا هُوَ അവനല്ലാതെ عَلَيْهِ അവന്‍റെ മേല്‍ (തന്നെ) تَوَكَّلْتُ ഞാന്‍ ഭരമേല്‍പിച്ചു وَهُوَ رَبُّ അവന്‍ റബ്ബാകുന്നു (നാഥനാണ്) الْعَرْشِ അര്‍ശിന്‍റെ الْعَظِيمِ മഹത്തായ, വമ്പിച്ച
ഏറെക്കുറെ പ്രയാസവും ത്യാഗവും സഹിച്ചുകൊണ്ടാണെങ്കിലും അനുഷ്‌ഠാനപരമായി അറിയേണ്ടുന്ന പല കല്‍പനകളും ഉള്‍ക്കൊള്ളുന്ന ഒരധ്യായമാണല്ലോ ഇത്. എന്നാല്‍, ഈ കല്‍പനകളൊക്കെ നിങ്ങളുടെ നന്മക്കും ഗുണത്തിനും വേണ്ടിയുള്ളതാണെന്നും, ഇതെല്ലാം നിങ്ങളില്‍ പ്രബോധനം ചെയ്യുന്ന പ്രവാചകന്‍ നിങ്ങളുടെ സ്വന്തം ആളും, നിങ്ങളുടെ നന്മയില്‍ അതീവ താല്‍പര്യമുള്ള ആളുമാണെന്നും അല്ലാഹു ചൂണ്ടിക്കാട്ടുന്നു. റസൂല്‍ തിരുമേനി യുടെ വിശേഷതകളായി ഈ വചനത്തില്‍ അല്ലാഹു എടുത്തുപറഞ്ഞ ഗുണങ്ങള്‍ ഇവയാണ്:-
1. അദ്ദേഹം നിങ്ങളുടെ കൂട്ടത്തില്‍ തന്നെ ഉള്‍പ്പെട്ട ഒരാളാണ് (مِّنْ أَنفُسِكُمْ) അതെ, അറബികളായ നിങ്ങളില്‍പെട്ട ഒരു വ്യക്തി. അദ്ദേഹത്തിന്‍റെ ഭാഷയും അറബി തന്നെ. സൂ: ജുമുഅഃയില്‍ അല്ലാഹു പറയുന്നു: ‘അക്ഷരജ്ഞാനമില്ലാത്തവരില്‍, അവരില്‍നിന്നുള്ള ഒരു റസൂലിനെ അയച്ചവനത്രെ അവന്‍ (هُوَ الَّذِي بَعَثَ فِي الْأُمِّيِّنَ رَسُولًا مِنْهُمْ) അക്ഷരജ്ഞാനമില്ലാത്തവര്‍ എന്ന് പറഞ്ഞത് അറബികളെ സംബന്ധിച്ചാകുന്നു. അറബികളാകട്ടെ, ഇബ്‌റാഹീം നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ സന്താന പരമ്പരകളാണ്. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ ഗോത്രമായ ക്വുറൈശികളെ സംബന്ധിച്ചിടത്തോളം മറ്റെല്ലാ അറബി ഗോത്രങ്ങളുമായും അവര്‍ക്ക് രക്തബന്ധവും കുടുംബബന്ധവും ഉണ്ട് താനും. ആ നിലക്ക് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യും എല്ലാ അറബികളുമായും ബന്ധമുള്ള ആള്‍ തന്നെ. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പ്രസ്‌താവിച്ചതായി വാഥിലത്തുബ്‌നുല്‍ അസ്‌ക്വഉ് പറയുന്നു: ‘ഇബ്‌റാഹീമിന്‍റെ സന്തതികളില്‍നിന്ന് അല്ലാഹു ഇസ്‌മാഈലിനെ തിരഞ്ഞെടുത്തു (ശ്രേഷ്‌ഠമാക്കി). ഇസ്‌മാഈലിന്‍റെ സന്തതികളില്‍ നിന്ന് ബനൂകിനാനയെ തിരഞ്ഞെടുത്തു. ബനൂകിനാനയില്‍ നിന്ന് ക്വുറൈശികളെ തിരഞ്ഞെടുത്തു. ക്വുറൈശികളില്‍നിന്ന് ബനൂഹാശിമിനെ തിരഞ്ഞെടുത്തു. ബനൂഹാശിമില്‍ നിന്ന് എന്നെയും തിരഞ്ഞെടുത്തു’ (മു: തി.)
2. നിങ്ങള്‍ കഷ്‌ടപ്പെടുന്നത് അദ്ദേഹത്തിന് വളരെ അസഹ്യമാകുന്നു. (عَزِيزٌ عَلَيْهِ مَا عَنِتُّمْ)
3. നിങ്ങളെപ്പറ്റി അദ്ദേഹം വളരെ ആഗ്രഹമുള്ള ആളുമാണ് (حَرِيصٌ عَلَيْكُمْ) അതായത്, നിങ്ങള്‍ ദുര്‍മാര്‍ഗത്തില്‍ പതിച്ചു ഐഹികവും പാരത്രികവുമായ ശിക്ഷകള്‍ക്ക് പാത്രമാകുന്നത് നബി(صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ക്ക് വളരെ മനഃപ്രയാസമുള്ള കാര്യമാണ്. എല്ലാവരും സന്‍മാര്‍ഗം പ്രാപിച്ചു വിജയികളും അനുഗൃഹീതരും ആയിത്തീരണമെന്ന് വളരെയധികം മോഹിക്കുന്ന ആളുമാകുന്നു. അതുകൊണ്ടാണ് യാതൊരു വിട്ടുവീഴ്‌ചയും കൂടാതെ ഇത്ര കണിശമായി നിങ്ങളെ സത്യമാര്‍ഗത്തിലേക്ക് അദ്ദേഹം ക്ഷണിച്ചുകൊണ്ടിരിക്കുന്നത് എന്ന് സാരം.
4. സത്യവിശ്വാസികളോട് വളരെ ദയയും കരുണയുമുള്ള ആളാകുന്നു. (بِالْمُؤْمِنِينَ رَءُوفٌ رَّحِيمٌ) അതായത്, സമുദായത്തിന്‍റെ നേരെ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ പൊതുവെയുള്ള സ്ഥിതി മുകളില്‍ പറഞ്ഞ പ്രകാരമാണ്. എന്നാല്‍, അദ്ദേഹത്തിന്‍റെ പ്രബോധനത്തില്‍ വിശ്വസിക്കുകയും, ഉപദേശങ്ങള്‍ സ്വീകരിക്കുകയും, ചെയ്‌തവരോട് അദ്ദേഹത്തിന് പ്രത്യേകിച്ച് വാല്‍സല്യവും കനിവുമാണുള്ളത് എന്ന് ചുരുക്കം.
നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയുടെ സ്വഭാവ മഹത്വങ്ങളെപ്പറ്റി ക്വുര്‍ആനില്‍ പലയിടങ്ങളിലും അല്ലാഹു പ്രശംസിച്ചുപറഞ്ഞിട്ടുള്ളതാണ്. സമുദായം സന്മാര്‍ഗം സ്വീകരിച്ചു കാണുവാനുള്ള മോഹത്തിലും, അവര്‍ ദുര്‍മാര്‍ഗത്തില്‍ പതിക്കുന്നതിലുള്ള വ്യസനത്തിലും തിരുമേനി കുറച്ച് അതിരു കവിഞ്ഞുപോയിട്ടുണ്ടെന്നും, അത്രത്തോളം വേണ്ടതില്ലെന്നും വരെ സൂചിപ്പിക്കുന്ന വചനങ്ങള്‍ കാണാം. ഒരിടത്ത് അല്ലാഹു പറയുന്നു: …لَعَلَّكَ بَاخِعٌ نَفْسَكَ (ഈ വര്‍ത്തമാനത്തില്‍ -ക്വുര്‍ആനില്‍- അവര്‍ വിശ്വസിക്കാതിരിക്കുന്നപക്ഷം നീ അവരുടെ പിന്നാലെ ദുഃഖിച്ചു നിന്‍റെ ജീവന്‍ അപകടപ്പെടുത്തുന്നവനായേക്കാം (18:6). ഒരു പ്രത്യേക സംഭവത്തെപ്പറ്റി സംസാരിക്കുന്ന മധ്യെ വേറെ ഒരിടത്ത് പറയുന്നു: وَمَاعَلَيْكَ أَلايَزَّكَّى (അവന്‍ പരിശുദ്ധി പ്രാപിക്കാതിരിക്കുന്നതിനാല്‍ നിനക്കെന്താണ് ബാധ്യതയുള്ളത്?! 80:7) വീണ്ടും പറയുന്നു; ….وَمَا ثَرُ أَكْ النَّاسِ (നിനക്ക് വളരെ മോഹമുണ്ടെങ്കിലും മനുഷ്യരില്‍ അധികമാളും വിശ്വസിക്കുന്നവരല്ല. 12:103) النَّبِيُّ أَوْلى بِالْمُؤْمِنِين مِنْ أَنْفُسِهِمْ (സത്യവിശ്വാസികളോട് അവരുടെ സ്വന്തങ്ങളെക്കാള്‍ ബന്ധപ്പെട്ടവനാണ് നബി. 33:6) وَمَاأَرْسَلْنَاكَ إِلاَ رَحْمَةً لِلْعَالَمِين (ലോകര്‍ക്ക് ഒരു കാരുണ്യമായിട്ടല്ലാതെ നിന്നെ നാം അയച്ചിട്ടില്ല. 21:107) ഇതുപോലെ പലതും.
നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിഅരുളിച്ചെയ്‌തതായി ഒരു ഹദീഥില്‍ അബൂഹുറയ്‌റഃ (رضي الله عنه) ഉദ്ധരിച്ചതിന്‍റെ സാരം ഇതാണ്: ‘എന്‍റെ ഉപമ ഒരു മനുഷ്യന്‍റെ മാതിരിയാണ്: അവന്‍ ഒരു തീ കത്തിച്ചു. ചുറ്റുപാടും പ്രകാശിച്ചപ്പോള്‍, പാറ്റകളും, തീയില്‍ ചെന്നു വീഴാറുള്ള പ്രാണികളും അതില്‍ വീഴാന്‍ തുടങ്ങി. അവന്‍ അവയെ തടുത്തുകൊണ്ടിരിക്കുകയായി. അയാളെ തോല്‍പിച്ചു അവ അതില്‍ തിരക്കിച്ചാടുകയും ചെയ്യുന്നു. (അതുപോലെ) നരകത്തില്‍ വീഴാതിരിക്കുവാന്‍ ഞാന്‍ നിങ്ങളുടെ അരക്കെട്ട് പിടിച്ചുകൊണ്ടിരിക്കുന്നു. നിങ്ങളോ, അതില്‍ തിരക്കിക്കടക്കുകയും ചെയ്യുന്നു.’ (ബു.മു)
റസൂല്‍ ഇങ്ങിനെയുള്ള ആളായിരുന്നിട്ടും അദ്ദേഹത്തെ അനുസരിക്കുവാനും, വിശ്വസിക്കുവാനും മുമ്പോട്ട് വരാതെ ജനങ്ങള്‍ തിരിഞ്ഞുകളയുകയാണെങ്കില്‍, അതില്‍ ഒട്ടും പരിഭവിക്കുകയോ വ്യസനിക്കുകയോ വേണ്ടതില്ല; എല്ലാ കാര്യത്തിനും അല്ലാഹു തന്നെ മതി എന്ന് സമാധാനിച്ചുകൊണ്ട് കാര്യങ്ങളെല്ലാം അവനില്‍ അര്‍പ്പിക്കുകയേ വേണ്ടൂ എന്ന് അല്ലാഹു തിരുമേനിയെ ഉപദേശിക്കുകയാണ് അവസാന വചനത്തിലെ ആദ്യത്തെ വാക്യം ചെയ്യുന്നത്. അവനല്ലാതെ യഥാര്‍ഥ ആരാധ്യനായി മറ്റൊരു വസ്‌തുവുമില്ല എന്നിരിക്കെ വേറൊരാളുടെ ആശ്രയമോ സഹായമോ ആര്‍ക്കും ആവശ്യമില്ല; അതുപോലെത്തന്നെ; മഹത്തായ അര്‍ശിന്‍റെ നാഥനും -അഥവാ ലോകാലോകങ്ങളുടെ ഭരണാധിപനും, ഉടമസ്ഥനും- അവന്‍ മാത്രമാണ്; എന്നിരിക്കെ ആരാധിക്കപ്പെടുവാനും, കാര്യങ്ങള്‍ അര്‍പ്പിക്കപ്പെടുവാനുമുള്ള അര്‍ഹത അവനല്ലാതെ മറ്റാര്‍ക്കുമില്ല എന്നൊക്കെ ഓര്‍മിപ്പിച്ചുകൊണ്ട് ഈ സൂറത്ത് അല്ലാഹു അവസാനിപ്പിക്കുന്നു.