വിഭാഗം - 6

5:38
  • يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ ٱتَّقُوا۟ ٱللَّهَ وَٱبْتَغُوٓا۟ إِلَيْهِ ٱلْوَسِيلَةَ وَجَٰهِدُوا۟ فِى سَبِيلِهِۦ لَعَلَّكُمْ تُفْلِحُونَ ﴾٣٨﴿
  • ഹേ, വിശ്വസിച്ചവരേ, നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുവിന്‍; അവനിലേക്ക് സമീപനമാര്‍ഗം തേടുകയും ചെയ്യുവിന്‍; അവന്‍റെ മാര്‍ഗത്തില്‍ സമരം ചെയ്യുകയും ചെയ്യുവിന്‍; നിങ്ങള്‍ വിജയം പ്രാപിച്ചേക്കാം.
  • يَا أَيُّهَا الَّذِينَ آمَنُوا വിശ്വസിച്ചവരേ اتَّقُوا اللَّهَ നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുവിന്‍ وَابْتَغُوا നിങ്ങള്‍ തേടുക (അന്വേഷിക്കുക)യും ചെയ്യുവിന്‍ إِلَيْهِ അവങ്കലേക്ക് الْوَسِيلَةَ സമീപനമാര്‍ഗം وَجَاهِدُوا നിങ്ങള്‍ സമരം ചെയ്കയും ചെയ്യുവിന്‍ فِي سَبِيلِهِ അവന്‍റെ മാര്‍ഗത്തില്‍ لَعَلَّكُمْ നിങ്ങളായേക്കാം, ആകുവാന്‍ വേണ്ടി تُفْلِحُونَ നിങ്ങള്‍ വിജയം പ്രാപിക്കുക

അല്ലാഹുവിനെ സൂക്ഷിക്കുകയും, അവന്‍റെ മാര്‍ഗത്തില്‍ സമരം നടത്തുകയും ചെയ്യുന്നതിനെ സംബന്ധിച്ചു പലപ്പോഴും വിവരിച്ചിട്ടുണ്ട്. അല്ലാഹുവിലേക്കുള്ള സമീപനമാര്‍ഗം തേടുക (وَابْتَغُوا إِلَيْهِ الْوَسِيلَةَ) എന്നതിനെപ്പറ്റിയാണ് ഇവിടെ പ്രത്യേകം മനസ്സിരുത്തുവാനുള്ളത്. وسلية (വസീലത്ത്) എന്ന വാക്കിന് ഉദ്ദേശിക്കപ്പെട്ട കാര്യത്തിലേക്ക്ചെന്നു ചേരുവാനുള്ള- സമീപിക്കുവാനുള്ള-മാര്‍ഗം (ما يتوصل اى يتقرب به الى المقصود) എന്നാണര്‍ത്ഥം. ഈ സമീപനം ആഗ്രഹപൂര്‍വ്വമായിരിക്കുമെന്നു കൂടി ഇമാംറാഗിബ്ചൂണ്ടിക്കാട്ടുന്നുണ്ട്. നിഘണ്ടുക്കളിലും ക്വുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥങ്ങളിലുമെല്ലാം കാണാവുന്നതാണിത്. ഉദ്ദേശിക്കപ്പെട്ട വിഷയത്തിലേക്കോ, ആളിലേക്കോ സമീപിക്കുവാനുള്ള വല്ല മാര്‍ഗവും സ്വീകരിച്ചു എന്ന അര്‍ത്ഥത്തില്‍ توسل (തവസ്സല) എന്ന ക്രിയാരൂപവും ഉപയോഗിക്കപ്പെടുന്നു. وسلية എന്ന വാക്കിനു ‘ഇടതേട്ടം’ എന്നും, توسل എന്ന ക്രിയക്കു ‘ഇടതേടി’ എന്നുമൊക്കെ ചിലര്‍ താല്‍പര്യ പൂര്‍വ്വം അര്‍ത്ഥം പറഞ്ഞു വരാറുണ്ട്. ചിലര്‍ അതോടുകൂടി ഈ അര്‍ത്ഥത്തെ ചൂഷണം ചെയ്തുകൊണ്ട് വളരെ വമ്പിച്ച അബദ്ധങ്ങള്‍ പാമര ജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിച്ചു വരുകയും ചെയ്യുന്നു. വാക്കര്‍ത്ഥമോ, വിവര്‍ത്തനമോ എന്തുതന്നെ ആയാലും ശരി, ഈ വചനത്തില്‍ അല്ലാഹുവിങ്കലേക്ക് ‘വസീലത്തു’ തേടുവിന്‍ (وَابْتَغُوا إِلَيْهِ الْوَسِيلَةَ) എന്ന് പറഞ്ഞത്‌ കൊണ്ടുദ്ദേശ്യം, അല്ലാഹുവിന് വഴിപ്പെട്ടും സല്‍കര്‍മങ്ങള്‍ ചെയ്തും കൊണ്ട് അവന്‍റെ സാമീപ്യവും പ്രീതിയും നേടുവാന്‍ ശ്രമിക്കുവിന്‍ എന്നാണെന്ന് എല്ലാ ക്വുര്‍ആന്‍ വ്യാഖ്യാതാക്കളും വ്യക്തമാക്കിക്കാണാം. ഇതില്‍ ക്വുര്‍ആന്‍ വ്യാഖ്യാതാക്കള്‍ക്കിടയില്‍ അഭിപ്രായവ്യത്യാസമേ ഇല്ല എന്ന് ഇബ്‌നു കഥീര്‍ (റ) മുതലായവര്‍ പ്രസ്താവിച്ചിട്ടുണ്ട്.

മരണപ്പെട്ടുപോയവരോ, ജീവിച്ചിരിപ്പുള്ളവരോ ആയ മഹാത്മാക്കളെക്കൊണ്ടോ, പുണ്യസ്ഥലങ്ങള്‍ പോലെയുള്ള വല്ല വസ്തുക്കളെക്കൊണ്ടോ ഇട തേടുക -ഏതെങ്കിലും ഒന്നിനെ മുന്‍നിറുത്തി പ്രാര്‍ത്ഥിക്കുക- എന്ന ഒരര്‍ത്ഥ വ്യാഖ്യാനം ഇസ്‌ലാമിന്‍റെ കാവല്‍ഭടന്മാരായി അഭിനയിക്കുന്ന ചില പണ്ഡിതന്മാര്‍ അടുത്ത കാലത്ത്നമ്മുടെ നാടുകളില്‍ ഈ വാക്യത്തിനു നല്‍കിക്കാണുന്നു. ഇത് തികച്ചും വാസ്തവവിരുദ്ധമാണെന്നു മാത്രമല്ല, ഇസ്‌ലാമിന്‍റെ അടിത്തറക്കുപോലും വിരുദ്ധമായ പല അന്ധവിശ്വാസങ്ങളും, അനാചാരങ്ങളും, ശിര്‍ക്കുപരമായ പ്രവര്‍ത്തനങ്ങളും ഇതുവഴി അവര്‍ഇസ്‌ലാമീകരിക്കുകയും ചെയ്തുവരുന്നു. ഈ തുറയിലുള്ള വാഗ്വാദങ്ങളും, തര്‍ക്കവിതര്‍ക്കങ്ങളും മുസ്‌ലിംകള്‍ക്കിടയില്‍ നടമാടിക്കൊണ്ടിരിക്കുന്ന കാലമായതുകൊണ്ടും, സത്യാന്വേഷികള്‍ക്ക് സത്യം ഗ്രഹിക്കുവാന്‍ അധിക വിവരണമൊന്നും ആവശ്യമില്ലാത്തത്‌ കൊണ്ടും ആ ഭാഗത്തേക്ക് നാം ഇവിടെ തിരിയുവാന്‍ ഉദ്ദേശിക്കുന്നില്ല.

5:39
  • إِنَّ ٱلَّذِينَ كَفَرُوا۟ لَوْ أَنَّ لَهُم مَّا فِى ٱلْأَرْضِ جَمِيعًا وَمِثْلَهُۥ مَعَهُۥ لِيَفْتَدُوا۟ بِهِۦ مِنْ عَذَابِ يَوْمِ ٱلْقِيَٰمَةِ مَا تُقُبِّلَ مِنْهُمْ ۖ وَلَهُمْ عَذَابٌ أَلِيمٌ ﴾٣٩﴿
  • നിശ്ചയമായും, അവിശ്വസിച്ചവര്‍, 'ക്വിയാമത്ത്' നാളിലെ ശിക്ഷയില്‍ നിന്നു തെണ്ടം നല്‍(കി മോചിതരാ)കുവാന്‍ ഭൂമിയിലുള്ളത് മുഴുവനും, അതോടു കൂടി അതിന്‍റെ അത്രയും ഉണ്ടായിരുന്നാലും, അതവരില്‍നിന്ന് സ്വീകരിക്കപ്പെടുന്നതല്ല. അവര്‍ക്ക് വേദനയേറിയ ശിക്ഷയുമുണ്ടായിരിക്കും.
  • إِنَّ الَّذِينَ كَفَرُوا നിശ്ചയമായും അവിശ്വസിച്ചവര്‍ لَوْ أَنَّ لَهُم അവര്‍ക്കുണ്ടായിരുന്നാലും مَّا فِي الْأَرْضِ ഭൂമിയിലുള്ളത് جَمِيعًا മുഴുവന്‍ وَمِثْلَهُ അതുപോലുള്ളതും, അതിന്‍റെ അത്രയും مَعَهُ അതോടുകൂടി لِيَفْتَدُوا അവര്‍ തെണ്ടം നല്‍കുവാന്‍ (മോചനം നേടുവാന്‍) بِهِ അതുകൊണ്ട്, അതിനാല്‍ مِنْ عَذَابِ ശിക്ഷയില്‍ നിന്ന് يَوْمِ الْقِيَامَةِ ക്വിയാമത്ത് നാളിലെ مَا تُقُبِّلَ സ്വീകരിക്കപ്പെടുകയില്ല مِنْهُمْ അവരില്‍നിന്ന് وَلَهُمْ അവര്‍ക്കുണ്ട് താനും عَذَابٌ ശിക്ഷ أَلِيمٌ വേദനയേറിയ
5:40
  • يُرِيدُونَ أَن يَخْرُجُوا۟ مِنَ ٱلنَّارِ وَمَا هُم بِخَٰرِجِينَ مِنْهَا ۖ وَلَهُمْ عَذَابٌ مُّقِيمٌ ﴾٤٠﴿
  • നരകത്തില്‍ നിന്ന് പുറത്തുപോകുവാന്‍ അവര്‍ ഉദ്യമിക്കും;അവര്‍ അതില്‍നിന്ന് പുറത്ത് പോകുന്നവരല്ല താനും. അവര്‍ക്ക് (മുറിയാതെ) നിലനില്‍ക്കുന്ന ശിക്ഷയുമുണ്ടായിരിക്കും.
  • يُرِيدُونَ അവര്‍ ഉദ്ദേശിക്കും, ഉദ്യമിക്കും أَن يَخْرُجُوا അവര്‍ പുറത്തു പോകുവാന്‍ مِنَ النَّارِ നരകത്തില്‍ നിന്ന് وَمَا هُم അവരല്ല താനും بِخَارِجِينَ പുറത്തുപോകുന്നവര്‍ مِنْهَا അതില്‍നിന്ന് وَلَهُمْ അവര്‍ക്കുണ്ട് താനും عَذَابٌ مُّقِيمٌ നിലനില്‍ക്കുന്ന ശിക്ഷ

നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അരുളിച്ചെയ്തതായി അനസ് (റ) പ്രസ്താവിക്കുന്നു: ‘നരകക്കാരില്‍പെട്ട ഒരു പുരുഷനെ കൊണ്ടുവരപ്പെടും. നിന്‍റെ കിടപ്പു സ്ഥാനം നിനക്ക് എങ്ങിനെ അനുഭവപ്പെട്ടുവെന്നു അവനോടു ചോദിക്കപ്പെടും. വളരെ മോശപ്പെട്ട കിടപ്പു സ്ഥാനം എന്നു അവന്‍ പറയും. അപ്പോള്‍ ഭൂമിയോളം സ്വര്‍ണം (നിനക്കുണ്ടായാല്‍) നിനക്ക് തെണ്ടം നല്‍കാമോ എന്നു അവനോടു ചോദിക്കപ്പെടും. എന്‍റെ റബ്ബേ! അതെ. എന്ന് അവന്‍പറയും. അപ്പോള്‍ അല്ലാഹു പറയും: ‘നീ കളവ് പറയുകയാണ്. ഞാന്‍ നിന്നോട് അതിനെക്കാള്‍ നിസ്സാരമായ കാര്യമാണ് ആവശ്യപ്പെട്ടത്. എന്നിട്ട് നീ അത് ചെയ്തില്ല’. അങ്ങനെ, അവനെ നരകത്തിലേക്കു കൊണ്ടുപോകുവാന്‍ കല്‍പിക്കും (ബു; മു) നരകക്കാരായ അവിശ്വാസികളെപ്പറ്റി മറ്റൊരു സ്ഥലത്ത് അല്ലാഹു പറയുന്നു: ‘ദു:ഖംനിമിത്തം അതില്‍ നിന്ന് പുറത്തുപോകുവാന്‍ അവര്‍ ഉദ്യമിക്കുമ്പോഴൊക്കെയും അവര്‍അതിലേക്ക് തന്നെ മടക്കപ്പെടും (സൂ:ഹജ്ജ്:22)

5:41
  • وَٱلسَّارِقُ وَٱلسَّارِقَةُ فَٱقْطَعُوٓا۟ أَيْدِيَهُمَا جَزَآءًۢ بِمَا كَسَبَا نَكَٰلًا مِّنَ ٱللَّهِ ۗ وَٱللَّهُ عَزِيزٌ حَكِيمٌ ﴾٤١﴿
  • മോഷ്ടിച്ചവനും, മോഷ്ടിച്ചവളും, അവരുടെ കൈകള്‍ നിങ്ങള്‍മുറിച്ചു കൊള്ളുവിന്‍; അവര്‍ പ്രവര്‍ത്തിച്ചതിനു (തക്ക) പ്രതിഫലമായിട്ട്-(അതെ) അല്ലാഹുവില്‍നിന്നുള്ള (പാഠം നല്‍കുന്ന) ഒരുശിക്ഷയായിട്ട്. അല്ലാഹു പ്രതാപശാലിയാണ്; അഗാധജ്ഞനാണ്.
  • وَالسَّارِقُ മോഷ്ടിച്ചവന്‍, കട്ടവന്‍ وَالسَّارِقَةُ മോഷ്ടിച്ചവളും, കട്ടവളും فَاقْطَعُوا നിങ്ങള്‍ മുറിക്കുവിന്‍ أَيْدِيَهُمَا അവര്‍ രണ്ടാളുടെയും കൈകള്‍ جَزَاءً പ്രതിഫലമായിട്ട്, കൂലിയായിട്ട് بِمَا كَسَبَا അവര്‍ സമ്പാദിച്ച (പ്രവര്‍ത്തിച്ച)തിന് نَكَالًا ഒരു (പാഠമായ) ശിക്ഷയായിട്ട്, കൂലിയായിട്ട് مِّنَ اللَّهِ അല്ലാഹുവില്‍ നിന്ന് وَاللَّهُ അല്ലാഹുവാകട്ടെ عَزِيزٌ പ്രതാപശാലിയാണ് حَكِيمٌ അഗാധജ്ഞനാണ്
5:42
  • فَمَن تَابَ مِنۢ بَعْدِ ظُلْمِهِۦ وَأَصْلَحَ فَإِنَّ ٱللَّهَ يَتُوبُ عَلَيْهِ ۗ إِنَّ ٱللَّهَ غَفُورٌ رَّحِيمٌ ﴾٤٢﴿
  • എന്നാല്‍ ആരെങ്കിലും തന്‍റെ അക്രമത്തിനു ശേഷം പശ്ചാത്ത പിക്കുകയും, നന്നായിത്തീരുകയും ചെയ്താല്‍, നിശ്ചയമായും, അല്ലാഹു അവന്‍റെ മേല്‍ പശ്ചാത്താപം സ്വീകരിക്കുന്നതാണ്. നിശ്ചയമായും, അല്ലാഹു വളരെപൊറുക്കുന്നവനാകുന്നു; കരുണാനിധിയാകുന്നു.
  • فَمَن تَابَ എന്നാല്‍ ആരെങ്കിലും പശ്ചാത്തപിച്ചാല്‍, ആര്‍ മടങ്ങിയോ مِن بَعْدِ ശേഷമായി ظُلْمِهِ തന്‍റെ അക്രമത്തിന്‍റെ وَأَصْلَحَ അവന്‍ നന്നായിത്തീരുകയും, (കര്‍മം) നന്നാക്കുകയും فَإِنَّ اللَّهَ എന്നാല്‍ നിശ്ചയമായും അല്ലാഹു يَتُوبُ عَلَيْهِ അവന്‍റെ പശ്ചാത്താപം സ്വീകരിക്കും إِنَّ اللَّهَ നിശ്ചയമായും അല്ലാഹു غَفُورٌ വളരെ പൊറുക്കുന്നവനാണ് رَّحِيمٌ കരുണാനിധിയാണ്
5:43
  • أَلَمْ تَعْلَمْ أَنَّ ٱللَّهَ لَهُۥ مُلْكُ ٱلسَّمَٰوَٰتِ وَٱلْأَرْضِ يُعَذِّبُ مَن يَشَآءُ وَيَغْفِرُ لِمَن يَشَآءُ ۗ وَٱللَّهُ عَلَىٰ كُلِّ شَىْءٍ قَدِيرٌ ﴾٤٣﴿
  • നിനക്കറിഞ്ഞുകൂടേ? അല്ലാഹുവിനാണ് ആകാശങ്ങളുടെയും, ഭൂമിയുടെയും രാജാധിപത്യമുള്ളതെന്ന്! അവന്‍ ഉദ്ദേശിക്കുന്നവരെ അവന്‍ ശിക്ഷിക്കും; അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ പൊറുത്തു കൊടുക്കുകയും ചെയ്യും. അല്ലാഹു എല്ലാ കാര്യത്തിനും കഴിവുള്ളവനുമത്രെ.
  • أَلَمْ تَعْلَمْ നീ അറിയുകയില്ലേ, നിനക്കറിഞ്ഞുകൂടേ أَنَّ اللَّهَ നിശ്ചയമായും അല്ലാഹു لَهُ അവന്നാണ്, അവന്‍റെതാണ് (എന്ന്) مُلْكُ രാജത്വം, രാജാധിപത്യം السَّمَاوَاتِ ആകാശങ്ങളുടെ وَالْأَرْضِ ഭൂമിയുടെയും يُعَذِّبُ അവന്‍ ശിക്ഷിക്കും, ശിക്ഷിക്കുന്നു مَن يَشَاءُ അവന്‍ ഉദ്ദേശിക്കുന്നവരെ وَيَغْفِرُ അവന്‍ പൊറുക്കുകയും ചെയ്യും, ചെയ്യുന്നു لِمَن يَشَاءُ അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് وَاللَّهُ അല്ലാഹു عَلَىٰ كُلِّ شَيْءٍ എല്ലാ കാര്യത്തിനും, വസ്തുവിനും قَدِيرٌ കഴിവുള്ളവനാണ്

പുരുഷനാവട്ടെ സ്ത്രീയാവട്ടെ മോഷ്ടിച്ചാല്‍ അതിനുള്ള ശിക്ഷാനിയമം കൈമുറിക്കലാണ്. മോഷണക്കുറ്റത്തിനുള്ള ശിക്ഷാനടപടി എന്നതിന് പുറമെ ആ മോഷ്ടാവ്മേലില്‍ മോഷണം നടത്താതിരിക്കുവാനും, മറ്റുള്ളവര്‍ക്ക് ഒരു പാഠമായിരിക്കുവാനും അത് ഉപകരിക്കും. മോഷണം നടത്തല്‍ വളരെ നികൃഷ്ടമായ ഒരു പ്രവൃത്തിയാണെങ്കിലും അത് ചെയ്തശേഷം അതില്‍ നിന്ന് ഖേദിച്ചു മടങ്ങുകയും, മേലില്‍ നല്ല നടപടി സ്വീകരിച്ചു നന്നായിത്തീരുകയും ചെയ്താല്‍ അല്ലാഹു പൊറുത്തു കൊടുക്കും. ആകാശഭൂമികളുടെയെല്ലാം ആധിപത്യവും, ഭരണാധികാരവും അല്ലാഹുവിന് മാത്രമാകകൊണ്ട് ആരെയും രക്ഷിക്കുവാനും, ശിക്ഷിക്കുവാനും അവന് അധികാരവും അവകാശവുമുണ്ട്. എല്ലാറ്റിനും അവന് കഴിവും ഉണ്ട്. ശിക്ഷിക്കേണ്ടത് ആരെയാണെന്നും, പൊറുത്തു കൊടുത്തു രക്ഷിക്കേണ്ടത് ആരെയാണെന്നുമൊക്കെ അവന്‍ തീര്‍ച്ചയാക്കുന്നതാണ്. അതിലൊന്നും ആര്‍ക്കും ചോദ്യം ചെയ്‌വാന്‍ അവകാശമില്ല. അവന്‍ഉദ്ദേശിക്കുന്നത് ചെയ്‌വാന്‍ അവന് ആരുടെയും സമ്മതമോ സഹായമോ ആവശ്യമില്ല എന്നൊക്കെയാണ് ഈ വചനങ്ങളിലടങ്ങിയ ആശയങ്ങള്‍.

അന്യന്‍റെ ധനം ഗൂഢമായി എടുത്തുകൊണ്ടു പോകുന്നതിനാണ് മോഷണം (سرقة) എന്ന് പൊതുവെ പറയപ്പെടുന്നത്. പക്ഷേ, അതത് വസ്തുക്കള്‍ക്ക് അനുയോജ്യമായ സൂക്ഷിപ്പു സ്ഥാനങ്ങളില്‍ നിന്ന് ഗൂഢമായി എടുക്കുമ്പോഴേ അത് നിയമപ്രകാരം മോഷണത്തില്‍ പെടുകയുള്ളൂ. അളവിലും തൂക്കത്തിലും കൃത്രിമം നടത്തി അന്യരുടെ അവകാശം വഞ്ചിച്ചെടുക്കുക, പൊതുസ്ഥലങ്ങളില്‍ വീണു കിടക്കുന്ന സാധനം എടുത്തുകൊണ്ടു പോകുക മുതലായവക്കൊന്നും ഈ ശിക്ഷാനിയമം ബാധകമല്ല. വഞ്ചിച്ചോ, ഉപായത്തിലോ, ബലം പ്രയോഗിച്ചോ അന്യന്‍റെ ധനം കൈക്കലാക്കുന്നവന്‍റെ കൈമുറിക്കേണ്ടതില്ലെന്ന് ഹദീഥില്‍ വന്നിട്ടുണ്ട് (ദാ; തി; ന; ജ). ഒരുനിശ്ചിത ശിക്ഷാ നിയമം (حد) വിധിക്കപ്പെട്ടിട്ടില്ലാത്തതും, അതേ സമയത്ത് ഗൗരവപ്പെട്ടതുമായ കേസുകളില്‍ കുറ്റത്തിന്‍റെ സ്വഭാവവും ഗൗരവവും അനുസരിച്ച് യുക്തമായ അച്ചടക്ക നടപടി (تعزير) സ്വീകരിക്കുവാന്‍ ഭരണ കര്‍ത്താക്കള്‍ക്ക് അധികാരം നല്‍കെപ്പട്ടിട്ടുണ്ട്. ആ അധികാരപരിധിയില്‍ അത്തരം കേസുകള്‍ ഉള്‍പ്പെടുന്നതാണ്.

മോഷ്ടിക്കപ്പെട്ട വസ്തു എത്ര നിസ്സാരമായിരുന്നാലും കൈമുറിക്കേണ്ടതുണ്ടെന്ന്ചിലര്‍ അഭിപ്രായപ്പെടുന്നു. മോഷ്ടാവിന്‍റെ കൈമുറിക്കണമെന്നല്ലാതെ ഈ വചനത്തില്‍ അതിന് വേറെ ഉപാധികളൊന്നും പറഞ്ഞിട്ടില്ല എന്നാണവര്‍ ന്യായം പറയുന്നത്. ഒരു നബി വചനത്തില്‍ ഇപ്രകാരം വന്നിട്ടുമുണ്ട്: ‘മോഷ്ടിക്കുന്നവനെ അല്ലാഹുശപിക്കട്ടെ! ഒരു മുട്ട മോഷ്ടിച്ചിട്ട് കൈ മുറിക്കപ്പെടുന്നു! ഒരു കയര്‍ മോഷ്ടിച്ചിട്ട് കൈമുറിക്കപ്പെടുന്നു!’ (ബു). ഈ ഹദീഥും ഇവര്‍ തെളിവായി എടുക്കുന്നു. വാസ്തവത്തില്‍, മറ്റു പല നബി വചനങ്ങളും പരിശോധിച്ചാല്‍, ഈ ഹദീഥിന്‍റെ താല്‍പര്യം മോഷണക്കുറ്റത്തിന്‍റെ നിയമപരമായ വിശദീകരണം നല്‍കലല്ലെന്നും, അതിന്‍റെ ഹീനതയും അപലപനീയതയും വ്യക്തമാക്കലാണെന്നും കാണാവുന്നതാണ്. മോഷ്ടാവിന്‍റെ കൈമുറിക്കേണമെങ്കില്‍ മോഷ്ടിക്കപ്പെട്ട വസ്തുവിന്‍റെ വിലകൂടി പരിഗണിക്കപ്പെടേണ്ടതുണ്ടെന്ന് വ്യക്തമാക്കുന്ന ഒന്നിലധികം ബലപ്പെട്ട ഹദീഥുകള്‍ നിലവിലുണ്ട്. ഉദാഹരണമായി, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഇങ്ങിനെ പറഞ്ഞതായി ആഇശഃ (റ) ഉദ്ധരിക്കുന്നു: ‘ഒരു ദീനാറിന്‍റെ(പൊന്‍പണത്തിന്‍റെ) നാലില്‍ ഒരംശത്തിലോ, അതിനെക്കാള്‍ അധികമുള്ളതിലോ അല്ലാതെ കൈ മുറിക്കപ്പെടുകയില്ല’ (ബു; മു). അഹ്മദ് (റ)ന്‍റെ രിവായത്തില്‍’അതില്‍ താഴെയുള്ളതില്‍ മുറിച്ചുകൂടാ’ എന്ന് കൂടിയുണ്ട്. മൂന്നു ദിര്‍ഹം (വെള്ളിപ്പണം) വിലപിടിപ്പുള്ള ഒരു പരിച മോഷ്ടിച്ച കേസില്‍ ഒരാളുടെ കൈ മുറിക്കുവാന്‍നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) കല്‍പിച്ചിട്ടുണ്ടെന്ന് ഇബ്‌നു ഉമറും (റ) പ്രസ്താവിച്ചിരിക്കുന്നു (ബു; മു). ഈ ഹദീഥുകളെയും മറ്റും അടിസ്ഥാനമാക്കിക്കൊണ്ട് മോഷ്ടിക്കപ്പെട്ട വസ്തുവിന്‍റെ വിലപിടിപ്പു കൂടി പരിഗണിക്കപ്പെടേതുണ്ട് എന്നത്രെ ബഹുഭൂരിപക്ഷം പണ്ഡിതന്മാരുടെയും അഭിപ്രായം.

എന്നാല്‍ ചുരുങ്ങിയത് എത്ര വിലയുള്ള സാധനം മോഷ്ടിച്ചാലാണ് കൈ മുറിക്കപ്പെടേണ്ടത് എന്നുള്ളതില്‍ പണ്ഡിതന്മാര്‍ക്ക് വ്യത്യസ്തമായ അഭിപ്രായങ്ങളാണുള്ളത്. ഹദീഥുകളെ മനസ്സിലാക്കിയതിലും, പരിചയുടെ വില കണക്കാക്കിയതിലും, രിവായത്തുകള്‍ തമ്മില്‍ കൂട്ടിയോജിപ്പിക്കുന്നതിലും സ്വാഭാവികമായും ഉണ്ടാകുന്നവ്യത്യസ്ത വീക്ഷണങ്ങളാണതിനു കാരണം. അവയില്‍ പ്രധാനമായ രണ്ടഭിപ്രായങ്ങള്‍:

(1) ആദ്യത്തെ ഹദീഥില്‍ കാണുന്ന പ്രകാരം കണ്ടാല്‍ ദീനാറില്‍ കുറഞ്ഞ വിലക്കുള്ള വസ്തുക്കളില്‍ കൈമുറിക്കല്‍ ഇല്ലെന്നും,

(2) രണ്ടാമത്തെ ഹദീഥിനെ ആസ്പദമാക്കി മൂന്നു ദിര്‍ഹമിന്‍റെ വിലപിടിപ്പുള്ളതില്‍ കൈമുറിക്കാം-അതിന് താഴെയുള്ളതില്‍ മുറിച്ചു കൂടാ-എന്നുമാകുന്നു. ചിലരിവായത്തുകളുടെ വെളിച്ചത്തില്‍, അക്കാലത്തെ ക്രയവിക്രയ നിലവാരമനുസരിച്ച്കാല്‍ ദീനാറിന്‍റെ വിലയും, മൂന്നു ദിര്‍ഹമിന്‍റെ വിലയും, ഏതാണ്ട് സമമായിരുന്നുവെന്നും, അതുകൊണ്ട് പ്രസ്തുത രണ്ടു ഹദീഥുകളുടെയും താല്‍പര്യം ഒന്നു തന്നെയാണെന്നും ചിലര്‍ പ്രസ്താവിച്ചു കാണാം. അതുകൊണ്ട് പ്രസ്തുത രണ്ടു ഹദീഥുകളുടെയും താല്‍പര്യം ഒന്നു തന്നെയാണെന്നും ചിലര്‍ പ്രസ്താവിച്ചു കാണാം. ആപേക്ഷികമായി നോക്കുമ്പോള്‍ കാല്‍ ദീനാറിന്‍റെ അഭിപ്രായത്തിനാണ് മുന്‍ഗണന കാണുന്നത്. الله اعلم

വലത്തെ കയ്യിന്‍റെ കൈപ്പത്തിയും മുഴങ്കയ്യും തമ്മില്‍ ബന്ധിക്കുന്ന സന്ധിയിലാണ്കൈമുറിക്കേതെന്നുള്ളതില്‍ ഭിന്നാഭിപ്രായമില്ല. മുറിച്ച ശേഷം രക്തം കൂടുതല്‍ ഒഴുകിപ്പോകാതിരിക്കുവാന്‍ വേണ്ടുന്ന മാര്‍ഗം സ്വീകരിക്കേണ്ടതുണ്ട്. മോഷ്ടാവ്പശ്ചാത്തപിച്ചു മടങ്ങിയാല്‍ പൊറുത്തുകൊടുക്കുമെന്നു പറഞ്ഞതിന്‍റെ ഉദ്ദേശ്യം ഖേദിച്ചവന്‍റെ കൈമുറിക്കേണ്ടതില്ല എന്നല്ല. അല്ലാഹുവിങ്കല്‍ നിന്നുള്ള പരലോക ശിക്ഷ ഒഴിവാകുമെന്നാകുന്നു. കൈ മുറിച്ചാലും മോഷ്ടിക്കപ്പെട്ട വസ്തുവോ, അതില്ലെങ്കില്‍അതിന്‍റെ വിലയോ ഉടമസ്ഥന് തിരിച്ചു കൊടുക്കുകയും വേണം. ഒരാളുടെ പേരില്‍മോഷണം തെളിഞ്ഞു കഴിഞ്ഞാല്‍-ശിക്ഷാനടപടി എടുക്കേണ്ടുന്ന മറ്റു കേസുകളും അങ്ങിനെത്തന്നെ-ശിക്ഷയില്‍നിന്ന് പ്രതിയെ ഒഴിവാക്കിവിടുവാന്‍ ഭരണകര്‍ത്താവിനു അധികാരമില്ല. അതിനായി ശുപാര്‍ശ നടത്തുന്നതും തെറ്റാകുന്നു. മക്കാ വിജയകാലത്ത് ക്വുറൈശീ ഗോത്രത്തിലെ മഖ്‌സൂം (مخزوم) കുടുംബത്തില്‍പെട്ട ഒരു സ്ത്രീമോഷണം നടത്തിയപ്പോള്‍ അവളുടെ കൈമുറിക്കുവാന്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) കല്‍പിക്കുകയുണ്ടായി. ക്വുറൈശികള്‍ക്ക് ഇതു വലിയ മനോവേദനയായി. ഒടുക്കം അവര്‍, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ പോറ്റുപുത്രനും സ്‌നേഹഭാജനവുമായ ഉസാമ (റ)യെ നബിയുടെ അടുക്കലേക്കു ശുപാര്‍ശക്കയച്ചു. തിരുമേനിയുടെ ഭാവം മാറി. അല്ലാഹുവിന്‍റെ ശിക്ഷാ നിയമത്തില്‍ ശുപാര്‍ശക്ക് വന്നിരിക്കുകയാണോ നീ?! എന്ന് പറഞ്ഞുകൊണ്ട് അദ്ദേഹത്തെ ആക്ഷേപിച്ചു. അല്ലാഹുവിന്‍റെ റസൂലേ, എനിക്കു പാപമോചനം തേടണം എന്നപേക്ഷിച്ചുകൊണ്ട് അദ്ദേഹം മടങ്ങി. അനന്തരം തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഒരു പ്രസംഗം ചെയ്തു. ആ പ്രസംഗത്തില്‍ തിരുമേനി ഇങ്ങിനെ പറഞ്ഞു: ‘മുന്‍ സമുദായങ്ങള്‍, അവരിലുള്ള പ്രമാണികള്‍ മോഷ്ടിച്ചാല്‍ അവരെ വിട്ടുകളയുകയും, അവരിലുള്ള അബലന്മാര്‍മോഷ്ടിച്ചാല്‍ ശിക്ഷാനടപടി നടത്തുകയും ചെയ്തിരുന്നതുകൊണ്ടാണ് അവര്‍ നാശത്തില്‍ പതിച്ചത്. അല്ലാഹുവിനെ തന്നെയാണ! മുഹമ്മദിന്‍റെ മകള്‍ ഫാത്വിമഃ തന്നെ മോഷ്ടിച്ചാലും ഞാന്‍ അവളുടെ കൈ മുറിക്കുക തന്നെ ചെയ്യും’ (ബു; മു). അന്യരുടെവസ്തുക്കള്‍ വായ്പ വാങ്ങുകയും പിന്നിടത് നിഷേധിക്കുകയും ചെയ്യുന്നവളായിരുന്നു ആ സ്ത്രീ എന്ന് വേറെ ചില ഹദീഥുകളില്‍ വന്നിട്ടുണ്ട്.

ഈ വചനത്തില്‍ മോഷണക്കുറ്റത്തിനും, 36-ാം വചനത്തില്‍, അട്ടിമറി, കൊള്ള, കൊല മുതലായ ഭീകരപ്രവര്‍ത്തനങ്ങള്‍ക്കും കടുത്ത ശിക്ഷാനിയമം നിശ്ചയിച്ചതിനുള്ള കാരണവും അതിലടങ്ങിയ യുക്തിയും-ചുരുങ്ങിയ വാക്കുകളിലാണെങ്കിലും-അല്ലാഹു ചൂണ്ടിക്കാണിച്ചിട്ടുണ്ട്. മനുഷ്യനെപ്പറ്റിയും, അവന്‍റെ പ്രകൃതിയെപ്പറ്റിയും, അവന്‍റെ നന്മയെപ്പറ്റിയുമെല്ലാം മനുഷ്യനെക്കാള്‍-അവന്‍ എത്രതന്നെ പുരോഗമിച്ചാലുംശരി-അധികം അറിയുക അല്ലാഹുവിനാണല്ലോ. ആകയാല്‍, അല്ലാഹു ചൂണ്ടിക്കാട്ടിയകാര്യങ്ങളിലടങ്ങിയ യുക്തിരഹസ്യങ്ങളെപ്പറ്റി ചിന്തിച്ചു മനസ്സിലാക്കുകയും, മനസ്സിലാക്കുവാന്‍ കഴിയാത്ത ഭാഗം അല്ലാഹുവിന്‍റെ അറിവിലേക്ക് വിട്ടുകൊടുക്കുകയും ചെയ്‌വാനേ മനുഷ്യന്ന് അര്‍ഹതയുള്ളൂ. അതിനപ്പുറം അവകാശപ്പെടുന്നവരില്‍ നിന്നുമാത്രമേ ഇസ്‌ലാമിലെ ശിക്ഷാനിയമങ്ങള്‍ പഴഞ്ചനാണ്, കിരാത നിയമങ്ങളാണ്എന്നിത്യാദി പരിഹാസവും പുച്ഛവും പുറത്ത് വരുകയുള്ളൂ. ഇസ്‌ലാമിന്‍റെ ശത്രുക്കളില്‍ നിന്ന് ഇത്തരം വാദങ്ങള്‍ കേള്‍ക്കുക സ്വാഭാവികം തന്നെ. എന്നാല്‍, യൂറോപ്യന്‍ചിന്താഗതികളിലും, ആധുനിക ഭൗതിക താല്പര്യങ്ങളിലും മുഴുകിയ ചില മുസ്‌ലിം പണ്ഡിത വേഷധാരികളും ആ വാദഗതിയെ ഏറ്റുപറയുന്നത് കാണാം. പക്ഷേ, അത്രേത്താളം തുറന്നു പറയുവാന്‍ ധൈര്യപ്പെടാതെ അവയെല്ലാം അക്കാലത്തേക്ക് മാത്രം ബാധകമായ ശിക്ഷകളായിരുന്നുവെന്നും, ഈ പരിഷ്‌കൃത യുഗത്തിന് യോജിച്ച ശിക്ഷാനടപടികള്‍ കൈകൊള്ളുകയാണ് ഇപ്പോള്‍ പ്രായോഗികമെന്നുമൊക്കെ അവര്‍അതൊന്ന് മയപ്പെടുത്തിപ്പറയുമെന്ന് മാത്രം.

ആരെന്തു പറഞ്ഞാലും ചില യാഥാര്‍ത്ഥ്യങ്ങള്‍ ആര്‍ക്കും നിഷേധിക്കുക സാധ്യമല്ല. ഇസ്‌ലാമിലെ ശിക്ഷാ നിയമങ്ങള്‍ യഥാവിധി നടപ്പിലുണ്ടായിരുന്ന ഏത് കാലത്തും ഏത് ദേശത്തും കൊല, കൊള്ള, കളവ്, വ്യഭിചാരം തുടങ്ങിയ നീചകൃത്യങ്ങള്‍ മറ്റേത്കാലത്തെയും ദേശത്തെയും അപേക്ഷിച്ചു നാമമാത്രമേ സംഭവിച്ചിട്ടുള്ളൂവെന്നുള്ളതിന്ചരിത്രം സാക്ഷിയാകുന്നു. മുസ്‌ലിം രാഷ്ട്രങ്ങള്‍ പലതും ലോകത്ത് നിലവിലുണ്ടെങ്കിലും ഇസ്‌ലാമിക ശിക്ഷാനിയമങ്ങള്‍ കുറേയൊക്കെ നടപ്പിലുള്ള ഏക രാഷ്ട്രം സുഊദി അറേബ്യയത്രെ. ഹിജാസ് അതിന്‍റെ കീഴിലായിട്ട് അമ്പതില്‍പരം കൊല്ലം കഴിഞ്ഞു. അതിനു മുമ്പ് മനുഷ്യജീവനും സ്വത്തിനും ഹിജാസില്‍ അനുഭവപ്പെട്ടിരുന്ന അരക്ഷിതാവസ്ഥയും, അതിനു ശേഷമുള്ള അഭയാവസ്ഥയും ഏറെക്കുറെ എല്ലാവര്‍ക്കും അറിയാവുന്നതാണ്. ആ രണ്ടവസ്ഥയും അനുഭവിച്ചറിഞ്ഞവര്‍ ഇന്നും ധാരാളമുണ്ട്താനും. ശിക്ഷാനിയമങ്ങള്‍ എത്രത്തോളം ആധുനീകരിക്കുകയും ലഘൂകരിക്കുകയും ചെയ്യപ്പെടുന്നുവോ അത്രത്തോളം കുറ്റങ്ങളും കുറ്റവാസനകളും വര്‍ദ്ധിച്ചുവരുന്നുവെന്നുള്ളത് ഇന്നത്തെ ‘പരിഷ്‌കൃത രാഷ്ട്രങ്ങള്‍’ തെളിയിച്ചു കഴിഞ്ഞപരമാര്‍ത്ഥമാണ്. അതേ സമയം ഔദ്യോഗികമായ ലിഖിത നിയമങ്ങള്‍ (അവരുടെഭാഷയില്‍) പരിഷ്‌കൃതവും കാലോചിതവുമാണെങ്കിലും രാഷ്ട്രീയ എതിരാളികള്‍പോലെയുള്ള ചിലരുടെ നേരെ അവര്‍ എടുത്തുവരാറുള്ള ശിക്ഷാനടപടികള്‍ പലതും കാട്ടാളന്മാര്‍ പോലും ലജ്ജിച്ചു പോകുമാറ് പൈശാചികമായിരിക്കുകയും ചെയ്യും. പരിഷ്‌കൃതരീതിയിലുള്ള കാരാഗൃഹങ്ങളും പിഴകളുമാണല്ലോ ഇന്നത്തെ പ്രധാന ശിക്ഷാമുറകള്‍. ഏതെങ്കിലും ഒരു കുറ്റത്തിന് ശിക്ഷ അനുഭവിക്കേണ്ടി വന്നവര്‍ അതിനു ശേഷം പിന്നെയും പത്തോ ഇരുപതോ പ്രാവശ്യം അതേ കുറ്റം തന്നെ അഭിമാനത്തോടെ ആവര്‍ത്തിക്കുന്നതും, അതേ ശിക്ഷ വീണ്ടും വീണ്ടും അനുഭവിക്കാന്‍ തയ്യാറാകുന്നതും ഇക്കാലത്ത് ദുര്‍ലഭമല്ല. ഒരു കളവു കേസില്‍ കൈ മുറിക്കലിനോ, ഒരു വ്യഭിചാരക്കേസില്‍ നൂറടിക്കോ വിധേയനായ ഒരാള്‍ പിന്നീട് ആ കുറ്റം ആവര്‍ത്തിക്കുവാന്‍ മുതിരുമോ?! അത് കണ്ടറിഞ്ഞവര്‍ അതിനുശേഷം ആ കുറ്റം ചെയ്‌വാന്‍ ഭയപ്പെടാതിരിക്കുമോ?!

36-ാം വചനത്തില്‍ ശിക്ഷാനിയമത്തെക്കുറിച്ചു പറഞ്ഞശേഷം ذَٰلِكَ لَهُمْ خِزْيٌ فِي الدُّنْيَا (അത് അവര്‍ക്ക് ഇഹത്തില്‍ അപമാനമായിരിക്കും) എന്നും, ഈ വചനത്തില്‍ശിക്ഷാനിയമത്തെക്കുറിച്ചു പറഞ്ഞശേഷം جَزَاءً بِمَا كَسَبَا نَكَالًا مِّنَ اللَّهِ (അവര്‍പ്രവര്‍ത്തിച്ചതിനുള്ള പ്രതിഫലവും അല്ലാഹുവിങ്കല്‍ നിന്നുള്ള പാഠം നല്‍കുന്ന ഒരു ശിക്ഷയും) എന്നും അല്ലാഹു പറയുന്നത് എത്ര അര്‍ത്ഥഗര്‍ഭമാണെന്ന് ആലോചിച്ചു നോക്കുക! ഇസ്‌ലാമിലെ ശിക്ഷാ നിയമങ്ങളെ പഴഞ്ചനെന്നും, കിരാതമെന്നും പറഞ്ഞു അധിക്ഷേപിക്കുകയും, പരിഹസിക്കുകയും, അതോടു കൂടി, കാലാനുസൃതമെന്നും പരിഷ്‌കൃതമെന്നും അവകാശപ്പെടുന്ന ശിക്ഷാ നിയമങ്ങള്‍ സ്വീകരിക്കുകയും, ഉല്‍ബുദ്ധരാഷ്ട്രങ്ങളെന്ന് അഭിമാനം കൊള്ളുകയും ചെയ്യുന്ന നാടുകളില്‍ ഓരോ മണിക്കൂറിലും-അല്ല, ഓരോ മിനുട്ടിലും സെക്കന്റിലും തന്നെ-നടക്കുന്നത്ര കുറ്റങ്ങളും അക്രമപ്രവര്‍ത്തനങ്ങളും ഇസ്‌ലാമിന്‍റെ ശിക്ഷാ നിയമങ്ങള്‍ അനുഷ്ഠിക്കുന്ന നാടുകളില്‍കൊല്ലക്കണക്കില്‍ പോലും സംഭവിക്കാറില്ലെന്നുള്ളത് (*) അനിഷേധ്യമായ ഒരുയാഥാര്‍ത്ഥ്യമത്രെ. മനുഷ്യന്‍ എത്ര പുരോഗമിച്ചാലും അവനെപ്പറ്റി അവനെക്കാള്‍ അറിയുന്നവന്‍ അല്ലാഹു തന്നെയാണല്ലോ. സമുദായം പുരോഗമിച്ചു സംസ്‌കാര സമ്പന്നമായിത്തീരുന്നതുവരെ മാത്രമേ ശിക്ഷാ നിയമങ്ങളുടെ ആവശ്യമുള്ളൂ, അതുകൊണ്ട്സ്ഥിരമായ ഒരു ശിക്ഷാ നിയമത്തിന്‍റെ ആവശ്യമില്ല എന്ന് ചിലര്‍ പറയാറുണ്ട്. കുറ്റകൃത്യങ്ങള്‍ സംഭവിക്കുമ്പോഴല്ലാതെ ആ നിയമം നടപ്പില്‍ വരുത്തേണ്ടുന്ന ആവശ്യമില്ലെന്നുള്ളത് ശരി തന്നെ. എന്നാലും വല്ലപ്പോഴും അത് സംഭവിക്കുന്ന പക്ഷം, അപ്പോള്‍എടുക്കേണ്ടുന്ന നടപടി എന്താണെന്ന് നേരത്തെക്കൂട്ടി നിര്‍ണയിച്ചു രേഖപ്പെടുത്തിവെക്കാതെ അതിന് നിവൃത്തിയില്ലല്ലോ.


(*) അമേരിക്കയില്‍ ഓരോ 39 മിനുട്ടിലും ഓരോ വധവും, ഓരോ 17 മിനുട്ടിലും ഓരോ ബലാല്‍സംഗവും, ഓരോ 41 സെക്കന്റിലും ഓരോ കാര്‍മോഷണ വും, ഓരോ 17 സെക്കന്റിലും ഓരോ കവര്‍ച്ചയും നടമാടുന്നതായി പ്രസിദ്ധ പത്രമായടൈംസിന്‍റെ ഒരു സ്ഥിതി വിവരക്കണക്ക് ഉദ്ധരിച്ചുകൊണ്ട്1972 ഡിസംബര്‍ മാസത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ട ഒരു ലഘുലേഖയില്‍ ഒരു റിപ്പോര്‍ട്ട് കാണുകയുണ്ടായി. അതേ സമയത്ത് കഴിഞ്ഞ ഒരു വര്‍ഷം ഞങ്ങളുടെ നാട്ടില്‍ ഒരൊറ്റ കൊലപാതകവും ഉണ്ടായിട്ടില്ലെന്ന് സുഊദി അറേ്യയിലെ അന്നത്തെ നീതിന്യായ മന്ത്രിപ്രസ്താവിച്ചതായി അല്‍മദീന പത്രത്തില്‍നിന്ന് ഉദ്ധരിച്ചുകൊണ്ടുളള ഒരു ലഘുലേഖയില്‍ പ്രസ്താവിച്ചിരിക്കുന്നു. 1979 ഒക്‌ടോബര്‍ മാസത്തില്‍ പുറത്തുവന്ന ഒരു മാസികയില്‍, 1979 ജൂലായ് ആഗസ്റ്റ് ലക്കം യങ്ങ് മുസ്‌ലിം ഡയ്ജസ്റ്റ് മാസികയില്‍നിന്ന് ഉദ്ധരിച്ചുകൊണ്ടുള്ള ഒരു ലേഖനത്തില്‍, പരിഷ്‌കൃത നിയമങ്ങള്‍ നടപ്പിലുള്ള രാഷ്ട്രങ്ങളായി കരുതപ്പെടുന്ന കാനഡ, പശ്ചിമ ജര്‍മനി, ഫ്രാന്‍സ്, എന്നീ രാജ്യങ്ങളില്‍ ഓരോ പത്ത് ലക്ഷം ആളുകളില്‍ (ക്രമപ്രകാരം) 75,000 വും 43,000 വും 32,000വും കുറ്റവാളികള്‍ ഉള്ളപ്പോള്‍, സുഊദി അറേബ്യയില്‍ പത്തു ലക്ഷത്തില്‍ 22 പേര്‍ മാത്രമാണ് കുറ്റവാളികളുള്ളതെന്നും പ്രസ്താവിച്ചിരിക്കുന്നു.

1979 ഡിസംബര്‍ മാസത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ട ‘റാബിത്വത്തുല്‍ ആലമില്‍ഇസ്‌ലാമി’ മാസികയുടെ ഒരു വിശേഷാല്‍ പതിപ്പില്‍ സുഊദി ഗവര്‍മെിന്‍റെ അഭ്യന്തരമന്ത്രി നായിഫുബ്‌നു അബ്ദില്‍ അസീസിന്‍റെ ഒരു പ്രസംഗം ഉദ്ധരിച്ചതിന്‍റെ പ്രസക്തഭാഗം ഇങ്ങിനെ സംഗ്രഹിക്കാം: ‘ഞങ്ങളുടെ രാജ്യത്ത് വ്യഭിചാരം, കളവ്, മദ്യപാനം, കൊല മുതലായവ തെളിഞ്ഞാല്‍ ഞങ്ങള്‍, അടി, കൈമുറിക്കല്‍, കല്ലേറുപോലെയുള്ള ഇസ്‌ലാമിലെ ശിക്ഷ നല്‍കുന്നുവെന്ന് നിങ്ങള്‍ക്കറിയാം. പക്ഷേ, ഞാന്‍ നിങ്ങളോടു ഉറപ്പിച്ചു പറയുന്നു: ഈ രാഷ്ട്രത്തില്‍ കൊല്ലങ്ങളോളം തന്നെ വ്യഭിചാരക്കുറ്റം ഉണ്ടായതായി രേഖപ്പെടാറില്ല. ഒന്നോ രാണ്ടോ കൊല്ലം കൂടുമ്പോള്‍ മാത്രം ഒന്ന് അല്ലെങ്കില്‍ രണ്ട് മോഷണം ഉണ്ടായെന്നു വരും. അതേ സമയത്ത് പരിഷ്‌കൃത രാഷ്ട്രങ്ങളില്‍ ധനത്തിനു വേണ്ടി, സമാധാന സംരക്ഷകരായ ആളുകളോട് (പോലീസിനോടും പട്ടാളത്തോടും) ഏറ്റു മുട്ടിയ കാരണത്താല്‍ കൈ മുറിഞ്ഞവരുടെയും, അംഗഭംഗം വന്നവരുടെയും കണക്കെടുക്കുന്നപക്ഷം, ഞങ്ങളുടെ നാട്ടില്‍ ശിക്ഷാനിയമ പ്രകാരം കൈമുറിഞ്ഞവരുടെ എത്രയോ ഇരട്ടികളായിരിക്കും ആ സംഖ്യ. അല്ലാഹുവിനു സ്തുതി!. 

1981 മാര്‍ച്ച് 25 ലെ ഒരു ദിനപത്രത്തില്‍ കണ്ട ഒരു റിപ്പോര്‍ട്ടില്‍ വായിച്ചതിന്‍റെ ചുരുക്കം കൂടി ഉദ്ധരിക്കാം: അമേരിക്കയില്‍ 30 സെക്കന്റില്‍ ഓരോ കൊലപാതകവും, 3 സെക്കന്റില്‍ ഓരോ കവര്‍ച്ചയും കഴിഞ്ഞ വര്‍ഷത്തില്‍ നടന്നു. അവിടെ പ്രതിവര്‍ഷം പത്തു ലക്ഷം തോക്കുകള്‍ വില്‍ക്കപ്പെടുന്നു. യു. എസ്. ഫെഡറല്‍അന്വേഷണ ബ്യൂറോ വെളിപ്പെടുത്തിയതാണിത്. പ്രസിദ്ധ ‘ടൈം’ വാരികയുടെഒരു സര്‍വ്വേ വിവരം 1-4-81 ലെ മലയാള മനോരമ ദിനപ്പത്രം ഉദ്ധരിച്ചതില്‍ 24 മിനുട്ടില്‍ ഒരു കൊലയും 10 സെക്കന്റില്‍ ഒരു കൊള്ളയും 7 മിനുട്ടില്‍ ഒരു സ്ത്രീബലാല്‍ക്കാരവും അമേരിക്കയില്‍ നടന്നു വരുന്നതായി ഉദ്ധരിച്ചിരിക്കുന്നു. അവസാനം പത്രം പറയുന്നു: ‘ഏറ്റവും പരിഷ്‌കൃത രാജ്യം. പക്ഷേ, കുറ്റകൃത്യങ്ങളുടെ പറുദീസ; അതാണ് ഇന്ന് അമേരിക്ക’.

5:44
  • ۞ يَٰٓأَيُّهَا ٱلرَّسُولُ لَا يَحْزُنكَ ٱلَّذِينَ يُسَٰرِعُونَ فِى ٱلْكُفْرِ مِنَ ٱلَّذِينَ قَالُوٓا۟ ءَامَنَّا بِأَفْوَٰهِهِمْ وَلَمْ تُؤْمِن قُلُوبُهُمْ ۛ وَمِنَ ٱلَّذِينَ هَادُوا۟ ۛ سَمَّٰعُونَ لِلْكَذِبِ سَمَّٰعُونَ لِقَوْمٍ ءَاخَرِينَ لَمْ يَأْتُوكَ ۖ يُحَرِّفُونَ ٱلْكَلِمَ مِنۢ بَعْدِ مَوَاضِعِهِۦ ۖ يَقُولُونَ إِنْ أُوتِيتُمْ هَٰذَا فَخُذُوهُ وَإِن لَّمْ تُؤْتَوْهُ فَٱحْذَرُوا۟ ۚ وَمَن يُرِدِ ٱللَّهُ فِتْنَتَهُۥ فَلَن تَمْلِكَ لَهُۥ مِنَ ٱللَّهِ شَيْـًٔا ۚ أُو۟لَٰٓئِكَ ٱلَّذِينَ لَمْ يُرِدِ ٱللَّهُ أَن يُطَهِّرَ قُلُوبَهُمْ ۚ لَهُمْ فِى ٱلدُّنْيَا خِزْىٌ ۖ وَلَهُمْ فِى ٱلْءَاخِرَةِ عَذَابٌ عَظِيمٌ ﴾٤٤﴿
  • ഹേ, റസൂലേ, അവിശ്വാസത്തില്‍ (പതിക്കുവാന്‍) ധൃതി കൂട്ടിക്കൊണ്ടിരിക്കുന്നവര്‍ നിന്നെ വ്യസനിപ്പിക്കാതിരുന്നുകൊള്ളട്ടെ, (അതെ) തങ്ങളുടെ വായകള്‍ കൊണ്ട് 'ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു' -വെന്ന് പറയുകയും, തങ്ങളുടെ ഹൃദയങ്ങള്‍ വിശ്വസിക്കാതിരിക്കുകയും ചെയ്തവരില്‍നിന്നും; യഹൂദരായിട്ടുള്ളവരില്‍ നിന്നും (അവിശ്വാസത്തില്‍ പതിക്കുവാന്‍ ധൃതികൂട്ടുന്നവര്‍). വ്യാജത്തിലേക്ക് ചെവി കൊടുത്തു കൊണ്ടിരിക്കുന്നവര്‍! നിന്‍റെ അടുക്കല്‍ വന്നിട്ടില്ലാത്ത വേറെ ചില ജനങ്ങളിലേക്ക് ചെവികൊടുത്തുകൊണ്ടിരിക്കുന്നവര്‍! വാക്കു കളെ അതിന്‍റെ സ്ഥാന(നിര്‍ണയ)ങ്ങള്‍ക്ക് ശേഷം അവര്‍മാറ്റം വരുത്തുന്നു. അവര്‍ പറയുന്നു: 'നിങ്ങള്‍ക്ക് ഇത് [ഈ മാറ്റം വരുത്തിയത്] നല്‍കപ്പെട്ടെങ്കില്‍ നിങ്ങളത് സ്വീകരിച്ചുകൊള്ളുവിന്‍; ഇത് നല്‍കെപ്പട്ടില്ലെങ്കില്‍ നിങ്ങള്‍ കാത്തുകൊള്ളുകയും ചെയ്യുക. ഏതൊരുവനെ അല്ലാഹു പരീക്ഷണത്തിന് ഉദ്ദേശിക്കുന്നുവോ, അവന് വേണ്ടി അല്ലാഹുവിങ്കല്‍ നിന്ന് യാതൊന്നും (തന്നെ) നീ സ്വാധീനമാക്കുകയില്ല തന്നെ. അക്കൂട്ടര്‍- അവരുടെ ഹൃദയങ്ങളെ ശുദ്ധീകരിക്കുവാന്‍ അല്ലാഹു ഉദ്ദേശിച്ചിട്ടില്ലാത്തവരത്രെ. അവര്‍ക്ക് ഇഹത്തില്‍ അപമാനമുണ്ടായിരിക്കും. അവര്‍ക്ക് പരലോകത്തില്‍ വമ്പിച്ചശിക്ഷയുമുണ്ടായിരിക്കും.
  • يَا أَيُّهَا الرَّسُولُ ഹേ റസൂലേ لَا يَحْزُنكَ നിന്നെ വ്യസനിപ്പിക്കാതിരിക്കട്ടെ, വ്യസനിപ്പിക്കരുത് الَّذِينَ യാതൊരു കൂട്ടര്‍ يُسَارِعُونَ ധൃതികൂട്ടുന്ന, ബദ്ധപ്പാടു കാണിച്ചു വരുന്ന فِي الْكُفْرِ അവിശ്വാസത്തില്‍ (പതിക്കുവാന്‍) مِنَ الَّذِينَ യാതൊരുത്തരില്‍ നിന്ന് قَالُوا പറഞ്ഞ آمَنَّا ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു بِأَفْوَاهِهِمْ അവരുടെ വായകള്‍ കൊണ്ട് وَلَمْ تُؤْمِن വിശ്വസിച്ചിട്ടുമില്ല قُلُوبُهُمْ അവരുടെ ഹൃദയങ്ങള്‍ وَمِنَ الَّذِينَ യാതൊരുവരില്‍ നിന്നും هَادُوا യഹൂദികളായ سَمَّاعُونَ അധികം കേള്‍ക്കുന്നവര്‍, ചെവികൊടുത്തു കൊണ്ടിരിക്കുന്നവര്‍ لِلْكَذِبِ വ്യാജത്തിന്, കളവിലേക്ക്, വ്യാജത്തിനു വേണ്ടി سَمَّاعُونَ കേള്‍ക്കുന്ന (ചെവികൊടുക്കുന്ന)വര്‍ لِقَوْمٍ ഒരു ജനതയെ, ജനങ്ങളിലേക്ക്, ജനതക്കുവേണ്ടി آخَرِينَ വേറെയുള്ള, മറ്റു لَمْ يَأْتُوكَ അവര്‍ നിന്‍റെ അടുക്കല്‍ വന്നിട്ടില്ല يُحَرِّفُونَ അവര്‍ മാറ്റം വരുത്തുന്നു الْكَلِمَ വാക്കുകളെ مِن بَعْدِ ശേഷം مَوَاضِعِهِ അതിന്‍റെ സ്ഥാനങ്ങള്‍ക്ക് يَقُولُونَ അവര്‍ പറയും إِنْ أُوتِيتُمْ നിങ്ങള്‍ക്ക് നല്‍കപ്പെട്ടുവെങ്കില്‍ هَٰذَا ഇത് فَخُذُوهُ എന്നാലത് നിങ്ങള്‍ സ്വീകരിക്കുവിന്‍, എടുക്കുവിന്‍ وَإِن لَّمْ تُؤْتَوْهُ ഇത് നിങ്ങള്‍ക്ക് നല്‍കപ്പെട്ടില്ലെങ്കിലോ فَاحْذَرُوا നിങ്ങള്‍ കാത്തു (ജാഗ്രതവെച്ചു) കൊള്ളുവിന്‍ وَمَن ആര്‍, ഏതൊരുവന്‍ يُرِدِ اللَّهُ അല്ലാഹു ഉദ്ദേശിക്കുന്നതായാല്‍ فِتْنَتَهُ അവനെ പരീക്ഷണത്തിന്, കുഴപ്പത്തിന് فَلَن تَمْلِكَ എന്നാല്‍ നീ സ്വാധീനമാക്കുക (നിനക്ക് കഴിയുക)യേ ഇല്ല لَهُ അവന് വേണ്ടി مِنَ اللَّهِ അല്ലാഹുവില്‍ നിന്ന് شَيْئًا യാതൊന്നും, ഒരു കാര്യത്തിനും أُولَٰئِكَ അക്കൂട്ടര്‍ الَّذِينَ യാതൊരുവരത്രെ لَمْ يُرِدِ اللَّهُ അല്ലാഹു ഉദ്ദേശിച്ചിട്ടില്ല أَن يُطَهِّرَ അവന്‍ ശുദ്ധിയാക്കുവാന്‍ قُلُوبَهُمْ അവരുടെഹൃദയങ്ങളെ لَهُمْ അവര്‍ക്കുണ്ട് فِي الدُّنْيَا ഇഹത്തില്‍ خِزْيٌ അപമാനം, എളിമ وَلَهُمْ അവര്‍ക്കുണ്ട് താനും فِي الْآخِرَةِ പരലോകത്തില്‍ عَذَابٌ ശിക്ഷ عَظِيمٌ വമ്പിച്ച
5:45
  • سَمَّٰعُونَ لِلْكَذِبِ أَكَّٰلُونَ لِلسُّحْتِ ۚ فَإِن جَآءُوكَ فَٱحْكُم بَيْنَهُمْ أَوْ أَعْرِضْ عَنْهُمْ ۖ وَإِن تُعْرِضْ عَنْهُمْ فَلَن يَضُرُّوكَ شَيْـًٔا ۖ وَإِنْ حَكَمْتَ فَٱحْكُم بَيْنَهُم بِٱلْقِسْطِ ۚ إِنَّ ٱللَّهَ يُحِبُّ ٱلْمُقْسِطِينَ ﴾٤٥﴿
  • വ്യാജത്തിന് ചെവികൊടുത്തുകൊണ്ടിരിക്കുന്നവര്‍! നിഷിദ്ധ (ധന)ത്തെ തിന്നുകൊണ്ടിരിക്കുന്നവര്‍! എന്നാല്‍, അവര്‍ നിന്‍റെ അടുക്കല്‍വരുന്ന പക്ഷം, നീ അവര്‍ക്കിടയില്‍വിധിച്ചു കൊള്ളുക , അല്ലെങ്കില്‍ അവരില്‍നിന്ന് തിരിഞ്ഞു കളയുക, നീ അവരില്‍ നിന്ന്തിരിഞ്ഞു കളയുന്ന പക്ഷം, അവര്‍ നിനക്ക് യാതൊരു ഉപദ്രവവും വരുത്തുന്നതേയല്ല. നീ വിധിക്കുകയാണെങ്കിലോ, നീതി മുറയനുസരിച്ചു അവര്‍ക്കിടയില്‍നീ വിധിക്കുകയും ചെയ്യുക. നിശ്ചയമായും, നീതിമുറ പാലിക്കുന്നവരെ അല്ലാഹു സ്‌നേഹിക്കുന്നതാണ്.
  • لِلْكَذِبِ വ്യാജത്തിന്, വ്യാജത്തിനു വേണ്ടി سَمَّاعُونَ വ്യാജത്തിന്, വ്യാജത്തിനു വേണ്ടി أَكَّالُونَ തീറ്റക്കാര്‍, തിന്നു കൊണ്ടിരിക്കുന്നവര്‍ لِلسُّحْتِ ഹറാമിനെ, നിഷിദ്ധത്തെ فَإِن جَاءُوكَ എന്നാലവര്‍ നിന്‍റെ അടുക്കല്‍ വന്നെങ്കില്‍ فَاحْكُم എന്നാല്‍ നീ വിധിക്കുക بَيْنَهُمْ അവര്‍ക്കിടയില്‍ أَوْ أَعْرِضْ അല്ലെങ്കില്‍ നീ തിരിഞ്ഞുകളയുക, അവഗണിക്കുക عَنْهُمْ അവരില്‍ നിന്ന്, അവരെപ്പറ്റി وَإِن تُعْرِضْ നീ തിരിഞ്ഞുകളയുന്ന പക്ഷം عَنْهُمْ അവരില്‍ നിന്ന് فَلَن يَضُرُّوكَ അവര്‍ നിനക്ക് ഉപദ്രവം വരുത്തുന്നതേയല്ല, നിന്നെ ഉപദ്രവിക്കയില്ലതന്നെ شَيْئًا യാതൊന്നും وَإِنْ حَكَمْتَ നീ വിധിച്ചുവെങ്കിലോ فَاحْكُم بَيْنَهُم എന്നാലവര്‍ക്കിടയില്‍ നീ വിധിക്കുക بِالْقِسْطِ നീതി മുറയനുസരിച്ച്, നീതികൊണ്ട് إِنَّ اللَّهَ നിശ്ചയമായും അല്ലാഹു يُحِبُّ അവന്‍ സ്‌നേഹിക്കുന്നു, ഇഷ്ടപ്പെടും الْمُقْسِطِينَ നീതിമുറ പാലിക്കുന്നവരെ
5:46
  • وَكَيْفَ يُحَكِّمُونَكَ وَعِندَهُمُ ٱلتَّوْرَىٰةُ فِيهَا حُكْمُ ٱللَّهِ ثُمَّ يَتَوَلَّوْنَ مِنۢ بَعْدِ ذَٰلِكَ ۚ وَمَآ أُو۟لَٰٓئِكَ بِٱلْمُؤْمِنِينَ ﴾٤٦﴿
  • നിന്നെ എങ്ങിനെ അവര്‍വിധികര്‍ത്താവാക്കും- അവരുടെ പക്കല്‍ തൗറാത്തുണ്ടായിരിക്കെ?! (അതെ) അല്ലാഹുവിന്‍റെ വിധി അതിലുണ്ട്; പിന്നെ(യും) അതിനു ശേഷം അവര്‍ തിരിഞ്ഞു പോകുന്നു (എന്നിരിക്കെ)!അക്കൂട്ടര്‍, വിശ്വാസികളേ അല്ല.
  • وَكَيْفَ എങ്ങിനെ يُحَكِّمُونَكَ നിന്നെ അവര്‍ വിധികര്‍ത്താവാക്കും وَعِندَهُمُ അവരുടെപക്കലിരിക്കെ, അവരുടെ അടുക്കലുണ്ടല്ലോ التَّوْرَاةُ തൗറാത്ത് فِيهَا അതിലുണ്ട് حُكْمُ اللَّهِ അല്ലാഹുവിന്‍റെ വിധി ثُمَّ يَتَوَلَّوْنَ പിന്നെ അവര്‍ തിരിഞ്ഞു പോകുന്നു مِن بَعْدِ ذَٰلِكَ അതിനു ശേഷം وَمَا أُولَٰئِكَ അക്കൂട്ടരല്ല بِالْمُؤْمِنِينَ വിശ്വാസികള്‍

തന്നിഷ്ടത്തിനും, കാര്യലാഭങ്ങള്‍ക്കും വേണ്ടി അല്ലാഹുവിന്‍റെയും റസൂലിന്‍റെയും കല്‍പനകളെ ധിക്കരിച്ചും, മതനിയമങ്ങളെ മാറ്റിമറിച്ചും വരുന്ന യഹൂദികളും, അവരുടെ ചാരന്മാരും അനുഭാവികളുമായി വര്‍ത്തിക്കുന്ന കപടവിശ്വാസികളും അവിശ്വാസത്തിന്‍റെ അഗാധതയിലേക്ക് ദ്രുതഗമനം ചെയ്തും കൊണ്ടിരിക്കുകയാണ്. അതുകണ്ട് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) വ്യസനിക്കേണ്ടതില്ല. അവരെകൊണ്ടുള്ള ശല്യം അല്ലാഹു തീര്‍ത്തു തരുന്നതാണ് എന്ന് അല്ലാഹു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യെ സമാധാനിപ്പിക്കുന്നു. ഈ വചനങ്ങളുടെ അവതരണത്തിന് ആസ്പദമായ ഒരു സംഭവം ബുഖാരീ, മുസ്‌ലിം (റ) മുതലായവര്‍ഒന്നിലധികം മാര്‍ഗങ്ങളില്‍ കൂടി ഉദ്ധരിച്ചിരിക്കുന്നു. ഈ വചനങ്ങളിലെ ഉള്ളടക്കം ഗ്രഹിക്കുവാന്‍ ഉതകുന്ന ആ സംഭവം ഇതാണ്:-

‘യഹൂദികളില്‍ ഒരു പുരുഷനും സ്ത്രീയും വ്യഭിചാരം ചെയ്തു. വ്യഭിചാരം ചെയ്തവരെ എറിഞ്ഞു കൊല്ലുവാനാണ് തൗറാത്തിലെ വിധി എങ്കിലും ആ വിധിക്കു പകരം അവര്‍ മറ്റൊരു വിധി നിര്‍മിച്ചു നടപ്പില്‍വരുത്തുകയാണ് ചെയ്തിരുന്നത്. ചമ്മട്ടി കൊണ്ട് അടിക്കുക, മുഖത്തു ചൂടു കുത്തുക (തീ പൊള്ളിക്കുക), കഴുതപ്പുറത്ത് തിരിച്ചിരുത്തി അങ്ങാടി ചുറ്റിച്ചു അപമാനിക്കുക എന്നൊക്കെയാണ്. ഈ രണ്ടാളെപ്പറ്റി എന്ത് ശിക്ഷ കൈക്കൊള്ളണമെന്ന് തീരുമാനിക്കുവാന്‍ അവര്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ അടുക്കലേക്കു ആളയച്ചു. അനൂകൂലമായ വിധി കിട്ടിയാല്‍ അതു സ്വീകരിക്കാം. ഒരു പ്രവാചകന്‍റെ വിധി കിട്ടിയെന്ന് തൃപ്തി അടയുകയും ചെയ്യാം. ഇല്ലാത്തപക്ഷം, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യുടെ വിധി തങ്ങള്‍ക്ക് ബാധകമല്ലെന്ന് പറഞ്ഞു തള്ളിക്കളയുകയും ചെയ്യാം. ഇതായിരുന്നു അവരുടെ ലക്ഷ്യം. തൗറാത്തിന്‍റെ നിയമമനുസരിച്ച് എറിഞ്ഞു കൊല്ലുവാന്‍ തന്നെയാണ്നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) വിധിച്ചത്. തൗറാത്തില്‍ അങ്ങിനെ വിധിയില്ലെന്ന് യഹൂദികള്‍ വാദിച്ചു. ഉണ്ടെന്നു അബ്ദുല്ലാഹിബ് നുസലാമും (റ) പറഞ്ഞു. അദ്ദേഹം മുമ്പ് യഹൂദ പണ്ഡിതനായിരുന്നുവല്ലോ. തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അവരോട് തൗറാത്ത് കൊണ്ടു വരുവാന്‍ കല്പിച്ചു. അവരുടെ കൂട്ടത്തില്‍ ഏറ്റവും വലിയ പണ്ഡിതനായിരുന്ന ഒരാള്‍-ഇബ്നുസ്വൂരിയാ-തൗറാത്തെടുത്തു ആ വിഷയത്തെ സംബന്ധിച്ച ഭാഗം വായിച്ചു. ഇടക്ക് ഒരു സ്ഥലത്തെത്തിയപ്പോള്‍ അവന്‍ അവിടെ കൈവെച്ച് അതിനപ്പുറം വായിക്കുകയായി. തിരുമേനി അവനോട് കൈപൊക്കുവാന്‍ ആവശ്യപ്പെട്ടു. നോക്കുമ്പോള്‍ എറിഞ്ഞു കൊല്ലുവാന്‍ കല്‍പിക്കുന്ന സൂക്തമായിരുന്നു അത്. (*) അങ്ങനെ, തൗറാത്തിന്‍റെ നിയമമനുസരിച്ചു ആ പുരുഷനെയും സ്ത്രീയെയും എറിഞ്ഞുകൊന്നു’. ചില രിവായത്തുകളില്‍ഇങ്ങിനെയും കൂടിയുണ്ട്: ‘തൗറാത്തിലെ വിധി തങ്ങള്‍ പറയും പ്രകാരമാണെന്നു പറഞ്ഞപ്പോള്‍, കൂട്ടത്തില്‍ മൗനമവലംബിച്ചു നിന്നിരുന്ന ഒരാളോട് അല്ലാഹുവിനെ മുന്‍നിറുത്തി സത്യം തുറന്നു പറയുവാന്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ആവശ്യപ്പെട്ടു. അങ്ങനെ, അയാള്‍സത്യം തുറന്നു പറഞ്ഞു. എറിഞ്ഞു കൊല്ലണമെന്ന് തൗറാത്തിലുണ്ടെന്നും, കുലീന കുടുംബത്തില്‍പെട്ട ചിലര്‍ക്കുവേണ്ടി ഞങ്ങള്‍ അതില്‍ വിട്ടുവീഴ്ചചെയ്യുകയും, ക്രമേണ അതൊരു അംഗീകൃത നടപടിയായി സ്വീകരിക്കയുമാണ് ഉണ്ടായിട്ടുള്ളതെന്നും അയാള്‍ വ്യക്തമാക്കി’. ഇതാണാ സംഭവം.

ഉന്നത വര്‍ഗത്തില്‍ പെട്ടവര്‍ കൊലക്കുറ്റം ചെയ്താല്‍ പ്രതികാര നടപടിയില്‍ഇളവനുവദിച്ചു കൊണ്ടും, സാധാരണക്കാര്‍ കൊലചെയ്താല്‍ പൂര്‍ണമായ നടപടി സ്വീകരിച്ചു കൊണ്ടും തീരുമാനമെടുക്കലും യഹൂദികളുടെ പതിവായിരുന്നുവെന്നും, ഒരു സംഭവത്തില്‍ കക്ഷികള്‍ തമ്മിലുണ്ടായ വഴക്കിനെത്തുടര്‍ന്നു അവര്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ തീരുമാനത്തിന് വെക്കുവാന്‍ നിശ്ചയിച്ചുവെന്നും, ആ സന്ദര്‍ഭത്തിലാണ് ഈ വചനങ്ങള്‍ അവതരിച്ചതെന്നും വേറെ ചില ഹദീഥുകളിലും വന്നിരിക്കുന്നു. 48-ാം വചനത്തിലെ ഉള്ളടക്കം ഇതിനോട് കൂടുതല്‍ യോജിക്കുന്നതായും ചൂണ്ടിക്കാട്ടപ്പെടുന്നു. ഇബ്‌നു കഥീര്‍ (റ) പ്രസ്താവിച്ചതുപോലെ, ഒന്നിലധികം സംഭവങ്ങളെ തുടര്‍ന്ന് അവതരിച്ചതാകുന്നതിനും വിരോധമില്ലല്ലോ. الله اعلم

سَمَّاعُونَ لِلْكَذِبِ എന്ന വാക്കിന് പരിഭാഷയില്‍ കണ്ടതുപോലെ, ‘വ്യാജത്തിലേക്കു ചെവികൊടുക്കുന്നവര്‍’ എന്നും ‘വ്യാജത്തിനുവേണ്ടി ചെവി കൊടുക്കുന്നവര്‍’ എന്നും അര്‍ത്ഥം വരാം. കള്ളവാര്‍ത്തകള്‍ കേള്‍ക്കുകയും, പ്രചരിപ്പിക്കുകയും ചെയ്യുന്നതില്‍ അവര്‍ക്ക് വലിയ താല്‍പര്യമാണെന്നായിരിക്കും ആദ്യത്തെ അര്‍ത്ഥപ്രകാരം അതിന്‍റെ സാരം. രണ്ടാമത്തെ അര്‍ത്ഥപ്രകാരം എന്തെങ്കിലും ഹേതു കിട്ടി കളവ് പറഞ്ഞു പരത്തുവാന്‍ വേണ്ടിയാണവര്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ അടുക്കല്‍ വന്നു വല്ലതും കേള്‍ക്കുന്നത് എന്നും സാരമായിരിക്കും. سَمَّاعُونَ لِقَوْمٍ آخَرِينَ എന്ന വാക്കിനും അതുപോലെ, ‘മറ്റൊരു ജനതയിലേക്ക് ചെവി കൊടുക്കുന്നവര്‍’ എന്നും, ‘മറ്റൊരു ജനതക്കുവേണ്ടി ചെവികൊടുക്കുന്നവര്‍’ എന്നും അര്‍ത്ഥം ആകാവുന്നതാണ്. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ വാക്കുകളിലേക്കല്ല- മറ്റൊരു കൂട്ടരുടെ വാക്കുകളിലേക്കാണ്-അവരുടെ ശ്രദ്ധ എന്ന് ഒന്നാമത്തേതിനും, മറ്റൊരു ജനതയുടെ ആവശ്യാര്‍ത്ഥമാണ്-അവര്‍ക്ക് ആരോപണങ്ങള്‍ ഉന്നയിക്കുവാന്‍ വല്ല പഴുതും ഉണ്ടാക്കിക്കൊടുക്കുവാന്‍ വേണ്ടിയാണ്-അവര്‍നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ അടുക്കല്‍ ചെന്നു ചെവിയോര്‍ക്കുന്നത് എന്ന് രണ്ടാമത്തേതിനും സാരം നല്‍കപ്പെടുന്നു. ക്വുര്‍ആന്‍ വ്യാഖ്യാതാക്കളില്‍ രണ്ടര്‍ത്ഥങ്ങളും സ്വീകരിച്ചവരുണ്ട്. ‘മറ്റൊരു ജനത’ കൊണ്ടുദ്ദേശ്യം, അഹങ്കാരം നിമിത്തം നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ അടുക്കല്‍ വരാതെ അകലെ നിന്ന് കുത്തിത്തിരിപ്പു നടത്തുന്ന യഹൂദികളാകുന്നു. ഇതു സൂചിപ്പിച്ചുകൊണ്ടാണ് لَمْ يَأْتُوكَ (നിന്‍റെ അടുക്കല്‍ വന്നിട്ടില്ലാത്ത) എന്ന് അവരെ വിശേഷിപ്പിച്ചത്. ‘ചെവി കൊടുക്കുന്നവര്‍’ എന്ന് മാത്രമല്ല, ചെവി കൊടുക്കല്‍ പതിവാക്കിയവര്‍, താല്‍പര്യപൂര്‍വ്വം കേള്‍ക്കാറുള്ളവര്‍’ എന്നിങ്ങനെയുള്ള അര്‍ത്ഥം കൂടി അന്തര്‍ഭവിച്ചിട്ടുള്ളതാണ് سَمَّاعُونَ (സമ്മാഊന) എന്ന വാക്കിന്‍റെ രൂപം. അതുപോലെത്തന്നെയാണ് أَكَّالوُنَ (അക്കാലൂന) എന്ന വാക്കും. തീറ്റക്കാര്‍, അധികമായി തിന്നുന്നവര്‍, തിന്നല്‍ പതിവാക്കിയവര്‍ എന്നിങ്ങിനെയുള്ള അര്‍ത്ഥങ്ങള്‍ അതിലും അടങ്ങിയിരിക്കുന്നു. (*) കള്ളാരോപണങ്ങളും ദുഷ്പ്രചരണങ്ങളും നടത്തുന്ന യഹൂദികളും, അവര്‍ക്കുവേണ്ടി ചാരവൃത്തി നടത്തുകയും അവരുടെ അപവാദങ്ങള്‍ക്ക് വളംവെച്ചുകൊടുക്കുകയും ചെയ്യുന്ന കപടവിശ്വാസികളുമാണ് ഉദ്ദേശ്യം.


(*) അറബി വ്യാകരണ ശാസ്ത്രത്തി (علم الن حو) ല്‍ ഇങ്ങിനെയുള്ള വിശേഷണനാമങ്ങള്‍ക്കു اسماء المبالغة (ശക്തികൂട്ടിപ്പറയുന്ന നാമങ്ങള്‍) എന്ന് സാങ്കേതികമായി പറയപ്പെടുന്നു.


يُحَرِّفُونَ الْكَلِمَ…….. (വാക്കുകളുടെ സ്ഥാനങ്ങള്‍ക്ക് ശേഷം അവര്‍ മാറ്റം വരുത്തും)എന്നു പറഞ്ഞത് യഹൂദികളെക്കുറിച്ചാകുന്നു. ഇന്നിന്ന കാര്യങ്ങള്‍ ഇന്നിന്ന പ്രകാരമെന്ന് അല്ലാഹു വേദഗ്രന്ഥത്തില്‍ നിര്‍ണയിച്ചു കഴിഞ്ഞിട്ട് പിന്നെയും അവയില്‍ ചിലത് മൂടിവെക്കുകയും, ചിലതിന്‍റെ അര്‍ത്ഥവും സന്ദര്‍ഭവും മാറ്റുകയും, ചിലത് ദുര്‍വ്യാഖ്യാനം നടത്തുകയും ചെയ്യുന്ന അവരുടെ പതിവിനെയാണ് ഇത് കുറിക്കുന്നത്…….. إِنْ أُوتِيتُمْ هَٰذَا فَخُذُوهُ (നിങ്ങള്‍ക്ക് ഇത് നല്‍കപ്പെട്ടെങ്കില്‍ സ്വീകരിച്ചുകൊള്ളുക; ഇല്ലെങ്കില്‍ കാത്തുകൊള്ളുക) എന്ന് പറഞ്ഞത്-മുകളില്‍ ഉദ്ധരിച്ച സംഭവത്തില്‍ കണ്ടതുപോലെ-അവരുടെ അഭീഷ്ടങ്ങള്‍ക്ക് യോജിക്കുന്ന വല്ലതും നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞാല്‍അത് സ്വീകരിക്കുന്നതിനെ ഉദ്ദേശിച്ചുമാകുന്നു. അവര്‍ എത്രമാത്രം ദുഷിച്ചുപോയിട്ടുണ്ടെന്നും, അവരുടെ ഹൃദയം എത്രത്തോളം കടുത്തുപോയിട്ടുണ്ടെന്നും ഇതില്‍നിന്നൊക്കെ വ്യക്തമാണല്ലോ. ആകയാല്‍, അവര്‍ നന്നായിത്തീരുമെന്നോ, അവരുടെ ഹൃദയം ശുദ്ധമായിത്തീരുമെന്നോ പ്രതീക്ഷിക്കേണ്ടതില്ലെന്ന് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യെ അറിയിക്കുന്നതാണ്: ‘ആരെയെങ്കിലും അല്ലാഹു പരീക്ഷണം നടത്തുവാന്‍ ഉദ്ദേശിക്കുന്നപക്ഷം അല്ലാഹുവിങ്കല്‍ നിന്ന് അവര്‍ക്കുവേണ്ടി വല്ലതും ചെയ്‌വാന്‍ നിനക്ക് കഴിയുന്നതേയല്ല; ഹൃദയം ശുദ്ധിയാക്കുവാന്‍ അല്ലാഹു ഉദ്ദേശിച്ചിട്ടില്ലാത്ത ഒരു കൂട്ടരാണവര്‍’ എന്ന വാക്യം.

فتنة (ഫിത്‌നഃ) എന്ന വാക്കിനു ‘കുഴപ്പം, പരീക്ഷണം, ശിക്ഷ, അപമാനം, ദുര്‍മാര്‍ഗം, ഭ്രാന്ത്, ആപത്ത്’ എന്നൊക്കെ സന്ദര്‍ഭോചിതം അര്‍ത്ഥം വരും. എന്നാല്‍ഇമാം റാസീ (റ) ചൂണ്ടിക്കാട്ടിയതുപോലെ-ഇവിടെ വാക്കര്‍ത്ഥം എന്തു കൊടുത്താലും യഹൂദികളെപ്പറ്റി മേല്‍ പ്രസ്താവിച്ച ദുര്‍ന്നടപ്പുകളിലാണത് കലാശിക്കുന്നത്. അല്ലാഹു അവരെ ഫിത്‌നയാക്കുവാന്‍ ഉദ്ദേശിച്ചുവെന്നും അവരുടെ ഹൃദയം ശുദ്ധിയാക്കുവാന്‍ഉദ്ദേശിച്ചിട്ടില്ല എന്നും അല്ലാഹു വ്യക്തമാക്കിയിരിക്കുകയാണ്. ഒരു യുക്തിതത്വമോ, മാനദണ്ഡമോ കൂടാതെ അല്ലാഹു ചിലരെ ദുര്‍മാര്‍ഗത്തിലാക്കുമെന്നല്ല ഇതിന്‍റെ താല്‍പര്യം. നന്നായിത്തീരുവാനും ഹൃദയം ശുദ്ധമാകുവാനുമുള്ള ആഗ്രഹമോ പ്രവര്‍ത്തനമോ ഒന്നും തന്നെ ഇല്ലാത്തതുകൊണ്ട് അവരെ ശുദ്ധീകരിച്ചു നന്നാക്കാതെ അവരുടെ ദുര്‍മാര്‍ഗത്തില്‍ യഥേഷ്ടം വിഹരിച്ചുകൊള്ളുവാന്‍ അവരെ അല്ലാഹു വിട്ടിരിക്കുകയാണ് എന്നത്രെ അതിന്‍റെ താല്‍പര്യം. (3:86 മുതലായ വചനങ്ങള്‍ നോക്കുക)ഇഹത്തില്‍ അവര്‍ക്ക് അപമാനവും പരത്തില്‍ വമ്പിച്ച ശിക്ഷയും ഉണ്ട് (…….لَهُمْ فِي الدُّنْيَا خِزْيٌ) എന്ന് പറഞ്ഞതിന്‍റെ സാരം പ്രത്യേകം വിവരിക്കേണ്ടതില്ലല്ലോ. അവരെപ്പറ്റി ഇത്രയൊക്കെ പ്രസ്താവിച്ചിട്ടു പിന്നെയും അവര്‍ വ്യാജത്തിന് ചെവികൊടുത്തു വരുന്നവരാണ്, അവര്‍ നിഷിദ്ധം തിന്നല്‍ പതിവാക്കിയവരാണ് (…… سَمَّاعُونَ لِلْكَذِبِ أَكَّالُونَ لِلسُّحْتِ ) എന്നു കൂടി അല്ലാഹു ആക്ഷേപിക്കുന്നു. അല്ലാഹുവിനു അവരോടുള്ള കഠിനമായ വെറുപ്പം അമര്‍ഷവുമാണിത് കാണിക്കുന്നത്. അവരുടെ കാര്യങ്ങള്‍ വ്യാജത്തില്‍ അധിഷ്ഠിതമാണ്, അവരുടെ ഉപജീവന മാര്‍ഗമാണെങ്കില്‍ മതവിധികളെ മാറ്റി മറിച്ചു കൊടുക്കുന്നതിന്‍റെ പേരില്‍ കൈക്കൂലിയും കോഴയും വാങ്ങുക പോലെയുള്ള നിഷിദ്ധ കൃത്യങ്ങളുമാണ്. പിന്നെ അവര്‍ എങ്ങിനെ നന്നായിത്തീരുവാനാണ്?! എന്നിങ്ങിനെ ഒരു സൂചന അതില്‍ അടങ്ങിയിരിക്കുന്നു.

ഏതായാലും വല്ല വിഷയത്തിലും അവര്‍ വിധി തേടി ക്കൊണ്ട് വന്നാല്‍, അവര്‍ക്ക് വിധി കൊടുക്കുകയോ, കൊടുക്കാതിരിക്കുയോ ഇഷ്ടം പോലെ ചെയ്യാം; പക്ഷേ, വിധി കൊടുക്കുന്ന പക്ഷം അതു നീതി മുറയനുസരിച്ചേ കൊടുക്കാവൂ എന്ന് അല്ലാഹു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യെ ഉപദേശിക്കുന്നു. അവരുടെ പക്കല്‍ തൗറാത്തുണ്ട്; ആവശ്യമുള്ള കാര്യങ്ങളെക്കുറിച്ചുള്ള വിധികളും അതിലുണ്ട്; എന്നിട്ടും അതവര്‍ അനുസരിക്കാതെ പുറം തള്ളുകയാണ് ചെയ്യുന്നത്; എന്നിരിക്കെ ചിലപ്പോഴൊക്കെ അവര്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ അടുക്കല്‍ വന്നു വിധി തേടുന്നത് എന്തിനാണ്?! ഇതു ഒരത്ഭുതം തന്നെയാണ് എന്നത്രെ 46-ാം വചനത്തില്‍ പറഞ്ഞതിന്‍റെ സാരം. അതെ, അതവരുടെ സദുദ്ദേശ്യത്തില്‍ നിന്നുണ്ടാകുന്നതല്ല; തങ്ങളുടെ ആഗ്രഹത്തിനൊത്ത വിധി കിട്ടിയെങ്കിലോ എന്നുള്ള ദുര്‍മോഹമാണതിന്‍റെ പിന്നിലുള്ളത് എന്നു വ്യക്തമാണല്ലോ.

46-ാം വചനത്തെയും അതുപോലെയുള്ള വേറെ ചില വചനങ്ങളെയും ദുര്‍വ്യാഖ്യാനം ചെയ്തുകൊണ്ട് മുസ്‌ലിംകളെക്കൊണ്ട് ബൈബ്‌ളിനെ അംഗീകരിപ്പിക്കുവാന്‍ പാതിരിമാര്‍ നടത്താറുള്ള ശ്രമങ്ങളെപ്പറ്റി 50-ാം വചനത്തിന്‍റെ വ്യാഖ്യാനത്തില്‍ വിവരിക്കാം. ان شاءاللَّه

വിഭാഗം - 7

5:47
  • إِنَّآ أَنزَلْنَا ٱلتَّوْرَىٰةَ فِيهَا هُدًى وَنُورٌ ۚ يَحْكُمُ بِهَا ٱلنَّبِيُّونَ ٱلَّذِينَ أَسْلَمُوا۟ لِلَّذِينَ هَادُوا۟ وَٱلرَّبَّٰنِيُّونَ وَٱلْأَحْبَارُ بِمَا ٱسْتُحْفِظُوا۟ مِن كِتَٰبِ ٱللَّهِ وَكَانُوا۟ عَلَيْهِ شُهَدَآءَ ۚ فَلَا تَخْشَوُا۟ ٱلنَّاسَ وَٱخْشَوْنِ وَلَا تَشْتَرُوا۟ بِـَٔايَٰتِى ثَمَنًا قَلِيلًا ۚ وَمَن لَّمْ يَحْكُم بِمَآ أَنزَلَ ٱللَّهُ فَأُو۟لَٰٓئِكَ هُمُ ٱلْكَٰفِرُونَ ﴾٤٧﴿
  • നിശ്ചയമായും, നാം തൗറാത്ത് അവതരിപ്പിച്ചിരിക്കുന്നു; അതില്‍ മാര്‍ഗദര്‍ശനവും പ്രകാശവുമുണ്ട്. (ഇസ്‌ലാമിനെ അംഗീകരിച്ചു) കീഴൊതുങ്ങിയവരായ പ്രവാചകന്മാര്‍ യഹൂദരായുള്ളവര്‍ക്ക് അത് പ്രകാരം വിധിച്ചുകൊടുത്തിരുന്നു: 'റബ്ബാനീ' കളും [പുണ്യ പുരുഷന്മാരും], പണ്ഡിതന്മാരും (വിധിച്ചു കൊടുത്തിരുന്നു); (അതെ) അല്ലാഹുവിന്‍റെ ഗ്രന്ഥത്തെ സംബന്ധിച്ച് അവരോടു കാത്തു സൂക്ഷിക്കുവാന്‍ ഏല്‍പിക്കപ്പെട്ടതും, അതിന് അവര്‍ സാക്ഷ്യം വഹിക്കുന്നവരായിരുന്നതും നിമിത്തം. [അതു കൊണ്ടാണ് അവര്‍ അതു പ്രകാരം വിധിച്ചിരുന്നത്] ആകയാല്‍, നിങ്ങള്‍ മനുഷ്യരെ പേടിക്കരുത്; എന്നെ നിങ്ങള്‍ പേടിക്കുകയും ചെയ്യണം; എന്‍റെ 'ആയത്തു ' [ലക്ഷ്യം]കള്‍ക്ക് നിങ്ങള്‍ തുച്ഛമായ വില വാങ്ങുകയും ചെയ്യരുത്. ആര്‍ അല്ലാഹു അവതരിപ്പിച്ചത് പ്രകാരം വിധിക്കുന്നില്ലയോ, അക്കൂട്ടര്‍ തന്നെയാണ് അവിശ്വാസികള്‍.
  • إِنَّا أَنزَلْنَا നിശ്ചയമായും നാം അവതരിപ്പിച്ചു التَّوْرَاةَ തൗറാത്തിനെ فِيهَا هُدًى അതിലുണ്ട് മാര്‍ഗദര്‍ശനം وَنُورٌ പ്രകാശവും يَحْكُمُ بِهَا അതുകൊണ്ട് (അതുപ്രകാരം) വിധിച്ചിരുന്നു النَّبِيُّونَ നബി (പ്രവാചകന്‍)മാര്‍ الَّذِينَ أَسْلَمُوا ഇസ്‌ലാം അംഗീകരിച്ച (കീഴൊതുങ്ങിയ)വരായ لِلَّذِينَ هَادُوا യഹൂദികളായവര്‍ക്ക് وَالرَّبَّانِيُّونَ റബ്ബാനീകളും (പുണ്യവാന്മാരും, മതനേതാക്കളും) وَالْأَحْبَارُ പണ്ഡിതന്മാരും بِمَا اسْتُحْفِظُوا അവര്‍ സൂക്ഷിക്കു(കാക്കു)വാന്‍ ഏല്‍പിക്കപ്പെട്ടിരിക്കകൊണ്ട് مِن كِتَابِ اللَّهِ അല്ലാഹുവിന്‍റെ ഗ്രന്ഥത്തില്‍ നിന്നും, ഗ്രന്ഥത്തെ സംബന്ധിച്ചു وَكَانُوا അവര്‍ ആയിരിക്കുകയും عَلَيْهِ അതിന്, അതിന്‍റെ മേല്‍ شُهَدَاءَ സാക്ഷികള്‍ فَلَا تَخْشَوُا അതിനാല്‍ നിങ്ങള്‍ പേടിക്കേണ്ട النَّاسَ മനുഷ്യരെ وَاخْشَوْنِ എന്നെ നിങ്ങള്‍ പേടിക്കുകയും ചെയ്‌വിന്‍ وَلَا تَشْتَرُوا നിങ്ങള്‍ വാങ്ങുകയും അരുത് بِآيَاتِي എന്‍റെ ആയത്തുകള്‍ക്ക് ثَمَنًا قَلِيلًا അല്‍പ(തുച്ഛ) വില وَمَن لَّمْ يَحْكُم ആര്‍ വിധിച്ചില്ലയോ بِمَا أَنزَلَ اللَّهُ അല്ലാഹു അവതരിപ്പിച്ചതുകൊണ്ട്, അവതരിപ്പിച്ച പ്രകാരം فَأُولَٰئِكَ هُمُ എന്നാല്‍ അക്കൂട്ടര്‍ തന്നെ الْكَافِرُونَ അവിശ്വാസികള്‍, നന്ദികെട്ടവര്‍

കഴിഞ്ഞ വചനത്തിലെ പ്രതിപാദ്യ വിഷയങ്ങളുമായി ബന്ധപ്പെട്ടത് തന്നെയാണ് ഈ വചനവും അടുത്ത ചില വചനങ്ങളും തൗറാത്തിന്‍റെ അനുയായികളെന്ന് വാദിക്കുന്ന ആ ജനതയുടെ -യഹൂദികളുടെ- സ്ഥിതിഗതികള്‍ മുമ്പ് വിവരിച്ചതു പോലെയാണ്. എന്നാല്‍, ആ ഗ്രന്ഥം അല്ലാഹു അവതരിപ്പിച്ചതാണ്. ജനങ്ങള്‍ക്ക് സന്മാര്‍ഗം പ്രാപിക്കുവാനാവശ്യമായ മാര്‍ഗദര്‍ശനങ്ങളും, അജ്ഞാനാന്ധകാരങ്ങളില്‍നിന്ന് മോചനം നല്‍കുവാനുള്ള പ്രകാശവും ഉള്‍ക്കൊളളുന്നതാണത്. അല്ലാഹുവിങ്കല്‍ നിന്നുള്ള ഏക മതമായ ഇസ്‌ലാമിന്‍റെ അനുയായികളെന്ന നിലക്ക് അവന്‍റെ നിയമ നിര്‍ദ്ദേശങ്ങള്‍ക്കു കീഴൊതുങ്ങിക്കൊണ്ടിരിക്കുന്ന പല പ്രവാചകന്മാരും, അതത് കാലങ്ങളിലെ മത നേതാക്കളും പുണ്യവാന്മാരുമായിരുന്ന ‘റബ്ബാനീ’കളും, പണ്ഡിതന്മാരുമൊക്കെ അതിലെ നിയമങ്ങളനുസരിച്ചു അവര്‍ക്കിടയില്‍ വളരെക്കാലം വിധി നടത്തിപ്പോന്നിട്ടുമുണ്ട്. വേദഗ്രന്ഥത്തിന്‍റെ സംരക്ഷണവും, അതിന്‍റെ പ്രബോധന കൃത്യവും ഏല്‍പിക്കപ്പെട്ടവരായിരുന്നു അവര്‍. അതിന്‍റെ സത്യതക്കും പരിശുദ്ധതക്കും അവര്‍ സാക്ഷികളുമായിരുന്നു. അതുകൊണ്ട് അവര്‍ ആ ചുമതല നിര്‍വ്വഹിച്ചുപോന്നു. ഈ പാരമ്പര്യം നിലനിറുത്തേണ്ടുന്നവരാണ് യഹൂദികള്‍ എന്നൊക്കെയാണ് ഈ വചന ത്തിലെ ആദ്യഭാഗത്തിന്‍റെ സാരം.

‘ആകയാല്‍, നിങ്ങള്‍ ജനങ്ങളെ പേടിക്കേണ്ട, എന്നെ നിങ്ങള്‍ പേടിക്കുകയും വേണം’ (فَلَا تَخْشَوُا النَّاسَ وَاخْشَوْنِ) എന്ന വാക്യം യഹൂദികളെയും സത്യവിശ്വാസികളെയും അഭിമുഖീകരിച്ചു കൊണ്ടുള്ളതാണ്. ജനങ്ങളെ ഭയന്നുകൊണ്ട്- ജനാനുകൂല്യം നഷ്ടപ്പെടുമെന്ന് പേടിച്ചുകൊണ്ട്-അല്ലാഹുവിന്‍റെ നിയമങ്ങള്‍ മാറ്റിമറിക്കലും അത് ഒരു വരുമാന മാര്‍ഗമായി സ്വീകരിക്കലും നിറുത്തല്‍ ചെയ്യണമെന്ന ഒരു സൂചന, യഹൂദികളെ സംബന്ധിച്ചിടത്തോളം ഈ വാക്യത്തില്‍ അടങ്ങിയിരിക്കുന്നു. യഹൂദികളുടെ അത്തരം ദുഃസ്വഭാവങ്ങള്‍ നിങ്ങളില്‍ ഉണ്ടായിത്തീരുന്നത് സൂക്ഷിക്കണമെന്നൊരു താക്കീത് അതില്‍ സത്യവിശ്വാസികള്‍ക്കും ഉണ്ടായിരിക്കും. ‘എന്‍റെ ആയത്തുകള്‍ക്ക് തുച്ഛമായ വില വാങ്ങരുത്’ എന്ന അടുത്ത വാക്യത്തില്‍നിന്ന് ഇത് മനസ്സിലാക്കാവുന്നതാണ്. ‘അല്ലാഹു അവതരിപ്പിച്ചതനുസരിച്ചു ആര്‍ വിധിക്കുന്നില്ലയോ അക്കൂട്ടര്‍ തന്നെ യാണ് അവിശ്വാസികള്‍’ (وَمَن لَّمْ يَحْكُم بِمَا أَنزَلَ اللَّهُ فَأُولَٰئِكَ هُمُ الْكَافِرُونَ) എന്ന് പറഞ്ഞുകൊണ്ട് ഈ താക്കീത് വീണ്ടും അല്ലാഹു ഒന്നുകൂടി ശക്തിപ്പെടുത്തുന്നു.

അല്ലാഹു അവതരിപ്പിച്ചതനുസരിച്ച് വിധിക്കാത്തവരെപ്പറ്റി അവര്‍ അക്രമികളാകുന്നു (هُمُ الظَّالِمُونَ) എന്ന് അടുത്ത വചനത്തിലും, അവര്‍ തോന്നിയവാസികളാണ് (هُمُ الْفَاسِقُونَ) എന്നു 50-ാം വചനത്തിലും അല്ലാഹു പറയുന്നുണ്ട്. ഈ വചനത്തില്‍ അവര്‍ അവിശ്വാസികളാണ് (هُمُ الْكَافِرُونَ) എന്നും പറഞ്ഞിരിക്കുന്നു. ‘അവര്‍ അവിശ്വാസികളാണ്’ എന്നുള്ള ഈ വാക്യം അതിന്‍റെ പ്രത്യക്ഷാര്‍ത്ഥത്തിലുള്ള ഒരു പൊതു തത്വമെന്ന നിലക്കല്ല അല്ലാഹു പറഞ്ഞിരിക്കുന്നത് എന്നാണ് മനസ്സിലാകുന്നത്. കാരണം-അങ്ങിനെയാകുമ്പോള്‍-സംശയരഹിതമായി അറിയപ്പെടുന്ന മറ്റു ചില തത്വങ്ങളുമായി അത് യോജിക്കാതെ വരുന്നു. ഉദാഹരണമായി: ക്വുര്‍ആനില്‍ പ്രസ്താവിക്കപ്പെട്ടിട്ടില്ലാത്ത വല്ല വിധിയും-അത് യഥാര്‍ത്ഥത്തില്‍ ശരിയായ വിധി ആയിരുന്നാല്‍ തന്നെയും-വിധിക്കുന്നവരെല്ലാം അവിശ്വാസികളായിരുന്നുവെന്ന് പറയേണ്ടിവരും. അതു പോലെ തന്നെ, ക്വുര്‍ആന്‍റെ വല്ല വിധിയെയും നിഷേധിക്കുകയോ, തന്‍റെ വിധി ഒരു മതവിധിയായി ഗണിക്കുകയോ ചെയ്യാതെ ആരെങ്കിലും ഒരു തെറ്റായ വിധി വിധി ച്ചാല്‍ അവരും അവിശ്വാസികളാണ്- ഇസ്‌ലാമില്‍ നിന്ന് പുറത്തായവരാണ്-എന്നും പറയേണ്ടിവരും. അതുകൊണ്ട് هُمُ الْكَافِرُونَ (അവര്‍ അവിശ്വാസികളാണ്) എന്നുള്ള ഈ വാക്യത്തിന്‍റെ ഉദ്ദേശ്യം വിവരിക്കുന്നതില്‍ മുന്‍ഗാമികളും പിന്‍ഗാമികളുമായ ക്വുര്‍ആന്‍ വ്യാഖ്യാതാക്കള്‍ ഒന്നിലധികം നിലപാട് സ്വീകരിച്ചു കാണുന്നു. അതിന്‍റെ രത്‌നച്ചുരുക്കം ഇതാണ്:-

(1) പ്രസ്തുത മൂന്നു വാക്യങ്ങളും-അവിശ്വാസികളാണെന്നും, അക്രമികളാണെന്നും, തോന്നിയവാസികളാണെന്നും പറഞ്ഞത്-യഹൂദികളെ സംബന്ധിച്ചുള്ളതാകുന്നു.

(2) യഹൂദികളും ക്രിസ്ത്യാനികളും അടങ്ങുന്ന വേദക്കാരെ സംബന്ധിച്ചു പറഞ്ഞതാണ് ആ വാക്യങ്ങള്‍. 44 മുതല്‍ 54 വരെയുള്ള വചനങ്ങളിലെ പരാമര്‍ശങ്ങള്‍ പ്രധാനമായും അവരെക്കുറിച്ചാണെന്നുള്ളത് ഇതിനു തെളിവായും പറയപ്പെടുന്നു. ഈ അഭിപ്രായത്തെയാണ് ഇബനു ജരീര്‍ (റ) പിന്‍താങ്ങിയിരിക്കുന്നത്.

(3) അല്ലാഹുവിന്‍റെ ഏതെങ്കിലും വിധിയെ നിഷേധിക്കുന്നവരെപ്പറ്റിയാണ് ഈ വാക്യം. അത് തനി അവിശ്വാസം തന്നെയാണെന്ന് പറയേണ്ടതില്ലല്ലോ.

(4) ഇവിടെ كفر (അവിശ്വാസം) കൊണ്ട് വിവക്ഷ സത്യവിശ്വാസത്തിനെതിരായ അവിശ്വാസമല്ല. അല്ലാഹുവിനോടുള്ള നന്ദികേടും, സാക്ഷാല്‍ അവിശ്വാസത്തിലേക്ക് നയിക്കുന്ന കാരണവും എന്ന അര്‍ത്ഥത്തിലാണത് പറഞ്ഞിരിക്കുന്നത്. അല്ലാഹുവിന്‍റെ വിധി നിയമങ്ങള്‍ സ്വീകരിക്കാതിരിക്കുന്നതിന്‍റെ ഗൗരവം ചൂണ്ടിക്കാട്ടുവാനാണ് ആ വാക്ക് ഉപയോഗിച്ചിരിക്കുന്നത്.

ഈ വാക്യത്തെപ്പറ്റി ഇബ്‌നു അബ്ബാസ് (റ) പറഞ്ഞതായി ഇബ്‌നു അബീഹാ തിമും, ഹാകിമും (റ) മറ്റു ചിലരും ഉദ്ധരിക്കുന്നു: ‘ഇത് നിങ്ങള്‍ വിചാരിക്കുന്ന ആ അവിശ്വാസമല്ല’. ത്വാഊസ് (റ) പറഞ്ഞതായി വക്വീഉ്(റ) ഉദ്ധരിക്കുന്നു: ‘ഇത് മതത്തില്‍ നിന്ന് നീക്കം ചെയ്യുന്ന അവിശ്വാസമല്ല’. ഇത് സംബന്ധിച്ചു പല രിവായത്തുകളും ഇബ്‌നുജരീര്‍ (റ) ഉദ്ധരിച്ചു കാണാം. കുറെയെല്ലാം ഇബ്‌നു കഥീറും (റ) ഉദ്ധരിച്ചിട്ടുണ്ട്. അവ ഉദ്ധരിച്ച ശേഷം ഇബ്‌നുജരീര്‍ (റ) പറയുകയാണ്: ‘ഈ പ്രസ്താവനകളില്‍ എന്‍റെ അടുക്കല്‍ വാസ്തവത്തോടു കൂടുതല്‍ യോജിച്ചത്, ഈ ആയത്തുകള്‍ വേദക്കാരിലുള്ള അവിശ്വാസികളെപ്പറ്റി അവതരിച്ചതാണെന്നാകുന്നു. കാരണം, ഇതിന്‍റെ മുമ്പും പിമ്പുമുള്ള ആയത്തുകള്‍ അവരെപ്പറ്റിയും അവരുടെ വിഷയത്തിലും അവതരിച്ചതാണ്. അപ്പോള്‍ ഇതും (ഈ വാക്യം) അവരെ ഉദ്ദേശിച്ചായിരിക്കുവാനാണ് കൂടുതല്‍ ന്യായം. അല്ലാഹു ഒരു പൊതുവായ വിധിയായിട്ടാണല്ലോ ഇത് പ്രസ്താവി ച്ചിരിക്കുന്നത്; എന്നിരിക്കെ, എങ്ങിനെയാണ് അത് അവരെപ്പറ്റിയുള്ള പ്രത്യേക വിധിയാകുന്നത്? എന്ന് ആരെങ്കിലും ചോദിച്ചാല്‍, അതിന് മറുപടി: അല്ലാഹുവിന്‍റെ വിധിയെ നിഷേധിക്കുന്നവരായിരുന്ന ഒരു ജനതയെക്കുറിച്ചു അല്ലാഹു പ്രസ്താവിച്ച ഒരു പൊതുവിധിയാണിത്. അവന്‍റെ വിധി അവര്‍ തള്ളിക്കളഞ്ഞ രൂപത്തില്‍ തള്ളിക്കളഞ്ഞതുകൊണ്ട് അവര്‍ അവിശ്വാസികളാണ് എന്നത്രെ അല്ലാഹു പറഞ്ഞത്. അല്ലാഹുവിന്‍റെ വിധിയെ നിഷേധിച്ചുകൊണ്ട് അവന്‍ അവതരിപ്പിച്ച പ്രകാരം വിധിക്കാതിരിക്കുന്ന എല്ലാവ രെപ്പറ്റിയും പറയുവാനുള്ളത് -ഇബ്‌നു അബ്ബാസ് പറഞ്ഞതുപോലെ- അവര്‍ അവിശ്വാസകളാണ് എന്ന് തന്നെയാകുന്നു….’

മുമ്പും പിമ്പും നോക്കാതെ, സന്ദര്‍ഭത്തില്‍നിന്ന് അടര്‍ത്തിയെടുത്തും, വാക്കര്‍ത്ഥം മാത്രം കണക്കിലെടുത്തുകൊണ്ടും ഈ വാക്യത്തിന് അര്‍ത്ഥം കല്‍പിക്കുക വഴി, മുസ്‌ലിം സമുദായത്തിന് മുന്‍കാലത്ത് വളരെയധികം ആപത്തു വരുത്തിവെച്ച ഒരു കക്ഷിയാണ് ‘ഖവാരിജ്’ ( الخوارج ). ക്വുര്‍ആനില്‍ പറയപ്പെട്ടിട്ടില്ലാത്ത വല്ല വിധിയും ഉണ്ടാക്കുന്നവര്‍ അവിശ്വാസികളാണ്-അവര്‍ ഇസ്‌ലാമില്‍ നിന്ന് പുറത്താകും-എന്നായിരുന്നു അവരുടെ വാദം.(*) അലിയും, മുആവിയായും (റ) തമ്മില്‍ ഖിലാഫത്ത് സംബന്ധിച്ചു നടന്ന വഴക്കുകാലത്ത് രണ്ടുകൂട്ടരും ചേര്‍ന്ന് ചില മദ്ധ്യസ്ഥന്മാരെ നിയമിക്കുകയും അവരുടെ വിധി സ്വീകരിക്കുവാന്‍ സമ്മതിക്കുകയും ഉണ്ടായ സംഭവം ചരിത്ര പ്രസിദ്ധമാണ്. രണ്ടു കൂട്ടരും ക്വുര്‍ആന്‍റെ വിധിയല്ല സ്വീകരിച്ചത്-മധ്യസ്ഥന്മാരുടെ വിധിയാണ് സ്വീകരിച്ചത്-അതുകൊണ്ട് ഇരു കക്ഷിയും അവിശ്വാസികളായി ഇസ്‌ലാമില്‍ നിന്ന് പുറത്തുപോയിരിക്കുന്നു വെന്ന് ‘ഖവാരിജ്’ വാദിച്ചു. ഈ വാക്യമായിരുന്നു അവര്‍ക്കതിനുള്ള തെളിവ്. ഇതിനെത്തുടര്‍ന്ന് അവരും മറ്റുള്ളവരും-പ്രത്യേകിച്ച് അലി (റ)യുടെ കക്ഷിയും അവരും – തമ്മില്‍ പല ഏറ്റുമുട്ടലുകളും നടക്കുകയുമുണ്ടായി. അലി (റ) അടക്കം പല സ്വഹാബികളുടെയും, കുട്ടികളും സ്ത്രീകളുമടക്കം മുസ്‌ലിംകളായ പലരുടെയും രക്തം അവര്‍ ചിന്തുകയുണ്ടായി. إِنِ الْحُكْمُ إِلَّا لِلَّهِ (അല്ലാഹുവിനല്ലാതെ വിധിയില്ല. (6:57; 12:40) എന്ന ക്വുര്‍ആന്‍ വാക്യമായിരുന്നു ഖവാരിജ് കക്ഷിയുടെ മുദ്രാവാക്യം. ഇതിനെപ്പറ്റി അലി (റ) പറഞ്ഞത് വളരെ ശ്രദ്ധേയമായിരുന്നു. അദ്ദേഹം പറഞ്ഞു: كلمة حق اريد بھا الباطل (യഥാര്‍ത്ഥമായ ഒരു വാക്ക് അതുകൊണ്ട് അയഥാര്‍ത്ഥമായത് ഉദ്ദേശിക്കപ്പെട്ടിരിക്കുന്നു).


(*) ഖവാരിജ് എന്ന പേരിലുള്ള ആ കക്ഷി ഇന്നു നിലവിലില്ല. എങ്കിലും അവരുടെ പോലെയുള്ള ചില അഭിപ്രായങ്ങള്‍ സ്വീകരിച്ചുവരുന്ന ചില കക്ഷികളെ ഇക്കാലത്തും കാണാവുന്നതാണ്. ഖവാരിജിന്‍റെ വാദം അന്നു പ്രധാനമായും മത പരമായ ലക്ഷ്യം വെച്ചായിരുന്നു. ഇക്കാലത്തുള്ളവര്‍ പ്രധാനമായും ചില രാഷ്ട്രീയ താല്‍പര്യത്തോടുകൂടിയാണത് ഏറ്റുപറയുന്നത്.

5:48
  • وَكَتَبْنَا عَلَيْهِمْ فِيهَآ أَنَّ ٱلنَّفْسَ بِٱلنَّفْسِ وَٱلْعَيْنَ بِٱلْعَيْنِ وَٱلْأَنفَ بِٱلْأَنفِ وَٱلْأُذُنَ بِٱلْأُذُنِ وَٱلسِّنَّ بِٱلسِّنِّ وَٱلْجُرُوحَ قِصَاصٌ ۚ فَمَن تَصَدَّقَ بِهِۦ فَهُوَ كَفَّارَةٌ لَّهُۥ ۚ وَمَن لَّمْ يَحْكُم بِمَآ أَنزَلَ ٱللَّهُ فَأُو۟لَٰٓئِكَ هُمُ ٱلظَّٰلِمُونَ ﴾٤٨﴿
  • അവരുടെ [യഹൂദന്മാരുടെ മേല്‍ അതില്‍ [തൗറാത്തില്‍] നാം നിയമമാക്കുകയും ചെയ്തിരിക്കുന്നു: ആള്‍ക്ക് ആളും [ജീവനു ജീവനും], കണ്ണിനു കണ്ണും, മൂക്കിനു മൂക്കും, ചെവിക്കു ചെവിയും, പല്ലിനു പല്ലും മുറിവു(കള്‍ക്കു മുറിവു)കളും പ്രതികാര നടപടിയാ കുന്നുവെന്ന്. എന്നാല്‍ ആരെങ്കിലും അതിനെ [പ്രതികാര നടപടിയെ] ധര്‍മമാക്കി (മാപ്പാക്കി)യാല്‍ അതവനു പ്രായശ്ചിത്തമായിരിക്കും. ആര്‍ അല്ലാഹു അവതരിപ്പിച്ചതു പ്രകാരം വിധിക്കുന്നില്ലയോ അക്കൂട്ടര്‍ തന്നെയാണ് അക്രമികള്‍.
  • وَكَتَبْنَا നാം രേഖപ്പെടുത്തുക (നിയമമാക്കുക)യും ചെയ്തു عَلَيْهِمْ അവരുടെമേല്‍ فِيهَا അതില്‍ أَنَّ النَّفْسَ ആള്‍ (ജീവന്‍ - ആത്മാവ് - ദേഹം) بِالنَّفْسِ ആള്‍ക്ക് പകരം എന്ന് وَالْعَيْنَ കണ്ണും بِالْعَيْنِ കണ്ണിനു (പകരം) وَالْأَنفَ മൂക്കും بِالْأَنفِ മൂക്കിനു (പകരം) وَالْأُذُنَ ചെവിയും, കാതും بِالْأُذُنِ ചെവിക്കു, കാതിനു (പകരം) وَالسِّنَّ പല്ലും بِالسِّنِّ പല്ലിനു (പകരം) وَالْجُرُوحَ മുറിവുകളും قِصَاصٌ പ്രതികാര നടപടിയാകുന്നു (എന്ന്) فَمَن എന്നാല്‍ (എനി) ആര്‍, ആരെങ്കിലും تَصَدَّقَ ദാനധര്‍മമാക്കി (വിട്ടുകൊടുത്തു) എന്നാല്‍ بِهِ അതിനെ فَهُوَ എന്നാലത് كَفَّارَةٌ പ്രാശ്ചിത്തമാണ്, പൊറുപ്പിക്കുന്നതാണ് لَّهُ അവന് وَمَن لَّمْ يَحْكُم ആര്‍ വിധിച്ചില്ലയോ بِمَا أَنزَلَ اللَّهُ അല്ലാഹു അവതരിപ്പിച്ചതുകൊണ്ട് (പ്രകാരം) فَأُولَٰئِكَ هُمُ എന്നാല്‍ അക്കൂട്ടര്‍ തന്നെ الظَّالِمُونَ അക്രമികള്‍

യഹൂദികള്‍ മതകാര്യങ്ങളില്‍ ചെയ്ത ഒരു തോന്നിയവാസം വെളിപ്പെടുത്തുന്നതാണ് ഈ വചനവും. യോഗ്യന്മാരായ ആളുകള്‍ വ്യഭിചാരകുറ്റം ചെയ്താല്‍ ശിക്ഷയില്‍ ഇളവ് നല്‍കിയിരുന്നത് പോലെ, ഉന്നത വിഭാഗക്കാരായ ആളുകള്‍ കൊലക്കുറ്റം ചെയ്താല്‍ പ്രതിക്കൊലയില്‍ നിന്ന് ഒഴിവാക്കിക്കൊണ്ടും, തെണ്ടം നല്‍കുന്നതില്‍ ഇളവ് നല്‍കിക്കൊണ്ടുമുള്ള ചില നടപടികളും അവര്‍ സ്വീകരിച്ചു വന്നിരുന്നു. തൗറാത്തിലാകട്ടെ, കൊന്നവനെ കൊല്ലുക, കണ്ണ്, മൂക്ക്, ചെവി മുതലായ അവയവങ്ങളെ നഷ്ടപ്പെടുത്തുന്നവരോട് അതേ പ്രകാരം തന്നെ പകരം ചെയ്യുക, മുറിവുകള്‍ വരുത്തുന്ന പക്ഷം അതേ പ്രകാരം അങ്ങോട്ടും മുറിവ് വരുത്തുക എന്നാണ് നിയമിച്ചിട്ടുള്ളത്. യോഗ്യരും അയോഗ്യരുമെന്നോ, പ്രമാണി വര്‍ഗവും അധമ വര്‍ഗവുമെന്നോ ഉള്ള വ്യത്യാസമൊന്നും അതിലില്ല. പക്ഷേ, അക്രമിയോട് പ്രതികാരം ചെയ്‌വാനുള്ള അവകാശം ആരെങ്കിലും വിട്ടുകൊടുത്തുകൊണ്ട് അവനെ പ്രതികാരത്തില്‍നിന്ന് ഒഴിവാക്കുന്നതായാല്‍ അത് പുണ്യകര്‍മവും പാപമോചനത്തിന് കാരണമായിത്തീരുന്നതുമാണെന്നും വിധിക്കപ്പെട്ടിട്ടുണ്ട്. തൗറാത്തിലെ വിധി നടപ്പില്‍ വരുത്താതെ തല്‍സ്ഥാനത്ത് മറ്റൊരു പുതിയ വിധിയുണ്ടാക്കി നടപ്പില്‍ വരുത്തുന്നത് അക്രമവും അനീതിയുമാ കുന്നു എന്ന് സാരം. പ്രതിക്രിയ നടത്തുന്നതില്‍ തൗറാത്തിലെ ഈ നിയമം തന്നെയാണ് ഇസ്‌ലാമില്‍ ഇപ്പോഴും നിലവിലുള്ളത്.

കഴിഞ്ഞ വചനത്തില്‍, അല്ലാഹുവിന്‍റെ നിയമത്തിനെതിരായി മറ്റൊരു മതനിയമം സ്വീകരിക്കുന്നവര്‍ യഥാര്‍ത്ഥത്തില്‍ വേദഗ്രന്ഥത്തെ നിഷേധിക്കുകയാണ് ചെയ്യുന്നതെന്ന നിലക്ക്-അവര്‍ അവിശ്വാസികളാണ്  هُمُ الْكَافِرُونَ) എന്ന് പറഞ്ഞു. പ്രതികാര നടപടിയില്‍ സ്വീകരിക്കപ്പെട്ട പുതിയ സമ്പ്രദായം അക്രമവിധേയരായ ആളുകളോട് ചെയ്യുന്ന അനീതിയാണെന്ന നിലക്ക് അവരെപ്പറ്റി ഈ വചനത്തില്‍ അവര്‍ അക്രമി കളാണ് (هُمُ الظَّالِمُونَ) എന്ന് പറഞ്ഞിരിക്കുന്നു.

സാക്ഷാല്‍ തൗറാത്തിന്‍റെ ഉള്ളടക്കങ്ങളില്‍ പിന്നീട് പല മാറ്റത്തിരുത്തലുകള്‍ നടന്നിട്ടുണ്ടെങ്കിലും, അതൊന്നും ബാധിക്കാതെ സുരക്ഷിതമായിതന്നെ അവശേഷിക്കുന്ന ചില ഭാഗങ്ങളും ഇന്നത്തെ ബൈബ്‌ളില്‍ ഉണ്ടെന്നുള്ളത് നിഷേധിക്കാവതല്ല. ആ ഭാഗങ്ങള്‍ ഇന്നിന്നതാണെന്ന് തീര്‍ത്തു പറയുവാന്‍ സാധ്യമല്ല എന്നേയുള്ളൂ. അക്കൂട്ടത്തില്‍ ഒന്നായിരിക്കാം പ്രതിക്രിയ സംബന്ധിച്ച് താഴെ കാണുന്ന വാക്യങ്ങളും. (അല്ലാഹുവിന്നറിയാം) വിഗ്രഹം ഉണ്ടാക്കരുത്, പ്രതിമകള്‍ വെക്കരുത് എന്നിങ്ങിനെ തുടങ്ങി ജീവിതത്തിന്‍റെ പല വശങ്ങളെയും ബാധിക്കുന്ന വളരെയധികം നിയമങ്ങളും വിധികളും വിവരിക്കുന്ന കൂട്ടത്തില്‍ പുറപ്പാട് പുസ്തകത്തില്‍ ഇങ്ങിനെ കാണാം: ‘….. ജീവനു പകരം ജീവന്‍ കൊടുക്കണം, കണ്ണിനു പകരം കണ്ണ്; പല്ലിനു പകരം പല്ല്; കൈക്കു പകരം കൈ; കാലിനു പകരം കാല്‍; പൊള്ളലിനു പകരം പൊള്ളല്‍; മുറിവിനു പകരം മുറിവ്; തിണര്‍പ്പിനു പകരം തിണര്‍പ്പ്’ (പുറപ്പാട് അ: 21ല്‍ 23-25).

5:49
  • وَقَفَّيْنَا عَلَىٰٓ ءَاثَٰرِهِم بِعِيسَى ٱبْنِ مَرْيَمَ مُصَدِّقًا لِّمَا بَيْنَ يَدَيْهِ مِنَ ٱلتَّوْرَىٰةِ ۖ وَءَاتَيْنَٰهُ ٱلْإِنجِيلَ فِيهِ هُدًى وَنُورٌ وَمُصَدِّقًا لِّمَا بَيْنَ يَدَيْهِ مِنَ ٱلتَّوْرَىٰةِ وَهُدًى وَمَوْعِظَةً لِّلْمُتَّقِينَ ﴾٤٩﴿
  • (മേല്‍പറഞ്ഞ) അവരുടെ (കാല്‍) പാടുകളിലായി നാം മര്‍യമിന്‍റെ മകന്‍ ഈസായെ തുടര്‍ന്നയക്കുകയും ചെയ്തു; തന്‍റെ മുമ്പിലിരിക്കുന്ന തൗറാത്തിനെ (ശരിവെച്ചു) സത്യപ്പെടുത്തുന്നവനായിക്കൊണ്ട്. അദ്ദേഹത്തിനു നാം 'ഇന്‍ജീല്‍' നല്‍കുകയും ചെയ്തു; അതില്‍ മാര്‍ഗദര്‍ശനവും, പ്രകാശവും ഉണ്ടായിക്കൊണ്ടും, അതിന്‍റെ മുമ്പിലിരിക്കുന്ന തൗറാത്തിനെ (ശരിവെച്ച്) സത്യമാക്കിക്കൊണ്ടും; സൂക്ഷ്മത പാലിക്കുന്നവര്‍ക്ക് മാര്‍ഗദര്‍ശനവും, സദുപദേശവുമായിക്കൊണ്ടും.
  • وَقَفَّيْنَا നാം തുടര്‍ത്തുക (തുടര്‍ന്നയക്കുക)യും ചെയ്തു عَلَىٰ آثَارِهِم അവരുടെ (കാല്‍) പാടുകളിലായി, പിറകില്‍ ! بِعِيسَى ഈസായെ, ഈസായെക്കൊണ്ട് ابْنِ مَرْيَمَ മര്‍യമിന്‍റെ മകന്‍ مُصَدِّقًا സത്യപ്പെടുത്തിക്കൊണ്ട് لِّمَا بَيْنَ يَدَيْهِ തന്‍റെ മുമ്പിലുള്ളതിനെ مِنَ التَّوْرَاةِ തൗറാത്താകുന്ന, തൗറാത്തില്‍ നിന്നും وَآتَيْنَاهُ അദ്ദേഹത്തിന് നാം നല്‍കുകയും ചെയ്തു الْإِنجِيلَ ഇന്‍ജീല്‍ فِيهِ അതിലുണ്ടായിക്കൊണ്ട് هُدًى മാര്‍ഗദര്‍ശനം, നേര്‍വഴി وَنُورٌ പ്രകാശവും وَمُصَدِّقًا സത്യപ്പെടുത്തുന്നതായും لِّمَا بَيْنَ يَدَيْهِ അതിന്‍റെ മുമ്പിലുള്ളതിനെ مِنَ التَّوْرَاةِ തൗറാത്താകുന്ന وَهُدًى മാര്‍ഗദര്‍ശനമായും, മാര്‍ഗദര്‍ശനമായിക്കൊണ്ടും وَمَوْعِظَةً സദുപദേശവും لِّلْمُتَّقِينَ സൂക്ഷ്മത പാലിക്കുന്നവര്‍ക്ക്
5:50
  • وَلْيَحْكُمْ أَهْلُ ٱلْإِنجِيلِ بِمَآ أَنزَلَ ٱللَّهُ فِيهِ ۚ وَمَن لَّمْ يَحْكُم بِمَآ أَنزَلَ ٱللَّهُ فَأُو۟لَٰٓئِكَ هُمُ ٱلْفَٰسِقُونَ ﴾٥٠﴿
  • ഇന്‍ജീലിന്‍റെ ആള്‍ക്കാര്‍ അതില്‍ അല്ലാഹു അവതരിപ്പിച്ച പ്രകാരവും വിധിച്ചുകൊള്ളട്ടെ. അല്ലാഹു അവതരിപ്പിച്ച പ്രകാരം ആര്‍ വിധിക്കുന്നില്ലയോ അക്കൂട്ടര്‍ തന്നെയാണ് തോന്നിയവാസികള്‍.
  • وَلْيَحْكُمْ വിധിച്ചുകൊള്ളട്ടെ أَهْلُ الْإِنجِيلِ ഇന്‍ജീലിന്‍റെ ആള്‍ക്കാര്‍ بِمَا أَنزَلَ اللَّهُ അല്ലാഹു അവതരിപ്പിച്ച പ്രകാരം, ഇറക്കിയതുകൊണ്ട് فِيهِ അതില്‍ وَمَن لَّمْ يَحْكُم ആര്‍ വിധിച്ചില്ലയോ, വല്ലവരും വിധിക്കാതിരുന്നാല്‍ بِمَا أَنزَلَ اللَّهُ അല്ലാഹു അവതരിപ്പിച്ച പ്രകാരം, ഇറക്കിയതുകൊണ്ട് فَأُولَٰئِكَ എന്നാല്‍ അക്കൂട്ടര്‍ തന്നെ هُمُ الْفَاسِقُونَ തോന്നിയവാസികള്‍, ധിക്കാരികള്‍

തൗറാത്ത് അവതരിപ്പിച്ചതിനെയും പല പ്രവാചകന്മാര്‍ മുഖേനയും അതിന്‍റെ അധ്യാപനങ്ങള്‍ പ്രബോധനം ചെയ്തുവന്നതിനെയും കുറിച്ചു പലതും പ്രസ്താവിച്ച ശേഷം, അവരുടെയെല്ലാം പിറകിലായി ഈസാ നബി (അ)യെ നിയോഗിച്ചതിനെയും, അദ്ദേഹം മുഖേന ഇന്‍ജീല്‍ അവതരിപ്പിച്ചതിനെയും കുറിച്ചു പ്രസ്താവിക്കുന്നു. ഈസാ നബി (അ)യാകട്ടെ, ഇന്‍ജീലാകട്ടെ, തൗറാത്തിനെ പുറം തള്ളുകയോ, നീക്കം ചെയ്യുകയോ ചെയ്തിട്ടില്ല. ആ അധ്യാപനങ്ങളെ ശരിവെക്കുകയും, അതിലേക്ക് ക്ഷണിക്കുകയുമാണ് ചെയ്തിരുന്നത്. സൂഃ ആലുഇംറാന്‍ 50 ല്‍ കണ്ടതുപോലെ, അല്‍പമാത്രമായ ചില കാര്യങ്ങളൊഴിച്ചു ബാക്കി വിഷയങ്ങളിലെല്ലാം തൗറാത്തിന്‍റെ നിയമ ങ്ങള്‍- മൂസാ (അ) മുഖേന നടപ്പാക്കപ്പെട്ട ശരീഅത്ത് നിയമങ്ങള്‍-തന്നെയായിരുന്നു ഈസാ നബി (അ)യും പിന്‍പറ്റിയിരുന്നത്. ഇന്‍ജീലിനെ സംബന്ധിച്ചു പറയുകയാണെങ്കില്‍, തൗറാത്തിനെപ്പോലെയുള്ള ഒരു നിയമ പ്രമാണമായിരുന്നില്ല അത്. പ്രധാനമായും അത് സദുപദേശങ്ങളുടെയും സുവിശേഷങ്ങളുടെയും ഒരു സമാഹാരമായിരുന്നു. ‘ഇന്‍ജീല്‍’ എന്ന വാക്കിന്‍റെ അര്‍ത്ഥം തന്നെ സുവിശേഷം എന്നത്രെ. എല്ലാ പ്രവാചകന്മാരുടെയും പ്രബോധന ലക്ഷ്യവും, എല്ലാവരും പ്രബോധനം ചെയ്യേണ്ടിയിരുന്ന മതവും ഒന്നാക കൊണ്ട് ഓരോ പ്രവാചകനും വരുമ്പോള്‍, തന്‍റെ മുമ്പുള്ള പ്രവാചകന്മാര്‍ സ്വീകരിച്ചു വന്ന അതേ നടപടിമാര്‍ഗം അദ്ദേഹവും പിന്‍പറ്റേണ്ടതുണ്ടല്ലോ. അനുഷ്ഠാന മുറകളുടെ വിശദാംശങ്ങളില്‍ കാലികമായ പരിതഃസ്ഥിതികള്‍ നിമിത്തം വല്ല മാറ്റവും ആവശ്യമായി വരുമ്പോള്‍, അതില്‍ മാത്രം അദ്ദേഹം മുഖേന പുതിയ ചില നിയമ നിര്‍ദ്ദേശങ്ങള്‍ നടപ്പില്‍ വരുത്തുകയും, അല്ലാത്തവയില്‍ പൂര്‍വ്വമാര്‍ഗം പിന്തുടരുകയുമാണ് പതിവ്.

ഈസാ (അ) ഇങ്ങിനെ പ്രസ്താവിച്ചതായി ബൈബ്‌ളിന്‍റെ പുതിയ നിയമത്തില്‍ തന്നെ കാണാവുന്നതാണ്: ‘ഞാന്‍ ന്യായപ്രമാണത്തെ (തൗറാത്തിനെ)യോ, പ്രവാചക ന്മാരെയോ നീക്കേണ്ടതിനു വന്നു എന്നു നിരൂപിക്കരുത്. നീക്കുവാനല്ല, നിവൃത്തിപ്പാനത്രെ ഞാന്‍ വന്നത്….. സകലതും നിവൃത്തിയാവോളം ന്യായപ്രമാണത്തില്‍നിന്നു ഒരു വള്ളിയെങ്കിലും പുള്ളിയെങ്കിലും ഒരു നാളും ഒഴിഞ്ഞുപോകയില്ല’ (മത്തായി, 5ല്‍ 17-19). ആദ്യകാലങ്ങളില്‍ ഈസാ നബി (അ)യില്‍ വിശ്വസിച്ചവരും തൗറാത്തിന്‍റെ പഴയ നിയമ നടപടികള്‍ തന്നെയാണ് അംഗീകരിച്ചു വന്നിരുന്നത്. കാലക്രമത്തില്‍ യഹൂദികളും ക്രിസ്ത്യാനികളും തമ്മില്‍ പകയും ശത്രുതയും മുഴുത്തതോടുകൂടിയാണ് ക്രിസ്ത്യാനികള്‍ പഴയ നിയമം വര്‍ജ്ജിക്കുവാന്‍ തുടങ്ങിയതും, തല്‍സ്ഥാനത്ത് പുരോഹിതവര്‍ഗം പുതിയ നിയമനടപടിച്ചട്ടങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരുന്നതുമെന്ന് ക്രിസ്തീയ ഗ്രന്ഥങ്ങള്‍ തന്നെ സമ്മതിക്കുന്ന ഒരു യാഥാര്‍ത്ഥ്യമാകുന്നു.

ഇന്‍ജീലിന്‍റെ ആള്‍ക്കാര്‍ അതിലുള്ളപ്രകാരം വിധിച്ചുകൊള്ളട്ടെ (وَلْيَحْكُمْ أَهْلُ الْإِنجِيلِ) എന്ന് പറഞ്ഞതില്‍ നിന്ന് ഇന്‍ജീലില്‍ സുവിശേഷങ്ങള്‍ക്കും സദുപദേശങ്ങള്‍ക്കും പുറമെ ചില നിയമങ്ങളും അടങ്ങിയിട്ടുണ്ടെന്ന് മനസ്സിലാക്കാം. എന്നാല്‍, ഇന്‍ജീലിന്‍റെ അനുയായികള്‍ തൗറാത്തിനെയോ, ക്വുര്‍ആനെയോ അംഗീകരിക്കേണ്ടതില്ലെന്നോ, അവര്‍ ഇന്‍ജീലിനെ മാത്രം അവലംബിച്ചാല്‍ മതിയെന്നോ അല്ല ആ പറഞ്ഞതിന്‍റെ ഉദ്ദേശ്യം. തൗറാത്തിനെ ശരിവെച്ചും അതിന്‍റെ സത്യത സ്ഥാപിച്ചും കൊണ്ടാണ് ഈസാ നബി (അ)യും ഇന്‍ജീലും വന്നിട്ടുള്ളത്. എന്നിരിക്കെ അവര്‍ തൗറാത്തിനെ പിന്‍പറ്റല്‍ അനിവാര്യമായിത്തീരുന്നു. നബി തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ വരവിനെക്കുറിച്ചുള്ള സുവിശേഷങ്ങളും, തിരുമേനിയില്‍ വിശ്വസിക്കേണ്ടതുണ്ടെന്നുള്ള മുന്നറിയിപ്പുകളും രണ്ടിലും-തൗറാത്തിലും ഇന്‍ജീലിലും-ഉണ്ട്താനും (*). അപ്പോള്‍, ഇന്‍ജീലിലുള്ള കല്‍പനകള്‍ യഥാവിധി സ്വീകരിക്കുന്ന പക്ഷം അവര്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യിലും ക്വുര്‍ആനിലും വിശ്വസിക്കലും അനിവാര്യമായിത്തീരുന്നു. ഞങ്ങള്‍ക്ക് ഒരു വേദഗ്രന്ഥമുണ്ട്, അതിനെയാണ് ഞങ്ങള്‍ പിന്‍പറ്റുന്നത് എന്ന് അവകാശപ്പെടുന്ന യഹൂദികള്‍ അവരുടെ ആ വേദഗ്രന്ഥത്തിന്‍റെ യഥാര്‍ത്ഥ അധ്യാപനങ്ങളില്‍നിന്ന് വ്യതിചലിച്ചതുപോലെ, അതേ അവകാശവാദം നടത്തുന്ന ഇന്‍ജീലൂകാര്‍ – ക്രിസ്ത്യാനികള്‍, അവരുടെ വേദഗ്രന്ഥത്തില്‍നിന്നും വ്യതിചലിച്ചിരിക്കുയാണ് ചെയ്തിരിക്കുന്നത്. ‘ഇന്‍ജീലിന്‍റെ ആള്‍ക്കാര്‍ അതില്‍ അല്ലാഹു അവതരിപ്പിച്ചതു പ്രകാരം വിധിക്കട്ടെ’ എന്നു പറയുവാന്‍ കാരണം അതാകുന്നു. അല്ലാഹു ഈസാ നബി (അ)ക്ക് നല്‍കിയ യഥാര്‍ത്ഥ ഇന്‍ജീലും അതില്‍ അല്ലാഹു അവതരിപ്പിച്ചതുമാണ് ഉദ്ദേശ്യമെന്ന് വ്യക്തമാണ്. അഥവാ, സുവിശേഷങ്ങള്‍ എന്ന പേരില്‍ പലരും എഴുതിയുണ്ടാക്കിയതല്ല.


(*) സൂഃ സ്വഫ്ഫ് 6-ാം വചനത്തിന്‍റെ വ്യാഖ്യാനം നോക്കുക. 


അങ്ങിനെ വിധിക്കാത്ത പക്ഷം- അല്ലാഹു അതില്‍ അവതരിപ്പിച്ച വിധികള്‍ സ്വീകരിക്കാത്തപക്ഷം-അത് നോന്നിയവാസവും ധിക്കാരവുമാണെന്ന് അല്ലാഹുഅവരെ താക്കീത് നല്‍കുകയും ചെയ്തിരിക്കുന്നു. فاسق (ഫാസിക്വ്) എന്ന വാക്കിനു ‘അനുസരണം കെട്ടവന്‍, തോന്നിയവാസി, ധിക്കാരി, തെമ്മാടി, കല്‍പന ധിക്കരിക്കുന്നവന്‍’ എന്നൊക്കെ അര്‍ത്ഥം പറയാം. കുഫ്‌റ് (അവിശ്വാസം) അടക്കമുള്ളവന്‍ കുറ്റങ്ങള്‍ ചെയ്യുന്ന എല്ലാവര്‍ക്കും ക്വുര്‍ആനില്‍ ഈ വാക്ക് ഉപയോഗിക്കാറുണ്ട്. ‘കുഫ്‌റി’ന് താഴെയുളള വന്‍കുറ്റം വല്ലതും ചെയ്തവരെയും, പതിവായി ചെറിയ കുറ്റങ്ങള്‍ ചെയ്തു വരുന്നവരെയും ഉദ്ദേശിച്ചു മാത്രമാണ് സാധാരണയായി പലരും ‘ഫാസിക്വ്’ എന്ന് പറഞ്ഞുവരാറുള്ളതെങ്കിലും ഇത് പില്‍ക്കാലത്ത് പ്രചാരത്തില്‍ വന്ന ഒരു സാങ്കേതികാര്‍ത്ഥമാകുന്നു.


തൗറാത്ത്, ഇന്‍ജീല്‍, സബൂര്‍ എന്നിവയെപ്പറ്റി ക്രിസ്തീയ പാതിരിമാരുടെ പ്രചാരണം

وَعِندَهُمُ التَّوْرَاةُ فِيهَا حُكْمُ اللَّهِ (അവരുടെ അടുക്കല്‍ തൗറാത്തുണ്ട്-അതില്‍ അല്ലാഹുവിന്‍റെ വിധിയുണ്ട്.) എന്ന് 46ലും; ഇന്‍ജീലിലുള്ള പ്രകാരം വിധിക്കട്ടെ എന്ന് ഈ വചനത്തിലും അല്ലാഹു പറഞ്ഞുവല്ലോ. ഇതുപോലെ മുന്‍വേദ ഗ്രന്ഥങ്ങളെ സംബന്ധിച്ചു വേറെ ചില ക്വുര്‍ആന്‍ വ്യാക്യങ്ങളെയും പൊക്കിക്കാട്ടിക്കൊണ്ട് ഇന്നു ക്രിസ്തീയ സഭകളുടെ കൈവശമുള്ള ബൈബ്‌ളിലെ പഴയ നിയമ വിഭാഗത്തിലെ ആദ്യത്തെ അഞ്ചു പുസ്തകങ്ങള്‍ക്കാണ് തൗറാത്ത് എന്ന് പറയുന്നതെന്നും, പുതിയ നിയമ വിഭാഗത്തിലെ ആദ്യത്തെ നാലു സുവിശേഷങ്ങളാണ് ഇന്‍ജീല്‍ എന്നും, പഴയ നിയമത്തിലെ സങ്കീര്‍ത്തന പുസ്തകമാണ് സബൂര്‍ എന്നും ക്രിസ്ത്യാനികള്‍ വാദിച്ചു വരാറുണ്ട്. സത്യാവസ്ഥ അറിയാത്ത ചില പാമരന്മാര്‍ അത് ശരിയാണെന്ന് ധരിക്കുകയും ചെയ്‌തേക്കും. തികച്ചും അബദ്ധമാണ് ഈ വാദം. കാരണം തെളിവ് സഹിതം വിശദീകരിക്കുന്ന പക്ഷം അത് കുറേ ദീര്‍ഘിച്ചു പോകും. ഇത്തരം ക്രിസ്തീയവാദങ്ങളെ ഖണ്ഡിച്ചുകൊണ്ടുള്ള പല ഗ്രന്ഥങ്ങളും നിലവിലുണ്ട്താനും. അതുകൊണ്ട് ചുരുക്കം ചില സൂചനകള്‍ മാത്രം ഇവിടെ നല്‍കുന്നു:-

(1) ഇസ്‌റാഈല്യര്‍ വാക്കുകളെ അവയുടെ സ്ഥാനം വിട്ടു തെറ്റിക്കുന്നുവെന്നും, അവര്‍ക്ക് ഉല്‍ബോധനം ചെയ്യപ്പെട്ടതില്‍നിന്നും ഒരു ഭാഗം അവര്‍ വിസ്മരിച്ചിരിക്കുന്നുവെന്നും 14-ാം വചനത്തില്‍ അല്ലാഹു പറഞ്ഞു. ക്രിസ്ത്യാനികള്‍ക്ക് ഉല്‍ബോധനം ചെയ്യപ്പെട്ടതില്‍ ഒരു ഭാഗം അവര്‍ വിസ്മരിച്ചിരിക്കുന്നുവെന്ന് 15-ാം വചനത്തിലും, വേദക്കാര്‍ പലതും മറച്ചുവെച്ചു കൊണ്ടിരിക്കുന്നതായി 16-ാം വചനത്തിലും പറഞ്ഞു. സ്വന്തം കൈകൊണ്ട് ഗ്രന്ഥം എഴുതിയുണ്ടാക്കിയശേഷം അത് അല്ലാഹുവിന്‍റെ പക്കല്‍ നിന്നുള്ളതാണെന്ന് അവര്‍ പറഞ്ഞിരുന്നതായി അല്‍ബക്വറഃ 79 ലും, യഥാര്‍ത്ഥവും അയഥാര്‍ത്ഥവുമായി അവര്‍ കൂട്ടിക്കലര്‍ത്തുന്നതായും, അറിഞ്ഞുകൊണ്ടുതന്നെ അവര്‍ യഥാര്‍ത്ഥം മറച്ചുവെക്കുന്നതായും ആലുഇംറാന്‍ 71 ലും ആക്ഷേപിച്ചിരിക്കുന്നു. ഇതുപോലെ വേറെയും പല പ്രസ്താവനകളും ക്വുര്‍ആനില്‍ കാണാം. ഇതെല്ലാം പ്രസ്താവിക്കുന്ന ക്വുര്‍ആന്‍ അവര്‍ സത്യവേദ ഗ്രന്ഥമായി അവകാശപ്പെടുന്ന ബൈബ്‌ളില്‍ തൗറാത്തും ഇന്‍ജീലും സബൂറും സുരക്ഷിതമായി നിലവിലുണ്ടെന്നും, അവരുടെ പക്കലുളള ആ ഭാഗങ്ങളെ ഉദ്ദേശിച്ചാണ് ആ പേരുകള്‍ പറയുന്നതെന്നും എങ്ങിനെ കരുതാം?! മാത്രമല്ല, അല്ലാഹുവിനെയും പ്രവാചകന്മാരെയും സംബന്ധിച്ചു നീചവും നിന്ദ്യവുമായ ചില കഥനങ്ങള്‍ കൂടി ബൈബ്‌ളില്‍ പലേടത്തും കാണാം. അല്ലാഹു അവതരിപ്പിച്ച ഒരു ഗ്രന്ഥത്തില്‍ അങ്ങിനെ വല്ലതും ഉണ്ടാകാമോ?!

(2) തൗറാത്താണെന്നു വാദിക്കപ്പെടുന്ന പഴയ നിയമത്തിലെ ഉല്‍പ്പത്തി, പുറപ്പാട്, ലേവ്യര്‍, സംഖ്യ, ആവര്‍ത്തനം എന്നീ അഞ്ചു പുസ്തകങ്ങളും, സബൂറെന്നു വാദിക്കപ്പെടുന്ന സങ്കീര്‍ത്തനങ്ങളും എഴുതിയ കര്‍ത്താക്കള്‍ ആരാണെന്നും, അവയുടെ കാലം ഏതാണെന്നുമുള്ളതില്‍ ക്രിസ്ത്യാനികള്‍ക്കിടയില്‍ ഇതുവരെ തര്‍ക്കം തീര്‍ന്നിട്ടില്ല. ബൈബ്‌ളിലെ മിക്ക പുസ്തകങ്ങളുടെ സ്ഥിതിയും ഇതുതന്നെ. മാത്രമല്ല, ആ അഞ്ചു പുസ്തകങ്ങള്‍ അപ്പടി മോശെ (മൂസാ നബി) എഴുതിയതല്ലെന്നു കാണിക്കുന്ന പല തെളിവുകളും അവയില്‍ തന്നെ ഉണ്ട്താനും. സങ്കീര്‍ത്തന പുസ്തകത്തിന്‍റെ സ്ഥിതിയും ഇതുതന്നെ. ചുരുക്കിപ്പറഞ്ഞാല്‍, മോശെ എഴുതിയ ചില കാര്യങ്ങളൊക്കെ ആ അഞ്ചു പുസ്തകങ്ങളിലും ദാവീദ് (ദാവൂദ് നബി(അ)) എഴുതിയ ഏതാനും ഗാനങ്ങള്‍ സങ്കീര്‍ത്തനങ്ങളിലും ഉണ്ടായിരിക്കാമെന്നും, ആ ഭാഗം ഏതാണെന്നു തീര്‍ത്തു പറയുക സാധ്യമല്ലെന്നുമാണ് പണ്ഡിതാഭിപ്രായമെന്ന് ക്രിസ്ത്യാനികളുടെ ആധികാരിക ഗ്രന്ഥങ്ങളില്‍ തന്നെ പ്രസ്താവിക്കുന്നുമുണ്ട്. അപ്പോള്‍, തൗറാത്തും സബൂറും ബൈബ്‌ളിലുള്ള മേല്‍പറഞ്ഞ പുസ്തകങ്ങളാണെന്ന് എങ്ങിനെ പറയും?! തൗറാത്തിന്‍റെ മൂലപ്രതി പോലും വളരെ കാലം നഷ്ടപ്പെട്ടു പോയ ശേഷം ഒരാള്‍ തന്‍റെ ഓര്‍മയില്‍നിന്ന് എഴുതിയുണ്ടാക്കിയതാണെന്നും, അതില്‍ നിന്നു പിന്നീട് പകര്‍ത്തപ്പെട്ടതാണ് നിലവിലുളള തോറാ (തൗറാത്ത്) എന്ന ന്യായപ്രമാണമെന്നും അവര്‍ തന്നെ പറയുകയും ചെയ്യുന്നു. എന്നിരിക്കെ, പ്രസ്തുത വാദത്തിന്‍റെ സ്ഥിതി എന്തായിരിക്കും?! ആലോചിച്ചു നോക്കുക!

(3) ഇന്‍ജീലാണെന്ന് വാദിക്കപ്പെടുന്ന നാലു സുവിശേഷങ്ങളാണെങ്കില്‍ യേശു (ഈസാ നബി) എഴുതിയതോ, അറിഞ്ഞതോ അല്ല. അദ്ദേഹം ഭൂമിയില്‍ നിന്നു ഉയര്‍ത്തപ്പെട്ടശേഷം പല കൊല്ലങ്ങള്‍ കഴിഞ്ഞു 65 മുതല്‍ 110 വരെയുള്ള കൊല്ലങ്ങളില്‍ പലരാലും എഴുതിയുണ്ടാക്കപ്പെട്ടവയാകുന്നു. ക്രിസ്ത്യാനികള്‍ തന്നെ സമ്മതി ക്കുന്നതാണിത്. ഓരോന്നും എഴുതിയ ആളെക്കുറിച്ചും, ഉള്ളടക്കങ്ങള്‍ തമ്മിലുള്ള വൈവിധ്യങ്ങളെക്കുറിച്ചും ഇന്നുവരേക്കും തീരുമാനമാവാത്ത തര്‍ക്കങ്ങള്‍ നിലവിലുണ്ട്താനും. മാത്രമല്ല, യേശുവിന്‍റെ ഇന്‍ജീല്‍ (സുവിശേഷം) എന്നും, ദൈവത്തിന്‍റെ ഇന്‍ജീല്‍ എന്നും പറയുന്ന വേറൊരു ഇന്‍ജീല്‍ തന്നെ ഉണ്ടായിരുന്നതായി പുതിയ നിയമത്തിലെ ചില ലേഖനങ്ങളില്‍ കാണാവുന്നതുമാണ്. പ്രസ്തുത നാലു സുവിശേഷങ്ങള്‍ക്ക് സുവിശേഷം (ഇന്‍ജീലുകള്‍) എന്ന പേര്‍ പറഞ്ഞു വന്നതുപോലും ക്രി. 150 മുതല്‍ക്കുമാകുന്നു. അതേ സമയം വേറെയും പലരാലും എഴുതിയുണ്ടാക്കപ്പെട്ട വളരെ എണ്ണം സുവിശേഷങ്ങള്‍ ഉണ്ടായിരുന്നതില്‍ ഈ നാലെണ്ണം മാത്രം സ്വീകരിച്ചു മറ്റുള്ളവ തള്ളപ്പെടുകയാണ് ചെയ്തിരിക്കുന്നതും. ഇത്രയും സംഗതികളില്‍ നിന്ന് ബൈബ്‌ളിലെ സുവിശേഷങ്ങളൊന്നും ഈസാ നബി (അ)ക്ക് നല്‍കപ്പെട്ടതല്ലെന്നും സ്പഷ്ടമായല്ലോ.

(4) ഇന്ന് പ്രചാരത്തിലുള്ള ബൈബ്ള്‍, പഴയ നിയമവും പുതിയ നിയമവും കൂടി 66 പുസ്തകങ്ങള്‍ അടങ്ങിയതാണ്. വ്യത്യസ്തരായ ക്രിസ്തീയ സഭക്കാര്‍ സ്വീകരിച്ചുവരുന്ന ബൈബ്‌ളുകളുടെ ഉള്ളടക്കങ്ങളില്‍ പരസ്പരം പല വ്യത്യാസങ്ങള്‍ കാണാവുന്നത് തല്‍ക്കാലം വിസ്മരിക്കുക. നമ്മുടെ നാട്ടില്‍ കൂടുതല്‍ പ്രചാരമുള്ളത് ക്രിസ്ത്വബ്ദം 14-ാം നൂറ്റാണ്ടില്‍ ക്രിസ്തുമതത്തിന്‍റെ നവീകരണാര്‍ത്ഥം രംഗത്തു വന്ന പ്രൊട്ടസ്റ്റന്റ് വിഭാഗത്തില്‍ പെട്ട ലൂഥറല്‍ സഭക്കാരുടെ ബൈബ്‌ളുകളാകുന്നു. മുന്‍കാലത്തുണ്ടായിരുന്ന ബൈബ്‌ളുകളും ഇക്കാലത്തെ ബൈബ്‌ളുകളും തമ്മിലും, പല ഭാഷ കളിലും തര്‍ജ്ജമ ചെയ്യപ്പെട്ടിട്ടുള്ള ബൈബ്ള്‍ പ്രതികള്‍ തമ്മിലും, വ്യത്യസ്ത വിഭാഗക്കാരും കാലക്കാരും ദേശക്കാരും ഉപയോഗിച്ചു വരുന്ന ബൈബ്‌ളുകള്‍ തമ്മിലും പല വ്യത്യാസങ്ങളും കാണാവുന്നതാണ്. ഉള്ളടക്കത്തിലും ആശയത്തിലും മാത്രമല്ല, വേദപുസ്തകങ്ങളായി അംഗീകരിക്കപ്പെട്ടവയിലും, അംഗീകരിക്കപ്പെടാതെ തള്ളപ്പെട്ടവ (അപ്പൊക്രീഫാ)യിലും ക്രിസ്ത്യാനികള്‍ ഭിന്നാഭിപ്രായക്കാരാകുന്നു. എന്നിരിക്കെ, ക്രിസ്തീയ സമുദായ മദ്ധ്യെ തര്‍ക്കത്തിലായിരുന്നതും, ഇപ്പോഴും തര്‍ക്കം തീര്‍ന്നിട്ടില്ലാത്തതും, ഇപ്പോഴും പരിഷ്‌കാരവും തിരുത്തും നടന്നുകൊണ്ടിരിക്കുന്നതുമായ ബൈബ്‌ളില്‍ അല്ലാഹു അവതരിപ്പിച്ചതായി ക്വുര്‍ആനില്‍ പറയുന്ന ആ വേദഗ്രന്ഥങ്ങള്‍ മൂന്നും ബൈബ്‌ളിലെ ചില പുസ്തകങ്ങളാണന്നും പറയുന്നത് ശരിയല്ലെന്നുള്ളതില്‍ സംശയലേശമില്ല തന്നെ.

മേല്‍ ചൂണ്ടിക്കാട്ടിയ ഓരോ വസ്തുതയും ആധികാരിക ക്രിസ്തീയ സാഹിത്യങ്ങളെ ആധാരമാക്കി പ്രസ്താവിച്ചതാണ്. വേണമെന്ന് തോന്നുന്നവര്‍ ഓരോ വിഷയത്തെക്കുറിച്ചും വേദപുസ്തക നിഘണ്ടുക്കളിലെ ഉപന്യാസങ്ങളെയും, ക്രൈസ്തവ സഭാചരിത്ര ഗ്രന്ഥങ്ങളെയും പരിശോധിച്ചു നോക്കേണ്ടതാകുന്നു.(*)

ഒരു സംഗതി ഇവിടെ വ്യക്തമാക്കുവാന്‍ ആഗ്രഹിക്കുന്നു: അല്ലാഹു മൂസാ നബി (അ)ക്കും, ഈസാ നബി (അ)ക്കും അവതരിപ്പിച്ച ഗ്രന്ഥങ്ങളെ (തൗറാത്ത്-ഇന്‍ജീലു കളെ)യും ദാവൂദ് നബി (അ)ക്കു നല്‍കിയ സബൂറിനെയും സംബന്ധിച്ചാണ് അവ ബൈബ്‌ളില്‍ ഇല്ലെന്നു നാം മുകളില്‍ പ്രസ്താവിച്ചത്. എന്തൊക്കെ ഭേദഗതികളും മാറ്റത്തിരുത്തങ്ങളും നടന്നിട്ടും നടക്കുന്നുമുണ്ടെങ്കിലും ശരി, അല്ലാഹു അവതരിപ്പിച്ച ആ യഥാര്‍ത്ഥ ഗ്രന്ഥങ്ങളിലെ നിയമങ്ങളും ഉപദേശങ്ങളും-ഇക്കാലത്തും മുന്‍കാലത്തും- ബൈബ്ളിലെ പുസ്തകങ്ങളില്‍ പലതും അടങ്ങിയിരിക്കുമെന്നുള്ളത് ശരിയാണ്. ഇതിന് സന്ദര്‍ഭോചിതം ചില ഉദാഹരണങ്ങള്‍ നാം ചൂണ്ടിക്കാട്ടാറുമുണ്ട്. പക്ഷേ, അവ ഏതൊക്കെയാണ്, എവിടെയൊക്കെയാണ്, എത്രയൊക്കെയാണ് എന്നൊന്നും നിര്‍ണയിക്കുക സാധ്യമല്ല തന്നെ. അല്ലാഹു പറയുന്നു:


(*) കേരള നദ്‌വത്തുല്‍ മുജാഹീദീന്‍ പ്രസിദ്ധീകരിച്ച ‘ബൈബ്‌ളിന്‍റെ വിശ്വസനീയത’ എന്ന പുസ്തകം ഈ വിഷയത്തില്‍ ഒരു അവലംബ ഗ്രന്ഥമാണ്.

5:51
  • وَأَنزَلْنَآ إِلَيْكَ ٱلْكِتَٰبَ بِٱلْحَقِّ مُصَدِّقًا لِّمَا بَيْنَ يَدَيْهِ مِنَ ٱلْكِتَٰبِ وَمُهَيْمِنًا عَلَيْهِ ۖ فَٱحْكُم بَيْنَهُم بِمَآ أَنزَلَ ٱللَّهُ ۖ وَلَا تَتَّبِعْ أَهْوَآءَهُمْ عَمَّا جَآءَكَ مِنَ ٱلْحَقِّ ۚ لِكُلٍّ جَعَلْنَا مِنكُمْ شِرْعَةً وَمِنْهَاجًا ۚ وَلَوْ شَآءَ ٱللَّهُ لَجَعَلَكُمْ أُمَّةً وَٰحِدَةً وَلَٰكِن لِّيَبْلُوَكُمْ فِى مَآ ءَاتَىٰكُمْ ۖ فَٱسْتَبِقُوا۟ ٱلْخَيْرَٰتِ ۚ إِلَى ٱللَّهِ مَرْجِعُكُمْ جَمِيعًا فَيُنَبِّئُكُم بِمَا كُنتُمْ فِيهِ تَخْتَلِفُونَ ﴾٥١﴿
  • (നബിയേ) നിനക്കും നാം യഥാര്‍ത്ഥ പ്രകാരം വേദഗ്രന്ഥം അവ തരിപ്പിച്ചു തന്നിരിക്കുന്നു; അതിന്‍റെ മുമ്പിലുള്ള വേദഗ്രന്ഥത്തെ (ശരിവെച്ചു) സത്യപ്പെടുത്തുന്നതായിക്കൊണ്ടും, അതില്‍ മേല്‍നോട്ടം ചെയ്യുന്നതായിക്കൊണ്ടും. ആകയാല്‍, അല്ലാഹു അവതരിപ്പിച്ചത് പ്രകാരം അവര്‍ക്കിടയില്‍ നീ വിധിച്ചുകൊള്ളുക. നിനക്ക് വന്നിട്ടുള്ള യഥാര്‍ത്ഥത്തെ വിട്ടു അവരുടെ ഇച്ഛകളെ നീ പിന്‍പറ്റുകയും ചെയ്യരുത്. നിങ്ങളില്‍ എല്ലാവര്‍ക്കും (തന്നെ) ഓരോ (നിയമ) നടപടിക്രമവും, ഓരോ തുറന്ന (കര്‍മ) മാര്‍ഗവും നാം ഏര്‍പ്പെടുത്തിയിരിക്കുന്നു. അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കില്‍ നിങ്ങളെ(യെല്ലാം) അവന്‍ ഒരേ സമുദായമാക്കുക തന്നെ ചെയ്യുമായിരുന്നു എങ്കിലും, നിങ്ങള്‍ക്ക് അവന്‍ നല്‍കിയിട്ടുളളതില്‍ നിങ്ങളെ പരീ ക്ഷണം ചെയ്‌വാന്‍ വേണ്ടിയത്രെ (അങ്ങിനെ ചെയ്യാതിരുന്നത്). അതി നാല്‍, നല്ല കാര്യങ്ങള്‍ക്ക് (മത്സര പൂര്‍വ്വം) മുന്‍ കടന്നു വരുവിന്‍! അല്ലാഹുവിങ്കലേക്കാണ് നിങ്ങളുടെയെല്ലാം മടങ്ങിവരവ്. അപ്പോള്‍, നിങ്ങള്‍ (തമ്മില്‍) ഏതൊന്നില്‍ ഭിന്നാഭിപ്രായത്തിലായിരുന്നുവോ അതിനെപ്പറ്റി അവന്‍ നിങ്ങളെ ബോധ്യപ്പെടുത്തുന്നതാണ്.
  • وَأَنزَلْنَا നാം അവതരിപ്പിക്കുകയും ചെയ്തിരിക്കുന്നു إِلَيْكَ നിന്നിലേക്ക്, നിനക്ക് الْكِتَابَ (വേദ) ഗ്രന്ഥം بِالْحَقِّ യഥാര്‍ത്ഥ പ്രകാരം مُصَدِّقًا സത്യപ്പെടുത്തിക്കൊണ്ട് لِّمَا بَيْنَ يَدَيْهِ അതിന്‍റെ മുമ്പിലുള്ളതിനെ مِنَ الْكِتَابِ (വേദ) ഗ്രന്ഥമാകുന്ന, ഗ്രന്ഥത്തില്‍ നിന്നും وَمُهَيْمِنًا മേല്‍നോട്ടം ചെയ്യുന്നതായും, മേലന്വേഷണം വഹിച്ചുകൊണ്ടും, കാവല്‍ക്കാരനായും عَلَيْهِ അതിന്‍റെ മേല്‍, അതില്‍ فَاحْكُم അതിനാല്‍ നീ വിധിച്ചുകൊള്ളുക بَيْنَهُم അവര്‍ക്കിടയില്‍ بِمَا أَنزَلَ അവതരിപ്പിച്ചതുകൊണ്ട് (പ്രകാരം) اللَّهُ അല്ലാഹു وَلَا تَتَّبِعْ നീ പിന്‍പറ്റുക(തുടരുക)യും ചെയ്യരുത് أَهْوَاءَهُمْ അവരുടെ ഇച്ഛകളെ عَمَّا جَاءَكَ നിനക്ക് വന്നതിനെ വിട്ട് مِنَ الْحَقِّ യഥാര്‍ത്ഥമാകുന്ന, യഥാര്‍ത്ഥത്തില്‍ നിന്ന് لِكُلٍّ എല്ലാവര്‍ക്കും (തന്നെ) جَعَلْنَا നാം ആക്കി (ഏര്‍പ്പെടുത്തി)യിരിക്കുന്നു مِنكُمْ നിങ്ങളില്‍ നിന്ന് شِرْعَةً ഒരു (ഓരോ) നടപടിക്രമം, നിയമമാര്‍ഗം وَمِنْهَاجًا ഒരു (ഓരോ) തുറന്ന മാര്‍ഗവും, പ്രത്യക്ഷ വഴിയും وَلَوْ شَاءَ اللَّهُ അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍ لَجَعَلَكُمْ നിങ്ങളെ അവന്‍ ആക്കുക തന്നെ ചെയ്യുമായിരുന്നു أُمَّةً وَاحِدَةً ഏക (ഒരേ) സമുദായം وَلَٰكِن എങ്കിലും لِّيَبْلُوَكُمْ നിങ്ങളെ പരീക്ഷണം ചെയ്‌വാന്‍ വേണ്ടിയാകുന്നു فِي مَا آتَاكُمْ നിങ്ങള്‍ക്കവന്‍ നല്‍കിയതില്‍ فَاسْتَبِقُوا അതിനാല്‍ നിങ്ങള്‍ മുന്‍കടന്നുവരുവിന്‍, മുന്‍കടക്കുവാന്‍ ശ്രമിക്കുവിന്‍ الْخَيْرَاتِ നല്ലവക്ക്, നല്ല കാര്യങ്ങളിലേക്ക് إِلَى اللَّهِ അല്ലാഹുവിങ്കലേക്കാണ് مَرْجِعُكُمْ നിങ്ങളുടെ മടക്കം, മടങ്ങുന്ന സ്ഥാനം, മടങ്ങിവരവ് جَمِيعًا മുഴുവനും, എല്ലാവരുടെയും فَيُنَبِّئُكُم അപ്പോഴവന്‍ നിങ്ങളെ ബോധ്യെ പ്പടുത്തും بِمَا كُنتُمْ നിങ്ങളായിരുന്നതിനെപ്പറ്റി فِيهِ അതില്‍ تَخْتَلِفُونَ നിങ്ങള്‍ ഭിന്നാഭിപ്രായത്തിലായിരിക്കും, വ്യത്യാസപ്പെട്ടുകൊണ്ടിരിക്കും

തൗറാത്തിനെയും ഇന്‍ജീലിനെയും കുറിച്ച് വിവരിച്ചശേഷം, ക്വുര്‍ആനെയും അതിന്‍റെ സവിശേഷതകളെയും കുറിച്ചു പ്രസ്താവിക്കുകയാണ്. ആ രണ്ടു വേദഗ്രന്ഥ ങ്ങളുമെന്നപോലെ, ക്വുര്‍ആനാകുന്ന വേദഗ്രന്ഥവും അല്ലാഹു തന്നെയാണ് അവ തരിപ്പിച്ചിരിക്കുന്നത്. ആശയക്കുഴപ്പത്തിനോ സംശയത്തിനോ അവകാശമില്ലാത്ത വിധം സത്യയാഥാര്‍ത്ഥ്യങ്ങളും, ന്യായയുക്തങ്ങളുമായ കാര്യങ്ങളാണ് അതിലുള്ളത്. അതിന്‍റെ മുമ്പുള്ള വേദഗ്രന്ഥങ്ങളെ അത് നിഷേധിക്കുകയോ ഖണ്ഡിക്കുകയോ ചെയ്യുന്നില്ല. അവയെ ശരിവെക്കുകയും, അവയുടെ സത്യത സ്ഥാപിക്കയുമാണ് ചെയ്യുന്നത്. അതിനു പുറമെ, അവയെ സംബന്ധിച്ച് ഒരു മേല്‍നോട്ടവും അവയുടെ ഒരു സംരക്ഷണവും കൂടിയാണ് ക്വുര്‍ആന്‍. ഏതെങ്കിലും തരത്തിലുള്ള കൈകടത്തല്‍ മുഖേ നയോ ദുര്‍വ്യാഖ്യാനങ്ങള്‍വഴിയോ അവയില്‍ ഏര്‍പ്പെട്ടിട്ടുള്ള വൈകല്യങ്ങളെയും അവയുടെ അനുയായികളാല്‍ പൂഴ്ത്തിവെക്കപ്പെട്ട ഭാഗങ്ങളെയും അത് വെളിക്കു കൊണ്ടുവ രുന്നതാണ്. അങ്ങനെ, അവയുടെ സാക്ഷാല്‍ ദൗത്യങ്ങളെന്തായിരുന്നുവെന്ന് ക്വുര്‍ആന്‍ തുറന്നു കാട്ടിക്കൊണ്ടിരിക്കും എന്നൊക്കെയാണ് ക്വുര്‍ആനെപ്പറ്റി പ്രസ്താവിച്ച തിന്‍റെ താല്‍പര്യം.

مھيمن എന്ന വാക്കിനാണ് ‘മേല്‍നോട്ടം നടത്തുന്നത്’ എന്ന് നാം അര്‍ത്ഥം കല്‍പ്പിച്ചത്. ‘കാത്തുസൂക്ഷിക്കുന്നത്, വിശ്വാസ്ഥത പാലിക്കുന്നത്, സാക്ഷ്യം വഹിക്കുന്നത്, വിധി കല്‍പിക്കുന്നത്’ എന്നിങ്ങിനെയും അതിന് അര്‍ത്ഥങ്ങള്‍ കല്‍പിക്കപ്പെട്ടിരിക്കുന്നു. ഇബ്‌നു കഥീര്‍ (റ) ചൂണ്ടിക്കാട്ടിയതുപോലെ, എല്ലാം തന്നെ തത്വത്തില്‍ യോജിക്കുന്നതും ക്വുര്‍ആന്‍റെ ഗുണവിശേഷങ്ങളുമാകുന്നു.

ഇങ്ങിനെയുള്ള ഒരു ഗ്രന്ഥം നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ക്ക് നല്‍കപ്പെട്ടിട്ടുള്ള സ്ഥിതിക്ക് എല്ലാകാര്യത്തിലും വിധി കല്‍പിക്കുന്നതും, തീരുമാനം നിശ്ചയിക്കുന്നതും ആ ഗ്രന്ഥം അനുസരിച്ചു മാത്രമായിരിക്കണം, അതിനെ വിട്ടേച്ചു മുന്‍ ഗ്രന്ഥങ്ങളുടെ അനുയായികളായ വേദക്കാരുടെയോ മറ്റോ തന്നിഷ്ടങ്ങള്‍ക്ക് വഴങ്ങിക്കൊടുക്കരുത്, അതിലൊന്നും അവരെ അനുസരിക്കുകയും ചെയ്യരുത് എന്ന് അല്ലാഹു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യോട് കല്‍പിക്കുകയും ചെയ്യുന്നു. ഈ കല്‍പന നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യെ അഭിമുഖീകരിച്ചുകൊണ്ടാണ് പ്രത്യക്ഷത്തില്‍ ഉള്ളതെങ്കിലും മുസ്‌ലിം സമുദായത്തെ പൊതുവിലും, പണ്ഡിതന്മാരെയും വിധികര്‍ത്താക്കളെയും വിശേഷിച്ചും ബാധിക്കുന്നതാണെന്ന് പറയേണ്ടതില്ല. യഥാര്‍ത്ഥമായ മതവിധികള്‍ക്കെതിരായി-ജനങ്ങളുടെ അഭിലാഷവും, ആവശ്യവും അനുസരിച്ച്-മതവിധികള്‍ നല്‍കുന്നവരും, മതപ്രമാണങ്ങളെ അപ്രകാരം വ്യാഖ്യാനിച്ചു കൊടുക്കുന്നവരും അല്ലാഹുവിന്‍റെ ഈ കല്‍പ്പന ലംഘിക്കുന്നവരത്രെ. അല്ലാഹു നമ്മെ കാത്തു രക്ഷിക്കട്ടെ. ആമീന്‍.

ക്വുര്‍ആന്‍ അതിന്‍റെ മുമ്പുള്ള വേദഗ്രന്ഥങ്ങളെയെല്ലാം ശരിവെക്കുന്നു; എല്ലാ നബിമാരും പ്രബോധനം ചെയ്തിട്ടുള്ളത് ഒരേ മതവുമാണ്. എന്നിരിക്കെ, നിയമ നടപടികളിലും, ആചാരാനുഷ്ഠാന മുറകളിലും എല്ലാ സമുദായവും പൂര്‍ണമായും ഒരേ പ്രകാര ത്തിലായിരിക്കേതല്ലേ? അനുഭവത്തില്‍ അങ്ങിനെയല്ലല്ലോ ഉള്ളത്? എന്നൊരു സംശയത്തിന് അവകാശമുണ്ട്. അതിനുള്ള മറുപടിയെന്നോണം രണ്ടു കാര്യങ്ങള്‍ അല്ലാഹു ഉണര്‍ത്തുന്നു:

(1) നിങ്ങളില്‍ എല്ലാവര്‍ക്കും-ഓരോ സമുദായത്തിനും-തന്നെ ഓരോ നിയമ നട പടി ക്രമവും, ഓരോ തുറന്ന കര്‍മ മാര്‍ഗവും നാം ഏര്‍പ്പെടുത്തിത്തന്നിരിക്കുന്നു. (لِكُلٍّ جَعَلْنَا مِنكُمْ شِرْعَةً وَمِنْهَاجًا) അതായത്: മൗലിക തത്വങ്ങളും മൂലസിദ്ധാന്തങ്ങളും ഒന്നു തന്നെ. പ്രായോഗിക ജീവിതത്തില്‍ അവയെ സാക്ഷാല്‍ക്കരിക്കുന്നതിനായി ഓരോ സമുദായത്തിനും-അതാതിന്‍റെ ബുദ്ധിപരവും മാനസികവും സാമൂഹികവുമായ വളര്‍ച്ചക്കും, കാലദേശ പരിതഃസ്ഥിതികള്‍ക്കും അനുസരിച്ചു-ഓരോ നിയമ നടപടി ക്രമവും (شرعة) ഓരോ വ്യക്തമായ കര്‍മ മാര്‍ഗവും (منھاج) നാം നിശ്ചയിച്ചുവെച്ചതാണ്. എന്നല്ലാതെ, മൂല്യങ്ങളിലോ, അടിസ്ഥാനങ്ങളിലോ, ലക്ഷ്യങ്ങളിലോ അവയൊന്നും വിഭിന്നമല്ല എന്ന് സാരം. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞതായി അബൂഹുറയ്‌റ (റ)യില്‍ നിന്ന് ബുഖാരിയും മുസ്‌ലിമും (റ) ഉദ്ധരിക്കുന്നു: ‘പ്രവാചക സമൂഹങ്ങളാകുന്ന ഞങ്ങള്‍ പല മാതൃവഴിക്കുള്ള സഹോദരങ്ങളാകുന്നു. ഞങ്ങളുടെ മതം ഒന്നത്രെ’.

നിങ്ങളെ ഒരേ ഒരു സമുദായം ആക്കുവാന്‍ അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കില്‍ അവന്‍ അങ്ങനെത്തന്നെ ചെയ്യുമായിരുന്നു. എങ്കിലും അവനത് ചെയ്യാതിരുന്നത്, നിങ്ങള്‍ക്ക്-ഓരോ സമുദായത്തിനും-അവന്‍ നിശ്ചയിച്ചു തന്നിട്ടുള്ളതില്‍ നിങ്ങള്‍ എന്തു നില കൈക്കൊള്ളുന്നുവെന്ന് നിങ്ങളെ പരീക്ഷിക്കുവാന്‍ വേണ്ടിയാകുന്നു. (وَلَوْ شَاءَ اللَّهُ لَجَعَلَكُمْ أُمَّةً وَاحِدَةً وَلَٰكِن لِّيَبْلُوَكُمْ فِي مَا آتَاكُمْ) എന്ന് അല്ലാഹു അറിയിക്കുന്നു. അതെ, എല്ലാവര്‍ക്കും ഒരേ തരത്തിലുള്ള നിയമക്രമവും ആചാര മാര്‍ഗവും നിശ്ചയിച്ചു കൊണ്ട് മനുഷ്യരെ മുഴുവനും ഒരൊറ്റ സമുദായമാക്കിത്തീര്‍ക്കുവാന്‍ അല്ലാഹുവിന് കഴിയാഞ്ഞിട്ടല്ല. പക്ഷേ, അങ്ങിനെയല്ല അവന്‍ ഉദ്ദേശിച്ചത്. ഒരേ ലക്ഷ്യത്തിലേക്ക് എത്തിച്ചേരുവാന്‍ വേണ്ടി ഓരോ കൂട്ടര്‍ക്കും ഓരോ ക്രമവും മാര്‍ഗവും നിര്‍ദ്ദേശിച്ചു കൊടുക്കുക. എന്നിട്ട് അവരവര്‍ക്ക് നിശ്ചയിക്കപ്പെട്ട പരിധിയില്‍ ഒതുങ്ങി നിന്നുകൊണ്ട് ആരാണ് ലക്ഷ്യത്തിലേക്ക് കൂടുതല്‍ മുന്നേറിവരുന്നതെന്നും, ആരാണ് കൂടുതല്‍ വിജയം വരി ക്കുന്നവരെന്നും ഒരു പരീക്ഷണം നടത്തുക. ഇതാണ് അവന്‍ ഉദ്ദേശിച്ചിരിക്കുന്നത്.

മനുഷ്യവര്‍ഗത്തിന്‍റെ സാക്ഷാല്‍ ജീവിത വിജയം നിലകൊള്ളുന്നത് അല്ലാഹുവിന്‍റെ പ്രീതിയിലും പരലോക നന്മയിലുമാണല്ലോ. അതിനുള്ള ഏക മാര്‍ഗം അവന്‍റെ ഏകത്വവും പരമാധികാരവും സമ്മതിച്ചുകൊണ്ടും അവന്‍റെ ആജ്ഞാനിര്‍ദ്ദേ ശങ്ങളനുസരിച്ചുകൊണ്ടും ജീവിക്കലുമാകുന്നു. ആ സ്ഥിതിക്ക് മനുഷ്യരെല്ലാം എന്തുകൊണ്ട് ഒരേ സമുദായമായില്ല. എന്തുകൊണ്ട് ഒരേ കര്‍മ പദ്ധതിയും നിയമ സംഹിതയും നല്‍കപ്പെട്ടവരായില്ല എന്ന് ചോദ്യം ചെയ്യുകയോ തര്‍ക്കിക്കുകയോ അല്ല നിങ്ങള്‍ വേണ്ടത്. സല്‍ക്കര്‍മങ്ങളും സന്മാര്‍ഗ നിഷ്ഠയും വഴി-ഓരോ കൂട്ടരും മറ്റെവരെ മുന്‍കടക്കേണമെന്ന ഉല്‍സാഹത്തില്‍-വീറോടുകൂടി മുന്നേറുവാന്‍ ശ്രമിക്കയാണ് ചെയ്യേണ്ടത് എന്നത്രെ നിങ്ങള്‍ നല്ല കാര്യങ്ങളിലേക്ക് വാശിയോടെ മുന്നോട്ട് വരുവിന്‍ ( فَاسْتَبِقُوا الْخَيْرَاتِ ) എന്നു പറഞ്ഞതിന്‍റെ താല്‍പര്യം. ഓരോ കൂട്ടരും ഏത് നില കൈകൊണ്ടിരുന്നാലും എല്ലാവരും തിരിച്ചു വരുന്നത് അല്ലാഹുവിങ്കലേക്കാണല്ലോ. അപ്പോള്‍, ഓരോ കൂട്ടരും സ്വീകരിച്ച നിലപാട് എന്തായിരുന്നുവെന്നു അവരെ ശരിക്കും ബോധ്യ പ്പെടുത്തിക്കൊണ്ട് അവന്‍ നടപടി എടുത്തുകൊള്ളുന്നതുമാണ് ( الخ ….إِلَى اللَّهِ مَرْجِعُكُمْ ) എന്നും അവസാനമായി എല്ലാവരെയും അല്ലാഹു താക്കീത് ചെയ്യുന്നു.

…وَلَوْ شَاءَ اللَّهُ (അല്ലാഹു ഉദ്ദേശിച്ചെങ്കില്‍ നിങ്ങളെ അവന്‍ ഒരേ സമുദായമാക്കുമായിരുന്നു. എങ്കിലും നിങ്ങള്‍ക്ക് നല്‍കിയതില്‍ നിങ്ങളെ പരീക്ഷണം ചെയ്‌വാന്‍ വേണ്ടിയാണ്). എന്ന വാക്യങ്ങളുടെ വ്യാഖ്യാനമെന്ന നിലക്ക് ചില ആളുകള്‍ ഇവിടെ എഴുതിക്കാണുന്ന ഒരു വിവരണം കാണുമ്പോള്‍ ആശ്ചര്യം തോന്നിപ്പോകുന്നു. അത് വായിക്കുന്ന മാത്രയില്‍തന്നെ, നിഷ്പക്ഷ ഹൃദയമുള്ള ഏതൊരാള്‍ക്കും ആ വിവരണത്തിന്‍റെ പിന്നിലുള്ള മനസ്സിരിപ്പ് എന്താണെന്നു ഏറെക്കുറേ മനസ്സിലാക്കാവുന്ന താണ്. ‘ചിന്ത, കഴിവ്, വാസന മുതലായവയില്‍ മനുഷ്യര്‍ വ്യത്യസ്തരാണ്. സര്‍വ്വജ്ഞനായ അല്ലാഹുവിന്‍റെ ഒരു തന്ത്രമാണിത്. ഈ വ്യത്യസ്തതയില്‍നിന്നേ മനുഷ്യ ജീവിതം അഭിവൃദ്ധിപ്പെടുകയുള്ളൂ. അതുകൊണ്ട് പുരോഗമന വാഞ്ഛയും പരസ്പരം മുന്‍കടക്കുവാനുള്ള ഔല്‍സുക്യവും മനുഷ്യരില്‍ ഉണ്ടാക്കിത്തീര്‍ക്കേണ്ടതിന് പല തന്ത്രങ്ങളും അല്ലാഹു പ്രയോഗിച്ചിട്ടുണ്ട്. അല്ലെങ്കില്‍ മനുഷ്യര്‍ ഇന്നത്തെ നിലയില്‍ എത്തിച്ചേരുകയില്ലായിരുന്നു. മലക്കുകള്‍ തുടങ്ങി പക്ഷി മൃഗാദികള്‍വരെയുള്ളവയെല്ലാം എക്കാലത്തും ഒരേ അവസ്ഥയില്‍ നിലകൊള്ളുന്നു. പുരോഗമന വാഞ്ഛയും, അതിനുള്ള കഴിവും അവര്‍ക്കില്ല. ഇത് മനുഷ്യനാണുള്ളത്. ഈ അനുഗ്രഹമാണിവിടെ ഓര്‍മിപ്പിക്കുന്നത്. നിങ്ങള്‍ക്ക് തന്നിട്ടുള്ള മേല്‍ ചൂണ്ടിക്കാട്ടിയ ആ കഴിവുകളില്‍ നിങ്ങളെ പരീക്ഷിക്കുന്നതിനു വേണ്ടിയാണത് എന്നത്രെ لِّيَبْلُوَكُمْ فِي مَا آتَاكُمْ (നിങ്ങള്‍ക്ക് നല്‍കിയതില്‍ നിങ്ങളെ പരീക്ഷിക്കുവാന്‍ വേണ്ടി) എന്ന വാക്യത്തിന്‍റെ അര്‍ത്ഥം. ഇതാണ് അവരുടെ വാക്കുകളിലൂടെത്തന്നെ ആ വിവരണത്തിന്‍റെ രീതി. ഈ വിവരണത്തിന്‍റെ സൗകര്യാര്‍ത്ഥം ക്വുര്‍ആന്‍റെ വാക്കുകളുടെ അര്‍ത്ഥത്തില്‍ പോലും ഇവര്‍ കൈകടത്തിയിരുന്നു. لَجَعَلَكُمْ أُمَّةً وَاحِدَةً (നിങ്ങളെ അവന്‍ ഒരേ സമുദായം ആക്കുമായിരുന്നു.) എന്ന വാക്കിനു ‘നിങ്ങളെയെല്ലാം അവന്‍ (പക്ഷിമൃഗങ്ങളെപ്പോലെ) ഒരേ സമുദായമാക്കി നിറുത്തിപ്പോരുമായിരുന്നു’ എന്നും, فِي مَا آتَاكُمْ (നി ങ്ങള്‍ക്ക് നല്‍കിയതില്‍- തന്നിട്ടുള്ളതില്‍) എന്ന വാക്കിനു ‘നിങ്ങള്‍ക്ക് തന്നിട്ടുള്ള കഴിവുകളില്‍’ എന്നുമാണ് ഇവര്‍ കൊടുത്തു കാണുന്ന അര്‍ത്ഥം.

അല്‍പമെങ്കിലും അറബി അറിയുകയും ഈ വാക്യങ്ങളുടെ മുമ്പും പിമ്പുമായി ഇതേ വചനത്തില്‍ തന്നെയുള്ള മറ്റു വാക്യങ്ങള്‍ ഗൗനിക്കുകയും ചെയ്യുന്ന ഏതൊരാളും നിശ്ചയമായും ഇത് കാണുമ്പോള്‍ വിസ്മയിച്ചുപോകും. എന്തോ ചില താല്‍പര്യങ്ങള്‍ ക്വുര്‍ആന്‍റെ പേരില്‍ വെളിക്കിറക്കുവാന്‍ കല്‍പിച്ചുകൂട്ടി ചെയ്ത ഒരു കുതന്ത്രമാണിതെന്നുള്ളതില്‍ ആരും സംശയിക്കയില്ല. ആ വിവരണത്തിലെ ഭാഷ പോലും സത്യവിശ്വാസികളായ ആളുകളെ വിസ്മയിപ്പിച്ചുപോകും. ഇവരുടെ പ്രസ്താവനയിലടങ്ങിയ ആശയത്തെക്കുറിച്ചു നാം ഒന്നും പറയുന്നില്ല. പക്ഷേ, അതും അല്ലാഹു പറഞ്ഞ ആ വാക്യങ്ങളും തമ്മില്‍ ആശയപരമായി യാതൊരു ബന്ധവുമില്ലെന്ന് മേല്‍ വിവരിച്ചതില്‍ നിന്നും, ആയത്തിന്‍റെ നേര്‍ക്കു നേരെയുള്ള അര്‍ത്ഥത്തില്‍ നിന്നും ആര്‍ക്കും വ്യക്തമാകുന്നതാണ്. അല്ലാഹു നമുക്കെല്ലാം സത്യത്തെ സത്യമായി കാണുവാന്‍ തൗഫീക്വ് നല്‍കട്ടെ. آمين

5:52
  • وَأَنِ ٱحْكُم بَيْنَهُم بِمَآ أَنزَلَ ٱللَّهُ وَلَا تَتَّبِعْ أَهْوَآءَهُمْ وَٱحْذَرْهُمْ أَن يَفْتِنُوكَ عَنۢ بَعْضِ مَآ أَنزَلَ ٱللَّهُ إِلَيْكَ ۖ فَإِن تَوَلَّوْا۟ فَٱعْلَمْ أَنَّمَا يُرِيدُ ٱللَّهُ أَن يُصِيبَهُم بِبَعْضِ ذُنُوبِهِمْ ۗ وَإِنَّ كَثِيرًا مِّنَ ٱلنَّاسِ لَفَٰسِقُونَ ﴾٥٢﴿
  • അല്ലാഹു അവതരിപ്പിച്ചതു പ്രകാരം അവര്‍ക്കിടയില്‍ നീ വിധി ക്കണം, അവരുടെ ഇച്ഛകളെ നീ പിന്‍പറ്റുകയും ചെയ്യരുത് എന്നും (നാം കല്‍പിച്ചിരിക്കുന്നു). അല്ലാഹു നിനക്ക് അവതരിപ്പിച്ചിട്ടുള്ള ചിലതില്‍ നിന്ന് അവര്‍ നിന്നെ കുഴപ്പത്തിലാ(ക്കി തെറ്റി)ക്കുന്നതിനെക്കുറിച്ചു നീ കാത്തുകൊള്ളുകയും ചെയ്യുക. എനി , അവര്‍ തിരിഞ്ഞു കളയുന്ന പക്ഷം നീ അറിഞ്ഞുകൊള്ളുക: അവരുടെ ചില പാപങ്ങള്‍ നിമിത്തം അവര്‍ക്ക് (ആപത്തു)ബാധിപ്പിക്കുവാന്‍ തന്നെ അല്ലാഹു ഉദ്ദേശിക്കുന്നുവെന്ന്. നിശ്ചയ മായും, മനുഷ്യരില്‍ നിന്ന് വളരെ ആളുകളും തോന്നിയവാസികള്‍ തന്നെയാണ്.
  • وَأَنِ احْكُم നീ വിധിക്കണമെന്നും بَيْنَهُم അവര്‍ക്കിടയില്‍ بِمَا أَنزَلَ അവതരിപ്പിച്ചതു പ്രകാരം اللَّهُ അല്ലാഹു وَلَا تَتَّبِعْ നീ പിന്‍പറ്റുകയും ചെയ്യരുത്(എന്നും) أَهْوَاءَهُمْ അവരുടെ ഇച്ഛകളെ وَاحْذَرْهُمْ അവരെ നീ കരുതി (കാത്തു - ശ്രദ്ധിച്ചു-ജാഗ്രതയോടെ)യിരിക്കുകയും ചെയ്യുക أَن يَفْتِنُوكَ അവര്‍ നിന്നെ കുഴപ്പത്തിലാക്കുന്ന (തെറ്റിച്ചു കളയുന്ന)തിനെക്കുറിച്ച് عَن بَعْضِ ചിലതിനെ വിട്ട്, ചിലരില്‍ നിന്ന് مَا أَنزَلَ اللَّهُ അല്ലാഹു അവതരിപ്പിച്ചതിലെ إِلَيْكَ നിനക്ക്, നിന്നിലേക്ക് فَإِن تَوَلَّوْا എനി അവര്‍ തിരിഞ്ഞു പോകുന്ന പക്ഷം فَاعْلَمْ അപ്പോള്‍ നീ അറിയുക أَنَّمَا يُرِيدُ ഉദ്ദേശിക്കുക തന്നെയാണെന്ന് اللَّهُ അല്ലാഹു أَن يُصِيبَهُم അവര്‍ക്ക് (അവരെ) ബാധിപ്പിക്കുവാന്‍, വിപത്തു വരുത്തുവാന്‍ بِبَعْضِ ചിലത് നിമിത്തം ذُنُوبِهِمْ അവരുടെ പാപങ്ങളിലെ وَإِنَّ كَثِيرًا നിശ്ചയമായും വളരെ (ആളുകള്‍) مِّنَ النَّاسِ മനുഷ്യരില്‍ നിന്ന് لَفَاسِقُونَ തോന്നിയവാസികള്‍ തന്നെ
5:53
  • أَفَحُكْمَ ٱلْجَٰهِلِيَّةِ يَبْغُونَ ۚ وَمَنْ أَحْسَنُ مِنَ ٱللَّهِ حُكْمًا لِّقَوْمٍ يُوقِنُونَ ﴾٥٣﴿
  • അപ്പോള്‍, 'ജാഹിലിയ്യത്തി'ന്‍റെ [അജ്ഞാന കാലത്തിലെ] വിധിയാണോ അവര്‍ തേടുന്നത്?! ഉറപ്പി(ച്ചു വിശ്വസി)ക്കുന്ന ജനങ്ങള്‍ക്ക് അല്ലാഹുവിനെക്കാള്‍ വിധി നന്നായുള്ളവന്‍ (വേറെ) ആരുണ്ട്?!
  • أَفَحُكْمَ അപ്പോള്‍ വിധിയെയോ الْجَاهِلِيَّةِ ജാഹിലിയ്യത്തിന്‍റെ, അജ്ഞാനകാലത്തെ يَبْغُونَ അവര്‍ തേടുന്നു, അന്വേഷിക്കുന്നു وَمَنْ أَحْسَنُ അധികം നല്ലവന്‍ ആരുണ്ട്, (ആരാണ്) مِنَ اللَّهِ അല്ലാഹുവിനെക്കാള്‍ حُكْمًا വിധിയാല്‍, വിധി لِّقَوْمٍ ഒരു ജനതക്ക് يُوقِنُونَ ഉറപ്പിക്കുന്ന, ഉറച്ചു വിശ്വസിക്കുأَفَحُكْمَ അപ്പോള്‍ വിധിയെയോ الْجَاهِلِيَّةِ ജാഹിലിയ്യത്തിന്‍റെ, അജ്ഞാനകാലത്തെ يَبْغُونَ അവര്‍ തേടുന്നു, അന്വേഷിക്കുന്നു وَمَنْ أَحْسَنُ അധികം നല്ലവന്‍ ആരുണ്ട്, (ആരാണ്) مِنَ اللَّهِ അല്ലാഹുവിനെക്കാള്‍ حُكْمًا വിധിയാല്‍, വിധി لِّقَوْمٍ ഒരു ജനതക്ക് يُوقِنُونَ ഉറപ്പിക്കുന്ന, ഉറച്ചു വിശ്വസിക്കുന്ന

അല്ലാഹു അവതരിപ്പിച്ച പ്രകാരം തന്നെ വിധിക്കണം, വേദക്കാരുടെയോ മറ്റോ തന്നിഷ്ടങ്ങള്‍ക്ക് വഴങ്ങിപ്പോകരുത് എന്ന് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യോട് അല്ലാഹു വീണ്ടും ഊന്നിപ്പറയുന്നു. ഈ കല്‍പനക്കെതിരായി നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) വല്ലതും ചെയ്‌തേക്കുവാന്‍ ഇടയുള്ളതുകൊണ്ടല്ല ഇക്കാര്യം ഇത്ര ശക്തിപ്പെടുത്തിപ്പറയുന്നത്. ഏതെങ്കിലും തരത്തില്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യെ വശീകരിച്ചോ വഞ്ചിച്ചോ നേര്‍മാര്‍ഗത്തില്‍നിന്ന് വ്യതിചലിപ്പിക്കാമെന്ന വ്യാമോഹം ശത്രുക്കള്‍ ഉപേക്ഷിക്കുവാന്‍ വേണ്ടിയാണത്. അവര്‍ അതിന് തക്കം പാര്‍ത്തുകൊണ്ടേ ഇരിക്കുകയാണല്ലോ. ഇബ്‌നു ജരീറും, ഇബ്‌നു അബീഹാതിമും (റ) ഇബ്‌നു അബ്ബാസ് (റ)ല്‍ നിന്ന് ഇപ്രകാരം നിവേദനം ചെയ്തിരിക്കുന്നു:- ‘നമുക്ക് മുഹമ്മദിനെ ഒന്നു കുഴപ്പത്തിലാക്കുവാന്‍ ശ്രമിക്കാം എന്ന് കഅ്ബുബ്‌നുസഅദും വേറെ മൂന്ന് യഹൂദീ നേതാക്കളും കൂടി തമ്മില്‍ പറഞ്ഞുറച്ചു. അവര്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ അടുക്കല്‍ ചെന്നു ഇങ്ങിനെ പറഞ്ഞു: മുഹമ്മദേ, ഞങ്ങള്‍ യഹൂദികളിലുള്ള പണ്ഡിതന്മാരും നേതാക്കളുമാണെന്ന് താങ്കള്‍ക്കറിയാമല്ലോ. ഞങ്ങള്‍ താങ്കളെ പിന്‍പറ്റിയാല്‍ അവര്‍ ഞങ്ങളെയും പിന്‍പറ്റും. അവര്‍ ഞങ്ങള്‍ക്ക് എതിരായി പ്രവര്‍ത്തിക്കുകയില്ല. ഞങ്ങള്‍ക്കും ഞങ്ങളുടെ ജനങ്ങള്‍ക്കുമിടയില്‍ ഒരു വഴക്കുകേസുണ്ട്. അവരെക്കുറിച്ച് ഞങ്ങള്‍ താങ്കളുടെ അടുക്കല്‍ തീരുമാനത്തിനു വെക്കാം. അപ്പോള്‍, അവര്‍ക്കെതിരില്‍ ഞങ്ങള്‍ക്ക് ഗുണമായി വിധി നല്‍കണം. എന്നാല്‍, ഞങ്ങള്‍ താങ്കളെ വിശ്വസിക്കു കയും സത്യപ്പെടുത്തുകയും ചെയ്തുകൊള്ളാം. ഈ ആവശ്യം നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) നിരസിക്കുകയാണ് ചെയ്തത്. ഈ അവസരത്തില്‍ ഈ വചനങ്ങള്‍ (52, 53) അവതരിച്ചു’.

അല്ലാഹുവിന്‍റെ വിധി സ്വീകരിക്കുവാന്‍ തയ്യാറില്ലാതെ അവര്‍ തിരിഞ്ഞു പോകുകയാണെങ്കില്‍, അവരുടെ ചില പാപങ്ങള്‍ കാരണം അല്ലാഹു അവര്‍ക്ക് ആപത്ത് ബാധിപ്പിക്കുവാന്‍ ഉദ്ദേശിക്കുന്നുവെന്ന് പറഞ്ഞുവല്ലോ. അവരുടെ പാപങ്ങളും തെറ്റു കുറ്റങ്ങളും കുറച്ചൊന്നുമല്ല. എല്ലാറ്റിനും കൂടിയുള്ള ശിക്ഷ ഇവിടെവെച്ചല്ല-പരലോകത്തു വെച്ചാണ് – നല്‍കപ്പെടുക. എന്നാലും ചിലതിന്‍റെ അനന്തരഫലം ഇവിടെവെച്ചു തന്നെ അവര്‍ അനുഭവിക്കേണ്ടി വരുമെന്നാണിതിന്‍റെ താല്‍പര്യം. ആ ആപത്തുകള്‍ യഹൂദികള്‍ അനുഭവിക്കുകയും ചെയ്തു. യഹൂദികള്‍ പ്രധാനമായും രണ്ടു ഗോത്രങ്ങള്‍ ചേര്‍ന്നതായിരുന്നു. ക്വുറയ്ദ്വയും, നദ്വീറും (قريضة والنضير). നദ്വീര്‍ ഗോത്രം ചില സംഭവങ്ങളെത്തുടര്‍ന്നു ഒന്നടങ്കം മദീന യില്‍ നിന്നും നാടുകടത്തപ്പെട്ടു. ക്വുറെയ്ദ്വയാകട്ടെ, അവരാല്‍ തന്നെ നിയമിതനായ മദ്ധ്യസ്ഥന്‍റെ തീരുമാനമനുസരിച്ചു അവരില്‍ വലിയവരെല്ലാം കൊല്ലപ്പെടുകയും ചെയ്തു. ഇങ്ങിനെയുള്ള പല അനുഭവങ്ങളും അവര്‍ നേരിടേിവന്നത് അവര്‍ അല്ലാഹുവിന്‍റെ വിധിയും കല്‍പനയും തള്ളിക്കളഞ്ഞതുകൊണ്ടു മാത്രമായിരുന്നു. യഹൂദികളോ, അല്ലെങ്കില്‍ മറ്റുള്ള വല്ലവരുമോ ഉപദേശങ്ങളും തെളിവുകളും ധാരാളം നല്‍കപ്പെട്ടിട്ടും സത്യം സ്വീകരിക്കുവാന്‍ തയ്യാറാകാതെ മുരടിച്ചു നില്‍ക്കുന്നത് കണ്ട് മനോവേദനപ്പെട്ടു കൊണ്ടിരിക്കേണ്ടതില്ല-അത് മനുഷ്യ സഹജമായ ഒരു സ്വഭാവമാണ്-എന്ന് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യെ സമാധാനിപ്പിക്കുകയാണ് وَإِنَّ كَثِيرًا مِّنَ النَّاسِ لَفَاسِقُونَ (മനുഷ്യരില്‍ വളരെ ആളുകളും തോന്നിയവാസികള്‍ തന്നെ) എന്ന വാക്യം.

അല്ലാഹുവിന്‍റെ വിധി സ്വീകരിക്കാത്ത യഹൂദികളെക്കുറിച്ചു തന്നെയാണ് ചോദ്യരൂപത്തിലുള്ള രണ്ട് വാക്യങ്ങളടങ്ങിയ രണ്ടാമത്തെ വചനവും. ഇസ്‌ലാമിന് മുമ്പ് ശിര്‍ക്കിന്‍റെ വാഴ്ച നടന്നിരുന്ന അജ്ഞാനകാലത്തെ ഉദ്ദേശിച്ചാണ് ജാഹിലിയ്യത്ത് (الجاھلية) എന്നു പറയുന്നത്. വേദക്കാരെ സംബന്ധിച്ചിടത്തോളം, അവരുടെ കാര്യങ്ങ ളില്‍ അവര്‍ക്ക് തീരുമാനമെടുക്കുവാന്‍ ഒരു വേദഗ്രന്ഥമുെന്നു അവകാശപ്പെടാം. മുശ്‌രിക്കുകളാണെങ്കില്‍, പൂര്‍വ്വീകാചാരങ്ങളും, അന്ധവിശ്വാസങ്ങളുമല്ലാതെ വേറെ അവലം ങ്ങളൊന്നും അവര്‍ക്കില്ല. അവരുടെ വിധികര്‍ത്താക്കള്‍ക്കുള്ള യോഗ്യതയാണെ ങ്കില്‍, കുലമഹാത്മ്യവും, കയ്യൂക്കും മാത്രവും. അപ്പോള്‍ വേദക്കാര്‍ വേദഗ്രന്ഥ ത്തിന്‍റെ വിധി സ്വീകരിക്കാതിരിക്കുന്ന പക്ഷം, അവര്‍ ജാഹിലിയ്യാ സമ്പ്രദായത്തിലേക്ക് അധഃപതിക്കുക എന്നാണതിന്‍റെ അര്‍ത്ഥം. അതുകൊണ്ടാണ് ‘ജാഹിലിയ്യ ത്തിന്‍റെ വിധിയാണോ അവര്‍ തേടുന്നത്-അഥവാ ആഗ്രഹിക്കുന്നത്!’ എന്നു ആക്ഷേപ രൂപത്തില്‍ അല്ലാഹു ചോദിക്കുന്നത്. അല്ലാഹുവിലും വേദഗ്രന്ഥത്തിലുമൊക്കെ വിശ്വസിക്കുന്നുവെന്ന് അവര്‍ അവകാശപ്പെടുന്നുെങ്കിലും ആ വിശ്വാസം നാമമാത്രമല്ലാതെ-ഉറ പ്പായ വിശ്വാസം-അവര്‍ക്കില്ല. ഉറപ്പായി വിശ്വസിക്കുന്നുവെങ്കില്‍ വേദഗ്രന്ഥ ത്തില്‍ അല്ലാഹു നല്‍കിയ വിധി വിട്ട് മറ്റൊന്ന് അവര്‍ സ്വീകരിക്കുവാന്‍ ഇടയില്ല. എന്നിങ്ങനെയുള്ള സൂചനയാണ് രാമത്തെ ചോദ്യത്തില്‍ അടങ്ങിയിരിക്കുന്നത്.

ഇസ്‌ലാമിന് മുമ്പുള്ള അജ്ഞാന കാലക്കാര്‍ നടപ്പാക്കിയിരുന്ന വിധികള്‍ക്ക് മാത്രമല്ല حكم الجاھلية (ജാഹിലിയ്യത്തിന്‍റെ വിധി) എന്നു പറയുകയെന്നും, അല്ലാഹുവിന്‍റെയും വേദഗ്രന്ഥത്തിന്‍റെയും നിയമങ്ങള്‍ക്കെതിരായ എല്ലാ വിധികളും ‘ജാഹിലിയ്യ ത്തിന്‍റെ വിധി’ തന്നെയാണെന്നും മേല്‍വിവരിച്ചതില്‍നിന്ന് ഏറെക്കുറെ മനസ്സിലാക്കാം. ഹസന്‍ (റ) പറഞ്ഞതായി ഇബ്‌നു അബീഹാതീം (റ) ഉദ്ധരിക്കുന്നു: ‘അല്ലാഹുവിന്‍റെ വിധിയല്ലാത്ത മറ്റൊന്നു കൊണ്ട് ആരെങ്കിലും വിധിച്ചാല്‍ അവന്‍ ജാഹിലിയ്യത്തിന്‍റെ വിധി വിധിച്ചു’. ഒരു ഹദീഥില്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറയുന്നു: ‘മനുഷ്യരില്‍ വെച്ച് അല്ലാഹുവിങ്കലേക്ക് ഏറ്റവും വെറുക്കപ്പെട്ടവന്‍, ഇസ്‌ലാമില്‍ ജാഹിലിയ്യത്തിന്‍റെ നടപടി ആഗ്രഹിക്കുന്നവനും ന്യായം കൂടാതെ വല്ല മനുഷ്യന്‍റെയും രക്തം ചിന്തുവാന്‍ ശ്രമിക്കുന്നവനുമാകുന്നു’. ത്വബ്‌റാനീ (റ) ഇബ്‌നു അബ്ബാസ് (റ)ല്‍ നിന്നും, ബുഖാരീ (റ) അബുല്‍യമാനി (റ)ല്‍ നിന്നും ഉദ്ധരിച്ചതാണിത്. (كما فى ابن كثير)